SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/A_Family_of_Deer.jpg
A Family of Deer in a Landscape with a Waterfall, a painting by Gustave Courbet (1819–1877).
പ­ഞ്ച­വ­ടി
സി. വി. കു­ഞ്ഞു­രാ­മൻ

ഒ­ന്നാം അ­ദ്ധ്യാ­യം

കും­ഭ­മാ­സം. ശു­ക്ല­പ­ക്ഷ­ത്തി­ലെ ഏ­കാ­ദ­ശി. ഇവ ര­ണ്ടും ചേർ­ന്നാൽ രാ­ത്രി­യു­ടെ ഭംഗി പ­റ­യാ­നി­ല്ല. തി­ള­ങ്ങു­ന്ന ന­ക്ഷ­ത്ര­ങ്ങ­ളും ച­ന്ദ്ര­നും ആ­കാ­ശ­ത്തെ അ­ല­ങ്ക­രി­ക്കു­ന്നു.

കാടും കു­ന്നും ഒ­ന്നും കൂ­ടാ­തെ തു­മ്പ­ക്കാ­ട്ടു മൈ­താ­നം നീ­ണ്ടു­പ­ര­ന്നു കി­ട­ന്നി­രു­ന്നു. ഈ മൈ­താ­ന­ത്തി­ന്റെ ന­ടു­വിൽ­ക്കൂ­ടി കി­ഴ­ക്കു­പ­ടി­ഞ്ഞാ­റാ­യി ഒരു ന­ട­യ്ക്കാ­വു് ഉ­ണ്ടാ­യി­രു­ന്ന­തി­ന്റെ ഇ­രു­വ­ശ­വും പലതരം ത­ണൽ­മ­ര­ങ്ങൾ ന­ട്ടു­പി­ടി­പ്പി­ച്ചി­രു­ന്നു. ന­ട­യ്ക്കാ­വി­ന്റെ ഒ­ട്ടു­മ­ദ്ധ്യ­ത്തിൽ, ഒരു വലിയ അ­ര­യാ­ലും നാ­ട്ടു­മാ­വും ഒ­ന്നി­ച്ചു വ­ളർ­ന്നു നിൽ­ക്കു­ന്നു­ണ്ടു്. മ­ഹാ­ധർ­മ്മി­ഷ്ട­നാ­യ പൂ­വ­ത്തൂ­ര­ണ്ണാ­വി ഈ വൃ­ക്ഷ­സ­ഹോ­ദ­ര­ന്മാ­രു­ടെ ചു­റ്റും മ­നോ­ഹ­ര­മാ­യ ഒരു വലിയ ആൽ­ത്ത­റ കെ­ട്ടി­ച്ചി­രു­ന്നു. അ­തി­നെ­തി­രാ­യി ന­ട­യ്ക്കാ­വി­ന്റെ മ­റു­പു­റ­ത്തു് ഒരു വ­ഴി­യ­മ്പ­ല­വും കി­ണ­റും ഒരു ക­രി­ങ്കൽ ചു­മ­ടു­താ­ങ്ങി­യും ഉ­ണ്ടാ­യി­രു­ന്നു.

ആ ആൽ­ത്ത­റ­യിൽ അല്പം മു­ഷി­ഞ്ഞ ഒരു മു­ണ്ടും തോർ­ത്തും ധ­രി­ച്ചു് കോ­മ­ള­നാ­യ ഒരു ബാലൻ ഉ­റ­ങ്ങി­ക്കി­ട­ന്നി­രു­ന്നു. അവനു പ­ത്തു­പ­തി­നൊ­ന്നു­വ­യ­സ്സു് പ്രാ­യം തോ­ന്നും. വി­ശ­ന്നും വ­ഴി­ന­ട­ന്നും ഉ­ണ്ടാ­യ ക്ഷീ­ണം അവനിൽ കാ­ണു­ന്നു­ണ്ടു്. ഈ ബാലൻ ആ­രാ­യി­രി­ക്കാം? എ­ത്ര­യോ ബാ­ല­ന്മാർ വ­ഴി­യ­മ്പ­ല­ങ്ങ­ളി­ലും മാ­ളി­ക­ക­ളു­ടെ­യും പീ­ടി­ക­ക­ളു­ടെ­യും പു­റം­തി­ണ്ണ­ക­ളി­ലും കി­ട­ന്നു ഉ­റ­ങ്ങു­ന്നു­ണ്ടു്! ആ­രെ­ങ്കി­ലും അ­വ­രെ­ക്കു­റി­ച്ചു അ­ന്വേ­ഷി­ക്കാ­റു­ണ്ടോ? ന­മു­ക്കു ഈ ബാലൻ ആ­രെ­ന്ന­ന്വേ­ഷി­ക്കാം.

അ­നാ­ഥ­നാ­യ ബാലൻ! അന്നു പകൽ അവൻ പ­ട്ടി­ണി ആ­യി­രു­ന്നു. പകൽ മു­ഴു­വൻ വ­ഴി­ന­ട­ന്നു് ക്ഷീ­ണി­ച്ചു് വൈ­കു­ന്നേ­ര­മാ­യ­പ്പോൾ അവൻ തു­മ്പ­ക്കാ­ട്ടെ വ­ഴി­യ­മ്പ­ല­ത്തിൽ എത്തി. അ­വി­ട­ത്തെ കി­ണ­റ്റിൽ നി­ന്നു് സ­ന്ധ്യ­ക്കു­ള്ള കു­ളി­യും ക­ഴി­ച്ചു്, ക്ഷീ­ണം­പോ­കാൻ അവൻ ആ ആൽ­ത്ത­റ­യിൽ കി­ട­ന്നു. കുറെ ക­ഴി­ഞ്ഞ­പ്പോൾ ഇ­ളം­കാ­റ്റും ഇ­ല­ക­ളു­ടെ മർ­മ്മ­ര­വും അവനെ താ­രാ­ട്ടി ഉ­റ­ക്കി.

രാ­ത്രി­യു­ടെ ഒ­ന്നാ­മ­ത്തെ യാമം ക­ഴി­ഞ്ഞു. ന­ട­യ്ക്കാ­വി­ന്റെ പ­ടി­ഞ്ഞാ­റെ അ­റ്റ­ത്തു­നി­ന്നു് ഒരു ശബ്ദം കേ­ട്ടു തു­ട­ങ്ങി. പൂ­വ­ത്തൂ­ര­ണ്ണാ­വി­യു­ടെ അ­മാ­ല­ന്മാ­രു­ടെ­യും ഭൃ­ത്യ­ന്മാ­രു­ടെ­യും ശ­ബ്ദ­മാ­ണു്. അ­ണ്ണാ­വി അന്നു രാ­വി­ലെ ഒരു ക­ച്ചേ­രി­ക്കാ­ര്യ­മാ­യി പോ­യി­രു­ന്നു. രാ­മ­പു­രം ദേ­വ­സ്വ­ത്തി­ന്റെ കൈ­വ­ശ­ത്തെ­യും ഭ­ര­ണ­ത്തെ­യും കു­റി­ച്ചു പ്ര­മാ­ദ­മാ­യി ന­ട­ന്നു­വ­ന്ന ഒരു വ്യ­വ­ഹാ­ര­ത്തി­ന്റെ വിധി അ­ന്നാ­ണു് പ­റ­ഞ്ഞ­തു്. കേസ് ജ­യി­ച്ച­തു­നി­മി­ത്തം അ­ദ്ദേ­ഹം മാ­ത്ര­മ­ല്ല ഭൃ­ത്യ­ന്മാ­രും സ­ന്തോ­ഷം­കൊ­ണ്ടു് മ­ദി­ച്ചി­രു­ന്നു. അവർ വ­ഴി­യ­മ്പ­ല­ത്തിൽ എത്തി മ­ഞ്ച­ലി­റ­ക്കി: വി­ശ്ര­മ­ത്തി­നാ­യി അ­ണ്ണാ­വി പു­റ­ത്തി­റ­ങ്ങി.

ആൽ­ത്ത­റ­യിൽ ഉ­റ­ങ്ങി­ക്കി­ട­ന്ന ബാ­ല­ന്റെ മു­ഖ­കാ­ന്തി­ക­ണ്ടു് അ­ണ്ണാ­വി അൽ­ഭു­ത­പ്പെ­ട്ടു­പോ­യി. അ­ല്പ­നേ­രം ക­ഴി­ഞ്ഞു്, ദ­യാ­ലു­വാ­യ അ­ദ്ദേ­ഹം അ­നാ­ഥ­നെ­ന്നു തോ­ന്നി­യ ആ ബാലനെ ഉ­ണർ­ത്താൻ പ­തു­ക്കെ വി­ളി­ച്ചു. ബാലൻ ഉ­ണ­രു­ന്നി­ല്ലെ­ന്നു ക­ണ്ടു്, അ­ദ്ദേ­ഹം അവനെ സാ­വ­ധാ­ന­മാ­യി താ­ങ്ങി എ­ണീ­പ്പി­ച്ചു. അവൻ ക­ണ്ണു­തു­റ­ന്നു.

ര­ണ്ടാം അ­ദ്ധ്യാ­യം

അ­ണ്ണാ­വി­യും പ­രി­വാ­ര­ങ്ങ­ളും പൂ­വ­ത്തൂർ മാ­ളി­ക­യി­ലെ­ത്തി­യ­പ്പോൾ, നേരം ഏ­ക­ദേ­ശം അർ­ദ്ധ­രാ­ത്രി­യാ­യി. കു­ളി­യും ഊണും ക­ഴി­ഞ്ഞ­ശേ­ഷം കേസിൽ ജയം കി­ട്ടാൻ താനും തന്റെ വ­ക്കീ­ലും കാ­ണി­ച്ച മി­ടു­ക്കു­കൾ വർ­ണ്ണി­ച്ചു് അ­ണ്ണാ­വി നേരം വെ­ളു­പ്പി­ച്ചു എന്നു തന്നെ പറയാം. ന­മ്മു­ടെ ബാ­ല­നു് പൂ­വ­ത്തൂർ മാ­ളി­ക­യേ­യും അ­പ്പോ­ഴ­ത്തെ അ­വി­ട­ത്തെ ബ­ഹ­ള­ങ്ങ­ളേ­യും കു­റി­ച്ചു കൗ­തു­കം തോ­ന്നാ­തി­രു­ന്നി­ല്ലെ­ങ്കി­ലും, ക്ഷീ­ണം നി­മി­ത്തം ഊ­ണു­ക­ഴി­ഞ്ഞ ഉ­ടൻ­ത­ന്നെ അവൻ ഒ­രി­ട­ത്തു കി­ട­ന്നു­റ­ക്ക­മാ­യി.

പ്ര­ഭാ­ത­മാ­യ­തു മുതൽ കേ­സി­ന്റെ ജ­യ­വർ­ത്ത­മാ­നം അ­റി­യാൻ ഓ­രോ­രു­ത്തർ വന്നു തു­ട­ങ്ങി. ആ കൂ­ട്ട­ത്തിൽ കേസ് ആ­രം­ഭി­ച്ചു്, പൂ­ജ­മു­ട­ങ്ങി­യ­തു­വ­രെ രാ­മ­പു­രം ക്ഷേ­ത്ര­ത്തിൽ രാ­മാ­യ­ണം വായന ന­ട­ത്തി­ക്കൊ­ണ്ടി­രു­ന്ന കി­ട്ടു ആ­ശാ­നും വന്നു. ആ­ശാ­ന്റെ പ്രാ­യ­വും സ­ദാ­ചാ­ര­വും മൂലം സ­മ­ന്മാ­രു­ടെ നി­ല­യിൽ അ­ദ്ദേ­ഹ­ത്തെ അ­ണ്ണാ­വി ബ­ഹു­മാ­നി­ച്ചു­വ­ന്നു. ആശാനു അ­മ്പ­ത്ത­ഞ്ചു് വ­യ­സ്സു് പ്രാ­യ­മാ­യി എ­ങ്കി­ലും, അ­തി­നു­ത­ക്ക ക്ഷീ­ണം അ­ദ്ദേ­ഹ­ത്തെ ബാ­ധി­ച്ചി­രു­ന്നി­ല്ല. ചെ­റു­പ്പ­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന സൗ­ന്ദ­ര്യ­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങൾ ഇ­പ്പോ­ഴും അ­ദ്ദേ­ഹ­ത്തിൽ ശേ­ഷി­ച്ചി­രു­ന്നു. രാ­മാ­യ­ണം, ഭാരതം, മു­ത­ലാ­യ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചു് അർ­ത്ഥം പ­റ­യു­ന്ന­തിൽ ആ­ശാ­നു് അ­സാ­മാ­ന്യ­മാ­യ മി­ടു­ക്കാ­ണു­ണ്ടാ­യി­രു­ന്ന­തു്.

ആ­ശാ­നു് മ­ത­വി­ശ്വാ­സ­വും ഈ­ശ്വ­ര­ഭ­ക്തി­യും ദൃ­ഢ­മാ­യു­ണ്ടാ­യി­രു­ന്നു എ­ങ്കി­ലും, അ­ങ്ങ­നെ­യു­ള്ള­വ­രെ ബാ­ധി­ക്കാ­റു­ള്ള അ­ന്ധ­വി­ശ്വാ­സ­ങ്ങ­ളും മ­റ്റും അ­ദ്ദേ­ഹ­ത്തെ തീ­ണ്ടു­ക­പോ­ലും ചെ­യ്തി­രു­ന്നി­ല്ല.

അ­ണ്ണാ­വി:
(ഒരു കസേര ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു്) “ഇ­രി­ക്ക­ണം ആശാനേ! ദേ­വ­സ്വം കേ­സി­ന്റെ വിധി അ­റി­ഞ്ഞ­ല്ലൊ.”
ആശാൻ:
“സ­ന്തോ­ഷ­മാ­യി. ക്ഷേ­ത്ര­കാ­ര്യ­ങ്ങൾ ഇ­വി­ടു­ത്തെ ഭ­ര­ണ­ത്തിൽ ഇനി ഭം­ഗി­യാ­യി ന­ട­ക്കു­മെ­ന്നു­ള്ള­തി­നു സം­ശ­യ­മി­ല്ല.”
അ:
“ആ­ശാ­നും ഇനി ജോലി ആ­യ­ല്ലോ. ആ­റു­വർ­ഷ­മാ­യ കെ­ട്ട­ഴി­ക്കാ­തെ ഇ­രി­ക്കു­ന്ന ഗ്ര­ന്ഥം അ­ടു­ത്ത വി­ഷു­മു­തൽ വായന തു­ട­ങ്ങാം. ആ­ശാ­ന്റെ വായന കേൾ­ക്കാൻ കൊ­തി­യാ­യി­രി­ക്കു­ന്നു.”
ആ:
“ഞാൻ വൃ­ദ്ധ­നാ­യി എ­ങ്കി­ലും, എന്റെ ജോലി ഇ­നി­യും ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കാൻ സ­ന്തോ­ഷ­മു­ണ്ടു്.”

അ­ണ്ണാ­വി­യു­ടെ മകൻ മാധവൻ എന്ന കു­ട്ടി­യെ അ­വ­ന്റെ അ­ദ്ധ്യാ­പ­കൻ ഗൃ­ഹ­പാ­ഠ­ങ്ങൾ പ­ഠി­പ്പി­ച്ചു­കൊ­ണ്ടു് പൂ­മു­ഖ­ത്തി­ന്റെ തെ­ക്കേ വ­രാ­ന്ത­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അതു തൃ­ഷ്ണ­യോ­ടെ ശ്ര­ദ്ധി­ച്ചു­കൊ­ണ്ടു നാം കണ്ട ബാലൻ ഇ­രു­ന്നി­രു­ന്നു. മാധവൻ പാ­ഠ­ങ്ങൾ പ­ഠി­ക്കു­ന്ന­തു കേ­ട്ടു് മ­റ്റൊ­ന്നി­ലും ശ്ര­ദ്ധ­യി­ല്ലാ­തെ അവൻ അ­ങ്ങ­നെ ഇ­രി­ക്കു­ക­യാ­ണു്. അ­വ­ന്റെ ഇ­രി­പ്പും കോ­മ­ള­മാ­യ ആ­കൃ­തി­യും ക­ണ്ടു്, ആ­ശാ­ന്റെ കൗ­തു­ക­വും ശ്ര­ദ്ധ­യും ആ വ­ഴി­ക്കു തി­രി­ഞ്ഞു.

ബാലനെ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു്, “ആ കു­ട്ടി ഏ­താ­ണു്?” എന്നു ആശാൻ അ­ണ്ണാ­വി­യോ­ടു ചോ­ദി­ച്ചു.

അ­ണ്ണാ­വി:
“ഇ­ന്ന­ലെ ഞങ്ങൾ ക­ച്ചേ­രി­യിൽ­നി­ന്നു വ­രു­മ്പോൾ ഇവൻ തു­മ്പ­ക്കാ­ട്ടു ആൽ­ത്ത­റ­യിൽ കി­ട­ന്നി­രു­ന്നു.”

ആശാൻ “ഇ­ങ്ങോ­ട്ടു­വ­രൂ കു­ട്ടി!” എ­ന്നു് അവനെ കൈ­മാ­ടി വി­ളി­ച്ചു. അവൻ ഇ­റ­ങ്ങി­ച്ചെ­ന്നു.

ആശാൻ “നി­ന്റെ പേ­രെ­ന്താ­ണു്?”

കു­ട്ടി:
“രാഘവൻ”
ആ:
“രാഘവൻ! നി­ന്റെ സ്വ­ദേ­ശം എ­വി­ടെ­യാ­ണു്?” രാഘവൻ സം­ശ­യി­ച്ചു­നി­ന്നു. ആശാൻ വലിയ കൗ­തു­ക­ത്തോ­ടെ രാ­ഘ­വ­നെ അ­ടി­മു­ടി സൂ­ക്ഷി­ച്ചു നോ­ക്കി.
അ­ണ്ണാ­വി:
(മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടു്) “രാ­ഘ­വ­പു­രം ദേ­വ­സ്വം കേസ് ജ­യി­ച്ച­തും, രാ­ഘ­വ­നെ ക­ണ്ടു­മു­ട്ടി­യ­തും ഒരു ദി­വ­സ­മാ­ണു്. ഒരു ദൈ­വ­യോ­ഗം ഇ­തി­ലു­ണ്ടെ­ന്നു തോ­ന്നു­ന്നു.”
ആശാൻ:
(എന്തോ ആ­ലോ­ച­ന­യിൽ­നി­ന്നു വി­ര­മി­ച്ച­തു­പോ­ലെ നി­ശ്വ­സി­ച്ചി­ട്ടു്) “രാ­ഘ­വ­പു­രം അ­ണ്ണാ­വി­ക്കും, രാഘവൻ എ­നി­ക്കും ഇ­രി­ക്ക­ട്ടെ. എ­നി­ക്കു പ്രാ­യം ക­ട­ന്നു­തു­ട­ങ്ങി. സ­ഹാ­യ­ത്തി­നു് ആരും ഇല്ല. ആരുടെ എ­ങ്കി­ലും സഹായം കൂ­ടാ­തെ ന­ന്താ­വ­നം ഭം­ഗി­യാ­യി സൂ­ക്ഷി­ക്കു­ന്ന­തി­നും പ്ര­യാ­സ­മാ­ണു്.”
അണ്ണാ:
“ക്ഷേ­ത്ര­ത്തിൽ മാ­ല­യ്ക്കും­പു­ഷ്പാ­ഞ്ജ­ലി­ക്കും വേണ്ട പു­ഷ്പം ഇ­പ്പോൾ ആ­ശാ­ന്റെ ന­ന്താ­വ­ന­ത്തി­ലു­ണ്ടോ?”
ആശാൻ:
ധാ­രാ­ളം ഉ­ണ്ടു്. രാ­ഘ­വ­നെ­പ്പോ­ലെ ഒരു ബാ­ല­ന്റെ സഹായം ഉ­ണ്ടാ­യാൽ ന­ന്താ­വ­നം ഒരു ന­ന്ദ­ന­വ­ന­മാ­ക്കാം.”

“അച്ചാ!-​റോജ-റോജ!” എന്നു കൊഞ്ഞ പ­റ­ഞ്ഞു­കൊ­ണ്ടു അ­ണ്ണാ­വി­യു­ടെ മകൾ മൈ­ഥി­ലി ഒരു റോ­സാ­പ്പൂ­വു­മാ­യി ഓ­ടി­ച്ചാ­ടി­വ­ന്നു. അവൾ അ­ണ്ണാ­വി­യു­ടെ മ­ടി­യിൽ ക­യ­റി­യി­രു­ന്നു രാ­ഘ­വ­നെ ക­ണ്ടി­ട്ടു് “ഇ­താ­ര­ച്ചാ, ആ­യാ­ന്റെ മോനോ?” എന്നു അവൾ ചോ­ദി­ച്ചു.

അ­ണ്ണാ­വി ചി­രി­ച്ചു. മൈ­ഥി­ലി­യോ­ടു ത­ന്നെ­പ്പോ­ലെ വാൽ­സ­ല്യം ആ­ശാ­നും ഉ­ണ്ടെ­ന്നു അ­ണ്ണാ­വി­ക്കു ബോ­ദ്ധ്യ­മാ­യി­രു­ന്നു. എ­ങ്കി­ലും, അ­വ­ളു­ടെ ക­ളി­വ­ച­നം കേ­ട്ടി­ട്ടു് ആശാൻ ഗൗ­ര­വ­ഭാ­വം കൈ­ക്കൊൾ­ക­യാ­ണു് ചെ­യ്ത­തു്. അ­തു­ക­ണ്ടു് അ­ണ്ണാ­വി മൈ­ഥി­ലി­യോ­ടു പ­റ­ഞ്ഞു:“നീ പോയി മാ­ല­കെ­ട്ടു്. ആശാനു മ­ക്ക­ളി­ല്ലെ­ന്നു് നി­ന­ക്ക­റി­ഞ്ഞു­കൂ­ടെ?”

മൈ­ഥി­ലി:
(അ­ച്ഛ­ന്റെ താ­ടി­യിൽ ത­ട­വി­ക്കൊ­ണ്ടു്) “അച്ചാ റോജ എ­മ്പാ­ടു­പൂ­ത്തു. അ­ച്ച­നു വേണോ?” വേ­ണ­മെ­ന്നു അച്ഛൻ പ­റ­ഞ്ഞി­ല്ലെ­ങ്കി­ലും വേ­ണ­മെ­ന്നു തീർ­ച്ച­യാ­ക്കി­ക്കൊ­ണ്ടു് മൈ­ഥി­ലി അ­ച്ഛ­ന്റെ മ­ടി­യിൽ­നി­ന്നു് ഇ­റ­ങ്ങി ഓടി.

ആശാൻ മൈ­ഥി­ലി ഓ­ടി­പ്പോ­കു­ന്ന­തു നോ­ക്കി­ക്കൊ­ണ്ടു്, കു­ളിർ­ക്കെ ഒന്നു ചി­രി­ച്ചി­ട്ടു പ­റ­ഞ്ഞു: “മൈ­ഥി­ലി അ­ണ്ണാ­വി­യു­ടെ വാൽ­സ­ല്യ­ദേ­വ­ത­ത­ന്നെ.”

അണ്ണാ:
“അ­വ­ളു­ടെ ഗു­രു­സ്ഥാ­നം ഞാൻ ആശാനു തന്നെ നി­ശ്ച­യി­ച്ചി­രി­ക്കു­ക­യാ­ണു്. അ­വൾ­ക്കും ആ­ശാ­നും പൂ­ക്കൾ വലിയ ഭ്ര­മ­മാ­ണ­ല്ലോ.”
ആശാൻ:
(പെ­ട്ടെ­ന്നു­തി­രി­ഞ്ഞു രാ­ഘ­വ­നോ­ടു­ചോ­ദി­ച്ചു) “രാ­ഘ­വ­നു എന്റെ കൂടെ താ­മ­സി­ക്കാ­മോ?”

ആ­ശാ­നെ­ക്കു­റി­ച്ചു് എ­ന്തെ­ന്നി­ല്ലാ­ത്ത ഒരു സ്നേ­ഹം ഇ­തി­ന­കം അ­വ­ന്റെ മ­ന­സ്സിൽ ഉ­ദി­ച്ചു­ക­ഴി­ഞ്ഞി­രു­ന്നു. അ­തി­നാൽ അവൻ ആ­ശാ­ന്റെ കൂടെ ചെ­ല്ലാ­മെ­ന്നു് സ­മ്മ­തി­ച്ചു.

നാ­ല­ഞ്ചു റോ­സാ­പ്പൂ­ക്ക­ളും ഒരു മാ­ല­യു­മാ­യി മൈ­ഥി­ലി പി­ന്നെ­യും ഓ­ടി­ച്ചാ­ടി­വ­ന്നു. മാ­ധ­വ­നും അ­വ­ന്റെ വാ­ദ്ധ്യാർ­ക്കും ഓ­രോ­ന്നു സ­മ്മാ­നി­ച്ചു. ഒരു റോ­സാ­പ്പൂ ആ­ശാ­നും, ഒന്നു അ­ണ്ണാ­വി­ക്കും കൊ­ടു­ത്തു­കൊ­ണ്ടു്, ആ­ശാ­ന്റെ മ­ടി­യിൽ­ക­യ­റി ഇ­രി­പ്പാ­യി. മൈ­ഥി­ലി­യു­ടെ കൈ­യി­ലി­രു­ന്ന പു­ഷ്പം നോ­ക്കി­യി­ട്ടു് അ­ണ്ണാ­വി പ­റ­ഞ്ഞു: “കള്ളീ! ഉ­ള്ള­തിൽ ന­ല്ല­തു നീ തന്നെ എ­ടു­ത്തു!”

മൈ­ഥി­ലി ചി­രി­ച്ചു. സ്ഥ­ല­വും ആ­ളു­ക­ളും പ­രി­ച­യ­മി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു രാഘവൻ പ­രാ­ധീ­ന­നാ­യി നിൽ­ക്ക­യാ­യി­രു­ന്നു. അവൻ നി­ല­ത്തു കി­ട­ന്ന ഒരു ചു­ള്ളി­ക്ക­മ്പു് കാ­ലു­കൊ­ണ്ടു് ത­പ്പി­യെ­ടു­ത്തു് കൈ­യ്ക്കൊ­ണ്ടു് അ­തി­ന്റെ തോൽ നു­ള്ളി ഉ­രി­ച്ചു തു­ട­ങ്ങി.

മൈ­ഥി­ലി:
“അച്ചാ, ഞാ­നീ­റോ­ജാ­യിൽ വാ­ഴ­നാ­രു­കെ­ട്ടി ഇതു ക­ഴു­ത്തി­ലി­ട­ട്ടെ?”
അണ്ണാ:
“നീ എ­ല്ലാ­പേർ­ക്കും റോ­സാ­പ്പൂ സ­മ്മാ­നി­ച്ച­ല്ലോ. രാ­ഘ­വ­നു­കൂ­ടി ഒന്നു കൊ­ടു­ക്കാ­ത്ത­തെ­ന്തു്?”
മൈ:
“ഏതു രാ­ഘ­വ­ന­ച്ചാ? ല­യ്യാ­ളോ? ഞാ­നോർ­ത്തി­ല്ല. എന്റെ റോജാ അ­യാൾ­ക്കു കൊ­ടു­ക്ക­ട്ടെ?”

രാഘവൻ കൈ­യി­ലി­രു­ന്ന ചു­ള്ളി­ക്ക­മ്പു് വ­ള­ച്ചൊ­ടി­ച്ചു. താ­നെ­ന്തു ചെ­യ്യു­ന്നു എ­ന്നു് അവനു നി­ശ്ച­യ­മി­ല്ലാ­യി­രു­ന്നു. അവൻ കാ­ലു­കൊ­ണ്ടു് നി­ല­ത്തു വ­ര­ച്ചു് കു­നി­ഞ്ഞു­നി­ന്നി­രു­ന്നു. മാ­ല­യും­കൊ­ണ്ടു് ചെന്ന മൈ­ഥി­ലി­യെ കു­ഴ­ങ്ങി­നി­ന്ന രാഘവൻ ക­ണ്ടി­ല്ല. മൈ­ഥി­ലി അ­തി­നാൽ മാല കൈയിൽ കൊ­ടു­ക്കാ­തെ, അ­വ­ന്റെ ക­ഴു­ത്തി­ലി­ട്ടു കൊ­ടു­ത്തു. രാഘവൻ മു­ഖ­മു­യർ­ത്തി. മൈ­ഥി­ലി ചി­രി­ച്ചു കൊ­ണ്ടു് ഓ­ടി­പ്പോ­യി.

അ­ണ്ണാ­വി­യോ­ടു് അ­നു­ജ്ഞ­യും­വാ­ങ്ങി, രാ­ഘ­വ­നെ­യും കൂ­ട്ടി­ക്കൊ­ണ്ടു് ആശാൻ ന­ന്താ­വ­ന­ത്തി­ലേ­ക്കു തി­രി­ച്ചു.

മൂ­ന്നാം അ­ദ്ധ്യാ­യം

രാ­മ­പു­രം ക്ഷേ­ത്ര­ത്തിൽ­നി­ന്നു് അ­ര­ക്കാ­തം വ­ഴി­ക്കി­ഴ­ക്കാ­യി, മ­തി­ലി­ച്ചി­റ എ­ന്നു് വി­ളി­ച്ചു­വ­രു­ന്ന ഒരു വലിയ സ­ര­സ്സു­ണ്ടാ­യി­രു­ന്നു. വെ­ള്ളാ­മ്പ­ലും ചെ­ന്താ­മ­ര­യും നി­റ­ഞ്ഞ മ­നോ­ഹ­ര­മാ­യ ആ പൊ­യ്ക­യി­ലെ നിർ­മ്മ­ല­ജ­ലം, തീ­ര­പ്ര­ദേ­ശ­ങ്ങ­ളിൽ ജ­ന­വാ­സം ഇ­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ടു്, മ­ലി­ന­മാ­കാ­തെ കി­ട­ന്നി­രു­ന്നു. രാ­മ­പു­ര­ത്തേ­ലാ­യു­ടെ ത­ല­ച്ചി­റ­യി­ലേ­ക്കു് മ­തി­ലി­ച്ചി­റ­യിൽ­നി­ന്നു ഒരു വലിയ തോടു്, വെ­ട്ടി­വി­ട്ടി­ട്ടു­ണ്ടാ­യി­രു­ന്ന­തി­നാൽ, ജലം കെ­ട്ടി­നി­ന്നു­ണ്ടാ­കു­ന്ന ദോ­ഷ­വും അതിനെ ബാ­ധി­ച്ചി­രു­ന്നി­ല്ല. ചി­റ­യു­ടെ പ­ടി­ഞ്ഞാ­റു­വ­ശം ഒ­ഴി­ച്ചു ശേഷം മൂ­ന്നു ഭാ­ഗ­ങ്ങ­ളും പെ­രും­കാ­ടു­ക­ളാ­യി­രു­ന്നു ഈ കാ­ടു­ക­ളിൽ ദു­ഷ്ട­മൃ­ഗ­ങ്ങ­ളു­ടെ ശല്യം തീരെ ഇ­ല്ലാ­തി­രു­ന്ന­തു് വ­ന­വാ­സ­ക്കാ­ല­ത്തു ശ്രീ­രാ­മൻ കു­റെ­ക്കാ­ലം ഇവിടെ വി­ശ്ര­മി­ച്ച­തു­കൊ­ണ്ടാ­ണെ­ന്നു് ആളുകൾ പ­റ­ഞ്ഞി­രു­ന്നു. മൈ­ഥി­ലി കു­ളി­ച്ച സ­ര­സ്സാ­യ­തു­കൊ­ണ്ടാ­ണു് ആ ചി­റ­യ്ക്കു മ­തി­ലി­ച്ചി­റ എ­ന്നും പേ­രു­ണ്ടാ­യ­ത­ത്രേ!

ഈ ചി­റ­യു­ടെ വ­ട­ക്കേ­ക്ക­ര­യിൽ എ­ട്ടു­പ­ത്തേ­ക്കർ സ്ഥലം കാ­ടി­ല്ലാ­തെ തെ­ളി­ഞ്ഞു കാ­ണ­പ്പെ­ട്ടി­രു­ന്നു. അ­താ­യി­രു­ന്നു കി­ട്ടു ആ­ശാ­ന്റെ ന­ന്താ­വ­നം. ആ­ശാ­ന്റെ ചെ­റു­തെ­ങ്കി­ലും വൃ­ത്തി­യു­ള്ള കുടിൽ, ഒരു മാ­ങ്കൂ­ട്ട­ത്തി­ന്റെ മ­ദ്ധ്യ­ത്തിൽ നി­ന്നി­രു­ന്നു. ആ­ശാ­നും രാ­ഘ­വ­നും ന­ന്താ­വ­ന­ത്തിൽ എ­ത്തി­യ­പ്പോൾ നേരം ആ­റേ­ഴു­നാ­ഴി­ക പു­ലർ­ന്നു. ആശാൻ ഏ­ക­നാ­യി­ട്ടാ­ണു് അവിടെ താ­മ­സി­ച്ചി­രു­ന്ന­തു്. വീടു സൂ­ക്ഷി­ക്കാൻ നല്ല ശൗ­ര്യ­വും വി­ശ്വ­സ്ത­ത­യും ഉള്ള ഒരു പട്ടി ഉ­ണ്ടാ­യി­രു­ന്നു. ആ­ശാ­ന്റെ സ­ഹാ­യ­ത്തി­നു് ഭൃ­ത്യ­ന്മാർ ആരും ഉ­ണ്ടാ­യി­രു­ന്നി­ല്ല. സ്വയം പാ­ക­ത്തിൽ ആ­ശാ­നു് നല്ല പ­രി­ച­യം ല­ഭി­ച്ചി­രു­ന്നു.

ആശാൻ:
“രാ­ഘ­വ­നു് വി­ശ­പ്പു­ണ്ടാ­യി­രി­ക്കും. കഞ്ഞി ഉടനെ കാ­ല­മാ­ക്കാം.”

ആശാൻ അ­ടു­പ്പു വൃ­ത്തി­യാ­ക്കി കു­ട­വു­മെ­ടു­ത്തു് വെ­ള്ള­ത്തി­നു തി­രി­ച്ചു. വെ­ള്ളം കൊ­ണ്ടു­വ­ന്ന­പ്പോ­ഴേ­ക്കു് രാഘവൻ കു­ടി­ലി­ന്റെ സ­മീ­പ­ത്തു ശേ­ഖ­രി­ച്ചി­രു­ന്ന വി­റ­കിൽ­നി­ന്നു് കുറേ എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു് അ­ടു­പ്പിൽ തീ­ക­ത്തി­ച്ചി­രു­ന്നു. രാ­ഘ­വ­ന്റെ പ്ര­വൃ­ത്തി­യെ ഒരു മ­ന്ദ­ഹാ­സം കൊ­ണ്ടു് ആശാൻ അ­ഭി­ന­ന്ദി­ച്ചു. വെ­ള്ളം അ­ടു­പ്പ­ത്താ­ക്കി­യി­ട്ടു്, ആ വൃ­ദ്ധൻ ഒരു വലിയ കാ­ച്ചിൽ ചെ­ത്തി നു­റു­ക്കി, കഴുകി അതും ഒരു അ­ടു­പ്പി­ലാ­ക്കി.

“വെ­ള്ളം തി­ള­ച്ചു എന്നു തോ­ന്നു­ന്നു” എന്നു പ­റ­ഞ്ഞു്, ആശാൻ അരി എ­ടു­ത്തു കഴുകി അ­രി­ച്ചു് വെ­ള്ള­ത്തി­ലി­ട്ടു അ­ന­ന്ത­രം, കി­ണ്ടി­യു­മാ­യി ആ­ട്ടാ­ല­യിൽ പോയി. അവിടെ നി­ന്നി­രു­ന്ന ര­ണ്ടാ­ടു­ക­ളെ ക­റ­ന്നു് അവയെ മേ­യാൻ­വി­ട്ടു. ആശാൻ പാൽ­കൊ­ണ്ടു വ­ന്ന­പ്പോ­ഴേ­ക്കും ക­ഞ്ഞി­യും കാ­ച്ചി­ലും വെ­ന്തു് പാ­ക­മാ­യി. ര­ണ്ടി­ലും ക്ര­മ­ത്തി­നു് ഉ­പ്പൊ­ഴി­ച്ചു. പാലിൽ പ­ഞ്ച­സാ­ര ചേർ­ത്തു് അതും ക­ഞ്ഞി­യി­ലൊ­ഴി­ച്ചു എ­ല്ലാം പാ­ക­മാ­ക്കി സൂ­ക്ഷി­ച്ച­ശേ­ഷം, ആശാൻ ചെറിയ ഒരു ച­മ്മ­ന്തി അ­ര­ച്ചു. അ­ന­ന്ത­രം, ര­ണ്ടു­പേ­രും ചി­റ­യിൽ ഇ­റ­ങ്ങി കു­ളി­ച്ചു­വ­ന്നു്, ഭ­ക്ഷ­ണ­ത്തി­നി­രു­ന്നു. അ­തു­വ­രെ­യു­ള്ള ജീ­വി­ത­ത്തിൽ അത്ര സ്വാ­ദോ­ടു­കൂ­ടി ഭ­ക്ഷ­ണം ക­ഴി­ച്ചി­ട്ടു­ള്ള­താ­യി രാ­ഘ­വ­നു് ഓർ­മ്മി­ക്കാൻ ക­ഴി­ഞ്ഞി­ല്ല.

ക­ഞ്ഞി­കു­ടി­ച്ച­ശേ­ഷം ആശാൻ ഒരു വലിയ മാ­മ്പ­ഴം എ­ടു­ത്തു പൂളി നു­റു­ക്കി. ആ ആ­കൃ­തി­യി­ലും, വ­ലി­പ്പ­ത്തി­ലും, നി­റ­ത്തി­ലും ഉള്ള മാ­മ്പ­ഴം രാഘവൻ അതിനു മു­മ്പു ക­ണ്ടി­ട്ടി­ല്ല. നാ­ക്കിൽ വെ­ള്ളം വ­രു­ത്താ­തെ അ­തി­ന്റെ നിറം നോ­ക്കാ­നും, മ­ണ­മേൽ­ക്കു­വാ­നും അവൻ ക­ഴി­ഞ്ഞി­ല്ല.

രാഘവൻ:
“ഇ­തെ­വി­ടെ­നി­ന്നു വ­രു­ത്തി­യ­താ­ണു്?”
ആശാൻ:
“വ­രു­ത്തി­യ­ത­ല്ല അതാ നോ­ക്ക­ണം ആ നിൽ­ക്കു­ന്ന തൈ­മാ­വിൽ നി­ന്നു് പ­റി­ച്ചെ­ടു­ത്ത­താ­ണു്.”

രണ്ടു തൈ­മാ­വു­കൾ നിറയെ കു­ല­ച്ചു്, ആ­ശാ­ന്റെ കു­ടി­ലി­നു മുൻ­വ­ശം നി­ന്നി­രു­ന്നു. രാഘവൻ ന­ന്താ­വ­ന­ത്തിൽ വ­ന്ന­പ്പോൾ, സ്ഥ­ല­ത്തി­ന്റെ വി­ജ­ന­ത­യും അ­പ­രി­ചി­ത­നാ­യ ആ­ശാ­ന്റെ പ്രാ­യ­വും ഓർ­ത്തു് അ­വ­ന്റെ മ­ന­സ്സു് നി­രു­ത്സാ­ഹ­മാ­യി­രു­ന്നു. അ­തി­നാൽ, ന­ന്താ­വ­ന­ത്തി­ന്റെ ര­മ്യ­ത­യൊ­ന്നും അവൻ ക­ണ്ടി­രു­ന്നി­ല്ല. പാൽ­ക്ക­ഞ്ഞി കു­ടി­ച്ചു­ണ്ടാ­യ തൃ­പ്തി­യും, ആ­ശാ­ന്റെ സ്നേ­ഹ­മ­ധു­ര­മാ­യ സം­ഭാ­ഷ­ണ­വും അ­വ­ന്റെ കു­ണ്ഠി­തം പാടേ ഹ­നി­ച്ചു.

രാ:
“ഇവിടെ പാർ­പ്പാ­യി­ട്ടു വളരെ നാ­ളാ­യോ?”
ആ:
“ഇ­രു­പ­തു കൊ­ല്ല­മാ­യി.”
രാ:
“ഈ സ്ഥലം സ്വ­ന്ത­മാ­ണോ?”
ആ:
“അതെ. മു­ഴു­വൻ എന്റെ പ്ര­യ­ത്ന­മാ­ണു്. കാടു തെ­ളി­ക്കാൻ ഒ­ന്നു­ര­ണ്ടു കൂ­ലി­ക്കാ­രു­ടെ സ­ഹാ­യം­കൂ­ടി ഉ­ണ്ടാ­യി­രു­ന്നു. വൃ­ക്ഷ­ങ്ങ­ളും ചെ­ടി­ക­ളും ന­ട്ടു­പി­ടി­പ്പി­ച്ച­തു് ഞാൻ­ത­ന്നെ. രാഘവൻ ഇ­രു­ന്നു വി­ശ്ര­മി­ക്കൂ. ഊണു ത­യാ­റാ­ക്കു­ന്ന­തി­നു­മു­മ്പു് എ­നി­ക്കു് ആ­ട്ടാ­ല­യു­ടെ ചില അ­റ്റ­കു­റ്റ­ങ്ങൾ തീർ­ക്കാ­നു­ണ്ടു്.”

ആശാൻ ഒരു വെ­ട്ടു­ക­ത്തി­യു­മെ­ടു­ത്തു വെ­ളി­യി­ലി­റ­ങ്ങി. രാഘവൻ വി­ശ്ര­മ­ത്തി­നൊ­രു­ങ്ങാ­തെ, തോ­ട്ട­ത്തിൽ ഇ­റ­ങ്ങി­ന­ട­ന്നു തു­ട­ങ്ങി. കു­ടി­ലി­നു തെ­ക്കു­വ­ശം, ഇ­രു­പ­തു ദ­ണ്ഡു് സ­മ­ച­തു­രം വീതം വ­രു­ന്ന മൂ­ന്നു­ത­ട്ടു­ക­ളാ­യി തി­രി­ച്ചി­ട്ടു­ണ്ടു്. മ­ദ്ധ്യ­ത്തി­ലു­ള്ള ത­ട്ടാ­ണു് പൂ­ന്തോ­ട്ടം. അ­തി­ന്റെ മ­ദ്ധ്യ­ത്തിൽ­കൂ­ടി തെ­ക്കു­വ­ട­ക്കാ­യും കി­ഴ­ക്കു­പ­ടി­ഞ്ഞാ­റാ­യും രണ്ടു വഴികൾ ഉ­ണ്ടാ­ക്കി­യി­ട്ടു­ണ്ടു്. ര­ണ്ടു­വ­ഴി­ക­ളും സ­ന്ധി­ക്കു­ന്നി­ട­ത്തു് ഒരു ത­ട്ടു­പ­ന്തൽ മേ­ച്ചി­ലി­ല്ലാ­തെ, മു­ള­കീ­റി വ­രി­ഞ്ഞു് ഉ­ണ്ടാ­ക്കി­യി­രു­ന്നു. അ­തി­ന്റെ നാ­ലു­വ­ശ­ങ്ങ­ളി­ലും ആർ­ച്ചു­ക­ളു­ണ്ടു്. ഈ പ­ന്ത­ലി­ലും ആർ­ച്ചു­ക­ളി­ലും, അ­രി­മു­ല്ല­ക­ളും കു­ട­മു­ല്ല­ക­ളും പ­റ്റി­പ­ടർ­ന്നു കി­ട­ക്കു­ന്നു. പ­ന്ത­ലി­ന്റെ തറയിൽ വി­രി­ച്ചു നി­ര­പ്പാ­ക്കി­യി­രു­ന്ന ആ­റ്റു­മ­ണ­ലിൽ പൂ­ക്കൾ കൊ­ഴി­ഞ്ഞു­വീ­ണു് ചി­ത­റി­ക്കി­ട­പ്പു­ണ്ടു്. ചു­റ്റു­മു­ള്ള ത­ട­ങ്ങ­ളിൽ റോസ, പി­ച്ച­കം, ചെ­മ്പ­കം, ചേ­മ­ന്തി മു­ത­ലാ­യ പൂ­ച്ചെ­ടി­കൾ അ­തി­ഭം­ഗി­യിൽ ന­ട്ടു­പി­ടി­പ്പി­ച്ചി­രി­ക്കു­ന്നു. പ­ന്ത­ലി­നു് അല്പം കി­ഴ­ക്കാ­യി ഒരു വലിയ വ­ര­മ്പു­ണ്ടു്. അ­തി­ന്റെ കി­ഴ­ക്കു­വ­ശ­മാ­ണു് ആ­ശാ­ന്റെ മ­ല­ക്ക­റി­ത്തോ­ട്ടം. ച­തു­രാ­കൃ­തി­യിൽ വ­ള­ച്ചു­കെ­ട്ടി ഉ­ണ്ടാ­ക്കി­യി­ട്ടു­ള്ള ത­ട്ടു­ക­ളിൽ അമര, പി­ച്ച­ങ്ങാ, പാ­വ­യ്ക്കാ മു­ത­ലാ­യ­വ­യു­ടെ വ­ള്ളി­കൾ പ­ടർ­ന്നു് കു­ല­കു­ത്തി കാ­യ്ച്ചു് കി­ട­ന്നി­രു­ന്നു. വെണ്ട, വ­ഴു­തി­ന, ക­ത്തി­രി, മു­ള­കു് മു­ത­ലാ­യ അനേകം ചെ­ടി­ക­ളിൽ “ആ­ടി­ത്തു­ട­ങ്ങി അ­ല­ഞ്ഞു­ല­ഞ്ഞു്” നിൽ­ക്കു­ന്ന കാ­യ്കൾ ക­ണ്ടു് രാ­ഘ­വ­ന്റെ ക­ണ്ണു­കൾ കു­ളിർ­ത്തു. മ­ല­ക്ക­റി­ത്തോ­ട്ടം ചു­റ്റി­ന­ട­ന്നു് ക­ണ്ട­ശേ­ഷം രാഘവൻ പ­ടി­ഞ്ഞാ­റേ ത­ട്ടി­ലേ­യ്ക്കു പോയി. അവിടെ ചെ­ടി­ക­ളു­ടേ­യും മ­റ്റും­വി­ത്തു­കൾ പാകി കി­ളിർ­പ്പി­ക്കു­ന്ന­തി­നു് ചെ­യ്തി­രു­ന്ന ഏർ­പ്പാ­ടു­കൾ­ക­ണ്ടു് അവനു് ആ­ശാ­നെ­ക്കു­റി­ച്ചു­ണ്ടാ­യ ബ­ഹു­മാ­നം വർ­ദ്ധി­ച്ചു.

അ­ന­ന്ത­രം രാഘവൻ പ­ന്ത­ലി­ലേ­ക്കു­ത­ന്നെ പോയി. മൈ­ഥി­ലി­ച്ചി­റ­യെ ത­ലോ­ടി­വ­ന്ന തെ­ക്കൻ­കാ­റ്റു് പൂ­ക്ക­ളു­ടെ പ­രി­മ­ളം ഇ­ള­ക്കി രാ­ഘ­വ­നെ സൽ­ക്ക­രി­ച്ചു. പ­ന്ത­ലി­നു­സ­മീ­പം വി­ടർ­ന്നു­നി­ന്ന വലിയ ഒരു റോ­സാ­പു­ഷ്പം പ­റി­പ്പാൻ അവൻ കൈയ് നീ­ട്ടി. മൈ­ഥി­ലി സ­മ്മാ­നി­ച്ച മാ­ല­യു­ടെ ഓർമ്മ അ­പ്പോൾ അ­വ­നു­ണ്ടാ­യി. ആ പെൺ­കി­ടാ­വി­ന്റെ നേരെ അവനു് എ­ന്തെ­ന്നി­ല്ലാ­ത്ത ഒരു പ്ര­തി­പ­ത്തി തോ­ന്നി­യി­രു­ന്നു. മൈ­ഥി­ലി­യു­ടെ സ­മ­പ്രാ­യ­ക്കാ­രി­യാ­യി രാ­ഘ­വ­നു് ശാരിക എ­ന്നൊ­രു സ­ഹോ­ദ­രി ഉ­ണ്ടാ­യി­രു­ന്നു. ശാ­രി­ക­യോ­ടു് മൈ­ഥി­ലി­ക്കു­ണ്ടാ­യി­രു­ന്ന ആ­കൃ­തി­സാ­മ്യം­കൊ­ണ്ടോ എന്തോ, എ­ന്താ­ണു് രാ­ഘ­വ­നു് ഇത്ര വളരെ താ­ല്പ­ര്യം മൈ­ഥി­ലി­യു­ടെ നേരെ തോ­ന്നി­യ­തെ­ന്ന­റി­ഞ്ഞി­ല്ല. അവൻ, പ­ടർ­ന്നു­കി­ട­ന്ന മു­ല്ല­ക്കൊ­ടി­യു­ടെ ഇടയിൽ ആ റോ­സാ­പു­ഷ്പ­ത്തി­ന്റെ അ­ഴ­കും­നോ­ക്കി­ക്കൊ­ണ്ടു് നി­ന്നു. “ഇ­ത്ത­രം ഒരു പൂവു് മൈ­ഥി­ലി­ക്കു് പകരം കൊ­ടു­ക്കാൻ സാ­ധി­ച്ചെ­ങ്കി­ലോ” എ­ന്നാ­യി­രു­ന്നു അ­വ­ന്റെ അ­പ്പോ­ഴ­ത്തെ വി­ചാ­രം. ഈ നി­ല­യിൽ പ­ന്ത­ലി­ലേ­ക്കു­വ­ന്ന ആശാനെ രാ­ഘ­വൻ­ക­ണ്ടി­ല്ല.

“തോ­ട്ടം മു­ഴു­വൻ കണ്ടോ?” എ­ന്നു് ആശാൻ ചോ­ദി­ച്ചു. ഒരു പ­രി­ഭ്ര­മ­ത്തോ­ടെ, പതറിയ സ്വ­ര­ത്തിൽ ‘കണ്ടു’ എ­ന്നു് രാഘവൻ പ­റ­ഞ്ഞു.

അ­ല്പ­നി­മി­ഷം ചി­ന്താ­മ­ഗ്ന­നാ­യി നി­ന്നി­ട്ടു് ആശാൻ ചോ­ദി­ച്ചു: “രാ­ഘ­വൻ­സ്ക്കൂ­ളിൽ­പ­ഠി­ച്ചി­ട്ടു­ണ്ടോ?”

രാ:
“നാ­ലു­ക്ലാ­സ്സു­വ­രെ പ­ഠി­ച്ചു.”
ആ:
“സ്കൂൾ കു­ട്ടി­കൾ ഉ­ച്ച­യ്ക്കു വ­ല്ല­തും ക­ഴി­ച്ചു ശീ­ലി­ച്ച­വ­രാ­യി­രി­ക്കും. അ­തു­കൊ­ണ്ടു് ഞാൻ പോയി ഊണു കാ­ല­മാ­ക്കാം.”
രാ:
“ഞാനും കൂടി വ­രു­ന്നു.”
ആ:
“കൊ­ള്ളാം; രാ­ഘ­വ­നു് ഇന്നു ഞാൻ പാൽ­പ്ര­ഥ­മ­നു­ണ്ടാ­ക്കി­ത്ത­രാം.”

പാ­ച­ക­ത്തി­നു­വേ­ണ്ട സ­ഹാ­യ­ങ്ങൾ രാഘവൻ ആ­ശാ­നു് ചെ­യ്തു­കൊ­ടു­ത്തു. പക്ഷേ, യാ­തൊ­രു സ­ഹാ­യ­വും ആശാൻ രാ­ഘ­വ­നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നി­ല്ല. അ­വ­ന്റെ പ്ര­വൃ­ത്തി­ക­ളെ ആശാൻ മു­ഖ­പ്ര­സാ­ദം­കൊ­ണ്ടും സ്നേ­ഹ­പൂർ­ണ്ണ­മാ­യ സം­ഭാ­ഷ­ണം­കൊ­ണ്ടും അ­ഭി­ന­ന്ദി­ച്ചു.

നാലാം അ­ദ്ധ്യാ­യം

അ­ടു­ത്ത വി­ഷു­വി­നു­ത­ന്നെ രാ­മ­പു­രം ക്ഷേ­ത്രം തു­റ­ന്നു് പൂജ ആ­രം­ഭി­ച്ചു. അന്നു ക്ഷേ­ത്ര­ത്തിൽ വി­ശേ­ഷാൽ ആൾ­ക്കൂ­ട്ടം ഉ­ണ്ടാ­യി­രു­ന്നു.

ആ­ശാ­നും രാ­ഘ­വ­നും അന്നു പ­തി­വി­ല­ധി­കം നേ­ര­ത്തെ എ­ഴു­ന്നേ­റ്റു. ര­ണ്ടു­പേ­രും മ­തി­ലി­ച്ചി­റ­യി­ലി­റ­ങ്ങി കു­ളി­ച്ചു. “പ്രാ­തഃ­സ്നാ­നം ബു­ദ്ധി­വി­ശേ­ഷം മ­ഹൗ­ഷ­ധം” എ­ന്നു് രാഘവൻ എന്നു പ­ഠി­ച്ചോ അന്നു മുതൽ അവൻ അതു് അ­നു­ഷ്ഠി­ക്കാൻ തു­ട­ങ്ങി. സ്നാ­നം ക­ഴി­ഞ്ഞു മ­ട­ങ്ങി­വ­ന്ന ഉടൻ, ആശാൻ പൂ­ക്കൂ­ട­യു­മാ­യി­ന­ന്താ­വ­ന­ത്തിൽ ഇ­റ­ങ്ങി പു­ഷ്പ­ങ്ങൾ ഇ­റു­ത്തു ശേ­ഖ­രി­ച്ചു തു­ട­ങ്ങി. ഈ ജോ­ലി­യിൽ രാഘവൻ അ­ത്യു­ത്സാ­ഹ­ത്തോ­ടെ ആശാനെ സ­ഹാ­യി­ച്ചു. അ­സാ­മാ­ന്യ വ­ലി­പ്പ­മു­ള്ള ഒരു റോ­സാ­പു­ഷ്പം രാഘവൻ പ­റി­ച്ചെ­ടു­ത്തു് പൂ­ക്കൂ­ട­യിൽ ഇടാൻ മ­ടി­ച്ചു­നിൽ­ക്കു­ന്ന­തു ക­ണ്ടി­ട്ടു്, ആശാൻ “രാ­ഘ­വ­നു് ആ റോ­സാ­പ്പൂ­വു് വേ­ണ­മെ­ങ്കിൽ എ­ടു­ത്തു­കൊ­ള്ളൂ” എന്നു പ­റ­ഞ്ഞു. രാ­ഘ­വ­ന്റെ ക­വിൾ­ത്ത­ട­ങ്ങൾ അ റോ­സാ­പ്പൂ­വു­പോ­ലെ ചു­വ­ന്നു.

ആശാൻ:
“ക്ഷേ­ത്ര­ത്തിൽ മൂ­ന്നു മാ­ല­യാ­ണു് പ­തി­വാ­യി വേ­ണ്ട­തു്. ഇന്നു വി­ഷു­വാ­യ­തു­കൊ­ണ്ടു് അ­ഞ്ചു­മാ­ല വേണം.”

ആശാൻ വാ­ഴ­നാ­രു കൊ­ണ്ടു­വ­ന്നു മാല കെ­ട്ടാൻ ആ­രം­ഭി­ച്ചു. രാഘവൻ കൗ­തു­ക­പൂർ­വ്വം ശ്ര­ദ്ധി­ക്കു­ന്ന­തു­ക­ണ്ടു് ആശാൻ ചോ­ദി­ച്ചു: “രാ­ഘ­വ­നു് മാല കെ­ട്ടി­പ്പ­ഠി­ക്കാൻ കൊ­തി­തോ­ന്നു­ന്നു­ണ്ടോ? പൂമാല കെ­ട്ടി­യു­ണ്ടാ­ക്കാൻ ബാ­ല്യം മുതൽ എ­നി­ക്കു­ണ്ടാ­യി­രു­ന്ന കൗ­തു­കം ഇ­തേ­വ­രെ എന്നെ വി­ട്ടു­പി­രി­ഞ്ഞി­ട്ടി­ല്ല. ഇതാ നോ­ക്കി മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ളൂ.”

രാഘവൻ കു­റേ­നേ­രം, ആശാൻ മാ­ല­കെ­ട്ടു­ന്ന­തു സൂ­ക്ഷി­ച്ചു മ­ന­സ്സി­ലാ­ക്കി­യി­ട്ടു്, സ്വയം ഒരു മാല കെ­ട്ടാൻ ആ­രം­ഭി­ച്ചു. അ­ര­ച്ചാൺ നീ­ള­ത്തിൽ അവൻ ഒരു മാല കെ­ട്ടി­യ­തു് ആശാനെ കാ­ണി­ച്ചു. അ­തി­ലു­ള്ള കു­റ്റ­ങ്ങ­ളും കു­റ­വു­ക­ളും ആശാൻ അവനു് ഉ­പ­ദേ­ശി­ച്ചു കൊ­ടു­ത്തു. അവൻ ആ മാല അ­ഴി­ച്ചു­കെ­ട്ടി. ആശാൻ അഞ്ചു മാല കെ­ട്ടി­ത്തീർ­ന്ന­പ്പോ­ഴേ­ക്കു് രാ­ഘ­വ­നു് ഒരു മാല കെ­ട്ടാ­നേ സാ­ധി­ച്ചു­ള്ളൂ. എ­ങ്കി­ലും, അതു ഒ­ട്ടും മോ­ശ­പ്പെ­ട്ട­ത­ല്ലാ­യി­രു­ന്നു. അവൻ ആ റോ­സാ­പ്പൂ­വു് ആ മാ­ല­യു­ടെ ന­ടു­നാ­യ­ക­മാ­യ് കെ­ട്ടി; അതു വാ­ഴ­യി­ല­യിൽ പൊ­തി­ഞ്ഞു വെ­ള്ളം ത­ളി­ച്ചു­വ­ച്ചു.

ആശാൻ:
“ഇനി ന­മു­ക്കു ക്ഷേ­ത്ര­ത്തി­ലേ­ക്കു പോകാം. അ­ണ്ണാ­വി­യും മ­റ്റും എ­ത്തി­യി­രി­ക്കും.”
രാഘവൻ:
“മാ­ധ­വ­നും അ­വ­ന്റെ വാ­ദ്ധ്യാ­രും മ­റ്റും കൂടെ വരുമോ?”
ആ:
(പു­ഞ്ചി­രി­യോ­ടു­കൂ­ടി) “പൂ­വ­ത്തൂ­രു­ള്ള­വ­രെ­ല്ലാം ഇന്നു ക്ഷേ­ത്ര­ത്തിൽ വരും. വി­ശേ­ഷി­ച്ചും ഇന്നു വി­ഷു­വു­മാ­ണു്.”
രാ:
“ഈ ക്ഷേ­ത്ര­ത്തിൽ ഉൽസവം എ­പ്പോ­ഴാ­ണു്?”
ആ:
“മറ്റു ക്ഷേ­ത്ര­ങ്ങ­ളി­ലെ­പ്പോ­ലെ ഇവിടെ ഉ­ത്സ­വം പ­തി­വി­ല്ല. ഇ­പ്പൊ­ഴ­ത്തെ അ­ണ്ണാ­വി­യു­ടെ വ­ലി­യ­ച്ഛ­ന്റെ കാ­ല­ത്തു് പ­തി­നൊ­ന്നു ആ­ന­പ്പു­റ­ത്തു ആ­റാ­ട്ടും, കേ­മ­മാ­യി വി­ള­ക്കും ഉ­ണ്ടാ­യി­രു­ന്നു. ഒ­രി­ക്കൽ പ­ള്ളി­വേ­ട്ട­യ്ക്കു് ഏ­താ­നും ത­സ്ക്ക­ര­ന്മാർ കൂടി, ആന വി­ര­ണ്ടു എ­ന്നൊ­രു ബഹളം ഉ­ണ്ടാ­ക്കി. കൈയും ക­ണ­ക്കു­മി­ല്ലാ­തെ ഉൽ­സ­വ­ത്തി­നു തി­ങ്ങി­ക്കൂ­ടി­യി­രു­ന്ന ജ­ന­ങ്ങൾ പ­രി­ഭ്ര­മി­ച്ചു­ണ്ടാ­ക്കി­യ ബ­ഹ­ളം­മൂ­ലം ഒന്നു ര­ണ്ടു് ആ­ന­ക­ളും വി­ര­ണ്ടു. ആ­ക­പ്പാ­ടെ ഒരു വലിയ ക­ശ­യാ­യി. കുറെ സ്ത്രീ­ക­ളും കു­ഞ്ഞു­ങ്ങ­ളും മ­രി­ച്ചു. അനവധി ആ­ളു­കൾ­ക്കു കൈ­കാ­ലു­കൾ ഒ­ടി­ഞ്ഞു. ക­ണ­ക്കി­ല്ലാ­തെ, മുതൽ ന­ഷ്ട­വും ഉ­ണ്ടാ­യി. അ­തി­ന്റെ പി­ന്നാ­ലെ പോ­ലീ­സു­കാ­രു­ടെ വ­ര­വാ­യി. ബ­ഹ­ള­ത്തി­നു കാ­ര­ണ­ക്കാ­രാ­യി; ക­ണ്ണിൽ ക­ണ്ട­വ­രെ­യൊ­ക്കെ പി­ടി­ച്ചു. അ­തു­മൂ­ല­വും വലിയ പ­ണ­ച്ചെ­ല­വും­ക­ഷ്ട­പ്പാ­ടും ഉ­ണ്ടാ­യി.”
രാ:
“ഇ­ന്ന­ത്തെ ആൾ­ക്കൂ­ട്ട­ത്തി­ലും അ­ങ്ങ­നെ വ­ല്ല­തു­മു­ണ്ടാ­കു­മോ?”
ആ:
“ആനയും ആ­റാ­ട്ടു­മാ­ണു് ആ ബ­ഹ­ള­മൊ­ക്കെ­യു­ണ്ടാ­ക്കി­യ­തു്. അ­തു­നി­മി­ത്തം അ­ന്ന­ത്തെ ബ­ഹ­ള­ത്തി­നു­ശേ­ഷം രാ­മ­പു­ര­ത്തു് ഉൽസവം വേ­ണ്ടെ­ന്നു വ­ച്ചി­രി­ക്ക­യാ­ണു്.”

അ­ന­ന്ത­രം ആ­ശാ­നും രാ­ഘ­വ­നും­കൂ­ടി ക്ഷേ­ത്ര­ത്തി­ലേ­ക്കു പു­റ­പ്പെ­ട്ടു. ചി­റ­യു­ടെ തീ­ര­ത്തു­കൂ­ടി­യാ­യി­രു­ന്നു അ­വ­രു­ടെ യാത്ര. വി­ട­രാ­റാ­യി­നി­ന്ന ചെ­ന്താ­ര­മ­പ്പൂ­ക്കൾ, കു­തി­ച്ചു­ക­യ­റി­യ കു­ഞ്ഞു­ങ്ങ­ളു­ടെ ഓ­മ­ന­മു­ഖം­പോ­ലെ പ്ര­ഭാ­ത­ര­വി­യു­ടെ കി­ര­ണ­ങ്ങ­ളിൽ തു­ള്ളി­ക്ക­ളി­ച്ചു. വെ­ള്ളാ­മ്പ­ലു­ക­ളു­ടെ മൊ­ട്ടു­ക­ളെ ക­രി­വ­ണ്ടു­കൾ മു­ത്തി, ശം­ഖ­നാ­ദം മു­ഴ­ക്കി. നീ­ലോൽ­പ്പ­ദ­ല­ങ്ങൾ, വ­ണ്ടു­ക­ളു­ടെ നി­റ­ത്തോ­ടു മൽ­സ­രി­ച്ചു് പ്ര­ഭാ­ത­മാ­രു­ത­നിൽ വി­റ­ച്ചു. ഒരു മ­നോ­ഹ­ര­മാ­യ ചൂ­രൽ­ക്കു­ട്ട­യിൽ­വ­ച്ചു് രാഘവൻ കൊ­ണ്ടു പോ­യി­രു­ന്ന പു­ഷ്പ­ങ്ങ­ളു­ടെ പ­രി­മ­ളം­മൂ­ലം അ­വ­നു­ചു­റ്റും വ­ണ്ടു­കൾ പ്ര­ദ­ക്ഷി­ണം ചെ­യ്തു.

അ­പ്പോ­ഴേ­ക്കും, ദൂരെ രാ­മ­പു­രം ക്ഷേ­ത്ര­ത്തി­ലെ ശം­ഖ­നാ­ദ­വും, കാ­ക­ളി­യും കേ­ട്ടു­തു­ട­ങ്ങി.

അ­ഞ്ചാം അ­ദ്ധ്യാ­യം

രാ­മ­പു­രം ക്ഷേ­ത്ര­ത്തി­ലെ ശ്രീ­കോ­വി­ലി­ന്റെ പൊ­ന്താ­ഴി­ക­ക്കു­ടം ബാ­ലാർ­ക്ക­ര­ശ്മി­കൾ തട്ടി തി­ള­ങ്ങു­ന്ന­തു് ദൂ­ര­ത്തിൽ­ക­ണ്ടു് രാ­ഘ­വ­ന്റെ ഉൽ­സാ­ഹം വർ­ദ്ധി­ച്ചു. ക്ഷേ­ത്ര­ത്തി­ന്റെ ഉ­ള്ളിൽ­നി­ന്നു മ­ണി­നാ­ദം കേ­ട്ടു­തു­ട­ങ്ങി­യ­പ്പോൾ ആ­ശാ­നും രാ­ഘ­വ­നും ക്ഷേ­ത്ര­ത്തി­ലെ­ത്തി. ആശാനെ കണ്ട ഉടനെ അ­ണ്ണാ­വി ചോ­ദി­ച്ചു:

“ആശാൻ ഇ­ന്നെ­ന്താ­ണു് പ­തി­വിൽ­അ­ല്പം­വൈ­കി­യ­തു്?”

ആശാൻ,“വി­ശേ­ഷാൽ കാരണം ഒ­ന്നും ഇല്ല” എ­ന്നു് പ­റ­ഞ്ഞു­കൊ­ണ്ടു് രാ­ഘ­വ­ന്റെ ക­യ്യിൽ ഇ­രു­ന്ന പൂ­ക്കൂ­ട വാ­ങ്ങി ശാ­ന്തി­ക്കാ­ര­നെ ഏ­ല്പി­ച്ചു. കത്തി എ­രി­യു­ന്ന ദീ­പ­ങ്ങ­ളു­ടെ മ­ദ്ധ്യ­ത്തിൽ പു­ഷ്പ­മാ­ല്യ­ങ്ങ­ളും അ­ണി­ഞ്ഞു്, സീ­ത­യോ­ടും ല­ക്ഷ്മ­ണ­നോ­ടും ഒ­ന്നി­ച്ചു നി­ന്നി­രു­ന്ന ശ്രീ­രാ­മ­ന്റെ ബിം­ബം­ക­ണ്ടു്, രാ­ഘ­വ­ന്റെ ഹൃദയം ഭ­ക്തി­പ­രി­പൂർ­ണ്ണ­മാ­യി.

അ­ണ്ണാ­വി­യു­ടെ മകൾ മൈ­ഥി­ലി അ­ദ്ദേ­ഹ­ത്തി­ന്റെ കൈയും പി­ടി­ച്ചു് അവിടെ നി­ന്നി­രു­ന്നു. അവൾ രാ­ഘ­വ­നെ കണ്ട ഉടനെ “ഇ­യ്യാൾ­ക്ക­ല്ലേ അച്ഛാ, ഞാൻ റോ­ജാ­മാ­ല കൊ­ടു­ത്ത­തു്?” എ­ന്നു് ചോ­ദി­ച്ചു. അ­ണ്ണാ­വി­ക്കു് അ­തി­നു­ത്ത­രം പറയാൻ ഇ­ട­കി­ട്ടും­മു­മ്പേ, ഗം­ഭീ­ര­മാ­യ ശം­ഖ­നാ­ദ­വും നാ­ഗ­സ്വ­രാ­ദി­വാ­ദ്യ­ങ്ങ­ളും ക്ഷേ­ത്ര­ത്തിൽ മു­ഴ­ങ്ങി­ത്തു­ട­ങ്ങി. പ്ര­ദ­ക്ഷി­ണ­ത്തി­നു സ­മ­യ­മാ­യി എ­ന്ന­തി­ന്റെ അ­റി­യി­പ്പാ­യി­രു­ന്നു അതു്.

പ്ര­ദ­ക്ഷി­ണം ആ­രം­ഭി­ച്ചു. ഓരോ ഭാ­ഗ­ത്തു് ഒ­രു­ങ്ങി നി­ന്നി­രു­ന്ന ജ­ന­സം­ഘം യാ­തൊ­രു ബ­ഹ­ള­വും കൂ­ടാ­തെ ശാ­ന്തി­ക്കാ­ര­നെ അ­നു­ഗ­മി­ച്ചു.

അ­ങ്ങ­നെ പ­തു­ക്കെ­നീ­ങ്ങി­യ ജ­ന­ക്കൂ­ട്ട­ത്തി­ന്റെ ഇടയിൽ മൈ­ഥി­ലി­യും ഉ­ണ്ടാ­യി­രു­ന്നു. അവൾ അ­ച്ഛ­ന്റെ കൈയ് വി­ട്ടു്, ആൾ­ക്കൂ­ട്ട­ത്തിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഓ­ടി­ക്ക­ളി­ച്ചു­തു­ട­ങ്ങി. പ്ര­ദ­ക്ഷി­ണം അ­വ­സാ­നി­പ്പി­ച്ചു്, ജ­ന­ങ്ങൾ പ­ല­വ­ഴി­ക്കും തി­രി­ച്ചു ഓടി ക്ഷീ­ണി­ച്ച­പ്പോൾ ഉ­ത്സാ­ഹം കു­റ­ഞ്ഞ മൈ­ഥി­ലി അ­ച്ഛ­നെ അ­ന്വേ­ഷി­ച്ചു് മു­ന്നോ­ട്ടു മു­റു­കി­ന­ട­ന്നു. പ­ര­സ്പ­രം പ­രി­ച­യ­മി­ല്ലാ­ത്ത പലരും ഒ­രു­വ­ഴി­ക്കു് തി­ങ്ങി ന­ട­ക്കു­മ്പോൾ അ­വ­രു­ടെ ഇടയിൽ ന­ട­ന്നു­പോ­കു­ന്ന ഒരു കൊ­ച്ചു കു­ട്ടി­യെ­ക്കു­റി­ച്ചു് ആരും വി­ശേ­ഷി­ച്ചു ശ്ര­ദ്ധി­ച്ചു എ­ന്നു് വ­രി­ക­യി­ല്ല. ഇ­ട­യ്ക്കി­ട­യ്ക്കു് പ­ലേ­ട­ത്തു­വ­ച്ചും ജ­ന­ങ്ങൾ കൂ­ട്ടം പി­രി­ഞ്ഞു് അ­വ­ര­വ­രു­ടെ വ­ഴി­ക്കു­പോ­യി. ഇ­ങ്ങ­നെ ഒരു അ­ര­നാ­ഴി­ക ദൂരം ചെ­ന്ന­പ്പോൾ, ജ­ന­സം­ഖ്യ വളരെ കു­റ­ഞ്ഞു് ബാ­ക്കി ഉ­ണ്ടാ­യി­രു­ന്ന­വർ ഒരു നാ­ലു­മു­ക്കിൽ എത്തി. അവിടെ വച്ചു ജ­ന­ങ്ങൾ മൂ­ന്നു­വ­ഴി­ക്കാ­യി തി­രി­ഞ്ഞ­തു കണ്ടു, എ­ങ്ങോ­ട്ടു പോ­ക­ണ­മെ­ന്ന­റി­യാ­തെ മൈ­ഥി­ലി വി­ഷ­മി­ച്ചു. പ­രി­ച­യ­മു­ള്ള യാ­തൊ­രു മു­ഖ­വും ആ കൂ­ട്ട­ത്തിൽ അവൾ ക­ണ്ടി­ല്ല. അ­വ­ളു­ടെ ക­ണ്ണു­കൾ ക­ല­ങ്ങി ക­വിൾ­ത്ത­ടം തു­ടി­ച്ചു. ചു­ണ്ടു­കൾ വി­റ­ച്ചു. അവൾ ക­ര­യാ­നാ­രം­ഭി­ച്ചു. അ­വ­ളു­ടെ ഈ അവസ്ഥ ആ­രെ­ങ്കി­ലും കാ­ണും­മു­മ്പേ, പെ­ട്ടെ­ന്നു് അ­വ­ളു­ടെ മുഖം തെ­ളി­ഞ്ഞു. അ­പ്പോൾ എ­വി­ട­ന്നോ അവിടെ വ­ന്നു­ചേർ­ന്ന രാ­ഘ­വ­നെ അവൾ കണ്ടു.

രാഘവൻ ഈ­ശ്വ­ര­വ­ന്ദ­നം­ചെ­യ്തു­കൊ­ണ്ടു തി­രി­ഞ്ഞു നോ­ക്കി­യ­തു് മൈ­ഥി­ലി­യു­ടെ മു­ഖ­ത്താ­യി­രു­ന്നു. അവൾ അ­ണ്ണാ­വി­യു­ടെ കൈ­യ്വി­ട്ടു് ആൾ­ക്കൂ­ട്ട­ത്തിൽ ഓ­ടി­ക്ക­ളി­ക്കാൻ തു­ട­ങ്ങി­യ­തു് രാഘവൻ കണ്ടു. അവൻ മൗ­ന­മാ­യി അവളെ അ­നു­ഗ­മി­ച്ചു. അ­ച്ഛ­നെ പി­രി­ഞ്ഞു്, അ­ബ­ദ്ധ­ത്തിൽ അവൾ അ­ങ്ങി­നെ പോ­ക­യാ­ണെ­ന്നു് ഒ­രു­പ­ക്ഷേ, രാ­ഘ­വ­നു തോ­ന്നി­യി­രി­ക്കാം.

രാ­ഘ­വ­നെ ക­ണ്ട­പ്പോൾ മൈ­ഥി­ലി ചോ­ദി­ച്ചു: “ആ­യാ­നെ­ന്തി­യെ?”

രാ:
“മൈ­ഥി­ലി­യു­ടെ അ­ച്ഛ­ന്റെ കൂ­ടെ­യു­ണ്ടു്.”
മൈ:
“അ­ച്ഛ­നെ­വി­ടെ?”
രാ:
“ആ­ശാ­ന്റെ കൂ­ടെ­യു­ണ്ടു്.”
മൈ:
“ന­മു­ക്ക­ച്ച­ന്റെ അ­ടു­ത്തു പോകാം.”

ര­ണ്ടു­പേ­രും തി­ര്യെ ന­ട­ന്നു. ഒ­രു­വ­ശം കാ­ടു­പി­ടി­ച്ച ഉ­യർ­ന്ന ഭൂ­മി­യും മ­റു­വ­ശം തോ­ടു­മാ­യ ഒരു വ­ഴി­യിൽ കൂ­ടി­യാ­യി­രു­ന്നു അ­വ­രു­ടെ യാത്ര.

മൈ:
“അതാ ആ തോ­ട്ടിൽ നിൽ­ക്കു­ന്ന പൂ­വി­ങ്ങു പ­റി­ച്ചു തരുമോ?”

രാഘവൻ തോ­ട്ടി­ലി­റ­ങ്ങി, മ­നോ­ഹ­ര­മാ­യ ഒരു ആമ്പൽ പു­ഷ്പം പ­റി­ച്ചു് മൈ­ഥി­ലി­ക്കു കൊ­ടു­ത്തു. മൈ­ഥി­ലി അ­തി­ന്റെ ഇ­ത­ളു­കൾ തൊ­ട്ടും മ­ണ­പ്പി­ച്ചും അ­ല്ലി­കൾ തി­രി­ച്ചും മ­റി­ച്ചും നോ­ക്കി­ക്കൊ­ണ്ടു ന­ട­ന്നു.

രാ:
“മൈ­ഥി­ലി­ക്കു് പൂ­ക്കൾ ഇ­ഷ്ട­മാ­ണു് അല്ലേ?”
മൈ­ഥി­ലി ചി­രി­ച്ചു­കൊ­ണ്ടു ചോ­ദി­ച്ചു:
“ആ നിൽ­ക്കു­ന്ന­തു് എന്തു പൂ­വാ­ണു്?”
രാ:
ക­ലം­പൊ­ട്ടി പൂ­വാ­ണു്?”
മൈ:
“മു­ല്ല­പ്പൂ പോലെ കാ­ണു­ന്ന പൂവോ?”
രാ:
“അതു കാ­ട്ടു­മു­ല്ല­യാ­ണു്, അ­തി­ന്റെ പൂ­വി­നു് ഏ­താ­ണ്ടു് മു­ല്ല­യു­ടെ മ­ണ­മു­ണ്ടു്.”
മൈ:
“ആ പൂവു് കുറെ പ­റി­ച്ചു തരുമോ ഒരു മാല കെ­ട്ടാൻ”
രാ:
എന്റെ കൈ­യെ­ത്താ­ത്ത പൊ­ക്ക­ത്തി­ലാ­ണു് അതു പ­ടർ­ന്നു കി­ട­ക്കു­ന്ന­തു്. മൈ­ഥി­ലി­ക്കു വേ­ണ­മെ­ങ്കിൽ ഞാ­നൊ­രു മു­ല്ല­മാ­ല തരാം.”
മൈ:
“എവിടെ നോ­ക്ക­ട്ടെ”

രാഘവൻ വാ­ഴ­യി­ല­യിൽ പൊ­തി­ഞ്ഞു മ­ടി­യിൽ വ­ച്ചി­രു­ന്ന മാ­ല­യെ­ടു­ത്തു് മൈ­ഥി­ലി­ക്കു കൊ­ടു­ത്തു. അവൾ ഉ­ത്സാ­ഹ­ത്തോ­ടു­കൂ­ടി അ­തു­വാ­ങ്ങി നോ­ക്കി. ആ­മ്പൽ­പ്പൂ രാ­ഘ­വ­നെ ഏ­ല്പി­ച്ചി­ട്ടു് അവൾ ആ മാല ക­ഴു­ത്തിൽ ചാർ­ത്തി. മു­മ്പേ മൈ­ഥി­ലി­യും, പി­മ്പേ രാ­ഘ­വ­നു­മാ­യി ന­ട­ന്നു. വ­ഴി­യിൽ കണ്ട പു­ഷ്പ­ങ്ങ­ളു­ടെ­യും ചെ­ടി­ക­ളു­ടെ­യും പേ­രു­കൾ മൈ­ഥി­ലി രാ­ഘ­വ­നോ­ടു ചോ­ദി­ച്ചു. രാഘവൻ അവനു് അ­റി­യാ­വു­ന്ന­വ­യു­ടെ പേരും അ­വ­യു­ടെ ഗു­ണ­വും മൈ­ഥി­ലി­യെ പ­റ­ഞ്ഞു കേൾ­പ്പി­ച്ചു.

മൈ:
“ആ നിൽ­ക്കു­ന്ന അ­മ്മു­മ്മ­പ്പ­ഴം ഇങ്ങു പ­റി­ച്ചു തരാമോ?”
രാ:
“അ­മ്മു­മ്മ­പ്പ­ഴ­മോ? അതു തെ­ച്ചി­പ്പ­ഴ­മാ­ണു് ”
മൈ:
“അ­ല്ല­ല്ല! അ­മ്മു­മ്മ­പ്പ­ഴം. ഇ­ന്നാ­ള­ണ്ണൻ പ­റ­ഞ്ഞ­ല്ലോ?”

ര­ണ്ടു­പേ­രും രണ്ടു ദി­ക്കു­കാ­രാ­യ­തു കൊ­ണ്ടാ­ണു് ഈ തർ­ക്കം വ­ന്ന­തു്. രാഘവൻ ഒരു വലിയ തെ­ച്ചി­പ്പ­ഴ­ക്കു­ല പ­റി­ച്ചു് മൈ­ഥി­ലി­ക്കു കൊ­ടു­ത്തു. “രാ­ഘ­വ­നു വേ­ണ്ടേ” എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് അവൾ നാ­ല­ഞ്ചു പഴം ഇ­റു­ത്തു അവനും കൊ­ടു­ത്തു.

ക്ഷേ­ത്ര­ത്തി­ലെ പൂ­ജ­ക­ളെ­ല്ലാം അ­വ­സാ­നി­ച്ച­ശേ­ഷം ആ­ശാ­നും അ­ണ്ണാ­വി­യും­കൂ­ടി മ­ണ്ഡ­പ­ത്തി­ലി­രു­ന്നു് ക്ഷേ­ത്ര­ഭ­ര­ണം ഇനി എ­ങ്ങ­നെ വേണം എ­ന്നു­ള്ള­തി­നെ­പ്പ­റ്റി സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു. പെ­ട്ടെ­ന്നു്, “അല്ല” “മൈ­ഥി­ലി എവിടെ?” എന്നു ചോ­ദി­ച്ചു­കൊ­ണ്ടു അ­ണ്ണാ­വി എ­ഴു­നേ­റ്റു “രാ­ഘ­വ­നെ­വി­ടെ?” എന്നു ചി­ന്തി­ച്ചു­കൊ­ണ്ടു് ആ­ശാ­നും എ­ഴു­നേ­റ്റു. ര­ണ്ടു­പേ­രും ക്ഷേ­ത്ര­ത്തി­ന്റെ നാ­ലു­വ­ശ­വും നാ­ല­മ്പ­ല­ത്തി­ന്റെ എല്ലാ കോ­ണു­ക­ളും വീ­ണ്ടും വീ­ണ്ടും പ­രി­ശോ­ധി­ച്ചു. അ­ണ്ണാ­വി­യു­ടെ പ­രി­ഭ്ര­മം വർ­ദ്ധി­ച്ചു. ആ­രോ­ടെ­ങ്കി­ലും ചോ­ദി­ച്ചാൽ എ­ങ്ങ­നെ­യെ­ങ്കി­ലും വർ­ത്ത­മാ­നം അ­വ­ളു­ടെ അമ്മ അ­റി­യും. ബ­ഹ­ള­മു­ണ്ടാ­കും. രാ­ഘ­വ­നേ­യും മൈ­ഥി­ലി­യേ­യും ഏ­കാ­കാ­ല­ത്തിൽ കാ­ണാ­താ­യ­തി­നെ­ക്കു­റി­ച്ചു് ആശാൻ ചി­ന്താ­മ­ഗ്ന­നാ­യി. ആ­ശാ­നു് രാ­ഘ­വ­നെ ക­ഷ്ടി­ച്ചു് ഒ­ന്ന­ര­മാ­സ­ത്തെ പ­രി­ച­യ­മേ ഉ­ണ്ടാ­യി­ട്ടു­ള്ളൂ. എ­ങ്കി­ലും, ആ ബാലനെ ആദ്യം ക­ണ്ട­തു മുതൽ എന്തോ വ­ലു­താ­യ ഒരു ഉൽ­ക്ക­ണ്ഠ ആ­ശാ­ന്റെ മ­ന­സ്സിൽ ഉ­ദി­ച്ചി­ട്ടു­ണ്ടു്.

അ­ണ്ണാ­വി­യും ആ­ശാ­നും ക്ഷേ­ത്ര­ത്തി­ന്റെ മുൻ­വ­ശ­മു­ള്ള അ­ര­യാ­ലി­ന്റെ ചു­വ­ട്ടിൽ, എന്തു ചെ­യ്യേ­ണ്ടൂ എ­ന്ന­റി­യാ­തെ, കു­ഴ­ങ്ങി നിൽ­ക്കു­മ്പോൾ മൈ­ഥി­ലി­യെ ദൂ­ര­ത്തിൽ ക­ണ്ടു­തു­ട­ങ്ങി. അ­വ­ളു­ടെ പ­ര­ദേ­വ­ത­യെ­പ്പോ­ലെ രാ­ഘ­വ­നും പി­ന്നാ­ലെ വ­രു­ന്നു­ണ്ടു്.

അണ്ണാ:
“നീ എ­വി­ടെ­പ്പോ­യി മൈ­ഥി­ലീ?
മൈ:
“എ­ങ്ങും പോ­യി­ല്ല­ച്ഛാ. അ­ച്ഛ­നും­കൂ­ടി അ­ക്കൂ­ട്ട­ത്തി­ലു­ണ്ടെ­ന്നു­വ­ച്ചു ന­ട­ന്നു.”
അ:
“ആരുടെ കൂടെ?”
മൈ:
“അ­ങ്ങോ­ട്ടൊ­രു­പാ­ടു് ആളുകൾ പോയി. അ­വ­രു­ടെ കൂടെ”
അ:
“രാ­ഘ­വ­നെ­വി­ട­ന്നു വ­രു­ന്നു?”
മൈ:
“ഞാൻ അ­ങ്ങൊ­രു­ത്തിൽ ചെ­ന്ന­പ്പോൾ എ­ല്ലാ­വ­രും പോയി. ഞാൻ ത­നി­ച്ചാ­യി. കരയാൻ ഭാ­വി­ച്ച­പ്പോൾ അയാൾ വന്നു.”
അ:
“ഈ മാല എ­വി­ടു­ന്നു?”

മൈ­ഥി­ലി രാ­ഘ­വ­ന്റെ മു­ഖ­ത്തു­നോ­ക്കി മ­ന്ദ­ഹ­സി­ച്ചു, കു­ട്ടി­ക്ക­ളി­യു­ടെ പോ­ക്കു­ക­ണ്ടു് ആ­ശാ­നും മ­ന്ദ­ഹ­സി­ച്ചു.

ആറാം അ­ദ്ധ്യാ­യം

രാഘവൻ ന­ന്താ­വ­ന­ത്തിൽ താമസം തു­ട­ങ്ങി­യി­ട്ടു മൂ­ന്നു കൊ­ല്ല­മാ­യി. ന­ന്താ­വ­ന­ത്തി­ലെ സകല കാ­ര്യ­ങ്ങ­ളും ആ­ശാ­ന്റെ മേൽ­നോ­ട്ട­വും സ­ഹാ­യ­വും കൂ­ടാ­തെ, അ­വൻ­ത­ന്നെ ന­ട­ത്തു­മെ­ന്നു­ള്ള സ്ഥി­തി­യാ­യി. രാ­ഘ­വ­ന്റെ വ­ര­വി­നു­ശേ­ഷം, രണ്ടു പ­ശു­ക്ക­ളും, ഒരു ജോടി ഉഴവു കാ­ള­ക­ളും, മൈ­ഥി­ലി­ച്ചി­റ­യിൽ അ­ര­യ­ന്ന­ങ്ങ­ളെ­പ്പോ­ലെ നീ­ന്തി­ക്ക­ളി­ക്കു­ന്ന ആറു വെ­ള്ള­ത്താ­റാ­വു­ക­ളും­കൂ­ടി ന­ന്താ­വ­ന­ത്തി­ലെ സ­മ്പാ­ദ്യ­ങ്ങ­ളാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. രാ­ഘ­വ­ന്റെ ച­ങ്ങാ­തി­കൾ ഇവയും, മു­മ്പു­ത­ന്നെ ഉ­ണ്ടാ­യി­രു­ന്ന ഏ­താ­നും ആ­ടു­ക­ളും, കോ­ഴി­ക­ളും, ഒരു നല്ല ചെ­ങ്കോ­ട്ട­പ്പ­ട്ടി­യു­മാ­യി­രു­ന്നു. ഈ ഗൃ­ഹ്യ­ജ­ന്തു­ക്ക­ളെ സൂ­ക്ഷി­ച്ചു വ­ളർ­ത്തു­ന്ന­തിൽ അവൻ കാ­ണി­ച്ച ശ്ര­ദ്ധ­യും താ­ല്പ­ര്യ­വും ആ ജ­ന്തു­ക്കൾ അ­വ­ന്റെ ലാ­ള­ന­യിൽ പ്ര­ദർ­ശി­പ്പി­ച്ചു വന്ന സ­ന്തോ­ഷ­ത്തിൽ­നി­ന്നും പ്ര­ത്യ­ക്ഷ­മാ­യി­രു­ന്നു.

രാഘവൻ ദി­നം­പ്ര­തി പ്ര­ഭാ­ത­ത്തിൽ ക്ഷേ­ത്ര­ത്തി­ലേ­ക്കു വേണ്ട പു­ഷ്പ­ങ്ങൾ ശേ­ഖ­രി­ച്ച­യ­ച്ച­ശേ­ഷം, തോ­ട്ട­ത്തി­ലു­ള്ള ചെ­ടി­കൾ­ക്കു ത­ട­മെ­ടു­ക്കു­ക, വ­ള­മി­ടു­ക, വെ­ള്ളം­കോ­രു­ക മു­ത­ലാ­യ പ്ര­വൃ­ത്തി­കൾ മു­ട­ങ്ങാ­തെ ചെ­യ്തു വന്നു. ഉ­ച്ച­യ്ക്കു ആ­ശാ­നോ­ടൊ­രു­മി­ച്ചു പ­ന്ത­ലി­ലി­രു­ന്നു പു­സ്ത­കം­വാ­യി­ച്ചോ, ക­ഥ­പ­റ­ഞ്ഞോ സമയം ക­ഴി­ക്കും. വെ­യി­ലാ­റി­യാൽ വീ­ണ്ടും തോ­ട്ട­ത്തിൽ വേ­ല­യാ­യി. സ­ന്ധ്യ­യ്ക്കു മൈ­ഥി­ലി­ച്ചി­റ­യിൽ സ്നാ­നം­ചെ­യ്തു് ആ­ശാ­നൊ­ടൊ­രു­മി­ച്ചു ക്ഷേ­ത്ര­ത്തിൽ­പോ­കും അവിടെ ആ­ശാ­ന്റെ രാ­മാ­യ­ണം വാ­യ­ന­കേ­ട്ടു­കൊ­ണ്ടി­രി­ക്കും. മി­ക്ക­ദി­വ­സ­വും അ­ണ്ണാ­വി­യും മൈ­ഥി­ലി­യും, ചി­ല­പ്പോൾ മാ­ധ­വ­നും അ­മ്പ­ല­ത്തിൽ രാ­മാ­യ­ണം വായന കേൾ­ക്കാൻ വരും.

ഒരു ദിവസം ആശാനു ക­ണ്ണിൽ അല്പം സു­ഖ­ക്കേ­ടാ­യി­രു­ന്ന­തി­നാൽ പകരം രാ­ഘ­വ­നാ­ണു വായന ന­ട­ത്തി­യ­തു്. രാ­മാ­യ­ണ­ത്തി­ന്റെ ഏതു ഭാ­ഗ­വും അർ­ത്ഥ­ദോ­ഷം വ­രാ­ത്ത­വ­ണ്ണം ശ­ബ്ദ­ശു­ദ്ധി­യോ­ടു­കൂ­ടി കർ­ണ്ണാ­ന­ന്ദ­ക­ര­മാ­യി വാ­യി­ക്കു­ന്ന­തി­നു് ആശാൻ അവനെ അ­ഭ്യ­സി­പ്പി­ച്ചി­രു­ന്നു. രാ­ഘ­വ­ന്റെ ബാ­ല്യ­വും; വാ­യ­ന­ക്കാ­രു­ടെ ഭം­ഗി­യും ശ്രോ­താ­ക്കൾ­ക്കു കൗ­തു­ക­ത്തെ­യും ആ ബാ­ല­ന്റെ നേരെ സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങ­ളെ­യും ജ­നി­പ്പി­ച്ചു. അന്നു മുതൽ വായന രാ­ഘ­വ­നും, വാ­യി­ച്ച­ഭാ­ഗ­ത്തെ­പ്പ­റ്റി­യു­ള്ള പ്ര­സം­ഗം­മാ­ത്രം ആ­ശാ­നും ന­ട­ത്തി­വ­ന്നു. ആ­ശാ­ന്റെ കാ­ല­ശേ­ഷം, ആ­ശാ­ന്റെ സ്ഥാ­നം കാം­ക്ഷി­ച്ചി­രു­ന്ന പ­ണ്ഡി­ത­ന്മാർ­ക്കു് ഇതു തീരെ ര­സി­ച്ചി­ല്ല. അ­തി­നാൽ അവർ ഏതു നാ­ട്ടു­കാ­ര­നെ­ന്നു് നി­ശ്ച­യ­മി­ല്ലാ­ത്ത ഈ ബാ­ല­ന്റെ ജാ­തി­യെ­പ്പ­റ്റി ജ­ന­ങ്ങൾ­ക്കു ശ­ങ്ക­ജ­നി­ക്കാൻ ത­ക്ക­വ­ണ്ണം ഓ­രോ­ന്നു സം­സാ­രി­ച്ചു­തു­ട­ങ്ങി. അ­ണ്ണാ­വി­യു­ടെ ചെ­വി­യിൽ ആ വർ­ത്ത­മാ­നം എ­ത്തു­ന്ന­തി­നു് വളരെ കാ­ല­താ­മ­സം നേ­രി­ട്ടു. ആശാൻ അതു കേ­ട്ടു എ­ങ്കി­ലും തീ­രു­മാ­നം വ­ക­വ­ച്ചി­ല്ല. ഒരു ദിവസം ആ­ശാ­നും രാ­ഘ­വ­നും ന­ന്താ­വ­ന­ത്തി­ലെ പ­ന്ത­ലിൽ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യ്ക്കു് ആശാൻ ചോ­ദി­ച്ചു: “രാ­മ­പു­ര­ത്തു വ­രും­മു­മ്പേ, രാഘവൻ ഏ­തെ­ങ്കി­ലും ക്ഷേ­ത്ര­ത്തി­ന്റെ നാ­ല­മ്പ­ല­ത്തി­നു­ള്ളിൽ ക­ട­ന്നി­ട്ടു­ണ്ടോ?”

രാഘവൻ:
“ജ­നാർ­ദ്ദ­ന­ക്ഷേ­ത്ര­ത്തിൽ എ­ത്ര­യോ­ത­വ­ണ ഞാൻ അ­മ്മ­യോ­ടൊ­രു­മി­ച്ചു പോ­യി­ട്ടു­ണ്ടു്!”
ആശാൻ:
(ആ­ത്മ­ഗ­തം)“സ്വ­ദേ­ശം ജ­നാർ­ദ്ദ­ന­ക്ഷേ­ത്ര­ത്തി­നു­സ­മീ­പം! (പ്ര­കാ­ശം) വേറെ എ­ങ്ങും പോ­യി­ട്ടി­ല്ലേ?”
രാഘ:
“മൈ­ല­ക്കാ­വിൽ മാ­സം­തോ­റും ആ­യി­ല്യ­ത്തി­നു­പോ­കും. അ­മ്മ­യ്ക്കു് സൗ­ക­ര്യ­മി­ല്ലാ­ത്ത­പ്പോൾ കാ­വി­ലും യ­ക്ഷി­ന­ട­യി­ലും വി­ള­ക്കു­വ­യ്ക്കാൻ ഞാ­നാ­ണു­പോ­കു­ന്ന­തു്.”
ആശാൻ:
(ആ­ത്മ­ഗ­തം) ഇ­നി­യൊ­ന്നും സം­ശ­യി­ക്കാ­നി­ല്ല. രാ­ഘ­വ­ന്റെ വി­ദ്യാ­ഭ്യാ­സ­ത്തിൽ കു­റെ­ക്കൂ­ടി ദൃ­ഷ്ടി­വ­യ്ക്ക­ണം. (പ്ര­കാ­ശം) “ഇ­ന്ന­ലെ ഭ­ഗ­വാ­ന്റെ പ­ഞ്ച­വ­ടീ­വാ­സ­ത്തെ കു­റി­ച്ചു വാ­യി­ച്ച­പ്പോൾ ഗോ­വി­ന്ദ­നാ­ശാൻ എന്നെ ഉ­ത്ത­രം മു­ട്ടി­ക്കാൻ­ചോ­ദി­ച്ച­ചോ­ദ്യം രാഘവൻ ഓർ­ക്കു­ന്നു­ണ്ടോ?”
രാഘ:
“ഓർ­ക്കു­ന്നു­ണ്ടു് ”
ആ:
“അതു ചി­ല­രു­ടെ സ്വ­ഭാ­വ­മാ­ണു്. സംശയം പ­രി­ഹ­രി­ക്കാൻ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന­തും വാ­ദ­ങ്ങൾ ന­ട­ത്തു­ന്ന­തും ന­ല്ല­തു­ത­ന്നെ. പക്ഷേ, പലരും മി­ടു­ക്കു കാ­ണി­ക്കാ­നാ­യി­ട്ടു മാ­ത്ര­മാ­ണു വാ­ദി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു പ്ര­യോ­ജ­ന­മൊ­ന്നു­മി­ല്ല. അ­തു­പോ­ക­ട്ടെ നാം വാ­യി­ക്കു­ന്ന അ­ദ്ധ്യാ­ത്മ­രാ­മാ­യ­ണം വാ­ല്മീ­കി­മ­ഹർ­ഷി എ­ഴു­തി­യ സാ­ക്ഷാൽ രാ­മാ­യ­ണ­ത്തി­ന്റെ ഒരു സം­ഗ്ര­ഹം മാ­ത്ര­മാ­ണു്. അ­ദ്ധ്യാ­ത്മ­രാ­മാ­യ­ണ­ത്തിൽ കാ­ണു­ന്ന പ­ഞ്ച­വ­ടീ­വാ­സ­ഭാ­ഗം വാ­ല്മീ­കി­രാ­മാ­യ­ണ­ത്തിൽ എ­ത്ര­ഭം­ഗി­യാ­യി വർ­ണ്ണി­ച്ചി­ട്ടു­ണ്ടെ­ന്നു് ഞാൻ രാ­ഘ­വ­നെ വാ­യി­ച്ചു കേൾ­പ്പി­ക്കാം.”
രാഘ:
“ആ­ശാ­ന്റെ പക്കൽ വാ­ല്മീ­കി രാ­മാ­യ­ണ­വും ഉണ്ടോ?”
ആശാൻ:
“ഉ­ണ്ടു്. പക്ഷേ, അതു സം­സ്കൃ­ത­മാ­ണു്. രാഘവൻ അതു വാ­യി­ച്ചാൽ മ­ന­സ്സി­ലാ­ക­യി­ല്ല—ഞാൻ വാ­യി­ച്ചു് അർ­ത്ഥം പ­റ­ഞ്ഞു­കേൾ­പ്പി­ച്ചു തരാം.”

ആശാൻ ആ­ര­ണ്യ­കാ­ണ്ഡം 16-ാം സർ­ഗ്ഗ­മെ­ടു­ത്തു വാ­യി­ച്ചു് അർ­ത്ഥം പ­റ­ഞ്ഞു. രാഘവൻ വളരെ ര­സ­ത്തോ­ടു­കൂ­ടി കേ­ട്ടു­കൊ­ണ്ടി­രു­ന്നു. വായന തീർ­ന്ന­പ്പോൾ രാഘവൻ ചോ­ദി­ച്ചു: “ഈ വലിയ പു­സ്ത­കം മു­ഴു­വൻ രാ­മാ­യ­ണ­മാ­ണോ?”

ആശാൻ:
“രാ­മാ­യ­ണം തന്നെ. രാ­ഘ­വ­നു് വാ­യി­ക്ക­ണ­മെ­ന്നു് താ­ല്പ­ര്യം തോ­ന്നു­ന്നു­ണ്ടോ? ഇതിലെ അ­ക്ഷ­രം “ഗ്ര­ന്ഥാ­ക്ഷ­ര­മാ­ണു് ഇതാ നോ­ക്കൂ.”
രാഘവൻ:
(രാഘവൻ പു­സ്ത­കം വാ­ങ്ങി സൂ­ക്ഷി­ച്ചു­നോ­ക്കീ­ട്ടു്)“ഇതിലെ ചില അ­ക്ഷ­ര­ങ്ങൾ മ­ല­യാ­ളം­പോ­ലെ­യി­രി­ക്കു­ന്നു.”
ആശാ:
“ചില അ­ക്ഷ­രം മ­ല­യാ­ളം പോ­ലെ­യും, ചിലതു തമിഴു പോ­ലെ­യും ഇ­രി­ക്കും. എ­ട്ടു­പ­ത്തു പ­ദ്യ­ങ്ങൾ മ­ല­യാ­ള­ത്തിൽ എഴുതി പ­ഠി­ച്ചു് അ­തി­ന്റെ ഓർ­മ്മ­വ­ച്ചു വാ­യി­ച്ചാൽ എ­ളു­പ്പം ഗ്ര­ന്ഥാ­ക്ഷ­രം വാ­യി­ക്കാം.”
രാഘ:
“വാ­യി­ച്ച­തു­കൊ­ണ്ടാ­യി­ല്ല­ല്ലോ. അർ­ത്ഥ­വും കൂടി അ­റി­യ­ണ­മ­ല്ലോ.”
ആശാ:
“അഞ്ചോ പത്തോ ശ്ലോ­ക­മെ­ഴു­തി അർ­ത്ഥ­ത്തോ­ടു­കൂ­ടി പ­ഠി­ക്കു­ക, അ­ല്പ­കാ­ലം കൊ­ണ്ടു് വാ­ല്മീ­കി രാ­മാ­യ­ണം രാ­ഘ­വ­നു് ത­ന്ന­ത്താൻ വാ­യി­ച്ചു ര­സി­ക്കാ­നു­ള്ള ക­ഴി­വു­ണ്ടാ­കും.”

അ­ന്നു­മു­തൽ രാഘവൻ സം­സ്കൃ­തം പ­ഠി­ക്കാൻ തു­ട­ങ്ങി. വാ­ല്മീ­കി­രാ­മാ­യ­ണം ത­ന്ന­ത്താൻ വാ­യി­ച്ചു ര­സി­ക്ക­ണ­മെ­ന്നു­ള്ള ഉ­ല്ക്ക­ണ്ഠ­നി­മി­ത്തം കി­ട്ടു­ആ­ശാ­നു വി­സ്മ­യം ജ­നി­ക്ക­ത്ത­ക്ക വേ­ഗ­ത്തിൽ രാഘവൻ സം­സ്കൃ­തം പ­ഠി­ച്ചു വന്നു.—

ഏഴാം അ­ദ്ധ്യാ­യം

ന­ന്താ­വ­ന­ത്തി­ന്റെ കി­ഴ­ക്കും വ­ട­ക്കും ഭാ­ഗ­ങ്ങൾ വ­ന­പ്ര­ദേ­ശ­ങ്ങ­ളാ­യി­രു­ന്നു. കാ­ലി­ക­ളെ മേ­യ്ക്കു­ന്ന ചെ­റു­മ­ക്കു­ട്ടി­ക­ളും, ഫ­ല­മൂ­ല­ങ്ങൾ­കൊ­ണ്ടു­പ­ജീ­വി­ക്കു­ന്ന വേ­ട­ന്മാ­രും, തേനും മെ­ഴു­കും ശേ­ഖ­രി­ച്ചു­ന­ട­ക്കു­ന്ന പു­റ­നാ­ടി­ക­ളും ആ വനം ചി­ല­പ്പോൾ സ­ന്ദർ­ശി­ക്കാ­റു­ണ്ടാ­യി­രു­ന്നു. ദു­ഷ്ട­മൃ­ഗ­ങ്ങൾ ഈ വ­ന­ത്തിൽ ഇ­ല്ലാ­യി­രു­ന്നു എന്നു പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ.

ഒരു ദിവസം ന­ന്താ­വ­ന­ത്തി­ന്റെ കി­ഴ­ക്കു­വ­ശ­മു­ള്ള വ­ന­ത്തിൽ ക­ട­ന്നു അ­തി­ന്റെ ശാ­ന്ത­വും ശീ­ത­ള­വു­മാ­യ ഛാ­യ­ക­ളിൽ­ക്കൂ­ടി രാഘവൻ ന­ട­ന്നു. അവനു വലിയ ആ­ഹ്ലാ­ദം തോ­ന്നി. പ­ച്ച­ക്കാ­ടു­ക­ളി­ലും വൃ­ക്ഷ­ങ്ങ­ളി­ലും പ­ടർ­ന്നു കി­ട­ന്ന കാ­ട്ടു­മു­ല്ല­ക­ളും വ­ള്ളി­ക­ളും അ­വ­യു­ടെ ഇളയ ശാ­ഖ­കൾ­കൊ­ണ്ടു രാ­ഘ­വ­നെ തലോടി. എ­ങ്ങോ­ട്ടു പോ­കു­ന്നു എന്നു നി­ശ്ച­യ­മി­ല്ലാ­തെ, അവൻ കാ­ട്ടി­നു­ള്ളിൽ ക­ട­ന്നു് ഏ­ക­ദേ­ശം ര­ണ്ടു­നാ­ഴി­ക­ദൂ­ര­ത്തോ­ളം സ­ഞ്ച­രി­ച്ചു. വ­ള്ളി­ക്കു­ടി­ലു­ക­ളും ചൂ­രൽ­ക്കെ­ട്ടു­ക­ളും കൊ­ണ്ടു് ദു­ഷ്പ്ര­വേ­ശ­മാ­യ ഒരു താ­ഴ്‌­വ­ര ക­ട­ന്നു്, അവൻ ഒരു കു­ന്നി­ന്റെ ച­രി­വിൽ എത്തി. പാ­റ­ക്കെ­ട്ടു­കൾ നി­റ­ഞ്ഞ ആ കു­ന്നി­ലേ­ക്കു കുറെ ദൂരം ക­യ­റി­യ­പ്പോൾ, ഒരു വെ­ടി­യു­ടെ ശബ്ദം കാ­ടു­മു­ഴു­വ­നും ഇ­ള­ക്കി­ക്കൊ­ണ്ടു് പാ­റ­ക­ളു­ടെ വി­ള്ള­ലു­ക­ളിൽ മു­ഴ­ങ്ങി. ഈ വെടി എ­വി­ടെ­നി­ന്നെ­ന്ന­റി­വാ­നാ­യി രാഘവൻ ചു­റ്റും നോ­ക്കി­യ­പ്പോൾ ചൂ­രൽ­ക്കാ­ടു­ക­ളേ­യും പ­ടർ­പ്പു­ക­ളേ­യും ഭേ­ദി­ച്ചു­കൊ­ണ്ടു് ഒരു സത്വം പാ­ഞ്ഞു­വ­രു­ന്ന­തു കണ്ടു. വ­ട്ട­വാൾ­പോ­ലെ വളഞ്ഞ കൊ­മ്പും, പു­ക­യു­ടെ ഇ­ട­യിൽ­ക്കൂ­ടി കാ­ണു­ന്ന തീ­ക്ക­ട്ട­പ്പോ­ലെ ജ്വ­ലി­ക്കു­ന്ന ക­ണ്ണും, പു­ക­യി­റ­പോ­ലു­ള്ള നി­റ­വും, ആ­ക­പ്പാ­ടെ വി­ല­ക്ഷ­ണ­മാ­യ ആ­കൃ­തി­യു­മു­ള്ള ആ ഘോ­ര­സ­ത്വം ഒരു കാ­ട്ടെ­രു­മ­യാ­യി­രു­ന്നു.

കാ­ട്ടു­പോ­ത്തു­കൾ ഈ വ­ന­ത്തി­ലു­ണ്ടെ­ന്നു രാഘവൻ അ­റി­ഞ്ഞി­രു­ന്നി­ല്ല. ഈ ജ­ന്തു­ക്ക­ളു­ടെ രൂ­ക്ഷ­ത­യെ­ക്കു­റി­ച്ചു രാഘവൻ കേ­ട്ടി­ട്ടു­ള്ള­ത­ല്ലാ­തെ, അവയെ അ­തി­നു­മു­മ്പു ക­ണ്ടി­ട്ടി­ല്ല. തന്റെ നേരെ പാ­ഞ്ഞു­വ­രു­ന്ന ആ ഘോ­ര­മൃ­ഗ­ത്തി­ന്റെ ലാ­ക്കു് എ­ന്തെ­ന്ന­റി­യാ­തെ അവൻ അ­മ്പ­ര­ന്നു നിൽ­ക്കു­മ്പോൾ, അ­തി­ന്റെ പി­ന്നാ­ലെ ഒരു ക­ന്നു­കു­ട്ടി കു­തി­ച്ചു­പാ­ഞ്ഞു വ­രു­ന്ന­തു് അ­വൻ­ക­ണ്ടു. രാ­ഘ­വ­ന്റെ അവസ്ഥ വളരെ പ­രു­ങ്ങ­ലി­ലാ­യി. അവൻ ചു­റ്റും ര­ക്ഷാ­മാർ­ഗ്ഗം­നോ­ക്കി. കി­ഴു­ക്കാം­തൂ­ക്കാ­യ ഒരു പാ­റ­യു­ടെ അ­രി­കിൽ അവൻ നി­ല്ക്ക­യാ­യി­രു­ന്നു. അതിൽ കയറുക അ­സാ­ദ്ധ്യം. ഇ­ട­ത്തോ­ട്ടൊ, വ­ല­ത്തോ­ട്ടൊ എ­ങ്ങോ­ട്ടോ­ടി­യാ­ലും, എ­രു­മ­യ്ക്കു നി­ഷ്പ്ര­യാ­സ­മാ­യി അ­വ­ന്റെ അ­ടു­ത്തെ­ത്താം. അ­ടു­ത്തെ­ത്തി­യാ­ല­ത്തെ കഥ പ­റ­യേ­ണ്ട­തി­ല്ല. എരുമ ഒരു ദണ്ഡു ദൂ­ര­ത്തി­ലാ­യി. അവൻ പാ­റ­യ­രി­കിൽ ചെ­ന്നു നിൽ­ക്ക­യാ­യി­രു­ന്നു. തന്റെ സ്വൈ­ര­വി­ഹാ­ര­ത്തി­നു ഭംഗം വ­രു­ത്തി­യ ശ­ത്രു­വി­നെ സം­ഹ­രി­ക്കു­വാൻ, ഘോ­ര­മാ­യി അ­മ­റി­ക്കൊ­ണ്ടു്, എരുമ ആ­യം­പി­ടി­ച്ചു കു­തി­ച്ചു ചാടി രാ­ഘ­വ­നെ പാ­റ­യോ­ടു ചേർ­ത്തു­വ­ച്ചു തല ഒരു വ­ശം­ച­രി­ച്ചു് ഒരു ഇ­ടി­കൊ­ടു­ത്തു. എ­രു­മ­യു­ടെ ഇടി തന്റെ ദേ­ഹ­ത്തിൽ എ­ത്തും­മു­മ്പേ, രാഘവൻ ഒരു വ­ശ­ത്തേ­ക്കു കു­തി­ച്ചു­മാ­റി­ക്ക­ള­ഞ്ഞു. എരുമ അ­തി­ന്റെ ഊക്കു ആസകലം പ്ര­യോ­ഗി­ച്ചു ഇ­ടി­ച്ച ഇടി ക­രി­മ്പാ­റ­യിൽ ഏ­റ്റു് ഒരു കൊ­മ്പും ആ വ­ശ­ത്തെ ക­ണ്ണും ത­കർ­ന്നു. ആ ജന്തു പി­റ­കോ­ട്ടു മ­ല­ച്ചു­വീ­ണു. രാഘവൻ ഈ ത­ക്കം­നോ­ക്കി ച­രി­വു­ള്ള ഒരു പാ­റ­യി­ലേ­ക്കു ഓ­ടി­ക്ക­യ­റി. എരുമ അരിശം സ­ഹി­ക്കാ­തെ വീ­ണേ­ട­ത്തു­നി­ന്നു­വീ­ണ്ടും എ­ഴു­ന്നേ­റ്റു്, രാ­ഘ­വ­ന്റെ നേരെ ഓടി. അ­തി­സാ­ഹ­സ­ത്തോ­ടെ പാ­റ­യിൽ കു­റെ­ദൂ­രം ഓ­ടി­ക്ക­യ­റി­യ­പ്പോ­ഴേ­ക്കു് കാൽ വഴുതി കീ­ഴ്പ്പോ­ട്ടു­വീ­ണു്, അ­തി­ന്റെ വാ­യി­ലും മൂ­ക്കി­ലും­കൂ­ടി കു­ടു­കു­ടാ ചോ­ര­ചാ­ടി­ത്തു­ട­ങ്ങി. ക­ന്നു­കു­ട്ടി ഒരു വ­ള്ളി­ക്കെ­ട്ടിൽ കു­രു­ങ്ങി. ര­ക്ഷ­പ്പെ­ടാൻ മാർ­ഗ്ഗ­മി­ല്ലാ­തെ നി­ല­വി­ളി­കൂ­ട്ടി­യ തന്റെ കി­ടാ­വി­ന്റെ അ­വ­ശ­സ്ഥി­തി ക­രു­ണ­മാ­യും, താൻ ശ­ത്രു­വെ­ന്നു തെ­റ്റി­ദ്ധ­രി­ച്ച രാ­ഘ­വ­നെ രൂ­ക്ഷ­മാ­യും നോ­ക്കി­ക്കൊ­ണ്ടു് ആ എരുമ പ്രാ­ണ­വേ­ദ­ന­യോ­ടെ കൈ­കാ­ലു­കൾ അ­ടി­ച്ചു മ­രി­ച്ചു.

രാഘവൻ ക­ന്നു­കു­ട്ടി­യെ ര­ക്ഷി­ക്കാൻ അ­തി­ന്റെ സമീപം എ­ത്തി­യ­പ്പോൾ, ആ ജന്തു ഭ­യ­പ്പെ­ട്ടു്, തന്റെ കാലിൽ പി­ണ­ഞ്ഞ വ­ള്ളി­ക്കെ­ട്ടി­നെ വ­ല്ല­വി­ധേ­ന­യും അ­റു­ത്തു ഓടാൻ ഉ­ത്സാ­ഹി­ച്ചു. രാഘവൻ കുറെ പാ­റാ­വ­ള്ളി­കൾ പി­ണ­ച്ചു്, ക­ന്നു­കു­ട്ടി­യു­ടെ ക­ഴു­ത്തിൽ­കെ­ട്ടി. അ­ന­ന്ത­രം അ­തി­ന്റെ കാ­ലിൽ­ക്കു­രു­ങ്ങി­ക്കി­ട­ന്ന പ­ടർ­പ്പു­കൾ അ­റു­ത്തു അതോടെ അതു ഓ­ടി­ര­ക്ഷ­പ്പെ­ടാ­നു­ള്ള സാ­ഹ­സ­മാ­യി.

ഏ­ക­ദേ­ശം ഒരു നാ­ഴി­ക­നേ­രം, രാ­ഘ­വ­ന്റെ കൈ­യ്യിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാ­നാ­യി, ആ ജന്തു ചാ­ടി­യും തൊ­ഴി­ച്ചും പല വാ­ക്കി­നു കു­തി­ച്ചും കഠിന സാ­ഹ­സ­ങ്ങൾ ചെ­യ്തു. ആ ശ്ര­മ­ങ്ങൾ വി­ഫ­ല­മെ­ന്നു് ക­ണ്ട­പ്പോൾ രാ­ഘ­വ­ന്റെ ആ­ജ്ഞ­യ്ക്കു കീ­ഴ്പ്പെ­ട്ടു ന­ട­ന്നു തു­ട­ങ്ങി. കു­റെ­ന­ട­ന്ന­ശേ­ഷം, അതു നി­ല­ത്തു വീണു കി­ട­പ്പാ­യി. അ­തി­ന്റെ വാ­യിൽ­നി­ന്നും നു­ര­ചാ­ടു­ന്ന­തും അതു നാ­ക്കു ചു­ഴ­റ്റു­ന്ന­തും ക­ണ്ടു്, രാഘവൻ അതിനെ ഒരു മ­ര­ത്തോ­ടു ചേർ­ത്തു­കെ­ട്ടി­യും­കൊ­ണ്ടു്, സ­മീ­പ­മു­ണ്ടാ­യി­രു­ന്ന ഒരു ഊ­റ്റിൽ­നി­ന്നു് കുറെ വെ­ള്ളം ഒരു കു­ത്തി­ല­യിൽ കൊ­ണ്ടു­വ­ന്നു് അതിനു കു­ടി­ക്കാൻ കൊ­ടു­ത്തു. മൂ­ന്നു നാലു പ്രാ­വ­ശ്യം വെ­ള്ളം­കൊ­ടു­ത്ത­പ്പോൾ അതു സാ­വ­ധാ­ന­മാ­യി എ­ഴു­ന്നേ­റ്റു. രാഘവൻ വാൽ­സ­ല്യ­പൂർ­വ്വം ത­ലോ­ടു­ക­യാൽ പി­ന്നീ­ടു പി­ണ­ക്കം­കൂ­ടാ­തെ അതു അവനെ അ­നു­ഗ­മി­ച്ചു് ന­ന്താ­വ­ന­ത്തി­ലെ­ത്തി. രാഘവൻ അതിനെ പ­ശു­ത്തൊ­ഴു­ത്തിൽ കെ­ട്ടി ധാ­രാ­ളം പു­ല്ലും വ­യ്ക്കോ­ലും ക­ഞ്ഞി­വെ­ള്ള­വും കൊ­ടു­ത്തു. അന്നു വൈ­കു­ന്നേ­രം ആ­കു­ന്ന­തു­വ­രെ, രാ­ഘ­വ­നു് ആ എ­രു­മ­ക്കി­ടാ­വി­ന്റെ ശു­ശ്രൂ­ഷ­യാ­യി­രു­ന്നു മു­ഖ്യ­മാ­യു­ണ്ടാ­യി­രു­ന്ന ജോലി. പൂ­വ­ത്തൂർ­മാ­ളി­ക­യിൽ പോ­യി­രു­ന്ന ആശാൻ മ­ട­ങ്ങി എത്തി. ക­ന്നു­കു­ട്ടി­യെ­ക്ക­ണ്ടു് ആശാൻ വളരെ സ­ന്തോ­ഷി­ച്ചു.

ആശാ:
“ഈ ക­ന്നു­കു­ട്ടി­യാ­ണു് രാ­ഘ­വ­ന്റെ ഒ­ന്നാ­മ­ത്തെ സ­മ്പാ­ദ്യം. ഈ­ശ്വ­രാ­നു­ഗ്ര­ഹ­ത്താൽ ഇതു നി­ന­ക്കു ല­ഭി­ച്ച­താ­ണു്.”
രാഘ:
“ഈ­ശ്വാ­നു­ഗ്ര­ഹം കൂ­ടാ­തെ ഒ­ന്നും സാ­ദ്ധ്യ­മ­ല്ല അല്ലേ?”
ആശാ:
“മ­നു­ഷ്യ­പ്ര­യ­ത്ന­വും വേണം.”
രാഘ:
“ഈ­ശ്വ­രാ­നു­ഗ്ര­ഹം തന്നെ. അ­തി­ന്റെ ഇടി എത്ര ഉ­ഗ്ര­മാ­യി­രു­ന്നു! പാ­റ­ത­ന്നെ­യും ത­കർ­ന്നു­പോ­കു­മെ­ന്നു തോ­ന്നി”
ആശാ:
“ആ­പ­ത്തിൽ രാഘവൻ കാ­ണി­ച്ച ധീ­ര­ത­യെ ഞാൻ അ­ഭി­ന­ന്ദി­ക്കു­ന്നു”
രാഘ:
“ഈ ക­ന്നു­കു­ട്ടി­യെ വ­ളർ­ത്തി­യാൽ, പ്രാ­യ­മാ­കു­മ്പോൾ ഇതു മ­നു­ഷ്യ­നോ­ടി­ണ­ങ്ങു­മോ, മ­നു­ഷ്യോ­പ­ദ്ര­വി­യാ­യി തീ­രു­മോ?”
ആശാ:
“അതു വ­ളർ­ത്തു­ന്ന രീ­തി­യെ ആ­ശ്ര­യി­ച്ചി­രി­ക്കും.”
രാഘ:
“സിംഹം, കടുവാ മു­ത­ലാ­യ ദു­ഷ്ട­മൃ­ഗ­ങ്ങ­ളെ­ക്കൂ­ടി­യും മ­നു­ഷ്യൻ ഇ­ണ­ക്കി ഓരോ കൂ­ത്തു­കൾ കാ­ണി­പ്പി­ച്ചു­വ­രു­ന്നു­ണ്ട­ല്ലോ. അ­തു­പോ­ലെ ഇ­തി­നെ­യും ഇ­ണ­ക്കു­വാൻ ക­ഴി­യു­മാ­യി­രി­ക്കാം”
ആശാ:
“അ­തു­പോ­ലെ­യ­ല്ല, മ­നു­ഷ്യൻ ഇ­പ്പോൾ ഗൃ­ഹ്യ­ജ­ന്തു­ക്ക­ളാ­യി വ­ളർ­ത്തി­പ്പോ­രു­ന്ന ആ­ടു­മാ­ടു­കൾ മു­ത­ലാ­യ­വ ഒരു കാ­ല­ത്തു് മ­നു­ഷ്യ­നോ­ടു് ഇ­ണ­ക്ക­മി­ല്ലാ­ത്ത കാ­ട്ടു­മൃ­ഗ­ങ്ങ­ളാ­യി­രു­ന്നു. രാ­ഘ­വ­നെ ഇ­ന്നു­പ­ദ്ര­വി­ച്ച കാ­ട്ടെ­രു­മ ഒ­രു­പ­ക്ഷേ, കൈ­വി­ട്ടു­പോ­യ നാ­ട്ടെ­രു­മ­ത­ന്നെ, കാ­ലാ­ന്ത­ര­ത്തിൽ പെ­റ്റു­പെ­രു­കി, മ­നു­ഷ്യ­രോ­ടി­ണ­ക്ക­മി­ല്ലാ­ത്ത­താ­യി തീർ­ന്ന­താ­ണെ­ന്നും വ­രാ­വു­ന്ന­താ­ണു്.”
രാഘ:
“ശ­രി­യാ­യി­രി­ക്കാം. ഈ ക­ന്നു­കു­ട്ടി­യെ ക­ണ്ടി­ട്ടു നാ­ട്ടും­പു­റ­ത്തു കാ­ണു­ന്ന­വ­യിൽ­നി­ന്നു വലിയ വ്യ­ത്യാ­സ­മൊ­ന്നും ഇ­തി­നു­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. രോ­മ­ങ്ങൾ കു­റെ­ക്കൂ­ടി ചെ­മ്പി­ച്ച­വ­യും കൈ­കാ­ലു­കൾ മു­ഴു­പ്പു­ള്ള­വ­യും ആ­ണെ­ന്നേ ഉള്ളൂ”
ആശാ:
“ഇതു വ­ളർ­ന്നാൽ ഒ­ന്നാം­ത­രം ഒ­രു­പോ­ത്താ­യി­ത്തീ­രും. ചിറ അ­ടു­ത്തു­ള്ള­തു­കൊ­ണ്ടും, രാ­ഘ­വ­ന്റെ ലാ­ള­നം­കൊ­ണ്ടും ഇവൻ എ­ളു­പ്പ­ത്തിൽ ഇ­ണ­ങ്ങി­ക്കൊ­ള്ളും.”
ആശാ:
“അ­തി­രി­ക്ക­ട്ടെ. കാ­ട്ടിൽ വേ­ട്ട­യ്ക്കു വ­ന്നി­രു­ന്ന­തു് ആ­രാ­ണെ­ന്നു മ­ന­സ്സി­ലാ­യോ?”
രാഘ:
“ഞാൻ വെടി കേ­ട്ട­തേ­യു­ള്ളൂ. വേ­ട്ട­ക്കാ­ര­നെ ക­ണ്ടി­ല്ല.”
ആശാ:
“അ­ണ്ണാ­വി­യു­ടെ അ­ന­ന്തി­ര­വൻ ആ­ണെ­ന്നു് തോ­ന്നു­ന്നു. ഞാ­നി­ങ്ങോ­ട്ടു വ­ന്ന­പ്പോൾ തോ­ക്കും സ­ന്നാ­ഹ­വു­മാ­യി അ­ങ്ങോ­ട്ടു പോ­കു­ന്ന­തു­ക­ണ്ടു”—
എ­ട്ടാം അ­ദ്ധ്യാ­യം

രാ­മ­പു­രം ക്ഷേ­ത്ര­ത്തി­ന്റെ അ­നാ­ഥ­സ്ഥി­തി ഒരു വി­ധ­മൊ­ക്കെ നേരെ ആയി. പൂ­വ­ത്തു­ര­ണ്ണാ­വി­യു­ടെ ശ്ര­ദ്ധാ­പൂർ­വ­മാ­യ ഭ­ര­ണ­ത്തിൽ ക്ഷേ­ത്ര­കാ­ര്യ­ങ്ങൾ ഭം­ഗി­യാ­യി ന­ട­ന്നു­തു­ട­ങ്ങി. ദേ­വ­സ്വം­വ­ക­യാ­യി പ­തി­നാ­യി­ര­ത്തി­ല്പ­രം ഏക്കർ ഭൂമി ത­രി­ശാ­യി കി­ട­ന്നി­രു­ന്ന­തി­നെ പേരിൽ പ­തി­പ്പി­ച്ചു് ദേ­ഹ­ണ്ണം തു­ട­ങ്ങാൻ, അ­ണ്ണാ­വി­യു­ടെ ഔ­ദാ­ര്യം അനേകം പേരെ ആ­കർ­ഷി­ച്ചു വ­രു­ത്തി. കൃ­ഷി­പ്പ­ണി­ക­ളിൽ അ­ഭി­രു­ചി ജ­നി­ച്ചി­രു­ന്ന രാ­ഘ­വ­നു കുറെ സ്ഥലം തന്റെ പേരിൽ പ­തി­ച്ചു­കി­ട്ടി­യാൽ കൊ­ള്ളാ­മെ­ന്നു ആ­ഗ്ര­ഹം ഉ­ണ്ടാ­യി. പക്ഷേ, ആ­ധാ­ര­ച്ചി­ല­വി­നു പോലും രാ­ഘ­വ­ന്റെ പക്കൽ പണം ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ഒരു ദിവസം ആ­ശാ­നും രാ­ഘ­വ­നും­കൂ­ടി മ­ല­ക്ക­റി­ത്തോ­ട്ട­ത്തി­ന്റെ വ­ട­ക്കു­വ­ശം കുറെ സ്ഥലം കി­ടാ­വി­ത്തു­വി­ത­യ്ക്കാ­നാ­യി ഒ­രു­ക്കി­ക്കൊ­ണ്ടു നിൽ­ക്കു­മ്പോൾ രാഘവൻ പ­റ­ഞ്ഞു: “ഇ­തി­ന്റെ കി­ഴ­ക്കു­വ­ശം കാ­ടാ­യി കി­ട­ക്കു­ന്ന സ്ഥലം കി­ടാ­വി­ത്തു കൃ­ഷി­ക്കു കു­റെ­ക്കൂ­ടി ന­ന്നാ­ണെ­ന്നു് തോ­ന്നു­ന്നു. ഇതു ആരുടെ എ­ങ്കി­ലും പേരിൽ പ­തി­ഞ്ഞി­ട്ടു­ള്ള­താ­ണോ?”

ആ:
“ദേ­വ­സ്വം വക ത­രി­ശാ­യി കി­ട­ക്ക­യാ­ണു്. കാ­ടു­തെ­ളി­ക്കാൻ തന്നെ കുറെ വി­ഷ­മ­മാ­ണു്.”
രാ:
“കാടു തെ­ളി­ച്ചു ശ­രി­പ്പെ­ടു­ത്തി­യാൽ ആ­ശാ­ന്റെ ന­ന്താ­വ­ന­ത്തെ­ക്കാൾ ഫ­ല­പു­ഷ്ടി­യു­ള്ള ഭൂ­മി­യാ­യി­ത്തീ­രു­മെ­ന്നു തോ­ന്നു­ന്നു.”
ആ:
“അതിനു സം­ശ­യ­മി­ല്ല. എ­ല്ലാ­ത്ത­രം കൃ­ഷി­കൾ­ക്കും ഈ സ്ഥലം ഉ­പ­യോ­ഗ­പ്പെ­ടു­ത്താം. ചി­റ­യോ­ടു ചേർ­ന്നു കി­ട­ക്കു­ന്ന ഒരു നൂ­റു­പ­റ വി­ത്തു­പാ­ടു സ്ഥലം നല്ല ഒ­ന്നാം­ത­രം വി­രി­പ്പു­നി­ല­മാ­ക്കി­ത്തീർ­ക്കാം, അതിനു മേ­ലേ­വ­ശം, തെ­ങ്ങു കൃ­ഷി­ക്കു വളരെ വി­ശേ­ഷ­പ്പെ­ട്ട സ്ഥ­ല­മാ­ണു്. അ­തി­നും മേ­ലേ­വ­ശം എ­ല്ലാ­ത്ത­രം ക­ര­കൃ­ഷി­കൾ­ക്കും കൊ­ള്ളാം കുറേ കി­ഴ­ക്കാ­യി ഒരു തോ­ടു­ള്ള­തു് അ­മ­രാ­വ­തി­യിൽ­നി­ന്നു് മ­തി­ലി­ച്ചി­റ­യി­ലേ­യ്ക്കു­ള്ള ഒരു കൈ­വ­ഴി­യാ­ണു്. പ­ലേ­ട­ത്തും കര ഇ­ടി­ഞ്ഞു വീണു് നി­ക­ന്നു പോ­യ­തി­നാൽ വർ­ഷ­കാ­ല­ത്തു മാ­ത്ര­മേ ഇ­പ്പോൾ അതിൽ വെ­ള്ള­മു­ള്ളു. തെ­ളി­ച്ചു നേരേ ആ­ക്കാ­മെ­ങ്കിൽ, പ­രി­ശു­ദ്ധ­ജ­ലം എ­പ്പോ­ഴും ഒ­ഴു­കി­ക്കൊ­ണ്ടി­രി­ക്കും. വ­ട­ക്കു­കി­ഴ­ക്കാ­യി­ക്കാ­ണു­ന്ന ആ പേ­രാ­ലി­ന്റെ കി­ഴ­ക്കു­വ­ശ­ത്തു് ഒരു നല്ല വെ­ള്ള­ച്ചാ­ട്ട­മു­ണ്ടാ­യി­രു­ന്നു. ഞാൻ ഇവിടെ വന്ന ഇ­ട­യ്ക്കു് പ­തി­വാ­യി കു­ളി­ച്ചു­വ­ന്ന­തു് അ­വി­ടെ­യാ­ണു്. പ­ന്ത­ലി­ലും വീ­ട്ടു­മു­റ്റ­ത്തും വി­രി­ച്ചി­രി­ക്കു­ന്ന ആ­റ്റു­മ­ണൽ അ­വി­ടെ­നി­ന്നു കൊ­ണ്ടു­വ­ന്ന­താ­ണു്.”
രാ:
“ആ സ്ഥലം എ­ന്താ­ണു് പ­തി­പ്പി­ക്കാ­ത്ത­തു്?”
ആ:
“ഇവിടെ താ­മ­സ­മാ­ക്കി­യ­ശേ­ഷ­മാ­ണു് ആ സ്ഥ­ല­ത്തി­ന്റെ വൈ­ശി­ഷ്ട്യം എ­നി­ക്കു മ­ന­സ്സി­ലാ­യ­തു്. ആ­ദ്യ­മെ ക­ണ്ടി­രു­ന്നു­വെ­ങ്കിൽ അവിടം തന്നെ പ­തി­പ്പി­ക്കു­മാ­യി­രു­ന്നു.”
രാ:
“ഇനി ആ സ്ഥലം പ­തി­പ്പി­ക്ക­രു­തോ?”
ആ:
“വൃ­ദ്ധ­നാ­യ എ­നി­ക്കു് ഇനി എ­ന്തി­നാ­ണു് പു­തു­വൽ?”
രാ:
“എ­നി­ക്കു്… (അർ­ദ്ധോ­ക്തി­യിൽ വി­ര­മി­ച്ചി­ട്ടു്) ആ­രെ­യെ­ങ്കി­ലും ആ സ്ഥലം പ­തി­ച്ചെ­ടു­ക്കു­ന്ന­തി­നു് ഉൽ­സാ­ഹി­പ്പി­ക്ക­രു­തോ?”
ആ:
“രാ­ഘ­വ­നെ­ത്ത­ന്നെ ഞാൻ ഉൽ­സാ­ഹി­പ്പി­ക്ക­ട്ട­യോ?”
രാ:
“എ­നി­ക്കു പു­തു­വൽ പ­തി­പ്പി­ക്കാൻ പ­ണ­മെ­വി­ടെ?”
ആ:
“രാ­ഘ­വ­ന്റെ വ­ക­യാ­യി കുറെ പണം എന്റെ കൈ­വ­ശ­മു­ണ്ടു് ?”
രാ:
(അ­ത്ഭു­ത­ത്തോ­ടു­കൂ­ടി) “എന്റെ വക പണമോ! എ­നി­ക്കു പ­ണ­മെ­വി­ടേ നി­ന്നാ­ശാ­നെ?”
ആ:
“ക്ഷേ­ത്ര­ത്തിൽ രാ­മാ­യ­ണം വാ­യ­ന­വ­ക­യ്ക്കു മു­പ്പ­തു­പ­ണം പ്ര­തി­മാ­സം ശ­മ്പ­ള­മു­ള്ള വിവരം രാ­ഘ­വ­ന­റി­യാ­മ­ല്ലോ. മൂ­ന്നു­കൊ­ല്ല­മാ­യി ആ ശ­മ്പ­ളം രാ­ഘ­വ­ന്റെ പേരിൽ ദേ­വ­സ്വ­ത്തിൽ­നി­ന്നു ചി­ല­വെ­ഴു­തി വ­രി­ക­യാ­ണു്.”
രാ:
“എന്റെ പേരിൽ ചി­ല­വെ­ഴു­താൻ കാരണം ഞാ­ന­റി­ഞ്ഞി­ല്ല. ആ­ശാ­ന്റെ ആൾ­പ്പേ­രാ­യി ഞാൻ രാ­മാ­യ­ണം വാ­യി­ക്ക­യാ­യി­രു­ന്ന­ല്ലോ.”
ആ:
“രാഘവൻ രാ­മാ­യ­ണം വാ­യി­ക്കു­ന്ന­തി­നു് ഞാൻ ശ­മ്പ­ളം വാ­ങ്ങു­ന്ന­തു് ന്യാ­യ­മാ­ണോ?”
രാ:
“അർ­ത്ഥം പ­റ­യു­ന്ന­തു് ആ­ശാ­നാ­ണ­ല്ലോ.”
ആ:
“രാ­മാ­യ­ണം വാ­യി­ക്കു­ന്ന­തി­നാ­ണു് ശ­മ്പ­ളം അർ­ത്ഥം പ­റ­യു­ന്ന­തി­ന­ല്ല.”
രാ:
“എന്തോ, എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല. ആശാൻ ശ­മ്പ­ളം വാ­ങ്ങി ക്ഷേ­ത്ര­ത്തിൽ­ത­ന്നെ കാ­ണി­ക്ക­യും വ­ഴി­പാ­ടു­മാ­യി ചി­ല­വാ­ക്കി വ­രി­ക­യാ­യി­രു­ന്ന­ല്ലോ.”
ആ:
“എന്റെ ശ­മ്പ­ളം ഒ­ട്ടു­മു­ക്കാ­ലും അ­ങ്ങ­നെ­ത­ന്നെ ചി­ല­വാ­ക്കി­വ­ന്നു. രാ­ഘ­വ­ന്റെ ശ­മ്പ­ളം അ­നു­വാ­ദം കൂ­ടാ­തെ എ­നി­ക്കു് ചി­ല­വാ­ക്കാൻ സ്വാ­ത­ന്ത്ര്യ­മി­ല്ല­ല്ലോ. രാ­ഘ­വ­നു് ചെ­റു­പ്പ­മാ­ണു്. പ­ണ­ത്തി­നു് എ­ന്തെ­ങ്കി­ലും ആ­വ­ശ്യം നേ­രി­ട്ടേ­യ്ക്കാം. അ­തു­കൊ­ണ്ടു് ഞാൻ രാ­ഘ­വ­ന്റെ പണം ചി­ല­വാ­ക്കാ­തെ സൂ­ക്ഷി­ച്ചു­വ­ച്ചു. രാഘവൻ ഒരു അ­നാ­ഥ­നാ­യ ബാ­ല­ന്റെ നി­ല­യിൽ എന്റെ അ­ടു­ക്കൽ വ­ന്നു­ചേർ­ന്നു. ഭഗവാൻ പ­രീ­ക്ഷ­ണാർ­ത്ഥം, എന്നെ ഏൽ­പ്പി­ച്ച ഒരു ഭാ­ര­മാ­ണു് അ­തെ­ന്നു് എ­നി­ക്കു് തോ­ന്നി. എന്റെ ആ­യു­സ്സി­ന്റെ അളവു് എ­നി­ക്കു് നി­ശ്ച­യ­മി­ല്ല അ­തു­കൊ­ണ്ടു് ക­ഴി­യു­ന്ന വേ­ഗ­ത്തിൽ രാ­ഘ­വ­നെ സം­ബ­ന്ധി­ച്ചു­ള്ള എന്റെ ചുമതല നിർ­വ്വ­ഹി­ക്ക­ണ­മെ­ന്നു് ഞാൻ തീർ­ച്ച­യാ­ക്കി.
രാ:
(ഗൽ­ഗ­ദ­ത്തോ­ടു­കൂ­ടി) “എന്റെ മാ­താ­പി­താ­ക്ക­ന്മാർ­ക്കു് ചെ­യ്യാൻ ക­ഴി­യു­ന്ന­തി­ല­ധി­കം ആശാൻ എ­നി­ക്കു­വേ­ണ്ടി ചെ­യ്തി­ട്ടു­ണ്ടു്.”
ആ:
“ഞാ­നെ­ന്താ­ണു് ചെ­യ്ത­തു്? അ­തി­രി­ക്ക­ട്ടെ ഈ സ്ഥലം രാഘവൻ പ­തി­ച്ചു­കി­ട്ടി­യാൽ കൊ­ള്ളാ­മെ­ന്നു് തോ­ന്നു­ന്നു­ണ്ടോ?
രാ:
“ഇതു് ആർ­ക്കും ആ­ഗ്ര­ഹി­ക്ക­ത്ത­ക്ക­ഭൂ­മി­യാ­ണു്”
ഒൻ­പ­താം അ­ദ്ധ്യാ­യം

ആ­ശാ­നും രാ­ഘ­വ­നും കു­റെ­നേ­രം തോ­ട്ട­ത്തിൽ വേ­ല­ചെ­യ്ത­ശേ­ഷം, ഭ­ക്ഷ­ണം ക­ഴി­ച്ചു് ആശാൻ പു­റ­ത്തേ­യ്ക്കു് പോയി. രാഘവൻ പ­ന്ത­ലിൽ ചെ­ന്നി­രു­ന്നു. മു­ല്ല­യ്ക്കു് മാ­ധ­വി­യെ­ന്നു് പേ­രു­ണ്ടെ­ന്നു് ആശാൻ പ­റ­ഞ്ഞ­റി­ഞ്ഞ­തു­മു­തൽ, ഈ പ­ന്ത­ലിൽ പ­റ്റി­പ്പ­ടർ­ന്നു­കി­ട­ന്ന മു­ല്ല­വ­ള്ളി­ക­ളോ­ടു് രാ­ഘ­വ­നു­ണ്ടാ­യി­രു­ന്ന വാ­ത്സ­ല്യ­ത്തി­നും അവയെ ശു­ശ്രൂ­ഷി­ക്കു­ന്ന­തിൽ അവൻ കാ­ണി­ച്ചു­വ­ന്ന താ­ല്പ­ര്യ­ത്തി­നും ക­ണ­ക്കി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ, അ­വ­ന്റെ അ­മ്മ­യു­ടെ പേരു് മാധവി എ­ന്നാ­യി­രു­ന്നു. അവനു് ശാ­രി­യെ­ന്നൊ­രു സ­ഹോ­ദ­രി­യു­ണ്ടാ­യി­രു­ന്നു. ആ­ശാ­ന്റെ ന­ന്താ­വ­ന­ത്തി­നു് തു­ല്യ­മാ­യ ഒരു തോ­ട്ട­മു­ണ്ടാ­ക്കി അ­തി­ന്റെ മ­ദ്ധ്യേ മാ­ധ­വീ­ല­ത­കൊ­ണ്ടു് ഒരു നി­കു­ഞ്ജം നിർ­മ്മി­ച്ചു്, അ­തി­ലി­രു­ന്നു്, പ­രേ­ത­യാ­യ തന്റെ അ­മ്മ­യു­ടേ­യും സ­ഹോ­ദ­രി­യു­ടേ­യും ആ­ത്മാ­വി­നു് ശാ­ന്തി പ്രാർ­ത്ഥി­ക്കാൻ സം­ഗ­തി­വ­ര­ണ­മെ­ന്നാ­യി­രു­ന്നു ആ­ഗ്ര­ഹം. അ­വ­ന്റെ ആ­ഗ്ര­ഹം സാ­ധി­ക്കാൻ യാ­തൊ­രു മാർ­ഗ്ഗ­വും കാ­ണാ­തെ ഉ­ഴ­ലു­മ്പോ­ഴാ­ണു് കി­ട്ടു ആ­ശാ­നു­മാ­യി മേൽ പ്ര­കാ­രം ഒരു സം­ഭാ­ഷ­ണ­ത്തി­നി­ട­വ­ന്ന­തു്.

അ­ന­ന്ത­രം, രാഘവൻ മ­തി­ലി­ച്ചി­റ­യു­ടെ ക­ര­യ്ക്കി­റ­ങ്ങി ന­ട­ന്നു. അ­വ­ന്റെ ചെ­റു­പോ­ത്തു് ചി­റ­യിൽ­കി­ട­ന്നു് “കൊ­മ്പു­ല­ച്ചു വി­ഹ­രി­ക്കു”ന്നു­ണ്ടാ­യി­രു­ന്നു. ആ പോ­ത്തി­നു് ഇ­പ്പോൾ മൂ­ന്നു് വ­യ­സ്സു് പ്രാ­യ­മാ­യി. ന­ന്താ­വ­ന­ത്തി­ലെ ഗൃ­ഹ്യ­ജ­ന്തു­ക്ക­ളിൽ­വ­ച്ചു് ആ പോ­ത്തു് അ­വ­ന്റെ പ്രാ­ണ­നാ­യി­രു­ന്നു. അവൻ അ­തി­നു് ശങ്കു എ­ന്നു് പേ­രി­ട്ടു. രാഘവൻ പു­റ­ത്തി­റ­ങ്ങി സ­ഞ്ച­രി­ക്കു­മ്പോ­ഴൊ­ക്കെ ശങ്കു കൂടി അ­നു­ഗ­മി­ക്കു­ക­യാ­ണു് പ­തി­വു്. രാ­ഘ­വ­നു് കു­ട്ടി­ക്കാ­ല­ത്തി­ലേ­ത­ന്നെ നീ­ന്താൻ നല്ല പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നു. ശ­ങ്കു­വും രാ­ഘ­വ­നും­കൂ­ടി മ­ത്സ­രി­ച്ചു് നീ­ന്തി മ­തി­ലി­ച്ചി­റ­യു­ടെ ഒന്നര നാഴിക ദൂ­ര­മു­ള്ള മ­റു­ക­ര­യി­ലെ­ത്തി മ­ട­ങ്ങി­വ­ന്നു് ആശാനെ വി­സ്മ­യി­പ്പി­ച്ചി­ട്ടു­ണ്ടു്.

രാഘവൻ ചി­റ­യു­ടെ ക­ര­യിൽ­കൂ­ടി ന­ട­ന്നു്, അ­മ­രാ­വ­തി­യു­ടെ ന­ഷ്ട­പ്രാ­യ­മാ­യ കൈവഴി ചി­റ­യിൽ­ചെ­ന്നു് ചേ­രു­ന്ന സ്ഥ­ല­ത്തെ­ത്തി. വ­സ­ന്ത­കാ­ല­മാ­യ­തി­നാൽ, പ­ക്ഷി­ക­ളു­ടെ കളകളം സ്ഥ­ല­ത്തി­ന്റെ വി­ജ­ന­ത­യെ ന­ശി­പ്പി­ച്ചു് രാ­ഘ­വ­നു് ഉ­ത്സാ­ഹം വ­ളർ­ത്തി. അവൻ തോ­ടൊ­ലി­ച്ചു­ണ്ടാ­യ മ­ണൽ­ത്തി­ട്ട­യിൽ­ക്കൂ­ടി മേൽ­പ്പോ­ട്ടു് ന­ട­ന്നു. ശ­ങ്കു­വും ജ­ല­ക്രീ­ഡ ഉ­പേ­ക്ഷി­ച്ചു് രാ­ഘ­വ­നെ അ­നു­ഗ­മി­ച്ചു. ആശാൻ കാ­ണി­ച്ചു­കൊ­ടു­ത്ത വ­ട­വൃ­ക്ഷ­ത്തി­ന്റെ സ­മീ­പ­ത്തു­ള്ള വെ­ള്ള­ച്ചാ­ട്ട­ത്തിൽ രാഘവൻ എത്തി. അ­ഞ്ചാൾ­പൊ­ക്ക­ത്തിൽ­നി­ന്നു് ഗം­ഭീ­ര­മാ­യ ഒരു ക­രി­മ്പാ­റ­യെ ചി­ന്തേ­രി­ട്ടു് ചാ­ടി­ക്കൊ­ണ്ടി­രു­ന്ന വെ­ള്ള­ത്തി­ന്റെ ഒരു തു­ള്ളി­പോ­ലും അ­പ്പോൾ അവിടെ ശേ­ഷി­ച്ചി­രു­ന്നി­ല്ല. രാഘവൻ കു­റെ­നേ­രം ആ സ്ഥ­ല­ത്തി­ന്റെ മ­നോ­ഹാ­രി­ത­യിൽ­ല­യി­ച്ചു­നി­ന്നു­പോ­യി.

മു­ക­ളിൽ പാ­റ­യു­ടെ പിൻ­ഭാ­ഗ­ത്തു­ള്ള ഒരു പ­ടർ­പ്പിൽ ഒരു ചെറിയ ചലനം ഉ­ണ്ടാ­യ­തു് ക­ണ്ടു് ശങ്കു തല ഉ­യർ­ത്തി അ­വ­ന്റെ വ­ന്യ­പ്ര­കൃ­തി­യെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തി. രാ­ഘ­വ­നും കാ­ര­ണ­മെ­ന്തെ­ന്ന­റി­വാ­നാ­യി ആ ദി­ക്കി­ലേ­ക്കു­നോ­ക്കി. പ­ടർ­പ്പി­ലു­ണ്ടാ­യ ചലനം നി­ന്നു എ­ങ്കി­ലും രാ­ഘ­വ­നും ആ ദി­ക്കി­ലേ­ക്കു് തന്നെ ശ്ര­ദ്ധ­യോ­ടെ നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. പെ­ട്ടെ­ന്നു് പ­ടർ­പ്പിൽ ഒരു വലിയ ചലനം ഉ­ണ്ടാ­ക­യും ചില വ­ള്ളി­കൾ പൊ­ട്ടു­ക­യും “അയ്യോ” എന്ന ഒരു ദീ­ന­സ്വ­രം പു­റ­പ്പെ­ടു­ക­യും­ചെ­യ്തു.

അ­തു­വ­രെ തെ­ല്ലു­ഭ­യ­ത്തോ­ടെ നോ­ക്കി­ക്കൊ­ണ്ടു­നി­ന്ന രാഘവൻ ലേശം ആ­പൽ­ശ­ങ്ക­കൂ­ടാ­തെ പാ­റ­യിൽ­കൂ­ടി മോ­ല്പോ­ട്ടു് ഓ­ടി­ക്ക­യ­റി. രാ­ഘ­വ­ന്റെ ദൃ­ഷ്ടി­യിൽ­പെ­ട്ട കാഴ്ച വളരെ ബീ­ഭ­ത്സ­വും ഭ­യാ­ന­ക­വും ആ­യി­രു­ന്നു. ഒരു മ­നു­ഷ്യ­ജീ­വി­യെ­ത­ന്നെ­യോ താൻ കാ­ണു­ന്ന­തെ­ന്നു് രാഘവൻ സം­ശ­യി­ച്ചു. നാ­റി­ക്കീ­റി­യ പ­ഴ­ന്തു­ണി അ­ര­യിൽ­ചു­റ്റി, പേ­രി­നു­മാ­ത്രം നഗ്നത മ­റ­ച്ചി­ട്ടു­ള്ള ഒരു പ­റ­ക്കു­ട്ടി അവിടെ മോ­ഹാ­ല­സ്യ­പ്പെ­ട്ടു­കി­ട­ക്കു­ന്നു; അ­വ­ന്റെ ശ­രീ­ര­ത്തിൽ സർ­വ­ത്ര അ­ടി­യു­ടെ പാ­ടു­കൾ കാ­ണാ­നു­ണ്ടു്. ചി­ല­തു് വി­രൽ­വ­ണ്ണ­ത്തിൽ ര­ക്തം­കെ­ട്ടി ക­രു­വാ­ളി­ച്ചു­കി­ട­ക്കു­ന്നു. ചി­ല­തു് പൊ­ട്ടി പ­ഴു­ത്തു് പൊ­റ്റ­കെ­ട്ടി­യ വ്ര­ണ­ങ്ങൾ­പോ­ലെ കാ­ണ­പ്പ­ടു­ന്നു. ചില വ്ര­ണ­ങ്ങ­ളിൽ­നി­ന്നു് പൊ­റ്റ­യി­ള­കി, രക്തം ചാ­ടു­ന്നു­ണ്ടു്. അവനു് വ­യ­സ്സു് പ­തി­നാ­റോ­ട­ടു­ത്തി­രി­ക്കും. ജ­ര­പോ­ലെ ദേ­ഹ­മാ­സ­ക­ലം തൊ­ലി­ചു­രു­ണ്ടു് അ­സ്ഥി­ക­ളൊ­ക്കെ തെ­ളി­ഞ്ഞു് കാ­ണാ­നു­ണ്ടു്. വയറു്, ആ­മാ­ശ­യ­വും, പ­ക്വാ­ശ­യ­വും കു­ട­ലു­ക­ളു­മൊ­ന്നു­മി­ല്ലാ­ത്ത­പോ­ലെ, മു­തു­കി­നോ­ടു് പ­റ്റി­ച്ചേർ­ന്നു് കി­ട­ക്കു­ന്നു. ക­വി­ളു­കൾ ഒട്ടി, ക­ണ്ണു­കൾ കു­ഴി­ഞ്ഞു് മി­ക്ക­വാ­റും അ­സ്ഥി­പ­ജ്ഞ­രം­പോ­ലെ ആ പ­റ­ക്കു­ട്ടി കാ­ണ­പ്പെ­ട്ടു.

പറയൻ നി­ശ്ചേ­ഷ്ട­നാ­യി­കി­ട­ക്ക­യാ­ണു് അ­വ­ന്റെ ആ­ക­പ്പാ­ടെ­യു­ള്ള സ്ഥി­തി ക­ണ്ടി­ട്ടു്, അ­വ­ന്റെ മോ­ഹാ­ല­സ്യ­ത്തി­നു് മു­ഖ്യ­കാ­ര­ണം വി­ശ­പ്പാ­ണെ­ന്നു് തീർ­ച്ച­യാ­ക്കി­ക്കൊ­ണ്ടു് രാഘവൻ ന­ന്താ­വ­ന­ത്തി­ലേ­ക്കു് കു­തി­ച്ചോ­ടി. കാൽ നാ­ഴി­ക­യ്ക്കു­ള്ളിൽ അവൻ ഒരു കി­ണ്ടി­യിൽ കുറെ പാ­ലു­മാ­യി മ­ട­ങ്ങി­വ­ന്നു. പറയൻ അ­പ്പോ­ഴും ബോ­ധ­മി­ല്ലാ­തെ കി­ട­ക്ക­യാ­ണു്. രാ­ഘ­വ­ന്റെ ഹൃ­ദ­യ­ത്തിൽ പ­റ­യ­നെ­ന്നോ, വൃ­ത്തി­ഹീ­ന­നെ­ന്നോ ഉള്ള വി­ചാ­ര­ങ്ങൾ­ക്കു് പ്ര­വേ­ശ­മേ ഇ­ല്ലാ­യി­രു­ന്നു. പറയനെ സൃ­ഷ്ടി­ച്ച ബ്ര­ഹ്മാ­വ­ല്ല തന്നെ സൃ­ഷ്ടി­ച്ച­തെ­ന്നു­ള്ള ധാരണ രാ­ഘ­വ­ന്റെ അ­മ്മ­യ­ച്ഛ­ന്മാ­രൊ, കി­ട്ടു ആശാനോ അ­വ­നു­ണ്ടാ­ക്കി­യി­രു­ന്നി­ല്ല.

രാഘവൻ പ­റ­യ­ന്റെ തല അ­ല്പ­മൊ­ന്നു­യർ­ത്തി­വ­ച്ചു് പാലു് അല്പം അ­വ­ന്റെ വായിൽ ഒ­ഴി­ച്ചു­കൊ­ടു­ത്തു. അ­തി­റ­ങ്ങി­യെ­ന്നു­ക­ണ്ടു് വീ­ണ്ടും അ­ല്പം­കൂ­ടി ഒ­ഴി­ച്ചു­കൊ­ടു­ത്തു. അ­ര­നാ­ഴി­ക­കൊ­ണ്ടു് ഉ­രി­യ­പ്പാൽ പ­റ­യ­ന്റെ ഉ­ള്ളി­ലാ­ക്കി. ബാ­ക്കി­യു­ള്ള പാൽ അവിടെ വ­ച്ചി­ട്ടു് രാഘവൻ കു­ത്തി­ല­യിൽ കുറെ വെ­ള്ളം കൊ­ണ്ടു­വ­ന്നു് പ­റ­യ­ന്റെ മു­ഖ­ത്തു­ത­ളി­ച്ചു, പറയൻ പെ­ട്ടെ­ന്നു് ക­ണ്ണു­തു­റ­ന്നു് പ­രി­ഭ്ര­മ­ത്തോ­ടെ നോ­ക്കി­ക്കൊ­ണ്ടു്, കൈ­കൂ­പ്പി ക്ഷീ­ണ­സ്വ­ര­ത്തിൽ ദ­യ­നീ­യ­മാം­വ­ണ്ണം ഇ­ങ്ങി­നെ പ­റ­ഞ്ഞു:

“പൊ­ന്ന­മ്പ്രാ­നെ! അ­ടി­യ­നൊ­ന്നും പി­ള­ച്ചി­ല്ലേ. അ­ടി­യ­നെ കൊ­ല്ല­ല്ലേ.”

രാഘ:
(ക­ണ്ണു­നീ­രോ­ടു­കൂ­ടി) “നീ എ­ഴു­ന്നേ­റ്റി­രു­ന്നു് ഈ പാ­ലു­കൂ­ടി കു­ടി­ക്കൂ.”

പറയൻ പ്ര­യാ­സ­പ്പെ­ട്ടു് എ­ഴു­ന്നേ­റ്റി­രു­ന്നു്, വീ­ണ്ടും കി­ണ്ടി­യിൽ ഉ­ണ്ടാ­യി­രു­ന്ന പാൽ മു­ഴു­വൻ കു­ടി­ച്ചു. ഒ­ന്നും പറയാൻ ശ­ക്ത­ന­ല്ലാ­തെ അവൻ രാ­ഘ­വ­ന്റെ മുഖം ഇ­മ­വെ­ട്ടാ­തെ നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. ആ നോ­ട്ടം രാ­ഘ­വ­ന്റെ­യും, രാ­ഘ­വ­ന്റെ അ­പ്പോ­ഴ­ത്തെ മു­ഖ­ഭാ­വം പ­റ­യ­ന്റെ­യും ഹൃ­ദ­യ­ത്തിൽ ജീ­വാ­വ­സാ­നം വരെ ശി­ലാ­രേ­ഖ­പോ­ലെ പ­തി­ഞ്ഞു­കി­ട­ന്നു.

രാഘ:
“നി­ന­ക്കു് എ­ഴു­ന്നേ­റ്റു് ന­ട­ക്കാ­മെ­ങ്കിൽ എന്റെ കൂടെ വരൂ. ഞാൻ വേ­ണ­മെ­ങ്കിൽ താ­ങ്ങി­ക്കൊ­ള്ളാം.”

പറയൻ ഉ­ത്ത­ര­മൊ­ന്നും പ­റ­യാ­തെ പ­ണി­പ്പെ­ട്ടു് എ­ഴു­ന്നേ­റ്റു് പ­തു­ക്കെ ന­ട­ക്കാൻ ശ്ര­മി­ച്ചു. ഏ­ക­ദേ­ശം ഒരു മ­ണി­ക്കൂർ സ­മ­യം­കൊ­ണ്ടു് അ­വ­രി­രു­വ­രും ന­ന്താ­വ­ന­ത്തിൽ എത്തി. പറയനെ ആ­ശ്ര­മ­ത്തിൽ തന്നെ താ­മ­സി­പ്പി­ക്കു­ന്ന­തി­നു് രാ­ഘ­വ­നു് നല്ല മ­ന­സ്സു­ണ്ടാ­യി­രു­ന്നു. ആ­ശാ­ന്റെ സ­മ്മ­തം കൂ­ടാ­തെ അ­ങ്ങ­നെ ചെ­യ്യു­ന്ന­തു് ഭം­ഗി­യ­ല്ല­ല്ലോ എ­ന്നു് വി­ചാ­രി­ച്ചു് അവനെ ആ­ട്ടാ­ല­യിൽ ആ­ക്കാ­മെ­ന്നു് നി­ശ്ച­യി­ച്ചു. വെ­ള്ളം ചൂ­ടാ­ക്കി­ക്കൊ­ടു­ത്തു് അവനെ കു­ളി­പ്പി­ച്ചു. വ്ര­ണ­ങ്ങ­ളിൽ ചി­ല­തിൽ തൈലം പു­ര­ട്ടു­ക­യും മ­റ്റു് ചി­ല­തിൽ ചില പ­ച്ച­മ­രു­ന്നു­കൾ വ­ച്ചു് കെ­ട്ടു­ക­യും ചെ­യ്തു. അ­വ­ന്റെ ചെറിയ പ­ഴ­ന്തു­ണി­ക്കു് പകരം ഉ­ടു­ക്കാ­നും പു­ത­യ്ക്കാ­നും അവനു് പുതിയ വ­സ്ത്ര­ങ്ങൾ കൊ­ടു­ത്തു. അ­ന­ന്ത­രം രാഘവൻ തന്നെ ആ­ട്ടാ­ല വെ­ടി­പ്പു­വ­രു­ത്തി, അതിൽ ധാ­രാ­ളം വ­യ്ക്കോൽ വിതറി, അ­തി­ന്മേൽ ഒരു പായും ത­ല­യി­ണ­യും ഇ­ട്ടു് പറയനെ അ­തിൽ­ക്കി­ട­ത്തി. അ­വ­ന്റെ ശ­രീ­ര­ത്തി­ന്റെ തൽ­ക്കാ­ല­സ്ഥി­തി­ക്കു് അവനു് ല­ഘു­ഭ­ക്ഷ­ണം വ­ല്ല­തും കൊ­ടു­ക്ക­യാ­ണു് ന­ല്ല­തെ­ന്നു് നി­ശ്ച­യി­ച്ചു്, രാഘവൻ കുറെ പൊ­ടി­യ­രി­ക്ക­ഞ്ഞി­യും കൂ­ട്ടു­വാ­നും ഉ­ണ്ടാ­ക്കി. കഞ്ഞി ത­യ്യാ­റാ­ക്കി നോ­ക്കി­യ­പ്പോൾ പറയൻ ഗാഢ നിദ്ര പ്രാ­പി­ച്ചി­രി­ക്കു­ന്നു എ­ന്നു് ക­ണ്ടു് അവനെ ഉ­ണർ­ത്താൻ ശ്ര­മി­ക്കാ­തെ രാഘവൻ പ­തി­വു് ജോ­ലി­കൾ­ക്കാ­യി തോ­ട്ട­ത്തി­ലേ­യ്ക്കു് പോയി.

അ­ന്നു് സ­ന്ധ്യ­യാ­യി­ട്ടും ആശാൻ മ­ട­ങ്ങി­യെ­ത്തി­യി­ല്ല. രാ­ഘ­വ­നു് ക്ഷേ­ത്ര­ത്തിൽ പോ­കാ­നു­ള്ള സ­മ­യ­മാ­യി. പറയൻ അ­പ്പോ­ഴും നല്ല നി­ദ്ര­യിൽ കി­ട­ക്ക­യാ­ണു്. അവനു് വ­ല്ല­തും ഭ­ക്ഷ­ണ­ത്തി­നു് കൊ­ടു­ത്തു് വിവരം പ­റ­യാ­തെ പോയാൽ, രാഘവൻ മ­ട­ങ്ങി­വ­രു­ന്ന­തി­നു­ള്ളിൽ അ­വ­നു­ണർ­ന്നെ­ങ്കി­ലോ എ­ന്നു് വി­ചാ­രി­ച്ചു് കൂ­ടെ­ക്കൂ­ടെ ആ­ട്ടാ­ല­യിൽ ചെ­ന്നു് പ­റ­യ­നെ­യും ചി­റ­വ­ക്ക­ത്തി­റ­ങ്ങി ആ­ശാ­നെ­യും നോ­ക്കി­ക്കൊ­ണ്ടു് രാഘവൻ ഉ­ഴ­ന്നു. ഈ സ­ന്ദർ­ഭ­ത്തിൽ ന­ന്താ­വ­ന­ത്തി­ലെ ക­ന്നു­കാ­ലി­കൾ വീ­ട്ടി­ലേ­ക്കു് മ­ട­ങ്ങി എത്തി. അ­വ­യു­ടെ തൊ­ഴു­ത്തു­ക­ളിൽ­ചെ­ന്നു് നി­ല­യാ­യി. ര­ണ്ടു് മൂ­ന്നു് ആ­ട്ടിൻ­കു­ട്ടി­കൾ തു­ള്ളി­ച്ചാ­ടി ആ­ട്ടാ­ല­യിൽ ചെ­ന്നു കയറി. പ­റ­യ­നു് ഉ­പ­ദ്ര­വം വ­ല്ല­തും നേ­രി­ട്ടേ­ക്കാ­മെ­ന്നു് വി­ചാ­രി­ച്ചു് രാഘവൻ ആ­ട്ടാ­ല­യി­ലേ­ക്കു് പോകാൻ ഭാ­വി­ച്ചു. രാ­ഘ­വ­ന്റെ അ­ന്തർ­ഗ്ഗ­തം അ­റി­ഞ്ഞി­ട്ടോ എ­ന്നു് തോ­ന്നും­വ­ണ്ണം, അ­വ­ന്റെ സമീപം നി­ന്നി­രു­ന്ന വെ­ള്ളു കു­ര­ച്ചു് പാ­ഞ്ഞു് ചെ­ന്നു് ആ­ട്ടിൻ­കു­ട്ടി­ക­ളെ ആ­ട്ടാ­ല­യിൽ നി­ന്നു് ഓ­ടി­ച്ചു. വെ­ള്ളു­വി­ന്റെ ക­ര­ച്ചി­ലും ആ­ട്ടിൻ­കു­ട്ടി­ക­ളു­ടെ നി­ല­വി­ളി­ക­ളും കേ­ട്ടു് പറയൻ ഉ­ണർ­ന്നു. വെ­ള്ളു ചെയ്ത ഉ­പ­കാ­ര­ത്തെ ഓർ­ത്തു് മ­ന്ദ­ഹ­സി­ച്ചു­കൊ­ണ്ടു് രാഘവൻ ആ­ട്ടാ­ല­യിൽ എത്തി. പ­റ­യ­നു് കഞ്ഞി കൊ­ടു­ത്ത­ശേ­ഷം, പ­തി­വ­നു­സ­രി­ച്ചു് അവൻ ക്ഷേ­ത്ര­ത്തി­ലേ­ക്കു് പോയി.

പ­ത്താം അ­ദ്ധ്യാ­യം

പി­റ്റേ­ദി­വ­സം രാ­വി­ലെ ആശാൻ പറയനെ കണ്ടു. അ­വ­ന്റെ ശ­രീ­ര­ത്തി­ലു­ണ്ടാ­യി­രു­ന്ന പാ­ടു­കൾ ക­ണ്ട­പ്പോൾ ദാ­യാ­ലു­വാ­യ ആ­ശാ­ന്റെ മ­ന­സ്സു് ക­ല­ങ്ങി. പറയനെ സം­ബ­ന്ധി­ച്ചു­ള്ള സകല വി­വ­ര­ങ്ങ­ളും ആശാൻ അ­വ­നോ­ടു് ചോ­ദി­ച്ച­റി­ഞ്ഞു. അ­വ­ന്റെ കഥ ചു­രു­ക്ക­ത്തിൽ താഴെ പറയും പ്ര­കാ­ര­മാ­യി­രു­ന്നു. ഇതു് കു­റേ­നാൾ മു­മ്പു് ന­ട­ന്ന­താ­ണു്. അ­ന്നു് പാ­വ­പ്പെ­ട്ട പ­റ­യ­നും പു­ല­യ­നും അ­വ­കാ­ശ­ബോ­ധം ഉ­ണർ­ന്നി­ട്ടി­ല്ല.

രാ­മ­പു­ര­ത്തു­നി­ന്നു് മൂ­ന്നു­ദി­വ­സ­ത്തെ വഴി വ­ട­ക്കാ­ണു് രാഘവൻ കാ­ട്ടിൽ­ക­ണ്ട പ­റ­ക്കു­ഴി­യ­ന്റെ സ്വ­ദേ­ശം. അവിടെ ധ­നി­ക­നാ­യ കൃ­ഷി­ക്കാ­ര­ന്റെ അ­ടി­മ­യെ­പ്പോ­ലെ­യ­ല്ല, അ­ടി­മ­യാ­യി­ട്ടു­ത­ന്നെ, അവനും അ­വ­ന്റെ മു­ന്നോർ­ക­ളും വേ­ല­ചെ­യ്തു­വ­ന്നു. “എ­ങ്ങ­നെ നി­ത്യ­വും ശു­ശ്രൂ­ഷ­ചെ­യ്താ­ലു­മ­ങ്ങു­ള്ളി­ലേ­തും പ്ര­സാ­ദ­മി­ല്ലെ”ന്നു് പ­റ­ഞ്ഞ­മാ­തി­രി­യാ­ണു് പ­റ­യ­ന്റെ വേ­ല­യും യ­ജ­മാ­ന­ന്റെ പ്ര­സാ­ദ­വും. ഉ­ദ­യം­മു­തൽ അ­സ്ത­മ­യം­വ­രെ ഒന്നോ രണ്ടോ നേ­ര­ത്തെ ഭ­ക്ഷ­ണ­ത്തി­നു­വേ­ണ്ടി അ­ര­നാ­ഴി­ക­യൊ­ഴി­ച്ചു് വെ­യി­ലാ­യാ­ലും മ­ഴ­യാ­യാ­ലും വി­ശ്ര­മ­മി­ല്ലാ­തെ വേ­ല­ചെ­യ്യു­ന്ന പ­റ­യ­നു് ഒന്നോ ഒ­ന്ന­ര­യോ നെ­ല്ലാ­ണു് വൈ­കു­ന്നേ­രം പ്ര­തി­ഫ­ലം. വേ­ല­യി­ല്ലാ­ത്ത കാ­ല­ങ്ങ­ളിൽ യ­ജ­മാ­ന­ന്മാ­രു­ടെ “ഇ­ല്ല­ങ്ങ­ളിൽ­ചെ­ന്നു് ന­ട­ന്നി­ര­ന്നാൽ ഇ­ല്ലെ­ന്നു ചൊ­ല്ലു­ന്ന” യ­ജ­മാ­ന­ന്മാ­രാ­ണു് ഏറെ.

പ­റ­യ­ന്റെ പേരു് ചടയൻ എ­ന്നാ­യി­രു­ന്നു. അവനു് ഒരു അ­മ്മ­യും, ഒരു സ­ഹോ­ദ­രി­യും മാ­ത്ര­മു­ണ്ടാ­യി­രു­ന്നു. അമ്മ വാ­ത­രോ­ഗം­പി­ടി­ച്ചു് ന­ട­ക്കാൻ പാ­ടി­ല്ലാ­തെ കി­ട­പ്പി­ലാ­യി­ട്ടു് വ­ള­രെ­നാ­ളാ­യി. സ­ഹോ­ദ­രി ചി­ത്തി­ര­ക്കു് എഴു് വ­യ­സ്സു് പ്രാ­യ­മു­ണ്ടു്. വേ­ല­ചെ­യ്യാ­നു­ള്ള പ്രാ­യം അ­വൾ­ക്കു് തി­ക­ഞ്ഞി­ല്ലെ­ങ്കി­ലും പ­റ­ക്കു­ട്ടി­കൾ­ക്കു് ജനനം മുതൽ മ­ര­ണം­വ­രെ വേ­ല­യ്ക്ക­ല്ലാ­തെ മ­റ്റൊ­രു ചി­ന്ത­യ്ക്കും അ­വ­കാ­ശ­മി­ല്ല­ല്ലോ. ചി­ത്തി­ര­യ്ക്കു് കു­ട്ട­മി­ട­യാ­നും പു­ല്ല­റു­ക്കാ­നും നല്ല പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നു. ഏ­ലാ­യു­ടെ ഒരു കോണിൽ ഒരു ചെറിയ മാ­ട­ത്തി­ലാ­യി­രു­ന്നു അ­വ­രു­ടെ താമസം. ഒരു ദിവസം ചടയൻ തന്റെ യ­ജ­മാ­ന­ന്റെ ജോ­ലി­ക്കു­പോ­യി­ല്ല. ചി­ത്തി­ര­ക്കു് ക­ടു­ത്ത പ­നി­യും ത­ല­വേ­ദ­ന­യു­മാ­യി­രു­ന്നു. ചടയൻ അവളെ ഒരു വൈ­ദ്യ­ന്റെ അ­ടു­ക്കൽ കൊ­ണ്ടു­പോ­യി. വൈ­ദ്യൻ, എന്തോ ക­ഷാ­യ­ത്തി­നു് കു­റി­ച്ചു­കൊ­ടു­ത്തു. ക­ഷാ­യ­ത്തി­നു് മ­രു­ന്ന­ന്വേ­ഷി­ച്ചു് നടന്ന ചടയനെ ജ­യ­മാ­നൻ വ­ഴി­ക്കു് വ­ച്ചു് ക­ണ്ടു­മു­ട്ടി. യ­ജ­മാ­ന­ന്റെ ക­ണ്ണിൽ­പ്പെ­ടാ­തെ ത­പ്പി­പ്പി­ഴ­യ്ക്കു­ന്ന­തി­നു് ശ്ര­മി­ച്ച ചടയനെ ആ ശ്ര­മ­ത്തിൽ യ­ജ­മാ­നൻ പി­ടി­കൂ­ടി നല്ല പ്ര­ഹ­രം കൊ­ടു­ത്തു­തു­ട­ങ്ങി. ച­ട­യ­ന്റെ നി­ല­വി­ളി­കേ­ട്ടു് ആളുകൾ ഓ­ടി­ക്കൂ­ടി. മൃഗ സ്വ­ഭാ­വം മു­ഴു­വൻ മാ­റി­യി­ട്ടി­ല്ലാ­തി­രു­ന്ന­തി­നാൽ ആൾ­ക്കൂ­ട്ടം ക­ണ്ട­പ്പോൾ യ­ജ­മാ­ന­ന്റെ വീ­റു­വർ­ദ്ധി­ച്ചു. ഒരു നല്ല ചാ­വേ­റ്റി­വ­ടി കൈ­യി­ലു­ണ്ടാ­യി­രു­ന്ന­തു് ഒ­ടി­ഞ്ഞു­കു­റ്റി­യാ­കു­ന്ന­തു­വ­രെ പറയനെ അ­റ­ഞ്ഞു. അ­ടി­കൾ­പൊ­ട്ടി അ­തിൽ­നി­ന്നു് ചോ­ര­തെ­റി­ച്ചു് യ­ജ­മാ­ന­ന്റെ ദേ­ഹ­ത്തും മു­ണ്ടി­ലും വീ­ണു­തു­ട­ങ്ങി­യ­പ്പോൾ ‘അ­യി­ത്ത’മാ­യ­ല്ലോ എ­ന്നു് വി­ചാ­രി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­കൃ­തി­ക്കു് ഒരു മാ­റ്റ­മു­ണ്ടാ­യി. അ­ടി­കൊ­ണ്ടു് ബോ­ധ­മി­ല്ലാ­താ­യ പറയനെ അ­വി­ട­ത്ത­ന്നെ വെറും നി­ല­ത്തു് ഉ­പേ­ക്ഷി­ച്ചി­ട്ടും­വ­ച്ചു് യ­ജ­മാ­നൻ തന്റെ വ­ഴി­ക്കു് തി­രി­ച്ചു. കാ­ഴ്ച­ക്കാ­രും അ­വ­ര­വ­രു­ടെ വ­ഴി­ക്കു­പോ­യി.

നാ­ല­ഞ്ചു­നാ­ഴി­ക ക­ഴി­ഞ്ഞ­പ്പോൾ ഈ വർ­ത്ത­മാ­നം ഏതോ ഒരു പ­റ­ക്കു­ഴി­യ­നിൽ­നി­ന്നു് ചി­ത്തി­ര അ­റി­ഞ്ഞു. ത­ല­പൊ­ക്കാൻ ക­ഴി­യാ­തെ ദീ­ന­ക്കി­ട­ക്ക­യിൽ കി­ട­ന്നി­രു­ന്ന ചി­ത്തി­ര എ­ഴു­ന്നേ­റ്റു് തന്റെ ‘ആങ്ങള’യുടെ അ­ടു­ക്കൽ ഓടി എത്തി. അവനു് കു­റെ­വെ­ള്ളം വാ­ങ്ങി­ക്കൊ­ടു­ത്തു് ബോ­ധ­മു­ണ്ടാ­ക്കി­യ­ശേ­ഷം അവനെ മാ­ട­ത്തി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി.

പി­റ്റേ­ദി­വ­സം ച­ട­യ­നു് സു­ഖ­ക്കേ­ടു­കൊ­ണ്ടു് വേ­ല­യ്ക്കു­പോ­കാൻ ക­ഴി­ഞ്ഞി­ല്ല. ത­ലേ­ന്നാൾ തന്നെ ശു­ശ്രൂ­ഷി­ച്ച ചടയനെ അ­ന്നു് ചി­ത്തി­ര ശു­ശ്രൂ­ഷി­ക്ക­യാ­ണു്. നേരം പു­ലർ­ന്നി­ട്ടും പറയനെ ക­ണാ­യ്ക­യാൽ യ­ജ­മാ­നൻ വ­ല്ലാ­തെ ക­യർ­ത്തു് ഒരു പുതിയ വ­ടി­യു­മാ­യി പ­റ­യ­ന്റെ മാ­ട­ത്തി­ലേ­യ്ക്കു് അ­ദ്ദേ­ഹം തി­രി­ച്ചു. യ­ജ­മാ­നൻ മാ­ട­ത്തി­നു് സമീപം എ­ത്തും മു­മ്പെ ചി­ത്തി­ര വിവരം ചടയനെ അ­റി­യി­ച്ചു. ചടയൻ വല്ല വി­ധേ­ന­യും മാ­ട­ത്തിൽ­നി­ന്നും പു­റ­ത്തു­ചാ­ടി. സമീപം ഒരു കാ­ട്ടിൽ ഒ­ളി­ച്ചു. യ­ജ­മാ­നൻ മാ­ട­ത്തി­ലും അ­തി­ന്റെ ചു­റ്റു­പാ­ടും പ­രി­ശോ­ധ­ന­ന­ട­ത്തി അ­രി­ശ­ത്തോ­ടു­കൂ­ടി ചി­ത്തി­ര­യ്ക്കു് ര­ണ്ടു­മൂ­ന്നു് പ്ര­ഹ­രം കൊ­ടു­ത്ത­പ്പോൾ അവൾ ച­ട­യ­നി­രി­ക്കു­ന്ന കാടു് ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ടു­ത്തു. വേ­ട്ട­പ്പ­ട്ടി­യെ­പ്പോ­ലെ യ­ജ­മാ­നൻ കാ­ട്ടി­ലേ­ക്കു് കു­തി­ച്ചു. ചടയൻ കാ­ട്ടിൽ­നി­ന്നു് പു­റ­ത്തു­ചാ­ടി. മു­യ­ലി­നെ­പ്പോ­ലെ അവൻ ഓ­ട്ടം­തു­ട­ങ്ങി. യ­ജ­മാ­നൻ വ­ടി­യു­മോ­ങ്ങി പി­ന്നാ­ലെ പാ­ഞ്ഞു. പറയൻ ഓ­ടു­ക­യ­ല്ല പ­റ­ക്കു­ക­യാ­ണു് ചെ­യ്ത­തു്. ആൾ സ­ഞ്ചാ­ര­മി­ല്ലാ­ത്ത ഒരു കാ­ട്ടിൽ­കൂ­ടി പി­ന്തി­രി­ഞ്ഞു­നോ­ക്കാ­തെ നാലു് നാഴിക ദൂ­ര­ത്തോ­ളം അവൻ ഓടി. ഒ­ടു­വിൽ ഒരു വൃ­ക്ഷ­ത്തി­ന്റെ വേരിൽ അ­വ­ന്റെ കാലു് ത­ട­ഞ്ഞു് അവൻ ബോ­ധ­ര­ഹി­ത­നാ­യി നി­ല­ത്തു­വീ­ണു.

കു­റേ­നേ­രം ബോ­ധ­ര­ഹി­ത­നാ­യി കി­ട­ന്ന­ശേ­ഷം ചടയൻ എ­ഴു­ന്നേ­റ്റു. യ­ജ­മാ­ന­നെ­യാ­ക­ട്ടെ മ­നു­ഷ്യ­ജീ­വി­ക­ളിൽ ആ­രെ­യെ­ങ്കി­ലു­മാ­ക­ട്ടെ അവൻ സ­മീ­പ­ത്തെ­ങ്ങും ക­ണ്ടി­ല്ല. തി­രി­കെ മാ­ട­ത്തി­ലേ­ക്കു് മ­ട­ങ്ങാൻ അവനു് ധൈ­ര്യ­മു­ണ്ടാ­യി­ല്ല. സ­ന്ധ്യ­യാ­കു­ന്ന­തു­വ­രെ അവൻ ആ കാ­ട്ടിൽ­ത­ന്നെ ക­ഴി­ച്ചു­കൂ­ട്ടി! രാ­ത്രി­യിൽ തന്റെ മാ­ട­ത്തി­ലേ­ക്കു് സാ­വ­ധാ­ന­മാ­യി തി­രി­ച്ചു. പ­ത്തു് നാ­ഴി­ക­യ്ക്കു­മേൽ ഇ­രു­ട്ടി­യ­പ്പോൾ അവൻ മാ­ട­ത്തിൽ എത്തി. മാടം മാ­ത്രം ഏ­കാ­ന്ത­മാ­യി ശൂ­ന്യ­മാ­യി നിൽ­ക്കു­ന്നു­ണ്ടു്. തന്റെ അ­മ്മ­യാ­ക­ട്ടെ സ­ഹോ­ദ­രി­യാ­ക­ട്ടെ അവിടെ ക­ണ്ടി­ല്ല. മാ­ട­ത്തി­ലു­ണ്ടാ­യി­രു­ന്ന യാ­തൊ­രു സാ­മാ­ന­ങ്ങ­ളും കാ­ണാ­നി­ല്ല. അ­യൽ­ക്കാ­രോ­ടു് ചോ­ദി­ക്കാൻ അവിടെ സ­മീ­പ­ത്തെ­ങ്ങും ആൾ പാർ­പ്പു­ള്ള കു­ടി­കൾ ഉ­ണ്ടാ­യി­രു­ന്നി­ല്ല. അവൻ അ­ന്നു് ജ­ല­പാ­നം പോലും ചെ­യ്തി­ല്ല. അ­വ­ന്റെ അമ്മ എവിടെ പോ­യി­രി­ക്കാം? അ­വൾ­ക്കു് ന­ട­ക്കാൻ പാ­ടി­ല്ലാ­ത്ത­താ­യി­ട്ടു് മാസം മൂ­ന്നു­നാ­ലാ­യി. ചി­ത്തി­ര രോ­ഗാ­തു­ര­യാ­ണെ­ങ്കി­ലും അവൾ കുറെ ദൂരം ന­ട­ന്നു­പോ­യി എ­ന്നു് വരാം. സാ­മാ­ന­ങ്ങൾ ആരു് കൊ­ണ്ടു­പോ­യി? ഈ വക ചോ­ദ്യ­ങ്ങൾ­ക്കു് ഒരു ഉ­ത്ത­ര­വും കി­ട്ടാ­തെ ചടയൻ കുറെ നേരം അ­വ­ന്റെ മാ­ട­ത്തിൽ കി­ട­ന്നു. ക്ഷീ­ണാ­ധി­ക്യം കൊ­ണ്ടു് കുറെ ക­ഴി­ഞ്ഞ­പ്പോൾ അവൻ ഉ­റ­ങ്ങി.

ചടയൻ ഉ­റ­ക്കം ഉ­ണർ­ന്നെ­ഴു­ന്നേ­റ്റ­പ്പോൾ ശൂ­ന്യ­മാ­യ മാടം ക­ണ്ടു് ത­ലേ­ദി­വ­സ­ത്തെ സം­ഭ­വ­ങ്ങ­ളെ ഓ­രോ­ന്നാ­യി ഓർ­ത്തു. അ­വ­ന്റെ അ­മ്മ­യും സ­ഹോ­ദ­രി­യും വ­രു­ന്നു­ണ്ടോ എ­ന്നു് നോ­ക്കാ­നാ­യി പു­റ­ത്തി­റ­ങ്ങി നാ­ലു­പാ­ടും നോ­ക്കി. ഒ­രി­ട­ത്തും അവരെ ക­ണ്ടി­ല്ല. പാ­ട­ത്തി­ന്റെ പ­ടി­ഞ്ഞാ­റെ­ക്ക­ര­യിൽ ഒരു വലിയ തെ­ങ്ങും തോ­പ്പി­ന്റെ ന­ടു­വി­ലാ­യി നിൽ­ക്കു­ന്ന തന്റെ യ­ജ­മാ­ന­ന്റെ വലിയ നാ­ലു­കെ­ട്ടും ഗോ­പു­ര­ങ്ങ­ളെ­പ്പോ­ലെ ഉ­യർ­ന്നു് നിൽ­ക്കു­ന്ന വ­യ്ക്കോൽ തു­റു­വു­ക­ളും ക­ണ്ട­പ്പോൾ, ച­ട­യ­ന്റെ ക­ണ്ണു­കൾ നി­റ­ഞ്ഞൊ­ഴു­കി. ആ വീ­ട്ടിൽ നി­ന്നു് ആരോ ഒരാൾ പാ­ട­ത്തി­ലേ­ക്കു് ഇ­റ­ങ്ങി വ­രു­ന്ന­തു് ക­ണ്ട­പ്പോൾ, വീ­ണ്ടും തന്നെ ശാ­സി­ക്കാൻ യ­ജ­മാ­നൻ പു­റ­പ്പെ­ട്ടി­രി­ക്ക­യാ­ണെ­ന്നു് അവനു് തോ­ന്നി. ഒരു ഒറ്റ അ­ടി­പോ­ലും കൊ­ള്ളു­ന്ന­തി­നു് അ­വ­ന്റെ ശരീരം അ­പ്പോൾ ശ­ക്ത­മാ­യി­രു­ന്നി­ല്ല. അ­തി­നാൽ അവൻ പ്രാ­ണ­ര­ക്ഷ­യ്ക്കാ­യി വേ­ഗ­ത്തിൽ കാ­ടു­കേ­റി ന­ട­ന്നു് തു­ട­ങ്ങി. അ­ടി­കൊ­ള്ളാൻ തക്ക ത്രാ­ണി തന്റെ ശ­രീ­ര­ത്തി­നു­ണ്ടാ­യ ശേ­ഷ­മ­ല്ലാ­തെ മാ­ട­ത്തി­ലേ­ക്കു് മ­ട­ങ്ങി­ച്ചെ­ല്ലു­ന്ന­തു് ശു­ഭ­മ­ല്ലെ­ന്നു് അവൻ തീർ­ച്ച­യാ­ക്കി. ക­ഴി­യു­ന്ന­തും യ­ജ­മാ­ന­ന്റെ ക­ണ്ണെ­ത്താ­ത്ത വല്ല ദി­ക്കി­ലും പോയി പാർ­ക്ക­ണ­മെ­ന്നു­റ­ച്ചു­കൊ­ണ്ടു് അവൻ ന­ട­ന്നു. ഇ­ട­വ­ഴി­ക­ളിൽ കൂ­ടി­യോ, രാ­ജ­പാ­ത­ക­ളിൽ കൂ­ടി­യോ പ­റ­യ­നു് സു­ഖ­സ­ഞ്ചാ­ര­ത്തി­നു് നി­വൃ­ത്തി­യി­ല്ലാ­ത്ത കാലം. അ­തി­നാൽ അവൻ കാടും കൈ­ത­യും കു­ന്നും തടവും ക­ട­ന്നു് ജ­ന­സ­ഞ്ചാ­ര­മി­ല്ലാ­ത്ത പ്ര­ദേ­ശ­ങ്ങ­ളിൽ കൂടി യാത്ര ചെ­യ്തു് മൂ­ന്നാം­ദി­വ­സം രാ­മ­പു­രം വ­ന­ത്തി­ലെ­ത്തി. കാ­യ്ക­നി­ക­ളും കാ­ട്ടാ­റു­ക­ളി­ലെ വെ­ള്ള­വു­മ­ല്ലാ­തെ വ­ഴി­ക്കു് ആ­ഹാ­ര­ത്തി­നു് യാ­തൊ­രു വകയും അവനു് ല­ഭി­ച്ചി­ല്ല. മ­തി­ലി­ച്ചി­റ­യു­ടെ വ­ട­ക്കേ­ക്ക­ര­യിൽ ഉ­ണ്ടാ­യി­രു­ന്ന വെ­ള്ള­ച്ചാ­ട്ട­ത്തിൽ എ­ത്തി­യ­പ്പോൾ, വി­ശ­പ്പും ക്ഷീ­ണ­വും കൊ­ണ്ടു് പ്ര­യാ­സ­പ്പെ­ട്ടു് സ­ഞ്ച­രി­ച്ചി­രു­ന്ന അവനു് ഒരു അ­ടി­വെ­യ്ക്കാൻ പാ­ടി­ല്ലാ­തെ­യാ­യി. കാടു് മു­മ്പോ­ട്ടു് മു­മ്പോ­ട്ടു് ചെ­ല്ലും­തോ­റും അ­ന­വ­സാ­ന­മാ­യി നീ­ണ്ടു് നീ­ണ്ടു് കാ­ണ­പ്പെ­ട്ടു. അവൻ പാ­റ­യു­ടെ മു­ക­ളിൽ വ­ല്ല­വി­ധേ­ന­യും ഇ­ഴ­ഞ്ഞു­ക­യ­റി­യ­പ്പോൾ, അ­പ്ര­തീ­ക്ഷി­ത­മാ­യി രാ­ഘ­വ­നെ ക­ണ്ടു് പ­രി­ഭ്ര­മി­ച്ചു് കാ­ലി­ട­റി താഴെ വീണു് മൂർ­ച്ഛി­ച്ചു. ഈ അ­വ­സ്ഥ­യി­ലാ­ണു് രാഘവൻ ചടയനെ ക­ണ്ട­തു്. ച­ട­യ­നു് തന്റെ ഉ­ള്ളിൽ തി­ങ്ങി­ക്കൂ­ടി­യ വി­ചാ­ര­ങ്ങ­ളെ പു­റ­ത്തു് പ്ര­കാ­ശി­പ്പി­ക്കു­ന്ന­തി­ന്നു് വാ­ക്കു­കൾ കി­ട്ടാ­തെ വളരെ വി­ഷ­മ­ത­കൾ നേ­രി­ട്ടു എ­ങ്കി­ലും ഒരു വി­ധ­ത്തിൽ ഈ വി­വ­ര­ങ്ങ­ളെ­ല്ലാം ആ­ശാ­നേ­യും രാ­ഘ­വ­നേ­യും അവൻ ധ­രി­പ്പി­ച്ചു. പ­റ­യ­ന്റെ ക­ഷ്ട­ത­ക­ളു­ടെ ച­രി­ത്രം അവൻ വി­സ്ത­രി­ച്ചു­കൊ­ണ്ടി­രു­ന്ന­തി­നി­ട­യ്ക്കു് പല ഘ­ട്ട­ങ്ങ­ളി­ലും രാ­ഘ­വ­ന്റെ ക­ണ്ണു­ക­ളിൽ അ­ശ്രു­ക്കൾ തു­ളു­മ്പി­യെ­ങ്കി­ലും ആ­ശാ­ന്റെ മുഖം സാ­ധാ­ര­ണ­യിൽ അധികം ഗൗ­ര­വ­ഭാ­വം­കൈ­ക്കൊൾ­ക­യാ­ണു് ചെ­യ്ത­തു്. ദീ­ന­ദ­യാ­ലു­വാ­യ ആ­ശാ­ന്റെ കു­ലു­ക്ക­മി­ല്ലാ­യ്മ ക­ണ്ടു് രാ­ഘ­വ­നു് വി­സ്മ­യം തോ­ന്നി­യെ­ങ്കി­ലും, അവൻ അ­തി­നെ­ക്കു­റി­ച്ചു് ഒരു അ­ക്ഷ­രം മി­ണ്ടി­യി­ല്ല. പ­റ­യ­ന്റെ സു­ഖ­ക്കേ­ടു് വേഗം ഭേ­ദ­പ്പെ­ടു­വാൻ വേണ്ട ഉ­പ­ദേ­ശം അവനും രാ­ഘ­വ­നും നൽകിയ ശേഷം ആശാൻ പു­റ­ത്തു­പോ­യി.

രാഘവൻ പ­റ­യ­നു് ഭ­ക്ഷ­ണം­കൊ­ടു­ത്ത ശേഷം, പ­തി­വ­നു­സ­രി­ച്ചു് ജോ­ലി­കൾ­ക്കാ­യി തോ­ട്ട­ത്തി­ലേ­ക്കും പോയി.

പ­തി­നൊ­ന്നാം അ­ദ്ധ്യാ­യം

ചടയൻ ന­ന്താ­വ­ന­ത്തിൽ എ­ത്തി­യ­തി­ന്റെ ഏഴാം ദിവസം, രാ­ഘ­വ­ന്റെ 16-​ാമത്തെ ജ­ന്മ­ന­ക്ഷ­ത്ര­ദി­വ­സ­മാ­യി­രു­ന്നു. അ­ന്നു് ആ ക്ഷേ­ത്ര­ത്തിൽ വി­ശേ­ഷ­വി­ധി­യാ­യി ചില പൂ­ജ­ക­ളും പു­ഷ്പാ­ഞ്ജ­ലി­യും രാ­ഘ­വ­ന്റെ വ­ക­യാ­യി ന­ട­ത്തു­ന്ന­തി­നു് ഏർ­പ്പാ­ടു് ചെ­യ്തി­രു­ന്നു. രാ­ഘ­വ­ന്റെ ബാ­ല്യം­മു­തൽ­ക്കെ ജ­ന്മ­ന­ക്ഷ­ത്ര­ദി­വ­സം ക്ഷേ­ത്ര­ദർ­ശ­ന­വും പു­ഷ്പാ­ഞ്ജ­ലി­യും അ­വ­ന്റെ അമ്മ വളരെ ശ്ര­ദ്ധ­യോ­ടും ഭ­ക്തി­യോ­ടും ന­ട­ത്തി­വ­ന്ന­താ­ണു്. ന­ന്താ­വ­ന­ത്തിൽ വ­ന്ന­തി­നു­ശേ­ഷം ഈ ശു­ഭ­കർ­മ്മം രാ­ഘ­വ­നു് വേ­ണ്ടി ആ­ശാ­നാ­ണു് ചു­മ­ത­ല­യാ­യി നിർ­വ­ഹി­ച്ചു­വ­ന്ന­തു്. ഇ­ക്കൊ­ല്ലം അ­തി­നു­വേ­ണ്ട ഏർ­പ്പാ­ടു­ക­ളെ­ല്ലാം രാ­ഘ­വൻ­ത­ന്നെ ആ­ശാ­ന്റെ അ­നു­മ­തി­യോ­ടു­കൂ­ടി സ്വയം ചെ­യ്തി­ട്ടു­ണ്ടാ­യി­രു­ന്നു. രാ­ഘ­വ­ന്റെ ഏർ­പ്പാ­ടു­കൾ ആശാൻ അ­തി­ജാ­ഗ്ര­ത­യോ­ടെ സൂ­ക്ഷി­ച്ചു് കൊ­ണ്ടി­രു­ന്ന­ത­ല്ലാ­തെ അവനു് യാ­തൊ­രു­സ­ഹാ­യ­വും ഉ­പ­ദേ­ശ­വും നൽ­കി­യി­ല്ല.

വെ­ളു­ക്കാൻ ഏഴര നാ­ഴി­ക­യു­ള്ള­പ്പോൾ രാഘവൻ എ­ഴു­ന്നേ­റ്റു് കുളി മു­ത­ലാ­യ­തു് ക­ഴി­ച്ചു് ന­ന്താ­വ­ന­ത്തി­ലി­റ­ങ്ങി പു­ഷ്പ­ങ്ങ­ളി­റു­ത്തു് ആ­വ­ശ്യ­മു­ള്ള മാലകൾ കെ­ട്ടി­യു­ണ്ടാ­ക്കി. ക്ഷേ­ത്ര­ത്തിൽ വി­ശേ­ഷ­ദി­വ­സ­ങ്ങ­ളിൽ ആ­വ­ശ്യ­മു­ള്ള അ­ഞ്ചു­മാ­ല­കൾ­ക്കു് പുറമെ വളരെ ക­മ­നീ­യാ­കൃ­തി­യിൽ മൂ­ന്നു് മാ­ല­ക­ളും മൂ­ന്നു് പൂ­ച്ചെ­ണ്ടു­ക­ളും കൂടി ഉ­ണ്ടാ­ക്കി ഒരു പൂ­ക്കൂ­ട­യിൽ യാ­തൊ­രു കേടും കു­രു­ക്കും വ­രാ­ത്ത­വ­ണ്ണം അ­ടു­ക്കി­വ­ച്ചു. പു­ഷ്പാ­ഞ്ജ­ലി­ക്കു­വേ­ണ്ടു­ന്ന പു­ഷ്പ­ങ്ങൾ മ­റ്റൊ­രു പൂ­ക്കൂ­ട­യി­ലും ശേ­ഖ­രി­ച്ചു. ക്ഷേ­ത്ര­ത്തിൽ അ­ന്നു് സ്വാ­മീ­ദർ­ശ­ന­ത്തി­നു് വ­രു­ന്ന­വർ­ക്കു് സ­മ്മാ­നി­ക്കാ­നാ­യി അനേകം റോ­സാ­പ്പൂ­ക്ക­ളും മ­ധു­ര­നാ­ര­ങ്ങാ, മാ­ത­ള­നാ­ര­ങ്ങാ, ചെ­റു­നാ­ര­ങ്ങാ മു­ത­ലാ­യി താൻ തന്നെ ന­ട്ടു­പി­ടി­പ്പി­ച്ച ചെ­ടി­ക­ളിൽ­നി­ന്നു് സൂ­ക്ഷി­ച്ചു ശേ­ഖ­രി­ച്ചു­വ­ച്ചി­രു­ന്ന പ­ഴ­ങ്ങ­ളും അവൻ കു­ട്ട­ക­ളി­ലാ­ക്കി ഒ­തു­ക്കി­വ­ച്ചു.

സൂ­ര്യ­ന്റെ ചെ­ങ്ക­തി­രു­ക­ളേ­റ്റു് ഉ­ദ­യ­ഗി­രി ചു­വ­ന്നു് മൈ­ഥി­ലി­ച്ചി­റ­യി­ലെ “നളിന മു­കു­ള­ജാ­ല­ങ്ങ­ളിൽ മ­ന്ദ­ഹാ­സം” തു­ട­ങ്ങി. രാ­മ­പു­ര­ത്തു് ക്ഷേ­ത്ര­ത്തിൽ ശം­ഖ­നാ­ദം മു­ഴ­ങ്ങി. ഭഗവൽ പ്രീ­തി­ക്കു് സ­മർ­പ്പി­ക്കാൻ സം­ഭ­രി­ച്ചു വച്ച സാ­മാ­ന­ങ്ങ­ളു­ടെ അ­ഴ­കു­നോ­ക്കി കൃ­താർ­ത്ഥ­നാ­യി നിൽ­ക്കു­ന്ന രാ­ഘ­വ­ന്റെ പ്ര­സ­ന്ന­വ­ദ­നം ക­ണി­കാ­ണ്മാൻ കി­ട്ടു ആശാൻ ഉ­ണർ­ന്നു. ആശാൻ രാ­ഘ­വ­ന്റെ ക­മ­നീ­യാ­ന­ന­ത്തെ ക­ണ്ണി­മ­യ്ക്കാ­തെ അ­ല്പ­നേ­രം നോ­ക്കി­ക്കൊ­ണ്ടു നി­ന്ന­ശേ­ഷം അ­തി­ര­റ്റ വാ­ത്സ­ല്യ­ത്തോ­ടു­കൂ­ടി അവനെ പി­ടി­ച്ചു് മാ­റോ­ട­ണ­ച്ചു് അ­വ­ന്റെ നെ­റു­ക­യിൽ ചു­ടു­ചു­ടെ­യു­ള്ള നെ­ടു­നി­ശ്വാ­സ­ങ്ങ­ളോ­ടു­കൂ­ടി ഒരു ചും­ബ­നം നൽകി. ആ­ശാ­ന്റെ ചും­ബ­ന­സു­ഖം അ­ന്നു് ആ­ദ്യ­മാ­യി­ട്ടാ­ണു് രാ­ഘ­വ­നു് അ­നു­ഭ­വ­മാ­യ­തു്. അ­ഞ്ചു­കൊ­ല്ലം മു­മ്പേ അ­നു­ഭ­വി­ച്ച തന്റെ അ­മ്മ­യു­ടെ ലാ­ള­നാ­സൗ­ഖ്യം അ­ന്നു് ത­നി­ക്കു് ല­ഭി­ച്ചു എ­ന്നു് രാ­ഘ­വ­നു് തോ­ന്നി. അ­വ­ന്റെ ഹൃദയം പ­ര­മാ­ന­ന്ദ­ത്തിൽ ല­യി­ച്ചു. ആ­ന­ന്ദാ­ശ്രു­ക്കൾ അ­വ­ന്റെ ക­വിൾ­ത്ത­ട­ങ്ങ­ളെ മ­ഞ്ഞു­തു­ള്ളി­കൾ പ­റ്റി­യ പ­നി­നീർ പു­ഷ്പം­പോ­ലെ മ­നോ­ഹ­ര­മാ­ക്കി­ത്തീർ­ത്തു.

പൂ­വ­ത്തൂ­ര­ണ്ണാ­വി­യും, അ­ദ്ദേ­ഹ­ത്തി­ന്റെ മകൾ മൈ­ഥി­ലി­യും മകൻ മാ­ധ­വ­നും അ­രു­ണോ­ദ­യ­ത്തോ­ടു­കൂ­ടി­ത്ത­ന്നെ ക്ഷേ­ത്ര­ത്തിൽ എ­ത്തി­യി­ട്ടു­ണ്ടാ­യി­രു­ന്നു. പൂ­ജാ­ദി­കർ­മ്മ­ങ്ങൾ ക­ഴി­ഞ്ഞ­ശേ­ഷം ക്ഷേ­ത്ര­ത്തിൽ കൂ­ടി­യി­രു­ന്ന­വർ­ക്കു് പു­ഷ്പ­ങ്ങ­ളും പ­ഴ­ങ്ങ­ളും രാ­ഘ­വൻ­ത­ന്നെ സ­മ്മാ­നി­ക്കാൻ ആ­രം­ഭി­ച്ചു. പക്ഷേ, ഒരു ദുർ­ഘ­ടം നേ­രി­ട്ടു. രാഘവൻ മൂ­ന്നു് പൂ­ച്ചെ­ണ്ടു­ക­ളും മൂ­ന്നു് മാ­ല­ക­ളും മാ­ത്ര­മേ വി­ശേ­ഷാൽ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടാ­യി­രു­ന്നു­ള്ളു. ആ­ശാ­നും അ­ണ്ണാ­വി­ക്കും മൈ­ഥി­ലി­ക്കു­മാ­യി­ട്ടു് ഉ­ദ്ദേ­ശി­ച്ചാ­ണു് അവ കൊ­ണ്ടു­വ­ന്ന­തു്. മാ­ധ­വൻ­കു­ട്ടി അ­ന്നു് ക്ഷേ­ത്ര­ത്തിൽ വ­രു­മെ­ന്നു് രാഘവൻ ക­രു­തി­യി­രു­ന്നി­ല്ല. തന്റെ ഗു­രു­നാ­ഥ­നും ഉ­പ­കർ­ത്താ­വു­മാ­യ ആ­ശാ­നു് തന്റെ ജ­ന്മ­ന­ക്ഷ­ത്ര­ദി­വ­സം ഭഗവൽ സ­ന്നി­ധി­യിൽ­വ­ച്ചു് ഒരു പൂമാല സ­മ്മാ­ന­മാ­യി കൊ­ടു­ക്ക­ണ­മെ­ന്നു് രാ­ഘ­വ­നു് വളരെ താ­ല്പ­ര്യ­മു­ണ്ടാ­യി­രു­ന്നു. ബാ­ക്കി പി­ന്നെ ര­ണ്ടു് മാ­ല­ക­ളെ ഉള്ളു. ഒ­ന്നു് അ­ണ്ണാ­വി­ക്കു് സ­മ്മാ­നി­ക്ക­ത­ന്നെ വേണം. മ­റ്റൊ­ന്നു് മൈ­ഥി­ലി­ക്കു് സ­മ്മാ­നി­ക്കാ­ഞ്ഞാൽ രാ­ഘ­വ­ന്റെ മ­ന­സ്സി­നു് കൃ­താർ­ത്ഥ­ത­യി­ല്ല. മാ­ധ­വ­നെ മാ­ത്രം ഒ­ഴി­ക്കു­ന്ന­തു് ഭം­ഗി­യു­മ­ല്ല, ഒരു മാ­ല­കൂ­ടി ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലോ എ­ന്നു് രാഘവൻ വളരെ വളരെ ആ­ഗ്ര­ഹി­ച്ചു. ഈ ആ­ഗ്ര­ഹം അ­പ്പോൾ സാ­ദ്ധ്യ­മ­ല്ലെ­ന്നു് തീർ­ച്ച­ത­ന്നെ. ആ­രെ­യെ­ങ്കി­ലും ഒരാളെ ഒ­ഴി­ക്കു­ക ത­ന്നെ­വേ­ണം. ആരെ ഒ­ഴി­ക്കാം. രാഘവൻ വി­ഷ­മി­ച്ചു. അവൻ ത­ന്നെ­ത്ത­ന്നെ ഗു­രു­ദ­ക്ഷി­ണ­യാ­യി സ­ങ്ക­ല്പി­ച്ചു­കൊ­ണ്ടു് ആ­ശാ­ന്റെ പാ­ദ­ങ്ങ­ളിൽ സ്പർ­ശി­ച്ചു­വ­ന്ദി­ച്ചു. മാല ശേഷം മൂ­ന്നു­പേർ­ക്കും കൊ­ടു­ക്കാ­മെ­ന്നും തീർ­ച്ച­യാ­ക്കി. അ­തി­ന്മേൽ ആ­ശാ­നും വ­ല്ലാ­യ്മ­യു­ണ്ടാ­ക­യി­ല്ലെ­ന്നു് പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. രാഘവൻ പൂ­ക്കൂ­ട­യു­ടെ അ­ടു­ക്കൽ ചെ­ന്നു് മു­ക­ളി­ലു­ള്ള മാ­ല­ക­ളു­ടെ സ­മ്മർ­ദ്ദം­കൊ­ണ്ടു് ത­ര­ക്കേ­ടു് വ­ര­രു­തെ­ന്നു­ക­രു­തി മൈ­ഥി­ലി­ക്കാ­യി സ­ങ്ക­ല്പി­ച്ചു് രാഘവൻ കെ­ട്ടി­യു­ണ്ടാ­ക്കി­യി­രു­ന്ന മാല പൂ­ക്കൂ­ട­യിൽ മു­ക­ളി­ലാ­യി­രു­ന്നു വ­ച്ചി­രു­ന്ന­തു്. അ­തെ­ടു­ത്തി­ട്ടേ മ­റ്റു് ര­ണ്ടു­മാ­ല­ക­ളും എ­ടു­ക്കാൻ ത­ര­മു­ള്ളു. പക്ഷേ, ആ­ദ്യ­സ­മ്മാ­നം മൈ­ഥി­ലി­ക്കു­കൊ­ടു­ക്ക­യോ മാ­ധ­വ­നു് കൊ­ടു­ക്ക­യോ അ­ണ്ണാ­വി­ക്കു് കൊ­ടു­ക്ക­യോ ഭംഗി? അ­ണ്ണാ­വി­ക്കു് കൊ­ടു­ക്കു­ക­യാ­ണു്. മാല രാഘവൻ കൈ­യി­ലെ­ടു­ത്തു. അതു് മൈ­ഥി­ലി­ക്കാ­യി ഉ­ദ്ദേ­ശി­ച്ചു് പ്ര­ത്യേ­കം നിർ­മ്മി­ച്ച മാ­ല­യാ­ണു്. അതിനെ മാ­റ്റി­വ­ച്ചി­ട്ടു് മറ്റേ മാ­ല­ക­ളിൽ ഒ­ന്നെ­ടു­ത്തു് അ­ണ്ണാ­വി­ക്കു് സ­മ്മാ­നി­ക്കു­ന്ന­തിൽ അ­പ­മ­ര്യാ­ദ­വ­ല്ല­തു­മു­ണ്ടോ? ‘ഇ­ങ്ങ­നെ മ­ന­മ­ങ്ങും മി­ഴി­യി­ങ്ങും’ മാ­ല­കൈ­യി­ലു­മാ­യി രാഘവൻ കു­ഴ­ങ്ങു­മ്പോൾ മാ­ല­യു­ടെ അ­സാ­ധാ­ര­ണ­മാ­യ അഴകു് ക­ണ്ടു് മൈ­ഥി­ലി “അ­മ്മാ­ല എ­നി­ക്കു­ത­ന്നെ” എ­ന്നു് പ­റ­ഞ്ഞു് കൈ നീ­ട്ടി­യ­തും രാഘവൻ അതിനെ അ­വ­ളു­ടെ കൈയിൽ സ­മർ­പ്പി­ച്ച­തും ഒ­പ്പം­ക­ഴി­ഞ്ഞു. അ­ന­ന്ത­രം വളരെ ആ­ശ്വാ­സ­ത്തോ­ടും പ്ര­സാ­ദ­ത്തോ­ടും­കൂ­ടി രാഘവൻ മറ്റേ മാല എ­ടു­ത്തു് വി­ന­യ­പൂർ­വം അ­ണ്ണാ­വി­യു­ടെ ക­ഴു­ത്തിൽ ഇ­ട്ടു­കൊ­ടു­ത്തു. പി­ന്നെ­യൊ­ന്നു­ണ്ടാ­യി­രു­ന്ന­തു് മാ­ധ­വ­ന്റെ ക­ഴു­ത്തി­ലും ചാർ­ത്തി. ഓരോ ചെ­ണ്ടും ഓരോ മാ­ത­ള­പ്പ­ഴ­വും­കൂ­ടി അ­വർ­ക്കു് കൊ­ടു­ത്ത­ശേ­ഷം അവിടെ കൂ­ടി­യി­രു­ന്ന­വർ­ക്കെ­ല്ലാം പു­ഷ്പ­ങ്ങ­ളും പ­ഴ­ങ്ങ­ളും രാഘവൻ സ­മ്മാ­നി­ച്ചു. അ­ങ്ങ­നെ ആ ജ­ന്മ­ന­ക്ഷ­ത്രം രാ­ഘ­വ­നു് സു­ദി­ന­മാ­യി അ­ത്യാ­ന­ന്ദ­പ്ര­ദ­മാ­യി ക­ലാ­ശി­ച്ചു.

പ­ന്ത്ര­ണ്ടാം അ­ദ്ധ്യാ­യം

ക്ഷേ­ത്ര­ത്തിൽ­നി­ന്നു് ആ­ശാ­നും രാ­ഘ­വ­നും ന­ന്താ­വ­ന­ത്തിൽ എത്തി. ആശാൻ രാ­ഘ­വ­നെ അ­ടു­ക്കൽ വി­ളി­ച്ചു് ഇ­ങ്ങ­നെ പ­റ­ഞ്ഞു: “രാ­ഘ­വ­ന്റെ ജ­ന്മ­ന­ക്ഷ­ത്രം പ്ര­മാ­ണി­ച്ചു് രാഘവൻ പ­ലർ­ക്കും സ­മ്മാ­നം നൽകി. രാ­ഘ­വ­നു്, പകരം ഒരു സ­മ്മാ­നം തരാൻ നി­ശ്ച­യി­ച്ചി­രി­ക്കു­ന്നു. അതു് ഇ­താ­ണു്” എ­ന്നു് പ­റ­ഞ്ഞു. ഒരു ക­ട­ലാ­സു് ചുരുൾ അ­വ­ന്റെ പക്കൽ കൊ­ടു­ത്തു. രാഘവൻ ആ­ശ്ച­ര്യ­ത്തോ­ടും പ­രി­ഭ്ര­മ­ത്തോ­ടും അ­തു­വാ­ങ്ങി നോ­ക്കി. അതൊരു മു­ദ്ര­പ്പ­ത്ര­മാ­യി­രു­ന്നു. അതിൽ എ­ന്താ­ണു് എ­ഴു­തി­യി­രി­ക്കു­ന്ന­തെ­ന്ന­റി­യാ­നാ­യി അവൻ അതു് ജാ­ഗ്ര­ത­യോ­ടു­കൂ­ടി വാ­യി­ച്ചു. ആ­ശാ­ന്റെ ന­ന്താ­വ­ന­ത്തി­നു് കി­ഴ­ക്കു­വ­ശ­വും, മ­തി­ലി­ച്ചി­റ­യു­ടെ വ­ട­ക്കു­വ­ശ­വു­മാ­യി കി­ട­ക്കു­ന്ന 20 ഏക്കർ രാ­ഘ­വ­ന്റെ പേരിൽ രാ­മ­പു­രം ദേ­വ­സ്വ­ത്തിൽ­നി­ന്നു് 1080 പ­ണ­ത്തി­നു് പ­തി­ച്ചു­കൊ­ടു­ക്കു­ന്ന ആ­ധാ­ര­മാ­ണു് ആശാൻ രാ­ഘ­വ­നു് സ­മ്മാ­നി­ച്ച­തു്. രാ­ഘ­വ­ന്റെ ഹൃദയം തു­ടി­ച്ചു് തു­ട­ങ്ങി. വളരെ നാ­ളാ­യി അ­വ­ന്റെ ഹൃ­ദ­യ­ത്തിൽ വ­ളർ­ന്നു വന്ന ഒരു മോഹം സ­ഫ­ല­മാ­യ­തിൽ അ­വ­നു­ണ്ടാ­യ സ­ന്തോ­ഷം അ­ന­ല്പ­മാ­യി­രു­ന്നു.

ആ:
“ഈ സ്ഥലം പു­തു­വൽ പ­തി­ച്ചു് കി­ട്ട­ണ­മെ­ന്നു് രാ­ഘ­വ­നു് താ­ല്പ­ര്യ­മു­ണ്ടാ­യി­രു­ന്നു. ഇല്ലേ?”
രാഘവൻ:
“കുറെ നാ­ളാ­യി ഈ ആ­ഗ്ര­ഹം എന്നെ വ­ല്ലാ­തെ വാ­ച്ചു­കൊ­ണ്ടി­രു­ന്നു. ആ­ശാ­ന്റെ ഔ­ദാ­ര്യം കൊ­ണ്ടു് ഇ­ത്ര­വേ­ഗം അതു് സാ­ധി­ച്ചു.”
ആശാൻ:
“രാ­ഘ­വ­ന്റെ പണം കൊ­ണ്ടാ­ണു് ഈ ആധാരം വാ­ങ്ങി­യ­തു്. രാ­ഘ­വ­ന്റെ മൂ­ന്നാ­ണ്ട­ത്തെ ശ­മ്പ­ള­മാ­ണു് അതിൽ കാ­ണു­ന്ന അർ­ത്ഥം. വരൂ ന­മു­ക്കു് രാ­ഘ­വ­ന്റെ പു­തു­വൽ സ്ഥലം പ­രി­ശോ­ധി­ച്ചു­നോ­ക്കാം.”

ആ­ശാ­നും രാ­ഘ­വ­നും­കൂ­ടി പു­തു­വൽ സ്ഥലം നോ­ക്കാ­നാ­യി പു­റ­പ്പെ­ട്ടു. അ­വ­രു­ടെ പി­ന്നാ­ലെ ച­ട­യ­നും പു­റ­പ്പെ­ട്ടു.

ച­ട­യ­ന്റെ സു­ഖ­ക്കേ­ടു് നി­ശ്ശേ­ഷം ശ­മി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും, അവനു് ആ­ശാ­നും രാ­ഘ­വ­നും വി­ചാ­രി­ച്ചി­ട­ത്തോ­ളം ക്ഷീ­ണ­ത ഉ­ണ്ടാ­യി­രു­ന്നി­ല്ല. എ­ത്ര­യോ തവണ ആ മാ­തി­രി പ്ര­ഹ­ര­ങ്ങൾ യ­ജ­മാ­ന­നിൽ­നി­ന്നു് അവനു് ല­ഭി­ച്ചി­ട്ടു­ണ്ടു്! ആ­ടു­മാ­ടു­ക­ളോ­ളം­ത­ന്നെ ആ­ദ­ര­ത്തി­നു് അ­വ­കാ­ശ­മി­ല്ലാ­ത്ത പ­റ­യ­നു് യ­ജ­മാ­ന­ന്റെ ശി­ക്ഷാ­ര­ക്ഷ­കൾ ഊ­മ­യെ­പ്പോ­ലെ അ­നു­ഭ­വി­ച്ചു­കൊ­ള്ളാ­ന­ല്ലാ­തെ എ­ന്തെ­ന്നു് ചോ­ദ്യം ചെ­യ്വാൻ അ­ക്കാ­ല­ങ്ങ­ളിൽ അ­വ­കാ­ശ­മി­ല്ലാ­യി­രു­ന്നു. ഉൽ­ക്കർ­ഷേ­ച്ഛ­യു­ടേ­യും സ്വാ­ത­ന്ത്ര്യ ബു­ദ്ധി­യു­ടേ­യും അം­കു­ര­ങ്ങ­ളെ ശൈശവം മുതൽ ച­വി­ട്ടി­ച്ച­ത­ച്ചു് അ­മർ­ത്തി­യി­ട്ടി­രു­ന്ന ജാ­തി­യിൽ പെട്ട ച­ട­യ­നു്, ത­ന്നോ­ടു് അ­നു­ക­മ്പ­യു­ള്ള മ­നു­ഷ്യ ജീ­വി­കൾ ഈ ഭൂ­മി­യിൽ ഉ­ണ്ടെ­ന്നു് രാ­ഘ­വ­നെ ക­ണ്ടെ­ത്തി­യ ദി­വ­സ­മാ­ണു് ആ­ദ്യ­മാ­യി അ­റി­വാ­യ­തു്. ഒരു സ­ഹ­ജീ­വി­യു­ടെ ക­ഷ്ട­ദ­ശ­യിൽ ഹൃ­ദ­യാ­ലു­വാ­യ ഒരു മ­നു­ഷ്യൻ കാ­ട്ടു­മാ­യി­രു­ന്ന­തിൽ കൂ­ടു­ത­ലാ­യ ദീ­നാ­നു­ക­മ്പ രാ­ഘ­വ­നാ­ക­ട്ടെ ആ­ശാ­നാ­ക­ട്ടെ ച­ട­യ­നോ­ടു് കാ­ട്ടി­യി­രു­ന്നി­ല്ല. എ­ന്നാൽ ജന്മം മുതൽ ക­ഷ്ട­ത­യ­ല്ലാ­തെ മ­റ്റൊ­ന്നും അ­നു­ഭ­വി­ച്ചി­ട്ടി­ല്ലാ­ത്ത ച­ട­യ­നു് അ­ങ്ങ­നെ­യ­ല്ല തോ­ന്നി­യ­തു്. ആ­ശാ­നും രാ­ഘ­വ­നും, പി­ന്നാ­ലെ ച­ട­യ­നും പു­തു­വ­ലി­ന്റെ എല്ലാ ഭാ­ഗ­ങ്ങ­ളും ന­ട­ന്നു് ക­ണ്ട­ശേ­ഷം ആശാൻ പ­റ­ഞ്ഞു: “രാ­ഘ­വ­നൊ­രു നി­ധി­യാ­ണു് കി­ട്ടി­യി­രി­ക്കു­ന്ന­തു്. ഈ സ്ഥലം അ­ത്ര­വ­ള­രെ വി­ശേ­ഷ­മാ­യി­ട്ടു് എ­നി­ക്കു് തോ­ന്നു­ന്നു.”

രാഘവൻ:
“വലിയ കാ­ടാ­ണ­ല്ലോ. ഞാ­നൊ­രു­ത്ത­നാ­യി­ട്ടു് എ­ന്തു് ചെ­യ്യാ­നാ­ണു്?”
ആ:
“അ­ധൈ­ര്യ­പ്പെ­ട­രു­തു്. മ­നു­ഷ്യ­പ്ര­യ­ത്നം കൊ­ണ്ടു് സ­ധി­ക്കാൻ ക­ഴി­യാ­ത്ത­താ­യി എ­ന്താ­ണു­ള്ള­തു്. രാ­ഘ­വ­ന്റെ പു­തു­വ­ലി­നു് ന­മു­ക്കു് പേ­രി­ടാം. പലതരം വൃ­ക്ഷ­ങ്ങൾ ഇ­തി­ന­ക­ത്തു­ണ്ടു്. മി­ക്ക­തും പാഴ് വൃ­ക്ഷ­ങ്ങ­ളാ­ണു്. ഏഴു് വലിയ മാവും ര­ണ്ടു് പ്ലാ­വും ഉ­ള്ള­വ­മാ­ത്രം ഫ­ല­വൃ­ക്ഷ­ങ്ങ­ളാ­യി­ട്ടു­ണ്ടു്. പ്ലാ­വി­ള­യെ­ന്നോ മാ­ന്തോ­പ്പെ­ന്നോ വേ­ണ­മെ­ങ്കിൽ ഇ­തി­നു് പേ­രി­ടാം. മൂ­ന്നു് വ­ട­വൃ­ക്ഷ­മു­ണ്ടു്. ര­ണ്ടു­കൂ­ടി­യു­ണ്ടാ­യി­രു­ന്നെ­ങ്കിൽ പ­ഞ്ച­വ­ടി എ­ന്നു­ത­ന്നെ പേ­രി­ടാ­മാ­യി­രു­ന്നു.”
രാഘ:
“അ­തി­നു് വി­ഷ­മ­മി­ല്ല­ല്ലോ. ര­ണ്ടു­കൂ­ടി ഞാൻ തന്നെ ന­ട്ടു­പി­ടി­പ്പി­ച്ചു­കൊ­ള്ളാം.”
ആ:
“രാ­മ­പു­ര­വും, മൈ­ഥി­ലി­ച്ചി­റ­യും പ­ഞ്ച­വ­ടി­യും കൂടി ആയാൽ നല്ല യോ­ജി­പ്പു­ണ്ടു്. രാഘവൻ “പ­ഞ്ച­വ­ടി”യിൽ ത­ന്നെ­യാ­ണ­ല്ലോ പാർ­ക്കേ­ണ്ട­തു്.”
രാ:
“ര­ണ്ടു് വൃ­ക്ഷ­ങ്ങൾ കൂടി ന­ടേ­ണ്ട­തു് ഇനി എവിടെ ന­ട്ടാ­ലാ­ണു് കൊ­ള്ളാ­മെ­ന്നു് തോ­ന്നു­ന്ന­തു്?”
ആ:
“ഇ­പ്പോ­ഴു­ള്ള വ­ട­വൃ­ക്ഷ­ങ്ങ­ളിൽ ര­ണ്ടെ­ണ്ണം വ­ട­ക്കേ അ­രി­കിൽ കി­ഴ­ക്കും പ­ടി­ഞ്ഞാ­റും കോ­ണു­ക­ളി­ലാ­ണു് നിൽ­ക്കു­ന്ന­തു്. ഇനി ന­ടു­ന്ന­വ തെ­ക്കേ അ­രി­കിൽ കി­ഴ­ക്കും പ­ടി­ഞ്ഞാ­റും ആ­യി­ക്കൊ­ള്ള­ട്ടെ.”
രാ:
“അ­പ്പോൾ പ­ഞ്ച­വ­ടി­യു­ടെ എലുക അ­റി­യാൻ പ്ര­യാ­സ­മി­ല്ല.”
ആ:
“രാ­ഘ­വ­ന്റെ പർ­ണ്ണ­ശാ­ല ന­ടു­ക്കു് നിൽ­ക്കു­ന്ന ആ­ലി­ന്റെ വ­ട­ക്കു­വ­ശ­ത്താ­ക­ട്ടെ, ന­മു­ക്കു് ആ സ്ഥലം ഒ­ന്നു­കൂ­ടി നോ­ക്കാം.”

ര­ണ്ടു­പേ­രും കൂടി അവിടെ ചെ­ന്നു് പല പ­രി­ശോ­ധ­ന­ക­ളും ന­ട­ത്തി.

ആ:
“ഇവിടെ ഒരു നല്ല ഊ­റ്റു് കാ­ണു­ന്നു­ണ്ടു്. ഇതിനെ തെ­ളി­ച്ചു് താഴെ ഒരു നല്ല ത­ട­മു­ണ്ടാ­ക്കി­യാൽ കു­ളി­ക്കാ­നും കു­ടി­ക്കാ­നും നല ശു­ദ്ധ­ജ­ലം ല­ഭി­ക്കും.”
രാ:
“അ­മ­രാ­വ­തി­യിൽ­നി­ന്നു് മ­തി­ലി­ച്ചി­റ­യി­ലേ­ക്കു­ള്ള തോ­ടു­തെ­ളി­ച്ചാൽ ആ വെ­ള്ള­ച്ചാ­ട്ട­ത്തിൽ­നി­ന്നും അ­ണ­യി­ട്ടു് തി­രി­ച്ചു് ഒരു ചെറിയ കൈ­ത്തോ­ടു് ഇതിലെ കൊ­ണ്ടു­വ­രാം. ഇവിടെ ന­ട്ടു­വ­ളർ­ത്തു­ന്ന വൃ­ക്ഷ­ല­താ­ദി­ക­ളെ ന­ന­യ്ക്കു­ന്ന­തി­നു് അ­പ്പോൾ പ്ര­യാ­സ­മു­ണ്ടാ­യി­രി­ക്ക­യി­ല്ല.”

രാ­ഘ­വ­ന്റെ ആ­ലോ­ച­ന­യെ ആശാൻ അ­ഭി­ന­ന്ദി­ച്ചു.

ആ:
“ആ­ക­ട്ടെ, എ­ന്തു് ജോ­ലി­യാ­ണു് രാഘവൻ ഇവിടെ ന­ട­ത്താ­മെ­ന്നു് നി­ശ്ച­യി­ക്കു­ന്ന­തു്?”
രാ:
“ആദ്യം ഇ­തി­ന്റെ ചു­റ്റാ­കെ ഒരു വേ­ലി­യു­ണ്ടാ­ക്ക­ണ­മെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു.”
ആ:
“അതു് വ­ളർ­ത്തു­വേ­ലി­യാ­യി­രു­ന്നാൽ പ­ച്ചി­ല­വ­ളം ആ­ശ്ര­യം കൂ­ടാ­തെ ല­ഭി­ക്കും.”
രാ:
“കാടു് ധാ­രാ­ളം സ­മീ­പ­ത്തു­ള്ള­തു­കൊ­ണ്ടു് പ­ച്ചി­ല വളം സു­ല­ഭ­മാ­ണ­ല്ലോ?”
ആ:
“എ­ന്നും സു­ല­ഭ­മാ­യി­രി­ക്കു­മെ­ന്നു് വി­ശ്വ­സി­ച്ചു് കൂടാ. ഇ­തി­ന്റെ ചു­റ്റാ­കെ­യു­ള്ള സ്ഥ­ല­ങ്ങ­ളും വ­ല്ല­വ­രും പേരിൽ പ­തി­പ്പി­ച്ചു­പോ­യെ­ങ്കി­ലോ?”
ആ:
“അ­ങ്ങ­നെ വ­രാ­വു­ന്ന­താ­ണു്. വ­ളർ­ത്തു­ന്ന വേലി തന്നെ ഉ­ണ്ടാ­ക്കാം. മു­ള്ളു­മു­രു­ക്കു്, ഒതളം, വ­ട്ട­ത്താ­മ­ര മു­ത­ലാ­യി പ­ച്ചി­ല­വ­ളം ധാ­രാ­ളം കി­ട്ടു­ന്ന വൃ­ക്ഷ­ങ്ങ­ളു­ടെ ക­മ്പു­കൾ­ത­ന്നെ പ­ത്ത­ലി­നു് ഉ­പ­യോ­ഗി­ക്കാം. ഇ­ട­വ­പ്പാ­തി ആ­രം­ഭി­ച്ചി­ട്ടാ­യാൽ ഈ പ­ത്ത­ലു­കൾ എ­ളു­പ്പം വേ­രോ­ടി­ക്കൊ­ള്ളു­ന്ന­താ­ണു്.”
ആ:
“വേ­ലി­വ­യ്ക്കു­ന്ന­തു് അ­പ്പോൾ മതി. രാഘവൻ കുറെ തെ­ങ്ങും­തൈ­കൾ പാകി കു­രു­പ്പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടെ­ല്ലോ. അവയെ ഈ­യാ­ണ്ടിൽ തന്നെ ന­ടേ­ണ്ട­യോ?”
രാ:
“അതു് ന­ന്താ­വ­ന­ത്തി­ലേ­യ്ക്കു് ഉ­ദ്ദേ­ശി­ച്ചു് പാ­കി­യി­രി­ക്ക­യാ­ണ­ല്ലോ.”
ആ:
“ഈ സ്ഥ­ല­മാ­ണു് തെ­ങ്ങു­കൃ­ഷി­ക്കു് കു­റേ­ക്കൂ­ടി യോ­ഗ്യ­മാ­യ സ്ഥലം.”
രാ:
“അ­ങ്ങ­നെ­യാ­ണെ­ങ്കിൽ തെ­ങ്ങു­കൃ­ഷി­ക്കു­ള്ള സ്ഥ­ല­മൊ­രു­ക്കി ത­ട­മെ­ടു­ക്കു­ന്ന ജോലി തന്നെ ആദ്യം തു­ട­ങ്ങാം.”
ആ:
“തെ­ക്കേ­യ­റ്റം കുറെ സ്ഥലം നെൽ­കൃ­ഷി­ക്കു് കൊ­ള്ളാ­വു­ന്ന­തു­ണ്ടു്, അതു് തെ­ളി­ച്ചു് നേർ­നി­ല­മാ­ക്കാ­മെ­ങ്കിൽ അ­ടു­ത്ത മേ­ട­ത്തിൽ തന്നെ കൃ­ഷി­യി­റ­ക്കാം.”
രാ:
“തെ­ങ്ങു് ന­ടാ­നു­ള്ള സ്ഥ­ല­ത്തു് ത­ട­ങ്ങൾ­മാ­ത്രം ഇ­പ്പോൾ എ­ടു­ത്തു് തെ­ങ്ങു് ന­ടു­ക­യും കാ­ടു­കൾ സാ­വ­ധാ­ന­ത്തിൽ തെ­ളി­ച്ചു് ശ­രി­പ്പെ­ടു­ത്തു­ക­യും ചെ­യ്താ­ലോ?”
ആ:
“അ­തി­നും വി­രോ­ധ­മി­ല്ല. കാ­ട്ടി­ലെ പ­ച്ചി­ല­കൾ തന്നെ തെ­ങ്ങും­തൈ­കൾ­ക്കു് ത­ണ­ലി­ടാ­നും ഉ­പ­യോ­ഗ­പ്പെ­ടു­ത്താ­മ­ല്ലോ.”
രാ:
“നെൽ­ക്കൃ­ഷി­ക്കു് കൊ­ള്ളാ­വു­ന്ന സ്ഥലം തെ­ളി­ച്ചെ­ടു­ക്കു­ന്ന ജോ­ലി­ത­ന്നെ ആദ്യം തു­ട­ങ്ങാം.”
ആ:
“രാ­ഘ­വ­ന്റെ സൗ­ക­ര്യം­പോ­ലെ ചെ­യ്തോ­ളൂ. ര­ണ്ടു് വ­ട­വൃ­ക്ഷം ന­ട­ണ­മെ­ന്നു് നി­ശ്ച­യി­ച്ച­തു് ഇ­ന്നു­ത­ന്നെ ന­ട­രു­തോ? ജ­ന്മ­ന­ക്ഷ­ത്ര­ത്തി­നു് ആൽമരം ന­ടു­ന്ന­തു് ഒരു പു­ണ്യ­കർ­മ്മ­മാ­ണെ­ന്നു് ജ­ന­ങ്ങ­ളു­ടെ ഇടയിൽ ഒരു വി­ശ്വാ­സ­മു­ണ്ട­ല്ലോ.”
രാ:
“എ­ന്നാൽ അതു് ര­ണ്ടും ഇ­പ്പോൾ­ത­ന്നെ ന­ട്ടു­ക­ള­യാം. മൺ­വെ­ട്ടി കൊ­ണ്ടു­വ­ര­ട്ടെ.” ഇ­ങ്ങ­നെ പ­റ­ഞ്ഞു­കൊ­ണ്ടു് രാഘവൻ ന­ന്താ­വ­ന­ത്തി­ലേ­ക്കു് ഓടി, ഒരു മൺ­വെ­ട്ടി­യും വെ­ട്ടു­ക­ത്തി­യും കൊ­ണ്ടു­വ­ന്നു് ആശാൻ കാ­ണി­ച്ചു­കൊ­ടു­ത്ത സ്ഥ­ല­ത്തു് (ക­ന്നി­മൂ­ല­യിൽ) രാഘവൻ ഒരു ത­ട­മെ­ടു­ക്കാൻ ആ­രം­ഭി­ച്ചു. സു­ന്ദ­ര­നും സു­കു­മാ­ര­നും ആയ രാഘവൻ ക­ഠി­ന­മാ­യ ദേഹ പ്ര­യ­ത്നം ആ­വ­ശ്യ­മു­ള്ള മൺ­വെ­ട്ടി­വേ­ല ആ­രം­ഭി­ച്ച­തു് ക­ണ്ട­പ്പോൾ ചടയൻ പ­റ­ഞ്ഞു—“മ­മ്മ­ട്ടി ഇ­ങ്ങു് തരീൻ! ഏൻ കു­യി­കു­യി­ക്കാം.”
രാ:
“നി­ന്റെ സു­ഖ­ക്കേ­ടു­തീർ­ന്നു് ദേ­ഹ­ത്തി­നു് നല്ല ബലം വ­ന്നി­ട്ടി­ല്ല നല്ല സു­ഖ­മാ­യ­തി­നു­ശേ­ഷം നി­ന­ക്കു് താ­ല്പ­ര്യ­മു­ണ്ടെ­ങ്കിൽ കു­ഴി­യെ­ടു­ക്കേ­ണ്ട ആ­വ­ശ്യം ഇ­നി­യു­മു­ണ്ടു്.”

ചടയൻ ഈ മ­റു­പ­ടി­കൊ­ണ്ടു് തൃ­പ്ത­നാ­യി­ല്ലെ­ങ്കി­ലും ഒ­ന്നും മി­ണ്ടി­യി­ല്ല. രാഘവൻ ഒരു നല്ല ത­ട­മെ­ടു­ത്തു. വട വൃ­ക്ഷ­ത്തി­ന്റെ നല്ല ഒരു ക­മ്പു് മു­റി­ച്ചു­കൊ­ണ്ടു­വ­ന്നു് അതിൽ നട്ടു. അ­തി­നു് വെ­ള്ള­മൊ­ഴി­ച്ചു. അ­ന­ന്ത­രം കി­ഴ­ക്കു­തെ­ക്കേ മൂ­ല­യി­ലേ­ക്കു് അവർ തി­രി­ച്ചു. ഈ യാ­ത്ര­യിൽ മൺ­വെ­ട്ടി ചടയൻ ക­ര­സ്ഥ­മാ­ക്കി, അവനും പി­ന്നാ­ലേ ന­ട­ന്നു. അവിടെ തടം എ­ടു­ക്കേ­ണ്ട സ്ഥാ­നം ആശാൻ ചൂ­ണ്ടി­ക്കാ­ണി­ച്ച ഉടനേ ചടയൻ “കു­യി­കു­യി­ക്കാ­നും” തു­ട­ങ്ങി. പ­റ­യ­ന്റെ ഉ­ത്സാ­ഹ­ത്തെ ത­ടു­ക്കേ­ണ്ട എ­ന്നു് ആശാൻ രാ­ഘ­വ­നോ­ടു് ആം­ഗ്യം കാ­ണി­ച്ചു. കാൽ നാ­ഴി­ക­യ്ക്ക­കം ഒരു നല്ല തടം എ­ടു­ത്തു­ക­ഴി­ഞ്ഞു. അ­തി­ലും ഒരു ആലു് രാ­ഘ­വൻ­ത­ന്നെ നട്ടു. ചടയൻ അതിനെ വെ­ള്ളം­കോ­രി ന­ന­ച്ചു. “എന്റ കാ­ടി­യാ­തീ! ഇ­മ്മ­രം മാ­മ­ര­മാ­യാൽ നി­ന്നെ ഞാൻ ഇവിടെ കു­ടി­യി­രു­ത്തി­യേ­ക്കാം” എ­ന്നു് ചടയൻ നേർ­ച്ച­യും ക­ഴി­ച്ചു.

പ­തി­മൂ­ന്നാം അ­ദ്ധ്യാ­യം

ഒരു ദിവസം ന­ന്താ­വ­ന­ത്തി­ലെ ജോ­ലി­ക­ളെ­ല്ലാം തീർ­ത്തു്, രാഘവൻ പ­തി­വ­നു­സ­രി­ച്ചു് അ­വ­ന്റെ പോ­ത്തു­മാ­യി ചി­റ­യി­ലി­റ­ങ്ങി കാ­ട്ടി­ലേ­ക്കു് ന­ട­ന്നു. ചടയനെ ക­ണ്ടു­കി­ട്ടി­യ പാ­റ­യിൽ­കൂ­ടി മേ­ല്പോ­ട്ടു­ക­യ­റി, തോ­ടൊ­ഴു­കി­യി­രു­ന്ന ചാ­ലിൽ­ക്കൂ­ടി അവൻ പി­ന്നെ­യും മു­ന്നോ­ട്ടു് ന­ട­ന്നു് വ­ള­ഞ്ഞും തി­രി­ഞ്ഞും ര­ണ്ടു­നാ­ഴി­ക ദൂ­ര­ത്തോ­ളം ചെ­ന്ന­പ്പോൾ രാഘവൻ അ­മ­രാ­വ­തി­യാ­റ്റിൽ എത്തി. തെ­ളി­ഞ്ഞൊ­ഴു­കി­യി­രു­ന്ന അ­മ­രാ­വ­തി ക­ല­ങ്ങി മ­റി­ഞ്ഞു് ഊ­ക്കോ­ടൊ­ഴു­കു­ന്ന­തു് രാഘവൻ ക­ണ്ടു് വി­സ്മ­യി­ച്ചു. ത­ലേ­നാൾ കണ്ട മ­ഴ­ക്കോ­ളു് മ­റി­ഞ്ഞു് മലയിൽ ചെ­ന്നു് പെ­യ്ത­തു് നി­മി­ത്ത­മു­ണ്ടാ­യ വെ­ള്ള­പ്പൊ­ക്ക­മാ­യി­രി­ക്കാ­മെ­ന്നു് അവൻ ഊ­ഹി­ച്ചു. കുറേ നേരം ന­ദി­യു­ടെ ചു­ഴി­ക­ളോ­ടു­കൂ­ടി­യ ഒ­ഴു­ക്കു് നോ­ക്കി­ക്കൊ­ണ്ടു് നി­ന്ന­ശേ­ഷം അവൻ ന­ദി­യു­ടെ ക­ര­യിൽ­ക്കൂ­ടി കി­ഴോ­ട്ടു് (പ­ടി­ഞ്ഞാ­റോ­ട്ടു്) ന­ട­ന്നു. ഏ­ക­ദേ­ശം ഒരു നാഴിക നേരം ചെ­ന്ന­പ്പോൾ ന­ദി­യു­ടെ ഇ­രു­ക­ര­ക­ളും വളരെ തൂ­ക്കാ­യും ദുർ­ഘ­ട­മാ­യും കാ­ണ­പ്പെ­ട്ടു. ഒ­രു­വ­ശം കി­ഴു­ക്കാം തൂ­ക്കാ­യ പാ­റ­ക്കൂ­ട്ടം മ­റു­വ­ശം ആറു് കു­ത്തി­യി­ടി­ച്ച­തി­ന്റെ അ­വ­ശേ­ഷ­മാ­യി ഇ­ടി­ഞ്ഞു് വീഴാൻ ഭാ­വി­ച്ചു­നി­ല്ക്കു­ന്ന ഉ­യർ­ന്ന പുൽ­ത്ത­ട്ടി­ക്കു് ഏ­ക­ദേ­ശം മു­ന്നൂ­റു­വാ­ര താ­ഴെ­യാ­യി ഒരു വലിയ വെ­ള്ള­ച്ചാ­ട്ടം ഉ­ണ്ടാ­യി­രു­ന്നി­ട­ത്തു് നദി അലറി വീ­ഴു­ന്ന ഗം­ഭീ­ര­ധ്വ­നി ഈ സ്ഥ­ല­ത്തു് മു­ഴ­ങ്ങി­ക്കൊ­ണ്ടി­രു­ന്നു. ഈ ഇ­ടു­ക്കു­ചാ­ലി­ലേ­ക്കു് നദി പ്ര­വേ­ശി­ക്കു­ന്നി­ട­ത്തു് മ­ദ്ധ്യേ ഒരു ഊ­ക്കാൻ പാ­റ­യു­ള്ള­തു് നദീ ജ­ല­ത്തെ ര­ണ്ടാ­യി പി­ളർ­ന്നു് അ­ത്യു­ഗ്ര­മാ­യി ചീറി ശ­ബ്ദി­ച്ചു് നി­ന്നു് വി­റ­യ്ക്കു­ന്ന­തു് നോ­ക്കി­ക്കൊ­ണ്ടു് രാഘവൻ നിൽ­ക്കു­മ്പോൾ ശം­കു­വി­ന്റെ ഭാവം ആ­ക­പ്പാ­ടെ ഒ­ന്നു് പ­കർ­ന്നു. ആ മൃഗം തല ഉ­യർ­ത്തി­പ്പി­ടി­ച്ചു് അ­തി­ന്റെ സ്വാ­ഭാ­വി­ക­മാ­യ രൂ­ക്ഷ­ത പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു് ക­ണ്ടു് രാഘവൻ തന്നെ അ­ന്ധാ­ളി­ച്ചു.

കി­ഴ­ക്കു് നി­ന്നു് ഒരു നി­ല­വി­ളി­യും ഘോ­ഷ­വും കേ­ട്ടു് തു­ട­ങ്ങി. ര­ണ്ടു് വലിയ വേ­ട്ട­പ്പ­ട്ടി­കൾ ന­ദി­യി­ലേ­ക്കു് നോ­ക്കി­ക്കൊ­ണ്ടു് ബ­ദ്ധ­പ്പെ­ട്ടു് വ­രു­ന്നു­ണ്ടാ­യി­രു­ന്നു. അവർ ഒരു വ­ള­വു­തി­രി­ഞ്ഞു് വ­രി­ക­യാ­യി­രു­ന്ന­തി­നാൽ, ഒരു നൂ­റു­വാ­ര അ­ക­ല­ത്തെ­ത്തി­യ ശേഷമേ രാഘവൻ അവയെ ക­ണ്ടു­ള്ളു. ആരോ ഒരാൾ വെ­ള്ള­ത്തിൽ വീണു് മു­ങ്ങി­യും പൊ­ങ്ങി­യും തു­ടി­ച്ചൊ­ഴു­കു­ന്ന­തു് രാഘവൻ ഒരു ഒ­റ്റ­നോ­ട്ട­ത്തി­നു് മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് മു­ന്നോ­ട്ടു­പാ­ഞ്ഞു. ആ­രെ­ന്നും എ­ന്തെ­ന്നും ഒ­ന്നും ആ­ലോ­ചി­ക്കാ­തെ അവൻ ന­ദി­യി­ലേ­ക്കു് കു­തി­ച്ചു­ചാ­ടി. ക­ര­യു­ടെ ഉ­യർ­ച്ച­കൊ­ണ്ടു് വെ­ള്ള­ത്തിൽ ഊ­ക്കോ­ടു­കൂ­ടി­യാ­ണു് അവൻ ചെ­ന്നു­വീ­ണ­തു്. വീ­ണ­പാ­ടെ താണു. വെ­ള്ള­ത്തിൽ നല്ല പ­രി­ച­യ­മു­ണ്ടാ­യി­രു­ന്ന രാഘവൻ മു­ങ്ങി നി­വർ­ന്നു് നോ­ക്കി­യ­പ്പോ­ഴേ­ക്കു് ന­ദി­യിൽ ഒഴുകി വന്ന ആൾ രാഘവൻ ഉ­യർ­ന്നേ­ട­ത്തു് നി­ന്നു് ര­ണ്ടു് ദ­ണ്ഡു് അ­ക­ല­ത്തി­ലാ­യി. നാലു് ദ­ണ്ഡു് കൂടി ഒ­ഴു­കി­യാൽ ന­ദീ­മ­ദ്ധ്യ­ത്തി­ലു­ള്ള­താ­യി മുൻ­വി­വ­രി­ച്ച പാ­റ­യിൽ ചെ­ന്നു് മു­ട്ടും. രാഘവൻ ഊ­ക്കാ­സ­ക­ലം പ്ര­യോ­ഗി­ച്ചു് മു­ന്നോ­ട്ടു് നീ­ന്തി തൊ­ട്ടു­തൊ­ട്ടി­ല്ല എന്ന ദി­ക്കാ­യ­പ്പോൾ ഒ­ഴു­കി­വ­ന്ന ആളും രാ­ഘ­വ­നും­കൂ­ടി പാ­റ­യിൽ ചെ­ന്നു­മു­ട്ടി ര­ണ്ടു­പേ­രും പാ­റ­യു­ടെ ര­ണ്ടു് വ­ശ­ങ്ങ­ളി­ലും­കൂ­ടി കീ­ഴ്പോ­ട്ടു് ഒഴുകി ഇ­ടു­ക്കു­ചാ­ലിൽ പ്ര­വേ­ശി­ച്ചു.

ഈ സ­ന്ദർ­ഭ­ത്തിൽ ശംകു എ­ന്തു­ചെ­യ്ക­യാ­യി­രു­ന്നു? അ­വ­നോ­ടെ­തി­രി­ട്ട വേ­ട്ട­നാ­യ്ക്ക­ളിൽ ഒ­ന്നി­നെ സം­ഹ­രി­ച്ചു­കൊ­ണ്ടു് അ­വ­ന്റെ വാലിൽ ക­ടി­ച്ചു­തൂ­ങ്ങി­യ മറ്റേ പ­ട്ടി­യേ­യും കൊ­ണ്ടു് അവൻ ആ­റ്റിൽ­ചാ­ടി. ആ­റ്റിൽ ചാ­ടി­യ­പ്പോ­ഴേ­ക്കും വാലിൽ തു­ങ്ങി­ക്കി­ട­ന്ന വേ­ട്ട­പ്പ­ട്ടി പി­ടി­വി­ട്ടു് തെ­റി­ച്ചു­പോ­യി. എ­ങ്കി­ലും പ്രാ­ണ­ര­ക്ഷ­യ്ക്കാ­യി ആ ദുർ­ഘ­ടം വീ­ണ്ടും ശ­ങ്കു­വി­ന്റെ വാലിൽ പി­ടി­കൂ­ടി. ശങ്കു കാ­ലു­കൊ­ണ്ടു് ഒരു തൊഴി കൊ­ടു­ത്ത­തോ­ടു­കൂ­ടി ആ നാ­യു­ടെ ക­ഥ­ക­ഴി­ഞ്ഞു് അതു് ആ­റ്റിൽ­ക്കൂ­ടി ഒ­ഴു­കി­ത്തു­ട­ങ്ങി.

ശങ്കു യാ­തൊ­രു കൂ­സ­ലും കൂ­ടാ­തെ തന്റെ യ­ജ­മാ­ന­ന്റെ പി­ന്നാ­ലെ ഇ­ടു­ക്കു­ചാ­ലി­ലേ­ക്കു് പ്ര­വേ­ശി­ച്ചു. ശ­ങ്കു­വി­ന്റെ വ­ര­വു­ക­ണ്ടു് രാഘവൻ ധൈ­ര്യം അ­വ­ലം­ബി­ച്ചു്, ഒ­ഴു­കി­പ്പോ­യ മ­നു­ഷ്യ­നെ ഒരു കൈ­കൊ­ണ്ടു് താ­ങ്ങി, മറ്റേ കൈ­കൊ­ണ്ടു് ശ­ങ്കു­വി­ന്റെ മു­തു­കിൽ പി­ടി­ച്ചു് കി­ട­ന്നു. ഒ­ഴു­ക്കി­ന്റെ ശ­ക്തി­കൊ­ണ്ടു് മേ­ല്പോ­ട്ടു് നീ­ന്തു­ക പ്ര­യാ­സ­മെ­ന്നു­ക­ണ്ടു് ശങ്കു കീ­ഴ്പോ­ട്ടേ­ക്കു­ത­ന്നെ നീ­ന്തി. ഏ­ക­ദേ­ശം ഒരു ഇ­രു­നൂ­റു­വാ­ര ദൂ­ര­ത്തി­ലെ­ത്തി­യ­പ്പോൾ ഗു­ഹ­പോ­ലു­ള്ള ഇ­ടു­ക്കു­ചാ­ലിൽ നി­ന്നു, രാ­ഘ­വ­നും ശ­ങ്കു­വും ബോ­ധ­ര­ഹി­ത­നാ­യി രാ­ഘ­വ­ന്റെ കൈ­യ്യിൽ തൂ­ങ്ങി­ക്കി­ട­ന്ന ആ­ളും­കൂ­ടി വെ­ളി­ക്കു­വ­ന്നു. പക്ഷേ, വെ­ളി­ക്കു­വ­ന്ന­തു് മൃ­ത്യു­വി­ന്റെ വാ­യി­ലേ­ക്കു­ത­ന്നെ­യാ­യി­രു­ന്നു.

ഒരു നൂ­റു­വാ­ര താ­ഴെ­യാ­ണു് അ­മ­രാ­വ­തി­യി­ലെ അ­തി­പ്ര­സി­ദ്ധ­മാ­യ വെ­ള്ള­ച്ചാ­ട്ടം. അ­തി­ന്റെ ഗം­ഭീ­ര­ധ്വ­നി അ­ത്യു­ച്ച­ത്തിൽ അവിടെ കേൾ­ക്കാ­മാ­യി­രു­ന്നു. ജ­ന്തു­സ­ഹ­ജ­മാ­യ ആ­പൽ­ബോ­ധം­കൊ­ണ്ടു് ശങ്കു ഭ്ര­മി­ച്ചു് തു­ട­ങ്ങി. ഏ­തെ­ങ്കി­ലും ഒരു കര പ­റ്റ­ണ­മെ­ന്നു് വി­ചാ­രി­ച്ചു് അവൻ ഇ­രു­ക­ര­ക­ളി­ലേ­ക്കും മാറി മാറി നോ­ക്കി. ഓരോ സെ­ക്ക­ന്റ് ക­ഴി­യും­തോ­റും അവർ വെ­ള്ള­ച്ചാ­ട്ട­ത്തോ­ടു് അ­ധി­ക­മ­ധി­കം അ­ടു­ത്തു­തു­ട­ങ്ങി. വേ­ട്ട­ക്കാർ ന­ദി­യു­ടെ ക­ര­യി­ലേ­ക്കും വ­ന്നി­ട്ടു­ണ്ടു്. അവർ ആ­സ­ന്ന­മാ­യ ആ­പ­ത്തി­ന്റെ ഗൗരവം ഓർ­ത്തു്, അ­ന്ധ­രാ­യി ക­ര­യ്ക്കു തന്നെ നി­ന്നു. ഈ സ്ഥ­ല­ത്തു് ക­ര­യ്ക്കു് അധികം പൊ­ക്ക­മി­ല്ലാ­യി­രു­ന്നു. എ­ങ്കി­ലും നീ­ന്തി കൈകാൽ കു­ഴ­ഞ്ഞ യതൊരു ജ­ന്തു­വി­നും കയറാൻ പാ­ടി­ല്ലാ­ത്ത­വ­ണ്ണം അതു് തൂ­ക്കാ­യി­ത്ത­ന്നെ­യി­രു­ന്നു. നേരെ വ­ട­ക്കേ­ക്ക­ര അധികം പൊ­ക്ക­മേ­റി­യ­താ­യി­രു­ന്നു. എ­ങ്കി­ലും ക­ര­യോ­ടു് സ­മീ­പി­ച്ച കു­റെ­സ്ഥ­ല­ത്തു് ഒരു മ­ണൽ­ത്തി­ട്ട­യു­ണ്ടാ­യി­രു­ന്നു. രാ­ഘ­വ­നും ശ­ങ്കു­വും തെ­ക്ക­രു­കിൽ കൂ­ടി­യാ­ണു് നീ­ന്തി­വ­ന്ന­തു്. വെ­ള്ള­ച്ചാ­ട്ട­ത്തോ­ട­ടു­ക്കാൻ പ­ത്തു­വാ­ര ദൂരമേ ബാ­ക്കി­യു­ള്ളു ഒ­ഴു­ക്കി­ന്റെ ശ­ക്തി­യോർ­ത്താൽ, കു­റു­കെ നീ­ന്തി വ­ട­ക്കേ­ക്ക­ര എ­ത്തു­ന്ന­തി­നു് മു­മ്പാ­യി വെ­ള്ള­ച്ചാ­ട്ട­ത്തിൽ­പ്പെ­ട്ടു് എ­ല്ലാ­വ­രു­ടേ­യും ക­ഥ­ക­ഴി­യും. വേറെ നിർ­വാ­ഹ­മൊ­ന്നും ഇ­ല്ലാ­യി­രു­ന്ന­തു­കൊ­ണ്ടു് ശങ്കു വ­ട­ക്കേ­ക്ക­ര­യി­ലേ­ക്കു തന്നെ നീ­ന്തി ന­ദീ­മ­ദ്ധ്യ­ത്തി­ലെ­ത്തി­യ­പ്പോ­ഴേ­യ്ക്കു്, ഒ­ഴു­ക്കി­ന്റെ ശ­ക്തി­കൊ­ണ്ടു് എ­ത്ര­ത­ന്നെ സാ­ഹ­സ­പ്പെ­ട്ടാ­ലും ക­ര­പ­റ്റു­ന്ന­കാ­ര്യം മി­ക്ക­വാ­റും അ­സാ­ദ്ധ്യം­ത­ന്നെ­യെ­ന്നു് ക­ര­നി­ന്ന­വർ­ക്കും രാ­ഘ­വ­നും തോ­ന്നി. “എ­രു­മ­ക്കി­ടാ­വി­നെ നീ­ന്തി­പ­ഠി­പ്പി­ക്ക­ണ്ടാ” എ­ന്നു് പ­ഴ­മ­യു­ണ്ടെ­ങ്കി­ലും ശങ്കു പ­ഠി­ച്ചു­മി­ടു­ക്ക­നാ­യ എ­രു­മ­ക്കി­ടാ­വാ­യി­രു­ന്നു. അ­തി­നാൽ അവൻ തന്റെ സ്വാ­മി­ക്കു് യാ­തൊ­രു അ­പ­ക­ട­വും പ­റ്റി­ക്കൂ­ടെ­ന്നു­ള്ള വി­ചാ­ര­ത്തോ­ടു­കൂ­ടി ഊ­ക്കാ­സ­ക­ലം പ്ര­യോ­ഗി­ച്ചു് നീ­ന്തി, വ­ല്ല­വി­ധ­ത്തി­ലും വ­ട­ക്കേ മ­ണൽ­ത്തി­ട്ട­യി­ലെ­ത്തി. രാഘവൻ തന്റെ ഭാരം ക­ര­യ്ക്കെ­ടു­ത്തു് നി­ല­ത്തു­കി­ട­ത്തി.

അ­ണ്ണാ­വി­യു­ടെ മകൻ മാ­ധ­വ­ന്റെ ചൈ­ത­ന്യ­ഹീ­ന­മാ­യ ശ­രീ­ര­മാ­ണു് താൻ ക­ര­യ്ക്കു­കൊ­ണ്ടു­വ­ന്ന­തെ­ന്നു് രാ­ഘ­വ­നു് മ­ന­സ്സി­ലാ­യി. അ­വ­നെ­ന്തു് ചെ­യ്യാ­നാ­ണു്. സ­ഹാ­യ­ത്തി­നു് ധാ­രാ­ളം ആളുകൾ മ­റു­ക­ര­യിൽ നിൽ­പ്പു­ണ്ടു്. അവരിൽ ആർ­ക്കും ഇവിടെ ചെ­ന്നെ­ത്താൻ ക­ഴി­ക­യി­ല്ല. മാ­ധ­വ­ന്റെ വയറു് ന­ല്ല­വ­ണ്ണം വീർ­ത്തി­ട്ടു­ണ്ടു്. ഒ­രി­ക്കൽ വെ­ള്ളം­കു­ടി­ച്ചു് ചാ­കാ­റാ­യ ഒരു ആ­ട്ടിൻ­കു­ട്ടി­യെ കി­ട്ടു ആശാൻ ജീ­വി­പ്പി­ച്ച­വി­ധം രാഘവൻ ക­ണ്ടി­ട്ടു­ണ്ടു്. ഏ­താ­ണ്ടു് ആ വി­ധ­ത്തി­ലൊ­ക്കെ പ്ര­വർ­ത്തി­ച്ച­പ്പോൾ മാ­ധ­വ­ന്റെ മൂ­ക്കിൽ­കൂ­ടി­യും വാ­യിൽ­ക്കൂ­ടി­യും വെ­ള്ളം ധാ­രാ­ള­മാ­യി പു­റ­ത്തേ­ക്കു് പോയി. മാ­ധ­വ­നെ മ­ലർ­ത്തി­ക്കി­ട­ത്തി അ­വ­ന്റെ ര­ണ്ടു് കൈ­ക­ളും മേ­ല്പോ­ട്ടും കീ­ഴ്പോ­ട്ടും ആക്കി, ശ്വാ­സോ­ച്ഛ ്വാസം ഉ­ണ്ടാ­ക്കാൻ ക­ഴി­യു­മോ എ­ന്നു് ശ്ര­മി­ച്ചു­നോ­ക്കി. കു­റെ­നേ­രം അ­ങ്ങ­നെ ചെ­യ്ത­പ്പോൾ കൂർ­ക്കം വ­ലി­ക്കു­ന്ന മാ­തി­രി­യിൽ ഒരു ശ്വാ­സം പു­റ­പ്പെ­ടു­ന്ന­തു­കേ­ട്ടു. പി­ന്നെ­യും കു­റെ­നേ­രം കൂടി അ­ങ്ങ­നെ ചെ­യ്തു. ഏ­ക­ദേ­ശം അ­ഞ്ചു് മി­നി­റ്റു­നേ­ര­ത്തെ ശ്ര­മം­കൊ­ണ്ടു് മാ­ധ­വ­ന്റെ ശ്വാ­സം ഒ­രു­വി­ധം നേ­രെ­യാ­ക്കി. പക്ഷേ, അവനു് തീരെ പ്ര­ജ്ഞ­യു­ണ്ടാ­യി­ല്ല.

മ­ണൽ­ത്തി­ട്ട­യിൽ­നി­ന്നു് ക­ര­യ്ക്കു് ക­യ­റു­ന്ന കാ­ര്യം അ­സാ­ദ്ധ്യം. മൺൽ­ത്തി­ട്ട­യു­ടെ അ­രി­കിൽ കീ­ഴു­ക്കാം­തൂ­ക്കാ­യി നിൽ­ക്കു­ന്ന പാ­റ­യ്ക്കു് പ­ത്താൾ­പൊ­ക്ക­ത്തിൽ­കു­റ­വി­ല്ല. വീ­ണ്ടും മ­റു­ക­ര­യ്ക്കു­ത­ന്നെ നീ­ന്തി എ­ത്താ­മെ­ന്നു് വി­ചാ­രി­ച്ചാ­ലും, ക­ര­യ്ക്കു­ക­യ­റാൻ യാ­തൊ­രു നിർ­വാ­ഹ­വും ഇല്ല. രാഘവൻ ക­ര­യ്ക്കു­നി­ന്ന­വ­രോ­ടു് കര കുറെ സ്ഥലം ഇ­ടി­ക്കു­ന്ന­തി­നു് പ­റ­ഞ്ഞു. അ­പ്പോ­ഴേ­ക്കു് നൂ­ത­ന­മാ­യ വേ­റെ­യും ആളുകൾ വ­ന്നു­കൂ­ടി. കൂ­ട്ട­ത്തിൽ അ­ണ്ണാ­വി­യും കി­ട്ടു ആ­ശാ­നും ഉ­ണ്ടാ­യി­രു­ന്നു. ആശാനെ ക­ണ്ട­പ്പോൾ രാ­ഘ­വ­ന്റെ ധൈ­ര്യം വർ­ദ്ധി­ച്ചു. അ­ണ്ണാ­വി പ­രി­ഭ്ര­മി­ച്ചു് നി­ല­വി­ളി­കൂ­ട്ടി ആശാൻ അ­ണ്ണാ­വി­യെ സ­മാ­ധാ­ന­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് ഒരു വടം കൊ­ണ്ടു­വ­രാൻ പ­റ­ഞ്ഞു. അ­ണ്ണാ­വി­യു­ടെ ഭൃ­ത്യ­ന്മാർ പൂ­വ­ത്തൂർ­മാ­ളി­ക­യി­ലേ­ക്കു് ഓടി. കാൽ­മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും പു­വ­ത്തൂർ­നി­ന്നു് വടവും, ആ­ബാ­ല­വൃ­ദ്ധം സ്ത്രീ­പു­രു­ഷ­ന്മാ­രും ആ­റ്റു­ക­രെ വ­ന്നു­ക­ഴി­ഞ്ഞു. അവിടെ ആ­ക­പ്പാ­ടെ നി­ല­വി­ളി­യും ബ­ഹ­ള­വു­മാ­യി. അ­പ്പോ­ഴേ­യ്ക്കു് ആ­റ്റിൻ­ക­രെ കുറെ സ്ഥലം ഇ­ടി­ച്ചു് ആ­ളു­കൾ­ക്കു് ഇ­റ­ങ്ങാ­നും ക­യ­റാ­നും ത­ക്ക­വ­ണ്ണ­മാ­ക്കി. വടം മ­റു­ക­രെ എ­ത്തി­ച്ചു­കൊ­ടു­ക്കു­ന്ന കാ­ര്യം അ­സാ­ദ്ധ്യം. വ­ട­വും­കൊ­ണ്ടു് മ­റു­ക­ര­യ്ക്കു് നീ­ന്തി­ച്ചെ­ല്ലു­ന്ന­തി­നു് ധൈ­ര്യ­മു­ള്ള­വ­രാ­യി ആ­രെ­യും അ­ക്കൂ­ട്ട­ത്തിൽ ക­ണ്ടി­ല്ല. വൃ­ദ്ധ­നാ­യ കി­ട്ടു ആശാൻ വ­ട­വും­കൊ­ണ്ടു് ആ­റ്റി­ലേ­ക്കു് ഇ­റ­ങ്ങാൻ ഭാ­വി­ക്കു­ന്ന­തു്ക­ണ്ടു്, “അയ്യോ! ആശാനെ അരുതേ! ഒ­ഴു­ക്കു് വളരെ ക­ട്ടി­യാ­ണു്” എ­ന്നു് പ­റ­ഞ്ഞു­കൊ­ണ്ടു് രാഘവൻ ന­ദി­യി­ലേ­ക്കു് കു­തി­ച്ചു­ചാ­ടി. ആശാൻ വടവും പി­ടി­ച്ചു­കൊ­ണ്ടു് നി­ന്നേ­ട­ത്തു­ത­ന്നെ അ­ന്ധ­നാ­യി നി­ന്നു­പോ­യി, അ­ണ്ണാ­വി മു­ത­ലാ­യ­വർ ‘അയ്യോ’ എ­ന്നു് നി­ല­വി­ളി­ച്ചു­കൊ­ണ്ടു്, എ­ന്തു് ചെ­യ്യേ­ണ്ടു എ­ന്ന­റി­യാ­തെ അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും പ­രി­ഭ്ര­മി­ച്ചു് ഓ­ട്ട­മാ­യി. രാഘവൻ ഒരു കൂ­സ­ലും കൂ­ടാ­തെ മൈ­ഥി­ലി­ച്ചി­റ­യിൽ വേ­ള്ള­ത്താ­റാ­വു് നീ­ന്തി­ക്ക­ളി­ക്കും­പോ­ലെ ഒ­ഴു­ക്കി­നെ­തി­രാ­യും മറുകര നോ­ക്കി­യും നീ­ന്തി ആ­ശാ­ന്റെ സമീപം എത്തി. ആശാൻ ആ­ശ്ച­ര്യ­പ­ര­ത­ന്ത്ര­നാ­യി­ത്തീർ­ന്നി­രു­ന്ന­തി­നാൽ, സ­മീ­പ­മെ­ത്തി­യ രാ­ഘ­വ­നെ തു­റി­ച്ചു­നോ­ക്കി­ക്കൊ­ണ്ടു് നി­ന്ന­ത­ല്ലാ­തെ ആ വൃ­ദ്ധൻ വടം രാ­ഘ­വ­നെ ഏ­ല്പി­ച്ചു­കൊ­ടു­ക്കു­ക­യാ­ക­ട്ടെ, ഒ­ന്നും പ­റ­ക­യാ­ക­ട്ടെ ചെ­യ്തി­ല്ല. ഇ­തെ­ല്ലാം ക­ണ്ടു­കൊ­ണ്ടു­നി­ന്ന മൈ­ഥി­ലി ഓ­ടി­വ­ന്നു് ആ­ശാ­ന്റെ കൈ­യിൽ­നി­ന്നും വ­ടം­വാ­ങ്ങി രാ­ഘ­വ­നെ ഏൽ­പ്പി­ച്ചി­ട്ടു് “അ­ണ്ണ­നു് ജീ­വ­നു­ണ്ടോ രാഘവാ?” എ­ന്നു് ചോ­ദി­ച്ചു. “പേ­ടി­ക്കേ­ണ്ട” എ­ന്നു് മാ­ത്രം പ­റ­ഞ്ഞു­കൊ­ണ്ടു് രാഘവൻ വടവും വാ­ങ്ങി വീ­ണ്ടും ന­ദി­യി­ലി­റ­ങ്ങി നീ­ന്തി. ഇ­ത്ത­വ­ണ വ­ടം­കൂ­ടി ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു്, രാഘവൻ കുറെ പ്ര­യാ­സ­പ്പെ­ട്ടാ­ണു് മറുകര പ­റ്റി­യ­തു്. രാഘവൻ ന­ദി­യിൽ ചാ­ടി­യ­തു­മു­തൽ മ­റു­ക­ര­പ­റ്റി മ­ട­ങ്ങി­വ­രു­ന്ന­തു­വ­രെ­യു­ള്ള ശ­ങ്കു­വി­ന്റെ നി­ല­യും തീ­പ്പൊ­രി പ­റ­ക്കു­ന്നു­വോ എ­ന്നു് തോ­ന്നും­വ­ണ്ണ­മു­ള്ള അ­വ­ന്റെ നോ­ട്ട­വും കാ­ണേ­ണ്ട­തു­ത­ന്നെ­യാ­യി­രു­ന്നു. രാഘവൻ വ­ട­ത്തി­ന്റെ ഒ­ര­റ്റം ശം­കു­വി­ന്റെ ക­ഴു­ത്തിൽ­കെ­ട്ടി. മാധവൻ അ­പ്പോ­ഴും ബോ­ധ­ര­ഹി­ത­നാ­യി­ത്ത­ന്നെ കി­ട­ക്കു­ന്നു. അവനെ എ­ങ്ങ­നെ­യാ­ണു് മറുകര പ­റ്റി­ക്കു­ന്ന­തു്? ശ­ങ്കു­വി­ന്റെ പു­റ­ത്തു് വ­ച്ചു­കെ­ട്ടാം, അതു് ശ­ങ്കു­വി­നു് നീ­ന്തു­ന്ന­തി­നു് വിഷമം ഉ­ണ്ടാ­ക്കും. താൻ മു­മ്പിൽ ചെ­യ്ത­പോ­ലെ മാ­ധ­വ­നെ­യും താ­ങ്ങി­ക്കൊ­ണ്ടു് നീ­ന്താ­മെ­ന്നു് വെ­ച്ചാൽ വീ­ണ്ടും വെ­ള്ളം കു­ടി­ക്കാൻ ഇ­ട­വ­രു­ന്ന­പ­ക്ഷം മാധവൻ പി­ന്നെ ജീ­വി­ക്കു­ന്ന കാ­ര്യം സം­ശ­യ­മാ­യി തോ­ന്നി. ക­ഴി­യു­ന്ന വേ­ഗ­ത്തിൽ വേ­ണ്ട­ത്ര ശു­ശ്രൂ­ഷ­കൾ ചെ­യ്യേ­ണ്ട­തു് അ­ത്യാ­വ­ശ്യ­മെ­ന്നു് തോ­ന്നി­യ­തി­നാൽ ഒരു നി­മി­ഷ­മെ­ങ്കി­ലും താ­മ­സി­ക്കു­ന്ന­തു് അ­പ­ക­ട­മാ­ണെ­ന്നും രാഘവൻ തീർ­ച്ച­യാ­ക്കി. അവൻ വി­ഷ­മി­ച്ചു് മ­റു­ക­ര­യ്ക്കു് ഒ­ന്നു­നോ­ക്കി. ഒരു കൈ­യ്കൊ­ണ്ടു് ആ­ശാ­ന്റെ കൈ­യ്ക്കു­പി­ടി­ച്ചും, മറ്റേ കൈ­യ്കൊ­ണ്ടു് ക­ണ്ണീർ­തു­ട­ച്ചും, ആ­ശാ­നോ­ടു് എന്തോ അ­പേ­ക്ഷ­ഭാ­വ­ത്തിൽ ചോ­ദി­ക്കു­ന്ന മൈ­ഥി­ലി­യു­ടെ മു­ഖ­മാ­ണു് രാഘവൻ ക­ണ്ട­തു്, വ­രു­ന്ന­തു് വ­ര­ട്ടെ എ­ന്നു് വി­ചാ­രി­ച്ചു­കൊ­ണ്ടു് അവൻ ശ­ങ്കു­വി­നെ ആ­റ്റി­ലി­റ­ക്കി, അ­വ­ന്റെ മു­തു­കിൽ തലോടി. മാ­ധ­വ­നെ താ­ങ്ങി­യെ­ടു­ത്തു­കൊ­ണ്ടു് രാ­ഘ­വ­നും വെ­ള്ള­ത്തി­ലി­റ­ങ്ങി. ക­ഴു­ത്തി­നു് നേർ വെ­ള്ള­ത്തി­ലാ­യ­പ്പോൾ രാഘവൻ ഒരു കൈ­യ്കൊ­ണ്ടു് ശ­ങ്കു­വി­ന്റെ മു­തു­കി­ലും മറ്റേ കൈ­യ്കൊ­ണ്ടു് മാ­ധ­വ­ന്റെ ഭു­ജ­ത്തി­ലും പി­ടി­ച്ചു­കൊ­ണ്ടു് ശ­ങ്കു­വി­നോ­ടു് നീ­ന്താൻ പ­റ­ഞ്ഞു. ശങ്കു നീ­ന്തി­ത്തു­ട­ങ്ങി. ക­ര­യ്ക്കു് നി­ന്ന­വർ ശ്വാ­സോ­ച്ഛ ്വാസം അ­ട­ക്കി സ്ത­ബ്ധ­രാ­യി നി­ന്നു. അ­ഞ്ചു് മി­നി­റ്റു­കൊ­ണ്ടു്, യാ­തൊ­രു അ­പ­ക­ട­വും കൂ­ടാ­തെ ശങ്കു തന്റെ സ്വാ­മി­യേ­യും മാ­ധ­വ­നേ­യും ക­ര­യ്ക്കെ­ത്തി­ച്ചു. ആ­ശാ­നും അ­ണ്ണാ­വി­യും­കൂ­ടി മാ­ധ­വ­ന്റെ ശ­വ­തു­ല്യ­മാ­യ ശരീരം രാ­ഘ­വ­ന്റെ കൈയിൽ നി­ന്നും ഏ­റ്റു­വാ­ങ്ങി. രാഘവൻ ബോ­ധ­ര­ഹി­ത­നാ­യി മൈ­ഥി­ലി­യു­ടെ കാ­ല്ക്കൽ വീണു.

പ­തി­നാ­ലാം അ­ദ്ധ്യാ­യം

മൈ­ഥി­ലി­യു­ടെ കാൽ­ക്കൽ ബോ­ധ­ര­ഹി­ത­നാ­യി വീണ രാ­ഘ­വ­നെ ആശാൻ, അ­ണ്ണാ­വി മു­ത­ലാ­യ­വർ­കൂ­ടി പൂ­വ­ത്തൂർ മാ­ളി­ക­യി­ലേ­ക്കാ­ണു് എ­ടു­ത്തു­കൊ­ണ്ടു­പോ­യ­തു്. അ­ണ്ണാ­വി­യു­ടെ മകൻ മാ­ധ­വ­ന്റെ ബോ­ധ­ക്കേ­ടു്, ഏ­താ­നും മ­ണി­ക്കൂർ നേ­ര­ത്തെ ശു­ശ്രൂ­ഷ­കൊ­ണ്ടു് ഭേ­ദ­പ്പെ­ടു­ക­യും ര­ണ്ടു് ദി­വ­സം­കൊ­ണ്ടു് അവൻ പൂർ­ണ്ണ­സു­ഖം പ്രാ­പി­ക്കു­ക­യും ചെ­യ്തു. രാ­ഘ­വ­ന്റെ മോ­ഹാ­ല­സ്യ­ത്തെ­ക്കു­റി­ച്ചു് ആ­രം­ഭ­ത്തിൽ ആരും അത്ര കാ­ര്യ­മാ­യൊ­ന്നും പ­രി­ഭ്ര­മി­ച്ചി­ല്ല. അ­ന്നും അ­തി­ന്റെ പി­റ്റേ­ദി­വ­സ­വും അവൻ ബോ­ധ­ര­ഹി­ത­നാ­യി കേവലം ശ­വ­പ്രാ­യ­മാ­യി­ത്ത­ന്നെ കി­ട­ന്നു. നേ­ര­ത്തോ­ടു­നേ­ര­മാ­യി­ട്ടും, ക­ഴി­യു­ന്ന ശു­ശ്രൂ­ഷ­ക­ളൊ­ക്കെ ചെ­യ്തി­ട്ടും യാ­തൊ­രാ­ശ്വാ­സ­വും കാ­ണു­ന്നി­ല്ലെ­ന്നും ത­ണു­പ്പു് ക്ര­മേ­ണ ശ­രീ­ര­ത്തിൽ വർ­ദ്ധി­ച്ചു് വ­രു­ന്നു എ­ന്നും ക­ണ്ട­പ്പോൾ ആ­ശാ­ന്റെ ധൈ­ര്യം ആസകലം അ­സ്ത­മി­ച്ചു. സ്വ­ന്തം പ്രാ­ണ­നെ തൃ­ണ­പ്രാ­യ­മാ­യി കരുതി, തന്റെ പു­ത്ര­ന്റെ ജീവനെ ര­ക്ഷി­ച്ച രാ­ഘ­വ­നോ­ടു് ത­നി­ക്കു­ള്ള കൃ­ത­ജ്ഞ­ത കാ­ണി­ക്കാൻ അ­ത്യു­ത്സാ­ഹ­ഭ­രി­ത­നാ­യി നി­ന്നി­രു­ന്ന അ­ണ്ണാ­വി­യ്ക്കു് ആ അ­തി­യോ­ഗ്യ­നാ­യ ബാ­ല­ന്റെ ജീ­വി­തം സം­ശ­യ­ഗ്ര­സ്ത­മാ­യി കാ­ണ­പ്പെ­ട്ട­പ്പോൾ ഉ­ണ്ടാ­യ പാ­ര­വ­ശ­ത അ­വർ­ണ്ണ­നീ­യ­മാ­യി­രു­ന്നു. മൈ­ഥി­ലി­യു­ടെ അ­വ­സ്ഥ­യോ? അ­ണ്ണ­ന്റെ ജീ­വ­നു് അ­പാ­യ­മി­ല്ലെ­ന്ന­റി­ഞ്ഞ­പ്പോൾ മുതൽ, അ­ണ്ണാ­വി­യു­ടേ­യും അ­ണ്ണ­ന്റെ­യും, ത­ന്റേ­യും ജീ­വ­നേ­ക്കാൾ രാ­ഘ­വ­ന്റെ ജീ­വ­നാ­ണു് അ­വൾ­ക്ക­ധി­കം വി­ല­യേ­റി­യ­തെ­ന്നു് തോ­ന്നി­ത്തു­ട­ങ്ങി­യ­തു്. ആ­ദ്യ­ത്തെ രാ­ത്രി­യിൽ ആ­ശാ­നും അ­ണ്ണാ­വി­യും എ­ത്ര­ത­ന്നെ നിർ­ബ­ന്ധി­ച്ചി­ട്ടും അ­വ­ളു­ടെ അമ്മ എ­ത്ര­ത­ന്നെ വാ­ത്സ­ല്യ­ത്തോ­ടു­കൂ­ടി ശാ­സി­ച്ചി­ട്ടും അവൾ ഒ­രു­പോ­ള­ക്ക­ണ്ണ­ട­ച്ചി­ല്ല. പ്ര­ഭാ­ത­മാ­യ­തു­മു­തൽ, അവൾ അ­ത്യ­ധി­കം ആ­ധി­യോ­ടു് കൂ­ടി­യും, എ­ന്നാൽ യാ­തൊ­രു പ­രി­ഭ്ര­മ­വും കൂ­ടാ­തെ­യും, രാ­ഘ­വ­ന്റെ ക­ട്ടി­ലി­നു് സമീപം ചെ­ന്നു് അ­വ­ന്റെ മു­ഖ­ത്തു­ത­ന്നെ ഇ­മ­വെ­ട്ടാ­തെ നോ­ക്കി­ക്കൊ­ണ്ടു­നി­ന്നു. മൈ­ഥി­ലി­യു­ടെ മ­നോ­വ്യ­ഥ ക­ണ്ട­റി­ഞ്ഞ ആശാൻ മ­ന­സ്സ­ലി­ഞ്ഞു്, അവളെ കൈ­യ്ക്കു­പി­ടി­ച്ചു് അ­ടു­ത്ത ഒരു മു­റി­യി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. അ­പ്പോ­ഴേ­യ്ക്കു് അ­ണ്ണാ­വി­യും അവിടെ എത്തി.

ആശാൻ:
“മൈ­ഥി­ലി, രാഘവൻ ജീ­വി­ക്ക­യി­ല്ലെ­ന്നു് വി­ചാ­രി­ച്ചാ­ണോ നീ അവനെ ഇത്ര സൂ­ക്ഷി­ച്ചു് നോ­ക്കു­ന്ന­തു്?”
മൈ:
“രാഘവൻ ജീ­വി­ക്ക­യി­ല്ലെ­ന്നു് ആരു് പ­റ­ഞ്ഞു?”
അണ്ണാ:
“ജീ­വി­ക്ക­യി­ല്ലെ­ന്നാ­രും പ­റ­ഞ്ഞി­ല്ല. ഞ­ങ്ങ­ളൊ­ക്കെ അവനെ ര­ക്ഷി­ക്കാൻ വേണ്ട ശു­ശ്രൂ­ഷ­കൾ ചെ­യ്യു­ന്ന­തു് നീ കാ­ണു­ന്നി­ല്ലാ?”
മൈ:
“അച്ഛാ, രാ­ഘ­വ­നി­ല്ലാ­യി­രു­ന്നു എ­ങ്കിൽ, അ­ണ്ണ­ന്റെ ശ­വം­ത­ന്നെ­യും ന­മു­ക്കു് കാണാൻ കി­ട്ടു­മാ­യി­രു­ന്നോ?”
അണ്ണാ:
“മകളേ, നീ പ­റ­യു­ന്ന കാ­ര്യം എ­നി­ക്കും, നി­ന്റെ അ­മ്മ­യ്ക്കും, ഇ­വി­ടെ­യു­ള്ള­വർ­ക്കെ­ല്ലാ­വർ­ക്കും നല്ല ഓർ­മ്മ­യു­ണ്ടു്.”
മൈ:
“രാ­ഘ­വ­നു് ബോ­ധ­ക്കേ­ടാ­യി­ട്ടു് ഇ­പ്പോൾ 21 മ­ണി­ക്കൂ­റാ­യി. ന­മ്മു­ടെ ശു­ശ്രൂ­ഷ­കൊ­ണ്ടു് ഇ­തേ­വ­രെ ഒരു ഫ­ല­വു­മു­ണ്ടാ­യി­ല്ല. ത­ണു­പ്പു് വർ­ദ്ധി­ച്ചു­വ­രു­ന്നു എ­ന്നു് വൈ­ദ്യൻ പ­റ­യു­ക­യും ചെ­യ്യു­ന്നു.”
ആശാ:
“ശ­രി­യാ­ണു് മൈ­ഥി­ലി പ­റ­ഞ്ഞ­തു്. നാം ഇ­ങ്ങ­നെ സം­ഭാ­ഷ­ണം­ചെ­യ്തു് സമയം ക­ള­യ­രു­തു്. ന­മ്മു­ടെ വൈ­ദ്യ­രു­ടെ ശ്ര­മ­ങ്ങൾ­കൊ­ണ്ടു് വലിയ ഫ­ല­മൊ­ന്നും കാ­ണു­ന്നി­ല്ല. ഡാ­ക്ട­റെ വി­ളി­ക്കാൻ ആ­ള­യ­ക്കു­ന്ന­തി­നു് ഇനി ഒ­ട്ടും താ­മ­സി­ച്ചി­കൂ­ടാ.”
അണ്ണാ:
“ഡാ­ക്ട­റെ കൊ­ണ്ടു­വ­രു­ന്ന­തി­നു് ഞാൻ­ത­ന്നെ പോകാം” (അ­ണ്ണാ­വി പു­റ­ത്തി­റ­ങ്ങി)
മൈ:
“ആശാനെ എ­ന്നോ­ടു് പ­ര­മാർ­ത്ഥം പറയണം. രാഘവൻ ജീ­വി­ക്കു­മോ?”
ആ:
“എ­ല്ലാം ഭ­ഗ­വാ­ന്റെ നി­ശ്ച­യം­പോ­ലെ വ­ര­ട്ടെ” മൈ­ഥി­ലി ഒ­ന്നും മി­ണ്ടാ­തെ മൗ­ന­മാ­യി നി­ന്നു. അവൾ ചി­ന്താ­മ­ഗ്ന­യാ­യി വീ­ണ്ടും രാ­ഘ­വ­ന്റെ അ­ടു­ക്കൽ ചെ­ന്നു­നോ­ക്കി. അവൾ രാ­ഘ­വ­ന്റെ പാ­ദ­ത്തിൽ സ്പർ­ശി­ച്ചു­നോ­ക്കി. മ­ഞ്ഞു­ക­ട്ടി­പോ­ലെ ത­ണു­ത്തി­രു­ന്ന പാ­ദ­ങ്ങ­ളിൽ നി­ന്നു് ക്ഷ­ണ­ത്തിൽ കൈ വ­ലി­ച്ചെ­ടു­ത്തു­കൊ­ണ്ടു്, വേ­പ­ഥു­വോ­ടു­കൂ­ടി, അവൾ വേ­ഗ­ത്തിൽ ആ­ശാ­ന്റെ അ­ടു­ക്ക­ലേ­ക്കു­പോ­യി.

അ­ന്നു­വൈ­കി­ട്ടു് നാ­ലു­മ­ണി­യാ­യ­പ്പോൾ, അ­ണ്ണാ­വി ഡാ­ക്ട­രേ­യും കൊ­ണ്ടു വന്നു. ഡാ­ക്ടർ എന്തോ ചില ഔ­ഷ­ധ­ങ്ങ­ക്കു് ശ­രീ­ര­ത്തിൽ ചില സ്ഥാ­ന­ങ്ങ­ളിൽ കു­ത്തി­വ­ച്ചു. കു­റെ­ക­ഴി­ഞ്ഞ­പ്പോൾ ശ­രീ­ര­ത്തിൽ കു­റേ­ശ്ശെ ചൂ­ടു­ണ്ടാ­യി­ത്തു­ട­ങ്ങി ബാ­ഹ്യ­മാ­യ ചില ഉ­പ­ചാ­ര­ങ്ങൾ ഡാ­ക്ടർ കൂ­ടി­യി­രു­ന്നു ന­ട­ത്തി. നാ­ല­ഞ്ചു നാ­ഴി­ക­യി­രു­ട്ടി­യ­പ്പോൾ, രാഘവൻ ക­ണ്ണു­തു­റ­ന്നു എ­ങ്കി­ലും ബോധം ലേ­ശ­മു­ണ്ടാ­യി­രു­ന്നി­ല്ല.

രാഘവൻ രോ­ഗ­ശ­യ്യ­യി­ലാ­യ­തി­ന്റെ ഏഴാം ദി­വ­സം­മാ­ത്ര­മേ രോഗം ആ­യു­ശ്ചോ­ര­മ­ല്ലെ­ന്നു് ഉ­റ­പ്പു പറയാൻ ഡാ­ക്ടർ­മാർ­ക്കും ക­ഴി­ഞ്ഞു­ള്ളു. എ­ന്നാൽ അ­ത്യ­ധി­ക­മാ­യ ക്ലേ­ശം­കൊ­ണ്ടു് സി­രാ­ച­ക്രം ക്ഷീ­ണി­ച്ചി­രു­ന്ന­തു നേരെ ആയി പൂർ­വ്വ­സ്ഥി­തി­യിൽ ആ­രോ­ഗ്യ­വാ­നാ­യി­ത്തീ­രാൻ കുറെ ദി­വ­സ­ങ്ങൾ വേ­ണ്ടി­വ­രു­മെ­ന്നു ഡാ­ക്ടർ അ­ഭി­പ്രാ­യ­പ്പെ­ട്ട­തി­നാൽ, അവനു പൂർ­ണ്ണാ­രോ­ഗ്യം ല­ഭി­ക്കു­ന്ന­തു­വ­രെ രോ­ഗ­ശു­ശ്രു­ഷ­യ്ക്കു തൃ­പ്തി­ക­ര­മാ­യ ഏർ­പ്പാ­ടു­കൾ അ­ണ്ണാ­വി ചെ­യ്തു. രോ­ഗ­ശു­ശ്രു­ഷ­യോ­ടു­കൂ­ടി­ത്ത­ന്നെ, രാഘവൻ ചെ­യ്തു­വ­ന്ന ജോ­ലി­ക­ളു­ടെ നിർ­വി­ഘ്ന­മാ­യ ന­ട­ത്തി­പ്പി­നു­വേ­ണ്ട ഏർ­പ്പാ­ടു­കൾ ചെ­യ്യ­ണ­മെ­ന്നു് അ­ണ്ണാ­വി നി­ശ്ച­യി­ച്ചു് ആ­ശാ­നോ­ടു പ­റ­ഞ്ഞു: “രാ­ഘ­വ­നു സു­ഖ­മാ­യി­ട്ടു് അവനെ ദേ­വ­സ്വം­ഭ­ര­ണം പ­രി­ച­യി­പ്പി­ച്ചു് ഒരു നല്ല ശ­മ്പ­ളം­കൊ­ടു­ത്തു് മാ­നേ­ജ­രാ­യി നി­യ­മി­ക്ക­ണ­മെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു.”

ആ:
“അവനു് ഉ­ദ്യോ­ഗ­ത്തേ­ക്കാൾ അ­വ­ന്റെ പു­തു­വൽ ദേ­ഹ­ണ്ണ­മാ­യി­രി­ക്കും അധികം ഇഷ്ടം. അ­വ­ന്റെ വാ­സ­ന­യും അ­ഭി­രു­ചി­യും നോ­ക്കി ഞാൻ പ­റ­ഞ്ഞ­താ­ണു് അവനു സു­ഖ­മാ­യി­ട്ടു് അ­വ­ന്റെ ഹി­തം­കൂ­ടി അ­റി­ഞ്ഞു നി­ശ്ച­യി­ച്ചാൽ മതി. രാ­മാ­യ­ണം വായന എ­താ­യാ­ലും ഗോ­വി­ന്ദ­നാ­ശാ­നെ­ത്ത­ന്നെ ഏൽ­പ്പി­ക്കാം. അതു മു­ട­ക്കേ­ണ്ടാ.”
അ:
“അതു അ­ങ്ങ­നെ ആവാം. രാ­ഘ­വ­ന്റെ പു­തു­വൽ ദേ­ഹ­ണ്ണം എ­ന്താ­യി? അവർ കി­ട­പ്പി­ലാ­യി­പ്പോ­യ­തു­കൊ­ണ്ടു് ആ ജോലി മു­ട­ങ്ങി­പ്പോ­യാൽ, അവൻ സു­ഖ­പ്പെ­ട്ടേ­ഴു­ന്നേൽ­ക്കു­മ്പോൾ അവനു അതൊരു വി­ഷാ­ദ­കാ­ര­ണ­മാ­യി­രി­ക്കും. അതിനു ന­മു­ക്കു ഏർ­പ്പാ­ടു ചെ­യ്യ­ണം. രാ­ഘ­വ­നു ഒരു പ­റ­ക്കു­ട്ടി­യു­ണ്ടെ­ന്നു് ആശാൻ പ­റ­ഞ്ഞ­ല്ലോ അവനു എ­ന്തു­പ്രാ­യം വരും?”
ആ:
“അവനു രാ­ഘ­വ­ന്റെ പ്രാ­യം തന്നെ.”

രാ­ഘ­വ­ന്റെ പു­തു­വ­ലി­നെ­ക്കു­റി­ച്ചും, അവിടെ അവൻ ചെ­യ്ത­തും ചെ­യ്യാ­നി­രി­ക്കു­ന്ന­തു­മാ­യ ദേ­ഹ­ണ്ണ­ത്തെ­ക്കു­റി­ച്ചും ആ­ശാ­നും, അ­ണ്ണാ­വി­യും ദീർ­ഘ­മാ­യ ഒരു സം­ഭാ­ഷ­ണം ന­ട­ന്നു. രാ­ഘ­വ­നു ജ്ഞാ­ന­സ­മ്പാ­ദ­ന­ത്തി­ലോ, കർ­ഷ­ക­വൃ­ത്തി­യി­ലോ അ­ധഃ­കൃ­തോ­ദ്ധാ­ര­ണ­ത്തി­ലോ ഏ­തി­ലാ­ണു് അധികം താ­ല്പ­ര്യ­മെ­ന്നു അ­ണ്ണാ­വി വി­സ്മ­യി­ച്ചു. ആ­ശാ­നും അ­ണ്ണാ­വി­യും ത­മ്മിൽ വീ­ണ്ടും രാ­ഘ­വ­ന്റെ സ്വ­ഭാ­വ­ഗു­ണ­ത്തേ­യും, പ­രി­ശ്ര­മ­ശീ­ല­ത്തേ­യും പു­തു­വൽ കാ­ര്യ­ത്തേ­യും­കു­റി­ച്ചു ദീർ­ഘ­മാ­യ ഒരു സം­ഭാ­ഷ­ണം ന­ട­ന്നു.

പ­തി­ന­ഞ്ചാം അ­ദ്ധ്യാ­യം

അ­ണ്ണാ­വി ഒരു ഭൃ­ത്യ­നോ­ടു തി­രു­വാ­ണ്ട­യെ വി­ളി­ച്ചു കൊ­ണ്ടു­വ­രാൻ പ­റ­ഞ്ഞു. തി­രു­വാ­ണ്ട രാ­മ­പു­ര­ത്തെ പ­റ­യ­രു­ടെ പ്ര­മാ­ണി­യാ­ണു്. പൂ­വ­ത്തൂർ­വ­ക തനതു കൃഷി മു­മ്പ­നാ­യി നി­ന്നു ന­ട­ത്തു­ന്ന­തു് തി­രു­വാ­ണ്ട­യാ­ണു്. തി­രു­വാ­ണ്ട വ­ന്നി­രി­ക്കു­ന്നു എന്നു ഭൃ­ത്യൻ വ­ന്ന­റി­യി­ച്ച ഉടനെ അ­ണ്ണാ­വി ഇ­റ­ങ്ങി ചാ­വ­ടി­യു­ടെ പു­മൂ­ഖ­ത്തു ചെ­ന്നി­രു­ന്നു.“തീ­ണ്ടാ­മു­റ­യ്ക്കു” നി­ന്നി­രു­ന്ന തി­രു­വാ­ണ്ട­യോ­ടു് അ­ടു­ത്തു വ­രു­വാൻ അ­ണ്ണാ­വി ആ­ജ്ഞാ­പി­ച്ചു. തി­രു­വാ­ണ്ട അ­റ­ച്ച­റ­ച്ചു ര­ണ്ടു­മൂ­ന്ന­ടി മു­മ്പോ­ട്ടു വച്ചു അ­വി­ടെ­നി­ന്നു.

അ­ണ്ണാ­വി:
ആ­ടു­ത്തു­വ­രൂ, തി­രു­വാ­ണ്ടെ”
തിരു:
“ഏ­നി­വി­ടെ നി­ന്നോ­ളാം.”
അണ്ണാ:
“കു­റേ­ക്കൂ­ടി അ­ടു­ത്തു­വാ”

തി­രു­വാ­ണ്ട ഒ­ന്നു­ര­ണ്ട­ടി­കൂ­ടി മു­മ്പോ­ട്ടു­വ­ച്ചു്, മു­റ്റ­ത്തി­ന്റെ അ­രി­കിൽ ചെ­ന്നു­നി­ന്നു.

“എടോ, ദാ, ഇവിടെ വ­ന്നു­നി­ല്ലു്” എന്നു അ­ണ്ണാ­വി, മു­റ്റ­ത്തു ഒരു സ്ഥലം ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ണ്ടു പ­റ­ഞ്ഞു.

ഒരു വിധം ധൈ­ര്യം പി­ടി­ച്ചു്, തി­രു­വാ­ണ്ട പ­തു­ക്കെ പ­തു­ക്കെ അ­ടി­വെ­ച്ചു്, അ­ണ്ണാ­വി ചൂ­ണ്ടി­ക്കാ­ണി­ച്ച സ്ഥ­ല­ത്തി­നു അല്പം അകലെ വ­ന്നു­നി­ന്നു.

അ­ണ്ണാ­വി:
“തി­രു­വാ­ണ്ട­യ്ക്കു എത്ര മ­ക്ക­ളു­ണ്ടു്?”
തിരു:
“മൂ­ന്നു മോൻ­മാ­രും രണ്ടു പെൺ­കൊ­ച്ചു­ങ്ങ­ളു­മു­ണ്ടു്.”
അ:
“ഇളയ മോനു എ­ന്തു­പ്രാ­യം വരും.”
തിരു:
“അവനു പ­തി­നാ­റു­വ­യ­സ്സാ­യേ”
അ:
“അവൻ കൃ­ഷി­കാ­ര്യ­ങ്ങ­ളൊ­ക്കെ നല്ല പ­രി­ച­യ­മാ­യോ?
തി:
“അ­വ­ന്റെ ചേ­ട്ട­ന്മാ­രൊ­ന്നും അ­വ­നോ­ടു പ­റ്റ­ത്തി­ല്ല.”
അ:
“അ­വ­ന്റെ പേ­രെ­ന്താ­ണു്?
തി:
“മാ­ക്കോ­ത­യെ­ന്നാ­ണേ”
അ:
“അ­വ­നെ­ക്കൂ­ടി ന­ന്താ­വ­ന­ത്തിൽ ജോ­ലി­ക്ക­യ­യ്ക്കാ­മോ?”
തി:
“അവൻ കു­റേ­നാ­ളാ­യി­ട്ടു അ­വി­ടെ­ത്ത­ന്നെ ഉടയതേ.”
അ:
“എവിടെ? ന­ന്താ­വ­ന­ത്തി­ലോ?”
തി:
“ആണു് ഇവിടെ വേ­ല­യു­ള്ള­പ്പോ­ഴെ­ല്ലാം അ­വ­നി­ങ്ങു വരും. അതു് അവൻ ച­ത്താ­ലും മു­ട­ക്ക­ത്തി­ല്ല. ഇ­വി­ട­ത്തെ വേ­ല­തീർ­ത്താൽ പി­ന്നെ ഒ­രു­നി­മി­ഷം അ­വ­നി­വി­ടെ നിൽ­ക്ക­ത്തി­ല്ല. അവിടെ അ­വ­നൊ­രു കൂ­ട്ടു­കാ­രൻ ഒരു പ­റ­ച്ചെ­റു­ക്കൻ എ­വി­ട­ന്നോ വന്നു ചേർ­ന്നി­ട്ടു­ണ്ടു്. ര­ണ്ടു­പേ­രേ­യും ക­ണ്ടാൽ ഒ­ര­മ്മ­പെ­റ്റ രാ­മ­ല­ച്ച­ണ­ന്മാ­രെ ചോ­ലെ­യി­രി­ക്കു. വേ­ല­ക്കാ­ര്യ­ങ്ങ­ളിൽ അവനോ മി­ടു­ക്കൻ എവനോ മി­ടു­ക്ക­നെ­ന്നു ആരു തം­ശ­യി­ച്ചു­പോ­വും.”
അ:
“അവനു് ന­ന്താ­വ­ന­ത്തി­ലെ ജോ­ലി­ക്കു കൂലി എ­ന്തു­കി­ട്ടും?”
തി:
“അ­വി­ടു­ത്തെ ജോ­ലി­ക്കു കൂലി എ­ന്തി­നാ? അവിടെ ചെ­ന്നോ­ള­ണം, വേ­ണ്ട­തെ­ല്ലാം തി­ന്നോ­ള­ണം, കു­ടി­ച്ചോ­ള­ണം, ചെ­യ്യാ­നു­ള്ള വേ­ല­യും­ചെ­യ്തു ക­ളി­ച്ചോ­ള­ണം, മ­റി­ഞ്ഞോ­ള­ണം. ആ­രു­ടെ­യും ഒരു ശോ­ദ്യ­മി­ല്ല. എ­ന്തി­നു ശോ­ദി­ക്കു­ന്നു? നാ­ലാ­ളു­നി­ന്നു ത­കർ­ത്തു ചെ­യ്താൽ തീ­രാ­ത്ത ജോലി അവരു ര­ണ്ടു­പേ­രും­കൂ­ടി ഒരു എ­ട്ടു­പ­ത്തു നാ­ഴി­ക­നേ­രം­കൊ­ണ്ടു ചെ­യ്തു­തീർ­ക്കും. പി­ന്നെ ക­ളി­ച്ചോ­ള­ണം മ­റി­ഞ്ഞോ­ള­ണം എ­ന്നാ­ണു് അ­വി­ട­ത്തെ കു­ഞ്ഞു വ­ച്ചി­രി­ക്കു­ന്ന ശട്ടം. ആ കു­ഞ്ഞും ക­ഴി­യ­ന്മാ­രോ­ടെ­ന്നി­ച്ചു ചി­ല­പ്പോ­ഴൊ­ക്കെ ക­ളി­ക്ക­യും ചി­രി­ക്ക­യും ചെ­യ്യും. കു­ളി­യും ഊണും തീ­നു­മൊ­ക്കെ കു­ഞ്ഞും കു­ഴി­യ­ന്മാ­രും അ­ത്ര­യി­ത്ര (കൈ­ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു്) അ­ടു­ത്തി­രു­ന്നാ­ണു് ഏ­നെ­ന്തൊ­രു പ­റ­യി­ണു്? കാലം മ­റി­ഞ്ഞു­പോ­യി.”
അ:
“ന­ന്താ­വ­ന­ത്തിൽ തീ­ണ്ടും തൊ­ടു­ക്കും ഒ­ന്നും ഇല്ലേ, തി­രു­വാ­ണ്ടേ?”
തി:
“അ­വി­ടെ­ച്ചെ­ന്നാ­പ്പി­ന്നെ തീ­ണ്ടു­മി­ല്ല, തൊ­ട­ക്കു­മി­ല്ല. (ഒരു കൈ­യ്ക്കു­വാ­യ്ക്കെ­ടെ പൊ­ത്തി ചിരി മ­റ­ച്ചു­കൊ­ണ്ടു്) ഇ­തൊ­ന്നു­മ­ല്ല മ­മ്മ­ന്ത­റം. അ­വി­ടെ­ത്തെ കു­ഞ്ഞു­കു­ഴി­ക­ന്മാ­രെ രാ­മാ­യ­ണം വാ­യി­ക്കാൻ പി­ടി­പ്പി­ച്ചി­രി­ക്കു­ന്നു. മാ­ട­ത്തി­ല­ല്ലാ­തെ ഇക്കത ഇവിടെ ആരും അ­റി­ഞ്ഞി­ട്ടി­ല്ല, (ഒരു കൈയ് എ­ടു­ത്തു തല ചൊ­റി­ഞ്ഞു­കൊ­ണ്ടു്) ഇ­നി­യും കി­ട­ക്കു­ന്നു ഒരു ക­ത­കൂ­ടി. മാ­ക്കോ­ത­മാ­ട­ത്തി­വ­ന്നു് അ­വ­ന്റെ പെ­ങ്ങൾ ഒരു കൊ­ച്ചു­ള്ള­തി­നെ പി­ടി­ച്ചി­രു­ത്തി, പ­ടി­പ്പി­ച്ചു എ­ഴു­താ­നും വാ­യി­ക്കാ­നും. രണ്ടു പു­സ്ത­കം പി­ടി­ച്ചു­തീർ­ന്നു. മൂ­ന്നാ­മ­ത്തെ പു­സ്ത­ക­മെ­ടു­ത്തു നാ­ടൊ­ക്കെ ഊ­ണു­റ­ക്ക­മാ­കു­മ്പം ആ കൊ­ച്ചു പെ­ങ്കൊ­ച്ചു വെ­ള­ക്കും ക­ത്തി­ച്ചി­രു­ന്നു നല്ല പ­യ­റു­വ­റു­ക്കും പോലെ വാ­യി­ക്കും.”

തി­രു­വാ­ണ്ട­യു­ടെ പ്ര­സം­ഗം­കേ­ട്ടു് അ­ണ്ണാ­വി വി­സ്മ­യി­ച്ചു. ചടയനെ രാഘവൻ അ­ക്ഷ­ര­വി­ദ്യ അ­ഭ്യ­സി­പ്പി­ക്കു­ന്ന വിവരം ആശാൻ പ­റ­ഞ്ഞു അ­ണ്ണാ­വി­യും അ­റി­ഞ്ഞി­രു­ന്നു. എ­ങ്കി­ലും അ­തി­ത്ര­ദൂ­രം പോ­യെ­ന്ന വിവരം അ­ദ്ദേ­ഹം അ­റി­ഞ്ഞി­ല്ല.

കി­ട്ടു­വാ­ശാ­നാ­കു­ന്ന കൈ­ലാ­സ­ത്തിൽ­നി­ന്നു നിർ­ഗ്ഗ­ളി­ച്ചു്, രാഘവ‘മാനസ’ത്തിൽ­കൂ­ടി പ്ര­വ­ഹി­ച്ച സ­ര­സ്വ­തി­ഗം­ഗ എ­വി­ടെ­വ­രെ­യു­ള്ള ജ­ന­ങ്ങ­ളെ ഉൽ­ബു­ദ്ധ­രാ­ക്കി തു­ട­ങ്ങി­യി­രി­ക്കു­ന്നു എ­ന്നു് അ­ണ്ണാ­വി അൽ­ഭു­ത­പ്പെ­ട്ടു പുലയർ, പറയർ മു­ത­ലാ­യ സാ­ധു­ജ­ന­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ ഒരു കാ­ല­ത്തു മ­ഹാ­സി­ദ്ധ­ന്മാ­രും, മ­ഹാ­ക­വി­ക­ളും നാ­ടു­വാ­ഴി­കൾ­ത­ന്നെ­യും ഉ­ണ്ടാ­യി­രു­ന്നു എ­ന്നു് ച­രി­ത്ര­പ­ണ്ഡി­ത­ന്മാർ ദൃ­ഷ്ടാ­ന്ത­സ­ഹി­തം തെ­ളി­യി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും, അ­വ­രു­ടെ ഇ­ന്ന­ത്തെ ദ­യ­നീ­യ­സ്ഥി­തി­ക്കു് ഉ­ത്ത­ര­വാ­ദി­ക­ളാ­യി­രു­ന്ന­വ­രു­ടെ അ­ന­ന്ത­ര സ­ന്ത­തി­കൾ ആ മ­ഹാ­പാ­പ­ത്തെ ക­ഴു­കി­ക­ള­യു­വാൻ, ഇ­തേ­വ­രെ മ­ന­സ്സു തെ­ളി­ഞ്ഞു ഫ­ല­പ്ര­ദ­മാ­യ ശ്രമം ചെ­യ്തു­വ­രു­ന്ന­താ­യി കാ­ണു­ന്നി­ല്ല.

തി­രു­വാ­ണ്ട­യു­ടെ ക­ഥാ­വി­സ്താ­രം ക­ഴി­ഞ്ഞ­ശേ­ഷം അ­ണ്ണാ­വി ചോ­ദി­ച്ചു: “തി­രു­വാ­ണ്ടെ, നി­ന­ക്കും നി­ന്റെ പ­റ­യി­ക്കും മ­ക്കൾ­ക്കും കൂടെ ന­ന്താ­വ­ന­ത്തിൽ­ചെ­ന്നു ഒരു മാ­ടം­കെ­ട്ടി അ­വി­ടെ­ക്കൂ­ടെ താ­മ­സി­ച്ചു, അ­വി­ട­ത്തെ ജോ­ലി­ക്കാ­ര്യ­ങ്ങൾ നോ­ക്കി­ക്കൊ­ള്ളാ­മൊ?”

തി:
“അ­തെ­ങ്ങ­നെ? ഇ­വി­ടു­ത്തെ പ­റ­മ്പിൽ പെ­റ്റു­വ­ളർ­ന്ന അടിയൻ പ­ണ്ടു­പ­ണ്ടേ­യു­ള്ള മാടം ക­ള­ഞ്ഞേ­ച്ചു പോ­കു­ന്ന­തെ­ങ്ങ­നെ?”
അ:
“മാടം ക­ള­യേ­ണ്ട നി­ന്റെ മൂത്ത മ­ക­ളേ­യും അ­വ­ളു­ടെ പ­റ­യ­നേ­യും അവിടെ വി­ളി­ച്ചു താ­മ­സി­പ്പി­ച്ചോ.”

ന­ന്താ­വ­ന­ത്തിൽ മാ­റി­ത്താ­മ­സി­ക്ക­ണ­മെ­ന്നു­ള്ള അ­ണ്ണാ­വി­യു­ടെ ആ­ജ്ഞ­കേ­ട്ടു്, തി­രു­വാ­ണ്ട­യ്ക്കു­ണ്ടാ­യ സ­ന്തോ­ഷം അ­ല്പ­മൊ­ന്നു­മ­ല്ലാ­യി­രു­ന്നു. അവൻ അ­വ­ന്റെ മാ­ട­ത്തിൽ മ­ട­ങ്ങി­ച്ചെ­ന്നു്, ഭാ­ര്യ­യോ­ടും മ­ക്ക­ളോ­ടും വിവരം പ­റ­ഞ്ഞു. പ­റ­ഞ്ഞ­തു മു­ഴ­വ­നാ­കാ­ത്ത താമസം—മകൾ മാ­ണി­ക്കം അ­വ­ളു­ടെ ജ്യേ­ഷ്ഠ­ത്തി­യു­ടെ­മാ­ട­ത്തി­ലേ­ക്കു നെ­ട്ടൊ­ട്ടം ഓടി. അ­ര­നാ­ഴി­ക­യ്ക്ക­കം ചേ­ട്ട­ത്തി­യു­ടെ ഭർ­ത്താ­വും കെ­ട്ടും ചു­മ­ടു­മാ­യി തി­രു­വാ­ണ്ട­യു­ടെ മാ­ട­ത്തി­ലെ­ത്തി പൊ­റു­തി ഉ­റ­പ്പി­ച്ചു. തി­രു­വാ­ണ്ട­യും ഭാ­ര്യ­യും മകളും പ­ഞ്ച­വ­ടി­യി­ലേ­ക്കും തി­രി­ച്ചു.

പ­തി­നാ­റാം അ­ദ്ധ്യാ­യം

രാ­ഘ­വ­ന്റെ രോഗം ഒ­രു­മാ­സ­ക്കാ­ലം­ക്കൊ­ണ്ടു പൂർ­ണ്ണ­മാ­യി സു­ഖ­പ്പെ­ട്ടു എ­ങ്കി­ലും പൂർ­വ്വ­സ്ഥി­തി­യിൽ ആ­രോ­ഗ്യം വീ­ണ്ടെ­ടു­ക്കു­ന്ന­തി­നു് പി­ന്നെ­യും ര­ണ്ടു­മാ­സ­ക്കാ­ലം വേ­ണ്ടി­വ­ന്നു. ഒ­രു­വി­ധം സു­ഖ­മാ­യി എന്നു കണ്ട ഉടനെ രാഘവൻ ന­ന്താ­വ­ന­ത്തി­ലേ­ക്കു മ­ട­ങ്ങി­പോ­കു­വാൻ ബ­ദ്ധ­പ്പെ­ട്ടു. എ­ന്നാൽ അ­ണ്ണാ­വി­യാ­ക­ട്ടെ, അ­ദ്ദേ­ഹ­ത്തി­ന്റെ ഗു­ണ­വ­തി­യാ­യ ഭാ­ര്യ­യാ­ക­ട്ടെ അതിനു അശേഷം സ­മ്മ­തി­ച്ചി­ല്ല. ആശാൻ ഉ­ദാ­സീ­ന­നാ­യി­രു­ന്ന­ത­ല്ലാ­തെ അ­ക്കാ­ര്യ­ത്തിൽ അ­ഭി­പ്രാ­യ­മൊ­ന്നും പ­റ­ഞ്ഞി­ല്ല. അ­ണ്ണാ­വി­യു­ടെ­യും ഭാ­ര്യ­യു­ടെ­യും നിർ­ബ­ന്ധ­ത്തേ­ക്കാൾ മൈ­ഥി­ലി­യോ­ടു­ള്ള സ്നേ­ഹ­ത­ന്തു­വാ­ണു് രാ­ഘ­വ­നെ പൂ­വ­ത്തൂർ മാ­ളി­ക­യിൽ ബ­ന്ധി­ച്ചു നി­റു­ത്തി­യ­തു്.

ഇ­ട­വ­പ്പാ­തി അ­വ­സാ­നി­ച്ചു, ശ­രൽ­ക്കാ­ല­വെൺ­മേ­ഘ­ങ്ങൾ ആ­കാ­ശ­ത്തി­ലെ­ങ്ങും സ­ഞ്ച­രി­ച്ചു തു­ട­ങ്ങി.

ഒ­രു­ദി­വ­സം രാ­വി­ലെ രാഘവൻ ഉ­ണർ­ന്നു; പൂ­വ­ത്തൂർ മാ­ളി­ക­യു­ടെ പൂ­മു­ഖ­ത്തു് ഭാ­ര്യ­യോ­ടു സം­സാ­രി­ച്ചു കൊ­ണ്ടി­രു­ന്ന അ­ണ്ണാ­വി­യു­ടെ അ­ടു­ക്കൽ എത്തി. അ­പ്പോ­ഴേ­ക്കു് ന­ന്താ­വ­ന­ത്തിൽ­നി­ന്നു് ആ­ശാ­നും വന്നു ചേർ­ന്നു.

ആശാ:
“രാ­ഘ­വ­ന്റെ ആ­രോ­ഗ്യം പൂർ­വ്വ­സ്ഥി­തി­യിൽ ആ­യെ­ന്നു തോ­ന്നു­ന്നു.”
അണ്ണ:
“എ­ങ്കി­ലും കു­റെ­ക്കൂ­ടി ക­ഴി­ഞ്ഞി­ട്ടു ന­ന്താ­വ­ന­ത്തിൽ മ­ട­ങ്ങി­വ­ന്നാൽ പോ­രാ­യോ?”
അ­ണ്ണാ­വി­യു­ടെ ഭാര്യ മീ­നാ­ക്ഷി­അ­മ്മ:
“അ­ല്ലെ­ങ്കിൽ രാ­ഘ­വ­നെ­ന്തി­നി­പ്പോൾ ന­ന്താ­വ­ന­ത്തിൽ പോ­കു­ന്നു? കുറെ നാൾ കൂടി ഇവിടെ താ­മ­സി­ക്ക­ട്ടെ. ക­ഴി­ഞ്ഞ ഒ­ന്നൊ­ന്ന­ര മാ­സ­ക്കാ­ലം കൊ­ണ്ടു മാ­ധ­വ­നേ­യും മൈ­ഥി­ലി­യേ­യും എത്ര പാ­ട്ടു­ക­ളും ശ്ലോ­ക­ങ്ങ­ളു­മാ­ണു് രാഘവൻ പ­ഠി­പ്പി­ച്ചി­രി­കു­ന്ന­തു്! ഒരു ആ­റു­മാ­സ­ക്കാ­ലം രാഘവൻ ഇ­വി­ടെ­താ­മ­സി­ക്കു­മെ­ങ്കിൽ, ആ­റു­വർ­ഷംം പ­ള്ളി­ക്കൂ­ട­ത്തിൽ­പോ­യി പ­ഠി­ച്ചാ­ലും പ­ഠി­ക്കാ­ത്ത­തു അവർ ഇവിടെ ഇ­രു­ന്നു പ­ഠി­ച്ചു­കൊ­ള്ളും.
ആശാ:
“രാ­ഘ­വ­ന്റെ ‘പ­ഞ്ച­വ­ടി;’ക്കാ­ര്യം അ­നാ­ഥ­മാ­യി­പ്പോ­കു­മ­ല്ലോ.”
മീനാ:
“അ­വി­ട­ത്തെ­ക്കാ­ര്യം ഇ­പ്പോൾ അ­നാ­ഥ­മാ­യി­ട്ട­ല്ല­ല്ലോ കി­ട­ക്കു­ന്ന­തു്. തി­രു­വാ­ണ്ട ഇ­ന്നാൾ പ­റ­ഞ്ഞ­തെ­ല്ലാം നേ­രാ­ണെ­ങ്കിൽ ന­ന്താ­വ­ന­ത്തേ­ക്കാൾ രാ­ഘ­വ­ന്റെ ‘പ­ഞ്ച­വ­ടി’ ഇ­പ്പോൾ ഒരു നല്ല പൂ­ങ്കാ­വ­ന­മാ­യി­ക്കാ­ണ­ണം.
രാഘ:
“അ­വി­ട­ത്തെ കാടു മു­ഴു­വൻ തെ­ളി­ച്ചി­ട്ടി­ല്ല. കാ­ട്ടു ജ­ന്തു­ക്കൾ ക­യ­റാ­തെ വേ­ലി­യും കെ­ട്ടി തീർ­ത്തി­ട്ടി­ല്ല.”
മീനാ:
“തി­രു­വാ­ണ്ട പ­റ­ഞ്ഞ­തു്, കാ­ടെ­ല്ലാം തെ­ളി­ച്ചു ക­ര­ക്കൃ­ഷി­ക­ളും ന­ട­ത്തി, വേ­ലി­യും അ­ട­ച്ചു­ക­ഴി­ഞ്ഞെ­ന്നാ­ണ­ല്ലോ. തൈ­ത്തെ­ങ്ങു­കൾ ക­ണ­ക്കോ­ല വി­രി­ഞ്ഞു ക­രു­ത്തോ­ടെ വ­ളർ­ന്നു­വ­ന്നു. ഇനി അവിടെ ഒരു അ­മ്പ­തു­പ­റ വി­ത്തും­പാ­ടു് സ്ഥലം തെ­ളി­ച്ചെ­ടു­ത്ത­തിൽ കൃഷി ഇ­റ­ക്കാ­നു­ള്ള ജോ­ലി­യെ ശേ­ഷി­ച്ചി­ട്ടു­ള്ളു. അ­തി­നും നി­ല­മെ­ല്ലാം ഒ­രു­ക്കി. ക­ന്നി­മാ­സ­ത്തിൽ നടാൻ ഞാറും പാകി ക­രു­പ്പി­ച്ചി­ട്ടു­ണ്ടു്.”

രാഘവൻ വി­സ്മ­യ­ത്തോ­ടു­കൂ­ടി ആ­ശാ­ന്റെ മു­ഖ­ത്തു­നോ­ക്കി. ആശാൻ ഒന്നു മി­ണ്ടി­യി­ല്ല.

അണ്ണാ:
“രാഘവാ! പുതവൽ ദേ­ഹ­ണ്ണ­ക്കാ­ര്യം ആ­ശാ­നും ഞാ­നും­കൂ­ടി നോ­ക്കി­ക്കൊ­ള്ളാം. രാ­ഘ­വ­നെ­ക്കൊ­ണ്ടു എ­നി­ക്കൊ­രു കാ­ര്യം സാ­ധി­ക്കാ­നു­ണ്ടു്.”
രാഘ:
“എ­ന്നെ­ക്കൊ­ണ്ടോ?”
അണ്ണാ:
“അതേ രാ­ഘ­വ­നെ­ക്കൊ­ണ്ട­ല്ലാ­തെ മറ്റു ആ­രെ­ക്കൊ­ണ്ടും വളരെ കു­ഴ­ഞ്ഞു മ­റി­ഞ്ഞു കി­ട­ക്കു­ന്ന ദേ­വ­സ്വം­കാ­ര്യ­ങ്ങൾ ശ­രി­പ്പെ­ടു­ത്താൻ സാ­ധി­ക്കു­മെ­ന്നു എ­നി­ക്കു നല്ല വി­ശ്വാ­സ­മി­ല്ല.”
രാ:
“എ­നി­ക്കു ദേ­വ­സ്വം കാ­ര്യ­ങ്ങ­ളിൽ പ­രി­ച­യ­മൊ­ന്നു­മി­ല്ല­ല്ലോ.”
അ:
“കുറെ ദിവസം കാ­ര്യം­നോ­ക്കി­വ­രു­മ്പോൾ പ­രി­ച­യം താനെ ഉ­ണ്ടാ­യി­ക്കൊ­ള്ളും.”
രാ:
“അതു ശ­രി­യാ­യി­രി­ക്കാം. ഞാൻ ഉ­ദ്ദേ­ശി­ച്ചി­ട്ടു­ള്ള ചില കാ­ര്യ­ങ്ങൾ­ക്കു വി­ഘ്നം സം­ഭ­വി­ച്ചേ­യ്ക്കും.”
അണ്ണാ:
“രാ­ഘ­വ­ന്റെ ഏതു കാ­ര്യ­ത്തി­നാ­ണു് വി­ഘ്നം സം­ഭ­വി­ച്ചേ­ക്കാ­വു­ന്ന­തു്? പു­തു­വ­ലി­ന്റെ കാ­ര്യ­മാ­ണെ­ങ്കിൽ അതു ആ­ശാ­ന്റെ മേൽ­നോ­ട്ട­ത്തിൽ ഇ­പ്പോൾ­ത­ന്നെ വളരെ ഭം­ഗി­യാ­യി ന­ട­ക്കു­ന്നു­ണ്ടു്.”
ആശാ:
“എന്റെ ഷ­ഷ്ടി­പൂർ­ത്തി ഈ മാ­സ­ത്തി­ലാ­ണു്”. അതു ക­ഴി­ഞ്ഞാ­ലു­ട­നെ ഞാ­നൊ­രു തീർ­ത്ഥ­യാ­ത്ര­യ്ക്കു നി­ശ്ച­യി­ച്ചി­രി­ക്ക­യാ­ണു്.”
അണ്ണാ:
“തീർ­ത്ഥ­യാ­ത്ര കു­റെ­നാൾ കൂടി ക­ഴി­ഞ്ഞി­ട്ടാ­കാം?”
ആശാ:
“നീ­ട്ടി­വ­യ്ക്കാൻ നി­വർ­ത്തി­യി­ല്ല.”
അണ്ണാ:
“ആ­ശാ­നും രാ­ഘ­വ­നും ഇ­ങ്ങ­നെ ഒ­ഴി­ഞ്ഞാൽ ആശാൻ പ­ല­പ്പോ­ഴും പ­റ­യാ­റു­ള്ള­തു പോലെ രാ­മ­പു­രം ദേ­വ­സ്വം ഒരു മാ­തൃ­കാ­ദേ­വ­സ്വ­മാ­ക്കി തീർ­ക്കാ­നു­ള്ള എന്റെ ആ­ഗ്ര­ഹം എ­ങ്ങ­നെ സ­ഫ­ല­മാ­യി­ത്തീ­രും?”
ആശാ:
“ഉൽ­സാ­ഹ­മു­ള്ള­പ­ക്ഷം രാ­ഘ­വ­നു പ­ഞ്ച­വ­ടി­ക്കാ­ര്യ­വും ദേ­വ­സ്വം കാ­ര്യ­വും നിർ­വി­ഘ്ന­മാ­യി ന­ട­ത്താൻ ക­ഴി­യാ­ത്ത­ത­ല്ല.”
രാ:
“ഞാൻ ദേ­വ­സ്വം കാ­ര്യം കൂടി ഏൽ­ക്ക­ണ­മെ­ന്നാ­ണോ?”
ആ:
“രാഘവൻ അ­ങ്ങ­നെ ചെ­യ്യ­ണ­മെ­ന്നു ഞാൻ പ­റ­യു­ന്നി­ല്ല. ഉൽ­സാ­ഹ­മു­ള്ള ഒ­രാൾ­ക്കു ഈ ര­ണ്ടു­ജോ­ലി­ക­ളും ഒരേ കാ­ല­ത്തു ചെ­യ്യാ­വു­ന്ന­താ­ണെ­ന്നേ ഞാൻ പ­റ­യു­ന്നു­ള്ളു.”

രാഘവൻ ചി­ന്താ­നി­മ­ഗ്ന­നാ­യി നിൽ­ക്കു­ന്ന­തു ക­ണ്ടു് മീ­നാ­ക്ഷി­യ­മ്മ­ചോ­ദി­ച്ചു: “എ­ന്തു­കു­ഞ്ഞേ, മി­ണ്ടാ­തെ നിൽ­ക്കു­ന്ന­തു് ? ദേ­വ­സ്വം കു­ഞ്ഞി­ന്റെ ത­ന­താ­ണെ­ങ്കിൽ കുറെ പു­തു­വൽ ദേ­ഹ­ണ്ണി­ക്കാ­നു­ണ്ടെ­ന്നു വച്ചു ദേ­വ­സ്വം കാ­ര്യം അ­ന്വേ­ഷി­ക്കാ­തി­രി­ക്കു­മോ?”

രാ:
“മാ­ധ­വ­നെ ഏ­ല്പി­ക്ക­രു­തോ?”
മീ:
“നല്ല ക­ഥ­യാ­യി! അവനു ഉ­ണ്ണ­ണം, ഉ­ടു­ക്ക­ണം, ക­ളി­ക്ക­ണം എ­ന്ന­ല്ലാ­തെ മറ്റു വല്ല ചി­ന്ത­യും ഉണ്ടോ?”
ആ:
“ചെ­റു­പ്പ­മാ­യ­തു­കൊ­ണ്ടും അ­ച്ഛ­നെ­ല്ലാം നോ­ക്കി­ക്കൊ­ള്ളും എന്നു വി­ചാ­രി­ച്ചും മാധവൻ സ്വ­ല്പം ക­ളി­ക്കാ­ര­നാ­യീ­ത്തിർ­ന്ന­താ­ണു്. കുറെ ക­ഴി­യു­മ്പോൾ അ­തൊ­ക്കെ മാ­റി­ക്കൊ­ള്ളും.”
മീ:
“മാ­ധ­വ­നു ചെ­റു­പ്പ­മാ­ണെ­ങ്കിൽ രാ­ഘ­വ­നും ചെ­റു­പ്പ­മാ­ണ­ല്ലോ അവർ ത­മ്മിൽ എ­ന്തൊ­രു വ്യ­ത്യാ­സം.”
ആ:
“മാ­ധ­വ­നെ നേർ­വ­ഴി­ക്കു പ­രി­ശീ­ലി­പ്പി­ച്ചാൽ അവനും തൻ­കാ­ര്യം നോ­ക്കാൻ ത്രാ­ണി­യു­ള്ള­വ­നാ­യി­ത്തീ­രും.”
മീ:
“അ­ങ്ങ­നെ പ­രി­ശീ­ലി­പ്പി­ക്കാൻ ഒരാളു വേ­ണ്ടേ? ഞാൻ പ­റ­ഞ്ഞാൽ അ­വ­നൊ­ന്നും കേൾ­ക്ക­യി­ല്ല.”
ആ:
“അമ്മ പ­റ­ഞ്ഞാൽ കേൾ­ക്ക­യി­ല്ലെ­ങ്കിൽ അച്ഛൻ പ­റ­ഞ്ഞു കേൾ­പ്പി­ക്ക­ണം.”
മീ:
“ഓ! അച്ഛൻ പ­റ­ഞ്ഞു കേൾ­പ്പി­ക്കു­ന്നു! അ­ച്ഛ­നാ­ണു അവനെ ലാ­ളി­ച്ചു വ­ഷ­ളാ­ക്കി­യ­തു്.”
രാ:
“മാധവൻ വ­ഷ­ളാ­യി­പ്പോ­യി എന്നു അമ്മ സം­ശ­യി­ക്കേ­ണ്ട.”
മീ:
“എ­ന്നാൽ കു­ഞ്ഞൊ­രു കാ­ര്യം ചെ­യ്യു­ക. മാ­ധ­വ­നെ­ക്കൂ­ടി കു­ഞ്ഞു കൊ­ണ്ടു ന­ട­ന്നു കു­ഞ്ഞു പ­ഠി­ച്ച­തെ­ല്ലാം അ­വ­നെ­യും പ­ഠി­പ്പി­ക്കു­ക.”
രാ:
“മാധവൻ വ­രു­മെ­ങ്കിൽ ഞാൻ കൂ­ട്ടി കൊ­ണ്ടു പോകാം പക്ഷേ, ന­ന്താ­വ­ന­ത്തി­ലെ താമസം മാ­ധ­വ­നു ഹി­ത­മാ­യി­ത്തീ­രു­മോ എ­ന്ന­റി­ഞ്ഞി­ല്ല.”
മീ:
“കു­ഞ്ഞു ന­ന്താ­വ­ന­ത്തിൽ ഇനി എ­ന്തി­നു പോ­കു­ന്നു? ഇവിടെ താ­മ­സി­ക്കാ­മ­ല്ലോ ഇതു നി­ന്റെ വീ­ടാ­ണെ­ന്നു തന്നെ നീ വി­ചാ­രി­ച്ചു കൊ­ള്ളു­ക. ഇവിടെ താ­മ­സി­ച്ചാൽ മൈ­ഥി­ലി­യേ­യു കൂടി പാ­ട്ടോ, ശ്ലോ­ക­മോ, കഥയോ ഒക്കെ പ­ഠി­പ്പി­ക്കാ­മ­ല്ലോ?”
രാ:
“ഈ വ­യ­സ്സു­കാ­ല­ത്തു ആശാനെ ത­നി­ച്ചു ന­ന്താ­വ­ന­ത്തിൽ ആ­ക്കീ­ട്ടു് ഞാൻ ഇവിടെ താ­മ­സി­ച്ചു സു­ഖ­മെ­ടു­ക്കു­ന്ന­തു ഭം­ഗി­യാ­ണോ?”
മീ:
“എ­ന്നാൽ ആ­ശാ­നും കൂടെ ഇ­വി­ടെ­ത്ത­ന്നെ താ­മ­സി­ക്ക­ട്ടെ”
രാ:
“അ­പ്പോൾ പി­ന്നെ ന­ന്താ­വ­ന­ത്തിൽ ആ­രു­മി­ല്ലാ­തെ വ­രു­മ­ല്ലോ.”
അ:
ആ­രു­മി­ല്ലാ­തെ വ­രു­ന്ന­തെ­ന്തി­നു്? അവിടെ രാ­ഘ­വ­ന്റെ പ­റ­യ­നു­ണ്ട­ല്ലോ. അ­വ­ന്റെ സ­ഹാ­യ­ത്തി­നു് ഒരു പ­റ­ക്കു­ടും­ബ­ത്തെ ആ­ക്കീ­ട്ടു­മു­ണ്ടു് പോ­രെ­ങ്കിൽ ഒ­ന്നു­ര­ണ്ടു പ­റ­ക്കു­ടും­ബ­ത്തെ­കൂ­ടി അവിടെ ആ­ക്കാം.”
മീ:
“ഇതു അത്ര വലിയ കാ­ര്യ­മാ­യി­ട്ടു് ആ­ലോ­ചി­ക്കാ­നെ­ന്തി­രി­ക്കു­ന്നു! ന­ന്താ­വ­നം അത്ര ദൂ­ര­ത്തി­ലെ­ങ്ങു­മ­ല്ല­ല്ലോ. ര­ണ്ടു­ര­ണ്ട­ര നാഴിക ദൂ­ര­മ­ല്ലേ ഉള്ളു. ഇവിടെ ഇ­രു­ന്നു­കൊ­ണ്ടും അ­വി­ട­ത്തെ കാ­ര്യം അ­ന്വേ­ഷി­ക്കാ­മ­ല്ലോ.”
രാ:
“ഏ­താ­യാ­ലും ഞാൻ അവിടെ ഒ­ന്നു­പോ­യി അ­വി­ട­ത്തെ സ്ഥി­തി എ­ങ്ങ­നെ­യി­രി­ക്കു­ന്നു എന്നു അ­ന്വേ­ഷി­ച്ചി­ട്ടു് പി­ന്നെ­യെ­ല്ലാം തീർ­ച്ച­പ്പെ­ടു­ത്താം.”

രാഘവൻ ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു് ആ­ശാ­നോ­ടു് സ്വ­കാ­ര്യ­മാ­യി ഈ വി­ഷ­യ­ത്തെ­പ്പ­റ്റി ആ­ലോ­ചി­ക്കാ­നാ­യി­രു­ന്നു.

അ:
“ഇന്നു ത­ന്നെ­അ­ങ്ങോ­ട്ടു പോ­ക­ണ­മെ­ന്നാ­ണോ വി­ചാ­രി­ക്കു­ന്ന­തു്?”
രാ:
“ഇ­പ്പോൾ തന്നെ ആ­ശാ­നോ­ടൊ­രു­മി­ച്ചു ഞാനും പോ­കു­ന്നു.”
മീ:
“വെയിൽ മൂ­ത്തു­വ­രു­ന്ന­ല്ലോ. ഇനി ഊണും ക­ഴി­ച്ചു് ഉ­ച്ച­തി­രി­ഞ്ഞു വെ­യി­ലാ­റി­യി­ട്ടു പോയാൽ മതി.”

ആശാൻ, അ­ണ്ണാ­വി, രാഘവൻ, മൈ­ഥി­ലി, അമ്മ ഇവർ എ­ല്ലാ­വ­രും­കൂ­ടി വെ­യി­ലാ­റി­യി­ട്ടു പ­ഞ്ച­വ­ടി­യിൽ പോ­കാ­മെ­ന്നു തീർ­ച്ച­യാ­ക്കി. മാ­ധ­വ­നെ കൂടി വി­ളി­ക്കാൻ രാ­ഘ­വ­നെ ഏ­ല്പി­ച്ചു.

പ­തി­നേ­ഴാം അ­ദ്ധ്യാ­യം

വെ­യി­ലാ­റി; ച­ക്ര­വാ­ള­വും സൂ­ര്യ­ബിം­ബ­വും ത­മ്മിൽ അ­ടു­ക്കു­വാൻ രണ്ടു നു­ക­പ്പാ­ടു അ­ക­ല­മേ­യു­ള്ളു. ശ­ര­ല്ക്കാ­ല സാ­യം­സ­ന്ധ്യ­യു­ടെ സാ­മീ­പ്യ­ത്തിൽ സൂ­ര്യ­ബിം­ബ­ത്തിൽ നി­ന്നു ത­ങ്ക­ര­ശ്മി­ക­ളു­ടെ ഛായ വീ­ശി­ത്തു­ട­ങ്ങി ഉ­ല്ലാ­സ­ക­ര­മാ­യ ഈ സ­മ­യ­ത്തു് അ­ണ്ണാ­വി മു­തൽ­പേർ രാ­ഘ­വ­ന്റെ രോഗം ആ­പ­ല്ക്ക­ര­മാ­വാ­തെ സു­ഖ­പ്പെ­ടു­ത്താൻ അ­നു­ഗ്ര­ഹി­ച്ച രാ­മ­പു­ര­ത്തു ഭ­ഗ­വാ­ന്റെ സ­ന്നി­ധി­യി­ലേ­ക്കു പു­റ­പ്പെ­ട്ടു. പൂ­വ­ത്തൂർ നി­ന്നു രാ­മ­പു­ര­ത്തെ പു­രാ­ത­ന­മാ­യ ഒരു വലിയ ന­ട­യ്ക്കാ­വു­ള്ള­തിൽ­കൂ­ടി, അ­ത്യു­ന്മേ­ഷ­ത്തോ­ടു­കൂ­ടി­ത്ത­ന്നെ­ങ്കി­ലും, ശ­രീ­ര­ത്തി­നു് അധികം ആയാസം ഉ­ണ്ടാ­ക്കാ­ത്ത സാ­വ­ധാ­ന­ഗ­തി­യി­ലാ­ണു് അവർ ന­ട­ന്നു പോ­യ­തു്. അ­ണ്ണാ­വി­യും ആ­ശാ­നും പറയർ, പുലയർ മു­ത­ലാ­യ അ­ധഃ­കൃ­ത­വർ­ഗ്ഗ­ക്കാ­രെ തീ­ണ്ടൽ വർ­ഗ്ഗ­ക്കാ­രാ­യി ത­ള്ളി­ക്ക­ള­ഞ്ഞി­രി­ക്കു­ന്ന­തി­ന്റെ കാ­ര­ണ­ങ്ങ­ളേ­യും, ഗു­ണ­ദോ­ഷ­ങ്ങ­ളേ­യും കു­റി­ച്ചു പലതും സം­സാ­രി­ച്ചു­കൊ­ണ്ടു് മു­മ്പേ ന­ട­ന്നി­രു­ന്നു. അ­വ­രു­ടെ പിറകേ അ­മ്മ­യു­ടെ കൈ­യ്ക്കു പി­ടി­ച്ചു­കൊ­ണ്ടു് മൈ­ഥി­ലി ചില വൃ­ക്ഷ­ങ്ങൾ പൂ­ത്തും, ചി­ല­തു് ത­ളിർ­ത്തും, ചി­ല­തു് ഇല കൊ­ഴി­ച്ചും മറ്റു ചിലതു പു­ഷ്പ­ങ്ങൾ പൊ­ഴി­ച്ചും നിൽ­ക്കു­ന്ന­തു­ക­ണ്ടു് ആ വൃ­ക്ഷ­ങ്ങ­ളിൽ ത­ത്തി­ക്ക­ളി­ച്ചി­രു­ന്ന കി­ളി­ക­ളെ­പ്പോ­ലെ ക­ള­ക­ള­മാ­യി ചി­ല­ച്ചു­കൊ­ണ്ടു ന­ട­ന്നി­രു­ന്നു. മകളെ ഇ­ട­യ്ക്കി­ട­യ്ക്കു സം­ഭാ­ഷ­ണ­ത്തി­നു ഉൽ­സാ­ഹി­പ്പി­ച്ചു­കൊ­ണ്ടും, പി­ന്നിൽ­വ­രു­ന്ന രാ­ഘ­വ­മാ­ധ­വ­ന്മാ­രു­ടെ സം­ഭാ­ഷ­ണ­ത്തെ­യും മു­മ്പിൽ പോ­കു­ന്ന അ­ണ്ണാ­വി­യു­ടേ­യും ആ­ശാ­ന്റെ­യും സം­ഭാ­ഷ­ണ­ത്തേ­യും മാറി മാറി ശ്ര­ദ്ധി­ച്ചു­കൊ­ണ്ടും മൈ­ഥി­ലി­യു­ടെ അ­മ്മ­യും ന­ട­ന്നി­രു­ന്നു. മാർ­ഗ്ഗ­ക്ലേ­ശം ലേശം അ­റി­യാ­തെ എ­ല്ലാ­വ­രും ഉ­ല്ലാ­സ­ഭ­രി­ത­രാ­യി ക്ഷേ­ത്ര­ത്തിൽ എത്തി, വ­ഴി­പാ­ടു മു­ത­ലാ­യ­വ ക­ഴി­ച്ചു­തീർ­ന്ന­പ്പോ­ഴേ­ക്കു് സൂ­ര്യൻ ഏ­ക­ദേ­ശം അ­സ്ത­മി­ക്കാ­റാ­യി.

രാ­ത്രി നല്ല നി­ലാ­വു­ണ്ടാ­യി­രു­ന്ന­തി­നാൽ ന­ന്താ­വ­ന­ത്തിൽ പോ­യി­ട്ടു് പൂ­വ­ത്തു­രി­ലേ­ക്കു് മ­ട­ങ്ങാ­മെ­ന്നു് അ­ണ്ണാ­വി മുതൽ പേർ തീ­രു­മാ­നി­ച്ചു. ആശാൻ ന­ന്താ­വ­ന­ത്തിൽ താ­മ­സ­മാ­യ­തു­മു­തൽ ക്ഷേ­ത്ര­ത്തിൽ­നി­ന്നും ന­ന്താ­വ­ന­ത്തി­ലേ­ക്കും ഒരു വഴി തെ­ളി­ച്ചി­രു­ന്നു.

അവർ ന­ന്താ­വ­ന­ത്തിൽ എ­ത്തി­യ­പ്പോൾ, സൂ­ര്യൻ പ­ശ്ചി­മാ­ദ്രി­യിൽ മ­റ­ഞ്ഞു എ­ങ്കി­ലും ഇ­രു­ട്ടു് ആ­രം­ഭി­ച്ചി­ല്ല. എ­ല്ലാ­വ­രും ചി­റ­യു­ടെ കരയിൽ എത്തി.

കു­ളി­ച്ചു കു­റി­ക­ളും തൊ­ട്ടു്, മു­ടി­ചി­ക്കി പു­റ­കോ­ട്ടു ഒരു കൊണ്ട കെ­ട്ടി ഇ­ട്ടി­രു­ന്ന­തിൽ ഒരു നല്ല റോ­സാ­പ്പൂ­വും തി­രു­കി, പ­ന്ത്ര­ണ്ടു­വ­യ­സ്സു പ്രാ­യ­മു­ള്ള ഒരു പെൺ­കു­ട്ടി ന­ന്താ­വ­ന­ത്തിൽ­നി­ന്നു‘ ഓ­ടി­ഇ­റ­ങ്ങി അ­വ­രു­ടെ മു­മ്പിൽ വന്നു. ആ പെൺ­കു­ട്ടി­യെ­ക്ക­ണ്ടു് “ഇ­താ­രാ­ച്ഛാ, രാ­ഘ­വ­ന്റെ പെ­ങ്ങ­ളോ?” മൈ­ഥി­ലി ചോ­ദി­ച്ചു.

മാ:
“ക­ണ്ടി­ട്ടു നി­ന­ക്കു എ­ങ്ങ­നെ തോ­ന്നു­ന്നു?”
മൈ:
“എ­നി­ക്കു ക­ണ്ട­പ്പോൾ തോ­ന്നാ­ഞ്ഞ­തു­കൊ­ണ്ട­ല്ലേ ഞാൻ ചോ­ദി­ച്ച­തു്.”
മാ:
(ചി­രി­ച്ചു­കൊ­ണ്ടു്) “അതു രാ­ഘ­വ­ന്റെ പെ­ണ്ണാ­ണു്. പെ­ണ്ണോ, പെ­ങ്ങ­ളോ നീ തന്നെ പറ.”
മൈ:
“രാഘവൻ നല്ല വെ­ളു­പ്പു്. ഇ­വൾ­ക്കു നല്ല ക­റു­പ്പു്. അ­തു­കൊ­ണ്ടു് രാ­ഘ­വ­ന്റെ പെ­ങ്ങ­ളാ­യി­രി­ക്ക­യി­ല്ല.
രാ:
“മൈ­ഥി­ലി എ­ന്തി­നു തർ­ക്ക­ത്തി­നു നോ­ക്കു­ന്നു? മൈ­ഥി­ലി സൂ­ക്ഷി­ച്ചു നോ­ക്കു­ക ആ പെൺ­കു­ട്ടി ഏ­തെ­ന്നു്.”

ആ കു­ട്ടി­യെ അ­ടു­ത്തു­ചെ­ന്നു നോ­ക്കു­വാൻ മൈ­ഥി­ലി മു­മ്പോ­ട്ടു ന­ട­ന്ന­പ്പോൾ ആ കു­ട്ടി പ­രി­ഭ്ര­മി­ച്ചു പു­റ­കോ­ട്ടു മാ­റി­ത്തു­ട­ങ്ങി. മൈ­ഥി­ലി അ­ടു­ത്തു ചെ­ല്ലു­ന്തോ­റും പെൺ­കു­ട്ടി അ­ക­ന്നു­ക­ന്നു പൊ­യ്ക്കൊ­ണ്ടി­രു­ന്നു. മീ­നാ­ക്ഷി­യ­മ്മ­യ്ക്കും ആ കു­ട്ടി ആ­രെ­ന്ന­റി­യാൻ കൗ­തു­ക­മു­ണ്ടാ­ക­യാൽ അവരും മു­ന്നോ­ട്ടു ന­ട­ന്നു. പെൺ­കു­ട്ടി പ­രി­ഭ്ര­മി­ച്ചു.“അയ്യോ!” എന്നു പ­റ­ഞ്ഞു ന­ടു­ങ്ങി­ക്കൊ­ണ്ടു പു­റ­കോ­ട്ടു മാറി. സ­ന്ധ്യ മ­യ­ങ്ങി­യി­രു­ന്നു. പെൺ­കു­ട്ടി പ­രി­ഭ്ര­മി­ക്കു­ന്ന­തു­ക­ണ്ടു്, മീ­നാ­ക്ഷി­യ­മ്മ ചോ­ദി­ച്ചു. “നീ എ­ന്തു­പെ­ണ്ണേ പേ­ടി­ച്ചു­പു­റ­കോ­ട്ടു മാ­റു­ന്ന­തു്? നീ അവിടെ നി­ല്ലു്, നി­ന്നെ ഞാ­നൊ­ന്നു കാ­ണ­ട്ടേ.”

പെ:
“ഞാൻ മാ­ണി­ക്യം ആണേ.”
മീ:
(കൗ­തു­ക­വി­സ്മ­യ­ങ്ങ­ളോ­ടു­കൂ­ടി) “മാ­ണി­ക്യ­മേ! നീ അവിടെ നി­ല്ലു് നി­ന്നെ ഞാൻ ഒന്നു അ­ടു­ത്തു ക­ണ്ടോ­ട്ടേ.”

അ­മ്മ­യും മകളും അ­ടു­ത്തു­ചെ­ന്നു. മാ­ണി­ക്യം ആ­ശ്ച­ര്യ­സം­ഭ്ര­മ­ങ്ങ­ളോ­ടു­കൂ­ടി ക­ണ്ണു­കൾ വി­ശാ­ല­മാ­യി തു­റ­ന്നു മീ­നാ­ക്ഷി­യ­മ്മ­യു­ടെ മു­ഖ­ത്തു നോ­ക്കി­ക്കൊ­ണ്ടു­നി­ന്നു മൈ­ഥി­ലി അ­ടു­ത്തു­ചെ­ന്നു മാ­ണി­ക്യ­ത്തി­ന്റെ പൂ ചൂ­ടി­യി­രു­ന്ന കൊ­ണ്ട­യിൽ പി­ടി­ക്കാൻ ഭാ­വി­ച്ചു. അവൾ പേ­ടി­ച്ചു് “അയ്യോ! ഞാൻ പൂ അങ്ങു എ­ടു­ത്തു­ക­ള­യാം” എന്നു പ­റ­ഞ്ഞു.

മൈ:
(ചി­രി­ച്ചു­കൊ­ണ്ടു്) പൂ എ­ന്തി­നു എ­ടു­ത്തു­ക­ള­യു­ന്നു? ഞാനതു ന­ല്ല­വ­ണ്ണം തി­രു­കി­ത്ത­രാം” എന്നു പ­റ­ഞ്ഞു മൈ­ഥി­ലി പൂ എ­ടു­ത്തു് മു­മ്പി­ല­ത്തേ­ക്കാൾ ഭം­ഗി­യാ­യി തി­രു­കി­വ­ച്ചു.

അ­ന­ന്ത­രം മൈ­ഥി­ലി മാ­ണി­ക്യ­ത്തി­ന്റെ കൈ­യ്ക്കു­പി­ടി­ച്ചു­കൊ­ണ്ടു് “അച്ഛാ, ഞ­ങ്ങ­ളു­ടെ മാ­ണി­ക്യ­ത്തെ­ക്ക­ണ്ടോ” എന്നു പ­റ­ഞ്ഞു അവളെ അ­ണ്ണാ­വി­യു­ടെ അ­ടു­ക്കൽ വ­ലി­ച്ചു­കൊ­ണ്ടു­ചെ­ന്നു.

അ­ണ്ണാ­വി­യും ഭാ­ര്യ­യും, മകനും, മകളും മാ­ണി­ക്യ­ത്തി­ന്റെ ചു­റ്റും കൂടി, അവളെ ഏതോ ഒരു വി­ശേ­ഷ­സാ­ധ­നം കാ­ണും­പോ­ലെ­യു­ള്ള കൗ­തു­ക­ത്തോ­ടെ നോ­ക്കി­ക്കൊ­ണ്ടു നി­ന്ന­ശേ­ഷം, തി­രി­ഞ്ഞു് ആ­ശ­നോ­ടു പ­റ­ഞ്ഞു “ആശാനെ ഇ­താ­ശാ­നും രാ­ഘ­വ­നും­കൂ­ടി തേ­ച്ചു­മി­നു­ക്കി­യെ­ടു­ത്ത ഒരു മാ­ണി­ക്യം ത­ന്നെ­യാ­ണു്. എന്റെ മാ­ട­ത്തിൽ കി­ട­ന്ന­പ്പോൾ ഇ­തി­നി­ത്ര മാ­റ്റു­ണ്ടെ­ന്നു ഞാ­ന­റി­ഞ്ഞി­രു­ന്നി­ല്ല. കു­മാ­ര­നാ­ശാൻ പ­റ­ഞ്ഞ­തു വളരെ ശ­രി­യാ­ണു്.

“തേ­ച്ചു­മി­നു­ക്കി­യാൽ കാ­ന്തി­യും മൂ­ല്യ­വും

വാ­ച്ചി­ടും ര­ത്ന­ങ്ങൾ ഭാ­ര­താം­ബേ

താ­ണു­കി­ട­ക്കു­ന്നു നിൻ കു­ക്ഷി­യിൽ, ചാണ

കാ­ണാ­തെ ആ­റേ­ഴു­കോ­ടി­ജ­നം”

ആ­ശാ­നും രാ­ഘ­വ­നു­കൂ­ടി രാ­മ­പു­ര­ത്തു­ള്ള ഈ ര­ത്ന­ങ്ങ­ളെ തേ­ച്ചു­മി­നു­ക്കു­വാൻ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന ശ്ര­മ­ത്തിൽ എ­ന്നാൽ ക­ഴി­യു­ന്ന എല്ലാ സ­ഹാ­യ­ങ്ങ­ളും ഞാൻ ചെ­യ്തു ത­രു­ന്ന­തി­നു് ത­യാ­റാ­ണു്.

അ­ന­ന്ത­രം എ­ല്ലാ­വ­രും ന­ന്താ­വ­ന­ത്തി­ലേ­യ്ക്കു ക­യ­റി­പ്പോ­യി.

പ­തി­നെ­ട്ടാം ആ­ദ്ധ്യാ­യം

അ­ണ്ണാ­വി മു­തൽ­പേർ ആ­ശാ­ന്റെ ആ­ശ്ര­മ­ത്തി­ന്റെ പൂ­മു­ഖ­ത്തു പ്ര­വേ­ശി­ച്ചു് അവിടെ വി­രി­ച്ചി­രു­ന്ന ചൗ­ക്കാ­ള­ങ്ങ­ളിൽ ഇ­രു­ന്നു. മ­ഹർ­ഷി­യെ­പ്പോ­ലു­ള്ള ആ­ശാ­ന്റെ ആ­ശ്ര­മ­വാ­സ­ത്തേ­യും, ആ­ശ്ര­മ­ത്തി­ന്റെ മുൻ­വ­ശ­ത്തു­ള്ള പ­ന്ത­ലി­നേ­യും അ­തി­ന്റെ ഇ­രു­വ­ശ­ങ്ങ­ളി­ലു­മു­ള്ള പു­ന്തോ­ട്ട­ങ്ങ­ളേ­യും കു­റി­ച്ചു് അല്പം ചില സം­ഭാ­ഷ­ണ­ങ്ങൾ ക­ഴി­ഞ്ഞ­ശേ­ഷം അ­ണ്ണാ­വി പ­റ­ഞ്ഞു: “മേ­ട­ക­ളി­ലും മാ­ളി­ക­ളി­ലു­മു­ള്ള ആ­ഡം­ബ­ര­പൂർ­ണ്ണ­മാ­യ വാ­സ­ത്തിൽ വി­ര­ക്തി­തോ­ന്നി, മ­ഹർ­ഷി­മാർ ഇ­ങ്ങ­നെ­യു­ള്ള ഏ­കാ­ന്ത­വാ­സം ഇ­ഷ്ട­പ്പെ­ട്ട­തു അ­ത്ഭു­ത­മ­ല്ല.”

മീ­നാ­ക്ഷി­യ­മ്മ:
“ആ­ശ്ര­മ­ത്തിൽ വന്ന ഞ­ങ്ങൾ­ക്കു അ­തി­ഥി­സൽ­ക്കാ­രം ഒന്നു ഇല്ലേ?”
എ­ന്നു് നേരം പോ­ക്കാ­യി ചോ­ദി­ച്ചു. അതു കേ­ട്ടു­നി­ന്ന രാഘവൻ ചടയനെ ഒന്നു നോ­ക്കി. ചടയൻ ഉ­ടൻ­ത­ന്നെ തോ­ട്ട­ത്തിൽ ഓ­ടി­പ്പോ­യി കുറെ വാ­ഴ­യി­ല മു­റി­ച്ചു­കൊ­ണ്ടു­വ­ന്നു് രാ­ഘ­വ­നെ ഏ­ല്പി­ക്കു­ക­യും, ഒരു വലിയ ക­ല­ശ­ത്തിൽ വെ­ള്ളം കൊ­ണ്ടു­വ­ന്നു വ­യ്ക്കു­ക­യും­ചെ­യ്തു. രാഘവൻ ഇ­ല­ക­ളും വാ­ങ്ങി ആ­ശ്ര­മ­ത്തി­ന്റെ ഒരു മു­റി­ക്ക­ക­ത്തു പ്ര­വേ­ശി­ച്ചു. കുറെ ക­ഴി­ഞ്ഞു പൂ­മു­ഖ­ത്തു വന്നു അ­തി­ഥി­ക­ളു­ടെ മു­ന്നിൽ ഇല നി­ര­ത്തി. ഒരു നല്ല തേൻ­ക­ദ­ളി പ­ഴ­ക്കു­ല എ­ടു­ത്തു­കൊ­ണ്ടു വ­ന്നു് നാ­ല­ഞ്ചു പ­ഴം­വീ­തം എല്ലാ ഇ­ല­ക­ളി­ലും വി­ള­മ്പി അ­ന­ന്ത­രം കുറെ മ­ലർ­പ്പൊ­ടി­യും, കുറെ പൈ­നാ­പ്പിൾ പൂ­ളു­ക­ളും, പ­ഞ്ച­സാ­ര­യും കൊ­ണ്ടു­വ­ന്നു് അ­തു­ക­ളും വി­ള­മ്പി ഒരു കു­പ്പി തെ­ളി­ഞ്ഞ ചെ­റു­തേൻ കൊ­ണ്ടു­വ­ന്നു് എ­ല്ലാ­വ­രു­ടേ­യും മ­ലർ­പ്പൊ­ടി­യിൽ കു­റേ­ശ്ശ ഒ­ഴി­ച്ചു­കൊ­ടു­ത്തു. വീ­ണ്ടും മു­റി­ക്ക­ക­ത്തു് ക­ട­ന്നു് കൂ­ട­ക­ളിൽ സം­ഭ­രി­ച്ചു വ­ച്ചി­രു­ന്ന മ­ധു­ര­നാ­ര­ങ്ങ, മാ­ത­ള­പ്പ­ഴം ഇവയും കൊ­ണ്ടു വ­ന്നു് ഓ­രോ­ന്നും എ­ല്ലാ­വ­രു­ടേ­യും മു­മ്പിൽ വ­ച്ചി­ട്ടു് ആ­ശ്ര­മ­ത്തി­നു വെ­ളി­യിൽ ഇ­റ­ങ്ങി­പ്പോ­യി. കു­റേ­ക്ക­ഴി­ഞ്ഞു് ചൂ­ടു­മാ­റി­യി­ട്ടി­ല്ലാ­ത്ത പാ­ലും­കൊ­ണ്ടു­വ­ന്നു് കാ­ച്ചാ­തെ­ത­ന്നെ പ­ഞ്ച­സാ­ര­യും ചേർ­ത്തു എ­ല്ലാ­വർ­ക്കും ആ­വ­ശ്യം­പോ­ലെ കൊ­ടു­ത്തു ഈ വി­ഭ­വ­പൂർ­ണ്ണ­മാ­യ സൽ­ക്കാ­ര­ത്തിൽ അ­ണ്ണാ­വി­ക്കും മ­റ്റു­മു­ണ്ടാ­യ സം­തൃ­പ്തി­യും ആ­ന­ന്ദ­വും അ­നിർ­വ­ച­നീ­യ­മാ­യി­രു­ന്നു. സ­ല്ക്കാ­ര­ത്തി­നു­പ­യോ­ഗ­പ്പെ­ടു­ത്തി­യ വി­ഭ­വ­ങ്ങ­ളു­ടെ വൈ­ശി­ഷ്ട്യ­ത്തെ­ക്കു­റി­ച്ചു് അ­ണ്ണാ­വി ഭാ­ര്യ­യോ­ടു ഇ­ങ്ങ­നെ പ്ര­സം­ഗി­ച്ചു തു­ട­ങ്ങി:

“വ­ലി­യ­പ്ര­ഭു­ക്ക­ന്മാ­രു­ടെ മ­ന്ദി­ര­ങ്ങ­ളിൽ­പ്പോ­ലും ഇത്ര വി­ശി­ഷ്ട­വി­ഭ­വ­ങ്ങൾ മുൻ­കൂ­ട്ടി ക­രു­തി­വ­യ്ക്കാ­തെ അ­തി­ഥി­കൾ­ക്കു നൽ­കു­ന്ന­തി­നു സാ­ധി­ക്കു­ന്ന­ത­ല്ല. ഇവിടെ ഉ­ള്ള­വർ അഞ്ചോ ആറോ പ­റ­യ­രാ­ണു്, ഇത്ര വളരെ വി­ഭ­വ­ങ്ങൾ ആ­ശാ­നു­വേ­ണ്ടി കരുതി വ­യ്ക്കേ­ണ്ട ആ­വ­ശ്യ­വും ഇല്ല പി­ന്നെ­യി­തെ­ല്ലാം നാം വ­ന്ന­പ്പോൾ ത­യാ­റാ­യി­രു­ന്ന­തു എ­ങ്ങ­നെ­യെ­ന്നു എ­നി­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ല.”

മീ­നാ­ക്ഷി­യ­മ്മ:
“നാം ഇ­ങ്ങോ­ട്ടു വ­രു­ന്ന വിവരം ആശാൻ നേ­ര­ത്തേ അ­റി­ഞ്ഞ­താ­ണ­ല്ലോ. അ­തു­കൊ­ണ്ടു് ആരെയോ അ­യ­ച്ചു ആശാൻ ഇ­തൊ­ക്കെ ഒ­രു­ക്കി­വ­ച്ച­താ­യി­രി­ക്കും. (തി­രി­ഞ്ഞു, ആ­ശാ­നോ­ടു്) അ­ങ്ങ­നെ­യ­ല്ലേ ആശാനേ?”
ആശാൻ:
“ഇ­തെ­ല്ലാം, ഇ­വി­ടെ­ത്ത­ന്നെ ഉ­ണ്ടാ­കു­ന്ന­താ­ണു് പു­റ­മെ­നി­ന്നും ഒ­ന്നും വാ­ങ്ങി ശേ­ഖ­രി­ച്ചി­ട്ടി­ല്ല.”
മൈ:
“ഇ­തെ­ല്ലാം ആ­ശാ­ന്റെ തോ­ട്ട­ത്തിൽ­ത­ന്നെ ഉ­ണ്ടാ­കു­ന്ന­താ­ണെ­ങ്കിൽ ആ­ശാ­ന്റെ തോ­ട്ടം എ­നി­ക്കൊ­ന്നു കാ­ണ­ണ­മ­ല്ലോ.”
മൈ:
“ഇ­ന്നി­വി­ടെ താ­മ­സി­ച്ചു നാളെ തോ­ട്ട­മെ­ല്ലാം ന­ട­ന്നു­ക­ണ്ടു് മ­ട­ങ്ങി­പ്പോ­യാൽ പോരെ അച്ഛാ? ഈ മു­റ്റ­ത്തും ആ പ­ന്ത­ലി­ന്റെ താ­ഴെ­യും വി­രി­ച്ചി­രി­ക്കു­ന്ന വെൺ­മ­ണൽ ക­ണ്ട­തിൽ അ­വി­ടെ­ക്കി­ട­ന്നു­റ­ങ്ങു­വാൻ എ­നി­ക്കു കൊതി തോ­ന്നു­ന്നു.”

ഇ­ങ്ങ­നെ പ­റ­ഞ്ഞു­കൊ­ണ്ടു് മൈ­ഥി­ലി ഓടി മു­റ്റ­ത്തി­റ­ങ്ങി “മാ­ണി­ക്യം എവിടെ” എ­ന്നു് ചോ­ദി­ച്ചു. മാ­ണി­ക്യ­ത്തെ അ­വി­ടെ­യെ­ങ്ങും ക­ണ്ടി­ല്ല. സാ­വ­ധാ­ന­ത്തിൽ എ­ല്ലാ­വ­രും മു­റ്റ­ത്തി­റ­ങ്ങി, ആ­ശാ­ന്റെ പൂ­ന്തോ­ട്ട­ത്തെ ശോ­ഭി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്ന ച­ന്ദ്ര­പ്ര­കാ­ശം നോ­ക്കി നിൽ­ക്കു­മ്പോൾ ദൂ­രെ­യെ­വി­ടെ­യോ­നി­ന്നു പു­റ­പ്പെ­ട്ട സം­ഗീ­ത­ധ്വ­നി അ­വ­രു­ടെ കാ­തു­ക­ളിൽ­വ­ന്നു മു­ഴ­ങ്ങി. എ­ല്ലാ­വ­രും രാ­ത്രി­യി­ലെ നി­ശ്ശ­ബ്ദ­ത­യിൽ മു­ഴ­ങ്ങി­ക്കൊ­ണ്ടി­രു­ന്ന ആ സം­ഗീ­ത­മാ­ധു­രി­യിൽ അ­ല്പ­നേ­രം ല­യി­ച്ചു­നി­ന്ന­ശേ­ഷം അ­ണ്ണാ­വി ചോ­ദി­ച്ചു: “ഇ­തെ­വി­ടെ­നി­ന്നാ­ശാ­നെ ഈ ദി­വ്യ­സം­ഗീ­തം കേൾ­ക്കു­ന്ന­തു്?”

ആ:
“അതു രാ­ഘ­വ­ന്റെ പ­ഞ്ച­വ­ടി­യി­ലു­ള്ള ഭ­ജ­ന­മ­ഠ­ത്തിൽ നി­ന്നു പു­റ­പ്പെ­ടു­ന്ന­താ­ണു്. ന­മു­ക്കു വേ­ണ­മെ­ങ്കിൽ അ­ങ്ങോ­ട്ടു­പോ­കാം”

എ­ല്ലാ­വ­രും പ­ഞ്ച­വ­ടി­യു­ടെ മ­ദ്ധ്യ­ത്തി­ലു­ണ്ടാ­യി­രു­ന്ന ഭ­ജ­ന­മ­ഠ­ത്തി­ലേ­യ്ക്കു പു­റ­പ്പെ­ട്ടു. മ­ഠ­ത്തോ­ട­ടു­ക്കു­ന്തോ­റും അവിടെ നടന്ന സ്തോ­ത്ര­ഗാ­ന­ങ്ങൾ ശ്ര­ദ്ധി­ക്കു­വാ­ന­ല്ലാ­തെ ഒ­ന്നും സം­സാ­രി­ക്കാൻ ആർ­ക്കും തോ­ന്നി­യി­ല്ല. മ­ഠ­ത്തി­ന്റെ വ­ട­ക്ക­രു­കിൽ മ­ദ്ധ്യ­ഭാ­ഗ­ത്താ­യി ഒരു ഉ­യർ­ന്ന തടം ഉ­ണ്ടാ­ക്കി­യി­രു­ന്ന­തിൽ വളരെ മ­നോ­ഹ­ര­മാ­യി നിർ­മ്മി­ക്ക­പ്പെ­ട്ടി­രു­ന്ന ഒരു വലിയ എ­ണ്ണ­ച്ഛാ­യാ­പ­ടം ഭം­ഗി­യു­ള്ള ച­ട്ട­ക്കൂ­ട്ടി­ലാ­ക്കി പു­ഷ്പ­മാ­ല്യ­ങ്ങ­ളെ­ക്കൊ­ണ്ടു് അ­ല­ങ്ക­രി­ച്ചു് വ­ച്ചി­രു­ന്നു. രാ­മ­പു­രം ക്ഷേ­ത്ര­ത്തി­ലെ പ്ര­തി­ഷ്ഠ­യു­ടെ അ­നു­ക­ര­ണ­മാ­ണു് ആ പ­ട­ത്തിൽ ക­ണ്ട­തു് എ­ന്നാൽ ക്ഷേ­ത്ര­ത്തി­ലെ ബിം­ബ­ങ്ങ­ളേ­ക്കാൾ ജീ­വ­നും ചൈ­ത­ന്യ­വു­മു­ള്ള രൂ­പ­ങ്ങ­ളാ­യി­രു­ന്നു പ­ട­ത്തി­ലു­ണ്ടാ­യി­രു­ന്ന­തു്. ഭ­ഗ­വാ­ന്റെ ദിവ്യ തേ­ജോ­രൂ­പം ക­ണ്ട­പ്പോൾ അ­ണ്ണാ­വി­യു­ടേ­യും ഭാ­ര്യ­യു­ടേ­യും, മ­ക്ക­ളു­ടേ­യും കൈകൾ അ­വ­ര­റി­യാ­തെ തന്നെ മു­കു­ളീ­കൃ­ത­ങ്ങ­ളാ­യി. പ­ട­ങ്ങ­ളു­ടെ സ്വ­ല്പം മു­മ്പി­ലാ­യി ഇ­രു­വ­ശ­ങ്ങ­ളി­ലും സ്വർ­ണ്ണം­പോ­ലെ തി­ള­ങ്ങു­ന്ന ര­ണ്ടു­നി­ല­വി­ള­ക്കു­കൾ ഇ­രു­ന്നു എ­രി­ഞ്ഞു് ആ രൂ­പ­ങ്ങ­ളു­ടെ തേ­ജ­സ്സു് വർ­ദ്ധി­പ്പി­ക്കു­ന്നു­ണ്ടു്. അവിടെ കൂ­ടി­യി­രു­ന്ന എ­ട്ടു­പ­ത്തു ഭ­വ­ന­ക്കാ­രു­ടെ ഹൃ­ദ­യാ­ന്തർ­ഭാ­ഗ­ത്തിൽ­നി­ന്നും പു­റ­പ്പെ­ട്ടു പ്ര­കൃ­തി മ­ധു­ര­മാ­യ ആ ഗാ­ന­ത്തി­നു് അ­സു­ല­ഭ­മാ­യ ആ­സ്വാ­ദ്യ­ത ഉ­ണ്ടാ­യി­രു­ന്നു. പാ­ട്ട­വ­സാ­നി­ച്ച­പ്പോൾ ഭ­ജ­ന­ക്കാർ എ­ല്ലാ­വ­രും എ­ഴു­ന്നേ­റ്റു അ­വ­രു­ടെ­മു­മ്പിൽ ശേ­ഖ­രി­ച്ചി­രു­ന്ന സു­ഗ­ന്ധ­പു­ഷ്പ­ങ്ങൾ വാരി ഭഗവൽ പാ­ദ­ങ്ങ­ളിൽ അർ­പ്പി­ച്ചു് സാ­ഷ്ടം­ഗ­പ്ര­ണാ­മം ചെ­യ്തു.

ഇ­ങ്ങ­നെ ഭജനം അ­വ­സാ­നി­പ്പി­ച്ചു­കൊ­ണ്ടു് ഭ­ജ­ന­ക്കാർ തി­രി­ഞ്ഞു നോ­ക്കി­യ­പ്പോ­ഴാ­ണു് അ­ണ്ണാ­വി­യം മ­റ്റും നിൽ­ക്കു­ന്ന­തു ക­ണ്ട­തു്.

അ­ണ്ണാ­വി എ­ത്ര­യും ശാ­ന്ത­സ്വ­ര­ത്തിൽ ഓ­രോ­രു­ത്ത­രേ­യും അ­ടു­ക്കൽ വി­ളി­ച്ചു­വ­രു­ത്തി, അ­വ­രോ­ടു കു­ശ­ല­പ്ര­ശ്ന­ങ്ങൾ ചോ­ദി­ച്ചു.

മൈ­ഥി­ലി മാ­ണി­ക്യ­ത്തെ അ­ടു­ക്കൽ വി­ളി­ച്ചു ചോ­ദി­ച്ചു: “മാ­ണി­ക്യ­മാ­ണോ പൂ­ജ­ക്കാ­രി? പൂജ ക­ഴി­ഞ്ഞു ഞ­ങ്ങൾ­ക്കു് പ്ര­സാ­ദ­മൊ­ന്നും ത­രു­വാ­നി­ല്ലേ?”

മാ­ണി­ക്യം:
(ചി­രി­ച്ചു­കൊ­ണ്ടു്) “‘എന്തു പ്ര­സാ­ദ­മാ­ണു് ത­രേ­ണ്ട­തു്?”
മൈ:
“നീ എ­ന്തു­ത­ന്നെ ത­ന്നാ­ലും അതു ഞ­ങ്ങൾ­ക്കു് പ്ര­സാ­ദം­ത­ന്നെ. അ­ങ്ങ­നെ­യ­ല്ലേ അച്ഛാ?”

മാ­ണി­ക്യം മ­ഠ­ത്തിൽ ചെ­ന്നു് അവിടെ അർ­പ്പി­ച്ചി­രു­ന്ന പു­ഷ്പ­ങ്ങ­ളിൽ കുറെ വാരി എ­ടു­ത്തു­കൊ­ണ്ടു് വ­ന്നു് എ­ല്ലാ­വർ­ക്കും കു­റേ­ശ്ശേ കൊ­ടു­ത്തു. എ­ല്ലാ­വ­രും അവ ഭ­ക്തി­പൂർ­വ്വം വാ­ങ്ങി. അവൾ വീ­ണ്ടും മ­ഠ­ത്തിൽ ചെ­ന്നു് അവിടെ എ­രി­ഞ്ഞു­കൊ­ണ്ടി­രു­ന്ന കർ­പ്പൂ­രം എ­ടു­ത്തു് ബിം­ബ­ത്തിൽ മൂ­ന്നു ഉ­രു­കു് ഉ­ഴി­ഞ്ഞ­ശേ­ഷം വെ­ളി­ക്കു കൊ­ണ്ടു­വ­ന്നു എ­ല്ലാ­വ­രു­ടേ­യും മു­മ്പിൽ കാ­ണി­ക്കു­ക­യും അവർ ഭ­ക്തി­പൂർ­വ്വം ധൂ­പ­ത്തിൽ തൊ­ട്ടു ക­ണ്ണിൽ വ­യ്ക്കു­ക­യും ചെ­യ്തു.

മൈ­ഥി­ലി­യു­ടെ ആ­ഗ്ര­ഹ­വും അ­ണ്ണാ­വി­യു­ടെ അ­ഭി­പ്രാ­യ­വും അ­നു­സ­രി­ച്ചു് അന്നു എ­ല്ലാ­വ­രും അ­വി­ടെ­ത്ത­ന്നെ താ­മ­സി­ച്ചു.

പ­ത്തൊൻ­പ­താം അ­ദ്ധ്യാ­യം

ഷ­ഷ്ടി­പൂർ­ത്തി­ക­ഴി­ഞ്ഞു തിർ­ത്ഥ­യാ­ത്ര­യ്ക്കു പു­റ­പ്പെ­ട്ട ആശാൻ അധികം താ­മ­സി­യാ­തെ മ­ട­ങ്ങി­വ­രാ­മെ­ന്നു പ­റ­ഞ്ഞി­രു­ന്നു­വെ­ങ്കി­ലും സം­വൽ­സ­ര­ങ്ങൾ അഞ്ചു ക­ഴി­ഞ്ഞി­ട്ടും ആശാൻ മ­ട­ങ്ങി­വ­ന്നി­ല്ല, ഏ­തെ­ല്ലാം പു­ണ്യ­സ്ഥ­ല­ങ്ങ­ളാ­ണു് അ­ദ്ദേ­ഹം സ­ന്ദർ­ശി­ക്കാൻ ഉ­ദ്ദേ­ശി­ച്ചി­രു­ന്ന­തെ­ന്നു നി­ശ്ച­യ­മി­ല്ലാ­തി­രു­ന്ന­തി­നാൽ അ­ദ്ദേ­ഹ­ത്തെ അ­ന്വേ­ഷി­ച്ചു പു­റ­പ്പെ­ടാൻ നി­വൃ­ത്തി­യും ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ദേ­ശ­മേ­തെ­ന്നു നി­ശ്ച­യ­മി­ല്ലാ­തി­രു­ന്ന­തി­നാൽ, അ­വി­ടെ­പ്പോ­യി അ­ന്വേ­ഷി­ക്കു­വാ­നും ആർ­ക്കും ക­ഴി­ഞ്ഞി­ല്ല. ഇ­ന്നു­വ­രും നാ­ളെ­വ­രും, എ­ന്നി­ങ്ങ­നെ എ­ണ്ണി­യെ­ണ്ണി ദി­വ­സ­ങ്ങ­ളും മാ­സ­ങ്ങ­ളും സം­വൽ­സ­ര­ങ്ങ­ളും ക­ഴി­ഞ്ഞു. ഇ­ങ്ങ­നെ ക­ഴി­ഞ്ഞ അഞ്ചു സം­വൽ­സ­ര­ങ്ങൾ­ക്കി­ട­യിൽ രാ­മ­പു­ര­ത്തു­ണ്ടാ­യ പ­രി­വർ­ത്ത­ന­ങ്ങൾ അൽ­ഭൂ­താ­വ­ഹ­ങ്ങ­ളാ­യി­രു­ന്നു.

മാ­ധ­വ­നെ ദേ­വ­സ്വം മ­നേ­ജ­രാ­യും രാ­ഘ­വ­നെ അ­സി­സ്റ്റ­ന്റാ­യും ഇ­തി­നി­ട­യിൽ നി­യ­മി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. ദേ­വ­സ്വം റി­ക്കാർ­ഡു­ക­ളൊ­ക്കെ കു­ഴ­ഞ്ഞു­മ­റി­ഞ്ഞു­കി­ട­ന്നി­രു­ന്ന­തി­നാൽ അ­തൊ­ക്കെ ശ­രി­യാ­ക്കു­ന്ന­തി­നു വളരെ പ്ര­യാ­സ­ങ്ങൾ നേ­രി­ട്ടു. ദേ­വ­സ്വം സം­ബ­ന്ധി­ച്ച ഈ സകല ജോ­ലി­ക­ളും രാഘവൻ ഒരു സം­വൽ­സ­രം കൊ­ണ്ടു പൂർ­ത്തി­യാ­ക്കി.

ദേ­വ­സ്വ­ത്തി­ന്റെ സർവ ആ­വ­ശ്യ­ങ്ങ­ളും ധാ­രാ­ള­ച്ചി­ല­വിൽ നിർ­വ­ഹി­ക്ക­ത്ത­ക്ക­വ­ണ്ണം മു­ത­ലെ­ടു­പ്പും വർ­ദ്ധി­ച്ചു.

ദേ­വ­സ്വം ജോലി ധാ­രാ­ളം ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ന­ന്താ­വ­ന­ത്തി­ലേ­യും പ­ഞ്ച­വ­ടി­യി­ലേ­യും കാ­ര്യ­ങ്ങ­ളിൽ അ­വ­ന്റെ ശ്ര­ദ്ധ കു­റ­ഞ്ഞി­ല്ല. അ­വി­ട­ത്തെ കാ­ര്യ­ങ്ങൾ രാ­ഘ­വൻ­കൂ­ടി ഉ­ണ്ടാ­യി­രു­ന്നാ­ല­ത്തെ­പ്പോ­ലെ ച­ട­യ­നും മാ­ക്കോ­ത­യും­കൂ­ടി എ­ത്ര­യും ജാ­ഗ്ര­ത­യോ­ടെ ന­ട­ത്തി­ക്കൊ­ണ്ടി­രു­ന്നു. അ­വർ­ക്കു സ്നേ­ഹ­പൂർ­വ്വം ഉ­പ­ദേ­ശ­ങ്ങൾ നൽകി ഉൽ­സാ­ഹി­പ്പി­ക്ക മാ­ത്ര­മേ രാഘവൻ ചെ­യ്യേ­ണ്ട­താ­യി­രു­ന്നു­ള്ളു. പ­ഞ്ച­വ­ടി­യി­ലെ തെ­ങ്ങു­ക­ളെ­ല്ലാം വ­ളർ­ന്നു സ­മൃ­ദ്ധി­യാ­യി കാ­ച്ചു­വ­രി­നി­ര­ന്നു നിൽ­ക്കു­ന്ന­തു് ന­യ­നാ­ന­ന്ദ­പ്ര­ദ­മാ­യ ഒ­രു­കാ­ഴ്ച­യാ­യി­രു­ന്നു. അ­വി­ട­ത്തെ വാ­ഴ­ത്തോ­പ്പു ഹ­നു­മാ­ന്റെ ക­ദ­ളീ­വ­ന­ത്തെ­യും അ­തി­ശ­യി­ച്ചി­രു­ന്നു. ചേന, കാ­ച്ചിൽ മു­ത­ലാ­യ കി­ഴ­ങ്ങു വർ­ഗ്ഗ­ങ്ങ­ളു­ടെ കൃ­ഷി­യും വളരെ സ­മൃ­ദ്ധി­യാ­യി­ത്തീർ­ന്നി­രു­ന്നു. പ­ഞ്ച­വ­ടി­യി­ലെ പൂ­ന്തോ­ട്ടം മുഗൾ ച­ക്ര­വർ­ത്തി­മാ­രു­ടെ ആ­രാ­മ­ങ്ങ­ളേ­യും അ­തി­ശ­യി­ക്ക­ത്ത­ക്ക­വി­ധം ഭം­ഗി­യാ­യി സം­ര­ക്ഷി­ക്ക­പ്പെ­ട്ടി­രു­ന്നു. പ­ഞ്ച­വ­ടി­യിൽ താ­മ­സ­ക്കാ­രാ­യ പ­റ­യ­രു­ടെ ചി­ല­വി­നു ആ­വ­ശ്യ­മു­ള്ള­തെ­ല്ലാം എ­ടു­ത്തു­കൊ­ണ്ടു് ശേഷം ക്ഷേ­ത്ര­ത്തി­ലേ­ക്കു അ­യ­ച്ചു­കൊ­ള്ള­ണ­മെ­ന്നു രാഘവൻ ഏർ­പ്പാ­ടു­ചെ­യ്തി­രു­ന്ന­തി­നാൽ ക്ഷേ­ത്ര­ത്തിൽ പാ­വ­പ്പെ­ട്ട­വർ­ക്കു ന­ട­ത്തി­വ­ന്ന സദ്യ മു­ത­ലാ­യ­വ ചി­ല­വൊ­ന്നും കൂ­ടാ­തെ പൂർ­വാ­ധി­കം ഭം­ഗി­യാ­യി ന­ട­ന്നു­തു­ട­ങ്ങി.

പ­റ­യ­രു­ടെ ആ­വ­ശ്യ­ത്തി­നാ­യി പ­ഞ്ച­വ­ടി­യിൽ രാഘവൻ ന­ട­ത്തി­വ­ന്നി­രു­ന്ന നി­ശാ­പാ­ഠ­ശാ­ല ചടയൻ തന്നെ നിർ­വി­ഘ്ന­മാ­യി ന­ട­ത്തി­വ­ന്നു. പു­റ­മേ­നി­ന്നു അവിടെ വി­ദ്യാർ­ത്ഥി­ക­ളാ­യി വ­ന്ന­വ­രു­ടെ സം­ഖ്യ­യും വർ­ദ്ധി­ച്ചു.

പ­ഞ്ച­വ­ടി­ക്കു സമീപം ഓരോ ഏക്കർ ഭൂ­മി­വീ­തം അ­ണ്ണാ­വി­യു­ടെ പൂർ­ണ്ണ­സ­മ്മ­ത­പ്ര­കാ­രം പ­റ­യർ­ക്കു പ­തി­ച്ചു­കൊ­ടു­ത്തു അവിടം അ­വ­രു­ടെ ഒരു കോളനി ആ­ക്കി­ത്തീർ­ത്തു. അ­വർ­ക്കു വീ­ടു­കെ­ട്ടി പാർ­ക്കാൻ ആ­വ­ശ്യ­മു­ള്ള ത­ടി­ക­ളും മു­ള­ക­ളും ദേ­വ­സ്വം വ­ന­ത്തിൽ നി­ന്നും ഇ­ഷ്ടം­പോ­ലെ മു­റി­ച്ചെ­ടു­ത്തു കൊ­ള്ളു­ന്ന­തി­നു് അ­ണ്ണാ­വി അ­നു­വ­ദി­ച്ചു. വീ­ടു­കൾ കെ­ട്ടി ഉ­ണ്ടാ­ക്കു­ന്ന ജോലി ആ­ശാ­രി­മാ­രു­ടേ­യോ, അ­റു­പ്പു­കാ­രു­ടേ­യോ സ­ഹാ­യ­മൊ­ന്നും കൂ­ടാ­തെ അവർ തന്നെ ചെ­യ്യു­ന്ന­തി­നു് ആ­വ­ശ്യ­മു­ള്ള ആ­യു­ധ­ങ്ങൾ വാ­ങ്ങി­ച്ചു­കൊ­ടു­ത്തു് വേണ്ട പ­രി­ശീ­ല­ന­വും രാഘവൻ തന്നെ അ­വർ­ക്കു നൽകി.

രാ­ഘ­വ­ന്റെ അ­ടു­ത്ത­ശ്ര­മം രാ­മ­പു­ര­ത്തെ പൗ­ര­ന്മാ­രു­ടെ വി­ദ്യാ­ഭി­വൃ­ദ്ധി­ക്കാ­യി­രു­ന്നു. ഒന്നു രണ്ടു ഗ്രാ­ന്റു­പ­ള്ളി­ക്കൂ­ട­ങ്ങ­ളും മൂ­ന്നു­നാ­ലു കു­ടി­പ്പ­ള്ളി­ക്കൂ­ട­ങ്ങ­ളും ആ പ്ര­ദേ­ശ­ത്തു് ഉ­ണ്ടാ­യി­രു­ന്നു. എ­ങ്കി­ലും സ്വ­ഭാ­ഷ­യിൽ പോലും അ­ക്ഷ­രാ­ഭ്യാ­സ­ത്തി­നു­പ­രി­യാ­യ് വി­ദ്യാ­ഭ്യാ­സ­ത്തി­നു അ­ഞ്ചാ­റു മൈൽ അ­ക­ലെ­യു­ള്ള സർ­ക്കാർ­സ്ക്കൂൾ­മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ഇം­ഗ്ലീ­ഷ് വി­ദ്യാ­ഭ്യാ­സ­ത്തി­നു ഒരു മിഡിൽ സ്ക്കൂൾ­പോ­ലും എത്ര ക­ഷ്ട­പ്പെ­ട്ടാ­ലും അ­ന്ന­ന്നു കു­ട്ടി­കൾ­ക്കു പോയി പ­ഠി­ച്ചു വ­ര­ത്ത­ക്ക­വ­ണ്ണം ഉ­ണ്ടാ­യി­രു­ന്നി­ല്ല. സ­മ്പ­ന്ന­ന്മാ­രു­ടെ കു­ട്ടി­കൾ­ക്ക­ല്ലാ­തെ ദൂ­ര­ദേ­ശ­ങ്ങ­ളിൽ പോയി താ­മ­സി­ച്ചു പ­ഠി­ക്കു­വാൻ സാ­ധി­ക്കു­ന്ന­ത­ല്ല­ല്ലോ. അ­തി­നാൽ രാ­മ­പു­ര­ത്തു­ത­ന്നെ ഒരു ഇം­ഗ്ലീ­ഷ് മി­ഡിൽ­സ്ക്കൂ­ളും മ­ല­യാ­ളം മിഡിൽ സ്ക്കൂ­ളും ദേ­വ­സ്വം ചി­ല­വിൽ സ്ഥാ­പി­ച്ചു ന­ട­ത്തു­വാൻ രാഘവൻ തീർ­ച്ച­പ്പെ­ടു­ത്തി. അ­തി­നാ­യി ക്ഷേ­ത്ര­ത്തിൽ നി­ന്നും അല്പം അകലെ രണ്ടു പാ­ഠ­ശാ­ല­കൾ­ക്കു­മാ­യി രണ്ടു വലിയ കെ­ട്ടി­ട­ങ്ങൾ നിർ­മ്മി­ക്കു­ക­യും അ­വ­യ്ക്കു വേണ്ട വി­ദ്യാ­ഭ്യാ­സോ­പ­ക­ര­ണ­ങ്ങൾ ശേ­ഖ­രി­ക്കു­ക­യും­ചെ­യ്തു.

ഈ സ്ക്കു­ളു­ക­ളു­ടെ ഉൽ­ഘാ­ട­ന­കർ­മ്മം അ­ത്യാ­ഡം­ബ­ര­പൂർ­വ്വം തന്നെ ന­ട­ന്നു. മ­ന്ത്രി­ത­ന്നെ­യാ­ണു് ഉൽ­ഘാ­ട­ന­കർ­മ്മ നിർ­വ­ഹി­ച്ച­തു്. അന്നു ആ ദേ­ശ­ക്കാർ ഒ­രുൽ­സ­വ­ദി­വ­സം­പോ­ലെ കൊ­ണ്ടാ­ടി. മ­നോ­ഹ­ര­മാ­യ ആ ഗ്രാ­മ­പ്ര­ദേ­ശ­വും രാ­ഘ­വ­നും മ­റ്റും ന­ട­ത്തു­ന്ന ജ­ന­ക്ഷേ­മ­ക­ര­ങ്ങ­ളാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളും മ­ന്ത്രി­യെ ആ­കർ­ഷി­ച്ചു. ഈ ഗ്രാ­മം ന­മ്മു­ടെ നാ­ട്ടി­നു­ത­ന്നെ ഒരു മാ­തൃ­ക­യാ­ണെ­ന്നു അ­ദ്ദേ­ഹം സം­ഭാ­ഷ­ണ­ത്തി­നി­ട­യിൽ പ­റ­ഞ്ഞു. അതീവ സ­ന്തു­ഷ്ട­നാ­യാ­ണു് മ­ന്ത്രി രാ­ജ­ധാ­നി­യി­ലേ­ക്കു മ­ട­ങ്ങി­യ­തു്.

ഇ­രു­പ­താം അ­ദ്ധ്യാ­യം

ആ ദിവസം രാ­മ­പു­ര­ത്തു് വേ­റൊ­രു വി­ശേ­ഷം­കൂ­ടി ഉ­ണ്ടാ­യി അതു തീർ­ത്ഥ­യാ­ത്ര പോ­യി­രു­ന്ന കി­ട്ടു ആ­ശാ­ന്റെ പ്ര­ത്യാ­ഗ­മ­ന­മാ­യി­രു­ന്നു. അ­ണ്ണാ­വി­ക്കും രാ­ഘ­വ­നും മൈ­ഥി­ലി­ക്കും എന്നു വേണ്ട ആ നാ­ട്ടി­ലു­ള്ള സ­ക­ലർ­ക്കും ആ­ശാ­ന്റെ വരവു് അ­ത്യാ­ഹ്ലാ­ദ­പ്ര­ദ­മാ­യി­രു­ന്നു.

അന്നു രാ­ത്രി­പൂ­വ­ത്തൂർ മാ­ളി­ക­യിൽ നടന്ന ഗൃ­ഹ­സ­ദ­സ്സു് ഉൽ­സാ­ഹ­വും സൗ­ഭാ­ഗ്യ­വും തി­ക­ഞ്ഞ­താ­യി­രു­ന്നു. അഞ്ചു സം­വൽ­സ­ര­ക്കാ­ല­ത്തെ വി­ദേ­ശ­വാ­സ­വൃ­ത്താ­ന്ത­ങ്ങൾ ആശാൻ എ­ല്ലാ­വ­രേ­യും വർ­ണ്ണി­ച്ചു കേൾ­പ്പി­ച്ചു. ഒ­ടു­വിൽ അ­ണ്ണാ­വി­യു­ടെ നിർ­ബ­ന്ധ­പ്ര­കാ­രം അ­ദ്ദേ­ഹം സ്വ­ന്തം പൂർ­വ്വ­ക­ഥ അന്നു ആ­ദ്യ­മാ­യി വെ­ളി­പ്പെ­ടു­ത്തി.

ആ കഥ ആ­ശ്ച­ര്യ­ക­ര­മാ­യി­രു­ന്നു. ആ­ശാ­ന്റെ സ്വ­ദേ­ശം രാ­മ­പു­ര­ത്തു­നി­ന്നു് ആ­റു­ദി­വ­സ­ത്തെ വ­ഴി­വ­ട­ക്കു ഒ­രു­ദി­ക്കി­ലാ­യി­രു­ന്നു. അ­ദ്ദേ­ഹം ത­റ­വാ­ട്ടിൽ കാ­ര­ണാ­വ­സ്ഥാ­നം ക­യ്യേൽ­ക്കു­വാൻ ഇ­ട­വ­ന്ന­തു­കൊ­ണ്ടു് പ­ഠി­ത്തം പൂർ­ത്തി­യാ­ക്കാൻ സാ­ധി­ക്കാ­തെ മ­തി­യാ­ക്കേ­ണ്ടി­വ­ന്നു. ആറേഴു ത­ല­മു­റ­ക്കാ­ലം നി­ര­ന്ത­ര­മാ­യ ഐ­ശ്വ­ര്യം നി­ല­നി­ന്നി­രു­ന്ന ഒരു ഉൽ­കൃ­ഷ്ട കു­ടും­ബ­ത്തി­ലാ­യി­രു­ന്നു ആശാൻ ജ­നി­ച്ച­തു്. ആ കു­ടും­ബ­ത്തി­ലെ ഒ­ടു­വി­ല­ത്തെ കാ­ര­ണ­വർ, ദു­ഷ്ട­നാ­യി­രു­ന്നി­ല്ലെ­ങ്കി­ലും എ­ളു­പ്പ­ത്തിൽ മ­റ്റു­ള്ള­വ­രു­ടെ ത­ന്ത്ര­ത്തി­ല­ക­പ്പെ­ടു­ന്ന മു­ഗ്ദ്ധ­ബു­ദ്ധി­യും ഭാ­ര്യാ­ഹി­ത­ത്തി­നു വി­ധേ­യ­നും ധാ­രാ­ളി­യു­മാ­യി­രു­ന്നു. അ­തി­നാൽ ത­റ­വാ­ടു മി­ക്ക­വാ­റും ക്ഷ­യി­ച്ചു നാ­മ­മാ­ത്ര­മാ­യി­രു­ന്ന സ­ന്ദർ­ഭ­ത്തി­ലാ­ണു് അ­ദ്ദേ­ഹം മ­രി­ച്ച­തും കി­ട്ടു­വാ­ശാൻ കാ­ര­ണ­വ­സ്ഥാ­നം ഏ­റ്റ­തും. ആ­ശാ­ന്റെ ത­റ­വാ­ട്ടിൽ രണ്ടു ശാഖകൾ ഉ­ണ്ടാ­യി­രു­ന്ന­തിൽ ഒരു ശാ­ഖ­യിൽ ആശാനെ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. മറ്റു ശാഖ സ­ന്താ­ന സ­മൃ­ദ്ധി­യു­ള്ള­താ­യി­രു­ന്നു. ആ ശാ­ഖ­യി­ലെ മൂത്ത പു­രു­ഷ­നാ­യ ത്രി­വി­ക്ര­മ­നും ആ­ശാ­നും ത­മ്മിൽ ആ­റു­മാ­സ­ത്തെ “മൂ­പ്പി­ള­മ” മാ­ത്ര­മേ­യു­ണ്ടാ­യി­രു­ന്നു­ള്ളു. അയാൾ ആ­ശാ­നോ­ടൊ­രു­മി­ച്ചു­ത­ന്നെ പ­ഠി­ച്ചി­രു­ന്നു­വെ­ങ്കി­ലും മൂ­ന്നു­നാ­ലു തവണ പ­രീ­ക്ഷ­യിൽ തോ­റ്റ­ശേ­ഷം പ­ഠി­ത്തം നി­റു­ത്തി പോ­ലീ­സ് ഡി­പ്പാർ­ട്ടു­മെ­ന്റിൽ ഒരു ഹെ­ഡ്കാൺ­സ്റ്റ­ബി­ളാ­യി പ്ര­വേ­ശി­ച്ചു. ക്ര­മേ­ണ ഉ­യർ­ന്നു ഒരു ഇൻ­സ്പെ­ക്ട­റാ­യി. അ­ങ്ങ­നെ പ്ര­താ­പ­ശാ­ലി­യാ­യി ഉ­ദ്യോ­ഗം ഭ­രി­ച്ചു­വ­ര­വെ, ഒരു പ്ര­യാ­സ­പ്പെ­ട്ട മോ­ഷ­ണ­ക്കേ­സി­നു് എ­ളു­പ്പ­ത്തിൽ തെ­ളി­വു­ണ്ടാ­ക്കാ­നു­ള്ള വ്യ­ഗ്ര­ത­യിൽ അയാൾ ഒ­രു­വ­നെ അ­ന്യാ­യ­മാ­യി ഭേ­ദ്യം­ചെ­യ്തു. അ­തി­നാൽ അയാളെ ജോ­ലി­യിൽ­നി­ന്നു പി­രി­ച്ചു­വി­ട്ടു. അ­ങ്ങ­നെ അയാൾ വീ­ട്ടിൽ­വ­ന്നു താ­മ­സ­മാ­യി സ്വ­ന്തം ശാ­ഖ­യി­ലെ സ­ന്താ­ന­സ­മൃ­ദ്ധി­ക്കു പുറമേ ജ്യേ­ഷ്ഠാ­നു­ജ­ത്തി­മാ­രാ­യ ര­ണ്ടു­ഭാ­ര്യ­മാ­രി­ലു­മാ­യി അ­യാൾ­ക്കും ധാ­രാ­ളം സ­ന്താ­ന­ങ്ങ­ളു­ണ്ടാ­യി. ഉ­ദ്യോ­ഗ­ത്തി­ലി­രു­ന്ന­പ്പോ­ഴ­ത്തെ പ്ര­താ­പ­ജീ­വി­ത­ത്തി­നു് നിർ­വാ­ഹ­മി­ല്ലാ­തെ­വ­രി­ക­യാൽ, അ­ധി­ക­നാൾ ചെ­ല്ലും­മു­മ്പേ ആ­ശാ­നു­മാ­യി മ­ത്സ­ര­മാ­രം­ഭി­ച്ചു. ആ­ശാ­ന്റെ പ­ത്തി­രു­പ­തു സം­വൽ­സ­ര­ക്കാ­ല­ത്തെ ശ്ര­ദ്ധാ­പൂർ­വ­മാ­യ ഭ­ര­ണ­ത്തിൽ ത­റ­വാ­ടു് പൂർ­വ്വ­സ്ഥി­തി­യി­ലെ­ത്തി­യി­ല്ലെ­ങ്കി­ലും നല്ല ക്ഷേ­മാ­വ­സ്ഥ­യി­ലെ­ത്തി­യി­രു­ന്നു. ആ­ശാ­നു് ഒരു ഭാ­ര്യ­യും ആ ഭാ­ര്യ­യിൽ വി­വാ­ഹ­പ്രാ­യ­മാ­യ ഒരു മകളും മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. അ­വർ­ക്കു സു­ഖ­മാ­യ കാ­ല­ക്ഷേ­പ­ത്തി­നു വേ­ണ്ട­വ­ക ആശാൻ സ­മ്പാ­ദി­ച്ചു കൊ­ടു­ത്തി­രു­ന്നു. അനുജൻ യാ­തൊ­രു ഹേ­തു­വും കൂ­ടാ­തെ ത­ന്നോ­ട്ടു മൽ­സ­രി­ച്ച­തു­കൊ­ണ്ടു് ആശാനു വളരെ മ­നഃ­ക്ലേ­ശ­മു­ണ്ടാ­യി. എ­ങ്കി­ലും മൽ­സ­ര­ത്തെ നി­യ­മ­സ­ഹാ­യ­ത്താൽ ഒ­തു­ക്കു­വാൻ അ­ദ്ദേ­ഹം ഉ­ദ്യ­മി­ച്ചി­ല്ല. സകല വ­സ്തു­ക്ക­ളും അനുജൻ കൈ­യേ­റി അ­നു­ഭ­വ­മെ­ടു­ത്തു തു­ട­ങ്ങി, ആശാൻ വ­ഴ­ക്കി­നു­പോ­കാ­തെ ത­റ­വാ­ട്ടിൽ നി­ന്നും ഒ­ഴി­ഞ്ഞു­മാ­റി. ഭാ­ര്യ­യോ­ടൊ­രു­മി­ച്ചു ഭാ­ര്യ­ക്കു് ആശാൻ സ­മ്പാ­ദി­ച്ചു­കൊ­ടു­ത്ത വ­സ്തു­വിൽ താമസം മാ­റ്റി. ഏറെ താ­മ­സി­യാ­തെ മകളെ യോ­ഗ്യ­നാ­യ ഒരു വരനു വി­വാ­ഹം ക­ഴി­ച്ചു­കൊ­ടു­ത്തു. ആ മ­ക­ളു­ടെ പു­ത്ര­നാ­ണു് രാഘവൻ.

രാഘവൻ ജ­നി­ച്ചു് ഒരു വ­യ­സ്സാ­യ­പ്പോൾ ആ­ശാ­ന്റെ ഭാര്യ മ­രി­ച്ചു. അ­നു­ജ­ന്റെ മൽ­സ­ര­ബു­ദ്ധി­യും ഭാ­ര്യ­യു­ടെ വി­ര­ഹ­വും, അർ­ദ്ധാ­ത്മ­ജ്ഞാ­ന­ദൃ­ഷ്ടി­യും കൊ­ണ്ടു് സ്വ­ദേ­ശ­വാ­സം വി­ര­സ­മാ­യി­ത്തീ­രു­ക­യാൽ ആശാൻ തീർ­ത്ഥ­യാ­ത്ര­യ്ക്കു പു­റ­പ്പെ­ട്ടു പല പു­ണ്യ­സ്ഥ­ല­ങ്ങ­ളേ­യും പല പു­ണ്യാ­ത്മ­ക്ക­ളേ­യും ക­ണ്ടു് പലതും ഗ്ര­ഹി­ച്ചു അ­തോ­ടു­കൂ­ടി അ­ദ്ദേ­ഹ­ത്തി­നു മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ ക­ട­ന്നു­കൂ­ടി­യി­രി­ക്കു­ന്ന ഉ­ച്ച­നീ­ച­ത്വാ­ദി സ­മു­ദാ­യ­ദോ­ഷ­ങ്ങ­ളെ­ക്കു­റി­ച്ചു ഗാ­ഢ­മാ­യി ചി­ന്തി­ക്കു­വാൻ സം­ഗ­തി­യാ­യി.

ഏ­തെ­ങ്കി­ലും ഒരു ചെറിയ ഗ്രാ­മ­ത്തിൽ അ­ജ്ഞാ­ത­വാ­സം­ചെ­യ്തു്, ആ ഗ്രാ­മീ­ണ­രു­ടെ ഇ­ട­യി­ലെ­ങ്കി­ലും തന്റെ അ­ഭി­പ്രാ­യ­പ്ര­കാ­ര­മു­ള്ള സ­മു­ദാ­യോ­ദ്ധാ­ര­ണ പ­രി­ശ്ര­മ­ങ്ങൾ ചെ­യ്യ­ണ­മെ­ന്നു ന­ശ്ച­യി­ച്ചു. അതിനു യോ­ഗ്യ­മാ­യ ഒരു സ്ഥ­ല­മ­ന്വേ­ഷി­ച്ചാ­ണു് പൂ­വ­ത്തു­രിൽ­വ­ന്നു അ­ണ്ണാ­വി­യു­ടെ പ­രി­ച­യം സ­മ്പാ­ദി­ച്ചു ന­ന്താ­വ­ന­ത്തിൽ പാർ­പ്പും രാ­മ­പു­രം ക്ഷേ­ത്ര­ത്തിൽ രാ­മാ­യ­ണം വാ­യ­ന­യു­മാ­യി ക­ഴി­ഞ്ഞു­വ­ന്ന­തു്.

ന­ന്താ­വ­ന­ത്തിൽ താ­മ­സ­മാ­യി ഏ­താ­നും മാ­സ­ങ്ങൾ ക­ഴി­ഞ്ഞു പ്ര­ച്ഛ­ന്ന­വേ­ഷ­നാ­യി ആശാൻ സ്വ­ദേ­ശ­ത്തു് സ­ഞ്ച­രി­ച്ചു് അ­വി­ട­ത്തെ ക്ഷേ­മം അ­ന്വേ­ഷി­ച്ചു മ­ട­ങ്ങി­പ്പോ­ന്നു. ആ­ശ്ര­മ­ജോ­ലി­കൾ സാ­വ­കാ­ശ­മാ­യി ആ­ശാൻ­ത­ന്നെ­യാ­ണു് ന­ട­ത്തി­ക്കൊ­ണ്ടു വ­ന്ന­തെ­ങ്കി­ലും ചി­ല­ജോ­ലി­കൾ­ക്കു്, കൃ­ഷി­യി­ല്ലാ­ത്ത കാ­ല­ങ്ങ­ളിൽ വേ­ല­യ്ക്കു വി­ശ­ന്നു ന­ട­ന്നി­രു­ന്ന പ­റ­യ­രേ­യും ആശാൻ ഏർ­പ്പെ­ടു­ത്തി­യി­രു­ന്നു.

രാ­ഘ­വ­നു മൂ­ന്നു വ­യ­സ്സു­ള്ള­പ്പോ­ഴാ­ണു്, ആശാൻ രാ­ഘ­വ­നെ ഒ­ടു­വിൽ ക­ണ്ട­തു്. അ­പ്പോൾ രാ­ഘ­വ­നു സ­ഹോ­ദ­രി­യാ­യി ഒരു പെൺ­കു­ട്ടി­യും ജ­നി­ച്ചി­രു­ന്നു. മകളും കു­ഞ്ഞു­ങ്ങ­ളും ഭർ­ത്താ­വി­ന്റെ സം­ര­ക്ഷ­ണ­യിൽ സു­ഖ­മാ­യി ക­ഴി­ഞ്ഞു­വ­ന്ന­തു ക­ണ്ടു­ള്ള കൃ­താർ­ത്ഥ­ത­യോ­ടു കൂടി ആശാൻ തി­രി­ച്ചു­വ­ന്നു് ആ­ശ്ര­മ­ത്തിൽ സ്ഥി­ര­മാ­യി താമസം തൂ­ട­ങ്ങി. ഏ­താ­നും കൊ­ല്ലം ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് രാ­ഘ­വ­നെ ക­ണ്ടെ­ത്തു­വാ­നി­ട­യാ­യ­തു്.

ആ­ശാ­ന്റെ മ­ക­ളു­ടെ മകനായ രാഘവൻ സ്വ­ദേ­ശ­ത്തു­ള്ള ഒരു മ­ല­യാ­ളം സ്ക്കൂ­ളിൽ യ­ഥാ­കാ­ലം ചേർ­ന്നു നാ­ലാം­ക്ലാ­സ്സ് ജ­യി­ച്ചു. അ­ഞ്ചാം­ക്ലാ­സ്സിൽ വാ­യി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോൾ അ­ച്ഛ­നും അ­മ്മ­യും ഒരു സ­ഹോ­ദ­രി­യും ഉ­ണ്ടാ­യി­രു­ന്ന­വർ സം­ശ­യ­ക­ര­മാ­യ വി­ധ­ത്തിൽ മ­ര­ണ­മ­ട­ഞ്ഞു ത­റ­വാ­ടു വ­സ്തു­വി­ന്റെ ആ­ദാ­യം­കൊ­ണ്ടു ആശാൻ ഭാ­ര്യ­യ്ക്കു സ­മ്പാ­ദി­ച്ചു­കൊ­ടു­ത്ത വസ്തു ഒ­ഴി­പ്പി­ച്ചു ത­റ­വാ­ട്ടിൽ ചേർ­ക്ക­ണ­മെ­ന്നു് ത്രി­വി­ക്ര­മൻ കൊ­ടു­ത്ത കേസ് ന­ട­ന്നു­വ­രു­മ്പോ­ഴാ­ണു് രാ­ഘ­വ­ന്റെ അ­മ്മ­യ­ച്ഛ­ന്മാ­രും സ­ഹോ­ദ­രി­യും മ­രി­ച്ച­തു്. തൻ­മൂ­ലം വ്യ­വ­ഹാ­രം ന­ട­ത്താൻ പ്രാ­പ്ത­രാ­യ കഷികൾ ഇ­ല്ലെ­ന്നു­വ­രി­ക­യാൽ കേസ് ത്രി­വി­ക്ര­മ­നു് അ­നു­കൂ­ല­മാ­യി വി­ധി­ച്ചു. രാ­ഘ­വ­നെ വീ­ട്ടിൽ നി­ന്നു പു­റ­ത്താ­ക്കി. അ­ങ്ങ­നെ അ­നാ­ഥ­നാ­യി­ത്തീർ­ന്ന രാഘവൻ സ്വ­ദേ­ശം­വി­ട്ടു അ­ല­ഞ്ഞു­തി­രി­ഞ്ഞു കർ­മ്മ­ബ­ന്ധ­ത്താൽ ആ­ശാ­ന്റെ അ­ടു­ക്കൽ വ­ന്നു­ചേർ­ന്നു.

രാ­ഘ­വ­നെ ക­ണ്ട­പ്പോൾ ആശാനു സ­ന്ദേ­ഹം ഉ­ണ്ടാ­യ­താ­യി പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലോ. രാ­ഘ­വ­നു­മാ­യി അ­ന്ന­ന്നു നടന്ന സം­ഭാ­ഷ­ണ­ത്തിൽ­നി­ന്നു രാ­ഘ­വ­നും ആ­ശാ­നും ത­മ്മി­ലു­ള്ള ബ­ന്ധ­വും വീ­ട്ടി­ലു­ണ്ടാ­യ വ്യ­സ­ന­ക­ര­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളും ആശാൻ പൂർ­ണ്ണ­മാ­യി ഗ്ര­ഹി­ച്ചു. രാ­ഘ­വ­നു പ്രാ­യ­പൂർ­ത്തി വ­ന്നി­ട്ടു വ­സ്തു­ക്കൾ തി­രി­ച്ചു­കി­ട്ടാൻ വ്യ­വ­ഹാ­രം കൊ­ടു­ക്ക­ണ­മെ­ന്നു ആശാനു ആദ്യം തോ­ന്നി­യെ­ങ്കി­ലും, ആ­ശാ­ന്റെ ആ­ശ്ര­മ­വും അതോടു ചേർ­ന്ന കുറെ സ്ഥ­ല­വും രാ­ഘ­വ­ന്റെ സ­മ്പാ­ദ്യ­മാ­ക്കി­ത്തീർ­ക്കാ­മെ­ങ്കിൽ ആയതു പൊ­യ്പോ­യ വ­സ്തു­ക്ക­ളേ­ക്കാൾ രാ­ഘ­വ­നു തുലോം വി­ല­യേ­റി­യ ഒരു സ­മ്പാ­ദ്യ­മാ­യി­രി­ക്കു­മെ­ന്നു കരുതി, അ­തി­നു­ള്ള ശ്ര­മ­വും രാ­ഘ­വ­ന്റെ വി­ദ്യാ­ഭ്യാ­സ­വും ആശാൻ നി­ഷ്ക്കർ­ഷ­യോ­ടു­കൂ­ടി ന­ട­ത്തി­ത്തു­ട­ങ്ങി. ആ­ശാ­ന്റെ ഈ ശ്രമം നി­റ­വേ­റി എ­ന്നും, അ­തി­നാ­യി ചെയ്ത ശ്ര­മ­ങ്ങ­ളു­ടെ ഫ­ല­മാ­യി രാ­മ­പു­രം ഗ്രാ­മ­ത്തിൽ എ­ത്ര­മാ­ത്രം പ­രി­ഷ്ക്കാ­ര­വും ഐ­ശ്വ­ര്യ­ഭ്യാ­വൃ­ദ്ധി­യും, ഉ­പ­രി­യാ­യി അ­ഭി­വൃ­ദ്ധി­ക്കു സ്ഥി­ര­മാ­യ അ­ടി­സ്ഥാ­ന­വും ഉ­ണ്ടാ­യി എന്നു നാം അ­റി­ഞ്ഞ­ല്ലോ. ആശാൻ ഒ­ടു­വിൽ ഷ­ഷ്ടി­പൂർ­ത്തി ക­ഴി­ഞ്ഞു് സ­ന്യാ­സി­യാ­യി പു­റ­പ്പെ­ട്ട­തു് സ്വ­കു­ടും­ബ സ്ഥി­തി­കൾ എ­ങ്ങ­നെ­യി­രി­ക്കു­ന്നു­വെ­ന്നും, ച­ട­യ­ന്റെ മ­താ­വി­നേ­യും സ­ഹോ­ദ­രി­യേ­യും ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­യു­മോ എന്നു അ­ന്വേ­ഷി­ക്കാ­നു­മാ­യി­രു­ന്നു. ഈ അ­ന്വേ­ഷ­ണം ര­ണ്ടും ആശാൻ ന­ട­ത്തി. സ്വ­കു­ടും­ബം ത്രി­വി­ക്ര­മ­ന്റെ പ­രാ­ക്ര­മ­ത്തിൽ ക്ഷേ­മ­മാ­യി­ത്ത­ന്നെ ന­ട­ത്തി­യി­രു­ന്നു­വെ­ങ്കി­ലും, അ­യാ­ളു­ടെ പ­രാ­ക്ര­മം പ്ര­ശം­സ­നീ­യ­മാ­യി­രു­ന്നി­ല്ലെ­ന്നു ആശാനു ബോ­ദ്ധ്യ­പ്പെ­ട്ടു. എ­ങ്ങ­നെ­യെ­ങ്കി­ലും കു­ടും­ബം ക്ഷേ­മ­മാ­യി ക­ഴി­ഞ്ഞു­ക­ണ്ട­തി­ലു­ള്ള തൃ­പ്തി­യോ­ടും ത്രി­വി­ക്ര­മ­ന്റെ ന­ട­പ­ടി­ക­ളിൽ അ­തൃ­പ്തി­യോ­ടും ആശാൻ സ്വ­ദേ­ശ­ത്തോ­ടു അവസാന യാത്ര പ­റ­ഞ്ഞു. രാ­ഘ­വ­നു ഒരു നല്ല നില പ്രാ­പി­ക്കാ­നു­ള്ള സ്ഥി­ര­മാ­യ അ­ടി­സ്ഥാ­നം ഉ­ണ്ടാ­യി­ക്ക­ഴി­ഞ്ഞ­ല്ലോ എന്നു ആശാൻ കൃ­ത­കൃ­ത്യ­നാ­യി. എ­ങ്കി­ലും ലൗകിക കാ­ര്യ­ങ്ങ­ളിൽ വി­ര­ക്തി തോ­ന്നി ആ­ത്മ­ശാ­ന്തി­ക്കു­ള്ള മാർ­ഗ്ഗാ­ന്വേ­ഷ­ണം ചെ­യ്തു­കൊ­ണ്ടു് ആശാൻ രാ­മ­പു­ര­ത്തേ­യ്ക്കു മ­ട­ങ്ങി­വ­രാ­തെ, ഒരു സ­ന്യാ­സി­യാ­യി­ത്ത­ന്നെ വി­ദേ­ശ­സ­ഞ്ചാ­രം തു­ട­ങ്ങി പല പു­ണ്യ­സ്ഥ­ല­ങ്ങ­ളും സ­ഞ്ച­രി­ച്ചു ക­ണ്ട­ശേ­ഷം ആ­ശാ­ന്റെ ര­ണ്ടാ­മ­ത്തെ സ്വ­ദേ­ശ­മാ­യ രാ­മ­പു­ര­ത്തി­ന്റേ­യും രാ­ഘ­വ­ന്റെ­യും സ്ഥി­തി അ­ന്വേ­ഷി­ക്കാ­മെ­ന്നു് വി­ചാ­രി­ച്ചു മ­ട­ങ്ങി­വ­ന്ന­താ­ണു്. ഈ മടക്ക യാ­ത്ര­യിൽ ച­ട­യ­ന്റെ ത­ള്ള­യേ­യും പെ­ങ്ങ­ളേ­യും ക­ണ്ടു­കൂ­ടി. അ­വ­രേ­യും കൂടി ച­ട­യ­ന്റെ അ­ടു­ക്ക­ലേ­ക്കു കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്നു. ചടയനു അ­വ­ന്റെ അ­മ്മ­യേ­യും പെ­ങ്ങ­ളേ­യും ക­ണ്ട­പ്പോ­ഴു­ണ്ടാ­യ ആ­ന­ന്ദം വാ­യ­ന­ക്കാർ­ക്കു ഊ­ഹി­ച്ച­റി­യാ­മ­ല്ലോ.

മൈ­ഥി­ലീ­രാ­ഘ­വ­ന്മാർ പ­ര­സ്പ­രാ­നു­രാ­ഗം ഉ­ള്ള­വ­രാ­യി­ത്തീർ­ന്നു എ­ങ്കിൽ അ­തെ­ങ്ങ­നെ­യെ­ന്നു വി­സ്ത­രി­ച്ചി­ട്ടാ­വ­ശ്യ­മി­ല്ലാ­ത്ത­വ­ണ്ണ­മാ­ണു് അ­വ­രു­ടെ കഥ ഇ­തു­വ­രെ തു­ടർ­ന്നു­വ­ന്ന­തു്. അ­വ­രെ­ത്ത­മ്മിൽ ദാ­മ്പ­ത്യ­ബ­ന്ധ­ത്തിൽ ഏർ­പ്പെ­ടു­ത്തു­ന്ന­തി­നു അ­ണ്ണാ­വി­യു­ടേ­യും ഭാ­ര്യ­യു­ടേ­യും മ­ന­സ്സിൽ ഒരു ചെറിയ സ­ന്ദേ­ഹം മാ­ത്ര­മെ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. അതു രാ­ഘ­വ­ന്റെ കുലം ഏ­തെ­ന്നു­ള്ള ശ­ങ്ക­മാ­ത്ര­മാ­യി­രു­ന്നു. ആ­ശാ­ന്റെ ക­ഥാ­വി­സ്താ­രം ആ ശ­ങ്ക­യേ­യും അ­പാ­ക­രി­ച്ചു.

അവർ ത­മ്മി­ലു­ള്ള വി­വാ­ഹം ആ­യാ­ണ്ടു മേ­ട­മാ­സ­ത്തിൽ മ­ന്ത്രി മു­ത­ലാ­യ പല പ്ര­മാ­ണ­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും മറ്റു മാ­ന്യ­ന്മാ­രു­ടേ­യും സാ­ന്നി­ദ്ധ്യ­ത്തിൽ മം­ഗ­ള­മാ­യി­ക്ക­ഴി­ഞ്ഞു. “സ­മാ­ന­ഗു­ണ­രാ­യ വധൂവര”ന്മാ­രു­ടെ ചേർ­ച്ച ക­ണ്ടു് സകല ആ­ളു­ക­ളും അവരെ അ­ഭി­ന­ന്ദി­ക്കു­ക­യും അ­നു­ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു. സകല സൗ­ഭാ­ഗ്യ­ങ്ങ­ളോ­ടു­കൂ­ടി അവർ ദീർ­ഘ­കാ­ലം ജീ­വി­ച്ചി­രു­ന്നു.

ശുഭം.

സി. വി. കു­ഞ്ഞു­രാ­മൻ
images/Cvkunjuraman-new.jpg

പ്ര­മു­ഖ­നാ­യ മലയാള പ­ത്രാ­ധി­പ­രും സാ­മൂ­ഹ്യ ന­വോ­ത്ഥാ­ന നാ­യ­ക­നു­മാ­യി­രു­ന്നു സി. വി. കു­ഞ്ഞു­രാ­മൻ (1871–1949).

ജീ­വി­ത­രേ­ഖ

കവി, വി­മർ­ശ­കൻ, കേരള കൗ­മു­ദി സ്ഥാ­പ­കൻ എന്നീ നി­ല­ക­ളിൽ പ്ര­ശ­സ്ത­നാ­യ സി. വി. കൊ­ല്ലം ജി­ല്ല­യി­ലെ മ­യ്യ­നാ­ട്ടിൽ ജ­നി­ച്ചു. എൽ. എം. എസ്. സ്കൂ­ളി­ലും കൊ­ല്ലം ഗ­വൺ­മെ­ന്റ് ഹൈ­സ്കൂ­ളി­ലും പ­ഠി­ച്ചു. അ­ദ്ധ്യാ­പ­ക­നാ­യി ഔ­ദ്യോ­ഗി­ക ജീ­വി­തം ആ­രം­ഭി­ച്ച സി. വി. പി­ന്നീ­ടു് വ­ക്കീൽ വൃ­ത്തി­യി­ലേ­ക്കു മാറി. മലയാള വർഷം 1103-ൽ എസ്. എൻ. ഡി. പി. യോഗം സെ­ക്ര­ട്ട­റി­യാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. സാ­മൂ­ഹ്യ അ­നാ­ചാ­ര­ങ്ങൾ­ക്കെ­തി­രെ തൂലിക പ­ട­വാ­ളാ­ക്കി പൊ­രു­തി. കേരള കൗ­മു­ദി ആദ്യം മ­യ്യ­നാ­ടു നി­ന്നും പി­ന്നീ­ടു് തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നും ആ­രം­ഭി­ച്ചു. സു­ജാ­ന­ന്ദി­നി­യി­ലെ­ഴു­തി­യ ക­വി­ത­ക­ളും ഗ­ദ്യ­വും നി­ര­വ­ധി പേരെ ആ­കർ­ഷി­ച്ചു. 1949-ൽ അ­ദ്ദേ­ഹം അ­ന്ത­രി­ച്ചു. തി­ര­ണ്ടു­കു­ളി, പു­ളി­കു­ടി, താ­ലി­കെ­ട്ടു് തു­ട­ങ്ങി­യ ജാതീയ സ­മ്പ്ര­ദാ­യ­ങ്ങൾ­ക്കെ­തി­രെ ക­വി­ത­ക­ളും ക­ഥ­ക­ളു­മെ­ഴു­തി. മ­ല­യാ­ള­രാ­ജ്യം പ­ത്ര­ത്തി­ന്റെ പ­ത്രാ­ധി­പ­രാ­യും പ്ര­വർ­ത്തി­ച്ചു.

ഭാ­ഷാ­ഭി­മാ­നി, സിം­ഹ­ളൻ, പി. കെ. തി­യ്യൻ എന്നീ തൂ­ലി­കാ നാ­മ­ങ്ങ­ളി­ലാ­ണു് അ­ദ്ദേ­ഹ­മെ­ഴു­തി­യി­രു­ന്ന­തു്. അ­ധഃ­കൃ­തർ­ക്കു് പ്ര­ത്യേ­ക സ്കൂ­ളു­കൾ അ­നു­വ­ദി­ക്കു­ന്ന­തി­നു വേ­ണ്ടി പ്ര­യ­ത്നി­ച്ച അ­ദ്ദേ­ഹം ഈ­ഴ­വർ­ക്കു വേ­ണ്ടി മ­യ്യ­നാ­ടു് ഗ്രാ­മ­ത്തിൽ വെ­ള്ള­മ­ണൽ എന്ന പേരിൽ വി­ദ്യാ­ല­യം സ്ഥാ­പി­ച്ചു. 1928-ലും 1931-ലും എസ്. എൻ. ഡി. പി. ജനറൽ സെ­ക്ര­ട്ട­റി­യാ­യി. യു­ക്തി­വാ­ദി പ്ര­സ്ഥാ­ന­ത്തി­ലും സ­ജീ­വ­മാ­യി പ്ര­വർ­ത്തി­ച്ചു.

പ­ത്ര­പ്ര­വർ­ത്ത­ക­നും എ­ഴു­ത്തു­കാ­ര­നു­മാ­യി­രു­ന്ന കെ. സു­കു­മാ­രൻ മ­ക­നാ­ണു്.

കൃ­തി­കൾ
കവിത
  • കാർ­ത്തി­കോ­ദ­യം
  • ശ്രീ പ­ത്മ­നാ­ഭ­സ­ന്നി­ധി­യിൽ
  • ഈ­ഴ­വ­നി­വേ­ദ­നം
  • ന­ര­ലോ­കം
  • ഒരു സ­ന്ദേ­ശം
  • സ്വാ­മി­ചൈ­ത­ന്യം
  • സ്വാ­ഗ­ത­ഗാ­നം
നാടകം
  • മാ­ല­തീ­കേ­ശ­വം
ഗദ്യം
  • ഒരു നൂറു കഥകൾ
  • എന്റെ ശ്രീ­കോ­വിൽ
  • ആശാൻ സ്മ­ര­ണ­കൾ
  • അ­റ­ബി­ക്ക­ഥ­കൾ (നാലു ഭാഗം)
  • ഷേ­ക്സ്പി­യർ കഥകൾ
  • രാ­മ­ദേ­വ­നും ജാ­ന­കി­യും
  • വെ­ന്നീ­സ്സി­ലെ വ്യാ­പാ­രി
  • വരലോല
  • ഹേ­മ­ലീ­ല
  • കൊ­ടു­ങ്കാ­റ്റു്
  • വാ­ല്മീ­കി­രാ­മാ­യ­ണം
  • സോ­മ­നാ­ഥൻ
  • വ്യാ­സ­ഭാ­ര­തം
  • രാ­ധാ­റാ­ണി
  • രാ­മാ­യ­ണ­ക­ഥ
  • കാ­ന്തി­മ­തി
  • ലു­ക്രീ­സി­ന്റെ ചാ­രി­ത്ര­ഹാ­നി
  • പ­ത്നാ­ദേ­വി (അ­പൂർ­ണം)
  • രാ­ഗ­പ­രി­ണാ­മം
  • ദുർ­ഗാ­ക്ഷേ­ത്രം (അ­പൂർ­ണം) പ­ഞ്ച­വ­ടി
  • നാ­ഗ­ക­ന്യ­ക (അ­പൂർ­ണം)
  • ഉ­ണ്ണി­യാർ­ച്ച
  • തു­മ്പോ­ലാർ­ച്ച
  • മാ­ലു­ത്ത­ണ്ടാൻ
  • ഒരു നൂ­റ്റാ­സ്സി­നു മു­മ്പു്
  • ലോ­ക­മ­ത­ങ്ങൾ (തർ­ജ്ജ­മ)
ച­രി­ത്രം
  • കെ. സി. കേ­ശ­വ­പി­ള്ള­യു­ടെ ജീ­വ­ച­രി­ത്രം
  • ഇ­ന്ത്യാ ച­രി­ത്ര സം­ഗ്ര­ഹം

Colophon

Title: Panchavadi (ml: പ­ഞ്ച­വ­ടി).

Author(s): C. V. Kunjuraman.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Novel, C. V. Kunjuraman, Panchavadi, സി. വി. കു­ഞ്ഞു­രാ­മൻ, പ­ഞ്ച­വ­ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Family of Deer in a Landscape with a Waterfall, a painting by Gustave Courbet (1819–1877). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.