ഇതിലും കടുത്ത പ്രതിസന്ധി വിമലിന്റെ ജീവിതത്തിലുണ്ടായിട്ടേയില്ല. ഇനി ചുവരിൽ കറുത്തു കിടക്കുന്ന പാടുകൾ തുടച്ചു മാറ്റണം, രജനിയെയും അവനവനെയും രക്ഷിക്കാൻ ഒരു കളവു് മെനഞ്ഞുണ്ടാക്കണം അതോ പോലീസിനെ അറിയിക്കണോ? അതൊക്കെയാണു് അയാൾ ആലോചിച്ചതു്. കല്ലു വീണ കുളത്തിൽ നട്ടം തിരിയുന്ന മീനുകളെപ്പോലെ രജനിയുടെ കൃഷ്ണമണികൾ പതറുന്നുണ്ടു്, അതിന്റെയാഴത്തിൽ പഴങ്കഥകളുടെ പായലുപിടിച്ചിരിക്കുന്നതു് അയാൾ കണ്ടു. രജനിയുടെ മേൽമീശയിലെ വിയർപ്പിലേക്കു് അയാളുടെ കണ്ണീരു് വീണു് ഒറ്റത്തുള്ളിയായി.
⋄ ⋄ ⋄
ഒരു ചെറിയ ചാറ്റലേയുള്ളൂ, രജനി കുട തുറന്നില്ല. ചാറ്റൽത്തുള്ളികൾക്കു നേരെ വായ് തുറന്നു പിടിച്ചു്, ആകാശം നോക്കി വരമ്പത്തൂടെ നടന്നു. കാലു വഴുക്കി, അവൾ പെട്ടന്നു് പുറകോട്ടാഞ്ഞു. വഴുതി പാടത്തെ ചെളിയിലേക്കു് വീണേനെ. വലംകൈയിലെ നീളംകൂടിയ കുട മണ്ണിൽ കുത്തി ഒരുവിധം വീഴാതെ രക്ഷപ്പെട്ടു. തുണിസഞ്ചി തോളിൽ നിന്നൂർന്നു പോവുകയും അവൾ കണിശതയോടെ സഞ്ചി നേരെയിടുകയും ചെയ്തു. ഭാഗ്യം! കൂട്ടുകാരിയുടെ അമ്മ, സുമതിയമ്മ കൊടുത്ത സഞ്ചിയാണു്, അതെങ്ങാനും പാടത്തെ ചെളിയിൽ വീണിരുന്നെങ്കിൽ പിറ്റേന്നു് എങ്ങിനെ സ്കൂളിലേക്കു് പുസ്തകങ്ങൾ കൊണ്ടു പോകും? രജനിയുടെ വെപ്രാളത്തിനു നേരെ ചിരിച്ചു കൊണ്ടു്, കുറുകെയുള്ള വരമ്പത്തൂടെ, നടന്നു പോകുമ്പോൾ അയാൾ പറഞ്ഞു, “നേരെ നോക്കി പോ എണേ”. അക്കരെക്കുന്നിലുള്ള ഏട്ടനാണു്, അവൾ തിരിച്ചു ചിരിച്ചു.

രജനി വരമ്പുകടന്നു് വീട്ടിലേക്കുള്ള മണ്ണുവെട്ടിയ പടികൾ കയറി. പലയിടത്തും വഴുക്കലുണ്ടു്. മുറ്റത്തു വെച്ച അലുമിനിയത്തൊട്ടിയിൽ ഇറവെള്ളം നിറഞ്ഞിട്ടുണ്ടു്, അതിൽ കാലുകഴുകി. അമ്മമ്മ വീട്ടിലില്ല. റേഷൻ വാങ്ങാൻ പോയതാവും. താക്കോലില്ലാത്ത ചെറിയ പൂട്ടു് ഓടാമ്പലിൽ കൊളുത്തിയിട്ടിട്ടുണ്ടു്. കണ്ടാൽ പൂട്ടിയിട്ട വീടു പോലെയിരിക്കും. അല്ലെങ്കിലും പൂട്ടിയിടാനായിട്ടു് അവിടെ എന്തുണ്ടായിട്ടാണു്. ഇക്കണ്ട പടി മുഴുവനും കേറി അവിടെ ആരും ചെല്ലാറുമില്ല. വാതിലു തുറന്നയിടത്തു തന്നെ സഞ്ചി വെച്ചു്, രജനി അടുക്കളയിലെത്തി. കോലായിയും, കയറുന്ന മുറിയും അടുക്കളയും, അത്രയേയുള്ളൂ വീടു്. അടുപ്പിൽ ചാരത്തിനടിയിൽ കനലു് കെടാതെ സൂക്ഷിച്ചിരിക്കും. കുറച്ചു് ഓലക്കണ വെച്ചു് ഊതിയാൽ തീ പിടിപ്പിക്കാം. കുനിഞ്ഞിരുന്നു് അടുപ്പിനരികിൽ വച്ച ഓലക്കെട്ടിൽ നിന്നു് അവൾ മൂന്നാലു് ഓലക്കണ വലിച്ചെടുത്തു. ആരോ പുറകിൽ വന്ന പോലെ ഒച്ച, എന്തു പറ്റിയെന്നു് തിരിച്ചറിയാനവൾക്കു് ഇട കിട്ടിയില്ല, പിറകിൽ ഒരാൾ, തലയ്ക്കു മുകളിൽ! അയാളുടെ കാലുകൾക്കു് താഴെയാണു് രജനി കുനിഞ്ഞിരിക്കുന്നതു്. കരിമ്പൻ മണക്കുന്ന ഉടുമുണ്ടു് അവളുടെ തോളിലുരഞ്ഞു, വരമ്പത്തു കണ്ട ആൾ, അക്കരെക്കുന്നിലുള്ള ഏട്ടൻ!
⋄ ⋄ ⋄
അയാൾ വാതിലു കടന്നു് പുറത്തേക്കു പോയി. വാതിൽക്കൽ വെച്ച സഞ്ചി ചെരിഞ്ഞു്, നിലത്തുവീണു കിടന്നിരുന്ന, ആറാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ അയാളുടെ മടമ്പിലെ ചെളി പറ്റി. അവളുടെ പരന്ന നെഞ്ചിൽ അരിക്കൂൺ പോലുളള കുഞ്ഞു മുലഞെട്ടുകൾ നഖപ്പാടിൽ പുകഞ്ഞു. മെല്ലെ അവൾ കോലായ കടന്നു് മുറ്റത്തിറങ്ങി. മേലാകെ പശ പുരട്ടിയ പോലെ രജനി അസ്വസ്ഥയായി. അവൾ മുറ്റത്തു് കമിഴ്‌ന്നു കിടന്നു. മഴ കടുത്തു. അവൾക്കു് പുറം നൊന്തു. ചെറിയൊരു ചാലായി ചുവപ്പു് വെള്ളത്തിൽ പരന്നു. ഒടുവിൽ നേർത്തു നൂലു പോലെ ഒടുങ്ങി. അവൾ മുഖമുയർത്തി. താഴെ നോക്കെത്താ ദൂരത്തു് പടർന്നു പോയ പാടത്തു് ഒരു പൊട്ടു പോലെ അയാൾ അലിഞ്ഞില്ലാതാവുന്നതു് വെറുപ്പോടെ കണ്ടു.
⋄ ⋄ ⋄
അയാൾ അക്കരെക്കുന്നിലെ തന്റെ വീട്ടിലേക്കു കയറുമ്പോൾ അവിടെ നല്ലൊരു ഒച്ചപ്പാടു കഴിഞ്ഞതിന്റെ പുകയുണ്ടായിരുന്നു. അടുക്കളമുറ്റത്തു് മഴയിൽ നനഞ്ഞ വിറകുകൊള്ളി പുകയുന്നു, അതിൽ നിന്നു് കൊഴുത്ത കട്ടൻകാപ്പി പോലെ മരക്കറയൊഴുകുന്നു. അയാളുടെ അമ്മ പതിവുപോലെ ദേഷ്യത്തിൽ വിറയ്ക്കുന്നു.
“ഒണക്കല്ള്ള ഒരു കൊള്ളിയില്ല ഈടെ കഞ്ഞി വെക്കാൻ. രണ്ടാക്കും രാവിലേ കീഞ്ഞു് പൂവാലോ”
അമ്മ തുടങ്ങി. ഇനി രക്ഷയില്ല. പറഞ്ഞതു തന്നെ ആവർത്തിച്ചു കൊണ്ടിരിക്കും. അകത്തു് അയാളുടെ അച്ഛൻ വായ് തുറന്നു്, കേലയൊലിപ്പിച്ചു് ചാരായത്തിന്റെ മണമായി കിടന്നുറങ്ങുന്നു. അയാൾ കോടാലിയെടുത്തു് ചായ്പിലെ ലേശം ഉണക്കക്കൂടുതലുള്ള മരമുട്ടി കൊത്തിക്കീറി അടുക്കളയിലേക്കിട്ടു കൊണ്ടു് അമ്മയോടു പറഞ്ഞു,
“ഇന്നാ നിന്റെ കഞ്ഞി”
“നാളെ ഓളാടെ പോണം, പലഹാരം കൊണ്ടോണം, പൈസ വേണം. ഇതു് മാസം ഒമ്പതായി” അയാളുടെ അമ്മ പറഞ്ഞു.
“ഓ, തെരാം”
സ്വന്തം വീട്ടിൽ പെറാൻ പോയ ഭാര്യയുടെ മുലകളെ ഓർത്തപ്പോൾ അയാൾക്കു് ബീഡി വലിക്കാൻ തോന്നി. മടിക്കുത്തിൽ നിന്നെടുത്ത ബീഡി, അടുപ്പിൽ നിന്നു് കത്തിച്ചു കഴിഞ്ഞപ്പോൾ ഒരുടലിൽ അതൊന്നു കുത്തി നോക്കാൻ അയാളുടെ കൈ തരിച്ചു. വന്യമായ ഓർമ്മകളുടെ പുക വളയങ്ങൾ അയാൾ ഊതി രസിച്ചു. രഹസ്യവേട്ടകളുടെ അപാരസാധ്യതകളുള്ള തുടർജീവിതത്തിന്റെ പുതിയ പ്രതീക്ഷകൾ ബീഡിപ്പുക പോലെ മുന്നിൽ പടർന്നു.
⋄ ⋄ ⋄
പനി മൂർച്ഛിച്ചു് അവൾ വിറച്ചു കൊണ്ടിരുന്നു. ചൂടുകഞ്ഞിയും കാന്താരിച്ചമ്മന്തിയും ചുട്ട മുള്ളനും കൊണ്ടു് രജനിയുടെ അമ്മമ്മ, പാപ്പിയമ്മ വന്നു.
“ഒരുവറ്റു് കഞ്ഞി കുടിച്ചിറ്റു് കെടക്കു് കുഞ്ഞീ” പാപ്പിയമ്മ പെൺകുട്ടിയുടെ മുടിയിൽ വിരൽ ചുറ്റി.
കഴുക്കോലിൽ നിന്നും ട്രപ്പീസ് കളിക്കുന്ന ഒരു ചിലന്തി തന്നെ എട്ടു കണ്ണുകൾ കൊണ്ടും വിഴുങ്ങുന്ന പോലെ അവൾക്കു തോന്നി. അമ്മമ്മ കറുത്ത കമ്പിളി കൊണ്ടു് അവളുടെ കഴുത്തു വരെ പുതപ്പിച്ചു. കമ്പിളിരോമങ്ങൾ ദേഹത്തു് തട്ടിയപ്പോൾ അയാളുടെ രോമങ്ങളാണവയെന്നു് അവൾ ഭയന്നു. പാപ്പിയമ്മ ഒരു സ്പൂൺ കഞ്ഞി രജനിയുടെ വായിലേക്കൊഴിച്ചു കൊടുത്തു. കൊഴുത്ത കഞ്ഞി, അവൾ ശക്തിയായി ഛർദ്ദിച്ചു. വയറ്റിലൊന്നുമില്ലായിരുന്നു, തൊണ്ട പൊട്ടി ചോര വന്നു. പൊള്ളുന്ന പനിയിൽ കണ്ണുകൾ തുറിച്ചു് കൃഷ്ണമണി മുകളിലേക്കു മറിഞ്ഞു. “അയ്യോ, ആരേലും ഒന്നോടി വരണേ” പാപ്പിയമ്മ നിലവിളിച്ചു. കുന്നിൻ പുറത്തെ ആ ഒറ്റ വീടിനു ചുറ്റും ഇരുട്ടു് കനപ്പെട്ടു കിടന്നു.
⋄ ⋄ ⋄
“കർക്കടകം പത്തു ദിവസം മീനം പോലെയാണു് മഴയിണ്ടാവില്ല, എന്നാലും കുഞ്ഞീ നീ കൊടയെടുത്തോ” പാപ്പിയമ്മ കുട നീട്ടി. കുട സുരക്ഷിതമായ ഒരു കൈ പോലെ അവൾ മുറുക്കിപ്പിടിച്ചു. ഒറ്റയ്ക്കാണു് അവൾ സ്കൂളിലേക്കു് പോയതു്. വീടു നിൽക്കുന്ന കുന്നിറങ്ങിയാൽ പാടം, റോഡ്, പാലം, വീണ്ടുമുള്ള കുന്നിൻ പുറത്താണു് സ്കൂൾ. ഇത്ര ദിവസങ്ങൾ എന്തു പറ്റിയെന്നു് കൂട്ടുകാർ ചോദിച്ചു. ആരോടും അവൾക്കൊന്നും വിശദീകരിക്കാനുണ്ടായിരുന്നില്ല. “ചെറിയ പനിയും കൊണ്ടു് ഒന്നര ആഴ്ച ഇരിക്കണ്ട കാര്യമിണ്ടായിരുന്നോ മോളേ” ക്ലാസ് ടീച്ചർ ഹാജർ പട്ടിക വിളിക്കുമ്പോൾ ചോദിച്ചു. അവൾക്കു് അപ്പോൾ ചെറുതായി ചിരിക്കാനും നഖം കടിക്കാനും തോന്നി.
“ഉച്ചക്കഞ്ഞി കിട്ടൂലേ കുഞ്ഞീ, ഉദ്യോഗൊന്നും എല്ലാരിക്കും കിട്ടൂലല്ലോ” രാവിലെ അമ്മമ്മ പറഞ്ഞതു് അവളോർമ്മിച്ചു. വൈകുന്നേരം മഴയുണ്ടായിരുന്നില്ല. നാലുമണിയുടെ ഇളവെയിൽ പാടത്തു് പൊന്നു പോലെ വീഴുന്നുണ്ടായിരുന്നു. അവൾക്കു് സമാധാനം തോന്നി. നീണ്ടു കിടക്കുന്ന വരമ്പുകൾ…
“നിക്ക്, നിക്ക്”
പരുത്ത ഒച്ച, തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ അയാൾ. കാലു വിറച്ചു, വരമ്പുകൾ അവൾക്കു് സ്ഥലഭ്രമം ഉണ്ടാക്കി, നിലവിളിക്കാനാവുന്നില്ല. ഒരു കുറുകൽ മാത്രമേ തൊണ്ടയിൽ നിന്നും വരുന്നുള്ളൂ. അയാൾ ഓടി വന്നു് രജനിയെ എടുത്തു് തോളിൽ കിടത്തി. അവൾ കണ്ണടച്ചു് കിടന്നു. പടികൾ ആഞ്ഞു ചവിട്ടി, അവളുടെ വീട്ടിലേക്കു് അയാൾ കയറി. അവൾക്കു് ഛർദ്ദിക്കാൻ മുട്ടി. അഞ്ചു മണി കഴിഞ്ഞപ്പോൾ പാപ്പിയമ്മ വന്നു. അമ്മമ്മയുടെ കയ്യിൽ വിന്നേഴ്സ് ബേക്കറിയിലെ പലക ബിസ്ക്കറ്റും പാതിമഷിയുള്ള ഒരു പേനയും ഉണ്ടായിരുന്നു.
“ഇന്നാ” അതു നീട്ടി പാപ്പിയമ്മ ചിരിച്ചു.
⋄ ⋄ ⋄
നന്നെച്ചെറുപ്പത്തിൽ രജനി കാഴ്ചയിൽ അവളുടെ അമ്മയെ ഓർമ്മിപ്പിച്ചു. വിടർന്ന കണ്ണുകളും ലേശം പതിഞ്ഞ മൂക്കും കോലൻ മുടിയും. മെലിഞ്ഞിട്ടെങ്കിലും ഉത്സാഹിയായ കുട്ടി. ചെള്ളു് പോലെ തെറിച്ചു്, ചിരിച്ചു നടക്കും. ഇടയ്ക്കു് ചില ദിവസങ്ങളിൽ അവർ സുമതിയുടെ വീട്ടിൽ പോകും. തന്റെ മകളുടെ ചില ഉടുപ്പുകൾ അവൾ രജനിക്കു് കൊടുക്കും. കുട്ടികൾ മുറ്റത്തു് വീണുകിടക്കുന്ന ചതുരനെല്ലികൾ പെറുക്കുകയോ, ചാമ്പക്ക പറിക്കുകയോ, സാറ്റു് കളിക്കുകയോ ചെയ്യുമ്പോൾ സുമതിയും പാപ്പിയമ്മയും പല നാട്ടുവിശേഷങ്ങളും പരദൂഷണങ്ങളും പറഞ്ഞു കൊണ്ടു് വടകുരുട്ടുകയോ ചക്കപപ്പടമുണ്ടാക്കുകയോ, വീട്ടുപണികൾ ചെയ്യുകയോ ചെയ്യും. ഒരു ദിവസം ചുരുട്ടിപ്പിടിച്ച കയ്യുമായി രജനി അടുക്കള മുറ്റത്തു നിന്നും സുമതിയുടെയടുത്തു് ചെന്നു പറഞ്ഞു, “ഇത്തിരി വെള്ളം തെര്യോ, ഇതു് തിന്നാനാ” അവൾ ചുരുട്ടിപ്പിടിച്ച കുഞ്ഞു കൈകൾ വിടർത്തി. നാലഞ്ചു ഗുളികകൾ! പഴയ പേപ്പറുകൾക്കൊപ്പം കത്തിക്കാനിട്ടിരുന്ന, ഉപയോഗത്തീയതി കഴിഞ്ഞ ഒരു ഫോയിൽ ഗുളികകൾ! അതു് അവൾ ചവറുകൂനയിൽ നിന്നും എടുത്തു കൊണ്ടു വന്നിരിക്കുന്നു. “ഗുളികകൾ മുട്ടായി തിന്നും പോലെ തിന്ന്വോ ആരേലും, ചത്തു പോകും.” അവളുടെ കണ്ണുകളിൽ അവളുടെ അമ്മയെക്കണ്ടു് ഭയന്നു് സുമതി പറഞ്ഞു. രജനിയുടെ അമ്മയെ അവളോർത്തു. വീർത്ത വയറുമായി ആശുപത്രിക്കിടക്കയിൽ മയങ്ങിക്കിടന്നിരുന്ന വിളർത്ത രൂപത്തെ. ഒരുപിടി ഗുളികകൾ നഴ്സ്സ് സ്റ്റേഷനിൽ നിന്നു് കട്ടു തിന്നു്, പ്രസവവാർഡിൽ അവൾ കുഴഞ്ഞു വീണിരുന്നു.
“ഓനടിക്കുമായിരുന്നോ?” സുമതി അന്നു് പാപ്പിയമ്മയോടു് ചോദിച്ചു.
“കയ്യിമ്മൽ നിറയെ നുള്ളിപ്പറിച്ച പാട്ണ്ടു്” അവർ പറഞ്ഞു.
മരണത്തിലേക്കു് വഴുതുന്ന അമ്മയുടെ വയറ്റിൽ നിന്നും രജനിയെ പുറത്തെടുത്തു. “പെൺകുട്ടിയാണു്” ഡോക്ടർ അവളുടെ അമ്മയോടു പറഞ്ഞു. അമ്മയുടെ കണ്ണുകൾ കരയ്ക്കിട്ട തോട്ടുമീൻ പോലെ ഒന്നു പിടഞ്ഞു, ചലനമറ്റു. ശവമടക്കുന്ന ഇടത്തേക്കു് പാപ്പിയമ്മ നോക്കിയില്ല. കൊച്ചു പെൺകുട്ടിയുടെ കുഞ്ഞുവായിലേക്കു് തന്റെ മുലക്കണ്ണു് വെച്ചു കൊടുത്തു കൊണ്ടു്, അവർ പെൺകുട്ടിയെ ‘രജനീ’ എന്നു വിളിച്ചു, അവളുടെ അമ്മയുടെ അതേ പേരു്! അങ്ങിനെ അവൾ പ്രേതപ്പേരു് പേറാൻ വിധിക്കപ്പെട്ടു. മരിപ്പിനു് ശേഷം കുറച്ചു ദിവസം ആളും ബഹളവുമായിരുന്നു. ഓരോരുത്തരായി ഒഴിഞ്ഞു പോയി. താഴെ നിന്നു നോക്കുന്നവർക്കു ഒറ്റപ്പെട്ട ആ കുന്നിൻപുറത്തു് ഒരു നിഴൽനാടകം പോലെ രണ്ടു ജീവിതം കാണാനാകും. അമ്മമ്മയും പേരക്കുട്ടിയും ഇല്ലായ്മ സ്നേഹം കൊണ്ടു നികത്തി. ആർക്കും വലിയ കാര്യമൊന്നും തോന്നാത്ത രണ്ടു ജീവിതങ്ങൾ. വറുതിയുടെ നാളുകളിൽ അയൽവാസിയായിരുന്ന പാപ്പിയമ്മ കൊടുത്ത ചോറാണു് തന്റെ ഉടൽ എന്നു് സുമതി, രജനിയോടു് പറഞ്ഞു. കഥകൾ തിരിഞ്ഞും മറിഞ്ഞും ആവർത്തിപ്പിക്കുന്ന കാലം ക്ലോക്ക് പോലെ വൃത്തത്തിൽ ചലിക്കുമെന്നു് രജനിക്കു് തോന്നി.
വർഷങ്ങൾ പോകുന്ന വേഗതയിൽ രജനി വളർന്നില്ല. അവൾക്കെല്ലാരോടും ഇണക്കം കുറഞ്ഞു വന്നു. പ്രായത്തിനു് ചേരാത്ത കള്ളപ്പക്വത അവൾ ഇട്ടു നടന്നു. സുമതിയുടെ മകളുടെ ഉടുപ്പുകൾ രജനിയുടെ മെലിഞ്ഞ ഉടലിന്മേൽ പാകമല്ലാതായിത്തുടങ്ങി.
“തടിയില്ലെങ്കിലും മിണ്ടാട്ടമില്ലെങ്കിലും തരക്കേടില്ല, നാലക്ഷരം നീ പഠിക്കണം. അടിച്ചു വാരുന്നതാണേലും ഒരു ഗവൺമെന്റ് പണിക്കു് പഠിപ്പു് വേണം പെണ്ണേ” സുമതി അവളെ ശാസിച്ചു സ്നേഹിക്കുമ്പോൾ പാപ്പിയമ്മയ്ക്കു് അത്ര പിടിക്കില്ല.
“നമ്മളെ കൂട്ടരൊന്നും തിന്നില്ലേലും അടിച്ചു വാരാനൊന്നും പോകലില്ല പണ്ടേ. എത്ര നല്ല സ്ഥിതിയിണ്ടായിര്ന്നു്. അച്ഛനായിറ്റ്ല്ലാണ്ടാക്കിയതല്ലേ” പാപ്പിയമ്മ പറഞ്ഞു.
“ആ ദുഷ്ടു് പിടിച്ച കാലം നല്ലതൊന്ന്വല്ല, പഴേ കഥയൊന്നും നിങ്ങള് കുട്ടീനോടു് പറയര്തു്. ഒരു് പണിയും മോശം പണിയല്ല പാപ്പിയമ്മേ.”
സുമതി പറഞ്ഞതു് ഒരു ചൂണ്ടക്കൊളുത്തു് പോലെ രജനിയുടെ ബോധത്തിൽ കിടന്നു. അന്നു രാത്രി കഞ്ഞി കുടിക്കുമ്പോൾ അവൾ ചോദിച്ചു “എന്താ അമ്മമ്മേ പറയണ്ടാന്നു പറഞ്ഞ പഴേ കഥ?” “അതൊരു വയൻകര ശാപത്തിന്റെ കഥയാ” പാപ്പിയമ്മ തങ്ങളുടെ സകലദുരിതങ്ങളുടെയും കാരണമായ ആ കഥ മറ്റാരോ ഒളിഞ്ഞു കേൾക്കുമെന്നു് ഭയന്ന പോലെ ഒച്ച താഴ്ത്തി പറഞ്ഞു തുടങ്ങി.
⋄ ⋄ ⋄
സ്വാതന്ത്ര്യത്തിനു മുൻപുള്ള മദ്രാസ്സ് പ്രൊവിൻസിൽ, മലബാറിലെ മലമ്പ്രദേശം, കാവും വൻമരങ്ങളും വളർന്നു് രാവു പോലെ ഇരുട്ടുടുക്കുന്ന പകലുകൾ… തണുപ്പു് ഇന്നത്തെപ്പോലെ കുറവല്ല, അക്കാലത്തു് ആളുകൾ വെളിച്ചെണ്ണ, ഹലുവ പോലെ മുറിച്ചെടുത്തു് മുണ്ടിൻകോന്തലയിൽ വാങ്ങി വന്നിരുന്നു. അന്നു് ആ ദേശത്തു് പ്രഭാതങ്ങൾ കൊടുംതണുപ്പും കോടയും പുതച്ചു് ഇരുണ്ടുണർന്നു. എട്ടുകെട്ടായിരുന്നു പാപ്പിയമ്മയുടെ തറവാടു്. വസൂരി വന്നു് അമ്മാവൻ മരിച്ചപ്പോൾ അകാലത്തിൽ തറവാട്ടുകാരണവരായി പാപ്പിയമ്മയുടെ അച്ഛനായ രാഘവൻ നായർ. സുന്ദരനായിരുന്നു അയാൾ, ചുവന്ന കണ്ണുകളും ചുണ്ടിന്റെ കോണിൽ കുറുക്കിവച്ചൊരു പുച്ഛച്ചിരിയും. പാപ്പിയമ്മയുൾപ്പെടെ മൂന്നു മക്കളുണ്ടായിരുന്നു. മൂർച്ചയുള്ള ചുവന്ന നോട്ടങ്ങൾ കൊണ്ടു് ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പണിക്കാരുടെയും നടക്കാനുള്ള വഴി വരെ അയാൾ വരച്ചു വെച്ചു. ആ തറവാടുമായി എണ്ണയിൽ തെറിച്ച ബന്ധവും പേറി, കുറച്ചു തെക്കുമാറി നിൽക്കുന്ന മറ്റൊരു വീട്ടിൽ പതിനേഴുവയസുള്ള പെൺകുട്ടി കടുത്ത വശീകരണത്തിൽപ്പെട്ടു് രാത്രിയിരുട്ടിൽ വടക്കുഭാഗത്തു് കാപ്പിത്തോട്ടത്തിലേക്കു് ഇറങ്ങി നടക്കാൻ തുടങ്ങി. രാഘവൻ നായരും പെൺകുട്ടിയും കാപ്പിപ്പൂക്കളുടെ മദഗന്ധമുള്ള ഉടലുകളോടെ ഭോഗിച്ചു പിരിഞ്ഞു. പോകെപ്പോകെ അവളുടെ മുലക്കണ്ണുകൾ കരിമഷി പടർന്ന പോലെ കറുത്തു വന്നു. തീണ്ടാരിത്തുണിക്കു വന്ന വണ്ണാത്തിക്കു് അവൾ വിരൽ മുറിച്ച ചോര തുണിയിൽ പുരട്ടി കൊടുത്തു വിട്ടു. ഭാര്യയും മക്കളുമുള്ളതു കൊണ്ടു് നാട്ടിൽ നിൽക്കാനൊക്കില്ലെന്നും നാടുവിട്ടു പോയി ഒന്നിച്ചു കഴിയാമെന്നും, ഉള്ള പൊന്നിന്റെ പണ്ടമെല്ലാം തുണിയിൽ പൊതിഞ്ഞെടുക്കണമെന്നും രാഘവൻ നായർ പെൺകുട്ടിയോടു പറഞ്ഞു. തിരണ്ടു കല്യാണത്തിനു അവൾ പൊന്നു മൂടി നിന്നിരുന്നതു് അയാൾ ഓർത്തു. ഒരു രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞു് രാഘവൻ നായരും പെൺകുട്ടിയും തുണിക്കെട്ടുമായി, വീടുകളിൽ നിന്നിറങ്ങി, ഒന്നിച്ചു്, കാപ്പിത്തോട്ടങ്ങളും കടന്നു് ഇടതിങ്ങിയ മരങ്ങൾക്കിടയിലൂടെ കുറുക്കുവഴിയിലൂടെ നടന്നു. അന്നു് അമാവാസിയോ പൌർണമിയോ അല്ല, ഇടദിവസമായിരുന്നു. വാക്കത്തി പോലെ കൂർത്ത തലപ്പുമായി ചന്ദ്രൻ അവർക്കൊപ്പം നടന്നു. ഉയർന്നു നിൽക്കുന്ന ഒരു കരിമരുതിന്റെ ചോട്ടിലെത്തിയപ്പോൾ രാഘവൻ നായർ പെൺകുട്ടിയുടെ മൂക്കും വായും അയാളുടെ ഇടംകൈയ്യ് കൊണ്ടു് അമർത്തിപ്പിടിച്ചു, ഞരങ്ങുന്ന ഉടലിനെ വലംകൈയിലെ വാക്കത്തി കൊണ്ടു് വാഴത്തട പോലെ ആഞ്ഞു വെട്ടി, കൊത്തി നുറുക്കി മരുതിനു് വളമെന്ന പോലെ ചുവട്ടിലിട്ടു. കരിയില കൊണ്ടു് മാംസക്കഷണങ്ങളും ഒപ്പം വാക്കത്തിയും മറച്ചു. വിളറി നിന്ന ചന്ദ്രനെ ജാരഗർഭത്തെയെന്ന പോലെ മേഘങ്ങളും മറച്ചു വെച്ചു. ചോര പറ്റിയ മുണ്ടുരിഞ്ഞു് കൈയിൽ വെച്ചു് രാഘവൻ നായർ പിറന്നപോലെ തിരിച്ചു നടന്നു.

ഒരു അന്തിപ്പോടെ, കാണാതായ പെൺകുട്ടിയുടെ വീട്ടിൽ നേരം പുലർന്നു. വെയിൽ വീശുന്നതിനൊപ്പം അതു് ആകുലതയായി വളർന്നു. രാഘവൻ നായരുൾപ്പെടെയുള്ള നാട്ടുകാരും വീട്ടുകാരും അവളെ തിരഞ്ഞു നടന്നു. അയാളൊഴിച്ചുള്ളവർ സർവ്വദിക്കിലും അവളെ തിരഞ്ഞുവെന്നു് സ്വയം ധരിച്ചു. കുളത്തിലോ കിണറ്റിലോ പുഴയിലോ ശവം പൊങ്ങാനുള്ള നേരത്തിനു വേണ്ടി അവരൊടുവിൽ കാത്തിരുന്നു. ദിവസങ്ങൾ അങ്ങനെ പുലർന്നിരുണ്ടതല്ലാതെ ഒന്നും സംഭവിച്ചില്ല.
ദിവസങ്ങളോളം ഉറക്കം കെട്ടു് വീർത്ത കൺപോളകളുമായി കറുത്തു മെല്ലിച്ച ഒരു ചെറുപ്പക്കാരൻ അന്നാളുകളിലൊന്നിൽ പോലീസ് സ്റ്റേഷനിലെത്തി. വൻമരങ്ങൾക്കുമേൽ കെണി വെച്ചു് പക്ഷിയെപ്പിടിക്കാൻ കേറിയിരുന്ന ഒരു രാത്രിയിൽ താൻ കണ്ട ഭീതിയുണ്ടാക്കിയ കാഴ്ച ദിവസങ്ങളായി അന്നം മാത്രമല്ല, ഉറക്കവും കെടുത്തുന്ന കഥ അയാൾ തുറന്നുവിട്ടു. മരത്തിൽ നിന്നും മണ്ണിലേക്കു കുതിച്ചിറങ്ങുമ്പോൾ ചവിട്ടിപ്പോയ ചെറുവാല്യക്കാരിയുടെ ചോരയുടെ ഓർമ്മയിൽ അയാളുടെ ഉടലു വിറച്ചു. അതോടെ കൊലയാളിക്കു് കെണിയൊരുങ്ങി. അന്നു് രാത്രി അഴികൾക്കുള്ളിൽ നിന്നു് രാഘവൻ നായർ വാതിലിനപ്പുറം അമാവാസിയിലെ കറുത്ത ആകാശം കണ്ടു. ഒരു പകൽ, പോലീസുകാർക്കൊപ്പം കരിമരുതിന്റെ ചുവട്ടിലെ അളിഞ്ഞ മാംസങ്ങൾക്കിടയിൽ നിന്നു് നാറുന്ന വാക്കത്തി അയാൾ പുറത്തെടുത്തു. എട്ടുകെട്ടിലെ അറയിൽ തറയ്ക്കുള്ളിൽ നിന്നു് സ്വർണ്ണപണ്ടങ്ങളും. സെഷൻസ് കോടതിയിൽ കേസു വിളിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വം! ആസൂത്രിതം! വിധി പറയുന്ന പുലർച്ചയിൽ ചെറുപ്പക്കാരനായ ജഡ്ജി കൃഷ്ണയ്യർ കത്തി വീശുന്ന രാഘവൻ നായരെ സ്വപ്നത്തിൽ കണ്ടുണർന്നു. തൂക്കുകയറിന്റെ വിധിയും വാങ്ങി രാഘവൻ നായർ സെൻട്രൽ ജയിലിലെത്തി. തൂക്കുകയറിൽ പിടഞ്ഞു തീർന്നു് തണുത്തു പോയ ഉടലിനു് അവകാശം പറയാൻ ആരുമൊട്ടു് പോയതുമില്ല. ആരു പോകാൻ? എട്ടുകെട്ടിന്റെ അവകാശത്തർക്കത്തിൽ പെട്ട മരുമക്കളും, പെരുവഴിയിലായ ഭാര്യയും മക്കളും രാഘവൻ നായരെ ഓർമ്മയിൽ നിന്നും ഇറക്കി വിട്ടിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടി പിടഞ്ഞു വീണ മരുതിൻചോട്ടിൽ ചോരകിനിയുന്ന കൂണുകൾ വളർന്നിരുന്നത്രെ. ഗർഭിണിയുടെ കൊല നടന്നതുകൊണ്ടാണു് തലമുറകൾ തീരാശാപത്തിലായതെന്നു് പാപ്പിയമ്മ പറഞ്ഞു, ശാപം ഒഴിഞ്ഞു പോകില്ലത്രെ.
“ഇപ്പഴുമുണ്ടോ ആടെ ചോരക്കുമിളുകൾ?” രജനിക്കു് ജിജ്ഞാസ മുറ്റി.
“മരുതെല്ലം വീണല്ലേ കുഞ്ഞീ, അതേടയാന്നു് ഇപ്പാരിക്കും അറിയൂലല്ലോ” അമ്മമ്മ പറഞ്ഞു. രജനി കഥയിൽ നിന്നു് കേട്ടതെന്താവും? പിറ്റേന്നു പുലർച്ചെ അടുക്കളയിൽ നിന്നു വാക്കത്തിയെടുത്തു് അവൾ അലക്കു കല്ലിൽ രാകിക്കൂർപ്പിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അമ്മമ്മ വീട്ടിലില്ലാത്ത ഒരു പകൽ തുപ്പൽ വഴുക്കുന്ന ചിരിയുമായി അയാൾ രജനിയുടെ മുടിക്കു പിടിച്ചു. മിനിറ്റുകൾക്കുള്ളിൽ ഒരു നിലവിളിക്കൊപ്പം ചോരയൊലിക്കുന്ന വലംകൈയോടെ അയാൾ കുന്നിറങ്ങി പാഞ്ഞു പോയി.
അപസ്മാരം വരാതിരിക്കാൻ കൈയിൽ കത്തി കരുതിത്തുടങ്ങിയ രജനി ചെറുപ്പത്തിലേതു പോലെ ഉഷാറത്തി ആയിത്തുടങ്ങി. പത്തു തോറ്റു സ്കൂളിൽപ്പോക്കും തീർന്നു പോയിരുന്നു. ഇത്തിരി നിലത്തെ കുരുമുളകും കാപ്പിയും പാപ്പിയമ്മയുടെ പെൻഷനും കൊണ്ടു് ദാരിദ്ര്യത്തിനും രോഗത്തിനും മീതെ ചെറുവഴുക്കിൽ നടന്നു. അങ്ങോട്ടുമിങ്ങോട്ടും അവർ തമ്മിൽ ആവും വിധം തുണച്ചുകൊണ്ടിരുന്നു. എന്നിട്ടും ഒരു സന്ധ്യക്കു് പാപ്പിയമ്മ ശ്വാസം മുട്ടിപ്പിടഞ്ഞു, കണ്ണു തുറിച്ചു, അവൾ കൊടുത്ത വെള്ളം അവരുടെ വായ്ക്കകത്തു പോകാതെ കവിഞ്ഞു. രജനി കരഞ്ഞില്ല, മെല്ലെയിറങ്ങി അക്കരെ കുന്നിലെ അയൽക്കാരോടു് മരണം പറഞ്ഞു. അതു വരെ തിരിഞ്ഞു നോക്കാത്തവരെല്ലാം വന്നു. കുറച്ചു ദിവസങ്ങൾക്കപ്പുറം ദയനീയമായി ചുമച്ചുകൊണ്ടു് മെലിഞ്ഞ ഒരു മനുഷ്യൻ കയറി വരും വരെ, വരുന്നവരിലെല്ലാം അവൾ അച്ഛനെ തെരഞ്ഞു. പരമസാധുവെന്നു് തോന്നിച്ച അയാൾ അമ്മയ്ക്കു് കാലനെന്നു് അമ്മമ്മ പറഞ്ഞ ആൾ, അവളെ മോളേയെന്നു് വിളിച്ചു,
“നീ എന്റൂടെ പോരീ. ആടെ സുഖായിറ്റു് കയിയാ”
ക്ഷയരോഗി വായ് അമർത്തിപ്പിടിച്ചു് ചുമച്ചുകൊണ്ടു് പറഞ്ഞു.
“ഇത്ര കാലം ഏടെയായിര്ന്നു്?”
അവളുടെ ചോദ്യത്തിനു് ഒരുത്തരവും അയാൾ പറഞ്ഞില്ല. രജനി അയാൾക്കൊപ്പം പോയി. ഉച്ചവെയിലത്തു് ബസ്സിറങ്ങി അവർ വീട്ടുപടികേറിയപ്പോൾ കോഴിക്കുഞ്ഞുങ്ങൾ ചിതറിയോടി തള്ളക്കോഴിയുടെ ചിറകിനുള്ളിൽ പുതഞ്ഞു. അച്ഛന്റെ ഇളയ കുട്ടികൾ ചേച്ചീ എന്നുവിളിച്ചു കൊണ്ടും അമ്മ ചിരിച്ചു കൊണ്ടും കോലായിലേക്കിറങ്ങി.
⋄ ⋄ ⋄
രജനിയുടെ കല്യാണത്തിനു സുമതിയും ക്ഷണിക്കപ്പെട്ടു. നവവരൻ നല്ലയാളാണെന്നു് തോന്നി. വിമൽ എന്നു പേരും, സുമതിക്കു് ചിരി വന്നു. അയാളുടെ കണ്ണുകൾ എപ്പോഴും നനഞ്ഞ പോലെയിരുന്നു. ആർദ്രമായ മനസ്സിന്റെ പുറം കാഴ്ചയാണു് അതെന്നു് സുമതിക്കു് തോന്നി. അവരയാളുടെ കൈ പിടിച്ചു. ഒരു ദിവസം വിരുന്നു പോകണമെന്നു് പറഞ്ഞു. രജനി സുമതിയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു “വിളിച്ചില്ലെങ്കിലും ഒരു് ദിവസം ഞാള് ആടെ വെരും അമ്മേ”
പട്ടുസാരിയിൽ തന്നെ സുമതി മൂക്കു തുടച്ചു. അവരൊന്നിച്ചു് സദ്യയ്ക്കിരുന്നു. നല്ലൊരു ദിവസം തന്നെ ചൊറിയണം പോലെ ഓർമ്മകളുരസാൻ വേണ്ടാത്ത സന്ദർഭങ്ങൾ കയറി വരും. അല്ലെങ്കിൽ സ്വാധീനക്കുറവുള്ള കൈ കൊണ്ടു കറി വിളമ്പിക്കൊണ്ടു് അയാൾക്കു വരേണ്ട വല്ല ആവശ്യവുമുണ്ടോ? വല്ലപ്പോഴും വഴിയിൽ വെച്ചു കണ്ടാലൊക്കെ ഗർവ്വോടെ അയാൾക്കു മുന്നിൽ തലയുയർത്തിയാണു് രജനി നടക്കാറു്. കറി വിളമ്പുന്ന അയാളുടെ കണ്ണിൽ നോക്കി അവൾ പറഞ്ഞു
“കൊത്തിമുറിക്കണ്ടതായിരുന്നു”
“ങേ”
“അല്ല, ആദ്യേ കൊത്തിമുറിക്കണ്ടതായിരുന്നു”
അയാൾ ഒന്നു വിളർത്തു, വിളമ്പുന്നതു വേഗത്തിലാക്കി.
“എന്താ, എന്താ” വിമലിനൊന്നും മനസ്സിലായില്ല.
“അതു്, ഈ കഷ്ണങ്ങള്” ചോറു വാരിക്കൊണ്ടു് അവൾ പറഞ്ഞു.
⋄ ⋄ ⋄
സ്നേഹവും സമാധാനവുമുള്ള ജീവിതം തന്റേതല്ലെന്നും സ്വപ്നമാണെന്നും രജനിക്കു് തോന്നി. സന്തോഷങ്ങൾക്കു് സമാന്തരമായി ചോരക്കുമിളുകൾ മുളയ്ക്കുന്ന മരുതിൻചോടു് അവൾ സ്വപ്നം കണ്ടു. ആ മരം ചുറ്റി ഒറ്റയ്ക്കു് കടന്നുപോകാൻ ഭയന്നു വിറയ്ക്കുന്ന പതിനൊന്നു വയസുകാരിയായി ഇടയ്ക്കു് ഞെട്ടിയെണീറ്റു, ഒറ്റയ്ക്കല്ലെന്ന ആശ്വാസത്തോടെ വിമലിനെ കെട്ടിപ്പിടിച്ചുറങ്ങി. വയറ്റിലുള്ള കുഞ്ഞു് പെൺകുട്ടിയാവണമെന്നു് ഉണർന്നിരിക്കുമ്പോൾ അവൾ പകൽസ്വപ്നം കണ്ടു. ഇരുട്ടുമ്പോൾ ഓട്ടുമ്പുറത്തെ പാഴ്ക്കുമിലുകൾ അവൾക്കു് ചോരക്കുമിളുകളാകും. രാത്രി പെയ്ത മഴയിൽ ഓട്ടുമ്പുറത്തെ നിന്നും ചോരച്ചാലുകളൊഴുകി, വീടിനു ചുറ്റും ചുവപ്പായി. കുമിലു് പോലുള്ള വീടു് സ്വപ്നത്തിൽ ചുവപ്പിലൊഴുകി നടന്നു, അവൾ പേടിച്ചു നിലവിളിച്ചു. എന്നിട്ടു് ‘റ’ പോലെ ചുരുണ്ടു കിടന്നു. വിമലിന്റെ നനഞ്ഞ കണ്ണുകളിലും പല ദിവസവും പുലരുവോളം അവൾ ‘റ’ പോലെ തളർന്നുറങ്ങി.
⋄ ⋄ ⋄
രജനി ജനിച്ച അതേ ആശുപത്രി, അതേ വാർഡ്. “പെൺകുട്ടിയാണു്” ഡോക്ടർ അവളോടു് പറഞ്ഞു. അവളുടെ കണ്ണുകൾ കരയ്ക്കിട്ട തോട്ടുമീൻ പോലെ പിടഞ്ഞു. വിമലിന്റെ കൈയിലിരിക്കുന്ന ചെറിയ കുഞ്ഞു്, അവന്റെ സ്വതവേ നനഞ്ഞ കണ്ണുകളെ വീണ്ടും നനച്ചു. രജനി ചിരിച്ചു. അവൾക്കു് കോണി കയറാനാവുമായിരുന്നില്ല. താഴത്തെ നിലയിലെ മുറി വിമൽ അടിച്ചു തുടച്ചു. പുതിയ വിരികൾ വിരിച്ചു. അമ്മ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി. അയാൾ രണ്ടു ദിവസം പണിക്കു പോയില്ല. മൂന്നാമത്തെ ദിവസം ഇരിക്കപ്പൊറുതിയില്ലാതെ മുതലാളിയോടു് പറഞ്ഞു,

“അര ദെവസം കൂടെ ലീവ് വേണം”
“ഇനി കാദെവസം പോലും ലീവ് തെരൂല്ല, ഈ ബൈക്കിപ്പം നന്നാക്കി കൊടുക്കണം”
“അതിപ്പം ശെരിയാക്കും.”
അയാൾ പണി സ്ഥലത്തു നിന്നും നേരത്തേയിറങ്ങി. നാലുമണിപ്പൂക്കൾ മുറ്റത്തു വിരിഞ്ഞു നിൽക്കുന്നു. അമ്മ അയലിൽ കുട്ടിത്തുണികൾ വിരിച്ചിടുന്നു. അയാൾ മുറിയുടെ വാതിൽ തുറന്നു. രജനി ഞെട്ടിയെണീറ്റു.
“കുഞ്ഞനനങ്ങുന്നില്ല” അവൾ പറഞ്ഞു. അയാൾ കുഞ്ഞിനെ കൈയിലെടുത്തു. അതിന്റെ ചുണ്ടുകൾ നീലിച്ചിരുന്നു. കറുത്ത ചോര അയാളുടെ കൈയിൽ പറ്റി. അയാൾ വിയർത്തു. കുഞ്ഞിനെ തിരികെ കട്ടിലിൽ കിടത്തി.
“എന്തു പറ്റി?” ഭയന്നു പോയ രജനിയെ അയാൾ കെട്ടിപ്പിടിച്ചു കൊണ്ടു് ചോദിച്ചു. അവൾ കറങ്ങുന്ന ഫാൻ നോക്കിക്കൊണ്ടു് അയാളുടെ ചുമലിൽ തല വെച്ചു കിടന്നു,
“തലമുറകൾക്കുളള ശാപമാണു്, തലമുറകൾക്കു്, ഞാനാദ്യേ പറഞ്ഞയല്ലേ ശാപം ഇണ്ട്ന്നു്, ഇനി ശാപം ഇണ്ടാവൂല്ല” അവൾ പിറുപിറുത്തു. തന്റെ കൈയിൽ പറ്റിയ ചോരപ്പാടു് അയാൾ വീണ്ടും നോക്കി. തന്റെ കണ്ണിൽ ചുവപ്പു് നനഞ്ഞു പരക്കുന്നതായും കാരണമറിയാത്ത കുറ്റബോധത്തിൽ സ്വയം മുങ്ങുന്നതായും അയാൾക്കു് തോന്നി. പാപത്തിന്റെ നൈരന്തര്യം പോലെ കറങ്ങുന്ന ഫാനിലേക്കു നോക്കിക്കൊണ്ടു് ഒന്നും സംഭവിക്കാത്ത പോലെ രജനി അയാളെ മുറുക്കെ പിടിച്ചു.

15 വർഷങ്ങളായി സമകാലിക പ്രസിദ്ധീകരണങ്ങളിലും കുട്ടികൾക്കായുള്ള പുസ്തകങ്ങളിലും ഇല്ലസ്ട്രേഷനിലും രൂപകൽപനയിലും സജീവം. ആനുകാലികങ്ങളിൽ കവിതകളും കഥകളും എഴുതുന്നു. വയനാടു് സ്വദേശി, വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ നിന്നും പെയിന്റിങ്ങിൽ ബിരുദാനന്തരബിരുദം.
ചിത്രീകരണം: വി. പി. സുനിൽകുമാർ