images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
മുഖവുര

ഏതാണ്ടു നാലു കൊല്ലം മുൻപു് രാജയോഗത്തിന്റെ പൂർവഭാഗം മുഴുവൻ പുസ്തകരൂപേണ പുറപ്പെടുവിച്ച അവസരത്തിൽ ഈ ഉത്തരഭാഗവും തർജ്ജിമ ചെയ്തു അല്പാല്പമായി ‘വിവേകോദയം’ വഴി പ്രസിദ്ധപ്പെടുത്തുന്നതാണെന്നും, തർജ്ജിമയിൽ പൂർവ്വഭാഗത്തേക്കാൾ ഉത്തരഭാഗത്തിൽ അധികം ദൃഷ്ടിവെക്കാമെന്നും പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു. ഇത്ര താമസിച്ചിട്ടാണെങ്കിലും ഈ പ്രതിജ്ഞ ഒരുവിധം പൂർത്തിയായി എന്നു കാണുന്നതിൽ വലിയ ചാരിതാർത്ഥ്യം തോന്നുന്നു.

പൂർവ്വഭാഗം ഒന്നാം പതിപ്പിന്റെ മുഖവുരയിൽ ഗ്രന്ഥകർത്താവിനെയും ഗ്രന്ഥത്തെയും പറ്റി ചില വിവരങ്ങൾ കൊടുത്തിട്ടുള്ളതിനാൽ വീണ്ടും ആ സംഗതികളെ ആവർത്തിക്കുന്നില്ല. എന്നാൽ വിവേകാനന്ദസ്വാമിയുടെ വന്ദ്യയായ മാതാവു് ഇതിനിടയിൽ കാലധർമ്മം പ്രാപിച്ചിരിക്കുകയാൽ ആ മുഖവുരയിൽ അവർ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടുള്ളതു വായനക്കാർ തെറ്റിദ്ധരിക്കാതെ ഓർത്തുകൊള്ളേണ്ടതാണു്. രാജയോഗം പൂർവഭാഗത്തിന്റെ വേറൊരു തർജ്ജിമ ഈ മാസത്തിൽ പുറത്തുവന്നിട്ടുള്ള വിവരം കൂടി ഇവിടെ പറയേണ്ടി വന്നിരിക്കുന്നു. സ്വാമിയുടെ കർമ്മയോഗം, ഭക്തിയോഗം എന്നീ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയ കെ. എം. അവർകളാണു് ഈ പുസ്തകം പുറപ്പെടുവിച്ചിരിക്കുന്നതു്. അദ്ദേഹം എന്റെ തർജ്ജമയെപ്പറ്റി അറിഞ്ഞിട്ടില്ലെന്നു അറിയുന്നു. ആ തർജ്ജമയിൽ രണ്ടാം ഭാഗം ഇല്ലതാനും. ഏതായാലും രാജയോഗം പൂർവ്വഭാഗത്തിന്റെ ഒന്നാം പതിപ്പു അശേഷം വിറ്റു തീർന്നതിനാൽ അതിന്റെ പ്രചാരത്തിലുള്ള ചാരിതാർത്ഥ്യത്തോടുകൂടിയും വീണ്ടും വളരെപ്പേർ ആവശ്യപ്പെടുന്നതനുസരിച്ചും ആ ഭാഗത്തിന്റെ രണ്ടാം പതിപ്പും ഉത്തരഭാഗത്തിന്റെ ഒന്നാം പതിപ്പും കൂടി ഈ വിശിഷ്ട ഗ്രന്ഥം മുഴുവൻ പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു.

തർജ്ജിമയിൽ മൂലകാരന്റെ ആശയങ്ങളെ ഓജസ്സിനു ഹാനികൂടാതെ തന്നെ ഭാഷയിൽ പ്രതിഫലിപ്പിപ്പാൻ നല്ലവണ്ണം ദൃഷ്ടി വെച്ചിട്ടുണ്ടു്. അതോടുകൂടി വിഷയഗൗരവംകൊണ്ടുള്ള വൈഷമ്യത്തെ ലഘൂകരിപ്പാൻ വേണ്ടി ആർക്കും കേട്ടാൽ അർത്ഥമാകത്തക്ക വണ്ണം ഭാഷാരീതിയെ എളുപ്പമാക്കാൻ പാടുള്ളത്ര യത്നിച്ചിട്ടുമുണ്ടു്.

ഉത്തരഭാഗം തർജ്ജിമചെയ്യുന്നതു പൂർവ്വഭാഗത്തേക്കാൾ ശ്രമസാദ്ധ്യമായ ഒന്നാണന്നുള്ള വസ്തുതകൂടി പറഞ്ഞുകൊള്ളുന്നു. ഉത്തരഭാഗം പാതജ്ഞലസൂത്രങ്ങളുടെ പരിഭാഷയും അതിന്മേലുള്ള സ്വാമിയുടെ സ്വതന്ത്ര്യഭാഷ്യവും ആകുന്നു. സൂത്രങ്ങളെ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുന്നതിൽ സ്വാമി അവസരോചിതമായ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുണ്ടു്. പാശ്ചാത്യന്മാരുടെ ഉപയോഗത്തിനാകയാൽ അപ്രകാരം ചെയ്യേണ്ടിവന്നതു് സമ്മതിക്കത്തക്കതും സ്വാമിയ്ക്കു പ്രകൃതവിഷയത്തിലുള്ള ജ്ഞാനവും അനുഭവവും കൊണ്ടു് അതിൽ അന്യഥാ ശങ്കയ്ക്കു് ഇടയില്ലാത്തതുമാകുന്നു. എങ്കിലും പാതജ്ഞല ദർശനത്തെപ്പറ്റി ഭാരതീയരുടെ ഉപയോഗത്തെമാത്രം ഉദ്ദേശിച്ചു പ്രസിദ്ധപ്പെടുത്തുന്ന ഒരു ഏതദ്ദേശ ഭാഷാഗ്രന്ഥത്തിൽ ഋഷിപ്രണീതമായ മൂലത്തെ അങ്ങനെതന്നെ വെച്ചുകൊണ്ടു എന്തെങ്കിലും ഉപന്യസിപ്പാനേ ജനങ്ങൾ സമ്മതിക്കൂ എന്നുള്ളതു പ്രത്യേകം സ്മരണീയമാകുന്നു. അതുകൊണ്ടു് ഈ പരിഭാഷയിൽ പ്രമാണ്യത്തെ ഉദ്ദേശിച്ചു സ്വാമിയുടെ ഇംഗ്ലീഷ് സൂത്രങ്ങളുടെ സ്ഥാനത്തു അവയുടെ മൂലമായ സംസ്കൃതസൂത്രങ്ങൾ തന്നെ ചേർത്തുകൊണ്ടു് അവയുടെ പദംപ്രതിയും വാക്യംപ്രതിയുമുള്ള അർത്ഥങ്ങൾ മലയാളത്തിൽ കൊടുക്കുകയാണു ചെയ്തിട്ടുള്ളതു്. ഇങ്ങനെ ചെയ്യുന്നതിൽ സൂത്രത്തിന്റെ യഥോക്താർത്ഥങ്ങളിൽ വല്ലദിക്കിലും നിസ്സാരമായ വല്ല മാറ്റവും വന്നിട്ടുണ്ടങ്കിൽ അതിന്റെ ഫലമായി സ്വാമിയുടെ വ്യാഖ്യാനത്തിൽ പൂർവാപരവാക്യങ്ങൾക്കു തമ്മിൽ അസാംഗത്യം വരാതിരിക്കത്തക്കവണ്ണം സൂക്ഷിച്ചിട്ടുമുണ്ടു്. സൂത്രങ്ങളുടെ അർത്ഥനിർണ്ണയത്തിൽ അധികം ആശ്രയിച്ചിട്ടുള്ളതു് വ്യാസഭാഷ്യത്തേക്കാൾ ഭോജരാജവൃത്തിയെ ആകുന്നു. സൂത്രപാഠങ്ങളും ഭോജവൃത്തിയിൽ സ്വീകരിച്ചിട്ടുള്ളപ്രകാരം തന്നെയാണു് ഇതിൽ കൊടുത്തിട്ടുള്ളതു. ചുരുക്കത്തിൽ അത്യുൽകൃഷ്ടവും ദൂരവഗാഹവുമായ ഈ രാജയോഗശാസ്ത്രത്തിൽ ജിജ്ഞാസുക്കൾക്കു ഈ പുസ്തകം കൊണ്ടുസാരമായ പ്രയോജനമുണ്ടാകത്തക്കവണ്ണം വേണ്ടതെല്ലാം ദൃഷ്ടിവെച്ചിട്ടുണ്ടു്. മഹാത്മാവായ വിവേകാനന്ദസ്വാമി തന്റെ ഇംഗ്ലീഷ് ഗ്രന്ഥംകൊണ്ടു് ഉദ്ദേശിച്ച ഫലം ഈ തർജ്ജിമകൊണ്ടു് മലയാളികൾക്കുണ്ടാകുമെങ്കിൽ അതു തന്നെയാണു ഈ ശ്രമത്തിന്റെ പ്രതിഫലം.

എൻ കുമാരൻ ആശാൻ

പരിഭാഷകൻ

തിരുവനന്തപുരം

1090 കന്നി 15

സമർപ്പണം
നമഃ പരസ്മൈ തമസഃ സവിത്രേ
തസ്മൈ ശരവ്യായ ച ദർശനാനാം
പുമാംസമേകം ലുഠതാം ഭവാബ്ധൗ
യമാമനന്തി ശ്രുതയഃ ശരണ്യം
വിദ്യാ ജയത്യാത്മവിഭൂതിസൂതിഃ
ശിവേന സംവർദ്ധിതസമ്പ്രദായാ
യാമേവ സൂത്രാണ്യധികൃത്യ ചക്രേ
പതജ്ഞലിഃ പ്രാഗ്രസരോ മുനീനാം
വ്യാസേന ഭാഷ്യേണ യദധ്യകാരി
ഭോജേന രാജ്ഞാ സ്ഫുടയാ ച വൃത്യാ
കാലേന തസ്യാഭവദാവിലത്വം
പാതഞ്ജലസ്യാത്ഭുതദർശനസ്യ
ആസ്മീന്മഹാൻ കോപി ചിരായ വംഗേ
ഷ്വദൃഷ്ടപൂർവ്വപ്രതിഭാപ്രഭാവഃ
ശ്രീരാമകൃഷ്ണാഖ്യയതീശ്വരസ്യ
പൂജ്യസ്യ യോഽന്തേവസതാം ധുരീണഃ
വിസ്മായയൻ വിശ്വജനം സ്വവാഗ്ഭിഃ
തതാര ധർമ്മോദ്ധരണപ്രവൃത്തഃ
ന കേവലം ഗോഷ്പദവത്സമുദ്രം
സാരസ്വതം തം ച പയോമയം യഃ
പദം ഗതോപി പ്രകൃതേഃ പരം യോ
ഗുണൈസ്സമജ്ഞാസുരഭിശ്ചകാസ്തി
തസ്യാർത്ഥഗുർവീ പ്രഥതേ ജഗത്യാ
മാനന്ദസംജ്ഞാദ്യ വിവേകപൂർവ്വാ
സോയം സധർമ്മാ മുനിപുംഗവസ്യ
തസ്യൈവ വാഗ്യോഗവിദാം വരസ്യയ
വ്യാഖ്യാം വശ തൽഫണിതേഃ പ്രസന്നാ
മത്യത്ഭുതാമാങ്ഗ്ലഗിരാ ചകാര
ജാഗർത്തി യോഗീ നനു കേരളേഷു
നാരായണാഖ്യോ നിഗമാന്തചാരീ
നുദംസ്തമോ വിഷ്വഗുപാത്തജന്മാ
യദ്യപ്യുപാനന്തപുരം യഥേന്ദു
ജ്ഞാനേന പൂതഃ സ്വതപസ്യയാ ച
വിമത്സരൈഃ സാധു വിഭാവ്യതേ യഃ
ഭർഗ്ഗ സ്വയം വാ നരലക്ഷണോഽയം,
നാരായണോ വേതി നവാവതാരഃ
മൂർദ്ധനാ ധൃതം പാദരജോപി യസ്യ
ഹൃദ്ദർപ്പണം മേ മലിനം പ്രമാർഷ്ടി
തതഃ കിമന്യോസ്തി വിഭാവനീയോ
ഗുരുർഗ്ഗരീയാൻ സ ച മേ ഗരിഷ്ഠഃ
ഉക്തേ ച യതഃ സ്വയമാംഗ്ലഗുംഭേ
ഹ്യധീമതാ സമ്പ്രതിഫദ്ഗുവാചാ
മയാ കൃതഃ കേരളവൈഖരീഭിഃ
കിം ദുഷ്കരം കർമ്മ ഗുരോഃ കൃപായാഃ?
തസ്യൈവ ചാനേന മയാ പദാബ്ജേ
സ്വീയൈഃ കടാക്ഷൈഃ പരിവർദ്ധിതേന
സമർപ്യതേ ഭക്തിഭരേണ സോയം
സമാധിശാസ്ത്രസ്യ സുഖോ വിവർത്തഃ

എൻ. കുമാരനാശാൻ

തിരുവനന്തപുരം

1914 അക്ടോബർ 24

ഒന്നാം പതിപ്പിന്റെ മുഖവുര

രാജയോഗത്തിന്റെ പൂർവഭാഗം ഇങ്ങിനെ ഒരു പുസ്തകരൂപേണ പുറത്തുവിടുന്ന ഈ അവസരത്തിൽ അതിനെപ്പറ്റി രണ്ടുവാക്കു പറയേണ്ടിയിരിക്കുന്നു. ഈ വിശിഷ്ട്രഗന്ഥത്തിന്റെ മൂലം മഹാത്മാവായ വിവേകാനന്ദസ്വാമി ഇംഗ്ലീഷിൽ എഴുതീട്ടുള്ളതാണു്. അതിൽ ഈ പൂർവഭാഗം അദ്ദേഹം 1893-ൽ അമേരിക്കയിൽ ചിക്കാഗോ നഗരത്തിൽ കൂടിയ വിശ്വവിശ്രുതമായ മതപ്രതിനിധി മഹാസഭ കഴിഞ്ഞു അവിടങ്ങളിൽ സഞ്ചരിക്കുമ്പോൾ “രാജയോഗ”ത്തെ സംബന്ധിച്ചുചെയ്തിട്ടുള്ള എട്ടു പ്രസംഗങ്ങളാകുന്നു. ഇതിന്റെ ഉത്തരഭാഗം അതിനെ പിന്തുടർന്നുതന്നെ പതഞ്ജലിമഹർഷിയുടെ യോഗസൂത്രങ്ങൾക്കു ഈ മഹാത്മാവു ചെയ്തിട്ടുള്ള ഒരു അനുപദ തർജ്ജിമയും അതിന്റെ അതിവിശിഷ്ടമായ ഒരു സ്വതന്ത്രവ്യാഖ്യാനവുമാണു്. ഈ പൂർവഭാഗം പോലെതന്നെ അതിനേയും ഈ പരിഭാഷകൻ “വിവേകോദയം” വഴിയായി മലയാളത്തിൽ പ്രസിദ്ധപ്പെടുത്താൻ ശ്രമിച്ചുവരുന്നു. സ്വാമി അവർകളുടെ എല്ലാ ഗ്രന്ഥങ്ങളിലും വച്ചു് കർമ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം എന്നീ നാലു പുസ്തകങ്ങളാണു് അതിപ്രസിദ്ധങ്ങൾ. ഇവയിൽ കർമ്മയോഗവും ഭക്തിയോഗവും ഇതിനുമുമ്പുതന്നെ മലയാളത്തിൽ ആക്കപ്പെടുകയും അവയ്ക്കു് അസാമാന്യമായ പ്രചാരം ഉണ്ടാവുകയും ചെയ്തിരിക്കുന്നു. ഈ പരിഭാഷകൻ തന്നെ ആദ്യം ആ രണ്ടു പുസ്തകങ്ങളേയും മലയാളത്തിലാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും തർജ്ജിമ മുഴുവനാക്കുന്നതിനു മുമ്പു ആ പുസ്തകങ്ങൾ വേറേവഴി പ്രസിദ്ധപ്പെടുത്തിക്കാണുകയാൽ വിരമിക്കേണ്ടിവന്നിരുന്നു. രാജയോഗത്തിന്റെ പരിഭാഷ ഇതുവരെയും മറ്റാരും പ്രസിദ്ധപ്പെടുത്തി കാണാത്തതുകൊണ്ടു തർജ്ജിമതരക്കേടില്ലെന്നു മഹാജനങ്ങൾക്കുതോന്നുന്ന പക്ഷം ഈ മൂന്നാമത്തെ ശ്രമം ഒരുവിധം ഫലിച്ചു എന്നുള്ള ചാരിതാർത്ഥ്യം പരിഭാഷകനുണ്ടു്. കർമ്മഭക്തിയോഗങ്ങൾ രണ്ടും സാധാരണ മനസ്സുകൾക്കു സുഗ്രഹമാകത്തക്ക വിധത്തിൽ മതസംബന്ധമായ സാധാരണവിചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അടിസ്ഥാനമാക്കി എഴുതീട്ടുള്ളതാകുന്നു. രാജയോഗം അങ്ങിനെയല്ല, അതു മാനസതത്വശാസ്ത്രത്തെ അതായതു അദ്ധ്യാത്മശാസ്ത്രത്തെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള അതിപ്രൗഢമായ ഗ്രന്ഥമാണു്. അതുകൊണ്ടു് ഇതിന്റെ പരിഭാഷയിൽ തർജ്ജിമക്കാരന്നു കുറേക്കൂടി ക്ലേശമുണ്ടായിരിക്കും. രാജയോഗം മലയാളത്തിൽ തർജ്ജിമ ചെയ്യുന്നതിനു രാമകൃഷ്ണ മിഷ്യനിൽ നിന്നു അനുവാദം ചോദിച്ചതിനു തന്ന മറുപടിയിൽ ബ്രഹ്മശ്രീ രാമകൃഷ്ണാനന്ദസ്വാമി “Our President is glad to hear that a very competent man has been good enough to translate the most difficult Book of Sri Swamy Vivekananda into Malayalam” “ശ്രീമൽ വിവേകാനന്ദസ്വാമി അവർകളുടെ ഏറ്റവും പ്രയാസമുള്ള പുസ്തകം നല്ല യോഗ്യതയുള്ള ഒരാൾ മലയാളത്തിൽ തർജ്ജിമ ചെയ്വാൻ സന്നദ്ധനായതിനെപ്പറ്റി അറിയുന്നതിൽ ഞങ്ങളുടെ അദ്ധ്യക്ഷൻ വളരെ സന്തോഷിക്കുന്നു” എന്നു എഴുതിയിരിക്കുന്നു. ഇതിൽ തന്റെ യോഗ്യതയെപ്പറ്റി പറയുന്നതിനെ തർജ്ജിമക്കാരൻ സമ്മതിക്കുന്നില്ലെങ്കിലും രാജയോഗം സ്വാമി അവർകളുടെ പുസ്തകങ്ങളിൽവച്ചു ഏറ്റവും പ്രയാസമുള്ള ഒന്നാണെന്നു വായനക്കാർ സമ്മതിക്കുമെന്നു വിശ്വസിക്കുന്നു. പ്രമേയത്തിലുള്ള സാമാന്യമായ പരിചയംകൊണ്ടു അപ്പോളപ്പോൾ അല്പാല്പമായി തർജ്ജിമ ചെയ്തു പ്രസിദ്ധപ്പെടുത്തിയെന്നല്ലാതെ തർജ്ജിമയെ അനുസ്യൂതമായി വായിച്ചു പരിഷ്കരിപ്പാൻതന്നെ തൽക്കാലം സൗകര്യമുണ്ടായിട്ടില്ല. അതുകൊണ്ടു മറ്റു പ്രകാരത്തിലും ഇതിൽ സംഭവിച്ചേക്കാവുന്ന വല്ല സ്ഖലിതങ്ങളേയും യോഗ്യരായ വായനക്കാർ സദയം ചൂണ്ടിക്കാണിച്ചുതന്നാൽ അടുത്തപതിപ്പിൽ തിരുത്തിക്കൊള്ളാവുന്നതും ഉത്തരഭാഗത്തിന്റെ തർജ്ജിമ കഴിയുന്നത്ര നന്നാക്കാൻ ഇപ്പോഴെ നോക്കുന്നതുമാണു്.

ഗ്രന്ഥകർത്താവായ ശ്രീവിവേകാന്ദസ്വാമി മഹാസമാധിയായിട്ടു ഇപ്പോൾ എട്ടുകൊല്ലം കഴിഞ്ഞിരിക്കുന്നു. അദ്ദേഹം 1863-ൽ ജനിച്ചു. അഥവാ അവതരിച്ചു. 1902-ൽ ശരീരം ത്യജിച്ചു. ഇദ്ദേഹത്തിന്റെ ജന്മഭൂമി കൽക്കട്ട നഗരവും മാതാപിതാക്കന്മാർ ബങ്കാളത്തെ കായസ്ഥവർഗ്ഗത്തിൽപെട്ട “ദത്ത” എന്ന വംശപ്പേരുള്ള ഒരു സാധാരണകുടുംബത്തിലെ പുണ്യശാലികളായ ദമ്പതിമാരും ആയിരുന്നു. സ്വാമിയുടെ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അച്ഛൻ കൽക്കട്ട ഹൈക്കോടതിയിൽ ഒരു വക്കീലായിരുന്നു. സ്വാമി സന്യസിക്കുന്നതിനുമുമ്പു് അദ്ദേഹം ചരമഗതിയെ പ്രാപിച്ചു. സ്വാമിയുടെ അമ്മ വളരെ ഈശ്വരഭക്തിയും ശുദ്ധിയും ഉള്ള സ്ത്രീരത്നമായിരുന്നു. സ്വാമിയെ പ്രസവിക്കുന്നതിനു മുമ്പു് അവർ കാശിയിൽ വ്രതം നോറ്റു താമസിച്ചിരുന്നപ്പോൾ താൻ ‘വീരേശ്വരാം’ശഭൂതനായ ഒരു പുത്രന്റെ മാതാവാകുമെന്നു് ആ പരിശുദ്ധയായ അമ്മയ്ക്കു സ്വപ്നദർശനമുണ്ടായത്രെ.

സ്വാമിയിൽ ശൈശവം മുതൽ ദിവ്യത്വം പ്രകാശിച്ചിരുന്നു. രാത്രിയിൽ കൂടെയുള്ള കുട്ടികൾ നേരമ്പോക്കും കഥകളും പറഞ്ഞു സമയം കുഴിച്ചിട്ടു ‘ഞങ്ങൾക്കും ഉറക്കംവരുന്നില്ലെന്നു’ സങ്കടം പറയുമ്പോൾ ‘നിങ്ങൾ ഭ്രൂമദ്ധ്യത്തിലെ മനോഹരമായ തേജസ്സിനെക്കാണുന്നില്ലെ? അതിനെ നോക്കുവിൻ. ഉടനെ നിങ്ങൾക്കു വിശ്രമവും ഉറക്കവുമുണ്ടാകും’ എന്നു സ്വാമി കുട്ടിക്കാലത്തു പറഞ്ഞിട്ടുണ്ടു്. കുറേക്കൂടി പ്രായമായശേഷം ഒരിക്കൽ ഒരു ബ്രാഹ്മണനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സ്വാമി അദ്ദേഹത്തോടു് ‘ഈ ബ്രഹ്മസ്വം നിങ്ങൾ പൊട്ടിച്ചു പുറത്തു കളവിൻ അല്ലെങ്കിൽ ഊരി എന്റെ തോളിൽ ഇട്ടു തരിൻ ബ്രഹ്മധ്യാനവും, സമാധിയും നിങ്ങൾക്കു അത്ര അസാദ്ധ്യമായി തോന്നുന്നല്ലോ. എനിക്കതു വളരെ എളുപ്പത്തിൽ വരുന്നുണ്ടു് എന്നു പറഞ്ഞു. സ്വാമി 18-ആമത്തെ വയസ്സിൽ കൽക്കട്ടാ സർവ്വകലാശാലയിൽ നിന്നു ബി.എ. പരീക്ഷയിൽ വിജയിയായി. തത്വശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന വാസനയും ബുദ്ധി വികാസവും അസാധാരണം തന്നെ ആയിരുന്നു. കാളേജു വിടുന്നതിനുമുമ്പു ഹർബർട് സ്പെൻസർ എന്ന ലോക വിശ്രുതനായ യൂറോപ്യൻ തത്വശാസ്ത്രപണ്ഡിതന്റെ ഒരു സിദ്ധാന്തത്തെ ഖണ്ഡിച്ചു അദ്ദേഹത്തിനു നേരിട്ടു സ്വാമി (നരേന്ദ്രനാഥദത്തൻ അദ്ദേഹത്തിന്റെ ആദ്യത്തെ പേർ അതായിരുന്നു) എഴുതിയിരുന്നു. കാളേജു വിട്ട ശേഷം അച്ഛന്റെ മരണത്താൽ കുടുംബത്തിന്നുണ്ടായ ധനസംബന്ധമായ ന്യൂനതയെ പരിഹരിപ്പാൻ അദ്ദേഹം ‘കുലക്രമാഗത’മായ വക്കീൽ പണിക്കു ഒരുങ്ങുകയും വേഗത്തിൽ അതിൽനിന്നു വിരമിക്കുകയും ചെയ്തു. സ്വാമി വിവാഹം ചെയ്തില്ല. ഈശ്വരനെപ്പറ്റിയ യഥാർത്ഥമായ അറിവും സാക്ഷാൽക്കാരവും സമ്പാദിപ്പാനുള്ള തൃഷ്ണ സ്വാമിക്കു അധികമധികം വർദ്ധിച്ചു. എല്ലാ മതശാസ്ത്രങ്ങളും അദ്ദേഹം പഠിച്ചു. കുറേക്കാലം ബങ്കാളത്തെ പ്രസിദ്ധമായ ബ്രഹ്മസമാജത്തിലെ നേതാക്കന്മാരുമായി അദ്ദേഹം സഹവസിച്ചു. തന്റെ തീഷ്ണമായ തൃഷ്ണക്കു് അതിൽ ഉപശമം കാണാത്താതിനാൽ ഒടുവിൽ അതിനെ വിട്ടുകളഞ്ഞു. രാമകൃഷ്ണപരമഹംസരെപ്പറ്റി അദ്ദേഹം കേട്ടിരുന്നു എങ്കിലും വിദ്യാവിഹീനനായ ആ ഋഷിയിൽ തനിക്കു വിശാസമുണ്ടായിരുന്നില്ല. ‘ഹൈ; ശപ്പ് അയാൾ ദിവ്യത്വം നടിച്ചു തെണ്ടി നടക്കുന്ന ഒരു കൂട്ടം ആളുകളിൽ ഒരുത്തൻ, ജനങ്ങൾ ആ വകക്കാരുടെ പിന്നാലെ ഓടാറുണ്ടു്’ എന്നു പരമഹംസരെ പുച്ഛിച്ചു കൂടിയും അദ്ദേഹം പറഞ്ഞിട്ടുണ്ടത്രേ. ലോകത്തു സംഭവിക്കേണ്ട വല്യ കാര്യങ്ങൾ എല്ലാം സംഭവിക്ക തന്നെ ചെയ്യണമല്ലോ! അദ്ദേഹം ഒടുവിൽ പരമഹംസരെ ചെന്നു കാൺമാൻ ഇടയായി. പിന്നെ ജീവിതകാലത്തിൽ ആ മഹാത്മാവിനെ ഒരു ദിവസമെങ്കിലും പിരിഞ്ഞിരിക്കുന്നതു അദ്ദേഹത്തിനു ദുഃസ്സഹമായിരുന്നു. ഒന്നാമതായി ‘അവിടുന്നു ഈശ്വരനെ കണ്ടിട്ടുണ്ടോ?’ എന്നു തന്റെ സാധാരണമായ ചോദ്യത്തിനു ‘നിന്നെ കാണുന്ന പോലെ തന്നെ ഞാൻ ഈശ്വരനേയും കാണുന്നു’ എന്നു പരമഹംസർ പറഞ്ഞ അസന്ദിഗ്ദ്ധമായ ഉത്തരം വിവേകിയായ അദ്ദേഹത്തിന്റെ ഹൃദയത്തെ നല്ലവണ്ണം ആവർജ്ജിച്ചു. യുവാവായ നര്രേന്ദനാഥദത്തനു സംഗീതത്തിലും അസാമാന്യമായ പാണ്ഡിത്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാരീരം അതിമധുരമായിരുന്നു. ഒരുദിവസം പരമഹംസരുടെ മുമ്പിൽ അദ്ദേഹം ഒരു കീർത്തനം പാടി. അതു കേട്ടവർ എല്ലാം ആനന്ദപരവശരായി ഇരുന്നു പോകയും തന്റെ തന്നെ ഹൃദയദ്രാവകമായ ഗാനത്തിന്റെ ലയത്തിൽ ലീനചിത്തനായ് നരേന്ദ്രനാഥൻ മൂർച്ഛിച്ചു വീണു പോകുകയും ചെയ്തു. പരമഹംസർ അദ്ദേഹത്തെ ഉടൻ കൈകൊണ്ടു തലോടി. ഒരു അസാധാരണമായ സ്ഫുരണം അദ്ദേഹത്തിന്റെ ശരീരം മുഴുവൻ വ്യാപിച്ചതുപോലെ തോന്നി. അദ്ദേഹത്തിനു ഉടൻ സമാധി ഉണ്ടായി. അദ്ദേഹം ആത്മാവിന്റെ പൂർണ്ണമായ മാഹാത്മ്യത്തെ അനുഭവസാക്ഷിയായറിയുകയും, അഥവാ ഈശ്വരനേത്തന്നെ കാണുകയും ചെയ്തു. അന്നുമുതൽ അദ്ദേഹം പരമഹംസരുടെ പ്രിയശിഷ്യനായി. ‘വിവേകാന്ദൻ’ എന്ന ജഗൽപ്രസിദ്ധമായ നാമധേയം അദ്ദേഹം സന്യാസദീക്ഷ സ്വീകരിച്ചപ്പോൾ പരമഹംസർ നൽകിയതാണു്. അദ്ദേഹം ഒരിക്കൽ സമാധിയിൽ മൃതപ്രായനായി കിടക്കുമ്പോൾ സുഖക്കേടായി മറ്റൊരു ദിക്കിൽ താമസിച്ചിരുന്ന പരമഹംസരുടെ അടുക്കൽ ജനങ്ങൾ ഓടിയെത്തി വിവരമറിയിച്ചു. “അയാൾ അങ്ങനെ കിടന്നോട്ടെ. കുറേനേരം അങ്ങനെ കിടന്നതു കൊണ്ടു ഒരു ആപത്തും വരാനില്ല” എന്നും “ഇപ്പോൾ അയാളുടെ നിർവികല്പസമാധി കഴിഞ്ഞു ഇനിയുള്ളതു് ലോകോപകാരമായ പ്രവൃത്തിയാണു്,” എന്നും പരമഹംസർ പറഞ്ഞുവത്രേ. സ്വാമിയുടെ അത്ഭുതകരമായ ജീവിതത്തെ ഈ ചെറിയ മുഖവുരയിൽ വിസ്തരിപ്പാൻ തരമില്ല. ‘എന്റെ ഈ ശിഷ്യൻ ബുദ്ധിസാമർത്ഥ്യവും മതനിഷ്ഠയുംകൊണ്ടു ലോകത്തെ ഇളക്കി മറിക്കും’ എന്നു പരമഹംസർ ഒരിക്കൽ അരുളിച്ചെയ്തു. അതേ! വിവേകാന്ദസ്വാമി ലോകത്തെ ഇളക്കിമറിച്ചു, അദ്ദേഹത്തിന്റെ പവിത്രമായ നാമംതന്നെ ഇന്നും ലോകത്തെ ഇളക്കിമറിപ്പാൻ അധികമധികം ശക്തിയുള്ളതായിത്തീരുകയും ചെയ്യുന്നു.

1886-ൽ പരമഹംസർ മഹാസമാധിയായി. അതിന്നു ശേഷം സ്വാമി ഹിമാലത്തിൽ കുറേക്കാലം യോഗം ശീലിച്ചുകൊണ്ടു കഴിച്ചു. പിന്നെ അവിടെനിന്നു പുറപ്പെട്ടു ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും പലർക്കും മതസംബന്ധമായ ഉപദേശങ്ങൾ കൊടുക്കുകയും ചെയ്തു. മദ്രാസിൽ ഇരിക്കുമ്പോളാണു് അമേരിക്കയിലെ മതപ്രതിനിധിസഭയിൽ സംബന്ധിപ്പാൻ തീർച്ചയാക്കിയതു്. അസഹായനായി അമേരിക്കയിൽ എത്തി സഞ്ചരിക്കുമ്പോൾ സ്വാമിക്കു ഹാർവാടു സർവകലാശാലയിലെ ഒരു പ്രൊഫസറുമായി പരിചയിപ്പാനിടയായി. യോഗ്യനായ ആ പണ്ഡിതൻ സ്വാമിയെ മഹാസഭാകാലം വരെ സ്നേഹബഹുമാനപൂർവം തന്നോടൊന്നിച്ചു താമസിപ്പിക്കയും ഒടുവിൽ സഭാദ്ധ്യക്ഷനവർകൾക്കു് ഒരു ശുപാർശ കത്തു കൊടുത്തു അദ്ദേഹത്തെ അയക്കുകയും ചെയ്തു. ആ കത്തിൽ ‘ഇദ്ദേഹം ഒരു ഹിന്തുസന്യാസിയും ഒരു വല്യപണ്ഡിതനുമാണെന്നും; പക്ഷേ, ചിക്കാഗോ നഗരത്തിലുള്ള നമ്മുടെ എല്ലാം പാണ്ഡിത്യം ഒന്നായി കൂട്ടിയാൽ അതിനേക്കാൾ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടെന്നു ഞാൻ വിചാരിക്കുന്നു’ എന്നും എഴുതിയിരുന്നുവത്രേ. സ്വാമിയുടെ അസാധാരണ ബുദ്ധിശക്തിയേയും പാണ്ഡിത്യത്തേയും പറ്റി അദ്ദേഹം പോയിട്ടുള്ള ഏതു രാജ്യത്തു നിന്നും ഇതുപോലെയുള്ള അഭിപ്രായങ്ങൾ തന്നെ പുറപ്പെട്ടിരുന്നു. അവ ഇന്നും എങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടു്. ലോകത്തുള്ള സകല പ്രധാന മതങ്ങളുടേയും അധികൃതന്മാരായ പ്രതിനിധികളേക്കൊണ്ടു നിറഞ്ഞിരുന്ന ചിക്കാഗോ മഹാസഭയിൽ സ്വാമി തനിക്കു അനുവദിക്കപ്പെട്ട സമയത്തു എഴുന്നേറ്റു നിന്നുകൊണ്ടു് ‘സഹോദരരേ! ലോകത്തിൽവച്ചു ഏറ്റവും പുരാതനമായ സന്യാസി സംഘത്തിന്റെ പേരിലും എല്ലാ മതങ്ങളുടേയും മാതൃസ്ഥാനം വഹിക്കുന്ന മതത്തിന്റെ പേരിലും ഞാൻ നിങ്ങൾക്കു വന്ദനം പറയുന്നു’ എന്നു തന്റെ പ്രസംഗത്തിന്റെ ‘മംഗളാചരണം’ തുടങ്ങിയപ്പോൾ തന്നെ എല്ലാവരുടേയും ദൃഷ്ടികളും ശ്രോത്രങ്ങളും ആ മഹാത്മാവിന്റെ നേരേ തിരിഞ്ഞു. അന്നു മുതലാണു സ്വാമിയുടെ പേരു ലോകത്തിൽ മുഴങ്ങിത്തുടങ്ങിയതു്. അന്നു മുതലാണു് പാശ്ചാത്യ രാജ്യങ്ങളിൽ ഹിന്തുമതത്തേപ്പറ്റി വിദ്വാന്മാരുടെ ഇടയിൽ അസാധാരണമായ ബഹുമാനമുണ്ടായതു്. സഭ കഴിഞ്ഞുകൂടിയപ്പോൾ തന്നെ സ്വാമി അമേരിക്കയിൽ ഒരു സമ്മതനായിത്തീർന്നു. അനേകം സ്ത്രീപുരുഷന്മാരായ ശിഷ്യന്മാരേയും അനുയായികളേയും സ്വാമി അവിടെ സമ്പാദിച്ചു. അവർ എല്ലാവരും വിദ്വാന്മാരും വിദൂഷികളുമായിരുന്നു. ഇപ്പോഴും അവരിൽ പലരും ലോകത്തിന്റെ നാനാഭാഗങ്ങളിലും സ്വാമിയുടെ ഉപദേശങ്ങളെ ശിരസാ വഹിച്ചു മതസംബന്ധമായ സ്ഥാപനങ്ങൾ ഏർപ്പെടുത്തുകയും പ്രസംഗിക്കുകയും ജനങ്ങളെ കഴിയുന്ന എല്ലാ പ്രകാരത്തിലും സന്മാർഗ്ഗത്തിലേക്കു നയിപ്പാൻ വേണ്ടതു പ്രവർത്തിക്കയും ചെയ്തുകൊണ്ടു സഞ്ചരിക്കുന്നുണ്ടു്. ലണ്ടൻ പാരീസ് മുതലായ യൂറോപ്പിലെ പ്രധാന നഗരങ്ങളിലും സ്വാമി സഞ്ചരിക്കുകയും അവിടെ എല്ലാം തന്റെ പ്രവൃത്തിയുടെ അടിസ്ഥാനങ്ങളെ ഉറപ്പിക്കുകയും ചെയ്തശേഷം അദ്ദേഹം ഇന്ത്യയിലേക്കു തിരികേ മടങ്ങി. മഹാനുഭാവനും സ്വദേശാഭിമാനികളിൽ അഗ്രഗണ്യനുമായ സ്വാമി മടങ്ങിയപ്പോൾ കൊളമ്പോ മുതൽ ഹിമാലയം വരെ അദ്ദേഹത്തെ എതിരേൽപ്പാനും, സൽക്കരിപ്പാനും ജനങ്ങളുടെ ഇടയിൽ ഉണ്ടായ തിക്കും തിരക്കും എന്തായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. സ്വാമിക്കു് ഒരിക്കൽകൂടി പാശ്ചാത്യരാജ്യങ്ങളിൽ സഞ്ചരിക്കേണ്ടിവന്നു. ആ അവസരത്തിൽ അവിടങ്ങളിലുള്ള സുഹൃത്തുക്കളിൽ പലരോടും അദ്ദേഹം തന്റെ ആസന്നമായ മഹാസമാധിയെപ്പറ്റി സൂചിപ്പിച്ചിട്ടുതായി പല രേഖകളും ഉണ്ടു്. തിരിയെ മടങ്ങിയതോടുകൂടി ബല്ലൂർമഠം സ്ഥാപിക്കുകയും അതിന്റെ കീഴിൽ ‘രാമകൃഷ്ണമിഷ്യൻ’ പ്രവർത്തികൾക്കു പല സ്ഥലങ്ങളിലും സ്ഥാപനങ്ങൾ ഉറപ്പിക്കുകയും ചെയ്തു. അതിന്നുശേഷം തന്റെ ലോകകൃത്യം കഴിഞ്ഞിരിക്കുന്നു എന്നും താൻ ശരീരം വിടാൻ ഒരുങ്ങിയിരിക്കുന്നു എന്നും സ്വാമി പ്രത്യക്ഷമായി സംസാരിച്ചു. ശരീരത്തിനു ആരോഗ്യം കുറഞ്ഞു തുടങ്ങി. ദിവസങ്ങളിൽ അധികഭാഗവും പ്രവൃത്തികളിൽ നിന്നു വിരമിച്ചു നിഷ്ഠയിലും സമാധിയിലും തന്നെ കഴിപ്പാൻ തുടങ്ങി. തന്റെ ദിവ്യമായ വാങ്മാധുര്യം കൊണ്ടു ലോകം മുഴുവൻ ഇളക്കിമറിച്ചു കൊണ്ടിരുന്ന മഹാത്മാവായ സ്വാമി വിവേകാന്ദൻ ആകാശത്തിൽ സഞ്ചരിച്ചു പാടിത്തളർന്ന ഒരു പക്ഷി താഴെയുള്ള കൂട്ടിലെന്ന പോലെ ബേലൂർമഠത്തിൽ ഒതുങ്ങി വിശ്രമിച്ചു. 1902 ജൂലൈ 4-നു സന്ധ്യകഴിഞ്ഞു യതൊരു സുഖക്കേടും കൂടാതെ ആ മഹാതേജസ്സു ഇഹലോകത്തിൽ നിന്നു മറഞ്ഞു. ഹാ! നിർഭാഗ്യമായ ലോകമേ നിന്റെ ഈ വലിയ നഷ്ടം അടുത്ത ഭാവിയിൽ പരിഹരിക്കപ്പെടുന്നതല്ല! നിശ്ചയം തന്നെ.

രാജയോഗം എന്ന ഈ പുസ്തകം എട്ടു അദ്ധ്യായങ്ങളായി വിഭജിച്ചു യോഗവിഷയത്തിൽ സ്വാമിക്കു പറയാനുണ്ടായിരുന്നതെല്ലാം തന്റെ അനന്യ സാധാരണമായ വാഗ്ദ്ധാടിയോടും ബോധനാ സാമർത്ഥ്യത്തോടും കൂടി അദ്ദേഹം ലളിതമധുരമായ രീതിയിൽ ഇതിൽ സംക്ഷേപിച്ചു പറഞ്ഞു തീർത്തിരിക്കുന്നു. ഇതിന്റെ രണ്ടാം ഭാഗമായ പാതജ്ഞലയോഗസൂത്രങ്ങളിൽ നിന്നു നമുക്കു കിട്ടുന്നതു ഈ വിഷയത്തിലുള്ള ചിലവിശേഷ അറിവുകളും, ‘യോഗദർശന’ത്തിന്റെ യഥോക്തമായ ജ്ഞാനവും ആകുന്നു. ചുരുക്കത്തിൽ ഹിന്ദുമതത്തിന്റെ മൂലതത്വങ്ങളേയും വിശേഷിച്ചു സമാധിയേയും, അതിലും വിശേഷിച്ചു ‘പ്രാണ’നേയും, ‘പ്രാണായാമ’ത്തേയും പറ്റി അറികയും അനുഷ്ഠിക്കയും ചെയ്യേണ്ട എല്ലാ സംഗതികളേയും ഇത്ര ശാസ്ത്രീയവും സമജ്ഞസവുമായ വിധത്തിൽ പ്രതിപാദിച്ചിട്ടുള്ള മറ്റൊരു പുസ്തകം നമ്മുടെ മതഗ്രന്ഥ സമുച്ചയത്തിൽ ഇപ്പോളില്ലെന്നു തീർത്തു പറയുവാൻ ഇതിനെ ഒരിക്കൽ വായിച്ചിട്ടുള്ളവർ മടിക്കയില്ലെന്നുള്ളതു നിശ്ചയമാകുന്നു.

ആത്മാവിന്റെ ശ്രേയസ്സിനെ അല്ലെങ്കിൽ മോക്ഷത്തെ കാംക്ഷിക്കുന്ന ഏതൊരാൾക്കും രാജയോഗം ഏതവസ്ഥയിലും അനുഷ്ഠിക്കാം. ജ്ഞാനയോഗത്തിനും മറ്റും എന്നപോലെ രാജയോഗത്തിന്നു ആചാര്യന്മാർ പ്രത്യേകം അധികാരികളേ നിർദ്ദേശിച്ചിട്ടില്ലാത്തതും അതുകൊണ്ടുതന്നെ. സനൽകുമാരസംഹിതയിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു:

യോഗാധികാരിണഃ സർവേ പ്രാണിനഃ സർവദാ യതഃ
ബാലോ, വൃദ്ധോ, വ്യാധിയുക്തോ, യുവാ സ്ത്രീ ശൂദ്രജന്മഭ്യൽ

അതുകൊണ്ടു പ്രാണായാമത്തെപ്പറ്റിയ ചില പ്രത്യേക അഭ്യാസങ്ങളൊഴിച്ചുള്ള രാജയോഗത്തിന്റെ മറ്റെല്ലാഭാഗവും ഈ പുസ്തകത്തിൽ പറയുന്ന വിധത്തിൽ തന്നെ അപായശങ്ക കൂടാതെ ആർക്കും പരിശീലിക്കാവുന്നതാകുന്നു.

ആധാരചക്രത്തെപ്പറ്റി പറയുന്ന ഭാഗത്തിൽ വായനക്കാർക്കു അവയുടെ ഒരു സ്ഥൂലജ്ഞാനമുണ്ടാവാനുപയുക്തമാകത്തക്കവണ്ണം സ്വാമിതന്നെ എഴുതി മൂലത്തോടു ചേർത്തിട്ടുള്ള ഒരു ഷട്ചക്ര ചിത്രം ഈ തർജ്ജിമയിലും അതുപോലെ തന്നെചേർത്തിരിക്കുന്നു.

പരിഭാഷകൻ

തിരുവനന്തപുരം

20 കുംഭം 86

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.