
കുസുമം ജോസഫ് നിയമസഭയിൽ എഴുനേറ്റു നിന്നു. 1957 ഡിസംബർ 20-നു്. ചോദ്യം ഇങ്ങനെ തുടങ്ങി:
‘ഈ മന്ത്രിസഭ അധികാരത്തിൽ വന്ന ശേഷം മന്ത്രിമാരുടെ ഉപയോഗത്തിനായി സർക്കാർ ചെലവിൽ എത്ര ഫൗണ്ടൻ പേനകൾ വാങ്ങിയിട്ടുണ്ടു്?’
ഐക്യ കേരളത്തിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ നക്ഷത്ര ചിഹ്നമിട്ട ഈ ചോദ്യം ഉയർന്നതു വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി ക്കു നേരെയായിരുന്നു. ഇന്നത്തെ ഇടുക്കി ജില്ലയിലുള്ള കാരിക്കോട് എന്ന മണ്ഡലത്തിൽ നിന്നുള്ള ആ വനിതാ എം എൽ എയുടെ ചോദ്യത്തിനു മറുപടി പറയാൻ ജോസഫ് മുണ്ടശ്ശേരി എഴുനേൽക്കും മുൻപു് ഒരു ക്രമപ്രശ്നം ഉയർന്നു. അതു് ഉന്നയിച്ചതും കുസുമം ജോസഫ് തന്നെ.

‘ഈ മന്ത്രി സഭ അധികാരത്തിൽ വന്ന ശേഷം എത്ര പേന വാങ്ങി, അതു് ഏതു് ഇനമാണു്, എന്തുവില കൊടുത്തു എന്നായിരുന്നു എന്റെ ചോദ്യം. ‘ദ ക്വസ്റ്റിയൻ ഇസ് നോട്ട് ക്ളിയർ, സ്റ്റേറ്റ് വെതർ ഫൗണ്ടൻ പെൻ ഓർ സ്റ്റീൽ പെൻ’ എന്നു ചോദിച്ചു് അതു മടങ്ങി വന്നു. ഫൗണ്ടൻ പെൻ ആണെന്നു ഞാൻ മറുപടി അയച്ചു. അപ്പോൾ വീണ്ടും ഒരു ചോദ്യവുമായി അതു മടങ്ങി വന്നു. മന്ത്രിമാരുടെ സ്വന്തം ചെലവിൽ വാങ്ങിയതിന്റെയാണോ സർക്കാർ ചെലവിൽ വാങ്ങിയതിന്റെയാണോ വിവരം അറിയേണ്ടതു് എന്നായിരുന്നു രണ്ടാമതു വന്ന ചോദ്യം. സ്വന്തം ചെലവിൽ വാങ്ങിയതു് എനിക്കു് അറിയേണ്ട കാര്യമില്ലെന്നും സർക്കാർ ചെലവിൽ വാങ്ങിയതാണു് അറിയേണ്ടതെന്നും ഞാൻ മറുപടി കൊടുത്തു. എന്നാൽ ഇപ്പോൾ ചോദ്യം അച്ചടിച്ചു സഭയിൽ വന്നപ്പോൾ ഏതു് ഇനമാണെന്നും എന്തുവിലയാണെന്നുമുള്ള ഭാഗമില്ല?’
- വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി:
- ഒൻപതു പേന വാങ്ങിച്ചു.
- കുസുമം ജോസഫ്:
- ഏതിനമാണു വാങ്ങിയതു്.
- മുണ്ടശ്ശേരി:
- പല ഇനങ്ങളായിട്ടാണു വാങ്ങിയതു്.
- കുസുമം ജോസഫ്:
- എന്തു വിലയാണു്?
- മുണ്ടശ്ശേരി:
- അതിന്റെ എല്ലാ വിവരങ്ങളും തരുന്നതിനു നോട്ടീസ് വേണം.
- കെ എ ബാലൻ (വടക്കേക്കരയിൽ നിന്നുള്ള
- സി പി ഐ എം എൽ എ):
- ഇതിനു മുൻപു മന്ത്രിമാർ എത്ര പേന വാങ്ങിയിട്ടുണ്ടെന്നു പറയാമോ?
- ജോസഫ് മുണ്ടശ്ശേരി:
- കൃത്യമായി പറയാൻ നിവൃത്തിയില്ല. ഇവിടെ ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും മന്ത്രിമാരുമെല്ലാം പേന വാങ്ങി അതുകൊണ്ടു തന്നെയാണു് എഴുതുന്നതു്.
- കെ കരുണാകരൻ (തൃക്കടവൂരിൽ നിന്നുള്ള
- സി പി ഐ എം എൽ എ):
- ഫൗണ്ടൻ പേനയുടെ ആവശ്യത്തിനു മഷി വാങ്ങിയിട്ടുണ്ടോ?
- ജോസഫ് മുണ്ടശ്ശേരി:
- സ്റ്റീൽ പെന്നിനുള്ള മഷിയുടെ സ്ഥാനത്തു് ഫൗണ്ടൻ പെന്നിനുള്ള മഷിയും സപ്ളൈ ചെയ്തിട്ടുണ്ടാകണം.
- കുസുമം ജോസഫ്:
- പാർക്കർ പേന സപ്ളൈ ചെയ്യാമെന്നു പറഞ്ഞപ്പോൾ അമേരിക്കൻ ഷീഫർ പേനകൾ തന്നെ വേണമെന്നു മന്ത്രിമാർ ശാഠ്യം പിടിച്ചതായി പറയുന്നതു ശരിയാണോ?
- ജോസഫ് മുണ്ടശ്ശേരി:
- അങ്ങനെ ശാഠ്യം പിടിച്ചോ എന്നൊന്നും ഞാൻ അന്വേഷിക്കാൻ പോയിട്ടില്ല.

ഒൻപതുമണിച്ചർച്ചകളിലൂടെ വിഷയം കൊഴുപ്പിക്കാൻ സാധ്യത ഉണ്ടാകാതിരുന്ന കാലത്തു് ആ വിവാദം അവിടെ അവസാനിച്ചു. സർക്കാർ ചെലവിൽ മന്ത്രിമാർ എത്ര പേന വാങ്ങിയെന്ന ചോദ്യം ഇന്നാണെങ്കിൽ ഒരു സഭാ സാമാജികന്റെ ചിന്താപരിസരത്തുപോലും വന്നു നക്ഷത്രചിഹ്നമിടില്ല. ആ പേന വാങ്ങിയതിൽ അഴിമതി നടന്നോ എന്നതായിരുന്നില്ല പ്രശ്നം. പാർക്കർ പോരാ, അമേരിക്കൻ ഷീഫർ തന്നെ വേണമെന്നു ചില മന്ത്രിമാർ വാശിപിടിച്ചു എന്ന ആരോപണത്തിലാണു കാതൽ. അധികാര ദുർവിനിയോഗത്തിന്റേയും ധൂർത്തിന്റേയും മഷികൊണ്ടെഴുതിയ അധ്യായങ്ങൾ ആദ്യ കേരളാ നിമയസഭയിലെ ആദ്യ സമ്മേളനത്തിൽ തന്നെ ഇങ്ങനെ അനവധി കാണാം. ഇന്നു നിസ്സാരമെന്നു തോന്നിയേക്കാവുന്ന പലതുമാണു് അഴിമതിസംസ്കാരത്തെ കേരളത്തിൽ പ്രതിഷ്ഠിച്ചതു് എന്നും തിരിച്ചറിയാം.

ആദ്യ കേരളസർക്കാരിനെ ഉലച്ചുമറിക്കുന്നതിലും പ്രിതിച്ഛായ തകർക്കുന്നതിലും വരെ എത്തിയതു് ഇത്തരമൊരു നിസ്സാര ചോദ്യത്തിൽ തുടങ്ങിയ ആരോപണമായിരുന്നു. ചോദ്യം ചോദിച്ചതു് പിന്നീടു് കെ പി സി സി പ്രസിഡന്റ് വരെയായ ടി ഒ ബാവ. ഉത്തരം പറഞ്ഞതു് കെ സി ജോർജ് എന്ന ഭക്ഷ്യമന്ത്രി. 1957 ഡിസംബർ 14-നു് നക്ഷത്രചിഹ്നമിട്ടുവന്ന ആ ചോദ്യങ്ങൾ:
- ടി ഒ ബാവ:
-
- ആന്ധ്രയിൽ നിന്നു കേരളാ സർക്കാർ വാങ്ങിയ അരി ചാക്കിനു് എന്തു വിലയായിരുന്നു?
- ആരോടാണു വാങ്ങിയതു്?
- എന്തിനം അരിയാണു്?
- ഈ ഇടപാടിൽ സ്റ്റേറ്റിന്റെ പൊതുമുതൽ നഷ്ടപ്പെട്ടിട്ടുണ്ടു് എന്ന ആരോപണത്തെക്കുറിച്ചു ഗവൺമെന്റ് അന്വേഷിച്ചിട്ടുണ്ടോ?
- അരിവാങ്ങാൻ ഇവിടെ നിന്നു് ഏതെങ്കിലും ഉദ്യോഗസ്ഥരെ ആന്ധ്രയിൽ അയച്ചിരുന്നോ?
- ആരാണു് ഉദ്യോഗസ്ഥർ?
- അദ്ദേഹത്തിന്റെ അവിടത്തെ ജോലി എന്തായിരുന്നു?
- ഭക്ഷ്യമന്ത്രി കെ സി ജോർജ്:
-
- 5000 ടൺ അരി വാങ്ങിയതിൽ 3,160 ടൺ ചാക്കൊന്നിനു് 36 രൂപ 14 അണ 6 പൈസ വിലയ്ക്കും 1845 ടൺ ചാക്കൊന്നിനു് 36 രൂപ 2 അണ 6 പൈസ നിരക്കിലുമാണു വാങ്ങിയതു്.
- ആന്ധ്രാ സംസ്ഥാനത്തുള്ള പല മില്ലുകളിൽ നിന്നും ഒരു ഏജൻസി മുഖാന്തിരമാണു വാങ്ങിയതു്.
- ഡാൽവാ പുഴുക്കലരി.
- പരാതികൾ അടിസ്ഥാന രഹിതമായതിനാൽ അതിനെപ്പറ്റി അന്വേഷിക്കേണ്ട ആവശ്യം ഉണ്ടെന്നു ഗവൺമെന്റ് കരുതുന്നില്ല.
- രണ്ടു് ഉദ്യോഗസ്ഥരെ സ്റ്റേറ്റ് റൈസ് ഓഫിസർമാരായി ഇവിടെ നിന്നു് അയച്ചിരുന്നു.
- പാലക്കാട് കലക്ടറുടെ പഴ്സണൽ അസിസ്റ്റന്റ് വി മാധവമേനോനേയും ദേവികുളം ഡപ്യൂട്ടി കലക്ടർ ടി കെ രാമനേയുമാണു് ആന്ധ്രയിലേക്കു് അയച്ചിരുന്നതു്.
- ഗവൺമെന്റിൽ നിന്നു് ഏർപ്പെടുത്തിയിട്ടുള്ള ഏജൻസി നൽകുന്ന അരി റയിൽവാഗണുകളിൽ കയറ്റുന്നതിനു മുൻപു പരിശോധിച്ചു ബോധ്യപ്പെടുക, അരിചാക്കുകളുടെ തൂക്കം പരിശോധിക്കുക, അതതു ദിവസത്തെ ആന്ധ്രാ വിപണിയിൽ നിന്നുള്ള വില തിട്ടപ്പെടുത്തി ആ റേറ്റിനാണോ ഏജൻസി അരിവിലയ്ക്കുള്ള ബിൽ അയച്ചിട്ടുള്ളതു് എന്നു പരിശോധിക്കുക, റയിൽവേയിൽ നിന്നു വാഗണുകൾ ലഭ്യമാക്കുക എന്നിവയായിരുന്നു റൈസ് ഓഫിസർമാരുടെ അവിടുത്തെ ജോലി.
അന്നു് ആ വിഷയത്തിൽ നിയമസഭയിൽ പിന്നെ ഒരു ചർച്ചയും ഉണ്ടായില്ല. പക്ഷേ, വിവാദം പുറത്തു് തുടങ്ങികഴിഞ്ഞിരുന്നു. ആദ്യം വന്നതു് ഒരു കോടി രൂപയുടെ ആരോപണമാണു്. 20,000 ടൺ അരിവാങ്ങാൻ കരാർ ആയെന്നും ഒരു കോടി രൂപയുടെ ക്രമക്കേടിനാണു വഴി ഒരുങ്ങിയതും എന്നുമുള്ള ആരോപണം അന്നത്തെ പത്രങ്ങളിലും കടന്നുകയറി (വസ്തുതാ പരിശോധന ഇല്ലാതെ തന്നെ).
ഒരു ടൺ അരി എന്നാൽ അന്നു് 14 ചാക്കു് ആണു്. ഒരു ചാക്കു് എന്നാൽ ശരാശരി 87 കിലോ. ആ 87 കിലോ അരിയുടെ വിലയാണു് 36 രൂപ 14 അണ 4 പൈസ. ഒരു കിലോ അരിയുടെ വില 41 പൈസ. ഒരു രൂപയ്ക്കു രണ്ടേകാൽ കിലോ അരി കിട്ടുന്ന ആ കാലത്താണു് ഒരു കോടി രൂപയുടെ അഴിമതി ആരോപണം വന്നതു്. കവലപ്രസംഗങ്ങളിലും പത്രവാർത്തകളിലുമായി അതു വികസിച്ചുകൊണ്ടേയിരുന്നു. മലയാളികളുടെ വിവാദപാഠാവലിയുടെ ഒന്നാംപാഠമായിരുന്നു അതു്. ഒരു വിവാദ വാർത്ത കൈകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങളും ഉൾക്കൊള്ളുന്നതിൽ പൊതുജനവും പഠിക്കേണ്ടതെന്തെന്നറിയാൻ ആന്ധ്രയിലെ ഈ അരിചാക്കുകൾ തുറന്നു നോക്കണം. അങ്ങനെ പഠിക്കാൻ ശ്രമിച്ചു രേഖകൾ പരിശോധിച്ചാൽ രണ്ടു ചോദ്യങ്ങൾ പെട്ടെന്നു കടന്നു വരും. യഥാർത്ഥത്തിൽ അരി ഇടപാടിൽ എന്തു വീഴ്ചയാണു സംഭവിച്ചതെന്ന സ്വാഭാവിക ചോദ്യം ആദ്യത്തേതു്. രണ്ടാമത്തേതു് ആരോപണം ഉന്നയിച്ച ടി ഒ ബാവയ്ക്കു് അരിയുടെ കാര്യത്തിൽ എന്തെങ്കിലും പ്രത്യേക താൽപര്യം ഉണ്ടോ?
കഥപറയുമ്പോൾ ക്ളൈമാക്സിനായി മാറ്റിവയ്ക്കേണ്ടതാണു് രണ്ടാമത്തെ വിഷയം. ടി ഒ ബാവയുടെ അരിയിലെ താൽപര്യം. പക്ഷേ, ഇവിടെ അതു് ആദ്യം വെളിപ്പെടുത്തി തന്നെ മുന്നോട്ടുപോയാലും വലിയ ക്ളൈമാക്സ് സർക്കാർ തന്നെ ഒരുക്കിവച്ചിട്ടുണ്ടു്. ടി ഒ ബാവയുടെ പിതാവു് വലിയ ഹോൾസെയിൽ അരിവ്യാപാരിയായിരുന്നു. ആലുവയിലെ ഏറ്റവും വലിയ അരിക്കച്ചവടക്കാരൻ. ആ വിവരം മറച്ചുവച്ചല്ല ബാവ അരിയുടെ വിഷയത്തിൽ ഇടപെട്ടതു് എന്നതാണു് ബാവയ്ക്കു ലഭിച്ച വിശ്വാസ്യതയുടെ ആദ്യകാരണം.
1958 ഡിസംബർ 20-നു് അരിവിവാദത്തിൽ നീണ്ട ചർച്ച സഭയിൽ നടക്കുകയാണു്. ഡിസംബർ 14-നു് കൊണ്ടുവന്ന മുകളിൽ പറഞ്ഞ ചോദ്യത്തിൽ നിന്നു് ഉയർന്നുവന്ന പ്രശ്നങ്ങൾകൊണ്ടു കലുഷിതമായ സഭ. അവിടെ പെട്ടെന്നു് ഒരു കടലാസുമായി ബാവ എഴുനേൽക്കുന്നു:
‘ടി ഒ ബാവ: ഓഗസ്റ്റ് 20-നു് സർക്കാർ അരിവാങ്ങിയതായാണു് പത്രക്കുറിപ്പിൽ പറയുന്നതു്. സർക്കാർ കൊടുത്ത വില ഒരു ചാക്കിനു് 36 രൂപ 14 അണ. അന്നു് അവിടെ ആ വില ഇല്ലായിരുന്നു. അന്നു് അതേ ദിവസം സർക്കാർ വാങ്ങിയ ഡാൽവ അരി 34 രൂപ എട്ടു് അണയ്ക്കു വിൽക്കാമെന്നു് ആന്ധ്രയിലെ വ്യാപാരികൾ ഓഫർ നൽകിയിട്ടുണ്ടു്. അന്നു് അതേ ദിവസം ആലുവയിലെ ഒരു വ്യാപാരിക്കു് 34 രൂപ 12 അണയ്ക്കു് അരി നൽകാം എന്നു പറഞ്ഞ ആന്ധ്രയിലെ താഡപ്പള്ളിഗുഡം ദേവി ആൻഡ് കമ്പനി നൽകിയ ഓഫർ കാർഡാണു് എന്റെ കയ്യിൽ ഉള്ളതു്. അന്നു് അതേ ദിവസം 34 രൂപ എട്ടു് അണയുടെ ഓഫറുകൾ പല വ്യാപാരികൾക്കും ആലുവയിൽ ലഭിച്ചിട്ടുണ്ടു്.
- കെ സി ജോർജ്:
- ആ കാണിച്ച കാർഡ് ആർക്കു് അയച്ചതാണു്.
- ടി ഒ ബാവ:
- സംശയിക്കണ്ട. ആലുവയിലെ അരിവ്യാപാരിയായ എന്റെ പിതാവിനു ലഭിച്ച ഓഫർ ആണിതു്. ഈ കാർഡ് അന്നേദിവസം താഡപ്പള്ളിഗുഡത്തു നിന്നു പോസ്റ്റ് ചെയ്തതിന്റെ സീൽ വേണമെങ്കിൽ ആർക്കും പരിശോധിക്കാം.
ബാവയുടെ ഈ ഇടപെടലോടെ രണ്ടു കാര്യങ്ങൾക്കു വ്യക്തത വന്നു. ബാവയുടെ പിതാവു് അരിവ്യാപാരിയാണു് എന്നതായിരുന്നു ആദ്യത്തേതു്. രണ്ടാമത്തേതു് ആന്ധ്ര അരി ഇടപാടിൽ നടന്നിരിക്കാൻ ഇടയുള്ള പണമിടപാടിന്റെ വലിപ്പം. അഞ്ചായിരം ടൺ അരി വാങ്ങിയതിൽ പതിനാറര ലക്ഷത്തിന്റെ അഴിമതി നടന്നുവെന്നും 20,000 ടണ്ണിന്റെ കരാർ പൂർത്തിയാകുമ്പോൾ ഒരു കോടിയുടെ വഴിവിട്ട ഇടപാടു് നടക്കുമെന്നുമുള്ള ആരോപണം ആ ഒറ്റദിവസം കൊണ്ടു മയപ്പെട്ടു വന്നു. അഞ്ചായിരം ടൺ അരിക്കു് യഥാർത്ഥത്തിൽ 25 ലക്ഷം രൂപയായിരുന്നു വില. അതു പരിശോധിക്കാതെയാണു് പതിനാറരലക്ഷത്തിന്റെ അഴിമതി വാർത്ത പത്രങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞതു്. ഒരു കോടി രൂപയെന്നാൽ 20,000 ടൺ അരിയും മൊത്തം വാങ്ങിയാൽ സർക്കാർ ചെലവഴിക്കുന്ന പണമായിരുന്നു. അതു് അഴിമതിയുടെ കണക്കു് ആയിരുന്നില്ല.

ബാവ തന്നെ സഭയിൽ സമ്മതിച്ചതുപോലെ, പിന്നെ സർക്കാരിനും സമ്മതിക്കേണ്ടി വന്നതുപോലെ ആദ്യത്തെ അരി ഇടപാടിൽ ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള നഷ്ടത്തിന്റെ ദുരൂഹതയാണുള്ളതു്. ഒരുചാക്കു് അരി വാങ്ങിയതിൽ രണ്ടു രൂപ 10 അണയുടെ വ്യത്യാസം. അന്നത്തെ വിപണി വിലയിൽ ഓരോ ചാക്കിനും നഷ്ടമായിരിക്കുന്നതു് അഞ്ചു കിലോ അരി കൂടി വാങ്ങാനുള്ള വില. ഒരു ടൺ അരിയുടെ ഇടപാടു നടന്നപ്പോൾ നഷ്ടമായതു് 70 കിലോ അരി കൂടി വാങ്ങാനുള്ള പണം. അങ്ങനെ അയ്യായിരം ടൺ അരി വാങ്ങിയപ്പോൾ മൂന്നര ടൺ അരി കൂടി വാങ്ങാനുള്ള പണമാണു് ഇല്ലാതായതു്. അതായതു് 1,43,500 രൂപ. അന്നു് 1.43 ലക്ഷം രൂപ എന്നതു വളരെ വലിയ ഒരു തുക തന്നെയായിരുന്നു. യഥാർത്ഥ നഷ്ടം ചൂണ്ടിക്കാണിച്ചു് വിവാദങ്ങളിലേക്കു് ഇറങ്ങിയിരുന്നെങ്കിലും വാർത്തയുടെ മൂല്യം ഒട്ടും തകരുമായിരുന്നില്ല. കാരണം ആ 1.43 ലക്ഷം രൂപയുടെ നഷ്ടത്തിനു തക്കതായ വിശദീകരണം നൽകാൻ നിയമസഭയിലോ പിന്നീടു നിയമിതമായ ജുഡീഷ്യൽ കമ്മിഷനു മുന്നിലോ സർക്കാരിനു കഴിഞ്ഞില്ല. ടി ഒ ബാവ ഹാജരാക്കിയ സ്വകാര്യ ക്വട്ടേഷനുകളിൽ മാത്രമായിരുന്നില്ല അന്നേ ദിവസം കേന്ദ്ര സർക്കാർ വാങ്ങിയ അരിക്കും വില കുറവു തന്നെയായിരുന്നു. കേന്ദ്ര സർക്കാർ ആന്ധ്രയിൽ നിന്നു് ഒരു ചാക്കു് ഡാൽവ അരി അതേ ദിവസം 34 രൂപയ്ക്കാണു വാങ്ങിയിരുന്നതു്. ആ നിലയ്ക്കു നോക്കിയാൽ ഒന്നര ലക്ഷം രൂപയുടെ വ്യത്യാസം സംസ്ഥാനം വാങ്ങിയ അരിയിൽ ഉണ്ടായി. വിലയുടെ കാര്യത്തിൽ മാത്രമല്ല, വിവാദം പെരുപ്പിച്ചപ്പോൾ പാളിച്ചയുണ്ടായതു്. അന്നു കേരളം മുഴുവൻ അലയടിച്ച വാർത്തയായിരുന്നു കമ്മ്യൂണിസ്റ്റ് സർക്കാർ അധിക വിലയ്ക്കു് അരി വാങ്ങിയതു് പി സുന്ദരയ്യ യുടെ സഹോദരനിൽ നിന്നാണു് എന്നതു്. പ്രതിപക്ഷം അതു വിവാദവും പത്രങ്ങൾ വാർത്തയുമാക്കി. യഥാർത്ഥത്തിൽ ആരിൽ നിന്നാണു് അരിവാങ്ങിയതു്?

സംസ്ഥാന സർക്കാർ അരി വാങ്ങിയതു് ടി ശ്രീരാമലു ആൻഡ് സൂര്യനാരായണൻ എന്ന കമ്പനി മുഖേനയായിരുന്നു. ആന്ധ്രക്കാർ ആണെങ്കിലും കമ്പനിയുടെ ആസ്ഥാനം മദ്രാസ് (ഇന്നത്തെ ചെന്നൈ) ആണു്. ശ്രീരാമലു അറിയപ്പെടുന്ന കോൺഗ്രസ് നേതാവു്. പൊറ്റ ശ്രീരാമലു എന്ന ആന്ധ്രയിലെ കോൺഗ്രസിന്റെ തലതൊട്ടപ്പന്റെ സഹോദരൻ. ഇവരുടെ സഹോദരിയുടെ മകനാണു് സൂര്യനാരായണൻ. മുഴുവൻ പേരു് പി സൂര്യനാരായണൻ. ഈ പി സൂര്യനാരായണനാണു് പി സുന്ദരയ്യയുടെ സഹോദരനാണെന്നു് ഏതോ കോൺഗ്രസ് നേതാവു് കവലപ്രസംഗത്തിലെ പഞ്ചിനു വേണ്ടി ഉപയോഗിച്ചതും പിറ്റേന്നു പത്രങ്ങളിലെല്ലാം വാർത്തയായതും. സൂര്യനാരായണനും ശ്രീരാമലുവും കോൺഗ്രസ് നേതാക്കൾ ആണോ എന്നു പോലും അന്വേഷിക്കാതെ ആ വിവാദവാർത്ത വന്ന കാലങ്ങളിലെല്ലാം സുന്ദരയ്യയുടെ സഹോദരന്റെ കമ്പനി എന്ന പ്രയോഗവും ഒപ്പമുണ്ടായിരുന്നു. പക്ഷേ, സുന്ദരയ്യയുടെ കുടുംബക്കമ്പനി ആയിരുന്നില്ലെങ്കിലും ടെൻഡർ പോലും വിളിക്കാതെ കമ്യൂണിസ്റ്റ് സർക്കാർ അരി വാങ്ങിയ ഈ കമ്പനിക്കു് വേറെ ഒരു വലിയ ദുരൂഹതയുണ്ടായിരുന്നു. അതു് അന്നോ പിന്നീടു് അന്വേഷണ കമ്മിഷനു മുന്നിലോ ആരും ചർച്ചചെയ്തതുമില്ല.
ടി ശ്രീരാമലു ആൻഡ് സൂര്യനാരായണൻ എന്ന കമ്പനി അരിക്കച്ചവടക്കാർ ആയിരുന്നില്ല എന്നതായിരുന്നു ദുരൂഹത. അവർ അന്നുവരെ നടത്തിയിരുന്നതു തടിക്കച്ചവടമായിരുന്നു. അവരുടെ ആദ്യത്തെ ലോഡ് അരി കൈമാറിയതു് കേരളത്തിനു് ആയിരുന്നു. മദ്രാസ് ആസ്ഥാനമായിരുന്ന തടിക്കമ്പനിയിൽ നിന്നു സംസ്ഥാന സർക്കാർ വിപണി വിലയിലും കൂടിയ വിലയ്ക്കു് അരി വാങ്ങിയതിന്റെ കാരണം ഇന്നും ദുരൂഹമായി തുടരുകയാണു്. അരി സൂക്ഷിക്കാൻ അതുവരെ ഒരു ഗോഡൗൺപോലും ഇല്ലാതിരുന്ന കമ്പനിയെ ടെൻഡർ പോലും വിളിക്കാതെ കരാർ ഏൽപ്പിച്ചതു് ഏതു് അടിയന്തിര സാഹചര്യത്തിൽ ആയിരുന്നു?

ആ ചോദ്യത്തിനുള്ള ഉത്തരമായി കെ സി ജോർജ് എന്ന ഭക്ഷ്യമന്ത്രിയും മുഖ്യമന്ത്രി ഇ എം എസും വിശദീകരിച്ചതു് ഇങ്ങനെയായിരുന്നു. സംസ്ഥാനത്തിനു് 26,000 ടൺ അരിയാണു് കേന്ദ്ര വിഹിതമായി ലഭിച്ചിരുന്നതു്. എന്നാൽ ജനുവരിയിൽ അയ്യായിരം ടൺ അരി മാത്രമേ നൽകാൻ കഴിയൂ എന്നു കേന്ദ്ര സർക്കാർ അറിയിച്ചു. 20,000 ടൺ അരിയുടെ കുറവാണു് അപ്പോൾ സംസ്ഥാനത്തു് ഉണ്ടാവുക. ഇതു കേരളം സ്വന്തം നിലയ്ക്കു വാങ്ങണം എന്നു കേന്ദ്രസർക്കാർ അറിയിച്ചു. വില നിയന്ത്രിക്കാനും ക്ഷാമം ഉണ്ടാകാതിരിക്കാനും അരി ഉടനടി കേരളത്തിൽ എത്തേണ്ടതു് ആവശ്യമായിരുന്നു. സംസ്ഥാനത്തെ അരി വ്യാപാരികളോടു് ആവശ്യപ്പെട്ടപ്പോൾ ആരും സർക്കാർ പറയുന്ന വിലയ്ക്കു് വിതരണം ചെയ്യാൻ തയ്യാറായില്ല. അതിനാൽ സർക്കാർ നേരിട്ടു് ആന്ധ്രയിൽ നിന്നു് അരി വാങ്ങി പൊതുവിപണിയിൽ ലഭ്യമാക്കാൻ തീരുമാനിച്ചു. പറഞ്ഞ സമയത്തിനുള്ളിൽ അരി എത്തിക്കാം എന്നു വാഗ്ദാനം ചെയ്തു വന്ന കമ്പനിയാണു് ടി ശ്രീരാമലു ആൻഡ് സൂര്യനാരായണൻ. അവർ ആദ്യഘട്ടത്തിൽ കരാർ ആക്കിയ അയ്യായിരം ടണ്ണും പറഞ്ഞ സമയത്തു തന്നെ നൽകുകയും ചെയ്തു. അടിയന്തരഘട്ടം ആയിരുന്നതിനാൽ സർക്കാർ മറ്റു മാർഗ്ഗങ്ങൾ ആലോചിച്ചില്ല.

ഇവിടെയാണു് കേരളത്തിൽ പിന്നീടുണ്ടായ പലവിവാദങ്ങളുടേയും കരടു കിടക്കുന്നതു്. എസ് എൻ സി ലാവ്ലിൻ എന്ന കമ്പനിയുമായി കരാർ വച്ചതിനെക്കുറിച്ചു അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയൻ പറഞ്ഞ അതേ ന്യായീകരണം. കാര്യം നടക്കുകയായിരുന്നു ആവശ്യം എന്നതിനാൽ മറ്റു വഴികൾ തേടിയില്ല എന്ന വാദം ഖജനാവിനും ജനത്തിനും നഷ്ടമുണ്ടാകാത്ത കാലത്തോളം മാത്രമേ നിലനിൽക്കുകയുള്ളു. ആന്ധ്ര അരിയുടെ കാര്യത്തിൽ ഖജനാവിനു് ആദ്യത്തെ കരാറിൽ തന്നെ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നതു നിഷേധിക്കാൻ മന്ത്രിസഭയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഒരുകാലത്തും കഴിഞ്ഞതുമില്ല. പക്ഷേ, ആന്ധ്ര അരിയുടെ ഇടപാടു് ആ അയ്യായിരം ടണ്ണിലും ഒന്നരലക്ഷം രൂപയുടെ ദുരൂഹതയിലും അവസാനിച്ചിരുന്നില്ല. ഒരു ചാക്കു് അരിക്കു് ആറു് അണയായിരുന്നു വിലയ്ക്കു പുറമെ സർക്കാർ നൽകിയ കമ്മിഷൻ. ഏകദേശം 37.5 പൈസ. 41 പൈസക്കു് ഒരു കിലോ അരികിട്ടുന്ന കാലത്തായിരുന്നു ഈ കമ്മിഷൻ. അയ്യായിരം ടൺ അരിയെന്നാൽ എഴുപതിനായിരം ചാക്കു വരും. കമ്മിഷൻ മാത്രമായി സർക്കാർ ഈ കമ്പനിക്കു നൽകിയതു് 26,250 രൂപ. വണ്ടിച്ചെലവും വാഗൺചെലവുമെല്ലാം സർക്കാർ തന്നെ ഇതുകൂടാതെ വഹിച്ചു. അപ്പോൾ ഖജനാവിനുണ്ടായ അധികച്ചെലവു് ഒന്നേമുക്കാൽ ലക്ഷം രൂപയായി. ഈ തുക ആന്ധ്രയിലെ അരിമില്ലുകളിൽ നിന്നു നേരിട്ടു വാങ്ങിയിരുന്നെങ്കിൽ ലാഭിക്കാമായിരുന്നില്ലേ എന്ന ഒറ്റച്ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ കഴിയാത്തിടത്താണു് ദുരൂഹത പർവ്വതീകരിക്കപ്പെട്ടതു്. ഇത്രയും ദുരൂഹത ഉയർന്നു വന്ന ശേഷവും സർക്കാർ നേരിട്ടു തന്നെ അരിവാങ്ങാൻ പിന്നെയും കരാർ എഴുതി.
സർക്കാർ കരാർ എഴുതിയതു് അഴിമതിക്കു വേണ്ടിയാണെന്നു് അന്നത്തെ പത്രവാർത്തകളിൽ വന്നതുപോലെയോ കോൺഗ്രസ് നേതാക്കൾ പറയുന്നതുപോലെയോ സ്ഥാപിക്കാൻ കഴിയില്ല. കാരണം കേരളത്തിൽ അന്നു് ഒരു വർഷം വേണ്ടിയിരുന്നതു് 14 ലക്ഷം ടൺ അരിയാണു്. ഇവിടെ ഉണ്ടായിരുന്ന ഉത്പാദനം ഏഴു ലക്ഷം ടൺ മാത്രവും. കേന്ദ്രസർക്കാർ മാസംതോറും 26,000 ടൺ നൽകിയിരുന്നു—വർഷം 3.12 ലക്ഷം ടൺ. ആ 26,000 ടൺ വെട്ടിക്കുറയ്ക്കും എന്ന അറിയിപ്പു വന്നതോടെയാണു് സംസ്ഥാന സർക്കാർ അരിവിപണിയിൽ ഇറങ്ങിയതു്. പുതിയ സർക്കാരിനു് ഒട്ടും ആലോചിക്കാൻ കഴിയാത്ത ഒരു സ്ഥിതി വിശേഷമായിരുന്നു അതു്. കേന്ദ്രഅരിയുടെ വരവു കുറഞ്ഞാൽ കടുത്തക്ഷാമവും വിലക്കയറ്റവും ഉണ്ടാവുകയും അതിന്റെ പേരിൽ തന്നെ സർക്കാർ പ്രതിസന്ധിയിലാവുകയും ചെയ്യും. അതുമറികടക്കാൻ നടത്തിയ ശ്രമങ്ങളാണു തുടർ കരാറുകളിലേക്കു് സർക്കാരിനെ എത്തിച്ചതു്. രണ്ടാമതു വാങ്ങിയതു പതിനായിരം ടൺ അരിയായിരുന്നു. ഇതും ടെൻഡർ വിളിക്കാതെ തന്നെ നൽകി. വിവാദമായ ശ്രീരാമലു ആൻഡ് സൂര്യനാരായണൻ എന്ന കമ്പനിക്കു തന്നെ അയ്യായിരം ടണ്ണിനും ആന്ധ്രയിലെ തെനാലിയിലുള്ള തങ്ക വെങ്കിടേശ്വരലു ആൻഡ് ഈഡികൗണ്ടർ വെങ്കിടസുബ്രഹ്മണ്യം എന്ന കമ്പനിക്കു് അയ്യായിരം ടണ്ണിനും കരാർ. ഇതു കൂടിയ ഡാൽവ അരിക്കു പകരം ബസങ്കി അരിക്കുള്ള കരാർ ആയിരുന്നു. ഇതൂകൂടാതെ മറ്റൊരു ആറായിരം ടൺ അരിക്കു കൂടി സർക്കാർ കരാർ എഴുതി. അക്കലു പുഴുക്കലരി വാങ്ങുന്നതിനുള്ള ആ കരാർ മുഴുവനായും ശ്രീരാമലു ആൻഡ് സൂര്യനാരായണൻ എന്ന കമ്പനിക്കു തന്നെ നൽകി. യഥാർത്ഥത്തിൽ ഇവിടെയും വലിയൊരു വാർത്തയുണ്ടായിരുന്നു. അന്നാരും അന്വേഷിക്കാതെ പോയ സംഭവം. സർക്കാർ കരാർ എഴുതിയ രണ്ടു കമ്പനികളും ഒരേ ഡയറക്ടർമാരുടേതു തന്നെ ആയിരുന്നു എന്നതായിരുന്നു ആ ദുരൂഹത.
ഭരണത്തിലെ പരിചയക്കുറവുകൊണ്ടും ചട്ടങ്ങൾ പാലിക്കാതെയുള്ള നടപടികൾകൊണ്ടും സംഭവിച്ചതാണെങ്കിലും അരി ഇടപാടിൽ വലിയ വീഴ്ച പ്രഥമദൃഷ്ട്യാ സംഭവിച്ചിരുന്നു. അതു സർക്കാരിനു മനസ്സിലാവുകയും ചെയ്തു. അതു മനസ്സിലാക്കിയതിന്റെ തെളിവായിരുന്നു ഇ എം എസ് ഒരു മുഴം മുൻപേ നടത്തിയ ഏറു്. കേരളം കണ്ട ഏറ്റവും മെയ് വഴക്കമുള്ള രാഷ്ട്രീയ തന്ത്രം കൂടിയായിരുന്നു അതു്.

1958 മാർച്ചു് 25. കെ പി സി സി പ്രസിഡന്റ് കൂടിയായ പ്രതിപക്ഷ നേതാവു് പി ടി ചാക്കോ നിയമസഭയിൽ ഒരു പ്രമേയം അവതരിപ്പിക്കുന്നു:
‘സർ, എന്റെ പ്രമേയം ഇതാണു്. കേരള സംസ്ഥാനം ആന്ധ്രയിൽ നിന്നു് അരിവാങ്ങിയതു സംബന്ധിച്ചു് ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ഇവയെപ്പറ്റി അന്വേഷിക്കുന്നതിനു ജില്ലാ ജഡ്ജിയുടെ നിലയിലുള്ള കമ്മിഷനെ നിശ്ചയിക്കണമെന്നു് ഈ സഭ ശുപാർശ ചെയ്യുന്നു.’
ആവശ്യം വിശദീകരിച്ചുകൊണ്ടുള്ള ചാക്കോയുടെ പ്രസംഗത്തിനൊടുവിൽ മുഖ്യമന്ത്രി ഇ എം എസ് എഴുന്നേറ്റു:
‘വാസ്തവത്തിൽ എനിക്കു ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോടു സഹതാപമാണു തോന്നുന്നതു്. ജില്ലാ ജഡ്ജിയുടെ നിലയിലുള്ള അന്വേഷണമാണു് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നതു്. എന്നാൽ ഹൈക്കോടതി ജഡ്ജിയെക്കൊണ്ടു തന്നെ അന്വേഷിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഇതിനുള്ള കമ്മിഷനെ നിശ്ചയിക്കുന്നതിനായി ഇന്നലെ ഹൈക്കോടതിയുമായി ചർച്ച നടത്തുകയും ചെയ്തു. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ വയ്ക്കാൻ സർക്കാർ തീരുമാനിച്ച സ്ഥിതിക്കു് ജില്ലാ ജഡ്ജിയെക്കൊണ്ടു് അന്വേഷിപ്പിക്കണം എന്നു പ്രതിപക്ഷ നേതാവു പറയുന്നതു് എന്തു ഗതികേടുകൊണ്ടാണു്?’
സർക്കാരിന്റെ കൈകൾ ശുദ്ധമായതുകൊണ്ടു് ഒരന്വേഷണത്തേയും ഭയമില്ലെന്നു പിന്നീടു വന്ന മുഖ്യമന്ത്രിമാർക്കു പറയാനുള്ള മാതൃകയാണു് ഇ എം എസ് അവിടെ സൃഷ്ടിച്ചതു്. സോളാർ ഉൾപ്പെടെയുള്ള അസംഖ്യം അന്വേഷണ കമ്മിഷനുകളുടെ ബീജം അന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ കേരളത്തിൽ വീണു കഴിഞ്ഞിരുന്നു. പി ടി ചാക്കോയ്ക്കു പ്രമേയം പിൻവലിക്കുകയല്ലാതെ മറ്റു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒരു സംശയം ബാക്കി നിൽക്കുന്നുണ്ടായിരുന്നു. അതു് പിതാവിനു് അരിക്കച്ചവടം ഉണ്ടെന്നു നിയമസഭയിൽ തന്നെ തെളിച്ചുപറഞ്ഞ ടി ഒ ബാവയ്ക്കു് മറ്റെന്തെങ്കിലും താൽപര്യം ഉണ്ടായിരുന്നോ എന്ന ചോദ്യമാണു്. അതു് തെളിച്ചു പറയാൻ കഴിയുന്ന കാര്യമല്ല. പക്ഷേ, സർക്കാർ അരിവാങ്ങാൻ തീരുമാനിച്ച ഒരു പ്രഖ്യാപനമുണ്ടു്. ചട്ടം 137 അനുസരിച്ചു് നിയമസഭയിൽ മന്ത്രി കെ സി ജോർജ് അവതരിപ്പിച്ച ഒരു പ്രമേയം. ഏതുവിധേനയും സർക്കാർ അരിശേഖരം വർദ്ധിപ്പിക്കുന്നതിനുള്ള നടപടിക്കു് ഈ സഭ പൂർണ പിന്തുണ നൽകുന്നു എന്നായിരുന്നു നിയമസഭയുടെ ആദ്യ ദിനത്തിൽ തന്നെയുള്ള പ്രമേയം. ഇതു് അവതരിപ്പിച്ച ഉടനെ ടി ഒ ബാവ എഴുന്നേറ്റു ചോദിച്ചു:
- ടി ഒ ബാവ:
- ഈ സംസ്ഥാനത്തെ കച്ചവടക്കാർ ആന്ധ്രയിൽ പോയി വാങ്ങിയിട്ടുള്ള അരി അവിടെ നിന്നു കൊണ്ടുവരാൻ വാഗൺ ലഭിക്കാത്ത പ്രശ്നമുണ്ടു്. അതു പരിഹരിക്കാൻ സർക്കാർ ഇടപെടുമോ?
- കെ സി ജോർജ്:
- തീർച്ചയായും സർക്കാർ ഇടപെടും. അപ്പോൾ എല്ലാവരുടേയും അംഗീകാരത്തോടെ ഈ പ്രമേയം പാസാക്കുകയല്ലേ?
ആരും എതിർത്തില്ല. പ്രമേയം പാസാവുകയും ചെയ്തു. പക്ഷേ, സംസ്ഥാനത്തെ വ്യാപാരികൾ കരുതിയതുപോലെ അവിടെ നിന്നു് അരികൊണ്ടുവരുന്നതിനു വാഗൺ ഏർപ്പെടുത്തി കൊടുക്കുകയല്ല സർക്കാർ ചെയ്തതു്. നേരിട്ടു് അരി വാങ്ങുകയായിരുന്നു. ആ വാങ്ങലാണു് ആദ്യ മന്ത്രിസഭയുടെ പേരിനെ വലിയകോലാഹലങ്ങളിലേക്കു കൊണ്ടുപോയതു്. ഭൂപരിഷ്കരണ ബില്ലുകളുടെ ശോഭ പോലും കെടുത്തിയതു്. ആന്ധ്രയിൽ നിന്നു കേരളത്തിലെ കച്ചവടക്കാർ വഴി അരികൊണ്ടുവന്നിരുന്നെങ്കിൽ ഈ വിവാദംപോലും ഉണ്ടാകുമായിരുന്നോ എന്ന ചോദ്യത്തിലൂടെ ടി ഒ ബാവയുടെ പരിശുദ്ധി സംശയിക്കുന്നതിൽ അർത്ഥമില്ല. കാരണം പ്രഥമദൃഷ്ട്യാ ദുരൂഹത തന്നെയായിരുന്നു ആന്ധ്രയിൽ നിന്നു ചാക്കുകളിൽ നിറച്ചുകൊണ്ടുവന്നതു്. പക്ഷേ, അന്വേഷണം എങ്ങുമെത്തിയില്ല. പുതിയ കണ്ടുപിടിത്തവും ഉണ്ടായില്ല. കാരണം, കമ്മിഷൻ വരുന്നതിനു മുൻപു തന്നെ സംസ്ഥാന സർക്കാരിനെ പുറത്താക്കി കഴിഞ്ഞിരുന്നു. വിമോചന സമരത്തിന്റെ തീക്കാറ്റിൽ, ഫ്ളോറിയുടെ മരണത്തിൽ, അങ്കമാലിയിലെ കൂട്ടക്കൊലയിൽ ആദ്യ സർക്കാരിന്റെ വിധികൂടി എഴുതിവച്ചിരുന്നു.

1974-ൽ ജനനം. പിതാവു് പരമേശ്വരൻ. മാതാവു് രമണി. മണക്കാട് ഗവ എൽ. പി. സ്കൂൾ, എൻ. എസ്. എസ്. ഹൈസ്കൂൾ, തൊടുപുഴ ന്യൂമാൻ കോളജ്, കാക്കനാട് കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1996 മുതൽ മാധ്യമപ്രവർത്തകൻ. ഐക്യകേരളത്തെ ഉലച്ച സംഭവങ്ങളുടേയും വിവാദങ്ങളുടേയും പുസ്തകം ഡിസി ബുക്സ് 2017-ൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ സായാഹ്നയിലൂടെ വീണ്ടും വെളിച്ചം കാണുന്നു. ‘ശയ്യാതല സഞ്ചാരി നീ’ എന്ന നോവലും സായാഹ്ന പ്രസിദ്ധീകരിച്ചു. ‘ഫൈവ് മില്യൺ എപിക്സ്’ എന്ന ഇംഗ്ളീഷ് നോവൽ വൈറ്റ് ഫാൽകൺ പബ്ളിഷേഴ്സ് ആണു് പുറത്തിറക്കിയതു്. ജംഗിൾ ബുക്കും ടാർസൺ കഥകളും മലയാളത്തിലേക്കു വിവർത്തനം ചെയ്തു.