അധികാരത്തെ ആനന്ദ് പലപ്പോഴും തന്റെ കലയുടെ വിഷയമാക്കുന്നതു് അതിലെ ആത്മസംഘർഷങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നില്ല, സമൂഹത്തിന്റെ തന്നെ രോഗാതുരമായ അവസ്ഥ എന്ന നിലയ്ക്കായിരുന്നു. ആ ദിശയിലെ ആനന്ദിന്റ ആദ്യകാല രചനയാണു് ‘ഉത്തരായനം’. പുതു തലമുറയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അജീഷ് ജി. ദത്തൻ, ആനന്ദിന്റെ ഈ കൃതിയെ വീണ്ടും സന്ദർശിക്കുകയാണു് ഈ പഠനത്തിൽ.
ഏകാധിപത്യത്തിന്റെയും നിരന്തര നിരീക്ഷണത്തിന്റെയും വിധേയത്വത്തിന്റെയും വാർപ്പു മാതൃകകളെ സൃഷ്ടിക്കുകയായിരുന്നു ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയിൽ അടിയന്തരാവസ്ഥ നിർവ്വഹിച്ച ധർമ്മം. എന്നാൽ ആനന്ദിന്റെ എഴുത്തു് സാർവ്വകാലികമായ അധികാരത്തിന്റേയും സർവ്വാധിപത്യത്തിന്റേയും ഭീകരതകളെ നിർവ്വികാരതയോടെ, രോഗാതുരതയോടെ അവതരിപ്പിക്കുകയാണു് ചെയ്യുന്നതു്.
ആനന്ദിന്റെ ഉത്തരായനം എന്ന നോവലിനെ മുൻനിർത്തി അധികാരവും അതിന്റെ പ്രയോഗരൂപങ്ങളിലൊന്നായ സർവൈലൻസും (അധീക്ഷണം, നിരന്തരനിരീക്ഷണം, മേൽനോട്ടം എന്നിങ്ങനെ തർജ്ജമ ചെയ്യാമെങ്കിലും പ്രയോഗിച്ചു് പഴക്കം വന്നിട്ടില്ലാത്തതിനാൽ ആശയ വ്യക്തതയ്ക്കു് വേണ്ടി സർവൈലൻസ് എന്നു തന്നെ പ്രബന്ധത്തിൽ ഉടനീളം ഉപയോഗിക്കുന്നു) എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നു് അന്വേഷിക്കുവാനാണു് ഇവിടെ ശ്രമിക്കുന്നതു്. ആനന്ദിന്റെ രചനാലോകത്തിലെ സവിശേഷമായ ഒരു വഴിതിരയലാണു് ഈ നോവൽ. 1982-ലാണു് ആനന്ദിന്റെ ‘ഉത്തരായനം’ പുറത്തുവരുന്നതു്. അടിയന്തരാവസ്ഥ കാലഘട്ടത്തിനു ശേഷം എഴുതപ്പെട്ട നോവൽ എന്ന നിലയ്ക്കു ഇതു് വിലയിരുത്തപ്പെട്ടിട്ടുണ്ടു്. മലയാള നോവൽ ഭാവനയുടെ ഒരു പുതിയ ഭാവുകത്വ വ്യതിയാനത്തിന്റെ ചരിത്ര സന്ദർഭമായി പി. കെ. രാജശേഖരൻ ഈ കൃതിയെ അടയാളപ്പെടുത്തുന്നു. അടിയന്തരാവസ്ഥയാണു് ഇന്ത്യയിൽ കൊളോണിയൽ കാലഘട്ടത്തിനു ശേഷം സർവ്വാധിപത്യത്തിന്റെ ഭീകരതകൾ അനുഭവിപ്പിച്ചതു്. ഏകാധിപത്യത്തിന്റെയും നിരന്തര നിരീക്ഷണത്തിന്റെയും വിധേയത്വത്തിന്റെയും വാർപ്പു മാതൃകകളെ സൃഷ്ടിക്കുകയായിരുന്നു ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയിൽ അടിയന്തരാവസ്ഥ നിർവ്വഹിച്ച ധർമ്മം. എന്നാൽ ആനന്ദിന്റെ എഴുത്തു് സാർവ്വകാലികമായ അധികാരത്തിന്റേയും സർവ്വാധിപത്യത്തിന്റേയും ഭീകരതകളെ നിർവ്വികാരതയോടെ, രോഗാതുരതയോടെ അവതരിപ്പിക്കുകയാണു് ചെയ്യുന്നതു്. ശരീരത്തിനു് മേലുള്ള ജൈവാധികാരപ്രയോഗം, സ്ഥാപനങ്ങൾ, ശിക്ഷണ സമ്പ്രദായങ്ങൾ, അധികാരത്തിന്റെ വാസ്തുശില്പഘടന, അധികാരത്തിന്റെ സാങ്കേതികതകൾ തുടങ്ങിയവയെക്കുറിച്ചു് ആഴത്തിൽ ചിന്തിക്കുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്ത മിഷേൽ ഫൂക്കോ മുതൽ ഇങ്ങോട്ടുള്ളവരുടെ വിവിധ സങ്കല്പനങ്ങൾ പ്രബന്ധത്തിൽ ഉപയോഗിക്കുന്നുണ്ടു്. മുകളിൽ നിന്നു് താഴേക്കു് എന്ന മട്ടിലുള്ള അധികാരപ്രയോഗം മാറുകയും, നിരന്തര നിരീക്ഷണത്തിലൂടെ അധികാരം സൂക്ഷ്മരൂപത്തിൽ ജനതയിൽ പ്രവർത്തിക്കുന്നതു് എങ്ങനെയെന്നുമാണു് അദ്ദേഹം വിശദീകരിക്കുന്നതു്. ആനന്ദിന്റെ കൃതികളിൽ അധികാരത്തിന്റെ സൂക്ഷ്മപ്രയോഗങ്ങൾ പലമാതിരി അവതരിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണാം. അധികാരത്തിന്റെ ഭിന്നരൂപങ്ങളും പ്രത്യയശാസ്ത്രങ്ങളും എങ്ങനെ ആനന്ദിയൻ നോവൽ ഭാവനയിൽ ഉരുത്തിരിയുന്നു എന്നതാണു് പ്രബന്ധത്തിന്റെ അന്വേഷണ പരിധി.
ആനന്ദിന്റെ ഓരോ നോവലുകളും പുറത്തു വരുമ്പോൾ വായനക്കാരനും അവന്റെ ഭാവുകത്വത്തെ പുനർക്രമീകരിക്കേണ്ടി വരുന്നു. ഘടനയിലും ഇതിവൃത്തത്തിലും പരിചരണ രീതികളിലുമെല്ലാം ഓരോ കൃതിയും വ്യത്യസ്ത മാനങ്ങൾ തേടുന്നതാണു് ഇതിനു കാരണം. ഉത്തരായനം എന്ന കൃതിക്കു് നോവലിന്റേതായ രൂപഘടന തുലോം കുറവാണു്. അദ്ധ്യായ വിഭജനങ്ങൾ പോലും ഇതിൽ കാണാൻ കഴിയുകയില്ല. പകരം ഒരിക്കലും അവസാനിക്കുമെന്നോ തുടങ്ങുന്നുവെന്നോ ഉള്ള പ്രതീതി ഉളവാക്കാതെ ആരംഭിക്കുകയും സാങ്കേതികമായി മാത്രം അവസാനിച്ചു എന്നു പറയാവുന്ന തരത്തിൽ നിർത്തുകയും ചെയ്യുന്നു. അതിനു ഇടയ്ക്കുള്ള വിവരണങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ആഖ്യാനം മുന്നോട്ടു പോകുന്നു. വളരെക്കുറച്ചു് കഥാപാത്രങ്ങൾ. കഥ, ആഖ്യാനം ചെയ്യുന്ന നായകനു് പേരൊന്നും എഴുത്തുകാരൻ നൽകിയിട്ടില്ല. അതു കൂടാതെ അയാളുടെ ഭാര്യ, മകൻ, അയാളുടെ ഫാക്ടറിയിലെ സഹപ്രവർത്തകർ, ഫാക്ടറി ചെയർമാൻ, ഓംകാർനാഥ്, നിരാമയൻ, ഡോക്ടർമാർ, തുടങ്ങിയ കഥാപാത്രങ്ങൾ പ്രധാനമായിട്ടുണ്ടു്. ദീർഘമോ സമ്പൂർണ്ണമോ ആയ ഇതിവൃത്തമൊന്നും ഈ കൃതിക്കില്ല. ഫാക്ടറിയും അതിലെ ജോലിക്കാരനായ നായകന്റെ ജീവിതവും അയാളുടെ ചിന്തകളുമാണു് ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നതു്. വളരെ നിസ്സംഗവും തീരെ വികാരരഹിതവുമായ ഭാഷയാണു് ആനന്ദ് ഇവിടെ ഉപയോഗിച്ചിട്ടുള്ളതു്.
അധികാര പ്രയോഗത്തിന്റെ രൂപമായി ഈ നോവലിനെ വിലയിരുത്താൻ ശ്രമിക്കുകയാണിവിടെ. ഇവിടെ അധികാരപ്രയോഗം യഥാർത്ഥ ജൈവാധികാര രൂപത്തിലാണു് (biopower) നിലനിൽക്കുന്നതു്. ഫാക്ടറി എന്നതു് ആനന്ദ് ഭാവനയിലെ ജൈവാധികാര രൂപകമാണു്. നോവലുടനീളം മുന്നോട്ടു പോകുന്നതു് ഫാക്ടറിയും അതിലെ തൊഴിലാളികളും പരിസര പ്രദേശങ്ങളും അടങ്ങുന്ന വിവരണങ്ങളിലൂടെയാണു്. ഇവിടെ ഫാക്ടറി എന്നതു് ഒരു സ്റ്റേറ്റായി രൂപം മാറുകയാണു്. ആരോടെന്നില്ലാതെ അദൃശ്യയുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്റ്റേറ്റ്. കമ്പനിയുടെ എല്ലാമെല്ലാം അതിന്റെ ചെയർമാനാണു്. എല്ലാവരും അയാളുടെ പിന്നിൽ അണിനിരക്കണം. അവിടെ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും ആവശ്യമില്ല. ചെയർമാന്റെ ഫോട്ടോയ്ക്കു താഴെയായി എഴുതിയിരിക്കുന്ന വാചകങ്ങൾ ആനന്ദ് എഴുതുന്നു: ‘The entire company stands solidly behind its Chairman’ ഈ വാക്കുകൾ തന്നെ കമ്പനിയുടെയും അതിന്റെ ചെയർമാന്റെയും സർവ്വാധിപത്യത്തെ സൂചിപ്പിക്കുന്നു (ചെയർമാൻ എന്ന കഥാപാത്ര നാമധേയം തന്നെ സവിശേഷം ശ്രദ്ധിക്കുക). നോവലിലെ നായക കഥാപാത്രവും പ്രൊഡൿഷൻ മാനേജരുമായുള്ള സംഭാഷണം ഇതു് വ്യക്തമാക്കുന്നുണ്ടു്. ‘ഓരോരുത്തനും സ്വയം ചിന്തിക്കുന്ന ഒരു സൈന്യം ഒരിക്കലും ജയിക്കുകയില്ല’ എന്ന പ്രൊഡൿഷൻ മാനേജരുടെ വാക്കുകൾ കമ്പനിയുടെ മറ്റു പ്രവൃത്തികളെക്കുറിച്ചു് ഉത്കണ്ഠപ്പെടുന്ന എല്ലാ ജോലിക്കാർക്കും ഉള്ള ഒരു മറുപടിയാണു്. കാസ്റ്റിങ് ഡിവിഷനിൽ ജോലി ചെയ്യുന്ന നായക കഥാപാത്രത്തിനു അവിടെ ഉള്ള തന്റെ പ്രവർത്തികൾ മാത്രം കൃത്യമായി അനുഷ്ഠിക്കുക എന്നതാണു് കർമ്മം. ഇങ്ങനെ കമ്പനിയുടെ ഭാഗമായ ഓരോ ജോലിക്കാരനും ചോദ്യം ചെയ്യാതെ അച്ചടക്കത്തോടു കൂടി സന്തോഷകരമായ ജീവിതം നയിക്കണം എന്നതാണു് കമ്പനിയുടെ പ്രഖ്യാപിതനയം.
ഇങ്ങനെ അച്ചടക്ക പൂർത്തിയുള്ള, ചോദ്യം ചെയ്യാൻ തയ്യാറാകാത്ത ഒരു നിയന്ത്രണ (control) സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണു് അധികാരഘടനകൾ എവിടെയും നടപ്പിലാക്കുന്ന തന്ത്രം. അതിലൂടെ ചോദ്യം ചെയ്യപ്പെടാനാകാതെ അവരുടെ സർവ്വാധിപത്യം തുടർന്നു പോകുന്നു.
അധികാരത്തിന്റെ ജൈവാധികാര പ്രയോഗമായ സർവൈലൻസും ശരീര കേന്ദ്രിതമായ നിയന്ത്രണങ്ങളും നോവലിന്റെ ഘടനയിലുടനീളം വ്യക്തമാണു്. താൻ ഒരു രോഗത്തിന്റെ പിടിയിലാണെന്നു് കരുതുന്ന നായകനെ കമ്പനി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനത്തിനായി വിടുന്നു. പക്ഷേ, രണ്ടാമത്തെ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ റിപ്പോർട്ട് എന്നു കിട്ടുമെന്നതടക്കം കമ്പനി മുൻകൂട്ടി മനസ്സിലാക്കുന്നു. ആനന്ദ് എഴുതുന്നു: “കമ്പനിയിൽ വിവരങ്ങൾ പ്രവഹിക്കുന്ന പല ചാനലുകളുണ്ടു്. അങ്ങനെയാണു് കമ്പനി അതിന്റെ പ്രവർത്തകരുടെ ആരോഗ്യത്തെയും ആവശ്യങ്ങളേയും വിശ്വാസത്തെയും ശ്രദ്ധിക്കുന്നതു്”. ഇതു ജൈവാധികാര പ്രയോഗരൂപമാണു്. കമ്പനി അതിന്റെ ജീവനക്കാരെ എപ്രകാരം നിരീക്ഷണവിധേയമാക്കുന്നു; അതിലൂടെ സർവൈലൻസ് എന്ന അധികാരപ്രയോഗം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനു് നിരവധി ഉദാഹരണങ്ങൾ നോവലിൽ നിന്നും ചൂണ്ടിക്കാട്ടാം. നായകനോടുള്ള പ്രൊഡൿഷൻ മാനേജരുടെ ഉപദേശം ഈ അധികാരപ്രയോഗത്തെ, പരുവപ്പെടുത്തലിനെ ഓർമ്മിപ്പിക്കുന്നതാണു്. “നിങ്ങൾ കമ്പനിയുടെ ഒരു തൊഴിലാളിയാണു്. നിങ്ങളെ കാലാകാലങ്ങളിൽ പരിശോധിക്കുകയും, കുഴപ്പങ്ങൾ തീർത്തു സൂക്ഷിക്കുകയും, ജോലിക്കു പറ്റുന്ന വിധത്തിലാക്കുകയും ചെയ്യേണ്ട കടമ കമ്പനിയുടേതാണു്” (പുറം 22). ഇതിലൂടെ വ്യക്തമാക്കുന്നതു് കമ്പനിയുടെ സൂക്ഷ്മമായ അധികാരപ്രയോഗവും സർവൈലൻസ് തന്ത്രങ്ങളുമാണു്. എല്ലാ ആനുകൂല്യങ്ങളും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തുകൊണ്ടു് വ്യക്തിയുടെ എല്ലാ സ്വകാര്യതകളിലേക്കും കടന്നു കയറുകയും ഒളിഞ്ഞു നോക്കുകയും അതിനനുസൃതമായി ഓരോന്നും കെട്ടിപ്പടുക്കുകയും ചെയ്യുന്നതാണു് ഇത്തരം അധികാരപ്രയോഗങ്ങളുടെ രീതി. ‘ഈ ശരീരത്തെ പോഷിപ്പിച്ചു നിർത്തുന്നതു കമ്പനിയാണു്. ആ നിലയ്ക്കു് ഇതു് എന്റേതെന്നതിനേക്കാൾ കൂടുതൽ കമ്പനിയുടെ മുതലാണു്’ (പുറം 22) എന്നയാൾ തിരിച്ചറിയുമ്പോൾ ശരീരത്തിനു മേൽ നടത്തപ്പെടുന്ന ജൈവാധികാര പ്രയോഗങ്ങൾ വായനക്കാരും തിരിച്ചറിയുന്നു. ‘കമ്പനി അതിന്റെ തൊഴിലാളികൾക്കു് അപ്പൻ മാത്രമല്ല, മകനും മരുമകനും കൂടിയാണു്’ (പുറം 25) തുടങ്ങിയ വിവരണങ്ങൾ കമ്പനിയുടെ സർവ്വാധിപത്യ സ്ഥിതിയുടെ സൂചനകളായി വായിക്കാം.
ഒരു യന്ത്രത്തിന്റെ സുഗമമായ പ്രവർത്തനം എന്നതുപോലെ, ഒരേ താളത്തിൽ കമ്പനിയിലെ ജീവനക്കാർ ഒത്തു ചേർന്നു ജോലി ചെയ്യുന്നു. കമ്പനി കൃത്യമായ വിഭജനങ്ങളിലൂടെ ഓരോരുത്തരുടെയും ജോലികൾ വിതരണം ചെയ്തിരിക്കുന്നു. ഒരാളുടെ ജോലി മറ്റൊരാൾ ചെയ്യേണ്ടതില്ല. ആർക്കും യാതൊരു പരാതികളുമില്ല. ഓംലെറ്റ് വേണോ? ഫ്രൈ വേണോ? തുടങ്ങിയ അയാളുടെ ഭാര്യയുടേതുപോലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കു് അവിടെ സ്ഥാനമില്ല. തീർക്കാവുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മാത്രമേ കമ്പനിയിലുള്ളൂ. ഇങ്ങനെ അച്ചടക്ക പൂർത്തിയുള്ള, ചോദ്യം ചെയ്യാൻ തയ്യാറാകാത്ത ഒരു നിയന്ത്രണ (control) സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണു് അധികാരഘടനകൾ എവിടെയും നടപ്പിലാക്കുന്ന തന്ത്രം. അതിലൂടെ ചോദ്യം ചെയ്യപ്പെടാനാകാതെ അവരുടെ സർവ്വാധിപത്യം തുടർന്നു പോകുന്നു. ഇത്തരം ഒരു കമ്പനിയാണു് നോവലിൽ ചിത്രീകരിക്കപ്പെടുന്ന ‘ജമ്നാദാസ് ആജ്മീരിയ ഇൻഡസ്ട്രീസ്’.
ജോലിസ്ഥലങ്ങൾ എല്ലാകാലങ്ങളിലും മേൽനോട്ടത്തിനു/നിരീക്ഷണത്തിനു വിധേയമാണു്. ആദ്യകാല മുതലാളിത്തത്തിൽ ഓഫീസുകളിലും ഫാക്ടറികളിലും ജോലി വികേന്ദ്രീകരണം നടപ്പാക്കിയതു് ജോലിക്കാരെ നിരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു. ഓഫീസുകളിലോ, കടകളിലോ, ഫാക്ടറികളിലോ എവിടെയായാലും നിരീക്ഷണ സാമഗ്രികൾ/തന്ത്രങ്ങൾ നിയന്ത്രണങ്ങൾ എന്നിവ പണ്ടു മുതലേ തൊഴിലുമായി ഇഴ ചേർന്നു് നിൽക്കുന്നവയാണു്. എന്നാൽ 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ജോലിസ്ഥലങ്ങൾ നിരീക്ഷിക്കുന്ന രീതികളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടായി. ശാസ്ത്രസാങ്കേതികതയുടെ സഹായത്തോടെ ജോലിക്കാരെ നിയന്ത്രിച്ചു കൊണ്ടു് കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ സാധിച്ചു.
ഈ ഉദ്യമത്തിന്റെ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന എഞ്ചിനിയർമാരിൽ ഒരാളാണു് ഫ്രെഡറിക് വിൻസ്ലോ ടെയ്ലർ. ജോലിക്കാരുടെ ചലനങ്ങളും പ്രവർത്തികളും നിരീക്ഷിക്കുവാൻ സ്റ്റോപ്പ് വാച്ച് ഉപയോഗിക്കുകയും, അതിലൂടെ ആവർത്തന പ്രവർത്തികൾ ഏറ്റവും കാര്യക്ഷമമായി ചെയ്യാനുള്ള സാധ്യതകൾ പഠിച്ചു് കണ്ടെത്തുകയും ചെയ്തു അദ്ദേഹം. ടെയ്ലറുടെ ക്രമീകരണത്തിൽ/രീതിയിൽ ഏറ്റവും പ്രധാനപ്പെട്ടതു് ജോലിക്കാരുടെ പ്രവൃത്തികൾ ഘടകങ്ങളായി വിഭജിക്കുകയും, ഒരാൾ ഏറ്റവും നന്നായി ചെയ്യുന്ന ജോലി മാത്രം അയാളെ ഏൽപ്പിക്കുകയും, നന്നായി ജോലി ചെയ്യാത്തവരെയും, സ്ഥിരമായി വേഗതയിൽ ചെയ്യാത്തവരെയും അച്ചടക്കം പഠിപ്പിക്കുക എന്നതുമായിരുന്നു. ഈ പ്രവർത്തനങ്ങൾ ‘ശാസ്ത്രീയമായ നടത്തിപ്പു്’ എന്നും ‘ടെയ്ലറിസം’ എന്നും അറിയപ്പെടുന്നു.
ഇത്തരത്തിലുള്ള തൊഴിലിടങ്ങളിലെ സർവൈലൻസ് രൂപമാണു് ‘ഉത്തരായന’ത്തിൽ ആനന്ദ് ചിത്രീകരിക്കുന്ന ‘ഫാക്ടറി’യിൽ നിന്നും കണ്ടെടുക്കുവാൻ സാധിക്കുന്നതു്. ‘ഹസൻ മാസ്റ്റർ’ എന്ന പാറ്റേൺമേക്കറുടെ ജോലി ചെയ്യുന്ന കഥാപാത്രം ഇതിനുദ്ദാഹരണമാണു്. തന്റെ പ്രവൃത്തിയിൽ/ജോലിയിൽ അതീവവൈദഗ്ധ്യം നേടിയവനാണു് അയാൾ. അയാൾ ജോലിയിൽ നിന്നും പിരിയാൻ സമയമായിരിക്കുന്നു. കമ്പനിയുടെ റെക്കോർഡുകളിൽ അയാൾക്കു് പതിനഞ്ചു വയസ്സു കുറച്ചുവെച്ചു് കമ്പനി മാനേജ്മെന്റ് അയാളുടെ സേവനത്തിന്റെ പരമാവധി ഊറ്റിയെടുക്കുന്നു. ഇന്നയാൾ കമ്പനിയുടെ ആധിപത്യത്തിലേക്കു് സ്വയം പരുവപ്പെട്ടിരിക്കുന്നു. ഇപ്പോൾ മാനേജ്മെന്റ് അനുവദിച്ചാൽ സ്വയം വയസ്സു താഴ്ത്താൻ അയാൾ തയ്യാറാകും എന്നു് ആനന്ദ് എഴുതുന്നുണ്ടു്. ‘ഹസൻ മാസ്റ്റർ ഹസൻ മാസ്റ്ററല്ല, മറ്റുള്ളവർ നിർദ്ദേശിക്കുന്ന മാസ്റ്ററാണു് ഹസൻ. ഈ പാറ്റേൺ മേക്കിങ്ങിൽ നിന്നു പിരിഞ്ഞാൽ പിന്നെ അയാൾ ഒന്നുമല്ലാതാകുന്നു ഈ സിംഫണിയല്ലാതെ അയാൾക്കു മറ്റൊരു ജീവിതമില്ല’. ഇങ്ങനെ അയാൾ സ്വയം രോഗാതുരനായി മാറും.
തൊഴിലാളികളെ ഒരു യന്ത്രത്തിനോടു് താരതമ്യം ചെയ്യുന്ന രീതി, അതായതു് ആവശ്യത്തിനുപയോഗിക്കുകയും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയും ചെയ്യുന്ന, മനുഷ്യത്വം കെടുത്തുന്ന രീതിയിലുള്ള പ്രവണതകളാണു് ശാസ്ത്രീയമായ ഭരണസംവിധാനം ഉയർന്നു വരുമ്പോൾ നാം കാണുന്നതു്. സ്റ്റോപ്പ് വാച്ചിന്റെ ഉപയോഗത്തെ തൊഴിലാളികൾ ശക്തമായി എതിർക്കുന്നു. കാരണം ഒരു മനുഷ്യന്റെ സാമാന്യമായ കഴിവിനുമപ്പുറത്തേക്കു് അവന്റെ ജോലിവേഗത വർദ്ധിപ്പിക്കുവാനുള്ള ഒരു ഉപകരണം മാത്രമാണതു്. ഇതു് താങ്ങാവുന്നതിനുമപ്പുറവും അടിമവേലയ്ക്കു തുല്യവുമാണു്. ഇതു് അപകടങ്ങൾക്കും, ജോലിഭാരം വർദ്ധിപ്പിക്കുന്നതിനും താങ്ങാൻ കഴിയാത്ത രീതിയിലുള്ള ചൂഷണങ്ങൾക്കും കാരണമാകുന്നു. നോവലിലെ പല സന്ദർഭങ്ങളിലും ഇതു് ആവർത്തിക്കുന്നതു് കാണാം. അപകടങ്ങൾ അവിടെ പതിവാണു്. നായക കഥാപാത്രം പലപ്പോഴും ഇതിനെക്കുറിച്ചു് ആകുലപ്പെടുന്നുവെങ്കിലും അതൊക്കെ ശ്രദ്ധിക്കാൻ മറ്റാളുകളുണ്ടെന്നും തന്റെ ജോലി അതല്ലെന്നും മനസ്സിലാക്കി പിന്തിരിയുന്നു. കമ്പനിയുടെ നിരീക്ഷണമാണു് അയാളെ അതിൽ നിന്നും പിന്തിരിയുവാൻ പ്രേരിപ്പിക്കുന്നതു്. കമ്പനി അതിന്റെ പ്രവർത്തനങ്ങളെല്ലാം കൃത്യമായ പ്രോഗ്രാം ചാർട്ടുകളിലൂടെ കിറുകൃത്യമായി മുന്നോട്ടു കൊണ്ടുപോകുന്നു. അണുവിട വ്യതിചലിക്കാതെ തൊഴിലാളികൾ അതിനെ മുന്നോട്ടു നയിക്കുന്നു. ഇങ്ങനെ പ്രൊഡൿഷനും പ്രോഗ്രാമുകളുമായി കമ്പനി അതിന്റ ജൈത്രയാത്ര തുടരുന്നു. “ഞാൻ, ഞങ്ങൾ, നമ്മൾ വളരുന്നു. നമുക്കു് വളർച്ചയേയുള്ളൂ. മാറ്റമില്ല. പരിണാമത്തിന്റെ വൃക്ഷത്തിലെ അവസാനത്തെ ഫലം, അവസാനത്തെ അനന്തരവകാശി. പരിഷ്കരണത്തെ ബഹിഷ്കരിക്കുന്ന പുരോഗതി” (പുറം. 35) എന്നു് നോവലിസ്റ്റ് ഈ വളർച്ചയെ അടയാളപ്പെടുത്തുന്നു.
സ്കൂളുകൾ, ഫാക്ടറികൾ, പട്ടാളക്യാമ്പുകൾ, ആശുപത്രികൾ എന്നിവടങ്ങളിലെല്ലാം വ്യക്തികൾ അനുസരണയുള്ള പ്രജകളാകുന്നതു് ഈ ഭൗതികത്തിന്റെ ഇടപെടൽ മൂലമാണു്. മുഴുവൻ സമയവും നിരീക്ഷണത്തിലാണെന്ന തോന്നൽ വ്യക്തിയിൽ സൃഷ്ടിച്ചാണു് ശിക്ഷണ സമൂഹത്തെ ഈ സ്ഥാപനങ്ങൾ ഉല്പ്പാദിപ്പിക്കുകയും പുനരുല്പാദിപ്പിക്കുകയും ചെയ്യുന്നതു്.
നായക കഥാപാത്രം ഈ വിധേയത്വത്തെ തിരിച്ചറിയുന്നു. ഓംകാർ പറഞ്ഞതിലും, പ്രൊഡൿഷൻ മാനേജർ പറഞ്ഞതിലും അർത്ഥമുണ്ടെന്നു അയാൾ മനസ്സിലാക്കുന്നു. “എല്ലാവരും എല്ലാം അറിയാൻ തുടങ്ങിയാൽ എന്റെ കാസ്റ്റിങ് ഡിവിഷനിൽ നിന്നു് ഒരൊറ്റ കാസ്റ്റിങ് പുറത്തു വരില്ല. സ്ഥിരതയും ക്രമവും തെറ്റും. ചെയർമാന്റെ പിന്നിലെ ഒറ്റക്കെട്ടു കുത്തഴിഞ്ഞു വീഴും. അതിനകത്തു കലാപവും വിപ്ലവും നടക്കും. നാം നമ്മുടെ കമ്പനിയുടെ ഉള്ളിലെ ശത്രുക്കളാകും. നാം യുദ്ധം ജയിക്കുകയില്ല” (പുറം 37).
തൊഴിലാളികളിൽ നിന്നു് കൂടുതൽ കൂടുതൽ പ്രതീക്ഷിച്ചുകൊണ്ടു് വ്യത്യസ്തമായ ഭരണസംവിധാനങ്ങൾ ആവിഷ്കരിച്ചതു് ടെയ്ലർ മാത്രമായിരുന്നില്ല. പുതിയ രീതികൾ മോട്ടോർ വ്യവസായ ശാഖയിൽ സൃഷ്ടിച്ച വ്യക്തിയാണു് ഹെന്റി ഫോർഡ്. ഇതു വഴി കൂടുതൽ ഉത്തരവാദിത്ത ബോധമുള്ള കുറേയേറെ തൊഴിലാളികളുടെ ശാഖയായി വളരാനും, ഖ്യാതിയെടുക്കാനും ഫോർഡിന്റെ മോട്ടോർ വാഹന വ്യവസായ കേന്ദ്രത്തിനു് അധികസമയം വേണ്ടിവന്നില്ല. വേഗതയും ഗുണനിലവാരവും ലക്ഷ്യമാക്കി ഓരോ ജോലികളും ഓരോ വിഭാഗം ആളുകൾ ഏറ്റെടുത്തു് നിർവ്വഹിക്കുന്നു. പക്ഷേ, ഫോർഡിന്റെ മേൽനോട്ടം ഫാക്ടറിയുടെ മതിലുകളും കടന്നു് ജോലിക്കാരുടെ വീടുകളിലേക്കു് വരെ എത്തിയിരുന്നുവെന്നതു് മറ്റൊരു വസ്തുത. ഇതു് ഇവിടെ സൂചിപ്പിക്കുവാൻ കാരണം ഇത്തരം ആശയങ്ങൾ പല ഭാഗത്തും തന്റെ നോവലിൽ ആനന്ദ് ആവർത്തിക്കുന്നുണ്ടു്. റേഡിയോയും ലിഫ്റ്റും കേടുവരുന്ന സന്ദർഭത്തിൽ നായകന്റെ മകൻ അയാളോടു് അവയുടെ പ്രവർത്തനരീതികളെപ്പറ്റി ചോദിക്കുന്നു. എന്നാൽ അതിനു ഉത്തരം നൽകുവാൻ അയാൾക്കു സാധിക്കുന്നില്ല. കാരണം അയാൾ ലിഫ്റ്റ് ടെക്നീഷ്യനോ, റേഡിയോ മെക്കാനിക്കോ അല്ല. കാസ്റ്റിങ് ഡിവിഷനിലെ എഞ്ചിനിയർ മാത്രമാണു്. തന്റെ അച്ഛനു് അയാളുടേതായ ഡിവിഷനുണ്ടായിരുന്നുവെന്നും തനിക്കും തന്റേതുണ്ടെന്നും, വളർന്നു വരുമ്പോൾ മകൻ മനസ്സിലാക്കുമെന്നു അയാൾ വിശ്വസിക്കുന്നു. തന്റേതല്ലാത്ത വിഷയങ്ങളിൽ സംശയങ്ങൾ ഉന്നയിക്കുന്നതു് എത്ര അപഹാസ്യമാണെന്നു് അവൻ തിരിച്ചറിയുമെന്നും അയാൾക്കുറപ്പുണ്ടു്.
കമ്പനിയുടെ പ്രസിദ്ധീകരണമായ ‘ജെയ്ബുള്ളറ്റിൻ’ സർവൈലൻസിന്റെ, കുടുംബത്തിനുള്ളിലേക്കും വ്യക്തിജീവിതത്തിലേക്കും ഉള്ള കടന്നു കയറ്റത്തിന്റെ അച്ചടി രൂപമാണു്. കമ്പനിയുടെ ഉത്പാദനം ഓരോ മാസവും എത്ര കണ്ടു വർദ്ധിച്ചുവെന്നും, എത്ര തൊഴിലാളികൾക്കു് ഏതെല്ലാം ക്ഷേമകാര്യങ്ങൾ എത്തിച്ചുവെന്നും കളികളിലും മത്സരങ്ങളിലും കമ്പനിയുടെ ഏതെല്ലാം പ്രവർത്തകർക്കു് സമ്മാനം കിട്ടിയെന്നും അതിൽ കൃത്യമായി വരുന്നു. നാടകങ്ങളുടേയും കലാപരിപാടികളുടെയും വിവരണങ്ങളും ചിത്രങ്ങളും മാസികയ്ക്കു നിറം പകരുന്നു. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ ക്രൂരമായ ശിക്ഷാനടപടികൾ ഒഴിവാക്കികൊണ്ടു് ജൈവാധികാര പ്രയോഗങ്ങളിലൂടെ, ശിക്ഷണങ്ങളിലൂടെ കമ്പനി അതിന്റെ തൊഴിലാളികളെ അച്ചടക്കം പഠിപ്പിക്കുന്നു. തൊഴിലാളികളുടെ വീടുകൾ സന്ദർശിക്കുകയും വീട്ടിലെ വരുമാനം, ഭക്ഷണരീതികൾ, ജീവിതസൗകര്യങ്ങൾ, സാമൂഹികമായ കാഴ്ചപ്പാടു്, സദാചാരം എന്നിവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കുകയും ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു. ജോലിക്കാരുടെ നടപ്പു്, സംസാരം, ലൈംഗിക താല്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അവരുടെ സ്വഭാവത്തെ വിധിക്കുന്നവർ വിരളമല്ല. ഇതൊന്നും നിയമപരമല്ലെങ്കിൽപ്പോലും ഇത്തരം നടപടികൾ തുടർന്നു കൊണ്ടേയിരിക്കുന്നു. ജോലിയെ ഒരു തരത്തിലും ബാധിക്കാത്ത സാഹചര്യങ്ങളിൽപ്പോലും, തൊഴിലാളിയുടെ വ്യക്തി ജീവിതത്തിലേക്കുള്ള കമ്പനിയുടെ കടന്നുകയറ്റം സർവ്വാധിപത്യ അധികാരപ്രയോഗത്തിന്റെ ബലതന്ത്രമാണെന്നു് പറയേണ്ടി വരും.
നിയന്ത്രണ സമൂഹത്തിന്റെ (control society) ആശയാവലികളാണു് ഉത്തരായനത്തിൽ ആനന്ദ് അവതരിപ്പിക്കുന്ന കമ്പനി പിന്തുടരുന്നതു്. ഫൂക്കോ പറയുന്ന ആശയങ്ങളുമായി ഇതിനു് സവിശേഷമായ സാദൃശ്യം കാണാവുന്നതാണു്. ‘അധികാരത്തിന്റെ സൂക്ഷ്മഭൗതികം’ എന്നു ഫൂക്കോ പറയുന്നുണ്ടു്. അധികാരശക്തി ആവശ്യപ്പെടുന്ന രീതിയിൽ പ്രതികരിക്കാൻ വ്യക്തി സ്വന്തം ശരീരത്തെ അനുശീലിപ്പിക്കുന്നതിന്റെ രീതികളും നിയമങ്ങളുമാണു് ഈ സൂക്ഷ്മഭൗതികം. സ്കൂളുകൾ, ഫാക്ടറികൾ, പട്ടാളക്യാമ്പുകൾ, ആശുപത്രികൾ എന്നിവടങ്ങളിലെല്ലാം വ്യക്തികൾ അനുസരണയുള്ള പ്രജകളാകുന്നതു് ഈ ഭൗതികത്തിന്റെ ഇടപെടൽ മൂലമാണു്. മുഴുവൻ സമയവും നിരീക്ഷണത്തിലാണെന്ന തോന്നൽ വ്യക്തിയിൽ സൃഷ്ടിച്ചാണു് ശിക്ഷണ സമൂഹത്തെ ഈ സ്ഥാപനങ്ങൾ ഉല്പ്പാദിപ്പിക്കുകയും പുനരുല്പാദിപ്പിക്കുകയും ചെയ്യുന്നതു്. ഉത്തരായനത്തിന്റെ ആഖ്യാനലോകത്തു നിന്നും നിരവധി ഉദാഹരണങ്ങൾ ഈ ആശയസ്ഫൂർത്തിക്കായി കണ്ടെത്താൻ കഴിയുന്നുണ്ടു്. ഡിവിഷനിൽ ഷിഫ്റ്റ് മാറുന്ന സമയത്തെക്കുറിച്ചു് നോവലിസ്റ്റ് വിവരിക്കുന്നു: “ഒരാളുടെ സ്ഥാനത്തു് വേറൊരാൾ വന്നുവെന്നു് തോന്നില്ല. ഒരാൾ മുഴുമിപ്പിക്കാത്ത പണി വേറൊരാൾക്കു് മുഴുമിപ്പിക്കാം. ഒരു അമരവിത്തു പോലെ വേറൊരു അമരവിത്തു്. മാറ്റം ആവശ്യമില്ലാത്തവിധം പരിണാമം പൂർണ്ണതയിലെത്തിച്ച അവസാനഫലം. ഒരിടത്തും പിശകു പറ്റുന്നില്ല. ആർക്കും വഴിതെറ്റുന്നില്ല” (പുറം 48).
മറ്റൊരു സന്ദർഭത്തിൽ പ്രൊഫസറെ കാണാൻ പോകുമ്പോൾ വഴി തെറ്റുന്ന നായകനെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. പ്രൊഫസർ അയാളോടു് പറയുന്നു: “വഴിതെറ്റാത്തവർ ചെയ്യുന്നതു് കർത്തവ്യം പൂരിപ്പിക്കൽ മാത്രമാണു്. കർത്തവ്യം കൃത്യത്തിന്റെ മരണമാണു കുട്ടീ”. അതിനെപ്പറ്റി ചിന്തിച്ചു നിൽക്കുമ്പോൾ തന്നെ നായക കഥാപാത്രം ഭയപ്പെടുന്നു. കാരണം പ്രൊഡൿഷൻ മാനേജരുടെയടുത്തോ മറ്റോ വിവരമെത്തിയാൽ തന്റെ ജോലിയെ അതു് ബാധിക്കുമെന്നു് അയാൾക്കു് അറിയാം. എല്ലാം കാണുകയും എല്ലാവരിലും കണ്ണുവെയ്ക്കുകയും ചെയ്യുന്ന കമ്പനി എന്നു് ആനന്ദ് എഴുതുമ്പോൾ സർവൈലൻസിന്റെയും അധികാരത്തിന്റെയും സൂക്ഷ്മഭൗതികം ഈ നോവലിൽ പ്രവർത്തിക്കുന്നതു് നാം തിരിച്ചറിയുന്നു.
അധികാരത്തിന്റെ സൂക്ഷ്മഭൗതികം പ്രവർത്തിക്കുന്ന ശിക്ഷണ സമൂഹമാണു് നിയമബദ്ധ വ്യക്തികളെ (normal people) ഉൽപ്പാദിപ്പിക്കുന്നതു്. യുക്തിസഹമെന്നു് സമൂഹം കരുതുന്ന രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിയമബദ്ധ വ്യക്തികളെയാണു് ഫൂക്കോ വ്യക്തിയെന്നു് വിളിക്കുന്നതു്. അധികാരത്തിന്റെ സമഗ്രദർശിയായ കാവലിലൂടെയും സർവൈലൻസ് ശിക്ഷണങ്ങളിലൂടെയുമാണു് സമൂഹം വ്യക്തിയെ നിയമബദ്ധരാക്കുന്നതു്. ഈയൊരു അവസ്ഥയെ ആനന്ദ് നോവലിൽ ചിത്രീകരിക്കുന്നതു് വൃന്ദാവൻ എന്ന കഥാപാത്രത്തിന്റെ വാക്കുകളിലൂടെയാണു്: “മനുഷ്യന്റെ പ്രവർത്തികളെല്ലാം ഏതാണ്ടു് മൂന്നിനത്തിൽപ്പെടുത്താം. ഒന്നാമതു് സ്വന്തം പ്രേരണയാൽ ചെയ്യുന്നതു്. രണ്ടാമതു് അനുകരിക്കുന്നതു്. അവസാനമായി, അനുസരിക്കുന്നതു്. വ്യാവസായിക തൊഴിലാളിയെ സംബന്ധിച്ചിടത്തോളം സ്വയം ചെയ്യുക എന്നതുപോലെ അനുകരണവും കൂടി ഇല്ലാതായിരിക്കുന്നു. അനുസരണം മാത്രമാണു് അവശേഷിച്ചിട്ടുള്ളതു്. എവിടെയായാലും… ” (പുറം 51).
അച്ചടക്കമില്ലാത്തവനെ, രോഗിയായി മുദ്രകുത്തി, നിയമബദ്ധനാക്കി പോഷിപ്പിക്കുന്ന ഈ നിയന്ത്രിത സമൂഹത്തിന്റെ കടയ്ക്കലാണു് ആനന്ദ് തന്റെ ഭാവനയുടെ കത്തി വെയ്ക്കുന്നതു്.
നോവലിന്റെ തുടക്കത്തിൽ കടന്നു വരുന്ന ‘അക്കൗണ്ടന്റ് ബാബു’ എന്ന കഥാപാത്രം നിയമബദ്ധവ്യക്തികൾക്കു മികച്ച ഉദാഹരണമാണു്. നായകനുമായുള്ള സംസാരത്തിനിടയിൽ അയാൾ പറയുന്നു: “വാസ്തവം പറഞ്ഞാലുണ്ടല്ലോ, മനുഷ്യനു് ആവശ്യം അച്ചടക്കമാണു്. ആദ്യം അച്ചടക്കം. പിന്നെ വേറെന്തും” (പുറം 15). പല സന്ദർഭങ്ങളിലും ആരേയും പിണക്കാതെ വിപ്ലവം പറയാതെ നിർവ്വികാരനായി കടന്നുപോകുന്ന നായകനെയാണു് കാണാൻ സാധിക്കുന്നതു്. അയാളുടെ അക്കൗണ്ടന്റ് ബാബുവിനോടുള്ള പ്രതികരണം നോക്കുക: “അല്ലെങ്കിൽ നമുക്കെന്തു കുന്തമാണു് ഈ വക കാര്യങ്ങളിൽ? ഞാനൊരു എഞ്ചിനിയർ നിങ്ങളൊരു അക്കൗണ്ടന്റ്. നമുക്കു നമ്മുടെ ജോലികളില്ലാഞ്ഞിട്ടോ?” (പുറം 15). ഇത്തരത്തിൽ പ്രതികരിക്കുമ്പോഴും അയാളുടെ ഉള്ളിലെ രോഗാതുരമായ മനസ്സു് പിന്നീടു് പല സന്ദർഭങ്ങളിലും വെളിപ്പെടുന്നുണ്ടു് എന്നതും ശ്രദ്ധിക്കണം. ഫാക്ടറിയുടെ പുതിയ വിഭാഗത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ നായകൻ കമ്പനിയിലെ ഒരു ചാർജ്മാനോടു് ചോദിക്കുന്നു: “ചങ്ങാതീ എന്താണു് ഈ കമ്പനിയുടെ സംഘബലം?” അയാൾ അതിനു ഉത്തരമൊന്നും നൽകുന്നില്ലെന്നു മാത്രമല്ല, കേൾക്കുവാൻ തയ്യാറാകുന്നതുപോലുമില്ല. ഇത്തരം വ്യക്തികളൊക്കെത്തന്നെ സർവ്വാധിപത്യ അധികാരരൂപങ്ങളെ ചോദ്യം ചെയ്യുവാൻ കഴിയാത്ത നിയമബദ്ധ വ്യക്തികളാണു്.
അക്കൗണ്ടന്റ് ബാബു പറയുന്ന കഥയിലെ അമരേശ് മുഖർജിയുടെ മകനും നായകന്റെ സുഹൃത്തായ നിരാമയനുമൊക്കെ നിയമബദ്ധരായ വ്യക്തികളായിരുന്നില്ല. പക്ഷേ, അവരുടെ ജീവിതങ്ങൾ ദുരന്തങ്ങളിൽ കലാശിക്കുകയോ അല്ലെങ്കിൽ അച്ചടക്ക സമൂഹത്തിന്റെ ഭാഗമായിമാറിത്തീരുകയോ ചെയ്യുന്നു. തേനീച്ചകൾക്കു് അവയുടെ റാണി എന്നപോലെ അനേകം ചെയർമാന്മാർ നിയന്ത്രിക്കുന്ന അച്ചടക്ക സമൂഹവും ഫാക്ടറികളുമൊക്കെയായി സ്റ്റേറ്റ് രൂപാന്തരം പ്രാപിക്കുന്നു.
അധികാരവും അതിന്റെ രൂപമായ സർവൈലൻസ് സമൂഹം സൃഷ്ടിക്കുന്ന രോഗാതുരതയുമാണു് ഇതിലെ നായകനെ നിരന്തരം വേട്ടയാടുന്നതു്. അതിന്റെ ചികിത്സയ്ക്കായാണു് കമ്പനി ഓരോ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അടുക്കലേക്കും അയാളെ നിരന്തരം അയക്കുന്നതു്. അവസാനത്തെ സ്പെഷ്യലിസ്റ്റ് ഡോക്ടർ അയാളുടെ രോഗത്തെ ഇങ്ങനെ നിർവചിക്കുന്നു: “നിങ്ങളുടേതു് ഒരു രോഗമല്ല, നിങ്ങളുടേതു് ഒരു ന്യൂനതയാണു്. വൈകല്യം. അഭാവം, അപര്യാപ്തത… ” (പുറം 61). നിങ്ങൾക്കു് ഈ കമ്പനിയോടു ഒത്തുപോകാൻ കഴിയാത്തതിനാൽ നിങ്ങൾ ഓരോ രോഗങ്ങൾ കണ്ടുപിടിക്കുകയാണെന്നു് ഡോക്ടർ പറയുന്നു. ‘എന്താണു് ഒരു എഞ്ചിന്റെ മാജിക്ക്’ എന്നു ചോദിച്ചുകൊണ്ടു് ഡോക്ടർ പറയുന്നതു് ശ്രദ്ധിക്കേണ്ടതുണ്ടു്: “അതിന്റെ ഭാഗങ്ങൾക്കു് അതിന്റെ ശക്തിയിലുള്ള വിശ്വാസവും അതിനോടുള്ള വിശ്വസ്തതയും, കഠിനാദ്ധ്വാനം, നീക്കുപോക്കില്ലാത്ത അച്ചടക്കം… ” (പുറം 62). ഇതിലൂടെ നോവലിസ്റ്റ് മനുഷ്യനു ഒരു സർവൈലൻസ് സമൂഹത്തിൽ വേണ്ടുന്നതെന്താണെന്നു് കൂടിയാണു് സൂചിപ്പിക്കുന്നതു്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സർവൈലൻസ് എങ്ങനെ മനുഷ്യനെ അച്ചടക്കമുള്ള, നിരന്തരം പ്രവർത്തിക്കുന്ന കേവല യന്ത്രമായി മാറ്റുന്നു എന്നതിന്റെ വിശദീകരണം കൂടിയാണിവിടെ മറ നീക്കുന്നതു്. അപമാനവീകരണ (de-humanization) പ്രക്രിയ തന്നെയാണിതു്.
അവസാനമായി മാനേജിങ് ഡയറക്ടറെ കാണണമെന്ന ഡോക്ടറുടെ നിർദ്ദേശം ശിരസ്സാവഹിച്ചു് അവിടേക്കു് പോകുന്ന നായകന്റെ ആലോചനകൾ ഈ സർവ്വാധിപത്യ അധികാരരൂപങ്ങളുടെ വ്യാപനത്തിലേക്കു് നമ്മുടെ ശ്രദ്ധയെ തിരിച്ചു വിടുന്നവയാണു് ഓരോരുത്തരും അവനവന്റെ നിർവചനങ്ങൾക്കുള്ളിൽ അണിനിരന്നിരിക്കുന്നു. ആ നിർവചനം വിട്ടു പുറത്തു കടക്കാനുള്ള അധികാരമില്ല, കഴിവില്ല, മോഹമില്ല അല്ലെങ്കിൽ തന്നെ കടക്കേണ്ടാത്തിടത്തു എന്തിനു കടക്കണം? അറിയേണ്ടാത്തതിനെ എന്തിനറിയണം എന്നാണയാൾ ആലോചിക്കുന്നതു്. “എനിക്കപ്പുറത്തുള്ളതിന്റെ നേരെ ഞാൻ കണ്ണടയ്ക്കണം. എനിക്കു വന്നതിനെ ഞാൻ സ്വീകരിക്കണം” (പുറം 63) എന്നാണു് അയാൾ എത്തിച്ചേരുന്ന നിലപാടു്. ഇങ്ങനെ ഒന്നിനേയും ചോദ്യം ചെയ്യാതെ, വീണു കിടക്കുന്നവരുടെ ശരീരങ്ങൾ പെറുക്കിയെടുക്കാതെ, വിശപ്പിന്റെ തീ അറിയാതെ, ബാഹ്യലോകത്തെക്കുറിച്ചു് വേവലാതിപ്പെടാതെയുള്ള സുഗമമായ, എളുപ്പമുള്ള ജീവിതമായിരുന്നു അയാളുടേതു്. ചാർട്ടും ഗ്രാഫും നോക്കി പ്രോഗ്രാം തയ്യാറാക്കി അതിനനുസരിച്ചു് നീങ്ങുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നവനായി, ചെയർമാന്റെ പിന്നിൽ അണിനിരക്കുന്ന അനേകം ജീവിതങ്ങളിലൊന്നായി അതു് മാറുന്നു. ഈ അച്ചടക്ക സമൂഹത്തിലെ നിയമബദ്ധവ്യക്തികൾ എങ്ങനെ സ്വയം തിരിച്ചറിയാതെ രോഗാതുരരായിരിക്കുന്നു എന്ന ക്രൂരമായ സത്യം ആനന്ദ് എന്ന എഴുത്തുകാരൻ തിരിച്ചറിയുന്നു. അതു് തീർത്തും നിർവ്വികാരമായി വിളിച്ചു പറയുന്നു. അച്ചടക്കമില്ലാത്തവനെ, രോഗിയായി മുദ്രകുത്തി, നിയമബദ്ധനാക്കി പോഷിപ്പിക്കുന്ന ഈ നിയന്ത്രിത സമൂഹത്തിന്റെ കടയ്ക്കലാണു് ആനന്ദ് തന്റെ ഭാവനയുടെ കത്തി വെയ്ക്കുന്നതു്.
പ്രത്യക്ഷത്തിൽ ഇതു് അടിയന്തരാവസ്ഥയിലെ ഇന്ത്യയെന്നു് പറഞ്ഞാലും, പരോക്ഷമായി അതിനെ അതിജീവിച്ചു മുന്നേറുന്ന സർവൈലൻസ് സ്റ്റേറ്റുകളുടെ ഭയാനകമായ ചിത്രത്തിലേക്കാണു് എത്തേണ്ടതു്. നിരന്തരം തുടർന്നു കൊണ്ടിരിക്കുന്ന സർവൈലൻസ് സമൂഹങ്ങൾ പതിയെ പതിയെ സർവൈലൻസ് രാഷ്ട്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നു.
ഫാക്ടറിയിലെ തൊഴിലാളികൾക്കു് വേണ്ടതു് എന്താണെന്നു് അവരേക്കാൾ മുന്നേ മനസ്സിലാക്കുന്നവനായാണു് ആനന്ദ് ചെയർമാനെ അവതരിപ്പിക്കുന്നതു്. അയാൾ എല്ലാം അറിയുന്നു. എല്ലാം അറിയുന്നവന്റെ ഭാവം അയാളുടെ മുഖത്തു നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. നിങ്ങൾക്കു് എന്തു വന്നാലും കമ്പനി നിങ്ങളെ കൈവെടിയുകയില്ലെന്നും, നിങ്ങൾക്കു് വേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നുമാണു് നായകനോടുള്ള ചെയർമാന്റെ വാഗ്ദാനം. അയാളുടെ വാക്കുകൾ ഒരു ഏകാധിപതിയുടേതാണു്. പക്ഷേ, ഇവിടെ അടിച്ചമർത്തിയോ, കഠിനശിക്ഷ വിധിച്ചു കൊണ്ടോ അല്ല അയാളുടെ അധികാരപ്രയോഗം. തീർത്തും ജൈവാധികാര (biopower) പ്രയോഗമാണിവിടെ കമ്പനി അതിന്റെ ജീവനക്കാരുടെ മേൽ നടത്തുന്നതു്. എല്ലാ തരത്തിലും അവരെ സംരക്ഷിക്കുന്നുവെന്നും, അവരുടെ കൂടെ നിൽക്കുന്നുവെന്നുമുള്ള തോന്നലുളവാക്കികൊണ്ടു്, ആഗ്രഹങ്ങളെ അഭിലാഷങ്ങളെ രഹസ്യമായി നിരീക്ഷണം നടത്തിക്കൊണ്ടു് അവരുടെ അഭിരുചികളെ രൂപപ്പെടുത്തുന്നു. നായകൻ മകനെക്കുറിച്ചു് ചിന്തിക്കുന്നതു ഈ അധികാരപ്രയോഗത്തിന്റെ തലമുറകളിലേക്കുള്ള കടന്നു കയറ്റമായി എളുപ്പത്തിൽ മനസ്സിലാക്കാം. തന്റെ വംശം നിലനിർത്തേണ്ടുന്ന മകനെ അയാൾ ഇപ്രകാരം അടയാളപ്പെടുത്തുന്നു:
“ജമ്നാദാസ് ആജ്മീരിയാ ഇൻഡ്സ്ട്രീസിന്റെ കാസ്റ്റിങ് ഡിവിഷനിൽ എഞ്ചിനിയറാകും. എന്നെപ്പോലെ, എന്റെ ഭാര്യയുടെ കൂടെ ഇരട്ട പ്രസവിച്ചതുപോലുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു്, എനിക്കറിയാവുന്നതെല്ലാം അറിഞ്ഞു്, എന്റെ കുറവുകളോടെ, പ്രൊഡൿഷൻ മാനേജരുടെ മകൻ പ്രൊഡൿഷൻ മാനേജരും, ചെയർമാന്റെ മകൻ ചെയർമാനും, ഇറൿഷൻ ഫിറ്ററുടെ മകൻ ഇറൿഷൻ ഫിറ്ററുമായിത്തീരുന്ന പുതിയ ചാതുർവർണ്യത്തിലേക്കു മടങ്ങുന്ന ഈ കമ്പനിയുടെ നിത്യമായ തൊഴിലാളി സംഘത്തിൽ, പട്ടാളബലത്തിൽ, ജനസംഖ്യയിൽ… ” (പുറം 65).
ഈ വിവരണത്തിലൂടെ, ആവർത്തിക്കപ്പെടുന്ന പെനാപ്ടിക്കോൺ അധികാരഘടനയുടെ പേടിപ്പെടുത്തുന്ന ചിത്രമാണു് ആനന്ദ് നൽകുന്നതു്. ഇതൊരു ജനസംഖ്യയായി മാറുന്നു എന്നു പറയുന്നതിലൂടെ ഫാക്ടറി അല്ലെങ്കിൽ കമ്പനി എന്നതിന്റെ അതിരുകൾ ഭേദിച്ചു് ഒരു സർവ്വാധിപത്യ രാഷ്ട്രത്തിന്റെ സൂചനകളിലേക്കു് ആനന്ദ് എത്തിച്ചേരുന്നു. പ്രത്യക്ഷത്തിൽ ഇതു് അടിയന്തരാവസ്ഥയിലെ ഇന്ത്യയെന്നു് പറഞ്ഞാലും, പരോക്ഷമായി അതിനെ അതിജീവിച്ചു മുന്നേറുന്ന സർവൈലൻസ് സ്റ്റേറ്റുകളുടെ ഭയാനകമായ ചിത്രത്തിലേക്കാണു് എത്തേണ്ടതു്. നിരന്തരം തുടർന്നു കൊണ്ടിരിക്കുന്ന സർവൈലൻസ് സമൂഹങ്ങൾ പതിയെ പതിയെ സർവൈലൻസ് രാഷ്ട്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. നിലനിൽക്കുന്ന സ്ഥാപനങ്ങളെല്ലാം തന്നെ സ്റ്റേറ്റിന്റെ മർദ്ദകോപകരണങ്ങളായും നിയന്ത്രണ സ്ഥാപനങ്ങളായും മാറുന്നതിന്റെ ചിത്രമാണു് ഇത്തരമൊരു കമ്പനിയെ നോവലിന്റെ കേന്ദ്രസ്ഥാനത്തു് പ്രതിഷ്ഠിക്കുമ്പോൾ ആനന്ദ് കാണിച്ചു തരാൻ ശ്രമിക്കുന്നതു്.
അധികാരത്തിന്റെ പലമാതിരി പ്രയോഗരൂപങ്ങൾ നമ്മെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണു് നാം ജീവിക്കുന്നതു്. ഈയൊരു സന്ദർഭത്തിൽ സർവൈലൻസിൽ നിന്നു്, അതിന്റെ ക്യാമറാക്കണ്ണുകളിൽ നിന്നു് ആർക്കും രക്ഷയില്ല. നിരന്തരം നിരീക്ഷിക്കപ്പെടുകയും അതിനാൽ തന്നെ വിധേയകർതൃത്വങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യേണ്ടുന്ന അവസ്ഥയിലേക്കു് കാര്യങ്ങൾ മാറികഴിഞ്ഞിരിക്കുന്നു. അല്ലാത്തവർ ഈ നിയമബദ്ധ സമൂഹത്തിൽ, അച്ചടക്ക സമൂഹത്തിൽ രോഗികളായും പരാജിതരായും മാറിത്തീരും. ഇതു് അവരെ അനിവാര്യമായ ദുരന്തങ്ങളിലേക്കു നയിക്കുകയും ചെയ്യും. കമ്പനിയുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടു് ഇത്തരം ജൈവാധികാര പ്രയോഗങ്ങളെ, സർവ്വാധിപത്യ പ്രവണതകളെ തുറന്നുകാട്ടുകയാണു് ഉത്തരായനത്തിലൂടെ ആനന്ദ് ചെയ്യുന്നതു്. അധികാരത്തിന്റെ ഈ പുതിയ ചാതുർവർണ്യങ്ങളെ ഇല്ലാതാക്കാൻ നിരന്തരം പോരാടുകയും, ചോദ്യങ്ങൾ ഉന്നയിക്കുകയും അവയ്ക്കുള്ള ഉത്തരങ്ങൾ തേടുകയും ചെയ്യുക എന്നതാണു് ഏകപോംവഴി.
- അഗസ്റ്റിൻജോസഫ് കെ, 1990, ആധുനികത മലയാളനോവലിൽ, സാഹിത്യപ്രവർത്തകസഹകരണ സംഘം, കോട്ടയം.
- അപ്പൻ കെ പി, 1988, മാറുന്ന മലയാള നോവൽ, ഗൗതമ ബുക്സ്, ആലപ്പുഴ.
- ആനന്ദ്, 1997, ഉത്തരായനം, കറന്റ് ബുക്സ്, തൃശൂർ.
- കുശലകുമാരി പി കെ, 1997, സമൂഹമനസ്സും മലയാളനോവലും, മലയാളപഠന ഗവേഷണകേന്ദ്രം, തൃശൂർ.
- ജോർജ് സി ജെ, 1996, ആധുനികാനന്തര സാഹിത്യ സമീപനങ്ങൾ, ബുക്ക് വേം, തൃശൂർ.
- നാരായണൻ കെ സി, 2004, മലയാളിയുടെ രാത്രികൾ, ഡി. സി. ബുക്സ്, കോട്ടയം.
- രഘുനാഥൻ പറളി, 2007, ഭാവിയുടെ ഭാവന, ഡി. സി. ബുക്സ്, കോട്ടയം.
- രാജകൃഷ്ണൻ വി, 2003, നഗ്നയാമിനികൾ, ഡി. സി. ബുക്സ്, കോട്ടയം.
- രാജശേഖരൻ പി കെ, 1996, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറു വർഷങ്ങൾ, ഡി. സി. ബുക്സ്, കോട്ടയം.
- രവീന്ദ്രൻ പി പി, 2002, ഫൂക്കോ: വർത്തമാനത്തിന്റെ ചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
- ഷാജിജേക്കബ്, 1996, ആനന്ദിന്റെ ദർശനം: ചരിത്രത്തിന്റെ രാഷ്ട്രീയം, ഡി. സി. ബുക്സ്, കോട്ടയം.
- സച്ചിദാനന്ദൻ, ആനന്ദ്, 1990, സംഭാഷണങ്ങൾ, ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ്, ന്യൂഡൽഹി.
- Althusser, Louis, 1971, Lenin and Philosophy and Other Essays, Monthly review press, London.
- Foucault, Michel, 1977, Disciple and Punish: The Birth of the Prison, Penguin Press, London.
- Foucault Michel, 1979, The History of Sexuality, Penguin Press, London.
- Kirstre Ball, Kevin D Haggerty, David Lyon, 2012, Routledge Hand book of Surveliance Studies, London.
- Gilliom john, Monahan Torin, 2012, Super vision: An Introduction to the Surveiliance Society, University of Chicago Press.
കൊല്ലം ഇരവിപുരം വാളത്തുംഗൽ സ്വദേശി. കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നു് മലയാള സാഹിത്യത്തിൽ ബിരുദം. കാലടി സംസ്കൃത സർവ്വകലാശാല മുഖ്യകേന്ദ്രത്തിൽ നിന്നു് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. നിലവിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗത്തിൽ ഗവേഷകൻ. മികച്ച എം. എ. പ്രബന്ധത്തിനുള്ള മേരി ജൂലിയറ്റ് എൻഡോവ്മെന്റ്, മലയാള മനോരമയും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി നടത്തിയ ഒ. വി. വിജയൻ സ്മാരക പ്രബന്ധപുരസ്കാരം എന്നിവയ്ക്കു് അർഹനായിട്ടുണ്ടു്.