ശീതീകരിച്ച ഒരു തടവറയായിരുന്നു അയാൾ. അയാൾക്കകത്തു കിടന്നു് അവൾക്കു് വീർപ്പുമുട്ടി.
അഞ്ജനാ ശശിധരൻ കൃത്യം മുപ്പത്തിരണ്ടാം വയസ്സിലാണു് തടവിലാക്കപ്പെട്ടതു്. അതിനുമുമ്പു് അവൾ നടന്ന വഴികളുടെ, മുപ്പത്തിയൊന്നു വർഷക്കാലങ്ങളിൽ പതിമൂന്നു വർഷം സർവ്വ ജീവജാലങ്ങളുമായും ചങ്ങാത്തത്തിലായിരുന്നു. വീട്ടിലെ മറ്റുള്ളവർക്കു പോലുമറിയാത്ത ദേശകഥകൾ അവൾ പൊടിപ്പും തൊങ്ങലും വെച്ചു് അമ്മമ്മയ്ക്കും അച്ഛച്ഛനും പറഞ്ഞു കൊടുക്കും. അവർ അഞ്ജുമോൾക്കു് അവൾക്കറിയാത്ത അനുഭവങ്ങളെ കഥകളിലേക്കു് പരകായപ്രവേശം നടത്തി ചുരത്തി നിൽക്കും. അവളാവട്ടെ തൃപ്തിവരാതെ കുടിച്ചു കുടിച്ചു ചീർക്കും.
സ്കൂളിലേക്കു പോകുമ്പോ സൈക്കിളെടുത്തോളാൻ പറയും; വണ്ടീ കൊണ്ടുചെന്നാക്കാമെന്നു് പറയും. അവൾ അത്തരം പ്രലോഭനങ്ങളിലൊന്നും വീണില്ല. പക്ഷേ, അവൾ വീണു, നിലതെറ്റി വീണു. അതു് പ്രകൃതിയുടെ പ്രലോഭനത്തിലാണെന്നു മാത്രം.
മഞ്ഞുകാലത്തിലെ പ്രഭാതത്തിൽ, ഒരു കിളിയാവും പ്രകൃതി. അവളങ്ങനെ ചിറകു കുടഞ്ഞെഴുന്നേൽക്കുന്നതു് അവൾ നോക്കിയും കാതോർത്തുമിരിക്കും. അച്ഛച്ഛനെപ്പോലെ മഞ്ഞുകാലത്തു മാത്രം അവളുടെ വായിൽ നിന്നു് പുക നിർഗമിക്കും. അതിനിടയിൽ അവൾ പക്ഷികളെപ്പോലെ ചിറകു കുടഞ്ഞെഴുന്നേറ്റു് തോട്ടിൻ കരയിലേക്കു പറക്കും. മീനുകൾ വെള്ളത്തിനു മുകളിലേക്കു് മുഖമുയർത്തി സാന്നിധ്യമറിയിക്കുമ്പോഴാവും മീൻകൊത്തിച്ചാത്തൻ കിളിയുടെ വെപ്രാളം തുടങ്ങുക. നീലനിറത്തിന്റെ ആ സൗന്ദര്യക്കട്ടയ്ക്കു് പൊന്മ എന്നുകൂടി പേരുണ്ടെന്നു പറഞ്ഞുതന്നതു് അമ്മമ്മയാണു്. എന്നാലും എനിക്കിഷ്ടം മീൻകൊത്തീന്നു് വിളിക്കാനാ. തോട്ടിലേക്കു് ഞാന്നു കിടക്കുന്ന ഏതെങ്കിലും ചില്ലകളിലോ വള്ളികളിലോ ഇരുന്നു് ഉറക്കം തൂങ്ങുന്ന അവ അപ്രതീക്ഷിതമായി വെള്ളത്തിലേക്കു് കുത്തനെ പതിച്ചുയരുന്നതു കാണാം. അപ്പോൾ കൊക്കിൽ, പിടയ്ക്കുന്ന മീൻ തിളങ്ങിക്കിടപ്പുണ്ടാവും.
നീർക്കോഴികളും കുളക്കോഴികളും ഇരപിടിക്കാൻ നേരിട്ടു് വെള്ളത്തിലേക്കിറങ്ങി അവിടെക്കിടന്നു് നീന്തിത്തുടിക്കും.
വെള്ളം ഓടിയിറങ്ങുന്ന കാഴ്ചയാണു് അഞ്ജുവിനെ ആകർഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്നു്. കുത്തനെ കുതിച്ചുചാടുന്ന വെള്ളത്തിനോടു് എതിരിടുന്ന പോരാളിയെപ്പോലെ, തിളങ്ങുന്ന പോർച്ചട്ടകൾ ധരിച്ച മത്സ്യങ്ങൾ മുകളിലേക്കു് കുതിച്ചുയരും. ജലപോരാളികൾക്കിടയിലേക്കു് ചില പടയാളികൾ നുഴഞ്ഞുകയറി വരും. മുകൾത്തട്ടിലെത്തിയ അവയുടെ ആഹ്ലാദ പ്രകടനങ്ങളാണു് പിന്നെ. ആകെ ബഹളം തന്നെ. പക്ഷേ, കാണാനെന്തു രസമാണെന്നോ!
തോട്ടിലേക്കു് കാലുകൾ ഞാത്തിയിട്ടു് കുഞ്ഞുകല്ലുകൾ വെള്ളത്തിലേക്കെറിഞ്ഞു് മത്സ്യങ്ങളെ ഇരകളെന്നു് കൊതിപ്പിച്ചും പുൽനാമ്പു് വായിലിട്ടു് കടിച്ചു തുപ്പിക്കൊണ്ടും ഇരിക്കുമ്പോ അമ്മയുടെ വിളി കൃത്യതയോടെ ഉയരും പിറകിൽ നിന്നു്. ബക്കറ്റിൽ ഓരോ ദിവസവും താൻ മണ്ണിൽ കുഴച്ചെടുത്ത ഉടുപ്പുകളുണ്ടാവും. വീട്ടിലെ എല്ലാവരുടേയും തുണികളുമുണ്ടാവും എപ്പോഴും അതിൽ.
“ഈ അമ്മയ്ക്കിതെന്താ… എല്ലാ ദിവസവും രാവിലെയാകുമ്പോ തുണിക്കെട്ടുകളുമായി വന്നോളും… തോട്ടിലേക്കിറങ്ങിയാ മീനുകളും കിളികളുമെല്ലാം പിണങ്ങി എവിടെയെങ്കിലും പോയി ഒളിക്കും. ഒന്നിനേം കാണാൻ വിടില്ല.”
“അതേയ്… നിനക്കിത്തിരി കൂടി പ്രായാവട്ടെ. ഇതിലും കൂടുതലുണ്ടാവും ചുമക്കാൻ.”
അമ്മയ്ക്കെന്തിനുമുണ്ടാവുമൊരു ഞായം. പരിഭവിച്ചുകൊണ്ടുതന്നെ അമ്മയോടൊപ്പം പടവിലിരുന്നു് സോപ്പുപതക്കൂനകൾ കൈകളിൽ കോരിയെടുത്തു് അഞ്ജന കിണുങ്ങിക്കൊണ്ടിരുന്നു. ഒഴുക്കിനൊപ്പമുള്ള തന്റെ ഉടുപ്പുകളുടെ പിടച്ചിലിൽ മത്സ്യങ്ങളോടൊപ്പം താൻ നീന്തിത്തുടിക്കുന്നതായി സങ്കല്പിക്കും. ഒഴുക്കിനെതിരെ നീന്തി ചെന്നെത്തുന്നതു് മനുഷ്യരൊരുക്കി വെച്ച കെണികളിലായിരിക്കും. താൻ നീന്തിത്തുടിച്ചു് ഏതു കെണിയിലാവും, ആരുടെ കെണിയിലാവും വീഴുക!
അമ്മയുടെ വേവലാതികളെ വായിക്കുവാനുള്ള പ്രായമാവാത്തതിനാലാവാം അഞ്ജന സോപ്പുപതയ്ക്കകത്തെ വസ്ത്രങ്ങളിലൊന്നിനെ, വെള്ളത്തിലേക്കെടുത്തിട്ടു് ചിരിച്ചു നിന്നു.
അടിവസ്ത്രത്തിൽ ഒരു പൊട്ടു പോലെ സൂര്യൻ ഉദിച്ചു വരുന്നതു് കണ്ടു് അലറിക്കരഞ്ഞപ്പോഴാണു് അമ്മ അവളെ ചേർത്തു പിടിച്ചു് ‘പെണ്ണേ’ എന്നു് ആദ്യമായി വിളിച്ചതു്. അന്നു മുതൽ അമ്മയ്ക്കു് അലക്കിനു പുറമേ, അവൾക്കു ചുറ്റും വേലികെട്ടലു കൂടിയായി പണി.
തോട്ടിൻകരകൾ എത്ര പെട്ടെന്നാണു് അവൾക്കു് അന്യഗ്രഹങ്ങളായിത്തീർന്നതു്! വയലും പുൽച്ചെടികളും വയലിൽ മേയുന്ന പശുക്കളും മത്സ്യങ്ങളും ജീവജാലങ്ങളുമെല്ലാം ദൂരക്കാഴ്ചകളായി. ചാഞ്ഞു നിന്നു് സ്നേഹത്തോടെ മാടിവിളിച്ചിരുന്ന വെള്ള ചെമ്പകവും സൗഗന്ധിക സ്വപ്നങ്ങളെ വാരിപുണർന്നിരുന്ന പാരിജാതവും അപരിചിതയോടെന്നവണ്ണം നിസ്സംഗഭാവത്തിൽ നിലയുറപ്പിച്ചു. വസന്തം ഉടലിലേക്കു് ചേക്കേറിയതോടെ ചുറ്റുപാടുകൾക്കു് ആൾക്കൂട്ടം തീ കൊടുത്തു. പറമ്പതിർത്തികൾക്കുള്ളിൽ ആഹ്ലാദം മേഞ്ഞു നടക്കുന്നതിനിടയിലാണു് മുപ്പത്തിരണ്ടു വരെ കൊണ്ടു നടന്ന വേവലാതി അമ്മ കൈമാറ്റം ചെയ്തതു്. അതെ, കൃത്യം മുപ്പത്തിരണ്ടാം വയസ്സിലാണു് അഞ്ജന ശശിധരൻ തടവിലാക്കപ്പെട്ടതു്.
തനിക്കു് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമേതെന്നു ചോദിച്ചാൽ അഞ്ജന ആലോചിക്കാതെ തന്നെ ഉത്തരം പറയുന്ന ഒരു കാര്യമേ അക്കാലത്തുണ്ടായിരുന്നുള്ളൂ.
അഞ്ജനയിൽ നിന്നു തന്നെ കേൾക്കുമ്പോൾ അതിനു വല്ലാത്തൊരു സൗന്ദര്യമാണു്.
“വലിയ കുന്നുകളും മൈതാനങ്ങളും കാറ്റുകൾ കൊണ്ടു് ചൂളം വിളിക്കുന്ന കാറ്റാടി മരങ്ങളുടെ നീണ്ട നിരകളും തലകീഴായ് തൂക്കിയിട്ടു് കോമാളിയെപ്പോലെ ചിരിക്കുന്ന പറങ്കിമാവിൻ കൂട്ടങ്ങളിലെ കശുവണ്ടിയും പഴങ്ങളും പിന്നെ പലവിധ വസ്ത്രങ്ങളിൽ പൊതിഞ്ഞെഴുന്നള്ളി വരുന്ന കുട്ടികളുമെല്ലാം എനിക്കു കൈവന്ന ഭാഗ്യങ്ങളാണു്. പയ്യന്നൂർ കോളേജിന്റെ ഇടനാഴികൾ പോലും കുളിരു പകരുന്നവയാണു്.”
ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു് അഞ്ജന കിതയ്ക്കും. പിന്നെയും തുടരും.
“വാക്കുകളുടെ മഹാഗോപുരങ്ങൾക്കു കീഴിൽ ചെവി ആവോളം കൂർപ്പിച്ചു് കേട്ടുകൊണ്ടിരിക്കുമ്പോ പ്രകൃതി സൗന്ദര്യവും ലോക സൗന്ദര്യവും അതിൽ നിന്നു് ഒഴുകിയിറങ്ങും. മേലത്തു് മാഷിന്റെ സ്ത്രൈണ ശബ്ദത്തിലും ലോകം ലാവ പോലെ തിളച്ചുമറിയും. എം. ആർ. സി. മാഷും പട്ടേരി മാഷും ആമു മാഷും പല വിതാനങ്ങളിൽ കൈ പിടിച്ചു് ലോക സഞ്ചാരം ചെയ്യിക്കും.”
അഞ്ജനയുടെ സ്വാതന്ത്ര്യത്തിന്റെ ലോകം നീണ്ടുപോയതു് പഠനകാലത്തിന്റെ ഹ്രസ്വകാലമായിരുന്നെന്നു് അവൾ തന്നെ തമാശയായി പറയും. എന്നിട്ടു് ചിരിക്കും.
എന്തെല്ലാമാണു് പഠിപ്പിച്ചതു്!
നാളെകൾ നിങ്ങളുടേതാണു്!
സ്ത്രീകളുടെ മുന്നേറ്റങ്ങളും സ്വാതന്ത്ര്യങ്ങളും പുസ്തകങ്ങളിൽ ഉയർത്തിക്കാണിച്ചുവെന്നല്ലാതെ അഞ്ജനയ്ക്കു് ജീവിതത്തിൽ അതു് കണ്ടെടുക്കാനേ കഴിഞ്ഞില്ല.
അവളുടെ യാത്രകൾ ദിവാകരന്റെ പ്രതാപത്തിന്റെ മുന്നിൽ അമ്മ അടിയറ വെച്ച നിമിഷം തൊട്ടു് മനസ്സുകൊണ്ടുള്ള യാത്രകൾക്കു പോലും ചങ്ങല രൂപപ്പെട്ടതായി അഞ്ജന തിരിച്ചറിഞ്ഞു.
ആദ്യ നാളുകളിൽ അയാളിൽ നിന്നുയർന്ന മണ്ണിന്റെ മണമായിരുന്നു, അവളെ വലിച്ചടുപ്പിച്ചതു്. ഓരോ ദിവസവും ഓരോ മണം. ഓരോ മണ്ണിനും ഓരോ മണമായിരിക്കുമെന്നും ഓരോ മണ്ണിലും ഓരോ തരം ചെടികളും വൃക്ഷങ്ങളുമാണു് വളരുക എന്നും ശരീരഗന്ധം കൊണ്ടു് ദിവാകരൻ ആദ്യരാത്രി തൊട്ടു് പഠിപ്പിക്കുകയായിരുന്നു. തന്റെ മുലകളെ പ്രണയലേശമില്ലാതെ ഞെരുക്കിക്കളയുമ്പോൾ താൻ അനുഭവിച്ച വേദനയ്ക്കപ്പുറത്തു നിന്നു് ഏതു കുന്നുകളെ കുറിച്ചായിരിക്കും അയാൾ ഓർത്തിരിക്കുകയെന്നു് അഞ്ജനയ്ക്കു് തീർച്ചയുണ്ടായിരുന്നില്ല.
“ ദിവാരേട്ടാ… ചെമ്മംകുന്നു് വലിയ കുന്നാന്നു് കേട്ടിട്ടുണ്ടു്. അതെവിടെയാ?” എന്ന അഞ്ജനയുടെ ചോദ്യത്തിനു മുന്നിൽ കുന്നുകളുടെ പേരുകൾ മുഴുവൻ അവൾക്കു മുന്നിൽ ചൊരിഞ്ഞു കൊടുത്തുകൊണ്ടു് തന്റെ അറിവിന്റെ വിശാലതയിൽ സ്വയം അഭിമാനം കൊണ്ടു ദിവാകരൻ. ഒപ്പം കുന്നുകളെ ചേർത്തു പിടിക്കുന്ന വയലുകളുടെ പേരുകളും കുത്തിയൊലിച്ചിറങ്ങി.
അക്ഷരാർത്ഥത്തിൽ ‘ഉയരങ്ങളെ കീഴടക്കിയ’ ഒരാളായിരുന്നു ദിവാകരൻ. പുത്തൂർക്കുന്നിനെ എത്ര പെട്ടെന്നാണു് പുത്തൂർക്കുണ്ടാക്കി അയാൾ മാറ്റിയെടുത്തത്! അപ്പോൾ മാത്രം പിറവി കൊള്ളുന്ന ശിശുവിനെപ്പോലെ പുത്തൂർക്കുന്നിന്റെ തടിച്ച മടക്കുകൾക്കിടയിലൂടെ ചോരയിൽ മുങ്ങിയ ശിരസ്സു് വെളിയിൽ കാണിച്ചു തുടങ്ങിയ സൂര്യൻ, അഞ്ജനയുടെ കാഴ്ചയിലേക്കു് അങ്ങനെയെപ്പൊഴോ പടർന്നു പന്തലിച്ചു നിന്നു. മലകളെ മുഴുവൻ ദിവാകരൻ കോരിയെടുത്തു് വയലുകളുടെ പുഞ്ചിരിയെ മറച്ചുകളഞ്ഞ നേരത്താണു് അയാൾ അഞ്ജനയുടെ ഉടലിലേക്കു് കൺപാർത്തു തുടങ്ങിയതു്. ഉടലിന്റെ വിഭവസമൃദ്ധിയിൽ അയാൾ കുന്നുകളിൽ ആഹ്ലാദം കണ്ടെത്തുകയും മറ്റാരുടെയെല്ലാമോ കുഴികളെ നികത്തി പുഞ്ചിരിക്കുകയും ചെയ്തു. സ്വന്തം വയലുകൾ കാടുപിടിച്ചു കിടന്നു. ശീതീകരിച്ച തടവറയാണു് അയാളെന്നു് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവളുടെ ഉള്ളിലെ വയലുകളിൽ തീ പടർന്നു തുടങ്ങി. അയാളുടെ അഭാവങ്ങൾ അവൾക്കു് ഭാവങ്ങളായി. തോട്ടിൻ കരകളിലങ്ങിങ്ങോളം നങ്ങേലിയെപ്പോലെ കൂട്ടുകാരെ വിളിച്ചു കരഞ്ഞു നടന്നു. മറ്റൊരിടത്തു നിന്നു് കോരി നിറച്ച കുന്നു് അപരിചിതമായ വയൽപ്പരപ്പിലേക്കു് ജെസിബി തള്ളിയിടുന്ന കാഴ്ചയിൽ അവൾക്കു് സ്വയം ആ മണ്ണു തന്നെയായി തോന്നി. എവിടെയോ പിറവി കൊണ്ടു് എവിടേക്കോ തള്ളി മാറ്റപ്പെടുന്ന മണ്ണും പെണ്ണും. ചത്തുമലച്ചുപോയ തവളകളും പാമ്പുകളും കുഞ്ഞു ജീവികളും. അഞ്ജന ചത്തുമലർന്ന ഒരു വലിയ പേക്കാച്ചിത്തവളയെ കൈയിൽ എടുത്തു് കമിഴ്ത്തിവെച്ചു. അതിന്റെ പരുക്കൻ പുറത്തു് വെറുതേ തലോടി. കുറേക്കൂടി പുറത്തേക്കു് തള്ളി നിൽക്കുന്ന അതിന്റെ കണ്ണുകളിൽ അമ്പരപ്പുകളും അനുഭവിച്ച വേദനകളും അതേ തീവ്രതയോടെ തുടിച്ചു നിൽക്കുന്നതുപോലെ അവൾക്കു തോന്നി. താനിപ്പോൾ നിൽക്കുന്നതു് ജീവജാലങ്ങളുടെ ശ്മശാനഭൂമിയിലാണെന്നു് ഞൊടിയിടെ അവൾക്കു ബോധ്യമായി. പ്രിയപ്പെട്ട ബന്ധു ജനങ്ങൾ വിട്ടൊഴിഞ്ഞെന്നപോലെ ഇരു കൈകളാലും നെഞ്ചത്താഞ്ഞിടിച്ചു് അലറിക്കരഞ്ഞുകൊണ്ടു് വീട്ടിലെ കട്ടിലിൽ മുഖംപൂഴ്ത്തി കിടന്നു.
പുറത്തു നിന്നുള്ള നീണ്ട താളാത്മകമായ വിളിക്കു പിന്നാലെ മുടി ഉച്ചിയിൽ അശ്രദ്ധമായി ചുറ്റിക്കെട്ടി അഞ്ജന നടന്നു വന്നു.
“ചേച്ചീ…”
മലയാളത്തിന്റെ ഉച്ചാരണ ശുദ്ധി വശമില്ലാതെ വികൃതമായി വിളിച്ചു കൊണ്ടു് മുന്നിൽ ബംഗാളിപയ്യൻ. തന്നോളമില്ലെങ്കിലും അവനും മുടി ഉച്ചിയിൽ റബ്ബർ ബാന്റ് കൊണ്ടു് കെട്ടിയിട്ടിരിക്കുന്നു. ഭർത്താവിന്റെ സഹായിയും സന്തത സഹചാരിയും. ചോട്ടു എന്നാണു് വിളിക്കാറു്. യഥാർത്ഥ പേരു് എന്താണാവോ. ആനപ്പാപ്പാനാണവൻ. യന്ത്രം കൊണ്ടുള്ള ആനയുടെ പാപ്പാൻ. അവന്റെ മുന്നിൽ ശിരസ്സു കുനിക്കാത്ത കുന്നുകളില്ല. അവൻ മേയാത്ത വയലുകളില്ല.
“എന്താ വേണ്ടേ?”
അവളുടെ ചോദ്യങ്ങൾക്കു് ഉത്തരമായി വീടിന്റെ മുറ്റത്തെ മൂലയിലേക്കു് കൈചൂണ്ടി എന്തോ അവ്യക്തമായി പറഞ്ഞു. പിന്നെ ഡീസൽ നിറച്ചുവെച്ച ഭാരിച്ച വലിയ രണ്ടു കാനുകൾ ഇരുചുമലുകളിലും സ്വയം എടുത്തുവെച്ചു് തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോയി.
ആനയ്ക്കുള്ള പനമ്പട്ടയാണു് ചുമലിൽ കിടന്നു് തുളുമ്പുന്നതു്!
അന്നേരം എന്തുകൊണ്ടോ ആടിനെ മേയ്ച്ചു നടന്ന പഴയ വൈകുന്നേരങ്ങൾ അഞ്ജനയുടെ ഓർമ്മകളിലേക്കു് ഇരമ്പിയെത്തി. തൊട്ടാവാടി ചെടികളെ ആർത്തിയോടെ കടിച്ചെടുത്തു് തിന്നുകയും പിന്നെ തന്റെ കാലുകളിൽ പുറം ഉരച്ചു് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആടുകൾ. വയൽവരമ്പും തോട്ടിൽകരകളും ആടിനു പിമ്പേ നടന്നുതീർക്കുന്ന വൈകുന്നേരങ്ങൾ! ഇരുട്ടു വന്നു നിറയുമ്പോഴേക്കും തന്നേയും വലിച്ചുകൊണ്ടു് വീട്ടുവളപ്പിലേക്കു് ഓടിക്കയറുന്ന അവയുടെ ഉന്മാദത്തിമിർപ്പു്. ഉയരത്തിലുള്ള അതിന്റെ കൂട്ടിലേക്കുള്ള ഓടിക്കയറ്റങ്ങൾ…
ഏറുമാടം പോലുള്ള അതിന്റെ കൂടു്. തടിച്ച മുരുക്കുമരം ഈർച്ച വാളുകൊണ്ടു് ഈർന്നെടുത്തു് പലകകളാക്കി, അവകൊണ്ടു് വലിയ നാലു മരത്തൂണുകളുടെ ഉയരത്തിൽ നിലമൊരുക്കും. അതിനു ചുറ്റും മരയഴികൾ. മുകളിലേക്കു് ആടുകൾക്കു് കയറിപ്പോകാൻ നിരത്തിയിട്ട മരപ്പലകകൾ. കയറിക്കഴിഞ്ഞ ഉടനെ എടുത്തു മാറ്റപ്പെടുന്ന വഴികൾ.
താഴെ വലിയ കുഴി. അതിലേക്കു് ആട്ടിൻവിട്ടകൾ വൻപയർ പോലെ മരപ്പലകയുടെ വിടവിലൂടെ കുഴിയിൽ നിറയ്ക്കപ്പെടും. നാളത്തേക്കു് നീട്ടിവെയ്ക്കപ്പെടുന്ന ചാണകവളം. എത്ര സൂക്ഷ്മതയോടെയാണു് ആടുകളെപ്പോലും അച്ഛനുമമ്മയും സുരക്ഷിതരാക്കിയിരുന്നതു്.
മരം ഈർന്നു് പലകകളാക്കുന്നതു പോലും കൗതുകമുണർത്തുന്ന കാഴ്ചകളായിരുന്നു. വലിയ കയ്യാലകൾക്കു മുകളിൽ വിലങ്ങനെ മരത്തടിയിടും. അതിനു മുകളിൽ പലകയാക്കി മാറ്റാനുള്ള മരം. മുകളിൽ ഒരാൾ. താഴെ മറ്റൊരാൾ. ഈർച്ചവാളിന്റെ രണ്ടറ്റങ്ങളുടെ പിടികൾ രണ്ടു പേരുടെയും കൈകളിൽ. പിന്നെ മുകളിലേക്കും താഴേക്കുമായുള്ള വാളിന്റെ നിരങ്ങി നീങ്ങലിന്റെ ഞരക്കം. വൈകാതെ അടർന്നു മാറി പലകകളാകുന്ന മരത്തടികൾ!
ചോട്ടു നിർത്തിയിട്ട വണ്ടിയിലേക്കു് ഡീസൽ കാനുകൾ കൈമാറിക്കഴിഞ്ഞു. ഡ്രൈവിങ്ങ് സീറ്റിലേക്കുള്ള അവന്റെ ഇരുത്തമാണു് ഒറ്റയ്ക്കാണവൻ വന്നതെന്നു് ഓർമ്മപ്പെടുത്തിയതു്. അവന്റെ ഇരിപ്പിൽ ഭൂമി മുഴുവൻ കൈപ്പിടിയിലൊതുക്കിയ പഴയ ജന്മിയുടെ ആശ്രിതന്റെ ഭാവമായിരുന്നു.
മൂക്കിന്റെ നിട്ടപോലെയായിക്കഴിഞ്ഞ വേനലിലെ കണ്ടങ്ങളുടെ വരമ്പുകളിൽ നിന്നു് പച്ചപ്പാർന്ന ദ്വീപു പോലെ അങ്ങിങ്ങായി ഉയർന്നു നിന്ന നാട്ടുക്കൃഷികൾ മാടി വിളിക്കുമ്പോൾ ചുളുങ്ങിപ്പോയ അലുമിനിയപാനികളുമായി ഓടിച്ചെന്നു് അവയുടെ ദാഹമകറ്റിയ കാലം നൂറ്റാണ്ടുകൾക്കു മുമ്പെവിടെയോ സംഭവിച്ചതു പോലെ അഞ്ജന ഓർത്തെടുത്തു. ഡീസലുകൾ നിറച്ച കാനുകൾക്കു പകരം വെള്ളം നിറച്ച കുടങ്ങളായിരുന്നു പലരുടെയും ചുമലുകളിലന്നു് കനപ്പെട്ടു കിടന്നിരുന്നതു്.
ഓർമ്മകൾ നീറിത്തുടങ്ങിയപ്പോൾ അകത്തെ മുറിയുടെ വിശാലമായ കട്ടിലിൽ മലർന്നു കിടന്നു് അഞ്ജന നെടുവീർപ്പിട്ടു. നെഞ്ചിലിത്തിരി കനം വെക്കുന്നതു പോലെ തോന്നിയ നിമിഷത്തിൽ ഇരുകൈകൾ കൊണ്ടും, ഉയർന്നു നിൽക്കുന്ന മാറിടത്തെ ഞെക്കി നോക്കി. വിശ്വാസം വരാത്ത പോലെ അമർത്തി നോക്കി. ഒരു ഞെട്ടലോടെ വിതുമ്പി. ദിവാകരേട്ടന്റെ ഫോണിലേക്കു് തുടരെത്തുടരെ വിളിച്ചു. ഇല്ല. പ്രതികരണമില്ല. വാട്ട്സാപ്പ് തുറന്നു് മെസേജയച്ചു് കാത്തിരുന്നു. ഇല്ല. ടിക് മാർക്കുകൾ നരച്ചു തന്നെ കിടക്കുന്നു.
ആശുപത്രിയുടെ ഓപ്പറേഷൻ സർജറിമുറിയിലേക്കു് പച്ച പുതപ്പിച്ചു് അറ്റന്റർമാർ ഉന്തിക്കൊണ്ടു പോകുമ്പോഴും ദിവാകരേട്ടൻ ഫോണിൽ കാതുകൾ ചേർത്തു വെച്ചിരിക്കുക തന്നെയായിരുന്നു. “ദിവാരേട്ടാ…”
അഞ്ജന ദിവാകരന്റെ കൈകളിൽ പിടുത്തമിട്ടു് വിളിച്ചുവെങ്കിലും കൈ കൊണ്ടു് മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി.
ചുറ്റിലും തെളിഞ്ഞ വെളിച്ചങ്ങൾ! ആർക്കും മുഖങ്ങളില്ല. വെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയിലേക്കു് ഓപ്പറേഷൻ ഉപകരണങ്ങൾ ഉയർന്നു താണു കൊണ്ടിരുന്നു.
നീണ്ട കിടപ്പിന്റെ ഞെട്ടലിൽ ചുറ്റിലും എന്തിനോ വേണ്ടി പരതി. കണ്ണുകളുടെ വട്ടംചുറ്റലു കണ്ടിട്ടാവണം ഒരു സ്ത്രീ കൈ കൊണ്ടു് കിടന്നോളാൻ ആംഗ്യം കാട്ടി. ബോധാബോധത്തിന്റെ ചുഴറ്റിയടിക്കു് ശമനമുണ്ടായപ്പോൾ താനിപ്പോൾ കിടക്കുന്നതു് ആശുപത്രിയുടെ മൂന്നു പേർക്കു കിടക്കാവുന്ന മുറിയിലാണെന്നു് അഞ്ജനയ്ക്കു് മനസ്സിലായി. മറ്റു രണ്ടു ബെഡുകളിൽ അപരിചിതരായ ഏതോ രണ്ടു സ്ത്രീകൾ കിടക്കുന്നു. കൂട്ടിരിക്കുന്നവർ അവരോടു ചേർന്നു് കട്ടിലിനരികിൽ നിൽപ്പുണ്ടു്. തന്റെ കൂടെയാരാണു്?
കിടപ്പുറത്തെ കാഴ്ചകളിലേക്കു് തുറന്നിട്ട ജാലകത്തിനരികിലായതു് നന്നായി. പുറത്തു് വലിയ വ്രണം പോലെ കോരി മാറ്റപ്പെട്ട കുന്നിന്റെ ബാക്കി ചുവന്നു കിടക്കുന്നു. അതിനപ്പുറം, കോമ്പല്ലു പോലെ ടവർ കൂർത്തു നിൽക്കുന്നു. ചുവന്ന വെളിച്ചം ചോരത്തുള്ളികൾ പോലെ അതിന്റെ കൂർപ്പിൽ തിളങ്ങുന്നു. അഞ്ജന കാഴ്ചകളിൽ നിന്നു് പെട്ടെന്നു് മുഖം തിരിച്ചു.
അപ്പോഴുണ്ടായ കൊളുത്തിവലിക്കലിൽ വേദനയോടെ തന്റെ മാറിടം തടവി നോക്കി. പിന്നെ വീണ്ടും എന്തോ ഓർമ്മ വന്നിട്ടെന്ന പോലെ തുറന്നിട്ട ജനൽ വഴി, കുന്നുകളുടെ ശൂന്യതയിലേക്കു് നോക്കിക്കിടന്നു.
കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളിയിൽ 1976-ൽ ജനനം. മൂന്നാം റാങ്കോടു കൂടി മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്തുവരുന്നു.
‘പ്രവാസം: ദേശവും സ്വത്വവും—ആടുജീവിത പഠനങ്ങൾ’, ‘കഥാ ജാലകം’, ‘കേസരി നായനാരുടെ കഥകളും പഠനങ്ങളും’ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. മാതൃഭൂമി ആഴ്ചപ്പതിപ്പു്, മാതൃഭൂമി വാരാന്ത്യപ്പതിപ്പു്, മാധ്യമം ആഴ്ചപ്പതിപ്പു്, അകം മാസിക, എതിർദിശ മാസിക, സമയം മാസിക, പ്രസാധകൻ മാസിക, ദേശാഭിമാനി വാരാന്ത്യം തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതി വരുന്നു.
കേരളശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയ ‘പൊട്ടൻ’, അല അവാർഡ് നേടിയ ‘ഇരുട്ടിലെന്നപോലെ’, അംബികാസുതൻ മാങ്ങാടിന്റെ ‘പൊലിയന്ദ്രം’, രണ്ടു മത്സ്യങ്ങൾ, കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ ‘കായൽക്കണ്ടം’, ദൂരദർശൻ തയ്യാറാക്കിയ മൂന്നോളം ഡോക്യുമെന്ററികൾ തുടങ്ങിയവയ്ക്കു് ശബ്ദം നൽകി.
എതിർദിശ മാസികയുടെ ഓണററി സബ് എഡിറ്ററായും ആകാശവാണി കണ്ണൂർ നിലയത്തിൽ കാഷ്വൽ അനൗൺസറായും പ്രവർത്തിച്ചിട്ടുണ്ടു്.
ഇപ്പോൾ സംസ്ഥാന പാഠപുസ്തക കമ്മറ്റി അംഗവും സംസ്ഥാന അധ്യാപക പരിശീലകനുമാണു്.
ഭാര്യ: ശില്പ.
മക്കൾ: വൈഗ, ശ്രാവൺ.
ചിത്രങ്ങൾ: വി. മോഹനൻ.