images/King_Dushyanta_Shakuntala.jpg
King Dushyanta proposing marriage with a ring to Shakuntala, a chromolithograph by R. Varma .
മലയാളശാകുന്തളം
വിവ: ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ
ആമുഖം
സമർപ്പണം

ശാകുന്തളേ കേരളകാളിദാസ

വിവർത്തിതേ സത്യയദ്യമോ മേ

സഹസ്രരശ്മാവുദിതേ വിഭാതേ

പ്രദീപസന്ദീപനസാഹസം സ്യാത്

അഥാപി തു,

മണേർമ്മഹാർഘ്യസ്യ ഗുണാനഭിജ്ഞൈഃ

പ്രവാളഭൂയിഷ്ഠപദപ്രയോഗം

ഗ്രന്ഥസ്യ തസ്യാഭിനവം വിവർത്ത

മഭ്യർത്ഥിതോഽഹം യദജല്പമേവം.

തദേതദപ്യുഛ്രിതഭക്തിപൂതം

സമർപ്യതേ ശ്രീഗുരുപാദമൂലേ

പാത്രാനുസാരേണ വികാരിണീനാം

വിപാക ഏവൈഷ ഹി തദ്ഗവീനാം.

“സിദ്ധ്യന്തി കർമ്മസു മഹത്സ്വപിയന്നിയോജ്യാഃ

സംഭാവനാഗുണമവേഹി തമീശ്വരാണാം;

കിം വാ?ഭവിഷ്യദരുണസ്തമസാം നിഹന്താ

തം ചേത് സഹസ്രകിരണോധരി നാകരിഷ്യത്.”

തിരുവനന്തപുരം 05-12-’87

ഏ. ആർ. രാജരാജവർമ്മ

ഉത്തരം

വ്യാഖ്യാനഭേദാദപി പാഠഭേദാ

ദനേകഭേദം യദി മൂലമേവ

പ്രസ്ഥാനഭേദാദ്രുചിഭേദതശ്ച

ഭേദാവകാശഃ സുതരാം വിവർത്തേ.

അതോ നവീനേ പരിവർത്തനേഽസ്മിൻ

കൃതഃ ശ്രമോ നൈവ പിനഷ്ടിപിഷ്ടം

ശാകുന്തളാർത്ഥാമൃതപാനപാത്ര

മേകം നവം കൈരളി, തേഽദ്യ ലബ്ധം.

സാധു സ്വശിഷ്യപ്രണയാത് പ്രണീതം

മദ്ഭാഗിനേയേന വിവർത്തമേതം

ശാകുന്തളസ്യാർപ്പിതമദ്യ മഹ്യം

തത്പ്രേമനിഘ്നോഽഹമുരീകരോമി.

“സ്ഥാനേ സ്വശിഷ്യനിവഹൈർവിനിയുജ്യമാനാ

വിദ്യാ ഗുരും ഹി ഗുണവത്തരമാതനോതി

ആദായ ശുക്തിഷു വലാഹകവിപ്രകീർണ്ണൈർ

രത്നാകരോ ഭവതി വാരിഭിരംബുരാശിഃ”

തിരുവനന്തപുരം 06-12-’87

കേരളവർമ്മ.

പാത്രവിവരണം

രാജാവു് — ദുഷ്ഷന്തൻ, ഹസ്തിനപുരാധിപതി, നായകൻ

സൂതൻ — വൈഖാനസനും രണ്ടു് ശിഷ്യന്മാരും

ശകുന്തള — കണ്വന്റെ വളർത്തുപുത്രി നായിക

സഖിമാർ — പ്രിയംവദയും അനസൂയയും

വിദൂഷകൻ — മാഢവ്യൻ—രാജാവിന്റെ തോഴൻ

പരിവാരങ്ങൾ — യവനസ്ത്രീകൾ

ദ്വാരപാലകൻ — രൈവതകൻ

സേനാപതി — ഭദ്രസേനൻ

മഹർഷികുമാരന്മാർ — നാരദനും ഗൗതമനും

അന്തഃപുരപരിചാരകൻ — കരഭകൻ യജമാനശിഷ്യൻ

ഗൗതമി — ശകുന്തളയുടെ വളർത്തമ്മ

കണ്വശിഷ്യന്മാർ — ശാർങ്ഗരവനും ശാരദ്വതനും

കാശ്യപൻ — കണ്വൻ, കുലപതി, ശകുന്തളയെ എടുത്തു വളർത്തിയ മഹർഷി.

കഞ്ചുകി — വാതായനൻ

പരിജനങ്ങൾ — ദ്വാരപാലിക, വേത്രവതി

വിശ്വസ്ത പരിചാരിക — ചതുരിക

പുരോഹിതൻ — സോമരാതൻ

ശിപായിമാർ — ജാനുകനും സൂചകനും

നഗരാധികാരി — രാജസ്യാലൻ മിത്രാവസു

പുള്ളി — മുക്കുവൻ

അപ്സരസ്ത്രീ — സാനുമതി—മേനകയുടെ സഖി

ഉദ്യാനപാലികമാർ — മധുരികയും പരഭൃതികയും

ദേവേന്ദ്രസാരഥി — മാതലി

താപസിമാർ — ഒരുവൾ സുവ്രത

ബാലൻ — സർവ്വദമനൻ—നായകന്റെ പുത്രൻ

മാരീചൻ — കശ്യപപ്രജാപതി

അദിതി — ദാക്ഷായണി

മാരീചശിഷ്യൻ — ഗാലവൻ

മലയാള ശാകുന്തളം
(ക) സ്ഥകാലങ്ങൾ

ഒന്നമാതായി ശകുന്തള രങ്ഗത്തിൽ പ്രവേശിക്കുന്നതു കണ്വാശ്രമത്തിൽ തപോവനവൃക്ഷങ്ങളെ നനയ്ക്കുന്ന ഒരു കന്യകയായിട്ടാകുന്നു. ഒടുവിൽ അവൾ യൗവരാജ്യാഭിഷേകത്തിനു പ്രായമായ തന്റെ പുത്രനോടൊരുമിച്ചു നിഷ്ക്രമിക്കയും ചെയ്യുന്നു. അതിനാൽ കഥ നടന്ന കാലം ഉദ്ദേശം പതിനാറു സംവത്സരത്തോളം ഇരിക്കണമെന്നു തീർച്ചതന്നെ. എന്നാൽ രങ്ഗത്തിൽ പ്രയോഗിക്കുന്ന കാലം വളരെ സ്വല്പമേയുള്ളു.

പ്രഥമാങ്കത്തിൽ രാജാവു് മൃഗത്തെ ഓടിച്ചുകൊണ്ടു പ്രവേശിക്കുന്നതു മദ്ധ്യാഹ്നത്തിനു വളരെ മുമ്പായിരിക്കണം. ആശ്രമത്തിൽ എത്തിയ സമയം മുനികന്യകമാർ ചെടികൾ നനച്ചുകഴിഞ്ഞിട്ടില്ല. അവരുമായി നേരംപോയതറിയാതെ സംസാരിച്ചുകൊണ്ടിരുന്നു് ഒടുവിൽ കാട്ടാനയുടെ വർത്തമാനം കേട്ടു പിരിയുമ്പോൾ പകൽ കുറേ ശേഷിച്ചിരുന്നിരിപ്പാൻ പ്രയാസമാണു്.

പിറ്റേ ദിവസം രാവിലെയാണു് മാഢവ്യൻ പ്രവേശിച്ചു്, “ഇന്നലെ ഒപ്പം എത്താൻ കഴിയാതെ ഞാൻ പിന്നിലായപ്പോൾ” എന്നു രാജാവിന്റെ വേട്ടഭ്രാന്തിന്റെ ദുഷിക്കുന്നതു്. ഈച്ചകളെ ഒക്കെയും ആട്ടിയോടിച്ചിട്ടു തോഴരും രാജാവും കൂടി കല്ത്തറയിൽ മരത്തിന്റെ തണലിൽ ഇരുന്നു സ്വകാര്യം പറയുമ്പോഴേക്കു് ഏകദേശം വെയിൽ നന്നായി മൂത്തിരിക്കുന്നു. പിന്നീടു്, ഗുരുപ്രേരിതകൃത്യയുഗ്മത്തെ അന്യോന്യം അവിരോധേന നിവർത്തിപ്പാനുള്ള ആലോചനകളും കഴിഞ്ഞു് മാഢവ്യനെ നഗരത്തിലേക്കു ജാടകേറ്റി പുറപ്പെടുവിക്കുന്നതോടുകൂടി ആ പകലും അവസാനിക്കുന്നു.

മൂന്നാമങ്കത്തിൽ രാജാവു് ആശ്രമത്തിലെത്തി രണ്ടു നാലുദിവസം കൊണ്ടു മഹർഷിമാരുടെ കർമ്മങ്ങൾ ഏതാനും നിർവിഘ്നമായി നടത്തി അവരുടെ അനുവാദപ്രകാരം ഉച്ചസമയം കുറച്ചൊന്നു വിശ്രമിക്കാനായിട്ടാണു പ്രവേശിക്കുന്നതു്. “മാലിനിയിലേച്ചെറുശീകരവും സരോജസൗരഭവും ചൊരിയുന്ന തെന്നലിനെ” പുണർന്നുംകൊണ്ടു പ്രിയാവാസമായ വള്ളിക്കെട്ടിൽച്ചെന്നു ദിനശേഷം സരസമായി നയിക്കുന്നു, പ്രാർത്ഥിതാർത്ഥങ്ങളുടെ സിദ്ധിക്കുണ്ടാകുന്ന പ്രതിബന്ധങ്ങളും ആലോചിച്ചു ശൂന്യമെങ്കിലും ലതാമണ്ഡപത്തിൽ ഏറെനേരം അമാന്തിച്ചതിനാൽ “സ്വൈരം സന്ധ്യയ്ക്കു വേണ്ടുന്നൊരു” എന്നു മഹർഷിമാർ ബദ്ധപ്പെട്ടു രാജാവിനെ അന്വേഷിക്കേണ്ടിവന്നു.

അനന്തരം യാഗകർമ്മങ്ങൾ മുഴുവനായതിനാൽ മഹർഷിമാരുടെ അനുമതിയോടുകൂടി രാജാവു നഗരത്തിലേക്കു പോയിക്കഴിഞ്ഞതിന്റെ ശേഷം ഗാന്ധർവ്വമായ വിവാഹവിധിപ്രകാരം കല്യാണം കഴിഞ്ഞ ശകുന്തളയുടെ സൗഭാഗ്യദേവതാർച്ചനത്തിനു പൂപറിക്കാനായിട്ടു സഖിമാർ പ്രവേശിക്കുന്നു. ഇതിനാൽ മൂന്നും നാലും അങ്കങ്ങളുടെ മദ്ധ്യേയുള്ള കാലം ഉദ്ദേശം ഒരു മാസത്തോളമെന്നു ഊഹിക്കാം. സഖിമാരുടെ അസന്നിധാനത്തിൽ ശകുന്തള ചിത്രത്തിലെഴുതപ്പെട്ടവളെന്നപോലെ തന്നെയുംകൂടി മറന്നു ഭർത്താവിനെ വിചാരിച്ചും കൊണ്ടിരുന്നപ്പോഴാണു് ദുർവ്വാസാവിന്റെ ശാപം. ഈ സങ്ഗതി നടന്നതു രാജാവു പുറപ്പെട്ടു രണ്ടുനാലു ദിവസം കഴിയുന്നതിനുമുമ്പായിരിക്കണം. അല്ലെങ്കിൽ ശകുന്തള തന്നെയും മറന്നു് അത്ര ഔത്സുക്യത്തോടുകൂടി ഇരിക്കുകയില്ലായിരുന്നു, സൗഭാഗ്യദേവതാർച്ചനത്തിനു പൂപറിക്കുക സഖിമാർക്കു് ഒരു പതിവായിത്തീരുകയും സ്വല്പംകൂടി പരിചയമാവുകയും ചെയ്യുമായിരുന്നു. അങ്ങനെ ഓർമ്മവരാൻ മാത്രം കാലമായിട്ടില്ലാഞ്ഞതിനാലല്ലേ പ്രിയംവദ ആ സങ്ഗതി (സൗഭാഗ്യദേവതാർച്ചനം) വിട്ടുപോയതും അനസൂയ ഓർമ്മിപ്പിക്കുന്നതും? “എൻ നാമമുദ്ര ഇതിലെണ്ണുക” എന്നു രാജാവു ഉടമ്പടിചെയ്തിരുന്ന അവധിക്കകമാണു് ഈ ശാപമെന്നു തീർച്ചതന്നെ. വിഷ്കംഭം കഴിഞ്ഞു് അങ്കാരംഭത്തിൽ പ്രവേശിക്കുന്ന അനസൂയ താതകണ്വൻ വന്ന ദിവസം രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ഉണ്ടായ ദീർഘമായ സ്വൈരവിചാര മനോരാജ്യത്തിലെ സങ്ഗതികൾ ഇതിലേക്കു ലക്ഷ്യങ്ങളുമുണ്ടു്. അന്നുച്ചയ്ക്കു തന്നെ മഹർഷികളെ നഗരത്തിലേക്കയയ്ക്കുകയും ചെയ്യുന്നു.

അഞ്ചാമങ്കം ആരംഭിക്കുന്നതു് ഹിമവത്പൃഷ്ഠത്തിലിരുന്നിരുന് കണ്വാശ്രമത്തിൽനിന്നും കാൽനടയിൽ ഹസ്തിനപുരത്തു ചെന്നുചേരുവാൻ ആവശ്യപ്പെട്ട ദിവസങ്ങൾ കഴിഞ്ഞതിന്റെ ശേഷമാകുന്നു. ദുഷ്ഷന്തമഹാരാജാവു് ശകുന്തളയുടെ കഥയേ മറന്നുപോയി. ഹംസപദികയും വസുമതീദേവിയുമാണു് അപ്പോഴത്തെ വല്ലഭമാർ. വീണവായനയും പാട്ടും കൂത്തും മേളം തന്നെ. എങ്കിലും ശകുന്തള അവിടെ എത്തിയ നാൾ അവളെ നേരെ കാണും മുമ്പുതന്നെ “മുജ്ജന്മങ്ങളിലുള്ള വേഴ്ച വെളിവായുൾബ്ബോധമില്ലാതെ താനിജ്ജീവൻ നിജവാസനാബലവശാൽ ഓർമ്മിക്കയാലാവണം” എന്നു തോന്നുമാറു് രാജാവിനു് ഒരു മൗനവും മുഷിച്ചിലുമായിരുന്നു. അങ്ങനെ പര്യാകുലനായി സ്ഥിതിചെയ്യുമ്പോൾ ആണു് വൃദ്ധകഞ്ചുകി ചെന്നു മഹർഷിമാരുടെ ആഗമനം അറിയിക്കുന്നതു്. ശാപശക്തികൊണ്ടും ധർമ്മാസക്തികൊണ്ടും പരവശനായിട്ടു് “ഹിമഭരിതമുഷസ്സിൽ കന്ദർമാർന്നോരു വണ്ടിൻ സമതയൊടവശൻ ഞാൻ തള്ളുവാൻ കൊള്ളുവാനും” എന്നു ശകുന്തളയെ സൂക്ഷിച്ചുനോക്കി രാജാവു വിചാരിക്കുന്നു. നിരാകൃതയായ ശകുന്തളയെ അപ്സരസ്സുകൾ എടുത്തുകൊണ്ടു അന്തർദ്ധാനം ചെയ്തതതിന്റെ ശേഷം ശയ്യാഗൃഹത്തിൽച്ചെന്നു വിശ്രമിക്കുമ്പോഴും രാജാവിനു് “എങ്കിലുമുള്ളു ചുടുമ്പോൾ ശങ്ക മറിച്ചു ജനിപ്പതുണ്ടല്പം” എന്നുതന്നെ തോന്നിക്കൊണ്ടിരുന്നു.

എങ്കിലും കാശ്യപപ്രജാപതിയുടെ ആശ്രമത്തിൽച്ചെന്നു താമസിച്ചു ശകുന്തള പ്രസവിച്ചു പുത്രനു സിംഹക്കുട്ടിയെ പിടിച്ചു കളിക്കാൻമാത്രം പ്രായം വന്നതിന്റെ ശേഷമേ മുക്കുവന്റെ കൈവശം ചെന്നുചേർന്ന മുദ്രമോതിരം കാണുവാനും രാജാവിനു് ഓർമ്മവരാനും സങ്ഗതിയായുള്ളു. അതിനാൽ പഞ്ചമഷഷ്ഠാങ്കങ്ങൾ തമ്മിൽ മഹത്തായ ഒരു കാലകൃതവ്യവധാനമുണ്ടു്. സ്മൃതി ഉദിച്ച ഉടൻ പശ്ചാത്താപം അസഹ്യമായിത്തീർന്നു. രാജ്യമൊട്ടുക്കു നാട്ടുവാലായ്മ അനുഷ്ഠിക്കുന്നതിനു ചട്ടംകെട്ടി. ശകുന്തളയെ ചിത്രത്തിലെഴുതിവെച്ചു നോക്കി നേരം കഴിച്ചുകൂട്ടി ചിത്രത്തിലും അവരെ ഒരു വണ്ടുപോലും ഉപദ്രവിക്കുന്നതു കണ്ടാൽ സഹിക്കാൻ പാടില്ല. രാജ്യകാര്യം അമാത്യപിശുനനെ ഏല്പിച്ചു. അന്യംനില്പു കേസ്സുകളിൽ ദാക്ഷിണ്യം വളരെ അധികമായി. എന്നുവേണ്ട ഇന്ദ്രപ്രേഷിതനായ മാതലിക്കു യുദ്ധപ്രസങ്ഗം വന്നു പറയുന്നതിനു മടി തോന്നത്തക്കവണ്ണം മഹത്തായ ഒരു വൈക്ലബ്യം വന്നുകൂടി. തത്ക്ഷണംതന്നെ വിധം പകർന്നു് ഇന്ദ്രാജ്ഞയെ നടത്താൻ പ്രസ്ഥാനം ചെയ്കയും ചെയ്തു.

ഇന്ദ്രലോകത്തു ചെന്നു യുദ്ധത്തിൽ സഹായിച്ചു തിരിച്ചുവരുന്നതിനുള്ള ഇട അത്ര ദീർഘമായിരുന്നിരിക്കയില്ല. സ്വന്തം രാജ്യത്തു ചെന്നുചേരുന്നതിനു മുമ്പുതന്നെ യദൃച്ഛയാ സപുത്രയായ ശകുന്തളയെ ലഭിപ്പാനും സങ്ഗതിയായി.

ഇനി നാടകീയസ്ഥലത്തെപ്പറ്റി വിചാരിക്കാം

ഒന്നുമുതൽ നാലുവരെയുള്ള അങ്കങ്ങളിലെ അരങ്ങുകൾ തപോവനത്തിന്റെ ഓരോരോ ഭാഗമാകുന്നു. അഞ്ചിലേയും ആറിലേയും സങ്ഗതികൾ ഹസ്തിനപുരത്തിൽ നടന്നു. ഒടുവിലത്തെ അരങ്ങു് കാശ്യപാശ്രമത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

ആദിയിലേയും ഒടുവിലേയും അങ്കങ്ങളിൽ രാജാവു് സാറട്ടിൽ സവാരി ചെയ്തുകൊണ്ടു പ്രവേശിക്കുന്നു. ഇതു രങ്ഗത്തിൽ പ്രവേശിക്കുന്നതു സ്വല്പം പ്രയാസമായിരിക്കും. ഒരു കണ്ണുകൊണ്ടു “കൃഷ്ണസാര”ത്തെയും മറ്റേക്കണ്ണുകൊണ്ടു “കുലച്ച ചാപം കൈക്കൊണ്ടി”രുന്ന രാജാവിനെയും ഒന്നിച്ചു നോക്കീട്ടു് ഒരു നടൻ കുരുടനായിപ്പോയതിൽപ്പിന്നെ ചാക്യാന്മാർ ഈ നാടകം അഭിനയിക്കാറില്ലെന്നൊരു പ്രസിദ്ധിയുണ്ടു്. പ്രവേശിച്ചിരിക്കുന്ന പാത്രങ്ങൾക്കു് അങ്കമദ്ധ്യത്തിൽത്തന്നെ ദേശം പകരേണ്ട ആവശ്യങ്ങൾ നേരിടുന്ന സ്ഥലങ്ങളിൽ കവിതകൾ “പരിക്രാമതി ചുറ്റിനടക്കുന്നു” എന്നൊരു നടോപദേശം എഴുതുക പതിവുണ്ടു്. എന്നാൽ ഇതു് അധികം ഉപയോഗിക്കുന്നതു ഭങ്ഗിയല്ല. ദൂരദേശഗമനം അങ്കമദ്ധ്യത്തിൽ നിർബന്ധിച്ചുകൂടാ അതിനാൽ, നമ്മുടെ മഹാകവി അതിനവസരം അപൂർവ്വമായിട്ടേ ചെയ്തിട്ടുള്ളു.

നാലാമങ്കത്തിൽ അനസൂയയുടെ കിടക്കമുറിയിൽ പ്രവേശിച്ചു് അവളും പ്രിയംവദയും “സഖി, വരൂ, പോകാം” എന്നു പറഞ്ഞു്, ശകുന്തള കുളിച്ചുകേറി നിൽക്കുന്ന സ്ഥലത്തേക്കു ചുറ്റിനടന്നു പോകുന്നു. കണ്വനും സ്നാനാദികർമ്മങ്ങൾ കഴിച്ചു പ്രവേശിക്കുന്നു. ചുറ്റിനടന്നു് അവിടെത്തന്നെ വന്നുചേരുന്നു പിന്നെയും അവർ രങ്ഗത്തിൽവച്ചുതന്നെ ഹോമപ്പുരയ്ക്കകത്തു കയറിയിറങ്ങുകയും സരസ്സിന്റെ തീരംവരെ യാത്രയായി പോകയും ചെയ്യുന്നുണ്ടു്. വിമാനത്തിൽ വരുന്ന സാനുമതി താഴെ ഇറങ്ങി തിരസ്കരണികൊണ്ടു മറഞ്ഞുനിന്നു് രങ്ഗത്തിലെ നടപടി രഹസ്യമായി കേൾക്കുന്നതു കുശലന്മാരായ നടന്മാർക്കു് അഭിനയിക്കാൻ അത്ര കൃച്ഛ്രമല്ല. ഉദ്യാനത്തിലിരുന്ന രാജാവു് വിദൂഷകന്റെ വിളികേട്ടു മേഘമാളികപ്പുറത്തു കയറുന്നതു് സാനുമതി നിഷ്ക്രമിച്ചതിന്റെ ശേഷമാകയാൽ അവൾ ഇരുന്നിരുന്ന വിമാനത്തിന്റെ മേല്പുറം കൊണ്ടുതന്നെ നിർവ്വഹിക്കാം. ഇലക്ട്രിസിറ്റി, ആവി മുതലായ പ്രകൃതിശക്തികൾ സ്വാധീനപ്പെട്ടിട്ടുള്ള ഈ പരിഷ്കൃതകാലത്തു് ആകാശമാർഗ്ഗേണ മാതലി തേർതെളിച്ചതിനെ അനുകരിക്കുന്നതും സുകരം തന്നെ.

(ഖ) പാത്രങ്ങൾ

മാഢവ്യൻ ഒരു തീറ്റിപ്പണ്ടം തന്നെ എങ്കിലും “പ്രയാസമില്ലാത്ത ഒരു കാര്യത്തിൽ അങ്ങു് എനിക്കു സഹായിക്കണം” എന്ന സ്വാമിയുടെ കല്പനയ്ക്കു “കൊഴുക്കട്ട ഉടച്ചു മിഴുങ്ങുന്നതിലാണോ?” എന്നുത്തരം ചോദിക്കുന്നതു വാസ്തവത്തിൽ മുള്ളു പറയുകയായിരിക്കണം.

രാജ്യകാര്യങ്ങളിൽ അയാൾക്കു പ്രവേശമേ ഇല്ല. അതുകൊണ്ടാണു് പറഞ്ഞൊത്തതിന്റെ ശേഷമെങ്കിലും സേനാപതി ധൈര്യമായിട്ടു്, “ഈ മൂർഖൻ” എന്നും “ വല്ലതും പുലമ്പുന്നു” എന്നുംമറ്റും മുഖത്തിനുനേരെ അധിക്ഷേപിക്കുന്നതു്. (സേനാപതിയുടെ ഗൗരവത്തിനു് ഈ തിരുമുമ്പിൽസ്സേവ സംസാരിച്ചതു് അത്ര ശരിയുമായില്ല.) ഈ രസികൻ രാജാവിന്റെ അന്തഃപുരമന്ത്രിയാണു്. ഈ വിടുവായനു നൈത്യാരമ്മയോടു് എന്തും സാധാരണയായി പറഞ്ഞുകേൾപ്പിക്കാം. അമ്മതമ്പുരാനു് ഈ വിദ്വാനെ പുത്രനോടു തുല്യം വാത്സല്യമുണ്ടു്. എന്തിനു വളരെ പറയുന്നു? ഈ വിദ്വാന്റെ ഫലിതങ്ങൾക്കു് രണ്ടു് അരങ്ങുകളിലേ കവി ഇടം കൊടുത്തുള്ളുവല്ലോ എന്നു് സഭ്യന്മാർക്കു് ഉത്കണ്ഠയെ ഉളവാക്കുന്നുണ്ടു്. ശകുന്തളയെ നിരാകരിക്കുന്ന അവസരത്തിൽ ഹംസപദികാഗൃഹത്തിലേക്കു് ഈ രസികനെ ശാസനയായി പറഞ്ഞയച്ചുകളഞ്ഞതു് കുറെ കഠിനമായോ എന്നു തോന്നിപോകും. ഈയാൾ ഇല്ലായിരുന്നുവെങ്കിൽ രാജ്യകാര്യവൈയഗ്ര്യത്താൽ ഉളവാകുന്ന മുഷിച്ചൽ തീർത്തു് ആത്മാവിനെ നവീകരിക്കുന്നതു ദുഷ്ഷന്തമഹാരാജാവിനു് ഇത്രയും സുകരമാകയില്ലായിരുന്നു.

സഖിമാരുടെ നാമധേയം അവരവരുടെ സ്വഭാവത്തിനു സൂചകമാണു് വൃക്ഷസേചനത്തിന്റെ കണക്കു പറഞ്ഞു രാജാവിനെക്കൊണ്ടു മോതിരം കൊടുപ്പിക്കുന്നതും, സ്വാമിനിയെ വനജ്യോത്സനയോടു് ഉപമിക്കുന്നതും, രാജാവിനോടു് ആപത്തിനെ പ്രാപിച്ചിരിക്കുന്ന രാജ്യവാസി ജനത്തിന്റെ സങ്കടം തീർപ്പാൻ അപേക്ഷിക്കുന്നതും, അനസൂയയുടെ അപേക്ഷപ്രകാരം തന്നെ ദുർവാസസ്സിനോടു നല്ല വാക്കു പറവാൻ പോകുന്നതും മറ്റും പ്രിയംവദയാണു്. മറ്റവൾക്കു വാക്സാമർത്ഥ്യം ഇത്രയില്ല. എന്നാൽ കാര്യപരിജ്ഞാനം കൂടും. ബന്ധുജനങ്ങൾക്കു ശോചനീയമായിബ്ഭവിക്കാത്ത വിധത്തിൽ രാജാവു നോക്കിക്കൊള്ളണമെന്നേ അവൾക്കു പ്രാർത്ഥനയുള്ളു. എങ്കിലും മാൻകുട്ടിയെ തള്ളയുടെ അടുക്കൽ കൊണ്ടുവിടുന്നതിനു് അവൾക്കും ഉത്സാഹക്കുറവുണ്ടായില്ല. അണിയറയിൽനിന്നും ചക്രവാകിക്കു ഹിതോപദേശം ചെയ്യുന്നതും അതിനാൽ ഇവൾത്തന്നെയായിരിക്കണം. ശകുന്തളയ്ക്കു നഗരയാത്രാവസരത്തിൽ തോഴിമാർ രണ്ടുപേരും ഒരുമിച്ചുതന്നെ ആലിംഗനം ചെയ്യണമെന്നാണു പ്രേമചാപല്യം.

ശാർങ്ഗരവനാണു് ശിഷ്യന്മാരിൽ പ്രധാനി. ശാരദ്വതൻ രാജഭോഗങ്ങൾ അനുഭവിക്കുന്ന മഹാഭാഗന്മാരെ, സ്നാതൻ അഭ്യക്തനെ എന്നപോലെ ഗണിച്ചുകളയുന്നു. രാജാവുമായി വാക്കുതർക്കം ചെയ്തുകൊണ്ടു തന്റെ കൂട്ടുകാരൻ കോലാഹലം ചെയ്യുന്നതൊന്നും ആ പരമസാത്വികനു രസിക്കുന്നില്ല. തങ്ങൾ ചെയ്യേണ്ടതു ചെയ്തു; ഭർത്താവു ഭാര്യയെ സ്വീകരിക്കുവാൻ ഭാവമില്ലെങ്കിൽ പിടിച്ചുകെട്ടി തലയിൽ വച്ചേച്ചു കടന്നുകളയാമെന്നും മറ്റും അയാൾക്കു് ഉത്സാഹമില്ല. ഇവരുടെ ഈ സ്വഭാവഭേദം ഗുരുവിനും അറിവുണ്ടു്. അതിനാൽ സന്ദേശം പറഞ്ഞയയ്ക്കുന്നതു് ആ വാഗ്മി മുഖാന്തരമാണു്. മുക്കുവനും മുതൽപ്പേരും ഇന്നുള്ളവർ തന്നെ അന്നും അമാത്യനുമായി നാം കണ്ടു സംസാരിക്കുന്നില്ലെങ്കിലും ആ ദിവാനെ രാജാവിനു വളരെ വിശ്വാസമുണ്ടെന്നും രാജ്യകാര്യങ്ങളിൽ, വിശിഷ്യ മുതലെടുപ്പുസങ്ഗതിയിൽ, അയാൾക്കു നല്ല ദൃഷ്ടിയുണ്ടെന്നും വെളിപ്പെടുന്നു. പിശുനൻ എന്നു പേരിട്ടതു മാത്രം എന്തോ? ഇന്ദ്ര സാരഥിയായ മാതലി ദുഷ്ഷന്തനെ “മഹാരാജാവേ” എന്നേ സംബോധനചെയ്യുന്നുള്ളു, തത്കാലം സൂതനെങ്കിലും ഒരു സമന്റെ നിലയിലാണു് സംസാരം. ഔചിത്യം നോക്കി രാജഗൃഹത്തിൽ എന്തു് സ്വാതന്ത്ര്യവും പ്രവർത്തിപ്പാൻ മാത്രം അന്തസ്സുള്ളവനുമാണു്.

(ഗ) രസവിചാരം

ഇവിടെ അങ്ഗിയായ രസം ശൃംഗാരം; ഭയാനകാദികൾ അങ്ഗങ്ങൾ. അതിൽ “രാജന്യനർഹയിവൾ നിശ്ചയം” എന്ന ഘട്ടത്തിൽ അങ്കുരിതമായ രതി എന്ന ഭാവം, ശകുന്തള “മനസ്സേ ബദ്ധപ്പെടേണ്ട, നീ ആലോചിക്കുന്നതുതന്നെ” എന്നു തുടങ്ങി “എന്നാഭിമുഖ്യമതൊഴിക്കിലുമെന്തുഹാനി? പിന്നെങ്ങുമല്ലധികനേരമിവൾക്കു നോട്ടം” ഇത്യന്തമുള്ള സന്ദർഭത്താൽ ഉദ്ബുദ്ധമായിട്ടു സ്ഥായിവ്യപദേശത്തിനു പാത്രമായിത്തീർന്നതിന്റെശേഷം “അറിവേൻ തപഃപ്രഭാവം” എന്നു മുതൽ കാമ ലേഖനം എഴുതുന്നതു വരെയുള്ള പൂർവ്വാനുരാഗ വിപ്രലംഭത്താൽ ദൃഢമൂലമായി.

  1. “ഒട്ടി ഹന്ത! കവിൾത്തടം” എന്നു ശങ്കമാനത,
  2. “അറിവേൻ തപഃപ്രഭാവം” എന്നു ശങ്കമാനത
  3. “സ്മര കുസുമശരൻ നീ” എന്നു രാജകർത്തൃ കമായ അസൂയ
  4. “അല്ലാത്തപക്ഷം താമസിയാതെ നിങ്ങൾക്കു് എന്റെ ഉദകക്രിയ ചെയ്യേണ്ടിവരും” എന്നു നായകാഗതമായ നിർവേദം
  5. “പ്രിയയെച്ചെന്നു കാണുകയല്ലാതെ വേറൊരു ഗതിയും കാണുന്നില്ല” എന്നു നായകന്റെ ഔത്സുക്യം ഇത്യാദി വ്യഭിചാരിഭാവങ്ങളാൽ അവിടവിടെ പരിപോഷിതമായി…
രാജാവു്:
“ഝടിതി അടുത്തു ചെന്നു്” എന്നു് ആരംഭിച്ചു് “ശകുന്തള മുഖം തിരിച്ചുകളയുന്നു” എന്നു് അവസാനിക്കുന്ന ഗ്രന്ഥത്താൽ പ്രതിപാദിതമായ സംക്ഷിപ്തസംഭോഗശൃംഗാരദശയേയും മനസ്സേ ആഗ്രഹം സാധിക്കുന്നതിനു്” ഇത്യാദി ശകുന്തളയുടെ ആത്മഗതം മുതൽ “നോക്കുമ്പോൾ ഞാനശക്തൻ വിടുവതിനിവിടം ശൂന്യമെന്നാലുമിപ്പോൾ” എന്നു രാജാവിന്റെ പരിദേവിതംവരെ ഉള്ള സന്ദർഭപ്രകാരം കാര്യപ്രവാസ വിപ്രലംഭാവസ്ഥയേയും ഒടുവിൽ ദുർവാസശ്ശാപാവസരത്തിൽ ശാപവിപ്രലംഭകക്ഷ്യയേയും പ്രാപിച്ചു മദ്ധ്യേ കുറഞ്ഞൊരു കാലം നിശ്ശേഷം സമ്മീലിതമായെങ്കിലും “ഈ പാട്ടു കേട്ടിട്ടു് എന്താണു് എനിക്കു് ഇഷ്ടജനവിരഹം ഇല്ലെങ്കിലും മനസ്സിനു ബലമായ വല്ലായ്മതോന്നുന്നതു്” എന്നും

“എങ്കിലുമുള്ളു ചുടുമ്പോൾ ശങ്ക

മറിച്ചും ജനിപ്പതുണ്ടല്പം”

എന്നും മറ്റുമുള്ള അവസരങ്ങളിൽ പൂർണ്ണഗ്രഹണകാലത്തു രാഹുവദനോദരത്തിൽ മങ്ങിക്കാണുന്ന പനിമതിബിംബംപോലെ യഥാകഥഞ്ചിൽ അനുസന്ധേയമായിത്തന്നെ ഇരുന്നും കൊണ്ടു് പിന്നീടു് മുദ്രാദർശനത്തിൽ പെട്ടെന്നു് സംഭ്രമപ്രവാസമെന്നു വ്യപദേശ്യമായ വിപ്രലംഭമായിട്ടു് സംപൂർണ്ണദശയിൽ ആവിർഭവിച്ചു് അവസാനത്തിൽ സപുത്രയായ ശകുന്തളയുടെ സങ്ഗമത്തിൽ വീണ്ടും സംഭോഗാത്മനാ പരിണമിച്ചു ചകചകായമാനമായിരിക്കുന്ന ഒരു അപൂർവ്വ ചർവ്വണ സരണയിൽ അവതരിപ്പൂതും ചെയ്യുന്നു.

ഏർ. ആർ. രാജരാജവർമ്മ

ഒന്നാമങ്കം
പ്രസ്താവന

ആദ്യത്തെ സൃഷ്ടി, ഹോതാ,വഥവിധിഹുതമായുള്ള ഹവ്യം വഹിപ്പോ

നാ ദ്വന്ദ്വം കാലമാനാസ്പദ,മുലകുനിറഞ്ഞോരു ശബ്ദാശ്രയം താൻ,

വിത്തെല്ലാത്തിന്നമേകപ്രകൃതി, ചരജഗത്പ്രാണനാം തത്വമെന്നി

പ്രത്യക്ഷം മൂർത്തിയെട്ടാർന്നൊരു ജഗദധിപൻ നിങ്ങളെക്കാത്തുകൊൾവൂ1

(നാന്ദി കഴിഞ്ഞു് സൂത്രധാരൻ പ്രവേശിക്കുന്നു)

സൂത്രധാരൻ:
(അണിയറയിലേക്കു നോക്കിയിട്ടു്) ആര്യേ, ചമഞ്ഞുകഴിഞ്ഞെങ്കിൽ ഇങ്ങോട്ടു വരിക.
നടി:
(പ്രവേശിച്ചിട്ടു്) ആര്യ! ഞാനിതാ വന്നിരിക്കുന്നു.
സൂത്രധാരൻ:
ആര്യേ, പണ്ഡിതന്മാർ അധികപ്പെട്ടിട്ടുള്ള സദസ്സാണിതു്. ഇവിടെ കാളിദാസകൃതമായ അഭിജ്ഞാനശാകുന്തളം പുതിയ നാടകം നാം അഭിനയിക്കണം അതിലേക്കു ഓരോ വേഷത്തിനും വേണ്ട ജാഗ്രതകൾ ചെയ്ക.
നടി:
ആര്യൻ ഏർപ്പാടുകളെല്ലാം വേണ്ടുംവണ്ണം ചെയ്തിട്ടുള്ളതു കൊണ്ടു് യാതൊരു കുറവിനും വകയില്ലല്ലോ.
സൂത്രധാരൻ:
ആര്യേ, കാര്യസ്വഭാവം ഞാൻ പറഞ്ഞുതരാം.

വിദ്യ ശരിയെന്നുറയ്ക്കാൻ വിദ്വത്പ്രീതിക്ക് പാത്രമായ് വരേണം

നന്നായി പഠിച്ചവന്നും തന്നിൽവരുന്നില്ല നല്ല വിശ്വാസം 2

നടി:
അതങ്ങനെതന്നെ; ഇനിചെയ്യേണ്ടതു് ആര്യൻ ആജ്ഞാപിക്കണം.
സൂത്രധാരൻ:
മറ്റെന്തു്? ഈ സഭയക്കു കർണ്ണാനന്ദം നൽകണം. അതിനു് ഈയിടെതന്നെ ആരംഭിച്ചിരിക്കുന്ന ഈ ഗ്രീഷ്മസമയത്തെക്കുറിച്ചു് ഒരു പാട്ടു പാടണം. ഈ ഋതുവിൽ ഉപഭോഗങ്ങൾക്കും ധാരാളം വകയുണ്ടു്.

നീരാടുവാൻ കുതുകമേറെ വളർന്നിടുന്നു;

ചേരുന്നു പാതിരിവിരിഞ്ഞ മണം മരുത്തിൽ;

പാരാതുറക്കമുളവാം തണലത്തണഞ്ഞാൽ;

പാരം സുഖാവഹമഹസ്സിലെരിഞ്ഞടങ്ങും3

നടി:
അതങ്ങനെതന്നെ (പാടുന്നു)

അളികളണഞ്ഞു തലോടും

ലളിതമതാമല്ലിയാർന്നൊരു ശിരീഷം

കാതിന്മേൽ കുതുകമൊടേ

കാതരമിഴിമാർ കനിഞ്ഞു ചൂടുന്നു 4

സൂത്രധാരൻ:
ആര്യേ, പാട്ടു് വളരെ നന്നായി രാഗത്തിൽ ലയിച്ചിട്ടു് ഈ രങ്ഗം ചിത്രത്തിൽ എഴുതിയപോലെ ആയിരിക്കുന്നു. ഇനി ഏതു നാടകം അഭിനയിച്ചാണു് ഇവരെ നാം ആരാധിക്കണ്ടേതു്?
നടി:
അഭിജ്ഞാനശാകുന്തളമെന്ന അപൂർവ്വനാടകമാണു് അഭിനയിക്കേണ്ടതെന്നു് ആര്യൻ മുമ്പുതന്നെ ആജ്ഞാപിച്ചുവല്ലോ.
സൂത്രധാരൻ:
ആര്യേ, ഓർമ്മപ്പെടുത്തിയതു നന്നായി; തത്കാലം എനിക്കൊരു മറവി വന്നുപോയി; എന്തുകൊണ്ടെന്നാൽ,

ഹാരിയാം നിന്റെ ഗീതത്താൽഹൃതനായി ബലേന ഞാൻ;

(ചെവിയോർത്തിട്ടു്)

ദുഷ്പ്രാപമാം മൃഗത്താലീദ്ദുഷ്ഷന്തൻനൃപനെന്നപോൽ 5

(രണ്ടുപേരും പോയി)

(പ്രസ്താവനാ കഴിഞ്ഞു)

(അനന്തരം തേരിൽക്കയറി കൈയ്യിൽ കുലച്ച വില്ലുമായി മാനിനെ പിൻതുടർന്നു കൊണ്ടു രാജാവും കൂടെ സൂതനും പ്രവേശിക്കുന്നു.)

സൂതൻ:
(രാജാവിനേയും മാനിനേയും നോക്കീട്ടു്) തിരുമേനീ,

ഇക്കൃഷ്ണസാരമതിലങ്ങു കുലച്ച ചാപം

കൈക്കൊണ്ടീടുന്നൊരു ഭവാനിലുമിങ്ങു ദൃഷ്ടി

ചേർത്തീടവേ മുഖ മൃഗാനുഗനാം പിനാകി

പ്രത്യക്ഷനായി വിലസുന്നതു കണ്ടിടുന്നേൻ6

രാജാവു്:
സൂത, ഈ മാൻ നമ്മെ വളരെ ദൂരം ആകർഷിച്ചുകളഞ്ഞു. ഇതാകട്ടെ ഇപ്പോഴും,

പിന്നിട്ടെത്തുന്ന തേരിൽഗ്ഗളമഴകിൽവളച്ചിട്ടു നോട്ടങ്ങൾ ചേർത്തും

പിൻഭാഗം മിക്കവാറും ശരവരവുംഭയന്നുള്ളിയിലേക്കായ്ച്ചുളിച്ചും,

വക്ത്രം വീർത്തൂർന്നുവീഴുന്നൊരുതൃണകബളം മാർഗ്ഗമദ്ധ്യേ പൊഴിച്ചും

പാർത്താലും പാഞ്ഞിടുന്നു നെടിയകുതികളാൽ ഭുവിലേക്കാൾ നഭസ്സിൽ7

നാം പിന്തുടർന്നുകൊണ്ടുതന്നെയിരുന്നിട്ടും ഇതു പിന്നെ സൂക്ഷിച്ചു നോക്കേണ്ട ദൂരത്തിലായിത്തീർന്നതെങ്ങനെ?

സൂതൻ:
ഭൂമിക്കു് നിരപ്പില്ലെന്നുകണ്ടു ഞാൻ കടിഞ്ഞാൺ മുറുക്കുകയാൽ തേരിന്റെ വേഗം കുറഞ്ഞു; അതിനാലാണു് ഈ മാൻ ദൂരത്തിലായിത്തീർന്നതു്. ഇപ്പോൾ രഥം സമഭൂമിയിൽ എത്തുകയാൽ ഇനി തിരുമേനിയുടെ ശരത്തിനു ദൂരത്തായി വരികയില്ല.
രാജാവു്:
എന്നാൽ കടിഞ്ഞാൺ അയച്ചുവിടൂ.
സൂതൻ:
കല്പപോലെ (രഥം വേഗം നടിച്ചിട്ടു്) തിരുമേനീ, തൃക്കൺ പാർത്താലും, തൃക്കൺ പാർത്താലും!

തഞ്ചത്തിൽക്കടിഞ്ഞാണയച്ചുവിടവേമുന്നാഞ്ഞുടൻ ചാമര-

ത്തുഞ്ചങ്ങൾക്കൊരനക്കമെന്നി ചെവിയുംകൂർപ്പിച്ചിതാ വാജികൾ

അഞ്ചാതെ കുതികൊണ്ടിടുന്നു മൃഗവേ-ഗാസൂയയാലെന്നപോൽ

തൻ ചാരത്തണയാതെ തൻ ഖുരപുടോ-ദ്ധൂതം രജോരാജിയും8

രാജാവു്:
ശരി തന്നെ. കുതിരകളുടെ വേഗം സുര്യാശ്വങ്ങൾക്കും ഇന്ദ്രാശ്വങ്ങൾക്കും ഉപരി ആയിരിക്കുന്നു എന്തെന്നാൽ.

നോട്ടത്തിൽച്ചെറുതായ് നിനപ്പതുടനേതോന്നുന്നു വമ്പിച്ചതായ്,

നേരോർത്താലിടവിട്ടു നില്പതു നിക-ന്നീടുന്നിതൊന്നിച്ചപോൽ;

വക്രിച്ചുള്ളൊരു വസ്തു ദൃഷ്ടിയിൽ നിവർ-ന്നീടുന്നു, വേഗത്തിനാൽ!

പക്കത്തില്ലൊരു കാണിനേരവുമെനി-ക്കൊന്നെങ്കിലും ദൂരെയും9

സൂത, ഇതിനെക്കൊല്ലുന്നതു നോക്കിക്കൊള്ളു. (ശരം തൊടുക്കുന്നു).

(അണിയറയിൽ)

അല്ലയോ മഹാരാജാവേ, ഇതാശ്രമമൃഗമാണു് കൊല്ലരുതേ, കൊല്ലരുതേ!

സൂതൻ:
(വാക്കുകേട്ട വഴി നോക്കീട്ടു്)ഈ കൃഷ്ണമൃഗം തിരുമേനിയുടെ ശരത്തിനു് എത്തത്തക്കവിധം സമീപിച്ചപ്പോഴേക്കും മദ്ധ്യേ തടസ്സത്തിനു തപസ്വികൾ വന്നു ചേർന്നിരിക്കുന്നു.
രാജാവു്:
(സംഭ്രമത്തോടെ) എന്നാൽ കടിഞ്ഞാൺ മുറിക്കിക്കൊള്ളു.
സൂതൻ:
അങ്ങനെതന്നെ (തേർ നിറുത്തുന്നു)

(അനന്തരം രണ്ടു ശിഷ്യന്മാരോടുകൂടി വൈഖാനസൻ പ്രവേശിക്കുന്നു.)

വൈഖാനസൻ:
(കൈയുയർത്തിയിട്ടു്) രാജാവേ, ഇതു് ആശ്രമമൃഗമാണു്;

കൊല്ലരുതേ, കൊല്ലരുതേ!

തൊടുത്ത ശസ്ത്രമതിനാലടക്കുക നരേശ്വര,

ആർത്തത്രാണത്തിനാണസ്ത്രംവീഴ്ത്താനല്ലൊരദോഷിയിൽ 10

രാജാവു്:
അസ്ത്രമിതാ പിൻവലിച്ചിരിക്കുന്നു. (അതിൻ പ്രകാരം ചെയ്യുന്നു.)
വൈഖാനസൻ:
പുരുവംശപ്രദീപഭൂതനായ അങ്ങയ്ക്കു് ഇതു യുക്തമത്രേ.

ചേരും പുരുകുലംതന്നിൽപിറന്നൊരു ഭവാനിത്

തനിക്കു ചേർന്ന തനയൻജനിക്കും ചക്രവർത്തിയായ് 11

ശിഷ്യന്മാർ:
(കൈയുയർത്തിക്കൊണ്ടു്) അങ്ങേക്കു ചക്രവർത്തിയായ പുത്രൻ ജനിക്കട്ടെ.
രാജാവു്:
(വണങ്ങിക്കൊണ്ടു്) ഞാൻ അനുഗ്രഹീതനായി.
വൈഖാനസൻ:
രാജാവേ, ഞങ്ങൾ ചമത പറിക്കാൻ വന്നവരാണു്. ഇതാ മാലിനിനദിയുടെ കരയ്ക്കായിട്ടു് കുലപതിയായ കണ്വന്റെ ആശ്രമം കാണുന്നു. വേറെ ജോലിത്തിരിക്കില്ലെങ്കിൽ അവിടെച്ചെന്നു് അതിഥി സത്കാരം സ്വീകരിക്കണം അത്രതന്നെയുമല്ല-

ഉടജങ്ങളിലൊരു തടവും കൂടാതെനടന്നീടും ക്രിയകൾ നോക്കി

ഞാണിൽ കിണമേറ്റ കരം ക്ഷോണിഭരിക്കുന്നോരൂർജ്ജിതവുമറിയാം12

രാജാവു്:
കുലപതി അവിടെത്തന്നെ ഉണ്ടോ?
വൈഖാനസൻ:
അദ്ദേഹം അതിഥിസത്കാരത്തിനു പുത്രിയായ ശകുന്തളയെ പറഞ്ഞേല്പിച്ചിട്ടു് അവളുടെ ഗ്രഹപ്പിഴയ്കു ശാന്തിചെയ്യുന്നതിനായി സോമതീർത്ഥത്തിലേക്കു് ഇപ്പോഴാണു് പോയതു്.
രാജാവു്:
ആകട്ടെ, അവളെത്തന്നെ ചെന്നു കാണാം. അവൾ എന്റെ ഭക്തി അറിഞ്ഞു്, മഹർഷി വരുമ്പോൾ ഉണർത്തിച്ചുകൊള്ളും.
വൈഖാനസൻ:
ഞങ്ങൾ എന്നാൽ പോകുന്നു. (ശിഷ്യന്മാരോടുകൂടി പോയി).
രാജാവു്:
സൂതാ കുതിരകളെ വിടൂ; പുണ്യാശ്രമദർശനം ചെയ്തു് ആത്മശുദ്ധിവരുത്താം.
സൂതൻ:
കല്പനപോലെ. (പിന്നെയും രഥവേഗം നടിക്കുന്നു.)
രാജാവു്:
(ചുറ്റും നോക്കിയിട്ടു്) ഇതു തപോവനത്തിന്റെ സങ്കേതമാണെന്നു പറയാതെതന്നെ അറിയാം.
സൂതൻ:
അതെങ്ങനെ?
രാജാവു്:
താൻ കാണുന്നില്ലയോ? ഇവിടെയാകട്ടെ,

പോടിൽപ്പാർത്ത ശുകം പൊഴിച്ചവരിനെല്ലുണ്ടിമ്മരങ്ങൾക്കു കീ-

ഴോ,ടക്കായകളിടിച്ചൊരെണ്ണമയമി-ങ്ങേല്ക്കുന്നുതേ പാറകൾ;

ഓടീടാതെ മൃഗങ്ങൾ തേരൊലി പൊറു-ത്തീടുന്നു നിശ്ശങ്കമായ്;

പാടുണ്ടാറ്റുകരയ്ക്കു വല്ക്കലജലം വാർന്നിട്ടിതാകാണ്മതും13

സൂതൻ:
തേർ ഇതാ നിറുത്തിയിരിക്കുന്നു. തിരുമേനി താഴെ എഴുന്നള്ളാം.
രാജാവു്:
(ഇറങ്ങിയിട്ടു്) സൂത, വിനീതവേഷത്തോടുകൂടി വേണമല്ലോ, തപോവനങ്ങളിൽ പ്രവേശിക്കാൻ ഇതാ വാങ്ങിക്കൊള്ളു. (വില്ലും ആഭരണവും സൂതന്റെ കയ്യിൽ കൊടുത്തിട്ടു്) ഞാൻ ആശ്രമവാസികളെ സന്ദർശിച്ചു മടങ്ങുമ്പോഴേക്കും കുതിരകളെ നനച്ചു കൊണ്ടുവരൂ.
സൂതൻ:
കല്പനപോലെ (പോയി)
രാജാവു്:
(ചുറ്റിനടന്നിട്ടു്) ഇതാ ആശ്രമദ്വാരം; അകത്തേക്കു കടക്കാം. (കടന്നു് ശുഭശകുനം ഉണ്ടായതായി നടിച്ചുകൊണ്ടു്)

ഈ ആശ്രമം ഹന്ത! ശമപ്രധാനം;

കയ്യോ തുടിക്കുന്നിതു; കാര്യമെന്തോ?

ഇങ്ങെന്തിനല്ലെങ്കിൽ വിശങ്ക? തങ്ങാ-

തെങ്ങും വരാനുള്ളതു വന്നുചേരും14

(അണിയറയിൽ) ഇങ്ങോട്ടു വരുവിൻ തോഴിമാരേ!

രാജാവു്:
(ചെവിയോർത്തിട്ടു്) ഏ, ഇതാ തോട്ടത്തിനു തെക്കുവശം ആരോ സംസാരിക്കുന്നതുപോലെ തോന്നുന്നല്ലോ! ചെല്ലാം (ചുറ്റി നടന്നു നോക്കീട്ടു്) ആ! മുനികന്യകമാർ പ്രായത്തിനു ചേർന്ന കുടങ്ങളിൽ വെള്ളമെടുത്തുകൊണ്ടു തൈമരങ്ങൾ നനയ്ക്കാൻ ഇങ്ങോട്ടു വരികയാണു്. (സൂക്ഷിച്ചു നോക്കീട്ടു്) ആശ്ചര്യം! ഇവരെക്കാണ്മാൻ നല്ല കൗതുകമുണ്ടു്.

ഉടലതിനവരോധകാമ്യമാമീവടിവുടജത്തിൽ വസിപ്പവർക്കു വന്നാൽ

ഉപവനലതകൾക്കു മാനഭങ്ഗം വിപിനലതോന്നതിമൂലമുദ്ഭവിച്ചു 15

ഈ തണലത്തേക്കു മാറി കാത്തുനിൽക്കാം. (നോക്കിക്കൊണ്ടു നിൽക്കുന്നു.)

(മുൻപറഞ്ഞ ഭാവത്തിൽ ശകുന്തളയും രണ്ടു സഖിമാരും പ്രവേശിക്കുന്നു.)

ശകുന്തള:
ഇങ്ങോട്ടു വരുവിൻ തോഴിമാരേ!
അനസൂയ:
ശകുന്തളേ, താതകശ്യപനു നിന്നേക്കാൾ അധികം സ്നേഹം ഈ വൃക്ഷങ്ങളെ ആണെന്നു തോന്നുന്നു. അദ്ദേഹം മുല്ലപ്പൂപോലെ കോമളയായ നിന്നെ ഇതുകളെ നനയ്ക്കാൻ നിയോഗിക്കുന്നുവല്ലോ.
ശകുന്തള:
അച്ഛന്റെ കല്പന മാത്രമല്ല, എനിക്കും ഇവയോടു സഹോദസ്നേഹമുണ്ടു്. (വൃക്ഷങ്ങളെ നനയ്ക്കുന്നു)
രാജാവു്:
ഏ? ഇവളാണോ ആ കണ്വപുത്രിയായ ശകുന്തള? കാശ്യപഭഗവാൻ കുറേ ആലോചനയില്ലാത്ത ആൾതന്നെ അദ്ദേഹം ഇവളെ ആശ്രമധർമ്മങ്ങൾക്കു നിയോഗിക്കുന്നുവല്ലോ.

വപുസ്സിതവ്യാജമനോജ്ഞതാസ്പദംതപസ്സിനായ്ത്തള്ളിവിടുന്ന മാമുനി

ശ്രമിക്കുമിന്ദീവരപത്രധാരയാൽ ശമീലതാച്ഛേദനവും നടത്തുവാൻ16

ആകട്ടെ; ഈ മരങ്ങളുടെ മറവിൽ നിന്നു തന്നെ ഇവരുടെ സ്വൈരസല്ലാപം കേൾക്കാം. (അപ്രകാരം ചെയ്യുന്നു.)

ശകുന്തള:
തോഴീ, അനസൂയേ, പ്രിയംവദ എന്റെ വൽക്കലം വളരെ മുറുക്കിക്കളഞ്ഞു; എനിക്കു് അസ്വാധീനമായിരിക്കുന്നു. ഇതൊന്നു് അയച്ചു കെട്ടു.
അനസൂയ:
അങ്ങനെതന്നെ (അയച്ചു കെട്ടുന്നു)
പ്രിയംവദ:
(ചിരിച്ചുകൊണ്ടു്) ഇസ്സങ്ഗതിയിൽ നിമിഷംതോറും കുചവിജൃംഭിതത്തിനു ഹേതുവായ സ്വന്തം യൗവ്വനത്തെയാണു നീ പഴിക്കേണ്ടതു്.
രാജാവു്:
ഇവളുടെ ശരീരത്തിനു് ഈ വല്ക്കലം ഒട്ടും യോജിക്കുന്നതല്ലെന്നു സമ്മതിച്ചേ തീരു: എന്നാൽ ഇതും അവൾക്കു് ഒരലങ്കാരമാകുന്നില്ലെന്നില്ല.

കരിഞ്ചണ്ടിച്ചാർത്തും കമലമലരിൽകാന്തികരമാം;

കറുത്താണെന്നങ്കക്കുറി കുറവിനാമോവിധുവിനു്

പ്രകാശം ചേർക്കുന്നു മരവുരിയു-മെട്ടേറെയിവളിൽ

പ്രക്യത്യാ ചേലാർന്നൊരുടലിനഴ-കേകാത്തതെതുതാൻ?17

ശകുന്തള:
(മുന്നോട്ടു നോക്കീട്ടു്) കാറ്റടിച്ചിളകുന്ന തളിരുകൾകൊണ്ടു് ഇലഞ്ഞിത്തൈ എന്നെ പരിഭ്രമിച്ചു കൈകാട്ടി വിളിക്കുന്നതുപോലെ, തോന്നുന്നു. അതുകൊണ്ടു് ഞാൻ അങ്ങോട്ടു ചെന്നു് അതിനെ ആദരിക്കട്ടെ. (അങ്ങോട്ടു ചെല്ലുന്നു)
പ്രിയംവദ:
തോഴി ശകുന്തളേ, നീ ക്ഷണനേരം അവിടത്തന്നെ നില്ക്കണേ! നിന്നെക്കൊണ്ടു് ഈ വൃക്ഷത്തിനു് ഒരു വള്ളി ചുറ്റിയ ശോഭയുണ്ടാകുന്നു.
ശകുന്തള:
ഇതുകൊണ്ടാണല്ലോ നീ പ്രിയംവദയായതു്.
രാജാവു്:
പ്രിയമല്ല; സത്യമാണു് പ്രിയംവദ പറഞ്ഞതു് ഇവൾക്കാകട്ടെ.

ചെന്തളിരിനൊപ്പമധരം; ചെറുശാഖകളോടിടഞ്ഞിടുന്നു ഭുജം;

പൂമലർ പോലെ മനോജ്ഞം പൂമേനിയതിൽത്തികഞ്ഞ താരുണ്യം18

പ്രിയംവദ:
തോഴി, ശകുന്തള തേന്മാവിൽ തനിയെ പടർന്നു് അതിന്റെ സ്വയംവര വധുവായിത്തീർന്ന മുല്ല ഇതാ നിൽക്കുന്നു. വനജ്യോത്സ്ന എന്നു നീ വിളിക്കാറുള്ള ഇതിനെ മറന്നുപോയോ?
ശകുന്തള:
എന്നാൽ, ഞാൻ എന്നെയും മറക്കും. (അടുത്തുചെന്നു് ലതയെ നോക്കിട്ടു്) തോഴീ, നല്ല സമയത്താണു് ഈ വള്ളിയും വൃക്ഷവും ഇണ ചേർന്നതു്. പുതുതായി പൂത്തിരിക്കുന്നതുകൊണ്ടു് വനജ്യോത്സ്നയ്ക്കു യൗവ്വനം തികഞ്ഞിരിക്കുന്നു. തളിർത്തതുകൊണ്ടു് തേന്മാവിനും ഉപഭോഗയോഗ്യമായ അവസ്ഥ വന്നിരിക്കുന്നു. (നോക്കിക്കൊണ്ടു് നിൽക്കുന്നു.)
പ്രിയംവദ:
(പുഞ്ചിയോടെ) അനസൂയേ, ശകുന്തള ഈ വനജ്യോത്സ്നയെ കൊണ്ടുപിടിച്ചു നോക്കുന്നതിന്റെ കാര്യം മനസ്സിലായോ?
അനസൂയ:
ഇല്ലല്ലോ, പറയൂ, പറയൂ;
പ്രിയംവദ:
വനജ്യോത്സ്ന അനുരൂപനായ വൃക്ഷത്തോടുചേർന്നതു പോലെ തനിക്കും അനുരൂപനായ വരനെ ലഭിച്ചാൽ കൊള്ളാമായിരുന്നു എന്നുള്ള മോഹമാണു്.
ശകുന്തള:
ഇതു നിന്റെ മനസ്സിലെ ആഗ്രഹമാണു് (നനയ്ക്കുന്നു)
രാജാവു്:
ഇവൾ കുലപതിക്കു് അന്യജാതിസ്ത്രീയിൽ പിറന്നവളാണെന്നുവന്നെങ്കിൽ എത്ര നന്നായിരുന്നു! അല്ലെങ്കിൽ സംശയിക്കേണ്ടതില്ല.

രാജന്യനർഹയിവൾ നിശ്ചയം അല്ലയായ്കിൽ

രഞ്ജിക്കയില്ലിവളിലെന്റെ മനംവിനീതം

സത്തർക്കു സംശയനിവാരണയിൽ പ്രമാണം

സത്യസ്വരൂപഹൃദയപ്രതിപത്തിയത്രേ19

എങ്കിലും ഇവളെപ്പറ്റിയുള്ള വസ്തുതകൾ അറിയണം.

ശകുന്തള:
(സംഭ്രമത്തോടുകൂടി) അയ്യോ! വെള്ളമൊഴിച്ചപ്പോൾ മുല്ലയിൽ നിന്നു് ഇളകിപ്പുറപ്പെട്ട വണ്ടു് ഇതാ എന്റെ മുഖത്തിനുനേരെ പായുന്നു. (വണ്ടിന്റെ ഉപദ്രവം നടിക്കുന്നു).
രാജാവു്:
(ആഗ്രഹത്തോടെ നോക്കീട്ടു്, വണ്ടിനോടായിട്ടു്)

തൊട്ടീടും മൃദുമെയ്യിൽ നീ,യിവളുടൻഞെട്ടിക്കടാക്ഷിച്ചിടും;

മുട്ടിക്കാതിനടുത്തുചെന്നു് മുരളും തൻകാര്യമോതുംവിധം;

വീശിക്കൈ കുടയുമ്പോഴെത്തി നുകരുംസത്തായ ബിംബാധരം

മോശംപറ്റി നമുക്കു തത്ത്വമറിവാൻകാത്തിട്ടു; നീതാൻ കൃതി 20

ശകുന്തള:
ഈ ചണ്ടി വിട്ടൊഴിയുന്നില്ലല്ലോ ഞാൻതന്നെ മാറിപ്പോയേക്കാം. (മാറിനിന്നു ചുറ്റി നോക്കീട്ടു്) എന്തൊരു കഷ്ടം! ഇങ്ങോട്ടും വരുന്നല്ലോ. തുണയ്ക്കണേ തോഴിമാരേ!
സഖിമാർ:
(പുഞ്ചിരിയോടെ) ഞങ്ങളാണോ തുണയ്ക്കുന്നതിനു്? ദുഷ്ഷന്തനെ വിളിച്ചു മുറവിളികൂട്ടു; രാജാവത്രെ തപോവനങ്ങളെ രക്ഷിക്കേണ്ടതു്.
രാജാവു്:
(ഇതാണു് നേരിട്ടു് ചെല്ലാനുള്ള അവസരം) പേടിക്കേണ്ട പേടിക്കേണ്ട… (എന്നു പാതി നിർത്തീട്ടു വിചാരം) രാജാവെന്നുള്ള സങ്ഗതി വെളിപ്പെട്ടുപോകുമല്ലോ; ആകട്ടെ, ഇങ്ങനെ പറയാം.
ശകുന്തള:
ഈ ദുഷ്ടൻ വിട്ടുപോകുന്നില്ല. ഞാൻ വേറൊരിടത്തേക്കു പൊയ്ക്കളയാം (മാറിനിന്നു ഉഴറിക്കൊണ്ടു് എന്നിട്ടും പിന്തുടരുന്നുണ്ടല്ലോ.
രാജാവു്:
(വേഗത്തിൽ അടുത്തു് ചെന്നിട്ടു്)

ആരിവൻ, ഖലരെ നിഗ്രഹിക്കുമ-പ്പൗരവൻ നൃപതി നാടുവാഴവേ,

ഭീരുവാകിയ തപസ്വികന്യയിൽസ്വൈരവൃത്തി തുടരുന്നു ധൃഷ്ടനായ്??21

(എല്ലാവരും രാജാവിനെക്കണ്ടു് അല്പം സംഭ്രമിക്കുന്നു.)

അനസൂയ:
അത്യാപത്തൊന്നുമില്ല. ഞങ്ങളുടെ ഈ പ്രിയസഖി വണ്ടിന്റെ ശല്യംകൊണ്ടു് അല്പമൊന്നു് പേടിച്ചുവശായി എന്നേയുള്ളു (ശകുന്തളയെ ചൂണ്ടിക്കാണിക്കുന്നു.)
രാജാവു്:
(ശകുന്തളയുടെ നേരെതിരിഞ്ഞു്) തപസ്സു വേണ്ടുംവണ്ണം നടക്കുന്നുണ്ടല്ലോ? (ശകുന്തള പരിഭ്രമിച്ചു് മിണ്ടാതെ നിൽക്കുന്നു.)
അനസൂയ:
ഉണ്ടു്, ഇന്നു് വിശേഷിച്ചും വിശിഷ്ടനായ അതിഥിയെ ലഭിക്കകൊണ്ടു്. സഖി ശകുന്തളേ, ആശ്രമത്തിൽച്ചെന്നു ഫലങ്ങളും പൂജാസാമാനങ്ങളും എടുത്തുകൊണ്ടുവരു. പാദ്യ[1] ത്തിനു ഈ വെള്ളം തന്നെ മതിയാകും.
രാജാവു്:
ഇരിക്കട്ടേ, നിങ്ങളുടെ ഈ പ്രിയവാക്കുകൊണ്ടുതന്നെ എനിക്കു് അതിഥിസത്കാരം സിദ്ധിച്ചുകഴിഞ്ഞു.
അനസൂയ:
എന്നാൽ, ആര്യൻ, തണലും തണുപ്പുമുള്ള ഈ പാലച്ചുവട്ടിലെ തറയിലിരുന്നു സ്വല്പനേരം വിശ്രമിക്കണം.
രാജാവു്:
നിങ്ങളും ഈ ജോലിചെയ്തു ക്ഷീണിച്ചിരിക്കുകയാണല്ലോ.
അനസൂയ:
തോഴി, ശകുന്തളേ, അതിഥിയെ ശുശ്രൂഷിക്കേണ്ടതു നമ്മുടെ ധർമ്മമാണല്ലോ; വരൂ, നമുക്കും ഇരിക്കാം. (എല്ലാവരും ഇരിക്കുന്നു).
ശകുന്തള:
(വിചാരം) എന്താണിതു്? ഇദ്ദേഹത്തിനെ കണ്ടമാത്രയിൽ തപോവന വിരോധിയായ വികാരം എന്റെ മനസ്സിൽ കടന്നുകൂടിയല്ലോ.
രാജാവു്:
(എല്ലാവരേയും നോക്കീട്ടു്) കൊള്ളാം, ആകൃതിയിലും വയസ്സിലും ഉള്ള പൊരുത്തംകൊണ്ടു നിങ്ങളുടെ സഖ്യം വളരെ രമണീയമായിരിക്കുന്നു.
പ്രിയംവദ:
(സ്വകാര്യമായിട്ടു്) അനസൂയേ, ഇദ്ദേഹം ആരായിരിക്കും? കണ്ടാൽ കോമളനും ഗംഭീരനുമായിരിക്കുന്നു. സരസമായും പ്രിയമായും സംസാരിക്കുന്നുമുണ്ടു്. ഏതോ ഒരു പ്രഭുവാണു് എന്നു തോന്നുന്നു. എന്നാൽ നല്ല ദാക്ഷിണ്യവുമുണ്ടു്.
അനസൂയ:
തോഴി; ഇതിൽ എനിക്കും കൗതുകമുണ്ടു്; ചോദിച്ചു കളയാം. (വെളിവായിട്ടു്) ആര്യന്റെ മധുരമായ സംഭാഷണം കേട്ടു ഞാൻ ധൈര്യപ്പെടുകയാൽ ശങ്കവിട്ടു ചോദിച്ചുകൊള്ളുന്നു. ഏതൊരു രാജർഷി വംശത്തെയാണു് ആര്യൻ അലങ്കരിക്കുന്നതു്? ഏതു് ദേശക്കാർക്കാണു് ഇപ്പോൾ ആര്യന്റെ വേർപാടുകൊണ്ടു് ഉത്കണ്ഠപ്പെടേണ്ടിവന്നിരിക്കുന്നതു്? എന്തു സങ്ഗതിവശാലായിരിക്കുമോ ഈ കോമളമായ ശരീരത്തെ തപോവനസഞ്ചാരക്ലേശത്തിനു പാത്രമാക്കിത്തീർക്കുന്നതു്?
ശകുന്തള:
(വിചാരം) മനസ്സേ! ബദ്ധപ്പെടേണ്ട; നീ ആലോചിക്കുന്നതു തന്നെ അതാ അനസൂയ ചോദിക്കുന്നു.
രാജാവു്:
(വിചാരം) എന്താണിവിടെ ഇപ്പോൾ വേണ്ടതു്? എന്റെ വാസ്തവം സ്പഷ്ടമാകരുതു്; ആളുമാറിപ്പറയാതെ കഴിക്കയും വേണം. ആകട്ടെ. ഇവളോടിങ്ങനെ പറയാം. (വെളിവായിട്ടു്) ഭദ്രേ, പുരുവംശരാജാവു് ധർമ്മാധികാരിയായി നിയമിച്ചിട്ടുള്ള ആളാണു് ഞാൻ; ക്രിയകൾ വിഘ്നം കൂടാതെ നടക്കുന്നോ എന്നു നോക്കുന്നതിനായിട്ടാണു് ഈ ധർമ്മാരണ്യത്തിൽ വന്നതു്.
അനസൂയ:
ഇപ്പോൾ ധർമ്മചാരികൾക്കു നാഥനുണ്ടായി. (ശകുന്തള ശൃങ്ഗാരലജ്ജ നടിക്കുന്നു)
സഖിമാർ:
(രാജവിന്റേയും ശകുന്തളയുടേയും ഭാവം കണ്ടിട്ടു സ്വകാര്യമായി) തോഴി, ശകുന്തളേ, അച്ഛൻ ഇന്നിവിടെ ഉണ്ടായിരുന്നെങ്കിൽ…
ശകുന്തള:
(കോപം നടിച്ചിട്ടു്) എന്നാലെന്താ?
സഖിമാർ:
തന്റെ ജീവിതസർവ്വസ്വവും കൊടുത്തു് ഈ വിശിഷ്ടനായ അതിഥിയെ തൃപ്തിപ്പെടുത്തുമായിരുന്നു.
ശകുന്തള:
പോകുവിൻ, നിങ്ങൾ എന്തോ മനസ്സിൽ വച്ചുകൊണ്ടു് പറകയാണു്; നിങ്ങളുടെ വാക്കു് എനിക്കു് കേൾക്കണ്ട.
രാജാവു്:
ഞാനും നിങ്ങളുടെ സഖിയെക്കുറിച്ചു് അല്പം ചോദിച്ചു. കൊള്ളട്ടെ?
അനസൂയ:
ആര്യ, ഈ അപേക്ഷ ഞങ്ങൾക്കു് ഒരു അനുഗ്രഹം ആണല്ലോ.
രാജാവു്:
കാശ്യപഭഗവാൻ നിത്യബ്രഹ്മചാരി എന്നു പ്രസിദ്ധമാണു്; നിങ്ങളുടെ ഈ സഖി അദ്ദേഹത്തിന്റെ പുത്രിയാണെന്നും പറയുന്നു; ഇതെങ്ങനെയാണു്?
അനസൂയ:
ആര്യൻ കേട്ടുകൊണ്ടാലും കുശികഗോത്രത്തിൽ[2] വിശ്വാമിത്രൻ എന്നു പേരായി മഹാപ്രഭാവനായ ഒരു രാജർഷിയുണ്ടല്ലോ.
രാജാവു്:
ഉണ്ടു്. കേട്ടിട്ടുണ്ടു്.
അനസൂയ:
അദ്ദേഹത്തിൽനിന്നാണു് ഞങ്ങളുടെ പ്രിയസഖിയുടെ ഉത്പത്തി. അദ്ദേഹം ഉപേക്ഷിക്കനിമിത്തം എടുത്തുവളർത്തുകയാൽ കാശ്യപൻ ഇവളുടെ അച്ഛനായി.
രാജാവു്:
ഉപേക്ഷിക്കുക എന്ന വാക്കു് എനിക്കു് കൗതുകം ജനിപ്പിക്കുന്നു. ആദ്യം മുതൽ കേട്ടാൽക്കൊള്ളാം.
അനസൂയ:
ആര്യൻ കേട്ടുകൊണ്ടാലും, പണ്ടു് ആ രാജർഷി ഉഗ്രമായി തപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോൾ ദേവന്മാർ എന്തോ ശങ്കിച്ചിട്ടു് മേനക എന്ന അപ്സരസ്ത്രീയെ തപസ്സു മുടക്കുവാനായി പറഞ്ഞയച്ചു.
രാജാവു്:
ശരി, മറ്റുള്ളവരുടെ തപസ്സിനെക്കുറിച്ചു ദേവന്മാർക്കു ശങ്ക പതിവുണ്ടു് എന്നിട്ടോ?
അനസൂയ:
അനന്തരം വസന്തകാലത്തിന്റെ മൂർദ്ധന്യത്തിൽ മനസ്സു മയക്കുന്ന അവളുടെ ആകൃതി കണ്ടിട്ടു്… (ഇത്രത്തോളമായപ്പോൾ ലജ്ജ കൊണ്ടു നിർത്തുന്നു.)
രാജാവു്:
ശേഷം മനസ്സിലായി. ആകക്കൂടെ അപ്സരസ്ത്രീയിൽ ജനിച്ചവളാണിവൾ?
അനസൂയ:
അതെ.
രാജാവു്:
യോജിക്കുന്നു.

മനുഷ്യസ്ത്രീയിലുണ്ടാകാ മനോജ്ഞംരൂപമീവിധം

മിന്നിച്ചിന്നുന്ന തേജസ്സു മന്നിടത്തിലുദിക്കുമോ?22

(ശകുന്തള തലതാഴ്ത്തി നിൽക്കുന്നു.)

രാജാവു്:
(വിചാരം) എനിക്കു് ആശയ്ക്കു് വകകിട്ടി; എന്നാൽ, സഖി വരപ്രാർത്ഥനയുള്ളതായി നേരമ്പോക്കു പറഞ്ഞതോർത്തിട്ടു് എന്റെ മനസ്സു ശങ്കിച്ചു് അധൈര്യപ്പെടുന്നുമുണ്ടു്.
പ്രിയംവദ:
(ശകുന്തളയെ നോക്കീട്ടു് പുഞ്ചിരി തൂകീട്ടും, രാജാവിന്റെനേരെ തിരിഞ്ഞും) ആര്യനു് ഇനിയും എന്തോ പറയാനുള്ളതുപോലെ തോന്നുന്നല്ലോ?

(ശകുന്തള സഖിയെ ചൂണ്ടുവിരൽ കാട്ടി ശാസിക്കുന്നു.)

രാജാവു്:
ഭവതിക്കു് തോന്നിയതു ശരിതന്നെ സച്ചരിത കേൾക്കുന്നതിലുള്ള ആഗ്രഹം നിമിത്തം നമുക്കു വേറെ ചിലതുകൂടി ചോദിച്ചാൽ കൊള്ളാമെന്നുണ്ടു്.
പ്രിയംവദ:
മടക്കേണ്ട; സഖിയെപ്പറ്റി ഇത്രയുംകൂടി അറിയണമെന്നുണ്ടു്:

വൈഖാനസവ്രതമനങ്ഗകലാവിരോധി

വേൾക്കുംവരേയ്ക്കിവൾവഹിക്കണമെന്നുതാനോ?

എന്നേയ്ക്കുമേ മദിരലോചനസാമ്യസഖ്യം

ചിന്നും മൃഗീകുലമൊടൊത്തു വസിക്കയെന്നോ23

പ്രിയംവദ:
ധർമ്മാചരണത്തിൽപ്പോലും ഈയുള്ളവർക്കു സ്വാതന്ത്ര്യമില്ല. അച്ഛനാകട്ടെ, ഇവളെ അനുരൂപനായ വരനു നൽകണമെന്നണു സങ്കല്പം.
രാജാവു്:
ഈ സങ്കല്പം സാധിക്കാത്തതല്ല. (വിചാരം)

മനമേ, ഇനി ആശപൂണ്ടുകൊള്ളാം,വെറുതേ സംശയമെന്നു തീർച്ചവന്നു;

കനലെന്നു നിനച്ചതിക്കരത്തിൽപെരുമാറാൻ കഴിവുള്ള രത്നമത്രേ24

ശകുന്തള:
(കോപത്തോടുകൂടെ) അനസൂയേ, ഞാൻ പോകുന്നു.
അനസൂയ:
എന്തിനായിട്ടു്?
ശകുന്തള:
ഈ പ്രിയംവദ അസംബന്ധം സംസാരിക്കുന്നതൂ് ആര്യ ഗൗതമിയോടു ചെന്നറിയിക്കാൻ.
അനസൂയ:
തോഴി, വിശിഷ്ടനായ ഈ അതിഥിയെ സത്കരിക്കാതെ തോന്നിയതുപോലെ പൊയ്ക്കളയുന്നതു യുക്തമല്ല. (ശകുന്തള ഒന്നും മിണ്ടാതെ പുറപ്പെടുന്നു.)
രാജാവു്:
(വിചാരം) പോകയാണോ? (പിടിച്ചുനിറുത്താൻ കരുതി വീണ്ടും മനസ്സുറപ്പിച്ചിട്ടു വിചാരം) ആശ്ചര്യം! കാമികൾ, മനസ്സു പ്രവർത്തിച്ചാൽ അതനുസരിച്ചു് ദേഹവും പ്രവർത്തിച്ചതുപോലെ, വിചാരിച്ചുപോകുന്നു. എനിക്കാകട്ടെ.

കന്യകാനുഗമനത്തിനുദ്യമം വന്നതാശു വിനയം വിലക്കയാൽ

നീങ്ങിയില്ലൊരടിപോലുമിങ്ങുനി-ന്നെങ്കിലും നിനവു, പോയി വന്നതായ്! 25

പ്രിയംവദ:
(ശകുന്തളയെ തടുത്തിട്ടു്) തോഴീ, നീ പൊയ്ക്കൂടാ.
ശകുന്തള:
(പുരികം ചുളിച്ചുകൊണ്ടു്) എന്തുകൊണ്ടു്?
പ്രിയംവദ:
ഞാൻ നിനക്കുവേണ്ടി രണ്ടു വൃക്ഷം നനച്ചിട്ടുണ്ടു്. വരൂ! ആ കടം വീട്ടു എന്നീട്ടു പോകാം. (പിടിച്ചു നിറുത്തുന്നു.)
രാജാവു്:
ഭദ്രേ, വൃക്ഷങ്ങൾ നനച്ചിട്ടുതന്നെ ഈ മാന്യകന്യക തളർന്നതായിക്കാണുന്നു; എന്നാൾ, ഇവൾക്കു്:

ഉള്ളംകൈകൾ ചുകന്നു; തോളുകൾ തളർ-ന്നീടുന്നു കുംഭം വഹി-

ച്ചുള്ളിൽത്തിങ്ങിന വീർപ്പിനാൽ കുതി തുടർ-ന്നീടുന്നു വക്ഷഃസ്ഥലം;

കൊള്ളാഞ്ഞാസ്യമതിൽ ശ്രമാംബുവിസരംപൂങ്കർണ്ണികാഗ്രങ്ങളിൽ

തള്ളുന്നൂ; ചിതറുന്നു കൂന്തലുമൊരേകൈകൊണ്ടു ബന്ധിക്കയാൽ26

അതിനാൽ ഇവളുടെ കടം ഞാൻ വീട്ടാം. (മോതിരം ഊരി നീട്ടുന്നു.)

(സഖിമാർ നാമമുദ്രകൊത്തിയിരിക്കുന്നതു വായിച്ചിട്ടു അന്യോന്യം നോക്കുന്നു.)

രാജാവു്:
നമ്മെക്കുറിച്ചു നിങ്ങൾ അന്യഥാ ശങ്കിക്കേണ്ട ഇതു രാജാവിന്റെ വകയായി കിട്ടീട്ടുള്ളതാണു്.
പ്രിയംവദ:
എന്നാൽ ഈ മോതിരം വിരലിൽനിന്നു വേർപെടുത്തുന്നതു ശരിയല്ല. ആര്യന്റെ വാക്കുകൊണ്ടുതന്നെ ഇവളുടെ കടം വീടി. (പുഞ്ചിരിയോടെ) തോഴി ശകുന്തളേ, ദയാലുവായ ആര്യൻ, അല്ലെങ്കിൽ മഹാരാജാവു് നിന്റെ കടം വീട്ടി ഇനി പോകാം.
ശകുന്തള:
(വിചാരം) എനിക്കു് കഴിയുമായിരുന്നു എങ്കിൽ (വെളിവായി) നീ ആരാണു് പോകാനും നിൽക്കാനും പറവാൻ?
രാജാവു്:
(ശകുന്തളയെ നോക്കി വിചാരം) നമുക്കു് അങ്ങോട്ടു തോന്നുന്നതു പോലെ ഇവൾക്കു് ഇങ്ങോട്ടും ഉണ്ടായിക്കാണുമോ? അല്ലെങ്കിൽ ശങ്കിക്കാനില്ല. എനിക്കു് മനോരാജ്യത്തിനു ധാരാളം വകയുണ്ടു്.

എൻ വാക്കിനോടിവൾ കലർന്നുരിയാടുകില്ലി-

ങ്ങെന്നാലുമെൻ മൊഴികളിൽചെവി നൽകീടുന്നു;

എന്നാഭിമുഖ്യമതൊഴിക്കിലുമെന്തു ഹാനി?

പിന്നെങ്ങുമല്ലധികനേരമിവൾക്കു നോട്ടം27

(ആകാശത്തിൽ)

അല്ലയോ താപസന്മാരേ, തപോവനമൃഗങ്ങളെ രക്ഷിക്കുന്നതിനു ജാഗ്രതയായിരിപ്പിൻ; ദുഷ്ഷന്തമഹാരാജാവു വേട്ടയാടി അടുത്തുവന്നിരിക്കുന്നു. ഇതാ നോക്കുവിൻ.

തുരഗഖുരജമായ രേണുപുഞ്ജം മരവുരിതോരയിടും മരങ്ങളിന്മേൽ

ചരമഗിരി ചരാർക്കകാന്തിയോടേ ശലഭകുലങ്ങൾകണക്കണഞ്ഞിടുന്നു 28

അത്രതന്നെയുമല്ല

കൊമ്പാൽ പോംവഴി, കുത്തിവീഴ്ത്തിനമര-ക്കാലിന്റെ വമ്പിച്ചതാം

കൊമ്പുംതാങ്ങി; നടയ്ക്കിടയ്ക്കുടനുട-ക്കീടും പടർപ്പോടിതാ,

മുമ്പിൽക്കണ്ടു രഥം, വിരണ്ടു, വഴിയേഭേദിച്ചു മാൻകൂട്ടവും

കൊമ്പൻ പാഞ്ഞുവരുന്നു നമ്മുടെ തപോ- വിഘ്നം വപുസ്സാർന്നതോ?29

(എല്ലാവരും ചെവികൊടുത്തു കേട്ടു് കുറഞ്ഞൊന്നു സംഭ്രമിക്കുന്നു.)

രാജാവു്:
(വിചാരം) ഏ! ശല്യമായി പൗരന്മാർ നമ്മെ അന്വേഷിച്ചു് തപോവനത്തിൽക്കടന്നു ലഹള കൂട്ടുന്നു; ആകട്ടെ പോയിട്ടു മടങ്ങി വരാം.
സഖിമാർ:
ആര്യ, ഈ കാട്ടാനയുടെ സങ്ഗതികേട്ടു ഞങ്ങൾക്കു ഭയമായിരിക്കുന്നു; പർണ്ണശാലയിലേയ്ക്കു പോകുന്നതിനു ഞങ്ങളെ അനുവദിക്കണം.
രാജാവു്:
നിങ്ങൾ ഒട്ടും പരിഭ്രമിക്കേണ്ട, പോകുവിൻ; ഞാനും ആശ്രമ പീഡ വരാത്തവിധം വേണ്ട ഏർപ്പാടുചെയ്യാൻ ശ്രമിക്കാം.

(എല്ലാവരും എഴുന്നേൽക്കുന്നു.)

സഖിമാർ:
ആര്യ, അതിഥിസത്കരം ചെയ്യാത്ത ആര്യനെ ഇനിയും കാണണമെന്നപേക്ഷയോടുകൂടി ഞങ്ങൾ വിട്ടുപിരിയുന്നു.
രാജാവു്:
അങ്ങനെ വിചാരിക്കരുതു്; നിങ്ങളുടെ ദർശനംകൊണ്ടുതന്നെ എനിക്കു സത്കാരം സിദ്ധിച്ചു.

(ശകുന്തള താമസത്തിനു കാരണമുണ്ടാക്കി രാജാവിനെ നോക്കിക്കൊണ്ടു സഖിമാരൊന്നിച്ചു പോയി.)

രാജാവു്:
എനിക്കു നഗരത്തിലേയ്ക്കു പോകുന്നതിനു് ഉത്സാഹം കുറഞ്ഞിരിക്കുന്നു. അങ്ങോട്ടുചെന്നു പരിവാരങ്ങളെ തേടിപ്പിടിച്ചു തപോവനത്തിനടുത്തുള്ള വല്ലേടത്തും താവളം ഉറപ്പിക്കാം ശകുന്തളയെപ്പറ്റിയുള്ള വിചാരം പിൻവലിക്കുന്നതു സാദ്ധ്യമല്ല. എനിക്കാകട്ടെ.

മുന്നോട്ടുനീങ്ങുന്നു ജഡം ശരീരം,

പിന്നോട്ടു പായുന്നു മനസ്സനീശം,

ഭിന്നിച്ച കാറ്റത്തു നയിച്ചിടുമ്പോൾ

ചിന്നും കൊടിക്കുള്ളൊരു കൂറപോലെ30

(പോയി)

കുറിപ്പുകൾ

[1] പാദ്യം = കാലുകഴുകാനുള്ള വെള്ളം.

[2] കുശികഗോത്രം - കുശികന്റെ വംശം. വിശ്വാമിത്രൻ കുശികഗോത്രത്തിൽ ജനിച്ചു.

രണ്ടാം അങ്കം

(അനന്തരം വിഷാദഭാവത്തിൽ വിദൂഷകൻ പ്രവേശിക്കുന്നു.)

വിദൂഷകൻ:
(ദീർഘശ്വാസം വിട്ടുകൊണ്ടു്) ഈ വേട്ടക്കാരൻ രാജാവിന്റെ തോഴരായിരുന്നു് എനിക്കു മതിയും കൊതിയും തീർന്നു. ‘ഇതാ, ഒരു മാൻ! അതാ, ഒരു പന്നി, അതാ ഒരു കടുവാ എന്നു പറഞ്ഞു വേനൽകൊണ്ടു തണൽ കുറയുന്ന വനനിരകളിൽ നട്ടുച്ചയ്ക്കുപോലും ഒരു കാട്ടിൽനിന്നും മറ്റൊരു കാട്ടിലേക്കു് ഓടും ഇലകൾ വീണു് അഴുകി കയ്പും ചവർപ്പുമുള്ള കാട്ടുപുഴയിലെ ചൂടുവെള്ളമാണു കുടിക്കുന്നതു്. ആഹാരം അധികവും ചുട്ടമാംസംതന്നെ; കാലനിയമവുമില്ല. കുതിരകളുടെ പിന്നാലെ ഓടിയോടി തുടകൾ അനക്കാൻ വയ്യാതായിത്തീർന്ന എനിക്കു രാത്രിയിൽപ്പോലും നേരേ ഉറങ്ങാൻ സാധിക്കുന്നില്ല. പിന്നീടു പുലർച്ചയ്ക്കു വളരെമുമ്പുതന്നെ നായാടിപരിഷകൾ തേവിടിയാമക്കൾ [3] ഇറങ്ങി കാടുതെളിക്കുന്ന ലഹള കൊണ്ടു ഞാൻ ഉണർന്നുപോകുന്നു. ഇത്ര എല്ലാംകൊണ്ടും അനർത്ഥം ഒഴിഞ്ഞില്ല. ഇപ്പോൾ കൂനിന്മേൽ കുരു പുറപ്പെട്ടിരിക്കുന്നു. ഇന്നലെ ഒപ്പം എത്താൻ കഴിയാതെ ഞാൻ പിന്നിലായിപ്പോയപ്പോൾ അദ്ദേഹം ഒരു മാനിനെ ഓടിച്ചു ചെന്നു തപോവനത്തിൽക്കയറി എന്റെ വയറ്റിന്റെ കഷ്ടകാലംകൊണ്ടു ശകുന്തള എന്നൊരു താപസകന്യകയെക്കണ്ടു വശായി. ഇപ്പോൾ നഗരത്തിലേക്കു മടങ്ങുന്നതിന്റെ കഥപോലും മിണ്ടുന്നില്ല. ഇന്നലെ രാത്രിമുഴുവൻ അവളെത്തന്നെ ചിന്തിച്ചു കണ്ണടയ്ക്കാതെ നേരവും വെളുപ്പിച്ചു. വേറെ എന്താണു ഗതി? അദ്ദേഹത്തിന്റെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞോ എന്നു നോക്കാം. (ചുറ്റിനടന്നു നോക്കീട്ടു്) കാട്ടുപൂക്കളുംചൂടി വില്ലും എടുത്തു കൊണ്ടു ചുറ്റിനില്ക്കുന്ന യവനസ്ത്രീകളുടെ കൂട്ടവുമായിട്ടു തോഴരിതാ ഇങ്ങോട്ടു തന്നെ വരുന്നു. ആകട്ടെ, അങ്ഗഭങ്ഗംകൊണ്ടു് അസ്വാധീനം നടിച്ചു നില്ക്കാം. അങ്ങനെയെങ്കിലും അല്പം വിശ്രമം കിട്ടിയെങ്കിലോ? (എന്നു ദണ്ഡകാഷ്ഠമവലംബിച്ചു നില്ക്കുന്നു.)

(മുൻചൊന്ന പരിവാരങ്ങളോടുകൂടി രാജാവു പ്രവേശിക്കുന്നു.)

രാജാവു്:

പ്രിയതമയെ ലഭിപ്പാൻ യോഗമുണ്ടെങ്കിലുണ്ടാം;

സ്വയമവളുടെ ഭാവം പാർത്തുഹൃത്താശ്വസിപ്പു;

സ്മരവിരുതു ഫലിച്ചില്ലെങ്കിലുംചാരിതാർത്ഥ്യം

കരളിനരുളുമന്യോന്യാനുരാഗാവബോധം1

(പുഞ്ചിരി തൂകീട്ടു്) തന്റെ അഭിപ്രായത്തിനൊത്തു താൻ കാമിക്കുന്ന ആളുകളുടെ മനോഗതം വ്യാഖാനിച്ചിട്ടു കാമിജനത്തിനു ഈ വിധമാണു് ചതിപിണയുന്നതു്.

പ്രേമം പൂണ്ടു പതിച്ചു ദൃഷ്ടി പുറമേനോക്കുമ്പൊഴാണെങ്കിലും

പോയീ മെല്ലെ വിലാസമൂലമതുപോൽശ്രോണീഭരത്താലവൾ;

നില്ലെന്നങ്ങു മറുത്തുചൊന്ന സഖിയോ-ടീർഷ്യാകുലം ചൊല്ലിയെ-

ന്നെല്ലാം മത്പരമാണുപോലു;മെതുമേകാമിക്കഹോ! സ്വാർത്ഥമാം2

വിദൂഷകൻ:
(ആ നില്പിൽത്തന്നെ നിന്നുകൊണ്ടു്) എനിക്കു കൈ നീട്ടാൻ വയ്യ; വാക്കുകൊണ്ടു് ആചാരം ചെയ്യാം: തോഴർക്കു വിജയം!
രാജാവു്:
(പുഞ്ചിരിയിട്ടിട്ടു്) അസ്വാധീനം എന്താണു്?
വിദൂഷകൻ:
തോഴരെന്താ, കണ്ണുംകുത്തി കണ്ണീരിന്റെ കാരണം ചോദിക്കുന്നതു്?
രാജാവു്:
മനസ്സിലായില്ല.
വിദൂഷകൻ:
തോഴരേ, ആറ്റുവഞ്ചി കൂനന്റെ മട്ടു കാട്ടുന്നതു് എന്തുകൊണ്ടാണു്? തന്റെ സാമർത്ഥ്യംകൊണ്ടോ നദീവേഗംകൊണ്ടോ?
രാജാവു്:
അതിനു കാരണം നദീവേഗമാണു്
വിദൂഷകൻ:
ഇതിനു തോഴരും.
രാജാവു്:
അതെങ്ങനെ?
വിദൂഷകൻ:
രാജ്യകാര്യങ്ങളുപേക്ഷിച്ചു് ഈമട്ടിൽ കൊടുങ്കാട്ടിൽ കിടന്നു കാട്ടാളവൃത്തി അനുഷ്ഠിക്കണമെന്നാണല്ലോ അങ്ങേയ്ക്കു്. എനിക്കു ദിവസംപ്രതി ദുഷ്ടജന്തുക്കളെ ഓടിച്ചു സന്ധിബന്ധം ഉലഞ്ഞു. ദേഹം കൊണ്ടു് ഒന്നും വയ്യാതായി. അതിനാൽ മനസ്സുണ്ടായിട്ടു തോഴർ ഇന്നൊരു ദിവസമെങ്കിലും എന്നെ വിശ്രമിക്കാൻ അനുവദിക്കണം.
രാജാവു്:
(വിചാരം) ഇയാൾ ഇങ്ങനെ പറയുന്നു എനിക്കും കണ്വപുത്രിയെ ഓർത്തിട്ടു വേട്ടയ്ക്കു മനസ്സു പ്രവർത്തിക്കുന്നില്ല എന്തുകൊണ്ടെന്നാൽ.

ഞാണേറ്റിയസ്ത്രവുണച്ചു, തൊടുത്തു ചാപ,-

മേണങ്ങൾ നേർക്കിനിവലിപ്പതെനിക്കശക്യം

ചേലാർന്ന ദൃഷ്ടി ദയിതയ്ക്കൊരുമിച്ചു വാണു

ചൊല്ലിക്കൊടുത്തതിവരായ്വരുമെന്നു തോന്നും3

വിദൂഷകൻ:
(രാജാവിന്റെ മുഖത്തു നോക്കീട്ടു്) അവിടുന്നു് എന്തോ മനസ്സിൽവെച്ചു തനിയേ പിറുപിറുക്കയാണു് ഞാൻ കാട്ടിൽക്കിടന്നു മുറവിളിക്കൂട്ടിയതേ[4] ഉള്ളു.
രാജാവു്:
(പുഞ്ചിരിയോടുകൂടി) മറ്റൊന്നുമല്ല; ബന്ധുവാക്യമതിക്രമിച്ചുകൂടെന്നു് ആലോചിച്ചുറയ്ക്കയായിരുന്നു.
വിദൂഷകൻ:
അവിടുന്നു ദീർഘായുസ്സായിരിക്കണം! (പോകാൻ ഭാവിക്കുന്നു.)
രാജാവു്:
നില്ക്കു തോഴരേ, ഞാൻ മുഴുവൻ പറഞ്ഞുകഴിഞ്ഞില്ല.
വിദൂഷകൻ:
തിരുമനസ്സുകൊണ്ടു് അരുളിച്ചെയ്യണം
രാജാവു്:
വിശ്രമിച്ചതിനുശേഷം, പ്രയാസമില്ലാത്ത ഒരു കാര്യത്തിൽ അങ്ങു് എനിക്കു സഹായിക്കണം.
വിദൂഷകൻ:
കൊഴുക്കട്ട ഉടച്ചു മിഴുങ്ങുന്നതിലാണോ?
രാജാവു്:
വരട്ടെ; ഇന്നതിലെന്നു പറയാം,.
വിദൂഷകൻ:
എന്നാൽ, ഞാൻ നില്ക്കാം.
രാജാവു്:
ആരവിടെ?
ദ്വാരപാലൻ:
(പ്രവേശിച്ചു വന്ദിച്ചിട്ടു്) കല്പന കാക്കുന്നു.
രാജാവു്:
രൈവതക, സേനാപതിയെ വിളിച്ചുകൊണ്ടു വരൂ!
ദ്വാരപാലകൻ:
ഇറാൻ![5] (പോയി സേനാപതിയുമെന്നിച്ചു തിരിയെ പ്രവേശിച്ചിട്ടു്) ഇതാ കല്പന കൊടുക്കാൻ തിടുക്കത്തോടെ ഇങ്ങോട്ടുതന്നെ. തൃക്കൺപാർത്തുകൊണ്ടു് എഴുന്നള്ളിയിരിക്കുന്നു; ആര്യൻ അടുത്തു ചെല്ലണം.
സേനാപതി:
(രാജാവിനെ നോക്കിയിട്ടു്) നായാട്ടിനു ചില ദോഷങ്ങളുണ്ടെങ്കിലും സ്വാമിക്കതു ഗുണത്തിനായിത്തന്നെ തീർന്നിരിക്കുന്നു. ഈ തിരുമേനിക്കാകട്ടെ.

ഉടലതിദൃഢം നിത്യം വില്ലാണ്ടിടുന്നൊരുവേലയാൽ;

കൊടിയവെയിലത്തോടാമൊട്ടുംവിയർപ്പണയാതെ താൻ;

ചടവു തെളിയാ വ്യായാമം കൊണ്ടുദിച്ചൊരുകാന്തിയാൽ

അടവിയിലെഴും കൊമ്പന്നൊപ്പംകൊഴുത്തിതു സത്ത്വവും4

(അടുത്തു ചെന്നിട്ടു്) സ്വാമിക്കു വിജയം. കാട്ടിൽ മൃഗങ്ങളെ തെളിക്കൂട്ടിക്കഴിഞ്ഞു; എഴുന്നള്ളാൻ താമസമെന്തു് ?

രാജാവു്:
നായാട്ടുകൊണ്ടുള്ള തരക്കേടുകൾ ചൂണ്ടിക്കാണിച്ചു് മാഢവ്യൻ എനിക്കു് ഉത്സാഹഭങ്ഗം ചെയ്തിരിക്കുന്നു.
സേനാപതി:
(വിദൂഷകനോടു സ്വകാര്യമായിട്ടു്) സ്നേഹിതാ, അങ്ങു പിടിച്ച പിടി വിടാതെ മുറുക്കിക്കൊള്ളണം; ഞാൻ സ്വാമിയുടെ തിരുവുള്ളത്തിനു ചേർന്നു് ഉണർത്തിക്കാൻപോകുന്നു. (വെളിവായിട്ടു്) ഈ മൂർഖൻ വല്ലതും പുലമ്പിക്കൊള്ളട്ടെ. ഇവിടെ തിരുമേനിതന്നെ ഒരു ദൃഷ്ടാന്തമാണല്ലോ.

നേർക്കും മേദസ്സൊരുങ്ങീട്ടുദര; മുടൽവഴങ്ങീട്ടു മെയ്യായമുണ്ടാം;

നോക്കാം നാല്ക്കാലികൾക്കും ഭയവുമരിശവുംകൊണ്ടെഴും ഭാവഭേദം;

കിട്ടും വില്ലാളിവീരർക്കിഷ്ടഗുണമിളകുംലാക്കിലേല്പിച്ചു മെച്ചം;

വേട്ടയ്ക്കോതുന്നു ദോഷം വെറുതെ; ഇതുകണ-ക്കില്ല വേറേ വിനോദം5

വിദൂഷകൻ:
തിരുമനസ്സിൽ പ്രകൃതിഭേദം ഉണ്ടായിരുന്നതു മാറി, താൻ കാടുനീളെ അലഞ്ഞു് മനുഷ്യരുടെ മൂക്കിൽ ചാടിക്കടിക്കുന്ന വല്ല കിഴട്ടു കരടിയുടേയും വായിൽച്ചെന്നു വീഴും.
രാജാവു്:
ഭദ്രസേനാ, ആശ്രമസമീപത്തിലാണല്ലോ നമ്മുടെ താമസം; അതുകൊണ്ടു തന്റെ അഭിപ്രായം ഞാൻ അഭിനന്ദിക്കുന്നില്ല. ഇന്നേദിവസമാകട്ടേ.

നീരിൽ പോത്തുകൾ കൊമ്പുലച്ചു കളിയാടീടട്ടെ കേടെന്നിയേ;

സാരങ്ഗം തണലിൽക്കിടന്നയവിറക്കീടട്ടെകൂട്ടത്തൊടേ;

സ്വൈരം സൂകരപങ്ക്തി മുസ്തകൾ കഴി-ക്കട്ടേ തടാകങ്ങളിൽ;

ചേരാതേ ഗുണബന്ധനം നടു നിവർ-ത്തീടട്ടെയെൻ വില്ലിതും6

സേനാപതി:
തിരുമനസ്സിലെ ഇഷ്ടം.
രാജാവു്:
അതിനാൽ കാടുതെളിക്കാൻ പോയിട്ടുള്ളവരെ തിരികെ വിളിച്ചുകളയൂ; തപോവനവാസികൾക്കു് ഉപദ്രവത്തിനിടയാകാതെ പടയാളികളേയും തടയണം. നോക്കൂ.

ദൃഷ്ടത്തിങ്കൽ പ്രശമധനരാംതാപസന്മാരിലേറ്റ

ധൃഷ്ടം തേജസ്സതിനിഭൃതമായുണ്ടുവർത്തിച്ചിടുന്നു:

കാട്ടും പെട്ടെന്നവരതു പരൻ തന്റെ തേജസ്സിനോടായ്

മുട്ടുന്നേരം, കുളുർമകലരും സൂര്യകാന്തം കണക്കേ.7

വിദൂഷകൻ:
തന്റെ ഉത്സാഹമെല്ലാം കുന്തമായി. (സേനാപതി പോയി)
രാജാവു്:
(പരിവാരങ്ങളെ നോക്കീട്ടു്) നിങ്ങൾ നായാട്ടുവേഷം മാറ്റിക്കൊൾവിൻ. രൈവതക, നീയും നിന്റെ ജോലിക്കു പൊയ്ക്കൊള്ളുക.
പരിവാരങ്ങൾ:
കല്പന (പോയി)
വിദൂഷകൻ:
തോഴർ, ഈച്ചകളെ എല്ലാം ആട്ടി ഓടിച്ചു; ഇനി വള്ളിപ്പടർപ്പുകൊണ്ടു മേൽക്കെട്ടി കെട്ടിയിട്ടുള്ള ഈ പാറയിന്മേൽ എഴുന്നെള്ളിയിരിക്കാം; ഞാനും ഒന്നിരുന്നു സുഖിക്കട്ടേ!
രാജാവു്:
മുമ്പിൽ നടക്കൂ!
വിദൂഷകൻ:
എഴുന്നള്ളാം. (രണ്ടുപേരും ചുറ്റിനടന്നു് ഇരിക്കുന്നു.)
രാജാവു്:
മാഢവ്യ തന്റെ കണ്ണിനു സാഫല്യം സിദ്ധിച്ചില്ല. കാണേണ്ടതു താൻ കണ്ടില്ലല്ലോ.
വിദൂഷകൻ:
തിരുമേനി എന്റെ മുമ്പിൽ ഉണ്ടല്ലോ.
രാജാവു്:
എല്ലാവർക്കും അവനവന്റേതു നല്ലതെന്നു തോന്നും. ഞാനാകട്ടെ, ആശ്രമത്തിന്നലങ്കാരഭൂതയായ ആ ശകുന്തളയെപ്പറ്റിയാണു് പറഞ്ഞതു്.
വിദൂഷകൻ:
(വിചാരം) ഇദ്ദേഹത്തിനു് അവസരം കൊടുത്തുകൂടാ. (വെളിവായിട്ടു) തോഴരേ താപസകന്യകയെ ആഗ്രഹിക്കുക അങ്ങേയ്ക്കു ശരിയല്ല.
രാജാവു്:
സഖേ, വർജ്ജിക്കേണ്ട വസ്തുക്കളിൽ പൗരവന്മാരുടെ മനസ്സു പ്രവർത്തിക്കയില്ല.

അപ്പെൺകിടാവു കുശികാത്മജനപ്സരസ്സി-

ലുത്പന്നനായ മകളാണ,വർ പക്കൽ നിന്നും

പില്പാടെരിക്കിനുടെ കമ്പതിൽ വീണ മല്ലീ

പുഷ്പം കണക്കിവളണഞ്ഞിതു കണ്വഹസ്തം8

വിദൂഷകൻ:
(ചിരിച്ചിട്ടു്) പേരീന്തൽപ്പഴം തിന്നു ചെടിച്ചവന്നു വാളൻ പുളിയിൽ രുചി തോന്നതുപോലെയാണു സ്ത്രീരത്നങ്ങളെ അഭിഭവിപ്പിക്കുന്ന[6] അങ്ങയുടെ ഈ ആഗ്രഹം.
രാജാവു്:
താനവളെക്കണ്ടില്ല; അതാണിങ്ങനെ പറയുന്നതു്.
വിദൂഷകൻ:
എന്നാൽ അവളുടെ രൂപലാവണ്യം കേമം തന്നെ ആയിരിക്കണം; അങ്ങേയ്ക്കുകൂടി അതു വിസ്മയം ജനിപ്പിച്ചല്ലോ.
രാജാവു്:
തോഴരേ, ചുരുക്കിപ്പറഞ്ഞുകളയാം.

ചിത്രത്തിലാദ്യമെഴുതീട്ടുയിർ ചേർത്തതാമോ?

ചിത്തത്തിൽവെച്ചഴകുചേർത്തു രചിച്ചതാമോ?

ബ്രഹ്മപ്രഭാവവുമവൾക്കെഴുമാ വപുസ്സു-

മോർമ്മിക്കിലീയൊരബലാമണി സൃഷ്ടി വേറെ9

വിദൂഷകൻ:
അങ്ങനെയാണെങ്കിൽ സുന്ദരിമാർക്കെല്ലാം മാനഭങ്ഗത്തിനിടയായല്ലോ.
രാജാവു്:
ഇതുംകൂടി എന്റെ വിചാരത്തിലുണ്ടു്

മൂക്കിൽച്ചേർക്കാത്ത പുഷ്പം; നഖവിദലനമേൽ-ക്കാത്ത പുത്തൻ പ്രവാളം

മെയ്യിൽച്ചാർത്താത്ത രത്നം; രസനയതിലണയ്ക്കാത്തതായുള്ള പൂന്തേൻ;

പൂർണ്ണം പുണ്യത്തിനുള്ളോരുപചിതഫലവുംതാനവൾക്കുള്ള രൂപം

പാർത്തില്ലീ ഞാനെവന്നോ വിധിയിതനു-ഭവിക്കുന്നതിന്നേകിടുന്നൂ?10

വിദൂഷകൻ:
എന്നാൽ തോഴർ ഉടനെതന്നെ ചെന്നു് അവളെ രക്ഷപ്പെടുത്തണം; ഓടലെണ്ണ തടകി തല മിനുക്കുന്ന വല്ല വനവാസിയുടേയും കൈയിൽ അകപ്പെടാൻ ഇടയാകരുതു്.
രാജാവു്:
ആ മാന്യകന്യക പരാധീനയാണു്! അച്ഛൻ അവിടെ ഇല്ലതാനും.
വിദൂഷകൻ:
ആകട്ടെ അങ്ങേപ്പേരിൽ അവളുടെ നോട്ടം എങ്ങനെ ആയിരുന്നു?
രാജാവു്:
താപസകന്യകമാർക്കു സ്വതേതന്നെ പ്രഗല്ഭത കുറയും; അങ്ങനെയാണെങ്കിലും,

ഞാൻ നോക്കുമപ്പൊഴുതു ദൃഷ്ടികൾപിൻവലിച്ചാൾ;

അന്യം നിമിത്തമുളവാക്കി ഹസിച്ചുകൊണ്ടാൾ;

മര്യാദയോർത്തു വെളിവായ്ത്തെളിയിച്ചുമില്ല;

മാരന്റെ ചേഷ്ടയവളോട്ടു മറച്ചുമില്ല11

വിദൂഷകൻ:
അങ്ങേക്കണ്ടമാത്രയിൽ വന്നുമടിയിൽ കയറിയില്ല, ഇല്ലേ?
രാജാവു്:
തങ്ങളിൽ പിരിയുന്ന സമയത്താകട്ടെ, ലജ്ജ ഇരുന്നിട്ടും അവൾ വേണ്ടുംവണ്ണം ഭാവം വെളിപ്പെടുത്തുകയുണ്ടായി; എങ്ങനെയെന്നാൽ

കൊണ്ടൽവേണിയൊരു രണ്ടുനാലടിനടന്നതില്ലതിനുമുമ്പുതാൻ

കൊണ്ടു ദർഭമുന കാലിലെന്നു വെറുതെനടിച്ചു നിലകൊണ്ടുതേ;

കണ്ഠവും ബത! തിരിച്ചുനോക്കിയവൾവൽക്കലാഞ്ചലമിലച്ചലിൽ

ക്കൊണ്ടുടക്കുമൊരു മട്ടുകാട്ടി വിടുവിച്ചിടുന്നകപടത്തൊടേ12

വിദൂഷകൻ:
എന്നാൽ കഴിച്ചുകൂട്ടാം പൊതിച്ചോറെങ്കിലുമായല്ലോ; തപസ്വികൾക്കു ഇനി ഉപദ്രവങ്ങളൊന്നും വരികയില്ല.
രാജാവു്:
തോഴരേ, തപസ്വികളിൽ ചിലർ എന്നെ കണ്ടറിയുകയുണ്ടായി. ആലോചിക്കൂ. ഇനി എന്തു കാരണം പറഞ്ഞാണു് നാം ആശ്രമത്തിൽക്കടന്നുകൂടുക?
വിദൂഷകൻ:
മറ്റെന്താണു കാരണം വേണ്ടതു്! അങ്ങു രാജാവല്ലേ? താപസപ്പരിഷകളോടു വരിനെല്ലിന്റെ ആറിൽ ഒന്നു കരം തരാൻ പറയണം.
രാജാവു്:
പോകൂ! മടയ! തപസ്വികൾ തരുന്ന കരം വേറെയാണു്; അതിനു രത്നരാശികളേക്കാൾ ഞാൻ വിലയും വയ്ക്കുന്നുണ്ടു് നോക്കൂ,

നാട്ടിലെ പ്രജകൾ നൽകിടും ഫലംനഷ്ടമാകുമൊരുനാൾ നൃപർക്കഹോ!

കാട്ടിലുള്ള മുനിവർഗ്ഗമോ തപ-ഷ്ഷഷ്ഠഭാഗമരുളുന്നു ശാശ്വതം.13

(അണിയറയിൽ)

ഞങ്ങളുടെ കാര്യം സാധിച്ചു.

രാജാവു്:
(ചെവിയോർത്തിട്ടു) ധീരശാന്തമായ സ്വരം കൊണ്ടു തപസ്വികളാണെന്നു തോന്നുന്നു.
ദ്വാരപാലകൻ:
(പ്രവേശിച്ചിട്ടു്) തമ്പുരാനു വിജയം! രണ്ടു മഹർഷികുമാരന്മാർ വന്നു കാത്തു നിൽക്കുന്നു.
രാജാവു്:
എന്നാൽ, ഉടൻതന്നെ അവരെ കൂട്ടിക്കൊണ്ടു വരൂ.
ദ്വാരപാലകൻ:
ഇതാ കൂട്ടിക്കൊണ്ടു വന്നു. (പോയി മഹർഷിമാരൊന്നിച്ചു പ്രവേശിച്ചിട്ടു്) ഇതാ, ഇതിലെ വരാം.
ഒന്നാമൻ:
ഇദ്ദേഹം തേജസ്വിയാണെങ്കിലും കാഴ്ചയ്ക്കു സൗമ്യനായിരിക്കുന്നു. അല്ലെങ്കിൽ ഇതു യോജിക്കുന്നതു തന്നെ ഈ രാജാവിനു് ഋഷികളെക്കാൾ വളരെ ഭേദമൊന്നുമില്ലല്ലോ.

ഇപ്പുണ്യാത്മാവിനും തൻ വസതിസുഖദമാമാശ്രമത്തിങ്കലത്രേ;

കെൽപോടിപ്പാർത്തലം കാത്തിവനു-മുരുതപം സംഭരിക്കുന്നുനിത്യം;

ഇപ്പോഴും വാഴ്ത്തുമാറുണ്ടിവനെ മുനിപദംകൊണ്ടു വിദ്യാധരന്മാർ

ചൊൽപൊങ്ങും രാജശബ്ദത്തെയുമുപ-പദമായ്ചേർപ്പതൊന്നേ വിശേഷം14

രണ്ടാമൻ:
ഗൗതമ, ഇദ്ദേഹമല്ലേ ഇന്ദ്രന്റെ സഖാവായ ദുഷ്ഷന്തൻ?
ഒന്നാമൻ:
അതേ.
രണ്ടാമൻ:
എന്നാൽ,

അക്ഷീണായതപീനമാം ഭുജയുഗംകൊണ്ടബ്ധിപര്യമ്തമാ-

മിക്ഷോണീതലമാകെയേകനിവനുംശാസിപ്പതാശ്ചര്യമോ?

ഇന്നേരം സുരസംഹതിക്കരിജയാശാലംബനം രണ്ടുതാൻ!

ഒന്നിദ്ധന്വി കുലച്ച ചാപ,മപരംജംഭാരിദംഭോളിയും15

മഹർഷികുമാരന്മാർ:
(അടുത്തുചെന്നു്) രാജാവിനു വിജയം!
രാജാവു്:
(എഴുന്നേറ്റിട്ടു്) ഭവാന്മാർക്കു അഭിവാദനം!
മഹർഷിമാർ:
അങ്ങേയ്ക്കു ശ്രേയസ്സു്. (ഫലങ്ങൾ കൊണ്ടുചെന്നു കൊടുക്കുന്നു.)
രാജാവു്:
(വണക്കത്തോടുകൂടി വാങ്ങീട്ടു്) കല്പന കേൾക്കാൻ ആഗ്രഹിക്കുന്നു.
മഹർഷിമാർ:
അങ്ങിവിടെ തമാസിക്കുന്നതായി ആശ്രമവാസികൾക്കു് അറിവുകിട്ടി. അതിനാൽ അവർ അങ്ങേ അടുക്കൽ അപേക്ഷിക്കുന്നു.
രാജാവു്:
എന്താണവരുടെ കൽപന?
മഹർഷിമാർ:
കുലപതി കണ്വൻ ഇവിടെ ഇല്ലാത്തതു കൊണ്ടു് രാക്ഷസന്മാർ ഞങ്ങൾക്കു യാഗവിഘ്നം ചെയ്യുന്നു. അതിനാൽ, രക്ഷയ്ക്കായിട്ടു് ഏതാനും ദിവസം സാരഥിയുമൊന്നിച്ചു ഭവാൻ ആശ്രമത്തെ അലങ്കരിക്കണം എന്നു്.
രാജാവു്:
എനിക്കു് അനുഗ്രഹമായി.
വിദൂഷകൻ:
(സ്വകാര്യമായിട്ടു്) ഈ അപേക്ഷ അങ്ങേയ്ക്കനുകൂലം തന്നെ.
രാജാവു്:
(പുഞ്ചിരിയിട്ടിട്ടു്) രൈവതക, സാരഥിയോടു തേരും വില്ലും ഒരുക്കാൻ പറയൂ.
ദ്വാരപാലകൻ:
തമ്പുരാന്റെ കൽപന. (പോയി)
മഹർഷിമാർ:
(സന്തോഷത്തോടെ)

യുക്തം പൂർവ്വികവർത്മാവിൽവർത്തിക്കുന്ന ഭവാനിത്;

ആർത്തത്രാണമഹാസത്രംകാത്തിരിപ്പവർ പൗരവർ 16

രാജാവു്:
മുമ്പേ എഴുന്നള്ളാം; ഞാൻ ഇതാ, പിന്നാലെ വന്നു കഴിഞ്ഞു:
മഹർഷിമാർ:
രാജാവിനു വിജയം! (പോയി)
രാജാവു്:
മാഢവ്യ തനിക്കു ശകുന്തളയെക്കാണ്മാൻ കൗതുകമുണ്ടോ?
വിദൂഷകൻ:
ആദ്യം കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇപ്പോൾ ഈ രാക്ഷസവൃത്താന്തം കേട്ടതിൽപ്പിന്നെ ഒരു തുള്ളിപോലും ശേഷിച്ചിട്ടില്ല.
രാജാവു്:
ഭയപ്പെടേണ്ട, താൻ എന്റെ അടുക്കൽ അല്ലേ നിൽക്കാൻ പോകുന്നതു്?
വിദൂഷകൻ:
എന്നാൽ എനിക്കു രാക്ഷസ ഭയമില്ല.
ദ്വാരപാലകൻ:
(പ്രവേശിച്ചിട്ടു്) ഇതാ, പള്ളിത്തേരു് ഒരുക്കി നിർത്തിയിരിക്കുന്നു; വിജയത്തിന്നായി എഴുന്നളളാം. എന്നാൽ രാജധാനിയിൽ നിന്നു് അമ്മത്തമ്പുരാക്കന്മാർ കല്പിച്ചയച്ച വർത്തമാനം അറിയിക്കുന്നതിനു് കരഭകൻ വന്നിട്ടുണ്ടു്.
രാജാവു്:
(ആദരവോടുകൂടി) അമ്മമാർ പറഞ്ഞയച്ചിട്ടോ?
ദ്വാരപാലകൻ:
ഇറാൻ! അതെ.
രാജാവു്:
എന്നാൽ, കൂട്ടിക്കൊണ്ടുവരു.
ദ്വാരപാലകൻ:
ഇറാൻ! (പോയി, കരഭകൻ ഒന്നിച്ചു പ്രവേശിച്ചു്) ഇതാ, എഴുന്നള്ളിയിരിക്കുന്നു. അങ്ങോട്ടു ചെല്ലൂ.
കരഭകൻ:
തമ്പുരാനു വിജയം! അമ്മത്തമ്പുരാക്കന്മാർ കല്പിച്ചയച്ചിരിക്കുന്നു. “ഇന്നേക്കു നാലാംദിവസം ഞങ്ങൾക്കു വ്രതം കാലംകൂടുന്നു; അന്നത്തേക്കു് ഉണ്ണി ഇവിടെ എത്തേണ്ടതു് അത്യാവശ്യമാണു്” എന്നു്.
രാജാവു്:
ഒരിടത്തു തപസ്വി കാര്യം. മറ്റൊരിടത്തു് അമ്മമാരുടെ കല്പന; രണ്ടും അതിക്രമിച്ചുകൂടാ, ഇവിടെ എന്തു ഞാൻ ചെയ്യേണ്ടൂ?
വിദൂഷകൻ:
ത്രിശങ്കുവിനെപ്പോലെ നമുക്കു നിൽക്കണം.
രാജാവു്:
തോഴരേ, കളിയല്ല. സത്യമായിട്ടു ഞാൻ കുഴങ്ങിവശായി.

ഭിന്നിച്ച കൃത്യദ്വയമങ്ങുമിങ്ങുമൊന്നിച്ചുചെയ്യാൻ കഴിയായ്കമൂലം

കുന്നിൽത്തടഞ്ഞാൽ പുഴയെന്നപോലെമന്ദിച്ചു രണ്ടായ്പ്പിരിയുന്നു ചിത്തം17

(ആലോചിച്ചിട്ടു്) തോഴരേ, അമ്മമാർ അങ്ങേ പുത്രനായിട്ടാണു് സ്വീകരിച്ചിരിക്കുന്നതു് അതിനാൽ അങ്ങു് ഇവിടെ നിന്നു മടങ്ങി തപസ്വി കാര്യത്തിൽ എനിക്കുള്ള ബദ്ധപ്പാടു് അറിയിച്ചു് അവർക്കു പുത്രകാര്യം അനുഷ്ഠിക്കണം.

വിദൂഷകൻ:
എനിക്കു രാക്ഷസന്മാരെ ഭയമാണെന്നു മാത്രം വിചാരിച്ചു പോകരുതു്.
രാജാവു്:
ഐ! അങ്ങേപ്പറ്റി അങ്ങനെ ശങ്കിക്കാനിടയില്ലല്ലോ.
വിദൂഷകൻ:
എന്നാൽ മഹാരാജാവിന്റെ അനുജനപ്പോലെ തന്നെ എന്നെ പറഞ്ഞയയ്ക്കണം.
രാജാവു്:
തപോവനവാസികൾക്കു ശല്യത്തിനിടകൂടാതെ കഴിക്കണമല്ലോ പരിവാരങ്ങളെയെല്ലാം അങ്ങേ ഒരുമിച്ചു് അയച്ചുകളയാം.
വിദൂഷകൻ:
എന്നാൽ, ഞാനിന്നു യുവരാജാവായിച്ചമഞ്ഞു.
രാജാവു്:
(വിചാരം) ഇയാളൊരു വിടുവായനാണു്. എന്റെ ഇപ്പോഴത്തെ മനോരാജ്യങ്ങൾ അന്തഃപുരത്തിൽച്ചെന്നു പ്രസ്താവിച്ചു എന്നു വരാം. ഇരിക്കട്ടെ, ഇയാളോടിങ്ങനെ പറയാം. (വിദൂഷകന്റെ കൈയ്ക്കു പിടിച്ചു കൊണ്ടു് വെളിവായി) തോഴരേ, മഹർഷിമാരിലുള്ള ഗൗരവം വിചാരിച്ചാണു ഞാൻ ആശ്രമത്തിലേക്കു പോകുന്നതു്; തപസ്വി കന്യകയുടെ പേരിൽ പരമാർത്ഥമായിട്ടും എനിക്കു അനുരാഗം ഒന്നും ഇല്ല. നോക്കൂ.

സ്മരകഥയറിയാതെ മാൻകിടാങ്ങൾ-

ക്കരികിൽ വളർന്നവൾ ഞാനുമെങ്ങുചേരും?

അരുളി കളിവചസ്സു തോഴരേ, ഞാൻ,

കരുതരുതായതു കാര്യമായ്ബ്ഭവാനും18

വിദൂഷകൻ:
അങ്ങനെതന്നെ.
(എല്ലാവരും പോയി)
കുറിപ്പുകൾ

[3] തേവിടിയാമക്കൾ = ദാസ്യാഃ പുത്രാഃ.

[4] നിഷ്ഫലമായി വിലപിക്കുക. “അരണ്യേ രുദിതം” എന്നതിന്റെ തർജ്ജുമ.

[5] ഇറാൻ = അങ്ങനെതന്നെ എന്നതിനുള്ള ആചാരവാക്കു്.

[6] അഭിഭവിപ്പിക്കുക = പരിഭവിപ്പിക്കുക.

മൂന്നാം അങ്കം

വിഷ്കംഭം (അനന്തരം ഭർഭയെടുത്തുകൊണ്ടു് യജമാനശിഷ്യൻ പ്രവേശിക്കുന്നു)

ശിഷ്യൻ:
അമ്പ! ദുഷ്ഷന്തമഹാരാജാവു് മഹാനുഭാവൻ തന്നെ. അദ്ദേഹം ആശ്രമത്തിൽ പ്രവേശിച്ചമാത്രയിൽ ഞങ്ങൾക്കു കർമ്മവിഘ്നങ്ങളെല്ലാം നീങ്ങിയിരിക്കുന്നു.

ഉഗ്രഹുംകൃതികണക്കു വില്ലിൽനിനുദ്ഗമിച്ചഗുണഘോഷമൊന്നുതാൻ

ഭഗ്നമാക്കി മഖവിഘ്നന്മൊക്കവേമാർഗ്ഗണം വിടുകിലെന്തഹോ കഥ?1

ഇനി വേദിസംസ്തരണത്തിനുള്ള[7] ഈ ദർഭപ്പുല്ലു് ഋത്വിക്കുകൾക്കു[8] കൊണ്ടുചെന്നു കൊടുക്കാം… (ചുറ്റി നടന്നുനോക്കി ആകാശത്തിൽ ലക്ഷ്യം ബന്ധിച്ചു്) പ്രിയംവദേ, ആർക്കാണു് ഈ രാമച്ചം അരച്ചതും ഇലകളയാത്ത താമരവളയങ്ങളും കൊണ്ടുപോകുന്നതു്? (കേട്ടതായി നടിച്ചു്) എന്തു പറയുന്നു? വെയിൽ കൊള്ളുകയാൽ ശകുന്തളയ്ക്കു വളരെ സുഖക്കേടായിരിക്കുന്നു; അവളുടെ ഉഷ്ണശാന്തിക്കായിട്ടു് എന്നോ? എന്നാൽ, ശീതോപചാരങ്ങൾ ജാഗ്രതയായി ചെയ്യണം. അവൾ കുലപതിയുടെ പ്രാണനാണു്; ഞാനും അവൾക്കു യാഗതീർത്ഥം ഗൗതമിവശം കൊടുത്തയയ്ക്കാം. (പോയി)

(അങ്കാരംഭം)

(അനന്തരം കാമുകാവസ്ഥയിലിരിക്കുന്ന രാജാവു് പ്രവേശിക്കുന്നു.)

രാജാവു്:
(നെടുവീർപ്പിട്ടിട്ടു്)

അറിവേൻ തപഃപ്രഭാവം പരവതിയക്ക-ന്യയെന്നുമോർക്കുന്നേൻ;

കരളോ പിന്നിവളിൽത്താൻപിരിയാനരുതാതെ പതിയുന്നു.2

(കാമപീഡ നടിച്ചുകൊണ്ടു്) മന്മഥഭഗവാനേ, അങ്ങും ചന്ദ്രനും വിശ്വസ്തവേഷം കെട്ടിക്കൊണ്ടു് കാമിജനങ്ങളെ ചതിക്കുന്നുവല്ലോ എങ്ങനെയെന്നാൽ,

സ്മര, കുസുമശരൻ നീ ഇന്ദുശീതാംശുവെന്നും

പറവതു പൊളിയെന്നേ മദ്വിധന്മാർ ധരിപ്പൂ.

എരികനൽ പനിതന്നിൽ ചേർത്തിവൻപൂനിലാവാൽ-

ച്ചൊരിയു;മരിയ വജ്രംപോലെ പൂവമ്പു നീയും3

(ഖേദഭാവത്തോടെ ചുറ്റി നടന്നിട്ടു്) ഇപ്പോളത്തെ യാഗകർമ്മങ്ങൾ അവസാനിക്കയാൽ സദസ്യന്മാർ എന്നെ വിശ്രമിക്കാൻ അനുവദിച്ചിരിക്കുന്നു. ഇനി ഇവിടെ ഇരുന്നു് എന്തു വിനോദംകൊണ്ടാണു മുഷിച്ചൽ തീർക്കേണ്ടതു് ? (നെടുവീർപ്പിട്ടിട്ടു്) പ്രിയയെച്ചെന്നു കാണുകയല്ലാതെ വേറൊരു ഗതിയും കാണുന്നില്ല. അവളെത്തന്നെ കണ്ടുപിടിക്കാൻ നോക്കാം. (സൂര്യനെ നോക്കീട്ടു്) ഈ വെയിൽ കടുക്കുന്ന ഉച്ചസമയത്തു് ശകുന്തള സഖിമാരുമൊന്നിച്ചു് മാലിനീതീരത്തിലെ വള്ളിക്കുടിലുകളിലാണു് ഇരിക്കുക പതിവു്; അങ്ങോട്ടുതന്നെ പൊയ്ക്കളയാം. (ചുറ്റിനടന്നു് സ്പർശസുഖം നടിച്ചിട്ടു്) ഇവിടം നല്ല കാറ്റുള്ള പ്രദേശമാണല്ലോ!

തരമുണ്ടു മാലിനിയിലെച്ചെറുശീകരവുംസരോജസൗരഭ്യവും

ചൊരിയുന്ന തെന്നലിവിടെ സ്മരതാപമിയന്നമേനിമേൽപ്പുണരാൻ4

(പിന്നെയും ചുറ്റിനടന്നു നോക്കീട്ടു്) ആറ്റുവഞ്ചിക്കു നടുക്കുള്ള ഈ ലതാമണ്ഡപത്തിലായിരിക്കണം, ശകുന്തള. എന്തുകൊണ്ടെന്നാൽ.

മുൻഭാഗമൊട്ടുയർന്നും പിൻഭാഗംജഘനഭാരനതമായും

ചേവടികളുണ്ടു കാണ്മാനവിടെപ്പുതുതായ്-പ്പതിഞ്ഞു വെണ്മണലിൽ5

ഈ മരക്കാലുകളുടെ ഇടയിൽക്കൂടി നോക്കാം. (അങ്ങനെ ചെയ്തിട്ടു്) ആവൂ! കണ്ണിനു് ആനന്ദമായി; ഇതാ എന്റെ പ്രിയതമ പാറപ്പുറത്തു് പൂമെത്ത വിരിച്ചു കിടക്കുന്നു. സഖിമാർ അടുത്തിരുന്നു ശുശ്രൂഷിക്കുന്നുമുണ്ടു്. ആകട്ടെ, ഇവരുടെ സ്വൈരസംഭാഷണം കേൾക്കാം (നോക്കിക്കൊണ്ടു് നിൽക്കുന്നു.)

(അനന്തരം മുൻചൊന്നമട്ടിൽ സഖിമാരും ശകുന്തളയും പ്രവേശിക്കുന്നു)

സഖിമാർ:
(ശാകുന്തളയെ വീശിക്കൊണ്ടു് സ്നേഹത്തോടുകൂടി) തോഴി ശകുന്തളേ, ഈ താമരയിലകൊണ്ടു വീശീട്ടു് നിനക്കു സുഖം തോന്നുന്നുണ്ടോ?
ശകുന്തള:
തോഴിമാർ എന്നെ വീശുന്നുണ്ടോ?

(സഖിമാർ വിഷാദത്തോടെ അന്യോന്യം നോക്കുന്നു.)

രാജാവു്:
ശകുന്തളയുടെ സുഖക്കേടു ബലപ്പെട്ടിരിക്കുന്നു എന്നുതോന്നുന്നു; ഇതു വെയിൽനിമിത്തമോ അതോ മന്മഥൻ നിമിത്തമോ? രണ്ടുപ്രകാരവും എനിക്കു തോന്നുന്നുണ്ടു് (സൂക്ഷിച്ചുനോക്കീട്ടു്) അല്ലെങ്കിൽ സംശയിക്കാനില്ല,

കൈത്തണ്ടിൽ ശ്ലഥമാം മൃണാളവളയം,മാറത്തു രാമച്ചവും

ചാർത്തീട്ടുള്ളൊരു മേനിയെത്ര സുഭഗംതാപാർത്തമാണെങ്കിലും

തോന്നാം ഗ്രീഷ്മജവും സ്മരോദ്ഭവവുമാംസന്താപമിങ്ങൊന്നുപോ-

ലെന്നാലങ്ഗനമാരിലാതപരുജയ്ക്കിക്കാന്തികാണായ്വരാ6

പ്രിയംവദ:
(സ്വകാര്യമായി) അനസൂയേ, ആ രാജർഷിയെ ആദ്യമായിക്കണ്ടതുമുതൽ ശകുന്തളയ്ക്കു് ഒരു മനോരാജ്യത്തിന്റെ മട്ടു കാണുന്നുണ്ടു് അതുനിമിത്തംതന്നെ ആയിരിക്കുമോ ഈ സുഖക്കേടു്?
അനസൂയ:
എനിക്കും സംശയമുണ്ടു് ഇരിക്കട്ടെ, ചോദിക്കാം. (വെളിവായിട്ടു്) തോഴീ, നിന്നോടൊരു സങ്ഗതി ചോദിക്കേണ്ടിയിരിക്കുന്നു നിനക്കു താപം കുറെ അധികം കാണുന്നല്ലോ.
ശകുന്തള:
(കിടക്കയിൽനിന്നു പാതി എഴുന്നേറ്റിട്ടു്) സഖീ! നീ എന്താണു പറയാൻ വിചാരിക്കുന്നതു്?
അനസൂയ:
തോഴി ശകുന്തളേ, മന്മഥവൃത്താന്തത്തെപ്പറ്റി ഒന്നും ഞങ്ങൾക്കു നല്ല രൂപമില്ല; എന്നാൽ ഇതിഹാസങ്ങളിൽ കാമിജനങ്ങളുടെ അവസ്ഥയെക്കുറിച്ചു് ഏതുവിധം കേട്ടിട്ടുണ്ടോ അതുവിധം ഒരവസ്ഥ നിനക്കു കാണുന്നു. പറയൂ! നിന്റെ ഈ സന്താപത്തിനു കാരണമെന്താണു്? രോഗം ശരിയായറിയാതെ ചികിത്സയരുതല്ലോ.
രാജാവു്:
എന്റെ ഊഹംതന്നെ അനസൂയയ്ക്കും ഉണ്ടായി; എനിക്കു സ്വാർത്ഥംകൊണ്ടു തോന്നിയതല്ല.
ശകുന്തള:
(വിചാരം) എന്റെ മനോരഥം പുറത്താകരുതെന്നു് എനിക്കു വലിയ നിർബന്ധമുണ്ടു്. ഇവരോടുപോലും തുറന്നു പറഞ്ഞുകളയാൻ എനിക്കു മനസ്സുവരുന്നില്ല.
പ്രിയംവദ:
തോഴി, ഇവൾ പറയുന്നതു ശരിയാണു്. നിന്റെ സുഖക്കേടു് നീ എന്താണു് വകവയ്ക്കാത്തതു്? ദിവസംപ്രതി നിനക്കു ക്ഷീണം വർദ്ധിക്കുന്നുവല്ലോ; ലാവണ്യംകൊണ്ടുള്ള കാന്തിവിശേഷം മാത്രം പോയിട്ടില്ലെന്നേയുള്ളു.
രാജാവു്:
പ്രിയംവദ പറഞ്ഞതു പരമാർത്ഥംതന്നെ.

ഒട്ടീ ഹന്ത! കവിൾത്തടം കുചമതിൽ-ക്കാഠിന്യമസ്പഷ്ടമായ്;

തട്ടീ വാട്ടമരയ്ക്കു; തോളുകൾ തുലോംതാഴ്‌ന്നൂ; വിളർത്തൂ നിറം;

കോട്ടം മന്മഥനാലണഞ്ഞിടുകിലുംതന്വങ്ഗി രമ്യാങ്ഗിതാൻ

കോടക്കാറ്റടിയേറ്റു വെള്ളില കൊഴിഞ്ഞിട്ടുള്ളവാസന്തിപോൽ 7

ശകുന്തള:
തോഴി, മറ്റാരോടു ഞാൻ പറയേണ്ടു? പക്ഷേ, നിങ്ങളെ എനിക്കു ശ്രമപ്പെടുത്തേണ്ടിവരുന്നു.
സഖിമാർ:
അതിനാൽത്തന്നെയാണു നിർബന്ധം. പങ്കുകൊള്ളുന്ന സ്നേഹിതരിൽ വീതിച്ചുതീർന്നാൽ ദുഃഖത്തിന്റെ തീവ്രതയ്ക്കു കുറവു വരണമല്ലോ.
രാജാവു്:

ഉൾക്കേടെന്തെന്ന ചോദ്യം സുഖവുമസുഖവുംപങ്കുകൊള്ളുന്നൊരാൾതാൻ

സോത്കണ്ഠം ചെയ്കയാലച്ചടുലമിഴികഥിക്കാതിരിക്കില്ല തത്ത്വം.

നോക്കീട്ടുണ്ടാസ്ഥയോടേ പലകുറിയിവളീ-യെന്നെയെന്നാലുമയ്യോ!

തത്ക്കാലത്തേക്കിളക്കം കരളിനിവളുര-യ്ക്കുന്നതെന്തെന്നു കേൾപ്പാൻ. 8

ശകുന്തള:
സഖി, തപോവനത്തിനു് രക്ഷിതാവായ ആ രാജർഷിയെ എന്നു് എനിക്കു കാണാൻ ഇടയായോ, അന്നുമുതൽ അദ്ദേഹത്തിന്റെ പേരിലുള്ള അഭിലാഷം കൊണ്ടു ഞാൻ ഈ അവസ്ഥയിലായി.
രാജാവു്:
(സന്തോഷത്തോടെ) കേൾക്കേണ്ടതു കേട്ടു.

സന്താപമേകാനുമകറ്റുവാനും ചെന്താർശരൻ താനൊരു ഹേതുവായി;

ഇക്കണ്ട ലോകത്തിനു വർഷമേകാൻ കാർകൊണ്ടെഴും വാസരമെന്നപോലെ 9

ശകുന്തള:
അതുകൊണ്ടു നിങ്ങൾക്കു സമ്മതമാണെങ്കിൽ ആ രാജർഷിക്കു് എന്റെ പേരിൽ ദയ തോന്നത്തക്കവണ്ണം പ്രവർത്തിക്കണം; അല്ലാത്തപക്ഷം, താമസിയാതെ നിങ്ങൾക്കു് എന്റെ ഉദകക്രിയ ചെയ്യേണ്ടിവരും.
രാജാവു്:
സംശയം തീർത്തുതന്നെ പറഞ്ഞു.
പ്രിയംവദ:
(സ്വകാര്യമായിട്ടു്) അനസൂയേ, ഇവൾക്കു കാമാവസ്ഥ മൂർച്ഛിച്ചുകഴിഞ്ഞു; ഇനി കാലതാമസം പാടില്ല. ഇവളുടെ അഭിലാഷം പ്രവർത്തിച്ചതു് പൂരുവംശത്തിനലങ്കാരഭൂതനായ ആളിലുമാണല്ലോ. അതിനാൽ നാം അതിനെ അഭിനന്ദിക്കണം.
അനസൂയ:
(സ്വകാര്യമായിട്ടു്) നീ പറഞ്ഞതു ശരിതന്നെ. (വെളിവായിട്ടു്) ഭാഗ്യവശാൽ ഉചിതമായിട്ടുതന്നെയാണു നിനക്കു് ആഗ്രഹം തോന്നിയതു്. മഹാനദി സമുദ്രത്തിലല്ലാതെ ചെന്നുചേരുമോ?
പ്രിയംവദ:
തളിർത്തിരിക്കുന്ന മുല്ലവള്ളിയെ തേന്മാവല്ലാതെ കൈക്കൊള്ളുമോ?
രാജാവു്:
വിശാഖാനക്ഷത്രം രണ്ടും ചന്ദ്രലേഖയെ അനുവർത്തിക്കുന്നതിൽ ആശ്ചര്യം വല്ലതുമുണ്ടോ?
അനസൂയ:
സഖിയുടെ മനോരഥം താമസിയാതെയും ഗൂഢമായും സാധിക്കുന്നതിനു് എന്താണുപായം?
പ്രിയംവദ:
ഗൂഢമെന്ന സങ്ഗതിയിൽ ആലോചിപ്പാനുണ്ടു്; ശീഘ്രമെന്നതു് എളുതാണു്.
അനസൂയ:
അതെങ്ങനെ?
പ്രിയംവദ:
ആ രാജർഷി ഇവളെ സ്നേഹഭാവത്തോടെ നോക്കിക്കൊണ്ടു് അഭിലാഷം സൂചിപ്പിക്കാറുണ്ടു്. ഈയിടെ അദ്ദേഹത്തിനു് ഉറക്കച്ചടവും കാണുന്നു.
രാജാവു്:
ശരി! എന്റെ അവസ്ഥ ഇങ്ങനെ തന്നെ ആയിത്തീർന്നിരിക്കുന്നു.

കൈത്തണ്ടിൽച്ചേർത്ത ഗണ്ഡംവഴി-യിരവുകളിൽ പാരമുഷ്ണിച്ച കണ്ണീ-

രുൾത്താപത്താലൊലിച്ചിട്ടൊളിതെളിവുകുറഞ്ഞുള്ള രത്നങ്ങളോടെ

സ്വസ്ഥാനംവിട്ടു തട്ടാതരിയഗുണകിണഗ്രന്ഥിയിൽപ്പോലുമൂരി-

പ്പേർത്തും താഴുന്ന തങ്കത്തരിവളമുകളിൽച്ചേർത്തിടുന്നേൻ സദാ ഞാൻ 10

പ്രിയംവദ:
(ആലോചിച്ചിട്ടു്) എന്നാൽ അദ്ദേഹത്തിനൊരു കാമലേഖനം എഴുതുക. അതു ഞാൻ പൂവിൽ പൊതിഞ്ഞു പ്രസാദം കൊടുക്കുന്ന കൂട്ടത്തിൽ അദ്ദേഹത്തിന്റെ കൈയിൽ എത്തിക്കാം.
അനസൂയ:
എനിക്കു നന്നേ ബോധിച്ചു. നല്ല ഉപായം; ഒരു പ്രയാസവുമില്ല. ശകുന്തളയ്ക്കെന്താണഭിപ്രായം?
ശകുന്തള:
നിങ്ങളുടെ തീർച്ചയിൽ എനിക്കു് മറിച്ചുണ്ടോ?
പ്രിയംവദ:
എന്നാൽ, തന്റെ സ്ഥിതി കാണിച്ചു് ഒരു ലളിതമായ ശ്ലോകം ഉണ്ടാക്കാൻ ആലോചിക്കൂ!
ശകുന്തള:
ആലോചിക്കാം; എന്നാൽ അദ്ദേഹം തള്ളിക്കളഞ്ഞാലോ എന്നു പേടിച്ചു് എന്റെ മനസ്സു പിടിയ്ക്കുന്നു.
രാജാവു്:

ഊഹിക്കുന്നൂ നിരസനമെവൻചെയ്വതായ്ക്കാതരേ! നീ

മോഹിച്ചായാളിഹ ഭവതിയെത്താനിതാകാത്തുനില്പൂ

ആശിച്ചാൽ ശ്രീയൊരുവനുലഭിച്ചെന്നുമില്ലെന്നുമാവാം;

താനാശിച്ചാലൊരുവനെയവൻശ്രീക്കു ദുർല്ലഭ്യനാമോ?11

സഖിമാർ:
നിന്റെ ഗുണങ്ങളെ നീ അവമാനിക്കുകയാണു് ! ശരീരസുഖത്തിനുള്ള ശരച്ചന്ദ്രികയെ ആരെങ്കിലും മുണ്ടിന്റെ തുമ്പുകൊണ്ടു മറയ്ക്കുമോ?
ശകുന്തള:
(പുഞ്ചിരിയോടെ) നിങ്ങളുടെ വരുതിപോലെയാവാം (ഇരുന്നാലോചിക്കുന്നു.)
രാജാവു്:
ഇമ ചിമ്മുന്നതിനുകൂടി മറന്നു ഞാൻ എന്റെ പ്രിയതമയെ നോക്കുന്നതു് ഒട്ടും അസ്ഥാനത്തിലല്ല. എന്തെന്നാൽ,

കളഭാഷിണി ചില്ലിയൊന്നുയർത്തീട്ടുളവാക്കാ- നൊരു പദ്യമോർത്തിടുമ്പോൾ

പുളകോദ്ഗമമിക്കവിൾത്തടത്തിൽ തെളിയി- ക്കുന്നിതു ഹന്ത! രാഗമെന്നിൽ 12

ശകുന്തള:
ഞാൻ ശ്ലോകം ആലോചിച്ചുവച്ചിരിക്കുന്നു. എഴുത്തുസാമാനമൊന്നും ഇവിടെ ഇല്ലല്ലോ.
പ്രിയംവദ:
കിളിയുടെ വയറുപോലെ മിനുസമായ ഈ താമരയിലയിൽ നഖം കൊണ്ടെഴുതാം.
ശകുന്തള:
(പറഞ്ഞതുപോലെ ചെയ്തിട്ടു്) തോഴിമാരേ, അർത്ഥം യോജിച്ചുവോ എന്നു നോക്കുവിൻ
സഖിമാർ:
ഞങ്ങൾ ശ്രദ്ധിച്ചുകേൾക്കാം.
ശകുന്തള:
(വായിക്കുന്നു)

നിന്നുടെ ചിത്തമറിഞ്ഞില്ലെന്മനമോമാരദേവനിരവുപകൽ

നിർദ്ദയ, നീറ്റുന്നു തുലോം നിങ്കൽച്ചേരും, മനോരഥംമൂലം13

രാജാവു്:
(ഝടിതി അടുത്തുചെന്നു്)

നിന്നെക്കൃശാംഗി, മദനൻ ബത! നീറ്റിടുന്നു;

പിന്നെന്നെയോ സപദി ചുട്ടുപൊടിച്ചിടുന്നു;

ചന്ദ്രന്നു വാസരകൃതം ക്ലമമെത്രമാത്രം

കുന്നിക്കുമത്രവരികില കുമുദ്വതിക്കു് 14

സഖിമാർ:
(രാജാവിനെക്കണ്ടു സന്തോഷത്തോടെ എഴുന്നേറ്റു്) കൈയ്യോടെ ഫലിച്ച സഖിയുടെ മനോരഥത്തിനു സ്വാഗതം!
(ശകുന്തള എഴുന്നേൽക്കാൻ ഭാവിക്കുന്നു.)
രാജാവു്:
വേണ്ട! വേണ്ട! ശ്രമപ്പെടരുതു്.

വിലുളിതവിസവാസനയേ-

റ്റലർ-മെത്തയിലെസ്സുമങ്ങളും പറ്റി

സ്ഫുടതാപമായ്ത്തളരുമീ-

യുടൽകൊണ്ടുപചാരമാചരിക്കരുതേ15

അനസൂയ:
ഈ പാറയുടെ ഒരു ഭാഗത്തിരുന്നു തോഴർ അതിനെ അലങ്കരിക്കണം.

(രാജാവു് ഇരിക്കുന്നു. ശകുന്തള ലജ്ജിക്കുന്നു.)

പ്രിയംവദ:
നിങ്ങൾക്കു് രണ്ടുപേർക്കും അന്യോന്യാനുരാഗം പ്രത്യക്ഷമാണു്. സഖീസ്നേഹമാകട്ടെ, എന്നെക്കൊണ്ടു് പിഷ്ടപേഷം[9] ചെയ്യിക്കുന്നു.
രാജാവു്:
ഭദ്രേ, ഇതു തടുക്കാവതല്ല. പറവാൻ തോന്നുന്നതു പറയാഞ്ഞാൽ പശ്ചാത്താപത്തിനിടവരും.
പ്രിയംവദ:
പ്രജകളിൽ ഒരാൾക്കു് ഒരാപത്തു നേരിട്ടാൽ അതു തീർത്തു രക്ഷിക്കയത്രേ നിങ്ങളുടെ ധർമ്മം.
രാജാവു്:
ഇതിനേക്കാൾ ഉപരി മറ്റൊന്നും ഇല്ല.
പ്രിയംവദ:
എന്നാൽ, അങ്ങുനിമിത്തമായി ഞങ്ങളുടെ ഈ പ്രിയസഖിയെ മന്മഥഭഗവാൻ ഈ അവസ്ഥയിലാക്കിയിരിക്കുന്നു; ഇവളെ അനുഗ്രഹിച്ചു പ്രാണരക്ഷ ചെയ്യണം.
രാജാവു്:
ഭദ്രേ, ഈ പ്രാർത്ഥന ഇരുഭാഗക്കാർക്കും ഒന്നുപോലെയത്രേ! എല്ലാംകൊണ്ടും എനിക്കു് അനുഗ്രഹമായി…
ശകുന്തള:
സഖി, (പ്രിയംവദയുടെ നേരെ നോക്കീട്ടു്) അന്തഃപുര സ്ത്രീകളോടു പിരിഞ്ഞു് വിചാരപ്പെട്ടുകൊണ്ടിരിക്കുന്ന രാജർഷിയെ എന്തിനു ശ്രമപ്പെടുത്തുന്നു?
രാജാവു്:

അനന്യഗതിയെന്മനസ്സിതുമറിച്ചുശങ്കിക്കൊലാ;

നിനയ്ക്കുക നിനക്കിരിപ്പനിശമെന്റെഹൃത്തിങ്കലേ;

അനന്യജശരങ്ങളാൽ നിഹതനായൊരീയെന്നെ നീ

പുനശ്ച നിഹനിക്കൊലാപഴിചമച്ചുരച്ചീവിധം 16

അനസൂയ:
സഖേ, രാജാക്കന്മാർക്കും ഭാര്യമാർ അസംഖ്യം ഉണ്ടു്. എന്നാണു് കേൾവി: ഞങ്ങളുടെ ഈ തോഴിയെപ്പറ്റി ബന്ധുജനങ്ങൾക്കു ശോചിക്കാനിട വരാത്ത വിധത്തിൽ അങ്ങു നിർവ്വഹിക്കണം.
രാജാവു്:
ഭദ്രേ, എന്തിനേറെപ്പറയുന്നു?

കളത്രമെത്രയായാലും കുലത്തിന്നൂന്നുരണ്ടുതാൻ;

ഒന്നബ്ധികാഞ്ചിയാമൂഴി, മറ്റതീയുറ്റതോഴിയും 17

സഖിമാർ:
ഞങ്ങൾക്കു തൃപ്തിയായി.
പ്രിയംവദ:
(ചുറ്റി നോക്കിക്കൊണ്ടു്) അനസൂയേ, ഇതാ ഈ മാൻകുട്ടി അങ്ങോട്ടും ഇങ്ങോട്ടും തനിയെ അന്ധാളിച്ചുനോക്കുന്നു. തള്ളയെ കാണാഞ്ഞിട്ടായിരിക്കണം. വരൂ നമുക്കു് അതിനെ തള്ളയുടെ അടുക്കൽ കൊണ്ടുചെന്നു വിടാം. (രണ്ടുപേരും പുറപ്പെടുന്നു.)
ശകുന്തള:
എനിക്കു തുണയില്ലല്ലോ. ആരെങ്കിലും ഒരാൾ പോയാൽ മതി.
സഖിമാർ:
ഭൂമിയൊട്ടുക്കു് തുണയായുള്ള ആളല്ലയോ നിന്റെ അടുക്കൽ ഉള്ളതു്? (പോയി)
ശകുന്തള:
അല്ലാ, പോയ്ക്കളഞ്ഞോ?
രാജാവു്:
പരിഭ്രമിക്കേണ്ട! ശുശ്രൂഷയ്ക്കു വേണ്ടുന്ന ആൾ അടുത്തു തന്നെ ഉണ്ടു്.

നീർത്തുള്ളിയാർന്ന കുളിർക്കാറ്റെഴുമാലവട്ടം

ചാർത്തേണമോ സുഖദമാം നളിനീദളത്താൽ?

ചെന്താരിനൊത്ത ചരണം മടിയിൽകരേറ്റി-

ച്ചിത്തത്തിനൊത്ത കരഭോരു,തലോടണോ ഞാൻ 18

ശകുന്തള:
മാന്യന്മാരെക്കൊണ്ടു വിടുപണി എടുപ്പിച്ചിട്ടുള്ള കുറ്റം എനിക്കു വന്നുകൂടാ (എഴുന്നേറ്റു പോകാൻ ഭാവിക്കുന്നു).
രാജാവു്:
സുന്ദരീ, വെയിലാറീട്ടില്ല. നിന്റെ ശരീരസ്ഥിതിയും ഈവിധം ഇരിക്കുന്നു.

മലർമെത്ത വെടിഞ്ഞു, മാറിടം നീ കമലത്തിൻ ദളപാളികൊണ്ടു മൂടി,

തുയിൽമെത്തിടുമങ്ഗകങ്ങളോടേ വെയിലത്തങ്ങു ഗമിക്ക യുക്തമാണോ19

(തടഞ്ഞുനിറുത്തുന്നു.)

ശകുന്തള:
പൗരവ, മര്യാദ ലംഘിക്കരുതു്; കാമപാരവശ്യം ഇരുന്നാലും എന്റെ ആത്മാവു് എനിക്കു സ്വാധീനമല്ല.
രാജാവു്:
ഭയശീലേ, ഗുരുജനങ്ങളെ ഓർത്തു നീ ഭയപ്പെടേണ്ട. സങ്ഗതിയറിയുമ്പോൾ ധർമ്മജ്ഞനായ കുലപതി നിന്റെ പേരിൽ ഒരു തെറ്റും ആരോപിക്കയില്ല. അത്രതന്നെയുമല്ല,

ഗാന്ധർവ്വമായുള്ള വിവാഹബന്ധംസന്ധിച്ച രാജർഷി കുമാരിമാരെ

പണ്ടുള്ള നാളും നിജബന്ധുവർഗ്ഗംകൊണ്ടാടിയെന്നായ്പ്പല കേൾവിയുണ്ടു് 20

ശകുന്തള:
ആകട്ടെ, ഇപ്പോൾ എന്നെ വിടണം. സഖിമാരോടു ഞാൻ ഒരിക്കൽകൂടി ചോദിച്ചുകൊള്ളട്ടെ!
രാജാവു്:
എന്നാൽ വിട്ടയയ്ക്കാം.
ശകുന്തള:
എപ്പോൾ?
രാജാവു്:

മധുരൂഷിതമാം പുതു പ്രസൂനം

വിധുരൻ ഭൃങ്ഗകിശോരനെന്നപോലെ

അപരിക്ഷതചാരുശോഭനേ, നി- ന്നധരം ഞാൻ സദയം നുകർന്നുതീർന്നാൽ 21

(മുഖം ഉയർത്താൻ ഭാവിക്കുന്നു.) (ശകുന്തള മുഖം തിരിച്ചുകളയുന്നു.)

(അണിയറയിൽ) ചക്രവാകീ, കൂട്ടുപിരിയാൻ ഒരുങ്ങിക്കൊള്ളൂ; രാത്രി അടുത്തുവരുന്നു.

ശകുന്തള:
(സംഭ്രമത്തോടുകൂടി) പൗരവ, സംശയമില്ല. എന്റെ ദേഹസ്ഥിതി അന്വേഷിക്കാൻ ആര്യഗൗതമി ഇങ്ങോട്ടുതന്നെ വരികയാണു്; ഈ വൃക്ഷത്തിനിടയിൽ മറഞ്ഞുനിൽക്കണം.
രാജാവു്:
അങ്ങനെതന്നെ (മറഞ്ഞുനിൽക്കുന്നു)

(അന്തന്തരം ജലപാത്രം എടുത്തുംകൊണ്ടു് ഗൗതമിയും ഒന്നിച്ചു സഖിമാരും പ്രവേശിക്കുന്നു.)

സഖിമാർ:
അമ്മേ, ഇതാ, ഇങ്ങനെ വരാം.
ഗൗതമി:
(ശകുന്തളയുടെ അടുക്കൽചെന്നു്) കുഞ്ഞേ, നിനക്കു സുഖക്കേടിനു കുറവുണ്ടോ?
ശകുന്തള:
ഭേദമുണ്ടു്.
ഗൗതമി:
ഈ തീർത്ഥംകൊണ്ടു നല്ല വാശിയാകും. (ശകുന്തളയുടെ തലയിൽ തീർത്ഥം തളിച്ചിട്ടു്) കുഞ്ഞേ, നേരം സന്ധ്യയാകാറായി; വരൂ! ആശ്രമത്തിലേക്കുതന്നെ പോകാം. (പുറപ്പെടുന്നു.)
ശകുന്തള:
(വിചാരം) മനസ്സേ, ആഗ്രഹം സാധിക്കുന്നതിനു് അവസരം തനിയെ വന്നുചേർന്നപ്പോൾ നിനക്കു ഭയംകൊണ്ടു സങ്കോചമായിരുന്നു; അതു തെറ്റിയതിന്റെശേഷം ഇപ്പോൾ പശ്ചാത്തപിക്കുന്നതെന്തിനു് ? (ഒന്നുരണ്ടടി നടന്നു തിരിഞ്ഞുനിന്നിട്ടു്, വെളിവായി) താപശാന്തിക്കുപകരിച്ച വള്ളിക്കുടിലേ, നിന്നോടു തത്ക്കാലം ഞാൻ യാത്രചോദിക്കുന്നു; താമസിയാതെ കാണാം. (മറ്റുള്ളവരൊന്നിച്ചു് ദുഃഖഭാവത്തോടെ പോയി.)
രാജാവു്:
(മുൻനിന്നിടത്തു ചെന്നു നെടുവീർപ്പുവിട്ടു്) ആഗ്രഹിച്ച കാര്യം സാധിക്കുന്നതിൽ എങ്ങനെയെല്ലാം വിഘ്നം വന്നുചേരുന്നു! എനിക്കാകട്ടെ,

വിരൽകൊണ്ടധരം മറച്ചു, ചേലോ-ടരുതേ എന്നുരചെയ്ത്, വക്ത്രപദ്മം

തരളാക്ഷി തിരിച്ചതൊന്നുയർത്താൻതരമായീ; നുകരാൻ കഴിഞ്ഞതില്ല 22

ഇനി എങ്ങോട്ടാണു പോകേണ്ടതു്? അല്ലെങ്കിൽ പ്രിയതമയ്ക്കു വിശ്രമസ്ഥാനമായിരുന്ന ഈ വള്ളിക്കുടിലിൽത്തന്നെ കുറേനേരംകൂടി ഇരിക്കാം. (എല്ലായിടത്തും ചുറ്റിനോക്കിയിട്ടു്)

ഇക്കല്ലിൽ പുഷ്പതല്പം ദയിതതമകിട-ന്നിട്ടു കേടാർന്നതത്രേ,

ശുഷ്കം പദ്മച്ഛദം പിന്നിതു നഖലിപിയേ-റ്റൊരു നൽകാമലേഖം

അക്കൈത്തണ്ടിങ്കൽനിന്നൂർന്നൊരുബിസവളയാ-ണിക്കിടക്കുന്നതെന്നും

നോക്കുമ്പോൾ ഞാനശക്തൻവിടുവതിനിവിടംശൂന്യമെന്നാലുമിപ്പോൾ.23

(ആകാശത്തിൽ) അല്ലയോ രാജാവേ!

സ്വൈരം സന്ധ്യയ്ക്കു വേണ്ടുന്നൊരുസവനവിധിക്കായൊരുങ്ങിത്തുടങ്ങും

നേരം ഹോമാഗ്നികുണ്ഡപ്രകരഭരിതമാംയാഗശാലാന്തരത്തിൽ,

പാരം ചെമ്പിച്ചു സന്ധ്യാജലധരനിരപോൽരൂപഭേദങ്ങളോടേ

ഘോരം രാത്രിഞ്ചരന്മാരുടെ നിഴൽനികരംസഞ്ചരിക്കുന്നു ചാരേ 24

രാജാവു്:
ഇതാ ഞാൻ വന്നുകഴിഞ്ഞു. (പോയി)
കുറിപ്പുകൾ

[7] തറയിൽ വിരിക്കൽ.

[8] യാഗത്തിൽ ക്രിയ ചെയ്യുന്ന ആചാര്യൻ.

[9] അരച്ചതു് വീണ്ടും അരയ്ക്കുക--ആവർത്തനം.

നാലാം അങ്കം

പ്രവേശകം (അനന്തരം പൂ പറിച്ചുകൊണ്ടു് സഖിമാർ പ്രവേശിക്കുന്നു.)

അനസൂയ:
പ്രിയംവദേ, ഗാന്ധർവ്വവിധിപ്രകാരം വേളികഴിഞ്ഞു് ശകുന്തളയ്ക്കു് ഭർത്തൃസംസർഗ്ഗം ലഭിച്ചതിനാൽ എനിക്കു് മനസ്സിനു സമാധാനമായി. എങ്കിലും ഇത്രയും ആലോചിപ്പാനുണ്ടു്.
പ്രിയംവദ:
എന്താണു്?
അനസൂയ:
യാഗകർമ്മം അവസാനിക്കയാൽ മഹർഷിമാരുടെ അനുവാദത്തോടുകൂടി രാജധാനിയിലേക്കു പോയി, അന്തഃപുരത്തിൽ ചെന്നുകൂടിയ രാജാവു് ഇവിടത്തെ വർത്തമാനം വല്ലതും ഓർക്കുന്നുണ്ടോ ഇല്ലയോ എന്നാണു്.
പ്രിയംവദ:
വിശ്വസിച്ചിരിക്കൂ. അപ്രകാരമുള്ള മാഹാനുഭാവന്മാർക്കു പ്രകൃതിഗുണം ഇല്ലാതിരിക്കില്ല. ഇനി അച്ഛൻ വന്നു വർത്തമാനം എല്ലാം അറിയുമ്പോൾ എന്താണാവോ ഭാവം?
അനസൂയ:
എനിക്കു തോന്നുന്നതു് അദ്ദേഹത്തിനു സമ്മതം ആയിരിക്കും എന്നാണു്.
പ്രിയംവദ:
അതെങ്ങനെ?
അനസൂയ:
കന്യകയെ ഗുണവാനായ വരനു കൊടുക്കണം എന്നാണു് അച്ചനു് മുഖ്യസങ്കല്പം; അതു് ഈശ്വരൻതന്നെ നടത്തുകയാണെങ്കിൽ അദ്ദേഹത്തിനു പ്രയാസം കൂടാതെതന്നെ കാര്യം സാധിച്ചുവല്ലോ.
പ്രിയംവദ:
അതു ശരിയാണു്. (പൂക്കൂടയിൽ നോക്കീട്ടു്) തോഴീ, പൂജയ്ക്കു വേണ്ടിടത്തോളം പൂ പറിച്ചുകഴിഞ്ഞു.
അനസൂയ:
ശകുന്തളയ്ക്കു് സൗഭാഗ്യദേവതയെ അർച്ചിക്കാനുംകൂടി വേണമല്ലോ.
പ്രിയംവദ:
ശരിതന്നെ. (പിന്നെയും പൂ പറിക്കുന്നു.) (അണിയറയിൽ) ഹേ, ഞാനിതാ വന്നിട്ടുണ്ടു്.
അനസൂയ:
(ചെവിയോർത്തിട്ടു്) അതിഥിയുടെ വിളിപോലെ തോന്നുന്നു.
പ്രിയംവദ:
ശകുന്തള പർണ്ണശാലയിൽ ഉണ്ടല്ലോ.
അനസൂയ:
ഇപ്പോഴത്തെ മട്ടിനു് മനസ്സവിടെ ഉണ്ടയിരിക്കയില്ല ആട്ടെ, പൂവിപ്പോൾ ഇത്ര മതി.

(പുറപ്പെടുന്നു.)

(അണിയറയിൽ) ഏ! അത്രയ്ക്കായോ? അതിഥികളെ നീ അവമാനിച്ചു തുടങ്ങിയോ?

ധ്യാനിച്ചുംകൊണ്ടവനെയറിയാ-തൊന്നുമേ സന്തതം നീ

മാനിക്കേണ്ടും മുനിയിവിടെ ഞാൻവന്നതും കാണ്മതില്ല,

അന്ധാളിപ്പോൻ താനതു കഥയുംവിട്ടുപോകുന്നപോൽ നിൻ

ബന്ധം നീ പോയ്പ്പറകിലുമവൻസർവ്വവും വിസ്മരിക്കും.1

പ്രിയംവദ:
അയ്യോ! കഷ്ടം, കഷ്ടം! അതുതന്നെ വന്നു കലാശിച്ചു; മനോരാജ്യക്കാരിയായ ശകുന്തള ഏതോ ഒരു മാന്യനെ പൂജിക്കാതെ തെറ്റു വരുത്തിവച്ചു. (നോക്കീട്ടു്) ഏതോ ഒരാളല്ല; ഇതാ, ആ ശുണ്ഠിക്കാരൻ ദുർവ്വാസാവുമഹർഷി അങ്ങനെ ശപിച്ചിട്ടു് ബദ്ധപ്പെട്ടു മടങ്ങുന്നു. അഗ്നിയല്ലാതെ ദഹിപ്പിക്കുമോ?
അനസൂയ:
നീ ചെന്നു കാല്ക്കൽ വീണു് അദ്ദേഹത്തെ തിരിയെ വിളിക്കൂ. ഞാൻ പോയി അതിഥിസത്ക്കാരത്തിനു വേണ്ട ഒരുക്കം ചെയ്യാം.
പ്രിയംവദ:
അങ്ങനെതന്നെ. (പോയി.)
അനസൂയ:
(ഒന്നു രണ്ടടി നടന്നു കാലിടറീട്ടു്) അയ്യോ! പരിഭ്രമിച്ചു കാലിടറീട്ടു് എന്റെ കൈയ്യിൽനിന്നു പൂക്കൂട വീണുപോയി. (പൂക്കൾ പെറുക്കുന്നു.)
പ്രിയംവദ:
(പ്രവേശിച്ചു്) കുടിലസ്വഭാവനായ അദ്ദേഹം ആരുടെ എങ്കിലും നല്ലവാക്കു കേൾക്കുമോ? അല്പം അദ്ദേഹത്തിനു് ഒരലിവു് തോന്നിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
അനസൂയ:
അദ്ദേഹത്തിന്റെ അടുക്കൽ ഇത്ര എങ്കിലും സാധിച്ചതു വലിയ കാര്യമായി, പറയൂ.
പ്രിയംവദ:
തിരികെ വരാൻ അദ്ദേഹത്തിന്നു മനസ്സില്ലെന്നു കണ്ടപ്പോൾ ഞാൻ ഉണർത്തിച്ചു, “പരമാർത്ഥം അറിയാത്ത പുത്രിയുടെ ഒരപരാധം പൂർവ്വഭക്തിയോർത്തു ക്ഷമിപ്പാറാകണം” എന്നു്.
അനസൂയ:
എന്നിട്ടോ?
പ്രിയംവദ:
പിന്നീടു്, “എന്റെ വാക്കു തെറ്റിച്ചുകൂടാ; അഭിജ്ഞാനമായിട്ടു് വല്ല ആഭരണവും കാണിച്ചാൽ ശാപം നിവർത്തിക്കും” എന്നു പിറുപിറുത്തുകൊണ്ടു് തന്നെ അദ്ദേഹം അന്തർദ്ധാനം ചെയ്തു.
അനസൂയ:
എന്നാൽ, ഇനി ആശ്വാസത്തിനു വക കിട്ടി. ആ രാജർഷി പുറപ്പെടുന്ന സമയം ഓർമ്മയ്ക്കായി തന്റെ പേർ കൊത്തിയിട്ടുള്ള മുദ്രമോതിരം അവളുടെ വിരലിൽ ഇടുവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു ശാപനിവൃത്തിയ്ക്കുള്ള ഉപായം ശാകുന്തളയ്ക്കു കൈവശം തന്നെ.
പ്രിയംവദ:
വരൂ; നമുക്കു ചെന്നു തേവാരം[10] നടത്തിയ്ക്കാം.

(രണ്ടുപേരും ചുറ്റി നടക്കുന്നു)

(നോക്കീട്ടു്) അനസൂയേ, നോക്കൂ, ഇതാ, ശാകുന്തള ഇടത്തു കൈയിൽ താടിയും താങ്ങി ഭർത്താവിനെ വിചാരിച്ചുകൊണ്ടു് ചിത്രം പോലെ ഇരിക്കുന്നു. ഇവൾ തന്നെക്കൂടി അറിയുന്നില്ല. പിന്നെയാണോ അതിഥിയെ?

അനസൂയ:
പ്രിയംവദേ, ഈ സങ്ഗതി നമ്മുടെ രണ്ടാളുടെ ഉള്ളിൽ ഇരുന്നാൽ മതി; മൃദുസ്വഭാവയായ പ്രിയസഖിയെ രക്ഷിക്കണമല്ലൊ.
പ്രിയംവദ:
ആരാണു് മുല്ലയ്ക്കു കാഞ്ഞ വെള്ളമൊഴിക്കാൻ പോകുന്നതു്? (രണ്ടുപേരും പോയി)
അങ്കാരംഭം

(അനന്തരം ഉറങ്ങി എഴുന്നേറ്റ ഭാവത്തിൽ കണ്വശിഷ്യൻ പ്രവേശിക്കുന്നു.)

ശിഷ്യൻ:
തീർത്ഥവാസം കഴിഞ്ഞു തിരികെ വന്നിരിക്കുന്ന കാശ്യപഭഗവാൻ എന്നെ നേരം നോക്കി വരുവാൻ ആജ്ഞാപിച്ചിരിക്കുന്നു. വെളിയിൽച്ചെന്നു പുലരാൻ എത്രയുണ്ടന്നു നോക്കാം. (ചുറ്റി നടന്നു നോക്കീട്ടു്) ഓഹോ! പ്രകാശമായി.

പറ്റുന്നിതസ്തഗിരിമേലൊരിടത്തുചന്ദ്രൻ;

മറ്റപ്പുറത്തരുണനൊത്തിനനെത്തിടുന്നു;

തേജോദ്വയത്തിനൊരുമിച്ചുദയക്ഷയങ്ങ-

ളിജ്ജീവികൾക്കൊരു നിദർശനമെന്നുതോന്നും. 2

എന്നു തന്നെയുമല്ല

നന്ദിച്ചിരുന്നൊരു കുമുദ്വതി കാന്തി മങ്ങി

മന്ദിച്ചു തേ ശിശിരരശ്മി മറഞ്ഞനേരം

ഇഷ്ടപ്രവാസമതിനാലുളവാമവസ്ഥ

കഷ്ടം! തുലോമബലമാർക്കൊരു തർക്കമില്ല.

3

(തിര മാറ്റാതെകണ്ടുതന്നെ അനസൂയ ബദ്ധപ്പെട്ടു പ്രവേശിക്കുന്നു.)

അനസൂയ:
ശരി അങ്ങനെതന്നെ. ഈയുള്ളവർക്കു ലൗകികവിഷയങ്ങളിൽ പ്രവേശമില്ലാത്തതുകൊണ്ടു് ഈ വക സങ്ഗതികളിൽ പരിജ്ഞാനം ഇല്ല; എങ്കിലും ഇത്ര ഒക്കെ എനിക്കും അറിയാം. ആ രാജാവു് ശകുന്തളയുടെ നേരെ കാണിച്ചതു മര്യാദയായില്ല.
ശിഷ്യൻ:
ഞാൻ ചെന്നു നേരം പ്രഭാതമായി എന്നു ഗുരുവിനോടു് അറിയിക്കട്ടെ. (പോയി)
അനസൂയ:
ഞാൻ ഇപ്പോൾ ഉണർന്നെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു് എന്താണു ഫലം? പതിവുള്ള ജോലികൾക്കുകൂടി എനിയ്ക്കു കൈകാലുകൾ പൊങ്ങുന്നില്ല. ആകെക്കൂടി കാമൻ ഇപ്പോൾ തൃപ്തിപ്പെട്ടുകൊള്ളട്ടെ; ആ നേരുകെട്ട രാജാവുമായി ശുദ്ധാത്മാവായ പ്രിയസഖിയെ ഇങ്ങനെകൊണ്ടുചെന്നു ഇടപെടുത്തിയല്ലോ; അഥവാ, ദുർവാസാവിന്റെ ശാപം കേറി മൂർച്ഛിച്ചതായിരിക്കണം. അല്ലെങ്കിൽ ആ രാജർഷി അന്നു് അത്രത്തോളമൊക്കെ സംസാരിച്ചിട്ടു് പോയതിൽപ്പിന്നെ ഇതുവരെ ആയി ഒരെഴുത്തുപോലും അയക്കാതിരിക്കുമോ? (ആലോചിച്ചിട്ടു്) ഓർമ്മപ്പെടുത്താനുള്ള മോതിരം അങ്ങോട്ടു് അയച്ചുകൊടുത്താലോ? എന്നാൽ, അതിനു വിരസരായ താപസപരിഷയിൽ ആരോടാണു പോയിവരാനപേക്ഷിക്കുക. സഖിയുടെ പേരിൽ ദോഷമില്ലാത്തതുകൊണ്ടു് തുനിഞ്ഞു ചെന്നു താതകശ്യപനെത്തന്നെ വിവരം ഗ്രഹിപ്പിച്ചുകളയാമെന്നു വച്ചാൽ രാജാവു് ശകുന്തളയെ വിവാഹം ചെയ്തതും ശകുന്തള ഗർഭം ധരിച്ചതും എല്ലാം ഉണർത്തിക്കാൻ എനിക്കു ധൈര്യം വരുന്നില്ല. അദ്ദേഹം തീർത്ഥവാസം കഴിഞ്ഞു ഇപ്പോൾ മടങ്ങി എത്തിയതേയുള്ളൂതാനും. ഇങ്ങനെ ഒക്കെ ഇരിക്കുന്നിടത്തു എന്തു ചെയ്യേണ്ടു?
പ്രിയംവദ:
(പ്രവേശിച്ചിട്ടു സന്തോഷത്തോടു കൂടി) സഖീ, വരൂ! വരൂ! വേഗമാകട്ടെ; ശകുന്തളയെ ഭർത്തൃഗൃഹത്തിലേയ്ക്കു യാത്രയയക്കാൻ പോകാം.
അനസൂയ:
ഇ! ഇതെങ്ങനെ?
പ്രിയംവദ:
കേട്ടുകൊള്ളൂ! ഞാൻ ഇപ്പോൾ സുഖശയനം ചോദിക്കാൻ ശകുന്തളയുടെ അടുക്കൽ പോയിരുന്നു.
അനസൂയ:
എന്നിട്ടോ?
പ്രിയംവദ:
അപ്പോൾ ലജ്ജിച്ചു തലതാഴ്ത്തി നിന്നിരുന്ന അവളെ താതകശ്യപൻ സ്വയം ആലിംഗനം ചെയ്തു ഇങ്ങനെ അഭിനന്ദിച്ചു: “പുകകൊണ്ടു കണ്ണു മറഞ്ഞിരുന്നു എങ്കിലും ഹോതാവു് ഹോമിച്ചതു ഭാഗ്യവശാൽ അഗ്നിയിൽത്തന്നെ പതിച്ചു. കുഞ്ഞേ, നല്ല ശിഷ്യനു കൊടുത്ത വിദ്യയെപ്പറ്റി എന്നപോലെ നിന്നെപ്പറ്റി ഇനി എനിയ്ക്കു വിചാരപ്പെടാനില്ല. ഇന്നു തന്നെ നിന്നെ ഋഷികളെക്കൂട്ടി ഭർത്തൃഗൃഹത്തിലേക്കയച്ചേക്കാം” എന്നു്.
അനസൂയ:
വർത്തമാനം എല്ലാം അച്ഛനോടാരാണു പറഞ്ഞതു്?
പ്രിയംവദ:
അഗ്നിഹോത്രഗൃഹത്തിൽ പ്രവേശിച്ചപ്പോൾ ശ്ലോകരൂപമായ ഒരശരീരിവാക്കാണു്.
അനസൂയ:
(ആശ്ചര്യത്തോടെ) എന്താണതു്? പറയൂ!
പ്രിയംവദ:

അന്തർദ്ദുഷന്തവീര്യത്തെ-യേന്തുന്നൂനിന്റെ പുത്രിയാൾ

ഹന്ത! ഭൂമിക്കു ഭൂതിക്കായ്; ച്ചെന്തീയെശ്ശമിയെന്നപോൽ4

അനസൂയ:
(പ്രിയംവദയെ ആലിംഗനം ചെയ്തിട്ടു്) സഖീ, വളരെ സന്തോഷം. എന്നാൽ, ശകുന്തളയെ ഇന്നുതന്നെ അയക്കുന്നല്ലോ എന്നു കുണ്ഠിതവുമുണ്ടു്.
പ്രിയംവദ:
സഖീ, നമുക്കു് കുണ്ഠിതം എങ്ങനെയും പോക്കാം. ആ പാവത്തിനു സുഖക്കേടൊഴിയട്ടെ.
അനസൂയ:
എന്നാൽ, ഈ മാങ്കൊമ്പിൽ തൂക്കിയിരിക്കുന്ന ചിരട്ടക്കുടുക്കയിൽ, ഞാൻ ഇതിലേയ്ക്കുവേണ്ടിത്തന്നെ കുറെക്കാലത്തേയ്ക്കു നിൽക്കുന്നതാണല്ലോ എന്നു കരുതി സൂക്ഷിച്ചിട്ടുള്ള ഇലഞ്ഞിമാല എടുത്തു കൈയിൽ വച്ചു കൊള്ളൂ. ഞാൻ പോയി ഗോരോചന, തീർത്ഥത്തിലെ മണ്ണു, കറുകനാമ്പു് ഇതെല്ലാം ചേർത്തു മംഗളക്കുറിക്കൂട്ടുണ്ടാക്കാം.
പ്രിയംവദ:
അങ്ങനെ ആകട്ടെ.

(അനസൂയ പോയി. പ്രിയംവദ കുടുക്കയിൽനിന്നും മാലയെടുക്കുന്നു.)

(അണിയറയിൽ) ഗൗതമീ, ശകുന്തളയെ കൂട്ടിക്കൊണ്ടുപോകുന്നതിനു ശാർങ്ഗരവൻ മുതൽപേരോടു് ഒരുങ്ങിക്കൊള്ളാൻ പറയൂ!

പ്രിയംവദ:
(ചെവിയോർത്തിട്ടു്) അനസൂയേ വേഗത്തിലാകട്ടെ; ഹസ്തിനപുരത്തെയ്ക്കു പോകനുള്ള ഋഷികളെ ഇതാ വിളിക്കുന്നു.
അനസൂയ:
(കുറിക്കൂട്ടോടുകൂടി പ്രവേശിച്ചിട്ടു്) സഖീ, വരൂ, പോകാം. (ചുറ്റി നടക്കുന്നു)
പ്രിയംവദ:
(നോക്കിയിട്ടു്) ഇതാ, സൂര്യോദയത്തിൽ തന്നെ മുങ്ങിക്കുളി ഴിഞ്ഞിരിക്കുന്ന ശകുന്തളയെ താപസിമാർ തലയിൽ അരിയിട്ടു് അനുഗ്രഹിക്കുന്നു. അങ്ങോട്ടു ചെല്ലാം. (അടുത്തു ചെല്ലുന്നു.)

(അനന്തരം മുഞ്ചൊന്നമട്ടിൽ പീഠത്തിൽ ഇരുന്നുകൊണ്ടു് ശകുന്തളയും അനുഗ്രഹിച്ചു കൊണ്ടു് താപസിമാരും പ്രവേശിക്കുന്നു.)

താപസിമാരിൽ ഒരുത്തി:
കുഞ്ഞേ, നിനക്കു ഭർത്താവിന്റെ ബഹുമാനം സൂചിപ്പിക്കുന്ന പട്ടമഹിഷീസ്ഥാനം ലഭിക്കട്ടെ!
പിന്നെ ഒരുത്തി:
കുട്ടീ നിനക്കു വീരനായ പുത്രൻ ജനിക്കട്ടെ!
വേറെ ഒരുത്തി:
പൈതലേ, ഭർത്താവു് നിന്നെ ആദരിക്കട്ടെ!

(ആശീർവാദം ചെയ്തിട്ടു് ഗൗതമിയൊഴികെയുള്ള താപസിമാർ പോയി.)

സഖിമാർ:
(അടുത്തുചെന്നു) തോഴീ, നിനക്കു മങ്ഗളം ഭവിക്കട്ടെ.!
ശകുന്തള:
നിങ്ങൾക്കു സ്വാഗതം, ഇതാ, ഇവിടെ ഇരിക്കിൻ.
സഖിമാർ:
(മങ്ഗളോപകരണങ്ങൾ എടുത്തുകൊണ്ടിരുന്നിട്ടു്) സഖീ, ഞങ്ങൾ നിന്നെ കുറിയിടുവിക്കട്ടെ; ശരിയായിരിക്കൂ!
ശകുന്തള:
ഇതു പതിവുള്ളതാണെങ്കിലും ഇപ്പോൾ ബഹുമാനിക്കേണ്ടതായിരിക്കുന്നു; സഖിമാർ എന്നെ ചമയിക്കുക എന്നതു് ഇനി ദുർല്ലഭമാണല്ലൊ. (കണ്ണുനീർ തൂകുന്നു)
സഖിമാർ:
തോഴി, ശുഭാവസരത്തിൽ കരയുന്നതു ശരിയല്ല. (കണ്ണുനീരു തുടച്ചിട്ടു ചമയിക്കുന്നു.)
പ്രിയംവദ:
ആഭരണങ്ങൾ അണിയേണ്ടുന്ന ശരീരത്തിനു ആശ്രമത്തിലെ അലങ്കാരസാധനങ്ങൾ ഒരു അവമാനനയാണു്.
മുനികുമാരന്മാർ:
(ആഭരണങ്ങൾ എടുത്തുകൊണ്ടു പ്രവേശിച്ചിട്ടു്) ഇതാ, ആഭരണങ്ങൾ, ആര്യയെ ചമയിക്കാം. (എല്ലാവരും നോക്കി വിസ്മയിക്കുന്നു.)
ഗൗതമി:
വത്സ നാരദ, ഇതെല്ലാം എവിടെനിന്നാണു്?
ഒന്നാമൻ:
താതകാശ്യപന്റെ പ്രഭാവം കൊണ്ടുണ്ടായതാണു്.
ഗൗതമി:
സങ്കല്പശക്തികൊണ്ടു സൃഷ്ടിച്ചതാണോ?
രണ്ടാമൻ:
അല്ല; കേട്ടാലും! ശകുന്തളക്കുവേണ്ടി വൃക്ഷങ്ങളിൽച്ചെന്നു പൂ പറിക്കാൻ താതകാശ്യപൻ ഞങ്ങളോടാജ്ഞാപിച്ചു. ഞങ്ങൾ ചെന്ന ഉടനെ,

ചുറ്റാനുള്ളുടയാടയൊന്നൊരുമരംതന്നൂ ശശാങ്കോജ്ജ്വലം

മറ്റൊന്നപ്പോഴുതിൽ ചൊരിഞ്ഞുചരണ-ച്ചെഞ്ചാറു ചാർത്തീടുവാൻ;

ശിഷ്ടം വൃക്ഷഗണങ്ങൾ നൽത്തളിരുപോൽശാഖാഗ്രദൃഷ്ടങ്ങളാം

കാട്ടിൻ ദേവതമാർ കരങ്ങൾ വഴിയാ-യർപ്പിച്ചു ഭൂഷാഗണം 5

പ്രിയംവദ:
(ശകുന്തളയെ നോക്കീട്ടു്) വനദേവതമാരുടെ ഈ അനുഗ്രഹം നിനക്കു ഭർത്തൃഗൃഹത്തിൽ അനുഭവിക്കാനിരിക്കുന്ന രാജലക്ഷ്മിയുടെ ഒരു സൂചനയാണു്.
(ശകുന്തള ലജ്ജിക്കുന്നു.)
ഒന്നാമൻ:
ഗൗതമാ, വരൂ! വരൂ! താതകശ്യപൻ കുളികഴിഞ്ഞു വന്നാലുടൻ വൃക്ഷങ്ങൾ ഉപകാരം ചെയ്ത വിവരം ചെന്നു പറയാം.
രണ്ടാമൻ:
അങ്ങിനെ തന്നെ. (രണ്ടുപേരും പോയി.)
സഖിമാർ:
ഈയുള്ളവർ ആഭരണങ്ങൾകൊണ്ടു് കൈകാര്യം ചെയ്തിട്ടില്ല. ചിത്രങ്ങളിൽ കണ്ടിട്ടുള്ള പരിചയം കൊണ്ടു നിന്നെ അണിയിക്കുന്നതാണേ! (സഖിമാർ ചമയിക്കുന്നു.)
ശകുന്തള:
നിങ്ങളുടെ സാമർത്ഥ്യം എനിക്കറിയാം.
(അനന്തരം കുളികഴിഞ്ഞു കാശ്യപൻ പ്രവേശിക്കുന്നു.)
കാശ്യപൻ:

പോകുന്നുണ്ടിതുനാൾ ശകുന്തള പിരി-ഞ്ഞെന്നോർത്തു ഹൃത്തുത്സുകം;

തൂകാഞ്ഞശ്രുഗളോദരം കലുഷിതം; ഭാവം ജഡം ചിന്തയാൽ

കാട്ടിൽപാർക്കുമെനിക്കുമിത്ര കഠിനം സ്നേഹോദിതം കുണ്ഠിതം,

നാട്ടിൽപ്പെട്ട ഗൃഹസ്ഥനെത്രയുളവാംപുത്രീവിയോഗവ്യഥ! 6

(ചുറ്റിനടക്കുന്നു)

സഖിമാർ:
സഖീ ശകുന്തളേ! ഞങ്ങൾ അണിയിച്ചു കഴിഞ്ഞു. ഇനി ഈ വെൺപട്ടു രണ്ടും ധരിക്കണം.
(ശകുന്തള എഴുന്നേറ്റു മാറിനിന്നു വസ്ത്രം ധരിക്കുന്നു,)
ഗൗതമി:
കുഞ്ഞേ, ഇതാ ആനന്ദം പ്രവഹിക്കുന്ന കണ്ണുകൊണ്ടുതന്നെ നിന്നെ ആലിംഗനംചെയ്തുകൊണ്ടു് അച്ഛൻ വന്നിരിക്കുന്നു. ചെന്നു വന്ദിക്കൂ.
ശകുന്തള:
(ലജ്ജയോടുകൂടി) അച്ഛാ, ഞാനിതാ വന്ദിക്കുന്നു.
കാശ്യപൻ:

സമ്മതയാക പതിക്കായ്

ശർമ്മിഷ്ഠ യയാതിഭൂപനെന്നവിധം;

പുത്രനുളവാം നിനക്കും

പൂരുവവൾക്കെന്നപോലെ സാമ്രാട്ടായ് 7

ഗൗതമി:
ഭഗവാനെ, ഇതൊരാശിസ്സല്ല, വരം തന്നെയാണു്.
കാശ്യപൻ:
കുഞ്ഞേ! ഇതാ, ഇങ്ങോട്ടുവന്നു് ഇപ്പോൾതന്നെ ഹോമം കഴിഞ്ഞിരിക്കുന്ന അഗ്നികളെ പ്രദിക്ഷിണം ചെയ്യൂ.
(എല്ലാവരും ചുറ്റി നടക്കുന്നു)

സമിത്തേറ്റും ദർഭപൂണ്ടും ചുഴന്നീ

ഹോമസ്ഥാനം പുക്കെഴും പാവകന്മാർ

ഹവിർഗ്ഗന്ധംകൊണ്ടു പാപങ്ങൾ

പോക്കിപ്പവിത്രശ്രീ നിങ്കലർപ്പിച്ചിടട്ടെ 8

ഇനി പുറപ്പെടാം. (ചുറ്റിനോക്കീട്ടു്) ശാർങ്ഗരവൻ മുതൽപേർ എവിടെ?

ശിഷ്യന്മാർ:
(പ്രവേശിച്ചിട്ടു്) ഭഗവൻ, ഞങ്ങൾ ഇതാ തയ്യാറായി.
കാശ്യപൻ:
ശാർങ്ഗരവ, നിന്റെ അനുജത്തിക്കു വഴികാട്ടൂ!
ശാർങ്ഗരവൻ:
ഇതാ ഇങ്ങനെ വരാം.

(എല്ലാവരും ചുറ്റി നടക്കുന്നു.)

കാശ്യപൻ:
അല്ലേ, വനദേവതമാരുടെ അധിവാസം ഉള്ള തപോവനവൃക്ഷങ്ങളെ!

താനേ തൊണ്ട നനയ്ക്കയില്ലെവൾ നനച്ചീടാതെയീ നിങ്ങളെ-

ത്താവും കൗതുകമെങ്കിലും കരുണയാൽപൊട്ടിച്ചിടാ പല്ലവം;

പൂരിക്കുന്നിതെവൾക്കു നിങ്ങൾ പുതുതായ് പൂക്കുന്ന നാളുത്സവം;

പൂകുന്നു പതിഗേഹമായിവളിതാ! നൽകീടുവിൻ സമ്മതം! 9

(കുയിൽ നാദം കേട്ടതായി ഭാവിച്ചിട്ടു്)

അടവിയിലൊരുമിച്ചുവാണു സഖ്യം തടവിന വൃക്ഷകുലം ശകുന്തളയ്ക്കു്

സ്ഫുടമനുമതി നൽകിടുന്നു പോകാൻ പടുതരകോകിലകൂജിതങ്ങളാലെ 10

(ആകാശത്തിൽ അശരീരിവാക്കു്)

ചേർന്നീടട്ടെയിടയ്ക്കിടയ്ക്കു സരസീ-ജാലം സപങ്കേരുഹം

ചാലേ ചോലമരങ്ങൾ തിങ്ങി മറവാർ-ന്നീടട്ടെ സൂര്യാതപം;

ചെന്താർപ്പൂമ്പൊടിപോലെ പൂഴി മൃദുവായ്- ത്തീരട്ടെ മാർഗ്ഗങ്ങളിൽ;

സന്ധിക്കട്ടെയിവൾക്കു യാത്ര ശുഭമായ്വാതാനുകൂല്യത്തൊടേ. 11

(എല്ലവരും കേട്ടു വിസ്മയിക്കുന്നു.)

ഗൗതമി:
കുഞ്ഞേ, ജ്ഞാതികളെപ്പോലെതന്നെ[11] നിന്നോടു സ്നേഹമുള്ള വനദേവതമാർ യാത്രാവസരത്തിൽ നിന്നെ അനുഗ്രഹിക്കുന്നു. ഭഗവതിമാരെ വന്ദിക്കൂ!
ശകുന്തള:
(വന്ദിച്ചു ചുറ്റിനടന്നിട്ടു സ്വകാര്യമായി) സഖി പ്രിയംവദേ. എനിക്കാര്യപുത്രനെക്കാണാനുള്ള കൗതുകം വളരെയുണ്ടങ്കിലും ആശ്രമം വിട്ടുപോകുന്നതിനു ഒരടിപോലും മുന്നോട്ടു നീങ്ങുന്നില്ല.
പ്രിയംവദ:
വിട്ടുപിരിയുന്നതിൽ നിനക്കു മാത്രം അല്ല മനസ്താപം, നിന്നോടു പിരിയാൻ പോകുന്ന തപോവനത്തിന്റെയും അവസ്ഥനോക്കൂ!

മേയുന്ന പുല്ലും മറിമാൻ മറന്നൂ, ചെയ്യുന്ന നൃത്തം മയിലും നിറുത്തീ;

പായുന്ന കണ്ണീർക്കണമെന്നപോലെ

പെയ്യുന്നിതേ വെള്ളില വള്ളിതോറും. 12

ശകുന്തള:
(ഓർമിച്ചിട്ടു്) അച്ഛാ, ഞാൻ എന്റെ ലതാഭഗിനിയായ വനജ്യോത്സനയോടു് യാത്ര ചോദിക്കട്ടെ.
കാശ്യപൻ:
ഈ ലതയോടു നിനക്കു സഹോദരസ്നേഹമുണ്ടെന്നു് എനിക്കറിയാം; ഇതാ, അതു വലതുവശത്തു നിൽക്കുന്നു.
ശകുന്തള:
(ചെന്നു മുല്ലവള്ളിയെ ആലിംഗനം ചെയ്തിട്ടു്) വനജ്യോത്സ്നേ, നീ തേന്മാവുമായി ചേർന്നിരിക്കുകയാണെങ്കിലും ആലിംഗനം ചെയ്യുന്ന എനിക്കു് ഇങ്ങോട്ടു വന്നിട്ടുള്ള ചെറുതലക്കൈകൾ കൊണ്ടു് പ്രത്യാലിംഗനം തരണേ! ഇന്നുമുതൽ ഞാൻ നിന്നെപ്പിരിഞ്ഞു ദൂരദേശത്തു വസിക്കാൻ ഭാവിക്കയാണു്.
കാശ്യപൻ:

പ്രാപിച്ചു നീ സദൃശനായി നിനക്കു മുന്നേ

കല്പിച്ചിരുന്ന പതിയെസ്സ്വഗുണങ്ങളാലേ

ചൂതത്തൊടൊത്തു നവമാലികയും വിളങ്ങീ;

ചിന്തിച്ചു നിങ്ങളെയെനിക്കിനിയാധിവേണ്ടാ 13

ഇതാ ഇങ്ങോട്ടു നേർവഴിക്കു വരൂ!

ശകുന്തള:
(സഖിമാരോടു്) വനജ്യോത്സ്നയെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.
സഖിമാർ:
ഞങ്ങളെ നീ ആരുടെ കൈയിലാണു ഏല്പിക്കുന്നതു്? (കണ്ണുനീർ തൂകുന്നു)
കാശ്യപൻ:
അനസൂയേ കരയരുതു്; നിങ്ങൾ വേണമല്ലോ ശകുന്തളയെ ആശ്വസിപ്പിക്കാൻ.

(എല്ലാപേരും ചുറ്റിനടക്കുന്നു.)

ശകുന്തള:
(നോക്കീട്ടു്) അച്ഛാ, ഇതാ,ഗർഭിണിയായ മാൻപേട ആശ്രമത്തിനടുത്തുതന്നെ വലിഞ്ഞിഴഞ്ഞു നടക്കുന്നു. ഇവൾ സുഖമായി പ്രസവിച്ചാൽ ആ സന്തോഷ വർത്തമാനം എന്റെ അടുക്കൽ പറഞ്ഞയയ്ക്കണേ!
കാശ്യപൻ:
അതു ഞാൻ മറക്കുകയില്ല.
ശകുന്തള:
(എന്തോ കാലിൽ തടഞ്ഞതായി ഭാവിച്ചിട്ടു്) ചെടികളിൽ ഉടക്കിയതുപോലെ എന്റെ പുടവ തടയുന്നതെന്താണു്? (തിരിഞ്ഞു നോക്കുന്നു.)
കാശ്യപൻ:

പണ്ടു നീണ്ടകുശസൂചികൊണ്ടൊരുമൃഗംമുഖത്തിൽ മുറിവേറ്റതായ് -

ക്കണ്ടു നീ വ്രണവിരോപണത്തിനുടനോട-ലെണ്ണ തടകീലയോ!

ചേർത്തു മുഷ്ടിയിലെടുത്ത ചാമയരി നല്കിഅമ്പോടു വളർത്തൊരാ-

ദത്തുപുത്രനവനാണെടോ വഴി വിടാതെകണ്ടു തുടരുന്നതു് 14

ശകുന്തള:
വത്സ, കൂട്ടുവിട്ടുപോകുന്ന എന്നെ നീ എന്തിനു പിന്തുടരുന്നു? പ്രസവിച്ച ഉടനെ തള്ള മരിച്ചുപോയിട്ടു നിന്നെ ഞാൻ വളർത്തിവിട്ടു. ഞാൻ പോയിക്കഴിഞ്ഞാൽ അച്ഛൻ നിന്നെ അന്വേഷിച്ചു കൊള്ളും; ഇപ്പോൾ നിൽക്കൂ. (കരഞ്ഞുകൊണ്ടു നടക്കുന്നു.)
കാശ്യപൻ:
കുഞ്ഞേ കരയരുതു്,

ഉയരുമിമയിലാർന്നു വാർന്നിടാതേ

നയനഗതിപ്രതിബന്ധിയായ ബാഷ്പം

തടയുക ധൃതിപൂണ്ടു; കുണ്ടു കുന്നോ-

ടിടപെടുമീ വഴിയിൽ സ്ഖലിച്ചിടായ്വാൻ 15

ശാർങ്ഗരവൻ:
ഭഗവൻ, ജലം കാണുന്നതുവരെ ബന്ധുക്കൾ അനുയാത്രചെയ്യണമെന്നാണല്ലോ വിധി. ഇവിടെ സരസ്സിന്റെ തീരമായി; ഇനി സന്ദേശം അരുളിച്ചെയ്തു മടങ്ങുകയത്രേ വേണ്ടതു്.
കാശ്യപൻ:
എന്നാൽ, ഇപ്പാലുള്ള വൃക്ഷത്തിന്റെ തണലിലേക്കു മാറിനിൽക്കാം.

(എല്ലാവരും ചുറ്റി നടന്നു മരത്തിന്റെ നിഴലിൽ നിൽക്കുന്നു.)

കാശ്യപൻ:
(വിചാരം) മാന്യനായ ദുഷ്ഷന്തനു ഉചിതമായി എന്തു സന്ദേശമാണു പറഞ്ഞറിയിക്കേണ്ടതു്? (വിചാരിക്കുന്നു)
ശകുന്തള:
(സ്വകാര്യമായി) തോഴി, നോക്കൂ! തന്റെ ഇണ ഒരു താമരയിലകൊണ്ടു മറഞ്ഞതേയുള്ളൂ. എങ്കിലും ഈ ചക്രവാകി ഇതാ, വ്യസനിച്ചു കരയുന്നു; ഞാൻ ചെയ്യുന്നതു കഠിനം അല്ലേ?
അനസൂയ:
സഖീ, അങ്ങിനെ വിചാരിക്കരുതു്

ഭൃശമാർത്തികൊണ്ടു നീളും

നിശകളെയിവളും പിരിഞ്ഞു പോക്കുന്നു?

ആശാബന്ധം വിരഹ-

ക്ലേശം വലുതെങ്കിലും പൊറുപ്പിക്കും16

കാശ്യപൻ:
ശാർങ്ഗരവ, ശകുന്തളയെ ആ രാജാവിന്റെ സമക്ഷം കൊണ്ടുചെന്നു നിർത്തിയിട്ടു് ഞാൻ പറഞ്ഞതായി ഇങ്ങനെ പറയണം.
ശാർങ്ഗരവൻ:
അരുളിച്ചെയ്യാമല്ലോ.
കാശ്യപൻ:

സമ്പത്തായ് സംയമത്തെക്കരുതി മരുവുമീ- നമ്മെയും, തൻകുലത്തിൻ

വൻപും, ബന്ധൂക്തികൂടാതിവൾനിജഹൃദയം നിങ്കലർപ്പിച്ചതും, നീ

നന്നായോർത്തിട്ടു ദാരപ്പരിഷയിലിവളെ-ക്കൂടി മാനിച്ചിടേണം

പിന്നത്തേ യോഗമെല്ലാം വിധിവശ,മതിലീ ജ്ഞാതികൾക്കില്ല ചോദ്യം

17

ശാർങ്ഗരവൻ:
സന്ദേശം ഞാൻ ധരിച്ചു.
കാശ്യപൻ:
കുഞ്ഞേ, ഇനി നിന്നോടു് ഉപദേശിക്കേണ്ടതുണ്ടു്. നമുക്കു വാസം വനത്തിലാണങ്കിലും ലൗകിക പരിജ്ഞാനമില്ലെന്നില്ല.
ശാർങ്ഗരവൻ:
മഹത്മാക്കളുടെ ബുദ്ധി ഏതു വിഷയത്തിലാണു എത്താത്തതു്?
കാശ്യപൻ:
നീ ഇവിടെ നിന്നു ഭർത്തൃഗൃഹത്തിലെത്തിയാൽ,

സേവിച്ചീടുക പൂജ്യരെ; പ്രിയസഖി-ക്കൊപ്പം സപത്നീജനം

ഭാവിച്ചീടുക; കാന്തനോടിടൊലാ-ധിക്കാരമേറ്റീടിലും

കാണിച്ചീടുക ഭൃത്യരിൽദ്ദയ; ഞെളി- ഞ്ഞീടായ്ക ഭാഗ്യങ്ങളാൽ

വാണിട്ടിങ്ങനെ കന്യയാൾ ഗൃഹണിയാ-മല്ലെങ്കിലോ ബാധതാൻ18

ഗൗതമിയ്ക്കു എന്താണു അഭിപ്രായം?

ഗൗതമി:
ഇത്രമാത്രമേ വധുക്കളോടുപദേശിക്കേണ്ടതുള്ളൂ. കുഞ്ഞേ, ഇതെല്ലാം ഓർത്തു ധരിച്ചുകൊള്ളു.
കാശ്യപൻ:
കുഞ്ഞേ, എന്നെയും സഖിമാരെയും ആലിംഗനം ചെയ്യൂ!
ശകുന്തള:
അച്ഛാ ഇവിടെവച്ചുതന്നെ സഖിമാരും പിരിയുകയാണോ?
കാശ്യപൻ:
കുഞ്ഞേ, ഇവരെയും വേളികഴിച്ചു കൊടുക്കേണ്ടേ? ഇവർ അങ്ങോട്ടു വരുന്നതു ശരിയല്ല; നിന്നോടോന്നിച്ചു ഗൗതമി പോരുന്നുണ്ടു്.
ശകുന്തള:
(അച്ഛനെ ആലിംഗനം ചെയ്തിട്ടു്) അച്ഛന്റെ മടിയിൽനിന്നു പിരിഞ്ഞു മലയപർവ്വതത്തിൽ നിന്നു പറിച്ചെടുത്ത ചന്ദനവല്ലിപോലെ ദേശാന്തരത്തിൽ ഞാൻ ജീവധാരണം ചെയ്യുന്നതെങ്ങിനെ?
കാശ്യപൻ:
കുഞ്ഞേ, നീ എന്തിനാണിങ്ങനെ അധൈര്യപ്പെടുന്നതു്?

മാന്യത്വം കലരും പ്രിയന്റെ ഗൃഹിണീ-സ്ഥാനം വഹിച്ചായതി-

ന്നൗന്നത്യത്തിനു തക്ക ജോലി പലതും ചെയ്യേണ്ട ഭാരത്തോടേ

ഐന്ദ്രിക്കർക്കനതെന്നപോലെ സുതനും പാ- രാതെ സംജാതനായ്

നന്ദിക്കുമ്പോൾ നിനയ്ക്കയില്ല, മകളേ, നീയെൻ വിയോഗവ്യഥ 19

(ശകുന്തള അച്ഛന്റെ കാൽക്കൽ വീണു നമസ്ക്കരിക്കുന്നു.)

കാശ്യപൻ:
എന്റെ ആഗ്രഹംപോലെ ഒക്കെ നിനക്കു വരട്ടെ!
ശകുന്തള:
(സഖിമാരുടെ അടുക്കൽ ചെന്നു്) നിങ്ങൾ രണ്ടുപേരും ഒരുമിച്ചു് എന്നെ ആലിംഗനം ചെയ്യുവിൻ.
സഖിമാർ:
(അങ്ങനെ ചെയ്തിട്ടു്) സഖീ, ആ രാജാവിനു വല്ല ഓർമ്മക്കേടും വരികയാണെങ്കിൽ പേരു കൊത്തീട്ടുള്ള ഈ മുദ്രമോതിരം കാണിക്കണേ!
ശകുന്തള:
നിങ്ങളുടെ ഈ സംശയംകേട്ടിട്ടു് എന്റെ മനസ്സു തുടിക്കുന്നു.
സഖിമാർ:
ഭയപ്പെടേണ്ട, അതിസ്നേഹം അനിഷ്ടശങ്കയ്ക്കു ഇടം കൊടുക്കുന്നതാണു്.
ശാർങ്ഗരവൻ:
നേരം പുലരുന്നു. വേഗത്തിൽ പുറപ്പെടുക.
ശകുന്തള:
(ആശ്രമത്തിനു നേർക്കു തിരിഞ്ഞുനിന്നു്) അച്ഛാ, ഇനി എന്നാണു ഞാൻ ഈ തപോവനം കാണുക?
കാശ്യപൻ:
കേട്ടുകൊണ്ടാലും,

നാലന്തം കലരും ധരയ്ക്കു സുചിരം സാപത്ന്യമേറ്റിട്ടു നീ

ദുഷ്ഷന്തന്നു പിറന്നിടും നിജസുതൻ വീരാഗ്ര്യനായ് വാഴവെ

താനേന്തുന്ന കുടുബഭാരമവനിൽച്ചേർ-ത്തൊരു ഭർത്താവുമായ്

വിശ്രാന്തിക്കതിശാന്തമാശ്രമമതിൽപ്പാർ-ക്കാൻ വരും മേലിലും.20

ഗൗതമി:
കുഞ്ഞേ, പുറപ്പെടാൻ അമാന്തം വരുന്നു. അച്ഛനെ പിരിച്ചയക്കൂ. അല്ലെങ്കിൽ ഇവൾ ഓരോന്നു പറഞ്ഞു ഇനിയും താമസിപ്പിക്കും; അങ്ങുതന്നെ തിരിച്ചുപോകണം.
കാശ്യപൻ:
കുഞ്ഞേ, എന്റെ അനുഷ്ടാനങ്ങൾക്കും തടസ്സംവരുന്നു.
ശകുന്തള:
(പിന്നെയും അച്ഛനെ ആലിംഗനം ചെയ്തിട്ടു്) അച്ഛാ, അച്ഛന്റെ ശരീരം ഇപ്പോൾത്തന്നെ തപസ്സുകൊണ്ടു ക്ഷീണിച്ചിരിക്കുന്നു. ഇനി എന്നെപ്പറ്റിയും ക്ലേശിക്കരുതേ.
കാശ്യപൻ:
(ദീർഘനിശ്വാസത്തോടുകൂടി)

മാലിന്നെന്തവസാനം ബാലെ, നീ ബ-ലിപൊഴിച്ച നീവാരം

ഞാറായ് മുളച്ചതുടജദ്വാരാങ്ക-ണമാർന്നു കാണുമ്പോൾ? 21

പോക, ക്ഷേമമായി യാത്രചെയ്ക. (ശകുന്തളയും കൂടെയുള്ളവരും പോയി)

സഖിമാർ:
(ശകുന്തളയുടെ പിന്നാലെ നോക്കിയിട്ടു്) അയ്യോ! കഷ്ടം! കഷ്ടം! വനനിരകൊണ്ടു ശാകുന്തളയെ കാണാൻ പാടില്ലാതായല്ലോ.
കാശ്യപൻ:
അനസൂയേ, നിങ്ങളുടെ കൂട്ടുകാരി പിരിഞ്ഞുപോയി; വ്യസനം അടക്കി എന്റെകൂടെ വരുവിൻ.
സഖിമാർ:
അച്ഛാ, ശകുന്തള പോയതിനാൽ ശൂന്യമായതുപോലെ തോന്നുന്ന ഈ തപോവനത്തിലേയ്ക്കു എങ്ങിനെയാണു കടക്കുക?
കാശ്യപൻ:
സ്നേഹംകൊണ്ടു തോന്നിയതാണിതു്. (ആലോചനയോടുകൂടി ചുറ്റിനടന്നിട്ടു്) ആവൂ! ശകുന്തളയെ ഭർത്തൃഗൃഹത്തിലേക്കു് അയച്ചു് ആശ്വാസമായി. എന്തെന്നാൽ

കന്യകയെന്നതു പരസ്വമാണത-

ങ്ങിന്നു വേട്ടവനു വിട്ടയയ്ക്കയാൽ

ഏറ്റവസ്തു തിരികെക്കൊടുത്തപോ-

ലേറ്റവുംതെളിമപൂണ്ടിതെന്മനം 22

(എല്ലാവരും പോയി)

കുറിപ്പുകൾ

[10] ദേവാരാധ.

[11] ജ്ഞാതികൾ = ബന്ധുക്കൾ.

അഞ്ചാം അങ്കം

(അനന്തരം രാജാവും വിദൂഷകനും ഇരുന്നു സംസാരിക്കുന്ന മട്ടിൽ പ്രവേശിക്കുന്നു)

വിദൂഷകൻ:
(ചെവിയോർത്തിട്ടു്) തോഴർ സങ്ഗീതശാലയ്ക്കു നേർക്കു ചെവിയോർക്കണം; ഒരു നല്ല പാട്ടു കേൾക്കുന്നു; കണ്ഠശുദ്ധി കേമം തന്നെ. ഹംസപദിക നൈത്തിയാരമ്മ വർണ്ണം സാധകം ചെയ്കയാണെന്നു തോന്നുന്നു.
രാജാവു്:
മിണ്ടാതിരിക്കൂ, കേൾക്കട്ടെ.

(അണിയറയിൽ പാടുന്നു.)

പുതുമധുരസമുണ്ടു ഭൃങ്ഗമേ! നീ

യതുവിധമന്നു പുണർന്ന ചൂതവല്ലി,

ചതുര! നളിനിയിൽബ്ഭ്രമിച്ചിടുന്നോ

രിതുപൊഴുതോർമ്മയിൽ നിന്നുമാഞ്ഞുപോയോ?1

രാജാവു്:
അദ്ഭുതം തന്നെ; പാട്ടിൽ രാഗം പ്രവഹിക്കുന്നു.
വിദൂഷകൻ:
ആട്ടെ, പാട്ടിന്റെ താത്പര്യം മനസ്സിലായോ?
രാജാവു്:
(പുഞ്ചിരിയിട്ടു്) ഒരിക്കൽ ഇവളെ എനിക്കു വളരെ പഥ്യമായിരുന്നു. അതിനിപ്പോൾ വസുമതി ദേവിയെ ഊന്നി മുള്ളു പറയുകയാണു്; മാഢവ്യ, താൻ ചെന്നു ശകാരം കേമമായി എന്നു ഞാൻ പറഞ്ഞതായി ഹംസപദികയോടു പറയൂ.
വിദൂഷകൻ:
സ്വാമിയുടെ കല്പന. (എഴുന്നേറ്റിട്ടു്) അവിടെച്ചെല്ലുമ്പോൾ വല്ല ശുപാർശയ്ക്കും വേണ്ടി നൈത്തിയാരമ്മ എന്റെ കുടുമയ്ക്കു പിടികൂടിയാൽ, അപ്സരസ്ത്രീകളുടെ കൈവശത്തിൽ അകപ്പെട്ട വീതരാഗനു്[12] എന്നപോലെ എനിക്കു് എപ്പോഴാണു മോക്ഷം കിട്ടുക?
രാജാവു്:
പോകൂ, കൗശലത്തിൽ സങ്ഗതി ധരിപ്പിച്ചു പോരൂ.
വിദൂഷകൻ:
നിർവാഹമില്ലല്ലോ. (പോയി)
രാജാവു്:
(വിചാരം) ഈ പാട്ടു കേട്ടിട്ടു് എന്താണെനിക്കു് ഇഷ്ടജനവിരഹം ഇല്ലെങ്കിലും മനസ്സിനു ബലമായ വല്ലായ്മ തോന്നുന്നതു് ? അഥവാ,

നല്ലോരാകൃതി കാൺകിലും മധുരമാംഗീതസ്വരം കേൾക്കിലും,

വല്ലാതുള്ളിൽ വികാരമൊന്നുസുഖിതന്മാർക്കും ജനിക്കുന്നതു്,

മുജ്ജന്മങ്ങളിലുള്ള വേഴ്ച വെളിവാ-യുൾബ്ബോധമില്ലതെതാ-

നിജ്ജീവൻ നിജവാസനാബലവശാ-ലോർമ്മിക്കയാലാകണം2

(മനോരാജ്യത്തിന്റെ മട്ടിൽ ഇരിക്കുന്നു) (അനന്തരം കാഞ്ചുകീയൻ പ്രവേശിക്കുന്നു.)

കാഞ്ചുകീയൻ:
(നെടുവീർപ്പുവിട്ടു്) എന്റെ അവസ്ഥ ഈ വിധമായല്ലോ.

അന്നിപ്പിരമ്പരമനയ്ക്കധികാരമുദ്ര-യെന്നുള്ള ഭാവമൊടുഞാനഴകിൽദ്ധരിച്ചേൻ;

ഇന്നായതിക്കിഴവനായൊരെനിക്കു വീഴാ- തൂന്നിപ്പിടിപ്പതിനു നല്ലുപകാരമായി 3

അതൊക്കെ കിടക്കട്ടെ; മഹാരാജാവിനു ധർമ്മകാര്യങ്ങളിൽ ഇടതാമസം വരുത്തുന്നതു ശരിയല്ല എങ്കിലും, തിരുമനസ്സുകൊണ്ടു് ധർമ്മാസനത്തിൽ നിന്നു് ഇപ്പോൾ തിരിയേ എഴുന്നള്ളിയതേ ഉള്ളൂ; ഉടൻ തന്നെ ചെന്നു കണ്വശിഷ്യന്മാർ വന്നിരിക്കുന്ന വിവരം ഉണർത്തിച്ചു ശല്യപ്പെടുത്തുന്നതിനു് എനിക്കു മനസ്സുവരുന്നില്ല. അല്ലെങ്കിൽ, ലോകഭരണാധികാരത്തിനു് ഒരൊഴിവും ഇല്ലല്ലോ.

കുതിരകളെ ഒരിക്കൽത്തന്നെ ചേർത്താൻ രഥത്തിൽ

ക്കതിരവൻ; അനിലന്നോ യാത്രതാൻ സർവകാലം;

പൃഥിവിയെയൊഴിവില്ലാതേറ്റി വാഴുന്നു ശേഷൻ;

പതിവു നികുതി വാങ്ങുന്നോർ-ക്കുമോർത്താലിതല്ലോ 4

ഏതായാലും കണ്വശിഷ്യന്മാരുടെ കല്പനയനുഷ്ഠിക്കുകതന്നെ. (ചുറ്റിനടന്നു നോക്കീട്ടു്) ഇതാ, എഴുന്നള്ളിയിരിക്കുന്നു.

മാലോകരെത്താനതു പുത്രരോടൊപ്പമായി-

പ്പാലിച്ചു തീർന്നു വിജനത്തിൽ വസിച്ചിടുന്നു;

ചാലേ സ്വയൂഥ്യരെ നയിച്ചഥ ചോല നോക്കി-

ക്കാലാറ്റിടുന്നഗജയൂഥപനെന്നപോലെ 5

(അടുത്തു ചെന്നു്) മഹാരാജാവിനു വിജയം! ഇതാ ഹിമവാന്റെ താഴ്‌വരയിൽ ഉള്ള തപോവനത്തിൽ നിന്നു കാശ്യപമഹർഷി പറഞ്ഞയച്ചിട്ടുള്ള വിവരം ഉണർത്തിക്കാൻ സ്ത്രീകളും ഒരുമിച്ചു താപസന്മാർ വന്നിരിക്കുന്നു. ശേഷം കല്പന പോലെ.

രാജാവു്:
(ആദരത്തോടുകൂടി) എന്തു്! കാശ്യപൻ പറഞ്ഞയച്ചവരോ?
കാഞ്ചുകീയൻ:
അതെ.
രാജാവു്:
എന്നാൽ, ആ ആശ്രമവാസികളെ വിധിപ്രകാരം സത്കരിച്ചു സ്വയമേ കൂട്ടിക്കൊണ്ടു വരുന്നതിനു ഞാൻ പറഞ്ഞതായി പുരോഹിതൻ സോമരാതനോടു ചെന്നു പറയൂ; ഞാനും തപസ്വികളെ കാണ്മാൻ ഉചിതമായ സ്ഥലത്തു ചെന്നു കാത്തു നില്ക്കാം.
കാഞ്ചുകീയൻ:
കല്പന പോലെ. (പോയി.)
രാജാവു്:
(എഴുന്നേറ്റിട്ടു്) വേത്രവതീ, അഗ്നിഹോത്രഗൃഹത്തിലേക്കു വഴി കാണിക്കൂ!
ദ്വാരപാലിക:
ഇങ്ങനെ എഴുന്നള്ളാം.
രാജാവു്:
(ചുറ്റിനടന്നു രാജപദവിക്കുള്ള ക്ലേശങ്ങളെ സ്മരിച്ചിട്ടു്) എല്ലാ ജീവികൾക്കും തങ്ങളുടെ ആഗ്രഹം സാധിക്കുന്നതുവരെ മാത്രമേ ക്ലേശം ഉള്ളൂ. രാജാക്കന്മാർക്കാകട്ടെ, ആഗ്രഹം സാധിച്ചു കഴിഞ്ഞാലും സ്വൈരമില്ല.

ഔത്സുക്യത്തിനു ശാന്തിമാത്രമുളവാംവാഴ്ചയ്കിടം കിട്ടിയാൽ;

പിന്നെക്കിട്ടിയ വസ്തുവിന്റെ ഭരണ-ക്ലേശം സഹിക്കേണ്ടതായ്;

രാജശ്രീ കുടയെന്ന പോലെ തനിയേദണ്ഡം വഹിക്കേണ്ടുകിൽ

പ്രാജ്യശ്രാന്തിയെയാണു നല്കുവതഹോ!വിശ്രാന്തിയേക്കാളുമേ 6

(അണിയറയിൽ)

സ്തുതിപാഠകന്മാർ:
മഹാരാജാവിനു വിജയം!
ഒന്നാമൻ:

തനതുസുഖവുമോർക്കാതീ ജനത്തെത്തുണയ്ക്കാൻ

തുനിവതിലഥവാ നിൻ വൃത്തിയിമ്മട്ടിലത്രേ,

അനിശമരിയൊരൂഷ്മാവേറ്റു വൃക്ഷം ശിരസ്സിൽ

കനിവൊടു തണൽ നന്നായാ-ശ്രിതർക്കേകിടുന്നു. 7

രണ്ടാമൻ:

ശിക്ഷിക്ക നേർവഴി പിഴച്ചീടവേ, മുറയ്ക്കു

രക്ഷിക്ക, ശണ്ഠകളടക്കുകയെന്നമട്ടിൽ

ബന്ധുപ്രവൃത്തികൾ നടത്തുകയിങ്ങു നീതാൻ;

ബന്ധുക്കളോ വിഭവമങ്ങു ഭുജിച്ചുകൊൾവൂ. 8

രാജാവു്:
നമുക്കു മനസ്സിനു വല്ലായ്മ തീർന്നു; ഉന്മേഷമായി. (ചുറ്റി നടക്കുന്നു.)
ദ്വാരപാലൻ:
ഇതാ, അഗ്നിഹോത്രഗൃഹം. പുതുതായി അടിച്ചുതളിച്ചു വൃത്തിയാക്കിയിട്ടിരിക്കുന്നു; അടുത്തുതന്നെ ഹോമധേനുവുമുണ്ടു്. ഇറയത്തേയ്ക്കു് എഴുന്നള്ളാം.
രാജാവു്:
(കയറി പരിചാരികയുടെ തോളിൽ താങ്ങിനിന്നിട്ടു്) വേത്രവതീ, എന്തുദ്ദേശിച്ചായിരിക്കും കാശ്യപഭഗവാൻ മഹർഷിമാരെ ഇങ്ങോട്ടു പറഞ്ഞയച്ചതു്?

വിഘ്നത്താൽ വ്രതികൾക്കു വല്ലവിധവുംവന്നോ തപോദൂഷണം?

ചെന്നാരെങ്കിലുമാശ്രമത്തിലമരുംപ്രാണിക്കു മാലേകിയോ?

ഇന്നെൻ ദുഷ്കൃതശക്തി കൊണ്ടു വിളവു-ണ്ടാകായ്കയോ വള്ളികൾ-

ക്കെന്നോരോന്നനുമിച്ചു തീർച്ചയറിയാ-ഞ്ഞേറേക്കുഴങ്ങുന്നു ഞാൻ. 9

ദ്വാരപാലൻ:
സുചരിതത്തെ അഭിനന്ദിക്കുന്ന ഋഷികൾ തിരുമേനിയോടു സന്തോഷമറിയിക്കാൻ വന്നതായിരിക്കുമെന്നാണു് അടിയനു തോന്നുന്നതു്.

(അനന്തരം, ശകുന്തളയെ മുൻപിൽ നടത്തിക്കൊണ്ടു ഗൗതമിയും, കണ്വശിഷ്യന്മാരും; അവരെ കൂട്ടിക്കൊണ്ടു മുമ്പിലായിട്ടു പുരോഹിതനും കാഞ്ചുകീയനും പ്രവേശിക്കുന്നു)

കാഞ്ചുകീയൻ:
ഭവാന്മാർ ഇതിലെ എഴുന്നള്ളാം.
ശാർങ്ഗരവൻ:
ശാരദ്വത,

മന്നൻ ധന്യനിവൻ സ്വധർമ്മപര-നാണെന്നുള്ളതോ സമ്മതം;

മന്നിൽപ്പിന്നിഹ നീചർപോലുമപഥം

തന്നിൽ പ്രവർത്തിച്ചിടാ;

എന്നാലും വിജനത്തിൽ വാണിതുവരെ-ശ്ശീലിച്ചൊരെൻ ദൃഷ്ടിയിൽ-

ത്തോന്നുന്നു ജനസങ്കുലം നൃപകുലംതീജ്ജ്വാലയിൽപ്പെട്ടപോൽ. 10

ശാരദ്വതൻ:
ഈ രാജധാനിയിൽ പ്രവേശിച്ചപ്പോൾ അങ്ങേയ്ക്കു് ഇങ്ങനെ തോന്നിയതു ശരിതന്നെ. ഞാനും,

അഭ്യക്തനെയഭിഷിക്തൻ, ശുചിയശുചിയെ,ആർത്തനിദ്രനെ വിബുദ്ധൻ,

ബദ്ധനെ മുക്തനുമതുപോലിവിടെസ്സുഖിയാംജനത്തെയോർക്കുന്നേൻ 11

ശകുന്തള:
(നിമിത്തസൂചനം നടിച്ചിട്ടു്) കഷ്ടം! എന്താണു് എന്റെ വലതു കണ്ണു തുടിക്കുന്നതു്?
ഗൗതമി:
കുഞ്ഞേ, അമംഗലം നീങ്ങട്ടെ; ഭർത്തൃകുലദേവതമാർ നിനക്കു ശ്രേയസ്സരുളും.
(എല്ലാവരും ചുറ്റിനടക്കുന്നു)
പുരോഹിതൻ:
(രാജാവിനെ ചൂണ്ടിക്കാണിച്ചിട്ടു്) അല്ലയോ താപസന്മാരേ, വർണ്ണാശ്രമ രക്ഷിതാവായ മഹാരാജാവിതാ, മുൻകൂട്ടിത്തന്നെ എഴുന്നേറ്റു നിങ്ങളെക്കാത്തു നിൽക്കുന്നു; ചെന്നു കാണുവിൻ!
ശാർങ്ഗരവൻ:
ഹേ മഹാബ്രാഹ്മണാ, ഇതു് അഭിനന്ദിക്കേണ്ടതുതന്നെ; എന്നാൽ, ഞങ്ങളിതു സാധാരണയായിട്ടേ വിചാരിക്കുന്നുള്ളൂ, എന്തെന്നാൽ,

മരങ്ങൾ കായേറ്റു കുനിഞ്ഞു ചാഞ്ഞിടും;

ധരിച്ചു നീരം ജലദങ്ങൾ തൂങ്ങിടും;

ശിരസ്സു സത്തർക്കുയരാ സമൃദ്ധിയാൽ;

പരോപകാരിക്കിതു ജന്മസിദ്ധമാം12

ദ്വാരപാലൻ:
തിരുമേനി, മഹർഷിമാരുടെ മുഖഭാവം തെളിഞ്ഞിട്ടുണ്ടു്. കാര്യസിദ്ധിയിൽ അവർക്കു വിശ്വാസമുണ്ടെന്നു തോന്നുന്നു.
രാജാവു്:
(ശകുന്തളയെ നോക്കിയിട്ടു്) ഏ!

ആരിവൾ മൂടുപടത്താലേറെത്തെളിയാത്ത ഗാത്രകാന്തിയോടേ

മാമുനിമാരുടെ നടുവിൽക്കാമിനി തളിർപോലെ വെള്ളിലയ്ക്കുള്ളിൽ.13

ദ്വാരപാലൻ:
കൗതുകം കടന്നാക്രമിച്ചിട്ടു് ഒന്നും ഊഹിക്കാൻ അടിയന്റെ മനസ്സിനു ശക്തിയില്ല; ഇവളുടെ ആകൃതി നന്നായിരിക്കുന്നു എന്നു മാത്രം അറിയിക്കാം.
രാജാവു്:
ഇരിക്കട്ടെ; പരകളത്രത്തെ[13] നോക്കിക്കൂടല്ലോ.
ശകുന്തള:
(മാറിൽക്കൈവച്ചിട്ടു വിചാരം) മനസ്സേ, നീ എന്തിനു പിടയ്ക്കുന്നു! ആര്യപുത്രന്റെ ഉള്ളിലുള്ളതറിഞ്ഞിട്ടു് അധൈര്യപ്പെടുക.
പുരോഹിതൻ:
(മുമ്പോട്ടു ചെന്നിട്ടു്) ഈ തപസ്വികളെ വിധിപ്രകാരം സത്കരിച്ചിരിക്കുന്നു; ഇവർ തങ്ങളുടെ ഉപാദ്ധ്യായന്റെ സന്ദേശം കൊണ്ടുവന്നിരിക്കുകയാണു്. അതിവിടെ കേൾക്കണം.
രാജാവു്:
കാത്തിരിക്കുന്നു.
ഋഷികൾ:
(കൈ ഉയർത്തിയിട്ടു്) രാജാവിനു വിജയം!
രാജാവു്:
എല്ലാവരേയും ഞാൻ അഭിവാദനം ചെയ്യുന്നു.
ഋഷികൾ:
നല്ലതു വരട്ടെ!
രാജാവു്:
മഹർഷിമാർക്കു തപസ്സു നിർവിഘ്നമായി നടക്കുന്നുണ്ടല്ലോ?
ഋഷികൾ:

കാത്തീടവേ ഭവാൻ ധർമ്മ-കൃത്യങ്ങൾക്കെന്തു വിഘ്നമാം?

കുതിക്കുമോ കൂരിരുട്ടു കതിരോൻ കാന്തി ചിന്തവേ. 14

രാജാവു്:
എനിക്കു രാജാവെന്നുള്ള പേർ ഇപ്പോൾ അർത്ഥവത്തായി. ആകട്ടെ, കാശ്യപഭഗവാൻ ലോകാനുഗ്രഹത്തിനു വേണ്ടി സുഖമായിരിക്കുന്നുവല്ലോ?
ശാർങ്ഗരവൻ:
തപസ്സിദ്ധിയുള്ളവർക്കു ക്ഷേമം സ്വാധീനമാണല്ലോ; അദ്ദേഹം കുശലപ്രശ്നപുരസ്സരം അങ്ങേ ഗ്രഹിപ്പിക്കുന്നു.
രാജാവു്:
ഭഗവാന്റെ കൽപന എന്താണു്?
ശാർങ്ഗരവൻ:
എന്റെ പുത്രിയെ അങ്ങു് അന്യോന്യസമയ[14] പ്രകാരം പരിഗ്രഹിച്ചതു നിങ്ങളുടെ രണ്ടാളുടെയും പേരിൽ ഉള്ള വാത്സല്യത്താൽ ഞാൻ അനുവദിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ,

പുരസ്സരൻ യോഗ്യരിൽ നീ; ശരീരിയാം

പുരസ്ക്രിയയ്ക്കൊത്തവളിശ്ശകുന്തള;

പൊരുത്തമൊപ്പിച്ചിണചേർക്കയാൽച്ചിരം

പൊറുത്തതാമപ്പഴിതീർത്തു പത്മജൻ. 15

അതിനാൽ ഇപ്പോൾ ഗർഭിണിയായ ഇവളെ സഹധർമ്മാചരണത്തിനായി ഭവാൻ സ്വീകരിക്കണം!

ഗൗതമി:
ആര്യാ, എനിക്കും ചിലതു പറഞ്ഞാൽക്കൊള്ളാമെന്നുണ്ടു്; പക്ഷേ, അതിനവകാശം കാണുന്നില്ല. എങ്ങനെയെന്നാൽ,

ചിന്തിച്ചതില്ലിവൾ ഗുരുക്കളെ; അങ്ങുമൊട്ടു

ചോദിച്ചതില്ല വധുബന്ധുജനാനുവാദം

ബോധിച്ചപോലിരുവർ നിങ്ങൾ രഹസ്യമായി

സ്സാധിച്ച സങ്ഗതിയിലാരൊടെവന്നുചോദ്യം?16

ശകുന്തള:
(വിചാരം) ആര്യപുത്രൻ എന്തു പറയുമോ?
രാജാവു്:
ഇതെന്താണു പ്രസങ്ഗിച്ചതു്?
ശകുന്തള:
(വിചാരം) ഈ വാക്കു തീ കോരിയിടുന്നല്ലോ!
ശാർങ്ഗരവൻ:
എന്താണെന്നോ? ലോകതന്ത്രത്തിൽ നിങ്ങൾക്കുതന്നെയല്ലയോ അധികം പരിജ്ഞാനം?

സതിയെങ്കിലും പിതൃഗൃഹത്തിൽ വാഴുകിൽ-

പ്പതിയുള്ള മങ്കയെ ജനം പഴിച്ചിടും

അതിനാൽ സ്വബന്ധുജനമങ്ങു പെണ്ണിനെ-

പ്പതിയോടു ചേർത്തിടുമവൻ ത്യജിക്കിലും. 17

രാജാവു്:
അല്ല, ഈ സ്ത്രീയെ ഞാൻ വിവാഹം ചെയ്തിട്ടുണ്ടെന്നോ!
ശകുന്തള:
(വിഷാദത്തോടെ വിചാരം) ഹൃദയമേ, നിന്റെ ആശങ്ക ശരിയായി.
ശാർങ്ഗരവൻ:

വീഴ്ചവന്നതു നിനച്ചൊരീർച്ചയോ? പുച്ഛമോ കൃശരിൽ, മുഷ്കു തന്നെയോ?

രാജാവു്:
ഇതെന്താണു് ഇല്ലാത്തതുണ്ടെന്നു സങ്കല്പിച്ചു് ചോദ്യം ചെയ്യുന്നതു്?
ശാർങ്ഗരവൻ:

വായ്ക്കുമീവക വികാരമൊക്കവേ മിക്കവാറുമധികാരമത്തരിൽ. 18

രാജാവു്:
എനിക്കു നല്ല ശകാരം കിട്ടി.
ഗൗതമി:
(ശകുന്തളയോടു്) കുഞ്ഞേ, ക്ഷണനേരം ലജ്ജിക്കാതിരിക്കൂ. നിന്റെ ഈ മൂടുപടം ഞാൻ മാറ്റാം; ഭർത്താവു നിന്നെക്കണ്ടറിയട്ടെ! (അങ്ങനെ ചെയ്യുന്നു.)
രാജാവു്:
(ശകുന്തളയെ സൂക്ഷിച്ചു നോക്കി വിചാരം)

വടിവിനുടവുതട്ടാതീവിധം വന്നുചേർന്നോ-

രുടലിതു തനതാണോ അല്ലയോ-യെന്ന കില്ലാൽ

ഹിമഭരിതമുഷസ്സിൽക്കന്ദമാർന്നൊരുവണ്ടിൻ

സമതയൊടവശൻ ഞാൻ തള്ളുവാൻ കൊള്ളുവാനും. 19

(ആലോചിച്ചുകൊണ്ടു നിൽക്കുന്നു.)

പരിജനങ്ങൾ:
(തങ്ങളിൽ സ്വകാര്യമായിട്ടു്) തിരുമനസ്സിലേക്കു ധർമ്മാശ്രമം കേമം തന്നെ; ഇത്രയും രൂപഗുണമുള്ള ഒരു സ്ത്രീരത്നം താനേ വന്നുചേർന്നാൽ മറ്റാരെങ്കിലും നോക്കിക്കൊണ്ടു മടിച്ചുനിൽക്കുമോ?
ശാർങ്ഗരവൻ:
രാജാവേ, എന്താണു മിണ്ടാതെ നിൽക്കുന്നതു്?
രാജാവു്:
അല്ലേ തപോധന, ആലോചിച്ചുനോക്കിയിട്ടും ഞാൻ ഈ സ്ത്രീയെ സ്വീകരിച്ചതായി ഓർക്കുന്നില്ല. പിന്നെ എങ്ങനെയാണു് സ്പഷ്ടമായ ഗർഭലക്ഷണമുള്ള ഇവളെ പരദാരപ്രവേശശങ്ക കൂടാതെ പരിഗ്രഹിക്കുന്നതു്?
ശകുന്തള:
(വിചാരം) ഹൃദയമേ, വിവാഹസങ്ഗതി തന്നെ ഇവിടെ തർക്കത്തിലായിരിക്കുന്നു; ഇനി എന്തിനാണു നിനക്കു് അങ്ങേ അറ്റം കടന്നുള്ള മോഹങ്ങൾ?
ശാർങ്ഗരവൻ:
എന്നാൽ വേണ്ട-

ഭാവിക്കവേണ്ടയതിനേമുറകന്യയാളിൽ

കൈവെച്ച വീഴ്ച വകവെച്ച മുനീന്ദ്രനോട്

മോഷ്ടിച്ച വസ്തു വിരവോടു വിളിച്ചിണക്കി

മോഷ്ടിച്ച പൂരുഷനു താനിവനേകിയല്ലോ. 20

ശാരദ്വതൻ:
ശാർങ്ഗരവ, താനിനി മതിയാക്കൂ! ശകുന്തളേ, ഞങ്ങൾ പറയേണ്ടതു പറഞ്ഞു; യോഗ്യനായ ഇദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയാണു്. അടയാളവാക്കു വല്ലതുമുണ്ടെങ്കിൽ കേൾപ്പിക്കൂ.
ശകുന്തള:
(വിചാരം) അങ്ങനെ ഒക്കെ ഇരുന്ന അനുരാഗം ഇത്രത്തോളം ഭേദപ്പെട്ട നിലയിൽ ഇനി ഓർമ്മിപ്പിച്ചിട്ടു് എന്താണു ഫലം? ആത്മശോചന[15] ത്തിനുള്ള തുനിവാണിതു്. (വെളിവായിട്ടു്) ആര്യപു… (പാതിക്കു നിറുത്തിയിട്ടു്) വിവാഹക്കാര്യം തർക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്കു് ഇതല്ലല്ലോ സംബോധനത്തിന്റെ മുറ. പൗരവ, അന്നു് ആശ്രമത്തിൽ വെച്ചു് പച്ചപ്പാവമായ ഈയുള്ളവളെ കള്ളസത്യം ചെയ്തു ചതിച്ചിട്ടു് ഈമാതിരി വാക്കു പറഞ്ഞു് ഇപ്പോൾ നിരസിക്കുന്നതു് അങ്ങേയ്ക്കു യുക്തം തന്നെ!
രാജാവു്:
(ചെവി പൊത്തിക്കൊണ്ടു്) ശാന്തം പാപം!

തന്നെപ്പഴിച്ചു തനിയേ തിനിയുന്നതെന്തി-

ന്നിന്നിജ്ജനത്തിനുമധോഗതി നല്കുവാൻ നീ?

ഏറെത്തഴച്ച പുഴതാൻ സ്വയമേ കുലുങ്ങി-

ത്തീരത്തിലെത്തരു പുഴക്കുവതെന്നപോലെ 21

ശകുന്തള:
അങ്ങിപ്പറയുന്നതു പരമാർത്ഥമായിട്ടുതന്നെ എന്നെ പരപരിഗ്രഹം എന്നു ശങ്കിച്ചിട്ടാണെങ്കിൽ ഈ അഭിജ്ഞാനം കൊണ്ടു് അങ്ങേ സംശയം തീർക്കാം.
രാജാവു്:
ഉത്തമപക്ഷം തന്നെ.
ശകുന്തള:
(മോതിരവിരൽ തപ്പീട്ടു്) അയ്യോ കഷ്ടം! കഷ്ടം! എന്റെ വിരലിൽ മോതിരം കാണുന്നില്ലല്ലോ. (വിഷാദിച്ചു ഗൗതമിയുടെ മുഖത്തു നോക്കുന്നു.)
ഗൗതമി:
ശക്രാവതാരത്തിൽ വച്ചു് ശചീതീർത്ഥത്തെ വന്ദിച്ച സമയം മോതിരം നിന്റെ വിരലിൽ നിന്നു് ഊരിപ്പോയിരിക്കണം.
രാജാവു്:
(മന്ദഹാസത്തോടു കൂടി) ഇതാണു സ്ത്രീകൾക്കു കണക്കിനുത്തരം തോന്നിക്കൊള്ളുമെന്നു പറയാറുള്ളതു്.
ശകുന്തള:
ഇത് എന്റെ ദുർവിധി മാഹാത്മ്യമാണു്. വേറെ ഒന്നു പറയാം.
രാജാവു്:
ഇനി കേൾക്കണമെന്നായി; ആകട്ടെ, അതും ആവാം.
ശകുന്തള:
അന്നൊരു ദിവസം ആറ്റുവഞ്ചിക്കെട്ടിലിരിക്കുമ്പോൾ താമരയിലയിൽ വച്ചിരുന്ന വെള്ളം അങ്ങേടെ കൈയിലായിരുന്നു.
രാജാവു്:
കേൾക്കട്ടെ.
ശകുന്തള:
അപ്പോൾ ഞാൻ പുത്രനെപ്പോലെ ഭാവിച്ചുവന്ന ദീർഘാപാംഗൻ എന്ന മാൻകുട്ടി അടുത്തുവന്നു. അങ്ങു കരുണ തോന്നീട്ടു് ആദ്യം ഈ മാൻകുട്ടി കുടിക്കട്ടെ എന്നു പറഞ്ഞു് വെള്ളം അതിന്റെ നേരെ കാണിച്ചു. പരിചയം പോരാഞ്ഞതിനാൽ അങ്ങേ കൈയിൽ നിന്നു് അതു വെള്ളം കുടിച്ചില്ല. പിന്നീടു് ആ വെള്ളം തന്നെ ഞാൻ വാങ്ങിക്കാണിച്ചപ്പോൾ അതു കുടിച്ചു. അപ്പോൾ അങ്ങു് എല്ലാവർക്കും അവരവരുടെ കൂട്ടുകാരിൽ വിശ്വാസമുണ്ടു്; രണ്ടാളും വനവാസികളാണല്ലോ, എന്നു പറഞ്ഞു് എന്നെ പരിഹസിച്ചു.
രാജാവു്:
തങ്ങളുടെ കാര്യം കാണ്മാൻ വേണ്ടി സ്ത്രീകൾ ഈവിധം ഭങ്ഗിയായി കെട്ടിച്ചമച്ചു പറയുന്നതു കേട്ടു വിഷയാസക്തന്മാർ അകപ്പെട്ടു പോകുന്നു.
ഗൗതമി:
മഹാനുഭാവനായ അങ്ങു് ഇങ്ങനെ പറയുന്നതു യുക്തമല്ല; തപോവനത്തിൽ വളർന്ന ഇവൾ വഞ്ചനാമാർഗ്ഗം അറിഞ്ഞിട്ടില്ല.
രാജാവു്:
അല്ലയോ വൃദ്ധതാപസി,

വായ്ക്കും സ്വതേയൊരു തിറംജഡജന്തുവിൽ സ്ത്രീ

വർഗ്ഗത്തിലും; മനുജ്ജാതിയിലെത്ര വേണ്ട!

മറ്റുള്ള പക്ഷികൾ മുഖാന്തരമായി മുട്ട

മുറ്റുംവരേയ്ക്കു കുയിലിൻപിട പെറ്റിടുന്നു. 22

ശകുന്തള:
(കോപത്തോടെ) അനാര്യ, ശേഷംപേരും അങ്ങയെപ്പോലെയാണെന്നാണു് അങ്ങേയ്ക്കു ഭാവം; പുല്ലുകൊണ്ടു മറഞ്ഞ കിണറുപോലെ ധർമ്മച്ചട്ടയിട്ടു മുറുക്കിയ അങ്ങേടെ മട്ടു മറ്റാരെങ്കിലും കാട്ടുമോ?
രാജാവു്:
(വിചാരം) ഇവളുടെ ഈ കോപഭാവം എനിക്കു സന്ദേഹം ജനിപ്പിക്കത്തക്കവിധം നിർവ്യാജമായിരിക്കുന്നു.

നിഷ്കണ്ടകൻ നിഭൃതമായി നടന്ന വേഴ്ച

കൈക്കൊണ്ടിടാതെയിവനിങ്ങു മറുത്തിടുമ്പോൾ

ഉൾക്കൊണ്ട കോപമിവളങ്ങു ചുളിച്ചു ചില്ലി

ചൊല്ക്കൊണ്ട ചൂതശരചാപമൊടിച്ചിടുന്നോ? 23

(വെളിവായിട്ടു്) ഭദ്രേ, ദുഷ്ഷന്തന്റെ ചരിത്രം പ്രസിദ്ധമാണു്, ഇതു മാത്രം കേട്ടിട്ടില്ല.

ശകുന്തള:
കൊള്ളാം! ആകെക്കൂടെ എന്നെ താന്തോന്നിയാക്കിത്തീർത്തു അല്ലേ? മുഖത്തിനു തേനും മനസ്സിനു വിഷവും വച്ചു കൊണ്ടിരിക്കുന്ന ഈയാളുടെ പിടിയിൽ പൂരുവംശത്തിലുള്ള വിശ്വാസം കൊണ്ടു ഞാൻ അകപ്പെട്ടു പോയല്ലോ. (വസ്ത്രത്തിന്റെ തുമ്പുകൊണ്ടു മുഖം മറച്ചു കരയുന്നു.)
ശാർങ്ഗരവൻ:
സ്വയംകൃതമായ ചാപല്യം ഇങ്ങനെയാണു് തിരിഞ്ഞടിക്കുന്നതു്.

അതിനാലെതുമാചരിക്ക സൂക്ഷി-ച്ചതിലും പിന്നെ രഹസ്സിലുള്ള വേഴ്ച;

സ്ഥിതിയൊന്നുമറിഞ്ഞിടാതെ ചെയ്താ-ലിതുപോൽ ബന്ധുത ബദ്ധവൈരമാകും 24

രാജാവു്:
ഈ സ്ത്രീയുടെ വാക്കുമാത്രം വിശ്വസിച്ചു് നമ്മെ എന്തിനാണിങ്ങനെ സ്പഷ്ടമായി ദുഷിക്കുന്നതു്?
ശാർങ്ഗരവൻ:
(രാജാവിനെ നോക്കി അസഹ്യഭാവത്തോടെ) കേട്ടില്ലേ കീഴുമേലാക്കിപ്പറയുന്നതു്?

പാരിൽപ്പിറന്നതുമുതൽ ചതിയെന്നതുള്ളിൽ

ക്കേറാത്തൊരാൾ പറവതൊക്കെയുമപ്രമാണം;

നേരസ്ഥരായി വിലസട്ടെ പഠിത്തമെന്ന

പേരും പറഞ്ഞു പരവഞ്ചനയഭ്യസിപ്പോർ. 25

രാജാവു്:
ഹേ നേരസ്ഥ, ഇതു സമ്മതിച്ചു. എന്താണു പിന്നെ ഇവളെ ചതിച്ചിട്ടു് എനിക്കു കിട്ടാനുള്ളതു്?
ശാർങ്ഗരവൻ:
അധോഗതി.
രാജാവു്:
പൗരവന്മാർ അധോഗതി ആഗ്രഹിക്കുന്നു എന്നതു വിശ്വസിക്കത്തക്കതല്ല.
ശാരദ്വതൻ:
ശാർങ്ഗരവ! എന്തിനു തർക്കിക്കുന്നു? ഗുരുവിന്റെ കല്പന അനുഷ്ഠിച്ചു. നമുക്കു പോകാം.
ശാർങ്ഗരവൻ:
രാജാവേ!

ഇക്കന്യ നീ വേട്ടൊരു പത്നിയത്രേ;

കൈക്കൊൾകതാൻ തള്ളുകതാൻ യഥേഷ്ടം;

പാണിഗ്രഹം ചെയ്തു പരിഗ്രഹിച്ച

പെണ്ണിന്റെമേലേതിനു കോയ്മയില്ല? 26

ഗൗതമി, മുമ്പേ നടക്കൂ! (പുറപ്പെടുന്നു.)

ശകുന്തള:
ഈ ധൂർത്തൻ എന്നെ വഞ്ചിച്ചു; നിങ്ങളും ഉപേക്ഷിച്ചു പോകുന്നോ? (പിന്നാലെ പുറപ്പെടുന്നു.)
ഗൗതമി:
(നിന്നിട്ടു്) വത്സ ശാർങ്ഗരവ, ശകുന്തള വിലപിച്ചുകൊണ്ടു് നമ്മുടെ പിന്നാലെ വരുന്നു. ഭർത്താവു കൈക്കൊള്ളാതെ പാരുഷ്യം ഭാവിക്കുന്ന സ്ഥിതിക്കു് എന്റെ മകൾ എന്തു ചെയ്യും?
ശാർങ്ഗരവൻ:
(കോപത്തോടെ തിരിഞ്ഞു നിന്നിട്ടു്) ആഹ്ഹാ! ദോഷം മാത്രം കണ്ടുംകൊണ്ടു് നീ സ്വാതന്ത്ര്യം പ്രവർത്തിക്കുന്നോ?
(ശകുന്തള പേടിച്ചുവിറയ്ക്കുന്നു.)
ശാർങ്ഗരവൻ:

ക്ഷിതിപൻ കഥിപ്പതുകണക്കുതന്നെ നിൻ

സ്ഥിതിയെങ്കിലെന്തിനു പിതാവിനിന്നു നീ?

സതിയെന്നുതന്നെ നിജബോധമെങ്കിലോ,

ക്ഷതിയെന്തു ഭർത്തൃഗൃഹദാസ്യമേല്ക്കിലും?

27

അതുകൊണ്ടു് നിൽക്കൂ; ഞങ്ങൾ പോകുന്നു.

രാജാവു്:
അല്ലയോ താപസാ, എന്തിനാണിവളെ ചതിക്കുന്നതു്?

കുമുദമേ ശിശിരാംശു വിടുർത്തിടൂ;

കമലമേ ദിനനാഥനുമങ്ങനെ,

പരപരിഗ്രഹബന്ധമശേഷവും

പരിഹരിപ്പവരാണു ജിതേന്ദ്രിയർ. 28

ശാർങ്ഗരവൻ:
രാജാവേ, മറ്റൊന്നിലുള്ള ആവേശം കൊണ്ടു് മുമ്പു നടന്ന സങ്ഗതി അങ്ങേയ്ക്കു് മറക്കാമെങ്കിൽ അങ്ങു് അധർമ്മഭീരുവായതെങ്ങിനെ?
രാജാവു്:
ഇതിൽ ഗുരുലാഘവം ഞാൻ ഭവാനൊടുതന്നെ ചോദിക്കുന്നു.

മറക്കയോ ഞാൻ, ഇവൾ കൈതവം ചമ-

ച്ചുരയ്ക്കയോയെന്ന വിശങ്കയിങ്കൽ ഞാൻ,

പരിഗ്രഹിച്ചവളെ ത്യജിക്കണോ?

പരാങ്ഗനാസങ്ഗകളങ്കമേല്ക്കണോ? 29

പുരോഹിതൻ:
(വിചാരിച്ചിട്ടു്) എന്നാൽ, ഇങ്ങനെ ചെയ്ക.
രാജാവു്:
അരുളിച്ചെയ്യാം.
പുരോഹിതൻ:
ഈ സ്ത്രീ പ്രസവിക്കുന്നതുവരെ എന്റെ ഭവനത്തിൽ താമസിക്കട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങേയ്ക്കു് ആദ്യം ഉണ്ടാകുന്ന പുത്രൻ ചക്രവർത്തിയായിത്തീരുമെന്നു് മഹർഷിമാർ അനുഗ്രഹിച്ചിട്ടുണ്ടു്. ഈ കണ്വപുത്രിക്കു പിറക്കുന്ന കുട്ടിക്കു് ആ ലക്ഷണങ്ങൾ കണ്ടാൽ ഇവളെ സത്ക്കരിച്ചു് അന്തഃപുരത്തിൽ പ്രവേശിപ്പിക്കാം; മറിച്ചായാലോ ഇവൾ പിതൃഗൃഹത്തിലേക്കു് മടങ്ങണമെന്നതു പറയേണ്ടതില്ലല്ലോ.
രാജാവു്:
പുരോഹിതന്റെ അഭിപ്രായം പോലെ.
പുരോഹിതൻ:
കുട്ടി, എന്റെ കൂടെ വരൂ.
ശകുന്തള:
ഭൂമിദേവി, എനിക്കിടം തരണേ! (കരഞ്ഞുകൊണ്ടു് പുറപ്പെടുന്നു.)

(പുരോഹിതന്റെ പിന്നാലെ ശകുന്തളയും, ഗൗതമിയെ മുമ്പിൽ നടത്തിക്കൊണ്ടു് തപസ്വികളും പോയി. രാജാവു് ശാപമോഹിതനായിട്ടു്, ശകുന്തളയുടെ സങ്ഗതി തന്നെ ആലോചിക്കുന്നു.)

(അണിയറയിൽ) ആശ്ചര്യം! ആശ്ചര്യം!

രാജാവു്:
(കേട്ടിട്ടു്) ഇതെന്തായിരിക്കും?
പുരോഹിതൻ:
(പ്രവേശിച്ചു വിസ്മയത്തോടുകൂടി) അത്ഭുതമാണു നടന്നതു്!
രാജാവു്:
എന്താണു്?
പുരോഹിതൻ:
മഹാരാജാവേ, കണ്വശിഷ്യർ പിരിഞ്ഞ ഉടനെ,

അവശതയോടു കൈയും പൊക്കിമേല്പോട്ടു നോക്കീ-

ട്ടവൾ നിജവിധിദോഷം തന്നെ ചൊല്ലിക്കരഞ്ഞാൾ.

രാജാവു്:
എന്നിട്ടോ?
പുരോഹിതൻ:

യുവതിവടിവു തേജസ്സപ്സര-സ്തീർത്ഥമാർന്നി

ട്ടവളെയുടനെടുത്തുംകൊണ്ടുവാനത്തുമേറി. 30

(എല്ലാവരും വിസ്മയിക്കുന്നു)

രാജാവു്:
ആ കാര്യം മുമ്പുതന്നെ തള്ളിക്കളഞ്ഞല്ലോ; ഇനി വെറും ഊഹങ്ങൾ എന്തിനു് ! ഭവാൻ പോയി വിശ്രമിക്കുക.
പുരോഹിതൻ:
വിജയം! (പോയി.)
രാജാവു്:
വേത്രവതീ, എനിക്കു ശ്രമ[16] മായിരിക്കുന്നു; ശയനഗൃഹത്തിലേക്കു പോകട്ടേ; വഴി കാണിക്കൂ!
ദ്വാരപാലിക:
ഇതാ എഴുന്നള്ളണം, (പുറപ്പെടുന്നു)
രാജാവു്:
(ചുറ്റിനടന്നിട്ടു വിചാരം)

നിനവില്ല നിരാകൃതയാം മുനി

കന്യയെ വേട്ടതായെനിക്കൊട്ടും;

എങ്കിലുമുള്ളു ചുടുമ്പോൾ

ശങ്ക മറിച്ചും ജനിപ്പതുണ്ടല്പം. 31

(എല്ലാവരും പോയി)

കുറിപ്പുകൾ

[12] വൈരാഗ്യം വന്നയാൾ.

[13] അന്യന്റെ ഭാര്യ.

[14] പരസ്പര സമ്മതത്തോടെയുള്ള നിശ്ചയം.

[15] ദുഃഖം.

[16] ക്ഷീണം.

ആറാം അങ്കം
പ്രവേശകം

(അനന്തരം രാജസ്യാലനായ നഗരാധികാരിയും കൈ പിൻപോട്ടു കെട്ടിയ പുള്ളിയെ കൂട്ടിക്കൊണ്ടു രണ്ടു ശിപായിമാരും പ്രവേശിക്കുന്നു)

ശിപായിമാർ:
(പുള്ളിയെ ഇടിച്ചിട്ടു) എടാ കള്ളാ, പറ! മഹാരാജാവു തിരുമനസ്സിലെ തിരുനാമം കൊത്തിയിട്ടുള്ള ഈ കല്ലു വച്ച തിരുവാഴി[17] നിനക്കു എവിടെനിന്നു കിട്ടി?
പുള്ളി:
(ഭയഭാവത്തോടെ) ദയവുണ്ടാകണേ! പൊന്നേമാന്മാരെ, ഞാൻ ഈ തൊഴിലുകാരനല്ല.
ഒന്നാം ശിപായി:
പിന്നെ ആഢ്യബ്രാഹ്മണനെന്നുവച്ചു തിരുമനസ്സുകൊണ്ടു നിനക്കു ദാനം തന്നോ?
പുള്ളി:
ഏമാന്മാരു കേൾക്കണേ! ഞാൻ ശക്രാവതാരത്തിൽ താമസിക്കുന്ന ഒരു മുക്കുവനാണു്.
രണ്ടാം ശിപായി:
എടാ കള്ളാ, ഞങ്ങൾ നിന്റെ ജാതിയാണോ ചോദിച്ചതു്?
അധികാരി:
സൂചക, അവനെല്ലാം മുറയ്ക്കു പറയട്ടെ: ഇടക്കു തടയണ്ട.
രണ്ടു പേരും:
ഉത്തരവു് ! എടാ പറ!
പുള്ളി:
ഞാൻ ചൂണ്ടലിട്ടും വലവീശിയും കാലക്ഷേപം ചെയ്യുന്നവനാണു്.
അധികാരി:
പരിശുദ്ധമായ കാലക്ഷേപം! പിന്നെ?
പുള്ളി:
ഇങ്ങനെ ഉത്തരവാകരുതു്.

കലരും പല ദോഷമെങ്കിലും

കുലധർമ്മം മനുജന്നവർജ്യമാം;

കലുഷം കലരാത്ത വൈദികൻ

കൊലചെയ്യും മടിയാതെയാടിനെ. 1

അധികാരി:
ആകട്ടെ, ശേഷം പറ.
പുള്ളി:
ഞാൻ ഒരു ദിവസം ഒരു ചെമ്മീനിനെ അറുത്തു. അപ്പോഴുണ്ടു്, അതിന്റെ വയറ്റിൽ ഒരു മോതിരം കാണുന്നു; എന്നിട്ടു് ഞാൻ അതു് വിൽക്കാൻ കൊണ്ടുനടക്കുമ്പോൾ ഏമാനന്മാർ എന്നെ പിടികൂടി. ഇനി കൊന്നാലും ശരി, വിട്ടാലും ശരി; ഇതാണിതിന്റെ പരമാർത്ഥം.
അധികാരി:
ജാനുക, ഈ ഉടുമ്പുതീനിയുടെ മേത്തെ നാറ്റംകൊണ്ടു് ഇവൻ ഒരു മീൻ പിടുത്തക്കാരൻതന്നെയെന്നു് നിശ്ചയിക്കാം. തിരുവാഴി ഇവന്റെ കൈയ്യിൽ അകപ്പെട്ടതിനെപ്പറ്റി ആലോചക്കേണ്ടതുണ്ടു്. അരമനയിലേക്കുതനെ പോകാം.
ശിപായിമാർ:
ഉത്തരവു്! എടാ നടയെടാ: നിന്റെ ചെകിടു തല്ലിപ്പൊളിക്കയാണു് വേണ്ടതു്;

(എല്ലാവരും ചുറ്റിനടക്കുന്നു.)

അധികാരി:
സൂചക, ഈ ഗോപുരത്തിൽ നിങ്ങൾ ഇവനെ സൂക്ഷിച്ചുകൊണ്ടു് കാത്തുനില്ക്കിൻ. ഞാൻ ചെന്നു് തിരുവാഴി കണ്ടെത്തിയ വർത്തമാനം തിരുമനസ്സറിയിച്ചു് കല്പന വാങ്ങികൊണ്ടു വരാം.
രണ്ടു പേരും:
അങ്ങുന്നു ചെല്ലണം. തമ്പുരാനു് അങ്ങത്തേപേരിൽ തിരുവുള്ളമുണ്ടാകട്ടെ!

(അധികാരി പോയി)

സൂചകൻ:
അധികാരിയങ്ങുന്നു പോയിട്ടു് വളരെനേരമായല്ലോ.
ജാനുകൻ:
സമയം നോക്കാതെ തിരുമുമ്പിൽ ചെല്ലാമോ?
സൂചകൻ:
ഇവനെ കൊലമാലയിടീക്കാൻ എന്റെ കൈകിടന്നു് പുളിക്കുന്നു. (മുക്കുവന്റെനേരെ കൈ മടക്കി കാണിക്കുന്നു)
പുള്ളി:
ഏമാന്മാരെ, കാരണംകൂടാതെ എന്നെകൊല്ലരുതേ.
ജാനുകൻ:
(നോക്കീട്ടു്) ഇതാ നമ്മുടെ അങ്ങുന്നു കല്പനയും വാങ്ങിക്കൊണ്ടു് ഇങ്ങോട്ടുതന്നെ വരുന്നു. നീ ഇനി കഴുകന്നോ നായ്ക്കോ ഇരയായിത്തീരും.
അധികാരി:
(പ്രവേശിച്ചു്) സൂചക, ഈ മീൻപിടുത്തക്കാരനെ വിട്ടേക്കിൻ! തിരുവാഴിയുടെ ആഗമം ശരിയായി.
സൂചകൻ:
അങ്ങത്തേ! ഉത്തരവു്.
ജാനുകൻ:
ഇവൻ യമലോകത്തു് പോയി തിരിച്ചുവന്നു. (പുള്ളിയെ കെട്ടഴിച്ചുവിടുന്നു.)
മുക്കുവൻ:
(അധികാരിയെ തൊഴുതിട്ടു്) അങ്ങുന്നു് എന്റെ ജീവനെ രക്ഷിച്ചു.
അധികാരി:
ഇതാ, പൊന്നുതമ്പുരാൻ തിരുവാഴിയുടെ വില നിനക്കു് തരാൻ കല്പിച്ചിരിക്കുന്നു. (മുക്കുവനു പണം കൊടുക്കുന്നു.)
മുക്കുവൻ:
(തൊഴുതു് വാങ്ങിയിട്ടു്) അങ്ങത്തെ ഉപകാരമാണിതു്.
സൂചകൻ:
ശൂലത്തിൽനിന്നിറങ്ങി ആനപ്പുറത്തു് കയറിയവരെത്തന്നെയാണു് ഭാഗ്യവാന്മാരെന്നു് പറയേണ്ടതു്.
ജാനുകൻ:
അങ്ങുന്നേ, ഈ സമ്മാനത്തിന്റെ മട്ടു് കാണുമ്പോൾ പൊന്നുതമ്പുരാനു് വിലപിടിച്ച രത്നങ്ങളുള്ള ആ തിരുവാഴിയിൽ വലിയ പ്രതിപത്തിയുണ്ടെന്നു് കാണുന്നു.
അധികാരി:
എന്റെ പക്ഷം അങ്ങനെയല്ലാ, അതു് കണ്ടിട്ടു് ഏതോ ഒരു പ്രിയപ്പെട്ട ആളിന്റെ ഓർമ്മ തിരുമനസ്സിലുണ്ടായി: സ്വതേ ഗാംഭീര്യമായിരുന്നിട്ടും ക്ഷണനേരത്തേയ്ക്കു് തിരുമുഖത്തിൽ ഒരു കുണ്ഠിതഭാവം പ്രത്യക്ഷപ്പെട്ടു.
സൂചകൻ:
എന്നാൽ, അങ്ങു് മഹാരാജാവുതിരുമനസ്സിലേയ്ക്കു് ഒരു ഉപകാരം ചെയ്തതായല്ലോ.
ജാനുകൻ:
ഈ മീൻകൊല്ലിയ്ക്കുവേണ്ടി എന്നു് പറയണം. (അസൂയയോടെ മുക്കുവനെ നോക്കുന്നു.)
മുക്കുവൻ:
ഏമാന്മാർക്കു് എന്റെ പേരിൽ നല്ലമനസ്സു് തോന്നിയതിന്നു് ഇതിൽ പാതി നിങ്ങൾക്കിരിക്കട്ടെ.
ജാനുകൻ:
ഇത്രയും വേണ്ടതുതന്നെ.
അധികാരി:
അരയരു നല്ല മര്യാദക്കാരനാണു്. ഇന്നുമുതൽ ഞാൻ തന്നെ എന്റെ ചങ്ങാതിയാക്കിയിരിക്കുന്നു; ഈ സഖ്യമുറപ്പിക്കാൻ നമുക്കൊന്നു് കുടിക്കണം. ഇതാ, ഈ കടയിൽതന്നെ കയറാം.
മുക്കുവൻ:
അങ്ങിനെ തന്നെ.

(എല്ലാവരും പോയി)

അങ്കാരംഭം

(അനന്തരം വിമാനത്തിൽ വന്നിറങ്ങുന്ന മട്ടിൽ “സാനുമതി” എന്ന അപ്സരസ്ത്രീ പ്രവേശിക്കുന്നു.)

സാനുമതി:
എനിക്കു് അപ്സരസ്തീർത്ഥത്തിലെ തവണ കഴിഞ്ഞിരിക്കുന്നു. ഇനി ഇവിടെ തീർത്ഥസ്നാനത്തിന്നു് മഹാജനങ്ങൾ വന്നിറങ്ങുന്ന സമയമാണു്. ഇപ്പോൾത്തന്നെ ഈ രാജർഷിയുടെ വർത്തമാനം എന്തെന്നു് നേരെ ചെന്നു് നോക്കിക്കളയാം. മേനകയുടെ മകളായതുകൊണ്ടു് ശകുന്തള ഇപ്പോൾ എനിക്കു് സ്വന്തമായിരിക്കുന്നു. അവൾ എന്നോടു് പറഞ്ഞിട്ടുള്ള സങ്ഗതി ആണല്ലോ ഇതു്. (ചുറ്റും നോക്കിയിട്ടു്) എന്താണു്, വസന്തകാലം ആരംഭിച്ചിട്ടും അരമനയിൽ ഉത്സവത്തിന്റെ വട്ടം ഒന്നും കാണാത്തതു്? എനിക്കു് വേണമെങ്കിൽ ദിവ്യദൃഷ്ടി കൊണ്ടു തന്നെ എല്ലാം അറിയാം. പക്ഷേ, സഖി പറഞ്ഞതുപോലെതന്നെ ചെയ്യണമല്ലോ. ആകട്ടെ, തിരസ്കരണികൊണ്ടു് മറഞ്ഞു് ഈ ഉദ്യാനപാലികമാരുടെ അടുത്തു് ചെന്നു് നിന്നു് വർത്തമാനം അറിയാം. (ഇറങ്ങി നിൽക്കുന്നു.)

(അനന്തരം മാവു് പൂത്തതു് നോക്കിക്കൊണ്ടു് രണ്ടുദ്യാനപാലികമാർ മുമ്പിലും പിമ്പിലുമായി പ്രവേശിക്കുന്നു.)

ഒന്നാമത്തേവൾ:

മുദിതപികം മധുപാവലി

മൃദിതം മധുമാസജീവനുമായ്

പുതുമൊട്ടു പാർത്തിടുന്നേ-

നൃതു മങ്ഗലമെന്നപോലെ മാവിന്മേൽ 2

രണ്ടാമത്തേവൾ:
മധുകരികേ, മാവു് മൊട്ടിട്ടുകാണുമ്പോൾ പരഭൃതികയ്ക്കിളക്കം വരുമല്ലോ.
മധുകരിക:
(സന്തോഷത്തോടെ അടുത്തു ചെന്നിട്ടു) ആഹാ! വസന്തമാസം വന്നോ?
പരഭൃതിക:
മധുകരികേ, നിനക്കിപ്പോൾ മദിച്ചുചാടിക്കളിച്ചു് നടക്കേണ്ട കാലമല്ലയോ?
മധുകരിക:
സഖി, എന്നെ ഒന്നു് താങ്ങിക്കൊള്ളൂ. ഞാൻ എത്തിവലിഞ്ഞു് മാംപൂ പറിച്ചു് കാമദേവനെ അർച്ചിക്കട്ടെ!
പരഭൃതിക:
അർച്ചനയുടെ ഫലത്തിൽ പാതി എനിക്കു് തരുമെങ്കിൽ ആവാം.
മധുകരിക:
അതു് പറയണമോ? ശരീരം രണ്ടെങ്കിലും നമ്മുടെ ജീവൻ ഒന്നല്ലേ? (സഖിയുടെ മേൽ ചാരി പൂ പൊട്ടിച്ചെടുക്കുന്നു) വിരിഞ്ഞിട്ടില്ലെങ്കിലും ഒടിച്ചെടുത്തതിന്റെ മണം ഉണ്ടു്. (കൈ കൂപ്പി)

അരിയചാപമിന്നേന്തിടും സ്മര-

ന്നരുളി നിന്നെ ഞാൻ, ചൂതപുഷ്പമേ,

ശരമതഞ്ചിലുംവച്ചു ഘോരമായ്

വിരഹിണീമനക്കാമ്പിൽ വീഴ്ക നീ.3

(അർച്ചിക്കുന്നു)

കഞ്ചുകി:
(തിര തനിയെ നീക്കി ബദ്ധപ്പെട്ടു് കോപാവേശത്തോടെ പ്രവേശിച്ചിട്ടു്) അരുതരുതു്! വിവരം കെട്ടവളേ, മഹാരാജാവു് വസന്തോത്സവം നിഷേധിച്ചിരിക്കവേ, നീ മാംപൂ പൊട്ടിക്കാൻ തുടങ്ങുന്നോ?
രണ്ടുപേരും:
(ഭയഭാവത്തോടെ) ആര്യൻ ക്ഷമിക്കണം; ഞങ്ങൾ ഈ സങ്ഗതി അറിഞ്ഞില്ല.
കഞ്ചുകി:
നിങ്ങൾ കേട്ടില്ലെന്നോ? വസന്തകാലത്തു് പൂക്കുന്ന വൃക്ഷങ്ങളും അതിലെ പക്ഷികളും കൂടി രാജശാസന ലംഘിക്കുന്നില്ല. നോക്കുവിൻ,

മുറ്റീടും പൊടിയാർന്നതില്ലിതുവരെ-ച്ചൂതങ്ങളിൽക്കോരകം;

മുറ്റും മൊട്ടുകൾ ചെംകുറിഞിയിൽ വിരി-ഞ്ഞീടാതെ നിൽക്കുന്നിതേ;

അറ്റീടും ശിശിരർത്തു കൂജിതമട-ക്കീടുന്നു പുംസ്കോകിലം;

തെറ്റെന്നസ്ത്രമെടുത്തതും സ്മരനയ-യ്ക്കുന്നില്ല പേടിച്ചുപോൽ.4

സാനുമതി:
സംശയമില്ലാ; രാജർഷിയുടെ പ്രഭാവം കേമം തന്നെ!
പരഭൃതിക:
ആര്യ, രാജസ്യാലനായ മിത്രാവസു ഞങ്ങളെ തൃപ്പാദ മൂലത്തിൽ അയച്ചിട്ടു് കുറച്ചുദിവസമേ ആയുള്ളു; ഇവിടെ വന്നതിൽ ഈ ഉദ്യാനം സൂക്ഷിക്കുന്ന ജോലി മുഴുവനും ഞങ്ങളെ ഏല്പിക്കയും ചെയ്തിരിക്കുന്നു; അതിനാൽ പരിചയപ്പെടാത്ത ഞങ്ങൾക്കു് ഈ വർത്തമാനം അറിയാൻ ഇടയായില്ല.
കഞ്ചുകി:
ആകട്ടെ, ഇനി ഇങ്ങനെ ചെയ്യരുതു്.
ഉദ്യാനപാലികമാർ:
ആര്യ, ഞങ്ങൾക്കു് കൗതുകമുണ്ടു്. ഞങ്ങളെ കേൾപ്പിക്കാൻ വിരോധമില്ലെങ്കിൽ പറഞ്ഞാൽക്കൊള്ളാം; എന്തിനായിട്ടാണു് പൊന്നു തമ്പുരാൻ വസന്തോത്സവം നിഷേധിച്ചതു്?
സാനുമതി:
മനുഷ്യർക്കു് ഉത്സവത്തിൽ വളരെ പ്രിയമുണ്ടല്ലോ; ഗൗരവമേറിയ വല്ല കാരണവും ഇരിക്കണം.
കഞ്ചുകി:
ഇസ്സങ്ഗതി ധാരാളം വെളിപ്പെട്ടുകഴിഞ്ഞു; എന്തിനു് പറയാതിരിക്കുന്നു? മഹാരാജാവു് ശകുന്തളയെ ഉപേക്ഷിച്ചു എന്നുള്ള ലോകാപവാദം നിങ്ങളുടെ ചെവിയിലെത്തിയില്ലയോ?
ഉദ്യാനപാലികന്മാർ:
തിരുവാഴി കണ്ടെത്തിയതുവരെയുള്ള വർത്തമാനം രാജസ്യാലൻ തന്നെ പറഞ്ഞു് ഞങ്ങൾ കേട്ടിട്ടുണ്ടു്.
കഞ്ചുകി:
എന്നാൽ ഇനി അല്പമേ പറയേണ്ടതുള്ളൂ. മുദ്രമോതിരം കണ്ടിട്ടു് ശകുന്തളയെ താൻ സത്യമായി വിവാഹം ചെയ്തിട്ടുള്ളതാണെന്നു് ഓർമ്മ വന്നപ്പോൾ മുതൽ എന്തോ തത്കാലത്തെ ഒരു ബുദ്ധിമോശത്താൽ ഉപേക്ഷിച്ചുകളഞ്ഞല്ലോ എന്നു് മഹാരാജാവിനു് പശ്ചാത്താപമുണ്ടായി. ഇപ്പോളാകട്ടെ,

നന്നായുള്ളതനിഷ്ടമായ്; സചിവർ മുൻ-മുൻമട്ടിന്നു സേവിപ്പതി-

ല്ലെ;ന്നും മെത്തയിലാണ്ടുരുണ്ടു നിശ പോ-ക്കീടുന്നു നിർന്നിദ്രനായ്;

ദാക്ഷണ്യത്തിനു കാന്തമാരുമൊരുമി-ച്ചാലാപമാർന്നീടുകിൽ

സൂക്ഷിക്കാതിഹ പേരു മാറിയുരചെ-യ്തൊട്ടേറെ ലജ്ജിച്ചിടും. 5

സാനുമതി:
എനിക്കു വളരെ സന്തോഷം.
കഞ്ചുകി:
ഈ പ്രബലമായ കുണ്ഠിതത്താലാണു് ഉത്സവം നിഷേധിക്കാനിടയായതു്.
ഉദ്യാനപാലികമാർ:
ശരി, വേണ്ടതുതന്നെ.

(അണിയറയിൽ) മഹാരാജാവു് ഇതിലെ, ഇതിലെ!

കഞ്ചുകി:
(ചെവിയോർത്തു്) ഇതാ, മഹാരാജാവു് ഇങ്ങോട്ടുതന്നെ പുറപ്പെടുന്നു. നിങ്ങൾ സ്വന്തം ജോലിക്കു് പോകുവിൻ.
ഉദ്യാനപാലികമാർ:
അങ്ങനെതന്നെ. (പോയി)

(അനന്തരം വിദൂഷകനോടും ദ്വാരപാലികയോടും കൂടി പശ്ചാത്താപത്തിനു ചേർന്ന വേഷത്തിൽ രാജാവു് പ്രവേശിക്കുന്നു.)

കഞ്ചുകി:
(രാജാവിനെ നോക്കിയിട്ടു്) വിശേഷപ്പെട്ട ആകൃതികൾ ഏതൊരവസ്ഥയിലും രമണീയമായിത്തന്നെ ഇരിക്കും. എന്തൊരാശ്ചര്യം! ഇത്രയൊക്കെ കുണ്ഠിതം ഇരുന്നിട്ടും തിരുമേനിയിൽ കാഴ്ചയ്ക്കു് യാതൊരു കൗതുകക്കുറവുമില്ല.

സ്വർണ്ണക്കൈവളയൊന്നുമാത്രമുടലിൽശേഷിച്ചു തേ ഭൂഷയായ്;

കണ്ണും താണിതുറക്കൊഴിഞ്ഞു; വിളറീനിശ്ശ്വാസമേറ്റോഷ്ഠവും;

എന്നാൽ, ക്ഷീണതയൊന്നുമേ സഹജമായ്-ത്തിങ്ങുന്ന തേജസ്സിനാൽ

തോന്നിക്കുന്നതുമില്ല; ഭൂപനുരവിൽ-ത്തേയുംമണിക്കൊപ്പമായ്. 6

സാനുമതി:
തന്നെ ആട്ടിക്കളഞ്ഞു് അപമാനിച്ചിട്ടും ഇദ്ദേഹത്തിനെപറ്റി ശകുന്തള ക്ലേശിക്കുന്നതു് യുക്തം തന്ന.
രാജാവു്:
(മനോവിചാരം കൊണ്ടു് ചുറ്റിനടന്നിട്ടു്)

കന്നൽമിഴി വന്നു താനെ

മുന്നമുണർത്തീട്ടുമന്നുറങ്ങി ബലാത്;

ഇന്നോ പശ്ചാത്താപം

തോന്നുവതിന്നായുണർന്നു ഹതഹൃദയം! 7

സാനുമതി:
ആഹാ! ഇങ്ങനെയൊക്കെയാണു് ആ പാവപ്പെട്ട ശകുന്തളയുടെ യോഗം!
വിദൂഷകൻ:
(വിചാരം) ഇദ്ദേഹത്തിന്നു് പിന്നേയും ആ ശകുന്തളാവ്യാധി പിടികൂടിയല്ലോ. ഇനി എങ്ങനെയാണു് ചികിത്സിക്കേണ്ടതെന്നറിഞ്ഞില്ല.
കഞ്ചുകി:
(അടുത്തു് ചെന്നു്) മഹാരാജാവിനു് വിജയം! ഉദ്യാനപ്രദേശമെല്ലാം ഞാൻ പരിശോധിച്ചിരിക്കുന്നു; തിരുമനസ്സുപോലെ എവിടെയെങ്കിലും എഴുന്നള്ളിയിരുന്നു് വിനോദിക്കാം.
രാജാവു്:
വേത്രവതി, നമ്മുടെ മന്ത്രി ആര്യപിശുനനോടു് ഞാൻ പറഞ്ഞതായി ഇങ്ങനെ ചെന്നു് പറയണം; “ഇന്നുറക്കച്ചടവുകൊണ്ടു് ധർമ്മാസനത്തിൽ വന്നിരുന്നു് കാര്യങ്ങൾ അന്വേഷിക്കുന്നതിനു് തരപ്പെടുമെന്നു് തോന്നുന്നില്ല. അങ്ങുതന്നെ പൗരകാര്യങ്ങൾ വിചാരണ ചെയ്തു് എഴുത്തുമുഖേന തെര്യപ്പെടുത്തണം എന്നു്”
ദ്വാരപാലിക:
കല്പനപോലെ. (പോയി)
രാജാവു്:
വാതായന, താനും ജോലിക്കു് പോയ്ക്കൊള്ളു.
കഞ്ചുകി:
സ്വാമിയുടെ കല്പന. (പോയി)
വിദൂഷകൻ:
അങ്ങു് ഈച്ചകളെയെല്ലാം ഓടിച്ചുകളഞ്ഞു. ഇനി ശിശിരകാലത്തിന്റെ ബാധ നീങ്ങി രമണീയമായിരിക്കുന്ന ഈ ഉദ്യാനത്തിലിരുന്നു് വിനോദിക്കാം.
രാജാവു്:
(നെടുവീർപ്പു് വിട്ടിട്ടു്) അനർത്ഥങ്ങളെല്ലാം തരംനോക്കി വന്നു് കൂടും എന്നു് പറയാറുള്ളതു് പരമാർത്ഥമാണു്. നോക്കൂ.

മുനിതനയയെ വേട്ടരോർമ്മപോക്കും

മലിനതയെന്റെ മനസ്സിൽനിന്നു നീങ്ങി;

കുലചിലയിലണച്ചു ചൂതബാണം

മലർശരനും പ്രഹരിപ്പതിന്നൊരുങ്ങി.8

വിദൂഷകൻ:
സ്വാമി, കുറച്ചു് ക്ഷമിക്കണം. ഞാൻ ഈ തടിക്കമ്പുകൊണ്ടു് കാമബാണങ്ങളെ ഒക്കെ തുലച്ചേക്കാം.
രാജാവു്:
(ചിരിച്ചുംകൊണ്ടു്) ഇരിക്കട്ടെ, അങ്ങേ, ബ്രാഹ്മണതേജസ്സെല്ലാം കണ്ടു. ഇനി എവിടെയിരുന്നാണു് ഞാൻ പ്രിയതമയോടു് അല്പം സാമ്യമുള്ള ലതകളെ നോക്കി കണ്ണുകളെ ആശ്വസിപ്പിക്കേണ്ടതു്?
വിദൂഷകൻ:
“ഈ സമയം എന്റെ ഇരിപ്പു് മാധവീമണ്ഡപത്തിലായിരിക്കും. ഞാൻ തനിയേ എഴുതിയിട്ടുള്ള ശകുന്തളയുടെ പടം അവിടെ കൊണ്ടുവരേണം” എന്നു് തോഴർ വിശ്വസ്ത പരിചാരികയായ ചതുരികയോടു് മുമ്പു പറയുകയുണ്ടായല്ലോ?
രാജാവു്:
അതുതന്നെയാണു് നമുക്കു് ഇപ്പോൾ വിനോദത്തിനു് നല്ല സ്ഥലം. അങ്ങോട്ടു് പോകാം. മുമ്പേ നടക്കൂ.
വിദൂഷകൻ:
ഇങ്ങനെ എഴുന്നള്ളാം.

(രണ്ടു് പേരും ചുറ്റി നടക്കുന്നു. സാനുമതി പിന്നാലേ പോകുന്നു.)

വിദൂഷകൻ:
ഇതാ സ്ഫടികത്തറയുള്ള മാധവീമണ്ഡപം; ഒരുക്കങ്ങളുടെ ജാത്യംകൊണ്ടു് ഇതു് സ്വാഗതം പറഞ്ഞു നമ്മെ ആദരിക്കുന്നതുപോലെ തോന്നുന്നു; ചെന്നു കയറി ഇരിക്കതന്നെ.

(രണ്ടു് പേരും കയറി സ്ഫടികത്തറയിൽ ഇരിക്കുന്നു.)

സാനുമതി:
ഈ വള്ളിക്കുടിലിൽ പ്രവേശിച്ചു സഖിയുടെ പടം നോക്കാം. പിന്നെ ചെന്നു ഭർത്താവിന്റെ പലവഴിയായുള്ള അനുരാഗം അവളെ ഗ്രഹിപ്പിക്കാം. (അപ്രകാരം നിൽക്കുന്നു.)
രാജാവു്:
തോഴരേ, ശകുന്തളയുടെ പ്രഥമവൃത്താന്തമെല്ലാം ഇപ്പോൾ എനിക്കു് ഓർമ്മ വരുന്നു. അങ്ങേ അടുക്കൽ പറഞ്ഞിട്ടും ഉണ്ടു്; പക്ഷേ, ഉപേക്ഷിക്കുന്ന സമയം അങ്ങു! എന്റെ സമീപത്തിൽ ഇല്ലാതെപോയി. എന്നാൽ അതിന്നുമുൻപു് ഒരിക്കലെങ്കിലും ശ്രീമതിയുടെ പേർ അങ്ങു് പ്രസങ്ഗിക്കുകയുണ്ടായില്ല. (വിചാരപ്പെട്ടു്) എന്നെപ്പോലെ അങ്ങും മറന്നിരിക്കാം, അല്ലേ?
വിദൂഷകൻ:
മറന്നതല്ല, പക്ഷേ, അന്നു് തോഴർ എല്ലാം പറഞ്ഞിട്ടു് ഒടുവിൽ നേരംപോക്കു് സംസാരിച്ചതാണു്; കാര്യമല്ല എന്നുംകൂടി പറയുകയുണ്ടായി. എന്റെ മണ്ട മൺകട്ടയാകയാൽ ഞാൻ അതു് പറഞ്ഞപോലെതന്നെ ഗ്രഹിച്ചു. അല്ലെങ്കിൽ വരാനുള്ളതു് തടുത്തുകൂടല്ലോ.
സാനുമതി:
അങ്ങനെതന്നെ.
രാജാവു്:
(വിചാരമഗ്നനായിട്ടു്) തോഴരേ, താങ്ങിക്കൊള്ളണേ!
വിദൂഷകൻ:
ഏ! എന്തു് കഥ! ഈ മട്ടു് അങ്ങേയ്ക്കു് യുക്തമല്ല; മഹാപുരുഷന്മാർക്കു് ഒരിക്കലും ശോച്യാവസ്ഥ വന്നുകൂടാ; കൊടുങ്കാറ്റിലും കുന്നിളകുമോ?
രാജാവു്:
തോഴരേ, നിരാകരണകാലത്തിൽ കുഴങ്ങിവശമായപ്പോൾ പ്രിയതമയ്ക്കുണ്ടായ ആ ഒരവസ്ഥയെ ഓർത്തിട്ടു് ഞാൻ വല്ലാതെ ശരണംകെടുന്നു.

ഏൽക്കാഞ്ഞിട്ടിഹ ബാന്ധവാനുഗമനംവാഞ്ഛിക്കവേ നില്ക്കയേ-

ന്നൂക്കോടഗ്ഗുരുതുല്യനായ ഗുരുവിൻ ശിഷ്യൻ ശഠിക്കും വിധൗ

ഈ ക്രൂരങ്കലുദശ്രുവായവളുഴ-ന്നർപ്പിച്ചോരദ്ദൃഷ്ടിയി-

ന്നുൾക്കാമ്പിന്നു വിഷോഗ്രശല്യമതുപോ-ലേകന്നു താപോത്കരം. 9

സാനുമതി:
ആശ്ചര്യം തന്നെ! സ്വാർത്ഥം ഇത്രത്തോളം വരുമല്ലോ! ഇദ്ദേഹത്തിന്റെ സന്താപം കണ്ടു് ഞാൻ രസിക്കുന്നു.
വിദൂഷകൻ:
തോഴരേ, എനിക്കു് തോന്നുന്നു, വല്ല ആകാശചാരികളും ശ്രീമതിയെ കൊണ്ടുപോയിരിക്കണം എന്നു്.
രാജാവു്:
പതിവ്രതയായ അവളെ മറ്റാർക്കു് തൊടാൻ കഴിയും? മേനകയാണു് അവളുടെ മാതാവെന്നു് ഞാൻ കേട്ടിട്ടുണ്ടു്. ആ വർഗ്ഗത്തിൽ ആരെങ്കിലും കൊണ്ടുപോയിരിക്കണമെന്നാണു് എന്റെ ശങ്ക.
സാനുമതി:
മറന്നതിലാണു് വിസ്മയം, ഓർത്തതിലല്ല.
വിദൂഷകൻ:
അങ്ങനെയാണെങ്കിൽ എന്നെങ്കിലും ശ്രീമതിയുടെ സമാഗമത്തിന്നു് സങ്ഗതിയുണ്ടു്.
രാജാവു്:
എങ്ങനെ?
വിദൂഷകൻ:
പുത്രി ഭർത്തൃവിയോഗ ദുഃഖമനുഭവിക്കുന്നതു കണ്ടുകൊണ്ടു് മാതാപിതാക്കന്മാർ ഏറേക്കാലം മിണ്ടാതിരിക്കയില്ല.
രാജാവു്:
സഖേ?

സ്വപ്നവൃത്താന്തമോ? മായ-യിൽക്കണ്ടതോ? ഭ്രാന്തിയോ?

സ്വല്പപുണ്യം സ്വമാത്രാ- നുരൂപം ഫലംചെയ്തതോ?

അസ്സമാചാരമപ്പോയ- പോക്കോടെതാൻ പോയി പി-

ന്നിസ്സമാധാനമാശയ്ക്കു-മെത്താത്തൊരഗ്രത്തിലാം.10

വിദൂഷകൻ:
അങ്ങനെ പറയരുതു്; വരാനുള്ളതു് ഏതു് വഴിയിലും വന്നുചേരുമെന്നുള്ളതിലേക്കു് ഈ മോതിരംതന്നെ ഒരു ദൃഷ്ടാന്തം ആണല്ലോ.
രാജാവു്:
കഷ്ടം! ഈ മോതിരത്തിന്റെ അവസ്ഥ ശോചനീയമായിരിക്കുന്നു. അസുലഭമായ പദവിയെ വഹിച്ചിട്ടു് ഇതിനു് സ്ഥാനഭ്രംശം വന്നുവല്ലോ.

സുകൃതഫലമെനിക്കു വന്നപോലേസുകൃശത, മോതിരമേ; നിനക്കുമാർന്നൂ!

അരുണനഖമണിഞ്ഞൊരോമലാളിൻ വിരലിലണഞ്ഞ പദം വെടിഞ്ഞുതേ നീ 11

സാനുമതി:
മറ്റൊരാളുടെ കൈയ്യിലാണു് കിട്ടിയതെങ്കിൽ സത്യമായി ശോചനീയം തന്നെ.
വിദൂഷകൻ:
തോഴരെ, എന്തു പ്രസക്തിയിലാണു് സ്വനാമ മുദ്രയുള്ള മോതിരം ശ്രീമതിക്കു് കൊടുക്കുകയുണ്ടായതു്?
സാനുമതി:
എനിക്കു് തോന്നിയ കൗതുകം ഇയാൾക്കുമുണ്ടായി.
രാജാവു്:
കേട്ടുകൊള്ളൂ. നഗരത്തിലേക്കു് പുറപ്പെടുന്ന സമയം പ്രിയതമ കരഞ്ഞുകൊണ്ടു് ‘എന്നെ ആര്യപുത്രൻ എന്നത്തേക്കു് വരുത്തും’ എന്നു ചോദിച്ചു.
വിദൂഷകൻ:
എന്നിട്ടോ?
രാജാവു്:
പിന്നെ ഞാൻ ഈ മുദ്രമോതിരം അവളുടെ വിരലിൽ ഇടുവിച്ചുകൊണ്ടു് ഉത്തരം പറഞ്ഞു:

എൻനാമമുദ്രയിതിലെണ്ണുക വർണ്ണമോരോ-

ന്നെന്നും മുറയ്ക്കതു കഴിഞ്ഞു വരുമ്പൊഴേക്കും

എന്നോമലാൾക്കരമനയ്ക്കു വരുന്നതിനു

വന്നെത്തുമാളുകളകമ്പടിയോടുമെന്നു്. 12

അതും നിഷ്കണ്ടകനായ ഈ ഞാൻ ബുദ്ധിമോഹംനിമിത്തം അനുഷ്ഠിച്ചില്ലല്ലോ!

സാനുമതി:
സരസമായ അവധി വിധി തെറ്റിച്ചുകളഞ്ഞു.
വിദൂഷകൻ:
എന്നാൽ, പിന്നെ ഇതു് ചെമ്മീനിന്റെ വയറിൽപ്പോകാനും, മുക്കോന്റെ കൈയ്യിൽകിട്ടാനും ഇടയെന്തു്?
രാജാവു്:
ശചീതീർത്ഥം വന്ദിക്കുമ്പോൾ അങ്ങേ തോഴിയുടെ കൈയ്യിൽനിന്നു് ഊരി ഗംഗയിൽ വീണതാണു്.
വിദൂഷകൻ:
എല്ലാം യോജിക്കുന്നുണ്ടു്!
സാനുമതി:
അതുകൊണ്ടുതന്നെയാണു് ആ പാവപ്പെട്ട ശകുന്തളയെ വിവാഹം ചെയ്ത സങ്ഗതിയിൽ അധർമ്മഭീരുവായ ഇദ്ദേഹത്തിനു് സംശയം ജനിച്ചതു്. അഥവാ, ഇത്രമാത്രം അനുരാഗമുള്ള സ്ഥിതിക്കു് അടയാളം കണ്ടു് വേണോ ഓർമ്മിക്കാൻ? ഇതെങ്ങനെയാണു്?
രാജാവു്:
ഈ മോതിരത്തെത്തന്നെ ഒന്നു് ശകാരിക്കട്ടേ!
വിദൂഷകൻ:
(വിചാരം) ഇദ്ദേഹം ഭ്രാന്തിന്റെ വഴിക്കു് പുറപ്പെട്ടു.
രാജാവു്:
മോതിരമേ,

ചന്തത്തിന്നൊത്ത വിരലേന്തിടുമക്കരം വി-

ട്ടെന്തിന്നു നീ സലിലപൂരമതിൽപ്പതിച്ചു?

അഥവാ,

ചിന്തിക്കയില്ല ജഡവസ്തു ഗുണങ്ങളൊന്നും;

ഞാൻ തന്നെ കാന്തയെ വെടിഞ്ഞതിനെന്തു ബന്ധം? 13

വിദൂഷകൻ:
(വിചാരം) വിശപ്പു് എന്നെ കടിച്ചുതിന്നാറായി.
രാജാവു്:
കാരണം കൂടാതെ തള്ളിക്കളഞ്ഞിട്ടു് പശ്ചാത്തപിക്കുന്ന എന്റെ പേരിൽ ദയവുചെയ്തു് കാണ്മാൻ സങ്ഗതിയാക്കിത്തരണേ!
ചതുരിക:
(തനിയെ തിര മാറ്റികൊണ്ടു് ബദ്ധപ്പെട്ടു് പ്രവേശിച്ചു്) ഇതാ, ചിത്രത്തിലുള്ള പൊന്നു് തമ്പുരാട്ടി! (ചിത്രം കാണിക്കുന്നു.)
വിദൂഷകൻ:
(നോക്കിയിട്ടു്) തോഴരെ, രസികനായി ചിത്രം! ആ സ്തോഭവും, ആ നിലയും എല്ലാം വളരെ യോജിച്ചു. താണും, പൊങ്ങിയുമുള്ള ഭാഗങ്ങളിൽ എന്റെ കണ്ണു് ഇടറുന്നതുപോലെ തോന്നുന്നു.
സാനുമതി:
അമ്പ! ഈ രാജർഷിയുടെ സാമർത്ഥ്യം കേമം തന്നെ. എനിക്കു് സഖി മുമ്പിൽ വന്നു് നിൽക്കുന്നതുപോലെ തോന്നുന്നു.
രാജാവു്:

ചിത്രത്തിൽ ചെയ്യുമാറുണ്ടു്

ചേരാത്തതു ചെലുത്തുക;

ചേലവൾക്കുള്ളതോ ചേർന്നു

ചെറ്റുതാൻ ഞാൻ കുറിച്ചതിൽ. 14

സാനുമതി:
പശ്ചാത്താപംകൊണ്ടു് അധികപ്പെട്ടിരിക്കുന്ന സ്നേഹത്തിനും അഹംഭാവമില്ലാത്ത പ്രകൃതിക്കും ഉചിതമായിട്ടാണു് ഇപ്പറഞ്ഞതു്.
വിദൂഷകൻ:
തോഴരേ, ഇവിടെ മൂന്നുപേരെക്കാണാനുണ്ടു്. എല്ലാവരും കണ്ടാൽ കൊള്ളാവുന്നവരുമാണു്. ഇതിൽ ഏതാണു് ശ്രീമതി ശകുന്തള?
സാനുമതി:
ഇത്രമാത്രം സൗന്ദര്യമുള്ള ആകൃതി കണ്ടു് തിരിച്ചറിയുവാൻ വയ്യാത്ത ഇവനു് കണ്ണുകൊണ്ടു് പ്രയോജനമില്ല.
രാജാവു്:
ഏതെന്നാണു് അങ്ങേക്കു് തോന്നുന്നതു്?
വിദൂഷകൻ:
എനിക്കു് തോന്നുന്നതു് തലമുടിയുടെ കെട്ടഴിഞ്ഞു് ഉള്ളിലിരിക്കുന്ന മാല വെളിയിൽ പുറപ്പെട്ടു് മുഖത്തു് വിയർപ്പുതുള്ളികൾ പൊടിച്ചും, തോളുകൾ തളർന്നു് ഭുജങ്ങൾ താഴ്‌ന്നും, കുറഞ്ഞൊന്നു് ക്ഷീണിച്ച ഭാവത്തിൽ നനവുതട്ടിത്തിളങ്ങുന്ന ഇളംതളിരുകൾ നിറഞ്ഞ തേന്മാവിന്റെ അരികിലായി എഴുതിയിരിക്കുന്നതു് തത്രഭവതി ശകുന്തളയെന്നും, മറ്റവർ രണ്ടുപേരും സഖിമാരെന്നുമാണു്.
രാജാവു്:
അങ്ങു് ബുദ്ധിമാനാണു്. എനിക്കുണ്ടായ മനോവികാരങ്ങളുടെ ചിഹ്നങ്ങളും ഇതിൽ കാണുന്നുണ്ടു്.

വരകൾക്കരികിൽ വിയർത്തൊരു

വിരലിൻ മാലിന്യമുണ്ടു കാണുന്നു;

ചെറുതായ് ചായം വീർത്തി-

ട്ടറിയാം കണ്ണീർ പതിച്ചിതു കവിളിൽ. 15

ചതുരികേ, എനിക്കു് വിനോദനോപായമായ ഈ ചിത്രം പൂർത്തിയാക്കിക്കഴിഞ്ഞില്ല; തൂലിക ചെന്നെടുത്തുകൊണ്ടു വരൂ.

ചതുരിക:
ആര്യ മാഢവ്യ, ചിത്രപ്പലക പിടിച്ചുകൊള്ളേണേ! ഞാൻ പോയി വരട്ടെ?
രാജാവു്:
ഞാൻ തന്നെ വെച്ചുകൊള്ളാം. (പടം വാങ്ങുന്നു.) (ചതുരിക പോയി)
രാജാവു്:

നേരെ സമക്ഷമിഹ വന്നൊരു കാന്തയാളെ-

ദ്ദൂരെ ത്യജിച്ചു പടമേറ്റി രസിക്കുമീ ഞാൻ

നീരോട്ടമുള്ള പുഴയൊന്നു കടന്നുവന്നി-

ട്ടാരാഞ്ഞിടുന്നു ബത, കാനൽജലം കുടിപ്പാൻ.

16

വിദൂഷകൻ:
(വിചാരം) ഇതൊത്തു; ഇദ്ദേഹം ഇപ്പോൾ നദി കടന്നുവന്നു് കാനൽവെള്ളം തേടുകയാണു്. (വെളിവായിട്ടു്) തോഴരേ, ഇനി എന്താണിതിൽ എഴുതാനുള്ളതു് ?
രാജാവു്:
കേട്ടുകൊള്ളൂ:

ചാലെ മാലിനിയും, മരാളമിഥുനം വാഴും മണൽത്തിട്ടയും,

ചോലയ്ക്കപ്പുറമായ് മൃഗങ്ങൾ നിറയുംശൈലേന്ദ്രപാദങ്ങളും;

ചീരം ചാർത്തിന വൃക്ഷമൊന്നതിനിട-യ്ക്കായിട്ടു കാന്തന്റെ മെയ്

ചാരിക്കൊമ്പിലിടത്തുകണ്ണുരസുമാമാൻപേടയും വേണ്ടതാം. 17

വിദൂഷകൻ:
(വിചാരം) എന്റെ പക്ഷം, താടിക്കാരന്മാരായ മഹർഷിമാരുടെ കൂട്ടം കൊണ്ടു് ചിത്രം നിറയ്ക്കാമെന്നാണു്.
രാജാവു്:
തോഴരെ! ഇനി ഒന്നു് കൂടിയുണ്ടു്; ശകുന്തളയുടെ അലങ്കാരങ്ങളിൽച്ചിലതു് എഴുതാൻ വിട്ടുപോയി.
വിദൂഷകൻ:
അതെന്താണാവോ?
സാനുമതി:
സഖിയുടെ വനവാസത്തിനും സൗന്ദര്യത്തിനും ഉചിതമായിട്ടെന്തെങ്കിലും ആയിരിക്കണം.
രാജാവു്:

ചെവിക്കു ചേർത്തില്ല കവിൾത്തടംവരെ-

ക്കവിഞ്ഞു നിൽക്കുന്ന ശിരീഷഭൂഷണം;

അണച്ചിടേണം ശരദിന്ദുസുന്ദരം

മൃണാളനാളം കുളുർകൊങ്കയിങ്കലും. 18

വിദൂഷകൻ:
ശ്രീമതി എന്താണു് ചെന്താരുപോലെ ശോഭിക്കുന്ന കൈ മുഖത്തിന്നുനേരെ പിടിച്ചു് ഭയപ്പെട്ട ഭാവത്തിൽ നിൽക്കുന്നതു് ? (സൂക്ഷിച്ചു നോക്കീട്ടു്) ആ ഇതാ, ഒരു പൂന്തേൻ കവരുന്ന കള്ളൻ, അസത്തു വണ്ടു ചെന്നു ശ്രീമതിയുടെ മുഖാരവിന്ദത്തെ ആക്രമിക്കുന്നു.
രാജാവു്:
ആ അധികപ്രസങ്ഗിയെ തടുക്കൂ.
വിദൂഷകൻ:
അവിനയം പ്രവർത്തിക്കുന്നവരെ ശാസിക്കുന്ന അങ്ങു് വിചാരിച്ചാലേ ഇവനെ തടയാൻ കഴികയുള്ളു!
രാജാവു്:
ശരിതന്നെ, എടോ വണ്ടേ! പൂച്ചെടികൾക്കു പ്രിയപ്പെട്ട വിരുന്നുകാരനായ നീ എന്തിവിടെ പറന്നുനടക്കുന്നു? ശ്രമപ്പെടുന്നു?

നിന്നുടെ വല്ലഭ മലരതി-

ലുന്നതതൃഷപൂണ്ടുതാനിരുന്നിട്ടും

നന്മധു നുകരാതെ ചിരം

നിന്നെയിതാ കാത്തിരുന്നു കേഴുന്നു.19

സാനുമതി:
വണ്ടിനെ വിലക്കിയതു് രാജാവിന്റെ അന്തസ്സിന്നു് യോജിച്ചു.
വിദൂഷകൻ:
തടുത്താലും ഒഴിഞ്ഞു മാറാത്ത വർഗ്ഗമാണിതു്.
രാജാവു്:
അത്രയ്ക്കായോ? എന്റെ ശാസനം കേൾക്കുകയില്ലേ? എന്നാൽ കണ്ടോ!

ഞാൻ തന്നെയന്നു കനിവെന്യെനുകർന്നിടാത്ത

കാന്താധരോഷ്ഠമിതിളംതളിരിന്നു തുല്യം

തൊട്ടെങ്കിലിന്നു ശഠ, ഭൃങ്ഗ, പിടിച്ചു നിന്നെ

ക്കെട്ടിസ്സരോജമുകുളത്തിലകപ്പെടുത്തും. 20

വിദൂഷകൻ:
ഈ കഠിന ശിക്ഷക്കവൻ ഭയപ്പെടുകയില്ലയോ? (ചിരിച്ചിട്ടു്, വിചാരം) ഇദ്ദേഹമോ ഭ്രാന്തനായി; ഞാനും സംസർഗ്ഗംകൊണ്ടു് ആ മട്ടിലായിരിക്കുന്നു. (വെളിവായിട്ടു്) ഓഹോയി! ഇതാ! ഇതു് പടമാണു്.
രാജാവു്:
എന്തു്?
സാനുമതി:
എനിക്കുകൂടി ഇതുവരെ ചിത്രമെന്നുള്ള വിചാരം ഉണ്ടായിരുന്നില്ല. പിന്നെയാണോ അനുഭവപ്രത്യക്ഷമുള്ള ഇദ്ദേഹത്തിനു്?
രാജാവു്:
തോഴർ എന്തിനാണു് ഈ ദുസ്സാമർത്ഥ്യം കാട്ടിയതു്?

സമക്ഷമായ്ക്കാണുകിലെന്നപോലെ ഞാൻ

സമാധിമൂലം സുഖമാർന്നിരിക്കവേ,

ഭ്രമം കളഞ്ഞെന്തിനു ചിത്രമാക്കി നീ

ചമച്ചുവീണ്ടും കമലായതാക്ഷിയേ? 21

(കണ്ണീരു തൂകുന്നു.)

സാനുമതി:
ഈ വിരഹത്തിന്റെ മട്ടു് പൂർവാപരവിരോധം കൊണ്ടു് അപൂർവമായിരിക്കുന്നു.
രാജാവു്:
മാഢവ്യാ, ഇടവിടാതെയുള്ള ഈ ദുഃഖം ഞാൻ എങ്ങനെയാണു് സഹിക്കേണ്ടതു്?

കിനാവിൽദ്ദർശനം നിദ്രാ-

വിനാശത്താലപൂർവമാം;

കാണ്മാൻ പടത്തിലോ പിന്നെ-

സ്സമ്മതിക്കില്ല കണ്ണുനീർ. 22

സാനുമതി:
ഉപേക്ഷിച്ചതുകൊണ്ടുള്ള ദുഃഖം ശകുന്തളയുടെ ഹൃദയത്തിൽനിന്നു് അങ്ങിപ്പോൾ നിശ്ശേഷം തുടച്ചുകളഞ്ഞു.
ചതുരിക:
(പ്രവേശിച്ചിട്ടു്) പൊന്നുതമ്പുരാനു് വിജയം! അടിയൻ തൂലികപ്പെട്ടി എടുത്തുകൊണ്ടു് ഇങ്ങോട്ടു് വരികയായിരുന്നു.
രാജാവു്:
അപ്പോഴോ?
ചതുരിക:
വഴിയിൽ വെച്ചു് പിംഗളികയോടുംകൂടി ഇങ്ങോട്ടെഴുന്നള്ളുന്ന വസുമതീദേവി തിരുമനസ്സുകൊണ്ടു് “ഞാൻതന്നെ ആര്യപുത്രന്റെ കൈയ്യിൽകൊണ്ടുചെന്നു് കൊടുത്തുകൊള്ളാം” എന്നു കല്പിച്ചു പെട്ടി അടിയന്റെ കൈയിൽനിന്നും പിടിച്ചുപറിച്ചു.
വിദൂഷകൻ:
നിന്നെ വിട്ടേച്ചതു് ഭാഗ്യമായി.
ചതുരിക:
ദേവിതിരുമനസ്സിലെ ഉത്തരീയം ചെടിയിൽകൊണ്ടുടക്കിയതു് പിംഗളിക വിടുവിക്കുന്ന തരംനോക്കി ഞാൻ കടന്നുകളഞ്ഞു.
രാജാവു്:
തോഴരേ, ദേവി ഇങ്ങോട്ടു വരും; ഞാൻ ബഹുമാനിക്കുന്നതുകൊണ്ടു് ഇപ്പോൾ കുറെ ഗർവ്വുമുണ്ടു്. ഈ പടം തോഴർ സൂക്ഷിച്ചു കൊള്ളൂ.
വിദൂഷകൻ:
‘അവനവനെ’ എന്നുവേണം കല്പിക്കാൻ. (പടം എടുത്തുകൊണ്ടു് എഴുന്നേറ്റു്) ദേവിയുമായുള്ള ശണ്ഠയിൽ അങ്ങേക്കു് മോചനം കിട്ടുകയാണെങ്കിൽ എന്നെ വിളിച്ചേക്കണം. ഞാൻ മേഘപ്രതിച്ഛന്ദ മാളികയിലുണ്ടാകും. (ഓടിപ്പോയി)
സാനുമതി:
തൽക്കാലം മനസ്സു് മറ്റൊരാളിൽ പ്രവേശിച്ചിരിക്കയാണെങ്കിലും മുമ്പുള്ള ആളെ മാനിക്കുന്ന ഇദ്ദേഹം സ്നേഹവിഷയത്തിൽ സ്ഥിരതയുള്ളവനാണു്.
ദ്വാരപാലിക:
(എഴുത്തുംകൊണ്ടു് പ്രവേശിച്ചിട്ടു്) തമ്പുരാനു് വിജയം!
രാജാവു്:
വേത്രവതി, നീ വരും വഴി ദേവിയെ കാണുകയുണ്ടായില്ലേ?
ദ്വാരപാലിക:
ഉവ്വു്, കണ്ടു; പക്ഷേ, അടിയന്റെ കൈയിൽ ഈ എഴുത്തിരിക്കുന്നതുകണ്ടിട്ടു് തിരുമനസ്സുകൊണ്ടു് മടങ്ങിയെഴുന്നള്ളി.
രാജാവു്:
ദേവി നല്ല വിവരമുള്ള ആളാണു്; കാര്യവിഘ്നത്തിനിടയാക്കാതെ സൂക്ഷിക്കും.
ദ്വാരപാലിക:
അമാത്യൻ ഉണർത്തിക്കുന്നു: “പല ഇനങ്ങളിലായിട്ടു മുതൽ തിട്ടംവരുത്തുന്നതിനു് കണക്കുകൾ പരിശോധിക്കേണ്ടതുണ്ടായിരുന്നു; അതിനാൽ പൗരകാര്യങ്ങളിൽ ഒന്നു മാത്രമെ ഇന്നു വിചാരണ ചെയ്തുള്ളു. അതിന്റെ വിവരം ഈ എഴുത്തിൽ കാണിച്ചിട്ടുള്ളതു് തൃക്കൺ പാർക്കണം” എന്നു്.
രാജാവു്:
എഴുത്തു് ഇങ്ങോട്ടു കാണിക്കൂ! (ദ്വാരപാലിക എഴുത്തു കാണിക്കുന്നു.) (വായിച്ചിട്ടു്) എന്തു്? ‘സമുദ്രവ്യാപാരികളുടെ നായകനായ ധനമിത്രൻ കപ്പൽച്ചേതത്തിൽ മരിച്ചുപോയി. ആ സാധുവിന്നു് സന്തതിയുമില്ല; അവന്റെ സ്വത്തെല്ലാം പണ്ടാരവകയ്ക്കു് ചേരേണ്ടതാണു്’ എന്നു് അമാത്യൻ എഴുതിയിരിക്കുന്നു. (വിഷാദത്തോടുകൂടി) സന്തതിയില്ലാതെ പോകുന്നതു് കഷ്ടം തന്നെ! (ദ്വാരപാലികയോടു്) വേത്രവതി, ധനവാൻ ആയിരുന്നതിനാൽ അയാൾക്കു് അനേകം ഭാര്യമാർ ഇരുന്നിരിക്കണം. അവരിൽ ആരെങ്കിലും ഇപ്പോൾ ഗർഭം ധരിച്ചവരായിട്ടെങ്കിലും ഉണ്ടോ എന്നു് വിചാരണ ചെയ്യണം.
ദ്വാരപാലിക:
അദ്ദേഹത്തിന്റെ ഭാര്യമാരിൽ അയോദ്ധ്യക്കാരൻ ചെട്ടിയാരുടെ മകൾക്കു് ഈയിടെ പുംസവനം[18] നടന്നതായി കേൾവിയുണ്ടു്.
രാജാവു്:
എന്നാൽ ഗർഭത്തിലിരിക്കുന്ന ആ കുട്ടി, അച്ഛന്റെ സ്വത്തിനവകാശിയാണല്ലോ. ഈ വിവരം അമാത്യനോടു് ചെന്നു് പറയുക.
വേത്രവതി:
കല്പനപോലെ (പുറപ്പടുന്നു)
രാജാവു്:
വരട്ടെ. ഇവിടെ വരൂ!
വേത്രവതി:
അടിയൻ!
രാജാവു്:
സന്തതി ഉണ്ടെങ്കിലെന്തു്? ഇല്ലെങ്കിലെന്തു്?

ചേതപ്പെടുന്നു മാലോകർ-

ക്കേതേതു നിജബാന്ധവർ

അതാതായിട്ടു ദുഷ്ഷന്ത-

നുതകും ചതിയെന്നിയെ 23

എന്നു വിളംബരം ചെയ്യട്ടെ!

വേത്രവതി:
ഇങ്ങനെ വിളിച്ചറിയിക്കാൻ പറയാം. (പോയി തിരികെ വന്നിട്ടു്) കാലത്തിലുണ്ടായ മഴപോലെ തിരുമനസ്സിലെ കല്പന അമാത്യൻ അഭിനന്ദിച്ചു.
രാജാവു്:
(നെടുവീർപ്പുവിട്ടിട്ടു്) ഛേ! ഇങ്ങനെയാണല്ലോ സന്തതിയറ്റു് അവകാശിയില്ലാതെവരുമ്പോൾ സ്വത്തുകൾ അന്യരിൽ ചെന്നുചേരുന്നതു്! എന്റെ പില്ക്കാലം പൂരുവംശശ്രീയ്ക്കും ഇതുതന്നെ ഗതി.
വേത്രവതി:
ഈ വിധം അമങ്ഗലവാക്കു് ഒരിക്കലും കല്പിക്കരുതു്. ദൈവം തുണയ്ക്കട്ടെ!
രാജാവു്:
കൈവന്ന ശ്രേയസ്സിനെ അവമാനിച്ച പാപിയാണല്ലോ ഞാൻ
സാനുമതി:
സംശയമില്ലാ; സഖിയെത്തന്നെ ഊന്നി ഇദ്ദേഹം ആത്മനിന്ദ ചെയ്കയാണു്.
രാജാവു്:

സന്താനമുൾക്കൊണ്ടു കുലപ്രതിഷ്ഠ-

യ്ക്കൂന്നായൊരപ്പത്നിയെ ഞാൻ വെടിഞ്ഞേൻ!

മെത്തും ഫലത്തിന്നുതകുന്ന ഭൂമി

വിത്തും വിതച്ചൊട്ടൊഴിയുന്നപോലെ. 24

സാനുമതി:
സന്തച്ഛേദം അങ്ങേക്കു് ഒരിയ്ക്കലും വരികയില്ല.
ചതുരിക:
(വേത്രവതിയോടു സ്വകാര്യമായിട്ടു്) ഈ വ്യാപാരിയുടെ സങ്ഗതികൊണ്ടു് തമ്പുരാന്നു് പശ്ചാത്താപം ഇരട്ടിച്ചിരിക്കയാണു്. തിരുമനസ്സിലേക്കു് ആശ്വാസം വരുവാൻ മേഘമാളികയിൽച്ചെന്നു് ആര്യമാഢവ്യനെ കൂട്ടിക്കൊണ്ടുവരൂ.
വേത്രവതി:
നീ പറഞ്ഞതു് ശരിയാണു്. (പോയി)
രാജാവു്:
ദുഷ്ഷന്തന്റെ കൈകൊണ്ടു് പിണ്ഡം വാങ്ങുന്നവരുടെ കഥ പരുങ്ങലിലായി.

ഇക്കാലമെന്നുടെ പിതൃക്കൾ നിവാപമേറ്റാൽ

പില്ക്കാലമാരിതു തരുന്നതിനെന്നു കേണു്

തൃക്കൺ തുടയ്ക്കുവതിനാദ്യമെടുത്തു ശേഷ-

മുൾക്കൊള്ളുമെന്നു കരുതുന്നിതപുത്രനാം ഞാൻ. 25

(മൂർച്ഛിക്കുന്നു.)

ദ്വാരപാലിക:
(ബദ്ധപ്പെട്ടു ചെന്നു താങ്ങിക്കൊണ്ടു്) തിരുമേനി ആശ്വസിക്കണേ!
സാനുമതി:
അയ്യോ! കഷ്ടം! ഇദ്ദേഹം വിളക്കു് ഇരിക്കെത്തന്നെ മറവിന്റെ ബലം കൊണ്ടു് ഇരുട്ടിന്റെ ഫലം അനുഭവിക്കുന്നു; ഞാൻ ഇപ്പോൾത്തന്നെ ചെന്നു് സമാധാനപ്പെടുത്തിക്കളയാം; അല്ലെങ്കിൽ വരട്ടെ; അദിതിദേവി ശകുന്തളയെ അശ്വസിപ്പിക്കുമ്പോൾ അരുളി ചെയ്തതു് ‘യജ്ഞഭാഗത്തിൽ തത്പരന്മാരായ ദേവന്മാർതന്നെ ധർമ്മപത്നിയെ ഭർത്താവു പരിഗ്രഹിക്കുന്നതിനു വേണ്ടതെല്ലാം ചെയ്തുകൊള്ളും” എന്നാണല്ലോ. അതുകൊണ്ടു് അത്രയുംകാലം ഞാൻ ക്ഷമിച്ചിരിക്കതന്നെ വേണം. ഈ കഥയെല്ലാം ചെന്നു പറഞ്ഞു പ്രിയസഖിയെ ആശ്വസിപ്പിക്കാം. (പോയി)

(അണിയറയിൽ) അയ്യോ അയ്യോ!

രാജാവു്:
(ചെവിയോർത്തിട്ടു്) ഏ! മാഢവ്യന്റെ നിലവിളിപോലെ തോന്നുന്നുവല്ലോ. ആരവിടെ?
ചതുരിക:
(ബദ്ധപ്പെട്ടു് പ്രവേശിച്ചിട്ടു്) തമ്പുരാൻ രക്ഷിക്കണേ! ഇതാ, തോഴരുടെ കഥ സംശയസ്ഥിതിയിലായിരിക്കുന്നു.
രാജാവു്:
മാഢവ്യൻ എന്താണു് ദീനസ്വരത്തിൽ നിലവിളിക്കുന്നതു്?
ചതുരിക:
ഏതോ ഒരു ഭൂതം ശബ്ദംകൂടാതെ തൂക്കിയെടുത്തു് മേഘമാളികയുടെ മോന്തായത്തിന്മേൽക്കൊണ്ടുവെച്ചിരിക്കുന്നു.
രാജാവു്:
(ബദ്ധപ്പെട്ടു് എഴുന്നേറ്റു്) അത്രയ്ക്കായോ? എന്റെ ഗൃഹത്തിൽത്തന്നെ ഭൂതബാധയോ? അല്ലെങ്കിൽ,

തനിക്കുതാൻ തെറ്റു വരുന്നതേതും,

മനസ്സിലാക്കുന്നതശക്യമത്രെ

ജനങ്ങളേതേതു വഴിക്കു പോമെ-

ന്നനുക്ഷണം കാണ്മതെളുപ്പമാണോ? 26

(അണിയറയിൽ പിന്നേയും)

അയ്യയ്യോ! രക്ഷിക്കണേ, രക്ഷിക്കണേ!

രാജാവു്:
(സംഭ്രമത്തോടെ ചുറ്റിനടന്നിട്ടു്) തോഴരു പേടിക്കേണ്ട.

(അണിയറയിൽ)

തോഴരെ, രക്ഷിക്കണേ! രക്ഷിക്കണേ! ഞാൻ എങ്ങനെ പേടിക്കാതിരിക്കും? ഇതാ ആരോ ഒരാൾ എന്റെ കഴുത്തു് പിറകോട്ടു് തിരിച്ചു് കരിമ്പിൻതണ്ടുപോലെ ഒടിക്കുന്നു.

രാജാവു്:
(ചുറ്റിനോക്കീട്ടു്) വില്ലെവിടെ, വില്ലു്?
യവനസ്ത്രീകൾ:
(വില്ലുകൊണ്ടു് പ്രവേശിച്ചിട്ടു്) പൊന്നുതമ്പുരാനു് വിജയം! ഇതാ പള്ളിവില്ലും തൃക്കൈയുറയും.
(രാജാവു് വില്ലും അമ്പും വാങ്ങുന്നു.)

(അണിയറയിൽ)

കൊന്നീടുന്നേൻ, പുലി പശുവിനെ-പ്പോലെ ഞെട്ടിപ്പിടയ്ക്കും

നിന്നെക്കണ്ഠോത്ഥിതപുതുനിണ-പ്പാരണക്കായിതാ ഞാൻ,

ആർത്തർക്കെല്ലാമഭയമരുളാൻ ചീർത്ത ചാപം വഹിച്ചോ-

രദ്ദുഷ്ഷന്തൻ നൃപതിയെഴുന്ന-ള്ളട്ടെനിന്നെത്തുണയ്ക്കാൻ. 27

രാജാവു്:
(കോപത്തോടുകൂടി) എന്നെത്തന്നെ ഊന്നിപ്പറയുന്നോ? നില്ലെടാ ശവംതീനി! നിന്റെ കഥ ഇപ്പോൾക്കഴിയും. (വില്ലു് കുലച്ചു്) വേത്രവതി! മാളികയിലേയ്ക്കു് കയറട്ടെ. മുമ്പേ നടന്നുകൊള്ളു.
വേത്രവതി:
ഇതിലെ എഴുന്നള്ളാം
(എല്ലാവരും വേഗത്തിൽ ചുറ്റിനടക്കുന്നു.)
രാജാവു്:
(ചുറ്റും നോകിയിട്ടു്) ഇവിടെ ആരെയും കാണ്മാനില്ലല്ലോ.

(അണിയറയിൽ)

അയ്യയ്യോ! ഞാൻ ഇതാ അങ്ങേ കാണുന്നുണ്ടു്; അങ്ങു് എന്നെക്കാണുന്നില്ല. എനിക്കു് പൂച്ചയുടെ വായിലകപ്പെട്ട എലിയുടെ സ്ഥിതിയായി. ഇനി ജീവൻ കിട്ടുമെന്നുള്ള മോഹം വേണ്ട.

രാജാവു്:
ഭൂതമേ, നിന്റെ തിരസ്കരണി വിദ്യയൊന്നും എന്റെ അസ്ത്രത്തോടു് പറ്റുകയില്ല. അതു് നിന്നെ കണ്ടുപിടിച്ചുകൊള്ളും. അസ്ത്രം, ഇതാ വിടുന്നു. ഇതാകട്ടെ,

കൊല്ലും കൊല്ലേണ്ടൊരന്നിന്നെ,

പാലിക്കും പാല്യവിപ്രനെ,

ക്ഷീരം കൈക്കൊള്ളുമന്നങ്ങൾ

നീരം ചേർന്നതു നീക്കീടും. 28

(അസ്ത്രം തൊടുക്കുന്നു)

(അനന്തരം പിടുത്തം വിട്ടു് മാതലിയും, വിദൂഷകനും പ്രവേശിക്കുന്നു.)

മാതലി:

ഹരിയസുരരെയല്ലോ നിൻശരങ്ങൾക്കു ലാക്കായ്-

ക്കരുതിയതവരിൽത്താൻവില്ലിതൂന്നിക്കുലയ്ക്കൂ;

പരിചൊടു കനിവേറും ദൃഷ്ടിവേണംപതിക്കാൻ

പരിചയമുടയോരിൽപ്പാഞ്ഞെഴുംപത്രിയല്ല. 29

രാജാവു്:
(അസ്ത്രം വേഗത്തിൽ പിൻവലിച്ചിട്ടു്) ഏ! മാതലിയോ? ദേവേന്ദ്ര സാരഥിക്കു് സ്വാഗതം!
വിദൂഷകൻ:
എന്നെപ്പിടിച്ചു് യാഗപശുവിനേപ്പോലെ കൊല്ലാൻ ഭാവിച്ച ഇയാൾക്കു് ഇദ്ദേഹം സ്വാഗതം പറയുന്നു.
മാതലി:
(പുഞ്ചിരിയിട്ടു്) നമ്മുടെ സ്വാമി ദേവേന്ദ്രൻ എന്നെ ഇങ്ങോട്ടു് പറഞ്ഞയച്ചതിന്റെ സങ്ഗതി മഹാരാജാവു കേൾക്കണം.
രാജാവു്:
കേൾക്കാൻ കാത്തിരിക്കുന്നു.
മാതലി:
കാലനേമിയുടെ സന്തതിയായിട്ടു് ദുർജ്ജയർ എന്നുപേരായ ഒരു അസുരവർഗ്ഗമുണ്ടു്.
രാജാവു്:
ഉണ്ടു്. ശ്രീനാരദൻ പറഞ്ഞു കേട്ടിട്ടുണ്ടു്.
മാതലി:

നിൻ മിത്രമാം ശതമഖന്നവർ വധ്യരല്ല;

തന്മാരണത്തിന്നുതകേണ്ടവനിന്നു നീ താൻ;

ഘർമ്മാംശുവിന്നു കഴിയാത്തനിശാന്ധകാര-

നിർമ്മൂലനക്രിയ നടത്തുവതിന്ദുവത്രേ. 30

അതിനാൽ വില്ലും അമ്പും എടുത്തിരിക്കുന്ന അങ്ങു് രഥത്തിൽകയറി വിജയയാത്രയ്ക്കു് പുറപ്പെടാം.

രാജാവു്:
ഇന്ദ്രഭഗവാന്റെ ഈ സംഭാവന എനിക്കൊരു അനുഗ്രഹമാണു്. അതിരിക്കട്ടെ; എന്തിനാണങ്ങു് ഈ മാഢവ്യനോടിങ്ങനെ പ്രവർത്തിച്ചതു്?
മാതലി:
അതും പറയാം. എന്തോ ഒരു മനഃസ്താപത്താൽ വാട്ടംതട്ടി ഉന്മേഷമില്ലാത്ത നിലയിലാണു് അങ്ങേ ഞാൻ കണ്ടതു്. ഒന്നു ചൊടിപ്പിക്കാൻവേണ്ടി ഇങ്ങനെ ചെയ്തുവെന്നേയുള്ളു. എന്തെന്നാൽ:

അനലനെരിയും ഇന്ധനം കടഞ്ഞാൽ;

അരവമെതിർത്തിടുകിൽപ്പടം വിരിയ്ക്കും;

തനതു മഹിമ മിക്കവാറുമാർക്കും

തെളിയുവതൊന്നു കയർത്തിടുമ്പോളത്രെ.31

രാജാവു്:
ഭവാൻ ചെയ്തതു് ശരിയാണു് (വിദൂഷകനോടു് സ്വകാര്യം) തോഴരേ, ഇന്ദ്രഭഗവാന്റെ ആജ്ഞ ലംഘിച്ചുകൂടാ. അതിനാൽ വിവരം ധരിപ്പിച്ചു് അമാത്യപിശുനനോടു് ഞാൻ പറഞ്ഞതായി ഇങ്ങനെ പറയൂ:

ഭവന്മതി തനിച്ചിന്നു ഭരിക്കട്ടെ ജനങ്ങളെ!

ഇങ്ങു മറ്റൊരു കാര്യത്തിലിറങ്ങീ കുലവില്ലിത്.32

വിദൂഷകൻ:
കല്പനപോലെ (പോയി)
മാതലി:
മഹാരാജാവേ, തേരിൽ കയറാം.
(രണ്ടു പേരും തേരിൽ കയറുന്നു. എല്ലാവരും പോയി)
കുറിപ്പുകൾ

[17] മുദ്രമോതിരം.

[18] ഗർഭകാലത്തു നടത്തുന്ന ചടങ്ങു്.

ഏഴാം അങ്കം

(അനന്തരം രഥത്തിൽകയറി രാജാവും മാതലിയും ആകാശമാർഗ്ഗമായി പ്രവേശിക്കുന്നു)

രാജാവു്:
ദേവേന്ദ്രൻ എന്നെ സത്കരിച്ചതിന്റെ ഗൗരവം നോക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആജ്ഞ അനുസരിച്ചു എന്നല്ലാതെ അദ്ദേഹത്തിനു് ഒരു സഹായം ചെയ്തു എന്നു പറവാൻ വക കാണുന്നില്ല.
മാതലി:
(പുഞ്ചിരിയോടെ) മഹാരാജാവേ, രണ്ടുകൂട്ടർക്കും തൃപ്തിയില്ലെന്നാണു് ഞാൻ വിചാരിക്കുന്നതു്;

ഇങ്ങേറ്റ സത്ക്രിയ നിനച്ചു ഭവാനു ഭാവ-

മങ്ങോട്ടു ചെയ്തൊരുപകാരമസാരമെന്നു്;

നിൻവിക്രമത്തിന്നണുവും മതിയായതില്ല തൻസത്കൃതിപ്പൊലിമയെന്നു പുരന്ദരന്നും. 1

രാജാവു്:
മാതലീ, അങ്ങനെയല്ല; യാത്രയയച്ച സമയത്തെ സത്കാരം ആശയ്ക്കുകൂടി എത്താൻ പാടില്ലാത്തവിധത്തിൽ കേമമായിരുന്നു. ദേവൻമാരുടെ സമക്ഷം എന്നെ അദ്ധ്യാസനത്തിൽ ഇരുത്തീട്ടു്,

നിജാന്തികത്തിൽ സ്പൃഹപൂണ്ടു

നില്ക്കും ജയന്തനിൽസ്സസ്മിതദൃഷ്ടിയോടെ

തന്മാറിലെച്ചന്ദനമുദ്ര ചേർന്ന

മന്ദാരമാല്യം ഹരിയിങ്ങണച്ചാൻ. 2

മാതലി:
അമരേശ്വരൻ അങ്ങേക്കു് എന്തുതന്നെ സത്കാരം ചെയ്യേണ്ട! വിചാരിച്ചുനോക്കൂ!

രണ്ടെണ്ണമായി സുഖലോലുപനാം ഹരിക്കു

വേണ്ടിസ്സുരാരികുലകണ്ടകമുദ്ധരിപ്പാൻ;

പണ്ടുഗ്രനായ നരകേസരിതൻ നഖങ്ങൾ

ചണ്ഡങ്ങളീയിടയിൽ നിന്നുടെ സായകങ്ങൾ.3

രാജാവു്:
ഇതിലും സ്തുതിക്കാനുള്ളതു് ശതക്രതു[19] ഭവാന്റെ മാഹാത്മ്യം തന്നെയാണു്.

സാരം കലർന്ന പല കാര്യവുമോർക്കിലാൾക്കാർ

നേരെ നടത്തുവതധീശ്വരഗൗരവത്താൽ

സാരഥ്യമർക്കനരുളാതെയിരിക്കിലല്ലു

ദൂരീകരിപ്പതരുണന്നെളുതായിരുന്നോ? 4

മാതലി:
അങ്ങേക്കിങ്ങനെ തോന്നുന്നതു് യുക്തംതന്നെ. (കുറെ ദൂരം യാത്ര ചെയ്തിട്ടു്) മഹാരാജാവേ, ഇവിടെ നോക്കുക, സ്വർഗ്ഗലോകത്തിൽ പ്രതിഷ്ഠ സിദ്ധിച്ചിട്ടുള്ള അങ്ങേ യശസ്സിന്റെ സൗഭാഗ്യം.

സുരനാരികൾ ചാർത്തുമംഗരാഗം

പരിശേഷിച്ചതെടുത്തു നിർജ്ജരന്മാർ

വരകല്പലതാംശുകങ്ങളിൽ ത്വ-

ച്ചരിതം ചേർത്തെഴുതുന്നു കീർത്തനങ്ങൾ 5

രാജാവു്:
മാതലീ, ഇന്നലെ അങ്ങോട്ടു് പോകുമ്പോൾ യുദ്ധത്തിന്റെ വിചാരംകൊണ്ടു് സ്വർഗ്ഗമാർഗ്ഗം ഒന്നു് നല്ലവണ്ണം നോക്കുകയുണ്ടായില്ല. നാം ഇപ്പോൾ ഏതു് വായുസ്കന്ധ[20] ത്തിലാണു് ഇറങ്ങിയിരിക്കുന്നതെന്നു് പറക.
മാതലി:

സ്വർഗ്ഗങ്ഗ താങ്ങി, മുനിപുങ്ഗവരേഴുപേരെ

മാർഗ്ഗത്തിൽ രശ്മി വിഭജിച്ചു നയിച്ചു നിത്യം

വീശുന്നൊരാപ്പരിവഹന്റെ വശത്തിലാണി-

ദ്ദേശം പതിഞ്ഞു ഹരിപാദമിതിൽ ദ്വിതീയം.

6

രാജാവു്:
ഇതുകൊണ്ടുതന്നെ ആയിരിക്കണം എന്റെ ഇന്ദ്രിയങ്ങൾക്കും അന്തരാത്മാവിനും ഒരു തെളിമ തോന്നുന്നതു്. (രഥചക്രം നോക്കീട്ടു്) നാം മേഘമാർഗ്ഗത്തിൽ വന്നിരിക്കുന്നു.
മാതലി:
എങ്ങനെ അറിഞ്ഞു?
രാജാവു്:

ആരക്കാലിനിടയ്ക്കുകൂടി നെടുകേനൂഴുന്നു വേഴാമ്പൽ വ-

ന്നേറെക്കാന്തികലർന്നു മിന്നലുമിതാ

വീശുന്നിതശ്വങ്ങളിൽ;

ഊറിക്കാണ്മതുമുണ്ടു പട്ടവഴിയേ

നീർത്തുള്ളിയിങ്ങാകയാൽ

കാറുൾക്കൊണ്ടൊരു കൊണ്ടലിൻവഴിയിൽനാം വന്നെത്തിയെന്നോർത്തിടാം. 7

മാതലി:
ക്ഷണനേരത്തിനുള്ളിൽ മഹാരാജാവു് തന്റെ അധികാരഭൂമിയിൽച്ചെന്നെത്തും.
രാജാവു്:
(കീഴ്പ്പോട്ടു നോക്കീട്ടു്) വേഗത്തിൽ ഇറങ്ങിക്കൊണ്ടു്) ഈ നിലയിൽനിന്നു നോക്കുമ്പോൾ ഭൂലോകത്തിന്റെ കാഴ്ച വളരെ ആശ്ചര്യമായിരിക്കുന്നു. എങ്ങനെയെന്നാൽ,

പാരിപ്പൊങ്ങിവരുന്ന ശൈലശിഖരംകൈവിട്ടിറങ്ങുന്നിതോ?

ചേരുന്നോ തടിയങ്ങിലച്ചലിനിട-യ്ക്കായിട്ടു വൃക്ഷങ്ങളിൽ?

നേരേ നീർതെരിയാതിരുന്നൊരു നദീ-ജാലങ്ങൾ വായ്ക്കുന്നിതോ?

ചാരത്തേക്കൊരുവൻ വലിച്ചുടനെറി-ഞ്ഞീടുന്നിതോ ഭൂമിയേ? 8

മാതലി:
അങ്ങു് പറഞ്ഞതുപോലെ ഇതു് നല്ല കാഴ്ച തന്നെ. (ബഹുമാനത്തോടുകൂടി നോക്കീട്ടു്) ഭൂലോകം ഉദാരരമണീയമായിരിക്കുന്നു.
രാജാവു്:
മാതലി, കനകം ഉരുക്കി ഒഴിച്ചതുപോലെ, കിഴക്കും പറിഞ്ഞാറുമുള്ള സമുദ്രംവരെ ഇറങ്ങിക്കാണുന്ന ഈ പർവ്വതം ഏതാണു്?
മാതലി:
കിംപുരുഷന്മാരുടെ[21] വാസസ്ഥലമായ ഹേമകൂടം എന്ന പർവ്വതമാണിതു്. തപസ്സിദ്ധികൊണ്ടു് ലഭിക്കാവുന്നതിൽ ഉത്തമസ്ഥാനവും ആണു്. നോക്കുക:

വിരിഞ്ചദേവന്റെ മനസ്സമുത്ഥനാം

മരീചിതന്നാത്മഭവൻ പ്രജാപതി,

സുരാസുരർക്കും ജനകൻ സഭാര്യനായ്-

ച്ചരിച്ചിടുന്നു തപമിങ്ങു കശ്യപൻ. 9

രാജാവു്:
ശ്രേയസ്സു് ലഭിക്കുന്നതിനുള്ള സൗകര്യം നേരിടുന്നതു് ഉപേക്ഷിക്കരുതല്ലോ. കശ്യപഭഗവാനെ വന്ദിച്ചുപോകാൻ ആഗ്രഹമുണ്ടു്.
മാതലി:
നല്ല ആലോചനതന്നെ. (ഇറങ്ങുന്നതു നടിക്കുന്നു.)
രാജാവു്:
(പുഞ്ചിരിയോടെ)

കുറിപ്പതോ ചാടുരുളുന്ന നിസ്വനം?

പറന്നുപൊങ്ങും പൊടിയെങ്ങു പാർത്തിടാൻ?

തെറിപ്പതില്ലൊട്ടു, നിലംതൊടായ്കയാ-

ലിറങ്ങി തേ,രെന്നറിയുന്നതെങ്ങനെ? 10

മാതലി:
ഇത്രമാത്രമേ ഉള്ളൂ, അങ്ങയുടെ രഥത്തിനും ദേവേന്ദ്രന്റെ രഥത്തിനും തമ്മിലുള്ള ഭേദം.
രാജാവു്:
ഏതു് ദിക്കിലായിട്ടാണു് മാരീചാശ്രമം?
മാതലി:
(കൈ ചൂണ്ടിക്കാണിച്ചുകൊണ്ടു്)

പുറ്റിൽപ്പാതി മറഞ്ഞു മെയ്യതിനു മേൽ-പ്പാമ്പിന്റെ തോൽ മാറിലും

ചുറ്റിപ്പറ്റിയ ജീർണ്ണവള്ളി വലയ-ക്കൂട്ടങ്ങൾ കണ്ഠത്തിലും,

ചുറ്റും പക്ഷികൾ കൂടുകെട്ടിയ ജടാ-ജൂടങ്ങൾ തോളത്തുമായ്

കുറ്റിക്കൊത്ത മുനീന്ദ്രനർക്കനെതിരായ് നിൽക്കുന്നൊരദ്ദിക്കിലാം. 11

രാജാവു്:
കൊടും തപസ്സുചെയ്യുന്ന ഇദ്ദേഹത്തിനു് നമസ്കാരം!
മാതലി:
(കുതിരകളെ നിർത്തിയിട്ടു്) ഇതാ നാം, നട്ടുവളർത്തിയ മന്ദാര വൃക്ഷങ്ങളുള്ള കശ്യപാശ്രമത്തിലെത്തിയിരിക്കുന്നു.
രാജാവു്:
ഈ സ്ഥലം സ്വർഗ്ഗത്തെക്കാൾ ആനന്ദകരമാണു്. എനിക്കു് അമൃതത്തിലിറങ്ങി മുങ്ങിയതുപോലെ ഒരു സുഖം തോന്നുന്നു.
മാതലി:
(രഥം ഉറപ്പിച്ചുനിർത്തിയിട്ടു്) മഹാരാജാവിറങ്ങാം.
രാജാവു്:
(ഇറങ്ങിയിട്ടു്) അങ്ങു് എന്താണു് ഭാവം?
മാതലി:
രഥം നിറുത്തി ഞാനും ഇറങ്ങാം. (ഇറങ്ങിയിട്ടു്) മഹാരാജാവു് ഇതിലേ വരാം.
(രണ്ടുപേരും ചുറ്റിനടക്കുന്നു)
മാതലി:
ഇതാ, മഹാതാപസ്വികളുടെ ആശ്രമസ്ഥലങ്ങൾ നോക്കുക.
രാജാവു്:
ഞാൻ കാണുന്നുണ്ടു്. ഇവരുടെ തപസ്സു വളരെ ആശ്ചര്യമായിരിക്കുന്നു.

ജീവിക്കാൻ കല്പവൃക്ഷാവലിയുടെ നടുവിൽ-ബ്ഭക്ഷണം വായു മാത്രം;

ശുദ്ധിക്കായ് സ്നാനകർമ്മം കനക കമലിനീ-ധൂളിയാളും ജലത്തിൽ;

ധ്യാനിക്കാൻ രത്നപീഠം; ത്രിദിവതരുണിമാർചൂഴവേ ബ്രഹ്മചര്യം;

പ്രാപിക്കേണം തപസ്സാൽപ്പദമിതിവിടെയീ-ത്താപസന്മാർ തപിപ്പോർ. 12

മാതലി:
മഹാത്മാക്കളുടെ പ്രാർത്ഥനകൾ മേൽക്കുമേൽ ഉയർന്നുകൊണ്ടിരിക്കും. (ചുറ്റിനടന്നു് ആകാശത്തിൽ ലക്ഷ്യം ബന്ധിച്ചു്) ഹേ വൃദ്ധ ശാകല്യ! മാരീചഭഗവാന്റെ സന്നിധാനത്തിലിപ്പോൾ എന്തു് സമയമാണു്? (കേട്ടതായി ഭാവിച്ചു്) മഹർഷിമാരുടെ സദസ്സിൽവെച്ചു് അദിതിദേവി ചോദിച്ചിട്ടു് പാത്രിവ്രത്യ ധർമ്മം അവർക്കുപദേശിക്കയാണു് എന്നോ പറഞ്ഞതു്? എന്നാൽ, ഈ പ്രസ്താവത്തിൽത്തന്നെ അവസരം കിട്ടാനിടയുണ്ടു്. കാത്തിരിക്കാം. (രാജാവിന്റെ നേരെ നോക്കീട്ടു്) മഹാരാജാവു് ഈ അശോകത്തറയിൽ ഇരിക്കണം. ഞാൻ ചെന്നു് സന്നിധാനത്തിൽ കാത്തുനിന്നു് സമയമറിഞ്ഞുവരാം.
രാജാവു്:
അങ്ങേ യുക്തംപോലെ. (അശോകച്ചുവട്ടിൽ നിൽക്കുന്നു.)
മാതലി:
എന്നാൽ, ഞാൻ പോകട്ടെ. (പോയി)
രാജാവു്:
(ശുഭലക്ഷണം നടിച്ചിട്ടു്)

ആയാശ പൊയ്പ്പോയതിലില്ല മോഹം;

കൈയേ, തുടിക്കുന്നതു നീ വൃഥാതാൻ;

ശ്രേയസ്സു കൈവന്നതൊഴിച്ചുവിട്ടാ-

ലായാസമല്ലാതെ ഫലിപ്പതുണ്ടോ? 13

(അണിയറയിൽ) അരുതു് ഉണ്ണീ. ചാപല്യം കാണിക്കരുതു്. ജാതിസ്വഭാവം വന്നുപോകുന്നല്ലോ!

രാജാവു്:
(കേട്ടതായി നടിച്ചു്) ഇവിടെ അവിനയം വരുന്നതല്ല. പിന്നെ ആരെയാണു് നിരോധിക്കുന്നതു്? (ശബ്ദം അനുസരിച്ചുനോക്കീട്ടു്) ഏതാണീ ബാലൻ? പിന്തുടരുന്ന താപസിമാരെ ഒട്ടും വകവെക്കുന്നില്ല. ഇവനാകട്ടെ,

മുല പാതി കുടിച്ചുനിൽക്കവേ

ഗളരോമങ്ങൾ പിടിച്ചുലച്ചിതാ

ബലമോടു വലിച്ചീടുന്നിതേ

കളിയാടാനൊരു സിംഹബാലനെ. 14

(മേല്പറഞ്ഞപ്രകാരം ബാലനും താപസിമാരും പ്രവേശിക്കുന്നു.)

ബാലൻ:
വായ് പൊളിക്കൂ സിംഹക്കുട്ടീ. നിന്റെ പല്ലു് ഞാൻ എണ്ണട്ടെ!
ഒന്നാം താപസി:
ഛീ! ചണ്ടിത്തരം കാണിക്കരുതു്. ഞങ്ങൾ മക്കളെപ്പോലെ വളർത്തുന്ന മൃഗങ്ങളെ ഉപദ്രവിക്കുന്നോ? നിന്റെ തുനിവു് കുറേ കൂടിപ്പോകുന്നു. സർവ്വദമനൻ എന്നു് മഹർഷിമാർ നിനക്കു് പേരിട്ടതു് ശരിതന്നെ.
രാജാവു്:
എന്താണു് ഈ ബാലനെക്കണ്ടിട്ടു് സ്വന്തം പുത്രനെപ്പോലെ സ്നേഹം തോന്നുന്നതു്? പുത്രനില്ലായ്മകൊണ്ടുതന്നെ ആയിരിക്കാം.
രണ്ടാം താപസി:
സർവ്വദമനാ, നീ ഈ സിംഹക്കുട്ടിയെ വിട്ടില്ലെങ്കിൽ അതിന്റെ തള്ള നിന്റെ നേരെ ചാടിവീഴുമേ!
ബാലൻ:
(പുഞ്ചിരിച്ചിട്ടു്) അബ്ബ! വലിയ പേടിതന്നെ. (ചുണ്ടുപിളർത്തിക്കാണിക്കുന്നു.)
രാജാവു്:

എരിയാൻ വിറകിന്നു കാത്തിടും

പൊരിയായുള്ളോരു ഹവ്യവാഹനു്

ശരിയായി നിനച്ചിടുന്നു ഞാൻ െരിയോർക്കുള്ളോരു വീരബാലനെ.15

ഒന്നാം താപസി:
കുഞ്ഞേ, ഈ സിംഹക്കുട്ടിയെ വിട്ടേക്കൂ! നിനക്കു് കളിക്കാൻ വേറെ ഒന്നു് തരാം.
ബാലൻ:
എവിടെ! തരൂ. (കൈ മലർത്തിക്കാണിക്കുന്നു.)
രാജാവു്:
(നോക്കീട്ടു് ആശ്ചര്യത്തോടെ) എന്തു്, ഇവന്റെ കയ്യിൽ ചക്രവർത്തി ലക്ഷണവും കാണുന്നുണ്ടല്ലോ. ഇവനാകട്ടെ,

കളിക്കോപ്പേൽക്കാനായ് കുതുക-മൊടു നീട്ടീടിന കരം

വിളക്കിച്ചേർത്തോണം വിരൽനിര ഞെരുങ്ങിത്തൊടുകയാൽ

വിളങ്ങുന്നൂ രംഗം ഭൃശമെഴു-മുഷസ്സിൽദ്ദലകുലം

തെളിഞ്ഞീടാതൊന്നായ് വിടരുമൊരുതണ്ടാർമലരുപോൽ. 16

രണ്ടാം താപസി:
സുവ്രതേ, ഇവൻ വാക്കുകൊണ്ടു് മാത്രം തൃപ്തിപ്പെടുന്നവനല്ല. അതുകൊണ്ടു് നീ എന്റെ പർണ്ണശാലയിൽ ചെന്നു് മാർക്കണ്ഡേയന്റെ ചായം തേച്ച മണ്മയിലിനെ എടുത്തുകൊണ്ടുവരൂ.
ഒന്നാം താപസി:
അങ്ങനെതന്നെ. (പോയി)
ബാലൻ:
അതുവരെ ഞാൻ ഇതിനെക്കൊണ്ടുതന്നെ കളിക്കും. (എന്നു താപസിയെ നോക്കി ചിരിക്കുന്നു.)
രാജാവു്:
ഈ ദുസ്സാമർത്ഥ്യക്കാരൻ കുട്ടിയോടു് എനിക്കു് എന്തെന്നില്ലാത്ത സ്നേഹം തോന്നുന്നു.

പല്ലിന്മൊട്ടുകൾ ഹേതുവെന്നിയെ ചിരി-ച്ചൽപ്പം തെളിച്ചും രസി-

ച്ചുല്ലാസത്തൊടു ചൊല്ലിയും ചില വച-സ്സവ്യക്തമുഗ്ദ്ധാക്ഷരം;

അങ്കത്തിൽക്കുതുകത്തൊടേറിയമരും ബാലന്റെ പൂമേനിമേൽ-

ത്തങ്കും പങ്കമണിഞ്ഞിടുന്നു സുകൃതംചെയ്തോരുധന്യം ജനം. 17

താപസി:
ആകട്ടെ. ഇവൻ എന്നെ കൂട്ടാക്കുന്നില്ല. (ഇരുപുറവും തിരിഞ്ഞു് നോക്കീട്ടു്) ആരാ അവിടെ ഋഷികുമാരന്മാരുള്ളതു്? (രാജാവിനെക്കണ്ടിട്ടു്) ഭദ്ര, ഇങ്ങോട്ടു വരണേ. ഇതാ, ഇവൻ കളിയായിട്ടു സിംഹക്കുട്ടിയെ മുറുക്കിപ്പിടിച്ചു വലിച്ചുപദ്രവിക്കുന്നു. ഒന്നു വിടീക്കണേ!
രാജാവു്:
അങ്ങനെതന്നെ. (അടുത്തുചെന്നു് പുഞ്ചിരിയോടെ) എടോ മഹർഷി ബാലക,

തെറികാട്ടിയാശ്രമവിരുദ്ധവൃത്തി നീ

ചെറുപാമ്പു ചന്ദനമരത്തിനെന്നപോൽർർ വെറുതേ വിശുദ്ധതരസത്ത്വസൗമ്യമാം

പിറവിക്കു ദോഷമുളവാക്കിവയ്ക്കൊലാ. 18

താപസി:
ഭദ്ര, ഇവൻ മഹർഷിബാലനല്ല.
രാജാവു്:
അതു് ഇവന്റെ ആകൃതിക്കു് ചേർന്ന പ്രകൃതികൊണ്ടുതന്നെ അറിയാം. സ്ഥലഭേദംകൊണ്ടു് ഞാൻ ശങ്കിച്ചുപോയതാണു്. (പറഞ്ഞതുപോലെ ബാലനെ വിലക്കീട്ടു ബാലന്റെ സ്പർശനസുഖം അനുഭവിച്ചു്, വിചാരം)

ഗോത്രാദിയൊന്നുമറിയാതെയെനിക്കിവന്റെ

ഗാത്രങ്ങളിൽത്തൊടുകയാൽ സുഖമിത്രമാത്രം

എത്രയ്ക്കു വേണമിവനെ പ്രതിപത്തിയോടേ

പുത്രത്വമോർത്തു പുണരുന്നൊരുപുണ്യവാന്നു്? 19

താപസി:
(രണ്ടുപേരെയും നോക്കി) ആശ്ചര്യമാശ്ചര്യം!
രാജാവു്:
എന്താണു്!
താപസി:
അങ്ങേയ്ക്കും ഇവനും ഛായ നന്നേ യോജിച്ചു കണ്ടതിനാൽ എനിക്കു വിസ്മയം തോന്നിയതാണു്. മുൻപരിചയമില്ലെങ്കിലും അങ്ങേക്കിവൻ വഴിപ്പെടുകയും ചെയ്തു.
രാജാവു്:
(ബാലനെ ലാളിച്ചുകൊണ്ടു്) ആര്യേ, മുനികുമാരനല്ലെങ്കിൽ ഇവന്റെ കുലം ഏതാണു്?
താപസി:
പൂരുവംശമാണു്.
രാജാവു്:
(വിചാരം) എന്തു്! എന്റെ വംശം തന്നെയോ? അതാണു് ഇവനു് എന്റെ ഛായയുണ്ടെന്നു് താപസിക്കു് തോന്നിയതു്. പൗരവർക്കു് ഇങ്ങനെ അന്ത്യമായ കുലവ്രതമുണ്ടല്ലോ.

ധരണീഭരണത്തിനായി മുന്നം

പുരുസൗധങ്ങളിൽ വാണതിന്റെ ശേഷം

തരുമൂലഗൃഹസ്ഥരായ്ച്ചരിപ്പൂ

പുരുവംശോദ്ഭവരേക പത്നിയോടെ 20

(വെളിവായിട്ടു്) മനുഷ്യർക്കു് ബോധിച്ചതുപോലെ കടന്നുവരാവുന്ന സ്ഥലമല്ലല്ലോ ഇതു്.

താപസി:
അങ്ങു പറഞ്ഞതു ശരിതന്നെ. അപ്സരസ്സംബന്ധംകൊണ്ടു് ഈ ബാലന്റെ മാതാവു് ദേവഗുരുവായ കശ്യപന്റെ ഈ ആശ്രമത്തിൽ ഇവനെ പ്രസവിച്ചു.
രാജാവു്:
(വിചാരം) എന്റെ ആശയ്ക്കു് ഒരു താങ്ങലുംകൂടി ആയി. (വെളിവായി) എന്നാൽ ശ്രീമതിയുടെ ഭർത്താവായ രാജർഷിയുടെ പേരെന്താണു്?
താപസി:
ധർമ്മപത്നിയെ ഉപേക്ഷിച്ചുപോയ അയാളുടെ നാമം ആരു് ഉച്ചരിക്കും?
രാജാവു്:
(വിചാരം) ഈ പറയുന്നതു് എന്നെത്തന്നെ ഉദ്ദേശിച്ചായിരിക്കണം; ഈ കുട്ടിയുടെ അമ്മയുടെ പേരു് ചോദിച്ചാലോ? അല്ലെങ്കിൽ പരസ്ത്രീപ്രസങ്ഗം ശരിയല്ല.
ഒന്നാം താപസി:
(പ്രവേശിച്ചു് മയിലിനെ ആടുന്ന ഭാവത്തിൽ പിടിച്ചുകൊണ്ടു്) സർവ്വദമന, ഉതാ ശകുന്തലാസ്യം[22] നോക്കൂ.
ബാലൻ:
(ചുറ്റും നോക്കീട്ടു്) അമ്മ ഇവിടെ ഇല്ലല്ലോ.
താപസി:
(ചിരിച്ചുകൊണ്ടു്) മാതൃവത്സലനായ ബാലൻ അർത്ഥം മാറിദ്ധരിച്ചു.
രണ്ടാം താപസി:
വത്സ, മയിലാടുന്നതു് നോക്കൂ എന്നാണു് പറഞ്ഞതു്.
രാജാവു്:
(വിചാരം) ഇവന്റെ മാതാവിന്റെ പേർ ശകുന്തള എന്നാണോ? എന്നാൽ, അനേകം പേർക്കു് ഒരു പേരുതന്നെ വരാറുണ്ടല്ലോ. ഈ പ്രസ്താവം കാനൽജലംപോലെ ഒടുവിൽ എനിക്കു് വിഷാദത്തിനു് ഇടയാക്കാതിരുന്നാൽക്കൊള്ളമായിരുന്നു.
ബാലൻ:
എനിക്കീ മയിലിനെ നന്നേ രസിച്ചു. ഞാനിതമ്മയുടെ അടുക്കലേക്കു് കൊണ്ടുപോകും. (കളിക്കോപ്പു് വാങ്ങുന്നു.)
ഒന്നാം താപസി:
(നോക്കി സംഭ്രമിച്ചു്) അയ്യോ! കുഞ്ഞിന്റെ കയ്യിൽ കെട്ടിച്ചിരുന്ന രക്ഷ കാണുന്നില്ലല്ലോ.
രാജാവു്:
പരിഭ്രമിക്കേണ്ട. സിംഹക്കുട്ടിയുമായുള്ള കലശലിൽ താഴെ വീണുപോയി. (എടുക്കാൻ ഭാവിക്കുന്നു.)
താപസിമാർ:
അരുതേ, തൊടരുതേ. അല്ല! ഇദ്ദേഹം എടുത്തു് കഴിഞ്ഞോ? (വിസ്മയിച്ചു് മാറത്തു് കൈവച്ചുകൊണ്ടു് അന്യോന്യം നോക്കുന്നു.)
രാജാവു്:
എന്തിനാണു് നിങ്ങൾ എന്നെത്തടഞ്ഞതു്?
ഒന്നാം താപസി:
മഹാരാജാവു് കേട്ടുകൊണ്ടാലും! ഈ രക്ഷ അപരാജിത എന്നു് പേരായ ഔഷധിയാണു്. ഇവന്റെ ജാതകർമ്മ സമയത്തിൽ മാരീചഭഗവാൻ ഇതു് ഇവനെ ധരിപ്പിച്ചു. അച്ഛനോ അമ്മയോ താനോ അല്ലാതെ ആരും ഇതു് താഴെവീണാൽ എടുത്തുകൂടാ എന്നും കല്പിച്ചു.
രാജാവു്:
അല്ല, എടുത്താലോ?
ഒന്നാം താപസി:
ഉടൻതന്നെ സർപ്പമായിത്തീർന്നു് എടുത്തവനെ കടിക്കും.
രാജാവു്:
ഈ മാറ്റം എപ്പോഴെങ്കിലും നിങ്ങൾക്കു് അനുഭവപ്പെട്ടിട്ടുണ്ടോ?
താപസി:
പല പ്രാവശ്യം.
രാജാവു്:
(സന്തോഷത്തോടുകൂടി വിചാരം) എന്റെ മനോവിചാരം പൂർണ്ണമായി സിദ്ധിച്ചു. ഇനി എന്തിനു് അഭിനന്ദിക്കാതിരിക്കുന്നു? (ബാലനെ ആലിംഗനം ചെയ്യുന്നു.)
രണ്ടാം താപസി:
സുവ്രതേ, വരൂ: ഈ വർത്തമാനം വ്രതനിഷ്ഠയിൽ ഇരിക്കുന്ന ശകുന്തളയോടു ചെന്നുപറയാം. (താപസിമാർ പോയി)
ബാലൻ:
എന്നെ വിടൂ! എനിക്കു് അമ്മയുടെ അടുക്കൽ പോകണം.
രാജാവു്:
മകനേ, എന്നൊടൊരുമിച്ചുതന്നെ ചെന്നു് അമ്മയെ ആനന്ദിപ്പിക്കാം.
ബാലൻ:
എന്റെ അച്ഛൻ ദുഷ്ഷന്തനാണു്, താനല്ല.
രാജാവു്:
(ചിരിച്ചിട്ടു്) ഈ തർക്കംതന്നെ എനിക്കു് വിശ്വാസം ഉറപ്പിക്കുന്നു.
(അനന്തരം കെട്ടാതെ അഴിഞ്ഞുകിടക്കുന്ന തലമുടിയുമായി ശകുന്തള പ്രവേശിക്കുന്നു.)
ശകുന്തള:
മാറ്റം വരേണ്ട കാലത്തിൽപ്പോലും സർവമദനന്റെ രക്ഷ അതേ സ്ഥിതിയിൽതന്നെ ഇരുന്നു എന്നു് കേട്ടിട്ടും എനിക്കു് എന്റെ ഭാഗ്യത്തിൽ വിശ്വാസം വരുന്നില്ല. അല്ലെങ്കിൽ സാനുമതി പറഞ്ഞതുപോലെ സംഭവിക്കാവുന്നതാണല്ലോ.
രാജാവു്:
(ശകുന്തളയെ കണ്ടിട്ടു് ആശ്ചര്യത്തോടെ) ഇതാ ശ്രീമതി ശകുന്തള!

മലിനം വാസനദ്വയം; വ്രതത്താൽ

മെലിവേറ്റം; കുഴൽ കറ്റയൊറ്റയായി;

പലനാളിവളുണ്ടു കാത്തിടുന്നൂ

ഖലനാമെന്റെ വിയോഗദീക്ഷ സാദ്ധ്വി. 21

ശകുന്തള:
(പശ്ചാത്താപംകൊണ്ടു് വിധം മാറിയ രാജാവിനെക്കണ്ടിട്ടു വിചാരം) ഇതു് എന്റെ ആര്യപുത്രനെപ്പോലെ ഇരിക്കുന്നില്ലല്ലോ. പിന്നെ, ആരാണു് രക്ഷകെട്ടാതിരിക്കുന്ന എന്റെ കുഞ്ഞിനെ തൊട്ടു ദുഷിപ്പിക്കുന്നതു്?
ബാലൻ:
(അമ്മയുടെ അടുത്തുചെന്നു്) അമ്മേ, ഇതാ ആരോ വന്നു് എന്നെ ‘മകനെ’ എന്നു വിളിക്കുന്നു.
രാജാവു്:
പ്രിയേ, ഞാൻ പ്രവർത്തിച്ചതു് ക്രൂരതയാണെങ്കിലും അതു നിന്റെ പേരിലാകയാൽ അനുകൂലമായി കലാശിച്ചു. എന്നെ ഇപ്പോൾ നീ ഭർത്താവെന്നോർമ്മിച്ചറിയണമെന്നു പ്രാർത്ഥിക്കേണ്ടിവന്നിരിക്കുന്നു.
ശകുന്തള:
(വിചാരം) ഹൃദയമേ, ഇനി ആശ്വസിക്കാം. ദൈവം മത്സരം വിട്ടു് എന്റെനേരെ കരുണചെയ്തു എന്നു് തോന്നുന്നു; ഇതു് ആര്യപുത്രൻ തന്നെ.
രാജാവു്:
പ്രിയേ,

മോഹമകന്നു തെളിഞ്ഞേൻ,

മോഹനതനു! വന്നു നീയുമെന്നരികിൽ

രാഹുവിനെവിട്ടു ചന്ദ്രൻ രോഹിണി

യോടൊത്തു ചേർന്നു ഭാഗ്യവശാൽ. 22

ശകുന്തള:
ആര്യപുത്രന്നു വിജയം! (തൊണ്ടയിടറി പാതിയിൽ നിർത്തുന്നു.)
രാജാവു്:

ഇന്നിജ്ജയപ്രാർത്ഥന ഗദ്ഗദത്താൽ

മന്ദിക്കലും ഹന്ത! ഫലിച്ചിതെന്നിൽ

താംബൂലരാഗം കലരാതെ നിന്റെ

ബിംബാധരം സുന്ദരി കാൺകയാലെ. 23

ബാലൻ:
അമ്മേ, ഇതാരാണു്?
ശകുന്തള:
കുഞ്ഞേ, നിന്റെ ഭാഗ്യത്തോടു് ചോദിക്കൂ.
രാജാവു്:
(ശകുന്തളയുടെ കാല്ക്കൽ വീണിട്ടു്)

തെല്ലും ഞാൻ തള്ളിയെന്നുള്ളൊരു പരിഭവമുൾ-ക്കൊള്ളൊലാ വല്ലഭേ! നീ,

വല്ലാതെന്നുള്ളമന്നാളൊരു മലിനതയേറ്റേറെ മന്ദിച്ചിരുന്നു;

കല്ല്യാണം കൈവരുമ്പോൾ കലുഷമതികളി-മ്മട്ടിലും ചേഷ്ടകാട്ടും;

മാല്യം മൂർദ്ധാവിലിട്ടാൽ തലകുടയുമുടൻ പാമ്പിതെന്നോതിയന്ധൻ.24

ശകുന്തള:
(കരഞ്ഞുകൊണ്ടു്) എണീക്കണം എണീക്കണം ആര്യപുത്രൻ; എന്റെ മുജ്ജന്മപാപം അന്നു് ഫലോന്മുഖമായിരുന്നിരിക്കണം; അതാണു് ദയാലുവായ ആര്യപുത്രൻ അന്നു് എന്നോടങ്ങനെ പ്രവർത്തിച്ചതു്. (രാജാവെഴുന്നേല്ക്കുന്നു) പിന്നെ എങ്ങനെയാണു് ഇദ്ദുഃഖത്തിനു് പാത്രമായ എന്റെ ഓർമ്മ വന്നതു്?
രാജാവു്:
വിഷാദശല്യം ഉള്ളിൽനിന്നു് നീക്കികളഞ്ഞിട്ടു് പറയാം.

സമ്മോഹത്താലവശനതുനാ- ളേതുഞാൻ തുള്ളിയായി-

ബ്ബിംബോഷ്ഠത്തിൽ പരിചൊടുപതി-ക്കുന്നതും പാർത്തു നിന്നേൻ.

ഇന്നക്കണ്ണീർ ചുളിവെഴുമിമ-യ്ക്കുള്ളിൽനിന്നേ തുടച്ചി-

ട്ടന്തസ്താപം സുമുഖി, ദയിതേ! ചെറ്റു ഞാനാറ്റിടട്ടേ. 25

(പറഞ്ഞപ്രകാരം ചെയ്യുന്നു)

ശകുന്തള:
(മുദ്രമോതിരം നോക്കിയിട്ടു്) ആര്യപുത്ര, ഇതു് ആ മോതിരമല്ലേ?
രാജാവു്:
അതേ; ഈ മോതിരം കണ്ടിട്ടാണല്ലോ എനിക്കോർമ്മവന്നതു്.
ശകുന്തള:
ഇതു വൈഷമ്യക്കാരനാണു്. അന്നു് ആര്യപുത്രനെ ഓർമ്മിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ കിട്ടാതെ പോയല്ലോ.
രാജാവു്:
എന്നാൽ, വള്ളി ഋതുയോഗത്തിന്റെ ചിഹ്നമായ പുഷ്പത്തെ ധരിക്കട്ടെ!
ശകുന്തള:
എനിക്കതിനെ വിശ്വാസമില്ല; ഇതു് ആര്യപുത്രൻതന്നെ ധരിച്ചാൽ മതി.
മാതലി:
(പ്രവേശിച്ചു്) ഭാഗ്യവശാൽ മഹാരാജാവിനു ധർമ്മപത്നിയുടെ യോഗവും പുത്രമുഖദർശനവുമുണ്ടായല്ലോ. ഞാൻ അഭിനന്ദിക്കുന്നു!
രാജാവു്:
സ്നേഹിതൻ മുഖാന്തരം ലഭിക്കയാൽ ഈ മനോരഥഫലത്തിനു് രുചി അധികം തോന്നുന്നുണ്ടു്. മാതലി, ദേവേന്ദ്രഭഗവാൻ ഈ സങ്ഗതിയറിയാതിരിക്കുമോ? അല്ലെങ്കിൽ എന്താണു് ഈശ്വരന്മാർക്കു് അപ്രത്യക്ഷമായിട്ടുള്ളതു്?
മാതലി:
(പുഞ്ചിരിയോടെ) ശരിയാണു്; മഹാരാജാവു് വരണം; കാശ്യപഭഗവാൻ അങ്ങേക്കു് ദർശനം തരാൻ കാത്തിരിക്കുന്നു.
രാജാവു്:
ശകുന്തളേ, കുഞ്ഞിനെ എടുത്തുകൊള്ളൂ; നിന്നെ മുമ്പിൽ നിറുത്തിക്കൊണ്ടു് ഭഗവാനെ ദർശിക്കണമെന്നാണു് എന്റെ ആഗ്രഹം.
ശകുന്തള:
ആര്യപുത്രനോടുകൂടി ഗുരുസമീപത്തിൽ പോകുന്നതിനു് എനിക്കു് ലജ്ജയുണ്ടു്.
രാജാവു്:
അഭ്യുദയകാലങ്ങളിൽ ഇങ്ങനെ വേണം ചെയ്യാൻ; വരൂ!
(എല്ലാവരും ചുറ്റിനടക്കുന്നു.)

(അനന്തരം ഇരിക്കുന്ന ഭാവത്തിൽ മാരീചനും അദിതിയും പ്രവേശിക്കുന്നു.)

മാരീചൻ:
(രാജാവു വരുന്നതു നോക്കീട്ടു്) ദാക്ഷായണി,

ഭവതിയുടയ പുത്രനെന്നുമേ പോരിൽ മുമ്പൻ,

ഭുവനഭരണകർത്താ ഹന്ത! ദുഷ്ഷന്തനീയാൾ;

ഇവനുടെ കുലവില്ലാലസ്ത്രകാര്യം നടന്നി-

ട്ടവനു കൊടിയ വജ്രം ഭൂഷണപ്രായമായി. 26

അദിതി:
ആകൃതികൊണ്ടുതന്നെ ഇദ്ദേഹം മഹാനുഭാവനാണെന്നു് അറിയാം.
മാതലി:
ഇതാ, ദേവകളുടെ മാതാപിതാക്കന്മാർ പുത്രസ്നേഹത്തോടുകൂടെ മഹാരാജാവിനെ നോക്കുന്നു; അടുത്തുചെല്ലാം.
രാജാവു്:
മാതലി,

പന്ത്രണ്ടായിപ്പിരിഞ്ഞീടിന പെരിയ മഹ-സ്സഞ്ചയത്തിൻ നിദാനം;

മന്ത്രാഢ്യം ഹവ്യമേല്ക്കുന്നൊരു ജഗദധിപൻതന്റെ മാതാപിതാക്കൾ;

ബ്രഹ്മാവിൻ പൂർവ്വനാമപ്പരമ പുരുഷനുംജന്മദാതാക്കളാകും

ശ്രീമാന്മാരീചദാക്ഷായണികളിവർ വിധി-ക്കൊന്നുവിട്ടുള്ള പുത്രർ 27

മാതലി:
അതങ്ങനെതന്നെ.
രാജാവു്:
(അടുത്തുചെന്നിട്ടു്) ഇന്ദ്രഭഗവാന്റെ ആജ്ഞാകരനായ ദുഷ്ഷന്തൻ രണ്ടുപേരേയും നമസ്കരിക്കുന്നു.
മാരീചൻ:
ഉണ്ണീ, വളരെക്കാലം രാജ്യം വാഴുക!
അദിതി:
അപ്രതിരഥനായി[23] ഭവിക്കുക!
ശകുന്തള:
ശകുന്തളയും പുത്രനും ഇതാ, നിങ്ങളുടെ പാദവന്ദനം ചെയ്യുന്നു.
മാരീചൻ:
വത്സേ,

പുരന്ദരസമൻ കാന്തൻ;

ജയന്തസദൃശൻ സുതൻ;

ചൊല്ലാമാശിസ്സു മറ്റെന്തു്?

പൗലോമീതുല്യയാക നീ! 28

അദിതി:
കുഞ്ഞേ, ഭർത്താവു് നിന്നെ ആദരിക്കട്ടെ. നിന്റെ പുത്രൻ ദീർഘായുസ്സായിരുന്നു് ഇരുവംശക്കാരേയും ആനന്ദിപ്പിക്കട്ടെ! ഇരിക്കുവിൻ! (എല്ലാവരും മാരീചന്റെ ഇരുവശമായി ഇരിക്കുന്നു.)
മാരീചൻ:
(ഓരോരുത്തരേയും ചൂണ്ടിക്കാണിച്ചുകൊണ്ടു്)

ഭവാൻ സ്വയം, പുത്രരത്നം,

ഇവൾ സാധ്വി ശകുന്തള

വിധി, വിത്തം, ശ്രദ്ധയെന്ന

സാധനത്രയമൊത്തുതേ. 29

രാജാവു്:
ഭഗവാൻ, മുമ്പേ, ഇഷ്ടസിദ്ധി; ദർശനം പിന്നെ! ഭഗവാന്റെ അനുഗ്രഹത്തിന്റെ മട്ടു് അപൂർവ്വമായിരിക്കുന്നു. നോക്കുക.

പൂവാദ്യമുണ്ടാകുമനന്തരം ഫലം

നവാംബുദം മന്നിലതിന്നുമേൽജ്ജലം;

ഈവണ്ണമാം കാരണകാര്യ സങ്ഗമം

ഭവത്പ്രസാദത്തിനു മുന്നമേ ശിവം.30

മാതലി:
പ്രപഞ്ചപിതാക്കന്മാർ പ്രസാദിച്ചാൽ ഇങ്ങനെയാണു്.
രാജാവു്:
ഭഗവാന്റെ ആജ്ഞാകാരിണിയായ ഇവളെ ഞാൻ ഗാന്ധർവ വിധിപ്രകാരം വേളികഴിച്ചതിന്റെശേഷം കുറച്ചുകാലം കഴിഞ്ഞു ബന്ധുക്കൾ ഇവളെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നപ്പോൾ ഓർമ്മക്കേടുകൊണ്ടു് ഉപേക്ഷിക്കുകയാൽ ഭഗവാന്റെ സഗോത്രനായ കണ്വനു ഞാൻ അപരാധം ചെയ്തുപോയി. പിന്നീടു മോതിരം കണ്ടിട്ടു് ഇവളെ വിവാഹം ചെയ്തതായി എനിക്കു് ഓർമ്മവന്നു. ഇതു് വലിയ ആശ്ചര്യമായിട്ടു് തോന്നുന്നു.

നേരെ നില്ക്കുമ്പോഴതു ഗജമല്ലെന്നുതനോർത്തു; പിന്നെ

ദൂരെപ്പോകുന്നളവു ഗജമോ എന്നുസന്ദേഹമാർന്നൂ;

ചാരെച്ചെന്നിട്ടതിനുടെ പദം കണ്ടു-താൻ നിർണ്ണയിക്കും;

തീരെബ്ഭ്രാന്തന്നുചിതവിധമായെന്റെ ചേതോവികാരം. 31

മാരീചൻ:
താൻ തെറ്റുചെയ്തതായി അങ്ങേക്കു് സംശയം വേണ്ട; അങ്ങേ ഓർമ്മക്കേടിനു് കാരണമുണ്ടു്. കേട്ടുകൊണ്ടാലും!
രാജാവു്:
കാത്തിരിക്കുന്നു.
മാരീചൻ:
അങ്ങുപേക്ഷിക്കയാൽ കഴങ്ങിവശായ ശകുന്തളയെ മേനക ദാക്ഷായണിയുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നപ്പോൾത്തന്നെ, ദിവ്യ ചക്ഷുസ്സുകൊണ്ടു് ഞാൻ സങ്ഗതി അറിഞ്ഞിരിക്കുന്നു. ദുർവാസാവിന്റെ ശാപത്താലാണു് പാവപ്പെട്ട ഈ സഹധർമ്മചാരിണിയെ അങ്ങു നിരാകരിക്കാനിടയായതു്. വേറെ ഒന്നുമല്ല കാരണം. മോതിരം കണ്ടതോടുകൂടി ശാപമോക്ഷവും വന്നു.
രാജാവു്:
(നെടുവീർപ്പുവിട്ടിട്ടു്) ആവൂ! എന്റെ പേരിലുള്ള അപവാദം തീർന്നു.
ശകുന്തള:
(വിചാരം) ആര്യപുത്രൻ കാരണംകൂടാതെയല്ല എന്നെ ഉപേക്ഷിച്ചതു് എന്നു വന്നല്ലോ; ഭാഗ്യമായി. എന്നാൽ എനിക്കു ശാപം കിട്ടിയതായി ഓർമ്മയില്ല. അഥവാ ഞാൻ വിരഹംകൊണ്ടു് ശൂന്യഹൃദയയായിരുന്നപ്പോൾ ആയിരിക്കണം ശാപമുണ്ടായതു്; അതാണു് ‘ഭർത്താവിനെ മോതിരം കാണിക്കണം’ എന്നു് സഖിമാർ എന്നോടു് വളരെക്കാര്യമായി പറഞ്ഞതിന്റെ അർത്ഥം.
മാരീചൻ:
കുഞ്ഞേ, കാര്യം മനസ്സിലായല്ലോ? ഇനി ഭർത്താവിനെപ്പറ്റി അന്യഥാ ശങ്കിക്കരുതു്. നോക്കൂ,

ഊക്കേറും ശാപമൂലം സ്മൃതി മറയുകയാൽ വല്ലഭൻ നിന്നെയന്നാൾ

കൈക്കൊണ്ടില്ലിന്നു പിന്നെക്കലുഷമകലവേസാദരം സ്വീകരിച്ചു;

ഉൾക്കൊള്ളും ധൂളിമൂലം പ്രതിഫലനബലംമാഞ്ഞുനിൽക്കുന്നനേര-

ത്തേല്ക്കാ കണ്ണാടിയൊന്നും, മലിനതയൊഴിയു-ന്നേരമെല്ലാം ഗ്രഹിക്കും 32

രാജാവു്:
ഭഗവാൻ അരുളിച്ചെയ്തതുപോലെതന്നെ.
മാരീചൻ:
ഉണ്ണീ! വിധിപോലെ ഞങ്ങൾ ജാതകർമ്മം കഴിച്ചു് വളർത്തിയ ഈ പുത്രനെ ഭവാൻ അഭിനന്ദിച്ചില്ലയോ?
രാജാവു്:
ഭഗവാനേ, എന്റെ വംശപ്രതിഷ്ഠ ഇവനിലാണു്.
മാരീചൻ:
അങ്ങേ ഈ പുത്രൻ മേലിൽ ചക്രവർത്തിയായ്ച്ചമയും എന്നു് അറിഞ്ഞുകൊള്ളുക.

സത്ത്വോദ്രിക്തനനർഗ്ഗളപ്രസരമാംതേരിൽക്കരേറി സ്വയം

സപ്താംഭോധികളും കടന്നിവനട-ക്കീടുംജഗത്താകവേ;

സത്ത്വൗഘത്തെ ദമിച്ചു സർവദമനാ-ഖ്യാനംലഭിച്ചോരിവൻ

സംസ്ഥാനങ്ങൾ ഭരിച്ചു മേൽ ഭരതനെ-ന്നുള്ളോരു പോരാളുവോൻ 33

രാജാവു്:
തൃക്കൈകൊണ്ടു് ജാതകർമ്മംചെയ്യാൻ ഭാഗ്യമുണ്ടായ ഇവനിൽ ഇതൊക്കെയും ആശിക്കാവുന്നതാണു്.
അദിതി:
ഭഗവാനേ, പുത്രിയുടെ ഈ മനോരഥം സിദ്ധിച്ച വിവരം ആളയച്ചു കണ്വനെ ഗ്രഹിപ്പിക്കണം; പുത്രിയുടെ പേരിലുള്ള വാത്സല്യത്താൽ മേനക എന്നെ ഉപചരിച്ചുകൊണ്ടു് ഇവിടെത്തന്നെ താമസിക്കുന്നുണ്ടു്.
ശകുന്തള:
(വിചാരം) എന്റെ മനോരഥം ഭവതി പറഞ്ഞല്ലോ.
മാരീചൻ:
അദ്ദേഹത്തിനു് തപഃപ്രഭാവംകൊണ്ടു് ഇതെല്ലാം പ്രത്യക്ഷമാണു്.
രാജാവു്:
അതാണു് ഗുരു എന്റെ നേരെ കോപിക്കാഞ്ഞതു്.
മാരീചൻ:
എന്നാലും ഈ സന്തോഷവർത്തമാനം പറഞ്ഞയയ്ക്കേണ്ടതാണു്. ആരവിടെ?
ശിഷ്യൻ:
(പ്രവേശിച്ചിട്ടു്) ഭഗവാനേ, ഞാൻ ഇതാ, ഇവിടെ ഉണ്ടു്.
മാരീചൻ:
വത്സ, ഗാലവ, ഇപ്പോൾത്തന്നെ ആകാശമാർഗ്ഗമായിപ്പോയി കണ്വമഹർഷിയോടു് ഞാൻ പറഞ്ഞയച്ചതായി സന്തോഷവർത്തമാനം പറയണം. എങ്ങനെയെന്നാൽ, ദുർവാസാവിന്റെ ശാപം നിവർത്തിച്ചതോടുകൂടി ഓർമ്മവന്നിട്ടു് ദുഷ്ഷന്തമഹാരാജാവു് പുത്രനേയും ശകുന്തളയേയും സ്വീകരിച്ചിരിക്കുന്നു എന്നു്.
ശിഷ്യൻ:
അരുളിച്ചെയ്തതുപോലെ. (പോയി)
മാരീചൻ:
ഉണ്ണീ, നീയും പുത്രഭാര്യാസമേതം സുഹൃത്തായ ഇന്ദ്രന്റെ രഥത്തിൽക്കയറി രാജധാനിയിലേക്കു് യാത്ര പുറപ്പെടാം.
രാജാവു്:
ഭഗവാന്റെ ആജ്ഞ.
മാരീചൻ:

ഋതുവിൽ മഴപൊഴീച്ചീടട്ടെനിൻനാട്ടിലിന്ദ്രൻ;

ക്രതു പലതു ഭവാനും ചെയ്കവിണ്ണോർക്കുവേണ്ടി;

ഉതവികളിതുമട്ടിൽത്തങ്ങളിൽച്ചെയ്തു ലോക

ദ്വിതയഹിതകൃത്യക്കായ് വാഴുവിൻദീർഘകാലം. 34

രാജാവു്:
യഥാശക്തി ശ്രേയസ്സിനുവേണ്ടി യത്നംചെയ്യാം.
മാരീചൻ:
ഉണ്ണീ, ഇനിയും എന്തുപകാരമാണു് നിനക്കു് ഞാൻ ചെയ്യേണ്ടതു് ?
രാജാവു്:
ഇതിൽപ്പരം പ്രിയം എന്താണു് വേണ്ടതു്? എന്നാലും ഇരിക്കട്ടെ.

(ഭരതവാക്യം)

നിനയ്ക്കണം പ്രകൃതിഹിതം പ്രജേശ്വരൻ

ജയിക്കണം മഹിമയെഴും സരസ്വതി

എനിക്കുമിജ്ജനിമൃതിമാലകറ്റണം

സശക്തിയായ് വിലസിന നീലലോഹിതൻ. 35

(എല്ലാവരും പോയി.)

കുറിപ്പുകൾ

[19] ഇന്ദ്രൻ.

[20] വായുമണ്ഡലം.

[21] മനുഷ്യന്റെ ഉടലും കുതിരയുടെ തലയുമുള്ള ദേവതമാർ.

[22] മയിലിന്റെ നൃത്തം.

[23] എതിരില്ലാത്തവൻ.

ശുഭം

ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ
images/AR_Raja_Raja_Varma.jpg

മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണു് കേരള പാണിനി എന്നു് അറിയപ്പെട്ടിരുന്ന ഏ. ആർ. രാജരാജവർമ്മ (ജീവിതകാലം: 1863 ഫെബ്രുവരി 20–1918 ജൂൺ 18, മുഴുവൻ പേരു്: അനന്തപുരത്തു് രാജരാജവർമ്മ രാജരാജവർമ്മ). കിടങ്ങൂർ പാറ്റിയാൽ ഇല്ലത്തു് വാസുദേവൻ നമ്പൂതിരിയുടേയും കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ കൊല്ലവർഷം 1038 കുംഭമാസം 8-നാണു് അദ്ദേഹം ജനിച്ചതു്. വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവു് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്കു് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതവൈയാകരണനായ പാണിനി, അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ. ആർ. രാജരാജവർമ്മയുടേതായിട്ടുണ്ടു്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ. ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.

ജീവിതരേഖ

ചങ്ങനാശ്ശേരിയിലെ ലക്ഷ്മീപുരം കോവിലകത്താണു് 1863 ഫെബ്രുവരി 20-നു് (1038 കുംഭം 8-നു്) ഉത്രട്ടാതി നക്ഷത്രത്തിൽ ഏ. ആർ. രാജരാജവർമ്മ ജനിച്ചതു് പിതാവു് കിടങ്ങൂർ ഓണന്തുരുത്തി പാറ്റിയാൽ ഇല്ലത്തു് വാസുദേവൻ നമ്പൂതിരി. മാതാവു് ഭരണി തിരുനാൾ കുഞ്ഞിക്കാവു് തമ്പുരാട്ടി, കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ മാതൃസഹോദരിയുടെ പുത്രിയായിരുന്നു. ലക്ഷ്മീപുരം കൊട്ടാരം അക്കാലത്തു് സമ്പന്നമായിരുന്നെങ്കിലും അന്തശ്ചിദ്രത്താൽ അശാന്തമായിരുന്നു. തന്മൂലം അതിലെ ഒരു ശാഖ മൂത്തകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആദ്യം കാർത്തികപ്പള്ളിയിലേയ്ക്കും പിന്നീടു് ഹരിപ്പാട്ടു് അനന്തപുരം കൊട്ടാരത്തിലേയ്ക്കും താമസം മാറ്റി. ഈ കൊട്ടാരം മഹാരാജാവിന്റെ സഹായത്തോടെ മൂത്തകോയിത്തമ്പുരാൻ തന്നെ പണി കഴിപ്പിച്ചതായിരുന്നു. അനന്തപുരത്തു് താമസമാക്കിയ താവഴിയിലാണു് രാജരാജവർമ്മ ഉൾപ്പെടുന്നതു്. ‘ഏ. ആർ.’ എന്ന നാമാക്ഷരിയിലെ ‘എ’ അനന്തപുരം കൊട്ടാരത്തേയാണു് സൂചിപ്പിക്കുന്നതു്. അദ്ദേഹത്തിന്റെ ഓമനപ്പേർ കൊച്ചപ്പൻ എന്നായിരുന്നു. ക്ലേശകരമായ ജീവിതമായിരുന്നു ഹരിപ്പാട്ടു്.

വിദ്യാഭ്യാസം

പ്രഥമഗുരു ചുനക്കര വാര്യർ ആയിരുന്നു. ചുനക്കര ശങ്കരവാര്യരും ഗുരുവായിരുന്നു. പന്ത്രണ്ടു് വയസ്സായപ്പോഴേക്കും കണക്കും കൂട്ടിവായനയും പഠിച്ചു. ആയില്യം തിരുനാൾ മഹാരാജാവിനാൽ നാടുകടത്തപ്പെട്ട കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഹരിപ്പാട്ടു താമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ വിദ്യാഭ്യാസം ആരംഭിച്ചു. നാലഞ്ചുകൊല്ലം നീണ്ടു നിന്ന ഈ കാലയളവിൽ അദ്ദേഹം മാനവേദചമ്പു, നൈഷധം മുതലായ കാവ്യങ്ങളിലും ശാകുന്തളം, മാലതീമാധവം തുടങ്ങിയ നാടകങ്ങളിലും കുവലയാനന്ദം, രസഗംഗാധരം എന്നീ അലങ്കാരഗ്രന്ഥങ്ങളിലും വ്യാകരണത്തിൽ സിദ്ധാന്തകൌമുദിയിലും പാണ്ഡിത്യം നേടി.

1881(കൊല്ലവർഷം 1056)-ൽ വലിയകോയിത്തമ്പുരാൻ തിരുവനന്തപുരത്തേക്കു് മടങ്ങിയപ്പോൾ കൊച്ചപ്പനും കൂടെ പോയി. അവിടെ സർക്കാർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നാലാം ക്ലാസ്സിൽ ചേരുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു് സാഹിത്യവാസനയാൽ വിശാഖം തിരുനാൾ മഹാരാജാവിന്റെ പ്രീതിയാർജ്ജിച്ചതോടെ അദ്ദേഹം പരക്കെ അറിയപ്പെടുവാൻ തുടങ്ങി. ഇക്കാലത്തു് രാജകൊട്ടാരത്തിൽ വിശാഖംതിരുനാളിന്റെ മകനോടൊത്തു് ട്യൂട്ടർമാരുടെ കീഴിൽ പഠിക്കാൻ അനുവാദവും കിട്ടി. വിശാഖം തിരുനാൾ അദ്ദേഹത്തെ രാജരാജൻ എന്നു് വിളിച്ചു. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം മട്രിക്കുലേഷൻ പാസ്സായി. അമ്മ മരണമടഞ്ഞതിനാൽ ഒരുവർഷം വിദ്യാഭ്യാസം മുടങ്ങിയെങ്കിലും അടുത്തവർഷം കോളേജിൽ ചേർന്നു. കൊല്ലവർഷം 1061-ൽ എഫ്. എ. പരീക്ഷയും 1065-ൽ രസതന്ത്രം ഐച്ഛികമായെടുത്തു് ബി. എ. പരീക്ഷയും വിജയിച്ചു.

ഔദ്യോഗികജീവിതം

ശ്രീമൂലം തിരുനാൾ മഹാരാജാവു് 1890-ൽ (കൊല്ലവർഷം 1065-ൽ) ഏ. ആറിനെ സംസ്കൃത പാഠശാലയിൽ ഇൻസ്പെക്ടറായി നിയമിച്ചു. ഏ. ആർ. ഈ കാലയളവിൽ നിഷ്കൃഷ്ടമായ പാഠ്യപദ്ധതിയും പാശ്ചാത്യരീതിയിലുള്ള ശിക്ഷണക്രമവും നടപ്പാക്കി. ജോലിക്കിടയിൽ സംസ്കൃതത്തിൽ എം. എ. എഴുതിയെടുത്തു.

1894-ൽ (കൊല്ലവർഷം 1069-ൽ) സംസ്കൃത മഹാപാഠശാലയിലെ പ്രിൻസിപ്പലായി നിയമിതനായി. അഞ്ചുവർഷത്തിനുശേഷം, കൊല്ലവർഷം 1074-ൽ അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കോളേജിലെ നാട്ടുഭാഷാ സൂപ്രണ്ടായി. അദ്ദേഹം കോളേജുകളിൽ ഭാഷാസംബന്ധമായി ക്ലാസ്സുകൾ എടുക്കാനായി തയ്യാറാക്കിയ കുറിപ്പുകളിൽ നിന്നാണു് ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ കൃതികൾ മലയാളത്തിനു് ലഭിച്ചതു്. 13 വർഷത്തിനുശേഷം അദ്ദേഹത്തിനു് സംസ്കൃത-ദ്രാവിഡ ഭാഷകളുടെ പ്രൊഫസ്സറായി സ്ഥാനക്കയറ്റം ലഭിച്ചു.

കുടുംബം

ബിരുദമെടുക്കുന്നതിനു് മൂന്നുമാസം മുമ്പു് കൊല്ലവർഷം 1064-ൽ രാജരാജവർമ്മ വിവാഹിതനായി. മൂത്ത കോയിത്തമ്പുരാന്റെ മൂന്നാമത്തെ പുത്രിയും മാവേലിക്കര എം. ഉദയവർമ്മരാജായുടെ കനിഷ്ഠസഹോദരിയുമായ മഹാപ്രഭതമ്പുരാട്ടിയായിരുന്നു വധു. മൂന്നു് ആണും അഞ്ചു് പെണ്ണുമായി ഈ ദമ്പതികൾക്കു് എട്ടു സന്താനങ്ങൾ പിറന്നു. മക്കളിൽ മവേലിക്കര ഭാഗീരഥി അമ്മത്തമ്പുരാനും, എം. രാഘവവർമ്മരാജയും സാഹിത്യരംഗത്തു് പ്രശസ്തരാണു്.

അവസാനകാലം

തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പ്രൊഫസറായിരിക്കുന്ന കാലത്തു്, സാധാരണ ജലദോഷപ്പനിയായി ആരംഭിച്ച അസുഖം സന്നിപാതജ്വരമായി മൂർച്ഛിച്ചതിനെത്തുടർന്നു് 1093 മിഥുനം 4-നു് (1918 ജൂൺ 18-നു്) മാവേലിക്കര ശാരദാലയത്തിൽ വെച്ചു് 56-ാം വയസ്സിൽ ഏ. ആർ. രാജരാജവർമ്മ മരണമടഞ്ഞു.

രാജരാജവർമ്മയുടെ ജീവിതത്തിലെ വിശദാംശങ്ങൾ ഊൾക്കൊള്ളിച്ചു് അദ്ദേഹത്തിന്റെ മക്കളായ ഭാഗീരഥിഅമ്മത്തമ്പുരാനും എം. രാഘവവർമ്മയും ചേർന്നു് ‘രാജരാജവർമ്മ’ എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ടു്. മൂന്നുഭാഗങ്ങളിലായി സാമാന്യം വിസ്തരിച്ചെഴുതിയ ഈ ജീവചരിത്രഗ്രന്ഥത്തിൽനിന്നും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചു് ഒരേകദേശരൂപവും ലഭിയ്ക്കും.

ഔദ്യോഗികജീവിതവും വിദ്യാഭ്യാസപരിഷ്കാരങ്ങളും

സംസ്കൃതകോളേജിലായിരുന്ന കാലത്തു് അവിടെ സംസ്കൃതത്തിന്നു പുറമെ ഭൂമിശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ ഇതര വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുക, എല്ലാ ദരിദ്രവിദ്യാർത്ഥികൾക്കും വിദ്യാർത്ഥിവേതനം അനുവദിക്കുക, അദ്ധ്യാപകർക്കു് ഇംഗ്ലീഷ് ഭാഷയിൽ പരിചയം ഉണ്ടാക്കുക, കൃത്യവും ആസൂത്രിതവുമായ സമയവിവരപ്പട്ടികകൾ വെച്ചു് അദ്ധ്യാപനം ചിട്ടപ്പെടുത്തുക എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങൾ രാജരാജവർമ്മ ഏർപ്പെടുത്തി. സിലബസ് പരിഷ്കരണം നടപ്പിലാക്കാൻ ആവശ്യമായ പാഠ്യപുസ്തകങ്ങളും അദ്ദേഹം അക്കാലത്തു് വിരചിച്ചു. അഞ്ചുകൊല്ലത്തെ സേവനത്തിനുശേഷം പ്രിൻസിപ്പൽ സ്ഥാനം ഗണപതിശാസ്ത്രികളെ ഏൽപിച്ചു് മഹാരാജാസ് കോളേജിലേയ്ക്കു് പോയെങ്കിലും മരിക്കുന്നതുവരെ സംസ്കൃതകോളേജിന്റെ കാര്യത്തിൽ നിതാന്തശ്രദ്ധ പുലർത്തുവാനും കഴിയുന്ന സഹായങ്ങൾ അപ്പപ്പോൾ ചെയ്തുകൊടുക്കുവാനും അദ്ദേഹം നിഷ്കർഷിച്ചുപോന്നു.

മഹാരാജാസ് കോളേജിൽ നാട്ടുഭാഷാസൂപ്രണ്ടും പിന്നീടു് പ്രൊഫസറുമായി ജോലിനോക്കിയിരുന്ന കാലത്തു് കോളേജിലെ നാട്ടുഭാഷാധ്യാപകരുടെ ശോചനീയാവസ്ഥയ്ക്കു് അറുതിവരുത്തുവാൻ രാജരാജവർമ്മ ചെയ്ത യത്നങ്ങൾ എടുത്തുപറയത്തക്കതാണു്. ഇതര വകുപ്പു മേധാവികളായ വിദേശികളുടെ ഗ്രേഡും ശമ്പളവും മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷാവിഭാഗങ്ങളിലെ മേധാവികൾക്കുകൂടി വകവെപ്പിച്ചെടുക്കാൻ ഏ. ആറിനു കഴിഞ്ഞു.

കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയവ അന്നു് ക്ലാസ്സിലെ ആവശ്യത്തിനു പാകത്തിൽ തയ്യാറാക്കിയ ഗ്രന്ഥങ്ങളാണു്. മാതുലനായ “വലിയകോയിത്തമ്പുരാന്റെ” വിയോഗം കൊണ്ടും സ്വപുത്രന്റെ അകാലമൃത്യുകൊണ്ടും മറ്റും അനുഭവിക്കേണ്ടിവന്ന തീവ്രദുഃഖം സഹനീയമായതു് ഇതുപോലുള്ള ഗ്രന്ഥങ്ങളുടെ നിർമ്മിതിയിൽ മുഴുകിയതു കൊണ്ടാണെന്നു് ഏ. ആർ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ടു്.

പാണ്ഡിത്യം കൊണ്ടായാലും ഭാഷാസ്വാധീനം കൊണ്ടായാലും കേരളപാണിനിക്കു് സംസ്കൃതവും മലയാളവും തമ്മിൽ ഭേദമുണ്ടായിരുന്നില്ല. കാവ്യങ്ങളും വ്യാകരണഗ്രന്ഥങ്ങളുമായി ഇദ്ദേഹത്തിന്റെ ഇരുപത്തിരണ്ടു കൃതികൾ സംസ്കൃതത്തിലുണ്ടു്; മലയാളത്തിൽ ഇരുപത്തൊന്നും. ഗ്രന്ഥരചനയ്ക്കുപുറമെ തന്റേതായ ഒരു പാരമ്പര്യം മലയാളസാഹിത്യത്തിൽ വേരുപിടിപ്പിക്കുവാനും ഏ. ആറിനു കഴിഞ്ഞു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ തഴച്ചുവന്ന നിയോക്ലാസ്സിക് പ്രവണതയ്ക്കു് തക്ക സമയത്തു കടിഞ്ഞാണിടാനും, ഭാഷാസഹിതിയെ നിർണായകമായ ഒരു ദശാസന്ധിയിൽ നേർവഴിക്കു തിരിച്ചുവിടാനും ശക്തിയും വിവേകവും കാണിച്ചു എന്നതു് അദ്ദേഹത്തിന്റെ സാഹിത്യബോധത്തിനു് അവകാശപ്പെടാവുന്ന ഒരു വലിയ നേട്ടമാണു്. മുൻതലമുറയുടെയും പിൻതലമുറയുടെയും കാലാഭിരുചികളോടു് സുദൃഢമായി ഇണങ്ങിനിൽക്കാൻ തക്കവണ്ണം തരംഗവൈവിധ്യമാർന്ന സംവേദനശേഷിയുടെ ഉടമയായിരുന്നു രാജരാജവർമ്മ. വൈയാകരണന്മാർ തദ്ധിതമൂഢന്മാരായ ശുഷ്കപണ്ഡിതന്മാരാണെന്ന ജനബോധം, പുതുമക്കാർ പറയുമ്പോലെ, തിരുത്തിക്കുറിക്കുകമാത്രമല്ല, താനൊരു ഗതിപ്രതിഷ്ഠാപകൻ (trend setter) ആണെന്നു് തെളിയിക്കുകകൂടി ചെയ്തു അദ്ദേഹം.

കൃതികൾ

സ്വന്തം ഉദ്യോഗമായ ഭാഷാ അദ്ധ്യയനത്തിനു് പ്രയുക്തമായ പാഠപുസ്തകങ്ങളുടെ അഭാവമാണു് കേരളപാണിനിയെ ഒരു മഹദ്ഗ്രന്ഥകാരനാക്കി മാറ്റിയതു് എന്നു പറയാം. എന്നാൽ പിൽക്കാലത്തു് ഒരു ഭാഷയുടെ തന്നെ ചട്ടക്കൂടുകൾ ഉറപ്പിച്ചുനിർത്താൻ പോന്ന അസ്ഥിവാരക്കല്ലുകളായി അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മാറി.

ഇതുവരെ കണ്ടെടുക്കപ്പെട്ടതായി 33 മലയാളകൃതികൾ, 66 ലേഖനങ്ങളും അവതാരികകളും, 15 സംസ്കൃതരചനകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ കൃതികളെ കണക്കാക്കാം. ഇവയെല്ലാം വ്യത്യസ്തങ്ങളായ അദ്ദേഹത്തിന്റെ രചനാവൈഭവത്തെ എടുത്തുകാണിക്കുന്നവയുമാണു്.

രാജരാജവർമ്മയുടെ വക അമൂല്യപാരിതോഷികങ്ങളായി മലയാളത്തിന ലഭിച്ചവയാണു് ‘കേരളപാണിനീയം’ (മലയാളഭാഷാവ്യാകരണം), ഭാഷാഭൂഷണം(അലങ്കാരാദി കാവ്യനിർണ്ണയപദ്ധതി), വൃത്തമഞ്ജരി (മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതി) എന്നിവ. ഇന്നും ഈ കൃതികളാണു് പ്രസ്തുത വിഷയങ്ങളിൽ മലയാളത്തിലെ ആധികാരിക അവലംബങ്ങൾ.

സാഹിത്യസാഹ്യം (ഗദ്യരചനാപാഠം), ലഘുപാണിനീയം, മണിദീപിക (സംസ്കൃതവ്യാകരണം), മധ്യമവ്യാകരണം (പ്രാരംഭമലയാളവ്യാകരണം) എന്നിവയാണു് അദ്ദേഹം രചിച്ച ഭാഷാപഠനസഹായികൾ.

തർജ്ജമസാഹിത്യത്തിൽ ഒരു പുതിയ വഴി തുറന്നു വിട്ടവയാണു് അദ്ദേഹത്തിന്റെ സ്വപ്നവാസവദത്തം, മാളവികാഗ്നിമിത്രം, ചാരുദത്തൻ, ഭാഷാകുമാരസംഭവം, മേഘദൂതു് തുടങ്ങിയവ.

നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനമായ കാന്താരതാരകം, നളിനിയുടെ അവതാരിക, പ്രാസവാദത്തിലെ യുക്തിയുക്തമായ പ്രസ്താവങ്ങൾ എന്നിവ മലയാളസാഹിത്യചരിത്രത്തിൽ അദ്ദേഹത്തിനൊരു യുഗപുരുഷന്റെ പ്രഭാവം നേടിക്കൊടുത്തു.

കാല്പനികമലയാളസാഹിത്യചരിത്രത്തിലെ വർണ്ണാഭമായ ഒരേടാണു് മലയവിലാസം. മദ്ധ്യകാലഘട്ടത്തിനുശേഷമുള്ള മൗലികമായ സംസ്കൃതകൃതികളിൽ ആംഗലസാമ്രാജ്യത്തിനു് സമുന്നതപദവി തന്നെയുണ്ടെന്നു് പണ്ഡിതന്മാരും സമ്മതിച്ചു തന്നിട്ടുണ്ടു്.

Colophon

Title: Malayalasakunthalam (ml: മലയാളശാകുന്തളം).

Author(s): A. R. Rajarajavarma Koithampuran.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Drama, A. R. Rajarajavarma Koithampuran, Malayalasakunthalam, ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ, മലയാളശാകുന്തളം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 21, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: King Dushyanta proposing marriage with a ring to Shakuntala, a chromolithograph by R. Varma . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.