
തലപ്പുകളിൽ നിന്നു്
തലപ്പുകളിലേക്കു്
പാർന്നിഴകൂടിച്ചേർന്നു്
പഴുതടച്ച പാട്ടിൽ
പാരമ്പര്യങ്ങളിണങ്ങി.
‘ധാ’യും ‘നി’യും പോലെ
കമഴ്‌ന്നും മലർന്നും
സ്വരങ്ങൾ.
പിടിച്ചിട്ട ചെറുമീൻ പോൽ
താളം നിമിഷത്തെ
നിശ്ചയിക്കുമപ്പോൾ.
പോകെപ്പോകെ
അതിന്റെ ഗതി മാറി
വിലംബം വിട്ടനു-
ദ്രുതത്തിലെത്തീ വേഗം.
സഹോദരങ്ങളതിലിപ്പോ
ളൊരു ശബ്ദം,മിഴി
കൂമ്പിയിണങ്ങി ചിരിച്ചു.
പൊടുന്നനവേ
അവിടം മങ്ങിക്കടൽ
പോലൊരു പാടം
കണ്ണു് ചിമ്മിത്തെളിഞ്ഞു.
അതിന്റെ കരക്കുള്ള
ഒറ്റ വീടിന്റെ
മുറ്റത്തെക്കസേരയിൽ
കാലൊടിഞ്ഞൊരാൾ
തുടിച്ചോ കുതിച്ചോ
അശയാതെ
മറ്റൊരോർമ്മയിലിരിക്കുന്നു.
അയാളുടെ കിഴക്കിപ്പോൾ
മഞ്ഞപതഞ്ഞുരയും കാറ്റു്
കതിരിൻ തിരതല്ലും കടൽ
അതയാൾ കാണുന്നില്ല
ഒരുങ്ങുന്നുണ്ടു് ചേറു്
വണ്ടികൾക്കു മുമ്പുള്ള
ഏരു് കാളകളുഴുന്നുണ്ടു്
പറക്കും പക്ഷികൾ
ഇരണ്ടകളിരമ്പം തീർത്തു്
നീങ്ങും നിഴൽത്തണൽ
പൊയ്ക്കാലൻ കിളി കൊത്തുമ്മീനുകൾ
നിരന്നു് പൊങ്ങും
കാപ്പിരിയീണത്തിന്റെ വെറി[2]
അതു് ഒരു ഇരട്ടകളുടെ
കാവലുള്ള പുഞ്ച…
മുറിഞ്ഞ
വരമ്പുകളുടെ അതിരിൽ
നിന്നവർ കരുത്തൻമാർ
ഒന്നും രണ്ടും പറഞ്ഞു്
തർക്കിച്ചു് തർക്കിച്ചു്
തെറിച്ചതിലൊരാൾ
ചാടി വീണു.
കടും ഭാഷയുടെ ഇരുമ്പിൽ
കമ്മാളൻ തീർത്ത
രാഗത്തിന്റെ ശൈലിയിൽ
ഒരുവന്റെ ശബ്ദത്തെ
താളത്തിൽ വെട്ടി വെട്ടി
ഇല്ലാതാക്കി-
ക്കുത്തിക്കുത്തി
ഞരക്കുമ്പോൾ
സന്ധ്യ ഒറ്റുകാരൻ
തെണ്ടിപോലെ പടിഞ്ഞാറു് പമ്മി
മുഴുത്ത കരിമേഘം
അച്ഛനായ് വന്നു് വിലക്കി
എത്ര സമയം വേണം
ഒരു ശബ്ദത്തെ
അതിന്റെ വേദനയുടെ
ഈണത്തെ,
രണ്ടു് സഹോദരങ്ങളെ,
അറ്റു് പോകുന്ന കണ്ണികളെ,
പാട്ടു പോലൊരായുധം കൊണ്ടു്
ഒന്നാക്കാനും
അവരിൽ ഒന്നിനെ
ഇല്ലാതാക്കാനും.
ചെളിയിൽ കലർന്ന
ചോര
സ്വരം ശ്രുതിയിൽ
കലർന്ന ലയം
കുറച്ചകലെ മലച്ച
ചാലു് അതിൽ
ദുഃഖത്തിന്റെ മഷി.
കലാവതി
ദിക്കു് തുളച്ചു്
മാളങ്ങളിലേക്കു്
പാരമ്യതകളുടെ
പടം പൊഴിഞ്ഞില്ലാ-
താവുമ്പോൾ
ഒറ്റ സഹോദരൻ
ദുഃഖം മുറിക്കാനൊരു
വാളില്ലാതെ
രാപ്പകലുകളുടെ
നീളമറിയാതെ
ദൂരം നോക്കിയിരിയുന്നു

ഒരിക്കൽ ഒരു ശവം
ആറ്റിലൂടൊഴുകി വന്നു.
അതു് വഴി മീൻ
പിടിക്കാൻ പോയ ഒരാൾ
തന്റെ തുഴകൊണ്ടതിനെ
പണിപ്പെട്ടു് മലർത്തിയിട്ടു്
പോക്കറ്റിൽ നിന്നു് ഒരു ചീപ്പും
കുറച്ചു് പൈസയും എടുത്തു.
ഒരാറടിയോളം പൊക്കം വരുന്ന
മരിച്ചയാളുടെ കൈയ്യിൽ
ഒരു മോതിരമുണ്ടായിരുന്നു.
ആ വാർത്ത രാത്രി തന്നെ
നാടു മുഴുവൻ പരന്നു.
ഇതറിഞ്ഞ
നാലു് ചെറുപ്പക്കാർ ആ മോതിരമെടുക്കാൻ
തീരുമാനിച്ചു…
അവർ രാത്രിയുടെ
വിളക്കണയ്ക്കാൻ
പല വഴിക്കു് ശ്രമിച്ചു.
ഒടുവിൽ ചതച്ച
വാഴപ്പോളകൊണ്ടു്
കരണ്ട് കമ്പിക്കു്
കുറുകെയെറിഞ്ഞു് ഒരു വിസ്ഫോടനത്തോടെ
ആ പുഴയോരം മുഴുവൻ
ഇരുട്ടിലാക്കി
ഒഴുകിപ്പോയ വഴികൾ
ശീലാന്തിത്തിട്ടകൾ
പുലിമുട്ടുകൾ, കൈത്തോടുകൾ
ചെറുമലരികൾ, ചുഴികൾ മുഴുവനരിച്ചുപെറുക്കി.
അതു് മലർന്നു്
കൈയ്യകത്തി
അവർക്കു് മുന്നേ എങ്ങോട്ടോ ഒഴുകിപ്പോയി
ഇപ്പോഴിരിട്ടും
ഇരുണ്ട വള്ളവും
അവരും ഒറ്റ നിറത്തിന്റെ
ചിത്രമായ് നമുക്കു് നിശ്ചയിക്കാം
തുഴയാൽ വാരിപ്പിടിക്കും
വെള്ളത്തിന്റെ മൂളലിൽ
വള്ളം പതുങ്ങിക്കുതിച്ചു.
മണിക്കൂറുകൾ അകലം പോയി അവർ മടുത്തു.
അവർക്കു് മേലേ
പറന്ന കിളിയുടെ
കരച്ചിൽ ഒരുവനിൽ
സംശയമുണർത്തി.
അവർ വിദൂരമായ ഒരു
ദുർഗന്ധത്തിന്റെ
ദൂരമളന്നു തുഴഞ്ഞു.
സിഗരറ്റ് ലാമ്പിന്റെ കനമില്ലാത്ത പ്രകാശത്തിൽ
വാഴപ്പിണ്ടിയും പായൽകൂട്ടവും പതുങ്ങിക്കിടന്നു
ആ ദിക്കിലൂടെ അവർ കുറച്ചു് കൂടി
മുന്നോട്ടു് തുഴഞ്ഞു
അഞ്ചാമതൊരാളേപ്പോലെ
രൂക്ഷഗന്ധം പരന്നു തുടങ്ങി,
കാറ്റിൽ
പരുന്തിന്റെ ശബ്ദം
പാളിയകന്നു.
അവർ തുഴ അയച്ചു്
വള്ളം നിശ്ചലമാക്കി.
കാറ്റിൽ തിങ്ങിക്കൂടിയ
ഒഴുക്കുചപ്പുകൾക്കിടയിൽ
ശവം പതുങ്ങിക്കിടന്നു.
അസാധാരണമാം വിധം
കൈയ്യകത്തി വളച്ചു്
കണ്ണുതുറിച്ചു്
വായ തുറന്നു്
മുകളോട്ടു് നോക്കി എന്തോ
പറയുന്നതുപോലെ തോന്നും
ആ കിടപ്പു് കണ്ടാൽ.
പതുക്കെ ചപ്പിൽ നിന്നതിനെ
വേർപെടുത്തി
തുഴ തൊടുവിച്ചപ്പോൾ
അതു വഴങ്ങി
തെളിവുള്ളിടത്തേക്കു്
വന്നു.
ഒരാൾ മുഖം തിരിച്ച് പിടിച്ചു്
അതിന്റെ കൈ
വള്ളത്തിന്റെ വങ്കിലേക്കു് വച്ചു.
രൂക്ഷമായ ദുർഗ്ഗന്ധം
വിശ്വസ്തനായ
നായയേപ്പോലെ
അവരെ അകറ്റി നിർത്തി.
വിരലിൽ പരതി
മോതിരം ചെറുതായ്
വലിച്ചപ്പോഴേക്കും
കുറച്ച് മാംസവുമായി
ആ ലോഹം താഴെ വീണു്
മുഴങ്ങി
വിശപ്പു് തീർന്ന
ഒരു കാരിമീനിനെപ്പോലെ
വള്ളം നാലു് കൈകളിൽ
തിരിഞ്ഞു് വീട്ടിലേക്കു് മടങ്ങി
പിറ്റേന്നു്
അവരതു് നഗരത്തിൽ
എവിടെയോ
കൊണ്ടു പോയ് വിറ്റു.
ആ രാത്രി മുതൽ
ഉറക്കമില്ലാത്ത ഒന്നു്
അവരുടെ വീടുകളിൽ
നിശബ്ദതകൾക്കായ്
കാത്തു നിന്നു.
ആളനക്കമില്ലാതാവുമ്പോൾ
വസ്തുക്കൾക്കു്
പിന്നിലെ നിഴലിൽ നിന്നു്
ഒരു പട്ടം പോലെ
ഉയർന്നു്

പ്രാന്തിക് സ്റ്റേഷനിലെ
തട്ടുകടയിൽ നിന്നു്
മൺ കോപ്പയിൽ ചായ
പടിഞ്ഞാറു് നിന്നുള്ള
സ്വർണ്ണ വെട്ടത്തിൽ
കൊയ്ത പാടത്തിനു്
നടുവിലൂടെ ചെമ്മൺപാത വഴി
രണ്ടു് കിലോമീറ്റർ
ചെല്ലുന്നിടത്താണു്
അനാഥ് ബന്ധുവിന്റെ വീടു്
പ്രദീപ് മെഹന്ദോ
മുന്നേ പോയി
ഞങ്ങൾ മൂന്നു് സൈക്കിളിലാണു്
അങ്ങോട്ടു് പോയതു്
അയാൾ അസമിലെ
ബോഡോയിൽ നിന്നു്
വർഷങ്ങളായി
ശാന്തിനികേതനടുത്തു്
താമസിക്കുന്ന ശില്പിയാണു്
ഭാര്യയും രണ്ടു് കൈക്കുഞ്ഞുങ്ങളുമുണ്ടു്
അയാൾക്കു്
മണ്ണും ചതച്ചമുളയും
പനയോലയും
അരിഞ്ഞ കച്ചിയും ചേർത്തു്
സ്വർണ്ണ നിറത്തിൽ
തടാകക്കരയിലെ
രണ്ടു നിലകളുള്ള
കുടിലിലാണു് താമസം.
ഒരിക്കൽ
ഒരു മഴക്കാലത്തു്
ഹൗറാബ്രിഡ്ജിനു്
താഴെയുള്ള
പൂച്ചന്തയിലൂടെ
ഞങ്ങൾ കുടിച്ചു് നടന്നിട്ടുണ്ടു്
പൂവിതളുകൾ
വീണഴുകിയ മുട്ടോളം
ചേറിനു് മനുഷ്യൻ
ചീഞ്ഞതിനേക്കാൾ
മണമുണ്ടന്നയാൾ
പറഞ്ഞു് ചിരിച്ചതോർക്കുന്നു.
പിന്നെ ഞങ്ങൾ
സോനാഗച്ചിയിൽ പോയി
നരച്ചവെയിലിൽ
തെരുവുപട്ടികൾ നിറഞ്ഞ
ഒരിടവഴിയിൽ
കുലുങ്ങുന്ന മറക്കുടക്കടിയിൽ
കാലു് പുറത്തു് കാണാവുന്ന
രണ്ടു പേർ അണച്ചു്
വിയർക്കുന്നതു് കണ്ടു.
കൽക്കത്തയിലെ
പ്രധാന ഗാലറികളിലെല്ലാം
അയാളുടെ ശില്പങ്ങളുണ്ടു്
അസമിൽ നിന്നു്
ലോറിയിൽ കൊണ്ടുവരുന്ന
കൂറ്റൻ മര ഉരലുകൾ
മുറിച്ചുണ്ടാക്കുന്ന
ചാരു ബഞ്ചുകൾ
അയാളുടെ സംഭാവനകളാണു്
മൂക്കുത്തിക്കല്ലുകൾ
മെഴുക്കിൽ പുതഞ്ഞ
മൺവിളക്കുകൾ
കുപ്പിവളകൾ
കല്ലുവട്ടുകൾ
ബർണ്ണറുകൾ
പല നിറങ്ങളിലുള്ള
സിറാമിക്
കില്ലോടുകൾ
ആണികൾ സ്ക്രൂ
തുടങ്ങി
അക്കാലത്തുപേക്ഷിച്ചവയും
ഉടഞ്ഞുപോയവയും
കറുത്ത അരക്കിൽ
ഒട്ടിച്ചു ചേർത്ത
ചാരു ബഞ്ചുകൾ
വിൽക്കാൻ വച്ചവയിൽ ഉണ്ടു്.
ഞങ്ങൾ പാടത്തിനു്
നടുക്കു് പാത വന്നു
ചേരുന്നിടത്തു്
മരങ്ങൾക്കു് നടുവിലെ
ഒറ്റ വീട്ടിലേക്കു് ചെന്നു.
സമയം ഇരുണ്ടു് കറുത്തു.
അങ്ങകലെ
പാടത്തിന്റെ കരയിലൂടെ
ഒരു വണ്ടി പോകുന്നതിന്റെ
ലൈറ്റുവട്ടം അകലം
താണ്ടുന്നതു കണ്ടു നിന്നു.
വീടുകളന്നു്
വൈദ്യുതീകരിച്ചിരുന്നില്ല.
ഇറയത്തെ കയറ്റു് കട്ടിലിൽ
കമ്പിളി പുതച്ച ഒരമ്മൂമ്മ
ഇരുന്നു, അവർക്കു മുകളിൽ
ഇരുട്ടിൽ പേരറിയാത്ത
ഒരു വളർത്തു് കിളി
അതിന്റെ ചെറുകൂട്ടിലിരുപ്പുണ്ടു്.
ഒരു പയ്യൻ
അച്ചനെ വിളിക്കാൻ പോയി
കുറേ കഴിഞ്ഞു് കറുത്തു്
ഉയരം കുറഞ്ഞ
വിയർത്തൊരാൾ
തോളിലൊരു തൂമ്പയുമായ് വന്നു.
ഞങ്ങൾ വിളക്കുമായ്
ശില്പങ്ങൾ ചുടുന്ന
ചൂളക്കരികിലേക്കു് പോയി
വെന്തു് മണ്ണാറിച്ചുവന്ന
ബുദ്ധൻമാരും
ആഫ്രിക്കൻ മാസ്കുകളും
അയാൾ
സഞ്ചിയിലെടുത്തു വച്ചു.
ഒരു സഞ്ചിയിൽ
കുറച്ചു് കുഞ്ഞു് ബുദ്ധന്മാരെ
ഞങ്ങൾക്കുള്ള
വഴിച്ചിലവിനും തന്നു.
ചൂടാറാതെ
വിശ്രാന്തിയിലിരിക്കുന്നവർക്കു്
മുകളിലേക്കു്
ബംഗ്ലാപ്പത്രവും
കച്ചിയും വന്നു വീണു.
കാലം കടന്നു പോയി
പിന്നീടൊരിക്കൽ
യാത്ര കഴിഞ്ഞു വന്ന
കൂട്ടുകാരൻ പറഞ്ഞു.
പ്രദീപ് മെഹന്ദൊയ്ക്കു്
ഭ്രാന്തു് വന്നു കിടപ്പിലായി
രോഗം ബാധിച്ചു മരിച്ചു.
തിളങ്ങുന്ന
കഷണ്ടിത്തല
നെരൂദയേപ്പോലെ
തൊപ്പി
ചെരിച്ചുവച്ച ചിരി
മടക്കിയ
ഹാഫ് കൈ
ഷർട്ടിൽ നിന്നു്
തെറിച്ചുനിൽക്കുന്ന
ഉറച്ചപേശികൾ
ആറടി പ്പൊക്കം.
തടാകക്കരയിലിരുന്നു്
അയാൾ
പാടിയ
ഭൂപൻ
ഹസാരികയുടെ
പാട്ടുകൾ

ഒരിടത്തു് ഒരു തടാകമുണ്ടായിരുന്നു
ആ തടാകം നിറയെ
ഇരണ്ടകളായിരുന്നു.
കിലുങ്ങുന്ന ശബ്ദമുള്ളവ.
ആ ഇരണ്ടകളുടെ ശബ്ദത്തിൽ നിന്നു്
ഒരു കഥയുണ്ടായി
നിറയെ വാഴവള്ളികൾ
കീറിക്കീറി ഏച്ചു് കെട്ടി
നീട്ടിയെടുത്തു്
പലവിതാനങ്ങളിൽ
കൂട്ടി വച്ചും കുരുക്കിയിട്ടും
കഴിയുന്ന ഒരു ഭ്രാന്തനുണ്ടായിരുന്നു.
അതു് അയാളുടെ
സംഗീതമായിരുന്നു.
അടയാളമറിയാതിരിക്കാൻ
ഇടതു കൈത്തണ്ടയിൽ നിന്നു്
അരിവാൾ ചുറ്റിക നക്ഷത്രം
കഠാര കൊണ്ടു് അറുത്തു് കളഞ്ഞ
ഒരു ഗ്രാമീണ വില്ലനും.
അയാൾ തടാകത്തിന്റെ
അങ്ങേക്കരയിലായിരുന്നു താമസം
അയാളെ
അന്വേഷിച്ചു് കണ്ടെത്തി
കൊന്നുകളയാനായി
ഒരു കുറ്റിക്കാട്ടിൽ കഴിയേണ്ടി വരുന്ന
വാടകഗുണ്ടയിൽ നിന്നാണു്
കഥ തുടങ്ങുന്നതു്.
അന്തരീക്ഷം നടുങ്ങും വിധമുള്ള
ശബ്ദത്തിൽ
ഇരയുടെ വാങ്മയ-
ചിത്രത്തേപ്പറ്റി പ്രതിധ്വനിക്കുന്ന
ഒരു അശരീരി ആയിരുന്നു
വാടകഗുണ്ടയുടെ മുതലാളി.
***
ഓരോ പ്രഭാതത്തിലും
അയാൾ ഒരു കുല ആമ്പലിനുള്ളിൽ
ആയുധമൊളിപ്പിച്ചു്
തടാകം നീന്തി അക്കരയിറങ്ങി
കമഴ്ത്തോടു് പോലുള്ള
ഓലപ്പുരകൾ താണ്ടി
ഇടവഴികളിലൂടെ കണ്ണു പായിച്ചു്
നടക്കുമായിരുന്നു.
ആമ്പൽ കുലകൊണ്ടു് കുത്തുമ്പോൾ
പൂവു് ഉടലിൽ തട്ടി
തിരികെ പോവുകയും
ആയുധം അവയവം കണ്ടെത്തുകയും
ചെയ്യുമെന്നായിരുന്നു
ഗുണ്ടയുടെ നിശ്ചയം.
അതേ ഉപായം
ഒരു കോർമ്പൽ മീനിലും
ചെവിടേചെത്തിയെടുത്ത
പിടിത്താളിലും അയാൾ
ആവർത്തിച്ചു…
ഒരു ദിവസം അശരീരിയുടെ
ശബ്ദചിത്രത്തോടു്
സാമ്യമുള്ളയാളേ കണ്ടെത്തി.
കാലിന്റെ തള്ളവിരലിലെ
ക്യൂട്ടക്സിന്റെ നിറം വരെ
ശരിയാണു്.
കൈത്തണ്ടയിലേ
അടയാളത്തിന്റെ ഭാഗത്തു്
പച്ച വാടിയ വൃത്തത്തിലുള്ള മുറിവു് …!
ചിലപ്പോൾ
അടയാളം മാറി
മനുഷ്യർ രക്ഷപ്പെടാറില്ലേ…?
ഛെ… ഇല്ല
ഒരിക്കലുമില്ല.
ഉറച്ച താടിയെല്ലു്
ബലിഷ്ഠമായ കറുത്ത ശരീരം
ചുരുണ്ട മുടി
മുൻപല്ലകന്ന ചിരി.
പിടയുന്ന മീൻ കോർമ്പലിൽ നിന്നു്
ഊരിയെടുത്ത വാൾ
അയാൾ വെട്ടാനായി ചുഴറ്റി
ചെവിയിൽ
ഇരണ്ടകളുടെ ശബ്ദം വന്നു് നിറഞ്ഞു.
തലക്കു് ചുറ്റും ഇരണ്ടകൾ
വാൾ അന്തരീക്ഷത്തിൽ
പാളിപ്പാളി വീണു.
പൊടുന്നനവേ അതൊരു
നൃത്തമായി മാറി.
കരിമ്പാമ്പുകളുടെ
മാറാട്ടം പോലെ.
***
ഇപ്പോൾ അയാൾ
വാഴവള്ളി കൊണ്ടല്ല
സംഗീതമുണ്ടാക്കുന്നതു്
വിരലുകൊണ്ടു്
അന്തരീക്ഷത്തിൽ
ഒരു സൂക്ഷ്മ ബിന്ദുവിൽ തുടങ്ങി
വലുതായി വലുതായി വരുന്ന
വലിയ വൃത്തങ്ങളിലാണു്
അയാളുടെ സംഗീതം

നമ്മുടെ
അഭയങ്ങളുടെ
കരുതൽ
നമ്മെ തനിച്ചാക്കും
നോട്ടം കൊണ്ടു്
കുഴച്ചു വച്ച
അകലങ്ങളിൽ
വണ്ടി ഒരു ജമന്തിപ്പാടം
പിന്നിടും.
നേരം അതിന്റെ
വേഗം കൊണ്ടു്
സന്ധ്യയാക്കും
പോകെപ്പോകെ
കാറ്റു്
ആ പൂക്കളെയും
അവയുടെ
നിറത്തേയും
പച്ചയിൽ നിന്നു്
മുകളിലേക്കു്
കുലുക്കി കുലുക്കി
തെറിപ്പിക്കും
പറക്കും ഷാളിൽ
നിന്നു് വരും
വിയർപ്പു് ഗന്ധം
വയലറ്റും ബ്ലാക്കും
ചേർന്ന
‘മേവു് ’ ആകും
അവ
ചെരിഞ്ഞ
ആകാശമാകെ
പടരും
ചോഴൻ തീർത്ത
കല്ലിന്റെ
ശിഖരങ്ങൾ
വരയെ
ആ വണ്ടി പോകൂ
അവയിൽ
തട്ടി തട്ടി
രാത്രി
പാർന്നു്
തുടങ്ങും
പിന്നെ
നമ്മൾ
വൃത്തിയുള്ള
പുതപ്പിന്റെ
സോപ്പു മണമാകും
യാത്ര
തിരിക്കും

1974-ൽ ഹരിപ്പാടിനടുത്തുള്ള പള്ളിപ്പാടു് ജനിച്ചു. പള്ളിപ്പാടു് നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം ബോർഡ് പമ്പാ കോളജിലുമായി വിദ്യാഭ്യാസം. 1993-മുതൽ മലയാളത്തിലെ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലുമായി കവിതകൾ എഴുതുന്നു. കവിതയോടൊപ്പം പുല്ലാങ്കുഴലും അഭ്യസിച്ചു. 2006-ലും 2011-ലുമായി ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്കു് കിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു സംഗീത പരിപാടികൾ അവതരിപ്പിച്ചു. ആദ്യകവിതാ സമാഹാരം പാലറ്റ്—2009. രണ്ടാമത്തെ സമാഹാരം അവർ കുഞ്ഞിനേ തൊടുമ്പോൾ (2013).
തമിഴ് കവി എൻ. ഡി. രാജ് കുമാറിന്റെ സമ്പൂർണ്ണ കവിതകൾ, ഒലിക്കാതെ ഇളവേനൽ എന്ന ഇലങ്കൻ പെൺ കവിതകൾ, സി. സി. ചെല്ലപ്പയുടെ ജല്ലിക്കട്ടു് എന്ന നോവലും രാജ്കുമാറുമൊത്തു് മലയാളത്തിലേയ്ക്കു് മൊഴിമാറ്റി. എം ജി യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി എന്നി യൂണിവേഴ്സിറ്റികളിൽ കവിതകൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ South indian dalit anthology-യിലും കവിത ഉൾപ്പെടുത്തിയിട്ടുണ്ടു്. കേരളാ സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ “നവര”എന്ന ഇൻഡോ-ആഫ്രിക്കൻ ബാന്റിൽ ചേർന്നു് പ്രവർത്തിക്കുന്നു. ഭാര്യ അമ്പിളി, കെ. ആർ. എം ജി യൂണിവേഴ്സിറ്റിയിൽ ഗവേഷ വിദ്യാർത്ഥിയാണു്. കുമളിയിൽ താമസം.
ചിത്രങ്ങൾ: വി. മോഹനൻ