
കവിത എഴുതാൻ തുടങ്ങുമ്പോൾ
കിളി മാത്രമേയുള്ളൂ.
പല മാലകളിൽനിന്നു്
അക്ഷരമൂർത്തിയെടുത്തു
കിളിയെ കോർത്തു.
കൊക്കിനെ കൂടുതൽ കൂർപ്പിച്ചു.
വട്ടക്കണ്ണിയെ നീൾമിഴിയാക്കി
പാട്ടിൽ തേനൊഴിച്ചു
ചെമപ്പുവാലിൽ
പച്ചയും നീലയും അധികം ചേർത്തു.
ചിറകിൽ പപ്പുകളേറെ തുന്നിക്കൊടുത്തു.
കിളിച്ചിത്രം തീരുംമുമ്പേ
ഓലനാരുകളാൽ
കൂടൊരുക്കി, കിളി.
കൂടിനെക്കുറിച്ചെഴുതുമ്പോഴേക്കും
കിളി മുട്ടയിട്ടു.
മുട്ടയെക്കുറിച്ചെഴുതുമ്പോഴേക്കും
ചിറകിൻച്ചോട്ടിൽ ചൂടു് പരന്നു
കുഞ്ഞു് വിരിയുമ്പോഴേക്കും
കവിയോടു് ചോദിക്കാതെ
വലിഞ്ഞുകേറി പാമ്പു് വന്നു.
കവിത കിളിയെക്കുറിച്ചാണു്
പാമ്പു് വിളിക്കാതെ വന്നതാണു്.
കവി മൃദുലചിത്തനാണു്.
കിളിയും പൂവും മലരുമാണിഷ്ടം.
പക്ഷേ, പാമ്പിനതറിയില്ലല്ലോ.
പാമ്പു് കിളിക്കൂട്ടിലേക്കു്
താളഭംഗിയോടെ
വൃത്തമെഴുതി ഇഴഞ്ഞുകയറുന്നു.
പറഞ്ഞല്ലോ,
കിളിയുടെ കവിതയിൽ
പാമ്പിനു് ഇടമില്ലെന്നു്.
പക്ഷേ, പാമ്പിനതറിയില്ലല്ലോ.
മുട്ടയും പാമ്പും
തൊട്ടടുത്തു് കണ്ട നിമിഷത്തിൽ
കവി കണ്ണടച്ചു.
കവിതയിൽ നിന്നു്
പാമ്പു് ഇഴഞ്ഞുപോകാൻ കൊതിച്ചു.
പക്ഷേ, പാമ്പിന്റെ വായിൽ
ഞെരിയുകയാണിപ്പോൾ
മുട്ടയും
പറക്കാൻ കൊതിച്ച കുഞ്ഞും.
ഹാ, കഷ്ടം വെച്ചു്
പാമ്പിനെ തല്ലിച്ചതച്ചു്
ജീവനോടെ കുഴിച്ചുമൂടി.
കിളിക്കൂടു് അടുപ്പിൽ വെച്ചു.
എഴുതിയതെല്ലാം കീറിക്കളഞ്ഞു.
പുതിയ കവിത എഴുതിത്തുടങ്ങി.
കവിതയുടെ പേരു്:
കിളിക്കൂടു് ഒളിപ്പിച്ച
വെളിച്ചം
………
മിന്നാമിനുങ്ങുകളെ പറത്തിവിട്ടു്
കിളിക്കൂടു് കത്തുന്നു
സൗമ്യമായ വെളിച്ചം പൊന്തുന്നു.
കിളിക്കുഞ്ഞിന്റെ ചിറകല്ലേ
മഞ്ഞവെളിച്ചമായി
ആളിയിളകി നിൽക്കുന്നു?

എല്ലു മാറ്റി
മാംസം മാത്രം
ഉരുട്ടി വെച്ച പലഹാരം പോലെ
ഒരു കുന്നിൻചെരുവു് നിറയെ
കോഴി കുഞ്ഞുങ്ങൾ
തത്തിക്കളിക്കുന്നു
ഉപഗ്രഹ ചിത്രത്തിൽ
ഒരു പൂക്കൂട ആകാശത്തേക്കു്
ആരോ നീട്ടിയ പോലെ.
ഇപ്പോൾ വിരിഞ്ഞ അവയുടെ
തുടിക്കുന്ന ആവേശം.
അവറ്റ കിടന്നു്
അമ്മേ, അമ്മേയെന്നു കരയുന്നുണ്ടു്.
അമ്മ എവിടെപ്പോയി?
പലനിറങ്ങൾ നിറഞ്ഞ
കാട്ടുപ്പഴങ്ങളുടെ കൊട്ട ചെരിഞ്ഞപോലെ
കുഞ്ഞുങ്ങളെല്ലാം ഉരുണ്ടുരുണ്ടു്…
വൈഡ് ആംഗിൾ വെയ്ക്കുമ്പോൾ
പറന്നെത്തുന്ന പരുന്തുകളെ കാണാം.
സ്റ്റാർട്ടറായി താലത്തിലെത്തുന്ന
ചിക്കൻ ടിക്കയെ
സ്റ്റിക്കിൽ കൊത്തിയെടുത്തു വിഴുങ്ങുംപോലെ
ഓരോന്നിനെയും
പരുന്തുകൾ
അകത്താക്കാൻ തുടങ്ങി.
കാറ്റിൽ പറക്കുന്ന
മഴക്കാറു് പോലെ
കൂട്ടം കൂട്ടമായി
പരുന്തുകൾ വന്നു.
കോഴികുഞ്ഞുങ്ങളാൽ നിറഞ്ഞ
കുന്നിൽ
ഇപ്പോൾ
പരുന്തുകൾ അടയിരിക്കുന്നു.
ഉപഗ്രഹ ചിത്രത്തിൽ
പരുന്തുകളാൽ നിറഞ്ഞ
കുന്നിനു്
ഇപ്പോൾ
ഒറ്റ നിറം.
………

സിങ്കിൽ വീണ പാറ്റയെ കണ്ടപ്പോൾ
വെറുപ്പു് തോന്നി.
കുനുകുനാ മുള്ളുരോമങ്ങളുമായി
കാലിട്ടടിക്കുന്ന അശ്രീകരം.
സിങ്കിൽ വീണ പാറ്റ
തലകീഴായി കിടക്കുകയാണു്.
അതുമാത്രമാണു് സത്യം.
വായുവിൽ ചക്രം ചവിട്ടുന്നു.
വെള്ളത്തിൽ ഒട്ടികിടക്കുന്ന
സ്പർശിനികളെ
ഉയർത്തിയെടുക്കാൻ നോക്കുന്നു.
ചിലപ്പോൾ രാത്രിമുഴുവൻ
ചവിട്ടിക്കേറാൻ ശ്രമിച്ചിരിക്കാം.
കഴിഞ്ഞ ജന്മത്തിൽ
ചക്രംചവിട്ടി
വെള്ളം മറിച്ച
കർഷകനാണോ?
ചപ്പാത്തിപിടി തൊടുമ്പോൾ
തെല്ലിട ചത്തു് കിടക്കുന്നു.
ആളനക്കം മുറിയുമ്പോൾ
പിന്നെയും തുഴച്ചിൽ.
നിവർന്നു നിൽക്കാത്ത ലോകത്തെ കണ്ടു്
അത്ഭുതപ്പെട്ടു് കിടക്കുകയാണോ?
ആദ്യം വീണ ഇലയിൽ
കായൽസവാരി ചെയ്യുകയാണോ?
സ്വൽപ്പം തലകീഴു് മറിഞ്ഞ ലോകം.
അതേ കാണുന്നുള്ളൂ.
മച്ചിന്റെ ഒരു തുണ്ടു്.
അത്രയും വാവട്ടമേയുള്ളൂ.
കിണറ്റിലാണോ?
തവളയാണോ?
ആദ്യമായിട്ടാണോ ഈ പാറ്റ
ലോകത്തെ ഇങ്ങനെ
തലക്കീഴായി കാണുന്നതു?
സത്യത്തിൽ ഈ പാറ്റ പുതിയ ലോകം കണ്ടു്
സന്തോഷിച്ചു് ചിരിക്കുകയാണോ?
ഇനി മേലിൽ ഇങ്ങനെ കിടക്കാൻ മാത്രം
ഇഷ്ടം വന്നിരിക്കുമോ?
സിങ്കിൽ വീണ പാറ്റയെ
കണ്ടു് അലിവൊന്നുമില്ല.
സിങ്കിൽ വീണ പാറ്റ, പാറ്റ മാത്രമാണു്.
സിങ്കിൽ വീണ പാറ്റ അത്ര മാത്രമാണു്.
സിങ്കിൽ വീണ പാറ്റയെ കൂടുതലായി
എന്തിനു് കാണണം?
ഒരു ചൂലു് കാണുന്നതിനേക്കാളും?

വെട്ടാൻ കൊണ്ടുവന്ന പോത്തായിരുന്നു.
കുടുക്കിക്കെട്ടി
നിറന്തലയിൽ കൂടംകൊണ്ടടിച്ചു്
വെട്ടിമലർത്താനായിരുന്നു പ്ലാൻ.
കത്തി രാകിപറക്കുംനേരം
അയ്യോ അരുതേയെന്ന അശരീരി മുഴങ്ങി.
കണ്ണുകളിലെ നനവിൽ
മിന്നായം പോലെ
ഇണ,
കുത്തുകൂടി കളിക്കുന്ന കുട്ടികൾ…
അമ്മ…
കയറൂരി വിടാൻ തോന്നി.
പോത്തിനു് പോത്തിന്റെ മേച്ചിൽപ്പുറം.
പച്ചപരമാർത്ഥമായ പുൽത്തകിടികൾ.
ഇടച്ചിറത്തോടു്.
കട്ടിച്ചെളി.
ഈച്ചകൾ.
വാലെത്താത്തിടത്തെ
ചെള്ളിന്റെ പെരുക്കങ്ങൾക്കു്
കുത്തിക്കലാശം കൊട്ടുന്ന
കിളികൾ.
പാടത്തിനു് മേലാപ്പിലെ
മുഴുവൻ ആകാശവും.
തീവണ്ടി കളിച്ചുവരുന്ന കാറ്റും.
ഓൻ ഹാപ്പിയാണു്.
എന്റെ കാര്യമാണണ്ണാ കഷ്ടം.
എന്തു തിന്നാൻ എടുക്കുമ്പോഴും
അവൻ,
ആ അശരീരി
കഴുത്തു് പീച്ചാനെത്തുന്നു.
നെല്ലിന്റെ
കിടാങ്ങളാണത്രേ അരിമണികൾ.
ചെന്തുണിയിൽ കിടാങ്ങളെ ഒളിപ്പിച്ച
പടവലങ്ങ, പാവയ്ക്ക.
പൊടിച്ചോരക്കുഞ്ഞന്മാരുമായി കോവയ്ക്ക.
മുക്കണ്ണൻ തേങ്ങ.
എന്തിലും ജീവന്റെ തുള്ളിച്ചാട്ടം.
എന്നെ ഒറ്റമുറിയിലടച്ചിട്ടു്
പട്ടിണി
ആളെ കൂട്ടാൻ പോയിരിക്കുകയാണു്.
ഭൂമിയെ ഒറ്റയുരുളയായി വിഴുങ്ങാനുള്ള
വിശപ്പു് വരുന്നു.
ഒട്ടി,
ഞരമ്പു് പിടച്ച,
എന്റെ നടുവിരലിലാണു്
ഇപ്പോൾ കൊതിക്കണ്ണു്.

പുറപ്പെട്ടുപോയ ആരെയോ കാത്തു്
ലോകം വഴിവക്കിൽ നിൽക്കുന്നു
കുളിച്ചു്
ഉള്ളതിൽ മുന്തിയ കുപ്പായമണിഞ്ഞു്
കിട്ടാവുന്ന മണങ്ങളും പൂശി
മലഞ്ചെരിവിൽ
പലതരം മരങ്ങൾ
കാറ്റിൽ ആടി നിൽക്കുന്നു
മുറിവേറ്റ കാൽവണ്ണയിൽ ബാന്റേജ് ചുറ്റിയ
റബ്ബർ മരം
പടരൻ പയറിനോടു്
വരുന്നതാരെന്നു് തിരക്കുന്നു.
ആരോ വരുന്നു.
ആരോ വരുന്നു.
ഓരോ കാറ്റിലും
പയർ
പിറുപിറുക്കുന്നു.
എല്ലാ കാഴ്ച്ചകളെയും മായ്ച്ചു്
പൊടുന്നനേ കോടയുടെ വിരിപ്പു് വീഴുന്നു.
താഴ്‌വാരം നിറയെ ചാരപ്പുക നിറയുന്നു
മരങ്ങൾ കൈകളുരച്ച് ചൂടുപിടിപ്പിക്കുന്നു
പുകയ്ക്ക് അപ്പുറം എത്തിനോക്കുന്നു
വീടുകളിലെ ചിമ്മിനി കുഴലിലൂടെ നേർത്ത പുക.
വായുവിൽ അവയെന്താണു് എഴുതി മായ്ക്കുന്നതു?
ആരാണു് വരുന്നതു?
മഴ നനഞ്ഞ തെരുവുനായ
വാൽത്താഴ്ത്തി
മഴയുടെ അപ്പുറം നോക്കി നിൽക്കുന്നു.
പുറപ്പെട്ടുപോയ ആരെയോ കാത്തു്
ലോകം
ഉറങ്ങാതെ നിൽക്കുന്നു.

കാറ്റു് ആട്ടിയോടിച്ച
മഴ
വളഞ്ഞുകുത്തി നിന്ന രാത്രി.
ടാർകമ്പിളി തലമുഴുവൻ മൂടി
വഴികളുറങ്ങുന്നു.
മരങ്ങളുറങ്ങുന്നു.
ജീവജാലങ്ങളെല്ലാം
ഉറങ്ങുന്നു.
നഗരം ഇരുട്ടിലാണു്.
ഒച്ചകളില്ല.
എംജി റോഡിൽ
മൊബൈൽ ടവറിനു് കീഴെ
അന്തിവെളിച്ചത്തിൽ
ഒരനക്കം മാത്രം ജീവനോടെ.
ഇഴഞ്ഞുപോകുന്നു
മൂടിവെച്ച ഏതോ രഹസ്യം.
അടുത്തെത്തിയപ്പോൾ,
മേൽക്കോരിയേറ്റു.
കുഞ്ഞാമ!
റോഡ് മുറിച്ചുകടക്കുകയാണു്
ഒരരുകിൽ നിന്നു്
മറുവശത്തേക്കു്,
മെല്ലേ.
റോഡിന്റെ നടുവിൽ എത്തിയപ്പോൾ
ആമ
തലപൊക്കി നോക്കി.
അപ്പനപ്പൂപ്പന്മാരുടെയും
അമ്മയമ്മൂമ്മമാരുടെയും
ദാഹം തീരാത്ത,
തൊണ്ട വരണ്ട
നോട്ടം.
ചില്ലകളൊടിഞ്ഞ
അശോകമരചോട്ടിലൂടെ,
ത്രിവർണ ട്രാഫിക് സിഗ്നലിലൂടെ
മുതുകിൽ തടവറകൾ വരഞ്ഞ
മരണഘടനയുടെ
പരസ്യചിത്രവുമായി,
ആമ നീങ്ങുന്നു.
കേറ്റിവെച്ച കരിങ്കല്ലിന്റെ
കനത്തിൽ
പുളയുന്ന
പാമ്പായി,
കടൽ കുടിച്ചുവറ്റിക്കാനുള്ള
ദാഹവുമായി
ആമയുടെ ലോംഗ് മാർച്ച്.

മാതൃഭൂമി ക്ലബ് എഫ് എം (കൊച്ചി) സീനിയർ കോപ്പി റൈറ്റർ. ചാലക്കുടി സ്വദേശം. ആനുകാലികങ്ങളിൽ കവിത എഴുതുന്നു. മാതൃഭൂമി ഓൺലൈനിൽ ‘പുറപ്പെട്ടുപോകുന്ന യാത്രകൾ’ എന്ന കോളം ചെയ്യുന്നു.
ചിത്രങ്ങൾ: വി. മോഹനൻ