images/Young_Girl.jpg
Young Girl Holding a Letter, a painting by Caspar Netscher (1639–1684).
സ്വപ്നങ്ങൾ വില്ക്കുന്ന സെയ്ൽസ്മാൻ
ഇ. ഹരികുമാർ

മാധവി വാതിൽ തുറന്നപ്പോൾ കണ്ടതു് ഒരു മദ്ധ്യവയസ്കനെയാണു്. നരച്ചു തുടങ്ങിയ കട്ടിമീശ. ചെന്നിയിൽ നിന്നു തുടങ്ങി തലയുടെ പിന്നിലേയ്ക്കു് കയറുന്ന വെളുത്ത മുടി ക്രോപ്പു ചെയ്തിരിക്കുന്നു. ചിരിക്കുന്ന മുഖം. പാന്റ്സും തിരുകിയ ഷർട്ടുമാണു് വേഷം. വലതു കൈയ്യിൽ ഒരു ബ്രീഫ് കേസുണ്ടു്. അവൾ ഒരു ചോദ്യത്തോടെ അയാളെ നോക്കി.

അയാൾ ചോദിച്ചു. ‘ഞാനൊന്നകത്തേയ്ക്കു വന്നോട്ടെ?’

എന്താണു് കാര്യമെന്ന മട്ടിൽ അവൾ മുഖം ചുളിച്ചു.

‘പറയാം.’ അകത്തേയ്ക്കു കടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു. മാധവി വഴി മാറിക്കൊടുത്തു. അയാളോടൊപ്പം ആസ്വാദ്യമായൊരു വാസനയും അകത്തേയ്ക്കു കടന്നു. ആ വാസന മുറിയിലെ വിഴുപ്പുമണത്തിൽ കലർന്നു് ഇല്ലാതാവുന്നതവൾ കണ്ടു. അയാൾ ചുറ്റും നോക്കി മുഖം ചുളിക്കുകയായിരുന്നു. ഇരിക്കാൻ രണ്ടു കസേല മാത്രം. അതിനു മുമ്പിൽ പോളിഷ് മങ്ങിയ ഒരു ചെറിയ ടീപോയ്. കസേലകൾ ഊൺ മേശയുടെ മുമ്പിൽ നിന്നു് വലിച്ചിട്ടതാണു്. മുറിയുടെ ഒരു മൂലയിലിട്ട ചെറിയ ഊൺ മേശയ്ക്കു മുമ്പിൽ ഇപ്പോൾ രണ്ടു കസേലകൾ മാത്രമേയുള്ളൂ. മുറിയിൽ നിന്നു് രണ്ടു വാതിലുകൾ, ഒന്നു് കിടപ്പുമുറിയിലേയ്ക്ക്, മറ്റേതു് അടുക്കളയിലേയ്ക്കു്. കഴിഞ്ഞു. വീടിന്റെ വ്യാപ്തി അത്രയേ ഉള്ളൂ.

images/salesman-1.png

‘നിങ്ങളുടെ വീട്ടിൽ ഇത്രയൊക്കെ സാധനങ്ങളേ ഉള്ളൂ?’

മാധവിക്കു് മനസ്സിലായില്ല. ‘എന്തു സാധനങ്ങൾ?’ അയാൾ തുടർന്നു.

‘ഞാൻ ഉദ്ദേശിക്കുന്നതു്, ഒരു ടിവി, ഫ്രിജ്ജ്, അങ്ങിനത്തെ സാധനങ്ങൾ? അതൊന്നുംല്ല്യേ?’

‘ഞങ്ങൾക്കെന്തിനാ അതൊക്കെ?’ മാധവി പറഞ്ഞു. ‘ഞാനും ഭർത്താവും മാത്രേള്ളൂ. അങ്ങേര് തന്നെ ആഴ്ച്ചേലു് ഒരിക്കലോ ഈരണ്ടാഴ്ച്ച കൂടുമ്പോളോ മാത്രേ വരാറുള്ളൂ.’

‘ഭർത്താവിനു് എവിട്യാ ജോലി?’

‘അങ്ങേര്ക്കു് അടക്കാ കച്ചവടാ. അടക്കല്ല്യാത്തപ്പോ ഓരോ കാലത്ത്ള്ള സാധനങ്ങൾ കൈകാര്യം ചെയ്യും, മാങ്ങ്യോ, ചക്ക്യോ. ഒന്നുംല്ല്യെങ്കിലു് ചീട്ടു കളിക്കും. വീട്ടിലു് വരവൊക്കെ കൊറവാ.’

‘കുട്ടികള്.’

‘ഒരു തരിണ്ടായിര്ന്നു. മോളില്ള്ള ആള് കൊണ്ടോയി.’

‘ഇനീം ഉണ്ടാവാലോ. നിങ്ങള് ചെറുപ്പല്ലെ, നല്ല സുന്ദരീം ആണു്. എത്ര വയസ്സായി?’

‘ഈ മിഥുനത്തിലു് മുപ്പതു് തെകയും.’

‘അത്രേള്ളൂ. അപ്പൊ ജീവിതം ആസ്വദിക്കാൻ വൈകീട്ടൊന്നുംല്ല്യ.’

‘ആട്ടെ നിങ്ങളെന്തിനാണു് വന്നതു്?’

മാധവിയ്ക്കു് കുറേശ്ശെ വിഷമം തോന്നിത്തുടങ്ങിയിരുന്നു. ഇല്ലായ്മയെപ്പറ്റി അവൾ ഇതുവരെ ബോധവതിയായിരുന്നില്ല. ഇല്ലെങ്കിലില്ല. അന്നന്നത്തെ കാര്യം മാത്രം നോക്കി നടത്തുക. അതുതന്നെ ഇല്ലെങ്കിൽ വേണ്ടെന്നു വയ്ക്കുക. അത്ര മാത്രം. ഒരു ടിവിയെപ്പറ്റിയോ ഫ്രിജ്ജിനെപ്പറ്റിയോ ഒന്നും അവൾ ആലോചിച്ചിട്ടേയില്ല. ടിവി കാണാൻ മറ്റുള്ളവരുടെ വീട്ടിൽ പോകാറുമില്ല. അവനവന്റെ കയ്യിൽ ഇല്ലെങ്കിൽ വേണ്ട.

‘ഞാനോ?’ അയാൾ കാര്യത്തിലേയ്ക്കു കടക്കുന്നതിനു മുന്നോടിയായി പറഞ്ഞു. ‘ഞാൻ നിങ്ങൾക്കു് കുറച്ചു സ്വപ്നം വിൽക്കാൻ പോവ്വാണു്.’

‘സ്വപ്നോ?’

‘അതെ സ്വപ്നങ്ങൾ, ധാരാളം സ്വപ്നങ്ങൾ. ഒരു നല്ല ജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങൾ. ഞാൻ സ്വപ്നങ്ങൾ വിൽക്കുന്ന സെയ്ൽസ്മാനാണു്.’

മാധവിക്കൊന്നും മനസ്സിലായില്ല. അവളെ സംബന്ധിച്ചേടത്തോളം സ്വപ്നങ്ങളില്ല. ദുഃസ്വപ്നങ്ങളേ ഉള്ളൂ. അവ അവൾക്കു വിൽക്കാൻ ഒരു സെയ്ൽസ്മാന്റെ ആവശ്യമില്ല. അങ്ങോട്ടു കൊടുക്കാം.

‘നിങ്ങൾക്കു് വേണ്ട പലതുമുണ്ടു്. ഞാൻ അതെല്ലാം നിങ്ങൾക്കു തരും. ഏതാനും മാസങ്ങൾക്കകം. ആദ്യം പക്ഷേ, നിങ്ങൾ അവയൊക്കെ ആഗ്രഹിക്കണം.’

കുട്ടിക്കാലത്തു് കേട്ടിട്ടുള്ള യക്ഷിക്കഥകൾ ഓർത്തുകൊണ്ടു് മാധവി നിൽക്കവേ അയാൾ ബാഗുമെടുത്തു് പോയി. അയാൾ മുറ്റത്തുള്ള ബൈക്കിൽ കയറി സ്റ്റാർട്ടാക്കി ഓടിച്ചു പോയപ്പോൾ മാധവി ആലോചിച്ചു. എന്താണയാൾ പറഞ്ഞതു്? എന്താണു് അതിനൊക്കെ അർത്ഥം?

പിറ്റേന്നു രാവിലെ അയാൾ വീണ്ടും വന്നു. ഒപ്പം പെട്ടിയേറ്റിക്കൊണ്ടു് ഒരു ചെറുപ്പക്കാരനും. പെട്ടി അകത്തേയ്ക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു് അയാൾ കസേലയിൽ ഇരുന്നു. ചെറുപ്പക്കാരൻ പെട്ടി തുറക്കാൻ തുടങ്ങി. രണ്ടു മിനിറ്റിന്നുള്ളിൽ പെട്ടി തുറന്നു് ഒരു ടിവി എടുത്തു് ഊൺമേശയ്ക്കു മീതെ വെച്ചപ്പോൾ മാധവി ശരിക്കും അമ്പരന്നു.

‘ഞാൻ നിങ്ങളോടു് ടിവി കൊണ്ടരാൻ ആവശ്യപ്പെട്ടിട്ടില്ലല്ലോ?’

‘ഞാൻ നിങ്ങളോടു് പണം ചോദിച്ചില്ലല്ലോ.’ അയാളുടെ മറുപടിയും പെട്ടെന്നായിരുന്നു. ഒന്നും പറയാനില്ലാതെ, ഒന്നും പറയാൻ വയ്യാതെ മാധവി നിൽക്കുകയാണു്. അര മണിക്കൂറിനുള്ളിൽ മറ്റൊരു ചെറുപ്പക്കാരൻ വന്നു് റോഡിലൂടെ പോകുന്ന കറുത്ത കേബിളിൽ നിന്നു് ഒരു കമ്പി വീട്ടിലേയ്ക്കു വലിച്ചെടുത്തു. ടിവിയിൽ ഓരോ ചാനലുകൾ മിന്നിമറയുന്നതു് ഒരു സ്വപ്നത്തിലെന്നപോലെ അവൾ നോക്കിനിന്നു. റിമോട്ട് കണ്ട്രോൾ കൊണ്ടു് എങ്ങിനെയാണു് ചാനലുകൾ മാറ്റുക, ശബ്ദം കുറയ്ക്കുക, നിറം കൂട്ടുക, കുറയ്ക്കുക എന്നെല്ലാം കേബ്ൾ വലിച്ചെടുത്ത ചെറുപ്പക്കാരൻ പറഞ്ഞുകൊടുത്തു. മറ്റേതോ ലോകത്തിലേയ്ക്കു് വലിച്ചെറിയപ്പെട്ടപോലെ മാധവി അതെല്ലാം നോക്കി നിന്നു. ഒരു നിമിഷം, വന്നപോലെ അവർ അപ്രത്യക്ഷമായപ്പോൾ അവൾ ടിവി പ്രവർത്തിപ്പിച്ചു നോക്കി. തനിക്കിതെല്ലാം ചെയ്യാൻ കഴിയുന്നുണ്ടല്ലോ എന്നതു് അവളെ ശരിക്കും അത്ഭുതപ്പെടുത്തി. ചലിക്കുന്ന, ശബ്ദിക്കുന്ന വർണ്ണചിത്രങ്ങൾ തന്റെ കൊച്ചുവീട്ടിൽ, തന്റെ വിരൽത്തുമ്പിൽ.

രാത്രി ക്ഷീണിച്ചു് ഉറങ്ങാൻ കിടക്കുമ്പോൾ പക്ഷേ, അവൾ സ്വപ്നത്തിൽ നിന്നുണർന്നു. ഭർത്താവിനോടു് എന്താണു് പറയുക എന്നവൾ ഓർത്തു. വീട്ടിൽ പണമൊന്നുമില്ലെന്നു് അയാൾക്കറിയാം. അപ്പോൾ ഇത്ര വിലപിടിച്ച ഒരു സാധനം വാങ്ങിയതു കണ്ടാൽ എന്തെങ്കിലും പറയാതിരിക്കുമോ. ‘ഞാൻ നിങ്ങളോടു് പണമൊന്നും ചോദിച്ചില്ലല്ലോ’, എന്നു് സെയ്ൽസ്മാൻ പറഞ്ഞതു് മുഖവിലക്കെടുക്കാൻ അവൾ തയ്യാറായില്ല. ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും ബില്ലുമായി വരുമെന്നും, അതു കൊടുക്കേണ്ടതു് ഒരു വലിയ ബാദ്ധ്യതയായി തന്റെ മണ്ടയ്ക്കു് വീഴുമെന്നും അവൾക്കുറപ്പായിരുന്നു. അതിന്റെ വിലകൂടി അവൾ ചോദിച്ചില്ല. ഭർത്താവു വരുന്നതിനു മുമ്പു് സെയ്ൽസ്മാൻ ഒരിക്കൽക്കൂടി വന്നെങ്കിൽ എല്ലാം ചോദിച്ചു മനസ്സിലാക്കാമായിരുന്നു. വില; എങ്ങിനെയൊക്കെയാണു് അതു കൊടുത്തു തീർക്കേണ്ടതു്. ഒരുപക്ഷേ, തവണകളായിട്ടാവണം. ഭർത്താവിനെ നേരിടാനുള്ള ഒരുക്കം സെയ്ൽസ്മാനിൽ നിന്നു തന്നെ തുടങ്ങണം.

സെയ്ൽസ്മാൻ രാവിലെത്തന്നെ വന്നു. ഇത്ര നേരത്തെ വരുമെന്ന ധാരണയില്ലാത്തതു കൊണ്ടു് അവൾ കുളിച്ചിട്ടുണ്ടായിരുന്നില്ല. അവൾ ധൃതിയിൽ ഒരു സാരി വലിച്ചുടുത്തു വാതിൽ തുറന്നു. അയാൾ ചിരിച്ചുകൊണ്ടു് വാതിൽക്കൽ നിൽക്കുകയാണു്, ക്ഷമയോടെ. അയാൾ അകത്തു കടന്നു സ്ഥിരം ഇരിപ്പിടത്തിൽ ഇരുന്നു.

‘എങ്ങിനെയുണ്ടു് എന്റെ സ്വപ്നപ്പെട്ടി?’

‘അതിനെന്തു് വെല്യാണു്?’ മാധവി ചോദിച്ചു. രണ്ടു ദിവസം കൊണ്ടു് അയാൾക്കു് അവളിൽ പ്രത്യേക താൽപര്യമുണ്ടു് എന്നവൾ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു് വില അധികമൊന്നും പറയില്ലെന്ന പ്രത്യാശയിൽ അവൾ മറുപടിക്കു കാത്തു.

‘ഞാനതിനു് പണം ചോദിച്ചില്ലല്ലോ.’

‘അതു ശര്യാവില്ല. പണം മേടിച്ചേ പറ്റൂ. പക്ഷേ, എന്റെ കയ്യിലു് ഇപ്പോ തൽക്കാലം പണൊന്നുംല്ല്യ. തവണ്യായിട്ടു് വേണങ്കീ തരാം.’

‘പണംണ്ടാവുമ്പോ തന്നാമതി.’

‘ന്നാലും അതിന്റെ വെലന്താന്നു് അറിഞ്ഞിരിക്കണ്ടേ? അങ്ങേരു് വന്നാ ആദ്യം ചോദിക്ക്യാ അതാ. എന്തിനാ ഇതൊക്കെ വാങ്ങീത്ന്നും ചോദിക്കും. എന്തായാലും വെല എന്താന്നു് കേക്കട്ടെ.’

‘വെല പറയാം, ഒമ്പതിനായിരത്തി തൊള്ളായിരത്തിതൊണ്ണൂറു്.’

‘ഒമ്പതിനായിരത്തിതൊള്ളായിരത്തി തൊണ്ണൂറു്… അപ്പൊ പതിനായിരത്തിനു് പത്തുരൂപ കൊറവ്ന്നു് മാത്രം.’

അവൾ പെട്ടെന്നു് തളർന്നു. കാലുകൾക്കു് ബലക്ഷയം. എവിടെയെങ്കിലും ഇരിക്കണം. അവൾ ഊൺമേശക്കു മുമ്പിലിട്ട കസേലയിൽ തളർന്നിരുന്നു.

‘എന്തേ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല അല്ലേ?’

തന്റെ പാരവശ്യം സെയ്ൽസ്മാൻ മനസ്സിലാക്കിയതിൽ അവൾക്കു് കുറച്ചു വിഷമമുണ്ടായി.

‘ഇതാണു് ഏറ്റവും വില കുറഞ്ഞ ടിവി. ഏറ്റവും കൂടിയതിനു് ഇരുപത്തേഴായിരമാ വില.’

ടിവിയുടെ വില തനിക്കു് ജീവിതത്തിലൊരിക്കലും കൊടുക്കാൻ കഴിയില്ലെന്നു് അവൾക്കു മനസ്സിലായി. ഭർത്താവു് വല്ലപ്പോഴും വരുമ്പോഴാണു് നോട്ടുകെട്ടുകൾ കാണുന്നതു്. അതുതന്നെ അയ്യായിരമോ ആറായിരമോ മാത്രം. അതു് ലാഭമല്ല, മറിച്ചു് അയാളുടെ കൈമുതൽ മാത്രമാണെന്നു് അവൾക്കറിയാം. ഒരിക്കൽ അടക്ക കൊണ്ടുപോയി വിറ്റാൽ കിട്ടുന്നതു് ആയിരത്തിൽ താഴെയാണു്. അവൾ അയാളുടെ മുഖത്തു നോക്കാതെ പറഞ്ഞു.

‘ഇതു് കൊണ്ടുപൊയ്ക്കോളൂ. എനിക്കു് ഇത്രീം പണംണ്ടാക്കാൻ കഴീല്ല്യ.’

അയാൾ ചിരിച്ചു. ‘ഈ പെട്ടി ആരും കൊണ്ടുപോകാൻ പോവുന്നില്ല. ഇതു് നിങ്ങളുടെ സ്വന്തമാണു്. നിങ്ങളുടെ സ്വപ്നപ്പെട്ടി. പിന്നെ ആരു പറഞ്ഞു നിങ്ങൾക്കു് പണംണ്ടാക്കാൻ കഴിയില്ല്യാന്നു്. ഇന്നത്തെ സ്ഥിതികണ്ടു് നിങ്ങൾ അങ്ങിനെ കരുതുന്നു. നാളെ നിങ്ങളുടെ ഭാഗ്യം മാറിവരാം. നിങ്ങൾക്കു് ഇതല്ല ഇതിലും വലിയ സാധനങ്ങൾ വാങ്ങാൻ.’

അയാൾ പോയപ്പോൾ അവൾ സന്തോഷിച്ചു. അയാൾക്കു് ടിവി കൊണ്ടുപോകാനുള്ള ഉദ്ദേശ്യമൊന്നുമില്ല. പണവും പെട്ടെന്നു് കൊടുക്കുകയും വേണ്ട. അതു കൊണ്ടു പോകുക എന്ന കാര്യം അവൾക്കു് ആലോചിക്കാനേ കഴിഞ്ഞില്ല. താൻ ഇതുവരെ എത്രമാത്രം ഒറ്റയ്ക്കായിരുന്നുവെന്നു് അവൾ കണ്ടു. ഇപ്പോൾ അങ്ങിനെ തോന്നുന്നില്ല. തനിക്കു ചുറ്റും പലരുടെയും ജീവിതമാണു്, പലതരം ജീവിതം. അതിനിടയിൽ തന്റെ ജീവിതത്തെപ്പറ്റി ആലോചിക്കാൻ സമയമില്ല. സീരിയലുകൾ, സിനിമകൾ, പാട്ടുകൾ, അവയ്ക്കിടയിലെ പരസ്യങ്ങൾ. ലോകത്തു് ഇത്രയധികം സാധനങ്ങളുണ്ടെന്നതു് അവൾ ആദ്യമായി അറിയുകയാണു്. ഒരത്ഭുതലോകം. എല്ലാം ജീവിതം സുഗമമാക്കാൻ, സന്തോഷപ്രദമാക്കാൻ.

രണ്ടു വീടുകൾക്കപ്പുറത്തുനിന്നു് അവളുടെ ഒരേയൊരു സ്നേഹിത ദേവകി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ബൈക്കിൽ ഒരാൾ ഇടയ്ക്കിടക്കു് വരുന്നതും, പെട്ടി കൊണ്ടുവരുന്നതും, ഇലക്ട്രിക് പോസ്റ്റിനു താഴേക്കൂടി വലിച്ച കേബിളിൽ നിന്നു് കമ്പി വീട്ടിലേയ്ക്കു വലിക്കുന്നതും. സ്നേഹിത തന്നെ വിളിച്ചു് കാണിക്കുന്നതിന്നായി അവൾ നാലു ദിവസം കാത്തു. അങ്ങിനെ ഒന്നുണ്ടാവില്ലെന്നു് ഉറപ്പായപ്പോൾ അവൾ മാധവിയെ കാണാൻ പോയി.

പരിഭവിച്ചിട്ടു കാര്യമില്ലെന്നു് ദേവകിക്കു മനസ്സിലായി. ഒരു വികാരവും മാധവിയെ ഏശുന്നില്ല. അവൾ മറ്റൊരു ലോകത്തായിരിക്കുന്നു. വീട്ടിലിരിക്കുമ്പോൾത്തന്നെ നല്ല സാരികളുടുക്കുന്നു. ടിവിയിലെ സീരിയലുകളെപ്പറ്റി സംസാരിക്കുന്നു; ടിവി സീരിയലുകൾ വളരെക്കാലമായി നിത്യം കണ്ടുകൊണ്ടിരുന്നപോലെ. ടിവി വാങ്ങാൻ എവിടെനിന്നു് പണം കിട്ടി എന്നു ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരമൊന്നും കിട്ടിയില്ല. തവണ വ്യവസ്ഥയിലാണു് വാങ്ങുന്നതെന്നു മാത്രം മനസ്സിലായി. ശരി, പക്ഷേ, തവണകൾക്കുള്ള പണം എങ്ങിനെയുണ്ടാക്കുന്നു. ഒന്നും വ്യക്തമല്ല, തനിക്കു് ശരിക്കുള്ള ഉത്തരം കിട്ടില്ലെന്നു് ദേവകിക്കു മനസ്സിലായി.

തനിക്കുതന്നെ അറിയാത്ത ഉത്തരങ്ങൾ മാധവി എങ്ങിനെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കും. അതുകൊണ്ടു് ഭർത്താവു് ശനിയാഴ്ച രാത്രി വന്നു് ടിവി കണ്ടപ്പോൾ അവൾക്കു് പരിഭ്രമമൊന്നുമുണ്ടായില്ല. അയാൾ കൂടുതലൊന്നും ചോദിച്ചില്ല. ഒരു ടിവി വാങ്ങാനുള്ള തീരുമാനം ഭാര്യയ്ക്കു് സ്വന്തമായി എടുക്കാമെങ്കിൽ അതിന്റെ വില കൊടുക്കാനുള്ള വഴിയും അവൾക്കറിയുന്നുണ്ടാവും എന്നയാൾ കരുതി. ഭാര്യയുടെ ഒപ്പം കിടക്കാൻ മാത്രമായി അയാൾ ഒരിക്കലും വീട്ടിൽ വന്നിരുന്നില്ല. തന്റെ പല താവളങ്ങളിൽ ഒന്നു മാത്രമായി അയാൾ ഈ വീടു് കരുതി. മറ്റു താവളങ്ങളിലും അയാൾക്കു് പെണ്ണുങ്ങളുണ്ടായിരുന്നു. പലപ്പോഴും ഒരു രാത്രിയിലെ ബന്ധം മാത്രം. ചിലതു് ഒന്നോ രണ്ടോ മാസം നില നിൽക്കും. കഴിഞ്ഞു. ശാശ്വതമായി ഒരു ബന്ധം മാത്രം. അതാകട്ടെ പല സൗകര്യങ്ങളും ഉള്ളതു കൊണ്ടാണുതാനും. യാത്രകൾക്കിടയിൽ ഒരുറപ്പുള്ള താവളം, ഒപ്പം കിടക്കാൻ പണം ചോദിക്കാത്ത ഒരു സ്ത്രീ. മറ്റു സ്ത്രീകളെല്ലാം പണം ചോദിക്കുന്നവരായിരുന്നു.

രണ്ടാഴ്ചക്കു് സെയ്ൽസ്മാനെ കണ്ടില്ല. പിന്നെ ഒരു രാവിലെ അയാൾ കയറി വന്നതു് കൂടുതൽ സ്വപ്നങ്ങളുമായാണു്.

‘നിങ്ങൾ രാത്രി എട്ടു് മണീടെ സീരിയലു് കാണാറുണ്ടോ?’ അയാൾ ചോദിച്ചു.

‘ഏതു്? മനുഷ്യസ്ത്രീയോ?’

‘അതെ.’

‘ഉം, ഞാൻ കാണാറ്ണ്ടു്. നല്ല സീരിയലാ.’

‘അതിന്റെ എടേലു് വരണ പരസ്യൊക്കെ കാണാറ്ണ്ടോ?’

‘ഊം…!’

‘അതിലു് ഒരു ഫ്രിജ്ജിന്റെ പരസ്യം കണ്ടതോർമ്മണ്ടോ?’

‘ഉം, നല്ല ഫ്രിജ്ജാ.’

‘നിങ്ങൾക്കു് അത്യാവശ്യമുള്ള ഒരു സാധനാണതു്. രണ്ടുപേരല്ലേ ഉള്ളൂ. ഏറ്റവും ചെറിയതു് വാങ്ങ്യാ മതി. 165 ലിറ്ററിന്റെ. ഒരു ദിവസം ഭക്ഷണം പാകം ചെയ്താൽ പിന്നെ രണ്ടുമൂന്നു ദിവസം വെറുതെ ഇരുന്നു് ടിവി കാണാം. ഊണു കഴിക്കണ സമയത്തു് കുറേശ്ശെ എടുത്തു് ചൂടാക്ക്വേ വേണ്ടൂ. പിന്നെ നല്ല ചൂടത്തു് കുറച്ചു് തണുത്ത വെള്ളം കുടിക്കണംന്നു് തോന്ന്യാൽ കുപ്പീലു് ഐസ് പോലത്തെ വെള്ളം…’

മാധവി ആലോചിച്ചു. രണ്ടു പേരില്ല. ഒരാൾ മാത്രം. മാസത്തിലൊരിക്കൽ കൂടണയുകയും പിറ്റേന്നുതന്നെ ഇറങ്ങിപ്പോവുകയും ചെയ്യുന്ന ഭർത്താവിനെ ഒരാൾ ആയി അവൾ കണക്കാക്കിയില്ല. ദിവസേന ചോറും കൂട്ടാനും ഉണ്ടാക്കൽ ഒരു വലിയ പണിയായിരിക്കുന്നു. ഈയ്യാൾ പറയുന്നതു് ശരി തന്നെയാണു്. ഒരുമിച്ചു് മൂന്നു ദിവസത്തേയ്ക്കു് ഉണ്ടാക്ക്യാൽ…

‘ശര്യാണു്. പക്ഷേ, ഇതിനൊക്കെ പണം വേണ്ടേ? ന്റെ കയ്യിലു് ഒന്നുംല്ല്യ.’

‘അതൊന്നും നിങ്ങൾ വിഷമിക്കണ്ട. പണമൊക്കെണ്ടാവും. തവണ്യായിട്ടു് കൊടുത്തു തീർത്താപ്പോരെ? മാസം എത്ര കുറച്ചേ വേണ്ടിവരൂ. ഇരുന്നൂറോ മുന്നൂറോ മാത്രം. നിങ്ങൾക്കു് കിട്ടുന്ന സൗകര്യം നോക്കിയാൽ ഇതെത്ര തുഛം!’

അയാൾ ഒരു പുതിയ സ്വപ്നം മാധവിക്കു വിൽക്കുകയാണു്. ആദ്യത്തേതു് വിറ്റ സ്ഥിതിക്കു് ഈ സ്വപ്നം വിൽക്കാൻ വിഷമമില്ലാത്തതാണു്. ടിവിയാണു് സ്വപ്നങ്ങളുടെ ഈറ്റില്ലം. അവിടെ സ്വപ്നങ്ങൾ ഉടലെടുക്കുന്നു, ചിറകുകൾ നേടുന്നു, പറന്നുവരുന്നു, ഒരേകാകിനിയുടെ സ്വീകരിക്കാൻ തയ്യാറായ മനസ്സിലേയ്ക്കു്.

കുപ്പിഗ്ലാസ്സിൽ തണുത്ത നാരങ്ങ വെള്ളം കയ്യിൽ കിട്ടിയപ്പോൾ ദേവകി അത്ഭുതപ്പെട്ടു പോയി. അവൾ വന്നപ്പോഴേയ്ക്കും മൂന്നു മണിയുടെ സീരിയൽ തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോൾ നേരിട്ടു് ടിവിയുടെ മുമ്പിൽപ്പോയി ഇരിക്കയാണുണ്ടായതു്. ഒരു ഫ്രെയിം നഷ്ടപ്പെട്ടാൽ ആസ്വാദ്യത അത്രകണ്ടു് കുറയും. പെട്ടെന്നു് മാധവി കയ്യിൽ ഗ്ലാസ് പിടിപ്പിച്ചപ്പോഴും അവൾ കരുതിയതു് അടുത്തുള്ള പെട്ടിപ്പീടികയിൽനിന്നു് ഐസ് വാങ്ങിയിട്ടതാണെന്നാണു്. പിന്നെയാണു് മുറിയുടെ മൂലയിൽ കുത്തനെ നിൽക്കുന്ന നീല സുന്ദരിയെ അവൾ കാണുന്നതു്. അതോടെ സീരിയലിലുള്ള അവളുടെ താല്പര്യം കുറഞ്ഞു.

മാധവി എങ്ങിനെയാണു് ഇതെല്ലാം ഉണ്ടാക്കുന്നതെന്നു് അവൾക്കറിയണം. പക്ഷേ, മാധവി ഒന്നും പറയുന്നില്ല. എല്ലാം തവണകളായി വാങ്ങുന്നുവെന്നു മാത്രം. ശരിയായിരിക്കാം. തവണകളാണെങ്കിൽ തവണകൾ. പക്ഷേ, അതു മാസാമാസം അടക്കേണ്ടേ? ദേവകിക്കു് അതിന്റെ പ്രായോഗികവശം പിടികിട്ടുന്നില്ല.

ആദ്യത്തെ ബിൽ വന്നതു് ടിവിയുടെ തവണയ്ക്കു വേണ്ടിയായിരുന്നു. 475 രൂപ. ആ ബില്ലും കയ്യിൽപിടിച്ചു് അവൾ കുറേനേരം ഇരുന്നു. ഇരുപത്തഞ്ചാം തീയ്യതി കൊടുത്തില്ലെങ്കിൽ ദിവസമൊന്നുക്കു് നാലു രൂപ എഴുപത്തഞ്ചു പൈസ പലിശ ഈടാക്കുന്നതാണെന്നു് അവസാനം എഴുതിയിട്ടുണ്ടു്.

സ്വപ്നം വിൽക്കുന്ന സെയ്ൽസ്മാൻ അവളുടെ രക്ഷക്കായെത്തി.

‘നിങ്ങളെന്തിനാണു് പരിഭ്രമിക്കുന്നതു്? ഇതു് വളരെ ചെറിയ തുക. ഞാൻ ഒരാളെ നിങ്ങളുടെ അടുത്തേയ്ക്കു് അയക്കാം. നിങ്ങൾക്കാവശ്യമുള്ള പണം അയാൾ തരും.’

‘കടമായിട്ടല്ലേ? പിന്നെ ഞാനെങ്ങിനെ അതൊക്കെ വീട്ടും?’

‘നിങ്ങൾ അതൊന്നും നോക്കണ്ട. നിങ്ങൾ ചെറുപ്പമാണു്, സുന്ദരിയാണു്. നിങ്ങളുടെ കഴിവിൽ വിശ്വാസം വേണം. നിങ്ങൾ ഈ നിലയിൽ ജീവിക്കേണ്ടവളല്ല. മുകളിൽ, വളരെ മുകളിലാണു് നിങ്ങളുടെ ജീവിതം വേണ്ടതു്… നിങ്ങൾ മറ്റൊരു പരസ്യം കണ്ടുവോ? വാഷിങ് മെഷിന്റെ പരസ്യം? നിങ്ങളുടെ വിഴുപ്പുതുണിയെല്ലാം അതിലിട്ടു് കുറച്ചു സോപ്പുപൊടിയും ഇട്ടാൽ മതി. എല്ലാം നല്ലപോലെ അലക്കി, ഉണക്കി പുറത്തേയ്ക്കു തരും. നിങ്ങൾ അടുത്തു് വാങ്ങേണ്ടതു് ഒരു വാഷിങ് മെഷിനാണു് …’

‘അയ്യോ, ഇനി ഒന്നും വേണ്ട.’

‘നിങ്ങൾ ഇപ്പോൾ അങ്ങിനെ പറയും, നാളെ കഴിഞ്ഞാൽ എന്നോടു് വാഷിങ് മെഷിൻ ഉടനെ കൊണ്ടുവരാൻ പറയും. പുറത്തു് കല്ലിന്മേൽ അടിച്ചു് തിരുമ്പലെല്ലാം പഴയ കഥകളാവും. നിങ്ങളുടെ വസ്ത്രങ്ങൾക്കു് ഒരു പുതിയ വെൺമ കൈവരും, കൂടുതൽ കാലം നിൽക്കും…’

പിറ്റേന്നു് രാവിലെ വാതിൽക്കൽ മുട്ടിയതു് ഒരു വയസ്സനായിരുന്നു. വയസ്സനെങ്കിലും ആരോഗ്യമുള്ള ദേഹം. അയാൾ അകത്തുവന്നു് വീടു മുഴുവൻ നടന്നു നോക്കി. അയാൾ തൃപ്തനായില്ലെന്നു് മുഖം വിളിച്ചുപറഞ്ഞു. അയാൾ കസേലയിൽ ഇരുന്നു് വീണ്ടും ചുറ്റും നോക്കിക്കൊണ്ടു് പറഞ്ഞു.

images/salesman-3.png

‘ഇങ്ങിനെയല്ല ജീവിക്കേണ്ടതു്.’

അവളുടെ ചോദ്യത്തോടെയുള്ള നോട്ടത്തിനു് മറുപടിയായി അയാൾ പറഞ്ഞു തുടങ്ങി. ‘നിങ്ങളുടെ കിടപ്പറ. എന്തൊരവസ്ഥയാണു്. ഒരു പുതിയ ഫോം കിടക്ക വാങ്ങണം, നല്ല വിരികൾ, കർട്ടനുകൾ. എന്നെ സ്വീകരിക്കാൻ നിങ്ങൾക്കു് ഇതൊക്കെ ആവശ്യമാണു്.’

അയാളെ സ്വീകരിക്കുക? എന്താണയാൾ ഉദ്ദേശിക്കുന്നതെന്നു് മാധവിക്കു മനസ്സിലായില്ല. അതൊന്നും നടക്കണ കാര്യല്ല. പണം തന്നാൽ എന്നെങ്കിലും ഉണ്ടാവുമ്പോൾ തിരിച്ചു കൊടുക്കാം. അല്ലാതെ…

ഞാൻ നിങ്ങൾക്കു് രണ്ടായിരം രൂപ തരുന്നു. നാളേയ്ക്കു് ഞാൻ പറയുന്നതെല്ലാം ചെയ്തു വെയ്ക്കണം. ഫോം കിടക്ക ഇന്നു വൈകുന്നേരം ഞാൻ കൊടുത്തയക്കാം. എത്രയാണു് നിങ്ങൾക്കു് ടിവിയുടെ തവണ കൊടുക്കാൻ വേണ്ടതു്? 475 അല്ലേ? ഇതാ ഒരഞ്ഞൂറുകൂടെ. ഞാൻ നാളെ വരാം.

രാവിലെ ആദ്യം എത്തിയതു് വാഷിങ് മെഷിനായിരുന്നു. ഫ്രിജ്ജുകളും വാഷിങ് മെഷിനുകളും നിറച്ച ഒരു ടെമ്പോ വാനിൽനിന്നു് അവൾക്കുള്ള വാഷിങ് മെഷിൻ ഇറക്കുന്നതു് അവൾ ജനലിലൂടെ നോക്കി. ജനലിനു് പുതിയ കർട്ടന്റെ മണം. അവളുടെ നെഞ്ഞിനുള്ളിൽ പിടക്കുകയായിരുന്നു. അടുക്കളയ്ക്കു പിന്നിലുള്ള ചെറിയ മുറിയിൽ വാഷിങ് മെഷിൻ ഘടിപ്പിച്ചു് അവളുടെ വസ്ത്രങ്ങളും മാറ്റിയിട്ട കിടക്കവിരികളും അലക്കിക്കാണിച്ച ശേഷം രണ്ടു ജോലിക്കാർ പോയി. കിടക്കവിരികൾ നന്നായി വെളുത്തിരുന്നു.

പന്ത്രണ്ടു മണിക്കു് വയസ്സൻ വന്നപ്പോഴേയ്ക്കു് അവൾ തയ്യാറായി. എന്തിനെന്നു് അവൾക്കു തന്നെ വലിയ രൂപമില്ലാത്ത തയ്യാറെടുപ്പു്. വാഷിങ് മെഷിൻ കൊണ്ടു വന്ന പയ്യന്മാർ പോയ ഉടനെ അവൾ പെട്ടി തുറന്നു് നല്ല സാരിയും ബ്ലൗസും അടി വസ്ത്രങ്ങളും എടുത്തു. അല്പം പൂത്ത നാറ്റമുണ്ടെന്നു കണ്ടപ്പോൾ അവൾ പൗഡറെടുത്തു് അതിന്റെ ഇടയിലെല്ലാം വിതറി. മുമ്പൊരിക്കൽ വാങ്ങിയ വില കൂടിയ സോപ്പെടുത്തു് തേച്ചു കുളിച്ചു. കിടക്കയിൽ തലേന്നു് വാങ്ങിയ പുതിയ വിരി വിരിച്ചു.

വയസ്സൻ സംതൃപ്തനായിരുന്നു.

ഭർത്താവു് വന്നതു് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു. ഒരു ശനിയാഴ്ച വൈകുന്നേരം. വന്നുകയറിയ ഉടനെ അയാൾക്കു് വീടും തന്റെ ഭാര്യയും മാറിയെന്നു മനസ്സിലായി. പുതിയ കിടക്കയും വിരിയും, ജനലിനും വാതിലിനും ഭംഗിയുള്ള കർട്ടനുകളും ഉള്ള കിടപ്പുമുറി തന്റേതല്ലെന്നയാൾക്കു മനസ്സിലായി. അയാൾ ഊൺ മേശക്കരികെ നിലത്തു് പഴയൊരു വിരിപ്പും വിരിച്ചു് കിടന്നു. മാധവി ഒന്നും പറഞ്ഞില്ല. ഒരു സംസാരമുണ്ടാക്കുവാൻ അവൾക്കു് താല്പര്യമുണ്ടായിരുന്നില്ല.

മാധവി മാറിയെന്നു് ദേവകിക്കു മനസ്സിലായി. ഇനി തിരിച്ചുവരവില്ലാത്ത വിധം മാറിയിരിക്കുന്നു. ടിവി കാണാനായി ചെല്ലുമ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നു. ബെല്ലടിച്ചാലും തുറക്കലുണ്ടാവില്ല. റോഡിന്നരികിൽ മിക്ക ദിവസങ്ങളിലും ഒരു കാർ പാർക്കു ചെയ്തിരിക്കുന്നു. ചില ദിവസങ്ങളിൽ ഒരു കാർ വന്നു് മാധവിയെ കൊണ്ടു പോകുന്നു. യാദൃശ്ചികമായി ഒരു ദിവസം അകത്തു കടന്നപ്പോൾ അവൾ കാണുന്നതു് മുറി മുഴുവൻ ഉപകരണങ്ങളാണു്. അവയെല്ലാം എന്താണെന്നുതന്നെ ദേവകിക്കറിയില്ല. മാധവി ഓരോന്നിന്റേയും പേർ പറഞ്ഞുകൊടുത്തു. വി. സി. ഡി., അതു് പപ്പടവട്ടത്തിൽ നടുവിൽ ഓട്ടയുള്ള ഒരു പ്ലാസ്റ്റിക് സാധനം ഇട്ടാൽ ടിവിയിൽ സിനിമ വരുന്ന ഉപകരണമാണു്. മിക്സി, അതു് നാളികേരവും അരിയും മറ്റും അരച്ചെടുക്കാനുള്ള ഉപകരണമാണു്. ദേവകി അതു് ഒരിക്കൽ കണ്ടിട്ടുണ്ടു്. ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ, പുതിയ പാത്രങ്ങൾ, ഡിന്നർ സെറ്റുകൾ, അങ്ങിനെ പോകുന്നു. പുറത്തു് ഒരു കാർ വന്നുനിന്ന ശബ്ദം കേട്ടപ്പോൾ ദേവകി വേഗം സ്ഥലം വിട്ടു.

ഒരു രാത്രി മാധവിക്കു് ഉറക്കം വന്നില്ല. ഉറങ്ങാതെ കിടക്കുമ്പോൾ ചിന്തകൾ കൂട്ടൂകാരായി എത്തുന്നു. അവർ പക്ഷേ, അത്ര നല്ല കൂട്ടുകാരായിരിക്കില്ല. നാലു മാസമായി ഭർത്താവു് വന്നിട്ടില്ലെന്നവൾ കണക്കാക്കി. ശരിയാണു് നാലു മാസം. അയാൾ തന്നെ ഉപേക്ഷിച്ചു കാണും. അയാളിപ്പോൾ എവിടെയായിരിക്കും. വേറെ വല്ല പെണ്ണുങ്ങളുടെയും ഒപ്പം ജീവിക്കുന്നുണ്ടാവും. ഫോം കിടക്കയില്ലാത്ത, നല്ല വിരിപ്പുകളില്ലാത്ത, കർട്ടനുകളില്ലാത്ത, വാഷിങ് മെഷിനോ, ഫ്രിജ്ജോ, കളർ ടിവിയോ ഇല്ലാത്ത, വിഴുപ്പു മണക്കുന്ന വസ്ത്രങ്ങൾ അയലുകൾ തൂങ്ങിക്കിടക്കുന്ന ഒരു വീട്ടിൽ, വിയർപ്പു മണക്കുന്ന ഒരു പെണ്ണിനെ പുണർന്നു് കിടക്കുന്നുണ്ടാവും. അവൾക്കു് അസൂയ തോന്നി. അവൾ, എട്ടു വർഷം മുമ്പു് മരിച്ചുപോയ മകനെ ഓർത്തു. രണ്ടു വയസ്സായിരുന്നു അവനു്. അവനിപ്പോൾ തെക്കേ പറമ്പിൽ മണ്ണിന്നടിയിൽ…

പുറത്തു് അവളെപ്പറ്റി അടക്കിപ്പറയുന്നതു് അവളുടെ ചെവിയിൽ എത്തിയിരുന്നു. ശരിയാണവർ പറയുന്നതു്. നഗരത്തിലെ നിരത്തുകളുടെ ഓരത്തു് കാത്തുനിന്നു് വിലപേശി ആണുങ്ങളുടെ ഒപ്പം പോകുന്ന പെണ്ണുങ്ങളും അവളും തമ്മിൽ എന്താണു് വ്യത്യാസം. രണ്ടും ഒന്നുതന്നെ. തന്നെ അന്വേഷിച്ചു് കാറുകൾ വരുന്നു, താൻ അവരുടെ ഒപ്പം വലിയ ഹോട്ടലുകളിൽ പോകുന്നു, അല്ലെങ്കിൽ തന്നെ അന്വേഷിച്ചു് പണക്കാർ വീട്ടിൽ വരുന്നു. ചുറ്റും താമസിക്കുന്നവർ കുഴപ്പക്കാരല്ലാത്തതു കൊണ്ടു് തനിക്കിവിടെ താമസിക്കാൻ കഴിയുന്നു.

അവൾക്കു് പെട്ടെന്നു് ഏകാന്തത അനുഭവപ്പെട്ടു. അവൾ വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ വില കൊടുത്തു തീർക്കാൻ മൂന്നു കൊല്ലം വേണ്ടിവരും. അപ്പോഴെ അവ തന്റേതെന്നു പറയാനാവൂ. അപ്പോൾ ഈ മൂന്നു കൊല്ലവും തനിക്കു് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പണിതന്നെ ചെയ്യേണ്ടിവരും. ഇനി എല്ലാം കൊടുത്തു തീർന്നാലോ, പിന്നെ ഒരു ഭാഗത്തിരുന്നു് ജീവിതം ആസ്വദിക്കാൻ പറ്റുമോ? അപ്പോഴും ജീവിക്കാനുള്ള പണത്തിനു വേണ്ടി ഇതുതന്നെ ചെയ്യേണ്ടി വരും. ഇതിൽനിന്നു് തനിക്കൊരു രക്ഷയുമില്ല.

വിട്ടത്തിൽ തൂങ്ങിക്കിടക്കുന്ന ശരീരം ആദ്യം കണ്ടതു് പാൽ കൊണ്ടുവന്ന പെൺകുട്ടിയായിരുന്നു. അവൾ സാധാരണമട്ടിൽ പാലും കൊണ്ടു് വന്നു് വാതിൽക്കൽ മുട്ടി കാത്തു നിന്നു. കാത്തു നിൽക്കുമ്പോൾ സാധാരണമട്ടിൽ എന്നും വൈകുന്നേരം വീട്ടിന്റെ പടിക്കലൂടെ ബെല്ലുമടിച്ചു് അവളെ നോക്കി കണ്ണിറുക്കി സൈക്കിളിൽ പോകുന്ന ചെറുപ്പക്കാരനെ ഓർത്തു ചിരിച്ചു. വാതിൽ തുറക്കുന്നില്ലെന്നു കണ്ടപ്പോൾ അവൾ വീടിനു പുറത്തുകൂടെ പോയി കിടപ്പറയുടെ ജനലിലൂടെ എത്തിനോക്കി. ഒന്നേ നോക്കിയുള്ള, അവൾ നിലവിളിച്ചുകൊണ്ടു്, പാൽപ്പാത്രം എടുക്കാൻ കൂടി മെനക്കെടാതെ പടികടന്നു് ഓടി.

images/salesman-2.png

പോലീസുകാർ വാനിൽ വന്നു് ശവശരീരം ഏറ്റെടുത്തു് കൊണ്ടുപോയതിനു പിന്നാലെ ഒരു ടെമ്പോവാൻ വരികയും വീട്ടിനുള്ളിലെ സാധനങ്ങൾ ഓരോന്നോരോന്നായി വാനിലേയ്ക്കു കയറ്റുകയും ചെയ്തു. ടിവി, ഫ്രിജ്ജ്, വാഷിങ് മെഷിൻ, വി. സി. ഡി., മിക്സി… നാട്ടുകാർ പ്രതികരണശേഷിയില്ലാതെ നോക്കിനിൽക്കേ രണ്ടു ജോലിക്കാർ എല്ലാം വാനിൽ കയറ്റി ഓടിച്ചു പോയി. കമ്പനിയുടെ പേരെഴുതിയ ആ വാൻ അവർക്കു സുപരിചിതമായിരുന്നു.

ദേവകി കുറേനേരം കരഞ്ഞു. എന്തുകൊണ്ടോ വലിയൊരു നഷ്ടബോധമാണു് അവൾക്കുണ്ടായതു്. ഇങ്ങിനെയൊന്നുമല്ല അവൾ പ്രതീക്ഷിച്ചതു്. മാധവിയുടെ കാര്യം ശുഭപര്യവസായിയാവണമെന്നു് അവൾക്കുണ്ടായിരുന്നു. അതു് ആശിക്കാനുള്ള വക നൽകുകയാണു്. ജീവിതത്തിനു് അർത്ഥം ഉണ്ടാക്കുകയാണു്. ഇപ്പോൾ എല്ലാം തകർന്നിരിക്കയാണു്. ഭർത്താവിനോടു് അവളുടെ വിഷമം പങ്കു വെയ്ക്കാൻ അവൾക്കു കഴിഞ്ഞില്ല. അവൾ രാത്രി മുഴുവൻ കരഞ്ഞു.

രാവിലെ ഭർത്താവിനു പ്രാതൽ കൊടുത്തു് ഉച്ചഭക്ഷണം പാത്രത്തിലാക്കി സഞ്ചിയിലിട്ടു കൊടുത്തു് അയാളെ യാത്രയാക്കി അവൾ കുളിമുറിയിൽ കയറി. കുളി കഴിയാറായപ്പോഴാണു് അവൾ ഒരു ബൈക്കിന്റെ ശബ്ദം കേട്ടതു്. അവൾ കാതോർത്തു. ബൈക്ക് അവളുടെ വീടിന്റെ പടിക്കൽ നിൽക്കുകയാണു്. അവൾ ധൃതിയിൽ കുളികഴിച്ചു് സാരിയുടുത്തു് പുറത്തേയ്ക്കു കടന്നു. ഉമ്മറത്തേയ്ക്കു കടന്നപ്പോഴാണു് അയാളെ കണ്ടതു്. ആ മദ്ധ്യവയസ്കൻ. നരച്ചു തുടങ്ങിയ കട്ടിമീശ. ചെന്നിയിൽനിന്നു തുടങ്ങി തലയുടെ പിന്നിലേയ്ക്കു് കയറുന്ന വെളുത്ത മുടി ക്രോപ്പു ചെയ്തിരിക്കുന്നു. ചിരിക്കുന്ന മുഖം. പാന്റ്സും തിരുകിയ ഷർട്ടുമാണു് വേഷം. വലതുകൈയ്യിൽ ഒരു ബ്രീഫ് കേസുണ്ടു്. അയാൾ തിണ്ണമേൽ അവളേയും പ്രതീക്ഷിച്ചു് ഇരിക്കുകയാണു്. അവൾ ചോദിച്ചു.

‘എന്താണു് വേണ്ടതു്?’

അയാൾ പറഞ്ഞു. ‘ഞാനൊന്നകത്തേയ്ക്കു വന്നോട്ടെ?’

‘വരൂ.’

അയാൾ അകത്തിട്ട സോഫാ കം ബെഡ്ഡിൽ ഇരുന്നു. പിന്നെ അവളുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു് പറഞ്ഞു.

‘ഞാനൊരു സെയ്ൽസ്മാനാണു്, സ്വപ്നങ്ങൾ വില്ക്കുന്ന സെയ്ൽസ്മാൻ…’

അടിതെറ്റി വീഴാതിരിക്കാനായി ദേവകി ഒരു കസേലയിൽ ഇരുന്നു.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Swapnangal vilkunna salesman (ml: സ്വപ്നങ്ങൾ വില്ക്കുന്ന സെയ്ൽസ്മാൻ).

Author(s): E. Harikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2022-04-14.

Deafult language: ml, Malayalam.

Keywords: Story, E. Harikumar, Swapnangal vilkunna salesman, ഇ. ഹരികുമാർ, സ്വപ്നങ്ങൾ വില്ക്കുന്ന സെയ്ൽസ്മാൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young Girl Holding a Letter, a painting by Caspar Netscher (1639–1684). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.