സുഖവാസസ്ഥലത്തേക്കുള്ള സ്വപ്നത്തിലെ തീവണ്ടിയാത്ര താഴത്തെ നഗരത്തിലെത്തിയപ്പോൾ തടസ്സപ്പെട്ടു. സുഖവാസസ്ഥലത്തു് വീണ്ടും കലാപം തുടങ്ങിക്കഴിഞ്ഞത്രെ. അങ്ങോട്ടുള്ള വഴികളെല്ലാം വർത്തമാനപ്പത്രങ്ങളാൽ നിർമ്മിക്കപ്പെട്ട വൻ മതിലുകൾകൊണ്ടു് മറയ്ക്കപ്പെട്ടിരുന്നു.
സ്റ്റേഷൻയാർഡിൽ, സൈനികരെ കയറ്റിയ ഒരു തീവണ്ടി യാത്രാസന്നദ്ധമായി കാത്തുകിടന്നു. അകലെ വെടിയൊച്ചകൾ കേൾക്കുന്നതായും മലയിറങ്ങിവരുന്ന തണുത്ത കാറ്റിൽ ചോരയുടെ മണമുള്ളതായും തോന്നി.
ആകാശത്തേക്കുയർന്ന ആശ്ചര്യചിഹ്നങ്ങൾപോലെ അകലെക്കാണപ്പെട്ട സുഖവാസസ്ഥലത്തെ നീലക്കൊടുമുടികൾ നോക്കി മുറിഞ്ഞുപോയ യാത്രയെച്ചൊല്ലി ഖേദിച്ചുനിൽക്കവെ ലീല ചോദിച്ചു: “നമുക്കു് ഡൊണാൾഡങ്കിളിന്റെ വീട്ടിലേയ്ക്കു് പോയാലോ?”
ദേശവിദേശീയരായ നിരവധി സഞ്ചാരികൾ എങ്ങോട്ടു പോകണമെന്നറിയാതെ വേവലാതിപ്പെട്ടു് തിക്കിത്തിരക്കുന്ന തീവണ്ടിസ്റ്റേഷനിൽ വച്ചുപോലും ലീലയ്ക്കു് അവളുടെ പ്രത്യുൽപന്നമതിത്വം നഷ്ടപ്പെടുന്നില്ലല്ലോ എന്നതിശയിച്ചു്, അവളെ ഉള്ളിൽ പ്രശംസിച്ചു് ഞാൻ അതു് ഉടനടി സമ്മതിക്കുകയും ചെയ്തു.
സുഖവാസസ്ഥലത്തു് ഉറങ്ങിയെണീറ്റ സൂര്യൻ മഞ്ഞിന്റെ ചില്ലുജാലകങ്ങളിലൂടെ പുറത്തേക്കു് നോക്കിത്തുടങ്ങിയിട്ടേയുള്ളു. സ്റ്റേഷനു പുറത്തു് തണൽ മരങ്ങൾക്കിടയിലൂടെ കയറിപ്പോകുന്ന പട്ടണത്തിലേക്കുള്ള പാതയിൽ ഇരുളകന്നിട്ടില്ല. തീവണ്ടി വന്നിട്ടും ഉറക്കം തൂങ്ങി നിൽക്കുന്ന കുതിരകളെ സവാരിക്കു് സമയമായെന്നറിയിച്ചു് അനക്കം വയ്പിക്കുന്ന കുതിരവണ്ടിക്കാർ.
നല്ലൊരു കുതിരയെ നോക്കി തെരഞ്ഞെടുത്തു് വണ്ടിയിൽ കയറുമ്പോൾ മക്കൾ ഇരുവരും പതിവുപോലെ സൈഡ് സീറ്റിനായി വഴക്കുണ്ടാക്കി. ‘നാളത്തെ കലാപകാരികളേ’ എന്നു് അവരെ ശാസിച്ചു് ഇരുവശങ്ങളിലായി ഇരുത്തിയിട്ടു് ഡൊണാൾഡങ്കിളിന്റെ വാസസ്ഥലം പറഞ്ഞയുടൻ കുതിരവണ്ടിക്കാരൻ തലയാട്ടി യാത്ര പുറപ്പെട്ടുകഴിഞ്ഞു. പുലർകാലകുളിരിലൂടെയുള്ള കുതിരസവാരിയിൽ കുട്ടികൾ ഉല്ലാസം പൂണ്ടതോടെ വിനോദയാത്രയുടെ ആഹ്ലാദം വീണ്ടെടുക്കപ്പെട്ടു. അങ്ങനെ, സുഖവാസസ്ഥലത്തെച്ചൊല്ലിയുള്ള ദുഃഖങ്ങളുണ്ടായിരുന്നിട്ടും ഉല്ലാസചിത്തരായിത്തന്നെയാണു് ഞങ്ങൾ ഡൊണാൾഡങ്കിളിന്റെ വീട്ടിൽ ഏറെക്കാലംകൂടി ആവിധം എത്തിപ്പെടാനിടയായതു്.
മുറ്റത്തു് കുതിരക്കുളമ്പടികൾ കേട്ടു വാതിൽ തുറന്ന ഡൊണാൾഡങ്കിളിനു് നേരേ ഞാൻ കാക്കാത്തിച്ചിരിയെന്നു് കളിയാക്കിപ്പറയാറുള്ള ആ വലിയ ചിരി ചിരിച്ചു് ലീല ‘ഡൊണാൾഡങ്കിളേ’ എന്നു നീട്ടി വിളിച്ചതും ഉടലാകെക്കുലുക്കിയ മറ്റൊരുല്ലാസച്ചിരിയാൽ ഞങ്ങളെ ഉത്തേജിതരാക്കി ഡൊണാൾഡങ്കിൾ ഓടിയിറങ്ങി വന്നു. കുട്ടികൾ ഇരുവരെയും കുതിരപ്പൊക്കത്തിൽനിന്നു് എടുത്തു് താഴെ നിർത്തി, ഞങ്ങളുടെയും കൈ പിടിച്ചിറക്കിയ ശേഷം കുതിരയുടെ കഴുത്തിൽ ഒന്നു തലോടാനും അങ്കിൾ മറന്നില്ല. കൂലിപോലും വാങ്ങാതെ മടങ്ങുന്ന കുതിരക്കാരനെ നോക്കി ഞാൻ അമ്പരന്നുനിൽക്കവെ അങ്കിൾ എന്നെ ഒരു കുട്ടിയെ എന്നപോലെ ശാസിച്ചു: “അതൊക്കെ അങ്കിളിന്റെ അക്കൗണ്ടാണെടാ, നീ ഇങ്ങോട്ടു് പോരു്.”
പിന്നെ ഗ്ലോറിയാന്റിയുടെ ഊഴം. മുറ്റത്തെ ഒച്ചപ്പാടു് കേട്ടു് പിന്നിലെവിടെയോ നിന്നു് ഓടിയെത്തിയ ഗ്ലോറിയാന്റി ജൂലിയെയും കിറ്റിയെയും ഒരേസമയം ഇരുകൈകളാൽ ചുറ്റിപ്പിടിച്ചു് ഉമ്മകൾകൊണ്ടു് വീർപ്പുമുട്ടിച്ചശേഷം, ‘എന്താടീ അങ്കിളിനെയും ആന്റിയെയുമൊന്നും മറന്നില്ലേടീ’ എന്നു് ചോദിച്ചു് ലീലയ്ക്കു് ആഞ്ഞൊരടിയും കൊടുത്തിട്ടു് ഞങ്ങളെ സ്വീകരണമുറിയിലേയ്ക്കു് നടത്തി. നടക്കും വഴി, ‘അയ്യോടാ ചെറുക്കാ… നിനക്കു് നര കയറിത്തുടങ്ങിയോടാ’ എന്നു് ചോദിച്ചു് എന്റെ പങ്കു് സ്നേഹവായ്പും തന്നു. കുട്ടികൾ ഇതെല്ലാം കണ്ടു് ചകിതരായിപ്പോയിരുന്നു. സമ്പത്തെല്ലാമുണ്ടായിട്ടും പുത്രസമ്പത്തില്ലാതെ പോയ ഒരു ദാമ്പത്യം അതിന്റെ സന്തോഷങ്ങൾ സൂക്ഷിക്കാൻ സ്വീകരിക്കുന്ന ഇത്തരം വൈകാരികാർഭാടങ്ങൾ തിരിച്ചറിയാൻ മാത്രം അവർ വളർന്നിട്ടില്ലല്ലോ.
സ്വീകരണമുറിയിൽ ശബ്ദകോലാഹലങ്ങളോടെ വീണ്ടും ഒത്തു ചേരുന്ന ഓർമ്മകൾ. കുട്ടികളോടു് കുസൃതി കാട്ടിയും ഗ്ലോറിയാന്റിയെ കളിയാക്കിയും ഞങ്ങളെ ചിരിപ്പിക്കുന്ന ഡൊണാൾഡങ്കിൾ. ഓടിനടന്നു് ഞങ്ങൾക്കായി മുറികൾ ഒരുക്കുന്ന ഗ്ലോറിയാന്റി. കുട്ടികൾ പിന്നിലേയ്ക്കു് മറിക്കുന്ന ഫോട്ടോ ആൽബങ്ങൾ (സുഖവാസസ്ഥലത്തെ തടാകക്കരയിൽ ഞങ്ങൾ ഒന്നിച്ചുനിൽക്കുന്ന ഫോട്ടോയിൽ ഗ്ലോറിയാന്റിയുടെ കൈയിലിരിക്കുന്ന ഒരു വയസ്സുകാരി അവളാണെന്നു പറഞ്ഞിട്ടു് ജൂലിക്കു് വിശ്വാസമായില്ല).
പിന്നെ കിറ്റിമോളുടെ നാവിൽ പിച്ചവച്ചു തുടങ്ങിയിരുന്ന നഴ്സറി പാട്ടുകളുടെ അരങ്ങു്… അതിനുമൊടുവിൽ ഞങ്ങൾക്കായി ഒരുക്കപ്പെട്ട മുറികളിലേയ്ക്കു് പിൻവാങ്ങവേ, ഓർമ്മകളൊഴുകിച്ചെന്നടിയുന്ന ഒരു കായൽത്തീരത്തു് അനേക വർഷങ്ങൾ പഴകിയ ഒരു ദിവസം. സ്വനഗ്രാഹിയന്ത്രം ഘടിപ്പിച്ച ബോട്ടിൽ കൊച്ചീക്കായലിലൂടെ നീങ്ങിയ വിവാഹഘോഷയാത്രയിൽ ഉല്ലാസചിത്തനായി ഇരിക്കുന്ന ഒരു കുട്ടിയായിത്തീരുന്നു ഞാൻ. കായൽത്തീരത്തെ പുൽമേടുകളാൽ ചുറ്റപ്പെട്ട പഴയ പള്ളിയുടെ വാതിൽക്കലേയ്ക്കു് വിവാഹം കഴിഞ്ഞു്, വെള്ളവസ്ത്രങ്ങളും വെള്ളക്കിരീടവുമണിഞ്ഞു് ഗ്ലോറിയാന്റി ഇറങ്ങിവന്നു് നിന്നപ്പോൾ മാലാഖമാർ മാറി നിന്നുവോ?
നാടാകെച്ചുറ്റുന്ന ഒരു മെഡിക്കൽ റെപ്രസന്റേറ്റീവായി, കിട്ടുന്ന പണമെല്ലാം കുതിരപ്പന്തയങ്ങളിലും കാറോട്ടമത്സരങ്ങളിലും ധൂർത്തടിച്ചു് നടന്ന ഡൊണാൾഡങ്കിൾ, ആ പള്ളിവാതിലിലൂടെയിറങ്ങി മറ്റൊരു ജീവിതത്തിലേയ്ക്കു് പ്രവേശിക്കുകയായിരുന്നു. സൈലൻസറില്ലാത്ത ബൈക്കിൽ ഞങ്ങളുടെ വീടുകളിൽ പതിവു സന്ദർശകനായിരുന്ന അങ്കിൾ ഒറ്റപ്പുത്രിയായ ഗ്ലോറിയാന്റിക്കു് പൈതൃകസ്വത്തായി കിട്ടിയ സുഖവാസനഗരത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ അവകാശിയായതോടെ, വല്ലപ്പോഴും വല്ല ചടങ്ങുകൾക്കു മാത്രമെത്തുന്ന ദൂരദേശവാസിയായി. എങ്കിലെന്തു്? അങ്കിളിനോടുള്ള സ്നേഹത്തിനും അങ്കിളിന്റെ വാത്സല്യത്തിനും ആ കാലവിരാമങ്ങളാൽ ആഴമേറിയതല്ലേയുള്ളു! ഒടുവിലൊടുവിൽ സുഖവാസസ്ഥലത്തെ പട്ടണപ്രമാണികളിലൊരുവനായി മാറിയ അങ്കിളിന്റെ ഉപകാരങ്ങളും ഉപദേശങ്ങളും തേടിയുള്ള യാത്രകൾ അങ്കിൾ-ആന്റിമാരുടെ സ്വത്തിന്റെ പങ്കുപറ്റാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു തുടങ്ങിയതോടെയാണു് ഞാനും ലീലയും അതിൽനിന്നു് ആവതും അകന്നുനിൽക്കാൻ തീരുമാനിച്ചതു്.
ദീർഘകാല വിരാമത്തിനുശേഷം എത്തിയതിനാലാവാം ഞങ്ങളുടെ സന്ദർശനം ഒരാഘോഷമാക്കി മാറ്റാനാണു് തീരുമാനം എന്നറിയിച്ചു് അങ്കിളും ആന്റിയും ചേർന്നു് ആ ദിവസത്തെ നാലായി ഭാഗിച്ചു. കുളിയും പ്രാതലും കഴിഞ്ഞു് യാത്രാക്ഷീണമകന്നാൽ, ഞങ്ങൾ ഒന്നിച്ചു് പട്ടണത്തിലേയ്ക്കു് പോകുന്നു. ഉച്ചവിരുന്നൊരുക്കാനുള്ള സാധനസാമഗ്രികൾ വാങ്ങി അങ്കിൾ-ആന്റിമാർ ‘ഗ്ലോറി വില്ല’യിലേയ്ക്കു് മടങ്ങുന്നു. (വിരസതയൊഴിവാക്കാൻ എന്തിലെങ്കിലും എപ്പോഴും ഏർപ്പെട്ടുകഴിയാൻ ഇഷ്ടപ്പെട്ടിരുന്ന അവർ വീട്ടുജോലിക്കാരെ ഒഴിവാക്കിയിരുന്നു. വിശേഷാൽ ദിവസങ്ങളിൽ ആന്റിയുടെ സഹായത്തിനു് ഡൊണാൾഡങ്കിളും കൂടുകയായിരുന്നു പതിവു്). മടങ്ങുന്ന വഴിക്കു് ഞങ്ങളെ ‘ഗ്ലോറി കോംപ്ലക്സിൽ’ ഇറക്കുന്നു. ഒരു നേരമ്പോക്കിനെന്നപോലെ വ്യാപാരസ്ഥാപനങ്ങളുടെ താൽക്കാലിക ചുമതല ഞാനും ലീലയും ഏറ്റെടുക്കണം. മേൽനോട്ടമെന്നു പറയാൻ പ്രത്യേകിച്ചൊന്നുമില്ല. എല്ലാം നോക്കിനടത്താൻ യന്ത്രങ്ങളുണ്ടു്. പോരാത്തതിന് ജോലിക്കാരും. “നിങ്ങൾക്കൊരു നേരമ്പോക്കും പിള്ളേർക്കു് നഗരത്തിലെ പുകിലുകൾ കാണാൻ ഒരു അവസരവും—അത്രതന്നെ’. ഡൊണാൾഡങ്കിൾ പറഞ്ഞു. വിരുന്നു് തയ്യാറായാൽ, അങ്കിൾ-ആന്റിമാർ മടങ്ങിവന്നു് ഞങ്ങളേയും കൂട്ടി ഗ്ലോറി വില്ലയിലേയ്ക്കു്, ഭക്ഷണശേഷം വേണമെങ്കിൽ ഒന്നുറങ്ങിയിട്ടു് പട്ടണത്തിലേയ്ക്കു് പോയി പാർക്കുകളും പരിഷ്ക്കാരകേന്ദ്രങ്ങളുമൊക്കെ കറങ്ങി വൈകുന്നേരം ലേക്കിലൂടെ ബോട്ടിംഗ് നടത്തി നേരം കിട്ടിയാൽ ഒരു സിനിമയും കണ്ടു്, ശേഷം പട്ടണത്തിലെ പ്രമുഖ ക്ലബ്ബായ ‘ബ്ലൂഹിൽ ക്ലബ്ബി’ൽ പോയി അത്താഴം കഴിച്ചുവന്നു് ‘നീണ്ടുനിവർന്നു് കിടന്നു് ഒരുറക്കം.’ അങ്കിൾ പറഞ്ഞവസാനിപ്പിച്ചു.
ഡൊണാൾഡങ്കിൾ തയ്യാറാക്കിയ പിക്നിക് പ്രോഗ്രാം ഒരു ഉത്തേജനമരുന്നുപോലെ ഞങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. ജൂലിക്കും കിറ്റിക്കുമായിരുന്നു കൂടുതൽ ഉത്സാഹം എന്നു പറയേണ്ടതില്ലല്ലോ. സാധാരണ ശകാരങ്ങൾക്കുശേഷം മാത്രം പല്ലുതേക്കാനും കുളിക്കാനുമൊക്കെ തയ്യാറാകുന്ന അവർ കുളിപ്പിച്ചൊരുക്കാൻ ലീലയോടു് ധൃതികൂട്ടുന്നതു കേട്ടു. ഡൊണാൾഡങ്കിൾ നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ ഞങ്ങൾ തയ്യാറായിക്കഴിയുകയും ചെയ്തു.
പട്ടണമദ്ധ്യത്തിൽ, ഇതര നഗരങ്ങളിൽനിന്നെത്തുന്ന നിരത്തുകൾ ഒത്തുകൂടുന്നിടത്തായിരുന്നു ‘ഗ്ലോറി കോംപ്ലക്സ്’, അങ്കിളിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കോൾഡ് സ്റ്റോറേജ്, ബുക്ക് സ്റ്റാൾ, കളിപ്പാട്ടക്കട, ടെലഫോൺ ബൂത്ത് എന്നിവയടങ്ങിയ ‘ഗ്ലോറി കോംപ്ലക്സ്.’ ഒരു വശത്തും ആന്റിയുടെ ചുമതലയിലുള്ള ബ്യൂട്ടി പാർലറും ലേഡീസ് സ്റ്റോറും ചേർന്ന ‘ഗ്ലോറി അനക്സ്’ എതിർവശത്തും. ഉടമസ്ഥരുടെ കസേരകളിലിരിക്കുന്ന അങ്കിളിനും ആന്റിക്കും നിരത്തിൽ തിരക്കില്ലാത്ത നേരത്തു് അന്യോന്യം കാണാവുന്നത്ര അകലം മാത്രം.
അങ്ങോട്ടോ ഇങ്ങോട്ടോ പോകണമെങ്കിൽ നിരത്തു് മുറിച്ചുകടക്കാൻ കാത്തു നിൽക്കേണ്ടതില്ല. നിരത്തിനടിയിലൂടെ നുഴഞ്ഞുപോകുന്ന ഭൂഗർഭപാതയുണ്ടു്.
ഗ്ലോറി കോംപ്ലക്സിലെത്തി ജോലിക്കാർക്കു് ഞങ്ങളെ പരിചയപ്പെടുത്തിയിട്ടു് അങ്കിൾ പറഞ്ഞു: “എൻജോയ് യുവേഴ്സെൽഫ്… പുസ്തകങ്ങൾ പുതിയതൊത്തിരി വന്നിട്ടുണ്ടു്. നിനക്കു വേണ്ടതെല്ലാം തപ്പിയെടുക്കു്. പിന്നെ ബൂത്തിൽപോയി എങ്ങോട്ടെങ്കിലുമൊക്കെ വിളിച്ചും കുറെ നേരം കളയ്… എടീ ലീലേ, പിള്ളേർക്കു് കുറെ നല്ല കളിപ്പാട്ടങ്ങള് തപ്പിയെടുത്തു കൊടുക്കു്. എന്നിട്ടു് നീ പോയി ബ്യൂട്ടി പാർലറിൽ കയറി ഒന്നു് ചമഞ്ഞൊരുങ്ങു്… ഒരുക്കം കഴിഞ്ഞു് നിന്നെക്കണ്ടാൽ തിരിച്ചറിയാതെ പോകരുതെന്നു മാത്രം.” പൊട്ടിച്ചിരിയൊതുങ്ങും മുമ്പു് അങ്കിൾ കാർ സ്റ്റാർട്ട് ചെയ്തു് പഴയ കാർ റേസുകളെ ഓർമ്മിപ്പിക്കുന്ന വേഗതയോടെ ഓടിച്ചുപോയി.
മുൻ സന്ദർശനങ്ങളിൽ ഞങ്ങൾ കണ്ട ഗ്ലോറി കോംപ്ലക്സ് അല്ലായിരുന്നു അതു്. വ്യാപാരസംവിധാനങ്ങളെല്ലാംതന്നെ യന്ത്രവത്കരിക്കുകയും നവീകരിക്കുകയും ചെയ്തിരുന്നു. വൈദേശിക യന്ത്രസാമഗ്രികൾ വാങ്ങാൻ അങ്കിളിനെ സഹായിച്ച ബാങ്കുകളുടെ പേരുകളും ഉദാരവത്കരണത്തിന്റെ പോസ്റ്ററുകളും ഓരോ കടയുടെ മുന്നിലും പ്രദർശിപ്പിച്ചിരുന്നു. ഭൂമിയെ ചുറ്റിവരിഞ്ഞു കിടക്കുന്ന ടെലഫോൺ കമ്പികളെല്ലാം എത്തിച്ചേരുന്ന ബൂത്ത് ഭൂഗോളത്തിന്റെ ആകൃതിയിൽ രൂപകല്പന ചെയ്യപ്പെട്ടിരുന്നു. കറങ്ങുന്ന കസേരകളിലിരുന്നു് റിസീവർ കൈയിലെടുക്കാതെതന്നെ സംസാരിക്കാനുള്ള നൂതന സംവിധാനമായിരുന്നു ബൂത്തിനുള്ളിൽ. കോൾഡ് സ്റ്റോറേജിലാകട്ടെ പച്ചമാംസം മാത്രമല്ല, യന്ത്രങ്ങൾ നിമിഷനേരത്തിൽ തയ്യാറാക്കിത്തരുന്ന ഭക്ഷ്യവിഭവങ്ങളും വിൽക്കപ്പെട്ടിരുന്നു. കോഴിയെ തിരഞ്ഞെടുത്തു് ടോക്കൺ ഇട്ടാലുടൻ കൺവെയർ ബെൽറ്റിലൂടെ പറന്നകലുന്ന കോഴിയെ യന്ത്രംതന്നെ കൊന്നു പാചകം ചെയ്തു് ചിക്കൻ ഫ്രൈ ആക്കി തിരികെ എത്തിക്കുന്ന സംവിധാനമായിരുന്നു പ്രത്യേക ആകർഷണീയത. കളിപ്പാട്ടക്കടയിലോ? കുട്ടികളുടെ സ്വപ്നങ്ങൾക്കുപോലും എത്താനാവാത്തത്ര വിസ്മയവൈചിത്ര്യങ്ങൾ നിറഞ്ഞിരുന്നു. കുട്ടികളെത്തന്നെ കളിപ്പാട്ടങ്ങളാക്കി കളിക്കുന്ന റോബോട്ട് കുട്ടികളായിരുന്നു കടയിലെ ഏറ്റവും പുതിയ അതിശയ വസ്തു. കളിപ്പാട്ടക്കടയ്ക്കു് പിന്നിലാവട്ടെ അത്യാകർഷകമായ ഒരു അമ്യൂസ്മെന്റ് പാർക്ക്. പാർക്കിലെ പ്ലാസ്റ്റിക് വൃക്ഷങ്ങൾക്കിടയിലിരുന്നു് നീട്ടിക്കൂകുന്ന ഇരുമ്പുകുയിലുകൾ. ശിഖരങ്ങളിൽ പറന്നുകളിക്കുന്ന ലോഹക്കുരുവികൾ. അത്യാധുനിക കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്കനുസരിച്ചുയരുന്ന പാശ്ചാത്യസംഗീതത്തോടൊപ്പം നൃത്തം ചെയ്യുന്ന ഗോറില്ലാവേഷധാരികൾ. പാർക്കിലെ ശീതോഷ്ണ സ്ഥിതി നിയന്ത്രിക്കുന്ന എയർക്കണ്ടീഷണറുകൾ. നിങ്ങൾക്കു് ഏതു് രാജ്യത്തെ കാലാവസ്ഥ ഇഷ്ടമാണോ അതും ഒരുക്കിത്തരുന്നു—കോണ്ടിനെന്റൽ, യൂറോപ്യൻ, മെഡിറ്ററേനിയൻ എന്നൊക്കെ എഴുതിയ സ്വിച്ചുകൾ മാറി മാറി അമർത്തുക.
പുസ്തകക്കടയിലും യന്ത്രങ്ങൾ എത്തിയിരുന്നു. എഴുത്തുകാരന്റെ പേരു് പറഞ്ഞാലുടൻ ബന്ധപ്പെട്ട ഷെൽഫിന്റെ നമ്പരും കൃതികളുടെ പേരുവിവരങ്ങളുമടങ്ങിയ കാർഡ് തപ്പിയെടുത്തു തരുന്ന യന്ത്രത്തത്തകളായിരുന്നു കടയുടെ വശ്യത. പുസ്തകത്തെപ്പറ്റി ഒരു ലഘുവിവരണം നൽകിയിട്ടു് പൈങ്കിളി മലയാളത്തിലുള്ള ചെറിയൊരു വിമർശനവും നടത്തുന്ന കണ്ണടവച്ച മറ്റൊരു തത്തയായിരുന്നു കൗതുകവസ്തുക്കളിൽ ഇനിയൊന്നു്.
ഗ്ലോറി അനക്സിലേക്കാകട്ടെ, സ്ത്രീകൾ ഉത്സവസ്ഥലത്തേക്കെന്നപോലെയാണു് പോകുന്നതു്. പ്രശസ്ത സിനിമാനടികളുടെയും പരസ്യമോഡലുകളുടെയും ഏറ്റവും പുതിയ വേഷവിധാനങ്ങളും ചമഞ്ഞൊരുങ്ങലുകളും ബ്യൂട്ടിപാർലറിനു് മുന്നിലെ സ്ക്രീനിൽ പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. പരിസരമെല്ലാം സൗന്ദര്യ വർദ്ധകവസ്തുക്കളുടെ പരിമളം നിറഞ്ഞിരുന്നു.
ഞങ്ങളോ? എട്ടരമണിക്കപ്പുറത്തെ സൗജന്യനിരക്കിനായി കാത്തിരുന്നു്, ഇരുട്ടത്തു് ഫോൺ ചെയ്യാനിറങ്ങുകയും പഴയ പുസ്തകങ്ങൾ വിൽക്കപ്പെടുന്ന നിരത്തുവക്കുകളിൽ ആളൊഴിയുമ്പോൾ വിലപേശാൻ കാത്തുനിൽക്കുകയും ചെയ്യാറുള്ള ഞാൻ. സൗന്ദര്യ പരിപാലനത്തിനു് വല്ലപ്പോഴുമൊരിക്കൽ നഖങ്ങളിൽ ക്യൂട്ടക്സ് പുരട്ടാൻ മാത്രം നേരം കണ്ടെത്തുന്ന ലീല. പൊതുസ്വത്തായ നാലഞ്ചു് കളിപ്പാട്ടങ്ങളുടെ പേരിൽ മിക്കപ്പോഴും വഴക്കുകൂടാറുള്ള കുട്ടികൾ. ഞങ്ങളുടെ മനസ്സിൽ കാട്ടുതീപോലെ എസ്. ടി. ഡി.-പുസ്തക-കളിപ്പാട്ട-സൗന്ദര്യവർദ്ധക മോഹങ്ങൾ ആളിക്കത്തേണ്ട അവസരം! എന്നാൽ സംഭവിച്ചതെന്തു്? മോഹസാഫല്യസാദ്ധ്യതകളുടെ ധാരാളിത്തത്താൽ മോഹാലസ്യം ബാധിച്ചതുപോലെ ഞാൻ ബുക്സ്റ്റാളിന്റെ വാതിൽക്കൽ ഡൊണാൾഡങ്കിളിന്റെ കസേരയിൽ ചടഞ്ഞിരിക്കുക മാത്രമാണുണ്ടായതു്. ലേഡീസ് സ്റ്റോറിന്റെ വാതിൽക്കൽ ഗ്ലോറിയാന്റിയുടെ കസേരയിൽ ലീലയും അതേ ഇരുപ്പു്. കുട്ടികൾ മാത്രം സെയിൽസ് ഗേൾസിന്റെ വാത്സല്യം നുണഞ്ഞു് കളിപ്പാട്ടക്കടയിലും അമ്യൂസ്മെന്റ് പാർക്കിലും കുറെ നേരം ചുറ്റിനടന്നു. എന്നിട്ടു് റോബോട്ട് കുട്ടികളെ കണ്ടപ്പോൾ പേടിച്ചുപോയ കിറ്റിയെ കളിയാക്കിക്കൊണ്ടു് ജൂലി അവളെ എന്റെ മടിയിൽ കൊണ്ടിരുത്തി, തനിയെ പോയി കോഴികളുടെ കശാപ്പുശാലകൂടി കണ്ടിട്ടു് അപ്പുറത്തെ കസേരയിൽ വന്നു് ഇരുപ്പായി. കുറച്ചു കഴിഞ്ഞു് അമ്മയെ കാണണമെന്നു പറഞ്ഞു് ഇരുവരും ശാഠ്യംപിടിച്ചു. ഭൂഗർഭപാതയിലൂടെ ഞാൻ അവരെ കൂട്ടിക്കൊണ്ടുപോയി ലീലയുടെ അടുത്തെത്തിച്ചിട്ടു് മടങ്ങി. എന്നാൽ, ഏറെ കഴിയും മുമ്പു് അവർ ലീലയുമൊത്തു് എന്റെ അടുത്തേക്കുതന്നെ വന്നു. ഇനി മടങ്ങി വരരുതെന്ന ശാസനയോടെയാണു് ഇത്തവണ കൊണ്ടുപോയതെങ്കിലും കുറെ കഴിഞ്ഞു് വീണ്ടും കുസൃതികൾ ലീലയെക്കൂട്ടി തിരികെയെത്തി. നഗരാനുഭവങ്ങളിൽ അവർക്കു് ഏറ്റവും ഇഷ്ടമായതു് ഭൂഗർഭപാതയിലൂടെയുള്ള സഞ്ചാരമാണെന്നു് മനസ്സിലായി. ശാസന തെറ്റിച്ചതിന്റെ ശകാരം കേട്ടപ്പോൾ ഭയന്നു് ജാള ്യതയോടെ ഇരുന്ന കുട്ടികൾ നിരത്തിലൂടെ കടന്നുവരുന്ന തൊട്ടടുത്ത കാർ അങ്കിളിന്റേതാവുമെന്നു് ആശിച്ചു് ഓരോ കാറും നോക്കിനോക്കിയിരിക്കാൻ തുടങ്ങി.
ലേഡീസ് സ്റ്റോറിനു മുന്നിലെ പാർക്കിങ് ഏരിയായിൽ ഡൊണാൾഡങ്കിളിന്റെ കാർ വന്നുനിന്നപ്പോൾത്തന്നെ അവർ അതു് കണ്ടെത്തുകയുംചെയ്തു. കാറിലിരുന്നുകൊണ്ടു് ഗ്ലോറിയാന്റി കൈയുയർത്തിക്കാട്ടി അവരെ വിളിച്ചതും ഇരുവരും തുള്ളിച്ചാടി പോകാൻ ധൃതികൂട്ടി. ഭൂഗർഭപാത അതിനകം അവർക്കു് നന്നായി പരിചയമായിക്കഴിഞ്ഞതിനാലാവാം “ഞങ്ങള് പൊക്കോട്ടെ?” എന്നൊരു ചോദ്യം ചോദിച്ചിട്ടു്, ജൂലി കിറ്റിയെയും കൈപിടിച്ചു് ഓടിയിറങ്ങി. എനിക്കു് തടസ്സം പറയാനാവും മുമ്പു് ഭൂഗർഭപാതയിലേക്കിറങ്ങിക്കഴിഞ്ഞു. അവരെ പിന്തുടരാനുള്ള ധൃതിയിൽ ജോലിക്കാരോടു് ഒന്നു യാത്ര പറയാനുള്ള നേരം മാത്രമെടുത്തു് ഞാൻ പുറപ്പെട്ടു. ഭൂഗർഭപാതയിലേയ്ക്കുള്ള പടവുകൾ ഇറങ്ങുന്നിടത്തുവച്ചു് എതിരേ കയറിവന്ന അസ്വസ്ഥമായ മുഖങ്ങളുള്ള രണ്ടു മൂന്നു യുവാക്കൾ എന്നെ തീരെ ശ്രദ്ധിക്കാതെ ഓടിക്കയറിപ്പോയതൊഴിച്ചാൽ ഭൂഗർഭപാത വിജനമായിരുന്നു. കുട്ടികൾക്കു് തൊട്ടു പിന്നാലെതന്നെ ഓടിയിറങ്ങിയിട്ടും അവരെ മുന്നിൽ കാണാത്തതിൽ ഞാൻ അമ്പരന്നു. പാതിയുമിരുണ്ടുകിടന്ന ഭൂഗർഭപാതയ്ക്കു് നടുവിലൂടെ നടന്നുനീങ്ങുന്ന രണ്ടു് പൂച്ചക്കുട്ടികളെ മാത്രമേ എനിക്കു് കാണാൻ കഴിഞ്ഞുള്ളു. ഒരു കൺകെട്ടു് വിദ്യയ്ക്കടിമപ്പെട്ടവന്റെ വിഭ്രാന്തിയോടെ ഞാൻ ആവുന്നത്ര വേഗം മുന്നോട്ടോടി. എന്റെ കാലൊച്ചകൾ കേട്ടു് തിരിഞ്ഞുനോക്കിയ പൂച്ചക്കുട്ടികൾ വാലുയർത്തിപ്പിടിച്ചു് എന്നെ കാത്തുനിന്നതു് കണ്ടപ്പോൾ അതു് ജൂലിയും കിറ്റിയും തന്നെയാണെന്നു് ഞാൻ മനസ്സിലാക്കി. സ്വപ്നത്തിലെ ഓരോ മറിമായങ്ങൾ നോക്കണേ! ഓമനമക്കൾ പൂച്ചക്കുട്ടികളായിമാറിയിട്ടും ഒരങ്കലാപ്പും തോന്നാതെ, കുട്ടികളെത്തന്നെ കണ്ടെത്തിയ ആശ്വാസത്തോടെ ഞാൻ കിതപ്പൊതുക്കി അവരെയും കൂട്ടി നടക്കാൻ തുടങ്ങി. പൂച്ചക്കുട്ടികളാകട്ടെ, അതിലേറെ സ്വാഭാവികതയോടെ എന്റെ കാലുകളിൽ തട്ടിയുരുമ്മി സ്നേഹപ്രകടനങ്ങൾ നടത്തിക്കൊണ്ടു് ഒപ്പം നടക്കുകയും… ഭൂഗർഭപാതയ്ക്കൊടുവിൽ, നിരത്തിലേയ്ക്കു് നടന്നുകയറുന്നിടത്തു് ലീല അക്ഷമയോടെ ഞങ്ങളെ കാത്തുനിൽക്കുകയായിരുന്നു. ഞങ്ങൾ നടന്നടുത്തതും എന്നെ ആശ്ചര്യത്തോടെ നോക്കിക്കൊണ്ടു് നിലവിളിശബ്ദത്തിൽ ലീല ചോദിച്ചു: “പിള്ളേരെവിടെ?” എന്തോ അനർത്ഥം സംഭവിച്ചതായി അപ്പോൾ മാത്രം ശങ്കിച്ചു്, പൂച്ചക്കുട്ടികളെ ചൂണ്ടിക്കാട്ടിയതും തലയ്ക്കുള്ളിൽ ഒരു മഞ്ഞുകട്ട ഉരുകുന്നതായി എനിക്കനുഭവപ്പെട്ടു. മഞ്ഞു കട്ടയുടെ സ്ഥാനത്തു് എന്റെ തലച്ചോറു് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയപ്പോൾ ഞാൻ ‘അയ്യോ’ എന്നു് നിലവിളിച്ചു് വിഭ്രാന്തിയോടെ നാലുപാടും നോക്കുകയായി. എന്റെ പരിഭ്രാന്തി കണ്ടു് ഭയന്നുപോയ പൂച്ചക്കുട്ടികൾ ഉറക്കെക്കരഞ്ഞുകൊണ്ടു് ലീലയുടെ കൈകളിലേയ്ക്കു് ചാടിക്കയറാനൊരുമ്പെട്ടു. ബഹളം കേട്ടു് കാറിൽനിന്നിറങ്ങിയ ഡൊണാൾഡങ്കിളും ഗ്ലോറിയാന്റിയും വാതിൽപോലും അടയ്ക്കാൻ മറന്നു് സ്തബ്ധരായി നിൽക്കവെ, എന്തു് ദുരന്തമാണുണ്ടായതെന്നറിയാതെ കുറെ വഴിപോക്കരും ഞങ്ങളെ നോക്കിനിൽക്കാൻ തുടങ്ങി. ഇതിനിടെ, കാറിന്റെ വാതിൽ തുറന്നുകിടക്കുന്നതു കണ്ടു് സൈഡ്സീറ്റ് കൈവശപ്പെടുത്താൻ വാശിയോടെ ഓടിക്കയറിയ പൂച്ചക്കുട്ടികളെ നോക്കി ലീല അത്യുച്ചത്തിൽ നിലവിളിച്ചു: “എന്റെ മക്കളേ!” ലീലയുടെ കണ്ടെത്തൽ ശരിയാണെന്നു് മനസ്സിലാക്കിയ ഗ്ലോറിയാന്റി ഒട്ടും വൈകാതെ ഞങ്ങൾ ഇരുവരുടെയും കൈകൾ ചേർത്തുപിടിച്ചു് വേഗം കാറിൽ കയറാൻ ആവശ്യപ്പെട്ടു. വഴിപോക്കരോടു് നീങ്ങിപ്പോകാൻ അപേക്ഷിച്ചു് ഡൊണാൾഡങ്കിളും കാറിലേയ്ക്കു് കയറി പെട്ടെന്നു് കാർ സ്റ്റാർട്ട് ചെയ്തു് അതു് വേഗത്തിലോടിച്ചു് ആളനക്കം കുറഞ്ഞ ഒരിടത്തു്, വഴിയോരത്തെ ഒരു ഉറക്കമരത്തിന്റെ തണലിൽ നിർത്തി. എന്നിട്ടു് നാടകീയമായി പിന്നിലേക്കു തിരിഞ്ഞു് എങ്ങിയേങ്ങിക്കരയുന്ന ലീലയോടും എന്നോടും സമാധാനപ്പെടാൻ ആംഗ്യം കാട്ടി, ഒരപൂർവ്വശബ്ദത്തിൽ പറഞ്ഞു: “ഈ പട്ടണം ഭൂതബാധയേറ്റു കഴിഞ്ഞതാണു് മക്കളേ! കലാപകാരികളും ചാരസംഘടനകളും എത്രയോ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു് പോയിക്കഴിഞ്ഞു. മയക്കുമരുന്നുകൾ ഊട്ടിവളർത്തി മനുഷ്യബോംബുകളാക്കാനും മാതാപിതാക്കൾക്കു് മടക്കി നൽകി വൻ തുകകൾ വസൂലാക്കാനും അവർക്കു് കുട്ടികളെ ആവശ്യമുണ്ടു്. നിങ്ങൾ സങ്കടപ്പെടേണ്ട സന്ദർഭമല്ലിതു്. ദൈവം നിങ്ങൾക്കു് എത്ര വലിയ ഒരു സഹായമാണു് നൽകിയിരിക്കുന്നതു്. ഭൂഗർഭപാതയിലൂടെ നടന്നപ്പോൾ പ്രച്ഛന്നവേഷക്കാരായ കലാപകാരികളുടെ കണ്ണിൽനിന്നു് രക്ഷിക്കാൻ കുട്ടികൾക്കു് അവരുടെ കാവൽമാലാഖമാർ നൽകിയ രൂപമാറ്റം മാത്രമാണിതു്. ഈ അഭിശപ്തനഗരം വിട്ടാലുടൻ നമ്മുടെ കുഞ്ഞുങ്ങൾക്കു് അവരുടെ സ്വരൂപങ്ങൾ തിരികെക്കിട്ടും.”
ഗ്ലോറിയാന്റിയുടെയും ആന്റിയുടെ തോളിലേയ്ക്കു് തലചായ്ചു് പാതിബോധത്തോടെ കിടക്കുന്ന ലീലയുടെയും മടിയിൽ ദയ തോന്നിപ്പിക്കുന്ന കിതപ്പുകളോടെ തല താഴ്ത്തിവച്ചു് കിടക്കുന്ന പൂച്ചക്കുട്ടികളെ ഡൊണാൾഡങ്കിൾ തലോടി ഓമനിച്ചു. തമ്മിൽ വലിയ പൂച്ചക്കുട്ടി അങ്കിൾ പറഞ്ഞതത്രയും ശരിയാണെന്നു് എന്നെയും ലീലയെയും നോട്ടത്തിലൂടെ ബോദ്ധ്യപ്പെടുത്തുന്നതായും തോന്നി.
ആ സമയത്തു് ഭീകരമായ ഇരമ്പത്തോടെ ഒരു പട്ടാളവണ്ടി എതിർ റോഡിൽ നിന്നു പാഞ്ഞടുത്തു. പുറത്തേക്കു് തോക്കുകൾ നീട്ടിയ ആ വണ്ടി ഗ്ലോറി കോംപ്ലക്സിനു് മുന്നിലെ നാൽക്കവലയെത്തിയപ്പോൾ പെട്ടെന്നു് നിന്നു. അതിൽനിന്നു് അത്യുച്ചത്തിലുള്ള അറിയിപ്പുകളുയർന്നു—പട്ടണത്തിൽ കലാപകാരികൾ കൂട്ടത്തോടെ പ്രവേശിച്ചിരിക്കുന്നു. പലയിടത്തും കുട്ടികളെ തട്ടിക്കൊണ്ടുപോയിക്കഴിഞ്ഞു. ജനങ്ങളെല്ലാം ജാഗരൂകരായിക്കുക. ആവതും വീടുകൾ അടച്ചിട്ടു സ്വസ്ഥമായി കഴിയുക. സംശയമുള്ള വീടുകൾ തെരയാൻ പട്ടാളക്കാരെ അനുവദിക്കുകയും ചെയ്യുക. പട്ടണത്തിൽ പെട്ടുപോയിട്ടുള്ള അന്യദേശവാസികൾക്കു് വൈകുന്നേരം ആറുമണിക്കു് പ്രത്യേകം ഏർപ്പാടു് ചെയ്യുന്ന റിലീഫ് ട്രെയിനിൽ പട്ടണം വിടാൻ സൗകര്യമുണ്ടെന്നുകൂടി അറിയിച്ചു് പട്ടാളവണ്ടി എയ്തു് വിട്ടതുപോലെ മറ്റെവിടേക്കോ പാഞ്ഞു പോയി.
പരിസരം മുഴുവൻ പെട്ടെന്നു വ്യാപിച്ച ഭീകരാന്തരീക്ഷത്തിൽ ഞങ്ങൾ ഇരിപ്പിടങ്ങളിൽ തറയ്ക്കപ്പെട്ടതുപോലെ നിശ്ചലരായി. അല്പനേരം കഴിഞ്ഞു് സ്റ്റിയറിങ്ങിൽ ഒരടി അടിച്ചു് ഡൊണാൾഡങ്കിൾ തന്റെ സ്വതസിദ്ധമായ ലാഘവബുദ്ധി വീണ്ടെടുത്തതോടെയാണു് ഞങ്ങൾ ദുരന്തത്തോടു് പോരാടാൻ തയ്യാറായതു്, “ഇനിവേഗം നമുക്കു് വീടെത്താം. നേരത്തേതന്നെ സ്റ്റേഷനിൽ പോയി വണ്ടിയിൽ സീറ്റ് പിടിക്കണം. തീവണ്ടി ഈ പട്ടണത്തിന്റെ കുന്നുകളിറങ്ങിയാലുടൻ കുഞ്ഞുങ്ങളെ അവരുടെ കാവൽ മാലാഖമാർ നമ്മുടെ കൈകളിൽ തിരികെ ഏല്പിക്കും. അങ്കിളാണു് പറയുന്നതു്… നിങ്ങൾ ഒന്നു കൊണ്ടും വിഷമിക്കാതെ ധൈര്യമായി ഇരിക്കു്.”
ഡൊണാൾഡങ്കിളിനെ വിശ്വസിക്കാൻ ഞാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ലീലയാവട്ടെ ഒരബോധാവസ്ഥയിലേയ്ക്കു് നീങ്ങിപ്പോകുമോ എന്നു് പേടിതോന്നിപ്പിക്കുന്ന മുഖഭാവത്തോടെ കരച്ചിലടക്കിയിരിക്കുന്ന ഗ്ലോറിയാന്റിയുടെ ശരീരത്തിലേയ്ക്കു് ചാഞ്ഞുചാഞ്ഞു് പോകുകയായിരുന്നു. അവളുടെ കണ്ണിൽനിന്നൊഴുകിയ കണ്ണുനീർ മടിയിലെ പൂച്ചക്കുട്ടിയുടെ മൃദുരോമങ്ങൾ നനച്ചു തുടങ്ങിയിരുന്നു. നമ്മുടെയൊക്കെ കണ്ണുകൾക്കു പിന്നിൽ ഇത്രയേറെ കണ്ണുനീർ എവിടെയാണു് ഒളിച്ചുവച്ചിരിക്കുന്നതു് എന്ന അവസരചിന്ത എന്റെ മനസ്സിലൂടെ കടന്നു പോയി.
പൂട്ടപ്പെട്ട കടകമ്പോളങ്ങളുടെ, അടച്ചിട്ട വീടുകളുടെ, വൻ വൃക്ഷങ്ങൾക്കിടയിലെ വഴിയുടെ വിജനതയുടെ, വ്യാകുലദൃശ്യങ്ങൾക്കിടയിലൂടെ ഞങ്ങളുടെ കാർ ഗ്ലോറി വില്ലയിലേയ്ക്കു് ഓടി. ഒരു പാതിരാനിരത്തുപോലെ ഗതാഗതം നിലച്ചു കിടന്നിരുന്നതിനാൽ അതു് അതിവേഗം എത്തിച്ചേരുകയും ചെയ്തു. കാറിൽ നിന്നിറങ്ങി, ഒരു മരണവീട്ടിലേക്കെന്നപോലെയാണു് ഞങ്ങൾ ഗ്ലോറി വില്ലയുടെ മുറ്റത്തേക്കു നടന്നു കയറിയതു്. യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോയിരുന്ന പൂച്ചക്കുട്ടികളെ ഗ്ലോറിയാന്റി ജൂലിയെയും കിറ്റിയെയും എന്നതുപോലെതന്നെ, അരുമയോടെ ഇരുകൈകൾകൊണ്ടും നെഞ്ചോടു് ചേർത്തുപിടിച്ചു് മുമ്പേ നടന്നു. ലീലയെ ഞാൻ കെട്ടിപ്പിടിച്ചു നടത്തി. അവളോടു് പറയാനുതകുന്ന ഒരു വാക്കുപോലും മനസ്സിൽ ഉരുവിടാത്തതിന്റെ വിമ്മിട്ടം എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
പൂച്ചക്കുട്ടികളെ ശ്രദ്ധയോടെ കിടക്കയിൽ കിടത്തിയിട്ടു് ഗ്ലോറിയാന്റി ലീലയെ താങ്ങിപ്പിടിച്ചു് കിടക്കയുടെ അരികിലിരുത്തി തോളിൽ തലോടി അവളോടു് എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുകയോ പ്രാർത്ഥിക്കുകയോ മറ്റോ ചെയ്തുകൊണ്ടിരുന്നു. ഡൊണാൾഡങ്കിളിന്റെ തടിയൻ ശരീരത്തിനരികിൽ തോന്നിയ അസംബന്ധമായ ആശ്രയബോധത്തോടെ ഞാൻ അങ്കിളിനോടു് ആവതുമടുത്തു്, എതിരെയുള്ള സോഫയിലിരുന്നു.
പൂച്ചക്കുട്ടികളുടെ ശ്വാസഗതികളിലും ഉറക്കത്തിനിടയിലെ ഞരക്കങ്ങളിലും മാത്രമായിരുന്നു ഏറെ നേരവും ഞങ്ങളുടെ ശ്രദ്ധ. രോഗക്കിടക്കയ്ക്കരികിലിരിക്കുന്നവരുടെ മനോനിലയോടെ ഖിന്നരായി ഇരുന്ന ഞങ്ങൾക്കിടയിൽ മൗനത്തിന്റെ ഒരദൃശ്യവൃക്ഷം വളരാൻ തുടങ്ങി. ഗ്ലോറി കോംപ്ലക്സിൽ നിന്നെത്തിയ ഫോൺ സന്ദേശമാണു് മൂകതയ്ക്കു് വിരാമമായതു്. കോംപ്ലക്സിന്റെ ഉരുക്കുവാതിലുകൾ പൂട്ടി സുരക്ഷാ ഏർപ്പാടുകൾ ചെയ്യാനും പണപ്പെട്ടികൾ ഭൂഗർഭ ലോക്കറുകളിലേയ്ക്കു് മാറ്റാനുമൊക്കെ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞിട്ടും ഡൊണാൾഡങ്കിൾ ഫോൺബന്ധം വിടുവിക്കാതെ അപ്രസക്തമായ മറ്റെന്തൊക്കെയോ ചോദിച്ചും പറഞ്ഞുംകൊണ്ടിരുന്നതു് ദുരന്തത്തിൽനിന്നു് ഞങ്ങളുടെ ശ്രദ്ധ അകറ്റാനുള്ള ശ്രമമായിരുന്നുവെന്നു് എനിക്കു തോന്നി. അതിനിടയ്ക്കു് ഗ്ലോറിയാന്റിയും സ്വാഭാവികതയുടെ നാട്യത്തോടെ എഴുന്നേറ്റു് അടുക്കളയിലേയ്ക്കു് പോയി ഞങ്ങൾക്കൊരുക്കിയ വിരുന്നു വിഭവങ്ങളിൽ എന്തൊക്കെയോ ചിലതു് എടുത്തുകൊണ്ടു വന്നു് ഭക്ഷണമേശമേൽ വച്ചു: “വിശന്നിരിക്കാതെ എന്തെങ്കിലും കഴിക്കു് കുഞ്ഞുങ്ങളെ. യാത്ര പോകേണ്ടതല്ലേ?” സങ്കോചത്തോടെയാണെങ്കിലും ഗ്ലോറിയാന്റി തന്റെ കടമ തീർക്കുന്നതുപോലെ ഞങ്ങളെ ഭക്ഷണമേശയിലേയ്ക്കു് ക്ഷണിച്ചു. അതു് ഒരുപചാരവാക്കു് മാത്രയായി തിരിച്ചറിഞ്ഞ ഞങ്ങൾ അനങ്ങിയതേയില്ല. എന്നാൽ, ഇഷ്ടവിഭവങ്ങളുടെ ഗന്ധമേറ്റിട്ടാകാം, പെട്ടെന്നുണർന്ന പൂച്ചക്കുട്ടികൾ കിടക്കയിൽനിന്നു് തൽക്ഷണം ചാടിയിറങ്ങി ഭക്ഷണമേശയിലേയ്ക്കു് ഓടിക്കയറി ആ പലഹാരപാത്രങ്ങളിൽ തലയിട്ടു് ആർത്തിയോടെ ഭക്ഷിക്കാൻ തുടങ്ങി. അതു കണ്ടതും ലീല മറ്റൊരു പൊട്ടിക്കരച്ചിലോടെ ഗ്ലോറിയാന്റിയുടെ തോളിലേയ്ക്കു് തലചായ്ച്ചു.
ഉറക്കവും ഭക്ഷണവും കഴിഞ്ഞപ്പോൾ ഉത്സാഹം വർദ്ധിച്ച പൂച്ചക്കുട്ടികൾ ഓടിനടക്കാൻ തുടങ്ങി. ഡൊണാൾഡങ്കിളും ഞാനും അവരെ പിന്തുടർന്നു് നടന്നു.
തുറന്നു കിടന്നിരുന്ന ജനാലകൾ ഏതൊക്കെയെന്നു് നോക്കി. അങ്കിൾ അതെല്ലാം ഓരോന്നായി അടച്ചിട്ടു. മുകൾനിലയിലൊരിടത്തു വച്ചു്, അങ്കിൾ അടുത്തില്ലാതിരുന്നപ്പോൾ ഞാൻ കുട്ടികളെ പേരെടുത്തു വിളിച്ചു. പൂച്ചക്കുട്ടികൾ ഇരുവരും പേരുകൾ തിരിച്ചറിഞ്ഞു് ജൂലിയെയും കിറ്റിയെയും പോലെതന്നെ എന്റെ മുഖത്തേക്കു നോക്കി. കുട്ടികളുടെ രൂപമാറ്റത്തെപ്പറ്റി പിന്നീടൊന്നും സംശയിക്കേണ്ടതില്ലാതിരുന്നെങ്കിലും ദുർചിന്തകളുടെ നൂലാമാലകൾ എന്റെ മനസ്സിൽ കെട്ടുപിണഞ്ഞു് കിടന്നു—ചിട്ടയോടെ ആസൂത്രണം ചെയ്ത ഒരു വൻ പദ്ധതിയനുസരിച്ചു് അങ്കിൾ-ആന്റിമാർ ഞങ്ങളുടെ കുട്ടികളെ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നോ? പെട്ടെന്നു് പൊട്ടിപ്പുറപ്പെട്ട കലാപം, പണം വാങ്ങാതെ പോയ കുതിരക്കാരൻ, അങ്കിൾ-ആന്റിമാരുടെ അമിതസ്നേഹപ്രകടനങ്ങൾ, ഗ്ളോറി കോംപ്ലക്സിലെ യന്ത്രസംവിധാനങ്ങളുടെ മാസ്മരികത—എല്ലാം ചേർത്തു് ചിന്തിച്ചപ്പോൾ ഞങ്ങളുടെ കുടുംബജീവിതം തന്നെ ഒരു അന്തർദ്ദേശീയ ഗൂഢാലോചനയ്ക്കു് അടിമപ്പെട്ടതാണോ എന്നുപോലും എനിക്കു് ഭീതി തോന്നി. എന്നിട്ടും മനസ്സിന്റെ മറ്റേപ്പാതിയിൽ പൂച്ചക്കുട്ടികൾ ജൂലിയും കിറ്റിയും തന്നെയാണെന്ന വിശ്വാസം നിറച്ചു്, ഞാൻ അവരെ ലീലയുടെ ദൃഷ്ടിയിൽനിന്നകറ്റി ഗ്ലോറിവില്ലയുടെ മുകൾനിലയിലെ മുറികളിലൂടെ കൊണ്ടുനടന്നു. അമ്മയുടെ തേങ്ങലുകൾ കേട്ടിട്ടാകാം പൂച്ചക്കുട്ടികൾ ഇടയ്ക്കിടെ വിഷണ്ണത കലർന്ന മുഖത്തോടെ താഴേക്കു് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കലമാൻകൊമ്പുകൾക്കിടയിലെ പുരാതന ക്ലോക്കിൽ അഞ്ചു മണിയടിച്ചപ്പോൾ ഞങ്ങൾ പുറപ്പെടാനൊരുങ്ങി. പലയിടത്തായി ചിതറിക്കിടന്ന ഞങ്ങളുടെ യാത്രാസാമഗ്രികൾ അങ്കിളും ആന്റിയും ചേർന്നു് തപ്പിയെടുത്തു്, പെട്ടികൾ തയ്യാറാക്കിക്കഴിഞ്ഞിരുന്നു. ലീല അതൊന്നും ശ്രദ്ധിക്കാതെ ഒരു ഭ്രാന്തിയുടെ മുഖത്തോടെ, കട്ടിൽക്കാലിൽ തല ചായ്ചു് കിടക്കുകതന്നെയായിരുന്നു. മറ്റെത്രയോ വിഷമസന്ധികളിൽ മനസ്ഥൈര്യം നഷ്ടപ്പെടുത്താതിരുന്നിട്ടുള്ള അവളുടെ തകർച്ച എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നിട്ടും ഞങ്ങളുടെ ദുരന്തം അങ്കിൾ-ആന്റിമാർക്കുണ്ടാക്കിയ ബദ്ധപ്പാടുകളോർത്തു് ഞാൻ നിയന്ത്രണം പാലിച്ചു് യാത്രാസന്നാഹങ്ങളിൽ സഹായിച്ചു്, പൂച്ചക്കുട്ടികളെ നിയന്ത്രിച്ചു് വേഗം പുറപ്പെടാൻ തയ്യാറായി.
ഗ്ലോറിവില്ല പൂട്ടി ഞങ്ങൾ യാത്രയാരംഭിച്ചപ്പോൾ, അകലെ പൂട്ടപ്പെട്ടു് കിടക്കുന്ന ഞങ്ങളുടെ വീടിന്റെ താക്കോൽ സൂക്ഷിച്ചിട്ടുള്ള അവളുടെ ഹാൻഡ്ബാഗ് എടുത്തോ എന്ന ചോദ്യത്തിനുപോലും ലീല മറുപടി പറഞ്ഞില്ല. താക്കോൽക്കൂട്ടം എടുത്തുകാട്ടി ഗ്ലോറിയാന്റി എന്നെ ധൈര്യപ്പെടുത്തിയതും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
കാറിലേയ്ക്കു് കയറുംവഴിയാണു്, കുട്ടികളെ തിരികെക്കിട്ടുംവരെ അവരും ഞങ്ങളോടൊപ്പം വരുന്നുണ്ടെന്നു് ഡൊണാൾഡങ്കിൾ വെളിപ്പെടുത്തിയതു്. പട്ടണം വിടുന്ന തീവണ്ടി സുഖവാസസ്ഥലത്തിന്റെ ചെങ്കുത്തായ മലകളിറങ്ങിച്ചെന്നു് ഒടുവിലത്തെ മല തുരന്ന ടണലും കടന്നു് പുറത്തെ ഗ്രാമവിസ്തൃതികളുടെ തുടക്കത്തിലെ താഴ്‌വാര സ്റ്റേഷനിൽ നിർത്തുമ്പോഴേക്കു് ജൂലിയും കിറ്റിയും അവരുടെ പൂച്ചവേഷങ്ങൾ അഴിച്ചെറിയുമെന്നു് അങ്കിൾ വീണ്ടും പ്രവചിച്ചു. അത്രയേറെ സ്നേഹത്തോടെ, സന്മനസ്സോടെ ഞങ്ങൾക്കു് തുണ നൽകുന്ന അങ്കിൾ-ആന്റിമാരെ ഞങ്ങളുടെ ദുരന്തത്തിനു പിന്നിലെ ഗൂഢാലോചനക്കാരായി സംശയിച്ച എന്നെ ഞാൻ വല്ലാതെ ഭർത്സിച്ചു. ആപത്ഘട്ടങ്ങളിൽ സ്വന്തം കൈകളെപ്പോലും സംശയിക്കുന്ന എന്റെ ചഞ്ചലമനസ്സിന്റെ പേരിൽ എനിക്കു് വല്ലാത്ത പശ്ചാത്താപം തോന്നി.
യാത്രയിലുടനീളം പൂച്ചക്കുട്ടികൾ ഗ്ലോറിയാന്റിയുടെ മടിയിൽ കിടന്നു് ഉറങ്ങുകയായിരുന്നു. സൈഡ് ഗ്ലാസ്സുകൾ അടയ്ക്കപ്പെട്ടിരുന്നതിനാലാവാം വശങ്ങളിലിരിക്കാൻ വഴക്കൊന്നുമുണ്ടാക്കാതെ ഇരുവരും ഉറക്കത്തിന്റെ തുരങ്കസഞ്ചാരം പകരം തിരഞ്ഞെടുത്തതു്. ലീല ഉറങ്ങുകയല്ലെന്നും കണ്ണുകൾ അടച്ചുപിടിച്ചിരിക്കുകയാണെന്നും അവളുടെ മുഖഭാവം വെളിപ്പെടുത്തി.
നഗരപാതകൾ ഏറെയും വിജനമായിരുന്നു. ഇടയ്ക്കിടെ ചില്ലുകളെല്ലാം മറച്ചു് കണ്ണുപൊട്ടന്മാരെപ്പോലെ കടന്നുപോയ വാഹനങ്ങൾ എല്ലാംതന്നെ സ്റ്റേഷനിലേക്കായിരുന്നു. സ്റ്റേഷനു മുന്നിൽ അവയോടൊപ്പം ഞങ്ങളുടെ കാറും പട്ടാളക്കാർ തടഞ്ഞു് നിർത്തി. ഡൊണാൾഡങ്കിളിന്റെ മേൽവിലാസമറിഞ്ഞതും തിടുക്കത്തിൽ പെട്ടികൾ പരിശോധിച്ചു്, കാറിന്റെ സംരക്ഷണവും ഏറ്റെടുത്തു് ഞങ്ങൾക്കു് സ്വാതന്ത്ര്യം നൽകുകയുംചെയ്തു.
ടിക്കറ്റെടുത്തപ്പോൾ പൂച്ചക്കുട്ടികളെ നോക്കി തെല്ലിട സംശയിച്ച ഡൊണാൾഡങ്കിൾ പെട്ടെന്നുതന്നെ വീണ്ടുവിചാരത്തോടെ ജൂലിക്കും കിറ്റിക്കും ചേർത്തു് ടിക്കറ്റ് വാങ്ങിയതു് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പ്ലാറ്റ്ഫോമിൽ ഭയചകിതരായ മനുഷ്യർ പരസ്പരം ഭീതിയോടെ ശ്രദ്ധിച്ചു് തിടുക്കത്തോടെ തീവണ്ടിയിലേയ്ക്കു് നടക്കുകയായിരുന്നു. കാരാഗൃഹങ്ങളെപ്പോലെ തോന്നിച്ച കമ്പാർട്ട്മെന്റുകളിലൊന്നിലേയ്ക്കു് ഞങ്ങളും കയറി. അറവുശാലയിൽ നിന്നു് രക്ഷപ്പെട്ടോടിയ മൃഗങ്ങളുടെ കണ്ണുകൾകൊണ്ടു് സാകൂതം നോക്കിയിരിക്കുന്ന യാത്രക്കാർക്കിടയിലൂടെ സൈഡ്സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന ഒരിടം കാണുംവരെ ഞങ്ങൾ തിരഞ്ഞു നടന്നു. അങ്ങനെയൊരിടത്തെത്തിയതും ലീലയെ താങ്ങിപ്പിടിച്ചു് ജനലരികിലിരുത്തി ഗ്ലോറിയാന്റി അവൾക്കരികെ ഇരുന്നു. എതിരേയുള്ള സൈഡ്സീറ്റിൽ ഉറങ്ങുന്ന പൂച്ചക്കുട്ടികളെ ഇരുവരെയും സൂക്ഷിച്ചു് കിടത്തി, അവരെ ലീലയുടെ കണ്ണിൽനിന്നും മറയ്ക്കും വിധം ഞാനും ഇരുന്നു. തന്റെ തടിയൻ ശരീരത്താൽ സഹയാത്രികരിൽനിന്നു് ഞങ്ങളെ മറച്ചുകൊണ്ടു് ഡൊണാൾഡങ്കിൾ അപ്പുറത്തും.
അധികം വൈകാതെ തീവണ്ടി പുറപ്പെടുന്നതിന്റെ അറിയിപ്പുകൾ ഉയരുകയും ഞങ്ങൾക്കരികിലെ ഇടങ്ങളെല്ലാം ഒടുവിലെത്തിയ യാത്രക്കാരാൽ പെട്ടെന്നുതന്നെ നിറയുകയും ചെയ്തു.
പുറപ്പെടാനുള്ള മണിനാദമുയർന്നിട്ടും തീവണ്ടിയിൽ വെളിച്ചം തെളിഞ്ഞതേയില്ല. പട്ടണമാകെ ഇരുണ്ടു കിടന്നിരുന്നതിനാൽ വിദൂരവിളക്കുകളുടെ സാന്ത്വന പ്രകാശവും തീവണ്ടിയിലേക്കെത്താനില്ലായിരുന്നു. അദൃശ്യമായ തീവണ്ടി, അങ്ങനെ കുറേ ശബ്ദങ്ങൾ മാത്രമായി പട്ടണം വിട്ടു. വേഗതയേറിയപ്പോൾ ഒരുറക്കുപാട്ടിന്റെ ഈണവും താളവും സ്വീകരിച്ച ആ ശബ്ദങ്ങളും പുറത്തുനിന്നു പറന്നു കയറിയ മലങ്കാറ്റിന്റെ തണുപ്പും… ഉറക്കത്തിലേക്കു വീണുകൊണ്ടിരുന്ന സഹയാത്രികരുടെ കണ്ണുകൾ ഇരുട്ടിൽ പാതിരാനക്ഷത്രങ്ങളെപ്പോലെ തെളിഞ്ഞു മാഞ്ഞുകൊണ്ടിരുന്നു. അവർക്കിടയിൽ ഇമകളടയാത്തത്ര വ്യാകുലതകളോടെ ഇരിക്കുന്ന ഞങ്ങൾ തകരുന്ന ഒരു കപ്പലിലാണു് യാത്ര ചെയ്യുന്നതെന്നു് എനിക്കു തോന്നി. ദൂരെക്കണ്ടപ്പോൾ അടുത്തേക്കു് വരുമെന്നാശിച്ച സഹായവഞ്ചികളെല്ലാം യഥാർത്ഥത്തിൽ അകന്നകന്നുപോകുകയാണു്. അകന്നുപോകുന്ന വഞ്ചികളിലെ, അടഞ്ഞടഞ്ഞു പോകുന്ന കണ്ണുകളിലേയ്ക്കു നോക്കി നോക്കി ഇരിക്കുമ്പോൾ ഇരുട്ടിൽ താണുപോയ എന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം മുങ്ങിപ്പൊങ്ങിക്കിടന്നു—സഹയാത്രികരേ, ഈ ദുഃഖത്തിന്റെ തീവണ്ടി നഗരവിഭ്രാന്തികളിൽ നിന്നു് കുതറിയോടി നെൽവയലുകളുടെ നിശ്ശബ്ദമായ അകലങ്ങൾക്കപ്പുറത്തെത്തുമ്പോൾ, ഞങ്ങളുടെ ഓമനമക്കൾ പൂച്ചക്കുട്ടികളുടെ രൂപം വെടിഞ്ഞു് ജൂലിമോളും കിറ്റിമോളുമായി മാറുകയും ഗ്രാമവൃക്ഷങ്ങൾക്കിടയിലെ ഞങ്ങളുടെ ഓടുമേഞ്ഞ ചെറിയ വീടു് വീണ്ടും ഒരു സുഖവാസസ്ഥലമായി മാറുകയും ചെയ്യുമോ?
ആ ചോദ്യത്തിലെ വികാരവായ്പിൽ എന്റെ കണ്ണുകൾ നനഞ്ഞുകൊണ്ടിരിക്കെ വലിയ ഒരാരവത്തോടെ തീവണ്ടി ടണലിലേയ്ക്കു് ഓടിക്കയറി. വീണ്ടും ഭൂഗർഭത്തിലെ മുഴക്കങ്ങൾ കേട്ടു് പൂച്ചക്കുട്ടികൾ നടുക്കത്തോടെ ഞെട്ടിയുണർന്നു് തലയുയർത്തിയതായി ഞാനറിഞ്ഞു. ആശ്വസിപ്പിക്കാനായി ഇരുവരെയും ഞാൻ തലോടിക്കൊണ്ടിരിക്കെ അവർ ഏതോ തയ്യാറെടുപ്പോടെ സാകൂതം പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകൾ തന്നെ ശ്രദ്ധിച്ചിരിക്കെ ജീവിതത്തിൽനിന്നു് മരണത്തിലേക്കു കടക്കുന്ന നിമിഷത്തിന്റേതെന്നു് തോന്നുമാറു് അത്യുത്കടമായ ഒരുദ്വേഗം എന്റെ മനസ്സിൽ ആളിക്കത്താൻ തുടങ്ങി.
അലർച്ചയവസാനിച്ചു് തീവണ്ടി ടണലിനു പുറത്തു കടക്കാൻ തുടങ്ങുമ്പോൾ ഇരുട്ടിനെ ഭേദിച്ചുകൊണ്ടു് നക്ഷത്രങ്ങൾ തെങ്ങിൻപൂക്കുലകൾപോലെ പൂത്തുലഞ്ഞുകിടക്കുന്ന ഒരാകാശദൃശ്യം അകലെ കാണാറായി. നെൽവയലുകളുടെ ഗന്ധം പേറുന്ന ഒരു കുളിർകാറ്റു് തീവണ്ടിയിലേയ്ക്കു് മെല്ലെ വീശാൻ തുടങ്ങി.
അപ്പോൾ പൂച്ചക്കുട്ടികളുടെ കണ്ണുകളിലെ മൃഗീയമായ പച്ചനിറം മാഞ്ഞു പോകുകയും അവിടെ മനുഷ്യനേത്രങ്ങളിലെ പ്രത്യാശയുടെ ആ തൂവെള്ളനിറം സൂര്യോദയംപോലെ തെളിയുകയും ചെയ്യുന്നതു് ഞാൻ അത്യാഹ്ലാദത്തോടെ നോക്കിയിരുന്നു.
1953-ൽ അയ്മനത്തു് ജനനം. റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടിൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്മസ് മരത്തിന്റെ വേരു്’ എന്ന കഥയിലൂടെ വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ചു് കഥകളേയെഴുതിയിട്ടുള്ളു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം.
ക്രിസ്മസ് മരത്തിന്റെ വേരു്, എന്നിട്ടുമുണ്ടു് താമരപ്പൊയ്കകൾ, ചരിത്രം വായിക്കുന്ന ഒരാൾ, ഒന്നാം പാഠം ബഹിരാകാശം.
ചിത്രീകരണം: വി. പി. സുനിൽകുമാർ