മാവു വെട്ടുന്ന ശബ്ദം ഇപ്പോഴും ഓർമ്മയിലുണ്ടു്. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണു്. ഞാൻ ഏതാനും നിമിഷം മുമ്പു് അഭയം പ്രാപിച്ച പുറത്തെ മുറിയുടെ ജനലിലൂടെ നോക്കിനിന്നു. ഇവിടെ മരണം ദൂരെയാണു്. മൂന്നു മുറികളും ഒരു വരാന്തയും അകലെ. ചാത്തയും കോതയും അപ്പുറത്തും ഇപ്പുറത്തും നിന്നു് കോടാലികൊണ്ടു് ആഞ്ഞുവെട്ടുന്നു. ചാത്ത വെട്ടി കോടാലി എടുക്കുമ്പോഴും കോതയുടെ കോടാലി പതിക്കുന്നു. മാവിന്റെ വെളുത്ത ചീളുകൾ ചിതറുന്നു. കോടാലി മാവിൻതടിമേൽ പതിക്കുന്ന ആ ശബ്ദം ഒരു ഭയപ്പെടുത്തുന്ന താളത്തോടെ തുടർന്നു. മാവിന്റെ കൊമ്പുകളെല്ലാം വെട്ടിക്കഴിഞ്ഞു. ഇനി തടിമാത്രമേയുള്ളൂ. ഓരോ വെട്ടിലും മാവിന്റെ തടി വിറച്ചിരുന്നു.
നേരം പുലർന്നുകഴിഞ്ഞു. ഏഴു മണിയെങ്കിലും ആയിട്ടുണ്ടാകും. മുത്തശ്ശി പന്ത്രണ്ടു മണിക്കാണു് മരിച്ചതു്. രാത്രിതന്നെ മാവുവെട്ടുന്ന കാര്യം ആരോ പറഞ്ഞപ്പോൾ അപ്പു നായർ പറഞ്ഞു.
നേരം വെളുക്കട്ടെ. ഇപ്പൊ മാവു് ഒറങ്ങ്വായിരിക്കും.
അപ്പുനായർ സ്വതവേ ഉച്ചത്തിലാണു് സംസാരിക്കാറ്. ആജ്ഞാപിക്കുന്ന സ്വരത്തിൽ. നാട്ടിൽ ഏതെങ്കിലും നായർ തറവാടുകളിൽ കല്യാണമോ, തെരണ്ടുകല്യാണമോ, പതിനാറടിയന്തിരമോ ഉണ്ടെങ്കിൽ അപ്പു നായർ എത്തുന്നു. അടുക്കളമുറ്റം കയ്യേറുന്നു. പണിക്കാരികളെക്കൊണ്ടു് മുറ്റം ചാണകം മെഴുകിക്കുന്നു. പന്തൽ ഇടാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നു. വലിയ ചരക്കുകൾ കയറ്റാനുള്ള അടുപ്പുകൾ ഉയരുന്നു. ഇതൊന്നും ആരും ആവശ്യപ്പെട്ടു ചെയ്യുന്നതൊന്നുമല്ല. പ്രതിഫലേഛ കൂടാതെയുള്ള സേവനം അദ്ദേഹത്തിന്റെ അധികാരമായിരുന്നു.
നേരം നന്നെ വെളുത്തപ്പോൾ അപ്പുനായർ പറഞ്ഞു.
ന്നാ, മാവു് വെട്ട്വാ.
ചാത്തയും കോതയും മരം വെട്ടാനായി കോടാലിയുമായി പറമ്പിലേയ്ക്കു നടന്നു.
മരത്തിനെ നമസ്കരിച്ചു് തൊട്ടു തലയിൽ വെയ്ക്കു്.
ചാത്തയും കോതയും മരത്തിനു മുമ്പിൽ നമസ്കരിക്കുന്നതു് അല്പം തമാശയോടെ ഞാൻ നോക്കി നിന്നു.
പിന്നെ ബുദ്ധിയുറച്ചപ്പോഴാണു് അപ്പു നായരുടെ മഹാമനസ്കത മനസ്സിലായതു്. മുപ്പത്തഞ്ചുകൊല്ലം മുമ്പു് വിറകു് വിൽക്കുന്ന കടകളൊന്നും ഗ്രാമത്തിലുണ്ടായിരുന്നില്ല. അപ്പോൾ സ്വന്തം വീട്ടിലെ മരം വെട്ടുകയേ നിവർത്തിയുള്ളൂ. മരത്തോടുള്ള സ്നേഹവും ആദരവും നിമിത്തം ഇപ്പോഴും അപ്പു നായർ എന്റെ മനസ്സിൽ ജീവിക്കുന്നു.
വടക്കെ മുറിയിൽ നിലത്തു് മുത്തശ്ശിയുടെ ദേഹം കോടി പുതപ്പിച്ചു കിടത്തിയിരിക്കയാണു്. ഇടനാഴികയിൽകൂടി പോകുമ്പോൾ ഒരിക്കൽ നോക്കി. പിന്നെ എങ്ങിനെയോ ഓടി വന്നു് പുറത്തെ മുറിയിൽ അഭയം പ്രാപിച്ചു. എനിയ്ക്കു് കുട്ടിക്കാലത്തു് ശവശരീരം ഭയമായിരുന്നു. മുറിയിലും ഇടനാഴിയിലും നിറയെ സ്ത്രീകൾ ഇരുന്നു. ആരോ രാമായണം വായിക്കുന്നു. അതാരാണെന്നു് നോക്കാൻ നിന്നില്ല.
പുറത്തെ മുറിയിൽ അമ്മ നിലത്തു വിരിച്ച പുൽപായിൽ ഇരിക്കുകയായിരുന്നു. ഞാൻ അമ്മയുടെ അടുത്തിരുന്നു് ജനലിലൂടെ നോക്കി.
അപ്പുനായർ വിളിച്ചു പറയുന്നു. എല്ലാ മക്കളും കുളിച്ചു് ഈറനുടുത്തു് വര്വാ. പേരക്കുട്ടികളും ആയ്ക്കോട്ടെ. ആണുങ്ങള് മാത്രം മതി. ഒരു വാഴയില വെട്ടിക്കോ… ആ കുറച്ചുകൂടി വലുതാവായിരുന്നു. സാരല്യ. പിന്നെ ബാക്കിയുള്ളതും കൂടി വെറകാക്കിക്കോ. പതിനാറടിയന്തരത്തിനു് വേണം. വേഗമാവട്ടെ. എന്താ നോക്കി നിക്കണതു്.
അപ്പുനായർ ഉറക്കെ സംസാരിച്ചു.
ഇപ്പോൾ ഒരു തമാശയോടെ ഞാൻ ഓർത്തു. അന്നെല്ലാം ആൾക്കാർ മറ്റുള്ളവർക്കു വേണ്ടി ശബ്ദമുയർത്തി. ഇന്നതല്ല സ്ഥിതി. അവനവന്റെ കാര്യത്തിനു വേണ്ടി മാത്രമേ ശബ്ദമുയർത്തുന്നുള്ളൂ.
ജനലിലൂടെ നോക്കിയപ്പോൾ അമ്മാവന്മാർ നാലുപേരും കുളിച്ചു് ഈറൻ തറ്റുടുത്തു് നിൽക്കുന്നു. പിന്നെ നോക്കിയപ്പോഴാണു്. അത്ഭുതം തന്നെ. ചെറിയമ്മയുടെ രണ്ടു മക്കൾ, രാജുവും വാസുവും, രണ്ടുപേരും എന്നേക്കാൾ താഴെയാണു്, അവരുടെ ഒപ്പം നിൽക്കുന്നു.
എന്നെ ആരും കാണാതിരിക്കാൻ ഞാൻ അമ്മയുടെ പിന്നിൽ ഒതുങ്ങിയിരുന്നതു് ഓർമ്മയുണ്ടു്. ഞാൻ പതിഞ്ഞ സ്വരത്തിൽ അമ്മയോടു് ചോദിച്ചു.
അവരെല്ലം എന്തിനാണു് ഈറനുടുത്തു നിൽക്കുന്നതു?
മുത്തശ്ശിയുടെ ദേഹം ദഹിപ്പിക്കാൻ കൊണ്ടു പോവ്വല്ലെ? മക്കളാണു് അതു് ചെയ്യുക.
അപ്പോ രാജുവും വാസുവും?
അവരും കൂടും. തൊട്ടു നിന്നാ മതി. നിനക്കും കൂടാലോ. ഇവിടെ ഇങ്ങിനെ ഇരിക്കുന്ന നേരം നിനക്കും പോയി പിടിച്ചുകൊടുത്തുകൂടെ?
ഞാൻ ഭയംകൊണ്ടു് ചൂളിപ്പോയി. ഒരു ശവശരീരം തൊടുക. ആലോചിക്കാൻ കൂടി വയ്യ. ഒരിക്കൽ അയൽവക്കത്തു് ഒരാൾ മരിച്ചെന്നറിഞ്ഞപ്പോൾ അനുജത്തിയുടെ കൈ പിടിച്ചു് സാധാരണ പോകാറുള്ള ഇടവഴി ഒഴിവാക്കി വളഞ്ഞു് പാടത്തുകൂടെ സ്കൂളിലെത്തും വരെ ഓടിയതാണു്.
ഞാൻ അമ്മയോടു് കൂടുതൽ ചേർന്നിരുന്നു. പെട്ടെന്നു് എന്റെ കൈ തൊട്ടുനോക്കി അമ്മ പറഞ്ഞു.
എന്താണിതു? നിന്റെ കൈ തണുത്തിരിക്കുന്നല്ലൊ. കൈ മാത്രമല്ല, ദേഹംമുഴുവൻ തണുത്തിരുന്നു. തണുപ്പു് സഹിക്കാനാവാതെ ഞാൻ അമ്മയോടു് ചേർന്നിരുന്നു.
എന്താ ഇങ്ങിനെ പേടിയായാൽ?
ഞാൻ വിറയ്ക്കാൻ തുടങ്ങി. അമ്മ എന്നെ മടിയിൽ കിടത്തി മുഖം മാറിടത്തിൽ അമർത്തിവെച്ചു. എനിക്കു് കുറച്ചു് ചൂടും ആശ്വാസവും തോന്നി. പുറത്തു് അപ്പുനായരുടെ ആജ്ഞകൾ ഉറക്കെ ഉയരുന്നുണ്ടായിരുന്നു.
ഇന്നു് മുപ്പത്തഞ്ചുകൊല്ലങ്ങൾക്കുശേഷം ഞാൻ അതെല്ലാം ഓർക്കുന്നു. അമ്മയുടെ മാറിടത്തിലെ ചൂടും സ്നേഹത്തോടെ എന്നെ വരിഞ്ഞ കൈകളുടെ വാത്സല്യവും.
അമ്മയുടെ ദേഹം ചിതയിലേക്കു് വെച്ചു് പത്തു മിനിറ്റായി കാണും. സഹായികൾ വിറകു് അടുക്കി വെക്കുകയാണു്. കർമ്മിയുടെ ശബ്ദം ഒട്ടും ആർദ്രമായിരുന്നില്ല. വളരെ യാന്ത്രികമായി നിർവ്വികാരനായി അയാൾ ഉരുവിട്ടുകൊണ്ടിരുന്നു. ഞാൻ അപ്പു നായരെ ഓർത്തു. അദ്ദേഹം എന്നേ മരിച്ചുപോയിരുന്നു.
വൈകുന്നേരം മഴ പെയ്തിരുന്നു. കാറ്റിൽ ഈർപ്പമുണ്ടു്. അതു് ധനുരാത്രിയെ കൂടുതൽ തണുപ്പിച്ചു. വീട്ടിൽ നിന്നു് കുളിച്ചു് ഈറനുടുത്ത ശേഷമാണു് അമ്മയുടെ ദേഹം, അനുജത്തിയുടെ തേങ്ങലുകൾക്കൊപ്പം ആംബുലൻസിലേക്കു് എടുത്തുവെച്ചതു്. അളിയനും ചെറിയമ്മയുടെ മക്കളും കൂട്ടിനുണ്ടായിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള ശ്മശാനത്തിലെത്തിയപ്പോൾ കർമ്മി പറഞ്ഞു.
ഞങ്ങള് ചിത ഒരുക്കാം. നിങ്ങൾ മൂന്നുപേരും പൊഴേലു് മുങ്ങിവര്വാ.
ആരോ പെട്രോമാക്സ് കത്തിച്ചിരുന്നു. വാസു അതുംഏറ്റി മുന്നിൽ നടന്നു. വെള്ളത്തിനടുത്തെത്താൻ മണലിലൂടെ കുറച്ചുദൂരം നടക്കേണ്ടി വന്നു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ പുഴവെള്ളത്തിന്റെ ഒഴുക്കു് കാണാമായിരുന്നു. മഴ കാരണം വെള്ളത്തിനു് തെളിവുണ്ടായിരുന്നില്ല.
പെട്ടെന്നു് അമ്മ ആംബുലൻസിൽ ഒറ്റക്കു് കിടക്കുയാണെന്നു് ഓർത്തു. ആംബുലൻസ് നിന്നിരുന്നിടത്തു് ഇരുട്ടാണു്. പെട്രോ മാക്സിന്റെ വെളിച്ചത്തിൽ ആംബുലൻസിന്റെ നേരിയ രൂപരേഖ കാണാം. അതിൽ അമ്മ ഒറ്റയ്ക്കു് കിടക്കുകയാണെന്നോർത്തപ്പോൾ വിഷമം തോന്നി. ഒരു പക്ഷേ, അളിയൻ കാവൽ നിൽക്കുന്നുണ്ടാവും. വേഗം മുങ്ങിക്കയറി.
വെള്ളത്തിനു് തണുപ്പുണ്ടായിരുന്നില്ല. പക്ഷേ, മുങ്ങിക്കയറിയപ്പോൾ കാറ്റുകാരണം തണുപ്പു് മുള്ളുകൾ പോലെ ദേഹത്തു തുളച്ചുകയറി. നനഞ്ഞ തോർത്തു് അരയ്ക്കു ചുറ്റും കെട്ടി ഞങ്ങൾ ശ്മശാനത്തിലേക്കു നടന്നു.
കുഴി കുഴിച്ചുകഴിഞ്ഞിരുന്നു. കുഴിക്കു രണ്ടു വശത്തും വാഴത്തടി വെച്ചതിനു മീതെ മരത്തിന്റെ മൂന്നു മുട്ടികൾ വിലങ്ങനെ വെച്ചു.
കർമ്മിയുടെ ശബ്ദം കേട്ടു.
ഇനി മൃതദേഹം എടുത്തുകൊണ്ടു വര്വാ.
ഞങ്ങൾ അമ്മയുടെ ശരീരം എടുത്തുകൊണ്ടുവന്നു.
ഇനി ദേഹം എടുത്തു് ചിത പ്രദക്ഷിണം വെക്കണം, മൂന്നുപ്രാവശ്യം. തല തെക്കോട്ടു് തന്നെ പിടിക്കണം. ആ, ഇനി അവിടെ തടീമ്മലു് വെച്ചോളു.
ഞാൻ തലഭാഗമാണു് പിടിച്ചിരുന്നതു്. രാജുവും വാസുവും നടുഭാഗവും കാൽ ഭാഗവും. തല മുട്ടിമേൽ വെച്ചപ്പോഴാണു് കണ്ടതു്. മുട്ടിമേൽ ഒരു കൂർത്ത ഭാഗമുള്ളിടത്താണു് അമ്മയുടെ തല വരിക. ഞാൻ തല അല്പമുയർത്തിപ്പിടിച്ചു് മുട്ടി തിരിച്ചു് മിനുസമുള്ള ഭാഗം നോക്കിവെച്ചു.
ആ, അതു സാരല്യ. മരിച്ചോർക്കു് വേദനിക്ക്യൊന്നുല്ല്യ.
കർമ്മി പറഞ്ഞു.
ശരിയാണു്. ഞാൻ ഓർത്തു. കർമ്മിയുടെ വാക്കുകൾ മയമില്ലാത്തതെങ്കിലും സത്യമായിരുന്നു. അമ്മ അസുഖങ്ങളുടെയും വേദനകളുടെയും ലോകത്തുനിന്നു പോയിരിക്കുന്നു. പക്ഷേ, അതു പറഞ്ഞതിനു് ഞാൻ കർമ്മിയെ വെറുത്തു.
മകൻ ഇവിടെ വര്വാ. കയ്യിൽ പൂക്കൾ തന്നുകൊണ്ടു് കർമ്മി പറഞ്ഞു. മരിച്ച ആളെ ധ്യാനിച്ചു് പൂക്കൾ ദേഹത്തു് വെക്ക്വാ.
മരിച്ച ആൾ എന്റെ അമ്മയാണു്. ഞാൻ വിചാരിച്ചു. മരിച്ച ആൾ എന്നതിനു പകരം അമ്മയെ ധ്യാനിച്ചു് എന്നു് കർമ്മി പറഞ്ഞിരുന്നെങ്കിൽ.
കിണ്ടിയിൽ വെള്ളമെടുക്കു… ധ്യാനിക്കു… കാൽ തൊട്ടു് വന്ദിക്കൂ.
കർമ്മിയുടെ ശബ്ദം യാന്ത്രികമായി വന്നുകൊണ്ടിരുന്നു. അയാളുടെ സഹായികൾ അമ്മയുടെ ദേഹത്തു് വിറകു് ഒതുക്കി വെക്കാൻ തുടങ്ങി. കർമ്മി വിറകു കൊള്ളികൾ മുറിച്ചെടുത്തു് ശീല ചുറ്റി പന്തമുണ്ടാക്കുകയാണു്. മൂന്നു പന്തങ്ങൾ ഉണ്ടാക്കി അവ എണ്ണയിൽ മുക്കിയെടുത്തു. ചിത തയ്യാറായിരുന്നു.
മകൻ ഇവിടെ വര്വാ. ഒരു പന്തം കയ്യിൽ തന്നുകൊണ്ടു് കർമ്മി പറഞ്ഞു. ഇതാ നിലവിളക്കിൽ നിന്നു് കത്തിച്ചു് തലഭാഗത്തു് കൊളുത്തിക്കൊള്ളു. മറ്റു രണ്ടു പന്തങ്ങൾ രാജുവിന്റെയും വാസുവിന്റെയും കയ്യിൽ കൊടുത്തു.
അങ്ങട്ടു് ഉള്ളിലേക്കു് വെച്ചോളു. ചകിരി തീപിടിക്കട്ടെ. നിങ്ങള് ഒരാള് നടുവിലും ഒരാള് കാൽഭാഗത്തും വെച്ചോളു. ആ അങ്ങിനെത്തന്നെ.
ചിത പുകഞ്ഞുതുടങ്ങി. പിന്നിൽ നിന്നു് കാറ്റു് വീശിയിരുന്നു. വിറകു് അടുക്കി വെച്ചതു കാരണം തുണികൊണ്ടു് മൂടിയ ശരീരം കാണാൻ പറ്റിയില്ല. പക്ഷേ, അമ്മ അവിടെതന്നെയുണ്ടെന്ന ബോധമുണ്ടായിരുന്നു.
മഴ ഇനി പെയ്യില്ല.
ആരോ ആകാശം നോക്കി പറഞ്ഞു. മേഘങ്ങൾ ഒഴിഞ്ഞു തുടങ്ങി. നക്ഷത്രങ്ങൾ തെളിയുകയാണു്.
മഴ നിന്നെങ്കിലും കാറ്റിനു് നല്ല തണുപ്പുണ്ടായിരുന്നു. ഈറനുടുത്ത കാരണം തണുപ്പു് ദേഹത്തിൽ വിടാതെ നിന്നു. കർമ്മിയുടെ സഹായികൾ ചിതയ്ക്കു ചുറ്റും നടന്നു് തീ പിടിപ്പിക്കുകയാണു്. തീ വളരെ വേഗം പിടിച്ചു കയറി.
ഇനി നിങ്ങൾ ഇരുന്നോളു കർമ്മി പറഞ്ഞു.
തീ നല്ല വണ്ണം പിടിച്ചിട്ടു് പോകാം.
മരക്കൊള്ളികൾ ഓരോന്നോരോന്നായി തീ പിടിക്കുന്നതു് നോക്കി ഞങ്ങൾ ഒരു ഓലമെടഞ്ഞതിൽ ഇരുന്നു. ക്രമേണ തണുപ്പു് അകന്നു പോകുന്നതു് ഒരാശ്വാസത്തോടെ ഞാൻ മനസ്സിലാക്കി. ചൂടു് എന്റെ ഈറൻ വസ്ത്രങ്ങളെ ഉണക്കാൻ തുടങ്ങി. ചൂടു് ദേഹത്തിലേക്കു തുളച്ചു കയറി തണുപ്പു് തീരെ അകറ്റി. അമ്മ അദൃശ്യമായ കൈകൾകൊണ്ടു് ആലിംഗനം ചെയ്യുന്നപോലെ. ഞാൻ കുട്ടിയായിരുന്നപ്പോൾ മുത്തശ്ശിയുടെ മരണസമയത്തു് അമ്മ എന്നെ കെട്ടിപ്പിടിച്ചു് എന്റെ ഭയവും തണുപ്പും അകറ്റിയിരുന്നതു് ഓർമ്മ വന്നു. ഇന്നും ചിതയ്ക്കു മുകളിൽനിന്നു് അതേ ചൂടും സ്നേഹവും പകർന്നു് അമ്മ എന്നെ ആശ്വസിപ്പി ക്കാൻ ശ്രമിക്കയാണു്.
സമയമെത്രയായി?
ആരോ വാച്ച് നോക്കി പറഞ്ഞു. ഒമ്പതേകാൽ. നിങ്ങൾ മൂന്നുപേരും പുഴയിൽ മുങ്ങി വരു. എന്നിട്ടു് പുറപ്പെടാം.
വെള്ളത്തിനു് തണുപ്പു കൂടിയിരുന്നു. അതുവരെ ചൂടിന്നടുത്തു നിന്നതു കൊണ്ടു് തണുപ്പു് കൂടുതൽ രൂക്ഷമായി തോന്നി. കുളിച്ചു് ഈറനുടുത്തു് കയറിയപ്പോൾ ചിത ആളിക്കത്തുകയാണു്. തീനാമ്പുകൾ അടക്കിവെച്ച വിറകുകഷ്ണങ്ങളെ മുഴുവൻ പൊതിഞ്ഞു. ഞാൻ അടുത്തു പോയില്ല. ഈ അകലത്തിലും ചിതയിൽനിന്നു വന്ന ചൂടു് എന്റെ തണുപ്പകറ്റി എനിയ്ക്കു് ആശ്വാസമരുളി.
ഏഴാം സഞ്ചയനം. ഞാനും വാസുവും കർമ്മിയും മാത്രമേയുണ്ടായിരുന്നുള്ളു. ഈറനുടുത്തുകൊണ്ടു് തണുത്താറിയ ചിതയ്ക്കരുകിൽ അസ്ഥി പെറുക്കാൻ ഇരിക്കുമ്പോൾ ഞാൻ വീണ്ടും അമ്മയെ ഓർത്തു. ഈ ഏഴു ദിവസങ്ങളിൽ എന്തുകൊണ്ടോ അമ്മ അധികം മനസ്സിൽ വന്നിരുന്നില്ല. അമ്മയുടെ ജീവിതം ഒരു മാതിരി നന്നായിരുന്നു. ധന്യമെന്നുതന്നെ പറയാവുന്ന ജീവിതം എഴുപതാം വയസ്സിൽ സ്വാഭാവികമായി അവസാനിക്കുന്നതിൽ വളരെയധികം വ്യസനിക്കേണ്ട കാര്യമൊന്നുമില്ല. ഒരാഴ്ചയേ കിടന്നിട്ടുമുള്ളു. മരിക്കുന്ന സമയത്തു് രണ്ടു മക്കളും അരികിലുണ്ടായിരുന്നു.
കർമ്മിയുടെ ശബ്ദം പിന്നിൽനിന്നു് കേൾക്കാനുണ്ടു്.
ആവുന്നത്ര അസ്ഥി പെറുക്കിയെടുക്കണം.
ചാരത്തിൽ ചികയുമ്പോഴാണു് ആ അസ്ഥി കിട്ടിയതു്. കൈയ്യിന്റെ എല്ലു്. മറ്റു് എല്ലുകളെല്ലാം ഒരു മാതിരി ദ്രവിച്ചുപോയിരുന്നു. ചിത അതിന്റെ കർത്തവ്യം നന്നായി നിർവ്വഹിച്ചിരിക്കുന്നു. ഈ എല്ലുമാത്രം കേടുകൂടാതെ വെളുത്തു് ചാരത്തിനിടയിൽ കിടക്കുന്നു. ഞാൻ പെട്ടെന്നു് അമ്മയുടെ ലോലമായ കയ്യുകൾ ഓർത്തു.
വളരെ കുട്ടിക്കാലത്താണു്. ഒരിക്കൽ പനിപിടിച്ചു കിടക്കുകയായിരുന്നു. മേലാകെ വേദനയുമായി കിടക്കുമ്പോഴാണു് അമ്മ വന്നതു്. മേൽ വേദനിക്കുന്നു എന്നു പറഞ്ഞപ്പോൾ അമ്മ നെഞ്ചിൽ തലോടാൻ തുടങ്ങി. വളരെ ആശ്വാസം തോന്നി. കുറെ നേരം തലോടിയിട്ടുണ്ടാകണം. ഞാൻ ആ സുഖത്തിൽ ഉറങ്ങിപ്പോയി.
ഈ വെളുത്ത അസ്ഥി നോക്കിക്കൊണ്ടിരിക്കെ ഞാൻ വീണ്ടും ഒരു കുട്ടിയായി മാറുകയായിരുന്നു. ഒരു തണുത്ത കാറ്റു് വീശി. ഞാൻ വിറയ്ക്കാൻ തുടങ്ങി. വിറയ്ക്കുന്ന നെഞ്ചിൽ നിന്നു് ഒരു തേങ്ങൽ ഉയർന്നുവന്നതു് ഞാൻ തന്നെ അറിഞ്ഞില്ല. ഈ തണുപ്പകറ്റാനും സ്നേഹത്തിന്റെ ചൂടു് പകരാനും അമ്മ ഇപ്പോൾ ഇല്ലെന്ന ബോധം ഉയരവെ എന്റെ തേങ്ങൽ ഒരു പൊട്ടിക്കരച്ചിലായി മാറി.
1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
- 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
- 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
- 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
- 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
- 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.
ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.