images/Fresnaye_conquest_of_air.jpg
Conquest of the Air, a painting by Roger de La Fresnaye (1885–1925).
മുഖവുര

സാഹിത്യകുശലൻ സി. വി. രാമൻപിള്ള അവർകൾ ഒടുവിൽ എഴുതിയ പ്രഹസനമാണു് ഇതു്. ആദ്യം തിരുവനന്തപുരം നാഷനൽ ക്ലബ്ബ്കാരും, പിന്നീടു കൈയെഴുത്തു പ്രതി തേടിയെടുത്തു് ആർട്ട്സ് കാളേജു വിദ്യാർത്ഥികളും ഇതഭിനയിച്ചു. ഇതുവരെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്താതെയിരുന്നതു് എന്റെ വീഴ്ചകൊണ്ടാണു്. ഇതിന്റ സകല അവകാശവും കൊല്ലം ശ്രീരാമവിലാസം പ്രസിദ്ധീകരണശാലയുടെ ഉടമസ്ഥർക്കാണു് കൊടുത്തിട്ടുള്ളതു്.

ഈ. വി. കൃഷ്ണപിള്ള

ബട്ളർ പപ്പൻ
സി. വി. രാമൻപിള്ള ബി. ഏ.
രംഗം ൧

ഗോവിന്ദൻ തമ്പിയുടെ താമസസ്ഥലം.

ആഡംബരവേഷത്തിൽ, ഭസ്മവും രുദ്രാക്ഷമാലകളും ധരിച്ചു് ഈസിച്ചെയറിൽ ഗോവിന്ദൻ തമ്പി ഇരുന്നു ജപിക്കുന്നു.

“ഹരേ! പങ്കജാക്ഷ ശൗരേ!

വിരൂപാക്ഷ സ്ത്രീലോചന മഹേശ്വരാ!”

(കോളാമ്പിയിൽ തുപ്പിയിട്ടു്) ഇനി ചാവുകയാണു നല്ലതു്. മാനംമുട്ടെ സ്ഥാനവും വലിയ സംബന്ധങ്ങളും എങ്ങനെ പുലർത്തുമോ ഈ പഞ്ചക്കാലത്തു്! അനന്തിരവരു വെറുത്തു. മകൻ പഠിച്ചു പൊന്നുകെട്ടി കഴുവിനു മുതുകു നീട്ടുന്നു. അരക്കാശിനിടംകൊള്ളാത്ത—നാരായണ, നാരായണ, നാരായണ (കിഴക്കോട്ടുനോക്കീട്ടു്) തൊലഞ്ഞ മാടൻമാരെ ഒരു വഴിയ്ക്കയച്ചാൽ—രണ്ടു പറ്റു തിന്നുംമുമ്പു് തൊട്ടു തെറിക്കാഞ്ഞാൽ ദാക്തരന്മാരുടെ ഉപദേശം തെറ്റൂല്യോ? നാരായണ ഗോവിന്ദ മുരാരേ ഹരി ശംഭോ! ശവം വഴിയിൽ വച്ചു് പൊട്ടിച്ചു മോന്തിക്കൊണ്ടുവരുന്നോ എന്തോ? കയ്യിക്കിടന്ന മോതിരം പണയം വെച്ചു് ഇന്നത്തടം കഴിയുന്നു. അതിനിടയ്ക്കു് അവൻ പങ്കെടുത്തോണ്ടാ—തൊലഞ്ഞു പോട്ടെ. ജാനകീ മനോഹരാംഗസർവ്വരത്നശോഭിതം (മൂക്കു പിടിച്ചുകൊണ്ടു) ഛ്ചാഃ ഇതെന്തൊരു കഷ്ടപ്പാടു്! ഏതാണ്ടോ ഉള്ളതു് ചട്ടിയിലും പിടിച്ചു (ഒരുവശത്തോട്ടു നോക്കി) എടീ അവലക്ഷ്മിപിള്ളേ! നിന്റെ കണക്കു് ഇതും പുകച്ച കളയാതെ (മുന്നോട്ടുനോക്കി). ഓ, ഏഴരാണ്ടൻ നീങ്ങുന്നു. ആ കാലൻ പപ്പുവിന്റെ വരവായി (കോപം നടിച്ചു്) ശനിയന്മാരു്. മെനക്കേടില്ലാത്ത കൂട്ടം. തെങ്കടി പുളിയടി എന്ന തേരാ പാരാ നടക്കുന്നു. രാമകൃഷ്ണ വാസുദേവാ മോക്ഷമെങ്കിലും കിട്ടട്ടെ. വയസ്സുകാലവും രാമകൃഷ്ണവാസുദേവഭക്തമുക്തിദായകം (ചാടി എഴുന്നേറ്റു്) ഇതാ വന്നു. (നെഞ്ചത്തു തടവി സന്തുഷ്ടഭാവത്തിൽ) വാ അപ്പനേ! ഇങ്ങു നേരേവാ! ഇങ്ങാരും ഇല്ല (മുന്നോട്ടു കടന്നതു് രണ്ടു പേരെന്നും തിരിഞ്ഞു പോകുന്നു എന്നും കണ്ടു പിന്നെയും കപിതനായി) പന്ത്രണ്ടാം ശനിക്കു പിറന്ന ആ കൊച്ചു കിട്ടുവും അവന്റെ മന്ത്രിയും. ഇങ്ങോട്ടുനോക്കു്! (കൊച്ചുകൃഷ്ണപിള്ളയും ഈച്ചരനും പ്രവേശിക്കുന്നു). എവിടെ, എന്തു നേദിക്കാൻ പോയിരുന്നു നീ! ഒന്നിനും കൊള്ളാത്തവന്മാർ. അടുപ്പുംകിടെ കിടന്നു കെട്ടപേരെങ്കിലും വരുത്താതെ ജന്മം എടുപ്പിക്കണ്ടയോ? ഈ ദൊരവേഷം കെട്ടി കഴുത്തിക്കൊലമാലയും തൂക്കി ആരെമൂടാനെഴുന്നള്ളിയിരുന്നെടാ നീ?
കൊച്ചു:
ഇതെന്തോന്നാ വിശക്കുന്നെങ്കിൽ വിളമ്പിച്ചുണ്ണണം. ഞാൻ ക്ലബ്ബിൽ പോയിരുന്നു.
ഗോവി:
നീ കെളമ്പാൻ തന്നെ കാലമായി. എന്തോന്നു വച്ചു നിന്റെ പന്തടിയും മോടിയും, സഫക്കൊണ്ടാട്ടവും നീ നടത്തുമെടാ? ഹ്-ം! ഹിപ്പം മുഖത്തുനോക്കി മൂധേവി കള്ളം പറയുന്നു. നീ ആ സരസൂനെ തേവിടിയാടാനല്ലേടാ പോയിരുന്നതു് ?
കൊച്ചു:
അച്ഛാ! അച്ഛന്റെ അനന്തിരവൾ ശരിതന്നെ. പക്ഷേ, മര്യാദകേടായി കൊച്ചുങ്ങളെക്കുറിച്ചു സംസാരിക്കരുതു്.
ഗോവി:
ച്ഛീ! നീയോടാ എനിക്കു നീതിസാരങ്ങളു ചൊല്ലിത്തരുന്നതു്? (ചാടി അടിക്കാൻ കയ്യോങ്ങി. കൊച്ചുകൃഷ്ണപിള്ള ഒഴിയുന്നു. തമ്പി വീഴുന്നു. ഈച്ചരൻ തടുത്തെഴുന്നേല്പിക്കുന്നു)
ഈച്ച:
അങ്ങുന്നേ ‘പുത്രോരക്ഷതി വാർദ്ധക്യേ’ എന്നാണു്. അതുകൊണ്ടു അങ്ങുന്നു വയസ്സുചെന്നു ഇരിപ്പിലാകുമ്പം മകനല്ലേ കാര്യം പഠിപ്പിച്ചുതരണം?
ഗോവി:
(എഴുന്നേറ്റു കാലു തടവിക്കൊണ്ടു് മകനോടു്) എടാ ഈ പുഷ്കരൻ കലിയുടെ കൂട്ടു് നിനക്കു കൊള്ളില്ലായെന്നു് ഞാനെന്നുപറയുന്നു. ഇവനാണുനിന്റെ പഠിത്തം തെറ്റിച്ചതു്. നിനക്കു് ഈശ്വരനെങ്കിൽ അങ്ങു് വെളിയിൽ നിറുത്തിക്കൊള്ളണം ഇവിടെക്കേറ്റിക്കൂടാ (മുന്നോട്ടുനോക്കി) ഭോ ഭോ! അങ്ങു കൊണ്ടുപോ, (പപ്പു കക്ഷത്തിൽ മുണ്ടിനിടയിൽ കുപ്പിയും പൊന്തിച്ചു് എത്തിനോക്കുന്നു. തമ്പി ‘അങ്ങു നില്ലെ’ന്നു കൈകാണിക്കുന്നു. അണിയറയിൽ നിന്നു ‘വിളമ്പട്ടൊ’ എന്നു ലക്ഷ്മിപ്പിള്ള ചോദിക്കുന്നു)
ഗോവി:
ഇതെന്തു ശനിയന്മാരു്. തള്ളയപ്പുറത്തും പിള്ളയിപ്പുറത്തും (പപ്പുവിനോടു്) പോടാ അവിടുന്നു്. ഒരു തൊണ്ടാമ്പിറക്കി അവന്റെ പുറകിലും. ഭോയിൻ, ഭോയിൻ രണ്ടു നാമമോ മറ്റോ വായുവടക്കാൻ പടിച്ചതു ജപിച്ചോണ്ടു് രണ്ടു പറ്റുതിന്നാൻ വിടാണ്ടു കേറി നിക്കുന്ന കണ്ടില്യോ! ഭോ! ഭോ!
ഈച്ച:
എടേ! പപ്പു! അങ്ങുന്നിനു കാലു തേച്ചുകഴുകാൻ വെള്ളമോ മറ്റോ കൊണ്ടുവെയ്ക്കടാ. ആ കക്ഷത്തിലെ പൊയില ചാലയിന്നോ പാളയത്തീന്നോ? നല്ല എരിയുള്ളതാണോ? (പപ്പു പിൻവലിഞ്ഞുകളയുന്നു).
ഗോവി:
നോക്കു് ഇവിടെക്കേറി വിചാരിപ്പാടാൻ നിയ്ക്കാണ്ടു നിന്റെ പാട്ടിനു പോയില്ലെങ്കിൽ, എടാ തന്തയ്ക്കു പിറക്കാത്തവനേ!
ഈച്ച:
അങ്ങുന്നെ! എത്ര അച്ചനെ ഇവൻ കണ്ടിരിക്കുന്നു ചുമ്മാ പൂരായങ്ങളെ വിളിച്ചു ശകാരിക്കരുതു്. അങ്ങത്തെക്കൂടിയും സേവിച്ചിട്ടുണ്ടു്. പണ്ടെന്തോ ഗുണദോഷങ്ങളും ചൊല്ലിത്തന്നിട്ടുണ്ടു്. അതൊക്കെ ഇപ്പം ഓർമ്മിക്കുമെന്നു് അങ്ങത്തേയ്ക്കത്ര ഉറപ്പും വേണ്ട. കാലം…
ഗോവി:
അതേ; നിന്റെ അപ്പാപ്പന്മാരുടെ കാലം തന്നെ. തള്ളയും പിള്ളയും ആണും പെണ്ണും തറയും മുറയും കെട്ട കാലം, ഭോ! നിന്റെ കൂറ്റാനേയും കൊണ്ടു കടക്കു് മറയത്തു് (കോപം) (ഈച്ചരനും കൊച്ചുകിട്ടുവും പോകുന്നു).
(പപ്പു പ്രവേശിക്കുന്നു).
ഗോവി:
എടാ ചൊടലമാടാ. പല്ലിളിക്കിണോ നിന്നു? ഭൂ ആ പാളയത്തിൽപ്പോയേച്ചുവരാൻ ദിവസം മൂന്നോടാ? മുപ്പിരിക്കൊണ്ട മരനായേ!
പപ്പു:
എന്നാപ്പിന്നെ അങ്ങത്തേയ്ക്കാ യൂബിലി ഹാളിലോ മറ്റോ വന്നൂടാരുന്നോ? അവിടെ വെച്ചു് മംഗളപത്രം പോലെ അങ്ങു തന്നൂടാമായിരുന്നല്ലോ? എവരൊക്കെ നിന്നിട്ടല്യോ ഞാൻ…
ഗോവി:
ച്ഛീ! അവരു നിന്നിട്ടും വന്നിട്ടും യുഗം മൂന്നായോ? ഇങ്ങു കൊണ്ടാ കൊണ്ടാ (വിസ്കിക്കുപ്പി വാങ്ങിച്ചുനോക്കീട്ടു്) എടാ! ഇതിന്റെ ഈയവട്ടം എവിടെടാ! ഈ അടപ്പു് തള്ളിനില്ക്കുന്നതെന്തു്?
പപ്പു:
അയ്യോ! അങ്ങുന്നേ ഇപ്പം യുദ്ധക്കുപ്പിയേ ഉള്ളൂ പോലും.
ഗോവി:
(കുലുക്കി വിളക്കത്തുനോക്കിയിട്ടു്) എടാ ഇതിൽ ഒരു വൈരമണി പൊടിക്കുന്നില്ല. ച്ഛൂ, നീ എല്ലാം ഏമ്പിക്കൊണ്ടു് ആ കൊച്ചാറ്റിലെ വെള്ളമോ മറ്റോ ഇതിലോട്ടു തിരിച്ചു വിട്ടു.
പപ്പു:
അതല്ലങ്ങുന്നേ! നേരുപറയാം. ഇങ്ങോട്ടു വരുമ്പം മുണ്ടയത്തു് ഒരു പൊടിപൂരം.
ഗോവി:
ആ പേക്കൂട്ടത്തിന്റെ വർത്തമാനം ആർക്കു കേൾക്കണമെടാ!
പപ്പു:
ആ സരസുക്കുഞ്ഞിനെക്കാണാൻ ചില ശീമവക്കീലന്മാരും മറ്റും അങ്ങോട്ടു കേറി. അങ്ങത്തേ പപ്പുവല്യോ? ഇങ്ങു വന്നാ കേൾക്കുമ്പോൾ ശരിക്കു ശരിയെല്ലാം പറയേണ്ടയോ! ഞാനും പുറകേ കേറി.
ഗോവി:
എടാ! ചട്ടയോ മൊട്ടയോ?
പപ്പു:
ഇപ്പം എല്ലാം അതുതന്നല്ലോ അങ്ങുന്നേ! അങ്ങോട്ടു ചെന്നപ്പം തന്നെ അങ്ങുന്നേ! ഇതു കയ്യിൽ ഇരിക്കുന്നതിന്റെ മണംകൊണ്ടു് അങ്ങുന്നു ചെല്ലുന്നൂന്നു് വിചാരിച്ചു് എല്ലാരും ചാടി എഴുന്നേറ്റപ്പോ കണ്ടതു പപ്പുവിനെ മാത്രം. നമ്മുടെ കൊച്ചങ്ങുന്നും അവിടെങ്ങാണ്ടൊണ്ടാരുന്നു. പിടച്ചു് ചാടി ഓടിപ്പോരുന്നതു ഞാൻ കണ്ടു.
ഗോവി:
കഴുവുങ്ങടെ കഥ ദൂരെക്കള (മദ്യം കുടിക്കുന്നു)
പപ്പു:
അതല്ലങ്ങുന്നേ! അങ്ങത്തെ അടുത്തു ഉത്തരവാവാണ്ടു് അവരു കേറി പെണ്ണുകാണുന്നതും മറ്റും കണ്ടില്യോ?
ഗോവി:
(കുറച്ചുകുടിച്ചു ചുമച്ചു്) പഠിപ്പിച്ചേക്കാമെടാ പഠിപ്പിച്ചേക്കാം. (കുപ്പിക്കകത്തു വിരലിട്ടു തൊട്ടുതെറിച്ചിട്ടു്) മറന്നുപോയെടാ മറന്നുപോയി. അവരു വച്ചു വാഴുന്നതു ഞാൻ കാണിച്ചേയ്ക്കാം. അങ്ങുചെന്നു തൊടണ്ടാന്നു് അടങ്ങിയിരുന്നപ്പം (പിന്നെയും കുറച്ചു കുടിച്ചിട്ടു്) എടാ ഇതു കൊച്ചാറും മറ്റുമല്ല നീ ഏതു മടവാക്കുഴിയിലെ വെള്ളംകൊണ്ടു് നിറച്ചോ? ശനിയാ! അപ്പെഴേടാ! ആ ശീമക്കാരെ ഇങ്ങുവന്നാ പിടിച്ചു് ഉന്തിയരശ്—മനസ്ലായോ? ഈ കൊച്ചു കിട്ടുവിന്റെ കൂത്താട്ടമെല്ലാം അപ്പോ വെറുമനയോടാ?
പപ്പു:
അങ്ങുന്നേ പണമല്ലാണ്ടിപ്പം അരശാരു്?
ഗോവി:
അതുതന്നെടാ ആരാശ്ശാരും, കീരാശ്ശാരും, കൊല്ലിക്കുന്നതും വെല്ലിക്കുന്നതും ഭഗവതിയും സിദ്ധരൂപവും എല്ലാം അതുതന്നെ.
(ശങ്കരപ്പിള്ള പ്രവേശിക്കുന്നു)
ശങ്ക:
(സൂക്ഷിച്ചുനോക്കീട്ടു്) നല്ലനേരത്തിനുതന്നെ വന്നതു്. വേറൊരു ശങ്കരപ്പിള്ള ഇവിടെ കളം തകർത്തു പോയി. നമ്മുടെ അരങ്ങിനു സ്ഥലം കിട്ടുകില്ല.
(മുമ്പോട്ടു നീങ്ങി തൊഴുന്നു)
ഗോവി:
ശംഭോ! മഹാദേവ! ശംഭോ! മഹാദേവ! ശംഭോ! സദാശിവാ! എടാ ഇപ്പം വിശന്നു നട്ടംതിരിയുന്നതിനിടയ്ക്കു് നീ അവിടെ ശീമക്കാർക്കൊക്കെ മേശേം കൊടുത്തേച്ചു എന്തരോ മോന്തിക്കൊണ്ടു മാനംമര്യാദയിൽ ഇരിക്കുന്നവനെ അലമാറടിക്കാൻ വന്നിരിക്കുന്നോടാ (കറങ്ങി) കുലംകെടുക്കണ മട്ടല്യോടാ! നീ ഛും ഹും.
(ലക്ഷ്മി അമ്മ പ്രവേശിച്ചു് എല്ലാരേയും നോക്കീട്ടു് ശങ്കരപ്പിള്ളയോടു്) കൊച്ചുകിട്ടു ചാവടിയിൽ ഉണ്ടു്. അങ്ങോട്ടു ചെല്ലണം. (ഭർത്താവിനോടു്) ഉണ്ണാൻ എഴുനേക്കണം; വരണം.
ഗോവി:
(കറങ്ങി) ഊണെന്തടീ ഉറക്കമെന്തെടീ. ജനിമൃതിസംസാഴസാഗഴത്തി സനി-ഗമ-പഥനി-സ്യാന്നു നാം പാല്പായസം കുറുക്കുമ്പോൾ പഞ്ചപാണ്ഡവരെന്തു്, നൂറ്റുപേരെന്തു്?

(ശങ്കരപ്പിള്ള പോവാൻ തുടങ്ങുന്നു)

എടാ നീ വന്നു കേറി നമ്മെ അസഭ്യങ്ങളും പഴഞ്ഞു് അടീം, പിടീം കൂടീട്ടു കൊമ്പാനോ ഭാവം? (കേറി പിടിക്കുന്നു).
ശങ്ക:
ചേട്ടാ ഞാനൊരു വീട്ടുകാര്യം പറയാനാണു വന്നതു്.
പപ്പു:
ഏ, തക്കോം തരോം കണ്ടല്ലാണ്ടു വീട്ടുകാര്യങ്ങളു വന്നു ഭോദിപ്പിക്കാറുണ്ടോ?

(ലക്ഷ്മി അമ്മ തമ്പിയുടെ കൈക്കു പിടിക്കുന്നു).

ഗോവി:
എല്ലാരും കൂടി കൊലവാതകങ്ങളോ സ്വർഗ്ഗം ജയങ്ങളോ ചെയ്യും. ആഴാട്ടിനെഴുന്നള്ളിയിരിക്കുമ്പം അമ്പാഴിപ്പുഴത്തെ കൊടി കോന്നൻ തമ്പിയുടെ ശെപ്പടി ഇല്ലങ്കിൽ ഡമ്മാനം അടിച്ചു പോവൂല്യോ?
(ഈസിച്ചെയറിൽ വീഴുന്നു. കൊച്ചുകൃഷ്ണപിള്ളയും ഈച്ചരനും വീണ്ടും പ്രവേശിക്കുന്നു. തമ്പി കൂർക്കം വലിച്ചു തുടങ്ങുന്നു)
ശങ്ക:
സരസ്വതിയെക്കുറിച്ചു് ഒരു കാര്യം പറയാനാണു ഞാൻ വന്നതു്.
ഈച്ച:
ഒരു കാര്യോം അവിടുന്നു പറയേണ്ടതില്ലല്ലോ. അതൊക്കെ വല്യങ്ങുന്നു തീർച്ചയാക്കേണ്ടതല്ലേ?
ശങ്ക:
അതാണല്ലോ ഞാൻ ഇങ്ങോട്ടു വന്നതു്.
ലക്ഷ്മി:
അതേ അതെ, നിങ്ങൾ ഈ ചെറുക്കനേയും ചീത്തയാക്കിട്ടു എന്തോ ഒക്കെ ആലോചിക്കുന്നു. കുറച്ചൊക്കെ കഷ്ടകാലം തന്നെങ്കിലും നിങ്ങളത്ര ചവുട്ടിത്തേയ്ക്കാറായിട്ടില്ല.
ഗോവി:
(ഉണർന്നു്) ചവുട്ടിത്തിരുമ്മി ഗുസ്തിക്കും ഗിസ്തിക്കും ഒക്കെപ്പിടിച്ചാ…
കൊച്ചു:
അവിടുന്നു പോണം. അച്ഛനു സുഖമില്ല. ശ്രീ പത്മനാഭനാണെ അച്ഛന്റെ അനുമതിയില്ലാതെ സരസൂന്റെ സംഗതിയിൽ എന്തെങ്കിലും നടത്തിയെങ്കിൽ ചീത്തയുണ്ടാകുമേ.
ശങ്ക:
ചീത്തയുടെ വരവു ഞാൻ സൂക്ഷിച്ചു തടഞ്ഞു കൊള്ളാം. എന്റെ കുഞ്ഞു് ഇടയ്ക്കു ചാടാണ്ടിരുന്നാൽ മതി.
ഈച്ച:
അതല്ലങ്ങുന്നേ! മുതലും ആളും ആരുടേതെന്നു വിചാരിച്ചുകൊണ്ടു് അധികാരം നടത്തണം. അല്ലാഞ്ഞാൽ അവമാനപ്പെട്ടു കുഴിയിൽ ചാടിപ്പോകും.
ശങ്ക:
അധികപ്രസംഗീ!
ഈച്ച:
ഞാനല്ല.
കൊച്ചു:
(ഈച്ചരനോടു്) ച്ഛഃ സംസാരിക്കാതെ മിണ്ടാതിരിക്കരുതേ?
ഈച്ച:
സംസാരിക്കാണ്ടിരുന്നാൽ വയറുപിഴയ്ക്കണ്ടേ അങ്ങുന്നേ! ചേക്കപിടിച്ചടം ചുക്കി പോകുമ്പോൾ ചേർന്നവൻ കരുതണ്ടയോ? അതുകൊണ്ടിങ്ങേരു…
ലക്ഷ്മി:
ച്ഛേ! ഇതൊന്നും ഇവിടെവച്ചല്ല.
കൊച്ചു:
അമ്മ മിണ്ടാതിരിക്കണം.
പപ്പു:
ഉറങ്ങുന്ന അങ്ങത്തെ ഇട്ടു നിങ്ങളുടെ ചണ്ട കൊണ്ടു വാട്ടാതിൻ (പപ്പു ഈച്ചരനെ പിടിക്കുന്നു. ഈച്ചരൻ ശങ്കരപ്പിള്ളയുടെ ഇളിക്കു പിടിച്ചു ശരണം തേടുന്നു. കൊച്ചുകൃഷ്ണപിള്ള വിടുവിക്കാൻ നോക്കുന്നു. ലക്ഷ്മിഅമ്മ കൈകുടയുന്നു).
ഗോവി:
(ഉണർന്നു്) അതുകൊള്ളാമടാ അടവുകോലാ ഫലം.

നഴിയായിങ്ങനെ ജനിച്ചു ഭൂമിയിൽ

നഴകവാഴിതി നടുവിൽ ഞാൻ

പടിയാറും കടന്നവിടെ ചെല്ലുമ്പോൾ

സുരസൊർഗ്ഗംകേറ്റം തകതയ്യത്തോം.

(കർട്ടൻ)

രംഗം ൨

മുണ്ടേത്തു ഭവനം.

ശങ്കരപ്പിള്ളയും സരസ്വതിയും.

സര:
അതൊന്നും പറയേണ്ടച്ഛാ! അമ്മാവനെ എല്ലാവരുംകൂടി കൊപ്പത്തിലാക്കി. ഇങ്ങു വിളിച്ചുപാർപ്പിച്ചാൽ വല്ലതും വേണമെങ്കിൽ രാത്രിയിൽ കൊടുത്തേയ്ക്കണം.
ശങ്ക:
നിന്റെ അമ്മായി എന്ന ആനച്ചങ്ങല വിടുർത്താൻ ആളാരു്? കൈമുതലു് അൻപതിനായിരത്തോളമുണ്ടായിരുന്നതു് നാറവെള്ളത്തിലും ആക്കുമില്ലാതെയും കളഞ്ഞില്യോ?
സര:
കിണറോ മറ്റോ പാഞ്ഞുപോയതാണെങ്കിൽ നികത്താം. അവിടെ പറ്റിപ്പോയിട്ടുള്ള കേടുപാടിനു ഇനി മനസ്സെങ്കിൽ അച്ഛൻ അൻപതിനായിരം കൂടികൊടുക്കണം.
ശങ്ക:
ഒന്നും ഇല്ലാഞ്ഞിട്ടിന്നലെ അടികൊള്ളാൻ തുടങ്ങി. അവമാനം പേടിച്ചു് ഞാൻ ഓടിപ്പോന്നു. എല്ലാം ഒന്നുപോലത്തെ കൂട്ടം. ഇനി അനുവാദവും ഒന്നും ചോദിക്കുന്നില്ല.
സര:
അല്ലെങ്കിൽ തന്നെ എന്തിനനുവാദം?
ശങ്ക:
എന്തിനനുവാദമെന്നോ? ആ കൊച്ചു കിട്ടുപിള്ള ഇവിടെ അധികം വന്നുതുടങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞേയ്ക്കാം.
സര:
അച്ഛൻ ഒന്നും പറയണ്ട. അവനോന്റെ കാര്യം അവനോനറിയാം.
ശങ്ക:
ഇപ്പോഴത്തെ ആലോചന നിനക്കു സമ്മതം തന്നല്ലൊ?
സര:
ആലോചിച്ചവർക്കു സമ്മതമെങ്കിൽ അവരുടെ ഇഷ്ടം പോലെ.
ശങ്ക:
എന്നെക്കൊണ്ടു കുണ്ടിൽ ചാടിക്കാനാണോ? നിന്റെ അമ്മാവിയും മറ്റും തന്നെ കാര്യം മനസ്സിലാക്കി. ആ കൊച്ചുകിട്ടുപിള്ളയ്ക്കെത്താത്തദിക്കിൽ നീ ഇനി പോകണം.
സര:
ഇതാ പപ്പു വരുന്നച്ഛാ! ഞാൻ കാലത്ത എന്റെ പാഠങ്ങൾ വായിച്ചുകൊള്ളട്ടെ.
(ശങ്കരപ്പിള്ളയും സരസ്വതിയും പോകുന്നു)

(പപ്പു പ്രവേശിച്ചു്)

അയ്യാ പപ്പുവിന്റെ കണി കൊള്ളൂല്ലന്നായിരിക്കും. രണ്ടുപേരും ഒളിച്ചുകളഞ്ഞു. ഇന്നലെ ആ മഹാപാപി കൊച്ചങ്ങുന്നു പിടിച്ചുപറിച്ചു മുക്കാൽ കുപ്പിയും അടിച്ചോണ്ടു്, ആ അമ്പിട്ടൻ അരത്തന്റെ ഷാപ്പീന്നു് ഉള്ള നാറവെള്ളം കൊണ്ടു കുറവു നികത്തി. അതിനോ അടി! ഉള്ളതു പറഞ്ഞെങ്കിൽ വല്ലടത്തും പോയി പിഴയ്ക്കണം. ഇവിടെയിങ്ങു സംബന്ധക്കോളു മുറുക്കം. പുത്തൻ അങ്ങുന്നന്മാരു വല്ലോരും വന്നുചേർന്നെങ്കിൽ ഒരു പുത്തൻ അടവിൽ അങ്ങു വിഴുന്നൂടാമായിരുന്നു. അതിനു് ഈ കൊച്ചമ്മെ പൂഷിച്ചു് ‘പ്രസാദപ്രസാദ’ എന്നു വരുത്തണം.
(നെറ്റിയിൽ ഭസ്മവും തൊട്ടു കാവിനിറത്തിലുള്ള ഒരു പട്ടും പുതച്ചു മിണ്ടാതെ ഒരു കസേരയിൽ ഇരുന്നു സരസ്വതി നാമജപം നടത്തുന്നു).
പപ്പു:
അയ്യടാ! ഇതെന്തൊരു ചെമ്മച്ചനി? നേരം വെളുത്തു് ഒഴക്കു് പഴിഞ്ഞിത്തെളി കുടിപ്പാനുള്ളതിനു അരാരാ ശിവശിവാന്നല്യോ തുടങ്ങിയിരിക്കണതു്. ഒരു പരമ്പും ചൊരക്കുടുക്കേം മാത്രം കൂടി വേണം.
സര:
Quite right.
പപ്പു:
ഈയാണ്ടത്തെ കൊയിത്തൊക്കെ സസേമിരാന്നു തന്നെ. കൊച്ചു കൊച്ചമ്മമാരു വരത്തിനും ഉയിരോടെ സ്വർഗ്ഗത്തുപോവാനും തുടങ്ങിയോ? പണ്ടൊക്കെ തൊണ്ണൂറും ചെന്നു്, കാട്ടിപ്പോയി കിഴങ്ങും തിന്നു പച്ചവെള്ളവും കുടിച്ചു വാന്തിഭേദിയിൽ കേറി സ്വർഗ്ഗംചേരും. ഇപ്പപ്പിന്നെ നല്ല കൊമരിരുപ്പിലു്… ഇതെന്തരു് ?
സര:
ഹരി! ഹരി! ശംഭോ!

ഇന്ദീവരേണ നയനം മുഖമംബുജേന

കന്ദേനദന്തമധരം നവപല്ലവേണ

ഹരേ! ഏവം വിശ്വബ്രഹ്മായണം ഹാ!

പപ്പു:
അപ്പോപ്പിന്നെ ഇന്നലെ ഇവിടാരോ ഒക്കെ വന്നതോ? ഞാൻ ചെന്നു അങ്ങത്തെ അടുത്തു അടിച്ചു. പൊട്ടിച്ചു. ജാതകം കൊട എന്നു് ഒന്നുമില്ലാണ്ടു പോയാൽ പപ്പുവിനു് നിലയെവിടുന്നേ?
സര:
അടിച്ചുപൊട്ടിച്ചോ? നീ എന്തടിച്ചു പൊട്ടിച്ചു.
പപ്പു:
കൊച്ചമ്മ; കൊച്ചുകൊച്ചമ്മ. പപ്പുവിനു ഒരു വിശേഷം—അനുഗ്രഹം എന്നു വെച്ചുകൊള്ളണം. പണ്ടു ബ്രഹ്മാവിനു സ്ത്രീപുരുഷന്മാരെക്കൊല്ലാൻ കഴുത്തീന്നു ചക്രങ്ങളു ചാടീല്യോ. വേണ്ടപ്പോ പൂരായങ്ങളു ബുംബുംബുമാന്നു് പൊട്ടിത്തിളച്ചുവരും കൊച്ചമ്മാ. അതൊരു വിലാസം തന്നല്യോ? വലിയങ്ങത്ത വയറ്റുനോവിനു് കിസ്പെൻഷ്യൽശാലയീന്നു് ഒരുകുപ്പി മരുന്നു കൊണ്ടുവന്നു. ഇവിടത്തെ ചെങ്ങാത്തക്കാറൻ കൊച്ചങ്ങുന്നു പിടിച്ചുപറിച്ചു് അത്രയും മോന്തി. എന്തോ നിവ്വാതികഷായോം അടിച്ചോണ്ടങ്ങു ചെന്നപ്പോൾ അവിടെയങ്ങു വല്യ ഗോഡും പോലീസും. ഇവിടെയിങ്ങു ജാതകംകൊടാന്നു പറഞ്ഞു പപ്പു നിന്നോണ്ടു. വഴിയെ പെയ്യേയുള്ളുവെങ്കിലും തക്കടത്തു് തക്കപ്പോ തക്കതു ചൊല്ലിക്കൊണ്ടില്ലംകി കൊച്ചമ്മ കേട്ടിട്ടില്ല പാട്ടു്

കാലം കലിയുഗമല്യോ

കോലം പലതുണ്ടുകാണാൻ

മേലോപൊറുപ്പാനോരേടത്തുമൊട്ടും

പിന്നത്തെ എന്തരോ? കൊച്ചമ്മേ കൊച്ചമ്മ കേറിത്തപസ്തിനും മറ്റും വേഷം കെട്ടൂട്ടാ നാടു പെലരുന്ന എങ്ങനേന്നേ?
സര:
പപ്പുപ്പിള്ള ഭവസാഗരം എന്നു കേട്ടിട്ടുണ്ടോ?
പപ്പു:
ഏ വള്ളത്തികേറുമ്പം ഒക്കെ കേട്ടിട്ടില്യോ!

കാനകനീലി കാളിത്തണ്ടാത്തി!

താവരമുണ്ടോ തക്കിമടീഈ.

സര:
ച്ഛേ! അതാണോ ഭവസാഗരം, നാം കാണുന്ന ഈ പ്രപഞ്ചം…
പപ്പു:
ഈ കള്ള പ്രപഞ്ചത്തിന്റെ വേദാന്തങ്ങളു് പപ്പുവിനു കേൾക്കണ്ട. ഇന്നലെ ഇവിടെ ആരോ ചിലരു വന്നല്ലോ. അതെന്തിരനെന്നു്…
സര:
പോടൊ? തന്റെടത്തു പറഞ്ഞാൽ താൻ എല്ലാടത്തും ഉടനെ കൊണ്ടോടും. അച്ഛൻ എന്നെ കൊല്ലാനും വരും.

സമസ്തകല്യാണഗുണാംബുരാശി-

സ്സീതാമുഖാംഭോരുഹ ചഞ്ചലികോ.

ഞാൻ നാമം ജപിച്ചുകൊള്ളട്ടെ. താൻ പോവു. എനിക്കു ആരും വേണ്ട. താൻ കേട്ടിട്ടില്യോ വല്യ യോഗികളെന്നു്. അതിലൊന്നാവാനാണു് എന്റെ ഭാവം.
പപ്പു:
തപസ്സിനും ഒരു കയ്യാളൊക്കെ വേണ്ട്യോ. അതു പപ്പുവായിക്കൊള്ളാം. പിന്നെക്കൊണ്ടോടുന്ന കാര്യം. അതില്ലെങ്കിൽ ലോഗം എങ്ങനെ കൊച്ചമ്മ പുലരുന്നതു്. നാരദൻ, നാരദൻ, ശ്രീനാരദകവിവരായ നാരദൻ വല്യകവിയായി. എന്നിട്ടദ്ദേഹത്തിനു് ഇങ്ങനെ നേദ്യങ്ങളും കൊണ്ടു ചൊരിഞ്ഞുന്നല്യോ. അപ്പൊപ്പിന്നെ കൊച്ചമ്മ തപസ്തിയും പപ്പു കയ്യാളുമായാൽ വരുല്യോ നേദ്യങ്ങളു്? എങ്കിലും ഇന്നലത്തേതിത്തിരി കേട്ടേച്ചു പോയെങ്കിൽ പപ്പുവിനൊരാച്ചായി!
സര:
എടാ ഒരു ധ്വര പള്ളിക്കൂടത്തിൽ വന്നിരുന്നു. അയാളുടെ ആളുകൾ ഇന്നലെ ജാതകം വാങ്ങാൻ…
പപ്പു:
എന്തരു്! എന്തരു കൊച്ചമ്മാ? ജാതകം വാങ്ങിക്കാൻ ധൊരയോ?
സര:
അതേടൊ ശീമധ്വര. നല്ല വെള്ളക്കാരൻ. പത്തായിരം രൂപാ ശമ്പളം, നമുക്കിപ്പോൾ എവിടെ ചെന്നെങ്കിലും പൊറുക്കണമെന്നല്ലാതെ…
പപ്പു:
അപ്പക്കൊച്ചമ്മാ, ജാതിയും കലവുമോ.
സര:
ജാതിയേതെടോ! ജാതി ചെമ്പകവല്ലികാ എന്നൊക്കേ ഉള്ളു. താൻ ആരുടെ അടുത്തും പറയരുതു്.
പപ്പു:
ഞാനോ? കൊച്ചമ്മ തപസ്തിനിരിക്കുമ്പം ഞാൻ വല്ലോരുടേമടുത്തു കിണ്ണാരിക്കാനോ? അപ്പോക്കൊച്ചമ്മ ശീമയീപ്പോയാലു് ?
സര:
അതു് തീർച്ചയാകട്ടെടോ. എനിക്കൊരു ചായ്പും വേണ്ട മാളികേം വേണ്ടാ. കദാവാരണാസ്യാമവതടി നിവരം—അങ്ങനെ പാർത്താൽ മതി.
പപ്പു:
അപ്പൊപ്പിന്നെ ഈ പള്ളിയിലെ പുസ്തകങ്ങളു മുമ്പേ വച്ചിരിക്കുന്നതോ?
സര:
അതൊക്കെ നമുക്കു പഞ്ചാഗ്നിയിടണ്ടയോ?
പപ്പു:
അപ്പോദ്ദൊര കേറി മീശേംമുറുക്കി നിന്നോണ്ടാലോ?
സര:
തപസ്സു വേണ്ടെന്നു വെയ്ക്കും.
പപ്പു:
എന്റെ പൊന്നു കൊച്ചമ്മാ അപ്പം ബട്ടുളേരു വേലയ്ക്കു്…
സര:
താൻ തന്നെ. ഓടിപ്പോവൂ ഓടിപ്പോവൂ. അമ്മാവൻ അന്വേഷിക്കും. ഇതാ അവിടുത്തെ ചേട്ടൻ വരുന്നു.
(പപ്പു ഓടുന്നു. കൊച്ചുകൃഷ്ണപിള്ള പ്രവേശിക്കുന്നു. പപ്പു അയാളെ തടഞ്ഞുനിറുത്തുന്നു.)
പപ്പു:
(തടഞ്ഞുനിറുത്തി) അങ്ങുന്നേ അങ്ങോട്ടു കേറണ്ടാ. ദൊരെയാണു് ഇന്നലെ ജാതകം മേടിച്ചതു്. ശമ്പളം ആയിരം. നമുക്കു് അതിനൊന്നും ഗതിയില്ല.
കൊച്ചു:
ച്ഛീ പോടാ (തള്ളുന്നു)
പപ്പു:
ഇതാ പപ്പു ബട്ടളേരെ (പോകുന്നു)
സര:
(കാവിവസ്ത്രവും ഭസ്മവും കളഞ്ഞു് പഠിപ്പു ജാഗ്രതയോടുകൂടിയിരിക്കുന്നു). Actions sensations and states of feelings…
കൊച്ചു:
എന്റെ സരസൂ…
സരസു:
occuring together or in close succession.
കൊച്ചു:
വലിയ നയജ്ഞയായോ? ഞാൻ എടുത്തു കളിപ്പിച്ചുകൊണ്ടു നടന്ന കുട്ടിയല്യോ.
സരസു:
Tend to grow together or cohere in such a way…
കൊച്ചു:
ഇതാണിപ്പോഴത്തെ വേ (പുസ്തകം പിടിച്ചു പറിച്ചു ദൂരത്തുവെക്കുന്നു).
സര:
ഇതു നല്ല മര്യാദ തന്നെ. ഒരുത്തിയുടെ അന്തർഗ്ഗതമറിയാതെ ഒരു പുരുഷൻ പ്രവർത്തിച്ചുകൂടെന്നു ചേട്ടൻ പഠിച്ചിട്ടില്ല.
കൊച്ചു:
മര്യാദയ്ക്കു് അവിടുന്നു പ്രഫസർ ആകണ്ടാ. അച്ഛന്റെ ഉപേക്ഷകൊണ്ടു നിങ്ങൾ കുറച്ചു ഞെളിയുന്നു. കണ്ടവരെല്ലാം ഇങ്ങോട്ടു കേറുന്നതു് മാറ്റാരും അറിഞ്ഞിട്ടില്ലെന്നു നിങ്ങളാരും ശങ്കിക്കേണ്ട, അച്ഛന്റെ ആണത്തവും പാടെ പൊഴിഞ്ഞുപോയിട്ടില്ല. അദ്ദേഹത്തിന്റെ വൈഷ്ണവത്വം ശിവത്വമാവുമ്പം ഈ മുണ്ടയ ബ്രഹ്മാണ്ഡം ഭസ്മമാണു്. മനസ്സിലാക്കിക്കൊള്ളിൻ ഇന്നലെ ജാതകത്തിനു വന്നതു് ആരെന്നു് പപ്പൻ പറഞ്ഞു
സര:
ഒരു ധ്വര എന്നല്യോ അവൻ പറഞ്ഞതു്?
കൊച്ചു:
ആഹാ! അത്രവരെയായോ അപ്പോൾ? അപ്പോൾ അച്ഛൻ വരാത്തതു നന്നായി. അവനോന്റെ ജാതി സ്വജനം എന്നുള്ളതൊക്കെ അപ്പോൾ പുല്ലെന്നോ?
സര:
ഇതൊക്കെ എന്റെ അടുത്തെന്തിനു ചോദിക്കുന്നു?
കൊച്ചു:
എന്നാൽ പിന്നെ എന്റെ അപേക്ഷയ്ക്കൊരു മറുപടി തീർച്ചയായി പറയുക. ഞാൻ ഒന്നു പറഞ്ഞേയ്ക്കാം. വല്ലവനും ഇതിനകത്തു കേറുന്നെങ്കിൽ ധ്വരയാകട്ടെ തിരയാകട്ടെ പിന്നത്തെ പൂരം കണ്ടറിയാം. ധ്വരശ്ശിണിയായിക്കളയാമെന്നായിരിക്കും മോഹം.
സര:
ലോകത്തു കാറ്റും കുടിച്ചുകൊണ്ടു നടക്കുന്നവർ കോട്ടും പാപ്പാസ്സും കഴുത്തേലയും കെട്ടുമ്പോൾ ഞങ്ങൾക്കു ധ്വരശ്ശിണിമാരായിക്കൂടാത്തതെന്തു്?
കൊച്ചു:
അതേ, നിങ്ങൾ കാറ്റുകടിക്കുകയല്ലാ, നേടിക്കുമിച്ചു വീട്ടിൽ കാലൂന്നാൻ തറയില്ല ഈ പൊണ്ണബ്ഭാവങ്ങൾ ഒരുത്തനു് അടിമപ്പെടുന്നതുവരെ.
സര:
എല്ലാവരും അടിമപ്പെടുകതന്നെ. ഒരു വർഗ്ഗവും സ്വാതന്ത്ര്യക്കാരെന്നു നടിക്കേണ്ട. ചുറ്റുപാടു ലോകം നാം കാണുന്നതല്ലേ.
(ശങ്കരപ്പിള്ള പ്രവേശിക്കുന്നു)
ശങ്ക:
സരസ്വതി! ആ സായൂനെ ഒന്നു ഞാൻ കണ്ടേച്ചു വരാം. (തിരിഞ്ഞു നോക്കി കൊച്ചുകിട്ടു പിള്ളയ കണ്ടു്) നീ എപ്പോൾ വന്നു?
കൊച്ചു:
ഇപ്പത്തന്നെ. ഏതു സായിപ്പിനെക്കാണുന്നു? ഇതൊന്നും നമുക്കു കൊള്ളൂല്ല. ഈ കുഞ്ഞുങ്ങൾ ഏതുകാടു കയറാനും തയാർ. സ്നേഹം കൊണ്ടു് അമ്മാവൻ എല്ലാത്തിനും വഴിപ്പെടരുതു്. കാലക്ഷേപത്തിനു ബുദ്ധിമുട്ടില്ല. അവസ്ഥയിൽ കഴിയാം. പിന്നെ ഒരു പെണ്ണിനെ ബലികഴിക്കുന്നതു കുറച്ചിലാണു്.
ശങ്ക:
പെണ്ണിനെ ബലികഴിക്കുകയോ? നീ കാലത്തെ എവിടുന്നുവരുന്നു?
കൊച്ചു:
വല്ല കോടനീരാഴിയിലും നിന്നു തന്നെ എന്നു വച്ചുകൊള്ളണം.
ശങ്ക:
അതേ, ഇന്നലെ കണ്ട കാഴ്ചയ്ക്കു് അങ്ങനേയും വന്നേയ്ക്കാം. ഞങ്ങളുടെ പാടു ഞങ്ങൾക്കു്. നിങ്ങളുടെ വഴി നിങ്ങൾക്കു്. അങ്ങനെ കഴിയട്ടെ അപ്പനെ!
കൊച്ചു:
കോടും ചട്ടവും അതു സമ്മതിക്കേണ്ടയോ?
സര:
നിങ്ങളെന്തിനു ശണ്ഠകൂടുന്നു? എന്തോ പറഞ്ഞു കാര്യം ഒന്നും അറിയാതേയും സാദ്ധ്യം ഏതെന്നു ഒരു നിശ്ചയവും കൂടാതെയും രണ്ടുപേരും ഇടഞ്ഞു് അനർത്ഥങ്ങൾ ഉണ്ടാക്കേണ്ട. അച്ഛൻ പോയിവരണം.
കൊച്ചു:
അപ്പോൾ എന്റെ അപേക്ഷ.
സര:
അച്ഛൻ പോകുന്നതും ചേട്ടന്റെ അപേക്ഷയുമായി എന്തു സംബന്ധം?
കൊച്ചു:
അപ്പറഞ്ഞ പ്രവൃത്തിയോടുള്ള സംബന്ധം തന്നെ.
സര:
ചേട്ടന്റെ കാര്യത്തിനു അമ്മാവന്റടുത്തുപറഞ്ഞു തീരുമാനമുണ്ടാക്കണം.
(പപ്പു പ്രവേശിക്കുന്നു).
പപ്പു:
വലിയങ്ങുന്നു വരുന്നു. നിങ്ങളു ചുമ്മാ ചീറ്റിക്കൊടഞ്ഞു ചള്ളുവെട്ടാതിൻ.
ശങ്ക:
(പപ്പുവിനെ പ്രഹരിക്കുവാൻ കയ്യോങ്ങുന്നു).
പപ്പു:
ചോറു തരുന്നവർക്കല്ലാണ്ടു അതിനൊന്നിനും അധികാരമില്ല. പിന്നെ ബട്ടുളേരുദ്യോഗം പപ്പൻ രാജി വച്ചിട്ടും മറ്റുമില്ല. ഉണ്ടോ കൊച്ചുകൊച്ചമ്മാ? അങ്ങുന്നിങ്ങനെ പോയി ദൊരയെ കണ്ടേച്ചു വന്നൂടണം. പപ്പൻ വല്യങ്ങത്തെ അങ്ങനെ കൊണ്ടുവന്നു ശരുക്കു വയ്ക്കാം.
കൊച്ചു:
എടാ ഉണ്ണിണ ചോറ്റിൽ മണ്ണിടുന്ന പരമ വഞ്ചക! നീ അപ്പോൾ…
പപ്പു:
ഞാനപ്പോ കൊച്ചമ്മേടെ തപസ്സിനു കയ്യാളു്. കേക്കണം അങ്ങോട്ടു്
(ശങ്കരപ്പിള്ളയെ പിടിച്ചുകൊണ്ടു് പപ്പു പോകുന്നു. കൊച്ചുകിട്ടുപിള്ള പ്രണയവാനായിട്ടു മുട്ടുകുത്തി).
സരസൂ! ഇവനെ അപ്പോൾ കാലനായി വിടാൻ ഹൃദയകാഠിന്യം വരരുതു്. ഇവന്റെ പഠിപ്പും നിലയുമെല്ലാം സരസു എന്നുള്ള ഒരേ ചിന്തകൊണ്ടു നഷ്ടമായി. ഈ ആലംബം കിട്ടാഞ്ഞാൽ ഇവൻ ഗതികെട്ടവനായിപ്പോകും. സായ്പെന്തു്, ശീമക്കാരെന്തു്? അങ്ങോട്ടു ദാസ്യം അനുഷ്ഠിക്കാൻ തയാറുള്ള പ്രണയവാനേയാണു ഭർത്താവായി കിട്ടേണ്ടതു്. സരസൂ ഇവനു് ഭൂമിയും സ്വർഗ്ഗവും, സൌഭാഗ്യവും, സമ്പത്തും, സുഖവും, മോക്ഷവും ആണു്. രക്ഷിച്ചില്ലെങ്കിൽ ഇതാ ഇവിടെ തലയറഞ്ഞു ഞാൻ ചാകാൻ തയ്യാർ ആണു്. ജന്മഹേതുവായ അച്ഛന്റെ ഭവനംതന്നെ ഇവന്റെ ശ്മശാനമായിത്തീരട്ടെ.
സര:
ചേട്ടാ. ഇതെന്തു നിലകേടു്! പുരുഷത്വം കൈക്കൊള്ളണം, ചേട്ടനു് ഞാൻ സ്വർഗ്ഗം, മോക്ഷം, സൌഭാഗ്യം എന്നു ചില തോന്നലുകൾ ഉള്ളതുപോലെ ഒന്നും എന്റെ മനസ്സിൽ സ്ഫുടപ്പെട്ടിട്ടില്ല. എനിക്കു വിദ്യാഭ്യാസമല്ലാതെ ഇപ്പോൾ ജീവിതശ്രമം ഒന്നുമില്ല. എന്നെ ക്ലേശിപ്പിക്കരുതു്. ഇതാ അമ്മാവൻ… (ഗോവിന്ദൻ തമ്പി പ്രവേശിക്കുന്നു)
ഗോവി:
എടാ ചെറുക്കാ ഇതെന്തു സുഖക്കേടെന്നേ?

(കർട്ടൻ)

രംഗം ൩

നെടുംകോയിക്കൽ വീടു്.

രായിരപ്പണിക്കരും മകൻ രമാചന്ദ്രനും പ്രവേശിക്കുന്നു.

രായിര:
കുട്ടാ എന്റെ ഇഷ്ടം അനുസരിച്ചുതന്നെ നീ നടക്കണം.
രമാ:
അച്ഛന്റെ ഇഷ്ടം അനുസരിച്ചു് ഒരു അറനിറയെ പരീക്ഷകൾ ജയിച്ചു ഡിപ്ലോമാ കൊണ്ടുതന്നെ ഒരു വലിയ ഗ്രന്ഥം കുത്തിക്കെട്ടാൻ നേടിട്ടുണ്ടു്. ഇനിയെങ്കിലും എന്റെ ഒരിഷ്ടം സാധിച്ചു തന്നുകൂടെ?
രായിര:
ജീവാവസാനം വരെ എന്റെ ഹിതമനുസരിച്ചു നടക്കുന്നതാണു് ഗുരുത്വം. നിനക്കു ഞാനും എനിക്കു നീയും എന്നു ദൈവം ശേഷിപ്പിച്ചിരിക്കുന്നതിൽ എന്തോ ഭഗവന്മതത്തിന്റെ രഹസ്യമുണ്ടു്. ഇന്നുതന്നെ ഭാണ്ഡം മുറുക്കുക. അതിശുഭ ദിവസം. സന്ധ്യയ്ക്കു മുമ്പു ബോട്ടിറക്കിയേക്കാം. തിരുവനന്തപുരത്തേക്കു തിരിക്കുക. വക്കീൽ പണിയിൽ നീ മുന്നിട്ടു നിന്നില്ലെങ്കിൽ അതിന്റെ മാനക്ഷയവും മനോവേദനയും ഞാൻ സഹിച്ചുകൊള്ളാം. ഒരു ക്ഷേത്രത്തിനാകട്ടെ ധർമ്മത്തിനാകട്ടെ വിദ്യാലയത്തിനാകട്ടെ ഒറ്റ ചില്ലിക്കാശുപോലും ഒഴിക്കാതെ എത്ര ലക്ഷമുണ്ടെന്നു കണ്ടുവല്ലോ. അത്രയും നിനക്കന്നു വിൽ എഴുതിവച്ചിരിക്കുന്നതു നീ കണ്ടില്ലേ? അനുഗ്രഹത്തോടുകൂടി പോവുക.
രമാ:
എന്തു കഷ്ടമാണച്ഛാ! ഒന്നോ രണ്ടോ ആളു് മൂക്കും ചാണ്ടി ഭൂസ്വർഗ്ഗഭേദബോധം കൂടാതെ ഇരിക്കുക. എന്നിട്ടു മറ്റുള്ളവൻ അവരുടെ പീഠം ചുമക്കുന്ന ആൽത്തറയ്ക്കു താഴത്തുനിന്നു് ആരും കാണാപ്പൊളികൾ കണ്ഠക്ഷോഭം ചെയ്യണം. എന്റെ മനോഗതിക്കു ആ കച്ചവടം രുചിക്കുന്നില്ല. നിയമങ്ങളെന്നു പറയുന്നതു് ബ്രഹ്മാവു സൃഷ്ടിച്ചതായാലും കേവലം വഞ്ചനസ്മൃതികൾ. ആ വലിയേടത്തെ ഉലഹന്നാൻ മാപ്പിള ആയിരം ഏക്കർ തെളിഞ്ഞ പുതുവൽ ലക്ഷം രൂപായ്ക്കു് ഇങ്ങോട്ടു വിട്ടുതരാമെന്നു പറയുന്നു. ഒരു ലക്ഷം കൂടി കൈയിൽ ഏല്പിക്കുക. എത്രയോ ജനങ്ങൾക്കു് ഉപകാരമായിത്തീരും. പത്താം കൊല്ലത്തിൽ സകല ചിലവും കഴിച്ചു് പത്തുലക്ഷത്തിൽപരം ഇങ്ങോട്ടേൾപ്പിക്കാം.
രായി:
പോ പോ നിന്റെ സ്വപ്നങ്ങളൊന്നും എനിക്കു കേൾക്കണ്ട. രണ്ടുലക്ഷം ഉണ്ടാക്കാനുള്ള അരിഷ്ടത നീ അറിഞ്ഞിട്ടില്ല. അമ്പതിനായിരത്തോളവും നിനക്കായി ഇതുവരെ ചിലവായിട്ടുണ്ടു്.
രമാ:
നിറഞ്ഞുകിടക്കുന്ന ബാറിൽ ഞാൻ ചെന്നാൽ ഉന്തിത്തള്ളി മുന്നോട്ടുവരാൻ എത്ര കൊല്ലം ചെല്ലുമെന്നോ? ആരുടെയെല്ലാം പ്രീതിക്കായി മൂക്കിൽ വിരൽ തള്ളണം. കോർട്ടിലെ ശിപായി പോലും അച്ഛന്റെ ലക്ഷത്തിനു മുകളിലുള്ള യജമാനനായി നടിക്കും. “ഉത്തരവാകുന്നു” എന്നു് ജഡ്ജിമാരുടെ ആജ്ഞാവാഹകനായി വന്നുപറഞ്ഞിട്ടു നടകൊള്ളുന്ന അവന്റെ വാലായിട്ടു നമ്മുടെ മഹാകുലാബിരുദസ്സഞ്ചികളും പേറി പാഞ്ഞെത്തണം. എന്തെല്ലാം അപ്രശംസകളും കുഭത്സനങ്ങളും തൊണ്ണഞെക്കി നെഞ്ചു പിളർപ്പിച്ചു വിഴുങ്ങേണ്ടി വരുമെന്നോ?
രായി:
തോട്ടക്കൃഷിക്കിറങ്ങിയാൽ ഹരിശ്ചന്ദ്രന്മാരോടുകൂടി നടമാടി ആകാശത്തിൽ നിന്നു പാരിജാതം വർഷിപ്പിക്കാം, എന്നായിരിക്കും നിന്റെ ഭ്രമം. ആ കൂർത്ത നാവും കൊണ്ടു് ജഡ്ജിമാരോടു വക്കാണത്തിനുതന്നെ നീ പുറപ്പെടണം.
രമാ:
ഇങ്ങനെ നിർബന്ധിക്കരുതച്ഛാ; മനുഷ്യരുടെ അഭിരുചികൾ അനുസരിച്ചു ജീവിത വ്യാപാരങ്ങൾ തുടർന്നില്ലെങ്കിൽ തോൽവി നിശ്ചയമാണു്. നാം ഈ പ്രമാണം ഗ്രഹിക്കാതെ നശിച്ചുപോകുന്നു.
രായി:
എന്നാൽ ജയത്തിനുള്ള വഴി അവനവന്റെ ശ്രമം കൊണ്ടുതന്നെ സാധ്യമാവട്ടെ. ഇതുവരെ ഞാൻ സഹായിച്ചു. ഇനി സ്വാശ്രയം കൊണ്ടുള്ള സ്വർഗ്ഗവിജയമാകട്ടെ.
രമാ:
ധർമ്മമായിട്ടാണോ അച്ഛൻ സഹായിച്ചതു്?
രായി:
അല്ല. കർത്തവ്യമായിട്ടു്.
രമാ:
ഇനി അപ്പോൾ…
രായി:
നീ വിദ്യാസമ്പന്നൻ ആകകൊണ്ടു് എല്ലായിടത്തും ജയിക്കേണ്ടവനല്ലയോ? ജനങ്ങളുടെ പൂജ പുറക്കേ എത്തും. ഞാനോ നിധിസൂക്ഷിക്കുന്ന കുരുട്ടു ഭൂതത്താൻ. നിന്റെ അമ്മയെ സ്മരിച്ചു് അധികം പറയുന്നില്ല.
രമാ:
അച്ഛന്റെ ഗുണപൂരത്തെ സ്മരിച്ചു ഞാനും വാദിക്കുന്നില്ല. പുരുഷപ്രയത്നം എന്തുഫലത്തെ ഉണ്ടാക്കുമെന്നു് ഞാൻ പോയി നോക്കട്ടെ.
രായി:
എങ്ങോട്ടാണു് യാത്രയെന്നു ഞാനും കൂടി കേൾക്കട്ടെ. നിന്റെ ഈ വീരയാത്രയിൽ വരണം സംഭവിക്കുന്ന ഒരു ശകുനം ഞാൻ കാണുന്നു. അല്ലാതെ പരമാഭിമാനിയായ നീ ഒരു കാര്യത്തിലും ഒരു ചുവടു മുന്നോട്ടു വൈക്കുകയില്ല. ഒരു കാപ്പിക്കു് രൂപാ കാൽ, ഒരു നല്ല ഊണിനു രൂപാ അര എന്നിങ്ങനെ കാലം. കടം കിട്ടണമെങ്കിൽ നിനക്കു പക്ഷേ, ആവശ്യപ്പെടുന്നതു് കിട്ടിയേക്കാം. പ്രോനോട്ടു് ഒന്നിറക്കേണ്ടി വരും. നിലത്തു നോക്കിമാത്രം നടന്നാൽ അബദ്ധം പക്ഷേ, കുറഞ്ഞിരിക്കും.
രമാ:
ഞാൻ സ്വർവധൂ തിലകങ്ങളോടു ചേർന്നു ദേശസഞ്ചാരം പോലും ചെയ്തിട്ടുണ്ടു്.
രായി:
ശരി, ശരി. എന്നുവരികിലും വല്ല മൃദുമേനിയിലും ചെന്നു മുട്ടരുതു്.
രമാ:
എത്ര സൂര്യപടക്കൈക്കാരികൾക്കു ഞാൻ കൈ കൊടുത്തിട്ടുണ്ടു്. അച്ഛൻ ഇങ്ങനെ എന്നെ കളിയാക്കി അയയ്ക്കരുതു്.
രായി:
ഐ! അങ്ങനെയല്ല! തന്നോടു ശണ്ഠകൂടി പിരിയാൻ ഞാനാളല്ല. താൻ എനിക്കു വിധിക്കുന്ന ഏകാകിത്വത്തെ സഹർഷം പുലർത്തിക്കൊള്ളാമെന്നുള്ള ഗൌരവത്തെ ഞാൻ പ്രകടിപ്പിക്കയാണു്.
രമാ:
അച്ഛനു് എന്നോടു ദേഷ്യമില്ലല്ലോ.
രായി:
ഹൈ! അതും അതിന്റെ വിപരീതവും, രണ്ടുമില്ല. താൻ പോയി കൊടിനേടുക. എന്റെ വക കണ്ടവൻ കൊണ്ടുപോകട്ടെ. (പോകുന്നു)
രമാ:
ഇതു് ചില നോവലുകളിലും ഡ്രാമാകളിലും വായിച്ചിട്ടുള്ളതുപോലെ കലാശിച്ചു കൂടിയിരിക്കുന്നു. വിൽ പോക്കെന്നാണു് ഒടുവിൽ സൂചിപ്പിച്ചതു്. അച്ഛന്റെ ഈ ശാഠ്യത്തിനു് നമ്മുടെ വീര്യവുമൊന്നു കാട്ടണം. പഠിപ്പിനുതന്നതിൽ ഏതാനും നമ്മുടെ കൈയിലും ബാക്കിയുണ്ടു്. രണ്ടുലക്ഷം മുതലെന്നു വച്ചു് ഒരു കമ്പനി തുടങ്ങിക്കളയാം. നെടുങ്കോയിക്കലെ പേരു കേൾക്കുമ്പോൾ ഓഹരിക്കാർ പാഞ്ഞെത്തും. ഒരു വിദഗ്ദ്ധൻ മാനേജരെക്കൂടി തല്ക്കാലത്തേക്കു വരുത്തിക്കളയാം, അച്ഛൻ വാശിക്കു്! ഷ്യൂ! പക്ഷേ, ഈ ശാന്തഭാവക്കാരെ പേടിക്കണം. നിർദ്ധനത്വം പുരുഷത്വത്തിന്റെ മാറ്ററിവാനുള്ള ഒരകല്ലു്—പുത്തൻ രീതിയിൽ, ഇംഗ്ലണ്ടിലെ മട്ടിൽ അഡ്വർട്ടൈസ് ചെയ്യുമ്പോൾ ഒന്നാം പന്തി വരിക്കാരായി ladies തന്നെ എത്തും. അഹഹ! അച്ഛൻ സാധു, ലോകം കണ്ടിട്ടില്ല. ഉറച്ച ജാമ്യം! ലാഭകരമായ നിക്ഷേപം! വിദഗ്ദ്ധഭരണം! സ്വദേശീയ പരിശ്രമം! ഭദ്രതരസമ്പാദ്യം, സത്യാസ്ഥിവാരത്താലുള്ള ഫലപ്രളയം എന്നെല്ലാം നോക്കണം. (ചിന്തിച്ചിട്ടു്) ഇതൊന്നും പോരാ. നല്ല ഒന്നാംതരം മിരട്ടൻ നോട്ടീസുപകർത്തി ഗംഭീര മണിപ്രവാളത്തിൽ തർജ്ജമ ചെയ്യിച്ചേക്കാം. പോട്ടെ, അതിനു ഫീസ് വല്ല പിച്ചക്കാരൻ കാവ്യക്കാരനും രൂപാ 200 പണമിറക്കണം. എന്നാലേ പലപണിയും പരിഷ്കാരത്തിൽ വരൂ. നാട്ടുകാർ പഠിക്കട്ടെ. നാം കൊടുക്കും പാഠം! ഓ, ജാളി-ജാളി-ജാളി (എന്നു പാടിക്കൊണ്ടു പോകുന്നു).

(കർട്ടൻ)

രംഗം ൪

മുണ്ടയത്തുഭവനം.

മുൻതളത്തിൽ സരസ്വതി ഇരിക്കുന്നു.

സര:
ശനിയും ഞായറും സൃഷ്ടിച്ചവർ രണ്ടുതുള്ളി എണ്ണ തൊട്ടുവയ്പിനു കൂടി അവകാശികളായി വാഴട്ടെ! അല്ലെങ്കിൽ പള്ളിക്കൂടക്കാരുടെ കുറുക്കൊടഞ്ഞു പോകുമായിരുന്നു. ഉദയസൂര്യന്റെ ആദ്യരശ്മികളോടു സൗന്ദര്യത്തെ ഉപമിച്ചിരിക്കുന്ന കവിക്കും തുല്യസ്ഥാനം ലഭിക്കട്ടെ! ഹാ! ലോകം പ്രശാന്തം! ജീവിതപ്രകുരത്തിന്റെ മർമ്മധ്വനി മുഴങ്ങിത്തുടങ്ങുന്നതേയുള്ളൂ. എന്തേ! ഹേ! മനോഹരലോകമേ! നിന്റെ ദുഷ്കൗശലം ചിന്തിക്കുമ്പോൾ എല്ലാ മര്യാദ പാഠങ്ങളും മറന്നു പൊട്ടിച്ചിരിച്ചുപോകുന്നു. അച്ഛനെ കാണ്മാൻ ഒരു സായ്പു വന്നു. ഒരു കസേരയും കൊടുത്തു. ഞാൻ ബംഗാൾ സമുദ്രഗവണ്ണരുടെ, അമേരിക്കൻ പ്രസിഡണ്ടിന്റെ, ആകാശവിമാനസേനാനായകന്റെ ഭാര്യയുമായി. വിളയട്ടെ, ആ വർത്തമാനം. അതു പഴുക്കുമ്പോൾ ചീഞ്ഞളിഞ്ഞു വക്താക്കളുടെ നാവിനെത്തന്നെ നാറ്റിക്കും. ഇതാവരുന്നു ഒരെഴുത്തു്. എന്റെ സഹോദരിമാരാരോ എന്നെക്കാൾ മുമ്പിൽ ഉണർന്നിരിക്കുന്നു.
(വാല്യക്കാരൻ എഴുത്തു കൊണ്ടുവരുന്നു).
സര:
ആർക്കെടോ അതു്?
വാല്യ:
കൊച്ചമ്മയ്ക്കുതന്നെ.
സര:
കൊണ്ടരു, കൊണ്ടരു. തന്റെ ശ്വാസംമുട്ടൽ കണ്ടിട്ടുതന്നെ അതു് അടിയന്തിരക്കത്താണെന്നു തെളിയുന്നു. താൻ ആണുങ്ങളുടെ ഹംസം എങ്കിൽ ഇതാ മേൽവിലാസം എഴുതിയിട്ടില്ലാത്തതുകൊണ്ടു് തിരിച്ചു കൊണ്ടുപോയി ആ നളങ്കൽ തന്നെ പുനസ്സമർപ്പണം നടത്തിയേക്കൂ.
വാല്യ:
അല്ല. എക്സർസൈസ് ഇൻസ്പെക്റ്റർ അങ്ങത്തെ മകൾ…
സര:
ശരി, ശരി, എന്നാൽ രസം കാണും (പൊട്ടിച്ചുവായിക്കുന്നു).
പ്രിയ സഹോദരി!

നിങ്ങൾക്കു് ഒരു സായുവിനെ വരനായി കിട്ടുന്നു എന്നു കേൾക്കുന്നതിൽ ഞാൻ സന്തോഷത്തോടെ പങ്കുകൊള്ളുന്നു. സായുവിന്റെ പേരു എന്തെന്നറിഞ്ഞുകൂടെങ്കിലും മംഗളാശംസ അഡ്വാൻസായി ഞാൻ സമർപ്പിച്ചു കൊള്ളട്ടെ! ഒരു നല്ല സദ്യ കിട്ടുവാനുള്ള തക്കം നഷ്ടമാകുന്നെങ്കിലും വല്ല ഡിന്നറും നടക്കുന്നെങ്കിൽ ഒളിച്ചായാലും ഞാനും എത്തിക്കൊള്ളാം. വീഞ്ഞും കേക്കും മാത്രമായാലും വിരോധമില്ല. വീണ്ടും നിങ്ങളുടെ ഭാഗ്യഭാഗിത്വത്തിനുള്ള മഹാർത്ഥനയെ ഉച്ചരിച്ചുകൊണ്ടു മറുപടി കാത്തിരിക്കുന്ന സഹോദരി ഭാനുമതി.

നില്ക്കു ഹേ! മറുപടിയുണ്ടു് (എഴുതുന്നു).

(എഴുതിത്തീർന്നു വായിക്കുന്നു)

നിങ്ങളുടെ ദൂതൻ കൊണ്ടുവന്ന ലേഖനം വായിച്ച ഞാൻ കൃതാർത്ഥയായി. എന്റെ ഭാഗ്യത്തിൽ ഓഹരിയല്ല. മുഴുവനും അങ്ങോട്ടുതന്നെ തന്നു കൊൾവാൻ ഞാൻ തയ്യാർ ആണു്. സായ്പിന്റെ പേരു Lord Scandal അഥവാ പരദൂഷണപ്രഭു എന്നാണു്. വിവാഹത്തിനു സമ്മതമെങ്കിൽ അന്നേദിവസം നമുക്കു സഹഭോജനം ചെയ്തു രസിക്കാം. എന്നു സംഖ്യയറ്റ വന്ദനപൂർവ്വം

സഹോദരി

സരസ്വതി അമ്മ തങ്കച്ചി.

(ലക്കോട്ടിലിട്ടു വാല്യക്കാരനു കൊടുക്കുന്നു)

(ആജ്ഞാനുസരം ചെയ്തു് ഭൃത്യൻ പോകുന്നു).

സര:
ഈ വഷളത്വമെല്ലാം പരത്തുന്നതു് ആ കൊച്ചുകിട്ടുചേട്ടനാണു്. നമ്മുടെ കവി വരൻ ശ്രീ നാരദനും വല്ലാത്തെ പങ്കു് ഇതിലുണ്ടു്. അതാ, ആ ശനിയൻ ദീർഘായുഷ്മനാണു്. പേരു പറഞ്ഞപ്പോൾ കുരങ്ങു ചാടി ഇതാ എത്തുന്നു.
(പപ്പു പ്രവേശിച്ചു സലാങ്ങൾ വയ്ക്കുന്നു)
സര:
കാണാറില്ല മിസ്റ്റർ പപ്പുപിള്ളേ. താൻ ഒന്നും ശ്രമിക്കാൻ വരാത്തതിൽ എനിക്കു് വല്യ മനഃക്ലേശമുണ്ടു്. എടോ, പള്ളിയിൽ വച്ചുതന്നെ പുടവകൊട എന്നച്ഛൻ സമ്മതിച്ചുകഴിഞ്ഞു. കർമ്മങ്ങൾ മാത്രം നമ്മുടെ മട്ടിൽ.
പപ്പു:
സദ്യയോ മതാമ്മക്കൊച്ചമ്മേ!
സര:
അതും ആ പള്ളിപ്പറമ്പിൽ തന്നെ.
പപ്പു:
അയ്യോ! അവിടെ ശവങ്ങളെ അടക്കട്ടില്യോ?
സര:
എടോ, എറച്ചി ലാഭമായി. താൻ ഒരെഴുത്തും കൊണ്ടു സായ്പിന്റടുത്തു പോയേച്ചുവരണം.
പപ്പു:
(ഞെളിഞ്ഞു സന്തോഷം കൊണ്ടു് തൊണ്ട ഇടറി) അപ്പോൾ കൊച്ചമ്മാ, ഞാൻ അന്നേ പറഞ്ഞില്യോ. ഈ തപസ്തൊക്കെ കള്ളമാണെന്നു്. പപ്പനറിയാം കൊച്ചുമിടുക്കികളുടെ കോളുകളു്. കൊള്ളാം ഇപ്പോൾ കേപ്പാനൊരു കാര്യമെടുപ്പാനാരു്? പോവാൻ പറയണമെന്നു്. ദൊരസ്സായ്പ് അന്നു് ഇങ്ങോട്ടു കേറുന്നതു് ഞാൻ കണ്ടേ. അതല്യോ ബട്ട്ളേരുവേല എനിക്കു എന്നു അന്നുതന്നെ പെട്ടീഷൻ വച്ചൂട്ടതു് കുറച്ചില്ല കൊച്ചമ്മ. എന്തിനുവിടുന്നു. അങ്ങു വല്യ കൊട്ടാരംവരെ അറിയട്ടെ എന്നുവച്ചു പപ്പൻ ബട്ളർ അങ്ങു് തമുക്കടിച്ചു പരത്തൂട്ടു. ആരാണെന്നു കേട്ടോരുടെ അടുത്ത പച്ചപ്പരമാർത്തത്തിനേയും വിളമ്പൂട്ടു. കൊണ്ടു കറങ്ങുന്നൂ കൊച്ചമ്മ തിരുവനന്തപുരം. അസൂയക്കാരല്യോ കഴുവുങ്ങളു് വച്ചു കുടിനീരു് ഇറക്കട്ടെ. പപ്പനിപ്പം ആരേം പേടീം മറ്റുമില്ല. ശീമേലെങ്കിൽ ശീമേൽ. ലങ്കേലെങ്കിൽ ലങ്കേൽ, ബോട്ടുളേരോ മേട്ടിയോ, പാപ്പാതുചുമപ്പനോ എന്തെങ്കിലും ആവാം. ഈ വലിയങ്ങത്തെ വീട്ടിലെ ഊറ്റവെള്ളം കുടിച്ചു് ഇതോ എന്റെ വയറെല്ലാം ഊത്തളിച്ചു പോയി. അവിടത്തെ ആ മുതുക്കിക്കൊച്ചമ്മേടെ അമ്പണങ്ങളു കൊണ്ടു മുതുകും തഴമ്പിച്ചു പോയി. ആണുങ്ങളല്യോ കൊച്ചമ്മ! ഇത്തിരി ഒക്കെ നാണങ്ങളും മറ്റും ഉണ്ടു്.
സര:
എടോ! ബട്ളർ വേഷത്തിലുള്ള ഉടുപ്പുകരുതീട്ടില്ലേടോ താൻ!
പപ്പു:
അതിങ്ങനെ ഒന്നു ചുറ്റിച്ചു വന്നൂട്ടാ, ഹൈഗ്ഗോടു് കിടക്കുന്നു, ഹജ്ജുഗ്ഗോടു് കിടക്കുന്നൂ. അവിടത്തെവിയെയുടെ ഒന്നിന്റെ കൂടെ ഒരുദിവസം നിന്നാ—അടിച്ചോണ്ടു പോന്നൂട്ടുല്യോ പപ്പൻ. ഗോട്ടോ ജയം പോസോ!
സര:
എന്നാൽ അതൊക്കെ വേഗം കരുതിക്കൊള്ളു. അമ്മാവിയുടെ ദൂഷ്യം മാത്രം പറഞ്ഞോണ്ടു നടക്കരുതു്. ഉള്ള വെള്ളവും വറ്റിപ്പോകും…
(തമ്പിയും ലക്ഷ്മി അമ്മയും പ്രവേശിക്കുന്നു).
ലക്ഷ്മി:
എടാ കുരുത്തംകെട്ട മാപാവി ഞാൻ മുതുക്കിയാടാ. നിനക്കു് എന്റെ വാക്കുകൾ അമ്പണങ്ങളോ?
പപ്പു:
അയ്യോ, പരാപരനേ! ഞാൻ മലരമ്പുകളെന്നല്യോ പറഞ്ഞു. ഏതോ പാട്ടിലുമുണ്ടു്. പിന്നെ അതിന്റെ അർത്ഥം ചീത്തയാവണമെങ്കി അതു് എഴുതിയവരെ കുറ്റം പറയണം. പപ്പനോ പിഴച്ചതു്?
തമ്പി:
എടാ ഇനി എന്റെ അവിടത്തെ ചോറു് നിനക്കു് ഊറ്റവെള്ളം ഇല്ലേടാ!
പപ്പു:
അങ്ങത്തെ ചെവിക്കെങ്കിലും വമ്പില്ലെന്നു പപ്പൻ വിചാരിച്ചിരുന്നു. അവിടത്തെ പറ്റു കവളം പിടിച്ചു എവനു് ഊറ്റം കേറിപ്പോയീന്നു പറഞ്ഞു് ഇതാ ഈ വയറും കാമ്പിച്ചില്യോന്നു കേക്കണം.
തമ്പി:
ഭോ! ഭോ! ജന്തുപെണ്ണേ! നിന്റെ അച്ഛൻ എന്തോന്നിനാണു ഭാവിച്ചിരിക്കുന്നതു്.
പപ്പു:
എന്തോന്നങ്ങുന്നേ! അന്നുരാത്രി ആദ്യം വന്നതു് എന്തിനെന്നോ? അങ്ങുന്നപ്പോ…
ലക്ഷ്മി:
നോക്കു പപ്പു! മര്യാദക്കിരുന്നില്ലെങ്കിൽ…
തമ്പി:
എന്തോന്നെടാ! അയാളെന്തോ ജാതകം കൊടയുടെ കാര്യം പറവാനല്യോ വന്നതു്?
പപ്പു:
(പിറകോട്ടൊന്നു മാറി സംഗതി എല്ലാം മറിച്ചുകളയണമെന്നുള്ള നാട്യത്തിൽ) നാരായണ! നാരായണ! അങ്ങുന്നു ജപിച്ചോണ്ടിരുന്നപ്പം നമ്മുടെ കൊച്ചൻ പിള്ള വൈദ്യന്റെ ഗുളിക കാൽതുടം ഞാൻ കൊണ്ടു തന്നപ്പോ ഞാൻ പറഞ്ഞു ‘കല്യാണഗൃതം’ എന്നു് അപ്പോ അങ്ങുന്നു നേരം പോക്കിനു് “എവിടെടാ” എന്നു ചോദിച്ചു. ഇപ്പം കെട്ടും പൂട്ടും ഇല്ലല്ലോ. അതു കൊണ്ടു് “ജാതകം കൊടുക്കുമ്പം അങ്ങുന്നറിയും” എന്നു ഞാൻ പറഞ്ഞു. അല്ലാണ്ടിതെന്തു കഷ്ടം പിടിച്ച കളിവട്ടം?
ലക്ഷ്മി:
(ആത്മഗതം) ഇവന്റടുത്തിപ്പോൾ ചൂർന്നു ചോദ്യം ചെയ്യാൻ തുടങ്ങിയാൽ ഇവൻ അവിടത്തെ രഹസ്യങ്ങൾ പൊട്ടിച്ചൂടും. അതുവേണ്ട (പ്രകാശം) എടാ ഈ നാടൊട്ടുക്കു പറയുന്ന വർത്തമാനത്തിനു നീ എന്തു പറയുന്നു? അമ്പതു തവണ അവിടെ നീതന്നെ വന്നു പറഞ്ഞിട്ടുണ്ടല്ലോ.
പപ്പു:
(തലചൊറിഞ്ഞു പുരികം ചുളിച്ചു്) എന്തരു വർത്തമാനം കൊച്ചമ്മാ?
തമ്പി:
എന്തരു വർത്തമാനമെന്നോ? അപ്പോപ്പോ ലക്ഷ്മിക്കുട്ടി എന്റടുത്തു പറയാറുണ്ടു്; ഇവളെ ഒരു സായ്പ് കല്യാണം കഴിക്കാൻ പോണൂന്നു്. അറിയാത്തടം ഇനി ഏതെടാ?
പപ്പു:
ഇതു് നന്നാപ്പൊറുത്തെന്റെ മോളിങ്ങു പോരട്ടെ എന്നു പറഞ്ഞതുപോലെ അല്യോ ഇരിക്കുന്നു? “കൊടുങ്ങല്ലൂർ തുറയിൽ പതിനെട്ടു കപ്പൽ പാറ്റയിറങ്ങിയപ്പോൾ പാൽപ്പായസക്കടലിൽ പടനിരന്നു” എന്നു പറഞ്ഞതുപോലെ ഏതോ ഒരു ദൊര മദാമ്മേ കെട്ടാൻ പോണേനു് ഇങ്ങനെയൊക്കെ മറിക്കിണ ആളുകളു പൊറുക്കണടുത്തു പഞ്ചം വന്നതോ കുറ്റം? ഉണക്കും വർഷവും കണക്കറ്റു പോകുന്നതും ഇതുകൊണ്ടല്ല്യോ.
ഈച്ചരൻ:
(പ്രവേശിച്ചു്) അങ്ങുന്നേ! കൊച്ചുകിട്ടുപിള്ള പറഞ്ഞയച്ചു, സായുവിന്റെ അവിടെ ഇപ്പോഴും ഈ കുഞ്ഞിന്റെ അച്ഛൻ എത്തിയിരിക്കുന്നൂന്നു്.
തമ്പി:
(കോപിച്ചു്) ഏതു സായ്പ് സരസൂ അതു്! നേരു പറ, അല്ലെങ്കിൽ മണ്ണുതീറ്റിയ്ക്കുന്നുണ്ടു്.
സര:
ഒരു സായിപ്പ് ഇവിടെ ഒരിക്കൽ വന്നിരുന്നു. അച്ഛന്റെ ഒരു വസ്തു. അതു വാങ്ങണമെന്നു അയാൾക്കാഗ്രഹമുണ്ടു്.
തമ്പി:
ലക്ഷ്മിക്കുട്ടീ! നമുക്കിറങ്ങാം. ഈച്ചരപിള്ളേ! നടക്കൂ. നടക്കൂ. പഞ്ഞിക്കകത്തു തീക്കട്ടയെ പൊതിഞ്ഞുകെട്ടിയാ അതവിടെ ഇരിക്കുമോ, പടർന്നെരിയും. ആ ചങ്കരപ്പിള്ളയെന്നു പറഞ്ഞവനിപ്പം എന്റെ മുമ്പേ വന്നെങ്കിൽ അവനെ പഠിപ്പിച്ചു വിട്ടു കൂടുമായിരുന്നു. കാര്യക്കാരങ്ങുന്നമ്മാരു പണിയിച്ച ഈ വീട്ടിൽ ഉലകുടപെരുമാക്കന്മാരു തൃക്കാലമച്ചിട്ടിട്ടുണ്ടു്. അങ്ങനെയുള്ളടത്തോ ആ ചമ്പു തിന്നി ഹൂണനെക്കൊണ്ടന്നു കേറ്റിയതു് ? നീയും നിന്റെ തള്ളയും എല്ലാം ച്ഛേ! പടിയടച്ചു പിണ്ഡംവച്ചു് വീടു പുണ്യാഹം കഴിക്കണം.
പപ്പു:
എന്തരിനങ്ങുന്നേ! ദോരേത്തന്നെ കിട്ടി എന്നു വയ്ക്കണം. (ഒറ്റക്കണ്ണടച്ചു അടുത്തുനീങ്ങി. സ്വകാര്യ സ്വരത്തിൽ) നമുക്കു ചില ലാഭങ്ങളില്യോന്നു്. ഇവൻ വെളക്കു വെക്കുമ്പോഴേക്കു വള്ളക്കടവെങ്കേ, പാളയമെങ്കേ, പയണ്ടിനു വിലയെന്തു്, ശീമയ്ക്കെങ്ങനെ, നാടനെങ്ങനെ എന്നൊന്നും അന്വേഷിക്കണ്ട.
തമ്പി:
(പപ്പുവിനെ സ്നേഹപൂർവം പ്രഹരിക്കുന്നു. പപ്പൻ രസിച്ചുതുള്ളുന്നു.)
ഈച്ച:
അങ്ങുന്നേ! കാര്യം വിട്ടു കളിക്കരുതു്. ആളുകൾ എല്ലാം പറയുന്നതു പൂരായം എന്നു വയ്ക്കാം (ആത്മഗതം) ഇവിടം കിട്ടിയില്ലെങ്കിൽ ആ കൊച്ചുകിട്ടു പിള്ള ഇരപ്പോടെടുത്തു പോകും. നമുക്കു കറക്കാൻ മുതലു കാണൂല്ല. (പ്രകാശം) ഈ കുഞ്ഞിനു കൊച്ചുകിട്ടുപിള്ള മൂന്നാംനാളോ എന്നു കേക്കണം. ഇതിന്റെ നിലകേടും മുറയും തറയും മറപ്പും കൊണ്ടല്യോ ഈ പേർ എല്ലാം കേൾക്കുന്നതു്?
തമ്പി:
എടാ ആ ചംകരനെന്നു പറയുന്ന കുരുത്തംകെട്ടവനെ കണ്ടെങ്കിൽ ഞാൻ എല്ലാം ഈ നിമിഷത്തിൽ ചട്ടം ചെയ്തൂടുല്യോ? ഇവൾ
ലക്ഷ്മി:
കൊച്ചിനെ എന്തിനു ശകാരിക്കുന്നു. അയാളെ വഴിമാർഗ്ഗം പഠിപ്പിക്കണം. ഇതിന്റെ തള്ളയും അങ്ങു് ഉറുപ്പനിൽ മൂഴികനെപ്പോലെ എങ്ങാണ്ടോ കിടന്നു ചംകരപ്പിള്ളേടെ കൂത്തിനു ചൊക്കനാടുന്നു.
ഈച്ച:
അതൊക്കെ എന്തിനാലോചിക്കുന്നു. പിടാകക്കാരെ രണ്ടു പേരെ വരുത്തി, കൊച്ചുകിട്ടുപിള്ളയ്ക്കു് ജാതകം കോടത്തൂടണം.
തമ്പി:
പെണ്ണിന്റെ തന്തവരട്ടടാ! നീ കേറി ചുമ്മാ കിടക്കുന്ന നമ്മെ കൊടുംപിരി കൊള്ളിക്കാതെ. നാലു പേരെ വെട്ടത്തിറങ്ങി നമുക്കു നടക്കണം. ഒരുത്തൻ വന്നുചേർന്നു കൊച്ചുങ്ങളുമായാൽ അവനെ പുറന്തിണ്ണക്കാരനാക്കിത്തള്ളുന്നതു് നിന്നെപ്പോലത്തേവനേ ചേരൂ.
ഈച്ച:
(ആത്മഗതം) അയ്യ. ഈ ചാറയാനും ഇങ്ങേരെ ലക്ഷ്മിക്കുറ്റിയും കണ്ണീരു കുടിക്കുന്നതു് ഇവർ കണ്ടില്ലെങ്കിൽ അന്നു് ഉള്ളം കയ്യീന്നു് മീശ പന്ത്രണ്ടു പിഴുതേയ്ക്കാം. (പ്രകാശം) ശുമ്മായാണോ, സ്ഥാനങ്ങളും മാനങ്ങളും വച്ചിരിക്കുന്നേ.
തമ്പി:
അതേടാ പൊന്നുതമ്പുരാക്കന്മാരു ആളും കുലവും അറിഞ്ഞു ചെമ്പുപട്ടയത്തിൽ നീട്ടുതന്നിട്ടുള്ളതു്, ആ പൂട്ടുപുരയിൽ ഇരിപ്പുണ്ടു്. ഞാൻ ഒരുത്തൻ കുലയിൽ പേടു്. ച്ഛേ! പോവാൻ പറ. ആ ചംകരപ്പിള്ള വന്നെങ്കിൽ ഇപ്പോൾ രണ്ടാലൊന്നെന്നൊതുക്കീട്ടു മേൽ കാര്യം.
ശങ്ക:
(പ്രവേശിച്ചു്) (ആത്മഗതം) ഇതാ പടയ്ക്കു വന്നിരിക്കയാണു്. ദുഷ്പ്രവാദംകേട്ടു് വെളിച്ചപ്പെട്ടിട്ടുണ്ടു്. രാത്രിയിലോ മറ്റു് ചാടി പുറപ്പെടാത്തതു ഭാഗ്യം. ആട്ടെ, പറ്റിച്ചേക്കാം. (താണു ഭക്തിപൂർവ്വം തൊഴുതിട്ടു പപ്പുവിനോടു്) അവിടെ നോക്കിക്കൊണ്ടു നില്ക്കാതെ ആ അറപ്പുരയീന്നു് ഒരു കസേര എടുത്തു് ഇറയത്തിടു്. അക്കനിങ്ങു വെളിയിൽനിന്നു കളഞ്ഞതെന്തു്? കുഞ്ഞേ അമ്മായിയെ വിളിച്ചു് അമ്മേടെ അടുത്തുകൊണ്ടുപോയി ആക്കി തട്ടം എടുത്തു വച്ചുകൊടുക്കു്.
ലക്ഷ്മി:
വേണ്ട. ശങ്കരപ്പിള്ളേ! പോവാൻ തുടങ്ങുകയാണു്. ഇവിടുത്തെ വട്ടങ്ങൾ കേട്ടിട്ടു്…
തമ്പി:
(ആത്മഗതം) എന്തായാലും നമ്മുടെ മച്ചമ്പിയല്യോ അവൻ? നമ്മെക്കണ്ടു മര്യാദകളും മറ്റും പഠിച്ചിട്ടുണ്ടു്. ച്ഛീ! ച്ഛീ! വല്ലതും പറയണെങ്കിൽ അതു ചെവിക്കു ചെവി അറിയാണ്ടുവേണം (പ്രകാശം) കസേരയും മറ്റും വേണ്ടാ ചംകരപ്പിള്ളേ! ചിലതൊക്കെ കേട്ടതു് എന്താണെന്നു ചോദിച്ചേക്കാമെന്നുവച്ചു ഇങ്ങോട്ടുവന്നു. കൊച്ചു കിട്ടുവിന്റെ കാര്യം ഒന്നു പറയാം. എവള് ഒരുത്തന്റെ കൂടെ പൊറുക്കാനുള്ള പ്രായത്തിലായല്ലോ. അതൊക്കെ നല്ലനേരം കണ്ടുപറയാം.
ഈച്ച:
(ആത്മഗതം) മൂപ്പീന്നു താഴുണകണ്ടില്യോ? നാം തന്നെ പൊട്ടിച്ചേയ്ക്കാം. ആവശ്യക്കാരനു ഔചിത്യം വേണ്ടല്ലോ (പ്രകാശം) കേട്ടോ ശങ്കരപ്പിള്ള അങ്ങുന്നേ! വല്യങ്ങുന്നു വിചാരിക്കുന്നതു് കൊച്ചുകിട്ടുപിള്ളയെക്കൊണ്ടു് ഈ കുഞ്ഞിനെ സംബന്ധം ചെയ്യിച്ചേക്കാമെന്നാണു്.
ശങ്ക:
ചേട്ടന്റെ മകനായി, മരുമകളായി അതിനു ചന്തയിലെ കന്നാലി വാണിഭത്തിലെന്നപോലെ താൻ ഒരു തരകനെന്തിനെടോ?
തമ്പി:
എടാ ഈച്ചരപിള്ള! നിന്റെ പൂച്ചരാണ്ടങ്ങൾ ആ കൊച്ചുകിട്ടുവിന്റടുത്തു ചെലുത്തിക്കോ, ഇവിടെ എടുക്കാതെ.
ശങ്ക:
പെണ്ണു നാലക്ഷരം പഠിച്ചിട്ടുണ്ടു്.
തമ്പി:
അക്കഥ ഒന്നും പറയാതിരിക്കൂ. ആ അടവുകൊണ്ടരാതെടെ. എവടെ പഠിപ്പും അവന്റെ പഠിപ്പില്ലായ്മയും ഒന്നുപോലെ. അവൻ എന്തോ തെന്തനം വഴിക്കു നടക്കുന്നെങ്കിലും പേരു നാറ്റിച്ചതാരെടോ?
ശങ്ക:
നാലക്ഷരം പഠിച്ചു എന്നുവച്ചാൽ അതുകൊണ്ടു അമ്മാവന്റെ സ്ഥാനവും മഹിമയും അറിഞ്ഞു മര്യാദയ്ക്കു നടക്കാനും അനുസരിക്കാനും അവൾക്കറിയാം എന്നുള്ള അർത്ഥത്തിലാണു ബോധിപ്പിച്ചതു്.
തമ്പി:
അതു ശരി; അതുശരി, അതല്യോ പഠിപ്പിക്കട്ടെ; ഇനിയും പഠിപ്പിക്കട്ടെ എന്നു നാം വിട്ടിരിക്കുന്നതു്?
ഈച്ച:
ധൊര കൊണ്ടു പോട്ടെന്നും…
തമ്പി:
എന്തുപറഞ്ഞെടാ! ധൊരയോ, നിന്റെ തന്ത; ഇറങ്ങു വെളിയിൽ. നീയും കൂട്ടരും ആണു എന്തരോ തമുക്കടിച്ചു വിളമ്പരപ്പെടുത്തണതു്. അതു് ഒക്കെ ഒരു ചരതത്തിൽ അടക്കാൻ നാം നോക്കുമ്പോൾ… ഹിറങ്ങു വെളിയിൽ… എടാ പപ്പൂ! (പപ്പൻ നീങ്ങുന്നു. തമ്പി നീങ്ങുന്നു. ശങ്കരപ്പിള്ളയും ലക്ഷ്മിയും തടസ്സം പിടിക്കുന്നു)

(കർട്ടൻ)

രംഗം ൬

മുണ്ടയത്തു ഭവനത്തിന്റെ മുൻവശമുള്ള നിരത്തു്.

(യൂറോപ്യൻ വേഷത്തിൽ രമാചന്ദ്രൻ പ്രവേശിക്കുന്നു.)

രമാ:
അച്ഛന്റെ ശാപം എന്നെ പിന്തുടരുന്നു എന്നു തോന്നുന്നു. കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ സ്ഥലങ്ങളിൽ കമ്പനിക്കു വേണ്ട ഏർപ്പാടുകൾ ചെയ്തു. വഴിക്കുവച്ചു നമ്മുടെ ബാഗു നോക്കിയപ്പോൾ കാണ്മാനില്ല. മടങ്ങിപ്പോകുവാൻ ഒരു പൈസയും കയ്യിലും ഇല്ല. അച്ഛൻ പറഞ്ഞതുപോലുള്ള അഭിമാനം കൊണ്ടു് ഒരിടത്തും കേറുവാനും പരമാർത്ഥം പറയുവാനും തോന്നുന്നില്ല. ഇതാ ഈ കാണുന്ന ഭവനം മുണ്ടയത്തുവീടു് എന്നല്ലേ ഇപ്പോൾ പറഞ്ഞു കേട്ടതു്. ഇവിടെ അച്ഛന്റെ കാരണവൻ പേഷ്കർ ആയിരുന്നപ്പോൾ താമസിച്ചിട്ടുണ്ടു്. ഉണ്ടിട്ടു ദിവസം രണ്ടായി. തല കറങ്ങിവരുന്നു. കുളിയും ആഹാരവും ഇല്ലാഞ്ഞാൽ മനുഷ്യൻ മൃതപ്രായം. (ഭവനപ്പടി കടന്നു തളത്തിലെ വരാന്തയിൽ കയറുന്നു).
സര:
(പ്രവേശിച്ചു് ആത്മഗതം) ഗ്രഹപ്പിഴയായി. ഇതാ ഒരു ചെറുപ്പക്കാരൻ സായ്പ് തന്നെ ഇങ്ങോട്ടുകേറുന്നു. അമ്മാവൻ തലയിൽ തീകോരി ഇടാൻ വന്നിട്ടു എന്തോ തല്ക്കാലം ഒന്നടങ്ങിപ്പോയിരിക്കയാണു്. ഈ വർത്തമാനം ഇപ്പോൾ ആരെങ്കിലും അവിടെ കൊണ്ടുപോയി കൊള്ളിക്കും. അല്ലേ! ഇയ്യാൾ കൂസൽ കൂടാതെ ഇനി ഇപ്പോൾ അടുക്കളയിലും കേറും. ഭ്രാന്തനാശുപത്രീന്നു ചാടിപ്പോന്നതോ എന്തോ? രണ്ടുമൂന്നുദിവസമായി ശിവരാത്രി ഉപവാസം കിടന്നു വരുന്നതുപോലെ സ്വരൂപം പ്രാകൃതം. മുഖത്തു നല്ല അഭിരാമത. പ്രഭുത്വവും ഉണ്ടു്. പടിപ്പും ഉണ്ടായിരുന്നിരിക്കാം. വരവിലും നിലയിലും ഒരു പരിഷ്കാരതേജസ്സുണ്ടു്. ചുണ്ടു വിറയ്ക്കുന്നു. കണ്ണിമകൾ ത്രസിച്ചടയുന്നു.
രമാ:
(ആത്മഗതം) ഭഗവാനെ! അകം കത്തി ജ്വാലകൾ മേല്പോട്ടു കയറുന്നു. നാവു് കിഴ്പോട്ടമർന്നുപോകുന്നു. ലോകം കറങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ സാധു കുട്ടിയുടെ മുമ്പിൽ വച്ചു് എനിക്കു വല്ല അപകടവും പറ്റിയേക്കാം. ഇംഗ്ലണ്ടുസുന്ദരികൾ ഹാ! പൊടിയും പശയും അഭ്രതേജസ്സും കൊണ്ടു്—ചിന്തകൾ—ചിന്തകൾ തുടരാൻ ശക്തിയില്ലാതെ ബുദ്ധി മന്ദിക്കുന്നു. (പ്രകാശം) ഇത്ര വെള്ളം കിട്ടിയെങ്കിൽ താല്ക്കാലാപത്തു (ഉറക്കെ) വെള്ളം… (വീഴാൻ തുടങ്ങുന്നു).
സര:
(ആത്മഗതം) കഷ്ടം ഏതോ നല്ല അച്ഛനമ്മമാരുടെ സന്താനമാണിതു്. അതു സംശയം ഇല്ല എന്നു അന്തർഭൂതം പറയുന്നു. അമ്മയെ വിളിക്കട്ടെയോ? അവർ അന്യജാതിയെന്നു ശഠിച്ചു പുറത്താക്കിക്കളയും. അച്ഛൻ ഇവിടെ ഇല്ലല്ലോ അയ്യോ! കഷ്ടം ഇതാമുഖം രക്തശൂന്യമാകുന്നു. ചുണ്ടു കരുവാളിക്കുന്നു (അസ്തവിവേകിനിയായി സരസു മുന്നോട്ടു നീങ്ങുന്നു).
രമാ:
അച്ഛാ! ക്ഷമിക്കണേ—ക്ഷമിക്കണേ—ഞാ… ഞാ… (വീഴുന്നു. സരസ്വതി താങ്ങി സംഭ്രമത്തോടുകൂടി ചുറ്റും നോക്കുന്നു).
സര:
(യുവാവെ ഹസ്താവരണം ചെയ്തിട്ടു്) എനിക്ക താങ്ങാനും അങ്ങോട്ടു നീക്കിക്കിടത്താനും ശക്തിയില്ല. വല്ലവരും കണ്ടാൽ എന്തു പറയും. വരുന്നതു വരട്ടെ. ഈശ്വനല്ലേ എല്ലാത്തിനും സാക്ഷി! (തളപ്പടിയിൽ ഒരുവിധം നീക്കിക്കിടത്തി ചില പുസ്തകങ്ങൾ എടുത്തു തലയണയാക്കുന്നു. രംഗത്തിൽനിന്നും മറഞ്ഞു് കിണ്ടിയിൽ വെള്ളവുമായി മടങ്ങിയെത്തി)
സര:
ഈ കേസിലെ First aid ഇതുതന്നെയല്ലേ? മുഖത്തു കുറച്ചു വെള്ളം തളിച്ചു പല്ലു വിടുർത്തി വെള്ളം കൊടുക്കുന്നു)
രമാ:
ആ! വിശ്വംഭരാ! കുറച്ചു കൂടി (പിന്നെയും വെള്ളം കൊടുക്കുന്നു)
രമാ:
(പല ദീർഘശ്വാസങ്ങളോടെ ഉണർന്നിരുന്നു്) ഇതു് സ്വർഗ്ഗമോ മായാവികളുടെ മണ്ഡലമോ?
സര:
രണ്ടുമല്ല. മനുഷ്യരുടെ കഷ്ടതാ രംഗമായുള്ള ഭൂമി തന്നെയാണു്.
രമാ:
ഹാ! തേജസ്വിനീ! ഈ സ്വർഗ്ഗത്തിലെ അമൃതപൂരിതമായുള്ള വായുശ്വസനം എനിക്കു് ലഭ്യമായിരിക്കുന്ന ഭൂവാസ നിർവൃതിയുടെ തെളിവായിരിക്കുമ്പോൾ എന്താണിങ്ങനെ വ്യാജം കൊണ്ടെന്നെ വഞ്ചിക്കാൻ തുടങ്ങുന്നതു് ?
സര:
(ആത്മഗതം) ഇയാൾ ബോധക്ഷയത്തിൽ തന്നെ ഇരിക്കുന്നുവോ അതോ ഇങ്ങോട്ടു പ്രണയം കൊണ്ടാടാൻ മര്യാദകേടു അനുഷ്ഠിക്കുന്നുവോ? എന്തായാലും ആതിഥ്യം നാം ശരിയായി അനുവർത്തിക്കുക. (പ്രകാശം) അല്ല ശ്രീ പത്മനാഭ സങ്കേതത്തിലെ മുണ്ടയത്തു ഭവനമാണു്.
രമാ:
അങ്ങനെ പറയൂ. സാക്ഷാൽ വൈകുണ്ഠത്തിലേയ്ക്കാണു് എന്റെ ഭൂവാസകാലത്തിലെ സൽകൃത്യം എന്നെ എത്തിച്ചിരിക്കുന്നതു്. അവിടുത്തെ മഹാലക്ഷ്മി തന്നെ വിഷ്ണുസായുജ്യം ചേർന്നിരിക്കുന്ന എന്നെ രക്ഷിക്കുന്നു.
സര:
എന്തു്? നിങ്ങൾ ക്രിസ്ത്യാനിയല്ലേ? പിന്നെന്താണു് നിങ്ങളുടെ രൂപകങ്ങളെല്ലാം ഹിന്ദുപുരാണ കഥാസംബന്ധങ്ങളായി പുറപ്പെടുന്നതു്?
രമാ:
ദേവി! സ്വർഗ്ഗം ഒന്നേയുള്ളൂ. അതിനു അധിഷ്ഠാനശക്തിയും ഒന്നത്രേ. ആ ദിവ്യശക്തിയുടെ കളേബര തേജസ്സുകൊണ്ടു് ഇവന്റെ ഹൃദയം ഭാസ്വത്തായി ശീതളമായിരിക്കുന്നു. പൈദാഹാദി ക്ഷീണങ്ങളും ജരാനരാമൃത്യുവും ഇവനു നിവർത്തിതമായിരിക്കുന്നു. ഞാൻ പാദം തലോടി അഭിവാദ്യം ചെയ്തുകൊള്ളട്ടെ.
സര:
(ആത്മഗതം) ഇദ്ദേഹം പ്രണയവാദം തന്നെയാണു തുടങ്ങിയിരിക്കുന്നതു്. ച്ഛേ! ഇനി അടുത്തു നില്ക്കുന്നതു ഉചിതമല്ല. അമ്മയെ വിളിച്ചേക്കാം. ഇദ്ദേഹത്തെ പുറത്താക്കാനുള്ള വൈഭവം എനിക്കില്ല. എന്തോ ഞാൻ അറിയാതെ കൃപയും ആദരവും തോന്നിപ്പോകുന്നു. ബഹുജനപ്രവാദം ദൈവവചസ്സു് എന്നുള്ള നീതി അനുസരിച്ചു എന്റെ ഹൃദയം ജാത്യാനുരക്തതയിൽനിന്നു ഖണ്ഡിക്കപ്പെട്ടിരിക്കുന്നുവോ?
(പപ്പൻ പ്രവേശിക്കുന്നു.)
പപ്പു:
ഹേ്! ഹേ്! അതുകൊള്ളാം. അതുകൊള്ളാം. പകലേതന്നെ പോക്കും വരവും തുടങ്ങി. ഇതു് ശീമദ്ദൊരയും മറ്റുമല്ല. പിടിച്ചങ്ങു മാനമായിട്ടല്യോ ഇരുത്തീരിക്കുന്നു. കൊച്ചു കൊച്ചമ്മ വിശുണോ തടവുണോ? കാര്യം കോളല്ല. ഇംഗ്ലീഷു പഠിപ്പു കൊണ്ടു് ഇങ്ങനെ ഒക്കെത്തന്നെ വരുമായിരിക്കാം. എങ്ങനേം ആട്ടെ. ദൊരയ്ക്കു മിസ്സിയേയും മിസ്സിയമ്മയ്ക്കു ദൊരയേയും. ഹ! ഹ! സഹിച്ചുകൂടാത്ത പ്രണയം. രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും രണ്ടു കണ്ണുകൊണ്ടും ചന്തം കുടിക്കുന്നു. ഇപ്പോ നാം ഇവിടെ നില്ക്കണ്ടാ ഗുഡ് മാണി യുവർഹാണർ (സലാം വച്ചു് പോകുന്നു).
രമാ:
ദേവി! ബോധക്ഷയം തീർന്നുവെങ്കിലും ഒരു ചോടു നടക്കാൻ ശക്തിയില്ല. ഞാൻ ഇവിടെ വല്ലെടത്തും തന്നെ കുറച്ചുനേരം കിടന്നുകൊള്ളട്ടെ.
സര:
(ആത്മഗതം) പപ്പുതന്നെ വന്നു കണ്ടേച്ചുപോയി. അതിൽ നിന്നിനി എന്തെല്ലാം കഥ പൊട്ടിത്തെറിക്കുന്നോ? ഈ സാധുവിനെ ഇവിടെ കിടത്തിയാൽ തീർച്ചയായും അച്ഛൻ കൂടി ശണ്ഠകൂടിയേയ്ക്കും. ഘട്ടം അങ്ങനത്തേതാണു്. എങ്കിലും ഈശ്വരനല്ലേ സാക്ഷി! നമ്മുടെ ധർമ്മം നാം നിർവ്വഹിക്കണം. ഇദ്ദേഹം വിശന്നിരിക്കയാണു്. എന്തു ജാതിയാകട്ടെ എന്തു മതമാകട്ടെ (അകത്തോട്ടു പോകുന്നു).
രമാ:
ഭഗവാനെ! ഞാൻ എന്തു വമ്പാണു് അച്ഛന്റടുത്തു പറഞ്ഞതു്. ദേവരംഭകളോടിടഞ്ഞിട്ടുണ്ടു്, കുസുമ മൃദുലമായ ഹസ്തങ്ങൾ പിടിച്ചു കുലുക്കിയിട്ടുണ്ടു് എന്നെല്ലാം പ്രസംഗിച്ച പുരുഷത്വം ഇപ്പോൾ എങ്ങോട്ടു പോയോ? എന്റെ ഹൃദയം പ്രണയമകരന്ദത്തെ വഹിക്കാൻ ഒരുക്കപ്പെട്ട ഒരു പാത്രം പോലെ, അല്ലെങ്കിൽ ആഹാരത്തിനു കൊതിക്കുന്ന ക്ഷുധാർത്തന്റെ സ്ഥിതിയിലാണു്. എന്തായാലും ഈ മഹതിയുടെ മുമ്പിൽ എന്റെ ക്ഷീണത്തിന്റെ അത്യുഗ്രരൂപത്തെ ഞാൻ പ്രകാശിപ്പിച്ചുകഴിഞ്ഞു. ഇവിടെ നിന്നും വല്ല അഭയവും നേടിക്കൊണ്ടുതന്നെ പോകണം. ഇവർ അകത്തോട്ടു പോയിരിക്കുന്നതു് എന്തിനാണാവോ? പരമാർത്ഥം പറഞ്ഞേക്കാം. ദാമ്പത്യ പ്രാരബ്ധത്തിൽ ബദ്ധയായിട്ടില്ലെന്നാണു ലക്ഷണങ്ങൾ കൊണ്ടുതോന്നുന്നതു്. വല്ല അംഗീകൃത കാമുകനും ഉണ്ടെങ്കിൽ നാം ഇപ്പോൾ പരമാർത്ഥം പറഞ്ഞാലും ഇളിഭ്യനായേക്കും.
സര:
(സ്വല്പം പലഹാരവും ചായയുമായി പ്രവേശിച്ചു, കൊടുത്തിട്ടു്) അത്യധികം വിശപ്പാണെന്നു പറഞ്ഞില്യോ ആ സ്ഥിതിക്കു സ്വല്പമേ ആദ്യം കഴിക്കാവല്ലോ. ഇതാ ഇതു കഴിച്ചിട്ടു യാത്രയാവുക.
ഈച്ച:
(പ്രവേശിച്ചു ആശ്ചര്യം നടിച്ചു് ആത്മഗതം) അപ്പോൾ ആ പപ്പു പറഞ്ഞതു ശരിതന്നെ. ഇതു യൂറോപ്യൻ സായിപ്പ് അല്ലല്ലോ. അഞ്ചുതെങ്ങിലേയോ തങ്കശേരിയിലേയോ വകയാണു്. എന്തായാലും ആളുകൾക്കുണ്ടോ തെറ്റുന്നു? നോക്കണേ കാപ്പിയായി. വിരുന്നായി. ഞാൻ കൊച്ചുകിട്ടു പിള്ളയ്ക്കു് ആളയച്ചിട്ടുണ്ടു്. ഇപ്പോൾ കാണാം ഇവിടെ ഒരു പൊടി പൂരം (മുന്നോട്ടുവന്നു്) സലാം ധ്വരേ!
രമാ:
സലാം ഇഷ്ടാ! ഞാൻ വല്ലാത്ത ഒരു അപകടത്തിൽ അകപ്പെട്ടുപോയി. കുറച്ചു് ആഹാരം വാങ്ങി കഴിപ്പാൻ ഇങ്ങോട്ടുകേറി. ബോധംകെട്ടുപോയി.
ഈച്ച:
അതേ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബോധക്കേടു്. എല്ലാവരും കേട്ടതുതന്നെ. ഇപ്പോഴും അതു നല്ലവണ്ണം കണ്ണിലും മൂക്കിലും കളിയാടുന്നു.
സര:
ഏ ഈശ്വരപിള്ളേ! പിന്നെ, വല്ലതും മനസ്സിൽ കരുതി വല്ലതും സൃഷ്ടിച്ചു വെറുതെ ശണ്ഠകൾ പിണയ്ക്കരുതു്.
ഈച്ച:
ഇല്ല കൊച്ചമ്മേ!
രമാ:
ഞാൻ യാചകനായി ഇങ്ങോട്ടു കേറിയതാണു്. കേവലം ദേശാന്തരിയുടെ നിരാശ്രയത്വത്തിന്റെ നിലയിൽ.
ഈച്ച:
സായിപ്പിന്റെ ചേപ്പിൽ ഒരേടു കിടപ്പുണ്ടോ? പുണ്യകാവേരിതീരത്തിൽ കാഞ്ചീപുരം പട്ടണത്തിൽ ബ്രഹ്മശ്രീ ആര്യനാരായണ സ്വാമിദീക്ഷിതർക്കു അമ്പത്താറു മക്കളുണ്ടായി; എങ്കിലും എല്ലാത്തിന്റെയും കാതു നാലും കണ്ണു് മൂന്നും പൊട്ടായിത്തീർന്നു. എല്ലാം ഊമയാകകൊണ്ടു് ഓരോ സന്താനവും ഓരോ വഴിക്കായി ലോകത്തിൽ സഞ്ചരിച്ചു് പൂർവജന്മകൃതം പാപം എന്നൊക്കെ ഒരേടു്.
രമാ:
എടോ ഞാൻ ആ വകക്കാരനല്ല.
ഈച്ച:
ഇങ്ങേരു വല്യ വടക്കൻ മട്ടിലല്യോ ഭാഷചപ്പുന്നു. ശങ്കരപ്പിള്ള അങ്ങുന്നു വസ്തുവിക്രയത്തിനു തക്ക ആളെത്തന്നെ കണ്ടുപിടിച്ചോണ്ടു…
സര:
(രമാചന്ദ്രനോടു്) ദയവുചെയ്തു ഇനി യാത്രയാവുക. വല്ലതും സഹായം കൂടി വേണമെങ്കിൽ പറയുക.
രമാ:
ഞാൻ ഇപ്പോൾ പോയിവരാം. ഈ പാത്രങ്ങൾ.
സര:
ഞാൻ ശുദ്ധിചെയ്യിച്ചോളാം.
(രമാചന്ദ്രൻ പോകുവാൻ തുടങ്ങുന്നു. ഈച്ചര പിള്ള തടുത്തു നിറുത്തുന്നു).
രമാ:
എന്താഹേ! ഒരു മാന്യഭവനത്തിൽ അനുഷ്ഠിക്കേണ്ട ചടങ്ങാണോ ഇതു്?
ഈച്ച:
അങ്ങനെയുള്ള മാന്യഭവനത്തെ ഇങ്ങേർക്കു് കളങ്കപ്പെടുത്താമെങ്കിൽ മറ്റുള്ളോനു അതിനെ തടസ്സം ചെയ്യാം. സ്വല്പം നില്ക്കുക. ചിലർ കൂടിവരാനുണ്ടു്.
സര:
ആ പപ്പു വന്നതാണു് അനർത്ഥമായതു്. ഇനി ഇപ്പോൾ ആരെയെല്ലാം ഇങ്ങോട്ടെഴുന്നള്ളിക്കുന്നോ?
രമാ:
(മുന്നോട്ടുനീങ്ങുന്നു)
ഈച്ച:
തന്റെ ദൈവത്താണെ നീങ്ങരുതു് ഈ കച്ചവടം ഇന്നു് ഒതുങ്ങണം.
സര:
ഈശ്വരപിള്ളേ! വഴിമാറിക്കൊടുക്കൂ. ഇതിനകത്തു ആരു വരുന്നു പോകുന്നു, എന്നന്വേഷിക്കാൻ തനിക്കെന്തധികാരമെടോ?
ഈച്ച:
ജാതിയുടെ നില രക്ഷിക്കാൻ എനിക്കധികാരമുണ്ടു്. ഉടമസ്ഥൻ വരുന്ന വരെ ഞാനതു ചെലുത്തും.
രമാ:
എന്തു ജാതിഹേ! അമേരിക്ക, ആഫ്രിക്കാ, ജപ്പാൻ മുതലായി ഭൂലോകത്തിന്റെ നാനാഭാഗത്തും നിങ്ങളുടെ ആളുകൾ സഞ്ചരിച്ചിട്ടു് എന്തു ഭ്രഷ്ടു് നിങ്ങൾ കല്പിക്കുന്നു?
ഈച്ച:
നമ്പൂരിപ്പാടുതിരുമനസ്സിലെ അടുത്തു മറുപടി ഉണർത്തിക്കാൻ തക്ക ആളിതാ വരുന്നു.
(കൊച്ചുകിട്ടു പ്രവേശിക്കുന്നു).
കൊച്ചു:
എന്തോന്നാ ഈച്ചര പിള്ളേ ഇതു്.
ഈച്ച:
എന്തോന്നെന്നോ? കള്ളനേയും തൊണ്ടിയേയും ഇതാ പിടിച്ചപിടിക്കു ഹാജരാക്കുന്നു. വരുത്തണം വല്യങ്ങത്തെ; ഇന്നാൾ അങ്ങുമിങ്ങും തൊടാണ്ടു് മഴ മഴങ്ങസ്യ എന്നു പോയില്യോ. ഇപ്പോൾ—ദൊര—ദൊര, ലക്ഷപ്രഭു, കോടീശ്വരൻ, ആയിരം ശമ്പളക്കാരൻ എന്നൊക്കെ പറഞ്ഞതു്, ഇയ്യാളാണു് അല്ലെ. ഏതു കാശിയിൽ കൊണ്ടുചെന്നു അലക്കിയാൽ നമുക്കൊക്കെ പറ്റുന്ന പേരുനാറ്റം തീരും!
കൊച്ചു:
ഏ! സായിപ്പേ!
സര:
ചേട്ടാ! ഈശ്വരപിള്ളേടെ തൊഴിൽ ചേട്ടനു ചേരൂല്ല
കൊച്ചു:
ഇത്തൊഴിൽ സരസൂനുചേരുമെങ്കിൽ ഞങ്ങൾക്കു് ആണുങ്ങളുടെ തൊഴിൽ എന്തും ചേരും. ഈച്ചരപിള്ളേ ആ വണ്ടിപ്പുരയിൽ നിന്നു് ഒരു കയറെടുത്തു് ഇയാളെ പിടിച്ചുകെട്ടിവച്ചിട്ടു് അച്ഛനെ വിളിച്ചോണ്ടു വരൂ.
രാമാ:
ഏ! പിള്ളേ! ഈ ചണ്ഡപ്രഭാവങ്ങൾ അങ്ങുവെച്ചേയ്ക്കുക. എന്റെ കൈയ്ക്കു് കയറാണെങ്കിൽ തന്റെ കാല്ക്കു് ഇരുമ്പു തണ്ടയാണു്.
കൊച്ചു:
ഓടൂ കൂവ്വാ ഈച്ചരപിള്ളേ! അച്ഛനെ കൊണ്ടു വരു. ഇവൻ പൊട്ടിത്തെറിക്കുന്നതു കേട്ടാൽ വെളിച്ചപ്പാടോ ആരാച്ചാരോ ആണെന്നു തോന്നും.
ഈച്ച:
(ഓടുന്നു).
രമാ:
ഓട്ടത്തിൽ ഞാൻ അയാളോടു് ഒരു പന്തയം വയ്ക്കട്ടെ.
കൊച്ചു:
അനങ്ങിയാൽ… ഖബർദാർ. എടാ പെണ്ണുങ്ങളുടെ കണ്ണിൽ മായപ്പൊടി ഇടാൻ താൻ കന്നക്കോലും കൊണ്ടു നടക്കുകയല്ലേ. എങ്ങാനും കിടന്ന പീറച്ചട്ട. എങ്ങാണ്ടൂന്നോ ഇപ്പോഴത്തെ എഴുത്തുകാരുടെ തങ്കപ്പൂച്ചു ഭാഷയും പഠിച്ചു ഒരു മേനി മുഖവും വച്ചു കെട്ടികൊണ്ടു് അയാൾ നടക്കുന്നു. ബി. എ.-ക്കു പഠിക്കുമ്പോ കൊച്ചിങ്ങനെയാണെങ്കി ജയിക്കുമ്പോൾ പിന്നെ…
രമാ:
അത്ഭുതമല്ല. വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ സംസ്കാര മഹിമ തന്നെയാണു് ഞാൻ ഇവിടെ കണ്ടതു്. (സരസുവിനോടു്) My conduct must distress you, dearest.
സര:
(ലജ്ജിച്ചു മുഖം ഒന്നു പാതി തിരിച്ചിട്ടു്) Please do not make confusion worse confounded. You do not know the mess you are creating.
കൊച്ചു:
എടാ! ഈ ശനിയന്മാരു പറയണതും മനസ്സിലാകുന്നില്ലല്ലോ.
സര:
You are a Christian, and if you have any regard for woman’s honour please clear out instantly.
രമാ:
(ആത്മഗതം) ആ ഹൃദയപ്രകാരം അന്യാധിനമെന്നു വെളിപ്പെട്ടു. പക്ഷേ, ഈ ആജ്ഞ അലംഘനീയം. സന്ദർഭങ്ങൾ ഇവൻ അറിയുന്നില്ല. എന്തെങ്കിലും, പോയി സമുചിത സന്നാഹമായി വന്നേയ്ക്കാം. (നടക്കുന്നു കൊച്ചുകിട്ടു തടുക്കുവാൻ നോക്കുന്നു).
രമാ:
തൊടരുതു്.
ഗോവി:
(പ്രവേശിച്ചു്) എന്തോന്നെടാ കൊച്ചു കിട്ടു! കെടുത്തുകളഞ്ഞോ?
(രമാചന്ദ്രനും കിട്ടുവും മുൻപിൽ ഓടുന്നു).
ഗോവി:
ആ, പെണ്ണേ! ഇനി നിന്റെയും നിന്റെ അച്ചന്റെയും വാഴ്ച ഇവിടെ ഇപ്പോൾ അറണം. അറുപത്തൊൻപതും കഴിഞ്ഞു് ഈ കുറച്ചിൽ കാണാനോ ഞാൻ ചേഷിച്ചതു്? ആ ചോറുതിന്നുന്ന പപ്പനു കൂടെയും ഇതുകണ്ടു് ഓക്കാനം വരുന്നില്യോ, ഈച്ചര പിള്ള എവിടെ കൂവ്വാ.
ഈച്ച:
(പ്രവേശിച്ചു്) ഇവിടുണ്ടേ.
ഗോവി:
വിളിക്കു ആ വേലൂച്ചട്ടമ്പിയെ. കൊച്ചുകിട്ടുവിന്റെ ജാതകം കൊടയും പുടവകൊടയും ഇപ്പോൾ നിശ്ചയിക്കണം.
ശങ്ക:
(പ്രവേശിച്ചു്) എന്തോന്നു ചേട്ടാ, എന്തു്? ഈ വെളിയിൽ നടയിൽ നിന്നോണ്ടല്ല, കുടുംബം നിലനില്ക്കാനുള്ള ഏർപ്പാടുചെയ്യുന്നതു്. വിവാഹം കളിക്കാര്യമല്ലെന്നു് ആറു ശാസ്ത്രങ്ങളും അറിയാവുന്ന ചേട്ടൻ തന്നല്ലേ പറഞ്ഞിട്ടുള്ളതു്. വരണം വരണം. (അകത്തേയ്ക്കു രണ്ടുപേരും പോകുന്നു).
ഈച്ച:
ഈ കന്നൻ അയാൾ കരുതിയ കടവിൽ കൊണ്ടടുപ്പിക്കും. നാം തോറ്റേയ്ക്കാം.
(കൊച്ചു കിട്ടു ഇളിഭ്യനായി തിരിച്ചുവരുന്നു).
ഈച്ച:
എന്തു കൊച്ചങ്ങുന്നേ!
കൊച്ചു:
മന്തെടോമന്തു്. അവൻ കുതിരപ്പന്തായം പടിച്ച പിച്ചക്കാരൻ. നാലുരാജ്യവും നടന്നു തഴമ്പിച്ചവൻ. ഞാൻ തന്റെ ഗുണദോഷം കേട്ടു് ഉള്ള കടങ്ങളും വാങ്ങി വെളിയിലിറങ്ങിയാൽ മുന്നോട്ടുവിടണ്ടേ?
ഈച്ച:
ഇപ്പോൾ ഈ ദേഷ്യം?
കൊച്ചു:
എടാ, നടയിൽ ഇറങ്ങിയപ്പോൾ ആ രുദ്രൻ പോറ്റി ഒരു മുന്തിയിലു്, ലവിടുത്തെ പണിക്കരെ അവൻ കോട്ടയ്ക്കകത്തു സേവിച്ചിട്ടുവരുന്നു. അവൻ മറ്റേമുന്തിയിൽ; അവൻ അങ്ങു് ആകാശത്തുമെത്തി. ഓടി കാലുകഴയ്ക്കാതെ അവത പറഞ്ഞു് ഇവന്റെ നാക്കു കഴച്ചു. പോടോ, പോ.
പപ്പു:
(സ്വകാര്യമായി) കൊച്ചങ്ങുന്നേ! സായ്പ് കരുവുള്ളവനാണു്. നമുക്കെന്തരെന്നു്? അയാളു കൊണ്ടുപോട്ടെ. ബട്ളറെന്നു എനിക്കുടമ്പടിയുമുണ്ടു്. അങ്ങത്തെ കാര്യങ്ങളൊക്കെ എവൻ ഭദ്രമാക്കിക്കൊള്ളാം.
കൊച്ചു:
വരൂ ഈച്ചരപിള്ളേ! പപ്പു പറയുന്നതിൽ മർമ്മങ്ങളുണ്ടു്. പോകാം.
പപ്പു:
അങ്ങുന്നേ! സായിപ്പിനെ ഇന്നു വയ്യിട്ടു് ഒരു മേശ വിരുന്നിനു വിളിച്ചൂടണം. എല്ലാം നാം ചേർന്നു് നടത്തീന്നങ്ങിരിക്കട്ടെ.
കൊച്ചു:
നിന്നെ ആക്കണം വല്ലടത്തേം കൗൺസിലറായി. ബാ! ബാ!
(ഈച്ചരപിള്ള പപ്പു ഇവരെ പിടിച്ചുകൊണ്ടു വലിയ വമ്പിച്ചനട നടക്കുന്നു).

(കർട്ടൻ)

രംഗം ൮

രാജവീഥി.

(സവാരിക്കിറങ്ങുന്ന വക്കീൽ ധനഹറും രമാചന്ദ്രനും വഴിയിൽ വച്ചു കണ്ടുമുട്ടുന്നു)

രമാ:
ഗുഡീവനിംഗ് സർ.
ധന:
(ഉപചാരം സ്വീകരിച്ചുള്ള തലകുലുക്കലോടെ) എസ്സ്. എസ്സ്. ഗുഡീവനിംഗ്.
രമാ:
ഇവിടത്തെ Leading Vakil Mr. ധനഹർ ആണെന്നു കേട്ടു് ഇങ്ങോട്ടടുത്തതാണു്.
ധന:
നന്നു നന്നു്. മനോഹര സന്ധ്യ, പ്രശാന്തപവനൻ, കണ്ടില്യേ പരിഷ്കാര ലക്ഷ്യം. മഹിളാജനങ്ങളും സവാരിക്കിറങ്ങിയിരിക്കുന്നു. ഏ വേഗത്തിൽ നമ്മുടെ രാജ്യം ഇംഗ്ലണ്ടായിപ്പോകും.
രമാ:
ആ രാജ്യം കണ്ടിട്ടുള്ളവനാണു ഞാൻ.
ധന:
(ആത്മഗതം) ഊരിലെപ്പഞ്ഞം ഉണ്ണിയെക്കണ്ടാലുമറിയാം. (പ്രകാശം) അതുവരെ നടന്നാണോ പോയതു് ? ക്ഷീണം കണ്ടിട്ടു അങ്ങനെ തോന്നുന്നു.
രമാ:
ക്ഷീണമുണ്ടു്. ഞാൻ ആഫീസ്സിലോ താമസസ്ഥലത്തോ വന്നുകാണാൻ ഉദ്ദേശിച്ചിരിക്കയായിരുന്നു.
ധന:
(ആത്മഗതം) തെണ്ടിയാണു്. വഴിയിൽ വച്ചു കണ്ടതു ലാഭമായി. (പ്രകാശം) എന്താ ശീമയിൽ പോയിട്ടു ആദായമാർഗ്ഗം ഒന്നും കിട്ടിയില്ലേ?
രമാ:
ഈ നാട്ടുകാരൻ ഒരാൾ ഇംഗ്ലണ്ടിൽ പോയി അവിടത്തെ നിയമപണ്ഡിതന്മാർക്കു് അത്ഭുതമുണ്ടാക്കുമാറു് പരീക്ഷകൾ ജയിച്ചുപോന്നതു് അവിടുന്നു കേട്ടിരിക്കുമല്ലോ.
ധന:
ആ ഭാഗ്യവാൻ ഇവിടെ എത്തുമ്പോൾ ഞങ്ങൾ ഒരു സ്വാഗതയോഗം കൂടി അദ്ദേഹത്തെ സല്ക്കരിക്കാൻ നിശ്ചയിച്ചിട്ടുണ്ടു്.
രമാ:
അദ്ദേഹം വക്കീൽപ്പണിയിൽ പ്രവേശിക്കുന്നില്ലത്രേ. ഒരു കമ്പനി ആരംഭിക്കാൻ ശ്രമിക്കുന്നു.
ധന:
അതേതേ. ചില പത്രങ്ങളിൽ കണ്ടു. ഇങ്ങോട്ടു വരട്ടെ ആയിരമോ പതിനായിരമോ പങ്കു ഞാൻ എടുക്കുവാൻ തയ്യാറുണ്ടു്. ആ പേരുതന്നെ വിജയ ചിഹ്നമല്ലേ? അദ്ദേഹത്തിന്റെ അച്ഛൻ മഹാധീമാൻ അനുവദിച്ചിട്ടായിരിക്കും അതിലേക്കിറങ്ങിയിരിക്കുന്നതു്. നാലുനാൾ കൊണ്ടു് രണ്ടുലക്കും പിരിയില്ലേ? ഞങ്ങൾ ഇവിടത്തെ ബാർ യോഗം കൂടി ഒന്നു പാതി ഇങ്ങോട്ടേൾക്കാൻ നിശ്ചയിച്ചിരിക്കയാണു്.
രമാ:
(ലജ്ജയോടു്) നിങ്ങളുടെ ഈ വിഭുത്വവും സമുദായ സ്നേഹവും എന്റെ ക്ഷീണത്തിനെല്ലാം നല്ല വിശല്യകരണിയായി ഉപയോഗപ്പെടുന്നു. തല്ക്കാലം ഞാൻ ഒരു അപകടത്തിൽ കുഴങ്ങി നിങ്ങളുടെ കൈത്താങ്ങൽ കിട്ടാൻ അപേക്ഷിക്കുകയാണു്.
ധന:
എന്റെ കൈത്താങ്ങലോ? ആഫീസിൽ വരൂ നാളെ.
രമാ:
ഞാൻ തന്നെയാണു് രമാചന്ദ്രൻ.
ധന:
(പൊട്ടിച്ചിരിച്ചിട്ടു്) ദേവേന്ദ്രനല്ലല്ലോ, ഏ എന്താ റയിൽവേയിൽ ഉണ്ടായിരുന്ന ഡ്രൈവർ പണി പൊയ്പോയോ? എന്റെ ചട്ടസ്സാറേ! പൊട്ടൻ തട്ടിക്കാൻ കണ്ട ആൾ തെറ്റിപ്പോയി. എന്നാൽ അവിടത്തെ കാർഡ് ഒന്നു കാണട്ടെ.
രമാ:
അതെല്ലാം റയിൽവേയിൽ വച്ചു കളഞ്ഞു പോയി.
ധന:
അതേതേ, അതുതന്നെയായിരുന്നു വ്യാപാരകേന്ദ്രം. അപ്പോൾ എന്റെ ദർശനത്തിനു പാമാർത്ഥം കാണാൻ ശക്തിയുണ്ടു്.
രമാ:
മിസ്റ്റർ ധനഹർ നിങ്ങളെ ഞാൻ വഞ്ചിക്കാൻ നോക്കുന്നൂ എന്നു വിചാരിക്കരുതു്. ഞാൻ ഒരു പഠിപ്പുള്ളവനെന്നു് എഴുതി നിങ്ങളെ ബോധ്യപ്പെടുത്താം. നിയമത്തിൽ എന്തെങ്കിലും ചോദിച്ചോളു. രമാചന്ദ്രൻ തന്നെ ഞാൻ എന്നു തെളിയിക്കാം. ഞാൻ സ്വാശ്രയ ശക്തിതന്നെ പ്രധാനമെന്നു ചിന്തിച്ചുപോന്നതു വലിയ അബദ്ധം ആയി.
ധന:
ഏ! ഇക്കഥ ഒന്നും പറയേണ്ട മിസ്റ്റർ രമാചന്ദ്രൻ ആണെങ്കിൽ നിങ്ങൾ പ്രോസ്പെക്റ്റസും കൊണ്ടു വീട്ടിലോ ആഫീസിലോ വന്നേക്കുക. ആ സ്വാശ്രയവൃത്തി എന്നു പറഞ്ഞതു്… അപ്പോൾ അച്ഛന്റെ സഹായം കൂടാതെ പുറപ്പെട്ടിരിക്കുകയാണോ?
രമാ:
ഞാൻ അനുഷ്ഠിക്കേണ്ട ജീവിതവ്യാപാരത്തെക്കുറിച്ചു് ഞങ്ങൾ ഭിന്നാഭിപ്രായക്കാരായി.
ധന:
എന്നാൽ സ്വാഭിപ്രായം നടക്കട്ടെ. (വേഗം നടക്കുന്നു. രമാചന്ദ്രൻ എത്തുന്നു) എടോ! സൊള്ളാൻ കൂടാതെ തിരിഞ്ഞു നടകൊള്ളൂ.
രമാ:
എന്തു മിസ്റ്റർ ധനഹർ! നിങ്ങൾക്കു് ആളെക്കണ്ടു ഒന്നനുമിക്കാൻ ശക്തിയില്ലെന്നുവന്നുവോ?
ധന:
ഏയ്, സൊല്ലക്കാരാ, സവാരിറങ്ങിയപ്പോൾ ഞാൻ കാശു കൊണ്ടുവന്നില്ല. വേഷവിശേഷം വ്യാഖ്യാനിക്കാൻ കുറച്ചു പരിചയം എനിക്കുമുണ്ടു്.
രമാ:
കൊല്ലത്തു ഒരു സ്നേഹിതനു ഒരു കമ്പി നിങ്ങളുടെ ചിലവിൽ അയയ്ക്കുക. അദ്ദേഹം നാളെ രാവിലേക്കു് ഇവിടെ എത്തും. പിന്നീടു എന്നെ ആട്ടിപ്പുറത്താക്കിക്കൊള്ളുക.
ധന:
ഇന്നത്തേതു കഴിഞ്ഞിട്ടല്ലേ നാളത്തേതു് അന്വേഷിക്കുക. മിസ്റ്റർ രമാചന്ദ്രനുവേണ്ടി കമ്പി അയയ്ക്കേണ്ട കാര്യം എനിക്കു വന്നിട്ടില്ല. നടക്കൂ ഹേ! നടക്കൂ, അല്ലെങ്കിൽ പുറകോട്ടുമാറൂ.
(പപ്പൻ പ്രവേശിച്ചു് ധനകരനെ തൊഴുതിട്ടു്)
പപ്പു:
ഇപ്പോ അങ്ങത്തെ അടുത്തുകൂടിയോ ഈ ദൊര. ആയിരം രൂപ ശമ്പളക്കാരനങ്ങുന്നേ കേട്ടില്യോ അങ്ങുന്നേ, മുണ്ടയത്തു സരസൂക്കുട്ടിയമ്മേടെ സമ്മന്തം, അതിങ്ങേരാണു്.
രമാ:
(പപ്പനോടു്) ഞാൻ ഇന്നു കണ്ട കുട്ടിയാണോ സരസൂക്കുട്ടി?
പപ്പു:
അതേ, അതേ, അങ്ങനെ ഞാൻ അങ്ങു പോവതെങ്ങനെ എന്നാടിയില്യോ, അതുതന്നെ കുട്ടി; ശങ്കരപ്പിള്ളയങ്ങത്തെ മകളെ.
ധന:
എടാ, ഈ Black gaurd ആണു് ആ വീട്ടുകാർക്കു് ആ ദുഷ്പേരെങ്കിലും വരുത്തിയതു്. ദൂരെ മാറി നടക്കൂ. ഹംബഗ്, ബെഗർ, സ്കൗണ്ഡ്രൽ.
രമാ:
ഇതാ പരമാർത്ഥം അറിയാതെ ശകാരിക്കരുതു്.
ധന:
ദൂരത്തു വാങ്ങി നടന്നില്ലെങ്കിൽ ഞാൻ… എടോ കോൺസ്റ്റബിൾ, എന്തു ഭേഷജം! നിന്റെ പേരെന്താടോ?
പപ്പു:
പപ്പൂള്ളാന്നു് മുണ്ടയത്തെ തമ്പി അങ്ങത്തെക്കൂടി പാർക്കുന്നു.
ധന:
അതേതേ. നീ പോയി പറഞ്ഞേക്കു് ഞാൻ അങ്ങോട്ടു വരുന്നൂന്നു്. ശ്യോ, ശ്യോ. എന്തെല്ലാം അനർത്ഥങ്ങൾ—ഇവന്റെ മുഖം നന്നു, ഏതാണ്ടൊരു മിരട്ടും പിരട്ടും ഉണ്ടു്. അതല്ലെ ഈ പെണ്ണുങ്ങളെ കുഴിയിൽ ചാടിക്കുന്നതു്.
രമാ:
വക്കീൽ കേസരി! നിങ്ങൾ വലിയ വിദ്യാസ്തംഭങ്ങളെന്നു നടിക്കുന്നു. നിങ്ങളുടെ അന്തർമ്മഹത്വം മഹാതുച്ഛം! നാലു ചക്രം ചിലവാകുമെന്നു പേടിച്ചല്ലേ നിങ്ങൾ എന്നെ ഓടിക്കുന്നതു്? നിങ്ങൾ ഇന്നു ആ വീട്ടിൽ പോകുന്നെന്നല്ലേ പറഞ്ഞതു്. എൻറ ഈ നിസ്സഹായസ്ഥിതിയിൽ അവിടത്തെ മഹതി കാട്ടിയ കൃപ. വിസ്മയനീയം! നമ്മുടെ സ്ത്രീലോകത്തിനും വിദ്യാപരിഷ്കൃതി ഉണ്ടാകുമ്പോൾ നിങ്ങൾ തലതാഴ്ത്തി അവർക്കു ദാസ്യപ്പെടേണ്ടിവരും.
ധന:
(കൈ ആട്ടിയിട്ടു്) എടോ! തനിക്കു കുറച്ചു കിഴക്കു വടക്കു ചെന്നാൽ ഒരു മഹാരാജാലയം ഉണ്ടു്. പാർക്കാൻ ഭരിക്കാൻ അവിടെ ഒരു എൽ. എം. എസ്സ്. ഉണ്ടു് രാജാക്കന്മാരു്, കോടീശ്വരന്മാരു്, സ്വർഗ്ഗസുഖം അനുഭവിക്കുന്നവർ എന്നിങ്ങനെ പല കൂട്ടരേയും അവിടെക്കാണാം. രമാചന്ദ്രൻ എന്ന പേരു മാറ്റിയിട്ടു് ഉമാഭാസ്കരൻ എന്നോ മറ്റോ ഇട്ടു് അങ്ങുചെന്നു രജിസ്റ്റരിൽ നമ്പർ ചാർത്തിക്കുക.
(വക്കീൽ കുറെ യുവരസികന്മാരെക്കണ്ടു മന്ത്രിച്ചു പോകുന്നു).
ഒന്നാം യുവാവു്:
ഹേ! മിസ്റ്റർ രമാചന്ദ്രൻ എം. ഏ. എൽ. എൽ. ഡി. സി. എൽ. ബാർ-അറ്റ്-ലാ. tec.
രണ്ടാം യു:
ഓ മിസ്റ്റർ ഭീമചന്ദ്രചാറ്റർജി, നിയമപണ്ഡിത ബഹദൂർജി, ആറട്ടർബഹദൂർജി.
മൂന്നാം യു:
രണ്ടുലക്ഷം മുതൽ മുടക്കി, തിരുവിതാംകൂറിലെ ജിഹാംഗീർ റ്റി. റ്റാറ്റായായ, ഐശ്വര്യം ഹിമവൽക്കരിക്കാൻ പോകുന്ന ബാറൻ റാസ് ചൈൽഡ്!
ഒന്നാം യു:
സർ നിങ്ങടെ അത്താഴപ്പട്ടിണി പാസ്പോർട്ട് കയ്യിലില്ലേ. You will be off to Japan within;
രണ്ടാം യു:
എടോ! അതു് അയാളുടെ വയറ്റിനകത്തു ദീപയഷ്ടിയായി കത്തിജ്വലിക്കുകയാണു്.
ഒന്നാം യു:
അയാളുടെ കോപരൌദ്രം നിങ്ങളെ ദഹിപ്പിക്കും. വിശപ്പുകൊണ്ടു പക്ഷേ, അയാൾ നിങ്ങളെ തിന്നും കളഞ്ഞേക്കാം.
പപ്പു:
ഇങ്ങനെ ഒന്നും പറയരുതു്. അദ്യം മുണ്ടയ കൊച്ചുകൊച്ചമ്മയെ കെട്ടാൻ പോണ സായിപ്പാണു്. ശമ്പളം രൂപാ ആയിരം. നമ്മുടെ കിട്ടുപിള്ള അങ്ങുന്നു അങ്ങോട്ടു വിളിച്ചോണ്ടു ചെല്ലാൻ പറഞ്ഞിട്ടു ഞാൻ വന്നിരിക്കയാണു്.
ഒന്നാം യു:
എന്നാൽ മിസ്റ്റർ രമാചന്ദർ അങ്ങോട്ടുചെല്ലൂ. കിട്ടുപിള്ള ചട്ടമ്പിയുടെ ആശ്രമത്തിൽ വേണ്ടതുകിട്ടും. അവിടെ തെങ്ങും കാമധേനു തുലാവർഷമാണു്.
രമാ:
എന്റെ സ്നേഹിതന്മാരെ! നിങ്ങൾ പഠിപ്പുള്ളവരാണെന്നു തോന്നുന്നു. ഒരു നിരാശ്രയന്റെ നേർക്കു് അനുഷ്ഠിക്കേണ്ട ധർമ്മം എന്തെന്നു് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണു്.
രണ്ടാം യു:
എന്നാൽ അതു പറയുവെടോ! താൻ ഡാക്ടർ രമാചന്ദ്രൻ എന്ന സമ്പൂജ്യനാമവും വഹിച്ചു് അത്താഴ പട്ടിണിക്കാരനായി കപ്പും നീട്ടി നടന്നാൽ ഞങ്ങൾ തന്നെ പൂജിക്കുന്നതു മണ്ണുകൊണ്ടായാൽ അതു ധർമ്മലംഘനമാണോ? യുദ്ധംകൊണ്ടും മറ്റും ദാരിദ്ര്യം പെരുകി ആളുകൾ പല വേഷവും കെട്ടുമ്പോൾ ഒരു കോട്ടും ട്രൗസറും ഇട്ടു നടക്കുന്നവനെ ധ്വര എന്നു പൂജിക്കണമെന്നു്!
രമാ:
ആട്ടെ, ഞാൻ മിസ്റ്റർ ധനഹരനോടു് ഒരു രൂപയുടെ സഹായമേ ചോദിച്ചൊള്ളു. നിങ്ങൾ ആരെങ്കിലും അതു ചിലവിട്ടു ഒരു കമ്പി അയയ്ക്കുക. മറുപടിവരെ എന്നെ ബന്തവസ്സിൽ വയ്ക്കുക. ആത്മാഭിമാനത്തെക്കരുതി ഞാൻ ഇത്ര വളരെ കുഴങ്ങി.
ഒന്നാം യു:
എടോ പപ്പുപിള്ളേ! ഇയ്യാളെപ്പിടിച്ചു ആ പത്മതീർത്ഥത്തിൽ കൊണ്ടു ഒരു ശാശ്വതക്കുളി കഴിപ്പിക്കൂ. അനാഥ പ്രേതമായി കഥ അങ്ങനെ അവസാനിക്കട്ടെ.
പപ്പു:
അയ്യോ! അങ്ങനെയൊന്നും പറയരുതേ. മുണ്ടയത്തെ സരസൂക്കുഞ്ഞു മിസ്സിത്തങ്കച്ചിയെ കെട്ടാൻ പോണവനാണു്. കള്ളമല്ല. തിരുവാണപ്പടിയാണെ സത്യം. (ഓരോരുത്തൻ ഉന്തിത്തള്ളി Shake hand കൊടുത്തു് Oh! congratulations, Give us a dinner, please write to mealso എന്നു പറയുന്നു).
(തൊപ്പി എടുക്കുക, ലേസെടുക്കുക മുതലായതു ചെയ്യുന്നു).
രമാ:
ഭഗവാനേ! പരിഷ്കാരം മൂത്താൽ ഇത്ര കഷ്ടമോ? (ഓടുന്നു. യുവാക്കന്മാർ പോകുന്നു)
രമാ:
ആരെടോ അതു്?
പപ്പു:
ഇന്നവിടെ കണ്ടില്യോ ആ കൊച്ചുകൊച്ചമ്മേടെ മൊറഭർത്താവു്.
രമാ:
എന്തായാലും അയാൾ എന്നെ എന്തിനന്വേഷിക്കുന്നു. എന്റെ വഴി അയാളുടേതല്ല.
പപ്പു:
രണ്ടുപേരുടെ വഴിയും നല്ലതുമല്ല. പോട്ടെ, നാമൊക്കെ ഇനി ഒന്നായി കഴിയേണ്ടവരല്യോ എന്നു്…
രമാ:
എടോ! ആളും പരമാർത്ഥവും അറിയാതെ കേറി സംസാരിക്കരുതു്.
പപ്പു:
ആ കൊച്ചമ്മ വേണ്ടാന്നു് ഈ കയ്യിൽ അടിച്ചു സത്യം ചെയ്യണം. പപ്പൻ നടന്നേയ്ക്കാം.
രമാ:
(ആത്മഗതം) ഇവൻ എന്നെ വല്ലാതെ കുഴക്കുന്നു. ആ മഹതിയുടെ സ്മൃതിയും ധ്യാനവും ഇവനു ബഹുഭോജ്യങ്ങളുടെ അല്ല അമൃതത്തിന്റെ ശക്തിതന്നെ തരുന്നു. വക്കീൽ പണിയും വേണ്ട; വ്യവസായവും വേണ്ട. അവരോടുചേർന്നു് അച്ഛന്റെ പാദ ശുശ്രൂഷചെയ്തു ജന്മം നിവർത്തിക്കാം. അച്ഛനു നിർബ്ബന്ധമാണെങ്കിൽ ഒരായിരം സന്നതുവാങ്ങി ഒരു മൂലയിൽ കുമിച്ചേക്കുകയും ചെയ്യാം. ഈ സ്ഥിതിയിൽ ഇവൻ ആവശ്യപ്പെടുന്ന സത്യം ചെയ്യുന്നതെങ്ങിനെ? (പ്രകാശം) തന്റെ മുമ്പിൽ സത്യം ചെയ്യാൻ തനിക്കെന്നോടു തുല്യത വേണ്ടേ?
പപ്പു:
എന്റെ ദൊരെ! കൊച്ചുകൊച്ചമ്മ എന്നെ ദൊരയുടെ ബട്ളരാക്കാമെന്നു കണ്ട ഇടയ്ക്കു് പേശിയിട്ടുണ്ടു്. പിന്നെ എന്റടുത്തല്ലാണ്ടു് എങ്ങു സത്യം ചെയ്യുന്നതു്?
രമാ:
എടോ ഞാൻ ഇന്നാദ്യമായിട്ടു് അവിടെ കേറിയതേയുള്ളു. ധ്വരയുമല്ല.
പപ്പു:
ആ പെരട്ടെല്ലാം അങ്ങുവച്ചേക്കണം മാസ്തർ; പപ്പൻ ഫസ്ത് ക്ലാസ് കരിഗൂക്ക്. ആൻ ടേബിൾ വച്ചൊരുക്കൽ ഡ്രസ്സ് കിസ്റ്റകർപോട്ടൂ. ടംബ്ലർ, വിസ്കി, ബാറ്റിൽ വെരി മോടി സാർ. ട്രൈ സാർ. ട്രൈ.
രമാ:
ഇതെന്തൊരു ഗോഷ്ഠിയെടോ? താൻ ഏതെങ്കിലും സേവിച്ചുകൊള്ളൂ. ഇതാണു് ഒരു സായിപ്പ് അവിടെ വിവാഹം ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നൂ എന്നു് ഇവരെല്ലാം പറയുന്നതു്?
പപ്പു:
എന്റെ സാർ! ഇങ്ങനെ മായപ്പൊടി ഇട്ടു വഞ്ചിക്കരുതു്. എനിക്കു സായിപ്പിന്റെ വേദം അറിയാൻ വയ്യ. എങ്കിലും ഞങ്ങളുടെ ഇടയിൽ…

“ദേഹമായതും നീയേ, ദേഹിയായതുംനീയേ,

ബ്രഹ്മ മായതുംനിയേ, ബ്രഹ്മിയായതുംനിയേ”

എന്നു പറയുംപോലെ സകലതും സാർ, സായ്പ്.
രമാ:
നടക്കൂ, ഞാൻ അങ്ങോട്ടുതന്നെ വരാം. ഇതു് അറബിക്കഥയിലും മറ്റും വർണ്ണിച്ചിട്ടുള്ളതുപോലെ ഒരു ആഭിചാരബദ്ധമായ നഗരം എന്നപോലെ എനിക്കു തോന്നുന്നു. തിരിയുന്ന ഭാഗത്തെല്ലാം ജളത്വം, ഭ്രാന്തു്. കൃപയും, പ്രഭുത്വവും, ദാതൃത്വവും, ഭൂതദയയും എങ്ങും കാണുന്നില്ല. കടക്കുന്നിടത്തെല്ലാം കടക്കൊള്ളി ഓങ്ങൽകൊണ്ടു് സൽക്കാരം. ഇതു് ലോകത്തിൽ വഞ്ചന മൂർഛിച്ചിരിക്കുന്നതിന്റെ ലക്ഷ്യം തന്നെയാണു്. പരസ്പരവിശ്വാസം അസ്തമിച്ചുപോയിരിക്കുന്നു. ചക്രമുള്ളവനും, അധികാരമുള്ളവനും മാത്രം വിജയിക്കാം. മറ്റുള്ളവർ വാനപ്രസ്ഥരാകണം.
പപ്പു:
സായ്പേ! ഈ പ്രസംഗമെല്ലാം കൊച്ചു കിട്ടുപിള്ളയങ്ങത്തെ ഒന്നു കേൾപ്പിക്കണം. ഇതു് തമിൾ പാട്ടുകളിലു്

“ഏതെന്തനത്തനനാനത്തെന്ന

തെന്താന്നാ തെന്നാനാ”

എന്നും തന്താവട്ടം പിടിച്ചു പാട്ടിൽ പ്രസംഗിക്കാൻ പപ്പുവിനറിയാം. വരണം, അതും കേൾപ്പിക്കാം.

(കർട്ടൻ)

രംഗം ൭

കൊച്ചുകിട്ടുവിന്റെ വിഹാരശാല.

കൊച്ചുകിട്ടുവും ഈച്ചരനും പ്രവേശിക്കുന്നു.

ഈച്ച:
(ആത്മഗതം) ഇയാടെ തന്തയേയും തള്ളയേയും കുഴിച്ചുമൂടാൻ എനിക്കുമനസ്സുണ്ടു്. എങ്കിലും നമ്മുടെ പാട്ടിൽ പമ്പരം കറങ്ങുന്ന ഇയ്യാളെ വിചാരിച്ചു അവരോടുള്ള ക്ഷാത്രം അമർത്തേണ്ടിയിരിക്കുന്നു. ഇയ്യാൾ തന്നെ സരസ്വതിത്തങ്കച്ചിയെ വേൾക്കണം. എന്നിട്ടു ആ ശങ്കരപ്പിള്ളയെ പുറത്താക്കി അവിടത്തെ ഭരണം ഇയ്യാൾ ഏൽക്കണം. അവിടത്തെ അരമനസുഖം ഇയ്യാൾ ആണ്ടുകൊള്ളട്ടെ. വസ്തുവിന്റെ ഭരണമെല്ലാം നമ്മുടെ അധീനത്തിലാകും. എല്ലാകൂട്ടവും പട്ടിണിക്കും. നാം ആദായത്തിനു നീട്ടുപിടിച്ചും. ഈ കൊച്ചങ്ങുന്നു ഭാര്യയുമായി കൊടുക്കൽ വാങ്ങൽ തുടങ്ങും. ഈശ്വരപിള്ള വല്ല മഠപ്പേരും എടുത്തു പൊലിക്കടക്കാരനാകും.
കൊച്ചു:
എന്തെടോ താൻ മൗനം ദീക്ഷിച്ചു് വലിയ കൊഠൂരമുഖനായിരിക്കുന്നതു്. നിരന്നൂ സാപ്പാടിനുള്ള സാമാനങ്ങൾ—എന്നുവച്ചാൽ അവൻ അയാളെ കൊണ്ടുവരുമെന്നു് നിശ്ചയമുണ്ടെങ്കിൽ…
ഈച്ച:
കൊണ്ടരും; കൊണ്ടരുമെന്നു സംശയമോ. അവൻ എരതോണ്ടി നടക്കുകയല്യോ? ശങ്കരപ്പിള്ള അങ്ങത്തെക്കണ്ണിൽ മണ്ണിട്ടു അവിടത്തെ താവളം.
കൊച്ചു:
അപ്പോൾ അവൻ വന്നാൽ…
ഈച്ച:
നിറച്ചുകൊടുക്കണം. എന്നിട്ടു് അവിടെക്കൊണ്ടുചെന്നു വല്യങ്ങത്തെക്കയ്യിൽ പിടിച്ചപിടിയെ കൊടുക്കണം. തുലാമാസത്തിൽ എന്റെ പൊന്നും കുടത്തു കൊച്ചങ്ങത്തെ പിടവട എന്നു ഇതാ ഞാൻ കച്ചിട്ടെഴുതിവയ്ക്കാം.
കൊച്ചു:
എന്നാൽ എല്ലാം വേഗം ഒരുക്കു. അച്ഛൻ ഉറങ്ങിപ്പോയാൽ ഇന്നു പിന്നെ ഒന്നും നടവാ
ഈച്ച:
ചുമ്മാതിരിക്കണം കൊച്ചുസാറേ! വലിയങ്ങുന്നു കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോ വേണം അവിടെക്കൊണ്ടു ചാണ്ടാൻ. എന്നാൽ പിന്നെ കാര്യം പട്ടും കത്രിയും പോലെ ‘ശ്രേ’ന്നറ്റിരിക്കും.
കൊച്ചു:
എന്നാൽ വേഗം ആകട്ടെ. എങ്ങനെ എങ്കിലും അയാളുടെ ഉടുപ്പിൽ ഇത്ര ഒഴിച്ചൂടണം കേട്ടോ. നമുക്കു ചവയ്ക്കാൻ ഈരുള്ളി കരുവാപ്പട്ട ഒക്കെ ഒരുക്കിയോ?
ഈച്ച:
ഉണ്ടെന്റെ പിള്ളേ! ഉണ്ടു്. ഈച്ചരൻ പനിനീരിനുപകരം ഇച്ചരക്കു് തളിച്ചു അങ്ങനെ കൊമ്പിച്ച സർവീസ് നേടീട്ടുള്ളവനാണു്.
കൊച്ചു:
എന്നാൽ ആ കസേരയിൽ മലർന്നു കിടക്കാതെ ഒരുക്കൂ. പപ്പനെ വെളിയിലോട്ടു ചറുക്കു് വെച്ചൂടണം.
ഈച്ച:
അടവൊന്നും ഈ ആശാനു പറഞ്ഞുതരണ്ടാ. ഫ്ളോട്ടെല്ലാം അടുക്കി നടുക്കിനു ഇവന്റെ കല്പനാ ശക്തിസുമാറാക്കീട്ടുണ്ടു്.
(ഒരുഭാഗത്തുനിന്നു പലഹാരങ്ങളും, കുപ്പികൾ, തംബ്ലേറുകൾ ഇവയും മേശപ്പുറത്തു തയ്യാറാക്കുന്നതിനിടയിൽ ഈച്ചരൻ ഒരുകുപ്പി രുചിനോക്കുന്നു).
കൊച്ചു:
ശേ! ശപ്പാ! ഹടുക്കളക്കാരന്റെ അവകാശം ഒടുവിലല്ലേ? (കുപ്പിപിടിച്ചുവാങ്ങി കുടിക്കുന്നു)
ഈച്ച:
കൊച്ചങ്ങുന്നേ! ഓമനപ്പൊന്നങ്ങുന്നേ! പത്തപ്പം ചുട്ടപ്പം ഞാനപ്പം രണ്ടപ്പം എന്നും മറ്റും കേട്ടിട്ടില്യോ? അതുകൊണ്ടു്…
(കുപ്പിവാങ്ങി രണ്ടുതവണ കുടിക്കുന്നു).
കൊച്ചു:
എടാ നീരാഴീ! ഇതെങ്ങു ചെന്നു പെരുകുന്നു? പന്തയത്തിൽ തോൽക്കാൻ ഞാൻ ധയ്യാറല്ല. എന്നാൽ ഇന്നാ പിടിച്ചോ (കുടിക്കുന്നു).
ഈച്ച:
അയ്യോ! മഹാപാപി അങ്ങുന്നേ! കുപ്പി ഒന്നൊഴിച്ചല്ലോ? ഇനി മൂന്നുപേർക്കൊന്നെന്ന തീരാക്കണക്കിലല്യോ ശേഷിക്കുന്നതു്.
കൊച്ചു:
അവന്റെ മേത്തു തളിച്ചാൽ മാത്രം മതിയോ കൂവേ! കഴിയുമെങ്കിൽ ബൂട്ടീസും കാൽസ്രായിയും ഒക്കെ ഊരണം. കഞ്ചാവിരുപ്പില്യോ? അതക്കിണ്ണത്തിൽ ഒന്നു കലക്കൂടണം. അപ്പോ ബാണക്കുറി പോലെ അവൻ ആകാശം ഗമിക്കും.
ഈച്ച:
അപ്പോൾ ലോകങ്ങളെല്ലാം അല്ല രാശികളെല്ലാം പൊരുത്തം ചേർന്നു. അങ്ങുന്നേ വിവാഹം ചെയ്യുമ്പോൾ മുണ്ടുവാങ്ങുന്നതു പട്ടക്കരയും, സാരിയും സ്ത്രാപുളയും ഒഗ്ഗെമോതിരോം, ഒക്കെ അണിയുന്നതു തംഗജ്ജിയോ ഈച്ചരപിള്ളനോ?
കൊച്ചു:
എന്റെ തങ്കക്കുടമേ നീയല്ലാണ്ടു് എനിക്കച്ഛനാരെടാ അമ്മയാരെടാ? കേട്ടിട്ടില്യോ “വിദ്യുജ്ജിഹ്വനൊഴിക്കലാഴ്മശയനേഴാത്രൗവഴാഞ്ഞെതഴയം ക്ഴദ്ധ്വാശുപ്പണശാകപാലവുമഡച്ചമ്പോടുവാഴും വിധൗ”
ഈച്ച:
(തത്തിപ്പിടഞ്ഞു്) ബന്നു പോയി. ശട്ടയേംശീലും മട്ടുഹൾ. മേത്തഴം ശീമ. (ഒരുവശത്തോട്ടു നോക്കി) ഗുഡ്നൈറ്റു ദൊഴേ! ഇന്നുതന്നെ ഞങ്ങടെ യജ്ഞങ്ങൾ സബലമായി വഴണം. സഴസുതി ദേവീഡെ നായരായി ഞങ്ങടെ എല്ലാ വിഴിഞ്ചരായി ഴഷ്ഷിക്കണം.
(രമാചന്ദ്രനും പപ്പനും പ്രവേശിക്കുന്നു).
കൊച്ചു:
(എഴുന്നേറ്റു ചാഞ്ചാടി) ശാർ! യൂ ഡൂയിംഗ് ഗുഡ് ഹെൽത്ത്? കം, സാർ, മലയാഴം പേശു നാടൻ. ഗുട്ട്. സിഡൗൺ.
രമാ:
ഞാൻ ധ്വരയും മറ്റുമല്ല. നിങ്ങൾ എന്തിനാണു എന്നെ ഇങ്ങോട്ടു വരുത്തിയതു്?
പപ്പു:
(ആത്മഗതം) ഗ്രഹപ്പിഴയായി. ഇവരണ്ടും കൊടും സവാരിയിൽ കേറി അങ്ങനെ മെച്ചത്തിൽ വിട്ടിരിക്കുന്നു. ഈ പാവത്തിനെ ആ കൊച്ചുകൊച്ചമ്മക്കരുതിക്കുരുതി ചെയ്തേച്ചാൽ ബോലീസുകാരെ കൊന്ത്രാണ്ഡത്തിൽ ഞാനും പെട്ടുപോം. ദൊരേടെ ബട്ളർ എന്നു നമുക്കു പേരും വീണുപോയി. ദൊര ഇങ്ങെങ്ങാണും വച്ചു് കാടുമറഞ്ഞു മലന്നു പൊയ്യാൽ ജെയിൻ പട്ടാളത്തിൽ ഇവൻ ജീവപര്യന്തക്കമനാപ്സരായിപ്പോവും.
ഈച്ച:
(രമാചന്ദ്രനെ പിടിച്ചിരുത്തി പലഹാരങ്ങൾ നീക്കിവച്ചു പപ്പുവിനെ ദൂരത്തു നീക്കി) പപ്പുപിള്ളേ! തന്നെ വല്യങ്ങുന്നു ഉടനെ അങ്ങു ഷെല്ലാൻ എന്തഴോ ഒക്കെ പഴഞ്ഞേച്ചുപോയി. നീയങ്ങു് ശഴ്‌ന്നു് എഴുന്നള്ളൂടു്. നോഗ്ഗ് ഞങ്ങളും ഇത്തിഴി കഴിഞ്ഞു ഇയ്യാളെ ഊട്ടിച്ചു് അങ്ങു മുണ്ടേത്തേക്കു മണ്ടും. അങ്ങത്തേയും കൊണ്ടു നീ അങ്ങെത്തണം. നോക്കു ആദ്യം സ്വർഗ്ഗവും പാതാളവും കാണും പടിക്കു്, തപ്പരവിപിടിക്കുംപടി മരുന്നൂട്ടി കൈത്താണ്ടിട്ടുബേണം അവിടെ വരാൻ. അല്ലെങ്കിൽ നിനക്കു ബട്ളർ ഗുന്തം.
പപ്പു:
(ആത്മഗതം) ആഹാ! ഇവനെ അങ്ങുന്തിയരശ്ശാക്കാനാ ഭാവം. അങ്ങുന്നു് ഇന്നുതുള്ളി തൊട്ടുതെറിക്കാതെ കുപ്പിയെക്കൂടിയും ഒടച്ചു വച്ചിരിക്കും. കൊച്ചമ്മേ ദൊര കൊണ്ടുപോണം. ഇവർ എന്തോ പൊടിക്കയ്ക്കു് നിക്കുവാണു്. (പ്രകാശം) ദൊരേ! സലാം. ഈ ഏഴയെ കാപ്പാത്തുകൊള്ളണം. ഇവിടെ ഇവർ മഹാ പ്രഭുക്കൾ, അന്നദാനകുറുന്തടികൾ. അതാ പിഞ്ഞാണങ്ങളിൽ കാണുന്നതു് മുച്ചൂടും തട്ടി, തുള്ളി ധർമ്മക്കഞ്ഞീം മോന്തിക്കളയണം. ഗുണ്ഡൈസ്, ഗുണ്ഡൈസ്. (സലാം വച്ചുപോകുന്നു)
(ഈച്ചരപിള്ള മുഖം കഴുകുന്നു).
രമാ:
എനിക്കിതൊന്നും വേണ്ട, ഇത്ര ചോറും സംഭാരവും കിട്ടിയെങ്കിൽ സുഖമായിക്കഴിക്കാം.
കൊച്ചു:
ഇതാ ഇരിക്കുന്നു. അമ്മേടെ നെഞ്ചീന്നും കിട്ടാത്ത പാലും, തൈരും, മോരും സംഭാരവും. ശോറുതന്നെയിതു്. ശോറെന്തു്? പലാരമെന്തു്? പലാരമെന്തു്? ശോറെന്തു്? എല്ലാം കുക്ഷിയിലെല്ലോ നിറയുന്നതന്നവും, എന്നല്ലേ കവിവാക്യം.
ഈച്ച:
മിശ്റ്റരേ, എസ്ക്ക്വേറേ തട്ടണമെന്നേ. കേട്ടിട്ടില്യേ ഏതാണ്ടു ശക്രത്തിനു കിട്ടുമ്പം ശോറുനായഗോ വേണം എന്നു കേട്ടിട്ടില്യോ!
കൊച്ചു:
ഉത്തമം മാംസാശനം എന്നു വിദുരവാക്യം. പേയങ്ങളിൽ സുരാപാനം. പാനം അറിഞ്ഞു പറഞ്ഞ മഹർഷികൾ മൂഢന്മാരെന്നു നാം വരുദ്ദരുതു്: മാടുതിന്നാത്തവൻ നാടുഭരിക്കുന്നതെങ്ങനെ? പടവെട്ടുന്നതെങ്ങനെ? (തിന്നുന്നു കുടിക്കുന്നു ഈച്ചരനും കൊച്ചു കിട്ടുവും)
(രമാചന്ദ്രൻ എഴുന്നേൽക്കുന്നു).
രമാ:
തിരുവനന്തപുരത്തു് ഈ വിധമുള്ള രംഗങ്ങൾ ഉണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ല. നിങ്ങൾ മുണ്ടയത്തു കാരണവരുടെ മകൻ, നിങ്ങൾ അദ്ദേഹത്തിന്റെ ഇഷ്ടൻ. അന്തസ്സുള്ള ജനങ്ങളെന്നു വിചാരിച്ച ഞാൻ പോന്നു ഇതുകണ്ടിട്ടുതന്നെ എന്റെ വിശപ്പു ശമിച്ചു. ഞാൻ പോയിവരാം.
ഈച്ച:
എടെ! കിറ്റുച്ചട്ടമ്പി! ഇവന്റെ മേന്മ കണ്ടില്യോ മേന്മ? ഒരുതുള്ളി മോന്താൻ ആണല്ലാദ്ദവനോ ശീമദ്ദൊര! നിന്റെ തലച്ചട്ടിയോ ലഷ്ഷണങ്ങളോ!
കൊച്ചു:
എടാ, കാലുവച്ചു് അവനെ അവിടെ പിടിച്ചിട്ടിട്ടു് എടുത്തു എല്ലാം വായ്ക്കരിക്കിടു്. ആ കുപ്പിയെടുത്തു് അവന്റെ മണ്ടക്കൊടേം ഒട. ചരിക്കെടാ ആ വിളക്കിലെ മണ്ണെണ്ണ അവന്റെ മേത്തു്. വയ്യെടാ കൊള്ളിയും വൈ. അവന്റെ കൊള്ളിക്കും കൊടത്തിനും ഓഹരിക്കാർ അണ്ണന്തമ്പിമച്ചമ്പിമാരും നാം തന്നെ.
(രണ്ടുപേരും സാഹസങ്ങൾക്കു കൈമുറുക്കിയും മറ്റും അടുക്കുന്നതിൽ കാലുറയ്ക്കാതെ വിഷമിക്കുന്നു).
രമാ:
ചങ്ങാതികളെ! നിങ്ങൾക്കു് ഈ പുറമേ കാണുന്ന അവയവങ്ങൾ പോലെതന്നെ ബുദ്ധിയും അസ്വാധീനമായിരിക്കുന്നു. അതിക്രമങ്ങൾ വട്ടം കൂട്ടണ്ടാ. മണ്ണെണ്ണവിളക്കു് നിങ്ങളുടെ മേൽതന്നെ ചരിഞ്ഞു പൊട്ടിത്തെറിച്ചു തീയും പിടിച്ചേക്കാം. അതിനൊന്നിനും ഞാൻ സാക്ഷിയാകുന്നില്ല. (പോകുന്നു).

(ഈച്ചരനും കിട്ടുവും മുന്നോട്ടു ചാടി രമാചന്ദ്രനെ പിടികൂടുന്നതു തങ്ങളിലാകുന്നു. കൊച്ചു കിട്ടു മുകളിൽ വീഴുന്നു).

എടാ ദൊഴേ, നീ, ബ്ഴാമ്മണനോ നമ്പൂരിയോ, എങ്കി ഇന്നാ പിടി (മർദ്ദിക്കുന്നു) ബ്ഴാമ്മണനും ഞെങ്ങളു് ആവാതന്മാരുമെങ്കി നിന്റെ അമ്മയ്ക്കു നീ ഉതകാതെ പോട്ടെ. (മർദ്ദനം).
ഈച്ച:
കൊല്ലരുതു്. അവൻ തപ്പിപ്പിഴച്ചു. ചെവിട്ടിലിട്ടു മർദ്ദിക്കരുതു് (ഈച്ചരൻ പരവശത കാട്ടുന്നു)
കൊച്ചു:
എടാ! ശനിയാ! എന്റെ പൊന്നമ്മച്ചി, നിയോടാ ശാവാൻ തുടങ്ങണതു്? കെട്ടിപ്പിടിച്ചോ.
(രണ്ടുപേരും കൂടി പരിരംഭണം ചെയ്തു് ഉരുളുന്നു. പപ്പു തിരിച്ചെത്തി “അടിച്ചാം ബാദർ, പപ്പുവിന്റെ എട്ടര യോഗം” എന്നു പറഞ്ഞു പലഹാരം ശാപ്പിടുന്നു).

(കർട്ടൻ)

രംഗം ൮

രാത്രി നിലവിളക്കു് എരിയുന്നു.

(മുണ്ടയത്തു ഭവനം. സരസ്വതി പ്രവേശിക്കുന്നു)

സര:
അവസ്ഥാഭേദങ്ങൾ എന്തു് അത്ഭുതം! ആരു്, ജാതിയെന്തു് എന്നു് ഒന്നും അറിഞ്ഞു കൂടാത്ത ആളിന്റെ പിറകേ എന്റെ ഹൃദയം എന്നെ ഉപേക്ഷിച്ചു യാത്രയായിരിക്കുന്നു. Dearest എന്നുള്ള സംബോധനയ്ക്കു് ആ വിദ്വാനു് എങ്ങനെ ധൈര്യം വന്നു! എന്താണിങ്ങനെ വരുവാനും എനിക്കു തോന്നാനും പരസ്പരം ഒരു സ്നേഹം ഉണ്ടാവാനും സംഗതി! വിധി കൃത്യം, അല്ലാതെ എന്തു പറയുന്നു.
അകത്തുനിന്നു്:
സരസ്വതി,
സര:
ഓ, അമ്മ വിളിക്കയാണു്, അങ്ങോട്ടു ചെല്ലാം (പോകുന്നു).
(ശങ്കരപ്പിള്ള പ്രവേശം)
ശങ്ക:
സരസ്വതി ഇവിടെ ഉണ്ടെന്നാണു വിചാരിച്ചതു്. കുറച്ചുദിവസം അവൾ കാളേജിൽ പോവേണ്ടെന്നു ഗുണദോഷിപ്പാനാണു് ഞാൻ വന്നതു്. പരസ്പരാദരം, വിശ്വാസം, കുലാഭിമാനം, ജാതിസ്നേഹം എല്ലാം നശിക്കുന്നു. നാഥനില്ലാത്ത വർഗ്ഗങ്ങൾക്കു് ഇങ്ങനെ തന്നെ. ആചാര്യനില്ലാ, നേതാവില്ല. ഓ, രാവിലെ ഇവിടെ കളംതകർത്തവൻ രണ്ടാമതും വരുന്നു. ഇതു സൊല്ലയായി. സത്യത്തിൽ ആപത്തു പിടികൂടിയവനെയും കള്ളവേഷക്കാരനേയും തിരിച്ചറിയുവാൻ പാടില്ല. ഇതു സായ്പും, കായ്പുമല്ല. നമ്മുടെ വകതന്നെയെന്നു തോന്നുന്നു. ഇതാ വെളിച്ചത്തുവന്നപ്പോൾ കാതുകുത്തിയിരിക്കുന്ന പാടുപോലും കാണാനുണ്ടു്.
(രമാചന്ദ്രൻ പ്രവേശിക്കുന്നു)
ശങ്ക:
എന്താ കൂനിൽ കുരുവും പുറപ്പെട്ടപോലെ നിങ്ങൾ വരുന്നതു്? ഈ സ്ഥലം നിങ്ങൾക്കു് ഒരു സത്രമോ?
രമാ:
അതല്ല. അവകാശബന്ധം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്നില്ല. കൊല്ലം കഴിഞ്ഞപ്പോൾ കേരളം അവസാനിച്ചു എന്നു് എനിക്കുതോന്നിപ്പോകുന്നു. ഇവിടം മാനത്തിന്റെ മൂലസങ്കേതമെന്നു ഞാൻ കേട്ടിരുന്നു. അത്യുദാരന്മാരായ പ്രഭുവർഗ്ഗം ഇവിടെ അധിവസിച്ചിരുന്നു. ഇപ്പോൾ കരിന്തറവിസ്തൃതികളിലെ ക്ഷാമാകാരങ്ങളുടെ കാറ്റേറ്റോ ദുഷ്പരിഷ്കാരത്തിന്റെ ഗതിവൈകല്യത്താലോ ഭൂതദയനശിച്ച സ്വാർത്ഥം മനുഷ്യമൂർത്തികളുടെ ഓരോ അണുവിലും സജീവം പ്രവർത്തിക്കുന്നു.
ശങ്ക:
അതൊക്കെ തള്ളു ഹേ! നിങ്ങൾക്കു എന്തുവേണം? നിങ്ങളുടെ ജാതിയും തൊഴിലുമൊന്നും ഞങ്ങൾക്കറിയേണ്ട ആവശ്യമില്ല. എന്താ വേണ്ടതെന്നു പറഞ്ഞു മാറിക്കളയൂ.
സര:
(പ്രവേശിച്ചു്) അച്ഛാ? ആരതു്? (രമാചന്ദ്രനെ നോക്കി) ഓഹോ! അച്ഛാ! ഇദ്ദേഹം നല്ല ഇംഗ്ലീഷ് പഠിപ്പുള്ള ആളാണു്. എന്തോ ഒരാപത്തു സംഭവിച്ചിട്ടുണ്ടു്. കരുണയോടു് അതെന്തെന്നു ചോദിച്ചയയ്ക്കുക.
രമാ:
ഈശ്വരാ! അവിടത്തെ ചൈതന്യം ഒരു സത്വത്തിലെങ്കിലും കാണുന്നതു് ആശ്വാസജനകംതന്നെ.
സര:
അങ്ങനെ തോന്നുന്നില്ല. ദരിദ്ര്യം മൂർച്ഛിച്ചു കള്ള വേഷക്കാർ പെരുകിയിരിക്കുന്നു. അതുകൊണ്ടു എല്ലാ പേർക്കും സംശയമുണ്ടു്.
ശങ്ക:
നിങ്ങളിപ്പോൾ നഗരസ്ഥിതിയെക്കുറിച്ചു ഒരു ഹിയറിംഗ് നടത്തേണ്ടതില്ല. എന്തുവേണമെന്നു പറഞ്ഞിട്ടു തന്റെ പാട്ടിനു പോകൂ.
രമാ:
എന്തായാലും ഒരു ഗൃഹസ്ഥനാണല്ലോ ആവശ്യമെന്തെന്നു ചോദിക്കുന്നതു്. വിസ്തരിച്ചു ധരിപ്പിച്ചേക്കാം. ഒന്നു മേൽ കഴുകാൻ സൗകര്യം, ഇതൊന്നു മാറിക്കളയാൻ ഒരുടുപ്പുമുണ്ടു്; അത്താഴത്തിനു് ഇവിടുള്ളതിൽ ഓഹരി, ഒരു കമ്പി അയയ്ക്കുന്നതിനു് ഒരു രൂപായും.
ശങ്ക:
കിടക്കാൻ ഒരറയും, ഒരു സപ്രമഞ്ചക്കട്ടിലും, ധൂളി മെത്തയും ഒക്കെ വേണ്ടെ?
രമാ:
അതൊന്നും വേണ്ട. ഞാൻ കപ്പലിന്റെ മേൽത്തട്ടിലും കിടന്നു നല്ലോണം ഉറങ്ങീട്ടുണ്ടു്.
സര:
അച്ഛാ! ആവശ്യപ്പെടുന്നതു കൊടുക്കണം. നമുക്കൊരു നഷ്ടവും വരാനില്ല.
ശങ്ക:
അതേതേ, പേരുനാറുന്നതോ?
സര:
എത്രപേർക്കു ഭ്രാന്തുപിടിച്ചിരിക്കുന്നു? അവരെ ഒക്കെ ചികിത്സിക്കാൻ അച്ഛൻ പുറപ്പെടുന്നോ?
(ധനഹർ പ്രവേശിക്കുന്നു)
ശങ്ക:
(കസേര നീക്കിയിട്ടു) വരണം… വരണം വരണം…
ധന:
ഹ! ഹ! എന്തേകേമാ! ഇവിടെ എത്തിക്കഴിഞ്ഞോ? ശങ്കരപ്പിള്ളച്ചേട്ടാ! ഇയ്യാൾ വലിയ നിയമ സഞ്ചികയാണു്. ഞങ്ങളുടെ എല്ലാം വ്യാപാരം ഏടു കെട്ടിക്കാൻ, പക്ഷേ, ചാടിപുറപ്പെട്ടേക്കാം. എന്തോന്നാ ഈ കേൾക്കുന്നതെല്ലാം?
സര:
എന്തോന്നാ അമ്മാവാ! ചോദിക്കുന്നതു്? ഞാൻ ഇവിടെ പറഞ്ഞേ ഉള്ളൂ. നാടോടെ വെറും ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു്.
ധന:
വരട്ടെ, വരട്ടെ, ആ ചെറുനാവുകൊണ്ടു തോല്പിക്കാൻ വരട്ടെ. ആളുകൾക്കു കൂട്ടത്തോടെ ഭ്രാന്തു പിടിക്കുക അസംഭവ്യം. ഇവിടെ എന്തോ അപകടം കാട്ടിയിട്ടുണ്ടു്. ഇതാ ഈ കുപ്പായക്കാരൻ ഈ സുഭദ്രയുടെ വിവാഹത്തിനു കാപ്പുകെട്ടി പ്രച്ഛന്നവേഷനായി നടക്കുന്ന അർജ്ജുനൻ.
രമാ:
എന്തു മിസ്റ്റർ ധനഹർ. അർജ്ജുനനു സുഭദ്ര ചേർന്നില്ലേ? ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ അതിനു് അനുകൂലിച്ചതുപോലെ നിങ്ങൾ പ്രബുദ്ധന്മാർ അന്തർന്നേത്രം കൊണ്ടു സത്യങ്ങൾ ഗ്രഹിച്ചു് അനുഗ്രഹിക്കേണ്ടേ?
ശങ്ക:
ഇവിടെവച്ചല്ല ഈ അധിക പ്രസംഗങ്ങൾ.
സര:
അമ്മാവാ! അതിനുത്തരം പറയണം. ഭാമാദേവിയോടുകൂടിയിരിക്കുന്ന ശ്രീകൃഷ്ണൻ “അത്യർത്ഥം ചിരിപ്പതിനെന്തുകാരണം നാഥാ!” എന്നു ചോദിച്ചതിനു് “സത്യമായുള്ളവാർത്ത ഭഗവാനരുൾ ചെയ്തു.”
രമാ:
അതു് ഭഗവൽ പ്രേരിതമായുള്ള ഒരു വാദമാണു്.
ധന:
ചേട്ടാ വല്ലതും കൊടുത്തു യാത്രയാക്കണം. ഇവിടെ വ്യാപരിക്കുന്ന ഗന്ധം ചേട്ടൻ സൂക്ഷിച്ചില്ലേ? നിങ്ങൾ മൂക്കില്ലാത്തവരാണോ? കള്ളിന്റെ മണം തല തകർക്കുംപടി വിശുന്നു.
ശങ്ക:
(മണംപിടിച്ചിട്ടു്) എന്റെ കുട്ടാ. ഇതു കഷ്ടം തന്നെ. പ്രായവും, രൂപവും ഭാവവും അഭിനന്ദനീയം. എങ്കിലും വ്യാപാരം നീചമെന്നാണു തോന്നുന്നതു്.
രമാ:
നിങ്ങളുടെ ആളുകൾ തന്നെ എന്നെ കുഴിയിൽ ചാടിക്കാൻ നോക്കി. ഞാൻ രക്ഷപ്പെട്ടു് അഭയത്തിനായി ഇങ്ങോട്ടു കേറിയതാണു്. അതിനു കാരണം സത്യം പറഞ്ഞേക്കാം. ഈ ശ്രീമതിയോടു് എനിക്കു തോന്നുന്ന അനശ്വരാദരം തന്നെ.
ധന:
ഹ്! ഹാ! അത്ര നേരെ പറഞ്ഞുതുടങ്ങി. ഇറങ്ങു പുറത്തു്. ചേട്ടാ ഇവനു് കഞ്ഞിത്തെളി തൊട്ടുതെറിക്കരുതു്. അനശ്വരാദരം പോലും! എടോ! വല്ല റയിൽവേയിലോ പോയി പണിയെടുത്താൽ ദിവസം ഒരു രൂപകിട്ടില്ലേ? ചെറുപ്പം. തൂൺ പോലിരിക്കുന്നു. എന്നിട്ടും തെണ്ടിനടപ്പാൻ നാണമാവുന്നില്ലേ. ഒരു ഗവർണ്ണർ സൂട്ട്—ഇതൊക്കെ താൻ മോഷ്ടിച്ചതല്ലേ? ചേട്ടാ! ഇവനെ നമുക്കിപ്പോൾ പോലീസിൽ ഏൾപ്പിക്കണം. രണ്ടുകൊള്ളുമ്പോൾ നേരെല്ലാം പുറത്താവും.
(തമ്പിയും ഭാര്യയും പപ്പനും പ്രവേശിക്കുന്നു)
ലക്ഷ്മി:
(ആത്മഗതം) ഇതാ ശനിയൻ! ഇങ്ങേർക്കു് അനന്തിവരെന്നുള്ള ഇഴുവലി വിട്ടിട്ടില്ല. ഇവിടത്തെ ഒരു ചക്രം തൊടാൻ പറയുമ്പം തൂങ്ങിച്ചാവാൻ നില്ക്കും. ദൊരമരുമോൻ വന്നിരിക്കുന്നൂന്നു കേട്ടപ്പം വാതം പിടിച്ചു പടുത്തടിയിൽ കിടക്കുന്ന ആളു് കൊച്ചുപിള്ളേപ്പോലെയല്യോ ഓടിപ്പോന്നതു്.
(എല്ലാവരും എഴുന്നേറ്റു തമ്പിയെ ഇരുത്തുന്നു)
തമ്പി:
വക്കീൽ സാറും ഉണ്ടാ ഇവിടെ? മദ്യക്കേസെന്തോ ഇവിടെ ഉണ്ടാവുട്ടോ? എടേ ചങ്കരപ്പിള്ളേ! ഇതു തന്നെയോ നിന്റെ ദൊര!
ധന:
എടാ പപ്പാ, വെളിയിൽ കാൺസ്റ്റബിൾ നില്പുണ്ടു്. ഒന്നിങ്ങോടു വിളിച്ചേക്കു.
സര:
വേണ്ടമ്മാവാ! അതു വലിയ അപമാനവും, ആപത്തുമായേക്കാം.
രമാ:
മിണ്ടാതിരിക്കൂ. പലതരം കാൺസ്റ്റബിൾമാരെയും ഞാൻ കണ്ടിട്ടുണ്ടു്. സ്കാട്ട്ലൻഡ് യാഡിന്റെ—കേട്ടോ മിസ്റ്റർ ധനഹർ—പ്രമാണിയോടു് എന്റെ അഭ്യാസകാലത്തു ഞാൻ ഗാഢമായി സഹവസിച്ചിട്ടുണ്ടു്.
ധന:
ചക്രവർത്തി ഇങ്ങേർക്കു ചോറും വിളമ്പിത്തന്നിട്ടില്ലേ? ഛേ! പിരട്ടൻ, മിരട്ടൻ, ഉരുട്ടൻ, ചെല്ലൂ പപ്പുപിള്ളേ! അല്ലെങ്കിൽ താനാരെന്നു തെളിയിക്കൂ.
(പപ്പൻ പോകുന്നു. കൊച്ചുകിട്ടുവും ഈച്ചരനും പ്രവേശിക്കുന്നു).
ഈച്ച:
(കരഞ്ഞു്) പൊന്നുടയതേ! നോക്കണേ കണ്ണും ചിന്നീം ഒക്കെ ഇടിച്ചുപൊടിച്ചുകളഞ്ഞു. അയാൾ വിരുന്നൊരുക്കി ഞങ്ങളെ വിളിച്ചുകൊണ്ടു പോയി ഒരു പേയാട്ടം തുടങ്ങി. സോഡാലമനേടെന്നു് തന്നതെല്ലാം കഞ്ചാരസവും, കള്ളും ചാരായവും എല്ലാം കൊച്ചുകിട്ടുപിള്ള അങ്ങുന്നിനു കിട്ടാതിരിപ്പാൻ.
കൊച്ചു:
(കരഞ്ഞു്) അച്ഛാ! കൊന്നുകളയുമായിരുന്നു. എന്തോ ആയുസ്സറാത്തതിനാൽ രക്ഷപ്പെട്ടു. ഇതാ എന്റെ മുണ്ടും എല്ലാം നോക്കണം. പിടിച്ചുതള്ളിയിട്ടു തലയ്ക്കു വെളിവും കെടുത്തുകളഞ്ഞു.
ധന:
എടൊ! ദൊരഗ്ഗോസ്സായി! തെണ്ടി, എന്തുപറയുന്നു നീയിപ്പോൾ. നീ വലിയ ഗുസ്തിക്കാരനോ? പറ, പറ എന്തുപറയുന്നു?
രമാ:
കോടതിയിൽ വച്ചു ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞു കൊള്ളാം. ഇവിടെ നാം രണ്ടുപേരും സമംതന്നെയാണു്.
ധന:
നീ പിച്ചക്കാരൻ, കുടിയൻ, മുടിയൻ, പിത്തലാട്ടക്കാരൻ അടിപിടിക്കാരൻ എന്നു ചില വ്യത്യാസങ്ങൾമാത്രം. നിനക്കിന്നു കുളിയും ഊണും തീർച്ചയായും സ്റ്റേഷനിൽ; അല്ലെങ്കിൽ ഞാൻ ധനഹർ അല്ല.
കൊച്ചു:
(കരഞ്ഞു്) അച്ഛാ ഇവനെ രണ്ടുദിവസമെങ്കിലും ജയിലിൽ ആക്കിയ്ക്കണം.
ഈച്ച:
പോരാ, പോരാ; ഒരു ഡസൻ കൊണ്ടു മുതുകു കുളം കൂടി ആക്കണം.
സര:
അല്ലേ! ആളുകൾക്കു ഭിക്ഷയ്ക്കും കൂടിയും നടന്നുകൂടെന്നായോ അന്തസ്സുള്ളവരുടെ ബുദ്ധിശൂന്യതകൊണ്ടു്?
ലക്ഷ്മി:
എന്റെ അപ്പി തന്നെ ഈ കൊറച്ചിലും കുശാണ്ടവും വരുത്തിവച്ചതു്—ഇനീം കേറി അവനു വേണ്ടി വക്കാലത്തു പിടിക്കുന്നു. എന്നാപ്പിന്നെ അവന്റെ കൂടി എറങ്ങിപ്പോവൂടിൻ. ഞാൻ എന്നേ പറഞ്ഞു എവനെക്കൊണ്ടൊരു തുണീം കൊടുപ്പിച്ചു പഠിപ്പും നിറുത്തി അവനോന്റെ പണ്ടത്തെ തിഥിക്കു പൊറുത്തുകളയണം എന്നു്. അതിനൊക്കെ ഈ ചങ്കരപ്പിള്ള മൊടക്കിടാവുപോലെ ചെറുക്കുക.
(പപ്പനും കാൺസ്റ്റബിളും പ്രവേശിക്കുന്നു.)
ധന:
ആരുമാരും ഒന്നും ശണ്ഠകൂടേണ്ട… എല്ലാത്തിനും ഇതാ നിവൃത്തിവരുന്നു. എടേ, കാൺസ്റ്റബിൾ, ഇയ്യാളെ നിങ്ങളുടെ സ്റ്റേഷനിൽ കൊണ്ടുപോവൂ
രമാ:
കാൺസ്റ്റബിൾ എന്തു കുറ്റത്തിനെന്നു ചോദിക്കൂ. വല്ലവർക്കും അന്യായം ഉണ്ടങ്കിൽ ബോധിപ്പിക്കണം. ഞാനിതാ മര്യാദയ്ക്കു് എന്റെ നിലയ്ക്കു നിൽക്കുന്നു.
കാൺസ്റ്റബിൾ:
ച്ഛട്ട്, പേശരുതു്. കുറ്റങ്ങളും മറ്റും ഞങ്ങൾ ഉണ്ടാക്കുന്നതല്ലാതെ എന്തോന്നെടാ കൂവ്വേ! നടക്കൂ. ഷോഡറാം എന്നു്.
രമാ:
അല്ലാ, നിയമരക്ഷകന്മാരും ഇത്രത്തോളം കാടുകയറിയോ? ഇതാ തമ്പി അങ്ങുന്നേ. ശങ്കരപ്പിള്ള അമ്മാവനും കേൾക്കുക. ഈ ശ്രീമതി സാക്ഷിയായാൽ കൊള്ളാം. ഞാൻ ഇവിടന്നും ഒരു ചോടു് നീങ്ങാൻ ഭാവിക്കുന്നില്ല. കാൺസ്റ്റബിൾ എന്റെ ദേഹത്തു തൊടുന്നെങ്കിൽ ഒന്നാം പ്രതി അഹങ്കാരത്താൽ അപമര്യാദയുള്ള ഒരക്രമത്തിനു് അയാളെ പ്രേരിപ്പിക്കുന്ന ഈ വക്കീലാണു്.
ധന:
അഹങ്കാരി തന്റെ ദ! തന്നോടെന്തു പറയുന്നെടോ! ആണുങ്ങളും അവസ്ഥയുള്ളവരും അല്ലാഞ്ഞാൽ ഇങ്ങനെ തെണ്ടിത്തിരിഞ്ഞു് പോലീസുലാക്കപ്പുകളിൽ ഉറങ്ങേണ്ടിവരും. തന്റെ വ്യവഹാരത്തിനുത്തരം പറവാൻ ഞാൻ ആൾ തന്നെ. അഞ്ചോ പത്തോ ഫൈൻ കൊടുക്കുമെന്നു പറഞ്ഞാൽ തന്നെ പുല്ലാണു്.
രമാ:
അതിലൊന്നിലും നിൽക്കാൻ ഞാൻ വിടില്ല. വാശി മാറ്റുള്ളോർക്കും തോന്നും.
ധന:
എടാ നിന്റെ അച്ഛനു് ഈ വാശി തോന്നിയിരുന്നെങ്കിൽ
(രായിരപ്പണിക്കരും പരിവാരങ്ങളും പ്രവേശിക്കുന്നു).
രായിര:
ശരിയാണു് ധനഹരപിള്ളേ! നിങ്ങൾക്കുള്ള പ്രസിദ്ധി വെറുതേ കിട്ടീട്ടുള്ളതല്ല. എന്റെ മകന്റെ ശബ്ദം എനിക്കു നല്ലോണം അറിയാം. പതിവായുള്ള എന്റെ താമസസ്ഥലവും ഇതാണു്. ദൈവഗത്യാ അവൻ ഇങ്ങോട്ടുതന്നെ പോന്നു. എന്റെ ഗുണദോഷം കേൾക്കാത്തതിനു അവനു നിങ്ങൾ കൊടുത്ത ഈ ശാസന തക്ക ശിക്ഷയായി…
തമ്പി:
അല്ലേ! ഇതാരു പണിക്കരദ്ദേഹമോ? (എല്ലാവരും താണുതൊഴുന്നു.)
രായി:
(രമാചന്ദ്രനെ പിടിച്ചു മുന്നോട്ടുനീക്കി ധനഹരന്റെ അടുത്തുനിറുത്തി ഇതാ ഏറ്റുകൊള്ളുക. നാളെത്തന്നെ ഒരു സന്നതു വാങ്ങിപ്പിച്ചു് ഇവനെ നിങ്ങളെല്ലാവരും കൂടി മേൽനോട്ടം ചെയ്യുക. അല്ലാതെ കമ്പിനിക്കും കിമ്പിനിക്കും ഒന്നും പോകണ്ട.
(തമ്പിയെ പണിക്കർ പിടിച്ചിരുത്തുന്നു).
രായിര:
ചേട്ടാ! എത്രനാളായി കണ്ടിട്ടു്? ശങ്കരപ്പിള്ളേ വേഗം ഊണു തയാറാക്കിക്കൂ…
ധന:
(വിനയവാനായി) നിങ്ങൾ മിസ്റ്റർ രമാചന്ദ്രൻ തന്നെ; അല്ലേ?
രമാ:
അല്ലെന്നല്ലേ ചേട്ടന്റെ വിധി? പിന്നെ അദ്ദേഹം എന്തോ പറയുന്നു. അദ്ദേഹം ഏല്ക്കുന്നെങ്കിൽ അദ്ദേഹത്തിന്റെ മകൻ ഞാൻ തന്നെയാണു്. വിദ്യാലയങ്ങളിൽ എല്ലാം എന്റെ പേരു രമാചന്ദ്രൻ എന്നുതന്നെയായിരുന്നു.
രായി:
ശബ്ദമുണ്ടാക്കരുതു്. ഇവിടെ ഒരു വിശേഷ സാന്നിദ്ധ്യം കൂടി ഞാൻ ഞാൻ കാണുന്നു. കിച്ചൻ മാച്ചൻ പാടിക്കൊണ്ടു് ഈ മുറ്റങ്ങളിൽ തലനിറയെ മണ്ണുമാക്കി കരണം കുത്തിമറിയുന്ന ഒരു കൊച്ചു കമ്പക്കൂത്താടിയെ ഞാൻ കണ്ടിരുന്നു. ആ പുള്ളിതന്നെ വികസിച്ചു എന്റെ ഈ മരുമകളായിത്തീർന്നിരിക്കുന്നു എന്നു തോന്നുന്നു. (എഴുന്നേറ്റു് സരസുവിനെപ്പിടിച്ചു നീക്കി അടുത്തുനിറുത്തിക്കൊണ്ടു്) എന്താ കുട്ടന്റെ മുഖം നന്നോ? അല്ലെന്നു പറഞ്ഞാൽ അച്ഛനായ ഞാൻ കലഹിക്കും; കേട്ടോ. സ്വഭാവത്തിനു ഞാൻ ഉത്തരവാദിയല്ല. നിങ്ങടെ ഇംഗ്ലീഷു വിദ്യാഭ്യാസം തന്നെ, അതു തിരുവഷളു്. കേട്ടില്ലേ ധനഹരെന പ്രസിക്യൂട്ടുചെയ്യുമെന്നു ശണ്ഠകൂടിയതു്. വല്ലാത്ത വാശിക്കാരനാണു്. അച്ഛന്റെ നാലുകാശു തുലച്ചെങ്കിലും അവൻ നമ്മുടെ വക്കീൽ സിംഹത്തെ ഒന്നു വട്ടം കുറക്കുമായിരുന്നു. കുട്ടാ നിന്നോടു ഞാൻ പറഞ്ഞില്ലേ, നിലത്തു നോക്കി നടന്നു കൊള്ളണം.
രമാ:
ഞാൻ ഒന്നുരണ്ടുദിവസം പട്ടിണികിടന്നു, ബോധം കെട്ടു് ഇവിടെയെത്തി വീഴുമെന്നറിവാൻ അച്ഛനെ പോലെ ദീർഘദർശനം ഉണ്ടായിരുന്നില്ല.
തമ്പി:
അമ്മാവന്മാരും ഒക്കെ ഇതൊന്നും കേൾക്കേണ്ട. ഞാൻ അറപ്പുരയിലോട്ടു പോട്ടെ. (പോകുന്നു).
രായി:
നിൽക്കണം ചേട്ടാ! വേണ്ടത്തക്ക ആളുകൾ ഒക്കെ ഹാജരുണ്ടല്ലോ. ഇവനും ഈ കുട്ടിക്കും സമ്മതമെങ്കിൽ നിങ്ങൾക്കെല്ലാം മനസ്സെങ്കിൽ കഷ്ടാവസ്ഥയിൽ കൂട്ടിമുട്ടിയ കൂട്ടരു സൗഭാഗ്യത്തോടുകൂടി ജീവിത സുഖം ബഹുദശാബ്ദം അനുഭവിക്കട്ടെ.
ധന:
എന്റെ ദർശനന്യൂനതയ്ക്കു ക്ഷമായാചനം ചെയ്തു കൊണ്ടു് ഒരു ജ്യേഷ്ഠന്റെ നിലയിൽ സർവ്വാശിസ്സുകളും സംശുദ്ധഹൃദയത്തോടെ ഞാനും നൽകുന്നു. (കൊച്ചു കിട്ടു മുഖം താഴ്ത്തി ഈച്ചരനേയും കാൺസ്റ്റബിളിനേയും വിളിച്ചുകൊണ്ടു പോകാൻ തുടങ്ങുന്നു).
പപ്പു:
പപ്പൻ ബട്ട്ളേർ അപ്പം?
കൊച്ചു, ഈച്ച:
അടുപ്പിലെടാ, അടുപ്പിൽ.
പപ്പു:
ച്ഛേ! പോവിൻ. ശീമദ്ദൊര, ചട്ടദ്ദൊര, ഒടുക്കം പറ്റിയതു ശിമക്കാരൻ. അതുകൊണ്ടു പപ്പൻ ബട്ടുളേരക്കും വേണ്ടപടി… അങ്ങനെ ചാഞ്ഞു, ഇങ്ങനെ ചാഞ്ഞു കെട്ടുപൂട്ടെന്നോ വിജാരിപ്പെന്നോ വരും?
രായിര:
എന്തായാലും ആ പൊന്നുതിരുമേനി സർവ്വൈശ്വര്യത്തോടും, സർവ്വ ഭാഗ്യങ്ങളോടും ഓരോ തിരു വയസ്സും ജനലക്ഷങ്ങളുടെ ഐകകണ്ഠ്യമായുള്ള ഹൃദയപ്രാർത്ഥനകളോടും ആശിസ്സുകളോടും തികച്ചു് ശ്രീപത്മനാഭൻ എന്നപോലെ തന്നെ കൃപാവർഷവും ധർമ്മനയവിതരണവും കൊണ്ടു് പ്രജാലക്ഷങ്ങളെ പരിപാലിച്ചു വിജയിക്കുമാറാകട്ടെ.

(ശുഭം)

സി. വി. രാമൻപിള്ള ബി. ഏ.
images/cvramanpillai.png

ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്നു സി. വി. രാമൻപിള്ള. മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ, ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിലാണു് അദ്ദേഹത്തിന്റെ പ്രശസ്തി. 1858 മെയ് 19-നു് (1033 ഇടവം 7) തിരുവനന്തപുരത്തു് കൊച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. തറവാടു് നെയ്യാറ്റിൻകരയിലാണു്. അച്ഛൻ പനവിളാകത്തു് നീലകണ്ഠപ്പിള്ള. അമ്മ കണ്ണങ്കര പാർവതിപ്പിള്ള.

ബാല്യം ജീവിതം

സി. വി. തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി. വി.-യുടെ വിദ്യാഭ്യാസത്തിനു് സംരക്ഷണം നൽകിയതു് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കൽ കേശവൻതമ്പിയായിരുന്നു. 1881-ൽ ബി. എ. പാസായി. ബന്ധുക്കളുടെ നിർബന്ധത്തിനു് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാടു് വിട്ടു് ഹൈദരാബാദിലേക്കു് പോയി. ഈ യാത്ര അദ്ദേഹത്തിനു് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ടു് കണ്ടു മനസ്സിലാക്കുന്നതിനു് സഹായിച്ചു. 1887-ൽ മുപ്പതാം വയസിൽ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടിൽ ഭാഗീരഥിയമ്മയ്ക്കു് വിവാഹ സമയം 16 വയസ്സു് പ്രായമേ ഉണ്ടായിരുന്നുള്ളു. 1904-ൽ ഭാര്യയുടെ അകാല മരണം വരെ ഈ വിവാഹം നീണ്ടുനിന്നു. പിന്നീടു് അവരുടെ മൂത്തസഹോദരിയും രാജാ രവിവർമ്മയുടെ ഇളയ സഹോദരൻ സി. രാജ രാജവർമ്മയുടെ വിധവയുമായ ജാനകി അമ്മയുമായുള്ള വിവാഹമായിരുന്നു.

കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയിൽ ചെറിയൊരു ജോലി കിട്ടിയതിനെ തുടർന്നു് നിയമപഠനത്തിനു് ലോ കോളേജിൽ ചേർന്നു. അതും പ്ലീഡർ പരീക്ഷയും ഒന്നും പൂർത്തിയാക്കാൻ അദ്ദേഹത്തിനു് കഴിഞ്ഞില്ല. ഹൈക്കോടതിയിൽ ശിരസ്തദാറായി ഉയരുകയും പിന്നീടു് 1905-ൽ ഗവണ്മെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്നു് വിരമിക്കുകയും ചെയ്തു. 1918-ൽ സി. വി. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോർഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയിൽ പ്രവർത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവർത്തിച്ചു. ജന്മി-കുടിയാൻ പ്രശ്നം, വിവാഹ ബിൽ എന്നിവയെപ്പറ്റി ലേഖനങ്ങൾ എഴുതിയിട്ടുണ്ടു്. മലയാളീ മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്നു് സി. വി.-യുടേതായിരുന്നു. 1922 മാർച്ച് 21-നു് അന്തരിച്ച ഇദ്ദേഹം കേരള സ്കോട്ട് എന്നറിയപ്പെടുന്നു.

സി. വി. യുടെ ചരിത്രാഖ്യായികകൾ

സി. വി.-യുടെ ‘മാർത്താണ്ഡവർമ്മ’, ‘ധർമ്മരാജാ’, ‘രാമരാജ ബഹദൂർ’ എന്നീ നോവലുകളെ ചേർത്തു് സി. വി.-യുടെ ചരിത്രാഖ്യായികകൾ എന്നു് വിളിക്കുന്നു. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണു്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണു് 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധർമ്മരാജായിൽ രാജ്യദ്രോഹമാണു് മുഖ്യപ്രമേയം. മാർത്താണ്ഡവർമ്മയുടെ അനന്തരവനായ കാർത്തികത്തിരുനാളിനു് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണു് പ്രതിപാദ്യം. രാമരാജാബഹദൂറിലും ഭരണാധിപൻ ധർമ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാൾ പുറത്തു് മൈസൂരിൽ നിന്നാണു് ഇക്കാലയളവിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നതു്. ഒടുവിൽ രാജശക്തി തന്നെ ജയിക്കുന്നു.

കൃതികൾ

ചരിത്രനോവലുകൾ
  • മാർത്താണ്ഡവർമ്മ (1891)
  • ധർമ്മരാജാ (1913)
  • രാമരാജ ബഹദൂർ (1918)

പ്രസ്തുത നോവലുകളെ ചരിത്രാഖ്യായിക (Historical Narrative), കാല്പനിക ചരിത്രാഖ്യായിക (Historical Romance), ആഖ്യായിക (Narrative) എന്നീ വിഭാഗങ്ങളിലും പരാമർശിച്ചു കാണാറുണ്ടു്.

സാമൂഹ്യനോവൽ
  • പ്രേമാമൃതം (1917)
ഹാസ്യ നാടകങ്ങൾ (പ്രഹസനങ്ങൾ)
  • ചന്ദ്രമുഖീവിലാസം (1884, അപ്രകാശിതം)
  • മത്തവിലാസം (അപ്രകാശിതം)
  • കുറുപ്പില്ലാക്കളരി (1909)
  • തെന്തനാംകോട്ടു് ഹരിശ്ചന്ദ്രൻ (1914)
  • ഡോക്ടർക്കു കിട്ടിയ മിച്ചം (1916)
  • പണ്ടത്തെ പാച്ചൻ (1918)
  • കൈമളശ്ശന്റെ കടശ്ശിക്കളി (1915)
  • ചെറതേൻ കൊളംബസ് (1917)
  • പാപിചെല്ലണടം പാതാളം (1919)
  • കുറുപ്പിന്റെ തിരിപ്പു് (1920)
  • ബട്ട്ലർ പപ്പൻ (1921)
  • ലേഖനപരമ്പര
  • വിദേശീയ മേധാവിത്വം (1922)
അപൂർണ്ണ കൃതികൾ
  • ദിഷ്ടദംഷ്ട്രം (നോവൽ)
  • പ്രേമാരിഷ്ടം (ആത്മകഥ)

Colophon

Title: Butler Pappan (ml: ബട്ട്ളർ പപ്പൻ).

Author(s): C. V. Ramanpillai B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Play, C. V. Ramanpillai B. A., Butler Pappan, സി. വി. രാമൻപിള്ള ബി. ഏ., ബട്ട്ളർ പപ്പൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 26, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Conquest of the Air, a painting by Roger de La Fresnaye (1885–1925). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Mrs. Philomina Mathew; Proofing: Dr. Siju K D; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.