images/Sarasakavi_mooloor.jpg
Sarasakavi Mooloor S. Padmanabha Panickar, a photograph by Rahuldharmaraj .
കേരളത്തെ ജനായത്തവൽക്കരിച്ച മൂലൂരിന്റെ കാവ്യകലാപങ്ങള്‍: അക്ഷരസമരങ്ങളും ഭാഷയുടേയും ലോകത്തിന്റേയും ആധുനീകരണവും
ഡോ. അജയ് ശേഖര്‍

ആശാനുംകറുപ്പനുംസഹോദരനും വഴിതെളിച്ചുകൊണ്ടു് മധ്യകാലം മുതൽ വരേണ്യതയും വർണ്ണാശ്രമധർമ്മവും വിഴുങ്ങിയ കേരളകവിതയിൽ ആദ്യമായി ഇടം നേടിയ അവർണ്ണ കവിയാണു് നാരായണഗുരുവിന്റെ മുതിർന്ന ഗൃഹസ്ഥ ശിഷ്യനും കേരള നവോത്ഥാന സാംസ്കാരിക പ്രവർത്തകനുമായിരുന്ന മൂലൂർ എസ്. പദ്മനാഭപ്പണിക്കര്‍. 1869-ൽ ജനിച്ച (1044 കുംഭം 27) അദ്ദേഹത്തിന്റെ നൂറ്റിയമ്പതാമത്തെ ജന്മവര്‍ഷമാണു് 2019-ഓടെ പൂർത്തിയായതു്. ജനനവും മരണവും മാര്‍ച്ചു മാസത്തിലായിരുന്നു. വൈകിയെങ്കിലും നമ്മുടെ ഭാഷയേയും സമൂഹത്തേയും നവീകരിച്ച ആ ആദിമനെ ബെഞ്ചമിൻ ബെയ്ലി ആദിയായ മിഷനറിമാരെ എന്ന പോലെ ഓർക്കുന്നതു് ജാതിഹിന്ദുത്വം മനുഷ്യരെ അപരവൽക്കരിച്ചു വംശഹത്യയിലേക്കു തള്ളുന്ന കാലത്തു് ഏറെ അർഥപൂർണമാവും.

images/TipuSultanPic.jpg
നവാബ് ടീപൂ സൂല്‍ത്താൻ

കേരളസമൂഹത്തേയും ഭാഷയേയും സാഹിത്യത്തേയും ഇത്രമേൽ അടിത്തട്ടിൽ നിന്നും സ്വാധീനിച്ചു മാറ്റിത്തീർത്ത പരിവർത്തന കർതൃത്വങ്ങൾ വിരളമാണു്. പാക്കനാരിൽ തുടങ്ങുന്ന പ്രതിരോധത്തിന്റെ നൈതികമായ കാവ്യവഴിയെ നാണുഗുരുവിന്റെ മതേതര സാമൂഹ്യനീതി ചിന്തയുടെ വെളിച്ചത്തിൽ വിപുലമായ മാനവ സാഹോദര്യത്തിലേക്കു വളർത്തിക്കൊണ്ടു് കുറുമ്പൻ ദൈവത്താരുമായി ചേർന്നുകൊണ്ടു് പുലവൃത്തങ്ങളെഴുതി കേരളഭാഷയേയും സാഹിത്യത്തേയും സമൂഹത്തേയും താണനിലത്തേക്കിറങ്ങി ജനായത്തവൽക്കരിക്കുന്നതിലും മാനവീകരിക്കുന്നതിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം നടത്തിയ അക്ഷരസമരങ്ങൾ പങ്കു വഹിച്ചു. ഇന്നു് മലയാള സാഹിത്യത്തിലും സംസ്കാരത്തിലും സ്ത്രീകൾക്കും കീഴാളർക്കും ഇതര ചെറുകർതൃത്വങ്ങൾക്കും ജനായത്തപരമായ ഇടവും ശബ്ദവും കിട്ടിവരികയാണു്. ഏതാനും ദശകങ്ങൾക്കു മുമ്പു് സ്ഥിതി ഇതല്ലായിരുന്നു. അവർണ്ണർക്കും പെണ്ണുങ്ങൾക്കും ന്യൂനവിഷയികൾക്കും കാണാമറയത്തും തീണ്ടാപ്പാടകലത്തിലും കുഴികുത്തി നിന്നു പോലും തൊഴാനരുതാത്ത ആഭിജാമൂലൂരിന്റെ കാവ്യകലാപങ്ങൾതവും കുലീനവുമായ വരേണ്യ ഹിംസാസ്ഥാപനമായിരുന്നു മലയാള സാഹിത്യസാംസ്കാരികഭൂമിക.

images/Karuppan.jpg
പണ്ഡിറ്റ് കറുപ്പൻ

സവർണ്ണതയുടെ അറിവധികാര കുത്തകയും സാംസ്കാരിക തമ്പുരാക്കളുടെ കുലസ്വത്തുമായിരുന്നു നമ്മുടെ കവിതയും സംസ്കാരവും. വർണ്ണത്തിന്റേയും ജാതിയുടേയും ആ നെടുംകോട്ടയെ ഭേദിച്ചു് സനാതനവും പരിപാവനവുമായി സവർണ്ണഹൈന്ദവത പരിപാലിച്ചു പോന്ന സാഹിത്യസ്ഥാപനത്തിൽ കടന്നുകയറി നവാബ് ടീപൂ സൂല്‍ത്താൻ മലബാറിനെ എന്ന പോലെ തിരുവിതാംകൂറിൽ ബഹുജന സംസ്കാരത്തിന്റെ മായാത്ത പ്രബുദ്ധതയുടെ പാദ മുദ്രകൾ പതിച്ചു് നമ്മുടെ ഭാഷയേയും സാഹിത്യത്തേയും സംസ്കാരത്തേയും ജനായത്തവൽക്കരിച്ച രചനാകർതൃത്വങ്ങളിൽ അഗ്രഗണ്യനാണു് മൂലൂർ എസ്. പദ്മനാഭപ്പണിക്കർ (1869–1931).

images/Kumaran_Asan.jpg
കുമാരനാശാൻ

ജാതിവിരുദ്ധവും വൈദിക വർണ്ണാശ്രമധർമ്മ വിമര്‍ശപരവുമായ തെന്നിന്ത്യയുടെ സംഘകാലം എന്ന അശോക കാലം മുതലുള്ള ജനകീയ ബുദ്ധപാരമ്പര്യത്താൽ ബ്രാഹ്മണ്യത്തിനു വഴങ്ങാതിരുന്ന അവർണ്ണരുടെ നിഴലുപോലും വീഴാതെ പരിശുദ്ധമായി കാത്ത ബ്രാഹ്മണിക സാംസ്കാരിക മണ്ഡലത്തെ അട്ടിമറിച്ചുകൊണ്ടു് അവർണ്ണരായ ആശാനും കറുപ്പനും സഹോദരനും മറ്റും കടന്നുവരാനുള്ള വഴിയൊരുക്കിയതു് മൂലൂരിന്റെ അസാധാരണമായ അക്ഷരസമരമായിരുന്നു. പാക്കനാർ മുതൽ വെളുത്തേരിയും പെരുനെല്ലിയും വരെയുള്ള അവർണ്ണ സോദര കവികളുടെ ജാതിഹിന്ദു സമൂഹത്തിലെ ഗതികേടുകൾ അദ്ദേഹം ഗാഢമായി പഠിച്ചു. ഒറ്റയ്ക്കു നടത്തിയ ചില്ലുവഴക്കും കവിരാമായണ സംവാദവും നമ്മുടെ സാഹിത്യ സംസ്കാര ചരിത്രത്തിലെ നിർണ്ണായകമായ പരിവർത്തന മുഹൂർത്തങ്ങളാണു്. കേരളഭാഷയും ജനതയുമുള്ളിടത്തോളം നിലനിൽക്കുന്നതാണു് പുലവൃത്തവും ധർമ്മപദവും സാഹിത്യവല്ലരിയും അടങ്ങുന്ന അദ്ദേഹത്തിന്റെ അടിസ്ഥാന കാവ്യരചനകൾ. വിവർത്തനത്തെ സർഗാത്മകവും കാവ്യാത്മകവുമാക്കുന്ന വിമോചന സംസ്കാര രാഷ്ട്രീയത്തിന്റേയും ആദിമൻ കേരളത്തിൽ മൂലൂരാണു്.

ആന്തരാധിനിവേശത്തെ അതിജീവിച്ച പ്രബുദ്ധ സംസ്കാരധാരകള്‍

പമ്പയാറ് അഖിലബാന്ധവനും ശരണാഗതവത്സലനുമായ ധർമ്മശാസ്താവിന്റെ തട്ടകത്തിൽ നിന്നും പടിഞ്ഞാട്ടു് ഒഴുകി ആറന്മുളയ്ക്കു താഴെ പല കൈവഴികളായി ഇടനാടെന്നും പരുമലയെന്നും പേരുള്ള രണ്ടു വലിയ തുരുത്തുകളെ നിര്‍മിക്കുന്നു. ഇടനാട്ടിലായിരുന്നു മൂലൂർ കുടുംബവീടു്. കവിയുടെ അമ്മവീടായ കാവിൽ പരുമല തുരുത്തിലെ പുരാതനമായ പനയന്നാര്‍കാവിനടുത്തും.

“പമ്പാശൈവലനിക്കു

രണ്ടുചെറുതായുണ്ടന്തരീപങ്ങൾ…”

എന്ന മൂലൂരിന്റെ പദ്യം സ്ഥലചരിത്രത്തേയും കുടുംബചരിത്രത്തേയും കലർത്തി വിസ്തരിക്കുന്നു. കേരള മണ്ണിനേയും മനസ്സിനേയും തൊട്ടുണർത്തി തരളിതമാക്കുന്ന ഭൂമീസ്പര്‍ശമായിരുന്നു മൂലൂരിന്റെ രൂഢമൂലമായ കവിത.

images/Narayana_Guru.jpg
നാരായണ ഗുരു

പെരിയ മന്നത്തെ മുറിച്ചൊഴുകുന്ന മന്ന ആറായ മാന്നാറിനോടടുത്തു കിടന്ന കാവിൽ വീട്ടിൽ 1869-ലാണു് പദ്മനാഭൻ ജനിക്കുന്നതു്. പിതാവു് മൂലൂർ ശങ്കരവൈദ്യർ ആയുര്‍വേദ ചികിത്സകനും പൊതുപ്രവർത്തകനുമായിരുന്നു. അമ്മയായ വെളുത്തകുഞ്ഞമ്മയ്ക്കു് അക്കാലത്തു തന്നെ അക്ഷരാഭ്യാസം കിട്ടിയിരുന്നു. അവർണ്ണരുടെ ഇടിയിലെ ഈ സ്ത്രീവിദ്യാഭ്യാസവും വൈദ്യവിദ്യാബോധന വഴക്കങ്ങളും അശോക കാലത്തോളം നീളുന്ന തെന്നിന്ത്യയുടെ പ്രബുദ്ധതയുടെ പാരമ്പര്യത്തിൽ വരുന്നതാണു്. ജാതിഹിന്ദുപരമായ ബ്രാഹ്മണ മധ്യകാലം മുതൽ പല തീണ്ടലുകളും തൊടീലുകളും ഇവർ നേരിട്ടു പോന്നു. പൗരോഹിത്യ-പടയാളി സഖ്യം സാമൂഹ്യ രാഷ്ട്രീയ സാംസ്കാരികാധികാരം കയ്യാളിയിരുന്നു. കാവിലും മൂലൂരും മധ്യതിരുവിതാംകൂറിൽ ഈഴവരുടെയിടയിൽ വിദ്യാഭ്യാസവും സ്വത്തും കൊണ്ടു് മികച്ചുനിന്ന കുടുംബങ്ങളായിരുന്നു. ആയുര്‍വേദവും പാലിയും സംസ്കൃതവും കളരിമുറകളും രണ്ടു കുടുംബങ്ങളിലും സാംസ്കാരിക ആസ്തികളായിരുന്നു. എട്ടാം നൂറ്റാണ്ടിൽ തുടങ്ങിയ ഹൈന്ദവീകരണത്തിലും നഷ്ടമാകാത്ത ബൗദ്ധമായ തിരുശേഷിപ്പുകൾ. അമരവും അഷ്ടാംഗഹൃദയവുമെല്ലാം തികച്ചും ബൗദ്ധമായ രചനകളായിരുന്നല്ലോ. സിംഹള ബുദ്ധ ഭിക്ഷുവായ അമരസിംഹനെ ഴുതിയ അമരകോശമുദ്ധരിച്ചു കൊണ്ടാണു് തന്റേതും ബുദ്ധമതമാണെന്നും അതു അദ്വയവാദിയായ വിനായകൻ ശാക്യമുനിയുടെ സമതയിലൂന്നിയ അദ്വയവാദമാണെന്നും 1916-ൽ ശ്രീലങ്കയിലിരുന്നു കൊണ്ടു് മൂലൂരിന്റെ ഗുരു അരുളിയതു്. അശോക കാലം മുതൽ ബൗദ്ധമായിരുന്നതിനാലാണു് ബുദ്ധസംഘത്തിന്റെ നാടായ സിംഹളത്തെ സംഘത്തിന്റെ അഥവാ ഇഴചേർന്ന ഈഴത്തുനാടായി പ്രാചീന തമിഴ് തായ്മൊഴിയിൽ പറഞ്ഞു പോന്നതു്. ഈഴം എന്നാൽ പ്രകൃതിയിലെന്ന പോലെ, നെയ്ത്തിലെന്ന പോലെ ഇഴചേർന്നതു്, ഇഴയടുപ്പമുള്ളതു്, എഴുത്തിലെന്ന പോലെ ഇഴുകിച്ചേരുന്നതു്, എഴുതിയാഴ്ത്തുന്നതു്, എഴുത്തുവഴക്കം, മൊഴിവഴക്കം എന്നെല്ലാമാണു സൂചന. സംഘടിതമായ പൂങ്കുലകളേയും ഈഴം ചേർത്തു പറയും. ഈഴമുല്ല, ഈഴക്കൊന്ന, ഈഴച്ചെമ്പകം എന്നീ പ്രയോഗങ്ങൾ വരുന്നതും സംഘബോധത്തിന്റെ ഭാഷാസൂചനയാണു്. ഈഴച്ചെമ്പകമെന്ന അലരിയെ കുറിച്ചുള്ള സഹോദരന്റെ പദ്യകൃതിയും ഓർക്കാവുന്നതാണു്. ഡോക്ടർ പല്‍പ്പു വിശ്രമിക്കുന്നതും പേട്ടയിലുള്ള ഈഴച്ചെമ്പകത്തിന്റെ ചോട്ടിലാണു്.

images/Sarasakavi_mooloor.jpg
മൂലൂർ എസ്. പദ്മനാഭപ്പണിക്കര്‍

പ്രശസ്ത ക്രൈസ്തവ വൈദികനും മാന്ത്രികനുമായ കടമറ്റത്തു കത്തനാരു മായി ബന്ധപ്പെട്ടതാണു് പനയന്നാര്‍കാവിന്റെ ഐതിഹ്യം. കത്തനാർ മെരുക്കിയൊതുക്കിയ യക്ഷി പിടിവിട്ടു വന്നു പാർത്തിടമാണീ പമ്പയാറ്റിലെ പന്നായി കടവിനക്കരെയായുള്ള പനയന്നാര്‍കാവു്. യക്ഷിക്കു് അവിടെ അഭയം നല്‍കി കത്തനാർ മടങ്ങിയപ്പോൾ നാട്ടുകാർ യക്ഷിയെ അവിടെ പ്രതിഷ്ഠിച്ചു് പൂജിക്കാൻ തുടങ്ങി. യക്ഷിക്കു് ആദ്യം മധുകൊടുത്തുപചരിച്ചതു് കാവിൽ എന്ന ഈഴവ കുടുംബമാണു്. ബ്രാഹ്മണികമായ പൗരോഹിത്യ ആണ്‍കോയ്മയ്ക്കു വഴങ്ങാത്ത കാവുകളുടെ ഊര്‍ജം തികച്ചും തേരവാദ ഭിക്കുനിമാരായ അഥവാ കന്യാസ്ത്രീകളായ കന്യകാവുകളെ സൂചിപ്പിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം കാവുകളായിരുന്നു. പലതും ഇന്നു് ബ്രാഹ്മണപൂജയിലൂടെ ഹൈന്ദവീകരിക്കപ്പെട്ട ക്ഷേത്രങ്ങളായി വരുന്നു. എന്നാലും പേരിൽ കാവു് എന്ന കന്യാസ്ത്രീയുടെ അഥവാ മഠത്തിലമ്മയുടെ അഥവാ ബുദ്ധഭിക്കുനിയുടെ സൂചന നിൽക്കുന്നു. ആധുനിക കാലത്തു് ക്രൈസ്തവ കന്യാസ്ത്രീകളേയും കേരളമക്കൾ ബോധകരെന്നും പോതികളെന്നും മഠത്തിലമ്മമാരെന്നും വിളിക്കാനുള്ള കാരണവും ഭാഷയുടെ അബോധത്തിലേക്കു ചവിട്ടിയാഴ്ത്തിയ ഈ പ്രബുദ്ധതയുടെ ഓർമകളും ഒലികളുമാണു്.

images/Kovilan.jpg
കോവിലൻ

കാവിനരികിൽ ഇന്നും കാവിൽ എന്ന പേരിൽ ഒരു ഈഴവ കുടുംബവും ഒരു നായർ കുടുംബവും ഉണ്ടെന്നു് ജീവചരിത്രകാരനായ സത്യപ്രകാശം രേഖപ്പെടുത്തുന്നു. കാവിൽ പണിക്കന്മാർ ഈഴവരും കാവിൽ ആദിശ്ശന്മാർ നായന്മാരുമാകുന്നു. കീഴാളത്തിന്റെ കഥാകാരനായ കോവിലന്റെ ‘തട്ടക’ത്തിന്റെ തുടക്കം പറയുന്നതു പോലെ സമാനരും സഹോദരരുമായ ഗണങ്ങൾ തന്നെയാണു് പിന്നീടു് ബ്രാഹ്മണാധിനിവേശത്തിൻ കീഴിൽ സവർണ്ണ ശൂദ്രരും അവർണ്ണ ചണ്ഡാളരുമായി തീർന്നതെന്നു് മനസ്സിലാക്കാം. പനയന്നാര്‍കാവും പനച്ചിക്കാടും മണ്ണാറശാലയും എല്ലാം പ്രാചീന നാഗാരാധനയും ശ്രമണ സംസ്കാരവുമായി ബന്ധവുമുള്ള കന്യാവനങ്ങളായ കാവുകളാണെന്നതും വ്യക്തമാണു്. ചേർത്തലയും കൊടുങ്ങല്ലൂരും ഇന്നും അനുഷ്ഠാനപരമായി ആവർത്തിക്കുന്ന പോലെ ശൂദ്രകോമരങ്ങളെ കൊണ്ടു നടത്തിച്ച ഹിംസാത്മകമായ കാവുതീണ്ടലുകളിലൂടെയാണു് പരിശുദ്ധവനങ്ങളിലെ കന്യാമഠങ്ങളായിരുന്ന കാവുകളെ കോഴിവെട്ടും തെറിപ്പാട്ടും കള്ളുകുടിയും കുമിയുന്ന കാളികൂളീ ഭഗവതീ ക്ഷേത്രങ്ങളാക്കി മധ്യകാലാരംഭത്തിൽ ബ്രാഹ്മണിക ഹിന്ദുത്വം മാറ്റിയെടുത്തതു്. ഭക്തിയുടെ ലഹരി മോന്തിയാൽ എന്തും നടക്കുമെന്ന ഇളംകുളത്തിന്റെ പ്രസ്താവം സ്മരണീയമാണു്. “ഭരണിക്കു പോകല്ലേ സോദരരേ…” എന്ന സഹോദരന്റെ പദ്യകൃതിയും കൊറോണ കാലത്തു് ഓർക്കാവുന്നതാണു്.

തീണ്ടല്‍പ്പുരയും കുടിപ്പള്ളിക്കൂടവും

കുട്ടിയെ അക്ഷരാഭ്യാസം ചെയ്യിക്കാൻ പിതാവു് മലഞ്ചെരുവിൽ കൊച്ചുകുഞ്ഞാശാൻ എന്ന അധ്യാപകനെ വീട്ടിൽ തന്നെ പാർപ്പിച്ചു. പദ്മനാഭൻ ചെറുപ്പത്തിൽ തന്നെ പിതാവിൽ നിന്നും വാഗ്ഭട ബുദ്ധഭിക്കുവിന്റെ അഷ്ടാംഗഹൃദയം പഠിച്ചു. അമരകോശം, സിദ്ധരൂപം, ബാലപ്രബോധനം എന്നിവയും പിതാവു തന്നെ പഠിപ്പിച്ചു. അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും രചിച്ച വാഗ്ഭടനും അമരകോശവും ഇതര ഭാഷാകോശങ്ങളും ചമച്ച അമരസിംഹനും ഈഴത്തു ഉന്നതവിദ്യാഭ്യാസം ചെയ്ത തേരവാദ ഭിക്കുകളായിരുന്നല്ലോ. ബഹുജനങ്ങളുടെ നികുതിപ്പണം കൊണ്ടു പ്രവർത്തിച്ചിരുന്ന സർക്കാർ പള്ളിക്കൂടങ്ങളിൽ അക്കാലത്തു് ഈഴവരാദിയായ അവർണ്ണക്കുട്ടികളെ കയറ്റിയിരുന്നില്ല. പ്രധാനകെട്ടിടത്തെ തീണ്ടാത്ത തരത്തിൽ പിന്നാമ്പുറത്തു കെട്ടിയ ചോർന്നൊലിക്കുന്ന അയിത്തപ്പുരയിലിരുന്നു വേണം അവർണ്ണ വിദ്യാര്‍ഥികൾ പഠിക്കാന്‍. ചെറുപ്പത്തിൽ തന്നെ അസാമാന്യ നീതിബോധം കാട്ടിയ മൂലൂർ ഈ തീണ്ടാതീനത്തിനു താനില്ല എന്നുറപ്പിച്ചതിനാൽ പൊതുവിദ്യാഭ്യാസമെന്ന വ്യാജേന പൊതുചിലവിൽ നടത്തുന്ന സവർണ്ണ ബോധന തന്ത്രത്തിനടിപ്പെട്ടു പോയില്ല. ഗുരുവിനു തെക്കു ചെമ്പഴന്തിയിൽ നിന്നു വടക്കു കായംകുളത്തെ പുതുപ്പള്ളിയിലുള്ള വാരണപ്പളളിയിലും കുമ്മൻപള്ളിയിലും വന്നു ഉന്നതവിദ്യാഭ്യാസം തേടേണ്ടി വന്നതിന്റെ പരിസരവും ജാതി-വർണ്ണ വ്യവസ്ഥയുടെ വർണ്ണാശ്രമ സനാതന പരിസരവും സ്മൃതിശ്രുതി പുരാണങ്ങളുമായിരുന്നു. പെരുമ്പള്ളിക്കടുത്തു കൊല ചെയ്യപ്പെട്ട ആറാട്ടുപുഴയുടെ ജാതിവിരുദ്ധ പോരാട്ടവും അയ്യാവൈകുണ്ഠരു ടെ പുലിമട വാസവും നമുക്കോർക്കാം. രാമാദികളുടെ കാലത്തെങ്കിൽ ശംബൂകന്റെ ഗതിയാവും നമുക്കുണ്ടാവുക, കാരണം സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ ഹിന്ദുക്കൾ എന്ന ഗുരുവാക്യവും ഓർക്കേണ്ടതാണു്. നമ്മുടെ ഗുരുക്കന്മാർ എന്ന യൂറോപ്യൻ ആധുനികതയെ കുറിച്ചുള്ള പ്രസ്താവം പി. കെ. ബാലകൃഷ്ണന്റെ നാരായണഗുരു സമാഹാരത്തിൽ വായിക്കാം.

images/Moorkoth_Kumaran.jpg
മൂർക്കോത്തു കുമാരൻ

മൂലൂർ ഭാഗ്യവശാൽ പതിനൊന്നു വയസ്സുവരെ പിതാവിന്റെ കീഴിൽ തന്നെ ആയുര്‍വേദവും നാട്ടുചികിൽസയും പഠിച്ചു. പിന്നെ ആറൻമുള കൊച്ചുരാമൻ വൈദ്യനെന്നറിയപ്പെട്ട ജനകീയനായ മാലക്കര കൊച്ചുരാമന്‍പിള്ളയാശാനെ വീട്ടിൽ വരുത്തി പിതാവു് തുടര്‍വിദ്യാഭ്യാസത്തിനുള്ള ഏർപ്പാടാക്കി എന്നു് മൂർക്കോത്തു കുമാരൻ എഴുതുന്നു. പുതിയ ഗുരുവിന്റെ കീഴിൽ പതിനെട്ടു വയസ്സുവരെ കാവ്യങ്ങളും അലങ്കാരശാസ്ത്രവും മറ്റും അഭ്യസിച്ചു.

കായംകുളത്തു് വാരണപ്പള്ളിയിൽ പാർത്തു കുമ്മൻപള്ളിയിൽ പഠിച്ചുവന്ന നാരായണഗുരു ഒരു വൈകുന്നേരം പെരുനെല്ലി കൃഷ്ണൻ വൈദ്യരും വാരണപ്പള്ളി പദ്മനാഭപ്പണിക്കരുമായി 1881-ൽ വന്നു് മൂലൂർ ഭവനത്തിൽ തങ്ങുകയും, പദ്മനാഭനെ കൊണ്ടു് ശ്ലോകം ചൊല്ലിക്കയും, കുട്ടിയുടെ കാവ്യബോധം തിരിച്ചറിഞ്ഞു് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. പതിമൂന്നാം വയസ്സുമുതൽ തന്നെ പദ്മനാഭൻ സ്ഥിരമായി കവിതകൾ എഴുതി തുടങ്ങിയിരുന്നു. പഠനകാലം കഴിഞ്ഞു് കഥകളിഭ്രമവും ഉത്സവഹരവും മറ്റുമായി പണിക്കർ കുറേ ചുറ്റിത്തിരിയുകയുമുണ്ടായി. മകന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച പിതാവിനുള്ള കുറിമാനങ്ങൾ പോലും പദ്യത്തിലായിരുന്നു.

ചില്ലുവഴക്കും എഴുത്തധികാരത്തിലേക്കുള്ള പ്രവേശവും

നളചരിതം, കൃഷ്ണാര്‍ജുനവിജയം എന്നിങ്ങനെയുള്ള അമ്മാനപ്പാട്ടുകൾ പതിനേഴാം വയസ്സിൽ തന്നെ രചിച്ചു. അയ്യാവൈകുണ്ഠരുടെ അഖിലത്തിരട്ടു് അമ്മാനൈ നാമോർക്കും. പാരമ്പര്യരീതിയിൽ ഓലയിലും നവീനശൈലിയിൽ കടലാസിലും ഭംഗിയായി എഴുതുന്നതിൽ കവിക്കു് തികഞ്ഞ ചാതുര്യവും പേരുമുണ്ടായിരുന്നു. എഴുത്തിന്റെ അടിസ്ഥാനമായ അക്ഷരപാരമ്പര്യം ബ്രാഹ്മി എന്നു പിൽക്കാലത്തു വിളിക്കപ്പെട്ട അശോകന്റെ ധമ്മ ലിപി ബി. സി. മൂന്നാം നൂറ്റാണ്ടിൽ തന്നെ തെന്നിന്ത്യയിൽ അവതരിപ്പിച്ച അശോകബോധകരുടെ പ്രബുദ്ധ പാരമ്പര്യമാണല്ലോ. തെക്കു കിഴക്കേഷ്യയിലെ എല്ലാ ലിപികളുടേയും മാതാവു് ഇപ്പോൾ പട്ടണത്തു നിന്നും കീഴടിയിൽ നിന്നും വീണ്ടെടുക്കപ്പെട്ട അശോകൻ ധമ്മലിപി എന്ന ബ്രാഹ്മി ലിപിയാണു്. അതിൽ നിന്നാണു് മധ്യകാലത്തു് വട്ടെഴുത്തും പിന്നീടു് കോലെഴുത്തും ഉരുത്തിരിഞ്ഞതു്. തമിഴ് ലിപി ഇന്നും ധമ്മലിപിയോടടുത്തു നിൽക്കുന്നു. അവർണ്ണരുടെ കുടിപ്പള്ളിക്കൂട എഴുത്തുപള്ളി പാരമ്പര്യം ഈ രീതിയിൽ തികച്ചും ബൗദ്ധമാണു്. കോട്ടയത്തു നിന്നും ഇക്കാലത്താണു് കണ്ടത്തിൽ വറുഗീസ് മാപ്പിള മലയാള മനോരമയും അതിലെ ജനപ്രിയമായ കവിതാ പംക്തിയും ആരംഭിക്കുന്നതു്. ശൗണ്ഡികൻ എന്ന പേരിൽ പണിക്കർ ധാരാളം ശ്ലോകങ്ങൾ മനോരമയിൽ എഴുതുകയുണ്ടായി. എന്നാൽ മദ്യഹാരകനാമത്തോടു് അന്നുതന്നെ മട്ടാഞ്ചേരിയിൽ ഗോവിന്ദൻ വൈദ്യരും മറ്റും വിയോജിപ്പു് പ്രകടിപ്പിച്ചു. ‘സഹോദരൻ’ മാസികയും ആദ്യരണ്ടു വര്‍ഷം ‘യുക്തിവാദി’മാസികയും പുറത്തുവന്നതു് മട്ടാഞ്ചേരിയിലെ വൈദ്യരുടെ കെട്ടിടത്തിലെ അച്ചുകൂടത്തിൽ നിന്നായിരുന്നു.

പത്രങ്ങൾ വഴി തന്നെ ശ്ലോകരൂപത്തിലുള്ള സംവാദം നടക്കുകയുണ്ടായി. തുടർന്നു് ശൗണ്ഡികനാമം ഉപേക്ഷിച്ചു് കുടുംബത്തിൽ പരമ്പരാഗതമായി ഉണ്ടായിരുന്ന പണിക്കർ നാമം സ്വീകരിക്കാനും പദ്മനാഭകവി തീരുമാനിച്ചു. എന്നാൽ മധ്യകാലം തൊട്ടു് തങ്ങൾ കുത്തകയാക്കിയനുഭവിച്ച സവർണ്ണഛായയുള്ള പണിക്കർ എന്ന സ്ഥാനപ്പേർ അവർണ്ണനായ ഒരീഴവൻ എടുത്തണിഞ്ഞതു് സവർണ്ണരായ, ചാതുര്‍വര്‍ണ്യത്തിലെ നാലാം വർണ്ണമായി ഉള്‍ച്ചേർക്കപ്പെട്ട മലയാള ശൂദ്രരായ നായന്മാരെ പ്രകോപിപ്പിച്ചു. കുഞ്ഞികൃഷ്ണമോനോൻ എന്ന കുലീന കാവ്യകുതുകിയുമായി നടന്ന ശ്ലോകസംവാദത്തിൽ ഇതു് തങ്ങളുടെ കുടുംബത്തിനു് ഭൂപാലന്മാരിൽ നിന്നും കിട്ടിയ സ്ഥാനപ്പേരാണെന്നു് കവി വ്യക്തമാക്കി. ഇതിൽ കയറി ഇടപെട്ടുകൊണ്ടു് സി. എസ്. സുബ്രഹ്മണ്യൻ പോറ്റി തന്റെ കുത്സിതമായ ജാതിക്കെറുവും വർണ്ണാന്ധതയും അസൂയയും കുന്നായ്മയും ചരിത്രത്തിൽ വലിയവായിൽ വിളിച്ചുപറഞ്ഞുകൊണ്ടു് വലിയക്ഷരത്തിൽ തന്നെ എഴുതി വച്ചു.

പണിക്കനേയൊന്നു പരിഷ്ക്കരിച്ചാൽ

പണിക്കരാമെന്നു നിനച്ചിടേണ്ടാ

നിനയ്ക്കെടോ കാക്ക കുളിച്ചു നന്നായ്

മിനുക്കിയാൽ ഹംസമതാകുമെന്നോ.

ഭാഷയിലും അക്ഷരങ്ങളിലും ഉച്ചാരണത്തിലും കൂടി പോലും സവർണ്ണർ പുലർത്തുന്ന അധീശത്വം മൂലൂർ വിമര്‍ശബോധത്തോടെ തിരിച്ചറിയുകയും കുത്തകക്കാരുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ അപ്പാടെ അസ്ഥിരപ്പെടുത്തുന്ന നേരും നീതിയുമാർന്ന മറുപടി ഉചിതമായി കൊടുക്കുകയും ചെയ്തു.

തണ്ടാർ ചാന്നാരു രണ്ടിങ്കലുമിവിടൊ-

രുപോലിർ പ്രയോഗങ്ങൾ കാണ്മാ-

നുണ്ടല്ലോ ഹേ, പണിക്കർക്കിദമസുലഭ-

മായീടുവാനെന്തു ബന്ധം

പണ്ടത്തേ പാക്കനാരോടറിക

പുലയനാരോടുമീ രേഫമൂന്നി-

ശ്ശണ്ഠയ്ക്കോരുന്നുവോ താൻ

ഹൃദയമതിനിടുക്കേറുമെൻ സൂത്രധാരാ

പണിക്കരാക്കുന്നു പണിക്കനേത്താന്‍

പണിക്കനാക്കുന്നു പണിക്കരേയും

നിനയ്ക്കിൽ ൻ ർ ദ്വയതുച്ഛഭേദം

ഗണിപ്പതേ ഭീമമടത്തരം കേള്‍

‘ഭീഷ്മന്‍’ ഭീഷ്മരുമാം കൃപൻ കൃപരുമാം

ദ്രോണൻ തഥാ ദ്രോണരാം

വൈദ്യൻ വൈദ്യരുമാം വരൻ വരരുമാം

ഭോ വാര്യനോ വാര്യരാം

ചാന്നാര്‍, നായര്‍, പണിക്കരയ്യരതുമല്ലാ-

ചാര്യരെന്നൊക്കെയും

ചൊന്നീടാമതു ഹേ മഹാരസിക,

താനോർക്കാതിരിക്കുന്നുവോ.

ഇതാണു് മലയാള സാഹിത്യ സംസ്കാരചരിത്രത്തിലെ കുപ്രസിദ്ധമായ ചില്ലുവഴക്കു്. ചില്ലക്ഷരം, പ്രത്യേകിച്ചും രേഫം പേരിന്നവസാനം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർണ്ണർക്കില്ലെന്നു ധരിച്ച കേരള കുലീനരുടെ വരേണ്യ വീരചരിതം. രസകരമായ വസ്തുത ഇന്നും പല വരേണ്യ വിഷയികൾക്കും, കിരാതമായ അവരുടെ സംസ്കാരാധീശത്വത്തിനു് അടിപ്പെട്ടു് സവർണ്ണ പൊതുബോധം പേറുന്ന ഭൂരിഭാഗം ബഹുജനങ്ങൾക്കും ദലിത ബഹുജനങ്ങളുടെ പേരിനവസാനം വരുന്ന -ർ എന്ന രേഫം വിവരിക്കാനാവാത്ത വിമ്മിട്ടവും മനംമറിച്ചിലും കൊതിക്കെറുവും ഉണ്ടാക്കുന്നു എന്നതാണു്. സ്വന്തം ഭാഷാ സംസ്കാര ചരിത്രത്തെ കുറിച്ചുള്ള അജ്ഞത ജനതയെ കൊണ്ടു് പഴകിയതും പലപ്പോഴും തിരുത്തപ്പെട്ടതുമായ തെറ്റുകൾ പോലും ആവർത്തിപ്പിക്കുന്നു. എത്രയോ സാഹസികവും വിധ്വംസകവുമായ ഭാഷാ, ഭാഷണ ഇടപെടലുകളിലൂടെയാണു് മൂലൂർ മലയാള സാഹിത്യസ്ഥാപനത്തെ അവർണ്ണബഹുജനകോടികൾക്കും സ്ഥാനവും ശബ്ദവുമുള്ള നിർവാഹകസ്ഥലമാക്കി മാറ്റിയെടുത്തതു് എന്നു ശ്രദ്ധിക്കാം.

അവർണ്ണരും ന്യൂനപക്ഷങ്ങളും സ്ത്രീകളും കവികളാകുന്നു
images/Varghese_Mappillai.jpg
കണ്ടത്തിൽ വറുഗീസ് മാപ്പിള

ചില്ലുവഴക്കു പോലെ തന്നെ ചരിത്രപ്രസിദ്ധവും എന്നും പ്രസക്തവുമായ സാംസ്കാരിക പോരാട്ട സന്ദർഭമാണു് കവിരാമായണത്തിന്റെ രചനയിലേക്കു നയിച്ച സാഹിത്യത്തമ്പുരാക്കളുമായുള്ള തുറന്ന കാവ്യയുദ്ധം. മഹാഭൂരിപക്ഷം ബഹുജനങ്ങളെ തൊട്ടുകൂടാത്തവരാക്കിയകറ്റി അക്ഷരവും അറിവും സർഗാത്മകതയും നിഷേധിച്ചു് അവരുടെ അധ്വാനം അകത്താക്കി നികുതിപ്പണം പിഴിഞ്ഞെടുത്തു് കൊട്ടാരങ്ങളും കോവിലകങ്ങളും കെട്ടിപ്പൊക്കി തിന്നുകൂത്താടിയ തമ്പുരാക്കന്മാരും തുലദാനവും ഹിരണ്യഗർഭവും മുറജപവും നടത്തിയാടിയ ‘ഭൂദേവകളും’ അവരുടെ പാദജരും സ്വയം അറിവാളന്മാരായി ചമഞ്ഞു് സാഹിത്യത്തേയും സംസ്കാരത്തേയും നിയന്ത്രിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്റെ കവിഭാരതത്തിൽ ഒരൊറ്റ അവർണ്ണ കവിയേയും ഉള്‍പ്പെടുത്താൻ കനിഞ്ഞില്ല. പെണ്ണുങ്ങളുടെ കാര്യം പറയേണ്ടതില്ല. പദ്ധതിയുടെ പരസ്യം വന്നപ്പോൾ തന്നെ അവർണ്ണരിൽ നിന്നും നൂറ്റാണ്ടുകളുടെ തമസ്കരണത്തേയും കിരാത ജാതി മര്‍ദനത്തേയും വിവേചനത്തേയും അതിജീവിച്ചു് കവികൾ ഉയർന്നു വരുന്നുവെന്നും അവരേയും കൂടി ഉൾക്കൊള്ളിക്കാനുള്ള മനസ്സുകാണിക്കണമെന്നും പറഞ്ഞുകൊണ്ടു് മൂലൂർ പരസ്യമായി തമ്പുരാനു് ശ്ലോകം കുറിച്ചിരുന്നു. ആ മുന്‍കൂറായ അഭ്യർത്ഥന പോലും അന്നത്തെ അധീശ സംസ്കാര നായകനായ തമ്പുരാനെ തരിമ്പും തീണ്ടിയില്ല. ഇതെല്ലാം തന്നോടു ബോധിപ്പിക്കാൻ ഈ അവർണ്ണനാരു്, മനുഷ്യനായി പോലും അവർണ്ണരെ കാണുന്ന കാലമല്ല, പിന്നെയല്ലേ കവി.

images/Valiya_Koil.jpg
കേരളവർമ വലിയ കോയിത്തമ്പുരാൻ

സാഹിത്യ തമ്പുരാക്കളുടെ ഇത്തരം അഭിനവ തമസ്കരണ തന്ത്രങ്ങളെ അട്ടിമറിച്ചുകൊണ്ടു് മൂലൂർ കവിരാമായണം രചിച്ചു. സ്ത്രീകളും അവർണ്ണരും ഹൈന്ദവേതരരും ന്യൂനപക്ഷങ്ങളിൽപ്പെട്ട ക്രൈസ്തവരുമായ കവികളും അതിൽ ചരിത്രത്തിലാദ്യമായി കേരളത്തിൽ ഇടം കണ്ടു. കേരളവർമ വലിയ കോയിത്തമ്പുരാനും കണ്ടത്തിൽ വറുഗീസ് മാപ്പിള യും ഉള്ളൂരും വള്ളത്തോളും നാരായണഗുരു വും ആശാനും വെളുത്തേരി കേശവൻ വൈദ്യരും പി. കെ. കൃഷ്ണൻ വൈദ്യരും തോട്ടക്കാട്ടു് ഇക്കാവമ്മയും എന്തിനു് സാക്ഷാൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പോലും (പരശുരാമനായി) മൂലൂരിന്റെ കാവ്യത്തിൽ ഐതിഹാസികമായി ശോഭിക്കുന്നു. മൂലൂരിന്റെ കലാപരവും ധീരവും വിധ്വംസകവുമായ കാവ്യസമരവും വിശാല ഹൃദയനായ കണ്ടത്തിൽ വറുഗീസ് മാപ്പിളയും അദ്ദേഹത്തിന്റെ മലയാള മനോരമയുമില്ലായിരുന്നെങ്കിൽ അവർണ്ണർക്കും ന്യൂനപക്ഷങ്ങൾക്കും ഭാഷാസാഹിത്യത്തിലും സംസ്കാരത്തിലും പ്രവേശനം ഏറെ വൈകിയേനേ എന്നു് മൂർക്കോത്തു് കുമാരൻ യുക്തിയുക്തം രേഖപ്പെടുത്തിയിട്ടുണ്ടു്. കേരളഭാഷയേയും സാഹിത്യ സ്ഥാപനത്തേയും സമൂഹത്തേയും സംസ്കാര-രാഷ്ട്രീയ രംഗങ്ങളേയും ഒരു പോലെ കാലികവും കലാപരവുമായി നവീകരിക്കുകയും ജനായത്തവൽക്കരിക്കുകയുമായിരുന്നു കവിവരന്‍.

കവിരാമായണത്തിന്റെ പ്രസിദ്ധീകരണത്തോടെ പത്രങ്ങളിൽ കൂടിയുള്ള പഴകിയ പടനായകന്മാരുടെ അടിയും വെടിയും കലശലായി. കള്ളപ്പേരുകളിൽ പല കുലീന മനസ്സുകളും കവിക്കു നേരേ വാലും ചുരുട്ടി കുരച്ചുചാടി. ഇളിച്ചും ചിരിച്ചും പുളച്ചും കുരച്ചും വലിയവായിൽ ഗീർവാണ വേലയോടെ പുരാണ പാരായണ പട്ടത്താനങ്ങളാടുന്ന ചാടുവേല അന്നും പ്രബലമായിരുന്നു. ജാതിഹിന്ദു വാലിന്മേലുള്ള കിരാതമായ കുത്തിയോട്ടം കലശലായി. പന്തീരാണ്ടുകൊല്ലം കുഴലിലിട്ടിട്ടും നിവരാത്ത വാലിൽ കുത്തി പല വർണ്ണാശ്രമ ധര്‍/കൃമികളും കരണം മറിഞ്ഞു. വരേണ്യരും ശുദ്ധിവാദികളും തങ്ങളുടെ തനിനിറവും ഉമ്മാക്കികളും പൊക്കിക്കാട്ടി. ഈ ഗോഗ്വാ വിളികളിലും പടപ്പാട്ടിലും നൈതിക ധീരനായ ഗുരുശിഷ്യൻ അടിയുറച്ചു നിന്നു. ഭാഷയുടേയും സംസ്കാരത്തിന്റെയും വിഴുപ്പലക്കി വൃത്തിയാക്കുന്ന പെരിയ പ്രവൃത്തിയായിരുന്നു മൂലൂരിന്റെ അക്ഷര സമരം.

ക്ഷുദ്രവംശീയതയുടെ വംശാവലി

‘ഭദ്രകാളി’ എന്ന അപരനാമത്തിൽ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എന്ന എഴുത്താളൻ മൂലൂരിനെ അധിക്ഷേപിച്ചതു് “മരംകേറി, കപി, മുതുമരഞ്ചാടി, പണിക്കന്‍” എന്നിങ്ങനെയുള്ള ശൂദ്രവംശീയതയും ജാതിവെറിയും പ്രതീകാത്മക പ്രതിനിധാന ഹിംസയും മുറ്റിയ മൃഗതാരതമ്യങ്ങളിലൂടെയാണു്. ബോര്‍ദ്യൂവിന്റെ പ്രതിനിധാന ഹിംസയെ കുറിച്ചുള്ള വിസ്താരം നാമോർത്തുപോകും. മൃഗവൽക്കരണത്തിന്റേയും രാക്ഷസീകരണത്തിന്റേയും അപര, അന്യവൽക്കരണ മലയാള കുലീന കാവ്യോപാസനകളെ കുറിച്ചും. പണ്ഡിറ്റ് കറുപ്പനെ “മീന്‍മണവും വാലകലാശവും” പറഞ്ഞൊതുക്കാൻ കിണഞ്ഞു പരിശ്രമിച്ചു തുന്നം പാടിയ വീരനായകനാണീ മലയാള കുലീനനായ പത്രാധിപന്‍. അവർണ്ണരുടെ പൊതുവിദ്യാലയപ്രവേശത്തെ ഭർത്സിച്ച പിള്ളയുടെ കുപ്രസിദ്ധമായ കുതിര-കഴുത താരതമ്യവും നാമോർത്തുപോകും. വർണ്ണാന്ധതയും അപരഹിംസാപരതയും അജ്ഞതയും മുറ്റിയ ഈ തികഞ്ഞ സാംസ്കാര ദേശീയ നടുനായകനെയാണു് ഇന്നു് ബഹുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു് ജനകീയ സർക്കാരുകൾ ആദരിക്കുന്നതും ആചരിക്കുന്നതും. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ മൂലൂർ നിരാകരിച്ച തീണ്ടല്‍പ്പുരയിലുള്ള പൊതുചിലവിലുള്ള സവർണ്ണവിദ്യാഭ്യാസം പോലൊരു പരിഹാസ്യമായ കാര്യപരിപാടിയാണിതു്.

എന്നാൽ സാഹിത്യക്കളരിയിലെ മൂത്തജ്യേഷ്ഠനായി മഹാകവി ഉള്ളൂർ പോലും സമകാലത്തു് വാഴ്ത്തിയ മൂലൂരിനെ വേണ്ടവിധം ഓര്‍മിക്കാനും പാഠ്യപദ്ധതിയിൽ ചെറിയ ക്ലാസുകൾ മുതൽ പ്രാതിനിധ്യം കൊടുക്കാനും നമുക്കു കഴിഞ്ഞിട്ടില്ല. ഇന്നത്തെ പൊതുസമൂഹത്തിന്റെ ജാതിഹിന്ദു സാമാന്യബോധത്തിലേക്കും ഹൈന്ദവ സമവായത്തിലേക്കും വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിലേക്കും എത്തിച്ചതു് ഈ സവർണ്ണ അജണ്ടയാണു്. നാണുഗുരുവുമായി പപ്പടം പൊടിച്ച രസികനായിരുന്നല്ലോ ഉള്ളൂർ എസ്. പരമേശ്വരയ്യര്‍. അദ്ദേഹത്തിന്റെ ഉള്ളിലും ജാതിമതിലുകളുടെ പപ്പടം ഒരുവേള പൊടിഞ്ഞിരിക്കാം. എന്നാൽ ഇരിങ്ങാലക്കുടയിലും വടയമ്പാടിയിലും ഗോവിന്ദാപുരത്തും പേരാമ്പ്രയിലും ജാതിമതിലുകളും കോട്ടകളും തലപൊക്കുന്നു. കേരളത്തിലും മനുഷ്യരെ ജാതിയുടേയും മതത്തിന്റേയും ഭാഷയുടേയും ലൈംഗികതയുടേയും പേരിൽ അടിച്ചു കൊല്ലുന്ന അവസ്ഥയായി. മലയാള സാഹിത്യത്തേയും സംസ്കാരത്തേയും ജനായത്തവൽക്കരിച്ച സർഗാത്മകവും വിമര്‍ശാത്മകവുമായ സാഹിത്യകലാപങ്ങളുടെ ചരിത്രം പുതിയ തലമുറ അറിയരുതെന്ന മനസ്ഥിതി ബ്രാഹ്മണിക പാദജ ശക്തികളുടേതു തന്നെ. ചില ന്യൂനപക്ഷ വരേണ്യരെ കൂടി അവർ ഈ സവർണ്ണ-സിറിയൻ അച്ചുതണ്ടിൽ സര്‍വീസ് രംഗത്തുപയോഗിക്കുന്നു. വടയമ്പാടിയെ കുറിച്ചു പറഞ്ഞ ബഹുജനകവിയെ കാവിപരിവാരം കൈയ്യേറ്റം ചെയ്തതു് രാഷ്ട്രീയസ്വയം സേവകസംഘവും പാദജ ഭൃത്യജന സംഘവും ഒന്നാണെന്ന വർത്തമാന ചരിത്രവസ്തുത ഒരിക്കൽക്കൂടി വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ സാമൂഹ്യനീതി അടിത്തറയെ അട്ടിമറിച്ചു് അമിത പ്രാതിനിധ്യം ദേവസം ബോഡിൽ ഓഡിനന്‍സാക്കിയ ചവരിമലയെ ശബരിമലയാക്കി രാമവൽക്കരിച്ചു ഹൈന്ദവമാക്കിയ 2018-ലെ ശൂദ്ര ലഹള നടത്തിയതും ഈ സഖ്യമാണു്. ചവരിമല ശൂദ്രലഹളയുടെ ജാതിഹിന്ദു പര്യാവരണവും സാധൂകരണവുമൊരുക്കിയതു് ജനങ്ങളുടെ ചിലവിൽ അക്കാദമികളെ ഒന്നാക്കി നടത്തിയ ഗീതാഗിരിയും മാവാരത പട്ടത്താനവുമാണു്. അശാന്തനെന്ന അവർണ്ണനായ കലാകാരന്റെ മൃതദേഹത്തോടു പോലും അനാദരവു കാട്ടുന്നതിൽ സ്വയംസേവകരുടെ സമ്മര്‍ദ്ദത്തിനു് ഇടതുപക്ഷ ഭരണകൂട അക്കാദമിസാരഥികൾ ചൂട്ടുപിടിച്ചു കൊടുക്കുന്നു. ഇടതുപക്ഷനേതൃത്വത്തിലും പരിവാരപാദജ ശക്തികൾക്കു മേൽക്കൈ എന്നയവസ്ഥയായി. നങ്ങേലിയും ദളവാക്കുളവും കെട്ടുകഥയായി തള്ളപ്പെടുന്നു. ചവരിമലയിലെ ശൂദ്ര ലഹളയുടെ പശ്ചാത്തലത്തിൽ നായർത്തൊഴിലാളി സ്ത്രീയായ മണിച്ചിപ്പിള്ള തെരുവിൽ ജാതിത്തെറിവിളിച്ച കേരള മുഖ്യമന്ത്രിയുടെ ജന്‍ഡർ ഉപദേശകയായ വരേണ്യ വനിത ജനപഥം ജനുവരി 2019 ലക്കത്തിലെഴുതിയതു് നങ്ങേലിക്കു മുലക്കരം കൊടുക്കാൻ കാശില്ലായിരുന്നു, ആ അവർണ്ണ സ്ത്രീയുടെ ബലി ഒരു സാമ്പത്തിക പ്രശ്നമായിരുന്നു എന്നാണു്. കേരളത്തെ ആധുനീകരിച്ച ആറാട്ടുപുഴ മുതൽ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പോരാട്ടങ്ങളും മേല്‍ശീലക്കലാപവും ചില്ലുവഴക്കും എല്ലാം തമസ്കരിക്കപ്പെടുകയും നവബ്രാഹ്മണ്യത്തിന്റെ അധീശ ലോകബോധം പുനസ്ഥാപിക്കുന്ന മുഖ്യധാര, സമകാലികം എന്നും മറ്റും പറയുന്ന കാല്പനിക ജീർണതയും ഭൂതാഭിരതിയും ഫാഷിസത്തിന്റെ കൂടപ്പിറപ്പായ കലാമൗലികവാദവും ലാവണ്യാന്ധ്യവും പാഠ്യപദ്ധതിയിലും മാധ്യമ അജണ്ടയിലും അക്കാദമികളിലും തികഞ്ഞ സാഹിത്യ മാതൃക എന്ന പേരിൽ തിരുകി കയറ്റുകയും ചെയ്യുന്നു. മാവാരതവും രാമായണവും ഗീതയും പാടിപ്പഠിപ്പിക്കുന്തോറും ജീവകാരുണ്യ പഞ്ചകത്തിൽ ഗുരു പറഞ്ഞപോലെ കൊല്ലുന്ന ശരണ്യതയില്ലാത്ത മൃഗീയാവസ്ഥയിലേക്കു പുതു തലമുറകളും സമൂഹവും കൂപ്പുകുത്തും. മാവാരത പട്ടത്താനങ്ങൾ നിർത്തി ഗുരുവും സഹോദരനും മൂലൂരും വർത്തമാന അവർണ്ണ സ്ത്രീ ദലിതു് കവികളും എഴുത്തുകാരും വിമര്‍ശകരും സിലബസിലേക്കും മാധ്യമ അക്കാദമിക രംഗത്തേക്കും വരേണ്ടതുണ്ടു്.

കവി ജീവിതം മുഴുവൻ പോരാടിയ സാംസ്കാരിക കുത്തകവൽക്കരണവും തമസ്കരണ തന്ത്രങ്ങളും ഇന്നും മൃദുഹിന്ദുത്വത്തിന്റേയും സവർണ്ണതയുടേയും സമ്മത നിര്‍മിതിയുടെ മുഖ്യ ക്രിയാതന്ത്രം തന്നെ. ഏതാനും ദശകങ്ങൾക്കു മുമ്പുമാത്രം വിദ്യാലയ പ്രവേശനത്തിനു ചെന്ന അവർണ്ണക്കുട്ടികളുടെ കാലു തല്ലിയൊടിക്കാൻ മുട്ടന്‍വടിയും വെട്ടി വളഞ്ഞവാലുപോലുള്ള കൊമ്പനും പിരിച്ചു ഞെളിഞ്ഞുനിന്ന പടനായകന്മാരുടെ ഇളമുറ പടുത്തു വയ്ക്കുന്ന (ബഹുജനങ്ങളുടെ മറവിയെ മാത്രം വളർത്തുന്ന) ലീലാവിനോദങ്ങളും അഗമ്യകാമനകളുമാണു് ഇന്നത്തെ പാഠ്യപദ്ധതികളിലും വരേണ്യ വാരികത്താളുകളിലും നിറയുന്ന ഉദാത്തവും ഉത്തമവുമായ സാഹിത്യം. ഒരു ഭാഷാസംസ്കാര-സമൂഹം എന്ന നിലയിൽ നമ്മുടെ സാഹിത്യത്തിൽ നടന്ന ജനായത്തപരമായ മാറ്റങ്ങളും വിഛേദങ്ങളും മായ്ക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും പകരം വ്യാജമായ പഴക്കവാദങ്ങളും അരാഷ്ട്രീയ ലാവണ്യവാദങ്ങളും കുത്തിനിറയ്ക്കപ്പെടുകയും ചെയ്യുന്നു. ഗുരു മുന്നറിയിപ്പു നല്‍കിയ രാമരാജ്യത്തിലേക്കു പിന്നെ അധിക ദൂരമില്ല. ശംബൂകന്റെ ഗതി നമ്മെ നോക്കി ഇളിച്ചു പുളച്ചു വളഞ്ഞ ജാതിഹിന്ദു വാലിൽ കുത്തി മറിയുകയാണ്, കൂടെ മാവാരത പട്ടത്താനമാണു് ജനങ്ങളുടെ ചിലവിൽ നടത്തുന്നതു്, ന്യൂനപക്ഷ പ്രസിദ്ധീകരണ സ്ഥാപനത്തെ കൊണ്ടതു് അച്ചടിപ്പിച്ചു വിറ്റുവിലവാങ്ങിപ്പോരുകയും ചെയ്യുന്നു. അപ്പച്ചൻ പാടിയ പോലെ അന്തണർ മാത്രമല്ല ക്ഷുദ്രരായ പുരോഹിതരും ആസ്യരും അതു തന്നെ ചെയ്യുന്നു. ഹിന്ദുരാഷ്ട്രവും അതിലെ മ്ലേഛ പൗരത്വവും നമ്മേ പുല്‍കുകയായി. ഇടത്തും വലത്തുമായി മാറിമാറി ജനങ്ങളുടെ മേൽ ഗീർവാണവും പൈങ്കിളിയുമിട്ടു പട്ടത്താനികൾ പടക്കോപ്പു കൂട്ടുന്നതു് സ്വയംസേവകർക്കു തന്നെ.

കവിതയുടെ അധീശവിരുദ്ധ ജനായത്ത സംസ്കാര രാഷ്ട്രീയം

തീര്‍ച്ചയായും ഉള്ളൂർ മൂലൂരിന്റെ കാലത്തു തന്നെ പറഞ്ഞിട്ടുള്ളതു പോലെ ആശാനു് മഹാകവിസ്ഥാനത്തേക്കുള്ള പ്രവേശം സാധ്യമാക്കിയതു് തൊട്ടുമുമ്പു് മൂലൂർ ചിഹ്നവ്യവസ്ഥയിലും ലോകബോധത്തിലും നടത്തിയ പെരിയ കലാപങ്ങളും അക്ഷര അട്ടിമറികളും തന്നെയാണു്. കേരളവർമ വലിയകോയിത്തമ്പുരാൻ സ്നേഹത്തോടെ കൊടുത്ത സരസകവി സ്ഥാനം മൂലൂർ ആദരവോടെ ഏറ്റുവാങ്ങുകയും തന്റെ പുതിയ ഭവനത്തിനു് കേരളവർമ സൗധം എന്നു പേരിടുകയുമുണ്ടായി. സവർണ്ണർക്കു് സരസനും മഹാനുമായ കവിയായിരിക്കുമ്പോൾ തന്നെ കലയും ജീവിതസമരവും തമ്മിലുള്ള അടുപ്പത്തെ കുറിച്ചു് നമ്മെ ഏറെ പഠിപ്പിക്കുന്ന കവിയുമാണു് മൂലൂർ എസ്. പദ്മനാഭപ്പണിക്കര്‍. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തോടാവും കാവ്യമീമാംസയേക്കാളും മൂലൂരിനു് ചാര്‍ച്ച. പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയമായ ജനായത്തമാണു് അദ്ദേഹത്തിന്റെ കേരളീയ കാവ്യമീമാംസ. പ്രാതിനിധ്യമില്ലാതെ ജനായത്തമില്ല. സാമൂഹ്യ നീതിയും സാമൂഹ്യ പ്രാതിനിധ്യവുമില്ലാതെ ഇന്ത്യൻ ഭരണഘടനയോ ഇന്ത്യൻ രാഷ്ട്രമോ ഇല്ല. സാമ്പത്തിക സംവരണത്തിലൂടെ റദ്ദായിപ്പോയ ഇന്ത്യൻ നിര്‍മാണഘടനയെ വീണ്ടെടുക്കാനുള്ള വഴിയും കൂടിയാണു് മൂലൂർ മുന്നോട്ടു വയ്ക്കുന്ന സാംസ്കാരികമായ ജനായത്തവൽക്കരണം. കവിതയേയും സംസ്കാരത്തേയും രാഷ്ട്രീയത്തേയും അസന്ദിഗ്ദ്ധമായി സംയോജിപ്പിച്ച കേരളത്തിലെ അതുല്യമായ സമഗ്ര പരിവർത്തനകർതൃത്വവും കൂടിയാണദ്ദേഹം. സാമ്പത്തിക മാത്രവാദികളുടെ പരിവാര അജണ്ട ഇടതിലൂടെ നടപ്പാക്കി ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുമ്പോൾ മൂലൂരും ഗുരുവും സഹോദരനും കേരളത്തിനു മാര്‍ഗദീപങ്ങളാകട്ടെ, സത്യത്തെ വിളക്കിനേയെന്ന പോലെ ചേർത്തു പിടിക്കാൻ നീതിക്കുവേണ്ടി സംസാരിക്കാൻ നമുക്കാവട്ടെ. അപ്പ ദീപോ ഭവ എന്നു പാലിയിൽ പുത്തര്‍. കേരള പുത്തരും പ്രബുദ്ധ ശിഷ്യഗണങ്ങളും നമ്മുടെ സംസ്കാര പ്രദീപങ്ങളാകട്ടെ.

തികച്ചും ജനവഞ്ചനയും ജനായത്ത വിരുദ്ധതയുമായതു കൊണ്ടാണു് ബഹുജനങ്ങളുടെ നികുതിപ്പണം കൊണ്ടു് ബ്രാഹ്മണരെ തീറ്റിപ്പോറ്റുന്ന മുറജപത്തിനെതിരെ അദ്ദേഹം കവിതയിൽ ആഞ്ഞടിച്ചതു്. സംഘസാഹിത്യത്തിലെ ചവരിമാനുകൾ എന്ന മ്ലാവുകൾ മേഞ്ഞ ചവരിമലയെ ശബരിമലയാക്കി രാമവൽക്കരിച്ചു ഹിന്ദുവൽക്കരിച്ച വർത്തമാനത്തിൽ പോലും ഇവിടെ ആസ്ഥാനകവികൾ വൈഷ്ണവ കാമഭക്തിയിലഭിരമിക്കുകയാണു്. കൃഷ്ണനെ കുറിച്ചുള്ള സഹോദരന്റെ ഗാന്ധിയോടുള്ള ചോദ്യം നമുക്കു വെളിവു തരട്ടെ, ഗാന്ധിസന്ദേശം എന്ന കന്യാകുമാരി അമ്പലത്തിലെ സംഭവത്തെ കുറിച്ചുള്ള കവിതയും. ‘നായും നരിയും നടക്കുന്ന പാന്ധാവിൽ ഹോയി മുഴക്കുന്ന പാഷണ്ഡന്‍മാരെ’ക്കുറിച്ചുള്ള മൂലൂരിന്റെ മഞ്ജരിയിലുള്ള “മുറജപം” എന്ന കവിത ആര്യപ്പൂനാട്ടിൽ നിന്നും യാചകരായി വന്നു ഭൂദേവകളായ കൗശലക്കാരെ കുറിച്ചുള്ള പൊയ്കയിലപ്പച്ചന്റെ പാട്ടുമായി താരതമ്യങ്ങൾ നിര്‍മിക്കുന്നു. സഹോദരന്റെ “റാണിസന്ദേശം,” “രാജാവിനു് പ്രത്യക്ഷപത്രം” തുടങ്ങിയ കവിതകളുടെ പൂര്‍വഗാമികളാകുന്ന മട്ടിൽ ഭരണനേതൃത്വത്തോടുള്ള കാവ്യാത്മകമായ അഭ്യർഥനയുടെ രൂപത്തിലാണു് “മുറജപം” എഴുതിയിട്ടുള്ളതു്. “ധർമ്മഗാനം, ‘സാഹോദര്യം’, ‘തിരുവോണം’ എന്നീ കവിതകളും സഹോദരന്റെ രചനകളുമായി അസാധാരണമായ സമാനതകളുണ്ടാക്കുന്നു. സഹോദര പ്രേരണയിലായിരുന്നു പാലിയിൽ നിന്നുള്ള ധമ്മപദ വിവർത്തനം.

സവർണ്ണർ പുനസ്ഥാപിച്ച തീണ്ടല്‍പ്പലകയുടെ അന്ത്യത്തെ കുറിച്ചുള്ളതാണു് “തിരുനക്കരയിലെ എട്ടുബോഡിന്റെ ചരമഗീതം.” കേരളത്തിലെ “ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ശതാബ്ദിപൂർത്തി” കവിതയിൽ കോട്ടയം സി. എം. എസ്. സെമിനാരിയിൽ തുടങ്ങി നാഗര്‍കോവിലിലും സ്യാനന്ദൂരത്തും കൂടി വികസിച്ച വിമോചനത്തിന്റേയും ആധുനികതയുടേയും വ്യവഹാരത്തെ കവി വാഴ്ത്തുന്നു. ഇംഗ്ലീഷ് മിഷനറിമാരേയും ബെയ്ലി മുതലായുള്ള ആദിമന്മാരേയും പേരെടുത്തു പരാമര്‍ശിച്ചുകൊണ്ടാണു് ആംഗലഭാഷയാം മഹാറാണിതന്റെ ശതാഭിഷേകത്തിന്റെ വന്‍ചരിത്രം ഓർത്തീടണമെന്നു് കവി കേരളത്തിലെ ബഹുജനങ്ങളോടു പറയുന്നതു്. സങ്കുചിതവും അപരവൽക്കരണപരവും വംശീയവുമായ ഭാഷാ, പശു, പ്രദേശ മാതാവാദങ്ങൾ കൊടുമ്പിരിക്കൊള്ളുന്ന വർത്തമാനത്തിൽ ആധുനികതയുടെ പ്രതിരോധം തികച്ചും കാലികമാണു്. പരിഷ്കാരത്തിന്റെയും ആധുനികതയുടേയും ഓരോ മുഹൂർത്തങ്ങളേയും മൂലൂർ കവിതയിലൂടെ അനശ്വരമാക്കി. തന്റെ നേതൃത്വത്തിൽ നാട്ടിൽ തുടങ്ങിയ ഓരോ പള്ളിക്കൂടവും ചന്തയും പൊതുവഴിയും അദ്ദേഹം അക്ഷരങ്ങളിലൂടെ അനുപമമായി ആവിഷ്കരിക്കുകയും സാമൂഹ്യോന്മുഖവും ഭാവിയെ കരുതുന്നതുമായ പുതിയ ലോകബോധത്തിനും ചിന്തയ്ക്കും കലാവിഷ്കാരത്തിനും സംസ്കാര രാഷ്ട്രീയത്തിനും അഭൂതപൂര്‍വമായ മാതൃകകൾ അവതരിപ്പിക്കുകയും ചെയ്തു.

പുലവൃത്തവും ധർമ്മപദവും

മൂലൂര്‍-വള്ളത്തോൾ കത്തുകളും മൂലൂരും പന്തളം കൃഷ്ണവാര്യരും, ഹരിശർമയും, ചിദംബരം പിള്ളയുമായി നടത്തിയ സംവാദങ്ങളും വ്യവഹാരങ്ങളും എല്ലാം പദ്യത്തിലാണു്. അവയുടെ കാവ്യഗുണവും പാരായണക്ഷമതയും ഏറിവരുന്നതായാണു് ഇന്നത്തെ വായനാനുഭവം. പുസ്തക നിരൂപണം പോലും പദ്യത്തിലെഴുതിയ കവിയാണു് മൂലൂര്‍. ഓച്ചിറ നടന്ന കാര്‍ഷിക-വ്യവസായ പ്രദര്‍ശനത്തെ കുറിച്ചുള്ള ഡയറിക്കുറിപ്പു പോലും പദ്യത്തിലാണു്. ഗദ്യത്തിലുള്ള ഡയറിക്കുറിപ്പുകൾ പരിശോധിച്ചാൽ ഏതാണ്ടു് എല്ലാ ദിവസവും തന്നെ അദ്ദേഹം ദലിതരുടെ പൊതുപരിപാടികളിൽ പങ്കെടുക്കുകയോ പൊതുകാര്യപ്രസക്തമായ പ്രവൃത്തികൾ ചെയ്യുകയോ ചെയ്തതായി മനസ്സിലാക്കാം.

1914 മുതൽ വര്‍ഷങ്ങളോളം ശ്രീമൂലം പ്രജാസഭാംഗമായിരുന്ന മൂലൂർ ദലിതരുടെ പ്രതിനിധിയായി കുറുമ്പൻ ദൈവത്താരെ രാഷ്ട്രീയ പ്രാതിനിധ്യത്തിലേക്കു പ്രചോദിപ്പിക്കയും സഭയിലും പുറത്തും പൂർണ പിന്തുണ നല്‍കുകയും ചെയ്തു. ദൈവത്താൻ നടത്തിയ പല പ്രജാസഭാ പ്രസംഗങ്ങൾക്കും പിന്നിലുള്ള പ്രചോദനവും പരിശീലനവും കൊടുത്തതു് ക്രാന്തദര്‍ശിയായ സരസകവിയാണു്. ദൈവത്താന്റെ അഭ്യർഥന മാനിച്ചാണു് തന്റെ വിഖ്യാതമായ പുലവൃത്തങ്ങൾക്കു് പണിക്കർ ജന്മം നല്‍കിയതു്. കേരളത്തിന്റെ പ്രാചീനവും ആദിമവുമായ കാവ്യരൂപവും വഴക്കവുമാണു് പുലവൃത്തം. മണ്ണിലും പുലത്തിലും പണിതു് അന്നമുണ്ടാക്കിയ അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിത സംസ്കാര പ്രയോഗമാണതു്. ആ ഗോത്രസംസ്കാര രൂപത്തെ വികസിപ്പിച്ചു് അവരെക്കുറിച്ചു തന്നെയുള്ള വർത്തമാനം അഥവാ പുലയരുടേയും ഇതര ദലിതരുടേയും ചരിത്രവും വൃത്താന്തവുമായി വികസിപ്പിച്ചതു് മൂലൂരാണു്. പുലവൃത്തത്തിന്റെ ആത്മാവിലുറങ്ങുന്ന ഗോത്രഭാഷണത്തിന്റേയും താളബോധത്തിന്റേയും ഉൾതുടിയിൽ വിരലും സ്വരവുമുണർത്താൻ മലയാളത്തിൽ മൂലൂരിനു മാത്രമേ ഇന്നോളം കഴിഞ്ഞിട്ടുള്ളു. അതുകൊണ്ടാണു് പുലവൃത്തം മൂലൂർ തന്നെ ചമയ്ക്കണം എന്നു് ഉള്ളൂർ എഴുതിയതു്.

നിരവധി പദ്യപരാവർത്തനങ്ങളും പരിഭാഷകളും മൂലൂരിന്റേതായുണ്ടു്. ഇതിൽ വിലമതിക്കാനാവാത്ത രചനയാണു് ബുദ്ധന്റെ ധർമ്മപദത്തിന്റെ വിവർത്തനം. ആശാന്റെ ശ്രീബുദ്ധചരിതത്തിനും സഹോദരന്റെ പദ്യകൃതികളിലെ ബുദ്ധകാണ്ഡ രചനകൾക്കും മുന്നോടിയാണിതു്. നമ്മുടെ സാഹിത്യത്തിനും സംസ്കാരത്തിനും ബ്രാഹ്മണികമായ ആന്തര ഹിന്ദു അധിനിവേശത്തിൽ നഷ്ടപ്പെട്ട പ്രബുദ്ധമായ നൈതിക അടിത്തറ ധർമ്മപദവിവർത്തനത്തിലൂടെ മൂലൂർ വീണ്ടെടുക്കുന്നു. ബഹുജനങ്ങളുടെ ഭാഷയായ പാലിയിൽ തഥാഗതൻ അരുളിയ തിരുവായ്മൊഴി മുത്തുകളെ പാലിയിൽ നിന്നും നേരിട്ടാണു് പണിക്കർ വിവർത്തനം നിര്‍വഹിച്ചിരിക്കുന്നതു്. പുലവൃത്തങ്ങളിലൂടനീളം തിരുക്കുറൾ പാടിയ തെന്നിന്ത്യയുടെ ചമണ നൈതികാചാര്യനായ തിരുവള്ളുവരെ ആദരപരാമര്‍ശം ചെയ്യുന്നു. സംഘകാലത്തേയും ശ്രമണ സംസ്കാരധാരയിലേയും പാക്കനാരേയും പുലയനാരേയും പറയനാരേയും തൊട്ടുണർത്തുന്നതാണു് പുലവൃത്തത്തിന്റെ പ്രാക്തന സംഗീതവും സ്മൃതിയും.

സാമൂഹ്യപരിഷ്കരണത്തിന്റേയും സമുദായവൽക്കരണത്തിന്റേയും മാതൃകകൾ

സാമൂഹ്യമാറ്റത്തിനും പരിഷ്കരണത്തിനുമായി മൂലൂർ നാരായണഗുരു പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. വിശാലമായ മാനവ ജനായത്ത സമുദായ രൂപീകരണത്തിനു് മൂലൂർ നല്‍കിയ സംഭാവനകൾ അനന്യമാണു്. ചാതുര്‍വര്‍ണ്യത്തിന്റെ സനാതന വൈദിക പൗരോഹിത്യ വ്യവഹാരത്തിന്റെ വിഭജന ഭരണ ഹിംസാത്മകതയിൽ ജാതിയുടേയും ഉപജാതിയുടേയും വഴക്കുകളും പിണക്കങ്ങളും പിന്നാക്ക സമുദായങ്ങളെ തന്നെ കാർന്നു തിന്നുന്ന സാമൂഹ്യസന്ദർഭത്തിൽ മൂലൂർ നടത്തിയ സക്രിയമായ ഇടപെടലുകൾ രാജ്യത്തിനാകെ മാതൃകയാണു്. തിരുവല്ല താലൂക്കിന്റെ കിഴക്കുള്ള കല്ലൂപ്പാറ, കുളത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഈഴവരെന്നും തീയരെന്നും തെറ്റിപ്പിരിഞ്ഞുനിന്ന രണ്ടുസംഘങ്ങളെ മൂലൂർ ഒന്നാക്കി ഗുരുധാരയിലേക്കു നയിച്ചു.

ബ്രാഹ്മണികമായ വർണ്ണ-ജാതിവ്യവസ്ഥയുടെ വിചിത്ര പ്രഹേളികകളിലൊന്നായ പിച്ചനാട്ടു കുറുപ്പന്മാർ എന്ന ശൂദ്രരിലെ പതിതന്യൂനപക്ഷത്തെ മൂലൂർ ഈഴവ സമുദായത്തിൽ ലയിപ്പിച്ചതു് നാരായണഗുരുവിന്റെ സാന്നിധ്യത്തിലാണു്. ഈ ചരിത്രമുഹൂർത്തത്തിന്റെ കഥനത്തിലുള്ള ഭാവനാത്മക പുനരാഖ്യാനം ഒ.വി. വിജയന്റെ ‘തലമുറക’ളിൽ വായിക്കാം. അവർണ്ണർക്കായി നിരവധി പള്ളിക്കൂടങ്ങളും ആരാധനാലയങ്ങളും പണിക്കർ സ്ഥാപിക്കുകയുണ്ടായി. മതസ്വാതന്ത്ര്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും മൂലൂർ ബഹുമാനിച്ചു. തന്റെ ബന്ധുവായ തുമ്പമണ്ണിലെ പൊടിമണ്ണിൽ മാധവൻ ചാന്നാർ ക്രിസ്തുമതം സ്വീകരിക്കാൻ മുതിർന്നപ്പോൾ പണിക്കർ അദ്ദേഹത്തെ പിന്‍തിരിപ്പിക്കാഞ്ഞതെന്തേ എന്നന്വേഷിച്ചു് പദ്യത്തിൽ കത്തയച്ച ചിദംബരം പിള്ളയ്ക്കുള്ള പദ്യമറുപടിയിൽ മതസ്വാതന്ത്ര്യത്തെ കുറിച്ചും മനുഷ്യൻ നന്നാകേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും പണിക്കർ വിശദീകരിക്കുന്നു. “ശബരിമലയെഴുന്ന സ്വാമിയാരെ തൊഴുതുകൊണ്ടു് സകലഭുവനകർത്താവായ ശാസ്താവു നീതാനെന്നാണെങ്ങൾക്കു പക്ഷം” എന്നാണു് “അയ്യപ്പസ്തോത്രപഞ്ചക”ത്തിൽ മൂലൂർ എഴുതിയതു്. 1916-ൽ ഈഴത്തു വച്ചു ഗുരു അമരസിംഹനെ ഉദ്ധരിച്ചു യഥാർഥ അദ്വയവാദിയായ വിനായകനായ പുത്തരെ കുറിച്ചു നടത്തിയ പ്രസ്താവന പോലെ ചരിത്രഗഹനവും വർത്തമാന പ്രസക്തവുമാണീ നീതി തേടുന്ന സത്യവാചകം.

ഗ്രന്ഥസൂചി
  • പദ്മനാഭപ്പണിക്കര്‍, മൂലൂര്‍. ധർമ്മപദം. ഇലവുംതിട്ട: സരസകവി മൂലൂർ സ്മാരക കമ്മിറ്റി, 1998.
  • പുലവൃത്തം. ഇലവുംതിട്ട: സരസകവി മൂലൂർ സ്മാരക കമ്മിറ്റി, 1999.
  • മൂലൂർ സാഹിത്യവല്ലരി. ഇലവുംതിട്ട: സരസകവി മൂലൂർ സ്മാരക കമ്മിറ്റി, 1993.
  • കവിരാമായണം. ഇലവുംതിട്ട: സരസകവി മൂലൂർ സ്മാരക കമ്മിറ്റി, 2004.
  • കുമാരന്‍, മൂർക്കോത്തു്. സരസകവി മൂലൂർ എസ്. പദ്മനാഭപ്പണിക്കർ ജീവചരിത്രസംഗ്രഹം. ഇലവുംതിട്ട: സരസകവി മൂലൂർ സ്മാരക കമ്മിറ്റി, 1999.
  • ബാലകൃഷ്ണന്‍, പി. കെ. (എഡി.) നാരായണഗുരു. തൃശ്ശൂര്‍, കേരള സാഹിത്യ അക്കാദമി, 1991.
  • ടിപൂ സുല്‍ത്താന്‍. കോട്ടയം, ഡി. സി. ബുക്സ്, 2008.
  • സത്യപ്രകാശം, എം. സരസകവി മൂലൂർ എസ്. പദ്മനാഭപ്പണിക്കര്‍. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാര്‍, 1998.
  • ശേഖര്‍, അജയ്. നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരചിന്തയും. തിരുവനന്തപുരം: മൈത്രി, 2016.
  • സഹോദരൻ അയ്യപ്പന്‍: റ്റുവേഡ്സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചര്‍. കോഴിക്കോടു്: അതര്‍, 2012.
  • (എഡി.). കേരളനവോത്ഥാനം: പുതുവായനകൾ. തിരുവനന്തപുരം: റെയ്വന്‍, 2017.
  • പുത്തൻ കേരളം: കേരള സംസ്കാരത്തിന്റെ ബൗദ്ധ അടിത്തറ. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2018.

ഡോ. അജയ് ശേഖര്‍
images/ajay-sekhar.jpg

അജയ് എസ് ശേഖർ—അക്കാദമിക്, എഴുത്തുകാരൻ. കേരളത്തിന്റെ നവോത്ഥാന ആധുനികതയെയും കേരളത്തിന്റെയും ഇന്ത്യയുടെയും ബുദ്ധ സാംസ്കാരിക അടിത്തറയെക്കുറിച്ചാണു് സമീപകാല കൃതികൾ. കാലടി ശ്രിശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറും ബുദ്ധമത പഠന കേന്ദ്രത്തിന്റെ സ്ഥാപക കോർഡിനേറ്ററുമാണു്.

Colophon

Title: Muloorinte Kavyakalapangal (ml: മൂലൂരിന്റെ കാവ്യകലാപങ്ങള്‍).

Author(s): Dr. Ajay Sekher.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-11.

Deafult language: ml, Malayalam.

Keywords: Article, Dr. Ajay Sekher, Muloorinte Kavyakalapangal, ഡോ. അജയ് ശേഖര്‍, മൂലൂരിന്റെ കാവ്യകലാപങ്ങള്‍, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 11, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sarasakavi Mooloor S. Padmanabha Panickar, a photograph by Rahuldharmaraj . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.