images/Orpheus_Mourning_the_Death_of_Eurydice.jpg
Orpheus Mourning the Death of Eurydice, a painting by Ary Scheffer (1795–1858).
ഒരു വിലാപം
വി. സി. ബാലകൃഷ്ണപണിക്കർ

തിങ്ങിപ്പൊങ്ങും തമസ്സിൽ കടലിലൊരുകുടം‌പോലെ ഭൂചക്രവാളം

മുങ്ങിപ്പോയീ മുഴുക്കെക്കുളിരിളകുമിളം‌കാറ്റു താനേ നിലച്ചൂ,

മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകർപ്പെന്നമട്ടന്നു മൌനം

തങ്ങിക്കൊണ്ടർദ്ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടേ.

കണ്ണിൽ കണ്ണീർ നിറച്ചിട്ടകമിടറി വിടും വീർപ്പുകൊണ്ടാശുമിന്നി-

ട്ടെണ്ണിപ്രാപഞ്ചികക്കോളടിയുടെ നടുവിൽപ്പെട്ടു വല്ലാതെ മുങ്ങി,

മണ്ണിൽ ചൈതന്യമില്ലാപ്പടി പൊടിപുരളും‌മ്മട്ടു വാടിക്കിടക്കും

പെണ്ണിൻ പൂമേനി താങ്ങി,ദ്ദയിതനവനിരുന്നീടിനാ,നെന്തുചെയ്യാം!

നാട്ടാരെല്ലാം വിഷൂചീ ലഹളയിലുതിരും കാല,മദ്ദീനമായ്ത്തൻ

കൂട്ടാളയ്യോ, കഴിഞ്ഞീടിന കഥ, വലുതായുള്ള വർഷാനിശീഥം,

കേട്ടാലാരും ഭയംകൊണ്ടിളകിമറിയുമീ വേളയിൽ കഷ്ടമായാൾ

നീട്ടാനുംകൂടി വയ്യാതെരിയുമൊരു വിളക്കിന്റെ നേരിട്ടിരുന്നു.

ആമട്ടാളും കഠോരപ്രകൃതിനടനയിൽ പാട്ടുകാരൻ കണക്കെ-

ക്കൂമൻ മൂളുന്നു, കൂകുന്നിതു ചിറകടിയോടൊത്തു കുറ്റിച്ചുലാനും,[1]

പ്രേമം, വിഭ്രാന്തി, താപം, ഭയമിവയിലലിഞ്ഞാകവേ രക്തനാഡീ-

സ്തോമം സ്തംഭിയ്ക്കയാലക്കഥകളവനറിഞ്ഞി,ല്ലതേ നല്ലതായീ.

പാരം വീർപ്പി,ട്ടുലയ്ക്കൊത്തെരിയുമൊരു മുഖം, മുത്തൊളിബ്ബാഷ്പധാരാ-

സാരം തിങ്ങിക്കലങ്ങീടിന മിഴികൾ, നിറം‌മങ്ങി വിങ്ങും കപോലം

ചാരം‌പോലേ വിളർത്തോരുടലിവയൊടുമപ്പൂരുഷൻ ഹന്ത, വിദ്യുത്-

സാരത്തിൻ[2] വിദ്യയാലൊട്ടിളകുമൊരു വെറും പാവയെപ്പോലിരുന്നൂ!

ഒന്നോ രണ്ടോ മണിക്കൂറിട മനമറിയാമട്ടിലെന്തൊക്കെയോ ചെയ്-

തന്നോളംതള്ളുമാർത്തിക്കടൽനടുവിലെണീറ്റായവൻ നീന്തിനോക്കീ,

പൊന്നോമൽ ചെമ്പകത്തിൻ മലരടിപണിയും കാന്തതൻ മെയ്യു മെല്ലെ-

ത്തന്നോടൊപ്പിച്ചമർത്തിത്തഴുകി,യൊരുവിധം ഗദ്ഗദം‌പൂണ്ടുരച്ചൂ:

മാനം, മര്യാദ, മാന്യപ്രണയമധുരമാംശീലമൊക്കുന്ന മട്ടിൽ

ദാനംതൊട്ടുള്ള നാനാഗുണവിഭവമിണങ്ങീടുമെൻ പ്രാണനാഡീ,

ജ്ഞാനധ്യാനൈകരൂപാമൃതമണയുവതിന്നുള്ള നിന്നന്ത്യയാത്ര-

യ്ക്കാനന്ദം കൈവരട്ടേ, തവ വിമലകഥാവസ്തുശേഷിച്ചിടട്ടേ.

സ്വാതന്ത്ര്യത്തോടുകൂടി സ്വയമുയരുമൊരീ നിന്റെ ജീവൻ, ക്രമത്തിൽ

കൈതന്നുംവെച്ചു വാനോർവനിതകളരുളീടുന്നൊരഗ്രാസനത്തിൽ

ആതങ്കംവിട്ടു മിന്നിക്കിളികളികളുമാനന്ദനത്തോപ്പിലേന്തും

ഗീതത്തോടൊത്തു പുത്തൻ മണമണിയുമിളംകാറ്റു തെല്ലൊട്ടേറ്റിടട്ടേ.

ആശാവേശം നിമിത്തം ചിലതിവനുരചെയ്യുന്നതത്രേ, മരിച്ചാ-

ലേശാൻപോകും യഥാർത്ഥസ്ഥിതികളറിയുവാനാർക്കുമയ്യോ ഞെരുക്കം.

ദേശാചാരാനുസാരം സുകൃതഫലമെടുത്തീടുവാൻ തത്ത്വചിന്താ-

ലേശാലോലം മനസ്സിന്നനുമതി കുറയും, തത്ത്വമോഭിന്നഭിന്നം!

ദേവന്മാരുള്ള നാടും നരകവുമിവിടെത്തന്നെയാണെന്നുവന്നാ-

ലാവട്ടേ, നാം നയിച്ചൂ പ്രണയമസൃണമീ ജീവിതം സ്വർഗ്ഗതുല്യം,

ജീവൻ മേലിൽ സുശീലേ, ജനനമണയുമെന്നാകിലിന്നാ,മൊരേമ-

ട്ടേവംതാൻ ചേരുമപ്പോളമിതപരചിദാനന്ദകന്ദം ഭുജിക്കാം.

താരുണ്യത്തള്ളലാലോ, തരുണമനമിളക്കുന്ന ഗാനങ്ങളാലോ,

പേരുണ്ടാക്കാൻ തുനിഞ്ഞി,ല്ലിവനിലകമലിഞ്ഞുള്ള നീയെന്ന മൂലം,

ആരും വാഴ്ത്തില്ലയെന്നാകിലുമൊരു സമയത്തദ്ഭുതപ്രേമസാരം

ചേരും നിൻ ജീവവൃത്തപ്പുതുമ പുതിയ പാഠത്തിലൊന്നായിരിക്കും.

സാരാനർഘ പ്രകാശപ്രചുരിമ പുരളും ദിവ്യരത്നങ്ങളേറെ-

പ്പാരാവാരത്തിനുള്ളിൽ പരമിരുൾ നിറയും കന്ദര[3] ത്തിൽ കിടപ്പൂ;

ഘോരാരണ്യച്ചുഴൽക്കാറ്റടികളിലിളകും തൂമണം വ്യർത്ഥമാക്കു-

ന്നോരാപ്പൂവെത്രയുണ്ടാ,മവകളിലൊരുനാളൊന്നു കേളിപ്പെടുന്നൂ![4]

ഭൂയിഷ്ഠം റാണി പദ്മാവതിയുടെ വിപുലസ്ഥൈര്യസമ്പത്തു, ലക്ഷ്മീ-

ഭായിക്കുണ്ടായ യുദ്ധപ്രവണത, സരളാദേവിതൻ വാഗ്വിലാസം,

നീയിത്ഥം നിർമ്മലസ്ത്രീഗുണമഹിമകളാൽ പൂർണ്ണമായ് വാണിരിക്കാം,

വായിപ്പാനാവതാണോ ഹൃദയനില വെറും മാംസദൃഗ്വീക്ഷണത്താൽ?

ഏതായാലും കൃതാന്തൻ നിജകഠിനകരം നിന്നിൽവെച്ചൂ, തുഷാര-

ശ്രീ താവും മഞ്ജുമന്ദസ്മിതമണിയുമിളംചുണ്ടനങ്ങാതെയായീ,

വീതായാസം വിലോലായത മിഴിയിലെഴും കാന്തി മങ്ങീ, കടുക്കും

വാതാവേശാൽ പ്രപഞ്ചത്തിരയടിയിലകപ്പെട്ടു നീ ചോട്ടിലായീ.

ആകപ്പാടേ വിമർശിച്ചറിയുവതിനസാദ്ധ്യങ്ങളാകുന്നു നാനാ-

പാകം‌പറ്റുന്ന ദിവ്യപ്രകൃതിയുടെ വികാരങ്ങൾ വിശ്വോത്തരങ്ങൾ

‘ലോകം രംഗം, നരന്മാർ നട’രിതു വളരെസ്സാരമാം തത്ത്വമെങ്ങോ

പോകട്ടേ, മാംസമേദോമലകലിതമുടൽക്കെട്ടിതുൽകൃഷ്ടമാണോ?

ധീരശ്രീസർവ്വസൈന്യാധിപനുടെ കരവാ,ളൂഴിപന്നുള്ള ചെങ്കോ-

ലീ രണ്ടിന്നും നമിക്കാത്തൊരു പഴയ മഹാശക്തി മീതേ ജയിപ്പൂ,

സാരജ്ഞേ, തല്പ്രയുക്തം നിയമമനുസരിച്ചിന്നു ലോകങ്ങളോരോ

നേരത്തോരോ വിധത്തിൽ തിരിയു,മതുതടുത്തീടുവാനാവതല്ല.

ലാവണ്യംകൊണ്ടിണങ്ങും പുതുമ, കവിതകൊണ്ടുള്ള സൽകീർത്തി, വിദ്വൽ-

ഭാവംകൊണ്ടുള്ള മാന്യസ്ഥിതി, രണപടുതാമൂലമാ വൻ പ്രതാപം

ഈവണ്ണം വർണ്ണനീയം ഗുണമഖിലമൊരേ വാതിലിൽത്തട്ടിമുട്ടി-

ജ്ജീവത്താമാദിമൂലപ്രകൃതിയിലൊടുവിൽ ചെന്നുചേരുന്നുവല്ലോ.

ബാലാദിത്യൻ കരത്താലരിമയൊടു തലോടീടവേ പാടലശ്രീ-

ലീലാരംഗം പ്രഭാതപ്രകൃതിയുടെ മൃദുസ്നിഗ്ദ്ധഗണ്ഡം കണക്കെ

മേലാലെത്തും വിപത്തിൻ വിപുലതയെ വിചാരിച്ചുനോക്കുന്നതിന്നും

മേലാതേനിന്നൊടുക്കം പടുചുടല പനീർപ്പൂവു ചുംബിച്ചിടുന്നൂ.

ഓമൽപ്പൂവെണ്ണിലാവിൽക്കുളിർമയൊടു കുളിച്ചൊട്ടു മൂടും പ്രസൂന-

ക്ഷൌമം ചാർത്തിസ്സുഗന്ധപ്പൊടിവിതറി വിളങ്ങുന്നു മല്ലീമതല്ലി.

ആമട്ടുച്ചയ്ക്കുണങ്ങിക്കരിയുമുടലുലഞ്ഞെന്നുറച്ചിറ്റുവീഴും

തൂമഞ്ഞിൻ തുള്ളിയാലേ വിമലമതി വൃഥാതന്നെ ബാഷ്പം‌പൊഴിപ്പൂ.

നാദാന്ത ബ്രഹ്മനിഷ്ഠാ വഴിയിലകമുറച്ചേവമോർത്താലുമിന്നെൻ

വേദാന്തക്കൺവെളിച്ചം വിരഹമഷി പിടിച്ചൊന്നു മങ്ങുന്നുവെങ്കിൽ

വാദാർത്ഥം ദണ്ഡമേന്തും യതികളുടെ വെറും കാവിമുണ്ടുഗ്രസംഗ-

ത്തീദാഹംകൊണ്ടു നീട്ടും രസനകളെ മുറയ്ക്കെത്രനാൾ മൂടിവെക്കും?

പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടേ, ദുർവ്വിധിക്കാറ്റുതട്ടി-

പ്പാതിത്യംവന്ന നിന്മെയ്യിളകുവതിനിനിസ്സാദ്ധ്യമല്ലെന്നിരിക്കെ,

പാതിപ്പെട്ടും ഭവച്ചങ്ങലവലയിലകപ്പെട്ടു കാലാലയത്തിൻ

വാതിൽക്കൽപ്പോയിമുട്ടിത്തിരിയെ വരുമൊരെൻ ജീവിതം ഭാരഭൂതം!

നീലക്കാർമൂടി മങ്ങുന്നിതു മതി, കൊടുതാം മിന്നൽ പായുന്നു നാഡീ-

ജാലത്തിൽക്കൂടി, ദീർഘശ്വസനനിളകവേ ബാഷ്പവർഷം വരുന്നൂ

പാലഞ്ചുംവാണിയാളേ, തവ വിരഹ വിചാരാംബുധിക്കോളിളക്കം

കാലത്തിന്നൊത്തിരിപ്പൂ, കണവനുടെ കരൾക്കെട്ടിതാ പൊട്ടിയല്ലോ!

പ്രാലേയ ക്കട്ടപോലേ പരിമൃദുലതപൂ,ണ്ടെന്നുമാഡംബരത്തിൽ-

ക്കാലേവെക്കാതെ, നൈസർഗ്ഗികമധുരിമയെത്തൻ കളിത്തോഴിയാക്കി,

മാലേയം മാത്രമായോരണിയലൊടു മുഖാബ്ജത്തിലാത്മപ്രസാദം

മേലേമേലേ വളർത്തിബ്ഭവതി ഭുവനരംഗത്തിൽ നന്നായ് വിളങ്ങീ.

ഞാനോ, നീർക്കെട്ടിമൂടുന്നൊരു നയനതടം വിങ്ങിമങ്ങിക്കുഴങ്ങി-

പ്പീനോൽക്കണ്ഠാപരീതൻ വിരഹവിധുരതാധൂസരാംഗങ്ങളോടെ,

മാനോടുംകണ്ണി, മുള്ളുംചരലുമിടകലർന്നുള്ള മാർഗ്ഗംചവിട്ടി-

ത്താനോരോ ജീവിതായോധനമുറിവുകളേറ്റോടിവാടേണ്ടിവന്നു.

പ്രാതഃകാലം വരുമ്പോൾ തവ ചരമകഥാസ്മാരകം‌പോലെ പാടും-

ഗീതത്തെക്കൊണ്ടു ഘണ്ടാമണി[5] വെളിയിലയയച്ചോരു ഞാനൊറ്റയായി-

പ്രേതത്തെപ്പോലെ മുറ്റത്തണയുകിലൊളിവറ്റോ[6] മനക്കാറ്റുപുൽകും

കൈതപ്പൂവെന്നെനോക്കി ത്രപയൊടപഹസിച്ചീടുമേ വാദമില്ല.

വാതവ്യാസംഗമൂലം വിറയുടയ പുരാരാമവല്ലീകുലത്തെ-

സ്ഫീതസ്നേഹം തലോടിപ്പലപൊഴുതു പയോധാര താനേ നടത്തി,

ആതങ്കം മാറ്റുമാര്യേ, തവ തനുഭവമായുള്ള വെണ്ണീർ കിടക്കേ-

പ്രേതക്കാട്ടിൽക്കടത്തും കരവുമഫലമല്ലോഷധീശന്നു മേലിൽ.

സാനന്ദം സുപ്രഭാതോദയമഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിൻ-

ഗാനത്താലോ, ഗവാക്ഷം വഴി ദിനമണി തൻ കൈകളാൽ പുൽകയാലോ

തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിൻ ദീർഘനിദ്ര-

യ്ക്കൂനം‌പറ്റില്ല, നിൻ കണ്ണുകൾ നിയതിനിയോഗത്തിനാൽ മുദ്രിതങ്ങൾ.

വി. സി. ബാലകൃഷ്ണപണിക്കർ

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്തു് ഊരകം മേൽമുറിയിൽ 1889 മാർച്ച് 1-നു് ജനനം. അമ്മ: വെള്ളാട്ടു് ചെമ്പലഞ്ചീരി മാധവിക്കുട്ടി എന്ന അമ്മുണ്ണി അമ്മ. അച്ഛൻ: കപ്പേടത്തു് തലാപ്പിൽ കൃഷ്ണനുണ്ണി നായർ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോടു് മാങ്കാവിൽ പടിഞ്ഞാറേ കോവിലകത്തു് വിദ്വാൻ ഏട്ടൻ തമ്പുരാന്റെ കീഴിൽ സംസ്കൃത കാവ്യ ശാസ്ത്രാദികൾ പഠിച്ചു. പഠനകാലത്തു് ഗുരുവിന്റെ കേരളവിലാസം, സൂക്തി മുക്താ മണിമാല എന്നീ സംസ്കൃതകൃതികൾ മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തി. പിന്നീടു് മാനവിക്രമീയം എന്ന അലങ്കാരശാസ്ത്ര പുസ്തകം, കുമാരചരിതം, ഇന്ദുമതീസ്വയംവരം എന്നീ നാടകങ്ങൾ രചിച്ചു. തൃശ്ശൂരിൽ നിന്നു് പ്രസിദ്ധീകരിച്ചിരുന്ന കേരളചിന്താമണി എന്ന പത്രത്തിൽ ജോലിചെയ്യുമ്പോഴാണു് പ്രസിദ്ധമായ ‘ഒരു വിലാപം’ എന്ന കാവ്യം രചിക്കുന്നതു്. തിരൂരിൽ ‘ലക്ഷ്മീസഹായം’ എന്ന പത്രം നടത്തിയിരുന്ന കാലത്താണു് വിശ്വരൂപം, സാമ്രാജ്യഗീത എന്നീ കൃതികൾ രചിക്കുന്നതു്. അവസാനകാലത്തു് ക്ഷയരോഗബാധിതനായിരുന്ന വി. സി. 1912 ഒക്ടോബർ 20-നു് 23-ാം വയസ്സിൽ അന്തരിച്ചു. പരമ്പരാഗത ശൈലിയിൽ നിന്നും കാൽപനികതയിലേക്കുള്ള പരിവർത്തനത്തിൽ ഇദ്ദേഹത്തിന്റെ കവിതകൾ നിർണായക സ്വാധീനം ചെലുത്തി. പത്രപ്രവർത്തനത്തിലും കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹം കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.

Colophon

Title: Oru Vilapam (ml: ഒരു വിലാപം).

Author(s): V. C. Balakrishnapanicker.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Poem, V. C. Balakrishnapanicker, Oru Vilapam, വി. സി. ബാലകൃഷ്ണപണിക്കർ, ഒരു വിലാപം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 12, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Orpheus Mourning the Death of Eurydice, a painting by Ary Scheffer (1795–1858). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.