റെക്കോർഡിങ് മുറിയുടെ പുറത്തു് ശാരീരികാകലം പാലിച്ചെന്നപോലെ, പ്രിന്റ് ചെയ്ത ഏഫോർ പേപ്പറും കൈയിൽ പിടിച്ചു് കാത്തു നിൽക്കുന്നവർ അറുപതിലധികം പേരുണ്ടായിരുന്നു.
“എനിക്കിതൊന്നും പറ്റുമെന്നു് തോന്നുന്നില്ല.”
കൈയിലെ ഏഫോറിലേക്കു് നോക്കി തലങ്ങും വിലങ്ങും നടക്കുന്ന സുന്ദരിയായ പെൺകുട്ടി ആരോടെന്നില്ലാതെ പിറുപിറുത്തു.
“ഈ ഉച്ചാരണ ശുദ്ധിയൊക്കെ ആകാശവാണി നിലയത്തിനല്ലാതെ ആർക്കു വേണം ഈ പുതിയകാലത്തു്. സ്വകാര്യ എഫ് എം നിലയങ്ങളെയും ചാനലുകളെയും നോക്കൂ… എന്തിനു്… രഞ്ജിനി ഹരിദാസിനെ കണ്ടിട്ടില്ലേ. മലയാളം നേരാംവണ്ണം ഉച്ചരിക്കാൻവരെ അറിയില്ല. എന്നിട്ടു് അവരു വാങ്ങുന്ന പൈസ കേട്ടാ… കൊതി വരും.”
പ്രതീക്ഷിക്കാത്ത നേരത്തുള്ള അപരിചിതനായ എന്നോടുള്ള അവളുടെ സംസാരം രസിപ്പിക്കുക തന്നെ ചെയ്തു. വാക്കുകളെ ഉടലുകൊണ്ടു കൂടിയാണവൾ അപ്പോൾ പകർന്നതു്.
- രവിവാസരീയ അഖിലഭാരതീയ സംഗീതസഭ
- സകലശുകകുലവിമലതിലകിത കളേബരേ സാരസ്യപീയൂഷസാരസർവ്വസ്വമേ…
കൈയിലെ പേപ്പറിലെ തുടർന്നു പോകുന്ന വരികൾ വായിച്ചെടുക്കാനുള്ള അവളുടെ വ്യഗ്രതയെ എനിക്കു കണ്ടില്ലെന്നു് നടിക്കാനായില്ല. എന്തായാലും ഞാനൊരു ചോരയും നീരുമുള്ള ചെറുപ്പക്കാരനാണല്ലോ. എന്റെ കാഴ്ചകളിൽ നിമിഷനേരം കൊണ്ടു് അവളങ്ങനെ പടർന്നു പന്തലിച്ചു. ചുറ്റിലും ഉന്മാദികളെപ്പോലെ പരിസരം മറന്നു് തല ഇരുവശങ്ങളിലേക്കും ചരിച്ചുപിടിച്ചും പിറുപിറുത്തും നടക്കുന്ന ആൾക്കൂട്ടത്തിലേക്കു് അധികനേരം ഇറങ്ങി നിൽക്കാനായില്ല. അവളുടെ ഉടൽ എന്നിലേക്കു് വാസനിച്ചു തുടങ്ങി… പക്ഷേ, അവളുടെ നോട്ടം ഇപ്പോൾ റെക്കോർഡിങ് സ്റ്റുഡിയോയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മറ്റുള്ളവരുടേതു് അവളിലും. മുറിക്കു പുറത്തു് വാതിലിനു മുകളിലായി ജ്വലിച്ചു നിന്ന ചുവപ്പു വെളിച്ചം അഗ്നിജ്വാല പോലെ എല്ലാവരുടെയും ഉള്ളുതൊട്ടുപൊള്ളിച്ചുകൊണ്ടിരുന്നു. സമയം ഉച്ചയോടടുക്കാറായെന്നു് വിമൽകുമാറിന്റെ ചോദ്യമാണു് ഉണർത്തി വിട്ടതു്.
“ഉച്ചഭക്ഷണം വേണ്ടവരുണ്ടോ ആരെങ്കിലും?”
ഞങ്ങൾ അറുപതിലധികം പേരോടാണു് വിമലിന്റെ ചോദ്യം… ആകാശവാണി എഫ്. എം. നിലയം തുടങ്ങിയ നാൾ മുതൽ കാന്റീൻ നടത്തിപ്പാണു് അയാളുടെ ജോലി. നിലയത്തിന്റെ ഏറ്റവും മുകൾനിലയുടെ ഓരത്തെ, നീണ്ടതും ഇടുങ്ങിയതുമായ മുറിയാണു് കാന്റീൻ. നിലയത്തിനകത്തെ കാഷ്വൽ ജീവനക്കാരുൾപ്പെടെയുള്ള അമ്പതോളം ജീവനക്കാരുടെ ചായയും ഉച്ചഭക്ഷണവും ഒരു വിഷയമായപ്പോഴാണു് പ്രോഗ്രാം എക്സിക്യുട്ടീവ് രാജീവ് റോയ് എറണാകുളത്തു് നിന്നു് വിമലിനെ കൊണ്ടുവന്നതു്.
“ചോറു വേണ്ടവരുണ്ടെങ്കിൽ അവർക്കു കൂടി ഭക്ഷണമുണ്ടാവും. ആവശ്യപ്പെട്ടവർക്കു മാത്രമേ ഉണ്ടാക്കുകയൊള്ളൂ. വേണ്ടവർ ഈ കടലാസിൽ എഴുതിവെച്ചാ മതി.”
കടലാസ് ഡ്യൂട്ടി റൂമിന്റെ പുറത്തുള്ള മേശമേൽ വെച്ചു് എഞ്ചിനീയറിംഗ് മുറിയിലേക്കു് കയറിപ്പോയി. വേവലാതികൾ ചിറകടികളായി ഉടലിൽ നിന്നും സ്വയമറിഞ്ഞ നേരത്തു് സമയം ഉറുമ്പിൻനിര പോലെ ഇഴഞ്ഞു തുടങ്ങി.
കൺട്രോൾ റൂമിന്റെ വാതിൽ തുറന്നു് മരപ്പൊത്തിലെ കിളിയെപ്പോലെ തലവെളിയിലേക്കിട്ടു് ആദ്യ പേരു് വിളിച്ചു.
“ചന്ദ്രിക.”
ഒരു പെൺകുട്ടി ഓടിക്കയറി. എന്റെ ഊഴം എപ്പോഴാണാവോ? നെഞ്ചിൽ ചിറകടി കേൾക്കുന്നു.
അടുത്തതു് എന്റെ ശബ്ദ പരിശോധനയാണെന്നറിഞ്ഞപ്പോൾ ഒരുങ്ങി നിന്നു. സ്റ്റെപ്പുകൾ കയറിച്ചെല്ലുമ്പോൾ അവൾ താഴേക്കു്… കറുത്തിരുണ്ടവൾ… ചന്ദ്രിക… അകത്തെന്തായിരുന്നു നടന്നതു് എന്നു് ചോദിക്കുവാനുള്ള ആലോചന ഉള്ളിൽ നിറയുമ്പോഴേക്കും ഒന്നു ചിരിച്ചു് അവൾ പടവുകളിറങ്ങിപ്പോയിക്കഴിഞ്ഞിരുന്നു. വെളുത്ത ചിരി.
എന്തൊക്കെയായിരുന്നു അകത്തു് നടന്നതു്! അല്പനേരത്തേക്കെങ്കിലും ഏകാന്തതയുടെ തടവറ പോലെ തോന്നിച്ച റെക്കോർഡിംഗ് മുറി. അതിനെ ചില്ലു ഗ്ലാസുകൊണ്ടു് രണ്ടായി വേർതിരിച്ചിരിക്കുന്നു. അതിനകത്തു് സ്റ്റേഷൻ ഡയരക്ടരും ഗൗരവപ്രകൃതികളായ രണ്ടു് ആജാന ബാഹുക്കളും. അവരുടെ സഹായിയെന്നോണം ഒരു പെൺകുട്ടി. മൈക്കിനു മുമ്പിലെ ഏകാന്തതയിലേക്കു് ഇടയ്ക്കിടെ അശരീരി പോലെ അവരുടെ നിർദ്ദേശങ്ങൾ.
ഏസിയുടെ തണുപ്പിലും ഉടൽ വിയർത്തു. എന്തൊക്കെയോ പറഞ്ഞു. സ്റ്റുഡിയോ വിട്ടു് പടവുകളിറങ്ങുമ്പോൾ മറ്റുള്ളവരുടെ ആധികൾ വായിച്ചറിയാനായി… ഡ്യൂട്ടിറൂമിലെ റേഡിയോയിൽ മലയാളത്തിൽ വാർത്തകൾ ആരംഭിച്ചു കഴിഞ്ഞു. ട്രാൻസ്മിഷൻ എക്സിക്യുട്ടീവ് എന്ന നെയിംബോർഡിനു പിന്നിലെ ചാരുകസേരയിൽ, ചുറ്റുപാടുകളെ വിസ്മരിച്ചു കൊണ്ടു് ഒരാൾ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുന്നു.
“രാജീവ്… കാറ് റെഡിയല്ലേ … നമ്മുടെ ഗ്രാമവഴിയിലെ സൗരഭ്യങ്ങളെടുക്കാനുണ്ടു്. ഊൺ കഴിച്ചു് ഒരു രണ്ടു മണിയാകുമ്പോ പോകാം… ”
“ഗ്രാമവഴിയിലെ സൗരഭ്യങ്ങൾ” എനിക്കിഷ്ടപ്പെട്ട പ്രോഗ്രാമാണു്. നാട്ടിൻപുറത്തെ ആരുമറിയാതെ പോയ കലാകാരന്മാരോടു് ജീവിതം പറയിച്ചു് ഇഷ്ടഗാനങ്ങൾ പാടാൻ പറയുക. പിന്നെ ആ ഗാനം ഗായകന്റെയോ ഗായികയുടേയോ ശബ്ദത്തിൽ കേൾപ്പിക്കുക. ഇങ്ങനെ ഏതോ ഒരു ലക്കത്തിന്റെ പ്രക്ഷേപണത്തിനൊടുവിലാണു് കുട്ടൻപിള്ളയെന്നയാളെ അയാളുടെ കുടുംബം തേടിയെത്തിയതു്. അയാളെ അനാഥത്വത്തിൽനിന്നു് ജീവിതത്തിലേക്കു് കൈപിടിച്ചുയർത്തിയതു് ആ പരിപാടിയായിരുന്നു. പത്രത്തിൽ ഫെയിം വാർത്തയായിവന്നതു് ഞാൻ ഓർത്തു.
രാജീവ് ഡ്രൈവറാണെന്നു തോന്നുന്നു. ട്രാൻസ്മിഷൻ എക്സിക്യുട്ടിവിനൊപ്പം രാജീവും മുകളിലേക്കു് കയറിപ്പോയി. ഡ്യൂട്ടി റൂം ഇപ്പോൾ ശൂന്യമാണു്. റേഡിയോവിൽ സമയം ഒരു മണി ഓർമ്മിപ്പിച്ചു കൊണ്ടു് ചലച്ചിത്രഗാനങ്ങൾ തുടങ്ങിയിരിക്കുന്നു.
വിമൽകുമാർ കടലാസ് കൊണ്ടു പോയിരുന്നു. പടവുകളോരോന്നായിക്കയറി ഇടുങ്ങിയ മുറിയുടെ അറ്റത്തുള്ള മേശയിൽ ഭക്ഷണത്തിനായി ഇരുന്നപ്പോൾ തൊട്ടു മുന്നിലായി അവൾ വന്നിരുന്നു. ചന്ദ്രിക. കാന്റീന്റെ ഇടുങ്ങിയ മുറിക്കകത്തു് അവൾ ഒന്നുകൂടി കറുത്തു.
അവൾ ചിരിച്ചു… ഞാനും.
സ്വപ്നങ്ങളിലേക്കുള്ള പടവുകൾ എത്ര പേർക്കു് കയറാനാവും! എത്ര പേരെയെടുക്കും? സ്റ്റേഷൻ ഡയരക്ടരെ കാണാൻ പറ്റുമെങ്കിൽ ഊണു കഴിച്ചു് കാണണമെന്നു് ഉറപ്പിച്ചു.
അവൾ വീണ്ടും ചിരിച്ചു. ഞാനും.
ബ്യൂട്ടിപാർലറിനെ കണ്ടില്ലല്ലോ എന്നതായിരുന്നു അപ്പോഴത്തെ ഖേദം. ഭക്ഷണം കഴിച്ചു് വേഗം താഴെ ചെല്ലാം. കാണാതിരിക്കില്ല. എവിടെയാണു്? എന്താണു് പേരു്?
“കാഷ്വൽ അനൗൺസർ നല്ല തൊഴിലാ സാറേ… പക്ഷേ, എല്ലാരുടേം കീഴിൽ ജോലിയെടുക്കുക അത്ര എളുപ്പമല്ല. കഠിനാധ്വാനമാണു്. പക്ഷേ, പുറത്തു് കല്ലു് വെലയാ സാറേ… ” വിമൽകുമാർ ഇടയ്ക്കു കയറി.
“അതിനു് കിട്ടൂന്നൊരുറപ്പൂല്ലല്ലോ… ”
എന്റെ മറുപടിയിലേക്കു് ചന്ദ്രിക തുറിച്ചു നോക്കി. അവളിൽ സൗന്ദര്യം കണ്ടെത്താനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു.
“എന്റെ പേരു് ചന്ദ്രിക. കുടിയാമ്മലയാ സ്ഥലം.”
തുടർന്നുള്ള മൗനത്തെ എന്റെ ബയോഡാറ്റ കൊണ്ടു് ഞാൻ പൂരിപ്പിച്ചു. അവൾ പിന്നെയും സംസാരിച്ചു തുടങ്ങി. അവളുടെ വാക്കുകളിൽ നിന്നു് ഗ്രീഷ്മത്തിന്റെ ചൂടുകാറ്റടിച്ചു തുടങ്ങുന്നതു് അറിഞ്ഞു തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റാനായി ചോദിച്ചു:
“വേറെ എവിടെയെങ്കിലും ഇതിനു മുമ്പു് ജോലിക്കു് ശ്രമിച്ചില്ലേ?”
ചിരപരിചയമുള്ളയാളോടെന്ന പോലെയാണിപ്പോൾ എന്നോടു് പറയുന്നതു്. ഞാൻ അച്ഛന്റെ റിട്ടയർമെന്റ് കാലത്തിനു ശേഷമുള്ള വാർദ്ധക്യകാലത്തെ ഓർത്തു പോയി. സർവീസ് കാലത്തു് ഒരുപാടു് പേരു് പല പേപ്പറുകളിൽ ഒപ്പുവാങ്ങാനെത്തുമായിരുന്നു. ഒപ്പം ഞങ്ങൾക്കു് വലിയ പലഹാരപ്പൊതികളുമുണ്ടാവും. റിട്ടയർമെന്റിനു ശേഷവും ചിലർ ചിലപ്പോഴൊക്കെ ഓർമ്മകൾ പുതുക്കി. പിന്നെപ്പിന്നെ അധികാര ശൂന്യതയിൽ അതുമില്ലാതായി. ഏറെ സംസാരിച്ചു പരിചയിച്ച അച്ഛനു് ആരോടെങ്കിലും മിണ്ടിയാ മതിയെന്നായി. വാർദ്ധക്യത്തിൽ പുറംലോകം തിരിഞ്ഞു നോക്കാതായപ്പോ ഏകാന്തതയിൽ ചടഞ്ഞിരുന്ന അച്ഛനു മുന്നിൽ എപ്പോഴെങ്കിലും അപൂർവമായി വന്നെത്തുന്ന അപരിചിതരോടു പോലും അച്ഛൻ വിസ്തരിച്ചു് സംസാരിക്കാൻ തുടങ്ങി. അവരാവട്ടെ, അച്ഛന്റെ വാക്കുകൾ കേൾക്കാൻ നിർബന്ധിതരായി.
പിന്നെപ്പിന്നെ അവരും വഴിമാറി നടന്നു തുടങ്ങി.
ചെറുപ്പം പിന്നിട്ടിട്ടില്ലാത്ത ഒരു പെൺകുട്ടി ഇങ്ങനെ, ഇടുങ്ങിയ ഒരു കാന്റീനിനകത്തു് തനിക്കരികിലുള്ള ഒരു മേശയ്ക്കു മറുവശവുമിരുന്നു് ഇതിനു മുമ്പു് പരിചയിച്ചിട്ടില്ലാത്ത തന്നോടു് ഇങ്ങനെ സംസാരിക്കാനൊരുങ്ങുന്നതിന്റെ പൊരുളെന്താണു്?!
“ഞാൻ മലയാളം ബി. എ. പാസ്സായതിനു ശേഷം ജേർണലിസത്തിൽ അഭിരമിച്ചു് അതു് പഠിക്കാൻ പോയി. ഭാരതീയ വിദ്യാഭവനിൽ നിന്നായിരുന്നു ജേർണലിസം. ഞങ്ങളു പന്ത്രണ്ടു പേരുണ്ടായിരുന്നു. രാജീവ് മേനോൻ, മുഹമ്മദ് ഫസൽ, നാനീദേവി, ടെസ്സി ടൈറ്റസ്, രാജേഷ് നോയൽ, രാജഗോപാൽ കമ്മത്ത്, ലക്ഷ്മി പ്രഭു, മുകുന്ദനുണ്ണി, ആനന്ദ് ശേഖർ,സ്വപ്ന നമ്പ്യാർ, അരവിന്ദ് നമ്പൂതിരി. പിന്നെ ഞാനും. വാലില്ലാത്ത ചന്ദ്രിക.
പന്ത്രണ്ടു പേരിൽ അഞ്ചു പേർ പെൺകുട്ടികൾ… അതിൽ ഞാനൊഴികെ എല്ലാവരും വെളുത്തും ചുവന്നും സുന്ദരിമാരായിരുന്നു. അവർ പെണ്ണെന്ന പരിഗണനപോലും എനിക്കു തന്നിരുന്നോ? ആവോ! എല്ലായിടത്തും ഞാൻ ഒറ്റയ്ക്കായിരുന്നു… എന്താ പേരു പറഞ്ഞതു? ആ… മനോമോഹൻ. അതെ ഞാനൊറ്റയ്ക്കായിരുന്നു.”
അവളുടെ വാക്കുകളിൽ സങ്കടം നുരഞ്ഞിറങ്ങി.
“സായാഹ്ന പത്രത്തിന്റെ ലേഖകന്മാർക്കു വേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടുത്തിരുന്നു കുറച്ചു മുമ്പു്. ‘പത്രത്തിനൊരു സൽപ്പേരുണ്ടു്. അതു് നിങ്ങളിലൂടെയാണു് വർധിക്കുന്നതു്. നിങ്ങളുടെ പെരുമാറ്റത്തിലൂടെ, നിങ്ങളുടെ ഇടപെടലിലൂടെ. നിങ്ങളെ കാണുന്നതു് അവരുടെ കണ്ണുകൾക്കു് ആനന്ദംപകരണം… പറഞ്ഞതു് മനസ്സിലായിക്കാണുമല്ലോ. സൗന്ദര്യം ഒരു പ്രധാന ഘടകമാണു്.’ അവർ തന്ന ബയോഡാറ്റയെഴുതിയ പേപ്പർ അവരുടെ ആ വാക്കുകൾക്കു മുന്നിലേക്കു് വലിച്ചെറിഞ്ഞു് പിന്തിരിഞ്ഞു നടന്നു.
പ്രാദേശിക ചാനലുകളിലെ ഇരുണ്ട മുറികളിൽ എനിക്കു പോലും എന്നെക്കാണാനായില്ല. നിറത്തിനു മുകളിൽ ചിറകുവിടർത്തിയിരിക്കുന്നവർ. അവരോടു് വെറുതേ ചിരിച്ചു. ഒളിപ്പിച്ചു വെച്ച വെളുപ്പു് അവർക്കു മുന്നിൽ സംപ്രേഷണം ചെയ്തു. ഒരുപക്ഷേ, ഇതു് ജോലിക്കുള്ള അവസാനത്തെ കൂടിക്കാഴ്ചയവും.”
ചന്ദ്രികയുടെ വാക്കുകളിൽ ദാർഢ്യം കൂടിക്കൂടി വരുന്നു. ഞാൻ ഭയത്തിലേക്കു് വലിച്ചടുപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങി.
“നിനക്കറിയോ മനൂ… ഒരു പെണ്ണായിട്ടും ബസ്സിൽ വെച്ചോ യാത്രയ്ക്കിടയിലോ അരുചികരമായ ഒരു സ്പർശമോ നോട്ടമോ പോലും എന്റെ നേർക്കുണ്ടായിട്ടില്ല… ഇടയ്ക്കു് മറ്റാരും കാണാതെ ഞാനെന്റെ ഉയർന്ന മുലകളിൽ അമർത്തി നോക്കും. എന്റെ മെടഞ്ഞിട്ട നീണ്ടമുടികളിലേക്കും ‘നിതംബഗുരുത’യിലേക്കും നോക്കും. അവയെല്ലാം ഉടലുകളിൽത്തന്നെയിരുന്നു് എന്നെ പരിഹസിക്കുന്നതായി തോന്നും. ഒരുവിധത്തിൽ നല്ലതു തന്നെയല്ലേ… എത്ര വൈകിയാലും എന്നെക്കുറിച്ചു് വീട്ടുകാർ വേവലാതിപ്പെടുന്നതു് കണ്ടിട്ടില്ല. പരിഭ്രമത്തിന്റെ ഒരംശമെങ്കിലും സഹോദരങ്ങൾക്കും ഉണ്ടാവാറില്ല. ഇത്തിരി സൗന്ദര്യമുണ്ടായിരുന്നെങ്കിൽ, നിറമുണ്ടായിരുന്നെങ്കിൽ അവരുടെ സ്വസ്ഥത പോയിക്കിട്ടിയേനേ അല്ലേ… ”
ആരെങ്കിലും കാണുന്നുണ്ടോ ഞങ്ങളുടെ ചേർന്നിരിപ്പു് എന്നു് ഞാൻ ഭയത്തോടെ ചുറ്റിലും നോക്കി.
“ഇവിടെയാവുമ്പോ സൗന്ദര്യത്തിലു് വലിയ കാര്യമില്ലല്ലോന്നു് കരുതി. ശബ്ദമാണല്ലോ വിൽക്കുന്നതു്.”
“കിട്ടുമായിരിക്കും” ഞാൻ ആശ്വസിപ്പിക്കാനൊരു ശ്രമം നടത്തി.
“മനോമോഹനെ കാഷ്വൽ എനൗൺസറായി വിളിക്കും. എനിക്കറിയാം… തീർച്ച.” “എങ്ങനെ?” എനിക്കു് ചോദിക്കാതിരിക്കാനായില്ല.
“മനോമോഹൻ ശ്രദ്ധിച്ചിട്ടുണ്ടോ? രാവിലെ രജിസ്ട്രേഷൻ തുടങ്ങിയതു മുതൽ എത്ര പേർ ഈ നിലയത്തിനകത്തേക്കു് ജോലിക്കാരായും തെരഞ്ഞെടുപ്പിനുമായി വന്നുവെന്നു്. പക്ഷേ, എനിക്കറിയാം… വരുന്ന ഓരോരുത്തരുടേയും മുഖത്തേക്കു് ഒന്നിനുമല്ലാതെ വേറുതേ ഞാൻ നോക്കുകയായിരുന്നു. ആരുമൊന്നു് വെറുതേ ചിരിക്കുക പോലുമുണ്ടായില്ല. നിങ്ങളൊഴികെ. എനിക്കറിയാനാവുന്നുണ്ടു്, എന്നോടൊപ്പമിരിക്കുമ്പോഴുള്ള നിങ്ങളുടെ ഇപ്പോഴത്തെ അസ്വസ്ഥത. അതു് എന്റെ നിറത്തിന്റെതാണു്.”
കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളിയിൽ 1976-ൽ ജനനം. മൂന്നാം റാങ്കോടു കൂടി മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്തുവരുന്നു.
‘പ്രവാസം: ദേശവും സ്വത്വവും—ആടുജീവിത പഠനങ്ങൾ’, ‘കഥാ ജാലകം’, ‘കേസരി നായനാരുടെ കഥകളും പഠനങ്ങളും’ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. മാതൃഭൂമി ആഴ്ചപ്പതിപ്പു്, മാതൃഭൂമി വാരാന്ത്യപ്പതിപ്പു്, മാധ്യമം ആഴ്ചപ്പതിപ്പു്, അകം മാസിക, എതിർദിശ മാസിക, സമയം മാസിക, പ്രസാധകൻ മാസിക, ദേശാഭിമാനി വാരാന്ത്യം തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതി വരുന്നു.
കേരളശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയ ‘പൊട്ടൻ’, അല അവാർഡ് നേടിയ ‘ഇരുട്ടിലെന്നപോലെ’, അംബികാസുതൻ മാങ്ങാടിന്റെ ‘പൊലിയന്ദ്രം’, രണ്ടു മത്സ്യങ്ങൾ, കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ ‘കായൽക്കണ്ടം’, ദൂരദർശൻ തയ്യാറാക്കിയ മൂന്നോളം ഡോക്യുമെന്ററികൾ തുടങ്ങിയവയ്ക്കു് ശബ്ദം നൽകി.
എതിർദിശ മാസികയുടെ ഓണററി സബ് എഡിറ്ററായും ആകാശവാണി കണ്ണൂർ നിലയത്തിൽ കാഷ്വൽ അനൗൺസറായും പ്രവർത്തിച്ചിട്ടുണ്ടു്.
ഇപ്പോൾ സംസ്ഥാന പാഠപുസ്തക കമ്മറ്റി അംഗവും സംസ്ഥാന അധ്യാപക പരിശീലകനുമാണു്.
ഭാര്യ: ശില്പ.
മക്കൾ: വൈഗ, ശ്രാവൺ.
ചിത്രീകരണം: വി. പി. സുനിൽകുമാർ