സാമൂഹ്യ പരിവർത്തനത്തെക്കുറിച്ചു് നിഷ്കൃഷ്ടമായ ചില ധാരണകളുണ്ടു് എനിക്കു്. അവ യാതൊരു പ്രത്യേക തത്ത്വജ്ഞാനത്തെയും ആശ്രയിച്ചുള്ളവയല്ല, ഏറെക്കാലമായി പലതും കാണുകയും കാണാൻ ശ്രമിക്കുകയും ചെയ്തതിൽനിന്നു് ഉരുത്തിരിഞ്ഞതാണു് ഈ ചിന്താഗതി. ചൂടുവടപോലെ വില്ക്കാവുന്ന ഒരു സിദ്ധാന്തവുമല്ല അതെന്നു വ്യക്തമായി ധരിച്ചുകൊണ്ടുതന്നെയാണു് ഞാനവയെ കുറിച്ചിടുന്നതു്. എന്നല്ല, ഇന്നു പരക്കെ നിലവിലുള്ള ധാരണകളനുസരിച്ചു നോക്കിയാൽ അവ വളരെയേറെ പിൻതിരിപ്പനും എസ്ക്കേപിസ്റ്റുമായി തോന്നുകയും ചെയ്യും.
സാമൂഹ്യസേവനങ്ങളിൽ ഇറങ്ങിത്തിരിക്കുന്നയാൾ രാഷ്ട്രീയസാഹസങ്ങളിൽ ഒന്നും പെടുന്നില്ലെങ്കിൽ അയാളെ ഒരു എല്ലില്ലാത്ത ജീവിയായി കണക്കാക്കുക പതിവാണല്ലോ. ഒരു സോഷ്യലിസ്റ്റ് തീവ്രവാദിയെയും ബ്രാഹ്മണ വിധവാവിവാഹക്കാരനെയും ഉദാഹരണമായി എടുക്കുക. വ്യക്തമായ യാതൊരു പരിപാടിയും കൈവശമില്ലെങ്കിലും ഒന്നാമത്തെയാൾ ആയിരിക്കും ജനഹൃദയങ്ങളെ ആകർഷിക്കുക. രണ്ടാമത്തെയാൾ ഒരു തണുപ്പൻ ഉപദേശിയായി അവഗണിക്കപ്പെടുകയും ചെയ്യും. മതങ്ങളിലും സമുദായങ്ങളിലുമുള്ള അനാചാരങ്ങളെ പറിച്ചു കളയാൻ ശ്രമിക്കുന്നവനു് പരിമിതമായ അംഗീകാരം മാത്രമേ ലഭിക്കൂ. ലഭിക്കുന്നതു തന്നെ ദുർബലനായ ഒരു വൃദ്ധനു് അവകാശപ്പെട്ട സഹതാപം മാത്രമായിരിക്കും. സാമൂഹ്യസേവനമെന്ന പദപ്രയോഗത്തിനു് വളരെ വിശാലമായ അർത്ഥവ്യാപ്തിയുള്ളതാണു് ഇങ്ങനെയൊരഭിപ്രായമുണ്ടാകുവാൻ കാരണം. അക്കൂട്ടത്തിൽ അമാനുഷികമായ കരുത്തുവേണ്ട സാമൂഹ്യപ്രവർത്തനങ്ങളും അവമതിക്കപ്പെട്ടുപോയി എന്നുമാത്രം. അഹിംസ ദുർബലർക്കും ഹിംസ വീരന്മാർക്കും വിധിച്ചിരിക്കുന്ന കർമ്മപദ്ധതിയാണെന്ന മിഥ്യാബോധം പോലെ.
സാമൂഹ്യ പരിവർത്തനങ്ങൾ രാഷ്ട്രീയ വിപ്ലവങ്ങളെക്കാൾ സർവ്വഥാ പ്രധാനമാണെന്നു ഗണിക്കുന്ന കൂട്ടത്തിലാണു ഞാൻ. ആദ്യം പറഞ്ഞതിനാണു് കൂടുതൽ ആർഭാടം. രണ്ടാമത്തേതു കൂടുതൽ പ്രയോജനകരം. സമൂഹത്തിൽ പരിവർത്തനമുണ്ടാക്കുവാൻ വളരെ വിഷമമുണ്ടു്. അതിലേറെ വിഷമമാണു് അവയുടെ മഹത്വം മനസ്സിലാക്കുക. അതുകൊണ്ടാണു് സാധാരണ ജനങ്ങൾ സാമൂഹ്യ പ്രവർത്തനങ്ങളെ അവഗണിക്കുവാനും രാഷ്ടീയപ്രസ്ഥാനത്തിലേയ്ക്കു കൂടുതലായി ആകർഷിക്കപ്പെടുവാനും ഇടയാകുന്നതു്. ഒരു വലിയ ജനക്കൂട്ടത്തിന്റെ പിറകെ സാങ്കല്പികമായ ഒരു സ്വർഗ്ഗത്തെത്തേടി പ്രദക്ഷിണം നടത്തുന്നതുപോലെ പോരല്ലോ—വ്യക്തികളെ മാറ്റിത്തീർക്കുവാനുള്ള യത്നം. അവിടെ വ്യക്തിപരമായി ഓരോരുത്തരും ചുമതലയേല്ക്കണം. ‘ദുഷിച്ചു നാറിയ സമുദായഘടന’യെന്നോ ‘വെള്ളപ്പട്ടി’കളുടെ ‘ചൂഷണ’മെന്നോ, ഒക്കെ ഉറക്കെപ്പറഞ്ഞു് വീട്ടിലിരുന്നാലും രാഷ്ട്രീയവിപ്ലവമായി. രാഷ്ട്രീയബോധമാണെങ്കിൽ വളരെ ഒഴുക്കനായ കുറെ ഇഷ്ടാനിഷ്ടങ്ങളും അംഗീകൃതരായ ചില മാക്ബെത്തുമാരുടെ ആരാധനയും മാത്രമായാലും മതിയാക്കാം. സാമൂഹ്യ സേവനത്തിനു് ഇതൊന്നും പോരാ. അഗാധമായ ജ്ഞാനം വേണം. നിഷ്ക്കാമകർമ്മം ആദർശമായി എടുക്കാനുള്ള സ്ഥൈര്യം വേണം.
രാഷ്ട്രീയവിപ്ലവങ്ങൾ താരതമ്യേന ലഘുവാണെന്നു പറഞ്ഞതു രസിക്കാത്തവരുണ്ടാകും. അവരും സമ്മതിക്കുന്ന ഒരു പരമാർത്ഥമുണ്ടു്. വിപ്ലവങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ വിജയഘട്ടത്തോടുകൂടി റദ്ദാകാറുണ്ടെന്നുള്ളതു്. ഫ്രഞ്ചുവിപ്ലവം ഒരു തികഞ്ഞ വിജയമായിരുന്നു എന്നു് ആരും ഗണിച്ചിട്ടില്ല. ചൈനയിലാണെങ്കിൽ സൺയാറ്റ് സെന്നി ന്റെ വിപ്ലവം എത്രമാത്രം രൂഢമൂലമായ പരിവർത്തനമായിരുന്നെന്നു് കോമിൻതാങ്ങിന്റെ അധഃപതന ചരിത്രം തെളിയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പിതൃരാജ്യമായ റഷ്യയിൽ ഇത്രയും കാലം ഒരു വ്യക്തിയുടെ തോന്ന്യാസമാണു് നടന്നിരുന്നതെന്നു് ഇതാ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരിക്കുന്നു. നമ്മുടെ സ്വന്തം നാട്ടിലാണെങ്കിൽ ജനാധിപത്യബോധം തീണ്ടിയിട്ടില്ലാത്ത ദേശീയ ദുരഭിമാനം മാത്രമായിരുന്നു സ്വാതന്ത്ര്യസമരത്തിന്റെ ഇച്ഛാശക്തി. ഇവയിലെല്ലാം പുറമേ വിജയം കണ്ടാലും ലക്ഷ്യപ്രാപ്തി യഥാർത്ഥത്തിൽ പരാജയമടയുകയാണു ചെയ്യുന്നതു്. ദൃഢമായ സ്വാതന്ത്ര്യബോധവും വ്യക്തമായ ജനാധിപത്യദർശനവും മാത്രമേ രാഷ്ട്രീയവിപ്ലവങ്ങളെ നീതീകരിക്കൂ. ലോകപ്രസിദ്ധമായ മേല്പറഞ്ഞ വിപ്ലവങ്ങളിലെല്ലാം ഈ ലക്ഷ്യം പിന്നാക്കം പോയിരിക്കുന്നു എന്നതു രാഷ്ട്രീയവിപ്ലങ്ങളുടെ ഉപരിപ്ലവസ്വഭാവത്തെ കാണിക്കുന്നു. അവയുടെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണെങ്കിൽ അധികാരക്കൈമാറ്റത്തോടൊപ്പം ജനഹൃദയങ്ങളുടെ സംസ്ക്കരണവും നടക്കണം. എന്നുവെച്ചാൽ ചിരപ്രതിഷ്ഠിതമായ ആശയാഭിപ്രായങ്ങൾ രൂപാന്തരം പ്രാപിക്കണം. അതു സാമൂഹ്യ പരിവർത്തനത്തിന്റെ പ്രവർത്തന പരിധിയിലാണു്. ഈ മാറ്റം രാഷ്ട്രീയവിപ്ലവത്തോളം ക്ഷിപ്രസാദ്ധ്യമല്ലെന്നാണു് പറഞ്ഞതു്.
രാഷ്ട്രീയകാര്യങ്ങളിൽ എത്ര വേഗമാണു് കാര്യങ്ങൾ നടക്കുക! ബെറിയ യുടെ പോക്കും, നാസറിന്റെ വരവും, അബ്ദുള്ളയുടെ അറസ്റ്റും, പെറോണി ന്റെ ഓട്ടവും, സ്റ്റാലിൻ മരണശേഷം ശപ്തനായതും, ഒന്നും മനുഷ്യാത്മാവിന്റെ സംസ്കരണത്തെ ആശ്രയിച്ചുണ്ടായവയല്ലല്ലോ. അധികാരം കൈയടക്കാൻ വഴി പലതുണ്ടു്: കൈക്കരുത്തുണ്ടെങ്കിൽ കൊല്ലാം. ഇല്ലെങ്കിൽ ഗുഢാലോചന നടത്താം. സാമൂഹ്യ പരിഷ്കരണത്തിനു് ഈ മാർഗ്ഗങ്ങളെല്ലാം വ്യർത്ഥമാണു്. സ്വയം ഒരു മാറ്റത്തിനു വിധേയരായി സർവാത്മനാ പുതിയ ഒരു ആശയത്തെ അംഗീകരിക്കുന്നവരാണു് സാമൂഹ്യ പരിവർത്തന കുതുകികൾ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ജനതയുടെ ആദ്ധ്യാത്മിക വിപ്ലവമാണു് സാമൂഹ്യ പരിഷ്കരണത്തിന്റെ അടിസ്ഥാനം. മനുഷ്യവർഗ്ഗത്തിന്റെ പുരോഗതി എന്നു പറഞ്ഞുവരുന്നതു് ഉപരിതലത്തിലുള്ള അധികാരകൈമാറ്റങ്ങളല്ല; അവ മൂലം ഉത്ഭവിക്കുന്നതുമല്ല. മനുഷ്യർ വ്യക്തിഗതമായും കൂട്ടമായും സാംസ്കരിക്കപ്പെടുക എന്നതാണു് സാമൂഹ്യ പരിവർത്തനത്തിന്റെ ആധാരം. സാമൂഹ്യ പരിവർത്തനമെന്നതു നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളെ മാറ്റിത്തീർക്കുകയോ ത്യജിക്കുകയോ ചെയ്യുന്നതാണു്. അവയ്ക്കു രൂപഭേദമുണ്ടായാൽ പോരാ; അവ നിരർത്ഥകമെന്നോ, വിഷലിപ്തമെന്നോ ഉള്ള ധാരണകൾ പുലരണം. അഥവാ മാനസികവികാസം കൈവരണം. ഇഷ്ടമില്ലാത്ത ഭരണാധികാരിയോടു വെറുപ്പും വിദ്വേഷവും അസൂയയും ഇളക്കിവിട്ടാൽ രാഷ്ട്രീയമായ എതിർപ്പു് ഉണ്ടാക്കാം. മാനസിക വികാസമാകട്ടെ കുറെക്കൂടി ദുർഘടം പിടിച്ച കാര്യമാണു്. തലമുറകളായി അനുഷ്ഠിക്കപ്പെട്ടു വരുന്ന കർമ്മങ്ങൾ, അവ ദിവ്യമെന്നു ഗണിച്ചുവരുന്ന സാഹചര്യങ്ങളുടെ പിൻബലത്തോടുകൂടി നില്ക്കുമ്പോൾ അവയിൽനിന്നു് ആളുകളെ പിൻതിരിപ്പിക്കാൻ ബലം മാത്രം പോരാ, മനസ്സംസ്കരണം തന്നെ വേണം. ഈ വക ധാരണകൾ ഭരണാധികാരത്തെക്കാളും രൂഢമൂലമാണു്. ഇന്നലെ യുക്തവും ഉചിതവുമായിരുന്ന ചില മൂല്യങ്ങളുടെ മുകളിലായിരിക്കും അവ നിലയുറപ്പിച്ചിരിക്കുന്നതു്. ഒഴുക്കനും പരുക്കനുമായ ബഹളംകൂട്ടൽകൊണ്ടു് അവയൊന്നും മാറ്റാനാവില്ല. ഓരോ വ്യക്തിയുടെയും ഹൃദയത്തിലേയ്ക്കു ജ്ഞാനത്തിന്റെ വെളിച്ചം വീശി അവരുടെ ധർമ്മബോധത്തെ ഉണർത്തി, ആദ്ധ്യാത്മിക പരിവർത്തനം സാധിക്കേണ്ട കാര്യമാണിതു്.
രാഷ്ട്രീയത്തിൽ നാം മറ്റുള്ളവരെ നന്നാക്കാൻ ഒരുമ്പെട്ടിറങ്ങുകയാണെന്നുള്ളതു നമ്മുടെ ഭാരം ലഘൂകരിക്കുന്നു. ഉത്തമപുരുഷൈകവചനം അവിടെ എപ്പോഴും ഉത്തമമാണു്. എനിക്കു് എന്നെ ഭരിക്കാൻ അവകാശമുണ്ടു്. എനിക്കു് ജീവിക്കാൻ അധികാരമുണ്ടു്. അവൻ എന്നെ മർദ്ദിക്കുന്നു, അവൻ എനിക്കു് ദ്രോഹിയാണു് എന്നിങ്ങനെ മനുഷ്യനെ രണ്ടായി തിരിച്ചു് അവനും ഞാനും എന്നതു് മർദ്ദകനും മർദ്ദിതനും എന്നതിനു പര്യായങ്ങളായി പ്രയോഗിച്ചു തുടങ്ങിയാൽ ജനകീയ പിൻബലത്തിന്റെ കാര്യത്തിൽ സംശയിക്കാനില്ല. അവരോരോരുത്തരും ഉത്തമപുരുഷൈകവചനമാണു്, പുരുഷോത്തമന്മാരാണു്. മനുഷ്യരെ പിടിക്കുവാനുള്ള വല കൈവശമുണ്ടെങ്കിൽ അവൻ നിങ്ങളെ അനുഗമിക്കും. നേരെമറിച്ചു് സാമൂഹ്യ പരിഷ്കർത്താവു് ഓരോ വ്യക്തിയിലും മിഥ്യകളും സങ്കല്പങ്ങളുമുണ്ടെന്നും, ഓരോരുത്തനും തന്റെ ചങ്ങാതിയുടെ മർദ്ദകനാണെന്നും അയാൾക്കു ചൂണ്ടിക്കാണിക്കേണ്ടി വരും. പുറമേയുള്ള കള്ളനെ പിടിക്കാൻ കച്ചകെട്ടിയിറങ്ങുന്നതും, സ്വന്തം ആത്മാവിന്റെ ശുദ്ധീകരണത്തിനു സന്നദ്ധരാകുക എന്നതും വളരെ അന്തരമുള്ള കാര്യങ്ങളാണു്. ‘സർപ്പസന്തതികളേ!’ എന്നു് ആക്രോശിച്ചുകൊണ്ടു് പൊതുനിരത്തുകളെ ബാധിക്കുന്ന യോഹന്നാന്മാരെയും, ജനതയാണു് ദൈവം എന്നുറപ്പുനൽകുന്ന ഹിറ്റ്ലർ-സ്റ്റാലിന്മാരെയും നോക്കുക.
ഒന്നു കൂടിയുണ്ടു്. രാഷ്ട്രീയാധികാരം എപ്പോഴും ഒരു ഗവൺമെന്റിൽ സ്ഥിതി ചെയ്യുന്നു. ഗവൺമെന്റുകൾ ഘനരൂപത്തിലുള്ളതാണു്. പെട്ടെന്നു് ഉടയുന്നതാണു്. ഒരു ചെറിയ ബഹളത്തെ അതിജീവിക്കാൻ അവയ്ക്കു കഴിവില്ല. അടിച്ചാൽ അതു പൊട്ടും. അടിക്കാൻ എന്തെങ്കിലും ലക്ഷ്യമുണ്ടു്. തിരിച്ചടിച്ചാൽ അതു തന്നെ അതിന്റെ കൊള്ളരുതായ്കയായി ചൂണ്ടിക്കാട്ടുകയും ചെയ്യാം. മാമൂലുകൾക്കും അന്ധവിശ്വാസങ്ങൾക്കും അദൃശ്യവും അവ്യക്തവുമായ ഒരു തരം ശക്തിവിശേഷമാണുള്ളതു്. ചത്താലും കൊന്നാലും അവ ഒടുങ്ങുകയില്ല. മനുഷ്യാത്മാവിന്റെ രൂപാന്തരം മാത്രമേ അവിടെ മാർഗ്ഗമുള്ളൂ.
മാറ്റം എന്നതിന്റെ യഥാർത്ഥരൂപം ഇതാണു്. മാർഗം ഇതാണു്. ഇതു മാത്രമാണു്. പ്രതിവിപ്ലവത്തിനു് എതിരായ ‘ഗാരണ്ടി’ എന്നു മനസ്സിലാക്കാത്തതുകൊണ്ടു്—അധികാരമാറ്റമല്ല, അധികാരമാറ്റത്തിന്റെ പ്രഖ്യാപിതലക്ഷ്യം ജനങ്ങളുടെ സ്വായത്തമായിത്തീരുക എന്നതാണു് ആദർശം എന്നു മനസ്സിലാക്കാത്തതുകൊണ്ടു്—ആണെന്നു പറയാം. അധികാരികൾ ജനകീയാവശ്യങ്ങളെ മനസ്സിലാക്കാത്തതും ക്രമേണ മർദ്ദകരായിത്തീരുന്നതും, അങ്ങനെ ഉത്കൃഷ്ടലക്ഷ്യങ്ങൾ പ്രഖ്യാപിച്ചാരംഭിക്കുന്ന വിപ്ലവങ്ങൾ സീസറിലും മാറാറ്റി ലും സ്റ്റാലിനിലും ചെന്നവസാനിക്കുന്നതും.
സാമൂഹ്യ പരിവർത്തനമാകട്ടെ, ഇത്ര പെട്ടെന്നു് വിജയിക്കുന്നതല്ല; ഇത്ര പെട്ടെന്നു് പിന്നാക്കം പായുന്നതുമല്ല.
വർഗ്ഗീയത്വം എന്നതു കേരളത്തിൽ ഒരു യാഥാർത്ഥ്യമാണു്. അതു് രാഷ്ട്രീയത്തിലും സാമ്പത്തിക ജീവിതത്തിലും കലാരംഗത്തും തല പൊന്തിക്കാറുണ്ടു്. രാഷ്ട്രീയക്കാർ അതിനെ അവഗണിക്കാറാണു് പതിവു്. അല്ലെങ്കിൽ അതു സാമ്പത്തിക മത്സരത്തിന്റെ ഭാഗമാണെന്നു പറഞ്ഞു് ഒഴിയും. ധനികനായ സവർണ്ണൻ ദരിദ്രനായ അവർണ്ണനെക്കുറിച്ചു് പുച്ഛം തോന്നിയാലും രാഷ്ട്രീയക്കാരുടെ വിശദീകരണം ഒന്നു തന്നെ— സാമ്പത്തിക മത്സരം. യുക്തിശൂന്യമായ ഈ ധാരണയ്ക്കു് പ്രചാരം ലഭിച്ചതു് അത്ഭുതകരമായിരിക്കുന്നു. മേല്പറഞ്ഞ വർഗ്ഗീയവിദ്വേഷത്തിനു് സാമ്പത്തികവിദ്വേഷത്തേക്കാൾ ഏറെ ആഴമുള്ള വേരുകളുണ്ടു്. രാഷ്ട്രീയത്തേക്കാൾ വർഗ്ഗീയതാല്പര്യങ്ങൾക്കാണു് ഇന്നും ഇവിടെ കൂടുതൽ പ്രാധാന്യം. ഒരു വിഭാഗത്തിന്റെ വർഗ്ഗീയതയുടെമേൽ കയറിനിന്നു് ആൾപ്പെരുപ്പമുണ്ടാക്കി മറ്റൊരു വർഗ്ഗത്തിന്റെ മതാന്ധതയെ പൊക്കിക്കാട്ടി കാര്യം നേടുന്ന പണിയാണല്ലോ ഇന്നത്തെ സമ്പ്രദായം. ഇതു് ചൂണ്ടിക്കാണിച്ചതു് രാഷ്ട്രീയവിമർശനമായിട്ടല്ല, വർഗ്ഗീയതയുടെ പ്രചാരം കാണിക്കുവാനാണു്. വർഗ്ഗീയതയ്ക്കു് സാമ്പത്തിക താല്പര്യങ്ങളെക്കാൾ ശക്തിയുണ്ടു്. രാഷ്ട്രീയം അതിന്മേൽ ആശ്രയിച്ചു നില്ക്കുന്നു. അതു കലയേയും ദുഷിപ്പിക്കാറുണ്ടു്. ഇങ്ങനെ രൂഢമൂലമായ ഒരു രംഗത്തു പരിവർത്തനമുണ്ടാക്കുന്നതു് എത്ര ദുർഘടമാണെന്നു പറയേണ്ടതില്ലല്ലോ.
സാമൂഹ്യ പരിവർത്തനത്തിൽതന്നെ രംഗവ്യത്യാസമനുസരിച്ചു് പ്രയത്നത്തിനു് ഏറ്റക്കുറച്ചിലുണ്ടു്. ഉയർന്ന വർഗ്ഗങ്ങളുടെ ഇടയിലുള്ള പരിഷ്കരണമാണു് ഏറ്റവും ഭാരിച്ചതു്. പരിഷ്കരിക്കപ്പെടേണ്ട വ്യക്തികൾക്കു് ഈ വിഭാഗങ്ങളിൽ പ്രായേണ യാതൊരാദായവും ലഭിക്കുകയില്ല. താഴ്‌ന്ന വർഗ്ഗക്കാരുടെ ഇടയിലാണെങ്കിൽ സാമ്പത്തികോന്നമനം, രാഷ്ട്രീയാധികാരത്തിൽ പങ്കു്, അയിത്തോച്ചാടനം മുതലായി പല പ്രലോഭനങ്ങളുമുണ്ടു്. ക്രിസ്ത്യാനിയെ ഇംഗ്ലീഷ് പഠിപ്പിക്കുവാൻ വിഷമമില്ല. സർക്കാരുദ്യോഗം കിട്ടിയേക്കുമെന്നു് അവൻ പ്രതീക്ഷിക്കുന്നു. ഈഴവനെ യുക്തിവാദത്തിൽ ചാടിക്കാം. ചാതുർവർണ്യം അവന്റെ ആത്മസത്തയെ മാനിച്ചിട്ടില്ലല്ലോ. അവർണ്ണവിഭാഗങ്ങൾക്കു് മാമൂലുകളോടു മാത്രമല്ല, അവയുടെ സംരക്ഷകരോടും തീരാത്ത വിദ്വേഷമുണ്ടു്. അവനു് നഷ്ടപ്പെടാൻ യാതൊന്നുമില്ല, സവർണ്ണനാകട്ടെ, തനിക്കു സമൂഹത്തിന്റെ ബഹുമാന്യസ്ഥാനത്തു കയറിപ്പറ്റാൻ കഴിഞ്ഞതു മാമൂലുകളുടെ മേൽവിലാസത്തിലാണെന്നു വ്യക്തമായി മനസ്സിലാക്കുന്നു. അവയെ എതിർക്കുന്നതു അവന്റെ സ്വാർത്ഥതാല്പര്യത്തിനു് വിരുദ്ധമാണു്. അന്ധവിശ്വാസങ്ങളെ യുക്തിവിചാരമായി വിശദീകരിച്ചു കാണിക്കുവാൻ വേണ്ടത്ര തർക്കശാസ്ത്രനൈപുണ്യമുണ്ടു് അവനു്. അപ്പോൾ അങ്ങനെയുള്ള വിഭാഗങ്ങളുടെ ഇടയ്ക്കു് സാമൂഹ്യ പരിഷ്കരണം കൂടുതൽ ദുർഘടമായിത്തീരുന്നു. ഗീത തൊട്ടു് ഇങ്ങോട്ടുള്ള ആർഷസംസ്കാരത്തിന്റെ മിശിഹാമാരായ ആഢ്യൻനമ്പൂതിരിമാരുടെ ഇടയ്ക്കു് പരിഷ്കരണ നിർദ്ദേശങ്ങൾ ദുർഘടംതന്നെയല്ല, ആപത്കരവും കൂടിയാണു്. നാരായണഗുരുസ്വാമി ക്കു് രാജപാതയായി തോന്നിയതു് വി. ടി. ഭട്ടതിരിപ്പാടി നു് യുലിസസിന്റെ സാഹസയാത്രയായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ, വ്യക്തിയുടെ സംസ്കരണത്തെ ആശ്രയിച്ചു നടത്തപ്പെടുന്ന സാമൂഹ്യ പരിവർത്തനം കൊണ്ടുമാത്രമേ മനുഷ്യജന്തുക്കളെ മനുഷ്യരാക്കാൻ കഴിയൂ. അതു സാധിക്കാത്തപക്ഷം എല്ലാ പരിഷ്കാരങ്ങളും ദുഷിക്കും, തിരിഞ്ഞടിക്കും, വിശ്വാമിത്ര സൃഷ്ടികളായി പരിണമിക്കുകയും ചെയ്യും. മാനസികപരിവർത്തനമില്ലാതെ രാഷ്ട്രീയശക്തികൊണ്ടു മാത്രം നടപ്പിലാക്കുന്ന മാറ്റങ്ങൾ ഒരുതരം മർദ്ദനത്തിനു പകരം മറ്റൊന്നിനെ പ്രതിഷ്ഠിക്കുകയേ ഉള്ളൂ. നിയമംകൊണ്ടു മാത്രം അടിമത്തത്തെ ഉച്ചാടനം ചെയ്തതിന്റെ ഫലം ലേബർ ക്യാമ്പുകളുടെയും സന്ന്യാസാശ്രമങ്ങളുടെയും ഫാക്ടറികളുടെയും രൂപത്തിൽ അതു് ആവർത്തിച്ചു് അവതരിക്കുക എന്നതാണു്. മർദ്ദനമില്ലാതെ സംസ്കരണം കൊണ്ടു മാത്രം മനുഷ്യനെ മനുഷ്യനാക്കിത്തീർക്കാൻ നടത്തുന്ന വിശുദ്ധകർമ്മമാണു് സാമൂഹ്യ പരിവർത്തനം. സാമൂഹ്യ പരിവർത്തനം എന്ന പദപ്രയോഗത്തിൽ രാഷ്ട്രീയ വിപ്ലവവും ന്യായമായും ഉൾപ്പെടുമെന്നു് അറിഞ്ഞുകൊണ്ടു തന്നെയാണു് ഇത്രയും പറഞ്ഞതു്. രാഷ്ട്രീയമാറ്റത്തെയും വേർതിരിച്ചു കാണിക്കുവാൻ വേണ്ടി ഇങ്ങനെ പറഞ്ഞു എന്നേയുള്ളൂ.
മാതൃഭൂമി ആഴ്ചപ്പതിപ്പു് 18 മാർച്ച് 1958.
മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.