ശ്രീമതികൾ ചെയ്യുന്ന പ്രസംഗം ഏതു നിലയിലും ശ്രദ്ധേയമായിരിക്കും. അതു സാഹിത്യപരിഷത്തിന്റെ വാർഷിക യോഗത്തിൽ വെച്ചായാൽ അധികം ശ്രദ്ധേയമായിരിക്കും. കേൾക്കാൻ അധികം ആളുകളും വിശേഷിച്ചു് വേറെ അധികം ശ്രീമതികളും ഇല്ലാതിരിക്കുന്നതുകൊണ്ടു പ്രസംഗത്തിന്റെ വില ഇടിഞ്ഞുപോകയില്ല. ഇടപ്പള്ളിയിൽവെച്ചായിരുന്നുവല്ലൊ ഈ കൊല്ലത്തെ പരിഷത്തു നടന്നതു്. അതിലെ പ്രഥമയോഗത്തിൽവെച്ചു് ശ്രീമതി തെക്കെക്കുന്നത്തു കല്യാണിക്കുട്ടി അമ്മ ഒരു പ്രസംഗം ചെയ്തതായി പത്രങ്ങളിൽ വായിച്ചു. “പുരാണങ്ങളിൽ സ്ത്രീകളെ അബലകളെന്നു പറഞ്ഞിരിക്കുന്ന ഭാഗം എടുത്തുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു” എന്നു് വിദുഷി പറഞ്ഞതായി കാണുന്നു. ഇതു് എന്റെയും അഭിപ്രായമാണു്. പുരാണത്തിൽനിന്നു മാത്രമല്ല, നിഘണ്ടുക്കളിൽനിന്നും ആ വാക്കു വെട്ടിക്കളയേണ്ടതാണെന്നു ഞാൻ അഭിപ്രായപ്പെട്ടിരുന്നു. ഇനി വല്ല നിഘണ്ടുവും ഉണ്ടാക്കുന്നതു സ്ത്രീകൾതന്നെയായിരുന്നാൽ കൊള്ളാമെന്നു തോന്നുന്നു. അതിൽ “അബലാ”എന്ന പദത്തിന്റെ വ്യാഖ്യാനം. “പണ്ടു സ്ത്രീകളുടെ പര്യായമായി ഉപയോഗിച്ച നിരർത്ഥകമായ ഒരു വാക്കു്—ഇപ്പോൾ അതിന്നുപകരം യൂറോപ്യന്മാരെ അനുകരിച്ചു് ‘ഉത്തമാർദ്ധം’ എന്നു ഉപയോഗിക്കേണ്ടതാണു്” എന്നു ചേർക്കാവുന്നതാണു്. “സ്ത്രീകൾ പുരാണം എഴുതിയിരുന്നുവെങ്കിൽ പുരുഷന്മാർക്കും ഇത്തരി ദുരഭിധാനങ്ങൾ നൽകിയേക്കുമായിരുന്നു” എന്നു് ഈ വിദുഷി തന്റെ പ്രസംഗത്തിൽ പറഞ്ഞതു് എനിക്കത്ര പിടിച്ചില്ല. അതു വേണ്ടിയിരുന്നില്ല. സ്ത്രീകളായിരുന്നു പുരാണങ്ങൾ എഴുതിയിരുന്നതെങ്കിൽ പുരുഷന്മാർക്കു ഈ വക ദുരഭിധാനങ്ങൾ നൽകുകയില്ലായിരുന്നുവെന്നായിരുന്നു പറയേണ്ടിയിരുന്നതു്. ദോഷത്തിന്നു പകരം ദോഷം ചെയ്യാനുള്ള ശീലം സൽഗുണമല്ലല്ലൊ. “ശക്തിസ്വരൂപിണിയായ” സ്ത്രീക്കു് അതു വിഹിതമല്ല. “ശക്തിസ്വരൂപിണി”കളാണു് സ്ത്രീകളെന്നും അതുകൊണ്ടു അവരെ അബലകളെന്നു വിളിക്കുന്നതു അവിഹിതമാണെന്നും ആണു് ശ്രീമതി കല്യാണിക്കുട്ടി അമ്മയുടെ വാദം. ശക്തി? ശിവശ്ശക്തി, മഹാമായ, ഭദ്രകാളി, മഹാമാരി, മുതലായ അനേകം പേരുകളുള്ള ദേവിതന്നെ ആ സ്വരൂപത്തിലാണത്രെ സ്ത്രീകൾ! കല്യാണിക്കുട്ടി അമ്മ പറഞ്ഞതു വായിച്ചപ്പഴാണു് എനിക്കും തോന്നുന്നതു് അതു ശരിയായിരിക്കണമെന്നു്. മഹിഷാസുരൻ മുതലായവരെ ഈ ദേവി കുടൽ കുത്തിക്കീറി, കുടൽമാല തുടർമാലപോലെ എടുത്തു കഴുത്തിലണിഞ്ഞു രക്തം കുടിക്കുന്നതിന്റെ ചിത്രങ്ങൾ പല വീടുകളിലും കാണാം. ഒരിക്കൽ ഈ ദേവി ഭർത്താവായ ശിവന്റെ കണ്ണുകൾ പൊത്തുകയാൽ ലോകം മുഴുവൻ ഇരുട്ടായിപ്പോയിരുന്നു. ഭർത്താക്കന്മാരുടെ കണ്ണുപൊത്തി ലോകം ഇരുട്ടാക്കാൻ ശേഷിയുള്ളവരാണെന്നുള്ള അർത്ഥത്തിലാണു്, സ്ത്രീകൾ ശക്തിസ്വരൂപിണികളാണെന്നു പറഞ്ഞതെന്നു ഒരിക്കലും വിശ്വസിക്കുവാൻ തരമില്ല. വേറെ ആരു വിശ്വസിച്ചാലും ഞാൻ അങ്ങിനെ വിശ്വസിക്കുകയില്ല. “സത്യഭാമയും ദമയന്തിയും അബലകളായിരുന്നുവെന്നു പറഞ്ഞാൽ ആരാണു് വിശ്വസിക്കുക” എന്നാണു് പ്രാസംഗിക ചോദിച്ചതു്. “പക്ഷേ, ഇന്നു ആ നിലക്കു അധഃപ്പതനം വന്നിരിക്കുന്നു” പോൽ. ദമയന്തിയുടെ കാലത്തു മനുഷ്യർ മാത്രമല്ല, പക്ഷിമൃഗാദികളും വളരെ വിദ്വത്വം പ്രാപിച്ചവരായിരുന്നു. വിദ്വത്വം എന്നു പറഞ്ഞാൽ പോരാ കലാനൈപുണ്യവും പ്രാപിച്ചവരായിരുന്നു. ഇക്കാലത്തെ വിവാഹദൂതന്മാരുടെ പ്രവൃത്തി അന്നു ചെയ്തതു് ഒരു അരയന്നമായിരുന്നു. താമരയിലയിൽ നഖംകൊണ്ടു എത്രയും തന്മയത്വത്തോടുകൂടി ദമയന്തിയുടെ രൂപം വരച്ച പക്ഷിയെപ്പോലുള്ള ഒരു പക്ഷി ഇന്നുണ്ടോ? അതായിരിക്കാം “ഇന്നു ആ നിലയ്ക്കു അധഃപ്പതനം വന്നിരിക്കുന്നു,” എന്നു പറഞ്ഞതു്.
അബലാശബ്ദത്തെ വിട്ടശേഷം, പാതിവ്രത്യത്തെയാണു് കല്യാണിക്കുട്ടിയമ്മ പിടിച്ചു കുടഞ്ഞതു്. “അതു് ഒരു അനാവശ്യപദമാണു്” എന്നാണു് ആ അമ്മയുടെ അഭിപ്രായം. “പാതിവ്രത്യത്തെപ്പറ്റിയുള്ള ഉപദേശങ്ങളും കഥകളും മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഒരുപയോഗം മാത്രമാണു”പോൽ: എന്നു മാത്രമല്ല. “രതിചാരികളായ പുരുഷന്മാരുടെ സൃഷ്ടിയാണു് പാതിവ്രത്യം” എന്നും പറഞ്ഞിരിക്കുന്നു. സ്ത്രീകൾ പതിവ്രതമാരായിരിക്കണം എന്നു പറയുമ്പോൾ, പുരുഷന്മാർ പത്നിവ്രതന്മാരായിരിക്കണം എന്നു പറയാതിരുന്നതിനാലുള്ള പരിഭവം വെച്ചുകൊണ്ടാണു കല്യാണിക്കുട്ടിയമ്മ ഇങ്ങിനെ പറഞ്ഞതെന്നുള്ള തീർച്ചതന്നെ. അതു ന്യായവുമാണു്. ഗൗതമനൊ മറ്റൊ ആയിരിക്കണം പാതിവ്രത്യം എന്ന വാക്കു സൃഷ്ടിച്ചതു്. കല്യാണിക്കുട്ടിയമ്മ പുരാണകഥകൾ ശരിയായി വായിച്ചിട്ടുണ്ടെന്നു, സത്യഭാമയേയും, ദമയന്തിയേയും, സീതയേയും മറ്റും പറ്റി പറഞ്ഞതിൽ നിന്നു് ഊഹിക്കാം. അഹല്യയേപ്പറ്റിയും ആ അമ്മ വായിച്ചിട്ടുണ്ടായിരിക്കാം. പാതിവ്രത്യത്തിന്റെ പേരും പറഞ്ഞു അഹല്യയെ ഗൗതമൻ ശപിച്ചു കല്ലാക്കികളഞ്ഞു. പുരുഷന്മാർ ചെയ്യുന്ന അധർമ്മം നോക്കുക! എന്നിട്ടൊ ആ അഹല്യയുടെ ശാപം തീർത്തു, കല്ലായവളെ വീണ്ടും മനുഷ്യസ്ത്രീയാക്കിയതാർ? സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ. അഹല്യയുടെ ഭർത്താവു ചെയ്തതു വലിയ അന്യായമാണെന്നു ശ്രീരാമന്നു തോന്നിയിരിക്കണം. ഗൗതമൻ തന്റെ ഭാര്യയെ ശയനമുറിയിൽ ദേവേന്ദ്രനോടുകൂടി കണ്ടിട്ടായിരുന്നു അവളെ അങ്ങിനെ കഠിനമായി ശിക്ഷിച്ചതു്. അവളെ രക്ഷിച്ച ശ്രീരാമനൊ? തന്റെ ഭാര്യ രാവണന്റെ ലങ്കാരാജ്യത്തു കൊല്ലം പാർത്തതിനെപ്പറ്റി ആരോ ചിലർ എന്തൊ എവിടന്നോ അപവാദം പറഞ്ഞതിനെ അടിസ്ഥാനമാക്കി, ആ സതീരത്നത്തെ പ്രസവം അടുത്തകാലത്തു് കാട്ടിൽ ഉപേക്ഷിച്ച പാതിവ്രത്യത്തെപ്പറ്റി പുരുഷന്മാർക്കെന്നല്ല, ഈശ്വരാവതാരമായി പുരുഷന്മാർക്കുപോലും ഉള്ള അഭിപ്രായം കണ്ടില്ലേ? ജമദഗ്നിയുടെ കഥ ഇതിലും കഠിനമാണു്. അയാളുടെ ഭാര്യയായിരുന്നു രേണുക. അവൾ പാതിവ്രത്യത്തിന്റെ അവതാരമായിരുന്നു. ആ സ്ത്രീ ആശ്രമത്തിലേക്കു ദിവസേന വെള്ളം കോരിക്കൊണ്ടു വരും. വെള്ളം സരസ്സിൽ “ഐസു്” രൂപത്തിൽ കട്ടിയായി കിടന്നിരുന്നതിനെയാണു് കോരിക്കൊണ്ടു വരിക. ചൂടുള്ള മനുഷ്യശരീരത്തോടു് തട്ടിയാൽ ഐസു് അല്പം ഉരുകിപ്പോകുമല്ലൊ. എന്നാൽ രേണുക പതിവ്രതയായിരുന്നതിനാൽ ഐസു് അശേഷം ഉരുകിപ്പോകാറില്ലായിരുന്നു. ഒരു ദിവസം അതു അല്പം ഉരുകിയതായി ഭർത്താവു കണ്ടു. ചിത്രരഥനും ഭാര്യയും വെള്ളത്തിൽ ക്രീഡിക്കുന്നതു കണ്ടപ്പോൾ രേണുകക്കു അശുദ്ധ വിചാരം ഉണ്ടായിരുന്നതിനാലായിരുന്നു ഐസു് ഉരുകിപ്പോയതു്. അവളെ ഉടനെ കൊന്നു കളയാൻ ജമദഗ്നി തന്റെ മക്കളോടു് കല്പിച്ചു. മൂത്ത മക്കൾ അച്ഛന്റെ കല്പനയെ നിരസിച്ചു. ഇളയ മകനായ പരശുരാമൻ—ബ്രാഹ്മണർക്കായി കടലിൽ നിന്നു കേരളം സൃഷ്ടിച്ചുകൊടുത്ത പരശുരാമൻ—മാതാവിന്റെ ശിരസ്സു വെട്ടി. പാതിവ്രത്യഭംഗത്തിന്റെ ശങ്കയുടെ ഛായയുടെ നിഴലിന്റെ ഏകദേശാംശം ഉണ്ടായതിനാൽ രേണുകക്കുണ്ടായ അനുഭവം കണ്ടില്ലെ? ഈ വക പുരാണകഥകൾ ആലോചിച്ചാൽ വെറുതെയാണൊ കല്യാണിക്കുട്ടിയമ്മ പാതിവ്രത്യപദത്തെ ശപിച്ചതു് എന്നു തോന്നാതിരിക്കയില്ല.
പ്രാസംഗികൻ ഇങ്ങിനെ പറഞ്ഞതായും റിപ്പോർട്ടു ചെയ്തുകാണുന്നു: “കരുണാകർത്താവു് സ്ത്രീഹൃദയജ്ഞാനമില്ലാത്ത ഒരു മഹാകവിയാണെന്നു് ആ കാവ്യം തെളിയിക്കുന്നു.” പച്ചയിൽ പറകയാണെങ്കിൽ മഹാകവി കുമാരനാശാനു സ്ത്രീഹൃദയജ്ഞാനമില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ കരുണയെന്ന കാവ്യം തെളിയിക്കുന്നുവെന്നു സാരം. ആശാന്റെ പ്രവൃത്തികൊണ്ടു് തെളിഞ്ഞിരിക്കുന്നുവെന്നല്ല, അദ്ദേഹത്തിന്റെ കാവ്യങ്ങളിൽനിന്നു തെളിയുന്നുവെന്നുമല്ല, കരുണയെന്ന കാവ്യംകൊണ്ടു തെളിയുന്നുവെന്നാണു്. അതാണു് ഏറ്റവും രസകരമായിരിക്കുന്നതു്. “നളിനി”യിൽനിന്നു തെളിഞ്ഞിരിക്കുന്നുവെന്നോ, “ചണ്ഡാലഭിക്ഷുകി”യിൽ നിന്നു തെളിഞ്ഞിരിക്കുന്നുവെന്നൊ ആയിരുന്നു പറഞ്ഞതെങ്കിൽ, സ്ത്രീഹൃദയം എങ്ങിനെയുള്ളതായിരിക്കണമെന്നാണു് കല്യാണിക്കുട്ടിയമ്മയുടെ അഭിപ്രായമെന്നു ഏകദേശം ഗ്രഹിക്കാമായിരുന്നു “ദുരവസ്ഥയിൽ” നിന്നു ഗ്രഹിക്കാമെന്നായിരുന്നു എന്നു പറഞ്ഞിരുന്നതെങ്കിൽ സ്ത്രീകളുടെ ഹൃദയത്തിൽ വർണ്ണാശ്രമധർമ്മമനുസരിച്ചുള്ള പ്രതിപത്തിക്കു വിഘ്നം വന്നതായി വിവരിക്കുന്ന കാവ്യങ്ങൾ സാഹിത്യപരിഷത്തു വർജ്ജിക്കേണ്ടതായി നിർദ്ദേശിക്കുകയാണു് ആ അമ്മ ചെയ്തതെന്നെങ്കിലും വിചാരിക്കുമായിരുന്നു.
കരുണയിലെ നായിക ഒരു വേശ്യയാണു്. സ്ത്രീകളുടെ ഇടയിൽ വേശ്യമാർ ഉണ്ടാവാൻ പാടില്ലായെന്നും ഉണ്ടെന്നു സ്ഥാപിച്ചു വിവരിക്കുന്ന കവികൾ സ്ത്രീഹൃദയജ്ഞാനമില്ലാത്തവരാണെന്നും ഒരു സ്ത്രീ പറയുന്നതിൽനിന്നു് ഒരു പരമാർത്ഥം തെളിയുന്നു. സദാചാരമെന്നു ലോകത്തു അറിയുന്ന ഗുണത്തിൽനിന്നു വ്യതിചലിച്ചു്,
“ധനദുർദ്ദേവതയ്ക്കെന്നും രൂപവിട്ടഹോ മോഹത്താൽ
തനതാഗാ ഹോമിക്കും… ”
സ്ത്രീകൾ ഇല്ലെന്നൊ ഉണ്ടാവാൻ പാടില്ലെന്നൊ ആയിരിക്കാം പ്രാസംഗികയുടെ അഭിപ്രായം. സന്മാർഗ്ഗനിഷ്ഠകളെ മഹത്തുക്കൾ മാത്രമുള്ള പരിസരത്തോടുകൂടി വിശിഷ്ടതരമായ ജീവിതം നയിക്കുന്നവരും ലോകത്തുനടക്കുന്ന കുണ്ടാമണ്ടികളൊന്നും അറിയാത്തവരുമായ മഹതികൾക്കു മാത്രമെ ഈ അഭിപ്രായം ഉണ്ടാകയുള്ളൂ. ആ കാര്യം ആലോചിച്ചാൽ ശ്രീമതി കല്യാണിക്കുട്ടിയമ്മയെ ഞാൻ ഹൃദയപൂർവ്വം സവിനയം രണ്ടുകയ്യും കൂപ്പി വന്ദിക്കുന്നുവെന്നേ എനിക്കു പറവാനുള്ളൂ.
മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണു് ഭാഷാപോഷിണി. ആദ്യ പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിള. 1891 ആഗസ്റ്റ് 29-നു് (കൊല്ലവർഷം 1097 ചിങ്ങമാസം 14-നു്) കോട്ടയത്തുവെച്ചു് മലയാള മനോരമയുടെ സ്ഥാപകപത്രാധിപരായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ഉത്സാഹത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ധ്യക്ഷനായി ‘കവിസമാജം’ എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. കേരളത്തിലെ ആദ്യത്തെ സാഹിത്യസഭയായിരുന്നു ഇതു്. ആദ്യസമ്മേളനത്തിൽ വെച്ചുതന്നെ സംഘടനയുടെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നാക്കി മാറ്റാനും ‘ഭാഷാപോഷിണി’ എന്ന പേരിൽ ഒരു പത്രിക ആരംഭിക്കാനും തീരുമാനമായി. മലയാളത്തിലെ ഗദ്യ സാഹിത്യത്തിന്റെ വികാസത്തിൽ ഭാഷാപോഷിണിക്കു് നിർണ്ണായക പങ്കുണ്ടു്.