പ്രായാധിക്യം, ജീവിതത്തിലുള്ള ഭോഗങ്ങളെ ചുരുക്കുന്നെങ്കിലും, ജീവിച്ചിരിപ്പാനുള്ള ആഗ്രഹത്തെ വർദ്ധിപ്പിയ്ക്കുന്നു. യൗവനത്തിലെ ചോരത്തിളപ്പിൽ, നാം അവജ്ഞയോടുകൂടി ലക്ഷ്യമാക്കാതെ പോന്നിരുന്ന അപായങ്ങളെല്ലാം, നമുക്കു പ്രായം ചെല്ലുമ്പോൾ ഭയാവഹങ്ങളായി ചമയുന്നു. നമുക്കു പ്രായം കൂടുന്തോറും കരുതലും കൂടി വന്നു് ഒടുവിൽ ഭയമൊന്നുതന്നെ മനസ്സിന്റെ പ്രധാന വികാരമായിത്തീരുന്നു; പിന്നീടു ജീവിതത്തിന്റെ സ്വല്പമായുള്ള അവശേഷം, അവസാനകാലത്തേയ്ക്കു നീക്കിവയ്ക്കാനോ, ചിരജീവിതയേ സമ്പാദിയ്ക്കാനോ ഉള്ള നിഷ്ഫലയത്നങ്ങളാൽ ആക്രാന്തമായി ഭവിയ്ക്കുന്നു.
നിയതി മനുഷ്യജാതിയെ നിലനിർത്തുന്നതിനുള്ള ജാഗ്രതകൊണ്ടു്, നമ്മുടെ ഭോഗങ്ങളെ ക്ഷയിപ്പിയ്ക്കുന്തോറും നമുക്കു ജീവിതതൃഷ്ണയെ വർദ്ധിപ്പിയ്ക്കുകയും, ആനന്ദങ്ങളെ എല്ലാം ഇന്ദ്രിയങ്ങളിൽ നിന്നും അപഹരിച്ചു സങ്കല്പത്തിനു കൊടുത്തു ബലപ്പെടുത്തുകയും ആണെന്നു വരുമോ?
മനുഷ്യസ്വഭാവത്തിലെ ഈ വിപ്രതിഷേധം ചിത്രം തന്നെ; എന്നാൽ, ഇതു പണ്ഡിതന്മാരെപ്പോലും ബാധിയ്ക്കുന്നല്ലോ. ജീവിതത്തിന്റെ കഴിഞ്ഞ ഭാഗംകൊണ്ടു്, വരാനിരിയ്ക്കുന്നതിന്റെ ഗുണദോഷങ്ങൾ നിരൂപിയ്ക്കുന്നതായാൽ, ആയതു് ഉഗ്രരൂപമായിരിയ്ക്കുന്നു. ഞാൻ ഇതേവരെ ഭുജിച്ച ഭോഗങ്ങൾ ഒന്നും എനിയ്ക്കു പരമാർത്ഥകമായ ആനന്ദത്തെ നൽകീട്ടില്ലെന്നു് അനുഭവം എന്നോടു പറയുന്നു. ഇനി ഭോക്ഷ്യമാണങ്ങളെക്കാൾ ഭുക്തങ്ങളാണു പ്രബലങ്ങൾ എന്നു് ഇന്ദ്രിയങ്ങളും അവധാരണം ചെയ്യുന്നു. എന്നാൽ അനുഭവങ്ങളും ഇന്ദ്രിയങ്ങളും ചെയ്യുന്ന പ്രവൃത്തി വ്യർത്ഥംതന്നെ; അതു രണ്ടിനെക്കാളും ബലവത്തരയായ ആശ, ദൂരമായ ഉദർക്കത്തെ, സങ്കല്പകല്പിതമായ സൗന്ദര്യത്തോടുകൂടെ, പുരോഭാഗത്തിൽ സജ്ജീകരിയ്ക്കുന്നു; ഏതോ ഒരു ആനന്ദം ഇനിയും അതിദൂരത്തിൽ നിന്നു് അങ്ങോട്ടു ചെല്ലാൻ എന്നെ സംജ്ഞാപനം ചെയ്യുന്നു. ഒരു തോല്ക്കുന്ന ചൂതുകളിക്കാരനെപ്പോലെ ഓരോ തോൽവിയും എനിക്കു ദ്യുതാസക്തിയെ വർദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.
നിരൂപിച്ചു നോക്കുവിൻ, മഹാജനങ്ങളേ! വയസ്സിനോടുകൂടി വളർന്നുവരുന്ന ഈ ജീവിതസ്നേഹത്തിന്റെ ഉദ്ഭവമെന്തു്? എന്തിനാലാണു്, കിട്ടിയാലും ഫലമില്ലാത്ത ഒരു ഘട്ടത്തിൽ, നാം ആയുസ്സിനെ രക്ഷിക്കുന്നതിനു് ഈവിധം അധികതരമായി യത്നിയ്ക്കുന്നതു്? നിയതി മനുഷ്യജാതിയെ നിലനിർത്തുന്നതിനുള്ള ജാഗ്രതകൊണ്ടു്, നമ്മുടെ ഭോഗങ്ങളെ ക്ഷയിപ്പിയ്ക്കുന്തോറും നമുക്കു ജീവിതതൃഷ്ണയെ വർദ്ധിപ്പിയ്ക്കുകയും, ആനന്ദങ്ങളെ എല്ലാം ഇന്ദ്രിയങ്ങളിൽ നിന്നും അപഹരിച്ചു സങ്കല്പത്തിനു കൊടുത്തു ബലപ്പെടുത്തുകയും ആണെന്നു വരുമോ? ജരാവൈക്ലബ്യഭാരത്താൽ ആക്രാന്തനാകുമ്പോഴും, യൗവനത്തിലെ സത്ത്വപൗഷ്കല്യത്തിൽ ഉണ്ടായിരുന്നതിലധികം മൃത്യുഭയം ഇല്ലാതിരുന്നെങ്കിൽ, വൃദ്ധനു ജീവിതധാരണം അശക്യമാകുമായിരുന്നു; ക്ഷയിച്ചുകൊണ്ടുപോരുന്ന ഭൗതികപിണ്ഡത്തെ ബാധിയ്ക്കുന്ന അസംഖ്യങ്ങളായ ആപത്തുകളും, ജീവിച്ചിരുന്നാലും സുഖാനുഭവം ഒന്നും മേലാൽ ഇല്ലെന്നുള്ള ബോധവും ക്ലേശാസ്പദമായ പ്രാണനെ സ്വഹസ്തംകൊണ്ടുതന്നെ അവസാനിപ്പിയ്ക്കാൻ അവനെ പ്രോത്സാഹിപ്പിയ്ക്കുമായിരുന്നു. എന്നാൽ, മരണത്തെക്കുറിച്ചുള്ള അവജ്ഞ ഏതുകാലത്തു് അവനു് ഹാനിയ്ക്കായിത്തീരുമോ, ആ ഘട്ടത്തിൽ അവനെ അതു് ഉപേക്ഷിയ്ക്കുന്നു. ജീവിതത്തിനു വാസ്തവമായ വില കുറയ്ക്കുന്ന മുറയ്ക്കു്, മനഃകല്പിതമായ ഒരു വില കൂടുകയും ചെയ്യുന്നു.
ചുറ്റുമുള്ള വസ്തുക്കളിൽ നമുക്കുള്ള സക്തി സാമാന്യേന അവയുമായുള്ള പരിചയത്തിന്റെ ദൈർഘ്യത്താൽ വർദ്ധിയ്ക്കുന്നു. ‘ഞാൻ വളരെ നാൾ കണ്ടുപരിചയിച്ചിട്ടുള്ള ഒരു പഴയ തൂൺ പിഴുതുകളയുന്നതു് എനിയ്ക്കു സമ്മതമായി വരുകയില്ലെ’ന്നു് ഒരു പരന്ത്രീസുകാരൻ വേദാന്തി പറയുന്നു. ചിരപരിചയത്താൽ ഒരുകൂട്ടം പദാർത്ഥങ്ങളുമായിട്ടിണങ്ങിയ മനസ്സു്, താൻ അറിയാതെതന്നെ ആ പദാർത്ഥങ്ങളെ കണ്ടുകൊണ്ടിരിപ്പാൻ പ്രിയപ്പെടുന്നു. കേവലം അഭ്യാസബലത്താൽ അതുകളേ ചെന്നു സന്ദർശിയ്ക്കുകയും, പണിപെട്ടു് അതുകളോടു വേർപിരിയുകയും ചെയ്യുന്നു. ഇതിനാലാണു്, വൃദ്ധന്മാർക്കു് എല്ലാമാതിരി വസ്തുക്കളിലും അത്യാഗ്രഹമുണ്ടാകുന്നതു്. അവർ, ലോകത്തേയും, അതിലുള്ള സകല വസ്തുക്കളേയും സ്നേഹിയ്ക്കുന്നു; അവർ, ആയുസ്സിനേയും അതിനാലുള്ള പ്രയോജനങ്ങളേയും സ്നേഹിയ്ക്കുന്നു. എന്നാൽ അവർക്കിതുകൾ സുഖപ്രദങ്ങളാണെന്നതിനാലല്ല. പിന്നെയോ, ഇതുകളുമായി അവർ ചിരം പരിചയിച്ചിട്ടുണ്ടെന്നുള്ളതിനാലാകുന്നു.
കിഴവരായ നമ്മുടെ ദൃഷ്ടിയിലാകട്ടേ, ജീവിതം ഒരു പഴയ സ്നേഹിതന്റെ മട്ടിലാണു്. അതിലെ പരിഹാസകഥകളെല്ലാം പലതരം പ്രയോഗിച്ചു പഴകിപ്പോയിരിയ്ക്കുന്നു. നമ്മെ സ്മേരമുഖന്മാരാക്കത്തക്ക ഒരു പുതിയ ഉപാഖ്യാനവും ഇനി ശേഷിച്ചിട്ടില്ല. വിസ്മയം ജനിപ്പിയ്ക്കത്തക്കതായ ഒരു പുതുമോടിയാകട്ടേ ഇനി കാണുകയുമില്ല. ഇങ്ങനെ ഒക്കെ ആയാലും നാം ജീവിതത്തെ സ്നേഹിയ്ക്കുന്നു.
ചരിത്രശാലി എന്നു കീർത്തിപ്പെട്ട ചീനരാജാവു സിംഹാസനാരോഹണം ചെയ്തപ്പോൾ, പൂർവ്വരാജാക്കന്മാരുടെ രാജ്യഭാരകാലത്തു ന്യായരഹിതമായി കാരാഗൃഹത്തിൽ നിരോധിയ്ക്കപ്പെട്ടിട്ടുള്ളവരെ എല്ലാം വിടുതൽ ചെയ്വാൻ കല്പന കൊടുക്കുകയുണ്ടായി. ഈ അവസരത്തിൽ, തങ്ങളുടെ സ്വാതന്ത്ര്യദാതാവിനോടു കൃതജ്ഞത പറവാൻ വന്നവരുടെ കൂട്ടത്തിൽ, ഒരു തേജസ്വിയായ വൃദ്ധൻ കാണപ്പെടുകയുണ്ടായി. അയാൾ ചക്രവർത്തിയുടെ കാൽക്കൽ വീണുംകൊണ്ടു് ഇപ്രകാരം വിജ്ഞാപനം ചെയ്തു: ‘ചീനരാജ്യത്തിന്റെ പിതാവായ മഹാത്മാവേ! ൨൨-ാം വയസ്സു മുതൽ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു് ഇപ്പോൾ ൮൫ വയസ്സായ ഒരു മഹാപാപിയെ നോക്കണേ! അപരാധഗന്ധാസ്പൃഷ്ടനെങ്കിലും, ഞാൻ എന്നെ കുറ്റപ്പെടുത്തിയവരെ നേരിട്ടു കാണുന്നതിനുപോലും ഇടതരാതെ ബന്ദീകരിയ്ക്കപ്പെട്ടു. ഞാൻ ഏകാന്തത്തിലും അന്ധകാരത്തിലും വസിച്ചുതുടങ്ങീട്ടു് ഇപ്പോൾ ൫0-വർഷമായിരിയ്ക്കുന്നു. കഷ്ടസ്ഥിതി എനിയ്ക്കു പരിചയവുമായി. ഭവാന്റെ കൃപയാൽ എനിയ്ക്കു വീണ്ടും കാണുന്നതിനു സംഗതിയായ പകൽ, വെളിച്ചത്തിന്റെ ഔജ്ജ്വല്യത്താൽ മഞ്ചുന്ന കണ്ണുകളോടുകൂടിത്തന്നെ, എന്നെ ആശ്വസിപ്പിയ്ക്കുകയോ സഹായിക്കുകയോ ചെയ്യുന്നവല്ല സ്നേഹിതരേയും കണ്ടുപിടിയ്ക്കുന്നതിനായി ഈ തെരുവുകളൊക്കെയും ഞാൻ ചുറ്റിനടന്നിരിയ്ക്കുന്നു; എന്നാൽ എന്റെ സ്നേഹിതരും കുടുംബവും സംബന്ധികളും എല്ലാം മരിച്ചുകഴിഞ്ഞു. എന്നെ ആരും ഓർമ്മിയ്ക്കുന്നില്ല. അതിനാൽ, അല്ലേ ഷിവാങ്! അധന്യമായ എന്റെ ആയുശ്ശേഷത്തെ എന്റെ പഴയ കാരാഗൃഹത്തിൽ കഴിച്ചുകൂട്ടുന്നതിനു് എനിയ്ക്കു് അനുവാദമരുളണം. എന്റെ കാരാഗൃഹത്തിന്റെ ഭിത്തികൾ, ഏറ്റം വിളങ്ങിക്കൊണ്ടിരിയ്ക്കുന്ന അരമനയേക്കാൾ എനിയ്ക്കു സന്തോഷകരങ്ങളാകുന്നു. ഇനി ഏറേനാൾ ഞാൻ ജീവിച്ചിരിയ്ക്കുന്നതല്ല. അത്രയുംകാലം എന്റെ യൗവനം കഴിച്ചുകൂട്ടിയ ഇടത്തിൽ (അങ്ങു കൃപചെയ്തു് എന്നെ വിടുതൽചെയ്ത ആ കാരാഗൃഹത്തിൽ) അല്ലാതെ നയിയ്ക്കുന്നതു് എനിയ്ക്കു സങ്കടവുമായിരിയ്ക്കും’.
ഈ വൃദ്ധനു കാരാഗൃഹവാസത്തിലുള്ള സംരംഭം, നമുക്കെല്ലാവർക്കും ജീവിതത്തിലുള്ളതിനോടു സമമാകുന്നു. നിത്യപരിചയത്താൽ കാരാഗൃഹത്തോടു നാം ഇണങ്ങിപ്പോയി. ചുറ്റുമുള്ള വസ്തുക്കളിൽ നമുക്കു് അതൃപ്തിയുണ്ടു്. നമ്മുടെ വാസസ്ഥലം നമുക്കു രസിയ്ക്കുന്നില്ല. എന്നാലും ബന്ദീഭാവത്തിന്റെ ദൈർഘ്യം നമുക്കു ബന്ധനകുടീരത്തോടുള്ള വാത്സല്യത്തെ വർദ്ധിപ്പിയ്ക്കുന്നതേയുള്ളൂ. നാം നട്ടിട്ടുള്ള മരങ്ങൾ, നാം പണിചെയ്യിച്ചിട്ടുള്ള വീടുകൾ, നാം ഉത്പാദിപ്പിച്ചിട്ടുള്ള പുത്രപൗത്രാദികൾ ഇതെല്ലാം നമുക്കു് ഇഹത്തിൽ ഉള്ള ബന്ധത്തെ ദൃഢീകരിയ്ക്കയും, വേർപാടിനെ തിക്തീകരിയ്ക്കയും ചെയ്യുന്നു. ജീവിതത്തെ ചെറുപ്പക്കാർ ഒരു പുതിയ തോഴനെപ്പോലെ ഗണിയ്ക്കുന്നു. ഉപഭുക്തശിഷ്ടയല്ലാത്ത മൈത്രി അറിവിനേയും വിനോദത്തേയും ഒന്നുപോലെ ജനിപ്പിയ്ക്കുന്നു. മൈത്രീപാത്രമായ വസ്തുവിന്റെ സന്നിധാനം പ്രീതിയെ ഉളവാക്കുന്നു. എന്നാൽ ഇതൊക്കെ ഇരുന്നാലും നാം അതിനെ അത്ര വളരെ ആദരിയ്ക്കുന്നില്ല. കിഴവരായ നമ്മുടെ ദൃഷ്ടിയിലാകട്ടേ, ജീവിതം ഒരു പഴയ സ്നേഹിതന്റെ മട്ടിലാണു്. അതിലെ പരിഹാസകഥകളെല്ലാം പലതരം പ്രയോഗിച്ചു പഴകിപ്പോയിരിയ്ക്കുന്നു. നമ്മെ സ്മേരമുഖന്മാരാക്കത്തക്ക ഒരു പുതിയ ഉപാഖ്യാനവും ഇനി ശേഷിച്ചിട്ടില്ല. വിസ്മയം ജനിപ്പിയ്ക്കത്തക്കതായ ഒരു പുതുമോടിയാകട്ടേ ഇനി കാണുകയുമില്ല. ഇങ്ങനെ ഒക്കെ ആയാലും നാം ജീവിതത്തെ സ്നേഹിയ്ക്കുന്നു. ഇനി ഇതിൽ യാതൊരു ഭോഗവും അവശേഷിച്ചുകിടക്കുന്നില്ല. എന്നാലും നാം അതിനെ പിന്നെയും സ്നേഹിയ്ക്കുന്നു. കുറഞ്ഞുവരുന്ന ആ മുതലിനെ കൈമുറുക്കി ചെലവുചെയ്യുന്നതിനു നാം കരുതുന്നു. ഒടുവിലെ വേർപാടിൽ വ്യഥയുടെ തീക്ഷ്ണതയെ മുഴുവൻ അനുഭവിയ്ക്കുകയും ചെയ്യുന്നു.
മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണു് കേരള പാണിനി എന്നു് അറിയപ്പെട്ടിരുന്ന എ. ആർ. രാജരാജവർമ്മ (ജീവിതകാലം: 1863 ഫെബ്രുവരി 20–1918 ജൂൺ 18, മുഴുവൻ പേരു്: അനന്തപുരത്തു് രാജരാജവർമ്മ രാജരാജവർമ്മ). കിടങ്ങൂർ പാറ്റിയാൽ ഇല്ലത്തു് വാസുദേവൻ നമ്പൂതിരിയുടേയും കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ കൊല്ലവർഷം 1038 കുംഭമാസം 8-നാണു് അദ്ദേഹം ജനിച്ചതു്. വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവു് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതവൈയാകരണനായ പാണിനി, അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം എ. ആർ. രാജരാജവർമ്മയുടെതായിട്ടുണ്ടു്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ. ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.
(ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)