മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നൊരു ചൊല്ലില്ലേ? അതെത്ര ശരിയാണെന്നു നോക്കു. അയൽപക്കക്കാരന്റെ പൂർണ്ണയോഗ്യത നാം അറിയുന്നില്ല; അതേസമയം അകലത്തിരിക്കുന്നവന്റെ അർദ്ധയോഗ്യതയെ ആരാധിക്കയും ചെയ്യുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഈ മനുഷ്യ പ്രകൃതിക്കു് വളംവച്ചുകൊടുക്കുന്നുണ്ടു്. കൂട്ടികൾക്കു പരീക്ഷ പാസ്സാകണമെങ്കിൽ പരദേശങ്ങളുടെ ഭൂമിശാസ്ത്രവും ചരിത്രവുമാണുല്ലോ കൂടുതൽ പഠിക്കേണ്ടതു്. സ്വദേശചരിത്രം അറിഞ്ഞില്ലെങ്കിലും കഴിച്ചുകൂട്ടാം. കാലടിയും പെരിയാറുമല്ല ലണ്ടനും തിംസാനദിയുമാണവരുടെ പ്രധാന വിഷയം. ഏതാണീ ബാലകൃഷ്ണപിള്ള, എവിടെയാണദ്ദേഹത്തിന്റെ താമസം എന്നു ചോദിക്കുന്നവർപോലും നമ്മുടെ കൂട്ടത്തിലുണ്ടു്—പഠിപ്പൊന്നുമില്ലാത്തവരല്ല, അഭ്യസ്തവിദ്യരെന്നഭിമാനിക്കുന്നവർ. കേരളത്തിന്റെ ഒരു മൂലയിൽ ഒതുങ്ങിപ്പാർക്കുന്ന ഈ അപൂർവ്വജീവിയെ അവരറിയുന്നതെങ്ങനെ? ഒരു കാലത്തു പത്രപ്രവർത്തനംകൊണ്ടു് അദ്ദേഹം തിരുവിതാംകൂറിന്റെ സിരകളിൽ ചുടുചോരയൊഴുക്കിയിരുന്നു. അന്നു കേസരി പത്രാധിപരെ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല. കേരളമൊട്ടുക്കു മാറ്റൊലികൊണ്ടു കേസരിയുടെ ഗംഭീരഗർജ്ജനം. അത്രത്തോളം സ്വതന്ത്രവും ധീരവും നിസ്വാർത്ഥവുമായ പത്രപ്രവർത്തനം അടുത്ത കാലത്തു കേരളത്തിലെങ്ങും മറ്റാരും നിർവഹിച്ചിട്ടില്ല. ആ കാലം പെട്ടെന്നങ്ങു കടന്നുപോയി. വൈതസീവൃത്തികൊണ്ടു പത്രാധിപധർമ്മം പങ്കിലമാക്കുന്ന ക്ഷുദ്രതൂലികകൾക്കേ തിരുവിതാംകൂറിൽ സ്ഥാനമുള്ളുവെന്ന നിലവന്നു. സത്യവും നീതിയും പുലരുകയില്ലെന്നു കണ്ട അന്നു പേന താഴെവച്ചു ബാലകൃഷ്ണപിള്ള. രാഷ്ട്രീയകാര്യനിരൂപണത്തിനായി പിന്നീടൊരിക്കലും ആ പേന ചലിച്ചിട്ടില്ല. ഇനി ചലിക്കയുമില്ല. അതുവരെ എരിഞ്ഞുകൊണ്ടിരുന്ന അഗ്നിപർവ്വതം നിർവ്വാണമടഞ്ഞു. കാലത്തിന്റെ പുരോഗതിയിൽ കഴിഞ്ഞ കാര്യങ്ങൾ വിസ്മൃതങ്ങളായി.

ശ്രീ. ബാലകൃഷ്ണപിള്ള യെ ഇന്നു ചെന്നൊന്നു നോക്കു; ദർശനീയമാണാ രൂപം. രോഗഗ്രസ്തവും രേഖാമാത്രവുമായ ആ നീണ്ട ശരീരം ഒരു ചാരുകസാലയെ സദാപി ശരണംപ്രാപിച്ചിരിക്കയാണു്. നാലുപാടും വെണ്മവീശുന്ന നരച്ച താടിമാത്രമേ അവിടെയുള്ളുവെന്നു തോന്നിപ്പോകും. എന്നാൽ സംഭാഷണം തുടങ്ങിയെന്നുവരട്ടെ—അപ്പോൾ കാണാം, ആ മുഖം വിജ്ഞാന ദീപ്തിയിൽ വികസിക്കുന്നതു്; ആ നയനങ്ങൾ പ്രകാശമാനങ്ങളായി ഭ്രമണം ചെയ്യുന്നതു്. നവീനവിജ്ഞാനത്തിന്റെ ബഹുമുഖമായ പ്രവാഹം നമ്മെ വിസ്മയസ്തബ്ധരാക്കും. പാണ്ഡിത്യമണ്ഡലത്തിലെ ചണ്ഡഭാസ്ക്കരനാണീ മഹാപുരുഷൻ. മലയാളത്തിന്റെ തല എന്നുപറഞ്ഞാലും അതൊരതിശയോക്തിയാകുന്നതല്ല. രാഷ്ട്രീയരംഗത്തുനിന്നൊഴിഞ്ഞുമാറിയെങ്കിലും തിളച്ചു പൊന്തുന്ന ചിന്താശക്തിയുടെ കേന്ദ്രമെന്ന നിലയിൽ ഇപ്പോഴും ഇദ്ദേഹം വിദ്വല്ലോകത്തെ തന്നിലേയ്ക്കാകർഷിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ എഴുത്തുകാരിൽ പലരും ഈ അസാധാരണ പണ്ഡിതനെ കാണാൻ പോകാറുണ്ടു്. ജീവത്തായ ആ ഗ്രന്ഥശാലയുടെ മുമ്പിലിരുന്നു് അവർക്കു് ഏതു സംശയവും പരിഹരിക്കാം. പലരും അദ്ദേഹത്തിന്റെ തൂലികാചിത്രം വരച്ചിട്ടുണ്ടു്. എന്നാൽ ചുരുക്കം ചിലർ മാത്രമേ അദ്ദേഹത്തെ അറിഞ്ഞിട്ടുള്ളൂ. ബാലകൃഷ്ണപിള്ള ഇന്നുവരെ എഴുതിയിട്ടുള്ള പുസ്തകങ്ങളും ലേഖന പരമ്പരകളും മുഴുവൻ വായിച്ചിട്ടുള്ളവരുണ്ടോ, എന്തോ? മഹത്തായ ആ പാണ്ഡിത്യത്തിന്റേയും ചിന്താഫലങ്ങളുടേയും മൂല്യം നിർണ്ണയിക്കാൻ ഇതു വരെ ആരും തുനിഞ്ഞിട്ടില്ല. അധികം പേരും അദ്ദേഹത്തിന്റെ സാഹിത്യ നിരൂപണമാണു് ശ്രദ്ധിക്കുന്നതെന്നു തോന്നുന്നു. അതു പലരുടേയും വിമർശനത്തിനു വിഷയമായിട്ടുണ്ടല്ലോ. എന്നാൽ സാഹിത്യ നിരൂപണം ബാലകൃഷ്ണപിള്ളയുടെ ഒരു വിനോദവ്യാപാരം (Hobby) മാത്രമാണെന്ന സംഗതി നമ്മളാരും ഓാർമ്മിക്കുന്നില്ല. പുരാണവസ്തുഗവേഷണ ശാസ്ത്രം (Archaeology) ആണു് അദ്ദേഹത്തിന്റെ പ്രധാനവിഷയം. ഒന്നാമതായി അതിലൂടെ വേണം അദ്ദേഹത്തിൽനിന്നു ലഭിച്ചിട്ടുള്ള വിജ്ഞാന സമ്പത്തിന്റെ വിലയിരുത്തുവാൻ. അതിനാരും ഇന്നേവരെ ഉദ്യമിച്ചിട്ടില്ല. അതത്ര എളുപ്പവുമല്ല.
ബാലകൃഷ്ണപിള്ള എഴുതിവിടുന്നതുമാത്രം വായിച്ചാൽ പോരാ. അദ്ദേഹത്തെത്തന്നെയും ഒന്നു പഠിക്കേണ്ടതുണ്ടു്. ദുർഘടഗ്രന്ഥികളുള്ള ഒരു ഗ്രന്ഥമാണദ്ദേഹം. അതിലെ പല ഏടുകളും അറിയപ്പെടാതെ കിടക്കയാണു്. യാഥാസ്ഥിതികത്വത്തിൽ അടിയുറച്ചു നിൽക്കുന്ന സാമൂഹ്യജീവിതത്തെ വേരോടെ പറിച്ചു മറിച്ചിടുന്ന ഈ വിപ്ലവകാരി പലരുടേയും ദൃഷ്ടിയിൽ ഒരു തലതിരിഞ്ഞ ചിന്തകനായിരിക്കുന്നു. അവർക്കു ദഹിക്കാത്ത ആശയങ്ങളാണല്ലോ ഏതു വിഷയത്തിലും അദ്ദേഹം പുറത്തു വിടുന്നതു്. അമേരിക്കയിലെ ഉൽപതിഷ്ണുക്കളിൽ പ്രമുഖനായ ഹെൻറിവാലസ്സിന്റെ തൂലികാചിത്രമെഴുതിയ ഒരു ലേഖകൻ ഇങ്ങനെ പറയുകയുണ്ടായി: “ഹെൻറി വാലസ്സ് സിദ്ധാന്തമണ്ഡലത്തിൽ അതിവിദഗ്ദ്ധനാണു്. പക്ഷേ, യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ അദ്ദേഹം കൂടെക്കൂടെ അപകടത്തിൽ ചെന്നു ചാടുന്നു. (He is considered to be brilliant in theory, but he constantly runs into trouble in the world of realities.) ബാലകൃഷ്ണപിള്ളയെ സംബന്ധിച്ചും ഈ അഭിപ്രായം തികച്ചും ഒത്തിരിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ഉൾക്കൊള്ളും വിധമാണു് അദ്ദേഹത്തിന്റെ നിരീക്ഷണം. ഏകപക്ഷദർശികൾക്കു് അതു ഹൃദ്യമാകാതിരുന്നേയ്ക്കാം. ഒരു വശത്തിലൂടെ മാത്രം ഒന്നിനെ നോക്കിക്കാണുന്ന അശാസ്ത്രീയ സ്വഭാവം അദ്ദേഹം നിഷിദ്ധമായി ഗണിക്കുന്നു. കമ്പോളത്തിലെ വിലയുടെ നിലവാരമനുസരിച്ചു് അഭിപ്രായച്ചരക്കുകൾ ഇറക്കുമതിചെയ്യാനും അദ്ദേഹം പഠിച്ചിട്ടില്ല. ആരാധ്യമായൊരു ശാസ്ത്രജ്ഞമനോഭാവം—അതെപ്പോഴും ഏതു വിചാരണയിലും അചഞ്ചലമായി അകളങ്കിതമായി പ്രത്യക്ഷപ്പെടുന്നു. അറിവിന്റെ ശുദ്ധസ്വരുപം മാത്രമേ അതിൽ നിന്നു പുറത്തുവരികയുള്ളു.

പതിനെട്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ ഇംഗ്ലീഷുസാഹിത്യകാരനായ ഹോറസ് പാൽപോൾ പറഞ്ഞിട്ടുണ്ടു്, വിചാരശീലർക്കു് ഈ ലോകം ഒരു ‘കോമഡി’യും വികാരഭരിതർക്കു് ഒരു ‘ട്രാജഡി’യും ആണെന്നു്. ഇതൊരു മാനസിക രഹസ്യമത്രേ. പക്ഷേ, എല്ലാമനുഷ്യരിലും ഏറെക്കുറെ വിചാരവികാരങ്ങൾ ഉള്ളതുകൊണ്ടു് അവർക്കു് ജീവിതം രണ്ടും ഇടകലർന്നതായിട്ടേ തോന്നുകയുള്ളൂ. ഓരോരുത്തരുടേയും മനോഭാവത്തിനനുസരിച്ചു് ട്രാജഡിയുടേയും കോമഡിയുടേയും അംശങ്ങൾ ഏറിയും കുറഞ്ഞും അനുഭവപ്പെടും. ഇവയുടെ സമീകരണം അത്യന്തം ദുഷ്ക്കരമാണു് സാധാരണ മനുഷ്യനു്. ഇതിൽ ബാലകൃഷ്ണപിള്ള അസാമാന്യ വിജയം നേടിയിരിക്കുന്നു. ഏറ്റക്കുറവുകൾ കൂടാതെ ജീവിതത്തിന്റെ ഈ രണ്ടു വശങ്ങളും ഒന്നു പോലെ ദർശിക്കുന്ന ഹൃദയാലുവായ ഒരു തത്ത്വജ്ഞാനിയാണദ്ദേഹം. തർക്കകർക്കശമായ ബുദ്ധിയും വികാരതരളിതമായ ഹൃദയവും അദ്ദേഹത്തിൽ സമഞ്ജസമായി സമ്മേളിച്ചിരിയ്ക്കുന്നു. പക്ഷേ, ആദ്യത്തേതുമാത്രമെ അധികം പേരും മനസ്സിലാക്കിയിട്ടുള്ളൂ. അതുകൊണ്ടു് അദ്ദേഹത്തിന്റെ ജീവിത നിരീക്ഷണത്തെ ഏകപക്ഷമായി വ്യാഖ്യാനിക്കുവാനും ചില വിമർശകന്മാർ മുതിർന്നിട്ടുണ്ടു്. നാം ജീവിതമെന്നു പറയുന്നതിന്റെ സ്വരൂപഘടനയിൽ വിഡ്ഢിത്തവും യുക്തിവിചാരവും കൂടിക്കലർന്നു കിടക്കുന്നുവെന്നും ഇവയിലൊന്നിലൂടെമാത്രം ജീവിതത്തെ നോക്കുന്നവൻ അർദ്ധമനുഷ്യനേ ആകുന്നുള്ളുവെന്നും രണ്ടിന്റേയും അനുരഞ്ജനം ഉൾക്കൊള്ളുന്ന സമഗ്രവീക്ഷണമുള്ളവനാണു് പൂർണ്ണമനുഷ്യനെന്നു ഹാവലോക് എല്ലീസ് അഭിപ്രായപ്പെട്ടിട്ടുള്ളതു് ഇവിടെ സ്മരണീയമാണു്.
പ്രസ്തുത തത്ത്വത്തെ ആസ്പദമാക്കി ബാലകൃഷ്ണപിള്ളയുടെ ജീവിതാവലോകനമൊന്നു വിശകലനം ചെയ്തുനോക്കുക. പ്രഥമവീക്ഷണത്തിൽ അദ്ദേഹമൊരു അർദ്ധമനുഷ്യനായി പ്രത്യക്ഷപ്പെട്ടേയ്ക്കാം. പലരും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടു്. പരസ്പരം ബന്ധമില്ലാതെ എന്തൊക്കെയോ അസംബന്ധം പുലമ്പുന്നൊരു കിറുക്കൻ—സകലതും ദോഷദൃഷ്ടിയോടെ നോക്കി ഹാസ്യവും അവജ്ഞയും പ്രകടിപ്പിക്കുന്നൊരു ‘സിനിക്ക്’ എന്നിങ്ങനെ ഒരു കൂട്ടർ. യുക്തിയുടെ വെളിച്ചത്തിൽ സ്വതന്ത്രമായ ചിന്തകൊണ്ടു് എല്ലാം കീറി മുറിച്ചു പരിശോധിക്കുന്ന ശുഷ്ക്കമാനസനായൊരു ശാസ്ത്രജ്ഞൻ എന്നു വേറെ ചിലർ. ഈ രണ്ടു് അർദ്ധസത്യങ്ങളും കൂടിച്ചേരുമ്പോൾ ബാലകൃഷ്ണപിള്ള എല്ലീസിന്റെ മതപ്രകാരം ഒരു പൂർണ്ണമനുഷ്യനാണെന്നു കാണാം.
ആശയസമുദ്രത്തിൽ എപ്പോഴും കാറ്റും കോളും ഉണ്ടാക്കുന്ന പ്രക്ഷോഭകാരിയായൊരു പ്രചാരകനെന്നു പറഞ്ഞാലതും അർത്ഥവത്താകും. തന്റെ ചിന്തയിൽ വിളയുന്ന ആശയങ്ങളുടെ ആഘാതമേറ്റു ജനസഞ്ചയം അസ്വസ്ഥമാകുന്നതുകണ്ടു് അദ്ദേഹത്തിനു രസിച്ചുകൊണ്ടിരിക്കണം. അതിനുവേണ്ടി അതിശയോക്തിയുടെ കൂട്ടുപിടിക്കാനും അദ്ദേഹം മടിക്കാറില്ല. സാഹിത്യ നിരൂപണത്തിലാണു് ഈ നയപ്രയോഗമധികവും. സാഹിത്യം, സമുദായതന്ത്രം, ചരിത്രഗവേഷണം മുതലായ ചർച്ചാവിഷയങ്ങളിലെല്ലാം ഈ നിരൂപകകേസരിയുടെ നിലയൊന്നു വേറെതന്നെ. ഒരു കക്ഷിയിലും ചേരാതെ അദ്ദേഹം ഒറ്റതിരിഞ്ഞു നിൽക്കുന്നു. എന്തെതിർപ്പിനോടും എതിരിട്ടു് ഏകനായി ഉറച്ചുനിൽക്കാനുള്ള കരുത്തും അദ്ദേഹത്തിനുണ്ടു്. ഒത്തു തീർപ്പെന്നതു (Compromise) രാജ്യതന്ത്രത്തിന്റെ മറ്റൊരു പേരായി പറയപ്പെടുന്നുണ്ടല്ലോ. ബാലകൃഷ്ണപിള്ള ഒന്നാംതരം രാജ്യതന്ത്രജ്ഞനാണെങ്കിലും എല്ലാവിധത്തിലുള്ള ഒത്തുതീർപ്പിനും വിരോധിയാണു്. സമൂല പരിവർത്തനം—അട്ടിമറിപ്പൻവിപ്ലവം—അതാണു് മൂപ്പർക്കിഷ്ടം. ആ കൃശ ശരീരത്തിനുള്ളിൽ ഭീകരമായ ഒരു സർവ്വസംഹാരഭാവം വീർപ്പുമുട്ടിക്കിടക്കുന്നുണ്ടെന്നു് അടുത്തിരുന്നു വർത്തമാനം പറഞ്ഞുനോക്കുന്നവർക്കേ അറിഞ്ഞുകൂടു. ഒരു തികഞ്ഞ ഭൗതികവാദിയാണെങ്കിലും പ്രത്യേകിച്ചൊരു സിദ്ധാന്തവും ആ ധീപ്രസരത്തിനു ചുറ്റും മതിൽകെട്ടിയിട്ടില്ല. വീടുവിട്ടു പുറത്തിറങ്ങാത്ത ഈ ഏകാന്തമനുഷ്യൻ സ്വന്തതാത്പര്യങ്ങളോടു യാത്ര പറഞ്ഞിട്ടു് എത്രയോ കൊല്ലം കഴിഞ്ഞിരിക്കുന്നു. ഇത്രത്തോളം സ്വസുഖ നിരഭിലാഷനായി സ്വാർത്ഥവിചാരം ത്യജിച്ചിട്ടുള്ള മറ്റൊരു പണ്ഡിതൻ ഇന്നു കേരളത്തിലില്ല. ജഞാനതൃഷ്ണ, അതൊന്നുമാത്രമേ അദ്ദേഹത്തിലാവേശിച്ചിട്ടുള്ളൂ. ഒരു പുതിയ മനുഷ്യവർഗ്ഗത്തെ വാർത്തെടുക്കാനുള്ള സാമഗ്രികൾ ഈ ലോകത്തിലെ വിജ്ഞാനഖനിയിൽ നിന്നു കുഴിച്ചെടുക്കാനുള്ള തൃഷ്ണയാണതു്.
പരിതസ്ഥിതിക്കും പാരമ്പര്യത്തിനും തുല്യപ്രാധാന്യം കൽപ്പിച്ചു് അവയ്ക്കു രണ്ടിനും മാറ്റം വരുത്തിയാലേ മനുഷ്യവർഗ്ഗം നന്നാകയുള്ളുവെന്നു വാദിക്കുന്നയാളാണു് ശ്രീ. ബാലകൃഷ്ണപിള്ള. യുക്തിവാദി പ്രതാധിപർ എം. സി ജോസഫി ന്റെ ഒരു പുസ്തകത്തിനു് (പുരോഗതി) എഴുതിക്കൊടുത്ത അവതാരികയിൽ അദ്ദേഹം ഈ സംഗതി സുവ്യക്തമാക്കിയിട്ടുണ്ടു്. പരിതസ്ഥിതിക്കു കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ള കമ്യൂണിസ്റ്റ് ഫിലോസഫിയോടു് ഇക്കാര്യത്തിൽ അദ്ദേഹത്തിനു തികച്ചും യോജിക്കുവാൻ കഴിയുന്നില്ല. സാമ്പത്തിക പരിവർത്തനത്തോടൊപ്പം യൂജനിക്സ് സമ്പ്രദായത്തിലുള്ള ഉത്തമവർഗ്ഗോത്പാദനപരിപാടിയും നടപ്പാക്കണമെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാലിതിലൊന്നിലുമല്ല ബാലകൃഷ്ണപിള്ളയുടെ അഗാധപാണ്ഡിത്യവും അവിശ്രമ പരിശ്രമവും അത്ഭുതാവഹമായി വെളിപ്പെട്ടിട്ടുള്ളതു്. അതു മുൻസൂചിപ്പിച്ചതു പോലെ ചരിത്ര ഗവേഷണത്തിലാണു്. ഇന്നുവരെ മറ്റൊരു ഗവേഷകന്റേയും ദൃഷ്ടിയിൽപ്പെടാത്തതായി ചില പുതിയ അദ്ധ്യായങ്ങൾ അതിലദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ചരിത്രാതീത സംസ്ക്കാരത്തെ (Pre-historic culture) സംബന്ധിച്ച അദ്ദേഹത്തിന്റെ നവീനസിദ്ധാന്തങ്ങളും അവയുടെ സ്ഥാപനത്തിനായി ഉപയോഗിച്ചിട്ടുള്ള കൽപകാലഗണനയും (Kalpa chronology) ആർക്കിയോളജിയിലെ വിലയേറിയ കണ്ടുപിടുത്തങ്ങളായി ലോകം കൊണ്ടാടുന്ന ഒരു കാലം വരും. അത്രയ്ക്കു ദൂരവ്യാപകമായ പ്രാധാന്യം അവയ്ക്കുണ്ടെന്നു് ഇന്നധികം പേരും അറിയുന്നില്ല. മലയാളത്തിലെ മാസികകളിൽ മങ്ങിക്കിടക്കുന്ന ഈ അനർഘസസമ്പത്തു് ഇംഗ്ലീഷിൽക്കൂടി പുറത്തുവരുമ്പോൾ ഈ കേരളാചാര്യനു ഭുവനപ്രശസ്തിതന്നെ ലഭിച്ചേയ്ക്കാം. ഇതിനെപ്പറ്റി പ്രത്യേകിച്ചൊരു ലേഖനമാവശ്യമാകയാൽ ഇവിടെ വിസ്തരിക്കുന്നില്ല.[1]
—നിരീക്ഷണം
[1] ശ്രീ. ബാലകൃഷണപിള്ള 1961-ൽ നിര്യാതനായി.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—നിരീക്ഷണം.
ചരമം: 11-2-1971