ബുദ്ധൻ, ജിദ്ദുകൃഷ്ണമൂർത്തി, ഓഷോ, സെൻ, താവോ, മാർക്സ്, നബി, നസിറുദ്ദീൻ മുല്ല, സതീദേവി മാതാ, ഗാന്ധി, ക്രിസ്തു, സിലോൺ സാധു തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധി അന്വേഷകരിലൂടെ പി. നാരായണദാസ് എന്ന പി. എൻ. ദാസ് കടന്നു് പോയിട്ടുണ്ടു്. വിപാസനയടക്കമുള്ള വിവിധ ധ്യാനങ്ങൾ, സാത്വികാഹാരം, പ്രകൃതിജീവനം, യൂറിൻ തെറാപ്പി എന്നിങ്ങനെയുള്ള ജീവിതക്രമീകരണങ്ങൾ അദ്ദേഹം പരീക്ഷിച്ചിട്ടുണ്ടു്. ജീവിതാവസാനംവരെ അവയിൽ പലതും പാലിച്ചിട്ടുണ്ടു്. ഇവയൊന്നുമില്ലായിരുന്നെങ്കിൽ പി. എൻ. ദാസ് എന്താകുമായിരുന്നു? ഈ ചോദ്യത്തിന്റെ അന്വേഷണമാണു് പി. എൻ. ദാസിനെ അഞ്ചോ ആറോ തവണമാത്രം നേരിൽ കാണുകയും, അദ്ദേഹത്തെ നിരന്തരം വായിക്കുകയും, അദ്ദേഹത്തിന്റെ ആത്മീയയാത്ര അകലെനിന്നു് നിരീക്ഷിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയിലുള്ള എന്റെയീ ലേഖനം.
പി. എൻ. ദാസിന്റെ ശൈശവം, ബാല്യം, കൗമാരം എന്നിവയെക്കുറിച്ചൊന്നും യാതൊരറിവും എനിക്കില്ല. അച്ഛനമ്മമാർ, അവരുടെ പശ്ചാത്തലം, സഹോദരങ്ങൾ, പ്രാഥമിക വിദ്യാഭ്യാസം, ഭാര്യ, മക്കൾ, കുടുംബജീവിതം, വിദ്യാഭ്യാസകാലത്തെ ഗുരുനാഥന്മാർ ഇവയും എനിക്കറിയില്ല. ദാസിന്റെ എഴുത്തുകളിൽ വളരെക്കുറച്ചുമാത്രമേ ഇത്തരം കാര്യങ്ങൾ പരാമർശിതമായിട്ടുള്ളൂ.
അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസമാണു് ദാസിൽ ആവർത്തിതമാകുന്ന ഒരു കാലഘട്ടം. ശേഷിക്കുന്ന രചനകളിലെല്ലാം ദാസ് എന്ന വ്യക്തി അപൂർവ്വമായേ കടന്നുവരുന്നുള്ളൂ. ജ്ഞാനികളായ ഗുരുനാഥന്മാരും അന്വേഷികളും കണ്ടെത്തിയതു് താനെന്ന മാധ്യമത്തിലൂടെ തന്നെ വായിക്കുന്നവരിലേക്കു് എത്തിക്കുകയാണു് ദാസ് ചെയ്തിട്ടുള്ളതു്. അതിലൂടെ തന്നെയും അദ്ദേഹം അന്വേഷിച്ചിട്ടുണ്ടു്. താനെന്താണോ, താനന്വേഷിക്കുന്നതെന്താണോ, തന്റെ ആത്മീയാനുഭവങ്ങൾ എന്താണോ അതവരിലേക്കു് സംക്രമിപ്പിക്കുന്നതിനാണു് അദ്ദേഹം എഴുതിക്കൊണ്ടിരുന്നതു്. ധ്യാനവും പ്രകൃതിജീവനവും പ്രകൃതിചികിത്സയും യൂറിൻ തെറാപ്പിയുമെല്ലാം തന്നെ ശുദ്ധീകരിക്കുന്നതോടൊപ്പം തന്നോടൊപ്പമുള്ള സഹജീവികളെയും ശുദ്ധീകരിച്ചേക്കാമെന്നും അദ്ദേഹം വിശ്വസിച്ചിട്ടുണ്ടാകണം. ‘സൂക്ഷ്മതലത്തിൽ എന്നിലുള്ളതൊന്നും എന്റെയല്ല. എന്റെ ശരീരമെന്നപോലെ മനസ്സും ചിന്തകളും വികാരങ്ങളുമെല്ലാം ലോകത്തിന്റേതാണു്. ഞാൻ ലോകത്തിൽനിന്നു് ഇതെല്ലാം കടമെടുത്തു് നിൽക്കുയാണു്. ഇത്തരം ഒരു കടപ്പാടിന്റെ ബോധം പോലുമില്ലാതെ…’ (ആമുഖം: ബോധിവൃക്ഷത്തിന്റെ ഇലകൾ: 1999.)
ആത്യന്തികമായി എന്തിനാണു് ആത്മീയാന്വേഷണം? ശ്രീനാരായണഗുരു യാതൊരർത്ഥ ശങ്കയ്ക്കുമിടയില്ലാത്തവിധം അതു് നമ്മോടു് മൊഴിഞ്ഞിട്ടുണ്ടു്. അതിലളിതമായി.
‘അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം’
നാളിതുവരെയുണ്ടായിട്ടുള്ള എല്ലാ അന്വേഷണങ്ങളും മനുഷ്യന്റെ വേദനയ്ക്കും ദുരിതത്തിനും ശാശ്വതമായി അറുതി വരുത്താനാണു്. അറുതി വരുത്തുകമാത്രമല്ല, അതിലൂടെ മാനവസമൂഹത്തിലെ ഓരോ അംഗവും ആനന്ദം കണ്ടെത്തണം. ഈ ആനന്ദം ഭൂമിയിലെ സകല ചരാചരങ്ങളിലേക്കും പ്രസരിക്കണം. പ്രപഞ്ചമൊന്നാകെ ആനന്ദമനുഭവിയ്ക്കണം.
ഐന്ദ്രിയ സുഖങ്ങളിൽ രാപ്പകൽ നിമഗ്നരായി ജീവിക്കുന്നവരും ജീവിക്കുന്നതു് സുഖമനുഭവിക്കാനാണു്, ഈ സുഖം വൈയക്തികവും താൽക്കാലികവും കൂടുതൽ ദുഃഖങ്ങളിലേക്കു് വലിച്ചിടുന്നതാണെന്നും അറിഞ്ഞവരാണു് ശാശ്വതമായ ആനന്ദത്തിന്നായി കടുത്ത ജീവിതപരീക്ഷണങ്ങളിലൂടെ കടന്നുപോയവർ; കടന്നുപോകുന്നവർ.
നിരക്ഷരയായിരുന്ന മുത്തശ്ശി പുസ്തകങ്ങൾക്കപ്പുറമുള്ള ഏതൊക്കെയോ അറിവു് നേടിയിരുന്നതായി എനിക്കു് തോന്നിയിരുന്നു. കോപിച്ചും പിണങ്ങിയും അത്താഴം കഴിക്കാതെ ഉറങ്ങാൻ കിടക്കുന്ന എന്നെ സ്നേഹത്തോടെ അണച്ചുപിടിച്ചു് മുത്തശ്ശി തരുന്ന ചക്കര വാങ്ങി തിന്നുമ്പോൾ അവർ പറയാറുള്ളതിന്റെ അർത്ഥം അന്നൊന്നും എനിക്കു് മനസ്സിലായിരുന്നില്ല. ‘മോനെ കോപിച്ചു് തിന്നാതുറങ്ങിയാൽ രാവിലേക്കു് അടുക്കളയിലെ മൺകലം വറ്റിപോകും’ പിന്നെയവർ മടിയിലിരുത്തി കഥകൾ പറഞ്ഞു് തരും. പാട്ടുകൾ പാടിത്തരും. (പുറം: 78: സ്നേഹത്തിന്റെ വേരു്: കരുണം ജീവിതം: 2017.)
മുത്തശ്ശി പറഞ്ഞതിന്റെയും പറയാതെ പോയതിന്റെയും അർത്ഥം തേടിയാണു് ദാസ് അന്വേഷിക്കുന്നതു്. എഴുപതുകളിലെ ഏതൊരു യുവാവിനെയും പോലെ കഥകളെഴുതിയാണു് തന്നെ കേൾപ്പിക്കുവാൻ ശ്രമിക്കുന്നതു്. അത്തരം എഴുത്തിന്റെ വ്യർത്ഥത മനസ്സിലാക്കിയ ദാസ് മാർക്സിലേക്കും ബുദ്ധനിലേക്കും തിരിയുകയാണു്. തീർച്ചയായും എഴുപതുകളിലെ ഏതാണ്ടെല്ലാ ക്ഷുഭിതയുവാക്കളെയുംപോലെ മാർക്സിലായിരിക്കണം ദാസ് ആദ്യം ചെന്നു് മുട്ടുന്നതു്. പക്ഷേ, മുത്തശ്ശിയിലുണ്ടായിരുന്ന അദൃശ്യമായതെന്തോ ഒന്നുകൂടി ദാസിലെത്തിയിട്ടുണ്ടു്.
അതേ ലേഖനം; ദാസ് തുടരുന്നു ‘കോപമാണെന്നെ ഏറ്റവുമധികം ഭരിക്കുന്ന വികാരം. ക്രോധാഗ്നിയാണെന്നെ ഒരു ബുദ്ധനല്ലാതാക്കുന്നതു്. കാമം പോലും യോഗിയല്ലാത്ത ഒരാൾക്കു് നിയന്ത്രിക്കാൻ കഴിഞ്ഞേക്കാം. സാത്വികാഹാരത്തിലൂടെ, സാത്വികചര്യയിലൂടെ. എന്നാൽ കോപമങ്ങനെയല്ല. നരകത്തീപോലെയാണതു്. തീപ്പിടുത്തമുണ്ടാകുമ്പോൾ ഫയർ സർവ്വീസുകാർ തീ പിടിച്ച ഭാഗത്തേക്കാളധികം വെള്ളമൊഴിക്കുന്നതു് തീപിടിക്കാത്തിടത്താണു്. അവിടെ നനഞ്ഞാൽ തീ പടരില്ല. തീ പിടിച്ചുകഴിഞ്ഞാൽ അതൊരു വന്യജന്തുവിനെപ്പോലെയാണു് വെള്ളം ഒരു ഭാഗത്തൊഴിക്കുമ്പോളേക്കു് മറ്റേ ഭാഗത്തുകൂടെ തീ വന്യമായി കൊടുങ്കാറ്റിന്റെ വേഗത്തിൽ വ്യാപിച്ചു് കഴിഞ്ഞിരിക്കും.’ (പുറം: 78–79.)
ക്രോധാഗ്നിയാണെന്നെ ഒരു ബുദ്ധനല്ലാതാക്കുന്നതു് എന്നു് എഴുതുമ്പോൾ അതു് തന്റെ അനുഭവത്തിന്റെ നെരിപ്പോടിൽനിന്നാണു്. അതു് അവിശ്വസിക്കേണ്ടതില്ല. കോപമില്ലാത്ത സമയങ്ങളിൽ താൻ ബുദ്ധനാണു് എന്ന ചെറിയ സൂചനയും അതിലുണ്ടു്. പക്ഷേ, കോപാഗ്നിയുടെ ഒരു പൊരി തന്നിൽ വീഴുന്നതോടെ അതു് തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും അറിവുകളെയും ജ്ഞാനത്തിൽനിന്നുദിച്ച കരുണയെയും ചാരമാക്കുന്നുണ്ടു്. തന്നിലുള്ള കോപത്തിന്റെ നരകത്തീ അണയ്ക്കാനുള്ള തീവ്രശ്രമങ്ങളായി മാറുന്നു ദാസ് എന്ന അന്വേഷിയുടെ ജീവിതം.
കോപത്തെപ്പോലെ തന്നെയുള്ള തീയാണു് കാമവും എന്നു് ദാസ് പറയുന്നുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞേക്കുമെന്നാണു് ദാസിന്റെ വിശ്വാസം. സാത്വികാഹാരത്തിലൂടെയും, സാത്വികചര്യയിലൂടെയും. തന്നിലെ ഈ രണ്ടു് അഗ്നികളും അണയ്ക്കാനാണു് ദാസ് പ്രകൃതി ചികിത്സയും, യൂറിൻ തെറാപ്പിയും, ധ്യാനപരിശീലനങ്ങളും ചെയ്തിരുന്നതു്. അതിലൂടെ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ശാന്തമാക്കാൻ.
കോപത്തേക്കാൾ എത്രയോ മടങ്ങു് തീക്ഷ്ണമാണു് കാമാഗ്നിയെന്നു് അനുഭവത്തിൽനിന്നു് എനിക്കു് തോന്നിയിട്ടുണ്ടു്. നൂറുവയസ്സായ പുരുഷനിലും കാമാഗ്നിയുടെ ജ്വലനമുണ്ടെന്നാണു് എന്റെ ഉറച്ച വിശ്വാസം. അടുത്തറിയാൻ ശ്രമിച്ച ഗാന്ധിയും ബുദ്ധനും നാരായണഗുരുവും കാമാഗ്നിയെക്കുറിച്ചു് അത്യന്തം ബോധവാന്മാരായിരുന്നു. ബുദ്ധനും ഗാന്ധിയും കുടുംബസ്ഥരായിരുന്നു. ആദ്യത്തെയാൾ ഭാര്യയും മകനുമടങ്ങുന്ന കുടുംബം ഉപേക്ഷിച്ചുപോയി. ഗാന്ധിയാകട്ടെ കുടുംബം എന്ന സ്ഥാപനത്തിന്റെ ഇടുങ്ങിയ സ്ഥലികളുമായി നിരന്തരം സംഘർഷത്തിലായി. കാമാസക്തിയോടുള്ള ഗാന്ധിയുടെ സംഘർഷം അവസാന നിമിഷംവരെയും ഒടുങ്ങിയിരുന്നില്ല എന്നാണു് എനിക്കു് മനസ്സിലാക്കാനായിട്ടുള്ളതു്. കോപാഗ്നിയാണു്, കാമാഗ്നിയല്ല തന്നെ ഏറെ സംഘർഷത്തിലാക്കുന്നതെന്ന ദാസിന്റെ വരികൾ, അദ്ദേഹത്തിലെ ജനിതക ധാതു വ്യത്യസ്തമാണെന്നു് സൂചിപ്പിക്കുന്നു.
കോപാഗ്നിജ്വാലകൾ ഇല്ലാത്ത സമയങ്ങളിൽ ദാസിൽ ഒരു ബുദ്ധനുണ്ടു്. സഹജമായ ബുദ്ധത്തം. ഇതേ ബുദ്ധത്തം എല്ലാ മനുഷ്യചേതനയിലുമുണ്ടു്. എന്നാൽ അതു് നിദ്രാവസ്ഥയിലാകാതെ യൗവ്വനത്തിൽ ഉണർന്നിരിക്കുന്നുണ്ടു് ദാസിൽ. അതുകൊണ്ടാണു് അദ്ദേഹത്തിന്റെ ജനിതകധാതു വ്യത്യസ്തമായിരിക്കാമെന്നു് പറയാൻ കാരണം. അതിന്റെ തെളിവാണു് 1973-ൽ ദാസ് എഴുതിയ ‘മനുഷ്യൻ ഒരു ഓർമ്മക്കുറിപ്പു്’ (പുറം: 144–146: ബോധിവൃക്ഷത്തിന്റെ ഇലകൾ: 1999.)
എന്റെ ദാസ് വായനയിൽ ഇത്രയും ആഴമുള്ള മറ്റൊന്നു് കണ്ടിട്ടില്ല. എഴുപതുകളിലെ യുവതലമുറയിലെ മറ്റൊരാളിലും ഞാനിങ്ങനെയൊരു തീക്ഷ്ണമായ അനുഭവം വായിച്ചിട്ടില്ല. തീർച്ചയായും എഴുത്തും വായനയും ശ്രദ്ധിക്കാത്ത കുറച്ചു് പേരിലെങ്കിലും ഈ കാരുണ്യധാതു സഹജമായി ഉണ്ടായിരിക്കും. അതുകൊണ്ടാണീ ഭൂമി നിലനിൽക്കുന്നതു്.
1972-ലാണു് ഈ കുറിപ്പിന്നാധാരമായ (മനുഷ്യൻ: ഒരു ഓർമ്മക്കുറിപ്പു്) സംഭവം നടക്കുന്നതു്. ദാസ് പട്ടാമ്പി ഗവ: കോളേജിൽ പഠനം പൂർത്തിയാക്കിയ കാലം. ഇരുപത്തിയഞ്ചാം വയസ്സിൽ: ‘മനുഷ്യൻ: ഒരു ഓർമ്മക്കുറിപ്പു് ’ ആരംഭിക്കുന്നതിങ്ങനെയാണു്.
‘ഒരു മെഴുകുതിരിനാളം വളരെ പതുക്കെ അതിസ്വഭാവികമായി അണഞ്ഞുപോകുന്നതുപോലെയായിരുന്നു അവന്റെ മരണം. അവൻ എന്റെ ആരുമായിരുന്നില്ല. ലോഡ്ജിൽ താമസിക്കുന്ന റെയിൽവേ ആപ്പീസിലെ ക്ലർക്ക് കുമാരേട്ടനാണു് ഒരു രാത്രി ഈ കുട്ടി സ്റ്റേഷനിൽ കിടക്കുന്നു എന്നു് പറഞ്ഞതു്. ഞാൻ ചെന്നു നോക്കുമ്പോൾ ഫ്ളാറ്റ്ഫോറത്തിലെ ഒഴിഞ്ഞ സിമന്റ് ബഞ്ചിൽ അവൻ തളർന്നു കുഴഞ്ഞു കിടന്നിരുന്നു. ഇത്രയൊക്കെ ആളുകൾ കടന്നുപോയിട്ടും ഈ കുട്ടിയെ ആരും ശ്രദ്ധിച്ചില്ലല്ലോ എന്നോർത്തപ്പോൾ വിവരിക്കാൻ കഴിയാത്ത വേദന തോന്നി. ഞാൻ അവനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അവൻ ഉണരുകയുണ്ടായില്ല. എന്തിനോടൊക്കെയോ ശാഠ്യം പിടിച്ചു പിണങ്ങി ഉറങ്ങാൻ കിടക്കുന്ന ഒരു കുട്ടിയുടെ അതേ മുഖഭാവമായിരുന്നു അവന്റേതു്… ഞാൻ അവനു് കൊടുക്കാനായി ഒരു ചായയും കഷ്ണം റൊട്ടിയും കൊണ്ടുവന്നു. അവനെ ഉണർത്താൻ ശ്രമിച്ചെങ്കിലും അവൻ ഉണർന്നില്ല.’ (പുറം: 144.)
പിറ്റേ ദിവസം വരാമെന്നു് പറഞ്ഞിട്ടാണു് ദാസ് മടങ്ങിയതെങ്കിലും വൈകീട്ടു് മാത്രമേ അദ്ദേഹത്തിനവിടെ എത്താൻ കഴിഞ്ഞുള്ളൂ. ‘ആ മെലിഞ്ഞ നെഞ്ചിൻകൂടിൽ ഞാനെന്റെ കൈ വെച്ചു നോക്കി. അതിന്റെ ക്ഷീണിച്ച മിടിപ്പു് എന്റെ കൈകളിൽ ഈ ലോകത്തിൽ അഭയം ലഭിക്കാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ നിറവേറ്റാത്ത ആഗ്രഹങ്ങൾ എനിക്കു് മനസ്സിലാകാത്ത ഭാഷയിൽ വിവരിക്കുന്നതുപോലെ തോന്നി. അധികം താമസിയാതെ ആ കുഞ്ഞു് മരണമടഞ്ഞു. ആ കുട്ടി കണ്ണു് തുറന്നിരുന്നെങ്കിൽ! കുട്ടീ, നീ എവിടെനിന്നു് വരുന്നു? നീ ആരാണു്?’
ഡോക്ടർ ദാസിനോടു് പറയുന്നു. ‘ഇനി വെച്ചിരിക്കേണ്ട. ശവം നിങ്ങൾ ഏറ്റെടുക്കണം.’ ‘സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി.’
സുഹൃത്തായ നരനും കൂടി ഈ കുട്ടിയുടെ മൃതദേഹം ഒരു കീറപ്പായ കൊണ്ടുവന്നു് അതിൽ പൊതിഞ്ഞു. ഏകാന്തവും നിത്യവിജനവുമായ പുഴക്കരയുടെ ഭാഗത്തേക്കു് നടന്നു…
മൃതദേഹം വളരെ പതുക്കെ കെട്ടഴിച്ചു. കുട്ടിയെ കീറപ്പായയുടെ പൊതിയിൽനിന്നെടുത്തു. നരൻ പറഞ്ഞു ‘എന്തിനാണു് കെട്ടഴിച്ചതു്? അങ്ങിനെതന്നെ കുഴിയിൽ വെയ്ക്കുന്നതല്ലേ നല്ലതു്?’ ദാസ് മറുപടി പറഞ്ഞില്ല. അദ്ദേഹം അവനെ ഇരു കൈകളിലുമെടുത്തു് പുഴയോരത്തേക്കു് നടന്നു. കൂടെ നരനും.
‘ഞാൻ കീശയിൽ കരുതിയിരുന്ന എന്റെ സോപ്പുകൊണ്ടു് അവനെ തേച്ചു് നന്നായി കുളിപ്പിച്ചു. ശരീരത്തിലെ ചെളിയും പൊടിയും പോയപ്പോൾ അവന്റെ ശരീരത്തിനു് നല്ല തിളക്കം തോന്നി. നരന്റെ വൃത്തിയുള്ള മുണ്ടു് കൊണ്ടു് അവനെ നന്നായി പുതപ്പിച്ചു. തലമുടി കോതി വെച്ചു. അപ്പോൾ അവന്റെ രൂപം ദിവ്യവും പവിത്രവുമായ ഏതോ ലോകത്തിന്റെ മങ്ങിയ പ്രകാശം അണിഞ്ഞിരുന്നു. കുഴിയിലേക്കു് വെയ്ക്കുന്നതിന്റെ മുൻപായി എനിക്കവന്റെ നെറ്റിയിൽ ചുംബിക്കാതിരിക്കാൻ കഴിഞ്ഞില്ല.’ (പുറം: 145.)
ദാസിന്റെ ‘മനുഷ്യൻ ഒരു ഓർമ്മക്കുറിപ്പു്’, ഞാൻ എത്രയോ തവണ വായിച്ചു. ഓരോ തവണയും മുകളിലെഴുതിയ വരികളിലെത്തുമ്പോൾ എന്റെ ഹൃദയം പിടയും. വായന നിർത്തി; പുസ്തകമടയ്ക്കും. അവന്റെ നെറ്റിയിൽ ഉമ്മ വെയ്ക്കും…
അപ്പോഴൊക്കെ ഞാൻ എന്നെ കുരിശിൽ നിർത്തി ചോദിക്കും. ‘നിങ്ങളായിരുന്നെങ്കിൽ നിങ്ങളുടെ ഇരുപത്തിയഞ്ചാം വയസ്സിൽ റെയിൽവെ ഫ്ളാറ്റ്ഫോമിലെ ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചിൽ അനാഥനും മരണാസന്നനുമായ ആ കുട്ടിയെ കണ്ടിരുന്നെങ്കിൽ എന്തു് ചെയ്യുമായിരുന്നു?’ ഉൾക്കിടലത്തോടെ ഞാൻ ലജ്ജിച്ചു് തലതാഴ്ത്തും. എന്നിട്ടു് മന്ത്രിക്കും. ‘അൽപ്പനിമിഷങ്ങൾ നിശബ്ദനായി നോക്കിനിന്നു്, എന്റെ വഴിക്കു പോകുമായിരുന്നു… ചിലപ്പോൾ ആ കുട്ടിയെ കണ്ടില്ലെന്നു് വരാം. ഉറങ്ങുകയാണെന്നു് കരുതി നിശബ്ദം നടന്നു് നീങ്ങിയേക്കാം.’
ആ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചശേഷം ദാസും നരനും ഭ്രാന്തന്മാരെപ്പോലെ ഒന്നും ഉരിയാടാതെ തിരിച്ചുപോന്നു. കുറേ നേരം ചെന്നപ്പോൾ നരൻ എന്നോടു് ചോദിച്ചു. ‘ആ കുട്ടി ആരായിരിക്കും? എവിടെ നിന്നു വന്നു?’
‘അതിന്റെ ഉത്തരം എനിക്കറിയാമായിരുന്നു. പക്ഷേ, അതു് ഞാൻ പറയുകയുണ്ടായില്ല.’
‘യോജിച്ചും, പിണങ്ങിയും ഉറങ്ങാൻ കിടക്കുന്ന’ ആ കുട്ടി ഏതാണെന്നു് ഇപ്പോൾ നമുക്കമുറിയാം. പക്ഷേ, ദാസിനു് അതു് അന്നേ അറിയാമായിരുന്നു. ആ കുഞ്ഞിനെ കണ്ട നിമിഷം മുതൽ അയാളാ കുഞ്ഞിന്റെ ചെളിയും പൊടിയും തേച്ചു കഴുകി വൃത്തിയാക്കുന്നുണ്ടു്. സ്വന്തം സോപ്പുകൊണ്ടു്. താനന്നു ഉപയോഗിച്ച അതേ സോപ്പുകൊണ്ടു്. നരന്റെ വൃത്തിയുള്ള മുണ്ടു് വാങ്ങി പുതപ്പിക്കുന്നുണ്ടു്. തലമുടി കോതി വെയ്ക്കുന്നുണ്ടു്. മണ്ണിട്ടു് മൂടുന്നതിനുമുൻപു് അവനു് അവസാന ചുംബനം നൽകുന്നുണ്ടു്. ഇതയാളിലെ കാരുണ്യധാരയാണു്. ബോധിസത്വധാര. അയാളിൽ കാരുണ്യം അഥവാ ബുദ്ധത്തം ഉണർന്ന നിമിഷമാണതു്.
ആ കുഞ്ഞിന്റെ മരണത്തിനു് താനും ഭൂമിയിലെ ഇതര മനുഷ്യരെപ്പോലെ ഉത്തരവാദിയാണെന്ന ആത്മബോധം ദാസിനുണ്ടാകുന്നുണ്ടു്. ആത്മനിന്ദയോളം അതെത്തുന്നുണ്ടു്. തന്നിലെ കാരുണ്യത്തെ ഇനിയും കഴുകി വൃത്തിയാക്കേണ്ടതുണ്ടു്. ഒരു പുതിയ സോപ്പുകൊണ്ടു്. മാലിന്യങ്ങളിൽനിന്നു് മുക്തമാക്കേണ്ടതുണ്ടു് അതിന്നായി അയാൾ നീങ്ങുന്നതു് മാർക്സ്, ഗാന്ധി, നബി, ഓഷോ… തുടങ്ങിയവരിലേക്കാണു്.
വാസ്തവത്തിൽ, നൈസർഗ്ഗികമായ കാരുണ്യധാരയിലുള്ള ദാസിനു് അവരെല്ലാം നിർമ്മിതികളാണു്. കണ്ടീഷൻഡ് ചെയ്യപ്പെട്ട അറിവിന്റെ നിർമ്മിതികൾ. ഇവരെയൊന്നും വായിക്കാതെ, അറിയാതെ, ആ ഇരുപത്തിയഞ്ചാം വയസ്സിൽ തന്റെ അതേ ജീവിതം തുടർന്നിരുന്നുവെങ്കിൽ നാരായണദാസ് പി. എൻ. ദാസ് ആകുമായിരുന്നില്ല. നാമറിയാത്ത നാരായണദാസായിരിക്കും. അനാഥരിലും നിരാലംബരിലും കാരുണ്യത്തിന്റെ പ്രകാശം വിതറി ആരുമറിയാതെ കടന്നുപോകുന്ന ആൾ. അയാൾ നടന്നു നീങ്ങിയതു് വ്യവസ്ഥാപിത നിർമ്മിതികളിലേക്കാണു്. അവയുമായി സംഘർഷത്തിലേർപ്പെട്ടു് തന്റെ കാരുണ്യധാരയെ സാമൂഹ്യബോധത്തിന്റെ അഗ്നിയാക്കി പരിവർത്തിപ്പിക്കാമെന്ന സദുദ്ദേശത്തോടെ. പിന്നീടെപ്പോഴെങ്കിലും ദാസിൽ പട്ടാമ്പി സ്റ്റേഷനിലെ അനുഭവം ആവർത്തിക്കുന്നതായി കാണുന്നില്ല.
അക്കാലത്തു് ‘ചിന്തിക്കുന്ന’ യുവാക്കളിൽ ഒരുവനായി ദാസ് വ്യവസ്ഥിതിയെ മാറ്റാനുള്ള തീവ്രരാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെടുകയാണു്. മാർക്സും മാവോയുമാണു് അദ്ദേഹത്തിന്റെ അന്നത്തെ വഴികാട്ടികൾ. അതയാളെ എത്തിച്ചതു് തടവറയിലാണു്. അടിയന്തരാവസ്ഥയിൽ. വ്യവസ്ഥിതി അയാളെ നക്സലൈറ്റ് ആയി മുദ്രകുത്തി ജയിലലടച്ചു.
‘ജയിലലടയ്ക്കപ്പെടുന്നതിനു മുൻപു് ഒരു മാസത്തിലധികം എനിക്കു് പോലീസിന്റെ മർദ്ദനക്യാമ്പിൽ കഴിയേണ്ടിവന്നു. ഏതാണ്ടു് മുഴുപ്പട്ടിണിയോടടുത്ത ആ ദിവസങ്ങളിൽ കക്കൂസിൽ പോകുമ്പോൾ മാത്രമാണു്, അവിടെയുള്ള അഴുകിയ ബക്കറ്റിൽ അൽപ്പം വെള്ളം കാണുക. പീഢനത്താലുള്ള തളർച്ച കൊണ്ടാവണം ചില രാത്രികളിൽ എനിക്കു് സ്ഖലനം അനുഭവപ്പെട്ടിരുന്നു. രാവിലെ കക്കൂസിൽ പോയാൽ ട്രൗസറിലെ കറപിടിച്ച ഭാഗം മാത്രം കഴുകാൻ ശ്രമിക്കും. വേണ്ടത്ര സോപ്പോ വെള്ളമോ ഇല്ലാത്തതുകൊണ്ടു് അത്തരം അടയാളങ്ങൾ വെളുത്ത ട്രൗസറിനെ വളരെ വികൃതമാക്കി. ക്യാമ്പിൽ മറ്റു് വസ്ത്രങ്ങളൊന്നും പാടില്ല. മാസങ്ങളോളം വിയർപ്പും മൂത്രവും ശുക്ലവുമൊക്കെ പുരണ്ടു് നാറുന്ന ട്രൗസറിട്ടു്…’ (പുറം: 167–68, പുഴ പുഴയാകുന്നതു് എപ്പോൾ?: ബോധിവൃക്ഷത്തിന്റെ ഇലകൾ. 1999.)
ഏതു് വ്യവസ്ഥിതിയെ ദാസ് വെല്ലുവിളിക്കാനും മാറ്റിയെടുക്കാനും ശ്രമിച്ചുവോ, ആ വ്യവസ്ഥിതി അയാളെ മലിനമാക്കി. ശ്വാസം മാത്രം കഷ്ടിച്ചു സാധിക്കുന്ന തടവറയിലിട്ടു.
‘വൈകുന്നേരങ്ങളിൽ വിശന്ന വയറോടെ മരവിച്ച മനസ്സുമായിരിക്കാറുള്ള എന്റെ മുറിയിലേക്കു് ഒരു കാവൽ പോലീസുകാരൻ പതിവായി വന്നിരുന്നു. ദയ തോന്നിയിട്ടാവണം എന്തെങ്കിലും തിന്നാൻ കൊണ്ടുവരട്ടെയെന്നു് പലവട്ടം വളരെ രഹസ്യമായി അയാൾ ചോദിച്ചപ്പോൾ ഒരു പ്രത്യേക വസ്തു ആവശ്യപ്പെടണമെന്നുറച്ചു…’ (പുറം: 109.)
സ്വാഭാവികമായും ആ പ്രത്യേക വസ്തു ഒരു കഷ്ണം റൊട്ടിയോ, പേനയോ, കടലാസ്സോ അതുപോലുള്ള മറ്റെന്തെങ്കിലുമാവാമെന്നു് നാം കരുതും. പക്ഷേ, ദാസ് ആവശ്യപ്പെട്ടതു് ഒരു ചെറു കഷ്ണം അലക്കുസോപ്പാണു്.
‘പിറ്റേന്നയാൾ 501 ബാർ സോപ്പിന്റെ ഒരു കഷ്ണം കൊണ്ടുവന്നു. അന്നു രാത്രി അതുമായി ഞാൻ കക്കൂസിൽ പോയി. ആ രാത്രിയിൽ തണുത്ത വെള്ളത്തിൽ സോപ്പു് പതച്ചു് കൈകാലുകളും മുഖവും കഴുകിയപ്പോഴുണ്ടായ നിർമ്മലതയും ശാന്തിയും ഞാൻ മറക്കില്ല.’ (പുറം: 109.)
ഇരുപത്തിയഞ്ചാം വയസ്സിൽ പുഴക്കരയിലേക്കെടുക്കുന്ന ആ കുഞ്ഞിന്റെ മലിനമായ മൃതദേഹം തേച്ചു് കഴുകി വൃത്തിയാക്കിയ ദാസ് മുപ്പതാം വയസ്സിൽ സ്വന്തം വസ്ത്രങ്ങളുടെയും ശരീരത്തിന്റെയും മാലിന്യങ്ങൾ കഴുകിക്കളഞ്ഞു് വൃത്തിയാക്കുകയാണു്. അതോടൊപ്പം മനസ്സിന്റെയും. ആദ്യത്തെ കഴുകിവൃത്തിയാക്കലിൽനിന്നു് എന്താണു് തനിക്കു് സിദ്ധിച്ചതെന്നു് ദാസ് വെളിപ്പെടുത്തുന്നില്ല. ആ കുട്ടി ആരായിരിക്കും? എവിടെനിന്നു് വന്നു? എന്ന ചോദ്യങ്ങളുടെ ഉത്തരം തനിക്കറിയാമെന്നു് പറഞ്ഞു് ആ അദ്ധ്യായത്തിനു് വിരാമമിടുകയാണു്. രണ്ടാമത്തെ സ്വയം ശുദ്ധീകരണത്തിൽ അയാൾക്കു് സിദ്ധിച്ച ‘ശാന്തിയും നിർമ്മലതയും’ അവിസ്മരണീയമാണു്.
ആദ്യത്തേതിൽ ദാസ് തന്നിലുള്ള കരുണയുടെ ഒഴുക്കുജലംകൊണ്ടു് തന്റെയും സമൂഹത്തിന്റെയും മാലിന്യങ്ങളെ കഴുകി വൃത്തിയാക്കിയെടുക്കുകയാണു്. ആ കുട്ടിയുടെ നെറ്റിയിൽ ദാസ് ചുംബിക്കുന്നതോടെ ദാസിലെ കാരുണ്യത്തിന്റെ നൈസർഗ്ഗിക ധാര പിന്നെയും ഒഴുകുന്നുണ്ടു്.
പകരം, അതല്ല അതല്ല എന്നു് ശഠിച്ചു് രണ്ടാമത്തെ ശുദ്ധീകരണത്തിലെത്തുകയാണു്. അതിലൂടെ സിദ്ധിച്ച നൈർമ്മല്യവും ശാന്തിയും ഒന്നാമത്തേതിന്റെ തുടർച്ചയായി അറിഞ്ഞു് അതിനെ അതിന്റെ വഴിക്കു് വിട്ടിരുന്നെങ്കിൽ ദാസിനെ ഒരു പക്ഷേ, നാമിന്നറിയുന്നതുപോലെ അറിയുമായിരുന്നില്ല. ഞാൻ നേരത്തെ സൂചിപ്പിച്ചപോലെ കുടുംബം, ജോലി, കുട്ടികൾ, ഹിംസയും അഴിമതിയും നിറഞ്ഞ സമൂഹം, എന്നിവയുടെ ഇടുങ്ങിയ ഇടങ്ങളിലൂടെ കടന്നുപോയി.
അപ്പോഴും അദ്ദേഹം തന്നെയും സമൂഹത്തെയും കഴുകി വൃത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു. ആത്മശുദ്ധീകരണത്തിന്റെയും ആനന്ദത്തിന്റെയും മറ്റൊരു ധന്യമുഹൂർത്തം കൂടി ദാസ് അനാവരണം ചെയ്യുന്നുണ്ടു്. തന്റെ തടവു് ജീവിതത്തിൽനിന്നു്.
‘അങ്ങിനെയിരിക്കെ ഒരു നാൾ ഒരു സംഭവം നടക്കുന്നു. വധശിക്ഷയ്ക്കു് വിധിക്കപ്പെട്ട തടവുകാരന്റെ ബ്ലോക് തുറക്കപ്പെടുന്നു. ഞങ്ങളൊരിക്കലും കണ്ടിട്ടില്ലാത്ത ആ തടവുകാരൻ കയ്യിൽ തന്റെ പായയും, പാത്രങ്ങളുമായി പുറത്തിറങ്ങുന്നു. അയാൾ ആശ്ചര്യത്തോടെ ചുറ്റും നോക്കുന്നു. അയാൾ ഞങ്ങളുടെ നേരെ ഒന്നു നോക്കി, മറക്കാനാവാത്ത ഒരാനന്ദം ആ മുഖത്തു് നിന്നു് നിറഞ്ഞു വഴിഞ്ഞിരുന്നു. അയാൾ കരയുകയോ, ചിരിക്കുകയോ… എല്ലാം ഓർക്കുന്നവനെപ്പോലെ, വട്ടം ചുറ്റിക്കൊണ്ടു് ജീവിതത്തെ വന്ദിച്ചു നിന്ന ആ രംഗം…’ (പുറം: 103, 04: ‘പുസ്തകമോ, ജീവിതമോ?’: ബോധിവൃക്ഷത്തിന്റെ ഇലകൾ.)
‘വധശിക്ഷയിൽനിന്നു് ജീവപര്യന്തതടവിലേക്കു് മാറ്റപ്പെട്ട അജ്ഞാതനായ ആ തടവുകാരന്റെ മുഖത്തുണ്ടായിരുന്ന പറയാത്ത ആനന്ദം ‘ജീവിതകല’യുടെ രഹസ്യം പഠിക്കാനെന്നെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. തുടർന്നു് സ്നേഹത്തിന്റെ കലയായ ധ്യാനത്തിന്റെ വിദ്യാർത്ഥിയാകാനും.’ (പുറം: 104.)
ഈ മൂന്നു സംഭവങ്ങളിൽ ആദ്യത്തേതാണു് ദാസിനെ ആത്മീയമായി നഗ്നനാക്കുന്നതെന്നു് ഞാൻ പറയും. അത്രത്തോളം ആത്മീയധന്യത, ദാസിനു് ജീവിതത്തിൽ മറ്റേതെങ്കിലും പ്രവൃത്തിയിൽനിന്നുണ്ടായിരിക്കാനിടയില്ല. കുഴിയിലേക്കിറക്കിക്കിടത്തിയ ആ കുട്ടിയുടെ പ്രകാശമാനമായ നെറ്റിയിൽ ദാസ് ചുംബിക്കുമ്പോൾ ദാസും പ്രകാശം പരത്തുകയാണു്. ദാസിലെ കാരുണ്യത്തിന്റെ നൈസർഗ്ഗിക ധാര അണമുറിയാതെ ഒഴുകുകയാണു്.
തന്റെ നൈസർഗ്ഗികമായ കാരുണ്യധാരയെപ്പറ്റി അയാളറിഞ്ഞിരുന്നില്ലേ? അതിലയാൾക്കു് പൂർണ്ണമായ വിശ്വാസമുണ്ടായിരുന്നില്ലേ? അതോ അതല്ല, അതല്ല എന്നു് മുത്തശ്ശിയുടെ പേരക്കുട്ടിയെപ്പോലെ ശഠിച്ചു് പട്ടിണി കിടന്നു് അയാൾ മുത്തശ്ശിയുടെ കഥയും പാട്ടും കേട്ടുറങ്ങാൻ കാത്തിരുന്നോ? അതു് കേൾക്കാതായപ്പോഴാണോ ദാസ് രണ്ടാമത്തെ ശുദ്ധീകരണ പ്രക്രിയയിലേക്കു് തീവ്രരാഷ്ട്രീയത്തിന്റെ കനൽവഴിയിലൂടെ നടന്നതു്?
അവിടെയും അയാൾക്കു് ‘നൈർമ്മല്യവും ശാന്തിയും’ സിദ്ധമാകുന്നുണ്ടു്. പക്ഷേ, അയാൾ ആ നീർച്ചാലിന്റെ ഒഴുക്കിലൂടെ സാവകാശം നീങ്ങാൻ അനുവദിച്ചുവോ? ഇല്ലെന്നാണു് എനിക്കു് തോന്നിയിട്ടുള്ളതു്.
ഇതു് അദ്ദേഹത്തിന്റെ കുറ്റമല്ല. നമ്മുടെ സാമുഹ്യവ്യവസ്ഥിതിയുടെ ചങ്ങലകളാണു് കുടുംബം, ജോലി, കുട്ടികൾ, ഹിംസയും അഴിമതിയും നിറഞ്ഞ ചുറ്റുപാടുകൾ… മലിനമായ എണ്ണിയാലൊടുങ്ങാത്ത സ്ഥാപനങ്ങൾ. അവയുടെ അഴുക്കും ചെളിയും.
അതേ തടവറയിൽവെച്ചു തന്നെ ദാസ് വധശിക്ഷയിൽനിന്നു് ജീവപര്യന്തത്തിലെത്തിയ തടവുകാരനിലൂടെ താനന്വേഷിക്കുന്ന ആനന്ദം തിരിച്ചറിയുന്നുണ്ടു്. ആ തടവുകാരൻ താൻ തന്നെയാണെന്നും, അയാളുടെ ആനന്ദം തന്റേതും ലോകത്തിന്റേതുമാണെന്നും.
വീണ്ടും ദാസ് തന്നിലെ നൈസർഗ്ഗിക ധാരയെ കാണാതെ അതിന്റെ സ്വഭാവികമായ ഒഴുക്കിനു് ഇനിയും താൻ പ്രവർത്തിക്കണമെന്നു് ശഠിച്ചു് ചര്യകളിലും രീതികളിലും ഏർപ്പെടുകയാണു്. 1972-ലെ നൈസർഗ്ഗികമായ കരുണയും, 1976–77-ലെ ശാന്തിയും നൈർമ്മല്യവും തൊട്ടടുത്ത ദിവസത്തിലെ ആനന്ദവും, പിന്നീടെപ്പോഴെങ്കിലും അതേ നിറവുകളിൽ, അതേ ഒഴുക്കിൽ ദാസ് അനുഭവിക്കുകയുണ്ടായോ?
അതു് പറയാൻ ഞാനില്ല. കാരണം, അതെനിക്കറിയില്ല. ജീവിതത്തിന്റെ അവസാനത്തിൽ ആശുപത്രികളിലും വീട്ടിലുമായി ബോധത്തിലൂടെയും, അബോധത്തിലൂടെയും സഞ്ചരിച്ച ദാസ് നിശബ്ദനായി അവസാനത്തെ ശുദ്ധീകരണത്തിൽ ഏർപ്പെട്ടിരിക്കുമോ? ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭദ്രമായ യുക്തികൾക്കു് അതീതമാണു് ദിവ്യമായ ആത്മശുദ്ധീകരണവഴികൾ. അതു് എഴുതപ്പെടാത്ത ചരിത്രത്തിനു് പുറത്താണു്.
മലയാളത്തിലെ ഒരു എഴുത്തുകാരനാണു് കെ. അരവിന്ദാക്ഷൻ.