images/La_Marseillaise_Arc_deEtoile_Paris.jpg
Detail from La Marseillaise by François Rude, the sculpture by François Rude (1784 – 1855).
നദികളും മണലും

മനുഷ്യജീവിതം എന്നപോലെ, വിശാലമായ പ്രകൃതിയും വൈവിധ്യങ്ങളുടെ കലവറയാണ്. സ്ഥലവും സന്ദർഭവുമായി ബന്ധിച്ചുവേണം വസ്തുതകളെയും സംഭവങ്ങളെയും മനസ്സിലാക്കുക. ശാസ്ത്രീയവും യുക്തിയുക്തവുമായ വിശകലനം അതിനെ പിന്തുടരണം. പോരായ്മകൾ പിന്നെയും വന്നേക്കാം. പക്ഷേ, അതാണ് ആരോഗ്യകരമായ രീതി. പോരായ്മകൾ സ്വീകരിക്കാനും തിരുത്താനുമുള്ള ഇടം ശാസ്ത്രീയസമീപനത്തിൽ എപ്പോഴുമുണ്ട്.

നദികൾ ഒട്ടും സ്പർശിക്കാനരുതാത്ത പ്രതിഭാസങ്ങളാണെന്ന ധാരണ ശരിയല്ല. ആദികാലംതൊട്ട് മനുഷ്യൻ പ്രകൃതിയിൽ ഇടപെട്ടുകൊണ്ടിരുന്നു. എല്ലാ ഇടപെടലുകളും ശരിയല്ല എന്നപോലെ എല്ലാം തെറ്റുമല്ല. ഇടപെടലുകൾ സന്തുലിതമാക്കുവാനുള്ള ശ്രമത്തിലാണ് നാം.

മറിച്ച്, സാമാന്യവത്കരിക്കപ്പെട്ട വീക്ഷണവും ആധികാരിക നിലപാടും മൗലികവാദത്തിലേക്ക് നയിക്കുന്നു. ധാരണകൾ ജനപ്രിയത നേടുകകൂടി ചെയ്യുമ്പോൾ എല്ലാം വിശ്വാസങ്ങളായിത്തീരുന്നു. പ്രയോക്താക്കളെന്നപോലെ പൊതുജനവും സ്വയം നിർമിതമായ കൂടുകളിൽ അടയ്ക്കപ്പെടുന്നു. ലേബലിങ്വഴി ആശയവിനിമയത്തിന് വഴിമുടക്കപ്പെടുകയാണ് ഒരു ദുരന്തം. വേറൊന്ന് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകൾ തമസ്കരിക്കപ്പെടുകയും അപകടകാരണങ്ങൾ പലതും പിൻവാതിലിലൂടെ രക്ഷപ്പെടുകയും.

നദികളെയും ജലത്തെയും കുറിച്ചുള്ള ചില സമകാലീന വിവാദങ്ങളാണ് ഇത്രയും പറയാൻ കാരണം. നദികൾ മരിക്കുന്നു, ജലം ദുർലഭമാകുന്നു എന്നൊക്കെ വൈകാരികമായി വിളിച്ചുപറയുമ്പോൾ നാം, നമ്മൾ സ്വയം കാരണക്കാരായ സുപ്രധാനമായ വസ്തുതകളെ സ്പർശിക്കാൻ മടിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിൽ ജലത്തിന്റെ ഉപഭോക്താക്കളുടെ സംഖ്യ മൂന്നോ നാലോ മടങ്ങായി. മാറുന്ന ജീവിതശൈലികാരണം ആളോഹരി ഉപഭോഗം ഗണ്യമായി വർധിച്ചു. ഭക്ഷ്യോത്പാദനത്തിന്റെ ആവശ്യം ഏറിയതുകാരണം വലിയ ഒരളവ് ജലം ജലസേചനത്തിനായി തിരിച്ചുവിടേണ്ടിവന്നു. പൊതുസ്ഥാപനങ്ങൾ, വ്യവസായങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിങ്ങനെ പുതിയ ഉപഭോക്താക്കൾ രംഗത്തുവന്നുകൊണ്ടിരിക്കുന്നു. ജലമാകട്ടെ, മുമ്പുണ്ടായിരുന്ന മാത്രയിൽത്തന്നെ. ഉപരിതല ശേഖരണം എതിർപ്പുകൾ നേരിടുമ്പോൾ ഭൂഗർഭശേഖരണത്തെ സഹായിക്കുന്ന ഘടകങ്ങൾ നാംതന്നെ ഇല്ലാതാക്കുന്നു. കൃഷിഭൂമിയും വനഭൂമിയും ജനസംഖ്യാസമ്മർദംമൂലം നഷ്ടമാകുന്നു. തിരിച്ചുപോക്കില്ലാത്തതും ഒഴിവാക്കാനരുതാത്തതുമാണ് പലതും. നിയന്ത്രിക്കാൻ സഹായിക്കുന്ന ജീവിതശൈലീമാറ്റത്തിന് നാമാരും തയ്യാറുമല്ല. നദികളെന്നല്ല, ഭൂമിതന്നെയും ക്രമാതീതമായി പെരുകുന്ന മനുഷ്യരെ പോറ്റാമെന്ന് ഏറ്റിട്ടില്ലല്ലോ. ഈ അവസ്ഥയിൽ പ്രായോഗികവും സന്തുലിതവുമായ ഒരു മധ്യമാർഗം ആരായുവാനുള്ള ശ്രമമാണ് നടക്കേണ്ടത്. പകരം താരതമ്യേന ചെറിയ ഘടകങ്ങളെ ഉന്നംവെച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ ചുഴിയിൽ നാം പെട്ടുപോകുന്നു. ഭൂകമ്പംവരെ നദികളിലെ മണൽവാരലുമായി ബന്ധിച്ച് കാണിക്കപ്പെടുന്നു. പാറ, മണൽ ഖനനത്തെ അപലപിക്കുമ്പോൾ ഈ സാമഗ്രികൾ ആവശ്യമാക്കുന്ന നിർമാണപ്രക്രിയയിൽ നമ്മളെല്ലാവരും വ്യക്തിപരമായിത്തന്നെ പങ്കെടുക്കുന്നു. Tragedy of commons എന്ന് പറയാം.

പ്രായോഗികവും സന്തുലിതവുമായ ഒരു മധ്യമാർഗം ആരായുവാനുള്ള ശ്രമമാണ് നടക്കേണ്ടത്. പകരം താരതമ്യേന ചെറിയ ഘടകങ്ങളെ ഉന്നംവെച്ചുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ ചുഴിയിൽ നാം പെട്ടുപോകുന്നു. ഭൂകമ്പംവരെ നദികളിലെ മണൽവാരലുമായി ബന്ധിച്ച് കാണിക്കപ്പെടുന്നു. പാറ, മണൽ ഖനനത്തെ അപലപിക്കുമ്പോൾ ഈ സാമഗ്രികൾ ആവശ്യമാക്കുന്ന നിർമാണപ്രക്രിയയിൽ നമ്മളെല്ലാവരും വ്യക്തിപരമായിത്തന്നെ പങ്കെടുക്കുന്നു. Tragedy of commons എന്ന് പറയാം.

നദികളിലേക്ക് വരാം. നദികളുടെ hydraulics പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. വൃഷ്ടിപാതം, കാച്ച്മെന്റിലെ മണ്ണൊലിപ്പ്, പാതയുടെ gradient ഉം വീതിയും തടസ്സങ്ങളും മാനുഷികമായ ഇടപെടലുകളും ഇങ്ങനെയിങ്ങനെ. വ്യത്യസ്തനദികളിൽ വ്യത്യസ്ത രീതികളെന്നപോലെ, ഒരു നദിയിൽത്തന്നെ പലയിടത്തും അത് പലസ്വഭാവം കൈക്കൊള്ളാം. ജലം മാത്രമല്ല, മണലും മണ്ണും കൂടിയാണ് നദികൾ വഹിക്കുന്നത്. മണലും മണ്ണും കടൽവരെ പോകാതെ പലപ്പോഴും മാർഗത്തിൽ പലയിടത്തും നിക്ഷേപിക്കപ്പെടുന്നു. ചിലപ്പോൾ പ്രവാഹം അടിത്തട്ടിനെ കാർന്ന് കൊണ്ടുപോകുന്നു (Degradation). ചിലപ്പോൾ മണൽ നിക്ഷേപിച്ച് അടിത്തട്ടിനെ ഉയർത്തുന്നു (Aggradation). ചിലപ്പോൾ ഒരു തീരത്തെ ഉയർത്തുകയും മറ്റേതിനെ കാർന്നെടുക്കുകയും ചെയ്യുന്നു.

ഇങ്ങനെ വരുമ്പോൾ വ്യത്യസ്തനദികൾ വ്യത്യസ്ത ശ്രദ്ധ ആവശ്യപ്പെടുന്നതായി കാണാം. ഒരു നദിയിൽത്തന്നെ വിവിധ മേഖലകൾ, വിവിധ സമീപനവും. ഉത്തരേന്ത്യയിൽ ഗംഗയുടെ ചില പോഷകനദികളുടെ അടിത്തട്ട് തീരങ്ങളോളം ഉയരുന്ന അവസ്ഥയുണ്ട്. വർഷകാലത്ത് കരകവിഞ്ഞ് അവ വ്യാപകമായ കെടുതികൾ ഉണ്ടാക്കുന്നു. ചിലപ്പോൾ ഡ്രെഡ്ജിങ് ആവശ്യമായി വരും. വെള്ളമിറങ്ങുമ്പോൾ cunnette-കൾ (ചാലുകൾ) വെട്ടി നീരൊഴുക്ക് വേണ്ടവഴിക്ക് തിരിച്ചുവിടുകയും. തീരപ്രദേശങ്ങളെ സംരക്ഷിക്കുവാനായി നദിയിലേക്ക് തള്ളിനിൽക്കുന്ന തിണ്ടുകൾ പണിയും. River Training Works-ന് പരീക്ഷണങ്ങളും മോഡൽ സ്റ്റഡികളും നടത്തുക പതിവുണ്ട്.

ഇത്രയും പറഞ്ഞത് നദികൾ ഒട്ടും സ്പർശിക്കാനരുതാത്ത പ്രതിഭാസങ്ങളാണെന്ന ധാരണ ശരിയല്ലെന്ന് കാണിക്കുവാനാണ്. ആദികാലംതൊട്ട് മനുഷ്യൻ പ്രകൃതിയിൽ ഇടപെട്ടുകൊണ്ടിരുന്നു. എല്ലാ ഇടപെടലുകളും ശരിയല്ല എന്നപോലെ എല്ലാം തെറ്റുമല്ല. ഇടപെടലുകൾ സന്തുലിതമാക്കുവാനുള്ള ശ്രമത്തിലാണ് നാം. അമിതമായ ഇടപെടലുകൾ ഒഴിവാക്കണമെന്നപോലെ ആവശ്യമായവ വേണംതാനും. കാരണം മനുഷ്യൻ പ്രകൃതിയും നദികളുമൊത്ത് സഹവസിക്കുന്നു. പരസ്പരം കൊണ്ടും കൊടുത്തും. നമുക്കാവശ്യമായ ജലം മാത്രമല്ല, മണലും ചെളിയും വളവും നദികൾ എത്തിക്കുന്നു. വെള്ളത്തിൽ പൊന്തിവരുന്ന മരത്തടികൾ പെറുക്കിയെടുത്ത് ഉപജീവനം തേടുന്നവരെ കാണാം ബ്രഹ്മപുത്രയിൽ.

നദികളിൽനിന്ന് മണലെടുക്കുക എന്ന് കേൾക്കുമ്പോൾ ഒരു പാതകംപോലെ ഞെട്ടേണ്ടതില്ലെന്ന് സാരം. Degradation സംഭവിക്കുന്ന നദികളിൽ അത് അപകടകരമാണ്, തീർച്ച. Aggradation ഉള്ളിടത്ത് പലപ്പോഴും ആവശ്യമാണ്. ഭാരതപ്പുഴയുടെ ചില മേഖലകൾ ഈ വിഭാഗത്തിൽപ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്. വിശേഷിച്ചും അവിടവിടെ ഉയർന്നുവന്നിരിക്കുന്ന വലിയ തിട്ടകൾ. ഇവയെ ഭാവനാത്മകമായി ഉദാത്തവത്കരിക്കുന്ന ഒരു പ്രവണതയുണ്ട്; നദിയുടെ ഹൃദയമായും കരളായും ഉപമിച്ചുകൊണ്ട്. വസ്തുതകളെ കൂടുതൽ സമർത്ഥമായി പ്രതിഫലിപ്പിക്കുമ്പോഴായിരിക്കും കവിത അതിന്റെ ധർമം നിവേറ്റുക; അവയിൽനിന്ന് അകന്നുപോകുമ്പോഴല്ല.

വിവാദം ഉണ്ടാക്കുകയല്ല, വിവാദങ്ങൾ തമസ്കരിക്കുന്ന യാഥാർഥ്യങ്ങളെയും വസ്തുതകളെയും കണ്ടെത്തുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വികസന/സംരക്ഷണ പ്രശ്നത്തിലേക്ക് കടക്കാതെതന്നെ പറയാം, നദികളിൽനിന്ന് മണലെടുക്കുന്നതിനെപ്പറ്റി മെട്രോ അഡ്വൈസർ ശ്രീധരൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണനയർഹിക്കുന്നുവെന്ന്. എവിടെനിന്ന്, എത്രത്തോളം, ഏതുവിധത്തിലാണെന്ന് ശാസ്ത്രീയമായി തീരുമാനിക്കാൻ സർവേയും പഠനവും ആവശ്യമായേക്കാം. അത് ചെയ്യാവുന്നതേയുള്ളൂ.

ആരോപണ പ്രത്യാരോപണങ്ങൾ ഒഴിവാക്കി തുറന്ന മനസ്സോടെയുള്ള സമീപനമാണ് ആവശ്യം. തുറന്നതും സുതാര്യവുമായ നയം അഴിമതിയും കരിഞ്ചന്തയും അനാശാസ്യമായ പ്രവർത്തനങ്ങളും ഒഴിവാക്കും. ഫലം നദികൾക്കും നദികളെ ആശ്രയിക്കുന്ന മനുഷ്യർക്കും ജീവജാലങ്ങൾക്കും ഗുണകരമാവുകയും ചെയ്യും. കാരണം ഒരു തുറന്ന സമീപനത്തിന്റെ അഭാവത്തിൽ മോഷണമാണ് നടക്കുക. അതാകട്ടെ അരുതാത്തയിടങ്ങളിൽ നിന്നാണ് അധികവും ഉണ്ടാകുക.

ആനന്ദ്
images/Anand.jpg

പി. സച്ചിദാനന്ദൻ എന്ന ആനന്ദ് 1936-ൽ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ മകനായി ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് 1958-ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. നാലു കൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ നിന്ന് പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു.

നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യൻ, എന്നിവ കേരള സാഹിത്യ അക്കാദമി അവാർഡും, മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും, ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

ആനന്ദിന്റെ മുപ്പത്തിനാലാം വയസ്സിലാണ് ആദ്യനോവലായ ആൾക്കൂട്ടം പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രസിദ്ധ മലയാളനിരൂപകനായ എം ഗോവിന്ദന്റെ സാധകമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് നമുക്ക് ആനന്ദ് എന്ന വിശ്രുതനായ എഴുത്തുകാരനെ കിട്ടുകയില്ലായിരുന്നു.

പ്രധാന കൃതികൾ
നോവൽ

ആൾക്കൂട്ടം; മരണസർട്ടിഫിക്കറ്റ്; ഉത്തരായനം; മരുഭൂമികൾ ഉണ്ടാകുന്നത്; ഗോവർധന്റെ യാത്രകൾ; അഭയാർത്ഥികൾ; വ്യാസനും വിഘ്നേശ്വരനും; അപഹരിക്കപ്പെട്ട ദൈവങ്ങൾ; വിഭജനങ്ങൾ; പരിണാമത്തിന്റെ ഭൂതങ്ങൾ; ദ്വീപുകളും തീരങ്ങളും

കഥകൾ

ഒടിയുന്ന കുരിശ്; ഇര; വീടും തടവും; സംവാദം; അശാന്തം; നാലാമത്തെ ആണി; സംഹാരത്തിന്റെ പുസ്തകം; ചരിത്ര കാണ്ഡം; കഥകൾ; ആത്മകഥകൾ; എന്റെ പ്രിയപ്പെട്ട കഥകൾ (സമാഹാരം)

നാടകം

ശവഘോഷയാത്ര, മുക്തിപഥം

ലേഖനങ്ങൾ

ഇടവേളകളിൽ; സ്വത്വത്തിന്റെ മാനങ്ങൾ; നഷ്ടപ്രദേശങ്ങൾ; കണ്ണാടിലോകം; ഓർക്കുക കാവലിരിക്കുകയാണ്

പഠനം

ജൈവമനുഷ്യൻ; വേട്ടക്കാരനും വിരുന്നുകാരനും; പരിസ്ഥിതി, പ്രകൃതി, ദാരിദ്ര്യം, ജലം, ഊർജ്ജം; എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ; സ്ഥാനം തെറ്റിയ വസ്തു.

മറ്റുള്ളവ

സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ); കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം); കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവർത്തനം).

പുരസ്കാരങ്ങൾ

വയലാർ അവാർഡ് (1993); ഓടക്കുഴൽ അവാർഡ് (1996); കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം—2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം; കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012); യശ്പാൽ അവാർഡ്—ആൾക്കൂട്ടം; കേരള സാഹിത്യ അക്കാദമി അവാർഡ്—അഭയാർത്ഥികൾ; വയലാർ അവാർഡ്—മരുഭൂമികൾ ഉണ്ടാകുന്നത്; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്—ഗോവർദ്ധനന്റെ യാത്രകൾ (1997); മുട്ടത്തു വർക്കി അവാർഡ് (2000); വള്ളത്തോൾ അവാർഡ് (2015); എഴുത്തച്ഛൻ പുരസ്കാരം (2019).

സായാഹ്നയിൽ ലഭ്യമായ ആനന്ദിന്റെ കൃതികൾ
  • നദികളും മണലും
  • ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി

ചിത്രങ്ങൾക്ക് വിക്കിപ്പീഡിയയോട് കടപ്പാട്.

Colophon

Title: Nadikalum Manalum (ml: നദികളും മണലും).

Author(s): Anand.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-16.

Deafult language: ml, Malayalam.

Keywords: Article, Anand, Nadikalum Manalum, ആനന്ദ്, നദികളും മണലും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Detail from La Marseillaise by François Rude, the sculpture by François Rude (1784 – 1855). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Anupa Ann Joseph; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.