
അങ്ങനെ ഒരു ദിവസം അയാൾ വീടിനു് പുറത്തിറങ്ങി. കുറച്ചു് കാറ്റു് കൊള്ളണം. ശുദ്ധവായു ശ്വസിക്കണം. റോഡിലൂടെയൊക്കെ ഒന്നു് നടക്കണം. എ. ടി. എം-ൽ കയറി കുറച്ചു് കാശെടുക്കണം. നാണുവിന്റെ ചായക്കടേൽ കേറി ഒരു ചായ കുടിക്കണം. തിരിച്ചു വരുമ്പോൾ ആ മിലിട്ടറിക്കാരൻ രവീടെ വീട്ടിൽ നിന്നു് ഒരു കുപ്പി സംഘടിപ്പിക്കണം. കുറച്ചു് വറുത്ത നിലക്കടല വാങ്ങണം. ഓരോ ബാലരമയും ബാലഭൂമിയും വാങ്ങണം. ഓ ആ മായാവിയൊക്കെ ഇപ്പോ എന്തെടുക്കുകയാണോ ആവോ. ഡിങ്കനും കുട്ടൂസനും ഡാകിനിയുമൊക്കെ എന്തൊക്കെ വേലത്തരങ്ങളാവുമോ കാണിച്ചോണ്ടിരിക്കുന്നതു്.

ഗെയ്റ്റടച്ചു തിരിഞ്ഞപ്പോഴാണു് ഒരു പ്രശ്നം. ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയേണ്ടതു്. സാധാരണ ഗെയ്റ്റടച്ചു് വലതു കൈ കൊണ്ടു് അതിന്റെ കൊളുത്തൊന്നു് തട്ടിയിട്ടു് ശരീരം ഇടത്തോട്ടൊന്നു വെട്ടിക്കും. ഇന്നും അങ്ങനെ തന്നെയാണു് ചെയ്തിട്ടുള്ളതു്. അപ്പോൾ ഇടത്തോട്ടു തന്നെ.
റോഡിൽ വെയിലു വീണു കിടക്കുന്നുണ്ടു്. ചെരിഞ്ഞ വെയിലാണു്. വെയിലിനൊരു ഉഷാറില്ല. നിലാവുപോലുണ്ടു്. ഇതു് രാവിലത്തെ വെയിലാണോ അതോ വൈകുന്നേരത്തെ വെയിലോ. നിഴലുകൾ വീണു കിടക്കുന്നതു കാണാനും നല്ല രസമുണ്ടു്. കരിയിലകളും മരക്കമ്പുകളും വീണു് റോഡാകെ മൂടിക്കിടപ്പാണു്. ഇവിടെയെവിടെയോ ഒരു വലിയ കുഴി വേണ്ടതാണു്. തന്റെ റ്റൂവീലർ നിരന്തരം വീഴുന്ന കുഴിയാണു്. ഒരുപാടുവട്ടം പറഞ്ഞിട്ടാണു് വാർഡ് മെമ്പർ തൊഴിലുറപ്പുകാരെ കൊണ്ടു് കല്ലും മണ്ണുമിട്ടു് അതു് മൂടിയതു്.
പക്ഷേ, റോഡുകൾക്കു് മുമ്പെങ്ങുമില്ലാത്ത ഒരപരിചിതത്വമുണ്ടു്. അതയാളെ തുറിച്ചു നോക്കി. അയാൾ റോഡിലേക്കും തുറിച്ചു നോക്കി. കാൽമുട്ടിനു് എന്തോ ഏനക്കേടുണ്ടു്. അതുകൊണ്ടാണു് വലിച്ചു വലിച്ചു നടക്കേണ്ടി വരുന്നതു്. എന്തെങ്കിലും ഓയിൻമെന്റ് പുരട്ടിയിട്ടും കുറച്ചായി. തേയ്മാനം തന്നെയായിരിക്കും.
വയസ്സായിക്കൊണ്ടിരിക്കുകയല്ലേ. പെട്ടെന്നു് എന്തൊ ഓർത്തെന്ന പോലെ മേൽച്ചുണ്ടുയർത്തി മീശ മൂക്കോടു് മുട്ടിച്ചു് അയാൾ ഏന്തി വലിഞ്ഞു നോക്കി. യ്യോ… മീശ മുഴുവനും നരച്ചു പോയി. ഡൈ ചെയ്തിട്ടു് കുറച്ചു ദിവസായി. തലമുടി ചുരുൾ വലിച്ചു താഴ്ത്തി നോക്കി. മുടിയും നരച്ചു പോയി. ഇത്ര കാലം ഇതു വരെ ഡൈ ചെയ്യാതെ വെച്ചിട്ടില്ല. എന്തായാലും ഒരു ഹെയർ ഡൈ കൂടി വാങ്ങണം.
പെട്ടെന്നാണു് അയാൾക്കു മുന്നിൽ ഒരു മയിൽ പറന്നിറങ്ങിയതു്. യാതൊരു കൂസലുമില്ലാതെ അതു് അയാൾക്കു മുന്നിൽ മുഴുവൻ പീലികളും വിടർത്തി നിന്നു. അയാൾക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. അതും ഒരു മയിൽ തന്റെ മുന്നിൽ പീലി വിരിച്ചു്… ഒരു ഫോട്ടോയെടുക്കണം വാട്ട്സാപ്പിലും എഫ് ബി-യിലും പോസ്റ്റ് ചെയ്യണം. മൊബൈലെടുക്കാനായി കീശയിലേക്കു നീണ്ട കൈ പെട്ടെന്നു് നിരാശയോടെ തിരിച്ചു വന്നു. അതിനു് ഫോണെടുത്തിട്ടില്ലല്ലോ… നോക്കിയിരിക്കെ പീലി താഴ്ത്തി മയിൽ നടന്നു പോയി.

ഈ റോഡുകൾക്കു് എന്തോ ഒന്നു് നഷ്ടപ്പെട്ടിട്ടുണ്ടല്ലോയെന്നു് ഇടയ്ക്കിടെ അയാൾക്കു തോന്നാൻ തുടങ്ങി. ഇതിലൂടെ വാഹനങ്ങൾ പോയിട്ടു് കുറേയായെന്നു തോന്നുന്നു. ഇത്രയേറെ കരിയിലകളും മണ്ണും മരക്കമ്പുകളും എങ്ങനെ വന്നു. റോഡിലാവട്ടെ ടയറുകൾ ഉരുണ്ടതിന്റെ പാടുകളൊന്നുമില്ല. പെട്ടെന്നു് മുന്നിലൂടെ ഒരു പാമ്പിഴഞ്ഞു. ന്റെമ്മേ… ഒരലർച്ചയോടെ രണ്ടടി പിന്നോക്കം ചാടി. ഒച്ച കേട്ടാവണം പാമ്പു് സട കുടഞ്ഞെഴുന്നു് പത്തിവിടർത്തി. കരിമൂർഖനാണു്. ഒന്നൂതുകയേ വേണ്ടൂ. പാമ്പു് പതുക്കെ തലയിളക്കി. ഒറ്റക്കാലിൽ നിന്നു് അയാളും തലയിളക്കി. പരസ്പര ശത്രുതകളൊന്നും ബാക്കി ഇല്ലെന്ന ഉടമ്പടിയിൽ രണ്ടു പേരും രാജിയായി. മൂർഖൻ അതിന്റെ വഴിക്കിഴഞ്ഞു പോയി.
വെപ്രാളത്തിനിടയിൽ ഊരിത്തെറിച്ചു പോയ ചെരിപ്പു് തപ്പിയെടുത്തു് അയാൾ വീണ്ടും കാലിലിട്ടു നടന്നു തുടങ്ങി. ശരീരത്തിന്റെ വിറയലടങ്ങിയിട്ടില്ല. നെഞ്ചിടിപ്പിന്റെ വേഗം കുറഞ്ഞിട്ടുമില്ല. മനസ്സിനെ ശാന്തമാക്കുവാനെന്നോണം അയാൾ ഒരു ദീർഘനിശ്വാസമെടുത്തു പതുക്കെ വിട്ടു. ഒന്നു കൂടെയെടുത്തു പതുക്കെ വിട്ടു. എടുത്തു വിട്ടു. തറയിൽ അമർത്തി ചവിട്ടി ഒച്ചയുണ്ടാക്കികൊണ്ടാണു് പിന്നീടയാൾ നടന്നതു്. അപ്പോഴാണയാൾ റോഡിന്റെ മറ്റൊരുഭാവം കൂടി ശ്രദ്ധിച്ചതു്. റോഡിനു് ഒച്ചയില്ല. തന്റെ കാലടികൾ കരിയിലകളിൽ പതിക്കുന്നതല്ലാതെ റോഡിൽ വേറൊരു ശബ്ദവുമില്ല. ഇലയനക്കങ്ങളില്ലാത്ത പാതിരാ പോലെ ശബ്ദങ്ങളില്ലാതെ മരവിച്ചു കിടക്കുന്നു റോഡുകൾ…
അയാൾ ചെവി വട്ടം പിടിച്ചു. ചെവിക്കെന്തോ തകരാറു സംഭവിച്ചിട്ടുണ്ടു്. കാറ്റു നിറഞ്ഞതുപോലെ വലിയൊരു മൂളിച്ചമാത്രമുണ്ടു് ചെവിയിൽ. കുളത്തിൽ മുങ്ങുമ്പോൾ ചെവിയിൽ വെള്ളം കയറിയാലുണ്ടാവുന്നതു പോലൊരവസ്ഥ. പലപാടു് ചെവിയിൽ വിരലിട്ടു് തിരുകി നോക്കി. ശരിയാവുന്നില്ല. ചെറുപ്പത്തിൽ ചെയ്യാറുള്ളതുപോലെ വായും മൂക്കും ഒരു ചെവിയും അടച്ചുപിടിച്ചു് തല ചെരിച്ചു് ഒറ്റക്കാലിൽ തുള്ളാൻ തുടങ്ങി. ചെവിയിലെ മൂളക്കം ഒന്നു നിലച്ച പോലെ… സമാധാനമായി.
അയാൾ തലനേരെയാക്കി. അപ്പോഴുണ്ടൊരു കുറുക്കൻ വിചിത്രമായൊരു ജീവിയെയെന്നപോലെ അയാളെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടു് നിൽക്കുന്നു. പട്ടാപ്പ കലൊരു കുറുക്കൻ നടുറോട്ടിൽ യാതൊരു കൂസലുമില്ലാതെ ഒരു മനുഷ്യനെ നോക്കി നിൽക്കുന്നു. അയാൾക്കാണു് പേടി തോന്നിയതു്. ഭ്രാന്തൻ കുറുക്കനോ മറ്റോ ആവുമോ… എങ്കിൽ കഴുത്തിനാണു് ചാടിക്കടിക്കുക. അയാൾ ചുറ്റിലും ഒരു വടി പരതി. വടി കാലിൽ തടയുകയും ചെയ്തു. അതു് കുനിഞ്ഞെടുക്കുന്നതിനു മുമ്പേ കുറുക്കൻ അതിന്റെ വഴിയെ നടന്നു. ഏതായാലും കൈയിൽ ഒരു വടി കിട്ടി. സമാധാനമായി. ഇനി പാമ്പിനെ പേടിക്കണ്ട കുറുക്കനേയും പട്ടിയേയും പേടിക്കണ്ട. അയാൾ വീട്ടിൽ നിന്നും ഇറങ്ങിയ റോഡിലൂടെ നടന്നു നടന്നു് പ്രധാന നിരത്തിലേക്കിറങ്ങി.
പ്രധാനനിരത്തും ശൂന്യമായിരുന്നു. മഹായുദ്ധത്തിനു ശേഷമുള്ള ഏതോ പുരാതന നഗരത്തെ ഒരു ക്യാമറാമാൻ സെപിയ ടോണിൽ ഒപ്പിയെടുത്തതുപോലുണ്ടു്. കെട്ടിടങ്ങളൊക്കെ അടഞ്ഞുകിടക്കുന്നു. കടകളുടെ പേരുകൾ രേഖപ്പെടുത്തിയ ഫ്ലെക്സ് ബോർഡുകൾ ചിലതു് അതിന്റെ കൊളുത്തുകൾ വേർപ്പെട്ടു് തൂങ്ങി കിടക്കുകയാണു്. അയാൾ ചിലതു് വായിച്ചു നോക്കി. സൗമ്യ ബെയ്ക്കറി, ധന്യ ജ്വല്ലറി… ഇവിടെ എവിടെയൊ ആയിരുന്നു മോഡേൺ ഹെയർ കട്ടിംഗ് സലൂൺ. ഇല്ല ഒന്നും തുറന്നിട്ടില്ല. സത്യത്തിൽ സമയമെത്രയായി കാണും. ഇതു് രാത്രിയാണോ പകലാണോ. വെളിച്ചമുണ്ടു്. പക്ഷേ, ആകാശത്തു് സൂര്യനെ കാണുന്നില്ല. ഒരുപക്ഷേ, നട്ടപ്പാതിരായ്ക്കെങ്ങാനും സൂര്യനുദിച്ചതായിരിക്കുമോ. “പണ്ടൊരു നാളിൽ പട്ടണ നടുവിൽ പാതിര നേരം സൂര്യനുദിച്ചു” സ്ക്കൂളിലു് പഠിച്ച തുള്ളലോർമ്മ വന്നു. അതും സംഭവിച്ചുകൂടായ്കയില്ല.
രാത്രിയോ പകലോ, സമയമെത്രയായി കാണും, ഹർത്താലോ ബന്ദോ മറ്റോ ആണോ, അതോ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടോ ഇത്തരം ചോദ്യങ്ങളിൽ തടഞ്ഞു് ഉത്തരം കിട്ടാതെ നിരങ്ങി നീങ്ങി അയാൾ എ. ടി. എം. കൗണ്ടറിനു മുന്നിൽ എത്തി. സമാധാനമായി ഇനി കുറച്ചു കാശെടുത്തുകളയാം. തന്റെ അക്കൗണ്ടിൽ നിന്നെടുക്കണോ അതോ ഭാര്യയുടെ അക്കൗണ്ടിൽ നിന്നെടുക്കണോ എന്ന ചിന്തയിൽ കയ്യിലെ രണ്ടു് എ. ടി. എം. കാർഡുകളിലേക്കും അയാൾ മാറി മാറി നോക്കി. സർവ്വീസിൽ കയറി പത്തിരുപതു വർഷമായിട്ടും അവളുടെ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും എടുത്തിട്ടില്ല. എടുക്കേണ്ടി വന്നിട്ടില്ല എന്നതാണു് നേരു്. അവൾക്കു് വല്ലതും ആവശ്യമുണ്ടെങ്കിലും തന്റെ കാർഡാണു് ഉപയോഗിക്കുക. അവളുടെ അക്കൗണ്ടിൽ ഇപ്പോൾ എത്ര തുകയായിക്കാണും എന്നറിയാൻ അയാൾക്കു് പെട്ടെന്നൊരു കൗതുകമുണ്ടായി. അവളുടെ കാർഡിട്ടു് പിൻനമ്പറും അടിച്ചു് അയാൾ ഒരു നിമിഷം കാത്തു നിന്നു. യന്ത്രത്തിനു് ഒരനക്കവുമില്ല. കാർഡ് വലിച്ചെടുക്കാൻ നോക്കിയിട്ടു് അതു് കിട്ടുന്നുമില്ല. അയാൾ യന്ത്രത്തിനിട്ടു് രണ്ടു് തട്ടു കൊടുത്തു. ഊക്കിലൊന്നു് വലിച്ചപ്പോൾ യന്ത്രത്തിന്റെ ഒരു ഭാഗം ഒച്ചയുണ്ടാക്കിക്കൊണ്ടു് അടർന്നുവീണു. അതിന്റെ ട്രേയിൽ അടുക്കി വെച്ചിരുന്ന നോട്ടുകൾ പെട്ടെന്നു് അവിടമാകെ ചിതറി പറന്നു. രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു അധികവും. അഞ്ഞൂറിന്റേതുമുണ്ടായിരുന്നു. കുനിഞ്ഞു് നോട്ടുകൾ എടുക്കാനുള്ള ശ്രമത്തിൽ നിന്നും ഉടനെ അയാൾ പിൻവാങ്ങി. എ. ടി. എം.-ൽ നിരീക്ഷണ ക്യാമറകൾ കാണും. അതെന്നെ കൈയ്യോടെ പിടികൂടും എന്ന ചിന്തയാണു് അയാളെ അതിനു് പ്രേരിപ്പിച്ചതു്. തല ഉയർത്തി നോക്കിയപ്പോൾ പൊടിയും മാറാലയും പിടിച്ച ക്യാമറ തന്നെത്തന്നെ നോക്കുന്നതു കണ്ടു. പെട്ടെന്നു് കൈ ഉയർത്തി അയാൾ പറഞ്ഞു. ഇല്ല. ഞാനൊന്നും തൊട്ടിട്ടില്ല.
നോട്ടുകളിലൊന്നും ചവിട്ടാതെ എ. ടി. എം കൗണ്ടറിന്റെ വാതിലടച്ചു് അയാൾ ഒരു വിധം പുറത്തിറങ്ങി. വെറും നിലത്തു് ആ പണമങ്ങനെയിട്ടു് പോന്നതിൽ വല്ലാത്ത വേവലാതിയുണ്ടായിരുന്നു അയാൾക്കു്. അതാരെങ്കിലും എടുത്തു കൊണ്ടു പോകും തീർച്ച. കേസ് എന്നെ തേടി വരികയും ചെയ്യും. ക്യാമറ എല്ലാം കണ്ടിട്ടുണ്ടു്. ഇനി വരുന്നയാൾ ആ ക്യാമറ തന്നെ ഊരി കൊണ്ടു പോയാലോ. ങ്ങ് ആ എന്തോ ആവട്ടെ. എന്നാലും ഭാര്യയുടെ അക്കൗണ്ടിൽ എത്ര പണമുണ്ടെന്നറിയാൻ കഴിയാത്തതിൽ ഒരു മനോവിഷമമുണ്ടായി അയാൾക്കു്. ഭാര്യയെക്കുറിച്ചു് വലിയ അഭിമാനമായിരുന്നു അയാൾക്കു്. ഒരൊറ്റ രൂപ പോലും അവൾ അനാവശ്യമായി കളയില്ല. പിരിവുകാരോ ഭിക്ഷക്കാരോ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടാൽ ഓടിച്ചെന്നു് വാതിലും ജനലുമൊക്കെ അടച്ചു് ഒളിച്ചിരിക്കുന്ന പ്രകൃതം. പുറത്തു നിന്നവർ ഒരുപാടു് ഒച്ച വെച്ചും കാളിംഗ് ബെല്ലിൽ വിരലമർത്തിയും മടുത്തു് പോയിക്കോളും. പ്രളയദുരിതാശ്വാസം പിരിക്കാനെത്തിയ സഹപ്രവർത്തകരുടെ മുന്നിൽ ഒരിക്കലവൾ തോറ്റെന്നു കരുതിയതാണു്. പിരിക്കാനെത്തിയ സുധാകരൻ മാഷുടെ ഖദർക്കുപ്പായത്തിന്റെ പോക്കറ്റിൽ കൈയിട്ടു് ഒരഞ്ചു രൂപയുടെ നോട്ടു് വലിച്ചെടുത്തു് അവൾ പറഞ്ഞു. ഒരൊറ്റ പൈസ കൈയിലില്ല മാഷെ. കാശെടുക്കണമെങ്കിൽ ബാങ്കിൽ പോണം. അതു് സാരമില്ല മാഷ്ക്കു് ഞാൻ തന്നോളാം. തൽക്കാലം ഇതു് ചേർക്കു്. സുധാകരൻ മാഷ് നിന്നിടത്തു നിന്നു് ആവിയായിപ്പോയില്ലെന്നേയുള്ളൂ.
ഇടയ്ക്കിടെ ചിരിക്കാനുള്ള വക എന്തെങ്കിലും അവൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. കാഞ്ഞബുദ്ധിയാണു്. എവിടെയും തോറ്റു കൊടുക്കില്ല. ആരെയെങ്കിലും പറ്റിച്ചു് അതിൽ വലിയ രസം കണ്ടെത്തും. പത്തിരുപത്തിനാലു് വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി അവളെഴുതിയ കവിതാ സമാഹാരം വില്ക്കാനായി വന്നു. അമ്പതു രൂപയാണു് വില. ‘എല്ലാരും ഒരുമിച്ചും സ്നേഹത്തോടെയും ജീവിക്കുന്ന കാലം’, എന്നായിരുന്നു ആ കവിതാ പുസ്തകത്തിന്റെ പേരു്. ഭാര്യ വെറുതെ ആ പുസ്തകമൊന്നു് മറിച്ചു നോക്കി അവിടെത്തന്നെയിട്ടിട്ടു് പറഞ്ഞു: “അമ്പതു് രൂപയ്ക്കു് തിന്നാനുള്ള എന്തെങ്കിലുമായിരുന്നേലു് വയറു നിറഞ്ഞേനെ. ഇതിപ്പോ കവിത. എന്തു് ഗുണമാ കുഞ്ഞി ഈ കവിത കൊണ്ടുള്ളതു്. ” പെൺകുട്ടി ഒന്നും പറഞ്ഞില്ല. അവളപ്പോൾ ചിരിച്ചതിനു് വല്ലാത്ത തിളക്കമുണ്ടായിരുന്നു. പെൺകുട്ടി പറഞ്ഞു. “ഇതു വെച്ചോളു. ചേച്ചിയെനിക്കു് കാശൊന്നും തരണ്ട. എപ്പഴെങ്കിലും സമയം കിട്ടുമ്പോൾ ഒന്നു വായിച്ചു നോക്കണം.” അതും പറഞ്ഞു് അവൾ ഇറങ്ങി നടന്നു. എന്നിട്ടും ഭാര്യ വിട്ടില്ല. അവൾ വിളിച്ചു പറഞ്ഞു. “ഞാനിതു് വായിക്കാനൊന്നും പോവുന്നില്ല. വേണമെങ്കിൽ പട്ടിക്കാട്ടം കോരാനെടുക്കാം”
നാണുവിന്റെ ചായക്കട തുറന്നു കണ്ടില്ല. ഹെയർ ഡൈ വാങ്ങാറുള്ള ഫാൻസി ഷോപ്പും തുറന്നിട്ടില്ല. റോഡിന്റെ വീണ്ടുമൊരഭാവം പെട്ടന്നയാളുടെ ശ്രദ്ധയിൽ പെട്ടു. ഇത്ര നേരമായി ഒറ്റ മനുഷ്യർ പോലും ഇതിലെ കടന്നു പോയിട്ടില്ല. ഓ ഇതൊരു വിജനമായ പാതിരയാണു്. പാതിര നേരം സൂര്യനുദിച്ചതു തന്നെയാണു്. അല്ലെങ്കിൽ സൂര്യനെക്കാളുച്ചത്തിൽ ചന്ദ്രനുദിച്ചതാണു്. എല്ലാവരും ഉറങ്ങുകയാണു്. ആരും ഉണരാറായിട്ടില്ല. അയാൾ സ്വന്തം തലക്കിട്ടൊന്നു് കിഴുക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി.
ഗേറ്റിന്റെ ലോക്കൊന്നു് തട്ടി അകത്തു കടന്നു് അയാൾ കാളിംഗ് ബെല്ലിൽ വിരലമർത്തി നിന്നു. ഓ ബെല്ലടിയുന്നില്ല. കരണ്ടു് പോയിക്കാണും. വാതിലിൽ അമർത്തി മുട്ടി. ആരും വാതിൽ തുറന്നില്ല. എല്ലാവരും നല്ല ഉറക്കമായിരിക്കും. വരാന്തയിലെ ചാരുകസേരയിൽ പൊടിപിടിച്ചു കിടക്കുന്ന പുസ്തകം കണ്ടു. അയാൾ അതെടുത്തു് പൊടി തട്ടി നോക്കി. വേണ്ടത്ര കണ്ണുപിടിക്കുന്നില്ല. എങ്കിലും പുറംചട്ട വായിക്കാം. അയാൾ തപ്പി തപ്പി വായിച്ചു. ‘എല്ലാരും ഒരുമിച്ചും സ്നേഹത്തോടെയും ജീവിക്കുന്ന കാലം.’ ആരാണു് ഈ പുസ്തകം ഇവിടെ കൊണ്ടിട്ടതു്. ആദ്യത്തെ പേജ് മാറ്റി അയാൾ പുസ്തകത്തിനകത്തു കയറി. അക്ഷരങ്ങൾ കുറച്ചു കൂടി തെളിഞ്ഞു. ആദ്യത്തെ കവിത വായിക്കാൻ തുടങ്ങി.
എല്ലാരും ഒരുമിച്ചും സ്നേഹത്തോടെയും ജീവിക്കുന്ന കാലം.
“സുകുമാരൻ സുഭദ്ര സുധാകരൻ മൈമുന
വറീതു് മമ്മുഞ്ഞി കൊച്ചുത്രേസ്യാ കുഞ്ഞവറാൻ,
പണ്ഡിറ്റു് കുഞ്ഞാടൻ
കലന്തൻ മമ്മു, കോൺഗ്രസ് കുമാരൻ
കമ്മ്യൂണിസ്റ്റു് അപ്പനമ്പ്യാർ, പച്ച മൂസ
വെടി കല്യാണി, പാഷാണം കുഞ്ഞച്ചൻ
… … …
എല്ലാരും ഒരുമിച്ചും സ്നേഹത്തോടെയും
ജീവിക്കുന്ന കാലം ”
ഉറക്കെ വിളിച്ചിട്ടും ആരും തുറക്കാതായപ്പോൾ അയാൾ പതുക്കെ വാതിൽ തള്ളി. വലിയ പരിഭവമൊന്നുമില്ലാതെ വാതിൽ മലർക്കേ തുറന്നു. വീട്ടിനകത്തു് നല്ല ഇരുട്ടായിരുന്നു. അമർത്തിയപ്പോൾ ചുമരിലെ സ്വിച്ച് ബോർഡ് അയാളുടെ കൈയിലേക്കു് പറിഞ്ഞടർന്നു വീണു. മുറികളിലൊന്നും ആരും ഉണ്ടായിരുന്നില്ല. കുറേ എലികൾ ഒച്ചവെച്ചു് തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി. അതിലൊന്നു് അയാളുടെ ചുമലിലേക്കു് പാഞ്ഞുകയറി ചെവിയിൽ കടിച്ചു. ഇനി ഇവിടെ നിന്നൂട. എലികൾ കൂട്ടത്തോടെ ആക്രമിക്കും. അയാൾ പുറത്തേക്കിറങ്ങി ഓടി. ഓട്ടത്തിനിടയിൽ അയാളുടെ ഉടുമുണ്ടു് എവിടെയോ ഉടക്കി.

പുറത്തപ്പോഴും ആ ചത്ത വെയിൽ നിഴലുകൾ പുതച്ചു കിടന്നിരുന്നു. അടുത്ത വീട്ടിൽ ആരെങ്കിലുമുണ്ടോ എന്നു നോക്കണം. പറ്റുമെങ്കിൽ അവരെ വിളിച്ചുണർത്തി ചോദിക്കണം. കാളിംഗ് ബെൽ ശബ്ദിക്കാത്ത അയൽവീടിന്റെ വാതിലിൽ അയാൾ ഉറക്കെ ഇടിക്കാൻ തുടങ്ങി. പിന്നെ തൊട്ടടുത്ത വീട്ടിലേക്കോടി. അവിടെ നിന്നും അടുത്ത വീട്ടിലേക്കു്. ഓട്ടത്തിനിടയിൽ മുമ്പൊന്നും കണ്ടിട്ടില്ലാത്ത വലിയൊരു കുന്നു് പെട്ടെന്നു് അയാളുടെ വഴി തടഞ്ഞു. സുകുമാരൻ സുഭദ്ര സുധാകരൻ മൈമുന വറീതു് മമ്മുഞ്ഞി എന്നിങ്ങനെ പേരുകളുരുവിട്ടു് അയാളാ കുന്നു് പാഞ്ഞുകയറാൻ തുടങ്ങി. അയാളുടെ ചവിട്ടേറ്റ് അസ്ഥി ഖണ്ഡങ്ങളും തലയോട്ടികളും അന്തരീക്ഷത്തിൽ പറക്കാൻ തുടങ്ങി. കുന്നിന്റെ ഏറ്റവും മുകളിൽ മുട്ടുകുത്തിയിരുന്നു് ആകാശത്തേക്കു് കൈകളുയർത്തി അയാൾ ഉറക്കെ അലറാൻ തുടങ്ങി “ഇവിടെ ആരെങ്കിലുമുണ്ടോ. ഈ ലോകത്തു് ആരെങ്കിലും ബാക്കിയുണ്ടോ…?”

കണ്ണൂർ ജില്ലയിലെ വളപട്ടണത്തു് ജനനം. അച്ഛൻ കെ. നാരായണൻ, അമ്മ ടി. കാർത്യായനി. രാമവിലാസം എൽ. പി. സ്കൂൾ, വളപട്ടണം ഗവ: ഹൈസ്ക്കൂൾ, കണ്ണൂർ എസ്. എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മാനന്തവാടി ബി. എഡ് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോംപിയറായും, വിവിധ പ്രാദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിച്ചിരുന്നു. കുറേക്കാലം സമാന്തര കോളേജുകളിൽ അധ്യാപകനായി. പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണു്. അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും, മായാ ജീവിതം, സമകാലം (കഥകൾ) സാമൂഹ്യപാഠം, മഴനനഞ്ഞ ശലഭം, പുളിമധുരം, ഭൂതത്താൻ കുന്നിൽ പൂ പറിക്കാൻ പോയ കുട്ടികൾ (ബാലസാഹിത്യം) ജീവിതത്തോടു ചേർത്തുവെച്ച ചില കാര്യങ്ങൾ (അനുഭവം, ഓർമ്മ) ദൈവമുഖങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ മഴനനഞ്ഞ ശലഭം ഇംഗ്ലീഷിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. അബുദാബി ശക്തി അവാർഡ് (1992) ഭാഷാ പുരസ്ക്കാരം (2003) പി. ടി. ഭാസ്ക്കര പണിക്കർ അവാർഡ് (2014) ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം (2015) സാഹിത്യ അക്കാദമി അവാർഡ് (2018) പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേർസിറ്റി ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് (2017) കണ്ണാടി സാഹിത്യ പുരസ്ക്കാരം (2019) പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാല ശാസ്ത്രസാഹിത്യ അവാർഡ് (2019) എന്നിവ ലഭിച്ചിട്ടുണ്ടു്. കേരള ഫോക് ലോർ അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്ക്കാരം (2020). സമഗ്ര സംഭാവനയ്ക്കുള്ള സതീർത്ഥ്യ പുരസ്ക്കാരം (2020). കേരള സർക്കാർ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ മിഴിവു്-2021 ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ടു്. ഷോർട്ട് ഫിലിം ഡോക്യുമെന്ററി വിഭാഗങ്ങളിലായി പതിനഞ്ചിലേറെ സിനിമകൾ ചെയ്തിട്ടുണ്ടു്.
ഭാര്യ: നിഷ, മക്കൾ: വൈഷ്ണവ്, നന്ദന
ചിത്രീകരണം: വി. പി. സുനിൽകുമാർ