ഒ വി വിജയനെ പുതിയ കാലത്തിൽ അടയാളപ്പെടുത്തുന്ന പഠനസമാഹാരത്തെപ്പറ്റി.
ഒ വി വിജയൻ സ്വതന്ത്ര ചിന്തയുടെ പതാകവാഹകനാണു്. സ്വതന്ത്ര ചിന്തയെ വിലമതിക്കുന്ന ഒരു രാഷ്ട്രീയ സംസ്ക്കാരമല്ല നമ്മുടേതു്. എഴുത്തിന്റെ ജീവശക്തിയാലും മൗലിക ചിന്തകളുടെ വ്യതിരിക്തതയാലും സ്വതന്ത്രചിന്ത പ്രതികൂലമായ രാഷ്ട്രീയ മനോഭാവങ്ങളെ അതിവർത്തിച്ചു സ്വച്ഛന്ദമായി തന്നെ നമ്മുടെ വിചാരസംസ്ക്കാരത്തെ സ്വാധീനിച്ചതിനു് ഒരു പ്രധാനകാരണം കക്ഷിരാഷ്ട്രീയത്തിന്നതീതമായ തുറസ്സുകളിലൂന്നിയ സംവാദസംസ്ക്കാരം ഏകസ്വരമായ മുഖ്യധാരാപ്രഭാഷണങ്ങളെക്കാൾ വിമതബഹുസ്വരങ്ങളെ തുണച്ചിരുന്നു എന്നതാണു്. സ്വതന്ത്രമായ അസ്തിത്വമുള്ള മൗലികാന്വേഷണങ്ങളെ ചില മാധ്യമങ്ങളെങ്കിലും ഒരു പരിധിവരെ പിന്തുണച്ചിരുന്നുവെന്നതും മറ്റൊരു കാരണമാണു്. ഇതു് അച്ചടി സംസ്ക്കാരത്തിന്റെ സവിശേഷതയായി കാണാം. സംവാദതലത്തിൽ യൂട്യൂബ് മുഖ്യമാവുന്ന സമകാല സംസ്കാരത്തിൽ ഒ വി വിജയനെയും ആനന്ദിനെയും പോലുള്ള ചിന്തകർ ശ്രദ്ധനേടുമായിരുന്നോ എന്നകാര്യം സംശയമാണു്.
അച്ചടിയുടെ സംസ്ക്കാരത്തിൽ തന്നെ, സർഗ്ഗാത്മക എഴുത്തുകാർ എന്ന നിലയിൽ ഭാവുകത്വപരമായി പുതുമാനങ്ങളുള്ള ചിന്തയുടെയും ഭാവനയുടെയും നവലോകങ്ങളിലേക്കു് വായനക്കാരെ ക്ഷണിക്കാൻ കഴിഞ്ഞതാണു് അവർക്കു് ലഭിച്ച മാധ്യമ പിന്തുണയുടെ അടിസ്ഥാനം. അവരുടെ സ്വതന്ത്രമായ ചിന്തകൾക്കു് സ്വായത്തമായിരുന്ന നടപ്പുവിചാരങ്ങളുടെ ഔദ്ധത്യത്തെ പ്രഹരിക്കാനുള്ള പ്രകോപനമൂർച്ചയാണു് വിചാരശീലരായ വായനക്കാർക്കിടയിൽ അവർക്കു് നിസ്തുലത നേടിക്കൊടുത്തതു്. കക്ഷിരാഷ്ട്രീയത്തിനു വിധേയമല്ലാത്ത വിശ്വവീക്ഷണത്തെ (cosmopolitan) ആധാരമാക്കിയുള്ള ഭാഷാപരമായും പരികല്പനപരമായും സ്വയം നവീകരണക്ഷമതയിലൂന്നിയുള്ള നിത്യസാധകമാണു് അവരുടെ ചിന്തകളുടെ മൗലികതയ്ക്കും സൂക്ഷ്മതയ്ക്കും ഹേതുവാകുന്നതു്. അധികാരത്തിന്റെ പ്രലോഭനങ്ങൾക്കോ ഇത്തിരിവട്ട പ്രശസ്തിയുടെ പ്രേരണയ്ക്കോ വഴങ്ങാതിരുന്ന ബൗദ്ധികധാരയിൽപ്പെട്ട എഴുത്തുകാരെ മരണാനന്തരം രാഷ്ട്രീയ കക്ഷികളുടെ പിന്നണി സംഘടനകൾ അവരുടെ പേരിൽ സ്മാരകസമിതികളുണ്ടാക്കി അവരുടെ ജീവത്തായിരുന്ന ആശയങ്ങളെ വിഫലമാക്കുന്നുവെന്നതു സ്വതന്ത്രചിന്തയ്ക്കുനേരെ ഉയരുന്ന ഒരു ഭീഷണിയാണു്. നമ്മുടെ മാതിരിയുള്ള അർദ്ധ ഫ്യൂഡൽ രാഷ്ട്രീയ സംസ്കാരത്തിൽ നിന്നും സിദ്ധമാകുന്നതാണു് ഈ റാഞ്ചൽ വിദ്യ.
ജീവിച്ചിരിക്കെ ഒ വി വിജയൻ പലതരം ലേബലിങ്ങിനും വിധേയമായി. നികൃഷ്ട വിശേഷണങ്ങൾക്കു് ഇരയായി. അതിനോടും കാരുണ്യപൂർവ്വമാണു് അദ്ദേഹം പ്രതികരിച്ചതു്. ഒരു പ്രത്യയശാസ്ത്ര പദ്ധതിക്കനുസരിച്ചും ചിട്ടപ്പെടുത്താത്ത ചിന്തയായതിയാൽ എഴുത്തിലും വരയിലും വിജയൻ സ്വാതന്ത്ര്യത്തെ അനുഭവവേദ്യമാക്കി. പ്രാദേശികത്വത്തിന്റെ രാഷ്ട്രീയ സാംസ്കാരിക നിസ്സാരതകളിൽ നിന്നും ഒ വി വിജയൻ അകലം പാലിച്ചു. ഇതു സ്വതന്ത്രവും വിമർശനാത്മകവുമായ ചിന്തയെ സൂക്ഷ്മമാക്കി. ചിന്തയിലും എഴുത്തിലും വരയിലും വിശ്വവീക്ഷണം പുലർത്തി. മലയാളത്തിലെ ആദ്യത്തെ കോസ്മോപോളിറ്റൻ എഴുത്തുകാർ കമലാദാസും ഒ വി വിജയനുമായിരിക്കും. അവർ ആരംഭം മുതൽക്കേ ദ്വിഭാഷ എഴുത്തുകാരായിരുന്നു. രണ്ടാമതായി അവരുടെ വാസസ്ഥാനങ്ങൾ (location) ഇത്തരം വിശ്വവീക്ഷണത്തിനു ശക്തിപകർന്നു. അവർ കൂടുതൽ സമ്പർക്കപ്പെട്ടിരുന്നതു് ദൈനംദിനത്തിൽ കേരളീയരല്ലാത്ത എഴുത്തുകാരോടും ബുദ്ധിജീവികളോടുമായിരിക്കണം. അത്തരമൊരു വീക്ഷണകോണിൽ നിന്നു ചിന്തിക്കുമ്പോൾത്തന്നെ സംസ്ക്കാരത്തിന്റെ ആന്തരികമായ ഊഷ്മാവു് എഴുത്തിൽ നിലനിർത്തുകയും ചെയ്തു. ഈയൊരു സവിശേഷതയാണു് ഒ വി വിജയനെ ആന്തരിക വിമർശകനാക്കുന്നതു്. ഒ വി വിജയനിൽ ആന്തരിക വിമർശനം ഒരു വിവേകമിഴിവിന്റെ പൂർണിമയാകുന്നു. ആന്തരിക വിമർശകൻ എന്നൊരു വീക്ഷണകോണിൽ നിന്നും ഒ വി വിജയന്റെ ചിന്തയിലൂടെയും എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും വിജയന്റെ സാംസ്കാരിക രാഷ്ട്രീയ ജീവിത ദർശനങ്ങളുടെ വിഭിന്നാവിഷ്ക്കാരങ്ങളിലൂടെയുള്ള അന്വേഷണമാകുന്നു ഇ വി രാമകൃഷ്ണനും കെ സി മുരളീധരനും എഡിറ്റു ചെയ്ത ‘ഒ വി വിജയൻ—ആന്തരിക വിമർശകൻ’ എന്ന വിജയൻ പഠനങ്ങളുടെയും ഒ വി വിജയന്റെ എഴുത്തുകളുടെ വിവർത്തനങ്ങളുടെയും ഒ വി വിജയനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമകാലികരുടെ ഓർമകളുടെയും ഒ വി വിജയനുമായുള്ള അഭിമുഖങ്ങളുടെയും സംവാദങ്ങളുടെയും സമാഹാരം.
ഈ സമാഹാരത്തിന്റെ ആമുഖലേഖനത്തിൽ ആന്തരിക വിമർശകൻ ആരാണെന്നു ഇ വി രാമകൃഷ്ണൻ വിശദീകരിക്കുന്നുണ്ടു്. ‘ഒ വി വിജയനെ ഒരു ആന്തരിക വിമർശകനാക്കുന്നതു് തന്റെ വിമർശനാത്മകവും സർഗ്ഗാത്മകവുമായ കഥാരചനകളിലേക്കും കഥയേതര രചനകളിലേക്കും ആവാഹിക്കുന്ന കാരുണ്യം കലർന്ന ആലോചനകളും ഉത്കണ്ഠകളുമാണു്. പരുഷമായ ഐറണി, കയ്പേറിയ വിരോധാഭാസം, ഡിസ്റ്റോപ്പിയൻ ദർശനം എന്നിവയിലൂടെയാണു് ഇതാവിഷ്ക്കരിക്കുന്നതു്. പാരമ്പര്യങ്ങളെ വിമർശനത്തിനു് വിധേയമാക്കാതിരുന്നാൽ അവ മുരടിക്കുകയും അവയുടെ ചൈതന്യം ചോർന്നുപോവുകയും ചെയ്യുമെന്നു് സൂചിപ്പിച്ചുകൊണ്ടു് ‘ക്രിട്ടിക്കൽ ഇൻസൈഡർ’ എന്ന പദത്തിനു് വിശാലമായ അർത്ഥം നൽകിയതു് യു ആർ അനന്തമൂർത്തിയാണു്. ഒരു പ്രത്യയശാസ്ത്രത്തിന്റെയും തടവുകാരനല്ലാത്ത ജൈവബുദ്ധിജീവിയാണു് ആന്തരിക വിമർശകൻ. തന്റെ ഗ്രാമത്തിന്റെ തനതുഭാഷണശൈലികളുടെയും അറിവിന്റെയും അനുകമ്പയുടെയും അമൂല്യനിധി കണ്ടെത്തിയ വിജയൻ തദ്ദേശീയനായ കോസ്മോപോളിറ്റനാണു് (local cosmopolitan). പാശ്ചാത്യലോകവുമായുള്ള സമ്പർക്കം അദ്ദേഹത്തിന്റെ സംവേദനക്ഷമതയുടെ മൂർച്ച കൂട്ടുകയും ലോകപൗരനെപ്പോലെ ചിന്തിക്കാനും എഴുതാനും അദ്ദേഹത്തെ പ്രാപ്തനാക്കുകയും ചെയ്തു’.
ഇവിടെ ശ്രദ്ധേയമായതു് ‘തദ്ദേശീയ കോസ്മോപൊളിറ്റൻ’ എന്ന വിശേഷണമാണു്. ഒ വി വിജയന്റെ ചിന്തയുടെയും എഴുത്തിന്റെയും കാർട്ടൂണുകളുടെയും അനുഭവസാരാംശത്തെ അനുപമമായി അടയാളപ്പെടുത്തുന്നു ഈ പ്രയോഗം. ആ വീക്ഷണകോണിൽ സംസ്ക്കാരത്തോടുള്ള അകൽച്ചയും സാമീപ്യവും ഒരേനിലയിൽ ദൃശ്യമാണു്. വിശ്വപൗരൻ പോലുള്ള വിരസപദങ്ങളിൽ നിന്നും ആശയപരമായും ദാർശനികമായും അനുഭവപരമായും ഉള്ള അതിന്റെ വിഭിന്നതയെയും വിദൂരസ്ഥതയെയും സൂചിപ്പിക്കുന്നു തദ്ദേശീയ കോസ്മോപോളിറ്റൻ എന്ന സ്വാശ്രയവും വിമർശനാത്മകവുമായ വിവേകത്തിന്റെ സൂക്ഷ്മകേന്ദ്രം. ആമുഖലേഖനത്തിൽ വിശദമായി തന്നെ പ്രതിപാദിക്കുന്ന ഈ പരികല്പനയെ വിജയന്റെ കൃതികളുടെയും അവയുടെ വായനകളുടെയും സന്ദർഭത്തിൽ പ്രത്യക്ഷവൽക്കരിക്കുന്ന രീതിയിലാണു് ഈ സമാഹാരത്തിലെ ഓരോ എഴുത്തിന്റെയും തിരഞ്ഞെടുപ്പു്.
അധികാരത്തോടു് ഒരിക്കലും സന്ധിചെയ്യാതെ നിരന്തര പ്രതിപക്ഷത്തിന്റെ സാസ്കാരികരാഷ്ട്രീയ ദൗത്യവും ഒ വി വിജയൻ നിർവ്വഹിച്ചിരുന്നു. പ്രചാരണസാഹിത്യത്തിന്റെ സ്ഥൂലിത ശരീരങ്ങളല്ല വിജയന്റെ ഒരു എഴുത്തും. വിജയൻ സർഗ്ഗാത്മകമായി ഉയർത്തിയ കലാപങ്ങൾ കാരുണ്യത്തിന്റെ കനിവുള്ളതായിരുന്നു. കാരുണ്യത്തിന്റെ ഉറവകളെ തേടിയുള്ള വിജയന്റെ ആത്മീയാന്വേഷണങ്ങൾ ഇന്ത്യയുടെ പാരമ്പര്യത്തിലേക്കു മാത്രമല്ല പാശ്ചാത്യ പ്രബുദ്ധതയുടെ വിമോചനാത്മക ധാരയായ കമ്മ്യൂണിസത്തിലേക്കുമുള്ള തീർത്ഥാടനമായിരുന്നു. അധികാരത്തിന്റെ ആസക്തികൾക്കു കീഴടങ്ങിയതിനുശേഷം വിമോചനവാഞ്ഛകൾ സമഗ്രാധികാര സ്വരൂപമാർജ്ജിക്കുന്നതും അതു് യഥേഷ്ടം മനുഷ്യ-പ്രകൃതി നിഗ്രഹയന്ത്രമായി തീരുന്നതും വിജയൻ ഉൾക്കാഴ്ചയോടെ കണ്ടറിഞ്ഞു. മുതലാളിത്തത്തിന്റെ ബീഭത്സതകൾ പുരോഗമനത്തിന്റെ പ്രച്ഛന്നവേഷം ധരിച്ചുവരുന്ന പ്രത്യയശാസ്ത്രബോധ്യങ്ങൾക്കെതിരെയാണു് ആക്ഷേപഹാസ്യത്തിന്റെ വിമർശന ശരങ്ങൾ വിജയൻ തൊടുത്തതു്. ഇതിനായി വിജയൻ ഒരു നവീനമായ വാക്സ്വത്വത്തെ (idiom) നിർമ്മിക്കുകയായിരുന്നു. ലിബറലും റാഡിക്കലുമായി ലഭ്യമായിരുന്ന വിമർശന ഭാഷണങ്ങളെയോ അതിന്റെ പദാവലികളെയോ ഒ വി വിജയൻ പിന്തുടർന്നില്ല. മലയാളത്തിൽ ട്രാൻസ്മോഡേണിറ്റി എന്നു വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ സ്വച്ഛന്ദമായ സ്വത്വബോധമുള്ള എന്നാൽ സാർവലൗകികമായ വീക്ഷണമുള്ള പുതിയ പ്രപഞ്ചാവബോധത്തിന്റെ അഗാധതയെ അനുഭവസ്പർശമാക്കുന്ന വാഗ്കല്പനകളെയാണു് വിജയൻ ആവിഷ്കരിച്ചതു്. ഇ വി രാമകൃഷ്ണൻ വ്യക്തമാക്കുന്നതുപോലെ ഭൗതികതയും അതീന്ദ്രിയതയും, അതിജീവനവും സുസ്ഥിരതയും, നീതിയും ദയയും, സ്നേഹവും സ്വാതന്ത്ര്യവും ഭിന്നങ്ങളായി കാണാത്ത, ചൈതന്യവത്തായ സാംസ്കാരികഭാഷണമായിരുന്നു വിജയന്റേതു്. എല്ലാ മൗലികതയുള്ള എഴുത്തുകാരെയും ചിന്തകരെയും പോലെ വിജയന്റെ ഭാഷാശില്പത്തിൽ തന്നെയാണു് ചിന്തകൾ ഉൾച്ചേർന്നിരുന്നതു്. വിജയന്റെ ഭാഷയെ അനുകരിച്ചവർ ആശയങ്ങളുടെ ഒരു കോസ്മോപോളിറ്റൻ വീക്ഷണത്തിന്റെ അഭാവം നിമിത്തം അത്തരം അനുകരണങ്ങളെ അസത്യജടിലവും കാരുണ്യഹീനവുമായ പരാക്രമമാക്കി. ഒ വി വിജയനെക്കുറിച്ചുള്ള മലയാളത്തിലെ പുസ്തകങ്ങൾ ഈ അനുകരണാത്മക ഭാഷയിൽ എഴുതാൻ വേണ്ടി മാത്രം എഴുതപ്പെട്ടതാണെന്നതാണു് വാസ്തവം.
ഈ സമാഹാരം മലയാളത്തിലല്ല ഇംഗ്ലീഷിലാണെന്നുള്ളതും ഒരു പ്രത്യേകതയാവുന്നു. അന്താരാഷ്ട്ര പ്രസിദ്ധനായ മലയാള എഴുത്തുകാരിൽ മുൻനിരക്കാരനാണു് വിജയൻ. ഒ വി വിജയന്റെ മൗലിക രചനകൾ ഇംഗ്ലീഷിൽ വരുന്നതിനുമുമ്പേ ബഷീറിന്റെ രചനകൾ ആർ ഇ ആഷർ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ പരിചയപ്പെടുത്തിയിരുന്നു. മൊഴിമലയാളത്തിന്റെ വ്യതിരിക്തശബ്ദാവലികളെ വിവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷയ്ക്കു് നേരത്തെ പരിചയപ്പെടുത്തിയിരുന്നെങ്കിലും ഒ വി വിജയന്റെ തന്നെ ഖസാക്കിന്റെ മൊഴിമാറ്റം തികച്ചും പ്രാദേശികമായ ജീവിതവ്യവസ്ഥയുടെ ഉൾത്തലങ്ങളെ പോസ്റ്റ് കൊളോണിയൽ പൗരസ്ത്യവാദ (orientalism) പ്രേരണകളുമായി ബന്ധിപ്പിക്കുന്നുണ്ടു്. ഈയൊരു പൗരസ്ത്യവാദപ്രേരണ ഒ വി വിജയന്റെ പിന്നീടുള്ള രചനകളിലും പ്രതിബിംബിക്കുന്നുണ്ടു്. വിമർശനപരമായി ഇന്നു സമീപിക്കാവുന്ന വിജയന്റെ പൗരസ്ത്യവാദം പക്ഷേ, ഒ വി വിജയനെ ആന്തരിക വിമർശകനാക്കുന്നതിൽ സുപ്രധാന ഘടകവുമാണു്. ഇതു പ്രത്യേകമായി പഠനമർഹിക്കുന്ന ഒരു പ്രമേയമാണു്. അതിലേക്കുള്ള വഴികൾ തുറക്കുന്നുണ്ടു് പ്രസ്തുത സമാഹാരത്തിലെ സവിശേഷ പഠനങ്ങൾ.
പോസ്റ്റ്കൊളോണിയൽ പൗരസ്ത്യവാദം എന്ന വിമർശനം ഉന്നയിക്കുമ്പോഴും ‘ഖസാക്കിന്റെ ഇതിഹാസം’ ഒരുവേള ദക്ഷിണ രാജ്യങ്ങളെല്ലാം പങ്കിടുന്ന ഒരനുഭവമാണു്. ആധുനികതയുടെ പരകായപ്രവേശം തദ്ദേശീയമായ സംസ്കാരങ്ങളിൽ സൃഷ്ടിച്ച സംഘർഷങ്ങളും ദർശനവൈരുധ്യങ്ങളും ആകാംക്ഷകളും ഉത്തരകൊളോണിയൽ ജീവിതവ്യവസ്ഥകളെ സങ്കീർണസന്ധിയിലാണു് കൊണ്ടെത്തിച്ചതു്. പൂർണമായും ഉൾക്കൊള്ളാനോ തള്ളാനോ പറ്റാത്ത ഒരു സ്ഥിതിവിശേഷം. റിയലിസ്റ്റ് സങ്കേതങ്ങൾ ഉപാധിയാക്കിക്കൊണ്ടുള്ള ഋജുരേഖീയ ആഖ്യാനം ആധുനികതയുടെ അന്തഃസംഘർഷങ്ങളെ ആവിഷ്ക്കരിക്കാൻ അപര്യാപ്തമായതിനാലാകണം വാമൊഴിയും വെളിപാടും പരസ്പരം സന്നിവേശിപ്പിച്ചിരിക്കുന്ന, പുരാവൃത്തത്തിന്റെയും വ്യക്തികേന്ദ്രിതമായ ആത്മബോധ്യത്തിന്റെയും വിനിമയത്തിനായി പുതിയൊരു ഭാഷണശൈലി ഒ വി വിജയൻ നിർമിച്ചതു്. ഈയൊരു പരിപ്രേക്ഷ്യത്തിൽ ഒരു ഗ്രാമീണ ഇതിവൃത്തത്തിനു ഇതിഹാസമാനം നൽകുന്നതിലൂടെ ലോക്കൽ കോസ്മോപോളിറ്റൻ എന്നൊരു സാധ്യത കൂടി വിജയൻ മലയാളത്തിനു തുറന്നുനൽകുകയായിരുന്നു. ഈ പുസ്തകത്തിന്റെ കേന്ദ്രാശയമാണിതു്.
ഖസാക്കിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ ചില തിരുത്തലുകൾ വരുത്തിയിട്ടുണ്ടെങ്കിലും അതിന്റെ ആഖ്യാനത്തിന്റെ ആഗോളമായ സ്വീകരണത്തെക്കുറിച്ചു ഒ വി വിജയനു് ഒരു സങ്കല്പമുണ്ടായിരുന്നു. ആ സങ്കല്പത്തിനൊത്ത ആഗോള സ്വീകാര്യത നേടാൻ കഴിഞ്ഞില്ല എന്നതിൽ ഒ വി വിജയൻ അസംതൃപ്തനായിരുന്നുവെന്നു കേട്ടിട്ടുണ്ടു്. പക്ഷേ, തന്റെ എഴുത്തുകൾ ഭാഷയുടെ അതിരുകൾക്കപ്പുറം സംവേദനം സാധ്യമാക്കുമെന്നു് തീർച്ചയായും ഒ വി വിജയൻ പ്രതീക്ഷിച്ചിരിക്കണം. തന്റെ രണ്ടാമത്തെ നോവൽ, ‘ധർമ്മപുരാണ’ത്തിനു ആ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ടൈംസ് ലിറ്റററി സപ്ലിമെന്റിൽ 1990-ൽ പ്രസിദ്ധീകരിച്ച ‘ധർമ്മപുരാണ’ത്തിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനു ഡേവിഡ് സെൽബോൺ എഴുതിയ റിവ്യു ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ‘ധർമ്മപുരാണ’ത്തെ ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും ഗംഭീര രചന എന്നു് പരിചയപ്പെടുത്തിക്കൊണ്ടു ഡേവിഡ് സെൽബൗൺ ‘ധർമ്മപുരാണം’ എങ്ങനെയൊരു ഉത്തരകൊളോണിയൽ അന്യാപദേശമാവുന്നുവെന്നു് വിവരിച്ചുകൊണ്ടു് നിരീക്ഷിക്കുന്നതു് ‘ധർമ്മപുരാണ’ത്തിന്റെ ആഖ്യാനസവിശേഷതയ്ക്കു് നിദാനമാകുന്നതു് ഒ വി വിജയന്റെ ദക്ഷിണേന്ത്യൻ കഥപറച്ചിൽ പാരമ്പര്യത്തിന്റെ ഭാവലയമാണു് എന്നാണു്.
സായിപ്പിന്റെ റിവ്യു കണ്ടു ഈ സമാഹാരത്തിലെ മലയാളി സാഹിത്യ നിരൂപകരുടെ വിജയൻ പഠനങ്ങൾ കാണാതെ പോകേണ്ടതല്ല. ഒ വി വിജയന്റെ പ്രകൃഷ്ട കൃതികളെയും മറ്റുരചനകളെക്കുറിച്ചുള്ള മലയാളത്തിലെ പ്രസിദ്ധരായ നിരൂപകരുടെയും അക്കാദമിക് വിദഗ്ദ്ധരുടെയും ലേഖനങ്ങളും പഠനങ്ങളുമുണ്ടു് ഈ സമാഹാരത്തിൽ. മിക്കവാറും ഈ ലേഖനങ്ങൾ ഒ വി വിജയന്റെ രചനാലോകത്തെക്കുറിച്ചു മലയാളത്തിൽ അന്വേഷിച്ചവരൊക്കെ വായിച്ചിട്ടുളളതാകും. കെ പി അപ്പൻ, എം തോമസ് മാത്യു, വി രാജകൃഷ്ണൻ, ആഷാ മേനോൻ, പി കെ രാജശേഖരൻ, പി പി രവീന്ദ്രൻ, സച്ചിദാനന്ദൻ, വി സി ശ്രീജൻ, പി പവിത്രൻ ഇ വി രാമകൃഷ്ണൻ എന്നിവരുടെ പഠനങ്ങളുടെ ഇംഗ്ലീഷിലേക്കുള്ള വിവർത്തനങ്ങളാണു് (ചിലതു് ഇംഗ്ലീഷിലെഴുതിയവയാണു്) ഇവയിൽ പ്രധാനം. ഈ പുസ്തകത്തിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നതു് ഒ വി വിജയന്റെ എഴുത്തുകളെയും വരകളെയും ദർശനത്തെയും അന്താരാഷ്ട്രതലത്തിൽ നിന്നും നോക്കി കാണുന്നവിധമാണു്. നോവലിൽ നിന്നും വിവർത്തനം ചെയ്ത ഭാഗങ്ങൾ, ഒ വി വിജയൻ തന്നെ വിവർത്തനം ചെയ്ത കഥകൾ, ആത്മകഥാപരമായ കുറിപ്പുകളുടെ മൊഴിമാറ്റം, ഖസാക്കിനെക്കുറിച്ചുള്ള പഠനങ്ങൾ, വിജയന്റെ ദാർശനിക ലോകത്തെ വിശകലനം ചെയ്ത പഠനങ്ങൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിജയൻ, വിജയന്റെ വിവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ, കാർട്ടൂണിസ്റ്റായ വിജയനെക്കുറിച്ചുള്ള അന്വേഷണങ്ങൾ, ഒ വി വിജയന്റെ സമകാലികരായ എഴുത്തുകാർ വിജയനെ അറിഞ്ഞവിധം, വിജയനുമായുള്ള അഭിമുഖങ്ങൾ ആനന്ദി രാമചന്ദ്രനു് ഒ വി വിജയൻ എഴുതിയ കത്തുകൾ എന്നിവയാണു് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതു്. ദീർഘമായ ബയോക്രോണോളജി (ജീവിതരേഖ) വിജയന്റെ ജീവിതത്തെയും കൃതികളെയും അവയുടെ സന്ദർഭങ്ങളിൽ കാലക്രമമനുസരിച്ചു് അടയാളപ്പെടുത്തുന്നു.
ജി ഉഷാകുമാരിയുടെയും അജയ് പി മങ്ങാട്ടിന്റെയും പഠനങ്ങൾ സമീപകാലങ്ങളിൽ നിന്നുള്ള നോട്ടങ്ങളാണു്. ഇവരുടെ തലമുറയിൽപ്പെടുന്നൊരാൾ എന്ന നിലയിൽ ഒ വി വിജയൻ എന്റെ ജീവിതത്തിലേക്കു് കടന്നുവരുന്നതു് ‘ഖസാക്കും’ ‘ധർമ്മപുരാണവും’ പിന്നിട്ടു ‘ഗുരുസാഗര’ത്തിനുശേഷം മധുരം ‘ഗായതി’യും ‘പ്രവാചകന്റെവഴി’യും എഴുതുന്ന സമയത്താണു്. അപ്പോഴേക്കും ഒ വി വിജയൻ മലയാളത്തിൽ വിഗ്രഹവൽക്കരിക്കപ്പെട്ട എഴുത്തുകാരനായിക്കഴിഞ്ഞിരുന്നു. ‘ഗുരുസാഗര’ത്തിനെതിരെയുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇന്ദ്രപ്രസ്ഥം കോളത്തിലൂടെയുള്ള രാഷ്ട്രീയ വിശകലനങ്ങളിലൂടെ ഒ വി വിജയൻ ‘ഗുരുസാഗര’ത്തെ മുൻനിർത്തിയുള്ള സ്റ്റീരിയോടൈപിങ്ങ് ശ്രമത്തെ സൗമ്യമായി ചെറുത്തുകൊണ്ടിരിക്കുന്നു. ‘കടൽത്തീരത്തു്’ എന്ന കഥയിലൂടെയാണു് ഒ വി വിജയനിലേക്കുള്ള എന്റെ വ്യക്തിപരമായ പ്രവേശനം. ഖസാക്കു് മുമ്പു് വായിച്ചിരുന്നെങ്കിലും ആഷാമേനോൻ വിശേഷിപ്പിക്കുംവിധം എന്റേതു് ഖസാക്കിസ്റ്റ് തലമുറയല്ല. സാഹിത്യവായനയെ ഗൗരവമായി കാണുന്ന എൺപതുകളുടെ ഏറ്റവും ഒടുവിലാണു് ‘കടൽത്തീരത്തു’ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നതു്. ഇതാണു് എൻട്രി പോയന്റ്. എന്റേതു കടൽത്തീരത്തു തലമുറയാണു്. അതു് നീതിബോധത്തിന്റെ പുതിയ വ്യാകരണം പഠിപ്പിക്കാൻ പര്യാപ്തമായിരുന്നു. ‘കടൽത്തീരത്തും’ ‘ഏകാന്തതയുടെ നൂറു വർഷങ്ങളും’ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘എവിടെ ജോൺ’ ‘സഹശയനം’ എന്നീ കവിതകളും ഷാജി എൻ കരുണിന്റെ ‘പിറവി’യും റഹ്മാന്റെ സംഗീതവും ടിയാൻമെനിലെ ജനാധിപത്യ പ്രക്ഷോഭം നയിച്ച വിദ്യാർത്ഥികളും അതുവരെയുള്ള അനുഭവലോകത്തിൽ നിന്നും നമ്മെ വേർപെടുത്തുകയും മറ്റിടങ്ങളിലേക്കു് തുറന്നുവിടുകയും ചെയ്തു. അജയ് പി മങ്ങാട്ട് ധർമ്മപുരാണത്തെ മുൻനിർത്തി നടത്തുന്ന നിരീക്ഷണം ഇന്നു അനുഭവവേദ്യമായിക്കൊണ്ടിരുന്ന കാലത്തെക്കുറിച്ചുള്ള വിജയന്റെ ദീർഘദർശനത്തെ അടയാളപ്പെടുത്തുന്നു:
‘സാഹിത്യത്തിനെന്തെങ്കിലും ദൗത്യം അവശേഷിക്കുന്നുണ്ടോ? സ്വന്തം ജീവിതത്തെ പിഴിഞ്ഞെടുക്കുന്നതിൽ വിജയനൊരിക്കലും പിശുക്കുകാട്ടിയില്ല. തന്റെ കാലത്തിന്റെ നീതിബോധത്തിനുമുന്നിൽ മന്ദബുദ്ധിയായിപ്പോകുന്നതായി വിജയൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. ‘ഖസാക്കിന്റെ ഇതിഹാസം’ ഉദ്ധരണികളായി ഇനിയും നിലനിൽക്കുമെന്നു് നമുക്കറിയാം. ‘ധർമ്മപുരാണ’ത്തെ എന്തുചെയ്യും? അടിയന്തരാവസ്ഥയുടെ കാലത്തെ നായകന്മാരെല്ലാം ചേർന്നു് പള്ളിപൊളിക്കുകയും കൂട്ടക്കൊലക്കു് അരങ്ങൊരുക്കുകയും ചെയ്യുമ്പോൾ, ഒരു കൃതി വെട്ടിത്തിരുത്തലുകളുമായി പുതിയൊരു നൂറ്റാണ്ടിനെ അഭിമുഖീകരിക്കുകയാണു്. ഈ നൂറ്റാണ്ടിൽ, പുതിയൊരു വായനക്കാരനു് എന്താണു് നൽകുക? ആ പുസ്തകം എങ്ങിനെയാണു് ഓർമ്മിക്കപ്പെടുക? ഇന്നു് സന്ധ്യയുടെ അതീതപ്രാന്തങ്ങളും വിജനസ്പർശങ്ങളും നിറഞ്ഞ കാറ്റിലൂടെ ഒരു പ്രവാചകനോ പടനായകനോ വരുന്നുണ്ടെന്ന ആത്മവിശ്വാസംപോലും നമുക്കില്ല. ദേശീയതയുടെ അഹന്ത പുതിയ അധികാരങ്ങളെയും അതിരുകളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ, അതിരുകളുടെയും ദേശീയതകളുടെയും മൗഢ്യങ്ങളെ തിരിച്ചറിഞ്ഞ ഒരു പുസ്തകമെന്നനിലയിൽ, ധർമ്മപുരാണം വർത്തമാനകാല സമൂഹത്തിനു് പാഠപുസ്തകമായിരിക്കും’.
2025-ൽ ഒ വി വിജയനിലേക്കു് നാം വീണ്ടും മടങ്ങുമ്പോൾ ഈ വർഷത്തിന്റെ പ്രത്യേകതകളും മുന്നിൽ വരുന്നു. സമഗ്രാധികാര ഹിന്ദുദേശീയതാവാദത്തിന്റെ യാഥാർഥ്യവൽക്കരണത്തിനു രൂപീകൃതമായ രാഷ്ട്രീയസ്വയംസേവക് സംഘിന്റെ ശതാബ്ദി വർഷമാണു് ഇക്കൊല്ലം. പിളർപ്പിനു മുമ്പുള്ള അവിഭക്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിറവിയുടെ നൂറാംവർഷമാണു്. ഇന്ത്യ കണ്ട ആദ്യത്തെ ഏകാധിപത്യഭരണമായ ഇന്ദിരാഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികവുമാണു്. ഒ വി വിജയന്റെ അന്വേഷണങ്ങളിൽ ചിന്തകളിൽ എഴുത്തിൽ വരയിൽ ആവർത്തിച്ചു പ്രതിബിംബിച്ച പ്രമേയങ്ങളാണു് ഹിന്ദുത്വ സമഗ്രാധികാരവും, കമ്മ്യൂണിസ്റ്റ് ഏകാധിപത്യവും, ഇന്ദിരഗാന്ധിയുടെ ദുരധികാരവാഴ്ചയുടെ അടിയന്തിരാവസ്ഥയും. സമഗ്രാധികാരം മനുഷ്യരുടെ സ്വാതന്ത്ര്യദാഹങ്ങളെ, സ്വാസ്ഥ്യജീവിതങ്ങളെ, സുസ്ഥിരമായ പ്രകൃതി-ജീവിതവ്യവസ്ഥകളെ എങ്ങനെ കടപുഴക്കിയെന്നു ഒ വി വിജയൻ അന്തർജ്ഞാനപരമായ ബോധ്യങ്ങളുടെയും കോസ്മോപോളിറ്റൻ വീക്ഷണത്തിന്റേയും അടിസ്ഥാനത്തിൽ എഴുതുകയും വരയുകയും ചെയ്തു. ഒ വി വിജയൻ എഴുതിയിരുന്ന കാലത്തെപോലെ ഇന്നു കമ്മ്യൂണിസം ലോകത്തെ പിടിച്ചുകുലുക്കുന്നില്ല. ദേശീയവും അന്തർദേശീയവുമായി അതു് അപ്രധാനമായി. പ്രകൃതിയെ നിലയ്ക്കാതെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയും യുദ്ധക്കൊതിയും ഭീഷണമായ നശീകരണയുദ്ധക്കോപ്പുകളെക്കുറിച്ചുള്ള ആശങ്കകളും പതിൻമടങ്ങായി വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ‘ഗുരുസാഗര’ത്തിൽ പ്രാഗ്വസന്തവും ഡ്യൂബ്ചെക്കിനു് സംഭവിച്ച ദുരന്തവും സോവിയറ്റ് അധിനിവേശവും വിജയൻ സാന്ദർഭികമായി വിവരിക്കുന്നുണ്ടു്. ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്കയെയും ഗ്ലാസ്നോസ്റ്റിനെയും വിജയൻ പിന്തുണച്ചതു് ഇന്ത്യയിലെ മാർക്സിസ്റ്റുകളായ ഏവരേയും പിണക്കിയെങ്കിലും ജനാധിപത്യപരമായ ഒരു കമ്മ്യൂണിസത്തെക്കുറിച്ചുള്ള അന്വേഷണമാണു് അതിലൂടെ ഒ വി വിജയൻ നടത്തിയതു്. അതു് കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നില്ല. ജനാധിപത്യത്തിനു് വമ്പിച്ച പ്രാധാന്യമുള്ള സമഗ്രാധികാരത്തെ ചെറുക്കുന്ന ഒരു ഇടതുപക്ഷ രാഷ്ട്രീയത്തെയാണു് ഒ വി വിജയൻ എല്ലാ കാലത്തും തിരഞ്ഞതു്. അതു് അന്നു നിലനിന്നിരുന്ന ഭരണകൂടാധിഷ്ഠിത ശാസ്ത്രീയ സോഷ്യലിസമല്ല എന്നുള്ള തിരിച്ചറിവുണ്ടായിരുന്നു വിജയനു്. അത്തരമൊരു തിരിച്ചറിവാണു് സമകാലിക ലോകത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ വ്യത്യസ്തമാക്കുന്നതു്. ബഹുകക്ഷി സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള മൗലിക അവകാശങ്ങളെ നെടുംതൂണുകളാക്കുന്ന, ബഹുതലങ്ങളുള്ള ചൂഷണങ്ങളെ അവസാനിപ്പിക്കുന്ന, ഭരണാധിഷ്ഠിതമായ ഒരു ജനാധിപത്യത്തിലൂടെയുള്ള കമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ സാക്ഷാത്കാരത്തെയാണു് വർത്തമാനരാഷ്ട്രീയസന്ധിയിൽ ആഗോള ഇടതുപക്ഷം വിഭാവനം ചെയ്യുന്നതു്. ഇതു് വിജയൻ വളരെ മുമ്പേ പിൻപറ്റിയ ഒരു ലോകവീക്ഷണമാണു്.
ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യവൈരുധ്യം ലോകമാകെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്ന, ഭരണകൂടത്തെ മാത്രമല്ല വിദ്യാഭ്യാസം, മാധ്യമം ഉൾപ്പെടെയുളള ബോധവ്യവസായത്തെ (consciousness industry) മുഴുവൻ സമഗ്രമായി നിയന്ത്രിക്കുന്ന വലതുപക്ഷവൽക്കരണമാണു്. ഈ വലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം സമഗ്രാധികാര ദേശീയതാവാദമാണു് (totalitarian nationalism). ‘ദേശീയതയുടെ തിമിരം’ എന്ന ലേഖനങ്ങളുടെ സമാഹാരത്തിലും ‘ധർമ്മപുരാണ’ത്തിലും ‘ഗുരുസാഗര’ത്തിലും ‘പ്രവാചകന്റെ വഴി’യിലും ‘തലമുറകളി’ലും സമഗ്രാധികാരദേശീയതയുടെ ഭീഷണമായ പ്രകൃതത്തെ (പ്രാകൃതത്വത്തെയും) ഓരോ തലത്തിലും ഓരോ നിലയിലും ഒ വി വിജയൻ അനാവരണം ചെയ്യുന്നുണ്ടു്. സമഗ്രാധികാരദേശീയത ദേശത്തിലെ ന്യൂനപക്ഷ സമൂഹങ്ങളോടു ചെയ്യുന്ന നിഷ്ഠുരതയാണു് ‘പ്രവാചകന്റെ വഴി’ പ്രമേയവൽക്കരിക്കുന്നതു തന്നെ. 1984 സിഖ് വിരുദ്ധ വംശഹത്യസ്വഭാവമുള്ള കലാപത്തിന്റെ ഘട്ടത്തിൽ തെരുവിലറങ്ങി നടക്കുന്ന സർക്കാർ ഹിന്ദുത്വത്തിന്റെ ശുദ്ധവായു ശ്വസിക്കുകയായിരുന്നുവെന്നു രേഖപ്പെടുത്തിയതു് ഒ വി വിജയനാണു്. ‘പ്രവാചകന്റെ വഴി’യിൽ ദേശീയത മഹാഹിംസയായി മാറുന്നതാണു് ഒ വി വിജയൻ പ്രതിപാദിക്കുന്നതു്. ഒ വി വിജയൻ ഈ കൃതിയിൽ ഇങ്ങനെ കുറിക്കുന്നു: ‘നാൾക്കുനാൾ ചോദ്യങ്ങളും ഉത്തരങ്ങളും കൂടിക്കുഴഞ്ഞു ചീഞ്ഞഴുകി, ദേശീയതയുടെ അറ്റമില്ലാത്ത ചതുപ്പായി മാറിയ ഒരു മഹാഹിംസ, ആ ചതുപ്പിൽ നിന്നും പിറന്നുയർന്നു മുന്നിൽക്കണ്ടതത്രയും തിന്നൊടുക്കി’. ഇന്ത്യൻ ആത്മീയതയുടെ മതാതീതമായ തലങ്ങളെസംബന്ധിച്ചും പ്രവാചകന്റെ വഴി ചർച്ച ചെയ്യുന്നു. ഇതിലെ പരാജയപ്പെട്ട തീവ്രവിപ്ലവകാരി ജോസഫ് ഒരുവേള ടൈപ്പ് കഥാപാത്രമാണെന്നു് തോന്നിപ്പിക്കുമ്പോഴും, 1992-ൽ ജോസഫ് കാവിയുടുത്തു ബസ്തറിലേക്കു് യാത്ര തിരിക്കുകയാണു്. ഇന്നിപ്പോൾ അതു് വായിക്കുമ്പോൾ സ്റ്റാൻസാമിയെ നമുക്കു് ഓർക്കാതിരിക്കാൻ പറ്റില്ല.
സ്റ്റാൻസാമിയുടെ ഓർമ്മ ഒ വി വിജയന്റെ അടിയന്തിരാവസ്ഥ സംബന്ധിച്ച ലേഖനങ്ങളെക്കുറിച്ചും സമഗ്രാധികാരമെന്ന വിസർജ്യങ്ങളുടെ സിംഹാസനത്തെക്കുറിച്ചും അറപ്പോടെ ഓർമ്മിപ്പിക്കും. അടിയന്തിരാവസ്ഥയുടെ അമ്പതാം വർഷം സമകാലത്തിലെ സമഗ്രാധികാരദേശീയതയുടെ അപ്രഖ്യാപിത അടിയന്തിരവസ്ഥയെ ഒ വി വിജയന്റെ സമഗ്രാധികാരവിമർശനത്തിന്റെ കണ്ണിലൂടെ നോക്കാൻ പ്രേരിപ്പിക്കും. സിവിൽ സമൂഹവും ഭാഷയും സംസ്ക്കാരവും ഭരണകൂടം കീഴ്പ്പെടുത്തുന്നതാണു് ‘ധർമ്മപുരാണ’ത്തിൽ ഒ വി വിജയൻ ആവിഷ്ക്കരിക്കുന്നതു്. എങ്കിലും തീരെ നിരാശമല്ല ഒ വി വിജയന്റെ സ്വാതന്ത്ര്യദർശനം, അതു് മനുഷ്യഭാവനയിലാണു് ചെറുത്തുനിൽപ്പിന്റെ അക്ഷയമായ സൗരോർജ്ജം കണ്ടെത്തുന്നതു്. ഒ വി വിജയന്റെ ‘തലമുറകളെ’ക്കുറിച്ചുള്ള പ്രത്യേക പഠനത്തിൽ ഇ വി രാമകൃഷ്ണൻ ഇപ്രകാരം നിരീക്ഷിക്കുന്നു: ‘ഭൂമിയിലെ അതിജീവന സാധ്യതകളാണു് ഫിക്ഷൻ അന്വേഷിക്കുന്നതു്. ധർമ്മപുരാണം, ‘തലമുറകൾ’ എന്നീ നോവലുകളിലെ വിജയന്റെ വലിയ പ്രമേയങ്ങൾ മനുഷ്യന്റെ അതിവർത്തനശേഷിയുടെ (endurance) പരിമിതികളും മനുഷ്യന്റെ തന്നെ ഭാവനയുടെ പ്രാഥമികത്വവുമാണു്. സ്വന്തം ജീവിതത്തെ അപകടത്തിൽപ്പെടുത്തിക്കൊണ്ടു് കാരുണ്യത്തിന്റെ, അനുകമ്പയുടെ മഹത്തായ നിറവേറ്റലിനായി ഇന്ത്യയുടെ വനാന്തരങ്ങളിലായാലും ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാംപിലായാലും നിലകൊള്ളുന്നവർ ഒരു പാത കാണിച്ചുതരുകയും പ്രത്യാശ പകരുകയും ചെയ്യുന്നു’. ദേശസ്നേഹം പരിണമിച്ചു അയുക്തവും ഭീഷണവുമായി പാറയിൽ വേരുപിടിക്കുന്ന വിഷസസ്യമാണു് എന്നു മലയാളത്തിൽ രാഷ്ട്രീയ തെളിച്ചത്തോടെ തൊണ്ണൂറുകളിൽ എഴുതിയതു് വിജയനാണു്. അതിൽ വല്ലാത്തൊരു പ്രവാചകത്വമുണ്ടു്. അങ്ങനെയുള്ള പ്രവാചകത്വത്തിന്റെ ഉണർവിലേക്കാണു് ഒ വി വിജയൻ—ആന്തരിക വിമർശകൻ എന്ന പുസ്തകം നമ്മെ ക്ഷണിക്കുന്നതു്.
വിദ്യാഭ്യാസ-മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മലയാളം ഭാഷകളിൽ എഴുതാറുണ്ടു്. പതിവായല്ല, വല്ലപ്പോഴും.