കോണകം ഒരൊറ്റ വാക്കല്ല. അനേകം ശബ്ദാർത്ഥങ്ങളുടെ സമുച്ചയമാണു്. കോണക നൂൽ ഇഴപിരിക്കുന്നതു പോലെ വേർതിരിക്കാൻ പോയാൽ അതിൽ നിന്നും വാക്കുകളും അർത്ഥങ്ങളും വരിവരിയായി ഇറങ്ങി വരുന്നതു കാണാം. കോണോടു കോണായും, ണകമായും, അകമായും, കം ആയും, അം ആയും നൂലോടു് നൂൽ അതിഴ പിരിയും.
ഒറ്റവാക്കല്ലെങ്കിലും കോണകം ഒരൊറ്റത്തുണിത്തുണ്ടാണു്. കൊളുത്തോ പിന്നോയില്ലാത്ത കുടുക്കോ ചെയിനോയില്ലാത്ത ഒരു മുഴം തുണി. കുത്തോ കോമല്ലോ ഇല്ലാത്ത വാചകം പോൽ അതങ്ങനെ നീണ്ടു കിടക്കും. ജാതി മതം വർഗ്ഗം രാഷ്ട്രീയം എന്നിവയ്ക്കനുസരിച്ച് നിറം മാറിയെന്നിരിക്കും. ഉച്ചത്തിലുയർന്നു പാറുന്ന കൊടിയടയാളം പോലെ അതിൽ ചിലപ്പോൾ ചിഹ്നങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ഹിറ്റ്ലറുടെ കാലത്തു് അതു് സ്വസ്തിക ചിഹ്നമാവാം.ദരിദ്ര നാരായണൻമാരുടെ മൂന്നാം ലോകങ്ങളിൽ അതു് മാതൃരാജ്യത്തിന്റെ ഭൂപടമാവാം
വീരവാദം പറയുമെങ്കിലും ഒറ്റൊയ്ക്കൊരു നിലനിൽപ്പില്ല ചങ്ങാതിക്ക്. പിടിച്ചു നിൽക്കാൻ നിരൂപകന്റെ സഹായം തേടുന്ന കവിയെപ്പോലാണതു്. അരനൂലിന്റെ വിലയറിയുന്നതു് അപ്പോഴാണു്. മുഷിഞ്ഞ് നിറം മങ്ങിയ വൃത്ത സ്ഥൂലതയുടെ ഇരുവശങ്ങയിലായി കൈകാലുകൾ ഞാത്തിയിട്ടു് തൂങ്ങിക്കിടക്കണം ചങ്ങാതിക്ക്. മറ്റൊന്നിൻ ധർമ്മയോഗത്താൽ അതു താനല്ലയോ ഇതു് എന്ന മാതിരി. എന്നാലെന്താ കാത്തുരക്ഷിച്ചില്ലേ നാണവും മാനവും ഒരുപാടു കാലം. കാലി ചെക്കന്റേയും നാടുവാഴുന്ന തമ്പുരാന്റെയും.
പലപ്പോഴും ആഢ്യത്വത്തിന്റെ അലങ്കാര ചിഹ്നമായിട്ടുണ്ടതു്. അടിമത്തത്തിന്റെ കൊടിക്കൂറയും. പട്ടുകോണകത്തിനും കീറക്കോണകത്തിനുമിടയിലെ തീണ്ടാപ്പാടകലം സാമൂഹ്യ ശാസ്ത്രത്തിൽ പഠിക്കാനുള്ള വിഷയമായി.പിൽക്കാലത്തു് അടിവസ്ത്ര വിപണിയെ സ്വന്തമാക്കിയ കോർപ്പറേറ്റു് ഭീമൻമാർ കോണകത്തിന്റെ സോഷ്യൽ സ്റ്റാറ്റസു് ബോധ്യപ്പെട്ടവരാണു്. മുതലാളിത്തത്തോടുള്ള അസൂയ കലർന്ന കുശുമ്പാണു്, മുതലാളിത്തം കഴുത്തിൽ കെട്ടി തൂക്കിയ ’ ടൈ’യെ കണ്ഠകൗപീനം എന്നു വിളിപ്പേരിട്ടു് കളിയാക്കാൻ മൂന്നാം ലോകക്കാരിലെ ബുദ്ധിജീവികളെ പ്രേരിപ്പിച്ചതു്.
കോണകം വെറും മൂന്നക്ഷരമല്ല.ഭാഷാ പ്രയോഗങ്ങളുടെ തൂങ്ങിയാടുന്ന വാലാണു്. ”ന്താ കോണകത്തിനു് തീപ്പിടിച്ചതു പോലെ”യെന്നു് ആശങ്കപ്പെടുന്നവനു് കോണകത്തിനു് തീപ്പിടിച്ചോടുന്നവന്റെ ആ പൊള്ളൽ മനസിലാവണമെന്നില്ല. അണ്ഡകടാഹം വേവുന്ന പാച്ചിലിൽ അതൊന്നു് പറിച്ചെറിയാൻ പോലുമാവാത്ത മരണഭ്രമം തലക്കുപിടിച്ച ആഅവസ്ഥ ഒരവസ്ഥ തന്നെയാണേ.കൊച്ചീലഴിമുഖം തീപ്പിടിച്ച നേരത്തു് തന്റെ കോണകവാലുകൊണ്ടു തല്ലി തീ കെടുത്തിയ ഒരു വിരുതന്റെ കഥ എൻ.എൻ. കക്കാടു് എന്ന കവി ഒരസംബന്ധ കവിതയായി പാടിയിട്ടുണ്ടു്. ”കഷ്ടകാലലു കോണലു പാമ്പലു കൊത്തലു” എന്നു് ചങ്ങായി തെലുങ്കുവൽക്കരിച്ച ചൊല്ലിന്റെ തനിരൂപം കഷ്ടകാലത്തു് കോണകം പോലും പാമ്പായി കൊത്തും എന്നാണു്. കോണകത്തിനു് പ്രത്യേകിച്ചൊരു വാലില്ലെങ്കിലും, ചിലർക്കു പിന്നാലെ തൂങ്ങി നടക്കുന്നോർക്ക് കോണകവാലൻ എന്നൊരു വിളിപ്പേരു വീണിട്ടുണ്ടു്. ഭാര്യമാരുടെ വാലും തൂങ്ങി നടക്കുന്ന കുഞ്ചിരാമൻ മാർക്കും ഈ പേരു് ചേരും.
ലിംഗനീതി, ലിംഗസമത്വം എന്നൊക്കെ ഉച്ചൈസ്തരം ഘോഷിക്കുന്ന കാലമാണിതു്.കോണകം ആണഹങ്കാരത്തിന്റെ ധാർഷ്ട്യങ്ങളുടെ കൊടിക്കൂറയാണെന്നും പുരുഷാധിപത്യമാണു് അതിൽ വിജൃംഭിച്ചു നിൽക്കുന്നതെന്നും ഏതെങ്കിലും അർബൻ ഫെമിനിസ്റ്റുകൾ പറഞ്ഞു കൂടായ്കയില്ല. സത്യത്തിൽ ഇതാണുങ്ങളുടെ കുത്തകയല്ലെന്നും, കോണകവാലൻ എന്ന പുല്ലിംഗം പോലെ കോണകവാലി എന്ന സ്ത്രീലിംഗവും ഭാഷാ നിഘണ്ടുവിൽ വേണമെന്നു് സ്ത്രീവാദികൾ ശബ്ദമുയർത്തിക്കൂടായ്കയില്ല. ’കോണകവും ഭിന്ന ലൈംഗികതയും’ എന്ന വിഷയത്തിൽ ഗവേഷണം അനുവദിക്കണമെന്നു് യൂനിവേർസിറ്റികളിലെ ഗവേഷണ വഴികാട്ടികളോടു് ഏതെങ്കിലും വിദ്യാർത്ഥി/നി അപേക്ഷിച്ചു കൂടായ്കയുമില്ല.
നിരന്തരം അലക്കി ഉപയോഗിച്ചിട്ടാണോ എന്നറിയില്ല കോണകം ചുരുങ്ങി കോണമാവാറുണ്ടു്. വാക്കുകളെ ചുരുക്കുന്നതു് സ്വതവേ വടക്കൻമാരുടെ ഒരു ശീലമാണു്. അവർ സുലോചനയെ ‘സു’ ആക്കിക്കളയും. അധികം കളിച്ചാൽ നിന്നെ കോണം കെട്ടിക്കളയും എന്നൊരു ഭീഷണി പ്രയോഗം വടക്കർക്കിടയിലുണ്ടു്. എതിരാളിയെ നിഷ്പ്രഭമാക്കുന്ന ഒരു പൂഴിക്കടകനാണതു്. ഒരടിവസ്ത്രം പോലെ ചുരുട്ടിക്കെട്ടാവുന്ന ബല ശൂന്യനായ ഒരുവനാണു് നീയെന്ന ധ്വനി അതിൽ മുഴച്ചു നിൽക്കുന്നു. ധ്വനിയാണല്ലോ സാഹിത്യത്തിന്റെ സൗന്ദര്യം.
സത്യത്തിൽ കോണകത്തിനു് കോണില്ല. അതൊരു ദീർഘചതുരമാണു്. നീട്ടി വിരിച്ച് ഇസ്തിരിയിട്ടാൽ വേണമെങ്കിൽ കോൺ കണ്ടെത്താമെന്നു മാത്രം. അകവും അങ്ങനെ തന്നെ. ”അകം പുറം മറിച്ചെങ്ങനെ വേണേലുമുപയോഗിക്കാം കോണകം” എന്നൊരു വൃത്ത ലക്ഷണം വൈയാകരണൻ മാർക്ക് പുതുതായുണ്ടാക്കാം. കോണകത്തിലെ ‘കം’ ൽ ഒരു കവിതയുണ്ടു്. വാഴക്കൊലപാതകത്തിൽ അയ്യപ്പപ്പണിക്കർ കണ്ടെത്തിയതുപോലെ കോണകത്തിലും നവകവികൾക്ക് കവിതകണ്ടെത്താം. കോണകം, ണകം, കം, അം.
”അം” എന്നാൽ തിന്നുന്നത് എന്നു് പ്രൊഫസർ എം.എൻ. വിജയൻ മാഷ് പറഞ്ഞിട്ടുണ്ടു്. തിന്നുന്നതു് എന്താണോ അതാണു് അമ്മ എന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു. ജനിക്കും തൊട്ടെ നമ്മൾ അമ്മയെ തിന്നുന്നവരാണു് എന്നു് സ്ഥാപിക്കാനാണു് അദ്ദേഹത്തിന്റെ ശ്രമം. കോണകത്തിലെ ‘അം’ എന്തായിരിക്കും എന്നാണു് നമ്മുടെ ചിന്ത. ഗതിമുട്ടിയാൽ കോണകവും തിന്നാം എന്നൊരു സൂചന അതിൽ പുലിയെപ്പോലെ പതുങ്ങിയിരിക്കുന്നുണ്ടോ... ചാർലി ചാപ്ലിന്റെ ഒരു സിനിമയിൽ വിശപ്പിന്റെ ഗതികേടുകൊണ്ടു് കഥാനായകൻ തന്റെ ഷൂസു് തിന്നുന്നുണ്ടു്. ”ഗതികെട്ടവനു് കോണകവും തിന്നാം” എന്നൊരു ചൊല്ലു് ഓർമ്മിപ്പിക്കുന്നുണ്ടോ കോണകത്തിലെ “അം”.
ലോകമെമ്പാടും മുഖംമൂടി മനുഷ്യർ നിരന്നു കഴിഞ്ഞു. നേരത്തെ തന്നെ നേരാംവണ്ണം തിരിച്ചറിയാൻ കഴിയാത്തവർ കൂടുതൽ പ്രച്ഛന്നവേഷക്കാരായി. കോവിഡ് 19-കാരൻ ഈ ലോകത്തിന്റെ കോണകത്തിനാണു് തീ കൊളുത്തിയിരിക്കുന്നതു്. അണ്ഡകടാഹത്തിനു തീ പടരുമ്പോൾ അതിൽ നിന്നും രക്ഷ നേടാൻ മുഖകൗപീനം അല്ലെങ്കിൽ മുഖകോണകം (Mask) മാത്രം തുണ. മുഖ കോണകം ധരിച്ചിച്ചില്ലെങ്കിൽ പിഴയടക്കണമെന്ന നിയമം നിലവിൽ വന്നിരിക്കുന്നു. നവലോകകോർപ്പറേറ്റുകൾക്ക് ഒരു പുത്തൻ വ്യവസായം കൂടി തുറന്നു കിട്ടിയിരിക്കുന്നു.
ഇങ്ങനെ കോണകത്തിൽ പിടിച്ചു കയറുന്നതു് ഒരു കോണോത്തിലെ ഏർപ്പാടാണെന്നു് നിങ്ങൾക്കു തോന്നാം. നിരൂപകന്റെ രാജ്യഭാരം നിങ്ങൾക്കറിയാഞ്ഞിട്ടാണു്. അന്യദേശ തൊഴിലാളികൾ പോയി അതിഥി തൊഴിലാളികളായതുപോലെ നിരൂപകൻ പോയി സാംസ്കാരിക വിമർശകനായ കാലമാണു്. ഏതെങ്കിലും കോണോത്തും വാലിൽ പിടിച്ചു കയറിയാലെ മുന്നോട്ടു പോവാനാവൂ. കോണകം കഴിഞ്ഞിട്ടു വേണം ലങ്കോട്ടിയിൽ പിടുത്തമിടാൻ...
കണ്ണൂർ ജില്ലയിലെ വളപട്ടണത്തു് ജനനം. അച്ഛൻ കെ. നാരായണൻ, അമ്മ ടി. കാർത്യായനി. രാമവിലാസം എൽ. പി. സ്കൂൾ, വളപട്ടണം ഗവ: ഹൈസ്ക്കൂൾ, കണ്ണൂർ എസ്. എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മാനന്തവാടി ബി. എഡ് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോംപിയറായും, വിവിധ പ്രാദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിച്ചിരുന്നു. കുറേക്കാലം സമാന്തര കോളേജുകളിൽ അധ്യാപകനായി. പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണു്. അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും, മായാ ജീവിതം, സമകാലം (കഥകൾ) സാമൂഹ്യപാഠം, മഴനനഞ്ഞ ശലഭം, പുളിമധുരം, ഭൂതത്താൻ കുന്നിൽ പൂ പറിക്കാൻ പോയ കുട്ടികൾ (ബാലസാഹിത്യം) ജീവിതത്തോടു ചേർത്തുവെച്ച ചില കാര്യങ്ങൾ (അനുഭവം, ഓർമ്മ) ദൈവമുഖങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ മഴനനഞ്ഞ ശലഭം ഇംഗ്ലീഷിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. അബുദാബി ശക്തി അവാർഡ് (1992) ഭാഷാ പുരസ്ക്കാരം (2003) പി. ടി. ഭാസ്ക്കര പണിക്കർ അവാർഡ് (2014) ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം (2015) സാഹിത്യ അക്കാദമി അവാർഡ് (2018) പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേർസിറ്റി ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് (2017) കണ്ണാടി സാഹിത്യ പുരസ്ക്കാരം (2019) പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാല ശാസ്ത്രസാഹിത്യ അവാർഡ് (2019) എന്നിവ ലഭിച്ചിട്ടുണ്ടു്. കേരള ഫോക് ലോർ അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്ക്കാരം (2020). സമഗ്ര സംഭാവനയ്ക്കുള്ള സതീർത്ഥ്യ പുരസ്ക്കാരം (2020). കേരള സർക്കാർ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ മിഴിവു്-2021 ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ടു്. ഷോർട്ട് ഫിലിം ഡോക്യുമെന്ററി വിഭാഗങ്ങളിലായി പതിനഞ്ചിലേറെ സിനിമകൾ ചെയ്തിട്ടുണ്ടു്.
ഭാര്യ: നിഷ, മക്കൾ: വൈഷ്ണവ്, നന്ദന