images/Girl_Sweeping.jpg
Girl Sweeping, a painting by William McGregor Paxton (1869–1941).
അപാരസാദ്ധ്യതകളുള്ള ഒരു യന്ത്രം
ഇ. ഹരികുമാർ

വാക്വംക്ലീനർ മെഷീന്റെ അപാരസാദ്ധ്യതകളെപ്പറ്റിയായിരുന്നു റീജ്യനൽ മാനേജർ സംസാരിച്ചിരുന്നതു്. എയർ കണ്ടീഷൻ ചെയ്ത കോൺഫറൻസ് ഹാൾ ഹോട്ടലിന്റെ രണ്ടാം നിലയിലാണു്. സ്റ്റേജിനു താഴെ ഇട്ട മേശക്കു മുമ്പിൽനിന്നു് മാനേജർ ഉത്തരേന്ത്യൻ ചുവയുള്ള ഇംഗ്ലീഷിൽ സംസാരിച്ചു. സാധാരണ വാക്വം ക്ലീനറുകളും നമ്മുടെ വാക്വം ക്ലീനറും തമ്മിലുള്ള വ്യത്യാസങ്ങൾ വിവരിക്കുകയാണയാൾ. അയാളുടെ വലതു വശത്തു് ചുമരരുകിലിട്ട മേശമേൽ തിളങ്ങുന്ന, വർണ്ണശബളമായ ഉപകരണം വെച്ചിരുന്നു. മാനേജർ ഓരോ സവിശേഷതകളെപ്പറ്റി പറയുമ്പോഴും ഡെമോൺസ്ട്രേറ്റർ ഉപകരണത്തിൽ തൊട്ടോ, അതു പ്രവർത്തിപ്പിച്ചോ അവർക്കു കാണിച്ചു കൊടുക്കും. ഡെമോൺസ്ട്രേറ്റർ പകുതി കഷണ്ടി കയറിയ ഒരു മദ്ധ്യവയസ്കനായിരുന്നു. വെളുത്ത പാന്റും നീല ഷർട്ടും അതേ നിറത്തിൽത്തന്നെയുള്ള ഒരു ടൈയും ആണു് വേഷം. വില പിടിച്ച സൂട്ടും, റെയ്ബൺ ഗ്ലാസും ഇട്ട മാനേജർ അയാൾക്കു് കുറച്ചു് അപകർഷതാ ബോധമുണ്ടാക്കുന്നുണ്ടെന്നു് വേണുവിനു് തോന്നി. ഉയരം കുറഞ്ഞതുകൊണ്ടാവണം അയാൾ ഹീലുള്ള ഷൂസാണിട്ടിരുന്നതു്. നടക്കുമ്പോൾ സ്പ്രിംഗിൽ നടക്കുന്നപോലെ ഉയരാനും അയാൾ ശ്രമിച്ചു.

ഇതൊന്നു് കഴിഞ്ഞാൽ താഴെ പോയി ലഞ്ചു കഴിക്കാമായിരുന്നു. ആരോ പിന്നിൽ നിന്നു് പിറുപിറുത്തു. വേണു നോക്കി. എല്ലാവരുടെയും മുഖത്തു് വിരസത.

ലഞ്ചുണ്ടോ? വേറൊരാൾ ചോദിച്ചു.

പിന്നല്ലാതെ. അതാണു് പ്രധാനപ്പെട്ട കാര്യം. ഈ ട്രെയിനിംഗ് ക്ലാസ്സൊക്കെ വെറും ഫാഴ്സാണു്. ബുഫെ ലഞ്ചാണു് അറേയ്ഞ്ച് ചെയ്തിരിക്കുന്നതു്.

ബുഫെ ലഞ്ച് ?

അതെയതെ. നല്ലവണ്ണം തട്ടിക്കോ. അമ്പതുറുപ്പികയാണു് ലഞ്ചിനു്. കമ്പനി തരുമ്പോൾ മാത്രെ ഇതൊക്കെ പറ്റൂ.

എല്ലാം പുതിയ ജോലിക്കാർ. ട്രെയ്നി സേൽസ്മാൻമാർ. ഇരുപത്തഞ്ചു വയസ്സിനു താഴെ പ്രായമുള്ള സുമുഖരായ ചെറുപ്പക്കാർ. ഏറ്റവും നല്ല ഷർട്ടും പാന്റും ടൈയും ധരിച്ചാണു് വന്നിരിക്കുന്നതു്. കത്തിൽ ആ കാര്യം പ്രത്യേകം പറഞ്ഞിരുന്നു. നിങ്ങൾ വിൽക്കാൻ പോകുന്നതു് വൃത്തിയാക്കുന്ന മെഷീനാണു്. നിങ്ങളുടെ ക്ലൈയന്റേയ്ൽ അപ്പർ ക്ലാസ്സാണു്. മാസം അയ്യായിരത്തിൽ മീതെ വരവുള്ളവർ. ടോപ്പ് എക്സിക്യൂട്ടീവ്സ്, ബിസിനസ്സുകാർ തുടങ്ങിയവർ. അവരുടെ വീട്ടിലേക്കാണു് നിങ്ങൾ ഡെമോൺസ്ട്രേഷനു് പോകുന്നതു്. യുവർ പേഴ്സണൽ അപ്പിയറൻസ് മാറ്റേഴ്സ്.

പരസ്യങ്ങൾ വന്നു തുടങ്ങിയിരുന്നു. പത്രങ്ങളിൽ, വാരികകളിൽ, ടി. വി.-യിൽ ടൈകെട്ടി ചിരിക്കുന്ന മുഖവുമായി ഒരു ചെറുപ്പക്കാരൻ സെയിൽസ്മാൻ സിറ്റിംഗ് റൂമിലിരുന്നു് തന്റെ പെട്ടി തുറക്കുന്നു. മുമ്പിൽ ഗൃഹനാഥനും കുടുംബവും സോഫയിൽ പ്രതീക്ഷാനിർഭരമായ മുഖത്തോടെ, സെയിൽസ്മാൻ വാക്വം ക്ലീനർ പുറത്തെടുക്കുന്നതും കാത്തിരിക്കുന്നു. ചുവട്ടിൽ വലുതായി എഴുതിയിരിക്കുന്നു. അടുത്തൊരു ദിവസം ഞങ്ങളുടെ ചെറുപ്പക്കാരായ സെയിൽസ്മാൻമാരിൽ ഒരാൾ നിങ്ങളുടെ വീട്ടിൽ വരും. ഞങ്ങളുടെ പുതിയ വാക്വം ക്ലീനർ എന്ന അത്ഭുതയന്ത്രം നിങ്ങൾക്കു് പ്രവർത്തിപ്പിച്ചു് കാണിച്ചുതരും…

കമ്പനി അമ്പതു ലക്ഷം ഉറുപ്പികയാണു് പരസ്യത്തിനു ചെലവാക്കുന്നതു്. മാനേജർ പറഞ്ഞു. കമ്പനി കൂടുതൽ പണം പരസ്യങ്ങൾക്കു ചെലവാക്കുംതോറും സെയിൽസ്മാന്റെ ജോലി എളുപ്പമാവുന്നു.

ലഞ്ചു നന്നായിരുന്നു എന്നു പറയുന്നതു് കാര്യങ്ങൾ വളരെ ലഘൂകരിക്കലാണു്. അമ്പതുറുപ്പികക്കു് ഇത്രയധികം സാധനങ്ങൾ തിന്നാൻ കിട്ടുക അത്ഭുതം തന്നെ. മൂന്നു വരിയായി ഇട്ട നീളൻ മേശകളിൽ വെള്ളവിരി. ഒരു വരി മേശമേൽ വെജിറ്റേറിയൻ വിഭവങ്ങൾ. ഒരു വരി മേശമേൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ. ഇനിയും ഒരു വരി മേശമേൽ മധുര പലഹാരങ്ങൾ, പാനീയങ്ങൾ, ഐസ്ക്രീമുകൾ.

പ്ലേറ്റുമെടുത്തു് വിഭവങ്ങൾക്കു മുമ്പിലൂടെ നടന്നുനീങ്ങുമ്പോൾ ആരോ പിന്നിൽ നിന്നു് പറഞ്ഞു.

മനുഷ്യാ കിട്ടുന്ന അവസരം പാഴാക്കാതെ കുറച്ചുകൂടി എടുക്കു്. വേണു ഒരു കട്ലറ്റ് കൂടി പ്ലെയിറ്റിലിട്ടു് ഒരു മേശയ്ക്കു മുമ്പിൽ പോയി ഇരുന്നു. പിന്നാലെ അയാളും എത്തി.

ഡെസ്സർട്ടിന്റെ ഭാഗത്തു് പിന്നെ പോവാം. അയാൾ പറഞ്ഞു.

നമുക്കു് പരിചയപ്പെടാം. എന്റെ പേർ ജോൺമാത്യു. നിങ്ങൾ?

വേണു.

അപ്പോൾ വേണു, ഇതെല്ലാം നമുക്കു് തരുന്ന മൾട്ടിനാഷണൽ കമ്പനിയെ മനസ്സിൽ സ്തുതിച്ചു കൊണ്ടു് നമുക്കു് തുടങ്ങാം.

ഒരു പരിഭ്രമവുമില്ല. വേവലാതിയുമില്ല. വേണുവിന്റെ പ്രശ്നം മറ്റൊന്നായിരുന്നു. കുറച്ചു നേരമായി അതയാളെ അലട്ടാൻ തുടങ്ങിയിരിക്കുന്നു. ഇതെല്ലാം ശരിയാണോ? ജീവിതകാലം മുഴുവൻ അയാളെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നമാണിതു്. ശരി തെറ്റുകളെപ്പറ്റി നിരതമായ ഒരു വിചിന്തനം. സെയ്ൽസ്മാന്റെ വേക്കൻസിക്കു് അപേക്ഷിച്ചപ്പോൾ ഇത്രയൊന്നും കരുതിയില്ല. ഇന്റർവ്യൂ തന്നെ ഫൈവ്സ്റ്റാർ ഹോട്ടലിലെ സ്വീറ്റിൽ വെച്ചായിരുന്നു. ഹോട്ടൽ റിസപ്ഷനിസ്റ്റ് തന്റെ പേർ വിളിച്ചു. ചുവപ്പും നീലയും യൂണി ഫോമിട്ട റൂംബോയിയുടെ ഒപ്പം സ്വീറ്റ് നമ്പർ മുന്നൂറ്റിരണ്ടിലെത്തിച്ചു. അകത്തു കടന്നപ്പോൾ പരിഭ്രമത്തേക്കാൾ വേണുവിനു് തോന്നിയതു് താൻ ആ പരിസരവുമായി പൊരുത്തപ്പെടുന്നില്ലെന്ന ബോധമാണു്. തന്റെ വസ്ത്രധാരണത്തിൽ അപാകതയുണ്ടായിട്ടല്ല. വെള്ളയിൽ നീലവരയുള്ള ഷർട്ടും ടൈയും, പുതിയ സ്റ്റൈലിലുള്ള സഞ്ചി പോലെയുള്ള പാന്റ്സും പോളിഷ് ചെയ്ത ഷൂസും പരിസരത്തിനു യോജിച്ചതുതന്നെയായിരുന്നു. യോജിക്കാത്തതു് തന്റെ അന്തസ്സത്തയായിരുന്നു. ആഡംബരങ്ങളോടു വിമുഖതയുള്ള മനസ്സായിരുന്നു.

ചുമർതൊട്ടു് ചുമർവരെ കാൽ പുതഞ്ഞുപോകുന്ന കാർപ്പെറ്റ്. കട്ടിയുള്ള കർട്ടനുകൾ, വെൽവെറ്റ് ലൈനിംഗുള്ള സോഫ, വാൾപേപ്പർ. വാതിലിന്നപ്പുറത്തു് കിടപ്പറയുടെ ഭാഗം കാണാം.

ഇന്റർവ്യൂ കഴിഞ്ഞപ്പോഴും ജോലി കിട്ടുമെന്ന ഉറപ്പുണ്ടായിരുന്നില്ല.

ഹോട്ടലിലെ സ്വീറ്റിനു് അറുന്നൂറുറുപ്പികയാണു് ദിവസവാടക എന്നു കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ഒരു പാവപ്പെട്ടവനു് ഒരു മാസം സുഖമായി കഴിയാനുള്ള സംഖ്യയാണതു്. പലപ്പോഴും അയാളുടെ മാസവരവു് ഇതിലും വളരെ കുറവായിരിക്കും.

ജോൺമാത്യു പ്ലേയ്റ്റ് കാലിയാക്കി. അയാൾ പറയുന്നു.

ഇതൊന്നും അത്ര നല്ല ചിന്തകളല്ല. പ്രത്യേകിച്ചും മധുരപലഹാരങ്ങൾ നിരത്തിവെച്ച മേശ നമ്മെ മാടിവിളിക്കുമ്പോൾ. വരൂ നമുക്കു് ഡെസ്സർട്ടിന്റെ മേശ പരിശോധിക്കാം.

മേശമേൽനിന്നു് ചിത്രപ്പണികളുള്ള വെളുത്ത പിഞ്ഞാണമെടുത്തു് വേണു ജോൺമാത്യുവിന്റെ പിന്നിൽ നിന്നു. പിഞ്ഞാണത്തിനു് ആവികൊള്ളിച്ച ചൂടു് അപ്പോഴുമുണ്ടായിരുന്നു. ജോൺ മാത്യുവിന്റെ പിഞ്ഞാണം പലഹാരങ്ങൾ കൊണ്ടു് നിറഞ്ഞു.

തിരിച്ചു് മേശയ്ക്കു മുമ്പിൽ വന്നിരുന്നപ്പോൾ ജോൺമാത്യു പറഞ്ഞു.

താങ്ക് യുവർ സ്റ്റാർസ്, മാൻ. ഈ ജോലി കിട്ടിയതിനു്. രണ്ടായിരം രൂപ ശമ്പളം. ഒന്നര ശതമാനം കമ്മീഷൻ, സെയിൽസിൽ. പിന്നെ യാത്രക്കു് ബൈക്ക് കിട്ടും. നമ്മൾ ചെയ്യേണ്ടതു് അവരുടെ വാക്വംക്ലീനർ വിൽക്കുക മാത്രം. എത്ര മനോഹരം.

വേണുവിനു് ജോൺമാത്യുവിനെ പെട്ടെന്നു് ഇഷ്ടമായി. മുഖംമൂടിയില്ലാത്ത സംസാരം. താൻ വിചാരിക്കുന്നതു് ശരിയാണെന്ന ഉറപ്പു്. നല്ല ഭക്ഷണം, സുഖകരമായ ജീവിതം. ഇതിനപ്പുറത്തു് എന്തെങ്കിലുമുണ്ടൊ എന്നയാൾ നോക്കിയിരുന്നില്ല. ഈ മനുഷ്യനെ അല്പം ബോധവൽക്കരിക്കേണ്ടതു് ആവശ്യമാണെന്നു് വേണുവിനു് തോന്നി. അയാൾ പറഞ്ഞു.

ഞാൻ നിങ്ങളുടെ ഉത്സാഹം കെടുത്തുകയല്ല. പക്ഷേ, ഈ യന്ത്രമില്ലേ, നമ്മൾ വിൽക്കുന്ന വാക്വംക്ലീനർ. അതു് അനാവശ്യമായ ഒരു വസ്തുവാണെന്നു് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?

ജോൺമാത്യു ഐസ്ക്രീം തീറ്റ നിർത്തി. അയാളെ സംബന്ധിച്ചിടത്തോളം അതു് വലിയൊരു ത്യാഗമായിരുന്നു. പക്ഷേ, വഴിപിഴച്ചുപോകുന്ന തന്റെ സഹപ്രവർത്തകനു വേണ്ടി ആ ത്യാഗം ചെയ്യാൻ അയാൾ സന്നദ്ധനായി.

എന്താണു് താൻ പറഞ്ഞതു?

ഈ വാക്വം ക്ലീനർ ഇല്ലേ? നമ്മുടെ രാജ്യത്തെ സാമ്പത്തികനിലയിൽ ഒരനാവശ്യ വസ്തുവാണു്. ഇവിടെ ചൂലു് തന്നെ ധാരാളമാണു്.

കേൾക്കാൻ പാടില്ലാത്ത എന്തോ കേൾക്കുന്നപോലെ ജോൺമാത്യു സ്തംഭിച്ചിരുന്നു.

വാക്വം ക്ലീനറില്ലാത്ത ഒരു ജീവിതം എനിക്കു് ആലോചിക്കാൻകൂടി വയ്യാതായിരിക്കുന്നു. എനിക്കു് ഇരുപത്തഞ്ചു വയസ്സായി. ഒരു മൂന്നുകൊല്ലത്തിനകം കല്ല്യാണം കഴിക്കണം. സ്ത്രീധനമായി ഞാൻ ചോദിക്കാൻ പോകുന്നതു് ഒരു വാക്വം ക്ലീനറാണു്. അതും നമ്മുടെ ബ്രാന്റുതന്നെ വേണം താനും.

ജോൺമാത്യു തമാശയായിരിക്കും പറയുന്നതു്. പക്ഷേ, അയാളുടെ മനസ്സിലിരിപ്പു് ഏറെക്കുറെ അതുതന്നെയാണെന്നു വ്യക്തം.

ഒരു കാര്യം ജോൺ ഓർത്തിട്ടുണ്ടോ? വേണു ചോദിച്ചു. അയ്യായിരവും ആറായിരവും ശമ്പളം കിട്ടുന്നവർ അവരുടെ വീട്ടു ജോലിക്കാരിക്കു് എന്തു് ശമ്പളം കൊടുക്കുന്നുണ്ടെന്നറിയാമോ? അടിച്ചുവാരിത്തുടയ്ക്കൽ, അതു് മൂന്നു് മുതൽ എട്ടോ പത്തോ മുറിവരെയുണ്ടാവും. എച്ചിൽ പാത്രം കഴുകൽ, ഒരു കുന്നു വസ്ത്രങ്ങൾ തിരുമ്പിയെടുക്കൽ, പോരാത്തതിനു് പലപ്പോഴും അടുക്കളയിൽ സഹായിക്കാനും രണ്ടോ മൂന്നോ മണിക്കൂർ കഠിനാദ്ധ്വാനം. ഇതിനു് ആ ജോലിക്കാരിക്കു് എന്തു കൊടുക്കുന്നുവെന്നാണു് ജോൺ കരുതുന്നതു? മാസം എൺതുറുപ്പിക അല്ലെങ്കിൽ നൂറുറുപ്പിക. അതുതന്നെ അധികമാണെന്ന പരാതിയും. സ്വന്തം ഭർത്താവിനു് അയ്യായിരവും വീട്ടുവാടകയും മറ്റു് നൂറായിരം ആനുകൂല്യങ്ങളും കിട്ടിയാലും മതിയാവില്ല. സ്വന്തം ജോലിക്കാരിക്കു് എൺപതുറുപ്പിക കൊടുക്കുന്നതു് അധികമാണു്. സ്ത്രീകൾ പരസ്പരം ജോലിക്കാരികളുടെ ഡിമാൻഡുകളെപ്പറ്റി പറയുന്നതു് കേൾക്കാറില്ലേ. നൂറുറുപ്പികയാണു് ശംബളം ചോദിക്കുന്നതു് എന്നൊക്കെ. അവർ ഒരു പാർട്ടിക്കുടുക്കാൻ വേണ്ടി മാത്രം ആയിരം ഉറുപ്പികയുടെ സാരി ഒരു തൂവാല വാങ്ങുന്ന ലാഘവത്തോടെ വാങ്ങുന്നു.

ഒരു രാഷ്ട്രീയക്കാരനും ഇവർക്കു വേണ്ടി വാദിക്കില്ല. കാരണം അവർക്കും വീട്ടിൽ ജോലിക്കു് അറുപതുറുപ്പികക്കു് ജോലിക്കാരിയെ വേണം.

വേണുവിന്റെ പ്ലേയ്റ്റിലെ ഐസ്ക്രീം ഉരുകിക്കഴിഞ്ഞു. ജോൺ തന്റേതു് ഉരുകാൻ ഇടവരുത്തുന്നതിനു മുമ്പുതന്നെ അകത്താക്കിയിരുന്നു. ത്യാഗത്തിനും ഒരു പരിധിയൊക്കെയുണ്ടു്. അദ്ദേഹം ഒരു പ്ലെയ്റ്റ് ഐസ് ക്രീം കൂടി എടുക്കാനായി എഴുന്നേറ്റു.

ഈ ത്രീ ഇൻ വൺ ഐസ്ക്രീമില്ലേ എന്റെ വീക്ക്നെസ് ആണു്. അയാൾ ക്ഷമാപണത്തോടെ പറഞ്ഞു. മറ്റേതു് ഐസ്ക്രീമും എന്റെ വീക്ക്നെസ്സു തന്നെ.

ജോൺമാത്യു ഐസ്ക്രീമുമായി തിരിച്ചെത്തിയപ്പോൾ വേണു പറഞ്ഞു.

ഞാൻ പറഞ്ഞുവരുന്നതു് എന്തെന്നാൽ നിങ്ങളുടെ ഈ വാക്വം ക്ലീനറില്ലേ അതു് ഈ ജോലിക്കാരികളുടെ ഉള്ള വരുമാനവും എടുത്തു കളയും. ചൂലിന്റെ കടയ്ക്കൽ മുറുകുന്ന തഴമ്പുപിടിച്ച കൈകളില്ലേ, ആ കൈകളാണു് നിങ്ങൾ വെട്ടുന്നതു്. അവരുടെ കുടുംബമാണു് നിങ്ങൾ നിരാലംബമാക്കുന്നതു്. ഇന്നു് വാക്വം ക്ലീനർ, നാളെ വാഷിംഗ് മെഷീൻ. പിന്നെ ഡിഷ്വാഷർ. നമുക്കു് അത്യാവശ്യം വേണ്ട സാധനങ്ങൾ വേറെ എത്രയുണ്ടു്? പുകയില്ലാത്ത അടുപ്പുകൾ, പാവങ്ങൾക്കു് വീടുവെക്കാൻ ചെലവു കുറഞ്ഞ സാധനങ്ങൾ, കുട്ടികൾക്കു് കളിപ്പാട്ടങ്ങൾ, മരുന്നുകൾ.

വാക്വംക്ലീനർ പോലത്തെ ഒരു അനാവശ്യസാധനം, പ്രചരിപ്പിക്കാൻ കമ്പനി ചെലവാക്കുന്നതു് വർഷത്തിൽ അമ്പതു ലക്ഷം ഉറുപ്പികയാണു്. അമ്പതു ലക്ഷം കൊണ്ടു് നമുക്കു് പാവങ്ങൾക്കുവേണ്ടി എന്തൊക്കെ ചെയ്യാം.

ജോൺമാത്യു ഐസ്ക്രീമിനോടു് നീതി പുലർത്തി. ഇനി നീതി പുലർത്തേണ്ടതു് ഇരുട്ടിൽ തപ്പുന്ന തന്റെ സഹപ്രവർത്തകനോടാണു്. അയാൾ പറഞ്ഞു.

തനിക്കു് ഇപ്പോൾ ആവശ്യം എന്നെപ്പോലെയുള്ള ഒരു ഗുരുവാണു്. ഞാൻ വേണുവിനെ എന്റെ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു.

വേണു ചിരിച്ചു. അയാളുടെ ടെൻഷൻ കുറച്ചു് അയഞ്ഞു. ജോൺമാത്യു തടിച്ചിട്ടാണു്. മുഖമാകട്ടെ ശിശുവിനെപ്പോലെ നിഷ്കളങ്കവും. ഒരു പക്ഷേ, മോക്ഷത്തിനായി ജോൺ മാത്യുവിനെ ഗുരുവായി സ്വീകരിക്കേണ്ടിവരും. ജോൺമാത്യു പറയുന്നു.

വേണു, നിങ്ങൾ ഇത്ര കാര്യമായിട്ടൊന്നും ചിന്തിക്കരുതു്. നമുക്കു് ചുറ്റും ഈ കാണുന്നതെല്ലാം ക്ഷണ ഭംഗുരമാണു്.

ഗുരുവായതിനുശേഷം കനപ്പെട്ട വാക്കുകൾ ഉപയോഗിക്കാൻ ജോൺ മാത്യു ശ്രദ്ധിച്ചു.

അപ്പോൾ കിട്ടുന്ന സമയം സുഖിക്കുക, ജീവിക്കുക. സുഖലോലുപത. അതാണു് ജീവിതത്തിന്റെ ശരിയായ സാരം.

എപ്പിക്യൂറസ്സിന്റെ അവതാരമായിരിക്കണം ജോൺമാത്യു.

ഭക്ഷണത്തിനു ശേഷം വീണ്ടും കോൺഫറൻസ് ഹാളിൽ ട്രെയിനിംഗ്.

ബൈക്കിന്റെ പിന്നിൽ വാക്വംക്ലീനർ വെച്ചു കെട്ടി വേണു നഗരത്തിൽ ചുറ്റി. മാനേജർ പറഞ്ഞിരുന്നതു് അയാളുടെ മനസ്സിലുണ്ടു്. നമ്മുടെ കസ്റ്റമേഴ്സ് അപ്പർ ക്ലാസ്സാണു്. അതായതു് മാസം അയ്യായിരത്തിലുമധികം വരവുള്ളവർ. അതിലും താഴെ വരവുള്ളവരുടെ വീടുകളിൽ പോയി സമയം കളയരുതു്. റോട്ടറി ക്ലബ്ബുകളിലും അതുപോലത്തെ വലിയ ക്ലബ്ബുകളിലും പോയി അംഗങ്ങളുടെ അഡ്രസ്സ് വാങ്ങണം. നിങ്ങളുടെ സന്ദർശനം വഴി നിങ്ങൾ അവരെ ബഹുമാനിക്കുകയാണെന്നു് അവരെ തോന്നിപ്പിക്കണം. അതു ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്കു് ഓർഡർ പുസ്തകം പുറത്തെടുക്കുകയേ വേണ്ടു.

വേണുവിനു് ഇതൊന്നും ഇഷ്ടമായില്ല. കസ്റ്റമേഴ്സിന്റെ പൊങ്ങച്ചം മുതലെടുത്തു് വില്പന നടത്തുന്നതു് ശരിയല്ല. ഇതു് തലകീഴായ ഒരു സമ്പദ്വ്യവസ്ഥ സൃഷ്ടിക്കും. ആവശ്യമില്ലാത്ത വസ്തുക്കൾക്കു് ഡിമാൻഡ് ഉണ്ടാക്കുക മൂലം അവയുടെ ഉല്പാദനം. പ്രോത്സാഹിക്കപ്പെടും. ആവശ്യമുള്ളവർക്കു് ക്ഷാമമുണ്ടാക്കുകയും ചെയ്യും. മറ്റുള്ളവരുടെ ബലഹീനത മുതലെടുക്കുകയല്ല വേണ്ടതു്. അവർക്കു് ആവശ്യമുള്ള സാധനം വിൽക്കുകയാണു്. ഒരു സെയിൽസ്മാൻ എന്ന നിലയിൽ ഒരു പരിധിവരെ താഴാൻ മാത്രമേ വേണു ഇഷ്ടപ്പെട്ടുള്ളൂ.

വേണു ബ്രേയ്ക്കിട്ടു. വലിയ ഗെയ്റ്റിനു പിന്നിൽ പടുകൂറ്റൻ കെട്ടിടം. വിശാലമായ മട്ടുപ്പാവിലേക്കു് പടർന്നുപിടിച്ച വള്ളിച്ചെടികൾ പൂത്തു നിൽക്കുന്നു. മുറികളുടെ ജനലുകൾക്കു താഴെ പുറത്തേയ്ക്കു തള്ളി നിൽക്കുന്ന എയർകണ്ടീഷണറുകൾ. ഗെയ്റ്റിനു തൊട്ടുപിന്നിൽ ഒരു വശത്തായി സ്ഥിതി ചെയ്യുന്ന കാവൽ മുറിയിൽ നിന്നു് കാക്കി യൂണിഫോമിട്ട ഒരു വാച്ച്മാൻ പുറത്തേക്കു തലയിട്ടു.

ബൈക്ക് സ്റ്റാൻഡിലിട്ടു് പിന്നിൽ നിന്നു് പെട്ടി കെട്ടഴിച്ചു് എടുക്കുവാൻ നോക്കുകയായിരുന്നു വേണു. അപ്പോഴാണു് അയാൾ കണ്ടതു്. തന്റെ പ്രവർത്തനഗതിയിൽ കാര്യമായ മാറ്റമുണ്ടായ ആ ദൃശ്യം. ഒരു പാവപ്പെട്ട സ്ത്രീ വരുന്നു. ഒപ്പം ഒരു കുട്ടിയും. കീറിയ ട്രൗസർമാത്രം ധരിച്ച അവന്റെ തലമുടി എണ്ണ കാണാതെ ചകിരി പോലിരുന്നു. അവന്റെ കറുത്ത മുഖത്തു് ചളി ഉണങ്ങിക്കിടന്നു. അവൻ അമ്മയോടു് എന്തിനോ കെഞ്ചുകയാണു്. അമ്മയാകട്ടെ അവനെ ശാസിക്കുകയും. ഗെയ്റ്റിനടുത്തെത്തിയപ്പോൾ അവർ മകനെ ഒരു തള്ളുതള്ളി.

പോ, വീട്ടിൽ പോ. എന്റേലു് എവിട്യാ പൈസാ.

അവൻ നിലത്തു് വീണിടത്തു കിടന്നു് കരയാൻ തുടങ്ങി. പെട്ടെന്നു് മനസ്സലിഞ്ഞിട്ടോ എന്തോ ആ പാവപ്പെട്ട അമ്മ തിരിഞ്ഞുനിന്നു. അവരുടെ കീറിയ പർസ് തുറന്നു് ഇരുപത്തഞ്ചു പൈസയുടെ നാണയം എടുത്തു് അവനു് കൊടുത്തു.

അവന്റെ മുഖത്തുണ്ടായ സന്തോഷം വേണുവിന്റെ മനസ്സിനെ ആർദ്രമാക്കി. വാച്ച്മാൻ തുറന്നു കൊടുത്ത ഗെയ്റ്റിലൂടെ ആ അമ്മ അകത്തു കടന്നു, ചരൽ പാകിയ മുറ്റം താണ്ടി വീട്ടിനു പുറകിലേക്കു് പോയി.

ഇരുപത്തഞ്ചു പൈസ? അതിനു വേണ്ടിയാണു് ആ കുട്ടി വീട്ടിൽനിന്നു് അമ്മ ജോലിയെടുക്കുന്ന സ്ഥലം വരെ പിന്നാലെ നടന്നു് ഇരന്നതു്. ഇരുപത്തഞ്ചു പൈസ? ആ ഇല്ലാത്ത പൈസക്കുവേണ്ടിയാണു് ആ അമ്മ, തന്റെ പിഞ്ചുമകനു് സ്നേഹത്തിന്റെ മുലപ്പാൽ ചുരക്കാൻ മടിച്ചതു്.

ആ അമ്മയുടെ ജോലി കളയാനാണു് താൻ ശ്രമിക്കുന്നതു്. വാക്വം ക്ലീനർ അതിന്റ ഒന്നാമത്തെ പടിയാണു്. അഴിച്ചു കൊണ്ടിരുന്ന കെട്ടു് അയാൾ മുറുക്കി കെട്ടി ബൈക്കിൽ കയറി സ്റ്റാർട്ടാക്കി. വാച്ച്മാൻ അമ്പരന്നു നോക്കി നിന്നു. അതു ശ്രദ്ധിക്കാതെ വേണു ഓടിച്ചു പോയി.

ഓടിപ്പോയ കുട്ടിയെ പിൻതുടർന്നു് ബൈക്കിൽ പോയ വേണു എത്തിയതു് ഒരു ചേരിപ്രദേശത്തായിരുന്നു. റോഡിനരുകിലുള്ള മൂന്നുനില കെട്ടിടം ആ ചേരിപ്രദേശത്തെ വിദഗ്ദമായി മറച്ചു. ബൈക്കു നിർത്തി കെട്ടിടത്തിനു് ഓരത്തു കൂടെ പോകുന്ന വീതികുറഞ്ഞ ഇടവഴിയിലൂടെ വേണു നടന്നു. ഓട കവിഞ്ഞൊഴുകിയതു കാരണം നിരത്തു് ചളികെട്ടിയിരുന്നു. ഉള്ളിലെത്തിയപ്പോഴാണു് മനസ്സിലായതു് അനേകം കുടിലുകൾ നഗരത്തിന്റെ നടുവിൽത്തന്നെ. മൺകട്ടകൾ കൊണ്ടു് ചുമർ. മേൽപ്പുര ഓലയോ ടിൻ ഷീറ്റോ ആണു്. ഇടക്കു് നാലുഭാഗവും ഓലകൊണ്ടു് കഷ്ടിച്ചു മറച്ച കുളിമുറികൾ. പൊതുവായ ടാപ്പിൽ നിന്നു് വെള്ളം നിറയ്ക്കുന്ന സ്ത്രീകൾ. കുടിലുകൾക്കു മുമ്പിലൂടെ ദുർഗന്ധം വമിക്കുന്ന ഓട ഒഴുകുന്നു, അല്ല തളം കെട്ടി നിൽക്കുന്നു. ഇതു വേറൊരു ലോകമാണു്.

ആദ്യം കണ്ട കുടിലിന്റെ വാതിൽക്കൽ വേണു നിന്നു. കയ്യിൽ വാക്വം ക്ലീനർ ഉള്ള പെട്ടി. വാതിലിനു പുറത്തേക്കു വന്ന വൃദ്ധനോടു് വേണു പറഞ്ഞു.

ഞാൻ വാക്വം ക്ലീനർ ഉണ്ടാക്കുന്ന കമ്പനിയിൽനിന്നാണു് വരുന്നതു്. ഈ യന്ത്രത്തിന്റെ പ്രയോഗം കാട്ടിത്തരാനാണു്.

എന്തു യന്ത്രാ മോനെ അതു?

വേണു യന്ത്രം പുറത്തെടുത്തു. തിളങ്ങുന്ന ഒരു സുന്ദരി. ഒരു കടലാമയും എട്ടുകാലിയും കൂടിച്ചേർന്നാൽ അതിന്റെ രൂപമായി.

ഇതു് നിലം വൃത്തിയാക്കണ യന്ത്രാണു്. കാണിച്ചു തരാം.

വേണ്ട മോനെ. ഇതൊന്നും വാങ്ങാൻ ഞങ്ങൾക്കു കഴിയില്ല. ഇതൊക്കെ വെല പിടിച്ച യന്ത്രല്ലെ? പത്തു മുന്നൂറുറുപ്പികയെങ്കിലും വരില്ലെ?

മന്നൂറ്! വേണു മനസ്സിൽ കരുതി. 4995 ക.യാണു് വിലയിട്ടിരിക്കുന്നതു്. അയ്യായിരത്തിൽ താഴെയാണെന്നു് കാണിക്കാനാണു് ഈ അഭ്യാസം. ബില്ലിട്ടു വരുമ്പോൾ ടാക്സടക്കം അയ്യായിരത്തി അഞ്ഞൂറു വരും.

ഇവിടെ ഒരു ചെറിയ റേഡിയോ വാങ്ങാൻ ഞാൻ അച്ചൂനോടു് എത്ര കാലായി പറേണു.

ഇതു് വാങ്ങണമെന്നു് നിർബ്ബന്ധം ഒന്നുംല്ല്യ. കാണിച്ചു തരാം. വേണു ചുമരിൽ ഒരു പ്ലഗ്ഗ്പോയിന്റിനുവേണ്ടി പരതി. അവസാനം ഒരിരുണ്ട മൂലയിൽ ഉപയോഗിക്കാതെ അടഞ്ഞു പോയ പോയിന്റ് കണ്ടു. ഒരീർക്കിലെടുത്തു് കുത്തി ഓട്ടയിലെ വൃത്തികേടുകൾ കളഞ്ഞശേഷം അയാൾ വാക്വംക്ലീനർ ഘടിപ്പിച്ചു. അതു് ഒരു നേരിയ ശബ്ദത്തോടെ പ്രവർത്തിക്കാൻ തുടങ്ങി.

വാതിലിനു പുറത്തു് ജനം തടിച്ചുകൂടിയിരുന്നു. കുട്ടികളും ചെറുപ്പക്കാരും വൃദ്ധരുമായി ഒട്ടേറെപേർ. എല്ലാം ചേരി പ്രദേശത്തെ വാസികൾ. കുട്ടികൾ കീറിയ ഉടുപ്പുകളാണിട്ടിരുന്നതു്. കൂരച്ച നെഞ്ചും ഉന്തിയ വയറുമായ പട്ടിണിക്കോലങ്ങൾ.

മുറിക്കുള്ളിൽ ചല്ലുനാറ്റമുണ്ടു്. അതു സഹിച്ചുകൊണ്ടു് വേണു വാക്വം ക്ലീനറിന്റെ അപാരസാദ്ധ്യതകൾ വിവരിച്ചു കൊടുക്കുകയായിരുന്നു ചെറിയ പൊത്തുകളിൽ നിന്നു പോലും പൊടി വലിച്ചെടുക്കുന്നതെങ്ങിനെയെന്നു്. അതിനുള്ള എക്സ്ട്രാ ഉപകരണങ്ങൾ. അവ എങ്ങിനെ ഘടിപ്പിക്കണമെന്നു്.

ചുറ്റും അഭിപ്രായപ്രകടനങ്ങൾ ഉണ്ടായിരുന്നു.

ഇതെന്താ സാധനം.

ഓടയിലു് മരുന്നടിക്കാൻ വരാറില്ലേ? അതുപോലെ ഒന്നാണു്.

തെഞ്ഞെടുപ്പു് അടുത്തില്ലേ. ഇനി സർക്കാരു് ഈ വഴിക്കൊക്കെ ആളെ വിടും.

ഇതു് സർക്കാരിന്റെയൊന്നും അല്ല. ഏതോ കമ്പനിക്കാര്ട്യാ.

ടീവീലു് കാണണ പരസ്സ്യല്ല്യേ, ആ സാധനാ.

വേണു വാക്വം ക്ലീനർ നിർത്തി. പ്ലഗ്ഗ് പറിച്ചെടുത്തു. യന്ത്രത്തിൽനിന്നു് പൊടി നിറഞ്ഞ ട്രെ പുറത്തെടുത്തു് കാണിച്ചു കൊടുത്തു. ഒരു മാന്ത്രികന്റെ അംഗവിക്ഷേപത്തോടെ.

കാണികളുടെ ഇടയിൽനിന്നൊരു പത്തുവയസ്സുകാരൻ ധൈര്യം സംഭരിച്ചു് വേണുവിനോടു് ചോദിച്ചു.

ഞങ്ങടെ വീട്ടിലും ഈ യന്ത്രം ഓടിക്ക്വോ?

അവനു് യന്ത്രം വളരെ ഇഷ്ടമായിരിക്കുന്നു.

പിന്നല്ലാതെ. ഞാൻ ഓരോ വീട്ടിലും കാണിച്ചുതരാം.

വേണു പറഞ്ഞു. വൈദ്യുതിയില്ലാത്ത വീടുകളിൽ അടുത്ത വീട്ടിൽ നിന്നു് കണക്ഷൻ എടുത്തു. വയറിനു് നല്ല നീളമുണ്ടായിരുന്നു. യന്ത്രമുണ്ടാക്കിയിരിക്കുന്നതു് ഇരുപതും മുപ്പതും അടി നീളമുള്ള മുറികളെ ഉദ്ദേശിച്ചാണു്. ഈ കുടിലുകൾ മൂന്നും നാലും കൂടിയാൽ ആവില്ല ആ വലുപ്പം.

പാവങ്ങൾ യന്ത്രത്തിനു ചുറ്റും കൂടി. യന്ത്രം അവരുടെ കുടിലുകളിലേക്കു് ഭാഗ്യം കൊണ്ടു വരുമെന്നവർ ആശിച്ചു. ആശയറ്റ സ്വന്തം ജീവിതങ്ങളിലേക്കിറങ്ങി വന്നേക്കാവുന്ന ഭാഗധേയത്തിന്റെ പ്രണവമന്ത്രം കേൾക്കുന്നപോലെ അവർ യന്ത്രത്തിന്റെ മുരൾച്ച ശ്രവിച്ചു. ഒരു വീട്ടിൽ നിന്നു് അടുത്ത വീട്ടിലേക്കു്. ഉച്ചഭക്ഷണം കൂടി കഴിക്കാതെ വേണു ജോലി ചെയ്തു.

ലോഡ്ജിൽ ജോൺമാത്യു കാത്തിരുന്നു. നാലുമണിയോടെ തിരിച്ചെത്തിയ അയാൾ രണ്ടുപ്ലേറ്റ് കട്ലറ്റും ഒരു ഡബിൾ ഓംലറ്റും അകത്താക്കിക്കഴിഞ്ഞു. ഉച്ചയ്ക്കു കഴിച്ച ചിക്കൻ ബിരിയാണി എപ്പോഴോ ദഹിച്ചു പോയിരുന്നു. അയാളുടെ ഓർഡർ ബുക്കിൽ നാലു് വാക്വം ക്ലീനറുകളുടെ ഓർഡറുണ്ടായിരുന്നു.

ആളുകൾ പൊതുവെ ദയാലുക്കളാണു്. ജോൺമാത്യു പറഞ്ഞു ആറു വീടുകളിൽ കയറിയിറങ്ങി. നാലുപേർ ഓർഡർ തന്നു. ഒരുമാതിരി എല്ലാവരും എന്തെങ്കിലും കുടിക്കുവാനോ തിന്നാനോ തന്നിട്ടുണ്ടു്.

വേണു ക്ഷീണിച്ചു് കട്ടിലിൽ ചാരിയിരുന്നു. അയാളുടെ വയറും ഓർഡർ ബുക്കു പോലെ ഒഴിഞ്ഞു കിടന്നു.

ഒരൊറ്റ ഓർഡർപോലും കിട്ടിയില്ലെന്നോ?

ജോൺമാത്യുവിന്നതു മനസ്സിലായില്ല.

പത്തു പതിനഞ്ചു വീടുകളിൽ കയറിയിറങ്ങിയിട്ടു് ഒരൊറ്റ ഓർഡറും ഇല്ല? താൻ പോയതു് പണച്ചാക്കുകൾ താമസിക്കുന്ന ഏരിയയിലാണല്ലോ.

വേണു ഒന്നും പറയാതെ കണ്ണടച്ചിരുന്നു. അങ്ങിനെയിരുന്നുകൊണ്ടയാൾ ഒരു മയക്കത്തിലാണ്ടു. ഉറക്കത്തിൽ അയാൾ കണ്ടു, കൂരനെഞ്ചും ഉന്തിയ വയറുമായ ഇരുണ്ടു മെലിഞ്ഞ കുട്ടികൾ. അവർക്കു മുമ്പിൽ ദാരിദ്ര്യം സമ്പന്നതയുടെ കാർപെറ്റിൽ മാലിന്യമായി ചിതറിക്കിടക്കുന്നതും, തന്റെ അപാര സാദ്ധ്യതകളുള്ള യന്ത്രംകൊണ്ടു് തുടച്ചു നീക്കുന്നതും, ആ കുട്ടികൾ സുന്ദരികളും സുന്ദരന്മാരുമാകുന്നതും അയാൾ കണ്ടു.

ഉറങ്ങിക്കിടക്കുന്ന തന്റെ സ്നേഹിതന്റെ ചുണ്ടിൽ വിടർന്ന മന്ദഹാസം നോക്കിയിരിക്കെ ജോൺമാത്യു ചിന്താധീനനായി.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Aparasadhyathakalulla Oru Yanthram (ml: അപാരസാദ്ധ്യതകളുള്ള ഒരു യന്ത്രം).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Aparasadhyathakalulla Oru Yanthram, ഇ ഹരികുമാർ, അപാരസാദ്ധ്യതകളുള്ള ഒരു യന്ത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: September 15, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Girl Sweeping, a painting by William McGregor Paxton (1869–1941). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.