images/Old_Man_Writing.jpg
Old Man Writing by Candlelight, a painting by Hendrick ter Brugghen (1588–1629).
പൂവൻകോഴിയും പുഴുക്കളും
അയ്മനം ജോൺ

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണു്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയതു്. അക്കാലം, ദിവസവും പുലർച്ചയ്ക്കു് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനിൽനിന്നാണു് ആകാശത്തു് ആർക്കും കാണാവുന്ന ഒരിടത്തു് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായതു്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടനു് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടതു്.

കട്ടൻകാപ്പിയോടൊപ്പം കണ്ടു പരിചയിച്ച ഒരു പുലർകാലകാഴ്ചയായിരുന്നു പാപ്പിച്ചേട്ടന്റെ ഓട്ടം. തെക്കേക്കവല വഴി വെളുപ്പിനു് പട്ടണത്തിലേക്കു പോയിരുന്ന ‘സ്വരാജ് ബസ്’ പിടിക്കാനായിരുന്നു പാപ്പിച്ചേട്ടൻ അങ്ങനെ ഓടിക്കൊണ്ടിരുന്നതു്. കക്ഷത്തിൽ ചേർത്തു പിടിച്ച പഴഞ്ചൻ കാലൻകുടയും ഇടതുകൈയിൽ തൂക്കിപ്പിടിച്ച ചോറ്റുപാത്രവുമായി വലതു കൈ ബദ്ധപ്പെട്ടു് ആഞ്ഞുവീശി ഇടം വലം നോക്കാതെയുള്ള ഒരോട്ടം.

images/poovan-2.png

ആറിനക്കരെയായിരുന്നു പാപ്പിച്ചേട്ടന്റെ വീടു്. കടത്തു കടന്നു് വാഴത്തോട്ടത്തിന്റെ കടുംപച്ച നിറങ്ങളും കടന്നു് കെട്ടുവരമ്പത്തുകൂടെ കുറെയേറെ ദൂരം നടന്നെത്തുന്ന ഒരിടത്തു് പൂവരശു മരങ്ങൾക്കും ആറ്റുകൈതക്കാടുകൾക്കും മറഞ്ഞിരുന്ന കൊച്ചുവീട്ടിൽ പാപ്പിച്ചേട്ടൻ, അന്നമ്മച്ചേട്ടത്തി, ഏകമകൾ റോസക്കുട്ടി എന്നിവരടങ്ങിയ കുടുംബം. വീട്ടുമുറ്റത്തു് മുല്ല പടർന്ന ഒരു കിളിമരവും മരച്ചുവട്ടിൽ നിറയെ നക്ഷത്രവള്ളികളും നാലുമണിപ്പൂക്കളും ഉണ്ടായിരുന്നു. സ്കൂളിൽ പോകാനൊക്കാതിരുന്ന ദിവസങ്ങളിൽ റോസക്കുട്ടിയോടു് ക്ലാസ്നോട്ടുകൾ കടം വാങ്ങാൻ പോയ വൈകുന്നേരങ്ങളിൽ ആ കൊച്ചുപൂക്കൾക്കു് ഉള്ളതിലേറെ ഭംഗി തോന്നിയിരുന്നോ?

അതെന്തുമാകട്ടെ, വീണ്ടും പാപ്പിച്ചേട്ടന്റെ ഓട്ടത്തിലേക്കു മടങ്ങാം. കടത്തുകാരൻ ഔതച്ചേട്ടൻ കോട്ടുവായിട്ടു തുഴഞ്ഞ ഒരു സ്പെഷ്യൽ കടത്തിലായിരുന്നു കൂട്ടുകാരനെ ഇക്കരെ എത്തിക്കാറുണ്ടായിരുന്നതു്. സ്വരാജ് ബസ്സിനുമുണ്ടായിരുന്നു പതിവുയാത്രക്കാരനായ പാപ്പിച്ചേട്ടനോടു് പ്രത്യേക മമത. ഓടിയെത്താൻ കുറച്ചൊന്നമാന്തിച്ചു പോയാലും വണ്ടി പാപ്പിച്ചേട്ടനെ കാത്തുകിടക്കാറുണ്ടായിരുന്നു. മറ്റു യാത്രക്കാർക്കും അതിൽ പരാതിയേതുമില്ലായിരുന്നു. മുനിസിപ്പൽ ഓഫീസിലെ ശിപായിയാരിരുന്ന പാപ്പിച്ചേട്ടൻ ചെന്നിട്ടു വേണം എട്ടു മണിയുടെ സൈറൺ മുഴക്കേണ്ടതു് എന്നു് ഒട്ടുമുക്കാലും പേർക്കു് അറിയാമായിരുന്നു.

പാപ്പിച്ചേട്ടനും കൂട്ടരും ഒരുനാളും മുടങ്ങാതെ മുഴക്കിക്കേൾപ്പിച്ചിരുന്ന ആ അഞ്ചുമണി—എട്ടുമണി—ഒരു മണി—അഞ്ചുമണി—എട്ടുമണികളാണു് അക്കാലത്തെ ആറ്റിറമ്പുകാരുടെ ജീവിതത്തെ ചലനാത്മകമാക്കിയിരുന്നതു്. ഉദാസീനമായി വീശുന്ന വേമ്പനാടൻ കാറ്റുകളേറ്റു് ആലസ്യം ബാധിച്ച ആറ്റിറമ്പിന്റെ സിരകളിലേക്കു കടത്തിവിടപ്പെടുന്ന സമയത്തിന്റെ ഉത്തേജകമരുന്നുകൾപോലെയായിരുന്നു ആ മണികൂകലുകൾ. ആദ്യം മുഴങ്ങുന്ന അഞ്ചുമണികൂകലിനെ അവ ഗണിച്ചു് കിടക്കപ്പായിൽ ഒന്നു് തിരിഞ്ഞു കിടന്നുറങ്ങുന്ന ആറ്റിറമ്പുകാരുടെ ജീവിതത്തിനേൽക്കുന്ന ചാട്ടവാറടികളായിരുന്നു പാപ്പിച്ചേട്ടൻ കൂകിയറിയിച്ച എട്ടുമണിയൊച്ചകൾ. അതു് കേട്ടാലുടൻ ആറ്റിറമ്പിലെ അടുക്കളകൾ ശബ്ദായമാനമാകുകയും എല്ലാ വീടുകളിലും കുളിച്ചൊരുങ്ങലുകളുടെ ശബ്ദം കേട്ടു തുടങ്ങുകയും ചെയ്യുന്നു. ആറ്റിറമ്പിലെ കർഷകർ നിലങ്ങളിലേക്കും കച്ചവടക്കാർ കടകളിലേക്കും വള്ളക്കാരും വലക്കാരും പുഴയിലേക്കും പോകാനൊരുങ്ങുന്നു. ആറ്റിറമ്പിലെ കടത്തുകടവിൽ നിന്നു് പട്ടണത്തിലേക്കോടിയിരുന്ന ഏക ബസ്സ്—സെന്റ് ജോർജ്—ആദ്യ സവാരിക്കു് തയ്യാറെടുക്കുന്നു. സ്റ്റിയറിങ്വീലിനു മുന്നിലെ യേശുക്രിസ്തുവിന്റെയും ശ്രീകൃഷ്ണന്റെയും ശ്രീനാരായണഗുരുവിന്റെയും ചിത്രങ്ങൾ തുടച്ചു് വൃത്തിയാക്കി ഡ്രൈവർ പൈലിച്ചേട്ടൻ പട്ടണത്തിന്റെ പേരെഴുതിയ വശം മുന്നിലാക്കി ബോർഡ് സ്ഥാപിച്ചു. കുരിശുവരച്ചു് എഞ്ചിൻ പ്രവർത്തിപ്പിച്ചു നോക്കി. അപ്പോഴേക്കു് ഔതച്ചേട്ടൻ ആഞ്ഞു തുഴഞ്ഞു് ഇക്കരെയെത്തിച്ച കടത്തുവള്ളത്തിൽ നിന്നു് ചാടിയിറങ്ങി ഓടിക്കയറിയ ഒടുവിലത്തെ യാത്രക്കാരെയും തിക്കിക്കൊള്ളിച്ചു് കണ്ടക്ടർ പീതാംബരൻ ‘പോകാം—പോകാം’ പറയുകയും ചെവിപ്പുറകിൽ തിരുകി സൂക്ഷിച്ച പെൻസിൽ ഊരിയെടുക്കുകയും ചെയ്യുന്നതോടെ, സെന്റ് ജോർജ് അതിന്റെ യാത്രയാരംഭിക്കുന്നു. കായൽനിലങ്ങളിലേക്കു പോകുന്ന കൃഷിക്കാരും കാലി-കോഴിച്ചന്തകളിലേക്കു പോകുന്നവരും വാഴക്കുല-വാഴയിലക്കച്ചവടക്കാരും ബീഡിതെറുപ്പുകാരും കള്ളു ചെത്തുകാരും അല്ലറ ചില്ലറ ഉദ്യോഗസ്ഥന്മാരും ചേർന്ന ആറ്റിറമ്പിലെ മനുഷ്യവിഭവശേഷിയുടെ കനമറിയിക്കുന്ന ഒരു മൂളക്കത്തോടെ ചെമ്മൺ റോഡിലെ കുണ്ടുകുഴികൾ തപ്പിത്തടഞ്ഞു് സെന്റ് ജോർജ് ഓടിപ്പോകുമ്പോൾ മുകളിൽ ഏത്തവാഴക്കുലകൾക്കും വാഴയിലക്കെട്ടുകൾക്കുമിടയിലെ മുപ്പറക്കൊട്ടകളിലിരുന്നു് കാലുകൾ കൂട്ടിക്കെട്ടപ്പെട്ട കോഴികളും താറാവുകളും മുത്തുമണികളോളം ചെറിയ കണ്ണുകളിലൂടെ ആറ്റിറമ്പിനെ അവസാനമായി നോക്കിക്കൊണ്ടിരിക്കുന്നു.

ശങ്കുപിള്ളച്ചേട്ടന്റെ ചായക്കടയിൽനിന്നും ഗോപാലപ്പണിക്കരുടെ പലചരക്കു്—നാട്ടുമരുന്നു കടയിൽനിന്നും അവിടെയുമിവിടെയും വച്ചു് വഴിയോടു് കുട്ടിമുട്ടുന്ന മീനച്ചിലാറിലെ വള്ളങ്ങളിൽനിന്നും പിന്നെ വഴിനീളെയുള്ള വീട്ടുമുറ്റങ്ങളിൽനിന്നും ആറ്റിറമ്പുകാർ സെന്റ് ജോർജിന്റെ ദുർഘടയാത്ര നോക്കി നിൽക്കുന്നു— ആറ്റിറമ്പിലെ പുതിയ പ്രഭാതത്തിന്റെ സാഫല്യംപോലെ അതു് സാവധാനം ഓടിയകലുന്നതു്.

പകലിന്റെ ഭിന്ന നേരങ്ങളിൽ പട്ടണത്തിനും ആറ്റിറമ്പിനുമിടയിൽ ഒരു പെൻഡുലംപോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിയ ആ ഒറ്റവണ്ടിയായിരുന്നു ആറ്റിറമ്പിലെ മറ്റൊരു സമയവാഹിനി. നേരഭേദമില്ലാത്ത കാക്കകരച്ചിലുകൾക്കും പശുക്കളുടെ അമറലിനും പട്ടികുരകൾക്കും കുട്ടികളുടെ കരച്ചിലുകൾക്കുമൊക്കെയിടയ്ക്കു് പെട്ടെന്നു് ആ വണ്ടിയുടെ ഇരമ്പം കേട്ടാലുടൻ ആറ്റിറമ്പുകാരുടെ

മനസ്സിൽ ഒരങ്കലാപ്പു് പരന്നിരുന്നു. ‘അയ്യോ! അമ്മേ! ഒൻപതരേടെ സെന്റ് ജോർജ് പോകുന്നു’ എന്നു പറഞ്ഞു് വെപ്രാളപ്പെട്ടു് പുസ്തകക്കെട്ടെടുക്കുന്ന കുട്ടികൾ, ‘പതിനൊന്നരേടെ വണ്ടി ദാ, അങ്ങോട്ടു് പോകുന്നു. ഇപ്പം വരും അതു്...’ എന്നു് ആവലാതിപ്പെട്ടു് പനി പിടിച്ച കുഞ്ഞിനെയുംകൊണ്ടു് ജില്ലാ ആസ്പത്രിയിലേക്കു പോകാനൊരുങ്ങുന്ന ഒരമ്മ. ‘പോകണോന്നൊണ്ടെങ്കിൽ വേഗമൊന്നൊരുങ്ങ്. ഒന്നരേടെ വണ്ടി വരാറായി’ എന്നു പറഞ്ഞു് മാറ്റിനി കാണാൻ പദ്ധതിയിടുന്ന വിനോദപ്രിയർ.

പൊടുന്നനേ, ഒരു മണിയുടെ സൈറൺ വിശന്നലറി. തീൻമേശയ്ക്കരികിലും വാതിൽപ്പടികളിലും തിണ്ണയിൽ ചമ്രം പടിഞ്ഞുമൊക്കെ ആറ്റിറമ്പുകാർ ഉണ്ണാനിരിക്കുന്ന ആ നേരത്തെ എങ്ങനെ അതിജീവിക്കും എന്നതായിരുന്നു അക്കാലം ഏറെയും അർദ്ധപ്പട്ടിണിക്കാരായിരുന്ന ആറ്റിറമ്പുകാർക്കിടയിലെ വീട്ടമ്മമാർ നേരിട്ടിരുന്ന ഏറ്റവും വലിയ ദാർശനികപ്രശ്നം. ഏവരെയും വശംപോലെ ഊട്ടിയതിനുശേഷം കലങ്ങളിലും ചട്ടികളിലും ശേഷിച്ചതൊക്കെ വടിച്ചെടുത്തു ഭക്ഷിച്ചു് പാത്രങ്ങളൊക്കെ കഴുകിക്കമിഴ്ത്തിക്കഴിഞ്ഞാൽ ദിവസത്തിന്റെ ആദ്യപാതി അവസാനിച്ചല്ലോ എന്ന ആശ്വാസത്തോടെ അവരൊന്നിരിക്കുമ്പോൾ മാറ്റിനിക്കു് പോകുന്നവർ തിങ്ങിക്കയറിയ സെന്റ് ജോർജ് വഴി തടഞ്ഞോടുന്ന കുട്ടികളെയും കന്നുകാലികളെയും ഹോണടിച്ചകറ്റി കടന്നുപോകുന്നു.

ആറ്റിറമ്പിലെ നിഴലുകൾ കിഴക്കോട്ടു നീങ്ങിത്തുടങ്ങുകയായി. പകലിന്റെ വേലിയിറക്കം. ഉച്ചയുറക്കത്തിന്റെയോ ദിനവൃത്താന്തങ്ങളുടെയോ നേരം. വേലിയരികുകളിലും വീട്ടുവരാന്തകളിലും കുളിക്കടവുകളിലും ചായക്കടത്തിണ്ണകളിലുമൊക്കെ കൂട്ടംകൂടി ആറ്റിറമ്പുകാർ അവരുടെ ജീവിതങ്ങളെ വിലയിരുത്തിക്കൊണ്ടിരിക്കും. വീട്ടുവിശേഷങ്ങൾ, നാട്ടുവർത്തമാനങ്ങൾ, ദൂരെ നിന്നെത്തിയ എഴുത്തിലെ വിവരങ്ങൾ, ഏഷണികളുടെ കൊടുക്കൽവാങ്ങലുകൾ, പ്രാരബ്ധപ്പട്ടികകൾ, പരാതിപറച്ചിലുകൾ, നർമസല്ലാപങ്ങൾ — അതിനൊക്കെയിടയ്ക്കു് കായലിൽനിന്നെത്തുന്ന പടിഞ്ഞാറൻകാറ്റു് വാഴത്തോട്ടങ്ങളെ വാരിപ്പുണർന്നു് വീർപ്പുമുട്ടിച്ചിട്ടു് ഓടിക്കളയുന്നു. പൂക്കളിൽ ചിലതു് കുലുങ്ങിച്ചിരിക്കുകയും വേറെ ചിലതു് വാടിവീഴുകയും ചെയ്യുന്നു. എവിടെയോ ഇരുന്നു് സമയത്തിന്റെ മറ്റൊരു ചക്രംചവിട്ടുകാരൻ ചവിട്ടിയൊഴുക്കി വിടുന്നതുപോലെ മീനച്ചിലാറു് ഒഴുകിക്കൊണ്ടിരിക്കും. സമയം ഒരു നൂൽമഴപോലെ ആറ്റിറമ്പിൽ പെയ്തുകൊണ്ടിരിക്കുകയാണെന്നു തോന്നും.

ആ നൂൽമഴ പെയ്തൊഴിയുന്നതുപോലെയായിരുന്നു ആറ്റിറമ്പിൽ അഞ്ചുമണി കൂകി നിലയ്ക്കുന്നതു്. അധ്വാനത്തിന്റെ കരിങ്കടൽ താണ്ടിക്കഴിഞ്ഞതുപോലെ ആറ്റിറമ്പിൽപറമ്പു് കിളച്ചവരും വിറകു് കീറിയവരും ഞാറു് നട്ടവരും കളപറിച്ചവരുമെല്ലാം പണി നിർത്തി ആശ്വസിക്കുമ്പോൾ ‘അയ്യോ പിള്ളേരടച്ഛൻ ഇപ്പം വരും’ എന്നു പറഞ്ഞു് ഒരു കാർത്ത്യായനിയോ കുഞ്ഞുലക്ഷ്മിയോ വേലിക്കപ്പുറത്തെ കുഞ്ഞന്നാമ്മയോടു വിട പറഞ്ഞു് തീയൂതാനോടുന്നു. വെളിമ്പറമ്പുകളിൽ പന്തു കളിക്കാനും പട്ടം പറപ്പിക്കാനുമൊക്കെ വട്ടം കൂട്ടിന്ന കുട്ടികളുടെ ആഹ്ലാദാരവങ്ങൾ.

അന്നൊക്കെ സമയമെന്നു പറഞ്ഞാൽ അത്രയൊക്കെയേ അർത്ഥമുണ്ടായിരുന്നുള്ളൂ ആറ്റിറമ്പിൽ. മുനിസിപ്പൽ സൈറണിന്റെ കൂകലോ ബസ്സിരമ്പലോ കേൾക്കാത്തപ്പോൾ ആറ്റിറമ്പുകാരെല്ലാം സമയത്തെപ്പറ്റി ആശങ്കകളൊന്നുമില്ലാതെ ജീവിതനദിയുടെ കുളിർമയിൽ വെറുതെ മുങ്ങിക്കിടന്നു. ആറ്റിറമ്പമ്പലത്തിലെ ശീവേലിയൊച്ചകൾ കേൾക്കുമ്പോഴോ കടവിൽ മീൻകാർ കൂകുമ്പോഴോ പള്ളിയിലെ സന്ധ്യാമണിമുഴങ്ങുമ്പോഴോ ‘നേരമൊത്തിരിയായല്ലോ...’ എന്നൊരു വെറും വാക്കു് പറഞ്ഞെന്നിരിക്കും അത്രതന്നെ. സെന്റ് ജോർജ് വന്നു നിൽക്കുന്നിടത്തെ മുറുക്കാൻ കടയിലിരുന്നു് ആറ്റരികിലെ കുരിശിൻതൊട്ടിയുടെ വഴിയിലേക്കു് നീളുന്ന നിഴൽ നോക്കി ബസ് വരാറായോ എന്നു പറഞ്ഞിരുന്ന ബീഡിതെറുപ്പുകാരൻ ചെല്ലപ്പൻ, സമനില അത്രത്തോളം തെറ്റിയിട്ടും സമയം തെറ്റാതെ കടത്തുകടവിൽ വന്നിരുന്നു് അതുമിതും പുലമ്പാറുണ്ടായിരുന്ന കിറുക്കൻ ചാക്കോച്ചൻ... അങ്ങനെ സമയമെന്നു വിളിക്കുന്ന കാലത്തിന്റെ ഹൃദയമിടിപ്പുകൾക്കു് ചെവിയോർത്തിരിക്കുന്ന ചില നിഷ്പക്ഷനിരീക്ഷകരും.

ആറര മണിക്കെത്തിയിരുന്ന സെന്റ് ജോർജിൽ കടത്തുകടവിൽ വന്നിറങ്ങിയിരുന്ന പാപ്പിച്ചേട്ടൻ വെളുപ്പിനു് അങ്ങോട്ടു പോയ ആളേ അല്ലായിരുന്നു. പട്ടണത്തിൽ കേട്ട പകലത്തെ വിശേഷങ്ങൾ പറഞ്ഞു കേൾപ്പിച്ചു് കൂട്ടുകാരുംകൂടി പാടത്തിറമ്പത്തെ കള്ളുഷാപ്പിനെ ലാക്കാക്കി നടക്കുന്ന പാപ്പിച്ചേട്ടനെ കണ്ടാൽ സമയം ഒരു വളർത്തുനായയെപ്പോലെ പിൻപെ നടക്കുന്നുണ്ടെന്നുതോന്നുമായിരുന്നു. അത്ര ഉദാസീനമായിരുന്നു ആ നടപ്പു്. അന്തിക്കള്ളിന്റെയും കൂട്ടുകെട്ടുകളുടെയും ലഹരി നുണഞ്ഞിരിക്കുന്ന പാപ്പിച്ചേട്ടനും ഔതച്ചേട്ടനും ഒടുവിലിറങ്ങുന്ന കുടിയന്മാരിലിരുവരായി ഷാപ്പു് വിട്ടിറങ്ങുമ്പോൾ ദൂരെ ഒരു ഉണക്കമരത്തിൽ ഒറ്റയ്ക്കിരുന്നു് മൂളുന്ന മൂങ്ങയെപ്പോലെ എട്ടുമണികൂകിക്കഴിഞ്ഞിരിക്കും. കടത്തുകടവിലിരുന്നു് കുറെനേരംകൂടി സല്ലപിച്ചിട്ടു് സമയത്തിന്റെ ഒരു നിശ്ചല നദിയിലൂടെ നീന്തി നീന്തിപ്പോകുന്നവരെപ്പോലെ ചൂട്ടുകറ്റയും വീശി, കെട്ടിവരമ്പിലൂടെ നാടകഗാനങ്ങളും പാടി അവർ വേച്ചു വേച്ചു നടന്നുപോകവേ, ആറ്റിറമ്പു് ഉറക്കംതൂങ്ങിക്കഴിഞ്ഞിരിക്കും.

ഓട്ടത്തിന്റെ അവസാനകാലം പാപ്പിച്ചേട്ടൻ ഏറെ ആയാസപ്പെട്ടിരുന്നു. ഓടുമ്പോൾ മുന്നോട്ടുണ്ടായിരുന്ന ആയം കൂനായി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ കുറെയേറെക്കാലം കൂനിക്കൂനിയോടിയ പാപ്പിച്ചേട്ടനെയും കാലം മറികടന്നോടവേ, ആറ്റിറമ്പിലേക്കു് ജനതാവണ്ടി വന്നു. സെന്റ് ജോർജിന്റെ ഏകാന്തതയവസാനിപ്പിച്ചു് ആറ്റിറമ്പു് കടവിൽനിന്നു് പട്ടണത്തിലേക്കോടാനെത്തിയ രണ്ടാമരത്തെ വണ്ടി. മുന്നിൽ ഫാർഗോ എന്നു് തിളങ്ങുന്ന അക്ഷരങ്ങളിലെഴുതി, പുത്തൻ ഹോൺ മുഴക്കങ്ങളുമായെത്തിയ ജനതാവണ്ടിയുടെ ആദ്യ വരവിനു് കടത്തുകടവിലെ ആൾക്കൂട്ടം നല്കിയ സ്വീകരണത്തിൽ ഇരുവശവും വെച്ചുകെട്ടിയ കുലച്ച വാഴകളിലൊന്നു് പാപ്പിച്ചേട്ടന്റെ സമ്മാനമായിരുന്നു.

തെക്കേക്കവലയിലേക്കുള്ള പാപ്പിച്ചേട്ടന്റെ ഓട്ടം അതോടെ നിലച്ചു. പരുപരാവെളുപ്പിനുതന്നെ ആറ്റിറമ്പിൽനിന്നു പുറപ്പെട്ട ജനതാവണ്ടിയിലെ യാത്രക്കാരിലൊരാളായി മാറി പാപ്പിച്ചേട്ടൻ. പാപ്പിച്ചേട്ടന്റെ പുലർകാലയാത്ര ആറ്റിറമ്പുകാരുടെ കൺവെട്ടത്തുനിന്നു് അകലാനും തുടങ്ങി. ഓടിപ്പോകുന്ന ഒരു ബസ്സിൽ ആരൊക്കെയാണിരിക്കുുന്നത്! അതിൽ ഒരു പാപ്പിച്ചേട്ടൻ ഉണ്ടോ ഇല്ലയോ എന്നൊക്കെ ആരാണു് നോക്കുക?

എന്നും പുലർച്ചെ ഓടിപ്പോയിരുന്ന ജനതാബസ്സിൽ പാപ്പിച്ചേട്ടനുണ്ടെന്നും ഓരോ തവണ മുനിസിപ്പൽ സൈറൺ കൂകുമ്പോഴും പാപ്പിച്ചേട്ടനാണു് അതു് പ്രവർത്തിപ്പിച്ചതെന്നും കരുതിപ്പോന്നതിനാൽ അതിനൊക്കെയിടയിൽ ഏതോ ദിവസം പാപ്പിച്ചേട്ടൻ അടുത്തൂൺപറ്റി പിരിഞ്ഞതും അങ്ങനെ ആ പുലർകാലയാത്രകൾ അവസാനിച്ചതും അറിഞ്ഞതു് ഏറെ വൈകിയാണു്.

റോസക്കുട്ടിയുടെ കല്യാണം വിളിക്കാനെത്തിയ പാപ്പിച്ചേട്ടൻ തിണ്ണക്കോണിലെ ചാരുകസേരയിൽ കുനിക്കുടിക്കിടന്നു് പിരിഞ്ഞപ്പോൾ കിട്ടിയ അല്ലറ ചില്ലറ ആനുകൂല്യങ്ങൾ സമാഹരിച്ചാണു് കല്യാണം നടത്തുന്നതെന്നു് അപ്പൻ വിശദീകരിച്ചതു് കേട്ടപ്പോൾ, “കാലം പോണതു് എത്ര വേഗത്തിലാ മത്തായിച്ചാ... ജോലീന്നു് പിരിഞ്ഞിട്ടു് മാസം എട്ടൊമ്പതായി. എന്നിട്ടും കാലത്തെ ഒണർന്നാലൊടനെ എണീറ്റോടണല്ലോ എന്നൊരു സങ്കടമാ ആദ്യം മനസ്സിലു്. ഓട്ടമൊക്കെ ഓടിത്തീർന്നതു് പിന്നെയാ ഓർമ്മ വരുന്നതു്.”

images/poovan-1.png

ശേഷിച്ച വർഷങ്ങൾ കടത്തുകടവിലെ ശങ്കുപ്പിള്ളച്ചേട്ടന്റെ ചായക്കടയിൽ ഒരു ഊന്നുവടിക്കും ഒരു ഗ്ലാസ് കട്ടൻകാപ്പിക്കും പിന്നിലിരുന്നു് സെന്റ് ജോർജിനും ജനതയ്ക്കും ശേഷം പല രൂപങ്ങളിലും പല നിറങ്ങളിലും പല പേരുകളിലും വന്നുപോയ പുലർച്ചവണ്ടികളിൽ നാടുവിട്ടോടുന്ന ഞങ്ങൾ പിൻഗാമികളെ നോക്കി നോക്കി ഇരിക്കുന്നതാണു് പാപ്പിച്ചേട്ടന്റെ ജീവിതത്തിന്റെ അവസാനദൃശ്യങ്ങൾ.

ആ നോക്കിയിരുപ്പിനിടയിൽത്തന്നെയായിരുന്നു ഒരു ദിവസം പെട്ടെന്നു് തലചുറ്റി വീണ പാപ്പിച്ചേട്ടനെ ശങ്കുപ്പിള്ളച്ചേട്ടന്റെ മക്കൾ താങ്ങിയെടുത്തു് രാമക്കണിയാരടെ വീട്ടിലേക്കോടിയതും അവിടേക്കോടിക്കൂടിയ നാട്ടുകാരിൽ ചിലർ ചേർന്നു് ഉടനടി ജില്ലാ ആസ്പത്രിയിലേക്കു കൊണ്ടുപോയതും വൈകുന്നേരത്തോടെ ഒരു ശവശരീരമായി തിരികെ കൊണ്ടുവന്നതും.

ഒരു ദീർഘയാത്ര പോകേണ്ട ദിവസമായിരുന്നതിനാൽ ഏറെ തിരക്കിട്ടാണു് ഞാൻ പാപ്പിച്ചേട്ടന്റെ ശവശരീരം കാണാൻ പോയതു്. സാറാമ്മച്ചേട്ടത്തിയുടെ പതംപറച്ചിലുകൾക്കും റോസക്കുട്ടിയുടെ ഏങ്ങലടികൾക്കുമിടയിലൂടെ കയറ്റുകട്ടിലിൽ കിടത്തിയിരുന്ന മൃതദേഹത്തിനടുത്തേക്കു് നടക്കുമ്പോൾ നെഞ്ചിടിപ്പുകളുടെ വേഗത അത്രയേറെ വർദ്ധിച്ചതു് അടുത്ത മണിക്കൂറിൽ പട്ടണം വിടാനിരുന്ന തീവണ്ടിയെ ഓർത്തുള്ള വേവലാതികളാൽകൂടിയായിരുന്നു. താടിരോമങ്ങളെല്ലാം വൃത്തിയായി ക്ഷൗരം ചെയ്തു് കിടത്തിയിരുന്ന പാപ്പിച്ചേട്ടന്റെ മുഖത്തേക്കു നോക്കിയപ്പോൾ എന്റെ വേവലാതികളെയെല്ലാം കൊഞ്ഞനം കുത്തിക്കാണിച്ച ഒരപൂർവ്വദൃശ്യം ഞാൻ ആ മുഖത്തു് കണ്ടു—സമയത്തിന്റെ നിശ്ചലാവസ്ഥ.

images/poovan-3.png

ഒരു വിഡ്ഢിയെപ്പോലെ ഞാൻ അതു നോക്കി നോക്കി നിന്നു പോയി. ആ നിൽപ്പിനിടയിൽ പെട്ടെന്നു് പരിസരത്തെ മൂകതകളെയെല്ലാം തകർത്തു് എട്ടു മണിയുടെ സൈറൺ മുഴങ്ങിക്കേട്ടു. സാറാമ്മച്ചേടത്തിയും റോസക്കുട്ടിയും ഉച്ചത്തിൽ നിലവിളിക്കാനും തുടങ്ങി. ഞാനാകട്ടെ, തീവണ്ടിയുടെ ഓർമ വീണ്ടെടുത്തു് പെട്ടെന്നു പുറത്തിറങ്ങി. കാലുകൾ ചെരുപ്പുകളിൽ തിരുകിക്കയറ്റി ഇടംവലം നോക്കാതെ വീട്ടിലേക്കോടി.

സമയം തെറ്റി ഓടിയതിനാൽ മാത്രമാണു് അന്നു് തീവണ്ടി പിടിക്കാനായതു്. എന്നിട്ടും യാത്രാഭംഗം സംഭവിക്കാഞ്ഞതിന്റെ സമാശ്വാസത്തിനു് പകരം ഏതൊക്കെയോ ദുഃഖചിന്തകൾ ഉറക്കം കെടുത്തിയ ആ രാത്രിയിൽ ഭൂമിയിലെ സമയം സൂക്ഷിക്കുന്ന സ്വർഗത്തിലേതെന്നു വിശേഷിപ്പിക്കാവുന്ന ഒരു പൂവൻകോഴി എന്റെ മനസ്സിൽ മാനം മുട്ടി നിന്നു. അതിന്റെ കണ്ണുകളിൽ ഭൂമി ഒരു കുന്നിൻചരിവിനോളം ചെറിയ ഒരു സ്ഥലമായിരുന്നു. ഭൂമിയിലെ ജീവജാലങ്ങളെല്ലാം വെറും പുഴുക്കളായിരുന്നു. കണ്ണിൽക്കാണുന്ന പുഴുക്കളുടെ പ്രാണനെകൊത്തിപ്പെറുക്കിത്തിന്നു് ആ പൂവൻകോഴി ഭൂമിയാകുന്ന കുന്നിൻചെരിവിലൂടെ അങ്ങനെ നടന്നു. തല പൊക്കിപ്പിടിച്ചു് ഇടയ്ക്കിടെ ചിറകൊന്നു കുടഞ്ഞു് ഉച്ചത്തിൽ കൂകിക്കൊണ്ടു്.

രാത്രിവണ്ടിയിലെ തടിക്കിടക്കയിൽ, സമയത്തിന്റെ പൂവൻകോഴിക്കു് കൊക്കും ചിറകും വാലുമൊക്കെ സങ്കല്പിച്ചു നല്കിക്കൊണ്ടു് ഒരു പുഴുവിനെപ്പോലെ ഞാൻ ചുരുണ്ടുകിടന്നു. അതെല്ലാം മറക്കാൻ മാത്രം കാലം എന്നേ കഴിഞ്ഞുപോയി. പക്ഷേ, ആറ്റിറമ്പിൽനിന്നുള്ള ഓരോ യാത്രയിലും മടക്കയാത്രയിലും മറികടക്കേണ്ടിവരുന്ന പട്ടണത്തിലെ മുനിസിപ്പൽ സൈറൺ ആ പഴയ കാലങ്ങൾ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നു് ആറ്റിറമ്പിൽ മുനിസിപ്പൽ സൈറൺ മുഴങ്ങുന്നതു് കേൾക്കാറുണ്ടോ എന്നു ചോദിച്ചാൽ, “ആർക്കറിയാം, ആർക്കാണതൊക്കെ ശ്രദ്ധിക്കാൻ നേരം?” എന്നായിരിക്കും ഏതൊരു ആറ്റിറമ്പുകാരന്റെയും മറുചോദ്യം. ബാബേലിലെ ഭാഷ എന്നപോലെ ആറ്റിറമ്പിലെ സമയം അത്രമേൽ കലക്കപ്പെട്ടു് കഴിഞ്ഞിരിക്കുന്നു. മുനിസിപ്പൽ സൈറണിന്റെ മുഴക്കത്തോളം പരന്ന ഒരു കായൽപ്പരപ്പായിരുന്ന ആറ്റിറമ്പിലെ സമയം ഇന്നു് അവനവന്റെ കൈത്തണ്ടയിലെ ഇത്തിരിവട്ടത്തിൽ കാണുന്ന വറ്റിക്കിടക്കുന്ന ഒരു കുളംപോലെ. ആറ്റിറമ്പിൽനിന്നുതന്നെ ഒരുപമ കണ്ടെത്തിയാൽ അതു് മീനച്ചിലാറ്റിലെ നീരൊഴുക്കുപോലെ. പള്ളത്തിയും പരലും മാനത്തുകണ്ണിയും വരാൽപാർപ്പുകളുമൊക്കെ പായൽച്ചെടികളോടു ചേർന്നു് കൂട്ടംകൂടി നിൽക്കുന്നതും ഒന്നിച്ചു നീന്തുന്നതുമൊക്കെ കാണാമായിരുന്നത്ര തെളിഞ്ഞ വെള്ളം ഒഴുകിയിരുന്ന പുഴ ഇന്നു് ഏതൊക്കെയോ മായാമത്സ്യങ്ങൾ കുത്തി മറിഞ്ഞു് നടക്കുന്നതിന്റെ ഇളക്കങ്ങൾ മാത്രം കേൾക്കുന്ന കലക്കവെള്ളമൊഴുകുന്ന ഒരു നീർച്ചാലു്. ആ മായാമത്സ്യങ്ങളെപ്പോലെ സമയത്തിന്റെ കലക്കവെള്ളപ്പാച്ചിലിൽ മുങ്ങിപ്പോയ ആറ്റിറമ്പുകാരുടെ ജീവിതത്തിനു് ഇന്നു് ഒരു പൊതു സമയമില്ല. ആറ്റിറമ്പിന്റെ പടിഞ്ഞാറനതിർത്തിയിൽ വലിയൊരു തെങ്ങിൻതോപ്പു് വാങ്ങി നടുവിൽ ഒരു ബംഗ്ലാവ് പണിതു് വാതിലുകളും ജനാലകളുമൊക്കെ അടച്ചിട്ടു് താമസിക്കുന്ന ജർമനിയിൽ നിന്നു് മടങ്ങിയ ഒരു മലയാളി തന്റെ വീട്ടിൽ ഉപയോഗിക്കുന്നതു് ജർമ്മൻ സമയമാണെന്നുപോലും കേൾക്കുന്നു.

മുനിസിപ്പൽ സൈറണിന്റെ മുഴക്കങ്ങൾ ആറ്റിറമ്പിലെ ഉയരം കുറഞ്ഞുപോയ മരത്തലപ്പുകൾക്കിടയിൽ ഇപ്പോഴും മുങ്ങിത്താഴുന്നുണ്ടെന്നുള്ളതാണു് സത്യം. നിരത്തിലൂടെ വാശിവെച്ചോടുന്ന വണ്ടികളുടെ ഇരമ്പങ്ങളോ ടി. വി. സീരിയലുകളിലെ പൊട്ടിക്കരച്ചിലുകളോ ആർത്തുചിരികളോ തടസ്സപ്പെടുത്താത്ത അപൂർവം ചില നേരങ്ങളിൽ ആറ്റിറമ്പുകാർ അതു് ഉദാസീനമായി കേൾക്കുന്നുണ്ടെന്നും വരാം. പക്ഷേ, കേൾക്കുന്നവരാരരും അതിനു് കാക്കകരച്ചിലിന്റെ മൂല്യം പോലും കല്പിക്കാറില്ലെന്നു മാത്രം.

പൂവൻകോഴിയെക്കാൾ വേഗത്തിലോടാൻ ശ്രമിക്കുന്ന പുഴുക്കൾക്കു് അത്രയല്ലേ കഴിയൂ?

അയ്മനം ജോണിന്റെ ലഘു ജീവചരിത്രം

Colophon

Title: Poovankozhiyum Puzhukalum (ml: പൂവന്‍കോഴിയും പുഴുക്കളും).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2022-02-06.

Deafult language: ml, Malayalam.

Keywords: Short story, Aymanam John, Poovankozhiyum Puzhukalum, അയ്മനം ജോൺ, പൂവന്‍കോഴിയും പുഴുക്കളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Old Man Writing by Candlelight, a painting by Hendrick ter Brugghen (1588–1629). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: CP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.