ഇതൊരു വളരെ പഴയ ഇരിപ്പാണു്. ചാരുകസേരയിൽ വെറ്റില ഞെട്ടടർത്തി പുറത്തേക്കു നോക്കുമ്പോള്‍ കഥകളോരോന്നായി ഓർമ്മ വരും. ശങ്കരമംഗലത്തിനു മുമ്പിൽ അമ്പലപ്പുഴ നിന്നു തകഴിയിലേക്കു വരുന്ന റോഡാണു്. പണ്ടിതു തോടായിരുന്നു. തകഴിക്കാർ ആലപ്പുഴയ്ക്കും തിരുവനന്തപുരത്തുമൊക്കെ പോയിരുന്നതു് ഇതിലെ കൊച്ചുവള്ളത്തിലായിരുന്നു. അതിനു മുമ്പെന്തായിരുന്നു. ആ അങ്ങനെയിരിക്കെ ഒരു കഥ പറയുകയായി. പഴയ കഥയാണു്. തകഴി ശിവശങ്കരപ്പിള്ള വക്കീൽ ശിവശങ്കരപ്പിള്ളയായിരുന്ന കാലത്താണു് കുഴപ്പം പിടിച്ച ഒരാളോഹരി കേസിന്റെ ആവശ്യത്തിനായി അമ്പലപ്പുഴ കച്ചേരിയിലെ റിക്കാർഡ് റൂം തപ്പിയ കഥ. ‘ഞാനന്നു് പി. പരമേശ്വരൻ പിള്ളയുടെ ജൂനിയറാണു്. ചമ്പക്കുളം കുഞ്ഞുപിള്ളയുടെയോ മറ്റോ കേസാണു്. വളരെക്കാലമായി നടക്കുന്ന ആളോഹരി തർക്കത്തിന്റെ കേസ്. പഴയ കുറേ കടലാസ്സുകൾ ആവശ്യമായി വന്നു.’ തകഴി തുടങ്ങുകയായി. ഒത്തിരി ആധാരക്കെട്ടുകളും കടലാസ്സുമൊക്കെ കണ്ടു. ചിലന്തിവലയും ഇരട്ടവാലനുമൊപ്പം വളരെ നാളുകൾ അവിടെ ചിലവഴിച്ചു. എങ്കിലും രസമായിരുന്നുവത്രെ. വളരെ പണ്ടത്തെ കാര്യങ്ങളായിരുന്നു അവയിലൊക്കെ എഴുതിയിരുന്നതു്. അതൊക്കെ നിറയെ ചരിത്രമായിരുന്നു. ആ കടലാസ്സുകെട്ടുകളിലെ കോറലുകളിൽ നിറയെ മനുഷ്യരായിരുന്നു. തകഴിയിലും കരുമാടിയിലുമൊക്കെ ജീവിച്ച മനുഷ്യർ. വായിച്ചു പോകെ അവരോരുത്തരായി എണീറ്റു വരുന്നതു കണ്ടു. പതുക്കെ അവരൊക്കെ കണ്ടു് കഥ പറഞ്ഞു തുടങ്ങുകയായി. പഴയ പഴയ കഥകൾ സ്വാതി തിരുനാൾ മഹാരാജാവിന്റേയും മറ്റും കാലത്തെ കണ്ടെഴുത്തിന്റെ കഥകൾ. പമ്പാനദിയുടെ ഒഴുക്കിനോടും വെള്ളപ്പൊക്കത്തോടുമൊക്കെ മല്ലിട്ടു് കുട്ടനാട്ടുകാർ ഭൂമി കുത്തിയെടുത്ത കഥകൾ, ഭാഗം വെയ്പുകളുടെ കഥകൾ, കാരണവരെ കെടുകാര്യസ്ഥനായി വിധിക്കാനുള്ള ഇളമുറക്കാരുടെ പരിപാടികളെപ്പറ്റിയുള്ള കഥകൾ, കുട്ടനാട്ടിലെ അടിയാളർ അവകാശം ചോദിച്ചു നടത്തിയതിന്റെ കഥകൾ അങ്ങനെ അങ്ങനെ—ഒരു നാടു മാറുന്നതിന്റെ കഥകളായിരുന്നു ഒക്കെ. ഒന്നു തീരുമ്പോൾ മറ്റൊന്നു തുടങ്ങുകയായി. ഒരാൾ പറഞ്ഞു തീർക്കുമ്പോൾ വേറൊരാൾ തുടങ്ങുകയായി. അതാദ്യത്തെ ആളുടെ അമ്മാവനോ അനന്തിരവനോ ആകാം. ഏതായാലും കയറുപോലെ അവയോരോന്നും അന്നു് ഇഴചേർന്നു പോയി. അതങ്ങു നീണ്ടു നീണ്ടു പോയി. തകഴി എല്ലാമങ്ങു് എഴുതിക്കൂട്ടുകയായിരുന്നു. പതിനേഴോളം കൊല്ലത്തെ അദ്ധ്വാനം അച്ചടിയിൽ കുനെകുനെയുള്ള അക്ഷരങ്ങളിൽ ആയിരത്തിൽപരം പേജുകൾ നൂറു കണക്കിനു കഥാപാത്രങ്ങൾ, എത്രയെത്ര തറവാടുകൾ, എത്രയെത്ര തലമുറകൾ, എഴുതിതുടങ്ങുമ്പോൾ തന്നെ തകഴി പുസ്തകത്തിനു പേരിട്ടിരുന്നു—കയർ. കാരണം പിന്നീടെഴുതി ‘ഞാൻ സങ്കല്പിച്ചതു് ഇങ്ങനെയാണു് ഒരു കഷണം കയർ. അതു രണ്ടുവശവും പിരിച്ചു പിരിച്ചു നീളം കൂട്ടാം. ഞാൻ ഒരു ഘട്ടം മുതൽ മറ്റൊരു ഘട്ടം വരെ നീളമുള്ള ഒരു കയറിനെക്കുറിച്ചാണു് ആലോചിച്ചതു്.

കയറെഴുതുന്നതിനെ പറ്റി വളരെക്കാലം തകഴി പറഞ്ഞു നടന്നിരുന്നു. അന്നു് പലരും അതു് ആലപ്പുഴയിലും മറ്റും കയർ തൊഴിലാളികളുടെ കഥയായിരിക്കും എന്നാണു് കരുതിയതു്. തെണ്ടികളുടേയും തോട്ടികളുടേയും കുട്ടനാടൻ പുലയന്റേയും ഒക്കെ കഥ പറഞ്ഞ തകഴി ഇനി കയറു തൊഴിലാളികളുടെ അവകാശസമരങ്ങളുടെ കഥ പറയുമെന്നാണു് കരുതിയതു് വളരെ സ്വഭാവികം.
1978-ൽ കയർ പ്രസിദ്ധീകരിക്കുമ്പോൾ മലയാളത്തിലെ ഏറ്റവും വലിയ കഥാകൃത്തുക്കളിലൊരാളാണെന്ന പേർ തകഴി നേടിക്കഴിഞ്ഞിരുന്നു. ചെമ്മീനും ഏണിപ്പടികളും രണ്ടിടങ്ങഴിയുമടക്കം നാൽപതോളം നോവലുകളും അഞ്ഞൂറോളം ചെറുകഥകളും നാടകങ്ങളും യാത്രാവിവരണവും ആത്മകഥയുമൊക്കെ തകഴിയുടേതായി മലയാളത്തിനു് ലഭിച്ചിരുന്നു. ഈ ചെറുകഥകളോരോന്നും തകഴിയുടെ ബുദ്ധിപരമായ വളർച്ചയുടെ ഓരോ ഘട്ടത്തേയും പ്രതിനിധാനം ചെയ്യുന്നവയാണു്. ഒക്കെയും സമൂഹവും ചരിത്രവും തമ്മിലുള്ള സമവാക്യത്തെ ഉൾക്കൊണ്ടു് എഴുതിയവ. അങ്ങനെ മാത്രമേ തകഴിക്കു് എഴുതാൻ സാധിക്കുകയുള്ളു. ഈ അനുഭവങ്ങളിൽ നിന്നൊക്കെ ഒരു കാര്യം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. തനിക്കു പറയാനുള്ള ഇരുന്നൂറോളം കൊല്ലത്തെ ചരിത്രം ഉൾക്കൊള്ളാൻ അതു വരെ ഉപയോഗിച്ച രൂപമോ ശൈലിയോ ഒന്നും സാധ്യമല്ല, എന്നു് കയറിന്റെ മുഖവുരയിൽ അദ്ദേഹം പറയുന്നുണ്ടു്. ‘തിരുവിതാംകൂറിലെ ഒരു പ്രത്യേക പ്രദേശത്തിന്റെ (കുട്ടനാടു്, വിശേഷാൽ തകഴി) ഒരു ഘട്ടം മുതൽ (1010-ലെ കണ്ടെഴുത്തു്) ഇന്നത്തെ (1970) ഭൂപരിഷ്കരണം നടപ്പാക്കുന്ന കാലം വരെയുള്ള ജീവിതത്തിന്റെ എല്ലാ ഭാവങ്ങളിലുമുള്ള പരിണാമ പ്രക്രിയയാണു് ഈ പുസ്തകത്തിൽ എനിക്കു പറയാനുള്ളതു്. മനുഷ്യന്റെ മണ്ണിനോടുള്ള ദാഹത്തിന്റെ കഥ തുടങ്ങി എല്ലാ മാറ്റങ്ങളുടേയും കഥ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ടു്. നായകനില്ല നായികയില്ല സമൂഹമാണു് ഇതിലെ നായകൻ. സമൂഹമാണു് നായിക. പത്തിരുന്നൂറ്റമ്പതു കൊല്ലം ഈ പ്രദേശത്തു് ജനിച്ചു ജീവിച്ചു മരിച്ച കുറെ മനുഷ്യരെ ഇതിൽ കാണാം. അവർ ആനന്ദിച്ചിരുന്നു. സങ്കടപ്പെട്ടിരുന്നു. അവരുടെ മോഹഭംഗങ്ങളും അവരുടെ നിരാശയും വിജയങ്ങളും തോൽവികളും ദൗർബല്യങ്ങളും എല്ലാം അതാതു കൊല്ലത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുവാൻ ഞാൻ ശ്രമിച്ചു.’ ഈ ശ്രമത്തിനു് പുതിയൊരു രൂപം അങ്ങനെയദ്ദേഹം തേടിപ്പോയി. കഥയും സാമൂഹികശാസ്ത്രവും ധനതത്വശാസ്ത്രവും രാഷ്ട്രീയവും പ്രണയവും വിരഹവുമെല്ലാം എഴുതിച്ചേർക്കാവുന്ന ഒരു രീതി തേടി ഒരു തനി കുട്ടനാടൻ രീതി അദ്ദേഹം കണ്ടെത്തുകയും ചെയ്തു.
തകഴി ഗ്രാമമുൾപ്പെടുന്ന കുട്ടനാടു് ഒരു സാധാരണ പ്രദേശമാണു്. പമ്പ, മണിമല, അച്ചൻകോവിൽ എന്നീ മൂന്നു നദികളും അവയുടെ ഉപനദികളും കൂടി രൂപം കൊടുത്ത വളക്കൂറുള്ള മണ്ണും ചെളിയും നിറഞ്ഞ കരകൾ. ഈ കരകളോരോന്നും ആറു വഴിയും തോടുകൾ വഴിയും ബന്ധപ്പെട്ടു കിടക്കുന്നു. ഒരിടത്തു നിന്നും തുഴഞ്ഞാൽ ഒരുപക്ഷേ, കറങ്ങിത്തിരിഞ്ഞു് അവിടെത്തന്നെ തിരിച്ചെത്തിയെന്നു വരാം. കറങ്ങിത്തിരിഞ്ഞു് എല്ലാ വഴികളും വേമ്പനാട്ടു കായലിന്റെ വെള്ളപ്പരപ്പിൽ അവസാനിക്കുന്നു. അവയ്ക്കിടയിൽ നദികളേക്കാൾ, കായലിനേക്കാൾ താഴ്ച്ചേരിയിൽ പാടശേഖരങ്ങൾ വെള്ളത്തിൽ മുളച്ചുവന്ന കുന്നുകൾപോലെ കടകൾ അവിടെ വീടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ ഒക്കെയിലും മനുഷ്യർ. എല്ലാം വെള്ളത്താൽ വേർപെട്ടു് എന്നാൽ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നു. ഇവയ്ക്കെല്ലാമായി എത്രയോ കഥകൾ ഐതിഹ്യങ്ങൾ.
കയറിന്റെ ഘടനയും ഈ കുട്ടനാടൻ പ്രകൃതിപോലെയാണു്. അസംഖ്യം കഥകൾ. ഒത്തിരിയൊത്തിരി മനുഷ്യർ. ഇവരുടെയെല്ലാം ജീവിതം സമാന്തരമായി നീങ്ങുന്നു. എന്നാൽ എവിടെയൊക്കയോ വച്ചു് ഇതൊക്കെ തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. ആറ്റിലെ ഒഴുക്കുപോലെ തലമുറകൾ ഒഴുകിക്കൊണ്ടിരിക്കുന്നു. കുട്ടനാട്ടിലെ ഓരോ വെള്ളപ്പൊക്കവും അൽപം കര എവിടെയെങ്കിലും എടുക്കുകയും പകരം കുറെ മണ്ണും എക്കലും മറ്റെവിടെയെങ്കിലും നിക്ഷേപിക്കുകയും ചെയ്യുന്നുണ്ടു്. കയറിൽ തറവാടുകൾ ഒടുങ്ങിത്തുടങ്ങുകയും അവയുടെ തകർച്ചയിൽ നിന്നും പുതിയവയുണ്ടാവുകയും ചെയ്യുന്നു. ഇതൊക്കെ കയറിലങ്ങനെ വന്നു പോയ്ക്കൊണ്ടിരിക്കുന്നു. അതിനിടയിലാരോ കഥ പറയുന്നുണ്ടു്. അതു് കോടാന്ത മൂത്താശാനാവാം, കൊട്ടാരം തിരുമനസ്സിലേക്കു് നെടുംവള്ളമൂന്നിയിട്ടുള്ള കൊച്ചുമിച്ചാരാവാം, പരുത്തിക്കാട്ടെ ഔതയാവാം, ചേന്നാട്ടെ മണികണ്ഠനാവാം, കഥ കെട്ടുകഥയാവാം നടന്നതാവാം. പക്ഷേ, രസമുള്ള കഥകൾ കുട്ടനാടൻ ഗ്രാമീണതയുടെ നാടൻ സീലയിൽ കഥ വന്നുകൊണ്ടിരിക്കുന്നു. ‘അങ്ങനെയിരിക്കുമ്പം കേട്ടോണെ കഥ. കിളിമാനൂർ കോയിക്കലെ കാര്യസ്ഥന്റെ മകൻ കൊട്ടാരത്തിൽ പോയിട്ടു വന്നു ഒരു സുന്ദരകുട്ടൻ കാണാൻ തങ്കം പോലിരിക്കും. ങ്ങെ! തമ്പുരാൻ വരുന്നോന്നു വെച്ചു് കേട്ടോണേ കഥ പവതിപ്പിള്ള മോളു് ആ രായസംപിള്ളയെ കണ്ടൂ…’ കഥയങ്ങനെ നീളുന്നു. ഇതു് ദേശത്തെ എല്ലാ കഥപറച്ചിലുകാരും കഥ പറയുന്ന രീതിയാണു്. എല്ലാ തറവാട്ടിലും ഇങ്ങനെയൊരാളുണ്ടാവും. ദേശത്തിന്റെയും തറവാടിന്റേയുമൊക്കെ ചരിത്രം അൽപം ഭാവന കലർത്തി കുട്ടികൾക്കു പകർന്നുകൊടുക്കുന്നയാൾ. കോടാന്തയാശാന്റെ അച്ചോനമ്മാവന്റെ പിന്മുറക്കാർ അവർ പറയുമ്പോൾ ആരും കഥ കേട്ടിരുന്നുപോകും. രസികന്മാരായ അനന്തിരവര്‍ അതുപോലെ കഥ പറയാൻ ശ്രമിക്കും.
തകഴിയുടെ ഓർമ്മയിലും അത്തരം കഥകളും കഥപറച്ചിൽക്കാരുമുണ്ടു്. അച്ഛനോടൊപ്പം അങ്ങനെ കാരണവന്മാരുടെ കഥകൾ കേട്ടിരുന്ന വൈകുന്നേരങ്ങളെപ്പറ്റി അദ്ദേഹം എഴുതിയിട്ടുണ്ടു്. തകഴി ശിവശങ്കരപ്പിള്ളയെന്ന കഥപറച്ചിലുകാരൻ കഥപറച്ചിലിന്റെ രസമറിഞ്ഞു തുടങ്ങിയതു് അന്നെപ്പോഴോ ആവണം. കുഞ്ഞാണ്ടമ്മാവനെ പറ്റി അദ്ദേഹം ഓർമ്മയുടെ തീരങ്ങളിൽ എഴുതിട്ടുണ്ടു്. തകഴിയുടെ അച്ഛന്റെ കൂട്ടുകാരനായിരുന്നു കുഞ്ഞുണ്ടമ്മാവൻ. നാന്നൂറു് ഏക്കർ വിസ്തീർണ്ണം വരുന്ന കരിനിലത്തിനു് ചുറ്റും ചിറപിടിച്ച ആളാണു്. ആ ചിറയിലെ തെങ്ങുകളിലെ തേങ്ങ വിറ്റാണു് തകഴി അമ്പലത്തിൽ ആദ്യമായി ഒരാനയെ വാങ്ങിയതു്. ചിറ കുത്തിയ കഥ പല ഭാഗങ്ങളായി തിരിച്ചു് അദ്ദേഹമിടയ്ക്കിടെ വർണ്ണിക്കുമായിരുന്നത്രേ. ഒരു ദിവസം നാട്ടിലെ പുലയരുടേയും പറയരുടേയും അദ്ധ്വാനശേഷിയെക്കുറിച്ചായിരുന്നു കഥ. പിന്നൊരിക്കൽ മനുഷ്യശക്തി ക്ഷയിച്ചുണ്ടായ തളർച്ചയായിരുന്നു. അടുത്തൊരു ദിവസം ജനങ്ങൾ ഒരുമിച്ചു കൂടുമ്പൊഴുള്ള കൂട്ടായ ശക്തിയുടെ പെരുമയെക്കുറിച്ചായിരിക്കും. പ്രേമഭംഗത്തിലും വ്യർത്ഥതാബോധത്തിലും മരണത്തെ മധുരതരമായ അനുഭൂതിയാക്കാനുള്ള ശ്രമത്തിലും ബന്ധങ്ങളുടെ ശൈഥില്യത്തിന്റെ സ്വാതന്ത്ര്യത്തിലുമൊക്കെ ആ കാരണവന്മാർ ജീവിതം കയറിയിറങ്ങുവതു കണ്ടിരുന്നു. അവർക്കു് ഉൾക്കാഴ്ചയുണ്ടായിരുന്നു. ഞാൻ ഓർക്കുന്നു. എനിക്കു തോന്നുന്നതു് നാലു ചിറ കുത്തിപ്പൊക്കിയ കഥ പറഞ്ഞപ്പോൾ കുഞ്ഞാണ്ടമ്മാവന്റെ നാവിൽ നിന്നും വന്ന വാക്കുകളിൽ മോഹഭംഗവും ദാർശനിക ഭാവവും ജീവിതത്തിന്റെ അർത്ഥശൂന്യതയുമെല്ലാം പരിസ്ഫുരിച്ചിരുന്നുവെന്നാണു്. കുഞ്ഞാണ്ടമ്മാവനെപ്പോലെ കഥ പറയാനാണു് കൊച്ചു ശിവശങ്കരൻ അന്നു് കൊതിച്ചിരുന്നതു്. പക്ഷേ, അതിനു് ഒത്തിരിക്കാലം കഴിയേണ്ടി വന്നു. അതിനിടയിൽ തകഴി ഒത്തിരി എഴുതിക്കൂട്ടി.
തോട്ടിയുടെ മകനും രണ്ടിടങ്ങഴിയും ചെമ്മീനും ഏണിപ്പടികളും കുട്ടനാടൻ ജീവിതത്തിന്റേയും പരിസരപ്രദേശങ്ങളുടേയും (ചെമ്മീനിൽ അമ്പലപ്പുഴയുടെ പടിഞ്ഞാറുള്ള നീർക്കുന്നമാണല്ലോ) കഥ തന്നെയാണു് പറയുന്നതെങ്കിലും അവയെന്തൊക്കെയോ വിട്ടുപോയിട്ടുണ്ടു്. തകഴിയുടെ ഏറ്റവും സംവേദനക്ഷമമായ ഇന്ദ്രിയങ്ങൾ—കണ്ണും ചെവിയും—ഒപ്പിയെടുത്ത ദൃശ്യങ്ങളുടേയും വർത്തമാനങ്ങളുടേയും സവിശേഷതകൾക്കപ്പുറത്തേക്കു വളരാൻ ഇവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. താൻ പാതി പ്രകൃതി പാതി എന്നു വിശ്വസിക്കുന്ന കുട്ടനാടൻ കൃഷിക്കാരനേക്കാൾ ഒരഗ്രിക്കൾച്ചറൽ ബിരുദക്കാരന്റെ ശാസ്ത്രീയ ബുദ്ധിയാണു് ഇവയിലൊക്കെ കാണുന്നതു്. ചെമ്മീനിലെ അവസാന ഭാഗങ്ങൾ മാത്രമായിരിക്കും ഇതിനെതിരെ നിൽക്കുന്നതു്. ഈ പുസ്തകങ്ങൾക്കെല്ലാം വളരെ നിയതമായ ഘടനയും ലക്ഷ്യവും തകഴി കൽപിച്ചുകൊടുത്തിട്ടുണ്ടു്. കോരനായാലും ചാത്തനായാലും (രണ്ടിടങ്ങഴി) ചെമ്പൻ കുഞ്ഞായാലും (ചെമ്മീൻ) തകഴി കൃത്യമായി നിശ്ചയിച്ചിട്ടുള്ള വലിപ്പത്തിനപ്പുറം വളരുകയില്ല. ഇവരുടെയൊക്കെ കഥയാവട്ടെ ചില കാര്യങ്ങൾ വിശദീകരിക്കാനുള്ള ഒരസംസ്കൃത വസ്തു മാത്രമാണു്. തകഴി പറയുന്നു: “പറയാനുള്ള കാര്യങ്ങൾ നിജപ്പെട്ടു കഴിയുമ്പോൾ ഞാൻ എഴുതാൻ തുടങ്ങുകയായി. കഥാപാത്രങ്ങൾ അപ്പോൾ ഉരുത്തിരിയാറില്ല. എഴുതാൻ തുടങ്ങുമ്പോൾ അവർ വന്നുകയറുകയാണു്. അവർക്കു് വ്യക്തിത്വം ഉണ്ടെന്നും ഇല്ലെന്നും വരാം. അവർക്കു് നിർവഹിക്കാനുള്ള കാര്യങ്ങൾ നിർവഹിച്ചു കഴിഞ്ഞാൽ അവർ നിഷ്ക്രമിക്കുന്നു.” ഇപ്പറഞ്ഞതു് വാസ്തവത്തിൽ കയറിനെ പറ്റിയായിരുന്നു. പക്ഷേ, കയറിലൊഴികേ മറ്റെല്ലാ കൃതികളിലും ഇതു സംഭവിച്ചിട്ടുണ്ടു്. കയറിലെ കഥാപാത്രങ്ങളെയാവട്ടെ വിമർശിക്കുന്നതു് കഥപറച്ചിലുകാരനല്ല. ആ പുസ്തകത്തിലെ ചുഴിയും മലരിയുമൊക്കെയായി ഒഴുകിപ്പോകുന്ന കാലവും കുട്ടനാടൻ പാടങ്ങൾപോലെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ക്യാൻവാസുമാണു്. എങ്കിലും അവരൊക്കെ തകഴിയറിയാതെ ഒത്തിരി കഥകൾ പറഞ്ഞുപോയി. കഥകളിൽ നിന്നും പുതിയ കഥകളുണ്ടാക്കിയിരുന്നു.

കാരണം കയറിലേതു് ഒരു കഥപറച്ചിലായിരുന്നു. എഴുത്തായിരുന്നില്ല. ഓർത്തോർത്തു കിട്ടിയ കഥകൾ. പറഞ്ഞുകേട്ട കഥകൾ. അമ്പലപ്പുഴ കച്ചേരിയിലെ ആധാരക്കെട്ടുകളിൽ നിന്നും ഭാവന ചെയ്തെടുത്ത കഥകൾ. തകഴി ഒക്കെയുമങ്ങു് എഴുതിക്കൂട്ടിയപ്പോൾ അതു് തകഴിയുടേയും അയൽപ്പക്കത്തെ നാലഞ്ചു് മറ്റു ഗ്രാമങ്ങളുടേയുമൊക്കെ പത്തിരുന്നൂറ്റമ്പതു കൊല്ലത്തെ ചരിത്രമായി. ഈ കുട്ടനാടൻ ഗ്രാമങ്ങളുടെ സാമൂഹിക സാമ്പത്തിക ചരിത്രങ്ങളുടെ ഒരന്വേഷണമായി ജന്മി-കുടിയാൻ ബന്ധത്തിലെ മാറ്റങ്ങളുടെ അന്വേഷണമായി. ഇലയിലരിയിട്ടു് ഭൂമി കൈമാറ്റം ചെയ്തിരുന്നതിലെ പരസ്പരവിശ്വാസത്തിൽനിന്നും കണ്ടെഴുത്തിലൂടെയും മങ്കൊമ്പു സ്വാമിയെന്ന കുട്ടനാടിന്റെ ആദി ബാങ്കറുടെ പൊലികടത്തിൽ കൂടിയും നെല്ലിനു പകരം പണമെന്ന വ്യവസ്ഥയിൽ കൂടിയുമൊക്കെ കുട്ടനാടൻ സാമ്പത്തിക വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നതിന്റെ ചരിത്രമായി. എല്ലാറ്റിലുമുപരിയായി മണ്ണും മനുഷ്യനും തമ്മിലുള്ള പുരാതന കാലം മുതൽക്കുള്ള വേർതിരിച്ചു് വിശദീകരിക്കാൻ സാധിക്കാത്ത ഒരഗാധ ബന്ധത്തെ കുറിച്ചുള്ളൊരന്വേഷണമായി കയർ അങ്ങനെ തകഴി ശിവശങ്കരപ്പിള്ളയെന്ന കഥയെഴുത്തുകാരനു് മുമ്പൊരിക്കലും എത്തിപ്പിടിക്കാനൊക്കുമെന്നു് വിചാരിക്കാൻ കഴിയാതിരുന്ന അനുഭൂതിമേഖലകളിൽ ചെന്നെത്താൻ കഴിയാത്തതിന്റെ തെളിവായി. ഒപ്പം തകഴിയെന്ന കൃഷിക്കാരൻ മണ്ണിൽ സ്വത്വം നേടിയ കൃഷിക്കാരായ തന്റെ പിതാക്കന്മാർക്കും ‘മണ്ണിൽ മുളച്ചൊരു ഞാറാണടിയൻ’ എന്നൊരിക്കൽ വിശ്വസിച്ചു ജീവിച്ച കുട്ടനാടൻ കർഷകത്തൊഴിലാളിക്കും വേണ്ടി ചെയ്ത ഒരു ബലി കൂടിയായി കയർ.
1912 ഏപ്രിൽ 12-ാം തീയതി ആലപ്പുഴ ജില്ലയിലുൾപ്പെടുന്ന തകഴി ഗ്രാമത്തിൽ പടഹാരം മുറിയിൽ അരിപ്രത്തു വീട്ടിൽ ശിവശങ്കരപ്പിള്ള ജനിച്ചു. പൊയ്പ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റേയും അരിപ്പുറത്തു പാർവതി അമ്മയുടേയും ഏകമകൻ. ഒരു ചേച്ചി മാത്രമാണു് അദ്ദേഹത്തിനുണ്ടായിരുന്നതു്.
ശങ്കരക്കുറുപ്പു് നല്ല കൃഷിക്കാരനായിരുന്നു. തന്റെ പാടത്തു് കൃഷിചെയ്തിരുന്ന പുലയരോടു് (തിരിച്ചും) സ്നേഹമുള്ള പഴയ കുട്ടനാടൻ കൃഷിക്കാരൻ. കൃഷിക്കാരൻ മാത്രമല്ല കലാകാരൻ കൂടിയായിരുന്ന (പ്രസിദ്ധ കഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പിന്റെ ചേട്ടൻ കൂടിയായ ശങ്കരക്കുറുപ്പു്) അച്ഛനിൽ നിന്നും രണ്ടു് ഗുണങ്ങളും തകഴിക്ക് വേണ്ടുവോളം കിട്ടുകയും ചെയ്തു. എഴുത്തുകാരനാക്കിയതിൽ അച്ഛനോടുള്ള കടപ്പാടു് തകഴി എഴുതിയിട്ടുണ്ടു്.
എനിക്കു കിട്ടിയ ഏറ്റവും വലിയ വിദ്യാഭ്യാസം അച്ഛനിൽ നിന്നാണു്. പണ്ടു് സന്ധ്യാകാലത്തു് അത്താഴത്തിനു ശേഷം അച്ഛൻ പുരാണങ്ങൾ വായിച്ചിരുന്നു. നല്ല വായനക്കാരനായിരുന്നു. അടുത്ത വീട്ടിലെ പെണ്ണുങ്ങളൊക്കെ കേൾക്കാൻ വന്നിരിക്കും. അമ്പലപ്പുഴ സ്കൂളിൽ ചേരുമ്പോഴേക്കും പുരാണങ്ങളുമായി നല്ല പരിചയമായിക്കഴിഞ്ഞിരുന്നു. സാഹിത്യത്തോടുള്ള ആഭിമുഖ്യം വന്നതെങ്ങനെയാണു്, “തകഴി ഓർക്കുന്നു അച്ഛനു് കുറച്ചു സംസ്കൃതവും കഥകളിയുമറിയാമായിരുന്നു. തുള്ളലിൽ കച്ചകെട്ടിയിട്ടുണ്ടു്. നരസിംഹാവതാരവും മറ്റും അച്ഛൻ അവതരിപ്പിച്ചു കാണിക്കും. അങ്ങനെ എഴുത്തച്ഛന്റേയും നമ്പ്യാരുടേയും ഒരന്തരീക്ഷം വീട്ടിലുണ്ടായിരുന്നു.”
തകഴി ക്ഷേത്രം അരിപ്രത്തിനടുത്താണു്, വളരെ പ്രസിദ്ധികേട്ട അമ്പലം. അഞ്ഞൂറോളം കൊല്ലത്തെ പഴക്കം ഉദയാർക്ക മഹർഷി തഴുകിയെടുത്തു പ്രതിഷ്ഠ നടത്തിയതാണത്രേ. അങ്ങനെ കരയ്ക്കു് തകഴിയെന്ന പേരും വന്നു. കുംഭത്തിൽ മകയിരം നാളിൽ കൊടിയേറുന്ന ഉൽസവകാലത്തു് നാലു രാത്രിയെങ്കിലും കഥകളിയുണ്ടാവും. പത്താമുദയത്തിനു് കാളകെട്ടും പടയണിയും. പടയണിയൊന്നുമിന്നില്ല. കുട്ടിക്കാലത്തു് ഇതൊക്കെ തകഴി വിടാതെ അനുഭവിച്ചറിഞ്ഞിരുന്നു.
അമ്പലത്തിനു ചുറ്റുമായി ഒരു വലിയ സാംസ്കാരിക അന്തരീക്ഷം ഉണ്ടായിരുന്നു. കുഞ്ചൻനമ്പ്യാരുടെ ഗുരുകുലം തകഴിക്കടുത്തു് നന്തിക്കാടു് ആണല്ലോ. ധാരാളം കഥകളിയാശാന്മാർ, ചെങ്ങന്നൂർ രാമൻപിള്ള ആശാന്റെ ഗുരു കേശവപ്പണിക്കരാശാൻ, തോട്ടം ശങ്കരൻ നമ്പൂതിരി അങ്ങനെ പലരും. “നമ്പ്യാരുടെ ശിഷ്യപരമ്പരയിൽപ്പെട്ടവരുടെ തുള്ളൽ ഞാൻ കണ്ടിട്ടുണ്ടു്. ചെങ്ങന്നൂരാശാനും മറ്റുമൊക്കെ ചുറ്റിത്തിരിഞ്ഞെത്തുമ്പോഴൊക്കെ നാട്ടിൽ കളിയുണ്ടാവും. അതിനങ്ങനെ പ്രത്യേക സമയമൊന്നുമില്ല. അങ്ങനെ ധാരാളം കഥകളി കണ്ടാണു് വളർന്നതു്. ഞങ്ങൾ കുട്ടികളും കഥകളി അഭിനയിച്ചു കളിക്കുമായിരുന്നു. ഇപ്പൊഴും കിടക്കുമ്പോൾ അറിയാതെ കഥകളിപ്പദങ്ങൾ ചൊല്ലിപ്പോകും. ഇതിന്റെയൊക്കെ സ്വാധീനം സ്വാഭാവികമായി എഴുത്തിലുമൊക്കെ വന്നു പോയിട്ടുണ്ടാവാം.” തകഴി ഓർക്കുന്നു. പക്ഷേ, എന്തുകൊണ്ടോ സി. വി. രാമൻപിള്ളയുടേതു മാതിരി കഥകളിയുടെ രൗദ്രകാന്തികൾ ഒരു ചെറുകിട കൃഷിക്കാരനായ തകഴിയുടെ കൃതികളിൽ വന്നുപെട്ടിട്ടില്ല.

അച്ഛൻ തന്നെയായിരുന്നു തകഴിയുടെ ആദ്യ ഗുരു. വീട്ടിലിരുന്നു് അക്ഷരങ്ങൾ നിലത്തെഴുതി ശീലിച്ചു. പിന്നെ തകഴിയിലും അമ്പലപ്പുഴയിലുമുള്ള സ്കൂളുകളിൽ. അമ്പലപ്പുഴ ഇംഗ്ലീഷ് സ്കൂൾ കടപ്പുറത്താണു്. അരയക്കുടിലുകൾ നിറയെയുള്ള പ്രദേശം. അങ്ങനെ ധാരാളം അരയക്കുട്ടികൾ തകഴിക്കു് കൂട്ടുകാരും ഉണ്ടായി. ഒരു പക്ഷേ, ചെമ്മീനെഴുതാനുള്ള പ്രേരണകളിലൊന്നു് ഇവിടത്തെ പഠനമായിരുന്നിരിക്കണം. വലിയ കൂട്ടുകാരനായിരുന്ന ആർ. എസ്. പി. നേതാവു് എൻ. ശ്രീകണ്ഠൻ നായർ തകഴിക്കൊപ്പം അമ്പലപ്പുഴ സ്കൂളിൽ പഠിച്ചിരുന്നു. അമ്പലപ്പുഴ നിന്നു തേർഡ് ഫോം പാസ്സായ ശേഷം വൈക്കത്തും കരുവാറ്റയിലുമായിട്ടാണു് സ്കൂൾ പഠനം പൂർത്തിയാക്കിയതു്. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു തകഴിയുടെ ഹെഡ്മാസ്റ്റർ.
വൈക്കത്തു പഠിക്കുന്ന കാലത്താണു് തകഴി ആദ്യമായൊരു കഥയെഴുതുന്നതു്. പ്രേമകഥയായിരുന്നു അതു് എന്നു മാത്രമല്ല അതിന്റെ ആദ്യവായനക്കാരി ക്ലാസിലൊപ്പം പഠിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു. ആത്മകഥയിൽ തകഴി അതിനെപ്പറ്റി എഴുതിയിട്ടുണ്ടു്. പേടിച്ചു് നോട്ടുബുക്കിൽ വച്ചാണു് കഥ കൊടുത്തതു്. രണ്ടാംപക്കം കഥ മടക്കിക്കിട്ടിയത്രേ. ഉരുണ്ടു് ഭംഗിയുള്ള കൈപ്പടയിൽ. “എ വെരി ഗുഡ് സ്റ്റോറി-കൺഗ്രാചുലേഷൻസ്” എന്നൊരു കുറിപ്പുമൊപ്പമുണ്ടു്.
എന്നാൽ മിക്കവാറും കഥാകാരന്മാരെപ്പോലെ തകഴിയും ആദ്യം പദ്യത്തിലാണു് തുടങ്ങിയതു്. രാമായണ ഭാഗവതാദികളുടേയും കഥകളി തുള്ളലുകളുടേയും അന്തരീക്ഷത്തിൽ വളർന്ന ഒരാൾ അങ്ങനെ തുടങ്ങുക സ്വാഭാവികം. പോരാഞ്ഞു് അന്നു് ഗദ്യകൃതികൾ തീരെ കുറവായിരുന്നുതാനും. തകഴിയിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം ധാരാളം വായിച്ചു തുടങ്ങിയിരുന്നു. അയൽപക്കത്തു താമസിച്ചിരുന്ന തകഴി ഇ. ആർ. പിള്ള എന്ന കവിയുടെ പുസ്തകശേഖരമായിരുന്നു അന്നു് കൂട്ടു്, കരുവാറ്റയിൽ പഠിക്കുമ്പോൾ ഇന്ന പുസ്തകം വായിക്കണമെന്നു് കൈനിക്കര സാർ പറയുമായിരുന്നു. കൈനിക്കരയുടെ ഇംഗ്ലീഷ് കവിതാ ക്ലാസുകളെപ്പറ്റിയുമൊക്കെ തകഴി എഴുതിയിട്ടുണ്ടു്.
സ്കൂൾ പഠനശേഷം കുറെ നാൾ കൃഷിയുമായി വീട്ടിൽ കഴിഞ്ഞുകൂടിയ കാലത്തു് ധാരാളം എഴുതി. കുറെയൊക്കെ അച്ചടിച്ചു വരികയും ചെയ്തു. “പഴയ ചരിത്രമുള്ള ഈ നാടിന്റെ ജീവിതമാണു് ഞാൻ എഴുതിയതെല്ലാം. ഇവിടെ താമസിക്കുന്ന മനുഷ്യരുടെ കഥകൾ, അവരുടെ ദുഃഖവും ആനന്ദവും സംതൃപ്തിയും ക്ലേശങ്ങളും ദുരിതങ്ങളുമെല്ലാം ഞാൻ എഴുതി. എനിക്കു് അവയല്ലാതെ ഒന്നും അറിഞ്ഞുകൂടായിരുന്നു. ഇവിടുത്തെ മനുഷ്യരുടെ കൊച്ചു കൊച്ചു ദുഃഖങ്ങൾ, ഹൃദയം തുറന്നുള്ള പൊട്ടിച്ചിരികൾ ഇവയെക്കുറിച്ചെല്ലാം അന്നു ഞാൻ എഴുതി. അവരുടെ ജീവിതവും കൊച്ചായിരുന്നു. ഇക്കാര്യം ഞാൻ വ്യക്തമായി ഓർക്കുന്നു.” ഓർമ്മയുടെ തീരങ്ങളിൽ തകഴി എഴുതി.
തിരുവനന്തപുരത്തു് തകഴി എത്തിപ്പെടുന്നതു് 1931-ലാണു്. പ്ലീഡർഷിപ്പിനു് പഠിക്കുകയായിരുന്നു ഉദ്ദേശം. കേസരി ബാലകൃഷ്ണപിള്ള അന്നു് തിരുവനന്തപുരത്തുണ്ടു്. ചില കഥകളൊക്കെ പ്രബോധകനിലും മറ്റും പ്രസിദ്ധീകരിക്കുക വഴി കേസരിയുമായി തകഴിക്കു് ചെറിയ അടുപ്പമുണ്ടു്. കേസരി സദസ്സു് ഏറ്റവും സജീവമായിരുന്ന കാലവുമായിരുന്നു അതു്. തിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെല്ലാം കേസരിയെ കാണാനെത്താറുണ്ടു്. അവരിൽ പലരുമായി തകഴി പരിചയത്തിലായി. അങ്ങനെ അൽപം രാഷ്ട്രീയവും പരിചയിച്ചു തുടങ്ങി.

കേസരിയാണു് തകഴിക്കു് പടിഞ്ഞാറൻ സാഹിത്യത്തിന്റെ ഭൂമികകൾ പരിചയപ്പെടുത്തിക്കൊടുക്കുന്നതു്. മോപ്പസാങ്ങും ചെക്കോവും സോളയും മാത്രമല്ല മാർക്സിനേയും ഫ്രോയിഡിനേയുമൊക്കെ കേസരി തകഴിക്കു് പരിചയപ്പെടുത്തി. അതോടെ സാഹിത്യത്തെക്കുറിച്ചുള്ള തകഴിയുടെ കാഴ്ചപ്പാടിലും മാറ്റം വന്നു. സാഹിത്യത്തിനു് എന്തൊക്കേയോ ചെയ്യാനുണ്ടെന്ന തോന്നലിൽകൂടി തകഴിയെന്ന എഴുത്തുകാരൻ രൂപം കൊണ്ടു. കുഞ്ഞാണ്ടമ്മാവന്റെ സ്മരണ തിരശ്ശീലയ്ക്കു പിന്നിൽ അവ്യക്തമായി.
അക്കാലത്തെ രചനകളിൽ പ്രസിദ്ധി നേടിയവ—ത്യാഗത്തിന്റെ പ്രതിഫലം, പരാമർശങ്ങൾ തുടങ്ങിയവ— ഇന്നു വായിക്കുമ്പോൾ ഒരു പ്രത്യേകതയും ആർക്കും തോന്നിയെന്നു് വരില്ല. എന്നു മാത്രമല്ല പലതും വായിച്ചു മുഴുപ്പിക്കുക തന്നെ പ്രയാസമാണു്. അതിലുമൊക്കെ ഒറ്റപ്പെട്ടു നിൽക്കുന്ന കഥകളുണ്ടു്—വെള്ളപ്പൊക്കത്തിൽ, പട്ടാളക്കാരൻ, കൃഷിക്കാരൻ തുടങ്ങിയവ. ഇതിലൊക്കെ കഥ നടക്കുന്ന സ്ഥലം തകഴിക്കു് നല്ല പരിചയമുള്ള കുട്ടനാടാണു്.
വെള്ളപ്പൊക്കം രണ്ടോ മൂന്നോ മണിക്കൂർ കൊണ്ടു് തിരുവനന്തപുരത്തു വച്ചു് എഴുതിയതാണെന്നു് തകഴി പറഞ്ഞിട്ടുണ്ടു്. കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം വെറുമൊരു സാധാരണ കാഴ്ചയാണു് വെള്ളപ്പൊക്കം. വളരെ സാധാരണം തന്നെയാണെന്ന മട്ടിലാണു് ഈ കഥയും. തന്റെ ട്രേഡ് മാർക്കായ കൊച്ചുകൊച്ചു വാചകങ്ങളിൽ തകഴി ഒരു വെള്ളപ്പൊക്കം വർണ്ണിക്കുന്നു. ഒരു യജമാനനും പട്ടിയും തമ്മിലുള്ള ബന്ധം ഈ വർണ്ണനയ്ക്കിടയിൽ ഒഴുകി നടക്കുന്നുണ്ടു്. യജമാനനോടുള്ള ഭക്തിയും അവസാനം വരെ അയാളുടെ വസ്തുക്കൾ സംരക്ഷിക്കാൻ പട്ടി കാണിക്കുന്ന ആത്മാർത്ഥതയുമൊക്കെ കഥയിലുണ്ടു്. വെള്ളമിറങ്ങിയപ്പോൾ ചത്തു കിടക്കുന്ന പട്ടിയെ യജമാനൻ കണ്ടെത്തുന്നിടത്തു് തകഴി കഥ നിർത്തുന്നു. കണ്ണാണു് തകഴിയുടെ ഏറ്റവും സെൻസിറ്റീവ് ആയ ഇന്ദ്രിയങ്ങളിലൊന്നു് എന്നു മനസ്സിലാക്കാൻ ഈ ഒറ്റക്കഥ മതി. ഒന്നോ രണ്ടോ മണിക്കൂറിലെഴുതിയ ഇക്കഥ കുഞ്ഞുനാൾ മുതൽ തകഴി കണ്ട എത്രയോ വെള്ളപ്പൊക്കങ്ങളുടെ സംക്ഷിപ്തരൂപമാണു്. എഴുതി വന്നപ്പോൾ അതു് മേലാളനെ കണ്ണടച്ചു സ്നേഹിക്കുന്ന അടിയാളരെക്കുറിച്ചുള്ള കഥ കൂടിയായി മാറി. വെള്ളപ്പൊക്കത്തിലെ പട്ടിയിൽ നിന്നും കുറേ കൊല്ലങ്ങൾക്കു ശേഷമെഴുതിയ രണ്ടിടങ്ങഴിയിലെ കോരനിലേക്കുള്ളതു് ഒരു സ്വാഭാവിക വളർച്ച മാത്രമല്ല എന്നു് ആലോചിക്കാവുന്നതാണു്.
മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന നിലയിലേക്കുള്ള തകഴിയുടെ വളർച്ച വളരെ എളുപ്പത്തിലായിരുന്നു. സി. വി.-യുടേയും ചന്തു മേനോന്റേയും കാലത്തിനുശേഷം സാഹിത്യത്തിൽ ഒന്നും സംഭവിക്കാതിരുന്നില്ലെന്ന കാലമായിരുന്നു അതു്. ഒപ്പം എഴുതാൻ ധാരാളം നാട്ടിൽ സംഭവിക്കുന്നുണ്ടായിരുന്ന —സ്വാതന്ത്ര്യസമരവും വൈക്കം സത്യാഗ്രഹവും പിന്നെ കർഷകത്തൊഴിലാളി പ്രസ്ഥാനവുമൊക്കെ. അങ്ങനെ ബഷീറും കേശവദേവും പൊൻകുന്നം വർക്കിയുമൊക്കെ ഇതൊക്കെ ഉൾക്കൊണ്ടു് അവയൊക്കെ അറിയുന്ന സമൂഹം വലിയൊരു സ്ഥാനത്തു് വരികയും ചെയ്തു; ബഷീർ അന്നേ നർമ്മത്തിന്റെ ഛായ കലർന്ന തന്റെ സൂഫി വഴി കണ്ടെത്തിയിരുന്നുവെങ്കിലും.
തോട്ടിയുടെ മകനും രണ്ടിടങ്ങഴിയും തകഴിയെഴുതുന്നതു് അടുത്തടുത്ത വർഷങ്ങളിലാണു്. ആദ്യത്തേതു് ആലപ്പുഴയിലെ തോട്ടികളുടെ കഥ പറയുന്നു. രണ്ടാമത്തേതു് തകഴിയുടെ സ്വന്തം സ്ഥലത്തെ—കുട്ടനാട്ടിലെ പുഞ്ചപ്പാടം കർഷകത്തൊഴിലാളികളുടെ കഥ പറയുന്നു. രണ്ടിലും സാമൂഹിക മാറ്റത്തിന്റെ ആവശ്യകതയൊക്കെ ഊന്നിപ്പറയുന്നുണ്ടു്. “അന്നു് കഥകളെഴുതി സമൂഹത്തെ മാറ്റാമെന്നൊക്കെ ഞാൻ കരുതിയിരുന്നു” തകഴി പറയുന്നു. മാറ്റിയെന്നു തന്നെ വിശ്വസിക്കുവാൻ ധാരാളമുണ്ടുതാനും. ഒരുപക്ഷേ, അങ്ങനെയേ ആ ഘട്ടത്തിൽ എഴുതുവാൻ സാധിക്കുമായിരുന്നുള്ളു.
ഏതായാലും കൃതികളുടെ വ്യാപ്തി വളരെ പരിമിതമാക്കിയില്ലേ ഈ സാമൂഹിക മാറ്റത്തിലുള്ള ഊന്നൽ എന്നാലോചിക്കാവുന്നതാണു്. ഒരു പക്ഷേ, ആ ഘട്ടത്തിൽ ഇങ്ങനെയൊക്കെയേ തകഴിക്കു് എഴുതാൻ സാധിക്കുമായിരുന്നുള്ളു എന്നുമാവാം. “ആളോഹരി കേസിൽപ്പെട്ടു തകർന്ന ഒരിടത്തരം നായർ കുടുംബത്തിലെ അനന്തിരവനായ എനിക്കു് അനുഭവങ്ങളിൽ കൂടി സ്വാഭാവികമായി അവ്യക്തമില്ലെങ്കിലും ദൃഢതരമായ ഒരെതിർപ്പുണ്ടായിരുന്നു.” എകാന്തപഥികനെന്ന കഥാസമാഹാരത്തിനെഴുതിയ ‘എന്റെ കഥയെഴുത്തിന്റെ ബാല്യം’ എന്ന മുഖവുരയിൽ തകഴി പറയുന്നുണ്ടു്. ഈ എതിർപ്പിനു് തിരുവനന്തപുരത്തു നിന്നു കിട്ടിയ മാർക്സിസ്റ്റ് പരിചയവും രാഷ്ട്രീയ വിദ്യാഭ്യാസവും ഒരു ദിശാബോധം നൽകിയിട്ടുണ്ടാവണം. അതിന്റെ ഫലമാണു് തോട്ടിയുടെ മകനും രണ്ടിടങ്ങഴിയുമൊക്കെ. ഇന്നു് കലാപരമായ ഗുണങ്ങൾ അവയിൽ തിരയുന്നവർക്കുപോലും ഒരു കാര്യം സമ്മതിക്കേണ്ടി വരും. ഇതിൽ പറയുന്ന മനുഷ്യരെപ്പറ്റി ആദ്യമായാണു് ആരെങ്കിലും കഥകളെഴുതുന്നതു് എന്നതൊന്നു്, പിന്നൊന്നു് മുപ്പതുകളിലും മറ്റും വർഗ്ഗവ്യത്യാസമനുസരിച്ചു് ഭാഷയ്ക്കു് വ്യത്യാസമുണ്ടായിരുന്ന കാലത്തു്, ഈ മനുഷ്യരൊക്കെ എങ്ങനെയാണു് സംസാരിച്ചിരുന്നതു് ജീവിച്ചിരുന്നതു് എന്നൊക്കെ അറിയാൻ സാധിക്കുക ഈ പുസ്തകങ്ങളിലൂടെ തന്നെയാണു്. തകഴിയെന്ന എഴുത്തുകാരനെ നരവംശശാസ്ത്രത്തിന്റെ കണ്ണിൽ കൂടിയും കാണേണ്ടതുണ്ടെന്നു് ചുരുക്കം.
നേരത്തേ പറഞ്ഞിരുന്നു കയറെഴുതാൻ തകഴി പതിനേഴു കൊല്ലങ്ങളെടുത്തുവെന്നു്. ഇക്കാലത്തിനിടയ്ക്കു് തന്നെയാണു് ചെമ്മീനും ഏണിപ്പടികളും എഴുതിയതു്. ഇടയിൽ അനുഭവങ്ങൾ പാളിച്ചകളും രണ്ടിടങ്ങഴിയും എഴുതിയ തകഴിയിൽ നിന്നും ഇക്കാലത്തിനിടയ്ക്കു് അദ്ദേഹം അകന്നു കൊണ്ടിരിക്കുകയായിരുന്നു. പഴയ പുരോഗമനസാഹിത്യകാരൻ തീരെ ഇല്ലാതായി. നിശ്ചയിച്ചുറപ്പിച്ചതു് എഴുതുന്നതിൽ നിന്നും നിശ്ചയമില്ലാത്ത അന്വേഷണങ്ങളുടെ വഴി അദ്ദേഹം തേടി, ഭാവനയുടെ അംശം കൂടി. ഇതു് ചെമ്മീനിൽ തെളിഞ്ഞു കണ്ടിരുന്നു. കയറിൽ അതു് പുതിയ തലങ്ങളിലെത്തി. ആധാര കടലാസും ഓലയുമൊക്കെ ജീവനുള്ള വസ്തുക്കളായി മാറി. “ആ രേഖകൾ ഒരു പുതിയ ലോകം തന്നെ തുറന്നു കാണിച്ചു. അന്നത്തെക്കാലത്തു് ഒരു പുതിയ ജീവിതം നാമ്പിടുന്നതായി എനിക്കു തോന്നി. ഭൂമി പതിച്ചു കൊടുക്കുക, അവകാശത്തർക്കങ്ങൾ തീരുമാനിക്കുക, കരം നിശ്ചയിക്കുക. അതിരുകൾ നിർണ്ണയിക്കുക—എല്ലാം പരിവർത്തനത്തിന്റെ ലക്ഷണങ്ങളായി കാണാൻ കഴിഞ്ഞു. ഞാൻ ആ പഴയ വീടുകളേയും പഴയ മനുഷ്യരേയും മനസ്സിൽ കണ്ടു. വേഷവിധാനവും അതിനു വന്ന മാറ്റങ്ങളും എന്റെ ഭാവനയനുസരിച്ചു് രൂപപ്പെട്ടു. പത്തു നൂറ്റമ്പതിരുന്നൂറു് കൊല്ലം മുമ്പുള്ള ജീവിതം എന്റെ സങ്കൽപമനുസരിച്ചു് എങ്ങനെയായിരുന്നുവെന്നു് നിജപ്പെട്ടു…” അക്കാലത്തെപ്പറ്റി തകഴി എഴുതുന്നു. ഇതൊക്കെയങ്ങു് എഴുതി വന്നപ്പോൾ പറച്ചിലിന്റെ രീതിയൊക്കെയങ്ങു മാറി.

കയറിൽ വാസ്തവത്തിൽ ആരും കഥ പറയുന്നില്ല. കയറിൽ ആദ്യം കാണുന്ന കഥാപാത്രമായ കോടാന്ത്രയാശാൻ മുതൽ ആരും നരേറ്റർമാരല്ല. വായിച്ചു തീരുമ്പോൾ തോന്നുക മറ്റാരോ പറയുന്ന ഒരു കഥയിലെപ്പോഴോ തലപൊക്കിയൊന്നു നോക്കി മുരടനക്കി എന്നാപ്പിന്നെ ഞാനുമൊരു കഥ പറയാമെന്ന മട്ടിൽ ഒരു കഥ പറഞ്ഞു പോയവർ മാത്രമാണിവരെല്ലാം. ഒടുവിലത്തെ അധ്യായത്തിൽ മാറ്റമുണ്ടെന്നു തോന്നുന്നു. കൃഷ്ണനും കുഞ്ഞുകുട്ടനുമൊക്കെ നരേറ്റർമാരായി മാറുന്നുണ്ടോ? കയറിലെ കഥാകാരന്റെ ഭാഷയിൽ പറഞ്ഞാൽ ആ ഉണ്ടാവാം.
വളരെ പ്രത്യേകതയുള്ള ഒരു സംഗതിയുണ്ടു്. കുട്ടിക്കാലത്തു് സ്വാതന്ത്ര്യസമരവും തിരുവനന്തപുരത്തു് പഠിക്കുമ്പോൾ ഉത്തരവാദിത്ത പ്രക്ഷോഭവുമൊക്കെ തകഴി കണ്ടിട്ടുണ്ടു്. പിന്നെ കർഷകത്തൊഴിലാളികളുടെ സംഘടനകൾ വളരുന്നതും രണ്ടിടങ്ങഴി മുതൽ കയർ വരെയുള്ള തകഴിയെ ഒരു പക്ഷേ, സ്വാധീനിച്ചതു് കുട്ടനാട്ടിലെ കാർഷിക ബന്ധങ്ങളിലുള്ള മാറ്റമാണെന്നു് തോന്നുന്നു. കർഷകനും കർഷകത്തൊഴിലാളിയും ഭൂമിയും തമ്മിലുള്ള ബന്ധങ്ങളിൽ വന്ന മാറ്റം, ഇതു് കേരളത്തിലുടനീളം സംഭവിച്ച ഒരു മാറ്റമാണു്. പക്ഷേ, കുട്ടനാട്ടിലേതിനു് ചില പ്രത്യേകതകളുണ്ടു്. കാരണം പുഞ്ചപ്പാടങ്ങളിലെ കൃഷിയെ രക്ഷിക്കുന്നതു് കർഷകനും ഭൂമിയും തമ്മിലുള്ള ഒരു വിശ്വാസത്തിന്റെ വരമ്പാണു് രണ്ടിടങ്ങഴിയിൽ പറയുന്നുണ്ടു്. “പുഞ്ചക്കണ്ടത്തിലെ മേല നൂലുപോലുള്ള മരമ്പാ ലക്ഷിക്കുന്നെ സത്യത്തിമ്മേലാ നിക്കുന്നെ. ചുത്തോം മൃത്തീമില്ലേൽ മടമീഴുകോ, പുഴമിഴുകോ ഒക്കെയാ” കൃഷി അങ്ങനെയിവിടെ ഒരു പവിത്ര കർമ്മമായിരുന്നു. ലാഭേച്ഛ കൂടാതെയുള്ള പ്രവൃത്തി ഈ രീതിക്കായിരുന്നു മാറ്റം സംഭവിച്ചതു്.
കുട്ടനാടൻ പുഞ്ചകളിലും കായൽ നിലങ്ങളിലുമൊക്കെ വെള്ളം വറ്റിക്കുന്ന എഞ്ചിനും മറ്റും എത്തുന്നതു് തകഴിയുടെ കുട്ടിക്കാലത്താണു്. ഓരോ കൊയ്ത്തിനും ശേഷം പുറവേലി ശരിയാക്കി മടയുറപ്പിച്ചു് വെള്ളം തേകിക്കളഞ്ഞു് കൃഷി ചെയ്യുന്ന രീതിക്കു് മാറ്റം വന്നു. സ്ഥിരമായ കരിങ്കൽ ബണ്ടുകൾ വരമ്പുകൾക്കു് പകരമെത്തി. വെള്ളപ്പൊക്കത്തിലെത്തുന്ന എക്കലും ഉപ്പുവെള്ളം കയറ്റി കഴുകലുമൊക്കെയായിരുന്നു ഒരിക്കൽ രാസവളങ്ങൾക്കു് പകരം നിന്നിരുന്നതു്. ഉണ്ണാനുള്ളതു് ഉണ്ടാക്കുക എന്ന രീതിക്കു മാറ്റം വന്നു. നെല്ലു് വിൽക്കാനുള്ളതാണെന്നു് കർഷകനു് തോന്നിത്തുടങ്ങി. ഇതാകട്ടെ കർഷകനും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തേയും ബാധിച്ചു. ഈ മാറ്റങ്ങൾക്കു് സമാന്തരമായി കർഷകത്തൊഴിലാളികളുടെ ഇടയിൽ സംഘടനാബോധവും വളർന്നു. അങ്ങനെ കുട്ടനാടൻ കൃഷി ശരിക്കുമൊരു വ്യവസായമായി. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ഒരു സമവാക്യത്തിൽ കൃഷിഭൂമിയുടെ പവിത്രതയ്ക്കും മറ്റും വലിയ സ്ഥാനമൊന്നുമുണ്ടായില്ലല്ലോ. കുട്ടനാടൻ കൃഷിയുടെ നല്ലകാലം അല്ലെങ്കിൽ നല്ലകാലമെന്നു് പഴയ രീതിയിലുള്ള കർഷകരെങ്കിലും വിശ്വസിക്കുന്ന നല്ലകാലത്തിന്റെ അവസാനമായിരുന്നു അതു്. കുട്ടനാടിനു സംഭവിച്ച ഈ മാറ്റമാണു് തകഴിക്കും സംഭവിച്ചതു്. രണ്ടിടങ്ങഴിയിൽ നിന്നും കയറിലേക്കുള്ള മാറ്റം.
രണ്ടിടങ്ങഴി പ്രസിദ്ധപ്പെടുത്തുന്നതു് 1948-ലാണു്. തകഴിക്കന്നു് മുപ്പത്താറു വയസ്സേയുള്ളു. കുട്ടനാട്ടിൽ തൊഴിലാളി സംഘടനകൾ ശക്തിപ്പെട്ടു വരുന്ന കാലം. ഇങ്ക്വിലാബ് വിളികൾ കുട്ടനാടൻ കാറ്റു് പുഞ്ചപ്പാടങ്ങൾ തോറും കൊണ്ടുനടന്നിരുന്ന കാലം. പലയിടത്തും സമരങ്ങൾ അരങ്ങേറിയിരുന്നു. പലതിനോടും അനുഭാവമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണു് രണ്ടിടങ്ങഴി എഴുതുന്നതു്.
അതു് കുട്ടനാട്ടിലെ പുലയനും പറയനും വേണ്ടിത്തന്നെയാണു് എഴുതിയതു്. തകഴിയുടെ അച്ഛന്റെ തലപ്പുലയനായിരുന്ന മടിയത്തറ കുഞ്ഞേപ്പനാണു് സമർപ്പണം തന്നെ. “രണ്ടിടങ്ങഴി എഴുതുന്നതിനു് മുമ്പു് കുട്ടനാട്ടിലെ പതം (കൊയ്ത്തിന്റെ വേതനം) പത്തിനൊന്നായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ തീർപ്പുണ്ടു്. കൊയ്ത്താളിനു് ഒരു കറ്റകെട്ടി കൃഷിക്കാരന്റെ മുമ്പിൽ കൊണ്ടുവയ്ക്കും. അയാൾ വാരിയെടുത്തിട്ടു് തീർപ്പു് കൊടുക്കും… എട്ടിനൊന്നു പതമെന്നും പതത്തിന്റെ നാലിലൊന്നു് തീർപ്പെന്നുമുള്ള വ്യവസ്ഥയ്ക്കു വേണ്ടി കർഷകത്തൊഴിലാളികൾ യൂണിയൻ മുഖേനയും അല്ലാതെയും മുറവിളി കൂട്ടിക്കൊണ്ടിരുന്ന അവസരമായിരുന്നു. അതു് കൃഷിക്കാർ ഗൗനിച്ചില്ല. രണ്ടിടങ്ങഴിയിൽ കോരനടക്കമുള്ളവരുടെ മുദ്രാവാക്യം എട്ടിനൊന്നു പതം എന്നതായിരുന്നു. അന്നത്തെ കർഷകത്തൊഴിലാളിയുടെ ആ മുദ്രാവാക്യം രണ്ടിടങ്ങഴിയിലാണു് ഉറച്ചു കേട്ടതു്.” ഓർമ്മയുടെ തീരങ്ങളിൽ തകഴി എഴുതിയിട്ടുണ്ടു്. ഏതായാലും പുസ്തകം ചൂടപ്പം പോലെ വിറ്റു. പക്ഷേ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വീകരണം തണുപ്പനായിരുന്നുവെന്നും തകഴി ഓർക്കുന്നു.
ആലോചിച്ചുറപ്പിച്ച ഒരു സംഗതിയൊന്നുമായിരുന്നില്ല രണ്ടിടങ്ങഴിയുടെ രചന. പൂക്കൈതയാറ്റിൽ കൂടി (പമ്പയുടെ ഒരു കൈവഴി) കുഞ്ഞായ മകളുമൊത്തു് ഒരു രാത്രി കൊച്ചുവള്ളത്തേൽ പോകവേ കാറ്റത്തൊഴുകിയെത്തിയ ആദ്യ വാചകത്തെപ്പറ്റി തകഴി തന്നെ എഴുതിയിട്ടുണ്ടു്. വള്ളമൂന്നിയിരുന്ന ഗോപാലന്റെ സ്വന്തം കഥ തന്നെയായിരുന്നു ആ വാചകത്തിലൊതുങ്ങിയിരുന്നതു്. “അന്നു് വെട്ടിൻതറയിൽ ഒരു കൂട്ടർ പെണ്ണുകാണാൻ വന്നു” എന്നെഴുതിത്തുടങ്ങി. ‘ഇപ്പഴും ഓർക്കുന്നുണ്ടു് അരിപ്രത്തെ തെക്കേമുറിയിൽ ഹരിക്കെയ്നു് വിളക്കു കത്തിച്ചു വെച്ചു് വാതിൽപടിയിൽ വെച്ചാണു് അതു് എഴുതിയതു്. പെൻസിൽ കൊണ്ടാണു് എഴുതിയതു്” തകഴി പറയുന്നു. രണ്ടിടങ്ങഴിയുടെ പ്രസിദ്ധീകരണം മലയാളത്തിലെ ഒരു സംഭവമായിരുന്നു.
പക്ഷേ, ശക്തിപ്പെട്ട കാർഷിക സംഘടനകളും അതു വരുത്തിയ കാർഷിക വ്യവസ്ഥയിലെ സ്വാധീനങ്ങളുമൊക്കെ തകഴിയേയും മാറ്റി. കുട്ടനാടൻ കൃഷി തകർന്നു തുടങ്ങിയെന്ന ബോധം അദ്ദേഹത്തിൽ ശക്തമായി. രണ്ടിടങ്ങഴിയിലെ രാഷ്ട്രീയത്തെ പറ്റിയും അദ്ദേഹം സംശയാലുവായി. കയറിൽ ആ സംശയം പൂർത്തിയാവുന്നു. ഇവിടെ അദ്ദേഹത്തിനു് തീർച്ചയുണ്ടു് സാമൂഹിക മാറ്റങ്ങളൊക്കെ കുട്ടനാട്ടിലെ മനുഷ്യർക്കു് പ്രത്യക്ഷത്തിൽപോലും ഗുണം ചെയ്തിട്ടുണ്ടാവാം. പക്ഷേ, അതു് കുട്ടനാടൻ കൃഷിയെ തകർത്തു. ഈ തീർച്ചയിൽ നിന്നുള്ള ഒരു തിരിഞ്ഞുനോട്ടം മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാലോചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതു്. എന്നു മുതലാണു് മനുഷ്യൻ ഭൂമിയെ സ്നേഹിക്കാൻ തുടങ്ങിയതു്. ആവോ ചരിത്രം ആ കാലം പറയുന്നില്ല. വന്യമൃഗങ്ങളെ വേട്ടയാടി നടന്ന കാലത്തു് ഭൂമിയെ സ്നേഹിച്ചിരുന്നിരിക്കാം. കാട്ടുധാന്യം ആദ്യമായി പറിച്ചു തിന്ന സ്വാദറിഞ്ഞ മനുഷ്യൻ ഭൂമിയെ സ്നേഹിക്കാൻ തുടങ്ങിയതാവാം. പിന്നെ ധാന്യം കൃഷി ചെയ്ത്പ്പോൾ തീർച്ചയായും അവൻ ഭൂമിയെ സ്നേഹിച്ചിരിക്കണം… മനുഷ്യന്റെ തന്നെ ഭൂമിയോടുള്ള ആർത്തിയുടേയും ദാഹത്തിന്റെയും ചരിത്രമാണു്. സാമ്രാജ്യങ്ങൾ ഉണ്ടായതു് ഭൂമിയോടുള്ള ദാഹം കൊണ്ടാണു്. സാമ്രാജ്യങ്ങൾ തകർന്നതും മറ്റൊന്നും കൊണ്ടല്ല. മനുഷ്യന്റെ പരിണാമങ്ങൾക്കു് അടിസ്ഥാനവും ഭൂമിയോടുള്ള ദാഹമാണു്. മനുഷ്യൻ നശിക്കുന്നെങ്കിൽ അതിനും കാരണം മറ്റൊന്നായിരിക്കുകയില്ല. മനുഷ്യൻ ഭൂമിക്കുവേണ്ടി എന്തിനാ ദാഹം എന്തിനാണു് സ്നേഹം ഭൂമിയെ പാട്ടിനു വിടുക. ഭൂമി വിളയുന്നതു് എല്ലാവർക്കും ആണെന്നു വയ്ക്കുക… അങ്ങനെ തകഴി കയറിൽ ആലോചിച്ചു പോവുന്നു. ഒരർത്ഥത്തിൽ രണ്ടിടങ്ങഴിയിലെ തകഴിയിൽ നിന്നു് കയറിലെ തകഴിയിലേക്കുള്ള വളർച്ചയ്ക്കു കാരണം കുട്ടനാടൻ കാർഷിക വ്യവസ്ഥയിൽ വന്ന മാറ്റങ്ങളാണു്.
രണ്ടിടങ്ങഴിയിലെ തീർച്ചയുള്ള ആത്മവിശ്വാസം നിറഞ്ഞ വെളുത്തയുടെ ‘കൃഷിഭൂമി കർഷകർക്കു്’ എന്ന മുദ്രാവാക്യത്തിൽ നിന്നു് തകഴി തുഴഞ്ഞെത്തുന്നതു് പരുത്തിക്കാട്ടു കൊച്ചൗതയുടെ ‘ഈ കാണായ മനുഷ്യനെല്ലാം തിന്നണ്ടേ’എന്ന വിഹ്വല സന്ദേഹത്തിലേക്കാണു്, മുപ്പതുകാരന്റെ തന്റേടത്തിൽ നിന്നും അറുപതുകാരന്റെ തീർച്ചയില്ലായ്മയിലേക്കുള്ള മാറ്റമായിരുന്നിരിക്കാം. കാര്യങ്ങൾ കണിശമായി അറിയാവുന്ന ഒരു ശരാശരി എഴുത്തുകാരനിൽ നിന്നും ജീവിതത്തിന്റെ തീർച്ചയില്ലായ്മയും അമ്പരപ്പുകളും മനസ്സിലാക്കിയ ഒരു വലിയ എഴുത്തുകാരനിലേക്കുള്ള വളർച്ചയെന്നും പറയാം. ഈ തകഴി സി. വി.-യുടെ സാക്ഷാൽ അനന്തിരവൻ തന്നെയാണു്. ഭാഷയിലും ഭാവനയിലും വ്യത്യാസങ്ങളുണ്ടു്. ‘സി. വി.-യുടെ ഗദ്യശൈലി കൂട്ടുകുടുംബങ്ങളുടെ കഥ പറയാൻ യോജിച്ചതു് തറവാടുകളുടെ ക്ഷയത്തിനു് ശേഷം ഒറ്റയ്ക്കായ കുടുംബങ്ങളുടെ കഥയ്ക്കു് തകഴിയുടെ ആളോഹരി മലയാളം മതി’ അയ്യപ്പപ്പണിക്കർ പറയുന്നു.
സി. വി.-യെപ്പോലെ തകഴി ഐതിഹാസിക മാനങ്ങളുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചില്ലായിരിക്കാം. ഒരു ചിത്രകാരനെയോ ഉഗ്ര ഹരിപഞ്ചാനനെയോ സൃഷ്ടിക്കുക ഒരു മധ്യവർഗ്ഗ ഇടത്തരം കൃഷിക്കാരനായ ശിവശങ്കരപ്പിള്ളയ്ക്ക് സാധ്യമല്ലായിരിക്കാം. പിന്നെ തകഴിയെന്ന ഗ്രാമത്തിൽ മാത്രം ഒതുക്കി നിർത്തേണ്ടി വന്നതുകൊണ്ടാവാം കയറിൽ അമാനുഷരില്ലാത്തതു്. അല്ലെങ്കിൽ മണ്ണിൽ ബലി നൽകുന്ന പതിവുണ്ടായിരുന്ന ഒരു സമൂഹത്തിനു് ആ മണ്ണിനെ അതിജീവിച്ചു നിൽക്കുന്ന മനുഷ്യരെ സൃഷ്ടിക്കാൻ സാധ്യമല്ലായിരിക്കാം.
കയറിലെ അദൃശ്യമെങ്കിലും എല്ലാറ്റിനെയും കവിഞ്ഞു നിൽക്കുന്ന കഥാപാത്രം ഭൂമിയാണല്ലോ. കൊച്ചൗതയുടെ ചോദ്യം പോലും—“ഈ കാണായ മനുഷ്യനെല്ലാം തിന്നണ്ടേ”—വരുന്നതു് ഭൂഗർഭത്തിൽ നിന്നാണല്ലോ.
തകഴിക്കിപ്പോൾ വയസ്സു് എൺപത്തിനാലു കഴിഞ്ഞു. കൃഷി പണ്ടേ നിർത്തി. എഴുതാൻ ബുദ്ധിമുട്ടാണു്. നടക്കുന്നതു തന്നെ വടി കുത്തിപ്പിടിച്ചു മാത്രമേ സാധിക്കുകയുള്ളു. “വിവാഹത്തിനു ശേഷവും രണ്ടു പേർക്കു് പ്രേമിക്കാൻ കഴിയുമെന്നതിനു് ഉദാഹരണമായി കാത്തയെന്ന നെടുമുടി ചെമ്പകശ്ശേരി ചിറയിൽ കമലാക്ഷിയമ്മയോടൊപ്പം ശങ്കരമംഗലത്തു് കഴിയുന്നു. മനസ്സിലിപ്പോഴും എഴുതുന്നുണ്ടു് “സിന്ധുനദീതട നാഗരികതയെ പറ്റിയൊക്കെ എഴുതണം. ഒക്കെ എന്റെ മനസ്സിലുണ്ടു്. എഴുതാൻ കൈ വഴങ്ങുന്നില്ല. പറഞ്ഞെഴുതിയൊപ്പിച്ചിട്ടൊന്നും ശരിയാവുന്നില്ല” അദ്ദേഹം പറയുന്നു. ശിവന്റെ കഥയാണെന്നു് അദ്ദേഹത്തിനറിയാം. എഴുതി വരുമ്പോൾ കയറിനേക്കാൾ വലുതായേക്കുമെന്നും. പിന്നെ സന്ധ്യക്കു് അമ്പലപ്രദക്ഷിണം നടത്തുമ്പോൾ അടുത്തൊരില്ലവുമായി ബന്ധപ്പെട്ട ഒരു ആത്മീയാനുഭവത്തിന്റെ അംശം കലർന്ന ഒരു കഥാവസ്തു മനസ്സിൽ കടന്നെത്താറുണ്ടത്രെ. അതും അദ്ദേഹം എഴുതുമായിരിക്കും. എഴുതാതെ വഴിയില്ല.
കാരണം തകഴി ശിവശങ്കരപ്പിള്ളയും മാറേണ്ടി വരുന്നു. തകഴി പണ്ടേ മാറി. ശങ്കരമംഗലത്തു നിന്നും അങ്ങു് ദൂരെ പമ്പ വരെ പരന്നുകിടന്നിരുന്ന പുഞ്ചപ്പാടമൊക്കെ തീരെ ഇല്ലാതായി. പലതും തെങ്ങുംപറമ്പായി. വീടുകളായി. തകഴിക്കും വയസ്സായി. വൈകുന്നേരങ്ങളിൽ സുഹൃത്തായ കൃഷ്ണപിള്ള സാറുമൊത്തു് ഈ മാറ്റമൊക്കെ കണ്ടു് തകഴി പതുക്കെ നടക്കാറുണ്ടു്. തോടായിരുന്ന സ്ഥലത്തെ റോഡിൽ കൂടി റെയിൽപാത കടന്നു് കാറ്റത്തിളകുന്ന തലപ്പുകളുടെ രംരം ശബ്ദം ശ്രദ്ധിച്ചു് പതുക്കെ. അപ്പോൾ പണ്ടു് കയറിൽ എഴുതിയതുപോലെ കോടാന്ത്രയാശാനും ചീരട്ടക്കൈമളുമൊക്കെ ഭൂമിയിലെത്തുന്നുണ്ടാവണം. ശീലാന്തിപ്പിള്ളീലെ ആശാനും കുഞ്ചുനായരുമൊക്കെ ഒപ്പം നടക്കുന്നുണ്ടാവണം. അദ്ദേഹമറിയുന്നുണ്ടോ ആവോ.
(ഈ ലേഖനം ഇന്ത്യ ടുഡേ മലയാളം വാര്‍ഷികപ്പതിപ്പില്‍ (ഡിസംബര്‍ 21, 1996–ജനുവരി 5, 1997) വന്നതാണു്.)
സ്കെച്ചുകൾ: ഇ. പി. ഉണ്ണി

പത്രപ്രവര്‍ത്തകനും പ്രബന്ധകാരനും. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി പത്രപ്രവര്‍ത്തന മേഖലയില്‍ സജീവമാണു്. ഇന്ത്യ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങിയ പത്രസ്ഥാപനങ്ങളില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും (ഡല്‍ഹി, പൂനെ, ചെന്നൈ) ജോലി ചെയ്തു. ഇപ്പോള്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് ദല്‍ഹി ഓഫീസില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററാണു്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. മലയാളത്തില്‍ “റിപ്പബ്ലിക്ക് 2021” എന്ന പേരില്‍ അമൃത് ലാലിന്റെ ലേഖനങ്ങളുടെ സമാഹാരം “പാഠഭേദം” പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്നു.