
വാക്കുകളിൽ ചവിട്ടി ഞാൻ നടക്കുന്നു.
പുറകോട്ടു്
പുറകോട്ടു്
എങ്ങോ എത്തി.
നദിയൊഴുകുന്നതു് കേൾക്കാം
അങ്ങിങ്ങു് ചിതറിയ വെട്ടം.
ഒന്നും കാൺക വയ്യ.
കുന്തമുനകൾ ചുവപ്പു് വരഞ്ഞു കടന്നുപോകുന്നു
ശവംകൊത്തി പറക്കുന്ന കഴുകൻ ചിറകടി
ബലി മൃഗങ്ങൾ
ബലി മനുഷ്യർ.
ഇവിടെ അല്പം വെളിച്ചമുണ്ടു്:
അർത്ഥത്തെ കവച്ചുവെക്കുന്ന ലിപികൾ
ശിലാ ചിത്രങ്ങൾ
ഒറ്റക്കൊമ്പൻ കുതിരകൾ
കളിമണ്ണു് കടുവകൾ, ആനകൾ.
ഒരു വെങ്കല സ്വരം:
‘ഞാൻ ആ നർത്തകിയാണു്.
നഗ്നയായ നർത്തകി’
അല്പം നേരം നൃത്തം കണ്ടിരുന്നു.
പിന്നെയും നടന്നു.
ഹാരപ്പൻ കടന്നു്,
മോഹൻജെദാരോ കടന്നു്
പുറകോട്ടു്
പുറകോട്ടു്.

ഇന്നു് ഒരു ചെമ്പരത്തി കണ്ടപ്പോൾ,
പഴയ ചില മുറിവുകൾ നീറിമിടിച്ചു.
ഇല്ല
അതു് കരിഞ്ഞിട്ടില്ല…
ചെമ്പരത്തികൾ വീണ്ടും ഉണ്ടാകും.
കൊഴിയുന്നിടത്തു് മറ്റൊന്നു് പൂക്കും.
പൂക്കും…
കൊഴിയും,
വീണ്ടും പൂക്കും…
വസന്തങ്ങളിൽ ഞാനും അതു് പ്രതീക്ഷിക്കുന്നു.
ആ ജൈവമുഴക്കം.

അതു് ചിറകാണു്.
നിങ്ങളുടെ ചെവികൾ.
പരിണതിയുടെ വേഗത്തിലോ, താളത്തിലോ പറ്റിയ അപാകതയാണതു്.
നിങ്ങൾ തെറ്റായ പ്യൂപ്പയിൽ ചെന്നുപെട്ടു…
ഉടൽ വലുതും ചിറകുകൾ ചെറുതുമായി…
യുഗാന്തരങ്ങളുടെ പ്രളയം…
പരിണതിയുടെ വേഗം വർധിച്ചു.
ചിറകുകൾ കേൾവിയായി…
എന്താ സംശയം?
നിങ്ങൾ മുഖം ഒരു നിമിഷം മറക്കൂ…
ഒരു ഇണചെവി സങ്കല്പിക്കൂ…
ശലഭം…

ഒറിയോൺ,
ഏതു ഗർത്തത്തിൽ നീ മറഞ്ഞു.
അതോ അല്പായുസ്സിൽ നീ പൊലിഞ്ഞുവോ?
പൊലിഞ്ഞെങ്കിലെന്തുകൊണ്ടെന്റെ
പുളിമരങ്ങളുടെ കാപ്പിരിത്തലയിൽ
മിന്നാമിനുങ്ങായി നീ തിളങ്ങിയില്ല?
ഒറിയോൺ,
ഇല്ലിന്നെന്റെ സന്ധ്യയിൽ മൂന്നു കൊറ്റികൾ,
ചുണ്ടിലില്ല മൂന്നു വരികൾ,
മൂന്നിറ്റു കണ്ണുനീരുപോലും എനിക്കിന്നു് അപ്രാപ്യം.
ഒറിയോൺ,
നീയെന്റെ ഏകാന്തത തട്ടിയെടുത്തു.
എന്റെ ശാന്തിയും,
എന്തിനെന്റെ വിഷാദം പോലും നീ തട്ടിയെടുത്തു.
ക്രൂരമായി ചിരിച്ചുകൊണ്ടു് നീ മറയുന്നു.
കാണുന്നില്ല ഞാൻ ഇന്നു
പൂക്കളും ഋതുക്കളും,
ഇല്ല ചന്ദ്രനും സൂര്യനും,
ഇല്ല മനുഷ്യനും രക്തവും.
അതെ, എന്റെ കാഴ്ച്ചപോലും
നീയായിരുന്നുവല്ലോ.
ഉണ്ടു് മുൻപിൽ രണ്ടു ചഷകങ്ങൾ.
ഇതിൽ വിഷമേതു് മഷിയേതു്?
വലതുകയ്യിലെ ചഷകത്തിൽ നിന്നും
കുടിക്കുന്നു ഞാൻ മൂന്നു തുള്ളികൾ.
ഒറിയോൺ,
ഇതു് മരണമോ?
കാണുന്നു ഞാനിപ്പോൾ ആകാശത്തിൽ
മുൻപെന്നപോലെ നിന്റെ ശയനം:
ക
വി
ത

സുഹൃത്തേ,
നിങ്ങൾ ജന്തുക്കളുടെ മനോധർമ്മം അറിയാൻ ആഗ്രഹിക്കുന്നുവോ?
എങ്കിൽ, ഒരു തിരി തെളിയിക്ക,
വിരലുകൾ കവിതയായി ക്രമപ്പെടുത്തുക.
തെളിയും ചുവരിൽ മാനും, മയിലും, പുലിയും.
നിഴലിൽ അവ ജീവൻ പ്രാപിക്കും,
മനോധർമ്മത്തിൽ അവ കഥകൾ ആടും.

ഓരോ മുളയിലും കിളികളുണ്ടു്.
ഒരു മുള നൂറു താളായി
പിരിയുമ്പോൾ
നൂറിലൊന്നു് മാത്രം
ഒറിഗാമി ചൊല്ലി കിളിയായി വിരിയുന്നു.
കരച്ചിലില്ലാതെ,
തൂവലില്ലാതെ
മുളതൻ മൗനവുമായി
ഇണക്കിളിയെ തിരയുന്നു.

സ്വപ്നങ്ങൾ ഉണർവിലേക്കു്
രണ്ടു കാലിൽ നടന്നുവരുന്ന
പ്രായത്തിലാണു് ഞാൻ.
ഓർമ്മകൾ കുഴിയാനയെ പോലെ പൂഴ്‌ന്നു പോകുന്നു,
മടങ്ങി വരാതെ.
ശരീരത്തിൽ ചുളിവു് വീഴുന്ന
സ്വരം എനിക്കു് തെളിഞ്ഞു കേൾക്കാം.
സ്വന്തം വരികൾ ചുരുട്ടിയെറിയുന്ന
അതേ സ്വരം.
തടിച്ച ഞരമ്പുകളുടെ പ്രകമ്പനത്തിൽ
സ്വപ്നത്തിന്റെയും, ഉണർവിന്റെയും
ഭൂമികൾ ഒന്നുചേരുന്നു.
എന്റെ തികയാത്ത വാഴ്‌വു്
ഈ ചാരുകസേരയിൽ എന്ന പോലെ.

വഴിയരികിലെ വയസ്സൻ മരത്തിനു കീഴിൽ
സൈക്കിളൊതുക്കി മീൻകാരൻ
ഒരു ബീഡിപ്പുകയിൽ
കടൽജീവികളെ സ്മരിക്കുന്നു.
മുകളിലെ കാക്കക്കൂട്ടിൽ നിന്നും മീൻകുട്ടയിലേക്കു്
ഒരു തള്ളക്കാക്ക.
കൊത്തിയെടുത്ത മീനിന്റെ ചെറുനാരുകൾ
ആദ്യം പകർന്നതു്
കുയിലിൻ ചുണ്ടിൽ.

പത്തനംതിട്ട ജില്ലയിൽ കാവുംഭാഗത്തിനടുത്തു് ആലംതുരുത്തിയിൽ 2001-ൽ ജനനം. ഇപ്പോൾ ചങ്ങനാശ്ശേരി NSS കോളേജിൽ ബിരുദ വിദ്യാർത്ഥി.
ചിത്രങ്ങൾ: വി. മോഹനൻ