തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തെപ്പറ്റി വളരെയധികം പ്രതിഷേധങ്ങൾ രണ്ടു രാജ്യങ്ങളിൽനിന്നും ഉയരുന്നുണ്ടു്. ഇതു് ഒരു നല്ലകാര്യമാണെന്നു് പ്രത്യക്ഷത്തിൽ തോന്നിയേക്കാം. സ്വന്തം രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും ഭാഗധേയം നിർണ്ണയിക്കുന്നതിനു് ജനങ്ങൾക്കുള്ള അവകാശവും ചുമതലയും പ്രത്യക്ഷപ്പെടുത്തുന്നതാണു് ഈ പ്രതിഷേധങ്ങളെങ്കിൽ അവയെ സമാദരിക്കേണ്ടതാണു്. എന്നാല്‍, ഇന്നത്തെ പ്രതിഷേധങ്ങൾ എന്തെല്ലാമാണു് എന്നൊന്നു് പരിശോധിക്കുക.
ഈ സംയോജനകാര്യത്തിൽ ഒന്നാമതായി കുറ്റം വിധിക്കപ്പെടേണ്ട കാര്യം അതിന്റെ ഉത്ഭവത്തിന്റെ രീതിയും നടപടിയുമാണു്. പണ്ടു് നളനും മറ്റും ചതുരംഗത്തിനു് പന്തയമായി രാജ്യവും ഭാര്യയേയും എല്ലാം—കൊടുത്തെന്നു് പുരാണം പറയുന്നു. ഈ ചിന്താഗതി മാത്രമാണു് ആർഷസംസ്കാരത്തിന്റെ ഇന്നത്തെ അവകാശികൾക്കുള്ളതു്. മദ്രാസിലും ദല്‍ഹിയിലും വെച്ചു് കുറെ സമ്മേളനങ്ങൾ നടത്തുക, ഇവിടെ രണ്ടു രാജ്യങ്ങൾ സംയോജിക്കും പാവകളിയിലെ ചരടുവലിയുടെ ഒരു പ്രതീതിയാണു് അതു നമ്മിൽ ഉദിപ്പിക്കുന്നതു്. മലയാളികളെയെല്ലാം വെറും പാവകളും കന്നുകാലികളുമാക്കി ക്രയവിക്രയം ചെയ്യുന്ന ഏർപ്പാടിനെ ജനാധിപത്യമെന്നു് വിളിക്കാൻ മാത്രം ചങ്കൂറ്റമുള്ള നുണയനെ കണ്ടുകിട്ടാൻ പ്രയാസം. യൂറോപ്പിലെ ചില രാജ്യങ്ങൾ പങ്കിടാനും അവിടത്തെ കിരീടാധികാരം നിശ്ചയിക്കാനുംവേണ്ടി ഇംഗ്ലണ്ട് മുതലായ രാജ്യങ്ങൾ അനേകം യുദ്ധങ്ങൾ നടത്തിയിട്ടുണ്ടു്. ആ സാമ്രാജ്യത്വത്തിന്റെ പാരമ്പര്യം നമുക്കു് ലഭിച്ചിരിക്കുന്നു. തെണ്ടിയുടെ കുറുമ്പു്, അല്ലാതെന്തു്, പോകട്ടെ. ഈ വിഷയത്തെപ്പറ്റി നാട്ടുകാർക്കു് സ്വന്തമായി ഒരഭിപ്രായമില്ലാതിരുന്നെങ്കിൽ ഡല്‍ഹിയിലെ സംരക്ഷകന്മാരുടെ തീരുമാനം വിഴുങ്ങിയേക്കാമായിരുന്നു. പക്ഷേ, ഇവിടെയുള്ള സർക്കാർ രാഷ്ട്രീയ സംഘടനതന്നെ തൃശ്ശിവപേരൂരിലും ആലുവായിലും വെച്ചു് വ്യക്തമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളതാണീ പ്രശ്നം. അതുതന്നെയും തന്നിഷ്ടമായിട്ടല്ല. അനേകം കോണ്‍ഗ്രസ്സ് സമ്മേളനങ്ങളിലെ പ്രമേയങ്ങളെ അടിസ്ഥാനമാക്കിത്തന്നെയാണു്. ആലുവയിലെ സമ്മേളനം കോണ്‍ഗ്രസ്സ് കാര്യദര്‍ശിയുടെ രക്ഷാധികാര്യത്തില്‍ത്തന്നെ നടന്നു. തൃശ്ശിവപേരൂരിലേതാണെങ്കിൽ ഒരു മഹാരാജാവുതന്നെ ഉദ്ഘാടനംചെയ്തു. ഇതൊന്നും കുറെ തീവ്രവാദികൾ മദ്യപിച്ചു് ചെയ്തവിക്രിയകളായി ആരും കരുതുകയില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ ജനങ്ങളുടെ ഹിതത്തെ പുല്ലാക്കിത്തള്ളിക്കൊണ്ടുള്ള ഒരു പരിപാടിയാണു് സംയോജനം (അതായിരിക്കാം ശ്രീ. കേളപ്പൻ കമ്മിറ്റിയിൽ നിന്നു് രാജിവെച്ചതിനും കാരണം).
എന്തിനുവേണ്ടിയാണു് അധികാരിവർഗ്ഗം ഈ കടുംകൈ ചെയ്തതെന്നും ആലോചിക്കേണ്ടതാണു്. ജനങ്ങളുടെ ആവശ്യം ഒരു കേരള റിപ്പബ്ലിക്കാണു്, മലബാർ ഉള്‍പ്പെടെയുള്ളതു്. ഇതനുവദിച്ചുകൊടുത്താൽ പിന്നെ തെലുങ്കരുടെ വാദം സ്വീകരിക്കേണ്ടിവരും. പിന്നെ കര്‍ണ്ണാടകം, മറാത്തി അങ്ങിനെ ഭാഷാപ്രവിശ്യകളെല്ലാം ഇതനുവദിച്ചുകൊടുക്കുന്നതിനു് ഉന്നയിക്കപ്പെടുന്ന പ്രതിബന്ധം ഭരണപരമായ കാര്യങ്ങൾ മാത്രമാണു്. പക്ഷേ, ഫെഡറലും അല്ലാത്തതും ആയ ഭരണകൂടങ്ങളെപ്പറ്റി അറിയാവുന്നവർക്കു് ഈ കള്ളവാദത്തിന്റെ പിറകിൽ കാണാൻ കഴിയും, ഡല്‍ഹിയിലെ അധികാരികൾക്കു് വേണ്ടതു് സര്‍വാധികാരവും തങ്ങൾക്കു ലഭിക്കുന്ന ഒരു ഭരണഘടനയാണെന്നു്. ജനങ്ങൾക്കാകട്ടെ, കേന്ദ്രീകരണത്തിന്റെ എതിരാണിഷ്ടം. അധികാരം രാഷ്ട്രത്തിന്റെ ചെറിയ ഘടകങ്ങളിലേക്കു് പകർന്നുകൊടുക്കുന്നതുകൊണ്ടുമാത്രമേ ജനങ്ങൾക്കു് പ്രയോജനമുള്ളു. ലോകത്തിലെ മറ്റു് ഫെഡറൽ ഭരണഘടനകളിൽ ഈ തത്ത്വം ഒട്ടൊക്കെ ആംഗീകരിച്ചിട്ടുണ്ടു്. കൂടിയേ കഴിയു എന്നുള്ള കാര്യങ്ങളിൽ മാത്രമേ കേന്ദ്രത്തിനു് അധികാരമുണ്ടായിരിക്കാവൂ, എന്നാല്‍, ഇന്ത്യൻ പാര്‍ലിമെന്റിലെ പ്രസ്താവനകള്‍കൊണ്ടു് നമുക്കു് വിശദമായിട്ടുണ്ടു്, സര്‍വാധികാരവും കിട്ടിയേ നമ്മുടെ യജമാനന്മാർ അടങ്ങൂ എന്നു്. ഈ ലക്ഷ്യത്തെ സഹായിക്കുവാൻവേണ്ടി സംസ്ഥാനങ്ങളെ ബലഹീനമാക്കുക എന്ന നയമാണവർ സ്വീകരിക്കുന്നതു്. മദ്രാസ് സംസ്ഥാനത്തിൽ തമിഴനെയും തെലുങ്കനെയും മലയാളിയെയും കര്‍ണ്ണാടകക്കാരനെയും കൂട്ടിത്തല്ലിച്ചു്, കുരങ്ങു് അപ്പം പങ്കിട്ടതുപോലെ ന്യായാധിപതിയാവുകയാണു് ദല്‍ഹിയുടെ ആവശ്യം. അതുതന്നെ മറ്റു സംസ്ഥാനങ്ങളുടെ കഥയും. ചുരുക്കി പറഞ്ഞാല്‍, ഈ സംയോജനപ്രസ്ഥാനം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല. അതൊരു അഖിലേന്ത്യാപ്രശ്നമാണു്. ജനാധിപത്യത്തെ നശിപ്പിച്ചു് ഏകാധിപത്യത്തെ ബലമായി സ്ഥാപിക്കുന്നതിനുള്ള കളമൊരുക്കലാണു്. ഇന്നുതന്നെ ഇന്ത്യയിൽ നിലവിലുള്ള സാംസ്കാരിക ഫാസിസത്തിന്റെ ആദ്യത്തെ രാഷ്ട്രീയവിജയമാണു്.
പക്ഷേ, നിര്‍ഭാഗ്യം, അധികാരിവർഗ്ഗം ഈ പരിപാടികൾ അംഗീകരിച്ചുവെന്നതല്ല. ജനകീയവിരുദ്ധമായ നടപടികൾ അംഗീകരിക്കുന്നതു് അധികാരികളുടെ സഹജസ്വഭാവമാണു്. ഇതിനെ ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നതാണു് കഷ്ടം. ജനങ്ങൾ കുറെ കാര്യങ്ങൾ പറയുന്നതുകൊണ്ടുമാത്രം ജനാധിപത്യമുണ്ടാകയില്ല. പറയുന്നതാരാണെന്ന പ്രശ്നത്തെക്കാൾ പ്രധാനപ്പെട്ടതാണു് എന്താണു് പറയുന്നതെന്നു്. മേല്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നെങ്കിൽ കുറച്ചു് ഫലമെങ്കിലും ഉണ്ടാകുമായിരുന്നു. നേരെമറിച്ചു് ഇന്നു് നിലവിലുള്ള എതിർപ്പുകൾ എന്തെല്ലാമാണെന്നു് നോക്കുക.
- തിരുവിതാംകൂര്‍കാർ തെമ്മാടികളാണു്. അതുകൊണ്ടു് സംയോജനം ചീത്തയാണു്. (തൃശൂർ പ്രസംഗങ്ങള്‍?)
- കൊച്ചിക്കാർ തെമ്മാടികളാണു്. അതുകൊണ്ടു് ടി. (തിരുവനന്തപുരം പ്രസംഗങ്ങള്‍)
- സംയോജനം കഴിഞ്ഞാൽ കൊച്ചിയ്ക്കു് …0000ക. നഷ്ടംവരും. (തൃശൂര്‍)
- ടി. കഴിഞ്ഞാൽ …00000ക. തിരുവിതാംകൂറിനു് നഷ്ടംവരും. (തിരുവനന്തപുരം)
- എറണാകുളത്തു് പന്തുകളിക്കാൻ സ്ഥലമില്ല. (തിരുവനന്തപുരം)
- തിരുവനന്തപുരത്തു് വെടിക്കെട്ടു് മോശമാണു്. (എറണാകുളം)
ഇത്തരം കുറെ ബാലിശമായ വാദങ്ങൾ മാത്രമാണു് ഇന്നു് കേൾക്കപ്പെടുന്നതു്. കൊച്ചിയിലെ രാജകുടുംബത്തിന്റെ തണൽ പറ്റി നിന്നു് കുറെ കുത്തകയവകാശങ്ങൾ അനുഭവിക്കുന്ന ചിലരും തിരുവിതാംകൂറിലെ കോണ്‍ഗ്രസ്സിൽ പറ്റിക്കൂടി ജനങ്ങളുടെ രക്തം ഊറ്റുന്ന ചിലരും മാത്രമാണു് പ്രതിഷേധിക്കുന്നതെന്നർത്ഥം. ഉദാഹരണമായി രണ്ടു രാജ്യത്തെയും ജനങ്ങളെ തമ്മിൽ അകറ്റാൻ മാത്രം ഉപകരിക്കുന്ന ഇത്തരം കുപ്രചരണം നടത്തുന്നവരും തിരുവനന്തപുരത്തെയും എറണാകുളത്തെയും ഭൂവുടമസ്ഥന്മാരുടെ താല്പര്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒന്നന്വേഷിച്ചുനോക്കണം. ധനികനായ ജാരനുവേണ്ടി രണ്ടു് വേശ്യകൾ നടത്തുന്ന വഴക്കാണു് ഇന്നു് നടക്കുന്നതെന്നു് കാണാം.
ജയകേരളം, 28 മെയ് 1949.