
1
നല്ല ഹൈമവതഭൂവില്‍,—ഏറെയായ്
കൊല്ലം—അങ്ങൊരു വിഭാതവേളയില്‍,
ഉല്ലസിച്ചു യുവയോഗിയേകനുൽ
ഫുല്ല ബാലരവിപോലെ കാന്തിമാന്‍.
2
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും,
ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ-
താതപാദികളവന്‍ ജയിച്ചതും.
3
പാരിലില്ല ഭയമെന്നുമേറെയു-
ണ്ടാരിലും കരുണയെന്നു മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ
4
തല്പരത്വമവനാര്‍ന്നിരുന്നു തെ-
ല്ലപ്പോ,വെന്നരിയെയൂഴി കാക്കുവാന്‍,
കോപ്പിടും നൃപതിപോലെയും കളി-
ക്കോപ്പെടുത്ത ചെറുപൈതൽ പോലെയും,
5
ഇത്ര ധന്യത തികഞ്ഞു കാണ്മതി-
ല്ലത്ര നൂനമൊരു സാര്‍വഭൗമനിൽ
ചിത്തമാം വലിയ വൈരി കീഴമർ-
ന്നത്തല്‍തീര്‍ന്ന യമിതന്നെ ഭാഗ്യവാൻ
6
ധ്യാനശീലനവനങ്ങധിത്യകാ-
സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാൻ
വാനില്‍നിന്നു നിജ നീഡമാര്‍ന്നെഴും
കാനനം ഖഗയുവാവുപോലെവേ.
7
ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
ദൂരദര്‍ശനകൃശങ്ങള്‍, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍.
8
പണ്ടു തന്റെ പുരപുഷ്പവാടിയുള്‍-
ക്കൊണ്ട വാപികളെ വെന്ന പൊയ്കയിൽ
കണ്ടവന്‍ കുതുകമാര്‍ന്നു തെന്നലിൽ
തണ്ടുലഞ്ഞു വിടരുന്ന താരുകൾ
9
സാവധാന മെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോൽ
പാവനന്‍ സുരഭിവായു വന്നു ക-
ണ്ടാവഴിക്കു പദമൂന്നിനാനവന്‍.

10
ആഗതര്‍ക്കു വിഹഗസ്വരങ്ങളാൽ
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി, രമ്യഭൂ-
ഭാഗഭംഗികള്‍ ഹരിക്കുമാരെയും.
11
എന്നുമല്ല ശുഭരമ്യഭൂവിവര്‍-
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ലയീ-
ധന്യനാര്‍ന്നൊരു നിസര്‍ഗ്ഗജം രസം
12
ആകയാല്‍ സ്വയമകുണ്ഠമാനസൻ
പോകയാമതു വഴിക്കു തന്നിവന്‍,
ഏകകാര്യമഥവാ ബഹൂത്ഥമാം
ഏകഹേതു ബഹു കാര്യകാരിയാം.
13
കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോല്‍,
എന്നുമല്ല ചെറുതാര്‍ത്തിയാര്‍ന്നവാ-
റൊന്നുവീര്‍ത്തു നെടുതായുടന്‍ യതി.
14
എന്തുവാന്‍ യമിയിവണ്ണമന്തരാ
ചിന്തയാര്‍ന്നതഥവാ നിനയ്ക്കുകില്‍,
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലു വീഴുവോളവും.
15
അപ്പുമാന്റെയകമോളമാര്‍ന്ന വീര്‍-
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയിൽ
അദ്ഭുതം തരുവിലീനമേനിയായ്
നില്പൊരാള്‍ക്കു തിരതല്ലി ഹൃത്തടം.
16
സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീര്‍-
ചിന്തുമീറനൊടു പൊയ്കതന്‍തടേ
ബന്ധുരാംഗരുചി തൂവി നിന്നുഷ-
സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍.
17
കണ്ടതില്ലവര്‍ പരസ്പരം, മരം-
കൊണ്ടു നേര്‍വഴി മറഞ്ഞിരിക്കയാല്‍,
രണ്ടുപേരുമകതാരിലാര്‍ന്നിതുല്‍-
ക്കണ്ഠ-കാൺക ഹഹ! ബന്ധവൈഭവം!
18
ആ തപോമൃദിതയാള്‍ക്കു തല്‍ക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും,
ശ്വേതമായ് ഝടിതി, കുങ്കുമാഭമാ-
മാതപം തടവിലും, മുഖാംബുജം.
19
ആശപോകിലുമതിപ്രിയത്തിനാൽ
പേശലാംഗിയഴലേകുമോര്‍മ്മയിൽ
ആശു വായുവില്‍ ജരല്‍പ്രസൂനയാ-
മാ ശിരീഷലതപോല്‍ ഞടുങ്ങിനാള്‍.
20
സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു, മീനിനാൽ
ഓമനച്ചെറുമൃണാളമെന്നപോൽ
വാമനേത്രയുടെ വാമമാം കരം.
21
ഹന്ത! കാനനതപസ്വിനീ ക്ഷണം
ചിന്ത ബാലയിവളാര്‍ന്നു വാടിനാള്‍,
എന്തിനോ?—കുലവധൂടികള്‍ക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാന്‍!
22
ഒന്നു നിര്‍ണ്ണയമുദീര്‍ണ്ണശോഭയാ-
ളിന്നു താപസകുമാരിയല്ലിവള്‍,
കുന്ദവല്ലി വനഭൂവില്‍ നില്‍ക്കിലും
കുന്ദമാണതിനു കാന്തി വേറെയാം.
23
എന്നുമല്ല സുലഭാംഗഭംഗിയാ-
ണിന്നുമിത്തരുണി പൗരിമാരിലും,
മിന്നുകില്ലി ശരദഭ്രശാതയായ്,
ഖിന്നയാകിലുമഹോ തടില്ലത?
24
കൃച്ഛ്രമായിവള്‍ വെടിഞ്ഞു പോന്നൊരാ-
സ്വച്ഛസൗഹൃദരിവള്‍ക്കു തുല്യരാം,
അച്ഛനും ജനനിതാനുമാര്‍ത്തിയാ-
ലിച്ഛയാര്‍ന്നു മൃതിതാന്‍ വരിച്ചുപോല്‍.

25
ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു—സാധ്വിയാള്‍.
ഗേഹവും സുഖവുമൊക്കെവിട്ടു താന്‍-
സ്നേഹമോതി,യതുചെയ്തതാണിവള്‍.
26
സ്നിഗ്ദ്ധമാരിവളെയോര്‍ത്തിരുന്നു സ-
ന്ദിഗ്ദ്ധമശ്രുനിര പെയ്തുതാന്‍ ചിരം
മുഗ്ദ്ധതൻമൃദുകരം കൊതിച്ചു മേ
ദഗ്ദ്ധരായ് പല യുവാക്കള്‍ വാണുതാന്‍.
27
ഈവിധം സകല ലോഭനീയമീ-
ജീവിതം വ്രതവിശീര്‍ണ്ണമാക്കിനാൾ
ഭാവുകാംഗി, അഥവാ മനോജ്ഞമാം
പൂവുതാന്‍ ഭഗവദര്‍ച്ചനാര്‍ഹമാം.
28
ജീവിതാശകള്‍ നശിച്ചു, വാടിയുള്‍-
പ്പൂവു, ജീവഗതിയോര്‍ത്തു ചെയ്കയാം
ദേവദേവപദസേവയേവമീ-
ഭൂവിലാവിലത പോവതിന്നിവള്‍.
29
ശാന്തയായ് സുചിരയോഗസംയത-
സ്വാന്തയായിവിടെ മേവിയേറെനാൾ
കാന്ത,യിന്നടിതകര്‍ന്ന സേതുപോൽ
ദാന്തിയറ്റു ദയനീയയായിതേ.
30
ഈ മഹാവ്രത കൊതിച്ച സിദ്ധിയെ-
ങ്ങാമയം പരമിതെങ്ങിതെന്തുവാൻ
ഹാ! മനുഷ്യനഥവാ ഹിതാര്‍ത്ഥമായ്
വാമലീല തുടരുന്നതാം വിധി.
31
മാനസം ഭഗവദംഘ്രിപങ്കജ-
ധ്യാനധാരയിലുറച്ചിടായ്കയാൽ
ദീനയായ് ഗതിതടഞ്ഞു, വേനലിൽ
ശ്യാനയാം തടിനിപോലെ തന്വിയാള്‍.
32
നൊന്ത ചിത്തമൊടു നിന്നു കണ്ണുനീർ
ചിന്തി ഹൈമനസരോജമൊത്തവൾ
സന്തപിച്ചു—വധുവിന്നധീരമാ-
ണന്തരംഗമതിവിജ്ഞയാകിലും.
33
ഖിന്നഭാവമിതകറ്റി, മാനസം
പിന്നെയും പ്രതിനിവൃത്തമാക്കുവാൻ
സന്നഹിച്ചഥ സരസ്സില്‍ നോക്കിയാ-
സന്നധെര്യ തനിയേ പുലമ്പിനാള്‍.
34
“സ്വാമിയാം രവിയെ നോക്കിനില്‍ക്കുമെൻ
താമരേ, തരളവായുവേറ്റു നീ
ആമയം തടവിടായ്ക, തല്‍ക്കര-
സ്തോമമുണ്ടു തിരിയുന്നദിക്കിലും.
35
സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്ക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം”
36
കോട്ടമറ്റവിടെയെത്തി,യിന്ദ്രിയം
പാട്ടിലാക്കിയപഭീതിയാം യതി,
കാട്ടിലിങ്ങനെ മനുഷ്യഗേയമാം
പാട്ടുകേട്ടു പരമാര്‍ന്നു കൗതുകം.
37
വാക്കിലും പൊരുളിലും രസസ്രവം
വായ്ക്കുമാ മധുരശബ്ദമെത്തിടും
ലാക്കിലും ചെവികൊടുത്തു കാട്ടിലും
നോക്കിനിന്നു ലയലീനനായവന്‍.
38
“ഹാ! വിശിഷ്ടമൃദുഗാന,മിന്നി നീ
കൂവിടായ്ക കുയിലേയനക്ഷരം!”
ഏവമോതിയലയും മരങ്ങള്‍ തൻ
പൂവെഴും തല തളിര്‍ത്തശാഖയും
39
കാണി നിന്നവിടെയിത്ഥമാസ്ഥയാൽ
കാണുവാനുഴറി, കണ്ഠരീതിയാൽ
പ്രാണസൗഖ്യമരുളും സജീവയാം
വീണതന്നെ ലയവേദിയാം യതി.

40
‘വന്യഭൂമിയില്‍ വഹിച്ചു പൂമണം
ധന്യനായഹഹ! വന്നണഞ്ഞു നീ
തെന്നലേ! തഴുവുകിന്നു ശങ്കവേ-
ണ്ടെന്നെ; ഞാന്‍ മലിനമേനിയല്ലെടോ’.
41
കഞ്ജലീനഖഗരാഗമെന്നപോൽ
മഞ്ജുഗാനമതു വീണ്ടുമീവിധം
വ്യഞ്ജിതാശയമടുത്തുകേട്ടവൻ
കഞ്ജിനീതടമണഞ്ഞു നോക്കിനാന്‍.
42
ചാഞ്ഞലഞ്ഞ ചെറുദേവദാരുവി-
ന്നാഞ്ഞ ശാഖകളടിക്കു, ചിന്തയാൽ
കാഞ്ഞു, കാണ്മതു മനോരഥങ്ങളാൽ
മാഞ്ഞു തന്‍നില മറന്നു നിന്നവള്‍.
43
‘ഹാ! കൃശാ തരുതലത്തിലിന്ദുവി-
ന്നേകരശ്മിയതുപോലെയാരിവള്‍?
മാഴ്കിടുന്നു, ദയതോന്നും—’എന്നലി-
ഞ്ഞേകയാമവളെ നോക്കിനാന്‍ യമി.
44
അപ്പൊഴാശു തനിയേ വിടര്‍ന്നവള്‍-
ക്കുല്പലങ്ങളൊടിടഞ്ഞ കണ്ണുകൾ
ഉള്‍പ്രമോദമഥ വേലിയേറ്റമാര്‍-
ന്നദ്ഭുതാംഗിയുടെ ചന്ദ്രനോ യതി!
45
ദൂരെ നിന്ന യമിതന്നെയാശു ക-
ണ്ടാരതെന്നുമുടനേയറിഞ്ഞവൾ
പാരമിഷ്ടജനരൂപമോരുവാൻ
നാരിമാര്‍ക്കു നയനം സുസൂക്ഷ്മമാം.
46
ഞെട്ടിയൊന്നഥ കുഴങ്ങിനിന്നു പി-
ന്നൊട്ടു സംഭ്രമമിയന്നു പാഞ്ഞവൾ,
തിട്ടമായ് യതിയെ നോക്കി,യാഴിയേ
മുട്ടിനിന്നണമുറിഞ്ഞ വാരിപോല്‍.
47
‘അന്‍പിനിന്നു ഭഗവന്‍, ഭവൽപദം
കുമ്പിടുന്നഗതിയായ ദാസി ഞാൻ’
വെമ്പിയേവമവളോതി, യോഗിതന്‍-
മുന്‍പില്‍ വീണു മൃദുഹേമയഷ്ടിപോല്‍.
48
ഒറ്റയായിടകുരുങ്ങി വാച്ച തൻ
കുറ്റവാര്‍കുഴലു തല്പദങ്ങളിൽ
ഉറ്റരാഗമൊടടിഞ്ഞു കാണ്‍കയാൽ
മുറ്റുമോര്‍ത്തു കൃതകൃത്യയെന്നവള്‍.
49
ഉന്നിനിന്നു ചെറുതുള്‍ക്കുരുന്നിനാൽ
ധന്യയെപ്പുനരനുഗ്രഹിച്ചുടന്‍,
പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ-
ലുന്നമിപ്പതിനുമോതിനാല്‍ യമി.
50
സ്പഷ്ടമാജ്ഞയതിനാലെ പൊങ്ങിയും
നഷ്ടചേഷ്ടത കലര്‍ന്നു തങ്ങിയും
കഷ്ടമായവിടെ നിന്നെണീറ്റുതേ
ദൃഷ്ടയത്ന ദയനീയയായവള്‍.
51
മാറില്‍ നിന്നുടനിഴിഞ്ഞ വല്ക്കലം
പേറിയാശു പദരേണു തൊട്ടവൾ
കൂറൊടും തലയില്‍ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാള്‍.
52
‘എന്തുവാനഭിമതന്‍ കഥിക്കുമോ?
എന്തുവാന്‍ കരുതുമോ മഹാനിവന്‍?’
ചിന്തയേവമവളാര്‍ന്നു; തുഷ്ടിയാൽ
ഹന്ത! ചെയ്തു യമി മൗനഭേദനം.
53
‘മംഗലം ഭഗിനി, നിന്റെ ഭക്തിയാൽ
തുംഗമോദമിയലുന്നു ഞാന്‍ ശുഭേ
എങ്ങു ചൊല്ലിവിടെയാരൊടാരു നീ-
യെങ്ങു നിന്നു മുനിപുത്രദര്‍ശനേ?’
54
എന്നുരച്ചു പുനരുത്തരോല്‍കനായ്
നിന്നുതേ സ്വയമസംഗനാകിലും,
സ്യന്ദമാനവനദാരു വാരിമേൽ
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.
55
‘മുന്നിലെന്‍ നിയതിയാലണഞ്ഞുമി-
ന്നെന്നെ യെന്‍പ്രിയനറിഞ്ഞതില്ലിവന്‍!
സന്നവാസനനഹോ മറന്നുതാൻ
മുന്നമുള്ളതഖിലം മഹാശയന്‍.‘
56
ഏവമോര്‍ത്തുമഥ വീര്‍ത്തുമാര്‍ന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനയായ്
സാവധാനമവനോടു ചൊല്ലിനാള്‍-

57
“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!
ദിഷ്ടമീ വടിവിയന്നു വന്നപോൽ
ദൃഷ്ടനായിഹ ഭവാന്‍; ഭവാനു പ-
ണ്ടിഷ്ടയാം ‘നളിനി’ ഞാന്‍ മഹാമതേ!
58
പ്രാണനോടുമൊരുനാൾ ഭവല്പദം
കാണുവാന്‍ ചിരമഹോ! കൊതിച്ചു ഞാൻ
കേണുവാണിവിടെ,യേകുമർത്ഥിയാം
പ്രാണിതന്‍ പ്രിയമൊരിക്കലീശ്വരന്‍.
59
സന്ന്യസിച്ചളവുമാസ്ഥയാല്‍ ഭവാൻ
തന്നെയോര്‍ത്തിഹ തപസ്സില്‍ വാണ ഞാൻ
ധന്യയായ് സപദി കാണ്‍കമൂലമ-
ങ്ങെന്നെ യോര്‍ക്കുകിലു മോര്‍ത്തീടായ്കിലും.”
60
ഏവമോതിയിടരാര്‍ന്നു കണ്ണുനീർ
തൂവിനാള്‍ മൊഴി കുഴങ്ങി നിന്നവള്‍.
ഭാവശാലികള്‍ പിരിഞ്ഞുകൂടിയാ-
ലീവിധം വികലമാം സുഖോദയം.
61
ധീരനായ യതി നോക്കി തന്വിതൻ
ഭൂരിബാഷ്പപരിപാടലം മുഖം;
പൂരിതാഭയൊടുഷസ്സില്‍ മഞ്ഞുതൻ
ധാരയാര്‍ന്ന പനിനീര്‍സുമോപമം.
62
ആരതെന്നുടനറിഞ്ഞു കൗതുകം
പാരമാര്‍ന്നു കരുതിപ്പുരാഗതം,
ചാരുശൈശവകഥയ്ക്കുതന്നെ ചേര്‍-
ന്നോരുവാക്കരുളിനാന്‍ കനിഞ്ഞവന്‍.
63
“പാരവും പരിചയംകലര്‍ന്നെഴും
പേരുമീ മധുരമായ കണ്ഠവും
സാരമായ് സ്മൃതിയില്‍ നീയുമിപ്പൊള്‍ നിൻ
ദൂരമാം ഭവനവും വരുന്നയേ!
64
കണ്ടുടൻ സ്വയമറിഞ്ഞിടാത്തതോര്‍-
ത്തിണ്ടല്‍വേണ്ട സഖി! കേണിടേണ്ട കേള്‍,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാന്‍, സപദി വല്ലിയായി നീ
65
എന്നില്‍ നിന്നണുവുമേല്‍ക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലി പ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സലേ.
66
പോയതൊക്കെയഥവാ നമുക്കയേ,
പ്രായവും സപദി മാറി കാര്യവും
ആയതത്വമറിവിന്നുമാര്‍ന്നു,—പോ
ട്ടായതെന്തിവിടെ വാണിടുന്നു നീ:
67
ഓതുകിന്നത,ഥവാ വൃഥാ ശുഭേ
ഹേതു കേള്‍ക്കുവതൊരര്‍ത്ഥമേതിനോ
നീ തുനിഞ്ഞു—നിജകര്‍മ്മനീതരാ-
യേതുമാര്‍ഗ്ഗമിയലാ ശരീരികള്‍!
68
പിന്നെയൊന്നൊരുപകാരമേതിനോ-
യെന്നെയോര്‍ത്തു സഖി, ഏതതോതുക,
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍.”
69
മാലു ചെറ്റുടനകന്നുമുള്ളിലെ-
ന്നാലുമാശ തടവാതെ വാടിയും,
ആലപിച്ചയതിതന്നെ നോക്കിനാൾ
ലോലകണ്ഠമതിലോലലോചന.
70
നവ്യമാം പരിധിയാര്‍ന്നനുക്ഷണം
ദിവ്യദീപ്തി ചിതറീടുമാ മുഖം,
ഭവ്യശീലയവള്‍ കണ്ടു, കുണ്ഠയാ-
യവ്യവസ്ഥിതരസം, കുഴങ്ങിനാള്‍.
71
പാരമാശു വിളറിക്കറുത്തുടൻ
ഭൂരിചോന്നുമഥമഞ്ഞളിച്ചുമേ,
നാരിതന്‍ കവിള്‍ നിറം കലര്‍ന്നു, ഹാ!
സൂര്യരശ്മി തടവും പളുങ്കുപോല്‍.
72
തെല്ലുനിന്നരുണകാന്തിയില്‍ കലര്‍-
ന്നുല്ലസിച്ച ഹിമശീകരോപമം,
മെല്ലെയാര്‍ന്നു മൃദുഹാസമശ്രുവും
ചൊല്ലിനാള്‍ മൊഴികള്‍ ചാരുവണിയാൾ:

73
“ആര്യ! മുന്‍പരിചയങ്ങള്‍ നല്‍കിടും
ധൈര്യമാര്‍ന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി! കേള്‍ക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?
74
പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകിൽ
തീരുകില്ല, ധരയില്‍ ഭവാനൊഴി-
ഞ്ഞാരുമില്ലതുമിവള്‍ക്കു കേള്‍ക്കുവാന്‍.
75
ആഴുമാര്‍ത്തിയഥവാ കഥിക്കിലീ-
യൂഴമോര്‍ത്തിടുമതന്യഥാ ഭവാന്‍,
പാഴിലോതിടുകയോ വിധിക്കു ഞാൻ
കീഴടങ്ങി വിരമിക്കയോ വരം?
76
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍!
77
മുറ്റുമെന്നഴലറിഞ്ഞിടായ്കിലും,
തെറ്റിയെന്‍ ഹൃദയമാര്യനോരുകിൽ
ചെറ്റുമേ പൊറുതിയില്ല, പിന്നെ ഞാൻ
പറ്റുകില്ലറിക മണ്ണില്‍ വിണ്ണിലും”
78
ഏവമോതി അതിദൂനയായി നി-
ന്നാ വരാംഗി, യതിതന്‍ മുഖാംബുജം
പാവനം പരിചില്‍ നോക്കിനാള്‍, അവൻ
കേവലം കരുണയാര്‍ന്നു ചൊല്ലിനാൻ:
79
“അന്യഥാ മതിവരില്ലെനിക്കു നിൻ
മന്യുവിങ്കല്‍ നിയതം മഹാവ്രതേ,
കന്യയെന്നു വടുവെന്നു മേലുകി-
ല്ലന്യഭാവമറികാത്മവേദികള്‍.”
80
ആടലൊട്ടവള്‍ വെടിഞ്ഞു സത്വരം
തേടി ധൈര്യമഥ, പൂവനത്തിലും
കാടുതന്‍ നടുവിലും സുമര്‍ത്തുവിൽ
പാടിടും കുയിലുപോലെ, ചൊല്ലിനാ:
81
“വന്നു വത്സല, ഭവാന്‍ സമക്ഷമാ-
യിന്നു, ഞാന്‍ വ്യഥ മറന്നതോര്‍ക്കയാല്‍,
എന്നുമല്ല, കരുതുന്നു വീട്ടില്‍ നാ-
മന്നു വാണതു തുടര്‍ന്നുപോല്‍ മനം.
82
ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍.
83
ഭൂരിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍-
ചാരെ നാമെഴുമെഴുത്തുപള്ളിയും.
84
ഓര്‍ത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാര്‍ത്തു ചിത്രശലഭം പറന്നതും
പാര്‍ത്തുനിന്നതു മണഞ്ഞു നാം കരം
കോര്‍ത്തു കാവിനരികേ നടന്നതും.

85
പാടുമാണ്‍കുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ-
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.
86
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാലകെട്ടിയെൻ
കൊച്ചു വാര്‍മുടിയിലങ്ങണിഞ്ഞതും.
87
എണ്ണിടുന്നൊളിവില്‍ വന്നു പീഡയാം-
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണമങ്ങതില്‍ വലഞ്ഞുകേഴുമെൻ
കണ്ണുനീരു കനിവില്‍ തുടച്ചതും.
88
എന്തിനോതുവതിതോര്‍ക്കിലാ രസം
ചിന്തുമെന്‍ സുദിനമസ്തമിച്ചിതേ,
ഗന്തുകാമനുടനാര്യന്‍, ഏകിലാ-
മന്തരായമെതിര്‍വാത്യപോലിവള്‍.
89
പോട്ടെ—എന്‍ സഹചരന്‍ വിയുക്തനായ്
നാട്ടില്‍ നിന്നഥ മറഞ്ഞതഞ്ജസാ
കേട്ടു ഞെട്ടിയയിവീണു ഗര്‍ജ്ജിതം
കേട്ട പന്നഗകുമാരിപോലെ ഞാന്‍.
90
പിന്നെയെന്‍ പ്രിയപിതാക്കള്‍ കാത്തുഴ-
ന്നെന്നെയങ്ങവരഴല്പെടാതെയും
ഉന്നി വാണൊരിടമാര്യനേലുമീ-
മന്നിലെന്നുടലു ഞാന്‍ വിടാതെയും.
91
ഹര്‍ഷമേകുവതിനച്ഛനേറെ നി-
ഷ്കര്‍ഷമാര്‍ന്നഥ വളര്‍ന്നു ഖിന്നയായ്,
കര്‍ഷകന്‍ കിണറിനാല്‍ നനയ്ക്കിലും
വര്‍ഷമറ്റ വരിനെല്ലുപോലെ ഞാൻ
92
ഓര്‍ത്തിടായ്കിലുമഹോ! യുവത്വമെന്‍-
മൂര്‍ത്തിയാര്‍ന്നഥ വലഞ്ഞിതേറെ ഞാൻ
പൂത്തിടും തരുവിലും തടത്തിലും
കാത്തിടാ ലതകള്‍, കാലമെത്തിയാൽ
93
ഓതുവാനരുതെനിക്കു പിന്നെ,യെന്‍-
താതനോര്‍ത്തൊരു വിവാഹനിശ്ചയം
കാതിലെത്തി, വിഷവേഗമേറ്റപോൽ
കാതരാശയ കുഴങ്ങി വീണു ഞാന്‍.
94
ആഴുമമ്പൊടതി സാന്ത്വമോതുമെൻ
തോഴിമാരെയുമൊഴിച്ചു ഞാന്‍ പരം
വാഴുമൗഷധമകറ്റി,യാ ശ്രമം
പാഴിലായെഴുമസാദ്ധ്യരോഗികള്‍.
95
ശാന്തമാക ദുരിതം! വിനിശ്ചിത-
സ്വാന്തയായ് കദനശല്യമൂരുവാൻ
ധ്വാന്തവും ഭയവുമോര്‍ത്തിടാതുടൻ
ഞാന്‍ തടാകതടമെത്തി രാത്രിയില്‍”.
96
വേഗമാബ്ഭയദനിശ്ചയം ശ്രവി-
ച്ചാകുലാദ്ഭുത ദയാരസോദയന്‍,
ഏകിനാന്‍ ചെവിയവന്‍, സഗദ്ഗദം
ശോകമാര്‍ന്നു കഥ പിന്‍തുടര്‍ന്നവള്‍.
97
“ലോകമൊക്കെയുമുറങ്ങി, കൂരിരു-
ട്ടാകെ മൂടിയമമൂര്‍ത്തി ഭീകരം
ഏകയായവിടെ നിന്നു, സൂചിയേ-
റ്റാകിലെന്നുടലറിഞ്ഞിടാതെ ഞാൻ
98
തിണ്ണമായിരുളില്‍നിന്നു വിശ്വസി-
ച്ചെണ്ണിനേന്‍ ഝടിതി ഭൂതഭാവികള്‍,
വിണ്ണില്‍ ഞാനൊടുവില്‍ നോക്കി, സത്രപം
കണ്ണടഞ്ഞുഡുഗണങ്ങള്‍ കാണ്‍കയാല്‍,
99
നിത്യഭാസുര നഭശ്ചരങ്ങളേ,
ക്ഷിത്യവസ്ഥ ബത! നിങ്ങളോര്‍ത്തിടാ
അത്യനര്‍ത്ഥവശ ഞാന്‍ ക്ഷമിപ്പിനി-
കൃത്യ’മെന്നുമവയോടിരന്നു ഞാന്‍.
100
ഓര്‍ത്തുപിന്നുടനഗാധതോയമാം
തീര്‍ത്ഥസീമയിലിറങ്ങിയങ്ങു ഞാൻ
ആര്‍ത്തിയാല്‍ മൊഴിയിലോ മനസ്സിലോ
പ്രാര്‍ത്ഥിതം ചരമാമവമോതിനാന്‍.
101
ജീവിതേശനെയനുഗ്രഹിക്ക,വന്‍-
ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടൻ
ഈവിധം തുനിവതാമശക്ത ഞാൻ
ദേവി, നിന്‍പദമണയ്ക്കയംബികേ!
102
കാണുകില്‍ പുളകമാം കയത്തില-
ങ്ങാണുകൊള്‍വതിനുടന്‍ കുതിച്ചു ഞാന്‍,
ക്ഷോണിയില്‍ പ്രണയപാശമറ്റെഴും
പ്രാണികള്‍ക്കു ഭയഹേതുവേതുവാന്‍?

103
ചണ്ടിതന്‍ പടലി നീങ്ങിയാഴുമെൻ
കണ്ഠമൊട്ടുപരിതങ്ങി, ആകയാൽ
ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര-
ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.
104
സത്വരം മുകളിൽ നോക്കി ഞാനിയ-
ന്നത്തൽ വിസ്മയവുമേറെ നാണവും,
എത്തിയെൻ കചഭരം പിടിച്ചു നി-
ന്നത്ര കാന്തിമതിയേക യോഗിനി.
105
അമ്പിയന്നു ഭയമൊക്കെ നീക്കിയൊ-
ന്നിമ്പമേകിയവള്‍ നോക്കി സസ്മിതം
മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു-
ന്നമ്പിളിക്കെതിരഹോ നതാംഗിയാള്‍!
106
നിഷ്ഠപൂണ്ടരികില്‍ വാണിരുട്ടിലെൻ
ധൃഷ്ടമാം തൊഴിലു കണ്ടുയോഗിനി,
ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!
ദിഷ്ടമെങ്ങനെയൊരാള്‍ക്കതേ വരൂ.
107
കെട്ടിയാഞ്ഞു കരയേറ്റിയാശു കൈ-
വിട്ടു നിന്നു കഥ ചോദിയാതവൾ
ഒട്ടതെന്‍ പ്രലപനത്തില്‍ നിന്നറി-
ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാല്‍.
108
ഈറനമ്പൊടു പകര്‍ന്നു വല്‍ക്കലം
മാറിയാ മഹതിയെത്തുടര്‍ന്നു ഞാൻ
വേറുമെയ് നിയതി നല്കിടുന്നതും
പേറിയങ്ങനെ പരേതദേഹിപോല്‍.
109
അധ്വഖേദമറിയാതവാറു ചൊ-
ന്നത്തപോധന കനി വാര്‍ത്തകൾ
എത്തി ഞങ്ങളൊരു കാട്ടിലും ദ്രുതം
ചിത്രഭാനുവുദയാചലത്തിലും.
110
അന്തരംഗഹിതനാം ഭവാനൊഴി-
ഞ്ഞന്തികത്തില്‍ വനശോഭ കാണവേ
സന്തപിച്ചിവള്‍ പരം, രമിക്കയി-
ല്ലെങ്കിലും പ്രണയഹീനമാനസം
111
കീര്‍ത്തനീയഗുണ,യെന്നെ നിര്‍ഭയം
ചേര്‍ത്തു പിന്നെയവളിത്തപോവനം,
ആര്‍ത്തിയെങ്കിലുമതീവ ധന്യയെ-
ന്നോര്‍ത്തിതാര്യനെയനുപ്രയാത ഞാൻ
112
ഒത്തു ഞങ്ങളുടജത്തിലൊന്നില്‍ വാ-
ണത്യുദാരമഥ വിദ്യയും സ്വയം
വിത്തിനായ് മുകിലു വൃഷ്ടിപോലെയാ-
സിദ്ധയോഗിനിയെനിക്കു നല്‍കിനാള്‍.
113
പഞ്ചവൃത്തികളടക്കിയന്വഹം
നെഞ്ചുവച്ചുരുതപോമയം ധനം
സഞ്ചയിപ്പതിനു ഞാന്‍ തുടങ്ങി, പി-
ന്നഞ്ചുവട്ടമിഹ പൂത്തു കാനനം.
114
കാമിതം വരുമെനിക്കു വേഗമെ-
ന്നാ മഹാമഹതി ചെയ്തനുഗ്രഹം,
പ്രേമമാര്‍ന്ന ഗുരുവിന്‍ പ്രസാദമാം
ക്ഷേമമൂലമിഹ ശിഷ്യലോകരിൽ
115
മംഗലാശയ! കഴിഞ്ഞു രണ്ടു നാ-
ളിങ്ങു പിന്നെയനിമിത്തമെന്തിനോ,
പൊങ്ങിടുന്നു സുഖമാര്‍ന്നുമന്തരാ
മങ്ങിടുന്നു ഭയമാര്‍ന്നുമെന്മനം
116
സ്വൈരമായ് മുഹുരുദിച്ചിടുന്നു ദുര്‍-
വ്വാരമെന്റെ മതിയില്‍, തപസ്യയിൽ
ഗൗരിയോടരിയ പുഷ്പഹേതിതൻ
വൈരിയായ വടുവിന്‍ സമാഗമം.
117
ഇന്നലെബ്ഭഗണമദ്ധ്യഭൂവില്‍ ഞാൻ
നിന്നു കൂപ്പിയ വസിഷ്ഠഭാമിനി
വന്നു നിദ്രയതില്‍ ‘ഏല്‍ക്ക നിന്‍ പ്രിയൻ
വന്നു’ എന്നരുളിനാള്‍ ദയാവതി.
118
എന്നു ചൊല്ലി വിരമിച്ചു, തന്മുഖം
നിന്നു നോക്കി, നെടുമാര്‍ഗ്ഗഖിന്നയായ്
എന്നപോല്‍, ഭരമകന്നപോലിള-
ച്ചൊന്നു തന്വി നെടുവീര്‍പ്പിയന്നവൾ.
119
ഭാവമൊട്ടുടനറിഞ്ഞു, ശുദ്ധയാ-
മാവയസ്യയഴലാര്‍ന്നിടാതെയും,
ഈവിധം യതി പറഞ്ഞു, തന്മന-
സ്സാവിലേതരമലിഞ്ഞിടാതെയും.
120
“കേട്ടു നിൻ ചരിതമത്ഭുതം! ശുഭേ,
കാട്ടില്‍ വാഴ്‌വതിനെഴുന്ന മൂലവും
കാട്ടി സാഹസമനല്പമേതുതാ-
നാട്ടെ; നിന്‍ നിയമചര്യ നന്നയേ!
121
ഉണ്ടു കൗതുകമുരയ്ക്കില്‍, നാടതിൽ
പണ്ടിരുന്നതുമകന്നു കാടിതിൽ
കണ്ടുമുട്ടിയതു,മെന്നുമല്ല, നാം
രണ്ടുപേരുമൊരു വൃത്തിയാര്‍ന്നതും.

122
ഹാ! ശുഭേ നിജ ഗതാഗതങ്ങള്‍ ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍,
ആശ നിഷ്ഫലവുമായ് വരുന്നവ-
ന്നാശിയാതിഹ വരുന്നഭീഷ്ടവും.
123
സ്വന്തകര്‍മ്മവശരായ് തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികള്‍,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം.
124
സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
സാഹസങ്ങള്‍ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ-
മോഹിനിദ്രയുണരുന്ന നാള്‍വരെ.
125
കാട്ടിലിങ്ങൊരുമഹാനുഭാവതൻ
കൂട്ടിലായ് ഭവതി, ഭാഗ്യമായി, ഞാൻ
പോട്ടെ,—ശാന്തി!—വിധി യോഗമിന്നിയും
കൂട്ടിയാകിലഥ കാണ്‍കയാം, ശുഭേ”
126
ഏവമോതി നടകൊള്‍വതിന്നവൻ
ഭാവമാര്‍ന്നു, പരിതപ്തയായുടൻ
ഹാ! വെളുത്തവള്‍ മിഴിച്ചുനിന്നു മണ്‍
പാവപോലെ ഹതകാന്തിയായ് ക്ഷണം.
127
ചിന്തനൊന്തുഴറി യാത്രചൊല്ലുമോ
ഹന്ത! ഭീരു യതിയെത്തടുക്കുമോ
സ്വന്തസൗഹൃദനയങ്ങളോര്‍ത്തുഴ-
ന്നെന്തുചെയ്യുമവള്‍?—ഹാ! നടന്നവന്‍.
128
കണ്ടുടന്‍ കരളറുന്നപോലെഴു-
ന്നിണ്ടലേറിയഭിമാനമറ്റവൾ
കുണ്ഠയാം കുരരിപോലെ ദീനമാ,
കണ്ഠമോടഴുതുറക്കെയോതിനാള്‍-
129
‘പ്രാണനായക ഭവാന്റെ കൂടവേ
കേണുപോം ഹൃദയനീതനായഹോ!
പ്രാണനെന്നെ വെടിയുന്നിതേ ജലം
താണുപോം ചിറയെ മത്സ്യമെന്നപോല്‍‘
130
കൂവി വായുവിലകന്ന താമര-
പ്പൂവെയാഞ്ഞു തടയുന്ന ഹംസിപോൽ
ഏവമുന്മുഖി പുലമ്പിയെത്തിയാ-
ബ്ഭൂവില്‍ വീണവള്‍ പിടിച്ചു തല്പദം.
131
“എന്റെയേകധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും,
എന്റെയീശ! ദൃഢമീപദാംബുജ-
ത്തിന്റെ സീമ, ഇതു പോകിലില്ല ഞാന്‍.
132
അന്യഥാ കരുതിയാര്‍ദ്രനാര്യനീ-
സന്നധൈര്യയെയഹോ! ത്യജിക്കൊലാ
ധന്യയാം എളിയ ശിഷ്യ,യീപദം
തന്നില്‍ നിത്യപരിചര്യയൊന്നിനാല്‍.”
133
ഹാ! മൊഴിഞ്ഞിതു നഖം പചാശ്രുവാൽ
കോമളം സതി നനച്ചു തല്പദം
ആ മഹാന്‍ തിരിയെനിന്നു, നിര്‍മ്മല-
പ്രേമമാം വലയിലാരു വീണിടാ!
134
“തോഴി കാരുണികനാണു നിന്നില്‍ ഞാന്‍,
കേഴൊലാ കൃപണഭാവമേലൊലാ,
പാഴിലേവമഴലാകുമാഴിയാ-
ഞ്ഞാഴൊലാ നളിനി, അജ്ഞപോലെ നീ.
135
പാവനാംഗി, പരിശുദ്ധസൗഹൃദം
നീ വഹിപ്പതതിലോഭനീയമാം,
ഭാവിയായ്കതു, ചിതാശവങ്ങളിൽ
പൂവുപോല്‍, അശുഭനശ്വരങ്ങളിൽ.
136
സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍.
137
ആപ്തസത്യനവിയോഗമാം സുഖം
പ്രാപ്തമാം സഖി രഹസ്യമോതുവൻ”
ആപ്തനിങ്ങനെ കനിഞ്ഞുരയ്ക്കവേ
ദീപ്തദീപശിഖപോലെണീറ്റവള്‍.
138
നോക്കിനിന്നു ഹൃതയായവന്റെ ദി-
വൈക്യനിര്‍വൃതികരോജ്ജ്വലാനനം
വാക്കിനാലപരിമേയമാം മഹാ
വാക്യതത്ത്വമവനോതി ശാശ്വതം.
139
ശങ്കപോയ്, ശിശിരവായുവേറ്റപോ-
ലങ്കുരിച്ചു പുളകം, വിറച്ചുതേ
പങ്കഹീന, ഘനനാദഹൃഷ്ടമാം
പൊങ്കടമ്പിനുടെ കൊമ്പുപോലവൾ
140
അന്തരുത്തടരസോര്‍മ്മി ദുഃസ്ഥയായ്
ഹന്ത! ചാഞ്ഞു തടവല്ലിപോല്‍ സതി,
സ്വന്തമെയ് വികലമായപോലണ-
ഞ്ഞന്തരാ നിയമി താങ്ങി കൈകളാല്‍.

141
ശാന്തവീചിയതില്‍ വീചിപോലെ സം-
ക്രാന്തഹസ്തമുടല്‍ ചേര്‍ന്നു തങ്ങളില്‍,
കാന്തനാദമൊടു നാദമെന്നപോല്‍,
കാന്തിയോടപരകാന്തി പോലെയും.
142
ധന്യമാം കരണസത്ത്വയുഗ്മമ-
ന്യോന്യലീനമറിവറ്റു നില്‍ക്കവേ
കന്യ കേവലസുഖം സമാസ്വദി-
ച്ചന്യദുര്‍ല്ലഭമലോകസംഭവം
143
ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകലഭോഗ്യമല്ലതാന്‍,
ഖേദലേശവുമിയന്നതില്ല, വി-
ച്ഛേദഭീതിയുളവായുമില്ലതില്‍.
144
ചാരുഹാസ,യറിവെന്നി പെയ്തു ക-
ണ്ണീരുടന്‍, ചരമമേഘവൃഷ്ടിപോല്‍,
ധാരയാലഥ നനഞ്ഞ നെഞ്ചില-
ദ്ധീരധീ പുളകമാര്‍ന്നുമില്ലവന്‍.
145
ഓമലാള്‍ മുഖമതീന്നു നിര്‍ഗ്ഗമി-
ച്ചോമിതി ശ്രുതി നിഗൂഢവൈഖരി,
ധാമമൊന്നുടനുയര്‍ന്നു മിന്നൽപോൽ
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.
146
ക്ഷീണയായ് മിഴിയടച്ചു, നിശ്ചല-
പ്രാണയായുടനവന്റെ തോളതിൽ
വീണു, വായു വിരമിച്ചു കേതുവിൽ
താണുപറ്റിയ പതാകപോലവള്‍.
147
ഞെട്ടിയൊന്നകമലിഞ്ഞു സംയമം
വിട്ടു വീര്‍ത്തു നെടുതായ് മഹായമി
പട്ടിടഞ്ഞ തനു തന്റെ മേനി വേര്‍-
പെട്ടിടാഞ്ഞു ബത! ശങ്കതേടിനാന്‍.
148
സ്തബ്ധമായ് ഹൃദയമേറി ഭാരമാ-
പുഷ്പഹാരമൃദുമെയ് തണുത്തുപോയ്,
സുപ്തിയല്ല ലയമല്ല യോഗമ-
ല്ലപ്പൊഴാര്‍ന്നതവളെന്നറിഞ്ഞവൻ.
149
“എന്തു സംഭവമിതെന്തു ബന്ധമി-
ങ്ങെന്തു ഹേതുവിതിനെന്തൊരര്‍ത്ഥമോ!
ഹന്ത! കര്‍മ്മഗതി! ബാലയെന്റെ ബാ-
ഹാന്തരം ചരമശയ്യയാക്കിനാൾ!
150
സ്നേഹഭാജനതയാര്‍ന്ന ഹൃത്തിതിൽ
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോൽ
മോഹമാര്‍ന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴുകിക്കഴിഞ്ഞിവള്‍!
151
ആരറിഞ്ഞു തനുഭൃത്തുകള്‍ക്കു നി-
സ്സാരമേവമസുബന്ധമെന്നഹോ!
നാരി, നിന്നിളവയസ്സിതേതു ഹൃ-
ത്താരിയന്ന പരിപാകമേതയേ!
152
ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടുദുഃഖമിയലാം, വപുസ്സു വേ-
റിട്ട നിന്‍ സുഖമഹോ! കൊതിക്കിലാം.
153
ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതൻ
ജന്തുഭീകരകരന്‍, ഖരന്‍, യമന്‍?
154
ജാതസൗഹൃദമുറങ്ങുവാന്‍ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോല്‍,
നീ തുനിഞ്ഞു, നിരസിച്ചിരിക്കില്‍ ഞാ-
നേതു സാഹസികനാമഹോ? പ്രിയേ!
155
ത്യാഗമേവനു വരും സമഗ്രമീ-
ഭോഗലോഭനജഗത്തിലെന്നുമേ
വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ-
ഭാഗയാം നളിനി ധന്യതന്നെ നീ!
156
ഉത്തമേ! വിഗതരാഗമാകുമെ-
ന്നുള്‍ത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.

157
നേരു—ശൈശവമതിങ്കലന്നു നിൻ
ഭൂരിയാം ഗുണമറിഞ്ഞതില്ല ഞാന്‍,
കോരകത്തില്‍ മധുവെന്നപോലെയുള്‍-
ത്താരില്‍ നീ പ്രണയമാര്‍ന്നിരുന്നതും,
158
ഇന്നഹോ! ചിരസമാഗമം സ്വയം
തന്ന ദൈവഗതിയെത്തൊഴുന്നു ഞാന്‍,
എന്നുമല്ലനുതപിച്ചിടുന്നു, തേന്‍-
വെന്ന നിന്മൊഴികള്‍ നിന്നുപോകയാൽ.
159
ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാര്‍ന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!
160
ആകുലത്വമിയലില്ല യോഗി ഞാന്‍,
ശോകമില്ലിനി നിനക്കുമേതുമേ,
നീ കുലീനഗുണദീപികേ, വിടും
ലോകമാണു ദയനീയമെന്‍ പ്രിയേ!
161
വേണിയാകിയ വെളുത്ത നിര്‍ഝര-
ശ്രേണി ചിന്നിവിരഹാര്‍ത്തിയാര്‍ന്നു താൻ
ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
കേണിതാ മുറയിടുന്നു കേള്‍ക്ക നീ!
162
നീലവിണ്‍നടുവുറച്ചു ഭാനു, കാ-
ണ്മീല കാട്ടിലുമനക്കമൊന്നിനും,
ബാല നീ ഝടിതി പൊങ്ങുമൂക്കിനാൽ
കാലചക്രഗതി നിന്നുപോയിതോ!
163
ധന്യയായി സഖി ഞാനസംശയം,
നിന്നൊടൊക്കുമുപദേശഭാജനം,
അന്യനാം ഗുരു ലഭിച്ചതില്ലയീ-
മന്നില്‍ വിദ്യവെളിവായ നാള്‍മുതൽ
164
മാനസം പരിപവിത്രമായി നിൻ
ധ്യാനയോഗ്യചരിതം സ്മരിച്ചയേ
ജ്ഞാനി നീ ഭവതി സിദ്ധിയാര്‍ന്നൊരെന്‍-
മേനിയും മഹിത തീര്‍ത്ഥഭൂമിയായ്!
165
ധര്‍മ്മലോപമണയാതെ നമ്മളിൽ
ശര്‍മ്മവും വ്യഥയുമേകിയേറെനാൾ
നിര്‍മ്മലേ ഒരു വഴിക്കു നീണ്ടൊരീ
കര്‍മ്മപാശഗതി നീ കടന്നുതേ!”
166
പ്രേമഗൗരവമിയന്നിവണ്ണമുള്‍-
സ്ഥേമയറ്റരുളി,യാര്‍ന്നു പിന്നെയും
ആ മഹാന്‍ നിജയമം, ചലിക്കുമേ
ഭൂമിയും ഹൃദയലീനഹേതുവാല്‍.
167
ദ്രുതമവിടെയണഞ്ഞാ ശിഷ്യയെത്തേടിയപ്പോൾ
കൃതനിയമ കനിഞ്ഞാചാര്യ കാഷായവേഷാ
മൃതതനുവതു കണ്ടങ്ങൊട്ടു വാവിട്ടു കേണാൾ
ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ
168
‘നളിനി’ ‘നളിനി’ എന്നാമന്ത്രണം ചെയ്തുചെന്നാ-
മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താൾ
ദളിതഹൃദയ—കൈയാല്‍ ശാന്തിബിംബത്തില്‍നിന്നും
ഗളിതസുഷമമാം നിര്‍മ്മാല്യമാല്യം കണക്കേ.
169
അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തിൽ
വിന്യസ്തമാക്കി മൃദുമെയ്യവര്‍ നോക്കിനിന്നാര്‍,
വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താര്‍-
ന്നന്യൂനദീനതയതെങ്കിലുമാഭതാനും.
170
അല്പം വലഞ്ഞഥ പരസ്പരമോതിവൃത്ത-
മുല്പന്നബോധരവരോര്‍ത്തുവിധിപ്രകാരം
ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേര്‍ത്തദിക്കിൽ
കല്പിച്ചവള്‍ക്കു ഖനനം വരയോഗിയോഗ്യം.
171
നിവാപവിധിപോലെ ബാഷ്പനിര തൂവി നിക്ഷിപ്തമാം
ശവാസ്തരമകന്നു—ഹാ! കൃപണര്‍പോലെ രണ്ടാളുമേ
പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം
‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു, സന്ധ്യാസമം.
172
ലോകക്ഷേമോത്സുകനഥ വിദേശത്തില്‍
വാണാ യതീന്ദ്രന്‍,
ശോകം ചേര്‍ന്നീലവനു
നളിനീചിന്തയാല്‍ ശുദ്ധിയേറി
ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി-
ക്കേകാ—കണ്ണാടിയിലിനമയൂഖങ്ങള്‍
മങ്ങാ പതിഞ്ഞാല്‍.
173
അവനു പുനാമോഘംപോയി നൂറ്റാണ്ടു, പിന്നോര്‍-
ത്തവസിതിവിധി,യൂഴിക്കെത്തുമോ നിത്യഭാഗ്യം
അവിദിതതനുപാതം വിസ്മയം യോഗമാര്‍ജ്ജി-
ച്ചവിരതസുഖമാര്‍ന്നാനാ മഹാന്‍ ബ്രഹ്മഭൂയം!


മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ കുമാരനു് (1873–1924) മഹാകവി പട്ടം സമ്മാനിച്ചതു് മദിരാശി സർവ്വകലാശാലയാണു്, 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേരു് സമൂഹം നൽകിയതാണു്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ഉന്നതനായ കവിയുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്കു് ഊന്നൽ കൊടുത്തുകൊണ്ടു് അതിഭൗതികതയിൽ ഭ്രമിച്ചു് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്കു് നയിച്ചയാളാണു് കുമാരനാശാൻ. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണു്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനു പകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്തു് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണു് അവലംബിച്ചതു്.
തിരുവനന്തപുരത്തിനു് വടക്കുള്ള ചിറയിൻകീഴു് താലൂക്കിൽ കായിക്കര ഗ്രാമത്തിൽ ഒരു വണിക കുടുംബത്തിലാണു് ആശാൻ 1873 ഏപ്രിൽ 12-നു് ജനിച്ചതു്. അച്ഛൻ പെരുങ്ങുടി നാരായണൻ, അമ്മ കാളി. കുമാരൻ ഒൻപതു് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് മലയാള ഭാഷകളിൽ വിശാരദനായിരുന്നു, കൂടാതെ കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ കുമാരനും പാരമ്പര്യമായി കിട്ടിയിരുന്നു. കുമാരന്റെ താൽപ്പര്യം പരിഗണിച്ചു് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നൽകി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ചു് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ–തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണു് കുമാരൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയതു്. ഏതാനും സ്തോത്രങ്ങൾ ഇക്കാലത്തു് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി.
1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായ ഭാനുമതി അമ്മ, 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണു് ഭാനുമതി അമ്മ മരണമടഞ്ഞതു്.
കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണ ഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീടു് സന്ദർശിച്ചപ്പോൾ, കുമാരൻ അസുഖം മൂലം ശയ്യാവലംബിയായിരുന്നു. അതു കണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്നു് നിർദ്ദേശിച്ചു. അങ്ങിനെയാണു് കുമാരൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിനു് തുടക്കം കുറിക്കുകയും ചെയ്യുന്നതു്.
കുമാരന്റെയും ഗുരുവിന്റെയും സംയോഗത്തിനു് നരേന്ദ്രന്റെയും പരമഹംസന്റെയും കണ്ടുമുട്ടലുമായി സമാനതകളേറെയാണു്, ഒരു വ്യത്യാസമൊഴികെ. നരേന്ദ്രൻ പൂർണ്ണസന്യാസം സ്വീകരിച്ചപ്പോൾ, കുമാരൻ അതിനു തയ്യാറായില്ല, പ്രത്യുത ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവെ തന്നെ കാവ്യ–സാഹിതീ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്ണതയോടെ ഏർപ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം, 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി കുമാരനെ ബാംഗ്ലൂർക്കു് നിയോഗിച്ചു. തർക്കം ഐച്ഛികമായെടുത്തു് പഠിച്ചുവെങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരി പഠനത്തിനു പോവുകയുണ്ടായി. ഇവിടെവെച്ചു് കാവ്യസാധന തുടരുവാൻ അന്നു് സംസ്കൃതാദ്ധ്യാപകനായിരുന്ന മഹാമഹോപാദ്ധ്യായ കാമഖ്യനാഥ് പ്രോൽസാഹിപ്പിക്കുകയും ഒരുനാൾ കുമാരൻ ഒരു മഹാകവി ആയിത്തീരുമെന്നു് പ്രവചിക്കുകയും ചെയ്യുകയുണ്ടായി.
ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം” തുടങ്ങിയവ ഭക്തിരസ പ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചതു് “വീണപൂവു്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിൻമേടു് എന്ന സ്ഥലത്തു് തങ്ങവെ, 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണു് വീണപൂവു്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിതു്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിനു് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണു്. ഖണ്ഢകാവ്യങ്ങളായ “നളിനി”, “ലീല”, “കരുണ”, “ചണ്ഢാലഭിക്ഷുകി”, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “പ്രരോദനം” സമകാലീനനും സുഹൃത്തുമായ ഏ. ആർ. രാജരാജവർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. “ചിന്താവിഷ്ടയായ സീത”യിലാണു് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നതു്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. “ബുദ്ധചരിതം” ആണു് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ” എന്ന കാവ്യത്തെ ഉപജീവിച്ചു് എഴുതിയ ഒന്നാണിതു്. പിൽക്കാലങ്ങളിൽ ആശാനു് ബുദ്ധമതത്തോടു് ഒരു ചായ്വുണ്ടായിരുന്നു.
കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്തു് നിന്നും ആലപ്പുഴയ്ക്കു് ബോട്ടിൽ യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി, അതിൽ കുമാരനാശാന്റെ മരണവും സംഭവിച്ചു.
മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണു് കേരള പാണിനി എന്നു് അറിയപ്പെട്ടിരുന്ന എ. ആർ. രാജരാജവർമ്മ (ജീവിതകാലം: 1863 ഫെബ്രുവരി 20–1918 ജൂൺ 18, മുഴുവൻ പേരു്: അനന്തപുരത്തു് രാജരാജവർമ്മ രാജരാജവർമ്മ). കിടങ്ങൂർ പാറ്റിയാൽ ഇല്ലത്തു് വാസുദേവൻ നമ്പൂതിരിയുടേയും കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ കൊല്ലവർഷം 1038 കുംഭമാസം 8-നാണു് അദ്ദേഹം ജനിച്ചതു്. വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവു് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതവൈയാകരണനായ പാണിനി, അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം എ. ആർ. രാജരാജവർമ്മയുടെതായിട്ടുണ്ടു്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ എ. ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.
കലിഗ്രഫി: എൻ. ഭട്ടതിരി
സൂചനാരേഖകൾ: വി. ആർ. സന്തോഷ്
ഡ്രോയിങ്, എ. ആർ. രാജരാജവർമ്മ: വി. ആർ. സന്തോഷ്
(വിക്കിപ്പീഡിയയിൽ നിന്നു് സ്വതന്ത്രമായി ആശയാനുവാദം ചെയ്തതു്.)