images/A_Composite_Imaginary_View_of_Japan.jpg
A composite imaginary view of Japan, a painting by .
വാക്യം

പൂവു വിടരുന്നു.

പൂവു വാടുന്നു.

പൂവു കൊഴിയുന്നു.

1. പൂവിനെ സംബന്ധിക്കുന്ന മൂന്നു് ആശയമാണല്ലോ, മുകളിൽ ചേർത്തിരിക്കുന്ന പദസമൂഹം വെളിപ്പെടുത്തുന്നതു്. ‘വിടരുന്നു’ എന്നു മാത്രം പറഞ്ഞാൽ ‘എന്തു വിടരുന്നു’? എന്നു് ആകാംക്ഷ ജനിക്കുന്നു. ‘പൂവു വിടരുന്നു’, എന്നു പൂരിപ്പിച്ചാൽ ആകാംക്ഷാപൂർത്തിവരും; ആശയം പൂർണ്ണമാകും എന്നു സാരം. ‘പൂവു വാടുന്നു’, ‘പൂവു കൊഴിയുന്നു’, ഈ പദസമൂഹങ്ങളും ഓരോ ആശയം പ്രകാശിപ്പിക്കുന്നുണ്ടു്. ഇങ്ങനെ ‘ഒരാശയം പൂർണ്ണമാകത്തക്കവണ്ണം സാകാംക്ഷങ്ങളായ പദങ്ങൾ ചേരുന്നതാണു് വാക്യം’. ഓരോ പദത്തിനും അർത്ഥമുണ്ടായിരുന്നാൽ മാത്രം പോര, എല്ലാം ചേർന്നു് ഒരാശയം വെളിപ്പെടുത്തുക കൂടി വേണം; എന്നാലേ വാക്യമാവുകയുള്ളൂ. ‘കുരുവികൾ, ഓലനാരുകൊണ്ടു്’, ഈ രണ്ടു പദത്തിനും അർത്ഥമുണ്ടു്. എങ്കിലും ആകാംക്ഷ ശമിക്കുന്നില്ല. ‘കൂടുകെട്ടുന്നു’ എന്നുകൂടി ചേർത്തുനോക്കു. ആ പക്ഷിയെ സംബന്ധിക്കുന്ന ഒരു ആശയം പൂർണ്ണമായെന്നു തോന്നുന്നില്ലേ? ആ പദസമൂഹം വാക്യമാണു്.

അഭ്യാസം ൧
  1. വാക്യങ്ങളും വാക്യങ്ങളല്ലാത്ത പദസമൂഹങ്ങളും വേർതിരിച്ചെഴുതുക:
    • ഭാരതി, പദാവലി തോന്നേണം കാലേ കാലേ.
    • വാനോർനദീപുരേ വാണരുളീടുന്ന ദീനാനുകമ്പിയാം കൃഷ്ണൻ തിരുവടി
    • ശാകുന്തളം എന്ന നാടകത്തിന്റെ രചനകൊണ്ടു ലോകപ്രശസ്തി നേടിയ.
    • ശാസ്ത്രം വിജ്ഞാനത്തേയും കല സൗന്ദര്യബോധത്തേയും വികസിപ്പിക്കുന്നു.
    • നിന്നെച്ചൊല്ലിയുമില്ല കില്ലിനിയെനിക്കീ മുല്ലയെച്ചൊല്ലിയും.
    • കലാബോധം വികസിപ്പിക്കാതെ വ്യവസായം വളർത്തിയാൽ.
  2. യഥായോഗ്യം ചേർത്തു വാക്യമാക്കുക:- സിംഹം ഓരിയിടുന്നു. പുലി കരയുന്നു. പശു അലറുന്നു. കുറുക്കൻ മുരളുന്നു. വണ്ട് കൂകുന്നു. കുയിൽ മൂളുന്നു.
  3. ഉചിതമായ പദം ചേർത്തു വാക്യം പൂർണ്ണമാക്കുക:
    • രാമായണം കിളിപ്പാട്ടു നിർമ്മിച്ചു.
    • കൃഷ്ണഗാഥ രചിച്ചു.
    • തുള്ളൽക്കവിത ഉണ്ടാക്കി.
    • സഹൃദയന്മാരെ ആഹ്ലാദിപ്പിക്കും.
    • വിജ്ഞാനം പ്രദാനം ചെയ്യുന്നു.

2. ‘പൂവു വിടരുന്നു’ എന്ന വാക്യത്തിൽ ഏതു് വസ്തുവിനെക്കുറിച്ചാണു് പ്രസ്താവിക്കുന്നതു്? പൂവിനെക്കുറിച്ചല്ലേ? അതിനെപ്പറ്റി എന്തു പറയുന്നു? ‘വിടരുന്നു’, എന്നാണല്ലൊ. ഏതു് വാക്യത്തിലും, ഇങ്ങനെ രണ്ടു ഭാഗം അടങ്ങിയിരിക്കുന്നു. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണു്’, എന്ന വാക്യം പരിശോധിക്കാം. ‘സ്വാതന്ത്ര്യം’ ആണു്, ഇവിടെ ഉദ്ദേശ്യം; ‘എന്റെ ജന്മാവകാശമാണു്’ എന്ന ഭാഗം അതിനെക്കുറിച്ചുള്ള പ്രസ്താവമാകുന്നു. വാക്യത്തിലെ ഉദ്ദേശ്യം ആഖ്യയാണു്. അതിനു് വിധേയമായ ഭാഗം ആഖ്യാതവും. ആഖ്യ ആഖ്യാതം

പൂവു വിടരുന്നു.

സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണു്.

അഭ്യാസം ൨
  1. ഉദ്ദേശ്യവിധേയങ്ങൾ വേർതിരിച്ചെഴുതുക:
    • നന്നല്ല ദേഹം നിമിത്തം മഹാമോഹം.
    • പന്തിരണ്ടാംദിനം കാലത്തു സൈന്യവും പന്തി രണ്ടായിപ്പിരിഞ്ഞു യുദ്ധത്തിനായ്.
    • ലോകമാകുന്നു, നാടകരംഗം; നാമതിലെ നടന്മാരുമത്രെ.
    • മിന്നുന്നതെല്ലാം പൊന്നല്ല.
    • പണ്ടു്, വിദർഭത്തിൽ ഭീമൻ എന്നൊരു രാജാവു് ഉണ്ടായിരുന്നു.
    • ഇവിടമാണദ്ധ്യാത്മവിദ്യാലയം.
    • കേരളം നമ്മുടെ ജന്മഭൂമിയാകുന്നു.
    • ഭാഷാഭിമാനവും ദേശാഭിമാനവും ഇല്ലാത്തവർ വളരെ കുറയും മറ്റുനാടുകളിൽ.
  2. ആഖ്യാപദവും ആഖ്യാതപദവും അടയാളപ്പെടുത്തുക:
    • ഗതികെട്ടാൽ പുലി പുല്ലു തിന്നില്ല.
    • കളവു മിനുക്കിയാൽ സത്യമാവില്ല.
    • ഇരുമ്പും തൊഴിലും ഇരിക്കെക്കെടും.
    • അമ്പുകൾ കൊണ്ടാൽ, വ്രണം കാലത്താൽ നികന്നീടും.
    • ഇന്നലെയോളമെന്തെന്നറിഞ്ഞില്ല.
    • കൊച്ചുനീർത്തുള്ളിവന്നെന്നെ വിളിച്ചൂ മധുരസ്വരം.
    • ആലസ്യമാണു്, നമ്മുടെ ശത്രു.

3. ‘പൂവു വിടരുന്നു’ എന്ന വാക്യം ഒന്നുകൂടി ശ്രദ്ധിച്ചുനോക്കു. അതിലെ ആഖ്യാതപദം നാമമാണു്. ‘പൂവു്’ എന്ന ശബ്ദം ഒരു വസ്തുവിന്റെ പേരാണല്ലൊ. ദ്രവ്യനാമം മാത്രമല്ല, ഗുണനാമവും ക്രിയാനാമവും ആഖ്യയായിവരാം. ‘തണുപ്പു കൂടുന്നു’, ‘ഓട്ടം കേമമായി’, ഈ വാക്യങ്ങളിലെ ആഖ്യാപദങ്ങൾ ഏതേതു നാമവിഭാഗങ്ങളിൽ പെടുന്നു? ‘തണുപ്പു്’, ഒരു ഗുണത്തിന്റെ പേരാണു്. ‘ഓട്ടം’, ഒരു ക്രിയയുടേയും.

‘ഞാൻ പഠിക്കുന്നതു് ഈ വിദ്യാലയത്തിൽ ആകുന്നു’, ഈ പദസമൂഹം ഒരു വാക്യമാണല്ലൊ. ഇതിലെ ആഖ്യ ‘ഞാൻ പഠിക്കുന്നതു്’ എന്ന ഭാഗമാകുന്നു. ഞാൻ എന്ന പദം, പഠിക്കുന്നതു് എന്ന ആഖ്യാതത്തിലാണു് അന്വയിക്കുന്നതു്. അതിനാൽ ആ പദങ്ങൾ ചേരുമ്പോൾ വാക്യത്തിന്റെ സ്വഭാവം ലഭിക്കുന്നുണ്ടു്. ‘പഠിക്കുന്നതും’ എന്ന പദത്തിനു നാമത്തിന്റെ ധർമ്മമാണുള്ളതു്. പഠിക്കുന്നതിൽ, പഠിക്കുന്നതിനാൽ, എന്നൊക്കെ രൂപമുണ്ടാവാമല്ലൊ. ഇങ്ങനെ നാമം പോലെ പ്രയോഗിക്കാവുന്ന വാക്യത്തിനു നാമവാക്യം എന്നാണു് സംജ്ഞ. ഉദാഹരണത്തിൽ നിന്നു നാമവാക്യം ആഖ്യയായി വരുമെന്നു ഗ്രഹിക്കാം.

വേറെ ഉദാഹരണം:

  • അസത്യം പറയുക നല്ലതല്ല.
  • നാം ആഗ്രഹിക്കുന്നതു നടക്കണം.
അഭ്യാസം ൩
  1. നാമവാക്യം ആഖ്യയായി വരുന്ന വാക്യങ്ങൾ മാത്രം എടുത്തെഴുതുക:
    • അധർമ്മം ആചരിക്കുന്നതു പാപമാണു്.
    • അധർമ്മം തലപൊക്കുന്നു.
    • പരിശ്രമം വിജയത്തിലേക്കുള്ള സോപാനമാകുന്നു.
    • ഈശ്വരനെ ഭജിക്കുകയാണു് എന്റെ അനുജത്തി.
    • ചുടുന്ന വെയിലിൽ തൊടുമെന്റെ കാലുപൊള്ളട്ടെ.
    • ഞാൻ വേദന ചൊൽവതില്ല.
    • നേരം പുലർന്നതു് ഞാൻ അറിഞ്ഞില്ല.
    • ഞാനുണർന്നതു് അല്പം വൈകിയിട്ടാണു്.

4. ‘പൂവു വിടരുന്നു’, എന്ന വാക്യത്തിലെ ആഖ്യാപദം നാമമാണെന്നു ഗ്രഹിച്ചുവല്ലൊ. ആഖ്യാതമോ? ‘വിടരുന്നു’ എന്നതു വർത്തമാനകാലത്തോടു് അനുബന്ധിച്ചു നിൽക്കുന്ന ഒരു പ്രവർത്തിയാണു് ബോധിപ്പിക്കുന്നതു്. അതിനാൽ ക്രിയാപദം ആകുന്നു. ആഖ്യാതപദങ്ങൾ പ്രായേണ ക്രിയകളായിരിക്കും. എന്നാൽ, സംസ്കൃതത്തിലും മറ്റു പല ഭാരതീയ ഭാഷകളിലും ആഖ്യാതം ക്രിയാപദമായിരിക്കണമെന്നില്ല, എല്ലാ വാക്യങ്ങളിലും. ‘രാമൻ നല്ലവൻ’, ‘നീ സമർത്ഥൻ തന്നെ’, മുതലായ ഉദാഹരണങ്ങൾ നോക്കുക. ‘ആകുന്നു’, ‘ആണ്’, ‘അത്രെ’, ഈ ക്രിയാരൂപങ്ങളിൽ ഏതെങ്കിലും ചേർത്തു് ആഖ്യാതം ക്രിയാരൂപമാക്കുന്നതു് സൗകര്യത്തിനുവേണ്ടി മാത്രമാണു്. ആ ക്രിയകൾക്കാകട്ടെ, തനിയെ ആകാംക്ഷാപൂർത്തി വരുത്തുവാൻ ശക്തിയില്ലതാനും. ‘രാമൻ ആകുന്നു’, എന്നു പറഞ്ഞാൽ വിചാരം വ്യക്തമാവില്ലല്ലൊ. ‘സമർത്ഥനാകുന്നു’, ‘സുമുഖനാകുന്നു’, ‘ഉത്സാഹിയാകുന്നു’, എന്നിങ്ങനെ ആശയങ്ങളെ പൂരിപ്പിക്കുന്ന വിധത്തിൽ പ്രയോഗിച്ചാലേ വാക്യം പൂർണ്ണമാവുകയുള്ളൂ. ‘ആവുക’ എന്ന ക്രിയ ആഖ്യാതമായി വരുമ്പോൾ അർത്ഥപൂർത്തിക്കുവേണ്ടി അതോടു ചേർക്കുന്ന ‘സമർത്ഥൻ’, ‘സുമുഖൻ’ മുതലായ ശബ്ദങ്ങൾ ആഖ്യാതപൂരകങ്ങളാണു് എന്നു പറയാം. ആഖ്യ ആഖ്യാതപൂരകം ആഖ്യാതം

രാമൻ നല്ലവൻ ആകുന്നു.

നീ സമർത്ഥൻതന്നെ ആണു്.

രാമായണം ഇതിഹാസം അത്രെ.

അഭ്യാസം ൪
  1. ആഖ്യാതപൂരകമായ പദം മാത്രം വേർതിരിച്ചെഴുതുക:
    • കാക്ക കറുത്തതാകുന്നു.
    • ഞാനതു വിചാരിച്ചതാണു പണ്ടുതന്നെ.
    • ആശയം അഗാധവും പ്രൗഢവുമാണു്.
    • ഹൃദ്യമല്ല, ഭാവനാശൂന്യമായ പദ്യം.
    • ജന്തുക്കളെ ഹിംസിക്കുന്നതു നല്ലതല്ല.
    • നഗരം പ്രശാന്തവും രാത്രി നിശബ്ദവുമായിരുന്നു.
    • ഞാൻ പറഞ്ഞതത്രെ പരമാർത്ഥം.
  2. ആഖ്യാതപൂരകം ചേർത്തു വാക്യം പൂർണ്ണമാക്കുക:
    • നല്ല കവിത ആകുന്നു.
    • ദുഷ്ക്കവിത അല്ല.
    • ശത്രുക്കളെ പേടിച്ചോടുന്നവൻ ആണു്.
    • ശത്രുക്കളെ വിശ്വസിക്കുന്നതു് അത്രെ.
    • ഈ ഗ്രന്ഥം വളരെ അല്ല; ഇതു വല്ലാതെ മുഷിഞ്ഞിരിക്കുന്നു.
  3. ക്രിയാപദമില്ലാതെ ആകാംക്ഷാപൂർത്തി വരുന്ന നാലു വാക്യം എഴുതുക.

5. ‘പൂവു വിടരുന്നു’. എന്ന വാക്യത്തിലെ ആഖ്യനാമമാണു് എന്നും, ആഖ്യാതം ക്രിയയാണെന്നും ധരിച്ചുവല്ലൊ. പ്രസ്തുത പദദളങ്ങളിൽ നാമത്തിനും ക്രിയയ്ക്കും തമ്മിലുള്ള ബന്ധമെന്താണു്? ‘വിടരുക’ എന്ന വ്യാപാരം എന്തിനെ ആശ്രയിച്ചിരിക്കുന്നു? പൂവിനെയല്ലേ? ക്രിയ ചെയ്യുന്ന വസ്തുവിനു് വ്യാകരണത്തിൽ കർത്താവു് എന്നാണു്, സംജ്ഞ. ‘ബാലൻ കാവ്യം വായിക്കുന്നു’, ഈ വാക്യത്തിലെ വായിക്കുക എന്ന വ്യാപാരം ആരെയാണു് ആശ്രയിച്ചിരിക്കുന്നതു്? ബാലനെയല്ലേ? ‘ബാലൻ’ ഈ വാക്യത്തിലെ കർത്തൃപദം ആകുന്നു. കർത്താവ് ക്രിയ

പൂവു് വിടരുന്നു.

ബാലൻ വായിക്കുന്നു.

ഞാൻ ഉറങ്ങുന്നു.

നദി ഒഴുകുന്നു.

അഭ്യാസം ൫
  1. കർത്തൃപദം ചേർത്തു വാക്യം പൂർണ്ണമാക്കുക:
    • ചൂടും വെളിച്ചവും തരുന്നു.
    • ആഹ്ലാദവും അറിവും നൽകുന്നു.
    • യുദ്ധം ചെയ്യുന്നു.
    • ശത്രുക്കളെപ്പോലും സ്നേഹിക്കുന്നു.
  2. കർത്തൃപദം അടയാളപ്പെടുത്തുക:
    • രാമനെ കാത്തു് എത്രനാൾ ഞാൻ ഇരുന്നു!
    • പാടം നീണ്ടുപരന്നു കിടക്കുകയാണു്.
    • കുടിലുകളിൽ വിളക്കുകൾ കത്തി.
    • ചേണമ്പും നിന്മേനിച്ചെന്തളിർ ചുംബിപ്പാൻ ചേതസ്സു സോന്മേഷം ചാടിടുന്നു.
    • പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശതപത്രസമുത്ഭവനെന്നു മറിക നീ.
    • വരികരികിരി കിളിമകളേ, നീ.
  3. ക്രിയാപദത്തിനും കർത്തൃപദത്തിനും തമ്മിലുള്ള ബന്ധമെന്തെന്നു വിശദമാക്കുക.
  4. കർത്തൃപദം ചേർക്കുക:(രാമനും കൃഷ്ണനുമായുള്ള സംഭാഷണം)
    കൃഷ്ണൻ:
    പറഞ്ഞതു് എനിക്കു മനസ്സിലായി. ആവുന്നതൊക്കെ ചെയ്യാം.
    രാമൻ:
    അത്രയും സമ്മതിച്ചുവല്ലൊ. അതുമതി.
    കൃഷ്ണൻ:
    സമ്മതിച്ചുവെന്നേയുള്ളൂ. ശ്രമിക്കാതിരിക്കയുമില്ല. എങ്കിലും സംശയിക്കുന്നുണ്ടു്, ജയം കിട്ടുമോ എന്നു്. എന്തു പറയുന്നു?

6. ‘ബാലൻ കാവ്യം വായിക്കുന്നു’, എന്ന വാക്യത്തിൽ കർത്തൃപദവും ക്രിയാപദവും മാത്രമല്ലല്ലൊ ഉള്ളതു്. കാവ്യം എന്ന വാക്കിനു ക്രിയയോടുള്ള ബന്ധമെന്താണു്? ആരു് വായിക്കുന്നു, ബാലൻ. ബാലൻ എന്തു വായിക്കുന്നു, കാവ്യം. മറ്റൊരുദാഹരണം കൊണ്ടു് ഈ മാതിരി പദങ്ങളുടെ ബന്ധം കുറെക്കൂടി വ്യക്തമാക്കാം. ‘അമ്മ മകനെ വിളിക്കുന്നു’ എന്നൊരു വാക്യം അപഗ്രഥിച്ചു നോക്കൂ. ആരാണു് വിളിക്കുന്നതു്? വിളിക്കുക എന്ന പ്രവൃത്തി ചെയ്യുന്നതു് ആരാണു്? അമ്മയല്ലേ? ആ പദം വാക്യത്തിലെ കർത്താവുതന്നെ. ആരെയാണു് വിളിക്കുന്നതു്? മകനെയല്ലേ? ആരെ അല്ലെങ്കിൽ എന്തിനെ എന്ന ആകാംക്ഷയ്ക്ക് നിവൃത്തി വരുത്തുന്ന പദം കർമ്മമാണു്. കർത്താവു് കർമ്മം ക്രിയ

ബാലൻ കാവ്യം വായിക്കുന്നു.

അമ്മ മകനെ വിളിക്കുന്നു.

കവി കവിത രചിക്കുന്നു.

സഹൃദയൻ കവിത ആസ്വദിക്കുന്നു.

വിമർശകൻ കാവ്യസൗന്ദര്യം വെളിപ്പെടുത്തുന്നു.

അഭ്യാസം ൬
  1. കർത്തൃപദം ചേർത്തു വാക്യം പൂർണ്ണമാക്കുക:
    • അതിഥിയെ സൽക്കരിക്കുന്നു.
    • വീണ വായിക്കുന്നു.
    • കാശ്മീരിൽ ഉഗ്രമായി നടന്നു.
    • മലവെള്ളത്താൽ മുങ്ങിപ്പോയി.
    • അദ്വൈതസിദ്ധാന്തം സ്ഥാപിച്ചു.
    • ചൂടു തട്ടിയാൽ വികസിക്കുന്നു.
  2. ആകാംക്ഷാപൂർത്തിക്കു കർമ്മപദം വേണ്ടവാക്യത്തിൽ മാത്രം അതു ചേർക്കുക:
    • സൂര്യൻ പ്രകാശിക്കുന്നു.
    • പടയാളി രക്ഷിക്കുന്നു.
    • സത്യം ജയിക്കുന്നു.
    • പോരാളി ജയിക്കുന്നു.
    • ഭക്തൻ ഭജിക്കുന്നു.
    • ഞാൻ വായിക്കുവാൻ അവനോടു തരണമെന്നു് അപേക്ഷിച്ചു.
  3. യഥാസ്ഥാനം കർമ്മം, കർത്താവു് ഈ പദങ്ങൾ ചേർക്കുക.
    • ക്രിയ ചെയ്യുന്ന വസ്തു
    • ക്രിയയുടെ ഫലത്തിനു് ആശ്രയമായ വസ്തു

7. ആഖ്യയും ആഖ്യാതവും ചേർന്നാണു് വാക്യമാകുന്നതു്. അതിനാൽ, കുറഞ്ഞപക്ഷം, ഒരു വാക്യത്തിൽ രണ്ടു പദം ഉണ്ടായിരിക്കും. ‘പൂവു വിടരുന്നു’ എന്ന വാക്യത്തിൽ രണ്ടു പദമേ ഉള്ളൂ. ‘ബാലൻ കാവ്യം വായിക്കുന്നു’, എന്ന ഉദാഹരണത്തിൽ കർമ്മപദം കൂടി ഉണ്ടു്. കർത്താവിലും കർമ്മത്തിലും ക്രിയയിലും അന്വയിക്കുന്ന വാക്കുകളും മിക്ക വാക്യങ്ങളിലും കാണാം. അങ്ങനെ പദങ്ങൾ ഏറുകയും വാക്യങ്ങൾ നീണ്ടുനീണ്ടു പോവുകയും ചെയ്യും. ‘നാലുമണിക്കു പാഠശാലയിൽനിന്നു പുറത്തുവരുന്ന ചെറിയ കുട്ടികൾ കൈയിൽ പുസ്തകസഞ്ചിയുമായി നാട്ടുമ്പുറങ്ങളിലെ വീടുകളിലേയ്ക്ക് ഉത്സാഹപൂർവ്വം പോകുന്നു’, എന്ന വാക്യം അപഗ്രഥിക്കുക. ‘കുട്ടികൾ’ ആണു്, ആഖ്യ. ‘പോകുന്നു’, ആഖ്യാതവും. ‘നാലുമണിക്കു പാഠശാലയിൽ നിന്നു പുറത്തുവരുന്ന ചെറിയ’, ഈ ഭാഗം ആഖ്യയിലാണു്, അന്വയിക്കുന്നതു്. ‘കൈയിൽ പുസ്തകസഞ്ചിയുമായി നാട്ടുമ്പുറങ്ങളിലെ വീടുകളിലേയ്ക്ക് ഉത്സാഹപൂർവ്വം’ എന്ന ഭാഗമാകട്ടെ, ആഖ്യാതത്തിൽ അന്വയിക്കുന്നു. ഇങ്ങനെ കർമ്മത്തോടു ചേരുന്ന പദങ്ങളും വാക്യങ്ങളിൽ കണ്ടുവെന്നുവരാം. ആശയത്തിന്റെ സ്വഭാവമനുസരിച്ചു് നീണ്ടുനീണ്ടു പോകുന്ന ആകാംക്ഷയുടെ പൂർത്തിക്കു വേണ്ടിടത്തോളം പദങ്ങൾ വാക്യത്തിൽ പ്രയോഗിക്കാം; ഇതാണു്, പദങ്ങൾ ഏറിയോ കുറഞ്ഞോ വരുന്നതിനു കാരണം.

ആഖ്യയിൽ അന്വയിക്കുന്ന പദങ്ങൾക്കു ആഖ്യാപരിച്ഛദമെന്നു പേരുണ്ടു്. ആഖ്യാതത്തിൽ അന്വയിക്കുന്നവയ്ക്കു് ആഖ്യാതപരിച്ഛദമെന്നും കർമ്മത്തോടന്വയിക്കുന്നവ കർമ്മപരിച്ഛദമാകുന്നു. ‘പരിച്ഛദ’ത്തിനു പകരം ‘വിശേഷണം’ എന്ന പേർ വാക്യാപഗ്രഥനത്തിൽ ലാഘവത്തിനുവേണ്ടി സ്വീകരിക്കാം.

(എല്ലാ വാക്യങ്ങളിലും കർത്തൃപദമായിരിക്കണമെന്നില്ല, ആഖ്യ. കർമ്മം ആഖ്യയായിവരും ചില വാക്യങ്ങളിൽ. പ്രയോഗത്തെപ്പറ്റി പഠിക്കുന്ന പ്രകരണത്തിൽ അതു വിശദമാക്കുന്നതാണു്.)

8. വാക്യങ്ങളെ ആഖ്യ, ആഖ്യാതം, ആഖ്യാപരിച്ഛദം, ആഖ്യാതപരിച്ഛദം, കർമ്മം, കർമ്മപരിച്ഛദം ഇങ്ങനെ അപഗ്രഥിച്ചു നോക്കുന്നതു് ആശയഗ്രഹണത്തിനു സഹായമായിരിക്കും. ഈ പ്രവൃത്തിക്കാണു് ‘അപോദ്ധാരം’ എന്നു് വ്യാകരണത്തിൽ സംജ്ഞ നൽകിയിരിക്കുന്നതു്. ഇവിടെ ഒരു വാക്യം അപോദ്ധരിക്കാം:

  1. ഉത്തമമായ കാവ്യം ഉൽകൃഷ്ടങ്ങളായ വികാരങ്ങളെ സഹൃദയ ഹൃദയങ്ങളിൽ സംക്രമിപ്പിക്കുന്നു. ആഖ്യാപരിച്ഛദം ആഖ്യ ഉത്തമമായ കാവ്യം കർമ്മപരിച്ഛദം കർമ്മം ഉൽകൃഷ്ടങ്ങളായ വികാരങ്ങളെ ആഖ്യാതപരിച്ഛദം ആഖ്യാതം സഹൃദയഹൃദയങ്ങളിൽ സംക്രമിപ്പിക്കുന്നു.
  2. പുരയുടെ മുറ്റത്തു വീണുകിടക്കുന്ന പുതിയൊരു മല്ലികാസൂനം.
ആഖ്യാപരിച്ഛദം ആഖ്യ

പുതിയൊരു മല്ലികാസൂനം

കർമ്മപരിച്ഛദം കർമ്മം

– –

ആഖ്യാതപരിച്ഛദം ആഖ്യാതം

പുരയുടെ മുറ്റത്തുവീണു കിടക്കുന്നു.

അഭ്യാസം ൭

അപോദ്ധരിക്കുക:

  1. എത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ, നീ.
  2. നന്നായ് വിളങ്ങുമൊരു കൗസ്തുഭമാം നവാർക്കൻ നൽകട്ടെയെന്നകമലർക്കു വികാസമേറ്റം.
  3. മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ.
  4. അധികം കാലതാമസംകൂടാതെ അയൽരാജ്യത്തിലെ രാജാവു് രാജ്യം ആക്രമിച്ചു.
  5. ചെമ്പകശ്ശേരിയിൽ ഒരു മഹോത്സവമായിരുന്നു അന്നു്.
  6. ഗുണവതിയുടെ വിവാഹസമയത്തു് നിങ്ങൾ അവിടെ സന്നിഹിതനായിരിക്കണം.
പദവിഭാഗം
പദം

പദങ്ങൾ ചേർന്നാണു വാക്യമാകുന്നതെന്നു ഗ്രഹിച്ചുകഴിഞ്ഞുവല്ലൊ. പദമെന്നുവെച്ചാലെന്താണു്? അതെങ്ങനെയുണ്ടാകുന്നു? ‘തവള’ എന്ന ശബ്ദം നമ്മുടെ ഭാഷയിലെ ഒരു പദമാണു്; ‘തവള’ പദമല്ലതാനും. എന്താണു് ഒന്നു പദമാണെന്നും മറ്റതു പദമല്ലെന്നും പറവാൻ കാരണം? ‘തവള’, ഒരർത്ഥവും ബോധിപ്പിക്കുന്നില്ല. ‘തവള’ എന്ന ശബ്ദം കേൾക്കുമ്പോൾ, ഒരു ജീവിയുടെ രൂപം നമുക്കു് ഓർമ്മവരുന്നു. അർത്ഥമുള്ള ശബ്ദമാണു്, പദമെന്നു് ഈ വിവരണത്തിൽ നിന്നു വ്യക്തമായില്ലേ? വാക്യത്തിൽ പ്രയോഗിക്കാൻ അർത്ഥമുള്ള ശബ്ദങ്ങൾക്കു ചില രൂപസംസ്കാരങ്ങൾ വേണ്ടിവരും. ‘ഉറങ്’ എന്ന ശബ്ദം നിദ്രയെ കുറിക്കുന്നതാണു്. എന്നാൽ ഈ രൂപത്തിൽതന്നെ വാക്യത്തിൽ അതു പ്രയോഗിക്കാവുന്നതല്ല. ഉറക്കം, ഉറങ്ങുന്നു, ഉറങ്ങി ഇങ്ങനെയൊക്കെ രൂപപ്പെടുത്തുമ്പോഴേ പ്രയോഗാർഹത സിദ്ധിക്കുന്നുള്ളൂ. വാക്യത്തിൽ പ്രയോഗിക്കാൻ അഹങ്ങളും അർത്ഥയുക്തങ്ങളുമായ ശബ്ദങ്ങളാണു്, പദങ്ങൾ എന്നു ധരിക്കണം. ‘ആശയങ്ങൾ പ്രകാശിപ്പിക്കുവാൻ ഉള്ള ഉപകരണം ആകുന്നു, ഭാഷ’, എന്ന വാക്യത്തിൽ എത്ര പദങ്ങളുണ്ടു്?

‘തവള’ എന്ന അർത്ഥയുക്തമായ ശബ്ദം, അർത്ഥരഹിതങ്ങളായ ഏതാനും വർണ്ണങ്ങൾ ചേർന്നുണ്ടായതാണു്. ത് + അ, വ് + അ, ള് + അ, ഇങ്ങനെ ആ പദത്തെ വിഭജിക്കാം. ആറു വർണ്ണങ്ങൾ ചേർന്നാണു്, അർത്ഥവത്തായ ഒരു ശബ്ദമായി പരിണമിച്ചതു്. ‘കിളി’ എന്ന വാക്കു് ഇതുപോലെ അപഗ്രഥിച്ചുനോക്കു. ക് + ഇ, ള് + ഇ, എന്നിങ്ങനെ നാലു വർണ്ണം അല്ലെങ്കിൽ ധ്വനി ഈ പദത്തിലടങ്ങിയിരിക്കുന്നു.

അഭ്യാസം ൮
  1. വിട്ടുപോയ പദംചേർത്തു വാക്യം പൂർണ്ണമാക്കുക:
    • പ്രകാശിപ്പിക്കുവാൻ ഉള്ള ഉപകരണമാണു്, ഭാഷ.
    • അർത്ഥയുക്തവും ആയ ശബ്ദമാണു്, പദം.
    • സാകാംക്ഷങ്ങളായ പദങ്ങൾ ചേർന്നു് ആകുന്നു.
    • വാക്യങ്ങളെ ആയും, വർണ്ണങ്ങളായും അപഗ്രഥിക്കാം.
    • വാക്യത്തിലെ ഉദ്ദേശ്യം, വിധേയം ആഖ്യാതവും ആണെന്നു പൊതുവെ പറയാം.
  2. താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ വർണ്ണങ്ങളാക്കി വേർതിരിക്കുക:
    • കല, കീരി, ഉളി.
    • ഉലക്, അളവ്, വാൾ, കൺ.
    • ഗ്രന്ഥം, അന്ധത, സായാഹ്നം, പുസ്തകം, നിഷ്ഠ.
  3. അർത്ഥയുക്തങ്ങളായ ശബ്ദങ്ങൾ ആക്കുക:- പ് + അ + റ് + അ + വ് + അ. അ + ഴ് + അ + ക് + ഉ്. സ് + ആ + ഗ് + അ + ര് + അ + മ്. ഇ + ല് + അ + വ് + ഉ്.
വാചകവും ദ്യോതകവും
(i)
അർത്ഥമുള്ള ശബ്ദമാണല്ലൊ, പദം. ആ അർത്ഥത്തിന്റെ സ്വഭാവം ആസ്പദമാക്കി, പദങ്ങളെ പലവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ‘നെടിയ ചമ്പകം പൂത്തു’ എന്ന വാക്യം അപഗ്രഥിച്ചു പരിശോധിക്കുക. ‘ചമ്പകം’ എന്ന വാക്കിന്റെ അർത്ഥം ഒരു മരമാണ്. ‘നെടിയ’ എന്ന പദം, ആ ജാതിയിൽപ്പെട്ട ഏതു വൃക്ഷത്തേയും കുറിക്കാൻ ശക്തിയുള്ള ‘ചെമ്പക’ത്തിന്റെ അർത്ഥത്തെ അത്ര വ്യാപകമല്ലാതാക്കുന്നു; അല്ലെങ്കിൽ, വിശേഷിപ്പിക്കുന്നു. ‘പൂത്തു’, ‘കാലാനുബദ്ധമാ’ ഒരു പ്രവൃത്തിയെയാണു്, കുറിക്കുന്നതു്. ഒരു വസ്തുവിനെ നിർദ്ദേശിക്കുന്ന ‘ചമ്പകം’, നാമം; ആ പദത്തിന്റെ അർത്ഥത്തെ ഭേദിപ്പിക്കുന്ന ‘നെടിയ’ എന്ന ശബ്ദം, വിശേഷണം; കാലാദിബന്ധങ്ങളോടു കൂടിയ വ്യാപാരം അർത്ഥമായ ‘പൂത്തു’ എന്ന വാക്കു ക്രിയ, അല്ലെങ്കിൽ, കൃതി.
(ii)
നാമം, വിശേഷണം, ക്രിയ, ഈ മൂന്നു വിഭാഗത്തിൽപ്പെട്ട ശബ്ദങ്ങൾക്കും സ്വന്തമായ അർത്ഥമുണ്ടെന്നു സ്പഷ്ടമായല്ലൊ. മറ്റു ചില ശബ്ദങ്ങൾ നമുക്കു പരിശോധിച്ചുനോക്കാം. ‘രാമായണം എന്ന കാവ്യം’, ‘വാല്മീകിയും വ്യാസനും’, ‘പുരാണമോ ഇതിഹാസമോ’, ഈ പദ സമൂഹങ്ങളിൽ പ്രയോഗിച്ചിരിക്കുന്ന ‘എന്ന’, ‘ഉം’, ‘ഓ’, ഇവയ്ക്കു് സ്വന്തമായൊരർത്ഥമില്ല. ‘എന്ന’ എന്ന വാക്കു് ‘രാമായണം’, ‘കാവ്യം’, ഈ പദങ്ങൾ തമ്മിലുള്ള അഭേദത്തെ ദ്യോതിപ്പിക്കുന്നു. ‘വാല്മീകി’, ‘വ്യാസൻ’, ഈ രണ്ടു നാമങ്ങളെ സമുച്ചയിക്കുവാനാണു്, ‘ഉം’ ചേർത്തിരിക്കുന്നതു്. ‘ഓ’ വികല്പം ദ്യോതിപ്പിക്കുന്നു. മറ്റു പദങ്ങളിൽ നിന്നു വേർതിരിച്ചു നിർത്തിയാൽ, ഇവയ്ക്കു് തനിയെ ഒരർത്ഥം ബോധിപ്പിക്കുവാനുള്ള സാമർത്ഥ്യമില്ല. അതിനാൽ നാമക്രിയാവിശേഷണങ്ങളുടേയും, അവ തമ്മിലുള്ള ബന്ധം മാത്രം സ്ഫുരിപ്പിക്കുവാൻ കഴിവുള്ള ഈ ശബ്ദങ്ങളുടേയും, സ്വഭാവം വിഭിന്നമാണെന്നു തെളിയുന്നു. നാമവും വിശേഷണവും കൃതിയും സ്വതന്ത്രമായി ഒരരത്ഥത്തെ വചിക്കുന്നതിനാൽ അവ ‘വാചകം’ എന്ന ഇനത്തിൽ പെടുന്നു. പദങ്ങൾക്കോ വാക്യങ്ങൾക്കോ ഉള്ള ബന്ധം സ്ഫുരിപ്പിക്കുക മാത്രം ചെയ്യുന്ന ശബ്ദങ്ങൾ ‘ദ്യോതകം’ എന്ന വിഭാഗത്തിലാണു് അടങ്ങുന്നതു്.
(iii)
ദ്യോതകങ്ങളെത്തന്നെ രണ്ടുതരമായി തിരിക്കാമെന്നു ചില ഉദാഹരണങ്ങൾ സശ്രദ്ധം പരിശോധിച്ചാൽ സുഗ്രഹമാവും. ‘പറ്റുക’ എന്ന വാക്കിനു് ഒട്ടിച്ചേരുക എന്നു് അർത്ഥമുണ്ടല്ലൊ. അതിനാൽ, ആ പദം വാചകമാണു് എന്നു സ്പഷ്ടമത്രെ. ‘രാമനെപ്പറ്റി എനിക്കു് ഒന്നും പറയുവാനില്ല’, എന്ന വാക്യത്തിൽ ആ ശബ്ദം ദ്യോതകമായി മാറിയിരിക്കുന്നു. എന്നു്, എങ്കിലും, എന്നാൽ, ഇത്യാദി ദ്യോതകശബ്ദങ്ങളും വാചകപദങ്ങളിൽ നിന്നു പിറന്നിട്ടുള്ളവയാകുന്നു. ‘ഉം’, ‘ഓ’, ‘എ’, ‘ഊ’ മുതലായ ശബ്ദങ്ങൾ നാമാദികളുടെ നിലയിൽ നിന്നു ഭൃശം വന്നുണ്ടായ ദ്യോതകങ്ങളല്ല. അവ ബന്ധം ദ്യോതിപ്പിക്കുന്ന ശബ്ദങ്ങളായിട്ടുതന്നെയാണു്, ഭാഷയിൽ പിറന്നതു്. വാചകപദങ്ങൾ അർത്ഥലോപം വന്നു് ദ്യോതകങ്ങളായിത്തീർന്നിട്ടുണ്ടു്. അവയ്ക്കു് അവ്യയങ്ങളെന്നാണു്, പേരു്. ശുദ്ധ ദ്യോതകങ്ങൾ നിപാതങ്ങളാകുന്നു.
അഭ്യാസം ൯
  1. വാചകം, ദ്യോതകം, ഈ സംജ്ഞകൾ യഥാസ്ഥാനം ചേർക്കുക.
    • സ്വയം ഒരർത്ഥം കുറിക്കാൻ ശക്തിയുള്ള ശബ്ദം ആകുന്നു.
    • പദങ്ങളുടേയും വാക്യങ്ങളുടേയും ബന്ധം കുറിക്കുക മാത്രം ചെയ്യുന്ന ശബ്ദം ആകുന്നു.
    • നാമവും ക്രിയയും വിശേഷണവും എന്ന വിഭാഗത്തിലും, അവ്യയവും നിപാതവും എന്ന വിഭാഗത്തിലും പെടുന്നു.
    • നിപാതാവ്യയങ്ങൾ തമ്മിലുള്ള അന്തരം സോദാഹരണം വിവരിക്കുക.
    • വ്യാപാരത്തിനു പുറമേ, താഴെ എഴുതിയിരിക്കുന്ന ക്രിയാപദങ്ങൾ എന്തർത്ഥം കൂടി കുറിക്കുന്നു?
    പൂക്കുന്നു, പൂത്തു, പൂക്കും തളിർത്തില്ല, തളിർത്തു, തളിർക്കും
  2. വിശേഷണ പദങ്ങൾ, നാമപദങ്ങൾ, ഇവ മാത്രം തിരിച്ചെഴുതുക.
    • പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ മെച്ചത്തിൽ നന്നായ് പഴുത്ത പഴങ്ങളും
    • ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചു വേർത്ത ഫാലസ്ഥലം മൃദു കരത്തളിർ കൊണ്ടു താങ്ങി.
    • ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും.
    • കുളിർത്ത പൈന്തെന്നൽ കുരുന്നുപൂക്കളെക്കുലുക്കി മെല്ലെന്നു വിളിപ്പു മോഹനം.
  3. ദ്യോതകപദങ്ങൾ മാത്രം തിരിച്ചെഴുതുക.
    • ഭള്ളു പറഞ്ഞു നടക്കുന്നവരും കള്ളു കുടിച്ചു മുടിക്കുന്നവരും.
    • നിന്നെച്ചൊല്ലിയുമില്ല കില്ലിനിയെനിക്കീമുല്ലയെച്ചൊല്ലിയും.
    • എന്നാലും താതനല്ലേ, പുനരവിടെ നടക്കുന്നതും യാഗമല്ലേ.
    • പാർത്തറിഞ്ഞീടുവാനെന്നപോലെ
    • മലയാളത്തിലെ ആഖ്യായികാകാരന്മാരിൽ സി. വി. രാമൻപിള്ളയോളം പ്രശസ്തി മറ്റാരും നേടിയിട്ടില്ലെന്ന പരമാർത്ഥം ആരും സമ്മതിക്കും. എന്നാൽ, സാമുദായികനോവലുകൾ എഴുതിയിട്ടുള്ള സാഹിത്യകാരന്മാരിൽ ചന്തുമേനോൻ തന്നെയാണു് പ്രഥമഗണനീയൻ.
വാക്യവിഭാഗം
ചൂർണ്ണിക

പദാർത്ഥങ്ങൾ ചൂടുകൊണ്ടു വികസിക്കുന്നു.

സൂര്യൻ സഞ്ചരിക്കുന്നില്ല.

പശുക്കൾ മേഞ്ഞു നടക്കുന്ന പച്ചമൈതാനങ്ങൾ ഗ്രാമങ്ങളിലുണ്ടു്.

ഒന്നാമത്തെ വാക്യം, പദാർത്ഥങ്ങളെ സംബന്ധിക്കുന്ന കേവലമായ ഒരു ആശയം വെളിപ്പെടുത്തുന്നു. അവയെ പരാമർശിക്കുന്ന അന്യവിചാരം ആ വാക്യത്തിൽ കലർന്നിട്ടില്ല. രണ്ടാമത്തെ വാക്യത്തിൽ സൂര്യനെപ്പറ്റിയുള്ള ഒരു വിചാരം മാത്രമേ പ്രകാശിപ്പിച്ചിട്ടുള്ളൂ. മൂന്നാമത്തെ വാക്യത്തിന്റെ സ്വഭാവം വ്യത്യസ്തമാണു്. ‘പശുക്കൾക്കു്’ വിധേയമായ ഒരു ആഖ്യാതവും ‘മൈതാനങ്ങൾ’ക്കു് വിധേയമായ മറ്റൊരു ആഖ്യാതവും അതിലുണ്ടു്. രണ്ടാശയങ്ങൾ തൃതീയവാക്യത്തിലടങ്ങിയിരിക്കുന്നു എന്നു സാരം. ഒന്നും രണ്ടും ഉദാഹരണങ്ങളിൽ ഓരോ ആഖ്യയും ഓരോ ആഖ്യാതവും മാത്രമേയുള്ളുവല്ലൊ. കേവലമായ ഒരാശയത്തെ പ്രകാശിപ്പിക്കുന്ന വാക്യമാണു് ചൂർണ്ണിക. ഒന്നും രണ്ടും വാക്യങ്ങൾ ചൂർണ്ണികകളാകുന്നു. മൂന്നാമത്തെ ഉദാഹരണം ഈ വിഭാഗത്തിൽ പെടുന്നില്ല. എന്തുകൊണ്ടെന്നു വ്യക്തമാണല്ലൊ.

അഭ്യാസം ൧൦
  1. ചൂർണ്ണികാവാക്യം മാത്രം അടയാളപ്പെടുത്തി, ആഖ്യയും ആഖ്യാതവും എടുത്തെഴുതുക:
    • കാളിദാസൻ ശാകുന്തളം എന്ന വിഖ്യാതനാടകം നിർമ്മിച്ചു.
    • ശത്രുക്കൾ ആക്രമിച്ച നഗരം നശിച്ചുപോയി.
    • ദശരഥൻ നിശ്ചയിച്ച രാമാഭിഷേകം കൈകേയി മുടക്കിക്കളഞ്ഞു.
    • ഗാന്ധിജി അഹിംസാവാദിയാണു്.
    • മുല്ലപ്പൂമ്പൊടിയേറ്റുകിടന്നാൽ കല്ലിനുമുണ്ടാമൊരു സൗരഭ്യം.
    • ഈടാർന്നുവായ്ക്കുമനുരാഗനദിക്കു വിഘ്നം കൂടാത്തൊഴുക്കനുവദിക്കുകയില്ല ദൈവം.
    (ചൂർണ്ണികാവാക്യത്തിൽ വിധേയമായ അംശം തന്നെയാണെങ്കിൽ ഒന്നിലധികം ആഖ്യയുണ്ടാവാം. ‘രാമനും കൃഷ്ണനും ഇന്നലെ വന്നു’; ‘കാറ്റും മഴയും ദുസ്സഹമായിത്തീർന്നു’; ‘നദിയും കടലും തമ്മിൽ ചേരുന്നു’; ഇത്യാദി വാക്യങ്ങൾ അതിനു് ഉദാഹരണങ്ങളാണു്. എന്നാൽ മുഖ്യ ക്രിയ വിഭിന്നകാലങ്ങളിലോ വിഭിന്നസ്ഥലങ്ങളിലോ നടക്കുന്നതാണെങ്കിൽ രണ്ടാഖ്യയുള്ള വാക്യം ചൂർണ്ണികയല്ല. ഉദാ:- രാമൻ ഇന്നലെ കൊല്ലത്തു നിന്നും കൃഷ്ണൻ ഇന്നു തിരുവനന്തപുരത്തുനിന്നും വന്നു. കാറ്റു് ഇന്നലെയും മഴ ഇന്നും തുടങ്ങി.)
  2. ചൂർണ്ണികാ വാക്യങ്ങളെ അപോദ്ധരിക്കുക:
    • കാണാൻ വരുന്നവരെയപ്പൊഴുതേ കരിങ്കൽത്തൂണാക്കി നിർത്തിടുമതിൽ സുഷമേന്ദ്രജാലം.
    • കൂടും കാർമുകിലാലകാല തിമിരം വ്യാപിച്ചു.
    • മായുന്നിതാ കാടും കായലുമക്കടൽത്തിരകളും സഹ്യാദ്രികൂടങ്ങളും.
    • മനുഷ്യശരീരത്തിന്റെ വളർച്ചയ്ക്കു ജന്തുക്കളുടെ കൊഴുപ്പുകൾ കൂടിയേ കഴിയു.
    • ആ രാജകുമാരി ശാസ്ത്രകാരന്മാരേയും കവികളേയും പ്രോത്സാഹിപ്പിച്ചിരുന്നു.
    • ലാഹൂർ നഗരത്തിനടുത്തു് ആ കവയിത്രിയുടെ ശവകുടീരം ഇന്നും കാണപ്പെടുന്നുണ്ടു്.

(ആഖ്യ, ആഖ്യാപരിച്ഛദം, കർമ്മം, കർമ്മപരിച്ഛദം, ആഖ്യാതം, ആഖ്യാതപരിച്ഛദം, ഇവ പട്ടികവരച്ചുവേർതിരിച്ചെഴുതണം. കർമ്മം ആഖ്യയായി വരുന്ന വാക്യമുണ്ടാവും.

ഉദാ:- രാവണൻ രാമനാൽ കൊല്ലപ്പെട്ടു; നഗരം ശത്രുക്കളാൽ ആക്രമിക്കപ്പെട്ടു; പക്ഷി വേടനാൽ കൊല്ലപ്പെട്ടു.)

ചൂർണ്ണികാവാക്യം അപോദ്ധരിക്കുന്നതിനുള്ള മാതൃക:

  1. ഭൗതികശാസ്ത്രത്തിന്റെ സംഭാവനയായ ആറ്റം ബോംബ് ലോകത്തെ ഇന്നു വല്ലാതെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആഖ്യാപരിച്ഛദം ആഖ്യ ഭൗതികശാസ്ത്രത്തിന്റെ സംഭാവനയായ ആറ്റംബോംബ് കർമ്മപരിച്ഛദം കർമ്മം „ ലോകത്തെ ആഖ്യാതപരിച്ഛദം ആഖ്യാതം ഇന്നു്, വല്ലാതെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു ചൂർണ്ണികാവാക്യം. (ആറ്റംബോംബിനെ സംബന്ധിക്കുന്ന ഒരു കേവല വിചാരമേ ഈ വാക്യത്തിലുള്ളൂ.)
  2. കാമമോഹിതനായ പക്ഷി വിശന്നു വലഞ്ഞ വേടനാൽ കൊല്ലപ്പെട്ടു. ആഖ്യാപരിച്ഛദം ആഖ്യ കാമമോഹിതനായ പക്ഷി കരത്തൃപരിച്ഛദം കർത്താവു് വിശന്നു വലഞ്ഞ വേടനാൽ ആഖ്യാതപരിച്ഛദം ആഖ്യാതം നിർദ്ദയം കൊല്ലപ്പെട്ടു. (കർത്തരിപ്രയോഗത്തിൽ കർത്താവും കർമ്മണിപ്രയോഗത്തിൽ കർമ്മവുമാണു്, ഉദ്ദേശ്യം. വാക്യത്തിലെ ഉദ്ദേശ്യമാണു് ആഖ്യ എന്നു മുൻപുതന്നെ പഠിച്ചിട്ടുള്ളതു് ഓർമ്മിക്കുക.)
ക്രിയ
മുറ്റുവിന പറ്റുവിന

കാലാദ്യർത്ഥവിശേഷണങ്ങളോടുകൂടിയ ഒരു വ്യാപാരത്തെക്കുറിക്കുന്ന ശബ്ദമാണല്ലൊ, ക്രിയ. വിന എന്ന മലയാളവാക്കിനും അതുതന്നെയാണു്, അർത്ഥം. ചില വിനകൾ (ക്രിയാപദങ്ങൾ) വാക്യത്തിൽ സ്വതന്ത്രമായിരിക്കും; ചിലതു്, അസ്വതന്ത്രമായിരിക്കും. മറ്റു പദങ്ങളുടെ അംഗമായ വിനയാണു്, അസ്വതന്ത്രമാവുന്നതു്. അന്യപദങ്ങളുടെ അംഗമല്ലാത്ത വിന സ്വതന്ത്രമാകുന്നു. സ്വതന്ത്രക്രിയ പൂർണ്ണമാണു്, പ്രധാനമാണു്. അസ്വതന്ത്രക്രിയ, അപൂർണ്ണവും അതുകൊണ്ടുതന്നെ അപ്രധാനവുമാകുന്നു. ഉദാഹരണംകൊണ്ടു് ക്രിയകളുടെ ഈ അന്തരം വിശദമാക്കാം.

‘പട്ടം ആകാശത്തിൽ ഉയർന്നു’, ഈ വാക്യം ആകാംക്ഷാപൂർത്തിവന്ന പദസമൂഹമാണു്. പട്ടം എന്തുചെയ്യുന്നു? ആകാശത്തിൽ ഉയർന്നു. ഇതിലെ ക്രിയാപദം മറ്റൊരു പദത്തിന്റെ അംഗമല്ല. ‘ആകാശത്തിൽ ഉയർന്നപട്ടം’, എന്നു വാക്യരൂപം മാറുമ്പോൾ ആകാംക്ഷ ശമിക്കുന്നില്ല. ‘പട്ട’ത്തിനെപ്പറ്റി എന്തോ പറയുവാനുണ്ടു് എന്നു ശ്രോതാക്കൾക്കു തോന്നുന്നുണ്ടല്ലോ. പൂർണ്ണക്രിയയില്ലാത്തതുകൊണ്ടാണു്, വാക്യം അപൂർണ്ണമായിത്തോന്നുന്നതു്. ‘ഉയർന്ന’ എന്ന വിന പട്ടത്തെ വിശേഷിപ്പിക്കയാണു് ചെയ്യുന്നതു് എന്നു സ്പഷ്ടമാകുന്നു. ആ അപൂർണ്ണക്രിയാപദം പട്ടം എന്ന നാമത്തിന്റെ അംഗമായി അതിനോടു ചേർന്നു നിൽക്കുന്നു. സ്വതന്ത്രമായ ക്രിയ മുറ്റുവിനയാണു്; അതിനു്, അംഗിക്രിയ, എന്നും പൂർണ്ണക്രിയയെന്നും കൂടി സംജ്ഞകളുണ്ടു്. അസ്വതന്ത്രമായ ക്രിയ പറ്റുവിനയാണു്. അതിനുതന്നെയാണു്, അംഗക്രിയയെന്നും അപൂർണ്ണക്രിയയെന്നും പേരിട്ടിരിക്കുന്നതു്. ആകാംക്ഷാപൂർത്തി വരണമെങ്കിൽ മുറ്റുവിനയിൽ വാക്യം അവസാനിക്കണം. പറ്റുവിനയിൽ അവസാനിക്കുന്ന വാക്യങ്ങൾ അന്യവാക്യങ്ങളുടെ അംഗങ്ങളായിരിക്കും.

മുറ്റുവിന പറ്റുവിന

ഉയർന്നു ഉയർന്ന

നാമത്തിന്റെ അംഗമായി നിൽക്കുന്ന പറ്റുവിന മാത്രമേ ഉദാഹരണത്തിൽ വന്നിട്ടുള്ളൂ. ക്രിയകളുടെ അംഗമായിട്ടും അപൂർണ്ണക്രിയകൾ വരും. “പട്ടം ആകാശത്തിൽ ഉയർന്ന് വളരെ നേരം പറന്നു. അതു കാണുവാൻ കുട്ടികൾ വന്നു”. ഈ വാക്യങ്ങൾ നോക്കുക. ‘ഉയർന്ന്’ എന്ന പറ്റുവിന പറന്നു എന്ന മുറ്റുവിനയുടെ അംഗമാകുന്നു. ‘കാണുവാൻ’ എന്നതു വന്നു എന്ന പൂർണ്ണക്രിയയിലാണു് അന്വയിക്കുന്നതു്. വാക്യങ്ങളെ വകതിരിച്ചു പഠിക്കുവാൻ വേണ്ടിടത്തോളം മാത്രമേ ഈ സന്ദർഭത്തിൽ മുറ്റുവിനയേയും പറ്റുവിനയേയും കുറിച്ചു വിവരിക്കുന്നുള്ളൂ.

വേറെ ഉദാഹരണം:

  1. മുറ്റത്തൊരറ്റത്തൊരു പുത്തിലഞ്ഞി മുറ്റിത്തഴച്ചങ്ങനെ നിന്നിരുന്നു. മുറ്റുവിന പറ്റുവിന നിന്നിരുന്നു മാറി, തഴച്ചു്
  2. കടഞ്ഞെടുത്ത വൈരംപോലെ, സംസ്കാരങ്ങളെല്ലാം കഴിഞ്ഞ കുമാരൻ പ്രകാശിച്ചു. മുറ്റുവിന പറ്റുവിന പ്രകാശിച്ചു കടഞ്ഞു്, എടുത്ത, കഴിഞ്ഞ
അഭ്യാസം ൧൧
  1. മുറ്റുവിന, പറ്റുവിന, ഈ പദങ്ങൾ യഥാസ്ഥാനം ചേർത്തു വാക്യം പൂർണ്ണമാക്കുക:
    • നാമത്തിന്റേയോ ക്രിയയുടേയോ അംഗമായി പ്രയോഗിക്കുന്ന ക്രിയാപദമാണു്,.
    • മറ്റൊരു പദത്തിന്റെ അംഗമല്ലാതെ പ്രയോഗിക്കുന്ന ക്രിയാ പദമാണു്,.
    • വാക്യത്തിന്റെ ആശയം പൂർണ്ണമാകുന്നതിനു പ്രയോഗിക്കണം.
    • യിൽ അവസാനിക്കുന്ന വാക്യങ്ങൾ മറ്റുവാക്യങ്ങളുടെ അംഗങ്ങൾ, അല്ലെങ്കിൽ വിശേഷണങ്ങൾ, ആയിരിക്കും.
  2. മുറ്റുവിനകളും പറ്റുവിനകളും തിരിച്ചെഴുതുക:
    • ‘ചുവന്നു പച്ചച്ചു വെളുത്തു മേലേ ചുറ്റിപ്പറക്കുന്നു പതാക നീളെ’.
    • ‘ഉടൻ മഹാദേവിയിടത്തുകൈയാലഴിഞ്ഞ വാർ പൂങ്കുഴലൊന്നൊതുക്കി ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി പാർശ്വസ്ഥനാകും പതിയോടുരച്ചാൾ’.
    • തടിച്ച തിരമാല; പരന്ന കൂരിരുള്; അലറുന്ന കൊടുങ്കാറ്റ്; ഇരമ്പുന്ന പുഴ; ഓളങ്ങളടിച്ചു വഞ്ചിമുങ്ങാതെ കരയ്ക്കടുക്കുവാൻ വളരെ വിഷമിച്ചു.
വാക്യവിഭാഗം II
സങ്കീർണ്ണകം

ചൂർണ്ണികാവാക്യത്തിന്റെ സ്വഭാവം വിശദമാക്കുന്ന പ്രകരണത്തിൽ, അതിൽനിന്നു ഭിന്നമായ ഒരു വാക്യം ഉദ്ധരിച്ചിരുന്നതു മറന്നിരിക്കയില്ലല്ലൊ. അതു് ഇവിടെ വീണ്ടും അപഗ്രഥിച്ചു്, ചില സാമാന്യ തത്ത്വങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കാം:

‘പശുക്കൾ മേഞ്ഞു നടക്കുന്ന പച്ച മൈതാനങ്ങൾ ഗ്രാമങ്ങളിലുണ്ട്’. പശുക്കളേയും പച്ച മൈതാനങ്ങളേയും സംബന്ധിക്കുന്ന രണ്ടാശയമാണു്, ഈ വാക്യത്തിലുള്ളതു്. ഏതാശയമാണു് പ്രധാനം? ‘ഉണ്ട്’ എന്ന ആഖ്യാതം മുറ്റുവിനയാണു്. വാക്യത്തിന്റെ ആകാംക്ഷാപൂർത്തി വരുന്നതു് ആ പദത്തിലാണല്ലൊ. അതിന്റെ ആഖ്യ ‘പച്ച മൈതാനങ്ങൾ’ ആകുന്നു. ‘പശുക്കൾ മേഞ്ഞു നടക്കുന്ന’ എന്ന വാക്യം ഈ പ്രധാന വാക്യത്തിന്റെ അംഗമാണു്. ‘മേഞ്ഞു നടക്കുന്ന’ എന്ന അപൂർണ്ണാഖ്യാതം ‘പച്ച മൈതാനങ്ങൾ’ എന്ന നാമത്തിലാണല്ലൊ അന്വയിക്കുന്നതു്. ഇങ്ങനെ അംഗവാക്യത്തോടുകൂടിയ അംഗിവാക്യം സങ്കീർണ്ണമാകുന്നു. ചൂർണ്ണികയിൽ അംഗവാക്യങ്ങളുണ്ടായിരിക്കുകയില്ല. ഇതാണു് രണ്ടു വിഭാഗത്തിനും തമ്മിലുള്ള അന്തരം.

അപോദ്ധാരം

അംഗവാക്യം അംഗിവാക്യം

A. പശുക്കൾ മേഞ്ഞു B. പച്ച മൈതാനങ്ങൾ

നടക്കുന്ന ഗ്രാമങ്ങളിലുണ്ട്.

A. ആഖ്യ ആഖ്യാതം

പശുക്കൾ മേഞ്ഞു നടക്കുന്ന

(നടക്കുന്ന എന്ന അപൂർണ്ണാഖ്യാതം അംഗിവാക്യത്തിലെ ആഖ്യയായ ‘പച്ച മൈതാനങ്ങൾ’ എന്ന നാമത്തിൽ അന്വയിക്കുന്നു.) B. അംഗിവാക്യം

ആഖ്യ ആഖ്യാപരിച്ഛദം

പച്ചമൈതാനങ്ങൾ ഗ്രാമങ്ങളിൽ

ആഖ്യാതം

ഉണ്ട്.

വാക്യം, സങ്കീർണ്ണകം.

2. ഉദാഹരണത്തിലെ അംഗവാക്യം നാമത്തിൽ അന്വയിക്കുന്നതിനാൽ, അതിനു നാമവിശേഷണവാക്യം എന്നു സംജ്ഞ കൊടുക്കാം.

അഭ്യാസം ൧൨
  1. അംഗവാക്യങ്ങളും അംഗിവാക്യങ്ങളുമായി തിരിച്ചു് നാമത്തിൽ അന്വയിക്കുന്ന വിശേഷണവാക്യങ്ങൾ മാത്രം അടയാളപ്പെടുത്തുക. നാമത്തിൽ അന്വയിക്കാത്ത അംഗവാക്യങ്ങളേതെല്ലാമാണെന്നു് അക്കമിട്ടു കാണിക്കുകയും വേണം.
    • നാം നിവസിക്കുന്ന കേരളം ചരിത്ര പ്രസിദ്ധമായ ഒരു രാജ്യമാകുന്നു.
    • എന്റെ നാടിന്റെ നാമധേയം ഞാൻ വെളിപ്പെടുത്തുമ്പോൾ നിങ്ങൾ വിസ്മയിച്ചുപോയേക്കാം.
    • ഓണക്കാലത്തു കുട്ടികൾ പൂ പറിക്കാൻ നടക്കുന്ന കാഴ്ച ആരെയാണു് ആഹ്ലാദിപ്പിക്കാത്തതു്?
    • അനുജൻ ഉറങ്ങുവാൻ ഭാവിക്കുമ്പോൾ, ജ്യേഷ്ഠൻ കിടന്നിരുന്ന മഞ്ചത്തിന്റെ സമീപത്തു് ഒരു വിളക്കു കത്തുന്നുണ്ടായിരുന്നു.
    • ആടിക്കുലഞ്ഞ നറുമുല്ലകൊടുത്ത പൂവു ചൂടിക്കൃഷീവലകുമാരികൾ വന്നിടുന്നു.

3. എല്ലാ അംഗവാക്യങ്ങളും നാമത്തിലന്വയിക്കുന്നവയല്ലെന്നു മുകളിൽ തന്നിട്ടുള്ള വാക്യങ്ങളിൽ നിന്നു്, മനസ്സിലായല്ലൊ. ‘യുദ്ധം ഉണ്ടായാൽ, എല്ലാ രാജ്യങ്ങളും നശിക്കും’ എന്ന ഭാഗമാണു്, അംഗി. ‘യുദ്ധം ഉണ്ടായാൽ’ എന്നതാകട്ടെ, അംഗമാകുന്നു. ‘ഉണ്ടായാൽ’ എന്ന അപൂർണ്ണാഖ്യാതം അംഗിവാക്യത്തിലെ പൂർണ്ണാഖ്യാതമായ ‘നശിക്കും’ എന്ന ക്രിയാപദത്തിൽ അന്വയിക്കുന്നു. അതിനാൽ ഈ ഉദാഹരണത്തിലെ അംഗവാക്യം ക്രിയാവിശേഷണമാണു്.

അപോദ്ധാരം

A. യുദ്ധം ഉണ്ടായാൽ B. എല്ലാ രാജ്യങ്ങളും നശിക്കും.

  1. അംഗവാക്യം. യുദ്ധം—ആഖ്യ. ഉണ്ടായാൽ—ആഖ്യാതം. ( ഈ അപൂർണ്ണാഖ്യാതം അംഗിവാക്യത്തിലെ നശിക്കും എന്ന ക്രിയയെ വിശേഷിപ്പിക്കുന്നു.)
  2. അംഗിവാക്യം. ആഖ്യാപരിച്ഛദം ആഖ്യ ആഖ്യാതം എല്ലാ രാജ്യങ്ങളും നശിക്കും. (ക്രിയാവിശേഷണമായ അംഗവാക്യത്തോടുകൂടിയ അംഗിവാക്യം—സങ്കീർണ്ണകം.)

4. നാമത്തിന്റെ സ്വഭാവത്തോടുകൂടിയ വാക്യങ്ങളെക്കുറിച്ചു് ഇതിനു മുൻപുതന്നെ നിങ്ങൾ പഠിച്ചു കഴിഞ്ഞിട്ടുണ്ടു്. ‘ഭൂമി ചലിക്കുന്നതു് നാം അറിയുന്നില്ല’ എന്ന വാക്യത്തിലെ കർമ്മം നാമവാക്യമാണെന്നു സുഗ്രഹമാണല്ലൊ.

ഈ വിചിന്തനങ്ങളിൽ നിന്നു മുഖ്യമായി തെളിയുന്ന തത്ത്വമെന്തെല്ലാമാണു്? ചൂർണ്ണിക ഒരു കേവല വാക്യമാണു്. അതിൽ അംഗവാക്യങ്ങളുണ്ടായിരിക്കയില്ല. അംഗവാക്യങ്ങളോടുകൂടിയ അംഗിവാക്യം സങ്കീർണ്ണമാകുന്നു. അംഗവാക്യങ്ങൾ മൂന്നിനമായി തിരിക്കാം; നാമവാക്യം, നാമവിശേഷണവാക്യം, ക്രിയാവിശേഷണവാക്യം.

അഭ്യാസം ൧൩

അപോദ്ധരിക്കുക:

  1. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ഭരണമാണ് നല്ലതു്.
  2. വലിയ മഹർഷികൾ ചൊന്നാൽ ഫലമാ വാക്കിന്റെ പിന്നിലോടിവരും.
  3. സ്വാതന്ത്ര്യം ജന്മാവകാശമാണെന്നു് ബാലഗംഗാധരതിലകൻ തുറന്നു പറഞ്ഞപ്പോൾ, ഭാരതഖണ്ഡം സ്വേച്ഛപോലെ ഭരിച്ചിരുന്ന വെള്ളക്കാർ കോപാക്രാന്തരായി അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചെങ്കിലും പാണ്ഡിത്യവും സ്വഭാവമഹത്വവും ആദരിച്ചിരുന്ന ചില മഹാപുരുഷന്മാർ ആ പ്രവൃത്തി അധിക്ഷേപിക്കുവാൻ മുൻപോട്ടു വന്നു.
  4. കുബേരൻ ക്രോധിച്ചു ശപിച്ച യക്ഷൻ പ്രിയതമയെ പിരിഞ്ഞു വിഷണ്ണനായി രാമഗിരിയിലെ ആശ്രമങ്ങളിൽ അലഞ്ഞു നടക്കുമ്പോൾ എല്ലാവരുടേയും കണ്ണുകൾ കുളിർപ്പിക്കുന്ന വർഷകാലം വന്നു ചേർന്നു.
  5. ഞാൻ പറഞ്ഞതു കേട്ടു നടന്നിരുന്നെങ്കിൽ നീ ആപത്തിൽ ചാടുമായിരുന്നില്ല.
  6. അധർമ്മം ക്ഷയിക്കാതെ, ധർമ്മം വളരുകയില്ലെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ അതു വിശ്വസിക്കുമോ?
വാക്യവിഭാഗം III
നിർദ്ദേശം, ആനുയോഗികം, ആഭിലാഷികം

1. ചൂർണ്ണിക, സങ്കീർണ്ണകം, ഇങ്ങനെ രണ്ടു തരത്തിലുള്ള വാക്യങ്ങളെക്കുറിച്ചു് ഇതിനു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അംഗാംഗിഭാവങ്ങളെ ഉപാധിയാക്കിക്കൊണ്ടായിരുന്നു, ആ വിഭാവകല്പനം. ഈ പ്രകരണത്തിൽ മറ്റൊരു തരത്തിലുള്ള വാക്യവിഭജനമാണു്, ചെയ്യുന്നതു്. താഴെ എഴുതിയിരിക്കുന്ന വാക്യങ്ങൾ സശ്രദ്ധം പഠിക്കുക:

  1. കാലവർഷം ആരംഭിച്ചു.
  2. കൊടുങ്കാറ്റ് ഉണ്ടാകുമോ?
  3. നാളെ ഉഴുതു തുടങ്ങണം.

ഈ മൂന്നു വാക്യത്തിന്റേയും സ്വഭാവത്തിൽ അന്തരമുണ്ടു്. ഒന്നാമത്തേതു് ഒരു വസ്തുത നിർദ്ദേശിക്കുന്നതേയുള്ളൂ. രണ്ടാമത്തേതു് അനുയോഗത്തിന്റെ അഥവാ ചോദ്യത്തിന്റെ രീതിയിലുള്ളതാണു്. ഒടുവിലത്തേതു വക്താവിന്റെ ഇച്ഛകൂടി സ്ഫുരിപ്പിക്കുന്നു. ഇവയ്ക്കു യഥാക്രമം നിർദ്ദേശകം, ആനുയോഗികം, ആഭിലാഷികം എന്നു സംജ്ഞ കല്പിക്കാം. ആശയം പ്രകാശിപ്പിക്കുന്നപ്രകാരം അനുസരിച്ചു ക്രിയകളുടെ രൂപത്തിനു മാറ്റം വരുന്നുണ്ടു് എന്നു ഗ്രഹിച്ചിരിക്കേണ്ടതാണു്.

2. അഭിലാഷത്തിൽ, നിയോഗം, അനുജ്ഞ, വിധി, പ്രാർത്ഥന, ഇങ്ങനെ ചില ഭാവങ്ങളാണു്, അന്തർഭവിക്കുന്നതു്.

ഉദാ:

  1. നീ പോ. നിങ്ങൾ പോകു. നിങ്ങൾ പോകുവിൻ. ഘാതകനെ തൂക്കിലിടട്ടെ. അവൻ പോകട്ടെ. (ഈ വാക്യങ്ങളിലെ ക്രിയാപദങ്ങൾ വ്യാപാരവും കാലവും മാത്രമല്ല കുറിക്കുന്നതു്; നിയോഗം കൂടി സൂചിപ്പിക്കുന്നുണ്ടു്. ഈ ക്രിയകൾ നിയോജകപ്രകാരത്തിൽപെട്ടവയാണെന്നു സാരം.)
  2. ഉണ്ടാൽ ഉറങ്ങണം (ശീലം) തെറ്റു ചെയ്തു സ്വയം മനസ്സിലാക്കിയാൽ പശ്ചാത്തപിക്കണം (മുറ) ധർമ്മം ആചരിക്കണം (മുറ) (ശീലം, മുറ, ഉപദേശം, ഈ അർത്ഥവിശേഷങ്ങൾ വിധിയിൽ പെടുന്നു. ഈ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ക്രിയകൾ വിധായകപ്രകാരത്തിൽ പെട്ടവയാണു്.)
  3. ഇനി നിങ്ങൾക്കു ദേശീയഗാനം പാടാം. നമുക്കു നാളെ കാഴ്ചബംഗ്ലാവു കാണാം. രാമനു നിങ്ങളുടെ കൂടെയാത്ര ചെയ്യാം. (അനുജ്ഞ അല്ലെങ്കിൽ അനുവാദം പ്രകാശിപ്പിക്കുന്ന ഈ വാക്യങ്ങളിലെ ക്രിയകൾ അനുജ്ഞായക പ്രകാരത്തിൽ ആണു് അന്തർഭവിക്കുന്നതു്.)
  4. ‘ആ സ്വാതന്ത്ര്യസ്വർഗ്ഗത്തിൽ, പിതാവേ, എന്റെ രാജ്യം ഉണർന്നു എത്തിച്ചേരണമേ!’ ‘എന്റെ നാടിന്റെ നന്മയ്ക്കു് എന്റെ ജീവിതം സമർപ്പിക്കാൻ എനിക്കു ശക്തിയുണ്ടാകണമേ!’ (ഈ ഉദാഹരണവാക്യങ്ങൾ പ്രാർത്ഥന അല്ലെങ്കിൽ ആശംസ ഉൾക്കൊള്ളുന്നു. ഈ അർത്ഥം ഉൾക്കൊള്ളുന്ന ക്രിയ ആശംസകം എന്ന പ്രകാരത്തിൽപ്പെടുന്നതാണു്.)

3. നിയോജകം, അനുജ്ഞായകം, വിധായകം, ആശംസകം, ഈ പ്രകാരങ്ങളിലുള്ള വാക്യങ്ങളെല്ലാം ‘ആഭിലാഷികം’ എന്ന വകുപ്പിൽ ചേർക്കാം.

അഭ്യാസം ൧൪
  1. നിർദ്ദേശകം, ആനുയോഗികം, ആഭിലാഷികം, ഈ ഓരോ വിഭാഗത്തിലും ഉള്ള വാക്യങ്ങൾ വേർതിരിച്ചെഴുതുക:
    • ശ്രീക്കേറ്റ ലാസ്യപദമായ് ഭുവി സഹ്യമാകുമക്കേളി പൂണ്ട മലയുണ്ടു വിളങ്ങിടുന്നു.
    • ജയിപ്പുതാക, രാമൻ! ജയിപ്പൂതാക, സീത!
    • വല്ലഭം വ്രജതി സാ ശകുന്തള; അനുജ്ഞ നിങ്ങളരുളീടുവിൻ!
    • എന്നാലും താതനല്ലേ? പുനരവിടെ നടക്കുന്നതും യാഗമല്ലേ?
    • മതിയാവോളം പുണരാം മലരമ്പച്ചൂടിയന്ന ഗാത്രത്താൽ മാലിനിയലനീർത്തുള്ളിയുമേടലർ മണവും കലർന്ന തെന്നലിനെ.
    • തമ്പോറടിക്ക! കുഴലൂതുക! പാണ്ടിരാജ്യം വൻപോരടിച്ചുനടക്കുക! പോക നിങ്ങൾ!
    • കാലത്തുണരണം കാലും മുഖവും കഴുകീടണം വിശ്വനാഥനെ വന്ദിച്ചു പിന്നെപ്പാഠം പഠിക്കണം.
    • വില്ലുതാൻ തലതാനിന്നു വളയ്ക്കട്ടെ വിരോധികൾ!
    • രക്ഷിക്കണേ തമ്പുരാനേ, കാൽ വണങ്ങുന്ന ഭക്തനെ. വരുത്തണേ നന്മയെനിക്കെന്റെ മേൽ ദയതോന്നണേ!
  2. ആനുയോഗിക രൂപമാക്കി വാക്യം മാറ്റുക:
    • നമ്മുടെ ദേശഭാഷകൾക്കു് മഹത്തായ ഭാവിയുണ്ടു്.
    • രാജ്യാഭിവൃദ്ധിക്കു പ്രയത്നിക്കേണ്ടതു നമ്മുടെ കടമയാണു്.
    • നാടിന്റെ സമ്പത്തു വർദ്ധിപ്പിക്കുന്നതിനു വ്യവസായശാലകൾ സ്ഥാപിക്കണം.
    • നിങ്ങൾ പ്രയത്നത്തിന്റെ മാന്യതയിൽ സംശയിക്കുന്നു.
  3. നിയോഗവും അനുജ്ഞയും സ്ഫുരിക്കുന്ന നന്നാലു വാക്യം എഴുതുക.
  4. ആശംസകപ്രകാരത്തിനു് ഉദാഹരണമായ മൂന്നു വാക്യം എഴുതുക.
  5. താഴെ എഴുതുന്ന അനുയോഗരൂപത്തിലുള്ള വാക്യങ്ങൾക്കു് അനുജ്ഞായക രൂപത്തിലുള്ള ഉത്തരം എഴുതുക:
    • ഞാൻ അകത്തേയ്ക്കു വരട്ടെയോ?
    • എനിക്കു രോഗിയെ കാണാമോ?
    • നിങ്ങൾ എനിക്കു മാപ്പു തരുമോ?
    • ഞാൻ സമ്മേളനം ഉദ്ഘാടനം ചെയ്യട്ടെയോ?
ചിഹ്നനം
ബിന്ദു, കാകു, വിക്ഷേപണി

1. നാം സംസാരിക്കുമ്പോൾ, ശ്രോതാവിനു് ആശയഗ്രഹണം സുകരമാകാൻവേണ്ടി ചില നിർത്തലുകൾ സ്വാഭാവികമായിട്ടുതന്നെ ഉണ്ടായിരിക്കും. എഴുതുമ്പോഴാണു സന്ദേഹത്തിനു് അധികം സംഗതിവരുന്നതു്. അതിനാൽ, ആശയം വ്യക്തമാകത്തക്കവണ്ണം ചില ചിഹ്നങ്ങൾ ഉപയോഗിക്കേണ്ടിയിരിക്കുന്നു. ആകാംക്ഷാപൂർത്തി വരുമ്പോളാണല്ലോ, വാക്യം അവസാനിക്കുന്നതു്. പൂർണ്ണ വാക്യാവസാനത്തിൽ പൂർണ്ണ വിരാമചിഹ്നമായ ബിന്ദു ചേർക്കണം.

ഉദാഹരണം:

  1. ചെറുശ്ശേരി കൃഷ്ണഗാഥ നിർമ്മിച്ചു.
  2. ഉൽക്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾ മാത്രമേ വായിക്കാവൂ.
  3. ഞാൻ അവിടെനിന്നു പോന്നു, ഇന്നലെ കാലത്തു്.

2. അനുയോഗികം എന്ന വിഭാഗത്തിൽ പെടുന്ന വാക്യങ്ങളുണ്ടല്ലോ. അവയുടെ അവസാനത്തിൽ പൂർണ്ണവിരാമചിഹ്നമായ ബിന്ദുവല്ല, ചോദ്യചിഹ്നമായ കാകു ആണു് ചേർക്കേണ്ടതു്.

ഉദാഹരണം:

  1. വിദ്യാർത്ഥികൾ ഗ്രന്ഥപാരായണം ചെയ്താൽ മാത്രം മതിയോ? ഏതെങ്കിലും തൊഴിൽ പരിശീലിക്കുകകൂടി വേണ്ടേ?
  2. ഏതു രാജ്യമാണു്, ആധുനിക ശാസ്ത്രവിജ്ഞാനത്തിൽ മുൻപിട്ടു നില്ക്കുന്നതു്?
  3. ആരാണു് ശാകുന്തള നാടകത്തിന്റെ രചയിതാവു്?

3. ആശ്ചര്യം മുതലായ ഭാവങ്ങളെ ദ്യോതിപ്പിക്കുന്ന വാക്യങ്ങളുടെ ഒടുവിൽ വിക്ഷേപണി ചേർക്കണം.

ഉദാഹരണം:

  1. എന്തൊരു ഭംഗി! എന്തൊരു മാധുര്യം!
  2. ഹാ, എനിക്കു രക്ഷിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ!
  3. ആ വിശുദ്ധയാം മുഗ്ദ്ധപുഷ്പത്തെ കണ്ടില്ലെങ്കിൽ! ആവിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കിൽ
  4. ജയിപ്പൂതാക രാമൻ!
  5. ഭാരതം വെൽവുതാക!
അഭ്യാസം ൧൫

ബിന്ദു, കാകു, വിക്ഷേപണി, ഇവ യഥാസ്ഥാനം ചേർക്കുക:

  1. കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചു കൊല്ലം കഴിച്ചാൻ
  2. മുൻപോട്ടു പോകുന്നു ജഡം ശരീരം
  3. എന്നെ കാത്തിരിക്കേണ്ട നിങ്ങളാരും ഏതാനും ദിവസം കഴിഞ്ഞേ ഞാൻ വരികയുള്ളൂ എന്നു പറഞ്ഞിരുന്നുവല്ലൊ
  4. ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
  5. നിങ്ങൾ വരുമോ എന്റെകൂടെ സഹായിക്കുമോ നാട്ടുകാരെ എന്നാണു് ഇനി ഉണർന്നു പ്രവർത്തിക്കുക.
  6. വില്ലെടുക്കാമോ കുലച്ചീടാമോ തൊടുക്കാമോ
  7. ബുദ്ധമതം പിറന്നതു ഭാരതഭൂമിയിലല്ലേ
  8. ആരുടെ മുൻപിൽ നമസ്കരിക്കുന്നു നീ
നാമം

ആ പുതിയ പനിനീർപ്പൂവിന്റെ തുടുപ്പു നോക്കു! അതിനു വാട്ടം തട്ടിയില്ല.

പനിനീർപ്പൂവു് ഒരു വസ്തു, അഥവാ ദ്രവ്യം, ആകുന്നു. തുടുപ്പു് അതിനുള്ള ഒരു ഗുണമാണു് ‘വാടുക’ എന്ന ക്രിയയുടെ പേരാകുന്നു, ‘വാട്ടം’. ഒരു പ്രവൃത്തിയല്ലാതെ കാലാദികളായ അർത്ഥവിശേഷങ്ങളൊന്നും ആ പദം നിർദ്ദേശിക്കുന്നില്ല. ദ്രവ്യത്തിന്റെയോ ഗുണത്തിന്റെയോ ക്രിയയുടെയോ പേരായ ശബ്ദം നാമമാണെന്നു മുൻപുതന്നെ പഠിച്ചിട്ടുണ്ടല്ലൊ. പനിനീർപ്പൂവു്, ദ്രവ്യനാമം; തുടുപ്പു്, ഗുണനാമം, വാട്ടം, ക്രിയാനാമം.

അഭ്യാസം ൧൬
  1. ഗുണനാമം മാത്രം അടയാളപ്പെടുത്തുക:
    • പാട്ടിന്റെ മാധുര്യംകൊണ്ടു ഹൃദയം അലിഞ്ഞുപോയി; പലർക്കും അത്ഭുതം തോന്നി.
    • നന്മയും തിന്മയും തിരിച്ചറിയുന്നതാണു്, വിവേകം.
    • തുമ്പപ്പൂവിലും തൂമയെഴും നിലാവമ്പിൽ തൂകിക്കൊണ്ടാകാശവീഥിയിൽ.
    • പുതുമയോ പഴമയോ നോക്കിയല്ല, സാഹിത്യ കൃതികളുടെ മേന്മ തീരുമാനിക്കേണ്ടതു്; ആവിഷ്കരിക്കുന്ന ജീവിത്തിന്റെ മഹത്വവും പ്രതിപാദിക്കുന്ന രീതിയുടെ സൗന്ദര്യവും നോക്കിയാണു്.
    • ആകാശത്തിന്റെ വിശാലതയും സമുദ്രത്തിന്റെ അഗാധതയും.
    • ആനയുടെ വലുപ്പം അണ്ണാനു് ഇല്ല. അണ്ണാന്റെ ചൊടിയും ചുണയും ആനയ്ക്കുമില്ല.
  2. താഴെ എഴുതുന്ന വിശേഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളുടെ പേരുകൾ എതിർവശത്തു് എഴുതുക. വിശേഷണം ഗുണനാമം ചുവന്ന ? കടുത്ത ? ഉയർന്ന ? നേരിയ ? മിടുക്കൻ ? കേമൻ ?
  3. ക്രിയാനാമം മാത്രം എഴുതുക:
    • ഞാൻ ഒരു ഓട്ടം ഓടി!
    • തോക്കൊരു തേട്ടൽ തേട്ടി.
    • ഉറക്കവും ഊണും ഇല്ലാതെ രാവും പകലും പണി ചെയ്ത എത്രപേരുടെ പ്രവൃത്തികൊണ്ടാണു് നാടിനു് പുരോഗതി ഉണ്ടായതു്! കുറ്റവും കുറവും പറയൽ തൊഴിലാക്കി നടക്കുന്ന ആളുകൾ ഇതെല്ലാം അറിയുന്നുണ്ടോ?
    • ഉടുപ്പും നടപ്പും നന്നായാൽ മാത്രം പോരാ. ഉഴലും, വെട്ടലും, കിളയ്ക്കലും വരമ്പുമാടലും ഒക്കെ കർഷകന്മാർ അല്ലാതെ ആരാണു ചെയ്ക? കിള, വിത, തേവു്, നന, കൊയ്ത്തു്, ഇങ്ങനെ നോക്കിയാൽ അവർക്കു് ഇളവുണ്ടോ വല്ലപ്പോഴും?
  4. അടിയിൽ തന്നിരിക്കുന്ന ക്രിയകളുടെ നാമരൂപങ്ങൾ എഴുതുക:1. കുളിക്കുന്നു 2. കളിക്കുന്നു 3. ഒലിക്കുന്നു 4. അറിയുന്നു 5. പാടുന്നു 6. കേൾക്കുന്നു 7. തോരുന്നു 8. കാണുന്നു
  5. ദ്രവ്യനാമങ്ങൾ മാത്രം എടുത്തെഴുതുക:
    • മനുഷ്യനു ശരീരം മാത്രമല്ല, ഹൃദയവും ആത്മാവും ഉണ്ടു്.
    • ആകാശം സൃഷ്ടികർത്താവിന്റെ തോട്ടവും നക്ഷത്രങ്ങൾ അതിലെ പൂക്കളും ആണെന്നു് ഒരു പ്രവാചകൻ വർണ്ണിക്കുന്നു.
    • ഭാരതഖണ്ഡം ആരാമവും നമ്മൾ അതിലെ കുയിലുകളും ആണെന്നു് ഇഖ്ബാൽ പാടിയിട്ടുണ്ടു്. ആ കവി മാതൃഭൂമിയെ അത്രമാത്രം സ്നേഹിച്ചിരുന്നു.
    • ഗീതാഞ്ജലി എന്ന കാവ്യം രചിച്ചതുകൊണ്ടാണു് രവീന്ദ്രനാഥ ടാഗൂറിനു നോബൽ സമ്മാനം ലഭിച്ചതു്.
  6. താഴെ പറയുന്ന ദ്രവ്യങ്ങൾക്കു ചേർന്ന മുമ്മൂന്നു ഗുണങ്ങളുടെ പേരെഴുതുക. 1. പൂവു് 2. മല 3. സമുദ്രം 4. വിളക്കു് 5. ചന്ദ്രൻ 6. പടയാളി 7. വിമാനം 8. കണ്ണാടി 9. പഞ്ചസാര 10. കച്ചവടക്കാരൻ
ദ്രവ്യനാമവിഭാഗം

1. നിവർന്ന നട്ടെല്ലും വിശേഷണബുദ്ധിയും സംഭാഷണ ശക്തിയും മനുഷ്യന്റെ സാമാന്യഗുണങ്ങളാണെന്നു പറയാം. ഈ ധർമ്മങ്ങളുടെ ദ്രവ്യങ്ങൾ ഒരു ജാതിയാകുന്നു. മണ്ണിൽ മുളച്ചുവളരുക, വേരും തടിയും ഇലയും പൂവും കായും ഉണ്ടാവുക, ഈ ലക്ഷണം വൃക്ഷങ്ങൾക്കെല്ലാം പൊതുവെ ചേരുമല്ലൊ. ഈ ധർമ്മങ്ങൾ കലർന്ന ദ്രവ്യങ്ങൾ എല്ലാം വേറൊരു ജാതിയാണു്. ജാതിയെ കുറിക്കുന്ന നാമങ്ങൾ സാമാന്യനാമങ്ങളത്രെ. മനുഷ്യൻ, വൃക്ഷം, നദി, മൃഗം, വർത്തമാനപത്രം, പുസ്തകം, പർവ്വതം ഇത്യാദിപദങ്ങളൊക്കെ സാമാന്യനാമങ്ങൾ ആണു്.

2. മനുഷ്യജാതിയിൽത്തന്നെ പല അവാന്തരവിഭാഗങ്ങളുണ്ടല്ലൊ. മതം, ആചാരം, ഭാഷ, രാജ്യം മുതലായവയെ ആസ്പദമാക്കി ഹിന്ദു, മുസൽമാൻ, മലയാളി, ബംഗാളി, എന്നൊക്കെ നാം പറയാറില്ലേ? മനുഷ്യസാമാന്യധർമ്മങ്ങൾക്കു പുറമെ, മുകളിൽ സൂചിപ്പിച്ച ഉപാധികളെ ആസ്പദമാക്കിയുള്ള വർഗ്ഗസാമാന്യധർമ്മങ്ങളും ഈ ജാതികൾക്കുണ്ടു്. ഈ ഉപവിഭാഗങ്ങളെക്കുറിക്കുന്ന പേരുകളും സാമാന്യനാമങ്ങൾ തന്നെ. വൃക്ഷസാമാന്യ ലക്ഷണത്തിനുപുറമെ, അവാന്തരവർഗ്ഗധർമ്മങ്ങളും കലർന്ന ഇലഞ്ഞി, മാവു്, തേക്കു് മുതലായവയെ നിർദ്ദേശിക്കുന്ന നാമങ്ങളും സാമാന്യനാമങ്ങളാകുന്നു.

3. മുകളിൽ പ്രസ്താവിച്ചതുപോലെയുള്ള ദ്രവ്യജാതികളിൽപെടുന്ന ഓരോ വ്യക്തിയേയും തിരിച്ചുകാണിക്കുന്നതിനു നാമങ്ങൾ കല്പിക്കാറുണ്ടു്. മനുഷ്യജാതിയിൽപെട്ട ഒരു വ്യക്തിക്കു രാമൻ എന്നോ നസീർ എന്നോ തോമസ് എന്നോ യഥേച്ഛാ പേരിടാം. ഇതു് ഒരു സാധാരണ ധർമ്മത്തെ മുൻനിർത്തി കല്പിക്കുന്നതല്ല. മനുഷ്യനെ കണ്ടാൽ, ഏതപരിചിതനും മനുഷ്യനാണെന്നു ഗ്രഹിക്കാം. അതിനു സഹായമായ ജാതിലക്ഷണം ഉണ്ടല്ലൊ. രാമനേയോ തോമസ്സിനേയോ കാണുന്ന അപരിചിതനു് ആ വ്യക്തി മനുഷ്യനാണെന്നല്ലാതെ രാമനാണെന്നോ തോമസ്സാണെന്നോ മനസ്സിലാവുന്നതല്ല. ഏതെങ്കിലും ദ്രവ്യധർമ്മത്തെ അവലംബിച്ചല്ലാതെ, ജാതിയിൽപെട്ട ഓരോ വ്യക്തിക്കും നൽകുന്ന പേരാണു്, സംജ്ഞാനാമം.

മനുഷ്യൻ സാമാന്യനാമം; രാമൻ, തോമസ്, മുതലായവ, സംജ്ഞാനാമം.

വേറെ ഉദാഹരണം:

സാമാന്യനാമം സംജ്ഞാനാമം

നദി ഗംഗ, സിന്ധു, പമ്പ

വർത്തമാനപത്രം ‘മനോരമ’, ‘മാതൃഭൂമി’

നാടകം ഹാംലറ്റു്, ശാകുന്തളം

കവി കാളിദാസൻ, വാല്മീകി

രാജ്യം ഇന്ത്യ, ചൈന, റഷ്യ

4. മണ്ണു്, വെള്ളം, വായു, എണ്ണ, കടലാസ് മുതലായ പദാർത്ഥങ്ങൾക്കു ജാതിഭേദം ഇല്ല. ചെമന്ന മണ്ണു്, വെളുത്തമണ്ണു്, എന്നു വർണ്ണഭേദം ആസ്പദമാക്കി വ്യവഹരിക്കാറുണ്ടു്. അതു വെളുത്ത മനുഷ്യൻ, കറുത്ത മനുഷ്യൻ എന്നു വേർതിരിക്കുന്നതുപോലെ മാത്രമാകുന്നു. ജാതി വ്യക്തിഭേദകല്പനത്തിനു് ഇതല്ല ഉപാധി എന്നു മുൻപു് വ്യക്തമാക്കിയിട്ടുണ്ടു്. മണ്ണും വെള്ളവും മറ്റും അളക്കാവുന്ന ദ്രവ്യങ്ങളാണു്. അവയിൽ അടങ്ങുന്ന വ്യക്തികളില്ല. ജാതിയും വ്യക്തിയുമായി തിരിക്കാൻ വയ്യാത്ത ഈമാതിരി പദാർത്ഥങ്ങളെ നിർദ്ദേശിക്കുന്ന പദങ്ങൾ മേയനാമങ്ങളാകുന്നു. മേയം എന്ന വാക്കിനു് അളക്കാവുന്നതു് എന്നാണർത്ഥം. രണ്ടുവട്ടി മണ്ണു്, മൂന്നുകുടം വെള്ളം, നാലുപറ അരി, അഞ്ചിടങ്ങഴി എണ്ണ, മൂന്നുറാത്തൽ മാംസം, എന്നൊക്കെയാണല്ലൊ നാം വ്യവഹരിക്കുന്നതു്. മണ്ണു്, വെള്ളം, അരി മുതലായവ മേയനാമങ്ങളാണു്.

അഭ്യാസം ൧൭
  1. ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം ഇവയിൽ നിന്നു യോഗ്യമായ പദം എടുത്തു ചേർത്തു വാക്യം പൂർണ്ണമാക്കുക:രൂപമുള്ള പദാർത്ഥങ്ങളേയും, രൂപമില്ലാത്ത ആത്മാവു്, മനസ്സു്, ബുദ്ധി, ദൈവം, കാലം, എന്നിവയേയും കുറിക്കുന്ന ശബ്ദം ആകുന്നു.
  2. ദ്രവ്യനാമം മാത്രം അടയാളപ്പെടുത്തുക:
    • സഹ്യന്റെ ശിഖരങ്ങളിൽ നിന്നു് അനേകം പുഴകൾ പുറപ്പെട്ടു് ഗ്രാമങ്ങളേയും നഗരങ്ങളേയും തഴുകിക്കൊണ്ടു് പടിഞ്ഞാറോട്ടൊഴുകി സമുദ്രത്തിൽ ചെന്നുചേരുന്നു. അവയും കടലിലെ തിരകളും ചേർന്നു് ചില തുരുത്തുകൾ നദീമുഖങ്ങളായ കായലുകളിൽ നിർമ്മിച്ചിട്ടുണ്ടു്. തെങ്ങുകൾ അവയിൽ തിങ്ങിനിൽക്കുന്നതു മനോഹരമായ കാഴ്ചയാണു്.
    • ‘പാടത്തിൻകരെ നീളെ നിലനിറമായ് വേലിക്കൊരാഘോഷമായാടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിക്കും വിധൗ പാരാതേ വരികെന്റെ കൈയിലധുനാ പീയൂഷദംകത്തെയും ഭേദിച്ചങ്ങനെ കയ്പവള്ളി തരസാ പെറ്റുള്ള പൈതങ്ങളേ!’
  3. സംജ്ഞാനാമങ്ങൾ മാത്രം എടുത്തെഴുതുക:
    • ശകുന്തള, പ്രിയംവദയോടും അനസൂയയോടും വനജ്യോത്സ്ന എന്ന മുല്ലയോടും ദീർഗ്ഘാപാംഗൻ എന്ന മാൻകുട്ടിയോടും യാത്രാനുവാദം ചോദിച്ചു.
    • പെരിയാറും പേരാറും പമ്പയും ഒഴുകുന്ന കേരളത്തിൽ വെള്ളം കിട്ടാതെ വരുമോ കൃഷിക്കാർക്കു്?
    • ‘എച്ചിക്കുട്ടിയടിച്ചീടട്ടെ, കൊച്ചിളയച്ചി തളിച്ചീടട്ടെ’.
    • ഋതുപർണ്ണന്റെ രാജധാനിയിൽ നളൻ വേഷം മാറിത്താമസിക്കുന്നുണ്ടെന്നു് ഊഹിച്ച ബുദ്ധിമതിയായ ദമയന്തി മാതാവിന്റെ സമ്മതത്തോടുകൂടി, പിതാവായ ഭീമൻ അറിയാതെതന്നെ, ഭർത്താവിനെ കുണ്ഡിനത്തിൽ വരുത്തുന്നതിനു് ഒരു ഉപായം കണ്ടുപിടിച്ചു.
  4. മേയനാമങ്ങൾ മാത്രം അടയാളപ്പെടുത്തുക:
    • വെള്ളത്തിലെണ്ണയൊഴിച്ചതുപോലെ വേഗത്തിലെങ്ങും പടർന്നൂ കഥകൾ.
    • ഒരു തരി മണ്ണ് ഈ നാട്ടിലെനിക്കില്ല; ഒരു പിടി അരിയോ നെല്ലോ എനിക്കു മുതലില്ല; ഒരു മുണ്ടും ഈ കുടയും ഈ വടിയും മാത്രമുണ്ടു്.
    • ഉതിരും പതിരും തിരിച്ചാൽ ഉരിയോ നാഴിയോ കിട്ടിയേക്കാം. അത്താഴക്കഞ്ഞിക്കു് ഇതു മതിയോ? വയർ നിറയെ ചോറിന്റെ കാര്യം പോട്ടെ.
ക്രിയാവിഭാഗം

1. കാലാദ്യർത്ഥങ്ങളോടുകൂടിയ പ്രവൃത്തിയെ കുറിക്കുന്ന ശബ്ദമാണു്, ക്രിയ, അല്ലെങ്കിൽ കൃതി, എന്നു പഠിച്ചിട്ടുണ്ടല്ലൊ. ‘പക്ഷി പാടുന്നു’, എന്ന വാക്യം നോക്കുക. വർത്തമാനകാലത്തിൽ പക്ഷി ചെയ്യുന്ന ഒരു വ്യാപാരമാണു്, ‘പാടുന്നു’ എന്ന ക്രിയാപദം ബോധിപ്പിക്കുന്നതു്. ‘പാടി’ എന്നു രൂപം മാറ്റിയാൽ, ഭൂതകാലത്തിൽ നടന്ന വ്യാപാരം അർത്ഥം ആകും. ‘നാടകം കഴിഞ്ഞു; ഇനി മംഗളം പാടാം’, ഈ വാക്യത്തിലെ ‘പാടാം’ എന്ന ക്രിയ അനുജ്ഞകൂടി, പ്രവൃത്തിക്കു പുറമേ, കുറിക്കുന്നുണ്ടു്. ‘ആകുന്നു’, ‘ഉണ്ടു്’, ഈ പദങ്ങളും കൃതികൾ തന്നെ. ഒരു പ്രവൃത്തിയെയല്ല, അവസ്ഥയെയാണു് ഇവ കുറിക്കുന്നതു്.

2. ആഖ്യയ്ക്കും ആഖ്യാതത്തിനും തമ്മിലുള്ള ബന്ധത്തെ വിവരിച്ച സന്ദർഭത്തിൽ, കർത്താവു്, കർമ്മം, ഇവയെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ടു്. കർത്താവില്ലാതെ ക്രിയ നടക്കുകയില്ല. എന്നാൽ, എല്ലാ ക്രിയകൾക്കും കർമ്മം വേണമെന്നില്ല. ‘ഞാൻ ഉറങ്ങി’, എന്ന വാക്യം ഉദാഹരിക്കാം. ഉറങ്ങിയതാരാണു് എന്നല്ലാതെ, ഉറങ്ങിയതെന്തിനെയാണെന്നു് ആകാംക്ഷ ജനിക്കുന്നില്ലല്ലൊ. അതുകൊണ്ടു്, ‘ഉറങ്ങി’ എന്ന ക്രിയയ്ക്കു കർമ്മമില്ലെന്നു വ്യക്തമാകുന്നു. ‘പക്ഷി പറന്നു’, ‘എഴുത്തു വന്നു’, ‘മരം വീണു’, മുതലായ വാക്യങ്ങളിലും കർത്താവിനെക്കുറിച്ചല്ലാതെ കർമ്മത്തെക്കുറിച്ചു ജിജ്ഞാസയ്ക്കു് അവസരമില്ല. വാടുക, പറക്കുക, വീഴുക, വരിക, ഈ ക്രിയകൾ കർമ്മമില്ലാത്തവയാണെന്നു സാരം. കർമ്മമില്ലാത്ത ക്രിയ അകർമ്മകവും, കർമ്മമുള്ളതു് സകർമ്മകവും ആകുന്നു.

ഉദാഹരണം:

അകർമ്മകം സകർമ്മകം

നദി ഒഴുകുന്നു. ആശാരി മരം മുറിക്കുന്നു.

സമുദ്രം ഇളകുന്നു. കർഷകൻ വിത്തു വിതയ്ക്കുന്നു.

നക്ഷത്രം തിളങ്ങുന്നു. നളിനി കാവ്യം പഠിക്കുന്നു.

3. ‘ലളിത പാടുന്നു’, ‘ ലളിത പാടിക്കുന്നു’, ഈ വാക്യയുഗളത്തിലെ ക്രിയകളുടെ അർത്ഥത്തിൽ എന്തന്തരമാണുള്ളതു്? ‘പാടുന്നു’ എന്നതിൽ പരപ്രേരണയില്ല; ‘പാടിക്കുന്നു’ എന്നതിലാകട്ടെ ലളിതയുടെ പ്രേരണയാൽ മറ്റൊരാളാണു് പാടുന്നതു്. അന്യപ്രേരണ കലരാത്ത ക്രിയ കേവലം; അന്യപ്രേരണ സ്ഫുരിക്കുന്നതു് പ്രയോജകം.

ഉദാഹരണം:

കേവലം പ്രയോജകം

പാടുന്നു പാടിക്കുന്നു

പറയും പറയിക്കും

ഓടി ഓടിച്ചു

മായുന്നു മായ്ക്കുന്നു

വായിക്കുന്നു വായിപ്പിക്കുന്നു

4. ഓടുക, പറയുക, മായുക ഇവയൊക്കെ കേവല ക്രിയകളാണല്ലൊ; ഓടിക്കുക, പറയിക്കുക, മായ്ക്കുക ഇവയൊക്കെ പ്രയോജകങ്ങളും. ‘ക്ക്’ പ്രയോജകാർത്ഥം കുറിക്കാനാണു്, ചേർത്തിട്ടുള്ളതെന്നു രൂപങ്ങൾ സൂക്ഷിച്ചു പഠിച്ചാൽ സുഗ്രഹമാവും. ‘ഓടുക’ മുതലായ കേവലരൂപങ്ങളിൽ അതു കാണുന്നില്ല. എന്നാൽ ‘ക്ക്’ ചേർന്ന കേവലക്രിയാരൂപങ്ങളുണ്ടു് എന്നു ഗ്രഹിച്ചിരിക്കണം. പഠിക്കുക, നടക്കുക, കളിക്കുക, വിളിക്കുക മുതലായ പ്രവൃത്തികൾ പരപ്രേരണകൂടാതെ, കർത്താവു് സ്വയം ചെയ്യുന്നവയാണല്ലൊ. ഇങ്ങനെ ‘ക്ക്’ ചേർന്ന കേവലക്രിയകൾക്കു കാരിതമെന്നും, ചേരാത്ത കേവലങ്ങൾക്കു് അകാരിതമെന്നും സംജ്ഞ കല്പിച്ചിരിക്കുന്നു.

ഉദാഹരണം:

കേവലം, കാരിതം കേവലം, അകാരിതം

ചിരിക്കുന്നു പറയുന്നു

കേൾക്കുന്നു നിറയുന്നു

തിളയ്ക്കുന്നു തെളിയുന്നു

പഠിക്കുന്നു കരയുന്നു

(കാരിതാകാരിതങ്ങൾ കേവലക്രിയാവിഭാഗത്തിൽ അന്തർഭവിക്കുന്നവയാണു്.)

5. സങ്കീർണ്ണവാക്യങ്ങളുടെ അംഗാംഗിഭാവം വിശദമാക്കുന്ന സന്ദർഭത്തിൽ മുറ്റുവിന, പറ്റുവിന എന്നീ ക്രിയാവിഭാഗത്തെക്കുറിച്ചു വിവരിച്ചിട്ടുണ്ടു്. അന്യപദങ്ങളെ ആശ്രയിച്ചു നിൽക്കുന്ന ക്രിയകളാണല്ലൊ പറ്റുവിനകൾ. പരാശ്രയമില്ലാത്തവ മുറ്റുവിനകളാകുന്നു. പറ്റുവിന നാമത്തിന്റെ അംഗമായി വരാം. ‘നിങ്ങൾ തന്ന പുസ്തകം ഞാൻ തിരിച്ചു തന്നു’, എന്ന വാക്യത്തിലെ ‘തന്ന’ എന്ന പറ്റുവിന പുസ്തകം എന്ന നാമത്തിന്റെ വിശേഷണമാണു്. നാമത്തിന്റെ അംഗമായ പറ്റുവിന പേരെച്ചമാകുന്നു. ‘ഞാൻ ചെന്നു് വിവരം അച്ഛനെ അറിയിക്കാൻ നിശ്ചയിച്ചു’ എന്ന വാക്യത്തിൽ രണ്ടു പറ്റുവിനയുണ്ടു്: ‘ചെന്ന്’, ‘അറിയിക്കാൻ’. ഇവയിൽ ആദ്യത്തേതു് അറിയിക്കുവാൻ എന്ന അപൂർണ്ണക്രിയയിലാണന്വയിക്കുന്നതു്. ആ പദമോ നിശ്ചയിച്ച എന്ന പൂർണ്ണക്രിയയുടെ അംഗമാകുന്നു. ഇങ്ങനെ ക്രിയാപദങ്ങളിൽ അന്വയിക്കുന്ന പറ്റുവിനകൾ ആണു് വിനയെച്ചങ്ങൾ.

ഉദാഹരണം:

പറ്റുവിന–പേരെച്ചം പറ്റുവിന–വിനയെച്ചം

1. നടന്ന കഥ 1. പറഞ്ഞു കേൾപ്പിച്ചു.

2. ചത്ത പശു 2. ഉണരാൻ വൈകി.

3. എഴുതിയ പുസ്തകം 3. നോക്കി നിൽക്കെ പണം കവർന്നു.

4. കിട്ടിയ നിധി 4. നിയോഗിച്ചാൽ അനുസരിക്കാം.

6. ആഭിലാഷികവാക്യങ്ങളുടെ സ്വഭാവം വെളിപ്പെടുത്തിയ സന്ദർഭത്തിൽ നിർദ്ദേശകം, അനുജ്ഞായകം, നിയോജകം, വിധായകം, ഈ അർത്ഥപ്രകാരങ്ങളെ സൂചിപ്പിച്ചിട്ടുള്ളതുകൂടി ഈ പ്രകരണത്തിൽ ഓർമ്മിക്കണം.

അഭ്യാസം ൧൮
  1. താഴെ തരുന്ന വാക്യങ്ങളിലെ ക്രിയകളിൽ അകർമ്മകങ്ങളേയും സകർമ്മകങ്ങളേയും വേർതിരിച്ചെഴുതുക:
    • ജ്യേഷ്ഠനിരിക്കെക്കുരുവംശത്തിൽ ശ്രേഷ്ഠൻ ഞാനെന്നവനുടെ ഭാവം.
    • ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ, നീ.
    • കുലച്ച വില്ലിൽക്കണയും തൊടുത്തു കുതിച്ചു മുൻപോട്ടു കടന്ന വീരൻ മുടിച്ചു മുറ്റും രിപുസഞ്ചയത്തെയുണങ്ങിടും കാടിനെയഗ്നിപോലെ.
    • സമുദ്രം കടന്നു്, വിദേശത്തുചെന്നു്, വിദ്യാഭ്യാസം നേടിവരുന്ന ചിലർ മാതൃഭാഷ മറന്നുപോയതായി നടിക്കാറുണ്ടു്.
  2. താഴെ എഴുതുന്ന കേവലക്രിയകളുടെ പ്രയോജകരൂപം എന്തു്? ഉടഞ്ഞു പഠിക്കും നടന്നു ഏൽക്കുന്നു കേൾക്കട്ടെ അയയ്ക്കാം
സർവ്വനാമം

1. സംഭാഷണത്തിലായാലും ലേഖനത്തിലായാലും ഒരേപദം അടുത്തടുത്താവർത്തിക്കുന്നതു ബാലിശമാണു്. ഈ ദോഷം പരിഹരിക്കാൻ പല ഉപായങ്ങളുണ്ടു്. നാമങ്ങളുടെ ആവർത്തനം കുറയ്ക്കുവാനുള്ള ഒരു മാർഗ്ഗം മാത്രമേ ഈ പ്രകരണത്തിൽ പ്രസ്താവിക്കുന്നുള്ളൂ. ‘രാമൻ രാമന്റെ ഗൃഹത്തിൽനിന്നു പുറത്തേക്കു് ഇറങ്ങി. രാമനെ പ്രതീക്ഷിച്ചുകൊണ്ടു് തോമസ്സും തോമസ്സിന്റെ അനുജനും പടിയ്ക്കൽ നിന്നിരുന്നു’. ഈ വാക്യങ്ങളിൽ, ‘രാമൻ’, ‘രാമന്റെ’; ‘തോമസ്’, ‘തോമസ്സിന്റെ’; എന്നീ ആവർത്തനങ്ങൾ അവൈചിത്ര്യജനകമാകുന്നു. ‘രാമൻ തന്റെ ഗൃഹത്തിൽനിന്നു പുറത്തേക്കു് ഇറങ്ങി. അവനെ പ്രതീക്ഷിച്ചുകൊണ്ടു തോമസ്സും അവന്റെ അനുജനും പടിക്കൽ നിന്നിരുന്നു’, എന്നു് എഴുതിയാൽ പ്രസ്തുത ദോഷം കൂടാതെ കഴിക്കാമല്ലൊ. ‘തന്റെ’, ‘അവനെ’, ഈ പദങ്ങൾ ‘രാമൻ’ എന്ന നാമത്തിനു പകരമാണു് പ്രയോഗിച്ചിരിക്കുന്നതു്; ‘അവന്റെ’ എന്നതാകട്ടെ തോമസ്സിനു പകരവും. ഇങ്ങനെ നാമങ്ങൾക്കു പകരം പ്രയോഗിക്കാവുന്ന പദങ്ങളാണു്, സർവ്വനാമങ്ങൾ.

അഭ്യാസം ൧൯
  1. താഴെ എഴുതിയിരിക്കുന്ന വാക്യങ്ങളിലെ സർവ്വനാമങ്ങൾ ഏതു നാമങ്ങൾക്കു പകരം നിൽക്കുന്നു എന്നു വിശദമാക്കുക:
    • ആശയപ്രകാശത്തിനുള്ള ഉപകരണമാകുന്നു ഭാഷ. അതു സാമുദായിക ജീവിതം കൊണ്ടു ലഭിച്ച ഒരനുഗ്രഹമാണു്.
    • കുയിലിനെ ആരാണു് പാട്ടുപാടാൻ പഠിപ്പിച്ചതു്? അതിന്റെ ശബ്ദം എത്ര മധുരം!
    • രാമൻ:- ‘കൃഷ്ണാ, നീ കളി കാണാൻ പോയിരുന്നോ? എന്നെ വിളിച്ചിരുന്നെങ്കിൽ ഞാനും വരുമായിരുന്നു’. കൃഷ്ണൻ:- ‘നീ, എവിടെപ്പോയിരുന്നു, ഞാൻ അന്വേഷിച്ചുവന്നപ്പോൾ’?
  2. ഉചിതമായ സർവ്വനാമം യഥാസ്ഥാനം ചേർത്തു് അവൈചിത്ര്യം പരിഹരിക്കുക:
    • സീത:- “സീത ഭർത്താവിനെ അനുഗമിക്കും. സീതയെ അതിനു് അനുവദിക്കണം”. രാമൻ:- “രാമൻ പറയുന്നതു സീത കേൾക്കില്ലേ? സീത അമ്മമാരുടെ കൂടെ താമസിക്കൂ. അമ്മമാർ സീതയെ അനുഗ്രഹിക്കട്ടെ”. (ഞാൻ, എന്നെ, നീ, അവർ, നിന്നെ, ഈ സർവ്വനാമങ്ങളിൽ നിന്ന് ഉചിതമായ പദം തിരഞ്ഞെടുത്തു വരയിട്ടിട്ടുള്ള പദങ്ങൾക്കു പകരം പ്രയോഗിക്കണം.)
    • ‘ഭൂതരായർ’ ഒരു ആഖ്യായിയാകുന്നു. ഭൂതരായർ ഒരു കെട്ടു പഴങ്കഥയാണു്. ‘അപ്പം പകുതി കടിച്ചിരിക്കുന്നു. അപ്പത്തിൽ വല്ലതും പറ്റിപ്പോയിട്ടുണ്ടോ’? ഭൂതരായർ ‘ആനന്ദ’ത്തോടു ചോദിച്ചു. ആനന്ദം സംഭ്രമിച്ചു നിന്നു. ആനന്ദത്തിന്റെ മുഖം വിളറി.

2. സർവ്വനാമങ്ങൾക്കും ചില അവാന്തര വിഭാഗങ്ങളുണ്ടു്. വക്താവിനു പകരം വരുന്ന ‘ഞാൻ’, ‘ഞങ്ങൾ’, ‘എന്നെ’, ‘ഞങ്ങളെ’ മുതലായവ ഉത്തമ പുരുഷ സർവ്വനാമം. ശ്രോതാവിനെ കുറിക്കുന്ന ‘നീ’, ‘നിങ്ങൾ’, ‘നിന്നെ’, ‘നിങ്ങളെ’ ഇത്യാദികൾ മദ്ധ്യമപുരുഷ സർവ്വനാമം. ‘നാം’, ‘നമ്മൾ’, ഇവ ഉത്തമ പുരുഷസർവ്വനാമങ്ങളത്രെ. വക്താവു മാത്രമല്ല, ശ്രോതാവും ഈ ശബ്ദങ്ങളുടെ അർത്ഥത്തിൽ അന്തർഭവിക്കുന്നു. ‘നമുക്കു ഭാഗ്യമുണ്ട്’ എന്നു ജാനകി ഊർമ്മിളയോട് പറഞ്ഞു, എന്ന വാക്യത്തിലെ വക്താവു ജാനകിയും ശ്രോതാവു് ഊർമ്മിളയും ആണല്ലൊ. ‘നമുക്കു’ എന്ന സർവ്വനാമം രണ്ടുപേരേയും കുറിക്കുന്നു.

3. സ്വന്തം പ്രഭാവവും മഹത്വവും സൂചിപ്പിക്കുവാൻ വേണ്ടി രാജാക്കന്മാരും മഹർഷിമാരും മറ്റും ‘നാം’ എന്ന ശബ്ദം ശ്രോതാവിനെ ഉൾപ്പെടുത്താതെ തന്നെ പ്രയോഗിക്കാറുണ്ടു്. ‘നാം ആജ്ഞാപിക്കുന്നു; നമ്മുടെ നാട്ടിൽ ഇനി നിന്നെ കാണരുതു്”, എന്നു ശാസിക്കുമ്പോൾ, നാം, നമ്മുടെ, ഈ സർവ്വനാമങ്ങൾ വക്താവിനെ മാത്രമേ പരാമർശിക്കുന്നുള്ളൂ എന്നു വ്യക്തമാണല്ലൊ.

സർവ്വനാമ വിഭാഗം

ഞാൻ, എൻ, ഉത്തമപുരുഷസർവ്വനാമം

നീ മദ്ധ്യമപുരുഷസർവ്വനാമം

അ, ഇ, ഒരു വിവേചകം

(അവൻ, അവൾ, അതു്; ഇവൻ, ഇവൾ, ഇതു്; ഒരുവൻ, ഒരുവൾ)

എ വ്യപേക്ഷക സർവ്വനാമം

യാ

എ ചോദ്യസർവ്വനാമം

ആർ

ചില നാനാർത്ഥകം

പല

ഇന്ന നിർദ്ദിഷ്ടവാചി

എല്ലാ സർവ്വവാചി

ഒക്ക

തൻ സ്വവാചി

മിക്ക അംശവാചി

മറ്റു അന്യാർത്ഥകം

വല്ല അനാസ്ഥാവാചി

4. വിവേചക സർവ്വനാമത്തിന്റെ പ്രയോഗത്തിൽ ‘വിദ്യാർത്ഥികൾക്ക്’ പ്രമാദം പറ്റുക സാധാരണമാണു്. ‘രാമായണം’ ആദികാവ്യമാകുന്നു. അതിന്റെ നിർമ്മാതാവു വാല്മീകിയാണു്. ഇതിൽ രാമന്റെ ദക്ഷിണാപഥയാത്ര വർണ്ണിച്ചിരിക്കുന്നു. ‘അതു്’ എന്ന സർവ്വനാമത്താൽ നിർദ്ദേശിച്ച രാമായണത്തിനെക്കുറിച്ചുതന്നെ അടുത്ത വാക്യത്തിൽ ‘ഇതു്’ എന്നു പ്രയോഗിച്ചിരിക്കുന്നതു തെറ്റാണു്. ‘ഇതു്’ എന്നു പ്രയോഗിച്ചിരിക്കുന്നതു തെറ്റാണു്. ‘ഇതു വിചാരിച്ചു് ആരും വിഷാദിക്കരുതു്; അതിനു പരിഹാരമുണ്ടാക്കാം’, എന്നു പറഞ്ഞാൽ രണ്ടു കാര്യമാണു് സംഭാഷണത്തിൽ പരാമർശിക്കുന്നതെന്നു ഭ്രമം ജനിക്കും. ‘ഇതു വിചാരിച്ചു് ആരും വിഷാദിക്കരുതു്; ഇതിനു പരിഹാരമുണ്ടാക്കാം’ എന്നാക്കിയാൽ തെറ്റിദ്ധരിക്കാനിടവരികയില്ല.

5. ‘തന്റെ നാടും വീടും വിട്ടു വഴിയാധാരമായി നടക്കുന്ന നിർഭാഗ്യവാൻ ആരാണു്?’ ഈ വാക്യത്തിൽ ‘തന്റെ’ എന്ന സ്വവാചിശബ്ദം നിർഭാഗ്യവാനെന്ന നാമത്തെയാണു് കുറിക്കുന്നതു്. ആരു് എന്നതു ചോദ്യാർത്ഥവുമാകുന്നു. ‘രാമൻ കാലത്തുണർന്നു. താൻ കാലും മുഖവും കഴുകി’ ഈ ഉദാഹരണത്തിലെ സ്വവാചി പ്രയോഗം യുക്തമല്ല. ‘താൻ’ എന്നല്ല, ‘അവൻ’ എന്ന വിവേചകസർവ്വനാമമാണു് ഇവിടെ വേണ്ടതു്. ‘നളിനി തന്റെ അച്ഛന്റെ അനുവാദത്തോടുകൂടി തന്റെ പുസ്തകം തന്റെ കൂട്ടുകാരിക്കു കൊടുത്തു’. തൻ എന്ന സ്വവാചിയുടെ പ്രയോഗം ഈ വാക്യത്തെ വൃഥാ സ്ഥൂലവും അസുന്ദരവും ആക്കുന്നില്ലേ? ആശയം വ്യക്തമാകാൻ ആവശ്യമുള്ള സന്ദർഭങ്ങളിലേ അതു പ്രയോഗിക്കാവൂ. ‘നളിനി അച്ഛന്റെ അനുവാദത്തോടുകൂടി പുസ്തകം കൂട്ടുകാരിക്കു കൊടുത്തു’ എന്നു പറയുന്നതും എഴുതുന്നതുമാണു് നമ്മുടെ ശൈലിയ്ക്കു ചേർന്നതു്. അച്ഛനോ പുസ്തകമോ നളിനിയുടെയല്ലെങ്കിൽ മാത്രമേ ആ പദങ്ങളെ വിശേഷിപ്പിക്കേണ്ടതുള്ളുവല്ലോ.

6. സംഭാഷണഭാഷയിൽ മാത്രമല്ല, സാഹിത്യഭാഷയിലും ‘താൻ’ മദ്ധ്യമപുരുഷ സർവ്വനാമമായിവരും. ‘മാൻകണ്ണി, താൻ കാൺകെയോ’ എന്നു് ആശ്ചര്യചൂഢാമണിയിലെ പ്രയോഗം ഉദാഹരിക്കാം. ‘നീ’ എന്നതിനേക്കാൾ ‘താൻ’ ആദരം അധികം ദ്യോതിപ്പിക്കുന്നു. ‘താങ്കൾ’ കുറെക്കൂടി ബഹുമാനം സ്ഫുരിക്കുന്നതാണു്.

7. ചില, പല, ഈ നാനാവാചി സർവ്വനാമങ്ങൾ ഒന്നിലധികം വസ്തുക്കളെ ഉൾക്കൊള്ളുന്നവയാണു്. ‘ചിലതു്’, ‘പലതു്’ മുതലായ രൂപങ്ങൾ, നിർദ്ദേശിക്കുന്ന വസ്തുക്കളുടെ ബഹുത്വംകൂടി കുറിക്കുന്നുണ്ട്. ‘പലതും വിചാരിച്ചു; മിക്കതും നടന്നില്ല; ചിലതൊക്കെ നടന്നേക്കാം. എല്ലാം സാധിക്കാവുന്നതല്ല’. ഈ ഉദാഹരണങ്ങളിൽ നിന്നു നാനാവാചികളുടെയും അംശവാചിയുടേയും സർവ്വവാചിയുടേയും പ്രയോഗരീതി ഗ്രഹിക്കുക.

അഭ്യാസം ൨൦
  1. താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളിലെ സർവ്വനാമങ്ങൾ ഏതു നാമങ്ങൾക്കുപകരം പ്രയോഗിച്ചിരിക്കുന്നു? ഏതു വിഭാഗത്തിൽപ്പെടുന്നു?
    • (കൈകേയിയുടെ വാക്യം) ‘അഭിഷേകമെന്റെ മകനേ ചെയ്യാവൂ. വിപിനേ രാമനെ അയയ്ക്കേണം. ഇവ പണ്ടുചൊന്ന വരമിന്നു രണ്ടും തരിക കാന്താ നീ-’.
    • (കണ്വൻ ശകുന്തളയോടു്) ‘മുൻപു ഞാൻ സങ്കല്പിച്ച ഭർത്താവായ് ചേർന്നല്ലോ നീ തൻപുണ്യത്താലെൻ വത്സേ, മാവൊടീത്തൈമുല്ലയും’.
    • ‘ലളിതലളിതമാർന്നു യൗവ്വനം കുലസുതലീല—അതാണവൾക്കു പേർ’.
    • ‘താനെന്നോടുകയർത്തിടാനിനി മുതിർന്നാകിൽപ്പൊറുക്കില്ല ഞാൻ മാനെന്തിന്നെതിരിട്ടിടുന്നു മൃഗരാജാവോടിതാണത്ഭുതം’.
    • തന്റെ പുത്രന്മാരും മന്ത്രിമാരും കൊല്ലപ്പെട്ടപ്പോൾ രാക്ഷസാധിപതിതന്നെ യുദ്ധത്തിനു പുറപ്പെട്ടു. അതുകണ്ടു് വാനരന്മാർ ആഹ്ലാദിക്കുകയും അവർ ആർത്തുവിളിക്കുകയും ചെയ്തു.
    • ചിലരമരസുഖം ഭുജിച്ചിടുന്നൂ, പലർ നരകപ്പുഴുപോലിഴഞ്ഞിടുന്നു.
  2. കൂടിയേകഴിയൂ എന്നില്ലാത്ത സർവ്വനാമങ്ങൾ അടയാളപ്പെടുത്തുക:‘രാമൻ തന്റെ പുസ്തകമെടുത്തു് തന്റെ കൂട്ടുകാരോടുകൂടി തന്റെ പാഠശാലയിലേക്ക് പുറപ്പെട്ടു’.
പ്രകൃതിയും പ്രത്യയവും

1. മ്, ഉ, യ്, അ, ല്, ഈ ധ്വനികൾ അർത്ഥമില്ലാത്തവയാണു്; എന്നാൽ ഇവ ഒന്നിച്ചു ചേർന്നുണ്ടാകുന്ന ‘മുയൽ’ എന്ന ശബ്ദം അർത്ഥയുക്തമാകുന്നു. ഒരു മൃഗത്തെയാണല്ലൊ പ്രസ്തുത ശബ്ദം കുറിക്കുന്നതു്. ഇങ്ങനെ അർത്ഥഹീനങ്ങളായ വർണ്ണങ്ങൾ ചേർന്നു് അർത്ഥയുക്തമായ ശബ്ദമാകുന്നതാണു് പ്രകൃതി. മ് + അ + ല് + അ ഈ നാലുവർണ്ണം ചേർന്നുണ്ടാകുന്ന ‘മലയെന്ന ശബ്ദം’ പ്രകൃതിയാകുന്നു. പ്രകൃതികൾ നമ്മുടെ ഭാഷയിൽ പദങ്ങളായി പ്രയോഗിക്കാവുന്നവയാണു്.

അഭ്യാസം ൨൧
  1. താഴെ ചേർത്തിട്ടുള്ള വർണ്ണങ്ങളുടെ യോഗം കൊണ്ടുണ്ടാകുന്ന പ്രകൃതികൾ ഏവ?
    • ക് + ആ + യ് + അ + ൽ.
    • മ് + ഉ + ള് + അ + ക് + ഉ്.
    • ക് + ഉ + ത് + ഇ + ര് + അ.
    • ച് + ഇ + ര് + അ + ട് + ട് + അ.
  2. വർണ്ണങ്ങളാക്കി വിഭജിക്കുക:ഇലവു്, ഉലകു്, പറവ, കരിമ്പു്, കാതൽ.

2. ‘താമര’, ‘തണ്ടു്’ ഈ രണ്ടുപ്രകൃതികളുടേയും അർത്ഥം ഓരോ വസ്തുവാകുന്നു. ഇവ ദ്രവ്യനാമങ്ങളാണു്. ഈ രണ്ടു വസ്തുക്കൾക്കു തമ്മിലുള്ള ബന്ധം വ്യക്തമാവണമെങ്കിൽ, ‘താമരയുടെ തണ്ടു്’ എന്നു പറയണം. ക്രിയയുടെ മൂലഭൂതമായ ശബ്ദത്തിനു ധാതുവെന്നാണു് പറയുക. ‘പോ’, ‘പാടു്’ മുതലായ ധാതുക്കൾ ഓരോ വ്യാപാരത്തെക്കുറിക്കുന്നു. കാലം മുതലായ അർത്ഥവിശേഷങ്ങൾ കുറിക്കുവാൻ ധാതുക്കളുടെ രൂപത്തിലും മാറ്റം വരുത്തും. ‘പോവുന്നു’, ‘പോവും’, ‘പോയി’ ഇങ്ങനെയുള്ള പല രൂപങ്ങൾ നോക്കുക. പ്രകൃതിയുടേയും ധാതുവിന്റേയും രൂപത്തിൽ ഇങ്ങനെ മാറ്റം വരുത്തുന്നതിനു ചേർക്കുന്ന ശബ്ദമാണു് പ്രത്യയം. ‘പോ’ എന്ന ധാതുവിൽ ഉന്നു, ഉം, ഇ, എന്നീ പ്രത്യയങ്ങൾ ചേർന്നാണു് വർത്തമാനം, ഭാവി, ഭൂതം, ഈ അർത്ഥവിശേഷങ്ങൾ കലർന്ന പോവുക, പോവും, പോയി എന്നീ ക്രിയാപദങ്ങൾ ഉണ്ടാവുന്നതു്. ‘മല’ എന്ന പ്രകൃതിയോടു് ‘കൾ’ എന്ന പ്രത്യയം ചേർക്കമ്പോൾ ‘മലകൾ’ എന്ന രൂപം സിദ്ധിക്കുന്നു. ഇൽ, ഉടെ, ആൽ, ക്കു് മുതലായ പ്രത്യയങ്ങൾ ചേരുമ്പോൾ മലയിൽ, മലയുടെ, മലയാൽ, മലയ്ക്കു് ഇത്യാദി രൂപങ്ങൾ ഉളവാകും.

അഭ്യാസം ൨൨
  1. പ്രകൃതി പ്രത്യയങ്ങൾ വേർതിരിച്ചെഴുതുക:പുഴയുടെ, പുഴകളുടെ; ആറ്റിൽ, ആറുകളിൽ; തലയ്ക്കു്, തലകൾക്കു്; വാനമേ, ഓമനേ; രാമനെ, സീതയെ.
  2. ധാതുക്കളും പ്രത്യയങ്ങളും വേർതിരിച്ചെഴുതുക:വരുന്നു, വരും; മുങ്ങി, മുങ്ങും; വാഴട്ടെ, വാഴണം, വാഴും; തൊഴുവാൻ, തൊഴുതു, തൊഴൽ.

3. ചില പ്രകൃതികളോടും ധാതുക്കളോടും പ്രത്യയം ചേരാനുള്ള സൗകര്യത്തിനുവേണ്ടി അവയ്ക്കു നടുക്കു് ഇടനില വരാറുണ്ടു്. ‘നാടു്’ എന്ന പ്രകൃതിയോടു് ‘കൽ’ എന്ന പ്രത്യയം നേരിട്ടുചേർന്നല്ല പദമാകുന്നതു്. ‘ഇൻ’ ഇടനിലയായി വന്നതിനു ശേഷമാണു് പ്രത്യയയോഗം. നാടു് + ഇൻ + കൽ ഇങ്ങനെ പ്രകൃതിയും, ഇടനിലയും പ്രത്യയവും ചേർന്നു് ‘നാടിങ്കൽ’ എന്ന പദമായിത്തീരുന്നു.

വേറെ ഉദാഹരണം:

രാജാവു് + ഇൻ + ആൽ = രാജാവിനാൽ.

രാജാവു് + ഇൻ + ഓടു് = രാജാവിനോടു്.

ലിംഗം
പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം

1. പ്രപഞ്ചത്തിലുള്ള വസ്തുക്കളെ ചേതനം, അചേതനം എന്നു രണ്ടായി വിഭജിക്കാം. കല്ലു്, വെള്ളം, വായു മുതലായവയ്ക്കു ജീവനില്ലല്ലൊ. മരത്തിനു ജീവിസാധാരണങ്ങളായ ചില ധർമ്മങ്ങളുണ്ടെങ്കിലും അവയേയും ജഡമായിട്ടാണു് ഗണിച്ചിരുന്നതു്. നിർജ്ജീവങ്ങളായ വസ്തുക്കളാണു് അചേതനങ്ങൾ. സജീവവസ്തുക്കൾ ചേതനങ്ങളാകുന്നു. അചേതനങ്ങൾക്കു സ്ത്രീപുരുഷഭേദമില്ല. ചേതനങ്ങൾക്ക് അതുണ്ടു്. അചേതനനാമങ്ങളൊക്കെ പുംസ്ത്രീഭേദം കുറിക്കാത്തവയാകയാൽ നപുംസകലിംഗങ്ങളാണു്. ചേതനനാമങ്ങളിൽ പുംസ്ത്വം കുറിക്കുന്നവ പുല്ലിംഗങ്ങളും സ്ത്രീത്വം കുറിയ്ക്കുന്നവ സ്ത്രീലിംഗങ്ങളും ആകുന്നു. വിശേഷബുദ്ധിയില്ലാത്ത പക്ഷിമൃഗാദികളിലും സ്ത്രീപുരുഷഭേദം സാധാരണമായി കണക്കാക്കാറില്ല. തന്മൂലം അവയെക്കുറിക്കുന്ന നാമങ്ങളും നപുംസകലിംഗങ്ങളായിട്ടാണു്, ഗണിച്ചു വരുന്നതു്.

2. ഭാഷയിൽ നാമങ്ങളുടെ ലിംഗഭേദം കുറിക്കുന്നതിന്നു സാധാരണമായി സ്വീകരിച്ചിരിക്കുന്ന മാർഗ്ഗം ചില പ്രത്യയങ്ങൾ ചേർക്കുകയാണു്. താഴെ കാണുന്ന നാമരൂപങ്ങളിൽ നിന്നു് ആ പ്രത്യയങ്ങൾ ഏതെല്ലാമാണെന്നു ഗ്രഹിക്കാം.

പുല്ലിംഗം

അവൻ, രാമൻ, സുന്ദരൻ

സ്ത്രീലിംഗം

അവൾ, നളിനി, സുന്ദരി

നപുംസകലിംഗം

അതു്, മരം, സുന്ദരം

ഈ ഉദാഹരണങ്ങളിൽ നിന്നു് ‘അൻ’ എന്ന പ്രത്യയം പുംസ്ത്വവും, അൾ, ഇ, എന്നീ പ്രത്യയങ്ങൾ സ്ത്രീത്വവും, അം, തു് എന്നിവ നപുംസകത്വവും കുറിക്കുന്നു എന്നു സ്പഷ്ടമായല്ലൊ. നപുംസകസർവ്വനാമങ്ങളിലാണു് ‘തു്’ സാധാരണമായി വരുന്നതു്. ‘അൾ’ എന്ന സ്ത്രീലിംഗപ്രത്യയവും സർവ്വനാമങ്ങളിലേ ചേർന്നു കാണുന്നുള്ളൂ. ‘മകൾ’ എന്ന ശബ്ദം ഈ സാമാന്യ നിയമത്തിനു വിധേയമായിരിക്കുന്നില്ല. ‘ആൾ’ എന്ന പ്രത്യയവും സ്ത്രീത്വദ്യോതകമായി ക്രിയകളിൽ വരും.

ഉദാഹരണം:- വന്നാൾ, പോയാൾ

അഭ്യാസം ൨൩
  1. താഴെ പറയുന്ന പദങ്ങളിലെ ലിംഗപ്രത്യയങ്ങൾ എടുത്തെഴുതുക:
    • കടം, ചെറുതു്, വലുതു്, കേമം, സമർത്ഥം.
    • മകൾ, മകൻ, അവൻ, അവൾ, സുന്ദരി, പാൽക്കാരൻ, പാൽക്കാരി.
  2. പക്ഷികളേയും മൃഗങ്ങളേയും കുറിക്കുന്ന നാമങ്ങൾ നപുംസകലിംഗങ്ങളാണെന്നു പറവാൻ എന്താണു് കാരണം?

3. പ്രത്യയങ്ങൾ കൂടാതെ, പുംസ്ത്രീവാചകങ്ങളായ നാമങ്ങൾ ചേർത്തും ചില പദങ്ങളുടെ ലിംഗഭേദം കുറിക്കാറുണ്ടു്. ആൺപക്ഷി, പെൺപക്ഷി; പൂവൻകോഴി, പിടക്കോഴി; കൊമ്പനാന, പിടിയാന ഇത്യാദ്യുദാഹരണങ്ങൾ സുലഭങ്ങളാകുന്നു. സ്ത്രീപുരുഷഭേദം കുറിക്കുന്നതിനു വെവ്വേറെ പദങ്ങൾ ഉപയോഗിക്കുന്ന രീതിയും കാണാം. അമ്മ, അച്ഛൻ; ആൺ, പെൺ; തന്ത, തള്ള ഇവ അതിനുദാഹരണങ്ങളാണു്.

4. ‘അൻ’ എന്ന പ്രത്യയത്തിൽ അവസാനിക്കുന്ന ജാതിവാചകങ്ങളായ നാമങ്ങൾക്കു സ്ത്രീലിംഗത്തിൽ ‘ത്തി’ എന്ന പ്രത്യയം സാധാരണമായിവരും. തട്ടാൻ, തട്ടാത്തി; വേടൻ, വേടത്തി; മുക്കുവൻ, മുക്കുവത്തി മുതലായ രൂപങ്ങൾ നോക്കുക. പുലയൻ, ഇടയൻ, ആയൻ, പറയൻ ഇത്യാദിനാമങ്ങളിൽ സ്ത്രീലിംഗപ്രത്യയമായ ‘ത്തി’ ‘ച്ചി’ എന്നായി മാറും. താലവ്യമായ യകാരം അടുത്തിരിക്കുന്നതിനാലാണു് ഈ ആദേശം സംഭവിക്കുന്നതു്. ‘തമ്പുരാൻ’ എന്ന നാമത്തിന്റെ സ്ത്രീലിംഗരൂപം ‘തമ്പുരാട്ടി’ എന്നാകുന്നു.

5. വേലക്കാരൻ, പണിക്കാരൻ മുതലായ നാമങ്ങളിൽ ‘ഇ’ എന്നൊ ഇച്ഛാനുസാരം സ്ത്രീലിംഗ സൂചകമായി പ്രത്യയം ചേർക്കാം.

ഉദാ:

പുല്ലിംഗം സ്ത്രീലിംഗം

ജോലിക്കാരൻ ജോലിക്കാരത്തി

ജോലിക്കാരി

ചാർച്ചക്കാരൻ ചാർച്ചക്കാരത്തി

ചാർച്ചക്കാരി

6. ഭാഷയിൽ ശബ്ദങ്ങൾക്കു ലിംഗഭേദം കല്പിച്ചിരിക്കുന്നതു് അർത്ഥവും ഔചിത്യവും നോക്കിയാണു്. എന്നാൽ സംസ്കൃതത്തിലെ ലിംഗകല്പനം പലപ്പോഴും കൃത്രിമമാകുന്നു. കഥ, നദി, കല മുതലായവ ആ ഭാഷയിൽ സ്ത്രീലിംഗങ്ങളാണു്. ‘കളത്രം’ എന്ന വാക്കിന് അർത്ഥം ‘ഭാര്യ’ എന്നാണെങ്കിലും ആ ശബ്ദം സംസ്കൃതത്തിൽ നപുംസകലിംഗമത്രെ. ഹിന്ദിഭാഷയിൽ നപുംസകലിംഗശബ്ദങ്ങൾ തന്നെയില്ല!

അഭ്യാസം ൨൪
  1. ഭാഷയിൽ ലിംഗഭേദം കുറിക്കുവാനുള്ള മാർഗ്ഗങ്ങൾ ഏതെല്ലാം?
  2. ഓരോ ലിംഗത്തിലും പെട്ട പദങ്ങളെ വേർതിരിച്ചെഴുതുക.
    • ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചു വേർത്ത ഫാലസ്ഥലം മൃദുകരത്തളിർകൊണ്ടു താങ്ങി ചേലഞ്ചി മിന്നുമൊരു വെൺകുളിർകൽത്തറയ്ക്കു മേലങ്ങു ചാരുമുഖി ചാരിയിരുന്നിടുന്നു
    • കൊമ്പിന്റെ തുമ്പാൽ കലമാൻ തലോടി.
    • ചേട്ടത്തിയുമനുജത്തിയും തങ്ങളിൽ ചട്ടി കലങ്ങളും കൂടിപ്പകുത്തുപോൽ.
    • അനന്തമജ്ഞാതമവർണ്ണീയമീലോകഗോളം തിരിയുന്ന മാർഗ്ഗം; അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു!
    • ഉടൻ മഹാദേവിയിടത്തു കൈയാലഴിഞ്ഞ വാർപൂങ്കുഴലൊന്നൊതുക്കി ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കിപ്പാർശ്വസ്ഥനാകും പതിയോടുരച്ചാൾ.
വചനം

1. വസ്തു ഏകമോ അനേകമോ എന്നു വ്യക്തമാക്കാൻ നാമത്തിൽ ചെയ്യുന്ന രൂപഭേദമാണു്, വചനം. മരം, മരങ്ങൾ; മനുഷ്യൻ, മനുഷ്യർ; പുരുഷൻ, പുരുഷന്മാർ; സ്ത്രീ, സ്ത്രീകൾ; ഈ പദയുഗളത്തിലെ രൂപഭേദം നോക്കുക. മരം, മനുഷ്യൻ, പുരുഷൻ, സ്ത്രീ ഈ നാമങ്ങളിൽ ഓരോന്നും ഓരോ വസ്തുവിനെക്കുറിക്കുന്നു. മരങ്ങൾ, മനുഷ്യൻ, പുരുഷന്മാർ, സ്ത്രീകൾ, ഇവ ബഹുത്വം സൂചിപ്പിക്കുന്നവയാണു്. സംഭാഷണവിഷയമായ വസ്തുവിന്റെ അനേകത്വം കുറിക്കാൻ അർ, മാർ, കൾ എന്നീ പ്രത്യയങ്ങളാണു് ചേർത്തിരിക്കുന്നതു് എന്നു ശ്രദ്ധിച്ചുനോക്കിയാൽ സ്പഷ്ടമാകും. ഒന്നിനെ വചിക്കുന്നതു് ഏകവചനവും അനേകത്തെ വചിക്കുന്നതു ബഹുവചനവുമാകുന്നു. ഏകവചനത്തിനു പ്രത്യയം വേണ്ട. ബഹുവചനത്തിനാണു് പ്രത്യയങ്ങൾ ഉള്ളതു്. അർ, ആർ, കൾ, മാർ ഇവ വസ്തുവിന്റെ ബഹുത്വം ദ്യോതിപ്പിക്കുന്ന പ്രത്യയങ്ങളാകുന്നു.

ഉദാ:

ഏകവചനം ബഹുവചനം

(i) പീടിക പീടികകൾ

ആന ആനകൾ

(ii) മനുഷ്യൻ മനുഷ്യർ

ബ്രാഹ്മണൻ ബ്രാഹ്മണർ

(iii) പുരുഷൻ പുരുഷന്മാർ

പണ്ഡിതൻ പണ്ഡിതന്മാർ

കൾ, അർ, മാർ, എന്നീ പ്രത്യയങ്ങളാണു്, ബഹുവചനരൂപം നിഷ്പാദിപ്പിക്കുവാൻ, മുകളിൽ കൊടുത്തിട്ടുള്ള ഉദാഹരണങ്ങളിൽ ചേർത്തിരിക്കുന്നതു്. നപുംസകവസ്തുക്കളുടെ ബഹുത്വം ദ്യോതിപ്പിക്കുവാൻ ‘കൾ’ പ്രത്യയം ഉപയോഗിക്കുന്നു എന്നു പൊതുവെ പറയാം. ചേതനങ്ങളോടും ആ പ്രത്യയം ചേരും. കവികൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ, മുതലായി അതിനു് അനേകം ഉദാഹരണങ്ങളുണ്ടു്. എന്നാൽ, ഭാര്യകൾ, നമ്പൂതിരികൾ, എന്നൊന്നും പ്രയോഗിക്കരുതു്. അങ്ങനെ ചെയ്യുന്നതു് അനാദരദ്യോതകമായിത്തീരും. ‘ആർ’ എന്ന ബഹുവചനപ്രത്യയം ചേരുന്ന നാമങ്ങളില്ലെന്നു തന്നെ പറയാം. ‘നമ്പൂരാൻ’ എന്നു സംഭാഷണഭാഷയിൽ പ്രയോഗിക്കാറുണ്ടു്. ആഖ്യാതപദങ്ങളായ ക്രിയകൾക്കും ആഖ്യയ്ക്കും തമ്മിൽ പൊരുത്തം വരുവാൻവേണ്ടി കവിതകളിൽ ഈ പ്രത്യയം ചേർത്തുകാണും. ‘വന്നാർ സുരന്മാർ വസുദേവപുത്രനായ്—വളർന്ന ലക്ഷ്മീപതിയെപ്പുകഴ്ത്തുവാൻ’, എന്ന പദ്യാർദ്ധത്തിലെ ആഖ്യ ‘സുരന്മാർ’ ആണല്ലൊ. ആ പദം ബഹുവചനമാകുന്നു. അതിനാൽ പൊരുത്തത്തിനുവേണ്ടി ആഖ്യാതത്തിൽ ‘ആർ’ എന്ന ബഹുവചനപ്രത്യയം ചേർത്തിരിക്കുന്നു. ഈ വ്യവസ്ഥ നമ്മുടെ ഭാഷയിൽ പദ്യത്തിലും നിയതമല്ല. ഗദ്യത്തിലും വാമൊഴിയിലും ഇല്ലെന്നുതന്നെ പറയാം.

2. ‘വേടർ’, ‘വേടന്മാർ’, ഈ രണ്ടു ബഹുവചനരൂപങ്ങളുടെ അർത്ഥസ്വഭാവത്തിൽ അല്പം അന്തരമുണ്ടു്. ആദ്യത്തേതു ‘വേട’വർഗ്ഗത്തിലെ സ്ത്രീപുരുഷന്മാരെ വേർതിരിക്കാതെ പറയുന്നതാണു്. രണ്ടാമത്തേതിൽ ആ വർഗ്ഗത്തിലെ പുരുഷന്മാരെ മാത്രമേ പെടുത്തുന്നുള്ളൂ. സ്ത്രീകളുടേയോ പുരുഷന്മാരുടേയോ മാത്രം അനേകത്വം കുറിക്കുന്നതു സലിംഗ ബഹുവചനം. സ്ത്രീപുരുഷന്മാരെ ഉൾപ്പെടുത്തിക്കൊണ്ടു് അനേകത്വം ദ്യോതിപ്പിക്കുന്നതു് അലിംഗബഹുവചനം.

ഉദാ:

  1. അലിംഗബഹുവചനം വേടർ, ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, മുക്കുവർ, മക്കൾ
  2. സലിംഗബഹുവചനം വേടന്മാർ, പുരുഷന്മാർ, നമ്പൂതിരിമാർ, പണ്ഡിതന്മാർ, നാഗരികന്മാർ, ഗ്രാമീണന്മാർ, സ്ത്രീകൾ.

‘അർ’, അലിംഗബഹുവചനപ്രത്യയമാണെന്നും ‘മാർ’ സലിംഗബഹുവചന പ്രത്യയമാണെന്നും സാമാന്യമായി പറയാം. ഈ വിധി അനുസരിക്കാത്ത ഉദാഹരണങ്ങൾ ഉണ്ടു്. ദമ്പതിമാർ അലിംഗബഹുവചനമാണല്ലൊ. ‘പുരുഷരിളകിടും പണം, പ്രതാപം’ എന്ന പദ്യപാദത്തിലെ ‘പുരുഷർ’ സലിംഗബഹുവചനം തന്നെയാണു്.

3. അ, ഇ, എ, എന്നീ സർവ്വനാമശബ്ദങ്ങളിൽ നപുംസകബഹുവചനപ്രത്യയമായി വരുന്നതു് ‘അ’ എന്ന അക്ഷരമാണു്. അവ, ഇവ, എവ, ഏവ, ഈ ശബ്ദങ്ങൾ ഉദാഹരിക്കാം. അവകൾ, ഇവകൾ എന്നെല്ലാം പ്രയോഗിക്കുന്നതു് അസാധുവാകുന്നു. ബഹുത്വം കാണിക്കാൻ രണ്ടു പ്രത്യയം വേണ്ടല്ലോ.

4. ശങ്കരാചാര്യർ, ഭീഷ്മർ, ദ്രോണർ, തമ്പ്രാക്കൾ, എന്നൊക്കെ ബഹുത്വവിവക്ഷയില്ലാത്ത പദങ്ങളിൽ ബഹുവചനപ്രത്യയം ചേർക്കാറുണ്ടു്. അനേകത്വമല്ല, ആദരാർഹത്വമാണു്, ഈമാതിരി ബഹുവചനരൂപങ്ങൾ പ്രകാശിപ്പിക്കുന്നതു്. ബഹുമാനം ദ്യോതിപ്പിക്കുവാൻ മാത്രമായി പ്രയോഗിക്കുന്ന ബഹുവചനം പൂജകം ആകുന്നു. അലിംഗം, സലിംഗം, പൂജകം എന്നിങ്ങനെ ബഹുവചനങ്ങളെ മൂന്നിനമായി വേർതിരിക്കാം എന്നു് ഇപ്പോൾ വ്യക്തമായിരിക്കുമല്ലൊ. ‘മിത്രമേ, നിങ്ങൾ എനിക്കു ചെയ്ത ഉപകാരം ഞാൻ മറക്കുകയില്ല’—ഈ വാക്യത്തിലെ ‘നിങ്ങൾ’ എന്ന സർവ്വനാമബഹുവചനം ബഹുത്വമല്ല, പൂജ്യത്വമാണു് ദ്യോതിപ്പിക്കുന്നതു്. ‘വിദ്യാർത്ഥികളേ, നിങ്ങളുടെ കൈകളിലാണു് രാജ്യത്തിന്റെ ഭാവി’—ഈ വാക്യത്തിലാകട്ടെ, ‘നിങ്ങളുടെ’ എന്ന സർവ്വനാമം ശ്രോതാക്കളുടെ ബഹുത്വമേ കാണിക്കുന്നുള്ളൂ.

അഭ്യാസം ൨൫
  1. താഴെകൊടുക്കുന്ന ബഹുവചനരൂപങ്ങൾ സലിംഗം, അലിംഗം, പൂജകം, ഈ മൂന്നു വിഭാഗങ്ങളുള്ളതിൽ ഏതിൽ പെടുന്നു എന്നു പരിശോധിക്കുക.
    • ശിശുക്കൾ, തമ്പുരാക്കൾ, താങ്കൾ, മക്കൾ, കുരുക്കൾ.
    • വൈശ്യർ, അവർ, അവർകൾ, വാര്യർ, നമ്പൂരാർ, മഹാദേവർ, വാദ്ധ്യാർ, സ്വാമിയാർ.
    • ദമ്പതിമാർ, ജ്യേഷ്ഠത്തിമാർ, പണ്ഡിതന്മാർ, ഭാഗ്യവാന്മാർ.
  2. നാം, നിങ്ങൾ, അവർ, ഈ പദങ്ങൾ ബഹുത്വം ദ്യോതിപ്പിക്കുന്നവയായും ബഹുമാനം ദ്യോതിപ്പിക്കുന്നവയായും വരാം എന്നു് ഉദാഹരണങ്ങൾകൊണ്ടു് തെളിയിക്കുക.
  3. ‘കൾ’ പ്രത്യയം കേവലബഹുത്വവും അനാദരവും ആദരവും ദ്യോതിപ്പിക്കുന്നതിനു ഭാഷയിൽ പ്രയോഗിക്കാറുണ്ടെന്നു് ഉദാഹരണങ്ങളാൽ സ്പഷ്ടമാക്കുക.
വിഭക്തി

1. ലിംഗവും വചനവും കുറിക്കുന്നതിനു നാമത്തിൽ ചെയ്യുന്ന രൂപഭേദത്തെപ്പറ്റി പ്രതിപാദിച്ചുകഴിഞ്ഞിട്ടുണ്ടു്. നാമത്തിനു ക്രിയകളോടും നാമത്തോടുമുള്ള ബന്ധം പ്രകാശിപ്പിക്കുവാൻ അതിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ചാണു് ഇവിടെ വിവരിക്കുന്നതു്. ‘പൂക്കൾ’, ‘പരിമളം’ എന്നു രണ്ടു പദങ്ങൾ പറഞ്ഞാൽ അവയ്ക്കു തമ്മിലുള്ള സംബന്ധം സ്പഷ്ടമാവുകയില്ല. ‘പൂക്കളുടെ പരിമളം’, ‘സൂര്യന്റെ പ്രകാശം’, ‘വഴിയുടെ വക്കു്’, ഇങ്ങനെ പ്രസ്താവിച്ചാൽ പദങ്ങൾ തമ്മിലുള്ള ബന്ധം ബോധ്യമാവുകയും ചെയ്യും. ‘പൂക്കൾ’, ‘വഴി’, ഈ നാമപദങ്ങളോടു് ‘ഉടെ’ എന്ന പ്രത്യയം ചേർത്താണു്, യഥാക്രമം പരിമളത്തിനും വക്കിനും അവയോടുള്ള ബന്ധം വിശദമാക്കിയിരിക്കുന്നതു്. ‘സൂര്യൻ’ എന്ന പദത്തിലും ആ പ്രത്യയം തന്നെ ചേർന്നിരിക്കുന്നു. ഉകാരം ലോപിക്കയും ‘ടെ’ യുടെ ധ്വനി മാറുകയും ചെയ്തിട്ടുണ്ടു് എന്നു മാത്രമേ അന്തരമുള്ളൂ. ‘പിതാവു് പുത്രൻ സ്നേഹിക്കുന്നു’ എന്നു പറഞ്ഞാൽ ആരാണു്, ആരെയാണു്, സ്നേഹിക്കുന്നതെന്നു സുഗ്രഹമാവുകയില്ല. സ്നേഹപാത്രമാകുന്നതു പുത്രനാണെങ്കിൽ ‘പുത്രനെ’ എന്നു രൂപ ഭേദം വരുത്തി വേണം വാക്യത്തിൽ പ്രയോഗിക്കുവാൻ. പിതാവാണു് സ്നേഹവിഷയമെങ്കിൽ, ആ നാമത്തിലാണു് ‘എ’ എന്ന പ്രത്യയം ചേർക്കേണ്ടതു്.

ഈ ഉദാഹരണങ്ങളിൽ നിന്നു എന്തു മനസ്സിലാവുന്നു? നാമപദങ്ങൾക്കു ക്രിയകളോടും മറ്റു നാമങ്ങളോടും ഉള്ള ബന്ധങ്ങൾ വെളിപ്പെടുത്തുവാൻ ചില പ്രത്യയങ്ങൾ വേണമെന്നല്ലേ? ഇങ്ങനെ അന്യപദങ്ങളോടുള്ള സംബന്ധം ദ്യോതിപ്പിക്കുവാൻ നാമത്തിൽ ചെയ്യുന്ന രൂപഭേദമാണു്, വിഭക്തി. പ്രത്യയങ്ങൾ ചേർത്താണു് വിഭക്തികൾ വ്യക്തമാക്കുന്നതു്.

2. ഭാഷയിൽ ഏഴു വിഭക്തികളുണ്ടു്. കേവലം വസ്തുക്കളെ നിർദ്ദേശിക്കുന്ന നാമരൂപങ്ങൾ ആണല്ലൊ ആഖ്യയായി വാക്യങ്ങളിൽ പ്രയോഗിക്കപ്പെടുന്നതു്. അവയിൽ ലിംഗവചനപ്രത്യയങ്ങൾ മാത്രമേ ചേർന്നിരിക്കയുള്ളൂ. ആ രൂപം നിർദ്ദേശികാവിഭക്തിയാണു്. അതിനു വേറെ പ്രത്യയം വേണ്ട. ഏഴു വിഭക്തികളും വിഭക്തി പ്രത്യയങ്ങളും സിദ്ധരൂപത്തോടുകൂടി താഴെ ചേർക്കാം.

വിഭക്തി പ്രത്യയം സിദ്ധരൂപം

ഏഃ വഃ ബഃ വഃ

(1) നിർദ്ദേശിക ” മല മലകൾ

(2) പ്രതിഗ്രാഹിക എ മലയെ മലകളെ

(3) സംയോജിക ഒടു് മലയൊടു് മലകളൊടു്

മലയോടു് മലകളോടു്

(4) ഉദ്ദേശിക ക്കു് മലയ്ക്കു് മലകൾക്കു്

(5) പ്രയോജിക ആൽ മലയാൽ മലകളാൽ

(6) സംബന്ധിക ഉടെ മലയുടെ മലകളുടെ

(7) ആധാരിക ഇൽ, കൽ മലയിൽ മലകളിൽ

മലയിങ്കൽ

(മല + എ, മല + ഒടു്, എന്നിങ്ങനെ പ്രകൃതിയും പ്രത്യയവും തമ്മിൽ ചേരുമ്പോൾ യകാരം ആഗമമായി വരുന്നു. അതിനാലാണു്, മലയെ, മലയൊടു്, എന്നിങ്ങനെ രൂപം സിദ്ധിക്കുന്നതു്. കൽപ്രത്യയത്തിനു മുൻപു് ‘ഇൻ’ ഇടനിലയായി വന്നിരിക്കുന്നു.)

3. നിർദ്ദേശികാരൂപത്തിലുള്ള നാമപദങ്ങൾ അകാരാന്തങ്ങളാണെങ്കിൽ, ആ അന്ത്യസ്വരം ലോപിപ്പിച്ചു് ‘എ’ എന്നു പ്രത്യയം ചേർത്താൽ സംബോധികാ വിഭക്തിയാവും. ക്രിയയോടോ നാമങ്ങളോടോ നേരിട്ടു സംബന്ധം ദ്യോതിപ്പിക്കുന്നതല്ല ഈ പ്രത്യയം. അതിനാലാണു് സംബോധികയെ ഒരു പ്രത്യേക വിഭക്തിയായി പരിഗണിക്കാത്തതു്.

സംബോധികയുടെ പ്രത്യയം ‘എ’ ആണെങ്കിലും അതു് എല്ലാ നാമങ്ങളിലും ചേരുകയില്ല. പദം ഉകാരത്തിലോ ഇകാരത്തിലോ ആണു് അവസാനിക്കുന്നതെങ്കിൽ, അന്ത്യസ്വരം ദീർഘിപ്പിച്ചാൽ മതി. ‘ദേവീ!’ ‘വേലൂ’ മുതലായ സംബോധനാരൂപങ്ങൾ സുപരിചിതങ്ങളാണല്ലൊ. ‘അൻ’ എന്ന ലിംഗപ്രത്യയം ചേർന്ന നാമങ്ങളുടെ സംബോധികാരൂപം ഉണ്ടാക്കുന്നതിനു്, പദാന്തവ്യഞ്ജനം ലോപിപ്പിച്ചിട്ടു സ്വരം വ്യത്യസ്തമായി ഗണിക്കപ്പെടേണ്ടിയിരിക്കുന്നു. അതിന്റെ സംബുദ്ധി ‘മകനേ!’ എന്നാണു്.

ഉദാ:

നിർദ്ദേശിക സംബോധിക

രാമൻ രാമാ

കണ്ണൻ കണ്ണാ

ദേവൻ ദേവാ

(പദാന്ത്യനകാരം ലോപിപ്പിച്ചു് അകാരം ദീർഘിപ്പിച്ചിരിക്കുന്നു.)

4. പ്രയോജികാവിഭക്തിയുടെ പ്രത്യയം ‘ആൽ’ എന്നാണെന്നു് പഠിച്ചിട്ടുണ്ടല്ലൊ. ആ അർത്ഥം കുറിക്കുന്നതിനു് ‘കൊണ്ടു്’ എന്നൊരു ദ്യോതകശബ്ദം പ്രയോഗിക്കാറുണ്ടു്. അതു നേരിട്ടു പ്രകൃതിയോടു ചേരുന്നില്ല. പ്രതിഗ്രാഹികാപ്രത്യയമായ ‘എ’ ചേർത്തതിനുശേഷമാണു് ‘കൊണ്ടു്’ എന്ന ദ്യോതകം ഈ അർത്ഥത്തിൽ പ്രയോഗിക്കുന്നതു്. ‘രാമനെക്കൊണ്ടു്’, ‘അവളെക്കൊണ്ടു്’ ഇത്യാദി രൂപങ്ങൾ നോക്കുക. നപുംസകമാണെങ്കിൽ, ‘എ’ പ്രത്യയം കൂടാതെതന്നെ ‘കൊണ്ടു്’ പ്രയോജികാർത്ഥത്തിൽ ചേർക്കാം. അതു നമ്മുടെ ഭാഷാശൈലിക്കു യോജിച്ചതാണു്. ‘വടികൊണ്ടു്’, ‘വാൾകൊണ്ടു്’, എന്നൊക്കെയാണു പ്രയോഗിക്കേണ്ടതു്; ‘വടിയെക്കൊണ്ടു്’ ‘വാളിനെക്കൊണ്ടു്’ എന്നു പറയുന്നതു ശൈലിക്കു് ഇണങ്ങാത്തതിനാൽ അനുചിതവും അസുന്ദരവും ആകുന്നു.

സംസ്കൃതഭാഷയിൽ ‘വൃക്ഷാൽ’ എന്ന പഞ്ചമി വിഭക്തിരൂപത്തിനു ‘വൃക്ഷത്തിൽ നിന്നു്’ എന്നാണു് അർത്ഥം. ഈ പഞ്ചമിക്കു തുല്യമായി മലയാളത്തിൽ വിഭക്തിയില്ല. ‘രാജാവിൽ’, ‘വൃക്ഷത്തിൽ’, ‘രാമനിൽ’, ഇവയെല്ലാം ആധാരികാ രൂപങ്ങളല്ലേ? ആധാരികാ രൂപത്തോടുകൂടി ‘നിന്നു്’ എന്ന ദ്യോതക ശബ്ദം ചേർത്താണു് സംസ്കൃതപഞ്ചമിയുടെ അർത്ഥം നാം പ്രകാശിപ്പിക്കുന്നതു്. ‘കൊണ്ടു്’, ‘നിന്നു്’, മുതലായവപോലെ വിഭക്തികളുടെ അർത്ഥത്തെ പരിഷ്കരിക്കുന്ന ദ്യോതകശബ്ദങ്ങൾ ‘ഗതി’കളാകുന്നു. ‘അടിമുതൽ മുടിയോളം’ എന്ന വാക്യഭാഗത്തിൽ അടി, മുടി, ഇവയോടുചേർന്നു നിൽക്കുന്ന ‘മുതൽ’, ‘ഓളം’, ഈ ദ്യോതകങ്ങൾ ഗതികളാണു്.

5. പ്രകൃതിക്കും പ്രത്യയത്തിനും ഇടയ്ക്കു രൂപസൗഭാഗ്യത്തിനുവേണ്ടി ചിലപ്പോൾ ചേർക്കേണ്ടിവരുന്ന ‘ഇടനില’യെക്കുറിച്ചു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. നാമം വ്യഞ്ജനാന്തമാണെങ്കിൽ ‘ഇൻ’ എന്ന ഇടനില വന്നതിനുശേഷമേ സംബന്ധികാപ്രത്യയവും ഉദ്ദേശികാപ്രത്യയവും അതിനോടിണങ്ങുകയുള്ളൂ.

ഉദാഹരണം:

സംബന്ധിക

രാജാവു് + ഇൻ + ഉടെ [രാജാവിനുടെ; രാജാവിന്റെ]

രാജാവു് + ഇൻ + ക്കു് [രാജാവിനു്, രാജാവിന്നു്]

(‘ഇൻ’ എന്ന ഇടനിലയ്ക്കു ശേഷം വരുന്ന ഉദ്ദേശികാ പ്രത്യയത്തിലെ വ്യഞ്ജനം സന്ധിയിൽ ലോപിക്കും. ഉ് എന്ന സംവൃതോകാരം മാത്രമേ അവശേഷിക്കൂ. അങ്ങനെയാണു്, രാജാവിനു് എന്ന രൂപം സിദ്ധിക്കുന്നതു്. രാജാവിന്നു് എന്ന രൂപവും സാധുവാണു്.)

  1. ‘അൻ’ എന്ന പുല്ലിംഗപ്രത്യത്തിനുശേഷം ഈ ‘ഇടനില’ വരികയില്ല. ഉദാ:- രാമൻ + ക്കു് = രാമൻ + ഉ് = രാമനു്, രാമന്നു്.
  2. ‘ഇൽ’ എന്ന ആധികാരികാപ്രത്യയം ഈ ഇടനില കൂടാതെതന്നെയാണു് നാമരൂപത്തോടു ചേർക്കേണ്ടതു്. ഉദാ:നേതാവു് + ഇൽ = നേതാവിൽ രാജാവു് + ഇൽ = രാജാവിൽ ഉലകു് + ഇൽ = ഉലകിൽ
  3. പ്രതിഗ്രാഹിക, സംയോജിക, പ്രയോജിക, ഈ വിഭക്തികളുടെ പ്രത്യയം വ്യജ്ഞനാന്തങ്ങളായ നാമങ്ങളോടു ചേരുമ്പോൾ ‘ഇടനില’ വരുന്നതു വൈകല്പികമാണു്. വരികയോ വരാതിരിക്കയോ ചെയ്യാമെന്നർത്ഥം.

ഉദാ:- നേതാവു്

പ്രതിഗ്രാഹിക

നേതാവു് + എ = നേതാവെ

നേതാവു് + ഇൻ + എ = നേതാവിനെ

സംയോജിക

നേതാവു് + ഒടു് = നേതാവൊടു്, നേതാവോടു്

നേതാവു് + ഇൻ + ഒടു് = നേതാവിനൊടു്, നേതാവിനോടു്

പ്രയോജിക

നേതാവു് + ആൽ = നേതാവാൽ

നേതാവു് + ഇൻ + ആൽ = നേതാവിനാൽ

6.

  1. ആധാരികയ്ക്കു് ‘കൽ’ എന്ന പ്രത്യയം ഏകവചനത്തിൽ മാത്രമേ വരികയുള്ളൂ. ‘അൻ’ പ്രത്യയാന്തമല്ലാത്ത ചേതനനാമങ്ങളോടു ‘കൽ’ പ്രത്യയം ചേർക്കുമ്പോൾ ‘ഇൻ’ എന്ന ഇടനില വേണം. ഉദാ:- സീത + ഇൻ + കൽ = സീതയിങ്കൽ. (ദേവിയിങ്കൽ, മുനിയിങ്കൽ, ഗുരുവിങ്കൽ മുതലായ രൂപങ്ങളും ഉദാഹരിക്കാവുന്നവയാണു്.)
  2. അചേതന നാമങ്ങളോടു ‘കൽ’ നേരെ ചേരുമ്പോൾ ആ പ്രത്യയത്തിനു ദ്വിത്വം വരുന്നു.
ഉദാ:

തല + കൽ = തലയ്ക്കൽ. (യകാരം സന്ധികാര്യത്താൽ വരുന്ന ആഗമമാണു്.)

നട + കൽ = നടയ്ക്കൽ.

പടി + കൽ = പടിയ്ക്കൽ.

(ഇൽ, കൽ, ഈ പ്രത്യയങ്ങളുടെ പ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട ഒരു തത്ത്വമുണ്ടു്. പടിയിൽ, പടിയ്ക്കൽ, ഈ രണ്ടു രൂപങ്ങളുടേയും അർത്ഥത്തിൽ സൂക്ഷ്മമായ അന്തരം കാണാം. ആദ്യത്തേതിനു പടിയുടെ മീതെയെന്നും രണ്ടാമത്തേതിനു പടിയുടെ അടുത്തു് എന്നുമാണു് അർത്ഥം. തലയിൽ നിൽക്കുന്നു; തലയ്ക്കൽ നില്ക്കുന്നു, ഇവയുടെ അർത്ഥത്തിൽ ഈ വ്യത്യാസം കാണാം.

എന്നാൽ ഈ അർത്ഥവിശേഷം വിവക്ഷിക്കാതെയുള്ള പ്രയോഗങ്ങളും സുലഭമാകുന്നു.)

7. കാലത്തു്, സമയത്തു്, നിലാവത്തു് മുതലായ രൂപങ്ങൾ ആധാരികയുടെ തന്നെ അർത്ഥം ഉൾക്കൊള്ളുന്നവയാണു്. ‘ഇൽ’ എന്ന പ്രത്യയം ഇവയിൽ ഇല്ലെന്നേയുള്ളൂ. ഈ മാതിരിയുള്ള പദങ്ങൾ ‘ആധാരികാഭാസ’ങ്ങളാണു്. മുറ്റത്തു്, വെയിലത്തു്, നിലത്തു് മുതലായ പദങ്ങളും ഈ വിഭക്ത്യാഭാസത്തിനു് ഉദാഹരണങ്ങളത്രെ. മുകളിലേയ്ക്കു്, താഴേയ്ക്കു് ഇത്യാദി രൂപങ്ങളിൽ ഉദ്ദേശികാപ്രത്യയമായ ‘ക്കു്’ ചേരുന്നുണ്ടെങ്കിലും കേവലം ആ വിഭക്തിയുടെ അർത്ഥമല്ല അവയ്ക്കുള്ളതു്. ‘ഞാൻ മുകളിലേയ്ക്കു നോക്കി’, ‘താഴേയ്ക്കു ചാടി’ എന്നിങ്ങനെയുള്ള വാക്യങ്ങളുടെ അർത്ഥത്തിൽനിന്നു് ഈ വിശേഷം ഗ്രഹിക്കാം. ആധാരികയുടെ അർത്ഥംകൂടി ഇവയിൽ കലർന്നിരിക്കുന്നു. ഇവ ‘ഉദ്ദേശികാഭാസ’ങ്ങൾ ആണു്.

വേറെ ഉദാഹരണം:

  1. രാജാവു് നഗരത്തിലേയ്ക്കു തിരിച്ചുപോയി. ആശ്രമത്തിലേയ്ക്കു പരിജനങ്ങളെ അയച്ചില്ല.
  2. പുഴയിലേയ്ക്കു ചാടിയ മനുഷ്യൻ അടിയിലേയ്ക്കു താണുപോയി. പിന്നെ മുകളിലേയ്ക്കു വരികയുണ്ടായില്ല. ജനങ്ങൾ കരയിലേയ്ക്ക് ഓടി. ആറ്റിലേയ്ക്കു സസംഭ്രമം നോക്കിനിന്നു.
അഭ്യാസം ൨൬
  1. വിഭക്തി, വചനം, ലിംഗം, ഇവയെ കുറിക്കുന്ന പ്രത്യയങ്ങൾ ഏതു ക്രമത്തിലാണു് പ്രകൃതികളിൽ ചേരുന്നതെന്നു് സോദാഹരണം വിവരിക്കുക.
  2. സംബോധികയെ പ്രത്യേകമൊരു വിഭക്തിയായി ഗണിക്കാത്തതെന്തുകൊണ്ടു്?
  3. രാജാവു്, രാമൻ, തല, മുനി, ഈ നാമങ്ങളുടെ ഉദ്ദേശികാരൂപവും സംബന്ധികാരൂപവും എഴുതുക.
  4. തലയ്ക്കൽ, തലയിൽ; കാൽക്കൽ, കാലിൽ; ഈ ആധാരികാരൂപങ്ങളുടെ അർത്ഥങ്ങളിലുള്ള അന്തരം വിശദമാക്കുക.
  5. ഗതികൾ വിഭക്ത്യർത്ഥം പരിഷ്കരിക്കുന്നതെങ്ങനെയെന്നു സോദാഹരണം വിവരിക്കുക.
  6. ഞാൻ, നീ, ഈ സർവ്വനാമങ്ങളുടെ ഉദ്ദേശികാരൂപമെഴുതുക.
  7. സംബോധികാരൂപമെഴുതുക:ഈശ്വരൻ, ദേവി, നാണു, അമ്മ, അനുജത്തി, രമ, മരം, വേലു, കുഞ്ഞു്.
അക്ഷരമാല
൧. വർണ്ണം, അക്ഷരം, ലിപി

1. അവിഭാജ്യമായ ധ്വനിയാണല്ലൊ, വർണ്ണം. ചില വർണ്ണങ്ങൾ അന്യവർണ്ണങ്ങളുടെ യോഗം കൂടാതെ സ്ഫുടമായി ഉച്ചരിക്കാവുന്നവയാണു്; ശ്വാസം അനുവദിക്കുന്നിടത്തോളം നീട്ടുകയും ചെയ്യാം. അ, ആ, ഇ, ഈ, ഉ, ഊ, ഋ, ൠ, ഌ, ൡ, എ, ഏ, ഐ, ഒ, ഓ, ഔ ഈ പതിനാറു വർണ്ണങ്ങൾ ഈ ഇനത്തിൽ പെടുന്നു. ഇവയാണു്, സ്വരങ്ങൾ. മറ്റു വർണ്ണങ്ങൾ സ്വരസഹായം കൂടാതെ സ്ഫുടമാവുകയില്ല; അവയ്ക്കു വ്യഞ്ജനങ്ങൾ എന്നു പേരാണു്.

ക്, ഖ്, ഗ്, ഘ്, ങ്,

ച്, ഛ്, ജ്, ഝ്, ഞ്,

ട്, ഠ്, ഡ്, ഢ്, ണ്,

ത്, ഥ്, ദ്, ധ്, ന്,

പ്, ഫ്, ബ്, ഭ്, മ്,

യ്, ര്, ല്, വ്,

ശ്, ഷ്, സ്, ഹ്,

ള്, ഴ്, റ്, ന്

ഇവയാണു്, ഈ വിഭാഗത്തിൽ ചേരുന്ന വർണ്ണങ്ങൾ. സ്വരങ്ങളും സ്വരങ്ങളോടു ചേർന്ന വ്യഞ്ജനങ്ങളും അക്ഷരങ്ങളാകുന്നു. കേവല വ്യഞ്ജനങ്ങൾ അക്ഷരങ്ങളല്ല; വർണ്ണങ്ങൾ മാത്രമാണു്. വ്യഞ്ജനങ്ങളുടെ മുകളിൽ ‘മീത്തൽ’ ഇട്ടിരിക്കുന്നതു് അവയോടു സ്വരങ്ങൾ ചേർന്നിട്ടില്ലെന്നു സൂചിപ്പിക്കുവാൻ ആണു്. നമ്മുടെ ഭാഷയ്ക്കു വർണ്ണമാലയല്ല, അക്ഷരമാലയാണു്, ഉള്ളതു്.

2. വർണ്ണങ്ങളും അക്ഷരങ്ങളും ധ്വനികളാണല്ലൊ. അവയെ സൂചിപ്പിക്കുന്ന രേഖകളാണു്, ലിപികൾ. ക—ഈ ലിപിസങ്കേതം കാണുമ്പോൾ നമുക്കു് ഒരു ധ്വനി ഓർമ്മ വരുന്നില്ലേ? എല്ലാ ധ്വനികളും ഇങ്ങനെ എഴുതിക്കാണിക്കുക സുഖകരമല്ല. എങ്കിലും സംസ്കൃതത്തിലേയും മലയാളത്തിലേയും വർണ്ണങ്ങളോ അക്ഷരങ്ങളോ കുറിക്കുന്നതിനു വേണ്ടിടത്തോളം ലിപികൾ നമ്മുടെ ഭാഷയിലുണ്ടു്. ‘ജ’ എന്ന ധ്വനിയെ സൂചിപ്പിക്കുന്ന രേഖാസങ്കേതം, ഇല്ലാതിരുന്ന കാലത്തു് നമ്മുടെ പൂർവ്വികന്മാർ ‘രാചാവു്’ എന്നാണു് എഴുതിപ്പോന്നിരുന്നതു്. ഇന്നു നമുക്കു് ഉച്ചരിക്കുന്ന വർണ്ണങ്ങളെല്ലാം തന്നെ എഴുതിക്കാണിക്കാൻ കഴിയും. ‘ന’ പദത്തിന്റെ ആദിയിൽ വരുമ്പോളുച്ചരിക്കുന്നതുപോലെയല്ല മറ്റു സ്ഥാനങ്ങളിൽ വരുമ്പോൾ ഉച്ചരിക്കേണ്ടതു്. ‘നഗരം’, ‘നാമം’, ‘നില’, ‘നീലം’, ‘നുകം’, ‘നൂലു’ ഈ പദങ്ങളിലും ആന, അനാരോഗ്യം, ഇനി മുതലായ പദങ്ങളിലും ആ ലിപി ഒരേ ധ്വനിയല്ല കുറിക്കുന്നതെന്നു് അറിയാമല്ലൊ. ഈ ഒരു ലിപി സ്ഥാനഭേദം അനുസരിച്ചു് രണ്ടു ധ്വനിയെ കുറിക്കുന്നുവെന്നു സാരം. ഇതുപോലെ തന്നെ റകാരം ഇരട്ടിക്കുമ്പോൾ, അതു് മറ്റൊരു ധ്വനിയെയാണു സൂചിപ്പിക്കുന്നതെന്നും ധരിക്കണം.

ഉദാ:

കറ, കറ്റ; മുറം, മുറ്റം

൨. സ്വരം, വ്യഞ്ജനം

3. നമ്മുടെ ഭാഷയിലെ അക്ഷരങ്ങളെ സ്വരമെന്നും വ്യഞ്ജനമെന്നും രണ്ടായി തിരിക്കാമെന്നു വെളിപ്പെട്ടുവല്ലൊ. സ്വരങ്ങളും സ്വരം ചേർന്ന വ്യഞ്ജനങ്ങളും ആണു് താഴെ എഴുതുന്നതു്.

സ്വരാക്ഷരങ്ങൾ
  1. അ, ഇ, ഉ, ഋ, ഌ, എ, ഒ,
  2. ആ, ഈ, ഊ, ൠ, ൡ, ഏ, ഓ, ഐ, ഔ.

(മുകളിലെ വരിയിൽ ഹ്രസ്വസ്വരങ്ങൾ മാത്രം ചേർത്തിരിക്കുന്നു. മറ്റുള്ളവ ദീർഘങ്ങളാണു്. ഹ്രസ്വസ്വരത്തിനു് ഒരു മാത്ര, ദീർഘസ്വരത്തിനു് രണ്ടു മാത്ര, എന്നാണു് നിയമം.)

വ്യഞ്ജനാക്ഷരങ്ങൾ

(i) ക, ഖ, ഗ, ഘ, ങ, - ക വർഗ്ഗം

(ii) ച, ഛ, ജ, ഝ, ഞ, - ച വർഗ്ഗം

(iii) ട, ഠ, ഡ, ഢ, ണ, - ട വർഗ്ഗം

(iv) ത, ഥ, ദ, ധ, ന, - ത വർഗ്ഗം

(v) പ, ഫ, ബ, ഭ, മ, - പ വർഗ്ഗം

(ആദ്യത്തെ ഇരുപത്തഞ്ചു വ്യഞ്ജനങ്ങളെ ഇങ്ങനെ അഞ്ചു വർഗ്ഗമായി തരം തിരിച്ചിരിക്കുന്നു. ഇവയ്ക്കു വർഗ്ഗാക്ഷരങ്ങൾ എന്നു പേരുണ്ടു്.)

(vi) യ, ര, ല, വ, - മധ്യമങ്ങൾ

(vii) ശ, ഷ, സ, - ഊഷ്മാവു്

(viii) ഹ, - ഘോഷി

(ix) ള, ഴ, റ, - ദ്രാവിഡമധ്യമം

4. ഓരോ വർഗ്ഗത്തിലേയും ആദ്യത്തെ അക്ഷരം ഖരം; രണ്ടാമത്തേതു്, അതിഖരം; മൂന്നാമത്തേതു്, മൃദു; നാലാമത്തേതു്, ഘോഷം; അഞ്ചാമത്തേതു്, അനുനാസികം. ഈ വിഭജനവും സന്ധികാര്യങ്ങൾ ഗ്രഹിക്കണമെങ്കിൽ, അറിഞ്ഞിരിക്കേണ്ടതാണു്.

(i) ഖരം - ക, ച, ട, ത, പ

(ii) അതിഖരം - ഖ, ഛ, ഠ, ഥ, ഫ

(iii) മൃദു - ഗ, ജ, ഡ, ദ, ബ

(iv) ഘോഷം - ഘ, ഝ, ഢ, ധ, ഭ

(v) അനുനാസികം - ങ, ഞ, ണ, ന, മ

5. മരം, വനം, മുതലായ ശബ്ദങ്ങളുടെ ഒടുവിൽ കേൾക്കുന്ന ധ്വനി അനുസ്വാരമാണു്. അന്തഃകരണം, ദുഃഖം, ഇവയിൽ അന്തഃ, ദുഃ, ഈ ശബ്ദങ്ങളുടെ അവസാനത്തിലുള്ള ധ്വനി വിസർഗ്ഗമാകുന്നു. സംസ്കൃതത്തിൽ നിന്നു ഭാഷയിലേയ്ക്കു സ്വീകരിച്ചിട്ടുള്ള ചില പദങ്ങളിൽ മാത്രമേ ഈ ധ്വനിവിശേഷം ഉള്ളൂ. തനി മലയാളത്തിൽ വിസർഗ്ഗമില്ല.

6. വേലു, വേലു്; താണു, താണു്; ഈ ശബ്ദങ്ങൾ വായിക്കുമ്പോൾ തുറന്നു് ഉച്ചരിക്കുന്നതും സംവരണം ചെയ്തുച്ചരിക്കുന്നതുമായ ഉകാരങ്ങൾ മലയാളഭാഷയിലുണ്ടെന്നു വ്യക്തമാവും. ആദ്യത്തേതു വിവൃതവും രണ്ടാമത്തേതു സംവൃതവും ആകുന്നു.

വേറെ ഉദാഹരണം:

വിവൃതോകാരം സംവൃതോകാരം

നിന്നു നിന്നു്

കണ്ടു കണ്ടു്

ആളുകൾ ആളു്

കൂണുകൾ കൂണു്

(ഉകാരത്തിന്റെ മുകളിൽ ‘ചന്ദ്രക്കല’ എന്ന ലിപി ചേർത്തു കണ്ടാൽ അതു സംവൃതമായിട്ടാണു്, ഉച്ചരിക്കേണ്ടതെന്നു ഗ്രഹിക്കാം. വാക്യത്തിന്റെ അവസാനത്തിലോ സ്വരത്തിനു മുൻപിലോ സംവൃതോകാരാന്തമായ പദം വന്നാൽ മുകളിൽ ചന്ദ്രക്കല ഇടാതിരിക്കരുതു്.)

ഉദാ:

  1. വ്യാകരണം, ഭാഷയുടെ ശാസ്ത്രമാണു്.
  2. എനിക്കു് അലങ്കാരഭ്രമം ഇല്ല.

അല്പവിരാമാമുള്ള വാക്യഭാഗം സംവൃതോകാരാന്തമാണെങ്കിൽ, അവിടേയും മുകളിൽ ഈ ചിഹ്നം ചേർക്കുന്നതു സമുചിതമാകുന്നു.

ഉദാ:

ഞാൻ പാഠശാലയിൽചെന്നു്, രാമൻ എടുക്കാൻ മറന്നുപോയ പുസ്തകം എടുത്തുകൊണ്ടുവരാം.

7. ‘മ’ എന്ന അക്ഷരം ഉച്ചരിച്ചുനോക്കു. ചുണ്ടിന്റെ സഹായം കൂടാതെ ആ ധ്വനി പുറപ്പെടുവിക്കാൻ കഴിയുകയില്ല. ‘ത’ കാരം ഉച്ചരിക്കുമ്പോൾ രസനാഗ്രം ദന്തത്തിൽ സ്പർശിക്കുന്നുണ്ടെന്നു ശ്രദ്ധിച്ചാൽ ഗ്രഹിക്കാം. ഇങ്ങനെ ഓരോ വർണ്ണം ഉച്ചരിക്കുവാൻ കണ്ഠം, ദന്തം, ഓഷ്ഠം, മുതലായ അവയവങ്ങളിൽ ചിലതു് അധികം ഉപകരിക്കുന്നുണ്ടു്. അതിനാൽ, ആ അവയവങ്ങളെ ആ അക്ഷരങ്ങളുടെ സ്ഥാനങ്ങളെന്നു ഗണിക്കുന്നു. സ്ഥാനഭേദം അനുസരിച്ചു് സ്വരവ്യഞ്ജനങ്ങൾക്കു ചെയ്തിട്ടുള്ള വിഭാഗവും ഗ്രഹിച്ചിരിക്കണം.

കണ്ഠ്യം - അ, ആ, ക വർഗ്ഗം, ഹ.

താലവ്യം - ഇ, ഈ, ച വർഗ്ഗം, യ, ശ.

ഓഷ്ഠ്യം - ഉ, ഊ, പ വർഗ്ഗം, വ.

മൂർദ്ധന്യം - ഋ, ട വർഗ്ഗം, ര, ഷ, ള, ഴ, റ.

ദന്ത്യം - ഌ, ത വർഗ്ഗം, ല, സ.

കണ്ഠ്യതാലവ്യം - എ, ഏ, ഐ.

കണ്ഠോഷ്ഠ്യം - ഒ, ഓ, ഔ.

8. അകാരം കണ്ഠ്യമാണെങ്കിലും, ഭാഷയിൽ അതിന്റെ ഉച്ചാരണം ഉദാസീനതകൊണ്ടും മറ്റും എകാരച്ഛായ കലർന്നതായിത്തീർന്നിട്ടുണ്ടു്. ഇങ്ങനെ ദുഷിച്ച അകാരം താലവ്യമാകുന്നു. ശുദ്ധകണ്ഠ്യമായ ‘അ’ കാരം പദാന്തത്തിൽ വളരെ ദുർലഭമാണെന്നുതന്നെ പറയാം. എങ്ങനെയാണു്, താലവ്യാകാരം തിരിച്ചറിയുന്നതു്? സന്ധിചെയ്യുമ്പോൾ യകാരം കൂടിവരുന്നതു് താലവ്യാകാരമാണു് എന്നു ഗ്രഹിക്കുക മാത്രമേ അദ്ധ്യേതാക്കൾ ചെയ്യേണ്ടതുള്ളൂ.

താലവ്യാകാരം:- ശുദ്ധാകാരം:

മറയ്ക്കുന്നു മറക്കുന്നു

ഉടയ്ക്കുന്നു ഉടക്കുന്നു

തിളയ്ക്കുന്നു തിളക്കുന്നു

തല, അമ്മ, ആശ, മുതലായ പദങ്ങളുടെ അന്ത്യസ്വരമായ അകാരം താലവ്യമാണെന്നു്, ഒരു സ്വരം പിന്നാലെ വരുമ്പോൾ സന്ധിയിൽ വരുന്ന യകാരം വ്യക്തമാക്കും.

തല + ഇൽ = തലയിൽ.

അമ്മ + ഉടെ = അമ്മയുടെ.

ആശ + ഇല്ല = ആശയില്ല.

9. ഗ, ജ, ഡ, ദ, ബ, യ, ര,ല, ഈ ശിഥില വ്യഞ്ജനാക്ഷരങ്ങൾ പദത്തിന്റെ ആദിയിൽ വരുമ്പോൾ ഏകാരച്ഛായ കലർന്ന അകാരമാണു് നാം ഉച്ചരിക്കുന്നതു്. ഗജം, ജയം, ദയ, ബന്ധു എന്നൊക്കെയാണു് എഴുതുന്നതെങ്കിലും, നാം വായിക്കുന്നതു് ഗെജം, ജെയം, ദെയ, ബെന്ധു, എന്നിങ്ങനെയാണു്. അകാരം ദുഷിച്ചു താലവ്യമായിപ്പോയതുകൊണ്ടാണു്, ഉച്ചാരണത്തിൽ ഈ മാറ്റം വന്നതു് എന്നോർമ്മിക്കണം.

10. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനങ്ങളുണ്ടു്. അവ അക്ഷരങ്ങളല്ല; വർണ്ണങ്ങളാണു്. വൻ, കൺ, വാൾ, മലർ, മുതൽ, ഈ ശബ്ദങ്ങളിലെ, ൻ, ൺ, ൾ, ർ, ൽ ഇവ ചില്ലുകളാകുന്നു.

അഭ്യാസം ൨൭
  1. വർണ്ണവും അക്ഷരവും തമ്മിലുള്ള അന്തരം സോദാഹരണം വെളിപ്പെടുത്തുക.
  2. സ്വരം, വ്യഞ്ജനം, ഈ വിഭജനത്തിനുള്ള ഉപാധി സ്പഷ്ടമാക്കുക.
  3. സംവൃതോകാരം എന്നാലെന്ത്? എങ്ങനെ അതു് എഴുതിക്കാണിക്കാം.
  4. സംവൃതോകാരചിഹ്നം വേണ്ട സ്ഥലത്തു മാത്രം ചേർക്കുക. എനിക്കു നിങ്ങളെ കാണണമെന്നു എത്രനാളായി ആഗ്രഹം തുടങ്ങിയിട്ടു! ഇന്നു കണ്ടുമുട്ടിയതു വലിയ ഭാഗ്യമായെന്നു ഞാൻ കരുതുന്നു. എന്താണു, എവിടെന്നാണു, എപ്പോഴാണു.
  5. എഴുതുക:ക വർഗ്ഗത്തിലെ മൃദു. ച വർഗ്ഗത്തിലെ ഘോഷം. ട വർഗ്ഗത്തിലെ അതിഖരം. എല്ലാ വർഗ്ഗത്തിലേയും അനുനാസികങ്ങൾ.
  6. താഴെ തരുന്ന പദങ്ങളിൽ എത്ര വർണ്ണങ്ങളുണ്ടു്? എത്ര അക്ഷരങ്ങളുണ്ടു്? മലയാളത്തിൽ; താമരപ്പൂവു്; ഇലഞ്ഞിക്കൊമ്പു്.
  7. ചില്ലുകൾക്കും മറ്റു വ്യഞ്ജനങ്ങൾക്കും തമ്മിലെന്താണന്തരം?
  8. താലവ്യമായ അകാരം ഭാഷയിലുണ്ടെന്നു് എങ്ങനെ അറിയാം?
വിശേഷണം

1. മറ്റു പദങ്ങളുടെ അർത്ഥത്തെ ഭേദിപ്പിക്കുന്ന, അഥവാ വിശേഷിപ്പിക്കുന്ന ശബ്ദമാണല്ലൊ ഭേദകം, അല്ലെങ്കിൽ വിശേഷണം. വിശേഷണങ്ങൾ ഏതു ശബ്ദത്തെ വിശേഷിപ്പിക്കുന്നുവോ അതു് വിശേഷ്യം.

‘വെളുത്ത താമരയേക്കാൾ ചുവന്ന താമര മനോഹരമാണു്’, എന്ന വാക്യത്തിലെ ‘വെളുത്ത’, ‘ചുവന്ന’ എന്നീപ്പദങ്ങൾ ‘താമര’ എന്ന പദത്തിന്റെ അർത്ഥത്തെയാണു് വിശേഷിപ്പിക്കുന്നതു്. ‘വെളുത്ത’, ‘ചുവന്ന’ ഈ രണ്ടുപദങ്ങളും വിശേഷണങ്ങൾ തന്നെ.

വിശേഷണം വിശേഷ്യം

നല്ല കുതിര

വേഗത്തിൽ ഓടുന്നു

വിദഗ്ദയായ ഗായിക

ഉറക്കെ പാടുന്നു

വിരിഞ്ഞ മുല്ല

വല്ലാതെ വാടി

ഏറ്റവും നല്ല

ഈ ഉദാഹരണങ്ങളിൽ നിന്നു്, വിശേഷ്യങ്ങളുടെ കൂട്ടത്തിൽ നാമങ്ങളും ക്രിയകളും വിശേഷണങ്ങളുമുൾപ്പെടുമെന്നു മനസ്സിലാകുന്നു. ഇങ്ങനെ വിശേഷ്യത്തിന്റെ സ്വഭാവമനുസരിച്ചു് വിശേഷണങ്ങളെ മൂന്നായി തരംതിരിക്കാം. നാമത്തെ വിശേഷിപ്പിക്കുന്നതു നാമവിശേഷണം, ക്രിയയെ വിശേഷിപ്പിക്കുന്നതു് ക്രിയാവിശേഷണം, വിശേഷണത്തെ വിശേഷിപ്പിക്കുന്നതു് ഭേദകവിശേഷണം. മേൽ ഉദാഹരിച്ച പദങ്ങളിൽ ‘നല്ല’, ‘വിദഗ്ദയായ’, ‘വിരിഞ്ഞ’ എന്നിവ നാമവിശേഷങ്ങളും, ‘വേഗത്തിൽ’, ‘ഉറക്കെ’, ‘വല്ലാതെ’ എന്നിവ ക്രിയാവിശേഷങ്ങളും ആകുന്നു. ‘ഏറ്റവും’ എന്ന പദം ‘നല്ല’ എന്ന വിശേഷ്യത്തെ വിശേഷിപ്പിക്കുന്നു. അതു ഭേദകവിശേഷണമാണു്.

2. പ്രകൃതിപ്രമാണിച്ചു്, വിശേഷണങ്ങളെ ഏഴായി തരംതിരിക്കാം.

  1. ശുദ്ധം. പ്രത്യയമൊന്നും ചേരാതെ പ്രകൃതി രൂപമായിത്തന്നെ നില്ക്കുന്ന ഭേദകങ്ങളാണു്, ശുദ്ധഭേദകങ്ങൾ. ചെമ്, ചെറു, വൻ, വെൺ, നറു, കാർ, നൽ മുതലായവ ഇക്കൂട്ടത്തിൽ പെടുന്നു. ഉദാ:ചെമ് + താമര = ചെന്താമര. ചെമ് + പരുത്തി = ചെമ്പരുത്തി. ചെറു + വഴുതിന = ചെറുവഴുതിന. ചെറു + പയറ് = ചെറുപയറു്. വൻ + കടലാടി = വൻകടലാടി. പൈം + തേൻ = പൈന്തേൻ. വെൺ + താമര = വെൺതാമര. തൂ + മതി = തൂമതി. നറു + നെയ്യു് = നറുനെയ്യു്. നൽ + മുത്തു് = നന്മുത്തു്. വാർ + കൂന്തൽ = വാർകൂന്തൽ. കാർ + മേഘം = കാർമേഘം. നറും + പുഞ്ചിരി = നറുംപുഞ്ചിരി.
  2. സാർവ്വനാമികം. ഭേദകമായിട്ടുപയോഗിക്കുന്ന സർവ്വനാമം തന്നെയാണിതു്. സർവ്വനാമത്തിൽനിന്നുണ്ടായതു് എന്നു് അവയവാർത്ഥം. എൻ എന്ന ഉത്തമസർവ്വനാമം, നിൻ എന്ന മധ്യമസർവ്വനാമം, ആർ എന്ന ചോദ്യസർവ്വനാമം എന്നിവയൊഴികെ മറ്റെല്ലാ സർവ്വനാമങ്ങളേയും ഭേദകങ്ങളായിട്ടുപയോഗിക്കാം. ഉദാ:അ - അക്കാലം, അവിടം. ഇ - ഇക്കാലം, ഇവിടം. ഈ - ഈ മരം, ഈ വടി. എ - എവിടം. ഏതു് - ഏതു പുസ്തകം. എന്തു് - എന്തു കാര്യം. എല്ലാ - എല്ലാ മനുഷ്യരും. ചില - ചില പുസ്തകങ്ങൾ. പല - പല വീടുകൾ. വല്ല - വല്ല വഴിപോക്കരും. മിക്ക - മിക്ക കാര്യങ്ങളും.
  3. സാംഖ്യം. വിശേഷണമായി പ്രയോഗിക്കുന്ന സംഖ്യാവാചകംതന്നെ സാംഖ്യം. ഉദാ:ഒരു - ഒരു പുസ്തകം. ഇരു - ഇരു കരങ്ങൾ. നാൽ - നാല്ക്കാലികൾ. ഐ - ഐയമ്പൻ. അറു - അറുമുഖൻ, ആറു പഴം. ഏഴു് - എഴുപതു്, ഏഴുലകം. എൺ - എട്ടുകാലി. സംഖ്യയെ കുറിക്കുന്ന ശബ്ദങ്ങൾ നാമങ്ങളായിട്ടും വിശേഷണങ്ങളായിട്ടും വരുമെന്നു മനസ്സിലാക്കണം. ‘എനിക്കു് പത്തു പുസ്തകങ്ങൾ ഉണ്ടു്’-‘പത്തു് അഞ്ചിനേക്കാൾ വലുതാകുന്നു’. ആദ്യവാക്യത്തിൽ പത്തു് എന്ന പദം പുസ്തകങ്ങളെ വിശേഷിപ്പിക്കുന്നതിനാൽ വിശേഷണമാകുന്നു. രണ്ടാമത്തേതിൽ അതു നാമമായിട്ടാണു് പ്രയോഗിക്കപ്പെട്ടിരിക്കുന്നതു്.
  4. പാരിമാണികം. പരിമാണത്തെ (അളവിനെ) കാണിക്കുന്ന ഭേദകം. ഉദാ:ഇടങ്ങഴി ഇടങ്ങഴിപ്പാൽ. പറ പത്തുപറ നെല്ലു്. നാഴി നാഴി എണ്ണ. എത്ര എത്ര ദിവസം. അളവിനെ കാണിക്കുന്ന നാമങ്ങളെത്തന്നെയാണു് ഭേദകങ്ങളായി ഉപയോഗിക്കാറുള്ളതു്. അർത്ഥത്തിലല്ലാതെ രൂപത്തിൽ അവയ്ക്കു വ്യത്യാസമില്ല. പറ എന്നതിനു് ലോഹംകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ അളവുപാത്രമെന്നും, അത്രയും അളവുള്ള എന്നും രണ്ടർത്ഥമുണ്ടു്. ആദ്യത്തേതു്, നാമം; രണ്ടാമത്തേതു്, വിശേഷണം.
  5. വിഭാവകം. വസ്തുവിന്റെ സൗന്ദര്യാദിഗുണങ്ങളെ കുറിക്കുന്ന വിശേഷണമാണു് വിഭാവകം. ഇതിനു ലിംഗഭേദം കൂടിയുണ്ടു്. വിശേഷണവിശേഷ്യങ്ങൾക്കു തമ്മിലുള്ള ബന്ധത്തെക്കാണിക്കാൻ ‘ആയ’ എന്ന ദ്യോതകശബ്ദം പ്രയോഗിക്കുന്നു. ഉദാ:തടിയനായ മനുഷ്യൻ. തടിച്ചിയായ സ്ത്രീ. സമർത്ഥനായ വിദ്യാർത്ഥി. സമർത്ഥയായ വിദ്യാർത്ഥിനി. സമർത്ഥമായ ബുദ്ധി. വിദൂഷിയായ അദ്ധ്യാപിക. വിദ്വാനായ അദ്ധ്യാപകൻ.
  6. നമാംഗജം. നാമംഗജത്തെ (പേരച്ചത്തെ) ഭേദകമാക്കി പ്രയോഗിക്കുന്നതു്. ഉദാ:വിരിഞ്ഞ പൂവു്. ഉദിച്ച സൂര്യൻ. കുടിച്ച വെള്ളം.
  7. ക്രിയാംഗജം. ക്രിയാംഗത്തെ (വിനയെച്ചത്തെ) വിശേഷണമാക്കി പ്രയോഗിക്കുന്നതു്. ഉദാ:ഉറക്കെച്ചിരിക്കുന്നു. പതുക്കെപ്പറയുന്നു. ചാടിക്കയറുന്നു. മുറുകെനടക്കുന്നു. കൂടെപ്പോകുന്നു.

3. ശുദ്ധം, സാർവ്വനാമികം, സാംഖ്യം, പാരിമാണികം, നാമംഗജം എന്നിവ നാമവിശേഷണങ്ങളായിട്ടേ വരൂ. ക്രിയാംഗജം ക്രിയാവിശേഷണവും, ഭേദകവിശേഷണവുമാകും. വിഭാവകം, നാമത്തേയും ക്രിയയേയും വിശേഷിപ്പിക്കും.

4. വിശേഷണങ്ങൾ കഴിയുന്നതും വിശേഷ്യത്തിനു് അടുത്തു മുൻപുതന്നെ പ്രയോഗിക്കണം. ‘വളവുള്ള മര’ത്തെപ്പറ്റിപ്പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മാത്രമേ ‘വളഞ്ഞ മരത്തിന്റെ കൊമ്പു്’ എന്നു പറയാൻ പാടുള്ളൂ. വളഞ്ഞതു കൊമ്പാണെങ്കിൽ ‘മരത്തിന്റെ വളഞ്ഞ കൊമ്പു്’ എന്നു പറയുകയാണു നല്ലതു്.

അചേതനവസ്തുക്കളായ വിശേഷ്യങ്ങളുടെ മുൻപിൽ സാംഖ്യാഭേദകം പ്രയോഗിച്ചാൽ നാമത്തിൽ ബഹുവചന പ്രത്യയം ചേർക്കണ്ട. ‘രണ്ടു കണ്ണു്’, ‘നാലു കാലു്’, ‘ഏഴുലകം’ എന്നൊക്കെയല്ലാതെ ‘രണ്ടു കണ്ണുകൾ’, ‘നാലു കാലുകൾ’, ‘ഏഴുലകങ്ങൾ’ എന്നൊക്കെ പ്രയോഗിക്കുന്നതു് ഭാഷാശൈലിക്കു യോജിച്ചതല്ല. വിശേഷ്യം അചേതനവസ്തുവല്ലെങ്കിൽ ബഹുവചനപ്രത്യയം ചേർക്കണം. ‘പത്തു പുരുഷന്മാർ’, ‘രണ്ടു സ്ത്രീകൾ’ ഇത്യാദ്യുദാഹരണങ്ങൾ നോക്കുക.

വിഭാവകഭേദങ്ങളിൽ വിശേഷ്യത്തിനനുസരിച്ചു് ലിംഗഭേദവും കൂടിക്കാണിക്കണമെന്നു് മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ചേതനവസ്തുക്കളെ വിശേഷിപ്പിക്കുമ്പോൾ ഭേദകങ്ങളിൽ ലിംഗഭേദത്തിനു പുറമെ വചനഭേദവും കൂടി കാണിക്കേണ്ടതുണ്ടു്.

സമർത്ഥനായ ആൺകുട്ടി.

സമർത്ഥന്മാരായ ആൺകുട്ടികൾ.

സമർത്ഥയായ പെൺകുട്ടി.

സമർത്ഥകളായ പെൺകുട്ടികൾ.

എന്നാൽ വിശേഷ്യം അചേതനമോ അമൂർത്തമോ ആയിരിക്കുമ്പോൾ വിശേഷണത്തിനു് വചനഭേദം ചെയ്തേ കഴിയൂ എന്നില്ല. ‘മധുരമായ വാക്കുകൾ’, ‘മനോഹരമായ പ്രവൃത്തികൾ’, ‘അബദ്ധമായ ഉത്തരങ്ങൾ’ എന്നും മറ്റും പ്രയോഗിക്കുന്നതും ഭാഷാശൈലിക്കു യോജിക്കാത്തതല്ല. സംസ്കൃതത്തിലെ ലിംഗവ്യവസ്ഥയനുസരിച്ചു് ‘സരസയായ കഥ’, ‘ മനോഹരയായ മാല’, ‘കുടിലയായ നീതി’ എന്നും മറ്റും പ്രയോഗിക്കുന്നതു്, ചൈതന്യാരോപമില്ലെങ്കിൽ, ആക്ഷേപാർഹമാണു്.

അഭ്യാസം ൨൮
  1. താഴെ കാണുന്ന പദങ്ങളിൽനിന്നു് ഭേദക പദങ്ങൾ മാത്രം തിരഞ്ഞെടുത്തു് അവ ഏതു വിഭാഗത്തിൽ പെടുന്നുവെന്നു പറയുക.
    • ‘തികഞ്ഞ പാണ്ഡിത്യവും സഹജമായ വാസനയും ഉള്ള ഒരാൾക്കു് എളുപ്പത്തിൽ കവിയാകാൻ കഴിയും. വികാരം, വിചാരം, ഭാവന എന്നിവയുടെ സമഞ്ജസമായ സമ്മേളനത്തിൽ നിന്നാണല്ലോ നല്ല കവിതയുണ്ടാകുന്നതു്. എത്രമാത്രം ബുദ്ധിശക്തിയുണ്ടായാലും വാസനയില്ലാതെ പോയാൽ ഉത്തമമായ കവിത അങ്കുരിക്കുമോ എന്നു സംശയമാണു്’.
    • ‘വാരുറ്റചില്ലി, വിരിവേറിയ നെറ്റി, ധീരചാരുക്കളാം രുചിരദൃഷ്ടികളെന്നിതെല്ലാം താരുണ്യലക്ഷ്മിയെ നനുത്തുകറുത്ത മീശ ചേരും തദാസ്യനളിനത്തിൽ വളർത്തിരുന്നു’.
    • പാന്ഥർ പെരുവഴിയമ്പലംതന്നിലെ താന്തരായ്ക്കൂടി വിയോഗംവരുമ്പോലേ നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയുമെത്രയും ചഞ്ചലമാലയസംഗമം.
  2. തെറ്റുണ്ടെങ്കിൽ തിരുത്തുക:
    • സഹൃദയനായ എന്റെ ചങ്ങാതിയുടെ മരണം എനിക്കു മാത്രമല്ല, സാഹിത്യലോകത്തിനും വലിയ ഒരു നഷ്ടമാണെന്നുവേണം പറയാൻ.
    • ആ കുട്ടി എഴുതിയ ഉത്തരങ്ങളെല്ലാം അബദ്ധങ്ങളായിരുന്നു.
    • ഗഹനമായ കുമാരാശാന്റെ തത്വചിന്ത വിശിഷ്ടമായ അദ്ദേഹത്തിന്റെ കവിതയ്ക്ക് മാറ്റു കൂട്ടുന്നു.
    • ആ മുഖങ്ങളെല്ലാം ഒരുപോലെ ആകർഷകമായിരുന്നു.
  3. (ഒന്നിലധികം വിശേഷണങ്ങൾ ഒരു വിശേഷ്യത്തിനുണ്ടെങ്കിൽ അവയെ ‘ഉം’ എന്ന ഘടകംകൊണ്ടു് സമുച്ചയിക്കണം. ‘പ്രതിഭാശാലിയായ കവി, പണ്ഡിതനായ കവി’, ഈ പദസമൂഹങ്ങളിൽ ‘കവി’യാണല്ലൊ വിശേഷ്യം. ‘പ്രതിഭാശാലി’, ‘പണ്ഡിതൻ’, ഇവ ആ വിശേഷ്യത്തിൽത്തന്നെ അന്വയിക്കുന്ന വിശേഷണങ്ങളുമാണു്. അതിനാൽ ‘പ്രതിഭാശാലിയും പണ്ഡിതനും ആയ കവി’ എന്നു വിശേഷണങ്ങളെ സമുച്ചയിച്ചു ചേർക്കുന്നതാണു് യുക്തം.) വിശേഷണങ്ങളെ സമുച്ചയിച്ചു് വിശേഷ്യത്തോടു് ചേർക്കുക.
    • ധീരമായ ഭാഷണം, ഉജ്ജ്വലമായ ഭാഷണം.
    • മധുരമായ കഥ, സരളമായ കഥ.
    • പ്രസന്നമായ ഹൃദയം, സന്തുഷ്ടമായ ഹൃദയം.
സന്ധി

1. വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന വികാരങ്ങൾ നാലു തരത്തിലാണെന്നും തന്മൂലം ആഗമം, ലോപം, ദ്വിത്വം, ആദേശം എന്നു നാലു പ്രകാരത്തിൽ ആണു് സന്ധികളെന്നും ഗ്രഹിച്ചു കഴിഞ്ഞിട്ടുണ്ടല്ലൊ. അവയെപ്പറ്റി കുറെക്കൂടി വിസ്തരിച്ചു പ്രതിപാദിക്കുകയാണു് ഈ പ്രകരണത്തിൽ ചെയ്യുന്നതു്.

A ആഗമം

2. (a) ഒരു താലവ്യസ്വരത്തിനു പരമായി മറ്റൊരു സ്വരം വന്നാൽ ‘യ’ കാരം ആഗമം.

ഉദാ:

കഥ + അല്ല = കഥ + യ് + അല്ല = കഥയല്ല.

പന + ഓല = പന + യ് + ഓല = പനയോല.

മേശ + ഇല്ല = മേശ + യ് + ഇല്ല = മേശയില്ല.

നീ + ആരു് = നീ + യ് + ആരു് = നീയാരു്.

(b) താലവ്യമായ അകാരത്തിനുശേഷം പ്രത്യയത്തിന്റെ ആദിയിലുള്ള ‘ക’ കാരം വന്നാലും ‘യ’ കാരം ആഗമം.

ഉദാ:

ആശ + ക്കു് = ആശ + യ് + ക്കു് = ആശയ്ക്കു്.

ഭാഷ + ക്കു് = ഭാഷ + യ് + ക്കു് = ഭാഷയ്ക്കു്.

തല + കൽ = തല + യ് + കൽ = തലയ്ക്കൽ.

കട + കൽ = കട + യ് + കൽ = കടയ്ക്കൽ.

3. (a) ഒരു ഓഷ്ഠസ്വരത്തിനു പിന്നിലായി മറ്റൊരു സ്വരം വന്നാൽ ‘വ’കാരമായിരിക്കും ആഗമം.

ഉദാ:

തിരു + ഓണം = തിരു + വ് + ഓണം = തിരുവോണം.

കരു + ഇല്ല = കരു + വ് + ഇല്ല = കരുവില്ല.

മു + അന്തി = മൂ + വ് + അന്തി = മൂവന്തി.

(b) ധാതുവിന്റെ അന്ത്യമായ ഓഷ്ഠ്യസ്വരത്തിനു പിന്നിൽ മറ്റൊരു സ്വരം വരുന്നെങ്കിൽ ‘വ’ കാരമോ ‘ക’ കാരമോ വികല്പേന ആഗമം.

ഉദാ:

പോ + ഉന്നു = പോവുന്നു, പോകുന്നു.

ചാ + ഉം = ചാവും, ചാകും.

ആ + അട്ടെ = ആവട്ടെ, ആകട്ടെ.

4. ഭാഷയിൽ സാധാരണമായിക്കാണുന്ന പ്രയോഗങ്ങളിൽ നിന്നാണു് വൈയാകരണന്മാർ നിയമങ്ങൾ സൃഷ്ടിക്കാറുള്ളതു്. അധികം പ്രയോഗങ്ങളിൽ കാണുന്നതനുസരിച്ചു് സാമാന്യവിധി നിർമ്മിക്കുന്നു. സാമാന്യവിധിക്കു് ഉത്സർഗ്ഗം എന്നും പേരുണ്ടു്. സാമാന്യവിധി അനുസരിക്കാത്ത പല ദൃഷ്ടാന്തങ്ങളും കാണാം. അവയ്ക്കു കൊടുത്തിരിക്കുന്ന പേർ അപവാദം എന്നാണു്. ആഗമസന്ധിയുടെ സാമാന്യനിയമങ്ങളെ അതിലംഘിക്കുന്ന ചില അപവാദങ്ങൾ താഴെ കാണിക്കാം.

  1. ആ, ഓ, എന്നീ നിപാതങ്ങൾക്കുശേഷം ഒരു സ്വരം വന്നാൽ യകാരമോ വകാരമോ ‘ആഗമ’മായി വരില്ല. ഉദാ:നാലോ + അഞ്ചോ = നാലോ അഞ്ചോ. അതാ + ആകാശം = അതാ ആകാശം. ഏതോ + ഒരു = ഏതോ ഒരു.
  2. സംബോധനാന്ത്യത്തിനു പരമായി മറ്റൊരു സ്വരം വന്നാൽ ആഗമസന്ധിനിയമം പ്രവർത്തിക്കുന്നില്ല. ഉദാ:കുഞ്ഞേ + ഇവിടെ വരൂ = കുഞ്ഞേ, ഇവിടെ വരൂ. ഓമനേ + ആരാണതു് = ഓമനേ, ആരാണതു്. കുട്ടീ + ഓടരുത് = കുട്ടീ, ഓടരുതു്. ഗുരോ + അങ്ങു് = ഗുരോ, അങ്ങു്. രാമാ + ഉറങ്ങരുതു് = രാമാ, ഉറങ്ങരുതു്.
  3. വിരിഞ്ഞ, വീണ, പോയ എന്നു തുടങ്ങിയ നാമാംഗങ്ങളുടെ ഒടുവിലുള്ള ‘അ’കാരത്തിനു പിന്നിൽ സ്വരം വന്നാലും സന്ധിയില്ലാതെ എഴുതുകയാണു് വിഹിതം. ഉദാ:വിരിഞ്ഞ + ആമ്പൽ = വിരിഞ്ഞ ആമ്പൽ. വീണ + ആൾ = വീണ ആൾ. പോയ + ആന = പോയ ആന. വീണ + ഇല = വീണ ഇല. പറഞ്ഞ + ഉത്തരം = പറഞ്ഞ ഉത്തരം. വിരിഞ്ഞയാമ്പൽ, വീണയാൾ, പോയയാന എന്നൊക്കെ സന്ധി ചേർത്തെഴുതുന്നതു് അസുന്ദരമാകുന്നു.

5. പദ്യങ്ങളിൽ സന്ധിവരുന്ന സ്ഥലങ്ങളിലൊക്കെ വർണ്ണങ്ങൾ ചേർന്നേ നില്ക്കയുള്ളൂ. ഗദ്യത്തിൽ വക്താവിന്റെ വിവക്ഷ അനുസരിച്ചാണു് പദങ്ങൾ സന്ധിചെയ്തോ അല്ലാതെയോ ഉച്ചരിക്കുന്നതു്. ‘പതിയാതെ അപ്പോൾ ഒരാൾ അണഞ്ഞു് ഇരുത്തി’ ഈ പദങ്ങൾ പദ്യത്തിൽ ‘പതിയാതപ്പൊഴൊരാളണഞ്ഞിരുത്തി’ എന്നു ചേർന്നേ നില്ക്കുകയുള്ളൂ. ‘അതു് അബദ്ധം ആണു് എന്നു് എനിക്കു് ഉടനെ തോന്നി’ എന്ന വാക്കുകൾ ഒരു പദ്യത്തിൽ ‘അതബദ്ധമാണെന്നെനിക്കുടനെതോന്നി’ എന്നു പ്രയോഗിക്കാനേ സാധിക്കൂ. ഗദ്യത്തിൽ ‘അതു് അബദ്ധമാണെന്നു് എനിക്കു് ഉടനെ തോന്നി’ എന്നു പ്രയോഗിക്കുകയായിരിക്കും ഭംഗി.

B ലോപം
  1. സന്ധിയിൽ ഒരു വർണ്ണം ഇല്ലാതാക്കുന്നതാണല്ലൊ ലോപം. പൂർവ്വപദത്തിന്റെ അവസാനത്തിലുള്ള സ്വരമാണു് സാധാരണമായി ലോപിക്കുക. ഒരു സ്വരം പരമാകുമ്പോൾ മാത്രമേ ഇതു സംഭവിക്കുകയുള്ളൂ.
  2. ഒരു സ്വരം പിന്നിൽ വന്നാൽ താഴെ പറയുന്നവ ലോപിക്കും.
    • സംവൃതോകാരം. ഉദാ:വിശപ്പു് + ഉണ്ടു് = വിശപ്പുണ്ടു്. മനസ്സു് + ഇല്ല = മനസ്സില്ല. കാറ്റു് + എങ്കിലും = കാറ്റെങ്കിലും.
    • മുറ്റുവിനയുടെ ഒടുവിലുള്ള ഉകാരവും അകാരവും സദൃശം പോലെ. ഉദാ:പഠിച്ചു + ഇല്ല = പഠിച്ചില്ല. ഇല്ല + എങ്ങും = ഇല്ലെങ്ങും. വയ്യ + ഏവം = വയ്യേവം. കാണുന്നു + ഇതാ = കാണുന്നിതാ. അപവാദം: വന്നു + അവൻ; ഉപദേശിച്ചു + ആചാര്യൻ ഈ മാതിരിയുള്ള പദങ്ങളുടെ സന്ധിയിൽ മുറ്റുവിനയുടെ അന്ത്യസ്വരം ലോപിക്കുകയില്ല. അതിനാലാണു് ‘സദൃശംപോലെ’ എന്നു പറഞ്ഞതും. പിന്നിൽ വരുന്നതു് ഒരു ദ്യോതകശബ്ദത്തിലെ സ്വരമാണെങ്കിൽ ലോപം വികല്പമായിട്ടേ വരൂ. ഉദാ:ചെന്നു + എങ്കിൽ = ചെന്നുവെങ്കിൽ ചെന്നെങ്കിൽ കണ്ടു + എന്നു് = കണ്ടുവെന്നു് കണ്ടെന്നു് വായിച്ചു + ഓ = വായിച്ചുവോ വായിച്ചോ.
    • വിനയെച്ചത്തിന്റെ ഒടുവിലെ ‘എ’ കാരം വികല്പേന ലോപിക്കും. ഉദാ:പഠിക്കാതെ + ഇരുന്നു = പഠിക്കാതെയിരുന്നു പഠിക്കാതിരുന്നു വരാതെ + ആയി = വരാതെയായി വരാതായി
അഭ്യാസം ൨൯
  1. സന്ധികാര്യങ്ങൾ ചെയ്യുക:
      • ആരു് + ആകിൽ + എന്തു മിഴി + ഉള്ള + അർ + നിന്നു് + ഇരിക്കും.
      • നില + അറ + ഉം + ഇതു് + ഏറ്റു് + ഓതുന്നു + അതു് + ഉണ്ടു് + എന്നുതോന്നും.
      • തിരു + അടി + അടിയങ്ങൾക്കു് + എന്നും + ആധാരം + അമ്മേ.
      • പൂവേ, അതിൽ പുതിയ ഭംഗികൾ സഞ്ചരിച്ചു.
      • പ്രഭോ, അവിടത്തെ ആജ്ഞ ഞാൻ അനുസരിക്കുന്നു.
      • എന്തോ, ഏതോ! ഞാൻ ഒന്നും അറിഞ്ഞു ഇല്ലേ.
    • പോകട്ടെ, പോവട്ടെ; ആവട്ടെ, ആകട്ടെ; ഇങ്ങനെ രണ്ടുരൂപം വരുവാനെന്താണു് കാരണം?
    • (1) കണ്ടു + എങ്കിൽ; (2) പോയി + എങ്കിൽ, —സന്ധിചെയ്യുമ്പോൾ, ആദ്യത്തേതിൽ വകാരവും രണ്ടാമത്തേതിൽ യകാരവും ആഗമമാവുന്നതെന്തുകൊണ്ടു്?
    • കണ്ടെങ്കിൽ, കണ്ടുവെങ്കിൽ, പറഞ്ഞുവെന്നാൽ, പറഞ്ഞെന്നാൽ, ഇങ്ങനെ ഈരണ്ടു രൂപം വരുവാൻ കാരണമെന്തു്?
  2. ഉത്സർഗ്ഗം, അപവാദം, ഈ സംജ്ഞകളുടെ അർത്ഥം വിശദമാക്കുകയും, രണ്ടിനും ഉദാഹരണം എഴുതകയും ചെയ്ക.
C ആദേശം

1. സന്ധിയിൽ ഒരു വർണ്ണം പോയി അതിന്റെ സ്ഥാനത്തു് മറ്റൊരു വർണ്ണം വരുന്നതാണു് ആദേശം. “ ‘ത’ കാരത്തിനു് ‘ട’ കാരം ആദേശം” എന്നുപറഞ്ഞാൽ ‘ത’ കാരം പോയി ആ സ്ഥാനത്തു് ‘ട’ കാരം വരും എന്നർത്ഥം.

2. തവർഗ്ഗം, ചവർഗ്ഗത്തോടു ചേർന്നാൽ ചവർഗ്ഗമായും, ടവർഗ്ഗത്തോടു ചേർന്നാൽ ടവർഗ്ഗമായും മാറും. ആദേശം പൊരുത്തമനുസരിച്ചേ വരികയുള്ളൂ. ഖരത്തിനു ഖരവും അനുനാസികത്തിനു് അനുനാസികവും ആയിരിക്കും ആദേശം.

ഉദാ:- തേൻ + ചോരും = തേഞ് + ചോരും = തേഞ്ചോരും

(തവർഗ്ഗ നകാരത്തിനു പകരം ചവർഗ്ഗ ഞകാരം ആദേശം)

വിൺ + തലം = വിൺ + ടലം = വിണ്ടലം

(തവർഗ്ഗ ഖരത്തിനു പകരം ടവർഗ്ഗഖരം ആദേശം)

കൺ + നീരു് = കൺ + ണീരു് = കണ്ണീരു്

(തവർഗ്ഗാനുനാസികത്തിനു പകരം ടവർഗ്ഗാനുനാസികം ആദേശം)

3. പ്രത്യയ തകാരമകാരങ്ങൾക്കുമുമ്പു് ളകാരത്തിനു് യഥാക്രമം ട്, ണ് ഇവ ആദേശം വരും.

ഉദാ:

കേൾ + തു = കേട് + തു = കേട് +ടു = കേട്ടു.

വേൾ + തു = വേട് + തു = വേട് + ടു = വേട്ടു.

ഉൾ + മ = ഉൺ + മ = ഉണ്മ.

വെൾ + മ = വെൺ + മ = വെണ്മ.

(ഒന്നും രണ്ടും ഉദാഹരണങ്ങളിൽ ആദ്യം ളകാരത്തിനു് ടകാരവും പിന്നീടു് തകാരത്തിനു് ടകാരവും ആദേശം വരുന്നുണ്ട്.)

4. ലകാരത്തിനു് മകാരത്തിനുമുമ്പു് നകാരം ആദേശം വരും.

ഉദാ:

നെല് + മണി = നെന് + മണി = നെന്മണി

കല് + മതിൽ = കന് + മതിൽ = കന്മതിൽ

5. (a) ‘കൾ’ എന്ന ബഹുവചനപ്രത്യയത്തിനും ‘കായ്’ എന്ന ശബ്ദത്തിനും മുമ്പു ന കാരത്തിനു് ങ കാരം ആദേശം വരും.

(b) ‘കൽ’ പ്രത്യയമോ ടകാരമോ ഒഴിച്ചുള്ള പ്രത്യയാദിയായ ഖരം അനുനാസികത്തിനു പിന്നിൽ വന്നാൽ അനിനാസികമായി മാറും.

ഉദാ:

നിൻ + കൾ = നിങ് + കൾ = നിങ് + ങൾ = നിങ്ങൾ.

മാവിൻ + കാ = മാങ് + കാ = മാങ് + ങാ = മാങ്ങാ.

ഖരം ‘കൽ’ പ്രത്യയമോ ടകാരമോ ആയാൽ ഈ ആദേശം ഇല്ല.

ഉദാ:

രാമൻ + കൽ = രാമങ് + കൽ = രാമങ്കൽ

എൻ + കൽ = എങ് + കൽ = എങ്കൽ

കൺ + തു = കൺ + ടു = കണ്ടു

ഉൺ + തു = ഉൺ + ടു = ഉണ്ടു

(ഈ സന്ധിവിധിക്കു് ആറ്റിങ്ങൽ, ആലിങ്ങൽ എന്നെല്ലാമുള്ള സ്ഥലസംജ്ഞാരൂപങ്ങൾ അപവാദങ്ങളാണു്.)

6. (a) അനുസ്വാരത്തിനു് ‘ ഉം’ എന്ന സമുച്ചയ നിപാതം പരമായാൽ വകാരം ആദേശം,

ഉദാ:

ഗുണം + ഉം = ഗുണവ് + ഉം = ഗുണവും

ദോഷം + ഉം = ദോഷവ് + ഉം = ദോഷവും

(b) വിഭക്തിപ്രത്യയസ്വരത്തിനു മുൻപ് അനുസ്വാരത്തിനു് ‘ത്ത’കാരമാണു് ആദേശം.

ഉദാ:

മരം + ഇൽ = മരത്ത് + ഇൽ = മരത്തിൽ

ധനം + എ = ധനത്ത് + എ = ധനത്തെ

കോപം + ഓടു് = കോപത്ത് + ഓടു് = കോപത്തോടു്

(c) കൾ പ്രത്യയത്തിനുമുമ്പു് അനുസ്വാരത്തിനു് ങ കാരം ആദേശം.

ഉദാ:

ഫലം + കൾ = ഫലങ് + കൾ

= ഫലങ് + ങൾ =ഫലങ്ങൾ.

പുഷ്പം + കൾ = പുഷ്പങ് + കൾ

= പുഷ്പങ് + ങൾ= പുഷ്പങ്ങൾ.

7. ദൃഢാക്ഷരത്തിനു മുമ്പു് ‘തിരു’ എന്ന ഭേദകത്തിനു ‘തൃ’ എന്നാദേശം.

ഉദാ:

തിരു + കാർത്തിക = തൃക്കാർത്തിക

തിരു + ചേവടി = തൃച്ചേവടി

(ശിഥിലമാണു് പരമായിവരുന്നതെങ്കിൽ)

തിരു + നാൾ = തിരുനാൾ

തിരു + മുറ്റം = തിരുമുറ്റം

അഭ്യാസം ൩ഠ
  1. സന്ധി ചെയ്ക:- (സന്ധികാര്യം വിവരിക്കണം) (a) തിരു + അടി, തിരു + പാദം, തിരു + പടി (b) ഉൾ + മ, വേൾ + തു, നെൽ + മണി, നൽ + മ (c) ധനം + എ, പട്ടണം + ഇൽ, കോപം + ആൽ (d) വിൺ + തലം, കൺ + തു, ഉൺ + തു
  2. (1) കായ്കൾ, മരങ്ങൾ, തണ്ടാർ, ഈ പദങ്ങളുടെ രൂപനിഷ്പത്തി വിവരിക്കുക. (2) കാവ്യമും, കാവ്യവും; ഭാഗ്യമും, ഭാഗ്യവും; - ഏതാണു് ശരിയായ മലയാളരൂപം? ഓർമ്മിക്കുക:- (വിണ്ടലം, തണ്ടാർ, ഈ പദങ്ങളിൽ തകാരത്തിനു ടവർഗ്ഗയോഗം കൊണ്ടു ടകാരം ആദേശം വരുന്നുണ്ടു്. എന്നാലും പ്രകൃതിപ്രത്യയയോഗത്തിൽ മാത്രമേ ഈ ആദേശവിധി സാർവ്വത്രികമായി പ്രവർത്തിക്കുകയുള്ളൂ. വിൺതടം, കൺതടം, വെൺതിങ്കൾ, മൺതിട്ടു്, മുതലായ പദങ്ങളിൽ ഈ നിയമമനുസരിച്ചു സന്ധികാര്യം ചെയ്യേണ്ടതില്ല. വിണ്ടടം, കണ്ടടം, വെണ്ടിങ്കൾ എന്നൊക്കെ ആധുനിക മലയാളത്തിൽ പ്രയോഗിച്ചാൽ തെറ്റായിരിക്കും അതു്.)
  3. നിയമം കാണിച്ചു് കൂട്ടിച്ചേർക്കുക. മരം + കൾ നെൽ + മണി ധനം + എ കേൾ + തു നിൻ + കൾ തൺ + താർ കൺ + തു നൽ + മുത്തു് ധനം + ഉം തിരു + കാൽത്താർ
D ദ്വിത്വം

1. പൂർവ്വോത്തരപദങ്ങൾ വിശേഷണവിശേഷ്യങ്ങളായി വരുന്ന സമാസത്തിൽ ഉത്തരപദത്തിന്റെ ആദി വർണ്ണമായ ദൃഢം ഇരട്ടിക്കും. അനുനാസികങ്ങളും മദ്ധ്യമങ്ങളും ശിഥിലങ്ങളാണു്. അവ ഇരട്ടിക്കയില്ല.

ഉദാഹരണം:

പച്ച + പുല്ലു് = പച്ചപ്പുല്ലു്

താമര + കുളം = താമരക്കുളം

കൈ + തൊഴിൽ = കൈത്തൊഴിൽ

പട + ചട്ട = പടച്ചട്ട

(ഉത്തരപദാദിവർണ്ണം ശിഥിലമായാൽ)

ഉദാഹരണം:

മുല്ല + മാല = മുല്ലമാല

തല + വേദന = തലവേദന

വാഴ + നാരു് = വാഴനാരു്

പിച്ചള + മൊന്ത = പിച്ചളമൊന്ത

2. (a) പൂർവ്വപദം ധാതുവാണെങ്കിൽ മുൻവിധിച്ച ദ്വിത്വം വരികയില്ല.

ഉദാഹരണം:

ഉര + കല്ലു് = ഉരകല്ലു്

നിറ + കുടം = നിറകുടം

എരി + തീയു് = എരിതീയു്

(b) ‘ർ’ എന്ന ചില്ലിനു പിന്നിൽ വരുന്ന ദൃഢത്തിനു് ചിലപ്പോൾ ദ്വിത്വം വരും.

ഉദാഹരണം:

ഉമ്പർ + കോൻ = ഉമ്പർകോൻ

അലർ + ശരൻ = അലർശരൻ, അലർശ്ശരൻ

(മലർപ്പൊടി, മലർപൊടി; തളിർക്കരം, തളിർകരം, കുളിർകാറ്റു്, കുളിർക്കാറ്റു്.)

തേർത്തട്ടു്, പാർത്തലം, പോർക്കളം മുതലായ ഉദാഹരണങ്ങളിൽ ദ്വിത്വം നിതൃമാകുന്നു.

(c) പ്രത്യയാംഗമായ ‘ള’കാര ചില്ലിനു പിന്നിൽ വരുന്ന ദൃഢം ഇരട്ടിക്കയില്ല.

ഉദാഹരണം:

മലമകൾ + പതി = മലമകൾപതി

താർമകൾ + ചരണം = താർമകൾചരണം

ളകാരചില്ലു പ്രത്യയാംഗമല്ലെങ്കിൽ—

കവിൾ + തടം = കവിൾത്തടം

ഇരുൾ + കുഴി = ഇരുൾക്കുഴി

എന്നിങ്ങനെ ദ്വിത്വം വേണം.

3. അ, ഇ, എ, എന്നീ സർവ്വനാമങ്ങൾക്കു പിന്നിൽ വരുന്ന വ്യഞ്ജനം ഇരട്ടിക്കും.

ഉദാഹരണം:

അ + കഥ = അക്കഥ

ഇ + പുലി = ഇപ്പുലി

എ + കാലം = എക്കാലം

അ + മാതിരി = അമ്മാതിരി

ഇ + വണ്ണം = ഇവ്വണ്ണം

അ + താമര = അത്താമര

ഇ + ചിന്ത = ഇച്ചിന്ത

(ആ വ്യഞ്ജനം ശിഥിലമാണെങ്കിൽ അ, ഇ, എന്നീ സർവ്വനാമങ്ങൾ ദീർഘിപ്പിച്ചാൽ മതി. അമ്മാതിരി, ആമാതിരി; ഇമ്മട്ടു്, ഈ മട്ടു്, ഈ രണ്ടു രൂപങ്ങളും സുബദ്ധമാകുന്നു.)

4. ‘എ’ എന്ന വിഭക്തിപ്രത്യയത്തിനും, എ, ഇ, എന്നീ വിനയെച്ചപ്രത്യയങ്ങൾക്കും പിന്നിൽ വരുന്ന ദൃഢം ഇരട്ടിക്കും.

എന്നെ + പറ്റി = എന്നെപ്പറ്റി

കുട്ടിയെ + തന്നെ = കുട്ടിയെത്തന്നെ

രാജ്യത്തെ + കുറിച്ചു് = രാജ്യത്തെക്കുറിച്ചു്

പോയി + കുളിച്ചു = പോയിക്കുളിച്ചു

ഓടി + ചാടി = ഓടിച്ചാടി

അഭ്യാസം ൩൧
  1. സന്ധികാര്യം വിവരിക്കുക:
    • മരപ്പട്ടി, പച്ചതത്ത, ഓലക്കുട.
    • അമ്മാല, ആ മാല, ഇമ്മുട്ടു്, ഈ മുട്ടു്, ഇവ്വണ്ണം, ഈ വണ്ണം.
    • അവിൽപ്പൊടി, അവിൽമലർ, വിൽപ്പാടു്, വിൽമുന.
    • തേൾക്കുഞ്ഞു്, മലമകൾപതി.
  2. സന്ധികാര്യം വേണ്ട ദിക്കിൽ ചെയ്യുക:
    • എന്നെപറ്റി നിങ്ങൾക്കു് എന്തുതന്നെ തോന്നി തുടങ്ങിയാലും എനിക്കു നിങ്ങളെകുറിച്ചു് വിരോധം തോന്നി കഴിഞ്ഞിട്ടില്ല.
    • നാളെ കാലത്തു കാണാം അലർമകളുടെ തൃകാലടിത്താർ വണങ്ങാം.
    • പയ്യെ തിന്നാൽ പനയും തിന്നാം.
    • ആ കേളി പൂണ്ടമല. ഈ കേരളാഖ്യവിഷയം.
  3. ആഗമം, ദ്വിത്വം, ആദേശം, ലോപം, - ഈ സന്ധികളുടെ സ്വഭാവം വിവരിച്ചു നാലിനുമുള്ള അന്തരം വിശദമാക്കുക.

ഓർമ്മിക്കുക: (ഭാഷാപദങ്ങളുടെ ഇടയിൽ, ഖ, ഘ, ഫ, ഭ, ഝ, ധ, ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന സംസ്കൃതപദങ്ങളും പ്രയോഗിച്ചുകാണും. ഈ അക്ഷരങ്ങൾക്കു ദ്വിത്വം വരുമ്പോൾ ക് ഖ, ഗ്ഘ, പ്ഫ, ബ് ഭ, ജ്ഝ, ദ്ധ, ഇങ്ങനെയായിരിക്കും രൂപം.

ഉദാഹരണം: അ + ഖേദം = അക്ഖേദം

ഇ + ഘട്ടം = ഇഗ്ഘട്ടം

അ + ഫലം = അപ്ഫലം

ഇ + ധര = ഇദ്ധര

ഇ + ഭൂമി = ഇബ്ഭൂമി

ഇ + ഝഷം = ഇജ്ഝഷം)

സംസ്കൃത സന്ധിപ്രകരണം

ഭാഷാസന്ധികൾ ചുരുക്കി വിവരിച്ചുകഴിഞ്ഞു. മലയാളത്തിലെ സാഹിത്യഭാഷയിൽ മാത്രമല്ല, സംഭാഷണ ഭാഷയിലും സംസ്കൃതശബ്ദങ്ങൾ ധാരാളം കടന്നുകൂടിയിട്ടുണ്ടു്. അത്തരം ശബ്ദങ്ങളുടെ വർണ്ണ വികാരങ്ങളാണു് ഇവിടെ സംസ്കൃതസന്ധിയിൽ പ്രതിപാദിക്കുന്നതു്. മലയാളസാഹിത്യപഠനത്തിനു് അവശ്യം അറിഞ്ഞിരിക്കേണ്ട സംസ്കൃതസന്ധികൾ മാത്രമേ ഇവിടെ ചേർക്കുന്നുള്ളൂ. രണ്ടു സംസ്കൃതപദം ചേരുമ്പോൾ സംസ്കൃതസന്ധിനിയമവും, സംസ്കൃതപദവും ഭാഷാപദവും ചേരുമ്പോൾ ഭാഷാസന്ധി നിയമവുമാണു് ആദരിക്കേണ്ടതു്.

ഉദാ:

  1. മുനി + അഗ്ര്യൻ = മുനിഗ്ര്യൻ (സം. സന്ധി)
  2. മുനി + അല്ല = മുനിയല്ല (ഭാ. സന്ധി)

മുനി + അഗ്ര്യൻ എന്നീ സംസ്കൃത പദങ്ങൾ ചേർന്നുണ്ടായതാണാദ്യത്തേതു്.

മുനി + അല്ല എന്നതിൽ പ്രഥമപദം സംസ്കൃതവും ദ്വിതീയപദം ഭാഷയുമാകുന്നു.

I. സ്വരസന്ധി
  1. സവർണ്ണസന്ധി
      • അ + അ = ആ ജന + അധിപൻ = ജനാധിപൻ
      • അ + ആ = ആ ദേവ + ആലയം = ദേവാലയം
      • ആ + അ = ആ വിദ്യ + അർത്ഥി = വിദ്യാർത്ഥി
      • ആ +ആ = ആ പ്രജാ + ആധിപത്യം = പ്രജാധിപത്യം
      • ഇ + ഇ = ഈ – മുനി + ഇന്ദ്രൻ = മുനീന്ദ്രൻ
      • ഇ + ഈ = ഈ – രതി + ഈശ്വരൻ = രതീശ്വരൻ
      • ഈ + ഇ = ഈ – മഹി + ഇന്ദ്രൻ = മഹീന്ദ്രൻ
      • ഈ + ഈ = ഈ – സതീ + ഈശ്വരൻ = സതീശ്വരൻ
      • ഉ + ഉ = ഊ – ഗുരു + ഉപദേശം = ഗുരൂപദേശം
      • ഉ + ഊ = ഊ – തനു + ഊർദ്ധ്വഭാഗം = തനൂർദ്ധ്വഭാഗം
      • ഊ + ഉ = ഊ – വധൂ + ഉദ്വാഹം = വധൂദ്വാഹം
      • ഊ + ഊ = ഊ – വധൂ + ഊഹം = വധൂഹം
  2. ഗുണസന്ധി അ, ആ എന്നിവയുടെ പിന്നിൽ ഹ്രസ്വങ്ങളോ ദീർഘങ്ങളോ ആയിട്ടുള്ള ഇ, ഉ, ഋ ഇവയിലേതെങ്കിലും ഒന്നു വന്നാൽ രണ്ടിനും കൂടി എ, ഒ, അര് ഇവ യഥാക്രമം ആദേശമായിവരും. ഈ സന്ധിക്കു് ഗുണസന്ധിയെന്നു പേർ.
      • അ + ഇ = ഏ – നര + ഇന്ദ്രൻ = നരേന്ദ്രൻ
      • അ + ഈ = ഏ – ഗണ + ഈശൻ = ഗണേശൻ
      • അ + ഉ = ഓ – അരുണ + ഉദയം = അരുണോദയം
      • അ+ ഊ = ഓ – നവ + ഊഢ = നവോഢ
    • അ + ഋ = അര് – ദേവ + ഋഷി = ദേവർഷി
      • ആ + ഇ = ഏ – മഹാ + ഇന്ദ്രൻ = മഹേന്ദ്രൻ
      • ആ + ഈ = ഏ – രമാ + ഈശൻ = രമേശൻ
      • അ + ഉ = ഓ – സമര + ഉത്സുകൻ = സമരോത്സുകൻ
      • ആ + ഉ = ഓ – മഹാ + ഉത്സവം = മഹോത്സവം
    • ആ + ഋ = അര് – മഹാ + ഋഷി = മഹർഷി
  3. വൃദ്ധിസന്ധി അ, ആ, ഇവയുടെ പിന്നിൽ എ, ഓ, ഐ, ഔ, – ഈ അക്ഷരങ്ങൾ വന്നാൽ രണ്ടിനും കൂടി ഐ, ഔ ഇവ യഥാക്രമം ആദേശമായിവരും. ഇതിനു് വൃദ്ധിസന്ധിയെന്നുപേർ.
      • അ + ഏ = ഐ – ലോക + ഏകവീരൻ = ലോകൈകവീരൻ.
      • ആ + ഏ = ഐ – സദാ + ഏവ = സദൈവ.
      • അ + ഓ = ഔ – വന + ഓഘം = വനൗഘം.
      • ആ + ഓ = ഔ – മഹാ + ഓഷധി = മഹൗഷധി.
      • അ + ഐ = ഐ – ജന + ഐക്യം = ജനൈക്യം.
      • ആ + ഐ = ഐ – പ്രജാ + ഐശ്വര്യം = പ്രജൈശ്വര്യം.
      • അ + ഔ = ഔ – കവന + ഔചിത്യം = കവനൗചിത്യം.
      • ആ + ഔ = ഔ – മഹാ + ഔത്സുക്യം = മഹൗത്സുക്യം.
  4. യൺസന്ധി ഹ്രസ്വങ്ങളോ ദീർഘങ്ങളോ ആയ ഇ, ഉ, ഋ ഇവയ്ക്കു പരമായി സ്വരങ്ങൾ വന്നാൽ ആദ്യത്തേവയുടെ സ്ഥാനത്തു് യ്, വ്, ര്, ഇവ യഥാക്രമം വരും.
    • ഇ – അതി + അധികം = അത്യധികം. അഭി + അർത്ഥന = അഭ്യർത്ഥന. ഇതി + ഏവം = ഇത്യേവം. അതി + ഉൽക്കടം = അത്യുൽക്കടം.
    • ഉ –
      • ഗുരു + അർത്ഥം = ഗുർവ്വർത്ഥം.
      • ലഘു + ഇഷ്ടം = ലഘ്വിഷ്ടം.
      • വധൂ + ഈപ്സിതം = വധ്വീപ്സിതം.
    • ഋ –
      • പിതൃ + ആജ്ഞ = പിത്രാജ്ഞ.
      • കർത്തൃ + അർത്ഥം = കർത്രർത്ഥം.
II. വ്യഞ്ജനസന്ധി

ഈ പ്രകരണത്തിൽ സമാസത്തിൽ വരുന്ന സന്ധി മാത്രമേ വിവരിക്കുവാനുദ്ദേശിക്കുന്നുള്ളൂ. ക്, ങ്, ട്, ത്, പ്, മ്, ര്, സ് എന്നീ വ്യഞ്ജനങ്ങളിലാണു് പ്രായേണ സംസ്കൃതപദം അവസാനിക്കുന്നതു്. ഇവയിൽ രേഫവും സകാരവും വിസർഗ്ഗമാകും. മകാരത്തിനു് പകരം അനുസ്വാരമെഴുതുകയാണു് പതിവു്. അനുസ്വാരത്തിന്റെ പിന്നിൽ സ്വരം വരികയാണെങ്കിൽ മകാരം പിന്നേയും വരും.

ഉദാ:

സം + ആസം = സമാസം.

കിം + അർത്ഥം = കിമർത്ഥം.

ശ, ഷ, സ, ഹ പിന്നിൽ വന്നാൽ മകാരം അനുസ്വാരമായിരിക്കും. 1. സംശയം, 2. സംഹാരം, 3. സംസാരം.

അന്ത്യവ്യഞ്ജനങ്ങളായ ക, ച, ട, ത, പ, എന്നിവയുടെ പിന്നിൽ സ്വരമോ, ക, ച, ട, ത, പ, ഖ, ഛ, ഠ, ഥ, ഫ, ശ, ഷ, സ ഇവയല്ലാത്ത വ്യഞ്ജനങ്ങളോ വന്നാൽ അന്ത്യവ്യഞ്ജനം മൃദുവായി മാറും.

    • വാക് + ഈശ്വരൻ = വാഗീശ്വരൻ.
    • ദിക് + ജയം = ദിഗ്ജയം.
  1. സ്വാരാട് + ജയം = സ്വാരാഡ്ജയം.
  2. ചിത് + രൂപം = ചിദ്രൂപം.

പിന്നാലെ വരുന്ന വ്യഞ്ജനം അനുനാസികമായാൽ മൃദുവിനുപകരം അനുനാസികവും വരാം.

ഉദാ:

ദിക് + നാഗം = ദിങ്നാഗം. (ദിഗ്നാഗം)

വാക് + മാധുര്യം = വാങ്മാധുര്യം. (വാഗ്മാധുര്യം)

മാത്രം, മയം, എന്നിവ പിന്നിൽ വന്നാൽ അനുനാസികം മാത്രമെ വരികയുള്ളൂ; മൃദു വരികയില്ല.

വാക് + മാത്രം = വാങ്മാത്രം.

ചിത് + മയം = ചിന്മയം.

സകാര ത വർഗ്ഗങ്ങളോടു് ശകാര ച വർഗ്ഗങ്ങൾ ചേർന്നാൽ സകാര ത വർഗ്ഗങ്ങൾക്കു് ശകാര ച വർഗ്ഗവും, ഷകാര ട വർഗ്ഗം ചേർന്നാൽ ഷകാര ട വർഗ്ഗവും ആദേശമായി വരും.

  1. മനസ് + ശക്തി = മനശ്ശക്തി.
  2. സത് + ചരിതം = സച്ചരിതം.
  3. ഉത് + ടങ്കിതം = ഉട്ടങ്കിതം.
  4. ശ്രേയസ് + ഷട്കം = ശ്രേയഷ് ഷട്കം.

തകാരത്തിനു് പരമായിരിക്കുന്ന ശകാരം ഛകാരമാകും.

  1. മഹത് + ശക്തി = മഹച്ഛക്തി.
  2. ഹൃത് + ശല്യം = ഹൃച്ഛല്യം.

തകാരത്തിനുശേഷം ലകാരം വന്നാൽ തകാരം ലകാരമായി മാറും.

  1. മരുത് + ലീല = മരുല്ലീല.
  2. തത് + ലാഭം = തല്ലാഭം.

അനുനാസികങ്ങളൊഴിച്ചു് ക മുതൽ മ വരെയുള്ള അക്ഷരങ്ങളുടെ പിന്നിൽ വരുന്ന ഹകാരത്തിനു് അതാതു വർഗ്ഗത്തിലെ ചതുർത്ഥാക്ഷരം യഥാക്രമം ആദേശമായിവരും.

  1. തത് + ഹിതം = തദ്ധിതം.
  2. ദിക് + ഹസ്തി = ദിഗ്ഘസ്തി.

പദത്തിന്റെ അന്ത്യത്തിൽ വരുന്ന സകാരവും രേഫവും വിസർഗ്ഗമാകും.

  1. മനസ് = മനഃ
  2. പുനർ = പുനഃ

വിസർഗ്ഗത്തിന്റെ പിന്നിൽ ക, ഖ, പ, ഫ ഇവ വന്നാൽ വിസർഗ്ഗം മാറുകയില്ല.

  1. അന്തഃ + കരണം – അന്തഃകരണം
  2. മനഃ + പാഠം – മനഃപാഠം
  3. മനഃഖഗം – മനഃഖഗം
  4. ശ്രേയഃ + ഫലം = ശ്രേയഃഫലം

ശ, ഷ, സ ഇവയുടെ മുമ്പിലിരിക്കുന്ന വിസർഗ്ഗം ചിലപ്പോൾ വിസർഗ്ഗമായിത്തന്നെയിരിക്കും. അല്ലെങ്കിൽ യഥാക്രമം ശ്, ഷ്, സ് എന്നായി മാറും.

  1. അന്തഃശക്തി (അന്തശ്ശക്തി)
  2. മനഃസാക്ഷി (മനസ്സാക്ഷി)

വർഗ്ഗപ്രഥമദ്വിതീയാക്ഷരങ്ങളോ ശ്, ഷ്, സ് എന്നിവയോ പിന്നിൽ വരുന്ന ശ, ഷ, സ കളുടെ മുമ്പിലിരിക്കുന്ന വിസർഗ്ഗത്തിനു വികല്പേന ലോപംവരും.

  1. അന്തഃ + സ്ഥാനം = അന്തസ്ഥാനം (അന്തഃസ്ഥാനം)
  2. മനഃ + സ്തോഭം = മനസ്തോഭം (മനഃസ്തോഭം)

അഃ എന്നതിനുശേഷം അകാരമോ ഓരോ വർഗ്ഗത്തിലേയും പ്രഥമ ദ്വിതീയാക്ഷരങ്ങളൊഴിച്ചുള്ള അക്ഷരങ്ങളോ വന്നാൽ ‘അ’ എന്നതു് ‘ഓ’ ആയി മാറുന്നതാണു്.

  1. മനഃ + അർത്ഥം = മനോഽർത്ഥം.
  2. ചേതഃ + ഗുണം = ചേതോഽഗുണം.
  3. യശഃ + രാശി = യശോരാശി.

ഇകാരത്തിന്റേയും ഉകാരത്തിന്റേയും പിന്നിൽ വരുന്ന വിസർഗ്ഗത്തിനുശേഷം മുൻപറഞ്ഞ അക്ഷരങ്ങൾ വന്നാൽ വിസർഗ്ഗത്തിന്റെ സ്ഥാനത്തു് രേഫം വരും.

  1. നിഃ + അർത്ഥം = നിരർത്ഥം.
  2. ദുഃ + ഗതി = ദുർഗ്ഗതി.

വിസർഗ്ഗത്തിന്റെ പിന്നിൽ ശ്, ച്, ഛ്, എന്നിവ വന്നാൽ വിസർഗ്ഗത്തിന്റെ സ്ഥാനത്തു് ശ് വരും.

  1. മനഃ + ശക്തി = മനശ്ശക്തി.
  2. അന്തഃ +ചിന്ത = അന്തശ്ചിന്ത.

സ്, ത് എന്നിവ വന്നാൽ സകാരം വരും.

  1. മനഃ + സാക്ഷി = മനസ്സാക്ഷി.
  2. അന്തഃതാപം = അന്തസ്താപം

രേഫത്തിന്റെ പിന്നിൽ വരുന്ന രേഫം ലോപിക്കുകയും ആദ്യരേഫത്തിന്റെ മുമ്പിലിരിക്കുന്ന സ്വരം ഹ്രസ്വമായാൽ ദീർഘിക്കുകയും ചെയ്യും.

  1. സ്വര് + രാജ്യം = സ്വാരാജ്യം.
  2. നിര് + രവം = നീരവം.

വൈയാകരണന്മാർ വിസർഗ്ഗസന്ധിയെ പ്രത്യേകം പ്രതിപാദിക്കുകയാണു് പതിവു്. രേഫവും സകാരവും പദാന്തമായാൽ വിസർഗ്ഗമായി മാറുക പതിവുള്ളതുകൊണ്ടു് വിസർഗ്ഗസന്ധിയെ വ്യഞ്ജനസന്ധിയിൽ ഉൾപ്പെടുത്തുകയാണു് ഇവിടെ ചെയ്തിട്ടുള്ളതു്.

സംസ്കൃത സന്ധികളുടെ അനുകരണമായി അനേകം സന്ധികൾ മലയാളത്തിൽ വന്നിട്ടുണ്ട്. അനേകായിരം മുതലായവ സംസ്കൃതസന്ധ്യനുകരണത്തിനു് ഉദാഹരണമാണു്.

അഭ്യാസം ൩൨
  1. സന്ധികാര്യം ചെയ്യേണ്ട ദിക്കിൽ ചെയ്യുക:
    • പ്രഥമ അദ്ധ്യാപകന്റെ സ്നേഹ ഔദര്യം എല്ലാവരുടേയും പ്രശംസയ്ക്കു വിഷയമായി.
    • അതി ആഗ്രഹം അരുതു്.
    • സൂര്യ ഉദയം നയന ആകർഷകമായിരുന്നു.
    • ലോക ഏക വീരനാണു് അലക്സാൻഡർ.
    സന്ധിചെയ്യുക. (1) മനഃ + രാജ്യം. മനഃ + ദോഷം. അന്തഃ + സുഖം. മനഃ + സുഖം. മനഃ + ശക്തി. മനഃ + വേദന. (2)ഗതി + അന്തരം. ഗുരു + അനുഗ്രഹം. മഹാ + ഋഷ. വസന്ത + ഋതു. (3) ജഗത് + ഏകനാഥൻ. ലോക + ഏകനാഥൻ. തത് + ഇച്ഛ. ഹൃത് + അന്തരം. ദിക് + അംഗന. ത്വക് + രോഗം. (4) വാക് + മാധുര്യം. വാക് + മയം. ദിക് + നായകൻ. അവാക് + മുഖം. (5) പുനഃ + അപി. പുനഃ + പുനഃ അന്തഃ + കരണം. അന്തഃ + ദർശനം.
പരാവർത്തനം

മറ്റുള്ളവരുടെ വാക്യങ്ങളിലെ ആശയം സ്വന്തം വാക്യത്തിൽ പ്രകാശിപ്പിക്കുന്നതാണു് പരാവർത്തനം. അന്യവാക്യങ്ങളുടെ അർത്ഥം പറയുകമാത്രം ചെയ്താൽ പോരാ; അതു് വിവർത്തനമേ ആകയുള്ളൂ. അർത്ഥം വിശദീകരിക്കുക, വിവരണത്തിൽ അപൂർണ്ണതയുണ്ടെങ്കിൽ പരിഹരിക്കുക, ഭാഷ ലളിതമാക്കുക, മൂലവാക്യത്തിന്റെ ബന്ധം ദുർഗ്രഹമാണെങ്കിൽ അതു് സുഗമമാക്കുക, ഇതെല്ലാം പരാവർത്തനത്തിന്റെ ധർമ്മമാകുന്നു. മൂലവാക്യത്തിലെ അലങ്കാരം അതുപോലെ പകർത്തുകയല്ല, ഹാനിതട്ടാത്തവിധത്തിൽ വാക്യഭംഗിയോടുകൂടി ആശയം വരുത്തുകയാണു് വേണ്ടതു്. സ്വാതന്ത്ര്യം അനുവദിക്കാത്തതാണെങ്കിലും മൂലത്തിൽ ഇല്ലാത്ത ആശയങ്ങൾ അസംഗതമായ രീതിയിൽ കൂട്ടിക്കലർത്തുകയോ കഠിനമായ ഭാഷ ഉപയോഗിക്കുകയോ ചെയ്യുന്നതു് ഒരിക്കലും ആശാസ്യമായിരിക്കയില്ല.

പരാവർത്തനം ചെയ്യണമെന്നുദ്ദേശിക്കുന്ന ഭാഗത്തിന്റെ ആശയം പൂർണ്ണമായി മനസ്സിലാക്കുകയാണു് പരാവർത്തകൻ ആദ്യമായി വേണ്ടതു്. അതിനുവേണ്ടി ഉദ്ദിഷ്ടഭാഗം പല തവണ വായിക്കേണ്ടിവന്നേക്കാം. ആശയം മനസ്സിലായിക്കഴിഞ്ഞാൽ, അർത്ഥം പറയുന്ന രീതിയിൽ, അതു സ്വന്തം വാക്യത്തിലെഴുതണം. പിന്നീട് അതു വേണ്ടവിധം പരിഷ്ക്കരിച്ചു് ലളിതമായ ഭാഷയിൽ വിശദീകരിച്ചാൽ പരാവർത്തനമായി. മൂലവാക്യത്തിലെ ആശയകേന്ദ്രം ഇന്നതാണെന്നു് ആദ്യം തന്നെ കണ്ടുപിടിക്കുന്നതു് പരാവർത്തനത്തിനു വലിയ സഹായമായിരിക്കും.

“കണ്ണേ, മടങ്ങുക; കരിഞ്ഞുമലിഞ്ഞുമാശു

മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ;

എണ്ണിടുകാർക്കുമിതുതാൻ ഗതി; സാധ്യമെന്തു

കണ്ണീരിനാൽ? അവനിവാഴ്‌വു കിനാവുകഷ്ടം!”

(വീണപൂവ്)

ഈ പദ്യം പരാവർത്തനം ചെയ്തുനോക്കാം. ലോകത്തിന്റെ നശ്വരതയാണു്—ജീവിതത്തിന്റെ ക്ഷണികതയാണു്—പദ്യത്തിൽ പ്രതിപാദ്യമായ പ്രധാനാംശം. അതിനെ മറ്റംശങ്ങളെകൊണ്ടു് ഊന്നിപ്പറയുകയാണു കവി ചെയ്യുന്നതു്. ആദ്യമായി പദ്യത്തിന്റെ അർത്ഥം എഴുതാം.

“കണ്ണേ, പിൻതിരിയുക; ഈ പൂവു കരിഞ്ഞും അലിഞ്ഞും വേഗത്തിൽ മണ്ണായിത്തീരും. ഇതിന്റെ കഥ വിസ്മരിക്കപ്പെടുകയും ചെയ്യും. എല്ലാവരുടേയും ഗതി ഇതുതന്നെയാണു്. കരഞ്ഞതുകൊണ്ടു് പ്രയോജനമില്ല. ലോകജീവിതം സ്വപ്നപ്രായമത്രെ.”

ഇതു പദ്യത്തിന്റെ പദാനുപദമായ ഒരു വിവർത്തനമേ ആകുന്നുള്ളൂ. പരാവർത്തനത്തിനു വേണ്ട ജീവൻ ഇതിൽ വന്നിട്ടില്ല താഴെ കാണുംവിധം നമുക്കിതു പരാവർത്തനം ചെയ്യാം.

‘കഷ്ടം! ലോകജീവിതം എത്ര ക്ഷണികം? എന്തൊന്നാണു് ഈ ലോകത്തിൽ ശാശ്വതമായിട്ടുള്ളതു്? ഒരു കാലത്തു് ലോകത്തെ മയക്കിയിരുന്ന ഈ പൂവു് ഇതൾ താഴെ വീണു കിടക്കുന്നു. എനിക്കു് ഇതിന്റെ നേരെ നോക്കാൻ തോന്നുന്നില്ല. നോക്കുംതോറും എന്റെ കണ്ണു നിറയുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഈ പൂവു കരിഞ്ഞോ അലിഞ്ഞോ മണ്ണോടുചേരും; അപ്രത്യക്ഷമാകും. നല്ലകാലത്തു് ഇതിന്റെ സൗരഭ്യപുരത്തിലും സൗന്ദര്യധോരണിയിലും മനം മയങ്ങി ഇതിനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടു് നിന്നിരുന്ന ആളുകൾ, ഇതിന്റെ കഥ തന്നെ മറന്നു കളയും. ഈ പുഷ്പത്തിന്റെ ജീവിതം മനുഷ്യന് ഒരു ഗുണപാഠമാണു്. എന്തുകൊണ്ടെന്നാൽ അവന്റെ നിലയും ഇതിൽനിന്നു ഭിന്നമല്ല. അവനും ഇന്നോ നാളെയോ മണ്ണോടു ചേരേണ്ടവനാണു്. മരണത്തിൽ അനുശോചിക്കുന്നതും, കണ്ണീർ പൊഴിക്കുന്നതും, വാസ്തവമാലോചിച്ചാൽ നിരർത്ഥതമാകുന്നു. ഇഹലോകജീവിതം സ്വപ്നതുല്യമെന്നു പറഞ്ഞാൽ പോരാ, ഒരു സ്വപ്നംതന്നെയാണു്. ആലോചിക്കുമ്പോൾ എത്ര ദുഃഖജനകം!’.

മേൽകാണിച്ച പദ്യം ഇതുപോലെ മാത്രമേ പരാവർത്തനം ചെയ്യാവൂ എന്നില്ല; എല്ലാവരും പരാവർത്തനം ചെയ്യുന്നതു് ഒരുപോലെയിരിക്കണമെന്നു നിർബന്ധവുമില്ല. ഒരു മാതൃകകാണിച്ചു എന്നു മാത്രമെയുള്ളൂ. രണ്ടു് പദ്യങ്ങൾകൂടി പരാവർത്തനം ചെയ്തു കാണിക്കാം.

“ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാൽ

കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,

ബുദ്ധന്റെ യഹിംസയും, ശങ്കരാചാര്യരുടെ

ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും,

ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും, മുഹമ്മദിൻ-

സ്ഥൈര്യവുമൊരാളിൽച്ചേർന്നൊത്തുകാണണമെങ്കിൽ,

ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തിൽ

അല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിൻ.”

(എന്റെ ഗുരുനാഥൻ)

പരാവർത്തനം

“എന്റെ ഗുരുപാദർ അസാധാരണമായ മാഹാത്മ്യത്തോടുകൂടിയ ഒരു ദിവ്യനാകുന്നു. ഉത്തമങ്ങളായ സകല ഗുണങ്ങളും ഇങ്ങനെ തികഞ്ഞ ഒരു മഹാപുരുഷൻ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. മനുഷ്യനു് പാപമോചനം നല്കുവാൻ ജീവിതം കുരുശിൽ അർപ്പിച്ച ക്രിസ്തുദേവന്റെ ആത്മത്യാഗം പ്രസിദ്ധമാണു്; ധർമ്മത്തെ സംരക്ഷിക്കുവാൻ കർമ്മവും ഉപദേശവുംകൊണ്ടു് യത്നിച്ച അഷ്ടൈശ്വര്യസിദ്ധിയോടുകൂടിയ ശ്രീകൃഷ്ണന്റെ ഉപായം അത്ഭുത ജനകമത്രെ; ബുദ്ധന്റെ ജീവിതം മാനസികവും വാചികവും കായികവുമായ അഹിംസാവ്രത്തതിനു് ഉത്തമോദാഹരണമാകുന്നു; ശങ്കരാചാര്യർ മനുഷ്യബുദ്ധിശക്തിയുടെ മാനദണ്ഡമാണെന്നു ആരും സമ്മതിക്കും; സർവ്വ ജീവജാലങ്ങൾക്കും സുഖം ആശംസിക്കുകയും ലോകത്തിലെ ദുഃഖം മുഴുവനും സ്വാത്മാവിൽ അർപ്പിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്ത രന്തിദേവന്റെ ദയ അലോകസാധാരണം തന്നെ; ചണ്ഡാളദാസ്യംപോലും സ്വീകരിച്ച ഹരിശ്ചന്ദ്രന്റെ സത്യനിഷ്ഠയെക്കുറിച്ചു് എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. നബിയുടെ ആത്മസ്ഥൈര്യവും എല്ലാവരുടേയും അത്ഭുതാദരങ്ങൾക്കു് പാത്രമായിട്ടുണ്ടു്; എന്നാൽ ഈ ഗുണങ്ങളെല്ലാം തികഞ്ഞ ഒരാൾ ഇന്നു് ജീവിച്ചിരിപ്പുണ്ടു്; എന്റെ വന്ദ്യഗുരു. ആ ആരാധ്യപുരുഷന്റെ സന്ദർശനത്തിനു് ഭാഗ്യം സിദ്ധിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ അദ്ദേഹത്തിന്റെ പുണ്യചരിത്രം വായിച്ചു നോക്കുവിൻ; ഞാൻ പറഞ്ഞതു് പരമാർത്ഥമാണെന്നു ബോദ്ധ്യമാകും.”

മൂലം

“സാധിച്ചുവേഗമഥവാ നിജ ജന്മകൃത്യം

സാധിഷ്ഠർപോട്ടിഹ; സദാ നിശി പാന്ഥപാദം

ബാധിച്ചു രൂക്ഷശില വാഴ്‌വതിൽനിന്നു മേഘ-

ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?”

(വീണപൂവു്)

പരാവർത്തനം

“സജ്ജനങ്ങൾ ആയുസ്സിന്റെ ദൈർഘ്യത്തെ അളക്കുന്നതു്, ജീവിച്ചിരിക്കുന്ന ദിവസങ്ങളെണ്ണിയിട്ടല്ല, ചെയ്തു തീർക്കുന്നപ്രവൃത്തികളെ കണക്കാക്കിയിട്ടാണു്. മറ്റുള്ളവർക്കു യാതൊരുപകാരവും ചെയ്യാതേയും, തങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി ചിന്തിക്കാതേയും ഭൂമിക്കു ഭാരമായി വളരെക്കാലം ജീവിച്ചിരിക്കുന്നതെന്തിന്? കർത്തവ്യം യഥായോഗ്യം നിർവ്വഹിച്ചാൽ അകാലമരണത്തിൽപോലും ഖേദിക്കേണ്ട ആവശ്യമില്ല. ഇടയ്ക്കു മിന്നിമറയുന്ന മിന്നൽപ്പിണരിന്റെ ജീവിതം ക്ഷണികമാണെങ്കിലും, ഇരുട്ടത്തു വഴി തിരിച്ചറീയാതെ കിടന്നുഴലുന്ന യാത്രക്കാർക്കു രണ്ടടിയെങ്കിലും മുന്നോട്ടുനടക്കാൻ അതു് സഹായമായിത്തീരുന്നു. നേരെമറിച്ചു്, വഴിമദ്ധ്യത്തിൽ കാണുന്ന കൂർത്തകല്ലു് വളരെക്കാലം കിടക്കുന്നുണ്ടെങ്കിലും, വഴിപോക്കരുടെ കാലടികളെ വേദനിപ്പിക്കുകയും അവരുടെ കാൽച്ചവിട്ടേൽക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ. മറ്റുള്ളവരെ ഉപദ്രവിച്ചും സ്വയം അപമാനം സഹിച്ചും വളരെക്കാലം ജീവിക്കുന്നതിനേക്കാൾ, അല്പകാലത്തെ ജീവിതത്തിനിടയിൽ തന്നാലാവുന്നവിധം പരോപകാരം ചെയ്ത് ലോകത്തോടു യാത്രപറയുന്നതല്ലേ കാമ്യമായിട്ടുള്ളതു്?”

അഭ്യാസം ൩൩
  1. ‘നിത്യം ജ്വലിപ്പൊരു പരാർക്കനെ നേർത്തുനോക്കിക്കത്തിപ്പൊടിഞ്ഞമിഴിയിൽ പ്രഭതന്നെ കാണാ; അത്യന്തകോമളതയാർന്ന മതപ്രസൂനം കുത്തിച്ചതയ്ക്കിൽ മണമോ മധുവോ ലഭിക്കും’
  2. ‘ഒരല്ലലില്ലെങ്കിലെനിക്കു കല്ലായിരിക്കുവാനാണിനിമേലിലിഷ്ടം; മരിച്ചിടും മർത്ത്യതയെന്തിനാണു കരഞ്ഞിടാനും കരയിച്ചിടാനും.’
  3. ‘ആത്മീയവും അനാത്മീയവുമായ രണ്ടു പ്രതികൂല ശക്തികളുടെ ഒരു യുദ്ധരംഗമാണു് മനുഷ്യൻ. ഒന്നു്, ജീവിതത്തെ പ്രകാശത്തിലേയ്ക്കും മറ്റേതു്, തമസ്സിലേയ്ക്കും വലിച്ചുകൊണ്ടുപോകുന്നു. ജീവിതമെന്നു പറയുന്നതുതന്നെ ഈ ഭിന്നശക്തികളുടെ അന്യോന്യമത്സരമാണെന്നു പറയാം.’
  4. ‘പാരേ, നരർക്കഹഹ! നീയൊരു നാകമായിത്തീരേണമെന്നു കരുതി ദ്രുഹിണൻ ചമച്ചു: രേ രേ, മുരേ, കൊടിയരാക്ഷസി, നീ കടന്നു നേരേതുമറ്റതിനുടൻ നിരയത്വമേകി.’
വാക്യവിഭാഗം

IV

മഹാവാക്യം

1. രണ്ടുതരത്തിലുള്ള വാക്യങ്ങളെക്കുറിച്ചു് മുൻപു തന്നെ വിവരിച്ചു കഴിഞ്ഞിട്ടുണ്ടു്: അംഗവാക്യമില്ലാത്ത ചൂർണ്ണിക, അംഗവാക്യത്തോടുകൂടിയ അംഗിവാക്യമായ സങ്കീർണ്ണകം. ‘ശാസ്ത്രം മനുഷ്യബുദ്ധിയെ വികസിപ്പിക്കുന്നു’—ഇതൊരു ചൂർണ്ണികാവാക്യമാണല്ലൊ. ഒരാഖ്യയും ആഖ്യാതവും മാത്രമേ ഇതിലുള്ളൂ. ‘ശാസ്ത്രം മനുഷ്യബുദ്ധിയെ വികസിപ്പിക്കുന്നെങ്കിലും മനുഷ്യൻ ആ അനുഗ്രഹം വേണ്ടവിധത്തിൽ എപ്പോഴും വിനിയോഗിക്കുന്നില്ലെന്നു് ആക്ഷേപം ഉണ്ടു്’—ഈ വാക്യത്തിലാകട്ടെ, മൂന്നു് ആഖ്യയും മൂന്നു് ആഖ്യാതവും അടങ്ങിയിരിക്കുന്നു: ‘ശാസ്ത്രം, വികസിപ്പിക്കുന്നു’, ‘മനുഷ്യൻ, വിനിയോഗിക്കുന്നില്ല’, ‘ആക്ഷേപം, ഉണ്ടു്’. ‘എങ്കിലും’ എന്ന ഘടകം പ്രഥമവാക്യത്തെ ദ്വിതീയവാക്യത്തോടു ബന്ധിപ്പിച്ചു് അതിന്റെ അംഗമാക്കിയിരിക്കുന്നു. ‘എന്നു’ എന്ന ഘടകം ദ്വിതീയവാക്യത്തെ തൃതീയവാക്യത്തോടു് ഇണക്കി അതിന്റെ അംഗമാക്കിയിരിക്കയാണു്. ഒടുവിലെ വാക്യം മറ്റൊന്നിന്റെ അംഗമല്ല; അതു് അംഗിയാകുന്നു. രണ്ടംഗവാക്യം കലർന്ന ഈ അംഗിവാക്യം സങ്കീർണ്ണകമാണു്. അംഗിവാക്യത്തിലെ ആഖ്യാതം മാത്രമേ സങ്കീർണകത്തിൽ സ്വതന്ത്രമായി നില്ക്കുന്നുള്ളൂ; അംഗവാക്യാഖ്യാതങ്ങൾ അസ്വതന്ത്രങ്ങളാണു്, അന്യപദത്തിൽ അന്വയിക്കുന്നവയാണു്.

2. മറ്റൊരു തരത്തിലുള്ള വാക്യങ്ങളാണ് ഈ സന്ദർഭത്തിൽ നിങ്ങൾക്കു പരിചയപ്പെടാനുള്ളതു്. ‘പശു ചത്തു; പാലിലെ പുളി പോയില്ല’—‘ചത്തു’, ‘പോയില്ല’, ഈ രണ്ടാഖ്യാതവും മുറ്റുവിനയാണല്ലൊ. ഒന്നു് മറ്റൊന്നിൽ അന്വയിക്കുന്നില്ല. എന്നാലും അവിഭാജ്യമായ ഒരാശയത്തിന്റെ ഭാഗങ്ങളാണു് ഇവിടെ ചേർന്നിരിക്കുന്നതു്. കാര്യം കഴിഞ്ഞിട്ടും അതിനോടുചേർന്നു നിൽക്കുന്ന ഹൃദ്യമല്ലാത്ത ഓർമ്മ അവശേഷിക്കുന്നു എന്ന ആശയമാണു് ഈ ശൈലി സൂചിപ്പിക്കുന്നതെന്നു ഗ്രഹിക്കുമ്പോൾ പശുവിനേയും പാലിനേയും സംബന്ധിക്കുന്ന വാക്യഭാഗങ്ങളുടെ അർത്ഥം പരസ്പരബദ്ധങ്ങളാണെന്നു നല്ലപോലെ വ്യക്തമാവും. പ്രഥമവാക്യത്തിലെ ആഖ്യാതം സ്വതന്ത്രക്രിയയാണെങ്കിലും, ആശയം പൂർണ്ണമായിക്കഴിഞ്ഞില്ലെന്നും, വാക്യം അവസാനിച്ചില്ലെന്നും, സൂചിപ്പിക്കുവാനാണു് പൂർണ്ണവിരാമചിഹ്നമായ ‘ബിന്ദു’ ചേർക്കാത്തതു്. അർദ്ധവിരാമചിഹ്നം ആണു്, ക്രിയാ സ്വഭാവത്താൽ സ്വതന്ത്രമായിത്തോന്നിയാലും ആശയബന്ധത്താൽ അങ്ങനെയല്ലാത്ത വാക്യങ്ങളുടെ ഒടുവിൽ ചേർക്കേണ്ടതു് എന്നു ഗ്രഹിക്കണം. മുകളിൽ ബിന്ദുവും താഴെ കോമയും ഇട്ടാൽ അർദ്ധവിരാമചിഹ്നമായി. ഉദാഹരണത്തിൽ നിന്നു് ഒരു തത്ത്വം മനസ്സിലാക്കാം. ജന്യജനകഭാവം, കാര്യകാരണഭാവം, മുതലായ ബന്ധങ്ങളാൽ അവിഭാജ്യമായിരിക്കുന്ന ആശയങ്ങളെ പ്രകാശിപ്പിക്കുന്ന വാക്യങ്ങൾ ക്രിയാസ്വഭാവംകൊണ്ടു സ്വതന്ത്രമായി നിന്നാലും ഏകമായി ഗണിക്കേണ്ടതാണു്. ഇങ്ങനെയുള്ളവ മഹാവാക്യങ്ങളാകുന്നു. ‘പശു ചത്തു; പാലിലെ പുളിപോയില്ല’—എന്ന ഉദാഹരണം മഹാവാക്യമത്രെ.

3. മഹാവാക്യങ്ങളിലെ ഓരോ വാക്യവും അംഗിയാണു്; പ്രധാനമാണു്. അതു് മുറ്റുവിനയാലാണല്ലൊ അവസാനിക്കുന്നതു്. ആകാംക്ഷ അവസാനിച്ചിട്ടില്ലെന്നു വ്യക്തമാക്കാൻ അർദ്ധവിരാമചിഹ്നം പൂർവ്വവാക്യത്തിന്റെ ഒടുവിൽ ചേർക്കുന്നതു വായനക്കാർക്കു സഹായമായിത്തീരും. ആശയബന്ധം ദ്യോതിപ്പിക്കുന്ന ‘എന്നാൽ’, ‘എന്നാലും’, ‘എന്നിട്ടും’, ‘പക്ഷേ’, ‘എങ്കിലും’ ഇത്യാദിശബ്ദങ്ങൾ സന്ദർഭോചിതം ചേർക്കുന്നതും അർത്ഥഗ്രഹണത്തിനു് എളുപ്പമുണ്ടാക്കും. ഘടകപദങ്ങൾ പ്രയോഗിക്കാതെതന്നെ ആശയബന്ധം വ്യക്തമാവുന്ന ദിക്കിലൊന്നും അവ ചേർക്കണമെന്നില്ല. അടുത്തടുത്തു് ഘടകപദങ്ങളുടെ ആവർത്തനം അവൈചിത്ര്യത്തിനു വഴിവെയ്ക്കും. ‘പശു ചത്തു; എന്നിട്ടും പാലിലെ പുളി പോയില്ല’, എന്നു് ഉദാഹൃതവാക്യം തന്നെ ഘടകപദം ചേർത്തു വികസിപ്പിക്കാവുന്നതാണു്.

4. വ്യാപാരസാമ്യം, സംഗ്രഹണസൗകര്യം മുതലായ കാരണങ്ങളാൽ സ്വതന്ത്രവാക്യങ്ങൾ ചേർത്തു മഹാവാക്യങ്ങൾ രചിക്കുന്നതു സാധാരണമാണു്. ‘കുയിൽ പാടുന്നു’. ‘മയിൽ ആടുന്നു’. ഈ ചൂർണ്ണികകളുടെ ആശയങ്ങൾക്കു് അവിഭാജ്യമായ ബന്ധമൊന്നുമില്ല. ‘കുയിലിനു പാട്ടിലാണു സാമർത്ഥ്യം; മയിലിനു് ആട്ടത്തിലാണു് ’ എന്നു പറഞ്ഞാൽ ആ പക്ഷികളുടെ ഗുണങ്ങളിലുള്ള അന്തരം സൂചിപ്പിക്കുന്ന മഹാവാക്യമാകും. ഇങ്ങനെയല്ലാതെ ‘കുയിൽ പാടുകയും മയിൽ ആടുകയും ചെയ്യുന്നു’ എന്നു പ്രസ്തുതവാക്യങ്ങളെ ഉദ്ഗ്രഥിച്ചാലും മഹാവാക്യംതന്നെ. വേറെ ഉദാഹരണം.

  1. ഒരിടത്തു സൂര്യൻ ഉദിക്കുകയും മറ്റൊരിടത്തു ചന്ദ്രൻ അസ്തമിക്കുകയും ചെയ്യുന്നു.
  2. കവി പദങ്ങളാൽ ചിത്രം രചിക്കുകയും ആലേഖ്യകാരൻ രേഖകളാൽ കാവ്യം ചമയ്ക്കുകയും ചെയ്യുന്നു.

(ഈ മാതാരിയുള്ള മഹാവാക്യങ്ങൾ അപഗ്രഥിക്കുമ്പോൾ അവ സ്വതന്ത്രവാക്യങ്ങൾ ചേർന്നുണ്ടായവയാണെന്നു ബോധ്യമാവും. ‘കവി—രചിക്കുന്നു’, ആലേഖ്യകാരൻ—ചമയ്ക്കുന്നു’, എന്നാണല്ലോ വാക്യരൂപങ്ങൾ. ഇവയെ, ഉദ്ഗ്രഥിക്കുന്നതിനു ‘രചിക്കുക’, ‘ചമയ്ക്കുക’, ഈ വ്യാപാരങ്ങളെ ‘ചെയ്യുന്നു’ എന്ന മുറ്റുവിനയിൽ അന്വയിക്കത്തക്കവണ്ണം സമുച്ചയിച്ചിരിക്കുകയാണു്. ‘ഉം’ എന്ന ഘടകമാണു് സമുച്ചയത്തിനു പ്രയോഗിക്കുന്നതു്.)

അഭ്യാസം ൩൪
  1. ചൂർണ്ണികയ്ക്കും സങ്കീർണ്ണകത്തിനും തമ്മിലെന്താണു് അന്തരം? (ഉദാഹരണവും വിവരണവും വേണം).
  2. സങ്കീർണ്ണകവും മഹാവാക്യവും തമ്മിൽ എന്താണു് വ്യത്യാസം? (ഉദാഹരണവും വിവരണവും വേണം)
  3. സമുച്ചയിച്ചു് മഹാവാക്യമാക്കുക:
    • ധർമ്മം വർദ്ധിക്കുന്നു. അധർമ്മം ക്ഷയിക്കുന്നു.
    • സമാധാനം ആശാസ്യമാണു്. സമരം അനാശാസ്യമാണു്.
    • മേഘസന്ദേശം മനോഹരമായ ഖണ്ഡകാവ്യമാകുന്നു. ശാകുന്തളം വിശ്വോത്തരമായ നാടകമാകുന്നു.
  4. ആശയങ്ങൾക്കു് അവിഭാജ്യബന്ധമുണ്ടെങ്കിൽ മാത്രം യഥാസ്ഥാനം അർത്ഥവിരാമചിഹ്നമിടുക. ഇല്ലെങ്കിൽ ബിന്ദുവും:
    • പക്ഷികൾ പറക്കുന്നു പശുക്കൾ പുല്ലു തിന്നുന്നു കൃഷിക്കാർ ഞാറു നടുന്നു.
    • കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടത്തിന്റെ നിർമ്മാതാവുതന്നെ എന്നാൽ കോട്ടയത്തുതമ്പുരാനാണു് ആ പ്രസ്ഥാനത്തെ പരിഷ്ക്കരിച്ചതും വികസിപ്പിച്ചതും.
    • മഴ നിന്നു എന്നാലും മരത്തിൽനിന്നു വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടു്.
  5. സങ്കീർണ്ണകത്തേയും മഹാവാക്യത്തേയും * + ഈ ചിഹ്നങ്ങൾകൊണ്ടു യഥാക്രമം അടയാളപ്പെടുത്തുക:
    • ലോകത്തിൽ നിഷ്പ്രയോജനമായിട്ടു് ഒന്നു മില്ലത്രെ; എന്നാൽ പണിയെടുക്കാത്ത കൈ വ്യർത്ഥം തന്നെയാണു്.
    • ലോകത്തിൽ നിഷ്പ്രയോജനമായിട്ടൊന്നുമില്ലെന്നു പറയാറുണ്ടെങ്കിലും പണിയെടുക്കാത്ത കൈ വ്യർത്ഥം തന്നെയാണു്.
    • അശോകൻ യൗവനാരംഭത്തിൽ ക്രൂരനും സാഹസികനും ആയിരുന്നു; അചിരേണ അദ്ദേഹം ദയാലുവും വിവേകിയും ആയിത്തീർന്നു.

5. മഹാവാക്യങ്ങൾ അപഗ്രഥിക്കുന്ന രീതിയാണു താഴെ കാണിക്കുന്നതു്.

  1. വ്യവസായം വർദ്ധിച്ചു; എന്നാലും, ദാരിദ്ര്യം കുറഞ്ഞില്ല.
    • വ്യവസായം വർദ്ധിച്ചു; സ്വതന്ത്രവാക്യം. വ്യവസായം—ആഖ്യ, കർത്താവു്. വർദ്ധിച്ചു—ആഖ്യാതം.
    • എന്നാലും, ദാരിദ്ര്യം കുറഞ്ഞില്ല. സ്വതന്ത്രവാക്യം.
    എന്നാലും—ഘടകം. പൂർവ്വവാക്യത്തിനും ഉത്തമവാക്യത്തിനും തമ്മിലുള്ള ആശയബന്ധം ദ്യോതിപ്പിക്കുന്നു. ദാരിദ്ര്യം—ആഖ്യ, കർത്താവു്. കുറഞ്ഞില്ല—ആഖ്യാതം. മഹാവാക്യം
    • നാം രാഷ്ട്രഭാഷയായ ഹിന്ദി ഉത്സാഹപൂർവ്വം പഠിക്കണം;
    • പക്ഷേ, മാതൃഭാഷയായ മലയാളത്തിന്റെ കാര്യം ഒരിക്കലും വിസ്മരിക്കരുതു്.
    • (അംഗിവാക്യം) നാം—ആഖ്യ, കർത്താവു്. ഹിന്ദി—കർമ്മം. രാഷ്ട്രഭാഷയായ—കർമ്മപരിച്ഛദം. പഠിക്കണം—ആഖ്യാതം. ഉത്സാഹപൂർവ്വം—ആഖ്യാതപരിച്ഛദം.
    • (അംഗിവാക്യം) പക്ഷേ,—ഘടകം. പൂർവ്വോത്തരവാക്യങ്ങൾക്കു തമ്മിലുള്ള ആശയബന്ധം ദ്യോതിപ്പിക്കുന്നു. നാം—(പൂർവ്വവാക്യത്തിൽ നിന്നു് അദ്ധ്യാഫരിക്കണം ഈ പദം) ആഖ്യ, കർത്താവു്.
    മലയാളം—കർമ്മം. മാതൃഭാഷയായ—കർമ്മപരിച്ഛദം. വിസ്മരിക്കരുതു്—ആഖ്യാതം. ഒരിക്കലും—ആഖ്യാതപരിച്ഛദം. മഹാവാക്യം
    • ക്രോധമല്ലോ യമനായതുനിർണ്ണയം;
    • ക്രോധം പരിത്യജിക്കേണം ബുധജനം.
  1. (അംഗിവാക്യം) ക്രോധം—ആഖ്യ, കർത്താവു്. അല്ലോ—ആഖ്യാതം. യമനായത്—ആഖ്യാതപൂരകം. നിർണ്ണയം—ആഖ്യാതപരിച്ഛദം.
  2. (അംഗിവാക്യം) ബുധജനം—ആഖ്യ, കർത്താവു്. ക്രോധം—കർമ്മം. പരിത്യജിക്കേണം— ആഖ്യാതം. മഹാവാക്യം (പരിച്ഛദം എന്നതിനുപകരം വിശേഷണം എന്നെഴുതിയാലും മതി.)
അഭ്യാസം ൩൫
  1. അപോദ്ധരിക്കുക:
    • മനുഷ്യൻ കാത്തുനിൽക്കുന്നു; പക്ഷേ, കാലം കടന്നുപോകുന്നു.
    • കഷ്ടപ്പെട്ടപ്പുരുഷനൊരു നാലഞ്ചുകൊല്ലം കഴിച്ചാൻ; ദിഷ്ടക്കേടാൽ വരുവതു പരിഹാര മില്ലാത്തതല്ലൊ.
    • പാരിച്ച വെയ്ലിൻ തണൽ പാന്ഥനുത്സവം; പാരിത്സുഖത്തിന്നഴലാദികാരണം.
    • അധിക കാലതാമസംകൂടാതെ, അയൽരാജ്യത്തിലെ ഒരു രാജാവു് രാജ്യം ആക്രമിക്കുകയും അന്നുണ്ടായ ഭയങ്കരയുദ്ധത്തിൽ അദ്ദേഹം മൃതനാകയും ചെയ്തു.
    • ഒരല്ലലില്ലെങ്കിലെനിക്കു കല്ലായിരിക്കുവാനാണിനി മേലിലിഷ്ടം; മരിച്ചിടും മർത്ത്യതയെന്തിനാണു കരഞ്ഞിടാനും കരയിച്ചിടാനും.
    • രാജാക്കളേയും പ്രജയായ് ഗണിക്കും രാജാവൊരാളുണ്ട;വിടത്തെ മുൻപിൽ കുമ്പിട്ടു നിൽക്കേണ്ടിവരുന്നു പാരിൽ കുനിഞ്ഞവന്നും കുനിയിച്ചവന്നും.
    • വാക്യവൈചിത്ര്യത്തിൽ മനസ്സിരുത്തണം; അല്ലെങ്കിൽ ഖണ്ഡിക വളരെ അസുന്ദരമായിത്തീരും.
    • അനുദിനം വർദ്ധിക്കുന്ന സാങ്കേതിക ജ്ഞാനത്താൽ വ്യവസായം പുരോഗതി പ്രാപിക്കുമ്പോൾ നാട്ടിലെ സാമ്പത്തികസ്ഥിതി നന്നാവുമെന്നും ദാരിദ്ര്യം തീരെ നശിക്കുമെന്നും അർത്ഥശാസ്ത്രപണ്ഡിതന്മാർ വിശ്വസിച്ചിരുന്നു; എന്നാൽ ദരിദ്രന്മാരുടെ നില പൂർവ്വാധികം ദയനീയമായിത്തീർന്നതേയുള്ളൂ.
  2. താഴെ എഴുതുന്ന ഘടകപദങ്ങളിൽ ഏതെങ്കിലും യഥാസ്ഥാനം ചേർക്കുക. പക്ഷേ, എന്നാലും, നേരെമറിച്ചു്, പ്രത്യുത, എന്നാൽ, പിന്നയോ, അല്ലാതെ.
    • നമ്മുടെ കർഷകന്മാർ അഭ്യസ്തവിദ്യരല്ല;—അവർ സംസ്കാരശൂന്യരല്ല.
    • ധനം സമ്പാദിക്കുവാനല്ല വിഷമം; അതു യഥാഹം വിനിയോഗിക്കാനാണു്.
    • ശത്രുവാണെന്നു കരുതി ഒരാളെ ആപത്തിൽ ഉപദ്രവിക്കരുതു്;—തന്നാൽ കഴിയുന്ന സഹായം ചെയ്യണം.
    • മഴവില്ലുകണ്ടപ്പോൾ മഴപെയ്യുമെന്നു കരുതിയ കർഷകൻ ആഹ്ലാദിച്ചു;—ഒരു തുള്ളി മഴ പെയ്തില്ല.
    • കർമ്മത്തിൽ മാത്രമേ നിനക്കു് അധികാരമുള്ളൂ;—ഫലത്തിലില്ല.
    • ഗുരു ബുദ്ധിമാനും ബുദ്ധിഹീനനും ഒരുപോലെ വിദ്യ ഉപദേശിക്കുന്നു;—രണ്ടുപേരും അതു തുല്യമായി ഗ്രഹിക്കുന്നില്ല.
കാലം

1. ക്രിയയ്ക്ക് ആധാരമായ കാലം കുറിക്കുവാൻ കൃതിരൂപത്തിൽ ഭേദം വരുത്തുന്നതിനു ചില പ്രത്യയങ്ങളുണ്ടു്. ‘പാടും’, ‘പാടുന്നു’, ‘പാടി’ ഇത്യാദി പദങ്ങൾ നോക്കുക. ‘പാട്’ എന്ന ധാതുവിൽ ഭാവി, വർത്തമാനം, ഭൂതം, ഈ കാല വിശേഷം ദ്യോതിപ്പിക്കുവാൻ യഥാക്രമം ‘ഉം’, ‘ഉന്നു’, ‘ഇ’ എന്നു പ്രത്യയം ചേർത്തിരിക്കുന്നു. ‘ഉഴും’, ‘ഉഴുന്നു’, ‘ഉഴുതു്’, ഈ കൃതികളുടെ ധാതു ‘ഉഴ്’ എന്നാണു്. ഭാവിയുടേയും വർത്തമാനത്തിന്റേയും അർത്ഥം കുറിക്കാൻ ചേർത്തിട്ടുള്ളതു് യഥാക്രമം ‘ഉം’, ‘ഉന്നു’ ഈ പ്രത്യയങ്ങൾ തന്നെ. ഭൂതകാലപ്രത്യയമായി ഈ ധാതുവിൽ വരുന്നതു് ‘തു’ ആകുന്നു. കാലപ്രത്യയങ്ങൾ താഴെ കാണിക്കുന്നവയാണു്.

ഭൂതം വർത്തമാനം ഭാവി

ഇ ഉന്നു ഉം

തു

2. ധാതു വ്യഞ്ജനാന്തമാണെങ്കിൽ ഭൂതകാലദ്യോതകമായി ‘ഇ’ എന്ന പ്രത്യയമാണു് സാമാന്യമായി വരുന്നതു്. (ചില്ലുകൾ വ്യഞ്ജനങ്ങളാണെങ്കിലും ചില്ലന്തങ്ങൾ ഈ നിയമത്തിനു വിധേയമല്ല.)

ഉദാ:

ധാതു ഭൂതപ്രത്യയം സിദ്ധരൂപം

അനങ് ഇ അനങ്ങി

ഇളക് ഇ ഇളകി

പോ ഇ പോയി

പൂക് ഇ പൂകി

3. ചില്ലന്തങ്ങളായ ധാതുക്കളോടു ഭൂതകാലാർത്ഥം കുറിക്കുവാൻ ‘തു’ പ്രത്യയം ചേർക്കുന്നു.

ഉദാ: കൺ + തു = കൺ + ടു = കണ്ടു. (സന്ധിയിൽ വരുന്നമാറ്റം)

തിൻ + തു = തിൻ + നു = തിന്നു. ”

കേൾ + തു = കേട് + തു = കേട് + ടു = കേട്ടു ”

തോല് + തു = തോറ്റു. ”

4. സ്വരാന്തധാതുക്കളിലും ഭൂതകാല പ്രത്യയമായി ചേർക്കുന്നതു ‘തു’ ആണു്.

ധാതു പ്രത്യയം സിദ്ധരൂപം

തൊഴു തു തൊഴുതു

കൊടു തു കൊടുത്തു (കാരിതധാതു വാകയാൽ ദ്വിത്വം)

വര + തു വരച്ചു (ചകാരമാദേശം)

ഇങ്ങനെ പ്രത്യയങ്ങളെ സംബന്ധിച്ചു സാമാന്യജ്ഞാനം ജനിക്കുവാൻ ചില നിയമങ്ങളും ഉദാഹരണങ്ങളും കാണിച്ചുവെന്നേയുള്ളൂ. ഈ നിയമങ്ങൾക്കു വിധേയമാവാത്ത അനേകം ധാതുക്കളുണ്ടു്. ‘പുക്’ വ്യഞ്ജനാന്തമാണെങ്കിലും ‘പുക്കു’, എന്നാണു ഭൂതകാലരൂപം. തു പ്രത്യയമാണിതിൽ. അതു ക കാരത്തിൽ ലയിക്കയും ആ അന്ത്യവ്യഞ്ജനം ഇരട്ടിക്കുകയും ചെയ്തിരിക്കുന്നു. ‘അരുൾ’, ‘ഉരുൾ’,—ഈ രണ്ടു ധാതുക്കളും ചില്ലന്തങ്ങളാണു്. ‘അരുളി’, ‘ഉരുണ്ടു’, എന്നു ഭൂതകാലരൂപം ഭിന്നമായിരിക്കുന്നു. ആദ്യത്തേതിൽ ‘ഇ’യും രണ്ടാമത്തേതിൽ ‘തു’വുമാണു് പ്രത്യയമെന്നു വ്യക്തമാണല്ലൊ. വിദ്യാർത്ഥികൾക്കുള്ള ഈ വ്യാകരണത്തിൽ എല്ലാ നിയമങ്ങളും അവയ്ക്കുള്ള അപവാദങ്ങളും ഉത്സർഗ്ഗാപവാദവിധികളുടെ യുക്തികളും വിവരിക്കുന്നില്ല. ക്രിയകളുടെ കാലവും അതു ദ്യോതിപ്പിക്കുന്ന പ്രത്യയങ്ങളും ഗ്രഹിക്കുവാൻ ഇത്രമാത്രം മതി.

5. കാരിതം, അകാരിതം എന്നു കേവല ക്രിയകൾക്കു് രണ്ടു വിഭാഗമുണ്ടെന്നു പഠിച്ചിട്ടുണ്ടല്ലൊ. ധാതു കാരിതമാണെങ്കിൽ സ്വരാദിയായ പ്രത്യയം ചേർക്കുന്നതിനുമുമ്പു് ‘ക്ക്’ ഇടനിലയായിവരും. വർത്തമാനത്തേയും ഭാവിയേയും കുറിക്കുന്ന പ്രത്യയങ്ങൾ സ്വരാദികളാകയാൽ, ഈ വിധി ഈ സന്ദർഭത്തിൽ ഗ്രഹിച്ചിരിക്കണം.

ഉദാ:

വർത്തമാനം ഭാവി

കേൾ + ക്ക് + ഉന്നു = കേൾക്കുന്നു. കേൾ + ക്ക് + ഉം = കേൾക്കും

കിട + ക്ക് + ഉന്നു = കിടക്കുന്നു. കിട + ക്ക് + ഉം = കിടക്കും.

അകാരിതമാണെങ്കിൽ ഈ ഇടനില വേണ്ട.

ഉദാ:

അനങ് + ഉന്നു = അനങ്ങുന്നു. അനങ് + ഉം = അനങ്ങും.

കട + ഉന്നു = കടയുന്നു. കട + ഉം = കടയും.

6. ഭാവിയെക്കുറിക്കുന്ന മറ്റൊരു പ്രത്യയമാണു് ‘ഉ’. അവധാരണം മുതലായ അർത്ഥവിശേഷങ്ങൾകൂടി ഇതു സ്ഫുരിപ്പിക്കും. പ്രത്യയ സ്വരം ഹ്രസ്വമാണെങ്കിലും ദീർഗ്ഘിപ്പിച്ചാണു് ക്രിയകളിൽ ചേർക്കുന്നതു്.

ഉദാ:

ധർമ്മമേ ജയിക്കൂ. സത്യമേ നിലനിൽക്കൂ.

7. ഭാവ്യർത്ഥ വിവക്ഷ കൂടാതെ ശീലാദികൾ സൂചിപ്പിക്കുന്നതിനു ഭാവിരൂപം പ്രയോഗിക്കും.

ഉദാ:

കാലത്തു് ഉണരും; കാലും മുഖവും കഴുകും; ഈശ്വരനെ ധ്യാനിക്കും; ഇതെന്റെ പതിവാണു്.

അഭ്യാസം ൩൬
  1. ഭൂതകാലരൂപം എഴുതുക.
    • വിള്ളുന്നു, തള്ളുന്നു, കൊള്ളുന്നു.
    • അലറുന്നു, അലയുന്നു, വളരുന്നു, ചിതറുന്നു.
    • തോല്ക്കുന്നു, പാർക്കുന്നു, കേൾക്കുന്നു.
    • പോകുന്നു, ആകുന്നു, വേവുന്നു.
  2. വർത്തമാനകാലരൂപം എഴുതുക.
    • ഉടച്ചു, കടഞ്ഞു, ഉടഞ്ഞു, ചടച്ചു.
    • വന്നു, തിന്നു, നിന്നു, കൊന്നു.
    • ആടി, ആട്ടി, പാടിച്ചു, പാടി.
  3. ഉം, ഉ, ഈ രണ്ടു ഭാവി പ്രത്യയങ്ങളുടെ അർത്ഥത്തിലുള്ള അന്തരം സോദാഹരണം വ്യക്തമാക്കുക.
  4. ഭാവ്യർത്ഥവിവക്ഷകൂടാതെ ‘ഉം’ പ്രത്യയം പ്രയോഗിക്കുന്നതെന്തിനുവേണ്ടി? വിവരിച്ചു ഉദാഹരിക്കുക.
പ്രകാരം

1. ആഭിലാഷികം എന്ന വിഭാഗത്തിൽപെട്ട വാക്യങ്ങളെപ്പറ്റി വിവരിച്ചപ്പോൾ, ക്രിയകൾ അർത്ഥം കുറിക്കുന്ന രീതിയിലുള്ള അന്തരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടു്. നിർദ്ദേശകം, നിയോജകം, വിധായകം, അനുജ്ഞായകം, ആശംസകം, ഈ പ്രകാരങ്ങളാണു്, ആ അർത്ഥഭേദംകൊണ്ടു ജനിക്കുന്നതു്. ഇവയെക്കുറിച്ചു കുറച്ചുകൂടി വിശദമായി ഇവിടെ വിവരിക്കാം.

  1. നിർദ്ദേശകം—ധാത്വർത്ഥത്തെ മാത്രം കുറിക്കുന്നതാണു് നിർദ്ദേശകപ്രകാരം. പ്രാർത്ഥന, നിയോഗം മുതലായ അർത്ഥവിശേഷങ്ങൾ ഇതിൽ കലർന്നിരിക്കയില്ല. ഉദാ:കാവ്യം ആലോചനാമൃതം ആകുന്നു. ഗാനം ആപാതമധുരം ആണു്. വിശേഷബുദ്ധിയും സംഭാഷണശക്തിയും മനുഷ്യനേ ഉള്ളൂ; ജന്തുക്കൾക്കും പക്ഷികൾക്കും ഇല്ല.
  2. നിയോജകം—ധാതുവിന്റെ അർത്ഥത്തോടുകൂടി നിയോഗം കലർത്തുന്നതാണു്, നിയോജകപ്രകാരം. ഉദാ:മദ്ധ്യമപുരുഷൻ നീ പോ. നിങ്ങൾ പോകു. നിങ്ങൾ പോകുവിൻ. ബഹുവചനത്തിൽ മാത്രം താങ്കൾ പോകു. പ്രഥമപുരുഷൻ അവൻ പോകട്ടെ. അവൾ പോകട്ടെ. സേനാപതി യുദ്ധം പ്രഖ്യാപിക്കട്ടെ. നിയോജകപ്രകാരത്തിൽ പ്രഥമപുരുഷനാണു് കർത്താവെങ്കിൽ ‘അട്ടെ’ എന്നാണു് ധാതുവിൽ ചേർക്കേണ്ട പ്രത്യയം. ‘രാമൻ പോവട്ടെ’ എന്ന രൂപം നോക്കുക. വക്താവു വക്താവിനെ തന്നെ നിയോഗിക്കാത്തതിനാൽ, ഉത്തമ പുരുഷനാണു് കർത്താവെങ്കിൽ ‘അട്ടെ’ എന്ന പ്രത്യയം അനുവാദം മാത്രമേ കുറിക്കുകയുള്ളൂ. ‘ഞാൻ പോകട്ടെ’, ‘ഞങ്ങൾ പോകട്ടെ’ ഇത്യാദി വാക്യങ്ങളുടെ അർത്ഥം ഗ്രഹിക്കുമ്പോൾ ഇതു വിശദമാകും. നിയോജകപ്രകാരത്തിൽ മദ്ധ്യമപുരുഷൈകവചനമാണു് കർത്താവെങ്കിൽ, ധാതു രൂപം, പ്രത്യയം കൂടാതെ പ്രയോഗിച്ചാൽ മതി. ‘നീ പോ’, ‘നീ വാ’ മുതലായവ ഉദാഹരണങ്ങൾ. ധാതുക്കൾ വ്യഞ്ജനാന്തങ്ങളാണെങ്കിൽ സംവൃതോകാരമോ വിവൃതോകാരമോ ചേർത്തും നിയോജകരൂപം നിർമ്മിക്കാം. നിൽക്കു്, നിൽക്കൂ; കേൾ, കേളു്, കേൾക്കു്, കേൾക്കൂ, ഇത്യാദ്യുദാഹരണങ്ങൾ നോക്കുക. നീ പോ, നിങ്ങൾ പോക, നിങ്ങൾ പോകുക, നിങ്ങൾ പോയാലും, ഈ നാലു വാക്യവും നിയോജകപ്രകാരമാണു്. ആദ്യത്തേതിൽ ആജ്ഞ അതിന്റെ കേവലരൂപത്തിൽ സ്ഫുരിക്കുന്നു. രണ്ടാമത്തേതിലും മൂന്നാമത്തേതിലും അല്പം സൗമ്യത കലർന്നിട്ടുണ്ടു്. ഒടുവിലത്തേതാകട്ടെ ആദരം കൂടി ദ്യോതിപ്പിക്കുന്നു. ‘നിയോജക’ പ്രകാരത്തിൽ കർത്താവു് ഏകവചനമോ പൂജകബഹുവചനമോ ആണെങ്കിലേ ആദരദ്യോതകമായ ‘ആലും’ എന്ന പ്രത്യയം വരികയുള്ളൂ. ഭൂതകാലരൂപത്തോടാണു് ഇതു ചേരുന്നതു്. വന്നാലും, കേട്ടാലും, മുതലായ രൂപങ്ങൾ ഉദാഹരണങ്ങൾ. നിയോജക മദ്ധ്യമപുരുഷനിൽ ബഹുവചനമാണു് കർത്തൃപദമെങ്കിൽ, ക്രിയാരൂപത്തിൽ ഇൻ പ്രത്യയം ചേർക്കണം. ഉദാ:പൗരപ്രമുഖന്മാരേ, നിങ്ങൾ തിരിച്ചുപോവിൻ! സമാധാനമായിരിക്കുവിൻ! നീതിയിൽ വിശ്വസിക്കുവിൻ! ആയുധം എടുപ്പിൻ, ശത്രുസൈന്യത്തെ തടുപ്പിൻ, വിരോധികളെ മുടിപ്പിൻ!
  3. വിധായകം—ശീലം, മുറ, ഉപദേശം മുതലായ അഭിപ്രായങ്ങളെ ധാത്വർത്ഥത്തിൽ കലർത്തുന്നതു വിധായകപ്രകാരം. ‘അണം’ എന്ന പ്രത്യയമാണു് വിധായകക്രിയയിൽ ചേരുന്നതു്. (‘വേണം’ എന്നതിന്റെ ലുപ്തരൂപമാണു് ഈ പ്രത്യയം. അതിനാൽ പദ്യത്തിൽ ‘പോകവേണം’ ‘നമിക്കവേണം’ ഇത്യാദി രൂപങ്ങൾ പ്രയോഗിക്കാറുണ്ടു്.) ഉദാ:- ഊണുകഴിഞ്ഞാൽ ഒന്നു മുറുക്കണം; കുറച്ചുറങ്ങണം. (ശീലം) സത്യം പറയണം, ധർമ്മം ആചരിക്കണം. (ഉപദേശം) നായകന്റെ ആജ്ഞ പടയാളി അനുസരിക്കണം. (മുറ)
  4. അനുജ്ഞായകം—ധാത്വർത്ഥത്തിൽ അനുവാദം കൂടി ചേർക്കുന്നതാണു് അനുജ്ഞായകപ്രകാരം. ‘ആം’ എന്നു പ്രത്യയം. ഉദാ:
    • നിങ്ങൾക്കു പോവാം, കളിക്കാം, കൂട്ടുകാരെ വിളിക്കാം.
    • അവർക്കു യഥേച്ഛം പ്രവർത്തിക്കാം.
    • ഞാൻ പറയാം, ഞങ്ങൾ വരാം, കാത്തിരിക്കാം.
  5. ആശംസകം—ധാത്വർത്ഥത്തിൽ പ്രാർത്ഥന മുതലായ അർത്ഥവിശേഷങ്ങൾ കലർന്നതാണു് ആശംസകപ്രകാരം. വിധായകപ്രകാരത്തിൽ ‘ഏ’ എന്ന പ്രത്യയം ചേർത്താൽ ആശംസകമാകും. ഉദാ:ധർമ്മം ജയിക്കേണമേ, എന്റെ രാജ്യം ഉണരണമേ, ദൈവമേ, നീ അനുഗ്രഹിക്കണമേ. വിധായകരൂപവും നിയോജകരൂപവും അങ്ങനെ തന്നെ ആശംസാർത്ഥത്തിൽ പ്രയോഗിക്കും. വക്താവിന്റെ വിവക്ഷയനുസരിച്ചാണു് ആ മാതിരി ക്രിയകളുടെ പ്രകാരം നിർണ്ണയിക്കേണ്ടതു്. ഉദാ:‘ഭഗവാൻ പാലിക്കണം നിങ്ങളെ’. ‘ഉലകിനുടെപുരാൻ നിങ്ങളെക്കാത്തിടട്ടെ’. ചിഹ്നനം—ആശംസകപ്രകാരത്തിലുള്ള വാക്യങ്ങളുടെ അവസാനത്തിൽ ‘വിക്ഷേപണി’ എന്ന ചിഹ്നം ചേർക്കുന്നതു യുക്തമാകുന്നു. ഉദാ:
    • ഭഗവാൻ പാലിക്കണം നിങ്ങളെ!
    • പുരാൻ നിങ്ങളെക്കാത്തിടട്ടെ!
    • പാലിക്കണേ ഞങ്ങളെ ലോകനായകൻ
    • വരേണമേ നന്മ നമുക്കു മേന്മേൽ!
അഭ്യാസം ൩൭
  1. പ്രകാരം എന്നാലെന്തു്? അതു് എത്രവിധം?
  2. ‘അട്ടെ’ എന്ന പ്രത്യയം ഏതു ‘പ്രകാര’ത്തിൽ ഏതു ‘പുരുഷ’നിൽ ധാതുവോടു ചേർക്കണം? ഉദാഹരണപൂർവ്വം വിവരിക്കുക.
  3. അനുജ്ഞായകപ്രത്യയം എന്തു്? ഈ പ്രത്യയം ചേർന്ന നാലു ക്രിയാരൂപങ്ങൾ എഴുതുക.
  4. ‘ആലും’ എന്ന പ്രത്യയത്തിന്റെ അർത്ഥത്തിലും പ്രയോഗത്തിലുമുള്ള വിശേഷം സോദാഹരണം തെളിയിക്കുക.
  5. ആശംസകപ്രകാരത്തിലുള്ള വാക്യത്തിന്റെ അവസാനത്തിൽ മാത്രം വിക്ഷേപണിചിഹ്നം ചേർക്കുക.
    • മനുഷ്യൻ പ്രയത്നിക്കണം.
    • ദൈവം നമ്മെ രക്ഷിക്കണം.
    • ഭഗവാൻ അനുഗ്രഹിക്കട്ടെ.
    • രാമൻ പോവട്ടെ.
    • അനുഗ്രഹിച്ചാലും ദയാലോ ഞങ്ങളെ.
പ്രയോഗം

1. കർത്താവിൽ നേരിട്ടന്വയിക്കുന്നതു്, കർമ്മത്തിൽ നേരിട്ടന്വയിക്കുന്നതു്, ഇങ്ങനെ ക്രിയകളെ രണ്ടായി തിരിക്കാം. ആദ്യത്തെ രീതിയിൽ വാക്യം രചിക്കുമ്പോൾ കർത്താവായിരിക്കും ആഖ്യ. രണ്ടാമത്തെ രീതിയിലാണെങ്കിൽ ആഖ്യ, കർമ്മം. ആഖ്യ കർത്താവാണെങ്കിൽ ക്രിയ കർത്തരി പ്രയോഗമാവണം. ആഖ്യ കർമ്മമാണെങ്കിൽ ക്രിയകർമ്മണ പ്രയോഗമാക്കണം.

മലയാളത്തിലും മറ്റു ദ്രാവിഡഭാഷകളിലും കർത്തരി പ്രയോഗമാണു് സ്വാഭാവികമായിട്ടുള്ളതു്. കർമ്മണി പ്രയോഗം കൃത്രിമമാണെന്നുതന്നെ പറയാം. ഇംഗ്ലീഷ്, സംസ്കൃതം മുതലായ ഭാഷകളിൽ കർമ്മണിപ്രയോഗം സ്വാഭാവികവും സുലഭവുമാണു്. ആ ഭാഷകളെ അനുകരിച്ചു്, മലയാളത്തിലും സാഹിത്യ ഭാഷയിൽ ഇന്നു കർമ്മണി പ്രയോഗത്തിനു പ്രചുരപ്രചാരം സിദ്ധിച്ചിട്ടുണ്ടു്.

2. രണ്ടു പ്രയോഗങ്ങളുടേയും രീതി ഉദാഹരണങ്ങളാൽ വ്യക്തമാക്കാം.

‘വേടൻ പക്ഷിയെ കൊന്നു’—ഈ വാക്യത്തിൽ ആരു കൊന്നു എന്ന ജിജ്ഞാസയ്ക്കു സമാധാനം നൽകുന്നതു് ആ പ്രവൃത്തി ചെയ്യുന്ന ‘വേടൻ’ ആണല്ലൊ. അതു കർത്തൃപദമാവുകുന്നു. അതിനാൽ കർത്തരിപ്രയോഗത്തിനു് ഉദാഹരണമാണിതു്. ക്രിയാധാതുവിന്റെ രൂപത്തിൽ പ്രയോഗവിശേഷം കുറിക്കുന്ന പ്രത്യയമൊന്നും കർത്തരിപ്രയോഗത്തിൽ വരുന്നില്ല. ഈ വാക്യം തന്നെ കർമ്മപ്രധാനമാക്കി മാറ്റാം. ‘പക്ഷി വേടനാൽ കൊല്ലപ്പെട്ടു’—എന്തു കൊല്ലപ്പെട്ടു എന്ന ആകാംക്ഷയ്ക്കു പൂർത്തിവരുത്തുന്നതു ആ ക്രിയയുടെ ഫലമനുഭവിക്കുന്ന ‘പക്ഷി’യാണു്. അതു കർമ്മപദവുമാണല്ലൊ. കർമ്മമാണു് ആഖ്യയെന്നും അതാണു മുഖ്യമെന്നും സൂചിപ്പിക്കുവാനാണു്, പക്ഷി എന്നു നിർദ്ദേശികാരൂപത്തിൽ പദം പ്രയോഗിച്ചിരിക്കുന്നതു്. കർത്താവു് ക്രിയയുടെ ഉപകരണംപോലെ പ്രസ്തുത വാക്യത്തിൽ അപ്രധാനമായിപ്പോയിരിക്കുന്നു. അതിനാലാണു്, പ്രയോജികാപ്രത്യയം ചേർത്തിരിക്കുന്നതു്. ക്രിയാരൂപത്തിലും അന്തരം കാണാം. ‘കൊൽ + അ + പെട് + ഉന്നു’, എന്നു വേർതിരിച്ചു പരിശോധിക്കുക. ആദ്യത്തേതു ധാതുരൂപമാണു്. ‘അ’ കർമ്മണിപ്രയോഗത്തിന്റെ പ്രത്യയം ചേർക്കാൻ സൗകര്യത്തിനുവേണ്ടി ധാതുരൂപത്തിൽ ചേർത്തിരിക്കുന്ന ഇടനിലമാത്രമാകുന്നു. ‘പെട്’, ആണു്, കർമ്മണിപ്രയോഗസൂചകമായ പ്രത്യയം. അതിനുശേഷം കാലപ്രത്യയം ചേർത്തിരിക്കുന്നു. എല്ലാ കർമ്മണിപ്രയോഗക്രിയകളും ഈ വിധത്തിലാണു് നിഷ്പാദിപ്പിക്കുന്നതു്. കൊല്ലപ്പെടും, കൊല്ലപ്പെടുന്നു, കൊല്ലപ്പെട്ടു, കൊല്ലപ്പെടട്ടെ, കൊല്ലപ്പെടണം മുതലായ രൂപങ്ങൾ മാതൃകയായി ഓർമ്മിച്ചിരിക്കുന്നതു് വിദ്യാർത്ഥികൾക്കു് സഹായമായിത്തീരും.

വേറെ ഉദാഹരണം:—

കർത്തരിപ്രയോഗം കർമ്മണിപ്രയോഗം

1. വാനരപ്പട സമുദ്രം കടന്നു. സമുദ്രം വാനരപ്പടയാൽ

കടക്കപ്പെട്ടു.

2. മനുഷ്യൻ സംസ്കാരം നേടണം. സംസ്കാരം മനുഷ്യനാൽ

നേടപ്പെടണം.

3. കർഷകൻ ധാന്യം വിതയ്ക്കുന്നു. ധാന്യം കർഷകനാൽ

വിതയ്ക്കപ്പെടുന്നു.

4.ഗാന്ധിജി സത്യഗ്രഹം സത്യഗ്രഹം ഗാന്ധിജിയാൽ

ശക്തിമത്തായ ഒരായുധമാക്കി.ശക്തിമത്തായ ഒരായുധം

ആക്കപ്പെട്ടു.

3. കർമ്മണിപ്രയോഗം ഭാഷയിൽ കൃത്രിമമാണെന്നു പറഞ്ഞുവല്ലൊ. സംസ്കൃതത്തിൽ നിന്നു സ്വീകരിച്ച ക്രിയാപദങ്ങൾ കർമ്മപ്രധാനങ്ങളാക്കിയാൽ അഭംഗി തോന്നുകയില്ല. ‘പാട്ടു പാടപ്പെട്ടു’, ‘കത്തു് എഴുതപ്പെട്ടു’ എന്നൊക്കെ പറയുന്നതും എഴുതുന്നതും അസുന്ദരമാകുന്നു. ‘ഗാനം ആലപിക്കപ്പെട്ടു’, ‘ലേഖനം രചിക്കപ്പെട്ടു’, എന്നൊക്കെയായാൽ അത്ര അഭംഗി തോന്നുകയില്ല. കർമ്മണിപ്രയോഗ വാക്യങ്ങൾ വളരെ കരുതലോടുകൂടി മാത്രമേ വിദ്യാർത്ഥികൾ ഉപന്യാസങ്ങളിൽ കലർത്താവൂ.

4. കർത്തൃപ്രധാനങ്ങളും കർമ്മപ്രധാനങ്ങളുമായ പ്രയോഗങ്ങളെപ്പറ്റി വിവരിച്ചു കഴിഞ്ഞു. ‘എനിക്കു വായിക്കണം’, ‘എനിക്കു കുറച്ചു നടക്കണം’, ഇത്യാദി വാക്യങ്ങളിൽ ആഖ്യാപദം ഉദ്ദേശികാവിഭക്തിയാണു്. അതിനു പ്രാധാന്യമില്ലെന്നു് അതുകൊണ്ടുതന്നെ സ്പഷ്ടമാകുന്നു. ‘ഉറങ്ങുക വേണം’, ‘നടക്കുക വേണം’, എന്നാണല്ലൊ ആഖ്യാതത്തിന്റെ അർത്ഥം. ഉറങ്ങുക എന്ന കർത്തൃപദത്തെ ‘ഉറങ്ങണം’ എന്ന ക്രിയ നിഗീരണം ചെയ്തിരിക്കുന്നു. ഈമാതിരിയുള്ള ക്രിയയ്ക്കു നിഗീർണ്ണകർത്തൃകം എന്നു വൈയാകരണന്മാർ സംജ്ഞ നൽകിയിരിക്കുന്നു. സംസ്കൃതത്തിലെ ‘ഭാവപ്രയോഗ’ത്തിനു തുല്യമാണു് ഭാഷയിലെ നിഗീർണ്ണ കർത്തൃകപ്രയോഗം.

വേറെ ഉദാഹരണം:

  1. നിങ്ങൾക്കു പോകാം.
  2. എനിക്കു വരാം.
  3. എനിക്കു പ്രഭാതത്തിൽ ഉണരണം, കുറെ നേരം വായിക്കണം, എന്നിട്ടൊന്നു കുളിക്കണം.
അഭ്യാസം ൩൮
    • കർമ്മപ്രധാനമായ ക്രിയയാക്കുക:- 1. വന്ദിക്കുന്നു. ശ്ലാഘിക്കുന്നു. സ്തുതിക്കുന്നു. 2. വർണ്ണിച്ചു. വധിച്ചു. നിന്ദിച്ചു. 3. പ്രശംസിക്കും. സംഹരിക്കും. ക്ഷണിക്കും. 4. വാഴ്ത്തുവാൻ. കാണട്ടെ. കൊന്നിട്ടു്. പറഞ്ഞു്, കേൾക്കുമോ. വന്ദിച്ച.
    • കർത്തൃപ്രധാനമായ ക്രിയയാക്കുക:
      • രചിക്കപ്പെട്ടു, ഉപസംഹരിക്കപ്പെട്ടു, ആലപിക്കപ്പെട്ടു.
      • എതിർക്കപ്പെടുന്നു, രക്ഷിക്കപ്പെടുന്നു, ലാളിക്കപ്പെടുന്നു.
      • പാലിക്കപ്പെടും, പോഷിപ്പിക്കപ്പെടും, നടത്തപ്പെടും.
      • നിഹനിക്കപ്പെടാൻ, ആക്ഷേപിക്കപ്പെടുമോ, വണങ്ങപ്പെടട്ടെ, പറയപ്പെട്ടിട്ടു്.
    • കർത്തരിപ്രയോഗമാക്കുക:
      • രാമായണം വാല്മീകിയാലും ശാകുന്തളം കാളിദാസനാലും രചിക്കപ്പെട്ടു.
      • കിരാതൻ മഹർഷിയാൽ ശപിക്കപ്പെട്ടു.
      • ആകർഷണസിദ്ധാന്തം ന്യൂട്ടനാൽ കണ്ടുപിടിക്കപ്പെട്ടതാണു്.
      • സംപേക്ഷതാവാദം ഏതു ശാസ്ത്രജ്ഞനാൽ ആവിഷ്ക്കരിക്കപ്പെട്ടു?
    • കർമ്മണിപ്രയോഗമാക്കുക:
      • ഭരതൻ നാട്യശാസ്ത്രം നിർമ്മിച്ചു.
      • ഞങ്ങൾ പ്രജാധിപത്യം രക്ഷിക്കും.
      • ഏകാധിപത്യം ഞങ്ങൾ സ്വീകരിക്കയില്ല.
      • ജനങ്ങൾ പിറന്ന നാടിനെ സ്നേഹിക്കട്ടെ.
  1. കർമ്മണിപ്രയോഗം, കർത്തരിപ്രയോഗം, നിഗീർണ്ണകർത്തൃകപ്രയോഗം, ഇവയുടെ സ്വഭാവം സോദാഹരണം വിവരിക്കുക.
അനുപ്രയോഗം

1. ‘നീ ആ രഹസ്യം പറഞ്ഞുവോ?’ ‘പറഞ്ഞു പോയീ.’ ആദ്യവാക്യം ചോദ്യരൂപമാണു്. ദ്വിതീയവാക്യം അതിന്റെ സമാധാനമാകുന്നു. ‘ഞാൻ ഓർക്കാതെ പറഞ്ഞു; വ്യസനമുണ്ടു്’ എന്നാണല്ലൊ രണ്ടാമത്തെ വാക്യത്തിനർത്ഥം. പറയുക എന്ന പ്രവൃത്തിയിൽ ഈ അഭിപ്രായവിശേഷം സ്ഫുരിക്കാൻ ‘പോ’ എന്ന ധാതുവിന്റെ ഭൂതകാലരൂപം ചേർത്തിരിക്കയാണു്. ഇങ്ങനെ ധാതുവിന്റെ അർത്ഥത്തെ പരിഷ്കരിക്കുന്നതിനും മറ്റും വേണ്ടി അതിനു പരമായി പ്രയോഗിക്കുന്ന ധാതുവാണു് അനുപ്രയോഗം. ഏതു ധാതുവിനെ സഹായിക്കാൻ അനുപ്രയോഗം ചേർക്കുന്നുവോ വി, പ്ര, സം, ഈ ഉപസർഗ്ഗങ്ങൾ ഹരിക്കുക എന്ന ഒരേ ധാതുവിനു് എത്ര വിഭിന്നങ്ങളായ അർത്ഥങ്ങൾ ഉളവാക്കുന്നു! ഭാഷയിലെ ഭേദകാനുപ്രയോഗങ്ങൾക്കു് ഇങ്ങനെ ധാത്വർത്ഥത്തെ തീരെ മാറ്റുവാൻ ശക്തിയില്ല. ചില അർത്ഥവിശേഷങ്ങൾ കലർത്തി പരിഷ്ക്കരിക്കാനേ അവയ്ക്കു കഴിയുകയുള്ളൂ.

2. ഏതാനും അനുപ്രയോഗങ്ങളും അവ പ്രാക് പ്രയോഗത്തിൽ കലർത്തുന്ന ചില അർത്ഥവിശേഷങ്ങളും ആണു് അടിയിൽ കൊടുത്തിരിക്കുന്നതു്.

അനുപ്രയോഗം
  1. അരുൾ നാടുവാണരുളുന്ന രാജാവു്. (വാഴുക എന്ന ക്രിയയിൽ ബഹുമാനാദരങ്ങൾ കൂടി സ്ഫുരിപ്പിക്കുന്നു.)
  2. കളയ് കൊന്നുകളഞ്ഞു, പറഞ്ഞുകളഞ്ഞു, വിട്ടുകളഞ്ഞു, പൊയ്ക്കളഞ്ഞു. (സാഹസം, ലാഘവം, അനാസ്ഥ മുതലായ അർത്ഥങ്ങൾ സന്ദർഭാനുസാരം സ്ഫുരിപ്പിക്കും ഈ അനുപ്രയോഗധാതു.)
  3. പോര്, വര് യാഗം നടത്തിവന്നു. കരം കൊടുത്തുപോന്നു. (പതിവു്, ശീലം, ഇത്യാദ്യർത്ഥവിശേഷം കുറിക്കുന്നു.)
  4. കൂട് (ആശ്വാസം, കഴിവു്, സമ്മതി മുതലായ അർത്ഥങ്ങൾ ദ്യോതിപ്പിക്കുന്നു.)
    • ഒരു വിധത്തിലെല്ലാം കഴിഞ്ഞുകൂടി.
    • തേടിക്കയർത്തു പടയിൽ പലർ കൂടി വന്നാൽക്കൂടി ക്കരുത്തുടയ കൈയിതു കൂസുകില്ല.
  5. പോൽ, പോലും (അത്ഭുതം, സന്ദേഹം, നിന്ദ, മുതലായ ഭാവങ്ങൾ പ്രാക്പ്രയോഗ ധാതുവിൽ കലർത്തുന്നു.)
    • സത്യത്തിനുവേണ്ടി രാജ്യം ഉപേക്ഷിച്ചുപോൽ.
    • എന്റെ വാക്കു കേട്ടു് അവൻ കയർത്തുപോലും.
    • രാവണന്റെ അപരാധം രാമൻ ക്ഷമിക്കും പോലും.
    • വാല്മീകി ഒരു കിരാതനായിരുന്നുപോൽ.

പറഞ്ഞു തരിക, പറഞ്ഞുകൊടുക്കുക, കൊടുത്തുവിടുക, തിന്നുകഴിയുക മുതലായ ക്രിയാരൂപങ്ങളിൽ പ്രാക്പ്രയോഗത്തിന്റെ അർത്ഥത്തിൽ അനുപ്രയോഗം വരുത്തുന്ന ഈഷദ് ഭേദങ്ങൾ വ്യക്തമാണല്ലൊ.

6. പ്രാക്പ്രയോഗത്തിനു പിൻപു തൊട്ടു് അനുപ്രയോഗം ചെയ്യുകയാണു സാമാന്യവിധി. മുകളിലുദ്ധരിച്ച ദൃഷ്ടാന്തങ്ങളെല്ലാം ഈ നിയമം അനുസരിക്കുന്നുണ്ടു്. എന്നാൽ പദ്യത്തിലും സംഭാഷണശൈലിയിലും അനുപ്രയോഗം പിരിച്ചു് ‘ഒന്നുണ്ടു ചെയ്യേണ്ടു നിങ്ങളെന്മക്കളേ’, ‘അവനുണ്ടോ എന്നെങ്കിലും സത്യം പറഞ്ഞിട്ടു്’ എന്നൊക്കെ പ്രയോഗിക്കാറുണ്ടു്.

അഭ്യാസം ൩൯
    • പ്രാക്പ്രയോഗം, അനുപ്രയോഗം, ഇവ സോദാഹരണം വിവരിക്കുക:-
    • പ്രാക്പ്രയോഗങ്ങളും അനുപ്രയോഗങ്ങളും തിരിച്ചെഴുതുക:
      • ആപത്തു വന്നു പോയി.
      • ചികിത്സകൾ ചെയ്തുപോന്നു.
      • ഉത്സവം നടത്തിക്കൊള്ളണം.
      • കുറ്റം പറഞ്ഞുകൊള്ളണം.
      • ഉപക്ഷേപം സംസാരിച്ചു തീർത്തു.
      • ഞാൻ അതു പറയാൻ വിട്ടുപോയി.
  1. അനുപ്രയോഗം എത്രവിധം? ഏതെല്ലാം? ഓരോന്നിനും ഉദാഹരണം എഴുതണം?
  2. അർത്ഥഭേദം വിശദമാക്കുക:
    • ഇന്നുതന്നെ പോവു; ഇന്നുതന്നെ പൊയ്ക്കൊള്ളു; ഇന്നുതന്നെ പൊയ്ക്കളയുമോ?
    • ഞാൻ വായിച്ചു; ഞാൻ വായിച്ചിട്ടുണ്ടു്; ഞാൻ സ്നേഹിക്കുന്നു; ഞാൻ സ്നേഹിക്കുന്നുണ്ടു്.
    • രാഘവൻ വരും; രാഘവൻ വരുമായിരിക്കും; രാഘവൻ വരുമായിരുന്നു.
  3. കൊൾ, അരുൾ, പോൽ, പോലും, അത്രെ, പോ, വര്, ഇരി, ഈ അനുപ്രയോഗങ്ങൾ ചേർത്തു് ഓരോ വാക്യം എഴുതുക: പ്രാക്പ്രയാഗത്തിന്റെ അർത്ഥം എങ്ങനെ ഇവ ഭേദിപ്പിക്കുന്നു എന്നു വിശദമാക്കുക.
  4. പ്രാക്പ്രയോഗത്തിനു തൊട്ടടുത്തു് അനുപ്രയോഗം എന്ന നിയമം സാർവ്വത്രികമല്ലെന്നു സോദാഹരണം തെളിയിക്കുക.
  5. (1) പറയാം, പറഞ്ഞുകൊടുക്കാം; (2) ചെയ്യാം, ചെയ്തുകൊള്ളാം; (3) കളഞ്ഞു, കളഞ്ഞുപോയി; (4) ഉപേക്ഷിച്ചു, ഉപേക്ഷിച്ചുകളഞ്ഞു; ഈ ഓരോ വകുപ്പിലും പെട്ട ക്രിയാപദങ്ങളുടെ അർത്ഥത്തിലുള്ള അന്തരം വിശദമാക്കുക.
നിഷേധം

1. അപ്രധാനങ്ങളോ പ്രധാനങ്ങളോ ആയ ക്രിയാപദങ്ങൾ അനുവാദരൂപത്തിലോ നിഷേധ രൂപത്തിലോ വരാം. ‘സൂര്യൻ സ്വയം പ്രകാശിക്കുന്ന ഗോളമാകുന്നു; ചന്ദ്രൻ അങ്ങനെയുള്ള ഒന്നല്ല’, എന്നീ വാക്യങ്ങളിലെ ആഖ്യാതങ്ങൾ നോക്കുക. ‘ആകുന്നു’, അനുവാദരൂപമാണു്. ‘അല്ല’, നിഷേധരൂപവും.

വേറെ ഉദാഹരണം:

  1. മനുഷ്യനു വിശേഷബുദ്ധിയുണ്ടു്. (അനുവാദം) ജന്തുക്കൾക്കു വിശേഷബുദ്ധിയില്ല. (നിഷേധം)
  2. സാഹിത്യം പ്രചാരണപരമാവണം സാഹിത്യം പ്രചാരണപരമാവരുതു്.
അല്ല, ഇല്ല, അരുതു്, ഈ ശബ്ദങ്ങൾ യഥാക്രമം, ആകുന്നു, ഉണ്ടു്, ആവാം, ഈ ക്രിയകളുടെ നിഷേധരൂപങ്ങളാകുന്നു. ഇവയെ അനുപ്രയോഗങ്ങളാക്കിയാൽ പ്രാക് പ്രയോഗങ്ങളായിവരുന്ന മറ്റു ക്രിയകളും നിഷേധാർത്ഥകങ്ങളായിത്തീരും. ‘ഒല്ല’ എന്ന ശബ്ദവും നിഷേധാർത്ഥകമായ അനുപ്രയോഗം തന്നെ. ‘പലരോടും നിനയാതെയൊരു കാര്യം തുടങ്ങൊല്ല, പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ല’ മുതലായ വാക്യങ്ങൾ നോക്കുക. മറ്റു നിഷേധാനുപ്രയോഗങ്ങൾ ചേർക്കുന്ന രീതി അടിയിൽക്കാണുന്ന ഉദാഹരണങ്ങളിൽ നിന്നു ഗ്രഹിക്കണം.

അനുവാദം നിഷേധം

(1) ഞാൻ വായിക്കുകയാണു്. ഞാൻ വായിക്കുകയല്ല.

(2) ശാസ്ത്രം പ്രകൃതിയെക്കുറിച്ചുള്ള വിസ്മയം വർദ്ധിപ്പിക്കുന്നു. അന്ധവിശ്വാസം വർദ്ധിപ്പിക്കുന്നില്ല.

(3) ധർമ്മം ചെയ്യണം. അധർമ്മം ചെയ്യരുതു്.

(4) സത്യം പറയാം, പ്രിയം പറയാം. അസത്യം പറയരുതു്, അപ്രിയം പറയരുതു്.

2. നിഷേധാർത്ഥം കുറിക്കാവാൻ അനുപ്രയോഗങ്ങൾക്കുപുറമെ, ‘ആ’ എന്നൊരു പ്രത്യയം കൂടി ഉണ്ടു്. ഇതു ധാതുവിനോടുകൂടിയാണു്, ക്രിയാപദത്തോടുകൂടിയല്ല, ചേരുന്നതു്. ‘വര്’ എന്ന ധാതുവിനോടു് ‘ആ’ എന്ന പ്രത്യയം ചേർന്നാൽ ‘വരാ’ എന്ന നിഷേധാർത്ഥകരൂപം സിദ്ധിക്കും. വേറെ ഉദാഹരണം:

ധാതു പ്രത്യയം നിഷേധരൂപം

പോര് ആ പോര് + ആ പോരാ

(പാപം ചെയ്തതുപോരും. അനുവാദം.

പുണ്യം ചെയ്തതുപോരാ. നിഷേധം.)

കൂട് ആ കൂടാ

ചെയ് ആ ചെയ്യാ

വേൺ ആ വേണ്ടാ

(സന്ധിയിൽവരുന്ന ദ്വിത്വം, ആഗമം, ആദേശം

മുതലായവ ഇവിടെ വിവരിക്കുന്നില്ല.)

പോ ആ പോകാ

പോരാ, കൂടാ, ചെയ്യാ, വേണ്ടാ മുതലായ ശബ്ദങ്ങളും നിഷേധാനുപ്രയോഗങ്ങളായിവരും.

ഉദാ:

അനുവാദം നിഷേധം

ചെയ്തുപോരുന്ന ചെയ്തുപോരാത്ത

നടന്നുവരുന്ന നടന്നുവരാത്ത

കേട്ടു കൂടുന്ന കേട്ടു കൂടാത്ത

ക്ലേശം വേണ്ടുന്ന ക്ലേശം വേണ്ടാത്ത

3. രണ്ടു നിഷേധങ്ങൾ ചേർന്നാൽ അനുവാദമാവും ക്രിയയുടെ അർത്ഥം—‘എനിക്കു കായിക വിനോദങ്ങളിൽ താല്പര്യമില്ലെന്നില്ല’ എന്ന വാക്യത്തിൽ ‘ഇല്ലെന്നില്ല’ എന്നതിനു് അർത്ഥം ‘ഉണ്ടു്’ എന്നാണു്. ‘അവൻ ബുദ്ധിമാനല്ലെന്നല്ല എന്റെ വിവക്ഷ’ എന്ന വാക്യത്തിനർത്ഥം ‘അവൻ ബുദ്ധിമാനാണെന്നാണു് ഞാൻ പറയാനാഗ്രഹിച്ചതു്’ എന്നാകുന്നു. ഇതുപോലെ മറ്റുദാഹരണങ്ങളും സ്വയം ഗ്രഹിക്കാമല്ലൊ.

അഭ്യാസം ൪ഠ
  1. അനുവാദരൂപമായ ക്രിയയെ നിഷേധരൂപമാക്കാനുള്ള രണ്ടു മാർഗ്ഗം വിവരിക്കുക. ഉദാഹരണങ്ങൾ കാണിക്കണം.
  2. ആകുന്നു, ഉണ്ടു്, ആം, ഇവയുടെ നിഷേധരൂപങ്ങൾ എഴുതുക.
  3. അല്ല, ഇല്ല, അരുതു്, കൂടാ, വഹിയാ, വേണ്ടാ ഇവ നിഷേധാനുപ്രയോഗങ്ങളായി വരുന്ന ഈരണ്ടു വാക്യമെഴുതുക.
  4. നിഷേധരൂപമെഴുതുക.
    • നടക്കുന്ന, കാണുന്ന, കേൾക്കുന്ന, വരുന്ന. (നടക്കാതിരിക്കുന്ന, കാണാതിരിക്കുന്ന, ഇത്യാദിരൂപങ്ങളാണു നിഷേധം കുറിക്കുന്നവ.)
    • നടന്ന, കണ്ട, കേട്ട, വന്ന (നടക്കാത്ത, കാണാത്ത, കേൾക്കാത്ത, വരാത്ത, ഇത്യാദിരൂപങ്ങൾ പരിചിതങ്ങളാണല്ലൊ.)
    • നടക്കും, കാണും, കേൾക്കും, വരും. (ഉം എന്ന പ്രത്യയം ലോപിപ്പിച്ചു് ആ എന്ന പ്രത്യയം ചേർത്തു് നിഷേധരൂപങ്ങൾ നിഷ്പാദിപ്പിക്കാം—നടക്കാ, കാണാ, കേൾക്കാ, വരാ, ഇത്യാദി. ഇല്ല എന്ന അനുപ്രയോഗം ചേർത്താലും മതി.)
പേരെച്ചം, വിനയെച്ചം

1. ക്രിയാവിഭാഗങ്ങളെ പ്രതിപാദിക്കുന്ന സന്ദർഭത്തിൽ മുറ്റുവിന, പറ്റുവിന, ഇവയെക്കുറിച്ചു പറഞ്ഞുവെച്ചിട്ടുണ്ടല്ലൊ. അർത്ഥപൂർത്തിക്കു് അന്യപദത്തെ ആശ്രയിക്കാത്ത പ്രധാനക്രിയ മുറ്റുവിന; അന്യപദത്തെ ആശ്രയിക്കുന്ന അപ്രധാനക്രിയ പറ്റുവിന. ‘ഇന്നലെ നിശ്ചയിച്ച കാര്യം താമസിക്കാതെ നടക്കും’, എന്ന വാക്യത്തിലെ പ്രധാനക്രിയ ഏതാണു്? ‘നടക്കും’, എന്ന ശബ്ദമല്ലേ? അതു പരപദത്തിന്റെ അംഗമല്ലല്ലൊ. ‘നിശ്ചയിച്ച’, ‘താമസിക്കാതെ’, ഈ ക്രിയകൾ സ്വതന്ത്രങ്ങളല്ല. ആദ്യത്തേതു, കാര്യം എന്ന നാമത്തേയും, രണ്ടാമത്തേതു നടക്കും എന്ന ക്രിയയേയും ആശ്രയിച്ചു നിൽക്കുന്നു. നാമത്തിന്റെ അംഗമായ അപ്രധാനക്രിയ വിനയെച്ചമാണെന്നും, രണ്ടും വിശേഷണമായി വരുമെന്നും, ഭേദകങ്ങളെ വിഭജിക്കുന്ന പ്രകരണത്തിൽ വിശദമാക്കിയിട്ടുള്ളതാണു്.

2. പേരെച്ചമുണ്ടാക്കാൻ ക്രിയാപദത്തോടുകൂടി ‘അട എന്ന പ്രത്യയം ചേർക്കുന്നു. ‘പാടുന്ന പക്ഷി’, ‘പാടിയ പക്ഷി’, ഈ രണ്ടു വിശേഷണവിശേഷ്യങ്ങളിലെ ‘പാടുന്ന’, ‘പാടിയ’, ഈ പേരെച്ചങ്ങൾ ‘പാടുന്നു’, ‘പാടി’, ഈ ക്രിയാരൂപങ്ങളോടു് ‘അ’ എന്ന പ്രത്യയം ചേർത്തതാണു് രചിച്ചിട്ടുള്ളതെന്നു സ്പഷ്ടമാണല്ലൊ.

വേറെ ഉദാഹരണം:

  1. ഒഴുകുന്ന നദി ഒഴുകിയ നദി
  2. കോർക്കുന്ന മാല കോർത്ത മാല

(ഉകാരാന്തമാണു് മുറ്റുവിനയെങ്കിൽ, അന്ത്യസ്വരം ലോപിച്ചുപോകും, ‘അ’ എന്ന പേരെച്ചപ്രത്യയം ചേർക്കുമ്പോൾ. ഇതു സന്ധികാര്യമാണു്.

ഉദാഹരണം:

നിന്നു + അ = നിന്നു് + അ = നിന്ന; ചെയ്തു + അ = ചെയ്തു് + അ= ചെയ്ത. ആയി, പോയി, ഈ പൂർണ്ണക്രിയകളുടെ അന്ത്യമായ ഇകാരവും പേരെച്ചപ്രത്യയം ചേരുമ്പോൾ ലുപ്തമാവും. ആയ, പോയ എന്നാണു് പേരെച്ചങ്ങൾ. പദ്യങ്ങളിൽ ആയിന, പോയിന എന്നു് ഇകാര ലോപം വരാതെ നകാരം ആഗമമായുള്ള രൂപങ്ങളും കാണാം.)

പേരെച്ചത്തിനു് അവാന്തരവിഭാഗങ്ങളില്ല. വിനയെച്ചങ്ങൾ, അവയ്ക്കും അംഗിയായ ക്രിയയ്ക്കും കാലത്തിലുള്ള അന്തരത്തെ ആസ്പദമാക്കി വിഭജിക്കപ്പെടേണ്ടിയിരിക്കുന്നു. ‘കളിച്ചുവന്നു’, ‘കളിക്കാൻ വന്നു’ ഈ ഉദാഹരണങ്ങളിലെ വിനയെച്ചത്തിനും വിനയ്ക്കും കാലത്തിലുള്ള ബന്ധം നോക്കുക. ‘കളിച്ചു’ എന്ന അംഗക്രിയ കുറിക്കുന്ന വ്യാപാരം ‘വന്നു’ എന്ന അംഗിക്രിയയ്ക്കു മുൻപാണു് നടക്കുന്നതു്. ‘വന്നു’ എന്ന അംഗിക്രിയയുടെ അർത്ഥമായ പ്രവൃത്തി നടന്നതിനുശേഷമാണു്, കളി എന്നു കാണിക്കാൻ ‘ആൻ’ എന്ന പ്രത്യയം വിനയെച്ചത്തിൽ ചേർത്തിരിക്കുന്നു. പൂർണ്ണക്രിയയ്ക്കു മുൻപാണു് അംഗക്രിയ കുറിക്കുന്ന പ്രവൃത്തി നടക്കുന്നതെങ്കിൽ, അതു മുൻവിനയെച്ചം; പിൻപാണെങ്കിൽ പിൻവിനയെച്ചം. ‘കളിച്ചുവന്നു’ എന്ന ആഖ്യാതത്തിലെ കളിച്ചു് മുൻവിനയെച്ചമാണു്. കളിക്കാൻ വന്നു എന്നതിലെ അംഗക്രിയ പിൻവിനയെച്ചമാകുന്നു.

വേറെ ഉദാഹരണം:

  1. ഞാൻ വരാൻ ആഗ്രഹിക്കുന്നു —പിൻവിനയെച്ചം. പടയാളികൾ പൊരുതാൻ ഒരുങ്ങി —പിൻവിനയെച്ചം.
  2. പുഴ നീന്തിക്കടന്നു് തോട്ടത്തിൽ ചെന്നു —മുൻവിനയെച്ചം. പുത്രൻ എഴുന്നേറ്റു് സ്വപിതാവിനെ വന്ദിച്ചു —മുൻവിനയെച്ചം.

3. ഭൂതകാലം കുറിക്കുന്ന മുറ്റുവിന ദുർബ്ബലമാക്കിയാണു് മുൻവിനയെച്ചമുണ്ടാകുന്നതു്. അന്ത്യോകാരം സംവൃതമാക്കുക, ഇകാരാന്തമാണു് ക്രിയയെങ്കിൽ പിന്നാലെ വരുന്ന ദൃഢാക്ഷരം ഇരട്ടിക്കുക, പരമായി വരുന്നതു ശിഥില വ്യഞ്ജനമണെങ്കിൽ ചേർത്തുച്ചരിക്കുക, ഇതെല്ലാമാണു് മുറ്റുവിനയുടെ ദുർബ്ബലീകരണത്തിനുള്ള മാർഗ്ഗം. പിൻവിനയെച്ചത്തിന്റെ രൂപം ലഭിക്കുവാൻ ധാതുവിനോടോ ഭാവി രൂപത്തോടോ ‘ആൻ’ എന്ന പ്രത്യയം ചേർത്താൽ മതി.

ഉദാഹരണം:

  1. മുൻവിനയെച്ചം ഗൃഹനായിക ഗൃഹം അടിച്ചുതളിച്ചു കുളിച്ചുവന്നു. (അടിച്ചു്, തളിച്ചു്, കുളിച്ചു്, ഈ മൂന്നു് അംഗക്രിയകളുടേയും വ്യാപാരം ‘വന്നു’വെന്ന ക്രിയയ്ക്കു മുൻപു നടക്കുന്നതാണു്.) കള്ളൻ ഓടിത്തളർന്നു. (‘ഓടി’ ഇകാരാന്തമാണു്, ഇവിടെ പൂർണ്ണക്രിയയല്ലെന്നു കാണിക്കാൻ, പരമായി വരുന്ന തകാരത്തിനു് ദ്വിത്വം വരുത്തിയിരിക്കുന്നു.)
  2. പിൻവിനയെച്ചം അറി + ആൻ = അറി + യ് + ആൻ = അറിയാൻ. പകര് + ആൻ = പകരാൻ. അറിയും + ആൻ = അറിയുവാൻ. പകരും + ആൻ = പകരുവാൻ

(പഠിക്കാൻ, പഠിപ്പാൻ, കേൾക്കാൻ, കേൾപ്പാൻ ഇത്യാദി പിൻവിനയെച്ചരൂപങ്ങളിൽ ‘ആൻ’ പ്രത്യയം തന്നെയാണു് ചേർത്തിരിക്കുന്നതു്.)

4. കാലം, പ്രകാരം, പുരുഷൻ ഈ ഉപാധികളൊന്നുമില്ലാതെ കേവലം വ്യാപാരത്തെക്കുറിക്കുന്ന അംഗക്രിയയാണു് നടുവിനയെച്ചം. ‘ചെയ്യവേണം’, ‘കാണത്തക്ക’, ‘പാടപ്പെട്ടു’, എന്നിങ്ങനെ അനുപ്രയോഗത്തോടു ചേർന്നു വരുന്ന പ്രാക് പ്രയോഗങ്ങളിലാണു് ആ രൂപം ശരിയായ നിലയിൽ കാണുന്നതു്. ‘ചെയ്യ’, ‘കാണ’, ‘പാട’, ഇവ ചെയ്, കാണ്, പാട്, ഈ ധാതുക്കളോടു, ‘അ’ എന്ന പ്രത്യയം ചേർന്നുണ്ടായ നടുവിനയെച്ചങ്ങളാകുന്നു. ‘ക’, ‘ഉക’, ഈ പ്രത്യയങ്ങൾ ചേർത്തും ഈ വിനയെച്ചം നിർമ്മിക്കാം. ചെയ്ത, ചെയ്യുക, കാൺക, കാണുക, പാടുക ഇത്യാദി രൂപങ്ങൾ ഉദാഹരണങ്ങളാകുന്നു.

വേറെ ഉദാഹരണം:

പെയ് + ക = പെയ്ക.

പെയ് + ഉക = പെയ്യുക.

ചേര് + ഉക = ചേരുക.

ഏല് + ഉക = ഏലുക.

എഴുത് + ഉക = എഴുതുക.

പറ + ക = പറക.

പറ + ഉക = പറയുക.

5. നടുവിനയെച്ചത്തിന്റെ പ്രയോഗം നമ്മുടെ ഭാഷയിൽ വളരെ കുറഞ്ഞുപോയിട്ടുണ്ടു്. ‘സത്യം പറയുക’, ‘ധർമ്മം ചെയ്യുക’ ഇത്യാദി വാക്യങ്ങളിൽ കാണുന്ന ചെയ്യുക, പറയുക ഈ ക്രിയകൾ നിയോജകപ്രകാരത്തിൽ പെടുന്നു; അവ സ്വതന്ത്രങ്ങളുമാണു്. അതിനാൽ വിനയെച്ചങ്ങളല്ല. ‘വെൽക’, ‘വാഴ്ക’ എന്നിങ്ങനെ ആശംസപ്രകാരത്തിലും സ്വതന്ത്രമായി നില്ക്കുന്നതുകാണാം. ക്രിയാനാമങ്ങളായിട്ടും ഇവ പ്രയോഗിക്കാറുണ്ടു്. ‘നിലം ഉഴുക ആഹ്ലാദകരമാണു്’, ‘അധർമ്മം ചെയ്യുക നിന്ദ്യമാകുന്നു’, ഈ വാക്യങ്ങളിൽ നാമമായിട്ടാണു്, ഉഴുക, ചെയ്യുക, ഈ പദങ്ങൾ പ്രയോഗിച്ചിരിക്കുന്നതു്. അതിനാൽ ധാതുക്കളോടു് ‘അ’ ചേർന്നുണ്ടാകുന്ന രൂപങ്ങൾ മാത്രമേ കേവലം നടുവിനയെച്ചമായി ഗണിക്കാവൂ.

6.

  1. ‘പകലിരവു പദകമലമകതളിരിൽ നണ്ണുകിൽ പങ്കജാക്ഷൻ കനിഞ്ഞെന്തു ചെയ്യാഞ്ഞതും?’ ഈ ഈരടിയിൽ കാണുന്ന ‘നണ്ണുകിൽ’ എന്ന ക്രിയാപദം അസ്വതന്ത്രമാണു്. ‘ചെയ്യാഞ്ഞതു്’ എന്ന മുറ്റുവിനയുടെ അംഗമാണല്ലൊ അതു്. ഇങ്ങനെ, ഒന്നു സംഭവിക്കുന്ന പക്ഷം അർത്ഥവിശേഷം കുറിക്കുന്ന അംഗക്രിയ പാക്ഷികവിനയെച്ചമാകുന്നു. ഇൽ, കിൽ, ഉകിൽ ഈ പ്രത്യയങ്ങളിൽ യഥായോഗം ചേർന്നാണു പാക്ഷികവിനയെച്ചമാകുന്നതു്. ‘ചെയ്യിൽ, ചെയ്തിൽ, ചെയ്യുകിൽ’ ഇവ മൂന്നും പാക്ഷികവിനയെച്ചങ്ങളാകുന്നു. വേറെ ഉദാഹരണം:- ധാതു കാൺ. കാൺ + ഇൽ = കാണിൽ കാൺ + കിൽ = കാൺകിൽ കാൺ + ഉകിൽ = കാണുകിൽ അറി + കിൽ = അറികിൽ അറി + ഉകിൽ = അറിയുകിൽ
  2. ധാതുക്കളോടു യഥായോഗം പ്രത്യയങ്ങൾ ചേർത്തു് പാക്ഷികരൂപമുണ്ടാക്കുന്ന രീതിയാണു് മുകളിൽ വിവരിച്ചതു്. ക്രിയാപദങ്ങളോടു ഭൂതകാലത്തിൽ ആൽ എന്ന പ്രത്യയം ചേർന്നാൽ പാക്ഷിക വിനയെച്ചമാകും. പറഞ്ഞാൽ, വിചാരിച്ചാൽ, ചെയ്താൽ മുതലായ ഉദാഹരണങ്ങൾ നോക്കുക. ആ, എൻ, ഈ ധാതുക്കളോടു ‘കിൽ’ എന്ന പ്രത്യയം ചേർന്നുണ്ടാകുന്ന പാക്ഷികരൂപം അനുപ്രയോഗമാക്കിച്ചേർത്താൽ ഭൂതഭാവിവർത്തമാനക്രിയകളെ സംഭാവനാർത്ഥം കുറിക്കുന്ന വിനയെച്ചമാക്കാം.
  1. വന്നു + ആകിൽ = വന്നാകിൽ വരുന്നു + ആകിൽ = വരുന്നാകിൽ വരും + ആകിൽ = വരുമാകിൽ
  2. വന്നു + എൻകിൽ = വന്നുവെങ്കിൽ, വന്നെങ്കിൽ വരുന്നു + എൻകിൽ = വരുന്നുവെങ്കിൽ, വരുന്നെങ്കിൽ വരും + എൻകിൽ = വരുമെങ്കിൽ

7.

‘ജേഷ്ഠനിരിക്കെക്കുരുവംശത്തിൽ

ശ്രേഷ്ഠൻ ഞാനെന്നവനുടെ ഭാവം.’

ഈ ഈരടിയിലെ ‘ഇരിക്കെ’ എന്ന അംഗക്രിയ ഒന്നു് ഒരുവിധത്തിൽ സ്ഥിതിചെയ്യുമ്പോൾ എന്ന അർത്ഥം കുറിക്കുന്നു. ഈ മാതിരി ക്രിയാവിശേഷണമായി വരുന്ന പറ്റുവിനയാണു് തൻവിനയെച്ചം. ധാതുക്കളോടു് ‘എ’ എന്നോ ‘അവെ’ എന്നോ ചേർത്താൽ തൻവിനയെച്ചമാവും.

ഉദാ:

ധാതു പ്രത്യയം രൂപം

കാൺ എ കാണെ, കാൺകെ

കാൺ അവെ കാണവെ

ചെയ് എ ചെയ്യെ, ചെയ്കെ

ചെയ് അവെ ചെയ്യവെ, ചെയ്കവെ;

(കേൾക്കെ, കേൾക്കവെ; വാഴ്കെ, വാഴ്കവെ; നിൽക്കെ, നിൽക്കവെ ഇത്യാദ്യുദാഹരണങ്ങൾ സ്വയം കണ്ടുപിടിക്കുക.)

8. ഇത്രയം വിവരിച്ചതിൽ നിന്നു മുൻവിനയെച്ചം, പിൻവിനയെച്ചം, നടുവിനയെച്ചം, പാക്ഷികവിനയെച്ചം, തൻവിനയെച്ചം എന്നു ക്രിയാവിശേഷങ്ങളായി വരാവുന്ന അംഗക്രിയകളെ വിഭജിക്കാമെന്നു പഠിച്ചു കഴിഞ്ഞു. ‘വരാതെ, കാണാതെ, പോകാതെ’ എന്നിങ്ങനെ നിഷേധാർത്ഥങ്ങളായ അംഗക്രിയകൾ മുറ്റുവിനകളിൽ അന്വയിക്കുന്നവയായിട്ടു കാണാം. ഇവയ്ക്കു മറവിനയെച്ചം എന്നു പേരുണ്ടു്. ‘കാണെ’ എന്ന തൻവിനയെച്ചത്തിന്റെ നിഷേധരൂപം മാത്രമാണു്, ‘കാണാതെ’ എന്ന പദം.

അഭ്യാസം ൪൧
  1. അന്തരം സോദാഹരണം വിവരിക്കുക:
    • മുൻവിനയെച്ചം, പിൻവിനയെച്ചം.
    • തൻവിനയെച്ചം, പാക്ഷികവിനയെച്ചം.
  2. താഴെ എഴുതുന്ന വാക്യങ്ങളിലെ വിനയെച്ചങ്ങൾ ഏതു ക്രിയാപദങ്ങളിൽ അന്വയിക്കുന്നു? ഏതു വിഭാഗത്തിൽ പെടുന്നു?
    • ഓടിച്ചാടിത്തകർത്തങ്ങനെ കളിതുടരും കണ്ണനാമുണ്ണികാണ്കെ പ്പേടിച്ചോടാൻ തുടങ്ങീ വനമഖിലമെരിക്കുന്ന തീ കണ്ട കൂട്ടർ.
    • ഓടാതേ നിന്നുകൊൾവിൻ ചപല കപികളേ, രാമനെ ക്ലേശമേതും കൂടാതമ്പെയ്തു വീഴിച്ചടരിൽ മദമൊടെ ത്തുന്ന ഞാൻ മേഘനാദൻ.
    • പോരാടുവാൻ ഒരുങ്ങാതെ അർജ്ജുനൻ വില്ലു വെച്ചു തേരിൽ ഇരിക്കെ, ഭഗവാൻ അദ്ദേഹത്തിന്റെ പൗരുഷം ഉത്തേജിപ്പിക്കുവാൻ തത്ത്വോപദേശം ചെയ്തു.
    • തന്നാകിലോ ഞാനതു കൊണ്ടുപോരാം
    • നാലുപേർ കേട്ടാൽ നിരക്കാത്ത വസ്തു വീ വാലുള്ള വാനരന്മാർക്കും ചിതംവരാ.
    • ശേഷനായെങ്കിൽ വർണ്ണിപ്പെൻ ശേഷിക്കാതെ ഭവദ്ഗുണം.
കേവലം, പ്രയോജകം

1. കർത്താവു സ്വേച്ഛയാൽ ചെയ്യുന്ന ക്രിയ കേവലം പരപ്രേരണയാൽ ചെയ്യുന്നതു പ്രയോജകം. ഈ വ്യത്യാസം ഇതിനു മുൻപുതന്നെ പഠിച്ചിട്ടുണ്ടു്. ‘കുട്ടി ഉറങ്ങുന്നു’, ‘അമ്മ കുട്ടിയെ ഉറക്കുന്നു’, ഈ വാക്യങ്ങളിലെ ക്രിയാപദങ്ങൾ യഥാക്രമം രണ്ടിനും ഉദാഹരണമാണല്ലൊ. ഇവിടെ ‘ഉറങ്’ എന്ന ധാതുവിലെ അന്ത്യവ്യഞ്ജനത്തിനു ഖരം ആദേശമായി വന്നിട്ടാണു് അതു പ്രയോജകമായതു്. ‘തിന്നുന്നു’ എന്നു കേവലരൂപം, ‘തീറ്റുന്നു’ എന്നു പ്രയോജകരൂപം. ഈ ഉദാഹരണത്തിലും ഖരാദേശംതന്നെ ചെയ്തിരിക്കുന്നു. ‘ആടുന്നു’, എന്ന ക്രിയ പ്രയോജകമാക്കാൻ ധാതുവിന്റെ അന്ത്യവ്യഞ്ജനമായ ടകാരം ഇരട്ടിക്കുകയാണു് ചെയ്യുന്നതു്. ‘ആട്ടുന്നു’ എന്നാണല്ലൊ അതിന്റെ പ്രയേജകരൂപം. ധാതുവ്യഞ്ജനാന്തവും കർത്താവു് അചേതനവും ആയിരുന്നാൽ, അഖാരിത ധാതുക്കളെ പ്രയോജകങ്ങളാക്കാനുള്ള സാമാന്യ നിയമമാണു് ഒടുവിൽ പറഞ്ഞതു്.

2. ജഡകർത്തൃകങ്ങളായ അകാരിതധാതുക്കളെ പ്രയോജകമാക്കാൻ അവയെ കാരിതമാക്കുക മാത്രം മതി എന്ന വിധി അനേകം ഉദാഹരണങ്ങളിൽ ശരിയാകുന്നു.

ഉദാ:

കേവലം, അകാരിതം പ്രയോജകം

ഉടയുന്നു ഉടയ്ക്കുന്നു

അരയുന്നു അരയ്ക്കുന്നു

ചതയുന്നു ചതയ്ക്കുന്നു

3. കർത്താവു ചേതനമാണെങ്കിൽ അകാരിതങ്ങളെ കാരിതങ്ങളാക്കുവാൻ ക്കു് എന്ന ഇടനില ചേർക്കുന്നതിനു മുൻപു്, ഇ എന്ന പ്രത്യയം വരും.

ഉദാ:

അകാരിതം പ്രയോജകം

പണിയുന്നു പണിയിക്കുന്നു

കൊല്ലുന്നു കൊല്ലിക്കുന്നു

കളയുന്നു കളയിക്കുന്നു

അണിയട്ടെ അണിയിക്കട്ടെ

4. ധാതു കാരിതമാണെങ്കിൽ പ്രയോജകചിഹ്നം ‘പ്പി’ എന്ന പ്രത്യയമാണു്.

ഉദാ:

വിളിക്കുന്നു വിളിപ്പിക്കുന്നു

കഴിക്കുന്നു കഴിപ്പിക്കുന്നു

എടുക്കട്ടെ എടുപ്പിക്കട്ടെ

തടുക്കും തടുപ്പിക്കും

5. ര്, ല്, ള്, ഴ് ഈ വ്യഞ്ജനങ്ങളിലവസാനിക്കുന്ന പല ധാതുക്കളിലും ‘ത്ത്’ പ്രയേജക ചിഹ്നമായി ചേർന്നു കാണുന്നു. ഇതിനു് ഒരു നിയമം കല്പിക്കുവാൻ വിഷമമാണു്. വിദ്യാർത്ഥികൾക്കു ദുർഗ്രഹമായിരിക്കും പ്രയേജകരൂപനിഷ്പത്തിയെക്കുറിച്ചുള്ള യുക്തിവിചാരവും മറ്റും. ‘ത്ത്’ എന്ന പ്രത്യയം ചേരുന്ന ചില രൂപങ്ങൾ ഉദാഹരണമായി താഴെകൊടുക്കുന്നു.

കേവലം പ്രയോജകം

പകര്—പകരുന്നു പകർത്തുന്നു

വീഴ്—വീഴുന്നു വീഴ്ത്തുന്നു

ചുഴല്—ചുഴലുന്നു ചുഴറ്റുന്നു (ആദേശം)

കേവലരൂപങ്ങളെ പ്രയോജകങ്ങളാക്കാൻ ഉള്ള മാർഗ്ഗങ്ങൾ സാമാന്യമായി ഗ്രഹിക്കുവാനേ ഈ വിവരണങ്ങളും ഉദാഹരണങ്ങളും സഹായമാവുകയുള്ളൂ. സാമാന്യവിധിയെ ലംഘിക്കുന്ന അനേകം രൂപങ്ങൾ ഈ വിഭാഗങ്ങളിലെല്ലാം തന്നെ ഉണ്ടു്. അവയെക്കുറിച്ചു് ഇവിടെ വിവരിക്കുന്നില്ല.

അഭ്യാസം ൪൨
  1. ആട്ടുന്നു, ആടിക്കുന്നു, മുട്ടുന്നു, മുടിക്കുന്നു;—ഇങ്ങനെ രണ്ടു് പ്രയോജക രൂപങ്ങളുടെ പ്രയോജനം എന്താണെന്നു് തെളിയിക്കുക. കാട്ടുന്നു, കാണിക്കുന്നു; ഇവയിൽ അങ്ങനെ വല്ല പ്രയോജനഭേദവും ഉണ്ടോ എന്നു പരിശോധിക്കുക.
  2. കാരിതക്രിയകളെ പ്രയോജകങ്ങളാക്കാനുള്ള മാർഗ്ഗമെന്തു്? സോദാഹരണം വിവരിക്കുക.
  3. പ്രയോജക രൂപമെഴുതുക:
    • നീറുന്നു, പാറുന്നു, കൂടുന്നു, ഏൽക്കുന്നു.
    • മുങ്ങുന്നു, തിന്നുന്നു, മിന്നുന്നു, എണ്ണുന്നു.
    • വിളയുന്നു, അറിയുന്നു, എഴുതുന്നു, ചിതറുന്നു.
    • കൊടുക്കുന്നു, പിടിക്കുന്നു, കളിക്കുന്നു, ചിരിക്കുന്നു.
    • അകലുന്നു, ഉയരുന്നു, വീഴുന്നു, വാഴുന്നു.

(പ്രയോജക ക്രിയകളിൽ പ്രേരിപ്പിക്കുന്ന ആൾ പ്രയോജക കർത്താവും പ്രേരിതനായ ആൾ പ്രയോജ്യകർത്താവുമാകുന്നു. ‘അമ്മ മകനെ ഉറക്കുന്നു’, എന്ന വാക്യത്തിൽ ഉറങ്ങാൻ പ്രേരിപ്പിക്കുന്ന അമ്മ പ്രയോജക കർത്താവു്; പ്രേരണാധീനനായി ഉറങ്ങുന്ന മകൻ പ്രയോജ്യകർത്താവു്. വാസ്തവത്തിൽ പ്രയോജ്യകർത്താവു ഉറക്കുക എന്ന ക്രിയയുടെ കർമ്മമാണെന്നു പറഞ്ഞാലും തെറ്റില്ല.)

തദ്ധിതം

1. മുനിയുടെ ഭാവം എന്നർത്ഥത്തിൽ ‘മൗനം’, സുവർണ്ണത്തിന്റെ വികാരം എന്നർത്ഥത്തിൽ ‘സൗവർണ്ണം’, എന്നൊക്കെ പ്രയോഗിക്കാറുണ്ടല്ലൊ. ‘മുനി’, ‘സുവർണ്ണം’, ഈ നാമങ്ങളിൽ നിന്നാണു് ‘മൗനം’, ‘സൗവർണ്ണം’, ഈ ശബ്ദങ്ങൾ വ്യുൽപാദിപ്പിച്ചിട്ടുള്ളതു്. ഇതുപോലെ ഭേദകങ്ങളിൽ നിന്നും പദങ്ങൾ നിർമ്മിക്കാം. ‘സമർത്ഥ’ ശബ്ദത്തിൽ നിന്നു ‘സാമർത്ഥ്യം’ എന്ന നാമം ഉളവാകുന്നതു നോക്കുക. നൈപുണ്യം, വൈശദ്യം, സൗന്ദര്യം, സൗഹൃദം, ഈ നാമങ്ങൾ, നിപുണം, വിശദം, സുന്ദരം, സുഹൃത്തു്, ഈ വിശേഷണപദങ്ങളിൽ നിന്നു നിർമ്മിച്ചവയാകുന്നു. നാമങ്ങളിൽനിന്നും ഭേദകങ്ങളിൽ നിന്നും ഓരോ അർത്ഥത്തിൽ ഇങ്ങനെ വ്യുൽപ്പാദിപ്പിക്കുന്ന പദങ്ങളാണു് തദ്ധിതങ്ങൾ. സംസ്കൃതഭാഷയിൽ തദ്ധിതപദങ്ങളും തദ്ധിതപ്രത്യയങ്ങളും ഒട്ടേറെയുണ്ടു്. സംസ്കൃതതദ്ധിതപദങ്ങൾ മലയാളത്തിൽ ധാരാളം കടന്നുകൂടിയിട്ടുണ്ടെങ്കിലും അവയെ ഇവിടെ വിവരിക്കുന്നില്ല. ഭാഷാതദ്ധിതശബ്ദങ്ങളെക്കുറിച്ചേ പ്രതിപാദിക്കുന്നുള്ളൂ. സുലഭപ്രചാരകങ്ങളായ ചില തദ്ധിതശബ്ദങ്ങളേയും ചൂണ്ടിക്കാണിക്കുന്നുണ്ടു്. ഗുരു, ലഘു, യുവാവു്, ഇവയിൽ നിന്നു ഭാവാർത്ഥത്തിൽ ഗൗരവം, ലാഘവം, യൗവനം, എന്നു ശബ്ദങ്ങളുണ്ടാകുന്നു. വാർദ്ധക്യം, ബാല്യം, താരുണ്യം മുതലായവയും ഇങ്ങനെയുണ്ടാകുന്ന തദ്ധിതങ്ങളാണു്. ശൈവം, വൈഷ്ണവം, ഗ്രൈഷ്മം, വാസന്തം ഇത്യാദിപദങ്ങൾ യഥാക്രമം വിഷ്ണു, ശിവൻ, ഗ്രീഷ്മം, വസന്തം, ഈ നാമങ്ങളിൽ നിന്നു്, ഇവയെ സംബന്ധിക്കുന്നതു് എന്നർത്ഥത്തിലാണു് നിർമ്മിച്ചിട്ടുള്ളതു്. വാസവി, രാവണി, വാസുദേവൻ ഈ തദ്ധിതശബ്ദങ്ങൾക്കു യഥാക്രമം വാസവന്റെ പുത്രൻ, രാവണന്റെ പുത്രൻ, വസുദേവന്റെ പുത്രൻ, എന്നർത്ഥമാകുന്നു. ബുദ്ധിയുള്ളവൻ, ബുദ്ധിമാൻ, ബുദ്ധിയുള്ളവൾ, ബുദ്ധിമതി മുതലായി വേറെയും വളരെ വളരെ സംസ്കൃതതദ്ധിതങ്ങൾ, നമ്മുടെ ഭാഷയിൽ പ്രചരിച്ചിട്ടുണ്ടു്. അവയുടെ സ്വഭാവവും അർത്ഥവിശേഷവും ഇവിടെ ഇങ്ങനെ പറഞ്ഞുതുടങ്ങിയാൽ ഒടുങ്ങുകയില്ല.

2. ഭാഷയിൽ സംസ്കൃതത്തിലെപ്പോലെ അത്ര വളരെ തദ്ധിതങ്ങളും തദ്ധിതപ്രത്യയങ്ങളും ഇല്ലെന്നു പറഞ്ഞുവല്ലൊ. ഒരു വസ്തുവിൽ അനേകം ധർമ്മങ്ങൾ, അഥവാ ഗുണങ്ങൾ, ഉണ്ടായിരിക്കും. അവയിൽ ഒരു ധർമ്മത്തെ മാത്രം ഒറ്റപ്പെടുത്തി എടുത്തു പറയുന്നതാണു തന്മാത്ര തദ്ധിതം. പുതുമ, പഴമ, നന്മ, മേന്മ, കുളിർമ, എളിമ മുതലായവ പുതു, പഴ, നൽ, മേൽ, കുളിർ, മുതലായ പ്രകൃതികളിൽ ‘മ’ എന്ന പ്രത്യയം ചേർത്തു വ്യുൽപ്പാദിപ്പിച്ചിട്ടുള്ള തന്മാത്രതദ്ധിതങ്ങളാകുന്നു. സൗന്ദര്യം, ദയാലുത്വം, ചതുരത, മഹിമ മുതലായ സംസ്കൃതപദങ്ങളും ഈ വിഭാഗത്തിൽ പെടുത്താവുന്നവയാണു്. മറ്റു തന്മാത്ര പ്രത്യയങ്ങളായ അം, തനം, തരം, ഈ പ്രത്യയങ്ങൾ പ്രകൃതികളോടു ചേർക്കാവുന്നവയല്ല. പദങ്ങളോടെ ഇവ ചേരുകയുള്ളൂ.

ഉദാ:

  1. മണ്ടത്തരം, പോഴത്തം, അടിമത്തം, വിഡ്ഢിത്തം, നമ്പൂരിത്തം.
  2. വേണ്ടാതനം, കള്ളത്തനം.
  3. മുട്ടാളത്തരം, ചണ്ടിത്തരം.

(മണ്ടത്വം, പോഴത്വം എന്നൊക്കെ എഴുതുന്നതു തെറ്റാണു്. ‘ത്വം’ എന്ന സംസ്കൃതപ്രത്യയം ബ്രാഹ്മണത്വം, മഹത്ത്വം, തത്ത്വം മുതലായ സംസ്കൃതപ്രത്യയം ബ്രാഹ്മണത്വം, മഹത്ത്വം, തത്ത്വം മുതലായ സംസ്കൃതതദ്ധിതശബ്ദങ്ങളിലേ കാണുകയുള്ളൂ. രമണീയത്വം, രമണീയത, രാമണീയകം എന്നിങ്ങനെ ഒരേ അർത്ഥത്തിൽ സംസ്കൃതഭാഷയിൽ പലരൂപങ്ങൾ വരുമെന്നും അറിഞ്ഞിരിക്കേണ്ടതാണു്.)

3. അതുള്ളതു്, അതുപോലുള്ളതു്. ഈ അർത്ഥവിശേഷങ്ങൾ കുറിക്കുന്ന തദ്വത്തദ്ധിതത്തിന്റെ പ്രത്യയം ‘അൻ’ എന്നാണു്. മടിയൻ, തടിയൻ, നരയൻ, വെറിയൻ മുതലായ പദങ്ങൾ നോക്കുക. മടിയുള്ളവൻ, തടിയുള്ളവൻ, ഇത്യാദ്യർത്ഥങ്ങളെ ഇവ കുറിക്കുന്നു. കിളിവാലൻ വെറ്റില, ഇരുമ്പൻ മുഷ്ടി, ഈ സമസ്തപദങ്ങളിലെ കിളിവാലൻ, ഇരുമ്പൻ, ഈ തദ്ധിതപദങ്ങൾ ‘കിളിവാലുപോലുള്ള’, ‘ഇരുമ്പുപോലുള്ള’ ഈ അർത്ഥങ്ങളാണു യഥാക്രമം ബോധിപ്പിക്കുന്നതു്.

4. പേരെച്ചങ്ങൾ, ക്രിയകളാണെങ്കിലും, നാമവിശേഷങ്ങളായി പ്രയോഗിക്കുമെന്നു മുൻപു വിശദമാക്കിയിട്ടുണ്ടു്. അങ്ങനെയുള്ള നാമാംഗജഭേദങ്ങളോടു് അൻ, അൽ, തു്, എന്നീ ലിംഗപ്രത്യയങ്ങൾ ചേർത്തു് നാമങ്ങൾ നിർമ്മിക്കാം. അവയ്ക്കാണു് നാമനിർമ്മായിതദ്ധിതങ്ങൾ എന്നു പറയുന്നതു്. ആധാരികാഭാസം, സംബന്ധികാ വിഭക്തി, ഇവയോടും ഈ പ്രത്യയങ്ങൾ ചേർന്നു നാമനിർമ്മായികളാകും.

ഉദാഹരണം:

നാമാംഗജവിശേഷണം നാമനിർമ്മായിതദ്ധിതം

കണ്ട— കണ്ടവൻ, കണ്ടവൾ, കണ്ടതു

ചൊല്ലുന്ന— ചൊല്ലുന്നവൻ, ചൊല്ലുന്നവൾ, ചൊല്ലുന്നതു്

സംബന്ധികാവിഭക്തി

എന്റെ, എന്റേവൻ, എന്റേവൾ, എന്റേതു്, നാട്ടിലേതു്, കാട്ടിലേതു്, ഇന്നലത്തേതു് ഇത്യാദി നാമങ്ങൾ ആധാരികാഭാസത്തോടു ലിംഗപ്രത്യയം ചേർത്തുണ്ടാക്കുന്ന തദ്ധിതങ്ങളാണു്.

5. ഒന്നു്, രണ്ടു്, മുപ്പതു് മുതലായ സംഖ്യാനാമങ്ങളിൽ ആം എന്ന പ്രത്യയം ചേർത്തു പൂരണിതദ്ധിതങ്ങൾ വ്യുൽപ്പാദിപ്പിക്കുന്നു. ഒന്നാം കാണ്ഡം, രണ്ടാം പാദം, മുപ്പതാം വയസ്സു് മുതലായ ഉദാഹരണങ്ങൾ നോക്കുക. ഒന്നാം, രണ്ടാം, മുതലായ ‘പൂരണി’തദ്ധിതങ്ങളിൽ അൻ എന്ന ലിംഗപ്രത്യയം ചേർത്തു് ഒന്നാമൻ, രണ്ടാമൻ മുതലായ തദ്ധിത രൂപങ്ങളുണ്ടാക്കാം. ഒന്നാമത്തേവൾ, ഒന്നാമത്തേതു് എന്നിങ്ങനെ, വിഭക്ത്യാഭാസരൂപമുണ്ടാക്കിയതിനു മേലേ, അൾ, തു്, എന്നീ പ്രത്യയങ്ങൾ ചേർക്കാവൂ. ഒന്നാമി, രണ്ടാമി, എന്നൊക്കെ പറയുന്നതും എഴുതുന്നതും യുക്തമല്ല. സ്ത്രീലിംഗത്തിൽ ഒന്നാമത്തേവൾ, രണ്ടാമത്തേവൾ, നപുംസകത്തിൽ ഒന്നാമത്തേതു്, രണ്ടാമത്തേതു്, ഇവയാണു ശരിയായ രൂപങ്ങൾ.

അങ്ങു്, അന്നു്, അത്ര; ഇങ്ങു്, ഇന്നു്, ഇത്ര; എങ്ങു്, എന്നു്, എത്ര; ഇവ അ, ഇ, എ, ഈ സർവ്വനാമങ്ങളോടു് ങ്ങു്, ന്നു്, ത്ര, എന്നീ തദ്ധിതപ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന രൂപങ്ങളാകുന്നു. ഇവ യഥാക്രമം സ്ഥലത്തേയും കാലത്തേയും അളവിനേയും കുറിക്കുന്നു. അങ്ങനെ, ഇങ്ങനെ, എങ്ങനെ, ഇവ ഇന്നവിധം എന്നു കാണിക്കുന്ന തദ്ധിത ശബ്ദങ്ങളാണു്.

അഭ്യാസം ൪൩
  1. തദ്ധിതമെന്നാലെന്തു്?
  2. താഴെ എഴുതുന്ന തദ്ധിതശബ്ദങ്ങൾ ഏതേതു വിഭാഗങ്ങളിൽ പെടുന്നു? വെണ്മ, ഉണ്മ, നന്മ; ആണത്തം, പൊണ്ണത്തം, ചേട്ടത്തം, വേണ്ടാതനം, മണ്ടത്തരം; വമ്പൻ, കൊമ്പൻ, കരിനാവൻ, പൂവാലൻ; ഒന്നാമതു്, ഒന്നാമൻ, രണ്ടാമതു്, രണ്ടാമത്തേതു്, കൊല്ലത്തേതു്,
  3. തെറ്റുണ്ടെങ്കിൽ തിരുത്തുക:- മൃദുത്വം, പോഴത്വം, ആണത്തം, വിഡ്ഢിത്വം, ബ്രാഹ്മണത്തം, നമ്പൂരിത്വം.

(സംസ്കൃതപ്രത്യയം ത്വം; ഭാഷാപ്രത്യയം ‘ത്തം’; സംസ്കൃതപദങ്ങളിൽ സംസ്കൃതപ്രത്യയവും ഭാഷാപദങ്ങളിൽ ഭാഷാപ്രത്യയവുമാണു ചേരേണ്ടതു്.)

കാരകം

1. ‘കർഷകൻ വയലിൽ വിത്തു വിതയ്ക്കുന്നു’, ഈ വാക്യത്തിലെ ക്രിയാപദത്തിനും നാമങ്ങൾക്കും തമ്മിലുള്ള ബന്ധമെന്താണു്? ‘വിതയ്ക്കുന്നു’ എന്ന ശബ്ദം ഉളവാക്കുന്ന ആകാംക്ഷയ്ക്കു പൂർത്തിവരണമെങ്കിൽ ആ മൂന്നു നാമപദങ്ങളുടേയും സാന്നിധ്യം ആവശ്യമാണല്ലോ. ആരു വിതയ്ക്കുന്നു? കർഷകൻ. ക്രിയയുടെ കർത്താവാണു പ്രസ്തുത നാമം. എന്തു വിതയ്ക്കുന്നു? വിത്തു്. ഈ നാമം കർമ്മമാകുന്നു. ‘വയലിൽ’ എന്ന പദം ക്രിയയ്ക്കു് ആധാരമായ സ്ഥലമാണു് കുറിക്കുന്നതു്. ഇങ്ങനെ, നാമങ്ങൾക്കു ക്രിയയോടുള്ള സംബന്ധമാണു്, കാരകം. ‘കർത്താവു്’, ‘കർമ്മം’, ‘അധികരണം’ മുതലായവ കാരകങ്ങളാകുന്നു.

2. കർത്തൃപ്രധാനം, കർമ്മപ്രധാനം, എന്നു വാക്യങ്ങളെ പ്രയോഗഭേദം അനുസരിച്ചു വിഭജിച്ചിട്ടുണ്ടല്ലൊ. കർത്തരി പ്രയോഗത്തിൽ കർത്താവിനും കർമ്മണിപ്രയോഗത്തിൽ കർമ്മത്തിനുമാകുന്നു പ്രാധാന്യം. വാക്യത്തിലെ പ്രധാന പദമായ ആഖ്യ കർത്തൃകാരകമായാലും കർമ്മകാരകമായാലും നിർദ്ദേശികാ വിഭക്തിയായിരിക്കണം.

ഉദാഹരണം:

  1. കർത്തരിപ്രയോഗം ഭൂമി സൂര്യനെ ചുറ്റുന്നു. ‘ഭൂമി’യാണു്, പ്രസ്തുത വാക്യത്തിലെ ആഖ്യ. അതു ചുറ്റുന്ന പൂർണ്ണ ക്രിയയുടെ കർത്താവാകുന്നു; നിർദ്ദേശികാ വിഭക്തിയുമാണു്.
  2. കർമ്മണിപ്രയോഗം സൂര്യൻ ഭൂമിയാൽ ചുറ്റപ്പെടുന്നു. ‘സൂര്യൻ’ ആണു് ഈ വാക്യത്തിലെ ആഖ്യ. അതു കർമ്മമാകുന്നു; നിർദ്ദേശികാവിഭക്തിയുമാണു്.

3. മുകളിലെ ഉദാഹരണ വാക്യങ്ങളിൽ നിന്നു മറ്റു ചില സംഗതികൾകൂടി ഗ്രഹിക്കാം. കർത്തരിപ്രയോഗത്തിൽ കർത്താവിനെ അപേക്ഷിച്ചു് കർമ്മത്തിനു പ്രാധാന്യം കുറവാകയാൽ ആ കാരകം പ്രതിഗ്രാഹികാവിഭക്തിയാക്കിയാണു് പ്രയോഗിച്ചിരിക്കുന്നതു്. ‘സൂര്യൻ’ എന്ന നാമത്തോടു കൂടി ‘എ’ എന്ന പ്രത്യയം ചേർത്തിരിക്കുന്നതു നോക്കുക. കർത്താവു ചേതനവും കർമ്മം അചേതനവുമാണെങ്കിൽ ‘എ’ എന്ന പ്രത്യയം കർമ്മപദത്തിൽ ചേർക്കേണ്ടതില്ലെന്നും അല്ലാതെ തന്നെ ആ കാരകത്തിന്റെ അർത്ഥം സുഗ്രഹമാകുമെന്നും മറ്റും പ്രയോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന സന്ദർഭത്തിൽ വിശദമാക്കിയിട്ടുണ്ടു്.

കർമ്മണിപ്രയോഗത്തിൽ കർത്താവിനു്, ആപേക്ഷികമായി പ്രാധാന്യം കുറവാകയാൽ, പ്രയോജികാരൂപം കൊടുക്കുന്നു. ‘ഭൂമി’ എന്ന കർത്തൃപദത്തോടു് ‘ആൽ’ എന്ന പ്രത്യയം ചേർത്തിരിക്കുന്നതു തന്മൂലമാണു്.

4. ക്രിയാനിർവ്വഹണത്തിൽ കർത്താവിനു സഹായമായി നില്ക്കുന്ന പ്രതിയോഗിയാണു്, ‘സാക്ഷി’ എന്ന കാരകം. ‘ആചാര്യൻ ശിഷ്യനോടു് ഉപദേശിക്കുന്നു’—എന്ന വാക്യത്തിൽ ഉപദേശിക്കുന്ന ആചാര്യൻ കർത്താവും അതു കേൾക്കുന്ന ശിഷ്യൻ സാക്ഷിയുമാണു്. സംയോജികാവിഭക്തിയാണു സാക്ഷികാരകത്തെക്കുറിക്കുന്നതു്. ‘ഓടു്’ എന്ന പ്രത്യയം ചേർത്തിരിക്കുന്നതു നോക്കുക.

വേറെ ഉദാഹരണം:

  1. നദി സമുദ്രത്തോടു ചേരുന്നു.
  2. വിമാനസൈന്യം യുദ്ധത്തിൽ പദാതിയോടു സഹകരിക്കുന്നു.
  3. മൂവടി മാബലിയോടു് ഇരന്നു.

5. ‘ജാനകി പുസ്തകം സഹോദരിക്കു കൊടുത്തു’, എന്ന വാക്യത്തിൽ ‘ജാനകി’ കർത്തൃകാരകവും പുസ്തകം കർമ്മകാരകവുമാണല്ലൊ. ആർക്കുകൊടുത്തു എന്ന ആകാംക്ഷയ്ക്കു വിരാമം വരുന്നതു് ‘സഹോദരിക്കു്’ എന്ന പദം കൊണ്ടാണു്. കർത്താവു കർമ്മം ആർക്കുതകണമെന്നു വിചാരിക്കുന്നുവോ ആ കാരകമാണു്, സ്വാമി. ഉദ്ദേശികാവിഭക്തിയാണു്, ‘സ്വാമി’യെക്കുറിക്കുന്നതു്. സഹോദരി എന്ന നാമപദം ഈ വാക്യത്തിൽ ‘സ്വാമി’ കാരകമാകയാൽ ‘ക്കു്’ എന്ന പ്രത്യയം അതിൽ ചേർത്തിരിക്കുന്നു.

വേറെ ഉദാഹരണം:

  1. കൃഷിക്കാരൻ വയലിനു വേലികെട്ടുന്നു.
  2. കർഷകൻ പശുവിനു പുല്ലുകൊടുക്കുന്നു.

അകർമ്മക ക്രിയകൾ ആഖ്യാതങ്ങളായി വരുന്ന വാക്യങ്ങളിലും സ്വാമികാരകം വരാം. ‘ദശരഥനു പുത്രനുണ്ടായി’, ‘തത്തയ്ക്കു് അഴകുണ്ടു്’, ‘പുരയ്ക്കു് പൊക്കംപോരാ’, എന്നിങ്ങനെ എത്രയെങ്കിലും ഉദാഹരണങ്ങൾ പറയാം. ഈ വാക്യങ്ങളിൽ ദശരഥനും, തത്തയും, പുരയും ഉദ്ദേശ്യങ്ങളാണു്. ‘പുത്രനണ്ടായി’, ‘അഴകുണ്ടു്’, ‘പൊക്കംപോരാ’, ഇവ വിധേയങ്ങളാകുന്നു. അതിനാൽ ഈ മാതിരി വാക്യങ്ങളിലെ ആഖ്യ സ്വാമികാരകമാണെന്നു സ്പഷ്ടമാകുന്നു.

6. ‘വടിയാൽ അടിക്കുന്നു’, ‘കോപത്താൽ ശകാരിക്കുന്നു’, ഈ വാക്യങ്ങളിലെ നാമങ്ങൾക്കു ക്രിയകളോടുള്ള സംബന്ധമെന്താണു്? ‘അടിക്കുന്നു’ എന്ന ക്രിയയ്ക്കു സഹായമായ ഉപകരണമാണു വടി. ആ ബന്ധം ദ്യോതിപ്പിക്കാൻ ‘ആൽ’ എന്ന പ്രയോജികാ പ്രത്യയം ചേർത്തിരിക്കുന്നു. ക്രിയാനിർവ്വഹണത്തിനു സഹായമായ സാധനം ‘കരണം’ എന്ന കാരകമാണു്. ‘കോപത്താൽ’ എന്ന പദം ‘ശകാരിക്കുന്നു’ എന്ന ക്രിയയ്ക്കുള്ള ഹേതുവാകുന്നു. അതും പ്രയോജികാവിഭക്തിതന്നെ. ക്രിയാഹേതുവായ കാരകത്തിനു ‘കാരണം’ എന്നുതന്നെയാണു് പേരു്. ‘വടിയാൽ’,—അടിക്കുന്നു എന്ന ക്രിയയുടെ ‘കരണം’. ‘കോപത്താൽ’,—ശകാരിക്കുന്നു എന്ന ക്രിയയുടെ ‘കാരണം’.

എല്ലാ വാക്യത്തിലും ഈ കാരകങ്ങളെല്ലാം കണ്ടില്ലെന്നുവരാം. ‘കരണ’വും ‘കാരണ’വും ഒരു വാക്യത്തിൽ വരുമ്പോൾ ആദ്യത്തേതിനു കൊണ്ടു് എന്ന ഗതി ചേർന്ന പ്രയോജികാരൂപമാണു് ഉചിതമായിരിക്കുക. രണ്ടാമത്തേതിനു് ‘ആൽ’ എന്ന പ്രത്യയം ചേർത്താൽ മതി. വൈചിത്ര്യത്തിനുവേണ്ടി മാത്രമാണു് ഈ നിയമം.

ഉദാ:

അമ്മ മകനെ മാറോടു ചേർത്തു് വാത്സല്യത്താൽ അവന്റെ നെറ്റിയിൽ കൈകൊണ്ടു് തടവി.

‘വാത്സല്യത്താൽ’ എന്ന പദം തടവി എന്ന ക്രിയയുടെ ‘കാരണം’.

‘കൈകൊണ്ടു്’ എന്ന പദമാകട്ടെ ആ ക്രിയാനിർവ്വഹണത്തിനു സാഹായമായ ‘കരണം’ ആകുന്നു.

7. ‘അവന്റെ നെറ്റിയിൽ തടവി’, എന്ന വാക്യ ഭാഗത്തിൽ ‘നെറ്റിയിൽ’ എന്ന പദം ക്രിയയ്ക്കു് ആധാരമായ സ്ഥലം കുറിക്കുന്നു. ക്രിയ നടക്കുന്ന സ്ഥലത്തേയോ കാലത്തേയോ കാണിക്കുന്ന പദം ‘അധികരണം’ എന്ന കാരകമാണു്. ‘പ്രഭാതത്തിൽ ഉണരും’ എന്ന വാക്യത്തിൽ ക്രിയയ്ക്കാധാരമായ കാലമാണു ‘പ്രഭാതത്തിൽ’ എന്ന നാമം കുറിക്കുന്നതു്. അധികരണകാരകം ആധാരികാവിഭക്തി രൂപമായിരിക്കും.

‘അവന്റെ’ എന്ന സർവ്വനാമം സംബന്ധികാവിഭക്തിയാണല്ലോ. അതു ക്രിയയിൽ നേരിട്ടന്വയിക്കുന്നില്ല. മറ്റൊരു നാമത്തെ വിശേഷിപ്പിക്കുന്നതേയുള്ളൂ. മറ്റു വിഭക്തികളെല്ലാം ഒന്നോ അധികമോ കാരകങ്ങളെ കുറിക്കുന്നവയാണു്; സംബന്ധിക ഒരു കാരകത്തിന്റെ അർത്ഥവും പ്രകാശിപ്പിക്കുന്നില്ല.

അഭ്യാസം ൪൪
  1. കാരകം എന്നാലെന്തു്? എത്ര കാരകങ്ങളുണ്ടു്? സോദാഹരണം എഴുതണം.
  2. കരണം, കാരണം,—ഈ കാരകങ്ങൾക്കു തമ്മിലുള്ള അന്തരം വിശദമാക്കുക. ഏതു വിഭക്തി ഈ കാരകങ്ങളെക്കുറിക്കും?
  3. ഒരു കാരകത്തിന്റെയും അർത്ഥം ദ്യോതിപ്പിക്കാത്തതു് ഏതു വിഭക്തിയാണു്, ആ വിഭക്തി ഏതു മാതിരി പദങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു?
  4. കർമ്മണിപ്രയോഗത്തിൽ കർമ്മം നിർദ്ദേശികാവിഭക്തിയും കർത്താവു് പ്രയോജികാവിഭക്തിയുമാവണമെന്നുവന്നതെന്തുകൊണ്ടു്?
  5. പ്രതിഗ്രാഹികാവിഭക്തി ഏതു കാരകത്തെ കുറിക്കുന്നു?
  6. ക്രിയയ്ക്കു് ആധാരമായ സ്ഥലമോ കാലമോ ഏതു വിഭക്തികൊണ്ടാണു കുറിക്കുന്നതു്?
  7. താഴെ എഴുതുന്ന വാക്യങ്ങളിലെ അധികരണങ്ങളിൽ സ്ഥലത്തേയും കാലത്തേയും കുറിക്കുന്നവ വേർതിരിച്ചെഴുതുക:
    • നക്ഷത്രങ്ങൾ രാത്രിയിൽ ആകാശത്തു തിളങ്ങുന്നു.
    • മുറ്റത്തുനിന്നിരുന്ന മുല്ല നിറയെ പൂത്തു.
    • മാവിന്റെ ചില്ലയിൽ അണ്ണാൻ ഇരുന്നു ചിലയ്ക്കുന്നു.
    • ഇലയിൽ ചോറുവിളമ്പി; പാത്രത്തിൽ വെള്ളം പകർന്നു; വിളക്കിൽ എണ്ണ ഒഴിച്ചു.
    • രാവിൽ ഉറക്കം ഇളയ്ക്കരുതു്. ഉച്ചനേരത്തു് ഉറങ്ങരുതു്.

(ഉച്ചയ്ക്കു് ഉണ്ടു; പുലർച്ചയ്ക്കു് ഉണർന്നു; അന്തിക്കു തിരിച്ചെത്തി; ഇങ്ങനെ ക്രിയാകാലത്തെക്കുറിക്കുന്നതിനു ചില പദങ്ങളിൽ ഉദ്ദേശികാപ്രത്യയം ചേർന്നുകാണാം.)

കൃത്തുകൾ
കൃതികൃത്തു്, കാരകകൃത്തു്

1. ക്രിയകളിൽനിന്നു് ഉത്ഭവിക്കുന്ന നാമങ്ങളാണു് കൃത്തുകൾ. വരവു്, പോക്കു്, നീന്തൽ, നീറ്റം, തളർച്ച മതലായവ ക്രിയാനാമങ്ങളെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. കൃത്തുകളിൽ മറ്റൊരിനം കൂടിയുള്ളതിനാൽ, വേർതിരിച്ചു കാണിക്കാൻവേണ്ടി ക്രിയാനാമങ്ങൾക്കു കൃതികൃത്തുകൾ എന്ന പേരുകൊടുക്കാം. ക്രിയാനാമങ്ങൾക്കു കൃതികൃത്തുകൾ എന്ന പേരുകൊടുക്കാം. ക്രിയാനിർവ്വഹണത്തിനു സഹായമായ കാരകത്തിന്റെ ധർമ്മത്തോടുകൂടിയ കൃത്തുകളുണ്ടു്. ‘ചതി’ ഒരു ക്രിയാനാമമാകയാൽ കൃതികൃത്താണു്. ‘ചതിയൻ’ എന്ന നാമം ക്രിയയിൽനിന്നാണു ജനിക്കുന്നതെങ്കിലും കൃതികൃത്തല്ല; കേവലക്രിയാനാമമല്ല. ചതിക്കുന്ന ആൾ എന്നാണല്ലൊ അർത്ഥം. കർത്തൃകാരകത്തിന്റെ സ്വഭാവം ഈ കൃത്തിനുണ്ടു്. ഇങ്ങനെ കൃതികളിൽ നിന്നു വ്യുൽപ്പാദിപ്പിക്കുന്ന കാരകനാമങ്ങളാണു്, കാരകകൃത്തുകൾ.

വേറെ ഉദാഹരണം:

കൃതികൃത്തു്

അറിവു്, നേർച്ച, തേമാനം.

കിടപ്പു്, നെയ്ത്തു്, പാർപ്പു്.

നടത്തം, അലയൽ, വരമ്പു്.

ഉറക്കം, ഓർമ്മ, കെടുതൽ.

നടപടി, മറവി, പൊറുതി.

കാരകകൃത്തു്

ഉരുളൻ (ഉരുളുന്നതു് എന്നർത്ഥം)

നുണയൻ (നുണപറയുന്നവൻ എന്നർത്ഥം)

നുണച്ചി (നുണപറയുന്നവളെന്നർത്ഥം)

കാണി (കാണുന്നവൻ)

2. കൃതികൃത്തുകൾക്കു കൊടുത്തിട്ടുള്ള ഉദാഹരണങ്ങൾ നോക്കിയാൽ ക്രിയാധാതുക്കളിൽനിന്നു നാമങ്ങൾ വ്യുൽപ്പാദിപ്പിക്കുന്നതിനു് അനേകം പ്രത്യയങ്ങളുണ്ടെന്നു ഗ്രഹിക്കാം. ഇരുപതു കൃതികൃൽപ്രത്യയങ്ങളുണ്ടു് മലയാളഭാഷയിൽ.

പ്രത്യയം കൃതികൃത്തുകൾ

അൽ നീന്തൽ, മറിയൽ, പറയൽ.

തൽ കരുതൽ, കെടുതൽ, പൊരുതൽ.

പ്പു് കിടപ്പു്, പാർപ്പു്, പൊടിപ്പു്.

വു് തെളിവു്, ഉണർവ്വു്, മുറിവു്.

ച അകല്ച, വീഴ്ച, ചാർച്ച.

തി അറുതി, പൊറുതി, വരുതി.

ത്തു് ചെത്തു്, നെയ്തത്തു്, എഴുത്തു്.

ത്തം നടത്തം, പിടിത്തം, ഇരുത്തം.

അ കൊട, (പെൺകൊട, = വേളി) തട.

ഇ കേളി, തോലി, പൊളി.

അം എണ്ണം, ഉറക്കം, തുടക്കം.

മ ഓർമ്മ, താഴ്മ, കൂർമ്മ.

വി മറവി, പിറവി, തോൽവി.

ഇൽ തുയിൽ, വെയിൽ.

പടി നടപടി.

മാനം തേമാനം, വരുമാനം, തീരുമാനം.

തല മറുതല, നടുതല.

ടു് ചുമടു്.

മ്പു് വരമ്പു്.

വാരം നിലവാരം.

ഈ പ്രത്യയങ്ങൾ ചേർക്കുമ്പോൾ പല സന്ധികാര്യങ്ങൾ ചെയ്യേണ്ടിവരും. അവ ഇവിടെ വിവരിക്കുന്നില്ല. കൃതികൃത്തുകളുടെ സാമാന്യധർമ്മം മാത്രമേ അദ്ധ്യേതാക്കൾ ഈ ഘട്ടത്തിൽ ഗ്രഹിച്ചിരിക്കേണ്ടതുള്ളൂ.

3. കാരകൃത്തുകൾ ഉണ്ടാക്കുന്നതിനു് അൻ, ഇ, എന്നു രണ്ടു പ്രത്യയങ്ങളുണ്ടു്. ചാടൻ, ചതിയൻ, കൊതിയൻ, ഒടിയൻ മുതലായ കാരകദ്രുപങ്ങളിൽ ‘അൻ’ പ്രത്യയം ചേർന്നിരിക്കുന്നു. തെണ്ടി, ഞൊണ്ടി, തോട്ടി, കാണി മുതലായവയിൽ ‘ഇ’ പ്രത്യയമാണു കാണുന്നതു്. അരിപ്പ, കലപ്പ ഇങ്ങനെതുടങ്ങി അനേകം കാരകകൃത്തുകൾ ഈ രണ്ടു പ്രത്യയവും ചേരാതെ നമ്മുടെ ഭാഷയിലുണ്ടു് എന്നുകൂടി ഗ്രഹിച്ചിരിക്കേണ്ടതാണു്.

സമാസമായിവരുന്ന കാരകകൃത്തുകളിലാണു് ‘ഇ’ പ്രത്യയം അധികം ചേർന്നുകാണുന്നതു്. ‘മരംചാടി’, ‘നാടോടി’, ‘വായാടി’, ‘നാണംകുണുങ്ങി’ എന്നിങ്ങനെ എത്ര ഉദാഹരണം വേണമെങ്കിലും കണ്ടുപിടിക്കാം.

അഭ്യാസം ൪൫
  1. കാരകകൃത്തു്, കൃതികൃത്തു് ഇവയ്ക്കു തമ്മിലുള്ള അന്തരം സോദാഹരണം വിശദമാക്കുക.
  2. താഴെ എഴുതുന്ന കാരകകൃത്തുകളുടെ അർത്ഥം വിവരിക്കുക. മലതുരപ്പൻ, നിലംതല്ലി, വഴികാട്ടി, മരംചാടി, കാറ്റാടി, ചെവിത്തോണ്ടി, നഖംചെത്തി, കുളംകോരി.
  3. പകർപ്പു്, പകർച്ച, പകരം ഈ കൃതികൃത്തുകൾക്കു് അർത്ഥത്തിലുള്ള അന്തരം എന്തു്?
സംക്ഷേപണവും വിപുലനവും
  1. സംക്ഷേപണം

പരന്നുകിടക്കുന്ന ആശയത്തെ ചുരുക്കി ഏഴുതുന്നതാണു സംക്ഷേപണം. ഇതിൽ രണ്ടു സംഗതികൾ ശ്രദ്ധിക്കേണ്ടതുണ്ടു്; സംക്ഷിപ്തരൂപത്തിനു് മൂലത്തെ അപേക്ഷിച്ചു് ദൈർഘ്യം വളരെ കുറഞ്ഞിരിക്കണം; മൂലത്തിലെ പദങ്ങൾ കഴിയുന്നതും സ്വീകരിക്കാതെ നോക്കണം. മൂലം ശ്രദ്ധിച്ചു വായിച്ചു്, അതിലെ ആശയകേന്ദ്രം ശരിക്കു മനസ്സിലാക്കിയാൽ മാത്രമേ സംക്ഷേപണം നന്നാവുകയുള്ളൂ. ശ്രദ്ധിച്ചു വായിക്കുക, ജീവനായഭാഗം ഗ്രഹിക്കുക, ഒതുക്കിപ്പറയുക, എന്നീ മൂന്നു പ്രധാന ഗുണങ്ങൾ സംക്ഷേപണവിഷയകമായ അഭ്യാസത്തിൽ നിന്നു് വിദ്യാർത്ഥികൾക്കു സിദ്ധിക്കും.

“ഓരോരുത്തർക്കും പ്രത്യേകം ഓരോ ആദർശത്തോടു് പ്രതിപത്തി തോന്നുന്നതുപോലെതന്നെ, ഓരോ വർഗ്ഗക്കാർക്കെന്നുമാത്രമല്ല, ഓരോ രാജ്യക്കാർക്കും വേറെ വേറെ ആദർശങ്ങളിൽ ആസക്തിയുണ്ടാകുന്നതായിക്കാണാം. വിവിധരാജ്യങ്ങളിലെ ശീതോഷ്ണസ്ഥിതിഭേദംകൊണ്ടു് അവിടങ്ങളിലെ ജനങ്ങളുടെ നിറം, ആകൃതി മുതലായവയിൽ വ്യത്യാസം വരുന്നതുപോലെ, അതാതു രാജ്യക്കാരുടെ ആദർശങ്ങൾ അവരുടെ സ്വഭാവങ്ങളേയും വ്യത്യാസപ്പെടുത്തുന്നു.”

പ്രസ്തുത ഖണ്ഡിക സംക്ഷേപിച്ചു നോക്കാം. ആദർശവും ആദർശത്താൽ രൂപവൽക്കരിക്കപ്പെടുന്ന സ്വഭാവവും ഓരോ വ്യക്തിക്കും ഓരോ തരത്തിലായിരിക്കും എന്നുള്ളതാണു് ഇതിലെ ആശയകേന്ദ്രം. താഴെ കാണിക്കുന്ന വിധം ഇതു് സംക്ഷേപിക്കാം.

“ഓരോ വ്യക്തിക്കെന്നു മാത്രമല്ല, ഓരോ വർഗ്ഗത്തിനും രാജ്യത്തിനും ഭിന്നങ്ങളായ ആദർശങ്ങളായിരിക്കും ഉണ്ടായിരിക്കുക. ശീതോഷ്ണസ്ഥിതി നിറത്തേയും ആകൃതിയേയും എന്നപോലെ, ആദർശങ്ങൾ സ്വഭാവത്തേയും വ്യത്യാസപ്പെടുത്തും”.

ആദ്യം ഉദ്ധരിച്ച ഖണ്ഡികയിലെ ആശയം മുഴുവൻ തന്നെ ഇതിലടങ്ങിയിട്ടുണ്ടു്. ആശയം അല്പം ചുരുക്കി ഇതിനെ ഒന്നുകൂടി സംക്ഷേപിക്കാം. “രണ്ടു വ്യക്തികളുടെ ആദർശം ഒരുപോലെയായി വരാൻ പ്രയാസം. ആദർശമനുസരിച്ചു് സ്വഭാവവും വ്യത്യാസപ്പെട്ടിരിക്കും.”

സംക്ഷേപണം ആദ്യം മനസ്സിലാണു് നടക്കേണ്ടതു്, കടലാസ്സിലല്ല. മൂലത്തിലെ വാക്യങ്ങളോ പദങ്ങളോ വെട്ടിക്കുറയ്ക്കുന്നതല്ല, ആശയം മുഴുവൻ ഗ്രഹിച്ചു് അതു് ലളിതമായ ഭാഷയിൽ ചുരുക്കിപ്പറയുന്നതാണു് ശരിയായ സംക്ഷേപണം. ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും കൂട്ടിച്ചേർത്തു് ലക്ഷത്തിൽപരം പദ്യങ്ങളിലായി വ്യാസൻ സംസ്കൃതത്തിൽ രചിച്ച മഹാഭാരതത്തിന്റെ ഒരു രത്നച്ചുരുക്കമാണല്ലോ എഴുത്തച്ഛന്റെ ‘ഭാരതം കിളിപ്പാട്ടു്.” വിസ്തൃതങ്ങളായ ഉപന്യാസങ്ങളിലേയും മറ്റും ആശയം ചുരുക്കി എഴുതുന്ന സംക്ഷേപണരീതി പരിശീലിച്ചിരിക്കേണ്ടതു് അത്യാവശ്യമാകുന്നു.

  1. വിപുലനം

സംക്ഷേപണത്തിനു നേരെ വിപരീതമാണു് വിപുലനം. ഒന്നു് ആശയത്തിന്റെ രത്നച്ചുരുക്കം പ്രകാശിപ്പിക്കുകയാണു്. മറ്റതു് തത്ത്വഗർഭമായ ഒരു വാക്യത്തിന്റെ സവിസ്തൃതമായ പ്രതിപാദനമാകുന്നു. പരന്ന ആശയത്തെ ചുരുക്കുന്നതു് സംക്ഷേപണം; ചുരുങ്ങിയ ആശയത്തെ പരത്തുന്നതു് വിപുലനം.

വിഷയഗ്രഹണം, സംക്ഷേപണത്തിലെത്തിലെന്നപോലെ വിപുലനത്തിലും ആവശ്യമാണു്. ആശയം വിസ്തരിക്കുമ്പോൾ ഉചിതമായ പ്രമാണമോ ഉദാഹരണമോ കാണിക്കുന്നതുകൊണ്ടു് വിരോധമില്ല. വിസ്തരിക്കുന്നതിനിടയ്ക്കു് ലക്ഷ്യത്തിൽ നിന്നു വഴി പിഴച്ചുപോകാതിരിക്കാൻ പ്രത്യേകം മനസ്സിരുത്തണം. വിപുലനം അനുചിതമായ വിധത്തിൽ ദീർഘമായിപ്പോകരുതു്.

“ജ്ഞാനമാണു് ശക്തി”

എന്ന വാക്യമെടുക്കുക. ജ്ഞാനമാണു് ഏറ്റവും വലിയ ശക്തി എന്നാണല്ലൊ ഇതിന്റെ ചുരുക്കം. ഈ ആശയം താഴെ കാണിക്കുന്നവിധത്തിൽ വിപുലനം ചെയ്യാം.

“സിംഹം, ആന മുതലായ ജന്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ കായികശക്തിയിൽ മനുഷ്യൻ എത്ര നിസ്സാരനാണു് ! എന്നിട്ടും അവൻ ലോകത്തിന്റെ നായകനായിട്ടല്ലേ വർത്തിക്കുന്നതു്? ബലമേറിയ മൃഗങ്ങളെ മനുഷ്യൻ ഇണക്കി വേലചെയ്യിക്കുന്നു. മാത്രമല്ല പ്രാകൃതികശക്തികൾകൂടി ഇന്നു് അവന്റെ ആജ്ഞയനുസരിക്കുന്നുണ്ടു്; ഉഗ്രങ്ങളായ വെള്ളച്ചാട്ടങ്ങൾ മനുഷ്യനുവേണ്ടി യന്ത്രങ്ങളെ ചലിപ്പിക്കുന്നു; വിദ്യുച്ഛക്തി അവന്റെ സന്ദേശങ്ങളെ വഹിച്ചുകൊണ്ടുപോകുന്നു; വിളക്കു കൊളുത്തുന്നു. സമുദ്രം മനുഷ്യന്റെ വിനോദവ്യാപിയും, ആകാശം വിഹാരസ്ഥലവുമായിരിക്കുകയാണു്. ഇതിനുവേണ്ട സിദ്ധികളൊക്കെ എങ്ങനെ സ്വാധീനമായി? ജ്ഞാനംകൊണ്ടുതന്നെ.”

ഔചിത്യദീക്ഷ വിടാതിരുന്നാൽ അർത്ഥഗർഭമായ ഒരു ചെറിയവാക്യത്തിന്റെ വിപുലനം ഒന്നാന്തരം ഒരു ഉപന്യാസമായി എന്നുവരാം. മേൽ എഴുതിയ ആശയം ഇനിയും പരത്താൻ പാടില്ലെന്നില്ലല്ലോ.

അഭ്യാസം ൪൬
  1. സംക്ഷേപിക്കുക:- 1. “സൗന്ദര്യം ലാവണ്യം ആഹ്ലാദം എന്നും മറ്റുമുള്ള സംസ്കൃതപദങ്ങളും, അഴക് ഒളി എന്നും മറ്റുമുള്ള ഭാഷാ പദങ്ങളും സാധാരണമായി പ്രയോഗിക്കുമ്പോൾ കലയുടെ വേരൂന്നിയിരിക്കുന്നതു് അവയിലാണെന്നു് നാമാരും അത്രഗണിക്കാറില്ല. സ്വതസ്സിദ്ധമായ രാമണീയകംകൊണ്ടു് പ്രകൃതിദേവി നമ്മെ സർവ്വദാ ഉപചരിക്കുന്നതറിയാൻ ശേമുഷിയുള്ളവർ മാത്രം അതറിയുന്നുണ്ടാവും.” 2. “കാളിദാസന്റെ കാലത്തു് ഭാരതീയപരിഷ്കാരം പരമകാഷ്ഠയെ പ്രാപിച്ചിരിക്കുന്നു. വാണിജ്യവിഷയങ്ങളിൽ അനന്യസാധാരണമായ പ്രസക്തി പ്രദർശിപ്പിച്ചിരുന്ന ഭാരതീയർമൂലം ഭാരതത്തെപ്പറ്റി കേൾക്കാത്തവർ അന്നു് അടുത്തും അകലേയും ഉണ്ടായിരുന്നില്ല. കലാവിദ്യകൾ ഉന്നതിയെ പ്രാപിച്ചിരുന്നുവെന്നു മാത്രമല്ല, സാഹിത്യാഭിവൃദ്ധിമൂലം സംസ്കാരം ശ്രേഷ്ഠമായ ഒരവസ്ഥയിൽ എത്തുകയും ചെയ്തിരുന്നു. രാജ്യം സമാധാനത്തിന്റെയും ഐശ്വര്യത്തിന്റേയും കേളീരംഗമായിരുന്നു.” 3. “ആഖ്യാന കാവ്യങ്ങളിലെ ഒരു പ്രധാന ശാഖയാണു് ഇതിഹാസം. ഇതരശാഖകളിൽ നിന്നു് ഇതിനു ഗണ്യമായ വ്യത്യാസങ്ങളുമുണ്ടു്. ലോകത്തിലെ മിക്കഭാഷകളിലും ഇതിഹാസകാവ്യങ്ങളുണ്ടായിട്ടുണ്ടു്. അതാതു് ഭാഷ സംസാരിച്ചിരുന്ന ജനതയുടെ സംസ്കാരഭേദത്തിനനുസരിച്ചു് ഇവയ്ക്കു് ഉൽകൃഷ്ടാപകൃഷ്ടതകളുണ്ടെന്നേയുള്ളൂ. എങ്കിലും മൗലികകാര്യങ്ങളിൽ ഓരോ വർഗ്ഗക്കാരുടെ ഇതിഹാസങ്ങൾക്കും തമ്മിൽ ആത്യന്തികമായ സാദൃശ്യം കാണുന്നു. മനുഷ്യവർഗ്ഗം കാലദേശാവസ്ഥകൾക്കു തികച്ചും വിധേയമായിരുന്ന പുരാതനകാലത്തു്, പരസ്പരം അറിയപ്പെടാത്തവരും വ്യത്യസ്തപരിതസ്ഥിതിയിൽ കഴിഞ്ഞു കൂടിയിരുന്നവരുമായ ജനങ്ങളുടെയിടയിൽ ഉണ്ടായിട്ടുള്ള കൃതികൾക്കു തമ്മിൽ ഈ അത്ഭുതാവഹമായ സാദൃശ്യം എങ്ങനെയുണ്ടായി? ഇതു ചിന്തനീയമാണു്.”
  2. വിപുലനം ചെയ്ക:
    • ഐക്യമത്യം മഹാധനം.
    • “വാക്യം രസാത്മകം കാവ്യം.”
    • മിന്നുന്നതെല്ലാം പൊന്നല്ല.
    • “താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻതാനനുഭവിച്ചീടുകെന്നേ വരു.”
    • ‘പ്രാണനേക്കാൾ മാനം വലുതു്’.
സമാസം

I

1. ‘പൂവിന്റെ ഇതൾ’,—ഈ രണ്ടു പദങ്ങളുടെ ആശയങ്ങൾക്കു പരസ്പരമുള്ള ബന്ധം ദ്യോതിപ്പിക്കുന്നതു് ‘ഉടെ’ എന്ന സംബന്ധികാപ്രത്യയമാണു്. ഈ പ്രത്യയം കൂടാതെതന്നെ ഈ സംബന്ധം പ്രകാശിപ്പിക്കാം; ‘പൂവിതൾ’ എന്നു് ഏകപദമാക്കി പ്രയോഗിച്ചാൽ മതി. ‘പന്തയത്തിനുള്ള കുതിര’ എന്നു പറഞ്ഞാൽ ലഭിക്കുന്ന അർത്ഥബോധം തന്നെ ‘പന്തയക്കുതിര’ എന്നു് ഒറ്റപ്പദമാക്കിയാലും സിദ്ധിക്കും. ഇങ്ങനെ വിഭക്തിപ്രത്യയം കൂടാതെ അന്യോന്യാശ്രയമുള്ള പദങ്ങൾ ചേർന്നു് ഏകപദമാകുന്നതാണു്, സമാസം. സമാസിക്കുക എന്ന പദത്തിനു കൂട്ടിച്ചേർക്കുക എന്നാണർത്ഥം.

സമാസസ്വഭാവം വിശദമാകുന്നതിനു മറ്റു ചില ഉദാഹരണങ്ങൾകൂടി പരിശോധിക്കാം. ‘ചെമന്ന താമര’, എന്ന വിശേഷണവും വിശേഷ്യവും നോക്കുക. ‘ചെം’ എന്നാണു ആ വിശേഷണത്തിന്റെ പ്രകൃതി. ‘ചെന്താമര’ എന്നു സമാസിക്കുമ്പോൾ ഏകപദമായിത്തീരുന്നു. ‘കുടകളും, തഴകളും, ചാമരങ്ങളും’ എന്ന മൂന്നു പദങ്ങളിൽ ആദ്യപദങ്ങളിലെ വചന പ്രത്യയവും ഒറ്റപ്പദമാകുമ്പോൾ നിരുപയോഗമാവുന്ന ‘ഉം’ എന്ന സമുച്ചയവും നീക്കിയാൽ ‘കുടതഴചാമരങ്ങൾ’ എന്നു സമസ്തപദമാകുമല്ലൊ. സമാസിച്ചപദമാണു സമസ്തപദം. ‘പൂവിതൾ’, ‘പന്തയക്കുതിര’, ചെംതാമര, കുടതഴചാമരങ്ങൾ, ഇവയൊക്കെ സമസ്തപദങ്ങളാകുന്നു. ചെം, താമര, എന്നു രണ്ടു പദം ചേർന്നു് ഏക പദത്വം പ്രാപിച്ചതാണല്ലൊ ‘ചെന്താമര’എന്ന സമസ്തപദം. ചെം, താമര, ഇവരണ്ടും ആ ഒറ്റപ്പദത്തിന്റെ ഘടകങ്ങളാണു്. കുട, തഴ, ചാമരം, ഈ ഘടകങ്ങൾ ചേർന്നതാണു് ‘കുടതഴചാമരങ്ങൾ’. സമസ്തപദത്തിന്റെ ഭാഗമെന്നർത്ഥത്തിലാണു് ‘ഘടകം’ എന്നു് ഇവിടെ വ്യപദേശിക്കുന്നതു്. എന്നാൽ, എന്നിട്ടു്, എന്ന മുതലായ അവ്യയപദങ്ങൾ വാക്യങ്ങളോ നാമങ്ങളോ തമ്മിലുള്ളബന്ധം കുറിക്കുന്ന ഘടകങ്ങളാണു്. പേരിന്റെ സാമ്യംകൊണ്ടു തെറ്റിദ്ധരിക്കരുതു്.

‘പാർത്ഥസാരഥി’ എന്ന സമസ്തപദത്തിലെ ‘പാർത്ഥ’ ശബ്ദത്തിനും ‘സാരഥി’ ശബ്ദത്തിനും തമ്മിലുള്ള സംബന്ധം വിവക്ഷയനുസരിച്ചായിരിക്കും. പാർത്ഥൻ എന്നു സാരഥിയുടെ പേരാണെങ്കിൽ പാർത്ഥൻ എന്ന സാരഥി എന്നായിരിക്കണം അർത്ഥം. ‘പാർത്ഥന്റെ സാരഥി’, ‘പാർത്ഥൻ ആരുടെ സാരഥിയാണോ അവൻ’, ഈ അർത്ഥങ്ങൾ ബോധിപ്പിക്കുന്നതിനും ഈ സമസ്തപദത്തിനു ശക്തിയുണ്ടു്. സമസ്തപദത്തിലെ ഘടകപദങ്ങൾ തമ്മിലുള്ള ബന്ധം വിവരിക്കുന്നതിനാണു വിഗ്രമെന്നു പറയുന്നതു്. ‘പാർത്ഥനെന്ന സാരഥി’, ‘പാർത്ഥന്റെ സാരഥി’, ‘പാർത്ഥൻ ആരുടെ സാരഥിയാണോ അവൻ’, ഇതെല്ലാം വിഗ്രഹവാക്യങ്ങൾക്കു് ഉദാഹരണങ്ങളാണു്. ഇങ്ങനെ എല്ലാസ്സമസ്തപദങ്ങളും പലതരത്തിൽ വിഗ്രഹിക്കാവുന്നവ ആയിരിക്കില്ല. ‘ചെംതാമര’യുടെ വിഗ്രഹം ‘ചെമന്ന താമര’ എന്നാണു്.

വേറെ ഉദാഹരണം

സമസ്തപദം വിഗ്രഹവാക്യം

താമരപ്പൂവിതൾ താമരയുടെപൂവിന്റെ ഇതൾ

നീലമേഘം നീലമായ മേഘം

കായ്കനികൾ കായ്കളും കനികളും

കൈകാലുകൾ കൈയും കാലും

രാപ്പകൽ രാവും പകലും

മാൻകണ്ണി മാനിന്റെ കണ്ണുകൾ പോലെ കണ്ണുകളോടുകൂടിയവൾ

മദ്ധ്യേമാർഗ്ഗം മാർഗ്ഗത്തിന്റെ മദ്ധ്യത്തിൽ

യഥാസുഖം സുഖം എപ്രകാരമോ അപ്രകാരം

യഥാധർമ്മം ധർമ്മമതിക്രമിക്കാതെ

സമസ്തപദത്തിൽ അനേകം ഘടകപദങ്ങൾ ചേർന്നിരിക്കുമെന്നു ഉദാഹരണങ്ങളിൽ നിന്നു ഗ്രഹിക്കാമല്ലോ. രണ്ടു പദങ്ങളുടെ യോഗമാണുള്ളതെങ്കിൽ ആദ്യത്തേതു പൂർവ്വപദവും രണ്ടാമത്തേതു ഉത്തരപദവുമാണെന്നു പറയാം. മൂന്നു പദങ്ങൾ ചേർന്നതാണു സമസ്തപദമെങ്കിൽ നടുക്കുവരുന്ന ഘടകം മദ്ധ്യമപദമാകുന്നു. ഒരു സമസ്ത പദത്തിൽ ഇത്ര ഘടകങ്ങളേ ചേരാവൂ എന്നു നിയമമില്ല. ‘തിരുനയനകലാലോലലോലംബമാലാലീലാരംഗം’ എന്നിങ്ങനെ നീണ്ടു നീണ്ട സമസ്തപദങ്ങൾ കവിതകളിൽ പ്രയോഗിച്ചുകാണും. ഗദ്യത്തിൽ ദീർഘസമാസങ്ങൾ പ്രയോഗിക്കാതിരിക്കയാണു വിഹിതം. ആദ്യപദം പൂർവ്വപദം, ദ്വിതീയപദം അതിനെ അപേക്ഷിച്ചു് ഉത്തരപദം, ആ പദം തൃതീയപദത്തെ അപേക്ഷിച്ചു പൂർവ്വപദം, തൃതീയപദം ഉത്തരപദം, ഇങ്ങനെ പൂർവ്വോത്തരപദങ്ങളുടെ ബന്ധം ദീർഘസമാസയോഗങ്ങളിൽ ഗ്രഹിച്ചുകൊള്ളണം.

സമാസിച്ച ഘടകപദം ഉപയോഗിച്ചുതന്നെ വിഗ്രഹിക്കാൻ സാധിക്കാത്ത സമസ്തപദങ്ങൾ നിത്യസമാസങ്ങളാണു്. പൈന്തേൻ, നറുമുത്തു്, മുതലായവ ഇതിനു് ഉദാഹരണങ്ങളാകുന്നു. മധുരമായ തേൻ, നിർമ്മലമായ മുത്തു്, എന്നാണു ഈ പദങ്ങളുടെ അർത്ഥം. കാർമുകിൽ, തൂനിലാവു്, ചെറുപയർ മുതലായവയും നിത്യസമാസങ്ങൾ തന്നെ.

അഭ്യാസം ൪൭
  1. സമാസിക്കുക:
    • കടലിന്റെ കര; കടലിലെ മീൻ; കടലിൽ നിന്നു വരുന്ന കാറ്റു്; യാഗത്തിനുള്ള കുതിര; ഇരുമ്പിനാലുള്ള പെട്ടി, പത്നിയോടു സമേതൻ; വൃക്ഷത്തിൽ നിന്നു പതിതം; നീലമായ മേഘം; ശുദ്ധമായ ജലം.
    • കുടയും തഴയും ചാമരവും; ചരങ്ങളും അചരങ്ങളും; മൃഗങ്ങളും പക്ഷികളും; രാവുകളും പകലുകളും; കരങ്ങളും ചരണങ്ങളും.
    • പേടമാനിന്റെ കണ്ണു്; പേടമാനിന്റെ കണ്ണുകൾ പോലെയുള്ള കണ്ണുകളോടുകൂടിയവൾ; മധുരമായവാണി; മധുരമായ വാണിയോടുകൂടിയവൾ.
    • സന്ധി, സമാസം, ഈ പദങ്ങൾ യഥാസ്ഥാനം ചേർത്തു വാക്യം പൂർണ്ണമാക്കുക.
    1. വർണ്ണങ്ങളുടേയും അക്ഷരങ്ങളുടേയും യോഗം—പദങ്ങളുടെ യോഗം—
    • നിത്യസമാസം, അനിത്യസമാസം, ഇവ സോദാഹരണം വിവരിക്കുക.
    • വിഗ്രഹിക്കുക:

നദീതടം, ശത്രുനിഹതൻ, സീതാസഹിതൻ, സ്വച്ഛജലം, ജലജന്തു, ബാലികാബാലന്മാർ, ബ്രാഹ്മണ ക്ഷത്രിയ വൈശ്യശൂദ്രർ, ധർമ്മാർത്ഥകാമമോക്ഷങ്ങൾ, താമരക്കണ്ണി, പൈന്തേൻവാണി.

സമാസം
II

1. ‘പൂവിതൾ’, ‘കായ്കനികൾ’, ഈ സമസ്തപദങ്ങൾ വിഗ്രഹിച്ചുനോക്കുമ്പോൾ രണ്ടിലേയും ഘടകപദങ്ങളുടെ പ്രാധാന്യത്തിലന്തരം കാണാം. ‘പൂവിന്റെ ഇതൾ’ എന്നാണല്ലോ ആദ്യത്തേതിന്റെ വിഗ്രഹം. ഇതിൽ ‘ഇതൾ’ വിശേഷ്യവും ‘പൂവിന്റെ’ എന്ന പദം അതിന്റെ വിശേഷണവും ആകുന്നു. വിശേഷണത്തെ അപേക്ഷിച്ചു് വിശേഷ്യത്തിനാണു പ്രാധാന്യം. ‘കായും കനിയും’ എന്നോ ‘കായ്കളും കനികളും’ എന്നോ ആണു് ‘കായ്കനികൾ’ എന്ന സമ്സ്തപദത്തിന്റെ വിഗ്രഹം. പ്രസ്തുത പദത്തിലെ രണ്ടു ഘടകങ്ങൾക്കും പ്രാധാന്യം തുല്യമാകുന്നു. അവയ്ക്കു വിശേഷണവിശേഷ്യഭാവം ഇല്ലല്ലൊ. ഉത്തരപദത്തിന്റെ അർത്ഥം പ്രധാനമായി വരുന്ന സമാസം തൽപുരുഷനാണു്. സർവ്വപദങ്ങൾക്കും പ്രാധാന്യം സമമായ സമാസം ദ്വന്ദ്വനാകുന്നു. ‘പൂവിതൾ’ ആദ്യത്തേതിനും ‘കായ്കനികൾ’ രണ്ടാമത്തേതിനും ഉദാഹരണങ്ങളാണു്.

വേറെ ഉദാഹരണം:

തൽപുരുഷൻ—

പുഴവക്കു്, തലവേദന, ദയാർദ്രൻ.

ദ്വന്ദ്വൻ—

ആടുമാടുകൾ, കൗരവപാണ്ഡവന്മാർ, ഗുരുശിഷ്യന്മാർ.

2. തൽപുരുഷനിൽ പൂർവ്വപദം അപ്രധാനവും ഉത്തരപദം പ്രധാനവുമാണെന്നു ഗ്രഹിച്ചുവല്ലൊ. സംസ്കൃതഭാഷയിൽനിന്നു മലയാളത്തിൽ പൂർവ്വപദത്തിന്റെ അർത്ഥം പ്രധാനമായി വരുന്ന സമസ്തപദങ്ങൾ ഒട്ടുവളരെ കടന്നുകൂടിയിട്ടുണ്ടു്. ‘മധ്യേമാർഗ്ഗം’ എന്ന പദത്തിന്റെ വിഗ്രഹം മാർഗ്ഗത്തിന്റെ മധ്യത്തിൽ എന്നാണല്ലൊ. ‘മധ്യേ’ എന്ന പൂർവ്വപദത്തിന്റെ അർത്ഥത്തിനാണു് ഇതിൽ പ്രാധാന്യം. പൂർവ്വപദാർത്ഥപ്രധാനമായ സമാസം അവ്യയീഭാവമാകുന്നു.

വേറെ ഉദാഹരണം:

സമസ്തപദം വിഗ്രഹാർത്ഥം

യഥേച്ഛം ഇച്ഛപോലെ

സസ്നേഹം സ്നേഹത്തോടുകൂടി

പ്രതിദിനം ദിനംതോറും

അഭിമുഖം മുഖത്തിനുനേരെ

ആബാല്യം ബാല്യംമുതൽ

ആമരണം മരണംവരെ

അധിസമുദ്രം സമുദ്രത്തിൽ

ഉപകുംഭം കുംഭത്തിനരികെ

(അവ്യയീഭാവസമാസം ക്രിയാവിശേഷണമായിട്ടാണു വരുന്നതു്. കേവലമലയാള പദങ്ങൾ ചേർന്നു് ഈ മാതിരി സമാസങ്ങൾ ഉണ്ടാവുകയില്ല. ഉദാഹരണങ്ങൾ എല്ലാം സംസ്കൃത പദങ്ങളാണെന്നുകാണാം.)

3. വിശേഷണവിശേഷ്യങ്ങൾ പൂർവ്വോത്തരപദങ്ങളായി സമാസിച്ചുണ്ടാകുന്ന തൽപുരുഷനു പൂർവ്വപദത്തിന്റെ വിഭക്തിയെ ആസ്പദമാക്കി പേരിട്ടിട്ടുണ്ടു്. ‘പൂവിതൾ’ എന്ന സമസ്തപദത്തിന്റെ വിഗ്രഹം പൂവിന്റെ ഇതൾ എന്നും ‘കടലാമ’ എന്നതിന്റെ വിഗ്രഹം ‘കടലിലെ ആമ’ എന്നുമാണല്ലൊ. ഇവ യഥാക്രമം സംബന്ധികാതൽപുരുഷനും ആധാരികാതൽപുരുഷനും ആണു്. ‘പന്തയക്കുതിര’ (പന്തയത്തിനുള്ള കുതിര) ഉദ്ദേശികാതൽപുരുഷനും ‘ഇരുമ്പുപെട്ടി’ (ഇരുമ്പിനാൽ ഉള്ള പെട്ടി) പ്രയോജികാതൽപുരുഷനും ആകുന്നു. വിശേഷണമായ പൂർവ്വപദം നിർദ്ദേശികാ വിഭക്തിയാണെങ്കിൽ ആ തൽപുരുഷൻ കർമ്മധാരയൻ. വീരഭടൻ എന്ന പദം ഇതിനു് ഉദാഹരണമാണു്. വീരനായ ഭടൻ എന്നാണല്ലൊ വിഗ്രഹം. നീലമേഘം, (നീലമായമേഘം) പീതാംബരം (പീതമായ അംബരം) മുതലായ പദങ്ങളും കർമ്മധാരയസമാസത്തിനു് ഉദാഹരണങ്ങളാണു്.

തൽപുരുഷനു വേറെ ഉദാഹരണങ്ങൾ:

സമസ്തപദം വിഗ്രഹം സമാസസംജ്ഞ

സ്വർഗ്ഗഗതൻ സ്വർഗ്ഗത്തെ ഗതൻ പ്രതിഗ്രാഹികാ

തൽപുരുഷൻ

സിംഹസദൃശൻ സിംഹത്തോടു സംയോജികാ

സദൃശൻ തൽപുരുഷൻ

ഹോമദ്രവ്യം ഹോമത്തിനുള്ള ഉദ്ദേശികാതൽ

ദ്രവ്യം പുരുഷൻ

ശോകാക്രാന്തൻ ശോകത്താൽ പ്രയോജികാതൽ

ആക്രാന്തൻ പുരുഷൻ

നദീതീരം നദിയുടെ തീരം സംബന്ധികാതൽ

പുരുഷൻ

ജലജന്തു ജലത്തിലെ ജന്തു ആധാരികാതൽ

പുരുഷൻ

4. രൂപകസമാസവും ഉപമിതസമാസവും കർമ്മധാരയനിൽപ്പെടുന്ന ഉപവിഭാഗങ്ങളാണു്. വജ്രംപോലെ ഹൃദയം എന്ന പദസമൂഹം സമാസിക്കുമ്പോൾ ‘വജ്രഹൃദയം’ എന്നു് ഏകപദമാവുമല്ലൊ. അതുപമിതസമാസമാകുന്നു. ‘മുഖമാകുന്ന ചന്ദ്രൻ’ എന്നർത്ഥത്തിൽ ‘മുഖചന്ദ്രൻ’ എന്ന സമസ്തപദം പ്രയോഗിക്കാം. ഇതു രൂപകസമാസമാകുന്നു.

വേറെ ഉദാഹരണം:

ഉപമിതസമാസം വിഗ്രഹം

ചന്ദ്രധവളം ചന്ദ്രൻപോലെ ധവളം

സ്ഫടികജലം സ്ഫടികംപോലെ ജലം

രൂപകസമാസം

പദപങ്കജം പദമാകുന്ന പങ്കജം

മനതാരു് മനമാകുന്ന താരു്

5. പൂർവ്വപദം സംഖ്യാവാചകമായി വരുന്ന തൽപുരുഷൻ ‘ദ്വിഗു’ ആകുന്നു. മുപ്പാരു്, മൂവുലകു്, നവരസം, പഞ്ചലോഹം മുതലായ പദങ്ങൾ ദ്വിഗു സമാസത്തിനുദാഹരണങ്ങളാണു്.

6. ഇതുവരെ വിവരിച്ച സമാസങ്ങളിലെല്ലാം അവയിലെ ഏതെങ്കിലും ഘടകത്തിനാണു പ്രാധാന്യം എന്നു സ്പഷടമായിട്ടുണ്ടല്ലൊ. ‘നീലവേണി’ എന്ന പദം രണ്ടുവിധത്തിൽ വിഗ്രഹിക്കാം. വിഗ്രഹം എങ്ങനെയാണു വേണ്ടതെന്ന സന്ദർഭംകൊണ്ടുമാത്രമേ നിർണ്ണയിക്കാൻ കഴിയുകയുള്ളൂ. ‘നീലമായവേണി’ എന്നാണു വിവക്ഷയെങ്കിൽ കർമ്മധാരയ സമാസമാണു് ഈ പദം. ‘നീലമായ വേണിയോടുകൂടിയവൾ’ എന്നു വിവക്ഷിക്കുമ്പോഴും ഈ രൂപം വരും. അപ്പോൾ അന്യപദത്തിന്റെ ഒരു വിശേഷണമായിത്തീരുന്നു ‘നീലവേണി’ എന്ന സമസ്തപദം. ഇങ്ങനെ അന്യപദാർത്ഥപ്രധാനമായി വരുന്ന സമാസമാണു ബഹുവ്രീഹി. ‘നഷ്ടധനൻ’ എന്നു മറ്റൊരുദാഹരണം വിഗ്രഹിച്ചുനോക്കാം. ‘ആരുടെ ധനം നഷ്ടമായോ അവൻ’ എന്നാണു് ഇതിന്റെ വിഗ്രഹം.

വേറെ ഉദാഹരണം:

സമസ്തപദം വിഗ്രഹം

പീതാംബരൻ പീതമായ അംബരത്തോടുകൂടിയവൻ.

താമരക്കണ്ണൻ താമരപോലുള്ള കണ്ണുകളുള്ളവൻ.

ശൂലപാണി പാണിയിൽ ശൂലമുള്ളവൻ.

ചന്ദ്രമൗലി മൗലിയിൽ ചന്ദ്രനോടുകൂടിയവൻ.

ക്രൂരഹൃദയ ക്രൂരമായ ഹൃദയത്തോടുകൂടിയവൾ.

7. സമാസത്തിൽ വരുന്ന മുഖ്യങ്ങളായ ചില സന്ധികാര്യങ്ങളുണ്ടു്. അവകൂടി ഗ്രഹിച്ചിരിക്കേണ്ടതാണു്. വിശേഷണവിശേഷ്യങ്ങൾ പൂർവ്വോത്തരപദങ്ങളായി സമാസിക്കുമ്പോൾ ഉത്തരപദത്തിന്റെ ആദിവർണ്ണമായ ദൃഢം ഇരട്ടിക്കും. (ഞ, ന, മ, യ, ര, ല, വ, ഈ ശിഥിലവ്യഞ്ജനങ്ങൾ ഉത്തരപദാദിയിൽ വന്നാൽ ഇരട്ടിക്കുകയില്ല.)

ദൃഢം ഇരട്ടിക്കുന്നതിനു് ചില ഉദാഹരണങ്ങൾ:

താമര + കുളം താമരക്കുളം

മര + പെട്ടി മരപ്പെട്ടി

നില + താമര നിലത്താമര

പൊടി + ചാരം പൊടിച്ചാരം

ഇ + ഗജം ഇഗ്ഗജം

ഇ + ജനം ഇജ്ജനം

(വിശേഷണമായ പൂർവ്വപദം ഒരു ധാതുവാണെങ്കിൽ ഉത്തരപദാദിയിലെ ദൃഢം ഇരട്ടിക്കയില്ല. അരകല്ലു്, ഉരകല്ലു്, തിരികല്ലു് മുതലായ പദങ്ങളിൽ ക കാരം ഇരട്ടിക്കാത്തതു തന്മൂലമാണു്. സംസ്കൃതപദങ്ങൾ തമ്മിൽ സമാസിക്കുമ്പോൾ ഭാഷാവ്യാകരണത്തിലെ ഈ നിയമം അവയ്ക്കു ബാധകമായിരിക്കയില്ലെന്നുകൂടി അറിഞ്ഞിരിക്കണം. ജനപദം, സൂര്യകാന്തി, കാവ്യതല്ലജം, മുഖചന്ദ്രൻ, ആകാശഗമനം മുതലായ സംസ്കൃതസമസ്തപദങ്ങളിൽ ഈ ദ്വിത്വം വരാത്തതു് അതുകൊണ്ടാണു്.)

8. സമസ്തപദത്തിലെ ഏകദേശമായ പൂർവ്വപദത്തിൽ ബാഹ്യവിശേഷണം ചേരുകയില്ല. ‘രാക്ഷസേശ്വരനായ രാവണസഹോദരി’, എന്നപോലെയുള്ള പ്രയോഗം അനുകരിക്കരുതു്. ‘രാക്ഷസേശ്വരൻ’ എന്ന വിശേഷണം രാവണനിൽ അന്വയിക്കണമെന്നാണു് കവി ഇച്ഛിക്കുന്നതെങ്കിലും, രാവണസഹോദരിയുടെ വിശേഷണമായിട്ടേ അതു തോന്നുകയുള്ളൂ. ‘വൃദ്ധനായ ദശരഥപുത്രൻ കർമ്മയോഗിയായ ജനകപുത്രിയെ വിവാഹം ചെയ്തു’, എന്നെഴുതുന്നതു വിവക്ഷിതാർത്ഥം കുറിക്കുകയില്ല; അവിവക്ഷിതാർത്ഥം കുറിക്കുകയും ചെയ്യും. ‘വൃദ്ധദശരഥന്റെ പുത്രൻ കർമ്മയോഗിയായ ജനകന്റെ പുത്രിയെ’ എന്നു പ്രയോഗിക്കുന്നതാണു് സുബദ്ധം.

അഭ്യാസം ൪൮
  1. താഴെ പറയുന്ന സമസ്തപദങ്ങൾ കർമ്മധാരയനായും ബഹുവ്രീഹിയായും വരാമെന്നു വിഗ്രഹിച്ചു് ഉചിതമായ വിവരണംകൊണ്ടു് തെളിയിക്കുക.
    • മധുരമൊഴി, നീലവേണി, നഷ്ടജനം, പാർത്ഥസാരഥി
    • ദ്വിഗുസമാസത്തിന്റെ സ്വഭാവം സോദാഹരണം വിവരിക്കുക.
    • വിഗ്രഹിച്ചു സമാസം നിർണ്ണയിക്കുക:-
    യഥാസ്ഥാനം, ആജീവനാന്തം, സസ്നേഹം, യാഗശാല, കടൽനുര, മൃദുകരത്തളിർ, വെൺകുളിർ കൽത്തറ, ചാരുമുഖി.
  2. സന്ധികാര്യം വേണ്ട ദിക്കിൽ ചെയ്യുക.
    • പച്ചകദളി കുലകൾക്കിടയ്ക്കിടെ
    • കൂടെ കൂടെ തലോടും സുകൃതനിധി യശോദാ കരം കുമ്പിടുന്നേൻ
  3. തെറ്റു തീർക്കുക:- വിടർന്ന പൂമണം. വൃദ്ധനായ കണ്വപുത്രി. കാമുകനായ ദുഷ്യന്തഹൃദയം.
ഉദ്ഗ്രഥനം

1. മൂന്നു തരത്തിലുള്ള വാക്യങ്ങൾ അപോദ്ധരിക്കുന്ന പ്രകാരം മുൻപു വിവരിച്ചു കഴിഞ്ഞിട്ടുണ്ടു്. ഈ പ്രകരണത്തിൽ വാക്യങ്ങൾ ഉദ്ഗ്രഥിക്കുന്ന രീതിയാണു് വിവരിക്കുന്നതു്. ‘ഭാരതഭൂമി ദീർഘകാലത്തെ ധർമ്മസമരത്തിനുശേഷം ആയിരത്തിത്തൊള്ളായിരത്തി നാല്പത്തേഴിൽ രാഷ്ട്രീയസ്വാതന്ത്ര്യം നേടി’, എന്ന വാക്യത്തിലെ ഉദ്ദേശ്യം ‘ഭാരതഭൂമി’യാണു്. അതിനെക്കുറിച്ചാണല്ലൊ പ്രസ്താവിക്കുന്നതു്. വാക്യത്തിലെ ആഖ്യയാകുന്നു, ഈ പദം. ‘ദീർഘകാലത്തെ ധർമ്മസമരത്തിനുശേഷം 1947-ൽ രാഷ്ട്രീയസ്വാതന്ത്ര്യം നേടി’, എന്ന ഭാഗം വിധേയമാകുന്നു. ‘നേടി’ എന്ന ആഖ്യാതപദത്തിന്റെ വിശേഷണമാണു്, ‘ദീർഘകാലത്തെ ധർമ്മസമരത്തിനുശേഷം 1947-ൽ’ എന്നുവരെയുള്ള ഭാഗം. ‘രാഷ്ട്രീയസ്വാതന്ത്ര്യം’ എന്ന പദം ‘നേടി’ എന്ന ക്രിയയുടെ കർമ്മമാകുന്നു. ഇങ്ങനെ പരസ്പരാപേക്ഷങ്ങളായ പദങ്ങൾ ചേർന്നുണ്ടാകുന്ന ഉദ്ദേശ്യവിധേയങ്ങളെ ഉദ്ഗ്രഥിച്ചാണു് വാക്യങ്ങളാക്കുന്നതു്.

2. ഭാരതഭൂമി നമ്മുടെ ജന്മദേശമാണു്. അതു പരിപാവനമാകുന്നു, എന്നുകൂടി വക്താവിനു് വെളിപ്പെടുത്തണമെങ്കിൽ വാക്യരൂപം പരിഷ്കരിക്കാം. രണ്ടാശയവും ഭാരതഭൂമിയെ വിശേഷിപ്പിക്കുന്നതാകയാൽ അവയെ ആഖ്യാപരിച്ഛദമാക്കിയാൽ മതി. ‘നമ്മുടെ ജന്മദേശവും പരിപാവനവുമായ ഭാരതഭൂമി’ എന്നാക്കാം ഉദ്ദേശ്യം. ഇങ്ങനെ കർമ്മത്തിനോടുചേരുന്ന ആശയങ്ങളെയും അതിന്റെ വിശേഷണമായി നിബന്ധിച്ചു കർമ്മപരിച്ഛദമാക്കാവുന്നതാണു്. വക്താവിന്റേയോ ലേഖകന്റേയോ വിവക്ഷ അനുസിച്ചു് വാക്യം ഹ്രസ്വമോ ദീർഘമോ, ആയിത്തീരുന്നു. ‘നമ്മുടെ ജന്മദേശമാണു് ഭാരതഭൂമി.’ അതു പരിപാവനമാകുന്നു. ഭാരതഭൂമി സ്വാതന്ത്ര്യം നേടുവാൻ ദീർഘകാലം ധർമ്മസമരം ചെയ്തു. 1947-ൽ ആണു് ആ യുദ്ധത്തിൽ വിജയം നേടിയതു്. അതിന്റെ ഫലമായി രാഷ്ട്രീയസ്വാതന്ത്ര്യം നേടി. ഇങ്ങനെ അഞ്ചു ചൂർണ്ണികകളാക്കി പ്രകാശിപ്പിക്കാവുന്ന ആശയമാണു് മുകളിലുദാഹരിച്ച ഒറ്റച്ചൂർണ്ണികയിൽ അടങ്ങിയിരിക്കുന്നതു്.

3. ആദ്യം ഉദ്ദേശ്യം, പിന്നെ വിധേയം,—ഇതാണു് വാക്യം ഉദ്ഗ്രഥിക്കുമ്പോൾ സാമാന്യമായി അനുസരിക്കേണ്ട നിയമം. ‘കിഴക്കുദിച്ചു സൂര്യൻ’, ‘ആകാശത്തിൽ പറന്നു പക്ഷി’, എന്നൊക്കെ ഒരുദ്ദേശവും കൂടാതെ ഈ ക്രമം തെറ്റി എഴുതുന്നതും പറയുന്നതും ആശാസ്യമല്ല. എന്നാൽ, വൈചിത്ര്യത്തിനോ പ്രാധാന്യ സൂചനത്തിനോ, ഇച്ഛാനുസാരം, കൂടിയേ കഴിയുവെങ്കിൽ, ഈ നിയമം ലംഘിക്കാം. ‘തെറ്റാണു രാമൻ ചെയ്തതു്’ എന്ന വാക്യത്തിൽ വക്താവു് ഊന്നിപ്പറവാൻ ആഗ്രഹിക്കുന്നതു് രാമന്റെ പ്രവൃത്തിയല്ല, അതിന്റെ ആക്ഷേപാർഹതയാണു്. അതിനാൽ ‘തെറ്റാണു്’ എന്ന വിധേയഭാഗംകൊണ്ടു വാക്യം തുടങ്ങുന്നു. ‘പണ്ടു്, അയേദ്ധ്യയിൽ, ഒരു രാജാവുണ്ടായിരുന്നു’ എന്നു കഥ പറഞ്ഞു തുടങ്ങുമ്പോൾ ക്രിയയ്ക്കു് ആധാരമായ കാലവും സ്ഥലവും സൂചിപ്പിക്കുന്ന ക്രിയാവിശേഷണങ്ങൾ വാക്യാരംഭത്തിൽത്തന്നെ ചേർക്കുന്നതു സ്വാഭാവികമാണു്. സംഭവ വിവരണത്തിനുമുൻപു് വിദൂരമായ ആ സ്ഥലത്തേയ്കക്കും കാലത്തേയ്ക്കും ശ്രോതാവിന്റെ ശ്രദ്ധയെ ആകർഷിക്കുകയാണു്, ഈ വ്യതിയാനത്തിന്റെ ലക്ഷ്യം. ആഖ്യാനോപക്രമങ്ങളിലും മറ്റുമാണു്, ഈ സമ്പ്രദായം സ്വീകരിക്കാവുന്നതു്. ‘തീയു തണക്കും, മേരു പതിക്കും, ഹരിശ്ചന്ദ്രൻ സത്യം ലംഘിച്ചാൽ’ എന്ന വാക്യത്തിൽ, ഹരിശ്ചന്ദ്രന്റെ സത്യനിഷ്ഠയുടെ ദാർഢ്യം അധികം ശക്തിയോടുകൂടി പ്രകാശിപ്പിക്കാനാണു്, ആദ്യം പറയേണ്ട ഹേതുരൂപമായ അംഗവാക്യം ഒടുവിലാക്കിയിരിക്കുന്നതു്. അംഗിവാക്യം ഒടുവിലും അംഗവാക്യം മുൻപിലുമെന്നാണല്ലൊ സാമാന്യ നിയമം. അതു് ഇവിടെ സോദ്ദേശം ലംഘിച്ചിരിക്കുന്നു.

4. ഹൈദരാലി വൈദേശിക രാജ്യലോബഭികളെ ഇന്ത്യയിൽനിന്നു പുറത്താക്കുവാൻ ആഗ്രഹിച്ചു. ഹൈദരാലിക്കു് അതു സാദ്ധ്യമായില്ല. ‘മഹാരാഷ്ട്ര’നായകന്മാരും നൈസാമും ഹൈദരാലിക്കു് എതിരായിരുന്നു. ഈ മൂന്നു ചൂർണ്ണികാവാക്യങ്ങളുടെ ആശയങ്ങൾക്കു തമ്മിലുള്ള ബന്ധം പരിശോധിക്കുക. പ്രഥമവാക്യം ഹൈദരാലിയുടെ അഭിലാഷവും ദ്വിതീയവാക്യം അതിന്റെ വിഫലപരിണാമവും തൃതീയവാക്യം ആ പരിണാമത്തിനുള്ള ഹേതുവുമാണു് വെളിപ്പെടുത്തുന്നതു്. ‘എങ്കിലും’ എന്ന ഘടകം പ്രഥമദ്വിതീയ വാക്യങ്ങളിലെ ആശയങ്ങൾക്കുള്ള വിരുദ്ധത ദ്യോതിപ്പിക്കാൻ ചേർക്കാവുന്നതാണു്. ‘ആൽ’ എന്ന പ്രയോജികാപ്രത്യയമോ ‘കൊണ്ടു് ’ എന്ന ഗതിയോ ചേർത്തു തൃതീയവാക്യത്തെ ഹേതുസൂചകമായ അംഗവാക്യമാക്കാം. അപ്പോൾ ഈ ചൂർണ്ണികകൾ ചേർന്നു് ഒരു സങ്കീർണ്ണവാക്യമാവും. ‘ഹൈദരാലി വൈദേശികരാജ്യലോഭികളെ ഇന്ത്യയിൽ നിന്നു പുറത്താക്കാൻ ആഗ്രഹിച്ചെങ്കിലും, മഹാരാഷ്ട്രനായകന്മാരും നൈസാമും എതിരായിരുന്നതിനാൽ, അദ്ദേഹത്തിനു അതു സാദ്ധ്യമായില്ല.’ ആശയങ്ങളുടെ അംഗാംഗിഭാവം വ്യക്തമാക്കാനും സംക്ഷേപിക്കാനും ഈ രീതി ഉപകരിക്കുന്നു. മാത്രമല്ല; ചൂർണ്ണികാരൂപംതന്നെ വൈചിത്ര്യം കൂടാതെ ആവർത്തിച്ചാൽ പ്രതിപാദനം ബാലിശമായി തോന്നിയേക്കാം. അതിനാൽ അവൈചിത്ര്യം ഇടയ്ക്കിടയ്ക്കു സങ്കീർണ്ണകങ്ങൾ പ്രയോഗിക്കുന്നതു സമുതചിതമായിരിക്കും.

5. വ്യാകരണദൃഷ്ട്യാ സ്വതന്ത്രങ്ങളും ആശയങ്ങളുടെ ബന്ധംകൊണ്ടു് അന്യോന്യബദ്ധങ്ങളുമായ അംഗിവാക്യങ്ങൾചേർന്ന മഹാവാക്യങ്ങളായിട്ടും മറ്റു രണ്ടു വിഭാഗത്തിലുംപെട്ട വാക്യങ്ങളിലെ ആശയങ്ങളെ ഉദ്ഗ്രഥിക്കാം. ‘സമരോദ്യമത്തിൽനിന്നു് എല്ലാ രാഷ്ട്രനേതാക്കന്മാരും പിൻമാറണം. ഗാന്ധിജി ഈ അഭിപ്രായം വിനയത്തോടുകൂടി പുറപ്പെടുവിച്ചു. ആരും അതു ശ്രദ്ധിച്ചില്ല.’ ഈ ചൂർണ്ണികകളെ നമുക്കു് ഒരു മഹാവാക്യമാക്കാം. ‘സമരോദ്യമത്തിൽ നിന്നു് എല്ലാ രാഷ്ട്രനേതാക്കന്മാരും പിൻമാറണമെന്നു ഗാന്ധിജി വിനയത്തോടുകൂടി പ്രാർത്ഥിച്ചു; എന്നാൽ, ആരും അതു ശ്രദ്ധിച്ചില്ല.’ ഗാന്ധിജിയുടെ പ്രതീക്ഷയ്ക്കു വിപരീതമായിരുന്നു അനുഭവം. ആ വിരുദ്ധത കാണിക്കാനാണു്, ‘എന്നാൽ’ എന്ന ഘടകം ചേർത്തിരിക്കുന്നതു്. ‘സമരോദ്യമത്തിൽനിന്നു എല്ലാ രാഷ്ട്രങ്ങളും പിൻമാറണമെന്നു്’ എന്ന നാമവാക്യം പ്രാർത്ഥിച്ചു എന്ന ക്രിയയുടെ കർമ്മമായ അംഗവാക്യമാണു്; ഗാന്ധിജി വിനയത്തോടുകൂടി പ്രാർത്ഥിച്ചു എന്നതു് അംഗിവാക്യവും ഈ അംഗാഗിഭാവമുള്ള വാക്യങ്ങൾ ചേർന്ന സങ്കീർണ്ണവാക്യം അംഗിയാണു്. അടുത്ത വാക്യവും അംഗിയാകുന്നു. അതിനാൽ സങ്കീർണ്ണവാക്യത്തോടുകൂടിയ ഒരു മഹാവാക്യമാണിതു്. ‘ഞാൻ ഉപദേശിച്ചാലും അവൻ അവഗണിക്കാനാണു് ഇട’, എന്നു സങ്കീർണ്ണകമാക്കിയും നിബന്ധിക്കാവുന്നതാണു്.

6. അംഗിവാക്യങ്ങൾ ചേർന്നാണു് മഹാവാക്യമുണ്ടാകുന്നതെന്നു ഗ്രഹിച്ചിട്ടുണ്ടല്ലോ. എങ്കിലും അവയുടെ ആശയങ്ങൾക്കു തമ്മിൽ അംഗാംഗിഭാവമുണ്ടായിരിക്കുമെന്നു് ഉദാഹരണങ്ങളിൽനിന്നു വ്യക്തമാകുന്നുണ്ടു്. എന്നാൽ കാര്യകാരണഭാവം, വൈരുദ്ധ്യം മുതലായ ബന്ധമൊന്നുമില്ലാത്ത സ്വതന്ത്രാശയങ്ങൾ ചേർന്നും മഹാവാക്യം വരും. ‘സൂര്യൻ ഉദിക്ക ചെയ്യുന്നു, ചന്ദ്രൻ അസ്തമിക്ക ചെയ്യുന്നു’ എന്നാണീ വാക്യത്തെ അപോദ്ധരിക്കുമ്പോൾ ലഭിക്കുന്ന രൂപം. ‘കവി വാക്കുകൾ കൊണ്ടു ചിത്രമെഴുതുന്നു; ചിത്രകാരൻ രേഖകൾ കൊണ്ടു കാവ്യവും എഴുതുന്നു’ എന്നു് ഇതുപോലെതന്നെ ഉദ്ഗ്രഥിക്കാവുന്നതാണു്.

‘ഉം’ എന്ന സമുച്ചയം ചേർത്തു് ഇങ്ങനെയുള്ള വാക്യങ്ങളെ മഹാവാക്യമാക്കുന്നതു് സംഗ്രഹിച്ചു പറയുവാനും മറ്റും വേണ്ടിയാകുന്നു. ആ മാതിരി പ്രയോജനമൊന്നുമില്ലാതെ അന്യോന്യം ബന്ധം ഇല്ലാത്ത ആശയങ്ങൾ ചേർത്തു വാക്യങ്ങൾ രചിക്കരുതു്.

അഭ്യാസം ൪൯
  1. ചൂർണ്ണികകളാക്കുക:
    • ‘അതിന്റെ ചുരുക്കം താൻ കിട്ടുണ്ണിമേനോനെ ചികിത്സിക്കുവാൻ തുടങ്ങീട്ടു് ഏകദേശം ഒരു കൊല്ലത്തിൽ കുറയാതെ ആയെന്നും അദ്ദേഹത്തിനു് ഒടുവിൽ പിടിപെട്ട ഉദരരോഗത്തിൽനിന്നു മോചനം കേവലം അസാധ്യമായിരുന്നതിനാൽ ആയതിനു താൻ മോഹിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഇത്രവേഗം മരിക്കുന്നതിനുള്ള യാതൊരു ലക്ഷണങ്ങളും തന്റെ കണ്ണിൽ പെട്ടില്ലെന്നും ഈ വിവരംതന്നെ ഏതാനും ദിവസം മുമ്പു് കാര്യസ്ഥൻ ചോദിച്ചപ്പോൾ താൻ പറഞ്ഞിട്ടുണ്ടെന്നും മരണാന്തരം ശരീരത്തിന്റെ ആകൃതി കണ്ടേടത്തോളം ഈ പെട്ടന്നുള്ള മരണം സംശയത്തിനു ആസ്പദമാണെന്നും ശേഷം ശവം കീറിനോക്കീട്ടുമാത്രമേതീർച്ച പറവാൻ തരമുള്ളൂ എന്നും ആകുന്നു.’ —‘ഭാസ്കരമേനോൻ’
  2. മഹാവാക്യമാക്കുക:
    • ‘നാം നമ്മുടെ ശരീരത്തെ ശരിയാംവണ്ണം സൂക്ഷിക്കുന്നതായാലേ അതു് അതിന്റെ പ്രവൃത്തികൾ നിർവ്വിഘ്നം ചെയ്തുകൊണ്ടു ദീർഘകാലം നിലനിൽക്കുകയുള്ളൂ.’
    • ‘ശങ്കരൻ നമ്പൂരി ഒരതിമാനുഷനായ ജ്യൗതിഷികനായിരുന്നെങ്കിലും സാഹിത്യരസികത്വം കവിത്വവും അദ്ദേഹത്തിനു് അത്രതന്നെ ഉണ്ടായിരുന്നില്ല.’
    • ‘ദേഹം സ്വരാജ്യത്തിലും മനസ്സു് മനോരാജ്യത്തിലും ആയി.’
  3. സങ്കീർണ്ണവാക്യമാക്കുക:
    • ആ ഭയങ്കരവനത്തിൽ സിംഹങ്ങളും മറ്റു പല ക്രൂരജന്തുക്കളും കുടികൊള്ളുന്നു. അവിടെ നിർഭയനും ധീരനും ആയ രാജകുമാരൻ ചുറ്റിനടന്നു. അപ്പോൾ നാരദൻ പ്രത്യക്ഷനായി. നാരദൻ ഭഗവദ്ഭക്തനായ മഹർഷിയാണു്.
    • കിളിമാനൂർക്കോയിത്തമ്പുരാൻ പ്രതിഭാശാലിയായ ഒരു ചിത്രകാരനായിരുന്നു. അദ്ദേഹം അനേകം ചിത്രങ്ങളെഴുതിയിട്ടുണ്ടു്. എല്ലാം മനോഹരങ്ങളാണു്. അവയിൽ ഹംസദമയന്തിയുടേയും മോഹിനിയുടേയും ചിത്രം അധികം മനോഹരമാകുന്നു.
    • ശങ്കരാചാര്യർ അദ്വൈതസിദ്ധാന്തത്തിന്റെ സ്ഥാപകനാണു്. അദ്ദേഹമാണു് ശാങ്കരസ്മൃതി എഴുതിയതെന്നു ചിലർ വിചാരിക്കുന്നു. അവരുടെ ആ വിചാരം അബദ്ധമാണു്.
    • ഇന്ത്യയിൽ ഇരുന്നൂറിൽ പരം ഭാഷകളുണ്ടു്. അവയിൽ സാഹിത്യപുഷ്ടിയും പ്രചാരവും കൊണ്ടു് പതിന്നാലു ഭാഷകൾ പ്രാധാന്യം അർഹിക്കുന്നു.
ഉദ്ഗ്രഥനം
II

1. ആശയങ്ങളുടെ സ്വഭാവമനുസരിച്ചു മൂന്നു തരത്തിൽ വാക്യങ്ങൾ രചിക്കുന്നതെങ്ങനെയാണെന്നു പ്രതിപാദിച്ചുകഴിഞ്ഞു. ഇനി വാക്യബന്ധത്തിന്റെ ചില വിശേഷരീതികളെക്കുറിച്ചാണു ചുരുക്കിപ്പറയുന്നതു്. ‘മൂന്നു ഗുണങ്ങളുണ്ടു്: സത്വം, രജസ്സു്, തമസ്സു്’, ഈ വാക്യം നോക്കുക. ‘മൂന്നു ഗുണങ്ങളുണ്ടു്, എന്ന വാക്യഭാഗം പൂർണ്ണക്രിയയിൽ അവസാനിക്കുന്നതിനാൽ ആകാംക്ഷയ്ക്കു് അവിടെ മുറിവുവരുന്നു. അതിനുശേഷമാണു്, ആ ഗുണങ്ങൾ ഏതെല്ലാമാണെന്നു പ്രസ്താവിക്കുന്നതു്. ‘സത്വം, രജസ്സു്, തമസ്സു് എന്നു മൂന്നു ഗുണങ്ങളുണ്ടു്’, എന്നു വാക്യരൂപം മാറ്റിയാൽ ആകാംക്ഷ അവസാനംവരെ നീണ്ടുനിൽക്കും. ആദ്യത്തെ രീതി ശ്ലഥവും രണ്ടാമത്തേതു ഗാഢവും ആകുന്നു. ഗാഢമായ രീതിയാണു് ഉപന്യാസരചനയിൽ വിദ്യാർത്ഥികൾ സാമാന്യമായി അംഗീകരിക്കേണ്ടതു്. വൈചിത്ര്യത്തിനു വേണ്ടി ശ്ലഥബന്ധങ്ങളായവാക്യങ്ങൾ ഇടയ്ക്കു സ്വീകരിക്കാം. എങ്ങനെ പറഞ്ഞാലാണു്, ആശയം ശക്തിപൂർവ്വം ഹൃദയത്തിൽ പതിയുകയെന്നും സുവിശദമാവുകയെന്നും വക്താവു് അറിഞ്ഞിരിക്കേണ്ടതാണു്.

വേറെ ഉദാഹരണം:

ശ്ലഥം ഗാഢം

‘വാസ്തവം ഇതാണു്, എന്നെ അയാൾ വിശ്വസിക്കുന്നില്ല’ ‘എന്നെ അയാൾ വിശ്വസിക്കുന്നില്ലെന്നുള്ളതാണു് വാസ്തവം.’

‘കവിക്കു് ഒന്നു കൂടിയേ കഴിയു, ഭാവന.’ ‘ഭാവന കവിക്കു കൂടിയേ കഴിയൂ.’

‘തനിക്കു വേറെ ബന്ധുവില്ല, താനല്ലാതെ.’ ‘താനല്ലാതെ തനിക്കു വേറെ ബന്ധുവില്ല.’ ‘പദാർത്ഥങ്ങൾ മൂന്നു രൂപത്തിലുണ്ടു്: ഘനം, ദ്രവം, വാതകം.’ ‘ഘനം, ദ്രവം, വാതകം, എന്നു പദാർത്ഥങ്ങൾ മൂന്നു രൂപത്തിലുണ്ടു്.’

ഗാഢബന്ധത്തേക്കാൾ ശ്ലഥബന്ധം വൈചിത്ര്യാധായകമാവുമെന്നോ പ്രധാനമായ ആശയഭാഗം അധികം ഹൃദയംഗമമാവാൻ സഹായമാവുമെന്നോ തോന്നുമ്പോൾ മാത്രമേ ബന്ധശിഥിലത ഗുണമായി വരികയുള്ളൂ. ‘ഞാൻ ഇന്നലെ ഇവിടെ വന്നു് നിങ്ങളെ അന്വേഷിച്ചു’വെന്നു പറഞ്ഞാൽ വിവക്ഷിതം സുഗ്രഹമാവുമെന്നിരിക്കെ ‘ഞാൻ അന്വേഷിച്ചു നിങ്ങളെ ഇവിടെ വന്നു് ഇന്നലെ’ എന്നും മറ്റും ശ്ലഥ ബന്ധമാക്കി സംസാരിക്കുന്നതും എഴുതുന്നതും പരിഹാസാർഹമാകുന്നു.

2. ‘അന്നത്തെ മലനാടെവിടെ, || ഇന്നത്തെ മലയാളമെവിടെ! || എന്തോ കഥ! || കാലം മറിഞ്ഞതോടുകൂടി || കോലം കീഴ്മേൽ മറഞ്ഞു.’ || സരസഗദ്യകാരനായ അപ്പൻ തമ്പുരാന്റെ ഭൂതരായർ എന്ന ആഖ്യായികയിലെ ഉപക്രമവാക്യങ്ങളാണു്, ഇവിടെ ഉദ്ധരിച്ചിരിക്കുന്നതു്. വാക്യഭാഗങ്ങളുടെ ബന്ധസാജാത്യം എത്രമാത്രം ആകർഷകമായിരിക്കുന്നു. വിശേഷണങ്ങൾ, അംഗവാക്യങ്ങൾ, പദ സംഘാതങ്ങൾ മുതലായവയുടെ ദൈർഘ്യനിയമം, ആരംഭത്തിലും അവസാനത്തിലും മറ്റുമുള്ള സമുചിതമായ പ്രാസവിന്യാസം, ഇങ്ങനെയുള്ള ചില രചനാകൗശലത്താലാണു വാക്യങ്ങൾക്കു ബന്ധസാജാത്യം നേടുന്നതു്. വിദ്യാർത്ഥികൾ വൈചിത്ര്യത്തിനുവേണ്ടി ഈ മാതിരി വാക്യശില്പങ്ങൾ പ്രബന്ധങ്ങളിൽ ഇടയ്ക്കിടയ്ക്കു കലർത്തുവാൻ ശ്രമിക്കുന്നതു നന്നു്. എന്നാൽ, ബന്ധസാജാത്യം ഒരു ഗുണമാണെന്നു വെച്ചു് സർവ്വത്ര അതു ദീക്ഷിക്കാൻ ക്ലേശിക്കരുതു്. അതു അസ്വഭാവികമായിത്തീരും. കൃത്രിമ ഗുണമല്ല. ബന്ധസാജാത്യത്തിനു വേറെ

ഉദാഹരണം:

  1. ‘രണ്ടോ മൂന്നോ കവികൾ: രണ്ടോ മൂന്നോ കാവ്യങ്ങൾ.’
  2. ‘നാട്ടാരുടെ ഉടുപ്പു മാറി, നടപ്പു മാറി; പരശുരാമക്ഷേത്രത്തിന്റെ അലകം പിടിയും മാറി.’

3. വാക്യരചനയിൽ വൈചിത്ര്യം വരുത്തുവാൻ ആശയസ്വഭാവമനുസരിച്ചു് ചൂർണ്ണികകളും സങ്കീർണ്ണവാക്യങ്ങളും മഹാവാക്യങ്ങളും ഇടയ്ക്കിടയ്ക്കു ചേർക്കുന്നതു നന്നായിരിക്കുമെന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഹ്രസ്വവാക്യങ്ങളും ദീർഘവാക്യങ്ങളും, ഇതുപോലെതന്നെ, അവിചിത്രത വരാതിരിക്കത്തക്കവണ്ണം നിബന്ധിക്കാവുന്നതാണു്. വാക്യം ഗാഢമായാലും ശിഥിലമായാലും, ബന്ധം സജാതീയമായാലും അല്ലെങ്കിലും, ഒരു ഗുണം കൂടിയേ കഴിയൂ—അതു് ആശയത്തിന്റെ ഏകാഗ്രതയാണു്. അംഗാംഗിഭാവങ്ങളില്ലാത്ത ആശയങ്ങൾ ചേർത്തു് മഹാവാക്യങ്ങളും സങ്കീർണ്ണവാക്യങ്ങളും രചിക്കുന്നതു്. കാലം, ദേശം, കർത്താവു് മുതലായവയെകുറിക്കുന്ന കാരകങ്ങൾക്കു് അന്തരമുണ്ടെങ്കിൽ വിഭിന്ന സ്വതന്ത്ര വാക്യങ്ങളാക്കുകയാണു് യുക്തം.

4. ‘നമ്മുടെ പ്രവർത്തികളെല്ലാം—സത്താകട്ടെ, അസത്താകട്ടെ—നമ്മെ വിട്ടുപിരിയാതെ ഒന്നിച്ചു ചരിക്കുന്ന നിഴലുകളാണു് ’—സുപ്രസിദ്ധ ലേഖകനായിരുന്ന ആർ. ഈശ്വരപിള്ളയുടെ ‘ചിന്താസന്താന’ത്തിൽ നിന്നുദ്ധരിച്ചിരിക്കുന്ന പ്രസ്തുത വാക്യത്തിലെ, സത്താകട്ടെ, അസത്താകട്ടെ, എന്ന ഭാഗം പ്രധാനമായ ആശയത്തിനു് ഇടയ്ക്കുവരുന്ന വിവരണരൂപമായ ഒരന്തർവാക്യമാകുന്നു. ഏകാഗ്രതയ്ക്കു് ഈ ചെറിയ അന്തർവാക്യം ഭംഗം വരുത്തുന്നില്ല എന്നാൽ ദീർഘങ്ങളോ മുഖ്യമായ ആശയത്തിന്റെ വിശദതയ്ക്കു് പ്രയോജകങ്ങളോ അല്ലാത്ത അന്തർവാക്യങ്ങൾ ഐകാഗ്രത്തിനു ലോപം വരുത്തുമെന്നു വിസ്മരിച്ചുപോകരുതു്. ‘ഞാൻ നാളെത്തന്നെ—നിങ്ങൾ എന്റെ പ്രതിജ്ഞ നിർവ്വഹിക്കുമോ എന്നു ശങ്കിക്കേണ്ട—ആ കടം വീട്ടും’, എന്ന വാക്യം അന്തർവാക്യംകൊണ്ടു് ആകാംക്ഷാഭംഗം വരുന്നതിനും തന്മൂലം ഏകാഗ്രത നഷ്ടപ്പെട്ടുപോകുന്നതിനും ഉദാഹരിക്കാവുന്നതാണു്.

5. വിഷയം ലളിതമായാലും കഠിനമായാലും അതു പ്രതിപാദിക്കുന്ന വാക്യങ്ങൾ ശ്രദ്ധിച്ചു രചിച്ചാൽ ആശയം വിശദമാവും. യുക്തിയുക്തമായ വിവരണം, സമുചിതമായ ഉദാഹരണം, സന്ദർഭത്തിനു് ഏറ്റവും ചേർന്ന പദം, കൂടിയേ കഴിയൂ എന്നു തോന്നുന്ന വിശേഷണങ്ങളുടെയും, സംശയം ജനിക്കാത്തനിലയിലുള്ള സർവ്വനാമങ്ങളുടെയും പ്രയോഗം, അംഗാംഗിഭാവം സ്ഫുരിക്കത്തക്കവണ്ണം ചേർക്കുന്ന ഘടകപദങ്ങളുടെ യോഗം—ഇതെല്ലാംകൊണ്ടു് വാക്യങ്ങൾക്കു വിശദത നേടാം.

‘തങ്ങൾ പറഞ്ഞതു് അന്യരാജ്യങ്ങളെല്ലാം അനുസരിക്കണമെന്നു ബ്രിട്ടീഷുകാരും, യന്ത്രസാമഗ്രികളുടെ എണ്ണത്താലും ധനപുഷ്ടിയാലും പൂജ്യപദത്തിലെത്തിയ തങ്ങൾ ചൊല്ലുന്ന മൊഴികൾക്കു് അന്യരാഷ്ട്രങ്ങൾ വിരുദ്ധമായി ഒന്നും പറയരുതെന്നു് അമേരിക്കക്കാരും, ഇതുപോലെ മറ്റോരോ വിചാരങ്ങളോടേ അന്യരാഷ്ട്രങ്ങളും അന്യോന്യം സംശയിച്ചു നിൽക്കുന്നിടത്തോളം സമാധാനമുണ്ടാകുന്നതല്ല’—എന്ന വാക്യത്തിലെ ആശയം എത്ര കലുഷമായിരിക്കുന്നു! അന്യരാജ്യങ്ങൾ തങ്ങളുടെ അഭിപ്രായത്തെ ചോദ്യം ചെയ്യരുതെന്നാണു് ബ്രിട്ടീഷുകാരും അമേരിക്കക്കാരും സിദ്ധാന്തിക്കുന്നതെങ്കിൽ അതു് അവരുടെ സംശയിച്ചു നില്ക്കലാകുമോ? വിചാരത്തിന്റെ അവ്യക്തത വാക്യത്തിലും പ്രതിഫലിച്ചിരിക്കുന്നു. ഉചിതമായ വാക്കു തിരഞ്ഞെടുക്കുന്നതിനും, അതുകൊണ്ടുതന്നെ, കഴിയാതെ വന്നു. ‘വിരുദ്ധമായി’ എന്ന പദത്തിന്റെ പ്രയോഗവും സ്ഥാനത്തല്ല. ‘മൊഴികൾക്കു്’ എന്നതിനുശേഷമാണു് അതു ചേർക്കേണ്ടതു്.

മറ്റൊരുദാഹരണം:

‘അശക്യമാണെങ്കിലും, നമ്മുടെ ഉദ്ദേശം ഒരു പൂർണ്ണഗുണസമ്പന്നനായ പുരുഷനെപ്പോലെ ആകണം എന്നായിരിക്കേണ്ടതാകുന്നു. അതിനാൽ അവൻ തീരെ സ്വാർത്ഥപരനല്ലാതെയും എല്ലാവർക്കും ഇഷ്ടനായും ഈശ്വരസമ്മതനായും ഭവിക്കുന്നു. ആത്മശിക്ഷയ്ക്കുവേണ്ടി അവൻ എത്രയും ന്യായങ്ങളായുള്ള സുഖാനുഭവങ്ങളിൽത്തന്നെയും സ്വേച്ഛാവർജ്ജനം ചെയ്തുകൊള്ളുന്നു’.

ഈ ചെറിയ ഖണ്ഡികയിലെ പ്രഥമവാക്യം ‘നമ്മുടെ ഉദ്ദേശം’ പ്രസ്താവിക്കുന്നു. ദ്വിതീയ തൃതീയ വാക്യങ്ങളിലെ ‘അവൻ’ എന്ന സർവ്വനാമം ഏതു നാമത്തിനുപകരം പ്രയോഗിച്ചിരിക്കുന്നുവെന്നു വ്യക്തമല്ല. അതിനാൽ ലേഖകന്റെ സങ്കല്പം അവിശദമായിപ്പോയിരിക്കുന്നു.

6. അവിശദതയ്ക്കും അനേകാഗ്രതയ്ക്കും പുറമേ, വാക്യരചനയിൽ പരിവർജ്ജിക്കേണ്ട മറ്റു ചില വൈകല്യങ്ങൾ ഉണ്ടു്. ‘ശാസ്ത്രവിജ്ഞാനം ഏറുംതോറും വിശ്വത്തെക്കുറിച്ചു് അത്ഭുതവും അറിവാനുള്ള ജിജ്ഞാസയും കൂടിക്കൂടിവരുന്നു’ എന്ന വാക്യത്തിലെ ‘അറിവാനുള്ള ജിജ്ഞാസ’ പുനരുക്തം എന്ന ദോഷത്തിനു് ഉദാഹരണമാണു്. ‘ജിജ്ഞാസ’ എന്ന ശബ്ദത്തിനു് അറിവാനുള്ള ആഗ്രഹം എന്നാണു് അർത്ഥം. അതിനാൽ ‘അറിവാനുള്ള’ എന്ന പദത്തിന്റെ അർത്ഥം അതിലടങ്ങിയിരിക്കുന്നുണ്ടല്ലോ. ഇങ്ങനെ, പറഞ്ഞതു നിരുപയോഗമായി വീണ്ടും പറയുന്നതു് പൗനരുക്ത്യം എന്ന ദോഷമാകുന്നു. ‘പെട്ടന്നുണ്ടായ ആകസ്മിക സംഭവം’ ഈ തെറ്റിനു മറ്റൊരുദാഹരണമാണു്. ‘ആകസ്മികം’ എന്ന വിശേഷണം കുറിക്കുന്ന അർത്ഥംതന്നെയാണല്ലോ ‘പെട്ടെന്നുണ്ടായ’ എന്ന പദവും ബോധിപ്പിക്കുന്നതു്. ‘പദയുഗ്മങ്ങൾ, കരയുഗളങ്ങൾ, നേത്രദ്വയങ്ങൾ’ എന്നൊക്കെ പ്രയോഗിക്കുന്നതും ദുഷ്ടമാണു്. പദയുഗ്മം, കരയുഗളം, നേത്രദ്വയം, എന്നു ബഹുവചനപ്രത്യയം കൂടാതെ പറഞ്ഞാൽത്തന്നെ രണ്ടുകാലു്, രണ്ടുകൈ, രണ്ടുകണ്ണു് എന്നർത്ഥം സിദ്ധമാവുമല്ലൊ. ‘ദുഃഖജനകമായ സംഭവം എന്നെ വ്യസനിപ്പിച്ചു’ എന്ന വാക്യത്തിലെ ‘ദുഃഖജനകമായ’ എന്ന വിശേഷണം നിഷ്പ്രയോജനമാകുന്നു. ‘ആ സംഭവം എന്നെ വ്യസനിപ്പിച്ചു’വെന്നു പറഞ്ഞാൽ അതിന്റെ ദുഃഖജനകത ബോധ്യമാവുമല്ലോ. പ്രത്യേകമായ ഉദ്ദേശമൊന്നുമില്ലാതെ, ‘കണ്ണുകൊണ്ടുകണ്ടു’, ചെവികൊണ്ടു കേട്ടു’ ‘മനസ്സുകൊണ്ടു വിചാരിച്ചു’ എന്നൊക്കെ പറയുന്നതും പൗനരുക്ത്യകലുഷംതന്നെ. എന്നാൽ ‘നീയതു കണ്ടുവോ’ എന്ന ചോദ്യത്തിനു് ‘ഉവ്വു്, എന്റെ കണ്ണുകൊണ്ടുകണ്ടു,’ എന്നു ഉത്തരം പറയുമ്പോഴും മറ്റും ആ പ്രസ്താവത്തിന്റെ വിശ്വാസ്യത അധികം വെളിപ്പെടുത്തുക എന്ന പ്രയോജനമുണ്ടു്. ആ മാതിരി സന്ദർഭങ്ങളിൽ പുനരുക്തി ദോഷമാവുകയില്ല.

7. ഒരേപദം വീണ്ടും വീണ്ടും പ്രയോഗിക്കുമ്പോൾ വാക്യങ്ങൾക്കു് അവൈചിത്ര്യം നേരിടും. ‘ഭാരതം മഹത്തായ ഒരു ഇതിഹാസകാവ്യമാണു്. മാത്രമല്ല, പ്രാചീന ഹൈന്ദവസംസ്കാരത്തിന്റെ ദർപ്പണം കൂടിയാണു് ഭാരതം.’ ഈ ഉദാഹരണത്തിലെ ‘ഭാരതം’ എന്ന പദത്തിന്റെ ആവർത്തനം കൂടാതെ കഴിക്കാമല്ലോ. ‘ഹൈന്ദവസംസ്കാരത്തിന്റെ ദർപ്പണംകൂടിയാണു് ആ ഗ്രന്ഥം’ എന്നു വാക്യരൂപം മാറ്റിയാൽമതി അതിനു്. നാമങ്ങളുടെ ആവർത്തനം കുറയ്ക്കുവാൻ സർവ്വനാമങ്ങൾ എങ്ങനെ ഉപകരിക്കുന്നുവെന്നു് മറ്റൊരു പ്രകരണത്തിൽ വിവരിച്ചിട്ടുണ്ടു്. ‘ശാസ്ത്രത്തിന്റെ അമൂല്യങ്ങളായ സംഭാവനകൾ അറിയുമ്പോഴാണു് ശാസ്ത്ര മഹത്വം നമ്മെ അത്ഭുതപ്പെടുത്തുന്നതു്’, എന്ന വാക്യത്തിൽ ശാസ്ത്രം എന്ന പദം ആവർത്തിക്കാതെ കഴിയുമല്ലോ, ‘അതിന്റെ മഹത്വം നമ്മെ അത്ഭുതപ്പെടുത്തുന്നതു്’ എന്നാക്കിയാൽ.

ഒരേ ക്രിയയുടെ ആവർത്തനവും അഭംഗിക്കു് ഇടവരുത്തും. ‘കേരളം മനോഹരമായ രാജ്യമാകുന്നു. സഹ്യപർവ്വതവും പശ്ചിമ സമുദ്രവും കേരളത്തിന്റെ അംഗരക്ഷകന്മാരാകുന്നു. കേരളത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പൗരാണികവിശ്വാസം, ഈ രാജ്യം പരശുരാമൻ സൃഷ്ടിച്ചതാണെന്നാകുന്നു. ചരിത്രഗവേഷകന്മാരുടെ സിദ്ധാന്തം ഈ വാദം തെറ്റാണെന്നാകുന്നു.’

ഓരോ വാക്യവും ‘ആകുന്നു’ എന്ന ക്രിയയിൽ അവസാനിക്കുന്നു. ‘കേരളം’ എന്ന നാമവും അഭംഗിതോന്നത്തക്കവണ്ണം ആവർത്തിച്ചിട്ടുണ്ടു്. നാമത്തിനുപകരം സാമാന്യ നാമങ്ങളോ സർവ്വനാമങ്ങളോ പ്രയോഗിക്കാം. വിഭിന്ന ക്രിയാപദങ്ങൾ ഉപയോഗിച്ചോ ക്രിയാപദങ്ങളുടെ സ്ഥാനം മാറ്റിയോ ക്രിയയിലും വൈചിത്ര്യം വരുത്താവുന്നതാണു്. നോക്കുക:

‘കേരളം മനേഹരമായ രാജ്യമാകുന്നു. സഹ്യപർവ്വതവും പശ്ചിമസമുദ്രവും ഈ പ്രദേശത്തിന്റെ അംഗരക്ഷകന്മാരാണു്. ഈ നാടു് പരശുരാമൻ സൃഷ്ടിതാണെന്നത്രെ പൗരാണിക വിശ്വാസം. ചരിത്രഗവേഷകന്മാരുടെ സിദ്ധാന്തം, ആ വാദം ശരിയല്ലെന്നാകുന്നു.’

അഭ്യാസം ൫൦
  1. ഗാഢബന്ധമാക്കുക:
    • ‘കവിതയ്ക്കു മറ്റൊന്നിനും ത്യജിക്കാനില്ല, ഭാവനയെ ത്യജിച്ചാൽ.’
    • ‘എനിക്കൊന്നിനേയും പേടിയില്ല, മനസ്സാക്ഷിയെയല്ലാതെ.’
    • ‘പുണ്യമില്ല പരോപകാരമല്ലാതെ; പാപമില്ല പരപീഡനമല്ലാതെ.’
    • ‘പുരുഷാർത്ഥങ്ങൾ നാലാണു്: ധർമ്മം, അർത്ഥം, കാമം, മോക്ഷം.’
    • ‘പഴയ കവികൾ രണ്ടു രീതിയാണു്, മുഖ്യമായി കവിതാരചനയ്ക്കു സ്വീകരിച്ചിരിക്കുന്നതു്: ഒന്നു്, പാട്ടു്; രണ്ടു്, മണിപ്രവാളം.’
  2. ബന്ധസാജാത്യമുള്ള വാക്യങ്ങൾ മാത്രം വേർതിരിച്ചെഴുതുക:
    • രണ്ടുപേരാണു്, കൃഷ്ണഭക്തകൾ: ഗോപവംശത്തിലെ രാധ, രാജവംശത്തിലെ മീര.
    • രസംകൊണ്ടു കാവ്യവും, മധുകൊണ്ടു പുഷ്പവും, പ്രകാശംകൊണ്ടു പകലും മനോഹരമാകുന്നു.
    • വസ്തു, രീതി, രസം, ഇവയാണു മുഖ്യകാവ്യഘടകങ്ങൾ.
    • പുസ്തകങ്ങളെ നാലായി തരംതിരിക്കാം: വായിക്കേണ്ടവ, വായിക്കുന്നവ, വായിക്കാവുന്നവ, വായിക്കരുതാത്തവ.
  3. പൗനരുക്ത്യം പരിഹരിക്കുക:
    • ‘കൊല്ലവർഷം എട്ടാംശതാബ്ദത്തിന്റെ അവസാനത്തോടുകൂടി.’
    • ‘അശ്രദ്ധകൊണ്ടു വന്ന പ്രമാദമാണതു്.’
    • ‘ഭയങ്കരമായ രൂപം എനിക്കു പേടി തോന്നിച്ചു.’
    • ‘അറിയാനെന്താണിത്ര ജിജ്ഞാസ?’
    • ‘എന്നെ അനുഗ്രഹിക്കയും ആശീർവദിക്കയും ചെയ്യണം.’
    • ‘ലക്ഷ്മണൻ സീതയെ വാല്മീകിയുടെ ആശ്രമത്തിനരികെ കൊണ്ടുചെന്നു് ഉപേക്ഷിച്ചു. ലക്ഷ്മണന്റെ നേരെ സീത പരിഭവിച്ചില്ല.’
ശൈലികൾ

1. ‘ആ കെട്ടിടത്തിന്റെ അലകും പിടിയും മാറണം; എന്നാലേ മനുഷ്യർക്കു താമസിക്കാൻ പറ്റൂ’, ഈ വാക്യത്തിൽ ‘അലകും പിടിയും മാറുക’ എന്ന പദസമൂഹത്തിനു മുഴുവൻ മാറ്റിപ്പണിയുക എന്നാണല്ലൊ അർത്ഥം. കെട്ടിടത്തിനു് അലകും പിടിയുമില്ല. പിന്നെ, ഈ പ്രയോഗം എങ്ങനെ അർത്ഥബോധമുണ്ടാക്കുന്നു? കേടുവന്ന പേനക്കത്തിയുടെ പിടി നല്ലതാണെങ്കിൽ അലകു പുതുക്കിയാൽ മതി. അലകിനു മൂർച്ചക്കുറവില്ലെങ്കിൽ, പിടിയേ മാറിയിടേണ്ടതുള്ളൂ. രണ്ടും കൊള്ളരുതാത്തതാണെങ്കിൽ, അലകും പിടിയും മാറണം. ഇതിൽ നിന്നാണു് ‘മുഴുവൻ മാറുക’ എന്നർത്ഥം ഈ പദസമൂഹത്തിനു വന്നുകൂടിയതു്. ഓരോ വാക്കിന്റേയും അർത്ഥം ഇവിടെ വിവക്ഷിതമല്ല. എല്ലാ വാക്കും ചേർന്നുളവാകുന്ന ‘താല്പര്യാർത്ഥം’ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. ‘കുട്ടികളുടെ ദുസ്സാമർത്ഥ്യം മുളയിലേ നുള്ളിക്കളയണം; അതിന്റെ നേരെ കണ്ണടയ്ക്കുകയോ അതിനു വളം വെച്ചു കൊടുക്കുകയോ ചെയ്യരുതു്. അല്ലെങ്കിൽ അച്ഛനമ്മമാർ കണ്ണീരും കൈയുമായി കഴിച്ചുകൂട്ടേണ്ടിവരും’, ഈ വാക്യങ്ങളിലുമുണ്ടു്, ഇങ്ങനെയുള്ള പ്രയോഗങ്ങൾ. ‘മുളയിലേ നുള്ളിക്കളയുക’, ‘കണ്ണടയ്ക്കുക’, ‘വളം വെച്ചുകൊടുക്കുക’, ‘കണ്ണീരും കൈയുമായി കഴിച്ചുകൂട്ടുക’, ഇവയൊക്കെ താല്പര്യാർത്ഥം മാത്രം വിവക്ഷിച്ചിട്ടാണു് വാക്യത്തിൽ പ്രയോഗിച്ചിട്ടുള്ളതു്. ‘ആരംഭത്തിൽത്തന്നെ മാറ്റുക’, ‘ഉദാസീനത ഭാവിക്കുക’, ‘അനുകൂലമായി പെരുമാറുക’, ‘സദാ ദുഃഖിച്ചു ജീവിക്കുക’, എന്നു് യഥാക്രമം ഈ പദ സമൂഹങ്ങൾക്കു് അർത്ഥമാകുന്നു. ഇപ്രകാരം ഓരോ ഭാഷയ്ക്കും പ്രത്യേകമായ ചില പ്രയോഗവിശേഷങ്ങളുണ്ടു്. ഇവയ്ക്കാണു് ശൈലികൾ എന്നു പേർ പറയുന്നതു്. ‘To beat the air’ എന്നു ഇംഗ്ലീഷു ശൈലിക്കു ‘വ്യർത്ഥമായി ശക്തി ദുർവ്യയം ചെയ്ത’, ‘നിരർത്ഥകമായി പ്രയത്നിക്കുക’ എന്നൊക്കെയാണല്ലൊ അർത്ഥം. ‘There are wheels within wheels’ എന്ന പദസംഘാതത്തിനു് ‘വിചാരിച്ചതിലധികം കുഴപ്പങ്ങളുണ്ടു്’ എന്നാകുന്നു അർത്ഥം. ‘ചക്രങ്ങളുടെയുള്ളിൽ ചക്രങ്ങളുണ്ടു്’ എന്നു മലയാളത്തിൽ തർജ്ജമ ചെയ്താൽ ഈ അർത്ഥം നമുക്കു സുഗ്രഹമാവുകയില്ല. അന്യഭാഷകളിലെ പല ശൈലികളും തർജ്ജമ ചെയ്യുമ്പോൾ ദുർഗ്രഹത വരാതിരിക്കാൻ മനസ്സിരുത്തേണ്ടതാണു്. നമ്മുടെ ഭാഷയിൽ സമാനശൈലിയുണ്ടെങ്കിൽ അതു പ്രയോഗിക്കുന്നതാണുത്തമം. ഇല്ലാത്തപക്ഷം, ആശയം മാത്രം ലളിതമായി വിവർത്തനം ചെയ്താൽ മതി. അർത്ഥബോധത്തിനു വിളംബമോ തടസ്സമോ വരുന്നില്ലെങ്കിൽ, ശൈലികൾതന്നെ വിവർത്തനം ചെയ്തു ചേർക്കാം.

2. സംസ്കൃതവും ഇംഗ്ലീഷും മറ്റും മഹാഭാഷകളാണെങ്കിലും അവയിലെ പ്രയോഗരീതികൾ മലയാളഭാഷയിൽ കണ്ണടച്ചു സ്വീകരിക്കുന്നതു് അനാശാസ്യമാണു്. സംസ്കൃതത്തെ അനുകരിക്കുന്നതുകൊണ്ടു വരുന്ന വളച്ചുകെട്ടും കൃത്രിമതയും ചില ഉദാഹരണങ്ങളാൽ സ്പഷ്ടമാക്കാം:

സംസ്കൃതാനുകരണം ശുദ്ധ ഭാഷാശൈലി

(i) ഞാൻ ദേവനായിക്കൊണ്ടു ഞാൻ ദേവനെ

നമസ്കരിക്കുന്നു നമസ്ക്കരിക്കുന്നു

(ii) ആദിത്യൻ അസ്തംഗതനായി ആദിത്യൻ

രിക്കും വിഷയത്തിങ്കൽഅസ്തമിച്ചപ്പോൾ

(iii) നഗരത്തെ അധിവസിക്കുന്ന നഗരത്തിൽ വസിക്കുന്ന

(iv) ഭയംകൊണ്ടുള്ളതു മതി ഭയം വേണ്ട

(v) വ്യസനിച്ചിയങ്ങുന്ന പിതാവു് വ്യസനിക്കുന്ന പിതാവു്

(vi) ഗോപാലൻ പശുവെപ്പാലെ കറന്നു പാൽ കറന്നു

(vii) മധുരയായ കഥ മധുരമായ കഥ

‘സുഖം എടുക്കുക’, ‘വിശ്രമം എടുക്കുക’, മുതലായ പ്രയോഗരീതികളും, ‘സമയത്തിനു് എതിരായി സംസാരിക്കുക’ (നിശ്ചിത സമയം കഴിച്ചുകൂട്ടുവാൻ സംസാരിക്കുക) ‘വായിൽ വെള്ളിക്കയിലോടുകൂടി ജനിക്കുക’ (ധനികനായി പിറക്കുക) ഇത്യാദി താല്പര്യാർത്ഥപ്രധാനങ്ങളായ പദനിബന്ധങ്ങളും ഇംഗ്ലീഷിന്റെ അനുകരണത്തിൽ നിന്നു ഭാഷയിൽ കടന്നു കൂടിയവയാണു്. ഈ സമ്പ്രദായം അനുകരണീയമാണെന്നു തോന്നുന്നില്ല. ‘വിശ്രമിക്കുക’, ‘വിശ്രമമനുഭവിക്കുക’, മുതലായ ഭാഷാപ്രയോഗങ്ങളാണു നമ്മുടെ ഭാഷയ്ക്കു് ഇണങ്ങുന്നതു്. ഇത്രയും പറഞ്ഞതുകൊണ്ടു അർത്ഥപുഷ്ടിയും ഭംഗിയും ഒതുക്കവുമുള്ള അന്യ ഭാഷാശൈലികൾ അംഗീകരിക്കരുതെന്നു് തെറ്റിദ്ധരിക്കരുതു്. ‘സ്വന്തം പേരിനു സ്വയം ശവക്കുഴിമാന്തുക’, ‘അതേ നാണയത്തിൽ തിരിച്ചു കൊടുക്കുക’, എന്നിങ്ങനെ അനേകം ആംഗലഭാഷാനുകരണങ്ങൾ നമ്മുടെ ഭാഷയിൽ പ്രചരിച്ചുവരുന്നുണ്ടു്. അവ മലയാളത്തിന്റെ ശക്തിയും അഴകും വൈചിത്ര്യവും വർദ്ധിപ്പിക്കുന്നവയാണു്.

3. ഉപക്രമഖണ്ഡികയിൽ ആലങ്കാരികങ്ങളായ പ്രയോഗവിശേഷങ്ങളാണു് ശൈലിയ്ക്കുദാഹരണമായി ഉദ്ധരിച്ചിട്ടുള്ളതു്. കുറേക്കൂടി വ്യാപകമാണു് ആ പദത്തിന്റെ അർത്ഥമെന്നു പിന്നീടുള്ള വിവരണങ്ങളിൽ നിന്നു നിങ്ങൾ ഗ്രഹിച്ചു കഴിഞ്ഞിരിക്കും. ഭാഷാശൈലികളുടെ സ്വഭാവം ഇനി ഒന്നുകൂടി വിശദമാക്കാൻ ശ്രമിക്കാം.

  1. വ്യാകരണത്തിന്റെ സാമാന്യ വിധികളെ അനുസരിക്കാതെ തിഷ്ഠ പ്രാപിച്ചിട്ടുള്ള പ്രയോഗവിശേഷങ്ങൾ. ഉദാ:
    • ‘അക്കരെ ഞാനൊരു മുല്ലനട്ടു.’ ‘മുല്ലയ്ക്കൊരു കുടം വെള്ളം വീഴ്ത്തി.’
    കർത്തരിപ്രയോഗത്തിൽ കർമ്മം പ്രതിഗ്രാഹികാവിഭക്തിയായിരിക്കുമെന്നും, അതിന്റെ പ്രത്യയം ‘എ’ എന്നാണെന്നും മുൻപു വിവരിച്ചിട്ടുണ്ടല്ലൊ. എങ്കിലും ‘മുല്ലയെ നട്ടു’ വെന്നോ ‘വെള്ളത്തെ വീഴ്ത്തി’യെന്നോ പ്രയോഗിക്കുന്നതു് മലയാള ഭാഷയ്ക്കു ചേർന്നതല്ല. ‘ആശാരി മരം വെട്ടി’, ‘കിഴവൻ കണ്ണട വാങ്ങി’, എന്നല്ലാതെ ‘മരത്തെവെട്ടി’ ‘കണ്ണടയെ വാങ്ങി’ എന്നൊന്നും ഒരു മലയാളിയും പറയുകയോ എഴുതുകയോ ചെയ്കയില്ല. വെട്ടാൻ മരത്തിനും, വാങ്ങാൻ കണ്ണാടിക്കും, കഴിവില്ലല്ലൊ. അവ അചേതനങ്ങളല്ലേ? കർത്താവു ചേതനവും കർമ്മം അചേതനവുമാണെങ്കിൽ കർമ്മപദത്തിന്റെ പ്രതിഗ്രാഹികാ പ്രത്യയം ലോപിപ്പിക്കുന്നതു ഭാഷാശൈലിയാകുന്നു. ‘മാങ്ങയെ പറിച്ചു’; ‘രൂപയെ കൊടുത്തു’; എന്നൊക്കെപ്പറഞ്ഞാൽ നമ്മുടെ ചെറിയ കുട്ടികൾപോലും പരിഹസിച്ചു ചിരിക്കും.
    • ക്രിയാനാമങ്ങളോടും അചേതനനാമങ്ങളോടും, സംഖ്യാവാചകമായ വിശേഷണമവയ്ക്കുണ്ടെങ്കിൽ ബഹുവചനപ്രത്യയം ചേർക്കാറില്ല.
    ഉദാ:- അവനു രണ്ടടി കൊടുത്തു. (അടികൾ കൊടുത്തു എന്നു വേണ്ട) പത്തു മാമ്പഴവും എട്ടു മധുരനാരങ്ങയും വേണം (മാമ്പഴങ്ങൾ, മധുരനാരങ്ങകൾ, എന്നു വേണ്ട) കാള, ആന, കുതിര മുതലായ ജന്തുക്കൾ ചേതനങ്ങളാണെങ്കിലും, വിശേഷബുദ്ധിയില്ലാത്ത അവയോടും സംഖ്യാ വാചകവിശേഷണമുള്ളപ്പോൾ ബഹുവചനപ്രത്യയം ചേർത്തില്ലെന്നുവരും. നാലാന, രണ്ടു കാള, പത്തു കുതിര, ഏഴു പശു എന്നൊക്കെ പ്രയോഗിക്കുന്നതു ഭാഷാശൈലിക്കു് ഇണങ്ങിയ രീതിയാണു്.
    • ചില, പല, ഈ നാനാവാചി സർവ്വനാമങ്ങൾ ബഹുത്വ സൂചകങ്ങളാകയാൽ നപുംസക നാമങ്ങളാകുമ്പോൾ ‘ചിലവ’, ‘പലവ’, എന്നല്ല, ‘ചിലതു്’, ‘പലതു്’, എന്നാണു സാധാരണമായി പ്രയോഗിക്കുന്നതു്.
    • അനുപ്രയോഗത്താൽ അർത്ഥഭേദം വരുന്ന ക്രിയാ രൂപങ്ങൾ ഭാഷാശൈലികളിൽ സവിശേഷം ഗണനീയങ്ങളാണു്: ഉദാ:- മറന്നുപോയി (മനഃപൂർവ്വം ചെയ്യാതിരുന്നതല്ല; ക്ഷമിക്കണം) കൊടുത്തുപോയി (കൊടുത്തു; ഇനി പറഞ്ഞിട്ടു കാര്യമില്ല) അറിയിച്ചുകൊള്ളുന്നു (വിനയപൂർവ്വം അറിയിക്കുന്നു) പറഞ്ഞു കളഞ്ഞു (ക്രിയയിൽ സാഹസികത്വംകൂടി തോന്നിക്കുന്നു) തുള്ളിച്ചാടി (ശുണ്ഠിയെടുത്തു) നിന്നിരുന്നു (കുറച്ചുമുൻപു നില്പുണ്ടായിരുന്നു) വലിച്ചെറിഞ്ഞു (നിസ്സാരമെന്നു തള്ളിക്കളഞ്ഞു)
    • ഗതികളുടെ യോഗത്താൽ അർത്ഥം പരിഷ്ക്കരിച്ച വിഭക്തിരൂപങ്ങൾ. വേരുമുതൽ ഇലവരെ, നിന്നെച്ചൊല്ലി, കാറ്റിലൂടെ, മരത്തിൽനിന്നു്, എന്നെപ്പറ്റി, നിന്നെക്കുറിച്ചു്, രാമനെക്കൊണ്ടു്, കൃഷ്ണനേക്കാൾ, പാതയിലൂടെ, മുകളിൽ നിന്നു്.
    • നാമവും ക്രിയയും ചേർന്നു വിശേഷാർത്ഥം കുറിക്കുന്ന പ്രയോഗങ്ങൾ. കുഴിയിൽ ചാടിക്കുക – ആപത്തിൽ പെടുത്തുക കാലു പിടിക്കുക – ആശ്രയിക്കുക ചെണ്ട കൊട്ടിച്ചു – പറ്റിച്ചു കണ്ണോടിച്ചു – സാമാന്യമായി ഒന്നുനോക്കി നക്ഷത്രമെണ്ണി – കഷ്ടപ്പെട്ടു നാടുനീങ്ങി – മരിച്ചു

4. കേരളീയർ മിക്കവാറും കൃഷിക്കാരാണല്ലൊ. അതുകൊണ്ടു് ആ തൊഴിലിലെ പരിചയങ്ങളിൽ നിന്നാണു് ഒട്ടു വളരെ ശൈലികൾ മലയാളത്തിലുണ്ടായിട്ടുള്ളതു്. ‘മണ്ണറിഞ്ഞു വിത്തു്’, ‘കതിരിനു വളം വയ്ക്കുക’, ‘അടയ്ക്ക മടിയിൽ വയ്ക്കാം; അടയ്ക്കാമരമായാലോ?’, ‘മുളയിലറിയാം വിള’, ‘പച്ചവച്ചു തുടങ്ങി’,‘അന്യന്റെ വരമ്പത്തു പൊറുതി’, ‘വിതച്ചാൽ കൊയ്യാതെ പറ്റുമോ?’—ഇങ്ങനെ ഉദ്ധരിക്കാൻ തുടങ്ങിയാൽ കൃഷിയുടെ സംഭാവനകളായ ഭാഷാശൈലികൾ അവസാനിക്കുകയില്ല. ‘അടവു് എടുക്കുക’, ‘അടവു പയറ്റുക’, ‘കണ്ണിൽ മണ്ണിടുക’, ‘മരവാളിനു പാള പരിച’ മുതലായവ കളരിപ്പയറ്റിൽനിന്നു് ഭാഷാസാഹിത്യത്തിനു ലഭിച്ചിട്ടുള്ള കൈയ്മുതലുകളാണു്. ‘നില്ക്കക്കള്ളിയില്ലാതാവുക’, ‘അടിയറ പറയിക്കുക’, ‘ഈരാറു പന്ത്രണ്ടായിക്കഴിയുക’, ‘പോട്ടരശു കൊടുക്കുക’, ഇങ്ങനെ എത്ര ശൈലികളാണു്, ചതുരംഗം, ചൂതു് മതലായ വിനോദങ്ങളിൽ നിന്നു രൂപം കൊണ്ടിട്ടുള്ളതു്; ‘നാന്ദിയാവുക’, ‘ഭരതവാക്യം ചൊല്ലുക’, ‘സൂത്രധാരത്വം വഹിക്കുക’, ‘അണിയറയിലെ കാര്യം’, ഇവയെല്ലാം നാടകത്തിൽനിന്നു വന്നുചേർന്നവയത്രെ. ‘അക്ഷയപാത്രം’, ‘ഭഗീരഥ യത്നം’, ‘നാരദൻ’, ‘ദുർവ്വാസാവു്’, ‘ഹരിശ്ചന്ദ്രൻ’, ഇങ്ങനെ പലതും പുരാണകഥകളുടെ പരിചയത്താൽ ശൈലിയായി പ്രയോഗിച്ചു തുടങ്ങിയവയാണു്. ഇങ്ങനെ ശ്രദ്ധിച്ചു നോക്കുമ്പോൾ, ജീവിതവ്യാപാരങ്ങളും വിജ്ഞാനസമ്പത്തുകളും, വിനോദവിശേഷങ്ങളും ഏറിയേറിവരുംതോറും അവയിൽ നിന്നെല്ലാം ഭാഷയ്ക്കിണങ്ങിയ പുതിയ ശൈലികൾ ഉണ്ടാവുമെന്നും, മനോധർമ്മശാലികൾക്കു് പുതിയവ ഉണ്ടാക്കാമെന്നും മനസ്സിലാവും.

ചില ശൈലികളും അവയുടെ അർത്ഥവും മാത്രം അടിയിൽ ചേർക്കുന്നു:

അളമുട്ടുക – ഗതിയില്ലാതാവുക.

അടിതെറ്റുക – പിഴപറ്റുക.

അടവുപിഴയ്ക്കുക – ഉപായം തെറ്റിപ്പോവുക.

അടിതൊട്ടു മുടിവരെ – മുഴുവൻ

അസ്തിവാരം കിളയ്ക്കുക – അടിയോടെ നശിപ്പിക്കുക, മുച്ചൂടും മുടിയ്ക്കുക.

ആകാശം നോക്കുക – പകച്ചുനിൽക്കുക.

മേലോട്ടു നോക്കുക

ആട്ടിൻകുട്ടി ചമയുക – സൗമ്യത നടിക്കുക.

ആനച്ചന്തം – ആകപ്പാടെയൊരഴകു്.

ഇരയിട്ടു മീൻപിടിക്കുക – ചെറിയ ത്യാഗംകൊണ്ടു വലിയ ലാഭം നേടുക.

ഇരുതലമൂരി – രണ്ടുപക്ഷത്തിലും ചേരുന്ന അവിശ്വസനീയൻ.

ഉരുളയ്ക്കുപ്പേരി – തക്ക സമാധാനം.

കതിരിനു വളംവയ്ക്കുക – അകാലത്തിൽ പ്രവർത്തിക്കുക.

കണ്ണിലുണ്ണി – വാത്സല്യപാത്രം.

കഥതീരുക – മരിക്കുക, അവസാനിക്കുക.

കഥകഴിയുക

കാപ്പുകെട്ടുക – ഒരുങ്ങുക.

കുടത്തിലെ വിളക്കു് – യോഗ്യത പ്രകാശിക്കാത്തവൻ.

കുബേരനും കുചേലനും – ധനികനും ദരിദ്രനും.

കുറുക്കൻ – കൗശലക്കാരൻ.

ഗണപതിക്കൈയ് – ആരംഭം.

തലയിൽ കേറ്റുക – ലാളിക്കുക.

തെക്കോട്ടു പോവുക – മരിക്കുക.

ദീപാളി കളിക്കുക – ദുർവ്യയവും ധാരാളിത്തവും കൊണ്ടു നശിക്കുക.

നെല്ലിപ്പടി കാണുക – അങ്ങേ അറ്റംവരെ ചെല്ലുക.

പച്ചവയ്ക്കുക – പുതിയ ചൈതന്യം വരിക.

പാടുപെടുക – കഷ്ടപ്പെടുക.

പൊടിപ്പും തൊങ്ങലും – നിരാഡംബരമായി, അകൃത്രിമമായി.

കൂടാതെ

പൂച്ചസ്സന്യാസി – വഞ്ചകൻ.

പച്ചക്കാമദേവൻ – പരമസുന്ദരൻ.

ഭഗീരഥപ്രയത്നം – മഹാപ്രയത്നം.

മർക്കടമുഷ്ടി – വാശി.

വളയൂരിപ്പോവുക – ആഭിജാത്യം പോവുക.

വലവയ്ക്കുക – പാട്ടിൽ പെടുത്താൻ വഴി നോക്കുക.

ഹരിശ്ചന്ദ്രനാവുക – സത്യവാനെന്നു ഭാവിക്കുക.

അഭ്യാസം ൫൧

താഴെ എഴുതുന്ന വാക്യങ്ങളിലെ ശൈലികൾ എടുത്തെഴുതുകയും, അർത്ഥം വിവരിക്കുകയും സ്വന്തവാക്യത്തിൽ പ്രയോഗിക്കയും ചെയ്യുക:

  1. ഞാൻ പച്ചനുണയാണു പറയുന്നതെങ്കിൽ, നീ പറയുന്നതു കല്ലുവച്ച കളവാണു്.
  2. ജോലിചെയ്താൽ ആരുടെയും വളയൂരിപ്പോവില്ല. പണിചെയ്യാതെ ഞെളിഞ്ഞിരിക്കുന്നതും കൊച്ചമ്മ ചമയുന്നതും ആക്ഷേപാർഹമാകുന്നു. ഈ മനോഭാവം ഉന്മൂലനം ചെയ്യണം.
  3. താൻ കുഴിച്ച കുഴിയിൽ താൻ ചാടും. തലയിലെഴുത്തു മാച്ചാൽ മായുമോ? അവനവൻ വിതച്ചതു് അവനവൻ കൊയ്യണം.
  4. സുഗ്രീവാജ്ഞ പുറപ്പെടുവിച്ചാൽ ഇക്കാലത്താരും വകവയ്ക്കില്ല. ജനങ്ങൾ ക്ഷമയുടെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. അള മുട്ടിയാൽ പാമ്പു തിരിഞ്ഞു കൊത്തും. ഓർമ്മയിരിക്കട്ടെ.
  5. തേടിയ വള്ളിതന്നെ കാലിൽ ചുറ്റി. ഇന്നു കുറുക്കനെയാണു കണികണ്ടതെന്നു തോന്നുന്നു.
  6. പതിനൊന്നാമിടത്തു വ്യാഴംതന്നെ നിങ്ങൾക്കു്. എങ്ങനെ കച്ചവടത്തിൽ ലാഭം കിട്ടാതിരിക്കും!
  7. വെള്ളം കൂട്ടാത്ത നുണ പറഞ്ഞാൽ, ഞങ്ങൾ വെള്ളരിക്കപ്പൊട്ടന്മാരല്ല അതു വിശ്വസിക്കുവാൻ.
  8. കുഴിക്കു കാലുനീട്ടിയിരിക്കയാണു്; എന്നിട്ടും പണക്കൊതിക്കു കുറവില്ല.
  9. പുത്തരിയിൽതന്നെ കല്ലുകടിച്ചാലെന്തുചെയ്യും?
  10. പിച്ചള തെളിഞ്ഞു. ചെമ്പു പുറത്താവാതെ നോക്കാൻ എന്നും കഴിയുമോ?
  11. തലയിലിരുന്നു ചെവി തിന്നുന്ന വർഗ്ഗം!
  12. നാവിനു കടിഞ്ഞാണു വേണം.
  13. കല്യാണം കലഹത്തിന്റെ നാന്ദിയായി. അതിന്റെ സൂത്രധാരനായി നിങ്ങൾ കൂടേണ്ടിയിരുന്നില്ല. ഇനി ഭരതവാക്യം നന്നാക്കാൻ നോക്കുക.
അഭികഥനവും അനുകഥനവും

സാമുദായിക ജീവിതത്തിൽ ഭാഷയുടെ ഉപയോഗം ആശയവിനിമയമാണു്. അന്യോന്യം മനോഗതങ്ങളറിയിക്കുവാൻ മുഖ്യമായ ഉപായം നേരിട്ടുള്ള സംഭാഷണമാകുന്നു. എഴുതാൻ ലിപികൾ കണ്ടുപിടിക്കുന്നതിനു മുൻപു് അതല്ലാതെ മാർഗ്ഗമുണ്ടായിരുന്നില്ല. ഒരാളുടെ സംഭാഷണം കേട്ടുനിൽക്കുന്ന വ്യക്തി ആ വക്താവിന്റെ വാക്യങ്ങൾ അങ്ങനെതന്നെ ഉദ്ധരിച്ചോ സ്വവാക്യങ്ങളുടെ രൂപത്തിൽ ആക്കിയോ അതു മറ്റുള്ളവരെ ഗ്രഹിപ്പിക്കുന്ന രീതിയും പണ്ടേ നടപ്പിൽ വന്നിട്ടുള്ളതാണു്. നേരിട്ടു വ്യക്തികൾ സംസാരിക്കുന്ന രീതിക്കു അഭികഥനമെന്നും അതു കേട്ടനിന്ന അന്യൻ സ്വന്തം വാക്യത്തിൽ ആക്കിപ്പറയുന്ന സമ്പ്രദായത്തിനു് അനുകഥനമെന്നും പേരുകൊടുക്കാം (Direct and Indirect Speech).

അഭികഥനത്തിനു് ഉദാഹരണം:

ഹരിക്കാരൻ:
അരുതു്, തന്റേടമില്ലാത്തവളേ, തമ്പുരാൻ വസന്തോത്സവം വിരോധിച്ചിരിക്കെ, നീ മാമ്പൂമൊട്ടറുപ്പാൻ ഭാവിക്കുന്നുവോ?
മധുകരിക:
(ഭയത്തോടെ) ആര്യൻ പ്രസാദിക്കണേ! ഈ കഥ ഞാൻ അറിഞ്ഞിരുന്നില്ല.
ഹരിക്കാരൻ:
കേട്ടില്ലത്രെ. മരങ്ങളും പക്ഷികളുംകൂടി തമ്പുരാന്റെ കല്പന ധരിച്ചിരിക്കുന്നു.

ഈ സംവാദംതന്നെ അനുകഥന രൂപമാക്കി നമുക്കു മാറ്റാം.

തമ്പുരാന്റെ വസന്തോത്സവവും വിരോധിച്ചിരിക്കെ മധുകരിക മാമ്പൂമൊട്ടറുപ്പാൻ ഭാവിച്ചതു സാഹസമായെന്നും തന്റേടമില്ലാത്ത അവൾ അതു ചെയ്തുകൂടെന്നും ഹരിക്കാരൻ ശാസിച്ചു. ആര്യനായ ഉദ്യാനപാലൻ പ്രസാദിക്കണമെന്നും താൻ ആ കഥ അറിഞ്ഞിരുന്നില്ലെന്നും മധുകരിക ഭയത്തോടുകൂടി അറിയിച്ചു. വസന്തോത്സവം വിരോധിച്ചിരിക്കുന്നതു അവൾ കേട്ടില്ലെന്നു താൻ വിശ്വസിക്കുന്നില്ലെന്നും മരങ്ങളും പക്ഷികളുംകൂടി ആ കല്പന ധരിച്ചിരിക്കുന്നുവെന്നും ഹരിക്കാരൻ മറുപടി പറഞ്ഞു.

അഭികഥനത്തിൽ ഉത്തമപുരുഷനേയും മദ്ധ്യമപുരുഷനേയും കുറിക്കുന്ന സർവ്വനാമങ്ങൾ ധാരാളം കലർന്നിരിക്കും. (ഞാൻ, ഞങ്ങൾ, നീ, നിങ്ങൾ, താങ്കൾ, നാം, നമ്മൾ മുതലായവ) അവയ്ക്കു പകരം പ്രഥമ പുരുഷസർവ്വനാമങ്ങളും സ്വവാചിസർവ്വനാമങ്ങളും സന്ദർഭവും ഔചിത്യവും നോക്കി പ്രയോഗിക്കണം, അനുകഥനരൂപമാക്കുമ്പോൾ ‘ഇ’ എന്ന വിവേചകസർവ്വനാമത്തിന്റെ സ്ഥാനത്തു് ആ വിഭാഗത്തിൽപ്പെട്ട ‘അ’ പകരം ചേർക്കുകയും വേണം. ഉദാഹരണത്തിൽനിന്നു് ഈ കാര്യമെല്ലാം ഗ്രഹിക്കാം.

ഈ രണ്ടു് സംഭാഷണരീതികളും കലർത്തി പ്രയോഗിക്കുന്നതു സാധാരണമാകുന്നു. അഭികഥനത്തിൽ നിന്നു് അതേപടി ഉദ്ധരിക്കുന്ന വാക്യങ്ങൾ അനുകഥനത്തിൽ ചേർക്കുമ്പോൾ അവ ഉദ്ധരണി ചിഹ്നംകൊണ്ടു് പരകീയമാണെന്നു സൂചിപ്പിക്കണം. “ ” ഇതാണു് ഉദ്ധരണി.

ഉദാഹരണം:

“അരുതു്, തന്റേടമില്ലാത്തവളേ, തമ്പുരാൻ വസന്തോത്സവം വിരോധിച്ചിരിക്കെ നീ മാമ്പൂമൊട്ടറുപ്പാൻ ഭാവിക്കുന്നുവോ?” എന്നു ഹരിക്കാരൻ മധുകരികയെ ശാസിച്ചു. “ആര്യൻ പ്രസാദിക്കണേ! ഈ കഥ ഞാൻ അറിഞ്ഞിരുന്നില്ല” എന്നു് ഭയത്തോടുകൂടി ആ ബാലിക അറിയിച്ചു. താനതു വിശ്വസിക്കുന്നില്ലെന്നും മരങ്ങളും പക്ഷികളും ആ കല്പന അറിഞ്ഞിരിക്കുന്നെന്നും ഹരിക്കാരൻ മറുപടി പറഞ്ഞു.

ഇനി അനുകഥനം അഭികഥനമായി മാറ്റുന്ന രീതിക്കും ഒരുദാഹരണം കാണിക്കാം.

കുറച്ചുദിവസമേ ആയുള്ളൂ തമ്പുരാന്റെ സന്നിധിയിലേയ്ക്കു് അവിടത്തെ സ്യാലൻ തന്നെ അയച്ചിട്ടെന്നും തനിക്കു പ്രമദവനം നന്നാക്കുന്ന പണിയുടെ തിരക്കുകൊണ്ടു് മറ്റൊന്നിലും ശ്രദ്ധപതിപ്പിക്കാൻ അവസരം കിട്ടാറില്ലെന്നും ആര്യനായ ഹരിക്കാരനോടു് മധുകരിക പറഞ്ഞു.

അതു് ശരിയായിരിക്കാമെന്നും ഇനി അങ്ങനെ ചെയ്യരുതെന്നും ഹരിക്കാരൻ മറുപടി നൽകി.

അഭികഥനം—

മധുകരിക:
ആര്യാ, തമ്പുരാന്റെ സന്നിധിയിലേക്കു് അവിടത്തെ സ്യാലൻ എന്നെ അയച്ചിട്ടു കുറച്ചു ദിവസമേ ആയുള്ളൂ. പ്രമദവനം നന്നാക്കുന്ന പണിയുടെ തിരക്കുകൊണ്ടു് എനിക്കു മറ്റൊന്നിലും ശ്രദ്ധ പതിപ്പിക്കാൻ അവസരം കിട്ടാറില്ല.
ഹരിക്കാരൻ:
ആകട്ടെ, ഇനി ഇങ്ങനെ ചെയ്യരുതു്.

വിദ്യാർത്ഥികൾ അനുകഥനത്തിന്റേയും അഭിമുഖകഥനത്തിന്റേയും രീതിഭേദങ്ങൾ ഗ്രഹിക്കയും രണ്ടു സമ്പ്രദായത്തിലും എഴുതിപ്പഠിക്കയും ചെയ്യണം.

അഭ്യാസം ൫൨
  • അനുകഥനരീതിയിൽ അർത്ഥമെഴുതുക:
    പടയാളി:

‘വാളേ, തെളിഞ്ഞിടുക; നിൻ പണിതീർന്നതില്ല,

നാളേയ്ക്കു നീട്ടിടുക നിന്റെയുറക്കമെല്ലാം.

ആളേറെയുണ്ടിഹ പടയ്ക്കുവരുന്നു,തേൻചൊ-

ല്ലാളേ, നിനക്കിനിയുമിന്നൊരു കാഴ്ചകാണാം.’

  • അനുകഥനമാക്കുക:-
  • ഹമീദ്:
    നായാട്ടു പാടില്ലെന്നാണോ നിങ്ങളുടെ വാദം?
    അബ്ദുൾ:
    ഞാൻ അങ്ങനെ പറഞ്ഞില്ലല്ലൊ. വിനോദത്തിനുവേണ്ടി മൃഗങ്ങളെ നായാടുന്നതു് ക്രൂരമാണെന്നാണു് എന്റെ പക്ഷം.
    ഹമീദ്:
    പുലിയും കാട്ടാനയും ഗ്രാമങ്ങളിൽ വന്നു ആളുകളേയും പശുക്കളേയും മറ്റും കൊന്നാൽ കൈയും കെട്ടിയിരിക്കുന്നതു പാപമല്ലേ? ആ ക്രൂര മൃഗങ്ങളെ അപ്പോൾ കൊല്ലേണ്ടതല്ലേ?
    അബ്ദുൾ:
    തീർച്ചയായിട്ടും.
കച്ചവടക്കാരൻ:
സ്നേഹിതാ, വരൂ. ഞാൻ വളരെ പുതിയ പുസ്തകങ്ങൾ വരുത്തിയിട്ടുണ്ടു്. നിങ്ങളുടെ വായനശാലയ്കക്കു് എന്റെ കൈവശമുള്ള കുറെ പുസ്തകങ്ങൾ വാങ്ങിയാൽ കൊള്ളാം.
കാര്യദർശി:
ഞങ്ങൾക്കു് ഇത്തവണ വളരെക്കുറച്ചു പണമേയുള്ളൂ. എന്നാലും ഞാൻ നോക്കട്ടെ. നിങ്ങളുടെ അടുക്കൽ നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിൽ ചിലതു വാങ്ങാം.
കച്ചവടക്കാരൻ:
വരു, ഇരിക്കൂ. ചായവരുത്തട്ടെ?
  • അഭികഥനമാക്കുക:- ബുദ്ധൻ, യാഗത്തിന്നെതിരാകയാൽ, തന്റെ നാട്ടിൽ നിന്നു് ഉടൻ പൊയ്ക്കൊള്ളണമെന്നു മഗധരാജാവു് ആജ്ഞാപിച്ചു. ജന്തുക്കളെ നിഗ്രഹിക്കുന്നതു ധർമ്മമാണെന്നു കരുതുന്ന രാജാവിന്റെ നാട്ടിൽ നിന്നു പോകരുതെന്നു പറഞ്ഞാലാണു് തനിക്കു വിഷാദം തോന്നുകയെന്നും, ഉടൻ യാത്രയ്ക്കനുവദിച്ചതിൽ സന്തോഷമാണുള്ളതെന്നും, ബുദ്ധൻ ധീരമായ സ്വരത്തിൽ മറുപടി പറഞ്ഞു.
ലിപിവിന്യാസം

എറണാകുളം,

10-6-1995

പ്രിയപ്പെട്ട ഭാസ്കരാ,

സ്നേഹപൂർവ്വം അയച്ച കത്തു യഥാകാലം കിട്ടി. അക്ഷരങ്ങളുടെ വടിവു നന്നാക്കാൻ ശ്രമിക്കണമെന്നു മുൻപൊരു കത്തിൽ ഞാൻ ഉപദേശിച്ചതു വ്യർത്ഥമായില്ലെന്നു കാണുന്നതിൽ സന്തോഷമുണ്ടു്. കൈയക്ഷരത്തിനു നല്ല വടിവും മിഴിവും തുടങ്ങിയിരിക്കുന്നു. ഇനിയും ഈ വിഷയത്തിൽ മനസ്സിരുത്തണം.

ഇത്തവണ മറ്റു ചില സംഗതികളാണു് എനിക്കു കുറിക്കുവാൻ തോന്നുന്നതു്. ഒരിടത്തു ‘ദെയ’ എന്നെഴുതിയിരിക്കുന്നു. എഴുതേണ്ടതു ‘ദയ’ എന്നാണു്. ഗ, ജ, ഡ, ദ, ബ, യ, ര, ല, ഈ വ്യഞ്ജനാക്ഷരങ്ങൾ നാം ഉച്ചരിക്കുമ്പോൾ ഇവയിലെ അകാരം ദുഷിച്ചു് എകാരച്ഛായ കലർന്നതായിത്തീരുന്നുണ്ടെന്നുള്ളതു വാസ്തവം തന്നെ. എന്നാലും, ഗംഗ, ജന്മം, ദയ, ബലം, യമി, രമ, ലത, എന്നൊക്കെയേ എഴുതുവാൻ പാടുള്ളൂ. ഈ ലിപികളെഴുതുമ്പോൾ പ്രമാദം പറ്റാതെ സൂക്ഷിക്കണം. ഇംഗ്ലീഷിൽ ഉച്ചാരണവൈകല്യമോ ലിപിവിന്യാസത്തിൽ ന്യൂനതയോ പറ്റിയാൽ അതു ലജ്ജാകരമായി തോന്നാറില്ലേ? മാതൃഭാഷയിൽ അങ്ങനെയുള്ള അബദ്ധം നേരിട്ടാൽ അധികം ലജ്ജാവഹമായിത്തോന്നേണ്ടതാണു്.

സംവൃതോകാരം എഴുതുന്നതിൽ ചിലപ്പോൾ, അശ്രദ്ധകൊണ്ടായിരിക്കണം, തെറ്റുപറ്റുന്നുണ്ടു്. ‘എനിക്കു അങ്ങോട്ടു വരണമെന്നു ആഗ്രഹമുണ്ടു്’ എന്നു കത്തിൽ എഴുതിയിരിക്കുന്നു. വരുന്നതു് എനിക്കു് ആഹ്ലാദാവഹം തന്നെ. സംവൃതോകാരത്തിനു പിൻപു് സ്വരം വന്നാൽ, ഉകാരം വിവൃതമാക്കിയെഴുതരുതെന്നു ഞാൻ പഠിപ്പിച്ചിരുന്നതല്ലേ? ഈ തെറ്റു് ഇനി വരുത്തിയാൽ എനിക്കു പരിഭവം ആവും. എന്റെ വിദ്യാർത്ഥികൾ ചെറിയ അക്ഷരത്തെറ്റുപോലും വരുത്തുന്നതു് എനിക്കു് ഇഷ്ടമല്ല. വാക്യാവസാനങ്ങളിൽ സംവൃതോകാരം വരുന്നിടത്തൊക്കെ ഭാസ്കരൻ ശരിക്കു് എഴുതിയിട്ടുമുണ്ടു്. ഭിത്തിക, അങ്കുശം, ഈ ചിഹ്നങ്ങളാവശ്യമായ വാക്യഭാഗം സംവൃതോകാരത്തിലാണു് അവസാനിക്കുന്നതെങ്കിൽ, അതു വിവൃതമാക്കിയെഴുതരുതു്, മറക്കുകയില്ലല്ലൊ.

ഭാസ്കരനെന്താണു്, എന്റെ ‘പുറന്നാൾ’ ‘എടവ’ മാസത്തിലല്ലേ എന്നു ചോദിച്ചിരിക്കുന്നതു്? എന്റെ പിറന്നാൾ ഇടവമാസത്തിലാണു്. പിറന്നനാൾ പുറന്നാളാകുമോ? പിറന്നാളല്ലേ ആവുക? പദാദിയിലെ ഇകാരം ഉച്ചാരണത്തിലുള്ള ഉദാസീനത നിമിത്തം ചിലരു് ‘എ’ എന്നാക്കാറുണ്ടു്. അവരും എഴുതുമ്പോൾ ആ തെറ്റുവരുത്തുകയില്ല. എല, എലവു്, എന്നൊക്കെയെഴുതുന്നതു് ശരിയല്ലെന്നും, ഇല, ഇലവു്, എന്നെല്ലാമാണു ശരിയായ രൂപമെന്നും ഓർത്തിരിക്കണം. ചിലരു് ‘പെറന്നാൾ’, ‘പെഴ’, ‘കെഴക്കു്’, ‘വെളക്കു്’ എന്നു് ഉച്ചാരണശുദ്ധിയില്ലാതെ പറയും; അതനുസരിച്ചു് എഴുതും ‘പിറന്നാൾ’, ‘പിഴ’, ‘കിഴക്കു്’, ‘വിളക്കു്’ എന്നൊക്കെയാണു് എഴുതേണ്ടതും പറയേണ്ടതും.

ഭാസ്കരന്റെ ചങ്ങാതിയായ വർഗീസ് ഇപ്പോൾ നല്ല വണ്ണം പഠിക്കുന്നുണ്ടു്, ഇല്ലേ? വർഗീസ് രണ്ടാഴ്ചമുൻപു് എനിക്കു് ഒരു കത്തയച്ചിരുന്നു. ഓരോ പ്രധാനസംഗതിയും വകുപ്പുതിരിച്ചു്, ഇടത്തുഭാഗത്തു സ്ഥലംവിട്ടു്, വൃത്തിയായി എഴുതിയിരിക്കുന്നു. അയാൾ ഒരു കാര്യം മറന്നുപോയി. മുകളിൽ കത്തെഴുതിയ തീയതിയേ കുറിച്ചിട്ടുള്ളൂ. സ്ഥലം കാണിച്ചിട്ടില്ല. തിരുവനന്തപുരത്തു്, നമ്മുടെ ആ പാഠശാലയിൽത്തന്നെയാണോ വർഗീസ് പഠിക്കുന്നതു്? ആ മിടുക്കൻ, ‘പെട്ടന്നു’ സന്തോഷം തോന്നി, ‘ആണന്നു’ വിചാരിച്ചില്ല, എന്നൊക്കെ എഴുതിയിരിക്കുന്നു. ‘ആണെന്നു്’, ‘പെട്ടെന്നു്’, ‘പോയെന്നു്’, എന്നെല്ലാമാണു് എഴുതേണ്ടതു്. ‘എതിർക്കുന്നു’, ‘എതിർത്തു’, എന്നാണു ശുദ്ധരൂപമെന്നാലോചിക്കാതെ ‘എതൃക്കുന്നു’, ‘എതൃത്തു’ എന്നിങ്ങനെ എഴുതുന്നതു് അശ്രദ്ധകൊണ്ടല്ലേ? ‘വൈയാകരണനെ’ ‘വയ്യാകരണനാ’ക്കുന്നതും ‘നൈയായികനെ’ ‘നയ്യായികനാ’ക്കുന്നതും വലിയ തെറ്റാണു്.

ഭാസ്കരൻ കേട്ടിട്ടുണ്ടോ നമ്മുടെ ചില അമ്മൂമ്മമാർ ‘ഔവനവാസം കഴിഞ്ഞു പുരിപുക്കു യവ്വനമോടങ്ങിരിക്കും കാലം’ എന്നു കീർത്തനത്തിൽ ചൊല്ലുന്നതു്? അകാരാദി ക്രമത്തിലുള്ള കീർത്തനമാകയാൽ, ‘ഔ’ എന്നായിരിക്കും വർണ്ണം എന്നു് അവർ ഭ്രമിച്ചുപോയതായിരിക്കണം. ‘അവ്വനവാസം’ എന്നാണു് ആ ഈരടി തുടങ്ങുന്നതു്. യുവാവിന്റെ ഭാവം യൗവനമാണു്; യവ്വനമല്ല. തെറ്റുപറ്റാതെ സൂക്ഷിക്കണം, ഈ വാക്കു് ഉച്ചരിക്കുമ്പോഴും എഴുതുമ്പോഴും ഗുരുവിന്റെ ഭാവം ഗൗരവം, പുരുഷന്റെ ധർമ്മം പൗരുഷം. ‘അനുഗൃഹീതനായ കവി’ എന്നല്ലാതെ ‘അനുഗ്രഹം’ എന്ന ക്രിയാനാമരൂപം കണ്ടു് ‘അനുഗ്രഹീതൻ’ എന്നു വർഗീസ് തെറ്റിദ്ധരിച്ചെഴുതിയിരുന്നു, അയാളുടെ കത്തിൽ. ‘ഗൃഹീതൻ’, ‘അനുഗൃഹീതൻ’, എന്നിങ്ങനെയാണു് സാധുവായ രൂപം.

നമ്മുടെ നാടിനു് ‘അഭിവൃദ്ധി’യുണ്ടാക്കുന്ന ‘പ്രവൃത്തി’കളിൽ വിദ്യാർത്ഥികളായ നിങ്ങൾ പങ്കുകൊള്ളുന്നതു നന്നു്. നല്ലതു ‘പ്രവർത്തിക്കാ’നാണു് കൈയ്; തീയതു ‘പ്രവർത്തിക്കാ’നല്ല. അതുകൊണ്ടു് ശ്രേയസ്സു ‘വർദ്ധിക്കും’. സ്നേഹത്തെക്കരുതി ‘നൂറാവൃത്തി’ മരിക്കുവാൻ ഒരു മഹാകവി പറയുന്നു. രാജ്യസ്നേഹത്തെക്കരുതി ജന്മവും മരണവും എത്ര ‘ആവർത്തിച്ചാലും’ സന്തോഷിക്കയാണു വേണ്ടതു്, എന്നുകൂടി ഞാൻ പറയട്ടെ. (പ്രവൃത്തി, ആവൃത്തി, നിവൃത്തി, അഭിവൃദ്ധി എന്നിങ്ങനെയാണു നാമരൂപങ്ങൾ. പ്രവർത്തിക്കുന്നു, ആവർത്തിക്കുന്നു, നിവർത്തിക്കുന്നു, അഭിവൃദ്ധിക്കുന്നു, എന്നിങ്ങനെയാണു ക്രിയാരൂപം. ഭാസ്കരൻ ‘പ്രവർത്തി’ എന്നു നാമരൂപം എഴുതിയതു ശരിയായില്ല.)

അധപതനം, അന്തകരണം, ദുഖം എന്നൊക്കെ ചില പത്രലേഖനങ്ങളിൽ കാണാറില്ലേ? ഭാസ്കരനു ചിരിവരാറില്ലേ അങ്ങനെയെഴുതിക്കാണുമ്പോൾ. അധഃപതനം, അന്തഃകരണം, ദുഃഖം, എന്നിങ്ങനെ ശരിയായിട്ടെഴുതുവാൻ സാധിക്കാത്തവർ പത്രലേഖകന്മാരായാൽ എന്തു ചെയ്യും! വിസർഗ്ഗം സംസ്കൃതഭാഷയിൽ മാത്രമുള്ള ഒരു ധ്വനിവിശേഷമാണു്. സംസ്കൃതത്തിന്റെ അക്ഷരമാല നമ്മുടെ അക്ഷരമാലയിൽ ചേർക്കുന്നതിനു മുൻപു് ഈ ധ്വനി ഉച്ചരിക്കാനും എഴുതാനും മലയാളികൾക്കു സാധിച്ചിരുന്നില്ല. ഗ, ജ, ഡ, ദ, ബ; ഖ, ഛ, ഠ, ഥ, ഫ; ഘ, ഝ, ഢ, ധ, ഭ; ശ, ഷ, സ, ഹ, ഈ വ്യഞ്ജനാക്ഷരങ്ങളും നമ്മുടെ ഭാഷയിലില്ലായിരുന്നു. അതുകൊണ്ടു് സംസ്കൃതപദങ്ങൾ അങ്ങനെ തന്നെ എഴുതാൻ കഴിഞ്ഞിരുന്നില്ല, പണ്ടു്. അന്നാണു്, തുക്കം (ദുഃഖം), തുകം (സുഖം) ചടം (ജഡം) എന്നൊക്കെ മലയാളികൾ പറകയും, എഴുതുകയും ചെയ്തിരുന്നതു്. ഇങ്ങനെ രൂപം മാറ്റി, മറ്റു ഭാഷകളിൽ നിന്നു വാക്കുകളെടുക്കുമ്പോൾ, അവയ്ക്കു തത്ഭവങ്ങൾ എന്നു പേരിടാം. ഇന്നു നമുക്കു തത്ഭവരൂപം വേണ്ടല്ലൊ. അതേപടി, തത്സമങ്ങളായിട്ടുതന്നെ, എടുക്കാമല്ലൊ. അന്തഃകരണം, ദുഃഖം, അധഃപതനം, മനഃപരിഷ്ക്കാരം, ഇങ്ങനെ സംസ്കൃതതത്സമങ്ങൾ തന്നെയാണു് വിദ്യാർത്ഥികൾ എഴുത്തെഴുതുമ്പോഴും ഉപന്യാസം രചിക്കുമ്പോഴും പ്രയോഗിക്കേണ്ടതു്.

ഭാസ്കരന്റെ കത്തിൽ ഒരു വാക്യം ഉണ്ടായിരുന്നു: ‘ഞങ്ങൾ ആ സത്യം മറക്കുകയില്ല’, എന്നല്ലേ? സത്യം മറക്കരുതു്; സത്യം മറയ്ക്കയുമരുതു്. ‘മറയ്ക്കുക’, ‘മറക്കുക’; ‘ഉറക്കുക’, ‘ഉറയ്ക്കുക’; ‘കിടയ്ക്കുക’, ‘കിടക്കുക’; ഈ പദങ്ങളുടെ ജോടികൾ അർത്ഥത്തിൽ വലിയ അന്തരമുണ്ടു്. താലവ്യമായ അകാരത്തിനുശേഷം യകാരം ആഗമം വരുമെന്നു പഠിച്ചിട്ടുള്ള സന്ധികളിലെല്ലാം അതു ചേർക്കണം. ‘വിലയ്ക്കു’ പകരം ‘വിലക്കു’ പോരാ; ‘വിളയ്ക്കു’ പകരം ‘വിളക്കും’.

മുൻപൊരിക്കൽ ഭാസ്കരൻ ഒരു ഉപന്യാസം എന്നെ കാണിച്ചില്ലേ? പഠിച്ചും ആലോചിച്ചും ആണു് അതെഴുതിയതെന്നു് എനിക്കു തോന്നി. അതിലുമുണ്ടായിരുന്നു, ചില അക്ഷരത്തെറ്റുകൾ. ‘വ്യത്യസ്തം’, ‘പ്രസ്താവം’, ‘മനസ്താപം’, എന്നൊക്കെ തിരുത്തി ശരിയാക്കിയിട്ടല്ലേ മാസികയ്ക്കു് അയച്ചതു്? ‘വ്യത്യസ്ഥം’, ‘പ്രസ്ഥാപം’, ‘മനസ്ഥാപം’, ഇങ്ങനെ എഴുതുന്നതു തെറ്റാകുന്നു. ‘സ്ഥാപിക്കുക’ എന്നതിനു പകരം ആ ലേഖനത്തിൽ ‘സ്താപിക്കുക’ എന്നു കണ്ടതായി ഓർക്കുന്നു. അതും മാറ്റിയല്ലൊ.

ഈ എഴുത്തു്, ഏതായാലും, കുറെ നീണ്ടുപോയി. ആ സ്ഥിതിക്കു് ലിപിവിന്യാസത്തിൽ പറ്റാവുന്ന മറ്റു ചില തെറ്റുകൾകൂടി ചൂണ്ടിക്കാണിച്ചേക്കാം. ഭാസ്കരനു് അതു സഹായമാവും; ഇല്ലേ? ‘ജിതം’, ‘നീതം’, ഈ വാക്കുകൾക്കു് ജയിക്കപ്പെട്ടതു്, നയിക്കപ്പെട്ടതു്, എന്നാണല്ലൊ അർത്ഥം. ‘ജി’, ‘നീ’, ഈ സംസ്കൃതധാതുക്കളോടു് ‘തം’ എന്ന പ്രത്യയമാണു് ഇവിടെ ചേർത്തിരിക്കുന്നതു്. ഇതു മറ്റു ധാതുക്കളോടു ചേരുമ്പോൾ സന്ധിയിൽ പല മാറ്റം വരും. ഉദാഹരണമായി ‘നശ് + തം’ സന്ധിയിൽ ‘നഷ്ടം’ എന്നാകുന്നു. തുഷ്തം = തുഷ്ടം. പുഷ്ടം, മുഷ്ടം, ശിഷ്ടം, ദൃഷ്ടം എന്നൊക്കെ രൂപമുണ്ടാകുന്നതു് ‘തം’ എന്ന പ്രത്യയം ചേർന്നിട്ടാണു്. ‘പുഷ്ഠം’, ‘ശിഷ്ഠം’ എന്നൊക്കെ എഴുതരുതു്; ഉച്ചരിക്കയുമരുതു്. ഇക്കൂട്ടത്തിൽ മറ്റൊന്നുകൂടി ഗ്രഹിച്ചിരിക്കാനുണ്ടു്. ഏറ്റവും ബലമുള്ളതു് എന്നർത്ഥത്തിൽ നാം ‘ബലിഷ്ഠം’ (ബലിഷ്ഠമായ സിംഹം, ബലിഷ്ഠനായ പുരുഷൻ, ബലിഷ്ഠയായ രാക്ഷസി) എന്ന പദം പ്രയോഗിക്കാറില്ലേ? ‘ഇഷ്ഠ’ ശബ്ദമാണു്, ഈ അർത്ഥം കുറിക്കുവാൻ സംസ്കൃതപദങ്ങളിൽ ചേർന്നു കാണുന്നതു്. ജേഷ്ഠൻ, കനിഷ്ഠൻ, ഗർവ്വിഷ്ഠൻ ഇത്യാദി പദങ്ങളിൽ ‘ഷ്ട’ എന്ന അക്ഷരമില്ല.

എഴുത്തു നിർത്തട്ടെ. ഭാസ്കരൻ അച്ഛന്റെ ‘ഷഷ്ടിപൂർത്തി’ക്കു ഞങ്ങളെ ക്ഷണിക്കയില്ലേ? അത്ര സത്യസന്ധതയും കൃത്യനിഷ്ഠയും ഉള്ള ഒരദ്ധ്യാപകൻ ഉണ്ടായിട്ടില്ല. എന്റെ സ്നേഹാദരങ്ങൾ അറിയിക്കുമല്ലൊ.

സ്നേഹപൂർവ്വം,

ജി.

അഭ്യാസം ൫൩
  • തെറ്റായ രൂപം വെട്ടിക്കളയുക:-

(a) വരിഷ്ഠം വരിഷ്ടം

കനിഷ്ഠപുത്രൻ കനിഷ്ടപുത്രൻ

ശ്രേഷ്ഠം ശ്രേഷ്ടം

(b) ദുഷ്ടം ദുഷ്ഠം

പുഷ്ടി പുഷ്ഠി

മുഷ്ടി മുഷ്ഠി

(a) ഷഷ്ഠി ഷഷ്ടി

ഷഷ്ടിപൂർത്തി ഷഷ്ഠിപൂർത്തി

നിഷ്ഠ നിഷ്ട

(ഇടത്തെ പത്തിയിലുള്ളവ സുബദ്ധങ്ങളും എതിർപത്തിയിലുള്ളവ അബദ്ധങ്ങളും ആകുന്നു.)

  • വിസർഗം വേണ്ട സ്ഥാനത്തുമാത്രം ചേർക്കുക:- സുഖം, അഭിപ്രായം, ദുഖം, പുന പുനഃ, അന്തകരണം, മനസ്ഥിതി, മനപരിപാകം.
  • തെറ്റായ രൂപം വെട്ടിക്കളയുക:- മനസ്താപം, മനസ്ഥാപം; സംസ്ഥാനം, സംസ്താനം; ദുസ്ഥിതി; പന്ഥാവു്, പന്ധാവു്.
  • താഴെ പറയുന്ന നിലയിലുള്ള ആളുകൾക്കു് എഴുത്തെഴുതുമ്പോൾ അവരെ എങ്ങനെ സംബോധന ചെയ്യും: അച്ഛൻ, അമ്മ, അനുജൻ, ജ്യേഷ്ഠൻ, അനുജത്തി, ജ്യേഷ്ഠത്തി, ഗുരു, സ്നേഹിതൻ, മിത്രം, അപരിചിതനായ ഒരു മാന്യൻ. (പ്രിയപ്പെട്ട അച്ഛാ, പ്രിയപ്പെട്ട അമ്മേ, പ്രിയഗുരോ, പ്രിയ സ്നേഹിതാ, മിത്രമേ, മാന്യരേ, ഇത്യാദി സംബുദ്ധികൾ കണ്ടുപിടിച്ചു യഥാസ്ഥാനം ചേർക്കണം.)
  • സംബോധന കഴിഞ്ഞാൽ എന്തുചിഹ്നം ഇടണം?
  • എഴുത്തുപസംഹരിക്കേണ്ടതെങ്ങനെ?

(പേരിന്റെ മുൻപിൽ, സ്നേഹപൂർവ്വം, ആദരപൂർവ്വം, വിനയപൂർവ്വം, ഭാവുകാശംസകളോടേ, ക്ഷേമപ്രാർത്ഥനയോടെ, ധന്യവാദപുരസ്സരം, ഇത്യാദി ക്രിയാവിശേഷണങ്ങൾ യഥോചിതം ചേർത്തു് അങ്കുശം ഇടാം. അച്ഛൻ, അമ്മ, അന്യഗുരുജനങ്ങൾ, ഇവർക്കെഴുതുമ്പോൾ ആദരപൂർവ്വമോ, വിനയപൂർവ്വമോ, സ്നേഹാദരപൂർവ്വമോ ആയിരിക്കയാണല്ലൊ നല്ലതു്. അവർ നിങ്ങൾക്കു് എഴുതുന്നതു് വാത്സല്യപൂർവ്വമോ, സ്നേഹപൂർവ്വമോ, ഭാവുകാശംസയോടുകൂടിയോ ഒക്കെ ആയിരിക്കും. അപരിചിതമാന്യനു ധന്യവാദപുരസ്സരം കത്തെഴുതുന്നതു മര്യാദയാണു്. വിനീതൻ, വിധേയൻ മുതലായ പദങ്ങളും ലേഖകന്റെ പേരിനു മുൻപിൽ യഥോചിതം ചേർക്കാം.)

  • പുതിയ സിനിമയോ നാടകമോ സർക്കസ്സോ കണ്ടപ്പോളുണ്ടായ അനുഭവങ്ങൾ അനുജനേയോ സ്നേഹിതനേയോ അറിയിക്കാൻ ഒരു കത്തിന്റെ രൂപത്തിൽ എഴുതുക.
  • നിങ്ങളെ ആകർഷിച്ച ഒരു പ്രസംഗം, അത്യന്തം രസിപ്പിച്ച ഒരു പുസ്തകം, നിങ്ങൾ സ്വീകരിക്കാൻ വിചാരിക്കുന്ന ജീവിതവൃത്തി, ഇവയിൽ ഒന്നു മുഖ്യമായി പരാമർശിക്കുന്ന ഒരു കത്തു് ജ്യേഷ്ഠനു് അയക്കുവാൻ തെയ്യാറാക്കുക.
  • ശബ്ദശുദ്ധി മുൻനിർത്തിയെഴുതിയിട്ടുള്ള ഈ കത്തിലെ ആശയം സംഗ്രഹിച്ചോ വിപുലനം ചെയ്തോ ഉപന്യാസരൂപത്തിലെഴുതുക.
ഭാഷാശുദ്ധി
  1. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്ക് അനേകം പദം തത്സമമായും തത്ഭവമായും സ്വീകരിച്ചിട്ടുണ്ടെന്നു് അറിയാമല്ലൊ. രുധിരം, മേഷം, രാക്ഷസൻ, രംഗം മുതലായവ തത്സമങ്ങളും, ഉതിരം, മേടം, അരക്കൻ, അരങ്ങു് മുതലായവ തത്ഭവങ്ങളുമാകുന്നു. തത്ഭവങ്ങളുടെ പ്രചാരം നമ്മുടെ പദ്യത്തിലും, അതിലധികം ഗദ്യത്തിലും, കുറഞ്ഞുകൊണ്ടിരിക്കയാണു്. പ്രചാരം ഇല്ലാത്ത പദങ്ങൾ തേമാനം വന്നതോ നടപ്പിലില്ലാത്തതോ ആയ നാണ്യങ്ങളെപ്പോലെയാകുന്നു. അവ കഴിയുന്നത്ര ഗദ്യത്തിൽ പ്രയോഗിക്കാതിരിക്കയാണു് നല്ലതു്. സ്വഭാഷാപദങ്ങളെ ഇതരഭാഷാപദങ്ങളേക്കാൾ, ആദരണീയങ്ങളായി കരുതുകയും വേണം. കേരളത്തിൽ എല്ലായിടത്തും നടപ്പില്ലാത്ത വാക്കുകൾ ആകാവുന്നിടത്തോളം പ്രയോഗിക്കാതിരിക്കയാണു നല്ലതു്.
  2. ഭാഷയിലേയ്ക്കു കടന്നുകൂടിയിട്ടുള്ള സംസ്കൃതപദങ്ങളിൽ ചിലതിന്റെ അർത്ഥം വളരെ മാറിപ്പോയിട്ടുണ്ടു്. ‘അതിശയിക്കുക’ എന്ന വാക്കിനു് ‘കവിഞ്ഞുനിൽക്കുക’ എന്നാണർത്ഥം. ‘കല സൗന്ദര്യത്തിന്റെ തികവിൽ പ്രകൃതിയെ അതിശയിക്കുന്നു’, ‘പാശ്ചാത്യന്മാർ ഭൗതിക വിജ്ഞാനീയത്തിൽ പൗരസ്ത്യരെ അതിശയിക്കുന്നു’, എന്നിങ്ങനെ നമ്മുടെ ഭാഷയിൽത്തന്നെ പ്രയോഗിക്കയും ചെയ്യാറുണ്ടു്. എന്നാൽ, ആ വാർത്ത കേട്ടപ്പോൾ ഞാൻ ‘അതിശയിച്ചുപോയി; എന്റെ കൂട്ടുകാർക്കും ‘അതിശയം തോന്നി’, എന്നീ മട്ടിലുള്ള പ്രയോഗം ദുർല്ലഭമല്ല. ‘അത്ഭുതപ്പെടുക’ എന്നാണല്ലൊ മാറിവന്നിട്ടുള്ള അർത്ഥം. എന്നാൽ അത്ഭുതപ്പെടത്തക്കതു് എന്നർത്ഥത്തിൽ ‘അതിശയനീയം’ എന്നു പറയാതിരിക്കയാണു് യുക്തം. ആ സംസ്കൃതതദ്ധിതത്തിനു് ആദ്യം സൂചിപ്പിച്ച അർത്ഥത്തോടാണു് ബന്ധമുള്ളതു്. ‘വർത്തമാന’ത്തിനു മലയാളത്തിലേ വൃത്താന്തം എന്നർത്ഥമുള്ളു. സംസ്കൃതത്തിൽ ‘നടന്നുകൊണ്ടിരിക്കുന്ന’ എന്നാണർത്ഥം. രണ്ടർത്ഥത്തിലും ഭാഷയിൽ ആ പദം വരും. ‘വർത്തമാനപത്രം’ വൃത്താന്തപത്രമാണു്. ‘വർത്തമാനകാലം’ നടന്നുകൊണ്ടിരിക്കുന്ന കാലവും. ‘അധികരിക്കുക’ എന്ന വാക്കിനു ‘വിഷയമാക്കുക’ എന്നാണർത്ഥം. ‘അധികമാവുക’ എന്നല്ല. ചില ലേഖകന്മാർ അങ്ങനെ ഒരർത്ഥം അതിനുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടു്. വിദ്യാർത്ഥികൾ അവരെ അനുകരിക്കണമെന്നു തോന്നുന്നില്ല. ‘സംസ്കൃത നാടകങ്ങളെ അധികരിച്ചു് ആ പണ്ഡിതൻ ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു’ എന്നു പറയാം. ‘അതു കേട്ടുനിന്നവരുടെ ജ്ഞാനം അധികരിച്ചു’ എന്ന പ്രയോഗം സാധുവല്ല.
  3. അധുനാ ഭവിച്ചതു് എന്നർത്ഥത്തിൽ ‘ഇക’ എന്ന പ്രത്യയം ചേർന്നുണ്ടാകുന്ന വിശേഷണപദം ‘ആധുനികം’ എന്നാകുന്നു; ‘ആധുനീകം’ എന്നല്ല. ഇതുപോലെതന്നെ, പൗരാണികം, ലൗകികം, ദൈവികം, ഭാഗികം, കാലികം മുതലായ രൂപങ്ങളും ‘ഇക’ ചേർന്നുണ്ടാകുന്നവയത്രെ. പൗരാണീകം, ഭൗതീകം, ദൈവീകം എന്നും മറ്റും എഴുതരുതു്.
  4. ‘രമണീയം’, ‘കമനീയം’, ഈ വിശേഷണങ്ങളിൽ നിന്നുണ്ടാവുന്ന നാമങ്ങളാണു്, ‘രാമണീയകം’, ‘കാമനീയകം’, ഇവ. രാമണീയകത, കാമനീയകത എന്നുപയോഗിക്കുന്നതു് തെറ്റാകുന്നു. രമണീയത, കമനീയത; രമണീയത്വം, കമനീയത്വം; എന്നിങ്ങനെ നാമരൂപങ്ങൾ വേറെയുമുണ്ടു്.
  5. കാവ്യം നിങ്ങളെ ആകർഷിക്കുന്നെങ്കിൽ, അതു് ‘ആകർഷക’മാണെന്നാണു പറയേണ്ടതു്. ‘ആകർഷണീയ’മാണെന്നല്ല. പ്രശംസയ്ക്കു ‘പാത്ര’മായാൽ മതി, ‘പാത്രവാൻ’ ആവേണ്ട. സുഹാർദ്ദത്തിന്റെ ഭാവം സൗഹാർദ്ദമാണു്. സുഹൃത്തിന്റെ ഭാവം സൗഹൃദവും. സൗഹാർദ്ദത, സാരള ്യത, ഐക്യത എന്നൊക്കെ പ്രയോഗിക്കുന്നതു സാധുവല്ല. സൗഹാർദ്ദം, സാരള ്യം, ഐക്യം, ഇങ്ങനെയാണു് സാധുരൂപം. പാകത, സഖ്യത, വേഗത മുതലായവയും സുബദ്ധങ്ങളല്ല. പാകം, സഖ്യം, വേഗം, എന്നൊക്കെയാണു് ശരിയായ രൂപം.
  6. സന്തോഷചിത്തൻ, പ്രസാദമുഖൻ, എന്നു നാമങ്ങളെ പൂർവ്വോത്തരപദങ്ങളാക്കി സമാസിക്കരുതു്; സന്തുഷ്ടചിത്തം, സന്തുഷ്ടചിത്തൻ, പ്രസന്നമുഖം, പ്രസന്നമുഖൻ, ഇങ്ങനെ വിശേഷണവിശേഷ്യങ്ങൾ ചേർന്നാണു് കർമ്മധാരയനും ബഹുവ്രീഹിയും ആകുന്നതു്.
  7. സമ്മേളനം ഒരാളുടെ ആധ്യക്ഷ്യത്തിലോ അധ്യക്ഷതയിലോ ആവാം. ‘അധ്യക്ഷ’ത്തിൽ ശരിയാവില്ല. സാമ്രാജ്യത്തിന്റെ അധിപതി ‘സമ്രാട്ടാ’ണു്; ‘സാമ്രാട്ട’ല്ല.
  8. മഹദ്വാക്യം എന്ന സമസ്തപദത്തിനു മഹാന്റെ വാക്യമെന്നും മഹാവാക്യം എന്നതിനു്, മഹത്തായ വാക്യമെന്നുമർത്ഥമാകുന്നു. മഹാരാജ്ഞി മഹതിയായ രാജ്ഞിയും മഹാപുരുഷൻ മഹാനായ പുരുഷനുമാണു്.
  9. ‘മനസ്സാക്ഷി’യെ മാനിച്ചാലേ ‘മനസ്സുഖ’മുണ്ടാവൂ. ‘മനോസുഖ’വും ‘മനോസാക്ഷി’യും സാധൂരുപങ്ങളല്ല.
  10. കേരളത്തിന്റെ ‘പ്രാതിനിധ്യം വഹിക്കാം’, കേരളത്തെ ‘പ്രതിനിധാന’വും ചെയ്യാം, കേരളത്തിൽനിന്നു തിരഞ്ഞെടുക്കുന്ന പ്രതിനിധിക്കു് കേരളത്തെ ‘പ്രതിനിധീകരിച്ചാൽ’ ശരിയാവില്ല.
  11. ‘പ്രചരിപ്പിക്കുക’ എന്നാണു് വിവക്ഷയെങ്കിൽ ‘പ്രചാരണം’ എന്നും, പ്രയോഗിക്കുന്നതാണു യുക്തം. ‘കലയുടെ ലക്ഷ്യം ആഹ്ലാദനം മാത്രമല്ല; ഉൽകൃഷ്ടങ്ങളായ ആശയങ്ങളുടെ പ്രചാരണംകൂടി അതിൽ പെടുന്നു.’ ‘അധീതി, ബോധം, ആചരണം, പ്രചാരണം, ഈ നാലു ഘടകങ്ങളുണ്ടു് വിദ്യാഭ്യാസത്തിനു്’, ഇത്യാദി പ്രയോഗം നോക്കുക.
  12. ‘ഹൃദയപൂർവ്വ’മാണു്, കൃതജ്ഞത പറയേണ്ടതു്; എന്നാലേ, ശ്രോതാക്കൾക്കു് ‘ഹൃദയംഗമ’മായിത്തോന്നുകയുള്ളൂ. ‘നേതൃമ്മന്യൻ’ എന്നു നേതാവായി നടിക്കുന്നവരെ ആക്ഷേപിക്കരുതു്. ‘നേതൃമാനി’യെന്നോ ‘നേതാരംമന്യ’നെന്നോ ആയാലേ ശരിയാവുകയുള്ളൂ. ഹൃദ്യമായ കാവ്യം ‘ആസ്വാദ്യ’മാണു്; ‘ആസ്വാദ്യകര’മല്ല. ‘ആസ്വാദ്യം’ എന്ന പദം വിശേഷണമാകുന്നു; നാമമല്ല.
  13. ‘ഉച്ചൈസ്തരാം ഉദ്ഘോഷിക്കാം ഒരു കാര്യം.’ ‘ഉച്ചൈസ്തരം’ എന്നു നാമവിശേഷണമായിട്ടേ പ്രയോഗിക്കാവൂ; ക്രിയാവിശേഷണമാണെങ്കിൽ ‘ഉച്ചൈസ്തരാം’ എന്നാവണം. ‘ഉറക്കെ വിളിച്ചു പറഞ്ഞാൽ മതിയെന്നുള്ള ദിക്കിൽ ഉച്ചൈസ്തരാം ഉദ്ഘോഷിക്കാനും’ മറ്റും ലളിത ഭാഷയിലെഴുതിശ്ശീലിക്കേണ്ട വിദ്യാർത്ഥികൾ പുറപ്പെടരുതു്.
  14. ‘പ്രമാദം’ എന്നു പറഞ്ഞാൽ ‘അനവധാനത’, ‘അശ്രദ്ധ’, ‘അശ്രദ്ധകൊണ്ടുവന്ന തെറ്റു്’, എന്നെല്ലാമാണർത്ഥം. വലിയ കേസ് എന്നർത്ഥത്തിൽ പ്രമാദമായ കേസ് എന്നു പറയുന്നതു് അയുക്തമാകുന്നു. ‘ഭീമം’ എന്ന പദത്തിനു ‘ഭയങ്കരം’ എന്നാണർത്ഥം. ‘വലിയ’ എന്നല്ല.
  15. ഉത്തമമായ പന്ഥാവു് ‘ഉത്തമപഥ’മാണു്. ‘രാജപഥം’ എന്ന പദം വിഗ്രഹിക്കേണ്ടതു് ‘രാജാവിന്റെ പന്ഥാവു് ’ എന്നാകുന്നു. ‘സൽപഥം’, ‘നക്ഷത്രപഥം’ എന്നൊക്കെയാണു് സമസ്തപദരൂപം.
  16. ‘പണ്ടു്’ എന്ന പദത്തിനു പഴയ കാലത്തു് എന്നാണർത്ഥം. ആ സ്ഥിതിക്കു ‘പണ്ടുകാലത്തു്’ എഴുതുന്നതിൽ പൗനരുക്ത്യം ഉണ്ടു്. ‘പണ്ടു്’ എന്നോ ‘പഴയ കാലത്തു്’ എന്നോ എഴുതാം.

പ്രാമാദികങ്ങളായ എല്ലാ പദപ്രയോഗങ്ങളും ഇവിടെ ചൂണ്ടിക്കാണിക്കുക സാധ്യമല്ല. വിദ്യാർത്ഥികളുടെ ഉപന്യാസങ്ങളിൽ കാണാറുള്ള ചില അസാധുപദപ്രയോഗങ്ങൾ എടുത്തു പറഞ്ഞുവെന്നേയുള്ളൂ. ‘ജനത’ എന്ന പദത്തിനു് ജനസമൂഹമെന്നാണർത്ഥം; അതു ബഹുവചനരൂപമല്ല; ഏകവചനരൂപമാണു്. അതിനാൽ ‘കുപിതരും ഭഗ്നാശരുമായ ജനത’ എന്നും മറ്റും പ്രയോഗിക്കരുതു്. ‘കുപിതരും ഭഗ്നാശരുമായ ജനങ്ങൾ’ എന്നു പറയാമല്ലൊ. ‘കുപിതവും ഭഗ്നാശവും ആയ’ എന്നു വിശേഷണരൂപം മാറ്റണം ‘ജനത’ തന്നെയാവണം വിശേഷ്യമെങ്കിൽ.

വ്യാകൃതി

ഭാഷയിലെ ശബ്ദങ്ങളെ നാമം, ഭേദകം, ക്രിയ. നിപാതം, അവ്യയം എന്നു് അഞ്ചായിട്ടാണല്ലൊ വിഭജിച്ചതു്. അവയുടെ അവാന്തരവിഭാഗങ്ങളും വേർതിരിച്ചു കണ്ടുകഴിഞ്ഞു. വാക്യത്തിലെ ശബ്ദങ്ങൾ ഏതു ജാതിയിൽ പെട്ടവയാണു്, അവ വാക്യത്തിൽ എന്തു വ്യാപാരം നിർവ്വഹിക്കുന്നു, അവയുടെ അന്വയമെങ്ങനെയാണു്, എന്നു വിവരിക്കുന്നതിനാണു് വ്യാകരിക്കുക എന്നു പറയുന്നതു്. ‘ഗംഗ എന്ന നദി ആര്യാവർത്തത്തെ ഫലപുഷ്ടമാക്കുന്നു’ എന്ന ചൂർണ്ണികയിലെ പദങ്ങൾ ഉദാഹരണമായി വ്യാകരിക്കാം.

ഗംഗ—
ദ്രവ്യനാമം, സംജ്ഞാനാമം, നപുംസകലിംഗം, ഏകവചനം, നിർദ്ദേശികാവിഭക്തി. ‘എന്ന’, എന്ന ദ്യോതകത്തിലന്വയിച്ചു് ‘നദി’യുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നു.
എന്ന—
ദ്യോതകം, അവ്യയം. ഗംഗയും നദിയും തമ്മിലുള്ള അഭേദം ദ്യോതിപ്പിക്കുന്നു.
നദി—
ദ്രവ്യനാമം, സാമാന്യനാമം, നപുംസകലിംഗം, ഏകവചനം, നിർദ്ദേശികാവിഭക്തി, ആക്കുന്നു എന്ന ക്രിയയുടെ കർത്താവു്. ആഖ്യ.
ആര്യാവർത്തത്തെ—
ദ്രവ്യനാമം, സംജ്ഞാനാമം, നപുംസകലിംഗം, ഏകവചനം, പ്രതിഗ്രാഹികാ വിഭക്തി. ആക്കുന്നു എന്ന ക്രിയയുടെ കർമ്മം.
ഫലപുഷ്ടം—
ഭേദകം, വിഭാവകം, നപുംസകലിംഗം, ഏകവചനം, നിർദ്ദേശിക. ആക്കുക എന്ന ക്രിയയോടു ചേർന്നു ആഖ്യാതപൂരകമാകുന്നു.
ആക്കുന്നു—
പ്രയോജകം, സകർമ്മകം, മുറ്റുവിന, വർത്തമാനകാലം. ആഖ്യാതം.

ഉദാഹരണത്തിൽ ചെയ്യുന്നതുപോലെ ശബ്ദങ്ങളുടെ ജാതികളും വിഭാഗങ്ങളും ഉപവിഭാഗങ്ങളും വാക്യത്തിലുള്ള വ്യാപാരവും അന്വയവും കണ്ടുപിടിക്കുവാൻ ശീലിക്കുന്നതു് വ്യാകരണവിഷയങ്ങൾ യുക്തിപൂർവ്വം ഗ്രഹിക്കുന്നതിനു സഹായമായിത്തീരും.

മറ്റൊരു ഉദാഹരണം:

‘പട്ടുകിടക്കമേലേ കിടക്കുന്ന നീ

പട്ടു കിടക്കുമാറായിതോ പൈതലേ’?

—ഭാരതം

പട്ടുകിടക്കമേൽ—
ദ്രവ്യനാമം, സാമാന്യനാമം, നപുംസകലിംഗം, ഏകവചനം, ആധാരിക. ‘മേൽ’ എന്ന ഗതിയുടെ യോഗംകൊണ്ടു് ആധാരികയുടെ അർത്ഥം നേടിയിരിക്കുന്നു. ‘കിടക്കുന്നു’ എന്ന ക്രിയയുടെ അധികരണം.
എ—
ദ്യോതകം, അവധാരകനിപാതം. മേൽ എന്ന ഗതിയോടു ചേർന്നു നിൽക്കുന്നു.
കിടക്കുന്ന—
പറ്റുവിന, പേരെച്ചം, വർത്തമാനകാലം, ‘നീ’ എന്ന പദത്തെ വിശേഷിപ്പിക്കുന്നു. നാമാംഗജം.
നീ—
സർവ്വനാമം, മധ്യമപുരുഷൻ, ഏകവചനം, നിർദ്ദേശിക, ‘പൈതൽ’ എന്ന നാമത്തിനു പകരം നിൽക്കുന്നു. ‘ആയിതു്’ എന്ന ക്രിയയുടെ കർത്താവു്. ആഖ്യ
പട്ടു്—
പറ്റുവിന, വിനയെച്ചം, ഭൂതകാലം, ‘കിടക്കുമാറു്’ എന്ന ആഖ്യാതപൂരകത്തിന്റെ വിശേഷണം.
കിടക്കുമാറു്—
ആഖ്യാതപൂരകം, ആയി എന്ന ക്രിയയോടു ചേർന്നു് അതിന്റെ അർത്ഥം പൂർണ്ണമാക്കുന്നു.
ആയിതോ—
മുറ്റുവിന, അകർമ്മകം, അകാരിതം, ഭൂതകാലം, ആഖ്യാതം.
ഓ—
ദ്യോതകം, വികല്പനിപാതം, ‘ആയിതു’ എന്ന പൂർണ്ണക്രിയയോടു ചേർന്നു നിൽക്കുന്നു.
അഭ്യാസം ൫൪

വ്യാകരിക്കുക:

  1. ചൂടാണ്ട വീപ്പിടുമമാത്യനുരച്ചു: ‘വത്സേ തേടായ്മ മന്യ’.
  2. നാടൻ കൃഷിക്കാരൊരു നാളികേര- പാകത്തിലാണിങ്ങനെ മിക്കപേരും.
  3. കൂറാളും തിരുമേനി കൃത്യപരനായ് പിൻപൂമുഖം പൂകവേ.
  4. ചെമ്പകനാട്ടിന്നലങ്കാര ഭൂതനാം തമ്പുരാൻ ദേവനാരായണസ്വാമിയും കമ്പംകളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം.
  5. കമലാകാന്തന്റെ കാരുണ്യശീലന്റെ കമനീയാംഗന്റെ കാമസമാനന്റെ ഗമനസന്നാഹം കേട്ടു പുറപ്പെട്ടു കമനിപാഞ്ചാലി ദേവനാരായണ!
  6. കുന്തിരിക്കം വിറ്റുകാലം കഴിപ്പവൻ കുന്തപ്പയറ്റു തുടർന്നാൽ നടക്കുമോ?
ഖണ്ഡിക

1. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു സംസാരിക്കയോ എഴുതുകയോ ചെയ്യുമ്പോൾ, പ്രതിപാദനത്തിനുവേണ്ട മുഖ്യഗുണം വ്യക്തതയും ഏകാഗ്രതയും ആണു്. വിഷയത്തിന്റെ വിവിധ മുഖങ്ങൾ വേറെ വേറെ കാണുക. അവ പ്രാധാന്യം അനുസരിച്ചു്, പൂർവ്വാപരബന്ധം വിടാതെ, വകുപ്പുകളാക്കി തിരിക്കുക, യുക്തിയുക്തമായ ചിന്തയും ഉചിതമായ ഉദാഹരണവുംകൊണ്ടു് ഓരോ വകുപ്പും ഹൃദയംഗമമാക്കുക, വിചാരം വ്യക്തമാകാൻ വേണ്ടിടത്തോളം മാത്രം വാക്കുകൾ തിരഞ്ഞെടുത്തു പ്രയോഗിക്കുക—ഇതെല്ലാം സാധിച്ചാൽ പ്രതിപാദനരീതി അകലുഷമായിരിക്കും. നേരെമറിച്ചു്, തുമ്പും വാലുമില്ലാതെ, അടുക്കും ചിട്ടയും കൂടാതെ, വായിൽ വന്നതൊക്കെ പറകയോ, കുത്തിക്കുറിക്കയോ ചെയ്താൽ സംഭാഷണവും ലേഖനവും, ഹൃദ്യമോ വിശദമോ ആയിത്തീരുകയില്ല. അതിനാൽ, ഒരു വിഷയത്തിന്റെ വിവിധഭാഗങ്ങളെ പ്രകാശിപ്പിക്കുന്ന ആശയങ്ങൾ ക്രമപ്പെടുത്തി വകുപ്പുകളാക്കി തിരിച്ചെഴുതുവാൻ വിദ്യാർത്ഥികൾ പരിശീലിക്കണം. ഇങ്ങനെയുള്ള വകുപ്പുകൾ ആണു്, ഖണ്ഡികകൾ.

2. ചൈനയെ പരാമർശിച്ചു പ്രശസ്തഗദ്യകാരനായ കെ. എം. പണിക്കർ എഴുതിയ ഒരു ഉപന്യാസത്തിൽ നിന്നു് ഒരു ഖണ്ഡിക താഴെ ഉദ്ധരിക്കുന്നതു വായിച്ചുനോക്കുക:

“ചൈന ഇന്ത്യയോളം തന്നെ പുരാതനമാണു്. അയ്യായിരം വർഷത്തിൽ കവിഞ്ഞു നീണ്ടുകിടക്കുന്ന ചീനയുടെ ചരിത്രം ഭാരതചരിത്രവുമായി പല സംഗതികൊണ്ടും സാമ്യം വഹിക്കുന്നുണ്ടു്. ഒന്നാമതായി, ഇന്ത്യയെന്നതു പോലെ ചീനവും ഇടയ്ക്കിടെ വിദേശീയർക്കു് അടിപ്പെട്ടു കഴിയേണ്ടിവന്നിട്ടുണ്ടെങ്കിലും, ആ നാടിന്റെ സംസ്കാരത്തിനോ ജീവിതമര്യാദകൾക്കോ മാറ്റം വരുത്തുവാൻ വൈദേശികന്മാർക്കു് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടാമതായി, ഭാരതീയസംസ്കാരമെന്നതുപോലെതന്നെ ചീന സംസ്കാരവും അടുത്തുള്ള രാജ്യങ്ങളിൽ പ്രചരിച്ചു് അവിടങ്ങളിലെ ജീവിതത്തെ പലതരത്തിൽ രൂപാന്തരപ്പെടുത്തിയിട്ടുള്ളതായി കാണാം. ജാവാ, മലയാ, സയാം, കാംബോജം മുതലായ സ്ഥലങ്ങളിലെ സംസ്കാരം ഇന്ത്യയിൽ നിന്നാണെങ്കിൽ, ജപ്പാൻ മുതലായ രാജ്യങ്ങൾ ഇക്കാര്യത്തിൽ ചൈനയോടാണു കടപ്പെട്ടിരിക്കുന്നതു്. മൂന്നാമതായി, യൂറോപ്യന്മാരുടെ വരവോടുകൂടി രണ്ടു രാജ്യത്തിന്റേയും ശക്തി ക്ഷയിക്കയും, രണ്ടുകൂട്ടരും അവർക്കു് ഒരുപോലെ വിധേയരാകയും ചെയ്തു. ഇന്ത്യയെ ബ്രിട്ടീഷുകാർ ജയിച്ചു കീഴടക്കിയതുപോലെ, ചൈനയെ സ്വന്തം സാമ്രാജ്യത്തിൽ പെടുത്തുവാൻ അവർക്കു സാധിച്ചില്ലെങ്കിലും ചൈന ഒരു സ്വതന്ത്രരാജ്യമെന്ന പേരിൽത്തന്നെ കഴിഞ്ഞുവന്നുവെങ്കിലും, ആ രാജ്യത്തിന്റെ പരാധീനത ഇന്ത്യയുടേതിൽ കവിഞ്ഞതായിരുന്നുവെന്നുതന്നെ പറയാം. വലിയ ഒരു നാട്ടുരാജാവിന്റെ സ്ഥിതിമാത്രമാണു് ഒരുകാലത്തു ചീനചക്രവർത്തിക്കുണ്ടായിരുന്നതു്. എല്ലാ മഹാശക്തികളേയും ഒരുപോലെ വഴങ്ങേണ്ടിവന്നതിനാൽ, ബഹുഭർത്തൃകയായ ഒരു സ്ത്രീയെപ്പോലെ, നിർല്ലജ്ജമായ ജീവിതമായിരുന്നു ഒടുവിൽ ഒരു നൂറു വർഷത്തേയ്ക്കു ചീന സാമ്രാജ്യത്തിനു് അനുഭവപ്പെട്ടതു്.”

ഈ ഖണ്ഡികയിലെ കേന്ദ്രീഭൂതമായ ആശയം എന്താണു്? പുരാതനരാജ്യങ്ങളായ ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള സാദൃശ്യമാണു്, ഇതിൽ മുഖ്യമായി പരാമർശിക്കുന്നതു്. പ്രാരംഭത്തിലെ രണ്ടുവാക്യം ഈ ആശയത്തെ അവതരിപ്പിക്കുന്നു. വൈദേശിക സ്വാധീനശക്തിയെ രണ്ടു നാട്ടിലേയും ജീവിതവും, സംസ്കാരവും, എങ്ങനെ അതിജീവിച്ചു? ചീനയുടേയും ഇന്ത്യയുടേയും സംസ്കാരം ഏതേതു പ്രദേശങ്ങളിൽ വ്യാപിച്ചു? വൈദേശികാധിപത്യത്തിന്റെ സ്വഭാവം രണ്ടു രാജ്യത്തും എങ്ങനെയായിരുന്നു, ഇങ്ങനെ മുഖ്യമായ ആശയത്തിന്റെ വിപുലനത്തിനാണു പിന്നീടുള്ള വാക്യങ്ങൾ പൂർവ്വാപരബന്ധം വിടാതെ വിനിയോഗിച്ചിരിക്കുന്നതു്. ബഹുഭർത്തൃകയായ പത്നിയോടു് ചൈനയ്ക്കു കല്പിച്ചിരിക്കുന്ന സാമ്യം, പേരിൽ മാത്രം സ്വതന്ത്രമായിരുന്ന ആ രാജ്യത്തിന്റെ ദയനീയതയും അസ്വസ്ഥതയും വ്യക്തമാക്കുന്നുണ്ടു്. ഒരാശയം അവതരിപ്പിച്ചു് അതു വിശദമാക്കുവാനുള്ള ഉദ്യമത്തിനിടയ്ക്കു് ഇതരവിഷയങ്ങളുടെ പിന്നാലെ ലേഖകന്റെ ശ്രദ്ധപോവുന്നില്ല. ഏകാഗ്രതയും വിശദതയും ഈ ഖണ്ഡികയ്ക്കുണ്ടെന്നു സ്പഷ്ടമായല്ലൊ.

അടിയിൽ ഉദ്ധരിച്ചിരിക്കുന്ന ‘നമ്മുടെ വസതി’ എന്ന ലേഖനത്തിലെ ഓരോ ഖണ്ഡികയിലേയും മുഖ്യമായ ആശയം എന്താണെന്നു മനസ്സിലാക്കുക:

നമ്മുടെ വസതി

“ഭൂഗോളം നമ്മുടെ ഗൃഹവും നാം ഇതിലെ ഇന്നത്തെ നിവാസികളും ആകുന്നു. വിശാലമായ ഈ വസതി ഏതുകാലത്താണു് ഉണ്ടായതു്? ഇതു് എന്നു ജീവികൾക്കു വസിക്കുവാൻ യോഗ്യമായിത്തീർന്നു? ഈ ചോദ്യങ്ങൾക്കും ഇനിയും ശരിയായ ഉത്തരം ലഭിച്ചു കഴിഞ്ഞിട്ടില്ല. എങ്കിലും ഭൂമിയുടെ പൂർവ്വരൂപത്തേയും അതിനു കാലക്രമത്തിൽ വന്ന മാറ്റത്തേയും പറ്റി ശാസ്ത്രജ്ഞന്മാർ പലതും ഊഹിക്കുകയും, ചിലതു് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടു്.

അനേകം കോടി സംവത്സരങ്ങൾക്കു മുൻപു്, ഈ ഗോളം കത്തിക്കാളിക്കൊണ്ടിരുന്ന ഒരു തീപ്പന്തുപോലെ ആകാശത്തിൽ തിരിഞ്ഞുകൊണ്ടിരുന്നു. ചുട്ടുരുകിക്കിടക്കുന്ന ചില ലോഹങ്ങളും, ധാതുക്കളും, ജ്വലിക്കുന്ന ചില വാതകങ്ങളും മാത്രമായിരുന്നു അന്നു് ഉണ്ടായിരുന്നതു്. അക്കാലത്തു് ഭൂമിയിൽ സസ്യമോ, മൃഗമോ, മനുഷ്യനോ ഇല്ലായിരുന്നുവെന്നു് ഊഹിക്കാമല്ലൊ. കാലം വളരെ കഴിഞ്ഞപ്പോൾ, ഭൂമണ്ഡലം ക്രമത്തിൽ തണുക്കുവാനും ഇതിന്റെ പുറം ഉറച്ചുകട്ടിയാകുവാനും തുടങ്ങി. ഇരുമ്പു്, ചുണ്ണാമ്പു്, ഗന്ധകം മുതലായ ധാതുക്കൾ ഇങ്ങനെയാണു് ഉണ്ടായതു്. ആകാശത്തിലേയ്ക്കു് ഉയർന്നുകൊണ്ടിരുന്ന വാതകങ്ങളുടെ ചൂടു കുറഞ്ഞുകുറഞ്ഞു വന്നു. അവ കൂടിച്ചേർന്നു വായുമണ്ഡലം ആയി. ആവിയാകട്ടെ, തണുത്തു ജലമായിത്തീർന്നു. നദി, സമുദ്രം മുതലായ ജലാശയങ്ങൾ അതിന്റെ ഫലമായിട്ടാണു് ഭൂമുഖത്തുണ്ടായതു്. ഇന്നും ഭൂഗോളത്തിന്റെ ഉള്ളു മുഴുവൻ തണുത്തു് ഉറച്ചുകഴിഞ്ഞിട്ടില്ല.

ജീവിതത്തിനുവേണ്ട വായു, ജലം, ധാതുക്കൾ മുതലായവ ഇങ്ങനെ ഉണ്ടായതിനുശേഷമാണു്, ഈ മഹാഗൃഹം വാസയോഗ്യമായിത്തീർന്നതു്. ആദിയിൽ മുളച്ചുവളർന്ന സസ്യങ്ങളോ ജനിച്ചു വളർന്നജീവികളോ ഇപ്പോൾ ഇല്ല. അവയുടെ ആകൃതിയിലും സ്വഭാവത്തിലും അനേകം നൂറ്റാണ്ടുകൾകൊണ്ടു പല മാറ്റങ്ങൾ വന്നു. അതിനാൽ വളരെ വ്യത്യാസമുള്ള മരങ്ങളും, വള്ളികളും, പക്ഷികളും മൃഗങ്ങളും ഒക്കെ ഉണ്ടാകുവാൻ ഇടയായി. ഇന്നു കാണുന്ന സസ്യങ്ങളും ജീവികളും ഇങ്ങനെയാണു് ആവിർഭവിച്ചതു്.

നമ്മുടെ ഈ പാർപ്പിടം വളരെ വലുതുതന്നെ. നാം നില്ക്കുന്ന സ്ഥലത്തുനിന്നു നേരെ അടിയിലേയ്ക്കു ഒരു തുരങ്കമുണ്ടാക്കുന്നപക്ഷം അതിനു് ഏകദേശം എണ്ണായിരം നാഴിക നീളമുണ്ടായിരിക്കും. ഈ ഗോളത്തിന്റെ വലുപ്പം ആലോചിക്കുമ്പോൾ നിങ്ങൾക്കു് അത്ഭുതം തോന്നുന്നില്ലേ? എന്നാൽ അവസാനമില്ലാത്ത ആകാശത്തിന്റെ വിസ്താരം വിചാരിച്ചു നോക്കുക. അപ്പോൾ ഈ ഭൂമി എത്ര ചെറുതാണെന്നു തോന്നാതിരിക്കുകയില്ല. സൂര്യമണ്ഡലം ഭൂമിയേക്കാൾ വളരെ മടങ്ങു വലുപ്പമുള്ളതാകുന്നു. നമ്മുടെ ഈ ഗൃഹത്തിലേയ്ക്കു വേണ്ട വെളിച്ചവും ചൂടും തരുന്നതു് ആ മഹാഗോളമാണു്.

ഇനി നമുക്കു് ഈ വസതിയിലെ അംഗങ്ങളെക്കുറിച്ചു ചില സംഗതികൾ ഗ്രഹിക്കാം. ചെമ്പു്, ഇരുമ്പു്, ഗന്ധകം മുതലായവയാണല്ലോ ധാതുക്കൾ. അവയ്ക്കു് ഒരിടത്തുനിന്നു സ്വയം മറ്റൊരിടത്തേയ്ക്കു സഞ്ചരിക്കുവാൻ സാധിക്കുകയില്ല. അതുപോലെയല്ലെങ്കിലും വൃക്ഷങ്ങളും വള്ളികളും മുളച്ച ദിക്കിൽത്തന്നെനിന്നു വളരുന്നതേയുള്ളൂ. എന്നാൽ മൃഗങ്ങൾക്കും പക്ഷികൾക്കും മനുഷ്യർക്കും മറ്റും ഇച്ഛപോലെ സഞ്ചരിക്കാമെന്നു നിങ്ങൾക്കു് അറിയാമല്ലോ. ധാതുക്കളും സസ്യങ്ങളും അചരങ്ങളാകുന്നു. ജന്തുക്കളും മനുഷ്യരും ചരം എന്ന വിഭാഗത്തിലാണു പെടുന്നതു്.

മരങ്ങളും വള്ളികളും സഞ്ചരിക്കുന്നില്ലെന്നു വിചാരിച്ചു്, അവയ്ക്കു ജീവനില്ലെന്നു തെറ്റിദ്ധരിക്കരുതു്. അവ വായുവിൽനിന്നും മണ്ണിൽനിന്നും പോഷകവസ്തുക്കൾ സമ്പാദിച്ചു വളരുന്നു. അവയും സ്വവംശത്തെ വർദ്ധിപ്പിക്കയും നിലനിർത്തുകയും ചെയ്യുന്നുണ്ടു്. വൃക്ഷലതാദികളും ജന്തുക്കളെപ്പോലെതന്നെ ജനിക്കുന്നു, വളരുന്നു, നശിക്കുന്നു. ജന്തുക്കൾ ആഹാരത്തിനു സസ്യങ്ങളെയാണു് ആശ്രയിക്കുന്നതു്. സസ്യഭുക്കുകളായ ജീവികളേയും ചില മൃഗങ്ങളും മനുഷ്യരും ഭക്ഷിക്കാറുണ്ടു്.

ലോകഗൃഹത്തിലെ അംഗങ്ങളുടെ കൂട്ടത്തിൽ മനുഷ്യൻ പ്രാധാന്യം പ്രാപിച്ചിരിക്കുന്നു. അതു് എന്തുകൊണ്ടാണു്? സിംഹത്തിനും ആനയ്ക്കും മറ്റും മനുഷ്യനേക്കാൾ ശരീരബലം എത്രയോ അധികമുണ്ടു്. ദേഹശക്തികൊണ്ടല്ല. വിശേഷബുദ്ധികൊണ്ടാണു് മനുഷ്യൻ ശ്രേഷ്ഠത സമ്പാദിച്ചിരിക്കുന്നതു്. സംഭാഷണസാമർത്ഥ്യവും അവനു മാത്രമേ ഉള്ളൂ. ഗ്രാമങ്ങളും നഗരങ്ങളും മുനുഷ്യൻ നിർമ്മിച്ചതാണു്. കൃഷി, കച്ചവടം മുതലായവ നടപ്പാക്കിയതും പലതരത്തിലുള്ള യന്ത്രങ്ങൾ കണ്ടുപിടിച്ചതും അവനാകുന്നു. മനുഷ്യവർഗ്ഗം ഉണ്ടായിരുന്നില്ലെങ്കിൽ, ഇന്നു ഭൂമിയിൽ കാണുന്ന പരിഷ്കാരത്തിന്റെ ചിഹ്നങ്ങൾ ഒന്നുംതന്നെ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. മനുഷ്യന്റെ ബുദ്ധിശക്തി എത്രമാത്രം അത്ഭുതകരമായിരിക്കുന്നു!”

ഏഴു ഖണ്ഡികയാണു് ഈ ഉപന്യാസത്തിലുള്ളതു്. നമ്മുടെ വസതിയായ ഭൂമിയുടെ പൂർവ്വരൂപത്തേയും അതിനുണ്ടായ പരിണാമത്തേയും സംബന്ധിക്കുന്ന ആശയം ഉപക്രമ ഖണ്ഡികയിൽ അവതരിപ്പിക്കയും അടുത്തതിൽ വിസ്തരിക്കുകയും ചെയ്തിരിക്കുന്നു. സസ്യങ്ങളുടേയും ജീവികളുടേയും ആവിർഭാവമാണു മൂന്നാമത്തെ വകുപ്പിൽ സൂചിപ്പിക്കുന്നതു്. നാലാമത്തേതിൽ ഭൂമിയുടെ വലുപ്പവും അനന്തമായ ആകാശത്തിൽ അതിനു താരതമ്യേനയുള്ള ക്ഷുദ്രത്വവും വെളിപ്പെടുത്തുന്നു. ചരവും അചരവും,—ഈ മഹാവിഭാഗത്തിന്റെ ഉപാദിയാണു് അടുത്ത ഖണ്ഡികയിൽ. ആറാം വകുപ്പിൽ അചരങ്ങളായ സസ്യങ്ങളും ജീവനുള്ളവയാണെന്നു വ്യക്തമാക്കുന്നു. അന്ത്യഖണ്ഡിക മനുഷ്യന്റെ സർവ്വാതിശായിയായ മഹത്ത്വം ഓർത്തു് അത്ഭുതപ്പെടുന്ന ഒരു വാക്യത്തിലാണു് അവസാനിക്കുന്നതു്. ഏകാഗ്രവും വിശദവുമായ പ്രതിപാദനത്തിനും പൂർവ്വാപരബന്ധം വിടാതെയുള്ള ചിന്തയുടെ ക്രമികമായ പുരോഗതിയ്ക്കും ഈ ‘നമ്മുടെ വസതി’യെ അധികരിച്ചുള്ള ലേഖനഖണ്ഡികകൾ ഉദാഹരിക്കാം. ആശയസ്വഭാവമനുസരിച്ചു ചൂർണ്ണിക, സങ്കീർണ്ണകം, മഹാവാക്യം, ഇവ ഗാഢമോ ശിഥിലമോ ആയ ബന്ധത്തോടുകൂടി യഥോചിതം പ്രയോഗിച്ചാൽ ഖണ്ഡികയ്ക്കു വൈചിത്ര്യം എന്ന ഗുണവും സിദ്ധിക്കും.

അഭ്യാസം ൫൫
  1. ഓരോ ഖണ്ഡിക എഴുതുക:
    • ജ്ഞാനമാണു് ശക്തി.
    • ജീവിതത്തിന്റെ മഹത്ത്വം ദൈർഘ്യംകൊണ്ടല്ല തീരുമാനിക്കുന്നതു്.
    • പാലും പഴകിയാൽ പുളിക്കും.
    • ദിനരാത്രങ്ങൾ എങ്ങനെ ഉണ്ടാകുന്നു?
    • മനോഹരമായിരുന്നു ആ സന്ധ്യ.
    • എന്താണു സംസ്കാരം.
    • ഓണത്തിന്റെ ആഗമം.
    • താഴെ ഉദ്ധരിച്ചിരിക്കുന്ന ‘മുത്തുകൾ’ എന്ന ഉപന്യാസത്തിലെ ഓരോ ഖണ്ഡികയിലേയും കേന്ദ്രീഭൂതമായ ആശയം കണ്ടുപിടിച്ചെഴുതുക.
    • ഈ ഖണ്ഡികകളുടെ ഏകാഗ്രതയും പൂർവ്വാപരബന്ധവും വെളിപ്പെടുത്തുക.
മുത്തുകൾ

“എന്റെ വടിവും നിറവും നിങ്ങളുടെ കണ്ണുകളെ ആകർഷിക്കുന്നുണ്ടു്, ഇല്ലേ? എത്ര കൗതുകത്തോടുകൂടിയാണു് നിങ്ങൾ എന്നെ നോക്കുന്നതു്! ഞാൻ പിറന്നതു എവിടെയാണു്? ആരാണു് എന്റെ അമ്മ? എങ്ങനെ ഞാൻ ഇവിടെ വന്നു? നിങ്ങൾക്കു് ഇതെല്ലാം അറിഞ്ഞാൽക്കൊള്ളാം എന്നു് ആഗ്രഹമുണ്ടാവും. ആ ജിജ്ഞാസ എനിക്കു് അഭിമാനം ഉളവാക്കുന്നുണ്ടു്.

മഹാലക്ഷ്മി ജനിച്ചതു സമുദ്രത്തിൽനിന്നാണത്രെ. അതു വാസ്തവമാണോ എന്നു് എനിക്കറിഞ്ഞുകൂടാ. എന്റെ ജന്മഗൃഹം സമുദ്രമാകുന്നു. സിംഹളം, അല്ലെങ്കിൽ ലങ്ക, എന്നൊരു ദ്വീപിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാം. അതിനു് അടുത്തുള്ള കടലിലായിരുന്നു, എന്നെ ജനിപ്പിച്ച അമ്മ ജീവിച്ചിരുന്നതു്. മിനുസമുള്ള ചിപ്പിയുടെ അകത്തു മൃദുലമായ ദേഹത്തോടുകൂടിയ ചില ചെറിയ ജീവികൾ സമുദ്രത്തിന്റെ ചില ഭാഗങ്ങളിൽ കൂട്ടമായി താമസിക്കുന്നുണ്ടു്. “മുക്തകൾ” എന്നാണു അവയ്ക്കു പേരു്. ഒരു മുക്തയിൽ നിന്നാണു ഞാൻ പിറന്നതു്.

എന്റെ പിറവിയെക്കുറിച്ചു് ഒരിക്കൽ അമ്മ എന്നോടു ഇങ്ങനെ പറഞ്ഞു: “ഒരിക്കൽ ഞങ്ങൾ പലരും കൂട്ടം കൂടി കരയിൽനിന്നു കുറച്ചകലെ നീന്തിക്കളിക്കുകയായിരുന്നു. പെട്ടെന്നു ഒരു മണൽത്തരി എന്റെ ദേഹത്തിൽ തറച്ചുകയറി. എനിക്കു വല്ലാത്ത അസ്വാസ്ഥ്യമാണു് കുറെ നേരത്തേയ്ക്കു തോന്നിയതു്. എത്ര ശ്രമിച്ചിട്ടും അതിനെ ഉടലിൽ നിന്നു കളയുവാൻ എനിക്കു സാധിച്ചില്ല. അപ്പോൾ എന്റെ ദേഹത്തിലെ ഒരു ദ്രവവസ്തുകൊണ്ടു ഞാനതു പൊതിഞ്ഞു. ആ മൺതരിയുടെ പുറത്തു് ആ ലേപം ഉണങ്ങിപ്പിടിച്ചു. ഇങ്ങനെയാണു തിളക്കവും മിനുക്കവും ഉള്ള നീ ഉണ്ടായതു്. നീ എന്റെ സന്താനമല്ല; എന്റെ ഒരു സൃഷ്ടിയാണു്.” എങ്കിലും ഏറെക്കാലം ചുമന്നുകൊണ്ടു നടന്ന ആ മുക്തയെ അമ്മയായിട്ടാണു് ഞാൻ വിചാരിച്ചുപോരുന്നതു്.

എങ്ങനെ ഞാൻ കരയ്ക്കു വന്നു എന്നു് അറിയാനായിരിക്കും നിങ്ങൾ ശ്രദ്ധയോടുകൂടി ഇനിയും എന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു നില്ക്കുന്നതു്. മനുഷ്യരുടെ ധൈര്യത്തേയും ഉത്സാഹത്തേയും ഞാൻ അഭിനന്ദിക്കുന്നു, എന്നാൽ, അവരുടെ ക്രൂരതയും അത്യാഗ്രഹവും ഓർക്കുമ്പോൾ എനിക്കു വിരോധമാണു തോന്നുന്നതു്. ഒരിക്കൽ ഒന്നുരണ്ടു പെരുംവഞ്ചികൾ, എന്റെ അമ്മയും കൂട്ടുകാരും സ്വൈരമായി വിഹരിച്ചിരുന്ന സമുദ്രഭാഗത്തിന്റെ മുകളിൽ എത്തി. അവരെല്ലാവരും പരിഭ്രമിച്ചുവെന്നു പറയേണ്ടതില്ലല്ലൊ. അല്പനേരത്തിനിടയ്ക്കു് അറ്റത്തു കല്ലു കെട്ടിയിട്ടുള്ള മൂന്നു നാലു കയറുകൾ കടലിന്റെ അടിയിലെയ്ക്കു ഇറങ്ങുന്നതു കണ്ടു. ഓരോ കയറിന്റേയും കൂടെ ഓരോ ആളും ഉണ്ടായിരുന്നു. അരികെ എത്തിയ ഉടനെ ചിപ്പികളോടു കൂടിയ മുക്തകളെ വാരി അവർ ഒരു വലയിലിടുവാൻ തുടങ്ങി. ആ സാഹസികന്മാർ എന്തൊരു തിടുക്കമാണു് കാണിച്ചിരുന്നതു്. അവർക്കു ശ്വാസം മുട്ടിത്തുടങ്ങിയിരുന്നുവെന്നു തോന്നും. മനുഷ്യർ കേമന്മാർ തന്നെ. പക്ഷേ, അവർക്കു മത്സ്യങ്ങളെയോ മുക്തകളെയോ പോലെ വെള്ളത്തിനടിക്കു വളരെ നേരം ജീവിക്കാൻ കഴിയില്ല.

ഉടൻ അവർ കയർ പിടിച്ചു ഒന്നു് അനക്കി. വഞ്ചിയിൽ നിന്നിരുന്നവർ ആ ചങ്ങാതികളെ കയർ പിടിച്ചു മുകളിലേയ്ക്കു വലിച്ചു തുടങ്ങി. എങ്കിലും എല്ലാവർക്കും ഉപരിതലത്തിലെത്താൻ കഴിഞ്ഞില്ല. “ഷാർക്കു്” എന്നു പേരായ ഒരു ഭയങ്കര മത്സ്യം ഒരാളെ കടിച്ചെടുത്തു കൊണ്ടു പൊയ്ക്കളഞ്ഞു. ദുരാഗ്രഹംകൊണ്ടു പരദ്രോഹത്തിനു് ഉദ്യമിക്കുന്നവരിൽ ചിലർക്കെങ്കിലും ഇങ്ങനെ ശിക്ഷകിട്ടാതിരുന്നാൽ കഷ്ടമല്ലേ? നിങ്ങൾക്കു് ആ സാധുവിനോടു് അനുകമ്പതോന്നുന്നുണ്ടായിരിക്കും. വലയിലായിരുന്ന മുക്തകൾക്കു് എന്തു തോന്നിയിരിക്കും എന്നു നിങ്ങൾ ആലോചിച്ചു നോക്കുന്നുണ്ടോ?

കൂട്ടത്തിൽ ഒരാൾ നഷ്ടപ്പെട്ടതുകൊണ്ടുള്ള വിഷാദത്തോടുകൂടിയാണു് വഞ്ചിക്കാർ അന്നു കരയിലേയ്ക്കു മടങ്ങിയതു്. “വരാനുള്ളതു വഴിയിൽത്തങ്ങുമോ? അവന്റെ യോഗമാണു്. മുത്തിനുവേണ്ടി പേഴ്സ്യൻ കടലിൽപ്പോലും നമ്മളൊക്കെ മുങ്ങിത്തപ്പിയിട്ടില്ലേ? അന്നു് ആരെങ്കിലും ‘ഷാർക്കു്’ വിഴുങ്ങിക്കളഞ്ഞുവോ?” എന്നു സംഭാഷണത്തിനിടയ്ക്കു് ആ തടിയന്മാരിൽ ഒരുവൻ പറയുന്നതു കേട്ടു.

തീരത്തു ചെന്നതിനുശേഷം ആ നിർദ്ദയന്മാർ മുക്തകളിരിക്കുന്ന ചിപ്പികൾ മുഴുവൻ വെയിലത്തു കുന്നുപോലെ കൂട്ടിയിട്ടു. ചിപ്പിയ്ക്കകത്തുള്ള ജീവികൾ മുഴുവൻ ചത്തു. ആ ഓടുകൾ നല്ലപോലെ ഉണങ്ങി. എല്ലാ മുക്തകളിലും മുത്തുണ്ടായിരുന്നില്ല. നൂറും ഇരുന്നൂറും എണ്ണം പരിശോധിക്കുമ്പോഴാണു് ഒരു മുത്തു് അവർക്കു കിട്ടിയിരുന്നതു്. എന്റെ വാത്സല്യവതിയായ അമ്മയുടെ മൃതദേഹത്തിൽ നിന്നു് ഒടുവിൽ അവർ എന്നെയും എടുത്തു. എന്നെ വിറ്റാൽ നല്ല വില കിട്ടുമെന്നു തോന്നിയതുകൊണ്ടായിരിക്കണം അവരുടെ മുഖം അപ്പോൾ അത്ര തെളിഞ്ഞതു്.

ഈജിപ്തിലെ ഒരു മഹാരാജ്ഞിയുടെ വാത്സല്യപാത്രമായിരുന്നു എന്റെ വർഗ്ഗത്തിലെ ഒരു പൂർവ്വികൻ. അനവധി രത്നവും സ്വർണ്ണവും സംഭരിച്ചുവച്ചിരുന്ന ആ മഹതി അമൂല്യമായ ഒരു വസ്തുവായിട്ടാണു് ആ മുത്തിനെ കരുതിയിരുന്നതു്. പത്തു ലക്ഷം ഉറുപ്പിക കൊടുത്താൽത്തന്നെ അതിനെ വില്ക്കുവാൻ രാജ്ഞി സമ്മതിക്കുമായിരുന്നില്ല! എനിക്കത്രയൊന്നും വിലയുണ്ടെന്നു നിങ്ങൾ തെറ്റിദ്ധരിക്കരുതു്.

കൃത്രിമങ്ങളായ ചില മുത്തുകളുണ്ടു്. അവയെപ്പറ്റിക്കൂടി നിങ്ങളോടും രണ്ടു വാക്കു പറഞ്ഞുകൊള്ളട്ടെ. വളരെക്കാലം മുൻപു്, ചീനയിലെ ധനേച്ഛ മുഴുത്ത ചില കേമന്മാർ മുക്തകളെ ചിപ്പിമേൽ കടുത്ത മണൽത്തരി ഇട്ടു മുത്തുവിളയിക്കാൻ നോക്കി. അവരുടെ പ്രയത്നം വിഫലമായില്ല. എങ്കിലും അങ്ങനെയുണ്ടാകുന്ന കൃത്രിമമുത്തുകൾക്കു് എന്റെ വർഗ്ഗത്തിന്റെ നന്മയോ മേന്മയോ ഇല്ല; വിലയും കുറയും.”

ഉപന്യാസം

1. ഏതെങ്കിലും വിഷയത്തെക്കുറിച്ചു് മാതൃഭാഷയിൽ ഏകാഗ്രതയോടുകൂടി വ്യക്തമായി പ്രതിപാദിക്കുവാനുള്ള ശിക്ഷണവും പരിചയവും വിദ്യാർത്ഥികൾ സമ്പാദിച്ചിരിക്കണം. അതിനു്, ഒന്നാമതു വേണ്ടതു് പ്രതിപാദ്യവസ്തുവിനെപ്പറ്റി തികഞ്ഞ അറിവാണു്. നമുക്കു ജ്ഞാനം സിദ്ധിക്കുന്നതു് എങ്ങനെയാണു് ? ജ്ഞാനലബ്ധിക്കു് ഒരു മാർഗ്ഗം സ്വാനുഭവമാകുന്നു. പാൽ ഹൃദ്യമായ ഒരു പേയ ദ്രവ്യമാണു് എന്നു നമുക്കു് അനുഭവമുണ്ടു്. അതു് ദേഹപോഷകമാണെന്നും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇത്രമാത്രം കൊണ്ടു് അതിനെക്കുറിച്ചൊരു ഉപന്യാസം രചിക്കുവാൻ നമുക്കു സാധിക്കുമോ? ഭക്ഷണപദാർത്ഥങ്ങളുടെ സ്വഭാവവും അതിൽ ആവശ്യം അടങ്ങിയിരിക്കേണ്ട മുഖ്യഘടകങ്ങളും ആരോഗ്യത്തിനും ഭക്ഷ്യപദാർത്ഥത്തിനും തമ്മിലുള്ള ബന്ധവും മറ്റും നല്ലപോലെ മനസ്സിലാവണമെങ്കിൽ അവ വിവരിക്കുന്ന പ്രസംഗങ്ങൾ കേൾക്കുകയോ ഗ്രന്ഥങ്ങൾ വായിക്കുകയോ തന്നെ വേണ്ടിവരും. ആ അറിവില്ലെങ്കിൽ പാലിനെക്കുറിച്ചധികമൊന്നും നമുക്കു പറയുവാനുണ്ടാവുകയില്ല. നിദ്രാഭംഗം ചെയ്യുന്ന ഒരു ക്ഷുദ്രകീടമാണു കൊതുകെന്നും അതു പല രോഗങ്ങളും മനുഷ്യർക്കുണ്ടാക്കുന്നുവെന്നും നമുക്കനുഭവമുണ്ടു്. പക്ഷേ, അവയുടെ ശരീരപ്രകൃതി, ജീവിതരീതി, അവ രോഗം സംക്രമിക്കുന്ന സമ്പ്രദായം, അവയെ ഉന്മൂലനം ചെയ്യാനുള്ള ഉപായം, ഇതെല്ലാമറിയണമെങ്കിൽ ഈ വിഷയങ്ങൾ വിസ്തരിക്കുന്ന ഭാഷണങ്ങളേയോ പുസ്തകങ്ങളേയോ ആശ്രയിക്കണമല്ലൊ. അനുഭവജ്ഞാനത്തെ അന്യജ്ഞാനംകൊണ്ടു ഇങ്ങനെ പൂർണ്ണമാക്കിയാൽ ഏതു വിദ്യാർത്ഥിക്കും പല വിഷയങ്ങളെ ആസ്പദമാക്കി ഉപന്യാസം രചിക്കാനുള്ള നിറവു് മനസ്സിനുണ്ടാക്കാം.

2. രണ്ടാമതായി വേണ്ടതു വിശദവും ആകർഷകവുമായ രീതിയിൽ പ്രതിപാദിക്കാനുള്ള സാമർത്ഥ്യമാകുന്നു. സുപ്രസിദ്ധന്മാരായ സാഹിത്യകാരന്മാരെപ്പോലെ കലാഭംഗി തികഞ്ഞ ലേഖനങ്ങൾ രചിക്കാൻ വിദ്യാർത്ഥികൾക്കു സാധിച്ചുവെന്നുവരില്ല. അതു വാസനയും പരിചയവും ശിക്ഷണവും സമഗ്രജ്ഞാനവുംകൊണ്ടു ക്രമത്തിൽ സാധ്യമാവാമെന്നേയുള്ളൂ. വ്യക്തമായി, ഒരടുക്കോടുകൂടി, അന്യവിഷയങ്ങളിലേക്കു ബുദ്ധി പാളാതെ, സരളഭാഷയിൽ ലഘൂപന്യാസം എഴുതുവാൻ പോകുന്ന വിഷയത്തിന്റെ സ്വഭാവം ഉള്ളുകൊണ്ടു് ഒന്നു കാണുകയും അതിന്റെ വിവിധ മുഖങ്ങൾ സ്വയം വിശകലനം ചെയ്കയുമാണു്, ആദ്യം വേണ്ടതു്. അങ്ങനെ വിഭജിച്ച പ്രതിപാദ്യത്തിന്റെ ഓരോരോ അംശങ്ങൾ പ്രാധാന്യമനുസരിച്ചു്, പൂർവ്വാപരബന്ധം വിടാതെ, കുറിച്ചിടുന്നതു് ഏകാഗ്രതയോടുകൂടിയ പ്രതിപാദനത്തിനു സഹായമാവും. എഴുതിത്തുടങ്ങുമ്പോൾ ഉണർന്ന ബുദ്ധിയിൽ പുതുതായി ഉയരുന്ന ചിന്തകളും യഥോചിതം കലർത്താവുന്നതാണു്. വിദ്യാർത്ഥികൾക്കുവേണ്ടി കൊതുവിനെക്കുറിച്ചെഴുതിയിട്ടുള്ള ഒരു ലഘൂപന്യാസം അടിയിൽ ഉദ്ധരിക്കുന്നു. ഓരോ വകുപ്പിലും ഏതു മുഖ്യമായ ആശയഭാഗമാണു് വെളിപ്പെടുത്തിയിരിക്കുന്നതു് എന്നു നോക്കി മനസ്സിലാക്കുകയും സ്വയം കുറിച്ചിടുകയും ചെയ്യണം.

കൊതു

“രാത്രികാലത്തു്, ഉറങ്ങാൻ സമ്മതിക്കാതെ, മൂളിപ്പാട്ടുമായി നമ്മുടെ ചോര കുടിക്കുവാൻ വരുന്ന കൊതു മനുഷ്യന്റെ മഹാശത്രുവാണു്. പകൽസമയത്തു്, വെളിച്ചമില്ലാത്ത വല്ല മൂലയ്ക്കും ആ ക്ഷുദ്രജീവി പതുങ്ങിക്കൂടും. രാവാകുമ്പോൾ രക്തത്തിനുള്ള കൊതി മൂത്തു തുടങ്ങും. നമ്മുടെ സിരകൾ കൊതുവിനു ദാഹം തീർക്കാനുള്ള ചോലകളാണെന്നാണു് അതിന്റെ ഭാവം.

ആൺകൊതുക്കൾ രക്തപാനം ചെയ്യുകയില്ലത്രെ. സസ്യങ്ങളിൽ പറ്റിക്കൂടി ഇലകളിൽനിന്നു് ചാറു വലിച്ചുകുടിക്കുകയാണു് അവയുടെ ജീവസന്ധാരണമാർഗ്ഗം. പെൺകൊതുക്കൾക്കു പിന്നെ എങ്ങനെ ഈ രാക്ഷസപ്രകൃതിയുണ്ടായി? മുട്ടയിടുന്നതും വംശാഭിവൃദ്ധി ഉണ്ടാക്കുന്നതും അവയാണല്ലൊ. അണ്ഡം വിരിയുന്നതുവരെ, കുഞ്ഞുങ്ങൾക്കു വളരുവാൻ ആവശ്യമായ ഭക്ഷണസാധനം ആ അമ്മമാർക്കു് അതിൽ സംഭരിക്കണം. അതുകൊണ്ടു കൂടുതൽ പോഷകവസ്തു കലർന്ന ആഹാരം വേണമല്ലൊ. രക്തപാനത്തിനുള്ള വാസന തന്മൂലമാണു പെൺകൊതുക്കൾക്കു പ്രകൃതി നൽകിയിരിക്കുന്നതു് എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ രക്തം കവരുന്നതു പോവട്ടെ. കൊതു രോഗാണുക്കൾ നമ്മളിൽ കുത്തിവയ്ക്കുകയും ചെയ്യുന്നു. ഒരു രോഗിയുടെ ദേഹത്തിൽ നിന്നു ചോര വലിച്ചെടുക്കുമ്പോൾ, കുറെ രോഗാണുക്കൾ കൂടി അതിനു ലഭിക്കുമല്ലൊ. മറ്റൊരു മനുഷ്യന്റെ ശരീരത്തിൽ ചെന്നിരുന്നു്, ആ കൊതു രക്തം കുത്തിക്കവർന്നെടുക്കുമ്പോൾ, രോഗബീജങ്ങൾ അയാളിൽ സംക്രമിക്കുന്നു. ഇങ്ങനെ രോഗങ്ങളെ പ്രചരിപ്പിക്കയും ആരോഗ്യത്തെ ക്ഷയിപ്പിക്കുകയുമാണു കൊതുക്കൾ എന്നും ചെയ്തുകൊണ്ടിരിക്കുന്നതു്. മലമ്പനി, മന്തു് മുതലായ രോഗങ്ങളുടെ അണുക്കൾ കൊതുക്കളെ സ്വന്തം വാഹനങ്ങളായിട്ടാണു് വച്ചിട്ടുള്ളതെന്നു തോന്നുന്നു. മലമ്പനി പരത്തുന്ന കൊതുക്കളെ മറ്റുള്ളവയിൽനിന്നു് ആകൃതിഭേദംകൊണ്ടു തിരിച്ചറിയാം.

ഈച്ചയ്ക്കെന്നപോലെ മനുഷ്യദ്രോഹിയായ കൊതുകിനും രണ്ടു ചിറകുണ്ടു്. അതില്ലായിരുന്നെങ്കിൽ നമുക്കു് എത്ര നന്നായിരുന്നു! രോഗാണുക്കളെ വിതയ്ക്കാൻ അതിങ്ങനെ സർവ്വത്ര പറന്നെത്തുമായിരുന്നില്ലല്ലൊ. ഉടലിൽ രണ്ടു ഭാഗത്തും കൊതുകിനു മുമ്മൂന്നു നീണ്ട കാലുകൾ കാണാം. കണ്ണുകളും തൊട്ടറിയാനുള്ള കൊമ്പുകളും തലയിലാണു്. ഉദരം പല കണ്ണികൾ കൂട്ടിച്ചേർത്തുണ്ടാക്കിയതുപോലെ ഇരിക്കും. ശരീരത്തിൽ കുത്തിയിറക്കാൻ സൂചിപോലെയുള്ള ചില ഉപാംഗങ്ങളും രക്തം വലിച്ചെടുക്കാനുള്ള ഒരു നാളവും കൊതുകിന്റെ വായിലുണ്ടു്. പരരക്തം കുത്തിക്കവർന്നു ജീവിക്കാൻ കരുതിത്തന്നെയാണു് പ്രകൃതി ഈ വർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നു തോന്നിപ്പോകും.

ശത്രുക്കളെ ജയിക്കുവാൻ അവരെസ്സംബന്ധിക്കുന്ന മുഖ്യ സംഗതികളെല്ലാം അറിയുകയാണല്ലൊ ഒന്നാമതായി വേണ്ടതു്. ശാസ്ത്രജ്ഞന്മാർ ഈ മനുഷ്യോപദ്രവികളുടെ ജീവിതവും സ്വഭാവവും ചിരകാലത്തെ നിരീക്ഷണംകൊണ്ടു ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ടു്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു് കൊതു മുട്ടയിടുന്നതു്. നൂറും ഇരുന്നൂറും മുട്ടകൾ ചേർന്നു കുടിലപോലെ ജലാശയത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കും. പക്ഷേ, അവ അതി സൂക്ഷ്മങ്ങളാകയാൽ നമ്മുടെ കണ്ണിൽപ്പെടുവാൻ വിഷമമാണു്. ആ അണ്ഡങ്ങൾ വിരിഞ്ഞു കീടങ്ങൾ പുറത്തുവരുന്നു. വാൽ മുകളിലേയ്ക്കും കനത്ത തല താഴേയ്ക്കുമായി അവ നീന്തിക്കൊണ്ടിരിക്കും. വെള്ളത്തിലുള്ള അല്പപ്രാണികളെ കാർന്നുതിന്നാണു് ആ കീടങ്ങൾ വളരുന്നതു്. അവ അന്തരീക്ഷത്തിൽ നിന്നു വായു ശ്വസിക്കുന്നു; അവയുടെ ശ്വസനേന്ദ്രിയം ആ ദശയിൽ വാലിന്നറ്റത്താണു്. തന്മൂലമാണു് ആ ഭാഗം ജലത്തിന്റെ ഉപരിതലത്തിലായിരിക്കത്തക്കവണ്ണം അവ സഞ്ചരിക്കുന്നതു്. അപ്പോൾ അവയെ നശിപ്പിക്കുക എളുപ്പമാകുന്നു. മണ്ണെണ്ണ ആ വെള്ളത്തിൽ ഒഴിച്ചാൽ അതു് ഉപരിതലത്തിൽ പരന്നു് ഒരു പാടപോലെ ആയിത്തീരും. തന്മൂലം, ശ്വസിക്കുവാൻ വേണ്ട വായു കീടങ്ങൾക്കു ലഭിക്കാതാവുകയും അവ നശിച്ചുപോവുകയും ചെയ്യും.

വളരുവാൻ ഇടകൊടുത്താൽ, കീടങ്ങളുടെ രൂപം ക്രമത്തിൽ മാറിത്തുടങ്ങുന്നതുകാണാം. തല ഉരുണ്ടു തടിക്കും, ഉടലിനു വളവു വരും. ശ്വാസോച്ഛ ്വാസത്തിനുള്ള അവയവം അപ്പോൾ പിന്നറ്റത്തിലായിരിക്കയില്ല. തലയ്ക്കു് അരികിലായിരിക്കും ശ്വാസനാളം. ഈ മൂന്നാമത്തെ രൂപത്തിൽ ഏതാനും ദിവസം കഴിയുമ്പോൾ പുറം ചർമ്മം പൊട്ടുകയും ചിറകോടുകൂടിയ മനുഷ്യശത്രു പ്രത്യക്ഷമാവുകയും ചെയ്യും. കൊതുക്കൾ ജലത്തിൽ ജീവിക്കുന്നവയല്ല. അന്തരീക്ഷവായുവിൽ പാറി നടന്നു സസ്യങ്ങളിലും നമ്മുടെ ഭവനങ്ങളിലും അവ വന്നുകൂടുന്നു. ഇങ്ങനെ നാലു ദശകൾ കൊതുകിനുണ്ടെന്നും നാലാമത്തെ ദശ പ്രാപിക്കുന്നതിനു മുൻപു അതിനെ ധ്വംസിക്കുക സുകരമാണെന്നും വ്യക്തമായല്ലൊ.

കൊതുക്കളുടെ ശല്യം കുറയ്ക്കാൻ, ധനികന്മാർ കിടക്കുമ്പോൾ, കൊതുവല ഉപയോഗിക്കാറുണ്ടു്. അവയെ നശിപ്പിക്കുന്ന ഒരുതരം ദ്രാവകം ചുമരുകളിൽ തളിക്കയും പതിവുണ്ടു്. ഇതൊന്നും ദരിദ്രന്മാർക്കു സാധിക്കാവുന്നതല്ല; ശരിയായ പരിഹാരമാർഗ്ഗവുമല്ല. ചെളി കൂടിക്കിടക്കാതേയും വെള്ളം കെട്ടിനിൽക്കാതേയും ഗൃഹപരിസരങ്ങളെ വൃത്തിയാക്കിവെച്ചുകൊണ്ടിരിക്കുകയാണു് വേണ്ടതു്. വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽ ഇടയ്ക്കിടയ്ക്കു്, മുൻപു നിർദ്ദേശിച്ചതുപോലെ, മണ്ണെണ്ണ ഒഴിക്കുകയും വേണം. എന്നാൽ, നമ്മുടെ ആരോഗ്യത്തെ സംഹരിക്കുന്ന ഈ ക്രൂരവർഗ്ഗം പെരുകി വരികയില്ല.”

3. ഈ ചെറിയ ഉപന്യാസത്തിൽ ഏഴു ഖണ്ഡികയുണ്ടു്. ഓരോന്നിലേയും മുഖ്യമായ ആശയം താഴെ കുറിക്കാം. ശരിയല്ലേ എന്നു ശ്രദ്ധിച്ചു നോക്കുക.

  1. നിദ്രാഭംഗം ചെയ്യുന്ന കൊതു; അതിന്റെ രക്തദാഹം.
  2. ആൺകൊതുക്കൾ സസ്യരസമേ കുടിക്കൂ, പെൺ കൊതുക്കൾക്കു ചോരതന്നെവേണം കുടിക്കാൻ.
  3. രക്തം കുടിച്ചോട്ടെ; രോഗം സംക്രമിപ്പിക്കുന്നതാണു് ദുസ്സഹം.
  4. കൊതുവിനു ചിറകില്ലായിരുന്നെങ്കിൽ, ഇത്ര ശല്യം ഉണ്ടാകുമായിരുന്നില്ല.
  5. കൊതുക്കൾ എവിടെ, എങ്ങനെ വളരുന്നു?
  6. കൊതുവിന്റെ രൂപപരിണാമം.
  7. കൊതുവിന്റെ ശല്യം കുറയ്ക്കുവാനുള്ള മാർഗ്ഗം.

4. വാക്യങ്ങളേയും ഖണ്ഡികകളേയും വിവരിക്കുന്ന പ്രകരണങ്ങളിൽ ഏകാഗ്രത, വിശദത, വൈചിത്ര്യം, ഈ മൂന്നു ഗുണം അവയ്ക്കത്യന്താപേക്ഷിതമാണെന്നു വ്യക്തമാക്കിയിട്ടുണ്ടു്. വാക്യങ്ങൾ ചേർന്നാണു ഖണ്ഡികകളുണ്ടാവുന്നതു്; ഖണ്ഡികകൾ ചേർന്നുപന്യാസവും. വാക്യങ്ങൾക്കും ഖണ്ഡികകൾക്കും, ഈ മുഖ്യഗുണം ഉണ്ടെങ്കിൽ, ഉപന്യാസത്തിനും അതൊട്ടൊക്കെ സിദ്ധമാവും എന്നുപറയാം. പക്ഷേ, അവിഭാജ്യബന്ധമില്ലാത്ത ആശയങ്ങൾ ചേർത്തു ഖണ്ഡികകളാക്കി തുടർച്ചയായി എഴുതിപ്പോയാൽ ഉപന്യാസത്തിനു് ഏകാഗ്രതയും ആകർഷകതയും പോരാതെവരും. അതുകൊണ്ടാണു് വിഷയവിശകലനം ചെയ്തു് കുറിപ്പുകൾ ആദ്യമേ തെയ്യാറാക്കുന്നതു് ആശാസ്യമായിരിക്കും എന്നു് ഉപദേശിച്ചതു്. ആലോചിച്ചു വിചാരഗതി ചിട്ടപ്പെടുത്തിക്കൊണ്ടേ എഴുതിത്തുടങ്ങാവൂ. പേന നിങ്ങളുടെ സങ്കല്പത്തെയാണു് അനുഗമിക്കേണ്ടതു്; സങ്കല്പം പേനയെയല്ല.

അഭ്യാസം ൫൬

1. പാലിനെക്കുറിച്ചുള്ള ഒരു ലഘൂപന്യാസം അടിയിൽ ചേർത്തിരിക്കുന്നു:- അതിൽ എത്ര ഖണ്ഡികയുണ്ടു്? ഓരോ ഖണ്ഡികയിലേയും കേന്ദ്രീഭൂതമായ ആശയം എന്താണു്? ആ ഉപന്യാസം വായിച്ചു്, അതിനൊരു വിഷയവിശകലനം ചെയ്ത കുറിപ്പു തെയ്യാറാക്കുക:

പാൽ

“അമ്മയുടെ മുലപ്പാൽ കുടിച്ചാണു് കൊച്ചുകുട്ടികൾ വളരുന്നതു് എന്നു നമുക്കു് അറിയാമല്ലോ. അതാണു് അവർക്കു് ഏറ്റവും ഹിതമായ ആഹാരപദാർത്ഥം. ശിശുവിന്റെ അസ്ഥി, മാംസം, രക്തം മുതലായവയ്ക്കു വേണ്ടുന്ന പോഷകാംശങ്ങൾ എല്ലാം അതിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണു് കുട്ടികളുടെ ആരോഗ്യത്തിനും പോഷണത്തിനും മുലപ്പാൽ ഉപകരിക്കുന്നതു്. എന്നാൽ ഏതെങ്കിലും കാരണം കൊണ്ടു് മുലപ്പാൽ കൊടുക്കാൻ സാധിച്ചില്ലെന്നു വരാം. അപ്പോൾ പകരം ആട്ടിൻപാലോ, പശുവിൻപാലോ കൊടുക്കുന്നു.

കുട്ടികൾക്കു മാത്രമല്ല, മറ്റുള്ളവർക്കും ആടു്, പശു, എരുമ ഇവയുടെ പാൽ ഉത്തമമായ ഒരു ഭക്ഷ്യവസ്തുവാണു്. കുതിര, ഒട്ടകം, കഴുത മുതലായ മൃഗങ്ങളുടെ ക്ഷീരം കറന്നെടുത്തു് മറ്റു ചില നാടുകളിലെ ജനങ്ങൾ ഉപയോഗിക്കാറുണ്ടു്. നമുക്കു പശുവിൻ പാൽ എന്നപോലെ, അവർക്കു് അതും ഹൃദ്യമായിത്തീർന്നിരിക്കുന്നു. പാലിനുവേണ്ടി മനുഷ്യർ പല മൃഗങ്ങളെ ആശ്രയിക്കുന്നുണ്ടു് എന്നു മനസ്സിലായല്ലൊ.

പാൽ ആരോഗ്യം ഉളവാക്കുന്നതും ദേഹം പോഷിപ്പിക്കുന്നതും ആയ ഒരു വസ്തുവാണെങ്കിലും രോഗമുള്ള ജീവികളിൽനിന്നു കറന്നെടുത്തതായാൽ, ഫലം വിപരീതമായിരിക്കും. അങ്ങനെയുള്ള പാലിൽ കലർന്നിരിക്കുന്ന രോഗ ബീജങ്ങൾ അതു പാനംചെയ്യുന്ന ആളുകളേയും രോഗികളാക്കിത്തീർക്കുന്നതാണു്. നല്ല ഭക്ഷണസാധനങ്ങൾ കൊടുത്തു്, കറക്കുവാനുള്ള പശുവിനേയും ആടിനേയും മറ്റും പോറ്റണം. വെടുപ്പുള്ള തൊഴുത്തുകളിലും ആലകളിലും ആയിരിക്കണം അവയെ കെട്ടുന്നതു്.

കറവക്കാരന്റെ കയ്യും കറവപ്പാത്രവും മലിനമായിരുന്നാലും പാലിനു മാലിന്യം വരും. അതിനാൽ ശുചിത്വമുള്ള പാത്രത്തിൽ മാത്രമേ പാൽ കറന്നെടുക്കാവൂ. പാല്പാത്രം അടച്ചുവെക്കാതിരുന്നാൽ അഴുക്കും, പൊടിയും, രോഗാണുക്കളും പാലിൽ പകരുമെന്നുകൂടി ഓർമ്മിച്ചിരിക്കണം. അമിതമായ ലാഭം മോഹിച്ചു് ചിലർ പാലിൽ വെള്ളം ചേർത്തു വിൽക്കാറുണ്ടു്. അതു സമുദായത്തോടു ചെയ്യുന്ന ദ്രോഹമാണെന്നും വഞ്ചനയാണെന്നും ദുഗ്ദ്ധവ്യാപാരികൾ അറിയുന്നില്ല.

ദുഗ്ദ്ധത്തിന്റെ മഹിമയെ സൂചിപ്പിക്കുന്ന ഒരു പൗരാണിക കഥയുണ്ടു്. ദുർവ്വാസാവു എന്ന മഹർഷിയുടെ ശാപത്താൽ ദേവന്മാർക്കു ജരയും നരയും പിടിപെട്ടുവത്രെ. അവർ അത്യന്തംവിഷണ്ണരായി ആ മുനിവര്യനോടു് ക്ഷമായാചനം ചെയ്തു. പാലാഴി കടഞ്ഞു അമൃതെടുത്തു ഭക്ഷിച്ചാൽ വാർദ്ധക്യബാധ നീങ്ങുമെന്നാണു് മഹർഷി ശാപമോക്ഷം കൊടുത്തതു്. ദേവന്മാർ അസുരസഹായത്തോടുകൂടി സമുദ്രം മഥിക്കയും ആ ദിവ്യപദാർത്ഥം നേടുകയും ചെയ്തു. അതുപാനം ചെയ്തപ്പോൾ അവർക്കു വീണ്ടും യൗവ്വനം ലഭിച്ചു; അവർ അജരാമരന്മാരായി; അസുരന്മാർക്കു ദേവന്മാർ അമൃതം നൽകിയില്ല; അവർക്കു് അമർത്ത്യത്വം സിദ്ധിക്കയുമുണ്ടായില്ല. പുരാണത്തിൽ വർണ്ണിച്ചിരിക്കുന്ന ആ അമൂല്യവസ്തു എന്താണെന്നു നമുക്കു് അറിഞ്ഞുകൂട. പാലും അതിൽനിന്നെടുക്കുന്ന വെണ്ണയും ദേഹത്തിനു ശക്തിയും ആരോഗ്യവും നല്കുന്ന പദാർത്ഥങ്ങൾ ആകുന്നു.

പാൽ നല്ലപോലെ തിളപ്പിച്ചു വേവിച്ചതിനുശേഷം, അതിൽ മോരൊഴിച്ചു തയിരാക്കുകയും അതു കലക്കി വെണ്ണയെടുക്കുകയുമാണു് നമ്മുടെ ഇടയിൽ കണ്ടുവരുന്ന സമ്പ്രദായം. പാലിലുള്ള കൊഴുപ്പാണു് പാട. ഒന്നോ രണ്ടോ ദിവസംകൊണ്ടു് പാല്പാട പുളിക്കും, അതിന്റെ കട്ടി കൂടിക്കൂടിവരികയും ചെയ്യും. ആ തയിർക്കട്ട പാത്രത്തിലിട്ടു കുറെനേരം ചുറ്റിച്ചുകൊണ്ടിരുന്നാൽ വെണ്ണ കിട്ടും. എന്നാൽ നൂറും നൂറ്റമ്പതും പശുക്കളെ കറക്കുവാനുള്ള ക്ഷീരവ്യവസായികൾക്കു് കൈകൊണ്ടു വെണ്ണ കടഞ്ഞെടുക്കുക എളുപ്പമല്ലല്ലൊ. അവർ നവീനമായ ഒരു യന്ത്രമാണു വെണ്ണയെടുക്കുവാൻ ഉപയോഗിക്കുന്നതു്.

ഇങ്ങനെ പാലിൽനിന്നു നെയ്യു മുഴുവനും എടുത്താലും, അതിൽ പിന്നെയും പല പോഷകാംശങ്ങൾ അവശേഷിക്കും. അതിനാലാണു് മോരും ആരോഗ്യദായകമായ ഒരു പദാർത്ഥമാണെന്നു ഭക്ഷണസാധനങ്ങളുടെ ഗുണങ്ങൾ പരിശോധിച്ചിട്ടുള്ള അഭിജ്ഞന്മാർ പറയുന്നതു്.

മനുഷ്യശരീരത്തിന്റെ വളർച്ചയ്ക്കു ജന്തുക്കളുടെ കൊഴുപ്പുകൾ കൂടിയേ കഴിയൂ. പശുവിൻവെണ്ണയാണു് നമുക്കു ലഭിക്കാവുന്ന മൃഗക്കൊഴുപ്പുകളിൽവെച്ചു് ഏറ്റവും വിശേഷപ്പെട്ടതു്. വെണ്ണ അതേരൂപത്തിൽ അധികം ദിവസം ചീത്തയാകാതെ വെച്ചുകൊള്ളുവാൻ കഴികയില്ല. തന്മൂലം അതു് ഉരുക്കി ജലാശം നീക്കി അരിച്ചെടുത്തു സൂക്ഷിക്കുന്നു. നറുനെയ്യു കൂട്ടിയ ചോറിനു് എന്തൊരു രുചിയാണു്!”

പ്രകൃതലേഖനത്തിലെ പ്രഥമഖണ്ഡികയും ദ്വിതീയ ഖണ്ഡികയും തമ്മിലുള്ള ബന്ധം വിശദമാക്കാൻ ‘കുട്ടികൾക്കു മാത്രമല്ല’ എന്നവ വാക്യഭാഗം എങ്ങനെ ഉപകരിക്കുന്നു? ദ്വിതീയ ഖണ്ഡികയിലെ ആശയത്തിന്റെ തുടർച്ചയാണു് തൃതീയഖണ്ഡികയെന്നു വിശദമാക്കാൻ മൂന്നാമത്തെ ഖണ്ഡികയിലെ പ്രഥമവാക്യത്തിലുള്ള ‘എങ്കിലും’ എന്ന ഘടകമെങ്ങനെ സഹായിക്കുന്നു?

ഉപന്യാസത്തിനു വേണമെന്നു പറഞ്ഞ വാക്യവൈചിത്ര്യവും ഖണ്ഡികാവിഭാഗവും എല്ലാ ലേഖനങ്ങൾക്കും വേണ്ടതുതന്നെ. ഏകാഗ്രതയും വിശദതയും ഭംഗിയുമതുകൊണ്ടാണല്ലൊ മുഖ്യമായി സിദ്ധിക്കുന്നതു്. കഥാകഥനത്തിന്റെ രൂപത്തിൽ സംഭവങ്ങളെ അനുക്രമം വിവരിക്കുന്ന രീതിയിൽ എഴുതുന്നതു് ആഖ്യാനമാകുന്നു. ഒരുദാഹരണം താഴെ ചേർക്കാം:

അതിഥി

യഹൂദന്മാരുടെ നായകനായിരുന്നു, അബ്രഹാം. മഹാഭക്തനായ ആ വന്ദ്യപുരുഷനെ “ദൈവത്തിന്റെ മിത്രം” എന്നാണു് ജനങ്ങൾ സങ്കല്പിച്ചിരുന്നതു്. ദയാലുവും ഉദാരനും ആയിരുന്നു അദ്ദേഹം. എങ്കിലും അന്യമതക്കാരുടെ നേരെ അദ്ദേഹത്തിനു സഹിഷ്ണുത ഉണ്ടായിരുന്നില്ല.

ഒരു ദിവസം വൈകുന്നേരം അബ്രഹാം തന്റെ വസതിയുടെ മുൻഭാഗത്തുവന്നു പടിക്കലേയ്ക്കു നോക്കി. ഒരു കിഴവനായ വഴിപോക്കൻ, തളർന്നു വടികുത്തി നടന്നു വരുന്നതു് അദ്ദേഹം കണ്ടു. വിശപ്പും ദാഹവും വഴിയാത്രകൊണ്ടുള്ള ക്ഷീണവും മൂലം അവശനായ ആ അപരിചിതനെ അബ്രഹാം അനുകമ്പയോടുകൂടി ഭക്ഷണത്തിനു ക്ഷണിച്ചു.

പഥികനു് അസാമാന്യമായ സന്തോഷവും ആശ്വാസവും തോന്നി. നന്ദിയോടുകൂടിയാണു് അയാൾ ആഹാരം കഴിക്കുവാൻ ഇരുന്നതു്. യഹൂദന്മാരുടെ സമ്പ്രദായം അനുസരിച്ചുള്ള ദൈവപ്രാർത്ഥന ചെയ്യാതെ അതിഥി ഭക്ഷിക്കുവാൻ ആരംഭിച്ചപ്പോൾ അബ്രഹാമിനു രസിച്ചില്ല.

അബ്രഹാം ചോദിച്ചു: “എന്താണു് പ്രാർത്ഥിക്കാത്തതു്? നിങ്ങൾ യഹൂദനല്ലേ? ദൈവവിശ്വാസമില്ലേ?” അതിഥി മറുപടി പറഞ്ഞു: “ഞാൻ യഹൂദനല്ല. അഗ്നിയെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ.”

വിശന്നു വലഞ്ഞിരിക്കുന്ന ആ വൃദ്ധനോടു് അബ്രഹാമിനു് അനുകമ്പതോന്നി. എങ്കിലും തന്റെ ദൈവത്തെ വിശ്വസിക്കാത്ത അന്യമതക്കാരനെ സൽക്കരിക്കുന്നതും സഹായിക്കുന്നതും ധർമ്മമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതുകൊണ്ടു് അബ്രഹാം പറഞ്ഞു: “എന്നാൽ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചതു തെറ്റി. ഇവിടെ വിശ്രമിക്കാൻ ഇടം തരുന്നതിനും നിവൃത്തിയില്ല. എനിക്കു ദയ തോന്നുന്നുണ്ടു്; പക്ഷേ, എന്റെ ദൈവത്തെ വിശ്വസിക്കാത്തവരെ സഹായിക്കുന്നതു് എനിക്കു് അധർമ്മമാണു്. നിങ്ങൾക്കുപോകാം.”

പഥികൻ ഭക്ഷണസാധനം തൊട്ടുനോക്കാതെ തന്നെ അവിടന്നു് ഇറങ്ങിപ്പോയി. ആ വൃദ്ധനു് അടുത്തെങ്ങും വിശ്രമിക്കാൻ സ്ഥലം കിട്ടുകയില്ലെന്നു് അബ്രഹാമിനു് അറിയാമായിരുന്നു. അദ്ദേഹം അസ്വസ്ഥനായി, മിണ്ടാതെ നോക്കിനിന്നു.

അല്പസമയം കഴിഞ്ഞു. ആഗതൻ എവിടെയോ പോയി മറഞ്ഞു. അപ്പോൾ അബ്രഹാമിനു് ഒരു ദർശനം ഉണ്ടായി. ദൈവം പ്രത്യക്ഷനായി ചോദിച്ചു: “ആ അപരിചിതൻ എവിടെ?”

അബ്രഹാം അറിയിച്ചു: “പിതാവേ! ആ വൃദ്ധൻ അഗ്നിയെ ആരാധിക്കുന്നവനാണത്രെ. അവിടത്തെ ആരാധിക്കുന്നവർക്കു മാത്രമേ എന്റെ ഗൃഹത്തിൽ ആതിഥ്യം നൽകാറുള്ളൂ. ആ അവിശ്വാസി വഴിയിൽ ഇരുട്ടത്തു് അലയുകയായിരിക്കും.”

ദൈവം അരുളിചെയ്തു: “കഷ്ടം! നിന്റെ പ്രവൃത്തി എത്ര ക്രൂരമായിപ്പോയി! എന്റെ ലോകത്തിൽ ആ മനുഷ്യനു് എത്ര കാലമായി ഞാൻ ഇടം കൊടുത്തിരിക്കുന്നു! ഒരു രാത്രി നിന്റെ ഭവനത്തിൽ കഴിഞ്ഞുകൂടാൻ നീ അനുവാദം നൽകിയില്ലല്ലൊ.”

ആഖ്യാനം പലതരത്തിലും വലുപ്പത്തിലുമുണ്ടു്. ശിശുക്കൾക്കു രസിക്കുവാനും അവർക്കു സന്മാർഗ്ഗബോധം വളർത്തുവാനുമുള്ള ധാത്രീകഥകളും ഹിതോപദേശകഥകളും മുതൽ നവീനരീതിയിലുള്ള ചെറുകഥകളും നോവലുകളും ആഖ്യായികകളും വരെ വ്യാപിച്ചുകിടക്കുന്ന അതിന്റെ പരിധി അത്യന്തം വിപുലമാണു്. കഥാകഥനരൂപമായ ഖണ്ഡകാവ്യങ്ങളും, മഹാകാവ്യങ്ങളും, ഇതിഹാസങ്ങളും മറ്റും ആഖ്യാനങ്ങൾ തന്നെയാകുന്നു. ഒരാഖ്യാനത്തിൽ പ്രാസംഗികമായി വന്നുചേരുന്ന ഉപകഥയ്ക്കു് ഉപാഖ്യാനം എന്നുപറയാം. നളചരിതവും ശാകുന്തളവും മറ്റും മഹാഭാരതത്തിലുള്ള ഉപാഖ്യാനങ്ങളാകുന്നു.

അഭ്യാസം ൫൭
  1. ആഖ്യാനരൂപത്തിലെഴുതുക:
    • ചെറുപ്പത്തിൽ കേട്ടിട്ടു നിങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്ന രണ്ടോ മൂന്നോ ധാത്രീകഥകളും യക്ഷികഥകളും.
    • ഈസോപ്പുകഥകളോ ഹിതോപദേശ കഥകളോ പഞ്ചതന്ത്രകഥകളോ വായിച്ചിട്ടില്ലേ? അവയിൽ ഏതിലെങ്കിലും നിന്നു രണ്ടു കഥകൾ.
    • താഴെ എഴുതുന്ന പഴഞ്ചൊല്ലുകൾ അർത്ഥവത്തുകളാക്കുന്ന ഓരോ കഥ— ‘താൻ കുഴിച്ച കുഴിയിൽ താൻതന്നെ ചാടും.’ ‘അപ്പനു കുത്തിയ പാള മുത്തപ്പനും’ ‘ചൊട്ടയിലെ ശീലം ചുടല വരെ.’
  2. നിങ്ങൾ വായിച്ചിട്ടുള്ള ഖണ്ഡകാവ്യങ്ങളിലേയോ ലഘുകഥകളിലേയോ സംഭവങ്ങളെ ആസ്പദമാക്കി രണ്ടു കഥയെഴുതുക.
  3. ബൈബിളിലോ രാമായണാദികളായ ഇതിഹാസങ്ങളിലോ ഭാഗവതം മുതലായ പുരാണങ്ങളിലോ നിന്നു മൂന്നു കഥയെഴുതുക.
  4. ഒരു നോവലിലെ മുഖ്യകഥ ആഖ്യാനരൂപത്തിൽത്തന്നെ സംക്ഷേപിക്കുക.
  5. ആഖ്യാനത്തിനുദാഹരിച്ച കഥ അബ്രഹാമോ, ആ പഥികനോ സ്വയം പറയുന്ന രൂപത്തിൽ മാറ്റിയെഴുതുക.

ഉപന്യാസത്തെക്കുറിച്ചു് വിവരിച്ച സന്ദർഭത്തിൽ വിദ്യാർത്ഥികൾക്കുള്ള രണ്ടു മാതൃകകൾ ഉദ്ധരിച്ചിട്ടുണ്ടല്ലൊ. ഒന്നു കൊതുവിനെപ്പറ്റിയാണു്; മറ്റേതു് പാലിനെപ്പറ്റിയും. രണ്ടും കഥാകഥനരൂപത്തിലല്ലാത്തതിനാൽ ആഖ്യാനങ്ങളല്ല. രണ്ടാമത്തെ മാതൃകയിൽ ‘പാലാഴിമഥന’ത്തിന്റെ ഒരു സൂചനം ഉണ്ടു്. മറ്റു രീതികളിലുള്ള പ്രതിപാദനത്തിലും ഇടയ്ക്കു് ആഖ്യാനം വരാം. ‘കൊതു’, ‘പാൽ’, ഈ രണ്ടു ലേഖനവും പ്രതിപാദ്യവസ്തുവിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ഇങ്ങനെ പ്രതിപാദ്യവിഷയത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ലേഖനങ്ങൾ വിവരണങ്ങൾ എന്ന വിഭാഗത്തിലാണു് ചേരുന്നതു്.

ആഖ്യാനത്തിലും വിവരണം വരാം. ഏതു വിഭാഗത്തിലാണു് ചേർക്കേണ്ടതെന്നു നിശ്ചയിക്കുന്നതു പ്രാധാന്യം അനുസരിച്ചാകുന്നു.

വിവരണത്തിനു മറ്റൊരുദാഹരണം

ആഹാരം

“നമ്മുടെ മനസ്സും ശരീരവും എപ്പോഴും പ്രവർത്തിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. കളിച്ചുകൊണ്ടിരിക്കുമ്പോൾ ശരീരവും, പഠിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സുമാണു് കൂടുതൽ പ്രവർത്തിക്കുന്നതു്. മനസ്സിനു ചിലപ്പോൾ യാതൊരു പ്രവൃത്തിയും ചെയ്യാതെ ഇരിക്കുവാൻ കഴിയും. യാതൊന്നും ചിന്തിക്കാതെ ഇരിക്കുമ്പോൾ മനസ്സു കർമ്മരഹിതമായിത്തീരുമല്ലൊ. അതുപോലെതന്നെ ഗാഢനിദ്രയിലും മനസ്സു പ്രവൃത്തിശൂന്യമായിത്തീരുന്നു. എന്നാൽ ശരീരമാകട്ടെ അപ്പോഴും അല്പമായിട്ടെങ്കിലും പ്രവൃത്തി ചെയ്യാതിരിക്കുന്നില്ല. ശ്വസനം, രക്തപരിവാഹം എന്നിവ സുഷുപ്തിയിലും ശരീരം നിർവ്വഹിക്കുന്നുണ്ടു്. ഇങ്ങനെ നോക്കുമ്പോൾ, ശരീരം സർവ്വദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നു കാണാം. ഈ നിരന്തരവ്യാപാരം മൂലം അതിന്റെ പല ഭാഗങ്ങൾക്കും തേമാനം, അഥവാ, ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ന്യൂനത നികത്തുവാൻ നാം ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നു. അതിനുവേണ്ടിയുള്ള പ്രേരണയാണു വിശപ്പു്.

നാം കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ ദഹനേന്ദ്രിയങ്ങളുടെ വ്യാപാരത്താൽ ദഹിക്കുകയും അവയിലെ പോഷകാംശം രക്തത്തിൽക്കൂടി ദേഹമാസകലം വ്യാപിക്കുകയും ചെയ്യുന്നു. അങ്ങനെ ഭക്ഷണം ശരീരാംശമായി മാറുന്നതുകൊണ്ടാണു്, ശരീരത്തിന്റെ പ്രവർത്തനത്തിനു് ആവശ്യമായ ചൂടു ലഭിച്ചുകൊണ്ടിരിക്കുന്നതു്. ഹിതമായ ആഹാരസാധനം ദേഹാവയവങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും ദേഹത്തിനു ശക്തിയും പുഷ്ടിയും നൽകുന്നതിനും ഉപകരിക്കുന്നു.

ആഹാരവിഷയത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കുവാനുള്ള രണ്ടു തത്വങ്ങൾ ഉണ്ടു്: ഹിതവും മിതവും ആയിരിക്കണം അതു്, നമുക്കു തൃപ്തിയില്ലാത്ത യാതൊരാഹാരവും നാം കഴിക്കരുതു്. ആരോഗ്യത്തിനു ഹാനികരമായ പദാർത്ഥങ്ങളേയും നാം പരിത്യജിക്കേണ്ടതു തന്നെയാണു്. മദ്യം മുതലായ മാദകദ്രവ്യങ്ങൾ ശരീരശക്തിയെ കെടുത്തുന്നവയത്രെ. അവ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു; രോഗങ്ങൾ വളരുവാൻ സഹായിക്കുന്നു; ആത്മാവിനെ അധഃപതിപ്പിക്കുന്നു.

മിതത്വം ഏതു കാര്യത്തിലും സ്വീകരിക്കേണ്ട ഒരു ഗുണമാണു്. ‘മിതമായെങ്കിലേ സർവ്വം ഹിതമായി വരൂ ദൃഢം’ എന്നുണ്ടല്ലോ. രസനയുടെ ദാസന്മാരാണു് ഇതിനു് വിപരീതമായി പ്രവർത്തിച്ചു രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതു്. ചോറു മുതലായ ഘനപദാർത്ഥങ്ങൾകൊണ്ടു വയറിന്റെ പകുതിഭാഗവും, പാനീയപദാർത്ഥങ്ങൾകൊണ്ടു കാൽഭാഗവും മാത്രമേ നിറയ്ക്കാവൂ എന്നാണു് ആരോഗ്യശാസ്ത്രജ്ഞന്മാർ വിധിച്ചിട്ടുള്ളതു്. ഈ നിയമം ആദരിച്ചു് നാം ഭക്ഷണം കഴിക്കുന്നതായാൽ നമ്മുടെ ആരോഗ്യത്തിനു യാതൊരു ഹാനിയും സംഭവിക്കുന്നതല്ല. ഒരു നിയമവും ക്രമവുമില്ലാതെ കിട്ടിയതെല്ലാം തോന്നുമ്പൊഴൊക്കെ ഭക്ഷിക്കുന്നവർക്കു് അജീർണ്ണം, അതിസാരം, ജ്വരം മുതലായ രോഗങ്ങൾ പിടിപ്പെടുവാനെളുപ്പമുണ്ടു്. എന്നാൽ, ശാരീരികമായ പോഷണത്തിനു വേണ്ടിടത്തോളം ആഹാരം കഴിക്കുവാൻ സാധിക്കാതെ വരുന്നതു് ആരോഗ്യത്തിനു ഹാനികരമാണു്. ബാല്യത്തിനും യൗവനത്തിലുമാണു് മനുഷ്യനു കൂടുതൽ ആഹാരം ആവശ്യമായിട്ടുള്ളതു്. ഈ കാലഘട്ടങ്ങളിൽ ശരീരം വളർന്നുകൊണ്ടിരിക്കുന്നു; അതിനു പ്രവൃത്തിയും അധികമുണ്ടായിരിക്കും. വൃദ്ധന്മാരുടെ ദേഹത്തിനു വളർച്ചയില്ല; അവർക്കു പ്രയത്നശക്തിയും കുറഞ്ഞിരിക്കുമല്ലൊ. തേനും പാലും ഒഴുകുന്ന രാജ്യമെന്നു പ്രകീർത്തിക്കപ്പെട്ടിരുന്ന നമ്മുടെ ഭാരതഭൂമിയിൽ ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ എത്ര ദരിദ്രന്മാരാണു് ഇന്നു ജീവിക്കുന്നതു്! അവരുടെ ബുദ്ധിശക്തിയും ശരീരശക്തിയും ക്ഷയിച്ചുവരുന്നതിൽ അത്ഭുതപ്പെടുവാനുണ്ടോ?”

മുകളിൽ ഉദ്ധരിച്ചിട്ടുള്ള ലഘുലേഖനത്തിൽ എന്താണു് വിശപ്പു്, ആഹാരം ശരീരത്തിൽ എങ്ങനെ പ്രവൃത്തിക്ഷമമായ ചൈതന്യമുണ്ടാക്കുന്നു, എങ്ങനെ ദേഹാവയവങ്ങളുടെ തേമാനം തീർക്കുന്നു, പത്ഥ്യമായ ഭക്ഷണത്തിന്റെ സ്വഭാവമെന്താണു്, അമിതഭക്ഷണം എന്തുകൊണ്ടു് അനാശാസ്യമാകുന്നു, ഈ സംഗതികൾ വ്യക്തമാക്കിയിരിക്കുന്നു. അമിതഭക്ഷണത്തിന്റെ അപഹാസ്യതയോ ആപൽക്കരതയോ തെളിയിക്കാനുപകരിക്കുന്ന ഒരു ചെറിയ ഉദാഹരണം ആഖ്യാനരൂപത്തിൽ ഈ വിവരണത്തിന്റെ അംഗമായി വേണമെങ്കിൽ ചേർക്കാം. വിവരണത്തോടുകൂടി യുക്തിയുക്തമായ പ്രതിപാദനത്താൽ ഒരഭിപ്രായം സമർത്ഥിക്കുവാൻ ഉദ്യമിക്കുമ്പോൾ, അതു് ‘ഉപപാദനം’ ആയിത്തീരുന്നു. ‘മദ്യപാനം നിയമവിരുദ്ധമാക്കേണ്ടതാണു്’, എന്നാണു് അഭിപ്രായമെങ്കിൽ, അതു സാമുദായിക ജീവിതത്തിൽ വലിയൊരു ദോഷമായിത്തീർന്നിട്ടുണ്ടു് എന്നു സമർത്ഥിക്കണമല്ലൊ. മദ്യപാനം താൽക്കാലികമായ ഉന്മേഷം ഉളവാക്കുന്നെങ്കിലും ശരീരസിരകളെ എങ്ങനെ ക്രമത്തിൽ ശക്തിരഹിതങ്ങളാക്കുന്നു, മദ്യമത്തന്മാർ ബോധശൂന്യരായി എന്തെല്ലാം സാഹസങ്ങളും ചാപല്യങ്ങളും കാട്ടിക്കൂട്ടുന്നു, കുടുംബജീവിതത്തെ അതെങ്ങനെ അശാന്തവും ദുഃഖകലുഷവുമാക്കുന്നു, ഇത്യാദി പല സംഗതികൾ ശ്രോതാക്കൾക്കു വിശ്വാസം തോന്നത്തക്കവണ്ണം പ്രതിപാദിക്കേണ്ടതുണ്ടു്. യുക്തിയുക്തമായ സ്വമതസ്ഥാപനോദ്യമത്തോടുകൂടിയ വിവരണമാണു് ഉപപാദനം എന്നു വിദ്യാർത്ഥികൾ ഗ്രഹിച്ചിരിക്കേണ്ടതാകുന്നു.

അഭ്യാസം ൫൮
  1. വിവരണരൂപമായ ഓരോ ഖണ്ഡിക എഴുതുക:
    • (1) ഭാഷ (2) വ്യാകരണം (3) ആഖ്യാനം (4) ഉപപാദനം
    • (1) മേഘം (2) പെരിയാറു് (3) കേരളം (4) കുടിൽവ്യവസായം
    • (1) വായനശാല (2) മൃഗശാല (3) നഗരസഭ (4) ജനസഭ
    • ഓണത്തിന്റെ ആഗമം
    • കേരളത്തിന്റെ ഉത്ഭവം
    • രാവും പകലും എങ്ങനെ ഉണ്ടാകുന്നു
    • നമ്മുടെ കായലുകൾ
  2. വിവരണപ്രധാനമായ ലഘൂപന്യാസമെഴുതുക:
      • എനിക്കു് ഏറ്റവും ഇഷ്ടമായ കളി
      • എന്നെ ഏറ്റവും രസിപ്പിച്ച കഥ
      • ഞാൻ സന്ദർശിച്ച നൂൽക്കമ്പനി
      • അച്ചടിയന്ത്രങ്ങളുടെ വരവുകൊണ്ടുണ്ടായ ഗുണം.
      • ഗ്രന്ഥപാരായണം
      • സാഹിത്യമെന്നാലെന്തു്?
      • പരോപകാരം
      • അഹിംസ
      • സ്വദേശസ്നേഹം
    • ഉപപാദിക്കുക:
      • കൃഷിയോ വ്യവസായമോ പ്രധാനം?
      • ജാതിഭേദം ഗുണകരമല്ല, ദോഷകരമാണു്.
      • വിദ്യാർത്ഥികൾക്കു മനസ്സംസ്കാരം മാത്രം പോരാ, തൊഴിലുകൾ ചെയ്വാനുള്ള കഴിവുകൂടി വേണം.
      • ഭൗതികശാസ്ത്രജ്ഞാനം കൊണ്ടു ലോകത്തിനു ദോഷത്തേക്കാൾ വളരെയധികം ഗുണമാണുണ്ടായതു്.
      • യുദ്ധം ലോകപുരോഗതിക്കു പ്രതിബന്ധമാണു്.

ആഖ്യാനം, വിവരണം, ഉപപാദനം, എന്നിങ്ങനെ സ്വഭാവമാസ്പദമാക്കി മൂന്നു വിഭാഗം പരിചയപ്പെടുത്തിക്കഴിഞ്ഞു. നാലാമതൊന്നുകൂടിയുണ്ടു്, അതാണു വർണ്ണനം. ആഖ്യാനത്തിലും വിവരണത്തിലും വർണ്ണനപ്രധാനങ്ങളായ സന്ദർഭങ്ങൾ സുലഭമായിരിക്കും. വിവരണം ഒരു വസ്തുവിന്റേയോ വ്യവസ്ഥയുടേയോ മറ്റോ യഥാതഥമായ അറിവാണു് നമുക്കു തരുന്നതു്. വർണ്ണനം വക്താവിന്റെ ഹൃദയത്തിൽപ്പതിഞ്ഞ ഒരു ദൃശ്യത്തെ, അതേ രൂപത്തിൽ ശ്രോതാവിന്റെ മനസ്സിൽ ചിത്രണം ചെയ്യുന്ന രീതിയാകുന്നു. ‘മകരത്തിലെ മരംകോച്ചുന്ന തണുപ്പു്. പാതിര കഴിഞ്ഞിരിക്കുന്നു. അഷ്ടമിനാളത്തെ ചന്ദ്രൻ വിളർത്തു പ്രേതം പോലെ മലമുകളിൽ മുഖമുയർത്തിക്കഴിഞ്ഞു. ഒച്ചയുമനക്കവുമില്ലാതെ, ജനശൂന്യമായി നീണ്ടുവളഞ്ഞു പോകുന്ന പാതയുടെ രണ്ടു വക്കുകളിലും ഇടവിട്ടു നിൽക്കുന്ന മരങ്ങളുടെ ഇലകളിൽ നിന്നു വെള്ളം ഇറ്റുവിഴുന്നുണ്ടു്. ഉടുമുണ്ടല്ലാതെ ദേഹത്തിലൊന്നുമില്ലാതിരുന്ന ആ വഴിയാത്രക്കാരന്റെ കൈകാലുകൾ മരവിയ്ക്കുന്നതായിത്തോന്നി’—നിർജ്ജനമായ ഒരു പ്രദേശത്തെ ആ പാതയുടേയും അന്തരീക്ഷത്തിന്റേയും പഥികന്റേയും രൂപം നമ്മുടെ ഹൃദയത്തിൽ പ്രതിബിംബിപ്പിക്കുന്നതിനു് ഈ വർണ്ണനത്തിനു കഴിയുന്നുണ്ടല്ലോ. നമ്മുടെ ആഖ്യായികാകാരന്മാരിൽ അഗ്രഗണ്യനായ സി. വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ, പ്രേമാമൃതം, രാമരാജ ബഹദൂർ മുതലായ കൃതികൾ വായിച്ചുനോക്കൂ. ആളുകളുടേയും, സ്ഥലങ്ങളുടേയും സംഭവങ്ങളുടേയും മനോഹരങ്ങളായ വാക്ചിത്രങ്ങൾ ആ ഗ്രന്ഥങ്ങളിൽ എത്ര വളരെയുണ്ടെന്നോ! അദ്ദേഹത്തെപ്പോലെ തന്നെ പ്രശസ്തനായ ചന്തുമേനോന്റെ ഇന്ദുലേഖ, ശാരദ മുതലായ നോവലുകളിലും ഭംഗിയുള്ള വർണ്ണനമനവധിയുണ്ടു്.

അഭ്യാസം ൫൯
    • നിങ്ങൾ വായിച്ചിട്ടുള്ള കഥകളിൽ നിന്നോ യാത്രാ വിവരണങ്ങളിൽ നിന്നോ കവിതകളിൽ നിന്നോ വിഭിന്നവസ്തുക്കളേയും രംഗങ്ങളേയും കുറിക്കുന്ന വർണ്ണനം ഉദ്ധരിക്കുക.
    • അപ്പൻ തമ്പുരാന്റെ ‘ഭൂതരായരി’ലെ ചെങ്കാളി മലകളുടേയും വേടർക്കരചന്റെ പാർപ്പിടത്തിന്റേയും വർണ്ണനം പകർത്തിയെഴുതുക.
    • നമ്പ്യാരുടെ തുള്ളൽക്കവികളിൽനിന്നു് ഏതെങ്കിലും ഒരു സദ്യയുടേയും പൂങ്കാവനത്തിന്റേയും നായാട്ടിന്റേയും വർണ്ണനം എടുത്തു് എഴുതുക.
  1. വർണ്ണിക്കുക:
    • വിദ്യാലയത്തിലെ വാർഷികോത്സവം
    • നാട്ടുമ്പുറത്തെ കൊയ്ത്തുകാലം
    • കായലുകളിൽ കൂടിയുള്ള ഒരു ബോട്ടുയാത്ര
    • നദിയിൽ കൂടിയുള്ള വഞ്ചിയാത്ര
    • നാട്ടുമ്പുറത്തെ ഒരു വെള്ളപ്പൊക്കം
    • ഓണക്കാലത്തെ ആഘോഷങ്ങൾ
ചിഹ്നനം

1. വാക്യങ്ങളുടെ അർത്ഥം സുഗമമാകാൻ ചിഹ്നനം എങ്ങനെ ഉപകരിക്കുമെന്നു് അന്യത്ര വിവരിച്ചിട്ടുണ്ടല്ലൊ. ബിന്ദു, അർദ്ധവിരാമം, ഉദ്ധരണി, കാകു, വിക്ഷേപണി എന്നീ ചിഹ്നങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടു്. പൂർണ്ണവാക്യം, ആശ്ചര്യാദിഭാവങ്ങളെ സ്ഫുരിപ്പിക്കുന്നതോ ചോദ്യരൂപത്തിലുള്ളതോ അല്ലെങ്കിൽ, അവസാനിക്കുമ്പോൾ പൂർണ്ണവിരാമചിഹ്നമായ ബിന്ദുചേർക്കണം എന്നേ ആ ചിഹ്നത്തിന്റെ ഉപയോഗത്തെക്കുറിച്ചു സൂചിപ്പിച്ചിട്ടുള്ളൂ. പദങ്ങൾക്കു പകരം അവയുടെ ആദ്യാക്ഷരം മാത്രം എളുപ്പത്തിനുവേണ്ടി എഴുതാറുണ്ടു്. ആ അക്ഷരം പദത്തിനു പകരമാണു് എന്നു കുറിക്കുവാനും ബിന്ദുതന്നെ ചേർക്കുകയാണു് പതിവു്. ‘കേരളപത്രിക’യിൽ നിന്നു ലേഖനഭാഗമോ അഭിപ്രായമോ ഉദ്ധരിക്കുന്ന ലേഖകൻ ഉദ്ധാരണത്തിന്റെ അടിയിൽ കേ. പ. എന്നു എഴുതും. ഭാഷാഭൂഷണത്തിലെ ഒരു കാരിക സ്വാഭിപ്രായം സ്ഥാപിക്കാൻ എടുത്തുചേർക്കുന്ന നിരൂപകൻ അതിനിടയിൽ ഭാ. ഭൂഷണം എന്നു ചേർത്തെന്നുവരാം.

വേറെ ഉദാഹരണം

സ. കേ. സാ. പരിഷത്തു് (സമസ്ത കേരളസാഹിത്യ പരിഷത്തു്)

നി. നി. സഭ. (നിയമനിർമ്മാണസഭ)

ഒ. ലേ. (ഒരു ലേഖകൻ)

സ്വ. ലേ. (സ്വന്തം ലേഖകൻ)

2. ചോദ്യരൂപങ്ങളായ വാക്യങ്ങളുടെ അവസാനത്തിലേ ‘കാകു’ ചേർക്കേണ്ടതുള്ളൂ. ‘താതകണ്വൻ തിരിച്ചുവരുമ്പോൾ എന്തുപറയുമോ എന്നു് ഞാൻ ശങ്കിക്കുന്നു’ എന്ന വാക്യത്തിന്റെ ഒടുവിൽ ബിന്ദു ചേർത്താൽമതി. ‘എന്തു പറയുമോ’ എന്ന വാക്യഭാഗത്തിനുശേഷം ഇടയ്ക്കു് ‘കാകു’ വേണ്ട.

3. വാക്യത്തിന്റെ ഇടയ്ക്കു് അല്പമായ നിർത്തൽ വേണ്ട ദിക്കിൽ ഇടേണ്ടതു കോമ, അല്ലെങ്കിൽ അങ്കുശം, ആകുന്നു. ഇതാണു് ആ ചിഹ്നത്തിന്റെ രൂപം. അരദ്ധവിരാമ ചിഹ്നമായ രോധിനിയുടെ മുകളിലിടുന്ന ചെറിയ ബിന്ദു നീക്കിക്കളഞ്ഞാൽ അല്പവിരാമം സൂചിപ്പിക്കുന്ന അങ്കുശമായി.

രോധിനി;

അങ്കുശം,

മഹാവാക്യങ്ങളിലെ അംഗിവാക്യങ്ങൾ വേർതിരിക്കാനാണു് രോധിനി ഉപയോഗിക്കുന്നതെന്നു മുൻപു പഠിച്ചിട്ടുണ്ടു്. ‘രോധിനി’യുടെ ആവശ്യം കുറഞ്ഞു കുറഞ്ഞും അങ്കുശത്തിന്റെ ഉപയോഗം കൂടിക്കൂടിയും വരികയാണു്. ‘ഏഴുത്തച്ഛൻ ഒരു മഹാകവി മാത്രമല്ല, ഒരാചാര്യൻ കൂടിയാണു്’ എന്ന വാക്യം നോക്കുക. ‘മാത്രമല്ല’ എന്നതിനുശേഷം രോധിനിയല്ല, അങ്കുശമാണു ചേർത്തിരിക്കുന്നതു്. അതുമതിതാനും. എന്നാലും രോധിനിയെ നിശ്ശേഷം നിരുപയോഗമാക്കുന്നതിനു് ഈ ചിഹ്നത്തിനു കഴികയില്ല. ‘ജനനം കൊണ്ടു ഭാഷാസന്ദേശകാവ്യങ്ങളിൽ പ്രഥമസ്ഥാനം ഉണ്ണുനീലി സന്ദേശത്തിനാണു്; എന്നാൽ, സാഹിത്യഗുണംകൊണ്ടു് ആ പദവി മയൂരസന്ദേശത്തിനാകുന്നു’, ഈ മഹാവാക്യത്തിൽ രണ്ടു വാക്യത്തിലേയും ഉദ്ദേശ്യം രണ്ടാകയാൽ അംഗിവാക്യം തിരിക്കുന്നതിനു് ‘രോധിനി’തന്നെയാണു ചേർത്തിരിക്കുന്നതു്.

4.

  1. സങ്കീർണ്ണവാക്യം ആരംഭിക്കുന്നതു ക്രിയാവിശേഷണമായ അംഗവാക്യത്തോടുകൂടിയാണെങ്കിൽ, ആ അംഗത്തിന്റെ അവസാനത്തിൽ അങ്കുശം ഇടുന്നതു നന്നു്. ഉദാ:
    • ജനനംകൊണ്ടു് അഗ്രിമസ്ഥാനം കൊട്ടാരക്കരത്തമ്പുരാന്റെ ആട്ടക്കഥകൾക്കാണെങ്കിൽ, അഭിനയ യോഗ്യതയും സാഹിത്യഭംഗിയുംകൊണ്ടു് ആ നില കോട്ടയത്തുതമ്പുരാന്റെ കൃതികൾക്കുാകുന്നു.
    • രണ്ടാമത്തെ പഞ്ചവത്സരപദ്ധതി പ്രായോഗികമായിത്തീർന്നാൽ, എനിക്കു സംശയമില്ല, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും.
  2. ഒരു വിചാരധാരയ്ക്കിടയ്ക്കു്, അതിന്റെ അംഗമായ മറ്റൊന്നു വരുന്നപക്ഷം, ആ ഭാഗം അങ്കുശംകൊണ്ടു വേർതിരിക്കയാണു് ഉചിതമാവുക. ഉദാ:
    • സീതാദേവി, വാല്മീകിമഹർഷി സ്നേഹാനുകമ്പകളോടെ നിർബന്ധിച്ചിരുന്നില്ലെങ്കിൽ, ആശ്രമത്തിൽ നിന്നു ഭർത്തൃസന്നിധിയിലേയ്ക്കു് പോകുമായിരുന്നില്ല.
    • കാളിദാസൻ, ഒരു നിരൂപകൻ പറയുംപോലെ, കാലത്തിന്റെ ദാസനായിരുന്നെന്നു തോന്നുന്നില്ല.
  3. സാധാരണമായി സംബോധനയ്ക്കുശേഷം വിക്ഷേപണിയല്ല, അങ്കുശമാണു യോജിക്കുക: ഉദാ:
    • മഹാന്മാരേ, മഹതികളേ,
    • പ്രിയ സുഹൃത്തേ, പ്രിയപ്പെട്ട പിതാവേ, പ്രിയ സഹോദരാ,

‘അങ്കുശ’ത്തിന്റെ മുഖ്യമായ ചില സ്ഥാനം നിർദ്ദേശിച്ചുവെന്നേയുള്ളൂ. സമാനാധികരണങ്ങളായ പദങ്ങൾക്കു് ഇടയ്ക്കും സാജാത്യമുള്ള ആഖ്യാതപരിച്ഛദങ്ങളുടെ ഒടുവിലും യഥോചിതം ഈ ചിഹ്നം തന്നെ വരും.

ഉദാ:

  1. ബിന്ദു, രോധിനി, അങ്കുശം, ഭിത്തിക, ഈ ചിഹ്നങ്ങൾ വിരാമസമയത്തിന്റെ ദൈർഘ്യം ആസ്പദമാക്കിക്കല്പിച്ചിട്ടുള്ളവയാണു്.
  2. വിമാനങ്ങൾ ആകാശത്തുനിന്നു ബോംബുകളും, പടക്കപ്പലുകൾ സമുദ്രത്തിൽനിന്നു വെടിയുണ്ടകളും, നഗരത്തിന്റെ നേരെ ചൊരിഞ്ഞു കൊണ്ടു് ആക്രമണം തുടങ്ങി.

5. സമ പ്രധാനങ്ങളായ രണ്ടു് ആശയങ്ങളുടെ മദ്ധ്യത്തിൽ ഭിത്തിക വരും.: ഭിത്തിക

  1. പ്രവൃത്തി ആദ്യം: പ്രസംഗം പിന്നെ.
  2. രണ്ടോ മൂന്നോ കവികൾ: രണ്ടോ മൂന്നോ കാവ്യങ്ങൾ

ഉത്തരവാക്യഭാഗം ആദ്യത്തേത്തിന്റെ വിശദീകരണമാവുമ്പോൾ അതിനു മുൻപു ഭിത്തിക ചേർക്കാം.

ഉദാ:

വാക്യബന്ധം രണ്ടു വിധമാണു്: ദൃഢം, ശിഥിലം.

അന്യഭാഷണങ്ങൾ ഉദ്ധരിക്കുമ്പോൾ ഭിത്തികയ്ക്കു ശേഷമാണു് ഉദ്ധരണി ചേർക്കേണ്ടതു്. പ്രസംഗത്തിനിടയ്ക്കു് അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു: “ദേശഭാഷകളേയും അവയിലെ സാഹിത്യത്തേയും അവഗണിക്കുന്നതു് അനാശാസ്യമാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ രാഷ്ട്രഭാഷ ‘അടിച്ചേല്പിക്കുന്നു’ എന്ന ആക്ഷേപം ശ്രദ്ധേയമല്ല. ഇന്ത്യയ്ക്കു് ഒരു പൊതുഭാഷകൂടിയേ കഴിയൂ. അതു് ഒരു ഭാരതീയ ഭാഷ തന്നെയായിരിക്കണം. ഹിന്ദി പൊതുഭാഷയായി നാം സ്വീകരിച്ചുകഴിഞ്ഞിട്ടുള്ളതാണു്”.

ഉദ്ധാരണത്തിന്റെ ഉള്ളിൽ വരുന്ന ഉദ്ധാരണം അടയാളപ്പെടുത്തുന്നതെങ്ങനെയെന്നു് ഈ ഉദാഹരണത്തിൽ നിന്നുതന്നെ ഗ്രഹിക്കാം. ‘അടിച്ചേല്പിക്കുന്നു’ എന്ന ഭാഗം അദ്ധ്യക്ഷന്റെ വാക്യമല്ല. പരാഭിപ്രായത്തിന്റെ ഉദ്ധരണമാകുന്നു.

6. ഒരു വാക്യത്തിന്റെ ഉള്ളിൽ വേറെ വാക്യം വന്നാൽ അതു വലയത്തിൽ ആക്കുകയാണു നല്ലതു്. ( വലയം.

ഉദാഹരണം:

അദ്ദേഹം നായാട്ടിനു പുറപ്പെട്ടപ്പോൾ, (ആ ദർശനം അവസാനത്തേതാവുമെന്നു് ആരു വിചാരിച്ചിരുന്നു!) ഞാൻ വളരെ വൈമനസ്യത്തോടുകൂടിയാണു് തോക്കെടുത്തു കൊടുത്തയച്ചതു്.

7. ശൃംഖല—

താഴെ എഴുതുന്ന ഈരടി നോക്കുക:

‘വാനമേ, ഗഗനമേ,

വ്യോമമേ, സുരസിദ്ധ-

സ്ഥാനമേ, വിഹായസ്സേ,

നമസ്തേ, നമസ്കാരം!’

ഒന്നാമത്തെ പാദം ‘സുരസിദ്ധ’ എന്ന പദഭാഗത്തിലാണവസാനിക്കുന്നതു്. അവിടെ ആ സമസ്തപദം കഴിയുന്നില്ല. ‘സുരസിദ്ധസ്ഥാനമേ’ എന്നതു് ഒറ്റപ്പദമാണല്ലൊ. ഒന്നാം പാദത്തിൽ പദം മുറിയാത്തതിനാൽ അടുത്ത പാദം ചേർത്തു വായിക്കണമെന്നു സൂചിപ്പിക്കുവാൻ ‘ശൃംഖല’ എന്ന ചിഹ്നം ചേർത്തിരിക്കുന്നു.

വേറെ ഉദാഹരണം

കേരളത്തിലെ പ്രാചീന കവികളിൽ അഗ്രഗണ്യനായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകമായി മലബാറിൽ ഒരു സ്ഥാപനം ഏർപ്പെടുത്തണമെന്നു് ഈ യോഗം ആഗ്രഹിക്കുന്നു.

8. രേഖ—

സംക്ഷേപിച്ചു പറഞ്ഞതു വിവരിക്കുന്നു എന്നു സൂചിപ്പിക്കാൻ ഈ ചിഹ്നം ഉപയോഗിക്കാം.

ഉദാഹരണം:

ആ ഗർജ്ജനം ഭയങ്കരമായിരുന്നു—ഇടിമുഴക്കം പോലെഭയങ്കരം.

9. വിശ്ലേഷം ’—

പദങ്ങളുടെ ചില അക്ഷരങ്ങൾ സംഭാഷണ ഭാഷയിലും മറ്റും ലോപിച്ചുപോകും. എഴുതുമ്പോൾ അതു സൂചിപ്പിക്കാൻ വിട്ട അക്ഷരത്തിന്റെ മുകളിൽ ഈ ചിഹ്നം ചേർക്കുന്നു.

ഉദാഹരണം:

ഇന്നലെ വരാ’ന്നു വിചാരിച്ചു. തരാ’യില്ല. നിങ്ങ’ടെ നാട്ടിൽ നല്ല മഴേ’ണ്ടോ ഇപ്പോ’?

(വിദ്യാർത്ഥികൾ ഈ സംഭാഷണശൈലി ഉപന്യാസങ്ങളിൽ അനുകരിക്കരുതു്. ‘ഇന്നലെ വരാമെന്നു വിചാരിച്ചു. തരമായില്ല. നിങ്ങളുടെ നാട്ടിൽ നല്ല മഴ ഉണ്ടോ ഇപ്പോൾ’ എന്നു പദങ്ങളുടെ പൂർണ്ണരൂപം അവർ പ്രയോഗിക്കണം.)

അഭ്യാസം ൬൦
  1. വേണ്ട ദിക്കിൽ അങ്കുശം ഇടുക:- പദ്യം ഗദ്യം എന്നു രൂപം പ്രമാണിച്ചു് സാഹിത്യത്തെ രണ്ടായി വിഭജിക്കാം. ‘അമ്മേ ഞാൻ വന്ദിക്കുന്നു അനുഗ്രഹിക്കേണമേ’ വിശ്വാസം സമ്മതിക്കുന്നു യുക്തി സംശയിക്കുന്നു അജ്ഞത വാശിപിടിക്കുന്നു.
  2. യഥാസ്ഥാനം ഭിത്തികയും ഉദ്ധരണിയും ചേർക്കുക:- അദ്ധ്യക്ഷൻ പ്രസംഗം ഉപസംഹരിച്ചു പ്രാദേശികവും ജാതീയവും ഭാഷാപരവുമായ ഭേദവാസന ഭാരതീയർ പരിവർജ്ജിച്ചില്ലെങ്കിൽ അനൈക്യം നമ്മുടെ ഭാവിയെ വികലമാക്കും.
  3. വേണ്ടദിക്കിൽ ശൃംഖല ചേർക്കുക:-

‘വേറാശയ്ക്കിടമില്ല നിങ്ങൾ ചൊരിയും

വെൺപൂക്കളെത്തൽബ്ബലി-

ച്ചോറായോർത്തു കനിഞ്ഞു കാക്കകളിനി

ക്കൊത്തീടുമോർത്തീടുവിൻ!’

ജി. ശങ്കരക്കുറുപ്പ്
images/G_Sankarakurup.jpg

മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ് 1901 ജൂൺ 3-നു് നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്തു് ജനിച്ചു. 17-ാം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപക ജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2-നു് അന്തരിച്ചു.

Colophon

Title: Bhasha Deepika (ml: ഭാഷാ ദീപിക).

Author(s): G. Sankara Kurup.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-12.

Deafult language: ml, Malayalam.

Keywords: Article, G. Sankara Kurup, Bhasha Deepika, ജി. ശങ്കരക്കുറുപ്പ്, ഭാഷാ ദീപിക, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A composite imaginary view of Japan, a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.