കർത്തവ്യപദങ്ങളിലിരുന്നു് മികവു തെളിയിച്ച മഹാരഥൻമാർ അനേകരുണ്ടു്. അവരിൽ ‘മനുഷ്യർ’ അപൂർവ്വമാണു്.
സുമാർ ഒൻപതു കൊല്ലം മുമ്പാണു്. പെരുംമഴയ്ക്കും കൊടുംവെയിലിനും ഹർത്താലിനും പിന്നെ കൂട്ടത്തിലൊരുത്തനു് ചെറിയൊരു മടുപ്പുണ്ടായാലെല്ലാം അവധിയാവുന്ന കാലം.
വല്ലയിടത്തും സ്ഥിരം പണി നോക്കിക്കൂടെ എന്നു ചോദിക്കുന്നതു് ഭാര്യാമാതാവാണു്.
ഇഷ്ടംപോലെ ഉണ്ടു്. പക്ഷേ, നമ്മുടെ വിദ്യയ്ക്കും അഭ്യാസത്തിനും യോജിക്കുന്നവ നന്നെ കുറവാണല്ലോ ഈ നാട്ടിൽ.
ഒടുക്കം സ്വയം അന്വേഷിച്ചന്വേഷിച്ചു് കണ്ടെത്തി.
വടകരയങ്ങാടി കഴിഞ്ഞു് മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റോപ്.
ബസ്സിറങ്ങി റോഡു മുറിച്ചു് കുറച്ചൊന്നു നടന്നു് പുറത്തുനിന്നു് ചെറുതെന്നു തോന്നുന്ന ആ കെട്ടിടത്തിന്റെ മുന്നിലെത്തി. ഏകദേശം അമ്പതിൽ കൂടുതൽ ആളുകളുണ്ടാവാം വരിയിൽ. അതിലൊരാളായി നിന്നു.
മണിക്കൂർ പകുതിമുക്കാൽ കഴിഞ്ഞിട്ടാണു് ഒന്നാമനായതു്. അപ്പൊഴേക്കും മുമ്പത്തേതിനേക്കാൾ വരിയായിട്ടുണ്ടു് പിന്നിൽ.
ആരോ തുറന്നു തന്ന ചില്ലുവാതിൽ കടന്നു് ആ മുറിക്കകത്തേക്കു കയറി. മേശയ്ക്കപ്പുറത്തെ ചാരുകസേരയിൽ ഒരാൾ. പ്രായം ഏകദേശം അമ്പതു് പിന്നിട്ടു കാണും. ആ കസേരയ്ക്കനുസരിച്ച ആഢ്യത്യമൊന്നുമില്ലാത്ത എന്നാൽ പ്രഭ നിറഞ്ഞ ഒരു മനുഷ്യൻ.
ഇരിക്കാൻ പറഞ്ഞെങ്കിലും നിന്നതേയുള്ളു. ഇരിക്കണമെന്നുണ്ടു് പക്ഷേ, എന്തോ ആ മനുഷ്യന്റെ മുന്നിൽ തോന്നിയില്ല.
വടകര ശൈലിയിൽ നാടും വീടും കുടുംബത്തെയുമൊക്കെ അന്വേഷിച്ചു. അറിയാവുന്ന ജോലിയെന്തെന്നു ചോദിച്ചു. അവസാനം, കടലാസു കൊണ്ടുവന്നിട്ടുണ്ടോ എന്നു ചോദിച്ചു.
അങ്ങനെയൊന്നു നിർബന്ധമാണെന്നു് അപ്പോഴാണറിയുന്നതു്.
ഇല്ല എന്നു പറഞ്ഞപ്പോൾ മുഖത്തുണ്ടായ മാറ്റം വായിച്ചു കാണും.
‘ബേജാറാവണ്ടടോ… ഒരു് കത്തുമായി വാ… പണിയുണ്ടാവും’ അദ്ദേഹമങ്ങനെ പറഞ്ഞെങ്കിലും ഒന്നുരണ്ടു നിമിഷംകൂടി ഞാൻ അവിടെത്തന്നെ നിന്നു. ഒരു ചോദ്യരൂപേണ എന്നെയദ്ദേഹം നോക്കി. ‘ആരുടെ കത്താണു് സാർ… എനിക്കങ്ങനെ പ്രത്യേകിച്ചു് പാർട്ടിക്കാരുമായൊന്നും ബന്ധമില്ല…’ എന്നൊക്കെയാണു് പറയാൻ വന്നതെങ്കിലും, ‘അതു്… കത്തു്…’ വിറച്ചും വിങ്ങിയും സംസാരം കിട്ടാതെയായപ്പോൾ നേർത്തൊരു ചിരിയോടെ അദ്ദേഹം പറഞ്ഞു: ‘വാർഡ്മെമ്പറിന്റെയൊ അല്ലെങ്കി പണ്ടു് പഠിപ്പിച്ച മാഷ്ന്റെയോ… ആരതായാലും മതി… ഇഞ്ഞി നാട്ട്ല് വില്ലനല്ല എന്നറിയാൻ വേണ്ടിയാടോ…’
ആ സ്ഥാപനത്തിൽ അംഗമായതിൽപിന്നെ പല കുറി ആ കെട്ടിടത്തിൽ കയറിയിറങ്ങിയിട്ടുണ്ടു്; സ്വന്തവും അല്ലാത്തതുമായ വിഷയങ്ങൾക്കു്.
അങ്ങനെയൊരാവശ്യത്തിനു ചെന്ന ദിവസമായിരുന്നു അതു്:
ഓഫിസ് കവാടത്തിൽ, ‘നിലവിൽ സിവിൽ ജോലികൾക്കു് ഒഴിവുകളില്ല…’ എന്നു പ്രത്യേകം എഴുതി വച്ചിട്ടുണ്ടു്.
പതിവു പോലെ കാത്തിരിപ്പു മുറിയിൽ പത്തുപതിനഞ്ചു പേർ കാണും. ഏറ്റവും പുറകിലായി ഒഴിഞ്ഞു കിടന്ന കസേരയൊന്നിൽ ഞാനും സ്ഥാനം പിടിച്ചു.
ആരുമധികം പരസ്പരം സംസാരിക്കുന്നില്ല. പല ജാതി ആവശ്യങ്ങൾക്കായി വന്നവരാവാം; എഞ്ചിനിയർ വിഭാഗം പഠിച്ചവർ, ഐ ടി മേഖലക്കാർ, ജോലിയിടത്തിലെ എന്തെങ്കിലും പ്രശ്നങ്ങളുടെ കാരണം കാണിക്കാൻ വന്ന നിലവിലെ ജോലിക്കാർ, സഹായാവശ്യങ്ങൾക്കു വേണ്ടി വരുന്ന മുൻ ജോലിക്കാർ, പരാതി ഉന്നയിക്കാൻ വരുന്നവർ…, അങ്ങനെ തുടങ്ങി എന്നെപ്പോലെ ജോലിമാറ്റത്തിനായി അപേക്ഷിക്കാൻ വന്നവർ വരെ ആ കൂട്ടത്തിലുണ്ടാവാം.
അവരുടെ ഓരോരുത്തരുടേയും കണ്ണുകളിലെ വികാരങ്ങൾ പലതാണു്. പെട്ടെന്നതു വായിക്കാനൊക്കില്ല. എന്നാൽ, ഒന്നു നിശ്ചയമാണു്; ഭാവിയെക്കുറിച്ചുള്ള ആവലാതി, അതു തെളിഞ്ഞു കാണാം.
കുറച്ചു സമയത്തിനു ശേഷമാണതു്. ആ നിശബ്ദതയിൽ ഒരു കൂർക്കംവലി ഉയർന്നു വരുന്നു. എന്റെ തൊട്ടു ഇടതു ഭാഗത്തു നിന്നാണാ ശബ്ദം.
ഇടംകണ്ണിട്ടു് ഞാനങ്ങോട്ടു പാളി നോക്കി;
ഉയർച്ചതാഴ്ച്ചകളില്ലാത്ത തടിച്ച ശരീരം. അതു കസേര നിറഞ്ഞു നിന്നു. പുതുക്കം വിട്ടു് കാലങ്ങളായ വളരെ അയഞ്ഞയൊരു പാന്റും അതിനു ചേർന്ന ഷർട്ടുമാണു് വേഷം.
പറ്റെ വെട്ടിയ കുറ്റി മുടി. തല കഴുത്തിൽനിന്നു താഴോട്ടു തൂങ്ങി കിടപ്പാണു്. കസേരയിൽനിന്നു് ഇപ്പോൾ വീഴുമെന്ന മട്ടിലാണു് ഇരുപ്പു്. മടിയിൽ കുടയും കയ്യിൽ ചുരുട്ടി ചേർത്തുപിടിച്ച ഒരു കടലാസും.
അയാളിൽ നിന്നും കണ്ണെടുത്തു് എന്റെ കാര്യത്തിൽ മനസ്സുറപ്പിച്ചു.
എപ്പോഴോ അയാളുടെ കയ്യിലെ കടലാസ് നിലത്തു വീണു. ഞാനതെടുത്തു് ആളെ തട്ടി കയ്യിൽ വച്ചു കൊടുത്തതും ഞെട്ടിയെഴുന്നേറ്റ അയാൾ, ‘പ്രെസ്ഡണ്ട് വന്നീക്ക്യോ…’ എന്നു് ബദ്ധപ്പെട്ടു ചോദിച്ചു.
‘ഇല്ല’ എന്നു പറഞ്ഞതും അയാൾ ഷർട്ടിന്റെ ഷോൾഡർ കൊണ്ടു് ചുണ്ടു തുടച്ചു്, ‘എപ്പവ്വര്ആവൊ…’ എന്നു പറഞ്ഞു് തല താഴ്ത്തി.
വീണ്ടും പഴയതു പോലെ മയക്കത്തിലാണ്ടു.
സമയം പതുക്കെ നീങ്ങി.
ചിലർ ഫോണിൽ തോണ്ടുന്നു. ചിലർ ഫയലുകളിലെ സർട്ടിഫിക്കറ്റുകളിലൂടെ വീണ്ടും വീണ്ടും കണ്ണോടിക്കുന്നു.
ഇതിനിടെ അയാളുടെ കടലാസ് പിന്നെയും നിലത്തു വീണു. ഞാനതു് വീണ്ടും എടുത്തുകൊടുത്തു. അപ്പോഴും പഴയ ചോദ്യമയാൾ ആവർത്തിച്ചു: ‘ഓറേ… പ്രസ്ഡണ്ട് വന്നീക്ക്യോ…?’
‘ഇല്ല’
എന്തോ കെറുവിച്ചുകൊണ്ടു് പിന്നെയും അയാൾ മയങ്ങി.
ആരൊക്കെയോ ചിരിയമർത്തുന്നുണ്ടു്. എന്റെ മുന്നിലെയാൾ കൂടെയുള്ളവനോടു ചിരിച്ചു കൊണ്ടു പതുക്കെ പറയുന്നതു കേട്ടു: ‘ത്തിരി കൊറവാന്നു് തോന്ന്ന്ന്…’
അഞ്ചോ ആറോ മിനിട്ടു് കഴിഞ്ഞു. അയാളുടെ കയ്യിൽ നിന്നും ആ കടലാസ് വീണ്ടും വീണു.
എനിക്കു ചെറുതല്ലാത്ത ദേഷ്യം തോന്നി. ഇനി ശ്രദ്ധിക്കേണ്ടതില്ല എന്നു നിശ്ചയിച്ചു് അൽപ്പനേരം ഇരുന്നെങ്കിലും ഉള്ളിലെവിടെയോ ഒരു കുറ്റബോധം തികട്ടി. ഇങ്ങനെയൊരു കത്തിനു വേണ്ടി ഓടിനടന്നതോർത്തു.
എന്റെ കാലുകൾക്കു മുന്നിൽ ആ കടലാസെത്തി നിന്നു് ഉരുണ്ടുകളിക്കുന്നു. കറങ്ങിത്തിരിഞ്ഞു വരുന്ന വാൾഫാനിന്റെ കാറ്റിൽ ദൂരേക്കു നീങ്ങും മുമ്പു് ഞാനതെടുത്തു.
ഈ തവണ അയാളെ ഉണർത്താതെ മടിയിൽ തളർന്നു കിടക്കുന്ന തടിച്ചുരുണ്ട കയ്യുടേയും നിറവ്യത്യാസങ്ങളുള്ള കുടുക്കുകൾക്കിടയിലൂടെ പുറത്തേക്കുന്തിയ വലിയ വയറിന്റെയും ഇടയിലായി ആ കടലാസു തിരുകി വച്ചു.
നേരം പിന്നെയും കടന്നു പോയി.
ഇതിനിടയിൽ ഒരു മെലിഞ്ഞ മനുഷ്യൻ പല തവണ ചായയുമായി വന്നു പോയിക്കൊണ്ടിരുന്നു.
ചിലർക്കു കുടിക്കണമെന്നുണ്ടെങ്കിലും മടിക്കുന്നു. മറ്റു ചിലർ ഓരോ തവണയും വാങ്ങിക്കുടിക്കുന്നു. അതിലൊന്നും ആ മെലിഞ്ഞയാൾക്കു പരിഭവമില്ല.
നേരെ മുന്നിലെത്തിയപ്പോൾ ഞാനും ഒരിക്കൽ വാങ്ങിക്കുടിച്ചു.
ചായക്കായി ഉറങ്ങുന്നയാളെ ഉണർത്താൻ തോന്നിയെങ്കിലും വേണ്ടെന്നു വച്ചു.
അങ്ങനത്തെ അബദ്ധം മുൻപു് പലവട്ടം പറ്റിയിട്ടുണ്ടു്. യാത്രകൾക്കിടയിലാണധികവും; സഹയിരിപ്പുകാർ ആരെങ്കിലും എന്തെങ്കിലും കുശലം തുടങ്ങി വെക്കും. പൊതു കാര്യങ്ങളാവും മിക്കതും. ഞാനതിനു മൂളിക്കൊടുക്കും. അവർ മെല്ലെ സംഭാഷണം തുടരും. പിന്നെയതു് ഉറക്കെയാവും. ചിലപ്പോൾ ഭരണപക്ഷത്തോടോ എതിർപക്ഷത്തോടോ ഉള്ള കടുത്ത വിയോജിപ്പായിരിക്കും.
സ്വതേ സഭാകമ്പമുള്ളവനും അന്തർമുഖനുമായ ഞാനങ്ങനെ അവിടെ ശ്രദ്ധാകേന്ദ്രമാവും. അതിനാൽ അയാളെ ഉണർത്താനുള്ള സാഹസം ഉപേക്ഷിച്ചു.
ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ആൾകൂട്ടത്തിന്റെയാകെ കാത്തിരിപ്പിനു വിരാമമിട്ടു് ഒരാൾ വന്നു പറഞ്ഞു: ‘പ്രസിഡണ്ടെത്തി…’
എല്ലാവരും എഴുന്നേറ്റു് ‘ചെയർമാൻ’ എന്നെഴുതിയ വാതിൽക്കൽ തിക്കിത്തിരക്കി. ഏറ്റവും പിന്നിൽ ഞാനും.
അകത്തു കയറുന്നവർ പുറത്തിറങ്ങാൻ സമയക്കൂടുതലെടുക്കുന്നെന്നു തോന്നിയപ്പോൾ ഞാൻ വീണ്ടും പഴയ സ്ഥലത്തു തന്നെ ചെന്നു് ഇരുന്നു.
അയാളാവട്ടെ അപ്പോഴും ഉറക്കം തന്നെ.
മറ്റാരും അടുത്തില്ല എന്ന ധൈര്യത്തിൽ തോന്നിയൊരു കൗതുകത്തിനായി അയാളുടെ കയ്യിൽ തിരുകിവച്ച കടലാസ് പതുക്കെ ഞാൻ വലിച്ചെടുത്തു. ചുറ്റുമൊന്നു കണ്ണോടിച്ചു് മെല്ലെ അതിന്റെ ചുരുളു നിവർത്തി…
ഓരോരുത്തരുടെ ഊഴവും കഴിഞ്ഞു. ആരോ ഒരാൾ എന്നെയും വിളിച്ചു. എന്നെക്കാൾ മുൻപേ വന്നതു് ഇവരാണെന്നു പറഞ്ഞു് ഉറങ്ങുന്നയാളെ ഞാൻ തട്ടിയുണർത്തി. പ്രസിഡണ്ടു വന്നു എന്നു പറഞ്ഞതും അയാൾ ‘ന്റെമ്മോ…!’ എന്നു പറഞ്ഞു് എണീക്കാനായി ശ്രമപ്പെട്ടു. കുടയും കടലാസും നിലത്തു വീണു. അവസാനമായി ഒരിക്കൽ കൂടി ഞാനതു് എടുത്തു കൊടുത്തു.
അതു വാങ്ങിയ അയാൾ ചിറിയുടെ കോണിലൂറിയ ഉമിനീർ പുറംകൈയാൽ തുടച്ച് ചെയർമാന്റെ വാതിൽമുറി ലക്ഷ്യമാക്കി വശങ്ങളിലേക്കു കുലുങ്ങിക്കുലുങ്ങി സാവധാനം നടന്നു. പുറകെ ഞാനും.
ചില്ലുവാതിലിലൂടെ അകത്തേക്കു കാണാം. നോട്ടു പുസ്തകത്തിൽ നിന്നടർത്തിയെടുത്ത ഒരു നടുപ്പേജിലെഴുതിയ അയാളുടെ ‘കരിക്കുലം’ പരിശോധിക്കുകയാണു് പ്രസിഡണ്ട്.
അയാൾ യാതൊരു ഭാവഭേദവുമില്ലാതെ അദ്ദേഹത്തിന്റെ മുന്നിലെ മേശയിൽ കൈവിരലുകൊണ്ടു് താളമിടുന്നു.
ഒടുക്കം അയാൾ പുറത്തേക്കു വന്നു.
അടുത്ത ഊഴക്കാരനായ ഞാൻ അകത്തു കയറുമ്പോൾ തൂവാലയാൽ മുഖം തുടച്ചു് കണ്ണടയണിയുന്ന പ്രസിഡണ്ടിനെയാണു് കണ്ടതു്.
ആവശ്യം കഴിഞ്ഞു് പുറത്തേക്കിറങ്ങി ബസ്സ്സ്റ്റോപ്പെത്തിയപ്പോൾ അയാളെ ഞാൻ വീണ്ടും കണ്ടു.
പണി ശരിയായോ എന്നന്വേഷിച്ചു.
‘ഓ… രണ്ടോ മൂന്നോ ദെവസങ്കൊണ്ട്… വിളിക്കുന്നു് പറ്ഞ്ഞ്ക്കി… പ്രെസിഡെണ്ട്.,’ അയാൾ ഉറക്കെ പറഞ്ഞു. പിന്നെ തെല്ലൊരു സംശയം കലർത്തി ചോദിച്ചു: ‘വിളിക്കേര്ക്കും… ല്ലേ… ഓറേ…?’
‘എന്തായാലും വിളിക്കും…’ ഞാനയാളെ ധൈര്യപ്പെടുത്തി.
എനിക്കതു ഉറപ്പായിരുന്നു.
തിരിക്കുമ്പോൾ തീവണ്ടിയിലിരിക്കെ അയാളുടെ കയ്യിൽ നിന്നു വലിച്ചെടുത്ത മുഷിഞ്ഞ ആ കടലാസു ഞാൻ വീണ്ടും വായിച്ചെടുത്തു.
നിറയെ പിശകുകളുള്ള കൈയക്ഷരത്തിൽ, വിറക്കുന്ന കൈ കൊണ്ടെന്ന പോലെ വികൃതമായി കോറിയെഴുതിയ ആ കത്തു്…
‘…എന്റെ ഒരേയൊരു മകനാണിതു്. ചാപ്പയിൽ മീൻ പെറുക്കി വിറ്റാണു് ഞങ്ങൾ കഴിഞ്ഞിരുന്നതു്… എനിക്കിപ്പോൾ വയ്യാ… വേറാരും ഇല്ലാത്ത കൊണ്ടു് കിടക്കുന്നില്ലെന്നു് മാത്രം… എന്റെ കാലം കഴിഞ്ഞാൽ ഇവനു് ആരുമില്ല… പണിക്കായി പലരോടും പറയാറ്ണ്ടു്. ബുദ്ധിസ്ഥിരതയില്ലാത്തവനെ ആരു് പണിക്കെടുക്കാൻ…
ഇവനു് എന്തെങ്കിലും പണി കൊടുത്തു് മോൻ സഹായിക്കണം…
നാണിക്കുട്ടി…
‘കർത്തവ്യപദങ്ങളിലിരുന്നു് മികവു തെളിയിച്ച മഹാൻമാർ അനേകരുണ്ടു്. എന്നാൽ അവരിൽ ‘മനുഷ്യർ’ അപൂർവ്വമാണു്.’
അങ്ങനെയൊന്നായിരുന്നു ഈയിടെ അണഞ്ഞുപോയതു്…,
1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
മാതാപിതാക്കൾ: ബാലൻ, തങ്കമണി.
ഭാര്യ: ജിഷ.
മകൻ: ശിവതേജ്.