“ചില രോഗങ്ങൾ കുറച്ചുകാലം നീളുന്നു. അതിനുശേഷം നിങ്ങൾ മോചിതരാകുന്നു. മറ്റു ചിലതു ജീവപര്യന്തമാണു്. നിങ്ങൾക്കു മരണമല്ലാതെ മോചനമില്ല. രോഗം മനുഷ്യനിലുണ്ടാക്കുന്ന ഭീതിയുടെ തോതു് ഉയരുന്തോറും ഭരണാധികാരിയുടെ ബലവും വർദ്ധിക്കുന്നു… ആ ഭയം ലോകത്തെ വലിയ ഒരു ജയിലാക്കി മാറ്റുന്നു. കോവിഡ് പടർന്നുതുടങ്ങിയ ദിവസങ്ങളിൽ ജനങ്ങളാകട്ടെ ഈ ഭയത്തെ സാമൂഹികബഹിഷ്കരണം എന്ന തലത്തിൽ തങ്ങൾക്കാവുന്ന അധികാരരൂപത്തിൽ പ്രയോഗിച്ചു”.
രോഗവും ഭരണകൂടവും നിർമ്മിക്കുന്ന പൗരനെപ്പറ്റി, രോഗം ഒരു സാമൂഹ്യാപകടമായി മാറുന്ന ദിവസങ്ങളിൽ മനുഷ്യ സമൂഹം അകപ്പെടുന്ന അധികാരക്കെണികളെപ്പറ്റി അജയ് പി. മങ്ങാട്ട് എഴുതുന്നു.
—സായാഹ്ന പ്രവർത്തകർ
‘…because one can live without freedom. Indeed, freedom is the first thing that fearful citizens are prepared to give up.’Javier Marias/Thus Bad Begins
ഒരാൾ രോഗിയാകുന്നതോടെ അയാളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. അയാളുടെ ആകാശവും ഭൂമിയും അവസാനിക്കുന്നു. തടവുജീവിതം ആരംഭിക്കുന്നു. രോഗക്കിടക്കയിൽ സ്വയം തീരുമാനമെടുക്കാനോ ഇറങ്ങിനടക്കാനോ അയാൾക്കു് അനുമതിയില്ല. ഡോക്ടറാണു് അയാളുടെ അധികാരി. സ്റ്റേറ്റാണു് അയാളുടെ മൃതദേഹം പോലും ഏറ്റുവാങ്ങുന്നതു്. കുറ്റകൃത്യത്തിൽ പ്രതിയാകുമ്പോഴും ഇതു തന്നെ സംഭവിക്കുന്നു.
രോഗം കൊണ്ടോ കുറ്റകൃത്യം കൊണ്ടോ ഒരാളെ സമൂഹത്തിൽനിന്നു് പുറത്താക്കാനോ അടച്ചിടാനോ കഴിയുമെന്നതു് സ്റ്റേറ്റിന്റെ അധികാര വ്യാപ്തി ഉറപ്പിക്കുന്നു. പകർച്ചവ്യാധിയുടെ കാലത്തു് പ്രത്യേക നിയമവ്യവസ്ഥകളാണു്, യുദ്ധകാലത്തേതു പോലെ.
ഡോക്ടറോടും വക്കീലിനോടും നുണ പറയരുതു് എന്ന ശാസനത്തിനു കാരണം അവർ രണ്ടുതരം രണ്ടു സമ്പൂർണ്ണ അധികാരങ്ങളെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണു്—ഒന്നു് ആശുപത്രിയും മറ്റേതു കോടതിയും. രണ്ടും സ്റ്റേറ്റിന്റെ ഭാഗമാണു്. രണ്ടിടത്തും പല അളവിലുള്ള തടവുജീവിതമാണു ശേഷിക്കുന്നതു്, ചില രോഗങ്ങൾ കുറച്ചുകാലം നീളുന്നു. അതിനുശേഷം നിങ്ങൾ മോചിതരാകുന്നു. മറ്റു ചിലതു ജീവപര്യന്തമാണു്. നിങ്ങൾക്കു മരണമല്ലാതെ മോചനമില്ല. രോഗം മനുഷ്യനിലുണ്ടാക്കുന്ന ഭീതിയുടെ തോതു് ഉയരുന്തോറും ഭരണാധികാരിയുടെ ബലമാണു വർധിക്കുന്നതു്. ആ ഭയം ലോകത്തെ വലിയ ഒരു ജയിലാക്കി മാറ്റുന്നുവെന്നു കാണാം.
കോവിഡ് പടർന്നുതുടങ്ങിയ ദിവസങ്ങളിൽ ജനങ്ങളാകട്ടെ ഈ ഭയത്തെ സാമൂഹികബഹിഷ്കരണം എന്ന തലത്തിൽ തങ്ങൾക്കാവുന്ന അധികാരരൂപത്തിൽ പ്രയോഗിച്ചു. കോവിഡ് കാലത്തു സ്വന്തം ഗ്രാമത്തിലേക്കു് തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികളെ വീട്ടുകാർ തന്നെ പിടിച്ചു പൊലീസിൽ ഏൽപിച്ച സംഭവങ്ങൾ ബീഹാറിലും യുപിയിലും ഒട്ടേറെയായിരുന്നു. ക്വാറന്റീനിലുള്ള വീട്ടുകാരനോ വീട്ടുകാരിയോ വീടിനു പുറത്തിറങ്ങിയാൽ അപ്പോൾ വിവരം അധികൃതരെ അറിയിക്കാൻ അയൽവാസികളും കണ്ണുതുറന്നു കാത്തിരുന്നു —ഭയം തന്നെയാണു് തന്നെപ്പോലെ നിസ്സഹായനായ മറ്റൊരാൾക്കെതിരെ ബലം പ്രയോഗിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതു്. വിജനമായ കൃഷിയിടങ്ങളിൽ ഏറുമാടം കെട്ടി അതിൽ പുറമേനിന്നെത്തുന്നവരെ പാർപ്പിച്ച ഗ്രാമങ്ങൾ ശരിക്കും ഐസൊലേഷൻ വാർഡുകൾ നിർമ്മിച്ചു. നിങ്ങൾ ആരിലും ഒരു രോഗിയെ സംശയിക്കുന്നു. രോഗം സംശയിക്കുന്ന ആളെ വേർപിരിച്ചു തടവിലാക്കുന്നു. അടുത്ത രോഗിക്കായി കാത്തിരിക്കുന്നു. ചിലപ്പോൾ നിങ്ങൾ തന്നെയാവാം അടുത്ത രോഗി. ഷിർലി ജാക്സന്റെ ദ് ലോട്ടറി എന്ന വിഖ്യാത കഥയിൽ ഗ്രാമവാസികൾ ശനിയാഴ്ച തോറും കല്ലെറിഞ്ഞു കൊല്ലാനുള്ള ആളെ ആ ദിവസം അവർക്കിടയിൽനിന്നു തന്നെ നറുക്കിട്ടു് തീരുമാനിക്കുകയാണു ചെയ്യുന്നതു്. രോഗം രോഗിയെ കണ്ടെത്തുന്നതുപോലെതന്നെ. നറുക്കിട്ടു കഴിഞ്ഞാൽ ബാക്കി ഗ്രാമീണരെല്ലാം ചേർന്നു് നറുക്കു വീണയാളെ കല്ലെറിഞ്ഞു കൊല്ലുന്നു.
രോഗം വരുന്നതോടെ നാം കൂട്ടത്തിൽനിന്നു് പുറത്താകുന്നു. രോഗം നിങ്ങളെ തനിച്ചാക്കി നിർത്തുന്നു.
സകല പ്രതാപങ്ങളും നഷ്ടമായി, ഒടുവിൽ രോഗിയായിത്തീരുന്ന ഇയ്യോബിനെ ഉപേക്ഷിച്ചു് ബന്ധുക്കളും സുഹൃത്തുക്കളും പോകുന്നു. തന്റെ രോഗാവസ്ഥയുടെ ഭീകരതയിലാണു് അയാൾ ആദ്യമായി താൻ ജനിച്ച ദിവസത്തെ ശപിക്കുന്നതു്.
യൂറോപ്പിൽ ഭ്രാന്താശുപത്രികളുടെ ഉൽഭവം സംബന്ധിച്ചു് മിഷേൽ ഫൂക്കോ ചില പഠനങ്ങൾ നടത്തിയിട്ടുണ്ടു്. ഭരണകൂട ബലത്തിന്റെ ഏറ്റവും മൂർത്തമായ രൂപങ്ങളിലൊന്നു തടവറയാണു്. തടവറയുടെ പല രൂപങ്ങളിലൊന്നു് ആശുപത്രിയും. രോഗം കൊണ്ടോ കുറ്റകൃത്യം കൊണ്ടോ ഒരാളെ സമൂഹത്തിൽനിന്നു് പുറത്താക്കാനോ അടച്ചിടാനോ കഴിയുമെന്നതു് സ്റ്റേറ്റിന്റെ അധികാര വ്യാപ്തി ഉറപ്പിക്കുന്നു. പകർച്ചവ്യാധിയുടെ കാലത്തു് പ്രത്യേക നിയമവ്യവസ്ഥകളാണു്, യുദ്ധകാലത്തേതു പോലെ.
മരണം എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരതിഥിയാണെന്ന ബോധത്തോടെയാണു മഹാമാരിയുടെ കാലത്തു് മനുഷ്യർ ജീവിക്കുക. രോഗം എപ്പോൾ വേണമെങ്കിലും തങ്ങളെ ബാധിച്ചേക്കുമെന്ന ഭീതിയിൽ മനുഷ്യർ കഴിയുമ്പോഴും അതു നന്മകൾക്കോ സഹാനുഭൂതികൾക്കോ ഉള്ള അവസരമായി തീരാറില്ല.
അധികാരവുമായി ബന്ധപ്പെടുത്തിയാണു ഭ്രാന്താശുപത്രിയുടെ ഉൽഭവം ഫൂക്കോ പഠിക്കുന്നതു്. പകർച്ചവ്യാധിയെയും ഭ്രാന്തിനെയും ആരും സമൂഹത്തിന്റെ ഒരു കള്ളിയിലും ചേർക്കാൻ സമ്മതിക്കില്ല. ഇക്കാരണത്താൽ ഭ്രാന്തുള്ളവരെ പാർപ്പിക്കാൻ സമൂഹത്തിനു പുറത്തു് ഒരിടം ആവശ്യമായിത്തീർന്നു. മധ്യകാലത്തു് ഭ്രാന്തന്മാരെ കയറ്റിയ കപ്പലുകൾ കടലിലൂടെ അലയാൻ വിടുക പതിവായിരുന്നു. ചില തീരങ്ങളിൽ അവ അടുക്കും. അതിലുള്ളവരെ കരയിൽ ഇറക്കുകയില്ല. ഭക്ഷണവും മറ്റും ശേഖരിക്കും. എന്നിട്ടു വീണ്ടും തീരം വിട്ടുപോകും. ഇങ്ങനെ തീരത്തു് അടുക്കുന്ന ഭ്രാന്തന്മാരുടെ കപ്പൽ കാണാൻ ജനം തുറമുഖത്തു വന്നു നിൽക്കുക പതിവായിരുന്നു. ഭ്രാന്തു് ബഹിഷ്കൃതമാണു്, അതേസമയം അതു് ജിജ്ഞാസയുണർത്തുന്ന കാഴ്ചയും കൂടിയായിരുന്നു എന്നു് ഫൂക്കോ എഴുതുന്നു.
മധ്യകാലത്തോടെ യൂറോപ്പിൽ കുഷ്ഠം അപൂർവ്വമായിത്തീർന്നു. അതുവരെ കുഷ്ഠരോഗികളെ പാർപ്പിച്ചിരുന്ന നഗരത്തിനു വെളിയിലെ തരിശു സ്ഥലങ്ങൾ ഇതോടെ വിജനമായിത്തുടങ്ങി. കുഷ്ഠരോഗികൾ പാർത്തിരുന്ന സ്ഥലമായതിനാൽ അവിടേക്കു മറ്റു മനുഷ്യർ കുടിയേറാനും മടിച്ചു. ഇങ്ങനെ വിജനമായി കിടന്ന ഭൂപ്രദേശങ്ങളിലാണു ഭ്രാന്തന്മാർ പാർക്കാൻ തുടങ്ങിയതു് പിന്നീടു് ആ സ്ഥലങ്ങളിലാണു് ആദ്യകാല ഭ്രാന്താശുപത്രികൾ നിർമ്മിച്ചതു്.
പതിനെട്ടാം നൂറ്റാണ്ടു് ആകുമ്പോഴേക്കും മാനസികപ്രശ്നങ്ങൾ ഒരു രോഗമാണെന്നും അതിനു ചികിത്സ വേണമെന്നുമുള്ള പാശ്ചാത്യലോകത്തു കാഴ്ചപ്പാടു് പ്രബലമാകുകയും പ്രത്യേക ആശുപത്രികൾ ഉടലെടുക്കുകയും ചെയ്തു. ഫ്രാൻസിലൊക്കെ കുഷ്ഠരോഗികളെയും അനാഥരായ വൃദ്ധരെയും പാർപ്പിച്ചിരുന്ന വലിയ കെട്ടിടങ്ങളിലേക്കാണു് ഭ്രാന്തുള്ളവരെയും കൊണ്ടുചെന്നതെന്നു് ഫൂക്കോ എഴുതുന്നുണ്ടു്. പകർച്ചവ്യാധികൾ മനുഷ്യനുണ്ടായ കാലം മുതൽ സമൂഹത്തിനു മുന്നിൽ നിഗൂഢമായ ഭീതികൾ ഉയർത്തിയിട്ടുണ്ടു്. അതു ദൈവശിക്ഷയായി മനുഷ്യർ വിലയിരുത്തി. കുഷ്ഠം വ്യക്തമായും ദൈവശിക്ഷയായി കരുതിപ്പോന്നു. പകർച്ചവ്യാധികൾ ബാധിച്ചവരെ നാട്ടിൽനിന്നു പുറത്താക്കിയോ കൊലപ്പെടുത്തിയോ ആണു് രാജ്യസുരക്ഷ അധികാരികൾ ഉറപ്പുവരുത്തിയിരുന്നതു്. പകർച്ചവ്യാധികൾ ഉള്ള സ്ഥലങ്ങളിൽനിന്നു് കൂട്ടത്തോടെ മനുഷ്യർ പലായനം ചെയ്യുക പതിവായിരുന്നു. ഇങ്ങനെ അഭയാർഥികളായി അലയുന്നവരെ ഒരു രാജ്യവും സ്വീകരിച്ചില്ല. മധ്യകാലയൂറോപ്പിലെ ജനസംഖ്യയുടെ 60 ശതമാനത്തോളം കവർന്നെടുത്ത പ്ലേഗ് ഭയന്നു് അന്നത്തെ കാലത്തു് വൻനഗരങ്ങളിലുള്ളവർ ഉൾനാടൻ ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുകയുണ്ടായി. മരിച്ചവരെ അടക്കം ചെയ്യാൻ പോലും ആളില്ലാതെ തെരുവുകളിൽ മൃതദേഹങ്ങൾ അഴുകി. മരണം എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരതിഥിയാണെന്ന ബോധത്തോടെയാണു മഹാമാരിയുടെ കാലത്തു് മനുഷ്യർ ജീവിക്കുക. രോഗം എപ്പോൾ വേണമെങ്കിലും തങ്ങളെ ബാധിച്ചേക്കുമെന്ന ഭീതിയിൽ മനുഷ്യർ കഴിയുമ്പോഴും അതു നന്മകൾക്കോ സഹാനുഭൂതികൾക്കോ ഉള്ള അവസരമായി തീരാറില്ല. പരസ്പരം കൊല്ലാനോ ഒറ്റപ്പെടുത്താനോ ഇത്തരം അവസരങ്ങളിൽ മനുഷ്യർ മടിക്കുകയില്ല. സഹാനുഭൂതിക്കു പകരം അപരനോടുള്ള അപാരമായ ഭയമാണു മഹാമാരിയുടെ കാലത്തെ സവിശേഷത. അതുകൊണ്ടു് ഈ രോഗം തന്റെ ശത്രു കൊണ്ടുവരുന്നതാണു് എന്നു വിശ്വസിക്കാനാണു മനുഷ്യർക്കു പൊതുവേ ഇഷ്ടം. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരിക്കവേ കഴിഞ്ഞ വർഷം, കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നാണു വിളിച്ചതു്. അതിനെതിരെ വിമർശനം ഉയർന്നപ്പോൾ താൻ ഇനിയും അതു് ആവർത്തിക്കുമെന്നാണു ട്രംപ് തിരിച്ചടിച്ചതു്. ഇതേ മാനദണ്ഡം വച്ചു് കൊറോണ വൈറസിന്റെ ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തെ ഇന്ത്യൻ വകഭേദം എന്നു മാധ്യമങ്ങൾ വിളിച്ചുതുടങ്ങിയപ്പോൾ കേന്ദ്ര സർക്കാർ പ്രതിഷേധിച്ചു. മാധ്യമങ്ങളോടു് ആ പ്രയോഗം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. കോവിഡ് വകഭേദങ്ങളെ അതു കണ്ടെത്തിയ നാടുകളുടെ പേരിൽ വിളിക്കരുതെന്നു നിർദേശിച്ച ലോകാരോഗ്യ സംഘടന, പകരം അവയ്ക്കു് ഗ്രീക്കു് അക്ഷരമാല കൊണ്ടു പേരിട്ടു. അങ്ങനെ ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിനു ഡെൽറ്റ എന്നു പേരു വന്നു. രോഗം ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും മാത്രമല്ല വിദ്വേഷത്തെയും പകയെയും കൂടി പ്രസരിപ്പിക്കുന്നു. ഇന്ത്യയിൽ ഒന്നാം കോവിഡ് വ്യാപനകാലത്തു തബ് ലീഗ് ജമാഅത്ത് പ്രവർത്തകർ കേട്ട പഴിക്കു കണക്കുണ്ടോ. ഭരണകൂടങ്ങൾക്കു് തങ്ങളുടെ അധികാരങ്ങൾ ബലപ്പെടുത്താനായി പകർച്ചവ്യാധികൾ ഉപകാരമായിത്തീരുന്നുവെന്നതാണു ചരിത്രം.
ഒരാൾ ആത്മഹത്യ ചെയ്യുന്നതു് അയാളുടെ മാനസികാരോഗ്യം മോശമായതുകൊണ്ടാണെന്നും അയാൾക്കു ചികിൽസ ലഭിച്ചിരുന്നുവെങ്കിൽ അകാല മരണം ഒഴിവാക്കാമായിരുന്നുവെന്നും നാം ഇപ്പോൾ കരുതുന്നുണ്ടു്. എന്നാൽ ഈ രോഗനിർണ്ണയത്തേക്കാൾ സങ്കീർണ്ണമാണു മനുഷ്യാവസ്ഥയെന്നു കൂടി നാം ഓർമിക്കേണ്ടതാണു്.
കുഷ്ഠം, പ്ലേഗ്, ക്ഷയം എന്നിങ്ങനെയുള്ള രോഗവിപത്തുകളുടെ അനുഭവം മാനവഭാവനയെ ബഹുമുഖമായി സ്വാധീനിച്ചിട്ടുണ്ടു്. കാൻസറും എയ്ഡ്സും പോലെ മാരകരോഗങ്ങളും രോഗങ്ങൾ എന്നതിനപ്പുറം സാമൂഹിക ജീർണ്ണതയുടെ അടയാളങ്ങളായി മനുഷ്യഭാവനയിൽ ഇടം തേടുകയുണ്ടായി. കാൻസറിനു ചികിത്സയിലിരിക്കേയാണു സൂസൻ സൊന്റാഗ് ഇൽനസ് ആസ് മെറ്റഫർ എന്ന ദീർഘപ്രബന്ധമെഴുതിയതു്. രോഗം എങ്ങനെയാണു രൂപകമായി പ്രവർത്തിക്കുന്നതെന്നു് ആ എസ്സേ അന്വേഷിച്ചു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന സമയമാണു കെ. പി. അപ്പൻ രോഗവും സാഹിത്യഭാവനയും എഴുതിയതു്. ഭ്രാന്തിനെ എങ്ങനെയാണു ബഷീർ നേരിട്ടതെന്നു്, അപ്പൻ എഴുതുന്നുണ്ടു്. ഭ്രാന്തിൽനിന്നു മടങ്ങിവരാനുള്ള ഉപാധിയായാണു് അവിടെ സാഹിത്യം വരുന്നതു്. രോഗത്തിന്റെ വേദന, അതിലെ സഹനം എന്നിവയിലാണു സൊന്റാഗ് ഊന്നിയതു്.
ഹാംലെറ്റിനു ഭ്രാന്താണെന്നു് കൊട്ടാരത്തിലെ എല്ലാവരും കരുതുന്നു. അതോടുകൂടി അയാൾ അധികാരത്തിനു പുറത്താകുന്നു, അധികാരത്തിന്റെ ശത്രുവുമാകുന്നു. ഭ്രാന്തന്റെ മൊഴികളാണു പിന്നെ ഹാംലെറ്റ് പറയുന്നതെല്ലാം. അയാളുടെ സംസാരങ്ങൾ മറ്റുള്ളവർ ഒളിച്ചിരുന്നു വിശകലനം ചെയ്യുന്നു. അതു ഭ്രാന്തന്റേതു് തന്നെയെന്നു് ഒളിപ്പിക്കുന്നു. അപ്പോൾ ഒരു ഭ്രാന്തന്റെ ശൈലിയിലേക്കു സ്വയം പരിവർത്തനം ചെയ്തു് തന്റെ എതിരാളികളെ കബളിപ്പിക്കുകയാണു ഹാംലെറ്റ് ചെയ്യുന്നതെന്നും നമുക്കു തോന്നുന്നു. ദുഷിച്ച അധികാരത്തെ പൊളിക്കാൻ ഹാംലെറ്റ് നാടകത്തിലുള്ളിൽ നാടകം കളിക്കുന്നു. അതേസമയം, ലേഡി മാക്ബത് വലിയ രോഗത്തിലേക്കു് പൊടുന്നനെ വീഴുകയാണു്. അവർക്കു സംഭവിക്കുന്നതു നാട്യമല്ല, യാഥാർഥ്യമാണു്. ഉന്മാദാവസ്ഥ വരുന്നതോടെ അവരിൽനിന്നു് അധികാരവും കരുത്തും ചോർന്നുപോകുന്നു. അവരുടെ വിചിത്രമായ രോഗത്തിനു ചികിത്സിക്കാൻ വരുന്ന ഡോക്ടർ, ഇതു് തന്റെ കഴിവിനു് അപ്പുറമാണെന്നു പറയുന്നു. ഉന്മാദം, അതീവ ദുഃഖത്തിൽനിന്നാണു്, അതു മരണത്തിൽ അവസാനിക്കുന്നു.
ദുഃഖം രോഗമാണെന്നു കണ്ടെത്തുന്നതോടെയാണു മാനസിക ചികിത്സാസമ്പ്രദായം ഉണ്ടായതു്. ഡിപ്രഷൻ പോലുള്ള വാക്കുകൾ അതോടെ ആധുനിക പൊതുവ്യവഹാരങ്ങളുടെ ഭാഗമായി.
പാശ്ചാത്യ രോഗചികിൽസയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സന്ദർഭം മാനസികാരോഗ്യ ചികിൽസയ്ക്കു് പ്രത്യേകം ആശുപത്രികൾ ആരംഭിക്കുന്നതാണു്. ഒരാൾ ആത്മഹത്യ ചെയ്യുന്നതു് അയാളുടെ മാനസികാരോഗ്യം മോശമായതുകൊണ്ടാണെന്നും അയാൾക്കു ചികിൽസ ലഭിച്ചിരുന്നുവെങ്കിൽ അകാല മരണം ഒഴിവാക്കാമായിരുന്നുവെന്നും നാം ഇപ്പോൾ കരുതുന്നുണ്ടു്. എന്നാൽ ഈ രോഗനിർണ്ണയത്തേക്കാൾ സങ്കീർണ്ണമാണു മനുഷ്യാവസ്ഥയെന്നു കൂടി നാം ഓർമിക്കേണ്ടതാണു്. മാനസികാരോഗ്യത്തേക്കാൾ വ്യക്തിയുടെ ആവശ്യങ്ങളും സാമൂഹിക സാഹചര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണു് ഒരാളെ ജീവിതം മതിയാക്കാൻ പ്രേരിപ്പിക്കുന്നതു്. ഡിപ്രഷൻ എന്നു പറയാറുള്ള അവസ്ഥ ഒരുതരം പകർച്ചവ്യാധിയായി, നാഗരികതയുടെ മുഖ്യ സവിശേഷതകളിലൊന്നായി നാം സ്വീകരിച്ചുകഴിഞ്ഞു. വികസിതരാജ്യങ്ങളിൽ പത്തിലൊരാളെങ്കിലും ഡിപ്രഷനു ചികിൽസ തേടുന്നവരാണു്. ഇതു വർധിക്കുകയും ചെയ്യുന്നു.
വി. സി. ബാലകൃഷ്ണപ്പണിക്കരെ പോലെ ഒരു കവി ഇപ്പോളാണെങ്കിൽ ഒരു വിലാപം (1908) എഴുതുക എങ്ങനെയായിരിക്കും എന്നു് ഞാൻ ആലോചിച്ചിട്ടുണ്ടു്. താനേറ്റവും സ്നേഹിക്കുന്ന വ്യക്തി നഷ്ടപ്പെട്ടുപോകുമ്പോൾ മനുഷ്യൻ അനുഭവിക്കുന്ന അതീവ ദുഃഖം ചികിത്സയാൽ പരിഹരിക്കാനാവില്ല. അമിത മദ്യപാനിയായ ആളെ ആൽക്കഹോളിസത്തിനു ചികിൽസിക്കും പോലെ അമിത ദുഃഖത്തിനു ചികിത്സിക്കാമെന്നു നാം വിശ്വസിക്കുന്നുണ്ടു്. ചില നഷ്ടങ്ങൾ, ഇല്ലായ്മകളാണു് വ്യക്തികളെ ദുഃഖിതരാക്കുന്നതു്. അതു തിരിച്ചുകിട്ടും വരെ ആ ദുഃഖത്തിനു് അറുതി ഉണ്ടാവില്ല. ദരിദ്രനായ ആൾക്കു ദാരിദ്ര്യം മാറണം, വീടില്ലാത്ത ആൾക്കു വീടുവേണം. കൂട്ടില്ലാത്ത ആൾക്കു കൂട്ടുവേണം. ഇങ്ങനെ കൂടി ചിന്തിക്കുമ്പോൾ നാം അഭിമുഖീകരിക്കുന്ന കോവിഡിനെക്കാൾ ഭയാനകമാണു ജീവിതത്തിൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സമുദായികവിദ്വേഷങ്ങളും വംശീയപീഡനങ്ങളും.
മരുന്നുകമ്പനികാർക്കു വലിയ ലാഭം നൽകുന്ന ആഗോള വിപണിയായി കോവിഡ് മാറിക്കഴിഞ്ഞിട്ടുണ്ടു്. ആശുപത്രികൾക്കും ക്വാറന്റീൻ കേന്ദ്രങ്ങൾക്കും സൂക്ഷ്മവും ശക്തവുമായ മറ്റു ചില വൈറസുകൾ നമ്മുടെ ലോകത്തെ ഗ്രസിക്കുന്നുണ്ടു്. അതു് വിവേചനങ്ങളുടെയും ഹിംസയുടെയും ആശയങ്ങളാണു്.
ആൽബേർ കമ്യൂ ദ് പ്ലേഗ് എന്ന നോവൽ ചരിത്രത്തിലെ പ്ലേഗിന്റെ കഥയല്ല, ഫ്രാൻസിലെ നാത്സി അധിനിവേശത്തിന്റെ ചിത്രീകരണമായിരുന്നു അതു്. പ്ലേഗ് എന്നാൽ നാത്സിസമാണു്. നാത്സി അധിനിവേശം അവസാനിച്ചതോടെ ഫ്രഞ്ചുകാർ അതു മറന്നുകളഞ്ഞു. നാത്സികൾ ഭൂതകാലത്തിന്റെ ഭാഗമായെന്നു് അവർ വിശ്വസിച്ചു. കമ്യൂ നല്കുന്ന മുന്നറിയിപ്പു് ഇതാണു്—ഒരു വൈറസും ഭൂതകാലത്തിന്റെ ഭാഗമാകുന്നില്ല. നിങ്ങൾ ജോലി ചെയ്യുന്നിടത്തും നിങ്ങൾ വായിക്കുന്ന പുസ്തകത്താളുകളിലും വരെ ആ വൈറസ് അടുത്ത അവസരത്തിനായി അദൃശ്യമായി കാത്തിരിക്കുന്നുണ്ടു്. അടുത്ത അധിനിവേശം, അടുത്ത അവകാശനഷ്ടം, അടുത്ത വംശഹത്യ വരും വരെ നാം വൈറസ് ഭൂതകാലമായെന്ന വിശ്വാസത്തോടെ ജീവിക്കുകയാണു ചെയ്യുന്നതു്. സൂക്ഷ്മജീവികളായ വൈറസുകൾക്കു് മനുഷ്യരുടെ സാമൂഹികജീവിതത്തെ തകിടംമറിക്കാനും ലോകക്രമത്തെ തന്നെ മാറ്റിമറിക്കാനും കഴിഞ്ഞു. എന്നാൽ കൊറോണ വൈറസുകൾ കുറച്ചുകാലം കഴിയുമ്പോൾ നമ്മെ വിട്ടുപോകും. അടുത്ത മ്യൂട്ടേഷൻ സംഭവിക്കും വരെ അവ നമ്മുടെ പരിധിക്കു പുറത്തേക്കുപോകും. മരുന്നുകമ്പനികാർക്കു വലിയ ലാഭം നൽകുന്ന ആഗോള വിപണിയായി കോവിഡ് മാറിക്കഴിഞ്ഞിട്ടുണ്ടു്. ആശുപത്രികൾക്കും ക്വാറന്റീൻ കേന്ദ്രങ്ങൾക്കും സൂക്ഷ്മവും ശക്തവുമായ മറ്റു ചില വൈറസുകൾ നമ്മുടെ ലോകത്തെ ഗ്രസിക്കുന്നുണ്ടു്. അതു് വിവേചനങ്ങളുടെയും ഹിംസയുടെയും ആശയങ്ങളാണു്. അതു മനുഷ്യബോധത്തെയാണു കീഴടക്കുന്നതു്.
കഴിഞ്ഞ ഒന്നോ രണ്ടോ ദശകത്തിനിടെ നമ്മുടെ ദേശരാഷ്ട്രസങ്കൽപങ്ങൾ മാറിമറിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിൽ നാം ആർജ്ജിച്ചുവെന്നു കരുതിയ ഉദാരമൂല്യങ്ങൾ രോഗാതുരമായി. എല്ലാ തിന്മകളെയും സ്വാഭാവികമാക്കുന്ന കാഴ്ചപ്പാടുകൾ നാം ശീലിക്കുന്നു. ഗുജറാത്തിലെ വംശഹത്യയും ബാബ്റിമസ്ജിദ് തകർത്തതും താമസിയാതെ വിസ്മൃതമാകുകയും അതെപ്പറ്റി പരാമർശിക്കുന്നതു കുറ്റകരമാകുകയും ചെയ്തേക്കാം. ഫ്രാങ്കോയുടെ സ്വേച്ഛാധികാരത്തിനെതിരെ നടന്ന രക്തരൂക്ഷിതമായ ആഭ്യന്തര കലാപത്തിനൊടുവിൽ 1939-ൽ സ്പെയിൻ ജനാധിപത്യത്തിലേക്കു് മാറിയപ്പോൾ ഉണ്ടായ പ്രധാന ഒത്തുതീർപ്പുകളിലൊന്നു് ഏകാധിപതിയായ ഫ്രാങ്കോയെയും അയാളുടെ കൂട്ടാളികളെയും വേട്ടയാടരുതെന്നായിരുന്നു. ഫ്രാങ്കോയുടെ കാലത്തെ ജയിൽപീഡനങ്ങളോ ഭരണകൂട കൊലകളോ മറ്റു മനുഷ്യാവകാശലംഘനങ്ങളോ പൊതു ഇടത്തിൽ ചർച്ച ചെയ്യാനും പാടില്ല. ജനാധിപത്യത്തിനുവേണ്ടി നൽകേണ്ട വില. 1975-ൽ ഫ്രാങ്കോയുടെ മരണം വരെ ഏകാധിപത്യത്തിന്റെ ക്രൂരതകൾ സ്പെയിനിലെ രാഷ്ട്രീയസമൂഹം ചർച്ച ചെയ്തില്ല. ഇക്കാലമത്രയും ജനാധിപത്യ സ്പെയിനിൽ, വിദൂരഭൂതകാലത്തിന്റെ അടയാളം പോലെ ഒരു ദിനോസർ എന്ന പോലെ ഫ്രാങ്കോ ജീവിച്ചുവെന്നു് ഹാവിയർ മരിയാസ് ‘ദസ് ബാഡ് ബിഗിൻസ്’ എന്ന നോവലിൽ എഴുതി. കാരണം മനുഷ്യർക്കു സ്വാതന്ത്ര്യം ഉപേക്ഷിച്ചു ജീവിക്കാനാവും. ചകിതരായ പൌരന്മാർ ആദ്യം ഉപേക്ഷിക്കുന്നതു സ്വാതന്ത്ര്യമായിരിക്കും— മരിയാസ് പറയുന്നു.
പകർച്ചവ്യാധികൾ വരുമ്പോഴും കടന്നുപോകുമ്പോഴും നാം അനുഭവിച്ച യാതനകളും വിവേചനങ്ങളും വിസ്മരിക്കപ്പെടാൻ പാടില്ല. നാം അനുഭവിച്ച അനീതികളോടു സമരം തുടരുകയും വേണം. സാഹിത്യം അത്തരമൊരു നിത്യസ്മരണയുടെ ഇടം കൂടിയാണു്. മനുഷ്യഭാവനയുടെ ആവിഷ്കാരമെന്നാൽ മറവിക്കെതിരായ നമ്മുടെ സമൂഹം നടത്തുന്ന ചെറുത്തുനിൽപിന്റെ ഭാഗം കൂടിയാണു്.

നോവലിസ്റ്റ്, വിമർശകൻ, വിവർത്തകൻ. ഇടുക്കി ജില്ലയിൽ വെള്ളത്തൂവൽ സ്വദേശി. താമസം പൊന്നുരുന്നി, കൊച്ചി.
- ലോകം അവസാനിക്കുന്നില്ല (ലേഖനങ്ങൾ)
- സൂസന്നയുടെ ഗ്രന്ഥപ്പുര (നോവൽ)
- പറവയുടെ സ്വാതന്ത്ര്യം (ലേഖനങ്ങൾ)
- ഏകാന്തതയുടെ പുരാവൃത്തം: മാർക്കേസ് (പഠനം)
- രാത്രി: ഏലി വീസൽ (ആത്മകഥാപരമായ നോവൽ—വിവർത്തനം)
- നോം ചോംസ്കി (ജീവചരിത്രം)
- ഇസ്ലാമും പടിഞ്ഞാറും: ദെറീദ (സംഭാഷണം—വിവർത്തനം)
- അംബേദ്കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി: ഗെയ്ൽ ഓംവെത് (ജീവചരിത്രം—വിവർത്തനം)
- പ്രണയത്തിന്റെ നാൽപതു നിയമങ്ങൾ: എലിഫ് ഷഫാക് (വിവർത്തനം)