images/Imported_Photos.jpg
Another call from africa mixed media on canvas, a painting by Turgoart .
എം. ബഷീറിന്റെ കവിത

കെ. ജി. എസ്.

എം. ബഷീറിന്റെ വാക്കുകൾ വെയിലിന്റെ വിദ്യാർത്ഥികൾ. വെയിലാണു് അറിവു്, പരീക്ഷ, ചോദ്യം, ഉത്തരം, ജയം, പരാജയം. വെയിലിൽ നട്ടതോ നീർത്തി വിരിച്ചതോ വെയിലിനോടു് കലഹിച്ചതോ വെയിലിലേക്കു് തൂവിപ്പോയതോ ആയ ജീവിതം. അനുഭവത്തിന്റെ നേരടരുകൾ വെയിലിൽ വായിക്കുന്നു, ഒന്നും നിലാവല്ലാത്ത ബഷീറിന്റെ കവിത. പിരിഞ്ഞു് കുറേക്കാലം കഴിഞ്ഞു് പഴയ കൂട്ടുകാരിയെ കണ്ടുമുട്ടുന്നു. പണ്ടു് തലയിൽ തട്ടമിടാത്തവളെ. നരച്ച പർദ്ദയിൽ പൊതിഞ്ഞ ചിരിയിൽ കണ്ടുമുട്ടുന്നു. അവരുടെ ലോകാവസാനത്തിനു് ശേഷമുള്ള കാണൽ. വായന അത്രയ്ക്കു് പ്രിയമായിരുന്നവൾക്കു്, ഖസാക്കു് വേദപുസ്തകമാക്കിയിരുന്നവൾക്കു്, പിരിയേണ്ടി വന്നതു് വിജയൻ മരിച്ചറിയാത്ത ‘വിജയേട്ടന്റെ പുതിയ പുസ്തകം ഏതെ’ന്നു് ചോദിപ്പിക്കുന്ന ഇരുട്ടിലേക്കു്. ആ നടുക്കം ഉള്ളു് പൊള്ളിക്കുന്ന വെയിൽ. അവർ തമ്മിലെ മനക്കൂട്ടിന്റെ തണൽ എന്നേ വെട്ടിപ്പോയിരുന്നു. അവർ നിൽക്കുന്നതു് അതിന്റെ ഊമത്തീയിൽ. ഒരു വെയിലും പഴയ വെയിലല്ല. ദുഃഖവും സഹനവും അവസ്ഥാവെളിവും എതിർക്കതിരുമെല്ലാമായി വരുന്ന ബഷീറനുഭവത്തിലെ വെയിലും പഴയ വെയിലല്ല. ഇന്നലെയില്ലാത്ത കതിരെഴുത്തു് ഈ കവിതകളിലുണ്ടു്. ഈ വാക്കുകളിൽ തെളിയുന്ന കാതൽക്കരുത്തിൽ നിറയുന്നതു് വെയിൽമണം. പൂമണമല്ല.

ബഷീറിന്റെ വാക്കുകൾക്കു് പണ്ടു് കുടയും കൂരയുമൊന്നുമില്ലായിരുന്നു. വെയിൽ കൊണ്ടു് ദൂരം താണ്ടി. പേമഴയായും മരുത്തീയായും യാതന പെരുകിയപ്പോൾ കുടയായി കവിതയെത്തി. വാക്കുകൾ അതിൽ ചേർന്നു് നിന്നു. കവിത ബഷീറിൽ അഭയത്തിന്റെ കൂടാരമായി. ആകാശം പോലെ. കടൽ പോലെ. കാരുണ്യം പോലെ മറവി പോലെ അപാരത പോലെ ഒരു കൂടാരം. അർത്ഥം പറഞ്ഞും ദർശനം പറഞ്ഞും അളന്നു തീർക്കാനാവാത്ത ഇടം ബഷീറിന്റെ പല കവിതകളുടെയും ഉള്ളിൽ കാണുന്നു. മരം ഉപേക്ഷിച്ച പൂക്കൾക്കു് ചെന്നു വീഴാനുള്ള ഹൃദയം, ബഷീറിനു് കവിത. വീണ പൂക്കളുടെ വീടു് കവിത. തോറ്റവയ്ക്കും പുറന്തള്ളപ്പെട്ടവയ്ക്കും അഭയം കവിത. ‘കവിതകൾ ഇല്ലായിരുന്നെങ്കിൽ’ എന്ന കവിതയിൽ ഈ അഭയക്കുളിർ നാമനുഭവിക്കുന്നു. അഭയമില്ലാത്തവയ്ക്കെല്ലാം അഭയമായി കവിതയുണ്ടെന്ന കുളിർ. അതിനു് വേണ്ട അകവിസ്തൃതി കവിതയിൽ ബഷീർ കരുതി വെക്കുന്നു; കുറച്ചു് വാക്കുകളിൽ കൂടുതൽ ലോകം ഉൾക്കൊണ്ടു്.

നട്ടുച്ച സമകാലചരിത്രമായി ബഷീറിന്റെ വാക്കുകളുടെ നെറുകയിൽ ചവിട്ടി നിൽക്കുന്നു. ബഷീറിന്റെ കവിതകളിലെ ക്രിയാപദങ്ങളെല്ലാം സമകാലചരിത്ര സംഭവങ്ങൾ തന്ന ഭയത്തിലും പീഡനത്തിലും ഉൽക്കണ്ഠയിലും ക്രോധത്തിലും പ്രതിരോധത്തിലും പ്രത്യാശയിലും വേരു് പായിച്ചു് അർത്ഥോല്പാദനനിരതമാവുന്നവ. കാഴ്ചയുടേയും കേൾവിയുടേയും പല പല തലങ്ങളൊരുക്കുന്ന മൊസൈക്കുകൾ ബഷീറിന്റെ കവിതകളിൽ സമൃദ്ധം. ഋതുക്കളുടെയും പ്രതികരണങ്ങളുടേയും ജൈവപ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും സ്വാഭാവികവും ലളിതവുമായ ചലനമിത്തുകൾ നേരടരുകളായി നിറഞ്ഞവ.

‘മറന്നു് പോയ വാക്കുകൾ’ ‘മറ്റാരുടേയോ ജീവിതത്തിലേക്കുള്ള ബസ്’ തുടങ്ങിയ പലതും കനൽക്കവിതകൾ. ചാരം മൂടിത്തുടങ്ങിയ കനൽ വേറേ ചില കവിതകളിലും ജീവിതങ്ങളായുണ്ടു്. ‘മറന്നു പോയ വാക്കി’ൽ ശാന്തമായി ബഷീർ പറയുന്നതു് ഒരു വീട്ടമ്മയുടെ അശാന്തമായ ജന്മഹോമത്തിന്റെ ദിനസരി. ആടിത്തളർന്നു് ഇരുട്ടിൽ മൂകമായി അസ്തമിക്കുന്ന ഒരു പെൺപകലിന്റെ കഥ. അതിൽ ആരുമറിയാതെ ബലിയാകുന്ന അവളുടെ സർഗ്ഗാത്മകതയുടെ ദുരന്തം. ആ സ്ത്രീദിവസത്തിന്റെ പുറവും അകവും കവിതയിലുണ്ടു്. വാച്യവും ധ്വനിയുമായി. പുറമേ അവൾ ബാധ്യതകളിലും കടമകളിലും ബന്ദി. പല ജോലിത്തുടലുകളിൽ ബന്ദി. അകമേ അവൾ കവി. അവളല്ലാതെ ആരുമറിയാത്ത കവി. അവൾക്കു് പരിചരിക്കാൻ കഴിയാതെ പോകുന്ന സ്വന്തം പ്രതിഭ… വീടിനു് വേണ്ടി ഹോമിക്കപ്പെടുന്നതു് അവളുടെ കാവ്യജീവിതം. ഒരു കവിത പൂർത്തിയാക്കാൻ അവൾക്കു് ഒരു വാക്കു് കൂടി വേണം. ആ വാക്കു് പലവട്ടം ബോധത്തിൽ മിന്നിമാഞ്ഞു. ഓർത്തെടുക്കാനായും മുമ്പേ ആ വാക്കു് വഴുതിപ്പോവുന്നു. അവൾക്കതു് വീണ്ടെടുക്കണം. ഏതു് ജോലിത്തിരക്കിലും അവൾ ആ വാക്കു് തിരഞ്ഞു. പലവട്ടം വെളിപ്പെട്ട ആ വാക്കിനെ അവൾക്കു് കവിതയിലേക്കെടുത്തു് നടാൻ പറ്റുന്നില്ല. അവളിൽ നിറയാൻ മാത്രം അവൾക്കു് നേരമില്ല. അവളുടേതായ നേരം എന്ന സ്വൈരം കിട്ടുന്നില്ല. അപ്പോഴേക്കും മറ്റൊരു ജോലി. എഴുത്തുകാരിയുടെ സ്വന്തം മുറി എന്നാൽ എഴുത്തുകാരിയുടെ സ്വന്തം സമയവും സ്വൈരവും സ്വാതന്ത്ര്യവും എന്നർത്ഥം. ഈ കവിക്കു് അതൊന്നും ഇല്ല. ദൈനംദിനതയുടെ അതികർക്കശമായ ഗതികളും കുതികളും വീഴ്ചകളുമൊന്നും മാറ്റി വെക്കാൻ വയ്യ. മാറ്റി വെക്കാവുന്നതു് തനിക്കു് ഉയിരായ തന്റെ കവിത പൂർത്തിയാക്കൽ മാത്രം. വീട്ടിലെ തീരാപ്പണികളും ഒടുവിൽ കിടക്കപ്പണിയും തീരും വരെ നീളുന്നു ആ വാക്കിനായുള്ള അവളുടെ പിടച്ചിൽ. കൈമുട്ടിലെ പോറലിനു് മരുന്നു് പുരട്ടുമ്പോൾ കിട്ടാത്ത ആ വാക്കിനാൽ ഉടലാകെ ഒരു മുറിവായി. ദിവസത്തിന്റെ കാണാപ്പുറത്തു് ഞെരിക്കപ്പെടുന്ന അവളുടെ കവിത്വം ആരാഞ്ഞതു് മുഴുവൻ സർഗ്ഗാത്മകത ‘മറന്നു പോയ വാക്കി’ൽ ബഷീറിന്റെ കഥനം രസചടുലമായ ഒരു പ്രതിനടനം പോലെ. സ്ത്രീ ഇന്നും സഹിക്കുന്ന അനീതിയിൽ ഒരാളിന്റെ സർഗ്ഗാത്മകതയുടെ മാത്രമല്ല ഒരു സംസ്കാരത്തിന്റെ കൂടി കൊല്ലാക്കൊല വായിക്കാം. ‘മറ്റാരുടേയോ ജീവിതത്തിലേക്കുള്ള ബസ്സി’ലിരുന്നു് അന്യോന്യം കൈവീശുന്നതിൽ ഉള്ളിൽ മരിച്ചു കൊണ്ടിരിക്കുന്ന രണ്ടു് ഇഷ്ടങ്ങളെക്കൂടി നാം കണ്ടു പോകും. ആ കവിതയിലുമുണ്ടു് സ്ത്രീയുടെ സാംസ്കാരിക വ്യക്തിത്വത്തിന്റെയും സൌന്ദര്യാഭിരുചിയുടെയും ക്രൂരഹത്യയുടെ തീവ്രാഖ്യാനം.

പഠിപ്പും പരീക്ഷയും കഴിഞ്ഞു് ഉപേക്ഷിക്കപ്പെട്ട പാഠപുസ്തകത്തിന്റെ ബഹുപാഠസമൃദ്ധമായ അഗതിചരിത്രം ഫാഷിസം എന്ന ഏകപാഠകാലത്തെ ലോകചരിത്രത്തിലേക്കുയരുന്നതു് നർമ്മാവൃതമായ രോഷക്കവാത്തിൽ. അനുഭവത്തിന്റെ സൂക്ഷ്മകണങ്ങളാണു് ബഷീവെയിൽമണമെന്നു് വിളിക്കാവുന്ന ഒരു വെയിൽപ്പണിക്കാരിലെ വെയിൽമണം ആ വാക്കുകളുടെ മണമായി. മരുഭൂമി താണ്ടുന്ന ഒട്ടകഅർത്ഥത്തിലും അഴകിലും ആത്മാവിലും വെയിൽമണം നിറഞ്ഞു. നിലത്തെയും മാനത്തെയും അകത്തെയും പുറത്തെയും വിസ്തൃതികളിലേക്കുള്ള രഹസ്യവാതിൽ തുറക്കുന്ന താക്കോലായി ആ മണം. നക്ഷത്രങ്ങൾ കോർത്ത വരികൾ കൊണ്ടു് പൊള്ളിക്കുന്ന ഉൾവെളിച്ചത്തിന്റെ മണമായി. മഴ പെരുമഴയായപ്പോൾ ചൂടി നടക്കാൻ അവ കവിത കണ്ടുപിടിച്ചു.

കവിതയില്ലാതെ, കവിതയല്ലാതെ, കവിതയാവാതെ, എന്തെങ്കിലുമൊന്നു് എം. ബഷീറിന്റെ ഈ കവിതകളിൽ ഞാൻ കണ്ടില്ല. രൂപവും രീതിയും കൊണ്ടു് പുറമേ ബഷീറിന്റെ കവിതയും പലരുടേയും ഇക്കാല കവിത പോലെന്നു് വായനയുടെ തുടക്കത്തിൽ ഒരു മാത്ര തോന്നാം. പുതിയ ലളിതഗദ്യം കണ്ടു് തോന്നിപ്പോവുന്ന കാവ്യഗോത്രസാമ്യം മാത്രമാണതു്. ആരുടേയും കവിത പോലെയല്ലാത്ത, എം. ബഷീറിന്റെ ഉൾക്കാല കവിതകളാണിവ. അകമേ അവ തനിച്ചൊരു കാവ്യവഴി.

വെയിലിനെപ്പോലെ പെരുമാറുന്നവ ബഷീറിന്റെ വാക്കുകൾ. പലപ്പോഴും കവിതയിലവ വെയിലിന്റെ എതിർനെയ്ത്തുകൾ അനുഭവിപ്പിക്കുന്ന വാക്കുകൾ. പതിക്കുന്ന തലമനുസരിച്ചു് ഫലിക്കുന്ന ഊർജ്ജവും തീവ്രതയും വ്യത്യസ്തമാവുന്ന വെയിലിന്റെ ചലന നിയമം ബഷീറിന്റെ വാക്കുകൾക്കു് പഥ്യം. മേൽക്കൂരയിലൂടെ വെയിൽ വീടിനകത്തെഴുതുന്ന പ്രകാശചിത്രം പോലെ നിശ്ചലചിത്രരൂപങ്ങൾ (സ്റ്റിൽ ലൈഫ്) ഈ കവിതകളിൽ ചിലതു്. വൃക്ഷത്തലപ്പുകൾക്കിടയിലൂടെ വെയിൽ മരച്ചോട്ടിലെഴുതുന്ന വെളിച്ചത്തിന്റെ സാന്ത്വന വടിവുകൾ പോലെ ശ്വാസനിശ്വാസങ്ങൾക്കനുസരിച്ചു് ചലിക്കുന്ന ചിത്രങ്ങൾ മറ്റു് ചില കവിതകൾ. “ഇരുണ്ട നിഴലുകളുടെ മഹാസമുദ്രച്ചിറകുകളാൽ കൊത്തിയെടുത്തു്” കവിതയുടെ വനാന്തരങ്ങളിലൂടെ പറക്കുന്നവ, അവ. ആടുന്ന ഉലയുന്ന മാറുന്ന വിനിമയബഹുലമാവുന്ന, വാക്കിലെ നേർനെയ്ത്തുകൾ. സഹനത്തിന്റെയും പ്രത്യാശയുടേയും

വെയിലിന്റെ ഛന്ദസ്സിൽ, പലജോലിത്താളത്തിൽ, അവ പടരുന്നു.

(എം. ബഷീറിന്റെ മറ്റൊരു കവിതക്കൂട്ടത്തിനെഴുതിയ ആമുഖം.)

പൂമരങ്ങളും റെയിൽപ്പാളവും
എം. ബഷീർ
images/mohan-basheer-01-t.png

കോഴിക്കോട്ടേക്കുള്ള

വണ്ടി കാത്തു നിൽക്കുന്നു

ബുക്ക്സ്റ്റാളിനു മുന്നിൽ

കണ്ണുകളിൽ

നക്ഷത്രങ്ങളെ വളർത്തുന്ന

നവ ദമ്പതികൾ

പുതുമഴ പോലെ കളിയും ചിരിയും

ന്താ വായിക്കാൻ വേണ്ടേ?

ചെക്കൻ പെണ്ണിന്റെ കവിളിൽ തൊട്ടു

നിക്ക് മാതൃഭൂമി മതി

പെണ്ണു് അവന്റെ ചുമലിൽ കൈവെച്ചു

അയ്യോ… അവൻ ഉറക്കെ ചിരിച്ചു

എനിക്കു് മനോരമ മതിയേ

നമ്മക്കു് വല്യ ബുദ്ധിയൊന്നുമില്ലേ

അവൾ വീണെണീറ്റപോലെ മങ്ങിച്ചിരിച്ചു

പിന്നെ അവർക്കിടയിൽ

മൗനത്തിന്റെ ട്രെയിനുകൾ ഓടിത്തുടങ്ങി

അവൻ മനോരമയും

അവൾ മാതൃഭൂമിയും വായിച്ചു്

സിമന്റ് ബെഞ്ചിന്റെ രണ്ടറ്റത്തായിരുന്നു

ചായ കുടിക്കണ്ടേ

അവൻ പുസ്തകം മടക്കി വെച്ചു

അവൾ വായിച്ചു കൊണ്ടു് പറഞ്ഞു

എനിക്കു് വെള്ളം മതി

അവൾ പൂമരങ്ങളെ നോക്കി

അവൻ റെയിൽപ്പാളങ്ങളെയും

വണ്ടിയിൽ കയറിയപ്പോൾ

അവൾക്കു് ജാലകത്തിനരികിൽ സീറ്റ് കിട്ടി

അവനു് മധ്യഭാഗത്തും

ഇങ്ങോട്ടു് പോരു് ഇവിടെയിരിക്കാം

അവൻ അവളെ ക്ഷണിച്ചു

ഞാനില്ല

അവൾ കുസൃതിയോടെ തലകുലുക്കി

എനിക്കു് പുഴ കാണണം

വയലുകളും നിരത്തുകളും കാണണം

നിനക്കു് വട്ടാണു്

അവൻ മൊബൈലിലേക്കു് കാഴ്ച പൂഴ്ത്തി

എനിക്കു് വട്ടാണു്

അവൾ ചിരിച്ചുകൊണ്ടു്

ഓടുന്ന മരങ്ങളെ നോക്കി

വണ്ടിയിറങ്ങിയപ്പോൾ

അവൻ തിരക്കിൽ കോണിപ്പടികൾ ഇറങ്ങി

അവൾ എക്സലേറ്ററിലൂടെ

വേഗത്തിൽ ഊർന്നിറങ്ങി

അവൾ കടലിനോടു് മിണ്ടുന്നേരം

അവൻ കരയിലിരുന്നു്

കപ്പലണ്ടി കൊറിച്ചു

അവൻ ആളുകൾക്കിടയിലൂടെ

തിക്കിത്തിരക്കി

നടക്കുമ്പോൾ

അവൾ നനഞ്ഞ തീരത്തു്

അസ്തമയം നോക്കി നിന്നു

മടങ്ങിപ്പോരുമ്പോൾ

അവന്റെ വിരലുകൾക്കിടയിൽ

ഒരു സിഗരറ്റ് പുകഞ്ഞു

അവൾ ഉള്ളം കൈയിൽ

ഉടഞ്ഞ ഒരു ചിപ്പി

ഒളിച്ചു വെച്ചു…

സത്യാനന്തരം
എം. ബഷീർ

ഞാൻ പറയുന്നതു്

കള്ളമാണെന്നു് നിങ്ങൾക്കു്

നന്നായറിയാം

എന്നിട്ടും

നാളെ പ്രളയമാണെന്നു്

ഞാൻ പറയുമ്പോഴേക്കും

നിങ്ങൾ

വീടുപൂട്ടി കിട്ടിയതെല്ലാം പെറുക്കിയെടുത്തു്

കുടുംബത്തെയും കൂട്ടി

വെള്ളം കേറാത്ത ഉയർന്ന പ്രദേശത്തേക്കു്

പലായനം ചെയ്യുന്നു

ഞാൻ പറയുന്നതു്

കള്ളമാണെന്നു് നിങ്ങൾക്കു്

നന്നായറിയാം

എന്നിട്ടും

അയൽക്കാരൻ നിങ്ങളുടെ

കൊടിയ ശത്രുവാണെന്നും

അയാൾ നിങ്ങളെ നശിപ്പിക്കാൻ

പലതരം പ്രവർത്തികൾ ചെയ്യുന്നുണ്ടെന്നും

ഞാൻ പറഞ്ഞപ്പോഴേക്കും

നിങ്ങൾ പെട്രോൾ കുപ്പിയും

തീപ്പെട്ടിയുമായി

അയാളുടെ വീടു് കത്തിക്കാൻ

ചാടിപ്പുറപ്പെടുന്നു

ഞാൻ പറയുന്നതു്

കള്ളമാണെന്നു് നിങ്ങൾക്കു്

നന്നായറിയാം

എന്നിട്ടും

നിങ്ങളുടെ ഭാര്യക്കു്

ഒരു ജാരനുമായി ബന്ധമുണ്ടെന്നും

അവർ തമ്മിൽ പ്രേമത്തിലാണെന്നും

ഞാൻ പറയേണ്ട താമസം

നിങ്ങൾ അവരെ

അടിനാഭിക്കു് തൊഴിക്കുകയും

മുറിയിൽ അടച്ചുപൂട്ടി പട്ടിണിക്കിടുകയും

ചെയ്യുന്നു

ഞാൻ പറയുന്നതു്

കള്ളമാണെന്നു് നിങ്ങൾക്കു്

നന്നായറിയാം

എന്നിട്ടും

നിങ്ങളുടെ സ്വന്തം പാർട്ടിക്കാരൻ

വർഗ്ഗശത്രുവിന്റെ ഒറ്റുകാരനാണെന്നു്

ഞാൻ വെറുതേ പറഞ്ഞതേയുള്ളു

ഇടവഴിയിൽ മറഞ്ഞു നിന്നു്

നിങ്ങളയാളെ വടിവാളിനാൽ

വെട്ടിപ്പരിക്കേൽപ്പിക്കുന്നു

ഞാൻ പറയുന്നതു്

കള്ളമാണെന്നു് നിങ്ങൾക്കു്

നന്നായറിയാം

എന്നിട്ടും

നിങ്ങളുടെ വൃദ്ധനായ പിതാവു്

തെമ്മാടിയും കള്ളുകുടിയനും

സ്ത്രീലമ്പടനുമാണെന്നു്

ഞാൻ ചുമ്മാ ഒന്നു് പറഞ്ഞതേയുള്ളു

ഉടനേ നിങ്ങൾ

പാതിരാത്രിയാണെന്നോർക്കാതെ

അച്ഛനെ വീട്ടിൽനിന്നിറക്കിവിടുന്നു

ഞാൻ പറയുന്നതു്

കള്ളമാണെന്നു് നിങ്ങൾക്കു്

നന്നായറിയാം

എന്നിട്ടും

നിങ്ങളുടെ വീടു് നിൽക്കുന്നതു്

ഒട്ടും രാശിയില്ലാത്ത സ്ഥലത്താണെന്നും

എല്ലാ പരാജയങ്ങൾക്കും കാരണം

ആ വീടാണെന്നും

ഞാൻ തമാശയ്ക്കു്

ഒന്നു് പറഞ്ഞതേയുള്ളു

അപ്പോഴേക്കും

ആ വീടു് തല്ലിപ്പൊളിച്ചു്

നിങ്ങൾ കടത്തിണ്ണയിൽ കിടന്നുറങ്ങുന്നു

ഞാൻ പറയുന്നതു്

കള്ളമാണെന്നു് നിങ്ങൾക്കു്

നന്നായറിയാം

എന്നിട്ടും

കളിക്കൂട്ടുകാരന്റെ മതമാണു്

നിങ്ങളുടെ മതത്തെ ഇല്ലാതാക്കുന്നതെന്നു്

ഞാനൊരു പരദൂഷണം

പറഞ്ഞതേയുള്ളു

അപ്പോഴേക്കും നിങ്ങൾ

കുറേയാളുകളെയും കൂട്ടി

അയാളുടെ ആരാധനാലയം

തകർക്കാൻ തുടങ്ങുന്നു

ഇപ്പറഞ്ഞതെല്ലാം

കള്ളമാണെന്നു്

ഇനി ഞാൻ സത്യം പറഞ്ഞിട്ടും

വലിയ കാര്യമില്ലല്ലോ

അതൊന്നും വിശ്വസിക്കാനാവാത്ത വിധം

ഇപ്പോഴേക്കും

നിങ്ങൾ കള്ളങ്ങളെല്ലാം സത്യങ്ങളാണെന്ന

സിദ്ധാന്തവാദത്തിൽ

വീണുകഴിഞ്ഞിരിക്കുമല്ലോ…

മറവിയുടെ ശലഭങ്ങൾ
എം. ബഷീർ
images/mohan-basheer-02-t.png

ഇനി അഥവാ

നിങ്ങളെന്നെ

കണ്ടുമുട്ടിയാൽ തന്നെ

എന്നോടൊന്നും മിണ്ടരുതു്

വാക്കുകൾ

കോരിത്തീർത്ത

വറ്റിയ ഒരു കിണറാണു് ഞാൻ

ഇനി അഥവാ

മിണ്ടിയാൽ തന്നെ

നിങ്ങളെന്നെ

തൊടരുതു്

പ്രേമത്താൽ

വേരുകളടക്കം

കരിഞ്ഞുപോയ

ഒരുണക്കമരമാണു് ഞാൻ

ഇനി അഥവാ

തൊട്ടാൽ തന്നെ

എന്നെ ആലിംഗനം ചെയ്യരുതു്

ഏതു് നിമിഷവും

കൊഴിഞ്ഞുപോയേക്കാവുന്ന

ഇലകളുടെ വസന്തമാണു്

ഞാൻ

ഇനി അഥവാ

ആലിംഗനം ചെയ്താൽ തന്നെ

നിങ്ങളെന്നെ

ചുംബിക്കരുതു്

കനലുകൾ

കൊത്തിക്കൊത്തി

ചുണ്ടുകൾ

ദ്രവിച്ചുപോയ

കാട്ടുതീയിലെ

പക്ഷിയാണു് ഞാൻ

ഇനി അഥവാ

ചുംബിച്ചാൽ തന്നെ

നിങ്ങളെനിക്കു്

സ്വപ്നങ്ങൾ

തരരുതു്

എവിടെയെങ്കിലും

ചെന്നിടിച്ചു്

തകർന്നുപോയേക്കാവുന്ന

മഴവില്ലിന്റെ

തീവണ്ടിയാണു് ഞാൻ

ഇനി അഥവാ

സ്വപ്നങ്ങൾ തന്നാൽ തന്നെ

നിങ്ങളെന്നിൽ

ഓർമ്മകളുടെ

ചിറകുകൾ തുന്നരുതു്

മറവിയുടെ ശലഭങ്ങൾ

കൂടുകൂട്ടിയൊരു

മഞ്ഞുമരമാണു് ഞാൻ

ഇനി അഥവാ

ഓർമ്മകൾ തുന്നിച്ചേർത്താൽ തന്നെ

എന്റെ നെഞ്ചിൽ നിന്നു്

പൂക്കൾ പറിക്കരുതു്

സൂചികൾ നിലച്ചുപോയ

തുരുമ്പിച്ചൊരു

ഘടികാരമാണെന്റെ

ഹൃദയം…

പുറത്തേക്കു് പോകുന്നൊരാൾ
എം. ബഷീർ

ഒരാൾ പോകുമ്പോൾ

എന്റെ നിഴലിനെ കൂടെക്കൂട്ടുന്നു

ഉടലിനെ തിരികെത്തരുന്നു

ഒരാൾ പോകുമ്പോൾ

എന്റെ സ്വപ്നങ്ങളെ

ചുമലിലേറ്റുന്നു

നിദ്രയെ തിരികെ തരുന്നു

എന്റെ കണ്ണുകളെ

ചൂഴ്‌ന്നെടുത്തു പോകുന്നു

ഇരുളിനെ തിരികെത്തരുന്നു

എന്റെ പാദങ്ങൾ

എടുത്തോണ്ടു് പോകുന്നു

മുള്ളുകളെ തിരിച്ചുതരുന്നു

ഒരാൾ പോകുമ്പോൾ

എന്റെ വേരുകൾ

പറിച്ചെടുക്കുന്നു

ഇലകളെ എനിക്കുതരുന്നു

എന്റെ കാലത്തെ

ചുമന്നു പോകുന്നു

ഘടികാരം തിരിച്ചുതരുന്നു

എന്റെ പക്ഷിയെ

എടുത്തുപോകുന്നു

ഒഴിഞ്ഞ കൂടു് എനിക്കു് തരുന്നു

ഒരാൾ പോകുമ്പോൾ

എന്റെ രക്തം ഒപ്പിയെടുക്കുന്നു

മുറിവുമാത്രം

എന്നിലുപേക്ഷിക്കുന്നു

എന്റെ വിരൽത്തുമ്പുകൾ

മുറിച്ചെടുക്കുന്നു

മോതിരങ്ങൾ തിരിച്ചുതരുന്നു

മന്ദഹാസം ഇറുത്തെടുക്കുന്നു

വരണ്ട ചുണ്ടുകൾ

മടക്കിത്തരുന്നു

ഒരാൾ പോകുമ്പോൾ

എന്റെ മഴയെ കൈപിടിച്ചു നടക്കുന്നു

ഉണങ്ങിയ കുടകൊണ്ടു്

എന്നെ ചൂടിക്കുന്നു

എന്റെ ഹൃദയത്തെ

മെരുക്കിയെടുക്കുന്നു

മരവിച്ച ഞരമ്പുകൾ

ശൂന്യമായ നെഞ്ചിലുപേക്ഷിക്കുന്നു

ഒരാൾ പോകുമ്പോൾ

എന്റെ ആത്മാവിനെ

കൂടെക്കൂട്ടുന്നു

എന്നെ മാത്രം

എന്നിലുപേക്ഷിക്കുന്നു…

പൊക്കം
എം. ബഷീർ
images/basheer-mohan-04-t.png

ആനയെ

ആളുകൾക്കു്

വല്യ ഇഷ്ടമാണു്

കണ്ണുനിറയെ കാണാം

എന്നതാണു് ഒരു കാരണം

കഴിയുമെങ്കിൽ

ഒന്നു് പുറത്തു് കയറുകയും ചെയ്യാം

തന്നേക്കാൾ പൊക്കമുള്ളതിന്റെ

പുറത്തുകയറിയാൽ

ജയിച്ചു എന്നാണല്ലോ പൊതുവെ

ആനപ്പുറത്തിരുന്നതിന്റെ

തഴമ്പു്

പൊക്കിക്കാണിക്കാത്തവർ

കുറവല്ലേ

ന്റുപ്പൂപ്പാക്കൊരു ആനേണ്ടാർന്നു

എന്നതാണല്ലോ

പലരുടെയും മനോഭാവം

ആനയെ മാത്രമല്ല

പിണ്ഡത്തെയും പേടിക്കണം

എന്നാണു് പഴമൊഴി

ആനയ്ക്കു പകരം

ആടിനെ എഴുന്നള്ളിച്ചാൽ

ആരെങ്കിലും തിരിഞ്ഞു നോക്കുമോ

ഭയത്തിനും

ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതിനും

ജനാധിപത്യമില്ലായ്മക്കും

പറ്റിയ മരുന്നാണു്

ആനവാൽ

അങ്ങനെ ആനയെ ഇഷ്ടപ്പെടാൻ

നൂറുകൂട്ടം കാര്യങ്ങളുണ്ടു്

എന്നാൽ

ആരെങ്കിലും ഉറുമ്പിനെ ഇഷ്ടപ്പെടാറുണ്ടോ

അതിനു് തീറ്റികൊടുക്കാറുണ്ടോ

കൂട്ടിലിട്ടു് വളർത്താറുണ്ടോ

ചെറുതായിപ്പോയി

എന്ന കാരണം കൊണ്ടല്ലേ

ഉറുമ്പിനെ ആരും എഴുന്നള്ളിച്ചു നടത്താത്തതു്

ന്റുപ്പൂപ്പാക്ക് ഒരുറുമ്പുണ്ടാർന്നു

എന്നാരെങ്കിലും മേനി നടിക്കുമോ

അപ്പോൾ വലിപ്പമാണു് കാര്യം

ദൈവത്തിനും മനുഷ്യനും

ആനയെ ദ്രോഹിച്ചാൽ

കേസും കോടതിയും

ആന കുത്തിക്കൊന്നാൽ

ആർക്കും പരാതിയില്ല

ഓ… കുത്തിയതു് ആനയല്ലേ

അതും ഒരു തറവാട്ടു മഹിമ തന്നെ

ഉറുമ്പൊന്നു കടിച്ചാലോ

ഒരു നൂറെണ്ണത്തിനെ

ഒന്നിച്ചു ചവിട്ടിയരച്ചു കളയും

ചെറുതാണെങ്കിൽ

ചവിട്ടിക്കൊല്ലണം എന്നാണല്ലോ

എന്നാൽ ആനയേക്കാൾ

എനിക്കിഷ്ടം ഉറുമ്പിനെയാണു്

അതിനു് കാരണങ്ങളുണ്ടു്…

മറ്റേതോ ഭൂമിയിലെ നമ്മുടെ വീടു്
എം. ബഷീർ

പെട്ടെന്നൊരു ദിവസം

നേരം വെളുത്തപ്പോൾ

എന്റെ വീടു്

കാണ്മാനില്ല

രാത്രി ഞങ്ങൾ ഉറങ്ങിക്കഴിഞ്ഞപ്പോൾ

ആരോ എടുത്തോണ്ടു് പോയി

ഏതോ കലാപം ബാധിച്ച

തെരുവിൽ കൊണ്ടിട്ടിരിക്കുന്നു

ആരു ചെയ്താലും

വല്യ അക്രമമായിപ്പോയി

ഒരു സ്വൈര്യക്കേടുമില്ലാതെ

ഞാനും ഭാര്യയും മക്കളും

ഞങ്ങളുടെ അരുമയായ പട്ടിയും

കൂട്ടിലെ കിളികളും

അക്വേറിയത്തിലെ മീനുകളും

മുറ്റത്തെ പൂന്തോട്ടവും പൂക്കളും

മറ്റുമായി എത്ര സന്തോഷത്തിൽ

ജീവിച്ചുവരികയായിരുന്നു

ഇതിപ്പോ

കാട്ടുതീയിലേക്കു് ഉണർന്ന

പക്ഷിക്കൂട്ടങ്ങളെപ്പോലെയായി

ഞങ്ങൾ

കുട്ടികൾ കിടക്കപ്പായിൽ നിന്നു് ചാടിയെണീറ്റു്

ജാലകം തുറന്നു നോക്കുന്നു

കരിപ്പുക മൂടിയ ആകാശം കാണുന്നു

മുറ്റത്തെ ചെമ്പരത്തിപ്പൂക്കളെവിടേന്നു്

മൂത്തമകൾ

മേൽക്കൂര ഇളകിവീണിരിക്കുന്നു

നിലത്തൊക്കെ കത്തിക്കരിഞ്ഞ വീട്ടുപകരണങ്ങൾ

ഉറങ്ങുമ്പോൾ കെട്ടിപ്പിടിച്ച പാവക്കുട്ടിയെ

തിരയുന്നു ഇളയ മകൾ

അവളുടെ വിരലുകളിൽ പതിഞ്ഞ കരി

കവിളുകൾ തുടച്ചപ്പോൾ

മുഖത്തേക്കു് പടർന്നു

മുമ്പൊരിക്കൽ

ഏതോ യുദ്ധരാജ്യത്തെ കുട്ടിയെ

ടിവിയിൽ കണ്ട ഓർമ്മ ഉള്ളിൽ ആളിക്കത്തി

ഞങ്ങളുടെ വീട്ടിൽ നിന്നു് നോക്കിയാൽ

മുളങ്കാടുകൾക്കിടയിലൂടെ

ഒഴുകുന്നനദിയിൽ അരയന്നങ്ങളെ കാണാമായിരുന്നു

ഭാര്യ ഉത്കണ്ഠാകുലയായി

ആ നദി എവിടെപ്പോയി

അരയന്നങ്ങളെയും കണ്ടില്ലല്ലോ

ഇതു് നമ്മുടെ വീടല്ല

ഞാൻ അടിമുടി വിറയലോടെ പറഞ്ഞൊപ്പിച്ചു

അല്ലച്ഛാ

മൂത്ത മകൾ കരച്ചിലോടെ തിരുത്തി

ചുമരിൽ ഞാൻ വരച്ച പെയിന്റിങ്ങുകൾ

പാതികത്തുന്നതു് കണ്ടില്ലേ

ഇതു് നമ്മുടെ വീടു് തന്നെയാണു്

ഇളയവളും പേടിയോടെ തല കുലുക്കി

ഇതു് നമ്മുടെ വീടു് തന്നെയാണു്

നീല നിറമുള്ള

എന്റെ ഊഞ്ഞാലു് കണ്ടില്ലേ

ഭാര്യയും കുട്ടികളോടു് യോജിച്ചു

നമ്മുടെ കിടപ്പുമുറിയിലെ

വെള്ളപ്രാവുകളുടെ ശില്പം കണ്ടില്ലേ

നിലത്തുവീണു് പൊട്ടിക്കിടക്കുന്നതു്

ഞാൻ പറഞ്ഞു

ഇതു് നമ്മുടെ വീടല്ല

മുറിവേറ്റു് ഓടുന്നവർ കരയുന്നതു്

നമ്മുടെ ഭാഷയിലല്ലല്ലോ

നമ്മുടെ വീടിനുമുകളിലൂടെ

ചിറകുകളിൽ രാസഗോളങ്ങൾ ഘടിപ്പിച്ച

കൂറ്റൻ പക്ഷികൾ

പറക്കാറില്ലായിരുന്നല്ലോ

നമ്മുടെ വീടിനു് മുമ്പിൽ

മരുഭൂമിയുടെ കമ്പിവേലികളില്ലായിരുന്നു

നമ്മുടെ വഴിയിലൂടെ

കവചിതവാഹനങ്ങൾ വെടിമരുന്നു്

കയറ്റിപ്പോകാറില്ലായിരുന്നു

വീടു് നമ്മുടേതു് തന്നെ

പക്ഷേ, ഭൂമി വേറെ ആരുടെയോ ആണു്

ഭാര്യ സമാധാനിപ്പിച്ചു

എന്തായാലും വലിയ കൊലച്ചതിയായിപ്പോയി

എങ്ങനെ ജീവിച്ചവരായിരുന്നു നമ്മൾ

അവളുടെ കണ്ണുതുടക്കവേ

ഇളയമകൾ കവിളിൽ തൊടുന്നു

ഇവിടെ ശലഭങ്ങളുണ്ടാകുമോ അച്ഛാ

അവളോട് എന്തു് മറുപടി പറയും

എന്നോർക്കവേ

ചീറിപ്പാഞ്ഞുപോയ

ഒരു ആംബുലൻസിന്റെ നിലവിളിയിൽ

ഞങ്ങളുടെ വീടു്

പ്രകമ്പനം കൊള്ളുന്നു…

ചുമടു്
എം. ബഷീർ
images/mohan-basheer-03-t.png

എന്നെ കാണുമ്പോൾ

എതിരെ വരുന്ന ഒരാൾ

കല്ലെടുക്കുന്നു

ഒറ്റയ്ക്കിരിക്കുന്ന

എന്നെ കാണുന്ന ഒരാൾ

ഒരു പൂ നീട്ടുന്നു

സ്വപ്നം കാണുമ്പോൾ

എനിക്കായൊരാൾ

കൂടുപണിയുന്നു

ആൾക്കൂട്ടത്തിലൂടെ

നടക്കുമ്പോൾ

എനിക്കു് നേരെ ഒരാൾ

അമ്പു് തൊടുക്കുന്നു

തെരുവിലിരിക്കുമ്പോൾ

ഒരാൾ എന്നെ

കാൻവാസിലേക്കു് പകർത്തുന്നു

രാത്രി

ഒറ്റയ്ക്കു് പോകുന്നതും നോക്കി

ഒരാൾ കത്തി മൂർച്ചയാക്കുന്നു

പ്രണയിക്കുന്നതു് കണ്ടു്

ഒരാൾ എനിക്കു് ചങ്ങല പണിയുന്നു

ചുംബിക്കുന്നതു് കണ്ടു്

വേറൊരാൾ എന്നെ പിടിച്ചു് കെട്ടുന്നു

കവിതയെഴുതുന്നതു് കണ്ടു്

ഒരാൾ എന്റെ വിരലരിയുന്നു

ആരും കാണാതിരിക്കാനായി

ഞാനിപ്പോൾ

എന്നെ ചുമന്നു നടക്കാറില്ല…

രൂപാന്തര കാലം
എം. ബഷീർ

പെട്ടെന്നു്

മേൽക്കൂരയിൽ കൂടുകൂട്ടിയ

പ്രാവുകളുടെ

ചുണ്ടുകൾ കൂർത്തുവരുന്നതു്

ഞാൻ കാണുന്നു

ഗോതമ്പുമണികളുപേക്ഷിച്ചു്

മണ്ണിലേക്കു് താണുപറന്നിറങ്ങി

കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്നു

മരച്ചില്ലയിൽ വന്നിരുന്നു്

മാംസം കൊത്തിവലിച്ചു്

കൊക്കുകൾ ചോപ്പിക്കുന്നു

തെങ്ങോലകളിൽ

ബഹളം വെച്ചിരുന്ന കാക്കകൾ

പൊടുന്നനെ ഏകാകികളും

മൗനികളുമാകുന്നു

കുഞ്ഞിന്റെ കയ്യിലെ നെയ്യപ്പം

ചത്ത എലിയുടെ ചീഞ്ഞ ദേഹം

ഒന്നും കാക്കകളെ പ്രലോഭിപ്പിക്കാതാകുന്നു

കൂട്ടക്കരച്ചിൽ നിർത്തി

മണ്ണിൽ നിന്നു് ധാന്യമണികൾ

കൊത്തിത്തിന്നു്

ശാന്തരായി കാക്കകൾ

കൂടുകളിൽ ചേക്കേറുന്നു

പാമ്പുകൾ വൈഡൂര്യ കിരീടം ചൂടി

മുറ്റത്തു് കളിക്കുന്ന കുഞ്ഞുങ്ങൾക്കു്

കളിപ്പാട്ടങ്ങളാകുന്നു

വിഷസഞ്ചി വറ്റിയ പല്ലുകൾ

മുല്ലമൊട്ടുകൾ പോലെ കൊഴിഞ്ഞുവീഴുന്നു

കുഞ്ഞുങ്ങൾ അവയെടുത്തു് മാലകോർക്കുന്നു

കോഴികൾ വറ്റു കൊടുത്ത കൈക്കു്

ആഞ്ഞുകൊത്തി ചോരകുടിക്കുന്നു

മുട്ടകൾ ഓംലെറ്റോ റോസ്റ്റോ

ഉണ്ടാക്കാൻ കൊടുക്കാതെ

അടയിരുന്നു് വിരിയിക്കുന്നു

വീടിനെ കോഴികൾ നായാടിപ്പിടിച്ചടക്കുന്നു

കോഴികളുടെ കൊത്തേറ്റു്

വീട്ടുകാർ വിഷംതീണ്ടി ചാവുന്നു

പുലികൾ തൊഴുത്തുകളിൽ

തല താഴ്ത്തി നിന്നു് പുല്ലുതിന്നുന്നു

കറവക്കാരനു് അനുസരണയോടെ

അകിടുകൾ ചുരത്തിക്കൊടുക്കുന്നു

പശുക്കൾ കൂർത്ത ദ്രംഷ്ടകളും

കാൽനഖങ്ങളുമായി

കാടുകളിലേക്കു് പലായനം ചെയ്യുന്നു

ഇടയ്ക്കൊക്കെ ഒറ്റയ്ക്കും കൂട്ടമായും

നാട്ടിലിറങ്ങി മനുഷ്യരെ വേട്ടയാടിപ്പിടിക്കുന്നു

കൊന്നുതിന്നുന്നു

പൂച്ചകൾ ഒന്നുകൂടി പൊക്കം വെച്ചു്

മ്യാവൂ മ്യാവൂ എന്ന കരച്ചിലിനെ

ഗർജ്ജനമാക്കി സ്വരഭേദം വരുത്തുന്നു

എലികളെ വെറുതെവിട്ടു്

മുയലുകളുടെ പിന്നാലെ

ശരവേഗത്തിൽ പായുന്നു

നഖങ്ങളിൽ ചോരപറ്റുന്നു

അടുക്കള മുറ്റത്തു് സിംഹക്കുഞ്ഞുങ്ങൾ

മീൻ തല തിന്നു് കോട്ടുവായിട്ടുറങ്ങുന്നു

ഇതെന്തു കാലമെന്നു് മൂക്കത്തു വിരൽ വെച്ചു്

അന്തംവിട്ടു നിൽക്കവേ

കഴുകന്മാർ ഒലീവു് ചില്ലകളുമായി

ഭൂമിയിലേക്കു് പറന്നുവരുന്നു…

വീടിനെ തീവണ്ടിയാക്കുന്ന വിദ്യ
എം. ബഷീർ
images/mohan-basheer-05-t.png

ഒറ്റയ്ക്കിരിക്കുമ്പോൾ

വീടിനെ ഒരു തീവണ്ടിയാക്കുക

അടുക്കളയാണു് എൻജിൻ എന്നു് സങ്കൽപ്പിക്കുക

കരിയും പുകയും തുപ്പുന്ന

പഴയ പാഠപുസ്തകത്തിലെ

കൂ കൂ തീവണ്ടിയുടെ

രേഖാചിത്രം ഓർക്കുക

അടച്ചിട്ട മുറി ഒരു ബോഗിയാണെന്നും

ഇരമ്പുന്ന ഫാനിനു ചുവട്ടിൽ

പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങൾ

അകന്നകന്നിരിക്കുന്ന

അപരിചിതരായ യാത്രികരാണെന്നും

കരുതുക

ജനലിലൂടെ കാണുന്ന

മുറ്റത്തെ ചട്ടിയിൽ തളച്ചിട്ട പൂച്ചെടികൾ

പിന്നോട്ടു് പാറുന്ന

ചിറകുള്ള നെൽവയലുകളാണെന്നും

ചുമരിൽ വന്നിരിക്കുന്ന

ചാരനിറമുള്ള പാറ്റകൾ

പുഴയ്ക്കുമുകളിലൂടെ

ഒരേ ഇലാസ്തികതയിൽ പാറുന്ന

പക്ഷിക്കൂട്ടങ്ങളാണെന്നും നിശ്ചയിക്കുക

പാവക്കുഞ്ഞുങ്ങൾ നിരന്നിരിക്കുന്ന

ഷോകെയ്സുകൾ

നിശ്ചലമായ തീവണ്ടിയാപ്പീസുകളാണെന്നും

തലയിണയിലെ എണ്ണമെഴുക്കിന്റെ പാടുകൾ

നിദ്രയുടെ ഇരുമ്പുപാലങ്ങളാണെന്നും

പുതപ്പിലെ ശലഭങ്ങളുടെ ചിത്രം

സ്വപ്നത്തിന്റെ തുരങ്കങ്ങളാണെന്നും

ചുമ്മാ സങ്കൽപ്പിക്കുക

കണ്ണാടിയിൽ നോക്കുമ്പോൾ

മുഖം കറുപ്പിച്ചു നിൽക്കുന്ന ആൾ

കൈവീശിക്കാട്ടുന്ന കാൽനടക്കാരനാണെന്നും

ടെറസിലേക്കുള്ള കോണിപ്പടികൾ

ഓടിമറയുന്ന കുന്നുകളാണെന്നും

അലക്കാൻ കൂട്ടിയിട്ട തുണികൾ

അഴുക്കുപിടിച്ച ആകാശമാണെന്നും

ചായ ഗ്ലാസ് വെച്ച പാടിൽ

വട്ടത്തിൽ കൂടിയ ഉറുമ്പുകൾ

നഗരാതിർത്തിയിലെ

ആൾക്കൂട്ടമാണെന്നും ഉറപ്പിക്കുക

പച്ചക്കറി അരിയുമ്പോൾ

കത്തി തട്ടി

മുറിഞ്ഞ വിരൽത്തുമ്പു്

പൂത്ത ഗുൽമോഹറാണെന്നും

ജനലിൽ വീണു് ചിതറുന്ന

മഴയുടെ ജലക്കൈകൾ

പാറക്കെട്ടിൽ തലതല്ലുന്ന

കടൽത്തിരയാണെന്നും കരുതുക

ടീവിയിലെ യുഗ്മഗാനങ്ങൾ

മുഖത്തു് വസൂരിക്കലയുള്ള അന്ധഗായകന്റെ

വയറ്റത്തടിച്ചുള്ള പാട്ടാണെന്നും

എഴുതി പൂർത്തിയാക്കാത്ത

കവിതയുടെ കടലാസിലെ അക്ഷരങ്ങൾ

റെയിൽപ്പാളത്തിൽ ഉടഞ്ഞുചിതറിയ

ആരുടെയോ

ആത്മഹത്യാ കുറിപ്പാണെന്നും ഊഹിക്കുക

ഇത്രയും കരുതിക്കഴിഞ്ഞാൽ പിന്നെ

ഈ വണ്ടി എവിടെ നിർത്തുമെന്ന

ചോദ്യത്തിന്റെ ചൂണ്ടക്കൊളുത്തിൽ

നിങ്ങൾ കൊത്താതിരിക്കില്ല

ഓടുന്ന വണ്ടിയിൽ നിന്നു്

പുറത്തേക്കു് ചാടുന്നവരുടെ

ഉടലിൽ

ചിറകുകൾ മുളയ്ക്കാതിരിക്കില്ലെന്ന

വിശ്വാസത്തിൽ

ഇനി

വാതിൽക്കലേക്കു് നടക്കുക…

എം. ബഷീർ
images/basheer.jpg

1969-ൽ കോഴിക്കോടു് ജില്ലയിലെ കൊടുവള്ളിയിൽ ജനനം. 85 മുതൽ കഥകൾ എഴുതിത്തുടങ്ങി, ആദ്യ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു. പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കെ, 94-ൽ സൗദിയിലേയ്ക്കു് പോയി. 25 വർഷത്തെ പ്രവാസം. ഇപ്പോൾ പരപ്പനങ്ങാടിയിൽ കുടുംബത്തോടൊപ്പം കഴിയുന്നു. കവിതകൾ എഴുതുന്നു.

ചിത്രങ്ങൾ: വി. മോഹനൻ

Colophon

Title: Poems (ml: കവിതകൾ).

Author(s): M. Basheer.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-17.

Deafult language: ml, Malayalam.

Keywords: Poem, M. Basheer, Poems, എം. ബഷീർ, കവിതകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Another call from africa mixed media on canvas, a painting by Turgoart . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.