കോളിംഗ് ബെൽ തുടരെ തുടരെ അടിക്കുന്നതു് കേട്ടാണു് ഞെട്ടിയുണർന്നതു്.
മണി എത്രയായിക്കാണും? ഒരുപാടു നേരം ഉറങ്ങിയോ? ക്ഷീണിച്ചു വന്നു് കിടന്നുറങ്ങിയതല്ലെ. രണ്ടു് മൂന്നു് മണിയെങ്കിലും ആയിക്കാണും.
അരണ്ട നീല നിറത്തിലുള്ള ബെഡ്റൂം ലൈറ്റ് ഓൺ ചെയ്താൽ നിഴലുപോലെ പോലെ ക്ലോക്കിലെ സൂചികൾ കാണാം.
പന്ത്രണ്ടു് മണി!
ചെറുപ്പത്തിൽ ഏറ്റവും പേടിച്ചിരുന്ന അതേസമയം.
പഴയ മലയാള സിനിമകളിലും കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലും കല്ലറയുടെ അടപ്പു് മാറ്റി പ്രേതങ്ങൾ പുറത്തിറങ്ങുന്ന സമയം!!
കുട്ടിക്കാലത്തൊക്കെ പന്ത്രണ്ടു് മണിക്കു് ഉറക്കമില്ലാതെ കിടക്കുന്നതു് വലിയ പേടിയായിരുന്നു.
വീട്ടിലെ ക്ലോക്കിലാണെങ്കിൽ പന്ത്രണ്ടു് മണി നിരത്തി അടിക്കുകയും ചെയ്യും.
ഓരോ അടിയും ക്ർർർ… എന്നു് ഒന്നു നീട്ടിപ്പിടിച്ചു് പിന്നെ ചുറ്റികയടി പോലെ, ണിം എന്നു്.
അപ്പോൾ കണ്ണിറുക്കിപ്പിടിച്ചു് കിടക്കും.
‘അർജുനൻ, ഫൽഗുനൻ…’, ‘ആലത്തൂരെ ഹനു മാനേ…’ തുടങ്ങി സ്ഥിരം പേടിനിവാരണ വരികൾ മനസ്സിലോർത്തു്.
“ആരാണു്… ഇപ്പോൾ ഈ സമയത്തു്?… ഞാൻ പോയി നോക്കണോ?”
നീതയുടെ ചോദ്യം എന്നെ തിരിച്ചു കോളിംഗ് ബെല്ലിലേക്കു് കൊണ്ടുവന്നു.
അധികമൊന്നും ഉറങ്ങിയില്ലെങ്കിലും നാലഞ്ചു മണിക്കൂർ ഉറങ്ങിയ പ്രതീതിയാണു് തോന്നുന്നതെന്നു് മനസ്സിലോർത്തു. സാധാരണ തിരിച്ചല്ലേ തോന്നേണ്ടതു്?
“വേണ്ട. ഞാൻ നോക്കാം” എന്നു് പറഞ്ഞു് ഞാൻ വേഗം ലിവിങ് റൂമിലേക്കു് നീങ്ങി.
ചെറുതെങ്കിലും വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഇടനാഴി കഴിഞ്ഞു വേണം മുൻവാതിലിലെത്താൻ.
പത്തു് സെക്കൻഡ് ദൂരം താണ്ടാൻ ഏറെ സമയമെടുക്കുന്ന പോലെ തോന്നി.
1980-കളിൽ ഉണ്ടാക്കിയ അപ്പാർട്ട്മെന്റാണു്.
കഴിഞ്ഞ ആറേഴു വർഷമായി മാത്രമേ ഞങ്ങൾ ഇവിടെ താമസിക്കുന്നുള്ളൂ.
അതിനുമുമ്പു് ആരൊക്കെയാണു് താമസിച്ചിരുന്നതു്?
അവരിലാരെങ്കിലും ഈ ഫ്ലാറ്റിൽ മരിച്ചിട്ടുണ്ടോ?
നിശ്ശബ്ദരായി അവരുടെ ആത്മാക്കൾ ഈ ഇടനാഴിയിൽ നിൽക്കുന്നുണ്ടോ? നടന്നു പോകുന്ന എന്നെ അടിമുടി വെറുതെ നോക്കിക്കൊണ്ടു്? അവരെ തൊട്ടുരുമ്മിയാണോ ഞാൻ പോകുന്നതു്?
എന്തൊക്കെയാണു് ഞാൻ ഓർക്കുന്നതു്?! ഞാൻ സ്വയം ചോദിച്ചു.
എല്ലാം ഇന്നത്തെ പകലിന്റെ ബാക്കിയാണു്.
പുറത്തെ ലൈറ്റ് അകത്തു് നിന്നിടാമെന്നതു് സൗകര്യമായി.
ലൈറ്റിട്ടു് മുൻവാതിലിലെ പീപ്-ഹോളിൽ കണ്ണു് ചേർത്തു് വെച്ചു് നോക്കി.
അവിടെ ഒരു മെല്ലിച്ച സ്ത്രീ രൂപം!
മുടി അഴിച്ചിട്ടിട്ടാണു്.
മറ്റൊന്നും വ്യക്തമല്ല.
ഈശ്വരാ… പ്രേതങ്ങളുടെ താഴ്‌വരയിലെ അനുഭവങ്ങൾ അവസാനിച്ചിട്ടില്ലേ?
ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം ഏതെന്ന ഗൂഗിൾ അന്വേഷണമാണു് ഭാൻഗഢ് (Bhangarh) എന്ന രാജസ്ഥാനിലെ പുരാതന കോട്ടയിലേക്കും അതിനെച്ചുറ്റിയുള്ള ദുരൂഹതകളിലേക്കും ഞങ്ങളെ എത്തിച്ചതു്.
തലങ്ങും വിലങ്ങും ഗൂഗിളിൽ തെരഞ്ഞാലും ഒട്ടുമുക്കാലും സൈറ്റുകളും ഏറ്റവും ദൂരൂഹതയുള്ളതു് എന്നു് അടിവരയിട്ടു് സാക്ഷ്യപ്പെടുത്തുന്ന ഒരിടമാണിതു്.
രാജസ്ഥാനിലെ ആൽവർ ജില്ലയിൽ സരിസ്ക വനങ്ങൾക്കപ്പുറം പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കോട്ടയും അതിന്റെ തകർന്നടിഞ്ഞ നിരവധി അനുബന്ധ കെട്ടിടങ്ങളും ഭീതിപ്പെടുത്തുന്ന കഥകളുമായി നില കൊള്ളുന്നു.
അവിടെ പ്രേതങ്ങൾ മാത്രമാണത്രേ വാസം!
ഭാൻഗഢിനെപ്പറ്റിയുള്ള സാമാന്യ വിവരങ്ങളും ചില ചിത്രങ്ങളുമെല്ലാം ഗൂഗിളിൽ ഉണ്ടായിരുന്നു.
കോട്ടയുടെ ആദ്യത്തെ ചിത്രം കണ്ടപ്പോൾ തന്നെ നല്ല പരിചയം തോന്നി. എവിടെയോ കണ്ടു മറന്ന പോലെ.
കടും നീല ആകാശത്തിന്റെ ചെരുവിൽ കരിനീല മലനിരകളുടെയിടയിൽ കാലപ്പഴക്കത്തിന്റെ കാർക്കശ്യത്തോടെ തലയുയർത്തിനിൽക്കുന്ന പുരാതന കോട്ടയും അതിനു ചുറ്റുമുള്ള തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും കോട്ടയം പുഷ്പനാഥിന്റെയും ബ്രാം സ്റ്റോക്കറുടെയുമൊക്കെ വിവരണങ്ങളിലൂടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ട്രാൻസിൽവാനിയയിലെ കാർപാത്യൻ മലനിരകൾക്കിടയിലുള്ള ഡ്രാക്കുളക്കോട്ടയുടെ ഭാവനാ രൂപം തന്നെയല്ലേ എന്നു് പെട്ടെന്നു് ഓർത്തു.
“അതെ. രാജസ്ഥാനിലെ അരാവലി മലനിരകൾക്കിടയിൽ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഈ ഭൂതത്താൻ കോട്ട, ഇന്ത്യയിലെ ഡ്രാക്കുളക്കോട്ട തന്നെ!” മനസ്സിൽ സ്വയം പറഞ്ഞു. അതോ, ആരോ ചെവിയിൽ പതുക്കെ പറഞ്ഞതോ?
സൂര്യാസ്തമയത്തിനു് ശേഷമോ സൂര്യോദയത്തിനു് മുൻപോ ഒരു മനുഷ്യജീവി പോലും കോട്ടയിൽ കയറരുതത്രേ.
അങ്ങനെ ഉണ്ടായാൽ പിന്നീടയാൾ പുറംലോകം കാണില്ലെന്നാണു് വിശ്വാസം.
രാത്രിയിൽ പല അപശബ്ദങ്ങളും സ്ത്രീകളുടെ കരച്ചിലുകളുമെല്ലാം കോട്ടയിൽ നിന്നു് കേൾക്കാറുണ്ടെന്ന ഗ്രാമീണരുടെ സാക്ഷ്യപ്പെടുത്തലുകൾ വായിച്ചപ്പോൾ ചെറുതായി ഒരു പേടി തോന്നിയോ?
ഹേയ്, അങ്ങനെയങ്ങ് പേടിച്ചാലോ. സ്വയം ശാസിച്ചു.
കാലിമേയ്ക്കുന്നവർ പോലും, അന്തിയാവുമ്പോഴേക്കും കോട്ടയിൽ നിന്നു് വളരെ മാറിയുള്ള ഗ്രാമങ്ങളിൽ തിരിച്ചെത്തും; എണ്ണത്തിൽ നിരവധിയുള്ള നരിച്ചീറുകൾക്കു മാത്രം കോട്ടയും പരിസരവും വിട്ടുകൊടുത്തുകൊണ്ടു്.
അസമയത്തു് കോട്ടയിൽ കുടുങ്ങിപ്പോയ ഹതഭാഗ്യരുടേയും, കയറാൻ ശ്രമിച്ച സാഹസികരുടെയുമൊക്കെ അനുഭവങ്ങൾ ഗൂഗിളിൽ വായിച്ചതു് ശ്വാസം അടക്കിപ്പിടിച്ചു കൊണ്ടായിരുന്നു.
ഇരുൾ വീണു കഴിഞ്ഞു്, ഈ പ്രേതഭൂമിയിൽ അകപ്പെട്ടവരെ പിന്തുടർന്ന അരൂപികളുടെ പാദപതനങ്ങളെപ്പറ്റിയും, ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ധൈര്യം തെളിയിക്കാൻ എത്തിയവർക്കു് ശൂന്യതയിൽ നിന്നു കിട്ടിയ ഇരുട്ടടിയെ പറ്റിയുമെല്ലാം വളരെ വിശദമായിത്തന്നെ പലരും എഴുതിയിട്ടുണ്ടു്.
ഇതുകൊണ്ടൊക്കെ തന്നെയാണത്രേ സൂര്യാസ്തമയത്തിനു ശേഷം കോട്ടയിൽ കയറുന്നതു് നിയമവിരുദ്ധമായി പുരാവസ്തു വകുപ്പു തന്നെ വിലക്കിയിട്ടുള്ളതു്.
ഡെൽഹിയിൽ നിന്നു് ഏകദേശം ഇരുന്നൂറു് കിലോമീറ്റർ മാത്രം അകലത്തുള്ള ഈ സ്ഥലം ഇത്രയും കാലം എങ്ങനെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോയി?
1998 മുതൽ, അവധി ദിവസങ്ങൾ കിട്ടുമ്പോഴൊക്കെ ഡെൽഹിക്കു ചുറ്റുമുള്ള, കാണാനും കറങ്ങാനും പറ്റിയ സ്ഥലങ്ങളെപ്പറ്റി ലോൺലി പ്ലാനറ്റ് ഗൈഡിലും ഇന്റർനെറ്റിലുമൊക്കെ നിരവധി തവണ തിരഞ്ഞിട്ടുണ്ടെങ്കിലും, വെറും നാലോ അഞ്ചോ മണിക്കൂറിൽ എത്താവുന്ന ഈ അപൂർവ്വ സ്ഥലം ഇതുവരെ എങ്ങനെ ഒളിഞ്ഞു കിടന്നു എന്നതു് അദ്ഭുതം തന്നെ!
ഇതിനു മുമ്പു് ആരും ഇത്തരമൊരിടത്തെപ്പറ്റി പറഞ്ഞിട്ടില്ല. സ്ഥിരം സഞ്ചാരികളായ സുഹൃത്തുകൾ പോലും!
എന്തുകൊണ്ടു് ഇപ്പോൾ ഈ ഗൂഗിൾ സെർച്ച് ചെയ്യാൻ തോന്നി? ആർക്കറിയാം?
ചിലപ്പോൾ… നമ്മൾ എപ്പോൾ എന്തു ചെയ്യുമെന്നും, പിന്നെ എന്തൊക്കെ ഉണ്ടാകുമെന്നും നമുക്കറിയില്ലല്ലോ.
ഭൂതപ്രേതങ്ങളുടെ സ്വാധീനതയിലുള്ള സ്ഥലങ്ങൾക്കു് ഒരു പ്രത്യേകതയുണ്ടത്രെ.
അവിടെ എപ്പോൾ ആരു വരണം എന്നതു് മുമ്പേ നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും.
നിശ്ചിത സമയത്തു്, എത്തേണ്ടവർ അവിടെ എത്തിയിരിക്കുകയും ചെയ്യും!
അങ്ങനെ ഞങ്ങൾ ഭാൻഗഢ് യാത്രയുടെ തയ്യാറെടുപ്പു് തുടങ്ങി.
പതിവിൽ നിന്നു് വ്യത്യസ്തമായി ഞങ്ങൾ നാൽവർ മാത്രമായി യാത്ര പോകേണ്ട എന്നതായിരുന്നു ആദ്യ തീരുമാനം.
വിജനമായ, ദുരൂഹതയുള്ള, ഒരിടത്തു് ഞങ്ങൾ മാത്രം ചെന്നു് കുടുങ്ങിയാലോ എന്നോർത്തപ്പോൾ തന്നെ ചെറിയ ഒരസ്വസ്ഥത തോന്നി.
വളരെ അടുത്ത ഒന്നോ രണ്ടോ കുടുംബങ്ങളെക്കൂടി കൂടെക്കൂട്ടിയാൽ എല്ലാവർക്കും കൂടി അടിച്ചു് പൊളിച്ചു് പോയി വരാമല്ലോ.
വളരെയേറെ യാത്രകൾ ഞങ്ങൾ ഒറ്റയ്ക്കു് ചെയ്തിട്ടുണ്ടു്. അതിൽ ഡെൽഹിയിൽ നിന്നു് കേരളം വരെ പോയതും, ഹിമാലയത്തിലെ ദുർഘടം പിടിച്ച നിരവധിയിടങ്ങൾ താണ്ടി പിത്തോറാഗഢ് വരെ പോയി വന്നതുമൊക്കെ പെടും.
അന്നൊന്നും ഏറെ ആളെക്കൂട്ടാൻ തോന്നാതിരുന്നതും ഇപ്പോൾ ഒരു ഏകദിന ട്രിപ്പിനു് സഹയാത്രികരെ തേടാൻ തോന്നിയതും വളരെ വിചിത്രമായി തോന്നി.
ഭയത്തിന്റെ വിത്തുകൾ എവിടെയോ മുളയെടുക്കുന്നുണ്ടോ?
പ്രേത ഭൂമിയിൽ ഒറ്റയ്ക്കു ചെന്നു പെട്ടുകൂടാ എന്നു് ഒരു തോന്നൽ മനസ്സിൽ എവിടെയോ രൂഢമൂലമായിരുന്നു.
ഞങ്ങളുടെ യാത്രകളിൽ കൂടെവരാൻ പൊതുവേ സന്നദ്ധത കാണിക്കാറുള്ള കൂട്ടുകാരോടൊക്കെ ഈ ചെറിയ ഏകദിന സഹയാത്രയെക്കുറിച്ചു് സംസാരിച്ചു തുടങ്ങി.
ജയരാജ്-ദീപ; അഷിത-പ്രമോദ്; സുനിൽ സാർ-രഞ്ജിത എന്നീ മൂന്നു ഫാമിലികളിലായിരുന്നു ഞങ്ങൾക്കു് ഏറ്റവും പ്രതീക്ഷ.
പക്ഷേ… വിചാരിച്ചത്ര ആവേശകരമായ പ്രതികരണം കിട്ടിയില്ല.
യാത്ര മാർച്ചിൽ ആയതിനാൽ ബാങ്കിലെ തിരക്കുകൾ മൂലം വരാൻ പറ്റില്ല എന്നായിരുന്നു ജയരാജിന്റെ പ്രതികരണം.
“ങ്ങള് പോയിട്ടു് വാ; അടുത്ത ട്രിപ്പ് ഞങ്ങള് പൂവാം” എന്നാണു് പ്രമോദ് ചിരിച്ചുകൊണ്ടു് പറഞ്ഞതു്.
ഇവരൊക്കെ ഒഴിവുകഴിവു പറയുന്നതു് ഭൂതത്താൻ കോട്ടയിലേക്കു് പോകാനുള്ള മടി കൊണ്ടോ അതോ വ്യക്തിപരമായ ബുദ്ധിമുട്ടു് ഉള്ളതുകൊണ്ടു കൊണ്ടോ?
മനസ്സിൽ സംശയം കൂടിക്കൊണ്ടിരുന്നു.
സുനിൽ സാർ-രഞ്ജിത ടീം (ഏകമകൻ രോനക്കും) പക്ഷേ, കട്ട സപ്പോർട്ട് തന്നു.
“നമുക്കെന്തായാലും പോയി നോക്കാം. എന്തെങ്കിലും പറ്റിയാൽ തന്നെ ഒന്നിച്ചല്ലേ”
രഞ്ജിതയുടെ ആത്മവിശ്വാസമുള്ള വാക്കുകൾ കുറച്ചൊരു ധൈര്യം തന്നു.
എന്തായാലും അന്നൊക്കെ കൂട്ടുകാർക്കൊപ്പമുള്ള വൈകുന്നേര ചർച്ചകളിലെല്ലാം ഭാൻഗഢും പ്രേതങ്ങളും നിറഞ്ഞുനിന്നു.
കൂട്ടത്തിൽ പലരും പല പ്രേതകഥകളും പറഞ്ഞു തന്നു. വളരെ ചുരുക്കം സ്വന്തം അനുഭവങ്ങൾ; ഏറെയും മറ്റുള്ളവരുടെ.
ജയരാജ് പറഞ്ഞ ഒരു കഥയിൽ കാറിൽ സഞ്ചരിക്കുന്നവരെ ഇമവെട്ടാതെ നോക്കിനിന്ന, വെള്ള സാരി ധരിച്ച, മുടി അഴിച്ചിട്ട ഒരു സ്ത്രീരൂപം മനസ്സിലെവിടെയോ ആഴത്തിൽ പതിഞ്ഞു.
പലരും ഞങ്ങളെ താക്കീതു ചെയ്തു. വെറുതെ വയ്യാവേലി വലിച്ചു് വെയ്ക്കാൻ പോണോ?
ഇത്തരം സ്ഥലങ്ങളിൽ പോകാൻ തീരുമാനിച്ചാൽ തന്നെ അനർത്ഥങ്ങൾ സംഭവിച്ചു തുടങ്ങുമത്രെ.
നിങ്ങൾ വരുന്ന വിവരം ഞങ്ങൾ അറിഞ്ഞിരിക്കുന്നു എന്നു് എങ്ങനെയെങ്കിലും ആത്മാക്കൾ നമ്മളെ അറിയിച്ചിരിക്കുമത്രെ!
പലപ്പോഴും കൂട്ടത്തിലുള്ള ഒരാളെ ആയിരിക്കുമത്രെ ഇത്തരം സന്ദേശങ്ങൾ അറിയിക്കാനായി അവർ തിരഞ്ഞെടുക്കുക.
കഴുത്തിലെ രക്തമൂറ്റിക്കുടിച്ചു് ഡ്രാക്കുള തന്റെ ഇച്ഛാനുസാരം പ്രവർത്തിക്കുന്ന അനുയായിയെ ഉണ്ടാക്കുന്നതു പോലെയോ? ഞാൻ എന്നോടു് തന്നെ ചോദിച്ചു.
(ആരായാലും അതു് നീതയാവരുതേ എന്നു് പ്രാർത്ഥിക്കുകയും ചെയ്തു!)
ആരെ ആയിരിക്കും അവർ തിരഞ്ഞെടുക്കുക?
എങ്ങനെയായിരിക്കും ഞങ്ങളെ അവർ അടയാളമറിയിക്കുക?
പ്രേതങ്ങൾ തെരഞ്ഞെടുക്കുന്ന ആളെ തിരിച്ചറിയാനുള്ള എളുപ്പവിദ്യ, ആരുടെ കാലാണു് നിലം തൊടാത്തതെന്നു് നോക്കുകയാണെന്നാണു് പൊതുവേ ഞങ്ങളെല്ലാവരും കളിയായി പറഞ്ഞിരുന്നതു്.
കാര്യം തമാശയ്ക്കാണെങ്കിലും പിന്നീടു് പലപ്പോഴും സഹയാത്രികരാവണ്ടവരെ കാണുമ്പോഴൊക്കെ ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ അവരുടെ പാദങ്ങളിലേക്കു് പോയിരുന്നു!
ഇതിനിടെ പലരാത്രികളിലും ദുഃസ്വപ്നം കണ്ടു് ഞെട്ടിയുണരുകയും അതിനു ശേഷം ഉറക്കം വരാതെ കിടക്കുകയും എനിക്കു് ഒരു പതിവായി.
ആരോടെങ്കിലും പറഞ്ഞാൽ പിന്നെ എന്നെ കളിയാക്കിക്കൊല്ലും എന്നതിനാൽ ആ വിവരം എന്നിൽ മാത്രമൊതുങ്ങി.
നാൽപതിലധികം വർഷങ്ങൾക്കു ശേഷം, ‘അർജ്ജുനൻ, ഫൽഗുനൻ…’, ‘ആലത്തൂരെ ഹനുമാനെ…’ തുടങ്ങിയ വരികൾ വീണ്ടും ഞാൻ ഉരുവിട്ടു തുടങ്ങി. കണ്ണു് ഇറുക്കിയടച്ചു കൊണ്ടു്!
അങ്ങനെ യാത്ര പോകാനുള്ള ദിവസം അടുത്തടുത്തു വന്നു.
ഇതുവരെ പ്രത്യേകിച്ചു് ഒരു അടയാളവും കിട്ടിയില്ലല്ലോ എന്നു് കരുതി ആശ്വസിച്ചിരിക്കുമ്പോഴാണു് ഒരു വിചിത്രമായ കാര്യം സംഭവിക്കുന്നതു്.
ഔദ്യോഗികമായ ചില കാരണങ്ങളാൽ സുനിൽ സാർ വീട്ടിലില്ലാത്ത ഒരു രാത്രി.
ജെ. എൻ. യു.വിലെ എം. ഫിൽ. വിദ്യാർത്ഥിയായിരുന്ന രോനക് ഏറെ നേരമിരുന്നു് പഠിച്ചശേഷം ക്ഷീണിച്ചു് ലിവിങ് റൂമിൽ തന്നെ ഉറങ്ങിപ്പോയി.
ഏകദേശം രണ്ടു്… രണ്ടേകാൽ മണിയായിക്കാണും.
ക്ർർണിം… ക്ർർണിം… ക്ർർണിം
ഫോൺ നിർത്താതെ അടിക്കുന്നു.
രോനക് ഞെട്ടിയുണർന്നു് ഫോണെടുത്തു.
മറുവശത്തു നിന്നു് ശബ്ദമൊന്നുമില്ല. കുറച്ചു നേരം ഹലോ പറഞ്ഞു് ഫോൺ തിരികെ വെച്ചപ്പോൾ വീണ്ടും ബെല്ലടിച്ചു!
ഇതു് രണ്ടുമൂന്നു തവണ ആവർത്തിച്ചപ്പോൾ ഫോൺ ഡിസ്കണക്റ്റ് ചെയ്തു രോനക് ഉറങ്ങി.
പിന്നെ എല്ലാ ദിവസവും രാത്രി ഇതാവർത്തിച്ചു.
“ഒക്കെ ശരിയായി” എന്നു് പറഞ്ഞു ടെലിഫോൺ ലെയിൻമാൻ പോയ ദിവസം രാത്രിയും ഫോൺ പതിവു പോലെ റിങ് ചെയ്തു!
പിന്നീടങ്ങോട്ടു് എല്ലാ രാത്രികളിലും!!
ഈ വിവരങ്ങൾ എല്ലാവരും അറിഞ്ഞപ്പോൾ തമാശയായി ആരോ ചോദിച്ചു.
“ഇതു് ഭാൻഗഢിൽ നിന്നുള്ള അടയാളമാണോ?”
“നിങ്ങൾ വരുന്നുണ്ടെന്നു് വിവരം കിട്ടി എന്നു് അറിയിക്കുകയാണോ ആത്മാക്കൾ?”.
“അങ്ങനെയാണോ” ഞാൻ സ്വയം ചോദിച്ചു.
“ആണു് ” എന്നു് ആരോ ഉത്തരം പറഞ്ഞോ? ഹേയ്. ഇല്ല, തോന്നിയതാവും.
കാര്യമെന്തായാലും പിന്നീടുള്ള രാത്രികളിൽ സുനിൽ സാറും കുടുംബവും ഫോൺ ഡിസ്കണക്റ്റ് ചെയ്തേ കിടക്കാറുള്ളൂ.
അങ്ങനെ ആ ദിവസവും വന്നെത്തി.
2015 മാർച്ച് 14. രാവിലെ ആറു മണിയോടെ ഞങ്ങൾ ഏഴുപേർ ഭാൻഗഢ് യാത്ര തുടങ്ങി.
രണ്ടു് കാറുകളിൽ ഞങ്ങൾ തന്നെ ഡ്രൈവ് ചെയ്തു് പോകുന്നതിനു പകരം, എല്ലാവരും ഒന്നിച്ചു ഒരു ടാക്സിക്കാറിൽ പോകാമെന്നു തീരുമാനിച്ചതു് യാത്രയ്ക്കു് ഏതാനും ദിവസങ്ങൾക്കു് മുമ്പായിരുന്നു.
വെവ്വേറെ വാഹനങ്ങളിൽ യാത്ര ചെയ്താൽ ഏതെങ്കിലും ഒരു കൂട്ടർക്കു് എന്തെങ്കിലും അപകടം വന്നു് അവർ ഒറ്റപ്പെടുമോ എന്നു് എനിക്കുണ്ടായിരുന്ന ഒരു ആശങ്കയും ഈ തീരുമാനത്തിനു് പിന്നിലുണ്ടായിരുന്നു.
യാത്ര തുടങ്ങി അരമണിക്കൂർ കഴിഞ്ഞില്ല, ഒരു വിധം ശക്തമായി മഴ തുടങ്ങി. നല്ല കാറ്റും.
മാർച്ച് പകുതി സമയത്തു് ഇത്തരമൊരു മഴ പതിവില്ല.
എന്താണു് പ്രകൃതിയ്ക്കൊരു ഭാവമാറ്റം? അതും, ഇന്നുതന്നെ.
അല്പം കഴിഞ്ഞപ്പോൾ മഴ കുറഞ്ഞു. നേരിയ ചാറ്റൽ മഴയിൽ, വെള്ളം തെറിപ്പിച്ചു്, ചീറിപ്പാഞ്ഞു് ഞങ്ങളുടെ കാർ മുന്നോട്ടു നീങ്ങി. ഇരുപുറവും, ഹരിയാനയിലെ ഗ്രാമങ്ങൾ പുതിയ ദിനത്തിലേക്കു് ഉറക്കച്ചടവോടെ ഉണർന്നു തുടങ്ങിയിട്ടേ ഉള്ളൂ.
ഓരോന്നാലോചിച്ചു് ചെറുതായി മയക്കത്തിലേക്കു് വഴുതി വീണു.
ഉണർന്നപ്പോൾ രാജസ്ഥാൻ അതിർത്തിയിൽ കയറി എത്രയോ ദൂരമെത്തിയിരുന്നു.
പത്തു മണിയോടെയെങ്കിലും ഭാൻഗഢ് എത്തുമായിരിക്കും.
സരിസ്ക വനമേഖലയും താണ്ടി, മഴ തോർന്ന വഴികളിലൂടെ കടന്നു പോകുമ്പോൾ മാർച്ച് മാസത്തെ രജപുത്താന ഗ്രാമഭംഗി ശരിക്കും ആസ്വദിക്കാൻ പറ്റി.
ഇടയ്ക്കൊക്കെ വെളിമ്പ്രദേശങ്ങളിൽ മയിലുകളെക്കണ്ടു.
പലപ്പോഴും ഒട്ടകങ്ങളെയും; സംഘങ്ങളായിപോകുന്ന രാജസ്ഥാനി നാടോടികളെയും.
ചെമ്മരിയാടിന്റെ കൊച്ചു പറ്റങ്ങളും, വീട്ടുസാധനങ്ങളും കുഞ്ഞുകുട്ടി പരാധീനതകളുമൊക്കെയായാണു് ഇത്തരം സംഘങ്ങൾ നാടു് ചുറ്റാറു്.
പുരുഷൻമാരുടെയും ആൺകുട്ടികളുടേയും തലേക്കെട്ടുകളും, അതിനൊപ്പം തന്നെ ചന്തമാർന്ന സ്ത്രീകളുടെ ദുപ്പട്ടകളും ശിരോവസ്ത്രങ്ങളുമൊക്കെ ആയപ്പോൾ ശരിയ്ക്കും ഒരു രാജസ്ഥാൻ ടച്ചു് വന്നു.
പുതുമഴയിൽ കുളിച്ചു് ഈറനായി നിൽക്കുന്ന പച്ചപ്പുകൾ കണ്ടാൽ ആരും പറയില്ല, രണ്ടു മാസങ്ങൾക്കു ശേഷം വേനൽച്ചൂടിൽ വരണ്ടു് പൊരിഞ്ഞു കിടക്കാൻ പോകുന്ന ഒരു പ്രദേശമാണിതെന്നു്.
ബ്രേക്ക്ഫാസ്റ്റെന്ന പേരിൽ ചെറുകിട പലഹാരങ്ങളൊക്കെ കഴിച്ചതിനാൽ ഇനി ഉച്ചഭക്ഷണം മതി എന്നായിരുന്നു പൊതു തീരുമാനം. അതിനാൽ വഴിയിലെങ്ങും നിർത്താതെ തന്നെ യാത്ര തുടർന്നു.
‘ഭാൻഗഢ്-10 കി. മീ’ എന്നെഴുതിയ വഴിയോരക്കല്ലു് പ്രേതഭൂമി അടുത്തുവെന്നു് ഓർമ്മിച്ചപ്പോൾ വീണ്ടും മനസ്സു് അസ്വസ്ഥമായോ?
കാറിന്റെ ചില്ലിലൂടെ വീണ്ടും വഴിയോരക്കാഴ്ചകളിലേക്കു് കണ്ണയച്ചു.
കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഗോതമ്പു്, ബാർലി പാടങ്ങൾ.
മുട്ടോളം മാത്രം മുതിർന്ന പച്ചപ്പു്, പരവതാനി വിരിച്ചിരിക്കുകയാണു് റോഡിനിരുപുറവും. നോക്കെത്താ ദൂരം പച്ചപ്പു മാത്രം!
കുറച്ചു കൂടി യാത്ര ചെയ്തപ്പോൾ… അതാ പച്ചപ്പാടത്തിനു നടുവിൽ ഒരു സ്ത്രീ രൂപം. ചെണ്ടുമല്ലിയോടടുത്തു നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രം താഴോട്ടു് വിശാലമായി ഊർന്നു് വീണു കിടക്കുന്നു.
എന്തെങ്കിലും കൃഷിപ്പണി ചെയ്യുകയായിരിക്കും. പക്ഷേ, കൃത്യമായി കാണാൻ പറ്റില്ല.
ഏകദേശം ഒരു കിലോമീറ്ററെങ്കിലും അകലെയല്ലേ.
പെട്ടെന്നാണു് ഞാൻ അതു് ശ്രദ്ധിച്ചതു്. ആ രൂപം എന്നെത്തന്നെ തുറിച്ചു നോക്കുകയാണോ? കാറ് നീങ്ങുന്നതിനൊപ്പം ആ രൂപവും നീങ്ങുന്നുണ്ടോ? എന്നിൽ നിന്നു് കൃത്യ അകലം പാലിച്ചു്?
അതെ… ഇത്ര അകലത്തു നിന്നും ആ തിളക്കമാർന്ന ചെറിയ കണ്ണുകൾ എനിയ്ക്കു് കാണാം.
ദൈവമേ… ഇതെന്തൊരു പരീക്ഷണം? പട്ടാപ്പകലും ഞാൻ പേടിച്ചു് തുടങ്ങിയോ?
ഇപ്പോൾ രൂപം കുറച്ചു കൂടി വ്യക്തമാകുന്നുണ്ടോ? കിരീടം വെയ്ക്കാത്ത ഒരു തെയ്യം ശിരോവസ്ത്രം ഞാത്തിയിട്ടു് പാടശേഖരത്തിനു നടുവിൽ നിൽക്കുകയാണോ?
സംശയങ്ങൾ പെരുകിയപ്പോൾ ഞാൻ സഹയാത്രികരുടെ ശ്രദ്ധ, ആദ്യം ഭംഗിയുളള ആ പ്രകൃതി ദൃശ്യത്തിലേക്കും, പിന്നെ… എന്റെ സംശയങ്ങളിലേക്കും ക്ഷണിച്ചു.
വലിയൊരു കൂട്ടച്ചിരിയായിരുന്നു ഉത്തരം. രോനക്കിന്റെ നേതൃത്വത്തിൽ അപ്പുണ്ണിയും (എന്തിനധികം, കണ്ണുണ്ണി വരെയും) ചിരിയ്ക്കാൻ തുടങ്ങിയപ്പോൾ ‘എലിക്കു് പ്രാണവേദന; പൂച്ചക്കു് വിളയാട്ടം’ എന്ന ചൊല്ലു് ഓർമ്മ വന്നു.
“അതെ. ബാബു അങ്കിളിനെ സ്വീകരിക്കാൻ കുറച്ചു മുമ്പേ തന്നെ വന്നതാ അവർ. അതു് കൊണ്ടാ അങ്കിളിനെത്തന്നെ നോക്കുന്നതു്”
എന്നു് രോനക് കളിയായി പറഞ്ഞപ്പോൾ, എന്റെ മനസ്സു് ചോദിച്ചു.
“ഇനി… ശരിയ്ക്കും അങ്ങനെ തന്നെയാണോ?”.
ഇടംകണ്ണിട്ടു് പാടത്തേയ്ക്കു് നോക്കിയപ്പോൾ വീണ്ടും തുളച്ചു കയറുന്ന ആ നോട്ടം.
മുമ്പു കേട്ട കഥയിലെ സ്ത്രീ രൂപത്തെപ്പോലെ ഈ ചെണ്ടുമല്ലിത്തെയ്യവും ഇമ വെട്ടാതെ നോക്കുന്നതിലാണോ സ്പെഷലൈസ് ചെയ്തിരിക്കുന്നതു്?
ഭാഗ്യത്തിനു്, ഒരു വളവെടുത്തു് കാർ മുന്നോട്ടു് പോയപ്പോൾ മഞ്ഞച്ചേച്ചി പുറകിലായി.
രണ്ടു് മിനിറ്റ് കഴിഞ്ഞില്ല, റോഡിന്റെ മറ്റേ വശത്തെ പാടത്തു് അതാ അതേ രൂപം!
എല്ലാ സഹയാത്രികരും പുതിയ ചെണ്ടുമല്ലിയേയും കണ്ടു. അതോടെ അവർക്കു് കുറച്ചു് നേരം കൂടി ചിരിക്കാനുള്ള വക കിട്ടി.
രണ്ടും രണ്ടു പേരായിക്കൂടേ? ഏകദേശം ഒരേ തരം വസ്ത്രമണിഞ്ഞവർ?
മനസ്സിലെ യുക്തിവാദി സമാധാനിപ്പിച്ചു.
പക്ഷേ… എന്തോ എനിക്കപ്പോൾ യുക്തിയൊന്നും ഏൽക്കാത്ത ഒരവസ്ഥയായിരുന്നു.
കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ചെറിയ ഒരു ജനസഞ്ചാരമുള്ള നാട്ടിൻപുറം കൂടി കഴിഞ്ഞു. ഭാൻഗഢ് കോട്ട ദൂരെ നിന്നു് കണ്ടു തുടങ്ങി.
ചെണ്ടുമല്ലിയെ ഇനി കാണില്ല എന്നു് കരുതിയപ്പോൾ അതാ റോഡരുകിലുള്ള ചെറിയ ഒരു സംഘം നാട്ടുകാർക്കിടയിൽ മറ്റൊരു മഞ്ഞത്തിളക്കം!
“എന്നെത്തന്നെ നോക്കുകയാവും. പക്ഷേ… ഞാൻ എന്തായാലും അങ്ങോട്ടു് നോക്കി പ്രോത്സാഹിപ്പിക്കില്ല”. ഞാൻ സ്വയം പറഞ്ഞു.
തുറിച്ചുനോട്ടക്കാരുടെ നോട്ടം നിർത്താൻ പെൺപിള്ളേർ ഉപയോഗിക്കുന്ന പ്രധാന അടവു്, അവരെ തീർത്തും അവഗണിക്കുകയാണു് എന്നു് നീത പറഞ്ഞുതന്നതു് ഓർത്തു.
പൂവാലന്മാരെ നേരിടുന്ന അതേ രീതി തന്നെ ഈ പൂവാലിയെ നേരിടാൻ ഉപയോഗിയ്ക്കാം.
താമസിയാതെ കോട്ടയ്ക്കു് മുമ്പിൽ കാറു നിർത്തി.
ഇന്റർനെറ്റിൽ കണ്ട പോലെ, ഗേറ്റിൽ തന്നെ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണങ്ങൾ എഴുതി വെച്ച ബോർഡുണ്ടു്.
ഒരു പെട്ടിക്കടയ്ക്കടുത്തു് നാലോ അഞ്ചോ നാട്ടിൻപുറക്കാരും, ഒന്നു് രണ്ടു് കാറുകളും, ഏതാനും ചില ബൈക്കുകളുമൊഴിച്ചു് മറ്റൊന്നുമില്ല.
കോട്ടവാതിൽക്കൽ നിന്നു് പുറത്തേക്കു് നോക്കിയാലുള്ള കാഴ്ച അവിസ്മരണീയമാണു്.
നാലു ഭാഗവും മലകളാൽ ചുറ്റപ്പെട്ട ഒരു അതിമനോഹര താഴ്‌വരയിലാണു് കോട്ട നിൽക്കുന്നതു്.
അരാവലി മലനിരകളുടെ ഭംഗി ഇത്ര ഗംഭീരമായി മറ്റെങ്ങും കണ്ടിട്ടില്ല.
കോട്ടവാതിലിനഭിമുഖമായി നിൽക്കുന്ന രണ്ടു് മലകൾ ഒരു വലിയ വില്ലു് പോലെ കാണപ്പെട്ടു.
ബാൺഗഢാണോ പിന്നെ ഭാൻഗഢായതു്? ആർക്കറിയാം?
അകത്തേയ്ക്കു് നടന്നു തുടങ്ങിയപ്പോൾ പ്രേതങ്ങളുടെ സൗന്ദര്യബോധത്തെ മനസ്സാ നമിച്ചു.
താമസിക്കാൻ ഇത്ര നല്ല സ്ഥലം തിരഞ്ഞെടുത്ത ആദ്യ ബാച്ച് പ്രേതങ്ങളെ അഭിനന്ദിക്കാതെ വയ്യ!
രണ്ടു് ഉൾവാതിലുകൾ കടന്നു് വേണം, പ്രധാന കെട്ടിടം നിൽക്കുന്നിടത്തെത്താൻ.
പോകുന്ന വഴിയിലിരുപുറവും തകർന്നടിഞ്ഞു കിടക്കുന്ന പാർശ്വ മന്ദിരങ്ങൾ. എത്ര ഭംഗിയുള്ള ഒരു ജനപഥമായിരുന്നിരിക്കണം, ഈയിടം, അതിന്റെ ആദ്യ കാലങ്ങളിൽ.
പുറകിൽ ഒരാൾ ഓടിക്കിതച്ചു വരുന്നതു് കണ്ടു് തിരിഞ്ഞു നോക്കി.
ഞങ്ങടെ ഡ്രൈവറാണു്!
പുറത്തു് ഒറ്റയ്ക്കു് കാത്തു നിന്നോളാം എന്നു പറഞ്ഞയാൾക്കു് ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളുടെ അടുത്തേക്കു് ഓടി വരാനുള്ള ധൈര്യം കിട്ടി!!
പക്ഷേ, രണ്ടാം കോട്ടവാതിൽ വരെ വന്നപ്പോഴേക്കും അയാൾക്കു് മുന്നോട്ടു് പോകാനൊരു മടി.
കോട്ട കണ്ടു് തിരികെ പോകുന്ന ചെറുപ്പക്കാരുടെ ഒരു സംഘത്തിന്റെ കൂടെ അയാളും കാറിനടുത്തേക്കു് തിരിച്ചു പോയി.
രണ്ടാം ഉൾവാതിലും കടന്നു ചെന്നപ്പോൾ വിശാലമായ പറമ്പിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഏഴു് ക്ഷേത്രങ്ങൾ. പിന്നെ മധ്യത്തിലായി പ്രധാന കെട്ടിടവും.
ക്ഷേത്രങ്ങളിൽ സോമേശ്വര (ശിവ) ക്ഷേത്രത്തിൽ മാത്രമേ ചില ആളനക്കം കാണുന്നുള്ളൂ.
ഗ്രാമീണരുടെ മൂന്നോ നാലോ സംഘങ്ങൾ അവിടവിടെയായിരുന്നു് ചില പൂജകൾ ചെയ്യുന്നുണ്ടു്.
കുറച്ചു് കൂടി അടുത്തു ചെന്നപ്പോഴാണു് മനസ്സിലായതു്, പ്രേതബാധ ഒഴിപ്പിക്കൽ തുടങ്ങിയ ദുർമ്മന്ത്രവാദ പ്രവൃത്തികളാണു് അതെല്ലാമെന്നു്.
കൗതുകം കൊണ്ടു്, കുറച്ചകലെ നിന്നു്, ഈ കാഴ്ചകൾ കുറച്ചൊക്കെ നോക്കിക്കണ്ടു.
ക്ഷേത്രത്തിനു് തൊട്ടടുത്തുള്ള സംഘത്തിലേക്കു് നോക്കിയപ്പോൾ കണ്ണുടക്കിയതു് വീണ്ടും ഒരു ചെണ്ടുമല്ലിയിൽ!
“ശ്ശെടാ… ഇവളും ഒരു നോട്ടക്കാരിയാണല്ലോ”.
എന്തായാലും ഈ പെണ്ണിന്റെ കാര്യം സഹയാത്രികരെ അറിയിച്ചു്, വീണ്ടും അവർക്കു് എന്റെ ചെലവിൽ സന്തോഷം നൽകേണ്ട എന്നു് തീരുമാനിച്ചു.
“വെറുതെ ഇവിടെ ചുറ്റിപ്പറ്റി സമയം കളയണ്ട. നമുക്കു് പ്രധാന കെട്ടിടം കാണണ്ടേ?”
ഞാൻ ധൃതി കൂട്ടി.
എങ്ങനെയെങ്കിലും ചെണ്ടിനെ ഒഴിവാക്കാനുളള വ്യഗ്രതയായിരുന്നു, എനിക്കു്.
ഹനുമാൻ മന്ദിറിന്റെയും മറ്റു് കെട്ടിടങ്ങളുടെയുമൊക്കെ മുകളിൽ നിറയേ കുരങ്ങന്മാരായിരുന്നു. പക്ഷേ… പ്രധാന കെട്ടിട്ടത്തിന്റെ പരിസരത്തെങ്ങും ഒരൊറ്റ കുരങ്ങൻ പോലുമില്ല.
ഇതൊരു പ്രത്യേകതയാണല്ലൊ എന്നു് പറഞ്ഞു കൊണ്ടു് ഞങ്ങൾ നേരെ… മുഖ്യ കെട്ടിടത്തിലേക്കു് നടന്നു.
ഭാൻഗഢിലെ പ്രേത മന്ദിരം!
പടികൾ കയറി മുകളിലേക്കു് പോയാൽ ഇരുട്ടു കട്ടകുത്തിയ ചെറിയ ഒരു നടുത്തളം. അതിന്റെ ഗോളാകൃതിയിലുള്ള ഉത്തരത്തിൽ അസംഖ്യം നരിച്ചീറുകൾ. ഓരോന്നും ഓരോ ആത്മാക്കളാണത്രെ!
എത്ര ആയിരമെണ്ണം കാണും? ഇന്നും പുതിയവ ഈ കൂട്ടത്തിൽ ചേരുമായിരിക്കും. അതിൽ ചിലതു് പുറത്തു നടക്കുന്ന ഉച്ചാടന പൂജകളാൽ ബന്ധിക്കപ്പെട്ടവരാകാം. ഇങ്ങനെയൊക്കെയാണു് ചിന്തകൾ പോയതു്.
പാർശ്വങ്ങളിലുള്ള മുറികളിലൊക്കെയും ഇഷ്ടം പോലെ നരിച്ചീറുകൾ ഉണ്ടായിരുന്നു.
അവയുടെ രൂക്ഷമായ ഗന്ധവും ശബ്ദങ്ങളുമൊക്കെ ഒരു പ്രേതഭവനത്തിനു് ചേർന്നതു് തന്നെ.
ഞങ്ങളെക്കൂടാതെ രണ്ടോ മൂന്നോ ചെറു ഗ്രൂപ്പുകൾ കൂടി ഉണ്ടായിരുന്നു, അപ്പോഴവിടെ.
ഓരോ റൂമിനുമടുത്തായി മട്ടുപ്പാവുകളുണ്ടു്.
അത്തരമൊന്നിൽ കയറി പുറത്തേക്കു് നോക്കിയപ്പോൾ കണ്ട കാഴ്ച അതിമനോഹരമായിരുന്നു.
ഇത്രയും സുന്ദരമായ ഒരിടത്തു് ശിഷ്ടകാലം കഴിക്കാൻ ഭാഗ്യം കിട്ടുന്ന പ്രേതങ്ങളോടു് അസൂയ തോന്നി.
ഞങ്ങൾക്കെന്തോ… പേടി എന്ന ഒരു വികാരമേ തോന്നിയില്ല.
മൊത്തത്തിൽ ഒരു മനസ്സു് കുളിർത്ത പ്രതീതി.
“എനിക്കു് ഈ സ്ഥലം ക്ഷ… പിടിച്ചു” എന്നു് ഞാൻ പറഞ്ഞപ്പോൾ, “വേണ്ട. അധികം ഇഷ്ടപ്പെട്ടാൽ അവർ കൂടെ പോരും. അതാണു് പ്രേതങ്ങളുടെ… ഒരു രീതി” എന്നു് സുനിൽ സാർ പറഞ്ഞു.
നല്ല മൂഡിലാണെങ്കിലും ആ വാക്കുകൾ ഉള്ളിലെവിടെയോ ഉടക്കിയോ?
പിന്നെ… ഏകദേശം ഒന്നു രണ്ടു് മണിക്കൂർ ഭാൻഗഢിലെ ഭൂതത്താൻ കോട്ടയിലും പരിസരത്തും ചിലവഴിച്ചു.
നരിച്ചീറുകളുടെ മണമുള്ള കോണിപ്പടികളിലിരുന്നു കഴിച്ച ഉച്ചഭക്ഷണം വളരെ ഹൃദ്യമായിരുന്നു.
മറ്റു സന്ദർശകർ, പ്രേതഭൂമിയിലിരുന്നു് സാവകാശം ഭക്ഷണം കഴിക്കുന്ന ഞങ്ങളെ, കൗതുകത്തോടെയും ഇത്തിരി ഒരു ഭയത്തോടെയുമാണു് നോക്കിയതു്.
ആറു വയസ്സുകാരൻ കണ്ണുണ്ണി വളരെയേറെ ഉത്സാഹത്തിൽ കുരങ്ങന്മാരുടെ ബഹളം നോക്കി ആ പരിസരത്തൊക്കെ ഓടി നടന്നു.
ഈ സുന്ദരഭൂമിയാണോ ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം?
ഇത്രയും മനോഹരമായ ഒരു കോട്ടയും പരിസരവുമുള്ള താഴ്‌വര എന്തു കൊണ്ടു് സഞ്ചാരികളെ ആകർഷിക്കുന്നില്ല?
നിരവധി ചോദ്യങ്ങൾ ഞങ്ങൾ അന്യോന്യം ചോദിച്ചു.
കോട്ടയുടെ നിഴൽ തന്റെ ധ്യാനസ്ഥലത്തിൽ വീണാൽ കോട്ട തകർന്നടിയുമെന്ന ഒരു ദിവ്യന്റെ ശാപമാണു് ഭാൻഗഢ് വീണടിയാനുള്ള കാരണം എന്നാണു് പൊതുവെ കേൾക്കുന്ന ഒരു കഥ.
അതല്ല… കോട്ടയിലുണ്ടായിരുന്ന ഒരു സുന്ദരിപ്പെണ്ണിനെ കെട്ടാൻ പറ്റാതെ മോഹഭംഗത്തോടെ മരിക്കേണ്ടി വന്ന ഒരു ദുർമ്മന്ത്രവാദിയുടെ അവസാനത്തെ ഗൂഢതന്ത്രമാണു് കോട്ടയ്ക്കു് ഈ ഗതി വരുത്തിയതെന്നാണു് മറ്റൊരു കഥ.
ഒരുപക്ഷേ… 1783-ലെ ക്ഷാമകാലത്തു് വരൾച്ചയെ അതിജീവിക്കാൻ പറ്റാതെ താമസക്കാരെല്ലാം കോട്ട ഉപേക്ഷിച്ചു പോയ കഥയായിരിക്കും ചരിത്രപരമായി ശരിയായ കാര്യം.
“എന്തായാലും ഇനിയൊരിക്കൽ നമുക്കു് എങ്ങനെയെങ്കിലും ഒരു രാത്രി ഇവിടെ തങ്ങണം. കെട്ടുകഥകൾ പൊള്ളയാണെന്നു് കാണിക്കാൻ” ഞാൻ എല്ലാവരോടുമായി പറഞ്ഞു.
“അതു്… ഞാനും അപ്പുണ്ണിയുമൊക്കെ കൂടി ആയിക്കോളാം. ബാബു അങ്കിളിനെ കൂട്ടിയാൽ പിന്നെ പേടിച്ചു്… ആകെ നാശമാവും”.
രോനക് വിടാനുള്ള മട്ടില്ല.
“ഇവിടം സ്വർഗ്ഗമാണു്”. എന്നു് പലതവണ മനസ്സിൽ പറഞ്ഞു കഴിഞ്ഞിരുന്നു, തിരിച്ചു് കാറിൽ കയറുമ്പോൾ!
മടക്കയാത്ര തുടങ്ങുമ്പോൾ അവസാനമായി കോട്ടയെ ഒന്നു് നോക്കി. “വീണ്ടും കാണാം” എന്നു് മൗനമായി പറയാൻ.
അപ്പോഴതാ… കോട്ടവാതിൽ ഇറങ്ങി വരുന്ന ഒരു ചെറിയ ഗ്രാമീണ സംഘത്തിൽ ഒരു ചെണ്ടുമല്ലിയുടെ നിഴലാട്ടം!
“ശ്ശെ… തിരിഞ്ഞു നോക്കണ്ടായിരുന്നു” മനസ്സു് പറഞ്ഞു.
“ഏറെ ഇഷ്ടപ്പെട്ടവരുടെ കൂടെ പ്രേതങ്ങൾ പോരും” എന്ന സുനിൽ സാറിന്റെ വാക്കുകളും കൃത്യ സമയത്തു് ഓർമ്മിച്ചു.
അതെപ്പോഴും അങ്ങനെയാണു്… ഏറ്റവും മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണു് മനസ്സിൽ വീണ്ടും വീണ്ടും തോന്നുക.
…മുൻവാതിലിലെ പീപ്-ഹോളിൽ കണ്ണു് ചേർത്തു് വെച്ചു് നോക്കി.
അവിടെ ഒരു മെല്ലിച്ച സ്ത്രീ രൂപം!
മുടി അഴിച്ചിട്ടിട്ടാണു്.
മറ്റൊന്നും വ്യക്തമല്ല.
ഈശ്വരാ… പ്രേതങ്ങളുടെ താഴ്‌വരയിലെ അനുഭവങ്ങൾ അവസാനിച്ചിട്ടില്ലേ?
ഭാൻഗഢിനെപ്പറ്റി അറിഞ്ഞതു മുതൽ ഇന്നുവരെയുള്ള എല്ലാ കാര്യങ്ങളും ഒരു സെക്കന്റിൽ മനസ്സിലൂടെ കടന്നു പോയി.
കോട്ടയിൽ നിന്നു് മടങ്ങാൻ നേരം തോന്നിയ അസ്വസ്ഥത യാഥാർത്ഥ്യമാവുകയാണോ?
“ഏറെ ഇഷ്ടപ്പെട്ടാൽ അവരു് കൂടെപ്പോരും” എന്ന സുനിൽ സാറിന്റെ വാക്കുകളോർത്തു.
ഇത്ര പെട്ടെന്നു തന്നെയോ? ഒരു പക്ഷേ… പന്ത്രണ്ടു് മണിയാവാൻ കാത്തിരിക്കുകയായിരുന്നോ?!
എന്തായാലും അർദ്ധരാത്രിയിൽ നേരെ വീട്ടിൽ വന്നു് കോളിംഗ് ബെൽ അടിച്ചതു് ശരിയായില്ല എന്നു് മനസ്സിൽ കരുതി.
അതിനു് മാത്രം തെറ്റൊന്നും ഒരു പ്രേതത്തോടും ചെയ്തിട്ടില്ലല്ലോ!
“നീതയെ വിളിച്ചു്, ഒന്നിച്ചു് വാതിൽ തുറക്കണോ”. ഒരു നിമിഷത്തേക്കു് സ്വയം ചോദിച്ചു.
എല്ലാവർക്കും കളിയാക്കി ചിരിക്കാൻ അടുത്ത കാരണം പിന്നെ ഇതാവും എന്നോർത്തപ്പോൾ അതിലും ഭേദം സ്വയം വാതിൽ തുറന്നു്, വരുന്നതു് വരുന്നിടത്തു വെച്ചു കാണുന്നതാവുമെന്നു് കരുതി.
ഇരട്ട വാതിലാണു് ഫ്ലാറ്റിന്റേതു്.
പ്രധാന വാതിൽ അകത്തേക്കു് തുറന്നാൽ, പിന്നെ വലയിട്ട ഇരുമ്പു വാതിൽ പുറത്തേക്കു്.
ഭാഗ്യം, പുറത്തേതു് ഇരുമ്പു വാതിലായതു്.
അതു കൊണ്ടായിരിക്കും നേരെ വന്നു് കയറാതെ കോളിംഗ് ബെല്ലടിച്ചു് കാത്തു നിൽക്കുന്നതു്.
ആദ്യത്തെ വാതിൽ തുറന്നപ്പോൾ സ്ത്രീ രൂപം കൂടുതൽ വ്യക്തമായി.
ഭാഗ്യം.
വെള്ള സാരിയല്ല!
മഞ്ഞ വസ്ത്രവുമല്ല!!
ഇറക്കം കുറഞ്ഞ ഹാഫ്-ട്രൗസറും ടീ ഷർട്ടും.
പ്രേതങ്ങളുടെ ഡ്രെസ്സ് കോഡ് കാലാനുസൃതമായി പരിഷ്കരിച്ചോ?
ഇരുമ്പു വാതിൽ തുറന്നതും ആ രൂപം “അങ്കിൾ” എന്നു് വിളിച്ചതും ഒന്നിച്ചായിരുന്നു.
ശ്രീകൃഷ്ണപ്പരുന്തു് സിനിമയിൽ ‘കുമാരേട്ടാ’ എന്നു് വിളിച്ചപോലെ ‘ബാബ്വേട്ടാ’ എന്നാണു് പ്രതീക്ഷിച്ചതു്.
പക്ഷേ… നര കയറിത്തുടങ്ങിയ എന്നെ അങ്ങനെ വിളിച്ചതിൽ തെറ്റു് പറയാനും പറ്റില്ല.
“റിയയല്ലേ ഇതു്”
മിന്നൽ പോലെ മനസ്സിൽ തോന്നി.
അടുത്ത ഫ്ലാറ്റിലെ ജോർജ്ജ്-സൂസൻ ദമ്പതികളുടെ ഏക മകളാണു് റിയ.
പക്ഷേ… റിയ എങ്ങനെ ഒറ്റയ്ക്കു് ഈ നേരത്തു്?
പകലു പോലും ഒറ്റയ്ക്കു് മോളെ വിടാത്തവർ, ഈ അസമയത്തു് എന്തിനയയ്ക്കണം റിയയെ, തനിച്ചു്?
എന്റെ നോട്ടം അറിയാതെ റിയയുടെ പാദങ്ങളിലേക്കു് പോയി.
ഉണ്ടു്. കാലുകൾ നിലം തൊടുന്നുണ്ടു്.
“അങ്കിൾ, ഒരു ഹെൽപ്പ് വേണം. ഞങ്ങൾടെ ബാൽക്കണിയുടെ അലുമിനിയം ഫാബ്രിക്കേറ്റഡ് ഫ്രെയിം കാറ്റിൽ താഴെ വീഴാൻ പോകുന്നു”.
മലയാളം അത്ര ഫ്ലുവന്റല്ലാത്ത റിയ ഇംഗ്ലീഷിൽ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.
“അതെയോ. ഞാൻ വരാം”. ഉത്തരം പെട്ടെന്നായിരുന്നു.
പക്ഷേ… ഉടൻ തന്നെ മനസ്സു് പറഞ്ഞു. “കൂടെ പോണ്ട. റിയ ആദ്യം പോട്ടെ”.
“ഞാൻ നീതാന്റിയോടു് പറഞ്ഞു് ഇതാ എത്തി. റിയ പൊയ്ക്കോളൂ”.
പിന്നെ… നീതയോടു് വിവരം പറഞ്ഞു് ഞാൻ ശടേന്നു് ജോർജ്ജിന്റെ ഫ്ലാറ്റിലേക്കു്.
ലിഫ്റ്റ് ലോബി കടന്നാണു് അടുത്ത വീട്ടിലെത്തേണ്ടതു്.
ലോബിയുടെ വലതു് വശത്തെ കോണിയിലേക്കുള്ള വാതിലിലൂടെ നോക്കിയപ്പോൾ പുറത്തു് കനത്ത കാറ്റാണു്.
നേരെ കാണുന്ന ആൽമരം കാറ്റിൽ ആടിയുലഞ്ഞു് കുലുങ്ങുന്നു.
രാത്രി ഒമ്പതര, പത്തു് മണിയോടെ ഞങ്ങൾ വന്നപ്പോൾ എത്ര ശാന്തമായിരുന്നു പ്രകൃതി!
എന്തെങ്കിലും പന്തികേടുണ്ടോ?
മനസ്സിൽ ഒരു സംശയം.
എന്തായാലും വേഗം റിയയുടെ വീടിന്റെ ബാൽക്കണിയിലെത്തി.
അപ്പോൾ കണ്ട കാഴ്ച!
പത്തു് പന്ത്രണ്ടടി നീളവും അത്രതന്നെ വീതിയുമുള്ള ബാൽക്കണിയുടെ അലുമിനിയം ഫ്രെയിം ചില്ലുകളോടെ ഇളകി താഴേക്കു് പോകാനൊരുങ്ങി നിൽക്കുന്നു.
ഏഴാം നിലയിൽ നിന്നു് അതു് താഴോട്ടു് വീണാലത്തെ സ്ഥിതി ചിന്തനീയം!
ജോർജ്ജ് ബാൽക്കണിയുടെ ഫ്രൈം പിടിച്ചു് അകത്തേക്കു് വലിച്ചു നിൽക്കുന്നു.
ജോർജ്ജിനെ പിടിച്ചു് സൂസൻ.
പിന്നെ… സൂസനെയും പിടിച്ചു് ഇതു വരെ ഞാൻ കണ്ടിട്ടില്ലാത്ത മറ്റൊരാൾ!
“കയറു വല്ലതുമുണ്ടോ ഇവിടെ” എന്നു് ചോദിച്ചപ്പോൾ കുറച്ചു് നൈലോൺ ചൂടിക്കയർ റിയ പെട്ടെന്നു് തപ്പിയെടുത്തു തന്നു.
ഫ്രെയിമിൽ ഒരു കുടുക്കിട്ടു് അകത്തെ വാതിലിൽ രണ്ടു് വട്ടം വരിഞ്ഞപ്പോൾ ജോർജ്ജിനും സൂസനും കുറച്ചൊരു സാവകാശത്തോടെ നിൽക്കാനായി.
അപ്പോഴേക്കും നീതയും എത്തി.
കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്തു് ഫയർഫോഴ്സിനു് ഫോൺ ചെയ്തു.
എന്നാൽ കാറ്റു് മൂലം പലയിടത്തും മരങ്ങൾ വീഴുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തതിനാൽ അടുത്ത ദിവസം കാലത്തേ വരാൻ പറ്റൂ എന്നാണു് അവർ അറിയിച്ചതു്.
“ഞാൻ പോയി സെക്യൂരിറ്റിക്കാരെ കൊണ്ടു വരാം. അതു വരെ വീഴാതെ പിടിച്ചോണേ”. എന്നു് പറഞ്ഞു് ഞാൻ താഴെയ്ക്കു് പോകാനൊരുങ്ങുമ്പോൾ പുതുമുഖത്തെ സൂസൻ ചെറുതായി പരിചയപ്പെടുത്തി.
“എന്റെ ബ്രദറാണു്. യു. എസിൽ നിന്നു് നാട്ടിൽ പോകും വഴി, വന്നതാണു്”.
“നല്ല ദിവസം തന്നെ വന്നു!”. ഞാൻ മനസ്സിൽ കരുതി!
അപരിചിതനെ ചെറുതായൊന്നു് നോക്കിയപ്പോൾ എനിക്കത്ര പന്തി തോന്നിയില്ല.
അതുകൊണ്ടു് കുശലാന്വേഷണത്തിനൊന്നും പോകാതെ ധൃതിയിൽ സെക്യൂരിറ്റി ഗാർഡിന്റെ ക്യാബിനിലേക്കു്.
മൂന്നു് സെക്യൂരിറ്റി ഗാർഡുകളും കയറുമൊക്കെയായി ലിഫ്റ്റിൽ കയറുമ്പോൾ ഭയം ലവലേശമുണ്ടായിരുന്നില്ല.
ആപത്ഘട്ടത്തിൽ അയൽക്കാരനെ രക്ഷിക്കുന്ന ഒരു ശരാശരി മലയാളിയുടെ ആത്മസുഖം മാത്രം!
അപ്പോഴും മനസ്സു് പറഞ്ഞു. അവിടെയെത്തുമ്പോഴേക്കും ഒരു വലിയ ശബ്ദത്തോടെ ബാൽക്കണി ഫ്രെയിം താഴേക്കു പതിക്കും.
താഴെ പാർക്കു് ചെയ്തിട്ടുള്ള ഒരു ഔഡിയോ ബെൻസോ തകർത്തു തരിപ്പണമാക്കിക്കൊണ്ടു്. അതോടെ യു. എസിൽ നിന്നുള്ള സന്ദർശകനും അപ്രത്യക്ഷനാകും!
‘ലിസ’ സിനിമയിലെ അന്ത്യരംഗത്തിൽ വലിയ ഒരു ശബ്ദത്തോടെ പന (അതോ തെങ്ങോ?) കടപുഴകി വീണതും പ്രേതം കളം കാലിയാക്കിയതും ഓർമ്മയിൽ സജീവമായി നിന്നു.
പക്ഷേ… അതൊക്കെ ഭാവന മാത്രമായിരുന്നു.
ബാൽക്കണി ഫ്രെയിം വീണിട്ടില്ല. എല്ലാവരും അവിടെയുണ്ടു്.
സെക്യൂരിറ്റിക്കാർ അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഫ്രെയിം വളരെ നന്നായി വരിഞ്ഞു കെട്ടി.
കാറ്റും നന്നായി കുറഞ്ഞിരിക്കുന്നു.
രാത്രിയായതിനാൽ വിശദമായ യാത്രാമൊഴിയൊന്നും കൂടാതെ ഞങ്ങൾ വേഗം വീട്ടിലെത്തി.
“എല്ലാം ഓകെ”. എന്നു് നീതയോടു് പറഞ്ഞു്, ബെഡ് റൂം ലാമ്പിന്റെ അരണ്ട നീല വെളിച്ചത്തിൽ കിടക്കയിൽ വീണു.
കണ്ണു് ഇറുക്കിയടച്ചു്… പുതപ്പു് തലവഴി ഇട്ടു് മൂടി, നീത കേൾക്കാതെ…
“അർജുനൻ, ഫൽഗുനൻ…” എന്നു് ചൊല്ലിക്കൊണ്ടു്!
ശീർഷകത്തിനു് കടപ്പാടു്:
1973-ൽ ഇറങ്ങിയ ഇതേ പേരിലുള്ള മലയാള ചലച്ചിത്രം. ഞാൻ കണ്ട ആദ്യത്തെ പ്രേത ചിത്രം കൂടിയാണിതു്.
നേരും പതിരും:
‘പ്രേതങ്ങളുടെ താഴ്‌വര’യിൽ പറഞ്ഞ പ്രധാന കാര്യങ്ങളെല്ലാം സത്യമാണു്.
ഭാൻഗഢിൽ ഞങ്ങൾ പോയതു്; സുനിൽ സാറിന്റെ വീട്ടിലെ ഫോൺ കുറച്ചു കാലം രാത്രിയിൽ നിർത്താതെ അടിച്ചതു്; യാത്രാ ദിവസം രാവിലെ മഴ പെയ്തതു്; യാത്രയ്ക്കിടയിൽ ഒന്നു്, രണ്ടു് ഒരേ വേഷധാരികളായ സ്ത്രീ രൂപങ്ങൾ പാടത്തു് പണിയെടുക്കുന്നതു് കണ്ടതു്; അന്നു് രാത്രി റിയ വന്നതു്; ശക്തമായ കാറ്റിൽ ബാൽക്കണി ഫ്രെയിം വീഴാൻ പോയതു്; റിയയുടെ അങ്കിൾ യു. എസിൽ നിന്നു് വന്നതു്; ഫയർഫോഴ്സിനെ വിളിച്ചതു് എന്നിവയൊക്ക നൂറു ശതമാനം സത്യം.
ബാക്കിയൊക്കെ കഥ കൊഴുപ്പിയ്ക്കാൻ ചേർത്ത മസാലകൾ! ചെറിയ ഒരു യാത്രയെപ്പറ്റി വിശദമായി പറയും വരെ വായനക്കാരെ പിടിച്ചിരുത്താൻ വേണ്ടി ഉപയോഗിച്ച ചേരുവകൾ!
ചുരുക്കിപ്പറഞ്ഞാൽ ‘സത്യത്തെ ചന്തമുള്ള നുണയാക്കി എഴുതണം’ എന്ന കുഞ്ഞുണ്ണിമാഷ്ടെ ഉപദേശം ശരിക്കും പാലിക്കാനാണു് ശ്രമിച്ചതു്.
അനുഭാവന:
അനുഭവക്കുറിപ്പു്, യാത്രാ വിവരണം എന്നൊക്കെ വിളിയ്ക്കാമെങ്കിലും ഇതു് സത്യത്തിൽ ഒരു അനുഭാവനയാണു്.
അനുഭവം + ഭാവന = അനുഭാവന
ഒളിപ്പിച്ചു വെച്ച ഹാസ്യം:
പ്ലാനിങിന്റെ നാളുകൾ മുതൽ ഇന്നുവരെ ഞങ്ങളെ ഏറെ ചിരിപ്പിച്ച യാത്രയായിരുന്നു ഇതു്. അതുകൊണ്ടു തന്നെ ഭയത്തിന്റെ കഥകൾവിവരിക്കുമ്പോൾ ബോധപൂർവ്വം ഹാസ്യം മറച്ചുവെയ്ക്കുകയായിരുന്നു.
പ്രേതമുണ്ടോ?
ഭൂത പ്രേതങ്ങളിൽ വിശ്വാസമില്ലാത്ത, എന്നാൽ… പ്രേതകാര്യങ്ങൾ കേട്ടാൽ ചെറിയ ഒരു പേടി (അഥവാ ഭയം!) തോന്നുന്നവരുടെ കൂട്ടത്തിലാണു് ഞാൻ.
ഇത്തരം ഒരു മനസ്ഥിതിയുടെ കാരണം, വളർന്നുവന്ന സാഹചര്യങ്ങളായിരിക്കാം.
ചെറുപ്പത്തിൽ കേട്ടതും വായിച്ചതുമായ പ്രേതകകഥൾ, കണ്ട പ്രേതസിനിമകൾ ഒക്കെ മനസ്സിനെ ഒരുപാടു് സ്വാധീനിച്ചിട്ടുണ്ടു്.
കോട്ടയം പുഷ്പനാഥും, ബ്രാം സ്റ്റോക്കറും, നീലകണ്ഠൻ പരമാരയും, ജോൺ ആലുങ്കലും, പി. വി. തമ്പിയും, മോഹനചന്ദ്രനുമൊക്കെ ചേർന്നു് ഉഴുതുമറിച്ചിട്ട മനസ്സിൽ ഭൂത പ്രേതങ്ങളുടെ കഥകൾ പെട്ടെന്നു് വേരു പിടിക്കും.
പ്രേതങ്ങളുടെ താഴ്‌വര, ലിസ, കലിക, ശ്രീകൃഷ്ണപ്പരുന്തു് എന്നീ സിനിമകൾ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നവയാണു്.
അങ്ങനെ പ്രേതകഥകളാൽ സമൃദ്ധമായ കുട്ടിക്കാലത്തേക്കുള്ള ഗൃഹാതുരത്തോടെയുള്ള തിരിച്ചുപോക്കു കൂടിയാണു് ഈ കുറിപ്പുകളിലൂടെ ചെയ്തതു്.
ഇന്റർനെറ്റിലെ തെറ്റായ അറിവുകൾ:
ഭാൻഗഢിനെപ്പറ്റി പല തെറ്റിദ്ധാരണകളും നുണക്കഥകളും പ്രചരിപ്പിക്കുന്നതിൽ ഇന്റർനെറ്റ് വഹിച്ച പങ്കു് വളരെയാണു്.
ശരിയായ വിവരങ്ങൾ ഉണ്ടു്. പക്ഷേ, അവ അരിച്ചെടുക്കേണ്ടതു് വായനക്കാരന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുന്നു.
പുരാവസ്തു വകുപ്പിന്റെ ലിസ്റ്റിലുള്ള സ്ഥലങ്ങൾക്കെങ്കിലും ആധികാരികമായ വെബ്പേജുകൾ നൽകേണ്ടതു് അത്യാവശ്യമാണു്.
ഇന്റർനെറ്റ് വഴിതെറ്റിക്കുന്നതിന്റെ ഒരു ഉദാഹരണം പറയാം.
ഇന്ത്യയിലെ ആദ്യ പത്തു് ഭീകരസ്ഥലങ്ങളിൽ പലപ്പോഴും ഡെൽഹിയിലെ സഞ്ജയ് വനം ഉൾപ്പെടുത്തിക്കാണാം. വെബ്സൈറ്റുകളിൽ.
ഞങ്ങൾ താമസിക്കുന്നതിന്റെ വളരെയടുത്താണു് ഈ സ്ഥലം. പല തവണ പോയിട്ടുമുണ്ടു്.
അതിനാൽ അവിശ്വാസത്തോടെ അതേ സൈറ്റിൽ വായന തുടർന്നപ്പോൾ, പല സ്ഥലങ്ങൾക്കുമൊപ്പം വെച്ചിട്ടുള്ള ഫോട്ടോകൾ ഫോട്ടോഷോപ്പ് ചെയ്തവയും, ഇംഗ്ലീഷ് സിനിമകളിൽ നിന്നുള്ള ദൃശ്യങ്ങളുമായിരുന്നുവെന്നു് കാണാൻ കഴിഞ്ഞു.
ഉത്തരവാദിത്തപ്പെട്ട യാത്രക്കാരെന്ന നിലയിൽ പ്രേതഭൂമികൾ എന്നു് മുദ്രകുത്തപ്പെട്ട മനോഹര സ്ഥലങ്ങളെ മറ്റുള്ളവർക്കു് പരിചയപ്പെടുത്തേണ്ടതു് നമ്മളോരോരുത്തരും ചെയ്യേണ്ട കാര്യമാണു്. ആ ഒരു ഉദ്ദേശമാണു് ഈ ഒരു വി‘കൃതി’ എഴുതാൻ പ്രേരിപ്പിച്ചതു്.
അംബേദ്കർ യൂണിവേഴ്സിറ്റി, ഡെൽഹിയിൽ സ്കൂൾ ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ പ്രൊഫസറും ഡീനുമാണു് ബാബു പി. രമേഷ്.
പൊന്നാനി ‘ഗൗരി നിവാസിൽ’, പരേതനായ പി. പി. അച്ചുതൻ നായരുടേയും, പി. ഗൗരി ടീച്ചറുടെയും മകൻ.
1987 ൽ പ്രൈമറി സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി.
സ്കൂൾ അധ്യാപന കാലത്തു് കറസ്പോണ്ടൻസായി ബി. ഏ. പാസായശേഷം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും (വികസന ധനശാസ്ത്രം), ജെ. എൻ. യുവിൽ നിന്നു് (സി. ഡി. എസ്) എം. ഫിൽ, പി. എച്ച്. ഡി. ബിരുദങ്ങളും (ധനശാസ്ത്രം) നേടി.
രണ്ടു് പതിറ്റാണ്ടുകളിലധികമായി തൊഴിൽ/വികസന പഠന മേഖലകളിൽ ഗവേഷകനായും അധ്യാപകനായും പ്രവർത്തിക്കുന്നു. ഈ വിഷയങ്ങളിൽ പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
സിനിമ കാണൽ, വായന, യാത്ര എന്നിവയാണു് പ്രധാന ഹോബികൾ.
ഇന്ത്യക്കകത്തും പല വിദേശ രാജ്യങ്ങളിലുമായി ധാരാളം യാത്ര ചെയ്തിട്ടുണ്ടു്.
ഡോ. നീതയാണു് ഭാര്യ. ഋഷി നാരായണനും (അപ്പുണ്ണി), ആരോൺ സൂര്യ (കണ്ണുണ്ണി)യുമാണു് മക്കൾ.
ചിത്രങ്ങൾ: വി. മോഹനൻ