മാത്തുക്കുട്ടി—അന്ധനായി തിരിച്ചുവരുന്ന വിമുക്തഭടൻ
സാറാമ്മ—മാത്തുക്കുട്ടിയുടെ ഭാര്യ
കുഞ്ഞുവർക്കി—മാത്തുക്കുട്ടിയുടെ പഴയ ചങ്ങാതി
അമ്മ—മാത്തുക്കുട്ടിയുടെ അമ്മ
ഉപദേശി—“ഒരു മനുഷ്യൻ”
രാഘവൻ—ഒരു തൊഴിലാളി
വല്യമ്മ—പതിച്ചി
പി. കെ. വിക്രമൻനായർ
കെ. വി. നീലകണ്ഠൻനായർ
പി. കെ. വീരരാഘവൻനായർ
വഞ്ചിയൂർ മാധവൻനായർ
ആനന്ദക്കുട്ടൻ
അടൂർ ഭാസി
പി. കെ. വാസുദേവൻനായർ
ഒരു ചെറിയ മുറി. പുറകിലും വലത്തുവശത്തും ഓരോ വാതിൽ. ഇടത്തുവശത്തു് കിടക്കുന്ന കട്ടിലിന്റെ കീഴിൽ ഒരു കോളാമ്പിയിരിക്കുന്നു. കട്ടിലിന്റെ പുറകിലായി കുറെ കലങ്ങളും കുടങ്ങളും. അതിനടുത്തു് ഒരു മരപ്പെട്ടിയും അതിന്റെ മുകളിൽ ഒരു റാന്തൽവിളക്കും. വലത്തുവശത്തെ മൂലയ്ക്കു് ഒരു പഴയകസേരയും ഒരു സ്റ്റൂളും. പുറകിലെ വാതിലിനു് മുകളിലായി ക്രിസ്തുവിന്റേയും പട്ടാളവേഷത്തിലുള്ള ഒരു യുവാവിന്റെയും പടങ്ങൾ തൂക്കിയിരിക്കുന്നു. ചർച്ചിൽ, സ്റ്റാലിൻ, റൂസ്വെൽറ്റ് എന്നിവരുടെ പടങ്ങൾ—ദേശീയസമരനിരയുടെ പ്രസിദ്ധീകരണം—ഒരു പഴയ പഞ്ചാംഗത്തിന്റെ മുകളിൽ ഒട്ടിച്ചിരിക്കുന്നു.
സമയം രാവിലെ ഒമ്പതു് മണി. ഏകദേശം അമ്പതുവയസ്സായ ഒരു സ്ത്രീ എന്തോ അന്വേഷിച്ചു് മുറിയിൽ ചുറ്റിനടക്കുന്നു. അന്വേഷിക്കുന്നതു് കണ്ടുകിട്ടാത്ത ഭാവത്തിൽ കൈകൾ എളിയിൽവെച്ചു് നില്ക്കുന്നു.
- സ്ത്രീ:
- കണ്ടില്ലേ! ഇതിനൊക്കെ എന്നാ പറയാനാ. ഒരു സാതനം എടുത്താലെടുത്തേടത്തു് വെയ്ക്കൂല്ല. (അകത്തേയ്ക്കു് നോക്കി) എടീ സാറാമ്മേ,—ഓ, ഇനി, അവളെ ഒന്നു് വിളിച്ചു് വിളികേൾപ്പിക്കാനാപാടു്. നഞ്ചുതിന്ന മീനേപ്പോലെ വല്ലെടത്തും നോക്കി നടക്കുവാരിക്കും. അല്ലെങ്കിലും ഇപ്പളത്തെ പെണ്ണുങ്ങടെ കാര്യോന്നും പറയണ്ട. (ഇതിനിടയിൽ ചുറ്റും നോക്കിനടന്നു് ഒരു കറിക്കത്തി കണ്ടെടുത്തുകൊണ്ടു്) അമ്പടി, അവളൊരു കർക്കത്തി തൂക്ഷിക്കാൻ കണ്ട സ്ഥലം!
(പെട്ടിയിൽനിന്നു് നാലഞ്ചു് വഴുതനങ്ങാ എടുത്തുകൊണ്ടുവന്നു് നിലത്തിരുന്നു് കറിക്കൊരുക്കുന്നു.)
- ശബ്ദം:
- (ദൂരത്തിൽനിന്നു്) അവൻ വീണ്ടും വരുന്നു! എന്റെ ജനമേ, ചെവിക്കൊൾവിൻ. അവൻ വീണ്ടും വരുന്നു!
- സ്ത്രീ:
- ആ ഉപദേശിക്കു് വേറെ തൊഴിലൊന്നുവില്ലേ? അയാക്കു് കിറുക്കാന്നാ തോന്നണെ. ഈ വഴിക്കോടെയൊക്കെ വിളിച്ചുപറഞ്ഞോണ്ടു് നടക്കുകതന്നെ—സാറാമ്മേ!
- സാറാമ്മ:
- (അകത്തുനിന്നും) എന്തോ?
- സ്ത്രീ:
- ആ വെല്യ ചെമ്പുകലത്തിൽ വെള്ളം കോരിയിടണം, കേട്ടോ? (ശബ്ദം താഴ്ത്തി) ഒന്നു് മേലു് കഴുകണന്നു വിചാരിച്ചിട്ടു് ദെവസം നാലായി. അതെങ്ങനെയാ? നേരോണ്ടോ, അലക്കൊഴിഞ്ഞിട്ടു്—?
- ഉപദേശി:
- (പ്രവേശിച്ചുകൊണ്ടു്) അവൻ വീണ്ടും വരുന്നു! നിങ്ങളുടെ വിളക്കുകളിൽ എണ്ണയൊഴിച്ചു് കാത്തിരിപ്പിൻ. കർത്താവിനു് സ്തോത്രം. എന്താ മറിയാമ്മച്ചേടത്തി, സുഖം തന്നെയല്ലേ?
- സ്ത്രീ:
- (എഴുന്നേറ്റു് പരിഭവസ്വരത്തിൽ) ആരു്? ഉപദേശി ഇങ്ങോട്ടുള്ള വഴി അറിയുമോ? ഈയിടെ ഇങ്ങോട്ടൊന്നും കാണാറില്ലായിരുന്നു. (കസേര വലിച്ചു് മാറ്റിയിട്ടുകൊണ്ടു്) ഇങ്ങോട്ടിരിക്കാല്ലോ. ഇവിടെയെങ്ങുമില്ലായിരുന്നോ?
- ഉപദേശി:
- എനിക്കങ്ങിനെ ഒരിടത്തുതന്നെ നില്ക്കാൻ കഴിയുമോ? ഞാൻ കർത്താവിന്റെ ഒരു എളിയ ദാസൻ. കർത്താവരുളിച്ചെയ്തിരിക്കുന്നു, “ഭൂലോകമെങ്ങും പോയി എന്റെ സുവിശേഷത്തെ അറിയിപ്പിൻ.” (ഇരിക്കുന്നു) ഈ കാലത്തിന്റെ സ്വഭാവം മറിയാമ്മച്ചേടത്തി കാണുന്നില്ലായിരിക്കും. പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതു് നിവൃത്തിയാകുവാനുള്ള കാലമായിരിക്കുന്നു. (എഴുനേറ്റു്) ലോകാവസാനം അടുത്തിരിക്കുന്നു! ഇപ്പോൾ സുപ്രസാദകാലം, ഇപ്പോൾതന്നെ രക്ഷാദിവസം.
- സ്ത്രീ:
- ഉപദേശി ഒന്നും കഴിച്ചിട്ടില്ലായിരിക്കും അല്ലേ?—സാറാമ്മേ! സാറാമ്മേ!—(ഉപദേശിയോടു്) കൊറച്ചു് കാപ്പി കുടിച്ചിട്ടു് പോകാം.—സാറാമ്മേ! എടീ സാറാമ്മേ!
- സാറാമ്മ:
- (അകത്തുനിന്നും) എന്തോ?
- സ്ത്രീ:
- ഇങ്ങുവാ. നീ എവിടെപ്പോയി കെടുക്കുവാ? ശവം. വിളിച്ചാലും കേക്കൂല്ല. (ഉപദേശിയോടു്) ഈ യുദ്ധം എന്നു് കഴിയും ഉപദേശി?
- ഉപദേശി:
- കാലത്തിന്റെ തികവനുസരിച്ചു് സംഭവിക്കേണ്ടതു് സംഭവിക്കട്ടെ. കർത്താവിന്റെ തിരുവിഷ്ടത്തെ പരീക്ഷിക്കാതിരിക്കുക. പുറജാതിക്കാരേയും അവിശ്വാസികളേയുംപോലെ ജ്യോതിഷത്തിൽ വിശ്വസിക്കരുതു്.
- സ്ത്രീ:
- എടീ പെണ്ണേ, സാറാമ്മേ!
- സാറാമ്മ:
- (പ്രവേശിച്ചു്) വെള്ളം തിളച്ചുകിടപ്പുണ്ടു്.
- സ്ത്രീ:
- പിന്നെയെന്തിനാ നോക്കിനിക്കണതു്? ഉപദേശി വന്നിരിക്കണതു് കണ്ടില്ലേ? ഒരു കോപ്പയ്ക്കകത്തു് കാപ്പി എടുത്തോണ്ടുവാ. (സാറാമ്മ മടിച്ചുനില്ക്കുന്നു) ഏ! എന്താ നീ വേരുമൊളച്ചതുപോലെ നിക്കണെ?
- സാറാമ്മ:
- പഞ്ചസാരയില്ല.
- ഉപദേശി:
- വേണ്ടാ, അതിനു് വിഷമിക്കണമെന്നില്ല. എനിക്കു് കാപ്പി വേണമെന്നില്ല.
- സ്ത്രീ:
- കരുപ്പെട്ടി ഇരുപ്പില്ലേ? (സാറാമ്മ തലകുലുക്കുന്നു) ആ അതുമതി. വേഗം വേണം. (സാറാമ്മ പോകുന്നു) കേട്ടോ ഉപദേശി, ഈ യുദ്ധംകാരണം ഒന്നും കിട്ടാണ്ടായി. വെലയോ അതിലും കഷ്ടം. കണ്ട്റോളും കൂടിയില്ലായിരുന്നെങ്കിൽ! എന്തുകാലമാണു് ദൈവമേ!
- ഉപദേശി:
- അതിലൊന്നും അത്ഭുതപ്പെടേണ്ട, മറിയാമ്മച്ചേടത്തീ. അതങ്ങനെയല്ലാതിരിപ്പാൻ നിവൃത്തിയില്ല. അങ്ങനെയാണു് തിരുവിഷ്ടം. ഇതു് മറുതലിപ്പിന്റെ കാലം. വിശുദ്ധലൂക്കോസിന്റെ സുവിശേഷം പത്താമദ്ധ്യായം ഇരുപത്തിമൂന്നും ഇരുപത്തിനാലും വാക്യങ്ങൾ: “നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തുകൊണ്ടെന്നാൽ, ഞാൻ നിങ്ങളോടു് പറയുന്നു, വളരെ പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നതു് കാണുവാൻ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു് കേൾക്കുവാനും, എങ്കിലും കേട്ടില്ല.” കർത്താവിനു് സ്തോത്രം.
- സ്ത്രീ:
- ഈ ദാരിദ്ര്യത്തിന്റെ എടയ്ക്കു് എന്റെ മാത്തുക്കുട്ടിയുംകൂടി ഇല്ലായിരുന്നെങ്കിൽ (തിരിഞ്ഞു് ഭിത്തിയിലെ പടത്തിൽ നോക്കുന്നു) എന്നാലും അവൻ പോയതോർക്കുമ്പം ഇനിക്കു് സഹിക്കാമ്മേല. യുദ്ധത്തിനല്ലേ!—അവിടെ എന്തൊക്കെയാന്നാരുകണ്ടു? എന്റെ പൊറോത്തുരാജാക്കളേ! ഒരു നേർച്ച കഴിച്ചേക്കാം, അവനു് ഒന്നും വരാണ്ടിരിക്കണേ. എന്റെ കൊച്ചിനെ ഒന്നു് കണ്ടേച്ചു് ചത്തെങ്കിൽ മതിയായിരുന്നു.
- ഉപദേശി:
- മനുഷ്യപുത്രനെ ചൊല്ലിക്കരയാതെ, മറിയാമ്മച്ചേടത്തീ. ഈ ലോകം നശ്വരം. (സാവധാനം നടന്നുകൊണ്ടു്) അവസാനകാലം അടുത്തിരിക്കുന്നു. ജനം ദൈവത്തോടു് മറുതലിച്ചുതുടങ്ങിയിരിക്കുന്നു. (ശബ്ദമുയർത്തി) ഓരോ സൃഷ്ടിയോടും സൃഷ്ടാവു് കണക്കുചോദിക്കുന്ന കാലമടുത്തിരിക്കുന്നു. (സാറാമ്മ കയ്യിൽ കാപ്പിയുമായി പുറകിലെവാതില്ക്കൽ പ്രത്യക്ഷപ്പെടുന്നു.) അന്നു് രണ്ടു് സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരുത്തിയെ അവൻ സ്വീകരിക്കും. മറ്റവളെയോ അവൻ ചാകാത്ത പുഴുവും കെടാത്ത തീയും നിറഞ്ഞ നിത്യനരകത്തിലേയ്ക്കു് തള്ളും. (കൈകൾ ഉയർത്തി ആവേശഭരിതനായി) കിഴക്കുഭാഗത്തു് വെള്ളിമേഘങ്ങളുടെ മുകളിൽ അഗ്നിരഥത്തെ ഞാൻ കാണുന്നു. ഉണർവ്വുള്ള മണവാട്ടികളേ, നിങ്ങളുടെ ദീപങ്ങളെ കൊളുത്തുക! അവൻ വീണ്ടും വരുന്നു!
(സാറാമ്മയുടെ മുഖം വിളറി കൈയിൽനിന്നു് പാത്രം താഴെ വീണുടയുന്നു. ഉപദേശിയും സ്ത്രീയും തിരിഞ്ഞുനോക്കുന്നു.)
- സ്ത്രീ:
- എന്താടീ മൊഖത്തു് കണ്ണില്ലാണ്ടാ കേറിവരണതു്? ഇവളിവിടെ വന്നുകേറീപ്പം തൊടങ്ങിയതാ ഈ പൊട്ടിക്കലു്. പൊട്ടിക്കലുതന്നെ പൊട്ടിക്കലു്. ഇനി ഒന്നും ഇല്ല പൊട്ടിക്കാൻ. എന്നാലും ഇങ്ങനെ സൂക്ഷമില്ലാത്ത പെണ്ണുങ്ങളുണ്ടോ! ഇത്തിരിയൊന്നു് സൂക്ഷിച്ചിരുന്നെങ്കിലിപ്പം ഈ കോപ്പ പൊട്ടുവോ? എന്റെ മാത്തുക്കുട്ടീ, നീ നോക്കീട്ടു് ഇങ്ങനെ ഒരെണ്ണത്തിനെ—അല്ല, എന്റെ തലേലെഴുത്തു്! അല്ലാണ്ടെന്നാ!
- ഉപദേശി:
- (കാപ്പിവാങ്ങി കുടിച്ചുകൊണ്ടു്) കുറച്ചുകൂടി സൂക്ഷിച്ചു് പെരുമാറണം കുഞ്ഞേ! മാതാപിതാക്കന്മാരെ പ്രസാദിപ്പിച്ചില്ലെങ്കിൽ ദീർഘായുസ്സില്ല എന്നു് പുസ്തകത്തിലെഴുതിയിരിക്കുന്നു. (കാപ്പിപ്പാത്രം തിരിയെ കൊടുക്കുന്നു) കർത്താവിനു് സ്തോത്രം!
- സ്ത്രീ:
- ഓ! പെണ്ണിന്റെ ഒരു കൊഞ്ചലു്! വേറെ ആരടേയും മാപ്പളമാരു് പട്ടാളത്തി പോയിട്ടില്ലാത്തപോലെ. വന്നു് ഈ തേങ്ങാ ചെരണ്ടു്.
(സാറാമ്മ യന്ത്രംപോലെ അനുസരിക്കുന്നു. വലതുവശത്തെ വാതിലിലൂടെ കുഞ്ഞുവർക്കി—മുപ്പതുവയസ്സു്—പ്രവേശിക്കുന്നു)
- ഉപദേശി:
- മറിയാമ്മച്ചേടത്തീ, എന്നാ ഞാനൊന്നിറങ്ങട്ടെ. ധൃതിയുണ്ടു് സാറാമ്മയോടു് വളരെ ദേഷ്യപ്പെടരുതു്. നിന്റെ കോപത്തിൽ സൂര്യൻ അസ്തമിക്കാതിരിക്കട്ടെ. കർത്താവിനു് സ്തോത്രം!—(നടന്നുകൊണ്ടു്) അവൻ വീണ്ടും വരുന്നു! എന്റെ ജനമേ, ചെവികൊൾവിൻ. മാനസാന്തരപ്പെടുവിൻ. ഇപ്പോൾ സുപ്രസാദകാലം. (ദൂരത്തിൽ) ഇപ്പോൾ തന്നെ രക്ഷാകരദിവസം.
(എല്ലാവരും ഉപദേശി പോയവഴി നോക്കിനില്ക്കുന്നു.)
- സ്ത്രീ:
- ഇനി എന്നാനോക്കി നിക്വാടീ? വേഗം ആ തേങ്ങാ ചെരണ്ടിയേച്ചു് രണ്ടു് മൊളകും എടുത്തരച്ചു് വെയ്ക്കു്—കുഞ്ഞോർക്കി, കുറച്ചിരി. ഞാൻ ഒന്നു് മേലുകഴുകിയേച്ചു് വരാം. (നടക്കുന്നു. പൊട്ടിയ കഷണങ്ങൾ കാണുന്നു.) കണ്ടില്ലേ അവളുടെ ചങ്കൂറ്റം. കോപ്പ പൊട്ടിയതാണെങ്കിൽ അതു് ചെതറിക്കിടക്കുന്നു. അവൾക്കു് നഷ്ടമുണ്ടോ. ഇനി ഞാൻതന്നെ പെറുക്കിക്കളയാം. അല്ലാണ്ടെന്നാ ചെയ്യുക.
(കുനിഞ്ഞു് പെറുക്കുന്നു. സാറാമ്മ എഴുന്നേറ്റുചെന്നു് സഹായിക്കുന്നു.)
- കുഞ്ഞുവർക്കി:
- എന്താ വല്യമ്മേ, ഇത്ര ദേഷ്യം? എനിക്കു് കാര്യമൊന്നും മനസ്സിലായില്ലല്ലോ. അതു് സാറാമ്മ പെറുക്കട്ടെ. കാര്യം പറയൂ.
- സ്ത്രീ:
- കാര്യമെന്നാ? കാര്യോന്നുമില്ല. ആകാശത്തു് നോക്കി നടന്നാപ്പിന്നെ അങ്ങനെ അല്ലാണ്ടു് വരുമോ?
- കുഞ്ഞുവർക്കി:
- ഏതു് ? എങ്ങനെ അല്ലാണ്ടു്?
- സ്ത്രീ:
- നിനക്കു് കാണാമ്മേലേ കുഞ്ഞോർക്കി? (ചൂണ്ടിക്കാണിച്ചുകൊണ്ടു്) ആ കെടക്കണതു് കാണാമ്മേലേ? നിന്റെ മൊകത്തു് കണ്ണില്ലേ? അങ്ങനെയാ പാത്രം സൂക്ഷിക്കണതു്!
- കുഞ്ഞുവർക്കി:
- സാറാമ്മയെന്താ, പാത്രം പൊട്ടിച്ചോ?
- സ്ത്രീ:
- പിന്നെ നിന്നോടല്ലേ ഇപ്പറഞ്ഞതു്?
- കുഞ്ഞുവർക്കി:
- ങ്ഹാ, ഒരു കോപ്പയല്ലേ? സാരമില്ല. ഒരബദ്ധം ആർക്കും വരാം.
- സ്ത്രീ:
- അല്ലെങ്കിലുമൊണ്ടു നിനക്കൊരു സമധാനം പറച്ചിലു്.
- കുഞ്ഞുവർക്കി:
- അത്ര വില കൂടിയതുമല്ലല്ലോ അതു്.
- സ്ത്രീ:
- വെലയൊന്നുമോർത്തല്ല. പാത്രം പൊട്ടിയതു് ഐശ്വര്യക്കേടാണു്—അല്ലാ, അതു് സൂക്ഷിക്കാഞ്ഞിട്ടല്ലേ? കഷ്ടകാലത്താ ഇതൊക്കെ.
- കുഞ്ഞുവർക്കി:
- കഷ്ടകാലമല്ല, നല്ല കാലമാ. ഇതു് നോക്കു്.
(കൈയിലിരിക്കുന്ന ഒരു കവർ കൊടുക്കുന്നു.)
- സ്ത്രീ:
- ഇതെന്നതാ? (കവർ തിരിച്ചും മറിച്ചും നോക്കുന്നു. അതു് തുറന്നു് ഒരു കടലാസെടുത്തു് കുഞ്ഞുവർക്കിയുടെ നേരേ നീട്ടുന്നു.) ഇതൊന്നു് വായിച്ചേ.
- കുഞ്ഞുവർക്കി:
- വായിക്കാനൊന്നുമില്ല. അതൊരു കമ്പിയാ: ഇന്നു് വൈകിട്ടു് മാത്തുക്കുട്ടി വരുമെന്നു്.
- സ്ത്രീ:
- ങ്ഹാ! ശരിയാ? ഇന്നുതന്നെയോ? നേരാണോ? (സന്തോഷത്തോടുകൂടി) ഒന്നുകൂടി വായിച്ചേ, വായിച്ചേ കുഞ്ഞോർക്കീ. ഇന്നോ? ഇന്നുതന്നെ വരുമോ? വൈയ്യിട്ടത്തെ വണ്ടിക്കാണോ?
- കുഞ്ഞുവർക്കി:
- ആ! ഇന്നെട്ടുമണിക്കത്തെ വണ്ടിക്കു്.
(സാറാമ്മ എഴുന്നേറ്റുവന്നു് കമ്പി നോക്കിക്കൊണ്ടു് നിൽക്കുന്നു. അവളുടെ മുഖത്തു് ഒട്ടും സന്തോഷമില്ല, ഭയം കൂടുതലും.)
- സ്ത്രീ:
- (മുകളിലേയ്ക്കു് നോക്കി കൈകൾ ചേർത്തു് പിടിച്ചുകൊണ്ടു്) കർത്താവെന്റെ പ്രാർത്ഥന കേട്ടു. ഇനി അവനെ കാണാനൊക്കൂല്ലന്നാ ഞാൻ വിചാരിച്ചതു്. എന്റെ കൊച്ചു് ക്ഷീണിച്ചാരിക്കും വരണതു് (സാറാമ്മ പരവശയായി അമ്മയെ ചാരിനില്ക്കുന്നു. അവർ സാറാമ്മയെ താങ്ങുന്നു.) നീ ഭാഗ്യമുള്ളവളാടീ സാറാമ്മേ! നീ എന്താ ഒന്നും മിണ്ടാത്തതു്?—ഹാ, ഇതെന്താ! ഈ പെണ്ണിനെന്താ!—എടീ സാറാമ്മേ! ഇവളുടെ ദേഹം മരിച്ചുതുടങ്ങിയല്ലോ! (സാവധാനത്തിൽ ഒരു കസേലയിലിരുത്തുന്നു.) കുഞ്ഞുവർക്കീ, കൊറച്ചുവെള്ളമിങ്ങെടുത്തേ.
(കുഞ്ഞുവർക്കി വെള്ളമെടുത്തുകൊണ്ടുവന്നു് സാറാമ്മയുടെ മുഖത്തു് തളിക്കുന്നു.)
- സാറാമ്മ:
- (പതുക്കെ കണ്ണു് തുറന്നുകൊണ്ടു്) ആ! അം…അ…
- സ്ത്രീ:
- സാറാമ്മേ, നിനക്കെന്താ?
- സാറാമ്മ:
- ഒന്നുമില്ല… ഒന്നുമില്ല.
(സാറാമ്മ എഴുന്നേൽക്കാൻ ഭാവിക്കുന്നു.)
- സ്ത്രീ:
- വേണ്ട; നീ എഴുനേക്കണ്ട. അല്ലെങ്കിൽ, അവളെ അകത്തു് കൊണ്ടുപോയി കെടത്താം. അവൾക്കു് തലകറക്കമാണെന്നു് തോന്നുന്നു. (സാറാമ്മയെ പിടിച്ചെഴുന്നേല്പിച്ചു് പുറകിലേ വാതിലിൽക്കൂടി പോകുന്നു) പതുക്കെ… പതുക്കെ മതി. ആ… അ… അങ്ങനെ.
(കുഞ്ഞുവർക്കി കമ്പിയും കൈയിൽ പിടിച്ചുകൊണ്ടു് പുറത്തേയ്ക്കു് നോക്കി നിൽക്കുന്നു.)
കർട്ടൻ
ഒന്നാംരംഗത്തിലെ മുറിതന്നെ. കറിസാമാനങ്ങൾ വർദ്ധിച്ചിട്ടുണ്ടു്. കട്ടിലിന്റെ അടുത്തു് സ്റ്റൂളിട്ടു് സാറാമ്മ അതിലിരുന്നു് കട്ടിലിൽ കമഴ്‌ന്നു് കിടക്കുന്നു. കുഞ്ഞുവർക്കി ആലോചനാനിമഗ്നനായി ലാത്തുന്നു, പെട്ടെന്നു് നിൽക്കുന്നു. സമയം സന്ധ്യ.
- കുഞ്ഞുവർക്കി:
- സാറാമ്മേ! (തല പൊക്കാതെതന്നെ) ഉം—?
- കുഞ്ഞുവർക്കി:
- നീ ഇങ്ങോട്ടൊന്നു് നോക്കിക്കേ. (അടുത്തുചെന്നു് കുലുക്കി വിളിക്കുന്നു) മരുന്നൊന്നും പറ്റുകയില്ല, അല്ലേ? അത്ര കൂടുതലായോ? എത്രയായി?
- സാറാമ്മ:
- (തല പൊക്കി ദേഷ്യത്തോടെ കുഞ്ഞുവർക്കിയെ നോക്കുന്നു.) അതറിഞ്ഞിട്ടെന്താ പ്രയോജനം?
- കുഞ്ഞുവർക്കി:
- എങ്കിലും പറഞ്ഞുകൂടേ?—എത്രയായി.
- സാറാമ്മ:
- (മറുവശത്തേയ്ക്കു് നോക്കിക്കൊണ്ടു്) നാലു്
- കുഞ്ഞുവർക്കി:
- അതിനു് നീ മരിക്കുന്ന കാര്യമിവിടെ ആരെങ്കിലും പറഞ്ഞോ? അതു് നിനക്കു് തോന്നുന്നതാ.
- സാറാമ്മ:
- (ശബ്ദമുയർത്തി) നിങ്ങളൊന്നു് മിണ്ടാണ്ടിരിക്കു്.
- കുഞ്ഞുവർക്കി:
- ഇത്ര ശബ്ദമുണ്ടാക്കാതെ സാറാമ്മേ! അമ്മ വന്നാൽ—
- സാറാമ്മ:
- (ശബ്ദം താഴ്ത്താതെ) അമ്മ വന്നാൽ?—ഉം?
- കുഞ്ഞുവർക്കി:
- കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി ദേഷ്യപ്പെട്ടതുകൊണ്ടെന്തു്…
- സാറാമ്മ:
- ദേഷ്യപ്പെട്ടാൽ…
- കുഞ്ഞുവർക്കി:
- എന്റെ സാറാമ്മേ, ശബ്ദമുണ്ടാക്കാതെ. അമ്മ വരാറായി.
- സാറാമ്മ:
- വരട്ടെ. അമ്മ… അമ്മ…അമ്മ വന്നാൽ—(എന്തോ ഓർമ്മിക്കുന്നു. പിന്നെയും പൊട്ടിക്കരയുന്നു. ഗദ്ഗദത്തോടുകൂടി) നിങ്ങൾ ദയവായി എന്നെ ഉപദ്രവിക്കാതെ പോകൂ.
- കുഞ്ഞുവർക്കി:
- സാറാമ്മേ, സാറാമ്മേ!
- സാറാമ്മ:
- എനിക്കു് വയ്യായേ. ഞാനെങ്ങനെ… എനിക്കു് എനിക്കു് മരിക്കണം.
- കുഞ്ഞുവർക്കി:
- നിരാശപ്പെടാതെ സാറാമ്മേ. നിരാശപ്പെട്ടതുകൊണ്ടെന്തു് ഫലം?
- സാറാമ്മ:
- ഒന്നു് മിണ്ടാതിരിക്കാനേ. അയ്യോ ഞാനെന്തു് പറയുമോ—ദൈവമേ!… എന്താശിച്ചായിരിക്കും വരുന്നതു് ? ഇവിടെ വരുമ്പളെന്താകാണുന്നതു്?… പണമയച്ചുതന്നു് നാലുകൊല്ലം എന്നെ പോറ്റിയതു് ഇതിനാ? അയ്യോ! ദൈവമേ! എനിക്കു് മരിക്കണം.
- കുഞ്ഞുവർക്കി:
- സാറാമ്മേ, ശബ്ദമുണ്ടാക്കാതെ. അമ്മ കേൾക്കും. തലമുടി കെട്ടിവയ്ക്കു് കണ്ണുനീരൊക്കെ തൂത്തുകള. അമ്മ വല്ലതും സംശയിക്കും.
- സാറാമ്മ:
- (പെട്ടെന്നു് ചാടിയെഴുന്നേറ്റു് കുഞ്ഞുവർക്കിയോടു്) അമ്മയെന്തു് സംശയിക്കാനാ? അവർക്കു് മനസ്സുള്ളതു് സംശയിക്കട്ടെ. നാലു് വർഷങ്ങൾ, അനാഥയായി, സ്നേഹിക്കാൻ ആരുമില്ലാതെ എന്നെ അരിവെപ്പുകാരിയായി ഇവിടെ ഇട്ടിട്ടു്… കല്യാണം കഴിയുന്നതിനുമുമ്പു്… പണമുണ്ടാക്കാൻ…
- കുഞ്ഞുവർക്കി:
- അരുതു് സാറാമ്മേ, അരുതു്. നമ്മളേതായാലും തെറ്റു് ചെയ്തു. ഇനി നമ്മളെത്തന്നെ നീതീകരിക്കയും കൂടി വേണോ? പോരെങ്കിൽ പണം മോഹിച്ചല്ല മാത്തുക്കുട്ടി പോയതു്. മറ്റു് ജോലിക്കു് വഴിയില്ലാഞ്ഞിട്ടല്ലേ?
- സാറാമ്മ:
- (ചെവി പൊത്തിക്കൊണ്ടു്) ഈ വേദാന്തമൊന്നു് നിറുത്താമോ?
- കുഞ്ഞുവർക്കി:
- ഞാനെന്തു് ചെയ്യണം, സാറാമ്മേ?
- സാറാമ്മ:
- എന്നെ ഇവിടുന്നു് കൊണ്ടുപോകണം.
- കുഞ്ഞുവർക്കി:
- എവിടെ?
- സാറാമ്മ:
- എവിടെയെങ്കിലും. ഇവിടുന്നു് പോയാമതി.
- കുഞ്ഞുവർക്കി:
- അതു് സാദ്ധ്യമല്ല.
- സാറാമ്മ:
- (പിന്നെയും കുപിതയായി) സാദ്ധ്യമല്ല—സാദ്ധ്യമല്ല; നാണമില്ലല്ലോ ഇങ്ങനെ പറയാൻ! ഞാൻതന്നെ എല്ലാം അനുഭവിക്കണമെന്നായിരിക്കും, അല്ലേ? നാണംകെട്ട—
- കുഞ്ഞുവർക്കി:
- (അല്പം ഗൗരവമായി) പറയുന്നതിനൊക്കെ ഇങ്ങനെ ദേഷ്യപ്പെട്ടതുകൊണ്ടെന്താ ഗുണം? ലഹളകൂട്ടുന്നതുകൊണ്ടെന്തു് സാധിക്കാനാണു്? നീ ഒന്നാലോചിച്ചു് നോക്കു്. ഇവിടെനിന്നു് പോകണമെന്നു് നീ പറയുന്നു. എങ്ങനെ പോകാനാണു്? എന്റെ കൈയിൽ പണമില്ല. എവിടെയെങ്കിലും എത്തിയാൽ പണമില്ലാതെ എങ്ങനെ ജീവിക്കാനാണു്? കുറെ കഴിയുമ്പോൾ നീ എന്നെവെറുക്കും. നിന്നെ പോറ്റാൻ കഴിവില്ലാതെ ഞാനും ഏതുവഴിയെങ്കിലും പോകേണ്ടിവരും. നിനക്കു് ജീവിക്കണ്ടേ? ജീവിക്കണമെങ്കിൽ… പിന്നെ… എന്തിനു്, ഞാൻ തുറന്നുപറയാം,… ജീവിക്കണമെങ്കിൽ നിനക്കു് മാനം വില്ക്കേണ്ടി വരും. എന്റെ സാറാമ്മേ, നീ അതിനു് തയ്യാറാണോ?
- സാറാമ്മ:
- അതിനു് നിങ്ങൾ എന്നെ വിട്ടുപോകുന്നതെന്തിനാ? നമുക്കു് വല്ല കൂലിവേലയും ചെയ്തു് ജീവിക്കാം.
- കുഞ്ഞുവർക്കി:
- അതൊന്നും നടക്കുകയില്ല സാറാമ്മേ. സ്നേഹിച്ചിട്ടോ മറ്റോ ഒളിച്ചോടിപ്പോകുന്ന രണ്ടുപേരാണെങ്കിൽ അങ്ങനെ കൂലിവേലചെയ്തു് ജീവിച്ചെന്നു് വന്നേയ്ക്കാം. നമ്മൾ അപമാനം സഹിക്കാൻ നിവൃത്തിയില്ലാതെ ഓടിപ്പോകുന്നവരാണെന്നു് ഓർമ്മിക്കണം. പോരെങ്കിൽ, കണ്ടാൽ കൊള്ളാവുന്ന പെണ്ണുങ്ങൾക്കു് കൂലിവേല കൊണ്ടുമാത്രം ജീവിക്കാൻ കഴിയുകയില്ല.
- സാറാമ്മ:
- (നിരാശയോടെ) ചുരുക്കിപ്പറഞ്ഞാൽ, പോകാൻ സാദ്ധ്യമല്ലെന്നു്.
- കുഞ്ഞുവർക്കി:
- പോരെങ്കിൽ അമ്മയ്ക്കും മാത്തുക്കുട്ടിക്കും എന്തു് മാനക്കേടായിരിക്കും. അതും അവൻ വരുന്ന ദിവസം.
- സാറാമ്മ:
- (തലകുനിച്ചു് കണ്ണീരൊഴുക്കുന്നു) എന്റെ ദൈവമേ!
- കുഞ്ഞുവർക്കി:
- (അടുത്തുചെന്നു്) കരയാതെ സാറാമ്മേ!
- സാറാമ്മ:
- കരയാതെന്തുചെയ്യും? മരിക്കാനെനിക്കിഷ്ടമില്ല. മരിക്കുന്നുമില്ല. ഓടിപ്പോകാമെന്നുവെച്ചാൽ, എവിടെ, ആരുടെകൂടെ? ഇവിടെ എങ്ങനെ കഴിയും?… വരാറായി, വരുമ്പോൾ എങ്ങനെ മുഖത്തുനോക്കും? എന്റെ…
- കുഞ്ഞുവർക്കി:
- ശ് ശ് ശ് മിണ്ടല്ലേ. അമ്മ വരുന്നുണ്ടു്. എന്തെങ്കിലും ജോലിചെയ്തുകൊണ്ടിരിക്കു്. വേഗം…
(സാറാമ്മ നിലത്തിരുന്നു് തേങ്ങാ ചിരണ്ടാൻ തുടങ്ങുന്നു. വലത്തുവശത്തെ വാതിലിൽക്കൂടി ഒരു വലിയ കോഴിയേയും തൂക്കിപ്പിടിച്ചുകൊണ്ടു് മാത്തുക്കുട്ടിയുടെ അമ്മ പ്രവേശിക്കുന്നു.)
- അമ്മ:
- കണ്ടോ കുഞ്ഞോർക്കി, ഈ യുദ്ധം വന്നേപ്പിന്നെ മനുഷേരൊക്കെ മഹാ അക്രമക്കാരായിത്തീർന്നു…(കോഴിയെ നീട്ടിപ്പിടിച്ചുകൊണ്ടു്) ഈ കോഴിക്കെന്തു് വെലവരും?
- കുഞ്ഞുവർക്കി:
- എനിക്കറിഞ്ഞുകൂടാ.
- അമ്മ:
- എങ്കിലും ഒരു വെലയില്ലേ?
- കുഞ്ഞുവർക്കി:
- ഒരു രൂപാ.
- അമ്മ:
- (വിജയഭാവത്തിൽ) ആ അതാ പറഞ്ഞതു്. നല്ല നോട്ടു് മൂന്നെണ്ണം അങ്ങെണ്ണി കൊടുത്തിട്ടാ കിട്ടിയതു്. അവളുടെ ഒടുക്കത്തെ മേടീരാ ഇതു്. എന്നാലും വേണ്ടില്ല. എന്റെ മോന്റെ ചക്രമല്ലേ? അവനല്ലെങ്കിപ്പിന്നെയാർക്കാ അതു് ചെലവാക്കണതു്? (സംസാരിച്ചുകൊണ്ടു് കോഴിയെ ഒരു മൂലയിൽ നിക്ഷേപിക്കുന്നു.) എടീ പെണ്ണേ, ഒരു നാലു് നുറുക്കെടുത്തു് വറക്കണം. ബാക്കികൊണ്ടു് ഒരു മുപ്പാസും—ഇവക്കെന്നാ, പ്രേതംപിടിച്ചപോലിരിക്കണതു്?
- കുഞ്ഞുവർക്കി:
- ക്ഷീണമായിരിക്കും. മാത്തുക്കുട്ടി വരുമ്പോൾ മാറിക്കൊള്ളും. പിന്നെ, വല്യമ്മേ, കോഴി എവിടുന്നാ കിട്ടിയതു് ?
- അമ്മ:
- അവളുടെ മൊഖത്തേയ്ക്കൊന്നു് നോക്ക്യേ, ഒരുമാതിരി മൂശേട്ട പിടിച്ചപോലെ. അതും നാലുകൊല്ലം കഴിഞ്ഞു് മാപ്പള വീട്ടിവരുമ്പള് (തിരിഞ്ഞു് കുഞ്ഞുവർക്കിയോടു്) നീ എന്നാ ചോദിച്ചതു്? കോഴി എവിടുന്നാന്നു് അല്ലേ?—നീ പോണേനുമുമ്പു് ഇതിനെ ഒന്നു് കൊന്നേച്ചുപോണേ കുഞ്ഞോർക്കി.—എടീ, നീ ആ അരിയൊന്നു് വെന്തോന്നു് നോക്കു് (സാറാമ്മ പാവയെപ്പോലെ പോകുന്നു.) അല്ല; കുഞ്ഞോർക്കീ, ആ പെണ്ണിനെന്നാ?
- കുഞ്ഞുവർക്കി:
- എന്താണോ. ഞാനെങ്ങനെ അറിയാനാണു്?
- അമ്മ:
- നീ ഇത്രോംനേരം ഇവിടെ ഇരുന്നിട്ടു് ഒന്നും ചോദിച്ചില്ലേ?
- കുഞ്ഞുവർക്കി:
- ഇല്ല. ഇനി വല്ലതും വാങ്ങിക്കാനുണ്ടോ?
- അമ്മ:
- എല്ലാം മേടിച്ചു. മീൻ കിട്ടീല്ല. പഴമിവിടെ പഴുത്തിരിപ്പൊണ്ടു്. പക്ഷേ, പെണ്ണിതുപോലെയിരുന്നാ ചെറുക്കൻ വരുമ്പം വിചാരിക്കും ഞാൻ അമ്മായിയമ്മപ്പോരെടുത്തട്ടാന്നു്.—സാറാമ്മെ, എടീ!
- സാറാമ്മ:
- (അണിയറയിൽ) എന്തോ?
(പ്രവേശിക്കുന്നു.)
- അമ്മ:
- ഈ കടുകിന്റെ കല്ലൊന്നു് കളഞ്ഞേ. (സാറാമ്മ അതു് ചെയ്യാൻ ഭാവിയ്ക്കുന്നു.)—വേണ്ട, നീ പോയി തിണ്ണേലു് വെള്ളമൊണ്ടോന്നു് നോക്കു്. ഇല്ലെങ്കി കൊറച്ചു് കൊണ്ടുവെയ്ക്കു് (സാറാമ്മ പോകുന്നു.) വണ്ടിവരുമ്പോളത്തേയ്ക്കു് നീ തീവണ്ടിയാപ്പീസിലൊന്നുപോയി നിന്നാലോ കുഞ്ഞോർക്കീ?
- കുഞ്ഞുവർക്കി:
- പോകണമെങ്കിൽ പോകാം. അല്ല, ഞാൻ പോകാം. അതാണു് നല്ലതു്.
- അമ്മ:
- വേണന്നില്ല. അവൻ വഴിയൊന്നും മറന്നുപോയിക്കാണൂല്ല—സാറാമ്മേ!
(സാറാമ്മ പ്രവേശിക്കുന്നു.)
- സാറാമ്മ:
- വെള്ളമുണ്ടു്.
- അമ്മ:
- എന്നാടീ ഇത്ര താമസം? ഒന്നനങ്ങി നടന്നേ പെണ്ണേ. നീ ആ കടുകൊന്നു് പൊട്ടിച്ചേ. അല്ലെങ്കി വേണ്ട. നീ ഇവിടെയിരുന്നു് തൈരുകലക്കു്. ഞാൻ കടുകു് പൊട്ടിച്ചോളാം.
(കടുകുപാത്രവുമെടുത്തു്, അകത്തേയ്ക്കു് പോകുന്നു. സാറാമ്മ നിലത്തിരുന്നു് തൈരുകലക്കുന്നു. കുറച്ചുസമയം രണ്ടുപേരും നിശ്ശബ്ദം,)
- സാറാമ്മ:
- ഇനി എന്തുചെയ്യും?
- കുഞ്ഞുവർക്കി:
- ഉം?—
- സാറാമ്മ:
- എന്തുചെയ്യുമെന്നു്?
- കുഞ്ഞുവർക്കി:
- അതല്ല. ഞാനാലോചിക്കുകയായിരുന്നു—
- സാറാമ്മ:
- എന്തു്?
- കുഞ്ഞുവർക്കി:
- ഞാനതു് അമ്മയോടു് പറഞ്ഞില്ല. ഞാൻ തീവണ്ടിക്കു് കാത്തുനിക്കണമെന്നു് കമ്പിയിലുണ്ടായിരുന്നു. ഒഴിയാൻ നോക്കി. പറ്റില്ല.
- സാറാമ്മ:
- കുടിക്കാം. ഈ കഷായം മട്ടുവരെ കുടിക്കാം രണ്ടുപേർക്കും. വേണ്ടുവോളമുണ്ടു്.
- അമ്മ:
- (അകത്തുനിന്നു്) രണ്ടുമൊളകും ഒരുള്ളിയും ആ മോരിൽ ചതച്ചിടണം കേട്ടൊ പെണ്ണേ.
- സാറാമ്മ:
- ഓ. (പതുക്കെ) സമയമെന്തായി?
- കുഞ്ഞുവർക്കി:
- എട്ടായിക്കാണും.
- സാറാമ്മ:
- വണ്ടി വരാറായോ?
- കുഞ്ഞുവർക്കി:
- ഉം.
(ദൂരത്തിൽ തീവണ്ടിയുടെ നീണ്ട വിസിൽശബ്ദം. സാറാമ്മ ഭയത്തോടെ എഴുനേല്ക്കുന്നു.)
- ശബ്ദം:
- (ദൂരത്തിൽനിന്നു്) അവൻ വീണ്ടും വരുന്നു! വിധിദിവസം സമാഗതമായിരിക്കുന്നു.
- കുഞ്ഞുവർക്കി:
- ആ നശിച്ച കള്ള ഉപദേശി!—
- സാറാമ്മ:
- വണ്ടിവരുന്നു.
- കുഞ്ഞുവർക്കി:
- അയാൾക്കു് ഭ്രാന്താണു്.
- സാറാമ്മ:
- ഇപ്പോൾ വരും.
- കുഞ്ഞുവർക്കി:
- ഉം.
(യന്ത്രത്തേപ്പോലെ നടന്നുപോകുന്നു.)
- സാറാമ്മ:
- ഉം.
കർട്ടൻ
ഒന്നാം രംഗത്തിലെ മുറി. കറിസാമാനങ്ങളും കോഴിയും കാണുന്നില്ല. സ്റ്റൂളിന്റെ മുകളിൽ റാന്തൽ കത്തിച്ചുവച്ചിരിക്കുന്നു. സാറാമ്മ വിചാരമഗ്നയായി തൈരുകലക്കിക്കൊണ്ടിരിക്കുന്നു. ഒരു ചൂലുമായി അമ്മ പ്രവേശിക്കുന്നു.
- അമ്മ:
- ഇപ്പ കിട്ടണ കടുകുപോലും ചീത്തയാ. ഒരൊറ്റ എണ്ണം പൊട്ടണ്ടേ. ഇങ്ങനെയുണ്ടോ ഒരു യുദ്ധം. എല്ലാം മറിച്ചാൻകുറിച്ചാൻ. കടുകു് പൊട്ടൂല്ല; മണ്ണെണ്ണ കത്തൂല്ല. ഒന്നും പണ്ടത്തെപ്പോലെയല്ല. ഇതെന്നാ വണ്ടി വന്നിട്ടു് നേരം കൊറച്ചായല്ലോ? അവനെന്താ താമസിക്കണതു്? കുഞ്ഞോർക്കിയേം കണ്ടില്ലല്ലോ! അവടെയെങ്ങാൻ നിക്ക്വാരിക്കും.
- സാറാമ്മ:
- (സംശയത്തോടുകൂടി) ഇനി വന്നിട്ടില്ലായിരിക്കുമോ?
- അമ്മ:
- ഏയ് വരാണ്ടിരിക്കൂല്ല. നീ ആ മുടിയൊക്കെ ഒന്നു് കെട്ടിവയ്ക്കു് ഒരു നല്ല തുണീം എടുത്തുടുക്കു്. കണ്ടാൽ ഒരു വർക്കത്തുവേണ്ടേ? (ദൂരത്തിൽ വിസിൽശബ്ദം. സാറാമ്മ ഞെട്ടുന്നു) നീ എന്തിനാ പെണ്ണേ ഞെട്ടണതു്? വണ്ടി… പോണതാ അതു്. അവനിപ്പം വരും.
- ശബ്ദം:
- (ദൂരത്തിൽ) അവൻ വീണ്ടും വരുന്നു! അവൻ വീണ്ടും വരുന്നു!
- സാറാമ്മ:
- (സ്തബ്ധയായിത്തീരുന്നു. അല്പസമയം കഴിഞ്ഞു്) അയ്യോ! എന്റെ ദൈവമേ! എനിക്കു് വയ്യായേ—എന്റെ—
(ഭ്രാന്തിയെപ്പോലെ എഴുന്നേറ്റോടുന്നു. തൈർക്കലത്തിൽ കാലുതട്ടി മറിഞ്ഞുവീഴുന്നു. ദൂരത്തിൽ പാഞ്ഞുപോകുന്ന തീവണ്ടിയുടെ ശബ്ദം കേൾക്കുന്നു. അമ്മ ഓടിച്ചെന്നു് താങ്ങി എഴുന്നേല്പിക്കുന്നു.)
- അമ്മ:
- അയ്യോ! ഈ പെണ്ണെന്താ കാണിച്ചതു്!—സാറാമ്മേ, മോളേ സാറാമ്മേ—മോളേ കണ്ണുതുറന്നേ, (സാറാമ്മയെ താങ്ങി എഴുന്നേല്പിച്ചു് ഒരു കട്ടിലിൽ കിടത്തുന്നു. സാറാമ്മയ്ക്കു് അനക്കമില്ല. ഒരു കറുത്ത കണ്ണടയും ധരിച്ചു് കുഞ്ഞുവർക്കിയുടെ തോളിൽ കൈയിട്ടുംകൊണ്ടു് മാത്തുക്കുട്ടി പ്രവേശിക്കുന്നു. അമ്മ കുറച്ചു് വെള്ളമെടുത്തു് മുഖത്തു് തളിക്കുന്നു. എന്നിട്ടും അനക്കമില്ലെന്നുകണ്ടു് ശ്വാസോഛ്വാസം ശരിയാക്കുന്നതിനു് അവർ സാറാമ്മയുടെ ബോഡീസിന്റെ കെട്ടഴിക്കുന്നു. വിളക്കെടുത്തുകൊണ്ടുവന്നു് അവർ സാറാമ്മയുടെ ശരീരം ആസകലം നോക്കുന്നു. എന്തോ പെട്ടെന്നു് അവരുടെ ശ്രദ്ധയിൽപെട്ടു് ഞെട്ടുന്നു. ഒന്നുകൂടി സൂക്ഷിച്ചു് നോക്കുന്നു. സംഭ്രാന്തിയോടുകൂടി പിടഞ്ഞെണീറ്റു് മാറത്തടിച്ചുകൊണ്ടു്) ഹയ്യോ! ചതിച്ചോടീ സാറാമ്മേ? ഈ കുടുംബത്തിന്റെ മാനം നീ കളഞ്ഞല്ലോടീ! അയ്യോ! എന്റെ ദൈവമേ! ഇതും കാണാനെടവന്നല്ലോ. അതും അവൻ വരണ ദിവസം. എന്റെ മാത്തുക്കുട്ടീ, നീ വരുമ്പോൾ ഞാൻ എന്നാ പറയണതു്?—(തലയ്ക്കു് കയ്യുംകൊടുത്തു് നിലത്തിരിക്കുന്നു) എന്റെ ദൈവമേ!
(മാത്തുക്കുട്ടി വാതില്ക്കൽനിന്നുകൊണ്ടു് അമ്മ പറയുന്നതുമുഴുവനും കേൾക്കുന്നു. അവനു് കാര്യം ഏതാണ്ടു് മനസ്സിലാവുകയും പെട്ടെന്നു് കുപിതനാവുകയും ചെയ്യുന്നു. ശരീരം വികാരവേഗംകൊണ്ടു് വിറയ്ക്കുന്നു. വിരലുകൾ അസ്വസ്ഥതകൊണ്ടു് പിടയുകയും ചെയ്യുന്നു. കുഞ്ഞുവർക്കിയുടെ മുഖത്തു് ഒരപരാധിയുടെ ഭാവമാണു്. അയാൾ മാത്തുക്കുട്ടിയുടെ അന്ധനയനങ്ങളിലേയ്ക്കു് ഭയചകിതനായി ഇടയ്ക്കിടയ്ക്കു് നോക്കുന്നുണ്ടു്. മാത്തുക്കുട്ടിയെ വിട്ടു് ദൂരെ മാറിനില്ക്കണമെന്നയാൾക്കു് ആഗ്രഹമുണ്ടെങ്കിലും, മാത്തുക്കുട്ടിയുടെ നിസ്സഹായതയോർത്തായിരിക്കാം മനസ്സില്ലാമനസ്സോടെ അവിടെത്തന്നെ നില്ക്കുന്നു.)
- മാത്തുക്കുട്ടി:
- (കനത്ത ശബ്ദത്തിൽ) സാറാമ്മേ!
(അമ്മ ഞെട്ടി തിരിഞ്ഞുനോക്കുന്നു. അല്പാല്പമായി ബോധം വീണുതുടങ്ങിയ സാറാമ്മ സാവധാനത്തിൽ എഴുന്നേറ്റു് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടു് നില്ക്കുന്നു. കുഞ്ഞുവർക്കി നിലത്തുതന്നെ നോക്കിക്കൊണ്ടിരിക്കുന്നു.)
- അമ്മ:
- മാത്തുക്കുട്ടീ, മോനേ, നിന്നെ ഒന്നു് ക…
- മാത്തുക്കുട്ടി:
- ഛീ! നിറുത്തു്. നിങ്ങളുടെ പ്രസംഗമൊന്നും എനിക്കു് കേൾക്കണ്ട. സാറാമ്മേ, സാറാമ്മേ! അവളിവിടെയില്ലേ?
- അമ്മ:
- (അവ്യക്തമായി) ഉണ്ടു്.
- മാത്തുക്കുട്ടി:
- അവൾക്കു് മിണ്ടിക്കൂടെ?
- അമ്മ:
- നിന്റെ കണ്ണിനെന്തുപറ്റി മോനേ?
- മാത്തുക്കുട്ടി:
- എന്റെ കണ്ണിന്റെയും കാലിന്റെയും കാര്യമല്ല, പറഞ്ഞതു്. സാറാമ്മ എന്തുചെയ്തു? സാറാമ്മ എങ്ങനെ കുടുംബത്തിന്റെ മാനം കളഞ്ഞുവെന്നാണു് ചോദിച്ചതു്.
- അമ്മ:
- അവൾ… അവൾ ഒന്നു്… വീണു. മുഖത്തു് വെള്ളം തളി…
- മാത്തുക്കുട്ടി:
- (കോപം അടക്കാൻ കഴിയാതെ കുഞ്ഞുവർക്കിയെ വിട്ടു് രണ്ടടി മുന്നോട്ടു് വെച്ചു.) കണ്ണു് പൊട്ടിപ്പോയതുകൊണ്ടു് കള്ളംപറഞ്ഞു് കളിപ്പിക്കാമെന്നായിരിക്കും. ഇല്ല, ഇനി അതു് നടപ്പില്ല. ഞാനെല്ലാം കേട്ടുകഴിഞ്ഞു. അവൾ പറയുമോ എന്നറിയട്ടെ!
- അമ്മ:
- എന്റെ മോനേ—
- മാത്തുക്കുട്ടി:
- നിറുത്താൻ പറഞ്ഞാൽ! നിങ്ങളുടെ ഒരു സ്നേഹം! അതല്ലേ കണ്ണുകളഞ്ഞു് യുദ്ധംചെയ്തു് പണമയച്ചുതന്നു് പോറ്റിയിട്ടു്, വരുമ്പോൾ തയാറാക്കിവച്ചിരിക്കുന്നതു്? സ്നേഹം! (പുച്ഛഭാവത്തിൽ പല്ലുകടിക്കുന്നു) നിങ്ങളൊന്നും പറയണ്ട. അവളുടെ കഥ അവൾതന്നെ പറയട്ടെ,—എടീ സാറാമ്മേ!
- സാറാമ്മ:
- (വളരെ താഴ്‌ന്ന ശബ്ദത്തിൽ) എന്തോ?
- മാത്തുക്കുട്ടി:
- അപ്പോൾ നിനക്കു് കേൾക്കാം, അല്ലേ? നീ ഇവിടെവാ. (അവൾ സാവധാനം അടുത്തുചെല്ലുന്നു. മാത്തുക്കുട്ടി തപ്പിനോക്കുന്നു. സാറാമ്മ കൈകൾ രണ്ടും സ്വയം മാത്തുക്കുട്ടിയുടെ കയ്യിൽ കൊടുക്കുന്നു.)
- മാത്തുക്കുട്ടി:
- എടീ, അമ്മ പറഞ്ഞതൊക്കെ ശരിയാണോ?
- അമ്മ:
- (ഓടിവന്നു് മാത്തുക്കുട്ടിയുടെ കൈയ്ക്കു് പിടിച്ചുകൊണ്ടു്) അവളെ അടിക്കല്ലേ മോനേ. അവൾക്കു്
- മാത്തുക്കുട്ടി:
- അതിന്റെ ഇടയ്ക്കു് കയറിവരാൻ നിങ്ങളോടാരു് പറഞ്ഞു? എടീ സാറാമ്മേ, പറയൂ, ആരാണു് നിന്നെ ഇങ്ങനെ ആക്കിയതു്?
- സാറാമ്മ:
- (നിലത്തു് നോക്കിക്കൊണ്ടു്)
- മാത്തുക്കുട്ടി:
- നിന്നോടു് ചോദിച്ചതിനുത്തരം പറയാനാ പറഞ്ഞതു്.
(സാറാമ്മ നിസ്സഹായതയോടെ കുഞ്ഞുവർക്കിയെ നോക്കുന്നു. ആ നോട്ടം സഹിക്കാൻ നിവർത്തിയില്ലാതെ കുഞ്ഞുവർക്കി മുറിയുടെ മറുഭാഗത്തേയ്ക്കു് നടക്കുന്നു. സാറാമ്മ കരഞ്ഞുകൊണ്ടു് പറയുന്നു.)
- സാറാമ്മ:
- അതെന്നോടു് ചോദിക്കല്ലേ. എന്നെ അടിച്ചോളൂ, കൊന്നോളൂ. ഇവിടെനിന്നു് ഇറക്കിവിട്ടോളൂ. അതുമാത്രം എന്നോടു് ചോദിക്കല്ലേ? ഞാൻ പറയുകയില്ല.
(കരഞ്ഞുകൊണ്ടു് മാത്തുക്കുട്ടിയുടെ കാല്ക്കൽ വീഴുന്നു. അയാൾ പിടിച്ചെഴുന്നേൽപ്പിച്ചു് നിറുത്തുന്നു.)
- മാത്തുക്കുട്ടി:
- നേരേ നില്ക്കടീ. നീ പറയുകയില്ലെന്നല്ലേ? നിന്നെക്കൊണ്ടു് പറയിപ്പിക്കാം. (ചവിട്ടാൻ കാലെടുക്കുന്നു. വേണ്ടെന്നുവെച്ചു് അവളുടെ തലമുടിയിൽ പിടിക്കുന്നു.) എടീ, ചോദിച്ചതിനു് ഉത്തരം പറയാനാ പറഞ്ഞതു്.
- സാറാമ്മ:
- (നിശ്ശബ്ദയയി നില്ക്കുന്നു. മാത്തുക്കുട്ടി തലമുടി പിടിച്ചു് കുലുക്കുന്നു) ഇല്ല, ഞാൻ പറയുകയില്ല.
- മാത്തുക്കുട്ടി:
- (കോപം പിന്നെയും വർദ്ധിക്കുന്നു.) ഇല്ല! ഇല്ലേ തേവിടിശ്ശി! നീ പറയുമോ എന്നു് ഞാനൊന്നു് നോക്കട്ടെ.
(കഴുത്തിനു് പിടിക്കുന്നു. കുഞ്ഞുവർക്കി ഓടിച്ചെന്നു് തടയുന്നു.)
- കുഞ്ഞുവർക്കി:
- വേണ്ടാ. മാത്തുക്കുട്ടീ വേണ്ട. സാറാമ്മയെ ചവിട്ടരുതു്. ഞാനാണിതിനുത്തരവാദി. അവൾ സാധു. ഞാനാണവളെ വഴിതെറ്റിച്ചതു്. ഞാൻ നിങ്ങളെ എല്ലാവരേയും വഞ്ചിച്ചു. നിങ്ങളുടെ ഔദാര്യം ഞാൻ ദുരുപയോഗപ്പെടുത്തി. എനിക്കു് മാപ്പിനവകാശമില്ല. പക്ഷേ, ആ പാവത്തിനെ തല്ലരുതേ.
(എല്ലാവരും സ്തബ്ധരാകുന്നു. അമ്മ പെട്ടെന്നു് കോപാക്രാന്തയായി കുഞ്ഞുവർക്കിയുടെ നേരെ തിരിയുന്നു.)
- അമ്മ:
- കുടുംബത്തിൽ കേറ്റാൻ കൊള്ളൂല്ലാത്ത ദുഷ്ടാ! എറങ്ങു് പൊറത്തു്. വിശ്വസിച്ചു് വീട്ടിൽകേറ്റി കാപ്പിയും ചോറും തന്നു് സല്ക്കരിച്ചതിന്റെ നന്ദികാണിച്ചതു്! നന്ദിയില്ലാത്ത പട്ടീ! ഉം, എറങ്ങു്.
- കുഞ്ഞുവർക്കി:
- വല്യമ്മേ, ദേഷ്യപ്പെടണ്ട. ഞാൻ പോവുകയാണു്. ഞാൻ നിങ്ങളോടൊക്കെ ചതിയാണു് ചെയ്തതു്. മാത്തുക്കുട്ടീ, എനിക്കുവേണ്ടി എനിക്കൊന്നും പറയാനില്ല. എങ്കിലും ഒന്നുണ്ടു്: വരാനുള്ളതു് വന്നു്. സാറാമ്മ അവളുടെ തെറ്റിനു് വേണ്ടതിലധികം അനുഭവിച്ചുകഴിഞ്ഞിട്ടുണ്ടു്. ഇനി അവളെ തല്ലുന്നതു് കഷ്ടമാണു് ഞാനാണു് തെറ്റുകാരൻ വല്യമ്മേ! ഞാൻ പോകുകയാണു്. നിങ്ങൾ ചെയ്തിട്ടുള്ള സഹായങ്ങൾക്കു് നന്ദി കാണിക്കാൻ ഞാൻ അശക്തനാണു് മാത്തുക്കുട്ടി, ക്ഷമിക്കുക.
(നടന്നുപോകുന്നു. സാറാമ്മ നോക്കിനില്ക്കുന്നു. വാതിൽക്കൽവെച്ചു് കുഞ്ഞുവർക്കി തിരിഞ്ഞു് സാറാമ്മയെ നോക്കുന്നു; പക്ഷേ, അവൾ മുഖം തിരിച്ചുകളയുന്നു. ഒരു നെടുവീർപ്പോടുകൂടി കുഞ്ഞുവർക്കി ഇറങ്ങിപ്പോകുന്നു.)
- അമ്മ:
- (നോക്കിനിന്നിട്ടു്) പാലുകൊടുത്ത കൈയ്ക്കു് കടിക്കുന്ന പാമ്പു്. ദുഷ്ടൻ! ഇവനൊന്നും നരകത്തിലും സ്ഥലം കിട്ടുകേല.
- മാത്തുക്കുട്ടി:
- അവനെയെന്തിനാ പറയുന്നതു്? ഇവളല്ലേ ആളു്! അവനല്ലെങ്കിൽ മറ്റൊരുത്തൻ.
- അമ്മ:
- നിനക്കും എറങ്ങി പൊയ്ക്കൂടേ അവന്റെ കൂടെ? എന്തു് നോക്കിനിക്ക്വാ? നിനക്കവിടെയാ സ്ഥലം. (ചൂണ്ടിക്കാണിച്ചുകൊണ്ടു്) അവിടെ—അവിടെ ആ റോട്ടിൽ.
- മാത്തുക്കുട്ടി:
- എന്നു് തുടങ്ങിയെടീ, ഈ കച്ചോടം?
- സാറാമ്മ:
- (മാത്തുക്കുട്ടിയുടെ അന്ധമായ മിഴികളുടെ മുമ്പിൽ തൊഴുതുകൊണ്ടു്) അയ്യോ! അങ്ങനെ പറയരുതേ, ഞാൻ തെറ്റുകാരിയാണു്. അതിനെന്നെ ഇഷ്ടംപോലെ ശിക്ഷിച്ചോളൂ, ഒരു തെറ്റിനു് സത്യം… ഒരിക്കൽമാത്രം…
(കരയുന്നു)
- മാത്തുക്കുട്ടി:
- (പരിഹാസമായി ചിരിച്ചുകൊണ്ടു്) ഇനി അവൾ കണക്കുമായി വരുകയാണു്. ശരിയായി! അവന്റെ കണക്കും അവളുടെ വേദാന്തവും!—കേൾക്കട്ടെ, കേൾക്കട്ടെ.
- അമ്മ:
- ഈ മൂധേവി ഇവിടെ കേറിയതിപ്പിന്നെ—എന്റെ ദൈവമേ, നാശമല്ലാതെ ഒന്നും—ഓ!
(കൈകൾ തലയ്ക്കു് വെയ്ക്കുന്നു)
(മാത്തുക്കുട്ടി ചിരി നിറുത്തുന്നില്ല. സാറാമ്മ പെട്ടെന്നു് നിരാശയും കോപവും കലർന്ന മുഖഭാവത്തോടുകൂടി എഴുന്നേറ്റു് മാത്തുക്കുട്ടിയെ നോക്കിനില്ക്കുന്നു.)
- സാറാമ്മ:
- (പെട്ടെന്നു് കുപിതയായി) മതി. നിറുത്തു്, ഇനി ഞാനെന്തുവേണം? മരിക്കണോ? ഇത്ര ചിരിക്കാനെന്തിരിക്കുന്നു? ഞാൻ തെറ്റുചെയ്തു. അതിനുമാത്രം അനുഭവിച്ചുകഴിഞ്ഞു. ഇനിയും എന്നെ ഇട്ടു് ചവിട്ടുന്നതെന്തിനു്? എന്നെ ഇറക്കിവിടു്. ഇവിടെ നിറുത്തി കൊല്ലുന്നതെന്തിനു്? ഞാനൊരു പെണ്ണാണു്. എനിക്കും ജീവിക്കണം. നാലുകൊല്ലം ആരുമേതുമില്ലാതെ, സ്നേഹിക്കാനും സഹായിക്കാനും ആരുമില്ലാതെ എന്നെ ഒറ്റക്കിട്ടിട്ടു് പേരിനു് വിവാഹിതയെന്നും പറഞ്ഞു് ഇപ്പോൾ വന്നിരിക്കുന്നു ചോദിക്കാൻ.
(പൊട്ടിക്കരയുന്നു. അപ്രതീക്ഷിതമായി സാറാമ്മയുടെ കോപംകണ്ടു് അത്ഭുതാധീനനായ മാത്തുക്കുട്ടി പെട്ടെന്നുള്ള ഈ കരച്ചിൽ കാണുമ്പോൾ ആകെ അമ്പരന്നുപോകുന്നു. അയാൾ ക്ഷീണിച്ചു് കസേര തപ്പുന്നു. സാറാമ്മ അതു് മനസ്സിലാക്കി അയാളുടെ കൈയ്ക്കു് പിടിച്ചു് കസേരയിൽ ഇരുത്തുന്നു. എല്ലാവരും അല്പസമയം നിശ്ശബ്ദം.)
- അമ്മ:
- (മാത്തുക്കുട്ടിയുടെ അടുത്തുചെന്നു്) എന്റെ മോനേ, നിന്റെ കണ്ണിനെന്തുപറ്റി? പറ മോനേ. അമ്മ കേൾക്കട്ടെ. (അവർ മാത്തുക്കുട്ടിയെ പിടിച്ചു് കുലുക്കിയിട്ടും അയാൾ അനങ്ങുന്നില്ല. നിരാശയോടെ അവർ സാറാമ്മയുടെ നേരെ തിരിയുന്നു.) മൂശേട്ട! ഇവളെ കെട്ടിയിട്ടാ എന്റെ മോന്റെ കണ്ണു് പോയതു്. ശവം! ഇനി എന്തിനാടീ മിഴിച്ചു് നോക്കിനിക്കണതു്?
- ശബ്ദം:
- (ദൂരത്തിൽ) അവൻ വീണ്ടും വരുന്നു! സത്യവിശ്വാസികളെ ഒരുങ്ങിക്കൊൾക. (സാറാമ്മ ശ്രദ്ധിച്ചിട്ടു് ദേഷ്യംകൊണ്ടു് പല്ലു് കടിക്കുന്നു.) അവൻ വരുമ്പോൾ ഉണർവ്വുള്ള കന്യകകളെ അവൻ സ്വീകരിക്കും. (മാത്തുക്കുട്ടി തലയുയർത്തി ശ്രദ്ധിക്കുന്നു.) അല്ലാത്തവരെ അവൻ ചാകാത്ത പുഴുവും കെടാത്ത തീയുള്ള നിത്യനരകത്തിലേയ്ക്കു് വലിച്ചെറിയും. അവർക്കു്—ഹാ കഷ്ടം!
- അമ്മ:
- അതൊരു ഉപദേശിയാ മോനേ!
(മാത്തുക്കുട്ടി അതു് കേൾക്കുന്നില്ല. അയാൾ ദാഹിക്കുന്നതുപോലെ കഴുത്തു് തടവുന്നു. സാറാമ്മ കാര്യം മനസ്സിലാക്കി ഓടിച്ചെന്നു് വെള്ളമെടുത്തുകൊണ്ടുവന്നു് കൊടുക്കുന്നു.)
- സാറാമ്മ:
- വെള്ളം!
(മാത്തുക്കുട്ടി വെള്ളം കുടിച്ചിട്ടു് തപ്പിയും തടഞ്ഞും നടക്കുന്നു. അയാളുടെ മുമ്പിൽ കിടന്ന ഒരു സ്റ്റൂൾ സാറാമ്മ എടുത്തു് മാറ്റുന്നു.)
- മാത്തുക്കുട്ടി:
- (നിന്നിട്ടു് ഇടറിയ സ്വരത്തിൽ) ദൈവമേ, എന്തിനു് ഈ കഷ്ടപ്പാടുകൾ എല്ലാം? എന്തെല്ലാം ഭയങ്കര കാഴ്ചകൾ കണ്ടു! എന്തെല്ലാം നരകദുഃഖങ്ങൾ അനുഭവിച്ചു! തലയറ്റ മനുഷ്യശരീരങ്ങളിൽനിന്നു് രക്തം ചീറ്റി പായുന്നതു് കണ്ടിട്ടുണ്ടു്. ആ നശിച്ച യുദ്ധത്തിന്റെ ഭയങ്കരഫലങ്ങൾ—ബോമ്പ് പൊട്ടി കാലും തലയും കയ്യും കരളും എല്ലാം നാലുപാടും ചിതറുന്നതു് കണ്ടിട്ടുണ്ടു്. പ്രാണൻ പോയിട്ടില്ലാത്ത മനുഷ്യശരീരങ്ങൾ കുറുനരികൾ വലിച്ചിഴച്ചുകൊണ്ടു് പോകുന്ന ഭയങ്കര കഴ്ച! അയ്യോ!… അതൊന്നും ഇത്രയധികം എന്നെ വേദനിപ്പിച്ചിട്ടില്ല…(കുറെക്കൂടി താഴ്‌ന്ന ശബ്ദത്തിൽ) അമ്മ മരിച്ചുപോയതായി ഞാൻ സ്വപ്നം കണ്ടിട്ടുണ്ടു്. എന്റെ കണ്ണു് പൊട്ടിയപ്പോൾ ഞാൻ മരിച്ചുപോകുമെന്നു് ഡോക്ടർമാർ പറഞ്ഞു. പക്ഷേ,… പക്ഷേ,…(ദുസ്സഹമായ ദുഃഖത്തോടെ ദീർഘനിശ്വാസം ചെയ്യുന്നു.) എങ്കിലും എന്റെ സാറാമ്മേ, നീ ഇതു്
- സാറാമ്മ:
- (അടുത്തുവന്നു്) അങ്ങനെ പറയരുതേ. ഞാൻ തെറ്റു് ചെയ്തുപോയി. ക്ഷമിക്കാൻ പാടില്ലാത്ത തെറ്റു്. അതിന്റെയെല്ലാം ശിക്ഷ ഞാനനുഭവിച്ചുകൊള്ളാം. ഞാൻ ഒരു സുഖവും ഇച്ഛിക്കുന്നില്ല… എങ്കിലും… ഒരു വേലക്കാരിയെപ്പോലെ…
(അവളുടെ ശബ്ദം ഇടറുന്നു. ശിരസ്സു് നമിച്ചു് അവൾ മാത്തുക്കുട്ടിയുടെ പാദം തൊട്ടു് നെറ്റിയിൽ വയ്ക്കുന്നു.)
- മാത്തുക്കുട്ടി:
- (സാറാമ്മയുടെ ശിരസ്സിൽ സസ്നേഹം തടവിക്കൊണ്ടു് ഗദ്ഗദത്തോടെ) കരയാതെ സാറാമ്മേ, കരയാതെ. (അല്പസമയം നിശ്ശബ്ദനായി നിന്നിട്ടു്) അമ്മേ, എനിക്കു് വിശക്കുന്നു.
കർട്ടൻ
മാത്തുക്കുട്ടിയുടെ വീട്ടിലെ ഒരു മുറി. പുറകോട്ടും വലതുവശത്തേയ്ക്കും വാതിലുകൾ. സാറാമ്മ ഒരു മുക്കിലിരുന്നു് കറിക്കൊരുക്കുന്നു. മാത്തുക്കുട്ടി കറുത്ത കണ്ണടയും ധരിച്ചു് സാവധാനത്തിൽ ലാത്തിക്കൊണ്ടിരിക്കുന്നു.
- മാത്തുക്കുട്ടി:
- (അകത്തേയ്ക്കു് തിരിഞ്ഞു്) അമ്മേ! അമ്മേ!
- സാറാമ്മ:
- എന്തിനാണു് എപ്പോഴും ഇങ്ങനെ അമ്മയെ വിളിക്കുന്നതു്?
- മാത്തുക്കുട്ടി:
- എനിക്കു് കുറച്ചു് കാപ്പി വേണം.
- സാറാമ്മ:
- (എഴുന്നേറ്റുകൊണ്ടു്) അതു് എന്നോടു് പറഞ്ഞാൽ പോരേ?
- മാത്തുക്കുട്ടി:
- അമ്മേ!
- അമ്മ:
- (അണിയറയിൽ) ഏ!
- മാത്തുക്കുട്ടി:
- (ഉറക്കെ) എനിക്കു് കുറച്ചു് കാപ്പി താ.
- സാറാമ്മ:
- ചോദിച്ചതിനുത്തരം പറയാത്തതെന്താ?
- മാത്തുക്കുട്ടി:
- അതിനു് പ്രത്യേകിച്ചു് ഉത്തരമൊന്നും പറയാനില്ല. മനുഷ്യൻ ഏറ്റവും ബുദ്ധിമുട്ടു് വരുമ്പോൾ ഓടിച്ചെല്ലുന്നതു് അമ്മയുടെ അടുക്കലേയ്ക്കാണു്.
- സാറാമ്മ:
- എപ്പോഴും?
- മാത്തുക്കുട്ടി:
- എപ്പോഴും.
- സാറാമ്മ:
- ഭാര്യ ഉണ്ടെങ്കിലും?
- മാത്തുക്കുട്ടി:
- ഭാര്യയും മക്കളും ഉണ്ടെങ്കിലും ഒരമ്മയെപ്പോലെ സഹിക്കാനും സ്നേഹിക്കാനും ഒരു ഭാര്യയ്ക്കും കഴിയില്ല.
(അമ്മ ഒരു കോപ്പ കാപ്പിയുമായി പ്രവേശിക്കുന്നു. ചുമയ്ക്കുന്നു. കാപ്പി മാത്തുക്കുട്ടിയുടെ കയ്യിൽ പിടിപ്പിച്ചു് കൊടുക്കുന്നു.)
- അമ്മ:
- എന്താടീ പെണ്ണേ! ഇത്തിരി കാപ്പി എടുത്തോണ്ടു് കൊടുത്തുകൂടെ? അതിനും ഈ വയസ്സുകാലത്തു് ഞാൻതന്നെ വേണോ? ചൊമച്ചിട്ടാണെങ്കി…
(ചുമയ്ക്കുന്നു.)
(സാറാമ്മ നിശ്ശബ്ദമായി മാത്തുക്കുട്ടിയുടെ മുഖത്തേയ്ക്കു് നോക്കുന്നു. മൂകമായ ആ അഭ്യർത്ഥന അന്ധനായ മാത്തുക്കുട്ടിക്കു് നിരർത്ഥകമാണെന്നുകണ്ടു് നിരാശയോടുകൂടി പിന്നെയും തല കുനിച്ചിരുന്നു് കറിക്കൊരുക്കുന്നു.)
- മാത്തുക്കുട്ടി:
- (കാപ്പികുടിക്കുന്നതിനിടയിൽ) അമ്മേ, അതവളുടെ കുറ്റമല്ല. അമ്മതന്നെ കൊണ്ടുവന്നാൽ മതി എന്നു് ഞാൻ പറഞ്ഞിട്ടാണു്.
- അമ്മ:
- അതങ്ങനെയേ വരു. (നിഷേധഭാവത്തിൽ തല കുലുക്കുന്നു.) അവൾ ഗുണം പിടിക്കുകയില്ല. ഇനിക്കാണെങ്കി ചൊമകൊണ്ടു്… ഇന്നലത്തെ മഴ നനഞ്ഞിട്ടാണെന്നാ തോന്നുന്നതു്. ഞാമ്പോയി ഒന്നു് കെടക്കട്ടെ.
(കാപ്പിപ്പാത്രവും വാങ്ങിച്ചുകൊണ്ടു് അകത്തേയ്ക്കു് പോകുന്നു. മാത്തുക്കുട്ടി പോക്കറ്റിൽനിന്നു് ബീഡി എടുത്തുകത്തിച്ചുകൊണ്ടു് പിന്നെയും നടക്കുന്നു.)
- മാത്തുക്കുട്ടി:
- സാറാമ്മേ!
- സാറാമ്മ:
- എന്തോ?
- മാത്തുക്കുട്ടി:
- നീ എന്താണൊന്നും മിണ്ടാത്തതു്?
- സാറാമ്മ:
- ഞാനെന്തു് മിണ്ടാനാ? ആരോടു് മിണ്ടാനാ?
- മാത്തുക്കുട്ടി:
- അമ്മമാർക്കാണു് കൂടുതൽ സ്നേഹം എന്നുപറഞ്ഞതിനു് നിനക്കെന്താണു് നീയും ഒരിക്കൽ—
(പെട്ടെന്നു് നിർത്തുന്നു.)
- സാറാമ്മ:
- (മുഖം വിളറുന്നു. വേഗം എഴുന്നേറ്റുചെന്നു് മാത്തുക്കുട്ടിയുടെ അടുത്തു് നില്ക്കുന്നു.) അതെ; അതുതന്നെയാണു് സ്വന്തം ഭാര്യ ആ സ്ഥാനത്തിനർഹയല്ലെന്നു് അറിയാവുന്നവർ അമ്മയുടെ അടുത്തേയ്ക്കുതന്നേ പോകും. എന്നോടു് ക്ഷമിക്കണേ! ഞാനൊരു പരമാർത്ഥം തുറന്നു് പറയുകയാണു്. ഞാൻ അങ്ങയുടെ ജീവിതത്തിനു് ഒരു ഭാരമാണു്. അങ്ങു് എന്നെ സംരക്ഷിച്ചു. ഞാൻ അങ്ങയെ വഞ്ചിച്ചു് അങ്ങയുടെ സ്നേഹത്തിനു് എനിക്കു് അവകാശമില്ല. ഞാൻ പൊയ്ക്കൊള്ളാം. എനിക്കു് കോപമോ, അസംതൃപ്തിയോ ഒന്നുമില്ല. ദയവായി എനിക്കു് പോകാൻ അനുവാദം തരണേ.
- മാത്തുക്കുട്ടി:
- സാറാമ്മേ, നീ തുറന്നു് പറയുന്നതു് എനിക്കു് സന്തോഷമാണു്. ഞാനും അതുപോലെ എല്ലാം തുറന്നുപറയാം. നിന്റെ സുഖത്തെപ്പറ്റി എനിക്കു് വളരെ കരുതലുണ്ടു്. പക്ഷേ, ഒരു ഭാര്യയെന്ന നിലയ്ക്കു് നിന്നെ സ്നേഹിക്കാൻ എനിക്കു് കഴിയുന്നില്ല. നീ പരിഭവിക്കണ്ട. കഴിഞ്ഞ മൂന്നുമാസമായി ഞാൻ നിന്നെ സ്നേഹിക്കാൻ ശ്രമിക്കുന്നുണ്ടു്. നാം തമ്മിലുള്ള ബന്ധം പള്ളിയിൽവെച്ചു് എന്തോ ചില ക്രിയകൾ നമ്മുടെ മുമ്പിൽവെച്ചു് നടത്തപ്പെട്ടുവെന്നതുമാത്രമാണു്. ഉടനെതന്നെ ഞാൻ യുദ്ധത്തിനു് പോവുകയും ചെയ്തു. ഞാൻ തിരിച്ചുവന്നപ്പോഴേയ്ക്കും ആ ദുർബലബന്ധംകൂടി തകർന്നുകഴിഞ്ഞിരുന്നു. അന്നു് നിന്നെ രണ്ടാമതും സ്വീകരിക്കാൻ എന്നെ പ്രേരിപ്പിച്ചതു് എന്റെ കാരുണ്യം മാത്രമായിരുന്നില്ല. അതിൽ സ്വാർത്ഥതയുണ്ടായിരുന്നു. കുറച്ചൊക്കെ എന്റെ സ്വന്തം കുറവിനെപ്പറ്റിയുള്ള ബോധവും. നീ വഴിപിഴച്ചുപോയി. ഞാൻ അന്ധനുമായി. അതുകൊണ്ടു് തകർന്ന രണ്ടു് ജീവിതങ്ങൾ കൂട്ടിയിണക്കി പുതിയതൊന്നുണ്ടാക്കാമെന്നു്, ഞാൻ ആശിച്ചു. പക്ഷേ, സ്നേഹം അങ്ങനെ സൃഷ്ടിക്കപ്പെടാവുന്ന ഒന്നല്ലായിരിക്കാം. പ്രായോഗികജീവിത സൗകര്യങ്ങൾ മാത്രമല്ലല്ലോ വിവാഹത്തിന്റെ അടിസ്ഥാനം. (അമ്മ അകത്തുനിന്നു് ചുമയ്ക്കുന്നു.) നാം തമ്മിൽ ഒരിക്കലും ചേരുകയില്ല; ഇനി പ്രത്യേകിച്ചും—
- സാറാമ്മ:
- (വളരെ ശാന്തമായി താഴ്‌ന്ന ശബ്ദത്തിൽ) പ്രത്യേകിച്ചു്?
- മാത്തുക്കുട്ടി:
- എന്റെ കണ്ണു് പൊട്ടിപ്പോയെങ്കിലും, നിന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ…
- സാറാമ്മ:
- (ചെവി പൊത്തിക്കൊണ്ടു്) അയ്യോ! നിറുത്തു് അവിടുന്നു് ഇങ്ങനെ പറയരുതേ. എനിക്കിതു് സഹിക്കവയ്യാ! എന്നെ ഇറക്കിവിട്ടുകൊള്ളുക. ഇങ്ങനെ ജീവനോടെ ദഹിപ്പിക്കാതെയിരിക്കണെ!
- മാത്തുക്കുട്ടി:
- സാറാമ്മേ, ഞാൻ നിന്നെ വേദനിപ്പിക്കാൻ പറയുകയല്ല. എനിക്കു് നിന്നോടു് ഒരുത്തരവാദിത്വമുണ്ടു്. നിന്നെ ഇവിടുന്നു് പറഞ്ഞയച്ചാൽ നിനക്കാരാണൊരു തുണ?
- സാറാമ്മ:
- അവിടുത്തെ മനസ്സുഖത്തിനു് അത്യാവശ്യമാണെങ്കിൽ എന്നെ ഇവിടെ നിന്നു് പറഞ്ഞയച്ചുകൊള്ളുക. ഞാനെവിടെയെങ്കിലും പോയി ജീവിച്ചുകൊള്ളാം. ഞാൻ തെറ്റുകാരിയാണെങ്കിലും എനിക്കുമുണ്ടൊരു ഹൃദയം!
- മാത്തുക്കുട്ടി:
- സാറാമ്മേ, നീ ഇല്ലാത്തതൊന്നും വിചാരിച്ചു് മനസ്സു് പുണ്ണാക്കണ്ട. എന്റെ കൈകൊണ്ടു് ഈ ജന്മത്തു് ഞാനൊരുതരം ക്രൂരതയും കാണിക്കുകയില്ല. യുദ്ധരംഗം ക്രൂരതയുടെ സ്വഭാവം എന്താണെന്നെന്നെ മനസ്സിലാക്കിത്തന്നു. നീ പോകാമെന്നു് പറയുന്നു. ആരെങ്കിലും നിന്നോടു് പോകാൻ പറഞ്ഞോ? പോയാൽ നീ എന്തുചെയ്യും?
- ശബ്ദം:
- (അണിയറയിൽ) അവൻ വീണ്ടും വരുന്നു!
(രണ്ടുപേരും ഞെട്ടുന്നു.)
- മാത്തുക്കുട്ടി:
- (പെട്ടെന്നു്) സാറാമ്മേ! കുഞ്ഞോർക്കി എവിടെയാണെന്നു് നിനക്കറിയാമോ?
(സാറാമ്മ നിശ്ശബ്ദം)
- മാത്തുക്കുട്ടി:
- ചോദിച്ചതു് കേട്ടില്ലേ?
- സാറാമ്മ:
- (നിലത്തു് നോക്കിക്കൊണ്ടു്) ഇവിടെ എവിടെയോ ഒക്കെ ഉണ്ടു്.
- മാത്തുക്കുട്ടി:
- എന്തുചെയ്യുകയാണു്?
- സാറാമ്മ:
- എനിക്കറിഞ്ഞുകൂടാ? വെറുതേ അലഞ്ഞുതിരിയുകയാണെന്നു് തോന്നുന്നു.
- മാത്തുക്കുട്ടി:
- ഇവിടെ വരാറുണ്ടോ?
- സാറാമ്മ:
- ഇല്ല.
- ശബ്ദം:
- (അണിയറയിൽ) അവൻ വീണ്ടും വരുന്നു! ഉണർവ്വുള്ള മണവാട്ടികളേ, കാത്തിരിപ്പിൻ!
- മാത്തുക്കുട്ടി:
- എങ്കിലും… എന്റെ ഏറ്റവും ഉറ്റ സ്നേഹിതൻ… എന്തൊരു ലോകം! ദൈവമേ! മനുഷ്യൻ പിശാചായിത്തീരുന്നു.
- സാറാമ്മ:
- (വിങ്ങിപ്പൊട്ടിക്കൊണ്ടു്) അയ്യോ, അങ്ങനെ പറയരുതേ! എന്റെ തെറ്റിനു് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തുന്നതെന്തിനു്? എന്നെ ശിക്ഷിച്ചുകൊള്ളുക.
- മാത്തുക്കുട്ടി:
- ഇനിയും നീ അവനെ നീതീകരിക്കയാണല്ലോ?
- സാറാമ്മ:
- അവിടുന്നു് കോപിക്കരുതേ! ഓരോന്നു് ചോദിച്ചു് എന്നെക്കൊണ്ടു് പറയിക്കുകയാണു്. അദ്ദേഹവും തെറ്റു് ചെയ്തു. അതെന്നോടു് പറയുന്നതു് ഞാനെങ്ങനെ സഹിക്കും.
- മാത്തുക്കുട്ടി:
- ശരി. ഞാൻ പൊട്ടക്കണ്ണനാണല്ലോ. ഇനിയും എന്നെ വഞ്ചിക്കാമല്ലോ, അല്ലേ?
- സാറാമ്മ:
- അയ്യോ! ഇല്ല അവിടുന്നു് വന്നതിൽപിന്നീടു് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. ഞങ്ങളോടു് ക്ഷമിക്കണമെന്നു് മാത്രമേ ഞാൻ അപേക്ഷിക്കുന്നുള്ളു.
- മാത്തുക്കുട്ടി:
- ഞാൻ അവനെ സ്നേഹിച്ചു. അവൻ എന്നെ ദ്രോഹിച്ചു. അവൻ ഈ മൂന്നുമാസമായി എന്നെ ഒന്നു് കാണുകകൂടി ചെയ്തിട്ടില്ല. ഇനിയും ഞാൻ അവനോടു് ക്ഷമിക്കണം, എന്തിനു്?
- സാറാമ്മ:
- അങ്ങയുടെ പഴയ സ്നേഹിതൻ അങ്ങയെ ഇന്നു് സ്നേഹിക്കുന്നുണ്ടു്. അങ്ങയോടു് ക്ഷമായാചനം ചെയ്യണമെന്നാഗ്രഹിക്കുന്നുണ്ടു്. പക്ഷേ, അതിനുവേണ്ടി അങ്ങയുടെ അടുത്തുവരാൻ ധൈര്യമില്ലെന്നുമാത്രം.
- മാത്തുക്കുട്ടി:
- ക്ഷമായാചനം ചെയ്യണമെന്നോ?
- സാറാമ്മ:
- അതേ, അന്നു് പല പ്രാവശ്യം ശ്രമിച്ചു! പക്ഷേ, അങ്ങു് കോപിച്ചിരിക്കുകയായിരുന്നു.
- മാത്തുക്കുട്ടി:
- നീ ഇതെങ്ങനെ അറിഞ്ഞു?
- സാറാമ്മ:
- ഞാനൊരു പെണ്ണല്ലേ?
- മാത്തുക്കുട്ടി:
- ചുരുക്കത്തിൽ, നിന്റെ ഹൃദയം ഇപ്പോഴും കുഞ്ഞോർക്കിയുടെ അടുത്താണു്.
- സാറാമ്മ:
- പിന്നെയും, പിന്നെയും ഇങ്ങനെ പറഞ്ഞു് എന്നെ വേദനിപ്പിക്കുന്നതെന്തിനാണു്?
- മാത്തുക്കുട്ടി:
- (നിരാശയോടുകൂടി തിരിഞ്ഞു് നിന്നിട്ടു്, തിരിഞ്ഞു്) സാറാമ്മേ! ഞാൻ ധരിച്ചതാണു് തെറ്റു്. ഞാനാണു് നിങ്ങളെ ദ്രോഹിക്കുന്നതു്. എന്നോടു് ക്ഷമിക്കു! ഇനി ഞാൻ നിങ്ങളുടെ ജീവിതത്തിനു് പ്രതിബന്ധമായി നില്ക്കുകയില്ല. ഞാൻ തന്നെ പോയേയ്ക്കാം.
- സാറാമ്മ:
- (ഓടിവന്നു് മാത്തുക്കുട്ടിയുടെ കൈകൾ പിടിച്ചുകൊണ്ടു്) അയ്യോ! അങ്ങനെ പറയരുതേ, ഞാൻ അങ്ങയെ വഞ്ചിച്ചു, ദ്രോഹിച്ചു. ഇനി ഞാൻ കാരണം അവിടുന്നു് പോകുകയും കൂടി ചെയ്താലോ? ഞാൻ ആണയിട്ടു് പറയുന്നു: “അദ്ദേഹം ഒരിക്കലും ഇവിടെ വരികയില്ല.”
- മാത്തുക്കുട്ടി:
- സാറാമ്മേ, നീ എന്നെ തെറ്റിദ്ധരിക്കുകയാണു് ചെയ്യുന്നതു്, കുഞ്ഞോർക്കി ഇവിടെ വരുന്നതിൽ എനിക്കു് ഒരു വിരോധവുമില്ല. ഞാൻ നിന്നെ വെറുത്തിട്ടുമല്ല പോകുന്നതു്. ഞാൻ നിങ്ങളുടെ ഇടയിൽ ഒരു പ്രതിബന്ധമായതുകൊണ്ടു് മാത്രമാണു്.
- സാറാമ്മ:
- അങ്ങു് പോയാൽ അമ്മയെന്തു് ചെയ്യും?
- മാത്തുക്കുട്ടി:
- (അല്പസമയം കഴിഞ്ഞു്) അമ്മ, ശരിയാണു്, അമ്മയെന്തുചെയ്യും? എനിക്കു് പോകണമെന്നുണ്ടു്. പക്ഷേ, ഞാനെങ്ങനെയാണു് അമ്മയെ ഉപേക്ഷിച്ചു് പോകുന്നതു്? പോരെങ്കിൽ ഞാൻ പൊട്ടക്കണ്ണനുമായിപ്പോയി. അമ്മയ്ക്കുവേണ്ടിയും, എനിക്കുവേണ്ടിയും ഞാൻ ഇവിടെ കുറെക്കാലംകൂടി ജീവിക്കും. നീ അതു് സഹിക്കണം.
- അമ്മ:
- (അകത്തുനിന്നു്) മാത്തുക്കുട്ടീ, മാത്തുക്കുട്ടീ!
(ചുമയ്ക്കുന്നു)
- സാറാമ്മ:
- അമ്മ വിളിക്കുന്നു.
- അമ്മ:
- (അകത്തു്) മാത്തുക്കുട്ടീ!
- മാത്തുക്കുട്ടി:
- എന്തോ!
(സാറാമ്മയുടെ നേരെ കൈനീട്ടുന്നു. സാറാമ്മ മാത്തുക്കുട്ടിയുടെ കൈപിടിച്ചു് അകത്തേയ്ക്കു് കൊണ്ടുപോകുന്നു.)
കർട്ടൻ
മാത്തുക്കുട്ടിയുടെ മുറി. സ്റ്റേജിന്റെ വലതു് വശത്തു് മുന്നോട്ടുമാറിനിന്നുകൊണ്ടു് മാത്തുക്കുട്ടി ഒരു അപരിചിതനുമായി സംസാരിക്കുന്നു.
- അപരിചിതൻ:
- അതു് സാരമില്ല.
- മാത്തുക്കുട്ടി:
- കണ്ണുകൂടിയില്ലാതെ പിന്നെ എന്നെക്കൊണ്ടു് എന്താണു് ചെയ്യാൻ കഴിയുന്നതു്?
- അപരിചിതൻ:
- വെടിമരുന്നും മറ്റും അവിടെയുണ്ടു്. അതു് പടക്കമായി കെട്ടുന്നതും എറിയുന്നതും മറ്റും എങ്ങനെയാണെന്നു് പറഞ്ഞുതന്നാൽ മതി.
- മാത്തുക്കുട്ടി:
- അതു് ശരിയാണു് രാഘവാ. എങ്കിലും…
- അപരിചിതൻ:
- വരുന്നതിനു് മറ്റെന്തെങ്കിലും തടസ്സമുണ്ടോ?
- മാത്തുക്കുട്ടി:
- ഇല്ലെന്നില്ല.
- അപരിചിതൻ:
- പൂർണ്ണമനസ്സില്ലെങ്കിൽ ഞാൻ നിർബ്ബന്ധിക്കുന്നില്ല. കാര്യം വളരെ അപകടം പിടിച്ചതാണെന്നു് മാത്തുക്കുട്ടിക്കറിയാമല്ലോ?
- മാത്തുക്കുട്ടി:
- എന്റെ രാഘവാ! ഇക്കഴിഞ്ഞതുപോലുള്ള ഒരു യുദ്ധം കണ്ട എനിക്കു് ഭീരുത്വം എന്നതിന്റെ അർത്ഥംപോലും അറിഞ്ഞുകൂടാ. നിങ്ങളുടെകൂടെ വരുന്നതിനു് എനിക്കു് വിരോധമുണ്ടായിട്ടല്ല. ഇറ്റലിയിലും, ഈജിപ്തിലും വെച്ചു് യുദ്ധം ചെയ്യുവാൻ ഞങ്ങൾക്കു് ഉത്സാഹം നൽകിയതു് ശത്രുക്കളുടെ നീചമായ ക്രൂരതയായിരുന്നു. ഇവിടെ കാണുന്ന അക്രമവും അനീതിയും എന്നെ വെറളിപിടിപ്പിക്കുന്നുണ്ടു്. ഇവിടെയും ഞാൻ യുദ്ധംചെയ്യാൻ തയ്യാറാണു്—ജയത്തെപ്പറ്റിപ്പോലും ഞാൻ ചിന്തിക്കുന്നില്ല. ഒന്നു് മാത്രമേ എന്നെ വിഷമിപ്പിക്കുന്നുള്ളു. ഞാൻ ഇവിടെനിന്നു് പോയാൽ അമ്മയ്ക്കു് ആരും തുണയില്ല.
- അപരിചിതൻ:
- പൊതുഗുണത്തിനുവേണ്ടി സ്വന്ത താല്പര്യങ്ങൾ ബലികഴിക്കാതെ നിവൃത്തിയില്ലെന്നു് മാത്തുക്കുട്ടിക്കറിയാമല്ലോ. ഞാൻ എന്റെ അമ്മയെക്കണ്ടിട്ടു് ആറുവർഷം കഴിഞ്ഞു.
- മാത്തുക്കുട്ടി:
- ഞാൻ പറയുന്നതിനെ നീതീകരിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. എങ്കിലും ഉടനെ ഒരു ഉത്തരം പറയാൻ…
- ഉപദേശി:
- കർത്താവിനു് സ്തോത്രം! എന്താ മാത്തുക്കുട്ടീ, സുഖംതന്നെയല്ലേ?
- അപരിചിതൻ:
- എന്നാൽ മാത്തുക്കുട്ടീ, ഞാൻ പോയിവരട്ടെ.
(ധൃതിയിൽ ഇറങ്ങിപ്പോകുന്നു.)
- ഉപദേശി:
- (സംശയത്തോടെ രാഘവനെ നോക്കിക്കൊണ്ടു്) ആരാണതു്, മാത്തുക്കുട്ടീ?
- മാത്തുക്കുട്ടി:
- (ഉദാസീനമായി) ആ ഫാക്ടറിയിൽ എവിടെയോ ഉള്ള ഒരു മനുഷ്യനാണു്.
- ഉപദേശി:
- അയാൾ എന്തിനു് വന്നു?
- മാത്തുക്കുട്ടി:
- ഓ വെറുതെ. ഞങ്ങൾ പണ്ടു് ഒരുമിച്ചു് ഫാക്ടറിയിൽ പണിയെടുത്തിട്ടുണ്ടു്.
- ഉപദേശി:
- മറിയാമ്മച്ചേട്ടത്തിക്കെങ്ങനെയിരിക്കുന്നു?
(സാറാമ്മ പ്രവേശിക്കുന്നു.)
- മാത്തുക്കുട്ടി:
- കൂടുതലൊന്നുമില്ല.
- ഉപദേശി:
- ആരു് ! ഇതു് സാറാമ്മയല്ലേ?
- സാറാമ്മ:
- (മാത്തുക്കുട്ടിയോടു്) അമ്മ ഇവിടെ വന്നിരിക്കണമെന്നു് പറയുന്നു.
(മാത്തുക്കുട്ടിയുടെ കൈ പിടിച്ചു് അകത്തേയ്ക്കു് കൊണ്ടുപോകുന്നു)
- ഉപദേശി:
- (കൈകൾ ഉയർത്തി സ്വർഗ്ഗത്തിലേയ്ക്കു് നോക്കിക്കൊണ്ടു്) കർത്താവരുളിച്ചെയ്തിരിക്കുന്നതു് നിവൃത്തിയാകുവാനുള്ള കാലമായി. ഇതു് മറുതലിപ്പിന്റെ കാലം. ലോകാവസാനത്തിൽ മനുഷ്യപുത്രൻ കിഴക്കുനിന്നു് വരുന്നതു് ഞാൻ കാണുന്നു. ശിക്ഷാവിധിയുടെ ദിവസം ആസന്നമായിക്കഴിഞ്ഞു. കർത്താവിനു് സ്തോത്രം.
(സാറാമ്മയും മാത്തുക്കുട്ടിയും അമ്മയേ താങ്ങിപ്പിടിച്ചു് കൊണ്ടുവന്നു് കസേരയിൽ ഇരുത്തുന്നു.)
- ഉപദേശി:
- (അടുത്തു് ചെന്നിട്ടു്) മറിയാമ്മച്ചേട്ടത്തീ, ചുമ കുറവുണ്ടോ? കുറേ ദിവസമായി ഇങ്ങോട്ടു് വരണമെന്നു് നോക്കിയിരിക്കുകയായിരുന്നു.
- അമ്മ:
- എന്റെ ഉപദേശി, എനിക്കു് തീരെ വയ്യാ. ഒരു വൈദ്യൻ വന്നു് മരുന്നു് കുറിച്ചു് തന്നിട്ടുണ്ടു്. അതു് വാങ്ങിക്കാൻ പോകാൻകൂടി ആളില്ല. മാത്തുക്കുട്ടിക്കാണെങ്കിൽ കണ്ണു് കണ്ടുകൂടാ. (ചുമയ്ക്കുന്നു.) ഇവളെങ്ങനെയാ പുറത്തിറങ്ങുന്നതു്. ശാപം വലിച്ചുവെച്ചു് കഴിഞ്ഞിട്ടു് മനുഷ്യരുടെ മുഖത്തു് നോക്കുവാൻ കഴിയുമോ?
(സാറാമ്മ തല കുനിച്ചുകൊണ്ടു് അകത്തേയ്ക്കു് പോകുന്നു.)
- മാത്തുക്കുട്ടി:
- എന്തിനാണമ്മേ, അവളെ എപ്പോഴും ഇങ്ങനെ ശകാരിക്കുന്നതു് ? വന്നതു് വന്നുകഴിഞ്ഞു. ഇനി പറഞ്ഞിട്ടെന്താ പ്രയോജനം?
- അമ്മ:
- ഇനി എന്താ പ്രയോജനമെന്നോ? ഒന്നുമില്ല. മുടിഞ്ഞു. എല്ലാം മുടിഞ്ഞു. (കോപത്തോടുകൂടി) ഈ കുടുംബമേ മുടിഞ്ഞു. (ചുമയ്ക്കുന്നു.) ഈ മൂധേവിയുടെ ശാപം കാരണമാണു് എനിക്കും സുഖക്കേടു് വന്നതു്. അവൾ ഇതിനു് അനുഭവിക്കതെ…
- ഉപദേശി:
- നിന്റെ കോപത്തിന്മേൽ സൂര്യൻ അസ്തമിക്കാതിരിക്കട്ടെ മറിയാമ്മച്ചേടത്തി. കർത്താവായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടു. വലിയ കടം ക്ഷമിച്ചുകിട്ടിയവനെപ്പോലെ നാമും ക്ഷമിക്കണം.
- അമ്മ:
- എന്തു് ക്ഷമിക്കണെന്നാ ഉപദേശി പറയുന്നതു്?
- മാത്തുക്കുട്ടി:
- അമ്മേ, ദേഷ്യപ്പെടാതെ. ദേഹമിളക്കിയാൽ ചുമ വർദ്ധിക്കും—സാറാമ്മേ!
- സാറാമ്മ:
- (അകത്തുനിന്നു്) എന്തോ!
- മാത്തുക്കുട്ടി:
- അമ്മയ്ക്കു് ഒന്നു് കുടിക്കാൻ എടുത്തുകൊണ്ടുവാ.
- അമ്മ:
- (ചുമയ്ക്കിടയിൽ) എനിക്കു് വേണ്ട.
- മാത്തുക്കുട്ടി:
- ചുമ മാറും.
- അമ്മ:
- വേണ്ടന്നല്ലേ പറഞ്ഞതു്?—
- മാത്തുക്കുട്ടി:
- ഇവിടെ വലിയ തണുപ്പാണു്. ഇവിടെ ഇരുന്നാൽ ചുമയ്ക്കും. അമ്മ അകത്തുപോയി കിടക്കൂ.
(മാത്തുക്കുട്ടി അമ്മയെ താങ്ങിപ്പിടിച്ചു് അകത്തേയ്ക്കു് കൊണ്ടുപോകുന്നു.)
- ഉപദേശി:
- (തല കുലുക്കിക്കൊണ്ടു്) പാപത്തിന്റെ ഫലം കയ്പുള്ളതാകുന്നു.
(സാറാമ്മ പ്രവേശിക്കുന്നു.)
- സാറാമ്മ:
- എന്റെ ഉപദേശീ!
- ഉപദേശി:
- സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു്?
- സാറാമ്മ:
- ഞാൻ എന്തു് ചെയ്യണം, ഉപദേശി? ഞാൻ തെറ്റു് ചെയ്തുപോയി. ഞാൻ അനുതപിക്കുന്നുണ്ടു്. പക്ഷേ, അമ്മ എന്നോടു് ക്ഷമിക്കുന്നില്ല. എന്റെ ഭർത്താവു് എന്നെ സ്നേഹിക്കുന്നില്ല.
- ഉപദേശി:
- കർത്താവിൽ ശരണപ്പെടുക.
- സാറാമ്മ:
- അതിനു് ഞാനെന്തു് ചെയ്യണം?
(മാത്തുക്കുട്ടി പ്രവേശിക്കുന്നു.)
- മാത്തുക്കുട്ടി:
- ഉപദേശീ, അമ്മയ്ക്കു് കൂടുതലാണെന്നു് തോന്നുന്നു. മരുന്നു് വാങ്ങിക്കാൻ എന്താ മാർഗ്ഗം?
- ഉപദേശി:
- ആരെയെങ്കിലും അയയ്ക്കണം.
- മാത്തുക്കുട്ടി:
- അതിനിവിടെ ആരുമില്ലല്ലോ.
- ഉപദേശി:
- അതിനു് ഞാൻ വഴിയുണ്ടാക്കാം. പക്ഷേ, ഞാൻ പോകുന്നതിനു് മുമ്പു് എനിക്കു് മാത്തുക്കുട്ടിയോടു് ഒരു സുവിശേഷം അറിയിക്കാനുണ്ടു്.
- മാത്തുക്കുട്ടി:
- എന്താണതു്?
- ഉപദേശി:
- ക്ഷമിക്കുന്നവർ ഭാഗ്യവാന്മാർ!
- മാത്തുക്കുട്ടി:
- ശരി.
- ഉപദേശി:
- പിന്നെയെന്താണു് മാത്തുക്കുട്ടി സാറാമ്മയോടു് ക്ഷമിക്കാത്തതു്?
- മാത്തുക്കുട്ടി:
- ഞാൻ ക്ഷമിച്ചില്ലെന്നാരു് പറഞ്ഞു.
- ഉപദേശി:
- ക്ഷമിച്ചാൽ മാത്രം പോരാ, സ്നേഹിക്കുകയും വേണം.
- മാത്തുക്കുട്ടി:
- അതു് എനിക്കു് കഴിയുന്നില്ല.
- ഉപദേശി:
- മാത്തുക്കുട്ടീ, നിങ്ങൾ രണ്ടുപേരും ദൈവസന്നിധിയിൽ വച്ചു് കൂട്ടിച്ചേർക്കപ്പെട്ടവരാണു്. എത്രവലിയ തെറ്റുകൾ ചെയ്താലും നിങ്ങൾ തമ്മിൽ അകലാൻ നമ്മുടെ വിശ്വാസം നമ്മെ അനുവദിക്കുകയില്ല. ദൈവം കൂട്ടിച്ചേർത്തവരെ മനുഷ്യൻ അകറ്റാതിരിക്കട്ടെ.
- മാത്തുക്കുട്ടി:
- ദൈവം കൂട്ടിച്ചേർത്തതിനെ…
(ചിന്താമഗ്നനായി ലാത്തുന്നു.)
- ഉപദേശി:
- എന്താ മാത്തുക്കുട്ടി ആലോചിക്കുന്നതു്?
- മാത്തുക്കുട്ടി:
- ഒരു സംശയം, അത്രയേ ഉള്ളു.
- ഉപദേശി:
- എന്താണതു്?
- മാത്തുക്കുട്ടി:
- ദൈവം ആരെയാണു് കൂട്ടിച്ചേർത്തതു്? എന്തിനാണു് ഈ യുദ്ധമുണ്ടായതു്? എന്തിനാണു് പട്ടാളത്തിൽ ചേരാൻ മാത്രം ഞാൻ ദരിദ്രനായിത്തീർന്നതു്? ആരാണു് സാറാമ്മയേയും കുഞ്ഞുവർക്കിയേയും ഒരുമിച്ചു് കൊണ്ടുവന്നതു് ? എന്റെ ഉറ്റ സ്നേഹിതനും, എന്റെ ഭാര്യയും! എങ്ങനെയാണു് ഇതൊക്കെ സംഭവിച്ചതു്? ഇതൊക്കെ സംഭവിക്കുവാൻ ആരാണു് കാരണക്കാരൻ?
- ഉപദേശി:
- അത്തരം ചിന്തകളൊക്കെ കളയൂ. മാത്തുക്കുട്ടീ, രാജിയാണു് ജീവിതത്തിന്റെ വിജയരഹസ്യം. പുല്ലുകളെ നോക്കുക, കൊടുങ്കാറ്റടിക്കുമ്പോൾ അവ വളഞ്ഞുകൊടുക്കുന്നു, ഒടിയുന്നതുമില്ല.
- മാത്തുക്കുട്ടി:
- ഏതായാലും രാജി എനിക്കു് വയ്യ. ഞാൻ യുദ്ധക്കളത്തിൽനിന്നു് തിരിച്ചുവരുന്നവനാണെന്നു് ഓർമ്മിക്കണം.
- ഉപദേശി:
- ഏതായാലും മാത്തുക്കുട്ടീ, ആലോചിക്കു്. ധൃതഗതിയിൽ ഒന്നും പ്രവർത്തിക്കരുതു്. ഞാൻ ഇനിയും താമസിച്ചാൽ മരുന്നിന്റെ കാര്യം കുഴപ്പത്തിലാകും.
(ഇറങ്ങിപ്പോകുന്നു.)
- മാത്തുക്കുട്ടി:
- സാറാമ്മേ!
- സാറാമ്മ:
- എന്തോ?
- മാത്തുക്കുട്ടി:
- നീ എന്നോടു് പരിഭവിക്കരുതു്. എനിക്കു് നിന്നോടു് യാത്രപറയാതെ നിവൃത്തിയില്ല. ഞാനിവിടെ താമസിക്കുന്നതു് നിനക്കും എനിക്കും ഒരുപോലെ വിഷമമാണു്.
- സാറാമ്മ:
- അപ്പോൾ അമ്മയോ?
- മാത്തുക്കുട്ടി:
- അമ്മ!—
(ചിന്താധീനനായി തലയ്ക്കു് കൈയും കൊടുത്തു് കസേരയിൽ ഇരിക്കുന്നു.)
- മാത്തുക്കുട്ടി:
- അപ്പോൾ മരുന്നു് വാങ്ങിക്കാൻ എന്താണൊരു വഴി? ഉപദേശി ഈ വിളിച്ചുപറഞ്ഞുകൊണ്ടു് നടക്കുകയല്ലാതെ ആരെയെങ്കിലും പറഞ്ഞയയ്ക്കുമോ എന്തോ?
(ഒരു വശത്തുനിന്നു് കുഞ്ഞുവർക്കി സാവധാനത്തിൽ പ്രവേശിക്കുന്നു. സാറാമ്മ അല്പം ഭയത്തോടുകൂടി മാത്തുക്കുട്ടിയുടെ മുഖത്തേയ്ക്കു് നോക്കുന്നു.)
- മാത്തുക്കുട്ടി:
- ആരാതു്?
- കുഞ്ഞുവർക്കി:
- ഞാൻ… ഞാൻ, കുഞ്ഞുവർക്കി.
- മാത്തുക്കുട്ടി:
- (കസേരയിൽനിന്നും ചാടി എഴുന്നേൽക്കുന്നു.) കുഞ്ഞുവർക്കിയോ?
- കുഞ്ഞുവർക്കി:
- അതെ.
- മാത്തുക്കുട്ടി:
- എന്തിനു്?
- കുഞ്ഞുവർക്കി:
- ഉപദേശി പറഞ്ഞയച്ചു, എന്തോ മരുന്നു് വാങ്ങണമെന്നു്.
- മാത്തുക്കുട്ടി:
- (അല്പനേരം മൗനമായി നിന്നിട്ടു്) സാറാമ്മേ! ആ കുറിപ്പും പണവും എടുത്തുകൊടുക്കു്. കുഞ്ഞുവർക്കി പോയി മരുന്നു് വാങ്ങിക്കൊണ്ടുവരട്ടെ.
(അകത്തുനിന്നു് ചുമ കേൾക്കുന്നു. സാറാമ്മ പോയി പണവും ഒരു കുറിപ്പും എടുത്തുകൊണ്ടുവന്നു്, ഒന്നു് മടിച്ചുനിന്നതിനുശേഷം മാത്തുക്കുട്ടിയുടെ കൈയിൽ പിടിപ്പിച്ചു് കൊടുക്കുന്നു.)
- മാത്തുക്കുട്ടി:
- ഇതാ കുഞ്ഞുവർക്കി.
(കുഞ്ഞുവർക്കി പണവും കടലാസും വാങ്ങിച്ചു് നിശ്ശബ്ദനായി ഇറങ്ങിപ്പോകുന്നു.)
- മാത്തുക്കുട്ടി:
- (ദീർഘനിശ്വാസത്തോടുകൂടി) അമ്മയ്ക്കുവേണ്ടി അതുംകൂടിയാകട്ടെ.
- സാറാമ്മ:
- അയ്യോ, അങ്ങനെ പറയരുതേ.
(പൊട്ടിക്കരയുന്നു. മാത്തുക്കുട്ടിയുടെ കസേരയുടെ പുറകിൽ പോയി നില്ക്കുന്നു.)
കർട്ടൻ
മാത്തുക്കുട്ടിയുടെ മുറി. മുറിയുടെ ഇടതുവശത്തു് ഒരു കട്ടിൽ. തലയിണകൾകൊണ്ടു് തലപൊക്കിവച്ചു് അമ്മ അതിൽ കിടക്കുന്നു. ഇടയ്ക്കിയ്ക്കു് ചുമച്ചു് കോളാമ്പിയിൽ തുപ്പുന്നു. സാറാമ്മയും മാത്തുക്കുട്ടിയും ശുശ്രൂഷിച്ചുകൊണ്ടു് അടുത്തുനില്ക്കുന്നു.
- അമ്മ:
- മാത്തുക്കുട്ടീ, മോനേ!
- മാത്തുക്കുട്ടി:
- എന്താമ്മേ?
- അമ്മ:
- വെള്ളം.
(സാറാമ്മ വെള്ളമെടുത്തു് മാത്തുക്കുട്ടിയുടെ കൈയിൽ കൊടുക്കുന്നു. മാത്തുക്കുട്ടി അമ്മയ്ക്കു് കൊടുക്കുന്നു. അവർ കുറച്ചു് കുടിക്കുന്നു.)
- അമ്മ:
- മിറ്റം ഒന്നും തൂത്തുകാണൂല്ല. എനിക്കു് ഒരു പണീം എടുക്കാമ്മേലാണ്ടായി. എല്ലാം ഇവളുകാരണമാ. (ചുമയ്ക്കുന്നു) മൂശേട്ട!
(ചുമയ്ക്കുന്നു.)
- മാത്തുക്കുട്ടി:
- അമ്മേ, വർത്തമാനം പറഞ്ഞാൽ ചുമ കൂടും.
- അമ്മ:
- കൂടട്ടെ. (ചുമയ്ക്കുന്നു) ചുമച്ചുചുമച്ചു് മരിക്കട്ടെ. ഇവൾക്കു് പിന്നെ ഇഷ്ടംപോലെ ആവാമല്ലോ. മരുന്നു് മേടിച്ചോ? എന്ത്യേ? ആ ഉപദേശിയേയും കണ്ടില്ലല്ലോ?
(അമ്മ ശക്തിയായി ചുമയ്ക്കുന്നു.)
- മാത്തുക്കുട്ടി:
- ഉപദേശിയല്ല മരുന്നുവാങ്ങാൻ പോയിരിക്കുന്നതു്, കുഞ്ഞോർക്കിയാണു്.
- അമ്മ:
- കുഞ്ഞോർക്കിയോ? ആ ചതി
(ചുമയ്ക്കുന്നു. ചുമനിൽക്കാത്തതുകൊണ്ടു് സാറാമ്മയും മാത്തുക്കുട്ടിയും അടുത്തുചെന്നു് പുറം തടവുകയും മറ്റും ചെയ്യുന്നു. കുഞ്ഞുവർക്കി മരുന്നുമായി പ്രവേശിച്ചു് നിശ്ശബ്ദനായി നില്ക്കുന്നു.)
- കുഞ്ഞുവർക്കി:
- (കുറച്ചുസമയം കഴിഞ്ഞു്) മരുന്നു്.
- മാത്തുക്കുട്ടി:
- ആ കുഞ്ഞോർക്കി വന്നോ?— സാറാമ്മേ, ആ മരുന്നിങ്ങു് വാങ്ങിക്കൂ. (സാറാമ്മ വളരെ സാവധാനത്തിൽ നടന്നുചെന്നു് മരുന്നു് വാങ്ങിക്കുന്നു.) ഒരു കോപ്പയിലൊഴിച്ചുകൊണ്ടുവാ.
(സാറാമ്മ മരുന്നൊഴിച്ചു് അമ്മയ്ക്കു് കൊടുക്കുന്നു.)
- അമ്മ:
- എനിക്കു് വേണ്ട.
- മാത്തുക്കുട്ടി:
- അതു് കുടിക്കമ്മേ! നല്ല മരുന്നാണു്.
- അമ്മ:
- എനിക്കു് വേണ്ടന്നല്ലേ പറഞ്ഞതു്?—
(ചുമയ്ക്കുന്നു.)
(സാറാമ്മ മരുന്നു് മാത്തുക്കുട്ടിയുടെ കൈയിൽ കൊടുക്കുന്നു.)
- മാത്തുക്കുട്ടി:
- ഇതെങ്ങനെയാ ഞാൻ കൊടുക്കുന്നതു്? അതു് താഴെയെങ്ങാൻ പോകും—കുഞ്ഞോർക്കി!
(കുഞ്ഞുവർക്കി മുന്നോട്ടുവന്നു് മരുന്നുവാങ്ങിച്ചു് അമ്മയുടെ വായിൽ ഒഴിച്ചു് കൊടുക്കുന്നു. അമ്മ കുടിക്കുന്നു. കുഞ്ഞുവർക്കിയും സാറാമ്മയും പരസ്പരം നോക്കുന്നു. സാറാമ്മ തലകുനിക്കുന്നു.)
- അമ്മ:
- കുഞ്ഞോർക്കി, നീ ഇതുവരെ എവിടെയായിരുന്നു?
- കുഞ്ഞുവർക്കി:
- ഇവിടെ ഒക്കെ ഉണ്ടായിരുന്നു.
(മാത്തുക്കുട്ടി സ്റ്റേജിന്റെ മുൻഭാഗത്തേയ്ക്കു് നടക്കുന്നു. സാറാമ്മ അമ്മയെ വീശിക്കൊണ്ടിരിക്കുന്നു.)
- കുഞ്ഞുവർക്കി:
- (മാത്തുക്കുട്ടിയുടെ അടുത്തുവന്നു്) മാത്തുക്കുട്ടീ!
- മാത്തുക്കുട്ടി:
- ഉം?
- കുഞ്ഞുവർക്കി:
- എന്നോടൊന്നും മിണ്ടുകയില്ലേ?
- മാത്തുക്കുട്ടി:
- എന്താണു് മിണ്ടേണ്ടതു്?
- കുഞ്ഞുവർക്കി:
- ചെറുപ്പത്തിലെ സ്നേഹമോർത്തിട്ടെങ്കിലും എന്നോടു് ക്ഷമിക്കൂ! മാത്തുക്കുട്ടീ, മനുഷ്യനു് തെറ്റുകൾ വരാമെന്നു് ഞാൻ പറയാതെ മാത്തുക്കുട്ടിക്കറിയാമല്ലോ? എന്നോടു് ക്ഷമിക്കൂ.
- മാത്തുക്കുട്ടി:
- ഇല്ല. എനിക്കുവയ്യാ. ഞാൻ കള്ളംപറയുന്നില്ല.
- കുഞ്ഞുവർക്കി:
- അമ്മപോലും എന്നോടു് ക്ഷമിച്ചതു് കണ്ടില്ലേ?
- മാത്തുക്കുട്ടി:
- അമ്മ ഇതുവരെ സാറാമ്മയോടു് ക്ഷമിച്ചോ? അവളുടെ കൈയിൽനിന്നു് മരുന്നുപോലും വാങ്ങിക്കുടിക്കാത്തതു് കണ്ടില്ലേ?
- കുഞ്ഞുവർക്കി:
- മാത്തുക്കുട്ടി സാറാമ്മയോടു് ക്ഷമിച്ചെങ്കിൽ പിന്നെ എന്തുകൊണ്ടാ എന്നോടു് ക്ഷമിക്കാത്തതു്?
- മാത്തുക്കുട്ടി:
- നിങ്ങൾ തമ്മിലുള്ള ബന്ധമാണു് നാം തമ്മിലുള്ള അകൽച്ച. കൂടുതൽ ചോദിക്കാതെ, കുഞ്ഞോർക്കി, അധികം താമസിക്കാതെ ഞാൻ ഇവിടെനിന്നും പോവുകയാണു്.
- കുഞ്ഞുവർക്കി:
- എങ്ങോട്ടു്?
- മാത്തുക്കുട്ടി:
- അപകടംപിടിച്ച ഒരു ജോലിക്കു്, ശമ്പളം കിട്ടാത്ത ഒരു യുദ്ധക്കളത്തിലേയ്ക്കു്. നാട്ടിന്നും നാട്ടാർക്കുംവേണ്ടി ജീവിതം സമർപ്പിച്ച ചിലരുടെകൂടെ.
- കുഞ്ഞുവർക്കി:
- പിന്നെ അമ്മയ്ക്കാരാണൊരു രക്ഷ?
- മാത്തുക്കുട്ടി:
- അമ്മ സാറാമ്മയോടു് ക്ഷമിച്ചില്ലെങ്കിലും, നിന്നെ വേഗം സ്വീകരിച്ചല്ലോ? അതുകൊണ്ടു് ഇനി നീ ഇവിടെ നിൽക്കുക. അന്ധനായ എന്നെക്കൊണ്ടു് ആർക്കും ഒരു പ്രയോജനവും ഇല്ല. അതുകൊണ്ടു് ഞാൻ പോകട്ടെ.
- കുഞ്ഞുവർക്കി:
- മാത്തുക്കുട്ടീ, അതു് തെറ്റല്ലേ?
(ഉപദേശി പ്രവേശിക്കുന്നു.)
- ഉപദേശി:
- യെറുശലേം പുത്രിമാരേ, നിങ്ങൾക്കു് ഹാ, കഷ്ടം! മാത്തുക്കുട്ടീ, മറിയാമ്മച്ചേടത്തിക്കു് എങ്ങനെയിരിക്കുന്നു? മരുന്നു് കൊടുത്തോ?
- മാത്തുക്കുട്ടി:
- മരുന്നു് കൊടുത്തു.
- ഉപദേശി:
- (കട്ടിലിനടുത്തുചെന്നു്) മറിയാമ്മച്ചേടത്തി ദുഃഖിക്കരുതു്. കർത്താവു് തന്റെ വിശ്വസ്തമണവാട്ടിയെ സ്വീകരിച്ചുകൊള്ളും. ഞാൻ ആശ്വാസത്തിന്റെ ദൂതനാണു്. ഞാൻ പോകട്ടെ.
- അമ്മ:
- ഉപദേശി പോവുകയാണോ?
- ഉപദേശി:
- (ശബ്ദമുയർത്തി) ഞാൻ പോകുന്നു, കർത്താവിന്റെ ആത്മാവു് എന്നെ നയിക്കുന്നു. അവൻ വിളിക്കുന്നേടത്തേയ്ക്കു് ഞാൻ പോകും. രണ്ടാമത്തെ വരവിന്റെ കാലമായി.
(പോകുന്നു)
- അമ്മ:
- കുഞ്ഞോർക്കി, ഈ മരുന്നു് എത്ര പ്രാവശ്യം കുടിക്കണമെന്നാ പറഞ്ഞതു്?
- കുഞ്ഞുവർക്കി:
- അഞ്ചാറുപ്രാവശ്യം കുടിച്ചാമതി.
- അമ്മ:
- വൈദ്യനെ ഇങ്ങോട്ടൊന്നു് വിളിച്ചുകൊണ്ടുവരാമോ?
- കുഞ്ഞുവർക്കി:
- കൊണ്ടുവരാം.
(മാത്തുക്കുട്ടി ലാത്തിക്കൊണ്ടിരിക്കുന്നു. രാഘവൻ സാവധാനത്തിൽ പ്രവേശിച്ചു് മാത്തുക്കുട്ടിയെ ഒരരികിലേയ്ക്കു് വിളിച്ചു് രഹസ്യമായി എന്തോ സംസാരിക്കുന്നു. സാറാമ്മ അകത്തേയ്ക്കുപോകുന്നു. അല്പസമയം കഴിഞ്ഞു് അമ്മ കലശലായി ചുമയ്ക്കുന്നു. എല്ലാവരും കട്ടിലിനടുത്തു് ഓടിയെത്തുന്നു. സാറാമ്മ വീശുന്നു. കുഞ്ഞുവർക്കി തലയിണ ശരിയാക്കി വെയ്ക്കുന്നു. അമ്മ ഞരങ്ങുകയും മൂളുകയും ചെയ്യുന്നു.)
- അമ്മ:
- അയ്യോ! എനിക്കു് വയ്യേ! ഒന്നു് കുടിക്കാൻ… അയ്യോ! (കുഞ്ഞുവർക്കി മരുന്നു് കുടിക്കാൻ കൊടുക്കുന്നു) എനിക്കു് മരുന്നു് വേണ്ടായേ, വെള്ളം… വെള്ളം. എന്റെ മാത്തുക്കുട്ടീ! എന്റെ കർത്താവേ! (കുഞ്ഞുവർക്കി വെള്ളമെടുത്തു് മാത്തുക്കുട്ടിയുടെ കൈയിൽ പിടിപ്പിച്ചു് ഒഴിച്ചു് കൊടുക്കുന്നു) എന്നെ ഒന്നു് വീശൂ. മാത്തുക്കുട്ടി, ഞാൻ മരിക്കുവാ.
(കുഞ്ഞുവർക്കി വിശുന്നു.)
- കുഞ്ഞുവർക്കി:
- സാറാമ്മേ കുറച്ചു് വെള്ളംകൂടി എടുത്തുകൊണ്ടുവാ.
(സാറാമ്മ അകത്തേയ്ക്കു് പോകുന്നു.)
- അമ്മ:
- വെള്ളം—എന്റെ കർത്താവേ!
(അമ്മ മരണലക്ഷണങ്ങൾ കാണിക്കുന്നു. സാറാമ്മ വെള്ളവുമായി പ്രവേശിക്കുന്നു.)
- അമ്മ:
- എന്റെ… കുഞ്ഞുവർക്കി, എന്റെ മകൻ… കണ്ണില്ലാതെ… കർത്താവേ!… നോക്കിക്കൊള്ളണേ!
(മരിക്കുന്നു.)
(എല്ലാവരും അടുത്തുവന്നു് നില്ക്കുന്നു. മാത്തുക്കുട്ടി അമ്മയുടെ ശരീരം കെട്ടിപ്പിടിച്ചു് കരയുന്നു. സാറാമ്മ കാല്ക്കൽ മുട്ടുകുത്തിനില്ക്കുന്നു. കുഞ്ഞുവർക്കിയും രാഘവനും നിശ്ശബ്ദരായി മാറിനില്ക്കുന്നു.)
- മാത്തുക്കുട്ടി:
- (സാവധാനം എഴുന്നേറ്റു്) രാഘവാ!
(രാഘവൻ അടുത്തുവരുന്നു. മാത്തുക്കുട്ടി രാഘവന്റെ കൈയിൽ മുറുക്കിപ്പിടിയ്ക്കുന്നു.)
- മാത്തുക്കുട്ടി:
- സാറാമ്മേ, കുഞ്ഞുവർക്കീ, എനിക്കിനി പോകാം…
(സാറാമ്മ എഴുന്നേറ്റോടിവന്നു് മാത്തുക്കുട്ടിയുടെ കൈയിൽ പിടിക്കുന്നു.)
- സാറാമ്മ:
- അയ്യോ! ഇപ്പോഴോ? ഇതെന്തു് ഭ്രാന്താണു്?
- മാത്തുക്കുട്ടി:
- ഉടനേതന്നെ വേണമെന്നില്ലല്ലോ… എനിക്കീ വീടുമായിട്ടുണ്ടായിരുന്ന ഏകബന്ധം തകർന്നുപോയി. ഇനി ഞാൻ പോവുകയാണു്.
- സാറാമ്മ:
- അമ്മ!
- കുഞ്ഞുവർക്കി:
- മാത്തുക്കുട്ടീ, എന്താണീ പറയുന്നതു്?—അമ്മ!
- മാത്തുക്കുട്ടി:
- മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ.
(സാറാമ്മയും കുഞ്ഞുവർക്കിയും പരസ്പരം നോക്കുന്നു. സാറാമ്മ അമ്മയുടെ കണ്ണുകൾ അടയ്ക്കുന്നു. ഒരു വെള്ളത്തുണി എടുത്തു് ശരീരം മൂടുന്നു. പിന്നീടു് കുറെ മെഴുകുതിരികൾ ഓരോന്നായി കത്തിച്ചു് കട്ടിലിന്റെ തലയ്ക്കൽ വെയ്ക്കുന്നു. അതു് കഴിഞ്ഞു് രണ്ടുപേരും അടുത്തടുത്തായി മുട്ടുകുത്തിനിന്നു് പ്രാർത്ഥിക്കുന്നു.)
കർട്ടൻ
മാത്തുക്കുട്ടിയുടെ വീടു്. കട്ടിൽ, കസേര, സ്റ്റൂൾ മുതലായവ അവിടവിടെയായി ചിതറിക്കിടക്കുന്നു. ഒരു മൂലയിൽ ഒരു റാന്തൽവിളക്കിരിക്കുന്നു. ആകപ്പാടെ ഒരു താറുമാറായ അന്തരീക്ഷം. വലിയ വയറുമായി സാറാമ്മ ഒരു കസേരയിൽ ഇരിക്കുന്നു. കുഞ്ഞുവർക്കി അതിന്നടുത്തുനിന്നു് സാറാമ്മയുമായി സംസാരിക്കുന്നു. സമയം പകൽ പത്തുമണി.
- സാറാമ്മ:
- കുട്ടി എന്തായിരിക്കും?
- കുഞ്ഞുവർക്കി:
- പെണ്ണു്.
- സാറാമ്മ:
- ഒ, പിന്നെ! പെണ്ണു്!—ആണായിരിക്കും.
- കുഞ്ഞുവർക്കി:
- അതെന്തുകൊണ്ടു്?
- സാറാമ്മ:
- പെണ്ണായതെന്തുകൊണ്ടു്?
- കുഞ്ഞുവർക്കി:
- ദുരിതത്തിലല്ലേ ജനിച്ചതു്; അനുഭവിക്കണ്ടേ കുറെ?
(ഉപദേശി പ്രവേശിക്കുന്നു. സാറാമ്മ എഴുന്നേല്ക്കുന്നു.)
- ഉപദേശി:
- കർത്താവിനു് സ്തോത്രം! സാറാമ്മേ, നീ എഴുനേറ്റു് വിഷമിക്കേണ്ട.
(സാറാമ്മ കസേരയിൽ പിടിച്ചുകൊണ്ടുനില്ക്കുന്നു.)
- സാറാമ്മ:
- ഓ. വേണ്ട. ഞാനിവിടെ നിന്നുകൊള്ളാം.
- ഉപദേശി:
- കുഞ്ഞുവർക്കീ, ഞാൻ നിന്നെ കാണാനാണു് വന്നതു്.
- കുഞ്ഞുവർക്കി:
- ഉം?
- ഉപദേശി:
- (സാറാമ്മയോടു്) കുഞ്ഞേ, നീ അകത്തുപൊയ്ക്കോ. ഞങ്ങൾക്കു് ചില കാര്യങ്ങളൊക്കെ പറയാനുണ്ടു്.
- സാറാമ്മ:
- വേണ്ട ഉപദേശി, എന്തിനാണു് ഇത്ര വളച്ചുകെട്ടുന്നതു്? ഞങ്ങൾ രണ്ടുപേരും നേരേതന്നെ കേട്ടുകൊള്ളാം. ഭാര്യയും ഭർത്താവും തമ്മിലുള്ള പെരുമാറ്റമെങ്ങനെയാണെന്നു് ഉപദേശിക്കറിഞ്ഞുകൂടാ എന്നു് തോന്നുന്നു.
(കസേരയിൽ ഇരിക്കുന്നു.)
- ഉപദേശി:
- ഭാര്യയും ഭർത്താവും!
(ആലോചിച്ചു് നില്ക്കുന്നു.)
- സാറാമ്മ:
- ഉം? എന്താ ആലോചിക്കുന്നതു്?
- ഉപദേശി:
- ഏതു് പള്ളിയിൽവെച്ചാണു് നിങ്ങളുടെ വിവാഹം നടന്നതു്?
- സാറാമ്മ:
- ഈ പള്ളിയിൽവെച്ചുതന്നെ.
- കുഞ്ഞുവർക്കി:
- അതിനു് പള്ളിവേണമെന്നുണ്ടോ?
- ഉപദേശി:
- പുരോഹിതനും വേണ്ടേ?
- കുഞ്ഞുവർക്കി:
- കിട്ടാൻ മാർഗ്ഗമില്ലെങ്കിൽ കൂടാതെ കഴിക്കണം.
- ഉപദേശി:
- ഞാൻ തുറന്നു് പറയുകയാണു്, കുഞ്ഞുവർക്കി, നീ എന്നോടു് പരിഭവിക്കേണ്ട. ദൈവത്തിന്റെ ജോലി ചെയ്യുന്നതിൽ മുഖം നോക്കാൻ നിവൃത്തിയില്ല. മാത്തുക്കുട്ടി പോയിട്ടു് ഇന്നു് രണ്ടു് മാസം തികയുന്നു. നിങ്ങൾ രണ്ടുപേരും ഇങ്ങനെ ഇവിടെ ഒരുമിച്ചു് താമസിക്കയും. ഇതു് ദൈവത്തിനും മനുഷ്യനും നിരക്കാത്ത പ്രവൃത്തിയാണു്.
- കുഞ്ഞുവർക്കി:
- തല്ക്കാലം ഞാൻ ദൈവത്തേയും മനുഷ്യനേയുമല്ല നോക്കാൻ നിശ്ചയിച്ചിരിക്കുന്നതു്. സാറാമ്മയെയാണു്.
- ഉപദേശി:
- അതു് ദൈവം നോക്കിക്കൊള്ളും.
- കുഞ്ഞുവർക്കി:
- പട്ടിണിക്കുള്ള തുറന്ന വഴി.
- ഉപദേശി:
- ദൈവം അങ്ങനെ തിരുമനസ്സാകുന്നെങ്കിൽ മനുഷ്യൻ അതും അനുഭവിക്കണം.
- കുഞ്ഞുവർക്കി:
- (സാറാമ്മയെ നോക്കിക്കൊണ്ടു്) അവളുടെ ഈ അവസ്ഥയിലുമോ?
- ഉപദേശി:
- തീർച്ചയായും. അതും ദൈവത്തെ ഭാരമേല്പിക്കുക.
- കുഞ്ഞുവർക്കി:
- ദൈവത്തിനു് ഒരു വയറ്റാട്ടിയേയും പരിചയമില്ല. വൈദ്യനെ വിളിക്കാനും മരുന്നു് വാങ്ങാനും അദ്ദേഹത്തിനു് നേരവുമില്ല.
- ഉപദേശി:
- (ചെവി പൊത്തുന്നു.) ദൈവദൂഷണം പറയാതെ കുഞ്ഞുവർക്കി.
- കുഞ്ഞുവർക്കി:
- ഒരു വെറും പരമാർത്ഥം.
- ഉപദേശി:
- കുഞ്ഞുവർക്കീ, ഇതു് വെറും സ്വാർത്ഥതയാണു്. സുഖത്തിനുവേണ്ടി അറിഞ്ഞുകൊണ്ടു് പാപം ചെയ്യുകയാണു്.
- കുഞ്ഞുവർക്കി:
- (ക്ഷുഭിതനായി) ആരുടെ സ്വാർത്ഥത? ആരുടെ സുഖം? എന്റേയോ? ഒരു സ്വൈരവുമില്ലാതെ, അപവാദത്തിന്റെ നടുവിൽ കിടന്നു്, ഉമിത്തീപോലെ നീറി ദഹിക്കുന്നതോ? ഉപദേശിക്കറിയാമോ, മനുഷ്യർ എന്തൊക്കെയാണു് പറയുന്നതെന്നു്?
- ഉപദേശി:
- അതുതന്നെയാണു് ഞാനും ചോദിക്കുന്നതു്.
- കുഞ്ഞുവർക്കി:
- മുറിവുള്ളവനല്ലേ വേദനയറിയുന്നതു്. അവരെന്തു് പറയുന്നുവെന്നു് എനിക്കറിയാം. അതുകേട്ടു് എന്റെ ചെവിയാണു് തഴമ്പിക്കുന്നതു്. അവർക്കു് എന്താണു് വേണ്ടതെന്നും എനിക്കറിയാം. അനന്യാശരണയായ സാറാമ്മയെ അവരുടെ കാമക്കൂത്തിന്നു് വിലകുറഞ്ഞ ഒരു പാവയായി കിട്ടണം. പോരെങ്കിൽ വളരെ അനുസരണമുള്ള ഒരു അടുക്കളവേലക്കാരിയായിട്ടും. ഇല്ല. ഞാനതു് സമ്മതിക്കയില്ല. ഞങ്ങൾ ചെയ്തതു് തെറ്റാണെന്നു് ഞങ്ങൾക്കറിയാം. പക്ഷേ, ഇനിയും സാറാമ്മയേ ഉപേക്ഷിച്ചുപോയി, ആ തെറ്റു് വർദ്ധിപ്പിക്കാൻ ഞാൻ തയ്യാറില്ല.
- ഉപദേശി:
- ഇഹലോകസുഖത്തിനുവേണ്ടി നീ ആത്മാവിനെ നശിപ്പിക്കുകയാണു്.
- കുഞ്ഞുവർക്കി:
- ആത്മാവിനെ ഞാൻ കണ്ടിട്ടില്ല. പക്ഷേ, വലിയ വയറും വലിച്ചുകൊണ്ടു് സഹായമഭ്യർത്ഥിക്കുന്ന സാറാമ്മയെ എനിക്കു് കാണാൻ കഴിയും. മാത്തുക്കുട്ടിയുടെ അമ്മ മരിച്ചു. മാത്തുക്കുട്ടി വീടുവിടുകയും ചെയ്തു. എവിടെയാണെന്നൊരു തുമ്പുമില്ല. ഇനി ആരാണു് സാറാമ്മയെ രക്ഷിക്കാനുള്ളതു്, അവളുടെ സ്ഥിതിക്കു്? ഏറ്റവും ഉത്തരവാദിത്വം ഉള്ള ആൾതന്നെ ആ കടമയും നിർവ്വഹിക്കട്ടെയെന്നാണു് ഞാൻ തീരുമാനിച്ചതു്. കരുണയെന്നൊന്നു് നിങ്ങളുടെ വേദപുസ്തകത്തിലില്ലേ, ഉപദേശി?
- ഉപദേശി:
- ഉണ്ടു്. പക്ഷേ, സാറാമ്മ അനന്യശരണയല്ല. അവൾ ഇന്നും മാത്തുക്കുട്ടിയുടെ ഭാര്യയാണു്.
- സാറാമ്മ:
- ഏ! (മുഖം വിളറുന്നു. എഴുനേറ്റുനിന്നു് അല്പം ആലോചിച്ചിട്ടു് താലി പൊട്ടിച്ചു് ദൂരെയെറിയുന്നു.) അല്ല!
(എല്ലാവരും സ്തബ്ധരാകുന്നു.)
- ഉപദേശി:
- (ആകാശത്തിലേയ്ക്കു് നോക്കി) ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യൻ വേർതിരിക്കാതിരിക്കട്ടെ!
- കുഞ്ഞുവർക്കി:
- ആരാണു് ദൈവത്തിന്നു് ഈ ജോലി കൊടുത്തതു്? ദൈവം അവരെ എവിടെവെച്ചാണു് കൂട്ടിച്ചേർത്തതു്?
- ഉപദേശി:
- പുരോഹിതൻ ദൈവത്തിന്റെ പ്രതിപുരുഷനാണു്.
- കുഞ്ഞുവർക്കി:
- അല്ല, സാരമില്ല. ദൈവത്തെക്കൊണ്ടു് എനിക്കു് വലിയ ശല്യമില്ല. മനുഷ്യനാണു് ഉപദ്രവിക്കുന്നതു്.
- ഉപദേശി:
- പുരോഹിതൻ ആ കർമ്മത്തിൽ സമുദായത്തിന്നുവേണ്ടി സാക്ഷിനില്ക്കുന്നയാളാണു്.
- കുഞ്ഞുവർക്കി:
- സാക്ഷിയോ?
- ഉപദേശി:
- അതെ, സാക്ഷി. മനുഷ്യൻ സാമൂഹ്യജീവിയാണു്. അവന്റെ എല്ലാ കർമ്മങ്ങൾക്കും നടവടികൾക്കും സാക്ഷി കൂടിയേ തീരൂ.
- കുഞ്ഞുവർക്കി:
- സാക്ഷികിട്ടാൻ നിവൃത്തിയില്ലെങ്കിൽ—
- ഉപദേശി:
- എല്ലാറ്റിനും തർക്കുത്തരം പറയാതെ, കുഞ്ഞുവർക്കീ.
- കുഞ്ഞുവർക്കി:
- ന്യായം തർക്കുത്തരമാകുന്നതെങ്ങനെയാണു്?
- ഉപദേശി:
- ഞാൻ തോറ്റു (പോകാൻ ഭാവിക്കുന്നു. പുറത്തേയ്ക്കു് നോക്കിക്കൊണ്ടു്) യറുശലേമേ! നിനക്കു്… ഹാ കഷ്ടം! എത്രപാവശ്യം ഞാൻ നിന്നെ രക്ഷിക്കാൻ ശ്രമിച്ചു. നീ അതു് ചെവിക്കൊണ്ടില്ല. പിടക്കോഴി കുഞ്ഞുങ്ങളെയെന്നോണം ഞാൻ നിന്നെ എന്റെ ചിറകുകളുടെ കീഴിൽ ചേർത്തുകൊള്ളുമായിരുന്നു. എങ്കിലും, നീ കൈക്കൊണ്ടില്ല. ചാകാത്ത പുഴുവും കെടാത്ത തീയ്യും നിറഞ്ഞ നിത്യനരകത്തിലേയ്ക്കു്—
- സാറാമ്മ:
- അയ്യോ, ഉപദേശി!
- കുഞ്ഞുവർക്കി:
- ശപിക്കാതെ ഉപദേശി. എന്നെ പരീക്ഷിക്കാതെ. ബലഹീനനും പാപിയുമായ ഒരു സാധുമനുഷ്യൻ ഒരു സല്ക്കർമ്മമെങ്കിലും ചെയ്തു് ആശ്വസിച്ചുകൊള്ളട്ടെ.
- ഉപദേശി:
- ഞാൻ പോകുന്നു. കുഞ്ഞുവർക്കീ മറക്കരുതു്.
(പോകുന്നു.)
- സാറാമ്മ:
- ഈ ഉപദേശി ഒരു വലിയ ബാധയാണു്.
(കുഞ്ഞുവർക്കി നിശ്ശബ്ദനായി ഒരു കസേരയിലിരിക്കുന്നു.)
- സാറാമ്മ:
- എന്താണൊന്നും മിണ്ടാത്തതു്?
- കുഞ്ഞുവർക്കി:
- ഞാൻ ആലോചിക്കുകയാണു്?
- സാറാമ്മ:
- എന്തു്?
- കുഞ്ഞുവർക്കി:
- സാക്ഷിയുടെ കാര്യം. ഉപദേശി പറഞ്ഞതിൽ കാര്യമുണ്ടു്. എനിക്കു് ഇന്നു് നിന്നെ ഉപേക്ഷിച്ചിട്ടു് പോകാം. അതു് സമുദായം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണു് സാക്ഷി വേണമെന്നു് വന്നിരിക്കുന്നതു്!
(രണ്ടുപേരും മുഖത്തോടുമുഖം നോക്കുന്നു.)
- സാറാമ്മ:
- അദ്ദേഹമാണു് നമ്മുടെ വിവാഹത്തിന്റെ സാക്ഷിയും പുരോഹിതനുമെല്ലാം.
- കുഞ്ഞുവർക്കി:
- അതുവയ്യാ. മാത്തുക്കുട്ടിക്കു് അതിനു് അവകാശമില്ല.
- സാറാമ്മ:
- അദ്ദേഹം പോയിട്ടു് ഇതുവരെ ഒരു വിവരവുമില്ലല്ലോ.
- കുഞ്ഞുവർക്കി:
- ഞാൻ അന്വേഷിച്ചു് ഒളിവിലെവിടെയോ ആണു്. രാഘവനേയും കാണുന്നില്ല.
- സാറാമ്മ:
- വല്ല അപകടവും പിണഞ്ഞുകാണുമോ? എന്റെ ദൈവമേ, നോക്കിക്കൊള്ളണേ! കണ്ണുമില്ല. പാവം!
- കുഞ്ഞുവർക്കി:
- സാറാമ്മേ! നീ ഇപ്പോഴും മാത്തുക്കുട്ടിയെ സ്നേഹിക്കുന്നുണ്ടോ?
- സാറാമ്മ:
- അസൂയയോ?
- കുഞ്ഞുവർക്കി:
- അല്ല.
- സാറാമ്മ:
- സംശയമോ?
- കുഞ്ഞുവർക്കി:
- അതും അല്ല. അസൂയയുമില്ല. സംശയവുമില്ല. എന്തോ ഒരു വികാരം. സാക്ഷി വേണമെന്നു് തോന്നുന്നു.
- സാറാമ്മ:
- ഞാനെങ്ങനെ അദ്ദേഹത്തെ മറക്കും?
- കുഞ്ഞുവർക്കി:
- സകലതും ക്ഷമിച്ചതിന്റെ നന്ദിയായിരിക്കും.
- സാറാമ്മ:
- അല്ല, അതുമാത്രമല്ല.
- കുഞ്ഞുവർക്കി:
- പിന്നെ?
- സാറാമ്മ:
- ഞങ്ങൾ അന്യരാണോ? ഒരുകാലത്തു്.
- കുഞ്ഞുവർക്കി:
- സാറാമ്മേ, അതെന്നെ ഓർമ്മിപ്പിക്കാതെ. പുരുഷന്മാർക്കും അസൂയയുണ്ടെന്നു് ഓർമ്മിക്കു് ഒരു കാലത്തു്… അതെ, ആ കാലമാണു് എനിക്കോർത്തുകൂടാത്തതു്.
- സാറാമ്മ:
- പിന്നെയെന്തിനാണു് അങ്ങു് ഈ കുന്തമൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരുന്നതു്?
- കുഞ്ഞുവർക്കി:
- സാറാമ്മേ, ക്ഷമിക്കൂ. ഞാൻ നിന്നെ വേദനിപ്പിച്ചു. അതു് ഓർമ്മയില്ലാതെ ചെയ്തുപോയതാണു്. വിവാഹജീവിതത്തിൽ ഇങ്ങനെ പലതും പരസ്പരം ക്ഷമിക്കുകയും മറക്കുകയും ചെയ്യേണ്ടതുണ്ടു്.
- ശബ്ദം:
- പാപത്തിന്റെ ശമ്പളം മരണമത്രേ!
(രണ്ടുപേരും ഞെട്ടുന്നു. സാറാമ്മ കുഞ്ഞുവർക്കിയുടെ അടുത്തുചെന്നു് കസേരയിൽ ചാരിനില്ക്കുന്നു.)
- സാറാമ്മ:
- ഈ ആധി എന്നുതീരും, ദൈവമേ!
കർട്ടൻ
സ്ഥലം മുമ്പിലത്തെ രംഗത്തിലേതു് തന്നെ. പല്ലെല്ലാം കൊഴിഞ്ഞുപോയ ഒരു കിഴവിയും സാറാമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. സമയം സന്ധ്യ.
- കിഴവി:
- അതോർത്തു് എന്റെ കുഞ്ഞു് വെഷമിക്കണ്ട.
- സാറാമ്മ:
- എങ്കിലും എങ്ങനെയാ വല്യമ്മേ, കഴിച്ചുകൂട്ടുന്നതു്? മനുഷ്യരുടെ മുഖത്തു് നോക്കണ്ടേ?
- കിഴവി:
- നിങ്ങളുടെ ചെറുപ്പംകൊണ്ടു് ഇങ്ങനെയൊക്കെ തോന്നുന്നതാ. ഇങ്ങനെ എത്ര കണ്ടതാ ഈ ലോകം. ഈ വയസ്സിനിടയ്ക്കു് ഇങ്ങനെ എത്ര പേരുടെ കണ്ണീരു് ഞാൻ കണ്ടു! അവരൊക്കെ ഇന്നു് സൊകമായി ജീവിക്കുവാ!
- സാറാമ്മ:
- എന്റെ കാര്യം മാത്രം അല്ലല്ലോ.
- കിഴവി:
- അതു് നന്നായി. ആളുകൂടെയില്ലാതെ എത്രപേരാ കെടന്നു് വെഷമിക്കുന്നെ. എന്റെ കുഞ്ഞു് വെഷമിക്കേണ്ട. എല്ലാം വെല്യമ്മ നോക്കിക്കോളാം.
- സാറാമ്മ:
- വല്യമ്മയ്ക്കു് എന്നോടു് വെറുപ്പു് തോന്നുന്നില്ലേ?
- കിഴവി:
- വെറുപ്പോ! എന്തിനു്? എനിക്കെന്താ കുഞ്ഞേ, എന്റെ തൊഴിലു് നോക്കിയാ പോരേ? തള്ളയ്ക്കും പുള്ളയ്ക്കും ഒന്നും പറ്റരുതു് എങ്ങനെയൊണ്ടായി, ആർക്കൊണ്ടായീന്നൊക്കെ ഞാനെന്തിനാ നോക്കണതു്? പാവങ്ങൾക്കു് മാനാപമാനം വല്ലോമൊണ്ടോ? നമ്മളൊക്കെ എന്തിനാ ഇതൊക്കെ ആലോചിക്കണതു്?
- സാറാമ്മ:
- (മുഖം അല്പമൊന്നു് വിളറി.) പാവങ്ങൾക്കു്, നമുക്കു്
(കുഞ്ഞുവർക്കി പ്രവേശിക്കുന്നു.)
- കുഞ്ഞുവർക്കി:
- വല്യമ്മ എപ്പഴാ വന്നതു്? ഞങ്ങൾ നോക്കിയിരിക്കുകയായിരുന്നു.
- കിഴവി:
- ഞാൻ കൊറച്ചുനേരായി വന്നിട്ടു് സാറാമ്മയോടു് ഓരോ നാട്ടുവർത്തമാനം പറഞ്ഞോണ്ടിരിക്ക്വർന്നു.
- കുഞ്ഞുവർക്കി:
- അവൾക്കു് ഏതാണ്ടു് അടുത്തിട്ടുണ്ടെന്നാ തോന്നുന്നതു്.
- സാറാമ്മ:
- പോയ കാര്യമെന്തായി?
- കുഞ്ഞുവർക്കി:
- മാത്തുക്കുട്ടിയെപ്പറ്റി ഒരു വിവരവുമില്ല. രാഘവനെ കാണാനാണെങ്കിൽ ഒരു നിവൃത്തിയുമില്ല. അവിടെയേതാണ്ടു് ബഹളമാണു്.
- സാറാമ്മ:
- എന്തു് ബഹളം?
- കുഞ്ഞുവർക്കി:
- ഫാക്ടറിയിൽ പണിമുടക്കാണു്. വെടിയോ ഏതാണ്ടൊക്കെ നടന്നു. കുറേപ്പേരു് ചത്തു. രണ്ടു് പോലീസുകാരും ചത്തുവെന്നാണു് കേട്ടതു്.
- സാറാമ്മ:
- എന്തിനാ ഈ പണിമുടക്കം?
- കിഴവി:
- അതറിയാമ്മേലേ? കൂലി കൂടുതൽ കിട്ടാനാണു്. എന്റെ മകനുമുണ്ടു് പണിമുടക്കത്തിൽ. എന്റെ ദൈവമേ, അവനൊന്നും പറ്റിയേക്കല്ലേ.
- സാറാമ്മ:
- കൂലി… ആ…
(നിർത്തുന്നു.)
- കുഞ്ഞുവർക്കി:
- നീ എന്താണു് പറയാൻ വന്നതു്?
- സാറാമ്മ:
- ഒന്നുമില്ല. വല്യമ്മേ, വീട്ടിൽ പോകുന്നുണ്ടെങ്കിൽ വേഗം പോയിട്ടു് വരണം. അല്ലെങ്കിൽ എന്തിനാ പോകുന്നതു് ?
- കിഴവി:
- ഒക്കൂല്ല. ഇനിക്കു് പോവാതിരിക്കാമ്മേല സാറാമ്മേ. ഞാൻ പോയേച്ചു് വേഗം വരാം.
- സാറാമ്മ:
- അധികം ഇരുട്ടുന്നതിനു് മുമ്പുതന്നെ വരണേ.
(കിഴവിയുടെ ചെവിയിൽ എന്തോ പറയുന്നു. കിഴവി തലകുലുക്കിക്കൊണ്ടു് ഇറങ്ങിപ്പോകുന്നു.)
- കുഞ്ഞുവർക്കി:
- നീ ഏതാണ്ടു് പറയാൻ തുടങ്ങിയതെന്താ?
- സാറാമ്മ:
- മറ്റൊന്നുമല്ല, കൂലിയുടെ കാര്യം തന്നെയാണു്. ഇങ്ങനെ എത്രനാളാ കഴിയുന്നതു്? എന്തെങ്കിലും ഒരു വരുമാനം വേണ്ടേ? കുറച്ചുദിവസമായി ഞാൻ അതുതന്നെ ആലോചിക്കുകയായിരുന്നു.
- കുഞ്ഞുവർക്കി:
- ഞാനും ആലോചിച്ചു. ഒരു നിവൃത്തിയും കാണുന്നില്ല. കണക്കെഴുത്തുപോലും ഇനി കിട്ടുകയില്ല. ഇടനിലക്കാരുടെയൊക്കെ ഗതിയിതാണു്. സമുദായത്തോടു് പിണങ്ങിയാൽ പട്ടിണി മിച്ചം.
- സാറാമ്മ:
- നമ്മൾ ഒരു ഇടനിലക്കാരാണെന്നു് ആരു് പറഞ്ഞു. ആ വല്യമ്മ പറഞ്ഞോണ്ടിരുന്നതു് അതുതന്നെയാ. നമ്മൾ ഒരു പടി താഴോട്ടിറങ്ങി.
- കുഞ്ഞുവർക്കി:
- ശരിയാണു് സമുദായത്തിനു് അതൊക്കെ ചെയ്യാനുള്ള ശക്തിയുണ്ടു്.
- സാറാമ്മ:
- അതു് മാത്രമല്ല! പണത്തിന്റെ കാര്യവും. ഇനി കൂലിവേലയല്ലാതെ എന്താ നിവൃത്തി?
- കുഞ്ഞുവർക്കി:
- അതുതന്നെയാണു് എനിക്കും തോന്നുന്നതു്. നീ എന്തു് പറയുമെന്നു് വിചാരിച്ചു് മിണ്ടാതിരുന്നതാണു്.
- സാറാമ്മ:
- എനിക്കെന്താ പ്രത്യേകത? മനുഷ്യനു് ജീവിക്കണ്ടേ?
- കുഞ്ഞുവർക്കി:
- (ആലോചിച്ചുകൊണ്ടു്) മാത്രമല്ല, താഴ്‌ന്നവന്റെ സന്മാർഗ്ഗക്രമത്തിനുമുണ്ടു് വ്യത്യാസം. അവന്നു് വേറൊരു നിയമമാണു്. നമ്മുടെ തെറ്റു് അവന്റെ കണ്ണിൽ ക്ഷമിക്കത്തക്കതായിരിക്കും. അവർ നമ്മെ സ്വീകരിക്കുകയും ചെയ്യും.
- സാറാമ്മ:
- ആ വല്യമ്മയുടെ സംസാരം കേട്ടപ്പോൾ എനിക്കും അങ്ങനെ തോന്നി. അവരുടെ നിയമമൊക്കെ ജീവിക്കാൻ വേണ്ടിയുള്ളതാണു്.
- കുഞ്ഞുവർക്കി:
- പണിമുടക്കു് കഴിയട്ടെ. ആ ഫാക്റ്ററിയിൽത്തന്നെ പോയിച്ചേരാം.
- സാറാമ്മ:
- ഒരു സമാധാനം. കൊച്ചിനെ പട്ടിണികിടത്താതെയിരിക്കാമല്ലോ.
- കുഞ്ഞുവർക്കി:
- കൊച്ചു് !
(ആലോചനാനിമഗ്നനാകുന്നു.)
- സാറാമ്മ:
- ഏ—?
- കുഞ്ഞുവർക്കി:
- സാറാമ്മേ!
- സാറാമ്മ:
- എന്തിനാണു് എന്നെ വിളിക്കുന്നതു്? ഞാനിവിടെ നില്ക്കുകയല്ലേ?—
- കുഞ്ഞുവർക്കി:
- അല്ല…
- സാറാമ്മ:
- എന്തു് അല്ല?
- കുഞ്ഞുവർക്കി:
- അല്ല. ഞാനോർക്കുകയായിരുന്നു, ആ നിരപരാധിയെ നാം കൊല്ലാനാലോചിച്ചതല്ലെ?—കഷ്ടം!
- സാറാമ്മ:
- (മുഖം വിളറുന്നു) അതോർമ്മിപ്പിക്കാതെ. ഇനി ആലോചിച്ചിട്ടെന്തു് ഫലം? കഴിഞ്ഞതു് കഴിഞ്ഞു.
- കുഞ്ഞുവർക്കി:
- അതെ, അതു് കഴിഞ്ഞു. നാം ആ തെറ്റിൽനിന്നു് രക്ഷയും നേടി. പക്ഷേ, ആ മഹാപാതകം ചെയ്തിരുന്നെങ്കിൽ?—
- സാറാമ്മ:
- നാം ഇന്നു് സന്മാർഗ്ഗികൾ,—മര്യാദക്കാർ. സമുദായം നമ്മെ പീഡിപ്പിക്കുകയും ചെയ്യുകയില്ലായിരുന്നു.
- കുഞ്ഞുവർക്കി:
- ഏതായാലും അതു് ഭാഗ്യമായി! എത്ര കരഞ്ഞാലും അതു് കൂടാതെ കഴിഞ്ഞല്ലോ!
- സാറാമ്മ:
- പിന്നെ, ഇനിക്കൊരാശ.
- കുഞ്ഞുവർക്കി:
- ഉം?
- സാറാമ്മ:
- അവനു്
- കുഞ്ഞുവർക്കി:
- ഹും! അവനാണെന്നെന്താ ഇത്ര നിശ്ചയം?
- സാറാമ്മ:
- അവനാണെങ്കിലേ ഇനിക്കു് ചോദിക്കാനുള്ളു.
- കുഞ്ഞുവർക്കി:
- അവനാണെങ്കിൽ എന്തുവേണം?
- സാറാമ്മ:
- മാത്തുക്കുട്ടി എന്നു് പേരിടണം.
(കുഞ്ഞുവർക്കിയുടെ മുഖം ചുവക്കുന്നു. സാറാമ്മയ്ക്കും ഒരു പരിഭവം.)
- കുഞ്ഞുവർക്കി:
- സാറാമ്മേ!
- സാറാമ്മ:
- എന്തോ?
- കുഞ്ഞുവർക്കി:
- എനിക്കു് നിന്നോടു് ഒരു കാര്യം ചോദിക്കുവാനുണ്ടു്.
- സാറാമ്മ:
- അതിനു് പ്രത്യേകം അനുവാദം ചോദിക്കുവാനുണ്ടോ?
- കുഞ്ഞുവർക്കി:
- നീ ചോദിച്ചതുകൊണ്ടു് ഞാനും—നിന്റെ ഇഷ്ടം ഒരുപ്രാവശ്യമെങ്കിലും എതിർക്കാൻ എനിക്കു് അനുവാദം തരണം.
- സാറാമ്മ:
- ഞാൻ ഒന്നും നിർബ്ബന്ധിക്കുകയില്ല. ഇഷ്ടമുള്ളതുമാത്രം മതി.
- കുഞ്ഞുവർക്കി:
- നീ ചോദിച്ചതു് എനിക്കു് ഇഷ്ടമല്ല.
- സാറാമ്മ:
- പേരിടുന്നതോ? വേണ്ടെങ്കിൽ വേണ്ട. ഞാൻ അദ്ദേഹത്തിന്റെ കരുണയോർത്തു് പറഞ്ഞുപോയതാണു്.
- കുഞ്ഞുവർക്കി:
- സാറാമ്മേ, നീ പിന്നെയും മാത്തുക്കുട്ടിയുടെ കാര്യം പറയാതെ.
- സാറാമ്മ:
- അദ്ദേഹം നമ്മോടു് കരുണയല്ലേ കാണിച്ചുള്ളു.
- കുഞ്ഞുവർക്കി:
- അതെ. അതുകൊണ്ടുതന്നെയാണു് എനിക്കു് വിഷമം. (ചുറ്റും നോക്കുന്നതിനിടയിൽ ഭിത്തിയിലിരിക്കുന്ന മാത്തുക്കുട്ടിയുടെ പടം കാണുന്നു.) സാറാമ്മേ, ആ പടം അവിടെയിരിക്കുന്നതുപോലും എനിക്കു് സഹിക്കുന്നില്ല. (ഒരു സ്റ്റൂൾ എടുത്തിട്ടു് പടം എടുത്തുകൊണ്ടു് താഴെയിറങ്ങുന്നു.) ഞാൻ ഈ പടം കളയാൻ പോവുകയാണു്. മാത്തുക്കുട്ടിയോടു് നന്ദിയില്ലാഞ്ഞിട്ടല്ല; നിന്നെ സ്നേഹിക്കുന്നതുകൊണ്ടു്.
- സാറാമ്മ:
- അതിനു് ആ പടം കളയണമെന്നുണ്ടോ?
(രാഘവൻ ഓടിക്കിതച്ചു് പ്രവേശിക്കുന്നു. ദേഹത്തു് കുറച്ചു് രക്തം തെറിച്ചിട്ടുണ്ടു്.)
- കുഞ്ഞുവർക്കി:
- എന്താ രാഘവാ ഇതു്?
- രാഘവൻ:
- ഫാക്റ്ററിയിൽ വെടി നടന്നു. ഞങ്ങൾ കൈബോമ്പെറിഞ്ഞു. ഒത്തിരിപ്പേർ ചത്തു.
- കുഞ്ഞുവർക്കി:
- മാത്തുക്കുട്ടി എവിടെ?
- രാഘവൻ:
- (നിലത്തു് നോക്കികൊണ്ടു്) എനിക്കറിഞ്ഞുകൂടാ. ചിലപ്പോൾ വെടി…
- സാറാമ്മ:
- അയ്യോ ദൈവമേ!
(കുഞ്ഞുവർക്കിയെ ചാരിനില്ക്കുന്നു.)
- കുഞ്ഞുവർക്കി:
- ഉള്ളതു് പറയൂ രാഘവാ!
- രാഘവൻ:
- (തലയുയർത്തി) മാത്തുക്കുട്ടി ഞങ്ങൾക്കുവേണ്ടി മരിച്ചു. ഞാനിതറിയിക്കാനാണു് വന്നതു്. ഇനി പോകട്ടെ.
- കുഞ്ഞുവർക്കി:
- നില്ക്കു്, ഞാനും വരാം.
- രാഘവൻ:
- വേണ്ട. ശവങ്ങളെല്ലാം മണ്ണെണ്ണയൊഴിച്ചു് കത്തിച്ചുകളഞ്ഞു.
(പോകാൻ ഭാവിക്കുന്നു.)
- സാറാമ്മ:
- പോകരുതു് രാഘവാ, ഇവിടെയെങ്ങാനും ഒളിച്ചു്
- രാഘവൻ:
- വേണ്ട. നമ്മുടെ വർഗ്ഗം യുദ്ധത്തിൽനിന്നു് ഒളിച്ചോടുകയില്ല. യുദ്ധത്തിനുവേണ്ടി ഒളിക്കുകയേ ഉള്ളൂ. ഏതായാലും ഇനി കൂലി കിട്ടും—തീർച്ച.
(പോകുന്നു.)
- കുഞ്ഞുവർക്കി:
- അതെ, എനിക്കു് നാളെ കൂലികിട്ടാനും മാത്തുക്കുട്ടിതന്നെ പ്രയത്നിക്കണം. സ്നേഹിതാ, സഹോദരാ!
- സാറാമ്മ:
- (ഫോട്ടോ ഒരു പ്രാവശ്യം നെറ്റിയിൽ വെച്ചിട്ടു് സ്റ്റൂളെടുത്തിട്ടു് പൂർവ്വസ്ഥാനത്തു് വെയ്ക്കുന്നു. പിന്നീടു് താഴെയിറങ്ങി പടത്തിന്റെ നേരെ നോക്കി തൊഴുന്നു.)
- ശബ്ദം:
- (അണിയറയിൽ) ഇതോ വിനാശകാലം! ജനം ജനത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും!
(രംഗം ക്രമേണ ഇരുളുന്നു. സാറാമ്മ മൂലയിൽനിന്നു് റാന്തലെടുത്തു് സ്റ്റൂളിൽ വെയ്ക്കുന്നു.)
കർട്ടൻ
കഴിഞ്ഞ രംഗത്തിലെ മുറിതന്നെ. റാന്തൽ കത്തിച്ചു് സ്റ്റൂളിന്മേൽ വച്ചിരിക്കുന്നു. കുഞ്ഞുവർക്കി അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ചുറ്റും ബീഡിമുറികളും തീപ്പെട്ടിക്കോലുകളും ചിതറിക്കിടക്കുന്നു. രാഘവൻ റാന്തലുമായി പ്രവേശിക്കുന്നു. സമയം രാത്രി.
- രാഘവൻ:
- രാത്രി കഴിയാറായി.
- കുഞ്ഞുവർക്കി:
- സൂര്യനുദിച്ചോ?
- രാഘവൻ:
- ഇല്ല പെരുമീനുദിച്ചു് പൊങ്ങി.
(കിഴവി പുറകിലത്തെ വാതിലിൽകൂടി പ്രവേശിക്കുന്നു.)
- കുഞ്ഞുവർക്കി:
- എന്താ വല്യമ്മേ, എങ്ങനെയിരിക്കുന്നു?
- കിഴവി:
- ഒന്നൂല്ല. പേടിക്കണ്ട, എന്റെ മോനോടുപോയി കെടന്നോളാൻ പറയാൻ സാറാമ്മ പറഞ്ഞു.
- കുഞ്ഞുവർക്കി:
- എനിക്കുറക്കം വരുന്നില്ല. വല്യമ്മ ചെല്ലു്. അവൾ തന്നയല്ലേ?
- കിഴവി:
- തന്നേം മറ്റുമല്ല. രണ്ടു് പെണ്ണുങ്ങൾ വന്നിട്ടൊണ്ടു്. എന്നാലും ഞാൻ വേണം.
(പോകുന്നു)
- കുഞ്ഞുവർക്കി:
- പിന്നെ എന്താ ഇത്ര നേരത്തെ ഇറങ്ങിയതു്?
- രാഘവൻ:
- ആറുമണിക്കു് ജോലിക്കു് പോകണം. എന്നാ നേരത്തെ തന്നെ വിശേഷമൊന്നറിഞ്ഞിട്ടു് പോകാമെന്നു് വെച്ചു.
- കുഞ്ഞുവർക്കി:
- വിശേഷമൊന്നുമില്ല. രാത്രിയൊക്കെ അങ്ങനെ നോവും വേദനയുമായി കഴിച്ചു.
- രാഘവൻ:
- അപ്പോ ശിവരാത്രിയായിരുന്നു അല്ലേ?
- കുഞ്ഞുവർക്കി:
- ഓ, അതങ്ങനെയൊക്കെ കിടക്കും.
- രാഘവൻ:
- (മടിയിൽനിന്നു് ബീഡിയും തീപ്പെട്ടിയുമെടുത്തു് നീട്ടിക്കൊണ്ടു്) കുഞ്ഞോർക്കിച്ചേട്ടൻ വലിക്കുന്നോ?
- കുഞ്ഞുവർക്കി:
- വേണ്ട. ഒരുപാടു് വലിച്ചു.
- രാഘവൻ:
- (നിലത്തുനോക്കി ബീഡിമുറികൾ കണ്ടുകൊണ്ടു്) ഇതെന്തുമാത്രമാ വലിച്ചുതീർത്തതു്! രാജ്യം മുഴുവനും ബീഡിമുറിയും തീപ്പെട്ടിക്കൊള്ളിയും. ഇതു് ആ ഉപദേശി പറയുന്നപോലെയാ.
- കുഞ്ഞുവർക്കി:
- ഉപദേശി എന്താ പറയുന്നതു്?
- രാഘവൻ:
- ആ, ഏതോ അഞ്ചു് മണവാട്ടികൾ രാത്രി മുഴുവനും ആരെയോ കാത്തിരുന്നെന്നു്.
(ബീഡി കത്തിച്ചു് വലിക്കുന്നു.)
- കുഞ്ഞുവർക്കി:
- അവരും ഒരുപാടു് ബീഡി വലിച്ചായിരിക്കും.
- രാഘവൻ:
- അതല്ല. ഈ കാത്തിരിപ്പു് ആരെയെങ്കിലും നോക്കിയിരിക്കുന്നതു് വലിയ മിനക്കേടാണു്.
- കുഞ്ഞുവർക്കി:
- ഇവിടെ മണവാട്ടിയൊന്നുമില്ല. പ്രസവംകൊണ്ടാണു് ആരംഭം.
(രണ്ടുപേരും ചിരിക്കുന്നു. അകത്തുനിന്നു് “അയ്യോ” “എനിക്കുമേലേ” എന്നെല്ലാം നിലവിളി കേൾക്കുന്നു. രണ്ടുപേരും അകത്തേയ്ക്കു് നോക്കുന്നു. ശബ്ദം പിന്നെയും തുടരുന്നു. രാഘവനും കുഞ്ഞുവർക്കിയും നടന്നു് പുറകിലത്തെ വാതിലിന്റെ അടുത്തുചെന്നു് നിൽക്കുന്നു. കിഴവി പ്രവേശിക്കുന്നു.)
- കുഞ്ഞുവർക്കി:
- വല്യമ്മേ!
- കിഴവി:
- എന്റെ മോൻ ഒന്നും പേടിക്കണ്ട. ഇനി കുറച്ചു് സമയം എടുത്തേയ്ക്കും. പോയി കിടന്നുറങ്ങിക്കോ.
(കിഴവി പോകുന്നു.)
- ശബ്ദം:
- (അണിയറയിൽ) അവൻ വീണ്ടും വരുന്നു!
- കുഞ്ഞുവർക്കി:
- അയാൾക്കു് ഭ്രാന്താണു്. നേരം വെളുത്തില്ല. അതിനുമുമ്പേ തുടങ്ങി പ്രസംഗം!
- രാഘവൻ:
- അങ്ങേർക്കങ്ങനെയൊന്നുമില്ല. ചെലപ്പോ രാത്രിക്കും വിളിച്ചുപറഞ്ഞോണ്ടു് നടക്കും. ഞാൻ പോകട്ടെ. എനിക്കു് നേരമായി.
(കുഞ്ഞുവർക്കി പിന്നെയും നടക്കുന്നു, മാത്തുക്കുട്ടിയുടെ പടത്തിന്റെയടുത്തു് കുറേനേരം നോക്കിനിൽക്കുന്നു. പിന്നീടു് ഒരു ബീഡി കത്തിക്കുന്നു.)
- കുഞ്ഞുവർക്കി:
- വൈകിട്ടു് കാണുമോ?
- രാഘവൻ:
- (പോകാൻ ഭാവിക്കുന്നു.) കാണാം. അല്ല, ഇതാരാണു്, ഉപദേശിയല്ലേ?
(ഉപദേശി പ്രവേശിക്കുന്നു. രാഘവൻ ഇറങ്ങിപ്പോകുന്നു.)
- ഉപദേശി:
- എങ്ങനെയിരിക്കുന്നു കുഞ്ഞുവർക്കീ!
- കുഞ്ഞുവർക്കി:
- വിശേഷമൊന്നുമില്ല. ഉപദേശി പിണങ്ങിയായിരിക്കും എന്നു് ഞാൻ വിചാരിച്ചു.
- ഉപദേശി:
- ഞാൻ ആരോടും പിണങ്ങുകയില്ല. പാപത്തെ ഞാൻ വെറുക്കുന്നു. പാപിയെ സ്നേഹിക്കുന്നു.
- കുഞ്ഞുവർക്കി:
- ഉപദേശിയുടെ സ്നേഹവും ഇങ്ങനെയാണോ?
- ഉപദേശി:
- എന്നുവെച്ചാൽ എനിക്കു് മനസ്സിലായില്ല.
- കുഞ്ഞുവർക്കി:
- സ്നേഹവും ഇങ്ങനെ ആകാശത്തിലാണോ എന്നു്.
- ഉപദേശി:
- എന്നിട്ടും മനസ്സിലായില്ല.
- കുഞ്ഞുവർക്കി:
- ഉപദേശി എങ്ങനെയാണു് പാപിയെ പാപത്തിൽനിന്നു് വേർതിരിച്ചിട്ടു് സ്നേഹിക്കുന്നതു്, അതുപോലെ നന്മയെ സ്നേഹിക്കുന്നതും മനുഷ്യനിൽനിന്നു് വിട്ടാണോ എന്നു് മാത്രമാണു് ചോദിച്ചതു്.
- ഉപദേശി:
- എനിക്കൊന്നും മനസ്സിലായില്ല. മനസ്സിലായാലും ഞാനുത്തരം പറയുന്നുമില്ല.
- കുഞ്ഞുവർക്കി:
- ഉപദേശി പരിഭവിക്കണ്ട. ഞാൻ വെറുതേ പറഞ്ഞതാണു്.
- ഉപദേശി:
- കുഞ്ഞുവർക്കീ, ഞാൻ ഹൃദയമില്ലാത്തവനല്ല. ഞാൻ ഭ്രാന്തനുമല്ല. ഞാൻ നിന്റെ ഗുണത്തെ ഉദ്ദേശിച്ചുമാത്രം പറഞ്ഞതാണു്. നിനക്കതു് രസിക്കുന്നില്ലെങ്കിൽ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. (നടക്കുന്നു) കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ!
- കുഞ്ഞുവർക്കി:
- ഉപദേശി! (ഉപദേശി നില്ക്കുന്നു) മാത്തുക്കുട്ടി മരിച്ചുപോയി.
- ഉപദേശി:
- ഞാനറിഞ്ഞു. അതുകൊണ്ടെന്തു്? അതുകൊണ്ടും നിങ്ങൾ ഭാര്യാഭർത്താക്കന്മാരായിട്ടില്ല. കർത്താവിന്നു് സ്തോത്രം!
(ഇറങ്ങിപ്പോകുന്നു.)
(കുഞ്ഞുവർക്കി ഒരു ബീഡി കത്തിക്കാൻ ആരംഭിക്കുന്നു. അകത്തു് എന്തോ ചില ശബ്ദങ്ങൾ കേട്ടു് അങ്ങോട്ടു് നോക്കുന്നു. അകത്തുനിന്നു് കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. ബീഡിയും തീപ്പെട്ടിയും താഴെയിട്ടു് കുഞ്ഞുവർക്കി പുറകിലത്തെ വാതില്ക്കലേക്കോടുനു.)
- കിഴവി:
- (പ്രവേശിച്ചു്) പെറ്റു!
(മുറിയിൽ പ്രകാശം വർദ്ധിക്കുന്നു.)
- ശബ്ദം:
- (അണിയറയിൽ) പ്രഭാതത്തെ സൃഷ്ടിച്ച ദൈവത്തിന്നു് സ്തോത്രം!
- കുഞ്ഞുവർക്കി:
- (ആകാംക്ഷയോടെ) എന്താണു്?
- കിഴവി:
- (ചുക്കിച്ചുളിഞ്ഞ മുഖത്തു് ഒരു കൊഞ്ചലോടെ) ആണു്.
(കുഞ്ഞുവർക്കി കണ്ണടച്ചു് കുറച്ചുനേരം നിശ്ശബ്ദനായി നില്ക്കുന്നു. കിഴവി പല്ലില്ലാത്ത ഒരു ചിരിയുമായി അകത്തേയ്ക്കു് പോകുന്നു.)
- കുഞ്ഞുവർക്കി:
- എന്റെ മകൻ!
(റാന്തലെടുത്തു് കെടുത്തിവയ്ക്കുന്നു.)
- ശബ്ദം:
- (അണിയറയിൽ) അവൻ സമാധാനത്തിന്റെ ദൂതൻ!
- കുഞ്ഞുവർക്കി:
- സമാധാനത്തിന്റെ ദൂതനോ! ശൃംഖലയോ, സാക്ഷിയോ, പുരോഹിതനോ എന്തെങ്കിലുമായിക്കൊള്ളട്ടെ. (മാത്തുക്കുട്ടിയുടെ അടുത്തുപോയി നിന്നുകൊണ്ടു്) സാറാമ്മേ! നിന്റെ ഇഷ്ടംതന്നെയാകട്ടെ. (അകത്തുനിന്നും കുട്ടിയുടെ കരച്ചിൽ ആവർത്തിച്ചു് കേൾക്കുന്നു.) എന്റെ കൊച്ചു് മാത്തുക്കുട്ടി.
- ശബ്ദം:
- (അണിയറയിൽ) അവൻ വീണ്ടും വീണ്ടും വരുന്നു!
(സുപ്രസന്നമായ മുഖത്തോടുകൂടി കുഞ്ഞുവർക്കി ബീഡിയും തീപ്പെട്ടിയും നിലത്തുനിന്നെടുത്തു് കസേരയിൽ പോയി ഇരിക്കുന്നു. ചാരിക്കിടന്നുകൊണ്ടു് ബീഡികത്തിച്ചു് പുക മുകളിലേയ്ക്കു് വിടുന്നു.)
കർട്ടൻ
മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.