
തീർച്ചയായും നിങ്ങൾ സൂയസ് തോടിനെപ്പറ്റി കേട്ടിരിക്കും. ആഫ്രിക്കയേയും ഏഷ്യയേയും തമ്മിൽ വേർതിരിക്കുന്ന ഒരു തോടാണതു്. മെഡിറ്ററേനിയൻ കടലിൽനിന്നു കപ്പലുകൾക്കു ചെങ്കടലിലേക്കു കടന്നു് ഇന്ത്യയിലെത്തുവാൻവേണ്ടി മനുഷ്യർ വെട്ടിയുണ്ടാക്കിയതാണു് സൂയസ് തോടു്. ഈ തോടിന്റെ പടിഞ്ഞാറുവശത്തു് ഒരു രാജ്യമുണ്ടു്, ഈജിപ്ത്. ലോകത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ നൈൽനദി അതിന്റെ മദ്ധ്യത്തിൽക്കൂടിയാണു് ഒഴുകുന്നതെങ്കിലും ഈജിപ്ത് രാജ്യത്തിന്റെ ചുറ്റും മരുഭുമികളാണു്. പ്രാചീനകാലത്തും അങ്ങനെതന്നെയായിരുന്നു. അനേകവർഗ്ഗങ്ങൾ അവിടെ പാർത്തിട്ടുണ്ടു്. അനേകരാജവംശങ്ങൾ അതു ഭരിച്ചിട്ടുണ്ടു്. ഷേക്സ്പിയറുടെ നാടകത്തിൽ കാണുന്ന ക്ലിയോപാട്ര യാണു് പുരാതന ഈജിപ്തിന്റെ അവസാനത്തെ രാജ്ഞി. അവർ ക്രിസ്തുവിനു് അമ്പതുവർഷംമുമ്പു മരിച്ചു. പക്ഷേ, കഥയവിടെയല്ല തുടങ്ങുന്നതു്; അതിനും വളരെ മുമ്പാണു്. ഈജിപ്തിന്റെ ചരിത്രത്തിനു മുപ്പതിനായിരം വർഷം പഴക്കമുണ്ടു്.
മുപ്പതിനായിരം വർഷങ്ങൾക്കുമുമ്പു് ഒരു രാജ്യത്തു് എന്തു സംഭവിച്ചു എന്നു കണ്ടുപിടിക്കുന്നതെങ്ങനെ, എന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. അതു വളരെ വിഷമമുള്ള ഒരു കാര്യംതന്നെ. സംശയമില്ല. അതുകൊണ്ടു നമുക്കതും അറിയണം.
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ചുപട്ടാളത്തിലെ സേനാനായകനായിരുന്ന നെപ്പോളിയൻ ഒരു സൈന്യവുമായി ഈജിപ്തിലെത്തി. പഴയ തലസ്ഥാനമായ അലക്സാൻഡ്രിയായിൽ താവളമടിച്ചു.

അവിടെനിന്നു് ഇന്ത്യയിലെത്തി ബ്രിട്ടീഷുകാരെ ഓടിച്ചു്, ഇന്ത്യ പിടിച്ചടക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പക്ഷേ, ഈജിപ്തിൽവെച്ചുതന്നെ യുദ്ധത്തിൽ തോറ്റതുകൊണ്ടു നെപ്പോളിയനു നാട്ടിലേക്കു തിരിച്ചുപോകേണ്ടിവന്നു. അങ്ങനെ പരാജയപ്പെട്ട ആ പദ്ധതിയിൽനിന്നു സുപ്രധാനമായ ഒരു സംഭവമുണ്ടായി. നെപ്പോളിയനു ബ്രൂസാർഡ് എന്നു പേരായി ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. അലക്സാൻഡ്രിയായ് ക്കു് അടുത്തുള്ള ഒരു കോട്ടയിലാണു് അയാൾ വാസമുറപ്പിച്ചിരുന്നതു്. ജോലിയൊന്നുമില്ലാത്ത അവസരങ്ങളിൽ അടുത്തുള്ള നൈൽനദിയുടെ തീരങ്ങളിൽ സുലഭമായിക്കണ്ട പ്രാചീനാവശിഷ്ടങ്ങൾ കണ്ടു നടക്കുകയായിരുന്നു ബ്രൂസാർഡിന്റെ പതിവു്. ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങൾകൊണ്ടു് ആ ഭാഗമെല്ലാം നിറഞ്ഞിരുന്നു. അവയിൽ പലതിലും ശിലാരേഖകളും ഉണ്ടായിരുന്നു. പക്ഷേ, പണ്ടത്തെ ഈജിപ്ഷ്യൻഭാഷ ആർക്കും വായിക്കാനറിഞ്ഞു കൂടാതിരുന്നതുകൊണ്ടു് ആരും അതിൽ ശ്രദ്ധിച്ചില്ല. അങ്ങനെയിരിക്കെയാണു് ഒരു ശിലാരേഖ ബ്രൂസാർഡിന്റെ കണ്ണിൽപെട്ടതു്. അതിൽ ഈജിപ്ഷ്യൻഭാഷയ്ക്കു പുറമേ ഗ്രീക്കുഭാഷയിലുള്ള എഴുത്തുമുണ്ടായിരുന്നു. രണ്ടു ഭാഷകളിലും എഴുതിയിരിക്കുന്നതു് ഒരേ കാര്യമാണെങ്കിൽ ഈജിപ്ഷ്യൻ ഭാഷയുടെ താക്കോൽ അതിൽനിന്നു കണ്ടുപിടിക്കാം എന്നു ബ്രൂസാർഡ് മനസ്സിലാക്കി. പക്ഷേ, യുദ്ധത്തിൽ തോറ്റു് പെട്ടെന്നു ഫ്രഞ്ചുകാർക്കു സ്ഥലംവിടേണ്ടിവന്നതുകൊണ്ടു് ബ്രൂസാർഡിനു് ആ ശിലാരേഖ കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഭാഗ്യവശാൽ വിജയികളായ ഇംഗ്ലീഷുകാർ ആ കല്ലും പൊക്കിയെടുത്തു് ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയി. ഈജിപ്തിന്റെ ചരിത്രം മനസ്സിലാക്കുവാൻ മനുഷ്യവർഗ്ഗത്തിനു് ആദ്യമായി ലഭിച്ച തുമ്പാണു് ആ കല്ലിൻകഷ്ണം.

പക്ഷേ, ആ ലിഖിതം വായിച്ചെടുക്കുവാൻ മുപ്പതുവർഷത്തെ താമസം വേണ്ടിവന്നു. ജീവിതം മുഴുവനും ഈജിപ്തിനെപറ്റി പഠിക്കുവാൻ ഉഴിഞ്ഞുവെച്ച ഷാബില്ലൻ എന്നൊരാളാണു് അതു വായിച്ചു മനസ്സിലാക്കിയതു്. ആ കല്ലിലുണ്ടായിരുന്നതു ടോളമി അഞ്ചാമൻ എന്ന രാജാവിന്റെയും അദ്ദേഹത്തിന്റെ രാജ്ഞി ക്ലിയോപാട്രയുടെയും കഥയാണു് മുമ്പുപറഞ്ഞ ക്ലിയോപാട്രായുടെ അമ്മൂമ്മയാണു് ഈ രാജ്ഞി. ഈജിപ്തുകാരുടെ പ്രാചീനഭാഷയിലെ അക്ഷരങ്ങളും മറ്റും മനസ്സിലായതിനുശേഷം അനേകം ഗവേഷകന്മാർ പഠനം നടത്തി വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കി. അങ്ങനെയാണു നമുക്കിന്നു് ഈജിപ്ഷ്യൻ സംസ്കാരത്തെപ്പറ്റി ചില കാര്യങ്ങൾ അറിയാൻ കഴിയുന്നതു്.

മനുഷ്യചരിത്രത്തിന്റെ അടിസ്ഥാനമാണു ഭക്ഷണം തേടൽ. ജീവിക്കുന്ന സ്ഥലത്തു ഭക്ഷണത്തിനു ക്ഷാമം നേരിട്ടാൽ മനുഷ്യൻ മറ്റു സ്ഥലങ്ങൾ തേടിപ്പോകും. സുഭിക്ഷതയുള്ള പ്രദേശങ്ങളിൽ അവൻ സ്ഥിരവാസമുറപ്പിക്കും. നൈൽനദിയുടെ ഇരുകരകളിലുമുള്ള പ്രദേശം ഫലഭൂയിഷ്ഠമാണെന്നു പ്രസിദ്ധമായിരുന്നു. സുലഭമായി കിട്ടുന്ന വെള്ളത്തിനുപുറമെ പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽനിന്നടിഞ്ഞുകൂടുന്ന എക്കൽ ആ നാടിനെ ഒന്നാംതരം കൃഷിസ്ഥലമാക്കി. നദിയിലാണെങ്കിൽ ധാരാളം മത്സ്യവുമുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ രാജ്യത്തിനു ചുറ്റും കണ്ണെത്താത്ത മരുഭൂമികളായിരുന്നതുകൊണ്ടു് അലഞ്ഞുതിരിയുന്ന അക്രമിവർഗ്ഗങ്ങൾക്കു് അവിടെവന്നു കൊള്ളചെയ്തു തിരിച്ചുപോകാനും അത്ര എളുപ്പമായിരുന്നില്ല. വെള്ളപ്പൊക്കക്കാലത്തു വിശാലമായ നൈൽനദിയിൽ കാണുന്ന ദ്വീപുകളിൽ താമസിക്കുന്നവരുടെ കാര്യം പ്രത്യേകിച്ചും സുരക്ഷിതമായിരുന്നു. ഈ സൗകര്യങ്ങൾ മനസ്സിലാക്കിയ അനേകവർഗ്ഗങ്ങൾ ക്രമേണ ഈജിപ്തിലേക്കു സംക്രമിച്ചു. ആഫ്രിക്കൻ വനങ്ങളിൽനിന്നു ചുരുണ്ട തലമുടിയും തടിച്ച ചുണ്ടുമുള്ള ഒരു വർഗ്ഗം ഈജിപ്തിലെത്തി. ഏഷ്യയിൽനിന്നു മഞ്ഞ നിറമുള്ള ഒരു വർഗ്ഗം വന്നു. അങ്ങനെ പല കൂട്ടരും പല ഭാഗങ്ങളിൽനിന്നുവന്നു വാസമുറപ്പിച്ചു. അവരെല്ലാം തമ്മിൽ എപ്പോഴും സമരം ചെയ്തിരുന്നു. അതേസമയംതന്നെ അവർ ഇഷ്ടികയുണ്ടാക്കുകയും വീടുപണിയുകയും ചെയ്തു. കാലക്രമത്തിൽ നൈൽതീരത്തു് അനേകം ഗ്രാമങ്ങൾ ഉയർന്നുവന്നു. മത്സരം ക്രമേണ ഒതുങ്ങി. എല്ലാവരും ചേർന്നു് വർഗ്ഗമായി പരിണമിച്ചു. നാട്ടിലെ സമൃദ്ധി എല്ലാവരേയും സംതൃപ്തരാക്കുന്ന വിധത്തിലായിരുന്നതുകൊണ്ടു് അവരുടെ പെരുമാറ്റത്തിൽ ഒരു വലിയ മാറ്റം സംഭവിച്ചു. അവർ ഹൃദയാലുക്കളായിത്തീർന്നു. ക്രൂരമായ പ്രവൃത്തികൾ അപൂർവ്വമായി. പരിമിതമായ പ്രയത്നം മാത്രം മതിയായിരുന്നതുകൊണ്ടു് അലസത വർദ്ധിച്ചു. പകൽ കുറച്ചു സമയം അവർ കൃഷിപ്പണിചെയ്യും. മിച്ചമുള്ള സമയം അവർ ഓരോ വിനോദത്തിനായി ചെലവാക്കും. അങ്ങനെ അവർ സന്തോഷമായി കഴിഞ്ഞുവന്നു.

പക്ഷേ, പ്രകൃതിശക്തികളെക്കുറിച്ചുള്ള ആശങ്കയും ഭയവും അവരെ വിട്ടുമാറിയിരുന്നില്ല. കല്ലും മരവും ഈശ്വരനായി സങ്കൽപിച്ചു് ആരാധിക്കുന്ന സമ്പ്രദായം അവിടെ സാധാരണമായിരുന്നു. അതിനും പുറമെ മറ്റൊരു പ്രത്യേകതകൂടി കാണാനുണ്ടു്. മരണത്തോടുകൂടി ജീവിതമവസാനിക്കുന്ന കാര്യം ഈജിപ്തുകാർക്കു് ഇഷ്ടമായില്ല. മരണാനന്തരം ഒരു നിത്യജീവിതമുണ്ടെന്നും ലോക ജീവിതം കേവലം ഒരു പീഠിക മാത്രമാണെന്നും അവർ വിശ്വസിച്ചു. അങ്ങനെയാണു മരിച്ചവരെ ആരാധിക്കുന്ന സമ്പ്രദായം ഈജിപ്തിൽ ആരംഭിച്ചതു്. ഓരോ ഗ്രാമത്തിനും അതിന്റെ സ്വന്തം ഈശ്വരന്മാരുണ്ടായിരുന്നു. മരക്കൊമ്പുകളിലും വിചിത്രാകൃതിയിലുള്ള കല്ലുകളിലുമൊക്കെയാണവയുടെ വാസം എന്നായിരുന്നു വിശ്വാസം. പുഷ്പങ്ങൾ, ഭക്ഷ്യസാധനങ്ങൾ മുതലായവ അവയ്ക്കു നിവേദിക്കുകയും പതിവായിരുന്നു. യുദ്ധങ്ങളുണ്ടാകുമ്പോൾ ഓരോ ഗ്രാമക്കാരും അവരുടെ ഈശ്വരനെ കൂടെ കൊണ്ടുപോകും. ഇങ്ങനെ എണ്ണമറ്റ ദേവതകൾ ഉണ്ടായിരുന്നിട്ടും ഈജിപ്തുകാർക്കു തൃപ്തിയായില്ല. ചില മുഖ്യദൈവങ്ങൾ വേണമെന്നു് അവർക്കു തോന്നി. പ്രകൃത്യാരാധനയുടെ കുറെക്കൂടി വിശാലമായ രൂപങ്ങൾ അവിടെ നിലവിൽവന്നു. സൂര്യൻ, നൈൽനദി, ഇടിവെട്ടു്, മിന്നൽപ്പിണർ, ചന്ദ്രൻ മുതലായവ നാട്ടിനു പൊതുവായ ദൈവങ്ങളായിത്തിർന്നു. ഈശ്വരനെക്കുറിച്ചു് അവർക്കുള്ള ബോധം വെറും ഭയത്തിൽ നിന്നു നന്മയോടുള്ള ഭക്തിയായി ഉയർന്നുവെന്നു് അവരുടെയിടയിൽ അക്കാലത്തു പ്രചരിച്ചിരുന്ന ഒരു കഥ തെളിയിക്കുന്നുണ്ടു്. കഥയിതാണു്:
“പണ്ടുപണ്ടു് ഓസീറിസ് എന്നൊരു രാജാവു് നൈൽതാഴ്‌വര ഭരിച്ചിരുന്നു. അദ്ദേഹം ഒരു പുരുഷോത്തമനായിരുന്നു. അദ്ദേഹമാണു് പ്രജകളെ നിലമുഴുവാൻ പഠിപ്പിച്ചതു്. നീതിയും ന്യായവും തികഞ്ഞ അനേകം നിയമങ്ങൾ അദ്ദേഹമുണ്ടാക്കി. അദ്ദേഹത്തിനു സെത്തു് എന്നു പേരായ ഒരനുജനുണ്ടായിരുന്നു. സെത്തു് ദുഷ്ടനാണു്. അയാൾക്കു് ഓസീറിസിനോടു ശക്തിയായ അസൂയയുണ്ടു്. ഒരുദിവസം സെത്തു് ഓസീറിസിനെ വിരുന്നിനു ക്ഷണിച്ചു. വിരുന്നിനുശേഷം സെത്തു് ഓസീറിസിനെ വിചിത്രമായ ഒരു ശവപ്പെട്ടി കാണിച്ചു. അതിൽ കിടന്നു നോക്കിയാൽ അതിന്റെ സവിശേഷതകൾ അറിയാൻ സാധിക്കും എന്നു പറഞ്ഞു് ഓസീറിസിനെ അതിൽ കിടക്കാൻ സെത്തു് പ്രേരിപ്പിച്ചു. ഓസീറിസ് അതിൽ കിടന്ന ഉടനെ സെത്തു് അതു നൈൽനദിയിൽ എറിഞ്ഞു കളഞ്ഞു. വിവരമറിഞ്ഞു് ഓസീറിസിന്റെ ഭാര്യ ഐസിസ് നൈൽ തീരത്തിൽചെന്നു കാത്തുനിന്നു. കുറച്ചുകഴിഞ്ഞു് നൈൽനദി പെട്ടി കരയ്ക്കടുപ്പിച്ചു. പെട്ടിയെടുത്തു കൊട്ടാരത്തിൽവെച്ചിട്ടു് ഐസിസ് തന്റെ പുത്രൻ ഹോറസിനെ അന്വേഷിച്ചുപോയി. ഹോറസ് മറ്റൊരു രാജ്യം ഭരിക്കുകയായിരുന്നു. ഐസിസ് പോയ ഉടനെ സെത്തു് പെട്ടി തുറന്നു് ഓസീറിസിന്റെ ശരീരം പതിനാലു കഷ്ണമാക്കി മുറിച്ചു. ഐസിസ് തിരിച്ചുവന്നപ്പോൾ അതു കണ്ടു. അവർ ആ പതിനാലു കഷ്ണങ്ങളും കൂട്ടിത്തയ്ച്ചു. അപ്പോൾ ഓസീറിസിനു ജീവൻ തിരിച്ചുകിട്ടി. അന്നു മുതൽ ഓസീറിസ് ചിരകാലം പാതാള രാജാവായിരിക്കുന്നു. സെത്തു് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹോറസ് അയാളെ പിടികൂടി വധിച്ചു.”

ഈശ്വരന്മാരെക്കുറിച്ചു് ഈജിപ്തുകാർക്കുണ്ടായിരുന്ന മറ്റൊരു കഥ ഇതാണു്: “റാ എന്ന ദൈവം ലോകം സൃഷ്ടിച്ചുകഴിഞ്ഞു് അതു സ്വയം ഭരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണു് മനുഷ്യൻ മര്യാദവിട്ടു പെരുമാറുവാൻ തുടങ്ങിയതു്. റാ അതുകണ്ടു് ക്ഷോഭിച്ചു് ഭരണാധികാരം തന്റെ മക്കളായ ഫറവോമാർക്കു വിട്ടുകൊടുത്തു് ആകാശത്തിലേക്കു തിരിച്ചുപോയി. എല്ലാ ദിവസവും റാ മിന്നിത്തിളങ്ങുന്ന ഒരു വഞ്ചിയിൽ കയറി ആകാശത്തിൽക്കൂടി വേട്ടയാടും. അന്ധകാരത്തിന്റെ പിശാചിനെയാണു് വേട്ടയാടുന്നതു്. എല്ലാദിവസവും വൈകുന്നേരം വഞ്ചി പാതാളത്തിലെത്തും. അടുത്ത പ്രഭാതത്തിൽ പിന്നെയും ആകാശത്തിലേക്കു വരികയും ചെയ്യും.” ഈ കഥയനുസരിച്ചാണു് ഫറവോ രാജാക്കന്മാർ സൂര്യവംശരാണെന്നവകാശപ്പെട്ടതു്.
ഇതുകൂടാതെ മറ്റുപല ദേവന്മാരും ഈജിപ്തുകാർക്കുണ്ടായിരുന്നു. മറ്റുപല കർഷക ജനതകൾക്കുള്ളതുപോലെയായിരുന്നു അവരുടെയും വിശ്വാസങ്ങൾ. ഈജിപ്തുകാരുടെ ജീവിതമാർഗ്ഗം കൃഷിയായിരുന്നു. കിട്ടിയ സ്ഥലങ്ങളെല്ലാം അവർ കൃഷിചെയ്തു. ഗോതമ്പും മുന്തിരിയും മറ്റുമായിരുന്നു പ്രധാനകാർഷികോല്പന്നങ്ങൾ. മണ്ണുകൊണ്ടുണ്ടാക്കിയ ഇഷ്ടികകൾ ഉപയോഗിച്ചു വീടുപണിയാൻ അവർ പഠിച്ചു. വീടുകളുടെ അകം സാധാരണയായി വളരെ ഉഷ്ണം കുറഞ്ഞിരിക്കും. മുകളിലുള്ള മച്ചിൽ ഇരുന്നു് കാറ്റുകൊള്ളുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു. ഭിത്തികളിൽ അവർ ചിത്രങ്ങൾ വരയ്ക്കും. വീട്ടുസാമാനങ്ങൾ ഭംഗിയായി ഉണ്ടാക്കാൻ അവർക്കറിയാമായിരുന്നു. വീട്ടിനുചുറ്റും പച്ചക്കറിത്തോട്ടങ്ങളും മുന്തിരിത്തോട്ടങ്ങളും ഉണ്ടായിരിക്കും. താമരക്കുളങ്ങളിൽ മത്സ്യം വളർത്തിയിരുന്നു. ഇത്തരം കുളങ്ങളുടെ കരയിൽ പാപ്പിറസ് എന്നുപറയുന്ന ഓടച്ചെടികൾ വളർന്നിരുന്നു (ഇതിൽ നിന്നാണു കടലാസുണ്ടാക്കിയിരുന്നതു്). കുഞ്ഞുങ്ങൾക്കു കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന സമ്പ്രദായംപോലും അന്നത്തെ ഈജിപ്തുകാർക്കറിയാമായിരുന്നു.
കൃഷിക്കു പുറമെ ഈജിപ്തുകാർ ചിലതരം ജന്തുക്കളെ ഇണക്കി വളർത്താൻ പഠിച്ചു. കന്നുകാലി, കഴുത, ആടു്, പന്നി, വാത്ത, താറാവു് എന്നിവയെല്ലാം ഈജിപ്തിൽ സുലഭമായിരുന്നു. ഇതിനെല്ലാം പുറമെ നദിയിൽനിന്നു മത്സ്യത്തെ കുന്തംചാണ്ടി പിടിക്കുന്ന വിദ്യയും അവർ പഠിച്ചു. കൃഷി സംബന്ധിച്ചു് അവർ കണ്ടുപിടിച്ച ചില സമ്പ്രദായങ്ങൾ ശ്രദ്ധേയമാണു്. വെള്ളപ്പൊക്കത്തിനെതിരായി ചിറകെട്ടാനും വെള്ളമില്ലാത്തപ്പോൾ കുളങ്ങൾ ഉണ്ടാക്കി വെള്ളം തേകിയൊഴിക്കാനും അവർക്കറിയാമായിരുന്നു. നൈൽനദിയിൽ അവർ വഞ്ചിയോടിച്ചു. ധനികന്മാർക്കു വളരെ വലിയ വഞ്ചികളുണ്ടായിരിക്കും. ഏറ്റവും വലിയ വഞ്ചി രാജാവിന്റേതായിരുന്നു.

പക്ഷേ, ഇവയിലെല്ലാം മുഖ്യമായ ഈജിപ്ഷ്യൻ കണ്ടുപിടിത്തം അക്ഷരജ്ഞാനമാണു്. ആ കാലത്തിനുമുമ്പു് അക്ഷരങ്ങളുണ്ടായിരുന്നില്ല. ഈജിപ്തുകാരുടെ അന്നത്തെ എഴുത്തുഭാഷ ചിത്രങ്ങൾപോലെയായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോൾ അല്പംകൂടി ലളിതമായ ഒരു എഴുത്തുസമ്പ്രദായവും അവർ കണ്ടുപിടിക്കുകയുണ്ടായി. പാപ്പിറസ് എന്ന ചെടിയിൽനിന്നുണ്ടാക്കുന്ന ഒരുതരം കടലാസിലാണു് അവർ എഴുതിക്കൊണ്ടിരുന്നതു് (ഏതാണ്ടു് നമ്മുടെ താളിയോലകൾപോലെ). എഴുതുന്നതു് ഒരുതരം ഓടൽക്കഷ്ണങ്ങൾ ചായത്തിൽ മുക്കിയിട്ടാണു്. ധനികന്മാരുടെ ധനത്തിന്റെയും മറ്റും കണക്കുകൾ, നീതികഥകൾ, പഴഞ്ചൊല്ലുകൾ, ചരിത്രശകലങ്ങൾ, ഗണിതശാസ്ത്രം മുതലായവയെല്ലാം അവർ എഴുതാൻ പഠിച്ചു (ഒരുവർഷത്തെ 365 ദിവസങ്ങളായിട്ടും, ആഴ്ചയ്ക്കു് ഏഴു ദിവസങ്ങളായിട്ടും നിശ്ചയിച്ചതു് അന്നുള്ള ഈജിപ്തുകാരാണെന്നതു് അത്ഭുതം തന്നെ). എഴുത്തു പഠിച്ച ഒരു പ്രത്യേകവിഭാഗംതന്നെ അവർക്കുണ്ടായിരുന്നു. എഴുത്തിനുള്ള സാമഗ്രികൾ എന്തെല്ലാമായിരുന്നുവെന്നറിയുമ്പോൾ നമുക്കു രസം തോന്നും. ഓടൽകൊണ്ടുള്ള തൂലിക, പേനാക്കത്തി, ചായം, ചായംകൂട്ടാനുള്ള പലക, ചായത്തിന്റെ വസ്തുക്കൾ അരയ്ക്കാനുള്ള കുഴിഞ്ഞ ചാണയും കല്ലും, വെള്ളത്തിനുള്ള പാത്രം, ഇവയെല്ലാം സംഭരിച്ചുവയ്ക്കാനുള്ള തുകൽസഞ്ചി ഇത്രയുമാണു് എഴുത്തുകാരുടെ ഉപകരണങ്ങൾ.
ഇങ്ങനെ വളർത്തിക്കൊണ്ടുവന്ന ഭാഷയാണു് അവർ അനേകമായിരം കല്ലുകളിൽ കൊത്തിവെച്ചതു്. അങ്ങനെ കല്ലുകളിൽ കൊത്തിവെയ്ക്കുകയും കടലാസിലും ഭിത്തിയിലും വരച്ചുവെയ്ക്കുകയും ചെയ്ത രേഖകളിൽനിന്നു നമുക്കു് ഈജിപ്തിന്റെ പഴയ കാലങ്ങളെപ്പറ്റി പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടു്. ഈജിപ്തിൽ തുടർച്ചയായി മുപ്പതു രാജവംശങ്ങൾ വാണിരുന്നുവെന്നു പറയുമ്പോഴറിയാമല്ലോ ആ രാജ്യത്തിന്റെ ചരിത്രമെത്ര ദീർഘമാണെന്നു്.
മറ്റു കാർഷികരാജ്യങ്ങളെന്നപോലെ ഈജിപ്തും അന്യരാജ്യങ്ങളെ ആക്രമിക്കുന്നതിൽ വിമുഖത കാണിച്ചു. സമാധാനപരമായ അവരുടെ മനോഭാവത്തെ കാണിക്കുന്ന ഒരു കഥയും അവർക്കുണ്ടു്.
‘സിറിയരാജ്യം ആക്രമിക്കാൻപോയ ഒരു ഈജിപ്ഷ്യൻ കപ്പൽ കൊടുങ്കാറ്റിൽപ്പെട്ടു മുങ്ങി. അതിലുണ്ടായിരുന്ന ഒരു നാവികൻ ഒരു ദ്വീപിൽ ചെന്നുപറ്റി. അവിടെ സുഖമായി താമസിക്കാമെന്നു വിചാരിക്കുമ്പോൾ നീലരത്നംകൊണ്ടുണ്ടാക്കി സ്വർണ്ണം പൊതിഞ്ഞ ഒരു ഭയങ്കരസർപ്പം അയാൾക്കു പ്രത്യക്ഷപ്പെട്ടു. ഭയപ്പെട്ടു വിറച്ചുനിന്ന നാവികനോടു് ആ സർപ്പം പറഞ്ഞു: “നീ ഭയപ്പെടേണ്ട, നിന്നെ രക്ഷിക്കാൻ ഇപ്പോൾ ഒരു കപ്പൽ വരും. നീ കപ്പലിൽ കയറിക്കഴിയുമ്പോൾ ഈ ദ്വീപു് താഴ്‌ന്നുപോകുകയും ചെയ്യും.” സർപ്പം പറഞ്ഞതുപോലെ ഒരു കപ്പൽ പ്രത്യക്ഷപ്പെട്ടു, നാവികനെ രക്ഷപ്പെടുത്തി. നാവികൻ തിരിഞ്ഞുനോക്കിയപ്പോഴേക്കും ദ്വീപു് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.’
ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ യുദ്ധങ്ങളുണ്ടായി. ഈജിപ്തിന്റെ സമ്പത്തുകണ്ടു് അവിടെവന്നു താമസിക്കാൻ ശ്രമിച്ച പല വർഗ്ഗക്കാരും രാജ്യം ആക്രമിച്ചു. അവരിൽ മുഖ്യവർഗ്ഗത്തിനെ ‘ഹിസ് കോസ്’ എന്നാണു പറയുക. ഈ വാക്കിനു് ഈജിപ്തുകാരുടെ ഭാഷയിൽ ആട്ടിടയന്മാർ എന്നാണർത്ഥം. കിഴക്കൻമരുഭുമികളിൽനിന്നു വന്ന ഈ വർഗ്ഗം വളരെ ക്രൂരന്മാരായിരുന്നു. അവർ ജയിച്ചു നാട്ടുകാരെ മർദ്ദിക്കാൻ തുടങ്ങി. കുറെക്കഴിഞ്ഞു് ആമെസ് എന്ന ഒരു നാടൻ രാജാവിന്റെ നേതൃത്വത്തിൽ ഈജിപ്തുകാർ ഹിസ്കോസിനെ തോൽപ്പിച്ചോടിച്ചു. ഈ ആക്രമണത്തിൽ നിന്നു് ഈജിപ്തിനു് ഒരു ഗുണമുണ്ടായി. കുതിരകളെയും രഥങ്ങളേയും യുദ്ധത്തിനുപയോഗിക്കുന്ന വിദ്യ ഈജിപ്തുകാർ പഠിച്ചതു ഹിസ്കോസിൽനിന്നാണു്. അക്കാലത്തിനുശേഷം ഈജിപ്തുകാർ യുദ്ധത്തിൽ കുറെക്കൂടി സാമർത്ഥ്യം കാണിച്ചു. പല രാജാക്കന്മാരും ആക്രമികളെ തോല്പിപിക്കുകയും അടുത്തുള്ള രാജ്യങ്ങൾ കീഴടക്കുകയും ചെയ്തിട്ടുണ്ടു്. അങ്ങനെയാണു് സിറിയയും മറ്റും ഫറവോമാരുടെ കീഴിൽ വന്നതു്.
ഇത്തരം യുദ്ധങ്ങളിൽനിന്നു ഫറവോമാർ വളരെ സമ്പത്തു് കൊള്ളചെയ്തു കൊണ്ടുവന്നു. അക്കൂട്ടത്തിൽ അനേകം അടിമകളേയും അവർ കൊണ്ടുവന്നു. ഈ അടിമകളെക്കൊണ്ടു കൃഷിപ്പണിചെയ്യിക്കുക പതിവായിരുന്നു. കെട്ടിടങ്ങൾ പണിയുവാനും അവർ പ്രയോജനപ്പെട്ടു. ഇങ്ങനെ സമ്പത്തു വർദ്ധിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ മറ്റൊരു കാര്യവും അവിടെ നടന്നുകൊണ്ടിരുന്നു. സാധാരണ കൃഷിക്കാർ ദരിദ്രരായിത്തീർന്നു് ഉള്ള സമ്പത്തെല്ലാം ചിലരുടെ കൈയിൽ ചെന്നുകൂടി. അവിടെ ഒരു പ്രഭുവർഗ്ഗം ഉണ്ടായി. അവരുടെ തൊഴിൽ രാജസേവയായിരുന്നു. പ്രജകളെ ഒതുക്കിനിർത്തുവാനും, കരംപിരിക്കുവാനും എല്ലാം നിയുക്തരായതു് ഈ പ്രഭുവർഗ്ഗമാണു്. സമർത്ഥന്മാരെല്ലാം പ്രഭുക്കന്മാരായിത്തീരുകയും സാധാരണ കൃഷിക്കാർ കൂടുതൽ ദരിദ്രരായിത്തീരുകയും ചെയ്തു. അവർ കൃഷിചെയ്തുണ്ടാക്കുന്നതിൽ വലിയൊരു പങ്കു് രാജഭോഗമായി അവരിൽനിന്നും എടുക്കപ്പെട്ടു. ഇതിനു പുറമെ ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, ശവകുടീരങ്ങൾ മുതലായ പൊതുമന്ദിരങ്ങൾ പണിയാൻ പ്രയത്നിക്കാൻ അവർ നിർബ്ബന്ധിതരായിത്തീർന്നു. യഥാർത്ഥത്തിൽ അവരുടെ നില അടിമകളുടേതിനേക്കാൾ കഷ്ടമായിത്തീർന്നു എന്നു പറയാം. അവരെ അടിക്കുകയും പട്ടിണിയിടുകയും ചെയ്യുക പതിവായിരുന്നു. അപൂർവ്വമായി വല്ലപ്പോഴും അവർ അനുസരണക്കേടു കാണിച്ചാൽ അവരെ അമർത്താൻ പ്രഭുക്കന്മാർ തയ്യാറാകും. ഈ ആവശ്യത്തിനു് ഓരോ ഗ്രാമത്തിലും ഗ്രാമത്തലവന്മാർ നിയുക്തരായി. നിയമങ്ങൾ പാലിക്കേണ്ടതും രാജാവിന്റെ ഹിതം നടത്തേണ്ടതും കരംപിരിക്കേണ്ടതും എല്ലാം അവരാണു്. സൗജന്യസേവനത്തിനു് ആളുകളെ നിർബ്ബന്ധിക്കേണ്ടതും അവർതന്നെ. ഈ ഗ്രാമത്തലന്മാരുടെമേൽ പ്രഭുക്കന്മാർക്കു് അധികാരമുണ്ടായിരുന്നു. അവരുടെയെല്ലാം മുകളിൽ ഫറവോരാജാവും. നാട്ടിൽ നിയമങ്ങളുണ്ടാക്കുക, റോഡുകൾ പണിയിക്കുക, സൈന്യം ശേഖരിക്കുക മുതലായ പൊതുകാര്യങ്ങളെല്ലാം ഫറവോയുടെ അധികാരത്തിലായിരുന്നു.
ഇങ്ങനെ ഒരു സാമൂഹ്യഘടന ഉണ്ടായതിൽ അനീതികൾ കാണാമെങ്കിലും അതിനു് ഒരു നല്ല വശവുമുണ്ടു്. അനേകമാളുകൾകൂടി ജീവിക്കുമ്പോൾ ഓരോരുത്തനും അവനവന്റെ സ്വന്തംകാര്യം മാത്രം നോക്കിയാൽ പോരാ. അതു് നിരന്തരമായ കലഹത്തിനു വഴിവെയിക്കുകയായിരിക്കും. ശക്തിയുള്ള ദുഷ്ടന്മാർ മറ്റുള്ളവരെ എല്ലാം ദ്രോഹിക്കും. മാതമല്ല മനുഷ്യർ പെരുമാറേണ്ട യാതൊരു തീരുമാനങ്ങളും ഉണ്ടായിരിക്കയില്ല. നിയമങ്ങൾ ഉണ്ടെങ്കിൽത്തന്നെ അവ നടപ്പിലാക്കുവാൻ ആർക്കും കഴിയുകയില്ല. ഈജിപ്തുപോലെയുള്ള ഒരു രാജ്യത്തു യോജിച്ചു പ്രവർത്തിക്കാതെ നിവൃത്തിയില്ലാത്ത മറ്റു കാര്യങ്ങളുമുണ്ടു്. നൈൽനദിപോലെ പതിവായി വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു നദിയിൽ അണക്കെട്ടുകളും മറ്റുമുണ്ടാക്കുവാനും നാട്ടിൽ പൊതുനിരത്തുകൾ ഉണ്ടാക്കുവാനും വ്യക്തികളോ ഗ്രാമങ്ങൾ മാത്രമോ ശ്രമിച്ചാൽ സാധിക്കുകയില്ല. അതിനെല്ലാം ആയിരക്കണക്കിനുള്ള ആളുകൾ പണിയെടുക്കണം. അത്രയേറെ ആളുകളെ ഒരുമിച്ചു ചേർക്കാനും അവരെ നയിക്കാനും അധികാരം ഉള്ള ഒരാൾക്കേ കഴിയൂ. അങ്ങനെ കൂടിയേ തീരൂ എന്നുവന്ന ഒരുതരം സാമൂഹ്യസംഘടനയാണു ഫറവോമാരുണ്ടാക്കിയതു്. നാം അതിനു രാഷ്ട്രം എന്നു പറയുന്നു. ഇന്നു ലോകത്തിലുള്ള മനുഷ്യരെല്ലാം ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ അംഗങ്ങളാണു്. ഇന്ത്യാ, ചൈന, ഇംഗ്ലണ്ടു് എന്നൊക്കെ പറയുന്നതു് ഓരോ രാഷ്ട്രങ്ങളാണു്. ഇങ്ങനെ രാഷ്ട്രങ്ങളില്ലാത്ത ഒരു സ്ഥിതി ഊഹിക്കുവാൻതന്നെ നമുക്കു കഴിയുകയില്ല. എന്നാൽ, പ്രാചീനകാലത്തു് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അറിയപ്പെടുന്ന ചരിത്രത്തിൽ ആദ്യമായി അങ്ങനെയൊന്നുണ്ടായതു് ഈജിപ്തിലാണു്. മനുഷ്യസംസ്ക്കാരത്തിനു് ഈജിപ്തുകാർ നൽകിയ അതിപ്രധാനമായ ഒരു സംഭാവനയാണതു്. അതിന്റെ ഗുണവും അവരനുഭവിച്ചു. അക്കാലത്തു് പരസ്പരം കലഹിച്ചുനടന്ന ജനങ്ങൾ നശിച്ചുപോയപ്പോൾ ഈജിപ്തുകാർ ഉന്നതമായ ഒരു സംസ്ക്കാരം സൃഷ്ടിച്ചു. ആ വർഗ്ഗം മുഴുവനും ചത്തുകഴിഞ്ഞിട്ടും അന്നവർ സൃഷ്ടിച്ച അത്ഭുതങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ടു്. അയ്യായിരം വർഷം മുമ്പാണു് ഈജിപ്ത് രാഷ്ട്രം എന്ന സംഘടന കണ്ടുപിടിച്ചതു്. ശത്രുക്കളെ യോജിച്ചുനിന്നെതിർത്തു തോൽപിക്കാൻ അവർക്കു കഴിഞ്ഞു. അവർ നിയമങ്ങൾ നിർമ്മിച്ചു, പാലിച്ചു, സമാധാനപരമായ സാമൂഹ്യജീവിതം നയിച്ചു. കെട്ടിങ്ങൾ നിർമ്മിക്കുന്നതിലും ശാസ്ത്രം വളർത്തുന്നതിലുമെല്ലാം മറക്കാനാവാത്ത സിദ്ധികൾ കൈവരിച്ചു. അന്നു് അങ്ങനെ സ്ഥാപിച്ച മഹിമയാണു് ഇന്നും ഈജിപ്തിന്റെ പ്രസിദ്ധി നിലനിറുത്തുന്നതു്.
ഈജിപ്തിന്റെ പ്രസിദ്ധിയിൽ ഏറ്റവും മുഖ്യമായ ഇനം പിരമിഡുകളാണു്. എന്താണിവ?

നേരത്തേ പറഞ്ഞല്ലോ. ഇഹലോകജിവിതം പരലോകജീവിതത്തിന്റെ ഒരു മുന്നോടിയായി മാത്രം ഈജിപ്തുകാർ കണക്കാക്കിയിരുന്നുവെന്നു്. ഈ വിശ്വാസംമൂലം ശവസംസ്കാരത്തിന്റെ കാര്യത്തിൽ അവർ വളരെ താല്പര്യം കാണിച്ചു. ഈ ലോകത്തിൽ നമുക്കുള്ള ശരീരത്തോടുകൂടിത്തന്നെയാണു നാം പരലോകത്തിലെത്തുന്നതെന്ന വിശ്വാസമാണവർക്കുണ്ടായിരുന്നതു്. അങ്ങനെയാണെങ്കിൽ ഇവിടെ മനുഷ്യന് ആവശ്യമുള്ളതെല്ലാം അവിടെയും ഉണ്ടായിരിക്കണമല്ലോ. ഈ ധാരണയുടെ ഫലമായി ശവസംസ്ക്കാരത്തിൽ രണ്ടു് സമ്പ്രദായങ്ങൾ വളർന്നുവന്നു. ഒന്നു്, ശരീരം കേടുവരാതെ സൂക്ഷിക്കുക. രണ്ടു്, സംസ്ക്കരിക്കപ്പെടുന്നവനു ആവശ്യമുള്ള വസ്തുക്കളെല്ലാം കൈയെത്തുന്ന അകലത്തിൽത്തന്നെ സംഭരിക്കുക. ആദ്യകാലത്തു് ഇതൊന്നും പറയത്തക്ക തോതിൽ നടന്നിരുന്നില്ല. പക്ഷേ, ക്രമേണ പ്രഭുവർഗ്ഗങ്ങളുയർന്നുവന്നതോടുകൂടി അവർക്കു ശവസംസ്ക്കാരത്തിലുള്ള താല്പര്യം വർദ്ധിച്ചു. തമ്മിൽത്തമ്മിലുള്ള മത്സരവും അതിനു സഹായിച്ചു. ആദ്യമെല്ലാം ശവംവയ്ക്കുന്ന കുഴിയിൽ ഒരു ദീർഘയാത്രയ്ക്കു് അവശ്യം വേണ്ട സാധനങ്ങൾ എല്ലാം നിക്ഷേപിക്കുന്ന രീതി തുടങ്ങി. കഴിവനുസരിച്ചു കൂടുതൽ വിഭവങ്ങൾ നിക്ഷേപിക്കാനുള്ള വാസന ഈജിപ്ഷ്യൻ സംസ്ക്കാരം നിലനിന്നനാൾ മുഴുവനും തുടർന്നു. ശവംവെച്ച കുഴിയുടെമേൽ മണ്ണുകൊണ്ടു് ഒരു സ്തംഭമുണ്ടാക്കുന്ന സമ്പ്രദായമായിരുന്നു മറ്റൊന്നു്. ഇതും ക്രമേണ വളർന്നു. നല്ല ഇഷ്ടികകൾകൊണ്ടു പണിതുയർത്തിത്തുടങ്ങി. രാജാക്കന്മാർ ഇതുകൊണ്ടും തൃപ്തിപ്പെടാതെ കല്ലുകൊണ്ടുതന്നെ സ്മാരകങ്ങൾ പണിതു. അക്കാലമായപ്പോഴേക്കും മരിച്ച മനുഷ്യശരീരം ചീഞ്ഞുപോകാതെ സൂക്ഷിക്കുന്നതിനുള്ള ഒരു വിദ്യ ഈജിപ്തുകാർ കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. ഇന്നും മനുഷ്യർക്കറിവില്ലാത്ത ഏതോ ഒരു വിദ്യയാണതു്. ആ സമ്പ്രദായമനുസരിച്ചു സംസ്ക്കരിച്ച ശരീരങ്ങൾ ഇന്നും കേടുപാടുകൂടാതെയിരിക്കുന്നുണ്ടു്. മമ്മി എന്നാണവയുടെ പേർ. വിചിത്രമായ ശവപ്പെട്ടികളിൽവെച്ചു് അവയ്ക്കു ചുറ്റും വളരെയേറെ വിലപിടിച്ച വസ്തുക്കളുംവെച്ചാണു ഫറവോമാരെ സംസ്ക്കരിച്ചിരുന്നതു്. ശവകുടീരത്തിന്റെ അകത്തെ ചുമരുകളിൽ അന്നു വരച്ച ചിത്രങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ടു്. പക്ഷേ. ഇവയിലേറ്റവും അത്ഭുതം കുഴിക്കുമേൽ പണിതുയർത്തിയ സ്മാരകങ്ങൾതന്നെ. നാലുവശത്തുനിന്നും ഒരു സ്ഥാനത്തേക്കുയരുന്ന പിരമിഡുകളാണു് അവയുടെ ഏറ്റവും ഉൽകൃഷ്ടരൂപം. വളരെ ദൂരെനിന്നുകൊണ്ടുവന്ന കല്ലുകൾകൊണ്ടാണു് ഇവ പണിതിരിക്കുന്നതു്. ഇവയിൽ ഏറ്റവും പ്രസിദ്ധമായ പിരമിഡിനു് 500 അടി ഉയരമുണ്ടു്. എഴുന്നൂറ്റമ്പതടി ചതുരമുള്ള ഒരു അടിസ്ഥാനത്തിൽ നിന്നാണതു് ഉയരുന്നതു്. പതിമൂന്നേക്കർ സ്ഥലം അതുകൊണ്ടു നിറഞ്ഞിരിക്കയാണു്. ഇന്നുള്ള ക്രൈസ്തവദേവാലയങ്ങളിൽ ഏറ്റവും വലിയതായ റോമിലെ പള്ളിയുടെ മൂന്നിരട്ടിസ്ഥലത്തു നിൽക്കുന്ന ഈ ഈജിപ്ഷ്യൻ ശവകുടീരം അയ്യായിരം വർഷംമുമ്പു പണിചെയ്തതാണു്. ആ സംസ്ക്കാരം അത്രയേറെ ഉയർന്നിരുന്നു.
പക്ഷേ, ആ സംസ്ക്കാരവും അവസാനിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല. ആദ്യം ഈജിപ്തിലെത്തി ആ സംസ്ക്കാരത്തിനു വിത്തുപാകിയവർ അവരുടെ സേനാനായകനെ ഫറവോ എന്നു വിളിച്ചു. അദ്ദേഹം ഈജിപ്തിന്റെ വടക്കുഭാഗത്തായി മെംഫിസ് എന്ന നഗരം പണിതു രാജ്യഭാരം ചെയ്തു. ആ രാജവംശം രണ്ടായിരം വർഷക്കാലം ഭരിച്ചു. അപ്പോഴേക്കും ആ രാജവംശത്തിന്റെ ഭരണശേഷി കുറഞ്ഞു. മെംഫിസിനു് 350 മൈൽ തെക്കുള്ള തീബ്സ് എന്ന നഗരത്തിൽ ഒരു രാജകുടുംബം ഉയർന്നുവന്നു. അവർ നൈൽതാഴ്‌വര മുഴുവനും കൈവശപ്പെടുത്താൻ ശ്രമിച്ചു. ക്രിസ്തുവിനു 2400 വർഷംമുമ്പു് അവർ അതിൽ വിജയിച്ചു. ഈ രാജകുടുംബമാണു് ആക്രമണങ്ങളും മറ്റും നടത്തിയതു്. അവർ എത്തിയോപ്പിയാ രാജ്യം പിടിച്ചടക്കിയതായി പറയുന്നുണ്ടു്. സിറിയയിലും ബാബിലോണിയയിലും എല്ലാം അവർ ആക്രമണങ്ങൾ നടത്തി. അവരുടെ കാലത്താണു് അനേകം അണക്കെട്ടുകളും മറ്റും ഉണ്ടാക്കിയതു്. കണക്കുശാസ്ത്രവും നക്ഷത്രഗണിതവുമെല്ലാം അന്നു വളർന്നുവന്നു. മറ്റു രാജ്യങ്ങളുമായി അവർ കച്ചവടത്തിലേർപ്പെടു. ഈജിപ്ത് ലോക്രപ്രസിദ്ധയായി. നാനൂറുവർഷം അവരങ്ങനെ ഭരിച്ചു. അതിനുശേഷം അവർ മടിയന്മാരും സുഖലോലുപന്മാരുമായിത്തിർന്നു. അറേബ്യൻ മരുഭൂമികളിൽനിന്നു വന്ന ഒരു കാടൻവർഗ്ഗം അവരുടെ സൈന്യത്തെ തോല്പിച്ചു. വേഗതകൂടിയ കുതിരപ്പുറത്തു വന്നു വില്ലുമമ്പും പ്രയോഗിച്ച അക്കൂട്ടർക്കു് ഈജിപ്ത് മുഴുവനും പിടിച്ചടക്കാൻ വിഷമമുണ്ടായില്ല. അവർ തലസ്ഥാനം നൈൽ നദീമുഖത്തേക്കു മാറ്റിസ്ഥാപിച്ചു. ഇക്കൂട്ടരേയാണു ഹിസ്കോസ് എന്നു വിളിക്കുന്നതു്. അവർ അഞ്ചു ശതാബ്ദക്കാലം ഈജിപ്ത് ഭരിച്ചു. അവർ പ്രാചീനദേവതകളെ അപമാനിക്കുകയും നാട്ടുകാരെ മർദ്ദിക്കുകയും ചെയ്തുകൊണ്ടിരുന്നു. മർദ്ദനം ദുസ്സഹമായപ്പോൾ തീബ്സ് നഗരക്കാരനായ ഒരാളുടെ നേതൃത്വത്തിൽ ജനങ്ങൾ വിപ്ലവം നടത്തി ജയിച്ചു. അറബികളെ ഓടിച്ചുകളഞ്ഞു. ആമെസ് എന്നായിരുന്നു ഈ നേതാവിന്റെ പേര്. അദ്ദേഹം ഒരു പുതിയ രാജവംശമാരംഭിച്ചു. ആ വംശത്തിൽപ്പെട്ട തെതോമോസിസ് എന്ന രാജാവു് ആക്രമണങ്ങൾ നടത്തി. മെസപ്പൊട്ടേമിയാ വരെ അദ്ദേഹം കീഴടക്കി. അങ്ങനെ ഈജിപ്തിന്റെ ശക്തി വർദ്ധിപ്പിച്ചിട്ടു് അദ്ദേഹം മരിച്ചു. അച്ഛന്റെ പ്രവൃത്തികൾ തുടർന്നു് ആ രാജവംശത്തെ നിലനിറുത്തി. ആ വംശം ക്രിസ്തുവിനു 1300 വർഷം മുമ്പുവരെ ഭരിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും നിരന്തരമായ യുദ്ധംമൂലം നാടു് ദാരിദ്ര്യത്തിലേക്കു താഴ്‌ന്നു കൊണ്ടിരുന്നു. പ്രഭുക്കന്മാരെയും സൈന്യത്തെയും ഫറവോമാരെയും എല്ലാം പോറ്റുക ഭാരിച്ച ഒരു കാര്യമായിരുന്നു. മരുഭൂമികളിൽനിന്നു പല കാടൻവർഗ്ഗങ്ങളും ഈജിപ്തിനെ ആക്രമിച്ചു. ക്ഷയിച്ചുതുടങ്ങിയിരുന്ന ഈജിപ്ത് മിക്കവാറും തോൽക്കുക തന്നെയായിരുന്നു പതിവു്. ബി. സി. മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് ആക്രമിച്ചു. അദ്ദേഹം മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒരു സേനാനായകനായിരുന്ന ടോളമി ഈജിപ്തിലെ രാജാവായി. ഈ വംശം ഇരുന്നൂറുവർഷം ഭരിച്ചു. ആ വർഗ്ഗത്തിൽ അവസാനത്തെയാൾ പ്രസിദ്ധയായ ക്ലിയോപാട്ര രാജ്ഞിയാണു്. ബി. സി. 30-ാം ആണ്ടിൽ റോമൻ സേനാനിയായ ഒക്ടേവിയസ് സീസർ ഈജിപ്ത് ആക്രമിച്ചു. യുദ്ധത്തിൽ തോറ്റുകഴിഞ്ഞു് റോമൻ സൈന്യത്താൽ പിടിക്കപ്പെടാതിരിക്കുവാൻവേണ്ടി ക്ലിയോപാട്ര ആത്മഹത്യചെയ്തു.
അതോടുകൂടി പ്രാചീന ഈജിപ്തിന്റെ ചരിത്രവും അവസാനിച്ചു.

മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.