സാഹിത്യപരിഷത്തിന്റെ 28-ആമതു വാർഷികത്തോടനുബന്ധിച്ചു് ഒക്ടോ: 7ആം൹ നടന്ന മലയാള സാഹിത്യസമ്മേളനം (ഭാവി വളർച്ചയെപ്പറ്റിയുള്ള ചർച്ച) ഉൽഘാടനം ചെയ്തുകൊണ്ടു് നവയുഗം പത്രാധിപർ ശ്രീ: കെ. ദാമോദരൻ ചെയ്ത പ്രസംഗത്തിന്റെ പൂർണ്ണരൂപമാണു് ചുവടെ ചേർക്കുന്നതു്. —ജനയുഗം പത്രാധിപർ
കേരളത്തിന്റെ വിദ്യാഭ്യാസപരവും സാഹിത്യപരവും സാംസ്കാരികവുമായ പുരോഗതിയെപ്പറ്റി പല പ്രാസംഗികന്മാരും എടുത്തെടുത്തു പറഞ്ഞതു് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. അക്ഷരാഭ്യാസത്തിലും വിദ്യാഭ്യാസത്തിലും നമ്മൾ മുൻപന്തിയിലാണു്. സർവ്വകലാശാലാബിരുദങ്ങൾ നേടിയവർതന്നെ പതിനായിരക്കണക്കിലുണ്ടു്. ഇന്ത്യയിലെ ഏറ്റവും ചെറിയ സ്റ്റേറ്റാണു് കേരളം. എന്നിരിക്കിലും 120-ൽപരം പത്രങ്ങളും മാസികകളും ഇവിടെ പ്രചരിക്കുന്നുണ്ടു്. പതിനായിരത്തോളം പള്ളിക്കൂടങ്ങളുണ്ടു്. മൂവായിരത്തിലധികം വായനശാലകളുണ്ടു്. പ്രശസ്തങ്ങളായ പ്രസിദ്ധീകരണശാലകളുണ്ടു്, ദിവസത്തിൽ ശരാശരി ഒരു പുസ്തകംവീതം ഇവിടെ പ്രസിദ്ധംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഉവ്വു്, നമ്മൾ വളരെയേറെ അഭിവൃദ്ധിപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
പക്ഷേ, നില്ക്കൂ: പൊങ്ങച്ചം നടിക്കുന്നതിനുമുമ്പു് ഈ അഭിവൃദ്ധിയെ ശരിക്കൊന്നുകൂടി പരിശോധിച്ചു നോക്കൂ. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നില്ക്കുന്ന കേരളക്കരയിൽ ഇപ്പോഴും 49 ശതമാനം ജനങ്ങൾ അക്ഷരാഭ്യാസമില്ലാത്തവരല്ലേ?എന്നുവച്ചാൽ, നമ്മുടെ നാട്ടുകാരിൽ പകുതിയോളംപേർ എഴുതാനും വായിക്കാനുമറിയാത്തവരല്ലേ? 120-ൽപരം പത്രങ്ങളും മാസികകളുമുണ്ടു്; ശരി. പക്ഷേ, അവയ്ക്കെത്രകണ്ടു പ്രചാരമുണ്ടു്? പ്രതിദിനം പത്തുലക്ഷവും അതിലധികവും കോപ്പികളടിക്കുന്ന ചില പത്രങ്ങൾ മറ്റു രാജ്യങ്ങളിലുണ്ടു്. നമ്മുടെ സ്ഥിതിയോ? നമ്മുടെ എല്ലാ ദിനപ്പത്രങ്ങളേയും ഒന്നിച്ചുകൂട്ടിയാൽകൂടി അത്തരമൊരു ദിനപ്പത്രത്തിന്റെ അടുത്തെത്തുമോ? കാൽ ലക്ഷത്തിലധികം കോപ്പികളടിക്കുന്ന പത്രങ്ങളുടെ എണ്ണം കാൽ ഡസനിലധികമുണ്ടോ? നമ്മുടെ വാരികകളുടെയും മാസികകളുടേയും സ്ഥിതിയെന്താണു്? പ്രചാരത്തിന്റെ കാര്യമെടുത്താൽ മലയാളഭാഷയിലുള്ള എല്ലാ വാരികകളും കൂടിച്ചേർന്നാലും നമ്മുടെ അയൽഭാഷയായ തമിഴിലുള്ള ഒരൊറ്റ വാരികയുടെ അടുത്തെങ്ങാനുമെത്തുമോ? ഒരു ദിനപ്പത്രത്തിന്റെ ഒരു കോപ്പി ശരാശരി പത്തുപേർവീതം വായിക്കുന്നുണ്ടെന്നു് കണക്കാക്കിയാൽപോലും നമ്മുടെനാട്ടിൽ 100-ൽ 80 പേർ ഇന്നും യാതൊരുപത്രവും വായിക്കാത്തവരാണു്. നമുക്കെല്ലാവർക്കും താല്പര്യമുള്ള പുസ്തകപ്രസിദ്ധീകരണത്തിന്റെ കാര്യം തന്നെയെടുക്കു വളരെയധികം പുസ്തകങ്ങൾ പുറത്തിറങ്ങുന്നുണ്ടു് എന്നല്ലേ പറഞ്ഞതു്? അവയെല്ലാം ഒരുപോലെ മെച്ചപ്പെട്ടവയല്ല എന്നു് എല്ലാവർക്കുമറിയാം. എങ്കിലും കുറേ നല്ല പുസ്തകങ്ങളുമുണ്ടു്; തീർച്ച. ആ നല്ല പുസ്തകങ്ങളുടെതന്നെ സ്ഥിതിയെന്താണു്? പണ്ഡിറ്റു് നെഹ്റുവിന്റെ ‘ഇന്ത്യയെക്കണ്ടെത്തൽ’ എന്ന വിശിഷ്ടഗ്രന്ഥത്തിന്റെ റഷ്യൻപരിഭാഷയുടെ ഒരുലക്ഷം പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിറ്റുതീർന്നു എന്നും രണ്ടാംപതിപ്പിനുവേണ്ടി ജനങ്ങൾ അക്ഷമമായി കാത്തുനില്ക്കുകയാണെന്നുമുള്ള ഒരു പത്രവാർത്ത നിങ്ങളോർക്കുന്നുണ്ടാവും. അതേ വിശിഷ്ട ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ സ്ഥിതിയോ? കൊല്ലങ്ങൾ കഴിഞ്ഞിട്ടും അയ്യായിരത്തിലധികമായിട്ടുണ്ടോ? തകഴിയുടെ ‘ചെമ്മീൻ’ നാലുപതിപ്പുകളിലായി ഒരു കൊല്ലത്തിനിടയിൽ നാലയ്യായിരം കോപ്പി വിറ്റുതീർന്നു എന്നു നമ്മൾ അഭിമാനിക്കുന്നുണ്ടു്. മറ്റുഗ്രന്ഥകാരന്മാരുടെ കൃതികളുടെയും തകഴിയുടെ തന്നെ മറ്റു പുസ്തകങ്ങളുടെയും ദയനീയസ്ഥിതി പരിഗണിക്കുമ്പോൾ ഇതു് അഭിമാനിക്കത്തക്കതുതന്നെ. എന്നാൽ, കേരളത്തിന്റെ ജനസംഖ്യ ഒന്നരക്കോടിയാണെന്നും അവരിൽ പുസ്തകം വായിച്ചു മനസ്സിലാക്കാൻ കഴിവുള്ളവർ 60 ലക്ഷമെങ്കിലുമുണ്ടാകുമെന്നും മറക്കാതിരിക്കുക. ഈ അനുകൂലസാഹചര്യമുണ്ടായിട്ടും നമ്മുടെ പ്രധാനപ്പെട്ട സാഹിത്യനായകന്മാരുടെ മുഖ്യമായ പലകൃതികളുടെയും 1000 കോപ്പി വിറ്റഴിയാൻ രണ്ടുംമൂന്നും ചിലപ്പോൾ അഞ്ചും പത്തും കൊല്ലങ്ങൾ എടുക്കുന്നുണ്ടു് എന്നതു് ഒരു പരമാർത്ഥം മാത്രമാണു്. ആധുനികമായ ഒരൊറ്റപ്പുസ്തകംപോലും കടന്നുചെല്ലാത്ത വീടുകൾ നമ്മുടെനാട്ടിൽ ആയിരക്കണക്കിലുണ്ടു്. എന്നിട്ടും, മേനിപറച്ചിലിൽ നമ്മളൊട്ടും പിന്നോക്കമല്ല. ഈ പരിമിതികളും ദൗർബല്യങ്ങളും കണക്കിലെടുക്കാതെ നമ്മുടേതുപോലെ പുരോഗതി നേടിക്കഴിഞ്ഞ മറ്റൊരു സ്റ്റേറ്റുമില്ലെന്നും മറ്റു സ്റ്റേറ്റുകളെ അലട്ടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസസാംസ്ക്കാരികപ്രശ്നങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങളേയല്ലെന്നും മറ്റുമുള്ള നിഗമനങ്ങളിലെത്തിച്ചേരുന്നതു ശരിയാണെന്നുതോന്നുന്നില്ല. വിദ്യാഭ്യാസപരമായും സാഹിത്യപരമായും നമ്മളിപ്പോഴും വളരെ വളരെ പിന്നിലാണെന്നു തുറന്നു സമ്മതിക്കുകയല്ലേ നല്ലതു്?
ഇരിക്കട്ടെ, ഈ പിന്നോക്കനിലയ്ക്കുള്ള കാരണമെന്താണു്? 1947-വരെയും നമ്മുടെ ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയെ കടിഞ്ഞാണിട്ടു തടയാൻ ശ്രമിച്ച വിദേശശക്തികളുണ്ടായിരുന്നു. ആ തടസ്സങ്ങളെല്ലാം തട്ടിനീക്കപ്പെട്ടിരിക്കുന്നു. എന്നല്ല, ഇന്ത്യ സ്വതന്ത്രയായതിനുശേഷം നമ്മുടെ കേന്ദ്രഗവർമ്മെന്റും സംസ്ഥാനഗവൺമെന്റുകളും സാഹിത്യകലാദികളെ പോഷിപ്പിക്കാൻവേണ്ടി കൊല്ലംതോറും പത്തുലക്ഷക്കണക്കിൽ ഉറുപ്പിക ചെലവിട്ടുകൊണ്ടിരിക്കുന്നുണ്ടു്. ജനങ്ങളാണെങ്കിൽ കൂടുതൽ ഉൽബുദ്ധരായിട്ടുമുണ്ടു്. എന്നിട്ടും, സാഹിത്യപരവും സാംസ്ക്കാരികവുമായ പിന്നോക്കനില അവസാനിച്ചുകഴിഞ്ഞിട്ടില്ല. കാരണമിതാണു്: ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ച സാമൂഹ്യവളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നുവെച്ചാൽ, നമ്മുടെ രാജ്യത്തെ സാമ്പത്തികമായും വ്യാവസായികമായും കാർഷികമായും അഭിവൃദ്ധിപ്പെടുത്താനും അങ്ങനെ നമ്മുടെ ജനങ്ങളുടെ ജീവിതത്തോതുയർത്താനും വേണ്ടിയുള്ള പരിശ്രമങ്ങളുടെ ഒരു ഭാഗമെന്ന നിലയ്ക്കുമാത്രമേ നമ്മുടെ സാഹിത്യവും കലയും വളരുകയുള്ളൂ.
വ്യവസായവും കൃഷിയും അഭിവൃദ്ധിപ്പെട്ടാൽ സ്വയംഭൂവായി സാഹിത്യവും താനേ അഭിവൃദ്ധിപ്പെട്ടുകൊള്ളുമെന്നാണോ ഇതിന്റെ അർത്ഥം? അല്ല. സാമുഹ്യപരിതഃസ്ഥിതികളിലെ മാറ്റങ്ങൾ സാഹിത്യത്തിന്റെ വളർച്ചയ്ക്കു എത്രത്തോളം ആവശ്യമാണോ അത്രത്തോളംതന്നെ സാഹിത്യപുരോഗതി സാമൂഹ്യവളർച്ചയ്ക്കും ആവശ്യമാണു്. സാഹിത്യമെന്നതു് സാമൂഹ്യപരിതഃസ്ഥിതികളുടെ ഒരു പ്രതിഫലനം മാത്രമല്ല, സാമൂഹ്യപരിതഃസ്ഥിതികളെ മാറ്റാനും ഒരുപകരണംകൂടിയാണു്. അഖിലേന്ത്യാ സാഹിത്യ അക്കാദമി ഉൽഘാടനംചെയ്തുകൊണ്ടു് ഡോക്ടർ രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുകയുണ്ടായി:
“സാഹിത്യത്തിന്റെ ലക്ഷ്യം ലോകക്ഷേമമാണു്— വിശ്വരാശ്രയം കാവ്യം. അതിന്റെ ഉദ്ദേശം ലോകത്തെ ഉദ്ധരിക്കുകയാണു്. മിന്നിത്തിളങ്ങുന്ന മുകൾപ്പരപ്പുകളെ പ്രതിബിംബിപ്പിക്കുകയല്ല, അനുഭവങ്ങളെ ആവിഷ്ക്കരിക്കുകയാണു്. കലാബോധമുള്ള സാഹിത്യകാരൻ ധ്യാനനിരതമായ ഏകാന്തതയിൽ പ്രവേശിച്ചു് ഭാവനാമയമായ ആദർശത്തെ നോക്കിക്കണ്ടെത്തണം. എന്നിട്ടു്, അതിനെ സങ്കല്പലോകത്തിൽനിന്നു യഥാർത്ഥലോകത്തിലേയ്ക്കു ഇറക്കിക്കൊണ്ടുവരികയും വികാരവായ്പോടുകൂടി അതിനു രൂപംകൊടുക്കുകയും വാക്കുകളുടെ രൂപത്തിൽ അതിനെ കടഞ്ഞെടുക്കുകയും ചെയ്യണം. അധിഭൗതികമായ ഭാവനയേയും മനുഷ്യജീവികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കൈത്തോടാണു് സാഹിത്യം. കവി അദൃശ്യലോകത്തിന്റെ പുരോഹിതനാണു്, ദിവ്യനായ സ്രഷ്ടാവാണു്, കവിയാണു്. അവൻ വെറുമൊരു വിനോദകാരിയല്ല. നേരെമറിച്ചു്, താൻ ജീവിക്കുന്ന സമുദായത്തിന്റെ എല്ലാത്തരം ആശയാഭിലാഷങ്ങളേയും പ്രകടിപ്പിക്കുകയും ജനങ്ങൾക്കു പ്രചോദനം നല്കുകയും ചെയ്യുന്ന ഒരു പ്രവാചകനാണു്. ഏകാഗ്രതയും ആത്മാർത്ഥതയും എന്നാണു് ഇതിന്റെയൊക്കെ അർത്ഥം. വക്രതയും ഹിംസയുംകൊണ്ടു് നമ്മുടെ ഹൃദയം നിറഞ്ഞാൽ, അല്ലെങ്കിൽ, നമ്മുടെ മനസ്സുകൾ ഒരേമട്ടിലുള്ള ശുഷ്കങ്ങളായ അഭിപ്രായങ്ങളുടെ പാവകങ്ങളായിത്തീർന്നാൽ, ഇതു് അസാദ്ധ്യമായില്ലെങ്കിൽത്തന്നെ തീർച്ചയായും വിഷമകരമായിത്തീരും.”
ചുരുക്കിപ്പറഞ്ഞാൽ, സാഹിത്യകാരന്റെ സൗന്ദര്യബോധത്തിൽ സാമൂഹ്യമായ വീക്ഷണഗതിയും വൈയക്തികമായ ഭാവനാവിലാസവും ഇണങ്ങിച്ചേരണം. ഡോ. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ ഈ അഭിപ്രായം നമ്മുടെ നാട്ടിലും ഇന്നു് ഏറെക്കുറെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ടു്. സാഹിത്യകാരൻ ആകാശത്തോളമുയർന്നുനില്ക്കുന്ന ഒരു ദന്തഗോപുരത്തിന്നുള്ളിൽ അടച്ചിരിക്കണമെന്നും സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ ആഘാതങ്ങളിൽനിന്നു തന്റെ കലാസൃഷ്ടിയെ കാത്തുരക്ഷിക്കണമെന്നും ഇക്കാലത്തു് അധികമാരും വാദിച്ചുകേൾക്കുന്നില്ല. കലയും ജീവിതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും കല കലയ്ക്കുവേണ്ടിയാണെന്നും കലയായിരിക്കുക എന്നതിൽ കവിഞ്ഞു് കലയ്ക്കു മറ്റൊരു ഉദ്ദേശവുമില്ലെന്നും മറ്റും വാദിക്കുന്നവർ ഇന്നു വളരെ ചുരുക്കമാണു്. രണ്ടു ദശാബ്ദങ്ങൾക്കുമുമ്പു് ഇത്തരം വാദങ്ങളുന്നയിച്ച ശ്രീ. കുട്ടിക്കൃഷ്ണമാരാർപോലും ‘മാതൃഭൂമി’യുടെ ഇക്കഴിഞ്ഞ ഓണപ്പതിപ്പിൽ ഇങ്ങനെയാണെഴുതിയതു്:
“ഇന്നു ഏതു നിരൂപകനും ഒരു പുസ്തകമെടുത്താൽ അതിൽ മറ്റെന്തു നോക്കിയില്ലെങ്കിലും അതിനു ജീവിതവുമായുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കാതെപോകുന്നില്ല. കാണുന്നതു വളരെ കുറച്ചാവാം. അങ്ങോട്ടു കണ്ണുചെല്ലുന്നുണ്ടല്ലോ.” കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടയിൽ നമ്മുടെ സാഹിത്യകാരനിലുണ്ടായ ഈ മാറ്റത്തിനു കാരണം പുരോഗമനസാഹിത്യപ്രസ്ഥാനമാണു് എന്നാണു് ശ്രീ. മാരാർ പറയുന്നതു്: “ആശാൻ പ്രഭൃതികളുടെ കാലം, നിരൂപകന്മാർക്കു് സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തിലേയ്ക്കു ഒരു വിദൂരവീക്ഷണം നൽകി എന്നു മുമ്പു് സൂചിപ്പിച്ചുവല്ലോ, ആ ദൂരക്കാഴ്ചയെ വേണ്ടുവോളം—ഒരു പക്ഷേ, വേണ്ടതിലധികംതന്നെ— അടുപ്പിച്ചുതന്നതാണു് ഈ പുതുപ്രസ്ഥാനക്കാർ ചെയ്ത വലിയ ഉപകാരം. അനിഷേധ്യവും അതുവരെ അനിരൂപിതവുമായ ഒരു മഹാ സത്യമാണു് അവർ സാഹിത്യകാരന്മാർക്കുമുമ്പിൽ വലിച്ചിട്ടതു്”, എന്നദ്ദേഹം എഴുതുന്നു. ഈ അഭിപ്രായത്തോടു പൂർണ്ണമായി യോജിക്കാൻ എനിക്കു സാധിക്കുന്നില്ല. സാമൂഹ്യവീക്ഷണഗതിയുടെ പ്രാധാന്യത്തേയും സാഹിത്യവും ജീവിതവും തമ്മിലുള്ള ബന്ധത്തേയും ഊന്നിക്കാണിക്കാനും, ജനങ്ങളുടെ ജീവിതത്തിൽ വേരുറച്ചുനിന്നുകൊണ്ടൂ് ജനകീയശക്തിയിൽനിന്നു് പ്രചോദനവും പോഷണവും ആർജ്ജിക്കാൻ സാഹിത്യകാരന്മാർ ശ്രദ്ധിക്കണമെന്നു് വീണ്ടും വീണ്ടും ആവശ്യപ്പെടുവാനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിനു സാധിച്ചിട്ടുണ്ടു് എന്നതു ശരിതന്നെ. എന്നാൽ, അടിസ്ഥാനപരമായി നോക്കുമ്പോൾ, സാമൂഹ്യപരിതഃസ്ഥിതിയിലുണ്ടായ മാറ്റങ്ങളാണു് കേരളത്തിലെ ഭൂരിപക്ഷം സാഹിത്യകാരന്മാരേയും പുരോഗമനപരമായ സാമൂഹ്യവീക്ഷണഗതിയുള്ളവരാക്കി മാറ്റിത്തീർത്തതു്.
എന്നാൽ; ഇക്കാര്യത്തിലും നമ്മൾ മേനിപറയാൻ കഴിയത്തക്കവണ്ണം മുന്നേറിക്കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ അഭിവൃദ്ധിയെ സഹായിക്കാനുതകുന്ന ഒട്ടനവധി കവിതകളൂം നാടകങ്ങളും കഥകളും കുറച്ചു നോവലുകളും അടുത്തകാലത്തുണ്ടായിട്ടുണ്ടെന്നുള്ളതു് നേരാണു്. പക്ഷെ, ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കു് രൂപംകൊടുക്കാനുള്ള വെമ്പലിൽ പലപ്പോഴും കലാപരമായ മൂല്യങ്ങൾ അവഗണിക്കപ്പെട്ടുപോകുന്നു. പ്രസിദ്ധംചെയ്യപ്പെടുന്ന സാഹിത്യകൃതികളിൽ ഒരു ഗണ്യമായഭാഗം കലാപരമായി ഉയർന്ന നിലവാരത്തിലുള്ളവയാണെന്നു പറഞ്ഞുകൂടാ. പുറംചട്ടയുടെ സൗന്ദര്യം പലപ്പോഴും ഉള്ളടക്കത്തിന്റെ വൈരൂപ്യത്തെ മൂടിവെയ്ക്കാനുള്ള ഒരുപകരണമായിത്തീരാറുണ്ടു്. പരപ്പുകൂടുന്നതിന്നനുസരിച്ചു് ആഴം വർദ്ധിക്കുന്നില്ലെന്നു ചുരുക്കം. മാത്രമല്ല, തരംതാഴ്‌ന്ന കുറ്റാന്വേഷണകൃതികളിലേയ്ക്കും ലൈംഗികകൃതികളിലേയ്ക്കും വഴുതിപ്പോകാനുള്ള ഒരു പ്രവണതയും അടുത്തകാലത്തായി തലപൊന്തിച്ചിട്ടുണ്ടു്. ഇതിനെ നിരുത്സാഹപ്പെടുത്തിയേ പറ്റൂ.
ഇതിനുള്ള മുഖ്യകാരണങ്ങളിലൊന്നു സാഹിത്യകാരന്മാരുടെ ജീവിതവിഷമതകളാണെന്നെനിക്കു തോന്നുന്നു. പഠിച്ചും ചിന്തിച്ചും സാമൂഹ്യസത്യങ്ങളുടെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെന്നും നല്ലനല്ല സാഹിത്യകൃതികൾ സൃഷ്ടിക്കുക എന്ന പ്രശ്നം സാഹിത്യകാരന്റെ ജീവിതപ്രശ്നവുമായി ബന്ധപ്പെട്ടാണു കിടക്കുന്നതു്. കൂടുതൽ നല്ല ഗ്രന്ഥങ്ങളെഴുതിയുണ്ടാക്കാനുള്ള ഏറ്റവും പ്രധാനമായ പ്രചോദനം കൂടുതൽ നല്ല പ്രതിഫലമാണു്. കലാപരമായ കഴിവും പ്രതിഭാശക്തിയുമുള്ള എത്രയെത്ര യുവസാഹിത്യകാരന്മാരാണു നമുക്കുള്ളതു്! അവരുടെ കഴിവുകളെ നമ്മുടെ നാടിന്റെയും നമ്മുടെ സാഹിത്യത്തിന്റേയും പുരോഗതിക്കുവേണ്ടി ഉപയോഗിക്കാൻ പറ്റിയ പ്രായോഗികപദ്ധതികളാവിഷ്ക്കരിച്ചേ മതിയാവൂ.
അത്യാവശ്യമായ ചില സാഹിത്യശാഖകളെ ഇനിയും നമ്മൾ പോഷിപ്പിക്കേണ്ടിയിരിക്കുന്നു. നമുക്കിന്നും തൃപ്തികരമായ ഒരു കേരളചരിത്രമില്ല. മലയാളഭാഷ എപ്പോൾ എങ്ങനെയുണ്ടായി എന്നതിനെസംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസംപോലും തീർന്നിട്ടില്ല. നമ്മുടെ ബാലസാഹിത്യം ശൈശവദശയിലാണിന്നും. ശാസ്ത്രസംബന്ധിയും ഗവേഷണപരവുമായ ഗ്രന്ഥങ്ങൾ വളരെ വിരളമാണു്. ഈ ദൗർബ്ബല്യങ്ങൾ പരിഹരിച്ചാൽ മാത്രമേ മലയാളസാഹിത്യം അഭിവൃദ്ധിപ്പെടുകയുള്ളൂ.
നമ്മുടെ സാഹിത്യത്തിന്നും നമ്മുടെ സാഹിത്യകാരന്മാർക്കും ഉൽഗതിയുണ്ടാവണമെങ്കിൽ അടിസ്ഥാനപരമായ ചില അടിയന്തിരപ്രശ്നങ്ങളിലേയ്ക്കുകൂടി നമ്മുടെ ശ്രദ്ധ തിരിയേണ്ടതാവശ്യമാണു്. ഏറ്റവും പ്രധാനമായ കാര്യങ്ങളിലൊന്നു് നമ്മുടെ അദ്ധ്യയനഭാഷയും ഭരണഭാഷയും മലയാളമാക്കുക എന്നതാണു്. അദ്ധ്യയനഭാഷ മലയാളമാക്കണമെങ്കിൽ ആദ്യമായി ശാസ്ത്രഗ്രന്ഥങ്ങൾക്കാവശ്യമായ സാങ്കേതികപദങ്ങളുടെ ഒരു പട്ടിക തയ്യാറാക്കണമെന്നും, സർക്കാരെഴുത്തുകുത്തുകൾ മലയാളത്തിലാക്കണമെങ്കിൽ ആദ്യമായി മലയാളം ടൈപ്പ്റൈട്ടറുകൾ നിർമ്മിക്കണമെന്നും, മലയാളം ടൈപ്പ്റൈട്ടറുകളുണ്ടാക്കണമെങ്കിൽ ആദ്യമായി ലിപികൾ പരിഷ്ക്കരിക്കണമെന്നും മറ്റുമുള്ള ചില ധാരണകളുണ്ടു്. ശാസ്ത്രത്തിന്റെ വളർച്ച ഭാഷയുടെ സ്വഭാവവിശേഷങ്ങളെയാണാശ്രയിച്ചിരിക്കുന്നതു് എന്നും, സമുദായങ്ങളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തത്വജ്ഞാനങ്ങൾക്കു മുഴുവനും അടിസ്ഥാനഭൂതമായി നിൽക്കുന്നതു് വാചകഘടനയും വ്യാകരണവുമാണെന്നുള്ള ഒരു പുതിയ വാദവും ഉന്നയിക്കപ്പെട്ടുകേട്ടു. കുതിരയ്ക്കുമുമ്പിൽ വണ്ടികെട്ടലാണിതു്. വാസ്തവത്തിൽ, ആശയപ്രകടനത്തിനുള്ള ഒരുപകരണംമാത്രമാണു ഭാഷ. പദങ്ങളുടെ പട്ടിക തയ്യാറായതിനുശേഷം ആശയപ്രകടനത്തിന്റെ ആവശ്യം നേരിടുകയല്ല, നേരെമറിച്ചു്, ആശയപ്രകടനത്തിന്റെ ആവശ്യം നേരിടുമ്പോൾ പദങ്ങളുണ്ടാവുകയാണു പതിവു്. ഉദാഹരണത്തിനു്, സർവവിജ്ഞാനകോശത്തിന്റെ കാര്യമെടുക്കുക. മലയാളംമാത്രമറിയുന്ന ഒരാൾക്കു് മറ്റൊരു ഭാഷയുടേയും സഹായം കൂടാതെതന്നെ ലോകത്തിലുള്ള എല്ലാത്തരം വിജ്ഞാനങ്ങളെപ്പറ്റിയും സാമാന്യമായി മനസ്സിലാക്കിക്കൊടുക്കാൻ കെൽപുള്ള ബ്രഹത്തായ ഒരു ഗ്രന്ഥസമുച്ചയമാണല്ലോ സർവവിജ്ഞനകോശം അല്ലെങ്കിൽ എൻസൈക്ലോപീഡിയാ. നമ്മുടെ ഇന്നത്തെ ഏറ്റവും പ്രധാനമായ ഒരാവശ്യമാണതു്. ആ ആവശ്യം നിർവഹിക്കാൻ തുടങ്ങുമ്പോൾ അതിനു പറ്റിയതരത്തിൽ മലയാളഭാഷ വികസിക്കുന്നതു കാണാം. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നാം തീയതി ബാങ്ക്ളൂരിൽവെച്ചു് കർണ്ണാടകഭാഷയിൽ പുതുതായി നിർമ്മിക്കാൻപോകുന്ന എൻസൈക്ലോപീഡിയയുടെ പത്രാധിപസമിതിയെ അഭിസംബോധനചെയ്തുകൊണ്ടു് വിദ്യാഭ്യാസമന്ത്രി ശ്രീ. പി. വെങ്കടയ്യ പറഞ്ഞ ചില കാര്യങ്ങൾ ഇവിടെ പ്രസ്താവ്യമാണു്. സമകാലീനങ്ങളായ ആശയങ്ങളുടെ പ്രവാഹത്തെ എൻസൈക്ലോപീഡിയ സഹായിക്കുമെന്നു് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിജ്ഞാനസംബന്ധിയായ സാഹിത്യത്തിൽ മാത്രമല്ല, ശുദ്ധസാഹിത്യമെന്ന പേരിലറിയപ്പെടുന്ന സാഹിത്യശാഖയിൽപോലും അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുമെന്നും വിജ്ഞാനകോശത്തിന്റെ പണി പൂർത്തിയാകുമ്പോഴേയ്ക്കും കന്നടഭാഷ വിവിധങ്ങളായ ആശയങ്ങളെയെല്ലാം പ്രകടിപ്പിക്കാൻ കഴിയത്തക്കവണ്ണം വിഭവസമ്പന്നമായിത്തീരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതു കർണ്ണാടകഭാഷയുടെ അപകർഷബോധമവസാനിപ്പിക്കുകയും ആധുനിക മനസ്സിന്റെ കെട്ടിപ്പിണഞ്ഞ അനുഭവങ്ങളെ പ്രകടിപ്പിക്കാൻ കെല്പുള്ള ഒരു ഭാഷയാണു കർണ്ണാടകമെന്നു വ്യക്തമാക്കുകയും ചെയ്യുമെന്നും അതുകൊണ്ടിതു മനഃശാസ്ത്രപരമായ ഒരു നേട്ടമായിരിക്കുമെന്നുംകൂടി അദ്ദേഹം എടുത്തുപറയുകയുണ്ടായി.
തെക്കേഇന്ത്യയിൽ മലയാളം, തമിഴ്, തെലുങ്കു്, കർണ്ണാടകം എന്നീ നാലുഭാഷകളാണല്ലോ ഉള്ളതു്. ഇവയിൽ മലയാളമൊഴിച്ചുള്ള മറ്റു മൂന്നുഭാഷകളിലും എൻസൈക്ലോപീഡിയായുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണു്. വിദ്യാഭ്യാസത്തിലും സാഹിത്യത്തിലും മുൻപന്തിയിൽ നില്ക്കുന്നു എന്നു മേന്മ നടിക്കുന്ന നമ്മുടെ ഭാഷയിൽ മാത്രം എൻസൈക്ലോപീഡിയാ നിർമ്മിക്കാനുള്ള പ്രാരംഭികചർച്ചകൾപോലും നടന്നുകഴിഞ്ഞിട്ടില്ല. വാസ്തവത്തിൽ നമുക്കൊരു സർവ്വവിജ്ഞാനകോശം വേണമെന്ന ആവശ്യം സാഹിത്യ പരിഷത്തിന്റെ ഏതാണ്ടെല്ലാ സമ്മേളനങ്ങളിലും ആവർത്തിക്കപ്പെടാറുണ്ടു്. ഇക്കുറിയും സ്വാഗതസംഘാദ്ധ്യക്ഷനായ ശ്രീ. കെ. എം. ചെറിയാൻ അതിന്റെ അത്യാവശ്യകതയെപ്പറ്റി എടുത്തുപറയുകയുണ്ടായി. കഴിഞ്ഞകൊല്ലം എറണാകുളത്തുവെച്ചുകൂടിയ പരിഷത്തിൽ നമ്മുടെ ഇന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ. എം. ശങ്കരൻനമ്പൂതിരിപ്പാടു് അദ്ധ്യക്ഷത വഹിച്ച ഒരു സമ്മേളനത്തിലും സർവ്വവിജ്ഞാനകോശത്തെപ്പറ്റിയുള്ള പരാമർശമുണ്ടായി. ഇന്നു ഭരണം നടത്തുന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പുവിജ്ഞാപനത്തിലും മലയാളത്തിലൊരു വിജ്ഞാനകോശം നിർമ്മിക്കാൻ നടപടികളെടുക്കുമെന്നു പ്രതിജ്ഞചെയ്തിട്ടുണ്ടു്. അതുകൊണ്ടു് ഇക്കാര്യം ഗവർമ്മെന്റിന്റെ അടിയന്തിരശ്രദ്ധയിൽപെടുമെന്നു് നമ്മുക്കു പ്രതീക്ഷിക്കാം.
വിജ്ഞാനകോശം കേവലം വിജ്ഞാനകോശത്തിനുവേണ്ടിയല്ല. അതൊരു ലക്ഷ്യമല്ല, മാർഗ്ഗമാണു്. നമ്മുടെ ജനങ്ങളുടേയും നമ്മുടെ സാഹിത്യത്തിന്റേയും വളർച്ചയെ സഹായിക്കുക എന്നതാണതിന്റെ ഉദ്ദേശ്യം.
നമ്മുടെ രാജ്യത്തെ വ്യാവസായികമായും കാർഷികമായും വിദ്യാഭ്യാസപരമായും അതിവേഗം അഭിവൃദ്ധിപ്പെടുത്താനും അങ്ങനെ നമ്മുടെ ജനങ്ങളുടെ ജീവിതത്തെ ഐശ്വര്യപൂർണ്ണമാക്കിത്തീർക്കാനും വേണ്ടിയുള്ള മഹത്തായ ഒരു പരിശ്രമമാണു് നടന്നുകൊണ്ടിരിക്കുന്നതു്. ആ പരിശ്രമത്തെ വിജയിപ്പിക്കണമെങ്കിൽ സാംസ്ക്കാരികവും സാഹിത്യപരവുമായ ഒരു വിപ്ലവം കൂടിയേകഴിയൂ. അത്തരമൊരു വിപ്ലവത്തിനു പച്ചവിളക്കുകാണിക്കുന്ന സാഹിത്യകൃതികൾ ആവിർഭവിച്ചേ മതിയാവൂ. സാമൂഹ്യബന്ധങ്ങളുടെ അടിത്തട്ടിൽ അവ്യക്തമായിക്കിടക്കുന്ന സത്യങ്ങളേയും മാനുഷികമൂല്യങ്ങളേയും ബോധപൂർവ്വമായും വികാരവായ്പോടുകൂടിയും ചിത്രീകരിച്ചുകൊണ്ടു് ജനങ്ങളുടെ ഹൃദയങ്ങളിൽ വെളിച്ചം പരത്താനും അവരുടെ മാനസികമണ്ഡലങ്ങളിലും വീക്ഷണഗതികളിലും പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കുവാനും സഹായിക്കുന്ന ഉത്തമങ്ങളായ ഗ്രന്ഥങ്ങൾ ഇനിയുമെത്രയോ ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ രാജ്യത്തിന്റെ പുരോഗതിയിൽ അദമ്യമായ അഭിമാനവും ജനങ്ങളുടെ ഐശ്വര്യത്തിൽ അതിരുകവിഞ്ഞ അഭിനിവേശവും മനുഷ്യത്വത്തിന്റെ ഭാവിയിൽ ഉറച്ച വിശ്വാസവുമുള്ള പുതിയ തലമുറകളെ രൂപപ്പെടുത്താൻ നമുക്കു് സാധിക്കുകയുള്ളൂ. ഈ മഹത്തായ കടമ നിറവേറ്റാൻവേണ്ടി നമുക്കെല്ലാവർക്കും യോജിച്ചു പ്രവർത്തിക്കുക എന്നുമാത്രം പ്രസ്താവിച്ചുകൊണ്ടു് ഈ സമ്മേളനത്തെ ഞാൻ വിനയപുരസ്സരം ഉൽഘാടനം ചെയ്തുകൊള്ളുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ (ഫെബ്രുവരി 25, 1904–ജൂലൈ 3, 1976). മലപ്പുറം ജില്ലയിലെ തിരൂർ വില്ലേജിൽ പൊറൂർ ദേശത്തു് കീഴേടത്ത് എന്ന സമ്പന്ന നായർ കുടുംബത്തിൽ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണു് ദാമോദരൻ ജനിച്ചതു്. കേരള മാർക്സ് എന്നാണു് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. ‘പാട്ടബാക്കി’ എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോടു് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു.
കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം മാർക്സിസ്റ്റ് ആശയങ്ങളോടു് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായാണു് കേരളത്തിൽ തിരിച്ചെത്തിയതു്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി. പി. ഐ. യിൽ ഉറച്ചുനിന്നെങ്കിലും അവസാനകാലത്തു് പാർട്ടിയിൽ നിന്നും അകന്നു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ-നു് അന്തരിച്ചു. പദ്മം ജീവിതപങ്കാളിയായിരുന്നു.