images/Comic_Insects_1882_drawn_by_Berry.jpg
Moth, Hawkmoth Larva, Snail, Cricket, Spider, an illustration by Berry F Berry.

സി ജെ തോമസിന്റെ ലേഖനങ്ങൾ എപ്പോഴും സമകാലികമാവാനുള്ള ഒരു ശേഷി പ്രകടിപ്പിയ്ക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സവിശേഷതകൾകൊണ്ടു മാത്രമല്ല അതു്, ഭാഷയുടെ ചൊടികൊണ്ടുകൂടി അവ നമ്മെ ഇന്നും ആകർഷിക്കുന്നു. ‘സായാഹ്ന’ അവ പുനഃപ്രകാശിപ്പിക്കുന്നതിന്റെ ഒരു കാരണവും അതത്രെ. എങ്കിലും, ഈ ലേഖനങ്ങളിൽ ചിലപ്പോഴെങ്കിലും കാണാറുള്ള ലിംഗപരവും വംശീയപരവുമായ ഭാഷാ പ്രയോഗങ്ങൾ, നിർദോഷമല്ലാത്ത കളിയാക്കലുകൾ, ഞങ്ങളും ശ്രദ്ധിക്കുന്നു. പക്ഷേ, അവ അതേപോലെ തിരുത്താതെ പ്രസിദ്ധീകരിയ്ക്കുന്നു. നീതിയുടെ തെളിച്ചത്തിലേയ്ക്കു് എഴുത്തുകാരും സമൂഹവും എത്തുന്നതിലെ കാലതാമസം മറച്ചു വെയ്ക്കേണ്ടതുമല്ലല്ലോ. മാന്യ വായനക്കാർ ഇതെല്ലാം കാണുന്നുണ്ടാകുമെന്നുതന്നെ ഞങ്ങൾ കരുതുന്നു.

കീടജന്മം
സി. ജെ. തോമസ്
പ്രപഞ്ചദർശനം

വിശ്വാമിത്രമഹർഷി ക്ഷുദ്രകീടങ്ങളെ സൃഷ്ടിച്ചുവത്രെ. ബ്രഹ്മാവു് ഉത്തമസൃഷ്ടികളെയും ചെക്കോസ്ലോവാക്കിയൻ നാടകകൃത്തുക്കളായ ചാപ്പെക്ക് സഹോദരന്മാർക്കൊരു സംശയം—മേൽപറഞ്ഞ രണ്ടു വകുപ്പുകളും എവിടെവച്ചാണു വകതിരിക്കേണ്ടതു് ആ സംശയമാണു് ഈ നാടകം.

മദ്യപിച്ചു്, പറയത്തക്ക ലക്കൊന്നുമില്ലാതായിത്തീർന്ന അവസ്ഥയിൽ ഒരു നാടോടിക്കു കിട്ടിയ ദർശനം വിശ്വാമിത്രനെയും ബ്രഹ്മാവിനെയും കശക്കിച്ചേർത്ത ഒരു മഹാരൂപമായിരുന്നു. അനസ്യൂതമായ രാസക്രീഡയും, അടങ്ങാത്ത ധനാർത്തിയും, അപരിമിതമായ അധികാരദുർമ്മോഹവും എല്ലാം ഒരേ ശക്തിയോടെ പ്രസരിക്കുന്ന ഒരു രംഗവേദിയാണു് ‘കീടപ്രപഞ്ചം.’ സംഭവശകലങ്ങൾ ആധുനികമാണെങ്കിലെന്തു്; മൗലികമനുഷ്യസ്വഭാവം കാലദേശപരിമിതമല്ലല്ലോ. ചാപ്പെക്ക് തന്റെ പൂമ്പാറ്റകളെ യൂറോപ്യൻ പ്രഭുവർഗ്ഗത്തിൽനിന്നാണു റിക്രൂട്ടു ചെയ്തിരിക്കുന്നതു്. പക്ഷേ, അവ ചെയ്യുന്നതും പറയുന്നതും പകർപ്പവകാശമില്ലാത്തതാണു്. അസ്ഥിരത, ഉപരിപ്ലവത, കാപട്യം എന്നിവയെല്ലാം ഇണചേരുന്ന മൃഗവർഗ്ഗങ്ങളുടെ പൊതുസ്വത്താണെങ്കിലും, ഉൽകൃഷ്ടമെന്നു പറയപ്പെടുന്ന ഇരുകാലികൾക്കു് അവയിൽ പ്രത്യേകാവകാശങ്ങളുണ്ടു്.

നാറാണത്തുഭ്രാന്തന്റെ ആദ്യവസാനത്തിൽ, പ്രപഞ്ചത്തിലുള്ള സകലതിനേയും അപഹസിക്കുന്ന പ്രഹസനമായിട്ടാരംഭിക്കുന്ന ഈ നാടകം സമാപിക്കുന്നതു നിസ്സീമമായ ഹൃദയദ്രവീകരണശക്തിയുള്ള ഒരു ട്രാജഡിയായിട്ടാണു്. കോശസ്ഥകീടത്തിന്റെ പ്രഖ്യാപനങ്ങൾ, കണ്ടുപിടുത്തക്കാരന്റെ വീർത്തുവരുന്ന ശിരസ്സുപോലെ നമ്മെ ചിരിപ്പിച്ചേക്കാം. പക്ഷേ, ആ സഞ്ചിക പൊട്ടി പുറത്തുവരുന്ന ജീവി, നിമിഷമാത്രമായ ജീവിതനൃത്തത്തിനുശേഷം മരിച്ചുവീഴുന്ന ഒരു ഈയാംപാറ്റസംഘത്തിലെ അവസാനത്തെ നടിമാത്രമാണെന്നു വരുമ്പോൾ ഫലിതം ഹൃദയഭേദിയായ വേദനയ്ക്കു വഴിമാറിക്കൊടുക്കാതെ നിവൃത്തിയില്ലല്ലോ. പ്രപഞ്ചചക്രഭ്രമണത്തിൽ അല്പമാത്രമായ മർത്ത്യജന്മത്തിന്റെ ക്രൂരമായ ഈ ചിത്രം ശൂന്യതാവാദത്തിന്റെ പരിധിവരെ എത്തുന്നുണ്ടു്. നാടകകൃത്തിനുതന്നെ അതു് അസ്വസ്ഥതയുണ്ടാക്കിയതുകൊണ്ടായിരിക്കാം, ജ്ഞാനസ്നാനത്തിനുള്ള ശിശുവിനെയും വഹിച്ചുകൊണ്ടു രംഗപ്രവേശംചെയ്യാൻ ആ ‘അമ്മാവി’യെ നിയോഗിച്ചതു്.

തെണ്ടിയും മരണഭീതിയുമായിട്ടുള്ള (മരണവുമായിട്ടല്ല) മൽപിടുത്തവും പ്രകാശത്തിനുവേണ്ടിയുള്ള ദാഹവും ഗെഥേയുടെ അന്ത്യനിമിഷങ്ങളെയാണു് ഓർമ്മിപ്പിക്കുന്നതു്. കുഴഞ്ഞുമറിഞ്ഞു് ഇരുട്ടു് കട്ടിപിടിച്ച ലോകത്തിന്റെ ഭാരം തെണ്ടിയെ ഞെരിച്ചുകളയുന്നു. മൂന്നാം അങ്കത്തിന്റെ ആരംഭമായപ്പോഴേയ്ക്കും അയാൾക്കു തോന്നിയതാണു്, ഈ വിശ്വരൂപദർശനം മതി, എന്നു്. പക്ഷേ, അനന്തരം വരുന്ന ചിത്രങ്ങൾ ആദ്യം കണ്ടവയെയെല്ലാം കവച്ചുവയ്ക്കുന്നതാണു്. ആദ്യം കേവലം കീചകോത്സവവും സ്വർണ്ണഭക്തിയും മാത്രമായിരുന്നെങ്കിൽ പിന്നത്തേതു് അതിരറ്റ അധികാരദുർമ്മോഹവും പൈശാചികമായ ക്രൂരതയുമാണു് ജീവികളിലെ ഏറ്റവും അധമവർഗ്ഗത്തെ അവരുടെ ക്രൂരതയ്ക്കു നീതീകരണമായി മനുഷ്യസഹജമായ വാദങ്ങൾ ഉന്നയിക്കുക എന്ന വിദ്യകൊണ്ടു്, നാടകകൃത്തു് ഒരു പടികൂടി ഇടിച്ചുതാഴ്ത്തിയിരിക്കുന്നു! മനുഷ്യനെ കൊല്ലുന്നതിലും എത്രയേറെ ബീഭത്സമാണു് അതിനെ നീതീകരിക്കുന്ന വേദാന്തം. ഉറുമ്പുകളുടെ കൂട്ടക്കൊലയോടെ തെണ്ടിയുടെ ലഹരിയെല്ലാം മാറി. ഹൃദയം മരിച്ചു, ആത്മാവു മരവിച്ചു. മരണത്തെ ആശ്വാസദായകമായ ഒരു മോചനമായി അയാൾ ഗണിക്കാൻ തുടങ്ങി. മരണത്തിന്റെ ലഹരി പിടിച്ചപ്പോൾ വെറുമൊരു മദ്യപൻ ദുരന്തനാടകനായകനായി രൂപാന്തരം പ്രാപിച്ചു. അലക്ഷ്യഭാവമനുഭവിച്ചു നടന്നിരുന്ന ആ ലോകസഞ്ചാരി വേദനയുടെയും കയ്പിന്റെയും കുരിശേന്തിയ സ്വർഗ്ഗദൂതനായിത്തീർന്നു.

ലോകത്തിലുള്ള യാതൊരു ജനതയെയോ രാഷ്ട്രക്രമത്തെയോ പ്രത്യേകിച്ചു വിമർശിക്കുന്നതല്ല ഈ കൃതി. ആർക്കാണു് അതു രസിക്കാത്തതെന്നുവച്ചാൽ അവർക്കുതന്നെ ചേരുന്ന തൊപ്പിയായിത്തീരുക എന്ന മാരകമായ ഒരു സ്വഭാവം അതിനുണ്ടെന്നുമാത്രം. സ്വന്തം വികൃതരൂപം കാണാൻ മനുഷ്യനെ സഹായിക്കുകയെന്ന ഒരു പ്രചരണസ്വഭാവം ഈ നാടകത്തിനുണ്ടെന്നുള്ളതു വാസ്തവമാണു്. ദാർശനികലക്ഷ്യങ്ങൾക്കുവേണ്ടി കലാംശത്തെ നശിപ്പിച്ചിട്ടില്ലെന്നുമാത്രം.

ഈ നാടകത്തിന്റെ രചയിതാക്കൾതന്നെയാണു യന്ത്രമനുഷ്യൻ എന്ന ആശയത്തിനുവേണ്ടി ‘റോബട്ട്’ എന്ന പദം നിർമ്മിച്ചതു്. വർദ്ധിച്ചുവരുന്ന പാഷണ്ഡത്വത്തെ മനുഷ്യസംസ്കാരത്തിന്റെ മുഖ്യശത്രുക്കളായി കണ്ടവരിൽ മുമ്പന്മാരാണവർ. ആൽഡസ് ഹക്സ്ലി യുടെ ‘ധീരമായ നവലോകവും,’ ജോർജ് ഓർവെല്ലിന്റെ ‘1984’-ം എല്ലാം ചൂണ്ടിക്കാണിക്കുന്ന നരകംതന്നെയാണു ചാപ്പെക്ക് സഹോദരന്മാരും കാണുന്ന പേക്കിനാവു്. ഒരു കണക്കിൽ പറഞ്ഞാൽ അവരുടെ കൃതികളിലാണു്—പ്രത്യേകിച്ചും ‘കീടപ്രപഞ്ച’ത്തിൽ—ആ പ്രമേയത്തിന്റെ ഏറ്റവും സമർത്ഥവും കലാസുന്ദരവുമായ ആവിഷ്കരണമുണ്ടായിരിക്കുന്നതു്. ഇതരകൃതികളിൽ മനുഷ്യനെ യന്ത്രമായി മാറ്റുമ്പോൾ, ഇതിൽ നടക്കുന്നതു ക്ഷുദ്രകീടങ്ങൾക്കു മനുഷ്യന്റെ വഷളത്തങ്ങൾകൂടി ആരോപിച്ചു്, ഹൃദയമില്ലാത്ത യന്ത്രങ്ങൾക്കു പകരം വിഷമൂറുന്ന ഹൃദയമുള്ള ജീവികളെ സൃഷ്ടിക്കുകയാണു്. കീടജീവിതം മനുഷ്യന്റെ പ്രവർത്തികളോളം ദുഷ്ടമല്ലെന്നു സമർത്ഥിക്കുന്ന ഈ വിദ്യ, പ്രമേയത്തിന്റെ ശക്തിയും ജീവനും വർദ്ധിപ്പിക്കുകയേ ചെയ്യുന്നുള്ളു.

പ്രാണികളെ രംഗപ്രവേശംചെയ്യിക്കുന്നതൊഴിച്ചാൽ ഈ നാടകത്തിൽ സാങ്കേതികമായ അസാധാരണത്വങ്ങളൊന്നുമില്ല. ഒറ്റനോട്ടത്തിൽ തീരെ കെട്ടുറപ്പില്ലാത്ത ഒരു നാടകമാണിതെന്നു തോന്നും. ഒരങ്കത്തിൽ പ്രത്യക്ഷപ്പെടുന്ന പാത്രങ്ങൾ അവിടെത്തന്നെ അന്തർദ്ധാനം ചെയ്യുന്നതല്ലാതെ അടുത്തതിലേയ്ക്കു തുടരുന്നില്ല. പൊതിഞ്ഞുകെട്ടിവച്ചിരിക്കുന്ന പുഴുവും തെണ്ടിയുംമാത്രമാണു് അപവാദമായിട്ടുള്ളതു്. ഉത്തരാങ്കത്തിൽ ആക്ഷന്റെ (സംഭവഗതിയുടെ) ഭാഗമായിത്തീരുന്നതുവരെ തെണ്ടി ഒരു ചരടുമാത്രമാണു്. ദൃശ്യകലയുടെ പ്രതികരണസ്വഭാവത്തെപ്പറ്റി ശാസ്ത്രീയജ്ഞാനമുള്ളവർക്കു മാത്രമേ ഈ നാടകത്തിന്റെ രംഗപ്രയോഗയോഗ്യതയിൽ വിശ്വാസമുണ്ടാകൂ. കൂട്ടിപ്പിന്നാത്ത ചിതറിയ ചിത്രങ്ങളും വളർച്ചയില്ലാത്ത പാത്രസൃഷ്ടിയും തെറ്റിദ്ധാരണയുളവാക്കിയേക്കാം. രണ്ടുതരം പാത്രസൃഷ്ടിയുണ്ടെന്നുമത്രമാണതിനു സമാധാനം. ഒന്നു്; ഉറച്ച സ്വഭാവമുണ്ടെന്നു സങ്കല്പിച്ചിരിക്കുന്ന ഒരു പാത്രത്തിന്റെ ഭാഗികവും ക്രമാനുഗതവുമായ അനാവരണം. രണ്ടു്; മുൻവിധിയില്ലാതെ അവതരിപ്പിക്കപ്പെട്ട ഒരു പാത്രത്തിന്റെ ആക്ഷനനുസരണമായ വളർച്ച. ഇവയിൽ ചാപ്പെക്കിനെ ആദ്യത്തെ കൂട്ടത്തിൽ പെടുത്തുക. രണ്ടാമത്തെ സമ്പ്രദായം പരിചിതമല്ലാഞ്ഞിട്ടല്ല (തെണ്ടിയുടെ ചിത്രീകരണത്തിനു ആ സ്വഭാവമുണ്ടു്); കീടപ്രപഞ്ചത്തിനു യുക്തമായതു് ആദ്യത്തെ രീതിയായതുകൊണ്ടു്. ഗ്രന്ഥകാരന്മാർ കൊടുത്തിട്ടുള്ള അഭിനയനിർദ്ദേശങ്ങൾതന്നെ അക്കാര്യത്തിനു തെളിവാണു്; പാത്രങ്ങളുടെ ചലനങ്ങൾ മനുഷ്യസഹജമായ സ്വാഭാവികതവിട്ടു നൃത്തത്തിലെ അംഗവിക്ഷേപങ്ങൾപോലെ കൃത്രിമമായിരിക്കണമെന്നു്.

രംഗങ്ങൾക്കു പരസ്പരബന്ധമില്ലെന്നു തോന്നാൻ കാരണം അവയൊന്നും അവയിൽത്തന്നെ സമ്പൂർണ്ണമാവുന്ന ചിത്രങ്ങളല്ലാത്തതുകൊണ്ടാണു്. അവ ഒരു സംയുക്തദൃശ്യത്തിന്റെ ഘടകങ്ങൾ മാത്രമാണു്. ഒന്നും രണ്ടും മൂന്നും മേൽക്കുമേൽ ഒരേ സമയം നിഴലിച്ചു്, ഫലത്തിൽ ഒരു ക്യൂബിസ്റ്റ് ഭാവന ഉളവാക്കുമെന്നാണു പ്രതീക്ഷ. തുടർന്നു വരുന്ന രംഗങ്ങളിൽ ഇടയ്ക്കിടയ്ക്കു മുൻരംഗത്തിലേയ്ക്കു ശ്രദ്ധപായിക്കുന്ന സൂത്രങ്ങൾ ഘടിപ്പിക്കാൻ നാടകകൃത്തു നിഷ്കർഷിച്ചിട്ടുണ്ടു്. കോശസ്ഥകീടത്തിന്റെ മാനിഫെസ്റ്റോകൾക്കും തെണ്ടിയുടെ ഭാഷ്യത്തിനും പുറമേ, വണ്ടുകളുടെ പുലഭ്യം, ശ്രീമാൻ ചീവീടിന്റെ വഞ്ചന, ഗർഭിണിയുടെ നിഷ്ഠൂരത എന്നിതെല്ലാം ഒന്നാം അങ്കത്തിലെ കാപട്യം, ഭർത്തൃമോഷണം മുതലായവയുടെ പൂർത്തീകരണാംശങ്ങളാണു്. ഒന്നും രണ്ടും അങ്കത്തിലെ ദുർവ്വാസനകൾ ഊതി വീർപ്പിച്ചു മുതലെടുക്കുന്ന രംഗമാണു മൂന്നാമങ്കം. അവിടെ പ്രത്യക്ഷപ്പടുന്ന മനുഷ്യകശാപ്പുകാർ അവരുടെ അധികാരത്തിന്റെ അടിത്തറ പാകമായിരിക്കുന്നതു ജനസാമാന്യത്തിന്റെ സ്വാർത്ഥതയും മൃഗീയതയുംകൊണ്ടാണു്. ശ്രദ്ധാലുവായ ഒരു സദസ്യനു്, പ്രത്യേകമായി യാതൊരു പരിശ്രമവുംകൂടാതെ, ഒന്നിനു മുകളിൽ ഒന്നായി പതിക്കുന്ന മൂന്നു ചിത്രങ്ങളും ചേർത്തുണ്ടാകുന്ന ത്രിമാനദൃശ്യം അനുഭവഗോചരമാകുന്നതാണു്.

ഇതാണു പ്രപഞ്ചം. കീടപ്രപഞ്ചമല്ല, മനുഷ്യന്റെതുതന്നെ.

—പരിഭാഷകൻ

പാത്രങ്ങൾ
പൂർവ്വാങ്കം

തെണ്ടി—പണ്ഡിതർ

അങ്കം ഒന്നു്—പൂമ്പാറ്റകൾ

അപ്പാറ്റൂറാ ഐറിസ്—അപ്പാറ്റൂറാ ക്ലൈത്തിയാ ഫെലിക്സ്—വിക്ടർ—ഒടാക്കാർ

അങ്കം രണ്ടു്—കൊള്ളക്കാർ

കോശസ്ഥകീടം—പുരുഷവണ്ടു്—സ്ത്രീവണ്ടു്—മൂന്നാമത്തെ വണ്ടു്—വേട്ടാവെളിയൻ—അതിന്റെ പുഴു—ആൺ ചീവീടു്—പെൺ ചീവീടു്—മൂട്ട—കൊള്ളക്കാർ

അങ്കം മൂന്നു്—ഉറുമ്പുകൾ

ഒന്നാം ഉറുമ്പു് (സർവ്വാധിപതി)—രണ്ടാം ഉറുമ്പു് (എൻജിനീയർ)—അന്ധൻ—കണ്ടു പിടുത്തക്കാരൻ—ദൂതൻ—ക്വാർട്ടർ മാസ്റ്റർ ജനറൽ—പത്രപ്രതിനിധി—സമുദായസേവകൻ—കമ്പിത്തപാൽക്കാരൻ ചോനന്മാരുടെ സർവ്വസൈന്യാധിപൻ—ഉറുമ്പുതൊഴിലാളികൾ—പട്ടാളക്കാർ—ഉദ്യോഗസ്ഥന്മാർ—ദൂതന്മാർ—ശിപായിമാർ—സ്ട്രെച്ചർവാഹകന്മാർ—മുറിവേറ്റവർ—ചോനസൈന്യം.

ഉത്തരാങ്കം

ഒന്നാം ഈയാംപാറ്റ—രണ്ടാം ഈയാംപാറ്റ—പാറ്റകളുടെ നൃത്തസംഘം—ഒന്നാം ഒച്ചു്—രണ്ടാം ഒച്ചു്—വിറകുവെട്ടുകാരൻ—അമ്മാവി—വിദ്യാർത്ഥിനി—വഴിപോക്കൻ.

ജന്തുക്കളെല്ലാം മനുഷ്യവേഷമാണു ധരിക്കുന്നതു്. ചിത്രശലഭങ്ങൾക്കു ഉത്സവവേഷം. കൊള്ളക്കാർ സാധാരണപൗരന്മാരെപ്പോലെയും ഉറുമ്പുകൾ തൊഴിലാളികളെപ്പോലെയും. ഈയാംപാറ്റകൾ നേരിയ മൂടുപടമിടുന്നു. ജന്തുക്കളുടെ സ്വഭാവം ആംഗ്യങ്ങൾകൊണ്ടാണു കാണിക്കുന്നതു്.

മൂലകൃതിയിൽ ഒച്ചുകൾ സംസാരിക്കുന്നതു് കൊഞ്ഞയായിട്ടാണു്.

പൂർവ്വാങ്കം

(രംഗം: ഒരു പച്ചക്കാടു്)

തെണ്ടി:
(ഒരു വശത്തുനിന്നു് ആടിയാടി പ്രവേശിച്ചു്, കാലുകുഴഞ്ഞു വീഴുന്നു) ഹ—ഹ—ഹ—ബഹുരസം. ങ്ഹേ! അല്ലെങ്കിൽ വേണ്ട, പോട്ടെ. നിങ്ങൾ ചിരിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കൊരുവകയും പറ്റിയിട്ടില്ല. (കൈമുട്ടുകളൂന്നി ഉയർന്നുകൊണ്ടു്) നിങ്ങൾ—നിങ്ങൾ ധരിച്ചതു്, കുടിച്ചു, കുടിച്ചു് എനിക്കു ലക്കു കെട്ടിരിക്കുന്നുവെന്നാണു്, അല്ലേ? ഹേയ്, അങ്ങനെയൊന്നുമല്ല. കണ്ടില്ലേ, ഞാനങ്ങനെ നീണ്ടു നിവർന്നു്, എത്ര ഉറപ്പായിട്ടാണു കിടക്കുന്നതെന്നു്. ഞാൻ വീണതുതന്നെ എത്ര കണിശമായിട്ടാണെന്നു നോക്കു്. മരത്തടിപോലെ! ഒരു ധീരശൂരപരാക്രമിയെപ്പോലെ. ഞാൻ ചുമ്മാ അഭിനയിക്കുകയല്ലായിരുന്നോ? വീഴ്ച—മനുഷ്യന്റെ വീഴ്ച. അഹോ എന്തൊരു കാഴ്ച! (എഴുനേറ്റിരിക്കുന്നു) ഇതാ നോക്കു്. ഞാൻ ആടുന്നുണ്ടോ? ഇല്ല. പക്ഷേ, ബാക്കി എല്ലാവരും കുടിച്ചു പമ്പിരിക്കൊണ്ടിരിക്കുകയാണു്. സമസ്തലോകവും കറങ്ങുകയാണു്. അനുസ്യൂതമായി ചുറ്റിത്തിരിയുകയാണു്. ഹ—ഹ—നില്ക്കണേ, എനിക്കെന്തോ വല്ലാതെ വരുന്നു. (ചുറ്റും നോക്കിയിട്ടു്) എന്താണിതു്? എല്ലാം എന്റെ ചുറ്റും കിടന്നു കറങ്ങുന്നു. ഭൂമി മുഴുവനും; അല്ല, പ്രപഞ്ചമാകെ. ഞാൻ അർഹിക്കാത്ത ഒരു ബഹുമതിയാണിതു്, തീർച്ച. (വേഷം പൊടിതട്ടി ശരിയാക്കിട്ടു്) ക്ഷമിക്കണേ. നാദബ്രഹ്മത്തിന്റെ കേന്ദ്രബിന്ദുവായി അഭിനയിക്കാൻ പറ്റിയ വേഷമല്ല. എന്റേതു്. (തൊപ്പി നിലത്തെറിയുന്നു) നോക്കൂ, അക്കാണുന്നതാണു് കേന്ദ്രം. കറങ്ങേണ്ടതെല്ലാം എന്റെ തൊപ്പിക്കുചുറ്റും കറങ്ങട്ടെ. അതിനൊരപകടവും പിണയുകയില്ല. അല്ലാ, ഒന്നോർമ്മിച്ചോട്ടെ. ഞാനെവിടെയാണു് പറഞ്ഞുനിറുത്തിയതു്. ശരി. ശരി. എനിക്കറിയാം. എന്നിട്ടു്, ചെമ്പരുത്തീ, നീ എന്തു വിചാരിച്ചു? കുടിച്ചുമറിഞ്ഞതാണെന്നു്, അല്ലേ? എന്റെ ലില്ലീ, മല്ലീ നിനക്കൊക്കെ അല്പം ലവലുണ്ടെന്നു വിചാരിച്ചു് അത്രയൊന്നും അഹങ്കരിക്കേണ്ട. മല്ലീ, നിന്റെ ഇലയരച്ചു് മുറിവിനു വയ്ക്കാമത്രേ. ഇതാ, ലില്ലീ, ഞാനെന്റെ ഹൃദയം നിന്റെ ഇലയിൽ സമർപ്പിക്കുന്നു. കുടിച്ചതല്പം ഏറിയിട്ടില്ലെന്നു് ഞാൻ പറയുന്നില്ല. എനിക്കു് നിന്നെപ്പോലെ വേരുണ്ടായിരുന്നെങ്കിൽ, ഞാൻ ഈ ലോകമെല്ലാം തെണ്ടിത്തിരിയുമായിരുന്നോ? അതാണു് കാര്യം. അറിയാമോ, ഞാൻ മഹായുദ്ധത്തിലുണ്ടായിരുന്നു. എനിക്കു് ലത്തീനുമറിയാം. ഇപ്പോൾ എനിക്കെന്തെല്ലാം ചെയ്യാനറിയാമെന്നോ? ചാണകം ചുമക്കുക, റോഡ് തൂക്കുക, കാവലിരിക്കുക, കളയിളക്കുക—അങ്ങനെ എന്തെല്ലാം. എന്നുവച്ചാൽ മറ്റുള്ളവർക്കു് ചെയ്യാനിഷ്ടമില്ലാത്തതെല്ലാം. ഇപ്പോൾ മനസ്സിലായോ ഞാനാരാണെന്നു്… അപ്പൊഴെ, ഞനെവിടെയാ പറഞ്ഞുനിറുത്തിയതു്. ങ്ആ, ഓർമ്മിച്ചു. അതെ, അതാണു ഞാൻ. ഞാൻ നാടാകെ പ്രസിദ്ധനാണു്. ഞാൻ മനുഷ്യനാണു്. ആരും എന്നെ വെറെ പേരൊന്നും വിളിക്കാറില്ല. അവർ പറയും, “മനുഷ്യാ, ഞാൻ നിന്നെ അറസ്റ്റു ചെയ്യുന്നു.” അല്ലെങ്കിൽ, “മനുഷ്യാ, ഇതു ചെയ്യു്, അതു ചെയ്യു്, മറ്റതു കൊണ്ടുവാ.” എന്നിങ്ങനെ. പിന്നെയുമുണ്ടു്, “ഓടടാ മനുഷ്യാ!” എനിക്കാണെങ്കിൽ മനുഷ്യനായിരിക്കുന്നതിൽ യാതൊരു വിരോധവുമൊട്ടില്ലതാനും. എന്നാൽ ഞാനാരോടെങ്കിലും, “മനുഷ്യാ, ഒരാറുകാശു തരൂ” എന്നു പറഞ്ഞാൽ അയാൾ മുഷിയും. അയാൾക്കു രസിച്ചില്ലെങ്കിൽ നന്നായിപ്പോയി. അയാളെ ഒരു പൂമ്പാറ്റയായിട്ടോ, വണ്ടായിട്ടോ, ഉറുമ്പായിട്ടോ ഗണിക്കുന്നതിൽ എനിക്കു വിരോധമില്ല. ഏതാണിഷ്ടമെന്നു് അയാൾ തന്നെ നിശ്ചയിച്ചോട്ടെ. മനുഷ്യനും ക്ഷുദ്രകീടങ്ങളും, എല്ലാം എനിക്കു സമമാണു്. എനിക്കു് ആരെയും മര്യാദപഠിപ്പിക്കുന്ന ഉദ്യോഗമില്ല. മനുഷ്യനായാലുമില്ല, ഈച്ചയായാലുമില്ല. ഞാനൊരു കാഴ്ചക്കാരൻ മാത്രം. കേവലം ഒരു നിരീക്ഷകൻ. എനിക്കു് വേരോ കിഴങ്ങോ ഉണ്ടായിരുന്നുവെങ്കിൽ, ഞാനങ്ങനെ വെറുതേ മാനംനോക്കി നില്ക്കുമായിരുന്നു. (മുട്ടിന്മേൽ നില്ക്കുന്നു) ആകാശവിതാനവും നോക്കി. മരണനിമിഷംവരെ ഞാൻ അങ്ങനെ നോക്കിനില്ക്കും. (എഴുനേറ്റു നില്ക്കുന്നു) പക്ഷേ, ഞാനൊരു മനുഷ്യനാണു്: എനിക്കു് മനുഷ്യരെ കണ്ടേ കഴിയൂ. (ചുറ്റും നോക്കുന്നു) ഇതാ, ഞാനവരെ കാണുന്നുമുണ്ടു്.
പണ്ഡിതർ:
(പൂമ്പാറ്റയെ പിടിക്കുന്ന ഒരു വലയുമായി ഓടിവരുന്നു) ഹ ഹ ഹ… ഓ ഓ ഓ… പരമരസികൻ മാതൃകകൾ. അപ്പാറ്റൂറാ ഐറിസ്! അപ്പാറ്റൂറാ ക്ലൈത്തിയാ! ചായംതേച്ച മഹിളയെന്നും, നീലസുന്ദരി എന്നും വിളിക്കുന്നതിവരെയാണു്. ആഹാ, എത്ര മനോഹരമാണവ! കരുതിക്കോ, നിങ്ങൾ എന്റെ പിടിയിൽ അകപ്പെടാൻ പോകുന്നു. ഹാ, അവർ കടന്നു കളഞ്ഞു. ങ്ഹ്—ങ്ഹ് വളരെ സൂക്ഷിച്ചുവേണം. സൂക്ഷിച്ചു്, വളരെ സൂക്ഷിച്ചു്. പതുക്കെ ഉം. ഉം. പതുക്കെ. സൂക്ഷിക്കണം. സൂക്ഷിച്ചു്.
തെണ്ടി:
ഏയ് ! നിങ്ങളെന്തിനാണീ പൂമ്പാറ്റകളെ പിടിക്കുന്നതു്? സലാമുണ്ടു സാറേ.
പണ്ഡിതർ:
ശ് ശ് ശ്. പതുക്കെ! വളരെ സൂക്ഷിച്ചു വേണം. അനങ്ങരുതു്. അതാ, അവ നിങ്ങളുടെമേൽ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ചിത്രശലഭങ്ങൾ! നിംഫാലിഡേയ് എന്നും പറയും. സൂക്ഷിക്കണം. അനങ്ങല്ലേ! ദുർഗ്ഗന്ധമുള്ള സകലതിലും അവ ഇരിക്കും. ചളി, ചവറു്, കുപ്പത്തൊട്ടി—എല്ലാം. സൂക്ഷിക്കണേ. ദാ, അവ നിങ്ങളുടെ ദേഹത്തിരിപ്പുറപ്പിച്ചിരിക്കുന്നു. ഓഹോ! ഓഹോ!
തെണ്ടി:
അവരിരുന്നോട്ടെ. അവർ കളിക്കുകയാണു്.
പണ്ഡിതർ:
എന്തു്? കളിക്കുകയോ. നിങ്ങളെന്തറിഞ്ഞു. അവരുടെ കളി ഇണചേരലിന്റെ പ്രാരംഭമാണു്. പുരുഷൻ സ്ത്രീയെ അനുധാവനം ചെയ്യുന്നു. അവൾ അവനെ ആകർഷിച്ചുകൊണ്ടു കടന്നുകളയുന്നു. പുരുഷൻ അവന്റെ മീശകൊണ്ടു് സ്ത്രീയെ ഇക്കിളിയാക്കും. അപ്പോഴേക്കും അവൻ തളർന്നുവീഴും. അവൾ പറന്നുപോകും—കുറെക്കൂടി ശക്തനും കൂറ്റനുമായ പുതിയൊരു കാമുകനെ ആകർഷിച്ചുകൊണ്ടു്. ഹ ഹ ഹ പറഞ്ഞതു മനസ്സിലായോ? അതാണു് പ്രകൃതി. അനന്തമായ പ്രേമസംഘർഷം. അനന്തമായ മൈഥുനം. അനാദ്യന്തമായ ലൈംഗികവൃത്തം. ഓടിക്കോ, പതുക്കെ.
തെണ്ടി:
അവയെ പിടിച്ചുകഴിഞ്ഞെന്തുചെയ്യും?
പണ്ഡിതർ:
എന്തുചെയ്യുമെന്നോ? പറയാം. ആദ്യം, ഏതിനത്തിൽപ്പെട്ട ചിത്രശലഭമാണെന്നു കണ്ടുപിടിക്കണം. പിന്നീടു്, കണക്കിൽ ചേർക്കണം. ശേഖരത്തിൽ ഒരു സ്ഥാനവും നിർണ്ണയിക്കണം. പക്ഷേ, പൂമ്പൊടി വീണുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും മൃദുലമായ വലയേ ഉപയോഗിക്കാവൂ. ചിത്രശലഭങ്ങളെ കൊല്ലുന്നതു് വളരെ ശ്രദ്ധയോടെ, അതിന്റെ നെഞ്ചു ഞെരിച്ചുവേണം. എന്നിട്ടു് ഒരു സൂചിയിൽ തറയ്ക്കണം. പിന്നീടു്, കടലാസുതുണ്ടുകൾകൊണ്ടു് ഒട്ടിച്ചുവയ്ക്കുക. നന്നായി ഉണങ്ങിക്കഴിയുന്നതിനുമുമ്പു് ശേഖരത്തിൽ വച്ചുകൂടാ. പൊടികയറാതെയും ഈയാമ്പാറ്റകൾ തിന്നാതെയും വളരെ ശ്രദ്ധിക്കേണ്ടതുണ്ടു്. ഒരു ചെറിയ സ്പഞ്ചു് സൈനയിഡിൽ മുക്കി അകത്തു വച്ചാൽ മതിയാകും.
തെണ്ടി:
ഇതെല്ലാം എന്തിനുവേണ്ടിയാണു്?
പണ്ഡിതർ:
പ്രകൃതിസ്നേഹം. മനുഷ്യാ, തനിക്കു് പ്രകൃതിയോടു് യാതൊരു സ്നേഹവുമില്ലെന്നു തോന്നുന്നല്ലോ. ആങ്ഹാ! അതാ, അവർ വരുന്നു. ഹാ—ഹാ—ഹാ—സൂക്ഷിക്കണം! പതുക്കെ! പതുക്കെ! ഇക്കുറി നിങ്ങൾക്കു് രക്ഷയില്ല. ഹ ഹ ഹ… (ഓടിമറയുന്നു.)
തെണ്ടി:
നിത്യമായ ഇണചേരൽ, അനന്തമായ പ്രേമസംഘർഷം; വാസ്തവംതന്നെ. പണ്ഡിതർ പറഞ്ഞതുപോലെ, ഓരോ നിമിഷവും മിഥുനസന്ദർഭമാണു്. ക്ഷമിക്കണേ, ഞാൻ അല്പം കുടിച്ചുപോയി. എങ്കിലും എനിക്കു് എല്ലാം ശരിക്കു കാണാൻകഴിയും. എല്ലാം ഇരട്ടയായിട്ടു്. മേഘങ്ങൾ, കടന്നൽ, മരങ്ങൾ—എല്ലാം ആശ്ലേഷിക്കുന്നു, തലോടുന്നു, കൊഞ്ചിക്കുഴയുന്നു, ഇക്കിളിപ്പെടുത്തുന്നു, അനുധാവനം ചെയ്യുന്നു. മരക്കൊമ്പിലിരിക്കുന്ന പക്ഷികളേ, ഞാനെല്ലാം കണ്ടു. എല്ലാം. എനിക്കെല്ലാം കാണാം. നിങ്ങൾ രണ്ടുപേരെയും. അവിടെ ആ മറവിൽ വിരൽകോർത്തു് ചൂടേറിയ ലളിത സമരത്തിലേർപ്പെട്ടിരിക്കുന്ന നിങ്ങളെ. ഇവിടെ നിന്നാൽ കണ്ടുകൂടെന്നും മറ്റും ധരിക്കരുതു് കേട്ടോ. ഇതാണു് നിരന്തരമായ ഇണചേരൽ. എനിക്കല്പം ലഹരി പിടിച്ചിട്ടുണ്ടു്. മാപ്പുതരണം. എങ്കിലും ഞാനൊരു സരസനാണു്. (കണ്ണുപൊത്തുന്നു) ഞാൻ യാതൊന്നും കാണുന്നില്ല. ഇഷ്ടംപോലെ എന്തും ചെയ്തോളു. കണ്ണിൽ നിന്നു് കൈയെടുക്കുന്നതിനുമുമ്പു് വിളിച്ചുപറയാം.

(ഇരുട്ടു വ്യാപിക്കുന്നു.)

എല്ലാ വസ്തുക്കളും ഇണചേരാൻ വെമ്പുന്നു. നീ മാത്രം ഏകാകിയായി ഈ അന്ധകാരമദ്ധ്യത്തിൽ നില്ക്കുകയാണു്. ഏകാകി… ഏകാകിയായി നീ മാത്രം നിന്റെ ഊട്ടുവഴികളിൽക്കൂടി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. പ്രേമത്തിന്റെ ഒളിച്ചുകളിക്കുവേണ്ടി നീ കൈനീട്ടുന്നതു് വ്യർത്ഥമാണു്. വ്യർത്ഥം, വ്യർത്ഥം. ആകട്ടെ. എങ്കിലും നിങ്ങൾ പരസ്പരം ആനന്ദിപ്പിക്കുക. അതിൽ ഞാൻ നിങ്ങളെ അനുമോദിക്കുന്നു. അതു് യുക്തമാണു്. പണ്ഡിതർ പറഞ്ഞതുപോലെ, പ്രകൃതിവിധിയുമാണു്: എല്ലാ വസ്തുക്കളും ഇണചേരാൻ വെമ്പുന്നു. അതാ നോക്കു്, അനുഗൃഹീതമായ ആ പ്രേമാരാമം പൂവണിയുന്നു.

(പിന്നിലെ കർട്ടൻ ഉയരുന്നു.)

അവിടെ, യുവമിഥുനങ്ങൾ, സുന്ദരയുഗ്മങ്ങൾ—പ്രേമപ്രവാഹത്തിൽ നീന്തിത്തുടിക്കുന്ന പൂമ്പാറ്റകൾ—ആഹ്ലാദപൂർവ്വം പാറിപ്പറന്നു്, ലീലാവ്യാജേന അനന്തമായ സംഗമകർമ്മം നിർവ്വഹിക്കുന്നു. സമ്മേളനമാണല്ലോ പ്രപഞ്ചലക്ഷ്യം. (മുഖത്തുനിന്നു് കൈ എടുക്കുന്നു. രംഗം ദീപ്തമാവുന്നു.)

ഞാൻ എവിടെയാണു്?

(പൂർവ്വാങ്കമവസാനിച്ചു.)

അങ്കം ഒന്നു് പൂമ്പാറ്റകൾ

(നീലാഭമായ ഒരുജ്ജ്വലരംഗം. പുഷ്പങ്ങൾ, തലയിണകൾ, കണ്ണാടികൾ, വർണ്ണശബളമായ ശീതളപാനീയങ്ങൾ നിരത്തിയ ചെറിയ മേശ എന്നിവകൊണ്ടലംകൃതം. മദ്യശാലയിലേതുപോലെ ഉയർന്ന പീഠങ്ങൾ.)

തെണ്ടി:
(കണ്ണുതിരുമ്മി ചുറ്റുംനോക്കുന്നു) ആഹാ, എത്ര മനോഹരം, നയനാഭിരാമം! ഹായ്, ഇതു്… ഇതു് പറുദീസയോടൊക്കും. ഇതിലേറെ സുന്ദരമായൊരു ചിത്രം രചിക്കുവാൻ ഞാൻ ലോകത്തിലെ സകല ചിത്രകാരന്മാരേയും വെല്ലുവിളിക്കുന്നു. പോരെങ്കിൽ എന്തൊരു സുഗന്ധവും!

(ക്ലൈത്തി ചിരിച്ചുകൊണ്ടു ഓടി പ്രവേശിക്കുന്നു.)

ഒടാക്കാർ:
(അവളെ അനുധാവനം ചെയ്തുകൊണ്ടു്) ക്ലൈത്തീ, ഞാൻ നിന്നെ സ്നേഹിക്കുന്നു.

(ക്ലൈത്തി ചിരിച്ചുകൊണ്ടു് ഓടിമറയുന്നു. ഒടാക്കാർ പിന്നാലെയും.)

തെണ്ടി:
പൂമ്പാറ്റകൾ! ഭേഷ്, പൂമ്പാറ്റകൾ. അവർ കളിക്കുകയാണു്. എനിക്കു് അവരെ ഒന്നു ശരിക്കു കണ്ടാൽ കൊള്ളാമെന്നുണ്ടു്. പക്ഷേ, എങ്ങനെയാണു് ഈ വേഷത്തിൽ… (വസ്ത്രം പൊടിതട്ടിക്കുടയുന്നു.) ഓ. അല്ലെങ്കിൽ അവരെന്നെ ചവുട്ടിപ്പുറത്താക്കട്ടെ. ഞാൻ ഇവിടെ കിടക്കാൻപോകയാണു്. (തലയിണകൾ ശരിയാക്കുന്നു) ഞാൻ ഒന്നു കിടക്കട്ടെ. ആരാണു തടുക്കുന്നതെന്നു കാണാമല്ലോ. (രംഗത്തിന്റെ മുൻഭാഗത്തു് ഒരു കിടക്ക നിവർത്തിയിടുന്നു) ഈ പ്രഹസനം നമുക്കു രസിക്കുന്നില്ലെങ്കിൽ നാം അല്പമൊന്നു കണ്ണടയ്ക്കുകയും ചെയ്യും. (കിടന്നുകൊണ്ടു്) അതാണു വിദ്യ.

(ഫെലിക്സ് പ്രവേശിക്കുന്നു.)

ഫെലിക്സ്:
ഐറിസ് എവിടെ? അവൾ ആ പൂക്കളും മണത്തുകൊണ്ടവിടെ നില്ക്കുന്നതു ഞാൻ കണ്ടതാണു്… ഐറിസ്, ഐറിസ്. പ്രാസമൊപ്പിക്കാനാണു പ്രയാസം. (തലയിണകളുടെയിടയിലിരിപ്പുറപ്പിക്കുന്നു.) ‘ഐറിസെന്ന സുന്ദരീ, അഗ്നിസമാനവിശുദ്ധ നീ.’ ഇല്ല. പറ്റില്ല. ഒന്നുകൂടി നോക്കട്ടെ. ‘… എന്റെ ചേതോഹാരിണിയുടെ ചേല, അതൊരു മണിമേഖല; അതെന്നെ ദേവദൂതന്റെ ശക്തികൊണ്ടു നിറയ്ക്കുന്നു, ഐറിസ്—ഐറിസ്—ഐറിസ്!’ അതുകൊള്ളാം. പക്ഷേ, അവളെവിടെപ്പോയി. അവളെന്തിനാണു് ആ വിക്ടറുടെ പുറകേ കൂടിയിരിക്കുന്നതു്? കഷ്ടം… ‘നിന്റെ ദിവ്യാധരങ്ങളിൽ, ഐറിസ്, വിരിയുന്ന വിജയസ്മിതത്തിൽ, ഖേദത്തിന്റെ കയ്പു് മൊട്ടിടാതിരിക്കട്ടെ.’ ഉം, ഇതുകൊണ്ടു് ഞാനൊരു വിലാപകാവ്യം രചിക്കുന്നുണ്ടു്—ശരിയായ മഹാകാവ്യസമ്പ്രദായത്തിൽ. വരട്ടെ, അവളെന്നെ വഞ്ചിച്ചു കഴിഞ്ഞിട്ടുവേണം. ഹാ, വേദനയല്ലേ കവികളുടെ വിധിഹിതം! (രംഗത്തിനു പിന്നിൽപൊട്ടിച്ചിരി) അതു് ഐറിസാണു്.

(പ്രവേശനദ്വാരത്തിനടുത്തു് ദുഃഖത്തിന്റെ ദൃശ്യരൂപമെന്നോണം കൈയിൽ തലയുംതാങ്ങി അയാളിരിക്കുന്നു. ഐറിസ് പ്രവേശിക്കുന്നു. വിക്ടർ പുറകേയും.)

ഐറിസ്:
അതാരാണു്, ഫെലിക്സല്ലേ, ഏകാകിയായി, അവിടെയിരിക്കുന്നതു്? ഹൃദ്യമായ ഈ ദുഃഖത്തിനെന്താണു് കാരണം?
ഫെലിക്സ്:
(തിരിഞ്ഞുനോക്കി) ഹാ, ഐറിസ്! ഞാൻ വിചാരിച്ചില്ല…
ഐറിസ്:
നിങ്ങളെന്താ പുറത്തിറങ്ങി രസിക്കാത്തതു്? അവിടെ എത്ര യുവതികളുണ്ടെന്നോ?
ഫെലിക്സ്:
(ചാടിയെണീറ്റു്) ഐറിസ്, നിനക്കറിയില്ലേ, എനിക്കവരിലൊന്നും ഭ്രമമില്ലെന്നു്?
ഐറിസ്:
അയ്യോ പാവം! എന്തുകൊണ്ടാണതു്?
വിക്ടർ:
ഇതുവരെ അങ്ങനെയൊന്നും തോന്നിയില്ലെന്നേ പറഞ്ഞുള്ളു.
ഫെലിക്സ്:
ഇനിയൊരിക്കലുമുണ്ടാകയുമില്ല.
ഐറിസ്:
(തലയിണകൾക്കിടയിൽ ഇരിപ്പുറപ്പിച്ചുകൊണ്ടു്) പറയുന്നതുകേട്ടോ, വിക്ടർ? അതും എന്റെ മുഖത്തു നോക്കി! മുരട്ടുമനുഷ്യാ, ഇവിടെവരൂ. ഇതാ, ഇവിടെ ഇരിക്കു്. പോര, കുറച്ചുകൂടി അടുത്തു്. എന്റെ ഓമന ഒന്നുപറഞ്ഞാലും, ഭവാനു് പെണ്ണുങ്ങളിലുള്ള ഭ്രമമവസാനിച്ചുവെന്നു്.
ഫെലിക്സ്:
എനിക്കവരെ മടുത്തു.
ഐറിസ്:
(ഗംഭീരമായ ഒരു നെടുവീർപ്പോടെ) അഹോ, ഈ പുരുഷവർഗ്ഗം. നിങ്ങളെല്ലാവരും ദോഷൈകദൃക്കുകളാണു്. നിങ്ങൾ രസിക്കും; ആകാവുന്നിടത്തോളം രസിക്കും. അതുകഴിഞ്ഞു് പ്രഖ്യാപിക്കും. എനിക്കവരെ മടുത്തു എന്നു്. കഷ്ടം, പെണ്ണായിപ്പിറക്കുന്നതുതന്നെ ഭാഗ്യദോഷം.
വിക്ടർ:
എന്തുകൊണ്ടു്?
ഐറിസ്:
ഞങ്ങൾക്കു മടുക്കാൻ കഴികയില്ല. നിങ്ങളുടെ കഴിഞ്ഞ കഥകളുടെ ചരിത്രമെന്താണു്, ഫെലിക്സ്? നിങ്ങളെന്നാണാദ്യമായി പ്രേമിച്ചതു്?
ഫെലിക്സ്:
എനിക്കിപ്പോഴോർമ്മയില്ല. കുറേക്കാലംമുമ്പാണു്. അന്നും അതാദ്യത്തേതായിരുന്നില്ല. ഞാൻ ഒരു സ്കൂൾക്കുട്ടിയായിരുന്നപ്പോൾ…
വിക്ടർ:
ശരി, നീ ഒരു പുഴുവായിരിക്കുമ്പോൾ, എന്നിരിക്കട്ടെ. പച്ചില തിന്നുന്ന ഒരു പച്ചപ്പുഴു.
ഐറിസ്:
അവൾ കറുത്തതായിരുന്നോ ഫെലിക്സ്? സുന്ദരിയായിരുന്നോ?
ഫെലിക്സ്:
പകൽപോലെ മനോഹരി. വാനംപോലെ…
ഐറിസ്:
വാനംപോലെ! വേഗം പറയൂ.
ഫെലിക്സ്:
നിന്നെപ്പോലെ സുന്ദരി.
ഐറിസ്:
എന്റെ ഫെലിക്സ്, അവൾ അങ്ങയെ സ്നേഹിച്ചോ?
ഫെലിക്സ്:
എനിക്കറിയില്ല. ഞാനവളോടു സംസാരിച്ചിട്ടില്ല.
ഐറിസ്:
ഈശ്വരാ! പിന്നെ അങ്ങവളോടെന്താണു് ചെയ്തതു്?
ഫെലിക്സ്:
ഞാൻ വിദൂരതയിൽനിന്നു് അവളെ നോക്കി.
വിക്ടർ:
ഒരു പച്ചിലയായിരുന്നുകൊണ്ടു്.
ഫെലിക്സ്:
എന്നിട്ടു് കവിതകളും പ്രേമലേഖനങ്ങളുമെഴുതി. എന്റെ പ്രഥമനോവലും.
വിക്ടർ:
അത്തരത്തിലൊരു പുഴു എത്രമാത്രം പച്ചില തിന്നുതീർക്കുമെന്നു കണക്കെടുത്തിട്ടുണ്ടോ? അറിഞ്ഞാൽ പേടിച്ചുപോകും.
ഐറിസ്:
നിങ്ങളൊരു രസംകൊല്ലിയാണു് വിക്ടർ. നോക്കു്, ഫെലിക്സിന്റെ കണ്ണു രണ്ടും നിറഞ്ഞിരിക്കുന്നതു് കണ്ടില്ലേ, ബഹുരസംതന്നെ.
വിക്ടർ:
കണ്ണുനിറഞ്ഞെന്നോ; അതിനിപ്പോൾ ഇവിടെ എന്തുണ്ടായി?
ഫെലിക്സ്:
അതു പച്ചക്കള്ളമാണു്. എന്റെ കണ്ണിൽ കണ്ണീരില്ല. സത്യമായിട്ടുമില്ല.
ഐറിസ്:
കാണാമല്ലോ. എന്റെ കണ്ണിൽനോക്കൂ, ഫെലിക്സ്. വേഗം വേണം.
വിക്ടർ:
ഒന്നു്, രണ്ടു്, മൂന്നു്, നാലു്—ങ്ഹാ എനിക്കറിയാം അതിലപ്പുറം പിടിച്ചുനില്ക്കാൻ അവനു കഴിവില്ലെന്നു്.
ഐറിസ്:
(ചിരിച്ചുകൊണ്ടു്) കേട്ടോ, ഫെലിക്സ്, ഒരു ചോദ്യം. പെട്ടെന്നുത്തരം പറയണം. എന്റെ കണ്ണിന്റെ നിറമെന്താണു് ?
ഫെലിക്സ്:
നീല.
ഐറിസ്:
കെങ്കേമമായി. എന്റെ കണ്ണിനു് തവിട്ടുനിറമാണു്. സ്വർണ്ണനിറമാണെന്നുപോലും ഒരാൾ എന്നോടു പറഞ്ഞിട്ടുണ്ടു്. എനിക്കു നീലക്കണ്ണുകൾ കണ്ടുകൂടാ. അവയ്ക്കു് യാതൊരു വികാരവുമില്ല. വെറും തണുപ്പൻ. പാവം ക്ലൈത്തിയുടെ കണ്ണുകൾ നീലയാണു്, അറിയാമോ? നിങ്ങൾ അവളുടെ കണ്ണുകൾ കണ്ടിട്ടുണ്ടോ, ഫെലിക്സ്?
ഫെലിക്സ്:
പോ, അവിടുന്നു്. അവളുടെ കാലുകണ്ടില്ലേ, പെൻസിൽപോലെ! ഈ കവികൾക്കു് പെണ്ണുങ്ങളെ നോക്കാനേയറിയില്ല.
വിക്ടർ:
ഫെലിക്സിന്റെ ഏറ്റവും പുതിയ കവിത വായിച്ചോ, ഐറിസ്? (പോക്കറ്റിൽനിന്നു് ഒരു പുസ്തകമെടുത്തുകൊണ്ടു്) കഴിഞ്ഞ ലക്കം ‘വസന്ത’ത്തിൽ വന്നതാണു്.
ഐറിസ്:
വേഗമാകട്ടെ. വായിക്കൂ. കേൾക്കാഞ്ഞിട്ടു് എനിക്കു സഹിക്കുന്നില്ല.
ഫെലിക്സ്:
നിങ്ങളതു് കേൾക്കാൻ ഞാൻ സമ്മതിക്കില്ല. (എഴുനേല്ക്കാൻ ശ്രമിച്ചുകൊണ്ടു്) അതു വഷളാണു്. പഴഞ്ചൻ. ഞാൻ എന്നേ അതെല്ലാം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു.
ഐറിസ്:
(പിടിച്ചിരുത്തിക്കൊണ്ടു്) അവിടെ, അനങ്ങാതെയിരിക്കൂ, ഫെലിക്സ്.
വിക്ടർ:
ശീർഷകം, ‘അനശ്വരമായ അധഃപതനം.’
ഫെലിക്സ്:
(ചെവിപൊത്തി) നിങ്ങൾ അതവളെ വായിച്ചുകേൾപ്പിക്കുന്നതെനിക്കിഷ്ടമല്ലെന്നു പറഞ്ഞില്ലേ.
വിക്ടർ:
(ഊന്നിവായിക്കുന്നു.)

കീഴോട്ടു്, കീഴോട്ടു്; സത്വരം, സുഗമം,

പറക്കുന്നു നാം.

ലോകം വഞ്ചനയെ—വഞ്ചനയെ—സ്നേഹിക്കുന്നു.

സ്ത്രീകൾ നുണപറയാനും.

ഐറിസ്:
രസികനൊരു ഫലിതം, അല്ലേ വിക്ടർ. എന്തൊരു വികൃതിക്കുട്ടനാണു ഈ ഫെലിക്സ്. എന്താണു് നിങ്ങളങ്ങനെയെഴുതാൻ കാരണം?
വിക്ടർ:

ആ കിനാവാരും ഭഞ്ജിക്കാതിരിക്കട്ടെ,

അനുരാഗം സാഫല്യമടയട്ടെ,

സകലവും തകർന്നു വീഴുകയാണു്,

ഓമനേ, നമുക്കും വീഴാം.

ഐറിസ്:
വീഴുന്ന വിദ്യ എനിക്കുമറിയാം. പക്ഷേ, ഈ സാഫല്യമടയുക എന്നുവച്ചാലെന്താണു്?
വിക്ടർ:
അതു് ആര്യഭാഷയാണു്. അതിന്റെ അർത്ഥം… ങ്… ങ്…പ്രേമം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിയിരിക്കുന്നുവെന്നാണു്.
ഐറിസ്:
ലക്ഷ്യമോ? എന്തു ലക്ഷ്യം?
വിക്ടർ:
ങ്… അതിനു പതിവുള്ളതുതന്നെ.
ഐറിസ്:
ഛീ! എന്താഭാസം! ഫെലിക്സ്, നിങ്ങളെങ്ങനെയാണീ വഷളത്തരമെഴുതിയതു്. എനിക്കു നിങ്ങളെ ഭയമാവുന്നു. നിങ്ങൾ തീരെ സംസ്കാരശൂന്യനായിത്തീർന്നിരിക്കുന്നു. സംസ്കൃതം എപ്പോഴുമിങ്ങനെ അശ്ലീലമാണോ?
ഫെലിക്സ്:
അല്പം ദയകാണിക്കൂ, ഐറിസ്. അതൊരു പൊട്ടക്കവിതയാണെന്നു പറഞ്ഞില്ലേ.
ഐറിസ്:
എന്താണതിലെ ചീത്തത്തം?
ഫെലിക്സ്:
ആ ആവശ്യമുള്ളതില്ലേ, അതിപ്പോഴുമതിൽ വന്നിട്ടില്ല.
ഐറിസ്:
ങ്ഹാ, അതു ശരി. പ്രിയപ്പെട്ട വിക്ടർ, എന്റെ ആ വിശറി ആ തോട്ടത്തിലെവിടെയെങ്കിലും കാണും.
വിക്ടർ:
ശരി, ശരി. ഞാനൊരു സ്വർഗ്ഗത്തിൽ കട്ടുറുമ്പാണല്ലേ. ഇതാ പോയേക്കാം. (പോകുന്നു.)
ഐറിസ്:
ഫെലിക്സ്, വേഗമാകട്ടെ. എല്ലാം തുറന്നു പറയൂ. എന്നോടെന്തും പറയാം.
ഫെലിക്സ്:
ഐറിസ്, നീയെങ്ങനെയാണു് അയാളെ സഹിക്കുന്നതു്? കിഴവൻ. സുന്ദരവിഡ്ഢി. പഴഞ്ചരക്കു്. കെട്ടടങ്ങിയ വിടൻ.
ഐറിസ്:
വിക്ടറുടെ കാര്യമാണോ പറയുന്നതു്?
ഫെലിക്സ്:
അവന്റെ പരിഹാസം കണ്ടില്ലേ. നിന്നെയും, പ്രേമത്തെയും സർവ്വപ്രപഞ്ചത്തെയും പുച്ഛം. ലജ്ജയില്ലാത്ത ജന്തു. ഹോ, ഹോ, എന്തൊരു വൈകൃതം. നീ ഇതെങ്ങനെയാണു പൊറുക്കുന്നതു്?
ഐറിസ്:
പാവം വിക്ടർ. അയാൾ അടുത്തുണ്ടെങ്കിലെന്തു സമാധാനമാണെന്നോ. അതു പോകട്ടെ. നമുക്കു കവിതയെപ്പറ്റി സംസാരിക്കാം. എനിക്കു് കവിത വളരെ ഇഷ്ടമാണു ഫെലിക്സ്. കേൾക്കട്ടെ, “ആ കിനാവാരും ഭഞ്ജിക്കാതിരിക്കട്ടെ…” ഉം. (തലയിണകളുടെയിടയിലിരിക്കുന്നു) ഫെലിക്സ്, നിങ്ങൾക്കു അസാമാന്യമായ പ്രതിഭയുണ്ടു്. “ഓമനേ നമുക്കും വീഴാം.” ഈശ്വരാ, എന്തെന്തു വികാരങ്ങളാണോ പ്രയോഗത്തിൽ പ്രതിധ്വനിക്കുന്നതു്. ഒന്നു പറയൂ ഫെലിക്സ്, കവികൾ ഭയങ്കരമായി, അതിഭയങ്കരമായി, വികാരവായ്പുള്ളവരാണല്ലേ?
ഫെലിക്സ്:
ഐറിസ്, ആ കവിതയിലെ വികാരങ്ങൾക്കപ്പുറം ഞാൻ വളർന്നുകഴിഞ്ഞുവെന്നു പറഞ്ഞില്ലേ?
ഐറിസ്:
ആ സംസ്കൃതമത്ര പ്രാകൃതമല്ലാതിരുന്നെങ്കിൽ എന്നു മാത്രമേ എനിക്കുള്ളു. എനിക്കു് എന്തും സഹിക്കാം; അതിനു വൃത്തികെട്ട പേരുകൾ പറയാതിരുന്നാൽ മതി. ഫെലിക്സ്, നിങ്ങൾ സ്ത്രീകളോടു് ഇത്ര സൗമ്യമായി പെരുമാറരുതു്. ഇപ്പോൾ നിങ്ങൾ എന്നെ ചുംബിക്കുകയാണെന്നിരിക്കട്ടെ. അതിനും നിങ്ങൾ ഒരു വൃത്തികെട്ട പേരു കൊടുക്കുമോ?
ഫെലിക്സ്:
നിന്നെ ചുംബിക്കാൻ എനിക്കെങ്ങനെ ധൈര്യമുണ്ടാകും?
ഐറിസ്:
ഓ, കള. നിങ്ങൾ പുരുഷന്മാർക്കു് എന്താണു് ചെയ്തുകൂടാത്തതു്? ഫെലിക്സ്, ഇതാ, തലയിങ്ങോട്ടടുപ്പിച്ചേ. നിങ്ങൾ ആർക്കാണു് ആ കവിതയെഴുതിയതു്. ക്ലൈത്തിക്കാണോ?
ഫെലിക്സ്:
അല്ല. സത്യമായിട്ടും അല്ല.
ഐറിസ്:
പിന്നെയാർക്കാണു്?
ഫെലിക്സ്:
ആർക്കുമല്ല. ഞാൻ സത്യം ചെയ്തുപറയുന്നു, ആർക്കുമല്ല. അല്ലെങ്കിലാകട്ടെ, ലോകത്തിലെ എല്ലാ യുവതികൾക്കുമായി.
ഐറിസ്:
(കൈമുട്ടുകളൂന്നിക്കിടന്നു്) നിങ്ങൾ ഇത്രയധികം പേരെ സാഫ… സാഫ… എന്താണതിനു പറയുന്നതു് ?
ഫെലിക്സ്:
ഐറിസ്, ഞാൻ ആണയിട്ടു പറയുന്നു…
ഐറിസ്:
(തലയിണകൾക്കിടയിലേയ്ക്കു് വീണുകൊണ്ടു്) ഫെലിക്സ്, നിങ്ങളൊരു ഭയങ്കര പെണ്ണുപിടുത്തക്കാരനാണു്. എന്നോടു് പറഞ്ഞുകൂടേ, ആരായിരുന്നു നിങ്ങളുടെ കാമുകി?
ഫെലിക്സ്:
ഐറിസ്, നീ ആരോടും പറയുകയില്ലല്ലോ, പറയുമോ?
ഐറിസ്:
ഇല്ല.
ഫെലിക്സ്:
ശരി. എന്നാൽ പറയാം. എനിക്കൊരു കാമുകിയേയില്ല.
ഐറിസ്:
എന്തു്?
ഫെലിക്സ്:
ഇതുവരെയില്ല. ഇതു് സത്യം.
ഐറിസ്:
വെറും പൊളി! പച്ചപ്പരമാർത്ഥീ, നിങ്ങൾ അതു് എത്രപേരോടു പറഞ്ഞിട്ടുള്ളതാണു്. ഫെലിക്സ്, ഫെലിക്സ്, ഇപ്പോൾ എനിക്കു് നിങ്ങളെ ശരിക്കു് കാണാൻ കഴിയുന്നുണ്ടു്. എത്ര ആപല്ക്കാരിയായ ഒരു മനുഷ്യനാണു നിങ്ങൾ.
ഫെലിക്സ്:
ഐറിസ്, എന്നെ പരിഹസിക്കരുതു്. എനിക്കു് അതിഭയങ്കരങ്ങളായ അനുഭവങ്ങളുണ്ടായിട്ടുണ്ടു്—എന്റെ ഭാവനയിൽ. ദുസ്സഹമായ നൈരാശ്യങ്ങൾ; എണ്ണമറ്റ പ്രേമബന്ധങ്ങൾ. പക്ഷേ, എല്ലാം സ്വപ്നങ്ങളിൽ മാത്രം. സ്വപ്നമാണു് കവിയുടെ ജീവിതം. എനിക്കെല്ലാ സ്ത്രീകളെയുമറിയാം; പക്ഷേ, ഒന്നിനെയുമറിഞ്ഞിട്ടുമില്ല. നെഞ്ചിൽ കൈവച്ചുകൊണ്ടാണു് ഞാനിതു പറയുന്നതു്, ഐറിസ്!
ഐറിസ്:
(കൈമുട്ടുകൾ നിലത്തൂന്നി) പിന്നെയെന്താണു് നിങ്ങൾക്കു സ്ത്രീകളെ മടുത്തുതുടങ്ങിയെന്നു് കേൾക്കുന്നതു്?
ഫെലിക്സ്:
ഐറിസ്, ഓരോരുത്തനും അവനവൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതിനെയാണു് ഇടിച്ചുതാഴ്ത്തിപറയുന്നതു്.
ഐറിസ്:
ശ്യാമളാക്ഷികളെപ്പറ്റിയാണോ പറയുന്നതു്?
ഫെലിക്സ്:
അല്ല. സ്വപ്നങ്ങളെപ്പറ്റി. അനന്തമായ സ്വപ്നങ്ങൾ.
ഐറിസ്:
‘ആ കിനാവാരും ഭഞ്ജിക്കാതിരിക്കട്ടെ.’ എത്ര ഭംഗിയുള്ള കണ്ണുകളാണു് നിങ്ങളുടേതു്. നിങ്ങൾ അസാധാരണനായ ഒരു പ്രതിഭാശാലിയാണു്, ഫെലിക്സ്. (മെത്തയിലേക്കു വീഴുന്നു) ഇപ്പോൾ നിങ്ങൾ എന്തിനെപ്പറ്റിയാണു ചിന്തിക്കുന്നതു്?
ഫെലിക്സ്:
നിന്നെപ്പറ്റി. സ്ത്രീ ഒരു കീറാമുട്ടിയാണു്.
ഐറിസ്:
എങ്കിൽ അവളെ കീറു്. പക്ഷേ, പതുക്കെ വേണേ, ഫെലിക്സ്. മൃദുവായി.
ഫെലിക്സ്:
എനിക്കു് നിന്റെ കണ്ണുകളുടെ ആഴം അളക്കാൻ കഴിയുന്നില്ല.
ഐറിസ്:
എങ്കിൽ മറ്റെവിടെയെങ്കിലും തുടങ്ങു്.
ഫെലിക്സ്:
എനിക്കു്… ഐറിസ്… അ… അ… അ…
ഐറിസ്:
(പെട്ടെന്നു എഴുനേറ്റിരുന്നു്) ഫെലിക്സ്, ഞാനിന്നു് ഒരു വല്ലാത്ത മട്ടിലാണു്. സ്ത്രീജന്മം എന്തൊരു മൗഢ്യമാണു്. ഇന്നു് എനിക്കൊരു പുരുഷനാകണമെന്നാണു് മോഹം. പിടിച്ചടക്കാൻ, ആകർഷിക്കാൻ, ആശ്ലേഷിക്കാൻ… ഫെലിക്സ്, പുരുഷനായാൽ ഞാനെന്തൊരു വികാരമുള്ള പുരുഷനായിരിക്കുമെന്നോ… ഞാൻ എല്ലാവരെയും കേറിപ്പിടിക്കും—മൃഗീയമായി, ബലമായി… നിങ്ങൾ ഒരു യുവതിയല്ലാത്തതു കഷ്ടംതന്നെ. അല്ലെങ്കിൽ നമുക്കു അഭിനയിക്കാം. എന്താ. നിങ്ങൾ എന്റെ ഐറിസായിക്കൊള്ളൂ. ഞാൻ നിങ്ങളുടെ ഫെലിക്സും.
ഫെലിക്സ്:
വേണ്ടാ, ഐറിസ്. ഫെലിക്സാകുന്നതു വളരെ അപകടംപിടിച്ച ഏർപ്പാടാണു്. അതിന്റെ അർത്ഥം മോഹിക്കുക, പിന്നെയും മോഹിക്കുക എന്നാണു്—എന്തുതന്നെയായാലും.
ഐറിസ്:
(സ്വരംതാഴ്ത്തി) എന്തിനെയുമല്ല, എല്ലാറ്റിനെയും.
ഫെലിക്സ്:
സകലതും മോഹിക്കുന്നതിലും മഹത്തായ ഒന്നുണ്ടു്.
ഐറിസ്:
എന്താണതു്?
ഫെലിക്സ്:
അപ്രാപ്യമായ എന്തിനെയെങ്കിലും മോഹിക്കുക.
ഐറിസ്:
(നിരാശയോടെ) നിങ്ങൾ പറഞ്ഞതു് ശരിയാണു്. നിങ്ങൾ പറയുന്നതെല്ലാം ശരിയാണു്. പാവം ഫെലിക്സ് (എഴുനേല്ക്കുന്നു) ഈ വിക്ടർ എന്താണു് താമസിക്കുന്നതു്? അയാളെ ഒന്നുവിളിക്കുമെങ്കിൽ വലിയ ഉപകാരം.
ഫെലിക്സ്:
(ചാടിഎണീറ്റു) ഐറിസ്, നീ പിണങ്ങിയോ. ഞാൻ എന്തോ അധികപ്രസംഗം പറഞ്ഞു പിടിപ്പിച്ചു.
ഐറിസ്:
കണ്ണാടിയുടെ മുമ്പിൽ തിരിഞ്ഞുനിന്നുകൊണ്ടു്) അധികപ്രസംഗമാണെന്നെനിക്കഭിപ്രായമില്ല.
ഫെലിക്സ്:
അപ്രാപ്യമായതു മോഹിക്കുക! ഐറിസ് നിന്നോടങ്ങനെ സംസാരിക്കുവാൻ എനിക്കു ഭ്രാന്തുണ്ടായിരിക്കണം.
ഐറിസ്:
ഏതായാലും മര്യാദയില്ലെന്നു തീർച്ച. ഞാൻ നിങ്ങളെക്കൊണ്ടു പെടുന്നപാടു് എത്രയാണെന്നു ശരിക്കും ധരിച്ചോളൂ. സ്ത്രീകളുടെകൂടെയിരിക്കുമ്പോൾ അവിടെയില്ലാത്ത എന്തിനെയെങ്കിലും മോഹിക്കന്നതായിട്ടല്ല പെരുമാറേണ്ടതു്.
ഫെലിക്സ്:
അപ്രാപ്യമായതു്, അതാ അവിടെയാണതു്, ഐറിസ്.
ഐറിസ്:
(തിരിഞ്ഞുനോക്കി) എവിടെ?
ഫെലിക്സ്:
(കണ്ണാടിയിലേക്കു ചൂണ്ടി) ഐറിസ്, നിന്റെ പ്രതിബിംബം.
ഐറിസ്:
(ചിരിച്ചു്) എന്റെ പ്രതിബിംബം! നിങ്ങൾ എന്റെ പ്രതിബിംബത്തിൽ അനുരക്തനായിക്കഴിഞ്ഞോ? (കണ്ണാടിയുടെ നേരേ കരങ്ങൾ നീട്ടി) നോക്കു്, നിങ്ങൾ പറഞ്ഞതു് എന്റെ പ്രതിബിംബം കേട്ടുകഴിഞ്ഞു. അതിനെ ആശ്ലേഷിക്കൂ, അതിനെ ചുംബിക്കൂ. വേഗം.
ഫെലിക്സ്:
അതു നിന്നെപ്പോലെതന്നെ അപ്രാപ്യമാണു്.
ഐറിസ്:
(അയാളുടെ നേരേ തിരിഞ്ഞു്) ഞാൻ അപ്രാപ്യ! നിങ്ങൾ എങ്ങനെയറിഞ്ഞു?
ഫെലിക്സ്:
എനിക്കതറിയില്ലെങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുകയില്ലായിരുന്നു.
ഐറിസ്:
ഞാൻ ഇത്ര അപ്രാപ്യയായതു മഹാകഷ്ടമായിപ്പോയി, അല്ലേ ഫെലിക്സ്?
ഫെലിക്സ്:
അപ്രാപ്യമായതിലല്ലാതെ യഥാർത്ഥ പ്രണയമില്ല, ഐറിസ്.
ഐറിസ്:
അതാണു വാസ്തവം അല്ലേ. (അയാളുടെ ചെവിക്കുപിടിച്ചു വലിച്ചുകൊണ്ടു പാടുന്നു) ‘ഓമനേ നമുക്കും വീഴാം.’
ഫെലിക്സ്:
ദയവുചെയ്തു് ആ കവിത ചൊല്ലല്ലേ.
ഐറിസ്:
എനിക്കുവേണ്ടി പെട്ടെന്നൊന്നുണ്ടാക്കു്, വികാരം തുളുമ്പുന്ന ഒന്നു്.
ഫെലിക്സ്:

മരണമേ,

ഹതഭാഗ്യനായ ഒരു കാമുകനു ചെവികൊടുക്കൂ.

അന്ത്യനിമിഷങ്ങളിലെ രോദനം.

കൈവച്ചുനോക്കൂ,

എന്റെ ഹൃദയം ഒരിക്കലിരുന്നിടത്തു്.

ഒരു ഗംഭീരക്ഷതമാണവിടെയിപ്പോൾ.

സ്വർഗ്ഗദൂതന്റെ ശക്തികൊണ്ടു്

ഞാൻ നിറഞ്ഞിരിക്കുന്നു.

വജ്രഖചിതമായ ഒരൊഡ്യാണമാണു്

എന്റെ പ്രണയിനിയുടെ പൂഞ്ചേല.

ഞാൻ സ്വർഗ്ഗദൂതന്റെ ശക്തികൊണ്ടു

നിറഞ്ഞിരിക്കുന്നു.

ഐറിസ്, ഐറിസ്, ഐറിസ്.

ഐറിസ്:
ഹാ, ഹാ എത്ര മനോഹരം.
ക്ലൈത്തി:
(അണിയറയിൽ) ഐറിസ്!
ഐറിസ്:
അതാ അവൾ പിന്നെയും പോരെങ്കിൽ അവളുടെ ആ വൃത്തികെട്ട ഭർത്താവും കാണും കൂടെ. നമ്മളാണെങ്കിൽ…
ക്ലൈത്തി:
(ചിരിച്ചുകൊണ്ടോടി വരുന്നു) കേട്ടോളു, ഐറിസ്. ഒടാക്കാരെക് പറയുകയാണു്… ആഹാ നിന്റെ കൂടെ ഫെലിക്സുമുണ്ടോ? സുഖംതന്നെയല്ലേ ഫെലിക്സ്? ഐറിസ്, നീ അയാളെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു അല്ലേ? നോക്കു്, അയാൾ ചുവന്നുപോയല്ലോ.
ഒടാക്കാർ:
(ഓടിവരുന്നു) നിന്നെ പിടികിട്ടിപ്പോയി. ക്ലൈത്തീ… ഓ, ക്ഷമിക്കണം. നമസ്കാരം ഐറിസ്. സുഖംതന്നെയല്ലേ ചങ്ങാതീ.
ഫെലിക്സ്:
(തലയിണകളിലിരുന്നുകൊണ്ടു്) ഫൂ!
ഐറിസ്:
നീ വല്ലാതെ വിയർത്തിരിക്കുന്നുല്ലോ, ക്ലൈത്തീ.
ക്ലൈത്തി:
ഒടാക്കാരെക്കു് എന്നെയിട്ടോടിച്ചു.
ഒടാക്കാർ:
ക്ലൈത്തി പറന്നുകളഞ്ഞു. പിന്നെ ഓടാതെ പറ്റുമോ.
വിക്ടർ:
(പ്രവേശിച്ചു്) ആഹാ! ഇവിടെ ഒരു സംഘം മുഴുവനുമുണ്ടല്ലോ. (ക്ലൈത്തിയെ നമിക്കുന്നു.)
ക്ലൈത്തി:
അയ്യോ എന്തൊരു ദാഹം. (ഗ്ലാസിൽനിന്നു് കുഴൽകൊണ്ടു കുടിക്കുന്നു.)
ഐറിസ്:
കുട്ടീ, ആരോഗ്യം ശ്രദ്ധിക്കണേ. നോക്കു് വിക്ടർ, ആ കൊച്ചെത്ര ക്ഷീണിച്ചുപോയിയെന്നു്. ക്ലൈത്തീ, നീ ഒരു പേക്കോലമായിട്ടുണ്ടു്.
ക്ലൈത്തി:
എന്തു വാത്സല്യം! നല്ലോരു തള്ള.
വിക്ടർ:
നിങ്ങൾ ഇന്നലെ ഗാർഡൻപാർട്ടിക്കു് പോയിരുന്നോ?
ക്ലൈത്തി:
ഇന്നലെ! ഛീ! അതു് പുരാണകഥയല്ലേ.
വിക്ടർ:
കാലാവസ്ഥ എത്ര രസികൻ.
ഐറിസ്:
(ക്ലൈത്തിയോടു്) കുട്ടീ, ഒരു നിമിഷം നില്ക്കു്. (അവളുടെ ബോഡീസ് ശരിയാക്കുന്നു) നീ ഇതുവരെ എന്തെടുക്കുകയായിരുന്നു. ബോഡീസ് കീറിയിട്ടുണ്ടല്ലോ.
ക്ലൈത്തി:
ഒടാക്കാരെക്കു് ചവിട്ടിയതായിരിക്കും.
ഐറിസ്:
ചവിട്ടിയാൽ കഴുത്തിൽ കൊള്ളുമോ?
ക്ലൈത്തി:
നോക്കു്. അയാൾ മുഴുവനും കാലുതന്നെയാണു്. അല്ലേ, കാലാ?
ഒടാക്കാർ:
ങ് ഏ!
വിക്ടർ:
ഞാനോ?
ക്ലൈത്തി:
നിങ്ങൾ മുഴുവനും നാക്കു്.
ഐറിസ്:
ക്ലൈത്തി എന്തെല്ലാമാണു് പറയുന്നതു്. അപ്പോൾ ഫെലിക്സോ?
ക്ലൈത്തി:
പാവം അയാൾക്കെപ്പൊഴും സങ്കടമാണു്. (ഫെലിക്സിന്റെ മുമ്പിൽ മുട്ടുകുത്തി നിന്നുകൊണ്ടു്) രാജകുമാരാ, അങ്ങേയ്ക്കെന്തുപറ്റി?
ഫെലിക്സ്:
ഞാൻ ചിന്തിക്കുകയാണു്.
ക്ലൈത്തി:
എന്തിനേപ്പറ്റി? വേഗം പറയൂ.
ഫെലിക്സ്:
പുരുഷന്മാർക്കു മനസ്സു കൊടുത്തതു് അതുപയോഗിക്കാൻ വേണ്ടിയാണു്.
ക്ലൈത്തി:
സ്ത്രീകൾക്കു കൊടുത്തതെന്തിനാണു്?
ഫെലിക്സ്:
ദുരുപയോഗപ്പെടുത്താൻ.
ഐറിസ്:
ബലേ ഭേഷ്, ഫെലിക്സ്.
ക്ലൈത്തി:
(എഴുനേറ്റു്) ആ വൃത്തികെട്ട ജന്തുവിനു് എന്നെ കണ്ണെടുത്തു കണ്ടുകൂടാ.
വിക്ടർ:
സൂക്ഷിക്കണം ക്ലൈത്തീ. അതു് അനുരാഗത്തിന്റെ പ്രഥമചിഹ്നമാണു്.
ഒടാക്കാർ:
ങ് ഹേ!
ഐറിസ്:
ഫെലിക്സും അനുരാഗവും. കേമമായി. കേൾക്കണോ അയാൾ പെണ്ണുങ്ങളെപ്പറ്റി എഴുതിയതു്?
ഫെലിക്സ്:
ഐറിസ്, ദയവുചെയ്തു്…
ഐറിസ്:

കീഴോട്ടു്, കീഴോട്ടു്, സത്വരം, സുഗമം പറക്കുന്നു നാം.

ലോകം വഞ്ചനയെ—വഞ്ചനയെ—ഇഷ്ടപ്പെടുന്നു.

സ്ത്രീകൾ നുണപറയാനും.

ക്ലൈത്തി:
എന്തിനെ ഇഷ്ടപ്പെടുന്നു?
ഐറിസ്:
നുണപറയാൻ.[1]
വിക്ടർ:
എടാ കള്ളാ, ഫെലിക്സ്. നീ ഈ കാലത്തിനിടയ്ക്കു് എത്ര പെണ്ണുങ്ങളെക്കൊണ്ടു നുണ പറയിച്ചു?
ഒടാക്കാർ:
ഹ—ഹ—ഹ—ഹ—നുണപറയാൻ. ഹ—ഹ എനിക്കു മനസ്സിലായി, ഹ—ഹ—.
ഐറിസ്:
(തുടർന്നു് ഉരുവിടുന്നു) ‘ആ കിനാവാരും ഭഞ്ജിക്കാതിരിക്കട്ടെ.’
ക്ലൈത്തി:
നിറുത്തണേ. ഒടാക്കാരക്കു് വീണ്ടും ചിരിക്കാൻ പോകയാണു്.
ഒടാക്കാർ:
ഹ ഹ ഹ.
ഫെലിക്സ്:
അതു മുഴുവനും വായിക്കാൻ ഞാൻ സമ്മതിക്കില്ല. എനിക്കു് ആ പ്രായമെല്ലാം കഴിഞ്ഞു.
ഐറിസ്:
ഫെലിക്സ് വളരെ പ്രതിഭാശാലിയാണു്. നിങ്ങൾക്കാർക്കാണു് ഐറിസ് എന്നതിനു് ഒരു പ്രാസം കണ്ടുപിടിക്കാൻ കഴിയുക?
ക്ലൈത്തി:
ഐറിസിനത്രേ മേദസ്സ്.
ഫെലിക്സ്:
ഈശ്വരാ, ഇവരിതു നിറുത്തില്ലേ.
ഒടാക്കാർ:
ഹ ഹ ഹ ഹ ഹ. ഒന്നാന്തരം. ‘അത്രേ മേദസ്സ്.’
ഐറിസ്:
(ക്ഷോഭിക്കാതെ) കുട്ടീ, നിന്റെ കവിതാവാസന വിചിത്രം തന്നെ. പക്ഷേ, നിനക്കൂഹിക്കാൻ കഴിയില്ല എന്റെ പേരിനു് ഫെലിക്സ് എത്ര സുന്ദരമായ പ്രാസമാണു കണ്ടുപിടിച്ചിരിക്കുന്നതെന്നു്. പറയാമോ?
വിക്ടർ:
ഞാൻ കയ്യൊഴിഞ്ഞു.
ക്ലൈത്തി:
ഒന്നു പറയൂ ഐറിസ്.
ഐറിസ്:
(വിജയഭാവത്തിൽ) ‘വജ്രഖചിതബന്ധം, എൻ കാമുകീധനുസ്സു്.’
വിക്ടർ:
എന്തു്!
ഐറിസ്:
… കാമുകീധനുസ്സു്.
ഒടാക്കാർ:
ഹ ഹ ഹ, കാമുകീധനുസ്സു്. ബഹുരസം ബഹുരസം.
ഐറിസ്:
ഓ, നിങ്ങളെന്തൊരു വഷളനാണു്. യാതൊരു കലാബോധവുമില്ല. എനിക്കു നിങ്ങളെ സഹിച്ചുകൂടാ.
വിക്ടർ:
ഫെലിക്സ് അഹോ, അവന്റെ തോഴിയോ!
ഐറിസ്:
(കൈകൊട്ടിക്കൊണ്ടു്) വിക്ടർ നിങ്ങളൊരു സരസൻതന്നെ, സംശയമില്ല.
ക്ലൈത്തി:
ഈശ്വരാ, വിക്ടറിനും പ്രാസത്തിന്റെ രോഗം ബാധിച്ചുവോ.
ഒടാക്കാർ:
ഹ ഹ. ഫെലിക്സ് അഹോ! കൊള്ളാം.
വിക്ടർ:
ഛീ! കവിത. എന്താണതു്. ഒന്നുകിൽ വിഡ്ഢിത്തം, അല്ലെങ്കിൽ അസത്യം.
ഐറിസ്:
ഒരിക്കലുമല്ല. അതു വികാരങ്ങളെ ഉണർത്തുന്നു. എനിക്കു കവിത വളരെ പ്രിയമാണു്.
ഒടാക്കാർ:
ഗിറ്റാർ.
ക്ലൈത്തി:
എന്താണു് ഗിറ്റാർ?
ഒടാക്കാർ:
ഒടാക്കാറുമായി പ്രാസം. ഹ ഹ ഹ. കൊള്ളാം. അല്ലേ?
ഐറിസ്:
ഒടാക്കാർ നിങ്ങളുടെ പ്രതിഭ ഭയങ്കരമാണു്. നിങ്ങൾ എന്താണു കവിതയെഴുത്തു തുടങ്ങാത്തതു്?
ഒടാക്കാർ:
ഞാനോ, ഹൂം, എന്തിനെപ്പറ്റി?
ഐറിസ്:
പ്രേമത്തെപ്പറ്റി. ഞാൻ കവിതയെ ആരാധിക്കുന്നു.
ഒടാക്കാർ:
സുന്ദരതാരം.
ഐറിസ്:
എന്തു സുന്ദരതാരം? നിങ്ങളെന്താണീ പറയുന്നതു്?
ഒടാക്കാർ:
ഹ ഹ ഹ ഹ! അതൊരു പ്രാസം.
ഐറിസ്:
ഒടാക്കാർ, നിങ്ങളുടെ ആത്മാവു് കവിതകൊണ്ടു നിറഞ്ഞിരിക്കയാണു്.
ക്ലൈത്തി:
(വായിക്കോട്ടയിട്ടു്) ദയവുചെയ്തു് ഈ സാഹിത്യമൊന്നു് നിറുത്തണേ. ഞാനതു ഹൃദയപൂർവ്വം വെറുക്കുന്നു.
വിക്ടർ:
ഹൃദയപൂർവ്വം! കൊള്ളാം. അപ്പോൾ ക്ലൈത്തീ, നീ ധരിച്ചുവച്ചിരിക്കുന്നതു് നിനക്കെവിടെയോ ഒരു ശരീരമുണ്ടെന്നാണല്ലേ?
ഐറിസ്:
ഹ ഹ! നിങ്ങൾ സരസനായ ഒരു സഖാവുതന്നെ, സംശയമില്ല. എനിക്കു് നിങ്ങളെ ചുംബിച്ചാൽ കൊള്ളാമെന്നു തോന്നുന്നുണ്ടു്. എനിക്കു സരസന്മാരോടത്രയധികം ഇഷ്ടമാണു്. എന്നെ പിടിക്കാൻ കഴിയുമോ എന്നു നോക്കു്.

(ഓടി മറയുന്നു, വിക്ടർ പുറകേയും.)

ക്ലൈത്തി:
ശുദ്ധ കഴുത, ബീഭത്സം. ആ രൂപംതന്നെ കണ്ടാൽമതി. ഫെലിക്സ്!
ഫെലിക്സ്:
(ചാടിയെണീറ്റു്) എന്താണു്?
ക്ലൈത്തി:
ആ സാധനത്തിനോടു നിങ്ങൾക്കെങ്ങനെയാണനുരാഗം തോന്നിയതു്?
ഫെലിക്സ്:
ആരോടു്?
ക്ലൈത്തി:
ആ തൈക്കിഴവിയോടു്.
ഫെലിക്സ്:
ആരുടെ കാര്യമാണു പറയുന്നതു്?
ക്ലൈത്തി:
മനസ്സിലായില്ലേ? ഐറിസ്.
ഫെലിക്സ്:
ഞാനോ! എന്തൊക്കെയാണു ധരിച്ചുവച്ചിരിക്കുന്നതു്? അതെല്ലാം എന്നേ കഴിഞ്ഞു?
ക്ലൈത്തി:
ഇപ്പോൾ മനസ്സിലായി. ഐറിസ് പമ്പര വിഡ്ഢിയാണു്. അവളുടെ പാദങ്ങൾ കണ്ടോ? എന്തൊരു ഗോഷ്ടി. അയ്യേ! ഫെലിക്സ്, നിങ്ങൾക്കിത്ര പ്രായമായിട്ടും സ്ത്രീകളെപ്പറ്റി എന്തെല്ലാം വ്യാമോഹങ്ങളാണു്. (തലയിണകളുടെയിടയിലിരിക്കുന്നു.)
ഫെലിക്സ്:
എനിക്കോ? ക്ലൈത്തീ, ഞാൻ അക്കാലമൊക്കെ പിന്നിട്ടുകഴിഞ്ഞു. വാസ്തവം.
ക്ലൈത്തി:
ഇല്ല, ഫെലിക്സ്. നിങ്ങൾക്കു് സ്ത്രീകളെ അറിയില്ല. ഇവിടെ എന്റെയടുത്തു വന്നിരിക്കൂ. അവരുടെ യഥാർത്ഥരൂപമെന്താണെന്നു് നിങ്ങൾക്കറിയില്ല. അവരുടെ അഭിപ്രായങ്ങൾ: അവരുടെ ചിന്താഗതി; അവരുടെ ശരീരം—ഛീ! നിങ്ങളാണെങ്കിൽ ഇപ്പോഴും ഒരു കൊച്ചുകുട്ടിയും.
ഫെലിക്സ്:
അല്ലല്ല. ഞാനത്ര ചെറുപ്പമൊന്നുമല്ല. എനിക്കെത്രമാത്രം അനുഭവജ്ഞാനമുണ്ടെന്നറിയാമോ?
ക്ലൈത്തി:
നിങ്ങൾ തീരെ ചെറുപ്പമായിരിക്കണം. അതാണിപ്പോഴത്തെ ഫാഷൻ, ചെറുപ്പമായിരിക്കുക, ചിത്രശലഭമായിരിക്കുക, കവിയായിരിക്കുക. ഇതിലേറെ രസകരമായി ലോകത്തിൽ മറ്റെന്തുണ്ടു്?
ഫെലിക്സ്:
ഇല്ല, ക്ലൈത്തീ. യുവത്വത്തിന്റെ വിധിവിഹിതം ശോകമാണു്. കവികൂടിയാണെങ്കിൽ ശോകാംശം നൂറിരട്ടി വർദ്ധിക്കുകയും ചെയ്യും. ഇതാണു് വാസ്തവം ക്ലൈത്തീ. സത്യം.
ക്ലൈത്തി:
കവിയുടെ വിധി പരമാനന്ദമാണു്. ജീവിതം ആസ്വദിക്കൂ. ഫെലിക്സ്, എനിക്കു നിങ്ങളെക്കാണുമ്പോൾ ഓർമ്മവരുന്നതു് എന്റെ പ്രഥമപ്രണയമാണു്.
ഫെലിക്സ്:
അതാരുമായിട്ടായിരുന്നു?
ക്ലൈത്തി:
പ്രത്യേകിച്ചാരുമല്ല. എന്റെ കാമുകന്മാരാരും ആദ്യത്തേതല്ല. ആ വിക്ടർ, ഛീ! എനിക്കു് പുരുഷന്മാരെ ഭയങ്കര വെറുപ്പാണു്. നമുക്കു രണ്ടുപേർക്കും സുഹൃത്തുക്കളായിരിക്കാം, ഫെലിക്സ്. രണ്ടുപെണ്ണുങ്ങളെപ്പോലെ. അനുരാഗം അങ്ങേയ്ക്കു് അർത്ഥശൂന്യമാണു്. അതു കേവലം ദൈനന്ദിന സംഭവമല്ലേ. എനിക്കിഷ്ടം അസാധാരണത്വങ്ങളാണു്. സവിശേഷവും വിശുദ്ധവുമായവ. പതിവിൽനിന്നു ഭിന്നമായതു്. പുതിയതെന്തെങ്കിലും.
ഫെലിക്സ്:
ഒരു കവിതയായാലോ?
ക്ലൈത്തി:
ധാരാളം മതി. അങ്ങേയ്ക്കു മനസ്സിലായില്ലേ, അങ്ങെനിക്കിത്രമാത്രം പ്രിയങ്കരനാണെന്നു്.
ഫെലിക്സ്:
അല്പം നില്ക്കണേ. (ഇളകിവശായി ചാടി എണീറ്റു്)

എന്റെ ഹൃദയത്തിലേയ്ക്കു പ്രവേശിച്ചു,

ശിശുനയനങ്ങളിലേയ്ക്കെന്നപോലെ,

ഒരു പ്രകാശരശ്മി,

എന്റെ കൺമുമ്പിൽ ഒരു

പോപ്പിപുഷ്പംപോലെ,

അവൾ വിലസി.

കണ്ണുകൾക്കൊരു കുസുമോത്സവം,

അവളുടെ നാണം എനിക്കവൾ സമർപ്പിച്ചു.

ക്ലൈത്തി:
(എഴുനേറ്റു്) എന്താണതു്?
ഫെലിക്സ്:
ഒരു കവിത. ആരംഭംമാത്രം.
ക്ലൈത്തി:
ഇനിയങ്ങോട്ടു്?
ഫെലിക്സ്:
ഇതാ കൊണ്ടുവരുന്നു. ഞാൻ ഇതുവരെയെഴുതിയതിനെയെല്ലാം ഇതാ, പിന്നിട്ടുകഴിഞ്ഞു. (ഓടിമറയുന്നു.)
ക്ലൈത്തി:
ബ്ഭൂ! (ഇത്രയും സമയം ശുണ്ഠിപിടിച്ചു് മീശ പിരിച്ചുംകൊണ്ടിരിക്കുന്ന ഒടാക്കാറിന്റെ നേരേ തിരിഞ്ഞു്) നിങ്ങൾക്കാ മീശയൊന്നു വെറുതേ വിട്ടുകൂടേ?
ഒടാക്കാർ:
നീ എന്റേതായിത്തീരൂ. ഇപ്പോൾത്തന്നെ.
ക്ലൈത്തി:
എന്നെ തൊട്ടുപോകരുതു്.
ഒടാക്കാർ:
എന്റേതായിത്തീരൂ. നാം പ്രതിശ്രുതരല്ലേ… ഞാൻ… ഞ ഞാൻ…
ക്ലൈത്തി:
ഒടാക്കാരെക്ക്, നിങ്ങൾ എത്ര സുന്ദരനാണു്.
ഒടാക്കാർ:
ഞാൻ പ്രേമിച്ചു ഭ്രാന്തനായിരിക്കുന്നു.
ക്ലൈത്തി:
എനിക്കറിയാം. നിങ്ങളുടെ ഹൃദയം തുടിക്കുന്നതു കേൾക്കാൻ ബഹുരസമുണ്ടു്. ‘ഹ’ എന്നു പറയൂ.
ഒടാക്കാർ:
ഹാ.
ക്ലൈത്തി:
ഒന്നുകൂടി.
ഒടാക്കാർ:
ഹൂം! ഹാ.
ക്ലൈത്തി:
അതു നിങ്ങളുടെ നെഞ്ചിനകത്തു കിടന്നു് കുടുങ്ങുകയാണു്, ഇടി കുടുങ്ങുന്നതുപോലെ. ഒടാക്കരെക്ക്, നിങ്ങൾ വളരെ ശക്തനാണു്, അല്ലേ.
ഒടാക്കാർ:
ക്ലൈ… ക്ലൈ… ക്ലൈ…
ക്ലൈത്തി:
ഇപ്പോഴെന്താ പറ്റിയതു്?
ഒടാക്കാർ:
എന്റെയായിത്തീരൂ.
ക്ലൈത്തി:
ദയവുചെയ്തു ബോറടിക്കാതിരിക്കൂ.
ഒടാക്കാർ:
ഞാൻ… ഞാ…
ക്ലൈത്തി:
ഞാനും.
ഒടാക്കാർ:
(അവളെ കടന്നു പിടിച്ചുകൊണ്ടു്) എന്റേതായിത്തീരൂ. ഞാൻ നിന്നെ ആരാധിക്കുന്നു.
ക്ലൈത്തി:
(ഓടിമാറിക്കൊണ്ടു്) സാധ്യമേയല്ല. എന്റെ സൗന്ദര്യം നഷ്ടപ്പെടും.
ഒടാക്കാർ:
(അവളുടെ പുറകേ ഓടിക്കൊണ്ടു്) ഞാൻ… എനിക്കു്… വേണം.
ക്ലൈത്തി:
(ചിരിച്ചുകൊണ്ടോടുന്നു) ക്ഷമിക്കു്. ഇതിനൊക്കെ കുറെ ക്ഷമ വേണം.
ഒടാക്കാർ:
(അവളുടെ പുറകേ) ക്ലൈത്തീ എന്റേതായിത്തീരൂ.

(രണ്ടുപേരും പറന്നുപോകുന്നു.)

തെണ്ടി:
(എഴുന്നേറ്റുനിന്നു ചൂളമടിച്ചുകൊണ്ടു്) അതാ പോകുന്നു, പ്രേമത്തിന്റെ സർവ്വാണിസംഘം. എന്തൊരു സൈറ്റടി, എന്തൊരു കൊഞ്ചൽ, എന്തൊരു കുഴയൽ! നായാടപ്പെട്ട സ്ത്രീവർഗ്ഗം. ഹ ഹ ഹ. ഈച്ചക്കാലുകൾ ഹ ഹ. പട്ടുചിറകുകളുടെ മറവിലുള്ള വിശപ്പടങ്ങാത്ത ശരീരങ്ങൾ. എന്നെ വെറുതേവിട്ടേക്കണേ. എനിക്കറിയാം, ഞാൻ വാക്കുതരുന്നു, അതാണു് ഈ പ്രേമമെന്നു പറയുന്ന സാധനം.
ക്ലൈത്തി:
(മറുവശത്തുനിന്നോടി പ്രവേശിച്ചു കണ്ണാടിക്കു മുമ്പിൽച്ചെന്നുനിന്നു് പൗഡറിടുകയും വസ്ത്രം ശരിയാക്കുകയും ചെയ്യുന്നു) അയ്യ്യ്യോ. ഒരു തരത്തിൽ അയാളിൽനിന്നും രക്ഷപ്പെട്ടു. ഹ ഹ ഹ ഹ ഹ.
തെണ്ടി:
ഹ ഹ ഹ. കൊച്ചമ്മസംസ്കാരം. ഹ ഹ. കവിത. ജീവിതാനന്ദം മെലിഞ്ഞ കുഴലുകളിൽക്കൂടി തൊട്ടു നോക്കി… ചട്ടക്കഴുത്തിനു് ഇറക്കംകൂട്ടിക്കൂട്ടി. ഈ രസങ്ങളും, ഈ ഇക്കിളിയാക്കലും! ഒരിക്കലും മതിവരാത്ത കാമുകവർഗ്ഗത്തിന്റെ അനാദ്യന്തമായ നുണകൾ. ഛീ! എന്തു ക്ഷുദ്രജീവികളാണിവർ.
ക്ലൈത്തി:
(തെണ്ടിയുടെ നേരെ ആക്രമണഭാവത്തിൽ അടുത്തുകൊണ്ടു്) നിങ്ങൾ ചിത്രശലഭമാണോ? (തെണ്ടി അയാളുടെ തൊപ്പി അവളുടെ നേരെ എറിയുന്നു.)
ക്ലൈത്തി:
(പറന്നുമാറിക്കൊണ്ടു്) നിങ്ങൾ ഒരു ചിത്രശലഭമല്ലേ?
തെണ്ടി:
ഞാനൊരു മനുഷ്യനാണു്.
ക്ലൈത്തി:
എന്നുവച്ചാലെന്താണു്? ജീവനുള്ള വസ്തുവാണോ?
തെണ്ടി:
അതെ.
ക്ലൈത്തി:
(പറന്നടുത്തു്) അതു പ്രേമിക്കാമോ?
തെണ്ടി:
ഉവ്വു്. അതൊരു ചിത്രശലഭമാണു്.
ക്ലൈത്തി:
നിങ്ങൾ ഒരു സരസനാണെന്നു തോന്നുന്നല്ലോ. നിങ്ങളെന്തിനാണു് ഈ കറുത്ത ഉടുപ്പിട്ടിരിക്കുന്നതു്?
തെണ്ടി:
അതു കറുത്തതല്ല. ചെളിപുരണ്ടതാണു്.
ക്ലൈത്തി:
നിങ്ങളുടെ ഗന്ധം രസകരമായിരിക്കുന്നു.
തെണ്ടി:
വിയർപ്പും പൊടിയുംകൊണ്ടാണതു്.
ക്ലൈത്തി:
നിങ്ങളുടെ ഗന്ധം എന്റെ തലയ്ക്കു മത്തുപിടിപ്പിക്കുന്നു. പുതിയൊരു ഗന്ധമാണതു്.
തെണ്ടി:
(തൊപ്പികൊണ്ടെറിയുന്നു) ഛീ! ചരക്കേ!
ക്ലൈത്തി:
(പറന്നുകൊണ്ടു്) എന്നെ പിടിക്കാമോ? പിടിക്കാമോ?
തെണ്ടി:
നാണംകെട്ട ചണ്ടി. വൃത്തികെട്ട തെരുവുസാമാനം.
ക്ലൈത്തി:
(സമീപിച്ചു്) ഞാനൊന്നു മണത്തുനോക്കട്ടെ. ഒന്നു കടിച്ചുനോക്കട്ടെ. നിങ്ങൾ ഒരു പുതുമതന്നെ, സംശയമില്ല.
തെണ്ടി:
നിന്റെ ജാതിയെ ഞാൻ ഇതിനുമുമ്പു കണ്ടിട്ടുണ്ടു്, പൂച്ചേ, ഞാനെന്തിനുവേണ്ടിയാണവളെ സ്നേഹിച്ചതു്. (ക്ലൈത്തിയുടെ കൈകൾ കടന്നുപിടിച്ചു്) അവളുടെ ഈച്ചക്കൈകൾ ഞാനിങ്ങനെ പിടിച്ചു. അവളോടു് എന്നെനോക്കി പുഞ്ചിരിക്കാൻ യാചിച്ചു. എന്നിട്ടങ്ങു വിടുകയും ചെയ്തു. ഹാ, അന്നവളെ കൊന്നിരുന്നുവെങ്കിൽ! (ക്ലൈത്തിയെ വിടുന്നു) പോ, ശവമേ. എനിക്കു നിന്നെക്കൊണ്ടാവശ്യമില്ല.
ക്ലൈത്തി:
(പറന്നകലുന്നു) അയ്യയ്യോ, നിങ്ങൾ ഒരു വിചിത്രജീവിതന്നെ. (കണ്ണാടിയുടെ മുമ്പിൽനിന്നു് പൗഡറിടുന്നു.)
തെണ്ടി:
സെന്റ് തേച്ച ശവം. വേശ്യ. എല്ലങ്കോരിപിശാചു… ചരക്കു്…
ക്ലൈത്തി:
(അടുത്തുവന്നു്) ഒന്നുകൂടി പറയൂ. അതെത്ര മനോഹരമായിരിക്കുന്നു. എത്ര കഠിനം, എത്ര മൃഗീയം.
തെണ്ടി:
ഛീ, അതുകൊണ്ടും നിനക്കു മതിയായില്ല, അല്ലേ? സത്വം. എന്തൊരു ബാധയാണിതു്.
ക്ലൈത്തി:
ഞാൻ അങ്ങയെ പ്രേമിക്കുന്നു. ആരാധിക്കുന്നു.
തെണ്ടി:
പോ, അവിടന്നു്, പോ! എനിക്കു ഛർദ്ദിക്കാൻ വരുന്നു.
ക്ലൈത്തി:
എന്തൊരു ബോറനാണിയാൾ. തെണ്ടി! (കണ്ണാടിക്കുമുമ്പിൽനിന്നു തലമുടി ചീകുന്നു.)
ഐറിസ്:
(പരാജിതയായി പ്രവേശിക്കുന്നു) എന്തെങ്കിലും കുടിക്കാൻ തരൂ, വേഗം.
ക്ലൈത്തി:
നീ എവിടെപ്പോയിരുന്നു?
ഐറിസ്:
(കടലാസുകുഴലിൽക്കൂടി) വലിച്ചുകുടിച്ചുകൊണ്ടു്) പുറത്തു്. ഓ, എന്തൊരുഷ്ണം!
ക്ലൈത്തി:
വിക്ടറിനെ എവിടെക്കൊണ്ടുപോയി കളഞ്ഞു?
ഐറിസ്:
വിക്ടർ! ഏതു വിക്ടർ?
ക്ലൈത്തി:
എന്തു കഥയാണിതു്. നീ വിക്ടറിന്റെ കൂടെയല്ലേ, പുറത്തേക്കുപോയതു്?
ഐറിസ്:
വിക്ടറുടെകൂടെ! ഏയ്, അല്ല. ആങ്ഹാ, അതു ശരി. (ചിരിക്കുന്നു) അതു വെറും ഫലിതമല്ലേ.
ക്ലൈത്തി:
വിക്ടറുമായോ?
ഐറിസ്:
സംശയമുണ്ടോ? അക്കഥകേട്ടാൽ നീ ചിരിച്ചു മണ്ണുകപ്പും. കേട്ടോളു. അയാൾ എന്റെ പിന്നാലെകൂടി. ഹ ഹ ഹ.
ക്ലൈത്തി:
നീ അയാളെ എവിടെ വിട്ടുപോന്നു?
ഐറിസ്:
ഞാൻ പറയുന്നതു കേൾക്കു്. അയാൾ എന്റെ പുറകേ ഭ്രാന്തുപിടിച്ചു നടക്കുകയായിരുന്നു. പെട്ടെന്നു് ഒരു പക്ഷിവന്നു് അയാളെ കൊത്തിത്തിന്നു. ഹ ഹ ഹ ഹ ഹ.
ക്ലൈത്തി:
വാസ്തവം?
ഐറിസ്:
സത്യം. ഞാനിവിടെ നില്ക്കുന്നുവെന്നതുപോലെ. അയ്യ്യോ, ഞാൻ ചിരിച്ചുചിരിച്ചു വീണുപോയി. (തലയിണകളുടെയിടയിൽവീണു് മുഖംമറയ്ക്കുന്നു.)
ക്ലൈത്തി:
നിനക്കെന്തു പിണഞ്ഞു.
ഐറിസ്:
ഹ ഹ! അയ്യോ, ഈ പുരുഷന്മാർ!
ക്ലൈത്തി:
നീ വിക്ടറിനെപ്പറ്റിയാണോ പറയുന്നതു്?
ഐറിസ്:
അല്ല, ഒടാക്കാറെപ്പറ്റി. വിക്ടറെ പക്ഷി തിന്നില്ലേ? നോക്കണേ, ക്ഷണത്തിലുണ്ടു്, നിന്റെ ഒടാക്കാരെക്കു് പറന്നുവരുന്നു. അയാളുടെ കണ്ണിലെ പ്രകാശം, ഉം, തീപോലെ. ഹ—ഹ—ഹ.
ക്ലൈത്തി:
അനന്തരം?
ഐറിസ്:
എന്റെ പുറകേ കൂടി. എന്റെയായിത്തീരണേ: ഞാൻ നിന്നെ സ്നേഹിക്കുന്നു, മുതലായവ—ഹ ഹ ഹ.
ക്ലൈത്തി:
എന്നിട്ടു നീ എന്തുചെയ്തു?
ഐറിസ്:
ഞാൻ നി—നി—നിന്നെ ഭയങ്കരമായി സ്—സ്—സ്നേഹിക്കുന്നു. എ—എ—എന്റെയായിത്തീരു്. ഹ ഹ നീ എന്റെയായിത്തീരുമോ?
ഫെലിക്സ്:
(കൈയിൽ ഒരു കവിതയുമായി പറന്നുവരുന്നു) ക്ലൈത്തീ, ഇതാ കിട്ടിപ്പോയി. കേട്ടോളു. (ഉദ്വേഗഭരിതനായി വായിക്കുന്നു.)

എന്റെ ഹൃദയത്തിലേക്കു പ്രവേശിച്ചു,

ശിശുനയനങ്ങളിലേയ്ക്കെന്നപോലെ,

ഒരു പ്രകാശരശ്മി.

ഐറിസ്:
(ശിരസ്സു് തലയിണകൾക്കിടയിൽ മറച്ചുവച്ചുകൊണ്ടു് അപസ്മാരബാധിതയെപ്പോലെ ചിരിക്കുന്നു.)
ഫെലിക്സ്:
(വായനനിറുത്തി) എന്താണിതു്?
ഐറിസ്:
(കരഞ്ഞുകൊണ്ടു്) എന്തൊരു മുരട്ടുമനുഷ്യൻ! ഛീ! ലജ്ജയില്ലല്ലോ. അയാളെ ഞെക്കിക്കൊല്ലേണ്ടിയിരുന്നു.
ക്ലൈത്തി:
ഒടാക്കാറെയോ?
ഫെലിക്സ്:
ശ്രദ്ധിക്കൂ, ക്ലൈത്തീ. ഇതു തികച്ചും ഒരു പുതിയ രീതിയാണു്. (വായന തുടരുന്നു)

എന്റെ ദൃഷ്ടിയിൽ ഒരു പോപ്പിപുഷ്പംപോലെ

അവൾ വിലസി,

കണ്ണുകൾക്കൊരു കുസുമം.

അവളുടെ നാണം എനിക്കവൾ സമർപ്പിച്ചു.

“ഇതു ഞാനാണു്” അവൾ പറഞ്ഞു:

“അങ്ങേയ്ക്കെന്നെ അറിയില്ല.

ഞാനെന്താണെന്നു് എനിക്കുതന്നെ

അറിയില്ല;

ഞാനൊരു ശിശുവാണു്; ഒരു പുഷ്പവും;

ഞാൻ ജീവനാണു്; ഞാൻ വികസിക്കുന്നു.

ഞാൻ പെണ്ണാണു്; ഞാൻ മോഹിപ്പിക്കുന്നു,

ഞാൻ അമ്പരന്നിരിക്കുന്നു…”

ഐറിസ്:
(എഴുനേറ്റുനിന്നു്) എന്റെ തലമുടി തീരെ അലങ്കോലപ്പെട്ടാണോ ഇരിക്കുന്നതു്?
ക്ലൈത്തി:
വളരെ. നില്ക്കു്, ചങ്ങാതീ. (തലമുടി ശരിയാക്കിക്കൊടുക്കുന്നു. സ്വാഗതം) പൂച്ച!
ഐറിസ്:
നിനക്കു് ദേഷ്യമാണല്ലേ? ഹ ഹ ഹ, ഒടാക്കാർ എത്ര ഭംഗിയായി പ്രേമിക്കുമെന്നറിയാമോ? (പറന്നുപോകുന്നു.)
ഫെലിക്സ്:
കേൾക്കൂ ക്ലൈത്തീ, ഇതാണതിന്റെ ഏറ്റവും നല്ല ഭാഗം:

ഞാൻ ഒരു ശിശുവാണു്; ഒരു പുഷ്പവും;

ഞാൻ ജീവനാണു്; ഞാൻ വികസിക്കുന്നു.

ഞാൻ പെണ്ണാണു്; ഞാൻ മോഹിപ്പിക്കുന്നു,

ഞാൻ അമ്പരന്നിരിക്കുന്നു…

ക്ലൈത്തി:
മതി, നിറുത്തു്. പൂച്ച! (പറന്നുപോകുന്നു) എവിടെയാണു് പുതിയതെന്തെങ്കിലും ലഭിക്കുക?
ഫെലിക്സ്:
(അവളുടെ പുറകേ) നില്ലു്, നില്ലു്. ഇവിടെയാണു് പ്രേമം വരുന്നതു്.
തെണ്ടി:
കഴുത!
ഫെലിക്സ്:
ആരാണതു്? ആഹാ ഇവിടെയാരോ ഉണ്ടല്ലോ. കൊള്ളാം. ഇതാ അവസാനത്തെ വരികൾ കേൾപ്പിച്ചുതരാം.

ഞാൻ പെണ്ണാണു്; ഞാൻ മോഹിപ്പിക്കുന്നു,

ഞാൻ അമ്പരന്നിരിക്കുന്നു.

മഹാപ്രപഞ്ചമേ, ഇതിനെന്താണർത്ഥം?

തെണ്ടി:
(തൊപ്പി അയാളുടെ നേരേ എറിഞ്ഞു്) ഛൂ!
ഫെലിക്സ്:
(ചുറ്റും പറന്നു്) … എന്താണർത്ഥം. ഇന്നു് എന്റെ രക്തം തിളയ്ക്കുകയാണു്.

ഞാൻ പെണ്ണാണു്, ഞാൻ പ്രേമിക്കുന്നു,

ഞാൻ ജീവനാണു്, ഞാൻ വികസിക്കുന്നു,

ഞാൻ ശിശുവാണു്,

ഇതെന്റെ പ്രഥമപ്രണയമാണു്.

മനസ്സിലായോ, അതു ക്ലൈത്തിയാണു്, ക്ലൈത്തി.

(പറന്നുപോകുന്നു.)

തെണ്ടി:
(രംഗവാസികളുടെ നേരേ കൈനീട്ടിക്കൊണ്ടു്) ഹ ഹ ഹ, ചിത്രശലഭങ്ങൾ!

(ഒന്നാമങ്കമവസാനിച്ചു)

കുറിപ്പുകൾ

[1] ഇംഗ്ലീഷിലെ ‘നുണപറയുക’ എന്ന പ്രയോഗത്തിനു് കിടക്കുക എന്നും അർത്ഥമുണ്ടു്.

അങ്കം രണ്ടു് കൊള്ളക്കാർ

(ഒരു മരക്കുറ്റിയോളമുള്ള മണൽക്കൂന. അതിൽ അല്പാല്പം പുല്ലു പിടിച്ചിട്ടുണ്ടു്. അതിന്റെ ഇടത്തു ഭാഗത്തായി വേട്ടാവെളിയന്റെ ഗുഹ. വലത്തു് ചീവീടു പാർത്തിരുന്ന ഗഹ്വരം. തെണ്ടി രംഗത്തിന്റെ മുൻഭാഗത്തു് ഉറങ്ങിക്കിടക്കുകയാണു്. ഒരു കോശസ്ഥകീടം പുൽകൊടിയോടു ചേർത്തു ബന്ധിച്ചിരിക്കുന്നു. അതിനെ ഒരു സംഘം ആർത്തിപിടിച്ച കീടങ്ങൾ ആക്രമിക്കുകയാണു്.

ഇടത്തുവശത്തുനിന്നു പ്രവേശിക്കുന്ന ഒരു ചെറിയ വണ്ടു് കോശസ്ഥകീടത്തെ പുൽക്കൊടിയിൽനിന്നു വേർപെടുത്തുന്നു. വലത്തുവശത്തുനിന്നു പ്രവേശിക്കുന്ന മറ്റൊരു വണ്ടു് ആദ്യത്തേതിനെ വിരട്ടിയോടിച്ചു് കോശസ്ഥകീടം കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. ഭൂഗർഭത്തിൽനിന്നു മൂന്നാമതൊന്നു ചാടിവന്നു് രണ്ടാമത്തേതിനെ ഓടിച്ചു് കോശസ്ഥകീടം വലിച്ചിഴച്ചുകൊണ്ടുപോകുന്നു.)

കോശസ്ഥകീടം:
ഞാൻ… ഞാൻ… ഞാൻ.

(ആർത്തിപിടിച്ച മൂന്നാമത്തെ വണ്ടു് ഭയപ്പെട്ടു് കോശസ്ഥകീടമുപേക്ഷിച്ചു കലഹിക്കുന്നു. മൂന്നാമൻ പിന്നെയും പ്രവേശിച്ചു മറ്റു രണ്ടുപേരെയും ഓടിച്ചു കോശസ്ഥകീടം സ്വായത്തമാക്കുന്നു.)

കോശസ്ഥകീടം:
ഭൂമി പൊട്ടിത്തെറിക്കുകയാണു്. ഞാൻ ജനിക്കുകയാണു്.
തെണ്ടി:
(തലയുയർത്തി) എന്താണതു്?

(മൂന്നാമത്തെ വണ്ടു് താഴോട്ടു പോകുന്നു.)

കോശസ്ഥകീടം:
മഹത്തായതെന്തോ സംഭവിക്കാൻ പോകുന്നു!
തെണ്ടി:
അതുകൊള്ളാം. (തല താഴ്ത്തുന്നു.)

(അല്പം കഴിഞ്ഞു്)

പുരുഷശബ്ദം:
(അണിയറയിൽ) നിനക്കെന്താണു വേണ്ടതു്?
സ്ത്രീശബ്ദം:
എനിക്കോ?
പുരുഷശബ്ദം:
അതേ, നിനക്കു്.
സ്ത്രീശബ്ദം:
എനിക്കോ?
പുരുഷശബ്ദം:
അതേ, നിനക്കു്.
സ്ത്രീശബ്ദം:
എനിക്കോ?
പുരുഷശബ്ദം:
അതേ, വൃത്തികെട്ട ശവമേ, നിനക്കു്.
സ്ത്രീശബ്ദം:
ആഭാസൻ!
പുരുഷശബ്ദം:
കഴുത!
സ്ത്രീശബ്ദം:
പന്നി!
പുരുഷശബ്ദം:
വേശ്യ. മാംസപിണ്ഡം!
സ്ത്രീശബ്ദം:
മണ്ണുന്തി!
പുരുഷശബ്ദം:
സൂക്ഷിക്കണം. മുമ്പിൽ നോക്കു്.
സ്ത്രീശബ്ദം:
പതുക്കെ!
പുരുഷശബ്ദം:
നീ നോക്കി പോണം.

(രണ്ടു വണ്ടുകൾ ഒരുണ്ടചാണകം രംഗത്തേയ്ക്കു് ഉരുട്ടിക്കൊണ്ടുവരുന്നു.)

പുരുഷൻ:
അതിനൊന്നും പറ്റിയിട്ടില്ലല്ലോ?
സ്ത്രീ:
ഒന്നും പറ്റല്ലേയെന്നാണെന്റെ പ്രാർത്ഥന. എനിക്കു പേടിയാവുന്നു.
പുരുഷൻ:
ഇതാണു നമ്മുടെ മുടക്കുമുതൽ. നമ്മുടെ സമ്പാദ്യം. നമ്മുടെ നിധി. നമ്മുടെ സർവ്വസ്വം.
സ്ത്രീ:
എന്തു സുന്ദരമായ സമ്പാദ്യം. എന്തൊരു നിധി. മനോഹരമായൊരു ഉണ്ട. വിലതീരാത്ത സ്വത്തു്.
പുരുഷൻ:
ഇതു മാത്രമാണു് നമ്മുടെ ആനന്ദം. ഇതുണ്ടാക്കാൻ വേണ്ടി നാമെന്തെല്ലാം ചെയ്തു. നാം ലുബ്ധിച്ചു. പ്രയത്നിച്ചു, അരിച്ചു പെറുക്കി. പട്ടിണി കിടന്നു. എന്തെല്ലാം വേണ്ടെന്നുവച്ചു. എന്തെല്ലാം ചുരുക്കിക്കൂട്ടി.
സ്ത്രീ:
എന്തുമാത്രം ജോലിചെയ്തു. വിരൽ തേയുന്നതുവരെ കഷ്ടപ്പെട്ടു. സഹിച്ചു. ഇതുണ്ടാക്കാൻ…
പുരുഷൻ:
അതു വളരുന്നതു കാണാൻ, അല്പാല്പം അതിനോടുകൂട്ടിച്ചേർക്കാൻ. അയ്യോ, എന്തൊരു പരമാനന്ദം!
സ്ത്രീ:
നമ്മുടെ സ്വന്തം.
പുരുഷൻ:
നമ്മുടെ ജീവൻ.
സ്ത്രീ:
നാം തന്നെ ഉണ്ടാക്കിയതു്.
പുരുഷൻ:
പെണ്ണേ, അതു മണത്തുനോക്കു്. ഓ, എന്തൊരു രസം. അതിന്റെ ഭാരം നോക്കു്. അതു മുഴുവനും നമ്മുടേതുമാണു്.
സ്ത്രീ:
ഈശ്വരന്റെ അനുഗ്രഹം.
പുരുഷൻ:
മഹാനുഗ്രഹം.
കോശസ്ഥകീടം:
പ്രപഞ്ചശൃംഖലകൾ തകരുന്നു. ഒരു പുതുജീവൻ ഉയിരെടുക്കുന്നു. ഞാൻ ജനിക്കുകയാണു്.

(തെണ്ടി തലയുയർത്തി നോക്കുന്നു.)

സ്ത്രീ:
പ്രാണനാഥാ!
പുരുഷൻ:
എന്താണു കാര്യം?
സ്ത്രീ:
ഹ ഹ ഹ—ഹ ഹ.
പുരുഷൻ:
ഹ ഹ ഹ—പ്രാണനാഥേ!
സ്ത്രീ:
എന്താണു്?
പുരുഷൻ:
ഹ ഹ—എന്തിന്റെയെങ്കിലും ഉടമസ്ഥനായിരിക്കുക എത്ര ആനന്ദമാണു്. സ്വന്തം മുതൽ. ജീവിതസ്വപ്നം. സ്വന്തം പ്രയത്നത്തിന്റെ പ്രതിഫലം.
സ്ത്രീ:
ഹ ഹ ഹ.
പുരുഷൻ:
ആനന്ദംകൊണ്ടെനിക്കു ഭ്രാന്തുപിടിക്കുന്നു. എനിക്കു്… എനി… ഭ്രാന്തു്… സന്തോഷം… ഭയം… സത്യമായിട്ടും എനിക്കു ഭ്രാന്താണു്.
സ്ത്രീ:
എന്തിനു്?
പുരുഷൻ:
ഭയംകൊണ്ടു്. നമുക്കു് നമ്മുടെ സമ്പാദ്യം ആയിക്കഴിഞ്ഞു. ഞാൻ വളരെക്കാലമായി അതു നോക്കിപ്പാർത്തിരിക്കയായിരുന്നു. അതു കിട്ടിക്കഴിഞ്ഞ സ്ഥിതിക്കു് നമുക്കു മറ്റൊന്നുകൂടി ഉണ്ടാക്കണം. പ്രയത്നമല്ലാതെ മറ്റൊന്നുമില്ല. പ്രയത്നം. പ്രയത്നം.
സ്ത്രീ:
എന്തിനാണൊന്നുകൂടി?
പുരുഷൻ:
ബുദ്ധിയില്ലാത്ത ജന്തു. രണ്ടെണ്ണമുണ്ടാവാൻ വേണ്ടി.
സ്ത്രീ:
രണ്ടെണ്ണം. ഹാ! ഭേഷ്.
പുരുഷൻ:
ഒന്നോർത്തുനോക്കു്. രണ്ടെണ്ണം രണ്ടെണ്ണമെങ്കിലും. അല്ലെങ്കിൽ മൂന്നാവട്ടെ, നിനക്കറിയാമോ, ഒന്നുണ്ടാക്കിയവനെല്ലാം ഒന്നുകൂടി ഉണ്ടക്കിയേ തീരൂ.
സ്ത്രീ:
രണ്ടുണ്ടാവാൻ വേണ്ടി, അല്ലേ?
പുരുഷൻ:
അല്ലെങ്കിൽ മൂന്നാവട്ടെ.
സ്ത്രീ:
പ്രാണനാഥാ!
പുരുഷൻ:
എന്താണു്?
സ്ത്രീ:
എനിക്കു ഭയമാവുന്നു. ഇതാരെങ്കിലും മോഷ്ടിച്ചാലോ?
പുരുഷൻ:
എന്തു്?
സ്ത്രീ:
നമ്മുടെ ഈ ചെറുസമ്പാദ്യം. നമ്മുടെ ആനന്ദം നമ്മുടെ സർവ്വസ്വം.
പുരുഷൻ:
ന് ന് ന് നമ്മുടെ സ് സ് സ് സ്മ്പാദ്യമോ. എന്നെ പ് പ് പ് പേടിപ്പിക്കല്ലേടി.
സ്ത്രീ:
മറ്റൊന്നുണ്ടാക്കിക്കഴിയുന്നതുവരെ നമുക്കിതുരുട്ടിക്കൊണ്ടു നടക്കാൻ കഴിയുകയില്ലല്ലോ.
പുരുഷൻ:
ഞാനൊരു വിദ്യപറയാം. നമുക്കതു് നിക്ഷേപിക്കാം. നിക്ഷേപം. ഭംഗിയായി കുഴിച്ചിടുക. ഏതെങ്കിലും കുഴിയിലോ ഗുഹയിലോ. ആരുടേയും കൈ എത്താത്തിടത്തു്. അതു് ഒളിച്ചുവെക്കുകയേ നിവൃത്തിയുള്ളു.
സ്ത്രീ:
ആരും കണ്ടുപിടിച്ചുകളയരുതേയെന്നാണെന്റെ പ്രാർത്ഥന.
പുരുഷൻ:
ഏ! ശരിയായിപ്പോയി. നമ്മുടെയടുത്തുനിന്നു മോഷ്ടിക്കുകയോ? നമ്മുടെ ചെറിയ സമ്പാദ്യം. നമ്മുടെ നിധി. നമ്മുടെ കൊച്ചു മടിശ്ശീല.
സ്ത്രീ:
നമ്മുടെ അമൂല്യസമ്പാദ്യം. നമ്മുടെ ജീവൻ. നമ്മുടെ ജീവസർവ്വസ്വം.
പുരുഷൻ:
നില്ക്കു്. നീയിവിടെനിന്നു് ഇതു നോക്കിക്കോ. സൂക്ഷിച്ചോളണേ. (ഓടിപ്പോകുന്നു.)
സ്ത്രീ:
നിങ്ങൾ എവിടെ പോകയാണു്?
പുരുഷൻ:
ഒരു ദ്വാരംകണ്ടുപിടിക്കാൻ. ഒരു ചെറിയ ദ്വാരം. നല്ല ആഴമുള്ള ഒന്നു്. ഇതൊന്നു കുഴിച്ചിടണ്ടേ. വിലതീരാത്ത സ്വർണ്ണം. അപകടത്തിൽപ്പെടാതെ കാത്തു കൊള്ളണേ. (മറയുന്നു) സൂക്ഷിക്കണേ.
സ്ത്രീ:
പ്രാണനാഥാ, പ്രാണനാഥാ, ഇവിടെ വരൂ. ഒരു നിമിഷം നിൽക്കൂ. കേട്ടോ… പ്രാണനാഥാ… ശ്ശൈ… കേട്ടുകൂടാ. ഞാനാണെങ്കിൽ ഒരു നല്ല കുഴി കണ്ടുപിടിച്ചിരിക്കുന്നുതാനും. പ്രാണനാഥാ! ഹെ!… അയാള് പോയിക്കഴിഞ്ഞു. എന്തൊരു ഭംഗിയുള്ള ദ്വാരമാണു് ഞാൻ കണ്ടുപിടിച്ചതു്. അയാളെന്തു ബുദ്ധിശൂന്യനാണു്. മഠയൻ! എനിക്കതു് ഒന്നു ശരിക്കു കണ്ടാൽ കൊള്ളാമെന്നുണ്ടു്. പക്ഷേ, എങ്ങനെയാണു് ഇതിട്ടേച്ചു പോകുന്നതു്. എന്റെ ഓമനസമ്പാദ്യം. ഒന്നു് ഒളിഞ്ഞു നോക്കിയാലും മതിയായിരുന്നു. എന്റെ നിധീ, പ്രിയപ്പെട്ട കൊച്ചു നിധീ. ഒരു നിമിഷം നില്ക്കണേ. ഞാനിതാ എത്തിക്കഴിഞ്ഞു. ഒറ്റനോട്ടം മാത്രം. അതുകഴിഞ്ഞു് ഓടിയെത്താം. (പുറകിലേക്കോടി തിരിഞ്ഞുനോക്കുന്നു) എന്റെ സമ്പാദ്യക്കുട്ടീ, അനങ്ങാതിരിക്കണേ. ഞാനിതാ എത്തിക്കഴിഞ്ഞു. ഒറ്റനോട്ടം മാത്രം. (വേട്ടാവെളിയന്റെ ഗുഹയിൽ പ്രവേശിക്കുന്നു.)
കോശസ്ഥകീടം:
ജനിക്കുവാൻ! ജന്മമെടുക്കുവാൻ! പുതിയൊരു ലോകം!

(തെണ്ടി ഞെട്ടിയുണരുന്നു.)

മറ്റൊരു വണ്ടു്:
(ഒളിച്ചിരുന്ന സൈഡ്കർട്ടന്റെ പിന്നിൽനിന്നു് ഓടിവന്നു്) അവർ പോയിക്കഴിഞ്ഞു. ഇതാണു് തക്കം. (ചാണകഗോളം ഉരുട്ടുന്നു.)
തെണ്ടി:
ഏയ്, എന്നെ തള്ളിയിടല്ലേ.
മറ്റൊരു വണ്ടു്:
വഴി മാറുവിൻ.
തെണ്ടി:
നിങ്ങളെന്താണാ ഉരുട്ടുന്നതു്?
മറ്റൊരു വണ്ടു്:
ഹ ഹ ഹ. ഇതെന്റെ സമ്പാദ്യമാണു്. മുടക്കുമുതൽ. സ്വർണ്ണം.
തെണ്ടി:
നിങ്ങളുടെ ആ സ്വർണ്ണം നാറുന്നല്ലോ.
മറ്റൊരു വണ്ടു്:
സ്വർണ്ണത്തിനു നാറ്റമില്ല. ഉരുളെടാ വണ്ടീ, ഉരുളു്. ഒന്നു വേഗമാകട്ടെ. മുമ്പോട്ടു്. കൈവശമാണു് അവകാശം. ഹ ഹ ഹ.
തെണ്ടി:
എന്നുവച്ചാലെന്താണു്?
മറ്റൊരു വണ്ടു്:
ധനികനായിരിക്കുന്നതെന്തു രസമാണെന്നോ. (ഉണ്ട ഇടത്തേയ്ക്കുരുട്ടുന്നു) എന്റെ നിധി. എന്റെ പ്രിയപ്പെട്ട സമ്പാദ്യം. എന്റെ രത്നം. എന്റെ സർവ്വസ്വം. ഇതു കിട്ടുന്നതെന്താനന്ദമാണു്. പലിശയ്ക്കു കൊടുക്കാം. സൂക്ഷിച്ചു കുഴിച്ചിടാം. വഴിക്കാർ സൂക്ഷിച്ചോ! (പോകുന്നു.)
തെണ്ടി:
സ്വന്തമാക്കുക! എന്തുകൊണ്ടു വയ്യാ? എല്ലാവർക്കും എന്തെങ്കിലും കിട്ടുന്നതു സന്തോഷമാണു്.
സ്ത്രീ:
(മടങ്ങിവന്നു്) അയ്യോ കഷ്ടം. അവിടെയാരോ താമസിക്കുന്നു. ഒരു ചെറിയ കോശസ്ഥകീടം. എന്റെ സമ്പാദ്യമേ, നിന്നെ അവിടെ സ്ഥാപിക്കാൻ പറ്റില്ല. അയ്യോ, ഉണ്ടയെവിടെ? എന്റെ സ്വത്തെവിടെ? എന്റെ സമ്പാദ്യമെങ്ങോട്ടുപോയി?
തെണ്ടി:
ഞാൻ പറഞ്ഞുതരാം. കുറച്ചുമുമ്പു്…
സ്ത്രീ:
(തെണ്ടിയുടെമേൽ ചാടിവീണു്) കള്ളൻ! കള്ളൻ! നീ എന്റെ സമ്പാദ്യമെടുത്തുത്തെന്തുചെയ്തു?
തെണ്ടി:
പറയുന്നതു കേൾക്കൂ. അല്പം…
സ്ത്രീ:
കള്ളൻ, ഈ നിമിഷം നീ അതു് തിരിയെത്തന്നില്ലെങ്കിൽ ഞാൻ… കൊണ്ടുവാ ഇവിടെ!
തെണ്ടി:
ഒരു മാന്യൻ അതങ്ങോട്ടു തട്ടിക്കൊണ്ടു പോയിട്ടു് ഒരു മിനിറ്റു കഴിഞ്ഞില്ല.
സ്ത്രീ:
ഏതു മാന്യൻ? ആരു്?
തെണ്ടി:
ഒരു കുടവയറൻ. കൊഴുത്തുരുണ്ടു്, പന്തുപോലെ…
സ്ത്രീ:
എന്റെ ഭർത്താവോ?
തെണ്ടി:
ഒരു ദുർമ്മുഖൻ. ചട്ടുകാലൻ. സംസ്കാരശൂന്യനായ ഒരഹങ്കാരി.
സ്ത്രീ:
അതെന്റെ ഭർത്താവാണു്.
തെണ്ടി:
എന്തിന്റെയെങ്കിലും ഉടമസ്ഥനായിരിക്കുന്നതു് അതു കുഴിച്ചിടുന്നതും പരമാനന്ദമാണെന്നയാൾ പറഞ്ഞു.
സ്ത്രീ:
അതയാൾതന്നെ, സംശയമില്ല. വേറേ ഏതോ കുഴി കണ്ടുപിടിച്ചുകാണും. (ഉച്ചത്തിൽ വിളിക്കുന്നു) പ്രാണനാഥാ! പോര. ഓമനേ, പ്രാണനാഥാ! ആ കിഴട്ടുകഴുത എവിടെപ്പോയിക്കിടക്കുകയാണു്.
തെണ്ടി:
അതാ, അങ്ങോട്ടാണയാളതുരുട്ടിക്കൊണ്ടുപോയതു്.
സ്ത്രീ:
വങ്കൻ. എന്നെ വിളിച്ചുകൂടായിരുന്നോ. (ഇടത്തുവശത്തേയ്ക്കോടുന്നു) പ്രാണനാഥാ, അല്പം നില്ക്കണേ. എന്റെ സമ്പാദ്യം. സസസസമ്പാദ്യം. (പോകുന്നു.)
തെണ്ടി:
ഇതു മറ്റൊരു വക. അതു ചളിപോലെ വ്യക്തം. ഇവർ ഭേദപ്പെട്ട വർഗ്ഗത്തിൽപ്പെട്ടതാണു്. ക്ഷമിക്കണേ. ഞാൻ ഇത്തിരി കുടിച്ചിട്ടുണ്ടായിരുന്നു. എല്ലാം പൂമ്പാറ്റകളാണെന്നു ഞാനോർത്തുപോയി. ഭംഗിയുള്ള ചിത്രശലഭങ്ങൾ. അല്പം തേയ്മാനം വന്നവ. പ്രപഞ്ചത്തിന്റെ സത്തു്. സദാ ഇണചേരുന്ന വക. ആ രസികത്തികളും അവളുമാരുടെ കാമുകവൃന്ദവും. ഹ ഹ ഒരു കഷണം ആനന്ദത്തിനുവേണ്ടി തലയിളകി നടക്കുന്ന കീടങ്ങൾ. എനിക്കീ വക മാന്യന്മാരെ സഹിക്കവയ്യാ. ഇവിടെയാ കണ്ടവർക്കു് പ്രയത്നത്തിന്റെ ഗന്ധമെങ്കിലുമുണ്ടു്. അവർക്കു് രസിക്കണമെന്നില്ല; എന്തെങ്കിലും സമ്പാദിച്ചാൽ മതി. അവർക്കു രാസക്രീഡകളില്ല. പക്ഷേ, അവർക്കു മനുഷ്യത്വമുണ്ടു്. ഭൂമി പെരുമാറുന്നതു ബുദ്ധിയോടുകൂടിയാണു്. നിലനില്ക്കുന്നതിൽ മാത്രമേ അതു വിശ്വസിക്കുന്നുള്ളു. ചാണകമാണെങ്കിലെന്തു്? വിനയത്തോടെയാണു് അവർ സുഖം സമ്പാദിക്കുന്നതു്. പ്രയത്നം ദുർഗ്ഗന്ധപൂരിതമാണെങ്കിലെന്തു്? അതിന്റെ പ്രതിഫലം സുഗന്ധപൂർണ്ണമാണു്. തനിക്കും മറ്റുള്ളവർക്കുംവേണ്ടി പ്രയത്നിക്കുക. മറ്റുള്ളവർക്കുവേണ്ടി പണിയെടുത്തിട്ടു് മിതവ്യയം ശീലിക്കുക. കുടുംബത്തിനു് അതിന്റേതായ ചില അവകാശങ്ങളുണ്ടു്. കുടുംബതാല്പര്യം എന്തിനെയും നീതീകരിക്കുന്നു. മോഷണമായാലെന്താ കുറ്റം, കുട്ടികൾക്കുവേണ്ടിയല്ലേ. അതാണു കാര്യം. ഞാൻ പറയുന്നതു കേട്ടോളു. അതാണു കാര്യം. കാര്യത്തിന്റെ മർമ്മം, സ്വന്തക്കാരെ പോറ്റാൻ മനുഷ്യൻ എന്തും ചെയ്യും?
കോശസ്ഥകീടം:
(ഉറച്ചു വിളിക്കുന്നു) ഭൂമിയിൽ കുറെക്കൂടി ഇടമുണ്ടാക്കുവിൻ! മഹത്തായതൊന്നു സംഭവിക്കുവാൻ പോകുന്നു.
തെണ്ടി:
(തിരിഞ്ഞുനോക്കി) എന്താണതു്?
കോശസ്ഥകീടം:
ഞാൻ ജനിക്കുകയാണു്.
തെണ്ടി:
അതുകൊള്ളാം. നിങ്ങളെന്താകാൻ പോകയാണു്?
കോശസ്ഥകീടം:
എനിക്കറിയില്ല. എനിക്കറിയില്ല. മഹത്തായതെന്തോ ഒന്നു്.
തെണ്ടി:
ആഹാ! (അതിനെയെടുത്തു് ഒരു പുൽക്കൊടിയിൽ ചേർത്തു കെട്ടുന്നു.)
കോശസ്ഥകീടം:
ഞാൻ ഒരത്ഭുതം കാണിക്കും.
തെണ്ടി:
എന്നുവച്ചാൽ?
കോശസ്ഥകീടം:
ഞാൻ ജനിക്കുകയാണു്.
തെണ്ടി:
കോശസ്ഥകീടമേ, എന്റെ ആശീർവ്വാദങ്ങൾ! പ്രപഞ്ചത്തിലുള്ള സകലതും തിളയ്ക്കുന്ന ഇച്ഛയോടെ ജനിച്ചുകൊണ്ടിരിക്കുകയാണു്. ജനിക്കാൻ, ജീവിക്കാൻ, നിലനില്ക്കാൻ: നിരന്തരം അവ ആഗ്രഹിക്കുന്നു. അവർ യഥേഷ്ടം എന്തുവേണമെങ്കിൽ വിചാരിക്കട്ടെ. പ്രധാനപ്പെട്ടതു് ഒന്നുമാത്രം—ജീവിതത്തിന്റെ പരമാനന്ദം.
കോശസ്ഥകീടം:
സർവ്വ ഭൂലോകവുമേ, ചെവികൊടുക്കൂ. അനർഘമായ ആ നിമിഷം, ഇതാ, ആഗതമായിരിക്കുന്നു! ഞാൻ ഇതാ… ഞാൻ… ഇതാ…
തെണ്ടി:
ങ്ഹേ!
കോശസ്ഥകീടം:
ഒന്നുമില്ല. എനിക്കിപ്പോഴും നിശ്ചയമില്ല. എന്തെങ്കിലും മഹത്തായതു ചെയ്യണമെന്നാണെന്റെ മോഹം.
തെണ്ടി:
മഹത്തായതു്. മഹത്തായതെന്തെങ്കിലും ശരി. അതുകൊണ്ടു ലഹരിപിടിച്ചുകൊള്ളു. ഈ സമ്പാദ്യക്കാർ നിന്നെ അംഗീകരിക്കയില്ല. സമ്പാദ്യം ചെറുതും പൂർണ്ണവുമാണു്. പ്രതീക്ഷകളാകട്ടെ, മഹത്തും ശൂന്യവും.
കോശസ്ഥകീടം:
അപരിമിതമായ എന്തെങ്കിലും.
തെണ്ടി:
ഇതൊക്കെയാണെങ്കിലും എനിക്കു നിന്നെ നന്നേ ബോധിച്ചു. എന്തെങ്കിലും സംഭവിച്ചുകൊള്ളട്ടെ. അതു് മഹത്തായിരുന്നാൽ മാത്രം മതി. നിന്നിൽനിന്നു് എന്താണു പുറത്തുവരാൻ പോകുന്നതു്? നിനക്കു് അല്പമൊന്നനങ്ങിക്കൂടേ?
കോശസ്ഥകീടം:
ഞാൻ ജനിക്കുമ്പോൾ സമസ്തലോകവും സ്തംഭിച്ചുപോകും.
വേട്ടാവെളിയൻ:
(പിന്നിൽനിന്നു പ്രവേശിച്ചു് ഒരു ചീവീടിന്റെ ശവം ഗുഹയിലേയ്ക്കു വലിച്ചിഴയ്ക്കുന്നു) നോക്കു മോളേ, അച്ഛൻ എന്താണു നിനക്കു കൊണ്ടുവരുന്നതെന്നു്. (ഗുഹയിൽ പ്രവേശിക്കുന്നു.)
കോശസ്ഥകീടം:
(ഉച്ചത്തിൽ) എന്തൊരു വേദന. എന്നെ സ്വതന്ത്രനാക്കിക്കൊണ്ടു് ഇതാ ഭൂമി പിളരുന്നു.
തെണ്ടി:
ജനിക്കൂ.
വേട്ടാവെളിയൻ:
(ഗുഹയിൽനിന്നു പുറത്തുവന്നു്) പാടില്ല, മകളേ, പാടില്ല. നീ അതു തിന്നേ കഴിയൂ. നിനക്കു പുറത്തുവന്നുകൂടാ. ഒരിക്കലും പാടില്ല. അച്ഛൻ ഇതാ തിരിച്ചെത്തിക്കഴിഞ്ഞു. നിനക്കൊരു നല്ല സമ്മാനവും കൊണ്ടുവരാം. എന്റെ കൊതിച്ചി മോൾക്കു് എന്താണു വേണ്ടതു്?
പുഴു:
(വേട്ടാവെളിയന്റെ പുത്രി ഗുഹാമുഖത്തു് പ്രത്യക്ഷപ്പെട്ടു്) അച്ഛാ, എനിക്കിവിടെയിരുന്നു മുഷിഞ്ഞു.
വേട്ടാവെളിയൻ:
ഹ ഹ ഹ, നല്ല കാര്യമായി. വാ, എനിക്കൊരു മുത്തം തരൂ. അച്ഛൻ നിനക്കൊരു നല്ല സാധനം കൊണ്ടുവരാം. ഒരു ചീവീടിനെ കൂട്ടിക്കൊണ്ടു വരട്ടേ. ഹ ഹ നിനക്കു ബുദ്ധിയുണ്ടു് തീർച്ച.
പുഴു:
എനിക്കു വേണം, വേണം… എന്താണെന്നു് നിശ്ചയമില്ല.
വേട്ടാവെളിയൻ:
ഈശ്വരാ, ഈ പെണ്ണിനു് എന്തൊരു ബുദ്ധിയാണു്! അതിനു് നിനക്കൊരു സമ്മാനം കൊണ്ടുവരാം. റ്റാ—റ്റാ. അച്ഛനിനി ജോലിക്കു പോകണം. അച്ഛന്റെ ഓമനയ്ക്കു് എന്തെങ്കിലും കൊണ്ടുവരികയും ചെയ്യാം, എന്റെ കൊച്ചുമോൾക്കു്. അകത്തു പൊയ്ക്കോ മോളേ. നിറച്ചു തിന്നോളൂ. (പുഴു പോകുന്നു. വേട്ടാവെളിയൻ നീണ്ട കാലുകൾ നീട്ടിനീട്ടിവച്ചു തെണ്ടിയെ സമീപിക്കുന്നു) താനാരാ?
തെണ്ടി:
(ഞെട്ടിയെണീറ്റു് പിന്നോക്കം മാറി) ഞാനോ?
വേട്ടാവെളിയൻ:
തന്നെ തിന്നാൻ കൊള്ളാമോ?
തെണ്ടി:
ഇല്ലെന്നാണെന്റെ പക്ഷം.
വേട്ടാവെളിയൻ:
(മണത്തുനോക്കി) കുറേശ്ശെ ചീഞ്ഞു തുടങ്ങിയെന്നു തോന്നുന്നു. താനാരാ?
തെണ്ടി:
ഒരു നാടോടി.
വേട്ടാവെളിയൻ:
(തലയല്പം കുനിച്ചു്) മക്കളുണ്ടോ?
തെണ്ടി:
ഇല്ലെന്നു തോന്നുന്നു.
വേട്ടാവെളിയൻ:
ഹാ! താനവളെ കണ്ടോ?
തെണ്ടി:
ആരെ?
വേട്ടാവെളിയൻ:
എന്റെ പുഴു. എന്തു സുന്ദരിയാണെന്നോ. നല്ല ചുണക്കുട്ടി. എന്തൊരു വളർച്ച! അവളുടെ വിശപ്പു് കാണേണ്ടതാണു്. ഹ ഹ ഹ, സന്താനങ്ങൾ എന്തൊരു രസമാണെന്നോ. അല്ലേ?
തെണ്ടി:
സംശയമുണ്ടോ. മക്കളുണ്ടായിക്കഴിഞ്ഞാൽ പിന്നെ നാമാർക്കുവേണ്ടിയാണു പ്രയത്നിക്കുന്നതെന്നു വ്യക്തമായി. സന്തതിയുണ്ടെങ്കിൽ ബുദ്ധിമുട്ടണം. പ്രയത്നിക്കണം, കഷ്ടപ്പെടണം. അതാണു് യഥാർത്ഥജീവിതം, എന്താ? കുട്ടികൾക്കു തിന്നണമെന്നാണു മോഹം. തിന്നണം, തിന്നുമറിയണം, കളിക്കണം, അല്ലേ? ഞാൻ പറയുന്നതു ശരിയല്ലേ?
തെണ്ടി:
കുട്ടികൾക്കു പലതും വേണം.
വേട്ടാവെളിയൻ:
നിങ്ങൾക്കു വിശ്വാസം തോന്നുമോ, ഞാനിവൾക്കു് രണ്ടും മൂന്നും ചീവീടു് ദിവസംതോറും കൊടുക്കാറുണ്ടു്.
തെണ്ടി:
ആർക്കു്?
വേട്ടാവെളിയൻ:
എന്റെ മോൾക്കു്. അവൾ സുന്ദരിയല്ലേ. എന്തൊരു ബുദ്ധിയാണെന്നോ? അതെല്ലാം അവൾ തിന്നുതീർക്കുകയാണെന്നാണോ ധരിച്ചതു്? അല്ല. അവയുടെ മൃദുവായ ഭാഗങ്ങൾ മാത്രമേ അവൾ കഴിക്കയുള്ളു. അതും അവയ്ക്കു ജീവനുള്ളപ്പോൾമാത്രം. ഒരത്ഭുതശിശു! അല്ലേ?
തെണ്ടി:
എനിക്കുമങ്ങനെ തോന്നുന്നു.
വേട്ടാവെളിയൻ:
എനിക്കവളേപ്പറ്റി അഭിമാനമാണു്. വാസ്തവത്തിൽ അഭിമാനം. അവളുടെ അച്ഛനെപ്പോലെത്തന്നെയിരിക്കും. മനസ്സിലായോ, അവൾക്കെന്റെ ഛായയാണു്. ഹ ഹ ഹ. എന്നിട്ടു് ഞാൻ പണിക്കു പോകേണ്ടതിനുപകരം ഇവിടെ നിന്നു കിണ്ണാണം പറയുകയാണു്. ഓ, എന്തൊരു ബഹളവും ലഹളയും. പക്ഷേ, ആർക്കെങ്കിലും വേണ്ടിയാണിതൊക്കെയെങ്കിൽ പിന്നെയെന്താണു്? ഞാൻ പറയുന്നതു ശരിയല്ലേ?
തെണ്ടി:
ശരിയാണെന്നാണെനിക്കു തോന്നുന്നതു്.
വേട്ടാവെളിയൻ:
നിങ്ങൾ ഭക്ഷ്യമല്ലാത്തതു കഷ്ടംതന്നെ. എന്തൊരു കഷ്ടമാണെന്നറിയാമോ? അവൾക്കെന്തെങ്കിലും കൊണ്ടുചെന്നു കൊടുക്കണ്ടേ? (കോശസ്ഥകീടത്തെ പിടിച്ചുനോക്കി) ഇതെന്താണു്?
കോശസ്ഥകീടം:
(ഉച്ചത്തിൽ) ഞാൻ പ്രപഞ്ചത്തിന്റെ പുനരുത്ഥാനം പ്രഖ്യാപനം ചെയ്യുന്നു.
വേട്ടാവെളിയൻ:
മൂത്തില്ലെന്നു തോന്നുന്നു. പാകമായില്ല. അല്ലേ?
കോശസ്ഥകീടം:
ഞാൻ എന്തെങ്കിലും സൃഷ്ടിക്കും.
വേട്ടാവെളിയൻ:
കുട്ടികളെ വളർത്തിയെടുക്കുക ഒരു സൊല്ലയാണു്. വലിയ ഒരു പൊല്ലാപ്പു്. ഒരു കുടുംബം പുലർത്തുക എന്നുവച്ചാൽ,… ഒന്നാലോചിച്ചു നോക്കു്. ആ പാവം പീക്കിരികളെ തീറ്റിപ്പോറ്റുക: അവയ്ക്കു് വേണ്ടതെല്ലാം അന്വേഷിച്ചുണ്ടാക്കിക്കൊടുക്കുക: അവരുടെ ഭാവി സുരക്ഷിതമാക്കുക—അതൊരു ചില്ലറക്കാര്യമൊന്നുമല്ല. ഇനി എനിക്കു പോയേ തീരൂ. അങ്ങേയ്ക്കു നമസ്കാരം. പരിചയപ്പെടാനിടയായതിൽ സന്തോഷമുണ്ടു്. (ഓടുന്നു) റ്റാ—റ്റാ, മോളേ, ഇതാ വന്നേച്ചു. (മറയുന്നു.)
തെണ്ടി:
അവരെ സംരക്ഷിക്കാൻ. ആ ചെറിയ വായ്കളിൽ ഭക്ഷണം നിറയ്ക്കാൻ. അതാണു് കുടുംബസ്ഥന്റെ കടമ. അവർക്കു ചീവീടിനെ ജീവനോടെ കൊടുക്കാൻ. എങ്കിലും ഒരു ചീവീടിനും ജീവിക്കാൻ ആഗ്രഹമുണ്ടു്. അതാരെയും കൊല്ലുന്നുമില്ല. അതു് അതിന്റെ ഗാനമാധുരികൊണ്ടു ജീവിതത്തെ വാഴ്ത്തുകയും ചെയ്യുന്നു. ഇതെനിക്കു ദഹിക്കുന്നില്ല.
പുഴു:
(ഗുഹയിൽനിന്നു പുറത്തേക്കിഴഞ്ഞു്) അച്ഛാ! അച്ഛാ!
തെണ്ടി:
അപ്പോൾ നീയാണു്, ആ ഓമനപ്പുഴു. അല്ലേ? നാം നിന്നെയൊന്നു കണ്ടുകൊള്ളട്ടെ.
പുഴു:
നിങ്ങൾ എന്തൊരു വിരൂപനാണു്!
തെണ്ടി:
അതുകൊണ്ടു്?
പുഴു:
എനിക്കറിയില്ല. ഞാൻ വല്ലാതെ ബോറടിച്ചു. എനിക്കു വേണം. എനിക്കു്…
തെണ്ടി:
എന്തുവേണം?
പുഴു:
എനിക്കറിയില്ല. എന്തിനെയെങ്കിലും വലിച്ചുകീറണം. ജീവനുള്ള എന്തിനെയെങ്കിലും. ഓർമ്മിക്കുമ്പോൾ എനിക്കു പുളയാനാണു തോന്നുന്നതു്.
തെണ്ടി:
നിനക്കെന്താടീ കുഴപ്പം?
പുഴു:
വിരൂപി. വിരൂപി. വിരൂപി. (ഇഴഞ്ഞുമറയുന്നു.)
തെണ്ടി:
അത്തരമൊരു കുടുംബത്തെ പോറ്റുക. എനിക്കിതു ദഹിക്കുന്നില്ല. ക്ഷുദ്രകീടങ്ങളുടെ ഈ ജീവിതം മനുഷ്യനു ദുസ്സഹമാണു്.

(പുരുഷൻവണ്ടു പ്രവേശിക്കുന്നു.)

പുരുഷൻ:
ഓടിവരൂ, പെമ്പ്രന്നോരേ. ഞാൻ ഒരു മട കണ്ടുപിടിച്ചു. നീ എവിടെപ്പോയി? എന്റെ സമ്പാദ്യവും കാണുന്നില്ലല്ലോ. എന്റെ ഭാര്യ എവിടെ പോയി?
തെണ്ടി:
തന്റെ ഭാര്യയോ? ആ വൃത്തികെട്ട മുതുക്കിയെയാണോ പറയുന്നതു്? ആ തടിച്ചു വിരൂപിയായ വായാടി…
പുരുഷൻ:
അതുതന്നെ. എന്റെ സമ്പാദ്യമെവിടെ?
തെണ്ടി:
ആ ദുർമ്മുഖി, ആ ചണ്ടി…
പുരുഷൻ:
അതുതന്നെ. അതവളാണു്. എന്റെ സമ്പാദ്യം അവളെ ഏല്പിച്ചിരിക്കയായിരുന്നു. അവൾ എന്റെ പണംകൊണ്ടെന്തുചെയ്തു?
തെണ്ടി:
നിങ്ങളുടെ ഉത്തമാർദ്ധം നിങ്ങളെ തേടി പോയിരിക്കയാണു്.
പുരുഷൻ:
എന്റെ നിധിയോ?
തെണ്ടി:
ആ നാറുന്ന ചാണകക്കട്ടയോ?
പുരുഷൻ:
അതെ, അതുതന്നെ. എന്റെ പ്രിയപ്പെട്ട സമ്പാദ്യം. എന്റെ മുടക്കുമുതൽ. എന്റെ സ്വത്തു്. ആ മനോഹരനിധിയെവിടെ? ഞാൻ അതവളെ ഏല്പിച്ചാണു പോയതു്.
തെണ്ടി:
ഒരു മാന്യൻ, ആ കാണുന്ന വഴിക്കു് അതുരുട്ടിക്കൊണ്ടുപോയി. അതയാളുടെ സ്വന്തമാണെന്ന ഭാവത്തിലാണു്.
പുരുഷൻ:
അവൻ എന്റെ ഭാര്യയോടെന്തുചെയ്തുവെന്നെനിക്കറിയണ്ട. അതല്ല ചോദിച്ചതു്. എന്റെ പണമെവിടെ?
തെണ്ടി:
ഞാൻ പറഞ്ഞതു കേട്ടില്ലേ? ആ മാന്യൻ അതു് ഉരുട്ടിക്കൊണ്ടുപോയി. നിങ്ങളുടെ ഭാര്യ അപ്പോൾ ഇവിടെ ഉണ്ടായിരുന്നില്ല.
പുരുഷൻ:
അവൾ എവിടെ പോയിരുന്നു? ഇപ്പോഴെവിടെയാണു്?
തെണ്ടി:
അവൾ അവന്റെ പിന്നാലെ പോയി. അവൾ വിചാരിച്ചു, അതു താനാണെന്നു്. നിങ്ങളെ ഉച്ചത്തിൽ വിളിക്കുന്നുമുണ്ടായിരുന്നു.
പുരുഷൻ:
എന്റെ സമ്പാദ്യമോ?
തെണ്ടി:
അല്ല, നിങ്ങളുടെ ഭാര്യ.
പുരുഷൻ:
ഞാൻ അവളുടെ കാര്യമല്ല ചോദിക്കുന്നതു്. എന്റെ സമ്പാദ്യമെവിടെ? പറയൂ.
തെണ്ടി:
ആ മാന്യൻ അതുരുട്ടിക്കൊണ്ടുപോയി.
പുരുഷൻ:
ഉരുട്ടിക്കൊണ്ടുപോയി. ങ്ഹേ! എന്റെ സമ്പാദ്യം. ഈശ്വരാ!… പിടിക്കവനെ. പിടിക്കു്! കള്ളൻ! കൊലപാതകി! (നിലത്തുവീഴുന്നു) കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം. എന്നെ കൊല്ലുകയായിരുന്നില്ലേ, ഇതിൽ ഭേദം. ആ സ്വർണ്ണച്ചാണകത്തിനുവേണ്ടി ഞാൻ എന്റെ ജീവൻപോലും കൊടുക്കാം. (ചാടി എണീക്കുന്നു) നാട്ടുകാരേ! പിടിച്ചോ അവനെ! കൊലപാതകം! (ഇടത്തുവശത്തേയ്ക്കു് ഓടുന്നു.)
തെണ്ടി:
ഹ ഹ ഹ… കൊലപാതകം. മോഷണം. മേഘപടലങ്ങളേ, പിളരൂ! മോഷ്ടിക്കപ്പെട്ട മുതൽ തിരിച്ചു കൊടുക്കൂ. നിസ്സീമമായ ഇത്തരം ശോകത്തിനു് ആശ്വാസമൊന്നേയുള്ളു. അതായതു്, ഈ വണ്ടിന്റെ സമ്പാദ്യം മറ്റൊരു ചളിയുന്തിയുടെ കൈയിലേ ചെന്നെത്തൂ എന്നു്. (ഒരു വശത്തുചെന്നിരിക്കുന്നു.) ശബ്ദം (അണിയറയിൽ) പെമ്പ്രന്നോരേ, സൂക്ഷിക്കണേ, കാലുതട്ടി വീഴരുതു്. ഇതാ എത്തിപ്പോയി, എത്തിപ്പോയി. ഇവിടെയാണു് നാം ഇനി ജീവിക്കാൻ പോകുന്നതു്. ഇതാണു് നമ്മുടെ പുതിയവീടു്. സൂക്ഷിക്കണേ. നിനക്കൊന്നും പറ്റിയില്ലല്ലോ. ഉവ്വോ?
പെൺശബ്ദം:
എന്താ ചീവീടേ, ഈ വിഡ്ഢിത്തരം വിളമ്പുന്നതു്?
ആൺശബ്ദം:
പക്ഷേ, ഓമനേ, നീ വളരെ സൂക്ഷിച്ചിരിക്കണം. ഗർഭകാലത്തു്…

(ഒരു ആൺചീവീടും ഗർഭിണിയായ പെൺചീവീടും പ്രവേശിക്കുന്നു.)

ആൺചീവീടു്:
ഇനി ആ കിളിവാതിൽ തുറന്നുനോക്കു്. നിനക്കിഷ്ടമായോ?
പെൺചീവീടു്:
എന്റെ ചീവിടേ, ഞാൻ തളർന്നു പോയി.
ആൺചീവീടു്:
ഇരിക്കോമനേ, ഇരിക്കു്. നീ നന്നായി വിശ്രമിക്കണം.
പെൺചീവീടു്:
(ഇരിക്കുന്നു) ഓ, എന്തൊരു ദൂരം. പോരെങ്കിൽ ആ നടപ്പും. ചീവീടേ, നിങ്ങൾ ചെയ്തതു് തീരെ മോശമായിപ്പോയി.
ആൺചീവീടു്:
ക്ഷമിക്കു്, ഓമനേ. എന്നെയൊന്നു നോക്കു്.
പെൺചീവീടു്:
വൃത്തികെട്ട മനുഷ്യാ, താനെന്തിനാണു് ദേഷ്യപ്പെടുന്നതു്.
ആൺചീവീടു്:
ഞാനൊരക്ഷരം മിണ്ടുകയില്ല. സത്യമായും ഇല്ല. ഒന്നാലോചിച്ചു നോക്കു്. ഈ നിലയിൽ പോലും ശ്രീമതി ചീവീടിനു് സ്വന്തശരീരത്തെക്കുറിച്ചു ശ്രദ്ധയില്ലെങ്കിൽ എന്താണു ചെയ്യുക?
പെൺചീവീടു്:
(കരഞ്ഞുകൊണ്ടു്) വഷളാ, നിങ്ങൾക്കെങ്ങനെയാണതു് തമാശയാക്കാൻ കഴിയുന്നതു്?
ആൺചീവീടു്:
പക്ഷേ, ഓമനേ, എനിക്കെന്തു സന്തോഷമാണെന്നോ? ഒന്നോർത്തുനോക്കു്. എത്രയെത്ര കൊച്ചു ചീവീടുകൾ. അവയുടെ ശബ്ദം, കളകളാരവം, ഹാ ഓമനേ, എനിക്കു് ആനന്ദംകൊണ്ടു ഭ്രാന്തുപിടിക്കുന്നു.
പെൺചീവീടു്:
നിങ്ങൾ… നിങ്ങൾ… മഠയൻ! ഒരച്ഛനാണത്രേ! ഹ ഹ ഹ.
ആൺചീവീടു്:
ഹ ഹ ഹ—നിനക്കു രസിച്ചു അല്ലേ?
പെൺചീവീടു്:
രസികൻ. ഇതാണു് നമ്മുടെ പുതിയ വീടു്, അല്ലേ?
ആൺചീവീടു്:
നമ്മുടെ കൊച്ചുകൂടു്. നമ്മുടെ ബംഗ്ലാവു്. നമ്മുടെ സ്വന്തം. ഹ ഹ. സ്വന്തവീടു്. ഹ ഹ.
പെൺചീവീടു്:
അതു നനയുമോ? ആരാണതു് പണിതതു്?
ആൺചീവീടു്:
ഇവിടെ മറ്റൊരു ചീവീടു് താമസിച്ചിരുന്നതാണു്.
പെൺചീവീടു്:
ആങ്ഹാ, അതെന്താ മാറിക്കളഞ്ഞതു്?
ആൺചീവീടു്:
ഹ ഹ ഹ. അതു മാറിക്കളഞ്ഞു. പൊയ്ക്കളഞ്ഞു. എങ്ങോട്ടാണെന്നു പറയാമോ?
പെൺചീവീടു്:
എനിക്കറിയില്ല. അമ്പോ, നിങ്ങളെന്തെങ്കിലും പറയാൻ എത്ര സമയമെടുക്കുന്നു. ദയവുചെയ്തു വേഗം പറയൂ.
ആൺചീവീടു്:
ശരി. പറയാം. ഇന്നലെ ഒരു കുരുവി വന്നു് അതിനെ ഒരു മുള്ളിൽ കുത്തിവച്ചു. സത്യമാണോമനേ, ആദ്യവസാനം സത്യം. അവന്റെ കാലു് അവിടെക്കിടന്നു പുളയുകയായിരുന്നു. ഹ ഹ ഹ. അതിനിപ്പോഴും ജീവനുണ്ടു്. ഒന്നോർത്തുനോക്കു്. എന്നിട്ടു്, ഞാനിതുവഴി വന്നപ്പോഴേ എനിക്കു മനസ്സിലായി, നമുക്കു് ഈ സ്ഥലം പറ്റുമെന്നു്. അങ്ങനെ ഇതാ നമ്മൾ ഗൃഹപ്രവേശം ചെയ്യാൻ പോകുന്നു. ഈശ്വരാ, എന്തൊരു മഹാഭാഗ്യം. ഹ ഹ ഹ. നിനക്കെന്തു തോന്നുന്നു.
പെൺചീവീടു്:
അതിനിപ്പോഴും ജീവനുണ്ടെന്നോ? ഹെ, എന്തു് ബീഭത്സം.
ആൺചീവീടു്:
ഏ? പക്ഷേ, നമുക്കു് അതെന്തൊരുഭാഗ്യമായിയെന്നോർക്കു്. ട്രലല—ട്രലല—ട്രലല—ട്രാല… നില്ക്കണേ. നമുക്കു നമ്മുടെ ബോർഡ് വയ്ക്കണ്ടേ. (ഒരു സഞ്ചിയിൽനിന്നു് അയാൾ ഒരു ബോർഡെടുക്കുന്നു. “ചീവീടു്, സംഗീതോപകരണവ്യാപാരി” എന്നതിലെഴുതിയിട്ടുണ്ടു്) ഇതെവിടെയാണു് തൂക്കുക. മുകളിലായാലോ? കുറെക്കൂടി വലത്തോട്ടോ? അതോ ഇടത്തോട്ടുമാറിയാണോ വേണ്ടതു്?
പെൺചീവീടു്:
അല്പംകൂടി ഉയർത്തി. എന്നിട്ടു് നിങ്ങൾ പറയുന്നതു് ഇപ്പോഴും ആ കാലുകൾ പുളഞ്ഞുകൊണ്ടിരിക്കയാണെന്നാണോ?
ആൺചീവീടു്:
(ആംഗ്യം കാണിച്ചു്) ഞാൻ പറഞ്ഞില്ലേ, ഇങ്ങനെ.
പെൺചീവീടു്:
ഭ് ർ ർ. എവിടെയാണിതു്?
ആൺചീവീടു്:
നിനക്കു് കാണണോ?
പെൺചീവീടു്:
കാണണം. അല്ലെങ്കിൽ വേണ്ട. അതു് വളരെ ഭയങ്കരമാണോ?
ആൺചീവീടു്:
ഹ ഹ ഹ. സംശയമുണ്ടോ? തൂക്കിയതു് ശരിയായോ?
പെൺചീവീടു്:
ഉം. ചീവീടേ, എനിക്കെന്തോ വല്ലാതെ വരുന്നു.
ആൺചീവീടു്:
(അവളുടെ അടുത്തേയ്ക്കോടിച്ചെന്നു്) ഈശ്വരാ! ഒരുപക്ഷേ, അതു്… സമയമടുത്തായിരിക്കും.
പെൺചീവീടു്:
അയ്യോ, എനിക്കു പേടിയാവുന്നു.
ആൺചീവീടു്:
പക്ഷേ, ഓമനേ, എന്തിനാണു പേടിക്കുന്നതു്? എല്ലാ മാന്യമഹതികളും…
പെൺചീവീടു്:
നിങ്ങൾക്കു സംസാരിച്ചാൽ മതിയല്ലോ. (പൊട്ടിക്കരയുന്നു) ചീവീടേ, അങ്ങെന്നെ എപ്പോഴും സ്നേഹിക്കുമോ?
ആൺചീവീടു്:
തീർച്ചയായും. കരയാതെ, ഓമനേ. കരയാതെ.
പെൺചീവീടു്:
അതിന്റെ കാലു് പുളഞ്ഞതെങ്ങനെയാണെന്നെനിക്കു കാണണം.
ആൺചീവീടു്:
ദാ, ഇതുപോലെ.
പെൺചീവീടു്:
ഹ ഹ ഹ. ബഹുരസമായിരിക്കും.
ആൺചീവീടു്:
കണ്ടില്ലേ, കരയാനൊന്നുമില്ല. (അവളുടെയടുത്തിരുന്നുകൊണ്ടു്) നമുക്കു് ഈ സ്ഥലം വീട്ടുസാമാനങ്ങൾകൊണ്ടു നിറയ്ക്കണം. പണമുണ്ടായിക്കഴിഞ്ഞാലുടനെ…
പെൺചീവീടു്:
കർട്ടൻ വാങ്ങണം.
ആൺചീവീടു്:
കർട്ടനും വേണം. ഹ ഹ. കർട്ടൻ തീർച്ചയല്ലേ. മിടുമിടുക്കി, അതു കണ്ടുപിടിച്ചില്ലേ? എനിക്കൊരുമ്മതരൂ.
പെൺചീവീടു്:
അതൊന്നും ഇപ്പോൾ വേണ്ട. കള. നിങ്ങൾ മഠയത്തം കാണിക്കുകയാണു്.
ആൺചീവീടു്:
സംശയമുണ്ടോ? (ചാടി എണീറ്റു്) ഞാനെന്താണു് വാങ്ങിച്ചതെന്നു പറയാമോ?
പെൺചീവീടു്:
കർട്ടൻ.
ആൺചീവീടു്:
അല്ല. അതിലും ചെറുതാണു്. (പോക്കറ്റിൽ തപ്പിനോക്കി) ഞാനെവിടെയാണതു്…
പെൺചീവീടു്:
വേഗം വേഗം വേണം. എനിക്കു കാണാൻ ധൃതിയായി. (ആൺചീവീടു് പോക്കറ്റിൽനിന്നു് ഒരു കിലുക്കാംപെട്ടിയെടുത്തു് രണ്ടുകൈകൊണ്ടും കിലുക്കുന്നു.)
പെൺചീവീടു്:
ഹായ്, എന്തുരസം. ചീവീടെ, എനിക്കു തരൂ.
ആൺചീവീടു്:
(കിലുക്കിക്കൊണ്ടു പാടുന്നു.)

പണ്ടൊരിക്കൽ ജനിച്ചു, ഒരു കൊച്ചു

ചീവീടു്, ചീവീടു്, ചീവീടു്.

അക്കൊച്ചു കട്ടിലിൽ ചുറ്റുംനിന്നു,

അമ്മ, അമ്മ, അച്ഛൻ.

രണ്ടു തലകളും കൂട്ടിമുട്ടി,

മുട്ടി, മുട്ടി, മുട്ടീ.

ഇരുവരും ചേർന്നു് പാടി, ഒരു കൊച്ചു

താരാട്ടു്, താരാട്ടു്, താരാട്ടു്… ഹ ഹ ഹ

പെൺചീവീടു്:
എനിക്കിതു തരൂ വേഗം. കുട്ടികളുടെ അച്ഛാ, എനിക്കിതു രസിച്ചു.
ആൺചീവീടു്:
കേട്ടോളൂ, ഓമനേ…
പെൺചീവീടു്:
(കിലുക്കാംപെട്ടി കിലുക്കുന്നു) ‘ചീവീടു്, ചീവീടു്, ചീവീടു്.’
ആൺചീവീടു്:
ഇനി എനിക്കിവിടമെല്ലാം ഒന്നു ചുറ്റി നോക്കണം. ആളുകളറിയട്ടെ, ഞാനിവിടെയുണ്ടെന്നു്. വാതില്ക്കൽ മുട്ടിനോക്കാം.
പെൺചീവീടു്:
(കിലുക്കിക്കൊണ്ടു്) ‘താരാട്ടു്, താരാട്ടു്, താരാട്ടു്.’
ആൺചീവീടു്:
കുറെപ്പേരെയൊക്കെ പരിചയപ്പെടണം. അല്പം വ്യാപാരവും കിട്ടും. ഒന്നു നടന്നു നോക്കട്ടെ. ആ കിലുക്കാംപെട്ടിയിങ്ങു തന്നേക്കു്. വഴിക്കു് ഉപയോഗിക്കാം.
പെൺചീവീടു്:
അപ്പോ, ഞാനോ? (കരഞ്ഞു്) എന്നെ ഇട്ടേച്ചു് പോകയാണോ?
ആൺചീവീടു്:
അതു കിലുക്കിയാൽ ഞാൻ വരാം. അയല്ക്കാരാരെങ്കിലും വരാതിരിക്കയില്ല. ആരായാലും കുശലം പറയണം കേട്ടോ? കുഞ്ഞുങ്ങൾക്കൊക്കെ സുഖമല്ലേ, എന്നുചോദിക്കണം. അതെല്ലാം നിനക്കറിയാമല്ലോ. അതെല്ലാം കഴിഞ്ഞു് നമുക്കു് ആ പൊന്നുംകുടത്തിനെ കാത്തിരിക്കാം. ഞാൻ വരുന്നതുവരെ ഇതിരിക്കട്ടെ. (ചുംബിക്കുന്നു.)
പെൺചീവീടു്:
വികൃതി!
ആൺചീവീടു്:
ഹ ഹ ഹ ഹ. പിന്നേയ്, ഓമനേ സൂക്ഷിക്കണം കേട്ടോ. ഇതാ വന്നുകഴിഞ്ഞു. (പോകുന്നു.)

(പെൺചീവീടു് കിലുക്കുന്നു. ദൂരത്തുനിന്നു് ആൺചീവിടു് പകരം കിലുക്കുന്നു.)

പെൺചീവീടു്:
“പണ്ടൊരിക്കൽ ജനിച്ചു, ഒരു കൊച്ചു്…” എനിക്കു് പേടിയാവുന്നല്ലോ.
തെണ്ടി:
(എഴുനേറ്റു്) പേടിക്കേണ്ട. ചെറിയ വസ്തുക്കൾക്കു ജനിക്കാനെളുപ്പമാണു്.
പെൺചീവീടു്:
അതാരാണു്. ഛീ! ഒരു വണ്ടു്. നിങ്ങൾ കടിക്കുമോ?
തെണ്ടി:
ഇല്ല.
പെൺചീവീടു്:
കുട്ടികൾക്കു സുഖമല്ലേ?
തെണ്ടി:

ഇല്ലേ, എനിക്കങ്ങനെയൊന്നുമില്ലേ,

വിവാഹംചെയ്തു്, കുടുംബം പുലർത്തുന്ന

മൃദുലവികാരം ഞാനറിഞ്ഞിട്ടില്ലേ.

സ്വന്ത ശിരസ്സിനു മേലേ

സ്വന്തമായൊരു മേല്പുര ഞാനറിഞ്ഞിട്ടില്ല,

അന്യർ പരാജയപ്പെടുന്നതു കണ്ടാനന്ദിക്കാനും

എനിക്കുണ്ടായില്ല ഭാഗ്യം.

പെൺചീവീടു്:
അയ്യയ്യോ, നിങ്ങൾക്കു കുട്ടികളില്ലേ, കഷ്ടംതന്നെ. (കിലുക്കുന്നു) ചീവീടേ, ചീവീടേ! എന്താണയാൾ കേൾക്കാത്തതു് ? എന്താണു വണ്ടേ നിങ്ങൾ വിവാഹം ചെയ്യാതിരുന്നതു്?
തെണ്ടി:
സ്വാർത്ഥത. മാന്യേ, സ്വാർത്ഥത. ഞാൻ അതോർത്തു ലജ്ജിക്കേണ്ടതാണു്. സ്വാർത്ഥമതി അവന്റെ ഏകാന്തതയിൽ സ്വാതന്ത്ര്യം കാണുന്നു. അവനു് വളരെയേറെ സ്നേഹിക്കുകയോ വെറുക്കപ്പെടുകയോ ചെയ്യേണമെന്നില്ല. അന്യരുടെ അല്പത്തെപ്രതി അസൂയപ്പെടുകയും വേണ്ട.
പെൺചീവീടു്:
അതെയതെ, ഈ ആണുങ്ങൾ! (കിലുക്കുന്നു) ചീവീടേ, ചീവീടേ!
കോശസ്ഥകീടം:
(ഉച്ചത്തിൽ) എന്നിൽ ഞാൻ ഭാവിയെ വഹിക്കുന്നു. ഞാൻ… ഞാൻ…
തെണ്ടി:
(സമീപിച്ചു്) ജനിച്ചോളൂ.
കോശസ്ഥകീടം:
പ്രശസ്തമായതെന്തെങ്കിലും ഞാൻ നിർവ്വഹിക്കും.
സ്ത്രീവണ്ടു്:
(ഓടിപ്രവേശിച്ചു്) എന്റെ ഭർത്താവിങ്ങോട്ടു വന്നില്ലേ? ആ മൂഢാത്മാവെവിടെപ്പോയി? ഞങ്ങളുടെ സമ്പാദ്യമെവിടെ?
പെൺചീവീടു്:
മാന്യേ, അതു പന്തുകളിക്കാൻ കൊള്ളാമോ? എന്നെയൊന്നു കാണിച്ചുതരുമോ?
സ്ത്രീവണ്ടു്:
അതു പന്തുകളിക്കാനുള്ളതല്ല. അതു ഞങ്ങളുടെ ഭാവിയാണു്. ഞങ്ങളുടെ ഏകസമ്പാദ്യം. ഞങ്ങളുടെ സർവ്വസ്വം. എന്റെ ഭർത്താവു്, ആ വങ്കൻ, അതുംകൊണ്ടുപോയിരിക്കുകയാണു്.
പെൺചീവീടു്:
ചിലപ്പോൾ അയാൾ നിങ്ങളെ ഉപേക്ഷിച്ചു പോയതായിരിക്കും.
സ്ത്രീവണ്ടു്:
എന്നിട്ടു് നിന്റെ മാപ്പിളയെവിടെ?
പെൺചീവീടു്:
ബിസിനസ്സിനു പോയതാണു്. (കിലുക്കുന്നു) ചീവീടു്, ചീവീടേ!
സ്ത്രീവണ്ടു്:
കണ്ടില്ലേ, എന്തുകഷ്ടമാണയാൾ ഇങ്ങനെ ഉപേക്ഷിച്ചുകളയുന്നതു്. പോരെങ്കിൽ ഗർഭിണിയും.
പെൺചീവീടു്:
അയ്യോ… ഓ…
സ്ത്രീവണ്ടു്:
ചെറുപ്പവുമാണല്ലോ. സമ്പാദ്യമൊന്നുമില്ലേ?
പെൺചീവീടു്:
എന്തിനു്?
സ്ത്രീവണ്ടു്:
കുടുംബത്തിനുവേണ്ടി ഒരു സമ്പാദ്യം. അതാണു് ഭാവി. എന്നല്ല ജീവിതംതന്നെ സമ്പാദ്യമാണു്.
പെൺചീവീടു്:
അല്ലല്ല. എനിക്കു ജീവിതമെന്നുവച്ചാൽ സ്വന്തമായി ഒരു കൊച്ചുവീടു്—ഒരു കൂടു്—എന്റെ സ്വന്തം സ്ഥലം—ഉണ്ടാവുക എന്നാണു്. കർട്ടനും, പിന്നെ കുട്ടികളും എന്റെ ചീവീടും. അതാണു് എന്റെ വീടു്, അത്രതന്നെ.
സ്ത്രീവണ്ടു്:
സമ്പാദ്യമില്ലാതെ എങ്ങനെ ജീവിക്കും?
പെൺചീവീടു്:
സമ്പാദ്യംകൊണ്ടു് ഞങ്ങൾ എന്തുചെയ്യാനാണു്?
സ്ത്രീവണ്ടു്:
എല്ലായിടത്തും ഉരുട്ടിക്കൊണ്ടുനടക്കണം. ഞാൻ പറയുന്നതു കേട്ടോളു. പുരുഷന്മാരെ പിടിയിൽ നിറുത്താൻ സമ്പാദ്യംപോലെ പറ്റിയ ഒരു വിദ്യയില്ല.
പെൺചീവീടു്:
ഏയ്, അല്ല. ഒരു കൊച്ചുവീടു്.
സ്ത്രീവണ്ടു്:
സംശയിക്കേണ്ട. സമ്പാദ്യംതന്നെ.
പെൺചീവീടു്:
കൊച്ചുവീടു്.
സ്ത്രീവണ്ടു്:
എന്റെ കുട്ടീ, എനിക്കു നിന്നോടു കുറച്ചു സംസാരിച്ചാൽക്കൊള്ളാമെന്നുണ്ടു്. നീ വാസ്തവത്തിൽ വളരെ നല്ല…
പെൺചീവീടു്:
അപ്പോൾ കുട്ടികളുടെ കാര്യമോ?
സ്ത്രീവണ്ടു്:
എനിക്കെന്റെ സമ്പാദ്യം കിട്ടിയാൽ മതി. (പോകുന്നു) സമ്പാദ്യം… സ് സ് സ് സമ്പാദ്യം.
പെൺചീവീടു്:
ഛീ! എന്തൊരു വിഡ്ഢി. ഭർത്താവാണെങ്കിൽ അവളെ വിട്ടോടിപ്പോയിരിക്കുന്നു. ഹ ഹ ഹ ഹ. താരാട്ടു് താരാട്ടു് താരാട്ടു്… എനിക്കെന്തോ വല്ലാതെ… (വാതില്ക്കലേക്കു നീങ്ങുന്നു) ഹ ഹ. കാലുകിടന്നു പുളയുന്നത്രേ.
വേട്ടാവെളിയൻ:
(പാർശ്വങ്ങളിൽനിന്നു് ഓടി പ്രവേശിക്കുന്നു) ആങ്ഹാ! (സാവധാനം അവളെ സമീപിച്ചു്, പോക്കറ്റിൽനിന്നു കഠാരിയെടുത്തു് അവളെ ഒറ്റ കുത്തിനു കൊന്നു മാളത്തിലേക്കു വലിച്ചിഴയ്ക്കുന്നു) പണി കഴിഞ്ഞു.
തെണ്ടി:
(ഞെട്ടുന്നു) അയ്യയ്യോ കൊലപാതകം!
വേട്ടാവെളിയൻ:
(ഗുഹമുഖത്തു്) നോക്കു മോളേ, നോക്കു്. അച്ഛൻ എന്താണു മോൾക്കു കൊണ്ടുവന്നിരിക്കുന്നതെന്നു നോക്കു്.
തെണ്ടി:
അവൻ അവളെ കുത്തിക്കൊന്നു! എന്നിട്ടു ഞാനോ? ഞനൊരു വിറകുവെട്ടിപോലെ നിന്നു. ഈശ്വരാ! അവളൊന്നു ഞരങ്ങുകപോലും ചെയ്തില്ല. ആരും പേടിച്ചു നിലവിളിച്ചില്ല. ആരും അവളുടെ സഹായത്തിനെത്തിയതുമില്ല.
മൂട്ട:
(പിന്നിൽനിന്നു പ്രവേശിച്ചു്) ജോർ, സഖാവേ! അതുതന്നെ എന്റെയും അഭിപ്രായം.
തെണ്ടി:
ഇങ്ങനെ നിസ്സഹായമായി മരിക്കുക.
മൂട്ട:
അതുതന്നെയാണു ഞാനും പറയുന്നതു്. ഞാൻ കുറേ നേരമായി നോക്കിനില്ക്കുന്നു. അങ്ങനെയൊരു കർമ്മം എനിക്കു ചെയ്യാനാവില്ല. വയ്യേ, വയ്യ. എല്ലാവർക്കും ജീവിക്കണം. വേണ്ടേ?
തെണ്ടി:
നീയാരാണു്?
മൂട്ട:
ഞാനോ? ഒരു നിസ്സാരൻ. ഞാനൊരു ദരിദ്രനാണു്. വാസ്തവം പറഞ്ഞാൽ ഒരനാഥൻ. പരോപജീവിയെന്നും മൂട്ടയെന്നുമൊക്കെ ജനങ്ങൾ പറയും.
തെണ്ടി:
ഇങ്ങനെ കൊല്ലാൻ എങ്ങനെയാണു ധൈര്യമുണ്ടാവുക.
മൂട്ട:
ഞാനും പറയുന്നതു് അതുതന്നെ. അവനു് അതുകൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? നിങ്ങൾക്കു തോന്നുന്നുണ്ടോ അവനു് എന്നേപ്പോലെ വിശപ്പുണ്ടെന്നു്? ഒരിക്കലുമില്ല. എല്ലാം അവന്റെ സമ്പാദ്യത്തിൽ ചേർക്കാനാണു്. കൊല്ലുന്നതെല്ലാം അവൻ ശേഖരിക്കുകയാണു്. ഭയങ്കര അക്രമം, അല്ലേ? ഇതുനീതിയല്ലെങ്കിൽ പിന്നെ എന്താണു്? ഒരാൾ പട്ടിണികിടക്കുന്നു, മറ്റൊരാൾ നിധി കാക്കുന്നു. എനിക്കു് ഈ വെറുംകൈകൾ മാത്രമുള്ളപ്പോൾ അവനെന്താണീ കഠാരിക്കവകാശം? ഞാൻ പറയുന്നതു വാസ്തവമല്ലേ?
തെണ്ടി:
ആണെന്നു തോന്നുന്നു.
മൂട്ട:
ഞാൻ പറയുന്നതിതാണു്. ഇവിടെ യാതൊരു സമത്വവുമില്ല. ഉദാഹരണമായി, ഞാൻ ആരെയെങ്കിലും കൊല്ലുന്നുണ്ടോ? എന്റെ പല്ലിനു് ബലംപോര. ആവശ്യമായ ആയു… ആയു… ആയുധസാമഗ്രികൾ എനിക്കില്ല. ഞാനൊരു വിശപ്പനാണെന്നു മാത്രം. ശരിയാണോ?
തെണ്ടി:
കൊലപാതകം അനുവദിച്ചുകൂടാ.
മൂട്ട:
എന്റെ വാക്കുകൾതന്നെ, സഖാവേ. കുറഞ്ഞപക്ഷം വസ്തുവകകൾ സംഭരിക്കുന്നതെങ്കിലും നിരോധിക്കേണ്ടതാണു്. തിന്നുമതിയായാൽ പോരേ. സമ്പാദ്യമെന്നതു് ശേഖരിച്ചുവയ്ക്കാൻ കഴിയാത്തവരുടെ പക്കൽനിന്നുള്ള മോഷണമാണു്. മൂക്കുമുട്ടെ തിന്നുക; അവിടെ നിറുത്തുക. അങ്ങനെയായാൽ എല്ലാവർക്കും തികഞ്ഞുപറ്റും. മനസ്സിലായോ?
തെണ്ടി:
എനിക്കറിയില്ല.
മൂട്ട:
ഞാനല്ലേ പറയുന്നതു്.
വേട്ടാവെളിയൻ:
(മാളത്തിൽനിന്നു പുറത്തുവന്നു്) തിന്നോ മോളേ. മുഴുവനും തിന്നോളു. നിനക്കിഷ്ടമുള്ളതുമാത്രം തിന്നാൽമതി. നിന്റെ അച്ഛൻ നല്ലയച്ഛൻ. അല്ലേ?
മൂട്ട:
വന്ദനം, സാർ.
വേട്ടാവെളിയൻ:
നോക്കട്ടെ. നിന്നെ തിന്നാൻകൊള്ളാമോ? (മണപ്പിച്ചു നോക്കുന്നു.)
മൂട്ട:
അങ്ങു തമാശമട്ടിലാണല്ലോ. എന്നെ തിരഞ്ഞെടുക്കാൻ എന്താണു് എനിക്കു പ്രത്യേക യോഗ്യത?
വേട്ടാവെളിയൻ:
പോടാ പുറത്തു്. വൃത്തികെട്ട ജന്തു. തെമ്മാടി, നിനക്കിവിടെ എന്താണുകാര്യം? പോ പുറത്തു്.
മൂട്ട:
ഹ ഹ ഹ. അതല്ലേ ഞാനും പറയുന്നതു്. (ദാസ്യഭാവം കാണിക്കുന്നു.)
വേട്ടാവെളിയൻ:
(തെണ്ടിയോടു്) വന്ദനം. നിങ്ങൾ കണ്ടോ?
തെണ്ടി:
കണ്ടു.
വേട്ടാവെളിയൻ:
ഒന്നാംതരം വേല, എന്താ, ഹ ഹ, എല്ലാവർക്കും സാധിക്കുന്ന ഒരു വിദ്യയല്ല അതു്. കുട്ടികളേ, അതിനു് (നെറ്റിയിൽ തൊട്ടുകാണിച്ചുകൊണ്ടു്) വിദഗ്ദ്ധജ്ഞാനം വേണം. ഉത്സാഹവും സാമർത്ഥ്യവും വേണം. ക്രാന്തദൃഷ്ടിയും, പ്രയത്നശീലവും. പറഞ്ഞതു കേട്ടോ?
മൂട്ട:
(സമീപിച്ചു്) അതുതന്നെ, ഞാനും പറയുന്നതു്.
വേട്ടാവെളിയൻ:
പ്രിയസുഹൃത്തേ, ജീവിക്കണമെങ്കിൽ സമരംചെയ്തേ പറ്റൂ. നിങ്ങളുടെ ഭാവിയല്ലേ, നോക്കാൻ? പിന്നെ നിങ്ങളുടെ കുടുംബം. പിന്നെ അറിയാമല്ലോ, അല്പം ഉൽക്കർഷേച്ഛ. പ്രബലവ്യക്തിത്വമുള്ള ഒരാൾ മുന്നേറിയേ കഴിയൂ. എന്താ?
മൂട്ട:
സാർ, ഞാനതുതന്നെയാണു പറയുന്നതു്.
വേട്ടാവെളിയൻ:
സംശയമില്ല, സംശയമില്ല. ജീവിതത്തിൽ വിജയിക്കുക; ലഭിച്ച കഴിവുകളെ പ്രയോജനപ്പെടുത്തുക; അതിനാണു് ഞാൻ ഒരു ഫലവത്തായ ജീവിതമെന്നു പറയുന്നതു്.
മൂട്ട:
അക്കാര്യം നിസ്സംശയമാണു്.
വേട്ടാവെളിയൻ:
മിണ്ടാതിരിക്കെടോ. ചീഞ്ഞളിഞ്ഞ പിണ്ഡം. ഞാൻ നിന്നോടല്ല സംസാരിക്കുന്നതു്.
മൂട്ട:
ഞാൻ പറയുന്നതുതന്നെ.
വേട്ടാവെളിയൻ:
തന്നെയല്ല. അങ്ങനെ നമ്മുടെ കടമ നിർവ്വഹിച്ചുകഴിഞ്ഞാൽ എന്തൊരാനന്ദമാണെന്നോ. ജീവിതം വ്യർത്ഥമല്ലെന്നു ബോധ്യമാവുമ്പോൾ ഒരു പ്രബുദ്ധതാബോധമാണുണ്ടാവുക. അല്ലേ? വന്ദനം, സാർ. എനിക്കു പണിയുണ്ടു്; പോയേതീരൂ. ഒരിക്കൽക്കൂടി എന്റെ നമസ്കാരം. (പോകുന്നു) പുഴുവേ, പോയ്വരട്ടെ. (രംഗം വിടുന്നു.)
മൂട്ട:
മുതുക്കൻ കൊലപാതകി! സത്യമായിട്ടും അവന്റെ പിടലിക്കു പിടിക്കാതിരിക്കാൻ എനിക്കെന്തു വിഷമമായിരുന്നുവെന്നോ? വേണ്ടിവന്നാൽ ഞാൻ ജോലിയും ചെയ്യും. അക്കാര്യം തീർച്ച. പക്ഷേ, മറ്റുള്ളവർക്കു തിന്നാൻ കഴിയുന്നതിലധികമുള്ളപ്പോൾ ഞാനെന്തിനാണു് ജോലിചെയ്യുന്നതെന്നു് എനിക്കു മനസ്സിലാകുന്നില്ല. എനിക്കു് ഉത്സാഹവുമുണ്ടു്, കേട്ടോ. ഹ ഹ ഹ, പക്ഷേ, (വയറ്റത്തു് കൊട്ടുന്നു) ഇവിടെയാണതു്. എനിക്കു വിശക്കുന്നു, അതാണു കുഴപ്പം. വിശപ്പു്; രസികനേർപ്പാടു്. അല്ലേ?
തെണ്ടി:
അല്പം ഭക്ഷണത്തിനുവേണ്ടി എന്തും.
മൂട്ട:
അതാണു ഞാനും പറയുന്നതു്. ഭക്ഷണത്തിനുവേണ്ടി എന്തും കൊടുക്കാം. പാവപ്പെട്ടവനാണെങ്കിൽ കൊടുക്കാനൊന്നുമില്ലതാനും. അതു് യുക്തിവിരുദ്ധമാണു്. ഓരോരുത്തനും തിന്നാൻ കഴിവുള്ളതു് സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണു്. എന്താ?
തെണ്ടി:
(കിലുക്കാംപെട്ടി എടുത്തു കിലുക്കുന്നു) പാവം സാധു! പാവം സാധു! പാവം!
മൂട്ട:
അതുതന്നെ, ഓരോരുത്തനും ജീവിക്കണം.

(അണിയറയിൽ മറുപടിയായി ചീവീടു് ചിലയ്ക്കുന്ന ശബ്ദം.)

ആൺചീവീടു്:
(കിലുക്കാംപെട്ടി കിലുക്കിക്കൊണ്ടു് ഓടിവരുന്നു.) ഇതാ ഞാൻ വന്നുകഴിഞ്ഞു ഓമനേ. നീ എവിടെപ്പോയി? ഞാൻ നിനക്കു കൊണ്ടുവന്നിരിക്കുന്നതെന്താണെന്നു കണ്ടോ?
വേട്ടാവെളിയൻ:
(പുറകിൽ പ്രത്യക്ഷപ്പെട്ടു്) ആഹാ!
തെണ്ടി:
സൂക്ഷിക്കണം, സൂക്ഷിക്കണം.
മൂട്ട:
(അയാളെ തടഞ്ഞു്) ചങ്ങാതീ, നമുക്കതിന്റെ ഇടയ്ക്കു് ചെന്നുപെടേണ്ട. അതുമായി കൂടിക്കഴിഞ്ഞിട്ടെന്തു കാര്യം? നടക്കേണ്ടതു നടന്നേതീരൂ.
ആൺചീവീടു്:
എങ്ങോട്ടുപോയി?
വേട്ടാവെളിയൻ:
(ഒരു കുത്തുകൊണ്ടു ചീവീടിനെ കൊന്നു് വലിച്ചുകൊണ്ടുപോകുന്നു) മേളേ, ഇതാ നോക്കു്, അച്ഛൻ കൊണ്ടുവന്നിരിക്കുന്നതു കണ്ടോ?

(മാളത്തിൽ കയറുന്നു.)

തെണ്ടി:
(കൈയ് ചുരുട്ടി) സർവ്വശക്തനായ ഈശ്വരാ, നീ ഇതെങ്ങനെ അനുവദിക്കുന്നു!
മൂട്ട:
ഞാനുമതാണു പറയുന്നതു്. അവനു മൂന്നാമത്തെ ചീവീടാണു് കിട്ടിയതു്. എനിക്കോ ഒരു കൂറയും കിട്ടിയിട്ടില്ല. നമ്മെപ്പോലുള്ളവർ ഇതൊക്കെ സഹിച്ചു കഴിയണമെന്നാണു വച്ചിരിക്കുന്നതു്.
വേട്ടാവെളിയൻ:
(പുറത്തുവന്നു്) ഇല്ല മോളേ, ഇല്ല. എനിക്കു തീരെ സമയമില്ല. അച്ഛനു് ജോലിക്കുപോകാതെ പറ്റുമോ? തിന്നു്, തിന്നു്, തിന്നോളൂ. അനങ്ങാതിരിക്കണേ. ഞാൻ ഒരു മണിക്കൂറിനകം വരാം. (ഓടിപ്പോകുന്നു.)
മൂട്ട:
ഞാൻ തിളച്ചുമറിയുകയാണു്. കള്ളക്കിഴവൻ (മാളത്തെ സമീപിച്ചു്) എന്തൊരനീതി! ലജ്ജാകരം! ഞാൻ അവനെ കാണിച്ചുകൊടുത്തേക്കാം. നോക്കിക്കോളു. അവൻ പോയോ? എനിക്കൊന്നു നോക്കിയേതീരൂ. (മാളത്തിൽ പ്രവേശിക്കുന്നു.)
തെണ്ടി:
കൊലപാതകം. പിന്നെയും കൊലപാതകം. എന്തിനാണു് എന്റെ ഹൃദയം തുടിക്കുന്നതു്. അവർ വെറും ക്ഷുദ്രകീടങ്ങളാണു്; വെറും വണ്ടുകൾ. പുൽക്കൊടികൾക്കിടയിലെ കൊച്ചുനാടകം. വെറും കീടസമരം. വണ്ടിന്റെ സംസ്കാരം. കീടങ്ങൾ ഒരു തരത്തിൽ ജീവിക്കുന്നു. മനുഷ്യൻ മറ്റൊരുതരത്തിലും. മനുഷ്യവർഗ്ഗത്തിലേക്കു് തിരിച്ചെത്താൻ കഴിഞ്ഞെങ്കിൽ! ഈ ക്രിമികളെക്കാൾ ഭേദപ്പെട്ടതെന്തെങ്കിലും അവിടെ കണ്ടെത്തിയേക്കാം. മനുഷ്യൻ തിന്നാൻ മാത്രമല്ല, സൃഷ്ടിക്കാനും കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു. അവനു് ഒരു ലക്ഷ്യമുണ്ടു്. അവൻ അതു സമ്പാദിക്കുന്നു… അല്ലാ, അതു് വണ്ടിന്റെ ഭാഷയാണല്ലോ. ത്ഫൂ! എനിക്കു് അതെന്റെ തലയിൽനിന്നു പോകുന്നില്ല. വണ്ടുകൾക്കു് അവയുടെ സമ്പാദ്യം. മനുഷ്യനാണെങ്കിൽ അതിലേറെ മനുഷ്യോചിതമായ സമ്പാദ്യങ്ങളുണ്ടു്. ശാന്തനായ മനുഷ്യൻ ജീവിതത്തെ ഉൽകൃഷ്ടമാക്കുവാനാണു് സമയം ചെലവാക്കുക. സുഖസമ്പാദനത്തിനു് വളരെയൊന്നും വേണ്ട. ചെറിയ ഒരു വീടു്, ആരെയും ഉപദ്രവിക്കാത്ത ജീവിതം, ക്ലേശങ്ങളിൽനിന്നു മുക്തി, സന്താനപരിപാലനം പോരേ? ജീവിതത്തിന്റെ ലക്ഷ്യം ജീവൻ മാത്രമാണല്ലോ. എന്താനന്ദമാണു് അതു കാണുവാൻ. നിങ്ങൾ ജീവിക്കുന്നതു്, അയല്ക്കാരൻ ജീവിക്കുന്നതു്, കാലുകൾ കിടന്നു പുളയുന്നതു്… ഛീ! പിന്നെയും ചീവീടിന്റെ ഭാഷയായി. എന്താണെന്റെ ബുദ്ധി ഇങ്ങനെ കൂടിക്കുഴയുന്നതു്. ഞാനും വണ്ടുമായി കൂടിക്കുഴയുകയാണു്. ഇടുങ്ങിയ, അന്തസ്സാരവിഹീനമായ ജീവിതം. ഈ കീടതാല്പര്യങ്ങൾ മനുഷ്യനെ തൃപ്തിപ്പെടുത്തുമോ, എന്തോ. വയറുനിറയ്ക്കുന്നതിനപ്പുറമായി മനുഷ്യനു് എന്തൊക്കെ വേണം. ആനന്ദത്തിന്റെ ഒരു പങ്കു് നിർബ്ബാധം, നന്ദിപൂർവ്വം അവനു് രുചിക്കണം. ജീവിതം മനുഷ്യനെ മാടിവിളിക്കുന്നു, വീരന്മാരേ, സമരരംഗത്തേയ്ക്കു്! ജീവിതവിജയം കൈവരുത്തണമെങ്കിൽ അതിനെ ബലമുള്ള മുഷ്ടികളിലമർത്തണം. ഒരു പൂർണ്ണമനുഷ്യനായിത്തീരാനുള്ളവൻ ദുർബ്ബലനും അല്പകായനുമായിരുന്നുകൂടാ. ജീവിക്കണമെങ്കിൽ ഭരിക്കണം, തിന്നണമെങ്കിൽ… എങ്കിൽ… കൊല്ലണം. ഛീ! പിന്നെയും ആ വേട്ടാവെളിയന്റെ കൂട്ടത്തിലെത്തി. വായടയ്ക്കുകതന്നെ ഉത്തമം. പ്രപഞ്ചം മുഴുവനും ഇടതടവില്ലാതെ ചവയ്ക്കുന്നതു കേൾക്കുന്നില്ലേ. ജീവനറ്റിട്ടില്ലാത്ത ഇരയുടെ രക്തം നക്കിനുണച്ചു് ചുണ്ടുകൾ സംതൃപ്തിയടയുന്നു. ജീവൻ ജീവിതത്തിന്റെ ഇരയാണു്.
കോശസ്ഥകീടം:
(ഇടംവലം തിരിഞ്ഞുകൊണ്ടു്) മഹത്തായതെന്തോ സംഭവിക്കാൻ പോകുന്നു. മഹത്തായതു്!
തെണ്ടി:
എന്താണു മഹത്തു്?
കോശസ്ഥകീടം:
ജനിക്കുക, ജീവിക്കുക.
തെണ്ടി:
കീടമേ, ഞാൻ നിന്നെ ഉപേക്ഷിച്ചുപോകയില്ല.
മൂട്ട:
(മാളത്തിൽനിന്നു പുറത്തു വരുന്നു. വല്ലാതെ ചീർത്തിട്ടിട്ടുണ്ടു്. എക്കിളെടുക്കുന്നു) ഹഹ… ഹഹഹഹഹ… ഹപ്. ആ ലുബ്ധ… ഹപ്… ശിരോമണിക്കു്… ഹപ്… സമ്പാദ്യം കുറെയുണ്ടായിരുന്നു. ഹപ്… ഹപ്… അവന്റെ ആ വെളുത്ത മോൾക്കും. ഹപ്. വയറു പൊട്ടാൻപോകുന്നതുപോലെ തോന്നുന്നു. ഹപ്… ഹോ, ഇതെന്തൊരു എക്കിൾബാധയാണു്. ഇപ്പോൾ ഞാനും… ഹപ്… ഒരു പ്രമാണിയായിരിക്കുന്നു. എന്താ… ഹപ്… എല്ലാവർക്കും ഇത്രയേറെ തിന്നാൻ കഴിയുമോ.
തെണ്ടി:
എന്നിട്ടു് ആ പുഴുവിനു് എന്തു സംഭവിച്ചു?
മൂട്ട:
ഹഹഹഹ… ഹപ്… അതും ഞാൻ ഭക്ഷിച്ചു. പ്രകൃതിയുടെ വിഭവങ്ങൾ… ഹപ്… പൊതുമുതലാണു്.

(രണ്ടാമങ്കമവസാനിച്ചു.)

അങ്കം മൂന്നു് ഉറുമ്പുകൾ

(രംഗം: ഒരു പച്ചക്കാടു്)

തെണ്ടി:
(ചിന്താമഗ്നനായി ഇരുന്നുകൊണ്ടു്) മതിയായി. കണ്ടിടത്തോളം മതി. അന്യരിൽ നിന്നപഹരിച്ചു് സ്വന്തം പങ്കു വർദ്ധിപ്പിക്കുവാനുള്ള വ്യഗ്രതയിൽ, എല്ലാ ജന്തുക്കളും മൂട്ടയെപ്പോലെ സൃഷ്ടിയുടെ മഹാശരീരത്തിൽ പറ്റിപ്പിടിച്ചു രക്തമൂറ്റിക്കുടിക്കുന്ന കാഴ്ചയാണു് ഞാൻ കണ്ടതു്. നോക്കട്ടെ, ഞാൻ ഈ ക്ഷുദ്രകീടങ്ങളിൽനിന്നു ഭിന്നനാണോ? ഞാൻ ഒരു വെറും പാറ്റയാണു്. അന്യരുടെ എച്ചിൽകൊണ്ടു ജീവിക്കുന്ന കൂറ. അതാണു് എന്റെ ജീവിതം. എന്നെ ഒന്നിനും കൊള്ളുകയില്ല, ഒന്നിനും. എന്നെ ആർക്കെങ്കിലും തിന്നാൻകൂടി കൊള്ളുകില്ല.
കോശസ്ഥകീടം:
(അട്ടഹസിക്കുകയാണു്) വഴിതരൂ, വഴിതരൂ! ഞാൻ ജനിക്കുകയാണു്. ബന്ധനത്തിൽനിന്നു ഞാൻ പുറത്തുവരികയാണു്. ഞാൻ ലോകത്തെ മുഴുവനും സ്വതന്ത്രമാക്കും. അഹോ, എന്തൊരു ഗംഭീരാശയം!
തെണ്ടി:
അവനവന്റെ അല്പശരീരത്തെച്ചൊല്ലിയുള്ള അനന്തമായ ഈ പൊല്ലാപ്പു്, ആർത്തിപിടിച്ച ഈ ബഹളം, സ്വവർഗ്ഗത്തിൽ തന്റെ അല്പത്വത്തെ അനശ്വരമാക്കിത്തീർക്കാനുള്ള ഈ ക്ഷുദ്രമോഹം, അയ്യയ്യോ, എനിക്കിതു് സഹിക്കുന്നില്ല. എനിക്കിതു ദുസ്സഹമാണു്. ഏതോ ശപിക്കപ്പെട്ട പ്രേരണ എന്നെ വീണ്ടും മനുഷ്യപഥങ്ങളിലേക്കു് വലിച്ചിഴയ്ക്കുന്നു. ഹാ, മനുഷ്യപഥങ്ങൾ! ഈ ദീർഘസഞ്ചാരത്തിനുശേഷം, ഗ്രാമവും താലൂക്കും ജില്ലയുമെല്ലാം മനുഷ്യഭാഷയിൽ രേഖപ്പെടുത്തിയിട്ടുള്ള ചൂണ്ടുപലകകൾ എന്നാണു് ഞാൻ കാണുക, പറയൂ. മനസ്സേ, അല്പമൊന്നടങ്ങു. ഗ്രാമം, താലൂക്കു്, ജില്ലാ, സംസ്ഥാനം, രാഷ്ട്രം ഇവ ക്രമാനുഗതമായി ഏതു വ്യക്തിയെക്കാളും ഉൽകൃഷ്ടമാണു്. സർവ്വോപരി മനുഷ്യവർഗ്ഗവും. അതെ, ഇതാണിതിന്റെയെല്ലാം രത്നച്ചുരുക്കം. കീടസ്വാർത്ഥത അതിനെത്തന്നെയേ അറിയുന്നുള്ളു. ഗ്രാമം, ജനത എന്നിങ്ങനെ അതിനെക്കാൾ ഉൽക്കൃഷ്ടമായി എന്തെങ്കിലുമുണ്ടെന്നു് അതറിയുന്നില്ല.
കോശസ്ഥകീടം:
ഹാ! ജനനത്തിന്റെ വേദനകൾ. മഹത്തായ ഒരു കർമ്മത്തിനുവേണ്ടിയുള്ള ദഹിക്കുന്ന ദാഹം!
തെണ്ടി:
(ചാടിയെണീറ്റു്) മനുഷ്യവർഗ്ഗം മുഴുവനും, ങ്ഹാ, എനിക്കു് കിട്ടിപ്പോയി, മനുഷ്യത്വമെന്ന ആശയം. പൊതുവായ ഒരു കൊയ്ത്തിലെ ധാന്യമണികൾ മാത്രമാണു് നാമോരോരുത്തരും. നിസ്സാരനായ മനുഷ്യവ്യക്തി, നിനക്കു് ഉപരിയായി എന്തോ ഒന്നുണ്ടു്. രാഷ്ട്രമെന്നോ, രാജ്യമെന്നോ എന്തുവേണമെങ്കിൽ അതിനെ വിളിച്ചുകൊള്ളു. പേരെന്തു പറഞ്ഞാലും വേണ്ടില്ല, അതിനുവേണ്ടി പ്രയത്നിച്ചാൽമാത്രം മതി. നീ പൂജ്യമാണു്. ജീവിതത്തിന്റെ ഏറ്റവും ഉന്നതമായ ലക്ഷ്യം ആത്മാഹൂതിയാണു്. (ഇരിക്കുന്നു.)
കോശസ്ഥകീടം:
വിമോചനനിമിഷം സമാഗതമായിരിക്കുന്നു. ഗംഭീരമായ അടയാളങ്ങളും മഹത്തായ വചനങ്ങളും എന്റെ ആഗമനത്തിനു സ്വാഗതമോതുന്നു.
തെണ്ടി:
മനുഷ്യന്റെ കടപ്പാടുകളാണു് അവന്റെ മാഹാത്മ്യം. പൂർണ്ണമായ ഒന്നിന്റെ അംശമായിത്തീരുന്നതുകൊണ്ടുമാത്രമാണു് മനുഷ്യൻ പൂർണ്ണമായിത്തീരുന്നതു്. അവനവനെക്കാൾ ഉൽക്കൃഷ്ടമായ എന്തിനെങ്കിലുമായി ആത്മാർപ്പണം ചെയ്യുന്നതുകൊണ്ടു മാത്രമേ മനുഷ്യന്റെ ജീവിതം മാനുഷികമായിത്തീരുന്നുള്ളു. പേരുകളെന്തെങ്കിലുമാകാം, ലക്ഷ്യമിതുതന്നെയായിരിക്കുമെങ്കിൽ.
കോശസ്ഥകീടം:
(ഉരുണ്ടുപിരണ്ടുകൊണ്ടു്) നോക്കൂ, എത്ര ഭംഗിയേറിയ ചിറകുകളാണെനിക്കുള്ളതു്. അതിർത്തിയില്ലാത്ത ചിറകുകൾ.
തെണ്ടി:
അടുത്ത ഗ്രാമത്തിലേയ്ക്കുള്ള വഴി ഒന്നറിഞ്ഞിരുന്നുവെങ്കിൽ! ഛേ! എന്താണു് എന്നെക്കടിക്കുന്നതു്. ഓ, ഉറുമ്പേ നീയാണോ? അതാ, ഒരണ്ണംകൂടി. മൂന്നാമതും ഒന്നു്, അയ്യയ്യോ, ഈശ്വരാ, ഞാനൊരു ചിതൽപ്പുറ്റിന്മേലാണല്ലോ ഇരിക്കുന്നതു്. (എഴുന്നേല്ക്കുന്നു) വിഡ്ഢികളേ, നിങ്ങളെന്തിനാണു് എന്റെ ദേഹത്തിലേയ്ക്കു് ഇരച്ചുകയറുന്നതു് ? അതാ, അവ എന്റെ പിറകേ ഓടുകയാണു്. ഒന്നു്, രണ്ടു്, മൂന്നു്, നാലു്… അതാ പിന്നെയും ഒന്നുകൂടി. ഒന്നു്, രണ്ടു്, മൂ…

(ഇതിനിടയിൽ പിൻകർട്ടൻ ഉയർന്നു് ഒരു ചിതൽപ്പുറ്റിലേയ്ക്കുള്ള പ്രവേശനദ്വാരം പ്രത്യക്ഷപ്പെടുന്നു. അനേകനിലകളുള്ള ഒരു ചുവന്ന കെട്ടിടമാണതു്. വാതില്ക്കൽ അന്ധനായ ഒരുറുമ്പിരുന്നു് തുടർച്ചയായി എണ്ണിക്കൊണ്ടിരിക്കയാണു്. ചാക്കുകൾ, മൺവെട്ടികൾ, തടിക്കഷണങ്ങൾ മുതലായവയും ചുമന്നുകൊണ്ടു് അന്ധൻ എണ്ണുന്ന താളത്തിനൊപ്പിച്ചു് ഉറുമ്പുകൾ കെട്ടിടം മുഴുവനും ഓടിനടക്കുകയാണു്.)

അന്ധൻ:
(തുടർച്ചയായി) ഒന്നു്, രണ്ടു്, മൂന്നു്; ഒന്നു്, രണ്ടു്, മൂന്നു്, നാലു്…
തെണ്ടി:
എന്താണിക്കാണുന്നതു്, പാണ്ടികശാലയോ, ഫാക്ടറിയോ അങ്ങനെയേതാണ്ടോ ആണു്. അല്ലേ. ഏയ്, ഇതു എന്തിനുള്ള ഫാക്ടറിയാണു്.
അന്ധൻ:
ഒന്നു്, രണ്ടു്, മൂന്നു്, നാലു്.
തെണ്ടി:
ഞാൻ ചോദിച്ചതു കേട്ടില്ലേ? ഇതെന്തു ഫാക്ടറിയാണു്? ഈ പൊട്ടക്കണ്ണനെന്തിനാണിങ്ങനെ എണ്ണിക്കൂട്ടുന്നതു്. ഓഹോ മനസ്സിലായി. അയാൾ താളം പിടിക്കുകയാണു്. അയാളെണ്ണുന്നതിനനുസരിച്ചാണു് അവർ ചലിക്കുന്നതു്. ഒന്നു്, രണ്ടു്, മൂന്നു്, നാലു്. യന്ത്രംപോലെ. ഛീ! എന്റെ തല കറങ്ങുന്നു.
അന്ധൻ:
ഒന്നു് രണ്ടു്, മൂന്നു്, നാലു്.
എൻജിനീയർ:
(ഓടിക്കിതച്ചു പ്രവേശിക്കുന്നു) വേഗത പോരാ, വേഗത പോരാ. ഒന്നു്, രണ്ടു്, മൂന്നു്, നാലു്.
അന്ധൻ:
(കുറേക്കൂടി വേഗത്തിൽ) ഒന്നു്, രണ്ടു്, മൂന്നു്, നാലു്; ഒന്നു്, രണ്ടു്, മൂന്നു്, നാലു്.

(എല്ലാവരും കുറെക്കൂടി വേഗത്തിൽ ചലിക്കുന്നു.)

തെണ്ടി:
എന്താണിതു്. ഞാൻ ചോദിച്ചതു കേട്ടില്ലേ. സർ, ഈ ഫാക്ടറി എന്തിനുള്ളതാണു്.
എൻജിനീയർ:
ആരാണതു്?
തെണ്ടി:
ഞാൻ.
എൻജിനീയർ:
ഏതു ഉറുമ്പുവർഗ്ഗത്തിൽപ്പെട്ടവനാണു്.
തെണ്ടി:
മനുഷ്യവർഗ്ഗത്തിൽപെട്ടവൻ.
എൻജിനീയർ:
ഇതു് ഉറുമ്പുകളുടെ നാടാണു്. നിങ്ങൾക്കിവിടെ എന്തു കാര്യം?
തെണ്ടി:
ഞാൻ ഒരു സന്ദർശകനാണു്.
എൻജിനീയർ 1:
നിങ്ങൾ തൊഴിലന്വേഷിച്ചു നടക്കുകയാണോ?
തെണ്ടി:
ജോലി ചെയ്യാൻ വിരോധമില്ല.
എൻജിനീയർ 2:
(ഓടി പ്രവേശിച്ചു്) ഒരു കണ്ടുപിടിത്തം. ഒരു കണ്ടുപിടിത്തം!
എൻജിനീയർ 1:
എന്താണതു്?
എൻജിനീയർ 2:
വേഗത വർദ്ധിപ്പിക്കാനുള്ള ഒരു പുതിയ മാർഗ്ഗം. ഒന്നു്, രണ്ടു്, മൂന്നു്, നാലു് എന്നെണ്ണരുതു്. ഓരണ്ടു് മൂന്നു് നാലു് എന്നെണ്ണുന്നതിനു് നീളം കുറയും, സമയം ലാഭിക്കാം. ഓരണ്ടു് മൂന്നു് നാലു്, ഏയ്, അന്ധൻ!
അന്ധൻ:
ഒന്നു്, രണ്ടു്, മൂന്നു്, നാലു്.
എൻജിനീയർ 2:
തെറ്റു്, ഓരണ്ടു് മൂന്നു് നാലു്.
അന്ധൻ:
ഓരണ്ടു് മൂന്നു് നാലു്.

(എല്ലാവരും കുറെക്കൂടി വേഗത്തിൽ ചലിക്കുന്നു.)

തെണ്ടി:
അയ്യോ! അത്ര വേഗത വേണ്ടേ, എന്റെ തല കറങ്ങുന്നു.
എൻജിനീയർ 2:
നിങ്ങളാരാണു്.
തെണ്ടി:
ഒരപരിചിതൻ.
എൻജിനീയർ 2:
എവിടെ നിന്നു വരുന്നു?
തെണ്ടി:
മനുഷ്യവർഗ്ഗത്തിൽ നിന്നു്.
എൻജിനീയർ 2:
മനുഷ്യരുടെ പുറ്റു് എവിടെയാണു്?
തെണ്ടി:
എന്തു്!
എൻജിനീയർ 2:
മനുഷ്യരുടെ ചിതൽപ്പുറ്റു് എവിടെയാണെന്നു്.
തെണ്ടി:
അതാ, അവിടെ, അതിനപ്പുറവും, എന്നല്ല, എല്ലായിടത്തും.
എൻജിനീയർ 2:
(ചിരിച്ചു്) എല്ലായിടത്തും! വിഡ്ഢി!
എൻജിനീയർ 1:
മനുഷ്യർ വളരെയധികമുണ്ടോ?
തെണ്ടി:
ഉണ്ടു്, അവർ പ്രപഞ്ചപ്രഭുക്കന്മാരെന്നറിയപ്പെടുന്നു.
എൻജിനീയർ 2:
(പൊട്ടിച്ചിരിച്ചു്) പ്രപഞ്ചപ്രഭുക്കന്മാർ!
എൻജിനീയർ 1:
ഞങ്ങളാണു് പ്രപഞ്ചപ്രഭുക്കന്മാർ.
എൻജിനീയർ 2:
ഉറുമ്പുസാമ്രാജ്യം.
എൻജിനീയർ 1:
ഏറ്റവും വലിയ ഉറുമ്പുസാമ്രാജ്യം.
എൻജിനീയർ 2:
ഒരു ലോകമഹച്ഛക്തി.
എൻജിനീയർ 1:
ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം.
തെണ്ടി:
എന്നുവച്ചാലെന്താണു്?
എൻജിനീയർ 1:
എല്ലാവരും അനുസരിക്കണം.
എൻജിനീയർ 2:
എല്ലാവരും പണിയെടുക്കണം. എല്ലാവരും ഒന്നിനുവേണ്ടി.
എൻജിനീയർ 1:
ആ ഒന്നു് ആജ്ഞാപിക്കുന്നതുപോലെ.
തെണ്ടി:
ആരു് ?
എൻജിനീയർ 1:
ഒന്നു്. പൂർണ്ണം. രാജ്യം. രാഷ്ട്രം.
തെണ്ടി:
ആങ്ഹാ, അതു ഞങ്ങളുടേതുപോലെയൊക്കെത്തന്നെയാണല്ലോ. ഉദാഹരണമായി, ഞങ്ങൾക്കു എം. പി.-മാരുണ്ടു്. എം. പി. എന്നുവച്ചാൽ ജനാധിപത്യം. നിങ്ങൾക്കു എം. പി.-മാരുണ്ടോ?
എൻജിനീയർ 1:
ഇല്ല. ഞങ്ങൾക്കു പൂർണ്ണമാണുള്ളതു്.
തെണ്ടി:
ആരാണു് ഈ പൂർണ്ണത്തിനുവേണ്ടി സംസാരിക്കുന്നതു്?
എൻജിനീയർ 2:
(പൊട്ടിച്ചിരിച്ചു്) ഇവനു് യാതൊന്നുമറിഞ്ഞുകൂടാ.
എൻജിനീയർ 1:
ഉത്തരവുകൊടുക്കുന്നവൻ ആജ്ഞാപിക്കുന്നു. പൂർണ്ണം ഇച്ഛിക്കുന്നതേയുള്ളു.
എൻജിനീയർ 2:
പൂർണ്ണം നിയമങ്ങളിൽ സ്ഥിതിചെയ്യുന്നു. മറ്റെങ്ങുമില്ലാതാനും.
തെണ്ടി:
എന്നിട്ടു് നിങ്ങളെ ഭരിക്കുന്നതോ?
എൻജിനീയർ 1:
യുക്തി.
എൻജിനീയർ 2:
നിയമം.
എൻജിനീയർ 1:
രാജ്യത്തിന്റെ താല്പര്യങ്ങൾ.
എൻജിനീയർ 2:
അതുതന്നെ. അതുതന്നെ.
തെണ്ടി:
അതെനിക്കു പിടിച്ചു. ശരി ശരി. എല്ലാവരും പൂർണ്ണത്തിനുവേണ്ടി.
എൻജിനീയർ 1:
അതിന്റെ മഹിമയ്ക്കുവേണ്ടി.
എൻജിനീയർ 2:
അതിന്റെ ശത്രുക്കളെ തുരത്താൻ?
തെണ്ടി:
അതെന്താണു്? ആരെ തുരത്താൻ?
എൻജിനീയർ 1:
എല്ലാവരേയും.
എൻജിനീയർ 2:
ഞങ്ങൾ ശത്രുക്കളാൽ വലയംചെയ്യപ്പെട്ടിരിക്കുന്നു.
എൻജിനീയർ 1:
ഞങ്ങൾ കട്ടുറുമ്പുകളെ തോല്പിച്ചു.
എൻജിനീയർ 2:
ഞങ്ങൾ നീറുകളെ പട്ടിണിയിട്ടുകൊന്നു.
എൻജിനീയർ 1:
നെയ്യുറുമ്പുകളെ കീഴടക്കി, ഇനി, ചോനന്മാർ മാത്രമേ ബാക്കിയുള്ളു. അവരെ ഞങ്ങൾ പട്ടിണിക്കിരയാക്കും.
എൻജിനീയർ 2:
ഞങ്ങൾക്കു് എല്ലാവരേയും പട്ടിണിയാക്കണം.
തെണ്ടി:
അതെന്തിനു്?
എൻജിനീയർ 1:
പൂർണ്ണത്തിന്റെ താല്പര്യത്തിനുവേണ്ടി.
എൻജിനീയർ 2:
പൂർണ്ണത്തിന്റെ താല്പര്യങ്ങളാണു് സർവ്വ പ്രധാനം.
എൻജിനീയർ 1:
വർഗ്ഗതാല്പര്യങ്ങൾ.
എൻജിനീയർ 2:
വ്യാവസായിക താല്പര്യങ്ങൾ.
എൻജിനീയർ 1:
കൊളോണിയൽ താല്പര്യങ്ങൾ.
എൻജിനീയർ 2:
ലോകതാല്പര്യങ്ങൾ.
എൻജിനീയർ 1:
പൂർണ്ണത്തിന്റെ താല്പര്യങ്ങൾ.
എൻജിനീയർ 2:
അതേ, അതാണു കാര്യം.
എൻജിനീയർ 1:
പൂർണ്ണത്തിന്റെ താല്പര്യങ്ങൾ മാത്രമേയുള്ളു.
എൻജിനീയർ 2:
പൂർണ്ണത്തോളം തല്പര്യങ്ങൾ ആർക്കുണ്ടായിക്കൂടാ.
എൻജിനീയർ 1:
താല്പര്യങ്ങളാണു പൂർണ്ണത്തെ സംരക്ഷിക്കുന്നതു്.
എൻജിനീയർ 2:
യുദ്ധങ്ങൾ അതിനെ പുലർത്തുന്നു.
തെണ്ടി:
ആഹാ, അപ്പോൾ നിങ്ങൾ സമരവീരന്മാരായ ഉറുമ്പുകളാണല്ലോ?
എൻജിനീയർ 2:
ഛീ, ഇയാൾക്കു് യാതൊന്നുമറിഞ്ഞു കൂടാ.
എൻജിനീയർ 1:
ഞങ്ങളാണു് ഏറ്റവും സമാധാനപ്രേമികളായ ഉറുമ്പുകൾ.
എൻജിനീയർ 2:
സമാധാനപ്രിയരായ ഒരു ജനത.
എൻജിനീയർ 1:
ഒരു തൊഴിലാളിരാഷ്ട്രം.
എൻജിനീയർ 2:
ലോകമേധാവിത്വത്തിനപ്പുറം ഞങ്ങൾ യാതൊന്നും കാംക്ഷിക്കുന്നില്ല.
എൻജിനീയർ 1:
ഞങ്ങൾ ലോകസമാധാനം കാംക്ഷിക്കുന്നതുകൊണ്ടു്.
എൻജിനീയർ 2:
അവരുടെ സമാധാനപരമായ താല്പര്യങ്ങൾക്കുവേണ്ടി.
എൻജിനീയർ 1:
പുരോഗതിയുടെ താല്പര്യങ്ങൾക്കുവേണ്ടി.
എൻജിനീയർ 2:
താല്പര്യങ്ങളുടെ തല്പര്യങ്ങൾക്കുവേണ്ടി ഞങ്ങൾ ലോകം ഭരിക്കുമ്പോൾ…
എൻജിനീയർ 1:
ഞങ്ങൾ സമയത്തെ കീഴടക്കും. ഞങ്ങൾക്കു സമയത്തെ ഭരിക്കണം.
തെണ്ടി:
എന്തിനെ?
എൻജിനീയർ 1:
സമയത്തെ, കാലത്തെ. കാലം സ്ഥലത്തേക്കാൾ വിശാലമാണു്.
എൻജിനീയർ 2:
കാലത്തിനു് ഇതുവരെ ഒരു യജമാനനുമുണ്ടായിട്ടില്ല.
എൻജിനീയർ 1:
കാലത്തിന്റെ യജമാനൻ എല്ലാറ്റിന്റെയും പ്രഭുവായിരിക്കും.
തെണ്ടി:
അല്പംകൂടി സാവധാനത്തിൽ പോകണേ, ദൈവത്തെയോർത്തു് കുറേക്കൂടി പതുക്കെ. ഞാൻ അല്പം ആലോചിച്ചുകൊള്ളട്ടെ.
എൻജിനീയർ 1:
വേഗത സമയത്തിന്റെ രാജാവാണു്.
എൻജിനീയർ 2:
സമയത്തെ മെരുക്കണം.
എൻജിനീയർ 1:
സമയത്തെ കീഴ്പ്പെടുത്തുന്നവൻ കാലത്തിന്റെ അധിപതിയായിരിക്കും.
എൻജിനീയർ 2:
ഓരണ്ടു് മൂന്നു് നാലു്, ഓരണ്ടു് മൂന്നു് നാലു്.
അന്ധൻ:
(കുറെക്കൂടി വേഗത്തിൽ) ഓരണ്ടു്, മൂന്നു് നാലു്, ഓരണ്ടു്…

(എല്ലാവരും കുറെക്കൂടിവേഗത്തിൽ ചലിക്കുന്നു.)

എൻജിനീയർ 1:
നമുക്കു വേഗത വർദ്ധിപ്പിക്കണം.
എൻജിനീയർ 2:
ഉല്പാദനത്തിന്റെ വേഗത.
എൻജിനീയർ 1:
ജീവിതത്തിന്റെ വേഗത.
എൻജിനീയർ 2:
ഓരോ ചലനത്തിന്റെയും വേഗത കൂട്ടണം.
എൻജിനീയർ 1:
നീളം കുറയ്ക്കണം.
എൻജിനീയർ 2:
ഓരോ നിമിഷശതാംശവും.
എൻജിനീയർ 1:
സമയം ലാഭിക്കുവാൻവേണ്ടി.
എൻജിനീയർ 2:
ഉല്പാദനം വർദ്ധിപ്പിക്കുവാൻവേണ്ടി.
എൻജിനീയർ 1:
ഇതുവരെ പണി വളരെ സാവധാനത്തിലാണു പുരോഗമിച്ചുകൊണ്ടിരുന്നതു്. വളരെ മന്ദഗതിയിൽ. ക്ഷീണംകൊണ്ടു് ഉറുമ്പുകൾ നശിക്കുകയാണു്.
എൻജിനീയർ 2:
ഏറ്റവും നഷ്ടകരമായ രീതിയിൽ.
എൻജിനീയർ 1:
മനുഷ്യോചിതമല്ലാത്ത തരത്തിൽ.
എൻജിനീയർ 2:
ഇപ്പോഴാകട്ടെ, അവർ വേഗതകൊണ്ടു മാത്രമേ നശിക്കുന്നുള്ളു.
തെണ്ടി:
അവരെന്തിനുവേണ്ടിയാണു് ഈ ധൃതിപിടിക്കുന്നതു്?
എൻജിനീയർ 1:
പൂർണ്ണതയുടെ താല്പര്യങ്ങൾക്കുവേണ്ടി.
എൻജിനീയർ 2:
ഒരുല്പാദനപ്രശ്നം. ശക്തിയുടെ പ്രശ്നം.
എൻജിനീയർ 1:
സമാധാനകാലമാണിപ്പോൾ, സമാധാനം മത്സരമാണു്.
എൻജിനീയർ 2:
ഞങ്ങൾ സമാധാനത്തിന്റെ സമരം നടത്തുകയാണു്.
അന്ധൻ:
ഓരണ്ടു് മൂന്നു് നാലു്.

(ഒരു ഉറുമ്പുദ്യോഗസ്ഥൻ എൻജിനീയർമാരെ സമീപിച്ചു് എന്തോ റിപ്പോർട്ടു ചെയ്യുന്നു.)

തെണ്ടി:
ഓരണ്ടു് മൂന്നു് നാലു്… കുറേക്കൂടി വേഗത്തിൽ… ഛീ! വൃദ്ധനും മന്ദഗതിയുമായ കാലത്തെ വേഗതയെന്ന ചാട്ടകൊണ്ടടിക്കുക. അടിച്ചടിച്ചു് അതിനെ കുതിച്ചു പായിക്കുക. എന്തെന്നാൽ വേഗത പുരോഗതിയാണു്. ലോകം അതിവേഗത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നു. അതിന്റെ ലക്ഷ്യത്തിലേക്കു് ഇരമ്പിക്കയറാൻ. അതിന്റെ നാശത്തിലേക്കായാലും വേഗത്തിലായിരുന്നാൽ മതി. അന്ധസഖാവേ എണ്ണു്, ഓര…
അന്ധൻ:
ഓരണ്ടു് മൂന്നു് നാലു്.
എൻജിനീയർ 1:
കുറേക്കൂടി വേഗത്തിൽ. വേഗം!
ഒരുറുമ്പു്:
(ചുമടോടുകൂടി വീഴുന്നു) ഹയ്യോ!
എൻജിനീയർ 2:
ശ് നിശ്ശബ്ദം. എന്താണിതു്? എഴുനേല്ക്കു്.
മറ്റൊരുറുമ്പു്:
(വീണവനെ കുനിഞ്ഞു നോക്കിക്കൊണ്ടു്) ചത്തു.
എൻജിനീയർ 1:
നിങ്ങൾ രണ്ടുപേരും അവനെ എടുത്തുകൊണ്ടുപോ; വേഗം.

(രണ്ടുറുമ്പുകൾ ശവം എടുത്തു പൊക്കുന്നു.)

എൻജിനീയർ 2:
എത്ര അഭിമാനകരം. അവൻ വേഗതയുടെ സമരരംഗത്തിൽ വീരചരമമടഞ്ഞു.
എൻജിനീയർ 1:
നിങ്ങളെന്താണീക്കാണിക്കുന്നതു്? കുറെക്കൂടി വേഗത്തിൽ എടുത്തു മാറ്റൂ. നിങ്ങൾ സ്വയം മിനക്കെടുത്തുകയാണു്. അവനെ താഴെയിടു്. (ഉറുമ്പുകൾ ശവം താഴെയിടുന്നു) കാലും തലയും ഒരുമിച്ചു്. ഓരണ്ടു് മൂന്നു് നാലു്. തെറ്റു്. താഴെയിടു്. (ഉറുമ്പുകൾ ശവം താഴെയിടുന്നു) കാലും തലയും ഒരുമിച്ചു്. ഓരണ്ടു് മൂന്നു് നാലു്. തെറ്റു്. താഴെയിടു്. (ഉറുമ്പുകൾ ശവം താഴെയിടുന്നു) തലയും കാലും, ഓരണ്ടു് മൂന്നു് നാലു്. വേഗം കൊണ്ടുപോകൂ. ക്വിക്ക് മാർച്ച്, ഓരണ്ടു്, ഓരണ്ടു്…
എൻജിനീയർ 2:
… മൂന്നു് നാലു്. വേഗം.
തെണ്ടി:
ഏതായാലും അവൻ ചത്തതു വേഗം തന്നെ.
എൻജിനീയർ 1:
ജോലിക്കു പോകൂ. ജോലിക്കു പോകൂ. കൂടുതലുള്ളവൻ കൂടുതൽ പണിയെടുക്കണം.
എൻജിനീയർ 2:
അവനു് കൂടുതൽ ആവശ്യമുണ്ടു്.
എൻജിനീയർ 1:
അവനു് കൂടുതൽ സംരക്ഷിക്കേണ്ടതായിട്ടുണ്ടു്.
എൻജിനീയർ 2:
കൂടുതൽ ലഭിക്കുവാനും.
എൻജിനീയർ 1:
നാം ഒരു സമാധാനരാഷ്ട്രമാണു്. സമാധാനമെന്നാൽ ജോലി എന്നർത്ഥം.
എൻജിനീയർ 2:
ജോലി എന്നു വച്ചാൽ ശക്തി.
എൻജിനീയർ 1:
ശക്തി എന്നു വച്ചാൽ യുദ്ധം.
എൻജിനീയർ 2:
അതെ അതെ.
ശബ്ദം:
സൂക്ഷിക്കണം; സൂക്ഷിക്കണം; വഴിമാറുവിൻ.

(തപ്പിത്തടഞ്ഞു് ഒരു കണ്ടുപിടുത്തക്കാരൻ പ്രവേശിക്കുന്നു.)

എൻജിനീയർ 2:
ആഹാ, നമ്മുടെ കണ്ടുപിടുത്തക്കാരനല്ലേ.
കണ്ടുപിടുത്തക്കാരൻ:
സൂക്ഷിക്കണം. എന്റെ തലയിൽ മുട്ടരുതു്. അതുവലുതാണു്. സ്ഫടികലോലമാണു്. അതു് എന്നേക്കാൾ വലുതാണു്. ഛീ, ഛീ, വഴിയിൽ നിന്നു് മാറിനില്ക്ക. എന്റെ തല പൊട്ടിത്തെറിച്ചേക്കും. പൊട്ടും… ഠേ! സൂക്ഷിക്കണം. ഞാനൊരു തല ചുമന്നുകൊണ്ടുവരികയാണു്. അതിൽ തട്ടരുതു്. ഒരു വശത്തേക്കു് ഒഴിഞ്ഞുനില്ക്കണം.
എൻജിനീയർ 2:
ആങ്ഹാ, നിങ്ങളുടെ തല എങ്ങനെയിരിക്കുന്നു?
കണ്ടുപിടുത്തക്കാരൻ:
അതു് വിങ്ങിപ്പൊട്ടുകയാണു്. സൂക്ഷിച്ചില്ലെങ്കിൽ അതു് ഭിത്തിയിലെല്ലാം ചെന്നു് മുട്ടും… ഠേ! അയ്യോ, അയ്യോ, രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിച്ചിട്ടും എത്തുന്നില്ലല്ലോ. അയ്യയ്യോ ഇതു ചുമക്കാൻ എനിക്കു വയ്യാ. സൂക്ഷിക്കണം… ഞാൻ പറയുന്നതു് ശ്രദ്ധിക്കുന്നുണ്ടോ? അയ്യോ അയ്യോ.
എൻജിനീയർ 1:
എന്താണു് ഇതിനൊക്കെ കാരണം?
കണ്ടുപിടുത്തക്കാരൻ:
ഒരു പുതിയ യന്ത്രം. എന്റെ തലയ്ക്കകത്തു് ഒരു പുതിയ യന്ത്രം. ചെവിയോർത്തു നോക്കൂ. നിങ്ങൾക്കു് അതോടുന്ന ശബ്ദം കേൾക്കാമോ എന്നു്. എന്റെ തല പൊളിക്കും. അയ്യോ!… അതിഭീമമായ ഒരു യന്ത്രം. വഴിമാറുവിൻ. അതിഭീമമായ ഒരു യന്ത്രം.
എൻജിനീയർ 1:
എന്തു യന്ത്രമാണു്.
കണ്ടുപിടുത്തക്കാരൻ:
ഒരു യുദ്ധയന്ത്രം. ഭീമമായ ഒന്നു്. ജീവൻ നശിപ്പിക്കാൻ ഏറ്റവും വേഗതയും കാര്യക്ഷമതയും ഉള്ള ഒരു യന്ത്രം. ഏറ്റവും വലിയ പുരോഗതി. ശാസ്ത്രത്തിന്റെ കൊടുമുടി. നിങ്ങൾക്കു കേട്ടുകൂടേ അതിന്റെ ശബ്ദം? പതിനായിരം—അല്ല—ലക്ഷം പേർ ചത്തുവീഴുന്നു. അയ്യോ, അയ്യോ, അതു് പിന്നെയും ഓടുകയാണു്. ചത്തതു് രണ്ടുലക്ഷമായിരിക്കുന്നു. അയ്യോ, അയ്യോ, അയ്യോ.
എൻജിനീയർ 1:
തികഞ്ഞ ഒരു പ്രതിഭാശാലി അല്ലേ?
കണ്ടുപിടുത്തക്കാരൻ:
അഹോ എന്തൊരു വേദന. എന്റെ തല പൊളിയുകയാണു്. വഴിമാറിനില്ക്കു, വഴി മാറൂ. ഞാൻ നിങ്ങളെ മുട്ടിയേക്കും. അയ്യോ, അയ്യോ, അയ്യോ. (പോകുന്നു)
എൻജിനീയർ 1:
ഒരു മഹാബുദ്ധി. ലോകത്തിലെ ഒന്നാമത്തെ ശാസ്ത്രജ്ഞൻ.
എൻജിനീയർ 2:
ശാസ്ത്രത്തോളം ലോകത്തെ സേവിക്കുവാനായി മറ്റൊന്നില്ല.
എൻജിനീയർ 1:
ശാസ്ത്രം മഹത്തായ ഒന്നാണു്. യുദ്ധമുണ്ടാകും.
തെണ്ടി:
യുദ്ധം! എന്തിനു്?
എൻജിനീയർ 1:
ഒരു നവീന സമരയന്ത്രമുണ്ടായിരിക്കുന്നു. അതുകൊണ്ടു്.
എൻജിനീയർ 2:
നമുക്കു് ലോകത്തിന്റെ ഒരംശംകൂടി പിടിച്ചടക്കേണ്ടതുള്ളതുകൊണ്ടു്.
എൻജിനീയർ 1:
മാമ്മൂടുമുതൽ പ്ലാമ്മൂടുവരെയുള്ള അംശം.
എൻജിനീയർ 2:
രണ്ടു പുല്ലിന്റെ ഇടയിൽക്കൂടി ഒരു വഴിയും.
എൻജിനീയർ 1:
അതുമാത്രമാണു് തെക്കോട്ടുപോകാനുള്ള ഒരേഒരു വഴി.
എൻജിനീയർ 2:
ഇതു് അഭിമാനത്തിന്റെ പ്രശ്നമാണു്.
എൻജിനീയർ 1:
കച്ചവടത്തിന്റെയും.
എൻജിനീയർ 2:
ഏറ്റവും മഹത്തായ ദേശീയലക്ഷ്യം.
എൻജിനീയർ 1:
ഒന്നുകിൽ നാം, അല്ലെങ്കിൽ ചോനന്മാർ.
എൻജിനീയർ 2:
യുദ്ധം ഇതിലപ്പുറം അടിയന്തിരമോ, അഭിമാനകരമോ ആയിത്തീർന്ന സന്ദർഭം ലോകചരിത്രത്തിൽ ഉണ്ടായിട്ടില്ല.
എൻജിനീയർ 1:
നാം നടത്താൻപോകുന്ന ഈ യുദ്ധത്തെക്കാൾ.
എൻജിനീയർ 2:
നാം സമരസന്നദ്ധരാണു്.
എൻജിനീയർ 1:
ഇനി ഒരു കാരണം ലഭിക്കേണ്ടതേ താമസമുള്ളു.
അന്ധൻ:
ഓരണ്ടു് മൂന്നു് നാലു്.

(ഒരു ചേങ്ങലശബ്ദം.)

എൻജിനീയർ 1:
എന്താണതു്? എന്താണതു്?
ശബ്ദങ്ങൾ:
ഒരു ദൂതൻ. ദൂതൻ.
ദൂതൻ:
(ഓടി പ്രവേശിക്കുന്നു) ഞാൻ ആരാണെന്നു് ആദ്യമായി പ്രസ്താവിച്ചുകൊള്ളട്ടെ. ഞാൻ തെക്കൻസൈന്യത്തിലെ ഗാട്ടുകാരനാണു്.
എൻജിനീയർ:
ശരി, ഉം?
ദൂതൻ:
ഉത്തരവനുസരിച്ചു ഞങ്ങൾ ചോനന്മാരുടെ അതിർത്തികടന്നു മുന്നേറി.
എൻജിനീയർ 1:
എന്നിട്ടു്?
ദൂതൻ:
ചോനന്മാർ എന്നെ പിടിച്ചുകെട്ടി അവരുടെ സേനാനായകന്റെ മുൻപിൽ ഹാജരാക്കി.
എൻജിനീയർ 1:
ഊം.
ദൂതൻ:
ഇതാ സേനാനായകന്റെ കത്തു്.
എൻജിനീയർ 1:
ഇവിടെ കൊണ്ടുവരൂ. (കടലാസു വാങ്ങി വായിക്കുന്നു) “ചോനന്മാരുടെ ഗവണ്മെന്റ് ചിതൽരാഷ്ട്രത്തോടു ആവശ്യപ്പെടുന്നതെന്തെന്നാൽ, രണ്ടു പുല്ലിന്റെയും ഇടയ്ക്കുള്ള വഴിയിൽനിന്നും മാമ്മൂടിനും പ്ലാമ്മൂടിനും മദ്ധ്യത്തിലുള്ള പ്രദേശത്തുനിന്നും ചിതലുകൾ, മൂന്നുമിനിറ്റിനകം അവരുടെ സൈന്യത്തെ പിൻവലിച്ചുകൊള്ളേണ്ടതാണു്.”
എൻജിനീയർ 2:
ശ്രദ്ധിക്കുവിൻ, ശ്രദ്ധിക്കുവിൻ.
എൻജിനീയർ 1:
“അതോടൊപ്പംതന്നെ ഞങ്ങൾ ഞങ്ങളുടെ സൈന്യത്തോടു മുന്നേറാൻ ആജ്ഞകൊടുക്കുകയും ചെയ്തിരിക്കുന്നു.” (കടലാസ് നിലത്തു വലിച്ചെറിയുന്നു) യുദ്ധം! ഒടുവിൽ യുദ്ധം വരികതന്നെ ചെയ്തു. യുദ്ധം!
എൻജിനീയർ 2:
അവസാനം ഒരു യുദ്ധം നമ്മുടെമേൽ കെട്ടിയേല്പിക്കപ്പടുന്നു.
എൻജിനീയർ 1:
ആയുധമേന്തുക!
മറ്റൊരുദൂതൻ:
(ഓടിപ്രവേശിക്കുന്നു) ചോനന്മാർ നമ്മുടെ അതിർത്തിലംഘിച്ചു് ആക്രമണമാരംഭിച്ചിരിക്കുന്നു.
എൻജിനീയർ 1:
(ചിതൽപ്പുറ്റിലേയ്ക്കു് ഓടിക്കയറിക്കൊണ്ടു്) ആയുധമേന്തുക! ആയുധമേന്തുക!
എൻജിനീയർ 2:
(മറ്റൊരു മാർഗ്ഗത്തിൽക്കൂടി പ്രവേശിച്ചുകൊണ്ടു്) ഉടൻ സൈന്യശേഖരണം. ആയുധമേന്തുക.
രണ്ടു ദൂതന്മാർ:
(ഭിന്നമാർഗ്ഗങ്ങളിൽക്കൂടി പ്രവേശിച്ചുകൊണ്ടു്) ആയുധമേന്തുക! ആയുധമേന്തുക!

(സൈറൺവിളികൾ. എല്ലാവശത്തുനിന്നും ചിതലുകൾ പുറ്റിനകത്തേയ്ക്കു് ഇരച്ചുകയറുന്നു.)

അന്ധൻ:
ഓരണ്ടു് മൂന്നു് നാലു്. ഓരണ്ടു് മൂന്നു് നാലു്.

(അകത്തു് ഭയങ്കരമായ ആരവം.)

തെണ്ടി:
ആയുധമേന്തുക! ആയുധമേന്തുക! രണ്ടു പുല്ലിനിടയിൽക്കൂടിയുള്ള പാത അപകടത്തിൽ. നിങ്ങൾ കേൾക്കുന്നുണ്ടോ? പുൽക്കൊടിമുതൽ പുൽക്കൊടിവരെയുള്ള മുടുക്കു്. പുല്ലുമുതൽ പുല്ലുവരെയുള്ള മുടുക്കു്. പുല്ലുമുതൽ പുല്ലുവരെയുള്ള ഒരുചാൺഭൂമി. നിങ്ങളുടെ ദിവ്യാകാശങ്ങൾ, രാഷ്ട്രത്തിന്റെ ഏറ്റവും മഹത്തായ താല്പര്യങ്ങൾ—ലോകത്തിന്റെ മുഖ്യപ്രശ്നം—സർവ്വസ്വവും അപകടത്തിൽ. ചിതലുകളോ ആയുധമെടുത്തു. രണ്ടു ഉമിക്കിടയിലുള്ള ഭൂമി മറ്റൊരുവന്റെ കൈവശത്തിലാണെങ്കിൽ പിന്നെ നിങ്ങളെന്തിനു ജീവിക്കണം. അപരിചിതനായ ഒരുറുമ്പു് അവന്റെ ഭാണ്ഡങ്ങളുമായി നിങ്ങളുടെ പുറ്റിലേയ്ക്കു പ്രവേശിച്ചാലോ. ഈ രണ്ടു പുല്ലിനുവേണ്ടി ഒരുലക്ഷം ജീവൻ കൊടുക്കുകയെന്നതു് ഒട്ടും അധികമല്ല. ഞാനും യുദ്ധംചെയ്തിട്ടുണ്ടു്. ങ്ഹാ, അതു കീടങ്ങൾക്കു അനുയോജ്യമായ തൊഴിലാണു്. കിടങ്ങു കുഴിക്കുക, മണ്ണിനടിയിൽ ഒളിക്കുക, മുദ്രാവാക്യം വിളിക്കുക, അണിനിരന്നു മുന്നേറുക, തോക്കുമേന്തി ശവക്കുന്നുകളുടെ മുകളിൽക്കൂടി ആക്രമിക്കുക, ബയണറ്റുറപ്പിക്കുക, അമ്പതിനായിരം ചത്തുവീഴട്ടെ. ഇതെല്ലാം ഇരുപതുവാര കക്കൂസുകൾക്കുവേണ്ടിയാണു്. ജയ്, ജയ്! ആയുധമേന്തുക! പൂർണ്ണത്തിന്റെ താല്പര്യങ്ങൾ അപകടത്തിലായിരിക്കുന്നു. ചരിത്രപരമായ നിങ്ങളുടെ പൈതൃകത്തെ കാതുരക്ഷിക്കുവിൻ. പോരാ, നിങ്ങളുടെ നാട്ടിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക. അതുംപോരാ, ലോകാധിപത്യം സമ്പാദിക്കുക. നാം അവിടെയും നിറുത്തുകയില്ല. രണ്ടു പുല്ലുകൾ, അതാണു് നമ്മുടെ ലക്ഷ്യം. ഇത്രയേറെ മഹത്തായ ഒരു പ്രശ്നം ശവംകൊണ്ടുമാത്രമേ പരിഹരിക്കാനാവൂ. ആയുധമേന്തുക! ആയുധമേന്തുക!
കോശസ്ഥകീടം:
ഭൂമി വിറകൊള്ളുകയാണു്. എന്തോ ഗംഭീരമായതിനെ പ്രസവിക്കുകയാണു്. ഞാൻ ജനിക്കുകയാണു്!

(പടഹധ്വനി. ഇരുമ്പുതൊപ്പികൾ ധരിച്ച ചിതലുകൾ തോക്കു്, ബയണറ്റു, മെഷീൻഗൺ മുതലായവയുമായി പ്രവേശിച്ചു് അണിയായി നില്ക്കുന്നു. ഒന്നാം എൻജിനീയർ സർവ്വസൈന്യാധിപന്റെ യൂണിഫോറത്തിൽ കീഴുദ്യോഗസ്ഥന്മാരുമായി പ്രവേശിക്കുന്നു. 2-ാം എൻജിനീയർ സ്റ്റാഫ് പ്രധാനിയുടെ വേഷത്തിൽ അനുചരന്മാരോടുകൂടി പിറകേയും.)

തെണ്ടി:
(അണികൾ പരിശോധിച്ചുകൊണ്ടു്) നോക്കു് നല്ല പരിശീലനത്തിന്റെ ഫലമാണിതു്. അറ്റൻഷ്യൻ! റോൾകോൾ മണിയടിക്കു. വീരഭടന്മാരേ, നിങ്ങളുടെ രാജ്യം നിങ്ങളെ സമരരംഗത്തേക്കയയ്ക്കുകയാണു്. നിങ്ങൾ മരിക്കുവാൻവേണ്ടി, രണ്ടു പുല്ലുകൾ നിങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു!
എൻജിനീയർ 1:
(ഉയർന്ന ഒരു സ്ഥലത്തു കയറിനിന്നുകൊണ്ടു്) ഭടന്മാരേ, നിങ്ങളെ സമരത്തിനു ക്ഷണിക്കുവാൻ നാം നിർബ്ബന്ധിതനായിത്തീർന്നിരിക്കുന്നു. നീചനായ ഒരു ശത്രു, നമ്മുടെ സമാധാനപരമായ സന്നാഹങ്ങളെ തകർക്കുവാൻവേണ്ടി വഞ്ചനാപരമായി നമ്മെ ആക്രമിച്ചിരിക്കുന്നു. ഗുരുതരമായ ഈ പ്രതിസന്ധിഘട്ടത്തിൽ നാം എന്നെ സർവ്വാധിപതിയായി നിയമിച്ചിരിക്കുന്നു.
എൻജിനീയർ 2:
സർവ്വാധിപതിക്കു ജെയ് വിളിക്കുവിൻ. വിളിക്കു, കുട്ടികളേ… അല്ലെങ്കിൽ!
സൈന്യം:
സർവ്വാധിപതിക്കു ജെയ്!
എൻജിനീയർ സർവ്വാധിപതി:
(സല്യൂട്ടു ചെയ്തുകൊണ്ടു്) നിങ്ങൾക്കു നന്ദി. സന്ദർഭത്തിന്റെ ഗൗരവം നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ഭടന്മാരേ, നാം സ്വാതന്ത്ര്യത്തിനും, നീതിക്കും വേണ്ടിയാണു് സമരം ചെയ്യുന്നതു്.
എൻജിനീയർ 2:
രാഷ്ട്രത്തിന്റെ മഹിമയ്ക്കു വേണ്ടി…
സർവ്വാധിപതി:
രാഷ്ട്രത്തിന്റെ മഹിമയ്ക്കു വേണ്ടി, സംസ്കാരത്തിനും സൈനികബഹുമതിക്കും വേണ്ടി നാം യുദ്ധം ചെയ്യും. ഭടന്മാരേ, നമ്മുടെ അവസാനത്തെത്തുള്ളിരക്തംവരെ നാം നിങ്ങൾക്കു വേണ്ടി ചൊരിയും.
എൻജിനീയർ 2:
നമുക്കു നമ്മുടെ ഭടന്മാരിൽ വിശ്വാസമുണ്ടു്. ഞങ്ങൾ അവസാനവിജയംവരെ സമരം ചെയ്യും. നമ്മുടെ വീരന്മാരായ ഭടന്മാർ നീണാൾ വാഴട്ടെ. ജെയ്!
സൈന്യം:
ജെയ് !
സർവ്വാധിപതി:
(രണ്ടാം എൻജിനീയറോടു്) ഒന്നും രണ്ടും ഡിവിഷനുകൾ ആക്രമിക്കട്ടെ. നാലാമത്തെ ഡിവിഷൻ മാമ്മൂടിനെ വലയം ചെയ്തു് ചോനന്റെ പുറ്റിലേയ്ക്കു പ്രവേശിക്കട്ടെ. സ്ത്രീകളെയും മുട്ടകളേയും നശിപ്പിക്കണം. മൂന്നാം ഡിവിഷൻ റിസർച്ച്. യാതൊരു ദാക്ഷിണ്യവും കാണിക്കണ്ട.

(രണ്ടാം എൻജിനീയർ സല്യൂട്ടു ചെയ്യുന്നു.)

സർവ്വാധിപതി:
മഹത്തായ ഈ കർമ്മത്തിൽ ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ. ഭടന്മാരേ, റൈറ്റ്റ്റേൺ, ക്വിക്ക് മാർച്ച്!

(പടഹധ്വനി)

സ്റ്റാഫ് പ്രധാനി:
വൺ റ്റൂ… യുദ്ധം നമ്മുടെ മേൽ കെട്ടിയേല്പിക്കപ്പെട്ടതാണു്—വൺ റ്റൂ… വൺ റ്റൂ… നീതിയുടെ പേരിൽ… യാതൊരു കാരുണ്യവും കാണിക്കരുതു്… നിങ്ങളുടെ അടുക്കളകൾക്കും ഭവനങ്ങൾക്കും വേണ്ടി… വൺ റ്റൂ വൺ റ്റൂ… നാം നമ്മുടെ ആത്മരക്ഷ നടത്തുക മാത്രമാണു് ചെയ്യുന്നതു്. ലോകാധിപത്യത്തിനു വേണ്ടി സമരം ചെയ്യുവിൻ. കുറെക്കൂടി വിശാലമായ ഒരു മാതൃഭൂമിക്കുവേണ്ടി… വൺ റ്റൂ… അജയ്യനായ ഒരു ശത്രു… ജനതയുടെ ഇച്ഛ. സമരാങ്കണത്തിലേയ്ക്കു്! ആഞ്ഞടിക്കുക!… ചരിത്രപരമായ അവകാശങ്ങൾ, സൈന്യത്തിന്റെ ഉജ്ജ്വലമായ വീര്യം. വൺ റ്റൂ… വൺ റ്റൂ.

(പടഹധ്വനിക്കൊത്തു് കൂടുതൽസൈന്യങ്ങൾ മാർച്ചുചെയ്തുപോകുന്നു.)

സർവ്വാധിപതി:
ഭടന്മാരേ, നിങ്ങൾക്കു സൗഭാഗ്യം. അഞ്ചാം പട്ടാളത്തിനു് ജെയ്, ചക്കക്കുരു ജേതാക്കൾക്കു ജയ്! സുപ്രധാനമായ ഒരു കാലഘട്ടം, വിജയത്തിലേയ്ക്കു്. ലോകം പിടിച്ചടക്കുക, മഹനീയമായ ധീരത. വൺ റ്റൂ വൺ റ്റൂ. ഏഴാംപട്ടാളത്തിനു ജെയ്, ഭടന്മാരേ, അവരെ അടിച്ചു തരിപ്പണമാക്കണം. ചോനന്മാർ ഭീരുക്കളാണു്. കൊള്ളിവയ്ക്കു്, വെട്ടിക്കൊല്ലു… വീരന്മാരേ!
ദൂതൻ:
(ഓടി പ്രവേശിച്ചു്) ചോനന്മാർ പ്ലാവിന്റെ വേരിനും പാറക്കല്ലിനും ഇടയ്ക്കുള്ള സ്ഥലം ആക്രമിച്ചിരിക്കുന്നു.
സർവ്വാധിപതി:
തികച്ചും പ്ലാനനുസരിച്ചുതന്നെ. ഭടന്മാരേ, കുറെക്കൂടി വേഗത്തിൽ… വൺ റ്റൂ… യുദ്ധം നമ്മുടെമേൽ… അടിച്ചേല്പിക്ക… രാഷ്ട്രത്തിന്റെ… മഹിമ വെറുതേ വിടരു… നീതിബോധഭടന്മാരേ, ധീരത കാട്ടുവിൻ… വിജയം നമ്മുടെ… ചരിത്രത്തിലേറ്റ വിശിഷ്ടനിമിഷ… ക്വിക്ക് മാർച്ച് ക്വിക്ക് മാർച്ച് ക്വിക്ക് മാർച്ച്. (ദൂരത്തിൽ പൊട്ടൽ ശബ്ദങ്ങൾ) യുദ്ധം ആരംഭിക്കുകയാണു… രണ്ടാമത്തെ സൈന്യശേഖരം. (സമരരംഗം ഒരു ചെറിയ ദൂരദർശിനിയിൽകൂടി പരിശോധിക്കുന്നു.)
അന്ധൻ:
ഓരണ്ടു് മൂന്നു് നാലു്, ഓരണ്ടു്…

(ബഹളം വർദ്ധിക്കുന്നു.)

കോശസ്ഥകീടം:
(ആക്രോശിക്കുന്നു) ഭൂമി പൊട്ടിപ്പിളരുകയാണു്. ഞാൻ ചൂണ്ടിക്കാണിക്കുന്ന അടയാളങ്ങൾ ശ്രദ്ധിക്കുവിൻ. എന്റെ ജനനത്തിനുവേണ്ടി പ്രപഞ്ചത്തിന്റെ അന്തർഭാഗത്തു് ഈറ്റുനോവെടുക്കുന്നു.
സർവ്വാധിപതി:
രണ്ടാമത്തെ സൈന്യശേഖരം. മൂന്നാമത്തെ ശേഖരം, ആയുധമേന്തുക! ആയുധമേന്തുക! (ക്വാർട്ടർ മാസ്റ്റർ ജനറലിനോടു്) ഒരു റിപ്പോർട്ട് സമർപ്പിക്കൂ.
ക്വാർട്ടർ മാസ്റ്റർ:
(ഉയർന്ന ശബ്ദത്തിൽ) അവസാനം അനുകൂലമായ കാലാവസ്ഥയോടെ യുദ്ധം ആരംഭിച്ചിരിക്കുന്നു. നമ്മുടെ ധീരയോദ്ധാക്കൾ പ്രശസ്തമായ വീറോടെ പൊരുതുന്നുണ്ടു്.

(പുറ്റിൽനിന്നു പുതിയൊരു സംഘം ഭടന്മാർ പടഹധ്വനിയോടെ മാർച്ചു ചെയ്യുന്നു.)

സർവ്വാധിപതി:
റൈറ്റേൺ, ക്വിക്ക് മാർച്ച് കുട്ടികളേ, കുറേക്കൂടി വേഗം.
ദൂതൻ:
(ഓടി പ്രവേശിച്ചു്) നമ്മുടെ വലതുപക്ഷം പിന്മാറുകയാണു്. അഞ്ചാം പട്ടാളത്തിന്റെ പൊടിപോലുമില്ല.
സർവ്വാധിപതി:
പ്ലാനനുസരിച്ചുതന്നെ. ആറാം പട്ടാളത്തോടു തൽസ്ഥാനത്തേയ്ക്കു മുന്നേറാൻ പറയൂ.

(ദൂതൻ ഓടിപ്പോകുന്നു.)

തെണ്ടി:
(പൊട്ടിച്ചിരിച്ചു്) പ്ലാനനുസരിച്ചുതന്നെ! യമദേവൻതന്നെ വന്നു ജനറലിനു പകരം പണിയെടുക്കുമ്പോൾ പിന്നെ എന്തിനാണൊരു കുറവു്. അഞ്ചാംപട്ടാളം പ്ലാനനുസരിച്ചുതന്നെ നശിച്ചു. എനിക്കിതൊന്നും പുത്തരിയല്ല. ഞാനിതൊക്കെ മുമ്പു കണ്ടിട്ടുള്ളതാണു്. വിശാലമായ വയലുകൾ നിറയെ ശവം വിതച്ചിരിക്കുന്നതും കശാപ്പുചെയ്യപ്പെട്ട മനുഷ്യമാംസം മഞ്ഞിൽകിടന്നുറയുന്നതും, ലോകോത്തരസേനാനിയായ മരണം തന്നെ മാറു നിറയെ ബഹുമതി മുദ്രകളും തലയിൽ പൂചൂടിയ തൊപ്പിയുമായി, ചത്തടിഞ്ഞവരെ കൂമ്പാരം കൂട്ടിയിരിക്കുന്നതു് പ്ലാനനുസരിച്ചുതന്നെയാണോ എന്നു നിഷ്കൃഷ്ടമായി പരിശോധിച്ചുകൊണ്ടിരിക്കുന്നതും, എല്ലാം എല്ലാം ഞാൻ കണ്ടിട്ടുണ്ടു്.

(സ്ട്രച്ചർവാഹകർ മുറിവേറ്റവരേയും ചുമന്നുകൊണ്ടു പ്രവേശിക്കുന്നു.)

മുറിവേറ്റയാൾ:
(നിലവിളിച്ചുകൊണ്ടു്) അഞ്ചാംപട്ടാളം. ഞങ്ങളുടെ പട്ടാളം. ഞങ്ങളെല്ലാം ചത്തേ! നിറുത്തണേ! നിറുത്തണേ!

(കമ്പിത്തപാൽ യന്ത്രം ശബ്ദിക്കുന്നു.)

കമ്പിക്കാരൻ:
(സന്ദേശം വായിക്കുകയാണു്) “അഞ്ചാം പട്ടാളം നശിച്ചിരിക്കുന്നു. ഞങ്ങൾ ഉത്തരവു കാത്തിരിക്കുകയാണു്.”
സർവ്വാധിപതി:
ആറാംപട്ടാളം ആ സ്ഥാനത്തേയ്ക്കു പോകട്ടെ. (ക്വാർട്ടർ മാസ്റ്റർ ജനറലിനോടു്) ഒരു റിപ്പോർട്ടു സമർപ്പിക്കൂ.
ക്വാർട്ടർമാസ്റ്റർ:
(ഉച്ചത്തിൽ) യുദ്ധം വിജയകരമായി പുരോഗമിക്കുകയാണു്. അഞ്ചാംപട്ടാളം ശത്രുവിന്റെ മുന്നേറ്റത്തെ ധീരധീരം ചെറുത്തുകൊണ്ടു ബഹുമതിയാർജ്ജിച്ചിരിക്കുന്നു. അതുകൊണ്ടു തൽസ്ഥാനത്തേയ്ക്കു് ആറാംപട്ടാളത്തെ നിയോഗിച്ചിരിക്കുന്നു.
സർവ്വാധിപതി:
ഭേഷ് ! നാം നിങ്ങൾക്കു ബഹുമതിബിരുദം നൽകുന്നതായിരിക്കും.
ക്വാർട്ടർമാസ്റ്റർ:
നന്ദി. ഞങ്ങൾ എന്റെ ചുമതല നിർവ്വഹിക്കുക മാത്രമേ ചെയ്തുള്ളു.
ഒരു ചട്ടുകാലി:
(പത്രപ്രതിനിധിയായ ഈ സ്ത്രീ കുറിപ്പു പുസ്തകവുമായിട്ടാണു സമീപിക്കുന്നതു്) ഞാനൊരു ജർണലിസ്റ്റാണു്. ഞ് ഞ് ഞ് ഞങ്ങൾ ഒരു വിജയം പ് പ് പ് പ് പ്രഖ്യാപനം ചെയ്യട്ടേ?
സർവ്വാധിപതി:
ഓഹോ. ആകാം. വിജയകരമായ പടനീക്കങ്ങൾ. മുൻകൂട്ടിത്തയ്യാറാക്കിയ പരിപാടികളുടെ ഫലമായിട്ടു്, അപ്രതിഹതമായ മുന്നേറ്റം. ശത്രുവിന്റെ മനോവീര്യം നശിപ്പിച്ചുകഴിഞ്ഞു.
ചട്ടുകാലി:
ഞ്… ഞ്… ഞ്… ഞ്… ഞ്…
സർവ്വാധിപതി:
നിങ്ങളെന്താണു പറഞ്ഞതു്?
ചട്ടുകാലി:
ഞ് ഞങ്ങൾ എല്ലാം അനുനുനുസരിക്കാം.
സർവ്വാധിപതി:
കൊള്ളാം. നാം പത്രലോകത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നുണ്ടു്. പ്രശംസാർഹമായ ഈ സ്പിരിറ്റു മറക്കാതിരിക്കുക.
ചട്ടുകാലി:
പ് പ് പ് പ് പ് പത്രങ്ങൾ അവയുടെ ചു് ചു് ചു് ചുമതല നിർവ്വഹിക്കുന്നുണ്ടു്. (ഓടിപ്പോകുന്നു.)
ജനസേവകൻ:
(പിരിവുപെട്ടിയുമായി പ്രവേശിക്കുന്നു) മുറിവേറ്റവരെ സഹായിക്കുക. എല്ലാം മുറിവേറ്റവർക്കു്, മുറിവേറ്റവർക്കു്. സമ്മാനങ്ങൾ! എല്ലാം മുറിവേറ്റവർക്കു കൊടുക്കുക. അംഗഭംഗംവന്നവരെ സഹായിക്കുക. എല്ലാം അംഗഹീനർക്കു്. അംഗഹിനരെ സഹായിക്കുക.
സർവ്വാധിപതി:
(ഉദ്യോഗസ്ഥനോടു്) രണ്ടാം പട്ടാളം ആക്രമിക്കട്ടെ. എന്തു നഷ്ടംവന്നാലും ശരി അവർ അണിഭേദിച്ചു് അപ്പുറം കടക്കണം.
ജനസേവകൻ:
നമ്മുടെ വീരന്മാർക്കുവേണ്ടി. നിങ്ങളുടെ സഹോദരന്മാരെ സഹായിക്കുക. മുറിവേറ്റവർക്കു സഹായം!
തെണ്ടി:
എല്ലാം മുറിവേറ്റവർക്കു്! മുറിവേറ്റവർക്കു വേണ്ടി യുദ്ധം. എല്ലാം അവരുടെ മുറിവുകൾക്കുവേണ്ടി.
ജനസേവകൻ:
അംഗഹീനർക്കു സഹായം, മുറിവേറ്റവർക്കു കൊടുക്കുക.
തെണ്ടി:
(ഒരു ബട്ടൺ പറിച്ചെടുത്തു പെട്ടിയിലിട്ടുകൊടുക്കുന്നു) എല്ലാം മുറിവേറ്റവർക്കു! എന്റെ അവസാനത്തെ ബട്ടണും യുദ്ധത്തിനു്.
മുറിവേറ്റ മറ്റൊരാൾ:
(ആംബുലൻസിനകത്തു കിടന്നു നിലവിളിക്കുന്നു) അയ്യോ, അയ്യോ, അയ്യോ. ദൈവത്തെയോർത്തു് എന്നെ കൊല്ലു്. എനിക്കീ വേദന സഹിക്കാൻ മേല. അയ്യോ, അയ്യോ, അയ്യോ.
ജനസേവകൻ:
(പുറത്തേക്കു പോകുന്നതിനിടയിൽ) മുറിവേറ്റവരെ സഹായിക്കുക.

(കമ്പിത്തപാൽ യന്ത്രം ശബ്ദിക്കുന്നു.)

കമ്പിക്കാരൻ:
ചോനന്മാരുടെ വലതുപക്ഷം പിന്മാറുകയാണു്.
സർവ്വാധിപതി:
അവരെ പിന്തുടരണം. ഉന്മൂലനാശം വരുത്തണം. നമുക്കു തടവുകാർ വേണ്ട. അതു് ഒരു ഭാരമായിരിക്കും.
ക്വാർട്ടർമാസ്റ്റർ:
(ഉച്ചത്തിൽ) ശത്രു കുഴപ്പത്തിൽ പലായനം ചെയ്കയാണു്. നമ്മുടെ സൈന്യങ്ങൾ മരണത്തെ വെല്ലുവിളിച്ചുകൊണ്ടു് അതിധീരമായി അവരെ പിൻതുടരുകയാണു്.
സർവ്വാധിപതി:
നാലാമത്തെ സൈന്യശേഖരം!

(ക്വാർട്ടർ മാസ്റ്റർജനറൽ പുറ്റിനുള്ളിലേയ്ക്കു് ഓടുന്നു.)

കമ്പിക്കാരൻ:
ആറാംപട്ടാളം ഒന്നൊഴിയാതെ ചത്തൊടുങ്ങി.
സർവ്വാധിപതി:
പ്ലാനനുസരിച്ചുതന്നെ. പത്താംപട്ടാളം അവരുടെ സ്ഥാനത്തേയ്ക്കു്; നാലാമത്തെ സൈന്യശേഖരം.

(സായുധരായ പുതിയ സൈന്യങ്ങൾ പ്രവേശിക്കുന്നു.)

സർവ്വാധിപതി:
അറ്റ് ദി ഡബിൾ!
കമ്പിക്കാരൻ:
നാലാംപട്ടാളം പ്ലാവിനെ ചുറ്റി ചോന ഭടന്മാരുടെ പുറ്റിനെ പിറകിൽനിന്നാക്രമിച്ചിരിക്കുന്നു. കാവൽപട്ടാളത്തെ മുഴുവനും കൊന്നുകഴിഞ്ഞു.
സർവ്വാധിപതി:
അതു് ഇടിച്ചുനിരത്തിക്കളയണം. സ്ത്രീകളേയും മുട്ടകളേയും നശിപ്പിക്കണം.
കമ്പിക്കാരൻ:
ശത്രു അമർച്ചചെയ്യപ്പെട്ടിരിക്കുന്നു. മുൾക്കാട്ടിലെ ഒരടി സ്ഥലം അവർ ഉപേക്ഷിച്ചുപോയിരിക്കുന്നു.
സർവ്വാധിപതി:
വിജയം നമ്മുടേതു്! (മുട്ടുകുത്തിനിന്നു് ഉഷ്ണീഷമൂരിക്കൊണ്ടു്) ഉറുമ്പുകളുടെ മഹാനായ ദൈവമേ, അവിടുന്നു് നീതിക്കു വിജയം നല്കിയിരിക്കുന്നു. നാം അങ്ങയെ കർണ്ണലാക്കി നിയമിച്ചിരിക്കുന്നു! (ചാടി എണീറ്റു്) മൂന്നാം പട്ടാളം ശത്രുവിനെതിരായി മുന്നേറട്ടെ. എല്ലാ റിസർവ്വ് സൈന്യങ്ങളും പടക്കളത്തിലേയ്ക്കു്! ആരെയും വിട്ടുകളയരുതു്. തടവുകാരെപ്പിടിക്കേണ്ട. മുന്നോട്ടു്. (സാഷ്ടാംഗപ്രണാമം) ശക്തിയുടെ നീതിമാനായ ദൈവമേ! അങ്ങേയ്ക്കറിയാം ഞങ്ങളുടെ… (ചാടി എണീറ്റു്) അവരെ ആക്രമിച്ചു പിടിച്ചോ. വിടരുതു്. എല്ലാറ്റിനെയും കൊന്നൊടുക്കണം. ലോകാധിപത്യത്തിന്റെ പ്രശ്നം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. (മുട്ടുകുത്തുന്നു) ഉറുമ്പുകളുടെ ദൈവമേ, നിർണ്ണായകമായ ഈ നാഴികയിൽ… (നിശ്ശബ്ദമായി പ്രാർത്ഥിക്കുന്നു.)
തെണ്ടി:
(സർവ്വാധിപതിയുടെമേൽ കുനിഞ്ഞു നിന്നു് താഴ്‌ന്ന ശബ്ദത്തിൽ) ലോകാധിപത്യം! ക്ഷുദ്രകീടമേ, നാഴൂരിചളിയും പുല്ലും ലോകമാണു് അല്ലേ? ഭൂമിയിലെ ഈ വൃത്തികെട്ട ഒരുച്ചാൺ ചളിക്കുഴി. ഈ പുറ്റു മുഴുവനും, എന്നല്ല ഉറുമ്പുവർഗ്ഗത്തെ മുഴുവനും ചവിട്ടിത്തേച്ചുകളഞ്ഞാലും ഒരു മരത്തിന്റെ ഇലപോലും അനങ്ങുകയില്ല മൂഢാ!
സർവ്വാധിപതി:
നീയരാണു്?
തെണ്ടി:
ഇപ്പോൾ ഒരു ശബ്ദംമാത്രം. ഇന്നലെ മറ്റൊരു ചിതൽപ്പുറ്റിലെ ഭടനായിരുന്നിരിക്കാം. നീ എന്താണെന്നാണു ധരിച്ചുവശായിരിക്കുന്നതു്. ലോകജേതാവോ? നിനക്കു നിന്നെത്തന്നെ ഒരു ലോകജേതാവായിത്തോന്നുന്നുണ്ടോ? നിന്റെ മഹിമയുടെ അടിസ്ഥാനമായ ഈ ശവക്കുന്നിനു വലിപ്പംപോരെന്നു തോന്നുന്നുണ്ടോ? നിന്റെ മഹിമയുടെ അടിസ്ഥാനമായ ഈ ശവക്കുന്നിനു വലിപ്പംപോരെന്നു തോന്നുന്നുണ്ടു്, അല്ലേ. വൃത്തികെട്ട പുഴു.
സർവ്വാധിപതി:
(ചാടിഎണീക്കുന്നു) അതൊന്നും സാരമില്ല. നാം നമ്മെ ചക്രവർത്തിയായി പ്രഖ്യാപിക്കുന്നു.

(കമ്പിത്തപാൽ യന്ത്രം ശബ്ദിക്കുന്നു.)

കമ്പിക്കാരൻ:
രണ്ടാംപട്ടാളം സഹായസേനകളെ കൊടുക്കാൻ ആവശ്യപ്പെടുന്നു. നമ്മുടെ ഭടന്മാർ ക്ഷീണിക്കുന്നു.
സർവ്വാധിപതി:
എന്തു്! അവർ യുദ്ധം തുടരട്ടെ. അവരെ ചാട്ടയ്ക്കടിച്ചു യുദ്ധംചെയ്യിക്കണം.
കമ്പിക്കാരൻ:
മൂന്നാംപട്ടാളം ആകെ കുഴപ്പത്തിലായിരിക്കുന്നു.
ഒരുറുമ്പു്:
(രംഗത്തുകൂടി ഓടിരക്ഷപ്പെടുകയാണു്) ഞങ്ങൾ ഓടിരക്ഷപ്പെടുകയാണു്.
സർവ്വാധിപതി:
അഞ്ചാമത്തെ സൈന്യശേഖരം, എല്ലാവരും ആയുധമേന്തണം.
അട്ടഹാസം:
(അണിയറയിൽ) പാടില്ല. അരുതു്, അരുതു്, പുറകോട്ടു്!
ഒരു നിലവിളി:
എങ്ങനെയെങ്കിലും ഓടിരക്ഷപ്പെട്ടോളു.
സർവ്വാധിപതി:
അഞ്ചാമത്തെ സൈന്യശേഖരം, സൈനികസേവനത്തിനു കൊള്ളാത്തവരും പടക്കളത്തിലേയ്ക്കു പോകട്ടെ. എല്ലാവരും യുദ്ധത്തിനു്!
ഭടൻ:
(ഇടതുവശത്തുനിന്നു് ഓടി പ്രവേശിക്കുന്നു) നാം തോല്ക്കുകയാണു്. ഓടിക്കോ.
രണ്ടു ഭടന്മാർ:
(വലത്തുവശത്തുനിന്നു്) അവർ നമ്മെ വലയംചെയ്തിരിക്കുന്നു. രക്ഷപ്പെട്ടോളു.
ഭടൻ:
(ഇടത്തുനിന്നു്) പടിഞ്ഞാറോട്ടു ഓടിരക്ഷപ്പെട്ടോളു, പടിഞ്ഞാറോട്ടു്.
ഭടന്മാർ:
(വലത്തുവശത്തു്) അവർ പടിഞ്ഞാറുഭാഗം കൈവശപ്പെടുത്തിക്കഴിഞ്ഞു. കിഴക്കോട്ടോടിക്കോ, കിഴക്കോട്ടു് !
സർവ്വാധിപതി:
(അലറുന്നു) പുറകോട്ടു്! നിങ്ങളുടെ അണികളിലേയ്ക്കു തിരിച്ചുപോവുക, പടക്കളത്തിലേയ്ക്കു്.
ഒരു സംഘം:
(ഭ്രാന്തിളകിയതുപോലെ വലത്തുവശത്തുനിന്നോടിവരുന്നു) നമുക്കു രക്ഷപ്പെടാം. തീ പടർന്നുപിടിക്കുന്നു.
മറ്റൊരു സംഘം:
(ഇടത്തുനിന്നു്) പടിഞ്ഞാട്ടു്! രക്ഷപെട്ടോളു. വഴിമാറൂ.
ഒരു സംഘം:
ഓടിക്കോ. അവർ നമ്മെ കൊന്നുതീർക്കുകയാണു്. കിഴക്കോട്ടു്.
മറ്റൊരു സംഘം:
പടിഞ്ഞാട്ടു്! വഴിതരൂ. അവർ വരുന്നേ!

(രണ്ടുസംഘവും കൂടിച്ചേർന്നു് പരസ്പരം കലഹിക്കുന്നു.)

സർവ്വാധിപതി:
(അവരുടെ ഇടയിലേയ്ക്കുചാടി അവരെ അടിക്കുന്നു) പുറകോട്ടു്! ഭീരുക്കൾ! നാല്ക്കാലികളേ, നാം നിങ്ങളുടെ ചക്രവർത്തയാണു്.
ഭടൻ:
വായടയ്ക്കെടാ! (സർവ്വാധിപതിയെ വെട്ടിവീഴ്ത്തുന്നു) ഓടിക്കോ!
എൻജിനീയർ 2:
(മുറിവേറ്റുപ്രവേശിച്ചു് ഉയർന്ന സ്ഥാനത്തു കയറിനില്ക്കുന്നു) അവർ നഗരം പിടിച്ചു. വിളക്കുകളെല്ലാം അണയ്ക്കൂ.
ചോനന്മാർ:
(രണ്ടുവശത്തുനിന്നും പ്രവേശിക്കുന്നു) ജെയ്, ജെയ്. ചിതൽപ്പുറ്റു് നാം പിടിച്ചിരിക്കുന്നു!

(വിളക്കുകൾ അണയുന്നു. സർവ്വത്ര ബഹളം.)

എൻജിനീയർ 2:
(ശബ്ദം) യുദ്ധംചെയ്യു് യുദ്ധംചെയ്യു്, അയ്യോ!
ചോനനേതാവു്:
(ശബ്ദം) ഇടനാഴികളിലേയ്ക്കു്. അവരെയെല്ലാം തിരഞ്ഞുപിടിക്കണം. ഒരൊറ്റ പുരുഷനെയെങ്കിലും ജീവനോടെ വച്ചേക്കരുതു്.
ശബ്ദങ്ങൾ:
(മരിക്കുന്നവരുടെ) ആ! അയ്യോ… ആ… ആ.
അന്ധൻ:
ഓരണ്ടു് ഓരണ്ടു്…
ചോനനേതാവു്:
സ്ത്രീകളെയും മുട്ടകളെയും നശിപ്പിക്കൂ.
സ്ത്രീകളുടെ ശബ്ദം:
അയ്യോ… അയ്യോ… ആാ…
അന്ധൻ:
ഓരണ്ടു് ഓരണ്ടു് ഓരണ്ടു്.
ചോനനേതാവു്:
പുറകേചെല്ലു്. കൊല്ലണം, എല്ലാറ്റിനേയും കൊല്ലണം.

(ബഹളം ദൂരത്തിലേയ്ക്കു് അകലുന്നു.)

അന്ധൻ:
ഓരണ്ടു് ഓരണ്ടു്.
ചോനനേതാവു്:
വെളിച്ചം!

(വിളക്കുകൾ പ്രവേശിക്കുന്നു. രംഗത്തിന്റെ പുരോഭാഗം ശൂന്യം. ചോനന്മാർ ഇടനാഴികളിലൂടെ നടന്നു് മുകളിലത്തെ നിലകളിൽ നിന്നു് ചിതൽശവങ്ങളെ താഴോട്ടു് എറിയുകയാണു്. എല്ലാവശങ്ങളും ശവക്കൂനകൾ.)

ചോനനേതാവു്:
ഭേഷ, ചോനന്മാരേ, എല്ലാം ചത്തു.
തെണ്ടി:
(ശവങ്ങളുടെയിടയിലൂടെ തലകറങ്ങിനടന്നു്) മതിയേമതി, പടത്തലവൻ, മതി!
ചോനനേതാവു്:
ചോനവിജയം നീതിയുടെയും പുരോഗതിയുടെയും വിജയം. രണ്ടു പുല്ലിന്റെ ഇടയിലൂടെയുള്ള വഴി ഞങ്ങളുടേതാണു്. ഈ ലോകംതന്നെ ചോനന്മാരായ ഞങ്ങളുടേതാണു്. നാം നമ്മെ ലോകാധിപതിയായി പ്രഖ്യാപിച്ചിരിക്കുന്നു.

(ബഹളം കുറേക്കൂടി അകന്നുപോകുന്നു)

കോശസ്ഥകീടം:
(തിരിയുകയും മറിയുകയും ചെയ്യുന്നു) ഞാൻ… ഞാൻ… ഞാൻ.
ചോനനേതാവു്:
(മുട്ടുകുത്തി തൊപ്പിയൂരി) നീതിമാനായ ദൈവമേ, അവിടത്തേയ്ക്കറിയാം ഞങ്ങൾ നീതിക്കുവേണ്ടിമാത്രമാണു യുദ്ധം ചെയ്യുന്നതെന്നു്. ഞങ്ങളുടെ ചരിത്രം ഞങ്ങളുടെ നാടിന്റെ മാനം, ഞങ്ങളുടെ കച്ചവടതാല്പര്യങ്ങൾ…
തെണ്ടി:
(ഓടിവന്നു് ഉറുമ്പുനേതാവിനെ ചെരിപ്പുകൊണ്ടു് ചവുട്ടി അരയ്ക്കുന്നു) ഫൂ കീടമേ. ക്ഷുദ്രകീടം.

(മൂന്നാമങ്കമവസാനിച്ചു)

ഉത്തരാങ്കം ജീവിതവും മരണവും

(വനത്തിന്റെ അന്തർഭാഗം. കൂരിരുട്ടു്. തെണ്ടി മുൻഭാഗത്തു കിടന്നുറങ്ങുന്നു.)

തെണ്ടി:
(ഉറക്കപ്പിച്ചു പറയുന്നു)ബ് മതിയെടാ സേനാനായകാ. (ഉണരുന്നു) എന്തു്, ഞാനുറങ്ങിപ്പോയോ! ഞാൻ എവിടെയാണു് ? എന്തൊരിരുട്ടു്. കണ്ണിനു കുത്തിയാൽ കാണില്ലല്ലോ. (എഴുന്നേറ്റു നില്ക്കുന്നു) എന്താണിത്ര ഇരുട്ടാകാൻ കാരണം? മുമ്പിലൊരടി കാണാൻ വയ്യാ. ആരാണു സംസാരിക്കുന്നതു്; ആരാണു്? (ഉച്ചത്തിൽ) ആരാണതു് ? (തപ്പിത്തടഞ്ഞു നടക്കുന്നു) ഒന്നുമില്ല… ഒന്നുമില്ല… (ഉച്ചത്തിൽ) അവിടെ എന്തെങ്കിലുമുണ്ടോ, എന്തെങ്കിലുമുണ്ടോ അവിടെ? ഒരു ഗർത്തം. എല്ലായിടത്തും ഈ അന്ധകാരഗർത്തം മാത്രം. ഏതു വശത്താണതു്, കുഴിയിലേയ്ക്കു വീഴുന്നതു്? ഉറച്ചു പിടിക്കാൻ എന്തെങ്കിലുമൊന്നുണ്ടായിരുന്നെങ്കിൽ! ഒന്നുമില്ല. ഒന്നുമില്ല. ഈശ്വരാ, എനിക്കു ഭയമാവുന്നു. ആകാശമെവിടെപ്പോയി? ആകാശമെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ മതിയായിരുന്നു. മനുഷ്യന്റെ ഒരു രശ്മിയെങ്കിലും. ദിക്കുകളെങ്കിലും നിശ്ചയമുണ്ടായിരുന്നെങ്കിൽ! ഞാനെവിടെയാണു്? (മുട്ടുകുത്തുന്നു) എനിക്കു ഭയമാവുന്നു. പ്രകാശം! അല്പം പ്രകാശം ലഭിച്ചിരുന്നെങ്കിൽ!
ശബ്ദം:
(ഇരുട്ടിൽ) പ്രകാശമുണ്ടു്. ആവശ്യത്തിനുമാത്രം പ്രകാശം.
തെണ്ടി:
(നിലത്തു കിടന്നുകൊണ്ടു്) മനുഷ്യന്റെ ഒരൊറ്റ മിന്നൽ, ഒരു രശ്മി, ഒന്നുമാത്രം.
മറ്റൊരു ശബ്ദം:
ഈ വിശപ്പു്, ഈ ദാഹം!
മൂന്നാമത്തെ ശബ്ദം:
വരൂ, ഞാൻ നിന്നെ വിളിക്കുകയാണു്. ഞാൻ നിന്നെത്തേടി നടക്കുകയാണു്. എന്റെ വിളികേൾക്കൂ, വരൂ.
നേർത്തസ്വരം:
ഒന്നു കുടിക്കാൻ, കുടിക്കാൻ. ഒന്നു കുടിക്കാൻ!
തെണ്ടി:
ഈശ്വരനെയോർത്തു് ഒരു പ്രകാശരശ്മിയെങ്കിലും. അതെന്താണു്? ഞാൻ എവിടെയാണു്?
പുരുഷവണ്ടിന്റെ ശബ്ദം:
(ദൂരെ) എന്റെ പ്രിയപ്പെട്ട സമ്പാദ്യം. എവിടെയാണെന്റെ മുതൽ?
തെണ്ടി:
പ്രകാശം!
ശബ്ദം:
ഈ വിശപ്പു്, ഈ ദാഹം!
ആസന്നമരണന്റെ ശബ്ദം:
ഈ മരണവേദനയിൽ നിന്നെന്നെ രക്ഷിക്കൂ.
മറ്റൊരു ശബ്ദം:
നീ എന്റേതായിരിക്കൂ.
മൂന്നാമത്തെ ശബ്ദം:
ആഹാ, ആഹാ. അവനെ പിടികിട്ടി!
തെണ്ടി:
പ്രകാശം! ഇതെന്താണു്? ഹാ, ഒരു കല്ലു്.
ശബ്ദം:
ഈ ദാഹം! ദാഹം!
മറ്റൊരു ശബ്ദം:
എന്നോടല്പം കരുണ കാണിക്കൂ.
തെണ്ടി:
ഹാ, ഇതിൽനിന്നു് ഒരു പൊരിയെങ്കിലും ഉരച്ചുകത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! (കല്ലുകൾ തമ്മിൽ കൂട്ടിയുരയ്ക്കുന്നു) ഒരു തീപ്പൊരി; അവസാനത്തേതായ ഒരഗ്നിസ്ഫുലിംഗം!

(കയ്യിൽനിന്നു പൊരികൾ പാറുന്നു. വനത്തിന്റെ ഉൾഭാഗം ഒരു പൈശാചികദ്യുതികൊണ്ടു് പ്രകാശമാനമായിത്തീരുന്നു.)

തെണ്ടി:
(എഴുനേറ്റു്) പ്രകാശം!
ശബ്ദങ്ങൾ:
(ദൂരത്തിലേയ്ക്കു് മാഞ്ഞുപോകുന്നു) രക്ഷപ്പെട്ടോളു. വെളിച്ചമുള്ളപ്പോൾത്തന്നെ ഓടിക്കോളു.
തെണ്ടി:
ഹോ, എന്തൊരു സൗന്ദര്യം!
ശബ്ദങ്ങൾ:
(സമീപിക്കുന്നു) പ്രകാശം, പ്രകാശം!
കോശസ്ഥകീടം:
ആരാണെന്നെ വിളിക്കുന്നതു്?
തെണ്ടി:
പ്രകാശം. ഈശ്വരാനുഗ്രഹം!

(പ്രകാശം വർദ്ധിക്കുന്നു; ശാന്തമായ സംഗീതവും.)

കോശസ്ഥകീടം:
മുട്ടുകുത്തുവിൻ, മുട്ടുകുത്തുവിൻ. ഞാൻ… ഞാൻ… തിരഞ്ഞെടുക്കപ്പെട്ടവൻ, പ്രപഞ്ചപ്രവേശം ചെയ്യുന്നു.
തെണ്ടി:
(സമീപിച്ചു്) നോക്കു്, അതാ പ്രകാശം.
കോശസ്ഥകീടം:
ഈറ്റുനോവുകൊണ്ടു് എന്റെ കാരാഗ്രഹഭിത്തികൾ തകരുന്നു. ആരും കാണാതെ, കേൾക്കാതെ, ഒരു മഹൽസംഭവം നടക്കാൻ പോകുന്നു. ഞാൻ ജനിക്കുന്നു.

(ഒരുസംഘം ഈയാംപാറ്റകൾ പ്രവേശിച്ചു് നൃത്തംചെയ്യുന്നു.)

തെണ്ടി:
ഈ സ്ഫടികച്ചിറകുകളുമായി നിങ്ങളെവിടെനിന്നു വന്നു?
ഒന്നാമത്തെ പാറ്റ:
(മറ്റുള്ളവരിൽനിന്നു വേർപെട്ടു് മധ്യത്തിൽനിന്നു വട്ടം കറങ്ങുന്നു) ഈ… ഈ… ഈ… (നില്ക്കുന്നു.)

അന്ധകാരത്തിൽനൊന്നൊരു

പ്രകാശരശ്മിപോലെ,

ഉജ്ജ്വലവും അനശ്വരവും,

ഗംഭീരവുമായ പൂച്ചിജന്മം

ഇതാ, ഉത്ഭവിച്ചിരിക്കുന്നു.

നടനമാടൂ, സോദരിമാരേ… ഓ—ഓ—ഓ…

(നൃത്തം ചെയ്യുന്നു)

പാറ്റാസംഘം:
ഞങ്ങൾ ജീവനെ പ്രദക്ഷിണംവയ്ക്കുന്നു, ജീവനിൽക്കൂടി ഞങ്ങൾ നൃത്തംവച്ചുപോകുന്നു. ഞങ്ങൾ ജീവൻതന്നെയാണു്. ജീവൻ, ജീവൻ.
ഒന്നാംപാറ്റ:
(നിശ്ചലമായി നില്ക്കുന്നു)

രശ്മികളുടെ കമ്പനത്തിൽനിന്നു്

നെയ്തെടുത്തതാണു് ഞങ്ങളുടെ ചിറകു്.

താരത്തിൽനിന്നു താരത്തിലേയ്ക്കു്,

മിന്നുന്ന ഇഴകളിൽനിന്നു്

പുരാതിനനായ ഒരു ദിവ്യ നെയ്ത്തുകാരൻ

പിന്നിയെടുത്തതാണവ.

ഞങ്ങൾ പ്രപഞ്ചത്തിൽക്കൂടി നൃത്തംചെയ്യുന്നു

ജീവന്റെ ആത്മാവായ ഞങ്ങൾ,

പ്രകാശത്തിൽനിന്നു് ഉയിരെടുത്ത ഞങ്ങൾ,

ഈശ്വരവിഗ്രഹങ്ങളായ ഞങ്ങൾ…

(മരിച്ചുവീഴുന്നു)

രണ്ടാംപാറ്റ:
(മുന്നോട്ടുവന്നു കറങ്ങുന്നു)

ഈശ്വരൻ ഞങ്ങളിൽ തന്നെക്കാണുന്നു,

ഓ ഓ ഓ നിത്യം,

ജീവൻ നിത്യമാണു്.

തെണ്ടി:
(അവളുടെനേർക്കു വേച്ചുവേച്ചു ചെന്നു്) എങ്ങനെ, എങ്ങനെയാണതു് അനശ്വരമാകുന്നതു്?
രണ്ടാംപാറ്റ:
ജീവിക്കുക. പ്രദക്ഷിണം വയ്ക്കുക. കറങ്ങുക. പാറ്റാച്ചിറകുകളുടെ സർഗ്ഗാത്മകവും അപരിമിതവുമായ കറക്കങ്ങൾ പ്രപഞ്ചത്തിന്റെ അഗാധതകളിൽനിന്നു ഞങ്ങളോടൊത്തു തുടിക്കുന്നു. നിത്യമായി കറങ്ങുക എന്ന അത്ഭുതകരമായ കടമ ഞങ്ങൾക്കു ലഭിച്ചിരിക്കുകയാണു്. പ്രപഞ്ചസംഗീതത്തിന്റെ ലയം ഞങ്ങളുടെ ചിറകുകളിൽനിന്നാണു് പ്രസരിക്കുന്നതു്. ഒരു ഈയാംപാറ്റയായിരിക്കുക. അഹോ, എന്തൊരു സൃഷ്ട്യുന്മുഖമായ കർമ്മം. അതിരറ്റ ആനന്ദം. മഹിമയേറിയ കർത്തവ്യം. ജീവിക്കുക എന്നാൽ കറങ്ങുക എന്നാണു്. ഓ… ഓ… ഓ… (കറങ്ങുന്നു)
പാറ്റാസംഘം:
നിത്യം. ജീവിതം നിത്യമാണു്.
തെണ്ടി:
(അവരുടെയിടയിൽ) അഹോ, എന്തൊരു കർത്തവ്യം. എന്തൊരു സർഗ്ഗാത്മകമായ ആനന്ദം.
പാറ്റാസംഘം:
കറങ്ങുവിൻ. സഹോദരിമാരേ കറങ്ങൂ.
രണ്ടാംപാറ്റ:
(നിശ്ചലമായിനിന്നു്) ജീവിതത്തിന്റെ പൊരുൾ കണ്ടെത്തുക. ഏറ്റവും ലോലമായ വസ്തുക്കളിൽനിന്നു് കടഞ്ഞെടുത്ത നാം സൃഷ്ടിയുടെ ആത്മാവും ബുദ്ധിയുമല്ലെങ്കിൽ പിന്നെ എന്താണു്. നാം സ്ഫടികസമാനരാണു്. നമുക്കു് കനമോ കാഠിന്യമോ ഇല്ല. നാം ജീവൻതന്നെയാണു്. ഈശ്വരന്റെ ഉലയിൽനിന്നു് ചിന്നിച്ചിതറുന്ന ജീവസ്ഫുലിംഗങ്ങൾ. നാമിതാ പൊട്ടിപ്പുറത്തുവന്നിരിക്കുന്നു. ജീവൻ വെൽവൂതാക!

(മരിച്ചുവീഴുന്നു.)

തെണ്ടി:
അതാ, അവളും മരിച്ചു.
മൂന്നാംപാറ്റ:
(മുന്നോട്ടുവന്നു നൃത്തംവയ്ക്കുന്നു) ഓ—ഓ—ഓ… (നിശ്ചലം) പ്രപഞ്ചമാകെ ഞങ്ങളോടൊത്തു് ഭ്രമണംചെയ്യുന്നു. പ്രപഞ്ചം ഞങ്ങളെ പ്രശംസിക്കുന്നു; അതിനു ഞങ്ങളോടു കൃതജ്ഞതയുണ്ടു്. അതു വാഴ്ത്തുന്നു, നൃത്തം ചെയ്യുന്നു, കറങ്ങുന്നു—ഈയാംപാറ്റകളുടെ ഗംഭീരവും സുന്ദരവും അനശ്വരവുമായ ജീവന്റെമുമ്പിൽ. ശ്വാസംമുട്ടിക്കുന്ന ആനന്ദം. നിത്യമായ ആനന്ദം. ജീവിതഘോഷയാത്രയേ, അഗ്നിനൃത്തമേ, ഞാൻ നിന്നെ വാഴ്ത്തുന്നു. നിനക്കു് അവസാനമില്ല…

(മരിച്ചു വീഴുന്നു.)

തെണ്ടി:
(കൈകൾ ഉയർത്തി, തിരിഞ്ഞുനിന്നു്) ഓ—ഓ—ഓ…
പാറ്റാസംഘം:
ജയ്, ജയ്!
തെണ്ടി:
ജീവൻ. ജീവൻ എന്റെമേൽ ഒരു മാന്ത്രികശക്തി പ്രയോഗിച്ചിരിക്കുന്നു. മൂത്തു ദ്രവിച്ച കിഴവൻ പൂച്ചിയായ ഞാൻപോലും ഇതാ നൃത്തംവയ്ക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നു. ജീവൻ!
പാറ്റാസംഘം:
ജയ്, ജയ്!
തെണ്ടി:
നമുക്കെല്ലാവർക്കും ജിവിക്കാം. ഓരോരുത്തനും ജീവിക്കാൻ മോഹമുണ്ടു്. ഓരോരുത്തനും ആത്മരക്ഷയ്ക്കു് ശ്രമിക്കുന്നു. സ്വയം പ്രയത്നിക്കുന്നു. ഇതു് നാമെല്ലാവരും ഒത്തുചേർന്നു ചെയ്തിരുന്നെങ്കിൽ! ജീവശക്തി തന്നെ ഞങ്ങളെ നയിച്ചിരുന്നെങ്കിൽ—നാശത്തിനും മരണത്തിനും എതിരായി.
പാറ്റാസംഘം:
ജയ് ! വാഴ്ത്തപ്പെടട്ടെ!

(ഈയാംപാറ്റകൾ ഓരോന്നായി ചത്തുവീഴുന്നു.)

തെണ്ടി:
ഞങ്ങളെല്ലാവരും നിങ്ങളെ അനുഗമിക്കാൻ തയ്യാറാണു്. പൂച്ചികൾ, മർത്ത്യർ, ചിന്തകൾ, കർമ്മങ്ങൾ, ജലജന്തുക്കൾ, ഉറുമ്പുകൾ, പുല്ലുകൾ—എല്ലാം നിങ്ങളോടു് കൂടിച്ചേരുന്നു. പക്ഷേ, ആദ്യമായി നാമെല്ലാവരും, ജീവിക്കുന്ന നാമെല്ലാവരും, ഒരു സൈന്യമായിച്ചേരണം. സർവ്വശക്തനായ ജീവൻ, നീ തന്നെ ഞങ്ങളെ നയിക്കുകയും വേണം.
പാറ്റാസംഘം:
ജയ്, ജയ്. ജീവനു ജയ്.
കോശസ്ഥകീടം:
(കണ്ഠകഠോരമായ അലർച്ച) വഴിതരൂ! (കൂടുപൊട്ടിച്ചു് ഈയാംപാറ്റയുടെ രൂപത്തിൽ പുറത്തേക്കു് ചാടുന്നു) ഇതാ, ഞാൻ!
തെണ്ടി:
(ആടിയാടി അതിനടുത്തുചെന്നു് ആഹാ, നീയാണോ, കോശസ്ഥകീടം. നിന്നെ ഒന്നു കാണട്ടെ. അങ്ങനെ അവസാനം നീയും ജനിച്ചിരിക്കുന്നു.
കോശസ്ഥപാറ്റ:
(നൃത്തം ചെയ്യുന്നു) ഓ—ഓ—ഓ… (നിശ്ചലയായി) ജീവന്റെ മേലുള്ള സ്വാധീനതയെ ഞാൻ പ്രഖ്യാപനം ചെയ്യുന്നു. ഞാൻ സൃഷ്ടിയോടു സമ്മേളിക്കുന്നു. ജീവന്റെ പരീക്ഷണം ആരംഭിച്ചിരിക്കുന്നു. അതുകൊണ്ടു് ജീവിക്കൂ. (നൃത്തം ചെയ്യുന്നു) ഓ—ഓ—ഓ…
ശിഷ്ടമുള്ള പാറ്റകൾ:
നിത്യം, ജീവൻ നിത്യമാണു്!

(അവർ ചത്തുവീഴുന്നു.)

കോശസ്ഥപാറ്റ:
ജീവശ്ശക്തിമുഴുവനും തിളച്ചുമറിഞ്ഞു, എന്നെ ജനിപ്പിക്കുവാൻ. അതു ശൃംഖലകളെ ഭേദിച്ചു. ശ്രദ്ധിക്കൂ, ശ്രദ്ധിക്കൂ. ഞാൻ ഒരു ഗംഭീരസുവിശേഷം അവതരിപ്പിക്കുകയാണു്. മഹത്തായ വാർത്തകൾ ഞാൻ പ്രഖ്യാപിക്കുന്നു. നിശ്ശബ്ദം, നിശ്ശബ്ദം! ഞാൻ പറയാനാരംഭിക്കുന്നതു് അതിപ്രധാനമായ വാർത്തകളാണു്.

(ചത്തുവീഴുന്നു.)

തെണ്ടി:
(മുട്ടുമുത്തി) ഈയാംപാറ്റേ, എഴുനേൽക്കൂ. എന്തിനാണു് നീ വീണതു്? (എടുത്തുപൊക്കുന്നു) അവൾ മരിച്ചു. കഷ്ടം, എന്തു പ്രസന്നമായ മുഖം. എത്ര ശാന്തമായ നയനങ്ങൾ. കഷ്ടം, നീ മരിച്ചോ? നിനക്കു കേൾക്കാമോ, കോശസ്ഥകീടം? നീ എന്താണു പറയാൻ ഭാവിച്ചതു്? പറയൂ. (ശരീരം താങ്ങിക്കൊണ്ടു്) മരിച്ചു. പഞ്ഞിപോലെ. ഈശ്വരാ, എത്ര മനോഹരമായിരിക്കുന്നു. എന്തിനവൾ മരിച്ചു. ഭീകരമായ അർത്ഥശൂന്യത എന്തിനുവേണ്ടി. (നിലത്തു കിടത്തുന്നു) മരിച്ചു. (നിലത്തുകൂടി നിരങ്ങിനടന്നു് മറ്റു പാറ്റകളുടെ ശിരസ്സുയർത്തി പരിശോധിക്കുന്നു. നൃത്തമാടിയ നിങ്ങളും മരിച്ചു. പാടിയ നീയും. ബാല്യം കഴിയാത്ത നീയും. ഈ അധരങ്ങൾ ഇനിയൊരിക്കലും ശബ്ദിക്കയില്ല. മരിച്ചു. പച്ചപ്പൂമ്പാറ്റയേ, നിനക്കു കേൾക്കാമോ? അവൾ ഒന്നു കണ്ണുതുറന്നിരുന്നെങ്കിൽ! ജീവിക്കുന്നതെത്ര മനോഹരമാണു്. ഉണരൂ, ജീവിക്കൂ. ജീവനു ജയ്, ജയ്. അ്—ആരാണെന്നെ പിടിച്ചതു്? പോ, അവിടന്നു് ! (വിളക്കുകളണയുന്നു. തെണ്ടിയുടെ മേൽ ഒരു നേരിയ പ്രകാശധാരമാത്രം) ആരാണവിടെ? അ്—നില്ക്കു്. എന്താണൊരു തണുപ്പു തോന്നുന്നതു്. നീ ആരാണു്? (ശൂന്യതയിൽ കൈ ചുഴറ്റുന്നു) നിന്റെ നനഞ്ഞ കൈ കൊണ്ടുപോകൂ. എനിക്കാഗ്രഹമില്ല. (എഴുനേല്ക്കുന്നു) തൊടരുതു്. നീ ആരാണു്? (സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നു) നില്ക്കു്. എന്തിനാണെന്റെ കഴുത്തിനു പിടിച്ചു ഞെക്കുന്നതു്? ഹ ഹ—നില്ക്കു്, എനിക്കറിയാം നീ ആരാണെന്നു്. നീ… നീയാണു് മരണം. നിന്നെ ഇന്നെത്ര പ്രാവശ്യമാണു് ഞാൻ കണ്ടതു്. പക്ഷേ, ഞാനങ്ങോട്ടേയ്ക്കില്ല, തീർച്ച. കണ്ണില്ലാത്ത വികൃതാസ്ഥിപജ്ഞരം. നില്ക്കവിടെ. (ശൂന്യതയിൽ മല്പിടുത്തം) നിറുത്തു്.

(വലതുവശത്തുനിന്നു് രണ്ടു ഒച്ചുകളിഴഞ്ഞു വരുന്നു.)

ഒന്നാം ഒച്ചു്:
ആരോ ശബ്ദമുണ്ടാക്കുന്നുണ്ടു്.
രണ്ടാം ഒച്ചു്:
വിഡ്ഢീ, മടങ്ങിപ്പോരെ.
തെണ്ടി:
(യുദ്ധം തന്നെ) ഇതാ പിടിച്ചോ, എല്ലുന്തീ. ഹ ഹ ഹ കിട്ടി, അല്ലേ. ഹൂം! (മുട്ടിന്മേൽനിന്നു്) എന്നെ വിട്ടേച്ചു പോകൂ. എന്നെ ഞെരിക്കാതെ. എനിക്കു് ജീവിച്ചാൽ മാത്രം മതി. വിടൂ. അതത്ര അതിമോഹമാണോ? (എഴുനേറ്റു് കൈ ചുഴറ്റുന്നു) ചീഞ്ഞ തലയോട്ടീ, ഞാനെന്റെ ജീവൻ തരില്ല. ഇതാ പിടിച്ചോ. (വീഴുന്നു) ആങ്ഹാ, നീയെന്നെ തള്ളിയിടും അല്ലേ?
ഒന്നാം ഒച്ചു്:
ഏയ് ഒച്ചേ!
രണ്ടാം ഒച്ചു്:
എന്തു്?
ഒന്നാം ഒച്ചു്:
അയാൾ മരണവുമായി മല്ലിടുകയാണു്.
രണ്ടാം ഒച്ചു്:
നമുക്കൊന്നു കാണാം. എന്താ?
തെണ്ടി:
(എഴുനേറ്റു്) എന്നെ ജീവിക്കാനനുവദിയ്ക്കൂ. അതുകൊണ്ടു നിനക്കെന്താണു നഷ്ടം. ഇക്കുറി ഒന്നനുവദിക്കു. നാളെവരെയെങ്കിലും. എനിക്കു… ശ്വാസം… മുട്ടുന്നു. (പിടയുന്നു) അരുതേ. കഴുത്തിനു കുത്തിപ്പിടിക്കരുതേ. എനിക്കു മരിക്കാൻ കഴിയില്ല. എനിക്കു് ജിവിതത്തിൽനിന്നു് കാര്യമായിട്ടൊന്നും കിട്ടിയില്ല. (അലറുന്നു) ആ!

(കമന്നു വീഴുന്നു.)

ഒന്നാം ഒച്ചു്:
ബഹുരസം. അല്ലേ.
രണ്ടാം ഒച്ചു്:
കേട്ടോ, ഒച്ചേ!
ഒന്നാം ഒച്ചു്:
എന്താണു്?
രണ്ടാം ഒച്ചു്:
അവന്റെ കഥ കഴിഞ്ഞു.
തെണ്ടി:
(മുട്ടിൽനിന്നു്) വീണുകിടക്കുന്നവനെ നീ ഞെക്കിക്കൊല്ലും അല്ലേ? ഭീരു! ആങ്ഹാ… നിറുത്തെടാ. ഞാൻ… ഒന്നു… പറയട്ടെ… ഒരു… നിമിഷംകൂടി… (എഴുനേറ്റു് വേച്ചുവേച്ചു് നടക്കുന്നു) എനിക്കു ജീവിക്കണം. ജീവിക്കണം. (നിലവിളിക്കുന്നു) വേണ്ടാ. പോ അവിടുന്നു്. എനിക്കു പറയാൻ വളരെയുണ്ടു്. (പിന്നെയും മുട്ടിന്മേൽ) ഇപ്പോൾ… എനിക്കു മനസ്സിലായി, എങ്ങനെ ജീവിക്കണമെന്നു്.

(മലർന്നു വീഴുന്നു.)

ഒന്നാം ഒച്ചു്:
(സാവധാനം മുന്നോട്ടിഴഞ്ഞു്) സമാപ്തം.
രണ്ടാം ഒച്ചു്:
ഈശ്വരാ, ഈശ്വരാ. ഭയങ്കരം. കഷ്ടം. കഷ്ടം. എന്തൊരു നിർഭാഗ്യം.
ഒന്നാം ഒച്ചു്:
നീ എന്തിനാണീ പരാതിയൊക്കെ പറയുന്നതു്? നമുക്കെന്താണിതിൽ കാര്യം?
രണ്ടാം ഒച്ചു്:
ആരെങ്കിലും ചാവുമ്പോൾ അതൊക്കെ പറയുക പതിവല്ലേ.
ഒന്നാം ഒച്ചു്:
അതു ശരിയാണു്. നമുക്കു പിൻവാങ്ങാം.
രണ്ടാം ഒച്ചു്:
അതാണു ലോകഗതി.
ഒന്നാം ഒച്ചു്:
ഒച്ചുകൾ കുറെക്കൂടി കുറവും മുട്ടക്കൂസ് കുറെ കൂടുതലുമായിരുന്നെങ്കിൽ.
രണ്ടാം ഒച്ചു്:
ഹേയ്, ഒച്ചേ, നോക്കു്.
ഒന്നാം ഒച്ചു്:
എന്തു്?
രണ്ടാം ഒച്ചു്:
എത്ര ഈയാംപാറ്റകളാണു് ചത്തുകിടക്കുന്നതു്.
ഒന്നാം ഒച്ചു്:
അതു തിന്നാൻ കൊള്ളില്ലല്ലോ. കഷ്ടം തന്നെ.
രണ്ടാം ഒച്ചു്:
കഷ്ടമായിപ്പോയി. നമുക്കു തിരിച്ചുപോകാം.
ഒന്നാം ഒച്ചു്:
ജീവനുണ്ടെങ്കിൽ എല്ലാം ശരി. അതാണു കാര്യം.
രണ്ടാം ഒച്ചു്:
വാസ്തവമാണു്, കേട്ടോ, ഒച്ചേ!
ഒന്നാം ഒച്ചു്:
എന്താണു്?
രണ്ടാം ഒച്ചു്:
ജീവിതം സുഖമാണു്.
ഒന്നാം ഒച്ചു്:
തന്നെ. ജീവനാണു് കാര്യമെന്നു് ചൊല്ലുന്നുണ്ടല്ലോ.
രണ്ടാം ഒച്ചു്:
എങ്കിൽ നമുക്കു പോകാം.

(അവർ ഒരു വശത്തേയ്ക്കു നീങ്ങുന്നു.)

ഒന്നാം ഒച്ചു്:
നല്ല തമാശയായിരുന്നു, അല്ലേ?
രണ്ടാം ഒച്ചു്:
ജീവനുണ്ടെങ്കിൽ എല്ലാം സുഖം.

(അല്പം കഴിഞ്ഞു് പ്രകാശമുദിക്കുന്നു. പക്ഷികൾ ചിലയ്ക്കുന്നു.)

വിറകുവെട്ടുകാരൻ:
(തോളിൽ കോടാലിയും തൂക്കിയിട്ടു് പ്രവേശിക്കുന്നു. ഒരു ചെടിക്കു പിന്നിൽ തെണ്ടിയുടെ ശവംകണ്ടു് കുനിഞ്ഞുനോക്കുന്നു.) ഇതാരാണു്? ഏയ് കിഴവാ, എഴുനേല്ക്കു് വല്യപ്പാ. നിങ്ങൾക്കെന്തുപറ്റി? (എഴുനേറ്റുനിന്നു് തലയിൽനിന്നു തൊപ്പിയെടുത്തു് കുരിശടയാളം വരയ്ക്കുന്നു) അയാൾ ചത്തുപോയി. പാവം കിഴവൻ! (അല്പം കഴിഞ്ഞു്) ഏതായാലും അയാളുടെ ബുദ്ധിമുട്ടുകൾ തീർന്നല്ലോ.
അമ്മാവി:
(ഇടത്തുനിന്നു് പ്രവേശിക്കുന്നു. ജ്ഞാനസ്നാനം നടത്താനുള്ള ഒരു ശിശുവും കൈയിലുണ്ടു്) ആഹാ, എപ്പോൾ വന്നു? അതെന്താണവിടെ കിടക്കുന്നതമ്മാവാ?
വിറകുവെട്ടുകാരൻ:
ഞാനിങ്ങു വന്നേയുള്ളു, അമ്മാവീ. അതു് ഒരു തെണ്ടിയാണെന്നു തോന്നുന്നു. മരിച്ചു!
അമ്മാവി:
പാവം!
വിറകുവെട്ടുകാരൻ:
നിങ്ങളെങ്ങോട്ടാണമ്മാവീ? ജ്ഞാനസ്നാനമോ?
അമ്മാവി:
ഇതെന്റെ അനിയത്തിയുടെ കുഞ്ഞാണു്. ഛ്—ഛ്…
വിറകുവെട്ടുകാരൻ:
ഒന്നു ജനിക്കുന്നു, മറ്റൊന്നു മരിക്കുന്നു.
അമ്മാവി:
ആവശ്യത്തിനാളുകൾ എപ്പോഴുമുണ്ടു്.
വിറകുവെട്ടുകാരൻ:
(ശിശുവിന്റെ താടിയിൽതൊട്ടു്) ക്ഷ്! ക്ഷ്! മോൻ, നീ വളർന്നു് മിടുക്കനായിത്തീരൂ.
അമ്മാവി:
അവനെങ്കിലും നമ്മെക്കാളും സുഖമായിരുന്നെങ്കിൽ!
വിറകുവെട്ടുകാരൻ:
മുഴുവൻ സമയവും എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ പിന്നെയെന്തുവേണം?
വിദ്യാർത്ഥിനി:
(തോളിൽ പുസ്തകസഞ്ചിയുമായി വലത്തു നിന്നു് പ്രവേശിക്കുന്നു) ദൈവത്തിനു സ്തുതി.
അമ്മാവി:
എന്നെന്നേയ്ക്കും സ്തുതി.
വിറകുവെട്ടുകാരൻ:
എന്നെന്നേയ്ക്കും സ്തുതി.

(വിദ്യാർത്ഥിനി രംഗം കടന്നു് മറുവശത്തുകൂടി പോകുന്നു.)

വിറകുവെട്ടുകാരൻ:
നല്ല തെളിഞ്ഞ ദിവസം, അല്ലേ? പറഞ്ഞറിയിക്കാനാവില്ല.
വിദ്യാർത്ഥിനിയുടെ ശബ്ദം:
(അണിയറയിൽ) ദൈവത്തിനു സ്തുതി.
പുരുഷ ശബ്ദം:
(അണിയറയിൽ) എന്നെന്നേയ്ക്കും സ്തുതി.
അമ്മാവി:
സംശയമുണ്ടോ? തെളിഞ്ഞദിവസം.
വഴിപോക്കൻ:
(ഇടത്തുനിന്നു പ്രവേശിച്ചു്) നമസ്കാരം.
അമ്മാവി:
നമസ്കാരം.
വിറകുവെട്ടുകാരൻ:
നിങ്ങൾക്കു നന്മവരട്ടെ.

(ഉത്തരാങ്കമവസാനിച്ചു.)

സി. ജെ. തോമസ്
images/cjthomas.jpg

മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.

സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.

Colophon

Title: Keedajanmam (ml: കീടജന്മം).

Author(s): C. J. Thomas.

First publication details: SAhithya Pravarthaka Co-operative Society Ltd.; Kottayam, Kerala; 1959-09.

Deafult language: ml, Malayalam.

Keywords: Drama, C. J. Thomas, Keedajanmam, സി. ജെ. തോമസ്, കീടജന്മം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 2, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Moth, Hawkmoth Larva, Snail, Cricket, Spider, an illustration by Berry F Berry . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Beena Darly; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.