images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
പീഡയുടെ പദ്ധതിയാണീ പുസ്തകം
ജി ആർ ഇന്ദുഗോപൻ

നിങ്ങളീ നോവലിനെ സമീപിക്കുമ്പോ ശ്രദ്ധിക്കേണ്ടതുണ്ടു്. ഓടി വന്നു് അതിനെ കെട്ടിപ്പിടിക്കുക വയ്യ. പീഡയുടെ പദ്ധതിയാണീ പുസ്തകം. വേദനയുടെ മുള്ളുകൾ നിലവിളിച്ചു കൊണ്ടു് എമ്പാടും എഴുന്നു നിൽപ്പുണ്ടു്. പക്ഷേ, ആ മുള്ളുകൾ ഒരു ആശ്ലേഷം കൊതിക്കുന്നു; ഒരു സാന്ത്വനവും. അത്ര കണ്ടു് ഹൃദായാലുവാണെങ്കിൽ നിങ്ങൾക്കതിനെ പുണരാതെ വയ്യ എന്നു് തോന്നുന്നിടത്താണു് ഈ നോവലിന്റെ ആസ്വാദനം ആരംഭിക്കുന്നതു്. ആ മുറിവുകളിന്മേൽ നിങ്ങൾ നീറുന്നിടത്താണു് ഈ നോവലിന്റെ ആത്മാവിന്റെ വ്യാപ്തി വ്യക്തമാകുന്നതു്.

ഭൂമി ക്രൂരതകളിൽ നിറഞ്ഞിരിക്കുന്നു. ആക്രമണങ്ങളും കൊലയും, ജീവനോടെ ഇരയെ ആഹാരമാക്കുന്നതുമൊക്കെ അതിന്റെ ക്രൂരമായ ക്രിയാത്മകതകളിൽ പെടുന്നു. എങ്കിൽ കൂട്ടബലാൽസംഗങ്ങളോ ബാലപീഡകളോ പുരുഷമനുഷ്യന്റെ മാത്രം അന്യായമാണു്. അവനു് ലഭിച്ച സവിശേഷമായ ഉൾബോധത്തെ വളച്ചൊടിച്ചു് ക്രൂരപദ്ധതികളുണ്ടാക്കുക എന്നതിൽ പ്രകൃതിവിരുദ്ധതയുണ്ടു്. നോവലെഴുത്തും ഒരു നിഗൂഡപദ്ധതിയാണു്; പ്രകൃതിപരമല്ല താനും. പക്ഷേ, ക്രൂരമല്ല. ക്രൂരതയെയും അവസ്ഥകളെയും വ്യാഖ്യാനിക്കുന്നതുമാണു്. മേൽപ്പറഞ്ഞ വിഷയത്തെ വച്ചു് അതിനാൽ ഒരു നോവലെഴുതുമ്പോൾ അതു് കളകളമൊഴുകുമൊരു അരുവിയും ഒരു സാന്ത്വനചികിൽസയും മനോരമണീയമായ അനുഭവവുമാകാൻ പറ്റില്ല. ഇരയിലെ ആഘാതങ്ങൾ ലാവയ്ക്കു മേലെ ചൂടുള്ളതാണു്. അതു് അതേ ജന്മത്തു് തണുക്കുമെന്നു് കരുതരുതു്. അതിനാൽ തന്നെ നായികയ്ക്കു് പേരിടുന്നതിൽ മുതൽ, സ്ഥലനാമങ്ങളുടെ സാധാരണത്വം റദ്ദാക്കി, ഇതിൽ മനുഷ്യാവസ്ഥയെ ഏറ്റവും അസംസ്കൃതമായി നിറയ്ക്കുക എന്ന വ്യക്തമായ ധാരണയിന്മേലാണു് എഴുത്തുകാരൻ ഈ നോവലിനു് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതു്.

അപമാനിക്കപ്പെട്ട ഒരു ആറു വയസ്സുകാരിയിൽ തുടങ്ങി പാമരം പൊട്ടിവീണു നട്ടെല്ലിന്റെ കഴുത്തിലെ കശേരു തകർന്ന നിലയിൽ ഒരു ദശകമായി കിടക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണിതു്. സുഗമസഞ്ചാരത്തിന്റെ ഒരു കഥയല്ല ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നതു്. പെൺകുട്ടിക്കു് ബോധമുണ്ടെന്നതാണു് ഏറ്റവും വേദനാജനകം. അവളോടു് പറഞ്ഞു കൊണ്ടേയിരിക്കണം. അവൾ കേൾക്കുന്നുണ്ടു്. അധികം സംസാരിക്കാത്ത, അനുഭവിക്കാൻ മാത്രം പഠിച്ച അമ്മ, സംസാരിച്ചു തുടങ്ങുകയാണു്.

വായനാസുഖത്തെ പ്രതി ഇതിനെ സമീപിക്കരുതു്. ഇവിടെ, സുഖത്തിൽ നിന്നുണ്ടാകുന്ന അസുഖങ്ങൾ അതിന്റെ ഭീകരതയിൽ ചിത്രീകരിക്കപ്പെടുന്നവയാണു്. അതാണു് ഇതിനെ വേറിട്ടുനിർത്തുന്നതു്. ബോധമുള്ള ഒരു ‘ശവശരീരമായി കിടക്കുന്ന ഋദ്ധി’ എന്ന നായികയുടെ ബോധധാരാപ്രവാഹം അതിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയിലാണു്. അവളുടെ ഭൗതികവും മാനസികവുമായ അവസ്ഥയ്ക്കു് മേലേക്കൂടി അതു് പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ആ അർഥത്തിൽ ആ ഒഴുക്കിനെ നോവലിൽ കാണണം.

വലിയ മട്ടിൽ ഋദ്ധി, തന്റെ ആറാം വയസ്സിലെ ക്രൂരതയെ അതിജീവിക്കുന്നുണ്ടു്. അവൾ ഭയന്നിരിക്കുന്നില്ല. സിസ്റ്റർ സന്ധ്യയുടെ സഹായമുണ്ടു്. അവർ തോൽക്കാത്ത സ്ത്രീയുടെ പ്രതീകമാണു്. സ്ത്രീത്വത്തെ സംരക്ഷിക്കുന്നു. കരഞ്ഞിരിക്കാനല്ല. ഇച്ഛയ്ക്കും സ്വാതന്ത്ര്യത്തിനനുസരിച്ചു് ജീവിക്കാനാണു് ആഹ്വാനം. അങ്ങനെ തന്നെയാണു് ഋദ്ധിയും കൂട്ടുകാരികളും ജീവിക്കുന്നതു്. എന്നാൽ ഭൂമി പഴയ നിലയിൽ തന്നെ കറങ്ങിക്കറങ്ങി പഴയിടത്തേയ്ക്കു് വരുന്നു. വിധിവശാൽ ഋദ്ധിക്കു് ഒരു അപകടം പറ്റി എന്ന നിലയിൽ ഈ നോവലിനെ ലളിതവൽക്കരിക്കരുതു്. എങ്കിൽ നോവലിസ്റ്റിനു് ഇങ്ങനെ എഴുതേണ്ടി വരില്ലായിരുന്നു. യഥാതഥമായി യാഥാസ്ഥിതികമായി ഇതിന്റെ മനോചിത്രീകരണം നിർവഹിക്കാമായിരുന്നു. നിശ്ചലമായി കിടക്കുന്നതാരു്? അതു് ഋദ്ധിയാണോ? അല്ല. പുരുഷന്റെ മനോനിലയാണു്, അവനിലെ പ്രാകൃതാവസ്ഥയാണു്. ഉന്നതനിലയിൽ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ത്രീയുടെ മനോവ്യാപാരങ്ങളെ അതിനു് തൊടാനാകുന്നില്ല.

ഈ നോവൽ ഉന്നതമായി, സൂക്ഷ്മമായി മാത്രം വായിച്ചെടുക്കുക്കാവുന്ന ഒന്നാണെന്നു് ഞാൻ കരുതുന്നു. അതിന്റെ അടരുകളെ മനസ്സിലാക്കാൻ തക്കവിധം പ്രാപ്തിയുള്ള വായനക്കാരെയാണു് ഈ പുസ്തകം അന്വേഷിക്കുന്നതു്. അങ്ങനെയുള്ളവർക്കു് ഇതു് വലിയ പുസ്തകമാണു്. ഋദ്ധിയുടെ മേൽക്കാഴ്ചകളിൽ ഉത്തരത്തിലെ ആൺപ്പല്ലികളും കീഴ്ക്കാഴ്ചകളിൽ ആശുപത്രിയിലെ ‘ശവഭോഗി’കളും ഉണ്ടായി വരുന്നതു പോലെ സങ്കീർണത ഇതിലുണ്ടു്. പക്ഷേ, അത്തരം സങ്കീർണതകളാണു് ഫിക്ഷൻ എന്ന അവസ്ഥയെ വലുതാക്കുന്നതു്. ഋദ്ധി നല്ല ലെഗ്സ്പിന്നറാണു്. കലയിലെ ഭംഗിയും അതാണു്. ലെഗ്സ്പിന്നർ പന്തു തിരിക്കാൻ ശ്രമിക്കുന്നു. പക്ഷേ, പന്താണു് തീരുമാനിക്കുന്നതു്, എറിയുന്നവരെയും അദ്ഭുതപ്പെടുത്തി, അതിൽ കല വിരിയിച്ചു് കുത്തിത്തിരിയുന്നതു് എങ്ങനെയെന്നു്. നല്ല വായനക്കാരനെ നല്ല പുസ്തകം കുത്തിത്തിരിക്കുന്നതും അങ്ങനെയാണു്. അപ്രതീക്ഷിതമായി. ഈ പുസ്തകം വായിക്കാനായതിൽ സന്തോഷം. ആശംസകളും.

തിരുവനന്തപുരം, 30-01-2024

വിഷയവിവരം ➟

Colophon

Title: Pīdayuṭe paddhatiyāṇī pustakam (ml: പീഡയുടെ പദ്ധതിയാണീ പുസ്തകം).

Author(s): G R Indugopan.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Foreword, G R Indugopan, ജി ആർ ഇന്ദുഗോപൻ, പീഡയുടെ പദ്ധതിയാണീ പുസ്തകം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.