(അദ്ധ്യാപക കഥ)
എന്നിട്ടും റോബിൻ അഗസ്റ്റിൻ ഓഫീസ് മുറിയിലേക്കു് വിളിപ്പിക്കപ്പെട്ടു. നാലാം നിലയിലെ അങ്ങേയറ്റത്തെ പത്താംതരത്തിന്റെ ഡിജിറ്റൽ ക്ലാസ് മുറിയിൽ വർക്ക് എക്സ്പീരിയൻസ് പീരിയേഡിന്റെ ശൂന്യതയിൽ മയങ്ങുമ്പോഴാണു് ഓഫീസ് സ്റ്റാഫ് സൂര്യ റോബിൻ അഗസ്റ്റിനെ ഹെഡ്മാസ്റ്റർ വിളിക്കുന്നതായി അറിയിച്ചതു്. ക്ലാസ് ടൈമിൽ വിളിക്കുന്നതു് പതിവില്ലാത്തതാണല്ലോ എന്ന ആലോചനയ്ക്കിടയിൽ എളുപ്പം ക്ലാസ് മുറിക്കു് പുറത്തിറങ്ങി. ഹെഡ്മാസ്റ്റരുടെ മുറിയിലേക്കെത്തണമെങ്കിൽ മൂന്നു നിലകളിറങ്ങണം.
അമ്മ നിർബന്ധിച്ചിട്ടും മുന്നിലെടുത്തു വെച്ച ഒരു ദോശ പോലും തിന്നാത്തതിൽ റോബിനു് നിരാശ തോന്നി. ഇങ്ങനെ വിളിക്കപ്പെടുമ്പോഴൊക്കെയാണു് വിശപ്പിനെക്കുറിച്ചു് ബോധവാനാകാറുള്ളതെന്ന കാര്യമാലോചിച്ചു് സന്ദർഭത്തിനു് ഒട്ടും യോജിക്കാത്ത വിധം അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു.
ഗോപാലകൃഷ്ണൻ മാഷിന്റെ ബയോളജി ക്ലാസിലെ ചിരിമഴ ആരോഹണാവരോഹണത്തിൽ ബി ഡിവിഷനിൽ നിന്നും പുറത്തേക്കു് തെറിച്ചു വീഴുന്നുണ്ടു്. ഉച്ചത്തിലുള്ള ചിരിയുടെ അകമ്പടിയോടെയല്ലാതെ, കുട്ടികളെന്നല്ല, സഹപ്രവർത്തകരോ നാട്ടുകാരോ വീട്ടുകാർ പോലുമോ ഗോപാലകൃഷ്ണൻ മാഷിനെ കണ്ടിട്ടുണ്ടാവില്ല.
“ഈ പുംബീജവും അണ്ഡവും എന്നാണാവോ കണ്ടുമുട്ടുക? എത്ര കാലമെന്നു വെച്ചാ ഇങ്ങനെ ശൂന്യതയിൽ ജീവിക്കുക!”
ഗോപാലകൃഷ്ണൻ മാഷിന്റെ ചിരിയിൽ റോബിൻ അഗസ്റ്റിന്റെ ചിരി അലിഞ്ഞു പോയി.
പടവുകൾ ഓരോന്നായി ഇറങ്ങിക്കൊണ്ടിരിക്കെ റോബിനു് കൂടുതൽ ജാഗ്രത്താവണമെന്നു് ഉൾവിളിയുണ്ടായി.
ഇത്തരം സന്ദർഭങ്ങളിലെല്ലാം ഫ്രാൻസിസ് ജോണച്ചന്റെ ബൈബിൾ കഥകൾ ചെവിയിലങ്ങനെ മുഴങ്ങും…
“ദാവീദാരാന്നറിയാമോ ചെറുക്കാ… ”
തന്നെയൊന്നുഷാറാക്കിയെടുക്കാനുള്ള ശ്രമത്തിലാണച്ചൻ.
മോട്ടിവേഷൻ…
“ദാവീദ് എന്ന ഇത്തിരിയോളംപോന്ന ഇടയച്ചെറുക്കനാണു് ഭീമാകാരനായ ഗോലിയാത്തിനെ വീഴ്ത്തി രാജ്യത്തെ വീണ്ടെടുത്തതു്. അറിയാമോ?”
തന്നോടു് കഥ പറഞ്ഞു തുടങ്ങുമ്പോ പള്ളി ഭാഷണത്തിന്റെ ശൈലിയേ അല്ലല്ലോ ഫ്രാൻസിസച്ചന്റെതെന്നു് റോബിൻ കൗതുകം പൂണ്ടിട്ടുണ്ടു്.
താൻ അഭിമുഖീകരിക്കാൻ പോകുന്നതു് സ്കൂളിന്റെ മേലധികാരിയെയാണു്. അദ്ധ്യാപകരുടെ അവിചാരിതമായ അവധികൾ ടൈംടേബിളിനെ കീഴ്മേൽ മറിച്ചു കളയുന്ന ദിവസങ്ങളിൽ, ഞങ്ങൾ ക്ലാസ് മുറികളിൽ കുതികുന്തം മറിയുമ്പോഴാവും സേതുരാമൻ സർ ചരിത്രത്തിലേക്കു് കൈപിടിച്ചു കൊണ്ടുപോവാനെത്തുക. ആഹ്ലാദകരമായ ആ ക്ലാസ് മുറിയിൽ രൂപം കൊണ്ടു തന്നെ നിറഞ്ഞ സാന്നിധ്യമാണു് ഹെഡ്മാസ്റ്റർ സേതുരാമൻ സർ. കട്ടിക്കണ്ണടയിലൂടെ പുറത്തേക്കു് തെറിച്ചു നിൽക്കുന്ന ആ വലിയ കണ്ണുകൾക്കു് എന്നോടെന്താവും ചോദിച്ചറിയാനുണ്ടാവുക…!
വരയ്ക്കാനും എഴുതാനുമുള്ള തന്റെ കഴിവിനെ ആവോളം ഈ വിദ്യാലയം സ്വീകരിച്ചിട്ടുണ്ടു്. പ്രി-പ്രൈമറി ക്ലാസിന്റെയും പ്രൈമറി ക്ലാസിന്റെയും ചുമരുകളിലേക്കു് ജീവജാലങ്ങൾ നടന്നു കയറിയതു് തന്റെ വരയിലൂടെയാണു്.
ഇന്നിപ്പോ എന്തിനാവും വിളിപ്പിച്ചതു്!
എട്ടാം ക്ലാസിൽ ബുൾഡോസർ തലങ്ങും വിലങ്ങും ഉരുളുന്നുണ്ടു്. നേരത്തേ ക്ലാസിൽ നിന്നും ചവിട്ടിത്തുള്ളി ഇറങ്ങിപ്പോയതാണു്. “എന്തരു് വിചാരം? നിങ്ങളീ ക്ലാസിനെ ചുവന്ന തെരുവക്കാനാഭാവം?”
കൗമാരത്തിന്റെ ഇത്തിരി കുരുത്തക്കേടുകളെ ഇങ്ങനെ മൊഴിമാറ്റം ചെയ്യുമെന്നു് പ്രതീക്ഷിച്ചേയില്ല. ഇപ്പോഴിതാ എട്ടാം ക്ലാസിന്റെ മുകളിൽ ഇരമ്പി നീങ്ങുകയാണു്. ഒരു കൈയിൽ ചൂരൽ വടിയും മറ്റേക്കയ്യിൽ ചരിത്ര പുസ്തകവും… ഹിന്ദുക്കളുടെ ദൈവങ്ങളുടെ കൈയിലൊക്കെ ആയുധമുള്ളതായി കണ്ടിട്ടുണ്ടു്. എത്രയേറെ ചിത്രങ്ങൾ, അങ്ങനെയുള്ളവ താൻ വരച്ചിട്ടുണ്ടു്. ബുൾഡോസറിന്റെ അപ്പോഴത്തെ മാത്രമല്ല, എപ്പോഴത്തെയും നിൽപു് ഇത്തരം ചിത്രങ്ങളെ ഓർമ്മിപ്പിച്ചു.
ബുൾഡോസറെന്ന പേരു് ഞങ്ങൾ കൈമാറി വരുന്ന പേരാണു്. ക്ലാസേതുമാവട്ടെ, ത്രേസ്യാമ്മ ജോർജിനു് ക്ലാസിൽ നിന്നിറങ്ങുമ്പോഴേക്കും ആരെയെങ്കിലുമൊക്കെ അടിക്കാതിരിക്കാനാവില്ല. മെലിഞ്ഞ രൂപമെങ്കിലും അങ്ങനെ ഇരട്ടപ്പേരു് വീണു. ബുൾഡോസർ.
തനിക്കടക്കം എല്ലാ കുട്ടികൾക്കും അദ്ധ്യാപകർക്കും ഓഫീസ് സ്റ്റാഫിനുമൊക്കെ ഇരട്ടപ്പേരുകളുണ്ടു്.
വെള്ളാട്ടം, തെന്നാലിരാമൻ, ചിമ്പാൻസി, സുനാമി, കൊടക്കമ്പി, ഗറില്ല, അമ്മായി, പാട്ട—അങ്ങനെ നീണ്ടുനീണ്ടു പോകുന്ന ഇരട്ടപ്പേരുകൾ! പേരുകളെല്ലാം സ്വന്തം പേരുകളേക്കാൾ അന്വർത്ഥമായിരുന്നു. പേരുകളിട്ട പൂർവികരെയോർത്തു് ഞങ്ങൾ വിദ്യാർത്ഥികൾ അഭിമാനം കൊണ്ടു.
പക്ഷേ, എല്ലാം രഹസ്യമാണു്.
ജോസഫ് സർ എന്തുകൊണ്ടാണു് കണ്ടിട്ടും കാണാത്ത ഭാവത്തിൽ തന്നെയിപ്പോൾ കടന്നു പോയതെന്ന അത്ഭുതത്തിലായി അപ്പോൾ റോബിൻ.
ക്ലാസ് മുറികളിൽ നിന്നു് ക്ലാസ് മുറികളിലേക്കു്, കൈയിലെ നീണ്ട വടി മേശപ്പുറത്തു് ഉറക്കെയുറക്കെ അടിച്ചു് സൈലൻസ് സൈലൻസ് എന്നു് പറഞ്ഞു കൊണ്ടു് ജോസഫ് അലക്സ് പറന്നു നടന്നു. മാഷേക്കാൾ വേഗത്തിൽ സ്കൂൾ മുഴുവൻ സഞ്ചരിച്ചു മാഷിന്റെ പേരു്. മാഷിന്റെ ഇരട്ടപ്പേരു്. കുട്ടികൾ രഹസ്യമായി സ്നേഹത്തോടെ വിളിച്ചു: സയലൻസർ!
ശബ്ദായമാനമായ ക്ലാസ് മുറിയുടെ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന ഉപകരണം. സയലൻസർ!
പ്രധാനാധ്യാപകനായിരുന്നില്ല ജോസഫ് അലക്സ്. പ്രധാനാധ്യാപകനാവാനായി ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതുകയോ അതിനു വേണ്ടി ആഗ്രഹിക്കുകയോ ചെയ്തില്ല അദ്ദേഹം. എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാത്ത ഇടം സ്കൂളിലുണ്ടായിരുന്നില്ല. എത്രയേറെ ശബ്ദമുഖരിതമായ ക്ലാസ് മുറിയും സയലൻസറിന്റെ സാന്നിധ്യം കൊണ്ടു് നിശ്ശബ്ദതയിലേക്കു് ചേക്കേറും… നിശബ്ദതയിലേക്കു് കൈപിടിച്ചു് നടത്തുന്ന ഒരുപകരണം; സങ്കീർണത ഏറെയുള്ള ഒരുപകരണം. ഇങ്ങനെയൊക്കെയാണെങ്കിലും ഏഴാം ക്ലാസ് ബി ഡിവിഷനിലെ കുട്ടികളുടെ പ്രത്യുല്പന്നമതിത്വവും സ്കൂളിലെ ഏതു പരിപാടിയിലെയും അവരുടെ കലക്കൻ സാന്നിധ്യവുമെല്ലാം ഒരു പ്രത്യേക പരിവേഷം ചാർത്തിക്കൊടുത്തു ജോസഫ് മാഷിനു്. പുറം നിശ്ശബ്ദമെങ്കിലും ക്ലാസ് മുറി വിശാലതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഇടമാക്കിത്തീർത്തിരുന്നു മാഷ്. സ്കൂൾ മതിലിൽ മഹാന്മാരിരുന്നു് ഞങ്ങൾക്കൊന്നും എടുത്താപ്പൊങ്ങാത്ത വാക്കുകൾ പറഞ്ഞു തുടങ്ങിയതു് എന്റെ തൂലികയിലൂടെയായിരുന്നു. അവരുടെ നിറം പിടിപ്പിക്കാത്ത കറുത്തചിത്രങ്ങൾ മഞ്ഞ മതിലുകളിൽ മഹദ് വചനങ്ങളോടൊപ്പം തെളിഞ്ഞു നിന്നു. ഇതിലേക്കൊക്കെ തന്നെ കൈ പിടിച്ചു നടത്തിച്ചതു് മാഷായിരുന്നു.
അത്രയേറെ ഞങ്ങളിൽ ശ്രദ്ധ വെച്ചിരുന്ന, അത്രയേറെ ചേർത്തു പിടിച്ചിരുന്ന മാഷാണു് ഇപ്പോൾ തന്നെ കാണാത്ത ഭാവത്തിൽ ഓഫീസ് മുറിയിലേക്കു് കയറിപ്പോയതു്.
സാജു മാഷിന്റെ സംസ്കൃതത്തിന്റെ ശ്വാസോച്ഛ ്വാസം അടുത്ത ക്ലാസ് മുറിയിൽ നിന്നു് വേഗത്തിലാവുന്നുണ്ടു്. സാജു മാഷിനെ എല്ലാർക്കും ഇഷ്ടാണു്. പക്ഷേ, പേടീംണ്ടു്. പുതിയ ആളായതുകൊണ്ടു് മാഷക്കു് എല്ലാർക്കും കൂടി ആദ്യമായി പേരിടാനൊരവസരം കിട്ടി. അവരതു് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
സുനാമി!
ഒൻപതാം ക്ലാസിലെ താഴത്തെ നിലയിൽ കാണുന്ന സാജു മാഷിന്റെ സ്ഥാനം ഞൊടിയിടയിൽ നാലാം നിലയിലെ പത്താം തരത്തിന്റെ അറ്റത്തെ മുറിക്കു മുമ്പിലാവും.
ന്തേലും ഒളിച്ചു കാട്ടുന്ന കുരുത്തക്കേടുകളൊക്കെ സാറിന്റെ മുമ്പിലാവും ചെന്നവസാനിക്കുന്നതു്. എപ്പോ വരുമെന്നോ പോവുമെന്നോ പറയാനാവില്ല. അങ്ങനെ സാജു മാഷ് ഞങ്ങൾക്കു് സുനാമിയായി. സ്റ്റാഫ് റൂമിന്റെ ഒരു മൂല, ചിരിയിൽ ഇളകിയാടുന്നുണ്ടു്. മറ്റു രണ്ടു ജനലറ്റങ്ങളിൽ കണക്കു പുസ്തകങ്ങളുടെ കള്ളികളിലേക്കു് ചുരുങ്ങിപ്പോയിട്ടുണ്ടു്, രജനി ടീച്ചറും റുബീന ടീച്ചറും. ഉച്ചഭക്ഷണത്തിലും സഞ്ചയികയിലും പുക ഉയരുന്നുണ്ടു്. കാഴ്ചയിൽ തിളക്കം പോരാഞ്ഞു് എന്നത്തേയും പോലെ കണ്ണുകളെ കിരൺ സർ ലാപ്ടോപ്പിൽ രാവിലെ തന്നെ ഒളിപ്പിച്ചു വെച്ചു കഴിഞ്ഞു.
“എന്തിനാവും തന്നെ വിളിപ്പിച്ചിട്ടുണ്ടാവുക!”
അസ്വസ്ഥതകളും ഉത്കണ്ഠകളും വിയർപ്പുതിരകളെ തുറന്നു വിടുന്നതു് ഉടുപ്പിന്റെ നനവിലൂടെ റോബിൻ അനുഭവിച്ചറിഞ്ഞുതുടങ്ങി.
ഓഫീസ് മുറിയുടെ വാതിലിനു പുറത്തു് ഷൂസൂരിവെച്ചു് മുറിയിലേക്കു് പ്രവേശിച്ച റോബിനെ എതിരേറ്റതു് നിറഞ്ഞ ചിരികളായിരുന്നു. കഴുത്തിലെ, തൂങ്ങിക്കിടന്ന ഐഡന്റിറ്റി കാർഡ് അലസമായി പിടിച്ചു നേരെയാക്കിക്കൊണ്ടും കണ്ണിലേക്കിറങ്ങി വീണ കൂർത്ത മുടിയറ്റങ്ങൾ മുകളിലേക്കു് നീക്കിവെച്ചും സേതുരാമൻ സർ വീണ്ടും ഒന്നുച്ചത്തിൽ ചിരിച്ചു.
“റോബിനേ… നിന്നെ വിളിപ്പിച്ചതെന്നാത്തിനാന്നു് മനസ്സിലായോ? നിന്റെ പരിഭ്രമം കണ്ടാ കൊല്ലാൻ കൊണ്ടുവന്ന പോലുണ്ടല്ലോ.”
രാജേട്ടന്റെ ചിരിയും എന്റെ ഹൃദയമിടിപ്പും മാത്രമാണു് അപ്പോൾ അവിടെ ഉച്ചസ്ഥായിയിലുള്ളതു്. ഓഫീസ് ക്ലാർക്കായ രാജേട്ടനു് എല്ലാവരും ഒരുപോലെയാണു്. വലുപ്പച്ചെറുപ്പമൊന്നുമില്ല. ആരെയും പരിഹസിക്കുന്നതൊന്നുമല്ല, ആ ചിരി അദ്ദേഹത്തിന്റെ ഐഡന്റിറ്റിയാണു്.
“കഴിഞ്ഞ ദിവസം, ലൈബ്രറിക്കകത്തും ഓഡിറ്റോറിയത്തിലും കമ്പ്യൂട്ടർ റൂമിലും ചുവരിൽ പതിക്കാനായി നിന്നെ എഴുതാനേൽപിച്ചതെവിടെവരെയായി എന്നറിയാനാണു് വിളിപ്പിച്ചതു്.” അതിനിത്രയധികം ചിരിച്ചു് സ്വീകരിക്കാനെന്തിരിക്കുന്നു?എന്തോ ഒരു പന്തികേടു പോലെ.
നിശ്ശബ്ദത പാലിക്കുക, സൈലൻസ് പ്ലീസ് എന്നീ രണ്ടു വാക്യങ്ങളാണു് തന്നെ എഴുതാനേൽപിച്ചതു്.
മൂന്നു മുറികളിലായി ആറെണ്ണം.
അതാണെങ്കിൽ താൻ രാവിലെ തന്നെ രാജേട്ടനെ ഏൽപ്പിച്ചതുമാണു്.
“സർ, ഞാനതു് രാവില രാജേട്ടനു് കൊടുത്തിരുന്നു”
“ന്നിട്ടു് നീയതു് നന്നായെഴുതിയില്ലേ.” ജോസഫ് മാഷിന്റെതാണു് ചോദ്യം.
ആ ചോദ്യത്തിലിത്തിരി കൊഴപ്പമുണ്ടല്ലോന്നു് വിചാരിച്ചിരിക്കുമ്പോഴേക്കും സൂര്യ ചേച്ചി എഴുതിയ ബോർഡത്രയും മുന്നിൽ കൊണ്ടു വെച്ചു.
എഴുതിയതത്രയും കാണാനാവും വിധം മലർത്തിവെച്ചു.
“ന്നാലും ഇങ്ങനെ പരസ്യമായി എഴുതാവോടാ… ”
ഞാൻ എഴുതിയതു്, ഒരിക്കൽക്കൂടി കൂട്ടച്ചിരികൾക്കിടയിൽ സൂക്ഷിച്ചു നോക്കി.
‘സൈലൻസർ പ്ലീസ്’
കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളിയിൽ 1976-ൽ ജനനം. മൂന്നാം റാങ്കോടു കൂടി മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്തുവരുന്നു.
‘പ്രവാസം: ദേശവും സ്വത്വവും—ആടുജീവിത പഠനങ്ങൾ’, കഥാ ജാലകം കേസരി നായനാരുടെ കഥകളും പഠനങ്ങളും എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. മാതൃഭൂമി ആഴ്ചപ്പതിപ്പു്, മാതൃഭൂമി വാരാന്ത്യപ്പതിപ്പു്, മാധ്യമം ആഴ്ചപ്പതിപ്പു്, അകം മാസിക, എതിർദിശ മാസിക, സമയം മാസിക, പ്രസാധകൻ മാസിക, ദേശാഭിമാനി വാരാന്ത്യം തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതി വരുന്നു.
കേരളശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയ ‘പൊട്ടൻ’, അല അവാർഡ് നേടിയ ‘ഇരുട്ടിലെന്നപോലെ’, അംബികാസുതൻ മാങ്ങാടിന്റെ ‘പൊലിയന്ദ്രം’, രണ്ടു മത്സ്യങ്ങൾ, കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ ‘കായൽക്കണ്ടം’, ദൂരദർശൻ തയ്യാറാക്കിയ മൂന്നോളം ഡോക്യുമെന്ററികൾ തുടങ്ങിയവയ്ക്കു് ശബ്ദം നൽകി.
എതിർദിശ മാസികയുടെ ഓണററി സബ് എഡിറ്ററായും ആകാശവാണി കണ്ണൂർ നിലയത്തിൽ കാഷ്യൽ എനൗൺസറായും പ്രവർത്തിച്ചിട്ടുണ്ടു്.
ഇപ്പോൾ സംസ്ഥാന പാഠപുസ്തക കമ്മറ്റി അംഗവും സംസ്ഥാന അധ്യാപക പരിശീലകനുമാണു്.
ഭാര്യ: ശില്പ
മക്കൾ: വൈഗ, ശ്രാവൺ
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: ജി. രജീഷ്