images/Landscape_National_Gallery.jpg
Landscape, a painting by Gustave Courbet (1819–1877).
ദല്ലാൾ
സി. സന്തോഷ് കുമാർ
ഒന്നു്

കൊച്ചിൻ ഹൈറ്റ്സ് എന്നു പേരുള്ള ഫ്ലാറ്റിലെ 9 B അപ്പാർട്ട്മെന്റിൽ ഒരു ഞായറാഴ്ച ഉച്ചയ്ക്കു് പന്ത്രണ്ടരയ്ക്കു് കോളിങ്ങ് ബെൽ മുഴങ്ങുമ്പോൾ ഉണ്ണി നായർ തന്റെ പ്രിയപ്പെട്ട ബ്രാൻഡായ ഓൾഡ് മൊങ്ക് റം നുണഞ്ഞു കൊണ്ടു് പുസ്തകവായനയിലായിരുന്നു. ഞായറാഴ്ച വീട്ടുജോലിക്കാരി ഇല്ലാത്ത ദിവസമായതിനാൽ ഉച്ചഭക്ഷണമായി ഒരു ബീഫ് റോസ്റ്റും മൂന്നു ചപ്പാത്തിയും സാലഡും അയാൾ സ്വിഗ്ഗിയിൽ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു. അയാളുടെ മേശമേൽ രണ്ടു് ഗ്ലാസ് ബൗളുകളിലായി ഹൽദിറാമിന്റെ ഫ്രൈഡ് മൂംഗ്ദാലും ചതുരത്തിൽ മുറിച്ച ആപ്പിളിന്റെ കഷണങ്ങളും വെച്ചിരുന്നു. ഉപ്പു ചേർത്തു വറുത്ത, നന്നായി മൊരിഞ്ഞ ചെറുപയർപ്പരിപ്പും ആപ്പിളും മദ്യപിക്കുമ്പോൾ അയാൾക്കു് ഏറ്റവും പ്രിയപ്പെട്ട ഉപദംശങ്ങളായിരുന്നു. ഓൾഡ് മൊങ്ക് റമ്മും ഹൽദിറാമിന്റെ മൂംഗ്ദാലും അയാൾ വാങ്ങിയതു് സതേൺ നേവൽ കമാൻഡിന്റെ ഫോർട്ട് കൊച്ചിയിലെ കാന്റീനിൽ നിന്നായിരുന്നു. ഇരുപത്തിയഞ്ചു വർഷം നീണ്ട മർച്ചന്റ് നേവിയിലെ ജോലിക്കു മുമ്പു് പതിനഞ്ചു വർഷം അയാൾ ഇന്ത്യൻ നേവിയിലും ജോലി നോക്കിയിരുന്നു. ഇന്ത്യൻ നേവിയിൽ നിന്നു വിരമിച്ച ഒരു ചീഫ് പെറ്റി ഓഫീസർ കൂടിയായിരുന്നു ഉണ്ണി നായർ.

തനിച്ചിരുന്നു് മദ്യപിക്കുന്ന സന്ദർഭങ്ങൾ അയാളെസ്സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തെ മുഖാമുഖം കാണുന്ന വേളകൾ കൂടിയായിരുന്നു. അതു കൊണ്ടു തന്നെ ജീവിതത്തെ ലഘുചിത്തതയോടെ കാണാൻ ഉപകരിക്കുന്ന ഏതെങ്കിലും പുസ്തകം ഷെൽഫിൽ നിന്നു് തപ്പിയെടുത്തു് വായിച്ചു കൊണ്ടിരിക്കുന്നതു് അത്തരം സന്ദർഭങ്ങളിൽ അയാളുടെ ഒരു ശീലമായിരുന്നു.

കോളിങ്ങ് ബെല്ലടിച്ചതു് ഉച്ചഭക്ഷണവുമായി വന്ന ഡെലിവറി ബോയ് ആയിരിക്കും എന്ന ബോധ്യത്തിലായിരുന്നു ഉണ്ണി നായർ വാതിൽ തുറന്നതു്. പക്ഷേ, ഉണ്ണി നായരെ കാത്തു നിന്നതു് പട്ടണത്തിലെ ആ ഫ്ലാറ്റിൽ അയാൾ തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥിയായിരുന്നു.

രണ്ടു്
images/csanthosh-km-02-t.png

ഉണ്ണി നായരുടെ ജന്മനാടായ പെരുംതുറയിൽ നിന്നു് മൂന്നു ബസ്സുകൾ മാറിക്കയറി എൺപതു കിലോമീറ്റർ യാത്ര ചെയ്തു വന്ന അയ്യപ്പൻ എന്ന ബ്രോക്കർ ആയിരുന്നു ആ അതിഥി. കണ്ടിട്ടു് വർഷങ്ങളായെങ്കിലും അയ്യപ്പനെ തിരിച്ചറിയാൻ ഉണ്ണി നായർക്കു് ബുദ്ധിമുട്ടുണ്ടായില്ല. അയ്യപ്പന്റെ സവിശേഷമായ രൂപമായിരുന്നു അതിനു് കാരണം. മീശയില്ലാത്ത മുഖവും തോളറ്റം നീട്ടി വളർത്തിയ മുടിയും ഇരു കാതുകളിലെയും ചുവന്ന കടുക്കനും. മുടിയിൽ ഇപ്പോൾ നര കയറിയിട്ടുണ്ടെന്നു മാത്രം.

“അയ്യപ്പൻ വരൂ” ഉണ്ണി നായർ അയാളെ അകത്തേയ്ക്കു ക്ഷണിച്ചു.

“അസാധ്യ വെയിൽ,” സോഫയിലിരുന്ന അയ്യപ്പൻ ജുബ്ബയുടെ കുടുക്കഴിച്ചു് രണ്ടു വട്ടം അകത്തേയ്ക്കു് ഊതി.

ഉണ്ണി നായർ ബാൽക്കണിയുടെ കർട്ടൻ നീക്കി പുറത്തേയ്ക്കു നോക്കി. ഒൻപതാം നിലയിൽ നിന്നുള്ള കാഴ്ചയിൽ, തെങ്ങിൻ തലപ്പുകൾ അവസാനിക്കുന്നിടത്തു്, കടൽ ഞൊറിവുകൾ വീണ ഒരു വെള്ളിത്തകിടു പോലെ തിളങ്ങുന്നു.

അയ്യപ്പന്റെ മുഖം യാത്രയുടെ മുഷിവു് പടർന്നു് മങ്ങിപ്പോയിരുന്നു. കണ്ണുകളിൽ പക്ഷേ, ഒരു ബ്രോക്കറുടെ നിതാന്ത ജാഗ്രത കാണാമായിരുന്നു.

ഒരു ലാർജ് റമ്മിൽ തണുത്ത വെള്ളമൊഴിച്ചു്, ഐസ് ക്യൂബുകളിട്ടു് ഉണ്ണി നായർ അയ്യപ്പനു നീട്ടി.

“ചിയേഴ്സ് ” ഉണ്ണി നായർ പറഞ്ഞു.

തുടർന്നു് മൊബൈൽ ഫോൺ തുറന്നു് സ്വിഗ്ഗിയിൽ ഒരു ലഞ്ചിനു കൂടി അയാൾ ഓർഡർ നൽകി.

ആ രീതിയിൽ ഒരു സൽക്കാരം അയ്യപ്പൻ പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ ഒരു സങ്കോചം അയാളുടെ ശരീരഭാഷയിൽ പ്രകടമാകുന്നതു് ഉണ്ണി നായർ ശ്രദ്ധിച്ചു.

മുന്നിൽ വരുന്നവരോടു് സമഭാവനയോടെ പെരുമാറുക എന്നതു് ഉണ്ണി നായരുടെ ഒരു രീതിയായിരുന്നു. അങ്ങനെ പെരുമാറുമ്പോൾത്തന്നെ തന്റെ സ്ഥാനം അവരെ കൃത്യമായി ബോധ്യപ്പെടുത്താനുള്ള ഒരു കഴിവും അയാൾക്കു് ഉണ്ടായിരുന്നു.

“അയ്യപ്പൻ വന്ന കാര്യം പറഞ്ഞില്ല,” ഉണ്ണി നായർ നേരിട്ടു് കാര്യത്തിലേക്കു കടന്നു.

“പറയാം, ഉണ്ണിക്കുഞ്ഞേ,” അയ്യപ്പൻ ഒറ്റ വലിക്കു് ഗ്ലാസ് കാലിയാക്കി.

“ചുരുക്കി വേണം,” ഉണ്ണി നായർ ചിരിച്ചു, “നേരം വെളുത്താലും അവസാന രംഗമെത്താത്ത ആശാന്റെ പഴയ ബാലെ പോലെയാകരുതു്.”

ബ്രോക്കർ ആകുന്നതിനു മുമ്പു് താൻ ഒരു ബാലെ നടനും സംവിധായകനുമായിരുന്ന കാലം അയ്യപ്പൻ പോലും മറന്നു തുടങ്ങിയിരുന്നു; ആശാൻ എന്ന ഒരു വിളിപ്പേരുണ്ടായിരുന്ന കാര്യവും. ഉണ്ണി നായർ അതൊക്കെ ഇപ്പൊഴും ഓർത്തുവെച്ചിരിക്കുന്നതിൽ അയ്യപ്പനു് അദ്ഭുതം തോന്നി.

മൂന്നു്

പത്തൊമ്പതാം വയസ്സിൽ ജോലി കിട്ടി തീവണ്ടി കയറിയതോടെ ഉണ്ണി നായർക്കു് നാടുമായുള്ള ബന്ധം അറ്റതാണു്. നേവിയിലെ ട്രെയിനിങ് കാലം കഴിഞ്ഞതോടെ അയാൾ അച്ഛനെയും അമ്മയെയും കൂടെക്കൂട്ടി. അച്ഛന്റെ കച്ചവടം പൊളിഞ്ഞു് കടം കയറി വീടു് വിറ്റുപോയിരുന്നതിനാൽ ഉപേക്ഷിച്ചു പോകാൻ ഒന്നുമുണ്ടായിരുന്നില്ല; വാടക വീടല്ലാതെ.

അതോടെ തിരിച്ചു വരാൻ പ്രേരിപ്പിക്കുന്ന ബാധ്യതകളൊന്നും അയാൾക്കു് നാട്ടിൽ ബാക്കിയില്ലാതായി. ആദ്യം കൊൽക്കത്തയിൽ ഹൂബ്ലിയുടെ കരയിൽ അച്ഛനാണു് ചാരമായതു്. പിന്നീടു് വിശാഖപട്ടണത്തെ സീതമ്മധാര ശ്മശാനത്തിൽ അമ്മയും. അതോടെ തന്റെ വേരുകളെല്ലാം അറ്റതായി അയാൾക്കു തോന്നി. ഇതിനിടെ അയാൾ വിവാഹിതനും രണ്ടു പെണ്മക്കളുടെ അച്ഛനുമായിക്കഴിഞ്ഞിരുന്നു.

“ഉണ്ണിക്കുഞ്ഞു് നാട്ടിലേയ്ക്കൊന്നും വരാറില്ലെങ്കിലും കാര്യങ്ങളൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.” അയ്യപ്പൻ പറഞ്ഞു, “ജോലിയിൽ നിന്നെല്ലാം പിരിഞ്ഞു് ഇവിടെ സ്ഥിര താമസമാക്കിയതു്, പെണ്മക്കളുടെ രണ്ടിന്റെയും കല്യാണം കഴിഞ്ഞതു്… പിന്നെ… ”

“പിന്നെ…?” ഉണ്ണി നായർ ചോദിച്ചു.

“ഉണ്ണിക്കുഞ്ഞു് ഭാര്യയുമായുള്ള ബന്ധം വേർപിരിഞ്ഞതു്.”

അയ്യപ്പൻ രണ്ടാമത്തെ ഗ്ലാസ്സും ഒറ്റ വലിക്കു് കാലിയാക്കി.

ഉണ്ണി നായർ അയ്യപ്പനെ സാകൂതം നോക്കി.

“ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നാവും,” അയ്യപ്പൻ തുടർന്നു, “ഏതു കാര്യവും മറ്റാരെക്കാളും മുമ്പു് അറിയുന്നതു് ഞങ്ങൾ ബ്രോക്കർമാരായിരിക്കും. അതു് ഞങ്ങളുടെ തൊഴിലിനു് അവശ്യം വേണ്ട ഒരു സിദ്ധിയാണെന്നു കൂട്ടിക്കോ.”

“അയ്യപ്പൻ ഇനിയും വന്ന കാര്യം പറഞ്ഞില്ല.” ഉണ്ണി നായർ ഓർമ്മിപ്പിച്ചു.

അയ്യപ്പൻ അതിനു് മറുപടി പറഞ്ഞില്ല.

“ഈ പ്രായത്തിൽ വേർപിരിയാൻ നിങ്ങൾ കാണിച്ച ധൈര്യം,” അയ്യപ്പൻ പറഞ്ഞു, “അതു സമ്മതിക്കണം.”

images/csanthosh-km-01-t.png

“അതു് ധൈര്യമല്ല അയ്യപ്പൻ,” ഉണ്ണി നായർ പറഞ്ഞു, “സത്യസന്ധതയാണു്. നിങ്ങൾ ഇത്രനാളും ഉമ്മ വെച്ചതു് എന്റെ ചുണ്ടുകളെ മാത്രമായിരുന്നു, ആത്മാവിനെയായിരുന്നില്ല എന്നു് ഭാര്യ നമ്മളോടു പറഞ്ഞാൽ അതു മുഖവിലയ്ക്കെടുക്കണം. സത്യം കണ്ടറിയാൻ സ്ത്രീയോളം വരില്ല പുരുഷൻ.”

നാലു്

“ഒരാൾ എന്തെങ്കിലുമൊന്നു് വിൽക്കാൻ അല്ലെങ്കിൽ വാങ്ങാൻ തീരുമാനിക്കുന്നതു് മറ്റാരെക്കാളും മുമ്പു് അറിയുന്നവനാണു് ഒരു ബ്രോക്കർ,” അയ്യപ്പൻ പറഞ്ഞു, “പക്ഷേ, അതു മാത്രം പോര. എന്തെങ്കിലും വാങ്ങുകയോ വില്ക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യം ഒരാൾക്കുണ്ടോ എന്നു് അയാളേക്കാൾ മുമ്പു് തിരിച്ചറിയാൻ കൂടി കഴിയണം.”

അയ്യപ്പനും ഉണ്ണി നായരും തങ്ങളുടെ മൂന്നാമത്തെ ലാർജിലേയ്ക്കു കടന്നിരുന്നു.

“ഉണ്ണിക്കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ വീടും പറമ്പും വിറ്റതു് മലഞ്ചരക്കു കച്ചവടം നടത്തിയിരുന്ന ഔസേപ്പു മാപ്പിളയ്ക്കായിരുന്നല്ലോ. ഔസേപ്പു മാപ്പിള മരിച്ചിട്ടു് കുറെയായി. അങ്ങേരുടെ മൂത്ത മകനുണ്ടായിരുന്നല്ലോ, മാത്യു… മാത്യു ഔസേഫ്. ഉണ്ണിക്കുഞ്ഞിനു് ഓർമ്മ കാണും അയാളെ. മാത്യുവാണു് ഇപ്പോൾ അതിന്റെ ഉടമ. വർഷങ്ങളായി അയാൾ അമേരിക്കയിലാണു്. ഇപ്പോൾ നാട്ടിലുണ്ടു്. മാത്യു ഇപ്പോൾ ആ വീടും പറമ്പും വില്ക്കാൻ തീരുമാനിച്ചിരിക്കുന്നു. രണ്ടു കണ്ടീഷനേയുള്ളു അയാൾക്കു്. ന്യായമായ വില കിട്ടണം. അയാൾ തിരിച്ചു പോകുന്നതിനു മുമ്പു്, അതായതു് ഒരു മാസത്തിനകം തീറാധാരം നടക്കണം,” അയ്യപ്പൻ പറഞ്ഞു.

“അപ്പോൾ ഈ കച്ചവടവുമായിട്ടാണു് അയ്യപ്പന്റെ വരവു്,” ഉണ്ണി നായരുടെ മുഖത്തു് ഒരു ചിരി വിടർന്നു.

“വീടൊക്കെ ഇപ്പഴും പഴയപടി തന്നെയുണ്ടു്,” അയ്യപ്പൻ പറഞ്ഞു, “ചിതലു കാരണം മോന്തായം മാത്രം തടി മാറ്റി ജി. ഐ. പൈപ്പാക്കി. മോളിലിപ്പൊഴും ഓടുതന്നെ. ഉണ്ണിക്കുഞ്ഞിനു് വാങ്ങാൻ ആഗ്രഹമുണ്ടെന്നറിഞ്ഞാൽ മാത്യു മോഹവില ചോദിച്ചേക്കാം. അക്കാര്യം കുഞ്ഞു് എനിക്കു വിട്ടേക്കു്. അതിനു ഞാൻ തടയിട്ടോളാം.”

“നാടു്, വിറ്റുപോയ പഴയ വീടു്… അത്തരം ഒട്ടിപ്പിടുത്തങ്ങളൊക്കെ അഴിഞ്ഞു പോയിട്ടു് കാലം കുറെയായി,” ഉണ്ണി നായർ പറഞ്ഞു, “അയ്യപ്പൻ കച്ചവടത്തിനു് വേറെ ആളെ നോക്കു്.”

“കുഞ്ഞിന്റെ ഇഷ്ടം,” അയ്യപ്പൻ പറഞ്ഞു, “ഇങ്ങനെയൊന്നു് ഒത്തു വന്നപ്പോൾ അറിയിക്കേണ്ടതു് എന്റെ കടമയാണെന്നു തോന്നി, അത്രമാത്രം.”

സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ഇതിനകം ഭക്ഷണം എത്തിച്ചിരുന്നു. ഉണ്ണി നായർ ഭക്ഷണം വിളമ്പാനുള്ള വട്ടം കൂട്ടി.

അയ്യപ്പന്റെ മുഖം ചിന്താഭരിതമായിരിക്കുന്നതു് ഉണ്ണി നായർ ശ്രദ്ധിച്ചു.

“ഉണ്ണിക്കുഞ്ഞിനോടു് ഒരു കാര്യം കൂടി പറയാതിരിക്കുന്നതു് ശരിയല്ല,” അയ്യപ്പൻ പറഞ്ഞു, “നിങ്ങളുടെ കിഴക്കേ അയല്പക്കം ഉണ്ണിക്കുഞ്ഞു് മറന്നിട്ടുണ്ടാകാൻ വഴിയില്ല. താഴത്തെ തൊടീലെ ശിവരാമൻ നായരുടെ വീടു്. ശിവരാമൻ നായരുടെ മകൾ ലളിതയും ഉണ്ണിക്കുഞ്ഞും തമ്മിലുള്ള അടുപ്പം ഞങ്ങൾക്കൊക്കെ അറിയാമായിരുന്നു. ശിവരാമൻ നായരും ഭാര്യ സുമതിയമ്മയും ഇന്നില്ല. ലളിതയുടെ വിവാഹം കഴിഞ്ഞു് അധികം വൈകാതെ രണ്ടു പേരും മരിച്ചു. വർഷങ്ങളോളം ആ വീടു് അടച്ചു പൂട്ടി കിടപ്പായിരുന്നു. ഇപ്പോൾ അവിടെ ഒരു താമസക്കാരി വന്നിട്ടുണ്ടു്. അതു് മറ്റാരുമല്ല, ലളിതയാണു്. ലളിതയുടെയും ഉണ്ണിക്കുഞ്ഞിന്റെയും ജീവിതങ്ങൾ തമ്മിൽ ഇപ്പോൾ ഒരു സാമ്യവുമുണ്ടു്. ലളിതയും വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്കാണു്. പണ്ടത്തെ ആ അഴകിനു മാത്രം ഇപ്പൊഴും ഒരു കുറവുമില്ല.”

അഞ്ചു്

കൂവളവും അതിന്മേൽ പടർന്ന മുല്ലയുമുണ്ടായിരുന്ന തന്റെ വീട്ടുമുറ്റം ഉണ്ണി നായർക്കു് അപ്പോൾ ഓർമ്മ വന്നു.

നേരം പുലരുമ്പോൾ മുല്ലപ്പൂക്കൾ വെളുത്ത നക്ഷത്രങ്ങളെപ്പോലെ മുറ്റമാകെ ചിതറിക്കിടക്കുമായിരുന്നു.

മുറ്റം തീരുന്നിടമായിരുന്നു ഉണ്ണി നായരുടെ അതിരു്. അവിടെ നിന്നു് താഴേയ്ക്കു് നടക്കല്ലുകൾ. താഴത്തെ വീടു് ലളിതയുടേതായിരുന്നു. അതിനപ്പുറം പാടം. നോക്കിയാലും നോക്കിയാലും തീരാത്ത പാടം. പാടത്തിനപ്പുറം പുഴ. വൈകുന്നേരം ആ നടക്കല്ലുകൾ ഇറങ്ങി അവളുടെ പറമ്പും വീട്ടുമുറ്റവും മുറിച്ചുകടന്നിട്ടാണു് പുഴവക്കത്തു് കാറ്റുകൊള്ളാനെന്ന മട്ടിൽ ഉണ്ണി നായർ പോയിരുന്നതു്.

ഒരു ദിവസം ലളിതയുടെ അച്ഛൻ ശിവരാമൻ നായർ ഉണ്ണി നായരെ തടഞ്ഞു.

“വിളവിറക്കിയിരിക്കുന്നതിന്റെ ഇടയിൽക്കൂടിയാണോടാ നിന്റെ നടപ്പു്? ഇതു് പൊതു വഴിയല്ലെന്ന കാര്യം നിനക്കു് അറിയാൻ മേലേ?”

ചേനയും ചേമ്പും കാച്ചിലുമെല്ലാം സമൃദ്ധമായി വിളഞ്ഞു നിന്ന പറമ്പായിരുന്നു ശിവരാമൻ നായരുടേതു്. ന്യായം ശിവരാമൻ നായരുടെ ഭാഗത്തായിരുന്നുവെങ്കിലും പൊടിമീശക്കാരനായ ഉണ്ണി നായർ വിട്ടുകൊടുത്തില്ല.

“കൂടുതൽ വിളവിറക്കരുതു്. അതാ എനിക്കും പറയാനുള്ളതു്.” ഉണ്ണി നായർ ശിവരാമൻ നായരോടു പറഞ്ഞു.

നടക്കല്ലുകൾ കയറി ഉണ്ണി നായരുടെ വീട്ടുമുറ്റം മുറിച്ചു കടന്നാണു് ലളിത എന്നും രാവിലെ അമ്പലത്തിൽ പോയിരുന്നതു്. പോകുന്ന വഴി കൂവളത്തിന്മേൽ പടർന്ന മുല്ലയിൽ നിന്നു് പൂവിറുത്തു് മുടിയിൽ ചൂടും. ലളിത അമ്പലത്തിൽ പോകുന്ന സമയം നോക്കിയാണു് ഉണ്ണി നായരുടെ മുല്ല പൂവിട്ടിരുന്നതു തന്നെ.

ഇരുമ്പു കൂട്ടിലിട്ടു് ഉണ്ണി നായർ കൈസർ എന്നു പേരുള്ള ഒരു പട്ടിയെ വളർത്തിയിരുന്നു. അക്കാലം ഒരു പട്ടിക്കു നൽകാൻ കഴിയുന്ന പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പേരായിരുന്നു അതു്. ഏകാകികളായ പിള്ളേർ അന്നു് അങ്ങനെയൊക്കെയായിരുന്നു. എന്തെങ്കിലുമൊന്നിനെ അരുമയായി വളർത്തും. പട്ടിയെ, കവളം കാളിയെ, തത്തയെ, പൂച്ചയെ… എന്തിനു്, പരുന്തിനെ വളർത്തുന്നവർ വരെ ഉണ്ടായിരുന്നു.

കൈസർ ഉണ്ണി നായർക്കു വേണ്ടി എന്തും ചെയ്യുമായിരുന്നു. ഒരു രാത്രി ഉണ്ണി നായർ കൈസറിനോടു പറഞ്ഞു, “നാളെ വെളുപ്പിനു് നിന്റെ ഇരുമ്പു കൂടിന്റെ വാതിൽ ഞാൻ തുറന്നിട്ടിരിക്കും. ലളിത അമ്പലത്തിൽ പോകുന്ന സമയം നിനക്കു് അറിയാമല്ലോ. ഒരു പരിചയവും ഭാവിക്കരുതു്. പേടിപ്പിക്കുന്ന നാലു കുര, കാലിൽ ഒരു ചെറിയ കടി. ഒന്നു ചോര പൊടിയണം. അത്രയേ വേണ്ടു.”

ശേഷം ഉണ്ണി നായർ തന്റെ ഹീറോ ഫുൾ സൈക്കിൾ കാറ്റുനിറച്ചു്, എണ്ണയിട്ടു വെച്ചു. എന്നിട്ടു് ലളിതയെ പുറകിലിരുത്തി നാലു കിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയിലേക്കു് സൈക്കിൾ ചവിട്ടുന്നതു് സ്വപ്നം കണ്ടു കൊണ്ടു് ഉറങ്ങാൻ കിടന്നു.

പിറ്റെന്നു പുലർച്ചെ കൈസറിന്റെ കുരയും തുടർന്നു് ചോര പൊടിയുന്ന തന്റെ കാലിലേക്കു നോക്കിക്കൊണ്ടുള്ള ലളിതയുടെ കരച്ചിലും പ്രതീക്ഷിച്ചു് ഉണ്ണി നായർ ഉറക്കമുണർന്നു കിടന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. രാവിലെ കുളിച്ചൊരുങ്ങിയുള്ള ലളിതയുടെ അമ്പലത്തിൽ പോക്കിനു് ശിവരാമൻ നായർ അന്നു മുതൽ വിലക്കു് ഏർപ്പെടുത്തിയിരുന്നു.

ഉണ്ണി നായർ ഭക്ഷണത്തിനു മുമ്പു് രണ്ടു ഗ്ലാസ്സുകളിലും ഓരോ ലാർജ് കൂടി വീഴ്ത്തി.

“എനിക്കു് ഒരേയൊരു കാര്യം അറിഞ്ഞാൽ മതി,” ഉണ്ണി നായർ അയ്യപ്പനോടു പറഞ്ഞു, “മുറ്റത്തു് ആ കൂവളവും അതിന്മേൽ പടർന്ന മുല്ലയും ഇപ്പൊഴുമുണ്ടോ?”

“ഉണ്ടോന്നോ,” അയ്യപ്പൻ പറഞ്ഞു, “ഇപ്പൊഴും നല്ല തഴച്ചു പന്തലിച്ചു നില്ക്കുന്നു.”

ആറു്

തീറാധാരം നടന്നു കഴിഞ്ഞു് ഉണ്ണി നായർ തന്റെ പഴയ വീട്ടിൽ ആദ്യമായി താമസിക്കാനെത്തിയതു് ആകാശത്തു് തുലാമേഘങ്ങൾ കനം തൂങ്ങി നിന്ന ഒരു സന്ധ്യയ്ക്കായിരുന്നു. നാല്പത്തിയഞ്ചു വർഷങ്ങളുടെ വിടവു് ഇല്ലാതാകാൻ മുറ്റത്തു നിന്നു് കണ്ണുകളടച്ചു് ഒരു ദീർഘശ്വാസം എടുക്കുകയേ വേണ്ടി വന്നുള്ളു അയാൾക്കു്.

കൂവളത്തിന്റെയും മുല്ലയുടെയും കാര്യം അയ്യപ്പൻ ഇത്തിരി കൂട്ടി പറഞ്ഞതായിരുന്നുവെന്നു് ഉണ്ണി നായർക്കു മനസ്സിലായി. മുറ്റത്തു് കൂവളവും മുല്ലയുമുണ്ടു് എന്നതു് നേരു തന്നെ. പക്ഷേ, വാർധക്യം ബാധിച്ചു്, മുരടിച്ചാണു് നില്പു്. പരിപാലനത്തിന്റെ കുറവു് ഒറ്റ നോട്ടത്തിൽ വെളിപ്പെടുന്നുണ്ടു്. മുല്ല അതിന്റെ സഹജവാസന കൊണ്ടു് അവിടവിടെ പൂവിട്ടിട്ടുണ്ടെന്നു മാത്രം.

ഉണ്ണി നായർ പറഞ്ഞേല്പിച്ച മറ്റു കാര്യങ്ങളും അയ്യപ്പൻ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. ഹീറോയുടെ ഒരു പുതുപുത്തൻ ഫുൾ സൈക്കിൾ, കഷ്ടിച്ചു് ഒരു വയസ്സു പ്രായം വരുന്ന കൈസർ എന്നു പേരിട്ട ലാബ്രഡോർ ഇനത്തിൽ പെട്ട വെളുത്ത നിറമുള്ള ഒരു നായ, അതിനു കിടക്കാൻ പറ്റിയ ഒരു ഇരുമ്പു കൂടു് എന്നിവയായിരുന്നു അതു്.

ഇരുമ്പുകൂട്ടിൽ കിടന്ന കൈസർ ഉണ്ണി നായർ അടുത്തു ചെന്ന പാടെ എഴുന്നേറ്റു നിന്നു. കണ്ണുകളിൽ തിളക്കം നിറച്ചു കൊണ്ടു് വാലാട്ടി.

“തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കുമല്ലോ അല്ലേ?” ഉണ്ണി നായർ അയ്യപ്പനോടു ചോദിച്ചു.

“സംശയമെന്തു്,” മറുപടി പറഞ്ഞതു് ഒരു സ്ത്രീ ശബ്ദമായിരുന്നു.

സെറ്റുമുണ്ടിന്റെ തുമ്പു കൊണ്ടു് തല മൂടി, ഇളം നീല മാസ്ക്കു കൊണ്ടു് മുഖം മറച്ചു് ലളിത നടക്കല്ലുകൾ കയറി വന്നു. കറുത്ത ഫ്രെയ്മുള്ള കണ്ണടയ്ക്കു പിന്നിലെ കണ്ണുകൾ സന്ധ്യയുടെ പാതിയിരുട്ടിലും ദീപ്തമായിരുന്നു.

images/csanthosh-km-03-t.png

ലളിതയുടെ മുടിയത്രയും കൊഴിഞ്ഞിരിക്കുന്നതും രോമങ്ങളില്ലാത്ത പുരികം മഷി കൊണ്ടു കറുപ്പിച്ചിരിക്കുന്നതും ഉണ്ണി നായർ കണ്ടു.

“യൂട്രസ് എടുത്തു കളഞ്ഞു. അവസാനത്തെ കീമോ ഇന്നലെയായിരുന്നു,” ലളിത പറഞ്ഞു, “നാളെ രാവിലെ ആറു മണി എന്നൊരു സമയമുണ്ടെങ്കിൽ ഞാൻ ഈ മുറ്റം വഴി അമ്പലത്തിലേയ്ക്കു പോകും. മുല്ലയിൽ നിന്നു് പൂവിറുക്കാൻ വേണ്ടി ഒരു നിമിഷം നില്ക്കുമ്പോൾ എന്താണു ചെയ്യേണ്ടതെന്നു് കൈസറിനു് അറിയാം. അവനു് അതിനുള്ള ട്രെയിനിങ് ഒക്കെ അയ്യപ്പൻ നല്കിയിട്ടുണ്ടു്.”

കിഴക്കൻ ചക്രവാളത്തിൽ എഴുന്നള്ളി നിന്ന കരിമേഘങ്ങളെ വിരട്ടിയോടിച്ചു കൊണ്ടു് പൊടുന്നനെ ഒരു കാറ്റു് തുടലഴിഞ്ഞു വന്നു.

മെല്ലിച്ച പുഴ മേലും കൊയ്തൊഴിഞ്ഞ പാടത്തിന്മേലും കാറ്റു് ഒരേ വന്യതയോടെ മേഞ്ഞു.

പുഴ, കരിനീല മാനം വീണു് ഒറ്റനിമിഷം കൊണ്ടു് ഗാഢമായി. പറമ്പിലെ മരങ്ങൾ കരിയിലകളുരിഞ്ഞു് നിന്ന നില്പിൽ നഗ്നരായി.

മഴയുടെ ആദ്യ തുള്ളികൾ വീഴാൻ തുടങ്ങി.

പൂർണ്ണ വളർച്ചയെത്താതെ മുതിർന്ന അന്തിയിരുട്ടു് കുടയില്ലാതെ നനഞ്ഞു് നടക്കല്ലുകൾ കയറി.

ഉണ്ണി നായരുടെ നോട്ടം അയ്യപ്പന്റെ നേർക്കു നീണ്ടു.

അയ്യപ്പൻ നിശ്ശബ്ദനായി തല താഴ്ത്തി നിന്നു.

“സന്ധ്യയ്ക്കുള്ള അടിച്ചു തളി കഴിഞ്ഞു് വേലക്കാരി പോകാൻ കാത്തു നിൽക്കുന്നുണ്ടാവും,” ലളിത നടക്കല്ലുകളിറങ്ങി, “ഞാൻ ചെല്ലട്ടെ.”

അന്നു രാത്രി തന്റെ പഴയ വീട്ടിൽ പിറ്റെന്നത്തെ പ്രഭാതം എത്തിച്ചേരുന്നതും കാത്തു് പൊടിമീശക്കാരനായ ഒരു കുമാരന്റെ നെഞ്ചിടിപ്പോടെ ഉണ്ണി നായർ ഉറങ്ങാതെ കിടന്നു.

സി. സന്തോഷ് കുമാർ
images/santhoshkumar.jpg

ജനനം: 25.05.1971.

സ്വദേശം: കോട്ടയം ജില്ലയിലെ എഴുമാന്തുരുത്ത് എന്ന ഗ്രാമം.

ഇരുപതു വർഷത്തെ സേവനത്തിനു ശേഷം 2012-ൽ വ്യോമസേനയിൽ നിന്നു വിരമിച്ചു. ഇപ്പോൾ ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ ജോലി ചെയ്യുന്നു.

ഒരു ഡസനോളം ചെറുകഥകൾ എഴുതിയിട്ടുണ്ടു്. പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.

ഭാര്യ: രാധ.

മക്കൾ: ആദിത്യൻ, ജാനകി.

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രങ്ങൾ: വി. മോഹനൻ

Colophon

Title: Dallal (ml: ദല്ലാൾ).

Author(s): C. Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-13.

Deafult language: ml, Malayalam.

Keywords: Short Story, C. Santhosh Kumar, Dallal, സി. സന്തോഷ് കുമാർ, ദല്ലാൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, a painting by Gustave Courbet (1819–1877). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.