1
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.
2
അരിയോരണിപന്തലായ് സതി-
ക്കൊരു പൂവാക വിതിർത്ത ശാഖകൾ;
ഹരിനീലതൃണങ്ങൾ കീഴിരു-
ന്നരുളും പട്ടു വിരിപ്പുമായിതു.
3
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരിയോർത്തതില്ല, പോന്ന-
വിടെത്താൻ തനിയേയിരിപ്പതും.
4
പുളകങ്ങൾ കയത്തിലാമ്പലാൽ
തെളിയിക്കും തമസാസമീരനിൽ
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാൽ വെള്ളിയിൽ
വാർത്തപോലെയായ്.
5
വനമുല്ലയിൽ നിന്നു വായുവിൻ-
ഗതിയിൽ പാറിവരുന്ന പൂക്കൾ പോൽ
ഘനവേണി വഹിച്ചു കൂന്തലിൽ
പതിയും തൈജസകീടപംക്തിയെ
6
പരിശോഭകലർന്നിതപ്പൊഴാ-
പ്പുരിവാർകുന്തളരാജി രാത്രിയിൽ
തരുവാടിയിലൂടെ കണ്ടിടു-
ന്നൊരു താരാപഥഭാഗമെന്ന പോൽ.
7
ഉടൽമൂടിയിരുന്നു ദേവി, ത-
ന്നുടയാടത്തളിരൊന്നുകൊണ്ടു താൻ
വിടപങ്ങളൊടൊത്ത കൈകൾതൻ
തുടമേൽവെച്ചുമിരുന്നു സുന്ദരി.
8
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതല്പമടഞ്ഞ കണ്ണുകൾ,
പരുഷാളകപംക്തി കാറ്റിലാ-
ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.
9
അലസാംഗി നിവർന്നിരുന്നു, മെ-
യ്യലയാതാനതമേനിയെങ്കിലും;
അയവാർന്നിടയിൽ ശ്വസിച്ചു ഹാ!
നിയമം വിട്ടൊരു തെന്നൽ മാതിരി.
10
നിലയെന്നിയെ ദേവിയാൾക്കക-
ത്തലതല്ലുന്നൊരു ചിന്തയാം കടൽ
പലഭാവമണച്ചു മെല്ലെ നിർ-
മ്മലമാം ചാരുകവിൾത്തടങ്ങളിൽ.
11
ഉഴലും മനതാരടുക്കുവാൻ
വഴികാണാതെ വിചാരഭാഷയിൽ
അഴലാർന്നരുൾചെയ്തിതന്തരാ-
മൊഴിയോരോന്നു മഹാമനസ്വിനി.
12
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാർക്കുമേ
13
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും,
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാർത്തിയാൽ,
14
ഭുവനത്തിനു മോടികൂട്ടുമ-
സ്സുഖകാലങ്ങളുമോർപ്പതുണ്ടു ഞാൻ
അവ ദുർവിധിതന്റെ ധൂർത്തെഴും
മുഖഹാസങ്ങൾ കണക്കെ മാഞ്ഞതും.
15
അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും
16
അഴലിന്നു മൃഗാദി ജന്തുവിൽ
പഴുതേറീടിലു, മെത്തിയാൽ ദ്രുതം
കഴിയാമതു-മാനഹേതുവാ-
ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.
17
പുഴുപോലെ തുടിക്കയല്ലി, ഹാ!
പഴുതേയിപ്പൊഴുമെന്നിടത്തുതോൾ;
നിഴലിൻവഴി പൈതൽപോലെ പോ-
യുഴലാ ഭോഗമിരന്നു ഞാനിനി.
18
മുനിചെയ്ത മനോജ്ഞകാവ്യമ-
മ്മനുവംശാധിപനിന്നു കേട്ടുടൻ
അനുതാപമിയന്നിരിക്കണം!
തനയന്മാരെയറിഞ്ഞിരിക്കണം.
19
സ്വയമേ പതിരാഗജങ്ങളാം
പ്രിയഭാവങ്ങൾ തുലഞ്ഞിടായ്കിലും
അവ ചിന്തയിലൂന്നിടാതെയായ്
ശ്രവണത്തിൽ പ്രതിശബ്ദമെന്നപോൽ.
20
ക്ഷണമാത്രവിയോഗമുൾത്തടം
വ്രണമാക്കുംപടി വാച്ചതെങ്കിലും
പ്രണയം, തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.
21
സ്വയമിന്ദ്രിയമോദഹേതുവാം
ചില ഭാവങ്ങളൊഴിഞ്ഞു പോകയാൽ
ദയ തോന്നിടുമാറു മാനസം
നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ
22
ഉദയാസ്തമയങ്ങളെന്നി,യെൻ-
ഹൃദയാകാമതിങ്കലെപ്പൊഴും
കതിർവീശി വിളങ്ങിനിന്ന വെൺ-
മതിതാനും സ്മൃതിദർപ്പണത്തിലായ്.
23
പഴകീ വ്രതചര്യ, ശാന്തമായ്-
ക്കഴിവൂ കാലമിതാത്മവിദ്യയാൽ
അഴൽപോയ്-അപമാനശല്യമേ-
യൊഴിയാതുള്ളു വിവേക ശക്തിയാൽ.
24
സ്വയമന്നുടൽ വിട്ടിടാതെ ഞാൻ
ദയയാൽ ഗർഭഭരം ചുമക്കയാൽ
പ്രിയചേഷ്ടകളാലെനിക്കു നിഷ്-
ക്രിയയായ് കൗതുകമേകിയുണ്ണിമാർ.
25
കരളിന്നിരുൾ നീക്കുമുള്ളലി-
ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവർ
നരജീവിതമായ വേദന-
യ്ക്കൊരുമട്ടർഭകരൗഷധങ്ങൾ താൻ.
26
സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേകഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും.
27
പരമിന്നതുപാർക്കിലില്ല താൻ
സ്ഥിരവൈരം നിയതിക്കു ജന്തുവിൽ
ഒരു കൈ പ്രഹരിക്കവേ പിടി-
ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ.
28
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാമതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ
29
അതുമല്ല സുഖാസുഖങ്ങളായ്-
സ്ഥിതിമാറീടുവതൊക്കെയേകമാം
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും.
30
വിനയാർന്ന സുഖം കൊതിക്കയി-
ല്ലിനിമേൽ ഞാൻ-അസുഖം വരിക്കുവൻ;
മനമല്ലൽകൊതിച്ചു ചെല്ലുകിൽ
തനിയേ കൈവിടുമീർഷ്യ ദുർവ്വിധി.
31
ഒരുവേള പഴക്കമേറിയാ-
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.
32
പിരിയാത്ത ശുഭാശുഭങ്ങളാർ-
ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം
തിരിയാം ഭുവനത്തിൽ നിത്യമി-
ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോൽ
33
നിലയറ്റ സുഖാസുഖങ്ങളാ-
മലയിൽ താണുമുയർന്നുമാർത്തനായ്
പലനാൾ കഴിയുമ്പൊൾ മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം.
34
അഥവാ സുഖദുർഗ്ഗമേറ്റുവാൻ
സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ
വ്യഥയാം വഴിയൂടെയമ്പിനാൽ
വിരവോടുന്തിവിടുന്നു തന്നെയാം.
35
മനമിങ്ങു ഗുണംവരുമ്പൊഴും
വിനയെന്നോർത്തു വൃഥാ ഭയപ്പെടും
കനിവാർന്നു പിടിച്ചിണക്കുവാൻ
തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.
36
സ്ഫുടമാക്കിയിതെന്നെ മന്നവൻ
വെടിവാൻ നൽകിയൊരാജ്ഞ ലക്ഷ്മണൻ
ഉടനേയിരുളാണ്ടു ലോകമ-
ങ്ങിടിവാളേറ്റ കണക്കു വീണു ഞാൻ.
37
മൃതിവേണ്ടുകിലും സ്വഹത്യയാൽ
പതിയാതായ് മതി ഗർഭചിന്തയാൽ
അതി വിഹ്വലയായി, വീണ്ടുമീ-
ഹതി മുമ്പാർന്ന തഴമ്പിലേറ്റ ഞാൻ
38
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെൻ-
മതിയുന്മാദവുമാർന്നതില്ല! ഞാൻ
അതിനാലഴലിന്റെ കെട്ടഴി-
ഞ്ഞതിഭാരം കുറവാൻ കൊതിക്കിലും
39
ഒരുവേളയിരട്ടിയാർത്തിതാൻ
തരുമാ വ്യാധി വരാഞ്ഞതാം ഗുണം
കരണക്ഷതിയാർന്നു വാഴ്‌വിലും
മരണം നല്ലു മനുഷ്യനോർക്കുകിൽ
40
നിനയാ ഗുണപുഷ്പവാടി ഞാ-
നിനിയക്കാട്ടുകുരങ്ങിനേകുവാൻ
വനവായുവിൽ വിണ്ട വേണുപോൽ
തനിയേ നിന്നു പുലമ്പുവാനുമേ.
41
അഥവാ ക്ഷമപോലെ നന്മചെയ്-
തരുളാൻ നോറ്റൊരു നല്ല ബന്ധുവും
വ്യഥപോലറിവോതിടുന്ന സൽ-
ഗുരുവും, മർത്ത്യനു വേറെയില്ലതാൻ
42
മൃതിതേടിയഘത്തിൽ മാനസം
ചരിയാതായതു ഭാഗ്യമായിതേ
അതിനാൽ ശുഭയായ് കുലത്തിനി-
പ്പരിപാകം ഫലമായെനിക്കുമേ.
43
അരുതോർപ്പതിനിന്നു കാർനിറ-
ഞ്ഞിരുളാമെൻ ഹൃദയാങ്കണങ്ങളിൽ
ഉരുചിന്തകൾ പൊങ്ങിടുന്ന ചൂഴ്-
ന്നൊരുമിച്ചീയൽ കണക്കെ മേൽക്കുമേൽ.
44
സ്മൃതിധാര,യുപേക്ഷയാം തമോ-
വൃതിനീങ്ങിച്ചിലനാൾ സ്ഫുരിക്കയാം
ഋതുവിൽ സ്വയമുല്ലസിച്ചുടൻ
പുതുപുഷ്പം കലരുന്ന വല്ലിപോൽ.
45
പുരികം പുഴുപോൽ പിടഞ്ഞകം
ഞെരിയും തൻതല താങ്ങി കൈകളാൽ
പിരിവാനരുതാഞ്ഞു കണ്ണുനീർ-
ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാൻ
46
അതിധീരനമേയശക്തിയ-
മ്മതിമാനഗ്രജഭക്തനാവിധം
കദനം കലരുന്ന കണ്ടൊരെൻ
ഹൃദയം വിട്ടഴൽ പാതി പോയിതേ.
47
വനപത്തനഭേദചിന്തവി-
ട്ടനഘൻ ഞങ്ങളൊടൊത്തു വാണു നീ
വിനയാർദ്രമെനിക്കു കേവലം
നിനയായ്വാൻ പണി തമ്പി! നിന്മുഖം.
48
ഗിരികാനനഭംഗി ഞങ്ങൾ ക-
ണ്ടരിയോരുത്സവമായ് കഴിച്ചുനാൾ
അരിഭീഷണ! നീ വഹിച്ചൊര-
പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാൽ.
49
കടുവാക്കുകൾ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാൻ തരമായ് മറിച്ചുമേ;
കുടിലം കർമ്മവിപാകമോർക്കുകിൽ.
50
കനിവാർന്നനുജാ! പൊറുക്ക ഞാൻ
നിനയാതോതിയ കൊള്ളിവാക്കുകൾ
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗ്ഗമില്ലെടോ.
51
വിരഹാർത്തിയിൽ വാടിയേകനായ്
കരകാണാത്ത മഹാവനങ്ങളിൽ
തിരിയും രഘുനാഥനെത്തുണ-
ച്ചരിയോരന്വയമുദ്ധരിച്ചു നീ.
52
പരദുർജ്ജയനിന്ദ്രജിത്തുമായ്-
പൊരുതും നിൻകഥ കേട്ടു വെമ്പലാൽ
കരൾ നിന്നിലിയന്ന കൂറുതൻ
പെരുതാമാഴമറിഞ്ഞിതന്നിവൾ.
53
മുനികാട്ടിടുമെൻ കിടാങ്ങളെ-
ക്കനിവാൽ നീ സ്വയമാഞ്ഞു പുൽകിടാം
അനസൂയ വിശുദ്ധമിന്നു നിൻ-
മനമാനന്ദസരിത്തിൽ നീന്തിടാം.
54
വിടുകെൻ കഥ; വത്സ വാഴ്ക നീ
നെടുനാളഗ്രകജനേകബന്ധുവായ്
ഇടരെന്നിയെയഗ്ഗുണോൽക്കരം
തടവും ബന്ധുജനങ്ങളോടുമേ.
55
അറിവറ്റു മുറയ്ക്കെഴാതെയും
മറയായ് മൂടിയുമിന്ദ്രിയങ്ങളെ
മുറിയും കരളിൽ കുഴമ്പു പോ-
ലുറയും ശീതളമൂർച്ഛയോർപ്പു ഞാൻ.
56
മൃതിതൻ മകളെന്നു തോന്നുമാ-
സ്ഥിതിയിൽ ദേഹികൾ പേടി തേടിലും
മതികാഞ്ഞു ഞെരങ്ങുവോർക്കതി-
ങ്ങതി മാത്രം സുഖമേകിടുന്നു താൻ.
57
പ്രിയനിൽ പക തോന്നിടാതെയും
ഭയവും നാണവുമോർമ്മിയാതെയും
സ്വയമങ്ങനെയത്തമസ്സുതൻ-
കയമാർന്നെൻ മതി താണു നിന്നിതേ.
58
മലർമെത്തയിൽ മേനി നോവുമെ-
ന്നലസാംഗം ഘനഗർഭദുർവ്വഹം
അലയാതെ ശയിച്ചു കണ്ടകാ-
കുലമായ് കീടമിയന്ന ഭൂവതിൽ.
59
പെരുമാരിയിൽ മുങ്ങി മാഴ്കിടു-
ന്നൊരു ഭൂമിക്കു ശരത്തുപോലവേ
പരമെന്നരികത്തിലെത്തിയ-
പ്പരവിദ്യാനിധി നിന്നതോർപ്പു ഞാൻ.
60
“നികടത്തിൽ മദീയമാശ്രമം
മകളേ പോരി,കതോർക്ക നിൻഗൃഹം.”
അകളങ്കമിവണ്ണമോതിയെ-
ന്നകമൊട്ടാറ്റി പിതൃപ്രിയൻ മുനി.
61
മതിമേൽ മൃഗതൃഷ്ണപോൽ ജഗൽ-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയേ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയിൽ-
പതിയും മട്ടരുൾചെയ്തു മാമുനി.
62
എരിയുന്ന മഹാവനങ്ങൾത-
ന്നരികിൽ ശീതളനീർത്തടാകമോ?
തിരതല്ലിയെഴുന്ന സിന്ധുവിൻ-
കരയോ? ശാന്തികരം തപോവനം.
63
സ്വകപോലവെളിച്ചമീർഷ്യയാം
പുകമൂടാത്ത മുനീന്ദ്രയോഷമാർ
ഇടരെന്നി ലസിക്ക! സൗമ്യമാ-
മുടജത്തിന്റെ കെടാവിളക്കുകൾ.
64
തരുപക്ഷി മൃഗങ്ങളോടു മി-
ന്നരരോടും സുരരോടുമെന്നുമേ
ഒരു മട്ടിവരുള്ളിലേന്തുമ-
സ്സരളസ്നേഹരസം നിനപ്പു ഞാൻ
65
അനലാർക്കവിധുക്കളാ വിധം
വനശൈലാദികൾ വേദമെന്നതിൽ
മനതാരലയാതവർക്കെഴും
ഘനമാമാസ്തിക ബുദ്ധിയോർപ്പു ഞാൻ
66
മഹിയിൽ ശ്രുതിപോലെ മാന്യമാർ,
പ്രയതാത്മാക്കളൃഷിപ്രസൂതിമാർ,
വിഹിതാവിഹിതങ്ങൾ കാട്ടുവോർ
സ്വയമാചാരനിദർശനങ്ങളാൽ.
67
ഇതിഹാസപുരാണസൽക്കഥാ-
സ്രുതിയാൽ ജീവിതഭൂ നനച്ചിവർ
ചിതമായരുളുന്നു ചേതനാ-
ലതയിൽ പുഷ്പഫലങ്ങളാർക്കുമേ.
68
വ്രതിയാം കണവന്റെ സേവ നിർ
വൃതിയായ്ക്കാണ്മൊരു ശുദ്ധരാഗമാർ
പതിദേവതമാർ ജയിക്ക, യുൾ-
ക്കൊതിയോരാത്തവർ ഭോഗമായയിൽ.
69
സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലാബ്ധിയിലാണ്ടു പോകിലും
അതിപാവനശീലമോലുമി-
സ്സതിമാർ വാണീടുമൂഴി ധന്യമാം.
70
കനിവിന്നുറവായ് വിളങ്ങുമീ-
വനിതാമൌലികളോടു വേഴ്ചയാൽ
അനിവാര്യ വിരക്തി രൂക്ഷരാം
മുനിമാരാർദ്രതയാർന്നിടുന്നതാം.
71
ഗുണചിന്തകളാൽ ജഗത്രയം
തൃണമാക്കും മതിമാൻ മഹാകവി
ഇണചേർന്നു മരിച്ച കൊറ്റിയിൽ
ഘൃണ തേടാനിതുതാൻ നിമിത്തമാം
72
ഇടപെട്ടിവരൊത്തുമേവുവാ-
നിടയാക്കീടിന ദുർവിധിക്കഹോ!
പടുശല്യഭിഷക്കിനെന്ന പോ-
ലൊടുവിൽത്താനൃണബദ്ധയായി ഞാൻ
73
പരിതൃപ്തിയെഴാത്ത രാഗമാ-
മെരിതീക്കിന്ധമായി നാരിമാർ
പുരിയിൽ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ.
74
പരപുച്ഛവുമഭ്യസൂയയും
ദുരയും ദുർവ്യതിയാനസക്തിയും
കരളിൽ കുടിവെച്ചു ഹാ! പര-
മ്പരയായ് പൌരികൾ കെട്ടുപോയിതേ.
75
നിജദോഷ നിദർശനാന്ധമാർ
സുജനാചാരമവിശ്വസിക്കുവോർ
രുജതേടി മരിപ്പു കല്മഷ-
വ്രജമാം കാമലബാധയാലിവർ
76
ചെളിമൂടിയ രത്നമെന്നപോ-
ലൊളിപോയ് ചിത്തഗുഹാന്തകീടമായ്
വെളിവറ്റൊരഴുക്കു കുണ്ടിൽ വീ-
ണളിവൂ ദുർജ്ജന പാപചേതന.
77
വിഷയസ്പൃഹയായ നാഗമുൾ-
ത്തൃഷപൂണ്ടഗ്ഗുഹതൻ മുഖം വഴി
വിഷവഹ്നി വമിക്കവേ പരം
വിഷമിക്കുന്നു സമീപവർത്തികൾ.
78
വിലയാർന്ന വിശിഷ്ടവസ്ത്രവും
വിലസും പൊന്മണിഭൂഷണങ്ങളും
ഖലരാം വനകൂപപങ്ക്തിമേൽ
കലരും പുഷ്പലതാവിതാനമാം.
79
വിധുകാന്തിയെ വെന്ന ഹാസവും
മധുതോൽക്കും മധുരാക്ഷരങ്ങളും
അതിഭീഷണപൌരഹൃത്തിലെ-
ച്ചതിരക്ഷോവരചാരരെന്നുമേ.
80
കൊടി തേർ പട കോട്ട കൊത്തളം
കൊടിയോരായുധമെന്നുമെന്നിയേ
നൊടിയിൽ ഖലജിഹ്വ കൊള്ളിപോ-
ലടിയേ വൈരിവനം ദഹിക്കുമേ.
81
നൃപഗാഢവിചിന്തനം കഴി-
ഞ്ഞപരോക്ഷീകൃതമായ കൃത്യവും
അപഥം വഴി സത്വരം കട-
ന്നുപജാപം തലകീഴ്മറിക്കുമേ.
82
സുപരീക്ഷിതമായ രാഗവും
കൃപയും കൂടി മറന്നു കേവലം
കൃപണോക്തികൾ കേട്ടു ബുദ്ധികെ-
ട്ടപകൃത്യത്തിനു ചാടുമേ നൃപർ.
83
മുടിയിൽ കൊതിചേർത്തു പുത്രനെ-
ജ്ജടിയാക്കും ചിലർ; തൽകുമാരരോ
മടിവിട്ടു മഹാവനത്തിലും
വെടിയും ദോഹദമാർന്ന പത്നിയെ.
84
അഹഹ! സ്മൃതിവായു ഹൃത്തിലെ-
ദ്ദഹനജ്വാല വളർത്തി വീണ്ടുമേ
സഹസാ പുടപാകരീതിയായ്
നിഹനിപ്പൂ ഹതമെന്റെ ജീവിതം.
85
ശ്രുതികേട്ട മഹീശർ തന്നെയീ
വ്യതിയാനം സ്വയമേ തുടങ്ങുകിൽ
ക്ഷതി ധർമ്മഗതിക്കു പറ്റിതാൻ
ക്ഷിതി ശിഷ്ടർക്കനിവാസ്യമായി താൻ.
86
തെളിയിച്ചു വിരക്തിയെന്നില-
ന്നോളിവായ് ലങ്കയിൽവച്ചു, പിന്നെയും
ചെളിയിൽ പദമൂന്നിയെന്തിനോ
വെളിവായിക്കഴുകുന്നു രാഘവൻ?
87
പെരുകും പ്രണയാനുബന്ധമാ-
മൊരുപാശം വശമാക്കിയീശ്വരാ!
കുരുതിക്കുഴിയുന്നു നാരിയെ-
പ്പുരുഷന്മാരുടെ ധീരമാനിത!
88
ഇതരേതരസക്തരാം ഗൃഹ-
വ്രതബന്ധുക്കളെ ജീവനോടുമേ
സതതം പിടിപെട്ടെരിക്കുമ-
ച്ചിയതാം ശങ്കമനുഷ്യനുള്ളതാം.
89
അതിപാവനമാം വിവാഹമേ!
ശ്രുതി മന്ദാര മനോജ്ഞപുഷ്പമായ്
ക്ഷിതിയിൽ സുഖമേകി നിന്ന നിൻ
ഗതികാൺകെത്രയധഃപതിച്ചു നീ!
90
ഗുണമാണു വിധിക്കു ലാക്കതിൽ
പിണയാം പൂരുഷദോഷമീവിധം
ക്ഷണമോ വിപരീതവൃത്തിയാൽ
തുണയെന്യേ ശ്രുതിയപ്രമാണമാം.
91
നെടുനാൾ വിപിനത്തിൽ വാഴുവാ-
നിടയായ് ഞങ്ങളതെന്റെ കുറ്റമോ?
പടുരാക്ഷസചക്രവർത്തിയെ-
ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ?
92
ശരി, ഭൂപതി സമ്മതിക്കണം
ചരിതവ്യത്തിൽ നിജപ്രജാമതം
പിരിയാം പലകക്ഷിയായ് ജനം
പരിശോധിച്ചറിയേണ്ടയോ നൃപൻ?
93
തനതക്ഷികളോടു തന്നെയും
ഘനമേറും ഖലജിഹ്വമല്ലിടാം
ജനവാദമപാർത്ഥമെന്നതി-
ന്നനഘാചാരയെനിക്കു സാക്ഷി ഞാൻ.
94
കരതാരിലണഞ്ഞ ലക്ഷ്മിയെ
ത്വരയിൽ തട്ടിയെറിഞ്ഞു നിഷ്കൃപം
ഭരതന്റെ സവിത്രി, അപ്പൊഴും
നരനാഥൻ ജനചിത്തമോർത്തിതോ?
95
അതു സത്യപരായണത്വമാ-
മിതുധർമ്മവ്യസനിത്വമെന്നുമാം;
പൊതുവിൽ ഗുണമാക്കിടാം ജനം
ചതുരന്മാരുടെ ചാപലങ്ങളും.
96
ജനമെന്നെ വരിച്ചു മുമ്പുതാ-
നനുമോദത്തൊടു സാർവ്വഭൗമിയായ്
പുനരെങ്ങനെ നിന്ദ്യയായി ഞാൻ
മനുവംശാങ്കുരഗർഭമാർന്ന നാൾ?
97
നയമായ് ചിരവന്ധ്യയെന്നു താൻ
പ്രിയമെന്നില്പെടുമഭ്യസൂയകൾ
സ്വയമേയപവാദശസ്ത്രമാർ-
ന്നുയരാമെന്നതു വന്നുകൂടയോ?
98
ഭരതൻ വനമെത്തിയപ്പൊഴും
പരശങ്കാവിലമായ മാനസം
നരകൽമഷ ചിന്ത തീണ്ടുവാൻ
തരമെന്യേ ധവളീഭവിച്ചിതോ?
99
പതിയാം പരദേവതയ്ക്കഹോ
മതിയർപ്പിച്ചൊരു ഭക്തയല്ലി ഞാൻ
ചതിയോർക്കിലുമെന്നൊടോതിയാൽ
ക്ഷതിയെന്തങ്ങനെ ചെയ്തുവോ നൃപൻ?
100
ഇടനെഞ്ചിളകിസ്സതിക്കിതി-
ന്നിടയിൽ കണ്ണുകൾ പെയ്തു നീർക്കണം
പുടഭേദകമായ തെന്നലേ-
റ്റിടറും ഗുല്മദലങ്ങളെന്നപോൽ
101
തരളാക്ഷി തുടർന്നു ചിന്തയെ-
ത്തരസാ ധാരമുറിഞ്ഞിടാതെ താൻ
ഉരപേറുമൊഴുക്കു നിൽക്കുമോ
തിരയാൽ വായു ചമച്ച സേതുവിൽ?
102
ഗിരിഗഹ്വരമുഗ്രമാം വനം
ഹരിശാർദ്ദൂലഗണങ്ങൾ പാമ്പുകൾ
പരിഭീകരസിന്ധുരാക്ഷസ-
പ്പരിഷയ്ക്കുള്ള നീകേതമാദിയായ്.
103
നരലോകമിതിൽ പെടാവതാം
നരകം സർവ്വമടുത്തറിഞ്ഞ ഞാൻ
പരമാർത്ഥമതോരിലഞ്ചുവാൻ
തരമില്ലെന്തിനൊളിച്ചു മന്നവൻ?
104
പതിചിത്തവിരുദ്ധവൃത്തിയാം
മതിയുണ്ടോ കലരുന്നു ജാനകി?
കുതികൊണ്ടിടുമോ മഹോദധി-
ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകൾ?
105
അപകീർത്തി ഭയാന്ധനീവിധം
സ്വപരിക്ഷാളൻ തല്പരൻ നൃപൻ
കൃപണോചിതവൃത്തിമൂലമെ-
ന്നപവാദം ദൃഢമാക്കിയില്ലയോ?
106
അപരാധിയെ ദണ്ഡിയാതെയാം
കൃപയാൽ സംശയമാർന്ന ധാർമ്മികൻ
അപകല്മഷ ശിക്ഷയേറ്റു ഞാൻ:
നൃപനിപ്പാപമൊഴിച്ചതെങ്ങനേ?
107
അതിവത്സല ഞാനുരച്ചിതെൻ
കൊതി വിശ്വാസമൊടന്നു ഗർഭിണി
അതിലേ പദമൂന്നിയല്ലിയി-
ച്ചതിചെയ്തൂ! നൃപനോർക്കവയ്യ താൻ
108
ജനകാജ്ഞ വഹിച്ചുചെയ്ത തൻ-
വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാൻ!
അനയൻ പ്രിയനെന്നെയേകയായ്
തനതാജ്ഞക്കിരയാക്കി കാടിതിൽ!
109
ഇതരേതര ഭേദമറ്റ ഹൃദ്-
ഗതമാം സ്നേഹമതങ്ങു നിൽക്കുക,
ശ്രുതമായ കൃതജ്ഞഭാവവും
ഹതമാക്കീ നൃപനീ ഹതാശയിൽ.
110
രുജയാർന്നുമകം കനിഞ്ഞു തൻ-
പ്രജയേപ്പോറ്റുമുറുമ്പുപോലുമേ
സുജനാഗ്രണി കാട്ടിലെൻ പ്രിയൻ
നിജഗർഭത്തെ വലിച്ചെറിഞ്ഞിതേ.
111
ശ്വശുരൻ ബഹുയജ്ഞദീക്ഷയാ-
ലശുഭം നീക്കി ലഭിച്ച നന്ദൻ
പിശുനോക്തികൾ കേട്ടു പുണ്യമാം
ശിശുലാഭോത്സവമുന്മഥിച്ചിതേ!
112
അരുതോർക്കിൽ, നൃപൻ വധിച്ചു നി-
ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കിൽ മയക്കി ഭൂപനെ-
ത്തരുണീപാദജഗർഹിണീ ശ്രുതി!
113
സഹജാർദ്രത ധർമ്മമാദിയാം
മഹനീയാത്മഗുണങ്ങൾ ഭൂപനെ
സഹധർമ്മിണിയാൾക്കു മുമ്പു് ഹാ!
സഹസാ വിട്ടുപിരിഞ്ഞുപോയി താൻ.
114
വനഭൂവിൽ നിജാശ്രമത്തിലെ-
ഗ്ഘനഗർഭാതുരയെൻ മൃഗാംഗന
തനതക്ഷിപഥത്തിൽ നിൽക്കവേ
നനയും മല്പ്രിയനാശു കണ്മുന.
115
അതികോമളമാകുമമ്മനഃ-
സ്ഥിതി കാട്ടിൽ തളിർപോലുദിപ്പതാം
ക്ഷിതിപാലകപട്ടബദ്ധമാം
മതിയോ ചർമ്മകഠോരമെന്നുമാം.
116
നിയതം വനവാസ വേളയിൽ
പ്രിയനന്യാദൃശഹാർദ്ദമാർന്നു താൻ
സ്വയമിങ്ങു വിഭുത്വമേറിയാൽ
ക്ഷയമേലാം പരമാർത്ഥസൌഹൃദം
117
നിയമങ്ങൾ കഴിഞ്ഞു നിത്യമാ-
പ്രിയഗോദാവരി തൻ തടങ്ങളിൽ
പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ
പ്രിയയായും പ്രിയശിഷ്യയായുമേ
118
ഒരു ദമ്പതിമാരു മൂഴിയിൽ
കരുതാത്തോരു വിവിക്ത ലീലയിൽ
മരുവീ ഗതഗർവ്വർ ഞങ്ങള-
ങ്ങിരുമെയ്യാർന്നൊരു ജീവിപോലവേ.
119
നളിനങ്ങളറുത്തു നീന്തിയും
കുളിരേലും കയമാർന്നു മുങ്ങിയും
പുളിനങ്ങളിലെന്നൊടോടിയും
കളിയോടും പ്രിയനന്നു കുട്ടിപോൽ.
120
പറയേണ്ടയി! ഞങ്ങൾ, ബുദ്ധിയിൽ
കുറവില്ലാത്ത മൃഗങ്ങൾ പോലെയും
നിറവേറ്റി സുഖം വനങ്ങളിൽ,
ചിറകില്ലാത്ത ഖഗങ്ങൾ പോലെയും
121
സഹജാമലരാഗമേ! മനോ-
ഗുഹയേലും സ്ഫുടരത്നമാണു നീ
മഹനീയമതാണു മാറിലു-
ന്മഹമാത്മാവണിയുന്ന ഭൂഷണം.
122
പുരുഷന്നു പുമർത്ഥ ഹേതു നീ
തരുണിക്കത്തരുണീ ഗുണങ്ങൾ നീ
നിരുപിക്കുകിൽ നീ ചമയ്പു ഹാ!
മരുഭൂ മോഹനപുഷ്പവാടിയായ്.
123
നയമാർഗ്ഗചരർക്കു ദീപമാ-
യുയരും നിൻപ്രഭ നാകമേറുവാൻ
നിയതം നരകം നയിപ്പു നി-
ന്നയഥായോഗമസജ്ജനങ്ങളെ.
124
മൃതിയും സ്വയമിങ്ങു രാഗമേ!
ക്ഷതിയേകില്ല നിനക്കു വാഴ്‌വു നീ;
സ്മൃതിയാം പിതൃലോക സീമയിൽ
പതിവായശ്രുനിവാപമുണ്ടുമേ.
125
ചതിയറ്റൊരമർഷമല്ല നിൻ
പ്രതിമല്ലൻ പ്രിയതേ, പരസ്പരം
രതിമാർഗ്ഗമടച്ചു ഹൃത്തിൽ നിൻ
ഹതി ചെയ്യുന്നതു ഗർവ്വമാണു കേൾ.
126
സമദൃഷ്ടി, സമാർത്ഥചിന്തനം
ക്ഷമ, യന്യോന്യ ഗുണാനുരാഗിത
ക്രമമായിവയെക്കരണ്ടിടാം
ശ്രമമറ്റാന്തരഗർവ്വമൂഷികൻ.
127
വിഭവോന്നതി, കൃത്യവൈഭവം,
ശുഭവിഖ്യാതി, ജയങ്ങൾ മേൽക്കുമേൽ,
പ്രഭവിഷ്ണുതയെന്നിവറ്റയാൽ
പ്രഭവിക്കാം ദുരഹന്തയാർക്കുമേ.
128
അതിമാനിതയായ വായുവിൻ-
ഹതിയാൽ പ്രേമവിളക്കു പോയ് മനം
സ്തുതിതന്നൊലി കേട്ടു ചെന്നഹോ!
പതിയാം സാഹസദുർഗ്ഗമങ്ങളിൽ.
129
സ്ഥിതിയിങ്ങനെയല്ലയെങ്കിലി-
ശ്രുതിദോഷത്തിൽ വിരക്തയെന്നിയേ
ക്ഷിതി വാണിടുമോ സഗർഭയാം
സതിയെക്കാട്ടിൽ വെടിഞ്ഞു മന്നവൻ?
130
നിഹതാരികൾ ഭൂ ഭരിക്കുവാൻ
സഹജന്മാർ നൃപനില്ലി യോഗ്യരായ്?
സഹധർമ്മിണിയൊത്തുവാഴുവാൻ
ഗഹനത്തിൽ സ്ഥലമില്ലി വേണ്ടപോൽ?
131
പരിശുദ്ധ വനാശ്രമം നൃപൻ
പരിശീലിച്ചറിവുള്ളതല്ലയോ?
തിരിയുന്നവയല്ലയോ നൃപ-
ന്നരിയോരാത്മ വിചാരശൈലികൾ?
132
പറവാൻ പണി-തൻ പ്രിയയ്ക്കൊരാൾ
കുറചൊന്നാൽ സഹിയാ കുശീലനും,
കറയെന്നിലുരപ്പതുത്തമൻ
മറപോലെങ്ങനെ കേട്ടു മന്നവൻ?
133
ഒരു കാക്കയൊടും കയർത്തതും
പെരുതാമാശരവംശകാനനം
മരുവാക്കിയതും നിനയ്ക്കില-
പ്പരുഷ വ്യാഘ്രനിതും വരാവതോ?
134
അഥവാ നിജനീതിരീതിയിൽ
കഥയോരാം പലതൊറ്റിനാൽ നൃപൻ
പ്രഥമാനയശോധനൻ പരം
വ്യഥയദ്ദുശ്രുതി കേട്ടിയന്നിടാം.
135
ഉടനുള്ളിലെരിഞ്ഞ തീയിൽ നി-
ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത
സ്ഫുടമോതിയ കർമ്മമമ്മഹാൻ
തുടരാം-മാനി വിപത്തു ചിന്തിയാ.
136
വിഷയാധിപധർമ്മമോർത്തഹോ!
വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ
വിഷസംക്രമശങ്കമൂലമായ്
വിഷഹിക്കും ബുധരംഗകൃന്തനം!
137
ബലശാലിയിയന്നിടും പുറ-
ത്തലയാത്തോരു വികാരമുഗ്രമാം
നിലയറ്റൊരു നീർക്കയത്തിനു-
ള്ളലയെക്കാൾ ചുഴിയാം ഭയങ്കരം!
138
പരകാര്യപരൻ സ്വകൃത്യമായ്
ത്വരയിൽ തോന്നുവതേറ്റുരച്ചിടും
ഉരചെയ്തതു ചെയ്തിടാതെയും
വിരമിക്കാ രഘുസൂനു സത്യവാൻ.
139
അതിദുഷ്കരമാ മരക്കർതൻ-
ഹതിയെദ്ദണ്ഡകയിങ്കലേറ്റതും
ധൃതിയിൽ പുനരൃശ്യമൂകഭൂ-
വതിലെബ്ബാലിവധപ്രതിജ്ഞയും.
140
പലതുണ്ടിതുപോലെ ഭാനുമൽ-
കുലചൂഡാമണി ചെയ്ത സാഹസം
ചില വീഴ്ച മഹാനു ശോഭയാം
മലയിൽ കന്ദരമെന്ന മാതിരി.
141
മുനിപുത്രനെയച്ഛനാനയെ-
ന്നനുമാനിച്ചുടനെയ്തു കൊന്നതും,
തനിയേ വരമേകിതൻ പ്രിയ-
യ്ക്കനുതാപാതുരനായ് മരിച്ചതും,
142
മികവേറിയ സാഹസങ്ങളാം;
പകവിട്ടിന്നതു പാർത്തുകാണുകിൽ
മകനീവക മർഷണീയമാം;
പകരും ഹേതു ഗുണങ്ങൾ വസ്തുവിൽ.
143
അജനായ പിതാമഹൻ മഹാൻ
നിജകാന്താമൃതി കണ്ടു ഖിന്നനായ്
രുജയാർന്നു മരിച്ചു തൽകുല-
പ്രജയിൽ തദ്ഗുണ ശൈലിയും വരാം.
144
അതിനില്ല വികല്പമിപ്പൊഴും
ക്ഷിതിപൻ മൽ പ്രണയൈകനിഷ്ഠനാം,
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനോർക്കിലന്യയിൽ.
145
പ്രിയനാദ്യവിയോഗവേളയിൽ
സ്വയമുന്മാദമിയന്നു രാഗവാൻ
ജയമാർന്നു മടങ്ങി വീണ്ടുമുൾ-
പ്രിയമെന്നിൽ തെളിയിച്ചു നാൾക്കുനാൾ.
146
അതു പാർക്കുകിലിപ്പൊഴെത്രയി-
പ്പുതുവേർപാടിൽ വലഞ്ഞിടാം നൃപൻ
അതിമാനിനി ഞാൻ സഹിക്കുമീ-
സ്ഥിതിയസ്സാനുശയൻ പൊറുക്കുമോ?
147
അഹഹ! സ്വയമിന്നു പാർക്കിലുൾ-
സ്പൃഹയാൽ കാഞ്ചനസീതയാണുപോൽ
സഹധർമ്മിണി യജ്ഞശാലയിൽ
ഗഹനം സജ്ജനചര്യയോർക്കുകിൽ.
148
അതിസങ്കടമാണു നീതിതൻ-
ഗതി; കഷ്ടം! പരതന്ത്രർ മന്നവർ;
പതി നാടുകടത്തിയെന്നെ, മൽ-
പ്രതിമാരാധകനാവതായ് ഫലം!
149
ഒളിയൊന്നു പരന്നുടൻ കവിൾ-
ത്തളിമത്തിൽ ചെറുകണ്ടകോദ്ഗമം
ലളിതാംഗിയിയന്നു, പൊന്മണൽ
പുളിനം നെന്മുള പൂണ്ടമാതിരി.
150
ഘനമാമനുകമ്പയിൽ തട-
ഞ്ഞനതിവ്യാകുലമായി നിന്നുടൻ
ജനകാത്മജ തന്റെ ചിന്തയാം-
വനകല്ലോലിനി പാഞ്ഞു വീണ്ടുമേ.
151
അറിയുന്നിതു ഹന്ത ഞാൻ വിഭോ!
പുറമേ വമ്പൊടു തന്റെ കൈയിനാൽ
മുറിവന്വഹമേറ്റു നീതിത-
ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.
152
ഉരപേറിയ കീഴ്‌നടപ്പിലായ്
മറയാം മാനവനാത്മ വൈഭവം
ചിരബന്ധനമാർന്ന പക്ഷി തൻ-
ചിറകിൻ ശക്തി മറന്നുപോയിടാം.
153
പ്രിയയും ചെറുപൊൻകിടാങ്ങളും
നിയതം കാട്ടിലെഴുന്ന ചേക്കുകൾ
സ്വയമോർത്തുടനുദ്ഗളാന്തനായ്
പ്രയതൻ കൂട്ടിലുഴന്നിടാം ഭവാൻ.
154
ചിലതിന്നൊലികേട്ടമന്തരാ
ചിലതിൻ ഛായകൾ കണ്ടുമാർത്തനായ്
നിലയിൽ ചിറകാട്ടിയും ഭവാൻ
വലയാം ചഞ്ചുപുടങ്ങൾ നീട്ടിയും.
155
തനിയേ നിജശയ്യയിൽ ഭവാ-
നനിവാര്യാർത്തി കലർന്നുരുണ്ടിടാം
കനിവാർന്നു പുലമ്പിടാം കിട-
ന്നനിശം ഹന്ത! കിനാവു കണ്ടിടാം.
156
മരുവാം ദയിതാവിരക്തനായ്
മരുവാം ദുർവിധിയാൽ വിമുക്തനായ്,
വരുവാൻ പണികൃത്യനിഷ്ഠയാൽ
പെരുതാം ത്യാഗമിവണ്ണമാർക്കുമേ.
157
മുടി ദൂരെയെറിഞ്ഞു തെണ്ടിടാം
വെടിയാമന്യനുവേണ്ടി ദേഹവും
മടിവിട്ടു ജനേച്ഛപോലെ, തൻ-
തടികാത്തൂഴി ഭരിക്ക ദുഷ്ക്കരം.
158
എതിരറ്റ യമാദിശിക്ഷയാൽ
വ്രതികൾക്കും ബഹുമാന്യനമ്മഹാൻ
ക്ഷിതിപാലകധർമ്മദീക്ഷയാർ-
ന്നതിവർത്തിപ്പു സമസ്തരാജകം.
159
കൃതികൾക്കു നെടും തപസ്സിനാം
ക്ഷിതിവാസം സ്വസുഖത്തിനല്ല താൻ,
എതിരിട്ടു വിപത്തൊടെന്നു മു-
ന്നതി, വിശ്വോത്തരനാർന്നു രാഘവൻ.
160
കൊതിയേറിടുമിന്ദ്രിയങ്ങളെ-
പ്പതിവായ്പ്പോറ്റി നിരാശാനായ് സദാ
മൃതിഭൂതിയെ നീട്ടിവാഴുമ-
സ്ഥിതി ഞാൻ ജീവിതമെന്നു ചിന്തിയാ.
161
അതിമാനുഷ ശക്തിയെങ്കിലും
യതിയെക്കാൾ യമശാലി രാഘവൻ
ദ്യുതിയേറിയ ധർമ്മദീപമ-
മ്മതിമാൻ മാന്യനെനിക്കു സർവഥാ.
162
അതിവിസ്തൃത കാലദേശജ-
സ്ഥിതിയാൽ നീതി വിഭിന്നമാകിലും
ക്ഷിതിനാഥ! പരാർത്ഥജീവികൾ-
ക്കെതിരില്ലാത്ത നിദർശനം ഭവാൻ.
163
ക്ഷുഭിതേന്ദ്രിയ ഞാൻ ഭവാനിലി-
ന്നുപദർശിച്ച കളങ്കരേഖകൾ
അഭിമാനിനിയാം സ്വകാന്തിയിൽ
കൃപയാൽ ദേവ! ഭവാൻ ക്ഷമിക്കുക.
164
നിരുപിക്കുകിൽ നിന്ദ്യമാണു മ-
ച്ചരിതം, ഞാൻ സുചരിത്രയെങ്കിലും
ഉരുദുഃഖനിരയ്ക്കു നൽകിനേ-
നിരയായിപ്പലവാറു കാന്തനെ.
165
അതുമല്ലിവൾ മൂലമെത്രപേർ
പതിമാർ ചത്തു വലഞ്ഞു നാരിമാർ
അതുപോലെ പിതാക്കൾ പോയഹോ!
ഗതികെട്ടെത്ര കിടാങ്ങൾ ഖിന്നരായ്.
166
അറിവാൻ പണി, നീതി സംഗ്രഹം
മറിയാം കാറ്റു കണക്കെയെങ്കിലും
കുറിയിൽ കടുകർമ്മപാകമ-
മ്മുറിയേൽപ്പിച്ചിടുമമ്പുപോലെ താൻ.
167
മതി തീക്ഷ്ണശരങ്ങളേ! ശ്രമം;
ക്ഷതമേലാ മരവിച്ചൊരെന്മനം
കുതികൊള്ളുക ലോക ചക്രമേ!
ഹതയാം സീതയെയിങ്ങു തള്ളുക.
168
ചരിതാർത്ഥതയാർന്ന ദേഹിയിൽ
തിരിയെശ്ശോഭനമല്ല ജീവിതം
പിരിയേണമരങ്ങിൽ നിന്നുടൻ
ശരിയായിക്കളി തീർന്ന നട്ടുവൻ
169
വനഭൂവിൽ നശിപ്പു താൻ പെറും
ധനമന്യാർത്ഥമകന്നു ശാലികൾ
ഘനമറ്റുകിടപ്പു മുത്തുതൻ-
ജനനീശുക്തികൾ നീർക്കയങ്ങളിൽ
170
തെളിയുന്നു മനോനഭസ്സെനി-
ക്കൊളിവീശുന്നിതു ബുദ്ധി മേൽക്കുമേൽ
വെളിവായ് വിലസുന്നു സിന്ധുവിൽ
കളിയായ്ച്ചെന്നണയുന്നൊരിന്നദി.
171
ഇനിയാത്ര പറഞ്ഞിടട്ടെ ഹാ!
ദിനസാമ്രാജ്യപതേ! ദിവസ്പതേ!
അനിയന്ത്രിതദീപ്തിയാം കതിർ-
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ.
173
സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചികേശനായ്
ലസിതസ്മിതനായ ചന്ദ്രികാ-
ഭസിതസ്നാത! മൃഗാങ്ക! കൈതൊഴാം.
174
അതിഗാഢതമസ്സിനെത്തുര-
ന്നെതിരേ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടുമുഡുക്കളേ പരം!
നതി നിങ്ങൾക്കതിമോഹനങ്ങളേ!
175
രമണീയവനങ്ങളേ! രണദ്-
ഭ്രമരവ്യാകുലമാം സുമങ്ങളേ!
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്രചൊൽവു ഞാൻ.
176
അതിരമ്യബഹിർജ്ജഗത്തൊടി-
ന്നഥവാ വേർപിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനുചേരുമെൻ മനോ-
രഥമിബ്ഭംഗികളോടുമൈക്യമാം.
177
ജനയിത്രി! വസുന്ധരേ! പരം
തനയസ്നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ചഭൂവിലേ-
ക്കനഘേ! പോവതു ഹന്ത! കാണ്മൂ ഞാൻ
178
ഗിരിനിർഝരശാന്തിഗാനമ-
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരുഗുൽമ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെമേൽ.
179
മുകളിൽ കളനാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും,
മുകിൽപോലെ നിരന്നുമിന്നുമ-
ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.
180
അതുമല്ലയി! സാനുഭൂവിലെ-
പ്പുതുരത്നാവലി ധാതുരാശിയും
കുതുകം തരുമെന്നുമല്ലഹോ!
പൊതുവിൽ സർവ്വമതെന്റെയായിടും!
181
സസുഖം ഭവദങ്കശയ്യമേൽ
വസുധേ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷുപ്തിയിൽ-അല്ലയല്ലയെൻ-
പ്രസുവേ! കൂപ്പിയുയർന്നു പൊങ്ങിടും!.
182
തടിനീജലബിംബിതാംഗിയായ്
ക്ഷമയെക്കുമ്പിടുവോരു താരപോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാ-
നമലേ ദ്യോവിലുയർന്ന ദീപമാം.
183
പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.
184
കനമാർന്നെഴുമണ്ഡമണ്ഡലം
മനയും മണ്ണിവിടില്ല താഴെയാം;
ദിനരാത്രികളറ്റു ശാന്തമാ-
മനഘസ്ഥാനമിതാദിധാമമാം.
185
രുജയാൽ പരിപക്വസത്ത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൌത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം!
186
ഉടനൊന്നു നടുങ്ങിയാശു പൂ-
വുടലുത്ക്കമ്പമിയന്നു ജാനകി
സ്ഫുടമിങ്ങനെയോതി സംഭ്രമം
തടവിശ്ശബ്ദ വിചാരമിശ്രമായ്;-
187
“അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുമ്പിൽ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവൻ
മരുതുന്നോ? ശരി! പാവയോയിവൾ?
188
അനഘാശയ! ഹാ! ക്ഷമിക്ക! എൻ-
മനവും ചേതനയും വഴങ്ങിടാ,
നിനയായ്ക മരിച്ചു, പോന്നിടാം
വിനയത്തിന്നു വിധേയമാമുടൽ.”
189
സ്ഫുടമിങ്ങനെ ഹന്ത! ബുദ്ധിയിൽ
പടരും ചിന്തകളാൽ തുടിച്ചിതേ
പുടവ്യ്ക്കു പിടിച്ച തീ ചുഴ-
ന്നുടൽകത്തുന്നൊരു ബാലപോലവൾ.
190
“അന്തിക്കു പൊങ്ങിവിലസീടിന താരജാലം
പന്തിക്കു പശ്ചിമ പയോധിയണഞ്ഞു മുങ്ങി
പൊന്തിത്തുടങ്ങിയിതരോഡു
ഗണങ്ങൾ, സീതേ!
എന്തിങ്ങിതെ”ന്നൊരു
തപസ്വനിയോടിവന്നാൾ.
191
പലവുരുവവർ തീർത്ഥപ്രോക്ഷണം
ചെയ്തു താങ്ങി-
ച്ചലമിഴിയെയകായിൽ
കൊണ്ടുപോയിക്കിടത്തി:
പുലർസമയമടുത്തൂ കോസലത്തിങ്കൽ നിന്ന-
ക്കുലപതിയുമണഞ്ഞൂ രാമസന്ദേശമോടും.
191
വേണ്ടാ ഖേദമെടോ, സുതേ!
വരികയെന്നോതും മുനീന്ദ്രന്റെ കാൽ-
ത്തണ്ടാർ നോക്കിനടന്നധോവദനയായ്
ചെന്നസ്സഭാവേദിയിൽ
മിണ്ടാതന്തികമെത്തി,യൊന്നനുശയ
ക്ലാന്താസ്യനാം കാന്തനെ-
ക്കണ്ടാൾ പൗരസമക്ഷ,മന്നിലയിലീലോകം
വെടിഞ്ഞാൾ സതീ.
മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എന്‍. കുമാരനു് (1873–1924) മഹാകവി പട്ടം സമ്മാനിച്ചതു് മദിരാശി സര്‍വ്വകലാശാലയാണു്, 1922-ല്‍. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേരു് സമൂഹം നല്‍കിയതാണു്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ഉന്നതനായ കവിയുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്കു് ഊന്നൽ കൊടുത്തുകൊണ്ടു് അതിഭൗതികതയിൽ ഭ്രമിച്ചു് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്കു് നയിച്ചയാളാണു് കുമാരനാശാന്‍. ധാര്‍മികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണു്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനു പകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്തു് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണു് അവലംബിച്ചതു്.
തിരുവനന്തപുരത്തിനു് വടക്കുള്ള ചിറയിൻകീഴ് താലൂക്കിൽ കായിക്കര ഗ്രാമത്തിൽ ഒരു വണിക കുടുംബത്തിലാണു് ആശാൻ 1873 ഏപ്രിൽ 12-നു് ജനിച്ചതു്. അച്ഛൻ പെരുങ്ങുടി നാരായണൻ, അമ്മ കാളി. കുമാരൻ ഒൻപതു് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് മലയാള ഭാഷകളിൽ വിശാരദനായിരുന്നു, കൂടാതെ കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ കുമാരനും പാരമ്പര്യമായി കിട്ടിയിരുന്നു. കുമാരന്റെ താൽപ്പര്യം പരിഗണിച്ചു് സംസ്കൃതത്തിലും ഗണിതത്തിലും പരിശീലനം നല്‍കി. അച്ഛന്റെ ശ്രമഫലമായി അദ്ധ്യാപകനായിട്ടും കണക്കെഴുത്തുകാരനായിട്ടും മറ്റും ചെറുപ്രായത്തിൽ തന്നെ ജോലി നേടിയെങ്കിലും, രണ്ടു കൊല്ലങ്ങൾക്കു ശേഷം, സംസ്കൃതത്തിലെ ഉപരി പഠനത്തിനായി ജോലി ഉപേക്ഷിച്ചു് മണമ്പൂർ ഗോവിന്ദനാശാന്റെ കീഴിൽ കാവ്യം പഠിക്കാൻ ശിഷ്യത്വം സ്വീകരിച്ചു. അതോടൊപ്പം യോഗ–തന്ത്ര വിദ്യകൾ ശീലിക്കാൻ വക്കം മുരുകക്ഷേത്രത്തിൽ അപ്രന്റീസായിട്ടും ചേർന്നു. ഈ കാലത്താണു് കുമാരൻ ആദ്യമായി കവിതാരചനയിൽ താൽപ്പര്യം കാട്ടിത്തുടങ്ങിയതു്. ഏതാനും സ്തോത്രങ്ങൾ ഇക്കാലത്തു് ക്ഷേത്രത്തിൽ വന്നിരുന്ന ആരാധകരുടെ താൽപ്പര്യപ്രകാരം എഴുതുകയുണ്ടായി.
1917-ൽ തച്ചക്കുടി കുമാരന്റെ മകളായ ഭാനുമതി അമ്മയെ ആശാൻ വിവാഹം കഴിച്ചു. സജീവ സാമൂഹ്യപ്രവർത്തകയായ ഭാനുമതി അമ്മ, 1924-ൽ സംഭവിച്ച ആശാന്റെ അപകടമരണത്തിനു ശേഷം പുനർവിവാഹം ചെയ്യുകയുണ്ടായി. 1975-ലാണു് ഭാനുമതി അമ്മ മരണമടഞ്ഞതു്.
കുമാരന്റെ ആദ്യകാലജീവിതത്തിൽ ശാരീരികാസ്വാസ്ഥ്യങ്ങളുടെ വേലിയേറ്റമായിരുന്നു. കുമാരന്റെ പതിനെട്ടാം വയസ്സിൽ നാരായണ ഗുരു ഒരിക്കൽ അദ്ദേഹത്തിന്റെ വീടു് സന്ദർശിച്ചപ്പോള്‍, കുമാരൻ അസുഖം മൂലം ശയ്യാവലംബിയായിരുന്നു. അതു കണ്ട ഗുരു, കുമാരൻ തന്നോടൊപ്പം കഴിയട്ടെ എന്നു് നിർദ്ദേശിച്ചു. അങ്ങിനെയാണു് കുമാരൻ ഗുരുവിനോടൊപ്പം കൂടുകയും ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിനു് തുടക്കം കുറിക്കുകയും ചെയ്യുന്നതു്.
കുമാരന്റെയും ഗുരുവിന്റെയും സംയോഗത്തിനു് നരേന്ദ്രന്റെയും പരമഹംസന്റെയും കണ്ടുമുട്ടലുമായി സമാനതകളേറെയാണു്, ഒരു വ്യത്യാസമൊഴികെ. നരേന്ദ്രൻ പൂർണ്ണസന്യാസം സ്വീകരിച്ചപ്പോള്‍, കുമാരൻ അതിനു തയ്യാറായില്ല, പ്രത്യുത ഗുരുവിന്റെ ഒരു പ്രധാനശിഷ്യനായി തുടരവെ തന്നെ കാവ്യ-സാഹിതീ സപര്യകളിലും സാമൂഹ്യനവോത്ഥാന പ്രവർത്തനങ്ങളിലും അതേ തീക്ഷ്ണതയോടെ ഏര്‍പ്പെടുകയായിരുന്നു.
ഗുരുവിന്റെ നിർദ്ദേശാനുസരണം, 1895-ൽ സംസ്കൃതത്തിൽ ഉപരി പഠനത്തിനായി കുമാരനെ ബാംഗ്ലൂർക്കു് നിയോഗിച്ചു. തർക്കം ഐച്ഛികമായെടുത്തു് പഠിച്ചുവെങ്കിലും അവസാന പരീക്ഷയെഴുതുവാൻ കഴിയാതെ മദിരാശിക്കു മടങ്ങി. ഒരു ചെറു ഇടവേളക്കു ശേഷം കൽക്കട്ടയിൽ വീണ്ടും സംസ്കൃതത്തിൽ ഉപരി പഠനത്തിനു പോവുകയുണ്ടായി. ഇവിടെവെച്ചു് കാവ്യസാധന തുടരുവാൻ അന്നു് സംസ്കൃതാദ്ധ്യാപകനായിരുന്ന മഹാമഹോപാദ്ധ്യായ കാമഖ്യനാഥ് പ്രോൽസാഹിപ്പിക്കുകയും ഒരുനാൾ കുമാരൻ ഒരു മഹാകവി ആയിത്തീരുമെന്നു് പ്രവചിക്കുകയും ചെയ്യുകയുണ്ടായി.
ആശാന്റെ ആദ്യകാല കവിതകളായ “സുബ്രഹ്മണ്യശതകം”, “ശങ്കരശതകം” തുടങ്ങിയവ ഭക്തിരസ പ്രധാനങ്ങളായിരുന്നു. പക്ഷേ, കാവ്യസരണിയിൽ പുതിയ പാത വെട്ടിത്തെളിച്ചതു് “വീണപൂവു്” എന്ന ചെറു കാവ്യമായിരുന്നു. പാലക്കാട്ടിലെ ജയിന്‍മേടു് എന്ന സ്ഥലത്തു് തങ്ങവെ, 1907-ൽ രചിച്ച അത്യന്തം ദാർശനികമായ ഒരു കവിതയാണു് വീണപൂവു്. നൈരന്തര്യസ്വഭാവമില്ലാത്ത പ്രാപഞ്ചിക ജീവിതത്തെ ഒരു പൂവിന്റെ ജീവിതചക്രത്തിലെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രീകരിക്കുന്ന അന്തരാർത്ഥങ്ങളടങ്ങിയ ഒന്നാണിതു്. പൂത്തുലഞ്ഞു നിന്നപ്പോൾ പൂവിനു് കിട്ടിയ പരിഗണനയും പ്രാധാന്യവും വളരെ സൂക്ഷ്മതലത്തിൽ വിവരിക്കവെ തന്നെ, ഉണങ്ങി വീണു കിടക്കുന്ന പൂവിന്റെ ഇന്നത്തെ അവസ്ഥയും താരതമ്യപ്പെടുത്തപ്പെടുന്നു. ഈ സിംബലിസം അന്നു വരെ മലയാള കവിത കണ്ടിട്ടില്ലാത്തതാണു്. അടുത്തതായിറങ്ങിയ “പ്രരോദനം” സമകാലീനനും സുഹൃത്തുമായ ഏ. ആര്‍. രാജരാജവർമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ വിലാപകാവ്യമായിരുന്നു. പിന്നീടു് പുറത്തുവന്ന ഖണ്ഢകാവ്യങ്ങളായ “നളിനി”, “ലീല”, “കരുണ”, “ചണ്ഢാലഭിക്ഷുകി”, എന്നിവ നിരൂപകരുടെ മുക്തകണ്ഠം പ്രശംസയ്ക്കും അതുമൂലം അസാധാരണ പ്രസിദ്ധിക്കും കാരണമായി. “ചിന്താവിഷ്ടയായ സീത”യിലാണു് ആശാന്റെ രചനാനൈപുണ്യവും ഭാവാത്മകതയും അതിന്റെ പാരമ്യതയിലെത്തുന്നതു്. “ദുരവസ്ഥ”യിൽ അദ്ദേഹം ഫ്യൂഡലിസത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെ കീറിമുറിച്ചു കളയുന്നു. “ബുദ്ധചരിതം” ആണു് ആശാൻ രചിച്ച ഏറ്റവും നീളം കൂടിയ കാവ്യം. എഡ്വിൻ അർനോൾഡ് എന്ന ഇംഗ്ലീഷ് കവി രചിച്ച “ലൈറ്റ് ഓഫ് ഏഷ്യ” എന്ന കാവ്യത്തെ ഉപജീവിച്ചു് എഴുതിയ ഒന്നാണിതു്. പിൽക്കാലങ്ങളിൽ ആശാനു് ബുദ്ധമതത്തോടു് ഒരു ചായ്വുണ്ടായിരുന്നു.
കുമാരനാശാന്റെ അന്ത്യം ദാരുണമായിരുന്നു. 1924-ൽ കൊല്ലത്തു് നിന്നും ആലപ്പുഴയ്ക്കു് ബോട്ടിൽ യാത്ര ചെയ്യവെ പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ ഒരു വൈദികനൊഴികെ ബോട്ടിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മുങ്ങി മരിക്കുകയുണ്ടായി, അതിൽ കുമാരനാശാന്റെ മരണവും സംഭവിച്ചു.
(വിക്കിപ്പീഡിയയിൽ നിന്നു് സ്വതന്ത്രമായി ആശയാനുവാദം ചെയ്തതു്.)