images/Buddha_as_medicant.jpg
Buddha as mendicant, a painting by Abanindranath Tagore (1871–1951).
ബുദ്ധപാതയും ഒഴുകുന്ന വെള്ള മേഘങ്ങളും
കെ. അരവിന്ദാക്ഷൻ
images/Thich_Nhat_Hanh.jpg
തിച്ച് നാത്ഹാൻ

മൊഴിമാറ്റിയ ‘പഴയപാത വെളുത്ത മേഘങ്ങൾ ഗൗതമ ബുദ്ധന്റെ ജീവിത കഥ’ എന്ന മഹദ്ഗ്രന്ഥത്തിന്റെ അഞ്ഞൂറ്റി അറുപത്തിനാലു് പുറങ്ങളുടെ പ്രൂഫ് വായിച്ചു് തീർത്തതു് ഇന്നലെ (13/7/19) രാവിലെ എട്ടരയ്ക്കാണു്. പതിവുപോലെ ഇന്നു് പുലർച്ചെ നടക്കാനിറങ്ങി. മഴ പൊടിയുന്നുണ്ടു്. നടത്തം മതിയാക്കി തിരിച്ചുപോയാലോയെന്നു് തോന്നി. പക്ഷേ, കാലുകൾ മുന്നോട്ടു് നീങ്ങി. റോഡ് കോൾ പാടത്തേക്കിറങ്ങി. പാടത്തിന്റെ നടുക്കെത്തി. വിജനം. ആകാശചെരുവുകളിൽ കറുത്തിരുണ്ട മേഘങ്ങൾ. ദുഃഖം ഇറ്റിറ്റുവീഴുന്നതുപോലെ മഴയുണ്ടു്. കഴിഞ്ഞ പുലർച്ചകളിലൊന്നിലും ഭൂമി ഇത്ര ഇരുണ്ടതായി കണ്ടിട്ടില്ല. പെട്ടെന്നു് കറുത്ത മേഘങ്ങൾക്കു് താഴെയായി വെളുത്ത മേഘങ്ങൾ സാവകാശം ഒഴുകുന്നതു് കണ്ടു. പ്രകാശം ചൊരിയുന്ന ബുദ്ധന്മാരായി. പഴയ പാതയിൽ ബുദ്ധൻ നടന്നു് ധ്യാനം ചെയ്യുന്നു…

ആ നേരനുഭവമാണു് സത്യമെന്നറിയിച്ചു് പച്ച പുൽനാമ്പുകൾ ഇളകുന്നു. അവ ആനന്ദത്താൽ മന്ദം മന്ദം നൃത്തം വെയ്ക്കുകയാണു്. മനുഷ്യനെറിഞ്ഞ വയറുപൊട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ കൂസാതെ വയൽ ജലത്തിൽ ഒരു ചെറിയ ആമ്പൽ മൊട്ടു് എന്നെ നോക്കി പുഞ്ചിരിക്കുന്നു. തലയ്ക്കു് മുകളിലെ വൈദ്യുതി കമ്പിയിൽ ഒരു ചെറുപക്ഷി ചെറുവാലിളക്കി സന്തോഷമറിയിക്കുന്നു. വെള്ളം മൂടാത്ത വയൽ വരമ്പുകളിൽ കൊക്കുകൾ ധ്യാനിക്കുന്നു. അല്പം ദൂരെ നിന്നു് ഒരു മയിൽ കൂജനം ചെയ്യുന്നു. തവളകൾ ആനന്ദത്താൽ പാടുന്നു. ചീവീടുകൾ ശ്രുതി മുറുക്കുന്നു.

ഭൂമിയിൽ ദുഃഖവും ദുരിതവും വേദനയും മാത്രമല്ല ആനന്ദത്തിന്റെ വിസ്മയങ്ങളുമുണ്ടു്. ദുഃഖവും ദുരിതവും എന്തുകൊണ്ടെന്നറിയാനായാൽ നമ്മുടെ കണ്ണുകൾ അത്ഭുതങ്ങളാകും. കാതുകൾ സംഗീതമാകും. ഹൃദയം കാരുണ്യമാകും. ഈ അനുഭവത്തിലേയ്ക്കു് നമ്മെ കൊണ്ടുപോകുന്നതാണു് തിച്ച് നാത്ഹാന്റെ ‘പഴയപാത വെളുത്ത മേഘങ്ങൾ’. ഈ നിമിഷത്തിന്റെ ഏകാഗ്രതയിൽ ജാഗ്രത പുലർത്താനായാൽ നമുക്കിതനുഭവിക്കാം. ഒരു മതഗ്രന്ഥത്തിന്റെയും ദൈവത്തിന്റെയും ആവശ്യമില്ല. ഒരു പച്ചിലയിൽ, ഒഴുകുന്ന വെളുത്ത മേഘത്തിൽ, ഒരു സൂര്യരശ്മിയിൽ, ഒരു പൂവിൽ, ഒരു ജലത്തുള്ളിയിൽ, ഒരു മൺതരിയിൽ അതുണ്ടു്. അതുള്ളതുകൊണ്ടാണു് ഈ നാമുള്ളതു്… എല്ലാം പരസ്പരാശ്രിതമാണു്. ഇതത്രെ സഹോദയം. ഭൂമിയിലെ ചേതനവും അചേതനവുമായ സകലതിന്റെയും ഉള്ളുണർവ്വു്.

images/Buddha-01.jpg
ശ്രീബുദ്ധന്റെ കല്ലിൽ കൊത്തിയ രൂപം.

പന്ത്രണ്ടുവയസ്സുകാരനും ഇരുപത്തിയൊന്നുകാരിയും എൺപതുകാരിയും ജാഗ്രതയിൽ ‘പഴയ പാത വെളുത്ത മേഘങ്ങൾ’ വായിച്ചാൽ നവ്യമായ ഒരനുഭവത്തിലെത്താം. അത്ര ലളിതമാണു് തിച്ച് നാത്ഹാന്റെ ബുദ്ധകഥ. ഗൗതമ ബുദ്ധന്റെ ജീവിതസന്ദർഭങ്ങളിലൂടെ ‘ബോധോദയം’ ഓരോ വായനക്കാരിലും ഉണരുകയാണു്. ഒരു പൂവിടരുന്നതുപോലെ. അക്ഷരങ്ങളിലൂടെ ബോധോദയത്തിന്റെ വിത്തുകൾ നമ്മിൽ വിതയ്ക്കുന്ന മഹാനായ കലാകാരൻ കൂടിയാണു് തിച്ച് നാത്ഹാൻ.

നിയമപാലകരും നീതി നിർമ്മാതാക്കളും അധികാരികളും പ്രണയികളും എഴുത്തുകാരും, കവികളും, സംഗീതജ്ഞരും, ഗായകരും, ശില്പികളും മാതാപിതാക്കളും മക്കളും സഹോദരങ്ങളും… മനഃശാസ്ത്രജ്ഞനും, സാന്ത്വന പ്രവർത്തകയും, ഭിഷഗ്വരനും, സാമ്പത്തിക ശാസ്ത്രജ്ഞരും ഈ മഹദ്ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ ലൈംഗികത്തൊഴിലാളിയും കൊലപാതകിയും കൊള്ളക്കാരനും തങ്ങളെത്തന്നെ കണ്ടുമുട്ടുന്നു. തങ്ങളുടെ യുദ്ധങ്ങൾ, വൈരങ്ങൾ, ഭേദങ്ങൾ, ദുഃഖങ്ങൾ, ആർത്തികൾ, അസൂയകൾ, കോപങ്ങൾ… എന്നിവയ്ക്കു് നേർക്കുനേർ നില്ക്കുന്നു. അവ എന്തെന്നറിയുന്നു. ഒപ്പം തന്നെ ഭൂമിയിലെ സന്തോഷങ്ങൾ, സൗഹൃദങ്ങൾ സ്നേഹങ്ങൾ, ശാന്തി, സ്വാസ്ഥ്യം… കരുണ ഈ ഗ്രന്ഥം വായിച്ചുകഴിയുന്നതോടെ നാമറിയുന്നു, സിദ്ധാന്തവും ദർശനവും ധർമ്മവും നേരനുഭവത്തോളം വരില്ല. മറുകരയിലെത്തിയാൽ ആരെങ്കിലും പുഴ മുറിച്ചു് കടക്കാനുപയോഗിച്ച തോണി തലയിലേറ്റി നടക്കുമോ? ചന്ദ്രനെ ചൂണ്ടിക്കാട്ടുവാൻ ഉപയോഗിച്ച വിരൽ ചന്ദ്രനാണെന്നു് പറഞ്ഞുനടക്കുമോ? നേരനുഭവത്തിലൂടെ സത്യമറിയുന്നവനു് ബുദ്ധധർമ്മങ്ങൾ വേണ്ട. ബുദ്ധനെപ്പോലും കത്തുന്ന തീയിലേയ്ക്കു് വലിച്ചെറിയാം.

images/Ramakrishna.jpg
രാമകൃഷ്ണ പരമഹംസർ

കരുണയുടെ കണ്ണുകളുള്ള ഒരു മഹാമനഃശാസ്ത്രജ്ഞനായി ബുദ്ധൻ ഈ ഗ്രന്ഥത്തിലുടനീളം സന്നിഹിതനാണു്. നമ്മുടെ മനസ്സിന്റെ നാമിന്നുവരെ കാണാത്ത ഓരോ മൂലയിലേയ്ക്കും വെളിച്ചം തെളിയിച്ചു് ‘ഏകാഗ്രത’യിലൂടെ ആർക്കും ബുദ്ധത്തത്തിലെത്താമെന്നു് നമ്മോടു് മൗനഭാഷയിൽ പറയുന്നു, ഈ ഗ്രന്ഥം. 1992-ലാണു് തിച്ച് നാത്ഹാന്റെ ‘പഴയപാത വെളുത്ത മേഘങ്ങൾ’ ഇംഗ്ളീഷിൽ ഇറങ്ങുന്നതു്. ഗ്രന്ഥത്തിന്റെ അനുബന്ധ കുറിപ്പിൽ തിച്ച് നാത്ഹാൻ എഴുതുന്നുണ്ടു്. അദ്ദേഹം ഈ ഗ്രന്ഥത്തിലുപയോഗപ്പെടുത്തിയിട്ടുള്ളതു് മഹായാനപാഠങ്ങളല്ല മഹായാനവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളെല്ലാം നേരത്തെയുള്ള പാലി നികായങ്ങളിലും ചൈനീസ് അഗാമസുകളിലും (Agamas) ഉണ്ടു്. ഇത്തരം സൂക്തങ്ങൾ ആഴത്തിൽ (depth) പഠിച്ചുകൊണ്ടാണു് അദ്ദേഹം ഈ പുസ്തക രചന നടത്തിയിട്ടുള്ളതു്. കാരണം അവയാണു് ബുദ്ധന്റെ ബോധനങ്ങളുമായി ഏറ്റവും അടുത്തു് നിൽക്കുന്നതു്.[1]

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടു് ജനുവരി മാസത്തിലാണു് ‘പഴയ പാതയിലൂടെ വെളുത്ത മേഘങ്ങൾ’ എന്നിലെത്തുന്നതു്. വളരെ ആകസ്മികമായി. എൺപതുകളുടെ അവസാനത്തിൽ തിച്ച് നാത്ഹാനെ ഞാൻ നേരിട്ടു് കാണുന്നുണ്ടു്. താംബരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ വെച്ചു് നടന്ന ഒരാഴ്ച നീണ്ട ഗാന്ധിയൻ സെമിനാറിൽ. അദ്ദേഹത്തിന്റെ പുഞ്ചിരിയുടെ പ്രകാശമായിരിക്കാം, ഏതാണ്ടു് പത്തു് വർഷങ്ങൾക്കു് ശേഷം ഈ പുസ്തകത്തിലെത്താൻ കാരണമായതു്. സെമിനാർ ദിവസങ്ങളിൽ ഞാനദ്ദേഹത്തെ സെമിനാർ ഹാളിലും ഭക്ഷണശാലയിലും ഇടനാഴിയിലും പൂന്തോട്ടത്തിലും കണ്ടു. അന്തർമുഖത്തത്തിന്റെ അജ്ഞതയിൽ ഞാനദ്ദേഹത്തിൽ നിന്നു് ഒഴിഞ്ഞുമാറി. അന്നത്തെ എന്റെ അജ്ഞതയിൽ ഞാൻ പലപ്പോഴും ഉള്ളുരുകിയിട്ടുണ്ടു്. ആ ബുദ്ധതേജസ്സിനു മുമ്പിൽ ശരീരവും മനസ്സും സമർപ്പിച്ചു് പ്രണമിക്കേണ്ടതായിരുന്നു. എന്നാൽ, 1983-ലെ വസന്തത്തിൽ അദ്ദേഹം റോച്ച്സ്റ്റർ സെൻ ധർമ്മശാലയിൽ ചെയ്ത പ്രഭാഷണത്തിന്റെ ഒരു കോപ്പി കിട്ടിയതു് എന്നോടൊപ്പം കൊണ്ടുവന്നു. ‘അഹിംസ—സചേതനമായ ഉള്ളുണർവ്വു്’ എന്നു് മൊഴിമാറ്റി 1992 ഏപ്രിൽ ലക്കം ‘പൂർണ്ണോദയ സാംസ്കാരിക’ ത്രൈമാസികത്തിൽ പ്രസിദ്ധീകരിച്ചു. ഈയടുത്ത ദിവസങ്ങളിലാണു് വീണ്ടും അതു് വായിച്ചതു്.

ഒരു കവിതയിൽ നിന്നാണു് തുടങ്ങുന്നതു്. അതിന്റെ ഉള്ളു് എന്റെ മനസ്സിൽ ഇപ്പോഴും ആഴത്തിൽ തങ്ങി നിൽപ്പുണ്ടു്. നമ്മുടെ ശത്രു എവിടെയാണു്?… നാമിപ്പോഴും വിചാരിക്കുന്നതു് മറ്റവനാണു് ശത്രുവെന്നാണു്. അതുകൊണ്ടാണു് ശത്രുവിനെ നമുക്കു് യഥാർത്ഥത്തിൽ കാണാൻ കഴിയാത്തതു്… ശത്രുവില്ലെങ്കിൽ നമുക്കൊരുത്തർക്കും അതിജീവിക്കാനാവില്ല എന്ന നിലയിലെത്തിയിരിക്കുന്നു. ഭരണകൂടങ്ങൾക്കു പിറകിൽ ജനങ്ങളെ അണി നിരത്താൻ ഒരു ശത്രു വേണം… നാം ഭയചകിതരായിരിക്കുവാൻ അവർ ആഗ്രഹിക്കുന്നു. എങ്കിലേ അവർക്കു് പിറകിൽ നാം അണിനിരക്കൂ. ഇനി അവർക്കു് ഒരു യഥാർത്ഥ ശത്രുവില്ലെന്നു് വരട്ടെ. നമ്മെ ഇളക്കാൻ അവർ ഒരു ശത്രുവിനെ കണ്ടുപിടിക്കും.

ഭരണകൂടമെന്ന ശത്രു (അധികാരമെന്ന ആസക്തി). നമ്മിൽ തന്നെയുള്ളതുകൊണ്ടാണു് നാം അർഹിക്കുന്ന സർക്കാർ നമുക്കു് കിട്ടുന്നതു്. ‘അതു് ഇതായതുകൊണ്ടു് മറ്റേതു് അതുപോലെ യാകുന്നു…’ എന്തും പരസ്പരാശ്രിതമായ കാരണത്താലാണു്. നമ്മുടെ സർക്കാരിനു് നമ്മുടെ നിത്യജീവിതവുമായി ബന്ധമില്ലേ? ഈ ചോദ്യത്തിന്മേൽ ഒന്നു് ധ്യാനിക്കുവാൻ തിച്ച് നാത്ഹാൻ ആവശ്യപ്പെടുന്നു.

images/Swami_Vivekananda.jpg
വിവേകാനന്ദൻ

ഒരു മധുരനാരങ്ങ ജാഗ്രതയിൽ തിന്നുന്നതെങ്ങിനെയെന്നു് ഗൗതമ ബുദ്ധൻ ‘പഴയ പാത വെളുത്ത മേഘങ്ങളിൽ’ ബോധോദയത്തിനുശേഷമുള്ള മദ്ധ്യാഹ്നത്തിൽ തന്റെ ചങ്ങാതികളായ കുട്ടികളോടു് പറയുന്നുണ്ടു്. ഒരു മധുരനാരങ്ങ തിന്നുന്നതും ഒരു കപ്പു് ചായ കുടിക്കുന്നതും ഒരു പത്രം വായിക്കാനെടുക്കുന്നതും ശൗചം ചെയ്യുന്നതും ശാന്തിയുടെ വഴികളാണു്.

‘അഹിംസയ്ക്കു് മറ്റൊരു പേരുണ്ടു്; ഉള്ളുണർവ്വു്’. നമ്മൾ എന്താണു്, ആരാണു്, നാമെന്തു് ചെയ്യുന്നു—ഇവയെപ്പറ്റിയെല്ലാം ഉണർവ്വുള്ളവരായിരിക്കണം. നിങ്ങളുടെ പ്രകൃതിയിലേയ്ക്കു് കണ്ണുറപ്പിച്ചു് ഉള്ളുണരുന്നതാണു് ധ്യാനം. ആന്തരികവും ബാഹ്യവുമായ എല്ലാ പ്രകൃതികളുടെയും യാഥാർഥ്യം നിങ്ങൾ കാണുന്നു.

‘ബുദ്ധൻ’ എന്ന വാക്കിന്റെ അർത്ഥം എന്താണെന്നോ? ‘ബുദ്ധ് ’ എന്ന ക്രിയയിൽ നിന്നാണു് ബുദ്ധൻ ഉദിക്കുന്നതു്. അതിന്നർത്ഥം ഉണർന്നിരിക്കുക. ഉണർന്നിരിക്കുന്ന ആരോ അവൾ/അവൻ ബുദ്ധൻ. നിത്യജീവിതത്തിന്റെ ഓരോ വിനാഴികയിലും നാം ഉണർന്നിരിക്കുന്നുണ്ടോ?

ഈ ഭൂമിയിൽ അക്രമവും ഹിംസയുമാണു്. ആർത്തിയും, കോപവും, അസൂയയും കൊണ്ടു് ഭൂമി നിറഞ്ഞിരിക്കുന്നു. ഭൂമി മലിനമായിരിക്കുന്നു. നാം മുങ്ങിത്താഴാൻ പോകുന്നു. ഭൂമി മുങ്ങിത്താഴ്‌ന്നു കൊണ്ടിരിക്കുന്നു. എന്താണു് നാം ചെയ്യേണ്ടതെന്നു് പറയാൻ, നമ്മിൽ വിശ്വാസം പകരാൻ ഒരാൾ നമുക്കു് വേണം. നാം ഒരു രക്ഷകനെ, ദൈവത്തെ, ഒരതീത ശക്തിയെ തേടിയലയുന്നു.

എന്നാൽ നിങ്ങൾ തേടുന്ന മനുഷ്യൻ ആരാണു്? ആ മനുഷ്യൻ നിങ്ങൾ തന്നെയാണു്. നിങ്ങൾ നിങ്ങളാണെങ്കിൽ, നിങ്ങളിൽ ശ്രേഷ്ഠമായതു് നിങ്ങളാണെങ്കിൽ നിങ്ങളാണു് ആ മനുഷ്യൻ. ശാന്തനും ശമനും നിശ്ചയദാർഢ്യമുള്ളവനുമായ അത്തരമൊരു മനുഷ്യനേ നമ്മുടെ അവസ്ഥ മാറ്റാനാകൂ. നമ്മുടെ അപകടം ഒഴിവാക്കാനാകൂ. അതിനാൽ ദയവായി നിങ്ങളായിരിക്കുക, ആ മനുഷ്യനായിരിക്കുക.

ആയതിന്റെ വഴികൾ ലളിതമായും ആഴത്തിലും ഉന്നതിയിലും, പരസ്പരാശ്രിയായ ധർമ്മങ്ങളിലൂടെ നമ്മിലുണർത്തുകയാണു് ‘പഴയ പാത വെളുത്ത മേഘങ്ങൾ’. ഈ ഗ്രന്ഥം ശ്രദ്ധയോടെ വായിക്കുന്ന ഒരു ഹൃദയവും പഴയപോലെയായിരിക്കില്ല. അവന്റെ/അവളുടെ ഓരോ കോശവും നവമായി പുഷ്പിക്കും. അങ്ങനെ ഭൂമി ഉണർന്നാൽ സഹോദയമായി.

ഓരോ വായനയും ഹെരാക്ളീറ്റസ് സൂചിപ്പിച്ചതുപോലെ ഒഴുകുന്ന പുഴയിൽ മുങ്ങി നിവർന്നതിനു് സമാനമാണു്. ഇങ്ങിനെയൊരു മുങ്ങി നിവരലിലാണു് രണ്ടായിരത്തി ഒന്നിൽ ഞാനിതിന്റെ മൊഴിമാറ്റത്തിനു് തുടക്കമിട്ടതു്.

ഗൗതമ ബുദ്ധന്റെ പരിനിർവ്വാണത്തിനുശേഷം ആയിരമാണ്ടുകൾ പിന്നിടുമ്പോഴേയ്ക്കും ബുദ്ധമതം ഇന്ത്യയിൽ നിന്നു് അപ്രത്യക്ഷമാകാൻ തുടങ്ങി. ബുദ്ധമതം പൂർണ്ണമായും ഇന്ത്യയിൽ ഇല്ലാതായിക്കഴിഞ്ഞു. കംബോഡിയ, വിയറ്റ്നാം, തായ്ലാന്റ്, ചൈന, ജപ്പാൻ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിലാണു് അതു് വ്യാപിച്ചതു്. ഇന്ത്യയിൽ ശേഷിച്ചിട്ടുള്ള ബുദ്ധപാഠങ്ങൾപോലും കലർപ്പുള്ളതാണു്. ബ്രാഹ്മണമതം അതങ്ങിനെയാക്കി. യഥാർത്ഥ ബുദ്ധപാഠങ്ങൾ സൂക്ഷിച്ചിരിക്കുന്നതു് നേരത്തെ പറഞ്ഞ രാജ്യങ്ങളിലാണു്.

ഒരു സംഘടിതമതമെന്ന നിലയിൽ ബുദ്ധമതവും അക്രമരാഷ്ട്രീയത്തിൽ നിന്നു് മുക്തമല്ല. എന്നാൽ എന്തുകൊണ്ടു് ബുദ്ധമതവും ബുദ്ധനും ബുദ്ധദർശനവും ഇന്ത്യയിൽ നിന്നു് അപ്രത്യക്ഷമായി? ബുദ്ധനും ബുദ്ധദർശനവും നമുക്കിന്നും ബ്രാഹ്മണ മതത്തിന്റെ (വൈദിക മതത്തിന്റെ) തുടർച്ചയാണു്. ഒരു ഹിന്ദു അവതാരമായും ഹിന്ദുമതം ബുദ്ധനെ മലിനീകരിച്ചിട്ടുണ്ടു്. എന്നാൽ, ചരിത്രത്തിന്റെ സൂക്ഷ്മവായനയിൽ ബുദ്ധനും ബുദ്ധദർശനവും ഇന്ത്യയിൽ നിന്നു് ആട്ടിയോടിക്കപ്പെടുകയാണുണ്ടായതു്. ബുദ്ധമതത്തിനുള്ളിലെ ആന്തരിക സംഘർഷങ്ങളെ മറന്നുകൊണ്ടല്ല ഇത്രയും പറയുന്നതു്. അത്തരം ആന്തരിക സംഘർഷങ്ങൾക്കു് പോലും ബുദ്ധന്റെ കാലത്തു് നിലനിന്നിരുന്ന ബ്രാഹ്മണമതത്തിൽ നിന്നുണ്ടായ ഉപജാപങ്ങളും എതിർപ്പുകളും സാക്ഷ്യം വഹിക്കുന്നുണ്ടു്.

images/Ramana_Maharshi.jpg
രമണമഹർഷി

ശ്രമണധാരകളുടെ ഒരു നീരൊഴുക്കായിട്ടാണു് ഗൗതമബുദ്ധൻ ഗംഗാതടങ്ങളിൽ പ്രവേശിക്കുന്നതു്. കാരുണ്യത്തിന്റെ കുളിർ കാറ്റായി ബുദ്ധൻ ബ്രാഹ്മണാധികാരത്തിനും അതിന്റെ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയ്ക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ വളരെ നിശബ്ദമായ ഒരു ധാർമ്മിക വിപ്ലവത്തിനു് തുടക്കം കുറിയ്ക്കുകയായിരുന്നു. തോട്ടിയും കാലിമേയ്ക്കുന്നവനും വണിക്കും രാജാവും കൊലയാളിയും ഗണികയും ബുദ്ധനിലേയ്ക്കാകർഷിക്കപ്പെട്ടു. ഭരണാധികാരികൾ ബുദ്ധമതത്തിനു് അർത്ഥവും പ്രോത്സാഹനവും നൽകി. ബുദ്ധന്റെ ധാർമ്മിക വിപ്ലവം ബ്രാഹ്മണാധികാരത്തിന്റെ ക്രൂരമായ ചൂഷണ വ്യവസ്ഥയായ ജാതീയതയെ കടപുഴക്കാൻ പോന്നതാണെന്നറിയുന്നതോടെ ബുദ്ധഭിക്ഷുക്കളും ബുദ്ധവിഹാരങ്ങളും അതിക്രൂരമായ മർദ്ദന പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയമായി. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും പട്ടണങ്ങളിലും കൈകാലുകളും മൂക്കും കണ്ണും ചുണ്ടും ഉടലും ചെവിയും നാസികയും ലിംഗവും തലയുമെല്ലാം ഛേദിക്കപ്പെട്ടു് കിടക്കുന്ന ബോധിസത്വന്മാരുടെയും ബുദ്ധന്മാരുടെയും കല്ലിലും ലോഹത്തിലുമുള്ള വിഗ്രഹങ്ങൾ ഈ അക്രമപരമ്പരയുടെ നേർ സാക്ഷ്യങ്ങളാണു്. ബുദ്ധന്റെ മുതിർന്ന ശിഷ്യന്മാരിൽ ചിലർ ബ്രാഹ്മണരുടെ എതിർപ്പുകളാൽ മർദ്ദിക്കപ്പെടുന്നതു് തിച്ച് നാത്ഹാന്റെ ഗ്രന്ഥത്തിലുണ്ടു്. ഇന്നു് ഇന്ത്യയുടെ തെരുവുകളിൽ, വിശേഷിച്ചും ഗൗതമ ബുദ്ധൻ നടന്നു് ധ്യാനം ചെയ്ത ഉത്തരേന്ത്യൻ തെരുവുകളിൽ ദരിദ്രരായ ദളിതരും മുസ്ലീമുകളും ഹിന്ദത്വയുടെ പ്രതിനിധികളാൽ മർദ്ദിച്ചു് കൊല്ലപ്പെടുന്നതു് കാണുമ്പോൾ, കണ്ണിൽ തെളിയുന്നതു് ബുദ്ധന്റെ കാലത്തും പിന്നീടുള്ള നൂറ്റാണ്ടുകളിലും ബുദ്ദുക്കൾ എന്നവഹേളിക്കപ്പെട്ടു് ബുദ്ധഭിക്ഷുമാരും ബുദ്ധമതാനുയായികളും തെരുവുകളിൽ ഇതേ രീതിയിൽ മർദ്ദനമേറ്റു് കൊല്ലപ്പെടുന്നതാണു്. ഗൗതമബുദ്ധൻ നിശബ്ദനായ വിപ്ലവകാരിയാണെന്നു് നേരത്തെ സൂചിപ്പിക്കാൻ കാരണം അദ്ദേഹം ഒരിക്കൽ പോലും ബ്രാഹ്മണ മതത്തെയൊ അതിന്റെ അനുയായികളെയോ മറ്റേതെങ്കിലും ആത്മീയ ധാരകളിലെ ഗുരുക്കന്മാരെയോ ശിഷ്യഗണങ്ങളെയോ എതിർക്കുകയോ പുച്ഛിക്കുകയോ തന്റെതാണു് അവരേക്കാൾ മികച്ച ദർശനമെന്നു് പറയുകയോ ഉണ്ടായിട്ടില്ല. വേദന, ദുഃഖം, ദുരിതം എന്നിവയിൽ നിന്നുള്ള വിമോചനം സാധ്യമാകുന്നതെങ്ങനെയെന്നേ അദ്ദേഹം അന്വേഷിച്ചിട്ടുള്ളൂ. ബുദ്ധൻ ആത്യന്തിക സത്യത്തെപ്പറ്റി (ultimate truth) ഒരു പ്രഖ്യാപനവും നടത്തുകയുണ്ടായിട്ടില്ല. എന്നാൽ താൻ നിരന്തരമായ ധ്യാനത്തിലൂടെ അനുഭവിച്ച വിമോചനം സത്യമാണെന്നു് തന്റെ അനുഭവത്തെ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ടു് തെളിയിക്കുന്നുണ്ടു്. അവയുടെ സ്വഭാവങ്ങൾ സ്ഥലകാലങ്ങൾക്കനുസരിച്ചു് മാറുന്നതല്ല. കാരണം, വിമോചനം അതനുഭവിക്കുന്നവരിലെല്ലാം ഒരു പോലെയാണു്. തീർച്ചയായും ആ നേരനുഭവത്തിലൂടെ കടന്നുപോകുന്നതായാൽ ഒരാളിനു് വേദനയിൽ നിന്നും ദുരിതത്തിൽ നിന്നും സ്വാതന്ത്ര്യം സാധിതമാകും. അങ്ങിനെ നോക്കിയാൽ അതു് അതനുഭവിക്കുന്ന വ്യക്തിയുടെ നേരുമായി ആപേക്ഷികമായി ബന്ധപ്പെടുന്നതാണു്. എന്നാൽ ആ വിമോചനം അചഞ്ചലവും അനശ്വരവുമാണു്.

ആത്യന്തികമായി ഈ വിമോചനത്തിലേയ്ക്കു് നയിക്കുന്ന അനുഭവത്തിന്റെ നേരിനപ്പുറമുള്ള അന്വേഷണങ്ങളെല്ലാം ബുദ്ധനെ സംബന്ധിച്ചിടത്തോളം രണ്ടാംതരവും അതുമായി യാതൊരു ബന്ധവുമില്ലാത്തതാണു്. ബുദ്ധന്റെതു് നേരനുഭവത്തിൽ നിന്നുള്ള വിശ്വാസമാണു് (experiential truth).[2]

തിച്ച് നാതു്ഹാന്റെ അതേ വാക്കുകൾ തന്നെയാണു് ബുദ്ധഭിക്ഷു മഹാവിവേകിന്റെതും. ‘പഴയ പാത വെളുത്ത മേഘങ്ങ’ളിൽ ഗൗതമ ബുദ്ധന്റെ മുഖ്യ ശിഷ്യനായ സംപൂജ്യനായ സരിപുത്രൻ മരണാസന്നനായ ഒരു ബ്രാഹ്മണ പുരോഹിതനെ വിമോചനത്തിന്റെ മറുകരയിലെത്തിക്കുന്ന സന്ദർഭമുണ്ടു്. ബ്രാഹ്മണമതത്തെ എതിർക്കുന്നതിനുപകരം പുരോഹിതനെ വിമോചനത്തിലേയ്ക്കു് എത്തിക്കുകയാണു് സരിപുത്രൻ ചെയ്തതു്. തന്നിൽ നിന്നു് വ്യത്യസ്തവും വിരുദ്ധവുമായ വിശ്വാസം മുറുകെ പിടിക്കുന്നവർക്കുപോലും അഹിംസയുടെ സചേതനമായ ഉള്ളുണർവ്വിലൂടെ വിമോചനത്തിന്റെ വഴി തെളിയിച്ചതാകാം, ബ്രാഹ്മണമതത്തിന്റെ പൗരോഹിത്യത്തിനു് രുചിക്കാതിരുന്നതും; എളുപ്പത്തിൽ ബുദ്ധദർശനത്തെ തമസ്കരിക്കാൻ സാധിച്ചതും.

images/Heraklit.jpg
ഹെരാക്ളീറ്റസ്

‘അധികാരചൂഢാമണി’ ശിരസ്സിലേറ്റിയ ശ്രീ ശങ്കരന്റെ വരവോടെ, അദ്വൈത ദർശനത്തിന്റെ വ്യാപനത്തോടെ ബുദ്ധന്റെ തമസ്കരണം പൂർത്തിയായി. ബ്രാഹ്മണാധികാരത്തിന്റെ ജാതിവ്യവസ്ഥ ശക്തമായി. ബുദ്ധന്റെ പരിനിർവ്വാണം കഴിഞ്ഞു് 2019-ൽ എത്തിയിട്ടും ഒരു തഥാഗതൻ പോലും ഇന്ത്യയിലുണ്ടായിട്ടില്ല. അനേകം ശങ്കരാചാര്യന്മാർ, രമണമഹർഷി, രാമകൃഷ്ണ പരമഹംസർ, വിവേകാനന്ദൻ തുടങ്ങി സംപൂജ്യരായ അനേകം ഋഷിമാർ ഹൈന്ദവധാരയെ പിന്തുടർന്നു് അദ്വൈതത്തിന്റെ വൃക്ഷത്തണലുകളിൽ നമുക്കുണ്ടായിട്ടുണ്ടു്. നമ്മുടെ ജ്ഞാനിയായ ശ്രീനാരായണ ഗുരു പോലും അദ്വൈതദർശനത്തിന്റെ പരമ്പരയിലെ ശക്തമായ സന്യാസിയാണു്. വ്യത്യസ്ത ജാതി വിഭാഗങ്ങളിൽ നിന്നു് ഇസ്ലാമുമായുള്ള കൂടിച്ചേരലുകളിലൂടെയും അനേകം സന്യാസി ശ്രേഷ്ഠർക്കും അവധൂതന്മാർക്കും ഇന്ത്യ ജന്മം നൽകിയിട്ടുണ്ടു്. മീരാഭായ്, രവിദാസ്, കബീർ, തുക്കാറാം, ബാസവേശ്വരി തുടങ്ങി നൂറുകണക്കിനു് അന്വേഷികൾ ഹൈന്ദവനവോത്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സാമൂഹ്യ-ആത്മീയ ജീവിതത്തിലൂടെ കടന്നു് പോയിട്ടുണ്ടു്. ഗാന്ധിയും ഹിന്ദുയിസത്തിന്റെ നവോത്ഥാനത്തിലാണു് ഊന്നിയതു്. ജൈവ-വൈഷ്ണവ-ക്രൈസ്തവ-ഇസ്ലാം ധാതുക്കളെ ഗാന്ധി ഹിന്ദുയിസത്തിന്റെ വ്യത്യസ്ത ധാരകളുമായി സമന്വയിപ്പിക്കാൻ ശ്രമിച്ചു. സത്യം നിങ്ങളിൽ തന്നെയാണെന്നു് പറയുമ്പോഴും ആത്യന്തിക സത്യത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ അദ്ദേഹം വൈഷ്ണവനായ സനാതന ഹിന്ദുവാണു്. അതേസമയം ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ ഹിംസാത്മകമായ സമീപനമല്ലേ വേണ്ടതു്, ജാതി ഹിന്ദുവിന്റെ മനഃശാസ്ത്രപരമായ ധാർമ്മിക മാറ്റമാണു് വേണ്ടതെന്നും ഗാന്ധി തിരിച്ചറിയുന്നുണ്ടു്. ഒരു തഥാഗതനിലേയ്ക്കു് ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക അന്തരീക്ഷം ഒരിക്കലും ഉണർന്നില്ല.

ഇനി കേരളത്തിന്റെ പരിസരത്തിലേയ്ക്കു് വന്നാൽ, നമുക്കു് കാണാനാവുന്നതു് 1950-നു ശേഷം 2000 വരെയുള്ള വർഷങ്ങളിൽ ബുദ്ധദർശനം വാക്കുകളായി അപൂർവ്വം കവിതകളിൽ പരാമർശിക്കപ്പെട്ടു. ധർമ്മാധികാരി കൊസാമ്പിയുടെ ‘ഭഗവാൻ ബുദ്ധൻ’ 1956-ൽ മലയാളത്തിലേയ്ക്കു് വിവർത്തിതമായെങ്കിലും ഉജ്ജ്വലമായ ആ അപൂർവ്വ ഗ്രന്ഥം മലയാളത്തിൽ കൂടുതൽ പരിചിതമായതു് രണ്ടായിരത്തിനുശേഷമാണു്. മദ്ധ്യവർഗ്ഗി മലയാളി പരിചയപ്പെട്ടതു് ‘ഹെർമെൻ ഹെസ്സെ’യുടെ സിദ്ധാർത്ഥയെയാണു്. അശ്വഘോഷന്റെ ‘ബുദ്ധചരിതം’, ബുദ്ധന്റെ ‘ധർമ്മപഥം’ എന്നീ ഗ്രന്ഥങ്ങളും കൂടുതൽ വായിക്കപ്പെടുന്നതു് രണ്ടായിരത്തിനുശേഷമാണു്. അതേസമയം 1950 വരെ ഒരു ബുദ്ധസംസ്കാരം നമ്മുടെ മണ്ണിലുണ്ടായിരുന്നു. ബുദ്ധമതാനുയായികളും ധാരാളമുണ്ടായിരുന്നു. 1950–2000 കാലയളവിൽ ബുദ്ധമതത്തിന്റെ തിരോധാനത്തിനു് പ്രധാന കാരണങ്ങളിലൊന്നു് സംവാദങ്ങൾക്കിടമില്ലാത്ത മാർക്സിസത്തിന്റെ ആധിപത്യമാണു്. നമ്മുടെ ധാർമ്മിക പരിസരം ഇത്രമാത്രം ദുഷിപ്പിക്കുന്നതിൽ നാം കേരളത്തിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന മാർക്സിസത്തിന്റെയും അതിന്റെ ചതുരംഗപ്പലകയിൽ കളിക്കുന്ന ഇതര രാഷ്ട്രീയക്കാരുടെയും പങ്കു് ചെറുതല്ല. ഇതിൽ ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും സംസ്കാരിക പ്രവർത്തകരുടെയും ചരിത്രകാരന്മാരുടെയും പങ്കു് പരിശോധിക്കേണ്ടതുണ്ടു്.

images/Narayana_Guru-1.jpg
ശ്രീനാരായണ ഗുരു

പരുക്കൻ ഭാഷയിൽ ഇത്രയും പറഞ്ഞതു് തിച്ച് നാത്ഹാന്റെ ‘പഴയപാത വെളുത്ത മേഘങ്ങൾ’ മലയാളിയുടെ ധാർമ്മിക ഭൂമിയിൽ രണ്ടായിരത്തിനുശേഷം ചെറിയതോതിലുള്ള സ്വാധീനമെങ്കിലും ചെലുത്താൻ പ്രാപ്തമായിരുന്നെന്നു് സൂചിപ്പിക്കാനാണു്. ഈ ഗ്രന്ഥത്തിന്റെ സ്വാധീനത്തിൽ ആറുനോവലുകളെങ്കിലും മലയാളത്തിലുണ്ടായിട്ടുണ്ടു്. ഇതര രചനകളും സാധ്യമായിട്ടുണ്ടു്. നിർഭാഗ്യവശാൽ, ബ്രാഹ്മണമതത്തിന്റെ അദ്വൈതദർശനവും ബുദ്ധദർശനവും നേരനുഭവത്തിൽ വ്യത്യസ്തമാണെന്ന സൂക്ഷ്മമായ വസ്തുത മിക്ക രചനകളിലൂടെയും കടന്നുപോകുമ്പോൾ അനുഭവപ്പെടാറില്ല. ‘പഴയപാത വെളുത്ത മേഘങ്ങ’ളുടെ മേലുള്ള നിരന്തരമായ അക്ഷര ധ്യാനം ആ വസ്തുത തിരിച്ചറിയാൻ സഹായിക്കും. ആരുടെമേലും പഴിചാരാതെ, ആരെയും കുറ്റപ്പെടുത്താതെ, ഗൗതമബുദ്ധന്റെ ‘ബോധോദയം’—ദുഃഖം, വേദന, ദുരിതം എന്നിവയിൽ നിന്നുള്ള വിമോചനം—എങ്ങനെ സ്വയം സാധിതമാകുമെന്നതു് തിച്ച് നാത്ഹാനിലുണ്ടു്.

അംബേദ്കറുടെ രാഷ്ട്രീയ ബുദ്ധനിൽ തങ്ങളുടെ വിമോചനം അന്വേഷിക്കുന്ന ദളിത് സഹോദരങ്ങൾ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയത്തിലൂടെ കാണാതെ പോകുന്നതു് ഗൗതമബുദ്ധന്റെ പരസ്പരാശ്രിതമായ സഹോദയമാണു്. ബ്രാഹ്മണിസത്തിന്റെ ഉച്ചനീചത്വത്തിലേയ്ക്കേ അതവരെ കൊണ്ടുപോകൂയെന്നു് ആശങ്കപ്പെടാതിരിക്കാൻ വയ്യ. ‘പഴയപാത വെളുത്ത മേഘങ്ങൾ’ ആഴത്തിൽ വായിച്ചാൽ ഈ വസ്തുത അവർക്കു് ബോധ്യമാകും.

‘പഴയപാത വെളുത്ത മേഘങ്ങൾ’ കേരളീയന്റെയും കേരളത്തിന്റെയും അതിജീവനത്തിനുള്ള ഒരു വഴിയാണു്. ‘Old Path White Clouds’ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ വിമോചനത്തിന്റെ പാതയാകുന്നതുപോലെ.

ഈ മഹദ്ഗ്രന്ഥത്തിന്റെ മൊഴിമാറ്റത്തിൽ ഞാനെന്നെത്തന്നെ സമർപ്പിച്ചിട്ടുണ്ടു്, സന്തോഷവും ആനന്ദവും ശാന്തിയും അനുഭവപ്പെട്ടിട്ടുണ്ടു്. എന്നാൽ, അജ്ഞതയുടെ മാലിന്യം മനസ്സിൽ നിന്നു് പൂർണ്ണമായി ഒഴിഞ്ഞുപോയിട്ടില്ലാത്തതിനാൽ ആ അഭൂതമായ ആനന്ദവും ശാന്തിയും എനിക്കു് നിലനിർത്താനായിട്ടില്ല. ഒരുപക്ഷേ, ഈ ഗ്രന്ഥത്തിന്റെ മൂന്നു് പുസ്തകങ്ങൾ വായിച്ച ചിലർക്കെങ്കിലും അതു് നിലനിർത്താനായിട്ടുണ്ടെന്നാണു് എന്റെ ധാരണ. നിത്യവും താൻ വായിക്കുന്ന ബൈബിളിനൊപ്പം ഈ മൂന്നു് പുസ്തകങ്ങളും ചേർത്തുവെച്ചിട്ടുള്ള ഒരു വീട്ടമ്മയെ എനിക്കു് നേരിട്ടറിയാം.

images/Hermann_Hesse.jpg
ഹെർമെൻ ഹെസ്സെ

രണ്ടുദശകങ്ങളിൽ ‘പഴയ പാത വെളുത്ത മേഘങ്ങളുടെ’ അനുഭവങ്ങൾ ഞാൻ നിരീക്ഷിച്ചതു് തൃശ്ശൂരിലെ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ക്ലിനിക്കിലാണു്. വേദനയുണ്ടു്. ദുഃഖമുണ്ടു്. ദുരിതമുണ്ടു്. അവ യാഥാർത്ഥ്യങ്ങളാണു്. എന്നാൽ അവയിൽ നിന്നുള്ള വിമോചനം നിരുപാധികമായ കാരുണ്യത്തിലൂടെ, കരുണയിലൂന്നിയ ചെറിയ ചെറിയ, നിസ്സാരമെന്നു് തള്ളിക്കളയാവുന്ന പ്രവൃത്തിയിലൂടെ സാധിക്കുമെന്നു് ഇവിടെ നിന്നാണു് നേർസാക്ഷിയായി പഠിച്ചതു്. കക്കൂസു് കഴുകി വൃത്തിയാക്കുന്നവർ, അടുക്കളയിൽ രോഗാതുരരായ സഹോദരങ്ങൾക്കായി ഭക്ഷണം പാചകം ചെയ്യുന്നവർ. അവരുടെ പഴുത്തു് ചീഞ്ഞു് പുഴുക്കളരിക്കുന്ന വ്രണങ്ങൾ ഒരു പൂവിനെയെന്നപോലെ മൃദുമൃദുലമായി കഴുകി വൃത്തിയാക്കുന്ന നഴ്സുമാർ. അതുമായി ബന്ധപ്പെട്ടു് ആത്മസമർപ്പണം ചെയ്യുന്ന ഭിഷഗ്വരന്മാർ. സന്നദ്ധസേവകർ, ഈയെല്ലാപ്രവർത്തനങ്ങൾക്കും മൂലധനം കയ്യയച്ചുനൽകുന്ന വ്യക്തികൾ ഇവരെല്ലാം പരസ്പരാശ്രിതത്തിന്റെ ധാർമ്മിക കണ്ണികളായി മാറുന്നതു് വിസ്മയകരമായ കാഴ്ചയാണു്. ശാരീരികമായ വേദനയുടെ അനവധി തലങ്ങൾ എനിക്കു് കാണിച്ചു് തരാറുള്ള മാതൃതുല്യയായ രാധേടത്തി, സാന്ത്വന പരിചരണത്തിനു് കാരുണ്യത്തിന്റെ ദർശനരൂപം നൽകുന്ന ആത്മസുഹൃത്തു് ഡോ. ഇ. ദിവാകരൻ, സഹജമായ ക്രിസ്തീയ വിശുദ്ധിയിൽ നിന്നു് ഉറവെടുത്ത കാരുണ്യത്തിലൂടെ വേദനിക്കുന്ന സഹോദരങ്ങൾക്കു് വാക്കിലും പുഞ്ചിരിയിലും സ്നേഹസ്പർശത്തിലും പ്രവൃത്തിയിലും മൈത്രിയാകുന്ന ഡോ. സജിത എന്നിവരെ എടുത്തു് പറയാതിരിക്കാൻ വയ്യ.

കുറിപ്പുകൾ

[1] നികായം, അഗാമസ് എന്നിവയ്ക്കു് സൂക്തം—സുത്തം—എന്നു് ഏകദേശം അർത്ഥം പറയാം.

[2] മഹാവിവേക: Motivation and Effort in Budhist Soteriology, മേയ് 2019, പുറം: 19, 20.

കെ. അരവിന്ദാക്ഷൻ
images/aravindakshan.jpg

മലയാളത്തിലെ ഒരു എഴുത്തുകാരനാണു് കെ. അരവിന്ദാക്ഷൻ.

Colophon

Title: Budhapathayum Ozhukunna Vella Meghangalum (ml: ബുദ്ധപാതയും ഒഴുകുന്ന വെള്ള മേഘങ്ങളും).

Author(s): K. Aravindakshan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-12.

Deafult language: ml, Malayalam.

Keywords: Article, K. Aravindakshan, Budhapathayum Ozhukunna Vella Meghangalum, കെ. അരവിന്ദാക്ഷൻ, ബുദ്ധപാതയും ഒഴുകുന്ന വെള്ള മേഘങ്ങളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Buddha as mendicant, a painting by Abanindranath Tagore (1871–1951). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.