
അവധിക്കു് വന്ന മക്കൾ
ഊണുകഴിഞ്ഞുടനേയിറങ്ങാനുറച്ചു്
ഇല മുറിക്കാനും
ചോറു വാർക്കാനും
ഓടിത്തുടങ്ങിയപ്പോഴാണു്
കുടിച്ചു കൊണ്ടിരുന്ന കഞ്ഞിയിലും
കൂട്ടാനിലും ഉപ്പില്ലെന്നു്
അമ്മമ്മ പൊട്ടിത്തെറിച്ചതു്.
നീണ്ട മൗനത്തിന്റെ
സംഭരണികളിലെ പ്രഹരശേഷിയിൽ
തീന്മേശക്കു് തീപിടിച്ചു.
അത്രകാലത്തിനിടക്കു്
അന്നാദ്യമായാണു്
അമ്മമ്മയിൽ
(അ)രുചി
അടയാളപ്പെടുത്തിയതു്.
മധുരം റദ്ദാക്കപ്പെട്ട നാക്കിൽ
അവശേഷിച്ച ഉപ്പുതരികൾ
കണ്ണുകളിലേക്കലിഞ്ഞു്
പുരട്ടിയുണക്കേണ്ടുന്ന
മുറിവുകളെത്തേടി
കവിളുകളിലൂടൊലിച്ചിറങ്ങി.
ഊണുകഴിഞ്ഞു്, പാത്രങ്ങൾ കഴുകിക്കമഴ്ത്തി
വന്നവർ പിരിഞ്ഞു പോയി.
ഇറ്റുവീണ പായസത്തുള്ളികളിൽ
നിന്നും ഉറുമ്പുകൾ നിരനിരയായിറങ്ങി
അമ്മമ്മയേക്കാൾ പഴക്കമുള്ള
വാതിൽക്കട്ടിലച്ചോടു്
രുചിച്ചു തുടങ്ങി.

പാരപ്പെറ്റിൽ കാൽ കയറ്റി വെച്ചു്
അലക്കാത്ത ജീൻസിന്റെ
അടിമടക്കുകളിലെ
മണ്ണു് കുടഞ്ഞു കളയുകയായിരുന്നു.
മൺതരികളിലേക്കു് കണ്ണുകളാഴ്ത്തി
നടന്ന ദൂരങ്ങളെ
ഒരു ദീർഘ ശ്വാസത്തിലേക്കു
പെറുക്കി വെച്ചു.
അടുത്ത ഫ്ളാറ്റിലെ അന്ധയായ വൃദ്ധ
വടിയിലൂന്നി പതുക്കെ
വാതിൽ തുറന്നു ടെറസിലെത്തി
കയ്യിലെ കുപ്പിയിൽ നിന്നും ധാന്യങ്ങൾ
ടെറസിൽ വിതറിയിട്ടു
പ്രാവുകളുടെ ഒരു തിരയിൽ
ടെറസാകെ നനഞ്ഞു.

വീട്ടുമുറ്റത്തു് നിന്ന കുഞ്ഞു്
അപ്പോൾ പഠിച്ച വാക്കു്
ആവർത്തിച്ചു് ഉച്ചരിക്കുന്നു.
മുൻപു് പഠിച്ച എല്ലാ വാക്കുകളെയും
മറന്നു കൊണ്ടു്.
ആദ്യമായി വന്ന പല്ലു്
മോണയിലെ ഒപ്പമുണ്ടായ ശൂന്യതയെ
പെട്ടെന്നു് മറന്നു പോയതു പോലെ.
മുറ്റത്തൊരു പേരമരം,
മതിലിനോടു് ചേർന്നു്
കൊമ്പുകൾ പതുക്കെ വീശി.
അതിർത്തിയിലെ പട്ടാളക്കാരനെപ്പോലെ
ചുറ്റുപാടുകളെ പരിശോധിച്ചു്
കാവലിരിക്കുന്നവന്റെ ഗരിമ.
പേരക്കൊമ്പു് ചാഞ്ഞു നിൽക്കുന്ന
തകരഷീറ്റടിച്ച ഒരു മേൽക്കൂര.
ഷീറ്റിനു മുകളിൽ നിറയെ
വീണു കിടക്കുന്ന പേരയിലകൾ.
ഇലകൾ—മരമുച്ചരിച്ച വാക്കുകൾ.
ഉണക്കിലകളുടെ ചുരുട്ടിയ മുഷ്ടിയിൽ
വാക്കിന്റെ എല്ലു്.
വീട്ടുകാരി മതിലിൽക്കയറി
ഷീറ്റിനു പുറത്തെ ഉണക്കിലകൾ
തൂത്തു് കളയുന്നു.
ഭാഷയിൽ പണിയെടുക്കുന്നൊരാൾ
ഉച്ചരിച്ച വാക്കുകളിൽ നിന്നും
ലിപിയുണ്ടാക്കിയ പോലെ.
ഇലകളുടെ, ലിപികളുടെ,
പതിഞ്ഞ ശബ്ദങ്ങൾക്കിടയിലും
കുഞ്ഞു് തന്റെ വാക്കിൽ മാത്രം
ധ്യാനമിരിക്കുന്ന ഒച്ചു്.
ആവർത്തിച്ചുച്ചരിച്ച വാക്കിന്റെ
പുറന്തോടിനുള്ളിൽ അവന്റെ മെയ്യ്.

ഉയരത്തിൽ കയറി നിന്നു്
സോപ്പു ലായനിയിൽ
മുക്കിയ തുണികൊണ്ടു്
ജനൽച്ചില്ലുകളമർത്തി തുടച്ചു.
പുറത്തു്,
വീടുമുളക്കാത്ത പറമ്പിൽ
നിറയെ കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടു്.
ചുമരിന്റെ,
കല്ലുമുളക്കാത്ത ജനൽ വിടവുകളിൽ
അഴുക്കും.
സുതാര്യതയുടെ സൗന്ദര്യശാസ്ത്രത്തിൽ,
അഴുക്കു്
ജൈവികതയേറിയ
ആവാസവ്യവസ്ഥയാണു്.
വൃത്തിയായ ചില്ലിനിടയിലൂടെ
പണ്ടു് താമസിച്ച വീടിന്റെ
ഒരു കഷ്ണം വെളിപ്പെട്ടു.
ഭൂതകാലം ഒരു നാണയമാണു്.
അതെടുത്തു് ടോസ്സ് ചെയ്തു നോക്കി.
ധൃതിയിൽ ജനലടച്ചു്
പിൻവാങ്ങുന്നതിനിടയിൽ
അഴികൾക്കിടയിലെ മാറാല
തൂത്തു് കളഞ്ഞു.
ചില്ലിനു മുകളിലെ ഈർപ്പം
പതുക്കെയേ ഉണങ്ങൂ.

കാലുകൾ പുറത്തോട്ടു തള്ളിവെച്ചു
കൈകൾ ഞൊറിമടക്കുകളോടു് ചേർത്തു്
മുലപ്പാൽ മണക്കുന്ന തൊണ്ണ്കാട്ടിച്ചിരിച്ചു
നീ തുണിത്തൊട്ടിലിൽ കിടക്കുന്നേരമാണു്
ഈ കവിത പിറക്കുന്നതു്.
കരച്ചിൽ ഒരു ഭാഷയായിരുന്നെങ്കിൽ
അതിലെ ഏറ്റവും മനോഹരമായ
ചില വരികൾ
വിവർത്തനം ചെയ്തതു് ഞങ്ങളായിരുന്നു.
വിശപ്പിനും ദാഹത്തിനും
ഭയത്തിനും വേദനയ്ക്കും
മൂത്രത്തിനും അപ്പിക്കുമിടയിലെ
നിന്റെ അസ്വസ്ഥതകളിലേക്കു്
ഞങ്ങളുടെ ചിന്തയെ അഴിച്ചു വിട്ടു.
അകാൽപനികതയുടെയും
അപ്രസക്തിയുടെയും
പൂട്ടുകൾ ഭേദിച്ചു്
വെളിച്ചത്തിലേയ്ക്കു തുറക്കുന്ന
അനേകം വാതിലുകളുടെ
കാഴ്ച ബംഗ്ലാവാണിപ്പോൾ വീടു്
നിലച്ചു പോയതിനാൽ
നോട്ടമെത്താത്ത ആ പഴയ ക്ലോക്ക്.
കാറ്റുമായി ചേർന്നു് വിരലുകളിളക്കുന്ന
പിഞ്ഞിയ ജാലകക്കർട്ടനുകൾ
തുരുമ്പിച്ച ചെല്ലത്തിലെ വായ്പ്പാട്ടുകളെ
വീണ്ടും മുറുക്കിച്ചുവപ്പിക്കുന്ന
തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി.
മുറ്റത്തു് നിന്നും സദാ
ആട്ടിയോടിക്കപ്പെടാറുള്ള
അയൽക്കാരന്റെ കോഴികൾ.
വെളിച്ചമൂറ്റി വലിച്ചെറിഞ്ഞ
കുറെയേറെ നിഴലുകൾ
കൗതുകം പേറുന്ന
എല്ലാ ഉറവകൾക്കിടയിലും
നിന്റെ ഭാഷയുടെ നീറ്റൊഴുക്കു്.
നിനക്കൊപ്പം വളരാനാവാത്ത
കളിപ്പാട്ടങ്ങൾ
സ്റ്റോർറൂമിലേക്കോ
ഷോകേസിലേക്കോ
ചുരുങ്ങുന്ന ഒരു ദിവസം വരുന്നുണ്ടു്
നിനക്കായി ശേഖരിച്ച വാക്കുകൾ
വീട്ടുമുറ്റം നിറയ്ക്കുന്ന ദിവസം.
പ്രപഞ്ചം മുഴുവൻ
നിറഞ്ഞ നിഘണ്ടുവിന്റെ
താളുകൾ കീറിയെടുത്തു
നീ നിനക്കായൊരു
ഭാഷ പണിയുന്ന ദിവസം.
ആ ദിവസം
നിനക്കു് വായിക്കാനാണു്
ഈ കവിത.

കണ്ണെത്താത്തിടത്തോളം പരന്നു
കിടക്കുന്ന കടുകു് പാടങ്ങൾ.
മഞ്ഞിന്റേയും മേഘങ്ങളുടേയും
പുതപ്പുകൾക്കിടയിൽ നിന്നൊരു സൂര്യൻ
കടുകു പൂക്കളിലേക്കു്
മഞ്ഞയുരുക്കിയൊഴിക്കുന്നു.
മോണക്കുള്ളിൽ വെരുകുകളെ
പോറ്റുന്നൊരുവൾ
താമസിക്കുന്നതിവിടെയാണു്.
ഒട്ടുമേ മെരുങ്ങാതെ അവ
തമ്മിലിടിക്കുന്ന ചില രാത്രികളിൽ
അവന്റെ നാവു്
സമർത്ഥനായ ഒരു വേട്ടക്കാരനാവുന്നു.
മഞ്ഞുരുട്ടി നിറച്ച കിടക്കയിൽ
ഉടലുകളുരസി തീയുണ്ടാവുന്നു.
തീയുടെ ഓരോ തരി വിരലറ്റങ്ങളിൽ
വായ കൊണ്ടു് കൊളുത്തുന്നു.
ഉമ്മവെച്ചുമ്മവെച്ചുരുക്കിയ
മെഴുകുതിരികളാണവരുടെയുടലുകൾ.
ഉടലുകളെ കടുകുമണികളാക്കി
പൊട്ടിച്ചിതറിക്കുന്നൊരു സൂര്യൻ
ആ മുറിയിൽ ഉദിക്കും.

കോഴിക്കോടു് ജനനം.
ജോലി സംബന്ധമായി ഉത്തരാഖണ്ഡിലെ ചമോലിയിൽ ജീവിക്കുന്നു. മലമുകളിലെ വീടു്, വൃദ്ധ, റേഡിയോ എന്ന കവിതാ സമാഹാരം 2020-ൽ പ്രസിദ്ധീകരിച്ചു.
ചിത്രങ്ങൾ: വി. മോഹനൻ