images/Mother_with_a_Child.jpg
Mother with a Child, a painting by Franz Dvorak (1862–1927).
സോമനാഥൻ
സി. വി. കുഞ്ഞുരാമൻ
മുഖവുര

ഈയാണ്ടത്തെ മദ്ധ്യവേനൽ ഒഴിവിനു ചരിത്രസംബന്ധമായ ചില ആഖ്യായികകൾ ഞാൻ വായിച്ചുകൊണ്ടിരുന്നു. അവയിൽ ചിലതു മലയാളത്തിലേക്കു സംക്രമിപ്പിച്ചാൽ ഇംഗ്ലീഷുപരിചയമില്ലാത്ത മലയാള വായനക്കാർക്കു നിർദ്ദോഷമായ വിനോദത്തിനു ഹേതുവായിത്തീരുമെന്നു എനിക്കു തോന്നി. ഈ വിചാരം എനിക്കുണ്ടായപ്പൊഴേക്കു ഒഴിവുദിനങ്ങൾ ഏകദേശം അവസാനിക്കാറായി. അതുകൊണ്ടു ഈ ഒഴിവിനു തീർക്കാമെന്നു എനിക്കു തോന്നിയ ഈ ചെറിയ ആഖ്യായിക ഞാൻ തർജ്ജിമ ചെയ്വാൻ ആരംഭിച്ചു. ഈമാതിരി ചെറിയ ആഖ്യായിക തന്നെ ഇൻഡ്യാചരിത്രത്തെ സംബന്ധിച്ചു വേറെയും പലതുണ്ടെങ്കിലും ഇതിനെക്കുറിച്ചു എനിക്കു പക്ഷപാതം തോന്നാൻ വിശേഷവിധി ഒരു കാരണംകൂടിയുണ്ടു്.

ഹിന്ദുക്കൾ, തങ്ങളുടെ മതത്തേക്കാൾ ആചാരങ്ങളെ അധിക പ്രതിപത്തിയോടുകൂടി ആദരിച്ചു വരുന്നവരാണു്. ഓരോ കാലത്തു ഓരോ കാരണവശാൽ ഉണ്ടായിത്തീർന്നിട്ടുള്ള അനർത്ഥകരങ്ങളായ അനേകം ദുരാചാരങ്ങളെ അവയുടെ അനിഷ്ടഫലങ്ങളെ കുറിച്ചു വേണ്ടുംവണ്ണം അറിവുണ്ടായതിന്റെ ശേഷവും പൂർവാചാരം എന്നുള്ള ഒരു ഒറ്റ വിശേഷംമാത്രം കൊണ്ടു പരിത്യജിക്കുന്നതിൽ പര്യാകുലന്മാരായിത്തീരുന്ന ആളുകൾ നമ്മുടെ ഇടയിൽ അനവധിയുണ്ടല്ലൊ. ഐഹികവാസത്തിനുശേഷം ആനന്ദകരമായ ഒരു അനന്തരജീവിതം ഉണ്ടെന്നു അതിഭയങ്കരമായ മരണസമയത്തു മനുഷ്യാത്മാവിനു ആശ്വാസത്തെ കൊടുക്കുന്ന മതം, അതിന്റെ വികൃതമായ രൂപത്തിൽ എത്ര ആത്മാക്കളുടെ കഷ്ടതരമായ നാശത്തിനു കാരണമായിത്തീർന്നിട്ടുണ്ടെന്നുള്ളതിനു കണക്കില്ല. മതത്തിനും ആചാരങ്ങൾക്കും തമ്മിലുള്ള സംബന്ധത്തെ അവധാരണംചെയ്യുന്നതിനു കഴിയാഞ്ഞിട്ടൊ, അയഥാർത്ഥബോധം കൊണ്ടൊ, മതമെന്നു പരിഭ്രമിച്ചു, മതകർത്താക്കന്മാർ സ്മരിക്കപോലും ചെയ്തിട്ടില്ലാത്ത എത്രയൊ ദുരാചാരങ്ങളെ മതത്താൽ വിധിക്കപ്പെട്ടിട്ടുള്ള പരിശുദ്ധകർമ്മങ്ങളെക്കാൾ ഭക്തിപൂർവം മനുഷ്യർ കൊണ്ടാടി വരുന്നുണ്ടു്. ഭാഗ്യവശാൽ ആചാരപരിഷ്കരണത്തിൽ ഈയിടെ ഹിന്ദുക്കൾ അധികമായ താല്പര്യത്തെ പ്രദർശിപ്പിച്ചു വരുന്നുണ്ടു്. ഹിന്ദുക്കളുടെ പരിഷ്കാരം അധോഗതിയെ പ്രാപിച്ച കാലത്തു അവരുടെ ഇടയിൽ കടന്നുകൂടിയ അനേകം ദുരാചാരങ്ങളിൽ “സതികളുടെ അനുമരണം” എത്രയും ക്രൂരവും ഭയങ്കരവും ആയ ഒരാചാരമായിരുന്നു എന്നു നമുക്കൊക്കെ ഇപ്പോൾ തോന്നുന്നുണ്ടു. എന്നാൽ പൂർവാചാരങ്ങളിൽ നമുക്കുള്ള ഭക്തിയുടെ നിസ്സീമതയെക്കുറിച്ചാലോചിക്കുമ്പോൾ ഗുണകരമായ ബ്രിട്ടീഷുഭരണം ഇൻഡ്യയിൽ പ്രതിഷ്ഠാപിതമായില്ലെങ്കിൽ അതിഗർഹിതമായ ഈ ദുരാചാരം ഇപ്പൊഴും നമ്മുടെ ഇടയിൽ നടനംകൊണ്ടിരിക്കയില്ലയൊ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. മഹാനായ അക്ബർ ചക്രവർത്തി ഈ ദുരാചാരത്തെ നിറുത്തൽ ചെയ്വാൻ നിഷ്ഫലമായി പ്രയത്നിച്ചു. ൧൮൨൯-ൽ ഗുണവാനായ ലാർഡ്വില്യം ബെറിക് എന്ന ഗവർണ്ണർ ജനറാൽ ഏർപ്പെടുത്തിയ ഒരു ചട്ടംകൊണ്ടാണു് ഈ ദുരാചാരം നിശ്ശേഷം നിറുത്തൽ ചെയ്യപ്പെട്ടതു്. ഇത്ര മഹാഭയങ്കരമായ ഒരു ദുരാചാരം തന്നെയും നിറുത്തലായിട്ടു ഒരു പുരുഷായുസ്സിന്റെ മുക്കാൽഭാഗമേ കഴിഞ്ഞിട്ടുള്ളു എന്നോർക്കുമ്പോൾ അത്രതന്നെ ഭയങ്കരങ്ങളല്ലാത്ത ഓരോ ദുരാചാരങ്ങൾ നമ്മുടെ ഇടയിൽ ഇപ്പൊഴും നടന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു അത്ഭുതപ്പെടാനുമില്ല.

“മനുഷ്യന്റെ മതഭ്രാന്തു ഇതേവരെ കണ്ടുപിടിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളിൽ വച്ചു് അതിക്രൂരവും അത്യന്തഗർഹിതവും മഹാഭയങ്കരവും” ആയ “സതികളുടെ അനുമരണ”ത്തെ ഈ ആഖ്യായികയിൽ അതിഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. ഇതിനെ വായിച്ചുനോക്കുന്ന നമ്മുടെ പൂർവാചാരതല്പരന്മാർക്കു തങ്ങൾ വലിയ കാര്യമായി അനുഷ്ഠിച്ചുവരുന്ന ആചാരങ്ങളുടെ ഗുണദോഷങ്ങളെ കുറിച്ചു പര്യാലോചന ചെയ്യേണ്ടതാണെന്നു ഒരു ബുദ്ധിയെ ജനിപ്പിക്കുമെങ്കിൽ അതിലുപരമായ ഒരു പ്രതിഫലം ഈ പ്രയത്നത്തിനു ഞാൻ മോഹിക്കുന്നില്ല.

മയ്യനാടു്

൧൦൮൦-ഇടവം-൧൮ സി. വി. കുഞ്ഞുരാമൻ.

൧-ാം അദ്ധ്യായം

ഒരു ദിവസം പുലർച്ചയായി അല്പം കഴിഞ്ഞപ്പോൾ സുന്ദരിയായ ഒരു ഹിന്ദുസ്ത്രീ സോമനാഥക്ഷേത്രത്തിൽനിന്നു കുറേ അകലെ തിരമാലകൾ മിനുസമുള്ള മണൽതരികളിൽകൂടി സാവധാനമായി ചുരുണ്ടുകയറിക്കൊണ്ടിരുന്ന കടൽക്കരയിൽ കുളിച്ചുകൊണ്ടു നിന്നിരുന്നു. ഈ പട്ടണം മൂന്നുവശവും സമുദ്രത്താൽ നനയ്ക്കപ്പെട്ടിരുന്ന ഒരു ഉപദ്വീപിന്റെ ഇടുങ്ങിയ ഭാഗത്താണു സ്ഥാപിക്കപ്പെട്ടിരുന്നതു്. ആയതു ബലമുള്ള കോട്ടമതിലുകളാൽ ചുറ്റപ്പെട്ടുമിരുന്നു. ഇതിനുള്ളിൽ കഴിയുന്നതിനു ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. പ്രസിദ്ധനായ ഗസ്നിയിലെ സുൽത്താൻ മാമുദ്ദ് എത്രയുംവലിയ ഒരു സൈന്യത്തോടുകൂടി ഈ നഗരത്തെ ആക്രമിക്കാൻ വരുന്നുണ്ടെന്നു ഒരു വർത്തമാനം ഉണ്ടായിരുന്നു. സോമനാഥന്റെ ദിവ്യശക്തിയിൽ ഉള്ള സ്ഥിരവിശ്വാസംകൊണ്ടു നഗരവാസികളായ ഹിന്ദുക്കൾ ഈ വർത്തമാനം കേട്ടു സന്തോഷിച്ചതേ ഉള്ളു. ശഠന്മാരായ ഗസ്നി മഹമ്മദന്മാർ ഇൻഡ്യയിലുള്ള അനേകം പരിശുദ്ധക്ഷേത്രങ്ങളെ ധ്വംസനംചെയ്തതിനു അവരോടു പ്രതികാരംചെയ്യാനായി സോമനാഥൻതന്നെ അവരെ ഇങ്ങോട്ടു ആകർഷിച്ചതാണെന്നു ഹിന്ദുക്കൾ ഉറപ്പായി പറഞ്ഞുകൊണ്ടിരുന്നു. അവരുടെ ആശ മുഴുവൻ സോമനാഥന്റെ അത്ഭുതശക്തിയെക്കുറിച്ചുള്ള വിശ്വാസത്തിന്മേൽ പ്രതിഷ്ഠിതമായിരുന്നു.

ശത്രുക്കളുടെ ആക്രമണത്തെ ചരമശ്വാസംവരെ തടുത്തു നില്ക്കുന്നതിനു സന്നദ്ധന്മാരായ ജനങ്ങളെക്കൊണ്ടു നഗരം നിബിഡമായിരുന്നു. എങ്കിലും തങ്ങളുടെ നിരോധനശ്രമത്തെക്കാൾ സോമനാഥന്റെ അത്ഭുതശക്തിയാണു തങ്ങൾക്കുള്ള തീർച്ചയായ രക്ഷയെന്നുള്ള അബദ്ധവിശ്വാസത്തെ തന്നെ അവർ ശരണമാക്കിയിരിക്കുന്നു. കോട്ടകളെ ധ്വംസനം ചെയ്യുന്നതിനു ഇപ്പോഴത്തെപോലെ പീരങ്കികളും മറ്റും ഇല്ലായിരുന്ന അക്കാലത്തെ സ്ഥിതിക്കുതക്കവണ്ണം സോമനാഥന്റെ കോട്ടമതിലുകൾക്കു ബലമുണ്ടായിരുന്നു. എങ്കിലും കളിമണ്ണുകൊണ്ടുണ്ടാക്കിയവയായിരുന്നതിനാൽ ധീരന്മാരും സ്ഥിരന്മാരും ആയ ശത്രുക്കൾക്കു ആയതു ദുഷ്പ്രവേശമായിരുന്നു എന്നു പറഞ്ഞുകൂടാ. മതഭ്രാന്തന്മാരും തീർത്ഥാടനക്കാരും ആയ അനവധി ജനങ്ങൾ അവിടെ കൂടിയിരുന്നു. ഇങ്ങനെയുള്ളവരുടെ നേരേ ആയിരുന്നു ശഠന്മാരും ധീരന്മാരുമായിരുന്ന ഗസ്നിയിലെ മഹമ്മദന്മാർ ആക്രമണത്തിനു പുറപ്പെട്ടിരുന്നതു്.

സോമനാഥനിവാസികൾക്കു തങ്ങളുടെ സംഖ്യാബലത്തിൽ പൂർണ്ണമായ വിശ്വാസം ഉണ്ടായിരുന്നു. ഈ വിശ്വാസം സോമനാഥന്റെ അത്ഭുതശക്തിയിലുള്ള ആശകൊണ്ടു ദ്വിഗുണീഭവിച്ചിരുന്നതിനാൽ ശത്രുക്കളുടെ ആക്രമത്തെ കുറിച്ചുള്ള വർത്തമാനം അത്ര ഗൗരവമുള്ളതായി അവർ വിചാരിച്ചില്ല. അവർ തങ്ങളുടെ നിത്യകർമ്മങ്ങളെ നിർവിഘ്നമായും പൂർവാധികമായ ഉത്സാഹത്തോടു കൂടിയും അനുഷ്ഠിച്ചുവന്നു. സ്ത്രീകൾ പതിവുപോലെ കടൽകരയിൽ സ്നാനത്തിനായി പൊയ്ക്കൊണ്ടിരുന്നു. അവർ മഹമ്മദന്മാരായ തങ്ങളുടെ ശത്രുക്കളിൽ നിന്നു യാതൊരു ആപത്തിനെയും ഭയപ്പെട്ടിരുന്നില്ല.

നഗരത്തിന്റെ ഒരു വശത്തു സമുദ്രംമിക്കവാറും നിർജ്ജനമായിരുന്നു. അതിന്റെ സമീപം ഒരു പെരുങ്കാടും ഉണ്ടായിരുന്നു. പ്രഭാതസ്നാനത്തിനായി സ്ത്രീകൾ പതിവായി അവിടെയാണു പൊയ്ക്കൊണ്ടിരുന്നതു്. ആ സ്ഥലം അതിനു വിശേഷമാണെന്നും ഗണിക്കപ്പെട്ടിരുന്നു. അവിടെ യാദൃച്ഛികമായിട്ടല്ലാതെ അന്യന്മാരുടെ പ്രവേശനം ഉണ്ടാവുക പതിവില്ല.

ഈ അദ്ധ്യായത്തിന്റെ പ്രാരംഭത്തിൽ പ്രസ്താവിക്കപ്പെട്ടതുപോലെ ഒരു സുന്ദരിയായ ഹിന്തുസ്ത്രീ ഒരു ദിവസം പ്രഭാതത്തിൽ ഇവിടെ സ്നാനം ചെയ്തുകൊണ്ടു നിന്നിരുന്നു. മതകാര്യത്തിന്നായിട്ടല്ലെങ്കിലും ഉഷ്ണഭൂമികളിൽ പ്രഭാതസ്നാനം ശരീരസൗഖ്യത്തിനു വളരെ ആവശ്യകമാണു്. അവൾ തന്റെ നീണ്ടുരുണ്ട തലമുടിയെ അഴിച്ചു വെള്ളത്തിൽ ഇട്ടു ഉലർത്തിക്കൊണ്ടു നിന്നിരുന്നു. അവളുടെ കണ്ണുകൾ ഭൂമിയിൽതന്നെ പതിഞ്ഞിരുന്നു എങ്കിലും പലപ്പോഴും അവൾ അവയെ ഉന്നമിപ്പിച്ചു പ്രഭാതസൂര്യന്റെ കിരണമേറ്റു അതിമനോഹരമായി ശോഭിച്ചുകൊണ്ടിരുന്ന നീലവർണ്ണമായ ആകാശത്തെ നോക്കിയിരുന്നു. അവൾ യൗവനദശയിൽ എത്തിക്കഴിഞ്ഞേ ഉള്ളു എങ്കിലും ഒരു അമ്മയായി തീർന്നിരിക്കുന്നു. അവൾക്കു വയസ്സു പതിനാറേ ആയുള്ളു. അവളുടെ കുഞ്ഞു അതിനെ പൊതിഞ്ഞിരുന്ന മുണ്ടിനകത്തു മഞ്ഞവെയിലിൽ കളിച്ചുകൊണ്ടു കടൽക്കരയിൽ കിടന്നിരുന്നു. ഈ കുഞ്ഞിനെ പ്രസവിച്ചിട്ടു രണ്ടു മൂന്നു മാസമേ കഴിഞ്ഞിട്ടുള്ളു. ആദ്യ ജാതമായ ഒരു ശിശുവിനെ കുറിച്ചു അതിന്റെ അമ്മയ്ക്കുണ്ടാകാവുന്ന വാത്സല്യവും താൽപര്യവും ഈ ശിശുവിനെക്കുറിച്ചും അതിന്റെ അമ്മയ്ക്കുണ്ടായിരുന്നു. അവൾ തന്റെ ചികുരത്തെ ചിക്കിയുണക്കുന്നതിൽ കാണിച്ച താല്പര്യത്തിൽനിന്നു അതിന്റെ രുചിതയെക്കുറിച്ചു അവൾക്കു തന്നെയുള്ള വിശ്വാസം സ്പഷ്ടമായിരുന്നു. തന്റെ പ്രണയത്തിന്റെ പ്രഥമഫലത്തിൽ അവളുടെ ദൃഷ്ടികൾ പതിച്ചപ്പോൾ അവ സന്തോഷംകൊണ്ടു അധികം പ്രകാശമുള്ളവയായി ഭവിച്ചു.

ഏറ്റത്തിൽ തിരകൾ വന്നുകേറുന്നതിനു അല്പംമുകളിൽ ഒരുസ്ഥലത്തു ഉണങ്ങിയ മൃദുമണലിൽ അവൾ തന്റെ കുഞ്ഞിനെ കിടത്തിയിരുന്നു. ഈ യുവതിയായ അമ്മ നിന്നിരുന്നേടത്തു നിന്നു കുറച്ചു അകലെ മറ്റു അനേകം സ്ത്രീകൾ നിന്നു് കുളിക്കുന്നുണ്ടായിരുന്നു. അവൾ കുളികഴിഞ്ഞു തലമുടിയെ ഭംഗിയായി കോതിക്കെട്ടിയിട്ടുകൊണ്ടു വെള്ളത്തിൽ നിന്നു കയറി ഈറൻ വിഴുത്തുതുടങ്ങി. അവൾ ഒരു ചുവന്ന പട്ടു റവുക്കകൊണ്ടു തന്റെ സ്തനങ്ങളെ മറച്ചു. ഹിന്തുസ്ത്രീകളുടെ മൃദുലങ്ങളെങ്കിലും കോമളങ്ങളായ അംഗങ്ങൾക്കു അഴകിനെ വർദ്ധിപ്പിക്കുന്ന ചേലയാണു അവൾ ഉടുത്തതു്. ഒരു നേരിയ മസിലിൻ തലയിൽകൂടി ചുറ്റിയതിന്റെ അറ്റം പുറകുവശം കഴുത്തിലും തോളിലും കൂടെ കീഴ്പോട്ടുവീണു ദേഹത്തെ മറച്ചു അവളുടെ അംഗഭംഗിയെ വർദ്ധിപ്പിക്കും വണ്ണം ചുരുണ്ടും ചുളുങ്ങിയും കിടന്നിരുന്നു. അവൾ തന്റെ കുഞ്ഞു കിടന്നിരുന്നേടത്തു നിന്നു ഏതാനും വാരകൾ അകലെ നിന്നുകൊണ്ടാണു ഇങ്ങനെ തന്റെ സൗന്ദര്യത്തെക്കുറിച്ചു തനിക്കു തന്നെ നല്ല വിശ്വാസം ഉണ്ടെന്നു തോന്നിക്കുംവണ്ണം കാണാൻ കൗതുകമുള്ള വിധത്തിൽ വസ്ത്രങ്ങൾ ധരിച്ചതു്. അവൾ ഉടുത്തുതീർന്നു വീട്ടിൽ പോകാനായി തന്റെ ഓമനയെ എടുക്കാൻ ഭാവിച്ചു. ഭാവിച്ചതേയുള്ളു; അപ്പോഴേക്കു അടുത്തുണ്ടായിരുന്ന ഒരു പെരുങ്കാട്ടിൽനിന്നു ഒരു ചെന്നായ് പെട്ടന്നുചാടി വന്നു സ്വൈരമായി കിടന്നിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പെരുങ്കാട്ടിൻനടുവിലേക്കു പാഞ്ഞുതുടങ്ങി. പരിഭ്രാന്തയായ അമ്മ ക്ഷണനേരം സ്തബ്ധയായി നിന്നു. പെട്ടന്നു അവൾ ഒരു പെൺമാനിന്റെ വേഗത്തോടുകൂടി, നിലവിളിച്ചുകൊണ്ടു് ചെന്നായുടെ പിന്നാലെ പാഞ്ഞു. അവളുടെ നിലവിളി വനത്തിലെങ്ങും മാറ്റൊലിക്കൊണ്ടു മുഴങ്ങി.

ചെന്നായ്ക്കു അതിന്റെ ഭാരവുംകൊണ്ടു ഓടുന്നതിനു പ്രയാസമായിരുന്നു. കുട്ടിയെ പൊതിഞ്ഞിരുന്ന മുണ്ടിന്റെ അറ്റം നിലത്തു വീണിഴഞ്ഞതിനാൽ ഈ പ്രയാസം അധികമായിത്തീരുകയും ചെയ്തു. കുളിച്ചുകൊണ്ടു നിന്നിരുന്ന മറ്റുപെണ്ണുങ്ങൾ ചെന്നായുടെ പിന്നാലെ വിഹ്വലയായി ഓടുന്ന അമ്മയെ നോക്കിക്കൊണ്ടുനിന്നതല്ലാതെ യാതൊരു സഹായവും ചെയ്തുകൊടുക്കാൻ ഒരുമ്പെട്ടില്ല. അവർ തുറന്നവായോടെ നോക്കിക്കൊണ്ടു നിന്നു. അനുതാപത്തെ സൂചിപ്പിക്കുന്ന യാതൊരു ശബ്ദവും അവരിൽ നിന്നു പുറപ്പെട്ടില്ല.

ചെന്നായ് അതിന്റെ ഇരയുംകൊണ്ടു പെരുങ്കാട്ടിൻ നടുവിൽ കടന്നു. ഭാഗ്യഹീനയായ അമ്മ നിരാശപ്പെടുവാനും തുടങ്ങി. അപ്പോൾ ആശ്വാരൂഢനായ ഒരാൾ വനത്തിന്റെ ഒരു ഭാഗത്തു നിന്നു അവിടെ പ്രത്യക്ഷനായി. ഈ സുന്ദരിയായ യുവതിയുടെ ദുരാപത്തു എന്താണെന്നു അറിവാൻ അയാൾക്കു പ്രയാസമുണ്ടായിരുന്നില്ല. അയാൾ തന്റെ കുതിരയെ ഓടിച്ചു ചെന്നായ് ദുഷ്പ്രവേശമായ വനഭാഗത്തിലേക്കു കടക്കും മുമ്പേ അതിന്റെ പിന്നിൽ എത്തി വാളൂരി അതിന്റെ മുതുകിൽ ഒന്നു വെട്ടി. ചെന്നായെ രണ്ടായി പിളർക്കാൻ കരുത്തുള്ള ഒരു കയ്യിൽ നിന്നാണു ആ വെട്ടു ചെന്നായ്ക്കു ഏറ്റതു്. അതു് ഉടൻതന്നെ ഇരയെ നിലത്തിട്ടു വീണു പിടച്ചുചാവുകയും ചെയ്തു. ആശാപരവശയായ അമ്മ തന്റെ കുഞ്ഞിന്റെ മേൽവീണു അതിന്റെ അകാലദുരാപത്തിനെകുറിച്ചു പരമാർത്തയായി വാവിട്ടുനിലവിളിച്ചു കരഞ്ഞു. ആ കുഞ്ഞു മരിച്ചുപോയി എന്നു തീർച്ചയാക്കിക്കൊണ്ടു അതിനെ മാറോടണച്ചു തന്റെ കുഞ്ഞിന്റെ പ്രാണനെ തിരിയെകൊടുക്കണമെന്നു സോമനാഥനോടു കരഞ്ഞു പ്രാർത്ഥിച്ചു. ആ കുഞ്ഞു തന്റെ അമ്മയുടെ ഗൽഗദംകൊണ്ടുണ്ടായ സ്തനചലനത്താൽ ഉണർന്നു ഉറക്കെ കരഞ്ഞതു കേട്ടു അമ്മ മനഃക്ലേശത്തെ മറന്നു തന്റെ ഓമനയുടെ മുഖത്തു നോക്കി. അതിനെ പൊതിഞ്ഞിരുന്ന മുണ്ടെടുത്തു നാലുപാടും ആഗ്രഹത്തോടെ നോക്കി. അവളുടെ കരച്ചിൽ നിന്നു. കുഞ്ഞിനു തരക്കേടൊന്നും പറ്റിയില്ലെന്നു തീർച്ചയായപ്പോൾ സന്തോഷാധിക്യത്താൽ നിലവിളിച്ചുകൊണ്ടു കുഞ്ഞിനെ ഗാഢമായി മാറോടണച്ചു താലോലിച്ചു.

ചെന്നായ് ആ ശിശുവിനെ പൊതിഞ്ഞിരുന്ന വസ്ത്രത്തിൽ മാത്രമേ കടിച്ചിരുന്നുള്ളു. അതിനാൽ കുട്ടിക്കു ഒരു പോറൽപോലും ഏറ്റില്ല. ആ യുവതിയായ അമ്മയുടെ ആനന്ദം അവർണ്ണനീയമായിരുന്നു. അവൾ തന്റെ പ്രസന്നങ്ങളായ നയനങ്ങളെക്കൊണ്ടു തന്റെ ഉപകർത്താവിനെ നോക്കി. അവൾ ആശ്ചര്യത്തോടും ആനന്ദത്തോടും കൂടിയാണു അദ്ദേഹത്തെ നോക്കിയതു്. അവൾ ഒന്നും പറയുന്നതിനു ശക്തയായില്ല.

ഈ സമയത്തു ആ അശ്വാരൂഢനായ അന്യൻ യുവതിയായ ഈ അമ്മയുടെ ആനന്ദചേഷ്ടകളെനോക്കി സന്തോഷിച്ചുകൊണ്ടു അടുക്കൽ നില്ക്കുകയായിരുന്നു. അവളുടെ, സ്വർഗ്ഗലാഭത്തിനു തുല്യമായ ആ തല്ക്കാലപരമാനന്ദത്തിനു വിഘാതം വരത്തക്കവണ്ണം മദ്ധ്യേ സംഭാഷണത്തിനു ആരംഭിക്കാതെ അദ്ദേഹവും മിണ്ടാതെ നിന്നു. അവളുടെ നിസ്തുല്യമായ ശരീരലാവണ്യത്തെകണ്ടു അദ്ദേഹം വിസ്മയിച്ചു. തൽക്കാലമുണ്ടായ ഭിന്നങ്ങളായ മനഃസ്തോഭങ്ങളാൽ അവളുടെ മുഖം ദർശനീയമായ വിശേഷ കാന്തിയോടുകൂടിയതായിത്തീർന്നിരുന്നു. തന്റെ കുഞ്ഞു ആപത്തിൽ നിന്നു രക്ഷയെ പ്രാപിച്ചതുകൊണ്ടുണ്ടായ ആശ്വാസത്താൽ തന്റെ ഉപകർത്താവിന്റെ നേരെ തനിക്കുള്ള കൃതജ്ഞതയെ കാണിക്കുന്നതിനു അവൾക്കു വേണ്ടുവോളം മനസ്സമാധാനമുണ്ടായി. അവൾ കൃതജ്ഞതകൊണ്ടു ആർദ്രങ്ങളായ തന്റെ നയനങ്ങളെ ഉയർത്തി വീണ്ടും തന്റെ ഉപകർത്താവിനെ നോക്കി.

അദ്ദേഹം അടുത്തുചെന്നു. അവൾ കൃതജ്ഞതകൊണ്ടു അദ്ദേഹത്തിനു എത്രതന്നെ കടപ്പെട്ടിരിക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ സാമീപ്യത്തെ അവൾ വർജ്ജിക്കാൻ ശ്രമിച്ചു. എന്തുകൊണ്ടെന്നാൽ അദ്ദേഹം ഒരു അന്യമതക്കാരൻ ആയിരുന്നു. വേഷംകൊണ്ടു അദ്ദേഹം ഒരു മഹമ്മദൻ ആണെന്നു അവൾക്കു മനസ്സിലായി. അദ്ദേഹം അടുത്തുവന്നു അവളെ കുനിഞ്ഞുനോക്കിയപ്പോൾ അവൾ നടുങ്ങി. അവളുടെ മതത്തിന്റെ ശത്രുക്കളോടും അവളുടെ ദേവന്മാരെ ദുഷിക്കുന്നവരോടും അവളുടെ ഉള്ളിൽ വേരൂന്നിയിരുന്ന വൈരത്തെ അവൾക്കു മറയ്ക്കാൻ കഴിഞ്ഞില്ല.

അന്യൻ:
“ആ ചെന്നായുടെ വായിൽനിന്നു് നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ എനിക്കു സംഗതിയായതിനെ കുറിച്ചു ഞാൻ സന്തോഷിക്കുന്നു. നമ്മുടെ മതം ഭിന്നങ്ങളാണെങ്കിലും അവ പരസ്പരോപകാരത്തെ കുറിച്ചുള്ള സ്വാഭാവികനീതിയിലെങ്കിലും യോജിപ്പുള്ളവയാണു്. എന്നെയും എന്റെ മതക്കാരേയും വർജ്യന്മാരായ നീചന്മാരായി ഗണിക്കാൻ വേണ്ടതിനെ ഒക്കെ അഭ്യസിപ്പിക്കപ്പെട്ടിട്ടുള്ള ഒരാളുടെ കുഞ്ഞിനെ രക്ഷിക്കാൻ സംഗതിയായതിൽ എനിക്കു വളരെ സന്തോഷമുണ്ടു്. എന്റെ ഈ പ്രവൃത്തി നിങ്ങളുടെ കൃതജ്ഞതയ്ക്കു ഹേതുവായിത്തീർന്നിട്ടുണ്ടെങ്കിൽ അതു ജ്ഞാനോപയുക്തമായ ഒരു പാഠവുംകൂടി ആയിത്തീർന്നിട്ടുണ്ടു്. ഹിന്തുക്കളുടെ അബദ്ധവിശ്വാസങ്ങൾ ഇല്ലാത്തവരിൽനിന്നു മനുഷ്യന്റെ ഗുണവിചാരങ്ങൾ നശിച്ചുപോകുമെന്നു നിങ്ങൾ വിശ്വസിക്കരുതു്.”
മുലകുടിച്ചുകൊണ്ടിരുന്ന തന്റെ കുഞ്ഞിനെ പ്രേമത്തോടെ നോക്കിക്കൊണ്ടു അവൾ പറഞ്ഞു.

“മതഭേദം കൊണ്ടുള്ള പ്രതിബന്ധങ്ങൾ എന്തു തന്നെ ആയിരുന്നാലും എന്റെ ഐഹികവാസത്തിൽ എനിക്കുള്ള ഈ പരമസമ്പത്തിനെ നിങ്ങളെ കുറിച്ചുള്ള കൃതജ്ഞതാപൂർവമായ സ്മരണയോടുകൂടിയല്ലാതെ എനിക്കു നോക്കുവാൻ കഴിവുണ്ടാകുന്നതല്ല. നിങ്ങൾ ഈ കുഞ്ഞിന്റെ പ്രാണനെ രക്ഷിച്ചു അതിന്റെ പ്രിയപ്പെട്ട മാതാവിന്റെ കയ്യിൽ ഏൾപ്പിച്ചു. ഈ ഉപകാരത്തിനു തക്കവിധത്തിൽ എന്റെ കൃതജ്ഞതയെ പ്രദർശിപ്പിക്കാൻ നമ്മുടെ ഭിന്നങ്ങളായ മതനിയമങ്ങൾ പ്രതിബന്ധങ്ങളായി നില്ക്കുന്നുണ്ടെങ്കിലും എന്റെ ദേവന്മാരുടെ ഒരു പരമശത്രുവിനു എന്റെ ജീവൻ കടപ്പെട്ടിരിക്കുന്നു എന്നുള്ളതിനെ ഞാൻ ഒരിക്കലും വിസ്മരിക്കുന്നതല്ല. എന്റെ ഉത്തമസുഹൃത്തുക്കളിൽ ഒരാളെപോലെ നിങ്ങളെ ഞാൻ കരുതിയിരിക്കുന്നു എന്നു നിങ്ങൾ വിശ്വസിക്കണമെന്നു അപേക്ഷിക്കുന്നു.”

അന്യൻ:
“നിങ്ങളുടെ കുഞ്ഞിന്റെ ജീവനു നിങ്ങൾ ആരോടാണു കടപ്പെട്ടിരിക്കുന്നതെന്നു അറിയുമ്പോൾ നിങ്ങളുടെ ഈ കൃതജ്ഞതയൊക്കെ പക്ഷേ, മാഞ്ഞുപോകയില്ലെയോ എന്നു ഞാൻ സംശയിക്കുന്നു.”
സ്ത്രീ:
“ഇല്ല. ആ അറിവു ഒരിക്കലും എന്റെ കടപ്പാടിനെ ഭേദപ്പെടുത്തുന്നതല്ല. ആത്മീയമായും സാമൂഹികമായും നമുക്കു തമ്മിൽ ഉള്ള വിശ്വാസങ്ങളുടെ ഭേദത്തെ കുറിച്ചു ഞാൻ ദുഃഖിക്കുമായിരിക്കാം. എന്നാൽ എന്റെ ജീവനെക്കാൾ ഞാൻ പ്രിയപ്പെടുന്ന ഒരു ജീവനെ രക്ഷിച്ചു തന്ന നിങ്ങളുടെ ഗുണകൃത്യത്തെ എനിക്കു ഒരിക്കലും വിസ്മരിക്കാൻ പാടുള്ളതല്ല. എന്റെ ഈ കടപ്പാടു ആരോടാണെന്നു അറിയാൻ ഞാൻ ആഗ്രഹിക്കട്ടെയോ?”
അന്യൻ:
“നിങ്ങളുടെ മതത്തിന്റെ ബദ്ധ വിരോധിയായ ഗസ്നിയിലെ സുൽത്താൻ മാമുദ്ദിനോടാണു്. ആ ഉന്നതമായ ക്ഷേത്രത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന നിങ്ങളുടെ ആ വലിയ ദിവ്യവിഗ്രഹത്തെ അതിന്റെ പ്രതിഷ്ഠയിൽ നിന്നു ധ്വംസനം ചെയ്തു ആ നിർജീവവസ്തുവിനെ ഇത്രയും കാലംവച്ചു ആരാധിച്ചവരെ ലജ്ജിപ്പിപ്പാനായി ഒരുങ്ങി വന്നിരിക്കുന്നവനാണു് ഞാൻ.”
ആ അന്യൻ തന്റെ ദേവന്മാരുടെ പരമശത്രുവാണെന്നു പറഞ്ഞു കേട്ടപ്പോൾ സുന്ദരിയായ ആ ഹിന്തുസ്ത്രീ നടുങ്ങിപ്പോയി. അവൾ ഭയപ്പെട്ടു പരിഭ്രമിച്ചു എങ്കിലും അവളുടെ സ്വാഭാവികമായ ഗുണവിചാരങ്ങളെ നഷ്ടമാക്കുന്നതിനു ദുർബലങ്ങളായ മതനിയമങ്ങൾക്കു ശക്തിയുണ്ടായിരുന്നില്ല. തന്റെ കുഞ്ഞിന്റെ പ്രാണനെ രക്ഷിച്ച ആളിനെ തന്റെ വംശശത്രുവെങ്കിലും അവൾ ഒരിക്കലും വിസ്മരിക്കയില്ലെന്നു വീണ്ടും ഉറപ്പായി പറഞ്ഞു.
മാമുദ്ദ്:
“ആ കാണുന്ന കോട്ടമതിലുകൾക്കുള്ളിൽ ഞാൻ ജയഘോഷത്തോടുകൂടി പ്രവേശിക്കുന്നതിനെ കാണാൻ നിങ്ങൾ ഒരുങ്ങിയിരുന്നു കൊള്ളുകതന്നെ. എന്നാൽ നിങ്ങളുടെ സ്വന്തം രക്ഷയെകുറിച്ചു നിങ്ങൾ ഭയപ്പെടേണ്ടാ. ഗസ്നിയിലെ സുൽത്താൻ തന്നെകൊണ്ടു സാദ്ധ്യമല്ലാത്ത ഒരു ഔദാര്യത്തെ ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്നു നിങ്ങൾ അറിയാറാകും.”
൨-ാം അദ്ധ്യായം

ആ ഹിന്തുസ്ത്രീ തന്റെ ഉപകർത്താവിനോടു തനിക്കുള്ള കൃതജ്ഞതയെ കാണിച്ചുകൊണ്ടു സോമനാഥന്റെ കോട്ടയ്ക്കകത്തു കഴിഞ്ഞു തന്റെ ഭവനത്തിൽ എത്തി അവൾ തന്റെ ഭർത്താവിനെ അന്നു നടന്ന കാര്യങ്ങൾ എല്ലാം വിവരമായി പറഞ്ഞു കേൾപ്പിച്ചു. അയാൾ ജ്വരരോഗം പിടിപെട്ടു കിടക്കുകയായിരുന്നു. അയാൾ ഒരു ഉൽകൃഷ്ടജാതി ഹിന്തുവായിരുന്നതിനാൽ ഹിന്തുക്കളുടെ അബദ്ധവിശ്വാസങ്ങൾ മുഴുവനും അയാൾക്കുണ്ടായിരുന്നു. രോഗം നിമിത്തം ഈ ദുസ്സ്വഭാവം ഈ സന്ദർഭത്തിൽ മൂർദ്ധന്യത്തെ പ്രാപിച്ചിരുന്നു. തന്റെ ഭാര്യ പറഞ്ഞ കഥ അയാൾക്കു വളരെ ദുസ്സഹമായി തീർന്നു. തന്റെ മതത്തെ വിശ്വസിക്കാത്ത ഒരുവനാൽ തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കപ്പെട്ടു എന്നുള്ളതു അയാൾക്കു വിചാരിക്കാൻപോലും പാടില്ലായിരുന്നു. തന്റെ കുഞ്ഞിനു നീചകരസ്പർശം ഹേതുവായി തീർന്ന സംഭവങ്ങളെ അയാൾ ശപിച്ചു പലതും പുലമ്പി. ഒരു മുസൽമാന്റെ കരം തന്റെ കുഞ്ഞിനെ രക്ഷിക്കുന്നതിൽ ഭേദം അതിനെ ചെന്നായ് വിഴുങ്ങുന്നതായിരുന്നു എന്നു് ആ പരിശുദ്ധനു തോന്നി. ഈ മുസൽമാൻ വിശേഷിച്ചും ഹിന്തുക്കളുടേയും അവരുടെ മതത്തിന്റെയും പരമവിരോധിയും ആയിരുന്നു.

ഈ പരിശുദ്ധനായ ഹിന്തുവിനു ഏകദേശം മുപ്പതു വയസ്സു പ്രായം വരും. അയാൾ സുന്ദരനും സുശീലനും എന്നാൽ ജാതിസ്വഭാവംകൊണ്ടു മഹാ അബദ്ധവിശ്വാസിയും ആയിരുന്നു. അയാൾക്കു തന്റെ ഭാര്യയോടു അമിതമായ പ്രേമം ഉണ്ടായിരുന്നു. അവൾക്കു അയാളെ കുറിച്ചും അതുപോലെ തന്നെ. പതിവ്രതയായ ഒരു പത്നിയുടെ സകല ധർമ്മങ്ങളും അവൾ ലേശം തെറ്റാതെ അനുഷ്ഠിച്ചു വന്നു. ഹിന്തുഭർത്താക്കന്മാരുടെ സാധാരണ നീതി അനുസരിച്ചു അയാൾ അവളെ തന്റെ അധികാരത്തിനു അധീനയായ ഒരു അസ്വതന്ത്ര എന്നു വിചാരിച്ചു വന്നു എങ്കിലും അയാളുടെ ദൃഢമായ അനുരാഗത്തിൽ ഉള്ള വിശ്വാസംകൊണ്ടു അവൾക്കു യാതൊരു ആവലാതിക്കും കാരണമില്ലായിരുന്നു. എന്നാൽ രോഗംകൊണ്ടും മനഃപീഠകളെക്കൊണ്ടും ഈ സന്ദർഭത്തിൽ അയാളുടെ സ്വഭാവം കുറേ കർക്കശമായിത്തീർന്നിരുന്നതിനാൽ അയാൾ ഇങ്ങനെ പറഞ്ഞു:

“ഒരു സ്ത്രീയുടെ ചാപല്യം നിമിത്തം ശിവന്റെ കോപത്തിനു എന്റെ കുടുംബം പാത്രമായി തീർന്നു. സോമനാഥന്റെ ഭക്തന്മാരിൽ ഒരുവന്റെ സന്താനം നീചകരസ്പർശത്താൽ അശുദ്ധമാക്കപ്പെടുവാൻ സംഗതിയായിത്തീർന്നല്ലൊ. അടുത്തതവണ നീ സോമനാഥന്റെ പരിശുദ്ധ സന്നിധിയിൽ ദർശനത്തിനായി ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ ഫാലനേത്രാഗ്നിയിൽ നീ ദഹിച്ചുപോയില്ലെങ്കിൽ, നോക്കിക്കൊൾക.”

ആ യുവതിയായ ഭാര്യയുടെ ശാന്തങ്ങളെങ്കിലും പ്രസന്നങ്ങളായ നയനങ്ങളിൽ അശ്രുക്കൾ നിറഞ്ഞു. വിറച്ചുകൊണ്ടിരുന്ന നീണ്ടകൺപീലികളിൽ നിന്നു അവ തുള്ളികളായി തുടിക്കുന്ന കവിൾത്തടങ്ങളിൽ വീണു. അവൾ ഒന്നും പറയാതെ തന്റെ കുഞ്ഞിനെ ഗാഢമായി മാറോടണച്ചു. അവളുടെ ഭർത്താവിന്റെ ഹൃദയം ഇതുകണ്ടു അലിഞ്ഞു എങ്കിലും മനസ്സമാധാനത്തിനായി അവളോടു വെളിക്കിറങ്ങിപോകാൻ പറഞ്ഞു. അയാളുടെ ഹൃദയത്തിൽ തിങ്ങിക്കൂടിയ സ്തോഭങ്ങളാൽ അയാൾക്കു തീരെ മനസ്സമാധാനം ഉണ്ടായില്ല. ജ്വരം അധികമായിത്തീർന്നു. അന്നു രാത്രിയിൽ അയാളുടെ രോഗം അപായകരമായ അവസ്ഥയെ പ്രാപിക്കയും ചെയ്തു.

സാധുശീലയായ പത്നി തന്റെ ഭർത്താവിന്റെ സമീപത്തിൽ തന്നെ വേണ്ട ശുശ്രൂഷകളും ചെയ്തു കാത്തിരുന്നു. അയാളുടെ ഇഹലോകവാസത്തിന്റെ പരമാവധി ആസന്നമായി എന്നു അവൾക്കു തോന്നി. അതോടുകൂടി നടപ്പനുസരിച്ചു തന്റെയും എന്നോർത്തപ്പോൾ അർദ്ധരാത്രിയിലെ അതിദുസ്സഹമായ ശീതവാതം അവളുടെ ആത്മാവിനെ ബാധിച്ചപോലെ അവൾക്കു തോന്നി. സതികളുടെ അനുമരണം എത്ര ക്രൂരമായ ഒരു കർമ്മമെന്നോർത്തപ്പോൾ അവളുടെ ഹൃദയം തകർന്നു. ഐഹികമായ സുഖാനുഭവത്തിനു ആരംഭിക്കമാത്രം ചെയ്തിട്ടുള്ള അവളെ, അതിനു സംഗതിയാവാതെ, വിടരാൻ ഭാവിക്കുന്ന പൂമൊട്ടിനെ ഞെട്ടോടെ നുള്ളിക്കളയുംപോലെ ക്രൂരമായ മതാചാരം നിർദ്ദയമായി നശിപ്പിച്ചുകളയുമെന്നതു് വിചാരിക്കാൻ തന്നെ ഭയമാകുന്ന ഒരു പര്യവസാനമായിരുന്നു. തന്റെ ഭർത്താവിന്റെ അത്യാസന്നമായ അപകടസ്ഥിതിയെ കണ്ടു ഈ ദുഃഖവിചാരങ്ങളിൽ നിന്നു അവൾ വിരമിച്ചു. അയാൾ ഒന്നും സംസാരിക്കാതെ ചിന്താമഗ്നനായി കിടന്നിരുന്നു. അയാളുടെ ചിന്ത മുഴുവനും നീചകരസ്പർശത്താൽ തന്റെ ശിശുവിനുണ്ടായ അശുദ്ധിയെ കുറിച്ചായിരുന്നു. ആ ശിശുവിനെ അതിന്റെ പിതാവിന്റെ ചരമാശ്ലേഷത്തിനായി ദുഃഖിതയായ അമ്മ അയാളുടെ സമീപത്തു കൊണ്ടുചെന്നപ്പോൾ “മഹാപാപം” എന്നു വച്ചു അയാൾ തിരിഞ്ഞുകളകയും അതിനെ അയാളുടെ മുമ്പാകെ കൊണ്ടുചെല്ലരുതെന്നു ആജ്ഞാപിക്കയുംചെയ്തു.

സാധുശീലയായ പത്നി മരണാവസ്ഥയിൽ കിടക്കുന്ന തന്റെ ഭർത്താവിന്റെ സമീപത്തിൽ അയാളുടെ ആവശ്യങ്ങളെ അറിഞ്ഞു ചെയ്തും, മനഃക്ലേശത്തെ ശമിപ്പിക്കുമാറു സാന്ത്വനവചനങ്ങൾ പറഞ്ഞും, അവളുടെ സ്വന്തം കൈകളെ കൊണ്ടു തന്നെ അയാൾക്കു സേവിക്കേണ്ട ഔഷധങ്ങൾ തയ്യാറാക്കികൊടുത്തും കൊണ്ടിരുന്നു. അവളുടെ ശ്രദ്ധാപൂർവങ്ങളായ ശ്രമങ്ങളെല്ലാം വിഫലങ്ങളായിത്തീർന്നു. അതിവേഗത്തിൽ തുടിച്ചുകൊണ്ടിരുന്ന നാഡി, ചുട്ടുകൊണ്ടിരുന്ന നെറ്റി, ഉണങ്ങിയ ഉള്ളങ്കൈ, വരണ്ട നാക്കു, ഉഷ്ണത്തെ വമിച്ചുകൊണ്ടിരുന്ന ഉച്ഛ ്വാസം ഇവയെല്ലാം രോഗിയുടെ അത്യാസന്നമായ അപായസ്ഥിതിയെ വെളിവാക്കി.

രോഗിയെ ചികിത്സിച്ചുകൊണ്ടിരുന്ന നാട്ടുവൈദ്യർ ചില ഔഷധങ്ങൾ രോഗിയെ സേവിപ്പിച്ചു എങ്കിലും അവയൊന്നും ഫലപ്രദമായിരുന്നില്ല. ഔഷധങ്ങളുടെ ശക്തികൊണ്ടു രോഗശമനം അസാദ്ധ്യമെന്നു കണ്ടപ്പോൾ വൈദ്യൻ രോഗിയുടെ സുശീലയായ പത്നിയെ വിളിച്ചു അവളോടു തന്റെ ഭർത്താവിന്റെ പ്രാണരക്ഷയ്ക്കു സർവശക്തനായ സോമനാഥന്റെ കടാക്ഷമല്ലാതെ വേറെ നിർവാഹമില്ലെന്നും അതിനാൽ അവൾ ഉടൻതന്നെ ക്ഷേത്രത്തിൽ പോയി സോമനാഥനെ ഭജിക്കണമെന്നും പറഞ്ഞു. അവളുടെ അപേക്ഷയെ സോമനാഥൻ ശ്രദ്ധിക്കാതെയിരിക്കയില്ലെന്നു വൈദ്യൻ ഉറപ്പായി പറഞ്ഞു എങ്കിലും ഭാഗ്യഹീനയായ ആ യുവതിക്കു വൈദ്യന്റെ വാക്കുകൾ വിശ്വാസപൂർവ്വമായ ആശയെ ജനിപ്പിച്ചില്ല. എങ്കിലും ഈശ്വരകാരുണ്യം കൊണ്ടല്ലാതെ തന്റെ ഭർത്താവിന്റെ ജീവൻ തിരിയെ കിട്ടുന്ന കാര്യം പ്രയാസമെന്നു അവൾക്കു തീർച്ചയായി. അതിനാൽ സോമനാഥസന്നിധിയെ ശരണം പ്രാപിക്കതന്നെയെന്നു അവൾ നിശ്ചയിച്ചു.

ഈ സന്ദർഭത്തിൽ സോമനാഥക്ഷേത്രത്തിലെ പുരോഹിതനായ ഒരു ബ്രാഹ്മണൻ അവിടെ വന്നു. അയാൾ പരിശുദ്ധനായ ഒരു മനുഷ്യനായിരുന്നു. അമിതഭോഗവും ഉദാസീനമായ കാലക്ഷേപവും കൊണ്ടു അയാളുടെ മുഖവും ശരീരവും വികൃതമായിരുന്നു. അയാളുടെ മുഖം ശാന്തമെങ്കിലും വെറുപ്പുതോന്നത്തക്കവിധമുള്ളതായിരുന്നു. മുഖത്തിന്റെ ശാന്തി ഉൽകൃഷ്ടവിചാരങ്ങൾ നിമിത്തം ഉണ്ടായതല്ലെന്നും, തന്റെ പരിശുദ്ധമല്ലാത്ത ജീവിതത്തെ കുറിച്ചുള്ള അറിവില്ലായ്മനിമിത്തം മാത്രമുണ്ടായതാണെന്നും സൂക്ഷ്മബുദ്ധിയുള്ളവർക്കു മനസ്സിലാകും. ഉന്നതമായ പുരികത്തിന്റെ അടിയിൽ അഗാധമായ കുഴിയിൽ മറഞ്ഞിരിക്കുന്ന നിർജ്ജീവങ്ങളായ നയനങ്ങൾക്കു അയാളുടെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന അനുചിതമായ ദുഷ്കാമത്തിന്റെ ശക്തിയെ പ്രസംഗിക്കാൻ ശക്തിയില്ലായിരുന്നു. പാദങ്ങൾ ശോഷിച്ചു അസ്ഥിമാത്രം ശേഷിച്ചു അതിന്റെ ഭാരത്തെ വഹിക്കുന്നതിനു അശക്തങ്ങളായിത്തീർന്നിരിക്കുന്നു. അയാൾ രോഗി കിടക്കുന്ന മുറിയിൽ കഴിഞ്ഞു നിലത്തു “ചന്ദനക്കാലുംപൂട്ടി” ഇരുന്നുകൊണ്ടു കഞ്ചാവു കടുക്ക കൊണ്ടുവരുവാൻ പറഞ്ഞു. കുറേനേരം കഞ്ചാവുവലിച്ചശേഷം രോഗിയോടു നിസ്സാരമായ ഒരു സാധാരണ കാര്യം പറയുമ്പോലെ “നിങ്ങളുടെ ആത്മാവു ഒരു പുതിയ ശരീരത്തെ പ്രാപിക്കാൻ പോകുന്നു. നിങ്ങൾക്കു എന്താണാഗ്രഹമുള്ളതെന്നു പറയണം” എന്നു പറഞ്ഞു.

രോഗി ക്ഷീണസ്വരത്തിൽ പറഞ്ഞു: “എന്റെ ജീവിതം പരിശുദ്ധമായിരുന്നു. അതിനാൽ എനിക്കു ഉൽകൃഷ്ടമായ ഒരു പുനർജ്ജന്മം ലഭിച്ചു ബ്രഹ്മത്തോടു ഒരു പടികൂടി അടുക്കാൻ സാധിക്കുമെന്നു ഞാൻ വിചാരിക്കുന്നു.”

ബ്രാഹ്മണൻ:
“അപ്പോൾ നിങ്ങളുടെ ആത്മാവിന്റെ അന്യശരീരപ്രാപ്തിക്കു നിങ്ങൾ തയ്യാർതന്നെയാണു്. ഇഹലോകവാസത്തിൽ മുഷിഞ്ഞായിരിക്കാം.”
രോഗി ഉറക്കെ പറഞ്ഞു:
“ഇല്ല. ജീവിതത്തിൽ ഉള്ള ആശ നശിച്ചുപോയിട്ടില്ല. എന്തുകൊണ്ടെന്നാൽ മരണശേഷമുള്ള എന്റെ അവസ്ഥ അന്ധകാരമയമായും അനിശ്ചിതമായും എനിക്കു തോന്നുന്നു. മരണം ഭയാനകമായ ഒരു അവസ്ഥ തന്നെ. അതിനാൽ ജീവിതത്തിലുള്ള ആശയെ നശിപ്പിക്കുന്ന വാർദ്ധക്യം പിടിപെടുന്നതുവരെ കഴിവുണ്ടെങ്കിൽ ജീവിച്ചിരിക്കാൻ തന്നെയാണു എനിക്കാഗ്രഹമുള്ളതു്.”
ബ്രാഹ്മണൻ:
“വൃദ്ധന്മാരുടെ ആഗ്രഹം മരിക്കണമെന്നാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?”
രോഗി:
“അവരുടെ ജീവിതം പരിശുദ്ധമായിരുന്നു എങ്കിൽ അവർക്കു ഇഹത്തിൽ സുഖാനുഭവങ്ങൾ ഇനി ഇല്ലെന്നുവരുമ്പോൾ അവർ പിന്നെ എന്തിനു ജീവിച്ചിരിക്കാൻ മോഹിക്കുന്നു?”
ബ്രാഹ്മണൻ:
“നിങ്ങളെപ്പോലെ തന്നെ അവരും മരണശേഷമുള്ള അവസ്ഥ സന്ദിഗ്ദ്ധമെന്നു വിചാരിക്കുന്നുണ്ടെങ്കിലോ? എത്രകാലം ജീവിച്ചിരുന്നാലും ജീവിതാനന്ദത്തിനു കുറവുണ്ടാകയില്ല. മരണശേഷമുള്ള ആനന്ദങ്ങൾ സാക്ഷാൽ ഉള്ളവ തന്നെയാണെന്നു നമുക്കെന്താണു ലക്ഷ്യം? അവ കേവലം മനഃകല്പനകൾ മാത്രമായിരിക്കാം.”
രോഗി:
“വേദങ്ങൾ അങ്ങനെയല്ലല്ലൊ നമ്മെ പഠിപ്പിക്കുന്നതു്.”
ബ്രാഹ്മണൻ:
“ഓ! വേദങ്ങൾ. ശരി. അവയെ നമുക്കു നിഷേധിക്കാൻ പാടില്ല. വേദം ബ്രഹ്മമുഖത്തിൽ നിന്നു പുറപ്പെട്ടിട്ടുള്ളതാണു്. ഭഗവാൻ ശ്രീകൃഷ്ണൻ വേദമുഖേന നമുക്കു ജ്ഞാനോപദേശം ചെയ്യുന്നു. ഗുഹ്യങ്ങളായ അവയിലെ പരമസിദ്ധാന്തങ്ങളെ പരിശോധിച്ചു നോക്കാൻ പരിശുദ്ധന്മാരായ നമുക്കു മാത്രമേ അധികാരമുള്ളു. നിങ്ങളെ ഈ അത്യാപത്തിൽ നിന്നു രക്ഷിക്കാൻ ഞാൻ മാർഗ്ഗം കാണുന്നുണ്ടു്. നിങ്ങളുടെ ഭാര്യ ഇന്നു ക്ഷേത്രത്തിൽ വന്നു സോമനാഥനെ ഭജിക്കട്ടെ. എന്നാൽ നിങ്ങളുടെ രോഗം ഉടൻ ഭേദമാകുന്നതാണു്.”
ഇങ്ങനെ പറഞ്ഞുകൊണ്ടു ബ്രാഹ്മണൻ പിന്നെയും കഞ്ചാവു വലിക്കാൻ തുടങ്ങി. അതിനിടയ്ക്കു ആരും സംസാരിച്ചില്ല. അനന്തരം കറുപ്പു ഒരു വലിയ ഗുളിക ഉരുട്ടി മിഴുങ്ങിക്കൊണ്ടു ബ്രാഹ്മണൻ എഴുനേറ്റു രോഗിയുടെ ഭാര്യയെ ഒരു വശത്തു വിളിച്ചു അവളോടു സ്വകാര്യമായി ഇങ്ങനെ പറഞ്ഞു:

“നിന്റെ ഭർത്താവിന്റെ മേൽ യമന്റെ പാശങ്ങൾ വീണുകഴിഞ്ഞു. സോമനാഥന്റെ അനുഗ്രഹം കൊണ്ടല്ലാതെ യമന്റെ ബന്ധനത്തിൽ നിന്നു അദ്ദേഹത്തെ മോചിപ്പിക്കാൻ കഴിയുന്നതല്ല. അദ്ദേഹം മരിക്കയാണെങ്കിൽ അദ്ദേഹത്തോടൊന്നിച്ചു നീയും സ്വർഗ്ഗാരോഹണം ചെയ്യേണ്ടിവരുമെന്നു നിനക്കറിയാമല്ലൊ.”

സ്ത്രീ:
“ഞാൻ അതിനു സന്നദ്ധയാണു്. സകലമതങ്ങളിലുംവച്ചു ശ്രേഷ്ഠമായ നമ്മുടെ ഹിന്തുമതത്താൽ വിധവകൾക്കു വിധിക്കപ്പെട്ടിട്ടുള്ള ആ പരിശുദ്ധകർമ്മത്തെ അനുഷ്ഠിക്കുന്നതിൽ എനിക്കു യാതൊരു വൈമനസ്യവും ഇല്ല. അതു് എനിക്കൊരു അനുഗ്രഹമാണു്. അതിനെ ഞാൻ അന്യഥാകരിക്കയില്ല.”
ബ്രാഹ്മണൻ:
“എന്നാൽ ആ കാര്യത്തിന്റെ ഭയങ്കരതയെ ഓർത്താൽ കഴിയുമെങ്കിൽ അതിൽ നിന്നു ഒഴിയുന്നതുവരെ കൊള്ളാമെന്നു നിനക്കു തോന്നുന്നില്ലയോ?”
സ്ത്രീ:
“ഇല്ല. ഭയങ്കരമായിരുന്നാലും മതത്താൽ വിധിക്കപ്പെട്ടിട്ടുള്ള പരിശുദ്ധകർമ്മത്തിൽ നിന്നു ഒഴിയാൻ ഞാൻ ഒന്നുകൊണ്ടും ശ്രമിക്കുന്നവളല്ല.”
ബ്രാഹ്മണൻ:
“ഇതെന്തിനു. നിന്റെ അന്തരംഗം എന്താണെന്നു എനിക്കറിയാം. നീ അതിനെ ഒളിക്കേണ്ടാ. നിന്നെ ഈ അനുമരണത്തിൽനിന്നു രക്ഷിക്കാൻ എനിക്കു കഴിയും.”
സ്ത്രീ:
“എന്നെ രക്ഷിക്കയോ? ഇഹലോകത്തിലുള്ള കഷ്ടതകളിൽനിന്നു എന്നെ മോചിപ്പിക്കുന്ന ഒരു പരിശുദ്ധകർമ്മത്തിൽനിന്നു രക്ഷപ്രാപിക്കാൻ ഞാൻ ശ്രമിക്കയോ?”
ബ്രാഹ്മണൻ:
“നീ എന്താണു ചപലസ്ത്രീകളെപോലെ സംസാരിക്കുന്നതു്? നീ നിന്റെ ഭർത്താവിനോടൊന്നിച്ചു ഉടന്തടി ചാടി മരിക്കുന്നതായാൽ നിന്റെ ഭർത്താവിന്റെ ആത്മാവിന്റെ ഗതി തന്നെ നിന്റെ ആത്മാവിനും ഗതി. അതു ആശാസ്യമല്ല. നിന്റെ ഭർത്താവു ലൗകികങ്ങളായ നശ്വരസുഖങ്ങളിൽ ലയിച്ചിരുന്ന ഒരു യുവാവാണു്. അയാൾക്കു യൗവനത്തിലെ അവിവേകങ്ങൾക്കു പാപഹരമായ പ്രതിവിധി ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. അതിനാൽ അദ്ദേഹത്തിന്റെ ആത്മാവിനു സൽഗതി സംശയഗ്രസ്തമാകുന്നു. സുന്ദരിയായ നീ നിന്റെ ഭർത്താവിനോടൊന്നിച്ചു ജീവത്യാഗം ചെയ്യത്തക്കവളല്ല.”
ബ്രാഹ്മണൻ സേവിച്ചിരുന്ന കറുപ്പിന്റെയും കഞ്ചാവിന്റെയും ലഹരി അയാളുടെ തലയ്ക്കുകൊണ്ടു. കുഴിയിൽകിടന്ന കണ്ണുകൾ പ്രകാശിച്ചു. അയാളുടെ അംഗങ്ങൾക്കു പെരുപ്പംകേറി. ബ്രാഹ്മണന്റെ ഭാവവികാരം കണ്ടു സാധുശീലയായ ആ സ്ത്രീ പരിഭ്രമിച്ചു. ഒരു വിടന്റെ ചേഷ്ടകൾ അയാളിൽ പ്രകാശിച്ചുകണ്ടതു ബ്രാഹ്മണനാണെല്ലൊ എന്നു വച്ചു അവൾ ക്ഷമിച്ചു. അയാൾ അടുത്തുചെന്നു അവളുടെ തോളിൽ കൈവച്ചുകൊണ്ടു പറഞ്ഞു:

“കുഞ്ഞേ! ഇന്നു രാത്രി നീ ക്ഷേത്രത്തിൽ വരണം. സോമനാഥനു നിനക്കുള്ള നേർച്ചയും കൊണ്ടുവരണം. ഞാനുള്ളപ്പോൾ നിനക്കു ഒരു മദ്ധ്യസ്ഥന്റെ ആവശ്യകത നേരിടുകയില്ല. അനുമരണത്തിനു നീ ആലോചിക്കേണ്ടാ. നിന്റെ ഭർത്താവിന്റെ മരണശേഷം നിനക്കു സുഖമായ ജീവിതത്തിനു ഞാൻ മാർഗ്ഗം കണ്ടിട്ടുണ്ടു. ജനങ്ങൾ നീ ഉടന്തടി ചാടി മരിച്ചു എന്നുതന്നെ വിശ്വസിച്ചുകൊള്ളും. നിന്നെ ചിതയിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിയിൽ നിന്നു രക്ഷിക്കാൻ ഈ കൈകൾക്കു ശക്തിയുണ്ടു്.”

സ്ത്രീ:
“മതി മതി. എന്റെ കൃത്യം എന്താണെന്നു എനിക്കറിയാം. അതിനെ അനുഷ്ഠിക്കുന്നതിൽ എന്റെ സ്വന്തമനഃസ്സാക്ഷിയല്ലാതെ ഒരു ഉപദേഷ്ടാവിന്റെ ആവശ്യം എനിക്കില്ല. സോമനാഥനെ ശരണം പ്രാപിച്ചു അദ്ദേഹത്തിന്റെ സന്നിധിയിൽ ഞാൻ എന്റെ പ്രാർത്ഥനയെ സമർപ്പിച്ചുനോക്കട്ടെ.”
“എന്നാൽ ഇന്നു അസ്തമയത്തിനുശേഷം നമുക്കു തമ്മിൽ കാണാം.” എന്നു പറഞ്ഞുകൊണ്ടു ബ്രാഹ്മണൻ പോയി. അയാൾ യാത്രാസമയത്തു പ്രദർശിപ്പിച്ച യുവാവായ ഒരു വിടന്റെ ചേഷ്ടകളെകണ്ടുകൊണ്ടു ഭാഗ്യഹീനയായ ആ സ്ത്രീരത്നം തന്റെ ഭർത്താവിന്റെ മുറിയിൽ കടന്നുചെന്നു. അദ്ദേഹം ബ്രാഹ്മണനുമായുള്ള സംഭാഷണംകൊണ്ടുണ്ടായ ക്ഷീണത്താൽ അസ്വസ്ഥനായി ഉറങ്ങുന്നതിനെ കണ്ടു നിദ്രാഭംഗം വരുത്തേണ്ടെന്നു വിചാരിച്ചു അവൾ ഒന്നും സംസാരിച്ചില്ല.
൩-ാം അദ്ധ്യായം

സൂര്യൻ “പുത്തൻനിറമാണ്ട ചെമ്പരത്തിപ്പൂവിന്റെ” ശോഭയോടുകൂടി അസ്തഗിരിയിൽ മറഞ്ഞു. അതുവരെ തന്റെ ജാജ്വല്യമാനമായകിരണമേറ്റു പ്രസന്നമായിരുന്ന ലോകത്തിന്റെ കഷ്ടതകളെ മേലിൽ കാണാൻ കഴികയില്ലെന്നുള്ള ഭാവത്തിൽ കർമ്മസാക്ഷിയായ അദ്ദേഹം തന്റെ മനോഹരങ്ങളായ കരങ്ങളെ ഒതുക്കി സന്ധ്യയുടെ ഭയാനകമായ നിഴൽ സോമനാഥനഗരത്തിന്മേൽ പതിച്ചു. അന്ധകാരമയമായ രജനിയുടെ ഭയങ്കരതയ്ക്കു ആശ്വാസത്തെ കൊടുക്കുമാറു സന്തോഷമുള്ള കൊച്ചുകുട്ടികളെപോലെ മന്ദഹാസം തൂകിക്കൊണ്ടു നക്ഷത്രരാജികൾ ആകാശമണ്ഡലത്തെ വിതാനിച്ചുവിളങ്ങി.

രാത്രി നാലഞ്ചു നാഴിക ഇരുട്ടി. നമ്മുടെ നായിക തന്റെ ഭർത്താവിന്റെ രോഗത്തിനു യാതൊരുശമനവും കാണായ്കയാൽ ദുഃഖിതയായി സർവശക്തനായ സോമനാഥനു തന്റെ നേർച്ചയുംകൊണ്ടു തിരിച്ചു. സോമനാഥക്ഷേത്രം അക്കാലത്തു ഹിന്തുസ്ഥാനത്തിലുണ്ടായിരുന്ന ദേവാലയങ്ങളിൽ എത്രയും പ്രസിദ്ധിയുള്ള ഒന്നായിരുന്നു. അതു നഗരത്തിന്റെ ഉയർന്ന ഒരു ഭാഗത്തുവളരെ വിസ്താരത്തിൽ നിന്നിരുന്നു. ഉഗ്രമായ ഈ ക്ഷേത്രം പ്രാചീന ഹിന്തുക്കളുടെ ശില്പലക്ഷണങ്ങൾക്കുള്ള പരിപൂർണ്ണമായ ഒരു ദൃഷ്ടാന്തമായിരുന്നു. അകത്തു അനേകശതം അടിനീളത്തിൽ വളരെ വിശാലമായ ഒരു മണ്ഡപം ഉണ്ടായിരുന്നതിന്റെ ഇരുവശവും അത്യുന്നതങ്ങളായ അനേകം ഗോപുരങ്ങൾ നിന്നിരുന്നു. ഈ ഗോപുരങ്ങളിൽ ഓരോന്നിലും മഹാഭാരതത്തിലെ ഓരോ കഥകളെ സൂചിപ്പിക്കുന്ന രൂപങ്ങൾ കൊത്തിയിരുന്നു. ക്ഷേത്രത്തിന്റെ എല്ലാ സ്തംഭങ്ങളും ഒറ്റക്കരിങ്കൽ കടഞ്ഞു തീർത്തിട്ടുള്ളതും അവയുടെ ആകൃതിയും ശില്പവൈചിത്ര്യവും അന്യാദൃശമായിട്ടുള്ളതും ആയിരുന്നു. മദ്ധ്യേയുള്ള അത്യുന്നതമായ ശ്രീകോവലിനകത്തു സോമനാഥന്റെ ഉഗ്രമായ ബിംബം നിന്നിരുന്നു. ബിംബം കരിങ്കൽ കൊണ്ടുണ്ടാക്കിയതായിരുന്നു. അതിന്റെ കിരീടം നാനാവർണ്ണങ്ങളായ അനവധി അമൂല്യരത്നങ്ങളെകൊണ്ടു അലംകൃതമായിരുന്നു. അങ്ങനെയുള്ള അനവധി രത്നങ്ങൾ ക്ഷേത്രത്തിനകത്തുള്ള സ്തംഭങ്ങളിലും പതിച്ചിരുന്നു. ബിംബത്തിന്റെ കണ്ണുകൾ രണ്ടും ഉജ്വലപ്രഭങ്ങളായ രണ്ടുവലിയ വൈഡൂര്യരത്നങ്ങൾ കൊണ്ടുണ്ടാക്കപ്പെട്ടവയായിരുന്നു.

ക്ഷേത്രത്തിന്റെ മദ്ധ്യത്തിൽ ഉയരെ തൂക്കപ്പെട്ടിട്ടുണ്ടായിരുന്ന ഒരു വിളക്കു മാത്രമേ രാത്രിയിൽ കത്തിക്ക പതിവുണ്ടായിരുന്നുള്ളു. എങ്കിലും അതിന്റെ പ്രകാശം വിഗ്രഹത്തിലും സ്തംഭങ്ങളിലും പതിക്കപ്പെട്ടിട്ടുണ്ടായിരുന്ന ജാജ്വല്യമാനങ്ങളായ രത്നങ്ങളിൽ പ്രതിഫലിച്ചു ദിവ്യമായ ഒരു ശോഭാപ്രസരം അവിടെ ഉണ്ടാകുമായിരുന്നതിനാൽ അവിടെ ദർശനത്തിനു ചെല്ലുന്ന ഭക്തന്മാരുടെ ഹൃദയത്തിൽ ഉണ്ടാകുന്ന വികാരം അവർണ്ണനീയം ആരുന്നു.

അത്യുഗ്രമൂർത്തിയായ സോമനാഥനു കാണിക്കയായും വഴിപാടായും അസംഖ്യം ദ്രവ്യം ദിവസംപ്രതി വരിക പതിവുണ്ടായിരുന്നു. എങ്കിലും ആ ധനമെല്ലാം എവിടെപ്പോയി മറയുന്നു എന്നുള്ള തർക്കം തീരെ അജ്ഞാതമായിരുന്നു. ക്ഷേത്രത്തിന്റെ രണ്ടുവശത്തും അനേകം കൃത്രിമമുറികളും കല്ലറകളും ഉണ്ടായിരുന്നവയുടെ സ്വരൂപംപോലും അവിടത്തെ ശാന്തിക്കാരനായ ബ്രാഹ്മണർക്കല്ലാതെ മറ്റാർക്കും അറിവാൻ പാടില്ലായിരുന്നു. അത്ഭുതകരങ്ങളും അവ്യക്തങ്ങളും ആയ അനേക സംഭവങ്ങൾ അവിടെ ദിവസംപ്രതി നടക്കുന്നുണ്ടായിരുന്നു എങ്കിലും ജനങ്ങൾ അവയെല്ലാം സോമനാഥന്റെ ദിവ്യത്വത്തിനുള്ള ദൃഷ്ടാന്തങ്ങളായി വ്യാഖ്യാനിച്ചുപോന്നു.

നമ്മുടെ രോഗിയുടെ ദീനം അന്വേഷിച്ചുവന്ന ബ്രാഹ്മണനു ശ്രീകോവിലിനു സമീപംതന്നെ ഒരു വാസസ്ഥാനം ഉണ്ടായിരുന്നു. അദ്ദേഹം അവിടത്തെ ഒരു പ്രധാനപുരോഹിതൻ ആയിരുന്നു. താൻ ധരിച്ചിരിക്കുന്ന ബ്രഹ്മസ്വത്തിനുകൂടിയും അവമാനത്തെ ഉണ്ടാക്കുമാറു അനവധി ദുഷ്കർമ്മങ്ങൾ അകാലവാർദ്ധക്യം പ്രാപിച്ച ഈ പുരോഹിതബ്രാഹ്മണൻ ദിവസംപ്രതി അവിടെ വച്ചു അനുഷ്ഠിച്ചുവന്നു എങ്കിലും അവയൊക്കെയും (കൊടുങ്ങല്ലൂരിലെ പൂരമ്പാട്ടുപോലെ) ദേവീപ്രസാദത്തിനു ആവശ്യമാണെന്നു അഭിപ്രായമുണ്ടായിരുന്നവർക്കു മാത്രമേ അറിവാൻ കഴിഞ്ഞിരുന്നുള്ളു.

തന്റെ ഭർത്താവിന്റെ സന്ദിഗ്ദ്ധമായ സ്ഥിതിയേയും, ക്ഷേത്രത്തിന്റെ ഉഗ്രതയേയും, സോമനാഥന്റെ മാഹാത്മ്യത്തെയും താൻ ഏകാകിനിയെന്നുള്ള അവസ്ഥയേയും ഓർത്തു ചഞ്ചലഹൃദയയായ നമ്മുടെ നായിക ക്ഷേത്രത്തിന്റെ പൂമുഖത്തിൽ എത്തി. നീണ്ടിടുങ്ങിയതും, മങ്ങിയ പ്രഭയോടു കൂടിയതുമായ പൂമുഖത്തിൽ കൂടി ശ്രീകോവിലിനകത്തു ദൂരത്തിൽ സോമനാഥന്റെ ബിംബം ദിവ്യരത്നപ്രകാശത്തിൽ വിളങ്ങിക്കണ്ടപ്പോൾ ആ സാധ്വിയുടെ പാവനമായ ഹൃദയത്തിൽ ഉണ്ടായ വികാരം അനിർവചനീയമായിരുന്നു. അവൾ സാവധാനമായും എന്നാൽ പതറാതെയും നടന്നു. സോമനാഥന്റെ സന്നിധിയിൽ എത്തി. അവിടം നിർജനമായിരുന്നു. അവൾ സോമനാഥന്റെ സന്നിധിയിൽ സാഷ്ടാംഗം നമസ്കരിച്ചു, തന്റെ ഭർത്താവിന്റെ പ്രാണനെ രക്ഷിച്ചുകൊടുക്കണമെന്നു എത്രയും ഭക്തിയോടെ പ്രാർത്ഥിച്ചു.

മരണശേഷം മനുഷ്യാത്മാവു സോമനാഥസന്നിധിയെ പ്രാപിക്കുമെന്നും, സോമനാഥൻ ഈ ആത്മാക്കളെ തന്റെ പ്രസാദംപോലെ ഓരോ പുതിയ ശരീരങ്ങളിൽ പ്രവേശിപ്പിക്കുമെന്നും അക്കാലത്തു അവിടങ്ങളിലുള്ള ഹിന്ദുക്കൾക്കു ഒരു വിശ്വാസം ഉണ്ടായിരുന്നു. സമുദ്രത്തിൽ ഏറ്റമിറക്കമുണ്ടാകുന്നതു സോമനാഥനു സമുദ്രം ചെയ്യുന്ന ആരാധനയാണെന്നു അവിടത്തെ പുരോഹിതന്മാരായ ബ്രാഹ്മണർ ഘോഷിച്ചു. ജനങ്ങൾക്കു സോമനാഥന്റെ ദിവ്യപ്രഭാവത്തിലുള്ള വിശ്വാസത്തെ വർദ്ധിപ്പിച്ചും വന്നിരുന്നു.

നമ്മുടെ നായിക പ്രാർത്ഥനാന്തരം ബിംബത്തിന്റെ സമീപത്തിൽചെന്നു ഒരു കൈനിറയെ സ്വർണ്ണനാണയം സോമനാഥനു കാണിക്കയായി സമർപ്പിച്ചു. അവളുടെ ഭർത്താവു സമ്പന്നനായിരുന്നു. എന്തെങ്കിലും വഴിപാടു വാങ്ങാതെ സോമനാഥൻ എത്ര ഭക്തന്മാരുടെ പ്രാർത്ഥനയേയും ശ്രദ്ധിക്ക പതിവില്ലായിരുന്നു. അവൾ തന്റെ ഭർത്താവിന്റെ ജീവനെ ത്രാണനം ചെയ്തു കൊടുക്കണമെന്നും, അദ്ദേഹത്തിന്റെ ജീവിതാവധി കഴിഞ്ഞുപോയിരിക്കുന്നതുകൊണ്ടു, അതിനു നിവൃത്തിയില്ലാത്തപക്ഷം അദ്ദേഹത്തിനു എത്രയും ഉൽകൃഷ്ടമായ ഒരു പുനർജ്ജന്മം കൊടുക്കണമെന്നും സോമനാഥനോടു പ്രാർത്ഥിച്ചു. അപ്പോൾ ബിംബത്തിന്റെ അർഭാന്തഗത്തുനിന്നു അമാനുഷവും അത്ഭുതകരവുമായ ഒരു ശബ്ദം പുറപ്പെട്ടു. സോമനാഥന്റെ നയനങ്ങളിൽ ദിവ്യമായ ഒരു പ്രകാശം ഉണ്ടായി. അവൾ ദണ്ഡനമസ്കാരം ചെയ്തു എഴുനേറ്റപ്പോൾ നമ്മുടെ പഴയ ബ്രാഹ്മണൻ അവളുടെ മുമ്പാകെ ആവിർഭവിച്ചു. സോമനാഥന്റെ പരിശുദ്ധസന്നിധിയിൽ ആയതുകൊണ്ടു ബ്രാഹ്മണനെ കുറിച്ചു യാതൊരു ദോഷവിചാരവും അവളുടെ സ്ഫടികനിർമ്മലമായ ഹൃദയത്തിൽ ഉണ്ടായില്ല.

ബ്രാഹ്മണൻ:
“സോമനാഥൻ നിന്റെ പ്രാർത്ഥനയെ കേട്ടു. അദ്ദേഹം ഇന്നു അർദ്ധരാത്രിയിൽ നിനക്കു ദർശനം തരും.”
സ്ത്രീ:
“നിങ്ങൾ എന്നെ പരിഹസിക്കയാണു. സോമനാഥൻ മനുഷ്യരൂപത്തിൽ തന്റെ ഭക്തന്മാർക്കു ദർശനം കൊടുക്കാറുണ്ടോ?’”
ബ്രാഹ്മണൻ:
“സംശയമെന്തു്? അദ്ദേഹത്തിനു പ്രസാദംതോന്നുന്ന ഭക്തന്മാർക്കു മനുഷ്യരൂപത്തിൽതന്നെ അദ്ദേഹം പ്രത്യക്ഷനായി അഭീഷ്ടദാനം ചെയ്യാറുണ്ടു്.” സാധാരണയായി അദ്ദേഹം തന്റെ ശാന്തിക്കാരായ പുരോഹിതന്മാരുടെ വേഷമാണു കൈക്കൊള്ളാറുള്ളതു്. അദ്ദേഹത്തിന്റെ പ്രത്യേകപ്രസാദത്തിനു പാത്രമായുള്ള ഒരു ബ്രാഹ്മണന്റെ രൂപത്തിൽ ഇന്നു അദ്ദേഹം നിനക്കു ദർശനം തരും. അദ്ദേഹം നിന്റെ അഭീഷ്ടത്തെ സാധിച്ചു തരാൻ തന്നെ നിശ്ചയിച്ചിരിക്കുന്നു.”
സാധ്വിയായ അവൾ ബ്രാഹ്മണൻ പറഞ്ഞതെല്ലാം കേട്ടു വിസ്മയിച്ചു. പുരോഹിതന്മാരുടെ പൂജ്യതയെ കണക്കില്ലാതെ പ്രസംഗിക്കുന്ന ഒരു മതത്തിൽ അവൾക്കുള്ള ദൃഢവിശ്വാസം—അവൾ അപ്പോൾ നിന്നിരുന്ന സ്ഥലത്തിന്റെ മാഹാത്മ്യം—വിഗ്രഹത്തിന്മേൽ പ്രകാശിച്ചു കണ്ട ദിവ്യമായ തേജഃപ്രസരം—അവളുടെ ഭർത്താവിന്റെ പ്രാണരക്ഷയിലുള്ള താല്പര്യം—അവളുടെ പ്രാർത്ഥനയെ സോമനാഥൻ സ്വീകരിച്ചു എന്നുള്ള സന്തോഷകരമായ വർത്തമാനം—ഇതുകളെല്ലാംകൊണ്ടു കാപട്യം എന്നുള്ളതു എന്താണെന്നു അറിഞ്ഞിട്ടില്ലാത്ത ആ സാധുയുവതിയുടെ മൃദുലഹൃദയത്തിൽ ഉണ്ടായ ഭിന്നങ്ങളായസ്തോഭങ്ങളെകൊണ്ടു അവൾ അന്ധയായി. ജാതിസ്വഭാവത്താൽ ഹൃദയത്തിൽ വേരൂന്നിപ്പോയ മൂഢവിശ്വാസത്തിന്റെ മൂർദ്ധന്യംകൊണ്ടു അവൾ അന്നു അർദ്ധരാത്രിയിൽ സോമനാഥന്റെ വരവിനെ പ്രതീക്ഷിച്ചിരിക്കാം എന്നു സമ്മതിച്ചു.

കാപട്യമേറിയ ആ ദുഷ്ടബ്രാഹ്മണനു തന്റെ ഇന്ദ്രജാലത്തിന്റെ ശക്തി അവളുടെ ഹൃദയത്തെ വ്യാമോഹിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്തു മാത്രമേ അവളെ സ്വാധീനയാക്കി തന്റെ അഭീഷ്ടം സാധിക്കാൻ കഴിവുണ്ടാകയുള്ളു എന്നറിയാമായിരുന്നു. അതിനാൽ അവളുടെ ഹൃദയത്തെ കുറേക്കൂടി വശ്യമാക്കി ചെയ്യുന്നതിനു വേണ്ടി അനേകം ദാസികളെ ബിംബത്തിന്റെ സന്നിധിയിൽ വരുത്തി സോമനാഥനു പ്രിയമുള്ള ഓരോ ലീലകൾ അവളുടെ മുമ്പാകെ വച്ചു ചെയ്യിച്ചു കാണിച്ചു. മതത്തിന്റെ പരിശുദ്ധതയ്ക്കു കൂടിയും കളങ്കത്തെ ഉണ്ടാക്കിത്തീർക്കുന്ന ഏതാദൃശങ്ങളായ ഗോഷ്ഠിത്തങ്ങളെ അബദ്ധവിശ്വാസംകൊണ്ടു അന്ധയായ നമ്മുടെ സാധുനായിക യാതൊരു വെറുപ്പും കൂടാതെ നോക്കിക്കൊണ്ടു നിന്നു. ക്ഷേത്രത്തിലെ ശാന്തിക്കാരായ പല ബ്രാഹ്മണരും ദാസികളുടെ കൂട്ടത്തിൽ വന്നുചേർന്നു ജുഗുപ്സാവഹങ്ങളായ ഓരോ ലീലകൾ കാണിച്ചു തുടങ്ങി. പെട്ടെന്നു ഒരു ദിവ്യശക്തിയാലെന്നു തോന്നുംവണ്ണം ക്ഷേത്രത്തിലെ വിളക്കണഞ്ഞു. അവിടെയെങ്ങും അന്ധകാരം നിറഞ്ഞു. യുവതിയായ നമ്മുടെ നായിക വല്ലാതെ അമ്പരന്നു നിന്നുപോയി. അവൾ സോമനാഥന്റെ ദിവ്യസന്നിധിക്കു അനുരൂപമല്ലാത്ത വിധത്തിൽ ഭയപ്പെട്ടു വിറച്ചു. അവൾ പരിഭ്രമത്തോടെ പൂമുഖത്തിനു നേരേ തിരിഞ്ഞു പുറത്തേക്കു പോകാൻ ഭാവിച്ചു. അപ്പോൾ ശാന്തമായ ഒരു ശബ്ദം അവളുടെ ശ്രവണേന്ദ്രിയങ്ങളിൽ പതിഞ്ഞു.

“സോമനാഥൻ ഇതാ നിനക്കു ദർശനം തന്നിരിക്കുന്നു. നേരം അർദ്ധരാത്രിയായി. അടുത്തുവരൂ.”

അവളുടെ ഹൃദയം ഊക്കോടെ തുടിച്ചു തുടങ്ങി. പെട്ടെന്നു ഒരു സംശയം അവളുടെ ഉള്ളിൽ ഉദിച്ചു. അവൾ കേട്ടശബ്ദം എത്ര തന്നെ ഒച്ചമാറ്റി പുറപ്പെടുവിച്ചതായിരുന്നിട്ടും അവൾക്കു തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. അതു നമ്മുടെ പരിശുദ്ധനായ ബ്രാഹ്മണന്റേതായിരുന്നു. സോമനാഥൻ തന്നെ അവൾക്കു സത്യം വെളിപ്പെടുത്തിക്കൊടുത്തപോലെ അവൾക്കു തോന്നി. അവളുടെ തലയ്ക്കു ഭ്രാന്തുപിടിച്ചു. അവളുടെ വ്യാമോഹം നീങ്ങി പെട്ടെന്നു ഒരു വെളിച്ചം അവളുടെ ഉള്ളിൽ ഉദിച്ചപോലെ തോന്നുകയാൽ അവൾ മനഃസ്തോഭങ്ങളെ കൊണ്ടു ശ്വാസം മുട്ടി. അവൾ ഒന്നും സംസാരിച്ചില്ല. അവൾക്കു വല്ല അവലംബവും കൂടാതെനില്ക്കാൻ പാടില്ലായിരുന്നു. അങ്ങനെ അവൾ ഇരുട്ടിൽ തപ്പിയപ്പോൾ അവളുടെ കൈകൾ സോമനാഥന്റെ ബിംബത്തിന്മേൽ തട്ടി, ബ്രാഹ്മണൻ വീണ്ടും ഒച്ചമാറ്റി മന്ത്രിക്കുന്ന സ്വരത്തിൽ പറഞ്ഞു:

“വരണം. എന്താണിത്ര താമസം? സോമനാഥൻ ഈ താമസത്തെ സഹിക്കയില്ല. വരണം.”

സ്ത്രീ:
“ചതിയൻ! തന്റെ വിദ്യ എനിക്കു മനസ്സിലായി. താൻ എന്നെ വഞ്ചിക്കാൻ ശ്രമിച്ചു. തന്റെ വലയിൽ ചാടുന്ന പക്ഷിയാണെന്നു എന്നെ വിചാരിച്ചൊ? ദൂരേ എന്റെ മുമ്പിൽ നിന്നു പൊയ്ക്കൊൾക; മതത്തിനു കൂടിയും അവമാനത്തെ ഉണ്ടാക്കുന്ന തന്റെ സാമീപ്യം തന്നെയും പാപകരമാണു്. സോമനാഥൻ എന്റെ പ്രാർത്ഥനയെ കേട്ടു. അദ്ദേഹം തന്നെ എനിക്കു പരമാർത്ഥത്തെ വെളിപ്പെടുത്തിത്തന്നു. ലോഹാംഗാരകനരകത്തിനു പാത്രവാനായ ദുഷ്ടൻ, ദൂരേ.”
ബ്രാഹ്മണൻ വിഡ്ഢിയായി ഇച്ഛാഭംഗംകൊണ്ടുണ്ടായ കാലുഷ്യത്താൽ പെട്ടന്നു ആ സ്ഥലം വിട്ടുപോയി. അവൾ ബിംബത്തിൽ തന്നെ ചാരിക്കൊണ്ടു ഏകാകിനിയായി നിന്നു. പെട്ടെന്നു ബിംബം ചലിക്കുന്നതുപോലെ അവൾക്കുതോന്നി. അകത്തുനിന്നു അനേകായിരം സർപ്പങ്ങൾ ഒന്നിച്ചു ഫൂൽകാരം ചെയ്യുന്നതുപോലെ ഒരു ശബ്ദം ഉണ്ടായി. ബിംബത്തിന്റെ വായിൽക്കൂടിയും മൂക്കിൽകൂടിയും അഗ്നിജ്വാലകൾ പുറത്തേക്കു ചാടി ക്ഷേത്രത്തിനകത്തു മുഴുവൻ പ്രകാശം ഉണ്ടായി. പുറത്തേക്കു പോകാനുള്ള വാതിൽ അവളുടെ ദൃഷ്ടിയിൽ പെട്ടു. അവൾ ഈ ഇന്ദ്രജാലങ്ങളൊന്നും വകവയ്ക്കാതെ മുമ്പോട്ടു കുതിച്ചോടി ക്ഷേത്രത്തിനു വെളിയിൽ എത്തി. ശീതളമായ ശുദ്ധവായു ഏറ്റു മൂർച്ഛയിൽ നിന്നു ഉണർന്നപോലെ അവൾ സന്തോഷിച്ചു. തനിക്കു ലഭിച്ച രക്ഷയ്ക്കായി ഈശ്വരനെ സ്തുതിച്ചുകൊണ്ടു അവൾ വേഗം നടന്നു വീട്ടിൽ എത്തി. അവൾ സംഭ്രമത്തോടും ആശയോടും കൂടി തന്റെ പ്രിയതമന്റെ മുറിയ്ക്കകത്തു കടന്നു. അദ്ദേഹം ഇഹലോകവുമായുള്ള സംബന്ധത്തെ ഉപേക്ഷിച്ചിരിക്കുന്നു.
൪-ാം അദ്ധ്യായം

പരേതനായ ആളിന്റെ സംബന്ധികൾക്കെല്ലാം ഉടൻ തന്നെ വിവരം അറിവുകൊടുത്തു. അവർ ഓരോരുത്തരായി വന്നു ചേർന്നു. മരണസമയങ്ങളിൽ ഹിന്ദുക്കളുടെ ഇടയിൽ സാധാരണ പതിവുള്ള മാതിരി മുറകൾ കൊണ്ടു സമീപസ്ഥലമെല്ലാം മുഴങ്ങി. സ്ത്രീകൾ ശവശരീരത്തിന്മേൽ വീണും, തലമുടിയെ വലിച്ചു ചീന്തിയും, മാറത്തടിച്ചും, കൈകാലുകൾ തൊഴിച്ചും, നിലത്തു വീണുരുണ്ടും തങ്ങളുടെ അവധിയില്ലാത്ത ദുഃഖപാരവശ്യങ്ങളെ വെളിപ്പെടുത്തി. നമ്മുടെ യുവതിയായ വിധവ ചിന്താമഗ്നനായി സന്നിഹിതനായിരിക്കുന്ന തന്റെ ആപത്തിനെ കുറിച്ചു ആലോചിച്ചുകൊണ്ടു നിശ്ചേഷ്ടയായിരുന്നു. അവൾ ഇരുന്നേടത്തുതന്നെ തറയ്ക്കപ്പെട്ടതുപോലെ ഇരുന്നു. അവളുടെ നയനങ്ങൾ നിലത്തു പതിഞ്ഞിരുന്നു. അവളുടെ വിധവാശ്രുക്കളുടെ ഉറവു് ഒരു തുള്ളിപോലും ശേഷിക്കാതെ വറ്റിപ്പോയി. ഒരു തുള്ളി കണ്ണുനീരുപോലും അവളുടെ കണ്ണിൽ നിന്നു വന്നില്ല. ഒരു ഒറ്റ ദീർഗ്ഘനിശ്വാസംപോലും ഉള്ളിൽ നിന്നു പുറപ്പെട്ടില്ല. മൃത്യുവിന്റെ അതിഭയങ്കരമായ സ്വപ്നത്തിൽ തന്നെ അവളുടെ മനസ്സുമുഴുവനും പതിഞ്ഞിരുന്നു.

സംസ്കാരകർമ്മം നടത്തുന്നതിനു പുരോഹിതനായി വന്ന ആൾ നമ്മുടെ പഴയബ്രാഹ്മണൻ തന്നെ ആയിരുന്നു. അയാൾ ആ യുവതിയായ വിധവയുടെ ഹൃദയത്തിൽ ആശ്വാസവും ആശയും ജനിപ്പിക്കുമാറു എന്തൊ ചിലതൊക്കെ മന്ത്രിച്ചു. അവൾ അതിൽ ഒരക്ഷരംപോലും കേട്ടില്ല. അതിഭയങ്കരമായ ചിതയിൽനിന്നു അവളെ രക്ഷിക്കാൻ തനിക്കു കഴിവുണ്ടെന്നു ആ ബ്രാഹ്മണൻ പറഞ്ഞു. അവൾ വെറുപ്പോടുകൂടി മുഖത്തെ പിന്തിരിച്ചു എങ്കിലും ബ്രാഹ്മണന്റെ കുഴിയിൽ കിടന്നകണ്ണുകൾക്കു എന്തുകൊണ്ടോ ഒരു പ്രകാശം ഉണ്ടായി. അയാൾ ഉടൻതന്നെ സംസ്കാരകർമ്മത്തിനു വേണ്ടതൊക്കെ ചെയ്യാനായി പോകയുംചെയ്തു.

പുരോഹിതൻ കുളിച്ചുവന്നു് ഒരു ദർഭപ്പുല്ലെടുത്തു മരിച്ചുപോയ ആളിന്റെ ഒരു വിരലിൽ കെട്ടി. പാവനമായ ഗംഗാജലം തളിച്ചു തറശുദ്ധമാക്കി. അനന്തരം മന്ത്രപുരസ്സരം ദേവന്മാരെ സ്തുതിച്ചു. കൂടിയിരുന്നവരിൽ പലരും ഇതിനോടുകൂടി യോജിച്ചു മൃതനായ ആളിന്റെ ആത്മാവിനു സൽഗതിയെ പ്രാർത്ഥിച്ചു.

ഇത്രയും കഴിഞ്ഞശേഷം ക്ഷേത്രത്തിൽ നിന്നു പരിശുദ്ധമായ അഗ്നി കൊണ്ടുവന്നു. ശവത്തിന്റെ നാലുവശത്തും നാലു സ്ഥാനങ്ങളിൽ ദർഭ വിരിച്ചു. മരിച്ച ആളിന്റെ ബന്ധുക്കളിൽ പലരും അഗ്നിയിൽ ചാണകവരളികൾ ഇട്ടു. ഈ കർമ്മങ്ങൾ നടന്നുകൊണ്ടിരികുമ്പോൾ പുരോഹിതൻ മന്ത്രോച്ചാരണം ചെയ്കയായിരുന്നു. അയാൾക്കു പുഷ്പമാല്യങ്ങളേയും മറ്റും കൊണ്ടലങ്കരിച്ച ഒരു പശുവിനെ ഇതിനിടയ്ക്കു ദാനംചെയ്തു. ഈ പ്രാരംഭകർമ്മങ്ങൾ അവസാനിക്കുന്നതിനു മുമ്പു മറ്റു പലദാനങ്ങളും ഈ ബ്രാഹ്മണനു ലഭിച്ചു.

അനന്തരം പരേതനായ ആളിന്റെ പാപപരിഹാരത്തിനായി “പ്രായശ്ചിത്തം” നടത്തി. ജ്യോതിശ്ശാസ്ത്രജ്ഞന്മാരായി ആലോചിച്ചു മരണസമയത്തെ ഗ്രഹസ്ഥിതികൾ നിർണ്ണയപ്പെടുത്തി.

അതിന്റെ ശേഷം മൃതശരീരത്തെ കുളിപ്പിച്ചു. ജാതിസൂചകമായ മുദ്രയെ (കുറി) നെറ്റിയിൽ പതിച്ചു ശവത്തെ ശുഭ്രവസ്ത്രം ധരിപ്പിച്ചു. ഒരു കഷ്ണം അടയ്ക്കാ വായിൽ കുത്തിക്കടത്തി. നേരിയതുണി കീറി മുഖം മൂടി അതിന്റെ അറ്റംകൊണ്ടു രണ്ടു തള്ളവിരലുകളേയും ബന്ധിച്ചു. അനന്തരം ചന്ദനം മുതലായ സുഗന്ധവസ്തുക്കളെ ലേപനം ചെയ്തു ശവത്തെ ഒരു പല്ലക്കിൽ എടുത്തിരുത്തി ചുടലയിലേക്കു ഭേരി, മൃദംഗം, നാഗസ്വരം മുതലായ വാദ്യവിശേഷങ്ങളോടു കൂടികൊണ്ടു തിരിച്ചു. മരിച്ചുപോയ ആളിന്റെ ഓരോ കഥകളേയും ഗുണങ്ങളേയും വിസ്തരിച്ചു ചാറ്റിയുംകൊണ്ടു പിന്നാലെ നടന്നു. ചുടലയിൽ എത്തി. പല്ലക്കു താഴെ ഇറക്കി വച്ചു. നിലം ഉഴുതു നവധാന്യങ്ങളെ ചുടലയിൽ വിതച്ചു. അനന്തരം ശവത്തിന്റെ മൂക്കിൽനുള്ളി മരിച്ചതു തീർച്ചതന്നെയോ എന്നു നിശ്ചയം വരുത്തി. അതുകൊണ്ടും തൃപ്തിപ്പെടാതെ മുഖത്തു വെള്ളം തളിച്ചും പടഹമടിച്ചു ഘോഷം കൂട്ടിയും ശവത്തെ ഉണർത്താൻ ശ്രമിച്ചു. അതുകൊണ്ടും ശവത്തിന്റെ ജീവൻ തിരിച്ചു വന്നില്ലെന്നു കണ്ടു വീണ്ടും അതിനെ പല്ലക്കിൽ എടുത്തുവെച്ചു ചിതയുടെ സമീപത്തിലേക്കു കൊണ്ടുപോയി. അവിടെയും ഗംഗാജലം തളിച്ചു തറശുദ്ധമാക്കി മന്ത്രപുരസ്സരം അനേകം കർമ്മങ്ങൾ നടത്തി.

അനന്തരം ഹരിശ്ചന്ദ്രന്റെ രൂപം കൊത്തിയിട്ടുള്ള ഒരു കല്ലിന്റെ സമീപത്തിൽ ശവത്തെ കൊണ്ടു ചെന്നു വച്ചു. അവിടെയും ചില കർമ്മങ്ങൾ ഒക്കെ നടത്തിയതിന്റെ ശേഷം ചില ചെമ്പു നാണയങ്ങളും, ഒരു കഷണം കോടിത്തുണിയും ഒരു പിടി അരിയും ഹരിശ്ചന്ദ്രനു ചുടലക്കൂലിയായി ആ വിഗ്രഹത്തിന്റെ മുമ്പിൽ കുഴിച്ചിട്ടു. ഉടനെ തീ കത്തിക്കാൻ ചുമതലക്കാരനായ ഒരു പറയൻ ഹരിശ്ചന്ദ്രന്റെ അടുക്കൽ വന്നു ചുടലക്കൂലി കിട്ടി എന്നറിയിച്ചു. അനന്തരം പല്ലക്കു തിരിയെ അയയ്ക്കുയും ശവത്തിന്റെ നഖങ്ങളും മുടിയും വെട്ടി ചിതയെ ഒരുക്കിച്ചു ശവത്തെ അതിന്മേൽ വയ്ക്കുകയും ചെയ്തു. ഏറ്റവും അടുത്ത സംബന്ധിയാണു് ദുഃഖകരമായ ഈ കർമ്മം നടത്തിയതു്. അയാൾ ശവത്തിന്റെ കൈകളിലും വായിലും ചെവിയിലും ചോറും വെണ്ണയും തൈരും വച്ചു അയാളുടെ കർമ്മത്തെയും സമാപിപ്പിച്ചു.

അന്നേദിവസം കാലത്തു ഗസ്നിയിലെ സുൽത്താൻ മാമുദ്ദ് മുപ്പതിനായിരം ഭടന്മാരോടുകൂടി സോമനാഥക്ഷേത്രത്തെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു ഒരുവർത്തമാനം നഗരത്തിലെങ്ങും പരന്നിട്ടുണ്ടായിരുന്നു. പരാക്രമശാലിയായ മാമുദ്ദിന്റെ യുദ്ധകോലാഹലം നഗരത്തിന്റെ ബഹിർഭാഗത്തുനിന്നു സ്പഷ്ടമായി കേട്ടു തുടങ്ങി എങ്കിലും അതുകൊണ്ടു ഹിന്ദുക്കൾ പരിഭ്രമിക്കയോ അവരുടെ ഈ വിശുദ്ധകർമ്മത്തിനു വല്ല വിഘാതവും നേരിടുകയോ ചെയ്തില്ല. അവർ സോമനാഥൻ തന്നെ എല്ലാം ശരിയാക്കിക്കൊള്ളുമെന്നു സ്ഥിരമായി വിശ്വസിച്ചുകൊണ്ടിരുന്നു.

ശവദാഹത്തിനു വേണ്ട കർമ്മങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുമ്പോൾ ഭാഗ്യഹീനയായ നമ്മുടെ വിധവ ആൾക്കൂട്ടത്തിലെങ്ങും ചേരാതെ ദൂരെ ഒരിടത്തു ചിന്താമഗ്നയായി ഇരുന്നിരുന്നു. അവളുടെ പ്രാണപ്രിയന്റെ അകാലദേഹവിയോഗം അവളുടെ ഹൃദയമർമ്മങ്ങളെ ഭേദിച്ചു അനുമരണത്താൽ സ്വന്തപ്രാണനെക്കൂടിയും അകാലത്തിൽ ബലികഴിക്കേണ്ട ആ ക്രൂരകർമ്മത്തെ ഓർത്തു അവൾ നടുങ്ങി. എന്നിട്ടും അവൾ മരിക്കുന്നതിനു തന്നെ നിശ്ചയിച്ചു. സ്വാർത്ഥത്തേക്കാൾ മതത്താൽ വിധിക്കപ്പെട്ടിട്ടുള്ള ഒരു സതിയുടെ പരിശുദ്ധകർമ്മത്തെ അനുഷ്ഠിക്കുന്നതാണു് തന്റെ പരമമായ ധർമ്മമെന്നു അവൾ തീർച്ചയാക്കി. അതിനാൽ മനുഷ്യന്റെ മത്രഭ്രാന്തു ഇതേവരെ കണ്ടു പിടിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളിൽ വച്ചു അതിക്രൂരവും അത്യന്ത ഗർഹിതവും മഹാ ഭയങ്കരവുമായ അനുമരണത്തിനു അവൾ സന്നദ്ധയായി.

അവളുടെ ഭർത്താവിന്റെ ശവശരീരം ചിതയിൽ വയ്ക്കപ്പെട്ടിട്ടു കുറേ നേരമായി. അവളുടെ വിശുദ്ധകർമ്മത്തിനു വേണ്ടതെല്ലാം തയ്യാറായി. ആ വിവരം പുരോഹിതൻ അവളുടെ അടുക്കൽ ചെന്നറിയിച്ചു. അയാൾ ഏകനായിട്ടാണു് അവളുടെ അടുക്കൽചെന്നതു.

ബ്രാഹ്മണൻ:
“നീ നിഷ്പ്രയോജനമായി നിന്റെ പ്രാണനെ ഇങ്ങനെ നശിപ്പിച്ചുകളയേണ്ടാ. എന്നെ വിശ്വസിച്ചുകൊൾക. ഞാൻ നിന്നെ രക്ഷിക്കാം. പരലോകത്തിൽ നിനക്കു ലഭിക്കാവുന്ന അനിശ്ചിതമായ ആനന്ദത്തിനു നീ മോഹിക്കേണ്ടാ. ഐഹികമായുള്ള സകല സുഖാനുഭവങ്ങൾക്കും ഞാൻ നിനക്കു മാർഗ്ഗം കണ്ടിട്ടുണ്ടു്.”
സ്ത്രീ:
“നിങ്ങൾ എന്താണു് പറയുന്നതു്? എന്റെ വിധി സ്ഥിരപ്പെട്ടു കഴിഞ്ഞു. ചിതയിൽ എന്റെ ഭർത്താവിനോടൊന്നിച്ചു ഞാനും ദഹിക്കണം. ഞങ്ങളുടെ രണ്ടുപേരുടേയും ആത്മാക്കൾ ഒന്നിച്ചാണു് പരലോകത്തെ പ്രാപിക്കേണ്ടതു്?”
ബ്രാഹ്മണൻ:
“എന്നാൽ ഈ ഭയങ്കരമായ മരണത്തിൽനിന്നു ഒഴിയുന്നതല്ലയോ നല്ലതു്?”
സ്ത്രീ:
“എന്തിനാണൊഴിയുന്നതു്. നമ്മേക്കാൾ ബുദ്ധിശക്തിയും ജ്ഞാനശക്തിയും ഉള്ളവർ വിധിച്ചിട്ടുള്ള ഒരു കർമ്മമല്ലയോ ഇതു? അതിൽ നിന്നു എനിക്കു പിന്നെ എങ്ങനെ ഒഴിയാം?”
ബ്രാഹ്മ:
“ജീവിച്ചിരിക്കാൻ തന്നെയല്ലയോ നിനക്കു മോഹമുള്ളതു്?”
സ്ത്രീ:
“മരിക്കേണ്ടതു എന്റെ കൃത്യമാണെങ്കിൽ ജീവിതത്തിൽ എനിക്കു മോഹമില്ല.”
ബ്രാഹ്മ:
“നിനക്കു തന്നെ അഭിപ്രായമില്ലാത്തപക്ഷം നീ മരിക്കണമെന്നു നിർബന്ധമില്ല. ചില വ്യവസ്ഥകളിന്മേൽ സോമനാഥൻ ഇനിയും ജീവിച്ചിരിക്കാൻ നിന്നെ അനുവദിക്കുന്നുണ്ടു്.”
സ്ത്രീ:
“ആ വ്യവസ്ഥകൾ എന്തെല്ലാമാണു്?”
ബ്രാഹ്മ:
“സോമനാഥന്റെ പ്രത്യേകപ്രസാദത്തിനു പാത്രമായിത്തീർന്നിട്ടുള്ള അദ്ദേഹത്തിന്റെ ഈ പ്രതിനിധിയുടെ ഹിതാനുവർത്തിനിയായി നീ മേലാൽ ജീവിക്കണം. സോമനാഥൻ എനിക്കു അമാനുഷശക്തികളെ തന്നിട്ടുണ്ടു്. ദുഃഖം എന്നുള്ളതു് എന്താണെന്നു അറിഞ്ഞിട്ടില്ലാത്ത ഒരു സ്ഥലത്തു് ഞാൻ നിന്നെ കൊണ്ടുപോയി പാർപ്പിക്കാം. എല്ലാവിധ പരമാനന്ദങ്ങളും അവിടെ നിനക്കു ലഭിക്കും. അതൊരു അനുഗ്രഹമാണെന്നു അനുഭവംകൊണ്ടു നിനക്കു ബോദ്ധ്യമായുകയും ചെയ്യും.”
സ്ത്രീ:
“എന്തിനാണീ പരിഹാസം. ഇതിനു തക്ക സമയം ഇതല്ല. എന്നെ ചിതയിലേക്കു കൊണ്ടുപോവുക. ഒരു ഹിന്ദുവിധവ സ്വന്തം പ്രാണനെ എത്ര നിസ്സാരമായി കരുതിയിരിക്കുന്നു എന്നു നിങ്ങൾക്കു ഞാൻ കാണിച്ചുതരാം.”
ബ്രാഹ്മ:
“ഇഹത്തിൽ സുഖാനുഭവങ്ങൾക്കു സൗകര്യമുണ്ടെന്നിരിക്കുമ്പോൾ നീ വെറുതേ എന്തിനു മരിക്കുന്നു?”
സ്ത്രീ:
“വൃദ്ധനായ ഒരു ധൂർത്തബ്രാഹ്മണനോടൊന്നിച്ചു സുഖിച്ചിരിക്കുന്നതിനേക്കാൾ പ്രാണോപമനായ പ്രിയതമനോടൊന്നിച്ചു ജീവത്യാഗം ചെയ്യുന്നതു തന്നെയാണുത്തമം. നിങ്ങൾ എന്നെ ചിതയിലേക്കു കൊണ്ടുപോവുക.”
ബ്രാഹ്മണൻ സംസാരം നിറുത്തി. ആ സ്ത്രീയുടെ അഹമ്മതിക്കു തക്ക പ്രതികാരം എന്തോ തന്റെ ഉള്ളിൽ ഉറച്ചപോലെ ഒരു ഭാവവികാരം അയാളുടെ കണ്ണുകളിൽ പ്രകാശിച്ചു.
സ്ത്രീ:
“എന്നെ ഇങ്ങനെ നോക്കേണ്ടാ. ഞാൻ നിങ്ങളെ ഭയപ്പെടുന്നില്ല. എന്റെ പുരോഹിതൻ നിഷേധിക്കുന്നതിനെ ദേവന്മാർ ശ്ലാഘിക്കും. എനിക്കു നിങ്ങളേക്കാൾ ദേവന്മാരെയാണു ബഹുമാനം.”

ഇങ്ങനെ പറഞ്ഞു കൊണ്ടു അവൾ എഴുന്നേറ്റു. അവളുടെ ചാർച്ചക്കാരായ സ്ത്രീകളെ അടുക്കൽ വരുവാൻ അവൾ സംജ്ഞാപനം ചെയ്തു. അവർ വന്നു. അവരെ തന്റെ നിശ്ചയത്തെ അവൾ ധരിപ്പിച്ചു. പുരോഹിതൻ ഒന്നും പറയാതെ അനുമരണത്തിനു വേണ്ട പ്രാരംഭകർമ്മങ്ങൾക്കായി ആരംഭിച്ചു.

൫-ാം അദ്ധ്യായം

ഭാഗ്യഹീനയായ വിധവ തന്റെ ഭർത്താവിനോടൊന്നിച്ചു ഉടനടി ചാടി മരിച്ചു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു സന്നദ്ധയായി. ഭേരി, മൃദംഗം മുതലായവയുടെ ശബ്ദം മുമ്പത്തേപോലെ മുഴങ്ങിത്തുടങ്ങി. നിശ്ചലങ്ങളായ അവളുടെ അധരങ്ങൾ വിടുർത്തി ഒരു കഷണം അടയ്ക്കാ അവൾ ഉള്ളിലിട്ടു വളരെ പണിപ്പെട്ടു മന്ദമായി സോമനാഥന്റെ നാമോച്ചാരണം ചെയ്തു. അനന്തരം അവൾ തന്റെ എല്ലാ ആഭരണങ്ങളേയും എടുത്തു അണിഞ്ഞുതുടങ്ങി. വിശേഷമായ ഒരു പട്ടുചേല ഉടുത്തു. ഒരു മരണകർമ്മത്തിനല്ല, ഒരു മംഗള കർമ്മത്തിനെന്നു തോന്നുംവണ്ണം അവൾ അതിഭംഗിയിൽ തന്റെ ശരീരത്തെ അലംകരിച്ചു.

അനന്തരം വാദ്യഘോഷങ്ങളോടും ബന്ധുവർഗ്ഗങ്ങളോടും കൂടി അവൾ ചുടലയിലേക്കു തിരിച്ചു. പുരോഹിതനും മറ്റു അനേകം ബ്രാഹ്മണരും അവളുടെ ചുറ്റിലും നടന്നു. അവൾ അനുഷ്ഠിക്കാൻ പോകുന്ന വിശുദ്ധകർമ്മത്തിന്റെ മാഹാത്മ്യത്തെയും അവൾക്കു പരലോകത്തിൽ ലഭിക്കാനിരിക്കുന്ന ഉൽകൃഷ്ടപദവിയേയും കുറിച്ചു വിസ്തരിച്ചു കേൾപ്പിച്ചു അവർ അവൾക്കു ധൈര്യത്തെ വർദ്ധിപ്പിച്ചു. അവളുടെ നാമം ഭൂലോകത്തിലെങ്ങും പ്രസിദ്ധമായിത്തീരുമെന്നും മേലാൽ ഉണ്ടാകുന്ന സതികളുടെ അനുമരണകർമ്മങ്ങളിൽ അവളുടെ പരിശുദ്ധമായ നാമംകൂടി ഉൾപ്പെടുത്തി മന്ത്രോച്ചാരണം ചെയ്യുമെന്നും പറഞ്ഞു അവൾക്കു ഉത്സാഹത്തെ ജനിപ്പിച്ചു.

ഭാഗ്യഹീനയായ ആ വിധവയ്ക്കു ഒരു പാത്രത്തിൽ എന്തൊ ചില ഔഷധങ്ങൾ കലർത്തിയ കുറെ ജലം കുടിക്കാനായി കൊടുത്തു. അവൾ യാതൊരു സംശയമോ പരിഭ്രമമോ കൂടാതെ അതു ഒരു തുള്ളിയും ശേഷിക്കാതെ കുടിച്ചു വറ്റിച്ചു. ഏതാനും ക്ഷണങ്ങൾ കഴിഞ്ഞപ്പോൾ ഈ ഔഷധത്തിന്റെ വീര്യം പ്രത്യക്ഷമായി. അവളുടെ കണ്ണുകൾ പ്രകാശിച്ചു. അവൾ കൂസൽതീർന്നു നിവർന്നു നിന്നു എത്രയും ധൈര്യത്തോടും താൻ പ്രവർത്തിക്കാൻ പോകുന്ന കഠിനകർമ്മത്തെ സംബന്ധിച്ചു സ്ഥിരനിശ്ചയത്തോടും തന്റെ ചുറ്റും ഉണ്ടായിരുന്നവരെ നോക്കി. പുരോഹിതൻ അടുത്തുചെന്നപ്പോൾ അവൾ തന്റെ ഭർത്താവിന്റെ ശവശരീരത്തെ കിടത്തിയിരുന്ന ചിതയെ ചൂണ്ടിക്കാണിച്ചുകൊണ്ടു നിന്ദാഭാവത്തിൽ ആ വൃദ്ധബ്രാഹ്മണനെ തന്റെ ജ്വലിക്കുന്ന നയനങ്ങളെക്കൊണ്ടു നോക്കിയിട്ടു ഇപ്രകാരം പറഞ്ഞു:

“ശാശ്വതമായ സ്വർഗ്ഗസുഖാനുഭവത്തിനുള്ള ആ ഘോരമാർഗ്ഗത്തെ ഞാൻ ഒഴിക്കുമെന്നു താൻ വിചാരിക്കുന്നുണ്ടോ? എനിക്കു ലഭിക്കാൻ പോകുന്ന ശ്രേയസ്സിൽനിന്നു എന്നെ നിവാരണംചെയ്വാൻ താൻ ശ്രമിച്ചു. എന്റെ ആത്മാവു ജ്വലിച്ചുഴറിക്കൊണ്ടിരുന്ന ആ അഗ്നി ജിഹ്വകളിൽകൂടി നിത്യാനന്ദപദത്തെ പ്രാപിക്കും. എന്നെ അമരലോകത്തിലേക്കുകൂട്ടിക്കൊണ്ടുപോകുവാൻ സന്നദ്ധമായി എന്റെ പ്രിയതമന്റെ ആത്മാവു ആ കാണുന്ന മേഘപടലങ്ങളുടെ ഇടയിൽ മറഞ്ഞു നില്ക്കുന്നതിനെ ഞാൻ കാണുന്നുണ്ടു്. ഈ നിത്യാനന്ദലാഭത്തിൽനിന്നു എന്നെ നിവാരണംചെയ്വാൻ താൻ ശ്രമിക്കുന്നു. ദൂരേ!”

പെട്ടെന്നു അവളുടെ പ്രകൃതി ശാന്തമായി. അനുമരണത്തിനു ആവശ്യമുള്ള പ്രാരംഭകർമ്മങ്ങളെ ശാന്തമായും ഭക്തിയോടുകൂടിയും അവൾ നടത്തി. അവളുടെ ബന്ധുക്കൾ അടുത്തുവന്നു അവൾ അനുഷ്ഠിക്കാൻപോകുന്ന ശ്രേഷ്ഠകർമ്മത്തിൽ അവർക്കുള്ള തൃപ്തിയെ പ്രദർശിപ്പിച്ചു. അനവധി ജനങ്ങൾ അവളുടെ ചുറ്റിലും വന്നുകൂടി. അത്യാസന്നമായിരിക്കുന്ന തന്റെ വിധിയേക്കുറിച്ചുള്ള വിചാരത്താൽ കരുണമായും എന്നാൽ ഒന്നുകൊണ്ടും ആ ശ്ലാഘ്യകൃത്യത്തിൽനിന്നു വിരമിക്കയില്ലെന്നുള്ള സ്ഥിരനിശ്ചയത്തോടുകൂടിയും അവൾ അവരുടെ എല്ലാവരുടേയും മുഖത്തു നോക്കി. ഈ പ്രാരംഭകർമ്മങ്ങൾ ഒക്കെ നടന്നുകൊണ്ടിരിക്കുമ്പോൾ വാദ്യഘോഷം ഒന്നും ഇല്ലായിരുന്നു. ജനങ്ങൾ ഭക്തിയോടുകൂടി ഈ കഠിനകർമ്മത്തിന്റെ ഭയങ്കരതയെ ഓർത്തു നിശ്ശബ്ദന്മാരായും നിശ്ചേഷ്ടന്മാരായും നിന്നു.

സുന്ദരിയായ ആ വിധവ സാവധാനമായി ചിതയുടെ സമീപത്തിൽ അണഞ്ഞു. തന്റെ കോമളമായ ശരീരത്തെ അതിന്റെ നവയൗവനാവസ്ഥയിൽ തന്നെ നശിപ്പിക്കാൻ തയ്യാറാക്കപ്പെട്ടിരിക്കുന്ന ആ ചിതയെ അവൾ സൂക്ഷിച്ചുനോക്കി. ബ്രാഹ്മണർ അവളുടെ ചുറ്റും ചെന്നുകൂടി അവളുടെ പവിത്രമായ നാമത്തെ ഉൾപ്പെടുത്തി ഉണ്ടാക്കിയ ഓരോ സ്തോത്രങ്ങൾ പാടി. ഈ ഗാനങ്ങൾ അവൾക്കു അഘോരമായ മരണത്തിനു അഭിനവമായ ഉത്സാഹത്തേയും ധൈര്യത്തേയും ഉണ്ടാക്കി. ഉടന്തടി ചാടാനുള്ള “ശുഭ” മുഹൂർത്തം—ഹാ! പ്രകൃതിയുടെ അതികോമളമായ ഒരു സൃഷ്ടിവിശേഷത്തെ അതിഗർഹിതമായ ഒരു മതാചാരത്തിന്നായി അഗ്നിജ്വാലയിൽ അനാവശ്യവും നിഷ്പ്രയോജനമായും ചുട്ടു ചാമ്പലാക്കിക്കളയുന്നതിനുള്ള ആ “ശുഭമുഹൂർത്തം”—ആസന്നമായി എന്നു പുരോഹിതൻ അവളെ അറിയിച്ചു. അവൾക്കു അതു കേട്ടിട്ടു യാതൊരു കൂസലും ഉണ്ടായില്ല. അവളുടെ കണ്ണുകൾ പ്രകാശിച്ചു. നാസാരന്ധ്രങ്ങൾ തുറന്നു. അധരങ്ങൾ വിടർന്നു അവളുടെ മുഖം വിശുദ്ധവിചാരങ്ങൾ കൊണ്ടു പ്രകാശിച്ചു. അവൾ ഈ നിലയിൽ അല്പനേരം ഈശ്വരസ്മരണയോടുകൂടി നിന്നു. ഈ സന്ദർഭത്തിൽ അവളുടെ വാത്സല്യഭാജനമായ കുഞ്ഞിനെ അവളുടെ കൈയിൽകൊണ്ടുവന്നു കൊടുത്തു. ഋഷിപ്രോക്തങ്ങളെയും മതാചാരങ്ങളെയും ഭയപ്പെടാത്ത പ്രകൃതിയുടെ സന്താനവാത്സല്യം അവളുടെ മൃദുലമായ ഹൃദയത്തെ ഇളക്കി. അവൾ ഒന്നും സംസാരിക്കാതെ തന്റെ ഓമനയുടെ മൃണാളകോമളമായ ശരീരത്തെ ഗാഢമായി മാറോടണച്ചു. നിരാശ്രയമായ ആ ഏകസന്താനത്തെക്കുറിച്ചു അവളുടെ ഹൃദയത്തിൽ തിങ്ങിക്കൂടിയ വാത്സല്യവിചാരങ്ങളുടെ കരകൾപൊട്ടി നീണ്ട നയനങ്ങളിൽകൂടി അശ്രുക്കൾ ധാരധാരയായി പുറത്തേക്കു പ്രവഹിച്ചു. എന്നിട്ടും അവളുടെ അംഗങ്ങൾക്കു യാതൊരു ചേഷ്ടയുമുണ്ടായില്ല. അവളുടെ ഹൃദയത്തിന്റെ ഊക്കോടുകൂടിയുള്ള തുടിതുടിപ്പു അവളുടെ മാറിനെ പൊതിഞ്ഞിരുന്ന നേരിയ മസിലിൻചേലയിൽകൂടി സ്പഷ്ടമായി കാണാമായിരുന്നു. അമർത്തുന്തോറും അധികമായിത്തീർന്ന മർമ്മഭേദകങ്ങളായ മനോവിചാരങ്ങളാൽ അവളുടെ മാറിടം ഉയരുകയും താഴുകയും ചെയ്തിരുന്നു എങ്കിലും അവളുടെ മുഖത്തു യാതൊരു ഭാവഭേദവും കണ്ടില്ല. അശ്രുപ്രവാഹം നിന്നു. അവളുടെ കണ്ണുകളുടെ കലുഷത മാറി അവ മുമ്പത്തേപ്പോലെ പ്രകാശിച്ചു. അവൾ തയ്യാറായി എന്നു ആംഗ്യം കാണിച്ചു.

രണ്ടു ബ്രാഹ്മണർ പന്തവുംകൊളുത്തി സമീപത്തിൽ വന്നു. അവൾ തന്റെ കുഞ്ഞിന്റെ മുഖത്തിൽ അത്യന്ത പാരവശ്യത്തോടുകൂടി അവളുടെ ചരമചുംബനത്തെ നിക്ഷേപിച്ചിട്ടു അതിനെ സമീപം നിന്ന ഒരാളുടെ കൈവശം ഏൾപ്പിച്ചു. ഉടൻതന്നെ ആ ശിശുവിനെ അവളുടെ മുമ്പാകെ നിന്നുകൊണ്ടു പോകയും ചെയ്തു. അനന്തരം അവളുടെ ഉറ്റ ബന്ധുക്കൾ ചുറ്റും ചെന്നുകൂടി. അവരോടു അവൾ തന്റെ അവസാനയാത്ര പറഞ്ഞു. തന്റെ ആഭരണങ്ങളെല്ലാം അഴിച്ചു അവർക്കു വീതിച്ചുകൊടുത്തു. അവരിൽ ഓരോരുത്തരേയും അവൾ പ്രത്യേകം ആലിംഗനംചെയ്തു. അവർ ഒരോരുത്തരായി പിൻവാങ്ങി പോയി. ആരാച്ചാരന്മാരെപ്പോലെ പുരോഹിതന്മാർ മാത്രം അവളുടെ ചുറ്റുംശേഷിച്ചു.

അവൾ ചിതയിൽ ചാടുന്നതിനു തയ്യാറായി. ജനങ്ങൾ നിമേഷരഹിതങ്ങളായ നേത്രങ്ങളോടുകൂടി ക്രൂരമായ ഈ വിശുദ്ധകർമ്മത്തെ നോക്കിക്കൊണ്ടു നിന്നു. അവരിൽ ആരുംതന്നെ നിന്നിടത്തുനിന്നു അനങ്ങിയില്ല. ഒരക്ഷരവും അവരുടെ മുഖത്തുനിന്നു പുറപ്പെട്ടില്ല. എല്ലാ കർമ്മങ്ങളും പൂർത്തിയായി എന്നു പ്രധാനപുരോഹിതൻ അവളെ അറിയിച്ചു. അവൾ തന്റെ വിളറിയ നെറ്റിയെ ആകാശത്തിലേക്കു ഉയർത്തി ഒന്നു നോക്കിക്കൊണ്ടു പെട്ടെന്നു ചിതയിലേക്കു കുതിച്ചു ചാടി തന്റെ പ്രിയതമന്റെ ശവശരീരത്തെ ആലിംഗനം ചെയ്തു. അവളുടെ കോമളമായ ശരീരം അഗ്നിജ്വാലകളുടേയും, ധൂമത്തിന്റെയും ഇടയിൽ മറഞ്ഞു.

ചിതയിൽ തീ കൊളുത്തിയ ഉടനെ ഭേരി മുതലായതിന്റെ ഗംഭീരനാദം മുഴങ്ങി. ജനതതിയിൽ നിന്നുണ്ടായ ആശീർവചനങ്ങളുടെ കോലാഹലം അന്തരീക്ഷത്തിലെങ്ങും വ്യാപിച്ചു. ചിതയിൽ ചാടിയ ആ ഭാഗ്യഹീനയായ യുവതിയുടെ മരണവേദനയോടു കൂടിയ നിലവിളികൾ ആരും കേൾക്കാതിരിക്കാനാണു് വാദ്യങ്ങൾ മുഴക്കിയതു. ചിതയിൽ നെയ്യൊഴിച്ചു അഗ്നിയെ ജ്വലിപ്പിച്ചു. അഗ്നി അതിഭയങ്കരമായി കത്തി ജ്വലിച്ചു. അല്പനേരത്തിനുള്ളിൽ എല്ലാം ചാമ്പലായി ശേഷിച്ചു. ജനങ്ങൾ ഇങ്ങനെ ഒരു അനുമരണം ഇതിനു മുമ്പിൽ കണ്ടിട്ടില്ലെന്നു പറഞ്ഞു. ആ യുവതിയുടെ ചാരിത്രനിഷ്ഠയെ സ്തുതിച്ചുകൊണ്ടു സാവധാനമായി പിരിഞ്ഞു പോകയും ചെയ്തു.

അതിഗർഹിതമായ ഈ അന്ധകർമ്മം ഇങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ സോമനാഥനഗരത്തെ ശത്രുക്കൾ ആക്രമിക്കയായിരുന്നു. മഹമ്മദന്മാർ കോട്ടയെ ആക്രമിച്ചു തുടങ്ങിയപ്പോൾ പൗരന്മാർ നാനാഭാഗങ്ങളിൽനിന്നും ഓടിവന്നു കോട്ടമതിലുകളിന്മേൽ ചുറ്റിക്കൂടിനിന്നു ശത്രുക്കളുടെ പ്രവേശനത്തെ തടുത്തു. എന്നാൽ ശത്രുക്കളുടെ ധീരതയും അവരുടെ അഭ്യാസവിശേഷവും അനിരുദ്ധമായുള്ള അവരുടെ സമരചാതുര്യവും കണ്ടപ്പോൾ ഹിന്തുക്കൾക്കു തങ്ങളുടെ രക്ഷയേകുറിച്ചു ശങ്ക ജനിച്ചുതുടങ്ങി. അവർ ഉടൻതന്നെ കൂട്ടത്തോടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു സോമനാഥന്റെ സന്നിധിയിൽ സാഷ്ടാംഗം നമസ്കരിച്ചു് തങ്ങളുടെ രക്ഷയേക്കുറിച്ചു പ്രാർത്ഥിച്ചു. അനേകംപേർ അശ്രുപ്രവാഹത്തിൽ മുങ്ങി മഹമ്മദന്മാരെ നല്ല പാഠം പഠിപ്പിക്കുന്നതിനു ഭയങ്കരങ്ങളായ പല നേർച്ചകളും നേർന്നു.

കോട്ടമതിലുകളിന്മേൽ ആരും ഇല്ലെന്നു കണ്ടു മഹമ്മദന്മാർ ഉടൻതന്നെ അടുത്തുവന്നു ഏണിവച്ചു കോട്ടയ്ക്കകത്തു കയറാൻ ശ്രമം തുടങ്ങി. എന്നാൽ ഏതാനും ഹിന്തുക്കൾ എത്രയും ധീരതയോടുകൂടി അവരെ തടുത്തു ഭ്രാന്തുപിടിച്ചവരെപ്പോലെ മഹമ്മദീയരെ തള്ളി താഴെ ഇട്ടു. അപ്പോഴുണ്ടായ കോലാഹലം കേട്ടു സോമനാഥസന്നിധിയെ ശരണം പ്രാപിച്ച ഹിന്തുക്കൾ ബദ്ധപ്പെട്ടുവന്നു ശത്രുക്കളെ ശക്തിയോടെ നിരോധിച്ചു. അതിനാൽ മഹമ്മദന്മാർ ഭഗ്നാശന്മാരായി മടങ്ങി പാളയത്തിലേക്കു പോയി.

പിറ്റേദിവസം രാവിലെ മഹമ്മദന്മാർ വീണ്ടും ആക്രമണം തുടങ്ങി. അവർ എത്ര ചൊടിപ്പോടും, ഉത്സാഹത്തോടും കൂടി ഏണിവച്ചു കോട്ടമതിലുകളിന്മേൽ കയറാൻ ശ്രമിച്ചോ അത്ര ചൊടിപ്പോടും, ഉത്സാഹത്തോടുംകൂടി ഹിന്തുക്കൾ അവരുടെ ശ്രമത്തെ വിഫലമാക്കിത്തീർത്തു. തങ്ങളുടെ ശ്രമത്തിന്റെ സാഫല്യത്തെ കണ്ടു ആശ വർദ്ധിച്ചു ഹിന്തുക്കൾ ചരമശ്വാസംവരെ കോട്ടയെ രക്ഷിച്ചു നില്ക്കുന്നതിനു നിശ്ചയിച്ചു. സോമനാഥൻ അവരുടെ പ്രാർത്ഥനയെ ശ്രദ്ധിച്ചു എന്നും ശത്രുക്കൾ വിജയികളായിത്തീരാൻ ഒരിക്കലും അദ്ദേഹം സമ്മതിക്കുന്നതല്ലെന്നും അവർ ഉറപ്പായി വിശ്വസിച്ചു. ഈ വിശ്വാസം അവരുടെ ധൈര്യത്തെ വർദ്ധിപ്പിക്കുകയാൽ അവർ എത്രയും ശൂരതയോടുകൂടി ശത്രുക്കളെ നിരോധിച്ചു അവരുടെ എല്ലാശ്രമങ്ങളും വിഫലങ്ങളാക്കിത്തീർത്തു. അവർ ഒരു കണക്കില്ലാതെയുള്ള കാണിക്കകളും വഴിപാടുകളും സോമനാഥനു സമർപ്പിച്ചു.

തന്റെ ആക്രമണത്തിന്റെ വിഫലമായ പരിണാമത്തെ കണ്ടിട്ടു് സുൽത്താൻമാമുദു വല്ലാതെ കുഴങ്ങി. തന്റെ സൈന്യത്തിന്റെ സംഖ്യ ദിവസംപ്രതി ചുരുങ്ങി വരുന്നതിനെ കണ്ടിട്ടും അദ്ദേഹം ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം എന്നുതന്നെ നിശ്ചയമായി ഉറച്ചു.

പിന്നീടു കുറേ ദിവസത്തേക്കു അദ്ദേഹം പാളയത്തിൽ സ്വസ്ഥനായിരുന്നു. ഇതു കണ്ടിട്ടും തങ്ങൾക്കുണ്ടായ വിജയത്താൽ ഉദ്ധതന്മാരായും ഹിന്തുക്കൾ തങ്ങളുടെ ശത്രുക്കളെ ഭത്സിക്കാൻ തുടങ്ങി. മുസൽമാന്മാരായ ശത്രുക്കളെക്കുറിച്ചു ജനങ്ങൾക്കുള്ള അവജ്ഞയെ കാണിക്കാനായി ഭക്തനായ ഒരു ഹിന്തുകോട്ടയ്ക്കകത്തുനിന്നു ഇറങ്ങി ശത്രുക്കളുടെ പാളയത്തിൽചെന്നു നിന്നുകൊണ്ടു അടുത്ത ദിവസം സൂര്യോദയം ഉണ്ടാകുംമുമ്പേ മഹമ്മദന്മാരിൽ ഒരൊറ്റ ആൾപോലും ശേഷിക്കാതെ എല്ലാവരും സോമനാഥന്റെ ഒരു ഒറ്റശ്വാസത്തിൽ കാറ്റത്തിട്ട കരിയിലപോലെ പറന്നുപോകുമെന്നും മറ്റും ദീർഘദർശനങ്ങൾ പറഞ്ഞുതുടങ്ങി. മാമുദിന്റെ ഭടന്മാർ ആദ്യം ഇയ്യാളെ ഒരു ഭ്രാന്തനാണെന്നു വിചാരിച്ചു. ഒടുവിൽ അധികപ്രസംഗം സഹിക്കാൻ പാടില്ലാതെ ആയപ്പോൾ ചിലർ അയാളെ പിടിച്ചു സുൽത്താന്റെ മുമ്പാകെ കൊണ്ടുചെന്നു. അവർ തമ്മിൽ താഴെ കാണുംപ്രകാരം ഒരു സംഭാഷണംനടന്നു.

“താൻ എന്താണു് കോട്ടയെ വിട്ടു ഇങ്ങോട്ടുപോന്നതു്?”

“നിങ്ങളുടെ ആസന്നമായിരിക്കുന്ന അത്യാപത്തിനെകുറിച്ചു നിങ്ങൾക്കു മുൻകൂട്ടി അറിവുതരാനാണു്. സോമനാഥന്റെ പരിശുദ്ധക്ഷേത്രത്തെ തീണ്ടി അശുദ്ധമാക്കാൻ ശ്രമിക്കയാണെങ്കിൽ നിങ്ങളിൽ ഒരാൾ പോലും ശേഷിക്കാതെ ഭഗവാന്റെ കോപാഗ്നിയിൽ ദഹിച്ചുപോകുന്നതാണു്. ഭഗവാന്റെ ഭക്തന്മാരെ യുദ്ധത്തിൽ കഷ്ടപ്പെടുത്താമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എത്ര ബുദ്ധിശൂന്യരാണു്. നിങ്ങൾ എല്ലാവരും ഇപ്പോൾ ഭഗവാന്റെ ദൃഷ്ടിപഥത്തിലാണു്. നിങ്ങളുടെ നാശം തീർച്ചതന്നെ. ഭൂതലത്തിൽനിന്നു നിങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്നതിനു വേണ്ട കർമ്മം ഭഗവാന്റെ സന്നിധിയിൽ നടത്താൻ ഞാൻ പോകയാണു്.”

“എന്നാൽ നിങ്ങൾ തിരിച്ചു പൊയ്ക്കൂടാ. നിങ്ങളുടെ പ്രതികാരേച്ഛയോടുകൂടിയ ആവിഫലകർമ്മത്തിനു് ഞാൻ നിങ്ങളെ വിട്ടയയ്ക്കയില്ല. ആ കോട്ടയ്ക്കകത്തുള്ള വിഗ്രഹാരാധകന്മാരുടെ ദേവനെ ഞാൻ എത്ര നിസ്സാരനായി കരുതിയിരിക്കുന്നു എന്നു ഞാൻ അവർക്കു കാണിച്ചുകൊടുക്കാം. അവർ കാണെ അവരുടെ മുമ്പാകെ വച്ചു നിങ്ങളെ തൂക്കിക്കൊല്ലുന്നതിനു ഞാൻ നിശ്ചയിച്ചിരിക്കുന്നു. നിങ്ങൾ അതിനെക്കുറിച്ചു എന്തുപറയുന്നു?”

“ഇപ്പോൾ തന്നെ തങ്ങളുടെ അനിരുദ്ധമായ ശക്തിയെക്കുറിച്ചു നിങ്ങൾക്കു വേണ്ടുവോളം അറിവു തന്നിട്ടുള്ള നിങ്ങളുടെ ശത്രുക്കളുടെ പ്രതികാരേച്ഛയെ ഉദ്ദീപിപ്പിക്കാൻ നിങ്ങൾ ഒരുമ്പെടുകയില്ലല്ലൊ. നിങ്ങളുടെ ഭീഷണികൾ കേട്ടിട്ടു എനിക്കു അവജ്ഞയാണു തോന്നുന്നതു്. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. മൃത്യുവിനു് എന്നെ ഭയപ്പെടുത്താൻ ശക്തിപോരാ. വ്രതാനുഷ്ഠാനങ്ങളെക്കൊണ്ടു ആത്മപരിശുദ്ധിയെ സമ്പാദിച്ചിട്ടുള്ള എനിക്കു മരണം ഒരു ഉൽകൃഷ്ടജനനത്തിനു കാരണമായേ ഭവിക്കയുള്ളു. എന്നൽ ആയതു നിങ്ങളുടെ നാശത്തിനു വിത്തായിത്തീരുമെന്നുള്ളതു നിശ്ചയമാണു. എന്റെ മരണം എനിക്കൊരു അനുഗ്രഹവും നിങ്ങൾക്കു ഒരു ശാപവുമാണു്.”

“സൈനികന്മാരെ! ഈ ഭ്രാന്തനെ പിടിച്ചു ആ കാണുന്ന മരത്തിന്റെ കൊമ്പിൽ തൂക്കുവിൻ!”

മതഭ്രാന്തനായ ഹിന്തു, സുൽത്താന്റെ ഈ ആജ്ഞയെ കേട്ടിട്ടു മന്ദഹാസംചെയ്തുകൊണ്ടു പറഞ്ഞു:

“ഇതിനു തക്കതായ പ്രതികാരം ചെയ്യും. എന്നെ നിങ്ങൾ സ്വർഗ്ഗത്തിലേക്കയയ്ക്കയാണു്. നിങ്ങൾക്കു എന്റെ ദേഹിയെ ദേഹത്തിൽനിന്നു വേർപെടുത്താൻ കഴിയുമായിരിക്കാം. എന്നാൽ ഇസ്ലാംമതക്കാരെ കുറിച്ചു എനിക്കുള്ള ജുഗുപ്സയെ നശിപ്പിക്കാൻ നിങ്ങൾക്കു കഴികയില്ലല്ലൊ.”

സുൽത്താൻ ആംഗ്യം കാണിച്ച ഉടനെ ഏതാനും ഭടന്മാർ അയാളെ കടന്നുപിടിച്ചു കൊത്തളത്തിൽ നില്ക്കുന്നവർ കാൺകെ മരക്കൊമ്പത്തു തൂക്കി. ആ ഹിന്തു വിജയിയായ ഭാവത്തിൽ തന്റെ ശിരോലിഖിതത്തിനു വഴിപ്പെട്ടു. കൊത്തളത്തിൽ നിന്നവർ ഈ ഭയങ്കരമായ സംഭവത്തെ നോക്കിക്കൊണ്ടുനിന്നു. അവർ മഹമ്മദന്മാരുടെമേൽ തങ്ങളുടെ സകല ശാപശക്തികളേയും ചൊരിഞ്ഞു. ആ ഹിന്ദുവിന്റെ പ്രാണൻ ശരീരത്തിൽ നിന്നും വേർപെട്ടു എന്നു കണ്ടപ്പോൾ മഹമ്മദു ഭടന്മാർ അവന്റെ ശിരസ്സിനെ വെട്ടിയെടുത്തു കോട്ടയ്ക്കകത്തു എറിഞ്ഞു. ഹിന്ദുക്കൾ അതൊരു ജയചിഹ്നംപോലെ എടുത്തുകൊണ്ടുപോയി സോമനാഥന്റെ സന്നിധിയിൽ അടിയറവച്ചു.

൬-ാം അദ്ധ്യായം

നമ്മുടെ യുവതിയായ വിധവ ചിതയിൽ ചാടിയപ്പോൾ പുരോഹിതന്മാർ അതിനുചുറ്റും കൂട്ടിയിരുന്ന വൈക്കോലിൽ തീകൊളുത്തി. വയ്ക്കോൽ മുമ്പിൽകൂട്ടി അല്പം നനച്ചിട്ടുണ്ടായിരുന്നതിനാൽ വളരെ ഘനത്തിൽ ധൂമം ഇളകി അവളെ കാണികളുടെ ദൃഷ്ടിപഥത്തിൽനിന്നു തീരെ മറച്ചു. അവൾ, താൻ അനുഷ്ഠിച്ച കർമ്മത്തിൽ, ദൃഢവിശ്വാസത്തോടുകൂടി ലീന ചിത്തയായിരുന്നതിനാൽ സുബോധരഹിതയായി തീർന്നു. അതിനാൽ ഏതാനും ക്ഷണങ്ങൾ കഴിഞ്ഞശേഷം മാത്രമേ അഗ്നിജ്വാലകൾ തന്റെ ദേഹത്തെ സ്പർശിച്ചിട്ടില്ലെന്നു അവൾക്കു മനസ്സിലായുള്ളു. അപ്പോൾ അഗാധമായും അന്ധകാരമയമായും ഉള്ള ഒരു കുഴിയിലേക്കു സാവധാനമായി താണുപോകുന്നു എന്നു അവൾക്കു തോന്നി. അവൾ മരിച്ചുപോയി എന്നും പാപികളെ ദണ്ഡിപ്പിക്കുന്ന അതിഘോരമായ നരകകൂപത്തിലേക്കു അവൾ പോകയാണെന്നും ആയിരുന്നു അവളുടെ പ്രഥമവിചാരം. എന്നാൽ അവളുടെ പ്രിയതമന്റെ മൃതശരീരം അവളുടെ സമീപത്തിലുണ്ടെന്നു കണ്ടപ്പോൾ അവൾക്കു അല്പം സുബോധമുണ്ടായി. ഏതാനും ക്ഷണങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ കീഴോട്ടുള്ള ഗതിനിന്നു. അവളുടെ പ്രിയതമന്റെ ശവശരീരവും, അവളും കിടന്നിരുന്ന തട്ടിൽനിന്നു ആരോ അവളെ പിടിച്ചുയർത്തിയതുപോലെ അവൾക്കു തോന്നി. തട്ടുശവത്തേയുംകൊണ്ടു ഉടൻ തന്നെ ഉയർന്നു അല്പം കഴിഞ്ഞപ്പോൾ അതു അഗ്നിജ്വാലകളിൽ ദഹിച്ചു ചാമ്പലായിത്തീരുകയും ചെയ്തു.

ആ വിധവയുടെ മനസ്സിലുണ്ടായിരുന്ന കുഴപ്പങ്ങൾ അവർണ്ണനീയങ്ങളായിരുന്നു. അവൾ സേവിച്ചിട്ടുണ്ടായിരുന്ന ഔഷധത്തിന്റെ വീര്യം കുറേ ശമിച്ചിരുന്നതിനാൽ അവളുടെ സന്ദിഗ്ദ്ധമായ ഭാവിയെക്കുറിച്ചു അവൾ വല്ലാതെ പരിഭ്രമിച്ചു തുടങ്ങി. അന്ധകാരംകൊണ്ടു അവൾക്കു യാതൊരു വസ്തുവിനേയും തിരിച്ചറിയാൻ പാടില്ലായിരുന്നു. അവളുടെ ചെവിയരികിൽ ആരുടെയൊ ശ്വാസോച്ഛ ്വാസമല്ലാതെ മറ്റു യാതൊരു ശബ്ദവും കേൾക്കാനില്ലായിരുന്നു. മനുഷ്യജീവികളിൽ ആരൊ അവളുടെ സമീപത്തിൽ ഉണ്ടെന്നു അവൾക്കു മനസ്സിലായി. അവൾ നിന്നേടത്തുനിന്നു ഇളകിയില്ല. പരിഭ്രാന്തമായ അവളുടെ മനസ്സിനെ സ്വസ്ഥതയിലാക്കുന്നതിനു അവൾ ശ്രമിച്ചു. അവളുടെ സ്വാഭാവികമായ മനഃസ്ഥൈര്യം അവളുടെ ഭയവിചാരങ്ങളെ ത്യജിച്ചു. ശാന്തമായും, സ്പഷ്ടമായും ഉള്ള സ്വരത്തിൽ അവൾ ഇങ്ങിനെ ചോദിച്ചു:

“മൃതനായ എന്റെ പ്രിയതമന്റെ ആലിംഗനത്തിൽനിന്നും എന്നെ എന്തിനാണിങ്ങനെ വേർപെടുത്തിയതു്. ഞാൻ അദ്ദേഹത്തോടൊന്നിച്ചു സ്വർഗ്ഗാരോഹണംചെയ്വാൻ ഭാവിക്കുകയായിരുന്നല്ലൊ.”

അവളുടെ ചോദ്യത്തിനു ഉത്തരം ഒന്നും ഉണ്ടായില്ലാ. മുകളിൽ തന്റെ ഭർത്താവിന്റെ ശവദാഹം നടക്കുന്നിടത്തു ജനങ്ങളുടെ കോലാഹലംമാത്രം അവൾ കേട്ടു. അല്പംകഴിഞ്ഞപ്പോൾ അവളുടെ സമീപത്തിൽ മുമ്പിൽ കേട്ടപോലെ ശ്വാസോഛ്വാസംപോലും കേൾക്കാനില്ലാതായി. അവൾ തപ്പിതപ്പി മുറിയിൽ ചുറ്റും നടന്നു. അവളുടെ കണ്ണുകൾ ഇരുട്ടിൽ നല്ലവണ്ണം പരിചയിച്ചതിനാൽ ചില വസ്തുക്കളെ വളരെ അസ്പഷ്ടമായിട്ടു അവൾക്കു കാണാമായിരുന്നു. അവൾ കരുതലോടുകൂടി മുമ്പോട്ടുനടന്നു ഒരു മതിലിൽ ചെന്നു തൊട്ടു. മതിലിൽപിടിച്ചുകൊണ്ടു അവൾ നടന്നപ്പോൾ അവൾ ഒരു വൃത്താകാരമായ ചെറിയ മുറിക്കകത്തു നില്ക്കുകയാണെന്നും അതിനു വളരെ താണു ഇടുങ്ങിയ ഒരു വാതിലേ ഉള്ളു എന്നും അവൾക്കു മനസ്സിലായി. തറ മണ്ണിട്ടുനിരപ്പാക്കി ചാണകം മെഴുകിയതായിരുന്നു എന്നു പാദസ്പർശം കൊണ്ടു അവൾക്കു അറിയാൻ പ്രയാസം ഉണ്ടായില്ല. അഗ്നിജ്വാലയിൽ അതിഭയങ്കരമായ വിധത്തിൽ തന്റെ ശരീരത്തെ ദഹിപ്പിക്കാൻ വേണ്ട ധൈര്യം ഉണ്ടായിരുന്ന അവൾക്കു അത്രതന്നെ ഭയങ്കരമല്ലാത്ത ഈ അവസ്ഥയേ കുറിച്ചു വലിയ പരിഭ്രമം ഒന്നും ഉണ്ടായില്ല.

അവൾ നിലത്തിരുന്നു. മരണം മൂർത്തിമത്തായി അവളുടെ മുമ്പാകെ നില്ക്കുന്നതുപോലെ അവൾക്കു തോന്നി. പെട്ടെന്നു ഒരു പ്രകാശം കണ്ടുതുടങ്ങി. ഇടുങ്ങിയ മാർഗ്ഗത്തിൽകൂടെ ശോഭയുള്ള ഒരു രൂപം ആ മുറിയുടെ വാതിലിൽ പ്രവേശിച്ചു. ആ രൂപത്തിന്റെ എല്ലാ ഭാഗവും ഒരുപോലെ പ്രകാശിച്ചിരുന്നു. എന്നാൽ ആ പ്രകാശം ആ രൂപത്തെ വിട്ടു ഒട്ടുംതന്നെ പ്രസരിച്ചിരുന്നില്ല. അതിന്റെ ചുറ്റും മുമ്പത്തേപ്പോലെ ഇരുട്ടുതന്നെയായിരുന്നു. ആ രൂപത്തിനു ഏകദേശം ഒരാളിന്റെ വലിപ്പം ഉണ്ടായിരുന്നു. സോമനാഥന്റെ രൂപത്തിനും ഈ രൂപത്തിനും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ഈ രൂപത്തേ കണ്ടു അവൾ പെട്ടെന്നു എഴുനീറ്റു നിന്നു. രൂപം മുറിയുടെ മദ്ധ്യത്തിൽ വന്നു നിശ്ചലമായി നിന്നു. ശോഭയുള്ള ഈ രൂപം മുറിയെ ഒട്ടും തന്നെ പ്രകാശിപ്പിച്ചില്ലെന്നുതന്നെ അല്ല ആ മുറിക്കകത്തു അല്പമായ പ്രകാശം ഉണ്ടായിരുന്നതിനേകൂടി അതു ഇല്ലാതാക്കി. ആ വിഗ്രഹം ജ്വലിക്കുന്ന കണ്ണുകളെകൊണ്ടു ആ വിധവയുടെ മുഖത്തു തുറിച്ചുനോക്കുന്നപോലെ അവൾക്കു തോന്നി. അമാനുഷമായ ആ കണ്ണുകളുടെ ദീപ്തിയെ കണ്ടിട്ടു അവൾ വല്ലാതെ അന്ധയായി. അതിന്റെ നോട്ടത്തിൽനിന്നും മാറി വല്ല മൂലയിലും പതുങ്ങി ഇരിക്കാൻ ശ്രമിച്ചു. അവൾ തല കുനിച്ചു ഇതിന്റെ ഒക്കെ അർത്ഥം എന്താണെന്നു അറിയാതെ ദുഃഖകരങ്ങളായ വിചാരങ്ങളിൽ മുഴുകിയിരുന്നു. അവളുടെ സ്വന്തജീവിതത്തേകുറിച്ചു അവൾ ആലോചിച്ചു. പഞ്ചേന്ദ്രിയങ്ങളുടെ പ്രവൃത്തിക്ഷമത, അവൾക്കു ഒരിടത്തു നിന്നു മറ്റൊരിടത്തു മാറിപ്പോകാനുള്ള ശക്തി അവളുടെ സ്വന്ത ശ്വാസോഛ്വാസത്തിന്റെ ശബ്ദം, അവളുടെ ഹൃദയത്തിന്റെ തുടിപ്പു് ഇവയെല്ലാം അവൾ സജീവയാണെന്നു അവൾക്കു വിശ്വാസത്തെ ജനിപ്പിച്ചു. ബ്രാഹ്മണൻ പറഞ്ഞിരുന്നതുപോലെ സോമനാഥൻ അവളെ സന്ദർശിക്കുവാൻ വന്നിരിക്കയാണൊ. കാര്യങ്ങളുടെ ഗതി കണ്ടിട്ടു നിർണ്ണയിക്കാം. എല്ലാ പരിശുദ്ധന്മാരായ ഹിന്ദുക്കളും സോമനാഥനു വളരെ പ്രിയമുള്ളതെന്നു ഘോഷിച്ചുവരുന്ന ഒരു കർമ്മത്തിൽ നിന്നു സോമനാഥൻ തന്നെ അവളെ രക്ഷിച്ചതായിരിക്കുമൊ. അദ്ദേഹത്തിന്റെ നിയമങ്ങളെ അദ്ദേഹംതന്നെ ലംഘിക്കുമൊ. അതു അസംഭാവ്യമാണു്. പിന്നെ ആരാണു് അവളെ മരണത്തിൽനിന്നു രക്ഷിച്ചതു്.

ചിരപരിചയംകൊണ്ടു അവളുടെ മനസ്സു അബദ്ധവിശ്വാസങ്ങൾ ഉള്ളതായി തീർന്നിരുന്നു. എങ്കിലും അവൾ ഒരു ഇന്ദ്രജാലത്തിൽ അകപ്പെട്ടിരിക്കയല്ലെയൊ എന്നു അവൾ സംശയിച്ചുതുടങ്ങി. ബ്രാഹ്മണനു അവളെക്കുറിച്ചുണ്ടായ അനുചിതമായ കാമവും, അവളെ അനുമരണത്തിൽ നിന്നു രക്ഷിക്കുന്നതിനു അയാൾ പ്രദർശിപ്പിച്ച താല്പര്യവും അവളുടെ മനസ്സിൽ ഓർമ്മവന്നു. ആ ബ്രാഹ്മണന്റെ വലയിൽ താൻ അകപ്പെട്ടല്ലൊ എന്നോർത്തു അവൾ വിഷണ്ണയായി. എങ്കിലും അവളുടെ മുമ്പാകെ നില്ക്കുന്ന അസാധാരണരൂപത്തെ കണ്ടിട്ടു അവൾ അമാനുഷമായ ഏതോ ഒരു ശക്തിയുടെ അധീനതയിൽ ആണെന്നു അവൾക്കുതോന്നി.

അനന്തരം ഈ വിഗ്രഹത്തെപ്പോലെതന്നെ പ്രകാശം ഉള്ള അനേകം സ്ത്രീരൂപങ്ങൾ അവിടെ പ്രത്യക്ഷമായി. അവർ ആ വിഗ്രഹത്തിന്റെ മുമ്പാകെ നമസ്കരിച്ചു കാണാൻ അറപ്പുതോന്നുന്ന ഓരോ ഗോഷ്ഠികൾ കാണിച്ചുതുടങ്ങി. അവൾ പിന്തിരിഞ്ഞു ഇതൊന്നും കാണേണ്ടെന്നുവച്ചു ചുവരിൽ തന്റെ മുഖം മറച്ചു. തന്റെ ഈശ്വരന്റെ സന്നിധിയിൽ അവൾക്കു ഇരിക്കാൻ പാടില്ലെന്നു അവൾക്കു തോന്നി. എത്രയും നിന്ദ്യമായ ഒരു വഞ്ചനയിൽ അവൾ അകപ്പെട്ടിരിക്കയാണെന്നു അവൾക്കു തോന്നി. ഈ വഞ്ചകൻ ആ ബ്രാഹ്മണനാണെന്നു ഊഹിക്കുന്നതിനും അവൾക്കു പ്രയാസം ഉണ്ടായില്ല.

അവൾ ഇങ്ങിനെ ഉള്ള വിചാരങ്ങളിൽ മുഴുകി ഇരിക്കുമ്പോൾ അസാധാരണമായ ഒരു ശബ്ദം അവളുടെ ചെവിയിൽ പതിഞ്ഞു. ആ ശബ്ദം എത്രതന്നെ ഒച്ച മാറ്റി അമാനുഷമെന്നു തോന്നിക്കത്തക്കവിധത്തിൽ പുറപ്പെടുവിച്ചതായിരുന്നിട്ടും അതു ആ ബ്രാഹ്മണന്റേതാണുന്നു മനസ്സിലാക്കാൻ അവൾക്കു പ്രയാസം ഉണ്ടായില്ലാ. ബ്രാഹ്മണൻ ഇപ്രകാരം പറഞ്ഞു:

“സോമനാഥൻ സ്വന്തരൂപത്തിൽ നിനക്കു ദർശനം തന്നിരിക്കുന്നു. സ്ത്രീവർഗ്ഗത്തിൽ നിന്നേക്കാൾ അനുഗ്രഹം ലഭിച്ചവൾ വേറെ ആരുംതന്നെ ഇല്ല. അദ്ദേഹത്തെ നീ അത്യാനന്ദത്തോടെ സ്വീകരിച്ചു കൊള്ളുക.”

ഇങ്ങനെ പറഞ്ഞുകൊണ്ടു ബ്രാഹ്മണൻ അവളുടെ കൈക്കുപിടിച്ചു. ഒരു സർപ്പത്തിന്റെ ഫണം അവളെ സ്പർശിച്ചപോലെ അവൾ നടുങ്ങി പിന്നോട്ടുമാറി.

“ദുഷ്ടാ! തന്റെ നീചമായ ഈ ഇന്ദ്രജാലത്തിൽ ഞാൻ ഭ്രമിച്ചുപോയിട്ടില്ല. താൻ ഈ കാണിക്കുന്ന ഗോഷ്ടികൾ ഒന്നുംതന്നെ സോമനാഥനു പ്രിയമുള്ളവനായിരിക്കയില്ല. മതകർമ്മങ്ങൾ നടത്തേണ്ട പുരോഹിതന്മാർ തന്നെ പരിശുദ്ധങ്ങളായ ദേവാലയങ്ങളെ ഇങ്ങനെ നീചവൃത്തികളുടെ സങ്കേതസ്ഥാനങ്ങളാക്കി തീർത്തിരിക്കുമ്പോൾ ആ പുരോഹിതന്മാരുടെ അധരങ്ങളിൽനിന്നു അനുഗ്രഹവചനങ്ങൾ ഒരിക്കലും പുറപ്പെടുവാൻ പാടുള്ളതല്ല. എല്ലാം എനിക്കു സ്പഷ്ടമായി മനസ്സിലായിരിക്കുന്നു. എന്നെ താൻ തന്റെ ദുർമ്മോഹത്തിനു വശംവദയാക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിൽ ഭഗവാൻ സോമനാഥനേകൂടി താൻ വഷളനാക്കി—അദ്ദേഹത്തിന്റെ പരിശുദ്ധദേവാലയത്തെ അശുദ്ധമാക്കി—എന്നെ വഞ്ചിച്ചു—മതി—ദുർന്നയൻ—ദുഷ്ടരാക്ഷസൻ.”

ബ്രാഹ്മണൻ മറുപടി ഒന്നും പറഞ്ഞില്ല. അയാൾ സാവധാനമായി തിരിച്ചുപോകുന്ന കാൽപെരുമാറ്റം അവൾക്കു കേൾക്കാമായിരുന്നു. ഇരുട്ടിൽ ഏതാണ്ടു അയാളുടെ രൂപവും അവൾ കണ്ടു. ബ്രാഹ്മണന്റെ മൗനവും, അസാധാരണമായ വിധത്തിലുള്ള ഈ പോക്കും അവളെ ആശ്ചര്യപ്പെടുത്തി. അവളുടെ നിർമ്മലമായ ഹൃദയത്തിനു ഒരിക്കലും സമ്മതമാവാത്ത ആ ബ്രാഹ്മണന്റെ ദുർമ്മോഹത്തിനു വഴിപ്പെടുത്തുന്നതിനേക്കാൾ ഏകാന്തമായ ആ കാരാഗാരത്തിൽ കിടന്നു കഷ്ടതരമായ മരണം പ്രാപിക്കുന്നതുതന്നെ കൊള്ളാമെന്നു അവൾ തീർച്ചയാക്കി.

അവൾ സേവിച്ചിട്ടുണ്ടായിരുന്ന ഔഷധത്തിന്റെ വീര്യം വിട്ടു മാറിയപ്പോൾ ഉണ്ടായ ക്ഷീണത്താൽ പക്ഷേ, ഉറങ്ങിപ്പോകാനിടവരുന്ന പക്ഷം ആ ബ്രാഹ്മണൻ തന്റെ നീചമായ അഭിലാഷത്തെ സാധിക്കുന്നതിനു അതൊരു നല്ല അവസരമാക്കി തീർത്തെങ്കിലോ എന്നു ഭയന്നു അവൾ ഉറക്കം വരാതിരിക്കുവാൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അല്പം കഴിഞ്ഞപ്പോൾ ആരോ ഒരാൾ വീണ്ടും ആ മുറിക്കകത്തു പ്രവേശിച്ചു. അവൾക്കു ഭക്ഷണത്തിനു വിശേഷമായ ഒരു കറിയും കുടിക്കാൻ ഗംഗാജലവും തയാറുണ്ടെന്നു അവളെ അറിയിച്ചു. ഭക്ഷണത്തിൽ വല്ലതും ഔഷധം കലർത്തിയിട്ടുണ്ടായിരിക്കുമെന്നു ശങ്കിച്ചു അവൾ അതു തൊടുകയില്ലെന്നുതന്നെ നിശ്ചയിച്ചു.

ഈ നിലയിൽ കുറേ കഴിഞ്ഞപ്പോൾ നിരാശ്രയമായ തന്റെ ഏകസന്താനത്തെക്കുറിച്ചുള്ള വിചാരം അവൾക്കുണ്ടായി. ആ കുഞ്ഞു ആരുടെ കയ്യിൽ ആയിരിക്കാം? മാതൃവാത്സല്യത്തോടുകൂടി അതിനെ ലാളിക്കുന്നതാരു് ? ഈ വിചാരങ്ങൾ കൊണ്ടു് അവളുടെ ഹൃദയം വല്ലാതെ ക്ഷോഭിച്ചു. ഇഹലോകത്തിൽ താല്പര്യത്തെ ജനിപ്പിക്കുന്ന ബന്ധം ഇതൊന്നു മാത്രമേ അവൾക്കുണ്ടായിരുന്നൊള്ളു. അവളുടെ നയനങ്ങളിൽ അശ്രുക്കൾ പെരുകി മറഞ്ഞു. അവൾക്കു ഇനി ആ കുഞ്ഞിന്റെ ഓമനമുഖം കാണാൻ കഴിവുണ്ടാകയില്ലെന്നു തോന്നി. ഈ വിചാരങ്ങൾ അവളുടെ മനസ്സിൽ അടങ്ങാത്ത സ്തോഭങ്ങളെ ജനിപ്പിച്ചു. അതിനാൽ അവൾക്കു തീരെ ഉറക്കം വന്നില്ല. അവൾ അന്ധകാരാവൃതമായ ആ മുറിയ്ക്കകത്തു തറയിൽ ഇരുന്നു. അവളുടെ ശിരോലിഖിതത്തെ അതിന്റെ സമാപ്തംവരെ അറിയുന്നതിനു ക്ഷമയോടുകൂടി കാത്തിരിക്കതന്നെ എന്നു അവൾ നിശ്ചയിച്ചു.

ഈ ഏകാന്തചിന്തയിൽ അവൾ അധികനേരം മുഴുകിയിരിക്കേണ്ടി വന്നില്ല. ഒരു ചെറിയ കുഴലിൽ കൂടി ഊക്കോടെ ആവി പുറപ്പെടുന്ന ശബ്ദം അവളുടെ ശ്രവണേന്ദ്രിയങ്ങളിൽ പതിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ മുറിക്കകത്തു ഒരു ക്ഷീണപ്രകാശവും ഉണ്ടായി. മുറിയുടെ സ്വരൂപം ഏകദേശം മുഴുവനും അവൾക്കു മനസ്സിലായി. അതു വൃത്താകാരമായ ഇടുങ്ങിയ ഒരു മുറി ആയിരുന്നു. മുകളിൽ മദ്ധ്യേ നോക്കെത്താത്തവണ്ണം ഒരു ദ്വാരം മേല്പോട്ടുണ്ടായിരുന്നു. ഈ ദ്വാരത്തിൽ കൂടിയാണു് അവളെ ചിതയിൽനിന്നു കീഴ്പ്പോട്ടു ഇറക്കിയതെന്നു അവൾക്കു മനസ്സിലായി. പാതാളത്തിലുള്ള അന്ധകാരം നിറഞ്ഞ ഈ മുറിയുടെ ഭയങ്കരതയെ പെട്ടെന്നുണ്ടായ പ്രകാശത്താൽ കണ്ടറിവാൻ സംഗതിയായപ്പോൾ അവളുടെ കണ്ണുകൾ താനേതന്നെ അടഞ്ഞു. കുറേകഴിഞ്ഞു അവൾ കണ്ണുതുറന്നപ്പോൾ അവൾ കണ്ട കാഴ്ച എത്രയോ മഹാ ഭയങ്കരമായിരുന്നു. മുറി മുഴുവൻ അനവധി ഭയങ്കരസ്വരൂപങ്ങളെ കൊണ്ടു നിറഞ്ഞു. അതി ഭയാനകങ്ങളായ ഈ രൂപങ്ങൾ അവളുടെ സമീപത്തിൽ അണഞ്ഞു. അവളുടെ ചുറ്റും നിന്നു ആസുരങ്ങളായ ഓരോ വികൃതികൾ കാണിച്ചു തുടങ്ങി. യാതൊരു ശബ്ദവും ആ രൂപത്തിൽ നിന്നു പുറപ്പെട്ടില്ലെങ്കിലും അവയുടെ ചേഷ്ടകൾ കണ്ടു സഹിക്കാൻ പാടില്ലാത്തവയായിരുന്നു. ഈ രാക്ഷസരൂപികളുടെ ഓരോ കഠിനകർമ്മങ്ങളാൽ പ്രാണവേദനയോടെ പിടയ്ക്കുന്ന അനേകം സ്ത്രീരൂപങ്ങളെ അവൾ കണ്ടു. സ്ത്രീകളുടെ പ്രാണവികാരത്തെക്കണ്ടു ആ ഭീമരാക്ഷസന്മാരുടെ മുഖം സന്തോഷംകൊണ്ടു പ്രകാശിതമായി. ഓരോ ഭയങ്കരരൂപികളായ ജന്തുക്കൾ അതിഗർഹിതങ്ങളായ മുഖഭാവങ്ങളോടു കൂടി ആ സാധുവിധവയുടെ നേരെ പാഞ്ഞുചെന്നു. ഈ മാതിരി കഠിനക്കൈകൾ അവളുടെ നേരേ പ്രവർത്തിക്കുന്നതിനു സന്നദ്ധമായി നിന്നു.

അശ്വമുഖനായി ഗദാധാരിയായ ഒരു ഭീമരാക്ഷസൻ മലർന്നു കിടക്കുന്ന ഒരു സ്ത്രീയെ എത്രയും ക്രൂരമായി ദണ്ഡിപ്പിക്കുന്ന ഒരു കാഴ്ചയാണു അവൾ പിന്നീടു കണ്ടതു്. ആ സ്ത്രീയുടെ നഗ്നങ്ങളായ സ്തനങ്ങളിൽ ആ രാക്ഷസൻ തന്റെ ഗദയെ കൂടക്കൂടെ തിരുകി ഇറക്കുകയും അവൾ അതി ദുസ്സഹമായ മരണവേദനയോടുകൂടി കിടന്നു പിടയ്ക്കുകയും ചെയ്തിരുന്നു. ഈ ഭീമരാക്ഷസന്റെ തലയിൽ പനയോലകൊണ്ടുണ്ടാക്കിയ ഒരു ചതുരത്തൊപ്പിയുണ്ടായിരുന്നു. ആ തൊപ്പിയിൽ വലിയ അക്ഷരത്തിൽ ഇപ്രകാരം എഴുതിവച്ചിരുന്നു.

“സോമനാഥന്റെ ഹിതത്തെ അനുവർത്തിക്കാത്തവർക്കുള്ള ശിക്ഷ ഇതാകുന്നു.”

ഈ കാഴ്ച ആ സാധുവായ വിധവയെ വല്ലാതെ ഭയപ്പെടുത്തി. എങ്കിലും ഇതു ഒരു വെറും ജാലവിദ്യയാണെന്നു അവൾക്കു ഉടൻതന്നെ മനസ്സിലായതിനാൽ അവളുടെ ഭയം ശാന്തമായി. തന്നെ സന്മാർഗ്ഗപഥത്തിൽ നിന്നു ഭ്രംശിക്കുന്നതിനു ആ ദുഷ്ടബ്രാഹ്മണൻ കാണിക്കുന്ന ഇന്ദജാലമാണിതെന്നു അവൾക്കു സ്പഷ്ടമായി മനസ്സിലായി. ആ ബ്രാഹ്മണന്റെ ശബ്ദവും അവൾ കേട്ടു. ഉടൻ തന്നെ ഈ രൂപങ്ങളൊക്കെ അപ്രത്യക്ഷങ്ങളായി തീരുകയും ചെയ്തു.

മുറിയിൽ വീണ്ടും അന്ധകാരം നിറഞ്ഞു. അതു് അപ്പോഴത്തെ സ്ഥിതിക്കു അവൾക്കൊരാശ്വാസമായി തോന്നി. അവൾ തന്റെ ഏകാന്ത ചിന്തയിൽ മഗ്നയായി നിലത്തിരുന്നു.

൭-ാം അദ്ധ്യായം

സോമനാഥത്തെ ആക്രമിക്കാൻ മമുദു് ചെയ്ത സാഹസങ്ങളൊക്കെ വിഫലങ്ങളായിത്തീർന്നു എന്നു കണ്ടിട്ടും അദ്ദേഹം തന്റെ ശ്രമത്തിൽ നിന്നു വിരമിച്ചിട്ടില്ല. ശത്രുക്കളുടെ അക്രമണത്തെ നിരോധിക്കുന്നതിൽ തങ്ങൾ അതുവരെ ചെയ്ത ശ്രമം സഫലമായി കണ്ടതിൽ ഹിന്ദുക്കൾക്കു ധൈര്യവും, ഉത്സാഹവും വർദ്ധിച്ചു. സോമനാഥന്റെ അനുഗ്രഹംകൊണ്ടു ഇതെല്ലാം സാധിച്ചു എന്നും, അദ്ദേഹത്തിന്റെ സഹായത്താൽ ശത്രുക്കൾ നിശ്ശേഷം നശിക്കുമെന്നും അവർ ഉറപ്പായി വിശ്വസിച്ചു. മുൻപൊരാൾ ചെയ്തതുപോലെ ഭക്തന്മാരായ വേറെയും ചില ഹിന്ദുക്കൾ ശത്രുക്കളുടെ പാളയസ്ഥലത്തു അവരെ അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും ചെന്നു. അവരും തങ്ങളുടെ പൂർവഗാമിയുടെ ശിരോലിഖിതത്തെ അനുഗമിച്ചു.

ഹിന്ദുക്കൾ തങ്ങളുടെ സംഖ്യാബലത്തിലും, സോമനാഥന്റെ അനുഗ്രഹത്തിലും വിശ്വസിച്ചുകൊണ്ടു കോട്ടകളിൽനിന്നു വെളിക്കിറങ്ങി ശത്രുക്കളെ പ്രത്യാക്രമിക്കാമെന്നു നിശ്ചയിച്ചു. മദ്ധ്യാഹ്നമായപ്പോൾ അവർ മതഭ്രാന്തുകൊണ്ടു ക്ഷുബ്ധന്മാരായി കൂട്ടത്തോടെ പുറപ്പെട്ടു മുസൽമാന്മാരുടെ പാളയത്തിനു നേരേ പാഞ്ഞുചെന്നു. അവരുടെ സംഖ്യാബലംതന്നെ അവർക്കു ആപത്തായിത്തീർന്നു. യുദ്ധാക്രമങ്ങളിൽ തീരെ അഭ്യാസം ഉണ്ടായിട്ടില്ലാത്ത അവർ ധീരന്മാരും, സംഗരവിദ്യയെ ശിക്ഷയിൽ അഭ്യസിച്ചിട്ടുള്ളവരും ആയ ശത്രുക്കളോടു പൊരുതു് അനവധിയായിട്ടു മരിച്ചു. പരാക്രമശാലിയായ മാമുദിന്റെ സൈന്യങ്ങളുടെ മുമ്പിൽനിന്നു ഹിന്ദുക്കൾ പുറകോട്ടു ഓടിത്തുടങ്ങി. ശത്രുക്കൾ അവരെ അനുധാവനംചെയ്തു കോട്ടയുടെ സമീപംവരെ എത്തി. ശത്രുക്കൾ ഉള്ളിൽ പ്രവേശിച്ചു പോകുമെന്നു കണ്ടു കോട്ടവാതിലിൽ നിന്നവർ, കാന്ദിശീകമാരായ ഹിന്ദുക്കളേയും അവരെ അനുധാവനംചെയ്ത മഹമ്മദന്മാരേയും വെളിക്കിട്ടു വാതലും ബന്ധിച്ചു.

കൊത്തളത്തിൽ നിന്ന ഹിന്ദുക്കൾ തങ്ങളുടെ ബന്ധുക്കൾക്കു നേരിട്ട പരാജയത്തെക്കണ്ടു നിരാശന്മാരായി വീണ്ടും ക്ഷേത്രത്തിനകത്തുചെന്നു സോമനാഥനെ ശരണം പ്രാപിച്ചു. അവർ അതികരുണമായും അളവില്ലാത്ത ഭക്തിയോടുകൂടിയും ശത്രുക്കളെ നിഷ്കാസനം ചെയ്യുന്നതിനു സോമനാഥന്റെ സഹായത്തെ പ്രാർത്ഥിച്ചു. ഈ പ്രാർത്ഥനയുടെ ഇടയ്ക്കു വെളിയിൽ ശത്രുക്കളുടെ വെട്ടേറ്റു പ്രാണൻ ഉപേക്ഷിക്കുന്ന ഭക്തന്മാരുടെ മുറവിളികളും ജേതാക്കന്മാരായ മഹമ്മദീയ ഭടന്മാരുടെ ഉന്മാദത്തോടുകൂടിയ അട്ടഹാസങ്ങളും കേൾക്കാമായിരുന്നു. എന്തായാലും ചരമശ്വാസംവരെ കോട്ടയെ രക്ഷിക്കാൻ ശ്രമിക്കണമെന്നു ഹിന്ദുക്കൾ നിശ്ചയിച്ചു. ശത്രുക്കൾ ഏണിവച്ചു കോട്ടയിൽ കയറാൻ ശ്രമിച്ചു. അപ്പോൾ അപ്രതീക്ഷിതമായി ഒരു സൈന്യം ദൂരേ നിന്നു വരുന്നതു ഹിന്ദുക്കൾ കണ്ടു. അതു അവരുടെ സഹായത്തിന്നായി വന്ന ഒരു സ്വദേശീയ സൈന്യമായിരുന്നു. ആ സൈന്യം മഹമ്മദീയരുടെ പാളയത്തിനരികെ എത്തി അണിനിരന്നതിനെ കണ്ടു അവർ കോട്ടയിലുള്ളവരുമായി യോജിക്കാൻ ഇടവരരുതെന്നു നിശ്ചയിച്ചു. മാമുദു കോട്ടയെ ആക്രമിക്കാൻ തുടങ്ങിയ തന്റെ സൈന്യങ്ങളെ തിരിയെ വിളിച്ചു അവരിൽ ഒരു ഭാഗത്തെ കോട്ടയിൽ നിന്നു ആളുകൾ പുറത്തേക്കു വരാതെ തടുക്കുന്നതിനു നിറുത്തിക്കൊണ്ടു മറ്റേ ഭാഗവുംകൊണ്ടു മാമുദ്ദ് പുതുതായി വന്ന ഹിന്ദുസൈന്യത്തിന്റെ നേരേ പുറപ്പെട്ടു. ഈ സൈന്യം യാത്രകൊണ്ടു ക്ഷീണിച്ചിരുന്നില്ല. വളരെ സമീപത്തു നിന്നാണു അവർ വന്നതു്. മഹമ്മദന്മാർ ഹിന്ദുക്കളുമായി നടന്ന ശണ്ഠയാൽ ക്ഷീണിച്ചിരുന്നു. എന്നാൽ വിജയംകൊണ്ടു ഉദ്ധതന്മാരും ആയിരുന്നു. ശത്രുക്കൾ നിസ്സാരന്മാരാണെന്നു വിചാരിച്ചു വളരെ കരുതലോടു കൂടിയല്ല അവർ യുദ്ധത്തിനു ആരംഭിച്ചതു്.

പുതുതായി വന്ന ഹിന്ദുസൈന്യം കോട്ടയ്ക്കകത്തുള്ള മതഭ്രാന്തരിൽ എത്രയോ വ്യത്യാസപ്പെട്ടതായിരുന്നു. ആയുധവിദ്യ അവർ നല്ലവണ്ണം അഭ്യസിച്ചിരുന്നു. മഹമ്മദഭടന്മാരുമായി യുദ്ധംചെയ്തു അവർക്കു പരിചയവും ഉണ്ടായിരുന്നു. മമുദ്ദ് തന്റെ സൈന്യത്തെ നയിച്ച ഹിന്ദുക്കളെ ആക്രമിക്കാൻ തുടങ്ങി. ശത്രുക്കളുടെ ഊക്കോടു കൂടിയുള്ള ആക്രമത്താൽ ഹിന്ദുസൈന്യത്തിന്റെ വ്യൂഹം ഒന്നു ഇളകിയെങ്കിലും വീണ്ടും പെട്ടെന്നു പൂർവസ്ഥിതിയെ പ്രാപിച്ചതു കണ്ടു മഹമ്മദന്മാർ ആശ്ചര്യപ്പെട്ടു. ജയം ആർക്കെന്നു സംശയമായി. കുറേനേരത്തേക്കു സമരം അതിഘോരമായി നടന്നുകൊണ്ടിരുന്നു. രണ്ടു കക്ഷികൾക്കും ജയാപജയങ്ങൾ ഒന്നും ഉണ്ടായില്ല. കൊത്തളങ്ങളിൽ ഈ യുദ്ധത്തിന്റെ ഗതിയെ നോക്കിക്കൊണ്ടു നിന്ന ഹിന്ദുക്കൾ തങ്ങളുടെ ബന്ധുക്കളെ ഉത്സാഹിപ്പിക്കുമാറു ഉച്ചത്തിൽ കോലാഹലം കൂട്ടുകയും, അവർക്കു വിജയം ലഭിക്കണമെന്നു സോമനാഥനോടു പ്രാർത്ഥിക്കയും ചെയ്തു. ഹിന്ദുസ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളേയും കയ്യിൽ എടുത്തു കൊത്തളങ്ങളിൽ കയറിനിന്നു. ഇതുകണ്ടു ഹിന്ദുസേനയുടെ ഉത്സാഹം ദ്വിഗുണീഭവിച്ചു.

ഹിന്ദുസൈന്യത്തിൽ കുറേ രാജപുത്തുക്കൾ ഉണ്ടായിരുന്നു. അനിരുദ്ധമായ അവരുടെ ശൂരതയെ കണ്ടു മുസൽമാൻമാർ ആശ്ചര്യപ്പെട്ടു. ഭടന്മാർ എല്ലാവരും ധീരന്മാരായ രാജപുത്തുകൾ തന്നെയായിരുന്നു എങ്കിൽ പക്ഷേ, വിജയം അവർക്കുതന്നെ ലഭിക്കുമായിരുന്നു. ഒടുവിൽ ഹിന്ദുക്കൾക്കു പരാജയം കണ്ടുതുടങ്ങി. ഈ സന്ദർഭത്തിൽ വേറേ ഒരു സൈന്യം കൂടി വന്നുചേർന്നതിനാൽ സംഗരം വീണ്ടും അതിഭയങ്കരമായിരുന്നു. കൊത്തളത്തിൽനിന്നു ഹിന്ദുക്കൾ ആർത്തുവിളിക്കുന്നതുകേട്ടു അവരുടെ ബന്ധുക്കൾക്കു ഉത്സാഹം ഇളകി. മഹമ്മദന്മാർ നിരാശപ്പെടുവാനും തുടങ്ങി. എങ്കിലും അവർ ധൈര്യത്തോടും, സാമർത്ഥ്യത്തോടുംകൂടി ആക്രമണം തുടങ്ങിയപ്പോൾ ഹിന്ദുക്കളുടെ വ്യൂഹം വീണ്ടും ഇളകാൻ തുടങ്ങി. സന്ദിഗ്ദ്ധമായ ഈ സന്ദർഭത്തിൽ പിന്നെയും രണ്ടു പുതിയ സൈന്യങ്ങൾകൂടി ഹിന്ദുക്കളുടെ സഹായത്തിനായി വന്നെത്തി. പിന്നെയുണ്ടായ യുദ്ധത്തിന്റെ ഭയങ്കരത അവർണ്ണനീയമായിരുന്നു. ഒടുവിൽ വന്ന സൈന്യങ്ങൾ രണ്ടും രണ്ടു രാജാക്കന്മാരാൽ നയിക്കപ്പെട്ടവ ആയിരുന്നു.

മഹമ്മദന്മാരുടെ വ്യൂഹം ഇളകാനുള്ള ആരംഭമായി. ഹിന്ദുക്കൾക്കു ധൈര്യം വർദ്ധിക്കുകയാൽ അവർ മഹമ്മദന്മാരെ അതിഘോരമായി ആക്രമിച്ചു തുടങ്ങി. മാമുദിന്റെ ഭടന്മാർ പാലായനം ചെയ്വാനുള്ള ഭാവമായി. ഈ ആപത്തിനേ കണ്ടു മാമുദ് പെട്ടെന്നു തന്റെ കുതിരപ്പുറത്തുനിന്നു ചാടി ഇറങ്ങി മുട്ടുകുത്തി ആകാശതയിലേക്കു നോക്കി ഭക്തിപൂർവം ദൈവാനുഗ്രഹത്തെ പ്രാർത്ഥിച്ചു. അനന്തരം കുതിരപ്പുറത്തുകയറി തന്റെ പ്രധാന സേനാനായകന്റെ കൈക്കു പിടിച്ചു അദ്ദേഹത്തിനു ധൈര്യം വർദ്ധിക്കുംവിധത്തിൽ അദ്ദേഹത്തിന്റേയും ഭടന്മാരുടേയും മുഖത്തു നോക്കി. മാമുദിന്റെ ഈ ക്രിയകണ്ടു മഹമ്മദുഭടന്മാർക്കു ധൈര്യം വർദ്ധിക്കുകയാൽ അവർ തങ്ങൾ കാണിച്ച ഭീരുത്വത്തെക്കുറിച്ചു ലജ്ജിച്ചു. ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം എന്നു തന്നെ തീർച്ചയാക്കി. ദൈവം അവരുടെ സുൽത്താന്റെ പ്രാർത്ഥനയെ കേൾക്കാതിരിക്കയില്ലെന്നും അവർ വിശ്വസിച്ചു. എത്രയോ തവണ അവർ അദ്ദേഹത്തോടൊന്നിച്ചു യുദ്ധം ചെയ്തിട്ടുണ്ടു്. എത്രയോ തവണ അവരുടെ ശരീരങ്ങളിൽ നിന്നു രക്തം ചൊരിഞ്ഞിട്ടുണ്ടു്. പ്രായേണ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം അവരെ വിജയികളാക്കി തീർത്തിട്ടുമുണ്ടു്. ഈ എല്ലാ സംഗതികളേയും ആലോചിച്ചു അവർ ഏകമനസ്സോടെ ഒന്നായി ആർത്തുവിളിച്ചു അനിരുദ്ധമായ ശക്തിയോടുകൂടി മുന്നോട്ടു പാഞ്ഞു. ഹിന്ദുക്കളുടെ അണി മുറിഞ്ഞു. മഹമ്മദന്മാർ വളരെ ശക്തിയോടും, സാമർത്ഥ്യത്തോടും കൂടി യുദ്ധം ചെയ്യുകയാൽ അല്പനേരത്തിനുള്ളിൽ ഹിന്ദുക്കളിൽ അയ്യായിരം പേർ മൃതന്മാരായി നിലത്തുവീണു. ഹിന്ദുക്കൾ വളരെ കുഴപ്പത്തിൽ നാനാഭാഗങ്ങളിലേക്കും ഓടിത്തുടങ്ങി.

കോട്ടയ്ക്കകത്തുണ്ടായിരുന്നവർ തങ്ങളുടെ ബന്ധുക്കളുടെ പരാജയത്തെക്കണ്ടു നിരാശന്മാരായി കോട്ടയുപേക്ഷിച്ചു. അനേകായിരംപേർ കുടുംബസമേതം വള്ളങ്ങളിൽ കയറി സമുദ്രമാർഗ്ഗം സിലോണിലേക്കു തിരിച്ചു. എന്നാൽ അവരുടെ ഈ ശ്രമം സഫലമായില്ല. മാമുദ് ഈ വിവരം അറിഞ്ഞു തന്റെ ഭടന്മാരിൽ അനേകംപേരെ വള്ളങ്ങളിൽ കയറ്റി അയച്ചു. കാന്ദിശീകന്മാരായ ഹിന്ദുക്കളെ തടുത്തുപിടിപ്പിച്ചു. അനേകം വള്ളങ്ങൾ മുങ്ങി. വളരെ കുറച്ചാളുകൾ മാത്രമെ ഈ ആപത്തിൽ നിന്നും രക്ഷപ്പെട്ടൊള്ളു.

കോട്ടയ്ക്കു ചുറ്റും കോട്ടവാതിലുകളിലും ഭടന്മാരെ കാവൽ നിറുത്തിക്കൊണ്ടു തന്റെ പുത്രന്മാരോടും പരിവാരങ്ങളോടും കൂടി മാമുദ് കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചു. കോട്ടയ്ക്കകത്തു തീർത്ഥയാത്രക്കാരും, ഭക്തന്മാരും ആയ ഏതാനും ഹിന്ദുക്കളെ അല്ലാതെ മറ്റു ആരെയും മാമുദ് കണ്ടില്ല. കോട്ടയ്ക്കകത്തു ധനികന്മാരായ അനേകം പേർ ഉണ്ടായിരുന്നു. പൂർവകാലങ്ങളിൽ പരാജിതന്മാരിൽനിന്നു ജേതാക്കന്മാർ വാങ്ങിവന്നതുപോലെ അവരോടും ദ്രവ്യത്തെ വാങ്ങുന്നതിൽ സുൽത്താൻ മാമുദ് യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല.

മാമുദ് താൻ ചെന്നായുടെ വായിൽനിന്നു മോചിപ്പിച്ച കുഞ്ഞിന്റെ സുന്ദരിയായ അമ്മയെ മറന്നില്ല. അദ്ദേഹം കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചതിന്റെ ശേഷം ആദ്യമായി ചെയ്ത അന്വേഷണം ആ ഹിന്ദുസ്ത്രീയുടെ വാസസ്ഥലം ഏതെന്നു കണ്ടു പിടിക്കാനായിരുന്നു. ദുഃഖകരമായ അവളുടെ വൃത്താന്തത്തെ കേട്ടു് അദ്ദേഹത്തിന്റെ ഹൃദയം ആർദ്രമായി. അവളുടെ സൗന്ദര്യവിലാസം അദ്ദേഹത്തിന്റെ ഹൃദയത്തിൽ നല്ലവണ്ണംപതിഞ്ഞിരുന്നു. അവൾക്കു കഷ്ടതരമായ മരണത്തേയും കൂടി ഓർത്തപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ അശ്രുക്കൾ നിറഞ്ഞു. അവളുടെ അനാഥമായ ശിശുവിനെ കാണണം എന്നു അദ്ദേഹം ആവശ്യപ്പെട്ടു. ആ കുഞ്ഞിനെ അദ്ദേഹത്തിന്റെ മുമ്പാകെ കൊണ്ടുവന്നു. അദ്ദേഹം അതിനെ തന്റെ കയ്യിൽ വാങ്ങി. കുഞ്ഞിനു അശുദ്ധിയെ ഉണ്ടാക്കുന്ന മാമുദ്ദിന്റെ ഈ ക്രിയ കണ്ടു അതിന്റെ രക്ഷിതാക്കന്മാർ വല്ലാതെ ആയി. ആ കുഞ്ഞു തന്റെ ഉപകർത്താവിനെ തിരിച്ചറിഞ്ഞു എന്നു തോന്നിക്കുംവണ്ണം അദ്ദേഹത്തിന്റെ മുഖത്തുനോക്കി മന്ദഹാസം ചെയ്തു. അതു് അതിന്റെ കുഞ്ഞിക്കൈകളെക്കൊണ്ടു അദ്ദേഹത്തിന്റെ കപോലങ്ങളിൽ തലോടി. അദ്ദേഹത്തിന്റെ ധീരമെങ്കിലും ഉദാരമായ ഹൃദയം ഇതു കണ്ടു അലിഞ്ഞു. തന്റെ പരിജനങ്ങളിൽ ഒരാളുടെ കൈവശം ആ കുഞ്ഞിനെ കൊടുത്തിട്ടു അദ്ദേഹം ഇങ്ങനെ പറഞ്ഞു:

‘ഈ കുഞ്ഞു എന്റെ ദത്തുപുത്രനാണു്. അതിന്റെ ജീവൻ എനിക്കു കടപ്പെട്ടിരിക്കുന്നു. അതിന്റെ ഭാവിയും എന്നേത്തന്നെ ആശ്രയിച്ചിരിക്കട്ടെ.’

ആ കുഞ്ഞിന്റെ ബന്ധുക്കൾ ഇതുകേട്ടു വിസ്മയാന്ധന്മാരായി. അവർ വളരെ വിരോധം പറഞ്ഞു. ആ കുഞ്ഞിനെ മതഭ്രംശം ചെയ്യിക്കാൻ തുനിഞ്ഞ സുൽത്താനെ അവർ ശപിക്കയും സോമനാഥന്റെ കോപം അദ്ദേഹത്തിനെമേൽ ഉണ്ടാകുമെന്നു പറകയുംചെയ്തു. അവരുടെ വാക്കുകൾ കേട്ടിട്ടു അദ്ദേഹം മന്ദഹാസംചെയ്തു. കുഞ്ഞിനെ അദ്ദേഹം തിരിയെ കൊടുത്തില്ല. അവരെ പറഞ്ഞയച്ചുംവച്ചു ആ വിധവയുടെ അനുമരണത്തിൽ പ്രവർത്തകന്മാരായി നിന്ന ബ്രാഹ്മണരെ ഒക്കെ പിടിച്ചു തന്റെ മുമ്പാകെ കൊണ്ടുവരുന്നതിനു അദ്ദേഹം കല്പനകൊടുത്തു. എല്ലാവരും അദ്ദേഹത്തിന്റെ മുമ്പാകെ ഹാജരായി. പ്രധാനപുരോഹിതൻ മാത്രം വന്നില്ല. ആ വിദ്വാനെ എങ്ങും കാണ്മാനില്ലായിരുന്നു. ഇത്ര ഘോരവും നീചവുമായ ഒരു കർമത്തിനു ആ വിധവയെ അവർ എന്തിനായിട്ടു ഉത്സാഹിപ്പിച്ചു എന്നു അദ്ദേഹം കോപത്തോടുകൂടി അവരോടു ചോദിച്ചു. അവിടെ വന്നവരിൽ പ്രമാണിയായ ഒരാൾ പറഞ്ഞു:

“അവളുടെ ആത്മാവിന്റെ സ്വർഗ്ഗപ്രാപ്തിക്കായി പ്രവർത്തിക്കേണ്ടതു ഞങ്ങളുടെ കൃത്യമാണു്. പാതിവ്രത്യമുള്ള ഹിന്ദു വിധവകൾക്കും ഇതു ധർമ്മവുമാണു്.”

മഹമ്മദു കോപത്തോടെ മന്ദഹാസം ചെയ്തു പറഞ്ഞു.

“എന്നാൽ താനും അവളോടൊന്നിച്ചു സ്വർഗ്ഗാരോഹണം ചെയ്തോളു.”

ഇപ്രകാരം പറഞ്ഞുകൊണ്ടു അയാളെ കൊത്തളത്തിന്റെ മേൽകൂടി പുറത്തേക്കു വലിച്ചെറിയുന്നതിനു തന്റെ ഭടന്മാരോടു ആജ്ഞാപിച്ചു. ശേഷംപേരോടു മേലാൽ മനുഷ്യജീവനു അപായംവരുന്ന ഈ മാതിരി നിന്ദ്യങ്ങളായ മതകർമ്മങ്ങളിൽ ഉൾപ്പെടരുതെന്നു ആജ്ഞാപിച്ചിട്ടു അവരെ പറഞ്ഞയച്ചു.

മാമുദു ആ കുഞ്ഞിനെ തന്റെ പാളയത്തിൽ കൊണ്ടുപോയി ഒരു ധാത്രിയുടെ കൈവശം ഏൽപ്പിച്ചു. പ്രധാന പുരോഹിതനെ അന്വേഷിച്ചു പിടിച്ചുകൊണ്ടു വരുന്നതിനു തന്റെ ഭടന്മാരെയും നിയോഗിച്ചു. അനന്തരം അദ്ദേഹം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. തന്റെ കയ്യിൽ ഉണ്ടായിരുന്ന വലിയ ഗദകൊണ്ടു നിന്ദാഭാവത്തിൽ വിഗ്രഹത്തെ ഒന്നടിച്ചു. ആ ഉഗ്രമായ ബിംബത്തിന്റെ രണ്ടു അംഗങ്ങൾ ഉടച്ചെടുത്തു ഗസ്നിയിലേക്കു അയയ്ക്കുന്നതിനു അദ്ദേഹം ആജ്ഞാപിച്ചു. അതിൽ ഒന്നു അവിടത്തെ പ്രധാനപള്ളിയിലും, മറ്റേതു തന്റെ കൊട്ടാരവാതുക്കലും നടക്കല്ലുകളായി ഇടുന്നതിനായിരുന്നു. ഈ ആജ്ഞ ഉടൻതന്നെ അനുവർത്തിക്കപ്പെട്ടു.

൮-ാം അദ്ധ്യായം

കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച സംഭവങ്ങൾ നമ്മുടെ വിധവയുടെ ദുരാപത്തുകൾക്കിടയിലാണു നടന്നതു്. അവൾ കണ്ട ഘോരമായ കാഴ്ചയുടെ ശേഷം ഏകാന്തമായ ആ പാതാളഗർഭത്തിൽ ചിന്താമഗ്നയായിരുന്നു. ഈ നിലയിൽ കുറേക്കഴിഞ്ഞപ്പോൾ ആ ബ്രാഹ്മണൻ വീണ്ടും മുറിക്കകത്തു പ്രവേശിച്ചു. അയാൾ വളരെ സാവധാനമായ പാദപതനങ്ങളോടുകൂടി മുറിക്കകത്തു കടന്നു ചെല്ലുന്ന ശബ്ദം അവൾ കേട്ടു. അയാളുടെ സ്വരൂപം അവൾക്കു കാണാൻ പാടില്ലായിരുന്നു. അവൾ തന്നെ തിരിച്ചറികയില്ലെന്നും അയാൾ വിചാരിച്ചു. അവൾ നിലത്തിരിക്കയായിരുന്നു. വൃദ്ധനായ ആ വിടൻ തപ്പിത്തപ്പി നടക്കുമ്പോൾ അവളുടെ മുഖത്തു കൈതടഞ്ഞു. അയാൾ മുമ്പത്തെപ്പോലെ ഒച്ച മാറ്റിപ്പറഞ്ഞു:

സോമനാഥന്റെ ഹിതത്തെ അനുവർത്തിക്കാൻ ഇനിയും ശാഠ്യം നിന്നെ അനുവദിക്കയില്ലയോ? നിന്നെ ദഹിപ്പിക്കുന്നതിനു തന്നെയല്ല—നിന്നെ അനവസാനങ്ങളായ ഓരോ കഷ്ടതകളിൽ ഇട്ടു ദണ്ഡിപ്പിക്കുന്നതിനും അദ്ദേഹത്തിനു കഴിയുന്നതാണു്. അദ്ദേഹം തന്റെ ശിക്ഷാവിധിയെ ഒന്നുകൊണ്ടും ഭേദപ്പെടുത്തുമെന്നും നീ വിചാരിക്കേണ്ടാ. എന്നാൽ നേരേമറിച്ചു അദ്ദേഹത്തിന്റെ ഹിതത്തെ അനുവർത്തിക്കുന്നതായാൽ നിനക്കു ലഭിക്കുന്ന അനശ്വരമായ ആനന്ദവും അന്യാദൃശമായിത്തന്നെ ഇരിക്കും.

ശാന്തമായും സ്ഥിരമായും അവൾ പറഞ്ഞു:

“താൻ ദൈവമല്ല. ദൈവദൂഷണം ചെയ്യുന്ന പരമദുഷ്ടനാണു്. യാതൊരു ദേവനും ഹിതമാവാത്ത നീചകർമ്മങ്ങളെകൊണ്ടു ദൈവസന്നിധിയെ കൂടിയും താൻ അശുദ്ധമാക്കിത്തീർത്തു. നാം എല്ലാവരും ഭക്തിപൂർവം ആരാധിക്കുന്ന സർവശക്തനായ ഈശ്വരന്നാകട്ടെ താൻ അശുദ്ധമാക്കിത്തീർത്തതും ആ ക്ഷേത്രത്തിന്നകത്തു നില്ക്കുന്നതുമായ അദ്ദേഹത്തിന്റെ പരിശുദ്ധപ്രതിമയ്ക്കാകട്ടെ നിന്ദ്യങ്ങളായ ഇങ്ങിനെയുള്ള ദുർവൃത്തികളിൽ താല്പര്യം ഉണ്ടാകുന്നതല്ല. ഈശ്വരൻ വിരോധിച്ചിട്ടുള്ള നീചകൃത്യങ്ങളെ അദ്ദേഹം ഒരിക്കലും പ്രവർത്തിക്കയുമില്ല; പ്രോത്സാഹിപ്പിക്കയുമില്ല.”

തന്റെ പരമാർത്ഥസ്ഥിതിയെ അവൾ മനസ്സിലാക്കി എന്നു കണ്ടു ബ്രാഹ്മണൻ സ്വന്ത സ്വരത്തിൽ പറഞ്ഞു:

“നീയാണു ദൈവദൂഷണം ചെയ്യുന്നതു്. ഈശ്വരൻ തന്റെ പരിശുദ്ധന്മാരായ ഭക്തന്മാരുടെ ദാസനാണു്. ചിരകാലം അദ്ദേഹത്തെ ഭക്തിപൂർവ്വം സേവിച്ചതിന്റെ ഫലമായി സുന്ദരിയായ നിന്നെ അദ്ദേഹം എനിക്കു തന്നിരിക്കുന്നു.”

ഇതു വാസ്തവമാണെങ്കിൽ താൻ തന്നെ ഈശ്വരനാണെന്നു ഭാവിച്ചു ഈ ഇന്ദ്രജാലങ്ങളൊക്കെ എന്നെ എന്തിനു കാണിച്ചു? എന്തിനായിട്ടു താൻ ഒച്ചമാറ്റി സംസാരിച്ചു? ഈ ഗുഹാഗർഭത്തിലിട്ടു എന്നെ എന്തിനു കഷ്ടപ്പെടുത്തി. സകല സൽഗുണങ്ങളുടെ ഇരിപ്പിടവും സകല ദുർഗുണങ്ങളുടെയും വിരോധിയുമായ ആ സർവശക്തന്റെ അനുമതിയോടുകൂടിയാണോ താൻ ഇതെല്ലാം പ്രവർത്തിച്ചതു്.

“നീ ദോഷങ്ങളെന്നു വിചാരിക്കുന്നവ പരമാർത്ഥത്തിൽ ഗുണങ്ങളാണു്. അവയെ സോമനാഥൻ അനുവദിക്കയും ചെയ്യുന്നുണ്ടു്. പരിശുദ്ധന്മാരായ അദ്ദേഹത്തിന്റെ ദാസന്മാരുടെ ആനന്ദങ്ങളിൽ അദ്ദേഹവും ആനന്ദിക്കുകയേ ഉള്ളു. എന്തുകൊണ്ടെന്നാൽ അതു ദോഷമല്ല. അതു പ്രത്യേകിച്ചും ഗുണമാണു്. ചിരകാലസേവയുടെ പ്രതിഫലമാണതു്. അതു പരമമായ ഭാഗ്യത്തിനു നിദാനവുമാണു്. പിന്നെ അതെങ്ങിനെ ദോഷമാവും. നീ ഇന്ദ്രജാലമെന്നു പറയുന്നതു അദ്ദേഹത്തിന്റെ കോപത്തിനു വിഷയമാകുന്നവർ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകൾക്കുള്ള ദൃഷ്ടാന്തം അദ്ദേഹം തന്നെ നിനക്കു കാണിച്ചുതന്നതാണു. സോമനാഥൻ സ്വന്തരൂപത്തിൽ നിനക്കു ദർശനം തന്നു എന്നു നീ ഓർത്തുകൊൾക. ഇപ്പോൾ സോമനാഥൻ എന്റെ രൂപത്തിൽ നിനക്കു ദർശനം തന്നിരിക്കയാണു്. നിന്റെ മേൽ അവധിയില്ലാത്ത അനുഗ്രഹങ്ങളെ ചൊരിയുന്നതിനായിട്ടു അദ്ദേഹം ഇപ്പോൾ എന്നിൽ അധിവസിച്ചിരിക്കയാണു്.”

ഇങ്ങിനെ പറഞ്ഞുകൊണ്ടു ആ ബ്രാഹ്മണൻ തന്റെ രണ്ടുകൈകളുംകൊണ്ടു അവളെ ഗാഢമായി കെട്ടിപ്പിടിച്ചു. അവൾ എഴുന്നീറ്റു ഊക്കോടുകൂടി ഒന്നുകുടഞ്ഞു. ബ്രാഹ്മണൻ പിടിവിട്ടു നിലത്തു മലർന്നുവീണു.

“ദുഷ്ടൻ! പരമാഭാസൻ! എന്നേ പാപകർമ്മത്തിലേക്കു നയിക്കാമെന്നു താൻ വിചാരിക്കേണ്ടാ. താൻ നീച കർമ്മംകൊണ്ടു ദുഷിപ്പിച്ചശുദ്ധമാക്കിയ ദൈവം ഇപ്പോൾ തന്നിൽ പ്രത്യക്ഷമായിരിക്കുന്നു. എന്റെ മുമ്പാകെ നിന്നു ഉടൻ പൊയ്കൊൾക. ഞാൻ ഈ ഗുഹാഗർഭത്തിൽ കിടന്നു മരിച്ചു കൊള്ളാം. ഞാൻ ജീവനോടുകൂടി തന്റെ ഈ ദുർമ്മോഹത്തിനു വഴിപ്പെടുന്നവളല്ല.”

ആ വൃദ്ധബ്രാഹ്മണൻ വീണെടുത്തുനിന്നു വളരെ പ്രയാസപ്പെട്ടു എഴുന്നേറ്റു മുറിയിൽ നിന്നു ഇറങ്ങിപ്പോവുകയുംചെയ്തു. എത്രതന്നെ ഘോരമായി ദണ്ഡിച്ചാലും എത്ര ക്രൂരമായ മരണത്തിനു ഇടവന്നാലും അവയെല്ലാം ധീരതയോടുകൂടി സഹിക്കയല്ലാതെ ഒരിക്കലും ആ ബ്രാഹ്മണന്റെ അഭീഷ്ടത്തിനു വഴിപ്പെടുന്നതല്ലെന്നു ആ വിധവ നിശ്ചയിച്ചുറച്ചു. അവരുടെ മനസ്സു ഭിന്നങ്ങളായ ഓരോ വിഷാദവിചാരങ്ങൾക്കു അധീനമായിരുന്നു. അവൾ അതുവരെ പരിശുദ്ധവിചാരത്തോടുകൂടി വിശ്വസിച്ചുവന്ന മതത്തെക്കുറിച്ചു അവൾക്കു സംശയം തോന്നിത്തുടങ്ങി. സോമനാഥന്റെ അത്ഭുതശക്തിയെക്കുറിച്ചു ബ്രാഹ്മണർ കീർത്തിച്ചു വന്ന ഓരോ കഥകളിൽ അവൾക്കു അവിശ്വാസം തോന്നിത്തുടങ്ങി. എന്നാൽ ആരിൽ അല്ലെങ്കിൽ എന്തിലാണു താൻ വിശ്വാസത്തെ ഉറപ്പിക്കേണ്ടതെന്നു അവൾക്കു നിർണ്ണയിക്കാൻ കഴിഞ്ഞില്ല. സർവശക്തനായി സർവാന്തര്യാമിയായി ഒരു ഈശ്വരൻ ഈ പ്രപഞ്ചത്തെ ഭരിക്കുന്നുണ്ടെന്നു അവളുടെ നിർമ്മലമായ ഹൃദയത്തിൽ നല്ല സ്ഥിരവിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം ഈ അരിഷ്ടതയിൽ അവളെ അനാഥയാക്കി ഉപേക്ഷിച്ചുകളകയില്ലെന്നു അവൾ വിശ്വസിച്ചു.

അവൾ ഇങ്ങനെ തന്റെ ദുർദ്ദശയെ സർവശക്തനായ ഈശ്വരന്റെ ഹിതത്തിനു സമർപ്പിച്ചുകൊണ്ടു തനിക്കു നേരിടാവുന്ന ആപത്തുകളിൽ യാതൊരു കൂസലും കൂടാതെ നിന്നപ്പോൾ രണ്ടുസ്ത്രീകൾ ആ മുറിക്കകത്തു പ്രവേശിച്ചു. അവരിൽ ഒരാളുടെ കയ്യിൽ ഒരു വിളക്കു ഉണ്ടായിരുന്നു. സോമനാഥ സന്നിധിയിൽ കണ്ടിട്ടുള്ള ദുർന്നയകളായ ദാസികളിൽ ഉൾപ്പെട്ടവരാണു ഇവരെന്നു ആ വിധവയ്ക്കു മനസ്സിലാക്കാൻ പ്രയാസം ഉണ്ടായില്ല. അവർ ഓരോ അനുനയങ്ങൾകൊണ്ടു ആ വിധവയെ ബ്രാഹ്മണന്റെ ഹിതത്തിനു അടിമപ്പെടുത്താൻ അവരാൽ കഴിയുന്നപോലെ എല്ലാം ശ്രമിച്ചു. അവരുടെ ശ്രമം വിഫലമെന്നു കണ്ടപ്പോൾ അവരിൽ ഒരാൾ പറഞ്ഞു:

“ആകട്ടെ നിന്റെ ഹിതംപോലെ പ്രവർത്തിച്ചോളു. എന്നാൽ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളെ ഒക്കെ നീ നിരസിക്കുന്ന സ്ഥിതിക്കു പരിശുദ്ധമായ ഈ മുറിക്കകത്തു ഇനി നീ ഒട്ടുംതന്നെ താമസിക്കാൻ പാടില്ല. ഞങ്ങളോടൊന്നിച്ചു വരിക.”

“എവിടെയാണു എന്നെ കൊണ്ടുപോകുന്നതു്.”

“അതു നിനക്കു താമസിയാതെ മനസ്സിലാകും.”

“നിങ്ങളോടൊന്നിച്ചു ഞാൻ ഇവിടെനിന്നു വെളിക്കിറങ്ങുകയില്ല.”

ഇതുകേട്ടിട്ടു ആ ദാസികൾ ഉറക്കെ ചിരിച്ചു. അവരിൽ ഒരുവൾ അടുത്തുചെന്നു ഒരു ദുഷ്ടരാക്ഷസിയെപ്പോലെ ഗർജ്ജിച്ചുകൊണ്ടു ആ വിധവയോടു പറഞ്ഞു:

“മിണ്ടാതെ ഞങ്ങളോടൊന്നിച്ചു വരിക. അല്ലെങ്കിൽ വിഷ്ണുവിന്റെ ചക്രംകൊണ്ടു നിന്നെ ഒരു ദുഷ്ടമൃഗത്തെപ്പോലെ ഞങ്ങൾ വെളിക്കു ഇഴച്ചുകൊണ്ടു പോകുന്നുണ്ടു്: നല്ലവണ്ണം ആലോചിച്ചിട്ടുവേണം തടസ്സം പറയാൻ.”

വിധവ മറുപടി ഒന്നും പറഞ്ഞില്ല. ആംഗ്യംകൊണ്ടു അവൾ അവരോടൊന്നിച്ചു പോകാൻ സന്നദ്ധയാണെന്നു അവരെ മനസ്സിലാക്കി. വിളക്കുംകൊണ്ടു ഒരുവൾ മുമ്പിൽ നടന്നു. മറ്റവൾ പിന്നിലും നടന്നു. വളരെ ഒരു നീണ്ട തുരപ്പിൽകൂടി അവർ നടന്നു. ഒടുവിൽ ഒരു കല്പടിയിൽ ചെന്നുചേർന്നു. ആ കല്പടി ഇറങ്ങിയിരുന്നതിനാൽ അതിൽ കൂടി ഒരാൾക്കു മാത്രമെ കയറാൻ പാടുണ്ടായിരുന്നുള്ളു. അതിൽ കൂടി കയറി മുകളിൽ എത്തിയപ്പോൾ അവിടെ ചതുരാകൃതിയിൽ ഒരു വിശ്രമസ്ഥാനം ഉണ്ടായിരുന്നു. രണ്ടുവശത്തും രണ്ടു വാതലും ഉണ്ടായിരുന്നു. അതിൽ ഒരു വാതിലിനെ ചൂണ്ടിക്കാണിച്ചിട്ടു മുമ്പിൽനടന്നു അവൾ പറഞ്ഞു:

“ഇതിനകത്തു കടക്കണം.”

“ഇതിൽ കൂടി നടന്നാൽ എവിടെ ചെല്ലാം?”

“സോമനാഥന്റെ വിഗ്രഹത്തിനകത്തു അവിടെ നിനക്കു ഭഗവാനെക്കാണാം. അദ്ദേഹവും അവസാനമില്ലാത്ത നിന്റെ ഭാഗ്യവും അവിടെ നിന്നെ കാത്തിരിക്കുന്നു.”

“നിങ്ങളുടെ വാഗ്ദാനങ്ങളൊക്കെ മതി. നമ്മുടെ സംഭാഷണം ഇവിടെ നില്ക്കട്ടെ. വാതൽ തുറക്കൂ എന്റെ ഹിതമായ ശിരോലിഖിതം എന്താണെന്നു അറിയട്ടെ.”

ഒരു ചെറിയ വെള്ളിമണി അവരിൽ ഒരുവൾ കിലുക്കി. വാതൽ തുറന്നു വിധവ നിർഭയമായി അകത്തു കടന്നു. ദാസികൾ വാതലിനെ ബന്ധിച്ചു. പിന്നെയും ഒരു കല്പടിയാണു വിധവ കണ്ടതു്. മുകളിൽ നല്ല പ്രകാശവുമുണ്ടു്. ഏതു ആപത്തിനെയും നേരിടാൻ ധീരയായ ആ വിധവ യാതൊരു ഭയമോ സംശയമോ കൂടാതെ കല്പടി കയറി ആറടി ചതുരമുള്ള ഒരു മുറിക്കകത്തു അവൾ ചെന്നു. ഒരു പർഷ്യൻ രത്നകംബളം തറയിൽ വിരിച്ചിരുന്നു. ആ മുറിയുടെ നിസ്തുല്യമായ പ്രകാശംകൊണ്ടു അവളുടെ കണ്ണുകൾ മങ്ങി. ഭിത്തികളിന്മേൽ ഉജ്വലപ്രഭങ്ങളായ അനവധി അമൂല്യരത്നങ്ങൾ പതിച്ചിരുന്നു. തറയിലും അതുപോലെയുള്ള വിശിഷ്ടരത്നങ്ങൾ കൂമ്പലുകളായി അവിടവിടെ കൂട്ടിയിരുന്നു ഇതു ഇന്ദ്രജാലമൊ യക്ഷികളുടെ വാസനിലയമൊ എന്നു അവൾ സംശയിച്ചു. പ്രപഞ്ചത്തിലെ അമൂല്യസമ്പത്തിന്റെ ആ കരം ഇതുതന്നെ എന്നു അവൾക്കു തോന്നി.

ഈ കാഴ്ചകണ്ടുകൊണ്ടു അവൾ അധികനേരം നില്ക്കേണ്ടിവന്നില്ല. അവൾ കാണാതെയുള്ള ഒരു ചെറിയ കതകു പെട്ടെന്നു തുറന്നു. ആ വൃദ്ധബ്രാഹ്മണൻ അകത്തു പ്രവേശിച്ചു. എത്രയും ക്രൂരമായ ഒരു ദുഷ്കർമ്മത്തിനു അയാൾ ഒരുങ്ങി വന്നിരിക്കയാണെന്നു കുഴിയിൽകിടന്ന അയാളുടെ കണ്ണുകളുടെ പ്രകാശം വെളിവാക്കി. അയാൾ കതകിനെ ഭദ്രമായി അടച്ചുകൊണ്ടു അവളുടെ അടുത്തുചെന്നു പറഞ്ഞു:

“ഒന്നുകിൽ ഇപ്പോൾ എന്റെ അഭിഷ്ടസിദ്ധി, അല്ലെങ്കിൽ പ്രതികാരം. ഇവിടെ തടസ്ഥംകൊണ്ടു യാതൊരു ഫലവുമില്ലാ. നിന്നെ ഇവിടെ കൊണ്ടുവന്ന ദാസികൾ അടുത്തുണ്ടു്. അതുകൊണ്ടു ഞാൻ നിനക്കു സദുപദേശം ചെയ്യുന്നു. നീ സോമനാഥന്റെ ഹിതകാരിണിയായിത്തീരുക. ഇപ്പോൾ നീ അദ്ദേഹത്തിന്റെ വിഗ്രഹത്തിനകത്താണു് നില്ക്കുന്നതു്. നീ സമ്മതിക്കുന്നപക്ഷം ഈ കാണുന്ന സകലസമ്പത്തും നിന്നക്കധീനമാണു്. വിസമ്മതിക്ക. സോമനാഥന്റെ ശാപം ഇഹത്തിലും പരത്തിലും നിന്നെ അനുഗമിക്കും.”

അവൾ സ്ഥിരമായി പറഞ്ഞു:

“ഒരു സ്ത്രീയുടെ ഹൃദയം എങ്ങിനെയുള്ളതാണെന്നു തനിക്കറിഞ്ഞുകൂടാ. തന്റെ ഹിതത്തിനു ഞാൻ ഒരിക്കലും അധീനയായിത്തീരുകയില്ല. തനിക്കു ബോധിച്ച പ്രതികാരം ചെയ്തുകൊൾക.”

“എന്നാൽ അങ്ങിനെ തന്നെ” എന്നു പറഞ്ഞുകൊണ്ടു ബ്രാഹ്മണർ ഒരു ഗദ കയ്യിലെടുത്തു മുകളിൽ ഒരു ഇരിമ്പുകമ്പിയിൽ തൂക്കിയിട്ടിട്ടുണ്ടായിരുന്ന മണിയിൽ അടിക്കാൻ ഭാവിച്ചു. അപ്പോൾ അസാധാരണമായ ഒരു ശബ്ദം പുറത്തുകേട്ടു. സോമനാഥന്റെ വിഗ്രഹം ആപാദചൂഡം ഒരുപോലെ വിറച്ചു. ബ്രാഹ്മണൻ കിടുകിടാവിറച്ചു മുട്ടുകുത്തി നിലത്തിരുന്നു. സുന്ദരിയായ ആ വിധവ ആശ്ചര്യത്തോടെ ആ ബ്രാഹ്മണനെ നോക്കിക്കൊണ്ടു മിണ്ടാതെനിന്നു. പുറത്തുണ്ടായ ശബ്ദം കുറേക്കൂടി സ്പഷ്ടമായി കേട്ടുതുടങ്ങി. മുറിയുടെ ഭിത്തികൾ കുലുങ്ങി. ഇതു എന്തുകൊണ്ടാണെന്നു അറിവാനായി അത്യാശയോടെ അവൾ മേല്പോട്ടുനോക്കി. ബ്രാഹ്മണൻ ഭയംകൊണ്ടു അന്ധനായി വിറച്ചുകൊണ്ടു അപ്പോഴും മുട്ടുകുത്തി ഇരിക്കയായിരുന്നു.

പുറത്തുകേട്ട ശബ്ദം ഇപ്പോൾ വളരെ സ്പഷ്ടമായിത്തീർന്നു. മൃദുവായും പരിചിതമായും ഉള്ള ഒരു ശബ്ദം വീണാനാദംപോലെ അവളുടെ ശ്രവണേന്ദ്രിയങ്ങളിൽ പതിഞ്ഞു. അതു മാമുദിന്റേതായിരുന്നു. സുന്ദരിയായ ആ വിധവ സോമനാഥബിംബത്തിനകത്തു പ്രവേശിച്ചതും മാമുദ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചതും ഒരേ സമയത്തായിരുന്നു. മാമുദ് ബിംബത്തെ ഭഞ്ജനംചെയ്വാൻ ഭാവിക്കുന്നതുകണ്ടു ശാന്തിക്കാരായ ബ്രാഹ്മണർ അദ്ദേഹത്തിന്റെ പരിവാരങ്ങളോടു ബിംബത്തെ ധ്വംസനം ചെയ്യാത്തപക്ഷം അദ്ദേഹത്തിനു അസംഖ്യം ദ്രവ്യം കൊടുക്കാമെന്നു വാഗ്ദാനംചെയ്തു. അവർ ആ വിവരം മാമുദിനെ ഗ്രഹിപ്പിച്ചു. ഈ ഒരു വിഗ്രഹത്തെ നശിപ്പിച്ചതുകൊണ്ടു ലോകത്തിൽ വിഗ്രഹാരാധന ഇല്ലാതാവുകയില്ലെന്നും അവർ വാഗ്ദാനം ചെയ്യുന്ന ധനത്തെ വാങ്ങി വിശ്വാസികൾക്കു വീതിച്ച കൊടുക്കുന്നതു വിഗ്രഹത്തെ ധ്വംസനംചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു കൃത്യം ആയിരിക്കുമെന്നും അവർ ഉപദേശിച്ചു.

അവർ പറഞ്ഞതിൽ വളരെ സത്യമുണ്ടെന്നു മാമുദ് സമ്മതിച്ചു. എന്നാൽ ഭാവി സന്തതികൾ “ബിംബദ്ധ്വംസകൻ” എന്നല്ലാതെ ബിംബവ്യാപാരി എന്നു വിളിക്കാൻ സംഗതി വരുന്ന ഒരു കൃത്യം താൻ ചെയ്കയില്ലെന്നു അദ്ദേഹം ഉറപ്പായി പറഞ്ഞു. അനന്തരം ബിംബത്തെ ധ്വംസനംചെയ്വാൻ അദ്ദേഹം തന്റെ ഭടന്മാരോടു ആജ്ഞാപിച്ചു.

ഭടന്മാരുടെ പ്രഹരം ഏറ്റു ബിംബം ആപാദചൂഡംകുലുങ്ങി. ഒടുവിൽ അതു രണ്ടായി വീണു. പിന്നെയും അവർ പ്രഹരിച്ചപ്പോൾ ആ ബിംബത്തിന്റെ ഗുഹാഗർഭം അവരുടെ ദൃഷ്ടിയിൽപെട്ടു. അതിനകത്തു കണ്ട നിസ്സീമമായ ദ്രവ്യത്തെ നോക്കി സുൽത്താനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരും ആശ്ചര്യപരതന്ത്രന്മാരായി. എന്നാൽ അവർ ആ ഗുഹാമുഖത്തെ വീണ്ടും വിസ്തൃതമാക്കി കീഴ്പോട്ടുനോക്കിയപ്പോൾ അവർക്കുണ്ടായ ആശ്ചര്യം എന്തെന്നു പറയാം! സുന്ദരിയായ ആ ഹിന്ദുവിധവ ആശ്ചര്യത്തോടെ മേല്പോട്ടുനോക്കിക്കൊണ്ടു നിൽക്കുന്നു. ബ്രാഹ്മണൻ അവളുടെ മുമ്പാകെ മുട്ടുകുത്തി ഇരിക്കുന്നു. സുൽത്താൻ അവളെ കണ്ടമാത്രയിൽ തിരിച്ചറിഞ്ഞു. “എന്റെ രക്ഷിതാവേ” എന്നു നിലവിളിച്ചുകൊണ്ടു അവൾ പാഞ്ഞുചെന്നു അദ്ദേഹത്തിന്റെ പാണികളിൽ വീണു.

അവൾ ഗൽഗദത്തോടെ പറഞ്ഞു:

“നിങ്ങൾ എന്നെ പാപത്തിൽനിന്നും മരണത്തിൽ നിന്നും രക്ഷിച്ചു. എന്നെ ദണ്ഡിപ്പിച്ച ആൾ അതാ ഇരിക്കുന്നു. അല്പംകൂടി കഴിഞ്ഞെങ്കിൽ എന്റെ സ്ഥിതി എന്തായിത്തീർന്നേനേ എന്നു ഈശ്വരനുമാത്രം അറിയാം.”

ആ ബ്രാഹ്മണനെ തന്റെ പാപകർമ്മങ്ങളുടെ സങ്കേതസ്ഥാനത്തിൽ നിന്നു വലിച്ചു വെളിക്കു കൊണ്ടുവന്നു. മാമുദിന്റെ രൂക്ഷങ്ങളായ നയനങ്ങളെ കണ്ടു ബ്രാഹ്മണൻ നടുങ്ങി. അയാളുടെ കൂട്ടുകാരനായ ശാന്തിക്കാർ ഇതു നല്ല അവസരമല്ലെന്നു കണ്ടു പതുക്കെ പുറത്തിറങ്ങിപ്പോയി. ക്ഷേത്രത്തിന്റെ ഒരു ഭിത്തിയിന്മേൽ ആ ബ്രാഹ്മണനെ ഉടൻതന്നെ തൂക്കിക്കൊന്നു. സുന്ദരിയായ ആ ഹിന്ദുവിധവ മാമുദിന്റെ പ്രിയപ്പെട്ട പട്ടമഹിഷിയായിത്തീരുകയും ചെയ്തു.

സോമനാഥൻ സമാപ്തം.

സി. വി. കുഞ്ഞുരാമൻ
images/Cvkunjuraman-new.jpg

പ്രമുഖനായ മലയാള പത്രാധിപരും സാമൂഹ്യ നവോത്ഥാന നായകനുമായിരുന്നു സി. വി. കുഞ്ഞുരാമൻ (1871–1949).

ജീവിതരേഖ

കവി, വിമർശകൻ, കേരള കൗമുദി സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ സി. വി. കൊല്ലം ജില്ലയിലെ മയ്യനാട്ടിൽ ജനിച്ചു. എൽ. എം. എസ്. സ്കൂളിലും കൊല്ലം ഗവൺമെന്റ് ഹൈസ്കൂളിലും പഠിച്ചു. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സി. വി. പിന്നീടു് വക്കീൽ വൃത്തിയിലേക്കു മാറി. മലയാള വർഷം 1103-ൽ എസ്. എൻ. ഡി. പി. യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ തൂലിക പടവാളാക്കി പൊരുതി. കേരള കൗമുദി ആദ്യം മയ്യനാടു നിന്നും പിന്നീടു് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. സുജാനന്ദിനിയിലെഴുതിയ കവിതകളും ഗദ്യവും നിരവധി പേരെ ആകർഷിച്ചു. 1949-ൽ അദ്ദേഹം അന്തരിച്ചു. തിരണ്ടുകുളി, പുളികുടി, താലികെട്ടു് തുടങ്ങിയ ജാതീയ സമ്പ്രദായങ്ങൾക്കെതിരെ കവിതകളും കഥകളുമെഴുതി. മലയാളരാജ്യം പത്രത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു.

ഭാഷാഭിമാനി, സിംഹളൻ, പി. കെ. തിയ്യൻ എന്നീ തൂലികാ നാമങ്ങളിലാണു് അദ്ദേഹമെഴുതിയിരുന്നതു്. അധഃകൃതർക്കു് പ്രത്യേക സ്കൂളുകൾ അനുവദിക്കുന്നതിനു വേണ്ടി പ്രയത്നിച്ച അദ്ദേഹം ഈഴവർക്കു വേണ്ടി മയ്യനാടു് ഗ്രാമത്തിൽ വെള്ളമണൽ എന്ന പേരിൽ വിദ്യാലയം സ്ഥാപിച്ചു. 1928-ലും 1931-ലും എസ്. എൻ. ഡി. പി. ജനറൽ സെക്രട്ടറിയായി. യുക്തിവാദി പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചു.

പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ. സുകുമാരൻ മകനാണു്.

കൃതികൾ
കവിത
  • കാർത്തികോദയം
  • ശ്രീ പത്മനാഭസന്നിധിയിൽ
  • ഈഴവനിവേദനം
  • നരലോകം
  • ഒരു സന്ദേശം
  • സ്വാമിചൈതന്യം
  • സ്വാഗതഗാനം
നാടകം
  • മാലതീകേശവം
ഗദ്യം
  • ഒരു നൂറു കഥകൾ
  • എന്റെ ശ്രീകോവിൽ
  • ആശാൻ സ്മരണകൾ
  • അറബിക്കഥകൾ (നാലു ഭാഗം)
  • ഷേക്സ്പിയർ കഥകൾ
  • രാമദേവനും ജാനകിയും
  • വെന്നീസ്സിലെ വ്യാപാരി
  • വരലോല
  • ഹേമലീല
  • കൊടുങ്കാറ്റു്
  • വാല്മീകിരാമായണം
  • സോമനാഥൻ
  • വ്യാസഭാരതം
  • രാധാറാണി
  • രാമായണകഥ
  • കാന്തിമതി
  • ലുക്രീസിന്റെ ചാരിത്രഹാനി
  • പത്നാദേവി (അപൂർണം)
  • രാഗപരിണാമം
  • ദുർഗാക്ഷേത്രം (അപൂർണം) പഞ്ചവടി
  • നാഗകന്യക (അപൂർണം)
  • ഉണ്ണിയാർച്ച
  • തുമ്പോലാർച്ച
  • മാലുത്തണ്ടാൻ
  • ഒരു നൂറ്റാസ്സിനു മുമ്പു്
  • ലോകമതങ്ങൾ (തർജ്ജമ)
ചരിത്രം
  • കെ. സി. കേശവപിള്ളയുടെ ജീവചരിത്രം
  • ഇന്ത്യാ ചരിത്ര സംഗ്രഹം

Colophon

Title: Somanadhan (ml: സോമനാഥൻ).

Author(s): C. V. Kunjuraman.

First publication details: S. T. Reddyar and Sons; “Vidhyabhivardhini” Achukoodam—Kollam;.

Deafult language: ml, Malayalam.

Keywords: Novel, C. V. Kunjuraman, Somanadhan, സി. വി. കുഞ്ഞുരാമൻ, സോമനാഥൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 26, 2025.

Credits: The text of the original item is in the public domain. The text encodSomanadhaning and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Mother with a Child, a painting by Franz Dvorak (1862–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Beena Darly; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.