— ഡി. അനിൽകുമാർ
കടപ്പെറം വെളുത്തു
ചരുവം കമിഴ്ത്തി
ചന്തിയുറപ്പിച്ച
മീൻകാരി പെണ്ണുങ്ങൾ
മുറുക്കാൻ തുപ്പളി
വിരൽവിടവിലൂടെ
പമ്പരം കണക്ക് വിട്ട്
തലയിഴകളിലെ
പേൻ ഞെരിച്ച്
അവന്തചീല1
അഞ്ചാറുവട്ടം കെട്ടി
പെരുത്ത കലിയിൽ
പള്ളുരിച്ചു
സൂര്യൻകറുത്തു
പെണ്ണുങ്ങളായ പെണ്ണുങ്ങൾ
വള്ളംതള്ളി കടലിലിട്ടു
2 തലമോരിയിലൊരുത്തി
3 കടബോട്ടിലൊരുത്തി
തോർത്ത് തലേച്ചുറ്റി
കയ്യ് പിറകേ കൂട്ടി
മൂന്നാമതൊരുത്തി
തണ്ടുവലിക്കാൻ
നാലാമതൊരുത്തി
തൂണ്ടയിടാൻ
അഞ്ചാമതൊരുത്തി
പെണ്ണുങ്ങൾ
കടലുകടന്നേ പോയല്ലോ
മീങ്കൊയ്യാൻ പോയല്ലോ
ലോഡിങ്
കപ്പലിൽ നില്ക്കുന്ന എനിക്ക്
ഹാർബർ
അനങ്ങുന്നതായിട്ടേ തോന്നൂ
ഹാർബറിനോടൊപ്പം
ലോഡിറക്കുന്ന വണ്ടികളും.
ഉള്ളി, ഉരുളക്കിഴങ്ങ്
തക്കാളി പുറുത്തിച്ചക്ക
നിരയായിറക്കി
അട്ടിയായി അടുക്കി വയ്ക്കും.
സി ഐ ടി യു
എ ഐ ടി യു സി
യു ടി യു സി
ഷിഫ്റ്റനുസരിച്ച്
മാറി മാറി വന്ന്
വെസർപ്പൊഴുക്കും.
മോളിലൊരു ആപ്പീസറുണ്ടാകും
ചരക്ക് പൊട്ടിയാൽ
വലിയ വായിൽ
കീറിവിളിച്ചോണ്ട്
ശാസിക്കാൻ.
ചെട്ടെന്ന് ചെട്ടെന്ന്
4 തൊളുത് തീരാനുള്ള
തൊരയിൽ
5 ഊത്തംവെച്ച ഒടമ്പ്
എലുമ്പാകും.
6 മോന്തിച്ച്
വീട്ടിലെത്തി
കൊട്ടാവി7 വിടുമ്പോൾ
മക്കൾ
കരയുന്നതായിട്ടേ തോന്നൂ
അവർ ഉറക്കമാണെങ്കിലും.
- അഴിഞ്ഞ വസ്ത്രം
- വള്ളത്തിന്റെ മുൻവശം
- വള്ളത്തിന്റെ പിൻവശം
- ജോലി
- വണ്ണം
- അന്തിയ്ക്ക്
- കോട്ടുവാ
— സി. പഴനിയപ്പൻ
പുസ്തകം: വിരൽത്തുമ്പിലൂടരിച്ചുകയറുന്ന വെളിച്ചം.
പുസ്തകം: ഊതി വീർപ്പിച്ച ബലൂണിനു് ഒരു കുത്തുകൊടുക്കാനുള്ള സൂചി.
മഴ: ഓരോ തുള്ളിയുടേയും തുള്ളിത്വത്തിന്റെ വിളംബര യാത്ര. തുള്ളികളുടെ ആയുസ്സോ പുറപ്പെടുന്നിടം മുതൽ വീണുടയുന്നിടം വരെ. തുള്ളി ജലപ്പന്തോ ജലബലൂൺപൊള്ളമോ ചില്ലു ഗോളമോ.
വേനൽമഴ: അഗ്നിശമന സേന.
കാറ്റാടി: കാറ്റടിക്കുമ്പോൾ ആടുന്നതു്, ആടുമ്പോൾ കാറ്റടിപ്പിക്കുന്നതു്.
കടൽ: തിരകളുടെ വിളി. കാതെത്താ ദൂരത്തു് ജീവന്റെ ഉപ്പുരസമുള്ള തിരകളുടെ വിളി.
കാക്ക: കാ കാ… കർ… സ്ത്രോഫ്… ക്രൗ… ശബ്ദം കൊണ്ടു് കാക്കയെന്നു് പേർ. എന്റെ കയ്യിലെ മുറുക്കു കഷണം കൊത്തിപ്പറിക്കുന്ന വിരുതു്. വേർപാടു് വിളിച്ചറിയിക്കുന്ന കൂട്ടക്കരച്ചിൽ. വീട്ടിലേക്കു് വിരുന്നുവരവു് അറിയിക്കുന്ന ഫോൺകാൾ. മരിച്ചുപോയ മുത്തശ്ശിയ്ക്കു് ഞാനയക്കുന്ന ചോറും പലഹാരവും എത്തിക്കുന്ന പോസ്റ്റ്മാൻ.
കോഴി: വെട്ടാനോങ്ങി നിൽക്കുന്നവന്റെ മുന്നിൽ ഭയന്നുപോയ നിലവിളി. അതു കേട്ടുനിൽക്കുന്ന എന്റെയുള്ളിൽ ഇറച്ചിക്കു വേണ്ടിയുള്ള വിശപ്പു്. ആമാശയത്തിൽ മാംസം ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പു്.
റേഡിയോ: ശബ്ദത്തിന്റെ വീടു്. സംസാരിക്കുന്ന കണ്ണാടി.
ലൂയി ബ്രയിൽ: മഹാനായ ലൂയി ബ്രയിൽ, താങ്കളോടു് കടപ്പാടു്. കാഴ്ചയില്ലാത്ത ഞങ്ങൾക്കായി വെളിച്ചത്തിന്റെ സ്വർഗ്ഗം പണിതതിനു്. അവിടെ ഞങ്ങളെ കുടിയിരുത്തിയതിനു്.
ബ്രയിൽലിപി: വിവിധ രൂപത്തിലുള്ള കുത്തുകളും വിരൽത്തുമ്പുകളും തമ്മിലുള്ള സ്നേഹസംവാദം.
വെള്ളവടി: ഒരു ട്രാഫിക് ചിഹ്നം. സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കാവലാൾ.
വിരൽത്തുമ്പു്: കടലാസിലുള്ളതു് എന്നിലേക്കും, എന്നിലുള്ളതു് കടലാസിലേക്കും പകർത്തുന്നതു്, കൈമാറുന്നതു്. സ്പർശത്തിന്റെ സുതാര്യ പ്രതലം, രൂപബോധത്തിന്റെ നിർമ്മാതാവു്, രൂപത്തിന്റേയും. എന്നെ അടയാളപ്പെടുത്തുന്നതു്. എന്റെ അസ്തിത്വത്തിന്റെ, സമ്മതത്തിന്റെ, സത്യത്തിന്റെ അടയാളം.
വെളിച്ചം-ഇരുട്ടു്: വെളിച്ചം വെളിച്ചമെങ്കിലും അതെനിക്കു് ഇരുട്ടു്. ഇരുട്ടു് ഇരുട്ടെങ്കിലും അതെനിക്കു് വെളിച്ചം.
ഉച്ചഭാഷിണി: ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള സൂചന. എങ്കിലും ഉച്ചത്തിലുള്ള ഉച്ചഭാഷിണി എന്റെ ചുറ്റുപാടുകളുടെ അപഹർത്താവു്.
വൈദ്യുതക്കാലു് (പോസ്റ്റ്): നടപ്പാതയിലെ പോസ്റ്റ് എന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ അപഹർത്താവു്.
ഒഴുക്കു്: ഒഴുക്കു് എന്തെന്നനുഭവിപ്പിച്ചു് അറിയിച്ച പുഴ. ഒഴുക്കു് എന്തല്ലെന്ന് പഠിപ്പിച്ച കുളം. ജലത്തിന്റെ യാത്രയും വർത്തമാനവും. ആവർത്തനമില്ലാത്ത അനുഭവയാത്ര.
പുഴ: ജലത്തിന്റെ ഓടുന്ന തീവണ്ടി.
തോടു്: തൊട്ടോടുന്ന വെപ്രാളജലം.
കാറ്റ്: ചലനാത്മകമായ വായുവിന്റെ വർത്തമാനം. വിസിൽ വിളിച്ചോടിക്കുന്ന മേഘങ്ങളുടെ കളി മാഷ്.
ആകാശം: ഇടി, വിമാനം, മഴ, പക്ഷികൾ ഇവയുടെ സാന്നിധ്യമറിയിക്കുന്നത്.
സമയം: ഒരിക്കൽമാത്രം വന്നെത്തുന്ന ജീവിതം.
കാലം: ജീവിതത്തിന്റേയും അന്തരീക്ഷത്തിന്റേയും അവസ്ഥാനുഭവം. അനുഭവനദി.
കെട്ടിടങ്ങൾ: ഇന്നലെകളിൽ തിരശ്ചീനമാം കെട്ടിടങ്ങൾ. ഇന്ന് മഹാലംബങ്ങൾ, കേൾവിക്കിടം കൊടുക്കാത്തവർ.
നാണയം: സമചതുരത്തിൽ അഞ്ചു പൈസ. വെട്ടുകളുള്ള വട്ടപ്പത്തു പൈസ. ഷഡ്ഭുജത്തിൽ ഇരുപതു പൈസ. ചെറുവട്ടത്തിൽ ഇരുപത്തഞ്ച്. വട്ടം കൂടിക്കൂടി അമ്പതു പൈസ, ഒരു രൂപ. വെട്ടുകളോടുകൂടി കനമുള്ള രണ്ടു രൂപ. വണ്ണത്തിൽ അഞ്ചു രൂപ. ശബ്ദരൂപങ്ങൾക്കു് ഒരു ഭാഷ്യം. നാണയം ഇന്നെനിക്കു് കനമില്ലാത്ത അടയാളം. നഷ്ടപ്പെട്ട വെറും വട്ടങ്ങൾ. എന്നെ കൈയ്യൊഴിഞ്ഞവ.
ഇറക്കം: ഭൂമിയുടെ കൈത്താങ്ങു്.
കയറ്റം: മനുഷ്യന്റെ കൈത്താങ്ങു്.
വീഴ്ച: ഭൂമിയുടെ പിടിച്ചുവലി.
കാലു്: എന്നെ നിലത്തു താങ്ങിനിർത്തുന്ന തൂണു്. നിലത്തു് എന്റെ പാടു് അടയാളപ്പെടുത്തുന്ന കാല്പാടു്. കാല്പാടു് അവശേഷിപ്പിക്കുന്നതു് എന്റെ നിലപാടു്. കാല്, എന്റെ നിലപാടെഴുതുന്ന പേന.
ശബ്ദം: ഇരുട്ടും വെളിച്ചവും വകവക്കാതെ തടസ്സങ്ങളെ മറികടന്നു് വായുവിലേറി കുതിക്കുന്ന അശ്വം.
ശബ്ദം: ഭാവങ്ങളുടെ സ്വനപേടകം. രൂപങ്ങളുടെ ശ്രവണാനുഭവം.
ചുണ്ടു്: മലരാൻ തുടങ്ങുന്ന മൊട്ടിന്റെ പുഞ്ചിരി.
ചുണ്ടു്: സ്നേഹത്തെ ഊർജ്ജപ്രവാഹമാക്കി മാറ്റുന്ന മൃദുല മാംസള സ്പർശം.
എന്റെ സ്വപ്നം: ഞാൻ, ശേഷിയുള്ള കണ്ണും കാതും. സ്ഫുടതയുള്ള നാവു്. വിവേകമുള്ള മൂക്കു്. പുഞ്ചിരിക്കുന്ന ചുണ്ടു്. ജീവിപ്പിക്കുന്ന വിരൽത്തുമ്പു്. നിലപാടുള്ള കാലു്. ഇച്ഛാ ശക്തിയുള്ള മനസ്സു്. അപൂർണമെങ്കിലും ഇതെന്റെ സ്വപ്നം.
ഹൃദയം: ഹൃദയത്തിന്റെ മുഷ്ടികളിൽ ഞാൻ സുരക്ഷിതൻ. എന്റെ മുഷ്ടികളിൽ ഹൃദയവും.
പന്തു്: ഫുട്ബോൾ, ക്രിക്കറ്റ് ബോൾ, ഷോട്ട്പുട്ട്, ഡിസ്ക്, മൈതാനം, ദോശ, പപ്പടം, പൊള്ളം, കോഴിമുട്ട, ഗ്ലോബ്, മണൽത്തരി, കല്ല്, മഴത്തുള്ളി, തട്ടാനുള്ളവ, ഉരുട്ടാനുള്ളവ, പരത്താനുള്ളവ, പൊള്ളാനുള്ളവ, എറിയാനുള്ളവ, കളിക്കാനുള്ളവ, കളിച്ചു പഠിക്കാനുള്ളവ, ഗോളാകാനുള്ള ഗോളങ്ങൾ. ദൂരക്കാഴ്ചയിൽ ഞാനും ഒരു ഗോളമായിരിക്കുമോ? ആയിരിക്കാതെ! നാം ഭൂമിയുടെ മക്കൾ. ഭൂമിയുടെ ആകൃതി ജിയോയിഡ്. അതും ഒരു ഗോളം. പന്തിൽനിന്നു് പന്തല്ലാതെ മറ്റെന്താണുണ്ടാകുക?
സൗരയൂഥം: പന്തുകളുടെ പ്രദർശനശാല.
പ്രപഞ്ചം: അനേകം പന്തുകൾക്കു് ഉരുളാൻ വികസിക്കുന്ന മൈതാനം. പ്രപഞ്ച ഗോളം.
നെയ്തൽത്തിണയുടെ കാവ്യപാരമ്പര്യത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടർക്കണ്ണിയുണ്ടെന്നു തെളിയിക്കുന്ന കവിതകൾ. തിരുവനന്തപുരത്തിനടുത്ത് വിഴിഞ്ഞം പ്രദേശത്തിന്റെ കടൽത്തീരജീവിതവും ഭാഷയുമാണ് ഡി. അനിൽകുമാറിന്റെ കവിതകളുടെ സവിശേഷത.
ഈ ലോകം എല്ലാവരുടേതുമാണു്. ജീവിതം എല്ലാവർക്കുമുള്ളതുമാണു്. എന്നാൽ ആ ജീവിതത്തിന്റെ ഭാഗമായ സാഹിത്യമുൾപ്പെടെയുള്ള കലകൾ എല്ലാവർക്കുമുള്ളതല്ല എന്ന ധാരണ കാലം കൊണ്ടു് ഉണ്ടായി വന്നിട്ടുണ്ടു്. ഏതെങ്കിലും തരത്തിൽ മേൽക്കൈയുള്ളവരുടെ സാഹിത്യമാണു് എന്നും കേന്ദ്രത്തിൽ നിന്നതു്. ശൈശവം തൊട്ടു കാഴ്ചശക്തി നഷ്ടപ്പെട്ടവർ എങ്ങനെയാണു ലോകത്തെ അനുഭവിച്ചു് ആവിഷ്കരിക്കുന്നതു് എന്നതിനു് മലയാളത്തിൽ നമുക്ക് അധികം മാതൃകകളില്ല. ഇവിടെയാണു് സി. പഴനിയപ്പന്റെ എഴുത്തു് പ്രധാനമാകുന്നതു്. തന്റെ ചുറ്റുമുള്ള ലോകത്തെ തനിക്കു മാത്രം സാദ്ധ്യമാകുന്ന തരത്തിൽ ആവിഷ്കരിക്കുകയാണു് ഈ എഴുത്തുകാരൻ. മേൽക്കൈ നേടിയവരുടെ കാഴ്ചപ്പുറങ്ങൾക്കു പുറന്തിരിഞ്ഞു നിൽക്കുന്നു, മിക്കപ്പോഴുമവ. മലയാളത്തിനു സമീപകാലത്തു കൈവന്ന വിസ്തൃതിയാണു് മുമ്പില്ലാത്ത ഇത്തരം ആവിഷ്കാരങ്ങൾ.
സി. പഴനിയപ്പൻ കൊല്ലങ്കോട് സ്വദേശിയാണു്. ഇപ്പോൾ പട്ടാമ്പി നടുവട്ടം ഗവ. ജനത ഹയർ സെക്കണ്ടറി സ്കൂളിൽ ചരിത്ര വിഭാഗം അധ്യാപകനായി ജോലി ചെയ്യുന്നു.