എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്നൊരു പെസഹാ വ്യാഴാഴ്ചയായിരുന്നു. നേരം ഉച്ചയോടടുത്തു കാണും. ഉമ്മറത്തിരുന്നു് മുറുക്കാൻ ചവച്ചുകൊണ്ടിരുന്ന സൂസ്യമ്മായിയാണു് പടിവാതിൽക്കൽ നിൽക്കുന്ന സ്നേഹത്തെ ആദ്യം കണ്ടതു്. ഗോമൂത്രമൊഴിച്ചതോടെ തെങ്ങിൻ ചുവട്ടിൽനിന്നും പിടച്ചുപുറത്തുചാടിയ ഞാഞ്ഞൂളുകളെ പ്ലാസ്റ്റികു് കപ്പിലിട്ടശേഷം പേരവടിയുടെ അറ്റത്തു ടങ്കീസുകെട്ടുന്ന തിരക്കിലായിരുന്നു ഞാനപ്പോൾ. മുരടനക്കം കേട്ടു് ഞാൻ സൂസ്യമ്മായിയെ വെറുതെയൊന്നു നോക്കിയതേയുള്ളൂ; അവരന്നേരം വടക്കുനോക്കിയന്ത്രംകണക്കെ തലതിരിച്ചു് എന്റെ കണ്ണുകളെ പടിപ്പുരവാതിൽക്കലേക്കു് കൂട്ടിക്കൊണ്ടുപോയി. ഞാൻ നോക്കുമ്പോൾ, പടിപ്പുരത്തൂണിനോടു ചേർന്നു് അതാ സ്നേഹം നിൽക്കുന്നു! എന്റെ തലച്ചോറിൽനിന്നുമപ്പോഴുത്ഭവിച്ച വൈദ്യുതിപ്രവാഹം ഒരു തരിപ്പായി രൂപാന്തരപ്പെട്ടു് ഹൃദയംവഴി താഴേക്കിറങ്ങി കാൽപ്പാദത്തിലൂടെ ഭൂമിയിലേക്കു കടന്നതും എന്റെ കയ്യിലിരുന്ന ടങ്കീസ് പിടിവിട്ടു വട്ടംകറങ്ങി വടിയിൽ ചുറ്റിത്തിരിഞ്ഞു വലിയൊരു ഊരാക്കുടുക്കായി മാറിയതും ഒരുമിച്ചായിരുന്നു.
മൂക്കിനു താഴേക്കു വീണുകിടന്നിരുന്ന കണ്ണട മൂക്കിൻ പാലത്തിലേക്കു കയറ്റി വെച്ചിട്ടും ദൂരക്കാഴ്ചക്കു കണ്ണിന്റെ ക്ലെച്ചു പിടിക്കാതെ സൂസ്യമ്മായി സംശയ ദൃഷ്ടിയാലപ്പോൾ വീണ്ടും എന്നെ ഒന്നുനോക്കി. ഉപവാസച്ചൂടിനൊപ്പം ഉച്ചയൂണിനു കാലമാകാത്തതിന്റെ ഈർഷ്യയും ക്രിസ്തുവിന്റെ പീഡാസഹനമെന്ന കൃതി മൂന്നാവർത്തി വായിച്ചതിന്റെ ചൊരുക്കും കൂടിച്ചേർന്നപ്പോൾ ഗാഗുൽത്താ മലയിൽ വീണ ചുടുനിണത്തിന്റെ മണമുണ്ടായിരുന്നു അമ്മായിയുടെ ആ നോട്ടത്തിനു്. പന്തികേടു മണത്തറിഞ്ഞ ഞാൻ ശരവേഗത്തിലായിരുന്നു പടിവാതിൽക്കലേക്കു നടന്നതും സ്നേഹത്തെ മതിലിന്റെ ഓരത്തിലേക്കു് മാറ്റിനിറുത്തിയതും ഇപ്പോൾ മടങ്ങി വരാമെന്നും പറഞ്ഞു് ഉമ്മറത്തേക്കു തന്നെ തിരിച്ചെത്തിയതും. സൂസ്യമ്മായി എന്നോടെന്തെങ്കിലും ചോദിക്കും മുമ്പേ അവരോടൊന്നും രണ്ടും പറഞ്ഞു് ഉമ്മറത്തൊന്നു് വട്ടംചുറ്റി വീണ്ടും ഞാൻ സ്നേഹത്തിന്റെ അടുത്തേക്കു ചെന്നു. വടിയിൽ പാമ്പുചുറ്റിയകണക്കെയുള്ള എന്റെ തിരിച്ചുപോക്കിൽ സംശയം തോന്നിയ സൂസ്യമ്മായി ഊഹനത്തിന്റെ കുട്ടുസഞ്ചിയുമെടുത്തു് അടുക്കളയിലെത്തി അവരുടെ നാത്തൂനും എന്റെ രണ്ടാനമ്മയുമായ ലൂസിയമ്മയോടു് മൂന്നും നാലും കുശുകുശുത്തുകാണണം; മതിലിന്റെ ഓന്തിൻ വിടവിലൂടെ ഞാൻ നോക്കുമ്പോൾ ലൂസിയമ്മ കുന്നായ്മയുടെ വലിയൊരു ചാക്കുമെടുത്തു് അഞ്ചും ആറും കിട്ടിയിട്ടുവേണം കുത്തിനിറയ്ക്കാനെന്ന ദുരാഗ്രഹത്തോടും ദുരുദ്ദേശത്തോടും കൂടി ഉമ്മറത്തേക്കോടിവരുന്നു!
വരാനിരിക്കുന്ന പുകിലുകൾ ഒരു കൊള്ളിയാനായി എന്റെ മനസ്സിൽ മിന്നിത്തെളിഞ്ഞതോടെ മതിലിൽചാരിനിന്നു കണ്ണീരൊലിപ്പിയ്ക്കുന്ന സ്നേഹത്തിന്റെ കവിളിൽ ഒരു നുള്ളുകൊടുത്തു് ഒരു മിനുട്ടിനുള്ളിൽ തിരിച്ചുവരാമെന്നും പറഞ്ഞു് പിൻഭാഗത്തുള്ള മതിലുചാടി പറപറാന്നു പറന്നു് ഞാൻ അടുക്കളയിലെത്തി; അവിടെനിന്നും പതിയെ നടന്നു് ഉമ്മറത്തും.
എന്നെ കണ്ടതും ലൂസിയമ്മ വാ തുറന്നു: “ആരണ്ടാ അതു?”
“ആരു്? എന്തു?”, ഒന്നും മനസ്സിലാകാത്തതു പോലെ ഞാൻ തിരിച്ചു ചോദിച്ചു.
“സൂസ്യമ്മായി ആരണ്യാണ്ടാ കണ്ടതു?”, എന്നെ വിടാനുള്ള ഭാവമില്ലാതെ അവർ വീണ്ടും ചോദ്യം ആവർത്തിച്ചു.
“ആ…, അതു പഞ്ചായത്തീന്നു കുട്ടികളുടെ കണക്കെടുക്കാൻ വന്ന പെണ്ണാ”, ഞാനിത്രയും പറഞ്ഞു് കെട്ടുപിണഞ്ഞു കിടന്നിരുന്ന ടങ്കീസ് പേരവടിയിൽനിന്നും ചുരുളഴിച്ചു മാറ്റുന്നതിൽ വ്യാപൃതനാകും പോലെ അഭിനയിച്ചു കൊണ്ടിരുന്നു. ഞാനതിൽ വിജയിച്ചു എന്നതാണു സത്യം.
മറുപടിയിലെ സത്യാവസ്ഥ ബോധിച്ച ലൂസിയമ്മ തന്റെ നേരം കളയാൻകണ്ട കാര്യമെന്ന ഭാവത്തിൽ അരിശത്തോടെ സൂസ്യമ്മായിയെയന്നേരം തറപ്പിച്ചൊന്നു നോക്കി. അരിശത്തിന്റെ അമ്പേറ്റു് സൂസ്യമ്മായി മുഖം താഴ്ത്തിയതോടെ ഒന്നാംക്ലാസ്സിലെ സ്ലേറ്റിലെ മായാത്ത കറകുറ വരകളെ തോൽപ്പിക്കുന്ന കഠിനമായ വരകളുള്ള ഭൂതക്കണ്ണട താഴെ വീണു് പൊട്ടിച്ചിതറി. ചിതറിത്തെറിച്ച ചില്ലുകളിൽ കാൽകൾ വെയ്ക്കാതെ, കരിയുന്ന ചാളയുടെ ഗന്ധം പിടിച്ചു് ലൂസിയമ്മയന്നേരം അടുക്കളയിലേക്കു് ഓടുന്നതു് ഞാൻ കണ്ടു.
കരിഞ്ഞ ചാളയുടെ അടിഭാഗം ലൂസിയമ്മ മലർത്തിയിടുന്നേരം സ്നേഹത്തെത്തേടി വീണ്ടും ഞാൻ മതിലിനരികിലേക്കു പാഞ്ഞു. ഗദ്ഗദത്തോടെ കണ്ണീർ പൊഴിക്കുന്ന സ്നേഹത്തെ തൊട്ടും തലോടിയും ആശ്വസിപ്പിച്ചു് ടാറിട്ട റോഡിന്റെ ഏതറ്റം വരെയും പോകാമെന്ന മനസ്ഥിതിയിലായിരുന്നു ഞാനപ്പോൾ. സങ്കീർണ്ണങ്ങളായ പല പ്രശ്നങ്ങളും ചർച്ചചെയ്തു് ഇടവഴികളൊക്കെയും കറങ്ങിത്തിരിഞ്ഞു് നടന്നു തളർന്നതു കണ്ടാകാം ‘കുലുക്കി’ ബസ്സ്, ഞങ്ങൾ കൈകാണിക്കാതെത്തന്നെ അരികിൽ വന്നു് ചിണുങ്ങി നിന്നതു്. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന ആശ്വാസത്തിൽ സ്നേഹം കണ്ണുനീർ തുടച്ചു് റോസാപ്പൂ പോലെ മൃദുലമായ മൂക്കിൻ തുമ്പിനെ തൂവാലകൊണ്ടു പൊതിഞ്ഞു് അവിടെ നിന്നും കിട്ടിയതെല്ലാം പൊതിഞ്ഞെടുത്തു് ബസ്സിന്റെ ചവിട്ടുപടികൾ കയറി എന്നെയൊന്നു തിരിഞ്ഞു നോക്കി. ആ നോട്ടത്തിന്റെ ആന്തരികാർത്ഥം എന്നേക്കാൾ നന്നായി ഗ്രഹിച്ച ബസ്സിനുള്ളിലെ കിളിമനസ്സു് കാമവെറിയാൽ സ്നേഹത്തിന്റെ നിതംബത്തിൽ കൈമുട്ടു കൊണ്ടു തട്ടിയും മുട്ടിയും ഉന്തിയും തള്ളിയും അവരെ ബസ്സിനുള്ളിലേക്കെത്തിച്ചു് ആനന്ദ നിർവൃതിയോടെ ബെല്ലടിച്ചു; കുലുക്കി ബസ്സ് ഒരിരമ്പലോടെ മുന്നോട്ടുനീങ്ങി.
കിളിയുടെ നെറിവുകേടു കണ്ടിട്ടും അതു ചോദ്യം ചെയ്യാതിരിക്കുന്നതു് സാമാന്യബോധത്തിനു നിരക്കാത്തതെന്ന ചിന്തയിൽ ഓടുന്ന ബസ്സിന്റെ പിൻവാതിലിലൂടെ ഞാൻ ബസ്സിനകത്തേക്കു ചാടിക്കടന്നെങ്കിലും അടിതെറ്റി, ബസ്സിനകത്തു നിന്നിരുന്ന രണ്ടുപേരുടെ ദേഹത്തു തട്ടി ലൂസിയമ്മയുടെ ഭർത്താവും എന്റെ താതനുമായ അന്തോണിയപ്പന്റെ കാൽക്കലായിരുന്നു ചെന്നു വീണതു്. എന്റേയും സ്നേഹത്തിന്റേയും ഒരുമിച്ചുള്ള വരവുകണ്ടു കെറുവിച്ചു് ഒരു സീറ്റിൽ മൂന്നാൾ കണക്കെ ചാഞ്ഞും ചരിഞ്ഞും പിരിഞ്ഞും ഇരുന്നിരുന്ന എന്റെയപ്പൻ ഉടുമുണ്ടു് മുട്ടിന്റെയൊപ്പത്തിൽ കൈകൾകൊണ്ടു് തെറുത്തെടുത്തു് രണ്ടു കാലുകളും ഇരുന്നിടത്തിരുന്നു പിൻവലിച്ചു അടിമുടി വിറച്ചു കൊണ്ടന്നേരം എന്നെയൊന്നു നോക്കി. ആ നോട്ടത്തിന്റെ ശക്തിയിൽ, സ്നേഹത്തിന്റെ മാനം കിളി അപഹരിച്ച കാര്യം മറന്നു് രണ്ടുകാലിൽ നിൽക്കാനുള്ള തത്രപ്പാടിൽ ഉടുമുണ്ടു താഴെയാണെന്നറിഞ്ഞിട്ടും അടിവസ്ത്രത്തിന്റെ പിൻബലത്തിൽ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്റെ ശ്രമം പരാജയപ്പെട്ടതുകണ്ടു് കിളി ബെല്ലടിച്ചു; കുലുക്കി ബസ്സ് പതിയെ പതറിയ സ്വരത്തോടെ വിറച്ചു നിന്നു. അസ്തപ്രജ്ഞരായ കാണികൾക്കിടയിലൂടെയപ്പോൾ കിളി എന്റെയരികിലേക്കോടിവന്നു. അയാളെന്റെ കൈപിടിച്ചെഴുന്നേൽപ്പിച്ചു് ഉടുമുണ്ടെന്റെ അരയിൽചുറ്റി, ബസ്സ് വാങ്ങിയ കാലത്തു വാങ്ങിവെച്ചിരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും പാതിപഞ്ഞി ഉരിഞ്ഞെടുത്തു് എന്റെ ചുണ്ടിൽനിന്നു ചിന്തിയ രക്തം ഒപ്പിയെടുത്തപ്പോൾ എന്റെ മനസ്സിലെ കോപം ആവിയായിപ്പോയി. സ്നേഹത്തെ ആശ്വസിപ്പിക്കാനോ കിളിയോടു കെറുവിക്കാനോ നിൽക്കാതെ നിശ്ശബ്ദനായി നടന്നു് ഞാൻ ബസ്സിന്റെ മുൻവാതിലിലൂടെ പടികളിറങ്ങി.
കണ്ടതും ചിന്തിച്ചതും കേട്ടതും ഊഹിച്ചതും കൂട്ടിപ്പെരുപ്പിച്ച അപ്പൻ, താൻ രണ്ടാം കെട്ടു കെട്ടിയപ്പോൾ തലതിരിഞ്ഞു പോയ സന്താനത്തിന്റെ ചെയ്തികളെ ബന്ധുജനങ്ങളിലേക്കെത്തിക്കാനുള്ള ആഗോളസമ്മേളനം വിളിച്ചുചേർക്കാൻ അപ്പോൾ മുതൽ തയ്യാറെടുപ്പു തുടങ്ങിയിരുന്നു. അകന്നതും അടുത്തതും തമ്മിൽ കണ്ണിമുറിയാതിരിക്കാൻ ബന്ധത്തിന്റെ തീവ്രതയളക്കാതെ കുറികൊടുത്തു് സ്രഷ്ടാവിനെ നമിച്ചു കിഴക്കോട്ടു തിരിഞ്ഞുനിന്നു് ക്ഷണത്തിന്റെ ആതിഥ്യ മര്യാദകളൊന്നും പാലിക്കാതെ വെറും ചില ഫോൺ കോളുകളിലൂടെയായിരുന്നു അപ്പൻ സമ്മേളനത്തിന്റെ ക്ഷണം നടത്തിയതു്. ആ ക്ഷണത്തിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാനാവാതെ ഇതികർത്തവ്യതാമൂഢനായി തെക്കോട്ടും വടക്കോട്ടും ഞാൻ അസ്വസ്ഥതയോടെ പാതിരാത്രി വരെ ഉമ്മറത്തുലാത്തിക്കൊണ്ടിരുന്നു; പിന്നെ എപ്പോഴെന്നറിയാതെ ഉറങ്ങിപ്പോയി.
സമ്മേളനത്തിന്റെ അജൻഡ കയ്യിൽക്കിട്ടേണ്ടതാമസം, നടേലകത്തെ കട്ടിലിൽ അഞ്ചുപേർ, സോഫയിൽ നാലുപേർ, കയ്യൊടിഞ്ഞ കസേരയിലെ ഒരാളടക്കം ഏഴു കസേരകളിൽ ഏഴുപേർ, പിന്നെ സൂസ്യമ്മായിയടക്കം ആറുപേർ വരാന്തയിലെ കറുത്ത തറയിൽ! ശബ്ദമുഖരിതമായ അന്തരീക്ഷം തീർക്കാൻ വകയിലെ ഏഴു ചെറുകുട്ടികൾ വേറെയും! സ്വഭവനത്തിൽ സ്വന്തങ്ങളാലും ബന്ധുക്കളാലും നിഷ്കാസിതനായി ഇരിപ്പിടം തപ്പി നടക്കേണ്ടി വരുന്ന ഒരു ഹതഭാഗ്യനായി ഞാൻ മാറിയതോർത്തു് കുണ്ഠിതപ്പെടാനല്ലാതെ പരിഭവം പറയാൻ എനിക്കന്നാരുമില്ലായിരുന്നു.

കുശുമ്പും കുന്നായ്മയും അപവാദവും ചേർത്ത പാനീയം ക്ഷണിതാക്കൾക്കായി തയ്യാറാക്കാൻ തലേന്നാൾ തുടങ്ങി തലയിൽ അടുപ്പു കൂട്ടിയ ലൂസിയമ്മ, ഉച്ചക്കു തീനിനും കുടിക്കും നാലാൾ ഉണ്ടാകുമെന്ന ചിന്തയുടെ കൂടടയ്ക്കാൻ മറന്നു് കോഴിക്കൂടന്നേരം തുറന്നുവിട്ടു. കൂട്ടിലെ ചാത്തൻ കൊഞ്ഞനംകുത്തി പുറത്തു ചാടിയപ്പോഴാണു് ലൂസിയമ്മക്കു് ചോറിനു കറിയുണ്ടാക്കേണ്ടതായ കാര്യം പെട്ടെന്നു് ഓർമ്മയിൽ വന്നതു്. സാരിത്തലപ്പു് ഞൊടിയിടയിൽ ഞെറിക്കുത്തിനൊപ്പംകുത്തി ലൂസിയമ്മ ചാത്തന്റെ പിന്നാലെപ്പാഞ്ഞു. തൊടിയിൽ ചാത്തനുമായി മത്സരപ്പന്തയത്തിലേർപ്പെട്ടിരിക്കുന്ന ലൂസിയമ്മയുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഞാനടക്കം ഏവരും നടേലകമെന്ന സമ്മേളന സ്ഥലത്തപ്പോൾ സന്നിഹിതരായിരുന്നു.
ലൂസിയമ്മയെക്കാത്തു് അന്തോണിയപ്പൻ എരിപിരി കൊണ്ടെങ്കിലും ചാത്തനെപ്പിടിക്കാനയാൾ ഇരുന്നിടത്തു നിന്നും ഇളകിയതേയില്ല. സമ്മേളന സ്ഥലത്തു് ലൂസിയമ്മയില്ലെന്നറിഞ്ഞ ഞാൻ ചാത്തനെ പിടിക്കാൻ അവർക്കു് കൂട്ടായിച്ചെല്ലാൻ തൊടിയിലേക്കിറങ്ങി. അറവുമാടായി മാറുന്നതിനു മുമ്പു് സമ്മേളനാർത്ഥികൾക്കു് എന്തെങ്കിലും കൊത്തിക്കീറാൻ കിട്ടിയാൽ എന്റെ മേലേക്കുള്ള കടന്നാക്രമണം കുറയുമെന്ന ചിന്തയിൽ ചാത്തനു രക്ഷപ്പെടാനാകാത്ത വിധം കൈകൾ ഇരുവശത്തേയ്ക്കും വിരിച്ചു പിടിച്ചു് ചാത്തനെതിരെ ഞാൻ നിലകൊണ്ടു. രക്ഷപ്പെടാനാകില്ലെന്നറിഞ്ഞ ചാത്തൻ തിരിഞ്ഞോടിയതു ലൂസിയമ്മയുടെ കൈകളിലേക്കായിരുന്നു. ലൂസിയമ്മയുടെ കയ്യിലിരുന്നു് ‘യു ടൂ ബ്രൂട്ടസ്’ എന്നു് കാറിക്കൂവി ചാത്തനെന്നോടു പരിഭവിച്ചപ്പോൾ ‘വരാനിരിക്കുന്നതു് വഴിയിൽത്തങ്ങില്ല’ എന്നു ചാത്തനോടു് മറുവാക്കു പറഞ്ഞു് ഞാൻ മുഖംതിരിച്ചു. ‘ഇന്നു ഞാൻ നാളെ നീ’ എന്നു കൂവിവിളിച്ചും ശപിച്ചും ചാത്തൻ അല്പനിമിഷങ്ങൾക്കകം ലൂസിയമ്മയുടെ ഹസ്തങ്ങളാൽ ഇഹലോകവാസം വെടിഞ്ഞു.
പപ്പും തൂവലും പറിക്കുവാനായി വെട്ടിത്തിളച്ചവെള്ളത്തിൽ മുക്കിയെടുത്ത ചാത്തനെക്കണ്ടു്, അരിഞ്ഞുവെച്ച സവാളയും മുളകുംകണ്ടു്, എന്റെ മനസ്സു തരളിതമായപ്പോൾ ഞാൻ അടുക്കളവാതിൽകടന്നു നടേലകത്തിലെ ജനാലത്തിണ്ടിൽ ഒന്നുമുരിയാടാതെ തനിച്ചിരുന്നു. കെട്ടുവിചാരണയ്ക്കുള്ള അവസരമൊത്തു വന്നതു കണ്ടു് മൂക്കുപൊടി ആഞ്ഞുവലിച്ചു്, തുമ്മലിന്റെ ആചാരവെടി പൊട്ടിച്ചു്, ലൂസിയമ്മയുടെ മൂത്തയാങ്ങള ആരോപണങ്ങൾ അവതരിപ്പിക്കാൻ ലൂസിയമ്മയ്ക്കു് അധികാരച്ചെങ്കോൽ കൈമാറ്റംചെയ്യുംവിധം എന്തോ ചേഷ്ട കാണിച്ചു.
ചെങ്കോൽ കയ്യിൽ കിട്ടിയ സന്തോഷം പുറത്തു കാണിക്കാതെ, സദസ്സിനു വന്ദനം പറയാൻ പോലും മറന്നു കണ്ടതും കേട്ടതും കാണാത്തതും ചിന്തിച്ചതും പൊടിപ്പും തൊങ്ങലുംവെച്ചു സങ്കടക്കണ്ണീരിൽ ചാലിച്ചു്, ഇനിയുമെന്തൊക്കെ ഞാനനുഭവിക്കണം ദൈവമേയെന്ന പരിദേവനത്തോടെ ആമുഖത്തിന്റെ തിരശ്ശീല നീക്കി ലൂസിയമ്മ കെട്ടുവിചാരണ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സൂസ്യമ്മായി ഇതുകണ്ടു് അന്തോണിയപ്പനെ നോക്കി കണ്ണിറുക്കി. സൂസ്യമ്മായിയും ലൂസിയമ്മയും ഒന്നായതിന്റെ സന്തോഷം അന്തോണിയപ്പന്റെ മുഖത്തപ്പോൾ മിന്നലാട്ടം നടത്തുന്നതു ഞാൻ കണ്ടു.
ഒന്നാം സാക്ഷി സൂസ്യമ്മായിയ്ക്കു് വലിവിന്റെ അസുഖമുള്ളതിനാൽ വിസ്താരം അധികനേരം നീണ്ടുനിന്നില്ല. രണ്ടാം സാക്ഷിയായ എന്റെയപ്പൻ ഒന്നാം ഭാര്യയും എന്റെ പെറ്റമ്മയുമായ മറിയാമ്മയുടെ വേർപാടിനു ശേഷമുള്ള ഹൃദയത്തിന്റെ കല്ലറ തുറന്നപ്പോൾ കേട്ടുനിന്നവർ എന്റെ കുണ്ടാമണ്ടിത്തരങ്ങൾ കേട്ടു വാപൊളിച്ചു. പൊളിച്ചവാ അടയ്ക്കാനാകാതെ വിമ്മിട്ടപ്പെട്ടവർ താടിക്കു കൈപ്പത്തിക്കുത്തു കൊടുത്തു. അതോടെ അവരെല്ലാം അപ്പന്റെ വാക്കുകൾക്കു താങ്ങുകൊടുത്തതായി കണ്ടവരും കേട്ടവരും മനസ്സിൽ ഗണിച്ചു. തുടർന്നു് അവിടെക്കൂടിയിരുന്നവരിൽ പലരും എനിക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞു. സാക്ഷിമൊഴികൾക്കു ശേഷം എന്റെ പെറ്റമ്മയുടെ ആങ്ങളമാരുടെ കൊട്ടിക്കേറ്റത്തിന്റെ രത്നച്ചുരുക്കം പറയാതെവയ്യ.
“പെണ്ണേതാ മതം? പെണ്ണേതാ ജാതി?”, ഒന്നാമന്റെ ചോദ്യങ്ങൾ!
“കാശുണ്ടോ, കാറുണ്ടോ?”, രണ്ടാമന്റെ ചോദ്യങ്ങൾ!
“നിറമുണ്ടോ, വണ്ണമുണ്ടോ?”, മൂന്നാമന്റെ ചോദ്യങ്ങൾ!
“ചോദിച്ചില്ലാ, അറിയില്ലാ, പറയില്ലാ”, മൂന്നാൾക്കുംകൂടി ഒറ്റവാചകത്തിൽ ഉത്തരം പറഞ്ഞു് ഞാൻ തലകുമ്പിട്ടുനിന്നു.
“ആരോടാണ്ടാ താന്തോന്നീ, ഈ തർക്കുത്തരങ്ങൾ?”, അപ്പൻ കൊയ്യോങ്ങി ചാടിയെഴുന്നേറ്റു് എന്നെ അടിക്കാനാഞ്ഞു. ചുമരിനോടു ചേർന്നുനിന്നു് കൈകൾ ഗുണിച്ചുപിടിച്ചു് മുഷ്ക്കോടെയെങ്കിലും മുഖംചുളിച്ചു് ഞാനന്നേരം പതുങ്ങിനിന്നു.
“ചെക്കൻ എങ്ങനുണ്ടെന്നു് ഇപ്പം മനസ്സിലായില്ലേ?”, ലൂസിയമ്മ അന്തോണിയപ്പനു പിന്തുണയറിയിച്ചു് ശബ്ദവോട്ടു നൽകിയപ്പോഴേക്കും സദസ്സു് ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. ശാന്തത കൈവിടരുതെന്നും കയ്യാങ്കളി പാടില്ലെന്നും പറഞ്ഞു ഇടയിൽച്ചാടി എന്നെ രക്ഷപ്പെടുത്തിയ പെറ്റമ്മയുടെ നാലാമത്തെ ആങ്ങളയുമായി അടച്ചിട്ട മുറിയിലെ കുമ്പസാരത്തിന്റെ ഉൾക്കാമ്പു് ഇവിടെ പറയാതെ തരമില്ല.
“അമ്മയുടെ മരണശേഷം മിണ്ടാനും കൊഞ്ചാനുമാകാതെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാകാതെ പതിനെട്ടിന്റെ നിറവിൽ ആടിപ്പാടി നടക്കേണ്ട പ്രായത്തിൽ വീടിന്റെ പകുതിഭാരം താങ്ങണമെന്നു് കാർക്കശ്യത്തോടെ അപ്പൻ പറഞ്ഞാൽ എന്റെ അപ്പൻ എനിക്കുപിന്നെ അപ്പനാകുമോ?”, എന്റെ ചോദ്യംകേട്ടു് നാലാമൻ തലകുനിച്ചു.
ഞാൻ തുടർന്നു പറഞ്ഞു: “അങ്ങനെ എന്റെയപ്പൻ എനിക്കന്തോണിയപ്പനായി! അതോടെ ഞാൻ നാടും വീടും വിട്ടു. പിന്നെ കൂലിയും സ്നേഹവും അന്വേഷിച്ചു്, നാടായ നാടു മുഴുവൻ കറങ്ങി നടക്കുന്ന കാലത്തു് ഒരു പാതിരാത്രിയിൽ മാഹിമിലെ കടത്തിണ്ണയിൽ പനിച്ചുവിറച്ചു കിടന്നപ്പോൾ രണ്ടു ബലിഷ്ടമായ കരങ്ങളെന്നെ കെട്ടിപ്പിടിച്ചു് പുതപ്പിനടിയിലേക്കു വലിച്ചെടുത്തു. മൂന്നു മാസത്തോളം ആ കരങ്ങളിലാണു് സ്നേഹമെന്നും ആശ്രയമെന്നും ഞാൻ തെറ്റിദ്ധരിച്ചു”.
ഇതുപറഞ്ഞു് കെട്ടുവിചാരണക്കിടെ ഞാൻ മുക്കിളപിഴിഞ്ഞു കരഞ്ഞു. തുടർന്നുകേൾക്കാനുള്ള കൊതിയോടെ നാലാമൻ അയാളുടെ ഒലിച്ച മൂക്കു് മുകളിലേക്കാഞ്ഞു വലിച്ചു് എന്റെ ദുഃഖത്തിനോടു് ഐക്യദാർഢ്യം രേഖപ്പെടുത്തി. ഞാൻ തുടർന്നുപറഞ്ഞു:
“പുതപ്പിനടിയിലെ സ്നേഹം വ്യാജമാണെന്നും അതു പ്രകൃതിയും ദൈവവും മനുഷ്യനുമായുള്ള സുസ്ഥിരഐക്യത്തിനു് കളങ്കം ചാർത്തുമെന്നും ദുഃഖവെള്ളിയാഴ്ചക്കു മുമ്പത്തെ ആണ്ടു കുമ്പസാരത്തിൽ ചെമ്പൂരിലെ പള്ളിയിൽവെച്ചു് മലയാളി കത്തനാർ ഉപദേശിച്ചപ്പോൾ പുതപ്പിനുള്ളിൽനിന്നും പ്രായപൂർത്തിയായ എന്റെ ദേഹം പുറത്തു ചാടി. തെറ്റും ശരിയും അറിയാൻ കഴിയാതെ, തെറ്റിനെ ശരിയാക്കിയും ശരിയെ തെറ്റാക്കിയും കുമ്പസാരിച്ചും കുമ്പസാരിക്കാതേയും പിന്നേയും കാലം കടന്നുപോയി. എകദേശം ഒരു വ്യാഴവട്ടക്കാലം മുമ്പു്, ഞാനനുഭവിച്ചറിഞ്ഞവരിൽ കളങ്കമേശാത്ത ഏക വ്യക്തിത്വം കറകളഞ്ഞ കണ്ണീരിൽമുക്കി കദനകഥ പറഞ്ഞപ്പോൾ മതമോ, ജാതിയോ, നിറമോ, പണമോ ഒന്നും നോക്കാതെ, പേരുപോലും ചോദിക്കാതെ ഞാൻ വാക്കുനൽകി: ‘നീ എന്റേതാണു്, ഇനി നീ എന്റേതു മാത്രം’. അതാണു് ‘സ്നേഹം’! ആ വാക്കിന്റെ പിൻബലം, മൊബൈലിൽ നിറഞ്ഞാടി; ഫേസ്ബുക്കിൽ കരകവിഞ്ഞു; വാട്സാപ്പിലൂടെ തളിർത്തു പൂത്തുലഞ്ഞു. എനിക്കനുകൂലമായും പ്രതികൂലമായും എവിടെയും തെളിവുകൾ ബാക്കിയായി”.
ഞാനൊന്നു നിറുത്തി, നാലാമനോടു വീണ്ടും ചോദിച്ചു: “ഇനി എനിക്കു പിൻമാറാൻ പറ്റുമോ?, സ്നേഹത്തിന്റെ കയ്യിൽ നൂറുനൂറു തെളിവുകൾ ബാക്കിയില്ലേ? ആ തെളിവുകൾ ഏതുകാലത്തും എന്നെ വേട്ടയാടില്ലേ?” എന്റെ ചോദ്യങ്ങളിൽ ഉത്തരംമുട്ടി അയാൾ മൗനംപൂണ്ടു. അയാൾക്കു് കംപ്യൂട്ടർ പരിജ്ഞാനമുണ്ടായതു് എന്റെ ഭാഗ്യം!
കെട്ടുകുമ്പസാരം കഴിഞ്ഞപ്പോഴേക്കും ഞാൻ വിയർത്തു കുളിച്ചിരുന്നു. അനന്തിരവന്റെ ദുരവസ്ഥ അറിയാൻ ശ്രമിക്കാത്തതിന്റെ കുറ്റബോധത്താലും കുമ്പസാര രഹസ്യം പുറത്തു പറയാനാകാത്ത വിഷമത്താലും അയാളുടെ മനസ്സും ശരീരവും തളർന്നു. വിശപ്പിന്റെ വിളികൂടി ഒപ്പം വന്നപ്പോൾ അയാൾ തളർന്നിരുന്നു. അയാളുടെ കുടലുകരിയുന്ന മണംകേട്ടു് തന്റെ കൂടെപ്പിറപ്പുകളെ കൊത്തിയ ചാത്തനു് ഇനിയും ഇരിക്കപ്പൊറുതി നൽകില്ലെന്നു ചറപറാന്നു് പിറുപിറുത്തു് മുളകും, മുളകിനെ പിന്തുണച്ചു മല്ലിയും മഞ്ഞളും കറിവേപ്പിലയും മസാലക്കൂട്ടുകളും വെള്ളത്തിനോടൊപ്പം ചേർന്നു ചാടിമറിഞ്ഞു വെന്തുടഞ്ഞു. ഉള്ളി വഴറ്റലെന്ന മഹനീയ കർമ്മം കൂടി കഴിഞ്ഞതോടെ ലൂസിയമ്മ മൂരിനിവർത്തി ഏവരേയും ഊണിനു ക്ഷണിച്ചു. അല്പ സമയത്തിനുള്ളിൽ എന്നെ കടിച്ചു കീറാൻ കാത്തുനിന്നവർ ചാത്തനെ അരിശത്തോടെ കടിച്ചുകീറി ചവച്ചരച്ചു. ഒരു ചാത്തനെക്കൊണ്ടു് എന്താകാനെന്നു കെറുവിച്ചു് അമ്മയുടെ ആങ്ങളമാർ എല്ലിൻ കഷണങ്ങൾ ആഞ്ഞുകടിച്ചു് ഭീഷണിയെന്ന കോമ്പല്ലിന്റെ മൂർച്ചകൂട്ടി. ഇതിനിടെ പച്ചമുളകു് കടിച്ചവർ വായ്ക്കു് കുളിർമ്മ നൽകാൻ ശ്വാസം അകത്തേക്കു വലിച്ചിട്ടും ആശ്വാസം കിട്ടാതെ പല്ലിറുമ്മി എന്റെ അരികിലെത്തി.
അങ്കത്തറയിൽ ഏകനായി വാക്കിൻവാളെടുത്തു് സകല അടവുകളും പയറ്റി ഞാൻ പിടിച്ചുനിൽക്കുന്നതുകണ്ടു് സഹിക്കാനാകാതെ അവരിലൊരാളുടെ കൈ പൊങ്ങിയതും അതുവരെ എല്ലാം കണ്ടും കേട്ടും സഹിച്ചിരുന്ന ലില്ല്യമ്മായി ഓതിരംവെട്ടി പരിചയുമായി ഇടയിൽ ചാടിയതും ഒരുമിച്ചായിരുന്നു. ആധാരം ഒപ്പിടുംമുമ്പു് തരാമെന്നുംപറഞ്ഞു പറ്റിച്ച സ്ത്രീധനത്തുകയിലെ ബാക്കിയുള്ള നക്കാപ്പിച്ചക്കാശിന്റെ ഉറുമിയും ലില്ല്യമ്മായി അന്നേരം പുറത്തെടുത്തു. ഇതുകണ്ടു് ആയുധംവെച്ചു സകലരും കീഴടങ്ങിയപ്പോൾ ലില്ല്യമ്മായിയുടെ വക പഴംപുരാണ പാരായണവും ഉപദേശവുമായിരുന്നു തുടർന്നുള്ള അരമണിക്കൂർ.
വൈകുന്നേരത്തെ ചായയോടെ കെട്ടുവിചാരണ അവസാനിച്ചെങ്കിലും സമ്മേളനാനന്തരം പലരുമന്നു സ്ഥലംവിടാൻ തയ്യാറല്ലായിരുന്നു. ഞാൻ ഏകനായി മുഖംചീർത്തു് പടിഞ്ഞാറ്റെ മുറിയിലന്നേരം അഭയംതേടി. നിലപാടു തറയിൽ അങ്കം വെട്ടി മറ്റൊരു ചന്തുണ്ണിയാകാതെ പിടിച്ചു നിന്നതിൽ അഭിമാനം തോന്നിയെങ്കിലും കെട്ടുവിചാരണക്കിടയിൽ നടന്ന കുമ്പസാരത്തിന്റെ ഭാവിയിലെ ദൂഷ്യഫലങ്ങളെക്കുറിച്ചോർത്തു് ഞാൻ ആകുലചിത്തനായിരുന്നു. ശരീരമാസകലം തറച്ച കുത്തുവാക്കമ്പുകൾ ഓരോന്നോരാന്നായി ഊരി മനസ്സിലിട്ടു വേവിച്ചു് ഒരു മൊണാലിസപ്പുഞ്ചിരി കടമെടുത്തു് ചുമരിൽ മാറാലപിടിച്ചു മഞ്ഞച്ചു ഞാന്നുകിടന്ന അമ്മയുടെ ഫോട്ടോയിലേക്കു കണ്ണെറിഞ്ഞു് അമ്മേ സഹായിക്കണേയെന്നു് മെല്ലെപ്പറഞ്ഞു് ഞാൻ കട്ടിലിൽ കമിഴ്‌ന്നുകിടന്നു. അന്നേദിവസം ഒന്നും കഴിക്കാത്തതിനാലുള്ള ക്ഷീണം എന്റെ ഉറക്കത്തെ തൊട്ടും തലോടിയും ഓർമ്മപ്പെടുത്തിയെങ്കിലും അടുക്കളയിലേക്കു നീങ്ങുവാൻ ശേഷിയില്ലാതെ ഞാൻ കിടന്നിടത്തുനിന്നും അനങ്ങിയില്ല. അല്പസമയത്തിനുള്ളിൽത്തന്നെ ഞാൻ ഗാഢനിദ്രയിലേക്കു് ഊർന്നുവീണിരുന്നു. ആ ഉറക്കത്തിനിടയിൽ എന്റെ സ്വപ്ന കഞ്ചുകം പൊട്ടി രണ്ടു കിനാവുകൾ പുറത്തു ചാടി. അതിലാദ്യത്തെ കിനാവു് ഇപ്രകാരമായിരുന്നു.
നീണ്ട താളത്തിലുള്ള ഒരു ഹോൺശബ്ദം പതിയെ ഉയർന്നു താഴ്‌ന്നുനിന്നപ്പോൾ ഞാനെഴുന്നേറ്റു് ജനാലയിലൂടെ പുറത്തേക്കു നോക്കി. ഒരു ബെൻസ് കാറ് വീടിന്റെ മുറ്റത്തേക്കു കടന്നുവരുന്നു. അതിനു പിന്നിലായി ഒരു ബിഎംഡബ്ലിയു! പിന്നാലെ ഒരു ഇന്നോവ! കാഞ്ചീപുരം പട്ടിന്റെ നൂലുകൾക്കൊപ്പം നിലാവിൽ പല്ലിളിച്ചു ചിരിച്ചു് സ്നേഹത്തിന്റെ അമ്മയതാ മുന്നിലെ ബെൻസിൽ നിന്നും ഇറങ്ങിവരുന്നു! ഇളംമഞ്ഞപ്പട്ടിന്റെ ജുബയിൽ ദേഹം പൊതിഞ്ഞെടുത്തു് അതിനടിയിൽ മഞ്ഞപ്പട്ടിന്റെ തിളങ്ങുന്ന മുണ്ടുടുത്തു് സ്നേഹത്തിന്റെ താതൻ പച്ചക്കറി സഞ്ചിയിലെ ഓട്ടയിൽനിന്നും ഉരുളക്കിഴങ്ങൂർന്നുവീഴും പോലെ ബെൻസിന്റെ സ്റ്റീയറിംഗിനടിയിൽനിന്നും മുറ്റത്തേക്കുരുണ്ടു! കാഞ്ചീപുരം പട്ടാണോ കോട്ടൺ പട്ടാണോ നല്ലതെന്ന ചോദ്യവുമായി മത്സരിച്ചുടുത്ത സാരികളണിഞ്ഞു് ആ കാറിൽനിന്നും വീണ്ടും മൂന്നു തരുണീമണികൾ! ഇറങ്ങിയപാടേ അവർ മൂന്നു തവണ വീടും പരിസരവും കണ്ണുഴിഞ്ഞു. വെള്ളമുണ്ടും സ്വർണ്ണമഞ്ഞ നിറമുള്ള ജുബയുമണിഞ്ഞ രണ്ടു മദ്ധ്യവയസ്കർ ഇതിനിടയിൽ ബിഎംഡബ്ലിയുവിൽനിന്നും പുറത്തിറങ്ങി. അവർ തൊടിയിലേക്കു കണ്ണോടിച്ചു് ഇതൊക്കെയൊരു തൊടിയാണോ എന്ന ഭാവം പരസ്പരം പങ്കുവെച്ചപ്പോൾ എന്റെ മനസ്സൊന്നു കുലുങ്ങി. അവർ ആരൊക്കെയെന്നു് അപ്പോഴെനിക്കു മനസ്സിലായിരുന്നില്ല. ഇന്നോവയിൽനിന്നും രണ്ടു യുവമിഥുനങ്ങൾ കൊഞ്ചിക്കുഴഞ്ഞു് ഇറങ്ങി വന്നു; സ്നേഹത്തിന്റെ ചേട്ടനും ഭാര്യയും! കൈവിരലുകൾ പരസ്പരം നെയ്തെടുത്തു് വിടുവിക്കാനാവാത്ത വിധം അവർ ചേർന്നു നടന്നു. എന്റെ ഉള്ളു നിറഞ്ഞു, മനം പിടച്ചു, സന്തോഷത്താൽ ഹൃദയം പെരുമ്പറ കൊട്ടി, ക്ഷീണം പമ്പകടന്നു. ഞാൻ കിടപ്പുമുറിയുടെ വാതിൽ തുറന്നു് നടേലകത്തു് ഉറങ്ങിക്കിടന്നിരുന്ന വകയിലെ കുട്ടികളെ കാക്കാലുവെച്ചു് ഉമ്മറത്തെത്തിയപ്പോഴേക്കും ലൈറ്റുകൾ തെളിയിച്ചു് അന്തോണിയപ്പനും ലൂസിയമ്മയും മറ്റു് സകല പരിവാരങ്ങളും അവിടെ എത്തിച്ചേർന്നിരുന്നു. ഞാൻ മുന്നിലേക്കു കടന്നുചെന്നു് സ്നേഹത്തിന്റെ താതനു കൈകൊടുത്തു. അയാളെന്നെ ചേർത്തു നിർത്തി കെട്ടിപ്പിടിച്ചു. എന്റെ രോമങ്ങൾപോലും ആകാംക്ഷയോടെ ആ കാഴ്ചകാണാൻ എഴുന്നേറ്റു നിന്നു. ഇതെന്തൊരു കഥ എന്നു പരസ്പരം നോട്ടമെറിഞ്ഞു് ലൂസിയമ്മയും സൂസ്യമ്മായിയും മറ്റമ്മായിമാരും അത്ഭുതത്തോടെ നിലകൊൾകെ, അന്തോണിയപ്പൻ സ്നേഹത്തിന്റെ താതന്റെ കെട്ടിപ്പിടുത്തത്തിൽനിന്നും എന്നെ വിടുവിച്ചു് തന്റെ അരികിലേക്കു ചേർത്തുനിർത്തി. സ്നേഹത്തിന്റെ താതനേയും അമ്മയേയും ഞാനന്നേരം അന്തോണിയപ്പനും ലൂസിയമ്മക്കും പരിചയപ്പെടുത്തി. ലൂസിയമ്മ അവരെ അകത്തേക്കു് ആനയിച്ചു. മകളുടെ ഭാവിവീട്ടിലെ ഓരോ മുറിയും കണ്ടുനടന്നു് ബോധിച്ചും ബോധിക്കാതെയും സ്നേഹത്തിന്റെ അമ്മ കുടുംബ വിശേഷങ്ങൾ ഇതിനിടെ ലൂസിയമ്മയുമായി പങ്കുവെച്ചു.
സ്നേഹത്തിന്റെ താതൻ അന്തോണിയപ്പൻ കൊടുത്ത അവിലോസുണ്ട കടിച്ചുപൊട്ടിക്കാനാകാതെ അതിന്റെ പുറം ഭാഗം കരണ്ടു നിർവൃതിയോടെ നേരംകളഞ്ഞു. ഇതിനിടയയിൽ ഇരുട്ടിന്റെ മറവിൽ അന്തോണിയപ്പൻ സ്വന്തം പറമ്പും നാട്ടുകാരുടെ പറമ്പും കണ്ണോട്ടത്തിൽ ഒന്നാക്കിമാറ്റി സ്നേഹത്തിന്റെ ബന്ധുക്കൾക്കു മുമ്പിൽ ഏക്കറുകളായി അവതരിപ്പിച്ചു് എന്റെയും കുടുംബത്തിന്റെയും മാനം കാത്തു. അപ്പുറത്തെ പറമ്പിൽ കൂട്ടിയിട്ടിരിക്കുന്ന നാളികേരത്തിന്റെ കണക്കുപറഞ്ഞു് ലൂസിയമ്മ പട്ടുവസ്ത്രധാരികളുടെ മനവും കവർന്നെടുത്തു.
കട്ടപ്പനയിൽനിന്നും പുലർച്ചെ പുറപ്പെട്ടതാണെന്നും, വഴിയിൽവെച്ചു് സ്നേഹത്തിന്റെ അമ്മാവനു് നെഞ്ചുവേദന വന്നെന്നും, ആശുപത്രിയിൽ പോയപ്പോൾ ഗ്യാസിന്റെ അസ്കിതയാണെന്നറിഞ്ഞതുമെല്ലാം തമാശേയോടെ പറഞ്ഞു പങ്കുവെച്ചു്, രാത്രിയിൽ വന്നു ബുദ്ധിമുട്ടിച്ചതിനു ക്ഷമാപണവും പറഞ്ഞു് സ്നേഹത്തിന്റെ താതൻ കൈകൾ കൂപ്പി. എല്ലാവരും കാൺകെ അയാളെന്റെ കൈവിരലിൽ രണ്ടുപവന്റെ കൊഴുത്തൊരു സ്വർണ്ണ മോതിരമണിയിച്ചു. ഉമ്മറത്തെ അറുപതു വാട്ടിന്റെ ബൾബിൽനിന്നും പുറപ്പെട്ട കിരണങ്ങൾ ആ സ്വർണ്ണമോതിരത്തിൽത്തട്ടി ലൂസിയമ്മയുടെ കണ്ണുകളിലെത്തിയപ്പോൾ അവർക്കു കണ്ണുനിറഞ്ഞു് കണ്ണുകാണാതെയായി. കല്യാണത്തിനും സമ്മതത്തിനും മുൻപുള്ള ഉറപ്പിക്കലെന്ന മഹനീയ കർമ്മമായി ആ മോതിരമണിയിക്കൽച്ചടങ്ങു് എഴുതിച്ചേർക്കപ്പെട്ടു. തൊട്ടുപിന്നാലെ, സ്നേഹത്തിന്റെ താതൻ മകൾക്കു നൽകാൻ പോകുന്ന ഏക്കറുകണക്കിനു ഭൂമിയുടേയും പവൻകണക്കിനു സ്വർണ്ണത്തിന്റേയും കണക്കുകൾക്കൊപ്പം പാരമ്പര്യത്തിന്റേയും കണ്ണിമുറിയാത്ത ബന്ധങ്ങളുടേയും വിവരങ്ങൾ കൂട്ടിക്കുഴച്ചു് പറഞ്ഞപ്പോൾ ലൂസിയമ്മയ്ക്കും അന്തോണിയപ്പനുമെന്നല്ല അവിടെ കൂടിനിന്ന ആർക്കും ഒരെത്തും പിടിയും കിട്ടിയില്ല. എനിക്കടിക്കാൻ പോകുന്നതു് എന്തോ വലിയൊരു ലോട്ടറിയാന്നെന്നു് കേട്ടവരെല്ലാം മനസ്സിൽ ഗണിച്ചു. തുടർന്നു്, അന്തോണിയപ്പനോടു് സ്നേഹത്തിന്റെ താതൻ യാത്രചോദിച്ചുകൊണ്ടു് ഹസ്തദാനം നടത്തുന്നതും കൈകൾ വീശി ഉത്സാഹത്തോടെ സമ്മേളനാർത്ഥികളോരോരുത്തരും അവരെ യാത്രയാക്കുന്നതും കണ്ടു് എന്റെ മനസ്സിൽ കുളിർമഴ പെയ്തു. സന്തോഷാശ്രുക്കൾ പൊഴിച്ചു് കട്ടിലിൽ ഞാൻ തിരിഞ്ഞുകിടന്നു.
ഒരു ഇടവേളക്കുശേഷം വീണ്ടും ഞാനൊരു ഹോൺശബ്ദം കേട്ടു! ഉറക്കച്ചടവോടെ ഞാനെഴുന്നേറ്റു് ജനാലയിലൂടെ നോക്കി. മുരൾച്ചയോടെ പഴയൊരു ജീപ്പ് സഡൻ ബ്രേക്കിട്ടു മുറ്റത്തുവന്നുനിന്നു. ഒന്നിനുപുറകേ മറ്റൊന്നായി രണ്ടു ജീപ്പുകൾ വേറെയും! ആദ്യത്തെ ജീപ്പിൽനിന്നും സ്നേഹത്തിന്റെ താതൻ മടക്കിക്കുത്തിയ കള്ളിമുണ്ടുമായി ചാടിയിറങ്ങി. തുടർന്നു് ഓരോ ജീപ്പിൽനിന്നും കള്ളിമുണ്ടിനുപുറത്തു് പാതി ട്രൗസർ പുറത്തുകാട്ടി ഒന്നൊത്ത അഞ്ചാറാണുങ്ങൾ മീശപിരിച്ചു പുറത്തുചാടി. പതിനഞ്ചോളംപേർവരുന്ന അവർ വടിവാളും നെഞ്ചാക്കുമായി മുറ്റത്തുലാത്തിക്കൊണ്ടു് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജീപ്പുകളുടെ ഹെഡ്ലാംബുകൾ വീടിനെയും ഇടതും വലതും തൊടികളേയും ലക്ഷ്യമാക്കി പ്രകാശിച്ചുകൊണ്ടിരിക്കെ എന്റെ അപ്പൻ നടേലകത്തിന്റെ വാതിലിന്റെ സാക്ഷമാറ്റുന്ന സ്വരം ഞാൻ കേട്ടു.
അപ്പനെ കണ്ടതോടെ, “വിളിയെടാ ആ നായിന്റെ മോനെ”, എന്നു് അലറിവിളിച്ചുകൊണ്ടു് മുറ്റത്തുകിടന്ന പ്ലാസ്റ്റിക് കസേര സ്നേഹത്തിന്റെ താതൻ ചവുട്ടിത്തെറിപ്പിച്ചു. മറ്റൊരു കസേര കയ്യിലെടുത്തു് തൊടിയിലേക്കു് വലിച്ചെറിഞ്ഞു. തുറന്ന സാക്ഷ അതേപടി അടയുന്ന ശബ്ദമായിരുന്നു തുടർന്നു ഞാൻ കേട്ടതു്. സംഗതി പന്തികേടാണെന്നു മനസ്സിലായപ്പോൾ കട്ടിലിൽനിന്നും ഞാൻ ചാടിയെഴുന്നേറ്റു മച്ചിൻപുറത്തു് കയറി പതുങ്ങിക്കിടന്നു. അല്പ സമയത്തിനകം എന്റെ മുറിയുടെ വാതിൽ തള്ളിത്തുറന്നു് അപ്പൻ അകത്തു കയറുന്നതുകണ്ടു് മച്ചിലിൽ ശ്വാസംപിടിച്ചു് ഞാൻ കമിഴ്‌ന്നുകിടന്നു. അപ്പനെന്നെ കട്ടിലിനടിയിലും, പുതപ്പിനടിയിലും, കക്കൂസിലുംവരെ തപ്പി. എന്റെ പൂടപോലും കാണാതെ വിയർത്തു കുളിച്ച അപ്പൻ തിരിച്ചുപോയി നടേലകത്തിന്റെ സാക്ഷ വീണ്ടും തുറന്നു.
സ്നേഹത്തിന്റെ താതന്റെ വാക്കുകളന്നേരം എന്റെ ചെവിയിൽ മാറ്റൊലികൊണ്ടു.
അതിപ്രകാരമായിരുന്നു: “ഇന്നേക്കുനാലാംനാളെന്നൊന്നുണ്ടെങ്കിൽ എന്റെമകളുടെ കഴുത്തിൽ നിങ്ങളുടെ മകൻ താലി കെട്ടിയിരിക്കും!” പിന്നെ കടിച്ചാൽ പൊട്ടാത്ത തെറികളുടെ അഭിഷേകമായിരുന്നു. ദേഷ്യം തീരാതെ അയാൾ മുറ്റത്തുകിടന്ന മറ്റൊരു കസേരകൂടി വലിച്ചെറിഞ്ഞു. അതു തട്ടിൻപുറത്തിനു മുകളിൽവിരിച്ച ഓടിൽത്തട്ടി നിലത്തു വീഴുന്ന ശബ്ദംകേട്ടു ഞാൻ നടുങ്ങിവിറച്ചു.
പാരമ്പര്യത്തിന്റെ കണക്കെടുത്തു ചിന്തിച്ച അമ്മയുടെ നാലാമത്തെ ആങ്ങള ഇത്തരം വാചകങ്ങൾ കുടുംബത്തിൽക്കയറി പറയരുതെന്നാക്രോശിച്ചു് മുന്നോട്ടാഞ്ഞതും, ധൈര്യം വീണ്ടെടുത്തു് ലൂസിയമ്മ നെഞ്ചുവിരിച്ചുകൊണ്ടു മുന്നോട്ടുവന്നതും ഒരേ സമയത്തായിരുന്നു. പെണ്ണുങ്ങൾ ആദ്യം പറയട്ടെയെന്ന ആപ്തവാക്യം മൂന്നാമത്തെ ആങ്ങള മുന്നോട്ടുവെച്ചതോടെ കിട്ടിയ അവസരം മുതലാക്കി ലൂസിയമ്മ പറഞ്ഞു: “ആ കൊള്ളരുതാത്തവൻ ഞങ്ങടെ മോനല്ല; അവനുവേണ്ടി വഴക്കിടാൻ ഇവിടെനിന്നും നിങ്ങൾക്കു് ആളെക്കിട്ടില്ല മക്കളേ; നിങ്ങൾക്കു് ചെയ്യാനുള്ളതെല്ലാം നിങ്ങളുചെയ്തോ; ചോദിക്കാനും പറയാനും ഞങ്ങളില്ല; ഇതു വാക്കാണു്! ലൂസിയുടെ വാക്കു് !”

മച്ചിന്റെ ഉത്തരത്തിൽപ്പിടിച്ചു് തലകൊണ്ടു് ഓടുപൊക്കി ഞാൻ നോക്കുമ്പോൾ അന്തോണിയപ്പൻ തലകുമ്പിട്ടു നിൽക്കുകയായിരുന്നു. അമ്മയുടെ ആങ്ങളമാർ ദയനീയമായി പരസ്പരം നോക്കുന്നതല്ലാതെ അടി പേടിച്ചു് നിന്നനിൽപ്പിൽനിന്നും ഇളകിയില്ല. തുടകളിലെ ചുരുണ്ടരോമങ്ങൾ ഇരുകൈകളാലും ഉഴിഞ്ഞൊതുക്കി മടക്കിക്കുത്തിയ കള്ളിമുണ്ടു് തെറുത്തുകയറ്റി അതിലൊരു മല്ലൻ മുറ്റത്തേക്കാഞ്ഞുതുപ്പി! തുപ്പലിന്റെ ശീതൽ മുഖത്തടിച്ചതു് അന്തോണിയപ്പനും അമ്മയുടെ ആങ്ങളമാരും ഉടുമുണ്ടുകൊണ്ടു് വിസ്തരിച്ചു തുടച്ചു് നിസ്സഹായരായിനിന്നു.
അല്പസമയത്തിനുള്ളിൽ വന്നവരും കെട്ടുവിചാരണക്കെത്തിയ സമ്മേളനാർത്ഥികളും തത്വത്തിൽ ഒന്നായി. നിലപാടു തറയിൽ മാറ്റച്ചുരിക തന്നു സഹായിച്ച ലില്ല്യമ്മായിയും എന്നെ കൈവെടിഞ്ഞു. എന്നെ എന്തുചെയ്താലും ചോദിക്കാനും പറയാനും ആരും വരില്ലെന്ന ധാരണയിൽ അന്തോണിയപ്പനും സ്നേഹത്തിന്റെ താതനും കൈ കൊടുത്തു. ഒരാൾപോലും എന്നെ പിന്തുണച്ചുകൊണ്ടു മുന്നിലേക്കു വന്നില്ല. അരമണിക്കൂറിനുള്ളിൽ എല്ലാം ഒതുങ്ങിയടങ്ങി. പൊടി പാറിപ്പറപ്പിച്ചുകൊണ്ടു് മൂന്നു ജീപ്പുകളും മുറ്റത്തുനിന്നും അപ്രത്യക്ഷമായി.
ഞാൻ ഉത്തരംവിട്ടു് മച്ചിൻപുറത്തുള്ള തലയിണയിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. ഏങ്ങൽ പുറത്തുവരാതിരിക്കാൻ വായിൽ സ്വയം പുതപ്പു തിരുകി. താഴേക്കിറങ്ങാനുള്ള ശക്തിയില്ലാതെ വായു വലിച്ചുവിട്ടു് ആ രാത്രി മുഴുവനും അതേകിടപ്പു് ഞാൻ തുടർന്നു.
ഉണർന്നെഴുന്നേറ്റപ്പോഴേക്കും സമയം പകൽ പത്തുമണിയായിരുന്നു. മച്ചിൽനിന്നും താഴേക്കിറങ്ങിവന്നു് കട്ടിലിൽ കിടന്നതെപ്പോഴാണെന്നു ചിന്തിച്ചിട്ടു് എനിക്കൊരെത്തും പിടിയും കിട്ടിയില്ല. എന്റെ കൈവിരലിൽ സ്നേഹത്തിന്റെ താതനണിയിച്ച രണ്ടുപവന്റെ മോതിരം കാണാതെ ഞാൻ കിടക്കയിൽ തപ്പി, മുറി മുഴുവനായും തപ്പി. ഒരിടത്തും മോതിരം കണ്ടില്ല. ആരവങ്ങളടങ്ങിയ നിലപാടുതറയിലൂടെ നടന്നപ്പോൾ വീട്ടിൽ ആളനക്കമേയില്ല. സ്നേഹത്തിന്റെ താതൻ ചവുട്ടിത്തെറിപ്പിച്ച കസേരയോ ജീപ്പിന്റെ ടയറുകളുടെ പാടുകളോ മുറ്റത്തു കണ്ടില്ല. ഞാൻ തിരിച്ചു് അകത്തേക്കു വന്നു. ലൂസിയമ്മ അടുക്കളയിലിരുന്നു മീൻ നന്നാക്കുന്നു, സൂസ്യമ്മായി ഉമ്മറത്തിരിക്കുന്നു. അന്തോണിയപ്പനെ അവിടെയെങ്ങും കാണാനുമില്ല.
ഞാനെന്റെ മുറിയിലേക്കു നടന്നു. ആരുണ്ടെനിക്കു് ആശ്വാസം നല്കുവാനെന്നു ചിന്തിച്ചു് ചുമരിൽ ഞാന്നുകിടക്കുന്ന അമ്മയെ ഞാൻ ദയനീയമായി നോക്കി. അമ്മക്കെന്തോ എന്നോടന്നേരം പറയാനുണ്ടെന്ന തരത്തിൽ ഫോട്ടോയിലെ മുഖഭാവം മാറിമറിഞ്ഞു. ഫോട്ടോയിലേക്കു ഞാൻ സൂക്ഷിച്ചുനോക്കി. ഫോട്ടോ ഫ്രെയിമിൽ നിന്നു മുഖം പുറത്തേക്കിട്ടു് അമ്മ പറഞ്ഞു: “തുറന്ന സ്വപ്ന കഞ്ചുകം അടച്ചുവെക്കടാ മോനേ; നീ ഒന്നു് പ്രാക്ടിക്കലായി ചിന്തിക്കു്”.
വിശ്വസിക്കാനാകാതെ ഞാൻ ഫോട്ടോയിലേക്കു് ഒന്നുകൂടി തുറിച്ചുനോക്കി. പുറത്തെടുത്ത മുഖം ഫ്രെയിമിനുള്ളിലേക്കു തള്ളിക്കയറ്റാനപ്പോൾ അമ്മ തത്രപ്പെടുന്നതുകണ്ടു ഞാൻ വിഷമിച്ചു മുഖംതിരിച്ചു. ഒളികണ്ണിട്ടു വീണ്ടും ഞാൻ നോക്കിയപ്പോൾ ഫോട്ടോഫ്രെയിം ആണിയിൽ ഞാന്നു കിടന്നാടുകയാണു്. വെപ്രാളപ്പെട്ടു് കയറുന്നതിനിടെ പിടിവിട്ടെങ്ങാനും അമ്മ നിലത്തുവീഴുമോയെന്ന ആശങ്കയിൽ വീണ്ടും ഞാൻ കണ്ണുകൾ മുറുക്കിയടച്ചു. കുറച്ചു സമയത്തിനകം ഫ്രെയിമിന്റെ ആട്ടം നിലച്ചിരുന്നു. ഫ്രെയിമിനകത്തു് അമ്മയുടെ മുഖം വ്യക്തമായി ഞാനപ്പോൾ കണ്ടു. എനിക്കു സമാധാനമായി. ഉടനെത്തന്നെ ഞാൻ സ്നേഹത്തെ മൊബൈലിൽ വിളിച്ചു് തുടർന്നു ചെയ്യേണ്ട കാര്യങ്ങൾ വേണ്ടവിധം ചട്ടംചെയ്തു.
ഞാൻ രജിസ്ട്രേഷനോഫീസിന്റെ പടികടന്നപ്പോൾ സ്നേഹമവിടെ കാത്തിരിപ്പുണ്ടു്. സാക്ഷികളാകാൻവന്ന സ്നേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും കൂടെയിരിക്കുന്നുണ്ടു്. എന്നെക്കണ്ട മാത്രയിൽ സ്നേഹം ഓടിവന്നു് എന്നെ കെട്ടിപ്പിടിച്ചു. പിന്നെ സുഹൃത്തുക്കളെ എനിക്കു് പരിചയപ്പെടുത്തിത്തന്നു. ഞാൻ പുഞ്ചിരിച്ചുകൊണ്ടു് അവർക്കു് ഹസ്തദാനം ചെയ്തു. അവരുമായി കുശലം പറഞ്ഞു കൊണ്ടിരിക്കെ രജിസ്ട്രാറുടെ ഗുമസ്തൻ ഞങ്ങളെ പേരുവിളിച്ചു് രജിസ്ട്രാർ സമക്ഷമെത്തിച്ചു.
രജിസ്ട്രാർ മുഖമുയർത്തി ചോദിച്ചു: “വിവാഹത്തിനു സമ്മതമല്ലേ?”
ഞങ്ങൾ ഒരുമിച്ചുപറഞ്ഞു: “സമ്മതമാണു്”.
ഷേവ് ചെയ്തിട്ടും, കിളിർത്തുവരുന്ന രോമകൂപങ്ങളുടെ പച്ചപ്പിൽ കണ്ണുടക്കി രജിസ്ട്രാർ സ്നേഹത്തിനോടു് സംശയത്തോടെ ചോദിച്ചു: “മെയിൽ ഓർ ഫീമെയിൽ?”
കൂസാതെയെങ്കിലും പതറിയ സ്വരത്തിൽ സ്നേഹം മറുപടി പറഞ്ഞു: “സാറെ, മെയിലും, ഫീമെയിലുമല്ല, ഞാനൊരു ട്രാൻസ്ജെൻഡറാണു്”.
രജിസ്ട്രാറുടെ മുഖത്തു് ആശ്ചര്യ ചിഹ്നം ഉയർന്നതുകണ്ടു് സ്നേഹമെന്നെ ദയനീയമായി നോക്കി. കോടതിയിലെ നിയമപുസ്തകത്തിലില്ലാത്ത സുപ്രീംകോടതിയുടെ പുതിയ കൂട്ടിച്ചേർക്കലിന്റെ തനതുപകർപ്പു് സ്നേഹത്തെ പിന്നിലേക്കു മാറ്റിനിറുത്തി രജിസ്ട്രാർ സമക്ഷം ഞാനപ്പോൾ സമർപ്പിച്ചു. അയാളതു വാങ്ങിയെങ്കിലും വായിച്ചുനോക്കാതെ മേശക്കടിയിലെ വലിപ്പിലേക്കു തള്ളിവെച്ചു. ഞങ്ങൾ അമ്പരന്നുനിൽക്കെ നിറപുഞ്ചിരിയോടെ അയാൾ കൈകളുയർത്തി പച്ചമഷിയുള്ള പേനയെടുത്തു് രജിസ്ട്രേഷൻ പുസ്തകത്തിൽ നീട്ടിവലിച്ചു് ഒരൊപ്പിട്ടു. ഞങ്ങൾക്കതൊരു ഒന്നൊന്നര ഒപ്പായിരുന്നു.

പാലക്കാട് NSS എൻജിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും, തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽനിന്നും CERD സ്കോളർഷിപ്പോടെ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
പതിനെട്ടു് വർഷത്തോളം വിവിധ എൻജിനീയറിംഗ് കമ്പനികളിലായി ഇൻഡ്യക്കകത്തും പുറത്തും ജോലി ചെയ്തു. 2013 മുതൽ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
കെ എസ് ഇ ബി യിൽ സിനിയർ സൂപ്രണ്ടായ ബിനിത സി. ഡി. ആണു് ജീവിതപങ്കാളി. മക്കൾ: ലെവിൻ ബിജു പോന്നോർ, ലിയോൺ ബിജു പോന്നോർ, സിയാൻ കേറ്റ് പോന്നോർ.