ആരോ പറഞ്ഞുകേട്ട—ഏതോ പഴയ ഗ്രന്ഥത്തിൽ കണ്ട—ഒരു ഫിലോസഫിയുടെ മതിൽക്കെട്ടിനുള്ളിൽ അറിവുവച്ച നാൾ മുതൽ പാർപ്പുതുടങ്ങിയിരിക്കുന്നവരാണു് നമ്മിലധികംപേരും. അതിനു പുറത്തുള്ള സൂര്യപ്രകാശമേൽക്കാൻ ശക്തിയില്ലാതെ നമ്മുടെ കണ്ണടഞ്ഞുപോകുന്നു.
“മേഘജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം” എന്ന കവിവാക്യമാണു് ഇതെഴുതുമ്പോൾ മുന്നിട്ടുവരുന്നതു്. ഒരു മേഘ ജ്യോതിസ്സുതന്നെയായിരുന്നു ചങ്ങമ്പുഴ—കേരളമൊട്ടാകെ പ്രകാശംവീശിയ ഒരു ക്ഷണപ്രഭാവിളയാട്ടം. ഏതാണ്ടൊരത്ഭുതം തന്നെയായിരുന്നു അതു്—ആ വരവും വിലാസവും വിലയവും. മുപ്പത്താറെണ്ണുന്നതിനു മുൻപേ, ആ നന്മ നിറഞ്ഞ ഹൃദയം നിഷ്പന്ദമായിപ്പോയി! കീറ്റ്സ് ഇരുപത്തിയഞ്ചിൽ മരണമടഞ്ഞു. ഷെല്ലി യും ബയറണും നാൽപതു തികച്ചില്ല. ചങ്ങമ്പുഴ യും അവരുടെ ചേരിയിൽ ചേർന്നു. അസാധാരണമായ വളർച്ച അൽപ്പായുസ്സിൽ അവസാനിക്കുമായിരിക്കാം. ഒറ്റക്കുതിപ്പുകൊണ്ടു്, ഇങ്ങനെ ഇടവും വലവും നോക്കാതെ പെട്ടെന്നു ജനഹൃദയങ്ങളിലേയ്ക്കു പാഞ്ഞുചെന്ന മറ്റൊരു കവിയുണ്ടെന്നു തോന്നുന്നില്ല. കൗമാരദശ കഴിഞ്ഞപ്പോഴേയ്ക്കും ഉണ്ടായ ആ ഒറ്റക്കുതിപ്പാണു് രമണൻ.

അതൊന്നുകൊണ്ടുതന്നെ ചങ്ങമ്പുഴ കേരളീയഹൃദയം തീറെഴുതിവാങ്ങി അതിൽ പാർപ്പുറപ്പിച്ചു. അവിടെയിരുന്നുകൊണ്ടു് പിന്നെ പാടിയതെന്തും കേരളത്തെ കോൾമയിർക്കൊള്ളിക്കാൻ പര്യാപ്തമായി. ആധുനിക കവികളിൽ ആർക്കുംതന്നെ ഇത്രമാത്രം ജനഹൃദയസമ്പർക്കം ലഭിച്ചിട്ടില്ല. ചങ്ങമ്പുഴ പാടിയ ഓരോ വരിയും ഹൃദയത്തുടിപ്പായിരുന്നു. അതേറ്റുപാടുന്നവരിലും അതേ ഹൃച്ചലനമുളവാകും.
“കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം.”

ഞാനെപ്പോഴും അയവിറക്കുന്നൊരീരടിയാണിതു്. ചങ്ങമ്പുഴയുടെ സ്വകാര്യ ജീവിതത്തെസ്സംബന്ധിച്ചിടത്തോളം ഇതു് അക്ഷരംപ്രതി പരമാർത്ഥമാണു്. ഇത്രയും ആത്മാർത്ഥത നിറഞ്ഞ മറ്റൊരുഹൃദയം എന്റെ പരിചയത്തിൽപ്പെട്ടിട്ടില്ല.

ചങ്ങമ്പുഴ ഒരു ജ്യേഷ്ഠനെപ്പോലെ എന്നെ സ്നേഹിച്ചിരുന്നു. ഇതെഴുതുമ്പോൾ മനസ്സു വളരെ കൊല്ലം പുറകോട്ടു പാഞ്ഞുപോകുന്നു. ഇടപ്പള്ളിയിൽ വച്ചു് സാഹിത്യപരിഷത്തിന്റെ പ്രഥമസമ്മേളനം നടന്ന കൊല്ലം. സാഹിത്യപഞ്ചാനനൻ പി. കെ.യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഞാനൊരു പ്രബന്ധം വായിച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരു കൊച്ചുപയ്യൻ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോൾ അയാൾ എന്റെ അടുത്തു പറ്റിക്കൂടി പരിചയപ്പെടാൻ തരം നോക്കി. ഞാൻ അത്ഭുതപ്പെട്ടു—അന്നു രണ്ടാംഫോറത്തിലോ മറ്റോ പഠിച്ചിരുന്ന ആ കൊച്ചു പയ്യനിൽ അങ്കുരിതമായ സാഹിത്യകൗതുകം കണ്ടിട്ടു്. അന്നു കണ്ട കൊച്ചുകുട്ടൻ—അതായിരുന്നു ചങ്ങമ്പുഴയുടെ ഓമനപ്പേർ—പിന്നെ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതു് രണ്ടുകൊല്ലം കഴിഞ്ഞു് ആലുവായിൽ വച്ചാണു്—അവിടെ സെന്റ് മേരീസ് ഹൈസ്ക്കൂളിൽ പഠിക്കാൻ വന്നപ്പോൾ. അന്നുമുതൽ രണ്ടു മൂന്നുകൊല്ലം തുടർച്ചയായി ആഴ്ചതോറും കൊച്ചുകുട്ടൻ എന്നെ വന്നു കാണുക പതിവായിരുന്നു. ദാരിദ്ര്യമർദ്ദനത്താൽ പരവശമായൊരു കൃശശരീരം. അതിനകത്തോ, അതിതീവ്രമായ ജ്ഞാനതൃഷ്ണ. പലതും ചോദിച്ചറിഞ്ഞുകൊണ്ടിരുന്നതിനിടയ്ക്കു്, സൂര്യൻ, ചന്ദ്രൻ, താമര മുതലായവയുടെ കുറെ പര്യായപദങ്ങൾ വേണം ആ കുട്ടിക്കു്. എന്തിനെന്നു ചോദിച്ചാൽ പറകയില്ല. ഓരോ തവണയും ഞാൻ പറഞ്ഞു കൊടുക്കുന്ന പദങ്ങൾ എഴുതിക്കൊണ്ടു പോകും. കുറെ ദിവസം കഴിഞ്ഞു് അഞ്ചാറു വരി കവിതയുമായി അടുത്തു വന്നപ്പോഴാണു് കാര്യം മനസ്സിലായതു്. കൊച്ചുകുട്ടന്റെ കവനഭ്രാന്തു പഠിത്തത്തിന്നു മുടക്കം വരുത്തരുതെന്നു ഞാനുപദേശിക്കയുണ്ടായി. അത്രയ്ക്കു തുള്ളിക്കളിച്ചിരുന്നു ആ കവനൗത്സുക്യം. അടുത്ത ഭാവിയിൽ മലയാളക്കരമുഴുവൻ കവനമോഹനപ്പൂനിലാവു പൊഴിക്കാൻപോകുന്ന ബാല ചന്ദ്രനാണു് അന്നെന്റെ മുമ്പിലിരുന്നതെന്നു ഞാൻ സ്വപ്നേപി വിചാരിച്ചില്ല. ആലുവാ വിട്ടതിനുശേഷവും ചങ്ങമ്പുഴ ഇടയ്ക്കിടയ്ക്കു് എന്റെ അടുത്തുവരിക പതിവായിരുന്നു. എന്തുകൊണ്ടാണെന്നറിഞ്ഞില്ല, ഏതുകാര്യത്തിലും എന്റെ അഭിപ്രായം അന്വേഷിക്കുകയെന്നതു് അദ്ദേഹം ഒരു ചടങ്ങാക്കിത്തീർത്തു. ഏതു ജീവിതരഹസ്യവും എന്റെ മുമ്പിൽ തുറന്നുകാണിപ്പാൻ ചങ്ങമ്പുഴ മടിച്ചില്ല. വിവാഹകാര്യത്തിൽപ്പോലും അദ്ദേഹം എന്റെ അഭിപ്രായവും അനുമതിയും ആവശ്യപ്പെട്ടു. എന്തൊരു തുറന്ന ഹൃദയം! ലളിതമധുരമായൊരു സ്നേഹപ്രവാഹംതന്നെയായിരുന്നു അതു്. ഒരു കരടു പോലും അതിൽ തങ്ങിനിന്നിരുന്നില്ല. ജീവിതത്തിലെ അപകടമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്നതു കേട്ടു ഞാൻ പലപ്പോഴും ചങ്ങമ്പുഴയെ ഗുണദോഷിച്ചിട്ടുണ്ടു്; വെറുപ്പുതോന്നുംവിധം ശകാരിച്ചിട്ടുണ്ടു്. എന്നാൽ തെറ്റും കുറ്റവും ഏറ്റു പറഞ്ഞു സ്നേഹബാഷ്പം പൊഴിക്കയല്ലാതെ, ഒരവസരത്തിലും അനിഷ്ട സൂചകമായ ഒരു വാക്കുപോലും ആ ശുദ്ധാത്മാവു് എന്നോടു പറഞ്ഞിട്ടില്ല.

വികാരങ്ങളുടെ ഒരു കെട്ടായിരുന്നു ചങ്ങമ്പുഴയുടെ ജീവിതം. ഉപകാര സ്മരണയും കൃതജ്ഞതാബോധവും ആ ജീവിതത്തിന്റെ ഓരോ രക്തത്തുള്ളിയിലും കലർന്നിരുന്നു. അന്യരിൽ നിന്നു ലഭിച്ച ഏറ്റവും തുച്ഛമായ സാഹായവും അദ്ദേഹം മരണം വരെ നന്ദിപൂർവ്വം സ്മരിച്ചു കൊണ്ടിരുന്നു. വാസ്തവത്തിൽ പറയത്തക്ക ഒരു പ്രോത്സാഹനവും എന്നിൽനിന്നുണ്ടായിട്ടില്ല. എന്നിട്ടും എന്നോടെന്തോ കടപ്പാടുണ്ടെന്നാണു് ചങ്ങമ്പുഴ വിശ്വസിച്ചിരുന്നതു്; ആ തെറ്റിദ്ധാരണയുടെ ഫലമാണു് യവനികയുടെ സമർപ്പണം. വികാരഭരിതനായി, അതിശയോക്തി കലർത്തി, അതിലെന്തൊക്കെ അദ്ദേഹം എഴുതിപ്പിടിപ്പിച്ചിരിക്കുന്നു! അതിനെസ്സംബന്ധിച്ചു ചങ്ങമ്പുഴ എനിക്കയച്ചൊരു കത്തു് ഇപ്പോളെടുത്തു വായിച്ചുനോക്കിയപ്പോൾ കണ്ണു നിറഞ്ഞുപോയി. ഹൃദയം ഹൃദയത്തോടു സാംസാരിക്കുന്നതെങ്ങനെയെന്നു് അദ്ദേഹത്തിന്റെ കത്തുകൾ വായിക്കുമ്പോഴാണു് എനിക്കനുഭവപ്പെടാറുള്ളതു്. ചങ്ങമ്പുഴയുടെ ഒരു കവനസമാഹാരത്തിൽ ‘നല്ലമുട്ടം’ കടന്നു കൂടിയതു കണ്ടു പലരും നെറ്റിചുളിച്ചു. പക്ഷേ, അതിന്റെ പിന്നിൽ സ്ഫുരിക്കുന്നതു് ഉപകാരസ്മരണമാത്രമാണെന്നു് അവർ ഓർത്തിരിക്കയില്ല. അതിന്റെ മൂർച്ചയിൽ ചങ്ങമ്പുഴയുടെ ഹൃദയം വിഗളിതവേദ്യാന്തരമായിപ്പോകുന്നു. ഔചിത്യവിചാരത്തിന്നു പിന്നെ അവിടെ സ്ഥാനമില്ല.
“ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ
പാരിൽ പരക്ലേശവിവേകമുള്ളൂ”
എന്ന ചൊല്ലു് ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം നൂറുശതമാനവും അർത്ഥവത്താണു്. ഇത്ര സ്വാഭാവികമായി ആർജ്ജവസുന്ദരമായ മനസ്സോടെ പരക്ലേശവിവേകം പ്രകാശിപ്പിച്ചിട്ടുള്ളവർ ചുരുക്കമാകുന്നു. ജീവിത ക്ലേശങ്ങളുള്ള ഒരു സാഹിത്യകാരൻ തിരുവിതാംകൂർ ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള പദ്ധതികളാലോചിച്ചു ഞാനുൾപ്പെടെ പലരും കാലം നീട്ടിക്കൊണ്ടിരുന്നു. ചങ്ങമ്പുഴ പദ്ധതിനിർമ്മാണത്തിനൊന്നും കാത്തിരുന്നില്ല. ഉടൻ അയച്ചു കൊടുത്തു അപ്പോൾ കൈവശമുണ്ടായിരുന്ന നൂറുരൂപ. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ അവക്രമൃദുലമായ ആ മനസ്സിന്റെ മഹനീയതയെ വെളിപ്പെടുത്തിയിട്ടുണ്ടു്! വിസ്തരിച്ചിട്ടെന്തു ഫലം? എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. കേരളത്തിന്റെ കണ്ണീർ മാത്രം ശേഷിക്കുന്നു. മരണത്തിനേതാനും ദിവസം മുമ്പു്, തൃശ്ശൂർക്കു് ചികിത്സയ്ക്കായി പോകുന്നവഴി എന്റെ വസതിയുടെ പടിക്കൽ കാർ നിർത്തി, അതിനകത്തു് ഒരു വടിയും കുത്തിപ്പിടിച്ചു ചാരിയിരുന്ന ആ അസ്ഥിമാത്രൻ എന്നെ അന്വേഷിച്ചു. വിധിവൈപരീത്യം! ഞാനപ്പോൾ കോളേജിലായിരുന്നു. വൈകുന്നേരം മടങ്ങിവന്നപ്പോഴാണു് വിവരമറിഞ്ഞതു്. കഷ്ടം! അതവസാനത്തെ അന്വേഷണമായിരുന്നെന്നു് ആരറിഞ്ഞു!
“സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം” എന്ന ശ്ലോകത്തിൽത്തന്നെ ഈ ശോകത്തിനൊരുപശാന്തി തേടാം.
“ഒന്നുകിൽ ഈശ്വരൻ അല്ലെങ്കിൽ രാജാവു്, അതുമല്ലെങ്കിൽ പൂർവ്വ സൂരികൾ—ചിലപ്പോൾ ഇവരെല്ലാംതന്നെ ഒത്തു ചേർന്നൊരു സംഘമായി സാഹിത്യകാരന്റെ മുൻപിലങ്ങനെ വിലങ്ങടിച്ചുനിൽക്കുന്നു! അവരെ കാണാത്ത ഭാവംനടിച്ചു കടന്നുപോകാനുള്ള കരൾക്കരുത്തു സാഹിത്യകാരനുണ്ടാകുന്നില്ല. കാവടിപോലെ വളഞ്ഞുപൊങ്ങുന്ന ആ നട്ടെല്ലു കാമ്യമായ വിനയത്തിന്റെ വിജയദണ്ഡമായി വാഴ്ത്തപ്പെടുകയും ഗതാനുഗതികരായ ആരാധകന്മാരാൽ ആ മാമൂൽതന്നെ തുടർച്ചയായി ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.”

കോട്ടയത്തുവച്ചു നടന്ന പുരോഗമനസാഹിത്യസമ്മേളനത്തിൽ ചങ്ങമ്പുഴ വായിച്ച അധ്യക്ഷ പ്രബന്ധത്തിലെ ഒരു ഭാഗമാണിതു് അദ്ദേഹത്തിന്റെ വിചാര ഗതിയുടെ സ്വഭാവവും സ്വത്രന്തതയും ആ പ്രബന്ധത്തിൽ ആദ്യന്തം പ്രതിഫലിക്കുന്നുണ്ടു്. മാനസികമായി ചങ്ങമ്പുഴ ഇത്രത്തോളം സ്വതന്ത്രനാണെന്നു് അന്നാണെനിക്കു നന്നായിട്ടു മനസ്സിലായതു്. ഏതാണ്ടൊരു ഉച്ഛൃംഖലത്വം തന്നെ ആ ചിന്താഗതിയിൽ കാണാം. ഒന്നിനും കീഴ്‌വണങ്ങാതെ എങ്ങോട്ടെങ്കിലും പാഞ്ഞുപോകുന്ന ഉച്ഛൃംഖലത്വം അഭിലഷണീയമാണോ എന്നു ചോദിക്കുന്നവരുമുണ്ടു്. അതിരിക്കട്ടെ. അടിമകളുടെ നടുവിൽനിന്നു ചുരുക്കം ചിലരെങ്കിലും ചങ്ങലപൊട്ടിച്ചോടുന്നതു കാണാനൊരു കൗതുകമില്ലേ? എന്തൊരാശ്വാസമാണതു്! ചങ്ങമ്പുഴയുടെ ഓട്ടം അത്തരത്തിലായിരുന്നു. ആരെതിർത്താലും അതു വകവയ്ക്കാതെ തന്റെ ബുദ്ധിയിൽ തെളിഞ്ഞതും തനിക്കു തോന്നിയതുമായ വഴിയിലൂടെയുള്ള ആ പോക്കു് എന്നെ ഒട്ടധികം രസിപ്പിച്ചു. ആരോ പറഞ്ഞുകേട്ട—ഏതോ പഴയ ഗ്രന്ഥത്തിൽ കണ്ട—ഒരു ഫിലോസഫിയുടെ മതിൽക്കെട്ടിനുള്ളിൽ അറിവുവച്ച നാൾ മുതൽ പാർപ്പുതുടങ്ങിയിരിക്കുന്നവരാണു് നമ്മിലധികംപേരും. അതിനു പുറത്തുള്ള സൂര്യപ്രകാശമേൽക്കാൻ ശക്തിയില്ലാതെ നമ്മുടെ കണ്ണടഞ്ഞുപോകുന്നു. ഈയൊരു സുഖക്കേടു്, ചങ്ങമ്പുഴയെ ബാധിച്ചിരുന്നില്ല. ഇഷ്ടംപോലെ ചിന്തിക്കാൻ വയ്യാത്തവണ്ണം സ്വബുദ്ധിയെ സിദ്ധാന്തബദ്ധമാകാതെ അദ്ദേഹം സൂക്ഷിച്ചു. അതിന്മേൽ കടിഞ്ഞാണിട്ടു പിടിക്കാൻ ഒരാചാര്യനും കഴിഞ്ഞില്ല. ഒരു മതഗ്രന്ഥവും ആ ധീപ്രസരത്തെ സ്തംഭിപ്പിച്ചില്ല. അനുഭവം, യുക്തി, നവീനവിജ്ഞാനം—ഇവയുടെ വെളിച്ചത്തിൽ സ്വച്ഛന്ദം സഞ്ചിക്കുകയാണു് ചങ്ങമ്പുഴ ചെയ്തതു്.
അദ്ദേഹത്തിന്റെ സുമധുരഗാനങ്ങൾക്കു മാറ്റുകൂട്ടുവാനും ഈ സ്വതന്ത്ര ചിന്ത ഉപകരിച്ചിട്ടുണ്ടു്. വിഷാദാത്മകങ്ങളായ പ്രണയഗാനങ്ങൾകൊണ്ടുമാത്രം തൃപ്തിപ്പെടാതെ അദ്ദേഹം കൊള്ളരുതാത്തതൊക്കെ ‘ചുട്ടെരിക്കാൻ’ കൂടി സന്നദ്ധനായതു് ഇതുകൊണ്ടാണു്. എന്റെ ‘രാമരാജ്യം’ എന്ന ലേഖനത്തെപ്പറ്റി ചങ്ങമ്പുഴ എഴുതിയ ഒരു കത്തിലെ ചില ഭാഗങ്ങൾകൂടി ഇവിടെ ചേർക്കട്ടെ.
ശ്രീദേവിമന്ദിരം, ഇടപ്പള്ളി
16-11-1120
“പ്രിയപ്പെട്ട സാർ,
……………
അങ്ങയുടെ ലേഖനം എനിക്കു് എന്തെന്നില്ലാത്ത ഉത്തേജനം നൽകി. എന്റെ രാഷ്ട്രീയ ചിന്താഗതിയോടു് ഏറ്റവും അടുത്തുവരുന്ന ആശയങ്ങളാണു് അങ്ങു് അതിൽ സമർത്ഥമാംവണ്ണം ആവിഷ്കരിച്ചിരിക്കുന്നതു്. ജീർണ്ണിച്ച ഈ ആർഷസംസ്ക്കാരംതന്നെ, യഥാർത്ഥത്തിൽ, എന്നെ മടുപ്പിക്കുന്നു. അതിന്റെ പൃഷ്ഠം താങ്ങിനിന്നിട്ടാണു് ഭാരതീയർ ഇത്രത്തോളം ഭൗതികമായി അധഃപതിച്ചിട്ടുള്ളതെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു. എനിക്കുള്ള സർവ്വശക്തികളും പ്രയോഗിച്ചു് ആ വിധത്തിലുള്ള ചിന്താഗതിയെ മനുഷ്യന്റെ ഭാഷയിൽ എതിർക്കുവാൻ ഞാൻ കച്ചകെട്ടിയിരിക്കയാണു്. ‘ചിത്രോദയത്തിൽ’ അടുത്തുവരുന്ന എന്റെ ‘ചുട്ടെരിക്കുവിൻ’ എന്ന കവിത അങ്ങൊന്നു വായിച്ചു നോക്കൂ…
ശുഭാശംസയോടെ, സ്നേഹപൂർവ്വം
സ്വന്തം ചങ്ങമ്പുഴ.”
പലരുടേയും പ്രശംസയ്ക്കു പാത്രീഭവിച്ച ആ ചുട്ടെരിക്കലിനു് എന്റെ ഒരു ലേഖനം പ്രചോദനം നൽകിയതിൽ ഞാൻ സന്തോഷിക്കുന്നു. ആ കവിതയിൽ കാണുന്ന എതിർപ്പും സ്വതന്ത്രചിന്തയും കേരളത്തിൽ മേൽക്കുമേൽ വളർന്നുവരട്ടെ!
—ദീപാവലി

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, ക്രേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971